Tuesday 29 May 2018

നഹ്സു നോക്കുന്നതിന്റെ അടിസ്ഥാനം




പുരയെടുക്കുക , കച്ചവടം തുടങ്ങുക , വിവാഹം കഴിക്കുക , ചികിത്സ ആരംഭിക്കുക , മുതലായ വിഷയങ്ങൾക്കു നഹ്സില്ലാത്ത ദിവസം മുസ്ലീം നോക്കാറുണ്ട്. അതറിയാൻ പണ്ഡിതന്മാരോട് അന്വോഷിക്കാറുമുണ്ട്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? ദിവസങ്ങളിലും നഹ്സും അല്ലാത്തതുമുണ്ടോ

   "ചൊവ്വാഴ്ച്ച രക്തദിനമാണ്. ആ ദിവസത്തിൽ ഒരു സമയമുണ്ട് . ആ സമയത്ത് രക്തം നില്ക്കുകയില്ല. " എന്ന് റസൂൽ ( സ ) പറഞ്ഞതനുസരിച്ച് അബൂബക്കർ ( റ ) ചൊവ്വാഴ്ച്ച കൊമ്പുവക്കൽ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദു രിവായത്തു ചെയ്തിട്ടുണ്ട്. ഇമാം അഹ്മദും അബൂദാവൂദും സുഹ് രിയെ തൊട്ടുനിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരമുണ്ട്. ബുധനാഴ്ച്ചയോ ശനിയാഴ്ച്ചയോ ആരെങ്കിലും കൊമ്പ് വയ്പ്പിക്കുകയും തന്മൂലം അവനു വെള്ളപാണ്ഡു പിടിപെടുകയും ചെയ്താൽ അവൻ അവനെയല്ലാതെ ആക്ഷേപിക്കരുത്. മാസം 17 , 19, 21 എന്നീ തിയ്യതികളിൽ കൊമ്പുവയ്ക്കൽ സർവ്വ രോഗത്തിനും ശമനമാണെന്ന് റസൂൽ ( സ) പറഞ്ഞതായി അബൂഹുറൈറ പറഞ്ഞുവെന്ന് അബൂദാവൂദും റസൂൽ ( സ) ആ തിയ്യതികളിൽ കൊമ്പ് വയ്ക്കൽ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനസ് ( റ ) പറഞ്ഞതായി ഇമാം ബഗ് വിയും നിവേദനം ചെയ്തിട്ടുണ്ട്.

കൊല്ലത്തിൽ പന്ത്രണ്ടുദിവസം നിങ്ങൾ സൂക്ഷിക്കുക. ആ ദിവസങ്ങൾ മാനം നശിപ്പിക്കുകയും സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങൾ ചോദിച്ചു : നബിയേ ! അവ ഏതാണ് ? റസൂൽ ( സ) പറഞ്ഞു :  മുഹറം 12, സഫർ 10, റ: അവ്വൽ 4, റ: ആഖിർ 18, ജമാദൽ ഊല: 18, ജു: ആഖിർ: 12, റജബ് 12, ശഅബാൻ 16, റമളാൻ 14, ശവ്വാൽ 2, ദുൽഖഅദ് 18, ദുൽഹജ്ജ് 8 ഇവയാണത്. ഈ ഹദീസ് ഇമാം ദമീരി ഹയാതുൽ ഹയവാനിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രസ്താവിച്ചതിൽ നിന്ന് ദിവസങ്ങളിൽ നഹ്സും ( ബർക്കത്തില്ലാത്തതും ) അല്ലാത്തതും ഉണ്ടെന്ന് വ്യക്തമായി. ഈ അടിസ്ഥാനത്തിലാണ് പുരാതനകാലം മുതലേ മുസ്ലീംകൾ നഹ്സ് അന്വോഷിക്കുന്നത്.

No comments:

Post a Comment