Sunday 27 August 2017

വിനയാന്വിതനായ ധീരന്‍

 

ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വർഷത്തിനു ശേഷമാണ് ഉമർ(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുൻഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിൾത്തടം ചുവന്നു തുടുത്തും താടിയുടെ മുൻവശം നീളം കൂടിയുമായിരുന്നു (താരീഖുൽ ഖുലഫാഅ്/105).

നുബുവ്വത്തിന്റെ ആറാം വർഷം 27ാം വയസ്സിലാണ് ഉമർ(റ) ഇസ്ലാം സ്വീകരിച്ചത്. നാൽപത് പുരുഷന്മാരുടെയും പതിനൊന്ന് സ്ത്രീകളുടെയും ഇസ്ലാമാശ്ലേഷണത്തിന് ശേഷമായിരുന്നു ഇത്. ഉമർ(റ)ന്റെ ഇസ്ലാം സ്വീകരണത്തോടെ മുസ്ലിംകൾക്ക് ആഹ്ലാദവും അതോടൊപ്പം ധ്യൈവും കൈവന്നു. തിരുനബി(സ്വ)യുടെ പ്രാർത്ഥന ഫലമായിട്ടാണ് അദ്ദേഹത്തിന് ഹിദായത്തിന്റെ വെളിച്ചം ലഭിച്ചത്.

ഉമർ(റ) തന്റെ ഇസ്ലാം ആഗമനത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു:

തിരുനബി(സ്വ) അന്ന് എന്റെ കൊടിയ ശത്രുവായിരുന്നു. ശക്തമായ ചൂടുള്ള ഒരു നാൾ ഞാൻ മക്കയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടക്കുകയാണ്. വഴിയിൽ ഒരാളെ കണ്ടുമുട്ടി.

‘ഇബ്നു ഖത്താബ്, നിങ്ങൾ ഖുറൈശികളുടെ നേതാവല്ലേ. നിങ്ങൾ അറിയാതെ നിങ്ങളുടെ വീട്ടിൽ മുഹമ്മദിന്റെ മതം കയറിപ്പാർത്തിരിക്കുന്നു’ കണ്ടമാത്രയിൽ അയാൾ എന്നോട് പറഞ്ഞു.

എന്താ സുഹൃത്തേ നിങ്ങൾ പറയുന്നത്?

‘നിങ്ങളുടെ സഹോദരി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.’

ഞാൻ ഉടനെ കോപാകുലനായി സഹോദരിയുടെ വീട്ടിലേക്ക് ഓടി. വാതിലിനു കൊട്ടി.

ആരാണ്? സഹോദരിയുടെ ചോദ്യം.

‘ഞാനാണ്, ഉമർ’

തദവസരത്തിൽ എന്റെ സഹോദരി ഖുർആൻ പാരായണത്തിലായിരുന്നു. എന്റെ ശബ്ദം കേട്ടപ്പോൾ ഖുർആൻ എവിടെയോ പൂഴ്ത്തി. ശേഷം കതക് തുറന്നു.

‘എടീ, നീ മുഹമ്മദിന്റെ മതത്തിൽ അംഗമായോ?’ ഇതു ചോദിച്ച് എന്റെ കൈയിലുണ്ടായിരുന്ന ഒരു വടികൊണ്ട് ഞാനവളുടെ തലക്കടിച്ചു. തലയിൽ നിന്നും രക്തം ചാലിട്ടൊഴുകി.

‘നിങ്ങൾ ഉദ്ദേശിച്ചത് എല്ലാം ചെയ്തോളൂ’ സഹോദരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

നീ പാരായണം നടത്തിയ ഗ്രന്ഥം എവിടെ?

‘ശുദ്ധിയില്ലാത്തവർക്ക് അതിൽ സ്പർശനാനുമതി ഇല്ല. നിങ്ങൾ ശുദ്ധിയാക്കി വരിക’

ഞാൻ ശുദ്ധിയായതിന് ശേഷം അവൾ എനിക്ക് ആ ഗ്രന്ഥഭാഗം കൈമാറി. ഞാൻ അത് തുറന്നു. അല്ലാഹുവിന്റെ ചില നാമങ്ങളെല്ലാം പ്രസ്തുത ഗ്രന്ഥത്തിൽ നിന്ന് പരിചയപ്പെട്ടു. ശേഷം സൂറത്ത് സ്വഫ് ഒന്നു മുതൽ പതിനൊന്നു വരെയുള്ള സൂക്തങ്ങൾ പാരായണം നടത്തി. അതോടെ എന്റെ ഹൃദയം ഇസ്ലാമിലേക്ക് ചാഞ്ഞു. അവിടെ വെച്ച് ശഹാദത്ത് പ്രഖ്യാപിച്ചു തിരുസവിധത്തിലേക്ക് കുതിച്ചു. സ്വഫാ കുന്നിന് താഴ്ഭാഗത്തുള്ള തിരുനബി(സ്വ) താമസിക്കുന്ന വീട്ടിലേക്ക് കയറി തിരുസവിധത്തിൽ വെച്ച് ശഹാദത്ത് കലിമ ആവർത്തിച്ചു. ഈ വാർത്തയറിഞ്ഞ മുസ്ലിംകൾ അത്യുച്ചത്തിൽ തക്ബീർ മുഴക്കി. ശേഷം നബി(സ്വ)ക്ക് പരസ്യപ്രബോധനത്തിന് ഞാൻ ധ്യൈം നൽകി (ബൈഹഖി).

തിരുവചനങ്ങളിൽ

തിരുനബി(സ്വ)യുടെ വചനങ്ങളിൽ ഉമർ(റ)ന്റെ സ്ഥാനവും മഹത്ത്വവും അനവധി വായിക്കാനാവും. ചിലതു കാണുക:

സഈദുബ്നു അബീ വഖാസ്(റ) ഉദ്ധരിക്കുന്നു: ‘നബി(സ്വ) ഇങ്ങനെ പറഞ്ഞു; ഖത്താബിന്റെ മകനേ, എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സാക്ഷി. നീ ഒരു വഴിയിൽ പ്രവേശിച്ചാൽ ആ വഴിയിൽ നിന്നും മാറി പിശാച് മറ്റൊരു വഴിയിലൂടെ പോകുന്നതാണ്’ (ബുഖാരി).

ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം, നബി(സ്വ) അരുൾചെയ്തു: ‘സത്യത്തെ ഉമർ(റ)ന്റെ നാവിലും ഹൃദയത്തിലും അല്ലാഹു പ്രതിഷ്ഠിച്ചിരിക്കുന്നു’ (തിർമുദി).

ഉഖ്ബത്തുബ്നു ആമിർ(റ)ൽ നിന്ന് നിവേദനം: ‘എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അത് ഉമർ(റ) ആകുമായിരുന്നു’ (തിർമുദി).

നബി(സ്വ) പറഞ്ഞു: ‘ഉമർ(റ) സ്വർഗവാസികളുടെ വിളക്കാണ്’ (ഇബ്നുഅസാകിർ).

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ‘ഞാൻ സ്വർഗം കണ്ടു. ഒരു സ്ത്രീ സ്വർഗത്തിലെ കൊട്ടാരത്തിന്റെ ചാരത്തുവെച്ച് വുളൂഅ് ചെയ്യുന്നു. ഞാൻ ചോദിച്ചു: ഈ കൊട്ടാരം ആർക്കുള്ളതാണ്? അപ്പോൾ അത് ഉമറിന്റെ കൊട്ടാരമാണെന്ന് മറുപടി ലഭിച്ചു’ (ബുഖാരി, മുസ്ലിം).

ഇബ്നു ഉമർ(റ)ൽ നിന്ന് ഉദ്ധരണം, നബി(സ്വ) പറഞ്ഞു: ‘ഞാൻ ഉറക്കത്തിൽ പാൽ കുടിക്കുന്നതായി കണ്ടു. അതിൽ നിന്ന് അൽപം എന്റെ നഖങ്ങൾക്ക് കീഴ്ഭാഗത്തു കൂടി ഒലിച്ചു. അത് ഉമർ(റ) കുടിച്ചു.’ ഇത് നബി(സ്വ) അനുചരരുമായി പങ്കുവെച്ചപ്പോൾ അവർ ചോദിച്ചു: പ്രസ്തുത സംഭവത്തിന്റെ വ്യാഖ്യാനമെന്താണ് നബിയേ? ‘ഉമറിന്റെ അറിവാണത്’ അവിടുന്ന് പറഞ്ഞു (ബുഖാരി).

അബൂസഈദിൽ ഖുദ്രി(റ) നബി(സ്വ)യിൽ നിന്ന്, ‘ഉമറിനെ ആരെങ്കിലും കോപിപ്പിച്ചാൽ അവൻ എന്നെ കോപിപ്പിച്ചവനാണ്. ഉമറിനെ ആരെങ്കിലും സ്നേഹിച്ചാൽ അവൻ എന്നെ സ്നേഹിച്ചവനാണ്’ (ത്വബ്റാനി).

മഹാന്മാരുടെ വചനങ്ങളിൽ

നബി(സ്വ)ക്ക് ശേഷം ഉമറിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരാൾ ഭൂമിയിലില്ലസിദ്ദീഖ്(റ).

തിരുനബി(സ്വ)ക്കു ശേഷം ഉമർ(റ)നേക്കാൾ ധർമിഷ്ഠനായ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ലഇബ്നു ഉമർ(റ).

ഞങ്ങളിൽ ഖുർആനും കർമശാസ്ത്രവും ഏറ്റവും അറിവുള്ളയാൾ ഉമർ(റ) ആയിരുന്നുഇബ്നു മസ്ഊദ്(റ).

അബൂബക്കർ(റ), ഉമർ(റ) എന്നിവർ ഇസ്ലാമിന്റെ മാതാപിതാക്കളാണ്അബൂ ഉസാമത്ത്(റ).

ഇങ്ങനെ ഉമർ(റ)നെ കുറിച്ച് മുൻഗാമികൾ പലവിധത്തിൽ പ്രശംസിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രവും ഖലീഫയുടെ ഭരണനീതിയും വായിച്ച് അവിശ്വാസികൾ പോലും മഹാനെ വാഴ്ത്തി പറഞ്ഞു കാണാം.

ധീരത

ശത്രുക്കളുടെ ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞായിരുന്നല്ലോ മിക്ക മുസ്ലിംകളും മദീനയിലേക്ക് ഹിജ്റ പോയിരുന്നത്. ആ ഘട്ടത്തിൽ അവലെ വെല്ലുവിളിച്ച് പരസ്യമായായിരുന്നു ഉമർ(റ)ന്റെ യാത്ര.

അലി(റ) പറയുന്നു: ‘ഉമർ(റ) ഹിജ്റ ഉദ്ദേശിച്ചപ്പോൾ തന്റെ വാളും അന്പും വില്ലും കൈയിൽ കരുതി കഅ്ബയുടെ ചാരത്തുചെന്നു. അവിടെ ഖുറൈശി പ്രമുഖരുണ്ടായിരുന്നു. മഹാൻ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം നടത്തി. മഖാമു ഇബ്റാഹീമിന്റെ പിന്നിൽ വെച്ച് രണ്ടു റക്ത്ത് നിസ്കരിച്ചു. ശേഷം ഖുറൈശികളോട് ഇങ്ങനെ പറഞ്ഞു: ഞാൻ യസ്രിബിലേക്ക് പോവുകയാണ്. ഭാര്യ വിധവയാകുന്നതും മക്കൾ അനാഥരാക്കുന്നതും ഭയമില്ലാത്തവരുണ്ടെങ്കിൽ ഞാനുമായി ഏറ്റുമുട്ടാൻ തയ്യാറായി ഈ മലക്ക് പിന്നിലേക്ക് വരൂ. പക്ഷേ, ഒരാൾക്കും ഉമർ(റ)നോട് പോരടിക്കാൻ ധ്യൈം വന്നില്ല’ (ഇബ്നു അസാകിർ).

അദ്ദേഹത്തിന്റെ ശക്തിയും ധ്യൈവും ഈ സംഭവം തെളിയിക്കുന്നു.

ബർറാഅ്(റ) പറയുന്നു: മുഹാജിറുകളിൽ ആദ്യമായി ഞങ്ങളിൽ വന്നത് മിസ്അബുബ്നു ഉമൈർ(റ) ആണ്. പിന്നീട് വന്നത് ഇബ്നു ഉമ്മിമഖ്തൂം(റ) ആണ്. മൂന്നാമതായി വന്നത് ഇരുപത് ആളുകളുമായി ഉമർ(റ)വാണ് (താരീഖുൽ ഖുലഫാഅ്/94).

നബി(സ്വ)യോടൊപ്പം എല്ലാ പോരാട്ടങ്ങളിലും പങ്കെടുത്തു അദ്ദേഹം. ഉഹ്ദ് യുദ്ധ വേളയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തിരുനബി(സ്വ)യോടൊപ്പം ഉറച്ചുനിന്നു പൊരുതുകയുമുണ്ടായി.

കറാമത്തുകൾ

ഇബ്നു ഉമർ(റ) പറയുന്നു: ഒരു ദിവസം ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഉമർ(റ) വിളിച്ചുപറഞ്ഞു: ‘സാരിയാ, പർവതഭാഗം ശ്രദ്ധിക്കുക.’

നിസ്കാരം കഴിഞ്ഞ് ജനങ്ങൾ ഉമർ(റ)നോട് ഈ പ്രഖ്യാപനത്തെ കുറിച്ച് ആരാഞ്ഞു. മഹാൻ പറഞ്ഞു: നവാഹന്ദിൽ യുദ്ധം ചെയ്യുകയാണല്ലോ സാരിയ? സാരിയയുടെ പിൻഭാഗത്ത് ഒരു മലയുണ്ട്. അതിലൂടെ ശത്രുക്കൾ ഇരച്ചുകയറിയത് സാരിയ ശ്രദ്ധിച്ചില്ല. എന്നാൽ ഖുതുബ നിർവഹിക്കുന്ന എനിക്കത് അല്ലാഹു കാണിച്ചു. ഉടനെ ഞാൻ സാരിയക്ക് നിർദേശം നൽകിയതായിരുന്നു നിങ്ങൾ കേട്ട ശബ്ദം. തൽഫലമായി സാരിയ മല ശ്രദ്ധിക്കുകയും ശത്രുക്കളെ തുരത്തുകയും വിജയം കൈവരിക്കുകയും ചെയ്തിരിക്കുന്നു (താരീഖുൽ ഖുലഫാഅ്/102). മുസ്ലിം സൈന്യം തിരിച്ചെത്തിയപ്പോൾ അവർ ആ അത്ഭുതം പങ്കുവെക്കുകയുണ്ടായി.

മറ്റൊരു സംഭവം കാണുക: ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം, ഒരിക്കൽ ഉമർ(റ) ഒരാളോട് ചോദിച്ചു:

നിന്റെ പേരെന്താണ്?

‘ജംറ’

നീ ആരുടെ മകനാണ്?

‘ശിഹാബിന്റെ മകൻ’

‘കൊള്ളാം, ശിഹാബ് ആരുടെ മകനാണ്?

‘ഹർഖയുടെ മകൻ’

നിന്റെ താമസം എവിടെയാണ്?

‘ഞാൻ ഹർറയിലാണ്’

‘എന്നാൽ നീ വേഗം നാട്ടിലെത്തുക നിന്റെ കുടുംബം തീ കത്തി നശിച്ചതായി നിനക്കു കാണാം.’

അയാൾ ഉടനെ തന്റെ കുടുംബത്തിലേക്ക് ഓടി. അപ്പോൾ അയാൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ഖലീഫ അറിയിച്ചതുപോലെ കുടുംബം തീപ്പിടുത്തത്തിലകപ്പെട്ടിരുന്നു (മുവത്വ).

നൈൽനദി വർഷത്തിലൊരിക്കൽ ഒഴുക്ക് നിലച്ചുപോകും. ഒഴുക്ക് പുനരാരംഭിക്കണമെങ്കിൽ ഒരു തരുണിയെ നൈലിലേക്ക് എറിയണം. ഉമർ(റ)ന്റെ ഭരണകാലത്തും ഇതാവർത്തിച്ചു. ആ വാർത്ത ഉമർ(റ)ന്റെ അടുത്തെത്തി. തദവസരത്തിൽ അദ്ദേഹം ഒരു കത്തെഴുതി. കത്തിന്റെ സംക്ഷിപ്തം ഇങ്ങനെ: ‘ഈ കത്ത് ഉമറിൽ നിന്നും നൈൽ നദിയിലേക്ക്. പ്രാരംഭമുറകൾക്കു ശേഷം; നൈൽ, നീ ഒഴുകുന്നത് നിന്റെ ഇഷ്ടപ്രകാരമാണെങ്കിൽ ഇനി നീ ഒഴുകേണ്ടതില്ല. മറിച്ച്, അല്ലാഹുവാണ് നിന്നെ ഒഴുക്കുന്നതെങ്കിൽ ഇനിയും ഒഴുകുക.’ കത്ത് നദിയിലേക്കെറിഞ്ഞു. പ്രഭാതമായപ്പോഴേക്കും നൈൽ നദി ഒഴുകി വെള്ളം കുറയാൻ തുടങ്ങി. പിന്നീട് ഇങ്ങനെയൊരു പ്രതിഭാസം നൈൽ പ്രകടിപ്പിച്ചിട്ടില്ല (താരീഖുൽ ഖുലഫാഅ്/102,103).

ഇങ്ങനെ ധാരാളം അസാധാരണ സംഭവങ്ങൾ വെളിപ്പെട്ടിട്ടുണ്ട് ഉമർ(റ)ൽ നിന്ന്. ഭരണനേതൃത്വം വഹിച്ചു വൻ വിജയങ്ങൾ നേടിയെടുക്കുമ്പോഴും ഏറെ ലളിത ജീവിതമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

അനസ്(റ)ൽ നിന്ന് നിവേദനം, ഉമർ(റ)ന്റെ രണ്ടു തോളുകൾക്കിടയിൽ തന്റെ കുപ്പായം നാല് കഷ്ണങ്ങളായി തുന്നിപ്പിടിപ്പിച്ചത് ഞാൻ കണ്ടു.

അബ്ദുല്ലാഹിബ്നു ഈസ(റ) പറയുന്നു: ഉമർ(റ)ന്റെ കവിൾതടത്തിൽ കണ്ണുനീര് ഒലിച്ചതുമൂലം രണ്ടു പാടുകൾ ഉണ്ടായിരുന്നു.

ആമിറുബ്നു റബീഅത്ത്(റ) ഉദ്ധരിക്കുന്നു: ‘ഒരിക്കൽ ഉമർ(റ) ഒരു സസ്യത്തിന്റെ വിത്ത് കൈയിലെടുത്തു. ശേഷം കരഞ്ഞുകൊണ്ട് പറഞ്ഞു: ഞാൻ ഈ വിത്തായിരുന്നെങ്കിൽ… എന്നെ എന്റെ ഉമ്മ പ്രസവിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.’

ഹസൻ(റ) പറയുന്നു: ഒരിക്കൽ ഉമർ(റ) തന്റെ മകന്റെയടുക്കൽ ചെന്നു. അപ്പോൾ അവൻ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

മകനേ ഇതെന്താ? ഉമർ(റ)ന്റെ ചോദ്യം.

‘മാംസം കഴിക്കാൻ വല്ലാതെ ആഗ്രഹിച്ചുപോയി ഉപ്പാ’

‘ആഗ്രഹിക്കുന്നതെല്ലാം കഴിക്കൽ ദുർവിനിയോഗമാണ്’ ഉമർ(റ) മകനെ ഉപദേശിച്ചു (ത്വബഖാത്).

ഇന്നത്തെ പുതു തലമുറ അധ്വാനിച്ച് കിട്ടിയ പണം വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊന്നിച്ച് ചൈനീസ്, പാശ്ചാത്യൻ ഭക്ഷണങ്ങൾ കഴിച്ചു തുലക്കുകയാണ്. അതേ സമയം അവന്റെ കുടുംബമോ ജീവിതത്തിന്റെ പുറംപോക്കിൽ പാടുപെടുകയുമായിരിക്കും. ഇവിടെയാണ് ഉമർ(റ)ന്റെ ഈ വചനം പ്രസക്തമാകുന്നത്.

ഭരണ പ്രവർത്തനങ്ങൾ

അബൂബക്കർ(റ)ന്റെ വഫാത്തോടെ രണ്ടാം ഖലീഫയായി ഉമർ(റ) തെരഞ്ഞെടുക്കപ്പെട്ടു. ഹിജ്റ പതിമൂന്ന് ജമാദുൽ ആഖിർ എട്ടിനാണ് ഉമർ(റ) ഭരണം ഏറ്റെടുത്തത്. നീതിയുടെ ആൾരൂപവും ഇസ്ലാമിക വിജയങ്ങളുടെ ശിൽപിയുമായിരുന്നു മഹാൻ. ലോകം കണ്ട ധിഷണാശാലികളിൽ പലരും ഉമർ(റ)ന്റെ ഭരണത്തെ വാഴ്ത്തിയതു വെറുതെയല്ല.

തന്റെ ഭരണ കാലങ്ങളിൽ പല പ്രദേശങ്ങളെയും ഇസ്ലാമിന്റെ കീഴിൽ കൊണ്ടുവന്നു അദ്ദേഹം. ഹിജ്റ പതിനാലാം വർഷം ദിമശ്ഖ് മുസ്ലിം രാഷ്ട്രത്തിന്റെ ഭാഗമായി. ഹിജ്റ പതിനഞ്ചിൽ ജോർദാനും പതിനാറിൽ ഇറാഖും. അക്കാലത്തെ വൻ ശക്തികളായ കിസ്റയും കൈസറും നിലംപൊത്തുകയും ചെയ്തു.

ഉമർ(റ) ഭരണം ഏറ്റെടുത്ത് മിമ്പറിൽ കയറിയുള്ള പ്രഥമ പ്രസംഗത്തിൽ പറഞ്ഞു: ‘അല്ലാഹുവേ, ഞാൻ പരുഷ സ്വഭാവക്കാരനാണ്. എനിക്ക് നീ മയം നൽകണേ. ഞാൻ ബലഹീനനാണ്, എനിക്ക് ദൃഢത നൽകേണമേ’ (താരീഖുൽ ഖുലഫാഅ്/111).

അസ്ലം(റ) പറയുന്നു: ‘ഉമർ(റ)ന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു: അല്ലാഹുവേ, എനിക്ക് നീ രക്തസാക്ഷിത്വം നൽകണേ. എന്റെ അന്ത്യം തിരുനബി(സ്വ)യുടെ നാട്ടിലാക്കുകയും ചെയ്യേണമേ’ (ബുഖാരി). തൗറാത്തിൽ വലിയ പാണ്ഡിത്യമുള്ള കഅ്ബുൽ അഹ്ബാർ(റ) ഒരിക്കൽ ഉമർ(റ)നോട് പറഞ്ഞു: നിങ്ങൾ ശഹീദാകുമെന്ന് തൗറാത്തിൽ ഞാൻ കണ്ടിരിക്കുന്നു (താരീഖുൽ ഖുലഫാഅ്/107).

അബൂലുഅ്ലുഅ് എന്ന അഗ്നിയാരാധകൻ ഇരുതല മൂർച്ചയുള്ള കഠാരകൊണ്ട് നിസ്കാരത്തിലായിരിക്കെ ഉമർ(റ)നെ കുത്തുകയും മഹാനവർകൾ രക്തസാക്ഷിയാവുകയും ചെയ്തു. വഫാതാകുമ്പോൾ തന്റെ ഭരണപരമായ കാര്യങ്ങൾ പലരെയും ഏൽപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോതിരക്കല്ലിൽ ‘ഉമർ, മരണം ഒരാൾക്ക് ഉപദേശകനാണെ’ന്ന് കൊത്തിവെച്ചിരുന്നുവെന്ന് ചരിത്രം.

വഫാതാകുമ്പോൾ മഹാന് അറുപത്തിമൂന്ന് വയസ്സായിരുന്നു. ദുൽഹിജ്ജ നാലാം ദിവസം ബുധനാഴ്ചയായിരുന്നു വിയോഗം. ശേഷം ഉസ്മാൻ(റ) മൂന്നാം ഖലീഫയായി സ്ഥാനമേറ്റു. തിരുനബി(സ്വ)യുടെ റൗളാശരീഫിൽ തന്നെ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.


മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ്

No comments:

Post a Comment