Wednesday 17 August 2016

ഉർവത് ബിൻ സുബൈർ (റ)

 

പ്രദോഷ സൂര്യന്‍ അതിന്റെ പൊന്‍കിരണങ്ങള്‍ കൊണ്ട് പരിശുദ്ധ ഭവനത്തെ പൊതിഞ്ഞ സമയം. കഅ്ബാലയത്തിന്റെ വിശാല മുറ്റത്ത് മന്ദമാരുതന്‍ പതിയെ പരിമളം വിടര്‍ത്തിയിരിക്കുന്നു. പ്രവാചക സഖാക്കളിലും, താബിഉകളിലും പെട്ട പ്രമുഖര്‍ ചുറ്റും ത്വവാഫ് ചെയ്യുന്നുണ്ട്. അവരുടെ തഹ്‌ലീലുകളും, തക്ബീറുകളും കൊണ്ട് അവിടമാകെ സുഗന്ധം പരന്നിരിക്കുന്നു. അന്തരീക്ഷമെങ്ങും പ്രാര്‍ത്ഥനാ മുഖരിതമാണ്.

ത്വവാഫിന് ശേഷം ജനങ്ങള്‍ കഅ്ബക്ക് ചുറ്റും കൂട്ടം കൂട്ടമായി ഇരുന്നു. അതിന്റെ വെട്ടിത്തിളങ്ങുന്ന ശോഭയില്‍ അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. കുറ്റകരമല്ലാത്ത, അനാവശ്യം കലരാത്ത വര്‍ത്തമാനങ്ങളില്‍ മുഴുകിയിരിക്കുന്നു അവര്‍.

ത്വവാഫിന് തുടക്കം കുറിക്കുന്ന റുക്‌നുല്‍ യമാനിയില്‍ നാല് യുവാക്കള്‍ ഇരിക്കുന്നു. ഓജസ്സുള്ള അവരുടെ മുഖങ്ങള്‍ ആഢ്യത്വം വിളിച്ചറിയിക്കുന്നുണ്ട്. അവര്‍ പൂശിയ വിലകൂടിയ സുഗന്ധം കുലീനതയെ അറിയിക്കുന്നു. വസ്ത്രത്തിന്റെ വെളുത്ത നിറവും, ഹൃദയത്തിന്റെ ഇണക്കവും കണ്ടാല്‍ പള്ളിയിലെ പ്രാവുകളാണെന്ന് തോന്നിപ്പോവും.

അബ്ദുല്ലാഹ് ബിന്‍ സുബൈര്‍, സഹോദരന്‍ മുസ്അബ് ബിന്‍ സുബൈര്‍, അവരുടെ സഹോദരന്‍ ഉര്‍വത് ബിന്‍ സുബൈര്‍, പിന്നെ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍(റ) എന്നിവരായിരുന്നു ആ നാലു പേര്‍. നന്മ കാംക്ഷിക്കുന്ന ആ യുവ സംഘം വളരെ ശാന്തമായ ചര്‍ച്ചയിലായിരുന്നു. അതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു ;നമുക്കെല്ലാവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലെ അവരവരുടെ സ്വപ്‌നങ്ങള്‍ പങ്ക് വെക്കാം.

അവര്‍ തങ്ങളുടെ ഭാവനകളെ കെട്ടഴിച്ച് വിട്ടു. വിശാലമായ അദൃശ്യലോകത്ത് അവ വട്ടമിട്ട് പറന്നു തുടങ്ങി. പച്ചപുതച്ച സ്വപ്‌നപ്പൂന്തോപ്പില്‍ അവ പാറിക്കളിക്കുകയാണ്. അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) പറഞ്ഞു.

ഹിജാസിന്റെ അധികാരം കയ്യില്‍വരികയും അവിടത്തെ ഖിലാഫത്ത് ഏറ്റെടുക്കുകയും ചെയ്യുന്നതാണ് എന്റെ സ്വപ്നം

സഹോദരന്‍ മുസ്അബ്(റ) പറഞ്ഞു ;കൂഫയും ബസറയും കീഴ്‌പെടുത്തണമെന്നും, അവിടെ പ്രതിയോഗിയില്ലാതെ വാഴണമെന്നുമാണ് എന്റെ ആഗ്രഹം.

അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ പറഞ്ഞു ;നിങ്ങള്‍ രണ്ട് പേരും അവ കൊണ്ട് തൃപ്തരാവുമെങ്കില്‍ ഞാന്‍ ലോകം മുഴുന്‍ കീഴ്‌പെടുത്തിയാലെ തൃപ്തനാവൂ. മുആവിയക്ക് ശേഷം ഖിലാഫത്ത് നേടണമെന്നതാണ് എന്റെ അഭിലാഷം.

ഉര്‍വത് ബിന്‍ സുബൈര്‍(റ) മൗനിയായി നിശ്ബദനായി ഇരിക്കുകയാണ്. കൂട്ടുകാര്‍ അദ്ദേഹത്തോട് ചോദിച്ചു ;അല്ലയോ ഉര്‍വ എന്താണ് താങ്കളുടെ സ്വപ്നം?

നിങ്ങള്‍ സ്വപ്‌നം കണ്ട ഇഹലോക നേട്ടങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. കര്‍മനിരതനായ ഒരു പണ്ഡിതനാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ എന്നില്‍ നിന്നും അവരുടെ നാഥന്റെ വേദവും, പ്രവാചക സുന്നത്തും, ദീനീ നിയമങ്ങളും പഠിക്കണമെന്നാണ് എന്റെ ആശ. അല്ലാഹുവിന്റെ തൃപ്തി മുഖേന എനിക്ക് പരലോകത്ത് വിജയിയാകാമല്ലോ. അത് മുഖേനെ എനിക്ക് സ്വര്‍ഗം ലഭിക്കുമല്ലോ.

കാലം കുറെ കഴിഞ്ഞ് പോയി. യസീദ് ബിന്‍ മുആവിയക്ക് ശേഷം ഹിജാസ്, ഈജിപ്ത്, യമന്‍, ഖുറാസാന്‍, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടു. ശേഷം പരിശുദ്ധ കഅ്ബാലയത്തിന്റെ തൊട്ടടുത്ത് വെച്ച് അദ്ദേഹം ആഗ്രഹിച്ചത് പോലെ രക്തസാക്ഷിത്വം വരിച്ചു.

സഹോദരന്റെ നിര്യാണത്തെ തുടര്‍ന്ന് അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ അധികാരമേറ്റു. അദ്ദേഹവും അധികാരവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു.

തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം അബ്ദുല്‍ മലിക് ബിന്‍ മര്‍വാനും ഖിലാഫത്ത് ലഭിച്ചു. അബ്ദുല്ലാഹ് ബിന്‍ സുബൈറും, സഹോദരന്‍ മുസ്അബും കൊല്ലപ്പെട്ടതിന് ശേഷം മുഴുവന്‍ മുസ്‌ലിങ്ങളുടെയും ഖലീഫയായി അവരോധിതനായി. തന്റെ കാലത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണാധികാരിയായി അദ്ദേഹം അധികാരത്തില്‍ വാണു.

എന്നാല്‍ ഉര്‍വത് ബിന്‍ സുബൈറോ?

ഉമര്‍(റ)ന്റെ ഖിലാഫത്ത് അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ ജനനം. മുസലിങ്ങളിലെ കുലീന കുടുംബത്തിലാണ് പിറന്നത്. പ്രവാചക സതീര്‍ത്ഥനായ സുബൈര്‍ ബിന്‍ അവാം(റ) ആണ് പിതാവ്. ഇസ്‌ലാമിന് വേണ്ടി ആദ്യമായി വാളൂരിയത് അദ്ദേഹമായിരുന്നു. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം. ഇരട്ടപ്പട്ടക്കാരിയെന്ന് അറിയപ്പെട്ട അസ്മാഅ് ബിന്‍ത് അബീബക്ര്‍ ആണ് ഉര്‍വയുടെ മാതാവ്. മാതാമഹന്‍ ഒന്നാം ഖലീഫ അബൂബക്ര്‍(റ), പിതാമഹി പ്രവാചകന്റെ അമ്മായിയായിരുന്ന സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്തലിബ്. മാതൃസഹോദരി പ്രവാചക പത്‌നി ആഇശ(റ)യും. അവരെ ഖബ്‌റടക്കിയപ്പോള്‍ അദ്ദേഹമാണ് ഖബ്‌റില്‍ ഇറങ്ങി, കൈകൊണ്ട് കുഴിയില്‍ അവരെ ശരിയാക്കി വെച്ചത് അദ്ദേഹമായിരുന്നു. എത്ര മഹത്തരമായ സ്ഥാനം!

കഅ്ബക്കരികിലരുന്ന് വിശദീകരിച്ച തന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് വേണ്ടി ഉര്‍വത് കച്ചമുറുക്കി. വിജ്ഞാനസമ്പാദനത്തിന്നായി ഒഴിഞ്ഞിരുന്നു. അവശേഷിക്കുന്ന പ്രവാചക സഖാക്കളെ അതിന്നായി ഉപയോഗപ്പെടുത്തി. അവരുടെ വീടുകളില്‍ ചെന്നിരുന്ന്, പിന്നില്‍ നമസ്‌കരിച്ച്, സദസ്സുകളില്‍ പങ്കെടുത്ത് അദ്ദേഹം പാണ്ഡിത്യത്തിലേക്ക് ചുവട് വെച്ചു. അലി ബിന്‍ അബീത്വാലിബ്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്, സൈദ് ബിന്‍ സാബിത്, അബൂ അയ്യൂബുല്‍ അന്‍സ്വാരി, ഉസാമ ബിന്‍ സൈദ്, സഈദ് ബിന്‍ സൈദ്, അബൂ ഹുറൈറ, ഇബ്‌നു അബ്ബാസ്, നുഅ്മാന്‍ ബിന്‍ ബഷീര്‍(റ) തുടങ്ങിയരില്‍ നിന്ന് അദ്ദേഹം വിജ്ഞാനം നുകര്‍ന്നു.

തന്റെ ഭാര്യാ സഹോദരിയായ ആഇശ(റ)യില്‍ നിന്നും ധാരാളം വിജ്ഞാനം നേടി. മുസ്‌ലിങ്ങള്‍ തങ്ങളുടെ ദീനീ സംശയങ്ങള്‍ ചോദിക്കുന്ന മദീനയിലെ പ്രഗല്‍ഭരായ ഏഴ് പണ്ഡിതരില്‍ ഒരാളായി അറിയപ്പെട്ടു. സല്‍ക്കര്‍മികളായ ഭരണാധികാരികള്‍ തങ്ങളുടെ ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സഹായം തേടി.

വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ഗവര്‍ണറായി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് മദീനയിലെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന് അഭിവാദ്യം നേര്‍ന്ന് ചുറ്റും കൂടി. അദ്ദേഹം ളുഹ്ര്‍ നമസ്‌കാരത്തിന് ശേഷം അവിടത്തെ പത്ത് പണ്ഡിതന്മാരെ വിളിച്ച് കൂട്ടി. അവരുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത് ഉര്‍വത് ബിന്‍ സുബൈര്‍(റ) ആയിരുന്നു. അവരെത്തിയപ്പോള്‍ അദ്ദേഹമവരെ അഭിവാദ്യം ചെയ്തു. അവരെ ആദരിച്ചു സദസ്സിലിരുത്തി. പിന്നീട് അല്ലാഹുവിനെ സ്തുതിച്ച് സംസാരം തുടങ്ങി.

നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യത്തിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നത്. സത്യത്തിന്റെ മേല്‍ നിങ്ങളെന്റെ സഹായികളാവണം. നിങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ഞാനൊരു തീരുമാനവും എടുക്കുകയില്ല. ഒരാള്‍ മറ്റൊരാളെ അതിക്രമിക്കുന്നത് നിങ്ങള്‍ കണ്ടാല്‍, അല്ലെങ്കില്‍ എന്റെ ഉദ്യോഗസ്ഥന്‍ അക്രമം പ്രവര്‍ത്തിച്ചതായി അറിഞ്ഞാല്‍ എന്നെ അറിയിക്കണമെന്ന് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് നന്മ വരുത്താന്‍ ഉര്‍വത്(റ) പ്രാര്‍ത്ഥിച്ചു. സന്മാര്‍ഗവും, സുബദ്ധതയും അല്ലാഹു അദ്ദേഹത്തിന് നല്‍കുമെന്ന് പ്രത്യാശിച്ചു.

ഉര്‍വത് കര്‍മവും വിജ്ഞാനവും യോജിപ്പിച്ച പണ്ഡിതനായിരുന്നു. നോമ്പനുഷ്ഠിക്കുകയും, എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാവ് സദാസമയവും ദൈവസ്മരണയില്‍ മുഴുകി. ഖുര്‍ആന്റെ കൂട്ടുകാരനായിരുന്ന അദ്ദേഹം അത് വായിക്കുന്നതിന് വേണ്ടി തപസ്സിരിക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും ഖുര്‍ആന്റെ നാലിലൊന്ന് കണ്ട് കൊണ്ട് പാരായണം ചെയ്യും. ശേഷം മനപാഠമാക്കിയത് പാരായണം ചെയ്ത് രാത്രി നമസ്‌കാരം നിര്‍വഹിക്കും. യുവത്വത്തിന് ശേഷം ജീവിതത്തില്‍ ഒരിക്കല്‍ പോലും ആ പതിവ് അദ്ദേഹമുപേക്ഷിച്ചില്ല. നമസ്‌കാരത്തിലായിരുന്നു അദ്ദേഹത്തിന് സ്വസ്ഥത ലഭിച്ചിരുന്നത്. പ്രാര്‍ത്ഥന അദ്ദേഹത്തിന്ന് കണ്‍കുളിര്‍മയേകി. അത് മുഖേനെ അദ്ദേഹം ഭൂമിയില്‍ സ്വര്‍ഗം ഒരുക്കി. ഏറ്റവും കുറ്റമറ്റ വിധത്തില്‍, പൂര്‍ണമായി, സുദീര്‍ഘമായി അദ്ദേഹം നമസ്‌കാരം നിര്‍വഹിച്ചു.

വളരെ ചുരുക്കി നമസ്‌കരിക്കുന്ന ഒരാളെ ഉര്‍വത് കാണാനിടയായി. നമസ്‌കാരം പൂര്‍ത്തിയാക്കിയ ഉടനെ അയാളെ അടുത്തേക്ക് വിളിച്ചു പറഞ്ഞു ;സഹോദരാ, നിനക്ക് അല്ലാഹുവിന്റെ അടുത്ത് ഒരാവശ്യവും ഉണ്ടായിരുന്നില്ലേ? അല്ലാഹുവാണ, ഞാന്‍ നമസ്‌കാരത്തിലാണ് അല്ലാഹുവോട് എല്ലാകാര്യവും ചോദിക്കുന്നത്. എനിക്ക് ആവശ്യമുള്ള ഉപ്പ് വരെ.

കയ്യയച്ച് ദാനം ചെയ്യാറുണ്ടായിരുന്ന വളരെ ഉദാരനായിരുന്നു ഉര്‍വ. മദീനയിലെ ഏറ്റവും ഉത്തമമായ ഒരു തോട്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. മധുരിതമായ വെള്ളം, കുളിര്‍മയേകുന്ന തണല്‍, തേനൂറുന്ന ഈത്തപ്പനക്കുലകള്‍.

എല്ലാവര്‍ഷവും അദ്ദേഹം തന്റെ പൂന്തോട്ടത്തിന് ചുറ്റും മതില്‍ കെട്ടാറുണ്ടായിരുന്നു അദ്ദേഹം. കന്നുകാലികളില്‍ നിന്നും ഈത്തപ്പനകളെ സംരക്ഷിക്കാനായിരുന്നു അത്. ശേഷം ഈത്തപ്പന കുലച്ചാല്‍, പഴം പാകമാവുകയും സ്വാദിഷ്ടമാവുകയും ചെയ്താല്‍, എല്ലാവരും അവ ആഗ്രഹിക്കുന്ന ആ സമയത്ത് അതിന്റെ മതില്‍ അദ്ദേഹം പൊളിക്കും. ജനങ്ങള്‍ അതില്‍ കയറി വേണ്ടുവോളം ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യും. ആവശ്യമുള്ളത് ശേഖരിച്ച് വീട്ടിലേക്ക് കൊണ്ട് പോകും. തന്റെ തോട്ടത്തിലേക്ക് കയറുമ്പോഴൊക്കെ സൂറത്തുല്‍ കഹ്ഫിലെ ഈ വചനം ഉരുവിടാറുണ്ടായിരുന്നു ;നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല. (അല്‍ കഹ്ഫ് 39)

വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ഭരണ കാലം. അല്ലാഹു ഉര്‍വത് ബിന്‍ സുബൈറിനെ പരീക്ഷിക്കാന്‍ ഉദ്ദേശിച്ചത് അപ്പോഴായിരുന്നു. ഈമാന്‍ ഹൃദയത്തില്‍ അടിയുറച്ചവര്‍ക്ക് മാത്രം നേരിടാന്‍ കഴിയുന്ന പരീക്ഷണമായിരുന്നു അത്.

ദമസ്‌കസില്‍ വന്ന് തന്നെ കാണണമെന്ന് ഉര്‍വത് ബിന്‍ സുബൈറിന് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലികന്റെ കല്‍പന വന്നു. തന്റെ മൂത്ത പുത്രനെയും കൂടെകൂട്ടിയാണ് ഉര്‍വത് രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടത്. ഖലീഫ വളരെ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്. സന്തോഷത്തോടും മുഖപ്രസന്നതയോടും കൂടിയാണ് അദ്ദേഹത്തെ വരവേറ്റത്. പക്ഷെ, കപ്പല്‍ ആശിച്ചത് പോലെയായിരുന്നില്ല പിന്നീട് കാറ്റ് വീശിയത്.

പിതാവിനൊപ്പം വന്ന മകന്‍ ഖലീഫയുടെ കുതിരാലയത്തിന്റെ സമീപത്തേക്ക് നീങ്ങി. മൂന്ന് കാലില്‍ നില്‍ക്കുന്ന രാജാവിന്റെ മേത്തരം കുതിരകളെ ആകാംക്ഷയോടെ വീക്ഷിക്കുകയായിരുന്നു അവന്‍. പെട്ടെന്ന്, ഒരു മൃഗം അവനെ പിന്നില്‍ വന്ന് ഇടിക്കുകയും, അതേതുടര്‍ന്ന് അവന്‍ മരിക്കുകയും ചെയ്തു.

വളരെയധികം വേദനയോടെ മകന്റെ ഖബ്‌റിലേക്ക് ആ പിതാവ് മണ്ണ് വാരിയിട്ട് കൊണ്ടേയിരുന്നു. എഴുന്നേറ്റപ്പോഴേക്കും കാലില്‍ നീര് വന്നിരുന്നു. വളരെ അല്‍ഭുതകരമായ വിധത്തിലാണ് നീര് വര്‍ധിച്ചത്. ഖലീഫ തന്റെ അതിഥിക്ക് നാലുപാട് നിന്നും വൈദ്യന്‍മാരെ വിളിച്ച് വരുത്തി. പക്ഷെ ചികിത്സയൊന്നും ഫലിച്ചില്ല. മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന് മുമ്പ് കാല്‍ മുറിച്ച് മാറ്റണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. കാല് മുറിച്ച് മാറ്റുന്നതിനായി വൈദ്യന്‍ വന്നു. മാംസം മുറിക്കുന്നതിനുപയോഗിക്കുന്ന കത്തികളും മറ്റ് ഉപകരണങ്ങളും നിരത്തി വെച്ചു. വൈദ്യന്‍ ഉര്‍വയോട് പറഞ്ഞു ;വേദന അറിയാതിരിക്കാന്‍ കുറച്ച് ലഹരി കുടിക്കുകയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.

ഒരിക്കലുമില്ല, ശാരീരിക സൗഖ്യത്തിന് വേണ്ടി നിഷിദ്ധമായത് ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറല്ല; ഉര്‍വത് ബിന്‍ സുബൈറിന്റെ സ്വരം കനത്തതായിരുന്നു.

എങ്കില്‍ മയക്ക് മരുന്ന് തരാം എന്നായി വൈദ്യന്‍.

വേദനയറിയാതെ എന്റെ ഒരു അവയവം മുറിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. അത് മുഖേനെ എനിക്ക് പ്രതിഫലം നഷ്ടപ്പെട്ടേക്കും.അദ്ദേഹം പറഞ്ഞു.

വൈദ്യന്‍ കത്തിയെടുത്ത് കാല്‍ മുറിക്കാന്‍ നില്‍ക്കുമ്പോഴുണ്ട് ഒരു സംഘമാളുകള്‍ അടുത്തേക്ക് വരുന്നു. ഉര്‍വത് ബിന്‍ സുബൈര്‍ ചോദിച്ചു ഇതൊക്കെ ആരാണ്?

ഇവര്‍ താങ്കളെ ബലമായി പിടിച്ച് വെക്കാന്‍ വന്നവരാണ്. വേദന സഹിക്കാതെ വരുമ്പോള്‍ ഒരു പക്ഷെ താങ്കള്‍ കാല്‍ വലിച്ചേക്കും, അത് കൂടുതല്‍ പ്രയാസം സൃഷ്ടിച്ചേക്കും. ഡോക്ടര്‍ വിശദീകരിച്ചു.

അവരോട് പോകാന്‍ പറ, എനിക്കവരെ ആവശ്യമില്ല. അവരെക്കാള്‍ ശക്തമായ കൂട്ടാളികള്‍ എനിക്കുണ്ട്. അല്ലാഹുവിനെക്കുറിച്ച സ്മരണയും, തസ്ബീഹും.

ഡോക്ടര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. കത്രികയുപയോഗിച്ച് മാംസം മുറിച്ചു. ശേഷം മടവാളെടുത്ത് എല്ല് മുറിക്കാന്‍ തുടങ്ങി. അപ്പോഴും ഉര്‍വത് ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍.. 

അയാള്‍ മുറിച്ച് കൊണ്ടേയിരിക്കുകയാണ്. കാല്‍ മുറിച്ച് കഴിയുന്നത് വരെ ഉര്‍വത് ബിന്‍ സുബൈര്‍ തക്ബീറും, തഹ്‌ലീലും ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നീട് ഒരു ഇരുമ്പ് പാത്രത്തില്‍ എണ്ണ തിളപ്പിച്ചു, അദ്ദേഹത്തിന്റെ കാല്‍ അതില്‍ മുക്കി. രക്തമൊലിക്കുന്നത് നിര്‍ത്തുന്നതിനും മുറിവ് കരിയുന്നതിനും വേണ്ടിയായിരുന്നു അത്. അത്കൂടി ആയപ്പോഴേക്കും അദ്ദേഹം ബോധരഹിതനായി. യുവത്വത്തിലേക്ക് കടന്നതിന് ശേഷം ഖുര്‍ആന്‍ പാരായണം നിലച്ച ഒരേ ഒരു ദിവസമായിരുന്നു അത്.

ബോധം വന്നതിന് ശേഷം, മുറിച്ച് മാറ്റിയ കാല്‍ കൊണ്ട് വരാന്‍ അദ്ദേഹം കല്‍പിച്ചു. അത് കയ്യിലെടുത്ത് ചുംബിച്ചു കൊണ്ട് ഉര്‍വത് ബിന്‍ സുബൈര്‍ പറഞ്ഞു ;രാത്രിയുടെ അന്ധകാരങ്ങളില്‍ നിന്നെക്കൊണ്ട് എന്നെ പള്ളിയിലേക്ക് വഹിച്ചവനാണ് സത്യം, അവനറിയാം നിന്നെകൊണ്ട് ഞാന്‍ ഹറാമിലേക്ക് നടന്നിട്ടേയില്ല.


ഉർവത് ബിൻ സുബൈർ (റ) ന്റെ കാലിനു ഒരസുഖം ബാധിച്ചതായിരുന്നു എന്ന് മറ്റൊരു ചരിത്രത്തിൽ കാണാം .

((((((ഡമസ്കസിലെ വലീദ് രാജാവിന്‍റെ കൊട്ടാരത്തിലേക്ക് ഒരു മധ്യവയസ്കന്‍ കടന്നുവന്നു. ഇടതൂര്‍ന്നു വളര്‍ന്ന താടിയും തലപ്പാവും. ആഗതന്‍ വലീദിനെ കണ്ടമാത്രയില്‍ ചെറുചിരിയോടെ ചോദിച്ചു:

ഓര്‍മയുണ്ടോ..?

‘ഉണ്ടല്ലോ’

പരിചയ ഭാവത്തോടെ വലീദ് പറഞ്ഞു.

‘മദീനാ ശരീഫിലെ പ്രശസ്തരും പ്രഗത്ഭരുമായ പണ്ഡിതരില്‍ ഒരാളല്ലേ താങ്കള്‍?’

‘ഉം..’ ആഗതന്‍ ഒന്നുമൂളി.

‘ഇനിയുമുണ്ട് താങ്കളെ ഓര്‍ക്കാന്‍ ചിലത്. ഭരണസാരഥ്യം ഏറ്റെടുത്ത ഉടനെ മദീനയിലെ പത്ത് പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തി അവരോട് ഞാന്‍ പറഞ്ഞു: മത കാര്യങ്ങളില്‍ വല്ല വീഴ്ചയും എനിക്കു പറ്റിയാല്‍ നിങ്ങളെന്നെ തിരുത്തണം! ആ സംഘത്തിലെ ഒരാളായിരുന്നല്ലോ താങ്കള്‍.’

യാത്ര ചെയ്ത് ക്ഷീണിച്ച ആഗതന്‍റെ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു. അദ്ദേഹം തലയാട്ടി.

വലീദ് സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.

‘താങ്കള്‍ കവിയാണ്. കാവ്യശാസ്ത്രത്തിന്‍റെ ദാഹം തീര്‍ത്ത അറബി കവി. ചരിത്ര പണ്ഡിതന്‍, കര്‍മശാസ്ത്ര വിശാരദന്‍, നബി ശിഷ്യന്മാരായ സ്വഹാബികളില്‍ ചിലര്‍ വരെ സംശയം തീര്‍ക്കാന്‍ സമീപിച്ചിരുന്ന മഹാന്‍, പാതിരാവുകളില്‍ ഉറക്കമൊഴിച്ച് ഇബാദത്തെടുക്കുന്ന ഭക്തന്‍, മുക്കിയാല്‍ വറ്റാത്ത വിജ്ഞാന സമുദ്രം.’

ആഗതന്‍ ഉര്‍വത്തുബിന്‍ സുബൈര്‍(റ) ആയിരുന്നു.

ഖലീഫ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു. ഉര്‍വത്ത്(റ) നീരുവന്ന് വീര്‍ത്ത കാലുവലിച്ച് അകത്തേക്ക് കയറി. വലീദ് വാത്സല്യത്തോടെയും അതിരറ്റ ആദരവോടെയും അദ്ദേഹത്തെ ചേര്‍ത്തണച്ചു.

സുഖമല്ലേ താങ്കള്‍ക്ക്?

പന്തിയല്ലാത്ത ചെറുചിരിയോടെ ഉര്‍വത്ത് തലയാട്ടി.

‘യാത്രയില്‍ പ്രത്യേകം വല്ല ഉദ്ദേശ്യവും?’

ഉര്‍വത്ത്(റ)ന്‍റെ ചുണ്ടുകള്‍ വിറച്ചു. അദ്ദേഹം ചില വേദനകള്‍ തുറന്നു പറഞ്ഞു.

ശിഷ്യര്‍ക്കൊപ്പമുള്ള യാത്രയില്‍ എന്‍റെ കാലില്‍ ചെറിയൊരു വിഷമം നേരിട്ടിട്ടുണ്ട്. യാത്ര വാദില്‍ ഖുറായില്‍ എത്തിയപ്പോഴായിരുന്നു സംഭവം.


 
വലീദിന്‍റെ മുഖത്ത് ജിജ്ഞാസ വര്‍ധിച്ചു. ബാക്കി കേള്‍ക്കാന്‍ അദ്ദേഹം കാത് കൂര്‍പ്പിച്ചു.


 
കാല്‍പാദത്തില്‍ ചെറിയ കുരുക്കളാണ് ആദ്യം കണ്ടത്. അനുനിമിഷം അത് വലുതായി. ക്രമേണ കാല്‍തണ്ടയിലേക്ക് വ്യാപിച്ചു.

ദുഃഖിതനായ വലീദ് ഉടനെ കൊട്ടാര വൈദ്യന്മാരെയും ഡമസ്കസിലെ അറിയപ്പെട്ട ഭിഷഗ്വരന്മാരെയും വിളിച്ചുവരുത്തി. വൈദ്യന്മാര്‍ മാറിമാറി ഉര്‍വത്(റ)ന്‍റെ കാല്‍ പരിശോധിച്ചു. അവര്‍ ഏകകണ്ഠമായി ആ സത്യം പറഞ്ഞു:

‘ഖലീഫാ, കാലിലെ പഴുപ്പ് ഇവിടെ നില്‍ക്കില്ല. ഇത് ദ്രുതഗതിയില്‍ കാല്‍മുട്ടിലേക്കും തുടര്‍ന്ന് ശരീരത്തിലേക്കും വ്യാപിച്ചേക്കും. അതിനാല്‍ എത്രയും വേഗം ഈ കാല്‍ മുട്ടിനുതാഴെ മുറിച്ചു കളയണം.’

ചുറ്റും കൂടിയിരുന്നവര്‍ പരസ്പരം നോക്കി. വൈദ്യന്മാരുടെ ദീനമുഖം ഒരിക്കല്‍ കൂടി ഉര്‍വത്ത്(റ) കണ്ടു. പക്ഷേ, അദ്ദേഹത്തിന് യാതൊരു കുലുക്കവുമില്ല. അചഞ്ചലമായ ഹൃദയം. ഭാവമാറ്റമില്ലാത്ത മുഖം. മിഴികളില്‍ വെളിച്ചം, പൂവിടരുംപോലെ ചുണ്ടുകളില്‍ പുഞ്ചിരി. അല്ലാഹുവിന്‍റെ വിധിയില്‍ ക്ഷമ.

‘കാല്‍ നീട്ടിത്തരാം, നിങ്ങള്‍ മുറിച്ചോളൂ’ ഉര്‍വത്ത്(റ) നിസ്സങ്കോചം വൈദ്യന്മാരോടായി പറഞ്ഞു.

തീക്ഷ്ണതയോടെയാണ് അതവര്‍ ശ്രവിച്ചത്. എങ്ങനെ ഇത് പ്രയോഗവത്കരിക്കും. പച്ചമനുഷ്യന്‍റെ കാല്‍ ഈര്‍ച്ചവാള്‍ കൊണ്ട് മുറിക്കണം. കഠിന വേദന അദ്ദേഹത്തിനു സഹിക്കാനാകുമോ?

രോഗിയെ മയക്കിക്കിടത്താതെ കൃത്യം നിര്‍വഹിക്കാനാകില്ല. മയക്കുമരുന്നായി കൊടുക്കാനൊന്നുമില്ല. ഇനി എന്തു ചെയ്യും?

അവസാനം മനമില്ലാ മനസ്സോടെ അവര്‍ പറഞ്ഞൊപ്പിച്ചു:

‘ഗുരോ, അങ്ങ് അല്‍പം മദ്യം സേവിക്കണം. അപ്പോള്‍ മയക്കം വരും. വേദനയറിയാതെ ഞങ്ങള്‍ കാല്‍ വെട്ടിമാറ്റാം.’

ഒരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം.

ഞാനതിന് ഒരുക്കമല്ല. സത്യവിശ്വാസിയായ ഒരാള്‍ മദ്യപിച്ചു മയക്കം വരുത്തുമോ? അല്ലാഹുവിന്‍റെ ദിക്റാണ് എന്‍റെ മയക്കുമരുന്ന്. ദിക്റില്‍ ലയിച്ചാല്‍ മറ്റൊന്നും ഞാനറിയില്ല. അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, സുഖമായി മുറിച്ചോളൂ. ഞാന്‍ ദിക്ര്‍ ചൊല്ലി നിന്നോളാം.))))))))).


വലീദ് ആലോചനയില്‍ മുഴുകി.

തന്‍റെ പിതാവ് അബ്ദുല്‍ മലിക് രാജ്യം ഭരിക്കുന്ന കാലം. അന്നൊരു നാള്‍ ഇദ്ദേഹം കൊട്ടാരത്തില്‍ വിരുന്നുകാരനായെത്തി. പിതാവ് സാദരം സ്വീകരിച്ചു. രാജധാനിയില്‍ തന്നെ ഇരുത്തി. അപ്പോഴേക്കും മന്ത്രിമാര്‍, കൊട്ടാര കവികള്‍, പരിവാരം, പട്ടാള മേധാവികള്‍ എല്ലാം അണിനിരന്നു.

സ്നേഹസംഭാഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ രാഷ്ട്രീയ കാര്യങ്ങളിലേക്ക് ചര്‍ച്ച വഴിമാറി. അതിനിടയില്‍ ബനൂ ഉമയ്യ ഭരണകൂടത്തെ പിന്തുണക്കാതെ മക്ക-മദീന കേന്ദ്രമായി സ്വതന്ത്ര ഭരണം സ്ഥാപിച്ച അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ കുറിച്ച് പരാമര്‍ശമുണ്ടായി. ഉര്‍വത്(റ)ന്‍റെ ജ്യേഷ്ഠനായിരുന്നു അദ്ദേഹം.

തുടര്‍ന്ന് ശവംതീനി പക്ഷികളെപ്പോലെ കൂടിയിരുന്നു അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ അവര്‍ കൊത്തിവലിക്കാന്‍ തുടങ്ങി.

ഉര്‍വത്ത്(റ)ന് അത് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരെ ശക്തമായ ഭാഷയില്‍ തിരുത്തുക തന്നെ ചെയ്തു.

രാജാവ് അബ്ദുല്‍ മലികിന്‍റെ പിന്തുണ കൊട്ടാര ജീവനക്കാര്‍ക്കായിരുന്നു. രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയ ഉര്‍വത്ത്(റ) അവിടെ നിന്നിറങ്ങിപ്പോന്നു. അന്ന് പിതാവ് വേദനിപ്പിച്ചു വിട്ട അതിഥി. ഇപ്പോഴിതാ തന്‍റെ കൊട്ടാരത്തില്‍ യാദൃച്ഛികമാണെങ്കിലും മറ്റൊരു വേദനയുമായി കഴിയുന്നു.

ഓര്‍മകള്‍ കൊണ്ട് വലീദിന്‍റെ മനസ്സ് ഉഷ്ണിക്കാന്‍ തുടങ്ങി. അപ്പോഴാണ് കൂനിേന്മല്‍ കുരു എന്ന മട്ടില്‍ മറ്റൊരു ദുരന്ത വാര്‍ത്ത ഭൃത്യന്‍ അറിയിച്ചത്.

ഉര്‍വത്ത്(റ)ന്‍റെ മകന്‍ മുഹമ്മദ് കൊട്ടാരത്തിലെ വളര്‍ത്തു മൃഗങ്ങളെ കണ്ടു നടക്കുന്നതിനിടയില്‍ ഒരു കുതിരയുടെ ചവിട്ടേറ്റു മരണപ്പെട്ടിരിക്കുന്നു. വിവരം കേട്ടപാടെ വലീദ് കുതിരാലയത്തിലേക്കോടി. ചോരയില്‍ കുതിര്‍ന്ന മുഹമ്മദിന്‍റെ ശരീരം നെഞ്ചോടമര്‍ത്തി.

കാല് മുറിക്കപ്പെട്ട വേദനയില്‍ കഴിയുന്ന ഉര്‍വത്ത്(റ) ഈ വാര്‍ത്ത എങ്ങനെയാണ് സ്വീകരിക്കുക?

ഖലീഫയുടെ ഹൃദയം പിടച്ചു.

തിളച്ച സൈത്തെണ്ണയില്‍ മുക്കിയ കാല്‍മുട്ടിലെ മുറിവായില്‍ നിന്ന് രക്തവും നീരും കിനിഞ്ഞുകൊണ്ടിരുന്നു. ഛേദിക്കപ്പെട്ട കാല്‍ ഒരു തളികയില്‍ വെച്ച് ഉര്‍വത്ത്(റ)ന്‍റെ മുന്നില്‍ ഹാജറാക്കി. ഒപ്പം മകന്‍ മുഹമ്മദിന്‍റെ മരണവാര്‍ത്തയും.

ഒരു നെടുവീര്‍പ്പോടെ അദ്ദേഹം മൗനിയായി. പരിഭവമില്ലാതെ ‘ഇന്നാലില്ലാഹി…’ മൊഴിഞ്ഞു.

അല്ലാഹു എനിക്ക് രണ്ടു കാലുകള്‍ നല്‍കി. അതില്‍ ഒന്നല്ലേ കൊണ്ടുപോയുള്ളൂ. ഏഴു സന്താനങ്ങളെ നല്‍കി. ഒന്നിനെയല്ലേ മടക്കിവിളിച്ചിട്ടുള്ളൂ. അമിതമായി ദുഃഖിക്കാനെന്തിരിക്കുന്നു?

ഉര്‍വത്ത്(റ) ഒരു കവിത ആലപിച്ചു:

‘ഏതെങ്കിലും സദാചാര വിരുദ്ധ പ്രവൃത്തികളിലേക്ക് ഈ കാല്‍ കൊണ്ട് ഞാന്‍ നടന്നിട്ടില്ല. എന്‍റെ കണ്ണും കാതും ഖല്‍ബും അനാശാസ്യത്തിലേക്ക് പോയിട്ടില്ല. ജീവിതത്തില്‍ ചെയ്തുപോയ ഏതോ തെറ്റിന്‍റെ തിക്തഫലമാണ് ഈ അത്യാഹിതങ്ങളെന്ന് കരുതുന്നുമില്ല. ജനിച്ചാല്‍ ഒരുനാള്‍ മരിക്കും. തീര്‍ച്ച, അവയവങ്ങള്‍ നല്‍കിയ ഉടമസ്ഥന്‍ അല്ലാഹുവാണ്. അവനാണ് മുറിപ്പിച്ചത്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കാവുന്ന കേവല മുസ്വീബത്തുകള്‍ മാത്രം.’

അപകടത്തില്‍ മരണപ്പെട്ട മകന്‍ മുഹമ്മദിന്‍റെ ചേതനയറ്റ ശരീരം നോക്കി ഉര്‍വത്ത്(റ) സമാധാനം കൊണ്ടു.

തന്നവനല്ലാഹു, മടക്കിയതും അവന്‍ തന്നെ.

ആള്‍ക്കൂട്ടത്തിലേക്ക് വേച്ചുവേച്ച് വന്ന അദ്ദേഹം മകന്‍റെ മയ്യിത്തിനരികില്‍ ഇരുന്നു. പ്രാര്‍ത്ഥനാപൂര്‍വം യാത്ര പറഞ്ഞു. ഒരിക്കലും മടങ്ങാത്ത യാത്ര!


തന്റെ അതിഥിക്ക് സംഭവിച്ച വിപത്തില്‍ വലീദ് ബിന്‍ അബ്ദുല്‍ മലികിന് വല്ലാത്ത മനപ്രയാസമുണ്ടായി. മകന്‍ മരണപ്പെട്ടു, ദിവസങ്ങള്‍ക്കകം കാല്‍ മുറിച്ച് മാറ്റപ്പെട്ടു. ഖലീഫ അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. അതിനിടെയാണ് ബനൂ അബ്‌സില്‍ നിന്ന് ഒരു സംഘം ഖലീഫയുടെ കൊട്ടാരത്തിലെത്തിയത്. അവര്‍ക്കിടയില്‍ ഒരു അന്ധനായ മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിന് എന്ത് പറ്റിയതാണെന്ന് ഖലീഫ അന്വേഷിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു. ;അമീറുല്‍ മുഅ്മിനീന്‍, ബനൂ അബ്‌സില്‍ എന്നേക്കാള്‍ സമ്പത്തുള്ള, തറവാടിത്തമുള്ള ഒരാളും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വളരെ ശക്തമായ ഒരു പ്രളയം ഞങ്ങളെ പിടികൂടി. എന്റെ എല്ലാ സമ്പത്തും, കുടുംബവും എനിക്ക് നഷ്ടപ്പട്ടു. ആകെ അവശേഷിച്ചത് ഒരു ഒട്ടകവും, ഒരു ചെറിയ കുഞ്ഞും മാത്രമായിരുന്നു.

ഒരു അനുസരണയില്ലാത്ത ഒട്ടകമായിരുന്നു അത്. എന്റെ കയ്യില്‍ നിന്നും അത് ഓടി. ഞാന്‍ കുഞ്ഞിനെ നിലത്തുപേക്ഷിച്ച് ഒട്ടകത്തിന്റെ പിന്നാലെ പോയി. കുറച്ച് മുന്നോട്ട് നടന്നതും, പിന്നില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍  കേട്ടു. ഞാന്‍ അങ്ങോട്ട് തിരിഞ്ഞു നോക്കി. അവന്റെ തല അപ്പോഴേക്കും ഒരു ചെന്നായയുടെ വായിലായിക്കഴിഞ്ഞിരുന്നു. അത്  കുട്ടിയെ തിന്നുകയാണ്, ഞാന്‍ അവന്റെയടുത്തേക്ക് ഓടി. പക്ഷെ, അവനെ രക്ഷപ്പെടുത്താന്‍ എനിക്കായില്ല. ചെന്നായ കുട്ടിയെ പൂര്‍ണമായും കീഴ്‌പെടുത്തിയിരുന്നു.

ഞാന്‍ ഒട്ടകത്തിന്റെ അടുത്തേക്ക് തന്നെ തിരിച്ച് പോയി. അത് പുറം കാല്‍ കൊണ്ട് എന്നെ തൊഴിച്ചു. മുഖത്താണ് തൊഴിയേറ്റത്. എന്റെ കണ്ണ് തകര്‍ന്നു പോയി. ആ രാത്രിയില്‍ കൂട്ടോ, കുടുംബമോ ഇല്ലാതെ, കയ്യില്‍ കാശില്ലാതെ, കാഴ്ചശക്തി നഷ്ടപ്പെട്ട് ഞാന്‍ കഴിച്ച് കൂട്ടി.  വിവരണം കേട്ട ഖലീഫ കാവല്‍ക്കാരനോട് പറഞ്ഞു. ഇയാളെ ഉര്‍വയുടെ അടുത്തേക്ക് കൊണ്ട് പോവുക. അയാള്‍ ഈ കഥ ഉര്‍വക്ക് വിവരിച്ച് കൊടുക്കട്ടെ.

അദ്ദേഹത്തെ മദീനയിലേക്ക് ചുമന്ന് കൊണ്ട് വന്നപ്പോള്‍ വീട്ടിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു. ;നിങ്ങളിതൊന്നും കണ്ട് ഞെട്ടേണ്ടതില്ല. അല്ലാഹു എനിക്ക് നാല് ആണ്‍മക്കളെ തന്നു; അവരില്‍ ഒരാളെ അവന്‍ തന്നെ തിരിച്ചെടുത്തു. മൂന്നെണ്ണം ബാക്കിയുണ്ടല്ലോ. അല്ലാഹുവിന് സ്തുതി.

കൈകളും കാലുകളുമായി നാലെണ്ണം എനിക്ക് തന്നു. അവയില്‍ നിന്ന് ഒന്ന് തിരികെയെടുത്തു. സര്‍വസ്തുതിയും അവനാണ്.

അല്ലാഹുവാണ, അല്ലാഹു എന്നില്‍ നിന്ന് എടുത്തത് വളരെ കുറച്ചാണ്. അവശേഷിപ്പിച്ചതോ ധാരാളവും.

തങ്ങളുടെ ഇമാമിന് വിപത്തിറങ്ങിയത് അറിഞ്ഞ മദീനക്കാര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലേക്ക് കൂട്ടം കൂട്ടമായി ഒഴുകി; അദ്ദേഹത്തിന് നല്‍കപ്പെട്ട ഏറ്റവും സുന്ദരമായ അനുശോചന വാക്യം ഇബ്‌റാഹീം ബിന്‍ മുഹമ്മദ് ബിന്‍ ത്വല്‍ഹയില്‍ നിന്നായിരുന്നു; അദ്ദേഹം പറഞ്ഞു.

താങ്കള്‍ സന്തോഷിച്ച് കൊള്ളുക, താങ്കള്‍ക്ക് മുമ്പെ താങ്കളുടെ ഒരു അവയവവും, മകനും സ്വര്‍ഗത്തിലെത്തിയിരിക്കുന്നു. അവശേഷിക്കുന്നത് അവയെയാണല്ലോ പിന്തുടരുക. താങ്കളില്‍ നിന്നും ഞങ്ങള്‍ക്കാവശ്യമുള്ളതിനെ അല്ലാഹു അവശേഷിപ്പിച്ചിരിക്കുന്നു. താങ്കളുടെ വിജ്ഞാനം, ഫിഖ്ഹ്, അഭിപ്രായം തുടങ്ങിയവയാണവ; അല്ലാഹു അതുമുഖേനെ താങ്കള്‍ക്കും ഞങ്ങള്‍ക്കും പ്രയോജനം ചെയ്‌തേക്കും.

മുസ്‌ലിം സമൂഹത്തില്‍ തിളങ്ങി നില്‍ക്കുന്ന ദീപസ്തംഭമായി അല്ലാഹു ഉര്‍വത് ബിന്‍ സുബൈറിനെ നിലനിര്‍ത്തി. ജീവിതകാലം മുഴുവന്‍ ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചും, അവര്‍ക്ക് വഴികാട്ടിയായും അദ്ദേഹം നിലകൊണ്ടു.

തന്റെ സന്താനങ്ങളുടെ ശിക്ഷണത്തില്‍ പ്രത്യേകമായും മറ്റുള്ളവരുടെ സന്താനങ്ങളുടെ സംസ്‌കരണത്തില്‍ പൊതുവായും അദ്ദേഹം വളരെ ജാഗ്രതപുലര്‍ത്തി. അവര്‍ക്ക് നേര്‍മാര്‍ഗം കാണിക്കാന്‍ ലഭിച്ച ഒരവസരവും അദ്ദേഹം മുതലെടുക്കാതിരുന്നില്ല.

തന്റെ മക്കളെ വിജ്ഞാനമാര്‍ജ്ജിക്കാന്‍ സദാ പ്രേരിപ്പിക്കാറുണ്ടായിരുന്നു ഉര്‍വത് (റ). അദ്ദേഹം അവരോട് പറയും ;എന്റെ പൊന്നു മക്കളെ, നിങ്ങള്‍ വിജ്ഞാനം തേടുക, അതിന് ആവശ്യമായതൊക്കെയും ചെലഴിക്കുകയും ചെയ്യുക. നിങ്ങള്‍ സമൂഹത്തില്‍ ചെറിയവരാണെങ്കിലും, ഒരു പക്ഷെ അല്ലാഹു വിജ്ഞാനം കൊണ്ട് നിങ്ങളെ ഉന്നതരാക്കിയേക്കാം.

തുടര്‍ന്ന് പറയും. വല്ലാത്ത കഷ്ടം തന്നെ, വിവരമില്ലാത്തവനെക്കാള്‍ വൃത്തികെട്ട മറ്റെന്താണ് ലോകത്തുള്ളത്?

അല്ലാഹുവിന് വേണ്ടി നല്‍കപ്പെട്ട സമ്മാനങ്ങള്‍ എണ്ണി ക്ലിപ്തപ്പെടുത്താന്‍ അദ്ദേഹം അവരോട് നിര്‍ദ്ദേശിക്കും. ശേഷം ഇപ്രകാരം പറയും എന്റെ മക്കളേ, പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ മടിക്കുന്ന യാതൊന്നും നിങ്ങള്‍ സമ്മാനമായി അല്ലാഹുവിന് നല്‍കരുത്. കാരണം അല്ലാഹുവാണ് എല്ലാവരേക്കാളും പ്രിയപ്പെട്ടവന്‍. അവനാണ് ആദരിക്കപ്പെടേണ്ടവന്‍.

ജനങ്ങളെക്കുറിച്ച് തികഞ്ഞ ഉള്‍ക്കാഴ്ചയുള്ള ഉപദേശങ്ങളാണ് അദ്ദേഹം അവര്‍ക്ക് നല്‍കാറുണ്ടായിരുന്നത്. അദ്ദേഹം പറയും : മക്കളേ, ജനങ്ങളിലാരെങ്കിലും നന്മ ചെയ്യുന്നത് കണ്ടാല്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് വിചാരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുക. ജനങ്ങളുടെ കണ്ണില്‍ അവനെത്ര മോശക്കാരനാണെങ്കിലും ശരി.

അതല്ല, ഏതെങ്കിലുമൊരാള്‍ തിന്മ ചെയ്യുന്നത് കണ്ടാല്‍ നിങ്ങളയാളെ സൂക്ഷിക്കേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്‍ അയാള്‍ നല്ലവനാണെങ്കില്‍ പോലും.

നൈര്‍മല്യത്തോടെ വര്‍ത്തിക്കാനും, നന്നായി സംസാരിക്കാനും, മുഖപ്രസന്നതയോടെ മറ്റുള്ളവരെ സമീപിക്കാനും അദ്ദേഹം മക്കളെ ഉപദേശിക്കാറുണ്ടായിരുന്നു. പുന്നാര മക്കളെ, പഴമക്കാര്‍ പറഞ്ഞ് വെച്ചത് ഇപ്രകാരമാണ്. നിന്റെ വാക്ക് ഉത്തമവും, മുഖം പ്രസന്നവുമായിരിക്കട്ടെ. ദാനം കൊടുക്കുന്നവരേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിത്തീരും താങ്കള്‍.

ജനങ്ങള്‍ ആര്‍ഭാടത്തിലേക്ക് വഴിതെറ്റുകയും, ആസ്വദിച്ച് ജീവിക്കുകയും ചെയ്യുന്നത് കണ്ടാല്‍ അദ്ദേഹമവരെ അല്ലാഹുവിന്റെ പ്രവാചകന്റെ (സ്വ)  പ്രയാസകരമായ ജീവിതത്തെക്കുറിച്ച് ഓര്‍മിപ്പിക്കും. 

മുഹമ്മദ് ബിന്‍ മുന്‍കദിര്‍ അദ്ദേഹത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്. ഒരിക്കല്‍ ഉര്‍വത് ബിന്‍ സുബൈര്‍(റ) എന്നെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം എന്റെ കൈപിടിച്ച് കൊണ്ട് പറഞ്ഞു. അല്ലയോ, അബൂ അബ്ദുല്ലാഹ്, ഞാന്‍ നമ്മുടെ ഉമ്മ ആഇശയെ (റ) ഒരിക്കല്‍ സന്ദര്‍ശിക്കുകയുണ്ടായി. അവരെന്നോട് പറഞ്ഞു .എന്റെ മകനേ, അല്ലാഹുവാണെ, പ്രവാചകന്റെ വീട്ടില്‍ തീ പുകയാതെ നാല്‍പത് ദിവസത്തോളം ഞങ്ങള്‍ കഴിച്ച് കൂട്ടിയിട്ടുണ്ട്.

ഞാനവരോട് ചോദിച്ചു. എന്റെ ഉമ്മാ, അപ്പോള്‍ പിന്നെ നിങ്ങളെങ്ങനെയാണ് ജീവിച്ചിരുന്നത്? അവര്‍ പറഞ്ഞു ;രണ്ട് കറുപ്പുകള്‍ കൊണ്ട് അഥവാ ഈത്തപ്പഴവും വെള്ളവും കൊണ്ട്.

ഉര്‍വത് ബിന്‍ സുബൈര്‍(റ) നന്മ നിറഞ്ഞ, ദൈവബോധം പ്രസരിച്ച എഴുപത്തൊന്ന് വര്‍ഷങ്ങള്‍ ജീവിച്ചു. നോമ്പുകാരനായിരിക്കെ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി. രോഗം കലശലായപ്പോള്‍ നോമ്പ് മുറിക്കാന്‍ വീട്ടുകാര്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ അദ്ദേഹം വിസമ്മതിക്കുകയാണ് ചെയ്തത്. കൗഥര്‍ അരുവിയില്‍ നിന്ന്, വെള്ളി കൊണ്ടുള്ള ചഷകങ്ങളില്‍, തരുണീമണികളുടെ കൈകളാല്‍ നോമ്പു മുറിക്കണമെന്ന് അദ്ദേഹം അത്യുല്‍ക്കടമായി ആഗ്രഹിച്ചു അദ്ദേഹം സ്വര്‍ഗത്തിലേക്ക് യാത്രയായി.

ഹിജ്റാബ്ദം ഇരുപത്തിമൂന്നിന് ജനിച്ച താബിഈ പ്രമുഖനാണ് ഉര്‍വത്ത്(റ). സുബൈറുബ്നുല്‍ അവ്വാമി(റ)ന് സിദ്ദീഖ്(റ)യുടെ മകള്‍ അസ്മാഅ് ബീവിയല്‍ ജനിച്ച സന്തതി. വിജ്ഞാന കുതുകിയായ അദ്ദേഹം എഴുപതാമത്തെ (മറ്റൊരു അഭിപ്രായത്തിൽ എഴുപത്തതൊന്ന്) വയസ്സിലാണ് വഫാത്തായത്.



ഡോ: അബ്ദു റഹ്‌മാൻ റഅ്ഫത്ത് പാഷ 
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി (https://islamonlive.in/)

പിഎസ്കെ മൊയ്തു ബാഖവി (http://sunnivoice.net/)

No comments:

Post a Comment