Wednesday 4 July 2018

സ്വലാഹുദ്ദീന്‍ അയ്യൂബി (റ)



താഴെപോസ്റ്റ് ചെയ്തിരിക്കുന്ന സ്വലാഹുദ്ദീന്‍ അയ്യൂബി (റ) എന്ന ചരിത്രം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .

*********************************************************************************

ചരിത്രം അറിയാത്തവനെ ചരിത്രം പാഠം പഠിപ്പിക്കുക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ; ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളോട് മുഖം തിരിച്ചും നൈമിഷികാസ്വാദനങ്ങൾക്കു പരവതാനി വിരിച്ചും ആത്മാഭിമാനം വച്ചു കീഴടങ്ങിയ നമ്മെ ചരിത്രം ഇന്നു പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നാം പാഠമുൾക്കൊള്ളുന്നില്ലെന്നു മാത്രം. പരശ്ശതം പുണ്യപ്രവാചകൻമാർ അന്തിയുറങ്ങുന്നതും ഐതിഹാസികമായ അനൽപം മഹാചരിത്രങ്ങളുടെ സംഗമ കേന്ദ്രവുമായ ബൈതുൽ മുഖദ്ദസിന്റെ പുണ്യഭൂമി ഇന്ന് ജൂത നിന്ദ്യതയുടെ കൂർത്ത മിസൈൽ മുനകൾക്കടിയിൽപ്പെട്ട് വേപഥുകൊള്ളുന്നുണ്ടാവും. ലോകത്ത് നിയോഗിതരായ മുഴുവൻ പ്രവാചകൻമാരുടെയും വിശിഷ്യാ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ) യുടെയും പാദസ്പർശനം കൊണ്ടും സാഷ്ടാംഗം കൊണ്ടും അനുഗൃഹീതയായ മസ്ജിദുൽ അഖ്സയും വേദനയോടെ ഒഴുക്കുന്നുണ്ടാവും സഹതാപത്തിന്റെ കണ്ണുനീർ.

ഈ അനാഥത്വത്തിന്റെ, അവഹേളനയുടെ കയ്പു പുരണ്ട സമകാലിക സാഹചര്യത്തിൽ കാലങ്ങളോളം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന ബൈതുൽ മുഖദ്ദസിനെ ഈമാൻ എന്ന വജ്രായുധം കൊണ്ട് ജീവാർപ്പണം നടത്തി കീഴടക്കുക വഴി ലോക മുസ്ലിം ഉമ്മത്തിന് യശസ്സും അന്തസ്സും തിരികെ തന്ന സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി(റ) വെന്ന ധീരയോദ്ധാവിനെ സ്മരിക്കൽ അവസരോചിതമാവും. 


ജനനം 

ഹിജ്റ 532ന് (ക്രിസ്താബ്ദം 1137) ഇറാഖിലെ തിക്രീത് കോട്ടയിലായിരുന്നു സ്വലാഹുദ്ദീൻ (റ) വിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവായിരുന്നു ഈ കോട്ടയുടെ അധിപൻ. ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) യുടെ നെടുനായകത്വത്തിൽ ജന്മമെടുത്ത മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ തണലിൽ വളർന്നുവന്ന അനേകം ചരിത്ര പുരുഷൻമാരിൽ ഒരാളായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബി. അദ്ദേഹം വിശ്വാസ പ്രമാണങ്ങളിൽ നല്ല ശ്രദ്ധ പുലർത്തിയിരുന്നു. ജമാഅത്ത് നിസ്കാരം നിർവഹിക്കുകയും ഖുർആൻ കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ശത്രുക്കളോട് പോലും കരുണ കാണിക്കുന്ന ലോലഹൃദയനായിരുന്നു.

സാത്വികനും ഭക്തനുമായിരുന്ന അയ്യൂബ് ബ്നു ശാദിയാണ് പിതാവ്. ദുവൈനില്‍നിന്നും തിക്രിതിലേക്ക് താമസം മാറിയ കുര്‍ദ് വംശജനായിരുന്നു അദ്ദേഹം. അബ്ബാസിയാ ഖിലാഫത്തിന്റെ പ്രവിശ്യാ ഗവര്‍ണറായിരുന്നു അയ്യൂബ്. പിന്നീട് വടക്കന്‍ഇറാഖിലെ മൗസിലിലേക്ക് (മൊസൂള്‍) താമസം മാറ്റി. സഹോദരനായ അസദുദ്ദീന്‍ശീര്‍കൂഹും കൂടെയുണ്ടായിരുന്നു. നജ്മുദ്ദീന്‍എന്ന അപരനാമത്തിലും അദ്ദേഹമറിയപ്പെട്ടു. മതത്തോടുള്ള പ്രതിപത്തിയുടെ പേരില്‍നല്‍കപ്പെട്ടതായിരുന്നു അത്.


വിദ്യാഭ്യാസം 

മൊസൂളില്‍അധിക കാലം താമസിച്ചില്ല. സിറിയ ഭരണാധികാരിയായിരുന്ന ഇമാദുദ്ദീന്‍സങ്കിയുടെ ഗവര്‍ണറായി ബഅ്ലബക്കില്‍നിയമിതനായപ്പോള്‍അങ്ങോട്ടുപോയി. ഈ കാലയളവിലാണ് സ്വലാഹുദ്ദീന്‍പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. ഔപചാരികമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭരണപാഠങ്ങളും നേടാന്‍ആ സാഹചര്യം അനുകൂലമായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ സ്വാധീനമേല്‍ക്കാതിരിക്കാന്‍പിതാവും പിതൃവ്യനും ഗുരുനാഥന്മാരും വേണ്ട പരിചരണം നല്‍കി. പിതാവിന്റെ ഔദ്യോഗിക പദവിമൂലം സുല്‍ത്താന്‍ഇമാദുദ്ദീന്‍സങ്കിയുമായി സഹവാസം നേടാനായി. പില്‍ക്കാല ജൈത്രയാത്രയില്‍ഇത് ഏറെ ഉപകാരപ്രദമായി.

ഇമാദുദ്ദീന്‍സങ്കി ഹിജ്റ 541ല്‍വഫാത്തായപ്പോള്‍മകന്‍നൂറുദ്ദീന്‍സങ്കി ഭരണമേറ്റെടുത്തു. സ്വലാഹുദ്ദീന് ചെറുപ്രായത്തില്‍തന്നെ സങ്കിയോട് സഹവാസമുണ്ടായിരുന്നത് ഭരണതലത്തിലും അദ്ദേഹത്തിന് ഉപകാരപ്പെട്ടു. മതകാര്യങ്ങളില്‍തല്‍പരനായ നൂറുദ്ദീന്‍സ്വലാഹുദ്ദീനെ ഒരു ശിഷ്യനെപ്പോലെ പരിചരിച്ചു. അതിനാല്‍ചെറുപ്രായത്തില്‍തന്നെ ഭരണ ജീവിത സൗകര്യങ്ങള്‍ക്ക് നടുവിലും മതചിട്ടയിലും ആത്മീയ കാര്യങ്ങളിലും ഇടപഴകാനും ജീവിതം ക്രമീകരിക്കാനുമായി.

പിതാവിനെപ്പോലെ അദ്ദേഹവും സ്വലാഹുദ്ദീന്‍കുടുംബത്തെ പരിഗണിച്ചു. ഏതു ദൗത്യവും വിശ്വസിച്ചേല്‍പ്പിക്കാന്‍കൊള്ളുന്നവരെന്ന തിരിച്ചറിവാണ് ഹേതുകം. സ്വലാഹുദ്ദീന്റെ പിതാവായ അയ്യൂബിനെ വൈകാതെ ഡമസ്കസിലെ സൈനികച്ചുമതലയേല്‍പ്പിച്ചു. പിതൃവ്യനായ അസദുദ്ദീനെ എലപ്പോയിലും സൈനിക മേധാവിയാക്കി. ഇമാദുദ്ദീന്‍സങ്കിയുടെ കാലത്ത് ഇംഗ്ലീഷുകാരില്‍നിന്നും തിരിച്ചുപിടിച്ചിരുന്ന നഗരമാണ് എലപ്പോ.


പുതിയ സൗഹൃദം

പിതാക്കള്‍തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് നൂറുദ്ദീനും സ്വലാഹുദ്ദീനും അടുത്തത്. പിന്നീട് അവര്‍ഉറ്റ സഹകാരികളായി. അങ്ങനെ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതീക്ഷക്കും മേഖലയുടെ താല്‍പര്യത്തിനും അനുസൃതമായി ഒന്നിച്ചു പ്രവര്‍ത്തിക്കുകയും മുന്നേറ്റം നടത്തുന്നതുമാണ് ലോകം കാണുന്നത്. നൂറുദ്ദീന് തന്നേക്കാള്‍വയസ്സ് കൂടുതലായിരുന്നതിനാല്‍ഒരു ഗുരുവിനെപ്പോലെ അദ്ദേഹത്തെ മാതൃകയാകാക്കാന്‍സ്വലാഹുദ്ദീന് സാധിച്ചു. 

സ്വലാഹുദ്ദീനെ നന്മയും ഊര്‍ജ്ജസ്വലതയും നൂറുദ്ദീനെയും ആകര്‍ഷിച്ചു. ഇരുവരും നിര്‍വഹിച്ച ദൗത്യങ്ങള്‍മുസ്‌ലിം യശസ്സിന്റെ വീണ്ടെടുപ്പിന് നിദാനവുമായി. ഒരു നൂറ്റാണ്ടു കാലത്തോളം പിടിച്ചുനിന്ന അധിനിവേശ ശക്തികളായ യൂറോപ്യരെ മേഖലയില്‍നിന്ന് തുരത്താനവര്‍ക്കു സാധിച്ചു. സ്വതന്ത്രമായി നീങ്ങിയിരുന്ന മുസ്‌ലിം പ്രവിശ്യകളെ ഏകീകരിക്കാനും സ്വാര്‍ത്ഥ താല്‍പര്യക്കാരെയും സമൂഹത്തിനും സംസ്കാരത്തിനും ഭീഷണിയായവരെയും അകറ്റിനിര്‍ത്താനും അവര്‍ക്കായി. അങ്ങനെ വിശാലമായ സിറിയയിലും ഫലസ്തീനിലും നഷ്ടപ്രതാപം അവര്‍പുനഃസ്ഥാപിച്ചു.

സല്‍ജൂഖികളുടെ തുടര്‍ച്ചക്കാരന്‍എന്ന പരിമിതിയില്‍നിന്ന് പുറത്തുകടന്നെങ്കിലേ ദൗത്യങ്ങള്‍പൂര്‍ണമായി വിജയിപ്പിച്ചെടുക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ നൂറുദ്ദീന്‍തന്റെ പിതാവ് യൂറോപ്യരില്‍നിന്നും തിരിച്ചുപിടിച്ച എലപ്പോ തലസ്ഥാനമാക്കി ഭരണകൂടം സ്ഥാപിച്ചു. ഭരണരംഗത്ത് ധാരാളം പരിഷ്കാരങ്ങള്‍വരുത്തി. സമര്‍ത്ഥരും യോഗ്യരുമായ സേനാനികളെ കണ്ടെത്തി ചുമതലകളേല്‍പ്പിച്ചു. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിനു കീഴില്‍വരുകിയും അടുത്തകാലത്തായി യൂറോപ്യര്‍ആധിപത്യം ഉറപ്പിക്കുകയും ചെയ്ത പ്രദേശങ്ങള്‍പലതും ആ സൈന്യം തിരിച്ചുപിടിച്ചു. കിഴക്കന്‍സിറിയ മുഴുവനായും പടിഞ്ഞാറന്‍സിറിയ ഭാഗികമായും മൗസ്വില്‍, അല്‍ജസീറ, ദിയാര്‍ബക്ര്‍, ഈജിപ്ത്, മൊറോക്കൊയുടെയും യമനിന്റെയും ചില പ്രവിശ്യകള്‍തുടങ്ങിയവ അദ്ദേഹത്തിന്റെ അധീനത്തിലായി. അതിലധികം പട്ടണങ്ങള്‍യൂറോപ്യരില്‍നിന്ന് പിന്നെയും തിരിച്ചുപിടിച്ചു.


സൈനിക സേവനത്തില്‍

സ്വലാഹുദ്ദീന്റെ പിതാവും പിതൃവ്യനും നൂറുദ്ദീന്‍സങ്കിയുടെ അടുത്ത സൈനിക മേധാവികളായി പരിഗണിക്കപ്പെട്ടു. ഈജിപ്തിലെ വിജയം പൂര്‍ത്തീകരിക്കുന്നതിനും അവിടത്തെ ചില മന്ത്രിമാരുടെ വഞ്ചനാപരമായ നിലപാടിനും സ്വാര്‍ത്ഥതക്കുമെതിരെയും അസദുദ്ദീന്റെ നേതൃത്വത്തില്‍ദൗത്യസംഘത്തെ അങ്ങോട്ടയക്കുകയുണ്ടായി. ഫാത്വിമി ഭരണത്തിന്റെ അവസാനത്തെ കണ്ണിയായ ആളിദ് അബ്ദുല്ലയുടെ മന്ത്രിയായ ശാവറിനെതിരെ കലാപം നയിച്ചവരെ തുരത്തി സമാധാനം സ്ഥാപിക്കാനും ദൗത്യസംഘത്തെ അയച്ചു. ശാവര്‍സഹായം തേടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പിന്നീട് ശാവര്‍ തന്റെ രാഷ്ട്രീയ താല്‍പര്യത്തിനായി യൂറോപ്യന്‍കുരിശു സൈനികരുമായി വലിയ വില കൊടുത്ത് സന്ധിയിലും സഖ്യത്തിലുമായി. അപ്പോള്‍അവരെ തുരത്താന്‍അസദുദ്ദീന്റെ നേതൃത്വത്തില്‍ഈജിപ്തിലേക്ക് നിയോഗിച്ച സംഘത്തിലും സ്വലാഹുദ്ദീന്‍പങ്കെടുത്തു. ശാവര്‍പ്രതീക്ഷിച്ചപോലെ ഇംഗ്ലീഷുകാര്‍സഹായിച്ചില്ല. അവര്‍ഈജിപ്ത് വിട്ടു. അപ്പോള്‍ അസദുദ്ദീനുമായി സന്ധിക്കാനദ്ദേഹം ശ്രമിച്ചു. പക്ഷേ, ആളിദ് അബ്ദുല്ലയുടെ നിര്‍ദേശാനുസരണം അയാള്‍വധിക്കപ്പെടുകയുണ്ടായി. തന്ത്രപ്രധാനമായ ഒരു പ്രദേശത്ത് കുരിശു ശക്തികള്‍ക്ക് താവളവും സഹായവും നല്‍കുന്ന രീതി പൊറുപ്പിക്കാവതായിരുന്നില്ല.


ഈജിപ്ത് ഭരണത്തില്‍

അസദുദ്ദീനും സംഘവും നടത്തിയ ദൗത്യനിര്‍വഹണത്തില്‍സന്തുഷ്ടനായ ആളിദ് അബ്ദുല്ല അസദുദ്ദീനെ ഈജിപ്തിന്റെ ഭരണച്ചുമതലയേല്‍പ്പിച്ചു. പക്ഷേ, അധികകാലം പദവിയല്‍തുടരാന്‍അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടു മാസവും അഞ്ചു ദിവസവും മാത്രമാണ് പിന്നീട് അദ്ദേഹം ജീവിച്ചത്. ശേഷം തങ്ങള്‍ക്കൊരു നേതാവിനെ നിയോഗിക്കണമെന്ന ഈജിപ്ത് പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ആവശ്യമനുസരിച്ച് നൂറുദ്ദീന്‍സ്വലാഹുദ്ദീനെ തല്‍സ്ഥാനത്ത് നിയമിച്ചു. അല്‍മലികുന്നാസ്വിര്‍എന്ന് അപരനാമവും നല്‍കി. ഫലത്തില്‍മിസ്റിലെ റാഫിളീ ഭരണത്തിന്റെ അന്ത്യവും അയ്യൂബീ ഖിലാഫത്തിന്റെ ആരംഭവുമായി ഇത്. പക്ഷേ, സ്വലാഹുദ്ദീന്‍, നൂറുദ്ദീന്‍സങ്കിയുടെ നേതൃത്വം അംഗീകരിച്ചു തന്നെയാണ് കഴിഞ്ഞത്. ഈജിപ്തിന്റെ പൂര്‍ണമായ അധികാരം അദ്ദേഹം നേടുന്നത് പിന്നീടാണ്.

ഈ വിജയ സന്തോഷ സാഹചര്യത്തില്‍പിതാവുകൂടി തന്നോടൊപ്പം ഉണ്ടാവണമെന്നഭിലഷിച്ച സ്വലാഹുദ്ദീന്‍, അയ്യൂബിനെ ഈജിപ്തിലെത്തിക്കാന്‍നൂറുദ്ദീനെഴുതി. അതുപ്രകാരം പിതാവും കുടുംബവും ഈജിപ്തിലെത്തി. ഭരണകാര്യങ്ങള്‍മുഴുവനായി ഏറ്റെടുക്കാന്‍പിതാവിനോടാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാല്‍ഖജനാവിന്റെ മേല്‍നോട്ടമേല്‍പ്പിച്ചു.

തുടര്‍ന്ന് കുരിശു പടയാളികള്‍ക്കെതിരെ ശാമിന്റെയും ഫലസ്തീന്റെയും വിവിധ ഭാഗങ്ങളില്‍സഞ്ചരിച്ചു സ്വലാഹുദ്ദീന്‍വിജയം വരിച്ചുകൊണ്ടിരുന്നു. നൂറുദ്ദീന്റെ കാലത്ത് സാധിച്ച വിജയങ്ങളില്‍പലതും നേടിയത് സ്വലാഹുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. നൂറുദ്ദീനും സ്വലാഹുദ്ദീനും നടത്തിയ മുന്നേറ്റത്തില്‍അടിപതറി കുരിശു സൈന്യങ്ങള്‍ഓരോ പ്രദേശത്തുനിന്നും പിന്തിരിഞ്ഞുകൊണ്ടിരുന്നു.


സുന്നിസത്തിന്റെ പുനസ്ഥാപനം

പടയോട്ടങ്ങള്‍ക്ക് ഇടവേള നല്‍കി ഹിജ്റ 566ല്‍ഈജിപ്തില്‍തിരിച്ചെത്തിയ അദ്ദേഹം തന്റെയും നൂറുദ്ദീന്റെയും അഭിലാഷമായിരുന്ന ഈജിപ്തിന്റെ ആദര്‍ശ ശുദ്ധീകരണ കാര്യങ്ങളില്‍ശ്രദ്ധിച്ചു. റാഫിളികളും ശിയാക്കളുമായിരുന്ന ഫാത്തിമീ നോമിനികളായ ഖാളിമാരെ പിരിച്ചുവിട്ടു. പകരം ശാഫിഈ മദ്ഹബുകാരായ അഹ്ലുസ്സുന്നയുടെ ഖാളിമാരെ നിയമിച്ചു. ഹിജ്റ 560 ജമാദുല്‍ആഖിറിലായിരുന്നു ഇത്. അടുത്ത വര്‍ഷം മുതല്‍ഫാത്വിമീ ഖുതുബകളവസാനിപ്പിച്ച് അബ്ബാസീ ഖുതുബകള്‍(ഖുതുബയിലെ പ്രാര്‍ത്ഥനയില്‍അബ്ബാസീ ഖലീഫമാരെ ഉള്‍പ്പെടുത്തിയുള്ള) നടപ്പിലാക്കി. അങ്ങനെ 270 വര്‍ഷക്കാലം ഈജിപ്തില്‍നിലനിന്ന ഫാത്വിമീ ഭരണം ആളിദ് അബ്ദുല്ലയുടെ അന്ത്യത്തോടെ അവസാനിപ്പിക്കുകയും അയ്യൂബി ഭരണത്തിന് അസ്ഥിവാരമിടുകയും ചെയ്തു. ഈജിപ്തില്‍പാരര്യ ഇസ്‌ലാമിക കിരണങ്ങള്‍വീണ്ടും ഉയര്‍ന്നുതുടങ്ങി.

ഫാത്വിമി ഭരണാധികാരികളിലെ അവസാന പ്രതിനിധി അന്തരിച്ചതോടെ എല്ലാ അര്‍ത്ഥത്തിലും റാഫിളീ ശീഈ സാന്നിധ്യം തുടച്ചുനീക്കപ്പെട്ടു. പക്ഷേ, ആളിദിന്റെ കുടുംബത്തെ സ്വലാഹുദ്ദീന്‍മാന്യമായി സംരക്ഷിച്ചു. അവര്‍ക്കാവശ്യമായ ജീവിത സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും കൊട്ടാരത്തിലെ സാദ്യങ്ങള്‍പൊതുഖജനാവിന്റെ ഭാഗമാക്കുകയും ചെയ്തു. ഫാത്വിമികള്‍നടപ്പാക്കിയ അത്യാചാരങ്ങള്‍നിര്‍ത്തലാക്കി. സുന്നി ആദര്‍ശാടിസ്ഥാനത്തില്‍വിദ്യാഭ്യാസ സംവിധാനങ്ങള്‍പുനഃക്രമീകരിച്ചു. ജാമിഉല്‍അസ്ഹറിനെ വിശ്വോത്തര വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതിനാവശ്യമായ പരിഷ്കാരങ്ങള്‍വരുത്തി. അബ്ബാസി ഖിലാഫത്തിന്റെ ഭാഗമായി 270 വര്‍ഷങ്ങള്‍ക്കു ശേഷം ഈജിപ്ത് അടിമുടി മാറി. ഇത് ബഗ്ദാദിലും വലിയ ചലനങ്ങളുണ്ടാക്കി. ഖുദ്സിന്റെ മോചനം അപ്പോഴും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അത് സാധ്യമാക്കുന്നതിന് തന്ത്രപ്രധാനമായ ഒരു പ്രദേശത്തിന്റെ ആധിപത്യം നേടേണ്ടതുണ്ടായിരുന്നു. ഖുദ്സും മസ്ജിദുല്‍അഖ്സയും മോചിപ്പിക്കുന്നതിന് അത് കടയായി ശേഷിച്ചു.

മേഖലയില്‍പരാജയത്തിന്റെ കൈപുനീര്‍കുടിച്ച് കൊണ്ടിരുന്ന യൂറോപ്യന്‍സൈന്യം നടത്തിയ എല്ലാ സൈനിക സജ്ജീകരണങ്ങള്‍ക്കെതിരെയും മുസ്‌ലിംകള്‍നിലകൊണ്ടു. മറ്റു പ്രദേശങ്ങളില്‍നിന്നുകൂടി അവരെ കുടിയൊഴിപ്പിക്കാന്‍അതീവ ജാഗ്രതയോടെ ഇടപെട്ടു അദ്ദേഹം. ആദ്യമായി, പരസ്പരം കലഹിച്ചിരുന്ന മുസ്‌ലിം നാട്ടുരാജാക്കന്മാരെ സന്ധിയിലും രജ്ഞിപ്പിലുമെത്തിച്ച് മേഖല സമാധാനപൂര്‍ണമാക്കുന്നതിന് പ്രാമുഖ്യം നല്‍കി. ഫലസ്തീന്റെ മോചനം സൂര്‍ണമായി സാധിക്കുന്നതിന് ആഭ്യന്തര രംഗത്ത് അസ്വസ്ഥതകള്‍ഉണ്ടായിക്കൂടാ എന്നതിനാലായിരുന്നു ഈ നീക്കങ്ങള്‍.


ഫലസ്തീന്റെ വിജയം

നൂറുദ്ദീന്റെ ജീവിതാഭിലാഷമായിരുന്നു ഖുദ്സിന്റെ സൂര്‍ണ വിമോചനം. അതുപക്ഷേ, നടന്നുകാണാന്‍അദ്ദേഹത്തിനു വിധിയുണ്ടായില്ല. ഹിജ്റ 569ല്‍അദ്ദേഹം ദിവംഗതനായി. അതോടെ സ്വലാഹുദ്ദീന്റെ കരങ്ങളിലായി അധികാരച്ചെങ്കോല്‍. സിറിയയും ഈജിപ്തും സ്വസ്ഥത കൈവരിച്ചുവെങ്കിലും കുരിശുസേനയുടെ സാന്നിധ്യം മേഖലയില്‍അസ്ഥിരത സൃഷ്ടിച്ചു. അവര്‍ക്കെതിരെ തന്ത്രപ്രധാനമായ നീക്കം തന്നെ നടത്തേണ്ടതുണ്ട്. കൃത്യമായ കരുതലോടും ആസൂത്രണത്തോടെയുമാണ് സ്വലാഹുദ്ദീന്‍മുന്നേറിക്കൊണ്ടിരുന്നത്.

ഈജിപ്ത്സിറിയ മേധാവിത്വത്തിനു ശേഷം ഫലസ്തീനിലേക്കുള്ള പ്രവേശനത്തെക്കുറിച്ചായി ആലോചന. ഇതിനിടെ മറജുല്‍ഉയൂനിലും ബാഹിയാസിലും വിജയക്കൊടി പറത്താനായത് നിര്‍ണായകമായ കാല്‍വെപ്പായി. തുടര്‍ന്ന് വിജയങ്ങളുടെ ഘോഷയാത്ര തന്നെ നടന്നു. യൂറോപ്യരുടെ ഓരോ കോട്ടകളും കോളനികളും പിടിച്ചടക്കിക്കൊണ്ടായിരുന്നു ജൈത്രയാത്ര. ജോര്‍ദാനില്‍പെട്ട കറക് പ്രവിശ്യയിലെ കുരിശുമേധാവിയായ അര്‍ബാത്ത് വളരെ ദുഷ്ടനായിരുന്നു. നബി(സ്വ)യെ വൃത്തികെട്ട ഭാഷയില്‍അധിക്ഷേപിക്കുകയും ഹാജിമാരെ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിനോടും നബി(സ്വ)യോടുമുള്ള വിരോധം വളര്‍ന്ന അയാള്‍ഒരു കപ്പലില്‍മുന്നൂറിലധികം സൈനികരെ മദീനയിലേക്കയച്ചു. നബി(സ്വ)യുടെ പുണ്യശരീരം കുഴിച്ചെടുത്ത് കൊണ്ടുവരികയും അങ്ങനെ മുസ്‌ലിംകളുടെ സിയാറത്ത് തടയുകയുമാണ് ലക്ഷ്യം. 

മുസ്‌ലിംകള്‍സിയാറത്ത് മുഖേന ആര്‍ജിക്കുന്ന ആത്മീയപോഷണവും ആത്മധൈര്യവും ഇതുമൂലം നശിപ്പിക്കാമെന്നവന്‍കണക്കുകൂട്ടി. കപ്പല്‍ചെങ്കടലിലൂടെ നീങ്ങുന്നതറിഞ്ഞ സ്വലാഹുദ്ദീന്‍ഈജിപ്തിലെ തന്റെ ഗവര്‍ണര്‍സൈഫുദ്ദൗലയെ വിവരമറിയിച്ചു. അദ്ദേഹം ഹുസാമുദ്ദീന്‍എന്ന സേനാമേധാവിയുടെ നേതൃത്വത്തില്‍ഒരു സൈന്യത്തെ തയ്യാറാക്കി അതിവേഗത്തില്‍അവരെ പിന്തുടര്‍ന്നു. മദീനയില്‍നിന്ന് ഏറെ അകലമില്ലാത്തിടത്തു വെച്ചാണവര്‍ക്ക് ശത്രുക്കളെ കണ്ടുമുട്ടാനായത്. മദീനയിലേക്ക് ഒരു ദിവസത്തെ അകലം മാത്രം. ശത്രുക്കളുടെ വരവറിഞ്ഞ് അറബികളിലെ മുര്‍തദ്ദുകളും അവര്‍ക്കൊപ്പം ചേര്‍ന്നു. നബി(സ്വ)യുടെ പുണ്യശരീരം പുറത്തെടുക്കാനാവുമെന്ന് വ്യാമോഹിച്ചാണവര്‍കൂട്ടത്തില്‍ചേര്‍ന്നത്. എന്നാല്‍ഹുസാമുദ്ദീന്റെ സംഘം പിടികൂടുമെന്നുറപ്പായപ്പോള്‍മുര്‍തദ്ദുകള്‍ഉള്‍വലിഞ്ഞു. ഇതുകണ്ട് ശത്രുസംഘം ഒരു മലയിലേക്കോടിയെങ്കിലും മിക്കവരെയും ബന്ധികളാക്കി കൈറോയിലേക്ക് കൊണ്ടുവന്ന് ശിക്ഷിച്ചു.

 ഇതിന് കോപ്പുകൂട്ടിയ അര്‍ബാത്വിനെ താന്‍തന്നെ വധിക്കുമെന്ന് സ്വലാഹുദ്ദീന്‍ശപഥം ചെയ്തിരുന്നു. ഹിത്വീന്‍പോരാട്ടത്തില്‍അവനെ പിടികൂടി സ്വലാഹുദ്ദീന്‍ആ പ്രതിജ്ഞ നിറവേറ്റി. തുടര്‍ച്ചയായ വിജയങ്ങളില്‍അഹങ്കരിക്കാതെയും ലഭിക്കുന്ന തിരിച്ചടികളില്‍നിരാശനാവാതെയും സ്വലാഹുദ്ദീന്‍ദൗത്യപൂര്‍ത്തീകരണത്തോടടുത്തു.


സ്വഭാവ മഹിമ

ഖുർആൻ പാരായണം ചെയ്യുന്നതു കേട്ടാൽ അദ്ദേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകും. അപ്രകാരം തന്നെ ഹദീസ് ശ്രവണത്തിലും അതീവ തൽപരനായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ ചിഹ്നങ്ങളെ അത്യധികം ആദരിക്കുകയും തന്റെ സർവവും അവനിലർപ്പിച്ചും സ്വലാഹുദ്ദീൻ അയ്യൂബി (റ) ജീവിതം നയിച്ചു. തന്റെ ഭരണകാലത്ത് രാജഗുണങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന നീതിയും പ്രജാവാത്സല്യവും തന്റെ ഭരണത്തിന്റെ അടിത്തറയാക്കിയ അദ്ദേഹം സമൂഹ സമുദ്ധാരണത്തിനായി തന്റെ സമയങ്ങൾ മാറ്റിവച്ചു. 

അദ്ദേഹത്തിന്റെ സ്വഭാവമഹിമയെ ഫലസ്തീൻ ചരിത്രകാരനായ ഡോ. താരിഖ് സുവൈദാൻ വർണിക്കുന്നത് കാണുക: "സുന്ദരമായ സ്വഭാവത്തിന്റെയും സുഗന്ധവാഹിയായ സംസാരത്തിന്റെയും ഉടമ. തന്റെ മുമ്പിൽ ആരെപ്പറ്റിയും മോശമായ സംസാരം അനുവദിച്ചിരുന്നില്ല. പരദൂഷണവും ഏഷണിയും നിരാകരിച്ചു. നല്ലതു മാത്രം ശ്രവിച്ചു; നല്ലതു മാത്രം പറഞ്ഞു; നല്ലതു മാത്രം എഴുതി.

1099-ല്‍ യൂറോപ്യന്‍ സൈന്യം ജറൂസലം കീഴടക്കിയ സന്ദര്‍ഭം. കൂട്ടകശാപ്പിലൂടെ രണ്ടുദിവസംകൊണ്ട് ഏകദേശം 40,000 അറബികളെ യൂറോപ്യര്‍ കൊന്നുതള്ളി. കാത്തലിക് അല്ലാത്ത ക്രിസ്തുമത വിശ്വാസികളും യഹൂദരും പാശ്ചാത്യരുടെ വാളിന്നിരയായി.

എന്നാല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലം കൂഴടക്കിയപ്പോള്‍ യൂറോപ്യരെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ അനുവദിച്ചു. എതിരാളികളോട് പ്രതികാര നടപടിയൊന്നും സ്വീകരിച്ചില്ല. നിര്‍ധനരായ യുദ്ധകുറ്റവാളികളിലെ പലരുടെയും പിഴ സ്വലാഹുദ്ദീനും സഹോദരനും അടച്ചു. ശത്രുചേരിയിലുള്ള ബോള്‍ഡീന്‍ നാലാമനും കിംഗ് റിച്ചാര്‍ഡും രോഗികളായപ്പോള്‍ ശുശ്രൂഷക്കായി വൈദ്യന്മാരെ അയക്കുകയും കഴിക്കാനായി പഴങ്ങള്‍ നല്‍കുകയും ചെയ്തു. യുദ്ധത്തിന്നിടയില്‍ കുതിരയെ നഷ്ടപ്പെട്ട റിച്ചാര്‍ഡിന് യുദ്ധം നിര്‍ത്തി പകരം രണ്ട് കുതിരകളെ നല്‍കിയ ശേഷമാണ് യുദ്ധം പുനരാരംഭിച്ചത്.


ഉയർന്ന മനക്കരുത്തിന്റെ ഉടമ

കരുണയുടെയും ഉദാരതയുടെയും നിത്യ പ്രതീകമായിരിക്കെ തന്നെ ധീരനും കരുത്തനുമായ പോരാളിയായിരുന്നു അദ്ദേഹം. അതുല്യമായ ഈ മനക്കരുത്തും ഉദാത്തമായ ലക്ഷ്യബോധവുമാണ് സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ നീതിക്കുവേണ്ടി പോരാടുന്നതിൽ ജീവിതം ഉഴിഞ്ഞുവയ്ക്കാൻ അദ്ദേഹത്തെ സന്നദ്ധമാക്കിയത്. സർവ സുഖങ്ങളും ആസ്വദിച്ച് കൊട്ടാരമെത്തയിൽ കഴിച്ചുകൂട്ടേണ്ട ജീവിതത്തിന്റെ സിംഹഭാഗവും തമ്പുകളിലായിരുന്നു സ്വലാഹുദ്ദീൻ (റ) കഴിഞ്ഞതെന്ന് പഠിക്കുമ്പോൾ ആ ജീവിതത്തിന്റെ മഹത്വം നമുക്ക് എളുപ്പം ഗ്രാഹ്യമാകും. 

ദുർബലരോടുള്ള അദ്ദേഹത്തിന്റെ കനിവ് വിഖ്യാതമാണ്. പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വൃദ്ധരോടും. ഒരു പട്ടണം ജയിച്ചടക്കി കഴിഞ്ഞാൽ അദ്ദേഹം അതിന്റെ പ്രവേശന കവാടത്തിൽ ചെന്നു നിൽക്കും. ഭയന്നോടിപ്പോകുന്ന ശത്രുക്കളുടെ കൂട്ടത്തിൽ ദരിദ്രരോ വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ സഹായിക്കുകയും അവരോട് ദയയോടും സഹിഷ്ണുതയോടും കൂടി പെരുമാറുകയും ചെയ്യും.


വിരക്തനായ രാജാവ്

ധൂർത്തും ആഢംബരവും ഭരണാധികാരിയുടെ നിർബന്ധബാധ്യതയെന്നോണം അങ്ങേയറ്റം പ്രാപിച്ച ഒരു കാലത്ത് വിരക്തിയുടെയും ലാളിത്യത്തിന്റെയും ജീവിതമായിരുന്നു സ്വലാഹുദ്ദീൻ (റ) നയിച്ചത്. രാജാക്കൻമാരുടെ അനാവശ്യ പ്രൗഢിയും ഗാംഭീര്യവും വെടിഞ്ഞ അദ്ദേഹം യഥാർത്ഥ ജനസേവകനായി ഭരണം നടത്തി. ഇങ്ങോട്ട് യുദ്ധം ചെയ്തവരോടല്ലാതെ വിശ്വാസത്തിന്റെ പേരിൽ ആരോടും അദ്ദേഹം അതിക്രമം കാണിച്ചില്ല. അഥവാ, അഭിമാനകരമായി നിലനിൽക്കാൻ വേണ്ടി മാത്രം ചെറുത്തുനിന്നു. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിൽ കൈക്കടത്തിയില്ല. അതിൽ ബലാൽക്കാരമോ സമ്മർദ്ദമോ നടത്തിയില്ല. കൊലയും രക്തച്ചൊരിച്ചിലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വിജയം നേടിയാൽ പിന്നെ കരുണയും ദയയും കാണിക്കും. ബന്ധനസ്ഥരെ വിട്ടയക്കും. അവരോട് വിട്ടുവീഴ്ച കാണിക്കും. ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവങ്ങൾ. മറിച്ച് യൂറോപ്പിൽ പ്രചരിപ്പിക്കപ്പെടുന്നതു പോലെ കഠിന മർദ്ദകനും രക്തദാഹിയുമായിരുന്നില്ല അദ്ദേഹം.


ഹിത്വീൻ യുദ്ധം

ആധുനിക ഇസ്ലാമിക ചരിത്രത്തിൽ ഹിത്വീൻ യുദ്ധത്തിന് വലിയ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകൾ കൊണ്ട് മുസ്ലിംകൾക്ക് സാധിക്കാതെ പോയ ഖുദ്സ് വിമോചനം സ്വലാഹുദ്ദീൻ (റ) വിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയത് ഈ യുദ്ധത്തിലൂടെയായിരുന്നു. പന്ത്രണ്ടായിരം പടയാളികൾ മാത്രമേ ആ ദിവസം സ്വലാഹുദ്ദീൻ അയ്യൂബി (റ) വിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. ശ്രത്രുപക്ഷത്താവട്ടെ 63,000 കുരിശ് പോരാളികളും. എങ്കിലും നിർണായകമായ സംഘട്ടനത്തിൽ അവരെ നേരിടുന്നതിൽ നിന്ന് സ്വലാഹുദ്ദീൻ (റ) വിനെ ഇത് പിന്തിരിപ്പിക്കുകയുണ്ടായില്ല. രാത്രിയായിരുന്നു ഇരു സൈന്യങ്ങളും ഹിത്വീനിൽ സന്ധിച്ചത്. അതിനാൽ അടുത്ത ദിവസം പ്രഭാതത്തിൽ യുദ്ധം തുടങ്ങി. 

ഹിജ്റ 583 റബീഉൽ അവ്വൽ 24 വെള്ളിയാഴ്ച (ക്രിസ്താബ്ദം 1187 ജൂലൈ) യായിരുന്നു അത്. രണ്ടു ദിവസം ഘോരമായ യുദ്ധം തുടർന്നു. സ്വലാഹുദ്ദീൻ അയ്യൂബി(റ) വിന്റെ യുദ്ധ തന്ത്രങ്ങളും മുസ്ലിം പോരാളികളുടെ ശക്തമായ പോരാട്ട വീര്യവും ശത്രുക്കളുടെ മനോവീര്യം പാടെ തകർത്തിരുന്നു. അവർക്ക് ചുറ്റും മുസ്ലിം സൈന്യം ഏർപ്പെടുത്തിയ ഉപരോധവും അവരെ തളർത്തി. യുദ്ധാവസാനം ക്രിസ്ത്യൻ രാജാവിന്റെ തമ്പും അതിനു സംരക്ഷണമൊരുക്കി ജീവന്മരണ പോരാട്ടത്തിലേർപ്പെട്ടിരുന്ന കുറച്ച് സൈനികരും മാത്രമേ ശത്രുപക്ഷത്തുണ്ടായിരുന്നുള്ളൂ. 

മുസ്ലിം സൈന്യം തന്ത്രപരമായി കൂടാരം തകർത്തതോടു കൂടി കുരിശ് പോരാളികളുടെ നിശ്ചയദാർഢ്യം പാടെ തകർന്നു. കൂടാരം തകരുന്നതു കണ്ടപ്പോൾ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് സ്വലാഹുദ്ദീൻ (റ) അല്ലാഹുവിന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്തു. മഹത്തായ ഈ വിജയത്തിനു ശേഷം ഹിത്വീനിൽ സ്വലാഹുദ്ദീൻ ഒരു കൂടാരം നിർമിക്കുകയും അല്ലാഹുവിനു നന്ദി കാണിച്ചുകൊണ്ട് രാത്രി മുഴുവൻ നിസ്കരിച്ചും പ്രാർത്ഥിച്ചും അതിൽ കഴിച്ചുകൂട്ടി. 

പിന്നീട് അദ്ദേഹം സൈന്യത്തോടൊപ്പം അസ്ഖലാനിലേക്കു പോവുകയും അവിടെ യുദ്ധം നിയന്ത്രിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളിൽ അക്കായും നാസിറയും ഹൈഫായും നാബുൾസും യാഫയും ബൈറൂത്തും ബത് ലഹേമും ‌റംലയും മറ്റുപല നഗരങ്ങളും മുസ്ലിംകൾ കീഴടക്കി. പന്ത്രണ്ടായിരത്തിൽ കവിയാത്ത ഒരു ചെറു സംഘം സൈനികർക്ക് എങ്ങനെയാണ് സർവായുധ വിഭൂഷിതരായ ൬൩൦൦൦ ത്തോളം വരുന്ന വൻ സൈന്യത്തെ ജയിച്ചടക്കാൻ കഴിഞ്ഞതെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി.


ഖുദ് സ് വിമോചനം

ഈ സമയവും ക്രിസ്ത്യാനികൾ ബൈതുൽ മുഖദ്ദസിൽ ധാരാളമുണ്ടായിരുന്നു. അവർക്ക് യൂറോപ്പിൽ നിന്ന് സഹായങ്ങൾ എത്തിക്കൊണ്ടിരുന്നു. അതിനാൽ ബൈതുൽ മുഖദ്ദസ് പിടിച്ചെടുക്കാൻ സ്വലാഹുദ്ദീൻ (റ) വൻ ഒരുക്കങ്ങൾ തുടങ്ങി. ബൈതുൽ മുഖദ്ദസിന്റെ ഒരു ഭാഗം കുതിരപ്പടയാളികൾക്കുള്ള താമസസ്ഥലവും മറ്റൊരു ഭാഗം സമ്പാദ്യങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും മൂന്നാം ഭാഗം കുതിരപ്പന്തിയുമാക്കി മാറ്റി ആ പുണ്യഭൂമിയുടെ വിശുദ്ധി അവർ കളങ്കപ്പെടുത്തിയിരുന്നു. 

സ്വലാഹുദ്ദീൻ (റ) ആദ്യമായി ചെയ്തത് ബൈതുൽ മുഖദ്ദസിലെ ക്രൈസ്തവ ഭരണകൂടത്തിനു പുറമെ നിന്ന് എത്തുന്ന സഹായങ്ങൾ തടയാൻ വേണ്ടി സൈന്യത്തെ പറഞ്ഞയക്കുകയായിരുന്നു. അതിനു ശേഷം ഒരു സംഘം സൈന്യവുമായി അദ്ദേഹം ബൈതുൽ മുഖദ്ദസിലേക്കു നീങ്ങി. വിവരമറിഞ്ഞ് 60,000 ത്തോളം കുരിശ് പോരാളികൾ ബൈതുൽ മുഖദ്ദസിൽ പട്ടണഭിത്തികളുടെ സുരക്ഷാ കാവലിൽ ഒത്തുകൂടി. 

ക്രിസ്താബ്ദം 1187 സപ്തംബർ 20 (ഹിജ്റ 583 റജബ്) മധ്യത്തിൽ സ്വലാഹുദ്ദീൻ (റ) ബൈതുൽ മുഖദ്ദസിലെത്തി പട്ടണത്തിനു ചുറ്റും ശക്തമായ ഉപരോധം ഏർപ്പെടുത്തി. പിന്നീട് പട്ടണഭിത്തി മിഞ്ചനീഖ് (കല്ലുകൾ തൊടുത്തു വിട്ട് ഭിത്തികൾ തകർക്കുകയോ തീയുണ്ടകൾ പായിച്ച് പട്ടണത്തിനു തീ കൊളുത്തുകയോ ഒക്കെ ചെയ്യാനുപയോഗിക്കുന്ന ഒരു തരം വലിയ കവണയാണ് മിഞ്ചനീഖ്) ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചു. ഖുദ്സിന്റെ ഭിത്തികൾക്കു മുകളിൽ തലയുയർത്താൻ കുരിശ് സൈനികരെ അനുവദിക്കാത്തവിധം അമ്പെയ്ത്തു നിപുണന്മാർ അസ്ത്രങ്ങളെയ്തുകൊണ്ടിരുന്നു. തുടർന്ന് മുസ്ലിം സൈന്യം പട്ടണഭിത്തിയിലേക്ക് നുഴഞ്ഞുകയറി.

ഭിത്തികളിൽ തുളയുണ്ടാക്കിയ ശേഷം അതിനകത്ത് മരത്തടികൾ വച്ച് തീ കൊടുത്തു. ഭിത്തി അതോടെ ദുർബലമാവുകയും ചെയ്തു. പട്ടണഭിത്തി തകരാൻ തുടങ്ങിയപ്പോൾ കുരിശ് പോരാളികൾക്ക് അടിയിളകാൻ തുടങ്ങി. അവരുടെ മനോവീര്യം തകർന്നുകൊണ്ടിരുന്നു. പട്ടണം ഉടൻ തന്നെ കീഴടക്കപ്പെടുമെന്ന് അവർക്കു തോന്നി. ഈ സമയം ഖുദ്സിലെ കുരിശ് പടനായകൻ സ്വലാഹുദ്ദീൻ (റ)വിന്റെ അടുക്കലേക്ക് രണ്ടു തവണ ദൂതൻമാരുടെ ഒരു സംഘത്തെ അയച്ചു. പിടിച്ചടക്കലിൽ നിന്ന് സുരക്ഷിതരായി സന്ധിയിലൂടെ രക്ഷപ്പെടലായിരുന്നു അവരുടെ ലക്ഷ്യം. 

ചില കടുത്ത ഭീഷണികൾ സ്വലാഹുദ്ദീൻ (റ)വിനെ സന്ധിക്ക് നിർബന്ധിതനാക്കി. അങ്ങനെ സന്ധി ചർച്ചകൾ ആരംഭിച്ചു. "ബൈതുൽ മുഖദ്ദസ് ക്രിസ്ത്യാനികൾ മുസ്ലിംകൾക്ക് ഏൽപ്പിച്ചുകൊടുക്കും. പകരം അവർക്ക് ആയുധങ്ങളെടുക്കാതെ ഖുദ്സ് വിട്ടുപോകാം. പോകുന്നതിനു മുമ്പായി ഓരോരുത്തരും ഒരു ദീനാർ വീതം മുസ്ലിംകൾക്ക് കൊടുക്കണം. അല്ലെങ്കിൽ മുസ്ലിംകളുടെ തടവുകാരായി കഴിയേണ്ടിവരും. ഈ സന്ധി വ്യവസ്ഥ ഇരുപക്ഷവും അംഗീകരിച്ചു. അവർ ഖുദ്സ് വിട്ടുപോകാൻ തുടങ്ങി.

ചില വൃദ്ധൻമാരും വൃദ്ധകളും സ്വലാഹുദ്ദീൻ അയ്യൂബി(റ)വിനെ സമീപിച്ചിട്ടു പറഞ്ഞു: "ഞങ്ങളുടെ കൈവശം ഒറ്റ നാണയത്തുട്ടുപോലുമില്ല". സ്വലാഹുദ്ദീൻ (റ) അവരോട് പറഞ്ഞു:നിങ്ങൾ നിർഭയരായി പൊയ്ക്കൊള്ളുക. ഇതാണ് മഹാനായ അയ്യൂബി കാണിച്ച സഹിഷ്ണുത. 

കുരിശ് പടയാളികൾ ബൈതുൽ മുഖദ്ദസ് കീഴടക്കിയപ്പോൾ മുസ്ലിംകളോട് ചെയ്ത മൃഗീയ ക്രൂരതകളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. അന്ന് ഖുദ്സിൽ പ്രവേശിച്ച കുരിശുപട ജനങ്ങളെ മൃഗീയമായി കൂട്ടക്കൊല ചെയ്തു. കുട്ടികളെന്നോ വൃദ്ധരെന്നോ ദുർബലരെന്നോ ബലവാൻമാരെന്നോ സ്ത്രീകളെന്നോ യാതൊരു വിവേചനവുമില്ലാതെ സകലരെയും തെരുവുകളിൽ കൂട്ടക്കശാപ്പിനിരയാക്കി. 

ഖുദ്സിന്റെ പുണ്യഭൂമിയിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനവധി പേർ ഓടിപ്പോയി. സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമടക്കം ഒരു ലക്ഷത്തോളം പേർ മസ്ജിദുൽ അഖ്സയിൽ അഭയം തേടി. അവർ ഭയവെപ്രാളത്തോടെ തങ്ങളുടെ വിധി കാത്തിരുന്നു. അവരെ കണ്ട ക്രിസ്ത്യൻ സ്ഥാനപതി മറ്റൊന്നും ആലോചിച്ചില്ല. ആ ജനക്കൂട്ടത്തെ കൂട്ടക്കൊല ചെയ്യാൻ അയാൾ ഉത്തരവു നൽകി. അതോടെ കൂട്ടക്കശാപ്പ് ആരംഭിക്കുകയും ചെയ്തു. നേരിയൊരു ചെറുത്തുനിൽപ്പ് പോലും നിരപരാധികളായ ആ ജനക്കൂട്ടത്തിൽ നിന്ന് ഉണ്ടായില്ല. 

കൂട്ടക്കൊലയുടെ ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ട് റെയ്മോൺ പാതിരി രേഖപ്പെടുത്തുന്നു: വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങൾക്കിടയിലൂടെ കടന്നുപോകാൻ എനിക്കു കഴിഞ്ഞില്ല.

രക്തം മുട്ടോളം എത്തിയിരുന്നു. ഇത് യൂറോപ്യൻ എഴുതിയ ഇന്നും നിലവിലുള്ള വിശ്വസിക്കാവുന്ന ചരിത്രരേഖയായി ബാക്കിയുണ്ട്. 

സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ സഹോദരനും മറ്റു നിരവധി മുസ്ലിം പ്രഭുക്കൻമാരും മുന്നോട്ടുവന്ന് പണം നൽകാനാവാത്ത ഒട്ടേറെ പേരെ ഏറ്റെടുത്തു. എണ്ണമറ്റ ആളുകൾ ഇങ്ങനെ രക്ഷപ്പെട്ടു. എന്നിട്ടും അവശേഷിച്ചു നിരവധിയാളുകൾ. ദരിദ്രരായ ഇവരെ സഹായിക്കാൻ സമ്പന്നരായ ക്രിസ്ത്യാനികൾ തയ്യാറായിരുന്നില്ല. 

പക്ഷേ, ഇവരെയെല്ലാം സ്വലാഹുദ്ദീൻ അയ്യൂബി(റ) വെറുതെവിട്ടു. അങ്ങനെ ഹിജ്റ 583 റജബ് 27ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ മസ്ജിദുൽ അഖ്സയിലേക്കുള്ള രാപ്രയാണവും ആകാശാരോഹണവും നടന്ന അതേ ദിവസം മുസ്ലിംകൾ ഖുദ്സിൽ പ്രവേശിച്ചു. 

മസ്ജിദുൽ അഖ്സയിൽ ദീർഘകാലത്തിനു ശേഷം വീണ്ടും തൗഹീദിന്റെ മന്ത്രങ്ങൾ ഉയർന്നു. മുസ്ലിംകൾ ആഹ്ലാദഭരിതരായി. തക്ബീറും തഹ്ലീലും അന്തരീക്ഷത്തിൽ അലയടിച്ചു. അവ ഖുദ്സിന്റെ ഭീത്തികളിൽ പ്രതിധ്വനിച്ചു. തുടർന്ന് മസ്ജിദുൽ അഖ്സയും ഖുബ്ബതുസഖ്റയും പുനരുദ്ധരിച്ചു. വിജയവാർത്ത മുസ്ലിം ലോകത്തിന്റെ സർവ ദിക്കിലുമെത്തി. എങ്ങും ആഹ്ലാദം പടർന്നു. ഇസ്ലാമിക ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം അഖ്സയുടെ വിമോചനം ആഹ്ലാദപൂർവം കൊണ്ടാടപ്പെട്ടു. ഒരു മാസക്കാലം നീണ്ടുനിന്നു ഈ ആഹ്ലാദ പ്രകടനങ്ങൾ. 

മൂന്നാമതും റിച്ചാർഡ് എന്ന നായകന്റെ നേതൃത്വത്തിൽ കുരിശുപോരാളികൾ ഖുദ്സിനു നേരെ വന്നെങ്കിലും സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെയും മുസ്ലിം സൈന്യത്തിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ തലകുനിച്ച് സന്ധിയുമായി പിൻവലിയേണ്ടിവന്നു അവർക്ക്.

കുരിശു പടയാളികള്‍ ബൈത്തുല്‍മുഖദ്ദസ് കീഴടക്കിയപ്പോള്‍ മുസ്‌ലിംകളോട് തുല്യതയില്ലാത്ത ക്രൂരതയും കിരാത വാഴ്ചയും നടപ്പിലാക്കി. മൃഗീയമായി കൂട്ടക്കൊല നടത്തുകയായിരുന്നു. എന്നാല്‍ പ്രതികാരത്തിന് അവസരമുണ്ടായിട്ടും സ്വലാഹുദ്ദീന്‍ അയ്യൂബി അക്രമികളായവരെപ്പോലും വെറുതെവിട്ടു. ശത്രുക്കളോട് സഹിഷ്ണുതാപരമായ സമീപനം കാണിച്ചുകൊണ്ട് മാതൃക കാഴ്ചവെക്കുകയും ചെയ്തു. ഹിജ്‌റ 583 ശഅ്ബാന്‍ 4ന് സ്വലാഹുദ്ദീനും സംഘവും ബൈത്തുല്‍ മുഖദ്ദസില്‍ ജുമുഅ നമസ്‌കരിച്ചു. ദമസ്‌കസിലെ ഖാസി മുഹ്‌യുദ്ദീന്‍ ഇബ്‌നുസക്കി ആയിരുന്നു ഖുതുബ നിര്‍വഹിച്ചത്.


സ്വലാഹുദ്ദീൻ അയ്യൂബി (റ)വിന്റെ വിയോഗം

ഹിജ്റ 589 ൽ (ക്രിസ്താബ്ദം 1193) സ്വലാഹുദ്ദീൻ അയ്യൂബി (റ) വിന് കടുത്ത ക്ഷീണം അനുഭവപ്പെട്ടു. പനിയും ശക്തിയായ തലവേദനയും ഉണ്ടായി. 12 ദിവസം അയ്യൂബി(റ) രോഗിയായി കിടന്നു. തുടർന്ന് അതേ വർഷം തന്നെ മഹാൻ ഈ ലോകത്തോടു വിടപറഞ്ഞു. (നാഥൻ പരലോക പദവി ഉയർത്തിക്കൊടുക്കട്ടെ.) 

ഖബറടക്ക വേളയിൽ സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ ഖബ്റിലേക്കിറങ്ങിയ ഖാളി അദ്ദേഹം ഉപയോഗിച്ചിരുന്ന ഖഡ്ഗം ഖബറിൽ അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് വച്ചുകൊണ്ട് പറഞ്ഞു: "സ്വർഗത്തിൽ ഈ ഖഡ്ഗം അദ്ദേഹം ഊന്നി നടക്കും". 16 കൊല്ലം അല്ലാഹുവിന്റെ മാർഗത്തിൽ നടത്തിയ ജിഹാദിനും കുരിശു സൈന്യത്തിനെതിരേ നേടിയ മഹത്തായ വിജയങ്ങൾക്കും ഈ ഖഡ്ഗം സാക്ഷി നിൽക്കും.മുസ്ലിം നാടുകളെ സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ വിയോഗം തെല്ലൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്.

കാലക്രമത്തിൽ തങ്ങൾക്കു നഷ്ടപ്പെട്ടുപോയ സാംസ്കാരിക അസ്തിത്വവും അന്തസ്സും ദൃഢവിശ്വാസവുമെല്ലാം തീർത്തും അപ്രതീക്ഷിതമായ ഘട്ടത്തിൽ പൂർവോപരി ശക്തിയോടെ തിരികെ തരികയും ബൈതുൽ മുഖദ്ദസിന്റെ പുണ്യഭൂമി മുസ്ലിംകൾക്ക് നേടിത്തരികയും ചെയ്ത ആ മഹാമനീഷിയുടെ വിയോഗത്തിൽ വേദനിച്ചു കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്നു ലോക മുസ്ലിംകളും മുസ്ലിം നാടുകളും. 

മരണ വാർത്ത യൂറോപ്പിലെത്തിയപ്പോൾ ക്രിസ്ത്യാനികൾ വരെ ദുഃഖം പ്രകടിപ്പിച്ചു. അവർ പറഞ്ഞു:"ഞങ്ങളുമായി യുദ്ധത്തിലേർപ്പെട്ട മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ സ്വലാഹുദ്ദീനെ പോലെ സൽസ്വഭാവിയായ മറ്റൊരാളെ ഞങ്ങൾ കണ്ടിട്ടില്ല". ക്രൈസ്തവർ ദുഃഖിക്കുക മാത്രമല്ല അദ്ദേഹത്തെ കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കുക പോലും ചെയ്തു. അദ്ദേഹത്തിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും വാഴ്ത്തുന്ന ആ ഗ്രന്ഥങ്ങൾ ഇന്നും ലഭ്യമാണ്.


മഹാനായ അയ്യൂബി (റ) വിന്റെ ഉപദേശം

സ്വലാഹുദ്ദീൻ (റ) തന്റെ മകൻ മലികുൽ അഫ്ളലിനു നൽകിയ മഹത്തായ ഉപദേശത്തിൽ അദ്ദേഹം പറയുന്നു: 

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അതാകുന്നു സകല കാര്യങ്ങളുടെയും മുഖ്യമായ അംശം. രക്തം ചിന്തുന്നതും രക്തത്തിൽ പുരളുന്നതും സൂക്ഷിക്കണം. സംശയത്തിന്റെ പേരിൽ ആരെയും വധിക്കരുത്. കാരണം കൂടാതെയും ആവശ്യമില്ലാതെയും വധിക്കരുത്. കാരണം, രക്തം ഉറങ്ങുന്നില്ല. പ്രജകളുടെ ഹൃദയങ്ങൾക്കു രക്ഷ നൽകണം. അവരുടെ അവസ്ഥകൾ നിരീക്ഷിക്കണം. അവരുടെ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ വേണം. അവരുടെ മേലുള്ള അല്ലാഹുവിന്റെയും എന്റെയും കാര്യസ്ഥനാണു നീ. എനിക്കുണ്ടായ എല്ലാ നേട്ടങ്ങളും ജനങ്ങളോടുള്ള സഹവാസത്തിലൂടെ കൈവന്നതാണ്. ആരോടും പക വയ്ക്കരുത്. മരണം ആരെയും വിട്ടുകളയില്ല. ജനങ്ങൾക്കും നിനക്കുമിടയിലുള്ള അവകാശ-ബാധ്യതകൾ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയില്ലാതെ അല്ലാഹു പൊറുത്തു തരികയില്ല. ആരോടും അക്രമം പ്രവർത്തിക്കരുത്. അക്രമിക്കപ്പെട്ടവർ പൊറുത്തു തന്നാലല്ലാതെ അല്ലാഹു പൊറുത്തുതരികയില്ല. എന്നാൽ നിനക്കും അല്ലാഹുവിനുമിടയിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം അല്ലാഹു വിശാലമായി പൊറുക്കുന്നവനാകുന്നു. പശ്ചാത്തപിക്കുന്നവരെ നിന്ദിക്കാത്ത തമ്പുരാനാണവൻ. 

ചരിത്രം ഗുരുവാണ്. അതിന്റെ അധ്യാപനങ്ങൾ വർത്തമാനത്തിൽ പ്രതിഫലിക്കണം. അപ്പോഴേ ഭാവി ഭാസുരമാവുകയുള്ളൂ. ഇന്ന് മുസ്ലിംകളിൽ നിന്ന് ബൈത്തുൽ മുഖദ്ദസിന്റെ മോചനത്തെക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്നു. സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലാണ് അവരിന്ന് അകപ്പെട്ടിരിക്കുന്നത്. ആ മഹാൻ വിലകുറഞ്ഞ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിക്കാൻ സന്നദ്ധനായിരുന്നില്ല. 

ഖുദ്സിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മറിച്ച്, വിജയം കൊണ്ട് അല്ലാഹു അനുഗ്രഹിക്കുന്നതു വരെ സ്ഥൈര്യത്തോടെ പോരാട്ടം തുടരുകയാണ് മഹാനായ അയ്യൂബി (റ) ചെയ്തത്. 91 കൊല്ലം കുരിശ് മേലാളൻമാരുടെ കൈകളിലായിരുന്നു ഖുദ്സ്. എന്നിട്ടും അത് വീണ്ടെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷ സ്വലാഹുദ്ദീൻ (റ) വിനും അദ്ദേഹത്തിന്റെ സഹപോരാളികൾക്കും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഇന്നത്തെ മുസ്ലിംകളും നിരാശപ്പെടേണ്ടതില്ല. കാലമെത്ര നീണ്ടുപോയാലും ഒരുനാൾ ഖുദ്സ് വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ഒരിക്കലും കൈയൊഴിക്കരുത്. തങ്ങളുടെ ഓരോ തരി മണ്ണും തിരിച്ചുപിടിക്കുമെന്ന ഉറച്ച തീരുമാനവും മനക്കരുത്തും നിരന്തരം ദൃഢീകരിക്കുകയാണു ചെയ്യേണ്ടത്. 1920 ൽ ഡമസ്കസ് കീഴടക്കിയ ജനറൽ ഗോറോ അമവി മസ്ജിദിന്റെ ചാരത്തുറങ്ങുന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ) വിനെ വാളുകൊണ്ട് തട്ടി ചോദിച്ചത് ലോകം ഇങ്ങനെ കേട്ടു: സ്വലാഹുദ്ദീൻ, നോക്കൂ... ഞാൻ കുരിശു പടയാളികളുടെ പൗത്രനാണ്; എവിടെ നിന്റെ പൗത്രൻമാർ... ?

ലോകമെമ്പാടും ഇന്നും സ്മരിക്കപ്പെടുന്ന ഖുദ്സ് വിമോചകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബ്(റ)യെ ക്രൈസ്തവര്‍ മുദ്ര കുത്തിയത് വെറും അക്രമകാരി മാത്രമായിട്ടാണെങ്കില്‍ അതേ ക്രൈസ്തവര്‍ക്കു തന്നെ പലതവണ മാപ്പു നല്‍കുകയും സന്ധിയിലേര്‍പ്പെടുകയും ചെയ്തതും സ്വലാഹുദ്ദീന്‍ അയ്യൂബി (റ) തന്നെയായിരുന്നു. 


വേറിട്ട വ്യക്തിത്വം

അദ്ദേഹത്തിന്റെ ആത്മീയ ജീവിതം ഏറെ പരാമര്‍ശമര്‍ഹിക്കുന്നു. ജീവിതത്തിലും പോരാട്ടത്തിലും ഇസ്‌ലാമിന്റെ സാമൂഹിക ധാര്‍മിക പാഠങ്ങളെ അദ്ദേഹം എങ്ങനെ സമീപിച്ചു എന്ന് മനസ്സിലാക്കാന്‍ഇതെല്ലാം മതി. ഇസ്‌ലാമിനെ സ്വജീവിതത്തില്‍അക്ഷരാര്‍ത്ഥത്തില്‍പ്രയോഗവത്കരിക്കാനും പൈതൃകത്തെ സംരക്ഷിക്കാനും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും അദ്ദേഹം തയ്യാറായി. ഒരു ഭരണാധികാരിക്ക് ഇത്രമാത്രം ധര്‍മനിഷ്ഠയും ആത്മീയമായ പാകപ്പെടലും സാധ്യമാണോ എന്ന് ആശ്ചര്യപ്പെടും വിധം ത്യാഗോജ്ജ്വലമാണ് ആ ധന്യജീവിതം.


സലാഹുദ്ദീന്‍ അയ്യൂബിയോട് (റ) എന്താണിത്ര വിരോധം

ഖുദ്‌സിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും ഫലസ്തീന്‍ പ്രശ്‌നത്തിന്റെ നാള്‍വഴികളിലൂടെ നമ്മുടെ മനസ്സുകളില്‍ ഇടം നേടിയിട്ടുള്ള മുന്നണി പോരാളിയാണ് സലാഹുദ്ദീന്‍ അയ്യൂബി. മുസ്‌ലിം സമൂഹം കടുത്ത ശിഥിലതയും ദൗര്‍ബല്യവും നേരിട്ടിരുന്ന സന്ദര്‍ഭത്തില്‍ ശാക്തിക സന്തുലനത്തിന് മാറ്റം വരുത്താനും ലോകഭൂപടം മാറ്റി വരക്കാനും അല്ലാഹു അദ്ദേഹത്തെ തുണച്ചു. എത്രയോ പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന സമുദായത്തിന്റെ നിന്ദ്യതക്കും ദൗര്‍ബല്യത്തിനും അദ്ദേഹം അറുതിവരുത്തി. ഒരു നൂറ്റാണ്ടിനടുത്ത് നീണ്ടു നിന്ന കുരിശുയുദ്ധക്കാരുടെ അധിനിവേശത്തിന് ശേഷം ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ സംരക്ഷത്തിലേക്ക് അദ്ദേഹം വീണ്ടെടുത്തു. എത്രത്തോളമെന്നാല്‍ കുരിശുപടയുടെ അന്തകനും മുസ്‌ലിംകളുടെ ഒന്നാം ഖിബ്‌ലയായ ബൈത്തുല്‍ മഖ്ദിസിന്റെ വിമോചകനുമായി അദ്ദേഹം അറിയപ്പെട്ടു. സമുദായത്തിന്റെ അന്തസ്സും അഭിമാനവും വീണ്ടെടുക്കുന്നതിന് വരും തലമുറകളെ അദ്ദേഹം വരച്ചുകാണിച്ച പാതയില്‍ വളര്‍ത്തിയെടുക്കുമ്പോള്‍, അദ്ദേഹത്തെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ശോഭനമായ അദ്ദേഹത്തിന്റെ ചരിത്രം മായ്ച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നമുക്കെതിരെ തിരിയുകയാണ്.

എന്തുകൊണ്ടാണ് സലാഹുദ്ദീനോട് ഇത്രയധികം വിരോധം ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തെയും പോരാട്ടത്തെയും സംബന്ധിച്ച് സംക്ഷിപ്തമായിട്ടെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.

സലാഹുദ്ദീന്‍ ഇസ്‌ലാമിന് അര്‍പിച്ചിട്ടുള്ള സംഭാവനകളെ നിഷേധിക്കാന്‍ വിവരമുള്ളവര്‍ക്ക് സാധിക്കില്ല, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഠിന വിരോധികളായിരിക്കണം അവര്‍. അക്കാലത്ത് സമുദായം അഭിമുഖീകരിച്ച ഏറ്റവും വലിയ രണ്ട് അപകടങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് തന്നെ അതിന് മതിയായ ന്യായമാണ്.

ഉബൈദിയ്യ രാഷ്ട്രത്തിന്റെ കഥകഴിച്ചു എന്നതാണ് അതില്‍ ഒന്നാമത്തേത്. ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫാതിമികളെന്ന വ്യാജേനെ ഈജിപ്ത്, ഹിജാസ്, ശാം എന്നീ പ്രദേശങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ശിയാക്കളുടെ ഉബൈദിയ്യ രാഷ്ട്രം ബലപ്രയോഗത്തിലൂടെ തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കാന്‍ തുടങ്ങി. സലാഹുദ്ദീന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം അതിനെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബാങ്കുവിളിയില്‍ ശിയാക്കള്‍ കൂട്ടിചേര്‍ത്ത ഹയ്യ അലാ ഖൈരില്‍ അമല്‍ (ഉത്തമമായ കര്‍മത്തിലേക്ക് വരൂ) എന്ന വാചകം നീക്കം ചെയ്ത അദ്ദേഹം ശിയാ മസ്ജിദുകള്‍ അടക്കുകയും ചെയ്തു. മിമ്പറുകളില്‍ വെച്ച് സച്ചരിതരായ ഖലീഫമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം കല്‍പിച്ചു. 

ഈജിപ്തിലെയും ശാമിലെയും ഹിജാസിലെയും സുന്നികള്‍ക്ക് മേല്‍ ശീഇസം അടിച്ചേല്‍പിക്കാനുള്ള 209 വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷം ആ നാടുകളെ അദ്ദേഹം സുന്നീ കരങ്ങളില്‍ തിരിച്ചേല്‍പിച്ചു. സലാഹുദ്ദീന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈജിപ്തും ശാമും ഹിജാസും ശിയാ രാജ്യങ്ങളാകുമായിരുന്നു എന്ന് പറയാന്‍ പ്രമുഖ ശിയാ പണ്ഡിതനായ മുഹമ്മദ് ജവാദ് മുഗ്നിയയെ പ്രേരിപ്പിച്ചത് അതാണ്.

കുരിശുയുദ്ധക്കാരുടെ ഭീഷണി ഇല്ലാതാക്കി എന്നതാണ് രണ്ടാമത്തെ കാര്യം. നൂറുദ്ദീന്‍ മഹ്മൂദിന്റെ വിയോഗ ശേഷം സുപ്രധാനമായ ഉത്തരവാദിത്വമാണ് സലാഹുദ്ദീന്‍ ഏല്‍പിക്കപ്പെട്ടത്. മുസ്‌ലിം നാടുകള്‍ കൈയ്യടക്കുകയും മുസ്‌ലിംകളെ കൊന്നൊടുക്കുകയും അവര്‍ പവിത്രമായി കാണുന്നവയെ അഗ്നിക്കിരയാക്കുകയും അവരുടെ അഭിമാനം പിച്ചിചീന്തുകയും ചെയ്ത കുരിശുയുദ്ധക്കാര്‍ ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നും മുസ്‌ലിം നാടുകളെ മോചിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത ദൗത്യം.

കുരിശുയുദ്ധക്കാരുമായി ഏറ്റുമുട്ടുന്നതിന് തന്റെ സൈന്യത്തെ അദ്ദേഹം സജ്ജമാക്കി. മഹത്തായ യുദ്ധങ്ങളിലൊന്നായിരുന്നു ഹിജ്‌റ 583ല്‍ നടന്ന ഹിത്വീന്‍ യുദ്ധം. അതില്‍ നിഷേധികളുടെയും കുരിശിന്റെ ശക്തികളുടെയും സംഘങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ അണിനിരന്നു. മുസ്‌ലിംകളുടെയും കുരിശുയുദ്ധക്കാരുടെയും സൈന്യത്തിന്റെ എണ്ണത്തില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലും മുസ്‌ലിം സൈനികരുടെ ആത്മാര്‍ത്ഥതയും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും കാരണം സലാഹുദ്ദീന് ക്രിസ്ത്യന്‍ സൈന്യങ്ങളെ തകര്‍ത്തെറിയാന്‍ സാധിച്ചു. അവരെ അതിജയിച്ച് തലയുയര്‍ത്തിപ്പിടിച്ച് ബൈത്തുല്‍ മഖ്ദിസില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹം നിര്‍വഹിച്ച സുപ്രധാനമായ രണ്ട് സംഭവങ്ങള്‍ മാത്രമാണിത്. അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് വിശദമായി വിവരിക്കാന്‍ ഈ സമയവും സന്ദര്‍ഭവും മതിയാവില്ല. ഇനി നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം. എന്തുകൊണ്ട് സലാഹുദ്ദീനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടപ്പെടുന്നു?

ഡോ. മുഹമ്മദ് റജബ് ബയ്യൂമി തന്റെ സലാഹുദ്ദീന്‍ ഖാഹിറു സ്സ്വലീബിയ്യീന്‍ (കുരിശുയുദ്ധക്കാരെ തറപറ്റിച്ച സലാഹുദ്ദീന്‍) എന്ന പുസ്തകത്തില്‍ പറയുന്നു: ശത്രുക്കളെ അവരുടെ കാല്‍ചുവട്ടില്‍ പൊട്ടിപിളരാനിരിക്കുന്ന ഗര്‍ത്തത്തെ കുറിച്ച് താക്കീത് നല്‍കി അവരെ തകര്‍ച്ചയുടെ വക്കിലെത്തിച്ച മഹാഗര്‍ജനത്തിന്റെ കാവല്‍ഭടനായിരുന്നു സലാഹുദ്ദീന്‍. ശത്രുക്കളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ് അവരുടെ മനസ്സില്‍ ചേക്കേറിയ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. കുരിശുയുദ്ധക്കാരും ശിയാക്കളും സെക്യുലറിസ്റ്റുകളും ഒരുപോലെ അദ്ദേഹത്തോട് ശത്രുതവെച്ചു പുര്‍ത്തി.

കുരിശുയുദ്ധക്കാരുടെ സാമ്രാജ്യത്വ സ്വപ്‌നങ്ങളും വ്യാപന പദ്ധതികളും സലാഹുദ്ദീന്‍ എന്ന ഉറച്ച പാറക്കല്ലില്‍ തട്ടിതകരുകയായിരുന്നു. അതുകൊണ്ടു തന്നെ മറ്റാരോടുമില്ലാത്തത്ര പക അവര്‍ക്ക് അദ്ദേഹത്തോടുണ്ട്. 1920ലെ മൈസലൂന്‍ യുദ്ധത്തിന് ശേഷം ഫ്രഞ്ചുകാര്‍ സിറിയയില്‍ പ്രവേശിച്ചപ്പോള്‍ അത് പ്രകടമായിട്ടുള്ളതാണ്. ഹേ.. സലാഹുദ്ദീന്‍, ഞങ്ങളിതാ മടങ്ങിയെത്തിയിരിക്കുന്നു  എന്നാണ് ഫ്രഞ്ച് ജനറല്‍ ഹെന്റി ഗോറോ സലാഹുദ്ദീന്റെ ഖബറില്‍ ചവിട്ടി കൊണ്ട് അന്ന് പറഞ്ഞത്.

അബ്ബാസി ഖിലാഫത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ശിയാ ഭരണകൂടം കെട്ടിപ്പെടുക്കുകയെന്ന ശിയാ മോഹങ്ങളെ തച്ചുടച്ചതിനാല്‍ ശിയാക്കള്‍ക്കും അദ്ദേഹത്തോട് വിരോധമാണ്.


സെക്യുലറിസ്റ്റുകളുടെ വിരോധം

സെക്യുലറിസ്റ്റുകള്‍ക്ക് സലാഹുദ്ദീനോടുള്ള വിരോധം ഒരു വ്യക്തിയെന്ന നിലയില്‍ ഒതുങ്ങുന്നതല്ല. മറിച്ച് ഇസ്‌ലാമിക ചരിത്രത്തോടും അതിലെ നായകരോടുമുള്ള വിദ്വേഷമാണ്. അദ്ദേഹത്തെ കുറിച്ച യൂസുഫ് സൈദാന്റെ (Youssef Ziedan) വാക്കുകള്‍ പുതുമയുള്ള ഒന്നല്ല. ചീഞ്ഞളിഞ്ഞ പൈതൃകമാണ് ഇസ്‌ലാമിന്റേതും ഖുത്വുസും ബൈബറസും സലാഹുദ്ദീനുമെല്ലാം രക്തദാഹികളാണെന്നും നേരത്തെ പ്രസ്താവിച്ചിട്ടുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ ആരോപണവും കള്ളവും തെറ്റിധരിപ്പിക്കലുമല്ലാതെ മറ്റൊന്നുമല്ല.

അമ്പതുകള്‍ക്ക് ശേഷം ചരിത്രഗ്രന്ഥങ്ങളിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട കള്ളക്കഥകളാണ് സലാഹുദ്ദീന്റെ ധീരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പച്ചക്കള്ളമാണ് ഈ ആരോപണം. ഇബ്‌നുകഥീറിനെയും ഇബ്‌നുല്‍ അഥീറിനെയും ഇബ്‌നു ഖലികാനെയും പോലുള്ള പ്രമുഖ ചരിത്രകാരന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സ്ഥിരീകരിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍. അവര്‍ പറയുന്ന പോലെ കൂട്ടിചേര്‍ക്കപ്പെട്ട കള്ളകഥകളല്ല.

ഈജിപ്തില്‍ ശിയാ മദ്ഹബിന്റെ കഥകഴിക്കുകയും ഉബൈദികളുടെ അടിവേരറുക്കുകയും ചെയ്തു എന്നതാണ് സലാഹുദ്ദീന് മേലുള്ള അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ശിയാ ചരിത്രകാരനായ ഹസന്‍ അമീന്‍ മുമ്പ് ആരോപിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഈ ആരോപണം സലാഹുദ്ദീനെ അവഹേളിക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ അഭിമാനം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ശിയാക്കളുടെ ഭാഗത്തു നിന്നുള്ള വലിയൊരു അപകടത്തില്‍ നിന്നും സമുദായത്തെ രക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. കുരിശുയുദ്ധക്കാരുമായി കൈകോര്‍ത്ത് അഹ്‌ലുസ്സുന്നത്തിന് വലിയ ദ്രോഹമേല്‍പിച്ചവരാണവര്‍. നിരവധി ആളുകള്‍ക്ക് മേല്‍ ശിയാ മദ്ഹബ് അടിച്ചേല്‍പിച്ച അവര്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യെയും മറ്റ് പല പ്രമുഖ സഹാബിമാരെയും ആക്ഷേപിക്കുകയും ചെയ്തു. ജീവനോടെ അവര്‍ തൊലിയുരിഞ്ഞെടുത്ത അബൂബകര്‍ നാബുലുസി അടക്കമുള്ള ആയിരക്കണക്കിന് സുന്നീ പണ്ഡിതന്‍മാരെ കൊലപ്പെടുത്തി.


എന്നാല്‍ സൈദാന്‍ പറയുന്നത് പോലെ സലാഹുദ്ദീന്‍ ശിയാ മദ്ഹബിന്റെ കഥ കഴിച്ചു എന്നോ അവരിലെ നിരായുധരായ പുരുഷന്‍മാരെയും സ്ത്രീകളെയും കൊന്ന് രക്തപ്പുഴ ഒഴുക്കിയെന്നോ ഇതിന്നര്‍ത്ഥമില്ല. അവരിലെ വഞ്ചകരോടും കലാപകാരികളോടും മാത്രമാണ് അദ്ദേഹം യുദ്ധം ചെയ്തത്. മഖ്‌രിസി വിവരിക്കുന്നത് പോലെ അവശേഷിക്കുന്ന ആളുകളെ ഈജിപ്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുകയാണദ്ദേഹം ചെയ്തത്. ഫാത്വിമി ഖലീഫ അല്‍ആള്വിദിനോട് വളരെ കാരുണ്യപൂര്‍വമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. മരിക്കുന്നത് വരെ അദ്ദേഹം സ്വതന്ത്രനായിരുന്നു.

കൊട്ടാരം ലൈബ്രറി കത്തിച്ചതാണ് അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന മറ്റൊരു വിഷയം. ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത കളവാണത്. എ.ഡി. 1086ല്‍ സുഡാന്‍ സൈനികര്‍ക്കും തുര്‍ക്കികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായപ്പോഴാണത് തകര്‍ക്കപ്പെട്ടത്. AD1036-1094  കാലയളവില്‍ ഈജിപ്തിനെ ബാധിച്ച കൊടും പട്ടിണിയുടെ സന്ദര്‍ഭത്തിലായിരുന്നു ഇത്. അന്നത്തെ ഖലീഫക്ക് സൈനികര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചില്ല. ലൈബ്രറി അക്രമിക്കുന്നതിനും അതിലുള്ള ഗ്രന്ഥങ്ങളടക്കം നശിപ്പിക്കുന്നതിനും സൈനികരെ അത് പ്രേരിപ്പിച്ചു.

പ്രമുഖ അമേരിക്കന്‍ തത്വചിന്തകനും ചരിത്രകാരനുമായ വില്‍ ഡ്യൂറന്റ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ The Story of Civilization ല്‍ പറയുന്ന ഒരു കാര്യം കൂടി ഉദ്ധരിച്ചു കൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്. അദ്ദേഹം പറയുന്നു: പൊതുവെ ദുര്‍ബലരോട് അനുകമ്പയുള്ളവനും പീഡിതരോട് കാരുണ്യമുള്ളവനുമായിരുന്നു സലാഹുദ്ദീന്‍. എതിരാളികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഉയര്‍ന്നു നിന്ന അദ്ദേഹത്തെ കണ്ട് ഇത്രത്തോളം മഹത്വമുള്ള ഒരാളെ സൃഷ്ടിക്കാന്‍ ഇസ്‌ലാമിന് (അവര്‍ മനസ്സിലാക്കിയ ഇസ്‌ലാം ഇത്തരത്തിലുള്ള ഒന്നായിരുന്നില്ല) എങ്ങനെയാണ് സാധിക്കുന്നതെന്ന് ക്രിസ്ത്യന്‍ ചരിത്രകാരന്‍മാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. തന്റെ സേവകരോട് വളരെ നൈര്‍മല്യത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് ചെവികൊടുത്തു. സമ്പത്തിന് മണ്ണിനേക്കാള്‍ വലിയ വിലയൊന്നും അദ്ദേഹം കല്‍പിച്ചിരുന്നില്ല. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യമായി ഒരു ദീനാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.


കടപ്പാട് : 

കെ കെ സിദ്ധീക്ക് പൂവ്വാട്ടുപറമ്പ് (https://islamonweb.net/ml/muslim-world-on-web/islamic-rules/03-June-2017-27)

അലവിക്കുട്ടി ഫൈസി എടക്കര

മുഹമ്മദ് അബ്ദുൽ അളീം : (വിവർത്തനം: നസീഫ്) -  (Islamonlive.in)

No comments:

Post a Comment