ഹിജ്റ പത്താം നൂറ്റാണ്ടില്‍ ജീവിച്ച വിശ്രുത പണ്ഡിതനായിരുന്നു ഇബ്‌നു ഹജര്‍ അല്‍ ഹൈത്തമി (റ). ഹിജ്‌റ വർഷം 909 റജബ് മാസം മിസ്‌റിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അബൂ ഹൈതം എന്ന പ്രദേശത്ത് ജനിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങളെ തന്മയത്വത്തോടു കൂടി അവതരിപ്പിക്കുകയും ശാഫിഈ കര്‍മ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ അദ്വിതീയമായ പങ്കു വഹിക്കുകയും തനിക്കു സത്യമെന്നു ബോധ്യപ്പെട്ടതു വെട്ടിത്തുറന്നു പറയാന്‍ ആര്‍ജവം കാണിക്കുകയും ചെയ്തതിലൂടെ അദ്ദേഹം ലോക ശ്രദ്ധ പിടിച്ചു പറ്റി. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ വളർത്തിയത് ശംസുദ്ധീൻ ഇബ്ൻ അബൂ ഹമായിലും ശംസുദ്ദീനു ശ്ശന്നാവിയുമായിരുന്നു. അവരുടെ നിർദ്ദേശമനുസരിച്ച് അഹ്മദുൽ ബദവിയിൽ നിന്ന് ബാല പാഠങ്ങൾ പഠിച്ചതിന് ശേഷം ഈജിപ്തിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ ജാമിഅ അൽ അസ്ഹറിൽ തുടർ പഠനം നടത്തുകയും ഖൂർആൻ മനപ്പാഠമാക്കുകയും ചെയ്തു. ഇരുപത് വയസ്സ് തികയും മുമ്പ് തന്നെ ഗൂരുവര്യന്മാർ ഫത്‌വ നൽകാനും ക്ലാസെടുക്കാനുമുള്ള അനുവാദം നൽകി. ഖുർആൻ വ്യാഖ്യാനം, നബിയുടെ ഹദീസുകൾ, തർക്കശാസ്ത്രം, കർമശാസ്ത്രം, ഫറാഇള്, കണക്ക്, സ്വൂഫിസം എന്നിവയിൽ പാണ്ഡിത്യം നേടി. അദ്ദേഹത്തിന്റെ ഉപ്പാപ്പ ആവശ്യത്തിന് മാത്രമേ സംസാരിച്ചിരുന്നുള്ളു. കല്ലിനെ പോലെ നിശ്ശബ്ദനായ വ്യക്തിയായിരുന്നത് കൊണ്ട് 'കല്ല്' എന്ന അർത്ഥം വരുന്ന ഹജർ എന്ന പേരിൽ പ്രസിദ്ധനായി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജനങ്ങൾകിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇദ്ദേഹത്തിലേക്ക് ചേർത്തിയാണ് ഇബ്‌നുഹജർ എന്ന പേര് വന്നത്.
ദയനീയമായൊരു കരച്ചിൽ ആ കൊച്ചു കുട്ടി ശ്രദ്ധിച്ചു. പതിവുപോലെ സ്വുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഖുർആനോതാൻ വേണ്ടി പിതാവിന്റെ ഖബ്‌റിനരികിൽ വന്നതായിരുന്നു അവൻ. അടയാളങ്ങൾ കൊണ്ടെല്ലാം ലൈലത്തുൽ ഖദ്‌റാണെന്ന് വ്യക്തമായ രാവാണ് തൊട്ടുതലേന്ന് കഴിഞ്ഞുപോയത്. കരച്ചിൽ കേട്ടപ്പോൾ ഓത്ത് നിർത്തി ശബ്ദം വരുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചു. തൊട്ടടുത്ത ഖബ്‌റിൽ നിന്നായിരുന്നു അത്. വെളിച്ചം പരക്കുന്നതിനനുസരിച്ച് ശബ്ദം കുറഞ്ഞുവന്നു. അവസാനം തീരെ കേൾക്കാതെയായി.
അതുവഴി വന്ന വ്യക്തിയോട് ആ ഖബ്‌റാ ളിയെ കുറിച്ചന്വേഷിച്ചു. മറുപടി കേട്ടപ്പോൾ വല്ലാതെ അമ്പരന്നുപോയി. എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെടുന്ന, കൃത്യമായി നിസ്‌കരിക്കുന്ന, അനാവശ്യമായി സംസാരിക്കാത്ത നല്ല വ്യക്തി എന്ന് പരക്കെ അറിയപ്പെട്ട ഒരാളുടേതായിരുന്നു അത്. പിന്നെ എന്തുകൊണ്ടായിരിക്കും ലൈലത്തുൽ ഖദ്‌റാണെന്ന് പരക്കെ ബോധ്യപ്പെട്ട ഈ വിശുദ്ധ രാത്രി പോലും ഇദ്ദേഹത്തിനു ശിക്ഷ ലഭിക്കാൻ കാരണം? കുട്ടി ചിന്തിച്ചു. കൂടുതൽ അന്വേ ഷണത്തിൽ വ്യക്തമായി, അദ്ദേഹം പലി ശയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു. ആദ്യ കാലത്ത് വലിയ കച്ചവടക്കാരനായിരുന്നു. വയസ്സായപ്പോൾ പണം പലിശക്ക് കൊടുത്തായിരുന്നുവത്രെ ജീവിതം.ഖബറിൽ നിന്നുള്ള ശിക്ഷയുടെ ശബ്ദം കേൾക്കുംവിധം വലിയ കറാമത്ത് നൽകപ്പെട്ട ഈ കുട്ടിയാണ് ഇബ്‌നു ഹജറുൽ ഹൈതമി(റ).
കേരളീയ മുസ്‌ലിം ജനത വൈജ്ഞാനികമായി ഏറെ കടപ്പെട്ടിരിക്കുന്ന പണ്ഡിതവര്യനാണ് ഇമാം ഇബ്‌നുഹജറുൽ ഹൈതമി (റ). മലബാറിൻ്റെ നവോത്ഥാന നായകരിൽ പ്രധാനിയായ സൈനുദ്ദീൻ മഖ്‌ദൂം രണ്ടാമൻ്റെ പ്രധാന ഗുരുവര്യർ. കേരള ഉലമാ പാരമ്പര്യത്തിന്റെ കർമശാസ്ത്രപരവും വിശ്വാസശാസ്ത്രപരവുമായ വേരുകൾ ചെന്നുചേരുന്നത് അദ്ദേഹത്തിലേക്കാണ്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രക്രിയയിൽ അദ്വിതീയ പങ്കുവഹിച്ച മഖ്‌ദൂം സ്വഗീർ(റ) രചിച്ച 'ഫത്ഹുൽ മുഈൻ' എന്ന ഗ്രന്ഥം ഇബ്‌നു ഹജറി(റ)ൻ്റെ കർമശാസ്ത്ര വീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. പ്രസ്‌തുത ഗ്രന്ഥത്തിലും മഖ്‌ദൂം സമാഹരിച്ച അൽ അജ്‌വിബതുൽ അജീബ അനിൽ അസ്ഇലതിൽ ഗരീബ' എന്ന ഫത്വാ സമാഹാരത്തിലുമായി കേരളീയ പശ്ചാത്തലത്തിൽ ഇമാം ഇബ്‌നു ഹജർ(റ) നിർദ്ധാരണം ചെയ്‌ത ധാരാളം കർമശാസ്ത്ര വിധികൾ കേരളീയർക്ക് ലഭിച്ചിട്ടുണ്ട്. നവീന ആശയ പ്രസ്ഥാനങ്ങളോട് പാരമ്പര്യ പണ്ഡിതന്മാർ സ്വീകരിച്ചുവരുന്ന സമീപനവും നിലപാടും ഇമാം ഇബ്‌നു ഹജറി(റ)നോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. മഖ്‌ദൂം സ്വഗീർ പൊന്നാനി വലിയ ജുമാ മസ്‌ജിദ് കേന്ദ്രമായി വൈജ്ഞാനിക പ്രവർത്തനങ്ങൾ സജീവമാക്കിയപ്പോൾ ഗുരുവര്യരായ ഇബ്‌നു ഹജർ(റ) അവിടെ സന്ദർശിച്ചെന്നും അനുഗ്രഹിച്ചെന്നും പറയപ്പെടുന്നു. മലയാളക്കരയോട് ഇത്രമാത്രം ഒട്ടിനിൽക്കുന്ന ഇമാം ഇബ്‌നുഹജറി(റ)ൻ്റെ ജ്ഞാന ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടാം.
ജനനം, വളര്‍ച്ച
അഹ്മദുബ്‌നു മുഹമ്മദിബ്‌നി മുഹമ്മദിബ്‌നി അലിയ്യിബ്‌നി ഹജര്‍ അല്‍ ഹൈത്തമി അല്‍ മിസ്വ്‌രി അല്‍ മക്കി എന്നാണ് പൂര്‍ണ്ണ നാമം. ശിഹാബുദ്ദീന്‍ എന്നാണ് അപര നാമം. ‘ഹജര്‍’ എന്നത് തന്റെ ഒരു പിതാ മഹന്റെ പേരാണ്. എപ്പോഴും മൗനിയായി കാണപ്പെടുന്നതു കൊണ്ടാണ് ഈ പേര് അദ്ദേഹത്തിനു ലഭിച്ചത്.ഹാഫിള്, ശൈഖുൽ ഇസ്‌ലാം, ഖാതിമത്തുൽ മുഹഖിഖീൻ, ശിഹാബുദ്ദീൻ എന്നീ പേരുകളിൽ ചരിത്രത്തിലിടം നേടിയ മഹാനായിരുന്നു ഇബ്‌നുഹജർ(റ).
പൂർണനാമം അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലി അൽ ഹൈതമി അസ്സഅ്‌ദി അൽ അൻസ്വാരി. അൻസ്വാരികളായ, ഈജിപ്‌തിലെ ബനൂ സഅ്ദ് കുടുംബത്തിലാണ് ജനനം. പിതൃപരമ്പരയിൽ മൂന്നാമത്തെ പിതാവായ ഹജറുമായി ബന്ധിച്ചാണ് ഇബ്‌നുഹജർ എന്ന പേരു വന്നത്. നിർബന്ധിതാവശ്യത്തിനല്ലാതെ സംസാരിക്കാത്ത കാരണത്താലാണ് 'ഹജർ' (കല്ല്) എന്ന് അദ്ദേഹത്തിന് അപരനാമം വന്നതെന്ന് ഇമാമിന്റെ് കൈപ്പടയിൽ എഴുതിയത് കണ്ടതായി ശിഷ്യൻ അബൂബക്കർ ബാ അംറ് അസ്സൈഫി(റ) സാക്ഷ്യപ്പെടുത്തുന്നു. (നഫാഇസുദ്ദുറർ, പേ:30)
ചെറിയ പ്രായത്തിൽ തന്നെ പിതാവ് മുഹമ്മദ് ബദ്റുദ്ദീൻ മരണപ്പെട്ടതിനാൽ ഇബ്‌നു ഹജർ(റ) വളർന്നത് പ്രസിദ്ധ ഇമാമുമാരായ ശംസുദ്ദീനുബ്‌നു അബിൽ ഹമാഇൽ(റ), അദ്ദേഹത്തിന്റെ ശിഷ്യനായ ശംസുദ്ദീനുശ്ശിന്നാവി(റ) എന്നിവരുടെ സംരക്ഷണത്തിലായിരുന്നു. ധാരാളം കറാമത്തുകൾ പ്രകടിപ്പിച്ച വലിയ സൂഫികളായിരുന്നു ഇരുവരും. (നഫാഇസുദ്ദുറർ പേ: 33-38)
ഈജിപ്തിലെ ഗര്‍ബിയ്യ ഗവര്‍ണൈറ്റിലെ അബുല്‍ ഹൈത്തം എന്ന കൊച്ചു ഗ്രാമത്തിലാണ് ഇമാം ജനിച്ചത്. ജനന വര്‍ഷത്തില്‍ വേറെയും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ‘ഹൈത്തം’ എന്നതിലെ രണ്ടാമത്തെ അക്ഷരം അറബിയിലെ രണ്ടു പുള്ളിയുള്ള ‘ത’ ആണെന്നതാണ് പ്രഭലാഭിപ്രായം. മൂന്നു പുള്ളിയുള്ള ‘ഥ’ ആയിരുന്നു അതെന്നും ഉപയോഗക്രമത്തില്‍ ‘ത’ ആയി മാറിയതാണെന്നും ‘താജുല്‍ അറൂസ്’ എന്ന ഗ്രന്ഥത്തില്‍ കാണാം. മംലൂക്ക് രാജ വംശം, ഉഥ്മാനിയ്യ ഖിലാഫത്ത് എന്നിവയാണ് ഇമാം അഭിമുഖീകരിച്ച രാഷ്ട്രീയ കക്ഷികള്‍. സ്വൂഫീ പ്രസ്ഥാനങ്ങള്‍, സ്വൂഫീ സംഗീത സദസ്സുകള്‍, ആഘോഷ സദസ്സുകള്‍ എന്നിവയ്ക്കു കൂടുതല്‍ പ്രചാരം നേടിയ കാലമായിരുന്നു അത്. ഈ വിഷയങ്ങളൊക്കെ ഇമാമിന്റെ ഗ്രന്ഥങ്ങളില്‍ വിഷയീഭവിച്ചിട്ടുണ്ട്.
പിതാവ് ചെറുപ്പത്തില്‍ തന്നെ വഫാത്തായി. പിതാമഹന്റെ ശിക്ഷണത്തിലാണ് വളര്‍ന്നത്. വിശുദ്ധ ഖുര്‍ആനും മിന്‍ഹാജിന്റെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കി. അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം പിതാവിന്റെ ശൈഖുമാരായിരുന്ന ശംസുദ്ദീന്‍ ഇബ്‌നു അബില്‍ ഹമാഇല്‍, ശംസുദ്ദീനിശ്ശനാവി എന്നിവരുടെ ശിക്ഷണത്തില്‍ വളര്‍ന്നു. ‘ത്വന്‍ത്വ’യിലെ അഹ്മദുല്‍ ബദവി മസ്ജിദിലും കൈറോയിലെ ജാമിഉല്‍ അസ്ഹറിലും പഠനം നടത്തി. ജാമിഉല്‍ അസ്ഹറിലെ പഠന കാലത്ത് നിരവധി പ്രയാസങ്ങള്‍ ഇമാമിനു സഹിക്കേണ്ടി വന്നിട്ടുണ്ട്. കഠിന വിശപ്പും സഹപാഠികളില്‍ നിന്നുള്ള അസൂയയും സഹിച്ചു കൊണ്ടാണ് അദ്ദേഹം പഠന കാലം കഴിച്ചു കൂട്ടിയത്. ഹി. 940 ല്‍ കുടുംബ സമേതം മക്കയിലേക്കു പോവുകയും വഫാത്തു വരെ അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. ഹി. 974 റജബ് 23 നു മക്കയിലായിരുന്നു വഫാത്ത്. ജന്നത്തുല്‍ മുഅല്ലയില്‍ മറവു ചെയ്യപ്പെട്ടു.
ബദ്‌റുദ്ദീൻ(റ)
സന്തതികൾക്ക് ആത്മീയ പരിചരണവും വിജ്ഞാനവും പകരാൻ യോഗ്യരായ പണ്ഡിതരെ പിതാമഹൻ കണ്ടെത്തുകയുണ്ടായി. പുത്രൻ ബദ്‌റുദ്ദീനെ പ്രദേശത്തെ ഗുരുവര്യന്മാരായ ശംസുബ്‌നു അബുൽ ഹമാഇൽ(റ), ശിഷ്യൻ ശംസുശ്ശന്നാവീ എന്നറിയപ്പെടുന്ന അഹ്മദുബ്‌നു അലിയ്യിൽ മിസ്‌രി അൽമദനി(റ) എന്നിവരുടെ ശിക്ഷണത്തിലാക്കി. അവരുടെ പരിചരണത്തിൽ വളർന്നയാളാണ് ഇമാമിന്റെ പിതാവ് ബദ്‌റുദ്ദീൻ(റ).
ബദ്‌റുദ്ദീൻ വിവാഹിതനായി, രണ്ടു മക്കൾ തുടരെ മരണപ്പെട്ടു. ദുഃഖിതനായിരിക്കുന്ന ശിഷ്യന് ഗുരു ശംസുബ്‌നു അബിൽ ഹമാഇൽ തന്റെ ഒരു താടിരോമം നൽകിക്കൊണ്ട് പറഞ്ഞു: ‘ഇതു കൊണ്ടുപോയി വീട്ടിൽ പുകയിപ്പിക്കുക.’
അദ്ദേഹം അപ്രകാരം ചെയ്തു. പിന്നീട് പിറന്ന സന്തതിയാണ് ഇമാം ഇബ്‌നുഹജർ(റ). തന്റെയും പിതാവിന്റെയും പേരുകൾ മുഹമ്മദ് എന്നായതിനാലാണ് മകന് അഹ്മദ് എന്നദ്ദേഹം നാമകരണം ചെയ്തത്. അധികം താമസിയാതെ പിതാവ് ബദ്‌റുദ്ദീൻ വഫാത്തായി. പിതാമഹൻ സംരക്ഷണമേറ്റെടുത്തു. അദ്ദേഹത്തിന്റെ വിയോഗ ശേഷം പിതാവിന്റെ ഗുരുനാഥന്മാരായ ശംസുബ്‌നു അബിൽ ഹമാഇൽ(റ)വും ശംസുശ്ശന്നാവീ(റ)യുമാണ് ഇമാമിനെ സംരക്ഷിച്ചത്.
വല്യുപ്പയുടെ സംരക്ഷണത്തിലായിരിക്കെയാണ് അദ്ദേഹം ഖുർആൻ മനഃപാഠമാക്കുന്നത്. ഇമാം നവവി(റ)യുടെ മിൻഹാജും അക്കാലത്തു പഠിച്ചു. ഗുരുവര്യന്മാരുടെ അടുത്തെത്തിയ ശേഷം വൈജ്ഞാനികമായ നല്ല പരിചരണമാണ് ഇമാമിനു ലഭിച്ചത്. ആദ്യം തൻത്വായിലെ അഹ്മദുൽ ബദവി(റ)യുടെ മഖാമിനോടനുബന്ധിച്ചുള്ള പാഠശാലയിൽ ചേർന്നു. ഉസ്താദ് ശംസുശ്ശന്നാവിയാണ് ചേർത്തിയത്.
പ്രമുഖരായ രണ്ടു ഗുരുവര്യന്മാരിൽ നിന്ന് അവിടെ വെച്ചു വിജ്ഞാനമാർജിച്ചു. പ്രാഥമികമായ പാഠങ്ങൾ കരഗതമാക്കിയ ശേഷം 15-ാം വയസ്സിൽ ഉസ്താദ് ശംസുശ്ശന്നാവി, ഇമാമിനെ ജാമിഉൽ അസ്ഹറിലാക്കി. ചെറുപ്രായത്തിൽ തന്നെ ഈജിപ്തിലെ മഹാഗുരുവര്യന്മാരുടെ ശിഷ്യത്വ സൗഭാഗ്യം അതുവഴി നേടാനായി. വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹം നേടാൻ അദ്ദേഹം കഠിന യത്‌നം തന്നെ നടത്തി. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ)യിൽ നിന്നും ധാരാളം പഠിച്ചു. പ്രിയ ശിഷ്യന് വേണ്ടി നന്നായി പ്രാർത്ഥിക്കുമായിരുന്നു ഉസ്താദ്.
ഗുരുവിന്റെ മോഹം
സകരിയ്യൽ അൻസ്വാരി(റ) ശിഷ്യന്റെ കാര്യത്തിൽ വളരെ പ്രതീക്ഷ പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാവി ദീർഘദർശനം ചെയ്തും പ്രവചന സ്വഭാവമുള്ളതുമായ പ്രാർത്ഥന ഇങ്ങനെ: ദീനിൽ നിനക്ക് ഫിഖ്ഹും അറിവും നൽകാൻ ഞാൻ അല്ലാഹുവിനോട് ചോദിക്കുന്നു.’ പ്രാർത്ഥന പോലെ ഫിഖ്ഹിൽ ഇമാം പ്രസിദ്ധനായി. ധാരാളം ഗ്രന്ഥങ്ങളും ഉന്നത ശിഷ്യന്മാരുമുണ്ടായി.
പഠനകാലത്ത്, പ്രത്യേകിച്ച് ജാമിഉൽ അസ്ഹറിലെ പഠനകാലത്ത് വളരെയേറെ പ്രയാസങ്ങളും പട്ടിണിയും നേരിട്ടു അദ്ദേഹം. വിജ്ഞാന ദാഹത്തിന് മുമ്പിൽ അവയെയെല്ലാം കീഴ്‌പ്പെടുത്തുന്നതിൽ ഇമാം വിജയിച്ചു. അതിനെക്കുറിച്ച് ഇമാമിന്റെ വിവരണം ശിഷ്യൻ രേഖപ്പെടുത്തുന്നു: ‘ജാമിഉൽ അസ്ഹറിലെ നാലു വർഷങ്ങളിൽ ഞാൻ അനുഭവിച്ച പ്രയാസങ്ങൾ മറ്റൊരാൾക്ക് 20 വർഷം അനുഭവിക്കേണ്ടി വരാത്തത്ര ഭീകരമാണ്’ (നഫാഇസുദ്ദുറർ).
പഠനത്തിലും മനഃപാഠത്തിലും മുന്നിലായതിൽ അസന്തുഷ്ടിയുള്ള ചില സതീർത്ഥ്യരിൽ നിന്നുണ്ടായ വിഷമതകൾ ഇതിനെല്ലാം പുറമെയായിരുന്നു. ഇമാം പീഡിപ്പിക്കപ്പെടുന്നത് മനസ്സിലാക്കിയ ഗുരുവര്യൻ ഇബ്‌നു അബിൽ ഹമാഇൽ(റ) ചില ഘട്ടങ്ങളിൽ അസൂയാലുക്കളെ ശിക്ഷിക്കുകയുണ്ടായി. ഒരിക്കൽ ഇത്തരക്കാരായ രണ്ടാളുകൾക്ക് അഹ്മദുൽ ബദവി(റ)യുടെ മഖാമിനടത്തുവെച്ചു കഠിന പ്രഹരമേറ്റു (നഫാഇസ്).
ഗ്രന്ഥങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത് നശിപ്പിക്കുന്ന ചിലരുമുണ്ടായിരുന്നു. അതൊക്കെ കാരണമായാണ് ജന്മം കൊണ്ട് ഈജിപ്തുകാരനായ ഇബ്‌നുഹജർ(റ) മക്കയിൽ സ്ഥിരതാമസമാക്കിയത്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവരോടാരോടും പകവെക്കാതെ മാപ്പ് നൽകി പ്രാർത്ഥിച്ചത് ഇമാമിന്റെ മഹാമനസ്‌കത കാണിക്കുന്നു. ഉസ്താദുമാരുടെ പൊരുത്തവും അദ്ദേഹത്തിന് വലിയ വെളിച്ചമായി. ക്രമേണ ഉന്നതിയുടെ പടവുകൾ കേറിക്കൊണ്ടിരുന്നു.
പഠനം, ഉസ്താദുമാർ
ചെറുപ്പത്തിലേ ഇബ്‌നു ഹജർ(റ) ഖുർആൻ ഹൃദിസ്ഥമാക്കി. ഇരുപത് വയസ്സ് തികയും മുമ്പു തന്നെ ഫത്‌വ നൽകാനും ദർസ് നടത്താനും അദ്ദേഹത്തിന് ഉസ്താദുമാർ അനുമതി നൽകി. കർമശാസ്ത്രം, നിദാന ശാസ്ത്രം, ഗണിത ശാസ്ത്രം, അറബി വ്യാകരണം, പദോൽപത്തി ശാസ്ത്രം, തർക്ക ശാസ്ത്രം, വിശ്വാസജ്ഞാനം, ഹദീസ്, തഫ്‌സീർ തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം വ്യുൽപത്തി നേടി.
ജന്മനാട്ടിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹി. 924ൽ ഈജിപ്തിലെ പുരാതനവും വിശ്വപ്രസിദ്ധവുമായ അൽഅസ്ഹർ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടി. ഇമാം ശിന്നാവി(റ)ന്റെ നിർദേശപ്രകാരമായിരുന്നു അത്. അവടെ വെച്ച് ഇമാം നവവി(റ)ന്റെ ‘അൽമിൻഹാജ്’ ഹൃദിസ്ഥമാക്കി. വിവിധ ജ്ഞാനശാഖകളിൽ ആഴമേറിയ അറിവും കരസ്ഥമാക്കുകയുണ്ടായി.
ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാ രി(റ), ഇമാം ശിഹാബു റംലി(റ), ഇമാം അബ്ദുൽ ഹഖ് സൻബാത്വീ(റ), ഇമാം ശംസുൽ മശ്ഹദി(റ), ഇമാം ശംസുസ്സംഹൂദി(റ), ഇമാം അബുൽ ഹസനുൽ ബക്‌രി(റ), ഇമാം ശംസു ദൽജീ(റ), ശിഹാബു ബ്‌നു നജ്ജാർ(റ), ഇമാം നാസിറുല്ലഖാനീ(റ), ഇമാം ശൻശൗരി(റ), ഇമാം ഇബ്‌നു ത്വഹാൻ(റ), ഇമാം ശിഹാബുൽ മൻത്വവീ(റ), ഇമാം സയ്യിദുൽ ഹത്വാബി(റ), ഇമാം ശംസുൽ മനാഹിലി(റ), ഇമാം ഇബ്‌നു സ്വാഇഹ്(റ), ശംസുൽ അബ്ബാദി(റ) തുടങ്ങിയ പ്രതിഭാധനരായ ഗുരുനാഥരിൽ നിന്നാണ് അറിവ് നേടിയത്. കർമശാസ്ത്രം പ്രധാനമായും പഠിച്ചത് ഇമാം നാസ്വിർ(റ), ഇമാം അബുൽ ഹസനുൽ ബക്‌രി(റ) എന്നിവരിൽ നിന്നാണ്. ഇമാം സകരിയ്യൽ അൻസ്വാരി(റ)യിൽ നിന്നാണ് ‘അൽമുസൽസലു ബിൽ അവ്വലിയ്യത്തി’ (റഹ്‌മത്തിന്റെ ഹദീസ്) സ്വീകരിച്ചത്.
‘ശൈഖുനാ’ എന്ന് ഗ്രന്ഥങ്ങളിൽ നിരുപാധികം ഇമാം പ്രയോഗിക്കാറുള്ളത് സകരിയ്യൽ അൻസ്വാരി(റ)യെ കുറിച്ചാണ്. സമർഥനും കുശാഗ്ര ബുദ്ധിശാലിയും സ്ഥിരോത്സാഹിയും കഠിനാധ്വാനിയുമായ അരുമ ശിഷ്യൻ ശിഹാബുദ്ദീൻ ഇബ്‌നു ഹജറിനു വേണ്ടി ഗുരുവര്യർ സകരിയ്യൽ അൻസ്വാരി(റ) ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, നിന്റെ മതത്തിൽ അഗാധജ്ഞാനം നൽകി ശിഹാബുദ്ദീനെ നീ അനുഗ്രഹിക്കേണമേ.’ പ്രാർഥനക്കുത്തരം കിട്ടുന്നവരായി പരക്കെ അറിയപ്പെട്ട ശൈഖുൽ ഇസ്‌ലാമിന്റെ ദുആ നാഥൻ സ്വീകരിച്ചു. അരുമ ശിഷ്യനു മുമ്പിൽ സ്രഷ്ടാവ് വിജ്ഞാനത്തിന്റെ മഹാപ്രപഞ്ചം തന്നെ തുറന്നുകൊടുത്തു. എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി തന്റെ കാലത്ത് പകരക്കാരനില്ലാത്ത വിധം അദ്ദേഹം വളർന്നു. ശാഫിഈ ഫിഖ്ഹിൽ പ്രത്യേക അവഗാഹം നേടി.
രചനയും അധ്യാപനവും
ഉസ്താദായ ഇമാം അബുൽ ഹസനുൽ ബക്‌രി(റ)ന്റെ കൂടെ 933ൽ ഹജ്ജിനു വേണ്ടി സകുടുംബം യാത്ര തിരിച്ചു. അവിടെ വെച്ച് ഔലിയാക്കളിൽ പ്രമുഖനും വിവിധ വിഷയങ്ങളിൽ പ്രൗഢ രചനകൾ നടത്തിയയാളുമായ ഹാരിസുൽ മുഹാസബി(റ)നെ സ്വപ്നം കണ്ടു. ഗ്രന്ഥരചനയിലേക്ക് പ്രവേശിക്കാൻ ഇമാമിനോട് അദ്ദേഹം കൽപിച്ചു. ഹാരിസുൽ മുഹാസബി(റ) വലിയ കറാമത്തിനുടമയും അതീവ സൂക്ഷ്മ ജ്ഞാനിയുമായിരുന്നു. ഹറാം കലർന്ന ഭക്ഷണത്തിലേക്ക് കരം നീട്ടിയാൽ അദ്ദേഹത്തിന്റെ കൈവിരലുകൾ വിയർക്കുമായിരുന്നു. അതോടെ ആ ഭക്ഷണം വേണ്ടെന്നുവെക്കും. ഹി. 243ലാണ് മഹാന്റെ വിയോഗം.
മക്കയിൽ വെച്ച് ഇബ്‌നു ഹജർ(റ) മറ്റൊരു സ്വപ്നം കൂടി കണ്ടു. രചനക്കു പ്രേരിപ്പിക്കുന്ന തികച്ചും വിചിത്രമായൊരു സ്വപ്നമായിരുന്നു അത്. ഭയവിഹ്വലനായെങ്കിലും അതിന്റെ വ്യാഖ്യാനമറിഞ്ഞപ്പോൾ സന്തോഷിച്ചു. ഇമാമിന്റെ പ്രസിദ്ധിയും രചനയും ലോകമാകെ പരക്കുമെന്നായിരുന്നു സ്വപ്നവ്യാഖ്യാനം.
തുടർന്നാണ് വിഖ്യാതമായ ‘ശർഹുൽ ഇർശാദി’ന്റെ രചന ആരംഭിക്കുന്നത്. പിന്നീട് ഈജിപ്തിലേക്ക് മടങ്ങി. അവിടെ വെച്ച് ഇമാം ശറഫുബ്‌നുൽ മുഖ്‌രി(റ)യുടെ ‘റൗളു ത്വാലിബ്’ സംഗ്രഹിക്കുകയും അതിന് പ്രൗഢമായൊരു വ്യാഖ്യാനമെഴുതുകയുമുണ്ടായി. ഇമാം നജ്മുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദുബ്‌നു മുഹമ്മദുൽ ഖമൂലി(റ)യുടെ ‘അൽജവാഹിർ’, റൗളു ത്വാലിബിനു ഇമാം സകരിയ്യൽ അൻസ്വാരി(റ) എഴുതിയ വ്യാഖ്യാനമായ ‘അസ്‌നൽ മത്വാലിബ്’, മിൻഹാജിന്റെ ഒട്ടുമിക്ക വ്യാഖ്യാന ഗ്രന്ഥങ്ങൾ എന്നിവയുടെ ആശയങ്ങളെല്ലാം സംഗ്രഹിച്ച അതിസമ്പന്നമായൊരു രചനയായിരുന്നു ഇത്.
ഹി. 937ൽ വീണ്ടും ഹജ്ജ് ചെയ്തു. മക്കയിൽ വെച്ച് പ്രസ്തുത ഗ്രന്ഥത്തിലേക്ക് ഇമാം സ്വഫിയുദ്ദീൻ അബുൽ അബ്ബാസുൽ യമ നി(റ)ന്റെ ‘അൽഉബാബ്’, ഇമാം അബുൽ ഹസൻ അൽമഹാമിലി(റ) രചിച്ച ‘അത്തജ്‌രീദ്’ എന്നിവയുടെയും മറ്റു ചില വിശിഷ്ട ഗ്രന്ഥങ്ങളുടെയും ആശയങ്ങൾ കൂട്ടിച്ചേർത്ത് ഇമാം തന്റെ രചനയെ വിജ്ഞാനത്തിന്റെ അക്ഷയഖനിയാക്കി മാറ്റി.
പിന്നീട് അദ്ദേഹം ഈജിപ്തിലേക്ക് തിരിച്ചുപോയി. ഇമാമിന്റെ പ്രസ്തുത രചനയെക്കുറിച്ചറിഞ്ഞ ചിലർ അതിന്റെ പകർപ്പ് ലഭിക്കാനായി പണം അയച്ചുകൊടുത്ത് ആവശ്യപ്പെട്ടു. ഇമാമിന്റെ രചനാ വൈഭവവും പാണ്ഡിത്യവും കൂടുതൽ പ്രസിദ്ധമാകാൻ ഇതു കാരണമായി. പക്ഷേ അദ്ദേഹത്തിന്റെ വളർച്ച അസൂയാലുക്കളെ അലോസരപ്പെടുത്തി. അവർ മഹാനെതിരെ കുതന്ത്രങ്ങൾ നെയ്തു. വിശ്രമരഹിതമായ അത്യധ്വാനത്തിലൂടെ ഇമാം രചിച്ച ആ അമൂല്യ ഗ്രന്ഥം അവർ മോഷ്ടിച്ചു നശിപ്പിച്ചു കളഞ്ഞു. അങ്ങനെ വിജ്ഞാന ലോകത്തിനു വൻ സമ്പാദ്യമാകേണ്ട ആ അത്ഭുത രചന വെളിച്ചം കാണാതെപോയി.
ഈ സംഭവം മഹാനെ വല്ലാതെ വേദനിപ്പിച്ചു. ആർക്കും യാതൊരു പ്രയാസവും വരുത്താതെ സ്ഖലിതമുക്തമായ ജീവിതം നയിച്ചിട്ടും അസൂയാലുക്കൾ അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിച്ചു. ഇതെല്ലാം കാരണം ഈജിപ്ത് വിട്ടു മക്കയിലെത്തി അവിടെ സ്ഥിരതാമസമാക്കി. പക്ഷേ കാരുണ്യവാനും വിശാലമനസ്‌കനുമായ ഇമാം എതിരാളികൾ തന്നോട് ചെയ്ത അരുതായ്മകൾക്കെല്ലാം മാപ്പ് നൽകി.
വീണ്ടും റൗളു ത്വാലിബിന്റെ വരികളുടെ വ്യാഖ്യാന സഹിതം നവീകരണ ദൗത്യം ആരംഭിക്കുകയുണ്ടായി. രചന പുരോഗമിച്ചു യാത്രക്കാരുടെ നിസ്‌കാരം വിവരിക്കുന്ന ഭാഗം വരെ എത്തിയെങ്കിലും ആ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
ജന്മനാട്ടിലേക്ക് ചേർത്ത് ഹൈത്തമി എന്നും സ്ഥിരവാസ സ്ഥലത്തേക്ക് ചേർത്ത് മക്കി എന്നും അദ്ദേഹം അറിയപ്പെട്ടു. പരിശുദ്ധ ഹറമിൽ മുദരിസും മുഫ്തിയും ഗ്രന്ഥരചനയി ലുമൊക്കെയായി കഴിഞ്ഞുകൂടി. ഹിജാസുകാരും യമൻ, ഹളർ മൗത്ത് മുതലായ ദേശക്കാരും സർവാംഗീകാരത്തോടെ സ്വീകരിച്ചിരുന്ന മുഫ്തിയും മുദരിസും ഗ്രന്ഥകാരനുമായി അദ്ദേഹം കീർത്തി നേടി.
ധാരാളം അമൂല്യരചനകൾ ഇബ്‌നു ഹജർ(റ) വിജ്ഞാന ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ശാഫിഈ മദ്ഹബിൽ പ്രബല ഗ്രന്ഥമായി പരിഗണിക്കുന്ന ‘തുഹ്ഫതുൽ മുഹ്താജ്’ ഹി. 958 മുഹർറം പന്ത്രണ്ടിനു രചന ആരംഭിച്ച് അതേ വർഷം ദുൽഖഅദ് ഇരുപത്തേഴിനാണ് പൂർത്തിയാക്കിയത്. ചുരുങ്ങിയ കാലയളവിനിടയിൽ ബൃഹത്തായ ഈ രചന പൂർത്തിയാക്കിയത് ഇമാമിന്റെ ജ്ഞാനവ്യുൽപത്തിയുടെ നിദർശനമാണ്. ഇതിനു പുറമെ അൽമിനഹുൽ മക്കിയ്യ ഫീ ശർഹിൽ ഹംസിയ്യ, അസ്സവാഹിഖുൽ മുഹ്‌രിയ്യ, ശർഹുൽ അർബഈനന്നവവിയ്യ, കഫ്ഫുൽ രിആഅ അൻ മുഹർറമാത്തില്ലഹ്‌വി വസ്സമാഅ, അൽഈആബ് ശർഹുൽ ഉബാബ്, അൽഫതാവൽ ഹദീസിയ്യ, അൽഫതാവൽ കുബ്‌റാ തുടങ്ങിയവയും മഹാന്റെ രചനകളാണ്. വിവിധ ജ്ഞാനശാഖകളിലായി 117 രചനകൾ ഇമാമിനുണ്ട്.
പഠനകാലം ഇല്ലായ്മയുടെ നടുവിലായിരുന്നു. നേരാവണ്ണം ഭക്ഷണം പോലും കഴിക്കാനില്ലായിരുന്നു. അൽഅസ്ഹറിൽ പഠിച്ച നാലു വർഷത്തോളം മാംസത്തിന്റെ രുചി പോലും അനുഭവിക്കാത്ത ഇമാമിന്റെ അനുഭവം ഇമാം കുർദി(റ) രേഖപ്പെടുത്തിട്ടുണ്ട്.
തന്റെ സമകാലികരുടെ അസൂയക്കും അതുമൂലമുണ്ടായ പ്രയാസങ്ങൾക്കും ഇമാം വിധേയനായി. മാത്രമല്ല, നിരവധി രോഗങ്ങൾ കൊണ്ടും പരീക്ഷിക്കപ്പെട്ടു. ശൈഖ് അബ്ദുല്ലാഹിൽ ഐദറൂസീ(റ)വിനയച്ച കത്തിൽ ഇമാം കുറിച്ചു: ‘അങ്ങ് എനിക്കു വേണ്ടി പ്രത്യേകം പ്രാർഥിക്കണം. നിരവധി രോഗങ്ങളുടെ പിടിയിലമർന്നു ഞാൻ പ്രയാസപ്പെടുകയാണ്.’
അങ്ങേയറ്റത്തെ വിനയത്തിന്റെയും സൽസ്വഭാവത്തിന്റെയും ഉടമയായ ഇബ്‌നു ഹജർ(റ) അഹ്‌ലുബൈത്തിനെ ഏറെ ആദരിച്ചിരുന്നു. ആയുസ്സ് മുഴുവൻ പഠനം, ഫത്‌വ, രചന, അധ്യാപനം എന്നിവയിൽ ചെലവഴിക്കാൻ അദ്ദേഹത്തിന് അല്ലാഹു ഭാഗ്യം നൽകി. രോഗഗ്രസ്തനായി വേദനകൾ കടിച്ചമർത്തി കിടക്കുമ്പോൾ പോലും സക്രിയനായിരുന്നു. വഫാത്തിന്റെ മൂന്ന് ദിവസം മുമ്പ് സന്ദർശിച്ചപ്പോഴും ഉസ്താദ് ഗ്രന്ഥരചനയിലായിരുന്നുവെന്ന് ശിഷ്യനും ‘നഫാഇസുദ്ദറർ’ന്റെ കർത്താവുമായ ഖാളി അബൂബക്കർ(റ) പറഞ്ഞതു കാണാം. തിരുനബി(സ്വ)യെ ഉണർവിൽ തന്നെ ഇമാം ദർശിക്കാറുണ്ടായിരുന്നു.
ഇമാം നവവി(റ) യുടെ വിയോഗാനന്തരം ഹിജ്റ 676 മുതൽ ആരംഭിക്കുന്ന ഷാഫിഈ മദ്ഹബിന്റെ രണ്ടാം പരിഷ്‌കരണ കാലത്തായിരുന്നു ഇമാം ഇബ്‌നു ഹജറി(റ)ൻ്റെ ഉദയം. മദ്ഹബിന്റെ 'ശൈഖൈനി' ഇമാം നവവി-റാഫിഈ ദ്വയം പരിഷ്‌കരിച്ച് സമ്പന്നമാക്കിയ ജ്ഞാന മുറ്റത്തേക്കാണ് ഇമാം ഇബ്‌നു ഹജർ(റ) കടന്നുവന്നത്. 783ൽ വഫാതായ ഇമാം അദ്ഈ, ശിഷ്യൻ ഇമാം ബദറുദ്ദീനുസ്സർകശീ (745-794) എന്നീ പ്രതിഭാധനരായ പണ്ഡിതരുടെ പര്യവേക്ഷണങ്ങൾ കൊണ്ട് ശാഫിഈ മദ്ഹബ് അന്ന് ഏറെ വികാസം പ്രാപിച്ചു കഴിഞ്ഞിരുന്നു. ഇമാം അദ്റഈ(റ)യുടെ അത്തവസ്സ്വതു വൽഫത്ഹ്, ഖൂതൽ മുഹ്‌താജ്, ഗുൻയതുൽ മുഹ്‌താജ്, അദ്റഈ, ഇസ്‌നവീ(വ.ഹി.772) ഇബ്‌നുൽ ഇമാദ്(808), സിറാജുദ്ദീനുൽ ബുൽഖീനി(804) എന്നീ ഗുരുശ്രേഷ്‌ഠരുടെ റൗളയുടെ ഹാശിയകൾ ആധാരമാക്കി ഇമാം ബദറുദ്ദീനുസ്സർകശി(റ) തയ്യാറാക്കിയ 'അൽ ഖാദിമു ലിർറൗള' എന്ന വിഖ്യാത ഗ്രന്ഥം - തുടങ്ങി പ്രവിശാലമായ ഗ്രന്ഥ ലോകമായിരുന്നു ഇബ്‌നുഹജറി(റ)നെ കാത്തിരുന്നത്. അസ്‌നൽ മത്വാലിബ് ഉൾപ്പെടെ കനപ്പെട്ട ഒരുപറ്റം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇമാം സകരിയ്യൽ അൻസാരി(റ) യോടൊപ്പമുള്ള നിരന്തര സഹവാസം ശാഫിഈ മദ്ഹബിൻ്റെ മിടിപ്പ് അടുത്തറിയാൻ ഇമാമിന് വലിയ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്.
ഹാരിസ് ബിൻ അസദ് അൽ മുഹാസിബി എന്ന സൂഫിവര്യൻ്റെ നിർദേശപ്രകാരമാണ് ഇമാം ഗ്രന്ഥരചന ആരംഭിക്കുന്നത്. ഇമാമിൻ്റെ ആദ്യ ഹജ്ജ് യാത്രയിലായിരുന്നു അത്. പ്രിയ ഗുരു സകരിയ്യൽ അൻസാരി(റ) തലപ്പാവൂരി തൻ്റെ ശിരസ്സിൽ വെച്ചു തന്നതായി ഗുരുവിൻ്റെ വിയോഗശേഷം സ്വപ്‌നത്തിൽ ദർശിച്ചതായി ഇമാം ഓർക്കുന്നു. ഗുരുവിൻ്റെ പാരമ്പര്യത്തിലേക്ക് തന്നെ ചേർത്തു കഴിഞ്ഞു എന്ന് അതിൽ നിന്നും മനസ്സിലായെന്നും ഇമാം കുറിച്ചു വെച്ചിട്ടുണ്ട്. (ഹാശിയതു ഫത്ഹിൽ ജവാദ് 1/6).
തുഹ്ഫതുൽ മുഹ്താജ്
ശാഫിഈ മദ്ഹബിൽ അവലംബ യോഗ്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങളാണ് ഇമാമിന്റേത്. മിൻഹാജിന്റെ വ്യാഖ്യാനമായ തുഹ്ഫതുൽ മുഹ്താജ് അവയിൽ ഒന്നാം സ്ഥാനത്താണ്. ധാരാളം ഇമാമുകൾ വലിയ സേവനം ചെയ്ത ഗ്രന്ഥമാണിത്. ഇമാമുമാരായ ശർവാനി, ഇബ്‌നു ഖാസിം എന്നിവരുടെ ടിപ്പണിയോടു കൂടിയാണ് നമ്മുടെ നാട്ടിൽ തുഹ്ഫ വ്യാപകമായി പ്രിന്റ് ചെയ്തുവരുന്നത്. രണ്ടു വാള്യങ്ങളിലായി ക്രോഡീകരിക്കപ്പെട്ട ഈ വ്യാഖ്യാനം മിൻഹാജിന്റെ ഇതര ശറഹുകളിൽ വ്യക്തമാക്കാത്ത കാര്യങ്ങളടക്കം വിവരിക്കുന്നതാണ്. ശറഹുൽ മഹല്ലിക്ക് അദ്ദേഹത്തിന്റെ ഗുരുനാഥൻ ഇബ്‌നു അബ്ദിൽ ഹഖ് തയ്യാറാക്കിയ ടിപ്പണി ഇമാമിന് കൂടുതൽ സഹായകമായിട്ടുണ്ട്. അതിന്റെ സ്വീകാര്യതയും വർധിച്ചതാണ്.
ഗ്രന്ഥങ്ങളിൽ രണ്ടാം സ്ഥാനം ഫത്ഹുൽ ജവാദിനാണ്. മൂന്ന്-അൽഇംദാദ്, നാല്-ശറഹു മുഖദ്ദിമത്തിൽ ഹള്‌റമിയ്യ, അഞ്ച്-ഫതാവാ, ആറ്-ഈആബ് എന്നിങ്ങനെയാണ് ക്രമം നിശ്ചയിക്കപ്പെട്ടത്.
ഫത്ഹുൽ ജവാദും അൽഇംദാദും അൽ ഇർശാദിന്റെ വ്യാഖ്യാനങ്ങളാണ്. ഫത്ഹുൽ ജവാദ് വിശാലമാണ്. അൽ ഇംദാദ് അതിന്റെ സംക്ഷിപ്തവും. തൊണ്ണൂറായിരം മസ്അലകൾ പ്രത്യക്ഷമായും പരോക്ഷമായും അൽ ഇർശാദിലടങ്ങിയിട്ടുണ്ട് (അദ്ദലീലു ഇലൽ മുതൂനിൽ ഇൽമിയ്യ).
അൽമുഖദ്ദിമതുൽ ഹള്‌റമിയ്യ എന്നും മുഖ്തസ്വറ് ബാഫള്ൽ എന്നുമെല്ലാം അറിയപ്പെടുന്ന അൽമിൻഹാജുൽ ഖവീം ബി ശർഹി മബാഇലിത്തഅ്‌ലീം എന്ന കൃതി വളരെ സ്വീകാര്യതയുള്ളതാണ്. ശറഹു ബാഫള്‌ലിന് അല്ലാമാ സുലൈമാനുൽ കുർദി(റ) തന്നെ ചെറുതും വലുതും മധ്യാവസ്ഥയിലുള്ളതുമായ മൂന്ന് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ഇവ കൂടാതെ എട്ട് ഹാശിയകൾ കാണാനായത് അംജദ് അലി രേഖപ്പെടുത്തിക്കാണാം.
ഫതാവൽ കുബ്‌റാ
ഫതാവൽ കുബ്‌റാ അൽ ഫിഖ്ഹിയ്യ ഇമാമിന്റെ ഫത്‌വകളുടെ സമാഹാരമാണ്. കർമശാസ്ത്ര വിഷയത്തിലുള്ളവ നാലു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇന്നും പല പ്രശ്‌നങ്ങൾക്കും നേരിൽ ഉത്തരം ലഭിക്കുന്ന പ്രതീതി ഫതാവൽ കുബ്‌റയിലെ ഫത്‌വകൾക്കുണ്ട്. മലബാറിൽ നിന്നും ഹറമിലെത്തി ഇബ്‌നുഹജർ(റ)ന്റെ ശിഷ്യനായിത്തീർന്ന മഖ്ദൂം (റ) ചോദിച്ചതാണെന്ന് അനുമാനിക്കുന്ന ചില ചോദ്യങ്ങൾക്കു നൽകിയ മറുപടികളും ഇതിലുണ്ട്. ഉദാഹരണമായി, കിതാബുത്വഹാറത്തിൽ എലിക്കാഷ്ഠം കൊണ്ട് വിഷമം നേരിടുന്നതിനെ കുറിച്ചൊരു ചോദ്യമുണ്ട്. കിതാബുസ്വലാത്തിൽ സ്ത്രീകൾ മുടി കൂട്ടി യോജിപ്പിക്കുന്നതിനെക്കുറിച്ചും കിതാബുസ്വലാത്തിൽ ജമാഅത്തിൽ കസവുള്ള വസ്ത്രധാരണത്തെ കുറിച്ചും കിതാബുന്നികാഹിൽ ത്വലാഖിന്റെ പദങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. മലയ്ബാർ എന്ന പദത്തോട് ചേർത്തിയുള്ള പ്രയോഗങ്ങൾ പലതും ഫതാവയിൽ കാണാം. ഫിഖ്ഹ് മാത്രമല്ലാത്ത ഫത്‌വകളുടെ മസ്അലകൾ പരാമർശിച്ചു രചിച്ചതാണ് അൽ ഫതാവൽ ഹദീസിയ്യ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഗ്രന്ഥം.
അൽഈആബ്
ഖാളി സ്വഫിയുദ്ദീൻ അൽ മുസയ്യദുൽ യമനി(റ)യുടെ അൽ ഉബാബ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അൽ ഉബാബുൽമുഹീത്വ് ബി മുഅ്‌ളമിനുസ്വൂസ്വിശ്ശാഫിഈ വൽ അസ്വ്ഹാബ് എന്ന ഗ്രന്ഥത്തിന്റെ ശർഹാണിത്. മദ്ഹബിൽ ഏറെ പ്രാബല്യമുള്ള ഗ്രന്ഥമാണിത്. ഈ ഗ്രന്ഥങ്ങളും അവയുടെ മൂലകൃതികളും കർത്താക്കളും അവലംബങ്ങളും ഏറെ പ്രധാനപ്പെട്ടതും ആശയസമ്പുഷ്ടവുമാണ്. അതിനാൽ തന്നെ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇവ മുൻഗണന നേടുകയുണ്ടായി.
കർമ്മശാസ്ത്രം
ശാഫിഈ കർമശാസ്ത്ര ലോകത്ത് ഇമാമിൻ്റെ ദൗത്യം കൃത്യമായിരുന്നു. നിലവിലുള്ള വിടവുകൾ ഒന്നൊന്നായി നികത്തുകയായിരുന്നു ആ ജീവിതം. ഇമാം നവവി(റ)യും റാഫിഈ(റ)യും നിർമിച്ച അച്ചുതണ്ടിൽ ഉറച്ചു നിന്നുകൊണ്ട്, ഇമാം അസ്‌നവി(റ)യെ പോലുള്ള ജ്ഞാനസാഗരങ്ങൾ ഉന്നയിച്ച രൂക്ഷമായ നിരൂപണങ്ങൾക്ക് പ്രാമാണികമായ നിവാരണങ്ങൾ കണ്ടെത്തലായിരുന്നു ഇബ്‌നു ഹജറിനു മുന്നിലെ ഒരു പ്രധാന ദൗത്യം. മറ്റൊന്ന്, ഇമാം നവവി(റ)യും റാഫിഈ(റ)യും ചർച്ച ചെയ്യാത്ത അനേകം കർമശാസ്ത്ര പ്രതിസന്ധികൾക്ക് പരിഹാരം കാണലായിരുന്നു. ജോർദാൻ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച 'അൽ ഇമാം ഇബ്‌നു ഹജർ വ അസറുഹു ഫിൽ ഫിഖ്ഹി ശാഫിഈ' എന്ന ഗവേഷണ പ്രബന്ധത്തിൽ ശാഫിഈ മദ്ഹബിന് ഇമാം നൽകിയ സേവനങ്ങൾ വിശാലമായി പ്രതിപാദിക്കുന്നുണ്ട്.
മദ്ഹബിലെ കർമശാസ്ത്ര നിയമങ്ങൾക്ക് പിൻബലമായ പ്രാമാണിക രേഖകൾ പരിചയപ്പെടുത്തുക, തർക്ക വിഷയങ്ങളിൽ പ്രബലമായ വീക്ഷണം നിർദ്ധാരണം ചെയ്യുക, മദ്ഹബിലെ പ്രാമാണിക രേഖകളിൽ പരസ്‌പര വിരുദ്ധമെന്ന് തോന്നുന്നവയെ സമീകരിക്കുക, നിരുപാധികം പറയപ്പെട്ട നിയമങ്ങൾക്ക് (മുത‌്വലഖാത്ത്) ആവശ്യമായ ഉപാധികൾ ചേർക്കുക, കർമശാസ്ത്ര നിയമങ്ങൾക്കിടയിലെ കാതലായ വ്യത്യാസങ്ങൾ (ഫുറൂഖ്) അനാവരണം ചെയ്യുക, സങ്കീർണമായ പ്രശ്‌നങ്ങൾക്ക് പ്രമാണബദ്ധമായ ഫത‌്വകൾ നൽകുക - എന്നീ സേവനങ്ങളാണ് പ്രബന്ധം ചർച്ച ചെയ്യുന്നത്. ഇമാം നവവിയുടെ 'അൽ മിൻഹാജ്' എന്ന ഗ്രന്ഥത്തിന് വിശദീകരണമായി എഴുതിയ 'തുഹ്‌ഫതുൽ മുഹ്‌താജ്' എന്ന ഗ്രന്ഥമാണ് കർമശാസ്ത്രത്തിലെ പ്രധാന രചന. ഇമാമിൻ്റെ ജ്ഞാനവൈപുല്യവും നിരൂപണവൈഭവവും വരച്ചിടുന്നതാണ് ഈ ഗ്രന്ഥം.
ഹിജ്റ വർഷം 958 മുഹറം 12ന് തുടങ്ങി അതേ വർഷം ദുൽഖഅ്ദ് 27നാണ് രചന പൂർത്തീകരിക്കുന്നത്. പത്തു വാള്യങ്ങളിൽ പരന്നു കിടക്കുന്ന ഈ ഗ്രന്ഥം കേവലം പത്തു മാസം കൊണ്ട് പൂർത്തീകരിച്ചു എന്നതാണ് ഏറെ കൗതുകം. ഇമാം തന്നെ രചിച്ച 'ത്വർഫതുൽ ഖദീർ' എന്ന വ്യാഖ്യാന ഗ്രന്ഥം ഉൾപ്പെടെ (പൂർണമാക്കിയിട്ടില്ല) വ്യാഖ്യാനമായും ലഘൂകരണമായും 27ലധികം ഗ്രന്ഥങ്ങൾ പൂർവകാല പണ്ഡിതർ 'തുഹ്‌ഫതുൽ മുഹ്‌താജ്' സംബന്ധിയായി രചിച്ചിട്ടുണ്ട്. ഷാഫിഈ മദ്ഹബിലെ തുഹ്ഫയുടെ അദ്വിദീയ സ്ഥാനമാണ് ഇത് വ്യക്തമാക്കുന്നത്. അൽഇംദാദ് ഫീ ശർഹിൽ ഇർശാദ്, ഫത്ഹുൽ ജവാദ്, അൽ ഈആബ് ഫീ ശർഹിൽ ഉബാബ്, ശർഹു ബാഫദ്ൽ, അൽ ഫതാവൽ കുബ്‌റാ എന്നിവയാണ് കർമശാസ്ത്രത്തിലെ ഇമാമിന്റെ പ്രധാന ഗ്രന്ഥങ്ങൾ.
ആദർശ വീര്യം
ആരാധനയും ഭക്തിയും ജ്ഞാനപ്രസരണവും മുഖമുദ്രയാക്കിയ ഇമാം ശരീഅത്ത് വിരുദ്ധമായ എല്ലാ നീക്കങ്ങളോടും മുഖം നോക്കാതെ പ്രതികരിച്ചു. ഇസ്‌ലാമിന്റെ പാരമ്പര്യ ആശയാദർശങ്ങളോടു തർക്കിച്ച ഇബ്‌നു തൈമിയ്യയോടുള്ള ധൈഷണിക പ്രതിരോധം അതിൽ പ്രധാനമാണ്. ഉമർ(റ), അലി(റ) തുടങ്ങി സ്വഹാബത്തിനെ വരെ വിമർശിച്ചതും നബി(സ്വ)യുടെ ഖബ്ർ സന്ദർശനം നിഷിദ്ധമാക്കിയതും ഉൾപ്പെടെ, മുസ്‌ലിം പണ്ഡിതലോകം ഏകോപിച്ച പല വിഷയങ്ങളിലും അദ്ദേഹം പുത്തനാശയം പ്രചരിപ്പിച്ചു എന്നതാണ് ഇമാമിനെ ഏറെ ചൊടിപ്പിച്ചത്. ഇബ്‌നു തൈമിയ്യ സൂഫികളെ നിരൂപിച്ചത് സംബന്ധിച്ച് നൽകിയ മറുപടി കാണുക: 'മാർഗഭ്രംശം സംഭവിച്ച, നിന്ദ്യനായ, അപമാനിതനായ ഒരു വ്യക്തിയായിരുന്നു ഇബ്‌നു തൈമിയ്യ. അദ്ദേഹത്തിന്റെ്റെ തെറ്റായ പ്രവണതകളും പ്രസ്‌താവത്തിലെയും നിദാന ശാസ്ത്രത്തിലെയും അദ്ദേഹത്തിന്റെ്റെ വിചിത്ര വാദങ്ങളെ പറ്റിയും ഫത‌്വാ സമാഹാരമായ 'അൽ ഫതാവാ അൽ ഹദീസിയ്യ'യിൽ ഒരു ചോദ്യമുണ്ട്. അതിലെ കള്ളത്തരവും ഇമാമുകൾ തുറന്നു കാട്ടിയിട്ടുണ്ട്. അവ സ്‌പഷ്ടമായി ഗ്രഹിക്കേണ്ടവർക്ക് ഇമാം തഖിയ്യുദ്ദീൻ സുബ്‌കി, താജുദ്ദീൻ സുബ്‌കി, ഇസ്സു ബിൻ ജമാഅ തുടങ്ങിയ അദ്ദേഹത്തിൻ്റെ സമകാലീനരായ പണ്ഡിതരുടെ ഗ്രന്ഥങ്ങൾ വായിക്കാം'. ഉമർ(റ), അലി(റ) എന്നീ പ്രമുഖ സ്വഹാബികൾ ഉൾപ്പെടെ സൂഫികളെ അദ്ദേഹം വിമർശിച്ചത് വിശദീകരിച്ച ശേഷം ഇമാം തുടരുന്നു: 'ചുരുക്കത്തിൽ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കപ്പെടാതെ വലിച്ചെറിയപ്പെടേണ്ടതാണ്. പുത്തനാശയക്കാരനും പിഴച്ചവനും വഴിപിഴപ്പിക്കുന്നവനും യഥാവിധി പ്രമാണങ്ങൾ ഗ്രഹിക്കാൻ കഴിയാത്തയാളുമാണ് അദ്ദേഹമെന്ന് മനസിലാക്കണം. അദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയാദർശങ്ങളിൽ നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ.' (അൽ ഫതാവാ അൽ ഹദീസിയ്യ 83,84). തുടർന്ന്, അദ്ദേഹം പ്രമുഖരായ സൂഫികളെ വിമർശിച്ചത് പരിശോധിക്കുകയും മുഅ്‌തസില, റാഫിളിയ്യ തുടങ്ങിയ പുത്തൻവാദ പ്രസ്ഥാനങ്ങളോടുള്ള ഇബ്‌നു തൈമിയ്യയുടെ കടപ്പാട് തുറന്നുകാട്ടുകയും ചെയ്യുന്നു.
ത്വലാഖ് സംബന്ധിയായി ഏറെ കോളിളക്കം സൃഷ്ടിച്ച അദ്ദേഹത്തിൻ്റെ വാദമടക്കം പൂർവകാല പണ്ഡിത ഏകോപനങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം മുന്നോട്ടുവെച്ച പല ആശയങ്ങളും തുടർന്ന് ഇമാം നിരൂപിക്കുന്നു. തുഹ്‌ഫയിലും പ്രസ്‌തുത വിഷയം ചർച്ച ചെയ്‌തപ്പോൾ ഇമാം ഇബ്നു ബിൻ ജമാഅ(റ)യെ ഉദ്ധരിച്ചു കൊണ്ട് ഇബ്‌നു തൈമിയ്യയെ നിരൂപിക്കുന്നുണ്ട് (തുഹ്‌ഫതുൽ മുഹ്‌താജ് 8/84).
സ്വഹാബത്തിനെതിരെ വലിയതോതിൽ കുറ്റമാരോപിച്ച ശീഈ ധാരയിലെ റാഫിളിയ്യ പ്രസ്ഥാനത്തെയും ഇമാം ധൈഷണികമായി നേരിട്ടിട്ടുണ്ട്. പ്രസ്‌തുത വിഷയത്തിൽ ഇമാം രചിച്ച 'അസ്സവാഇഖുൽ മുഹ്‌രിഖ' എന്ന ഗ്രന്ഥം ഏറെ പ്രശസ്‌തി നേടിയിട്ടുണ്ട്. തസവുഫിൻ്റെ പേരിൽ ചില സ്വയംപ്രഖ്യാപിത സൂഫികൾ നടത്തിയ ശരീഅത്ത് വിരുദ്ധ പ്രവണതകളെയും ഇമാം നഖശിഖാന്തം എതിർത്തതു കാണാം. 'കഫു റആഅ്' എന്ന ഗ്രന്ഥത്തിന്റെ പ്രമേയം തന്നെ അതാണ്. മദ്ഹബിന് വിരുദ്ധമായ ഫത‌്വകളെയും ഇമാം തുറന്നു കാട്ടിയിട്ടുണ്ട്. മതത്തിൽ നിന്നും പുറത്തുപോകുന്ന ചില വാചകങ്ങൾ പ്രശ്‌നമല്ലെന്ന ഫത്വയെ
പ്രാമാണികമായി നേരിടാൻ രചിച്ച കൃതിയാണ് 'അൽ ഇദാം ബി ഖവാത്വിഇൽ ഇസ്ലാം'.
മുകളിൽ പ്രസ്‌താവിച്ചതു പോലെ നബി(സ) യുടെ ഖബ്ർ സിയാറത്ത് സംബന്ധിച്ച് ഇബ്നു
തൈമിയ്യ തുടക്കം കുറിച്ച പുത്തൻ വാദങ്ങൾ നിരൂപിച്ചു കൊണ്ട് ഇമാം രചിച്ച 'അൽ ജൗഹറുൽ മുനള്ളം' എന്ന ഗ്രന്ഥവും ഏറെ പ്രസിദ്ധമാണ്.
പ്രവാചകാനുരാഗം
ഹദീസ് വ്യാഖ്യാനം, തിരുനബി(സ്വ)യുടെ ചര്യകൾ, മഹത്വങ്ങൾ, സ്ഥാനങ്ങൾ എന്നിവ സംബന്ധിയായ രചനകളിലേക്കും ഇമാം ഇബ്‌നുഹജറി(റ)ൻ്റെ തൂലിക ശ്രദ്ധ പതിച്ചതു കാണാം. അന്നിഅ്‌മതുൽ കുബ്റാ എന്ന മൗലിദ് ഗ്രന്ഥം ഇതിൽ പ്രധാനമാണ്. ഖസ്വീദതുൽ ബുർദയുടെ വ്യാഖ്യാനം അൽ ഉംദ, ഖസ്വീദത്തുൽ ഹംസിയ്യയുടെ വ്യാഖ്യാനം അൽ മിനഹുൽ മക്കിയ്യ - എന്നീ ഗ്രന്ഥങ്ങൾ നബി(സ)യുടെ മഹത്വവും സ്ഥാനവും മനോഹരമായി വരച്ചിടുന്നതാണ്. ഇമാം നവവി(റ)യുടെ അൽ അർബഊൻ എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനം അൽ ഫത്ഹുൽ മുബീൻ, ഫത്ഹുൽ ഇലാഹ് ബി ശർഹിൽ മിശ്‌കാത്ത്, ശമാഇലു തിർമുദിയുടെ വ്യാഖ്യാനം അശ്റഫുൽ വസാഇൽ എന്നിവയാണ് പ്രധാന ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങൾ.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ)യുടെ ധൈഷണിക ജീവിതവും രചനാലോകവും പ്രവിശാലമാണ്. കൂടുതൽ അടുത്തറിയാൻ ശ്രമിക്കുമ്പോൾ അതിൻ്റെ ആഴവും പരപ്പും ബോധ്യപ്പെടും. അദ്വിദീയമായ അനേകം സേവനങ്ങൾ മുസ്‌ലിം ലോകത്തിനു സമ്മാനിച്ച ഇമാം, ഹിജ്റ വർഷം 974 റജബ് മാസം വിടവാങ്ങി. മക്കയിലെ ജന്നതുൽ മുഅല്ലയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
ഇബ്‌നു തൈമിയ്യക്കെതിരെ
അഹ്‌ലുസ്സുന്നയുടെ വിശ്വാസം സ്ഥിരപ്പെടുത്താൻ ഇമാം അനൽപങ്ങളായ സംഭാവനകളർപിച്ചിട്ടുണ്ട്. പുത്തൻവാദികളുടെ ജൽപനങ്ങളെ പ്രാമാണികമായി ഖണ്ഡിക്കുന്ന ഇമാമിന്റെ രചനകൾ വിശ്വാസികൾക്ക് വലിയ ആശ്വാസമാണ്.
‘മൂന്ന് പള്ളികളിലേക്കൊഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്‌സ്വ എന്നിവയാണത്’ (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് പിടിച്ചു നബി(സ്വ)യുടെയും മറ്റു അമ്പിയാക്കൾ, ഔലിയാക്കൾ എന്നിവരുടെയും ഖബ്ർ സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഇബ്‌നു തൈമിയ്യ വാദിച്ചു. അദ്ദേഹത്തെ ആശയസ്രോതസ്സായി കാണുന്ന പുത്തൻവാദികളും ഇതേ നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇബ്‌നു ഹജർ(റ) ശക്തിയുക്തം ഇബ്‌നു തൈമിയ്യയുടെ വാദം എതിർത്തു.
അദ്ദേഹം പറഞ്ഞു: ‘തിരുനബി(സ്വ)യുടെ ഖബ്ർ സിയാറത്ത് സുന്നത്താണെന്നതിനെ ഇബ്‌നു തൈമിയ്യ നിരാകരിച്ചു എന്നതുകൊണ്ട് ആരും വഞ്ചിതരാകരുത്. കാരണം മഹാനായ ഇസ്സുബ്‌നു ജമാഅത്(റ) പറഞ്ഞതുപോലെ അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണയാൾ. അയാൾ കാഫിറാണെന്നുവരെ അനേകം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നീതിയുക്തമായി അല്ലാഹു അദ്ദേഹത്തെ കൈകാര്യം ചെയ്യുകയും ഇസ്‌ലാമിക ശരീഅത്തിനെതിരെ അയാളുണ്ടാക്കിയ പുത്തൻവാദങ്ങളെ സഹായിക്കുന്ന സ്വന്തം അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്യട്ടെ (ഹാശിയതുൽ ഈളാഹ്).
ലോകഭൂപടം ആ ജ്ഞാനമുറ്റത്തേക്ക്
പരിശുദ്ധമായ മക്കയില്‍ നാലു പതിറ്റാണ്ടിലേറെ സ്ഥിരതാമസക്കാരനായതോടെ ഇമാമിന്റെ ശ്രുതി ലോകമാകെ പരന്നു.വിശുദ്ധ ദീനിന്റെ പ്രഭ പരന്ന നാടുകളിലെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും വ്യാപിച്ചു. പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുമ്പോള്‍ ഇബ്‌നു ഹജറിനെ സമീപിച്ചവര്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല; പൂ ചോദിച്ചവര്‍ക്ക് പൂങ്കാവനം എന്ന രീതിയില്‍ ഗ്രന്ഥം തന്നെ എഴുതി ക്കൊടുത്തു ഇമാം. യമനില്‍ കഞ്ചാവും വിവിധ തരം പാന്‍മസാലകളും വ്യാപകമായപ്പോള്‍ എഴുതിയ ഗ്രന്ഥമാണ് ‘തഹ്ദീറുസ്സിഖാത്’ കൈക്കൂലി പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു കൈപുസ്തകം രചിച്ചു; ‘ഈളാഹുല്‍ അഹ്കാം…’, അധികാരികളുടെ അനീതിക്കെതിരെ ‘ജംറുല്‍ ഗളാ ലിമന്‍ തവല്ലല്‍ ഖളാ’ പിറന്നു.
കപട സൂഫിസം സംഗീതവും വിനോദോപകരണങ്ങളും അലങ്കാരമാക്കിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ‘കശ്ശുര്‍റആ’ഉം അറബി വംശജരോട് ചിലര്‍ക്ക് പുച്ഛം തോന്നിത്തുടങ്ങിയപ്പോള്‍ മബ്‌ലഗുല്‍ അര്‍ബും പിറവിയെടുത്തു.
തിരുനബിയുടെ(സ്വ) നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൂന്നു മഹദ്ഗ്രന്ഥങ്ങളാണ് അല്ലാമാ എഴുതിയത്. മൗലിദാഘോഷത്തിന്റെ പ്രാമാണികതയും തിരുജന്മനേരത്തുണ്ടായ അദ്ഭുതകഥകളും കേന്ദ്രപ്രമേയമായ ഉപര്യുക്ത ഗ്രന്ഥങ്ങളില്‍ ഏറ്റവും ഗഹനമായതില്‍ മൗലിദു ദിവസങ്ങളില്‍ നടന്നിരുന്ന ചില അനാചാരങ്ങള്‍ക്കെതിരായി ഒരു അധ്യായം തന്നെ എഴുതി. പുണ്യ കര്‍മങ്ങളുടെ നിറംകെടുത്തുന്ന അന്യസ്ത്രീ പുരുഷ സങ്കലനവും ദര്‍ശനവും, അന്യമതസ്ഥരുടെ ആചാരങ്ങളോടുള്ള താദാത്മ്യവും തുടങ്ങിയ അരുതായ്മകളെ പണ്ഡിതര്‍ പിഴുതെറിയേണ്ടതെങ്ങനെയെന്ന് ഇബ്‌നു ഹജര്‍ വരച്ചുകാണിക്കുകയായിരുന്നു.
സത്യമതത്തിന്റെ അന്തസത്തയ്ക്ക് മങ്ങലേല്‍പിക്കാനുള്ള ഏതു ശ്രമവും എഴുതിത്തോല്‍പ്പിക്കാനുള്ള കഴിവ് ലോകശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.
മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും നല്ല മതഭക്തനും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായിരുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയെ (വ.ഹി.962) അല്ലാമ ഇബ്‌നു ഹജര്‍ പുകഴ്ത്തിയതു കാണാം. ഇന്ത്യയില്‍ ഇസ്‌ലാമിലെ ചില പിഴച്ച കക്ഷികള്‍ വ്യാപകമായി മുആവിയയെ(റ) ചിത്രവധം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ പരിഹാരമായി മികച്ചൊരു കൃതി വേണമെന്ന ഹുമയൂണ്‍ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയാണ് തന്റെ ‘തത്ഹീറുല്‍ ജിനാനി വല്ലിസാന്‍ അന്‍ ഥല്‍ബി മുആവിയതുബ്‌നു സുഫ്‌യാന്‍’ എന്ന ഗ്രന്ഥം. ഇക്കാര്യം ഇബ്‌നു ഹജര്‍ ഗ്രന്ഥത്തിന്റെ ആമുഖക്കുറിപ്പില്‍ (പു.30) പറയുന്നുണ്ട്.
ഗ്രന്ഥമോഷണം, നശിപ്പിക്കല്‍ പരീക്ഷണ കാലം
എല്ലാ പണ്ഡിതരുടേതുമെന്ന പോലെ ഇമാം ഇബ്‌നു ഹജറിനും അസൂയാലുക്കളെ നേരിടേണ്ടിവന്നു. ഇബ്‌നുല്‍ മുഖ്‌രിയുടെ(റ) ‘റൗള്’ എന്ന ഗ്രന്ഥം സംഗ്രഹിച്ച് ഇബ്‌നു ഹജര്‍ (റ) ഹി. 934ല്‍ ഒരു ഗ്രന്ഥമെഴുതി. റൗളിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും ഇമാം ഖമൂലിയുടെ(റ) ജവാഹിര്‍, ഇര്‍ദബീലിയുടെ അന്‍വാര്‍, മിന്‍ഹാജിന്റെ ഒട്ടനവധി ശര്‍ഹുകള്‍ തുടങ്ങിയ ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയ മികച്ചൊരു ഗ്രന്ഥമാണിത്.
ഹി.937 ല്‍ ഹജ്ജിനെത്തിയപ്പോള്‍ കൈയ്യില്‍ ആ കിതാബും കരുതിയിരുന്നു. ഹജ്ജിന് വന്നിട്ട് ഒരു വര്‍ഷം വിശുദ്ധ മക്കയില്‍ കഴിച്ചു കൂട്ടുന്നതിനിടയില്‍ ലഭിച്ച യമനിലെ ചില ഗ്രന്ഥങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി കൂടുതല്‍ ആശയ സമ്പന്നമാക്കി. ബുശ്‌റല്‍ കരീം എന്ന ആ അമൂല്യഗ്രന്ഥം ഏതോ വിജ്ഞാന ദാഹി കണ്ടു തല്‍പരനാവുകയും തിരിച്ചു ഈജിപ്തിലെത്തുമ്പോള്‍ പകര്‍പ്പെടുക്കാന്‍ സമ്മതം വാങ്ങുകയും വലിയ തുക സമ്മാനമായി വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതെല്ലാം നിരീക്ഷിച്ചറിഞ്ഞ ഒരു അസൂയാലു തക്കംപാര്‍ത്തിരുന്നു; യാത്ര കഴിഞ്ഞു ഈജിപ്തിലേക്കെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ച പോലെ പകര്‍പ്പെടുക്കാനായി ആ അമൂല്യ ഗ്രന്ഥം ഇമാം പുറത്തെടുത്തു വച്ചു. എന്നിട്ട് ഇമാം മറ്റെന്തോ കാര്യത്തിലേക്കു ശ്രദ്ധതിരിച്ചവേളയില്‍ പരമ ദുഷ്ടന്‍ നിമിഷനേരം കൊണ്ട് ആ ഗ്രന്ഥം നശിപ്പിച്ചു കളഞ്ഞു! (മുഖദ്ദിമതുഫതാവല്‍ കുബ്‌റാ 1/4)
വേറൊരു സംഭവം ഇങ്ങനെ: ഹിജ്‌റാബ്ദം 953. ആര്‍ത്തവത്തിന്റെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ സംബന്ധിച്ചു അമൂല്യമായൊരു ഗ്രന്ഥമെഴുതി, മറ്റൊരു കോപ്പി പോലും എടുക്കാന്‍ സാവകാശം തരാതെ അസൂയക്കാരനായൊരാള്‍ അത് മോഷ്ടിച്ചുകൊണ്ടു പോയി! (ഫതാവല്‍ കുബ്‌റാ 1/98 കാണുക)
ഇനിയുമൊരു സംഭവം: ഇമാം അബൂ ഹനീഫയെ(റ) ക്കുറിച്ച് ഹിജ്‌റാബ്ദം 953 ല്‍ വിശുദ്ധ മക്കയില്‍ വെച്ചു ഒരു കൃതി രചിക്കുകയുണ്ടായി. കോണ്‍സ്റ്റാന്റിനോപ്പിളുകാരനായ ഒരു സ്വൂഫിവര്യന്റെ നിര്‍ദേശപ്രകാരമായിരുന്നു രചന. കൈയ്യെഴുത്ത് പ്രതിയില്‍ നിന്നും ഒരു കോപ്പി പകര്‍ത്തി ആ മഹാനുഭാവന്‍ നാട്ടിലേക്ക് പോയി.കൈയ്യിലുണ്ടായിരുന്ന ഏക കോപ്പി ഒരു ഹനഫീ പണ്ഡിതന്‍ കോപ്പിയെടുക്കാനെന്നു പറഞ്ഞുവാങ്ങി തിരിച്ചു തരാതെ നാടുവിട്ടു! (അല്‍ ഖൈറാതുല്‍ ഹിസാന്‍ ആമുഖം പു.2,3 കാണുക.) ഇവ്വിഷയകമായി ഇമാം മുഹമ്മദ് ശാമീയുടെ(റ) ഒരു ഗ്രന്ഥം കൈയ്യില്‍ കിട്ടിയപ്പോള്‍ സംഗ്രഹിച്ചതാണ് ‘ഖൈറാതുല്‍ ഹിസാന്‍’ എന്ന നിലവിലുള്ള ഗ്രന്ഥം).
ഉസ്താദുമാര്‍
നാല്‍പതോളം പ്രഗത്ഭരായ ഉസ്താദുമാരില്‍ നിന്നായിരുന്നു ഇമാം അറിവു നുകര്‍ന്നത്.
അവരില്‍ പ്രഗത്ഭര്‍:
- ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി (റ). ഇബ്‌നു ഹജര്‍ (റ) ന്റെ പ്രധാന ഉസ്താദായിരുന്നു മഹാനവര്‍കള്‍. ഹി. 826-926 ആണ് മഹാനവര്‍കളുടെ കാല ഘട്ടം. കൈറോയില്‍ ഇമാം ശാഫിഈ (റ) യുടെ അടുത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
- അബ്ദുല്‍ ഹഖ്ഖി ബ്‌നു മുഹമ്മദ് അസ്സുന്‍ബാത്വി (റ). ഹി. 842-931 ആയിരുന്നു മഹാനരുടെ കാല ഘട്ടം.
- ശംസുദ്ദീനി ദ്ദലജി (റ). അറബീ സാഹിത്യ ശാഖകളാണ് ഇദ്ദേഹത്തില്‍ നിന്നു പഠിച്ചത്.
- അബുല്‍ ഹസന്‍ അല്‍ ബക്‌രി (റ). ഹി. 952 ലാണ് മഹാന്‍ വഫാത്തായത്.
- ശംസുദ്ദീന്‍ അല്‍ ഹത്വാബി (റ). ഹി. 902-954 ആണ് മഹാനരുടെ കാല ഘട്ടം. ഇദ്ദേഹത്തില്‍ നിന്നാണ് ഇബ്‌നു ഹജര്‍ (റ) നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയത്.
ശിഷ്യ ഗണങ്ങള്‍
നിരവധി ശിഷ്യ ഗണങ്ങള്‍ മഹാനര്‍ക്കുണ്ടായിരുന്നു.
അവരില്‍ പ്രഗത്ഭര്‍:
- അബ്ദുല്‍ ഖാദിര്‍ അല്‍ ഫാകിഹി (റ). ‘ഫദാഇലു ഇബ്‌നി ഹജര്‍’ എന്ന ഒരു ഗ്രന്ഥം ഇദ്ദേഹം എഴുതിയിട്ടുണ്ട്.
- അബ്ദുര്‍റഊഫ് അല്‍ വാഇള് (റ).
- മുഹമ്മദ് ത്വാഹിര്‍ അല്‍ ഹിന്ദി (റ). ‘മജ്മഉ ബിഹാരില്‍ അന്‍വാര്‍’ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം.
- അഹ്മദുബ്‌നു ഖാസിം അല്‍ അബ്ബാദി (റ).
- സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (റ). ശാഫിഈ കര്‍മ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥമായ ‘ഫത്ഹുല്‍മുഈന്‍’ ന്റെ കര്‍ത്താവാണ് ഇദ്ദേഹം.
ഗ്രന്ഥങ്ങള്‍
ഹി. 933 ല്‍ മഹാനര്‍ ഹജ്ജിനു പോയി. ആ വേളയിലാണ് ഗ്രന്ഥ രചന നടത്തണമെന്ന ചിന്ത ഉദിച്ചത്. ആ വിഷയത്തില്‍ ശങ്കിച്ചു നില്‍ക്കുമ്പോഴാണ് പ്രസിദ്ധ സ്വൂഫിവര്യനായ ഹാരിസുബ്‌നു അസദ് അല്‍ മുഹാസബി(റ)യെ സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഗ്രന്ഥങ്ങള്‍ രചിച്ചു തുടങ്ങി. ഹദീസ്, ഫിഖ്ഹ്, അഖീദ, സ്വഭാവ സംസ്‌കരണം, നഹ്‌വ്, നബി ചരിതം, ചരിത്രം തുടങ്ങി നിരവധി ശാഖകളിലായി 117-ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചിലത് താഴെ ചേര്‍ക്കുന്നു:
ഹദീസ്
- അല്‍ ഫത്ഹുല്‍ മുബീന്‍ ഫീ ശര്‍ഹില്‍ അര്‍ബഈന്‍- ഇമാം നവവി(റ)യുടെ ‘അല്‍ അര്‍ബഊന്‍’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്
- അശ്‌റഫുല്‍ വസാഇല്‍ ഇലാ ഫഹ്മിശ്ശമാഇല്‍- ശമാഇലുത്തുര്‍മുദിയുടെ വ്യാഖ്യാനം.
- ഫത്ഹുല്‍ ഇലാഹ് ബി ശര്‍ഹില്‍ മിശ്കാത്ത്- മിശ്കാത്തുല്‍ മസ്വാബീഹിന്റെ വ്യാഖ്യാനം.
- അല്‍ ഫതാവല്‍ ഹദീസിയ്യ.
- അല്‍ ഇഫ്‌സ്വാഹ് അന്‍ അഹാദീസിന്നികാഹ്.
ഫിഖ്ഹ്
- അല്‍ ഇംദാദ് ഫീ ശര്‍ഹില്‍ ഇര്‍ശാദ്.
- ഫത്ഹുല്‍ ജവാദ്.
- തുഹ്ഫത്തുല്‍ മുഹ്ത്താജ് ബി ശര്‍ഹില്‍ മിന്‍ഹാജ്. ശാഫിഈ കര്‍മ ശാസ്ത്രത്തിലെ പ്രസിദ്ധമായ ഈ ഗ്രന്ഥം ഹി. 958 ല്‍ തന്റെ 49-ാം വയസ്സിലാണ് രചിച്ചത്. 10 വാള്യമുള്ള ഈ കൃതി 10 മാസം കൊണ്ടാണ് എഴുതിയത്. ഹി. 958 മുഹര്‍റം 12 നു തുടങ്ങി 958 ദുല്‍ ഖിഅ്ദ 27 നു പൂര്‍ത്തീകരിച്ചു.
- അല്‍ ഈആബ് ഫീ ശര്‍ഹില്‍ ഉബാബ്. ഹി. 930 ല്‍ വഫാത്തായ ഖാദീ സ്വഫിയുദ്ദീന്‍ അബുസ്സുറൂര്‍ അഹ്മദുബ്‌നു ഉമറബ്‌നി മുഹമ്മദ് അല്‍ മുസജ്ജദ് എന്നവരുടെ ‘അല്‍ ഉബാബ്’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
- ശര്‍ഹു ബാഫദ്ല്‍.
- അല്‍ ഫതാവല്‍ കുബ്‌റാ.
വിശ്വാസം, സ്വഭാവ സംസ്‌കരണം
- അസ്സവാജിര്‍ അന്‍ ഇഖ്തിറാഫില്‍ കബാഇര്‍. വന്‍ ദോഷങ്ങളാണ് ഇതിലെ പ്രതിപാദ്യം.
- അല്‍ ഇഅ്‌ലാം ബി ഖവാത്വിഇല്‍ ഇസ്‌ലാം.
- കഫ്ഫുര്‍റആഅ് അന്‍ മുഹര്‍റമാത്തില്ലഹ്‌വി വസ്സമാഅ്. വിനോദോപകരണങ്ങളുടെ ഇസ്‌ലാമിക മാനമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.
- അല്‍ ജൗഹറുല്‍ മുനള്ളം ഫീ സിയാറത്തില്‍ ഖബ്‌റില്‍ മുകര്‍റം.
- അസ്സ്വവാഇഖുല്‍ മുഹ്‌രിഖ.
വീക്ഷണങ്ങള്‍
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയങ്ങള്‍ വളച്ചു കെട്ടില്ലാതെ അവതരിപ്പിക്കാനും അതിന് എതിരെ വരുന്നവരെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാനും അദ്ദേഹം രംഗത്തു വന്നു. ബിദ്അത്തിനു തുടക്കം കുറിച്ച ഇബ്‌നു തീമിയ്യയെ ശക്തമായ ഭാഷയിലാണ് അദ്ദേഹം എതിര്‍ത്തത്. തൗഹീദ്, ബിദ്അത്ത്, തവസ്സുല്‍, സിയാറത്ത് തുടങ്ങി പല വിഷയങ്ങളിലും വന്ന തെറ്റായ വിശകലനങ്ങളില്‍ നിന്ന് നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കിത്തരുന്നതില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിസ്സീമമായ പങ്കു വഹിച്ചിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തോടൊപ്പം നമ്മെ സ്വര്‍ഗത്തില്‍ കടത്തട്ടെ.
വഫാത്ത്
ഇമാമിന്റെ വഫാത്തിലേക്കു നയിച്ച രോഗം ആരംഭിച്ചത് റജബിലായിരുന്നു. രോഗം മൂർഛിച്ചത് കാരണം ഇരുപതിലേറെ ദിവസം ദർസ് ഉപേക്ഷിക്കേണ്ടിവന്നു. റജബ് 21 ശനിയാഴ്ച ബന്ധുക്കളോട് ആവശ്യമായ കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തു. ഹി. 974 റജബ് 23 തിങ്കൾ ളുഹാസമയം ആ പൊൻതാരകം അസ്തമിച്ചു. മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അബ്ദുല്ലാഹിബ്‌നു സുബൈർ(റ)ന്റെ ചാരെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അദ്ദേഹത്തിന്റെ വേർപാടിൽ വിശ്വാസി വൃന്ദം ദു:ഖത്തിലാഴ്ന്നു. ദുഃഖം സഹിക്കവയ്യാതെ ജനങ്ങൾ പൊട്ടിക്കരഞ്ഞു. ജനാസ കാണാനും അതു വഹിച്ചു ബറകത്ത് നേടാനും ജനം തിക്കും തിരക്കും കൂട്ടി. തിരക്കിൽ ആളുകൾക്ക് നഷ്ടപ്പെട്ട പാദരക്ഷകൾ വഴിയിൽ കുമിഞ്ഞു കിടന്നിരുന്നതായി ചരിത്രം. വഫാത്തിനു ശേഷം ശിഷ്യരിൽ ചിലർ അദ്ദേഹത്തെ സ്വപ്നം കണ്ടു. മസ്ജിദുൽ ഹറാമിൽ ഇമാം ദർസ് നടത്തുകയാണ്. ഉസ്താദ് ഇനിയും ദർസ് നടത്തുന്നോയെന്ന് ശിഷ്യരിൽ ഒരാൾ ചിന്തിച്ചു. അദ്ദേഹത്തോട് ഇമാം പറഞ്ഞു: ‘ഇത് ഞങ്ങളുടെ പതിവാണ്.’
കടപ്പാട് : ഇസ്ലാം ഓൺ വെബ് ,
രിസാല (സിനാൻ ബഷീർ നൂറാനി),
സുന്നി വോയിസ് (അസീസ് സഖാഫി വാളക്കുളം)