Wednesday 20 July 2016

എന്താണ് തിലാവത്തിന്റെ സുജൂദും (സജദ) , സഹ് വിന്റെ (മറവിയുടെ) സുജൂദും




സഹ്‍വിന്‍റെ സുജൂദ്

നിസ്കാരത്തില്‍ മറതി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി സലാം വീട്ടുന്നതിന് മുമ്പായി ചെയ്യുന്ന രണ്ട് സുജുദുകള്‍ക്കാണ് സഹ്‍വിന്‍റെ സുജൂദ് എന്ന് പറയുന്നത്.  എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല.  ശാഫി മദ്‍ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്നത്.

ഒന്ന്, ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണ്ണമായോ ഭാഗിമായോ ഒഴിവാക്കുക, അല്ലെങ്കില്‍ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക, അല്ലെങ്കില്‍ നിസ്കാരത്തിന്‍റെ ഭാഗമായി വരുന്ന ഖുനൂത് (സുബ്ഹി നിസ്കാരത്തിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റിലുമുള്ള ഖുനൂത്) പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ പ്രസ്തുത ഖുനൂതില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നുകൊണ്ടാണെങ്കിലും മനപ്പൂര്‍വ്വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നതാണ്. നിസ്കാരത്തിന്‍റെ ഭാഗമല്ലാത്ത നാസിലത്തിന്‍റെ ഖുനൂത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല, ചെയ്താല്‍ നിസ്കാരം ബാഥിലാകുന്നതുമാണ്.

രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാഥിലാകുന്ന കാര്യം മറന്ന് ചെയ്യുക. ചെറിയ രീതിയിലുള്ള സംസാരം മറന്ന് ഉണ്ടാകും പോലെ, അല്ലെങ്കില്‍ ഫിഅ്‍ലിയ്യായ ഒരു ഫറ്‍ളിനെ മറന്ന് അധികരിപ്പിക്കും പോലെ. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകും എന്നാല്‍ മറന്ന് ചെയ്താല്‍ ബാഥിലാകില്ല, പക്ഷെ അവന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ, സുജൂദോ അനുവദിക്കപ്പെട്ടതിലുമപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വ്വമാണെങ്കില്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് കൊണ്ടാണെങ്കില്‍ ബാഥിലാകുന്നതുമല്ല, എങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താകുന്നതാണ്. എന്നാല്‍ നിസ്കാരത്തില്‍ തിരിഞ്ഞ് നോക്കല്‍ പോലെയുള്ള, മനപ്പൂര്‍വ്വം ചെയ്താലും മറന്നു ചെയ്താലും ബാഥിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല.   പക്ഷെ നിസ്കാരത്തില്‍ ചൊല്ലേണ്ട,  നിര്‍ബന്ധമോ സുന്നതോ ആയ സൂറതുകളും ദിക്റുകളും മറ്റും അതിന്‍റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വ്വം ആണെങ്കില്‍ പോലും നിസ്കാരം ബാഥിലാകുന്നില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നതുണ്ട്.  തക്‍ബീറതുല്‍ ഇഹ്റാമും  സലാം വീട്ടലും ഇതില്‍ നിന്ന് വ്യത്യസ്തമാണ്.  അവ മനപ്പൂര്‍വ്വം ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് ചെയ്താല്‍ നിസ്കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുമാണ്.

മൂന്ന്, ഫിഅ്‍ലിയ്യായ ഒരു റുക്ന് (റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ളവ) ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തോട് കൂടി ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. ഒരാള്‍ സുജൂദ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാല്‍ അതിനെ ഒന്ന് കൂടി ചെയ്യുകയും സഹ്‍വിന്‍റെ സുജൂദ് ചെയ്യുകയും വേണം. ഒരാള്‍ നിസ്കാരത്തിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞത് കൊണ്ട് പിടിക്കുകയും സുജൂദ് ചെയ്യുകയും വേണം. നാല് റക്അതുകളുള്ള നിസ്കാരത്തില്‍ മൂന്നാമത്തെതാണോ നാലമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുകയും അങ്ങനെ നാല് റക്അതുകള്‍ പൂര്‍ത്തിയാക്കി സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. നാലമെത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലമത്തേതാണെന്ന് പരിഗണിച്ച് നിസ്കാരം പൂര്‍ത്തിയാക്കുകയും സുജൂദ് ചെയ്യുകയും വേണം.

ഇമാമിന്‍റെ പിന്നില്‍ നിന്ന് നിസ്കരിക്കുന്ന മഅ്മൂം അയാളുടെ സ്വന്തം മറവിക്ക് വേണ്ടി സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്‍റെ പക്കലില്‍ നിന്നും ഉണ്ടായത് ശ്രദ്ധയില്‍ പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

ഹനഫി മദ്ഹബ്കാരനായ ഇമാമിന്‍റെ പിന്നില്‍ നിന്ന് സുബ്ഹി നിസ്കരിക്കുന്ന ശാഫി മദ്ഹബ്കാരനായ മഅ്മൂം ഖുനൂത് ഓതിയാലും ഇല്ലെങ്കിലും, ആ ഇമാം ഖുനൂത് ഓതിയില്ലെങ്കില്‍ മഅ്മൂമിന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്.

സാധരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്‍റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. എന്നാല്‍ (سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو) എന്നും ചെല്ലാവുന്നതാണ്.

സഹ്‍വിന്‍റെ സുജൂദിനുള്ള സമയം നിസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിന്‍റെ തൊട്ട് മുമ്പാണ്. ആരെങ്കിലും സുജൂദ് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടിയാല്‍ അവനിക്ക് ആ അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടിയാല്‍ കൂടുതല്‍ സമയം ആയിട്ടില്ലെങ്കില്‍ അയാള്‍ക്ക് സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്.

സഹ്‍വിന്‍റെ സുജൂദ് സുന്നത്താണെന്നത് കൊണ്ട് തന്നെ അത് ചെയ്യാന്‍ മറക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്താല്‍ നിസ്കാരത്തിന് തകരാറ് സംഭവിക്കുകയില്ല.

തിലാവത്തിന്‍റെ സുജൂദ്

സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന  ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. ഇത്തരം 15 സ്ഥലങ്ങളാണ് ഉള്ളത്. നിസ്കാരത്തിലും പുറത്തും ഇത് സുന്നതാണ്.  ഇമാമോട് കൂടെയാണ് സ്കരിക്കുന്നതെങ്കില്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കില്‍ മഅ്മൂം സുജൂദ് ചെയ്യാന്‍ പാടില്ല. സുജൂദ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം സജ്ദയുടെ ആയതുകളോ അവ അടങ്ങുന്ന സൂറതുകളോ നിസ്കാരത്തില്‍ ഓതല്‍ ഹറാം ആണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്.

സഹ്‍വിന്റെ സുജൂദ് സലാം വീട്ടിയതിനു ശേഷം ചെയ്യാന്‍ പറ്റുമോ ?

സലാമിനു മുമ്പാണ് സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യേണ്ടത്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സഹ്‍വിന്റെ സുജൂദ് മനപൂര്‍വ്വം ഒഴിവാക്കിയാല്‍ സുജൂദ് നഷ്ടപ്പെട്ടു.  മറന്ന് ഒഴിവാക്കി സലാം വീട്ടിയ ഉടനെ സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സൂജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതോടെ അവന്‍ നിസ്കാരത്തിലേക്ക് തന്നെ മടങ്ങിവന്നനായി. അതു കൊണ്ട് വീണ്ടും സലാം വീട്ടലും നിര്‍ബന്ധമാവും. സലാമിനു മുമ്പ് അശുദ്ധിയുണ്ടായാല്‍ നിസ്കാരം ബാത്വിലാവുകയും ചെയ്യും. സമയം അല്പം നീണ്ടതിനു ശേഷമാണ് സഹ്‍വിന്റെ സുജൂദ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു. പിന്നെ അതു ചെയ്യേണ്ടതില്ല. നിസ്കാരം ശരിയാവുകയും ചെയ്യും.
നിന്ന് നിസ്കരിക്കുന്നവനും, ഇരുന്ന് നിസ്ക്കരിക്കുന്നവനും സുജൂദ് നിര്‍ബന്ധമാണെന്നിരിക്കെ, ഇന്ന് നമ്മുടെ നാടുകളില്‍ വ്യാപകമായി കാണുന്ന, കസേരയില്‍ ഇരുന്നുള്ള നിസ്കാരം സ്വഹീഹാകുമോ? ഇത്തരക്കാര്‍ക്ക് ജുമുഅ,ജമാഅത്ത് നിര്‍ബന്ധമുണ്ടോ?

ജനാസയുടേതല്ലാത്ത ഏതു നിസ്കാരത്തിലും സുജൂദ് നിര്‍ബന്ധ ഘടകമാണ്. അത് ചെയ്യേണ്ടത് ഏഴു (നെറ്റി, രണ്ടു കൈ പത്തികള്‍, രണ്ടു കാല്‍ മുട്ടുകള്‍, രണ്ടു പാദങ്ങളുടെ വിരലുകളുടെ പള്ള) അവയവങ്ങള്‍ നിലത്തു വെച്ചും ചന്തിക്കെട്ട്  തലക്കു മുകളിലേക്കാക്കി, തലയില്‍ ഭാരം കൊടുത്തു ചെയ്യണം.  ഇങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ കഴിയും വിധം ചെയ്യണം. രോഗം മൂലം നിലത്ത് മുട്ടുകള്‍ വെച്ച് ചന്തികെട്ട് മുകളിലോട്ടാക്കി നെറ്റി നിലത്തു വെക്കാന്‍ കഴിയാത്തവര്‍ക്ക് തലക്കു സമമായോ തലയുടെ താഴ്ഭാഗത്തോ വെച്ചു സുജൂദ് ചെയ്യാവുന്നതാണ്.  അങ്ങനെ ചെയ്യുമ്പോള്‍ വലിയ പ്രയാസം അനുഭവിക്കാത്തവര്‍ ശരിയായ സുജൂദ് തന്നെ ചെയ്യല്‍ നിര്‍ബന്ധമാണ്.
അസുഖം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ജുമുഅ – ജമാഅതില്‍ പങ്കെടുക്കുന്നതില്‍ ഇളവുണ്ട്. നേരിയ തലവേദന പോലെയുള്ള നിസ്സാര രോഗങ്ങള്‍ ഇത്തരം കാരണങ്ങളില്‍ പെടുകയില്ല.
യാത്രയില്‍ തിലാവതിന്റെ സുജൂദ് ചെയ്യാതിരിക്കുന്നതില്‍ തെറ്റുണ്ടോ? അതില്‍ എന്താണ് ചൊല്ലേണ്ടത്?

തിലാവതിന്റെ സുജൂദ് സുന്നതാണ്, അത് നിര്‍ബന്ധമില്ല. സുജൂദ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ الْعَلِيِّ الْعَظِيمِ 
എന്ന ദിക്റ് നാല് പ്രാവശ്യം പറയണമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
തിലാവത്തിന്‍റെ സുജൂദില്‍ നിസ്കാരത്തിലെ സുജൂദിലേതു പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം,
 اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ 
എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം.

തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ നിസ്കാരം ശരിയാവുമോ?
നെറ്റിയില്‍ നിന്ന് അല്‍പമെങ്കിലും നിലത്ത് തട്ടിയായിരിക്കണം സുജൂദ്. അങ്ങനെ നിലത്ത് സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ സുജൂദ് ശരിയാവും. നെറ്റിയുടെ അല്‍പം ഭാഗം പോലും നിലത്ത് സ്പര്‍ശിക്കാതെ ധരിച്ച തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ സുജൂദ് ശരിയാവില്ല. നെറ്റിയുടെ പൂര്‍ണമായും നിലത്ത് വെക്കലാണ് ഉത്തമം. നെറ്റിയുടെ അല്‍പം മാത്രം നിലത്ത് വെച്ച് ബാക്കിയുള്ളത് ഉയര്‍ത്തി വെച്ചും അല്ലെങ്കില്‍ അല്‍പം നിലത്തും ബാക്കി തലപ്പാവ് പോലത്തതിലും സുജൂദ് ചെയ്യുന്നത് കറാഹതാണ്.
നിസ്കരിക്കുമ്പോള്‍ ധരിച്ച തൊപ്പിക്കോ തലപ്പാവിനോ മേലെ സുജൂദ് ചെയ്യുന്നത് കാണാം അവരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുമോ ?
സുജൂദ് ചെയ്യുമ്പോള്‍ നിസ്കരിക്കുന്നവന്‍ ധരിച്ച, തന്റെ അനക്കങ്ങള്‍ കൊണ്ട് അനങ്ങും വിധത്തിലുള്ള വസ്ത്രങ്ങള്‍ നെറ്റിയുടെ അല്‍പ ഭാഗമെങ്കിലും നിലത്തു തട്ടുന്നതിന് തടസ്സം നിന്നാല്‍ സുജൂദ് ശരിയാവുകയില്ലെന്നാണ്  ശാഫിഈ മദ്ഹബ്. എന്നാല്‍ മറ്റു മദ്ഹബുകള്‍ പ്രകാരം മേല്‍പറഞ്ഞ മറയില്ലാതെ സുജൂദ് ചെയ്യലാണുത്തമമെങ്കിലും അങ്ങനെ ചെയ്താല്‍ സുജൂദ് ശരിയാവുന്നതാണ്. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട അറബി ശാഫി മദ്ഹബ് കാരനായിരിക്കാന്‍ സാധ്യതയില്ല.
ശാഫിഈ മദ്ഹബ്കാരന്‍ ഈ ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുകയില്ല. മഅ്മൂിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയായിരിക്കണമെന്നാണ് തുടര്‍ച്ച സാധുവാകാനുള്ള നിയമം. 

ഖുനൂത്ത് ഒഴിവാക്കി സഹ്വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാമോ


സുബ്ഹില്‍ ഖുനൂത് ഓതല്‍ സുന്നതാണ്. അത് ഓതാതിരുന്നാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നതാണ്. ഖുനൂത് ഓതാതിരുന്നാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യാതിരുന്നാലും ആ സുന്നത്തുകളുടെ പ്രതിഫലം നഷ്ടപ്പെടും. പക്ഷേ, അതു ഉപേക്ഷിച്ചതു മൂലം നിസ്കാരം ബാഥിലാകുകയില്ല. അതിനാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാവുന്നതാണ്. ഇമാം ചെയ്തിട്ടില്ലെങ്കിലും മഅ്മൂമിനു സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.

അടുത്ത റക്അത്തിന്‍റെ തുടക്കത്തില്‍ തൊട്ടു മുന്പ് രണ്ട് സുജൂദ് ചെയ്തുവോ എന്ന സംശയം വന്നാല്‍ എന്തു ചെയ്യും?, ഇനി ഒരു സുജൂദ് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന്‍ ഉറപ്പായാല്‍ സഹവിന്‍റെ സുജൂദ് കൊണ്ട് അത് പരിഹരിക്കപ്പെടുമോ.? രണ്ട് സുജൂദും ഇടയിലെ ഇരുത്തവും നിസകാരത്തിന്‍റെ ഫര്‍ളുകളില്‍ പെട്ടതായത് കൊണ്ട് മടക്കി നിസ്കരിക്കേണ്ടി വരുമോ.?

അടുത്ത റക്അതിന്‍ തുടക്കത്തില്‍ (ഒന്നാം സുജൂദ് ചെയ്തു കഴിയുന്നതിനു മുമ്പായി)  തൊട്ടു മുമ്പുള്ള റക്അതില്‍ ഒന്നാമത്തെ സുജൂദ് മാത്രം ചെയ്ത് നേരെ നിര്‍ത്തത്തിലേക്കു വന്നോ എന്നു സംശയിച്ചാല്‍ താഴെ പറയും പ്രകാരം ചെയ്യണം.
മഅ്മൂമായി നിസ്കരിക്കുകയാണെങ്കില്‍ ഇമാം സലാം വീട്ടിയതിനു ശേഷം ഒരു റക്അത് മസ്ബൂഖിനെ പോലെ നിസ്കരിക്കണം. മറതി ഇമാമിന്‍റെ പിന്നിലായിരിക്കുമ്പോളായതു കൊണ്ട് സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല.
മഅ്മൂമല്ലെങ്കില്‍ (ഒറ്റക്കു നിസ്കരിക്കുന്നവനോ, ഇമാമോ ആണെങ്കില്‍) ഉടനെ ഇടയിലുള്ള ഇരിത്തത്തിലേക്ക് ചെന്ന് സുജൂദ് ചെയ്ത് അവിടം മുതല്‍ നിസ്കാരം തുടരണം.  സലാമിനു മുമ്പായി സ്ഹ്‍വിന്‍റെ സുജൂദും ചെയ്യല്‍ സുന്നതാണ്.
സുജൂദ് ഉപേക്ഷിച്ചെന്നു ഉറപ്പായാലും ഇതു തന്നെയാണ് ചെയ്യേണ്ടത്.
ചെയ്യാതെ പോയ റുക്‍ന് കൊണ്ടു വരാതെ സഹ്‍വിന്‍റെ സുജൂദ് മാത്രം ചെയ്താല്‍ മതിയാകുകയില്ല.  ഇതു പോലെ കൊണ്ടുവരാതെ നിസ്കാരം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അത് മടക്കി നിസ്കരിക്കണം.

റക്അതില്‍ സംശയിച്ചു, സഹ്‍വിന്‍റെ സുജൂദ് ചെയ്തതുമില്ല


റക്അതിന്‍റെ എണ്ണത്തില്‍ സംശയിച്ചാല്‍ ഏറ്റവും കുറഞ്ഞ എണ്ണം കണക്കാക്കി റക്അത് പൂര്‍ത്തിയാക്കി നിസ്കരിക്കണം. സലാമിനു മുമ്പായി സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യല്‍ അവനു സുന്നത്താണ്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സലാം വീട്ടിയ ഉടനെയാണ് സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടതെങ്കില്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സമയം അല്പം നീണ്ടതിനു ശേഷമാണ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു.
റക്അതുകളുടെ എണ്ണം കുറവായോ എന്നു സംശയിക്കുകയും അതു കൊണ്ടു വരാതെ സഹ്‍വിന്‍റെ സുജൂദ് മാത്രം ചെയ്താല്‍ മതിയാകുകയില്ല. അത് കൊണ്ടുവരാന്‍ മറന്ന് സലാം വീട്ടിയാല്‍  സമയം ദീര്‍ഘിക്കുന്നതിന്‍റെ മുമ്പ് ഓര്‍മ്മ വന്നാല്‍ കുറവെന്നു സംശയിച്ച റക്അത്  നിസ്കരിക്കണം. സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്തുമാണ്. സലാം വീട്ടി കുറേ കഴിഞ്ഞാണ് ഓര്‍മ്മ വന്നതെങ്കില്‍ നിസ്കാരം മടക്കണം
കൂടുതലാവാണ് സാധ്യതയുണ്ടെന്ന വിചാരത്തോടെ റക്അത് നിസ്കാരത്തില്‍ കൊണ്ടു വരുമ്പോഴാണ് സ്ഹ്‍വിന്‍റെ സുജൂദ് സുന്നത്തുള്ളത്. ഉദാഹരണത്തിനു ളുഹ്റ് നിസ്കാരത്തില്‍ നിസ്കരിച്ചു കഴിഞ്ഞ റക്അതുകള്‍ മൂന്നോ നാലോ എന്നു സംശയിച്ചാല്‍ അത് മൂന്നെന്നു വെച്ച് ഒരു റക്അതു കൂടി കൊണ്ടുവരണം. സഹ്‍വിന്‍റെ സുജൂദും ചെയ്യണം. ഈ അവസാന റക്അത് കൊണ്ടുവരുന്നതിനിടയിലോ കൊണ്ടുവന്ന ശേഷമോ സംശയം നീങ്ങുകയും അതു നാലാമത്തെതെന്നു ഉറപ്പായാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. ഈ അവസാന റക്അതിലേക്ക് എഴുന്നേല്‍ക്കുന്നതിനു മുമ്പേ സംശയം നീങ്ങുകയും അത് നാലാമത്തേതെന്നു ഉറപ്പാകുകയും ചെയ്താല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തില്ല.
സഹവിന്‍റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ ഏതെല്ലാം?
നിസ്കാരത്തില്‍ ഫര്‍ളുകള്‍ അല്ലാത്തവ എല്ലാം സുന്നതുകളാണ്. ആ സുന്നതുകള്‍ രണ്ട് വിധമാണ്, അബ്ആള് സുന്നതുകളും ഹൈഹാത് സുന്നതുകളും. ആദ്യത്തെ അത്തഹിയാത് ഓതല്‍, അതിന് ശേഷം നബിയുടെ മേല്‍ സ്വലാത് ചൊല്ലല്‍, അത് രണ്ടിന് വേണ്ടിയും ഇരിക്കല്‍, സുബ്ഹിയിലും റമദാന്‍ അവസാനപകുതിയിലെ വിത്റിലും ഖുനൂത് ഓതല്‍, ഖുനൂതിന് ശേഷം നബിയുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാത് ചൊല്ലല്‍, അവക്ക് വേണ്ടി നില്‍ക്കല്‍, അവസാനത്തെ അത്തഹിയാതിന് ശേഷം നബിയുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലല്‍ എന്നീ ഏഴ് കാര്യങ്ങളാണ് അബ്ആള് സുന്നതുകള്‍.. ഇവയില്‍ ഏതെങ്കിലും ഒന്ന് മറന്നോ മനപ്പൂര്‍വ്വമോ ഒഴിവാക്കിയാല്‍ അത് അവസാനം സഹവിന്‍റെ സുജൂദ് ചെയ്യുന്നതിലൂടെ പരിഹരിക്കപ്പെടുന്നതാണ്. ഇവ അല്ലാത്ത സുന്നതുകളൊന്നും തന്നെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല. ഒഴിവാക്കിയാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല.


No comments:

Post a Comment