Monday 18 March 2019

റാബിഅത്തുല്‍ അദവിയ്യ (റ)




ഏകാന്തതയിലാണ് എന്റെ സമാധാനം.
ഞാന്‍ സ്‌നേഹിക്കുന്നവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട്
ആ സ്‌നേഹത്തിനു മുമ്പില്‍ ഭൗതികസ്‌നേഹങ്ങളത്രയും നിഷ് പ്രഭമാണ് എങ്ങും അവന്റെ പ്രഭ മാത്രം ദര്‍ശിക്കുന്നു,അവങ്കലേക്ക് മാത്രം ഞാന്‍ തിരിയുന്നു.

അവന്റെ തൃപ്തിയില്ലെങ്കില്‍ ഞാന്‍ തന്നെയാണ് പരാജിത .എന്റെ സര്‍വസ്വമേ, നിന്നിലൂടെയാണ് എന്റെ വളര്‍ച്ച.നിന്നെ പുല്‍കാനാണ് സഹജീവികളെ മുഴുവനും
ഞാന്‍ ഉപേക്ഷിച്ചത്”* (റാബിഅത്തുല്‍ അദവിയ്യ).

ഏഴു ദിവസം തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുകയും രാവ് മുഴുവന്‍ ഒരു നിമിഷം പോലും ഉറങ്ങാതെ നിസ്‌കരിക്കുകയും ചെയ്തു. വിശപ്പും ദാഹവും കഠിനമായപ്പോള്‍ ഒരാള്‍ വെള്ളം നിറച്ച പാത്രം കൊടുത്തു. ഇരുട്ടായിരുന്നത് കാരണം വെള്ളപ്പാത്രം അവിടെ വച്ച് വിളക്ക് കത്തിച്ചുകൊണ്ട് വരാനായി അകത്തേക്ക് പോയി.

വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും പൂച്ച വെള്ളം തട്ടിമറിച്ചിരുന്നു. വിളക്ക് അവിടെവച്ച് പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ട് വരാന്‍ പോയി. മടങ്ങി വന്നപ്പോഴേക്കും വിളക്ക് കെട്ടുപോയിരുന്നു.  ഇരുട്ടത്ത് വെള്ളം കുടിക്കാന്‍ തീരുമാനിച്ചു.

പക്ഷേ, കുടിക്കാന്‍ വേണ്ടി പാത്രം ഉയര്‍ത്തിയ പ്പോഴേക്കും കൈയില്‍നിന്ന് വീണ് പൊട്ടിപ്പോവുകയും ചെയ്തു. ഒരു ചെറിയ വിഷയത്തില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ ആ മഹതി ഇരു കരങ്ങളും ആകാശത്തേക്ക് ഉയര്‍ത്തി പരിഭവപ്പെട്ടു: ”അല്ലാഹുവേ, ഈ സാധുവായ എന്നെക്കൊണ്ട് എന്തെല്ലാമാണ് നീ ചെയ്യിക്കുന്നത്?!” ഉടന്‍ തന്നെ ഒരു വിളിയാളം: ”റാബിആ, ഒന്നുകില്‍ നിന്റെ തീരുമാനം, അല്ലെങ്കില്‍ എന്റെ തീരുമാനം. രണ്ടും ഒപ്പം അനുഭവിക്കാന്‍ സാധ്യമല്ല.”

ഈ വിളിയാളം ആ മഹതിയുടെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചു. ഭൗതികഭ്രമം ഒഴിവാക്കി. ഇലാഹീ അനുരാഗത്തിന്റെ പടവുകള്‍ കയറിത്തുടങ്ങി. ആത്മാവും ശരീരവും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ചു



ആത്മസുഖമാണ് മറ്റെല്ലാ സുഖത്തേക്കാളും വലുതെന്ന് തിരിച്ചറിയുകയും സമൂഹത്തോട് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തു റാബിഅത്തുല്‍ അദവിയ്യ.

ഞങ്ങള്‍ അനുഭവിക്കുന്ന സുഖം രാജാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍ അതു ലഭിക്കാന്‍ അവര്‍ ഞങ്ങളോട് യുദ്ധം ചെയ്യുമായിരുന്നു എന്ന സ്വൂഫി വചനം അന്വര്‍ത്ഥമാക്കിയുള്ള ജീവിതം.

അങ്ങനെ ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ ആ ജീവിതം ഉരുകിത്തീര്‍ന്നു.

ഫരീദുദ്ദീന്‍ അത്ത്വാര്‍ രചിച്ച ‘തദ്കിറത്തുല്‍ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിലാണ് റാബിഅത്തുല്‍ അദവിയ്യ(റ)യെക്കുറിച്ച ഏറെക്കുറെ വിശദമായ പരാമര്‍ശമുള്ളത്. പക്ഷേ, അതിലുള്ളതത്രയും വിശ്വാസയോഗ്യമാണെന്നതിന് കൃത്യമായ അവലംബങ്ങളൊന്നും നല്‍കിയിട്ടില്ല.

ജീവചരിത്രം എഴുതുന്ന മിക്ക ചരിത്രകാരന്മാരും പുരുഷന്മാരെ വേറെയും സ്ത്രീകളെ വേറെയും പരാമര്‍ശിക്കലാണ് പതിവ്. അത്ത്വാര്‍ റാബിഅത്തുല്‍ അദവിയ്യയെ പുരുഷന്മാര്‍ക്കിടയിലാണ് പരാമര്‍ശിച്ചത്.

കാരണം, പുരുഷന്മാര്‍ക്ക്  കീഴടക്കാനാവാത്ത ആത്മീയ മേഖലകള്‍ കീഴടക്കിയ ധീര വനിതയായിരുന്നു അവര്‍. അഥവാ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യാസമില്ലാത്ത മികച്ച മാതൃക.

ഇതിന് ഉപോല്‍ബലകമായി ‘അബ്ബാസത്തു ത്ത്വൂസിയ്യ’ എന്നവരെ ഉദ്ധരിക്കുന്നു: ”അന്ത്യനാളില്‍ മഹ്ശര്‍ ഭൂമിയില്‍ വച്ച് ‘യാ രിജാല്‍’ (പുരുഷന്മാരേ) എന്ന് വിളിക്കപ്പെടുമ്പോള്‍ ആദ്യമായി വിളി കേള്‍ക്കുന്നവര്‍ മര്‍യം ബീബിയായിരിക്കും.” മര്‍യം ബീബി സ്ത്രീയാണെങ്കിലും പുരുഷന്മാരുടെ സ്ഥാനത്താണെന്നര്‍ത്ഥം.


കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും ഹി. 90കള്‍ക്ക് ശേഷമാണ് ഉമ്മുല്‍ ഖൈര്‍ റാബിഅത്തുല്‍ അദവിയ്യ അല്‍ ഖൈസിയ്യ(റ) ജനിക്കുന്നത്. സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ബസറയിലായിരുന്നു ജനനം. റാബിഅത്തുല്‍ ബസരിയ്യ എന്നും അറിയപ്പെടുന്നു.

പരമ ദരിദ്ര കുടുംബത്തില്‍ പിറന്ന അവര്‍ക്ക് മൂത്ത മൂന്നു സഹോദരികളുണ്ടായിരുന്നു. നാലാമത്തെയാളായതു കൊണ്ടാണ് റാബിഅ എന്ന് പേര് വന്നത്. പിതാവിന്റെ പേരു വ്യക്തമല്ല. ‘റാബിഅ ബിന്‍ത് ഇസ്മാഈല്‍’ എന്ന് ചില രേഖകളില്‍ കാണുന്നുണ്ടെങ്കിലും അതു നാം ചര്‍ച്ച ചെയ്യുന്ന റാബിഅയല്ലെന്നതാണ് സൂക്ഷ്മനിരീക്ഷകരുടെ വിലയിരുത്തല്‍.


ജനനവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. പ്രസവസമയത്ത് വിളക്ക് കത്തിക്കാനുള്ള എണ്ണ പോലും വീട്ടിലില്ലായിരുന്നുവത്രെ!

റാബിഅ(റ)യുടെ മാതാവ് ഭര്‍ത്താവിനോട് പറഞ്ഞു:
”നിങ്ങള്‍ അയല്‍ വാസിയുടെ വീട്ടില്‍ ചെന്ന് അല്‍പം എണ്ണ വാങ്ങിക്കൊണ്ട് വരിക”
 ഒരാളോടും ഒരു കാര്യവും ഒരിക്കലും ചോദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ആളായിരുന്നു അദ്ദേഹം.

ഭാര്യയുടെ നിര്‍ബന്ധപ്രകാരം അയല്‍വാസിയുടെ വീട്ടില്‍
ചെന്നു. പക്ഷേ, വാതില്‍ തുറക്കപ്പെടുന്നില്ല.

നിരാശയോടെ മടങ്ങിപ്പോന്നു. അതറിഞ്ഞു ഭാര്യ കരയാന്‍ തുടങ്ങി. ഭര്‍ത്താവ് പ്രാര്‍ത്ഥനാ നിരതനായി. പതുക്കെ ഉറക്കിലേക്ക് വഴുതി വീണു
തിരു നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ)പറഞ്ഞു:

”വിഷമിക്കേണ്ട, താങ്കള്‍ക്ക് ജനിച്ചിരിക്കുന്ന ഈ പെണ്‍കുട്ടി വലിയ നേതാവാകും. എന്റെ സമുദായത്തില്‍ പെട്ട എഴുപതിനായിരം ആളുകള്‍ അവളുടെ ശഫാഅത്ത് പ്രതീക്ഷിക്കുന്നുണ്ട്.

”ശേഷം നബി(സ്വ) പറഞ്ഞു: ”നാളെ നീ ബസറയുടെ അമീറായ ഈസബ്‌നു സാദാന്റെ അടുക്കല്‍ പോവുക. അദ്ദേഹം എന്റെ പേരില്‍ എല്ലാ രാത്രിയും 100 സ്വലാത്തും വെള്ളിയാഴ്ച രാവില്‍ 400 സ്വലാത്തും ചൊല്ലാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവില്‍ ചൊല്ലാന്‍ മറന്നുപോയിട്ടുണ്ട്. അതിനു പ്രായശ്ചിത്തമായി താങ്കള്‍ക്ക് 400 ദീനാര്‍ ദാനമായി നല്‍കാന്‍ ആവശ്യപ്പെടുക.” രാജാവ് 400 ദീനാര്‍ അദ്ദേഹത്തിനു നല്‍കാന്‍ ഭൃത്യരോട് കല്‍പിച്ചു.

റാബിഅ യുവത്വത്തിലെത്തി. അതിനിടയില്‍ മാതാവും പിതാവും മരണപ്പെട്ടു. സഹോദരികള്‍ക്കൊപ്പം ജീവിതം നയിക്കുന്നതിനിടയില്‍ ബസറയെ ശക്തമായ വരള്‍ച്ച ബാധിച്ചു. ഭക്ഷണം തേടി റാബിഅയും സഹോദരിമാരും പല ഭാഗങ്ങളിലേക്കു പോയി. അവര്‍ തമ്മിലുള്ള ബന്ധം അതോടെ അവസാനിച്ചു.

റാബിഅ തനിച്ചായി. സഞ്ചാരത്തിനിടയില്‍ അക്രമിയായ
 ഒരാള്‍ അവളെ പിടികൂടി ബന്ദിയാക്കി .

ബന്ധനസ്തനാക്ക്പെട്ട രാബിയയെ ആ മനുഷ്യന്‍ ആറു ദിര്‍ഹമിനു മറ്റൊരാള്‍ക്ക് വില്‍ക്കുകയും റാബിഅ അങ്ങനെ അടിമസ്ത്രീയായി മാറുകയും ചെയ്തു . യജമാനന്‍ ഭാരമുള്ള ജോലികള്‍ ഏല്‍പിക്കുമായിരുന്നു.
ഒരിക്കല്‍ യജമാനന്റെ അടുക്കല്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചു. ഏകാന്തമായ യാത്ര! സഹായത്തിന് ആരുമില്ല.

അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തിക്കൊണ്ട് രാബിയ പറഞ്ഞു:
”അല്ലാഹുവേ, ഞാന്‍ പാപിയാണ്, അനാഥയാണ്, അശക്തയാണ്. നിന്റെ തൃപ്തിയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ.

നീ എന്നെ തൃപ്തിപ്പെടുന്നുണ്ടോ എന്നറിയലാണ് എന്റെ ആവശ്യം.”
അപ്പോള്‍ ഒരു വിളിയാളം:

”റാബിആ, ദുഃഖിക്കേണ്ട, വാനലോകത്തുള്ള മലക്കുകള്‍ നിന്നെക്കൊണ്ട് അഭിമാനിക്കുന്ന തലത്തിലേക്ക് നീ ഉയരും”.
അവര്‍ക്ക് സമാധാനമായി. യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോന്നു. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി നിസ്‌കരിച്ചും ജീവിക്കുന്നതിനിടയിലും യജമാനനെ സേവിക്കാന്‍ മറന്നില്ല.

ഒരു രാത്രി യജമാനന്‍ ഉറക്കില്‍നിന്ന് എഴുന്നേറ്റ് നോക്കുമ്പോള്‍ റാബിഅ സുജൂദിലായിരുന്നു. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു:

 ”അല്ലാഹുവേ, നിന്നെ പുണരാനാണ് ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് എന്ന് നിനക്കറിയാമല്ലോ.

നിനയ്ക്ക് സേവനം ചെയ്യുന്നതിലാണ് എന്റെ കണ്‍കുളിര്‍മ. ഞാന്‍ മറ്റൊരാളുടെ കീഴിലായിരുന്നില്ലെങ്കില്‍ ഒരു സെക്കന്റ് പോലും നിനക്ക് സേവനം ചെയ്യുന്നതില്‍നിന്ന് പിന്തിരിയുമായിരുന്നില്ല”.
ഇതു കണ്ടപ്പോള്‍ യജമാനന് അലിവ് തോന്നി. റാബിഅയെ മോചിപ്പിച്ചു. അവര്‍ യജമാനന്റെ വീട് വിട്ടിറങ്ങി.


പിന്നീട് സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ പെട്ട് അല്‍പ കാലം റാബിഅ(റ)  ഭൗതികതയിലേക്ക് തിരിഞ്ഞുവെന്നും കളി വിനോദങ്ങളിലേര്‍പ്പെട്ടുവെന്നും ഫരീദുദ്ദീന്‍ അത്ത്വാര്‍ പറയുന്നുണ്ട്.

പിന്നീട് ബസറയിലെ ജ്ഞാനീവര്യരുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായും അടിമത്തത്തിന്റെ സമയത്ത് നേടിയെടുത്ത ആത്മീയതയുടെയും ഇലാഹീചിന്തയുടെയും പിന്‍ബലത്തിലും റാബിഅ(റ)  പശ്ചാത്തപിച്ചു മടങ്ങി.

മാലികു ബ്‌നു ദീനാര്‍(റ) (ഹി. 131), റബാഹുബ്‌നു അംറില്‍ ഖൈസി(റ) (ഹി.150), ഹയ്യൂന(റ) തുടങ്ങിയ ത്യാഗിവര്യന്മാര്‍ റാബിഅ(റ) യുടെ കാലക്കാരായിരുന്നു.

ഹസനുല്‍ ബസരി(റ)യും റാബിഅയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ വഫാത്തായ പണ്ഡിതനാണ്.

ഇവരുടെ ഉപദേശങ്ങളില്‍നിന്നും ജീവിത രീതികളില്‍ നിന്നും റാബിഅ(റ) പാഠമുള്‍കൊണ്ടിട്ടു ണ്ടാകുമെന്നാണ് ചരിത്രനിഗമനം.

റബാഹ് ബിന്‍ അംറ്(റ) ബസറയിലെ അറിയപ്പെട്ട ഭക്തനും റാബിഅയെ കൂടുതല്‍ സ്വാധീനിച്ച മഹല്‍വ്യക്തിയുമാണ്.

ഹയ്യൂന എന്നവര്‍ റാബിഅ(റ)യെ സ്വാധീനിച്ച സ്ത്രീരത്‌നമാണ്. റബാഹും ഹയ്യൂനയും അബ്ദുല്‍ വാഹിദ് ബിന്‍ സൈദ് എന്ന സ്വൂഫിവര്യന്റെ ശിഷ്യന്മാരായിരുന്നു. ”ബസറയിലുള്ള മുഴുവന്‍ വസ്തുക്കളും രണ്ടു രൂപക്ക് ലഭിച്ചാല്‍ പോലും ഞാന്‍ വാങ്ങുകയില്ല” എന്ന് പറഞ്ഞവരാണ് അബ്ദുല്‍ വാഹിദ്. (സിയറു അഅ്‌ലാമിന്നുബലാഅ്). ഈ ഗുരുശ്രേഷ്ഠരുടെ സ്വഭാവഗുണങ്ങളത്രയും റാബിഅ(റ)യില്‍ സമ്മേളിച്ചിരുന്നു.

പശ്ചാത്താപം എന്നത് നിമിഷ നേരം കൊണ്ട് നടക്കുന്ന ഒരു കാര്യമായിരുന്നില്ല അവരുടെ ജീവിതത്തില്‍. നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന, കൊണ്ടിരിക്കേണ്ട ഒന്നായിരുന്നു. ‘അസ്തഗ്ഫിറുല്ലാഹ്’ എന്നു പറയല്‍ കൊണ്ട് മാത്രം പശ്ചാത്താപം നടക്കുമെന്ന് റാബിഅ വിശ്വസിക്കുന്നില്ല.


ഇമാം ഖുശൈരി (റ) ഉദ്ധരിക്കുന്നു

:” ഒരാള്‍ റാബിഅത്തുല്‍ അദവിയ്യയോട് ചോദിച്ചു: ‘ഞാന്‍ പശ്ചാത്തപിച്ചാല്‍ അല്ലാഹു സ്വീകരിക്കുമോ?’.
റാബിഅ പറഞ്ഞു: അങ്ങനെയല്ല പറയേണ്ടത്; അല്ലാഹു നിന്നെ സ്വീകരിച്ചാല്‍ നീ പശ്ചാത്തപിക്കു മായിരുന്നുവെന്നാണ്.”  തൗബ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള തൗഫീഖാണെന്ന് ചുരുക്കം.

തന്റെ പ്രവര്‍ത്തനങ്ങളൊക്കെ സ്വീകരിക്കപ്പെടുമോ എന്ന ഭയമായിരുന്നു റാബിഅ(റ)യെ ഭരിച്ചിരുന്നത്. അവര്‍ പറയുന്നു: ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറഞ്ഞാല്‍ ആ പറഞ്ഞതിനെത്തൊട്ട് ഞാന്‍  അല്ലാഹുവിനോട് കാവല്‍ തേടും. കാരണം ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറയുന്നതില്‍ ഞാന്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ലല്ലോ!

റാബിഅ(റ)യുടെ ജീവിതം മുഴുവനും തൗബയായിരുന്നു.
ഏതൊരാള്‍ക്കും അവന്റെ സ്ഥാനത്തിനനുസരിച്ചുള്ള തൗബയുണ്ടെന്നാണ് സ്വൂഫികള്‍ പറയുന്നത്. അത് അല്ലാഹുവിലേക്കുള്ള മടക്കമാണ്. കാഫിറുകള്‍ കുഫ്‌റില്‍നിന്ന് മടങ്ങുന്നു; പാപികള്‍ പാപത്തില്‍നിന്ന് മടങ്ങുന്നു; നന്മ ചെയ്യുന്നവര്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് ഉയര്‍ന്ന പദവികളിലേക്ക് മടങ്ങുന്നു;

സ്വൂഫികള്‍ സ്വശരീരത്തില്‍ നിന്നും ഭൗതിക ലോകത്തുനിന്നും അനന്തവും അനിര്‍വചനീയവുമായ ഇലാഹീ അനുഭൂതിയിലേക്കു മടങ്ങി ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ അലിഞ്ഞില്ലാതാകുന്നു. ഇങ്ങനെ മനുഷ്യ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കേണ്ട ഗുണമാണ് തൗബ.


ഇശാഅ് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഏകാന്തയായി ഒരു സ്ഥലത്ത്
നിന്നു കൊണ്ട് മഹതി റാബിഅ (റ) പറയുമായിരുന്നു:

അല്ലാഹുവേ, നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു; കണ്ണുകള്‍ ഉറങ്ങിക്കഴിഞ്ഞു.
രാജാക്കള്‍ പോലും വാതിലുകളടച്ച്, സുഖനിദ്രയില്‍ ആണ്ട് കഴിഞ്ഞു.
ഓരോ പ്രണയിതാവും പ്രണയിയുമായി, സന്ധിക്കുന്ന നേരമാണിത്.
ഞാനിതാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു.”

ശേഷം നിസ്‌കാരം തുടങ്ങും. പുലര്‍ച്ചയായാല്‍ പറയും:

അല്ലാഹുവേ, രാത്രി അവസാനിച്ചു.പകല്‍ വരാനിരിക്കുന്നു….
എന്റെ ഈ രാത്രി , നീ എന്നില്‍നിന്ന് സ്വീകരിച്ചെങ്കില്‍, എനിക്ക് സന്തോഷിക്കാം. അല്ലെങ്കില്‍ എന്റെ കഷ്ടം.

നിന്റെ മഹത്വമാണ് സത്യം, നീ എന്നെ ജീവിപ്പിക്കുന്ന കാലത്തോളം ,
ഇതുതന്നെയായിരിക്കും എന്റെ പതിവ്. നിന്നെയാണ് സത്യം,
നിന്റെ ദര്‍ബാറില്‍നിന്ന് എന്നെ ആട്ടിയോടിച്ചാലും ഞാന്‍ പോവുകയില്ല.

കാരണം, നിന്നോടുള്ള സ്‌നേഹം എന്റെ മനസ്സില്‍ രൂഢ മൂലമായിരിക്കുന്നു.”

അവര്‍ പാടിക്കൊണ്ടിരുന്നു:

”എന്റെ സന്തോഷമേ, എന്റെ അവലംബമേ നീ എന്റെ ആത്മാവാണ്;
പ്രതീക്ഷയാണ് നിന്നോടുള്ള സ്‌നേഹമാണ് എന്റെ പാഥേയം

നീ ഇല്ലായിരുന്നെങ്കില്‍, ഞാന്‍ മരുഭൂവുകള്‍ താണ്ടുമായിരുന്നില്ല
നിന്റെ അനുഗ്രഹങ്ങള്‍ എന്നില്‍ നിറഞ്ഞിരിക്കുന്നു
നിന്റെ സ്‌നേഹമാണ് തുരുമ്പ് പിടിച്ച എന്റെ ഹൃദയത്തെ
പരിശുദ്ധമാക്കുന്നത്.

നീ എന്റെ ഹൃദയത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു
നീ തൃപ്തിപ്പെട്ടാല്‍ എന്റെ വിജയത്തിനു തുടക്കമായി”.



പശ്ചാത്താപത്തോടെ ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക്,
റാബിഅ(റ) കാലെടുത്ത് വച്ചു.

ദീര്‍ഘ നേരം നിസ്‌കരിക്കലും മരണസ്മരണ വര്‍ധിപ്പിക്കലുമാണ് റാബിഅ(റ) യുടെ ജീവിതത്തിലെ എടുത്തു പറയേണ്ട

രണ്ടു പ്രധാന കാര്യങ്ങള്‍.

അവരുടെ സേവകയായിരുന്ന അബ്ദ ബിന്‍ത് അബീ ശവ്വാല്‍ എന്നവര്‍ പറയുന്നു:

”റാബിഅ(റ) രാത്രി പുലരുവോളം നിസ്‌കരിക്കു മായിരുന്നു.
പുലര്‍ന്നാല്‍ ചെറുതായൊന്ന് മയങ്ങും. അല്‍പം കഴിയുമ്പോഴേക്കും മയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് സ്വന്തം ശരീരത്തോട് പറയും:
ശരീരമേ, നീ എത്രയാണ് ഉറങ്ങുന്നത്. അന്ത്യ നാളില്‍ മാത്രം ഉണരുന്ന അവസാനത്തെ ഉറക്കായിപ്പോകും ഇതെന്നു നീ ഭയക്കുന്നില്ലേ?!.
മരിക്കുവോളം ഇങ്ങനെ തന്നെയായിരുന്നു അവരുടെ അവസ്ഥ.”

എപ്പോഴും കഫന്‍പുട കൂടെ കൊണ്ടു നടക്കുമായിരുന്നു
സുജൂദ് ചെയ്ത സ്ഥലം കരച്ചില്‍ കാരണം നനഞ്ഞ് കുതിരുമായിരുന്നു. സ്ഥിരമായി തഹജ്ജുദ് നിസ്‌കരിച്ചത് കാരണം ശരീരം മെലിയുകയും, കൂടുതല്‍ നേരം ഉറക്കമൊഴിക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാവുകയും ചെയ്തു.

റാബിഅത്തുല്‍ അദവിയ്യ(റ) ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്.

ആദ്യ കാലങ്ങളിലൊക്കെ സാധാ ഹജ്ജായിരുന്നു.
ആത്മീയ പുരോഗതി കൈവരിക്കു ന്നതിനനുസരിച്ച് ഹജ്ജിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുതുടങ്ങി

ഒരു യാത്ര കഴുതപ്പുറത്തായിരുന്നു.വഴിയില്‍ വച്ച് കഴുത ചത്തുപോയി.
പലരും മഹതിയുടെ ഭാണ്ഡം ചുമക്കാന്‍ തയാറായി.
പക്ഷേ, മഹതി പറഞ്ഞു: 
”നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. അല്ലാഹുവില്‍ മാത്രമാണ് എന്റെ പ്രതീക്ഷ.”
 ശേഷം കരളുരുകി ദുആ ചെയ്തു:
”അല്ലാഹുവേ, ബലഹീനയായ ഒരു അടിമയെ രാജാവ് ഇങ്ങനെ
ഉപേക്ഷിക്കില്ലല്ലോ.
ഈ മരുഭൂമിയില്‍ ഞാന്‍ ഏകാന്തയാണ്.”
ഇതു പറയേണ്ട താമസം, അല്ലാഹു കഴുതയെ ജീവിപ്പിച്ച് കൊടുത്തു.
അങ്ങനെ മഹതി റാബിഅ (റ) ഹജ്ജ് നിര്‍വഹിച്ചു മടങ്ങി വന്നു.




 അല്ലാഹുവിനെ അന്വേഷിച്ചുള്ളവയായിരുന്നു റാബിഅ (റ) യുടെ പിന്നീടങ്ങോട്ടുള്ള ഹജ്ജ് യാത്രകള്‍.

 ഒരു യാത്രയ്ക്കിടയില്‍ തളര്‍ന്നിരിക്കുകയായിരുന്ന റാബിഅ (റ) പറഞ്ഞു:
 ”അല്ലാഹുവേ, കഅ്ബ കേവലം കല്ല് കൊണ്ടുള്ള ഒരു ഗേഹമാണ്.

അത് കാണുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്.
അതിന്റെ സ്രഷ്ടാവായ നിന്റെ തിരുവദനം കാണുവാനാണ് ഞാന്‍ കൊതിക്കുന്നത്.” ഉടനെ ഒരു വിളിയാളം:

 ”റാബിആ, എളുപ്പമുള്ള കാര്യമല്ല നീ ആഗ്രഹിക്കുന്നത്.
മൂസാ നബി എന്റെ പ്രകാശത്തിന്റെ ചെറു അംശം കാണുമ്പോഴേക്കും ബോധരഹിതനായി വീണു പോയിട്ടുണ്ട്.”

ഒരവസരം റാബിഅ(റ)യെ സ്വീകരിക്കാന്‍ കഅ്ബ നേരിട്ട് വന്നതായി മഹതിയുടെ കറാമത്തുകളില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അപ്പോഴും മഹതി പറഞ്ഞു:

”കഅ്ബയല്ല; അതിന്റെ നാഥനാണ് എനിക്ക് വേണ്ടത്.”

അടുത്ത വര്‍ഷം അവര്‍ പ്രതിജ്ഞയെടുത്തു:

”കഴിഞ്ഞ വര്‍ഷം കഅ്ബ എന്റെ അടുത്തേക്കാണ് വന്നതെങ്കില്‍ ഈ വര്‍ഷം ഞാന്‍ കഅ്ബയുടെ അടുത്തേക്ക് പോവുകയാണ്.

നടക്കാന്‍ കഴിയാത്തതു കൊണ്ട് നിരങ്ങി നിരങ്ങിയാണ് ആ വര്‍ഷം പോയത്.
ഏഴു വര്‍ഷം വേണ്ടിവന്നു കഅ്ബയുടെ അടുത്തെത്താന്‍.

 ക്ലേശ നിര്‍ഭരമായ ആ യാത്രക്കൊടുവില്‍ കഅ്ബയിലെത്തിയപ്പോള്‍ ഒരു വിളിയാളം:

 ”റാബിആ, എന്താണ് നിനക്കാവശ്യം?” അല്ലാഹുവിനെയാണ് നീ തേടുന്നതെങ്കില്‍ അവന്റെ ഇലാഹീ പ്രകാശം നിന്റെമേല്‍ വര്‍ഷിക്കാം.
പക്ഷേ, ആ ഇലാഹീ ദീപ്തിയില്‍ നീ ഉരുകിയില്ലാതാകും.”

റാബിഅ പറഞ്ഞു:”ആ പ്രകാശം ഉള്‍ക്കൊള്ളാന്‍ മാത്രം ശക്തി എനിക്കില്ല.

ഇലാഹീ അനുരാഗത്തി ലേക്കുള്ള ആത്മ ദാഹത്തിന്റെ ഒരു ചെറിയ അംശം മാത്രം ആഗ്രഹിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്.”

ഇത് പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു വിളിയാളം:

 ”റാബിആ, ഭക്തരായ മുഴുവന്‍ ഔലിയാക്കളും ഇതു തന്നെയാണ്ആഗ്രഹിച്ചത്.
എന്നിലേക്ക് എത്തുക എളുപ്പമുള്ള കാര്യമല്ല.

പലരും കാതങ്ങള്‍ താണ്ടി എന്റെ സമീപത്തെത്താന്‍ ശ്രമിക്കും.ഏതാനും വഴിദൂരം മാത്രം ബാക്കി നില്‍ക്കെ വല്ല തടസ്സത്തിലും പെട്ട് യാത്ര അവസാനിപ്പിച്ച് നിരാശരായി അവര്‍ക്ക് മടങ്ങേണ്ടിവരുന്നു.



അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു വിളിയാളം തുടര്‍ന്നു
റാബി ആ നീ ഇപ്പോള്‍ 70 മറകള്‍ക്ക് പിന്നിലാണുള്ളത്.
അത് വിട്ടു കടന്നാല്‍ മാത്രമേ ഇലാഹീ അനുരാഗത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും നിനക്ക് അര്‍ഹതയുള്ളൂ.

” ശേഷം മഹതിയോട് മേല്‍പ്പോട്ട് നോക്കാന്‍ ആജ്ഞാപിക്കപ്പെട്ടു.
അപ്പോള്‍ രക്തത്താലുള്ള ഒരു സമുദ്രം കാണാന്‍ സാധിച്ചു.

അവരോട് പറയപ്പെട്ടു: ”റാബിആ, കാലങ്ങളായി എന്നെ സ്‌നേഹിച്ച് എന്നിലേക്കെത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരുടെ നയനങ്ങളില്‍ നിന്നൊഴുകിയ രക്തത്തില്‍ ചാലിച്ച കണ്ണ് നീരാണിത്.” ഇത് കേട്ടപ്പോള്‍ അവരുടെ മനസ്സില്‍ ഇശ്ഖ് തീ പോലെ കത്തിപ്പടരാന്‍ തുടങ്ങി.

ഇത്തരം മഹത്തുക്കളുടെ അവസ്ഥകള്‍ വിവരിച്ചു കൊടുക്കാന്‍ അല്ലാഹുവിനോട് പറഞ്ഞു. അതിനിടയില്‍ മഹതിക്ക് അശുദ്ധി തുടങ്ങി.
അല്ലാഹു പറഞ്ഞു: ”റാബിആ, എന്നെ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഉപമയാണ് നീ. ഏഴു വര്‍ഷം യാത്ര ചെയ്ത് എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ നോക്കുമ്പോഴേക്ക് നിനക്ക് അശുദ്ധി ഉണ്ടായി എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഇതു പോലെ എന്നെ പുല്‍കാന്‍ പലരും ശ്രമിക്കും. എന്റെ അടുത്തെത്താന്‍ ഏതാനും ദൂരം മാത്രം ബാക്കിയുണ്ടാകുമ്പോള്‍ അവരുടെ യാത്ര തടസ്സപ്പെടും.” റാബിഅ(റ) പറഞ്ഞു: ”അല്ലാഹുവേ, നിന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ല; നിന്റെ ഭവനമല്ല. എനിക്ക് വേണ്ടത്, നിന്നെയാണ്”. ശേഷം നാട്ടിലേക്ക് മടങ്ങി ശിഷ്ട കാലം ആരാധനാ നിരതയായി കഴിച്ചു കൂട്ടി.


 ഒരിക്കല്‍ പരിചാരക ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിയുണ്ടായിരുന്നില്ല. അയല്‍വാസിനിയുടെ അടുത്തുനിന്ന് ഉള്ളി വാങ്ങാന്‍ സമ്മതം ചോദിച്ചപ്പോള്‍ മഹതി പറഞ്ഞു: ”40 വര്‍ഷമായി അല്ലാഹുവല്ലാത്ത മറ്റാരോടും ഒരു കാര്യവും ചോദിക്കില്ലെന്നു ഞാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട.്” അല്‍പം കഴിഞ്ഞപ്പോള്‍ മുകളില്‍നിന്ന് ഒരു പക്ഷി തൊലിച്ച ഉള്ളി താഴേക്കിട്ടു കൊടുത്തു. പക്ഷേ, അത് ഭക്ഷിക്കാനും മഹതി കൂട്ടാക്കിയില്ല. കാരണം, പിശാചിന്റെ ഭാഗത്തു നിന്നുള്ളതാകാനും സാധ്യതയുണ്ടല്ലോ!.
എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് റാബിഅ(റ) ആരാധനയില്‍ മുഴുകി ജീവിതം നയിച്ചു. ഒരിക്കല്‍ രണ്ടു മഹാന്മാര്‍ മഹതിയെ സന്ദര്‍ശിക്കാന്‍ വന്നു.



ഒരിക്കല്‍ രണ്ടു മഹാന്മാര്‍ അല്ലാഹുവില്‍ അലിഞ്ഞ ത്യാഗസ്പര്‍ശം മഹതി റാബിഅ(റ)യെ സന്ദര്‍ശിക്കാന്‍ വന്നു.

മഹതിയുടെ കൈയില്‍ രണ്ടു പത്തിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത് അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുമ്പോഴേക്ക് ഒരു യാചകന്‍ വന്നു.
 രണ്ട് പത്തിരിയും അവന് കൊടുത്തു. നേരത്തേ വന്ന രണ്ടു മഹാന്മാര്‍ക്ക് പ്രയാസം തോന്നി. അതിനിടയില്‍ ഒരു
പരിചാരക എവിടെനിന്നോ പത്തിരികളുടെ ഒരു കെട്ടുമായി വന്നു. മഹതി അവ എണ്ണിനോക്കി.

പതിനെട്ടെണ്ണം ഉണ്ടായിരുന്നു.

അതു തനിക്കുള്ളതല്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. രണ്ടാമതും പരിചാരക പത്തിരിക്കെട്ടുമായി വന്നു. അത് ഇരുപതെണ്ണം ഉണ്ടായിരുന്നു. അതു തനിക്കുള്ളതാണെന്ന് പറഞ്ഞ് മഹതി സ്വീകരിച്ചു. പതിനെട്ടെണ്ണം വന്നപ്പോള്‍ മടക്കിയയച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ മഹതി പറഞ്ഞു:
 ”നേരത്തെ യാചകന്‍ വന്നപ്പോള്‍ ഞാന്‍ രണ്ടു പത്തിരി ധര്‍മം ചെയ്തിരുന്നു. ഒരു നന്മയ്ക്ക് പത്തിരട്ടി പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ രണ്ടു പത്തിരിക്കു പകരം ഇരുപതെണ്ണം എനിക്കു ലഭിക്കണം!”.

ഒരു നിസ്‌കാരത്തിനിടയില്‍ പായയുടെ അഗ്രം കണ്ണില്‍ കയറി രക്തമൊലിക്കാന്‍ തുടങ്ങി. പക്ഷേ, നിസ്‌കാരത്തിന്റെ ലഹരിയില്‍ മഹതി അതൊന്നും അറിഞ്ഞതേയില്ല.

ഒരിക്കല്‍ വീട്ടില്‍ കള്ളന്‍ കയറി. മഹതിയുടെ പുതപ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചു. പുതപ്പുമായി പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ വാതില്‍ കാണുന്നില്ല. പുതപ്പ് യഥാസ്ഥാനത്തുവച്ച് മടങ്ങി വന്നപ്പോള്‍ വാതില്‍ ദൃശ്യമായി. വീണ്ടും പുതപ്പെടുത്തു. പക്ഷേ, അപ്പോഴേക്ക് വാതില്‍ അപ്രത്യക്ഷമായി. ഇങ്ങനെ ഏഴു പ്രാവശ്യം ചെയ്തു. പുതപ്പെടുക്കുമ്പോഴൊക്കെ വാതില്‍ അപ്രത്യക്ഷമാകുന്നു.
യഥാസ്ഥാനത്ത് വെക്കുമ്പോള്‍ വാതില്‍ ദൃശ്യമാവുന്നു. അതിനിടയില്‍ ഒരു വിളിയാളം: ”മനുഷ്യാ, അവളെ പിഴപ്പിക്കാന്‍ നോക്കണ്ട; കാലങ്ങളായി അവള്‍ സ്വന്തം കാര്യം എന്നെ ഏല്‍പിച്ചിരിക്കുകയാണ്. അതു കൊണ്ട് ഇബ്‌ലീസിനു പോലും അവളെ പിഴപ്പിക്കാന്‍ സാധ്യമല്ല. പിന്നെങ്ങനെയാണ് നിനക്ക് സാധിക്കുന്നത്?! അറിയുക, ഒരു സുഹൃത്ത് ഉറങ്ങുമ്പോള്‍ മറ്റൊരു സുഹൃത്ത് ഉണര്‍ന്നിരുന്ന് എല്ലാം  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.”



ഒരിക്കല്‍ മഹതി റാബിഅ(റ) മലമുകളില്‍ കയറി
ആരാധനാനിമഗ്നയായി. മാന്‍കൂട്ടങ്ങള്‍ മഹതിക്ക് ചുറ്റുമുണ്ട്. മഹതിയെ കണ്ടിട്ടും അവ പേടിച്ചോടുന്നില്ല.

അതിനിടയില്‍ ഹസനുല്‍ ബസ്വ്‌രി(റ) അവിടേക്ക് കയറി വന്നു. മാന്‍കൂട്ടങ്ങള്‍ പേടിച്ചോടി.

അദ്ദേഹം ചോദിച്ചു: ”റാബിആ, മാന്‍കൂട്ടങ്ങള്‍ എന്നെ കാണുമ്പോള്‍ പേടിച്ചോടുന്നല്ലോ?!; നിങ്ങളെ കാണുമ്പോള്‍ ഓടുന്നുമില്ല!” റാബിഅ(റ) ചോദിച്ചു: ”നിങ്ങള്‍ ഇന്ന് എന്താണ് ഭക്ഷിച്ചത്?” ഹസന്‍(റ) പറഞ്ഞു: ”എണ്ണ പുരട്ടിയ ഭക്ഷണമാണ് കഴിച്ചത്.” റാബിഅ(റ) പറഞ്ഞു: ”അവയുടെ എണ്ണ ഭക്ഷിക്കുന്ന നിങ്ങളെ കാണുമ്പോള്‍ അവ എങ്ങനെ ഓടാതിരിക്കും?!”

ഹസനുല്‍ ബസ്വ്‌രി(റ)യും റാബിഅ(റ)യും തമ്മിലുള്ള സംഭാഷണങ്ങള്‍ അര്‍ത്ഥഗര്‍ഭവും തത്ത്വാധിഷ്ഠിതവുമാണ്. ഒരിക്കല്‍ ഹസന്‍(റ)ന്റെ വീടിനരികിലൂടെ റാബിഅ(റ) സഞ്ചരിക്കാനിടയായി. ഹസന്‍(റ) കരഞ്ഞുകൊണ്ട് ഇബാദത്തെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കണ്ണ് നീര് താഴേക്ക് ഉറ്റി വീഴുന്നു. റാബിഅ(റ) പറഞ്ഞു: ”ഹസന്‍, ഈ കണ്ണ് നീരുകളൊക്കെ ശരീരത്തിന്റെ ചതിക്കുഴികളാണ്. അവ പുറത്തേക്ക് കളയാതെ ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുക. ഹൃദയം കണ്ണു നീരിന്റെ ഒരു സമുദ്രമായി മാറട്ടെ. അങ്ങനെ ആത്മജ്ഞാനത്തിന്റെ അനന്തതയിലേക്ക് പറന്നുയര്‍ന്ന് ഇലാഹീ സാമീപ്യം കരസ്ഥമാക്കാന്‍ സാധിക്കും.”


"ഹൃദയത്തില്‍ ഞാന്‍ നിന്നോട് ,..സംസാരിക്കാറുണ്ട്. കൂടെയിരിക്കുന്നവന് സമയവും, നല്‍കിയിട്ടുണ്ട്. എന്‍ സാന്നിധ്യം, അവന് ആശ്വാസവും
ഹൃദയത്തിന്‍റെ സ്നേഹിതനായ നീയെനിക്ക്കൂട്ടുകാരനാണെന്നും"

ജീവിതകാലം മുഴുവന്‍ അല്ലാഹുവിന് ആരാധനയില്‍ മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക് വേണ്ടി വരികയും ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ദിശ കാണിച്ചുകൊടുക്കുകയും ചെയ്ത മഹതി റാബിഅതുല്‍ അദവിയ്യ(റ)ന്‍റെ വരികളാണിത്.സ്വര്‍ഗവും നരകവും ഓര്‍ത്ത് അല്ലാഹുവിനെ ആരാധിക്കാതെ അവന്‍റെ പ്രീതി മാത്രം കാംക്ഷിച്ച് അവനെ സ്നേഹിച്ച ആ ജീവിത സരണികള്‍ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട് ഓരോ വരികളും.

ഒരിക്കല്‍  നിസ്‌കാരപ്പായ നദിയുടെ മുകളില്‍ വിരിച്ചതിനു ശേഷം ഹസനുല്‍ ബസ്വ്‌രി (റ) റാബിഅ(റ) യെ വിളിച്ചു.

”നമുക്ക് ഇതിനു മുകളില്‍ രണ്ടു റക്അത്ത് നിസ്‌കരിക്കാം.”!
അല്ലാഹുവിനെ പ്രണയിച്ച മഹതി റാബിഅ(റ) അതിനു പകരം വായുവില്‍ നിസ്‌കാരപ്പായ വിരിച്ച് പറഞ്ഞു:

”ഹസന്‍, നമുക്ക് ഇതിനു മുകളില്‍ വച്ച് നിസ്‌കരിക്കാം.”
പക്ഷേ, ആ പദവിയിലേക്ക് ഹസന്‍(റ) ഉയര്‍ന്നിരുന്നില്ല.

റാബിഅ(റ) വലിയ ഒരു തത്ത്വം ഹസന്‍ (റ)നു
വിശദീകരിച്ചുകൊടുത്തു:”ഹസന്‍, താങ്കള്‍ ചെയ്ത കാര്യം ഒരു മത്സ്യത്തിനു
ചെയ്യാന്‍ കഴിയുന്നതാണ്; ഞാന്‍ ചെയ്ത കാര്യമാകട്ടെ ഒര് ഈച്ചക്ക് പോലും ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനപ്പുറമുള്ള പദവിയിലേക്ക് എത്താനാണ് നാം ശ്രമിക്കേണ്ടത്.”

തസവ്വുഫിന്റെ വിവിധ ഘട്ടങ്ങളെ പുരസ്‌കരിച്ച് മഹതി നടത്തിയ നിരീക്ഷണങ്ങള്‍ സ്ത്രീത്വത്തിന്റെ അപാരമായ ധിഷണാശക്തിയെ വെളിച്ചത്തു കൊണ്ടുവരുന്നു. ആദ്യകാല സൂഫീ വനിതകളെ കുറിച്ച് ആധികാരിക പഠനം നടത്തിയ അബൂ അബദുറഹ്മാന്‍ സുലമി ക്രി. വ (937‑1021) നിരീക്ഷിക്കുന്നതനുസരിച്ച് തന്റെ സമകാലികരായ പുരുഷ പ്രതിഭകളെ വെല്ലുന്നതായിരുന്നു മഹതിയുടെ മേധാശക്തി. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് യുക്തമായ ഇടപെടലുകള്‍ നടത്തുന്ന വാമൊഴി സാഹിത്യമായിരുന്നു റാബിഅ(റ)യുടേത്. 

വിവാഹം ചെയ്യാന്‍ തയാറാവാത്തതെന്താണെന്ന് ചിലര്‍ ചോദിച്ചതിന് അവരുടെ മറുപടി മൂന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചാല്‍ തയാറാണെന്നായിരുന്നു. 

ഒന്ന്: മരണ ശേഷം തന്റെ വിശ്വാസം അല്ലാഹു സ്വീകരിക്കമെന്ന ഉറപ്പു നല്‍കുമോ? 

രണ്ട്: എന്റെ കര്‍മപുസ്തകം വലതു കൈയ്യിലാണോ ഇടതു കൈയ്യിലാണോ ലഭിക്കുക? 

മൂന്ന്: അവസാനനാളില്‍ സ്വര്‍ഗവാസികളിലാണോ നരകവാസികളിലാണോ? 

എന്നീ മൂന്ന് പ്രശ്‌നങ്ങള്‍ എന്നെ അലട്ടുന്നതുകൊണ്ട് എനിക്ക് വേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവുന്നില്ല എന്ന് അവര്‍ വ്യക്തമാക്കി.  

ദൈവത്തിന്റെ വാതിലില്‍ നിരന്തരം മുട്ടിയാല്‍ തുറക്കപ്പെടുമെന്ന് ഒരു സൂഫി പറഞ്ഞത് കേട്ട മഹതി(റ) ചോദിച്ചു: മുട്ടി തുറക്കാന്‍ മാത്രം എപ്പോഴാണ് ആ വാതില്‍ അടഞ്ഞത്?  

ജ്ഞാനത്തിന്റെ ആശയ സമുദ്രങ്ങള്‍ ഉല്‍വഹിക്കുന്ന വിശിഷ്ട സാഹിത്യമായിരുന്നു അവരുടെ മൊഴിമുത്തുകള്‍. മഹിത പറയുന്നു: ‘നീ മെഴുകുതിരയെ പോലെ ഉരുകി ജനങ്ങള്‍ക്ക് പ്രകാശം നല്‍കുക. അല്ലാഹുവല്ലാത്തവയില്‍ നിന്നെല്ലാം അകന്നു നില്‍ക്കാന്‍ നീ ശ്രമിക്കണം. അതിന് ശേഷം കര്‍മങ്ങളില്‍ നിരതമാവുക. അങ്ങനെയെങ്കില്‍ മുടിനാരു പോലെ നീ ശോഷിച്ച് വരും. നിന്റെ ശ്രമങ്ങള്‍ വിഫലമാവാതിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ (നിന്റെ കര്‍മ പദ്ധതി ഇതായിരിക്കട്ടെ)’. 


No comments:

Post a Comment