Showing posts with label ഇസ്ലാമിക ഫത്വകൾ. Show all posts
Showing posts with label ഇസ്ലാമിക ഫത്വകൾ. Show all posts

Tuesday, 16 January 2024

മുല കുടി ബന്ധം ഇസ്ലാമിൽ

 

മുലകുടി ബന്ധം ഉണ്ടെന്നു സമ്മതിക്കൽ സ്ഥിരപ്പെടാൻ എത്ര സാക്ഷികൾ വേണം?

ഉ: മുലകുടി ബന്ധത്തെ കുറിച്ചുള്ള സ്വയം സമ്മതിക്കൽ, നീതിമാന്മാരായ രണ്ടു പുരുഷന്മാർ മൂലം സ്ഥിരപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 351).

രണ്ടു പേർ തമ്മിൽ മുലകുടി ബന്ധമുണ്ടെന്നു ഒരു സ്ത്രീ മാത്രം സാക്ഷി നിന്നാലോ?

ഉ: അത് സ്വീകാര്യമല്ല . അതേ സമയം അവൾ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നുവെങ്കിൽ അവളുടെ വാക്ക് സ്വീകരിക്കൽ അവനു നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 351).

മുല കൊടുത്ത സ്ത്രീയുടെ ഭർത്താവിനു മറ്റു ഭാര്യയിൽ ജനിച്ച സന്താനങ്ങളും മുല കുടിച്ച കുട്ടിയും തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അവർ സഹോദരങ്ങളായി മാറുമല്ലോ.

അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കാൻ പാടുണ്ടോ? പിന്നീട് ആ അമുസ്‌ലിം സ്ത്രീ മുസ്‌ലിമായാൽ അവരുമായുള്ള വിവാഹബന്ധം പാടുണ്ടോ?

ഉ: അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കുന്നതിൽ വിരോധമൊന്നുമില്ലെങ്കിലും കഴിയുന്നതും സ്വാലിഹത്തായ സ്ത്രീകളുടെ മുലപ്പാലാണ് കുടിപ്പിക്കേണ്ടത്. ആ സ്ത്രീയുമായി മുലകുടി ബന്ധമുള്ളതുകൊണ്ട് അവളെയും അവളുടെ മുല കുടിച്ചതു കാരണം മുലകുടി ബന്ധം സിദ്ധിച്ച മറ്റു സ്ത്രീകളെയും അവർ മുസ്‌ലിമായാലും അവനു വിവാഹം ചെയ്യാൻ പാടില്ല.

ഒരു അന്യ സ്ത്രീ ഒരു ആൺകുട്ടിക്ക് മുല കൊടുത്തു. ആ സ്ത്രീ തന്നെ മറ്റൊരു പെൺകുട്ടിക്കും മുല കൊടുത്തു. എന്നാൽ ആ പെൺകുട്ടിയുടെ അനുജത്തിയെ മേൽ പറഞ്ഞ ആൺകുട്ടിക്ക് വിവാഹം കഴിക്കാൻ പറ്റുമോ?

ഉ: വിവാഹം കഴിക്കുന്നതിനു വിരോധമില്ല.

ഭാര്യയുടെ മുലപ്പാൽ ഭർത്താവിന്റെ വായയിലായാൽ എന്തു ചെയ്യും?

ഉ: അവനു തുപ്പുകയോ ഇറക്കുകയോ ചെയ്യാം. ഭാര്യയുടെ മുലപ്പാൽ മനഃപൂർവം കുടിക്കാൻ പറ്റും.

ഒരാളുടെ ആദ്യഭാര്യ അവന്റെ ചെറിയ രണ്ടാം ഭാര്യക്ക് മുല കൊടുത്തു. എന്നാൽ അവരുടെ നികാഹിന്റെ സ്ഥിതി എന്ത്?

ഉ: മുലകുടി ബന്ധം സ്ഥിരപ്പെടുന്നവിധം രണ്ടാം ഭാര്യ ആദ്യ ഭാര്യയുടെ മുല കുടിക്കുന്നത് ആദ്യഭാര്യയുമായി ഭർത്താവ് സംയോഗത്തിലേർപ്പെട്ട ശേഷമാണെങ്കിൽ രണ്ടു ഭാര്യമാരുടെയും വിവാഹബന്ധം മുറിഞ്ഞുപോകുന്നതും സംയോഗത്തിനു മുമ്പാകുമ്പോൾ ആദ്യ ഭാര്യയുടെ മുലപ്പാൽ പ്രസ്തുത ഭർത്താവിലേക്ക് ചേർക്കപ്പെടുന്നതല്ലെങ്കിൽ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം മാത്രം മുറിയുന്നതാണ്. ഭർത്താവിലേക്കു തന്നെ ചേർക്കപ്പെടുന്നതാണെങ്കിൽ സംയോഗത്തിനു ശേഷമെന്ന പോലെ രണ്ടുപേരുടെയും വിവാഹബന്ധം മുറിയുന്നതാണ് (തുഹ്ഫ, 8/294).

ഒരു സ്ത്രീയുടെ സ്തനങ്ങൾക്കു ‘നീർവീക്കം’ വന്നപ്പോൾ അവളുടെ കുട്ടിക്ക് മറ്റൊരു സ്ത്രീയുടെ മുലപ്പാൽ കറന്നെടുത്തു ഒരാഴ്ചക്കാലം കൊടുത്തു. ഇതുകൊണ്ടു അവർ തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അഞ്ചു പ്രാവശ്യം ഇപ്രകാരം മുലയൂട്ടപ്പെട്ടാൽ കുട്ടിയും പ്രസ്തുത സ്ത്രീയും തമ്മിൽ മാതൃബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/284, 285).

ഒരാൾ ഒരു സ്ത്രീയുടെ മുല കുടിച്ചാൽ ആ സ്ത്രീയും മുല കുടിച്ച ആളിന്റെ മക്കളും തമ്മിൽ തൊട്ടാൽ വുളൂ മുറിയുമോ? മുല കൊടുത്ത സ്ത്രീയുടെ മക്കളും മുല കുടിച്ചയാളിന്റെ മക്കളും വിവാഹബന്ധത്തിലേർപ്പെടാമോ?*

ഉ:മുലകുടി ബന്ധം സ്ഥിരപ്പെടുംവിധം ഒരു സ്ത്രീയുടെ മുല കുടിച്ചയാളുടെ മക്കൾ ആ സ്ത്രീയുടെ മകന്റെ മക്കളാണല്ലോ. അവർ ആ സ്ത്രീയെ (പിതാവിന്റെ ഉമ്മയെ) തൊട്ടാൽ വുളൂ മുറിയുകയില്ല. മുല കൊടുത്ത സ്ത്രീയുടെ മക്കൾ കുടിച്ചയാളുടെ മക്കൾക്കു പിതൃസഹോദരന്മാരും പിതൃസഹോദരിമാരുമായിരിക്കും. അതിനാൽ അവരുമായി നികാഹു ബന്ധത്തിൽ ഏർപെടാവുന്നതല്ല (ഫത്ഹുൽ മുഈൻ, പേജ്: 349).

മുസ്‌ലിമും അമുസ്‌ലിമും പരസ്പരം കുടുബബന്ധം സ്ഥിരപ്പെടുമ്പോലെ മുലകുടിബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും (ശർഹു ബാഫള്ൽ: 1/72).

ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്തതിൽ ഒരാൺകുട്ടി ജനിച്ചു. പിന്നീട് വിവാഹമോചനം ചെയ്യപ്പെട്ട ആ സ്ത്രീക്ക് അവിഹിത ബന്ധത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ആ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ?

ഉ: പ്രസ്തുത ആൺകുട്ടിയും പെൺകുട്ടിയും ഉമ്മയൊത്ത സഹോദരനും സഹോദരിയുമാണ്. അവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടൽ പാടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഇതു ഗ്രഹിക്കാം.

മുലകുടി ബന്ധം എങ്ങനെ സ്ഥിരപ്പെടും?

ഉ: ചുരുങ്ങിയതു ഒമ്പതു വയസു പ്രായമുള്ള സ്ത്രീ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇടവിട്ട് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുമ്പോഴാണ് മുലകുടി ബന്ധമുണ്ടാകുന്നത്. പുരുഷ ബന്ധം കൂടാതെത്തന്നെ ഒമ്പതു വയസ്സ് പ്രായമുള്ള സ്ത്രീക്ക് പാൽ ഉണ്ടായാലും ഇതേ വിധിയാണുള്ളത്. മുല കുടിക്കുന്ന കുട്ടിയുടെ ഉള്ളിൽ ഓരോ തവണയും പാൽ എത്തിച്ചേരൽ നിർബന്ധമാണ് (തുഹ്ഫ: 8/288).

മുലപ്പാലിനോടുകൂടെ മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലോ?

ഉ: മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലും പരിഗണിക്കും. പാൽ കൊണ്ട് പാൽകട്ടിയോ മറ്റു ആഹാരങ്ങളോ ഉണ്ടാക്കി കുട്ടിക്കു നൽകിയാലും മുലകുടി ബന്ധമുണ്ടാകും. പക്ഷേ, പാൽ നൽകുന്നതിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കണം. മുലയിൽ നിന്നു തന്നെ കുടിക്കണമെന്നില്ല. കറന്നെടുത്തതു കൊടുത്താലും മതി. ഒരു സമയത്ത് സ്ത്രീയിൽ നിന്നു പാൽ കറന്നെടുത്ത് അഞ്ചു പ്രാവശ്യം അതു കുട്ടിയെ കുടിപ്പിക്കുകയോ അഞ്ചു തവണ കറന്നെടുത്ത പാൽ ഒരു പ്രാവശ്യം കുടിപ്പിക്കുകയോ ചെയ്താലും ഒരു പ്രാവശ്യമായാണു പരിഗണിക്കുക (തുഹ്ഫ: 8/290).

കുട്ടി സ്തനം വായിൽ നിന്നു ഒഴിവാക്കി പിന്തിരിഞ്ഞശേഷം വീണ്ടും മുലപ്പാൽ കുടിച്ചു. എങ്കിൽ എത്ര തവണയായി പരിഗണിക്കും?

ഉ: രണ്ടു തവണയായി പരിഗണിക്കും. അതുപോലെത്തന്നെ മുലയൂട്ടുന്നവൾ പിന്തിരിപ്പിക്കുകയും സ്തനം തന്നെ വീണ്ടും മുലപ്പാൽ കൊടുത്താലും രണ്ടു തവണയായി പരിഗണിക്കും. നേരിയ ഉറക്കം, കളി മുതലായവ നിമിത്തം ശിശു മുലകുടി മുറിച്ചു ഉടനെത്തന്നെ അതിലേക്ക് മടങ്ങുക, സ്തനം വായിൽ നിന്നൊഴിവാക്കാതെ ദീർഘനേരം ഉറങ്ങുകയോ കളിക്കുകയോ ചെയ്യുക, ഒരു മുല വിട്ട് മറ്റേ മുലയിലേക്ക് അവൾ മാറ്റുക, നേരിയ ജോലി നിർവഹണത്തിനുവേണ്ടി അവൾ ഹ്രസ്വനേരം മുലകുടി മുറിച്ചു വീണ്ടും കൊടുക്കുക എന്നീ രൂപങ്ങളിൽ ഒന്നിലധികം പ്രാവശ്യം കുടിച്ചതായി പരിഗണിക്കില്ല (തുഹ്ഫ: 8/289).

മുൻദ്വാരം, ചെവി തുടങ്ങിയവയിലൂടെ പാൽ പ്രവേശിപ്പിച്ചാലോ?

ഉ :അതു പരിഗണിക്കില്ല. അതുപോലെത്തന്നെ സിറിഞ്ച് പോലെയുള്ളതുകൊണ്ട് പിൻദ്വാരത്തിലൂടെ പാൽ കടത്തിവിട്ടാലും മുലകുടി ബന്ധമുണ്ടാകില്ല. ഇവിടെയൊന്നും ഉള്ളിലേക്ക് പാൽ എത്തിയതായി പരിഗണിക്കില്ല. ഈ പറഞ്ഞതിൽ നിന്നുതന്നെ നോമ്പു മുറിയുന്ന ഉള്ള് ഇവിടെ ഉദ്ദേശ്യമല്ലെന്നു ബോധ്യപ്പെട്ടു (തുഹ്ഫ: 8/287).

മൂക്കിലൂടെ പാൽ ഉറ്റിച്ചാലോ?

ഉ: മൂക്കിലൂടെ ഒഴിച്ച പാൽ മസ്തിഷ്കത്തിലെത്തിയാൽ മുലകുടി ബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/287).

അഞ്ചു പ്രാവശ്യമായി രണ്ടു സ്ത്രീകളിൽ നിന്നെടുത്ത പാൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാലോ?

ഉ: ആ രണ്ടു സ്ത്രീകളും കുട്ടിയുടെ മാതാവാകും. ഒരു സ്ത്രീയിൽ നിന്നു നാലു പ്രാവശ്യം കറന്നെടുത്ത പാലും മറ്റൊരു സ്ത്രീയിൽ നിന്നു അഞ്ചു പ്രാവശ്യം കറന്നെടുത്ത പാലും തമ്മിൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാൽ ആ കുട്ടിയുടെ മാതാവ് അഞ്ചു പ്രാവശ്യം പാൽ കറന്നെടുക്കപ്പെട്ടവൾ മാത്രമാണ്. അഞ്ചു പ്രാവശ്യം മുലയിൽ നിന്നു പാൽ കറന്നെടുത്തതും അഞ്ചു തവണ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഉള്ളിൽ അതു പ്രവേശിച്ചതും സംശയാതീതമായിരിക്കണം (തുഹ്ഫ: 8/290).

തങ്ങൾ രണ്ടാളുടെ ഇടയിൽ മുലകുടി മുഖേന സഹോദര ബന്ധമുണ്ടെന്നു വിവാഹം നടക്കുംമുമ്പ് ഒരു സ്ത്രീയും പുരുഷനും സമ്മതിച്ചു, ശേഷം ആ വാദത്തിൽ നിന്നു പിൻമാറിയാലോ?

ഉ:അവർ സമ്മതിച്ചതിനു സാധ്യതയുണ്ടെങ്കിൽ അവർ തമ്മിൽ വിവാഹം നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 350).

വിവാഹത്തിനു ശേഷമാണ് ഇപ്രകാരം സമ്മതിച്ചതെങ്കിലോ?

ഉ: നികാഹ് ബാത്വിലാകും. അതിനാൽ അവരെ ഉടനടി വേർപ്പെടുത്തേണ്ടതാണ് (ഫത്ഹുൽ മുഈൻ, പേജ്: 355).

പുരുഷൻ സമ്മതിക്കുകയും സ്ത്രീ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവന്റെ കാര്യത്തിൽ അവന്റെ വാക്ക് വാസ്തവമാക്കി രണ്ടാളെയും വേർപ്പെടുത്തണം (ഫത്ഹുൽ മുഈൻ, പേജ്: 350).

ഇനി സ്ത്രീ സമ്മതിക്കുകയും പുരുഷൻ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവനെ തന്റെ വരനായി നിജപ്പെടുത്തിക്കൊണ്ട് വിവാഹത്തിനു അവൾ അനുവാദം നൽകുകയോ സംയോഗത്തിനു അവൾ അവനു വഴങ്ങിക്കൊടുക്കുകയോ ചെയ്തതിനു ശേഷമാണ് അവൾ പ്രസ്തുത വാദം സമ്മതിച്ചതെങ്കിൽ സ്വീകരിക്കില്ല. ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അവളെ സത്യം ചെയ്യിപ്പിച്ച് വാസ്തവമാക്കണം (ഫത്ഹുൽ മുഈൻ, പേജ്: 350).

സാക്ഷി മുഖേന മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: അതെ, ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷി നിന്നാൽ മതി. അല്ലെങ്കിൽ നാലു സ്ത്രീകൾ സാക്ഷി നിൽക്കണം. സാക്ഷിമൊഴിയിൽ ഏതു പ്രായത്തിൽ മുലകൊടുത്തുവെന്നും എത്ര തവണ കൊടുത്തുവെന്നും തവണകൾ വിട്ടുപിരിഞ്ഞതായിരുന്നുവെന്നും ഓരോ തവണയിലും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നും പറയൽ നിർബന്ധമാണ്. കുട്ടിയുടെ വായിൽ പാൽ ചുരക്കുന്നതും അവനതു വിഴുങ്ങുന്നതും കീഴ്പോട്ടിറക്കുന്നതും കാണൽ കൊണ്ടും കുട്ടി മുല ഈമ്പുക, തൊണ്ട അനക്കുക മുതലായ സൂചനകൾ കാണൽ കൊണ്ടും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നു മനസ്സിലാക്കാം (ഫത്ഹുൽ മുഈൻ, പേജ്: 350).

മുലകുടി ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ ആരെല്ലാം?

തറവാടു ബന്ധം മൂലം വിവാഹം നിഷിദ്ധമായ ഏഴു വിഭാഗം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും (ഫത്ഹുൽ മുഈൻ, പേജ്: 341).

പ്രസ്തുത ഏഴു വിഭാഗത്തിനെ വിശദീകരിക്കാമോ?

അതേ, ഹ്രസ്വമായി വിവരിക്കാം.

1) മുലകുടി ബന്ധത്തിലെ മാതാവ്. നിനക്ക് (പുരുഷന്) മുല തന്നവൾ, അവൾക്ക് മുല നൽകിയവർ, രക്തബന്ധത്തിലൂടെയുള്ള നിന്റെ മാതാവിനോ പിതാവിനോ മുല കൊടുത്തവൾ, നിനക്ക് മുലയൂട്ടിയവളുടെ മാതാക്കൾ, നീ കുടിച്ച പാലിനു ഉത്തരവാദിയായവന്റെ (നിനക്കു മുല തന്നവളുടെ ഭർത്താവ്) മാതാക്കൾ, അവനു മുല കൊടുത്തവൾ തുടങ്ങിയവരെല്ലാം മാതാക്കളാണ്. നിനക്കു മുല തന്നവളല്ലാത്ത എല്ലാ വിഭാഗത്തിലും മാധ്യമത്തോടെയും അല്ലാതെയും സാധ്യതയുള്ളതുകൊണ്ട് പതിനൊന്നു രൂപത്തിലുള്ള ഉമ്മമാരെ മുലകുടി ബന്ധത്തിലൂടെ മനസ്സിലാക്കാം.

2) മുലകുടി ബന്ധത്തിലെ മകൾ. നീ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള മകൻ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും കൂടി ഈ ഇനത്തിൽ പത്തു രൂപത്തിലുള്ള മക്കൾ ഉൾപ്പെടുന്നു

3) മുലകുടി ബന്ധത്തിലെ സഹോദരി. നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ മുല കുടിച്ചവൾ, പ്രസ്തുത ബന്ധത്തിലുള്ള പിതാവു മുഖേനയുണ്ടായ പാൽ കുടിച്ചവൾ, മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രക്തബന്ധത്തിലുള്ള മകൾ, മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രക്തബന്ധത്തിലുള്ള മകൾ എന്നിവർ ചേർന്ന് ആറു രൂപത്തിലുള്ള സഹോദരികൾ ഉണ്ടാകുന്നു.

4,5) മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മകൾ. മുലകുടി ബന്ധത്തിലുള്ള പിതാവിന്റെയും മാതാവിന്റെയും രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെയും മകളുടെയും പ്രസ്തുത രണ്ടു ബന്ധങ്ങളിലൂടെയുള്ള മകൾ (എത കീഴ്പോട്ട് പോയാലും) നിന്റെ മേൽ വിവാഹം നിഷിദ്ധമാണ്.

സഹോദരന്റെ എട്ടുവിധം പെൺമക്കളും സഹോദരിയുടെ എട്ടുവിധം പെൺമക്കളും ചേർന്നു ഇതിൽ ആകെ പതിനാറു പേർ ഉൾപ്പെടുന്നു. അപ്രകാരം പിതാവും മാതാവും ഒത്തതോ മാതാവോ പിതാവോ മാത്രം ഒത്തതോ ആയ സഹോദരിയുടെ മുല കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ (എത്ര കീഴ്പോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരൻ മുഖേനയുണ്ടായ പാൽ കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ എന്നിവരും നിഷിദ്ധമാണ്. ഇതിൽ പതിനെട്ടുവിധം മക്കൾ നിഷിദ്ധമായിവരുന്നു.

നിന്റെ ഉമ്മയുടെ മുലകുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധങ്ങളിലുമുള്ള മകളും നിന്റെ പിതാവ് കാരണത്താലുണ്ടായ പാൽ കുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധത്തിലുമുള്ള മകളും നിനക്ക് വിവാഹം നിഷിദ്ധമാണ്. ഇതിൽ സഹോദരന്റെ മക്കൾ നാലും സഹോദരിയുടെ മക്കൾ നാലും ചേർന്നു എട്ടുപേർ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മക്കൾ നാൽപ്പത്തിരണ്ടായി. സഹോദരന്റെ മക്കൾ ഇരുപത്തി ഒന്ന്. സഹോദരിയുടെ മക്കൾ ഇരുപത്തി ഒന്ന്. 21+21=42.

6) മുലകുടി ബന്ധത്തിലുള്ള അമ്മായി (പിതൃസഹോദരി). നീ കുടിച്ച പാലിനു കാരണക്കാരനായ രണ്ടിലൊരു ബന്ധത്തിലുള്ള സഹോദരി, അവന്റെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, മുല നൽകിയവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നിവർ ചേർന്നു ഇതിൽ പത്തു അമ്മായികൾ ഉൾപ്പെടുന്നു.

7) മുലകുടി ബന്ധത്തിലുള്ള എളയുമ്മ, മൂത്തുമ്മ (മാതൃ സഹോദരി). നിനക്കു മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള സഹോദരി, നിനക്ക് മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, നീ കുടിച്ച പാലിനു കാരണമായവന്റെ രണ്ടിലൊരു ബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നീ പത്തു രൂപത്തിലുള്ള എളയുമ്മ-മൂത്തുമ്മമാർ നിഷിദ്ധമാണ്.

ഇപ്പോൾ വിവരിച്ച ഏഴു വിഭാഗവും പുരുഷനെ അപേക്ഷിച്ചു മുലകുടി ബന്ധം മൂലം നിഷിദ്ധമായവരാണ്. ചുരുക്കത്തിൽ മുലകുടി ബന്ധത്തിൽ 89 വിഭാഗം വിവാഹബന്ധം നിഷിദ്ധമായവരാണ്. ഉമ്മ: 11+ മകൾ: 10+ സഹോദരി: 6+ സഹോദര സഹോദരിയുടെ പെൺമക്കൾ: 42+ അമ്മായി: 10+ എളയുമ്മ-മൂത്തുമ്മ: 10=89. ഈ 89 വിഭാഗവും തറവാടുബന്ധത്തിലുള്ള 7 വിഭാഗത്തെയും വിവാഹം കഴിക്കൽ നിഷിദ്ധമാണ്. ഇവരെ തൊട്ടാൽ വുളൂ മുറിയില്ല.

(എം.എ.ജലീൽ സഖാഫി പുല്ലാര)


മുലപ്പാൽ ബാങ്ക് കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു എന്ന് പത്ര റിപ്പോർട്ടുകൾ കണ്ടു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്?, ഇവിടെ നിന്നും മുലപ്പാൽ സ്വീകരിക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം.

മിൽക്ക് ബേങ്ക് ഇന്ന് പലയിടത്തും പ്രവര്ത്തിക്കുന്നുണ്ട്. മറ്റു കുട്ടികള്ക്ക് സ്വന്തം മുലപ്പാല്‍ ദാനമായോ പ്രതിഫലം വാങ്ങിയോ നല്കുക എന്ന ഇതിന്റെ ഏറ്റവും അടിസ്ഥാനമായ ആശയം പണ്ട് കാലം മുതലേ നിലവിലുണ്ട്. ബാബിലോണിയന് സംസ്കാരത്തിന്റെ സൂചികയായ കോഡ് ഓഫ് ഹെമുറാബിയില് വരെ ഇതേ കുറിച്ച് പരാമർശമുണ്ടത്രെ. 1909 ലാണ് മിൽക് ബേങ്ക് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ലോകാരോഗ്യ സംഘടന വരെ പിന്തുണച്ച ഈ പദ്ധതി 2005 ല് തന്നെ 30ലേറെ രാഷ്ട്രങ്ങളില് നിലവില് വന്നിട്ടുണ്ട്. കേരളത്തിലും ഇത് തുടക്കം കുറിക്കുകയാണെന്ന വിവരം ഇയ്യിടെയായി പല മാധ്യമങ്ങളിലും കാണാനിടയായി.

വിവാഹം വരെ നിഷിദ്ധമാവുന്ന ബന്ധങ്ങൾക്ക് മുലകുടിയും കാരണമാണെന്നതിനാല്, ഇതേ തുടർന്ന് വരുന്ന കർമ്മശാസ്ത്ര നിയമങ്ങളെന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം. 

ആദ്യമായി മുല കുടിയിലൂടെ ബന്ധം സ്ഥിരപ്പെടാനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു സ്ത്രീയുടെ മുലപ്പാല്‍ 2 വയസ് തികയാത്ത കുഞ്ഞിന്‍റെ ആമാശയത്തിലേക്ക് അഞ്ച് പ്രാവശ്യം എത്തിയെന്ന് ഉറപ്പാകുമ്പോഴാണ് മുലകുടിബന്ധം സ്ഥിരപ്പെടുന്നത് (ഫത്ഹുല്‍മുഈന്‍).

വായ വേർപെടുത്താതെ, ഒറ്റ പ്രാവശ്യം കുറേ നേരം മുല കുടിച്ചാലും അത് ഒരു പ്രാവശ്യമായേ പരിഗണിക്കൂ. എന്നാല്‍, കുടിച്ച് വായ എടുത്താല്, അത് ഒരു തുള്ളിയാണെങ്കിലും കുഞ്ഞിന്‍റെ വയറ്റിലെത്തിയാല് അത് ഒരു പ്രാവശ്യം കുടിച്ചതായി പരിഗണിക്കപ്പെടുന്നതുമാണ്.

സത്രീയുടെ മുലപ്പാല്‍ നേരിട്ട് കുടിക്കുന്നത് പോലെത്തന്നെ, പുറത്തെടുത്ത ശേഷം മറ്റുള്ളവയോട് കലര്‍ത്തിയോ പാല്‍ക്കട്ടിയാക്കിയോ അരിച്ചെടുത്തോ കുഞ്ഞിന് നല്‍കിയാലും മുലകുടിബന്ധം സ്ഥിരപ്പെടുന്നതാണ്.

എന്നാല്‍, ഒരു സ്ത്രീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുഞ്ഞിന്‍റെ വയറ്റിലെത്തിയെന്ന് ഉറപ്പായാല്‍ മാത്രമേ മുലകുടിബന്ധം സ്ഥിരപ്പെടുകയുളളൂ. ഊഹം കൊണ്ടോ സംശയം കൊണ്ടോ സാധ്യത കൊണ്ടോ മുലകുടിബന്ധം സ്ഥിരപ്പെടില്ല (ഇആനത് 3-334, തുഹ്ഫ&ശര്‍വാനീ 8-334).

ഒരു വീട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പലരും  അവരുടേതല്ലാത്ത മറ്റു കുട്ടികള്‍ക്കും മുലകൊടുക്കുന്ന പതിവുണ്ട്. സത്രീകള്‍ക്ക് അവര്‍ മുലകൊടുത്തത് അറിവുണ്ട്താനും. എങ്കിലും അഞ്ച് പ്രാവശ്യം കുടിച്ചതായി ഉറപ്പാവാത്ത സാഹചര്യത്തില്‍ അത് മേല്‍പറഞ്ഞ സംശയത്തില്‍ പെടുന്നതാണ്, അത് കൊണ്ട് മാത്രം മുലകുടിബന്ധം സ്ഥിരപ്പെടുകയുമില്ല. (ശര്‍വാനീ 8-334)

ഇനി നമുക്ക് മില്ക് ബേങ്കിന്റെ പ്രവര്ത്തന രീതികളൊന്ന് നോക്കാം. വിവിധ അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി , വിതരണം ചെയ്യുന്ന ഒരു സേവനമാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അല്ലെങ്കിൽ മുലപ്പാൽ ബാങ്ക് എന്ന പേരിലറിയപ്പെടുന്നത്. 

പാൽ ദാനം ചെയ്യാൻ തയ്യാറാകുന്ന അമ്മമാർ രക്തപരിശോധനയ്ക്ക് വിധേയരായി എച്ച്.ഐ.വി, ലുക്കേമിയ, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, സിഫിലിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവയാണ് മുലപ്പാല്‍ ബാങ്ക് വഴി നടത്തപ്പെടുന്നത്.

പാസ്ചുറൈസേഷന്റെ ഭാഗമായി, 3 മുതൽ 5 വരെ ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്താറാണ് ഇതിലെ രീതി. ഓരോ അമ്മമാരുടെ പാലും, പോഷകഘടകങ്ങള്, കൊഴുപ്പ് തന്മാത്രകള് തുടങ്ങിയ ചേരുവകളില് വ്യത്യസ്തമായിരിക്കുമെന്നതിനാല്, കുട്ടികളെ അത്തരം വ്യത്യാസങ്ങള് ബാധിക്കാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യുന്നത്. സാധാരണ രീതിയിൽ, മുലപ്പാൽ ആരിൽ നിന്ന് ലഭിച്ചു, ആർക്ക് കൊടുത്തു എന്ന വിവരം ബേങ്ക് അധികൃതര് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്യാറില്ല.

പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റെ മാതാവിന് പാല്‍ നല്‍കാന്‍ കഴിയാതാവുമ്പോഴോ ആരോഗ്യപ്രശ്ണങ്ങളുണ്ടാവുമ്പോഴോ കുഞ്ഞിന്‍റെ ആരോഗ്യകുഴപ്പങ്ങള്‍ കാരണമോ ഒക്കെയാണ് മുലപ്പാല്‍ ബാങ്കിനെ ആശ്രയിക്കേണ്ടിവരാറുള്ളത്. അത് കൊണ്ട് തന്നെ, ഇത്തരം സ്ഥാപനങ്ങളിൽ  നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന് ഇസ്‌ലാമികമായി വിലക്കൊന്നും കാണുന്നില്ലെന്ന് ആദ്യമേ പറയട്ടെ.

ഇത്തരം മുലകുടിയിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ എന്നതാണ് അടുത്ത കാര്യം. മുലപ്പാല്‍ ബാങ്കില്‍ നിന്നും പാല്‍ കുടിച്ച കുട്ടി, ഏതെങ്കിലും ഒരു സ്തീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുടിച്ചിട്ടുണ്ട് എന്ന് നൂറ് ശതമാനം ഉറപ്പ് ലഭിക്കുന്ന പക്ഷം, ആ സ്ത്രീയുമായി കുട്ടിക്ക് മുലകുടി ബന്ധം സ്ഥാപിതമാവുമെന്ന് മേല്പറഞ്ഞതില് നിന്ന് മനസ്സിലാക്കാമല്ലോ. അങ്ങനെ സ്ഥാപിതമായാല് ആ സ്ത്രീ കുട്ടിയുടെ മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയായും ആ മുലപ്പാലിന്റെ ഉത്തരവാദിയായ ഭര്ത്താവ് കുട്ടിയുടെ ഉപ്പയായും അവരുടെ മക്കള് സഹോദരങ്ങളായുമെല്ലാം പരിഗണിക്കപ്പെടുന്നതാണ്. 

എന്നാല് അതേ സമയം, ഇത്തരം ഉറപ്പ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ ബേങ്കുകളുടെ പ്രവര്ത്തനരീതികള് നോക്കുമ്പോള് മനസ്സിലാകുന്നത്. അത് കൊണ്ട് തന്നെ, അത്തരം സാഹചര്യങ്ങളില്‍ മുലകുടിബന്ധം സ്ഥിരപ്പെടില്ല എന്ന് പറയേണ്ടിവരും. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


Friday, 29 December 2023

മിമ്പറിന് എത്ര പടികളാണ് വേണ്ടത്. എത്രാമത്തെ പടിയിലാണ് ഖത്തീബ് ഇരിക്കേണ്ടത് ?

 

മുസ്തറാഹ് എന്ന് പേര് ഉള്ള (ഖത്തീബ് ഇരിക്കുന്ന) പടി ഒഴികെ മൂന്ന് പടികളാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മിമ്പറിന് ഉണ്ടായിരുന്നത്. (ഹാശിയതു റദ്ദിൽ മുഹ്താർ 2/175). മൊത്തത്തിൽ മിമ്പറിന് നാല് പടികളാണ് വേണ്ടതെന്നും നാലാമത്തേതിലാണ് ഇരിക്കേണ്ടതെന്നും ഇതിൽ നിന്ന് വ്യക്തമാണ്.


ഒറ്റിയ്ക്ക് (നിശ്ചിത തുക ഉടമസ്ഥന് നൽകി നിശ്ചിത കാലാവധി വാടക യില്ലാതെ താമസിക്കുക) ഇതിന്റെ വിധി എന്ത് ?


വീട് ഒറ്റിയ്ക്ക് എടുക്കുക, പണയത്തിന് എടുക്കുക, ലീസിന് എടുക്കുക എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു ഇടപാട് ആണല്ലോ ഇത്. പണയമായി എടുത്ത വീട്ടിൽ താമസിക്കുന്നത് വീടിന്റെ ഉടമസ്ഥന്റെ  അനുമതിയോടുകൂടി ആയതിനാൽ ഇത് അനുവദനീയമാണ്. എന്നാൽ നിശ്ചിത തുക കൊടുത്ത് വീട് പണയമായി കൈപ്പറ്റുന്ന ഇടപാടിൽ പ്രസ്തുത വീട്ടിൽ താമസിക്കും എന്ന നിബന്ധന വെക്കാൻ പാടില്ല എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ നിബന്ധന വെച്ചാൽ ഇത് കുറ്റകരമായ പലിശ ഇടപാട് ആകും. പ്രസ്തുത വീട്ടിൽ താമസിക്കൽ  പാടില്ലാത്തതാണ്. കുറ്റകരമായ(തഹ് രീമിന്റെ) കറാഹത്താണ്. 

ഈ പണയ ഇടപാട്  അസാധുവായ വാടക ഇടപാട് ആണെന്നും  മാർക്കറ്റിൽ പ്രസ്തുത വീടിന് ലഭിക്കാവുന്ന വാടകക്ക് ഉടമസ്ഥൻ അർഹനാണ് എന്ന മറ്റൊരു അഭിപ്രായവും ഉണ്ട്.

(ഹാശിയതു റദ്ദിൽ മുഹ്താർ 7/395, 10/82-87)


Sunday, 8 August 2021

എന്തിന് ഹിജ്റ തിരഞ്ഞെടുത്തു

 


ﻋَﻦْ ﺳَﻬْﻞِ ﺑْﻦِ ﺳَﻌْﺪٍ رضي الله عنه ، ﻗَﺎﻝَ: «ﻣَﺎ ﻋَﺪُّﻭا ﻣِﻦْ ﻣَﺒْﻌَﺚِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﻻَ ﻣِﻦْ ﻭَﻓَﺎﺗِﻪِ، ﻣَﺎ ﻋَﺪُّﻭا ﺇِﻻَّ ﻣِﻦْ ﻣَﻘْﺪَﻣِﻪِ اﻟﻤَﺪِﻳﻨَﺔَ»(صحيح البخاري :٣٩٣٤)

സഅ്ലിബ്നു സഅ്ദ്(റ) പറയുന്നു: "സ്വഹാബികൾ കലണ്ടർ തുടങ്ങാൻ തിരുനബിﷺയുടെ പ്രവാചകത്വമോ, വഫാത്തോ അവലംബമാക്കിയില്ല. നേരെമറിച്ച് അവിടുന്ന് മദീനയിലേക്ക് ഹിജ്റ വന്നതിനെയാണ് അവലംബമാക്കിയത്. (സ്വഹീഹുൽ ബുഖാരി :3934)


ഇബ്നുഹജർ അൽ അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു: തിരുനബിﷺയുടെ ജനന വർഷമോ നുബുവ്വത്തോ, കലണ്ടര്‍ തുടങ്ങാന്‍ സ്വഹാബികൾ അവലംബമാക്കിയില്ല. കാരണം അവകൾ ഏതു വർഷമാണ് നടന്നതെന്നതിൽ അഭിപ്രായ വിത്യാസമുണ്ട്. അവിടുത്തെ വഫാത്തിന്റെ വർഷം കൃത്യമായി അറിയപ്പെടുന്നതാണെങ്കിലും ആ വഫാത്ത് വീണ്ടും വീണ്ടും ഓർക്കപ്പെടുമ്പോഴുള്ള വിഷമവും സങ്കടവും കാരണമാണ് അതും വേണ്ടെന്ന് വെച്ചത്. (ഫത്ഹുൽ ബാരി)


وذكر السهيلي أن الصحابة -رضي الله عنهم- أخذوا التاريخ بالهجرة من قوله تعالى: {لمسجد أسس على التقوى من أول يوم}[التوبة: 108]  لأنه من المعلوم أنه ليس أول الأيام مطلقًا، فتعين أنه أضيف إلى شيء مضمر وهو أول الزمن الذي عز فيه الإسلام وعبد فيه النبي -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- ربه آمنًا وابتدئ فيه ببناء المساجد، فوافق رأي الصحابة -رضي الله عنهم- ابتداء التاريخ من ذلك اليوم وفهمنا من فعلهم أن قوله تعالى: {من أول يوم} أنه أول التاريخ الإسلامي. 

(إرشاد الساري لشرح صحيح البخاري)


ഇമാം സുഹൈലി(റ) പറയുന്നു: സ്വഹാബത്ത് കലണ്ടർ തുടങ്ങാൻ ഹിജ്റ തിരഞ്ഞെടുത്തത് സൂറത്തുത്തൗബയിലെ 108-ാമത്തെ ആയത്തിൽ നിന്നാണ്.

لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ

(ആദ്യ നാളിൽ തന്നെ ഭക്തിയുടെ മേല്‍ അടിത്തറ പാകിയിട്ടുള്ള മസ്ജിദാണ് താങ്കള്‍ക്കു നമസ്‌കരിക്കാന്‍ ഏറ്റമനുയോജ്യം) .(തൗബ)

ഇവിടെ നിരുപാധികമായി ആദ്യ ദിവസം ഉദ്ദേശിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്. മറിച്ച് ഇസ്‌ലാമിന് പ്രതാപം ലഭിച്ച, തിരുനബിﷺ നിർഭയനായി ഇബാദത്തെടുത്ത ആദ്യ ദിനം എന്ന് വ്യാഖ്യാനം നൽകപ്പെടും. സ്വഹാബത്ത് കലണ്ടർ തുടങ്ങാൻ തീരുമാനിച്ച അഭിപ്രായം ആയത്തിൽ പരാമർശിച്ച ആദ്യ ദിനം എന്നതിനോട് യോജിച്ച് വന്നു. സ്വഹാബത്തിന്റെ പ്രവര്‍ത്തനത്തിൽ നാം മനസ്സിലാക്കുന്നത് ആയത്തിലെ ആദ്യ ദിനം എന്നത് ഇസ്‌ലാമിക കലണ്ടറിന്റെ ആദ്യ ദിനം എന്നാണ്. (ഇർഷാദുസ്സാരി)

സൂറത്തുത്തൗബയിലെ 108-ാമത്തെ ആയത്തിൽ പരാമർശിക്കപ്പെട്ട പള്ളി മക്കയിൽ നിന്ന് മദീനയിലേക്ക് നബിﷺ ഹിജ്റ വന്നപ്പോള്‍ ആദ്യമായി നിർമിച്ച മസ്ജിദ് ഖുബാഅ് ആണ്.



മുഹമ്മദ് ശാഹിദ് സഖാഫി

Tuesday, 16 March 2021

തറവാട് ബന്ധം: പ്രധാന മസ്അലകൾ

 

തറവാടു ബന്ധം മൂലം വിവാഹബന്ധം നിഷിദ്ധമായവർ ആരെല്ലാം?

ഏഴു വിഭാഗം.

1) ഉമ്മ. പിതാവിന്റെ മാതാവ്, മാതാവിന്റെ മാതാവ് എന്നിവർ എത്ര മേൽപോട്ടുള്ളവരാണെങ്കിലും ഉമ്മയായതിനാൽ വിവാഹബന്ധം നിഷിദ്ധമായവരാണ്.

സ്ത്രീക്ക് അവളുടെ മകനും മകന്റെയോ മകളുടെയോ മക്കളും എത്ര കീഴ്പ്പോട്ടുള്ളവരാണെങ്കിലും നിഷിദ്ധമാണെന്നു ഇതിൽ നിന്നു വ്യക്തമായി.

2) മകൾ. അടുത്തതോ അകന്നതോ ആയ മകന്റെയോ മകളുടെയോ പെൺമക്കളെല്ലാം മകൾ തന്നെയാണ്. അപ്പോൾ പിതാവ്, പിതാമഹൻ, മതാമഹൻ (അടുത്തതും, അകന്നതും) എന്നിവരെല്ലാം സ്ത്രീയുടെ മേൽ നിഷിദ്ധമാണ്.

3) സഹോദരി. മാതാപിതാക്കളൊത്ത സഹോദരി, പിതാവൊത്ത സഹോദരി, മാതാവൊത്ത സഹോദരി. ഇവർ അവനു വിവാഹം കഴിക്കൽ നിഷിദ്ധമാകുമ്പോൾ മാതാപിതാക്കളൊത്ത സഹോദരൻ, മാതാവോ പിതാവോ ഒത്ത സഹോദരൻ എന്നിവർ അവൾക്കു വിവാഹം നിഷിദ്ധമായിവരുന്നു.

4) സഹോദരന്മാരുടെ പെൺമക്കൾ. സഹോദരന്മാരുടെ അടുത്തതോ അകന്നതോ ആയ ആൺമക്കളുടെയോ പെൺമക്കളുടെയോ പെൺമക്കളെല്ലാം സഹോദര പുത്രി തന്നെയാണ്. അപ്പോൾ അവളുടെ പിതൃവ്യൻ (എളാപ്പ, മൂത്താപ്പ) പിതാവിന്റെയോ മാതാവിന്റെയോ പിതൃവ്യൻ എന്നിവർ അവളുടെ മേൽ വിവാഹബന്ധം നിഷിദ്ധമാണ്.

5) സഹോദരിമാരുടെ പെൺമക്കൾ. സഹോദരിമാരുടെ അടുത്തതോ അകന്നതോ ആയ ആൺമക്കളുടെയോ പെൺമക്കളുടെയോ പെൺമക്കൾ . അതായത് സ്ത്രീയുടെ അമ്മാവനും മാതാപിതാക്കളുടെ അമ്മാവന്മാരും അവൾക്ക് വിവാഹബന്ധം നിഷിദ്ധമായവരാണ്.

6) അടുത്തതോ അകന്നതോ ആയ അമ്മായികൾ (പിതൃസഹോദരികൾ). പിതാവിന്റെ മാതാപിതാക്കൾ ഒത്തതോ രണ്ടാലൊന്നു ഒത്തതോ ആയ സഹോദരി അടുത്ത അമ്മായിയും പിതാമഹന്മാരുടെ മൂന്നു രൂപത്തിലുള്ള സഹോദരിമാർ, അകന്ന അമ്മായികളുമാണ്. പ്രസ്തുത രണ്ടു വിഭാഗവും വിവാഹം നിഷിദ്ധമായവരിൽ പെടുന്നു. അപ്പോൾ സ്ത്രീയുടെ മേൽ അവളുടെ മൂന്നാലൊരു സഹോദരന്റെ പുത്രനും പ്രസ്തുത സഹോദരന്റെ അടുത്തതോ അകന്നതോ ആയ മകന്റെയോ മകളുടെയോ പുത്രനും വിവാഹം നിഷിദ്ധമായവരിൽ പെട്ടവരാണ്.

7) വിദൂരമായതോ അല്ലാത്തതോ ആയ എളയുമ്മ, മൂത്തുമ്മ (മാതൃസഹോദരികൾ). ഉമ്മയുടെ സഹോദരികൾ അടുത്ത മാതൃസഹോദരികളും പിതാവിന്റെയോ മാതാവിന്റെയോ മാതൃസഹോദരികൾ, അകന്ന മാതൃസഹോദരികളുമാണ്. മാതാവിന്റെ മൂന്നു രൂപത്തിലുള്ള (മാതാപിതാക്കളൊത്തത്, പിതാവൊത്തത്, മാതാവൊത്തത്) സഹോദരികളും പിതാമഹികളുടെ (എത്ര മേൽപോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരികളും ഇതിൽ പെടുന്നു.

സ്ത്രീയുടെ മൂന്നു വിധേനയുള്ള സഹോദരിയുടെ പുത്രനും പ്രസ്തുത സഹോദരിയുടെ മകന്റെയോ മകളുടെയോ അടുത്തതും അകന്നതുമായ പുത്രന്മാരും അവളുടെ മേൽ വിവാഹം നിഷിദ്ധമായവരാണെന്നു ഇതിൽ നിന്നു വ്യക്തമായി (ഫത്ഹുൽ മുഈൻ, പേജ്: 349).


ഉമ്മയുടെ സഹോദരന്റെ മകളെ വിവാഹം കഴിക്കാമോ?

അതേ, അവൾ വിവാഹബന്ധം നിഷിദ്ധമായവളല്ല. അതുപോലെത്തന്നെ ഉമ്മയുടെ സഹോദരിയുടെ മകളും വിവാഹബന്ധം നിഷിദ്ധമായവരല്ല (തുഹ്ഫ: 7/298).

ഉപ്പയുടെ സഹോദരി (അമ്മായി)യുടെ മകളെ വിവാഹം കഴിക്കാമോ?

അതേ, അതനുവദനീയമാണ്. അതുപോലെത്തന്നെ ഉപ്പയുടെ സഹോദരങ്ങളുടെ മകളെയും വിവാഹം കഴിക്കാം (തുഹ്ഫ: 7/298).

ഒരു സ്ത്രീയെ ഒരാൾ വ്യഭിചരിച്ചു. അതുമൂലം ജനിച്ച പെൺകുട്ടിയെ വ്യഭിചരിച്ചവനു വിവാഹം നിഷിദ്ധമാണോ?

നിഷിദ്ധമല്ല. അവൾ അവന്റെ മകളായി പരിഗണിക്കപ്പെടില്ല (ഫത്ഹുൽ മുഈൻ, പേജ്: 349).


എം.എ.ജലീൽ സഖാഫി പുല്ലാര

Saturday, 16 January 2021

പത്ത് തരം സദ്യകൾ

 

ഇമാം ഖൽയൂബി (റ) പറയുന്നു: (ശരീഅത്ത് പരിചയപ്പെടുത്തുന്ന) സദ്യകൾ 10 വിധമാണ്.

 

01) ഇംലാക്:  നികാഹിന്റെ സദ്യ.

02) ഇഅ്ദാര്‍: ചേലാകര്‍മം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ്.

03) വലീമത്ത്: ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യ. 

04) ഖുര്‍സ്: ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ.  

05) അഖീഖത്: പ്രസവിച്ച കുട്ടിക്ക് വേണ്ടി  മൃഗം അറുത്തുള്ള സദ്യ.

06) ഹിദാഖ്: ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നത്.

07) മഅ്ദുബത്:പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യ.

08) നഖീഅത്:യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത്.  

09) വളീമത് (ﻭَﺿِﻴﻤَﺔٍ) :വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ.  

10) വകീറത്:കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യ.(ഖല്‍യൂബി 3/295)


ﻭَﺟُﻤْﻠَﺔُ اﻟْﻮَﻻَﺋِﻢِ ﻋَﺸْﺮَﺓٌ، ﻓَﻠِﻌَﻘْﺪِ اﻟﻨِّﻜَﺎﺡِ ﺇﻣْﻼَﻙٌ ﺑِﻜَﺴْﺮِ ﺃَﻭَّﻟِﻪِ.. ﻭَﻟِﻠﺪُّﺧُﻮﻝِ ﻓِﻴﻪِ ﻭَﻟِﻴﻤَﺔٌ ﻭَﻟِﻠْﻮِﻻَﺩَﺓِ ﺧُﺮْﺱٌ........الخ، ﻭَﻧَﻈَﻤَﻬَﺎ ﺑَﻌْﻀُﻬُﻢْ ﺑِﻘَﻮْﻟِﻪِ

ﺇﻥَّ اﻟْﻮَﻻَﺋِﻢَ ﻓِﻲ ﻋَﺸْﺮٍ ﻣُﺠَﻤَّﻌَﺔٌ ... ﺇﻣْﻼَﻙُ ﻋَﻘْﺪٍ ﻭَﺇِﻋْﺬَاﺭٌ ﻟِﻤَﻦْ ﺧَﺘَﻨَﺎ

ﻋُﺮْﺱٌ ﻭَﺧُﺮْﺱُ ﻧِﻔَﺎﺱٍ ﻭَاﻟْﻌَﻘِﻴﻘَﺔُ ﻣَﻊَ ... ﺣِﺬَاﻕِ ﺧَﺘْﻢٍ ﻭَﻣَﺄْﺩُﺑَﺔُ اﻟْﻤُﺮِﻳﺪِ ﺛَﻨَﺎ

ﻧَﻘِﻴﻌَﺔٌ ﻋِﻨْﺪَ ﻋَﻮْﺩٍ ﻟِﻠْﻤُﺴَﺎﻓِﺮِ ﻣَﻊَ ... ﻭَﺿِﻴﻤَﺔٍ ﻟِﻤُﺼَﺎﺏٍ ﻣَﻊَ ﻭَﻛِﻴﺮَﺗِﻨَﺎ

(حاشية القليوبي:٣/٢٩٥)


മുഹമ്മദ് ശാഹിദ് സഖാഫി

Saturday, 9 January 2021

മയ്യിത്തും ബാധ്യതകളും ഇന്നു കാണുന്ന അനാചാരങ്ങളും

 

മയ്യിത്തിൻ്റെ സ്വത്തിൽ അഞ്ചു വിധം ബാധ്യതകളുണ്ട്.


1) സ്വത്തിനെ നേരിട്ടു ബാധിക്കുന്ന കടം

ഉദാ: പണയപ്പെടുത്തിയ വസ്തു ,എത്തിക്കപ്പെട്ട സ്വത്തിൻ്റെ സകാത്ത്.

പണയമില്ലാത്ത കടം ,നഷ്ടപ്പെട്ട സ്വത്തിൻ്റെ സകാത്ത് എന്നിവ അനന്തര സ്വത്തുമായി നേരിട്ട് ബാധിക്കുന്നില്ല .പ്രത്യുത , പരേതൻ്റെ ഉത്തരവാദിത്വത്തിലാണ്.


2) മയ്യിത്തു പരിപാലന ചെലവുകൾ

3) മയ്യിത്തിൻ്റ ബാധ്യതയിലുള്ള മറ്റു കടങ്ങൾ.

4) മരണാനന്തര ദാനം (വസ്വിയ്യത്ത്)

മുകളിൽ ആദ്യം വിവരിച്ച മൂന്നു ബാധ്യതകളും തീർത്ത ശേഷമുള്ള സ്വത്തിൽ നിന്നു മൂന്നിലൊന്നിൽ മാത്രമേ അന്യ വ്യക്തിക്കു വസ്വിയ്യത്ത് സാധുവാകുകയുള്ളൂ.

അവകാശികൾ സമ്മതിച്ചാൽ മൂന്നിലൊന്നും അതിൽ കവിഞ്ഞും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്.


5) അനന്തരാവകാശിയുടെ വിഹിതം 

ഈ വിവരിച്ച എല്ലാ ബാധ്യതകൾക്കും സ്വത്ത് തികയാതെ വന്നാൽ  ഈ മുൻഗണനാ ക്രമം സ്വീകരിക്കേണ്ടതാണ്.

ആൺ മക്കളെ പകുതിയാണ് പെൺമക്കളുടെ അവകാശം.ഇക്കാര്യം വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതാണ്.


📍 അനാചാരം ഒന്ന് 

അനന്തര സ്വത്ത് വീതിക്കുമ്പോൾ അവിടെ കൂടിയ ചിലരുടെ വാക്ക് ഇങ്ങനെ: നിങ്ങൾക്ക് ഒരു പെങ്ങളല്ലേ ഒള്ളു.അവൾക്കും നിങ്ങളെപ്പോലെ തന്നെ സ്വത്ത് കൊടുക്കാം.

നിരവധി ആളുകളുള്ള ,നാട്ടുകാരണന്മാരുള്ള സദസ്സിൽ വെച്ച് ആൺമക്കൾ ഇഷ്ടമില്ലാതെ മൗനിയായേക്കാം. അല്ലെങ്കിൽ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചേക്കാം. ഈ രീതിയൊന്നും നല്ലതല്ല .ഹറാമായ സമ്പത്ത് ,മറ്റൊരാളുടെ സമ്പത്ത് അവൻ്റെ പൂർണ തൃപ്തി ഇല്ലാതെ ലഭിച്ചിട്ടുണ്ടെന്നും കാര്യം.തൻ്റെ പരമ്പര ഹറാമിലൂടെ ജീവിക്കണോ? ഗൗരവമായി ചിന്തിക്കണം. ( പൂർണ മനസ്സോടെ നൽകുന്നതിനെ കുറിച്ചല്ല പറയുന്നത്.)


📍അനാചാരം രണ്ട് 

തറവാട്ടിൽ താമസിക്കുന്ന മകൻ. മാതാപിതാക്കൾ പലപ്പോഴും അവൻ്റെ കൂടെയായിരിക്കും. അവരുടെ പണവും 

ആ മകൻ്റെ കൈവശം മാതാപിതാക്കൾ സൂക്ഷിക്കാൻ കൊടുത്തിട്ടുണ്ടാകും.       

അങ്ങനെ അവർ മരിച്ചാൽ സമ്പത്ത് അവകാശികൾക്കാണ്. തറവാട്ടിൽ താമസിക്കുന്ന മകനു മാത്രമല്ല. ഞാനാണ് ഉമ്മാക്കും ഉപ്പാക്കും തിന്നാൻ കൊടുത്തത് എന്നതൊന്നും അവരുടെ മരണ ശേഷം പറഞ്ഞിട്ടു കാര്യമില്ല.

മറ്റു മക്കൾ അറിയാത്ത സ്വത്ത് ഉണ്ടങ്കിൽ അതു അവകാശികളെ അറിയിക്കൽ നിർബന്ധമാണ്. അറിയിക്കാതെ ,അവരെ ത്യപ്തി കൂടാതെ അത്തരം കാശ് കൊണ്ട് മയ്യിത്തിൻ വേണ്ടി സ്വദഖ:ചെയ്യൽ പോലും ഹറാമാണ്. മതാപിതാക്കളെ സംരക്ഷിച്ച കൂലിയേക്കാൾ കുറ്റം പേറുന്ന ഏർപ്പാടാണിത്.


📍അനാചാരം മൂന്ന്‌ 

ആ വീട് ഓഹരി ചെയ്യണ്ട . അതു അവൾക്കയ്ക്കോട്ടെ / അവനയ്ക്കോട്ടെ 

എല്ലാവർക്കും അവകാശപ്പെട്ട വീടിനെ കുറിച്ച് ഒരാൾ അഭിപ്രായം പറയുകയാണ്. ഇഷ്ടമില്ലാതെ അവകാശികൾ നാണം കൊണ്ടോ ചിലരെ ഭയന്നോ മൗനിയാവുകയാണ്.  എത്ര ഗൗരവമുള്ള കാര്യമാണിത്. 

പൂർണ മനസോടെ  സമ്മതിക്കാതെ മറ്റൊരാളുടെ സമ്പത്ത് കൈകലാക്കിയവനും അതിനു പ്രേരിപ്പിച്ചവനും വൻകുറ്റവാളികളാണ്.


📌അടിയന്തിരം ഹറാമോ⁉️

മയ്യിത്തിനു വേണ്ടി സ്വദഖ: ചെയ്യൽ ,അടിയന്തിര പരിപാടി നടത്തൽ സുന്നത്താണ്. പ്രതിഫലാർഹമാണ്. മയ്യിത്തിനും സ്വദഖ:ചെയ്യുന്നവർക്കും അതു ഉപകരിക്കും.

എന്നാൽ മരിച്ചവരുടെ അനന്തര സ്വത്ത് എടുത്ത് അടിയന്തിര സദ്യകൾ നടത്തുമ്പോൾ മുഴുവൻ അവകാശികളുടെയും സമ്മതം നിർബന്ധമാണ്.

ആരോടും ചോദിക്കാതെ ഒരാൾ മാത്രം കൈകാര്യം ചെയ്തു ഹീറോ ആകുന്നത് നാളെ സീറോ ആകാൻ കാരണമാകും

മയ്യിത്തിൻ്റെ അവകാശികളിൽ പ്രായം തികയാത്തവരാ ഭ്രാന്തന്മാരോ ഉണ്ടെങ്കിൽ അവരുടെ സമ്മതം പരിഗണനീയമല്ല. ഇത്തരം വേളയിൽ അവരുടെ ധനം ഉപയോഗിച്ച് അടിയന്തിരം നടത്തരുത്. മറ്റുള്ളവരുടെ ധനം നമ്മുടെ കൈവശം വരുന്നതിൽ നല്ല ശ്രദ്ധ വേണം.

നബി(സ്വ) പറയുന്നു:

من قطع ميراث وارثه قطع الله ميراثه من الجنة     

ആരെങ്കിലും അവകാശിയുടെ വിഹിതം തടഞ്ഞാൽ അവൻ്റെ  സ്വർഗ വിഹിതം അല്ലാഹു തടയും - അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല -.(ഇബ്നു മാജ:)


എം.എ.ജലീൽ സഖാഫി പുല്ലാര

Monday, 4 January 2021

ഇണയുടെ ചെലവ്

 

❓ നികാഹു നടക്കലോടുകൂടി ഭാര്യയുടെ ചെലവു നിർബന്ധമാകുമോ?

ഉ: ഇല്ല. അവളെക്കൊണ്ട് സുഖമെടുക്കാൻ ഭർത്താവിനു സൗകര്യം ചെയ്തു കൊടുക്കലോടുകൂടിയാണ് അവൾക്കുള്ള ചെലവു നിർബന്ധമാവുക (ഇആനത്ത്: 4/60, തുഹ്ഫ: 8/322).


❓ ഭാര്യ സംയോഗത്തിനു പ്രാപ്തിയെത്താത്ത കുട്ടിയാണെങ്കിലോ?

ഉ: അവളുടെ ചെലവ് ഭർത്താവിനു നിർബന്ധമില്ല.


❓ രോഗം മൂലം ഭാര്യ സംയോഗത്തിനു അശക്തയാണെങ്കിലോ?

ഉ: എങ്കിലും അവൻ ചെലവു കൊടുക്കൽ നിർബന്ധമാണ് (ഇആനത്ത്: 4/60).


❓ഭാര്യ ഭർത്താവിനോടു പിണങ്ങിയാലോ?

ഉ: അവൾക്ക് ചെലവു നൽകൽ ഭർത്താവിനു നിർബന്ധമില്ല (ഇആനത്ത്: 4/62, തുഹ്ഫ: 8/325).


❓ മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവൾക്കു ചെലവു നൽകേണ്ടതുണ്ടോ?

ഉ: അതേ, ചെലവ് നൽകൽ നിർബന്ധമാണ്. അവനും അവളുമായിട്ടുള്ള ബന്ധം പാടേ അറ്റുപോവാതെ നിലനിൽക്കുന്നുണ്ടെന്നതും മടക്കിയെടുത്തു അവളുമായി സുഖമനുഭവിക്കാൻ അവനു കഴിയുമെന്നതുമാണ് കാരണം. എന്നാൽ പിണക്കം കാരണം മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവു നൽകേണ്ടതില്ല. പിണക്കത്തോടെ ചെലവു ഒഴിവായി (ഇആനത്ത്: 4/62).


❓ മൂന്നു ത്വലാഖ് ചൊല്ലപ്പെട്ടവൾക്ക് ചെലവു നൽകണോ?

ഉ: മൂന്നു ത്വലാഖ്, ഖുൽഉ (വിശദികരണം പിന്നീട് വരും) വിവാഹത്തിനു ശേഷമുണ്ടായ കാരണങ്ങളാൽ സംഭവിച്ച ഫസ്ഖ് എന്നിവ മൂലം വിവാഹബന്ധം പാടേ വിഛേദിക്കപ്പെട്ടവൾ ഗർഭിണിയാണെങ്കിൽ ചെലവു നൽകണം. ഇവർക്കു വീട്, വസ്ത്രം എന്നിവയും നൽകണം. ചെലവ് എന്നതിൽ ഇവയും ഉൾപ്പെടും. അവൾ ഭർത്താവുമായി പിണങ്ങിയവളല്ലെങ്കിലാണ് ചെലവ് നൽകേണ്ടത് (ഇആനത്ത്: 4/62).


❓ ഭർത്താവിന്റെ മരണം മൂലം വിവാഹബന്ധം വിഛേദിക്കപ്പെട്ടവൾ ഗർഭിണിയാണെങ്കിൽ ചെലവു നൽകണോ?

ഉ: പ്രസ്തുത സ്ത്രീ ഗർഭിണിയാണെങ്കിലും ചെലവു നൽകൽ നിർബന്ധമില്ല (ഇആനത്ത്: 4/62).


❓ ഭാര്യക്കു നൽകേണ്ട ചെലവു എത്ര വസ്തുക്കളിലാണു നിർബന്ധം?

ഉ: പത്തു വസ്തുക്കളിൽ. ഭക്ഷണം, കൂട്ടാൻ, മാംസം, വസ്ത്രം, വിരിപ്പ്, പുതപ്പ്, ഭക്ഷണ സാമഗ്രികൾ, ശുദ്ധീകരണ സാമഗ്രികൾ, വീട്, പരിചാരി (തുഹ്ഫ : 8/306-311).


❓ഇവ ഒന്നു വിശദീകരിക്കാമോ?

ഉ: അതേ, ഭാര്യക്കു അവൾ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യ ധാന്യത്തിൽ നിന്നു ദരിദ്രൻ പ്രതിദിനം ഒരു മുദ്ദും (800 മി.ലിറ്റർ) ധനികൻ രണ്ടു മുദ്ദും ഇടത്തരക്കാർ ഒന്നര മുദ്ദും കൊടുക്കൽ നിർബന്ധമാണ്. ഓരോ ദിവസവും പ്രഭാതമാകുന്നതോടുകൂടി മാത്രമേ ചെലവു നിർബന്ധമാകൂ. അതുതന്നെ അവൾ തന്റേടമുള്ളവളായിരിക്കെ സാധാരണ പതിവനുസരിച്ച് ഭർത്താവിനോടൊപ്പം ഉള്ളതു ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലെങ്കിലാണ്. അങ്ങനെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നപക്ഷം മുദ്ദ് നിർബന്ധമില്ല.

ഭക്ഷണത്തോടൊപ്പം സാധാരണ കൂട്ടാനും കൊടുക്കൽ നിർബന്ധമാണ്. ധനസ്ഥിതിയനുസരിച്ച് നാട്ടുനടപ്പു പ്രകാരം ഇന്ന ദിവസം ഇത്ര എന്ന കണക്കിൽ മാംസം വാങ്ങിക്കൊടുക്കലും നിർബന്ധമാണ്. ആഴ്ചയിൽ ഒരു ദിവസമാണ് മാംസം ഭക്ഷിക്കൽ പതിവെങ്കിൽ അതു വെള്ളിയാഴ്ചയാവലും രണ്ടു ദിവസം പതിവുണ്ടെങ്കിൽ വെള്ളി, ചൊവ്വ ദിവസങ്ങളിലാവലുമാണ് നല്ലത്. ഉപ്പ്, വിറക്, കുടിവെള്ളം എന്നിവയും കൊടുക്കൽ നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യാനും വിളമ്പിത്തിന്നാനും ഒഴിച്ചു കുടിക്കാനുമുള്ള ഉപകരണങ്ങളും കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ: 8/309-311).



എം.എ.ജലീൽ സഖാഫി പുല്ലാര

Friday, 25 December 2020

വധുവും വരനും തമ്മിൽ ചേർച്ച

 

❓വധൂവരന്മാർ തമ്മിലുള്ള ചേർച്ച (കഫാഅത്ത്) വിവാഹത്തിന്റെ സ്വീകാര്യതക്കു ആവശ്യമാണോ?

ഉ: വിവാഹത്തിന്റെ സ്വീകാര്യതക്കു ആവശ്യമില്ല. വധുവിന്റെയും അവളുടെ വലിയ്യിന്റെയും അവകാശമാണിത്. അതിനാൽ അതു വേണ്ടെന്നു വെക്കാൻ അവർ രണ്ടാൾക്കും അധികാരമുണ്ട് (തുഹ്ഫ: 7/275, ഫത്ഹുൽ മുഈൻ, പേജ്: 368).


❓ ചേർച്ചയുടെ പരിഗണന വരന്റെ ഭാഗത്തില്ലേ?

ഉ: ഇല്ല. ഭാര്യയുടെ ഭാഗത്താണ് കഫാഅത്ത് (ചേർച്ച) പരിഗണിക്കുക (ഇആനത്ത്: 3/330).


❓എത്ര കാര്യങ്ങളിലാണു ചേർച്ച പരിഗണിക്കേണ്ടത്?

ഉ: ആറു കാര്യങ്ങളിൽ. സ്വാതന്ത്രം, ചാരിത്രശുദ്ധി, മതചിട്ട, തറവാട്, ഹീനമായ തൊഴിലിൽ നിന്നു രക്ഷ, നികാഹിനെ ദുർബലപ്പെടുത്താൻ അധികാരമുള്ള ന്യൂനതയിൽ നിന്നു രക്ഷ എന്നിവയാണത്. അപ്പോൾ സ്വതന്ത്ര സ്ത്രീക്ക് അടിമയായ വരനും ചാരിത്രവതിക്ക് ദുർനടപ്പുകാരനും സുന്നിയായ സ്ത്രീക്ക് പുത്തൻവാദിയും അറബി വംശജകൾക്ക് അറബിയല്ലാത്തവനും കച്ചവടക്കാരന്റെ മകൾക്കു തൂപ്പുകാരനും ഭ്രാന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ രോഗമുള്ളവൻ അതില്ലാത്തവൾക്കും കുഫ്ഉ അല്ല (ഫത്ഹുൽ മുഈൻ, പേജ്: 369).


❓സുന്നി വിശ്വാസക്കാരിയായ മകളെ പുത്തൻവാദിയെക്കൊണ്ട് വിവാഹം കഴിച്ചുകൊടുക്കാൻ മുജ്ബിറായ പിതാവിനു അധികാരമില്ലേ?

ഉ: നിരുപാധിക അധികാരമില്ല. പ്രായം തികഞ്ഞ മകളുടെ തൃപ്തിയുണ്ടെങ്കിലേ അധികാരമുള്ളൂ (തുഹ്ഫ: 7/275).


❓ വധുവിന്റെ സമ്മതത്തോടെത്തന്നെ കുഫ്ഉ ഒക്കാതെ വരനെക്കൊണ്ട് വിവാഹം ചെയ്തുകൊടുക്കുന്നതിന്റെ വിധി?

ഉ: കറാഹത്താണ് (തുഹ്ഫ: 7/275).


❓സുന്നി വിശ്വാസിയായ പെണ്ണിനു ബിദ്അത്തുകാരന്റെ സുന്നിയായ മകൻ യോജിക്കുമോ?

ഉ: ഇല്ല, വരൻ സുന്നിയാണെങ്കിലും അവന്റെ പിതാവ് മുബ്തദിഉ ആയതിനാൽ കുഫ്ഉ അല്ല. നേരെ മകനാകണമെന്നില്ല. എത്രയോ താഴെ വരുന്ന മകനാണെങ്കിലും കുഫ്ഉ അല്ല (തുഹ്ഫ: 2/281).


❓സ്ത്രീ ഫാസിഖത്താണെങ്കിൽ ഫാസിഖായ പുരുഷൻ അവൾക്ക് കുഫ്‌വാകുമോ?

ഉ: ദുർനടപ്പിന്റെ അളവും ഇനവും തുല്യമാണെങ്കിൽ കുഫ്‌വാകും (ഇആനത്ത്: 3/331).


❓ ഫാസിഖിന്റെ മകൻ ചാരിത്രശുദ്ധിയുള്ളവൾക്ക് കുഫ്‌വാണോ?

ഉ: ഫാസിഖിന്റെ മകൻ ഫാസിഖല്ലെങ്കിൽ പോലും പ്രസ്തുത സ്ത്രീക്ക് കുഫ്‌വല്ല (തുഹ്ഫ: 7/281).


❓ ഹാശിമിയോ മുത്തലിബോ ആയ സ്ത്രീക്ക് (അഹ്‌ലുബൈത്തിലെ വനിതകൾക്ക്) അവരല്ലാത്തവർ കുഫ്‌വാണോ?

ഉ: അല്ല (തുഹ്ഫ: 7/279).


❓എങ്കിൽ നബി(സ്വ) തങ്ങൾ അവിടുത്തെ പെൺമക്കളെ കുഫ്‌വൊക്കാത്ത ഭർത്താക്കന്മാർക്കാണോ വിവാഹം ചെയ്തുകൊടുത്തത്?

ഉ: അതെ, നബി(സ്വ) തങ്ങൾ തന്റെ പെൺമക്കളെ നികാഹ് ചെയ്തു കൊടുത്തതെല്ലാം കുഫ്‌വല്ലാത്ത ഭർത്താക്കന്മാർക്കാണ് (തുഹ്ഫ: 7/275). കുഫ്‌വൊത്ത ഭർത്താക്കന്മാരെ ലഭിക്കാത്തതിനാലാണ് നബി(സ്വ) ഇങ്ങനെ ചെയ്തത്. പ്രസ്തുത വേളയിൽ അതു കറാഹത്തില്ല.


❓ധനികയായ സ്ത്രീക്ക് ഫഖീറായ പുരുഷൻ കുഫ്‌വാണോ?

ഉ: അതെ, കാരണം സമ്പത്ത് കുഫ്‌വിന്റെ കാര്യത്തിൽ പരിഗണനീയമല്ല. മാന്യന്മാർ ധനത്തെ ഒരു യോഗ്യതയായി ഗണിക്കുകയില്ല (തുഹ്ഫ: 7/283).


❓ വിവാഹം ചെയ്തു കൊടുക്കാതിരുന്നാൽ ചാരിത്രഭ്രംശം ഭയപ്പെട്ടാൽ കുഫ്‌വൊക്കാതെ വിവാഹം ചെയ്തു കൊടുത്താൽ കറാഹത്തു വരുമോ?

ഉ :ഇത്തരം വേളയിൽ കറാഹത്തില്ല (ശർവാനി: 7/275).


❓ഹീനമായ തൊഴിൽ ചെയ്യുന്നവൻ അത്തരം തൊഴിൽ ചെയ്യാത്തവർക്ക് കുഫ്‌വല്ലെന്നു പറഞ്ഞുവല്ലോ. എന്താണ് ഹീനമായ തൊഴിലിന്റെ വിവക്ഷ?

ഉ: മാന്യതയ്ക്കു നിരക്കാത്ത പണിയാണ് ഹീനമായ തൊഴിൽ കൊണ്ടുള്ള വിവക്ഷ (തുഹ്ഫ: 7/281).


❓ അനുയോജ്യതയുടെ കാര്യത്തിൽ ചിലതിനെ ചിലതിനോട് തുലനം ചെയ്തുകൂടെ?

ഉ: അതു പറ്റില്ല (ഇആനത്ത്: 3/337).


❓ ഫുഖഹാഉ താഴ്ന്നതരം തൊഴിലുകളിലുൾപ്പെടുത്തിയതിനെ (ഉദാ: തൂപ്പുകാരൻ, കാലികളെ മേക്കുന്നവൻ) നാട്ടുകാർ മാന്യതയുടെ തൊഴിലായി ഗണിച്ചാലോ?

ഉ: ഫുഖഹാക്കൾ വ്യക്തമാക്കിയതിനെതിരെയുള്ള നാട്ടുകാരുടെ കീഴ്വഴക്കത്തിനു യാതൊരു പരിഗണനയുമില്ല. ഫുഖഹാഉ വ്യക്തമാക്കാത്തതിൽ നാട്ടുകാരുടെ കീഴ്വഴക്കം പരിഗണനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 371).


❓ കുഫ്‌വൊക്കാത്ത ഭർത്താവിനെ കൊണ്ടുതന്നെ വിവാഹം ചെയ്തു കൊടുക്കാൻ സമ്മതമാണെന്നു സ്ത്രീ പറഞ്ഞാൽ ഖാസിക്ക് അതു സ്വീകരിക്കാമോ?

ഉ: സ്വീകരിച്ചുകൂടാ. അവൾ സമ്മതിച്ചാലും ഖാസി നികാഹ് ചെയ്തു കൊടുക്കുമ്പോൾ (ഖാസി വലിയ്യാകുമ്പോൾ) വരൻ കുഫ്‌വൊത്തതാകൽ നികാഹിന്റെ സ്വീകാര്യതക്ക് ശർത്വാണ് (തുഹ്ഫ: 7/277).


❓ഉപ്പ മകളെ വിവാഹം ചെയ്തു കൊടുക്കുകയാണെങ്കിലോ?

ഉ: ഉപ്പയോ ഉപ്പയുടെ ഉപ്പയോ വിവാഹം ചെയ്തു കൊടുക്കുമ്പോൾ മകളുടെ തൃപ്തിയുണ്ടെങ്കിൽ കുഫ്‌വൊക്കാത്ത വരന് നികാഹ് ചെയ്തു കൊടുക്കാം. അവളുടെ തൃപ്തി പരിഗണിക്കണമെങ്കിൽ അവൾക്ക് പ്രായം തികയണം. പ്രായം തികയുംമുമ്പ് മകളെ വിവാഹം ചെയ്തു കൊടുക്കുന്നവർ കഫാഅത്തിന്റെ കാര്യം ഗൗരവമായി കണക്കിലെടുക്കണം. കുഫ്‌വ് ഒത്തിട്ടില്ലെങ്കിൽ നികാഹ് സ്വഹീഹാവില്ല. ഒരേ പദവിയിലുള്ള കൈകാർ (ഉദാ: സഹോദരങ്ങൾ) ഉണ്ടാകുമ്പോൾ ഒരു സഹോദരൻ വധുവിന്റെയും (സഹോദരി) മറ്റു സഹോദരങ്ങളുടെയും തൃപ്തിയോടെ കുഫ്‌വൊക്കാത്ത ഭർത്താവിനു വിവാഹം ചെയ്തു കൊടുത്താൽ നികാഹ് സാധുവാകും (തുഹ്ഫ: 7/275).


❓ കുഫ്ഇന്റെ വിഷയത്തിൽ വരനിലും വധുവിലും കൂറാകുന്ന ന്യൂനതകൾ എന്തെല്ലാം?

ഉ: ഭ്രാന്ത്, കുഷ്ഠരോഗം, വെള്ളപ്പാണ്ട് എന്നീ രോഗങ്ങൾ. ഇവ ഉള്ളവർ വിവാഹ വേളയിൽ ഈ രോഗങ്ങൾ ഇല്ലാത്തവൾക്ക് കുഫ്‌വല്ല (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/334).


❓ സയ്യിദ് കുടുംബത്തിൽ പെട്ട സ്ത്രീക്ക് സാധാ പുരുഷൻ കുഫ്‌വല്ലെങ്കിലും അവളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം അനുവദനീയമാണല്ലോ. അവരിൽ ഉണ്ടായ കുട്ടി അഹ്‌ലുബൈത്തിൽ പെടുമോ?

ഉ: ഇല്ല. കുട്ടിയെ പിതാവിലേക്കാണു ചേർക്കുക. ഇക്കാര്യം മിക്ക കർമശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം.


എം.എ. ജലീൽ സഖാഫി പുല്ലാര

Thursday, 24 December 2020

പുതുനാരി മസ്അലകൾ

 

വധുവിന്റെ നിബന്ധനകൾ വിവരിക്കാമോ

വധുവിനെ നിജപ്പെടുത്തണം. അപ്പോൾ എന്റെ പെൺമക്കളിൽ ഒരാളെ ഞാൻ നിനക്കു നികാഹു ചെയ്തു തന്നു എന്നു പറഞ്ഞാൽ ശരിയാവില്ല. കാരണം, അവിടെ നിജപ്പെടുത്തലില്ലല്ലോ. പുത്രിയിലേക്ക് ആംഗ്യം കാണിച്ചു പറഞ്ഞാലും സാധുവല്ല. വധു ഹജ്ജിന്റെയോ ഉംറയുടെയോ ഇഹ്റാമിലാവാതിരിക്കണം. വധു മറ്റൊരുത്തന്റെ നികാഹിൽ നിന്നും ഇദ്ദയിൽ നിന്നും ഒഴിവായിരിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 348).


മകളുടെ പേരു പറയാതെ എന്റെ മകളെ നിനക്കു ഞാൻ വിവാഹം ചെയ്തു തന്നു എന്നു പറഞ്ഞാലോ

അദ്ദേഹത്തിനു ഒരു മകൾ മാത്രമാണുള്ളതെങ്കിൽ സാധുവാകും. അല്ലെങ്കിൽ സ്വഹീഹാവില്ല (ഫത്ഹുൽ മുഈൻ, പേജ്: 348).


ഒരാൾ നിനക്കു ഞാൻ ഇന്നവളെ (ഉദാ: ഫാത്വിമ) നികാഹ് ചെയ്തു തന്നു എന്നു പറഞ്ഞാൽ ശരിയാകുമോ

രണ്ടുപേരും (വലിയ്യും വരനും) നിർണിതമായ ഒരു ഫാത്വിമയെ കരുതുന്ന വേളയിൽ പ്രസ്തുത വാചകം കൊണ്ട് നികാഹ് സാധുവാകും (ഫത്ഹുൽ മുഈൻ, പേജ്: 348).


ഒരാൾ തന്റെ വലിയ മകളെ നികാഹു ചെയ്തു കൊടുക്കുകയാണ്. പക്ഷേ ചെറിയ മകളുടെ പേരാണു പറഞ്ഞത്. എങ്കിൽ നികാഹ് സാധുവാണോ

എന്റെ വലിയ മകളെ നിനക്കു ഞാൻ നികാഹു ചെയ്തു തന്നു എന്നു പറഞ്ഞു ചെറിയ മകളുടെ പേരു പറഞ്ഞ വേളയിൽ നികാഹ് സാധുവാണ്. പേരു മാറിയതിൽ പ്രശ്നമില്ല. വലിയ മകളുടെ കാര്യത്തിലാണ് നികാഹു സാധുവായത് (ഫത്ഹുൽ മുഈൻ, പേജ്: 348).


വധു മുസ്‌ലിമായിരിക്കൽ ശർത്വാണോ

മുസ്‌ലിമോ വിവാഹം കഴിക്കൽ അനുവദനീയമായ തനി ജൂത-ക്രൈസ്തവ സ്ത്രീയോ ആവണം (ഫത്ഹുൽ മുഈൻ, പേജ്: 352).


വിവാഹം കഴിക്കൽ അനുവദനീയമായ ജൂത-ക്രൈസ്തവ സ്ത്രീ ആരാണ്

തൗറാത്തനുസരിച്ച് ജീവിക്കുന്നവളാണ് ജൂത. ഇൻജീലനുസരിച്ച് ജീവിക്കുന്നവൾ ക്രിസ്ത്യാനി.


ഇവരെ നികാഹ് ചെയ്യാൻ പ്രത്യേക നിബന്ധനയുണ്ടോ

ഉണ്ട്. ഇസ്റാഈലി സ്ത്രീയെ വിവാഹം ചെയ്യൽ അനുവദനീയമാവണമെങ്കിൽ അവളുടെ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ ജൂതമതം സ്വീകരിച്ചത് ആ മതം ദുർബലപ്പെട്ട ശേഷമാണെന്നു അറിയപ്പെടാതിരിക്കണം. ഇസ്റാഈലി സ്ത്രീ അല്ലെങ്കിൽ പിതൃപരമ്പരയിലെ പ്രഥമ പുരുഷൻ തന്റെ മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെടുംമുമ്പാണെന്നു അറിയപ്പെടണം. (നമ്മുടെ നാടുകളിൽ ഇത്തരം സ്ത്രീകളെ കണ്ടെത്താനാവില്ല) (ഇആനത്ത്: 3/295 ).


കാഫിറായ ദമ്പതികളിൽ വരൻ മുസ്‌ലിമായാൽ വധു അവനു അന്യയാണോ

അവർ സംയോഗം ചെയ്യുംമുമ്പാണു അവൻ മുസ്‌ലിമായതെങ്കിൽ അവൾ മുസ്‌ലിമാകുന്നുമില്ലെങ്കിൽ ഉടനടി അവർ അന്യ സ്ത്രീ-പുരുഷന്മാരാകുന്നതാണ് (ഫത്ഹുൽ മുഈൻ, പേജ്: 352).


സംയോഗത്തിനു ശേഷം അവൻ മുസ്‌ലിമായാലോ

എന്നാൽ ഇദ്ദ കഴിയും മുമ്പ് അവൾ മുസ്‌ലിമായാൽ വിവാഹബന്ധം നിലനിൽക്കും. ഇല്ലെങ്കിൽ അവൻ മുസ്‌ലിമായതു മുതൽ വിവാഹബന്ധം വേർപ്പെട്ടതായി ഗണിക്കപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 352).


വധു മാത്രം മുസ്‌ലിമായാലോ

അവർ തമ്മിൽ സംയോഗം നടന്നിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ കഴിയുന്നതിനു മുമ്പ് അവർ മുസ്‌ലിമായാൽ നികാഹിനു ഭംഗം തട്ടില്ല. സംയോഗം ഉണ്ടായിട്ടില്ലെങ്കിൽ അവൾ മുസ്‌ലിമായ ഉടനെ വിവാഹബന്ധം വേർപ്പെടുന്നതാണ്. അവളുടെ ഇദ്ദയുടെ കാലത്ത് അവൻ മുസ്‌ലിമായിട്ടില്ലെങ്കിൽ അവൾ മുസ്‌ലിമായതു മുതൽ വിവാഹബന്ധം വേർപ്പെടുന്നതാണ് (ഇആനത്ത്: 3/296).


രണ്ടുപേരും ഒരുമിച്ചു മുസ്‌ലിമായാലോ

എങ്കിൽ സംയോഗത്തിന്റെ മുമ്പാണെങ്കിലും പിമ്പാണെങ്കിലും നികാഹു ബന്ധം നിലനിൽക്കുന്നതാണ് (ഇആനത്ത്: 3/296).


മുസ്‌ലിമായ ശേഷം നികാഹ് നടത്തണ്ടേ

വേണ്ട. കാഫിരീങ്ങളുടെ ആചാര പ്രകാരമുള്ള വിവാഹത്തെ അവർ മുസ്‌ലിമാകുന്ന വേളയിൽ നാം അംഗീകരിക്കുന്നുണ്ട്. അവർ മുസ്‌ലിമായതിനു വേണ്ടി അവർക്കു ഇസ്‌ലാം നൽകുന്ന ഇളവാണിത് (ഇആനത്ത്: 3/296).


പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി. പക്ഷേ, രക്ഷിതാക്കളോ മറ്റോ അതറിഞ്ഞില്ല. അവളതു പറഞ്ഞതുമില്ല. ശേഷം അവളുടെ സമ്മതമില്ലാതെ ഉപ്പ അവളെ നികാഹ് നടത്തി. ഈ നികാഹ് സാധുവാണോ

അതെ, സാധുവാണ്. അവൾ കന്യകയാണെന്ന ധാരണയോടെയാണ് പിതാവ് സമ്മതം ചോദിക്കാതെ നികാഹ് നടത്തിയത്. ഇനി അവൾ അകന്യകയാണെന്നു പറഞ്ഞാലും നടന്ന നികാഹ് അസാധുവാക്കപ്പെടുകയില്ല (ഫത്ഹുൽ മുഈൻ, പേജ്: 351).


വിവാഹിതരായ രണ്ടു അമുസ്‌ലിംകൾ മുസ്‌ലിമായാൽ അവർ ഭാര്യാഭർത്താക്കന്മാരാണല്ലോ. നികാഹ് പുതുക്കേണ്ടതില്ലല്ലോ. എന്നാൽ ഒരു അമുസ്‌ലിം തന്റെ വിവാഹബന്ധം ഹറാമായവളെ (ഇസ്‌ലാമിക നിയമത്തിൽ) വിവാഹം ചെയ്തു അവർ മുസ്‌ലിമായാലോ

ആ ബന്ധം നില നിൽക്കില്ല. അവരെ വേർപിരിക്കണം (തുഹ്ഫ: 7/331).


എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 22 December 2020

നികാഹും , സാധുതയും


നികാഹു സാധുവാകാൻ രണ്ടു സാക്ഷികൾ വേണമല്ലോ. അവരുടെ യോഗ്യതകൾ എന്തെല്ലാം?

ഇസ്‌ലാം, പ്രായപൂർത്തി, ബുദ്ധി, സ്വതന്ത്രത്വം, പുരുഷത്വം, നീതിത്വം, കാര്യബോധം, മാന്യത, കേൾവി, കാഴ്ച, സംസാര കഴിവ്, ഉണർവ്, കൈകാരന്റെയും വരന്റെയും ഭാഷ അറിയൽ, സാക്ഷി നിൽക്കുന്നവൻ നിർണിതമായ വലിയ്യാവാതിരിക്കൽ എന്നിവയെല്ലാം സാക്ഷിയുടെ നിബന്ധനകളാണ് (തുഹ്ഫ: 7/228).


സാക്ഷി നിർണിതമായ വലിയ്യാവാതിരിക്കൽ എന്നതിന്റെ വിവക്ഷയെന്ത്?

പറയാം. പിതാവ്, ഏക സഹോദരൻ എന്നിവരെല്ലാം വധുവിന്റെ നിർണിത വലിയ്യാണ് (കൈകാരൻ). പിതാവ് നികാഹ് നടത്തേണ്ട സ്ഥാനത്ത് അതു നടത്താൻ പിതാവ് മറ്റൊരാളെ വകാലത്താക്കുകയും സാക്ഷിയായി പിതാവ് നിൽക്കുകയും ചെയ്താൽ ആ സാക്ഷിത്വം സ്വീകരിക്കപ്പെടില്ല. കാരണം, ഇവിടെ നിർണിത വലിയ്യാണു സാക്ഷിയായത്.


ഒരു സ്ത്രീക്കു വലിയ്യായി മൂന്നു സഹോദരങ്ങളാണുള്ളത്. അവരിൽ ഒരാൾക്കു വധു നികാഹു നടത്താൻ സമ്മതം കൊടുത്തു. അദ്ദേഹം നികാഹു നടത്തിയപ്പോൾ രണ്ടു സഹോദരങ്ങൾ സാക്ഷി നിന്നു. എങ്കിൽ നികാഹു ശരിയാകുമോ?

അതേ, സാധുവാകും. എന്തുകൊണ്ടെന്നാൽ ഇവിടെ നിർണമായ വലിയ്യ് സാക്ഷിയായിട്ടില്ല (തുഹ്ഫ: 7/229).


നികാഹിന്റെ സദസ്സിൽ സാക്ഷി നിൽക്കുകയെന്ന ഉദ്ദേശ്യമില്ലാതെ ഇരുന്ന രണ്ടുപേരാണ് ഈജാബും ഖബൂലും കേട്ടതെങ്കിലോ?

ഉദ്ദേശ്യം വേണമെന്നില്ല. അവിചാരിതമായി കേട്ടാലും മതി. അവർ സാക്ഷിക്കു പറ്റുന്നവരാകണമെന്നുമാത്രം (തുഹ്ഫ: 7/227).


മാന്യത എന്ന വിശേഷണം സാക്ഷിക്കു വേണമെന്നു പറഞ്ഞല്ലോ. അതൊന്നു വിശദീകരിച്ചാലും?

നാട്ടുനടപ്പിൽ നിന്ദമായ എല്ലാറ്റിൽ നിന്നും അകന്നുനിൽക്കലാണു മാന്യത. താഴ്ന്ന കാര്യങ്ങൾ എന്നതിൽ കുറ്റമുള്ളതും അല്ലാത്തതും പെടും. ജനങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് ഭാര്യയെ ചുംബിക്കൽ, ജനങ്ങൾക്കിടയിൽ വെച്ച് ചിരിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലായി പറയുക, ചതുരംഗക്കളിയിലും നൃത്തക്കളിയിലും വ്യാപൃതനാവുക തുടങ്ങിയ മാന്യതയെ ഹനിക്കുന്ന കാര്യങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്: 505).


വലിയ്യ് നീതിമാനായിരിക്കണം എന്നു പറഞ്ഞതിന്റെ വിവക്ഷ ഫാസിഖ് അല്ലാതിരിക്കുകയെന്നാണെന്നു മുമ്പ് വിവരിച്ചുവല്ലോ. സാക്ഷി നീതിമാനാവുക എന്നതിന്റെ ഉദ്ദേശ്യവും അങ്ങനെയാണോ?

അല്ല. രണ്ടും തമ്മിൽ സാരമായ അന്തരമുണ്ട്. വലിയ്യിനെ സമ്പന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഫാസിഖാവാതിരിക്കലാണു നിബന്ധന. നീതിമാനായിരിക്കലല്ല. എന്നാൽ സാക്ഷി നിൽക്കുന്നവൻ ഫാസിഖാവാതിരുന്നാൽ മാത്രം പോര. നീതിയുള്ളവനായിരിക്കുക തന്നെ വേണം. അനുവദനീയമായ താഴ്ന്ന കാര്യങ്ങളെയും തെറ്റുകളുമായി ബന്ധപ്പെടുന്നതിനെയും തടയുന്ന ഒരു കഴിവ് നേടിയെടുക്കുക എന്നതാണ് സാക്ഷിയുടെ വിഷയത്തിൽ നീതിമാനാവുക എന്നതിന്റെ വിവക്ഷ (തുഹ്ഫ: 7/256, ഇആനത്ത്: 3/305).


ഈ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത് ഫാസിഖിന്റെയും നീതിമാന്റെയും ഇടയിൽ തെമ്മാടിത്വവും നീതിത്വവും അല്ലാത്ത ഒരു അവസ്ഥയുണ്ടെന്നാണല്ലോ. അങ്ങനെയുണ്ടോ? ഫാസിഖല്ലാത്തവനെല്ലാം നീതിമാനല്ലേ?

ഫാസിഖല്ലാത്തവനെല്ലാം നീതിമാനല്ല. രണ്ടിന്റെ ഇടയിൽ രണ്ടുമല്ലാത്ത അവസ്ഥയുണ്ട്. ഉദാ: ഒരു കുട്ടിക്ക് പ്രായം തികഞ്ഞാൽ അവനിൽ നിന്നു ഫാസിഖാകുന്ന കാര്യം ഉണ്ടായിട്ടില്ലെങ്കിൽ ഫാസിഖല്ല. അതോടൊപ്പം അവൻ നീതിമാനുമല്ല. എന്തുകൊണ്ടെന്നാൽ ഭയഭക്തിയെ നിർബന്ധമാക്കുന്ന ഒരു കഴിവു നേടിയെടുക്കലാണു നീതിത്വം. ഈ കുട്ടി അതു നേടിയിട്ടില്ല (തുഹ്ഫ, ശർവാനി: 7/256).


ഫാസിഖ് തൗബ ചെയ്ത ഉടനെ വലിയ്യാവാൻ പറ്റുമെന്നു മുമ്പ് വ്യക്തമാക്കിയല്ലോ. എന്നാൽ ഫാസിഖ് തൗബ ചെയ്ത ഉടനെ സാക്ഷി നിൽക്കാൻ പറ്റുമോ?

ഇല്ല. തൗബയുടെ ശേഷം ഒരു വർഷം പൂർത്തിയായതിനു ശേഷമേ അവന്റെ സാക്ഷിമൊഴി സ്വീകരിക്കപ്പെടുകയുള്ളൂ (തുഹ്ഫ: 9/214, നിഹായ, ഇആനത്ത്: 4/296).


എം.എ.ജലീൽ സഖാഫി പുല്ലാര

Thursday, 29 October 2020

ഓൺലൈൻ വിവാഹം - മദ്ഹബുകൾ പറയട്ടെ

 

ഈ ലോക്ക് ഡൌൺ കാലത്ത് ഓൺലൈൻ വിവാഹങ്ങൾ പൊടി പൊടിക്കുകയാണ് . ഈ അടുത്താണ് മുജാഹിദ് പക്ഷത്തിന്റെ നേതാവ് അക്ബർ സാഹിബിന്റെ മകന്റെ നിക്കാഹ് ഓൺലൈൻ വഴി നടന്നത് . 

ചുരുക്കിപ്പറഞ്ഞാൽ ,  നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ പരപ്പനങ്ങാടി പാലത്തിങ്ങൽ എം.എം. അക്ബറി​​ൻറ മകൻ അത്വീഫ് അബ്​ദുറഹ്മാനും വയനാട് ചെന്നലോട് സ്വദേശി താഴേക്കണ്ടി വീട്ടിൽ അബ്​ദുന്നാസറി​​ൻറ മകൾ നൈല ജാസ്മിനും തമ്മിലെ വിവാഹമാണ് ഓണ്‍ലൈനിലൂടെ നടന്നത്. വരൻ അത്വീഫ് അബ്​ദുറഹ്മാൻ കാനഡയിലും വധു നൈല ജാസ്മിൻ ബംഗളൂരുവിലുമാണ് പഠിക്കുന്നത്.

ഓൺലൈൻ വഴിയാണ് വധുവരന്മാരും കുടുംബങ്ങളും പരസ്പരം കണ്ടതും വിവാഹമുറപ്പിച്ചതുമെല്ലാം നടന്നത്.മകളെ വിവാഹം ചെയ്​ത്​ തന്നിരിക്കുന്നുവെന്ന്​ ബംഗളൂരുവിലുള്ള വധുവിന്റെ പിതാവ്​ കാനഡയിലുള്ള വരനെ അറിയിച്ചു. ഇത്​ സ്വീകരിച്ചതായി വരൻ  പ്രഖ്യാപിക്കുകയും ചെയ്​തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഓൺലൈൻ വഴി നിക്കാഹിന്​​ സാക്ഷികളായി മൗലവി അബ്​ദുസ്സലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന്​ ഉദ്​ബോധന പ്രഭാഷണവും നിർവഹിച്ചു.

ഈ ഓൺലൈൻ വിവാഹം നടന്നത് 2020 ഓഗസ്റ്റ് മാസം ആദ്യമായിരുന്നു.വിവാഹം നടന്നത് സൂം ആപ്ലികേഷൻ  വഴിയും.

അപ്പോൾ ചിലർക്ക് സംശയം ഉണ്ടാകാം, എന്തിനാണ് ഈ ഉദാഹരണം തന്നെ മുകളിൽ കൊടുത്തതെന്ന്. അതിനുള്ള മറുപടി സിമ്പിൾ അല്ലെ . മറ്റുള്ളവർ എന്തെങ്കിലും ചെയ്‌താൽ ഖുർആനിലുണ്ടോ , ഹദീസിലുണ്ടോ , ഇമാമുകൾ ചെയ്തു കാണിച്ചിട്ടുണ്ടോ എന്ന് നൂറു നൂറ് ചോദ്യ ശരങ്ങളാണ് തൊടുത്തു വിടുന്നത്. അങ്ങനെ ഉള്ളവർ അവരുടെ ഇസ്‌ലാമിക കാര്യങ്ങളിൽ എല്ലാം അത്തരം സൂക്ഷ്മത പുലർത്തുന്നവരാകണമല്ലോ.

മുജാഹിദുകൾക്ക് ഒരു കാരണവശാലും ഇതിനു ദീനിൽ തെളിവായി ഒരു ഹദീസ് പോയിട്ടു , ഇമാമീങ്ങളുടെ ഉദ്ധരണിയോ , അഹ്ലു സുന്നത്തിന്റെ പണ്ഡിതരുടെ വാക്കുകളോ കൊണ്ട് വരാൻ സാധിക്കില്ല എന്ന് 100 % ഉറപ്പോടുകൂടിത്തന്നെ പറയട്ടെ. പിന്നെ അവരുടെ ഏതെങ്കിലും ദുർ വ്യാഖ്യാതാക്കളുടെ ഖൗലുകൾ കൊണ്ട് വരാൻ കഴിഞ്ഞേക്കാം . അത് ദീനിൽ തെളിവായി വിശ്വാസി സമൂഹമോ, അഹ്ലു സുന്നത്തിൽപ്പെട്ട പണ്ഡിതരോ അംഗീകരിക്കുകയുമില്ല .

അപ്പോൾ നമുക്കു വിഷയത്തിലേക്കു വരാം . ഓൺലൈൻ നിക്കാഹിനെപ്പറ്റി ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് പരിശോധിക്കം.

ഓൺലൈൻ വിവാഹം ഇമാമീങ്ങളുടെ അഭിപ്രായമനുസരിച്ചു സാധുവല്ല . അതായത് ദീനിൽ തെളിവല്ല എന്ന് വ്യക്തം. കാരണം ഈ വിഷയത്തെപ്പറ്റി ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ പ്രെത്യേകം പരാമർശങ്ങളുമുണ്ട്. 


 اتحاد المجلس 

അതായത് മജ്‌ലിസ് (ആ സ്ഥലം) ഒന്നാകലും അപ്രകാരം തന്നെ സാക്ഷികൾ അവിടെ സന്നിഹിതരാകൽ നിക്കാഹ് സാധുവാകാനുള്ള നിബന്ധനകളാണ് അല്ലെങ്കിൽ ശർത്താണ്.


ഹനഫി മദ്ഹബ്

ഹനഫി മദ്ഹബിന്റെ ആധികാരിക ഫിഖ്‌ഹീ ഗ്രന്ഥമായ ദുറുൽ മുഖ്താർ 3 ആം ഭാഗം 14 ആം പേജ് നോക്കിയാൽ കാണാം

ഈജാബിന്റെയും , ഖബൂലിന്റെയും (അഥവാ ഞാൻ എന്റെ മകളെ കല്യാണം കഴിച്ചു തന്നു എന്ന് പറയുക) 

അത് വരൻ സ്വീകരിക്കുക , അല്ലെങ്കിൽ ഖബിൽതു (ഞാൻ സ്വീകരിച്ചു) എന്ന് പറയലും -- 

ഈ രണ്ടു വാഖ്യങ്ങളും ഒരു മജ്ലിസിൽ വെച്ചാകൽ നിബന്ധനയാക്കപ്പെട്ടു എന്നുള്ളത് ദുറുൽ മുഖ്താറിൽ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു.

മറ്റൊരു ഗ്രന്ഥമായ ബഹർ നോക്കിയാൽ കാണാം - ഈജാബിന്റെയും , ഖബൂലിന്റെയും മജ്‌ലിസ് രണ്ടായിപ്പോയാൽ ആ നിക്കാഹ് കെട്ടപ്പെടുകയില്ല (അതായത് വരനും , വധുവും , സാക്ഷികളും ഒരു സ്ഥലത്തു തന്നെ ഹാജരാകൽ നിബന്ധന തന്നെ) അല്ലെങ്കിൽ സ്വീകാര്യമാക്കപ്പെടുകയില്ല .

ഈജാബിന്റെയും , ഖബൂലിന്റെയും കാലവും (സമാൻ) , മജ്‍ലിസും ഒന്നായിരിക്കണം. ഒരേ സ്ഥലത്തു വെച്ച് ഒരേ സമയത്തു നടക്കുന്ന അമൽ ആയിരിക്കണം .സമയം ദീർഖിച്ചു പോകൽ പ്രശ്നമാകുന്നില്ല , മറിച്ചു മജ്‌ലിസ് വ്യത്യാസമാകൽ കൊണ്ട് ആ അമൽ സ്വീകാര്യമാവില്ല.

ഇനി വിവാഹത്തിന് രണ്ടു ശൈലികൾ ഉണ്ട് . 
ഒന്ന് : ഖിത്താബിന്റെ ശൈലി . (മുഖാമുഖമുള്ളത്)
രണ്ട് : കിത്താബിന്റെ ശൈലി. (കത്ത് കൊടുത്തുവിടൽ പോലുള്ളത്)

ഒന്നാമത്തതിൽ മുഖാമുഖം എന്നുള്ളത് ഒരേ സ്ഥലത്തു വെച്ചാകൽ നിബന്ധന തന്നെ.

രണ്ടാമത്തേത് ഇങ്ങനെ പറയാം : എന്റെ മകളെ ഇന്നയാൾക്കു ഞാൻ കെട്ടിച്ചു തന്നിരിക്കുന്നു എന്നുള്ള രീതിയിൽ കത്ത് കൊടുത്തു വിടൽ . അപ്പോൾ ആ വരന്റെ മുന്നിൽ വെച്ച് തന്നെ ആ കത്ത് വായിക്കണം , വായന കേട്ട് കഴിഞ്ഞു ആ വരൻ ഞാൻ ഇത് സ്വീകരിച്ചിരിക്കുന്നു എന്നും പറയണം.

അപ്പോൾ കത്ത് എഴുതുന്നത് ഒരു സ്ഥലത്തും , ഇത് വായിച്ചു കേൾപ്പിക്കുന്നത് മറ്റൊരു സ്ഥലത്തുമാണല്ലോ. (രണ്ടു പേർക്കും ഒരേ സ്ഥലത്ത് എത്താൻ പറ്റുമെങ്കിൽ ഈ കത്തിന്റെ ആവശ്യം വരുന്നില്ലല്ലോ)  

ഈ രണ്ടാമത്തെ വിഷയത്തിൽ കത്ത് വായിക്കുക എന്നുള്ളത് ഈജാബായും , അതിനെ സ്വീകരിക്കുക എന്നുള്ളത് ഖബൂലായും - ഇത് രണ്ടും ഒരു മജ്ലിസിൽ വെച്ച് നടന്നതായിട്ടും ഫുഖഹാക്കൾ പറയുന്നു .

ഇത് രണ്ടും രണ്ടു മജ്ലിസിൽ വെച്ച് സംഭവിച്ച കാര്യങ്ങൾ ആണെങ്കിൽ തന്നെ - ആ കത്തിനെ വായിക്കലും , എന്നിട്ടു കത്തിന് മറുപടിയായി അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ട് , ഈജാബും , ഖബൂലും അവിടെ നടന്നതിനാൽ ഇതിനെ ഒരു മജ്‌ലിസായി പരിഗണിക്കപ്പെടുമെന്നും ഫുഖഹാക്കൾ അഭിപ്രായപ്പെടുന്നു.


അതുപോലെ സാക്ഷികൾ ഹാജരായിരിക്കണം .  രണ്ടു സാക്ഷികൾ ഹാജരായിരിക്കൽ നിക്കാഹ് സാധുവാകുന്നതിന്റെ ശർത്തിൽ പെട്ടതാണ് . (ദുറുൽ മുഖ്താർ 3 ആം ഭാഗം 21 ആം പേജ് ) സാക്ഷികൾ ഹാജരാവാതെയുള്ള നിക്കാഹ് സ്വഹീഹല്ല.

അപ്പോൾ പറയാം സാക്ഷികൾ ഉണ്ടായിരുന്നല്ലോ എന്ന് .

ആ ഹാജരായ സാക്ഷികൾ ഒരേ മജ്ലിസിൽ തന്നെയായിരിക്കൽ നിർബന്ധമാണ് : അതായത് നിക്കാഹ് നടക്കുന്ന സ്ഥലത്ത് സാക്ഷികളും വേണമെന്ന് സാരം . രണ്ടു സ്ഥലത്തായാൽ നിക്കാഹ് സാധുവല്ല  .

ഈ ഓൺലൈൻ വിവാഹം കണ്ട നമുക്ക് ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ് : നിക്കാഹ് സ്വഹീഹായോ അല്ലയോ എന്ന്.


ഷാഫി മദ്ഹബ്

ഷാഫി മദ്ഹബിന്റെ ആധികാരിക ഗ്രന്ഥമായ തുഹ്ഫ 7 ആം ഭാഗം 227 ആം പേജ് നോക്കിയാൽ കാണാം , രണ്ടു സാക്ഷികൾ ഹാജർ കൊണ്ടല്ലാതെ നിക്കാഹ് ശെരിയാകുകയില്ല .

അതായത് ഈജാബും , ഖബൂലും കാണാനും , കേൾക്കാനും രണ്ടു സാക്ഷികൾ ഒരേ സ്ഥലത്തു ഹാജരാകൽ ശർത്ത് തന്നെ . 

ഇത് രണ്ടും ഉണ്ടെങ്കിൽ തന്നെ രണ്ട് ധ്രുവങ്ങളിലായാൽ ആ നിക്കാഹ് സ്വഹീഹാകുകയില്ല.

വീണ്ടും തുഹ്ഫയിൽ കാണാം - സാക്ഷിക്ക് ചില ശർത്തുകളുണ്ട് . അതിൽ പെട്ടതാണ് ആ സാക്ഷി നീതിമാനാകൽ , അതുപോലെ കേൾക്കുന്ന കഴിവുള്ളവനാകണം - കാരണം അയാൾ സാക്ഷി നിൽക്കുന്നത് അയാൾ അവിടെ വെച്ച് കേൾക്കുന്ന വാക്കുകൾക്കാണ്.

അതുപോലെ കാഴ്ചയുള്ളവനും ആയിരിക്കണം - കാരണം അവിടെ നടക്കുന്ന കാര്യങ്ങൾ സത്യമാണെന്നറിയാൻ കാഴ്ച ഉണ്ടെങ്കിൽ സ്ഥിരപ്പെടുകയും ചെയ്യും. 

അത് ഓൺലൈനിലൂടെ കണ്ടാലും , മൊബൈൽ അല്ലെങ്കിൽ മറ്റു സ്‌ക്രീനിൽ കൂടി കണ്ടാലും സ്ഥിരപ്പെടുകയില്ല . നേരിട്ട് മജ്‌ലിസിൽ പാങ്കാളിയാവുകയും അവിടെ വെച്ച് ഈ വാക്കുകളും , പ്രവർത്തികളും കാണുകയും , കേൾക്കുകയും ചെയ്യണം . (തുഹ്ഫ 7 ആം ഭാഗം 228 ആം പേജ്)

ആയതിനാൽ മുകളിൽ വിവരിച്ച വസ്തുതകൾ ഇല്ലാതെ നടത്തപ്പെടുന്ന ഓൺലൈൻ വിവാഹങ്ങൾ ഒരു നിലയിലും സ്വഹീഹാകുയില്ല എന്ന് മദ്ഹബിന്റെ ഇമാമീങ്ങളുടെ അഭിപ്രായങ്ങളിൽ വ്യക്തമായി. എത്ര തന്നെ ദുർവ്യാഖ്യാനങ്ങൾ നടത്തിയാലും ശെരി തന്നെ.


മറുവാദം 

ആധുനിക കാലഘട്ടത്തിലെ വഹാബി പണ്ഡിതർ ഓൺലൈൻ നിക്കാഹ് സ്വഹീഹ് ആണ് എന്ന് ഫത്വ നൽകിയിട്ടുണ്ട് . പക്ഷെ അവരിൽ സിംഹ ഭാഗം ആൾക്കാർക്കും തെളിവായി ഉദ്ധരിക്കാൻ ഒരു ഹദീസ് പോലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം .കാരണം അങ്ങനെ ഒരു തെളിവ് കാണിക്കാൻ അവർക്കും സാധിക്കില്ല.

ചില ഒറ്റപ്പെട്ട വഹാബി പണ്ഡിതർ മാത്രം നബി (സ) തങ്ങൾ , ഉമ്മു ഹബീബ (റ) യെ വിവാഹം കഴിച്ചത്  ഓൺലൈൻ നിക്കാഹിനു തെളിവാണ് എന്ന് വാദിക്കുന്നു . 

അത് എങ്ങനെ തെളിവായി ഉദ്ധരിക്കാൻ അവർക്കു കഴിഞ്ഞു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

അവർ ഉദ്ധരിക്കുന്ന ആ തെളിവ് നമുക്ക് താരീഖിന്റെ ഗ്രന്ഥമായ "അൽ ബിദായ വന്നിഹായ" പോലുള്ള ഗ്രന്ഥങ്ങളിൽ നിന്നും ഇപ്രകാരം ഗ്രഹിക്കാം .


നബി (സ) തങ്ങൾ അംറിബ്നു ഉമയ്യത്തു ളംരീ (عمرو بن أمية الضمري) എന്ന് പേരുള്ള സ്വഹാബിയെ നബി (സ) തങ്ങളുടെ വക്കീലായി നിശ്ചയിച്ചു. അതായത് വിവാഹത്തിനായി കത്ത് കൊടുത്തയച്ചു.

ആ കത്ത് നജ്ജാശി നീഗസ് രാജാവിന്റെ കൈയ്യിലേൽപ്പിച്ചു . ആ രാജാവാണ് അബ്റഹത്ത് എന്ന് വിളിക്കുന്ന രാജാവിന്റെ അടിമ പെണ്ണിനെ ഉമ്മു ഹബീബ (റ) യുടെ അടുക്കലേക്ക് അയച്ചത് . ഹബ്ഷാ അല്ലെങ്കിൽ എത്യോപ്യയിലേക്ക് ആദ്യമായി ഹിജ്‌റ പുറപ്പെട്ട സംഘത്തിൽ ഉള്ള വ്യക്തി കൂടിയാണ് ഉമ്മു ഹബീബ (റ) . ഇവരുടെ ഭർത്താവ് ഇവിടെ വെച്ച് മരണപ്പെടുകയുണ്ടായി . അദ്ദേഹം നസ്രാണി മത വിശ്വാസക്കാരനുമായിരുന്നു. (ഉബൈദു ല്ലാഹി ബ്നു ജഹ്ശ്)

നബി (സ) തങ്ങളുമായുള്ള വിവാഹ കരാർ ഉമ്മു ഹബീബ (റ) സമ്മതിക്കുകയും ശേഷം കുടുംബവുമായി ബന്ധമുള്ള ഖാലിദ്ബ്നു സഈദുബ്നുൽ ആസ് (റ) എന്ന സ്വഹാബിയെ ഉമ്മു ഹബീബ (റ) ന്റെ വക്കീലായി നിശ്ചയിക്കുകയും ചെയ്തു .  ഇവർ മുഖേനയാണ് നബി (സ) തങ്ങളുമായുള്ള വിവാഹം നടക്കുന്നത്.


ഇവിടെ മുകളിൽ പറഞ്ഞ സംഭവം വായിച്ചവർക്കു മനസ്സിലാകും ഇത് വക്കാലത്ത് മുഖേന ഇരുകൂട്ടരും അംഗീകരിച്ചു നടന്ന വിവാഹമാണ്. ഈ വിവാഹ രീതി സാധുവാകുന്നതാണ് എന്ന് തന്നെയാണ് അഹ്ലു സുന്നത്തിന്റെയും നിലപാട് . വക്കാലത്തു മുഖേന വിവാഹം സാധുവാകും എന്നതിൽ ഒരു കക്ഷിക്കും തർക്കവുമില്ല 

പക്ഷെ എതിർ കക്ഷികൾ ഈ സംഭവം തന്നെയാണ് ഓൺലൈൻ നിക്കാഹിനും തെളിവായി കൊണ്ട് വരുന്നത്. ബുദ്ധിയുള്ളവർക്ക് ഇതിന്റെ പൊരുത്തക്കേട് മനസ്സിലാക്കാൻ സാധിക്കും . 



അവതരണം : ജമാൽ മൗലവി തൊടുപുഴ 
കേട്ടെഴുത്ത് : അബ്ദുൽ ഫത്താഹ് കോന്നി

Friday, 25 September 2020

രണ്ട് അശുദ്ധികൾ

 

അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക എന്നതാണ്

നിസ്കാരത്തിന്റെ ഒന്നാമത്തെ ശർത്ത്. അശുദ്ധികൾ രണ്ടു വിധമുണ്ട്. 

1. ചെറിയ അശുദ്ധി

2. വലിയ അശുദ്ധി

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ  വുളൂഅ് ചെയ്യണം. വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ കുളിക്കുകയും വേണം.


ചെറിയ അശുദ്ധി കൊണ്ട് ആറു കാര്യങ്ങൾ ഹറാമാകും. 

1. നിസ്കാരം

2. സുജൂദ്  

3. ജുമുഅ ഖുതുബ     

4. ത്വവാഫ്    

5. ഖുർആൻ സ്പർശിക്കുക  

6. ഖുർആൻ വഹിക്കുക

ഈ ആറ് കാര്യങ്ങൾക്ക് വേണ്ടി ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകണം, അഥവാ വുളൂഅ് ചെയ്യൽ നിർബന്ധമാണ്.


വുളൂഅ്

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ വുളൂഅ് ചെയ്യണം.  നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുന്നതിനാണ് വുളൂഅ് എന്ന് പറയുന്നത്. വുളൂഅ് സ്വഹീഹാകുവാൻ ചില നിബന്ധനകളും ഫർളുകളുമുണ്ട്. അതിനുപുറമേ അത് സമ്പൂർണ്ണമാകുവാൻ ചില സുന്നത്തുകളും പാലിക്കണം.


വുളൂഅ്ന്റെ ശർത്തുകൾ

1. ത്വഹൂറായ വെള്ളം കൊണ്ടാകുക.

സ്വയം ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂറായ വെള്ളം എന്ന് പറയുന്നത്. അപ്പോൾ മഴവെള്ളം, കിണർ വെള്ളം, പുഴവെള്ളം തുടങ്ങിയവ വുളൂഅ്ന് വേണ്ടി ഉപയോഗിക്കാം. 

എന്നാൽ നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, ചായ തുടങ്ങിയവ സ്വയം ശുദ്ധിയുള്ളത് (ത്വാഹിർ) ആണെങ്കിലും അതുപയോഗിച്ച് മറ്റൊന്നിനെ ശുദ്ധിയാക്കാൻ സാധിക്കാത്തതിനാൽ അവ വുളൂഅ്ന് പര്യാപ്തമാകുകയില്ല.

2. കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒഴുക്കുക

3.വെള്ളത്തിന്റെ ഗുണം (നിറം, മണം, രുചി എന്നിവ) വ്യത്യാസപ്പെടുത്തുന്ന 
സോപ്പു പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക

4. വെള്ളം ചേരുന്നതിനെ തടയുന്ന പെയ്ന്റ് പോലോത്ത വസ്തുക്കൾ 
അവയവങ്ങളിൽ ഇല്ലാതിരിക്കുക

5. നിത്യ അശുദ്ധിയുള്ളവർ (മൂത്രവാർച്ചക്കാരനെ പോലെ) സമയം ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.


നിത്യ അശുദ്ധിയുള്ളവർ

സദാസമയം അശുദ്ധി നിലനിൽക്കുന്നവർക്കാണ് നിത്യ അശുദ്ധിയുള്ളവർ എന്ന് പറയുന്നത്. നിസ്കാരസമയം കഴിയും മുമ്പ് ചുരുങ്ങിയ രൂപത്തിൽ ശുദ്ധിയോടെ നിസ്കാരം നിർവഹിക്കാൻ അവർക്ക് സാധിക്കില്ല. നിരന്തരം മൂത്രമോ കാഷ്ഠമോ വായുവോ പുറപ്പെടുന്നവർ, നിരന്തരം രക്തസ്രാവമുള്ളവൾ  തുടങ്ങിയവർ നിത്യ അശുദ്ധിയുള്ളവരാണ്. 

നിത്യ അശുദ്ധിയുള്ളവർ ഫർള് നിസ്കാരങ്ങൾക്കു വേണ്ടിയും സമയം നിശ്ചിതമായ സുന്നത്തുനിസ്കാരങ്ങൾക്കു വേണ്ടിയും സമയം പ്രവേശിക്കും മുമ്പ് വുളൂഅ് ചെയ്യാൻ പാടില്ല. നിസ്കാരസമയം ആയെന്നുറപ്പായ ശേഷം മാത്രമേ വുളൂഅ് നിർവഹിക്കാവൂ. അപ്രകാരം ഒരു വുളൂഅ് കൊണ്ട് ഒരു ഫർളു നിസ്കാരം മാത്രമേ നിർവഹിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ സുന്നത്ത് നിസ്കാരങ്ങൾ എത്രയും ആകാം.


നിത്യ അശുദ്ധിയുള്ളവർക്ക് നിർബന്ധമായ കാര്യങ്ങൾ

നിത്യ അശുദ്ധിയുള്ളവർ സമയമായതിന് ശേഷം മാത്രമേ വുളൂഅ് നിർവഹിക്കാവൂ. വുളൂഅ് ചെയ്യുന്നതിന് മുമ്പ് ഗുഹ്യ സ്ഥാനം ( നജസ് പുറപ്പെടുന്ന സ്ഥലം) കഴുകി വൃത്തിയാക്കി, പഞ്ഞി പോലോത്ത വസ്തുക്കൾ നിറച്ച് കൊണ്ട് കെട്ടിവെക്കൽ നിർബന്ധമാണ്.(നജസിന്റെ വരവ് തടയാനോ അല്ലെങ്കിൽ അതിനെ ലഘൂകരിക്കാൻ വേണ്ടിയോ ആണ് ഇപ്രകാരം ചെയ്യുന്നത്) ഓരോ ഫർളിന് വേണ്ടിയും ഇതുപോലെ കെട്ടുപുതുക്കലും ഈ നടപടികൾക്ക് ശേഷം വളരെവേഗത്തിൽ നിസ്കാരത്തിലേക്ക് തിരിയലും അവന് നിർബന്ധമാണ്. പള്ളിയിലേക്ക് പോകുക, ജുമുഅഃ/ ജമാഅത്ത് പ്രതീക്ഷിക്കുക തുടങ്ങിയ നന്മകൾക്കു വേണ്ടിയല്ലാതെ അവന് നിസ്കാരത്തെ പിന്തിപ്പിക്കരുത്. ജുമുഅ ഖുതുബ നിർവഹിക്കുന്ന ഖതീബ് നിത്യ അശുദ്ധിയുള്ളനാണെങ്കിൽ അവന് രണ്ടു വുളൂഅ് നിർബന്ധമാണ്. ഒന്ന് ഖുതുബക്കു വേണ്ടിയും മറ്റൊന്ന് ഖുതുബക്കു ശേഷം നിസ്കാരത്തിന് വേണ്ടിയും.


വുളൂഅ്ന്റെ ഫർളുകൾ

വുളൂഅ്ന്റെ ഫർളുകൾ ആറാകുന്നു.

1. നിയ്യത്ത് 

താഴെ പറയുന്ന ഏതെങ്കിലും ഒരു  രൂപത്തിൽ നിയ്യത്ത് കൊണ്ടുവരാം.

1. ഞാൻ വുളൂഅ്നെ കരുതി.
2. ഞാൻ വുളൂഅ് വീട്ടുന്നതിനെ കരുതി.
3. ഞാൻ വുളൂഅ്ന്റെ ഫർളിനെ കരുതി.
4. ഞാൻ വുളൂഅ്ന്റെ ഫർള് വീട്ടുന്നതിനെ കരുതി.
5. നിസ്കാരത്തെ ഹലാലാകുന്നതിനെ ഞാൻ കരുതി (നിസ്കാരം പോലോത്ത വുളൂഅ് നിർബന്ധമായ മറ്റേതു കാര്യത്തെയും ഹലാലാകുന്നതിനെ കരുതാം.
ഉദാ: ത്വവാഫിനെ ഹലാലാകുന്നതിനെ ഞാൻ കരുതി).

6. നിസ്കാരത്തിനു വേണ്ടിയുള്ള ശുദ്ധീകരണത്തെ ഞാൻ കരുതി (നിസ്കാരം പോലോത്ത വുളൂഅ് നിർബന്ധമായ മറ്റേതു കാര്യത്തിനും  വേണ്ടിയുള്ള ശുദ്ധീകരണത്തെ കരുതാം).

7. അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണത്തെ ഞാൻ കരുതി.
8. അശുദ്ധിയെ ഉയർത്തുന്നതിനെ ഞാൻ കരുതി.

എന്നാൽ നിത്യ അശുദ്ധിയുള്ളവർക്ക് ആദ്യ അഞ്ചു രൂപത്തിൽ മാത്രമേ നിയ്യത്ത്  പര്യാപ്തമാകൂ. അവർക്ക് ശുദ്ധി ലഭിക്കാത്ത കാരണം അവസാന മൂന്നു രൂപങ്ങളിൽ നിയ്യത്ത് കൊണ്ടുവരാൻ സാധിക്കുകയില്ല.


നിയ്യത്ത് കരുതേണ്ടത് എപ്പോൾ

മുഖം കഴുകുന്നതിന്റെ ആദ്യഭാഗത്തോട് അന്യയിച്ച് കൊണ്ടാണ് നിയ്യത്ത് കരുതേണ്ടത്. അപ്പോൾ നിയ്യത്ത് കരുതുന്നതിനു മുമ്പ് മുഖത്തിന്റെ ഭാഗം കഴുകിയിട്ടുണ്ടെങ്കിൽ നിയ്യത്തിന് ശേഷം ആ ഭാഗം വീണ്ടും കഴുകൽ നിർബന്ധമാണ്.

2. മുഖം കഴുകുക

വുളൂഅ്ന്റെ ഫർളുകളിൽ രണ്ടാമത്തേത് മുഖം കഴുകലാണ്. മുഖത്തിന്റെ നീളം സാധാരണ മുടി മുളയ്ക്കുന്ന സ്ഥലം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെയും മുഖത്തിന്റെ വീതി രണ്ടു ചെവികൾക്കിടയിലുമാണ്. ഈ പരിധിയിൽ പ്പെടുന്ന  രോമങ്ങളുടെ ഉള്ളും പുറവും കഴുകൾ നിർബന്ധമാണ്. അപ്പോൾ മീശ, പുരികം എന്നിവ പൂർണമായും കഴുകണം. എന്നാൽ തിങ്ങിയ താടിയുടെയും ഇടത്താടിയുടെയും ഉള്ള് കഴുകൾ നിർബന്ധമില്ല. സാധാരണ ഗതിയിൽ രണ്ടാളുകൾ തമ്മിൽ സംസാരിക്കുമ്പോൾ ഒരാൾക്ക് രണ്ടാമന്റെ താടി രോമങ്ങൾക്കിടയിലൂടെ അവന്റെ തൊലി കാണാൻ കഴിയുന്നില്ലായെങ്കിൽ അത് തിങ്ങിയ താടിയാണ്. അങ്ങനെ കാണാൻ സാധിച്ചാൽ അത് തിങ്ങിയ താടിയല്ല. അപ്പോൾ ആ താടിയുടെ ഉള്ളും പുറവും കഴുകൽ നിർബന്ധമാണ്.


കണ്ണിനുള്ള് കഴുകണോ

രണ്ട് ചെവികുറ്റികളും കഷണ്ടി തലയും മുഖത്തിന്റെ പരിധിയിൽ പെട്ടതല്ല, എങ്കിലും അവ കഴുകൽ സുന്നത്താണ്. എന്നാൽ രണ്ടു ചുണ്ടുകൾ മുഖത്തിൽ പെട്ടതാണ്. മുഖം മുഴുവൻ കഴുകി എന്നുറപ്പിക്കാൻ  മുഖത്തിന്റെ ചില പരിധികൾ കൂടി കഴുകൽ നിർബന്ധമാണ്.  വുളൂഅ് ചെയ്യുമ്പോൾ രണ്ട് കണ്ണുകളുടെ ഉൾഭാഗം കഴുകൾ നിർബന്ധമോ സുന്നത്തോ ഇല്ല, മറിച്ച് അത് കറാഹത്താണ്. എന്നാൽ കണ്ണിനുള്ളിൽ നജസായാൽ അത് നീക്കം ചെയ്യാൻ വേണ്ടി ഉള്ള് കഴുകൽ നിർബന്ധമാണ്.


3. രണ്ടു കൈകളും മുട്ട് ഉൾപ്പെടെ കഴുകുക

രോമം, നഖം, മുഴ, വിരലുകൾ തുടങ്ങി ഈ ഭാഗത്തുള്ള എല്ലാം കഴുകൽ നിർബന്ധമാണ്. ഒരാളുടെ കൈ മുട്ടിന് താഴെ വെച്ച് മുറിക്കപ്പെട്ടാൽ ബാക്കിഭാഗം (മുട്ട് വരെ) കഴുകൽ നിർബന്ധമാണ്. കൈമുട്ടിൽ വെച്ച് മുറിക്കപ്പെട്ടാൽ തോളൻകൈയുടെ തലഭാഗം കഴുകൽ നിർബന്ധമാണ്. മുട്ടിന് മുകളിൽ വെച്ച് മുറിക്കപ്പെട്ടാൽ തോളൻകൈയുടെ ബാക്കി ഭാഗം കഴുകൽ സുന്നത്താണ്, നിർബന്ധമില്ല.

4. തലയുടെ അല്പം ഭാഗം തടവുക

തലയുടെ പരിധിയിൽ വരുന്ന മുടിയോ തൊലിയോ തടവിയാൽ മതിയാകും. എന്നാൽ തലയുടെ പരിധിയിൽ നിന്നും പുറത്തിറങ്ങികിടക്കുന്ന (വലിച്ചുനീട്ടിയാൽ) തലമുടി തടവിയാൽ മതിയാവില്ല. തടവുന്നതിന് പകരം തല കഴുകാൻ പറ്റും, കറാഹത്തില്ല എന്നാണ് പ്രബലാഭിപ്രായം.

5. രണ്ടു കാലുകൾ ഞെരിയാണിയുൾപ്പെടെ കഴുകുക

നഖം, രോമം, വിരലുകൾ തുടങ്ങി ഈ ഭാഗത്തുള്ള എല്ലാം കഴുകൽ നിർബന്ധമാണ്. അപ്രകാരം  കാലിലുള്ള വിള്ളലുകളുടെയും ദ്വാരങ്ങളുടെയും ഉള്ള് കഴുകലും നിർബന്ധമാണ്. കാലിലോ മറ്റു അവയവങ്ങളിലോ ഉള്ള കുമിളകൾ പൊട്ടിയതാണെങ്കിൽ അതിന്റെ ഉൾഭാഗം കഴുകൾ നിർബന്ധമാകും. അത് പൊട്ടിയിട്ടില്ല, തൊലി ചേർന്നാണുള്ളതെങ്കിൽ ഉൾഭാഗം കഴുകേണ്ടതില്ല.
കാലിലോ മറ്റേതെങ്കിലും അവയവത്തിലോ മുള്ളോ മറ്റോ തറച്ചു, അതിന്റെ അറ്റം പുറത്തു കാണുന്നുണ്ടെങ്കിൽ അത് പറിച്ചെടുത്ത്, ആ ഭാഗം കഴുകൽ നിർബന്ധമാണ്. അത് പൂർണമായും ഉള്ളിലേക്ക് പ്രവേശിച്ചാൽ വുളൂഅ്നു വേണ്ടി അത് പുറത്തെടുക്കൽ നിർബന്ധമില്ല.

6. തർത്തീബ്

അഥവാ മേൽ പറയപ്പെട്ട ഫർളുകൾ  ക്രമത്തിൽ ചെയ്യുക. ഒരാൾ നാലു അവയവങ്ങളും ഒരുമിച്ചു കഴുകിയാൽ, ആദ്യാവയവമായ മുഖം മാത്രമേ വുളൂഅ്ന്റെ കഴുകലിൽ പരിഗണിക്കപ്പെടുകയുള്ളൂ. അപ്രകാരം വുളൂഅ്ന്റെ നിയ്യത്ത് കരുതി, തർത്തീബിനെ പരിഗണിക്കാതെ കുളിച്ചാൽ, വുളൂഅ് ലഭിക്കുകയില്ല. 

എന്നാൽ വുളൂഅ് ഇല്ലാത്തവൻ വുളൂഅ്ന്റെ നിയ്യത്ത് വെച്ച് കുളം, പുഴ പോലെയുള്ളതിൽ മുങ്ങിയാൽ, തർത്തീബിന്  സൗകര്യമായ സമയം മുങ്ങിയിട്ടില്ലെങ്കിൽ പോലും, വുളൂഅ് കരസ്ഥമാകുന്നതാണ്. അതേപോലെ തന്നെ, ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഉള്ളവൻ വലിയ അശുദ്ധിയുടെ നിയ്യത്ത് കരുതി കുളിച്ചാൽ, തർത്തീബിനെ പരിഗണിച്ചില്ലെങ്കിൽ പോലും, ചെറിയ അശുദ്ധിയും നീങ്ങുന്നതാണ്.


സഹായം കൊണ്ട് വുളൂഅ്

മറ്റൊരാളുടെ സഹായം കൊണ്ടും  വുളൂഅ് നിർവഹിക്കാം. കാരണം, വുളൂഅ്ന്റെ അവയവങ്ങൾ കഴുകുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം, സ്വന്തം നിലക്കോ മറ്റൊരാളുടെ സഹായം കൊണ്ടോ പുഴ പോലെയുള്ളതിൽ മുങ്ങൽ കൊണ്ടോ അവയവങ്ങൾ നനയണം എന്നതാണ്.  മറ്റൊരാളുടെ സഹായം കൊണ്ടാകുമ്പോൾ  അവയവങ്ങൾ കഴുകുന്നതിനിടയിൽ നിയ്യത്തിനെ ഓർക്കൽ നിബന്ധനയാണ്. എന്നാൽ സ്വന്തം നിലയിൽ ആകുമ്പോൾ ഇടയിൽ നിയ്യത്ത് കരുതൽ നിർബന്ധമില്ലെങ്കിലും വുളൂഅ് അല്ലാത്ത മറ്റൊരു കാര്യത്തിലേക്കും വ്യതിചലിക്കാതിരിക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് വുളൂഅ് ചെയ്ത് കൊണ്ടിരിക്കേ കൈയിലേക്ക് വെള്ളം ഒഴിക്കും നേരം കൈയിലെ അഴുക്ക് നീങ്ങാനോ, കൈ തണുപ്പിക്കാനോ  കഴുകുന്നുവെന്ന് കരുതാതിരിക്കൽ നിർബന്ധമാണ്.


വുളൂഇന്റെ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ


1. വുളൂഅ്ന്റെ സുന്നത്തുകൾ നിർവഹിക്കുന്നു എന്ന നിയ്യത്ത് മനസ്സിൽ കരുതുകയും അത് നാവു കൊണ്ട് ഉച്ചരിക്കുകയും ചെയ്യുക

അഊദ്, ബിസ്മി, മിസ് വാക്ക് ചെയ്യുക തുടങ്ങി വുളൂഅ്ന്റെ തുടക്കത്തിൽ നിർവഹിക്കുന്ന കാര്യങ്ങൾ പ്രതിഫലാർഹമാകണമെങ്കിൽ ഇപ്രകാരം നിയ്യത്ത് കരുതണം.

2. അഊദ് ഓതുക
3. ബിസ്മി ചൊല്ലുക

ബിസ്മിയുടെ ചുരുങ്ങിയ രൂപം بِسْمِ الله എന്നും പൂർണ്ണരൂപം

بسم الله الرحمن الرحيم - എന്നുമാണ്. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പഠനം, എഴുത്ത് തുടങ്ങി എല്ലാ പ്രശംസനീയ കാര്യങ്ങളുടെയും തുടക്കത്തിൽ ബിസ്മി ചൊല്ലൽ സുന്നത്താണ്. തുടക്കത്തിൽ ബിസ്മി ചൊല്ലാത്തവന്, ഇടയിൽ ഓർമ്മ വന്നാൽ 

بسم الله أَوَّلَهُ وَآخِرَهُ - എന്ന് പറയൽ സുന്നത്താണ്. എന്നാൽ സംയോഗം പോലോത്ത ഇടയിൽ സംസാരിക്കാൻ പാടില്ലാത്ത കാര്യങ്ങളുടെ തുടക്കത്തിൽ ബിസ്മി ചൊല്ലാത്തവന് ഇടയിൽ അത് വീണ്ടെടുക്കൽ സുന്നത്തില്ല.

4. രണ്ടു ശഹാദത്ത് കലിമ ചൊല്ലുക.
5. ഹംദ് ചൊല്ലുക

الحَمْدُ لله الّذِي جَعَلَ المَاء طَهُورًا. - എന്ന് പറയുക.

6. രണ്ടു മുൻകൈകൾ കഴുകുക.
7. മിസ് വാക്ക് ചെയ്യുക.
8. വായിൽ വെള്ളം കൊപ്ലിക്കുക,മൂക്കിൽ വെള്ളം കയറ്റിചീറ്റുക.

വായിലും മൂക്കിലും വെള്ളം എത്തിക്കൽ കൊണ്ട് തന്നെ ഈ സുന്നത്ത് ലഭിക്കും. ഇതിന്റെ പൂർണ രൂപം മൂന്ന് കോരൽ വെള്ളം എടുത്ത്, ഓരോ കോരൽ വെള്ളവും വായിലും മൂക്കിലും എത്തിക്കുക, വായിൽ വെള്ളം ചുറ്റിയ ശേഷം വെള്ളം കൊപ്ലിച്ച് തുപ്പുകയും മൂക്കിലുള്ള വെള്ളം ഇടത് കൈ കൊണ്ട് പിരിഞ്ഞു കളയുകയും ചെയ്യണം. മൂക്കിലെ അഴുക്കുകൾ ഇടതു ചെറുവിരൽ കൊണ്ടാണ് കളയേണ്ടത്.


ദന്ത ശുദ്ധീകരണം

"എന്റെ ഉമ്മത്തിനു പ്രയാസമാകുമെന്ന് ഞാൻ ഭയന്നില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിന് വേണ്ടി മിസ് വാക്ക് ചെയ്യാൻ ഞാൻ നിങ്ങളോടു കൽപിക്കുമായിരുന്നു" എന്ന ഹദീസ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപ്രകാരം ദന്തശുദ്ധീകരണം റബ്ബിന്റെ തൃപ്തി കരസ്ഥമാക്കാൻ സഹായിക്കുന്നു എന്നും ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല, ദന്തശുദ്ധീകരണം ചെയ്തു നിർവഹിക്കുന്ന രണ്ടു റക്അത്ത് നിസ്കാരം ദന്തശുദ്ധീകരണം ഇല്ലാതെ നിർവഹിക്കുന്ന 70 റക്അത്തുകളെക്കാൾ ശ്രേഷ്ഠവുമാണ്.


ദന്തശുദ്ധീകരണം: അഞ്ച് വിധികൾ

വുളൂഅ്ൽ എന്ന പോലെ നിസ്കാരം, ഖുർആൻ പാരായണം, ഹദീസ് വായന,  പള്ളിയിലോ വീട്ടിലോ പ്രവേശിക്കുക, വായയുടെ ഗന്ധം വ്യത്യാസപ്പെടുക, പല്ലുകളുടെ നിറം മാറുക, ഉറങ്ങുന്നതിനു മുമ്പ്, ഉറക്കമുണർന്നാൽ തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയും ദന്തശുദ്ധീകരണം നടത്തൽ ശക്തമായ സുന്നത്താണ്. നോമ്പുകാരൻ അകാരണമായി ഉച്ചയ്ക്ക് ശേഷം പല്ലു തേക്കൽ കറാഹത്താണ്. ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ച ആയാൽ പല്ലു തേക്കൽ അവന് കറാഹത്താകുകയില്ല.

മറ്റൊരാളുടെ ബ്രഷോ മിസ് വാക്കോ ഉപയോഗിച്ച് അവന്റെ തൃപ്തിയുണ്ടെന്നുറപ്പില്ലാതെ ദന്തശുദ്ധീകരണം നടത്തൽ ഹറാമാണ്.
തൃപ്തി ഉണ്ടെന്നറിഞ്ഞാൽ മറ്റൊരാളുടെ ബ്രഷ് ഉപയോഗിക്കുന്നത് ഹിലാഫുൽ ഔലയാണ് (നല്ലതിനെതിരാണ്). വായിൽ നജസായാൽ അത് ശുദ്ധിയാക്കാൻ വേണ്ടി ദന്തശുദ്ധീകരണം നടത്തൽ നിർബന്ധവുമാണ്.

എന്തുകൊണ്ട് പല്ലു തേക്കണം

വിരൽ അല്ലാത്ത ഉരമുള്ള ഏതു വസ്തു കൊണ്ടും മിസ് വാക്ക് ചെയ്യാം. ഉരമുള്ളവയിൽ മരക്കൊമ്പാണ് മറ്റുള്ളവയെക്കാൾ ശ്രേഷ്ഠം. മരക്കൊമ്പുകളിൽ ഏറ്റവും ഉത്തമം സുഗന്ധമുള്ളതാണ്. ആ കൂട്ടത്തിൽ ഏറ്റവും ഉത്തമം "അറാക്ക്" എന്ന മരകമ്പുകളാണ്. (ഫത്ഹുൽ മുഈൻ: 17)

അറാക്കിന്റെ മരകമ്പുകളാണ് വേരുകളെക്കാൾ ഉത്തമം. അറാക്കിന്റെ കമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം വെള്ളം കൊണ്ട് നനച്ചതാണ് അതു കഴിഞ്ഞാൽ പിന്നെ ഉത്തമം പനിനീർ കൊണ്ട് നനച്ചതും അതിന് ശേഷം ഉമിനീർ കൊണ്ട് നനച്ചതുമാണ്. പിന്നെ നല്ലത് നനക്കാത്ത ഉണങ്ങിയ കൊമ്പും അത് കഴിഞ്ഞാൽ പച്ചകമ്പുമാണ്. അപ്രകാരം ദന്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന മിസ് വാക്കിന്റെ നീളം ഒരു ചാണിനെക്കാൾ കൂടാതിരിക്കലും സുന്നത്താണ്.

എങ്ങനെ ബ്രഷ് / മിസ് വാക്ക് പിടിക്കണം

വലതു കൈയ്യിൽ, ചെറുവിരലും തള്ളവിരലും ബ്രഷിന്റെ താഴെയും മറ്റു വിരലുകൾ മുകളിലും വരും വിധത്തിലാണ് മിസ് വാക്ക് പിടിക്കേണ്ടത്. തള്ളവിരൽ മിസ് വാക്കിന്റെ തലഭാഗത്തേക്ക് ചേർത്താണ് വെക്കേണ്ടത്.

എങ്ങനെ ദന്തശുദ്ധീകരണം വരുത്തണം

പല്ലുകളിൽ വീതിയിലും നാവിൽ നീളത്തിലുമാണ് മിസ് വാക്ക് പ്രയോഗിക്കേണ്ടത്. പല്ലു തേക്കുമ്പോൾ ഇടത് ഭാഗത്തെക്കാൾ വലതു വശത്തെ മുന്തിക്കണം. വലതു വശത്തെ മേൽ പല്ലുകളുടെ പുറംഭാഗമാണ് ആദ്യം തേക്കേണ്ടത്. പിന്നെ അതിന്റെ ഉൾഭാഗവും അതിന് ശേഷം വലതു വശത്തെ താഴെപ്പല്ലുകളുടെ പുറംഭാഗവും അതു കഴിഞ്ഞാൽ ഉൾവശവും തേക്കണം. ഈ ക്രമത്തിൽ ഇടത് ഭാഗത്തെ പല്ലുകളും തേക്കണം. അഥവാ ഇടതു ഭാഗത്തെ മേൽപല്ലുകളുടെ പുറം ഭാഗവും പിന്നെ ഉൾഭാഗവും ശേഷം ഇടത് ഭാഗത്തെ താഴെപ്പല്ലുകളുടെ ഉള്ളും പിന്നെ പുറം ഭാഗവും തേക്കണം. അപ്രകാരം വായുടെ മേൽ ഭാഗത്ത് മിസ് വാക്ക് മൃദുവായി നടത്തലും സുന്നത്താണ്. ദന്തശുദ്ധീകരണത്തിന് മുമ്പും ശേഷവും മിസ് വാക്ക് / ബ്രഷ് കഴുകലും സുന്നത്താണ്.


വുളൂഅ്ന്റെ ഇടയിലുള്ള സുന്നത്തുകൾ


1.മുഖവും കൈകാലുകളും കയറ്റി കഴുകുക

മുഖത്തിന്റെ പരിധിയിൽ പെട്ട നിർബന്ധഭാഗങ്ങൾ കഴുകുന്നതിനു പുറമേ തലയുടെ മുൻഭാഗം, രണ്ടു ചെവികൾ, കഴുത്തിന്റെ ഇരു പാർശ്വങ്ങൾ എന്നിവ കൂടി കഴുകൽ സുന്നത്താണ്.

കൈമുട്ട് വരെയുള്ള നിർബന്ധഭാഗം കഴുകുന്നതിനു പുറമേ തോളൻകൈ കൂടി കയറ്റി കഴുകൽ സുന്നത്താണ്.

കാൽഞെരിയാണി വരെയുള്ള നിർബന്ധഭാഗം കഴുകുന്നതിനു പുറമേ തണ്ടൻകാലുകളും കൂടി കയറ്റി കഴുകൽ സുന്നത്താണ്.



അവലംബം:  خلاصة الفقه الاسلامي - അത്യുത്തമ കർമ്മങ്ങൾ

Tuesday, 22 September 2020

ജൂതന്മാരോടുള്ള മുസ്ലിമിന്‍റെ സമീപനം എന്തായിരിക്കണം? ജൂതനാണ് എന്ന ഒറ്റക്കാര്യം കൊണ്ട് ഒരാളെ ശത്രുപക്ഷത്ത് നിര്‍ത്തണോ? അവരിലും മുസ്ലീങ്ങളോട് അനുകമ്പയും ദയയുമുള്ളവരോടുള്ള സമീപനം എന്തായിരിക്കണം? ഇസ്ലാം മൊത്തത്തില്‍ ജൂതരെ ശത്രുവായി കാണുന്നുണ്ടോ?

 

നബി(സ്വ)യുടെ കാലത്ത് ഇസ്ലാമിന്ന് നാനാവിധ ശത്രുക്കളുണ്ടായിരുന്നല്ലോ. എന്നാല്‍, അത്തരക്കാരില്‍ ഏറ്റവും വലിയ ബദ്ധവൈരികള്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്ന്  വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിന്‍റെ ശത്രുക്കളോട് ആശയപരമായും വിശ്വാസപരമായും എല്ലാ അര്‍ത്ഥത്തിലും അകലവും അമര്‍ശവും കാണിക്കുന്നതോടൊപ്പം ശത്രുക്കളാണെങ്കില്‍ പോലും വ്യക്തിപരമായും മാനുഷികപരമായും ഉള്ള എല്ലാ കടമകളും അവരോടും പാലിക്കണമെന്നും എല്ലാ സ്നേഹാദരങ്ങളോടെയും മാനവികമൂല്യങ്ങളോടെയുമാണ് അവരോടും പെരുമാറേണ്ടതെന്നുമാണ് തിരുനബി(സ്വ) അവിടത്തെ ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ളത്.

ഇസ്ലാമിന്‍റെയും മുസ്ലിമിന്‍റെയും ശത്രുവായിരുന്നാല്‍ പോലും അവരോട് പെരുമാറേണ്ട രീതിയും സ്വഭാവവും ഇസ്ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളോ ഇസങ്ങളോ പ്രചരിപ്പിക്കുന്നത് പോലെ വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ അസഹിഷ്ണുതയുടെയോ വൈകാരികതയുടെയോ തീവ്രതയുടെയോ രീതിയല്ല. തിരുനബി(സ്വ) മദീനായിലെത്തിയപ്പോള്‍ അവിടെയുള്ള ജൂതന്മാരോട് കാണിച്ച പെരുമാറ്റരീതി ഹദീസുകളില്‍ നിന്ന് നമുക്ക് മനസിലാക്കാം.

ജൂതന്മാരോടുള്ള സാമ്പത്തികഇടപാടുകള്‍, പൊതുഇടപെടലുകള്‍, നീതിന്യായസമീപനങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ ചരിത്രഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും സുലഭമാണ്.

ജൂതന്മാരുമായുള്ള കച്ചവടഇടപാടുകള്‍ (സീറതുബ്നിഹിശാം 2-48), ഉസ്മാന്‍ (റ) റൂമാ കിണര്‍ യഹൂദിയില്‍ നിന്ന് വിലകൊടുത്തുവാങ്ങിയ സംഭവം (മുഅ്ജമുല്‍ബൂല്‍ദാന്‍ 3-104), കിണറ് വാങ്ങുന്ന സമയത്തും പിന്നീടും ജൂതനായ ഉടമസ്ഥന് നല്‍കിയ പരിഗണന (സാദുല്‍മആദ് 5-713,714), ജൂതന്‍റെ കയ്യില്‍ തിരുനബി അങ്കി പണയം വെച്ച സംഭവം (ബുഖാരി 2088, 2759) (മുസ്ലിം 1603) (തുര്‍മുദി 1214), (നസാഈ 6247), (ഇബ്നുമാജ 2438), സ്വഹാബിയും യഹൂദിയും തമ്മിലുള്ള തര്‍ക്കത്തില്‍ ജൂതന് അനുകൂലമായി നീതിപൂര്‍ണമായ വിധി നല്‍കിയ സംഭവം (ബുഖാരി 2281) (മുസ്ലിം 2347), ജൂതനും ജാബിര്‍(റ)ഉം തമ്മിലുള്ള ചരിത്രം (ബുഖാരി 5128), ബാഹ്യമായി ജൂതന്‍ കുറ്റക്കാരനെന്ന് തോന്നിയ സംഭവത്തില്‍ ജൂതനെതിരെ വിധി പറയാനൊരുങ്ങുമ്പോള്‍ ഖുര്‍ആന്‍ അവതരിച്ച് ജൂതന്‍റെ നിരപരാധിത്വം വ്യക്തമായ സംഭവം (നിസാഅ് 105), ജൂതന് കടം നല്‍കാനുണ്ടായിരുന്ന സ്വഹാബിയെ കുറിച്ച് ജൂതന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് തിരുനബി(സ്വ) കടബാധ്യത തീര്‍ത്ത സംഭവം (മുസ്നദു അഹ്മദ് 15528) തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ ജൂതന്മരോട് തിരുനബി (സ്വ) കാണിച്ച നീതിയുക്തവും സൌമ്യപൂര്‍ണവുമായ സമീപനത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.

എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ, ഇസ്ലാമിന്‍റെ ബദ്ധവൈരികളായ ജൂതരുടെ ആശയാദര്‍ശങ്ങളെ പൂര്‍ണമായും വെടിഞ്ഞുനില്‍ക്കല്‍ വിശ്വാസിയുടെ മേല്‍ ബാധ്യതയാണ്. അവരുടെ ആചാരങ്ങളുമായോ അനുഷ്ഠാനങ്ങളുമായോ വിശ്വാസി ഒരുതരത്തിലുള്ള സമാനതയും സ്വീകരിക്കരുതെന്നാണ് ശറഇന്‍റെ കല്‍പന. അവരോട് സാദൃശ്യപ്പെടുകയെന്നത് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും കര്‍ശനമായി വിലക്കിയതാണ്. ഇസ്ലാമിനോടും മുസ്ലിമിനോടുമുള്ള അവരുടെ ശത്രുതാപരമായ നിലപാട് തന്നെയാണിതിന് കാരണം.

‘മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്ന് താങ്കള്‍ക്ക് കാണാം’ (സൂറതുല്‍മാഇദ 82).

മേല്‍പറഞ്ഞ രണ്ടു കക്ഷികളുടെയും ശത്രുതാപരമായ നിലപാടിന് നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. തിരുനബി(സ്വ)ക്ക് നേരെ നടന്ന പതിനഞ്ചോളം വതശ്രമങ്ങളില്‍ മുഴുവന്‍ പ്രതികള്‍ ഈ രണ്ടു വിഭാഗക്കാരായിരുന്നു.

തിരുനബി(സ്വ)യുടെ മുമ്പ് കഴിഞ്ഞുപോയ നിരവധി പ്രവാചകന്മാര്‍ ജൂതരാല്‍ വധിക്കപ്പെട്ട ചരിത്രം പലയിടങ്ങളായി  വിവരിക്കുന്നുണ്ട് (അല്‍ബഖറ 61,87, ആലുഇംറാന്‍ 21).

മുസ്ലിമകളോടും വിശിഷ്യാ തിരുനബിയോടുമുള്ള ജൂതന്മാരുടെ വെറുപ്പും ശത്രുതയും വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. ജൂതരുമായി സഹവാസമോ സഹവര്‍ത്തിത്തമോ ഇസ്ലാം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല (ഫാതിഹ 6-7).

'കോപത്തിന് ഇരയായവർ' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്.

ജൂതന്മാരുടെ നിന്ദ്യതയുടെയും ഭീരുത്വത്തിന്‍റെയും കാരണം അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്.

അവരുടെ മേൽ നിന്ദ്യതയും പതിത്വവും അടിച്ചേൽപിക്കപ്പെടുകയും, അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌ (അല്‍ബഖറ 61).

ജൂതന്മാരുടെ വഴി സ്വീകരിക്കലും അവരോട് സമാനത പുലര്‍ത്തലും ഖുര്‍ആന്‍ തന്നെ വിലക്കിയിട്ടുണ്ട്.

പ്രസ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും ഭിന്നാഭിപ്രായക്കാരും വ്യത്യസ്തകക്ഷികളുമായവരെപ്പോലെ നിങ്ങളാകരുത് (ആലുഇംറാന്‍ 105)

വേദക്കാരാണ് മേല്‍സൂക്തം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ജൂതന്മാര്‍ പലവിഭാഗമാണ്, പരീശന്മാര്‍, സെദൂക്യന്മാര്‍, ശമര്യന്മാര്‍, പുരോഹിതന്മാര്‍...... ക്രിസ്ത്യാനികളാകട്ടെ അതിലേറെയുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആരിയസിന്റെ അനുയായികള്‍, നെസ്റ്റോറിയന്മാര്‍, മാറോനൈറ്റ്‌സ്, കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭ, പൗരസ്ത്യസഭ..... രണ്ടായിരത്തിലധികം വിഭാഗങ്ങളുണ്ട് അമേരിക്കയില്‍. അല്ലാഹുവിങ്കല്‍ നിന്നു തൗറാത്തും ഇന്‍ജീലും ലഭിച്ച ശേഷമാണിവര്‍ ഇങ്ങനെ ഭിന്ന പക്ഷക്കാരായത് എന്നാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്.

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ പീഡിപ്പിച്ചവരെ പോലെയാകരുത്. അങ്ങനെ അവരുടെ ജല്‍പനങ്ങളില്‍ നിന്ന് അദ്ദേഹത്തെയവന്‍ വിമുക്തനാക്കുകയുണ്ടായി. അല്ലാഹുവിങ്കല്‍ അദ്ദേഹം ഉല്‍കൃഷ്ടനാകുന്നു (അഹ്സാബ് 69)

സൈനബ് ബീവി(റ)യെ വിവാഹം ചെയ്തതിലും മറ്റു പല കാര്യങ്ങളിലും തിരുമേനി(സ്വ)യെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളോടും മുനാഫിഖുകളോടുമാണ് മേല്‍നിരോധം. ജൂതന്മാര്‍ മൂസാനബിയെ ബുദ്ധിമുട്ടിച്ചതു പോലെ, നിങ്ങള്‍ നബിയെ ബുദ്ധിമുട്ടിക്കരുത്.മൂസാനബി(അ)ന് വെള്ളപ്പാണ്ടുണ്ടെന്നും അതിനാലാണ് എപ്പോഴും വസ്ത്രം ധരിച്ചു നടക്കുന്നതെന്നുമായിരുന്നു ആ വിഡ്ഢികളുടെ ജല്‍പനം. എന്നാല്‍, അത് തിരുത്തിയ സംഭവം ബുഖാരിയും മറ്റും ഉദ്ധരിച്ച ഹദീസിലുണ്ട്.

അല്ലാഹുവിനെയും സത്യസന്ദേശങ്ങളുമായവതരിച്ച ഖുര്‍ആനെയും അനുസ്മരിച്ചുകൊണ്ട് ഹൃദയങ്ങള്‍ ഭീതിദമാകാനും നേരത്തെ വേദം ലഭിച്ചവരെപ്പോലെയാകാതിരിക്കാനും-അവര്‍ക്ക് കാലദൈര്‍ഘ്യം വരികയും തദ്വാരാ ഹൃദയകാഠിന്യമുണ്ടാവുകയും മിക്കവരും അധര്‍മകാരികളാവുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു സമയമായില്ലേ? (സൂറതുല്‍ഹദീദ് 16).

നേരത്തെ വേദം ലഭിച്ചവര്‍ ജൂത-ക്രിസ്ത്യാനികളാണ്. മൂസാനബി(അ)നു ശേഷം ആയിരത്തി എണ്ണൂറും ഈസാനബി(അ)നു ശേഷം അഞ്ഞൂറും വര്‍ഷം കഴിഞ്ഞാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഈ നീണ്ട കാലഘട്ടം കടന്നുപോയതിനാല്‍ രണ്ടുമതങ്ങള്‍ക്കും ഗുരുതരമായ ചൈതന്യശോഷണം വന്നിരുന്നു. അടിസ്ഥാനശിലയായ തൗഹീദില്‍ നിന്നുതന്നെ അവര്‍ വ്യതിചലിച്ചു കഴിഞ്ഞിരുന്നല്ലോ. സന്മാര്‍ഗ വ്യതിചലനം സംഭവിച്ചു എന്നര്‍ത്ഥം. തൗഹീദിന്റെയും സന്മാര്‍ഗത്തിന്റെയും നിലനില്‍പിന്നായി രംഗത്തിറങ്ങിയ ആരിയസിനെപ്പോലെയുള്ള ഒട്ടേറെ പരിഷ്‌കര്‍ത്താക്കളെ അവര്‍ നിഷ്‌കരുണം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു.

ജൂതരുടെ കുതന്ത്രവും ചതിപ്രയോഗങ്ങളും ഭയപ്പെടേണ്ടതാണെന്നും അവരുടെ സമര്‍ത്ഥനങ്ങളും വാദങ്ങളും പൊള്ളത്തരമാണെന്നും മിഥ്യയെ സത്യമാക്കി അവതരിപ്പിക്കുന്ന അവരുടെ തലതിരിഞ്ഞ നിലപാടും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുഇംറാന്‍ 72-73, മാഇദ 18, മാഇദ 64 എന്നീ സൂക്തങ്ങള്‍ ഉദാഹരണം.

ജൂതന്മാരുടെ സ്ഥാപിതസ്വഭാവമായ ദൈവഗ്രന്ഥങ്ങിലെ മാറ്റത്തിരുത്തലുകളെ ഖുര്‍ആന്‍ കൃത്യമായി ആവരണം ചെയ്യുന്നതിലൂടെ ലക്ഷീകരിക്കപ്പെടുന്നത് അവരില്‍ നിന്ന് അകലം പാലിക്കുന്നതിലൂടെ നമ്മുടെ മതത്തിന്‍റെ സംരക്ഷണം നിറവേറ്റല്‍കൂടിയാണ്. നിസാഅ് 46, മാഇദ 41, ആലുഇംറാന്‍ 69 നിസാഅ് 44 എന്നീ ആയതുകളില്‍ ഇത് കാണാം.

ജൂതന്മാരുടെ ഫിത്നയും ഫസാദും വേണ്ടവോളം മനസിലാക്കാവുന്ന ഭൂതകാലചരിത്രവും സമകാലികസംഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. ഭാവിചരിത്രവും പൂര്‍വ്വചരിത്രത്തിന്‍റെ തുടര്‍ച്ചയായിരിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിച്ചിട്ടുണ്ട്.

അല്ലാഹു ഹസ്തബന്ധിതനാണ് എന്നു യഹൂദികള്‍ ജല്‍പിക്കുന്നു. എന്നാല്‍ അവരുടെ കൈകളാണ് ബന്ധിച്ചുവെക്കപ്പെട്ടിരിക്കുന്നത്-മൗഢ്യം പറഞ്ഞതിനാല്‍ അവര്‍ അഭിശപ്തരായി -അല്ലാഹുവിന്റെ ഇരു കൈകളും നിവര്‍ത്തി വെക്കപ്പെട്ടതാകുന്നു; താന്‍ ഉദ്ദേശിക്കുന്ന വിധം അവന്‍ ചെലവഴിക്കും. താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ യും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല (മാഇദ 64) .

സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമ്പോള്‍, അല്ലാഹു പിശുക്കനാണ്, അതുകൊണ്ടാണ് നമുക്ക് സമ്പത്ത് തരാത്തത് എന്നു ചില യഹൂദികള്‍ രഹസ്യമായി പറഞ്ഞിരുന്നു. അതാണ് പശ്ചാത്തലം. കൈ എന്ന പ്രയോഗം ഇവിടെ ആലങ്കാരികമാണ്, ഔദാര്യം ആണ് ഉദ്ദേശ്യം. സൃഷ്ടികളെപ്പോലെ, കൈയും കാലുമൊന്നും അല്ലാഹുവിന്ന് ഇല്ലല്ലോ. ഈ വിധം പലതരം വിടുവായത്തങ്ങളും മൗഢ്യങ്ങളും നിസ്സങ്കോചം പറഞ്ഞിരുന്നതിനാല്‍ ജൂതര്‍ അല്ലാഹുവിന്റെ ശാപത്തിനു വിധേയരാവുകയുണ്ടായി.

ഓരോ ഖുര്‍ആന്‍ സൂക്തമിറങ്ങുമ്പോഴും, തിരുമേനി (സ്വ) ഓരോ പുതിയ മതകാര്യം പഠിപ്പിക്കു മ്പോഴും ജൂതന്മാര്‍ അത് നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യും. തദ്ഫലമായി സത്യനിഷേധം നാള്‍ക്കുനാള്‍ അവരില്‍ വര്‍ധിച്ചുവന്നുകൊണ്ടിരിക്കുമല്ലോ. ഈ ധിക്കാര മനഃസ്ഥിതി മൂലം അവരില്‍ അന്ത്യനാള്‍ വരെയും പരസ്പര ശത്രുത അല്ലാഹു നിക്ഷേപിച്ചിരിക്കുകയാണ്. യഹൂദികള്‍ നാനാ ഭാഗത്തു നിന്നുമായി വന്ന് ചേക്കേറിയ ഇസ്രയേല്‍ രാഷ്ട്രത്തിലും മറ്റിടങ്ങളിലുമൊക്കെ ഈ ഛിദ്രത കാണാം. പക്ഷേ, അതു മറച്ചു വെച്ച്, ഇസ്‌ലാം എന്ന പൊതു ശത്രുവിനെതിരെ അവര്‍ ഒറ്റക്കെട്ടായിരിക്കുന്നു എന്നുമാത്രം.

മേല്‍വിവരിക്കപ്പെട്ടതില്‍ നിന്ന് ജൂതന്മാര്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ഏതു തരത്തിലാണ് പെരുമാറുന്നതെന്ന് വ്യക്തമായല്ലോ. ചരിത്രവും വര്‍ത്തമാനവും നമുക്ക് മുമ്പില്‍ തെളിവുകളായി ഏറെയുണ്ട്താനും.

ചുരുക്കത്തില്‍ വൈയക്തികവും മാനുഷികവുമായ വിഷയങ്ങളില്‍ ജൂതരോട് സൌമ്യസമീപനം സ്വീകരിക്കുന്നതോടൊപ്പം ആശയപരമായും മതപരമായും ജൂതരോട് പൂര്‍ണമായ അകലം പാലിക്കേണ്ടതും അവരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ശത്രുതാമനോഭവാത്തെയും വഞ്ചനാപരമായ നിലപാടിനെയും കരുതിയിരിക്കേണ്ടതുമാണെന്ന് മനസിലായല്ലോ.


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം

എട്ടുകാലിയും ഇസ്‌ലാമിക നിയമവും



പരിശുദ്ധ ഖുർആനിലെ 114 സൂറത്തുകളിൽ 29 മത്തെ സൂറത്തിന്റെ നാമം തന്നെ "സൂറത്തുല്‍ അങ്കബൂത്ത്" എന്നാണ് . മലയാള അർഥം എട്ടുകാലി എന്ന് . അല്ലാഹു തആല ഖുർആനിലൂടെ പേരെടുത്ത് പരാമർശിച്ച ഒരു ജീവികൂടിയാണിത് .  

മൃഗങ്ങളുടെ പേരുള്ള ആറ് അധ്യായങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട് -അല്‍ ബക്വറ (പശു), അല്‍ അന്‍ആം (കന്നുകാലികള്‍), അന്നഹല്‍ (തേനീച്ച), അന്നംല് (ഉറുമ്പ്), അല്‍ അന്‍കബൂത്ത് (എട്ടുകാലി), അല്‍ ഫീല്‍ (ആന). കൂടാതെ ക്വുര്‍ആനിലെ ആയത്തുകളില്‍ മുപ്പത്തിയഞ്ചോളം പക്ഷിമൃഗാദികളെ പരാമര്‍ശിക്കുന്നു.

ഏകദൈവാരാധനയെ സ്ഥാപിക്കാനും ബഹുദൈവാരാധനയുടെ നിരര്‍ത്ഥകത പഠിപ്പിക്കാനും എട്ടുകാലിയെ അല്ലാഹു ഖുർആനിലൂടെ ഉപമിക്കുന്നുണ്ട്.

അതിന്റെ സാരാംശം ഇങ്ങനെ ഗ്രഹിക്കാം


مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ ﴾٤١﴿


അല്ലാഹുവിനു പുറമെ (ഏതെങ്കിലും) രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടുണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാകുന്നു. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ. അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍! (29:41)

എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി ആര്‍ക്കും അറിയാവുന്നതാണ്. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതു പര്യാപ്തമല്ല. കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതു കേടുവന്നു പോകയും ചെയ്യും. 


ഇവിടുത്തെ പ്രതിപാദ്യ വിഷയം എട്ടുകാലിയെ കൊല്ലൽ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കലാണ്  


നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ ) 


അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:

طهروا بيوتكم من نسج العنكبوت فان تركه يورث الفقر 


എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്.


ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:

ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ 


പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514) 


ഇമാം ശിഹാബുദ്ദീൻ റംലി (റ) വിശദീകരിക്കുന്നു:

ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിഷജീവിയാണന്നു ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)


നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.

ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:  

ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗത്തിനെയാണ്.( ഫൈളുൽ ഖദീർ )

ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ് ലുസുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.

സ്ത്രീകളുടെ പ്രസവം നിർത്തൽ

 

സ്ത്രീകളുടെ പ്രസവം നിർത്തൽ വന്ധ്യംകരണ ശസ്ത്രക്രിയ തുടങ്ങിയ മാർഗങ്ങളിലൂടെ സ്ത്രീകളുടെ പ്രസവം സ്ഥിരമായി നിർത്തുന്നതിനുള്ള ഇസ്‌ലാമിക വിധി എന്താണ് ? പ്രസവം നിർത്തുന്നത് കൊണ്ട് സ്ത്രീകൾക്ക് ശാരീരികമായ വല്ല രോഗങ്ങളും ദോഷങ്ങളും ഉണ്ടാകും എന്ന് ഫിഖ്ഹ് പറയുന്നുണ്ടോ ? 


ഏത് മാർഗം ഉപയോഗിച്ചാണെങ്കിലും (ഗർഭ പാത്രത്തിന് തകരാറ് സംഭവിക്കുകയോ ഗർഭ ധാരണം അപകടകരമായകുകയോ സാധരാണ പ്രസവം അഥവാ സിസേറിയനല്ലാത്ത പ്രസവം അസാധ്യമാകുകയോ തുടങ്ങിയ) മതിയായ കാരണം കൂടാതെ സ്ത്രീകളുടെ പ്രസവം സ്ഥിരമായി നർത്തൽ ഹറാമാണ്.  അതു പോലെ (കുട്ടികളെ വളർത്തൽ, സ്ത്രീയുടെ ആരോഗ്യം വീണ്ടെടുക്കൽ തുടങ്ങിയ) മതിയായ കാരണം കൂടാതെ സ്ത്രീകളുടെ പ്രസവം താൽക്കാലികമായി നിർത്തൽ കറാഹത്താണ് (തുഹ്ഫ, ബുജൈരിമി, ശർവ്വാനീ, ഹാശിയത്തുന്നിഹായ, ജമൽ). പ്രസവം സ്ഥിരമായി നിർത്തുന്നതിന് മേൽ പറയപ്പെട്ടത് പോലുള്ള കാരണം ഉണ്ട് എന്ന് രണ്ട്  (ഇമാം അദറഈയുടെ അഭിപ്രായത്തിൽ ഒരാൾ മതി) വിദഗ്ദരായ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തൽ അത്യാവശ്യമാണ്. കാരണം കൂടാതെ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും (മുഗ്നി).

പ്രസവം തുടർന്നാൽ ഗൌരവമായി സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കാത്ത സാഹചര്യത്തിൽ പ്രസവം നിർത്താൻ സർജ്ജറി ചെയ്യുന്നതും മരുന്ന് കഴിക്കുന്നതും അല്ലാഹു അനുഗ്രഹിച്ചു നൽകിയ തന്റെ ശാരീരിക പ്രകൃതത്തിന് വിരുദ്ധവും ശരീരത്തെ പ്രയാസപ്പെടുത്തുന്നതുമാണ്. രണ്ട് അണ്ഡ വാഹിനി കുഴലുകളുടേയും ഒരു ഭാഗം എടുത്ത് കളഞ്ഞിട്ടാണ് ഗർഭ നിയന്ത്രണ ശസ്ത്രക്രിയ ചെയ്യുന്നത്. തീർച്ചയായും അത് ഗർഭ പാത്രത്തിന്റേയും അനുബന്ധ അവയവങ്ങളുടേയും പ്രവർത്തനത്തെ ചെറിയ രൂപത്തിലെങ്കിലും ദോഷകരമായി ബാധിക്കും. പ്രസവം നിർത്തുന്നതിന്റെ പാർശ്വ ഫലങ്ങൾ പ്രസിദ്ധമാണല്ലോ. നമ്മുടെ ശരീരം നാം ഉണ്ടാക്കിയതോ നാം ഉടമായക്കിയതോ അല്ല. അല്ലാഹു തന്നതാണ്. അവനാണ് അതിന്റെ ഉടമ. അതിനാൽ ശരീരത്തന്റെ ഒരു ഭാഗവും അത്യവാശ്യമില്ലാതെ മുറിക്കാനോ മുറിപ്പെടുത്താനോ ഒഴിവാക്കാനോ പാടില്ല (തുഹ്ഫ). ശരീരത്തിന് ഹാനികരമായത് ചെയ്യരുതെന്ന് വിശുദ്ധ ഖുർആൻ അസന്നിഗ്ദമായി പ്രഖ്യാപിച്ചതാണ് (സൂറത്തുൽ ബഖറ).

അതുപോലെ പൂർണ്ണ ആരോഗ്യമുള്ളവർ പ്രസവം നിർത്താൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം കുട്ടികളെ വളർത്താൻ സാധിക്കില്ല, അത് സാമ്പത്തികമായും മറ്റും ബാധ്യതയാകും എന്ന വികല ചിന്തയാണ്. ഈ ദുഷിച്ച ചിന്ത മുമ്പ് ആറാം നൂറ്റാണ്ടിലെ അറബികൾക്കുണ്ടായിരുന്നു. അതിനെ ശക്തമായി എതിർത്തു കൊണ്ട് അല്ലാഹു പറഞ്ഞു: “ദാരിദ്രം ഭയന്ന് നിങ്ങൾ നിങ്ങളുടെ മക്കളെ കൊല്ലരുത്. അവർക്കും നിങ്ങൾക്കും നാമാണ് ജീവിത വിഭവങ്ങൾ നൽകുന്നത്. നിങ്ങൾ അവരെ കൊല്ലുകയാണെങ്കിൽ അത് മഹാ അപരാധമായിരിക്കും” (സൂറത്തുൽ ഇസ്റാഅ്). മക്കൾ അനുഗ്രഹമാണ്. അവർ നമ്മുടെ രിസ്ഖ് വിശാലമാക്കുന്ന സുപ്രധാന ഘടകങ്ങളാണ്. നാം എത്ര ശ്രമിച്ചാലും നമുക്ക് മക്കളെ സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയില്ല. അത് അല്ലാഹു തന്നെ ഉദ്ദേശിക്കണം. അവൻ ഏതൊരു മനുഷ്യനേയും ജീവിയേയും സൃഷ്ടിക്കുമ്പോൾ തന്നെ അവയ്ക്കുള്ള രിസ്ഖ് കൂടി കണക്കാക്കുകയും സംവിധാനക്കുകയും ചെയ്യുന്നുണ്ട്. അത് അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിട്ടുണ്ട് (സൂറത്തു ഹൂദ്).

അല്ലാഹുവിൽ ശരിയായി വിശ്വസിക്കുന്ന ഒരാൾ ഇക്കാര്യത്തിൽ ആശങ്കപ്പെടില്ല. അല്ലാഹു ഇങ്ങനെയൊക്കെ ഉറപ്പ് തന്നിട്ടും മക്കളെ പോറ്റുന്ന കാര്യത്തിൽ ആശങ്കപ്പെടുകയും ഉള്ളിന്റെയുള്ളിൽ അല്ലാഹുവിനെക്കുറിച്ച് ഒരു തരം അവിശ്വാസം വന്നു ചേരുകയും ചെയ്യുന്നു വെന്നതാണ് നമ്മുടെ ജീവിതവും ചിന്താഗതിയും ഇടുങ്ങാനുള്ള കാരണം. അല്ലാഹുവിൽ എപ്പോഴും ശുഭാപ്തി വിശ്വാസം നിലനിർത്തുക. നബി (സ്വ) അരുൾ ചെയ്തു: “അല്ലാഹു തആലാ പറഞ്ഞു: ‘എന്റെ അടിമ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഞാൻ അവനോട് പെരുമാറുക. അവൻ എന്റെ പക്കലുള്ള ഖൈറാണ് എപ്പോഴും ഉദ്ദേശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതെങ്കിൽ അത് അവന് ലഭിച്ചു കൊണ്ടേയിരിക്കും, അതു പോലെ എന്നെക്കുറിച്ചും എന്നിൽ നിന്ന് വല്ലതും ലഭിക്കുന്നതിനെക്കുറിച്ചും എപ്പോഴും ആശങ്കയിലും ഒരു തരം അവിശ്വാസത്തിലും പ്രതീക്ഷയില്ലായ്മയിലുമാണ് ഒരാൾ കഴിയുന്നതെങ്കിൽ അവന് അവന്റെ ചിന്താഗതിക്കനുസരിച്ചുള്ളതേ എന്നിൽ നിന്ന് ലഭിക്കൂ’” (ബുഖാരി, മുസ്ലിം, തിർമ്മിദി, നസാഈ, ഇബ്നു മാജ്ജഃ)


മറുപടി നൽകിയത്  : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

Wednesday, 12 August 2020

പ്രപഞ്ചരഹസ്യം



(അല്ലാഹു ആകാശത്ത് നക്ഷത്ര മണ്ഡലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ) എന്നു പറഞ്ഞിട്ടുണ്ടല്ലോ അതിന്റെ ഒരു വിശദീകരണം?

തഫ്സീറുൽ ജലാലൈനിയിൽ ഇമാം ജലാലുദ്ദീൻ മഹല്ലി (റ) വിശദീകരിക്കുന്നത് ഇങ്ങനെ:  'ആകാശത്തിൽ സപ്ത നക്ഷത്രങ്ങൾക്ക് പന്ത്രണ്ട് സഞ്ചാരപദങ്ങൾ (ബുറൂജ്) അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് ചൊവ്വാക്ക് മേടം, വൃശ്ചികം, ശുക്രന് ഇടവം, തുലാം ബുധന്  മിഥുനം, ചിങ്ങം ചന്ദ്രന് കർക്കിടകം സൂര്യന് ചിങ്ങം വ്യാഴത്തിന് ധനു, മീനം ശനിക്ക് മകരം, കുംഭം എന്നീ രാശികൾ (തഫ്സീറുൽ ജലാലൈനി) 


സപ്ത നക്ഷത്രങ്ങളുടെ അറബ് ശബ്ദം എങ്ങനെ?

ഏഴു ഗ്രഹങ്ങളെ ഉദ്ദേശിച്ച് ഇമാം മഹല്ലി (റ) ഉപയോഗിച്ചത്

 اَلْكَوَاكِبُ السَّبْعَةُ السَّيَّارَة 

എന്നാണ് 


സപ്ത ഗ്രഹങ്ങൾ


1. വ്യാഴം -  اَلْمُشْتَرَي - Jupite 

2.  ശനി - زُحَل -  Saturn 

3. ചൊവ്വ - اَلمِرِّيخْ - Mars 

4. സൂര്യൻ - الشَّمْس - Sun 

5. ശുക്രൻ - الزهرة - Venus 

6. ബുധൻ - عُطَارِد - Mercury 

7. ചന്ദ്രൻ - القَمَر - Moon 


പന്ത്രണ്ട് നക്ഷത്രമണ്ഡലങ്ങളുടെ അറബ് ശബ്ദങ്ങൾ എങ്ങനെ?


1. മേടം - حَمَلْ - Aries 

2. ഇടവം - ثَوْرْ - Taurus 

3. മിഥുനം -  جَوزَاء - Gemini 

4. കർക്കിടകം - سِرْطَان - Cancer 

5. ചിങ്ങം - اَسَدْ - Leo, Lion 

6. കന്നി - سُنبلة - Virgin 

7. തുലാം - ميزَان - Libra 

8. വൃശ്ചികം -  عَقْرب - Scorpio 

9. ധനു - قَوس - Sagittarius 

10. മകരം - جدى - Capricornus 

11. കുംഭം - دَلو - Aquarius 

12. മീനം - حُوت - Pisces 


സപ്ത സഞ്ചാര നക്ഷത്രങ്ങൾ മുഴുവനും മുന്നോട്ടാണോ ഗമിക്കുന്നത്?

അല്ല സൂര്യനും ചന്ദ്രനും മാത്രമാണ് മുന്നോട്ട് മാത്രം ഗമിക്കുന്നത് മറ്റുള്ളവ മുന്നോട്ട് ഗമിച്ച് തിരിച്ച് മടങ്ങുന്നവയാണ് (പ്രപഞ്ചരഹ്യസം, പേജ്: 15) 


നേരെ ചലിക്കുന്നതും നേരെ ചലിച്ച് പിന്നോട്ട് മടങ്ങുന്നതുമായ ഗ്രഹങ്ങളെക്കുറിച്ച് വിശുദ്ധ ഖുർആനിൽ പരാമർശമുണ്ടോ?


ഉണ്ട് സൂറതുത്തക് വീരിലെ كُنَّسْ എന്നതിന്റെ ഉദ്ദേശ്യം നേരെ ചലിക്കുന്നതെന്നും حُنَّسْ എന്നതിന്റെ വിവക്ഷ നേരെ ചലിച്ച് പിന്നിലേക്ക് മടങ്ങുന്നതെന്നുമാണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്  

നേരെ ചലിച്ചു പിന്നിലേക്ക് മടങ്ങുന്ന നക്ഷത്രങ്ങളിൽ സൂര്യനും ചന്ദ്രനും ഉൾപ്പെടില്ലെന്നും ബാക്കി അഞ്ചു നക്ഷത്രങ്ങളാണുദ്ദേശ്യമെന്നും തഫ്സീർ സ്വാവിയിൽ الجوار الكنّس فلا أقسم بالخنّس എന്നതിന്റെ വ്യാഖ്യാനത്തിൽ കാണാം 


സൂര്യൻ ഏതു ആകാശത്തിലാണ് ?

നാലാം ആകാശത്തിൽ (റൂഹുൽ ബതാൻ: 7/402)


സൂര്യവർഷവും ചന്ദ്രവർഷവും എങ്ങനെ കണക്കാക്കുന്നു?

സൂര്യൻ പന്ത്രണ്ട് ബുർജുകളിലൂടെയും സഞ്ചരിക്കാൻ എടുക്കുന്ന സമയത്തിന് സൂര്യവർഷമെന്നു പറയും അതായത്, സൂര്യൻ അതിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ചലനം ഒരു വൃത്തം പൂർത്തിയാക്കുമ്പോൾ സൗരവർഷം എന്നു പറയുന്നതും ഇതിനുതന്നെയാണ് 

ചന്ദ്രൻ പന്ത്രണ്ട് പ്രാവശ്യം സൂര്യനുമായി സംഗമിക്കാൻ എടുക്കുന്ന സമയത്തിനു ഒരു ചന്ദ്രവർഷം എന്നു പറയുന്നു 


സൂര്യവർഷം എത്രദിവസമാണ് ?

365 1/4 ദിവസം ഭൂമി അതിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാനുള്ള സമയമാണത്രെ പ്രസ്തുത ദിവസങ്ങൾ 


ചന്ദ്രവർഷം എത്രദിവസം?

354 11/30 ദിവസം 


സൂര്യവർഷവും ചന്ദ്രവർഷവും തമ്മിൽ എത്ര ദിവസത്തെ അന്തരമുണ്ട്?

ഉദ്ദേശ്യം പതിനൊന്നു ദിവസം അന്തരം വരും അതായത് സൂര്യവർഷപ്രകാരം 33 വയസ്സാകുമ്പോൾ ചന്ദ്രവർഷപ്രകാരം 34 വയസ്സാകും സൂര്യവർഷം 300 ആകുമ്പോൾ ചന്ദ്രവർഷം 309 ആകും 

അസ്വ് ഹാബുൽ കഹ്ഫ് അവരുടെ ഗുഹയിൽ ഉറങ്ങിയ കാലം റോമക്കാരുടെ കാലഗണന പ്രകാരം (സൂര്യവർഷം) മുന്നൂറ് വർഷമാണെന്ന് അല്ലാഹു  പറഞ്ഞല്ലോ അറബികളുടെ കാലഗണന (ചന്ദ്രവർഷ) പ്രകാരം ഒമ്പതു വർഷം കൂടുമെന്നും ഖുർആനിൽ നിന്നു വ്യക്തം അതാണു അല്ലാഹു 

وَلَبِثُوا۟ فِی كَهۡفِهِمۡ ثَلَـٰثَ مِا۟ئَةࣲ سِنِینَ وَٱزۡدَادُوا۟ تِسۡعࣰا


(സൂറത്തുൽ: കഹ്ഫ്: 25)

അവർ ഗുഹയിൽ മുന്നൂറ് വർഷവും ഒമ്പത് വർഷം അധികവും താമസിച്ചുവെന്ന് പറഞ്ഞത് 


ഭൂമി ചലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ചലനം എങ്ങനെ?

യാസീൻ സൂറത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും ചലനത്തെക്കുറിച്ച് അല്ലാഹു പറയുന്നുണ്ട്: 'സൂര്യൻ അതിനു സ്ഥിരമായുള്ള സ്ഥാനത്തേക്ക്  സഞ്ചരിക്കുന്നു പ്രതാപിയും സർവജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത് ചന്ദ്രനു നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു അങ്ങനെ അത് പഴയ ഈത്തപ്പഴ കുലയുടെ വളഞ്ഞ തണ്ടുപോലെ  ആയിത്തീർന്നു സൂര്യനു ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല രാവ് പകലിനെ മറികടക്കുന്നതുമല്ല ഓരോന്നും ഓരോ നിശ്ചിത ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു 'الكواكب السبعة السّيارة എന്നതിലെ മറ്റു നാലു ഗ്രഹങ്ങളും സഞ്ചരിക്കുന്നതാണെന്നു മുഫസ്സിരീങ്ങൾ മുമ്പ് പറഞ്ഞല്ലോ 

ഭൂമിയുടെ ചലനത്തെക്കുറിച്ച് ഖുർആൻ പരാമർശിച്ചിട്ടില്ല ഹദീസിലും വ്യക്തമായി കാണുന്നില്ല അതിനാൽതന്നെ ഭൂമി കറങ്ങുന്നുണ്ടെന്നോ  ഇല്ലെന്നോ ഖണ്ഡിതമായി പറയാനാവില്ല എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ പെട്ടതാണ് ഭൂമി അതിന്റെ അച്ചുതണ്ടിൽ തിരിയുന്നുവെന്നത് ഒരു ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം 23 മണിക്കൂറും 56 മിനിറ്റുമാണ് ഇതിനവർ ദിനചലനം എന്നു പറയുന്നു ഭൂമിക്കു സൂര്യനെ പ്രദക്ഷിണം ചെയ്യാൻ ആവശ്യമായ സമയം 365 1/4 ദിവസമാണ് ഇതാണ് ഒരു സൂര്യവർഷം 


ഭൂമി പരന്നതോ ഉരുണ്ടതോ?

ഭൂമിയെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: ഭൂമിയെ അല്ലാഹു നിങ്ങൾക്ക് വിരിപ്പ് ആക്കിയിരിക്കുന്നു (അൽബഖറ: 22) എങ്ങനെയാണ് ഭൂമിയെ പ്രവിശാലമാക്കപ്പെട്ടതെന്നു സത്യനിഷേധികൾ ചിന്തിക്കുന്നില്ലേ (ഗാശിയ: 20) 

പ്രസ്തുത സൂക്തങ്ങൾ ഭൂമി പരന്നതാണെന്നു തോന്നിപ്പിക്കുന്നതാണ് മുഫസ്സിറകൾ പലരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമുണ്ട് എന്നാൽ ഭൂമി ഉരുണ്ടതാണെന്നതിനും ഗോളാകൃതിയിൽ ആകുന്നതിനും പ്രസ്തുത ആയത്തുകൾ എതിരല്ലെന്നും ഒരുസംഘം മുഫസ്സിറുകൾ വ്യക്തമാക്കുന്നുണ്ട് (തഫ്സീർ ബൈളാവി: 1/55, റാസി: 4/165, 166 നോക്കുക) 

ഭൂമിയുടെ കറക്കത്തെക്കുറിച്ച് വിശുദ്ധ ഖുർആനിൽ നിന്നോ ഹദീസുകളിൽ നിന്നോ രേഖ കണ്ടെത്തി ഇമാമുകൾ പറയാത്തതുപോലെ ഭൂമി ഉരുണ്ടതാണെന്നും അവർ ഖണ്ഡിതമായി പറഞ്ഞിട്ടില്ല ഉരുണ്ടതല്ലെന്നും ഖണ്ഡിതമാക്കിയിട്ടില്ല 

ആധുനിക ശാസ്ത്രം ഭൂമി ഗോളാഗൃതിയിലാണെന്ന് പറയുന്നുണ്ട് ഈ സിദ്ധാന്തം വിശുദ്ധ ഖുർആനിക പാഠത്തോട് എതിരല്ല കാരണം, ഭൂമിയെ പരത്തി വിശാലമാക്കിയതോടൊപ്പംതന്നെ അതു ഗോളാകൃതിയിലാവാമല്ലോ ഉരുണ്ട ഒരു വസ്തു വളരെ വലുതാകുമ്പോൾ ഉപരിഭാഗം വിശാലമായി പരന്നിരിക്കൽ സ്വാഭാവികമാണല്ലോ ഇതാണു ഇമാം ബൈളാവി (റ) സമർത്ഥിച്ചത് (തഫ്സീർ ബൈളാവി: 1/55) 


സൂര്യഗ്രഹണം ഉണ്ടാകാനുള്ള കാരണം?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ചിലപ്പോൾ സൂര്യന്റെയും ഭൂമിയുടെയും ഇടയിൽ വരും അപ്പോൾ ഭൂമിയിൽ നിന്നു നോക്കുമ്പോൾ പൂർണമായോ ഭാഗികമായോ സൂര്യൻ മറയുന്നു ഇതിനു  كسوف الشمس  -സൂര്യഗ്രഹണം എന്നു പറയും 


ചന്ദ്രഗ്രഹണം എപ്പോൾ സംഭവിക്കുന്നു?

സൂര്യചന്ദ്രന്മാർക്കിടയിൽ ഭൂമി വരികയും സൂര്യരശ്മികളും  ഭൂമിയുടെ നിഴലും ചന്ദ്രനിൽ പതിക്കുകയും അതുകാരണം ചന്ദ്രൻ പൂർണമായോ ഭാഗികമായോ മറയുന്നു ഇതിനു خسوف القمر -ചന്ദ്രഗ്രഹണം എന്നു പറയും ശാസ്ത്രപണ്ഡിതരുടെ കണ്ടെത്തലുകളാണിത് അല്ലാഹു അഅ്ലം 


ഇസ്ലാമിക കലണ്ടർ നിലവിൽ വന്നതെന്ന്?

ഹിജ്റഃവർഷം  പതിനേഴ് ജുമാദൽ ആഖിറഃ ഇരുപത് ബുധനാഴ്ച ഉമർ (റ) വിന്റെ ഭരണകാലത്ത് സ്വഹാബത്തിന്റെ ഏകോപനം കൊണ്ട് സ്ഥിരപ്പെട്ടതാണ് ഹിജ്റഃ കലണ്ടർ 


ഉമർ (റ) വിന്റെ കാലത്ത് കലണ്ടർ ഉണ്ടാക്കാൻ പ്രേരിപ്പിച്ച സംഭവമെന്ത്?

ഖലീഫ ഉമർ (റ) വിന്റെ ഗവർണറായിരുന്ന അബുമൂസൽ അശ്അരി (റ) ഒരിക്കൽ ഖലീഫക്കെഴുതി; അമീറുൽ മുഅ്മിനീന്റെ സന്നിധിയിൽനിന്നു പല എഴുത്തുകളും വരാറുണ്ട് പക്ഷേ, ഏതുപ്രകാരം നടപടി എടുക്കണമെന്ന് നമുക്കറിയില്ല ശഅ്ബാൻ എന്നു കാണിച്ചു ഒരു ലിഖിതം വായിച്ചു ഏതു ശഅ്ബാൻ? കഴിഞ്ഞ ശഅ്ബാനാണോ അതോ വരുന്ന ശഅ്ബാനോ തീരുമാനിക്കാനാവുന്നില്ല

ഗവർണറുടെ ഈ കുറിപ്പ് വന്നപ്പോൾ പ്രധാന സ്വഹാബികളെ വിളിച്ചു വരുത്തി ഉമർ (റ) കാര്യം ചർച്ച ചെയ്തു നുമക്കൊരു നിശ്ചിത തിയ്യതി വേണം, അതിനു ഇസ്ലാമിന്റേതായി ഒരു വർഷം വേണം അങ്ങനെ ഹിജ്റഃ അടിസ്ഥാനമാക്കി കലണ്ടർ നിലവിൽവന്നു 


നബി (സ) യുടെ കാലത്ത് ഹിജ്റഃ കലണ്ടർ ഇല്ലേ?

സാർവത്രികമായി ഇല്ല നബി (സ) യുടെ മദീനയിൽ വന്ന ഉടനെ അതേ റബീഉൽ അവ്വൽ മാസത്തിൽ തന്നെ ഹിജ്റഃ അടിസ്ഥാനമാക്കി തിയ്യതി കുറിക്കാൻ നിർദേശിക്കുന്ന റിപ്പോർട്ട്  ഇബ്നു അസാകിർ (റ) രേഖപ്പെടുത്തിയിട്ടുണ്ട് (ഉംദതുൽ ഖാരി: 14/55) 

നബി (സ) നജ്റാനിലുള്ള ക്രിസ്ത്യാനികൾക്ക് കത്ത് എഴുതാൻ അലി (റ) വിനോടു കൽപിച്ചപ്പോൾ ഹിജ്റാബ്ദം അഞ്ച് എന്നെഴുതാൻ നിർദേശിച്ചതായും ഇബ്നു സ്വലാഹ് (റ) പ്രസ്താവിച്ചിട്ടുണ്ട് പക്ഷേ, ഇവ ആധികാരികമായ തെളിഞ്ഞിട്ടില്ല അതിനാൽ  രണ്ടാം ഖലീഫയുടെ കാലത്തുണ്ടായ ഏകോപനമാണ് ഹിജ്റ കലണ്ടറിന്റെ തുടക്കമെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ ബാരി: 7/268) 


'കലണ്ടർ എന്ന പദം?

കണക്കുകൂട്ടുക എന്നർത്ഥമുള്ള 'കലൻഡേ' എന്ന ലാറ്റിൻ ഭാഷയിൽ നിന്നാണത്രെ കലണ്ടർ എന്ന വാക്കിന്റെ ഉത്ഭവം റോമൻ ദിവസങ്ങളിൽ ആദ്യ ദിനത്തെ കുറിക്കുന്ന പദമായിരുന്നു 'കലൻഡേ' അറബു ഭാഷയിൽ കലണ്ടറിനു 'തഖ് വീം' എന്നു പറയും


മുൻ സമുദായത്തിന്റെ കാലഗണന എന്തിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു?

ആദ്യകാല മനുഷ്യർ, ആദംനബി (അ) ഭൂമിയിലേക്ക് ഇറങ്ങിയ  സംഭവം ഒന്നാം വർഷമായി കണക്കാക്കിപ്പോന്നു നൂഹ് നബി (അ) മിന്റെ കാലത്തുണ്ടായ വൻജലപ്രളയം വരെ ഈ കാലഗണന  തുടർന്നുപോന്നു പിന്നീട് ജലപ്രളയം മുതൽ കണക്കു വയ്ക്കുകയും ഇബ്റാഹീം നബി (അ) മിനെ നംറൂദ് തീയിൽ എറിഞ്ഞ സംഭവം വരെ അതു തുടരുകയും ചെയ്തു  

അതിനുശേഷം യൂസുഫ് നബി (അ) ന്റെ കാലം വരെ ഇബ്റാഹീം നബി (അ) നെ തീയിൽ എറിഞ്ഞ സംഭവം അടിസ്ഥാനമാക്കി വർഷം കണക്കാക്കി പിന്നീട് യൂസുഫ് നബി (അ) ന്റെ കാലം വർഷങ്ങൾക്ക് അടിസ്ഥാനമാക്കി മൂസാ നബി (അ) ബനൂ ഇസ്റാഈലിനെയും കൂട്ടി ഈജിപ്ത്  വിട്ടുപോയ  സംഭവം വരെ ഈ കാലഗണന തുടർന്നു 

മൂസാ നബി (അ) ഈജിപ്ത് വിട്ട സംഭവമായിരുന്നു പിന്നീട് അടിസ്ഥാനം ഇതു ദാവൂദ് നബി (അ) ന്റെ കാലം വരെ തുടർന്നു പിന്നീട് സുലൈമാൻ നബി (അ) ന്റെ കാലം വരെ ദാവൂദ് നബി (അ) ന്റെ കാലം അടിസ്ഥാനമാക്കി സുലൈമാൻ നബി (അ) ന്റെ കാലത്തെ അടിസ്ഥാനമാക്കിയുള്ള കാലഗണന ഈസാ നബി (അ) ന്റെ കാലംവരെ തുടർന്നു (ഖസ്തല്ലാനി) 

ഈസാനബി (അ) യെ ആകാശത്തേക്ക് ഉയർത്തിയ ശേഷം പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി കാലഗണന നിശ്ചയിച്ചുപോന്നു ആനക്കലഹ സംഭവം അതിൽ പെട്ടതാണ് അങ്ങനെയാണ് നബി (സ) യുടെ ജനനം ആനക്കലഹ വർഷമായിരുന്നുവെന്ന് ചരിത്രത്തിൽ കാണുന്നത് 


ചന്ദ്രൻ ഏതു ആകാശത്തിലാണ്?

ഒന്നാം ആകാശത്തിന്റെ താഴെ പള്ളികളിൽ തൂക്കിയ കിനാദികളെപ്പോലെ ആകാശത്തിനു താഴെ നക്ഷത്രങ്ങൾ തൂങ്ങിനിൽക്കുകയാണ് (ഫത്ഹുൽ ബാരി, താരീഖുൽ ഉമമി വൽ മുലൂക്) 

ഗോളാകൃതിയിൽ ഒമ്പത് ആകാശം (ഫലക്) ഉണ്ടെന്നും അവ ഓരോന്നും മറ്റേതിനോട് തൊട്ടുരുമ്മി നിൽക്കുകയാണെന്നും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളും ചില ആകാശങ്ങളിൽ തറച്ചുവെച്ചതാണെന്നും ആ ഫലകുകൾ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും സമർപ്പിക്കുന്ന ടോളമിയുടെ സിദ്ധാന്തത്തിലും ആകാശം എന്ന ഒരു പ്രത്യേക വസ്തു തന്നെ ഇല്ലെന്നും മേൽപോട്ടു നോക്കിയാൽ തോന്നുന്നത് വായുമണ്ഡലത്തിൽ അടിഞ്ഞുകൂടിയ മേഘവും മറ്റുമാണെന്നും സൂര്യ, ചന്ദ്ര, നക്ഷത്രാദി ഗോളങ്ങൾ പരസ്പരം ആകർഷണത്തോടുകൂടി നിലകൊള്ളുകയും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും സമർത്ഥിക്കുന്നതും പൈത്തഗോറസ് ആവിഷ്കരിച്ചതും കോപർനിക്കസ് സലക്ഷ്യം തെളിയിച്ചതുമായ സൗരയൂഥ സിദ്ധാന്തത്തിലും ഇസ്ലാമിന്റെ ദൃഷ്ടിയിൽ ചില പന്തികേടുകളുണ്ട് (സമ്പൂർണ ഫതാവ: പേജ്:338) 


ഗോളശാസ്ത്രം പഠിക്കാമോ?

ആകാശ ഗോളങ്ങളുടെ ദിശയും സ്ഥാനവും ചലനവേഗതയും ഉത്ഭവവും ഘടനയും സംബന്ധിച്ചു പഠിക്കുന്ന വിജ്ഞാന ശാഖയാണ് ഗോളശാസ്ത്രം ജ്യോതിശാസ്ത്രം എന്നും ഇതിനു പറയാറുണ്ട് 

ഈ ശാസ്ത്രം പഠിക്കൽ നിരുപാധികം ശരിയാണെന്നോ തെറ്റാണെന്നോ പറയാവതല്ല പഠിക്കുന്നവന്റെ വിശ്വാസമനുസരിച്ച് വിധി മാറും 

ഖിബ്ലയുടെ ദിക്ക്, നിസ്കാരം, നോമ്പ്, ഹജ്ജ് ആദിയായവയുടെ സമയം ഉദയാസ്തമയത്തിൽ വ്യത്യാസവും ഏകീകരണവും എന്നിവയ്ക്കു വേണ്ടത്ര വിജ്ഞാനം പഠിക്കൽ നിർബന്ധമാണ്; ഫർള് കിഫയാണ് 

ചന്ദ്രന്റെ രാശികളും സഞ്ചാരപഥങ്ങളും മനസ്സിലാക്കുക, നാടിന്റെ ദിക്കുകൾ തമ്മിലുള്ള അടുപ്പങ്ങളും അകലങ്ങളും മനസ്സിലാക്കുക എന്നിവയ്ക്ക് ആവശ്യമായത് ഗോളശാസ്ത്രത്തിൽ നിന്നു പഠിക്കൽ അനുവദനീയമാണ് 

ഗോളങ്ങളാണ് നിയന്ത്രിക്കുന്നത് എന്ന വിശ്വാസത്തിൽ ( ആ വിശ്വാസം തന്നെ ശിർക്കാണ് ) അവയുടെ ചലനത്തെക്കുറിച്ച് പഠിക്കൽ കുഫ്റാണ്, നിഷിദ്ധമാണ് ഇതിനു ജ്യോതിഷം എന്നു പറയും (ഫതാവൽ ഹദീസിയ്യ 47 നോക്കുക)


അലി അഷ്‌കർ : 95267 65555