Tuesday 30 January 2018

കബറടക്കുമ്പോൾ സ്വാലിഹീങ്ങളുടെ ചാരത്താകാൻ വസിയ്യത്തു ചെയ്യുക




അലി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു : “ഞങ്ങളിൽ മരണപ്പെട്ടവരെ സ്വാലിഹീങ്ങളായ ജനതക്കിടയിൽ മറവ് ചെയ്യാൻ, തിരുദൂതർﷺ തങ്ങൾ ഞങ്ങളോട് കൽപ്പിച്ചു. നിശ്ചയം, (ദുഷിച്ച) ജീവിച്ചിരിക്കുന്നവർ വിഷമിപ്പിക്കുന്നത് പോലെ തന്നെ, മരണപ്പെട്ടവർക്ക് ദുഷിച്ച അയൽ (മണ്ണറ) വാസികളെ കൊണ്ടും ബുദ്ധിമുട്ടുണ്ടാകും.” (അബൂ സഈദ് അൽ മാലീനി, അബൂബക്ർ അൽഖറാത്വീ, ഇബ്നു ഹിബ്ബാൻ, ഇബ്നുൽ ജൗസി) ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന്, നബിﷺ തങ്ങളെ ക്കുറിച്ച് ഉദ്ധരിക്കുന്നു. അവിടുന്ന് അരുളി :“നിങ്ങളുടെയാരെങ്കിലും മരണപ്പെട്ടാൽ അവരുടെ കഫൻ പുടവ നന്നാക്കുക. അവരുടെ വസ്വിയ്യത്തുകൾ വേഗം നടപ്പാക്കുക. ക്വബ്ർ ആഴത്തിലാക്കുക. ദുഷിച്ചവരിൽ നിന്ന് (മണ്ണറയാൽ) അകറ്റുക.” അപ്പോൾ ചിലർ ചോദിച്ചു : “അല്ലാഹുവിന്റെ തിരു ദൂതരേ, പരലോകത്ത് സൻമാർഗ്ഗിയായ (മണ്ണറയിലെ) അയൽവാസിയാൽ ഉപകാരം ലഭിക്കുമോ?.” “ഇഹലോകത്ത് ഉപകാരം ലഭിക്കുമോ..?.” “ലഭിക്കും.” “ഇപ്രകാരം പരലോകത്തും ഉപകാരം ലഭിക്കും.” (ഇമാം സമഖ്ശറി യുടെ ‘റബീഉൽ അബ്റാർ’) മാലിക് ബ്നു അനസ് (رضي الله عنه) തന്റെ പിതാമഹനിൽ നിന്ന് ഉദ്ധരിച്ചതായി ഹാഫിള് അബൂനഈം രേഖപ്പെടുത്തുന്നു : അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം അറിയിച്ചു : “നിങ്ങളിൽ മരണപ്പെട്ടവരെ, സച്ചരിതരായ ജനതക്കിടയിൽ മറവ് ചെയ്യുക. നിശ്ചയം, ദുഷിച്ച അയൽവാസിയെക്കൊണ്ട് മരണപ്പെട്ടവൻ വിഷമിക്കും.” നമ്മുടെ പണ്ഡിതൻമാർ പറയുന്നു. സ്വാലിഹീങ്ങളുടെ ക്വബ്റുകൾക്കരികിലും സച്ചരിതരുടെ മക്വ് ബറഃകളിലും അന്ത്യവിശ്രമസ്ഥലം തീരുമാനിക്കുന്നത് ഉത്തമമാകുന്നു. അവരുടെ കൂടെയും തൊട്ടടുത്ത ക്വബ്റിലും സമീപ പ്രദേശത്തും മറവ് ചെയ്യാം. അത് ബറകത് ആകുന്നു. അവരുടെ സാമീപ്യം അല്ലാഹുവിലേക്ക് ‘തവസ്സുൽ’ ആകുന്നു. സാമീപ്യത്താൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നവരിൽ നിന്ന് അകന്ന് നിൽക്കുക. ആ ദുർമ്മാർഗ്ഗികളുടെ ദീനരോദനങ്ങളും അവർക്കുള്ള ശിക്ഷകളും സമീപ മണ്ണറവാസികളെ അലോസരപ്പെടുത്തും.

ക്വുർത്വുബഃയിൽ (Cordova) മറവ് ചെയ്യപ്പെട്ട ഒരു സ്ത്രീയെ കുറിച്ച് വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അല്ലാഹു കാക്കട്ടെ.) അവളുടെ സ്വന്തക്കാരുടെ സ്വപ്നത്തിൽ അവൾ വന്നു. അവൾ അവരെ ആക്ഷേപിക്കുകയും പരാതി പറയുകയും ചെയ്യുകയാണ്! “എന്നെ മറവ് ചെയ്യാൻ ആ ‘ചുണ്ണാമ്പ് കൽച്ചൂള’ ² അല്ലാതെ വേറൊന്നും കിട്ടിയില്ലേ..? ” നേരം പുലർന്ന ശേഷം അവർ അവളുടെ ക്വബ്റിങ്കൽ പോയി നോക്കി. പക്ഷേ അവിടെയെവിടെയും സമീപ പ്രദേശത്ത് പോലും ചുണ്ണാമ്പ് കൽച്ചൂള ഇല്ല ! അങ്ങനെ അവർ സൂക്ഷ്മാന്വേഷണം നടത്തി. അവളുടെ മുന്നിലെ ക്വബ്റിൽ മറവ് ചെയ്യപ്പെട്ടതാരാണെന്ന് ചോദിച്ചറിഞ്ഞു. അപ്പോൾ അത് ഇബ്നു ആമിർ ഗോത്രക്കാരിൽ പെട്ട ഒരു ‘ആരാച്ചാരു’ടേതാണ് ³ എന്ന വിവരം കിട്ടി. അയാളുടെ ക്വബ്ർ അവളുടേതിന്റെ തൊട്ടടുത്തായിരുന്നു. അങ്ങനെ അവർ അവളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റി മറവ് ചെയ്തു. ഇത് അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് തന്റെ ‘കിതാബുൽ ആക്വിബഃ’ യിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു ഗ്രാമീണ അറബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അയാൾ (സ്വപ്നത്തിൽ) തന്റെ പിതാവിനോട് ചോദിച്ചു. “അല്ലാഹു തആല താങ്കളെ എന്തു ചെയ്തു?.” “അല്ലാഹു യാതൊരു വിഷമവും (ക്വബ്റിൽ) എനിക്ക് വരുത്തിയിട്ടില്ല. എങ്കിലും എന്നെ മറവ് ചെയ്തിരിക്കുന്നത് തെമ്മാടിയായ ഒരുത്തന്റെ ചാരെയാണ്. അവനെ പലതരത്തിലുമുള്ള ശിക്ഷകളാൽ ശിക്ഷിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു.”


അബുൽ ക്വാസിം ഇസ്ഹാക്വ് ബ്നു ഇബ്റാഹീം അൽ ഖത് ലീ (رحمه الله) തന്റെ ഗ്രന്ഥമായ ‘അൽ ദീബാജ്’ ൽ രേഖപ്പെടുത്തുന്നു. അബുൽ വലീദ് (رحمه الله) വിശ്വസനീയമായ പരമ്പരയിലൂടെ ത്വാഊസ് ബ്നു ദക് വാൻ അൽ യമാനി (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം (ത്വാഊസ്) ഹജ്ജിന് പുറപ്പെട്ടു. കൂട്ടുകാരോടൊപ്പം ‘അബ്ത്വഹ്' ലെ മക്വ് ബറയുടെ അടുത്തെത്തി. അങ്ങനെ അദ്ദേഹം പറയുന്നു. “അർദ്ധരാത്രി ഞാൻ നിസ്കരിക്കുകയായിരുന്നു. യമനിൽ നിന്ന് എഴുപത് സ്വർണ്ണ നാണയം കൊടുത്ത് വാങ്ങിയ കട്ടി പുതപ്പ് ഞാൻ പുതച്ചിട്ടുണ്ട്. എന്റെ അടുത്ത സ്ഥലത്തായി ഒരു ക്വബ്ർ കുഴിച്ചിട്ടുണ്ട്. അപ്പോൾ അകലെ നിന്ന് ഒരു പന്തം കത്തിച്ച സംഘം മയ്യിത്തുമായി അടുത്തു വരുന്നത് ഞാൻ കണ്ടു. അപ്പോൾ കുഴിക്കപ്പെട്ട ക്വബ്റിന്റ തൊട്ടടുത്ത ക്വബ്റിൽ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു. “അല്ലാഹുവേ, ദുഷിച്ച അയൽവാസിയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.” അപ്പോൾ നിസ്കാരം വേഗം പൂർത്തിയാക്കി സലാം വീട്ടി, മയ്യിത്തുമായി വരുന്നവരുടെ അടുത്തേക്ക് ഞാൻ പുറപ്പെട്ടു. അവരോട് സലാം ചൊല്ലിയ ശേഷം ഞാൻ പറഞ്ഞു. “അല്ലാഹു നിങ്ങൾക്ക് ആരോഗ്യം നൽകട്ടെ, നിങ്ങൾ ഇങ്ങോട്ട് കൊണ്ടു വരേണ്ട. ദൂരെ കൊണ്ടു പോയി മറവ് ചെയ്യൂ.” “ഞങ്ങൾക്കതിന് കഴിയില്ല. ഞങ്ങളാണ് ഈ ക്വബ്ർ കുഴിച്ചത്. ഇനി മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ വയ്യ.” “ആരാണ് ഈ മയ്യിത്തിന്റെ അടുത്ത ബന്ധു?." “ഈ മകനാണ്.” അപ്പോൾ ഞാൻ അവനോട് പറഞ്ഞു. “നിന്റെ ഈ വസ്ത്രം എനിക്ക് തന്ന്, ഞാൻ എഴുപത് ദീനാറിന്ന് യമനിൽ നിന്ന് വാങ്ങിയ എന്റെ പുതപ്പ് സ്വീകരിച്ച്, മയ്യിത്ത് മറ്റെവിടെയെങ്കിലും മറവ് ചെയ്തു കൂടേ.? ഇതിന് ഇവിടെ അതിലും വില ലഭിക്കുമല്ലോ. നിന്റെ പിതാവിന് വല്ല കടവുമുണ്ടെങ്കിൽ ഇത് കൊണ്ട് അത് വീട്ടാം. കടമില്ലെങ്കിൽ അനന്തരാവകാശികളായ നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുമല്ലോ. ഇത് സ്വീകരിച്ച്, ഞങ്ങൾക്ക് വെറുപ്പുള്ളത് ഒഴിവാക്കൂ.” അപ്പോൾ ആ ജനങ്ങൾ എന്റെ വാക്കുകൾ തിരസ്കരിക്കുകയാണ്. തന്റെ പുതപ്പിന്റെ വില ഉയർത്തിപ്പറയുന്ന ഒരാളായിട്ടാണ് അവരെന്നെ ഗണിക്കുന്നത്. അപ്പോൾ ഞാൻ ആരാണെന്ന് വെളിപ്പെടുത്തൽ ആവശ്യമാണെന്ന് എനിക്ക് ബോധ്യം വന്നു. ഞാൻ ചോദിച്ചു. “നിങ്ങൾക്ക് ത്വാഊസുൽ യമാനിയെ അറിയുമോ.?” “അതെ.” “ഞാനാണ് ത്വാഊസുൽ യമാനി. പുതപ്പിന്റെ വിഷയത്തിൽ ഞാൻ സത്യമേ പറഞ്ഞിട്ടുള്ളൂ.” അപ്പോൾ അയാൾ വന്ന് അയാളുടെ ഉത്തരീയം എനിക്കു തന്ന്, എന്റേത് സ്വീകരിച്ച്, മയ്യിത്തുമായി തിരിച്ചു പോയി.പിന്നെ ഞാൻ ആ ക്വബ്റിന്റെ അടുത്ത് ചെന്ന് പറഞ്ഞു. “ഇനി നിങ്ങൾ ഇഷ്ടപ്പെടാത്ത ആ അയൽവാസി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. എനിക്ക് അയാളെ തടയാൻ കഴിഞ്ഞു." പിന്നെ ഞാൻ തിരിച്ചു പോയി നിസ്കാരം തുടർന്നു.” ദുഷിച്ച അയൽവാസിയിൽ നിന്ന് ദൂരം പാലിക്കുക മാത്രമല്ല. സ്വാലിഹീങ്ങളായ മണ്ണറക്കാരെ വിഷമിപ്പിക്കാനും പാടില്ല, എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. അപ്പോൾ സ്വാലിഹീങ്ങളായ ബന്ധുക്കളുടെ ചാരെ മറവ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. الله اعلم
ഇമാം ക്വുർത്വുബി (رحمه الله) തങ്ങൾ ‘നമ്മുടെ പണ്ഡിതൻമാർ’ എന്നു പറഞ്ഞാൽ സ്വഹാബിവര്യൻമാരിലും താബിഉകളിലും സലഫുസ്സ്വാലിഹുകളിലും ഉള്ള മഹാജ്ഞാനികൾ ആകുന്നു. മിക്കവരും ഏകദേശം ഹിജ്റ മുന്നൂറിന്ന് മുമ്പുള്ളവർ. പിൽക്കാല പണ്ഡിതരോ, ആധുനിക പണ്ഡിതരോ ആണെന്ന് ഒരിക്കലും ധരിക്കരുത്. ചുണ്ണാമ്പ് കല്ലുകളും വിറകുകളും, ഇഷ്ടികച്ചൂള പോലെ, പ്രത്യേകരീതിയിൽ അടുക്കി വെച്ച് കത്തിക്കുന്ന സ്ഥലം. ആഴ്ച്ചകളോളം പുകഞ്ഞ് കത്തിയാൽ കുമ്മായം ലഭിക്കും. കക്ക ചൂളയിലിടുന്നതിന് പകരം കൂടുതൽ കുമ്മായം ഉണ്ടാക്കാൻ ഈ രീതി അവലംബിക്കുന്നു. ആരാച്ചാർ വധശിക്ഷ നടപ്പാക്കുന്നവനാണ്. തന്റെ ജോലിയിൽ സൂക്ഷ്മത പുലർത്താതിരിക്കുകയോ സ്വാർത്ഥത കാണിക്കുകയോ ചെയ്യുന്നവനാകാം. അതുമല്ലെങ്കിൽ ഭരണാധികാരിക്ക് വഴിപ്പെട്ട് നിരപരാധികളെ ശിക്ഷിക്കാറുണ്ടാകാം. അതിന്റെ തിക്തഫലമായി അയാളെ ക്വബ്റിൽ തന്നെ നരകാഗ്നിയിൽ കത്തിക്കുന്നതാകാം. അതിന്റെ ചൂട് തൊട്ടടുത്ത ക്വബ്റിൽ വരെ എത്തിയതിനാൽ ആയിരിക്കാം അവൾ ചൂള എന്ന് വിശേഷിപ്പിച്ചത്. ചൂളയിൽ വിറക് കത്തുന്നതിനനുസരിച്ച് തൊട്ടടുത്ത കല്ലും ചുട്ടു നീറുകയാണല്ലോ. അവലംബം: അത്തദ്കിറഃ (التذكرة ) ഇമാം ക്വുർത്വുബി (رحمه الله ) التذكرة ، للإمام القرطبي .

No comments:

Post a Comment