Monday 2 December 2019

ഇസ്മാഈൽ നബി (അ)



മനുഷ്യകുലത്തെ നേർമാർഗത്തിലേക്കു ക്ഷണിച്ചു കൊണ്ട് ലക്ഷത്തിൽപരം പ്രവാചകന്മാർ ലോകത്തു വന്നു. ഇതിൽ ഇരുപത്തിയഞ്ച് പ്രവാചകന്മാരെ ഖുർആൻ പരിചയപ്പെടുത്തുന്നു...

ഖലീലുല്ലാഹി ഇബ്റാഹീം (അ). 

ഇബ്റാഹീം (അ) ന്റെ രണ്ടു പുത്രന്മാരിൽ ഒരാളാണ് ഇസ്മാഈൽ (അ). അവരിൽ നിന്നുത്ഭവിച്ച് സഹസ്രാബ്ദങ്ങളിലൂടെ ഒഴുകി വന്ന മനുഷവർഗത്തിന്റെ രണ്ടു കൈവഴികൾ. സന്മാർഗം തേടുന്നവർ ആ കൈവഴികളുടെ ചരിത്രമറിയണം. അത് പറയാനുള്ള ഒരെളിയ ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്...

നബിﷺയുടെ പൂർവ പിതാവ് എന്ന നിലയിലും നമ്മുടെ ആരാധനകളിൽ വിശിഷ്യാ ഹജ്ജിലും, ബലിപെരുന്നാളിലും മറ്റും നാം അനുസ്മരിക്കുന്ന വ്യക്തിത്വം എന്ന നിലയിലും ഇസ്മാഈൽ നബി (അ)ന്റെ ചരിത്രം പഠിക്കൽ നമ്മുടെ ബാധ്യതയത്രെ...

വിജനമായ മക്ക. അവിടെ ഒറ്റക്കു കഴിഞ്ഞ ഉമ്മയും മകനും. അവരെ നോക്കി നിൽക്കുന്ന സഫയും മർവയും. ഹാജറ(റ)യുടെ ശരീരത്തിൽ നിന്ന് സഫാക്കും മർവാക്കുമിടയിൽ തെറിച്ചുവീണ വിയർപ്പുതുള്ളികൾ...

മരുഭൂമിയിലെ നീരുറവ. സംസം. സംസം കണ്ട് വന്ന പറവകൾ. ഉമ്മാക്കും മകനും ലഭിച്ച ആദ്യത്തെ കൂട്ടുകാർ. സത്യവിശ്വാസിയുടെ മനസ്സിൽ എന്നും തെളിഞ്ഞ് നിൽക്കേണ്ട രംഗങ്ങൾ. ആ രംഗങ്ങളുടെ വിവരണമാണിവിടെ നിങ്ങൾ വായിക്കാൻ പോകുന്നത്...

മക്കയിലെ മണൽ തരികളെ രോമാഞ്ചം കൊള്ളിച്ച എത്രയെത്ര ചരിത്ര സംഭവങ്ങൾ! മിനായിലേക്ക് പോയ പിതാവും പുത്രനും ഒരു ബലിയുടെ കിടിലം കൊള്ളിക്കുന്ന ഓർമകൾ. എല്ലാം വായിച്ചറിയുക. ചരിത്രമുത്തുകൾ തേടുന്നവർക്ക് ഈ ചരിത്രം ഒരനുഗ്രഹമായിരിക്കും. വായന ഹൃദ്യമാവട്ടെ! അല്ലാഹുﷻ ഇതൊരു സൽകർമ്മമായി സ്വീകരിക്കട്ടെ..! 

ആമീൻ യാ റബ്ബൽ ആലമീൻ ...


ഓർമ്മയിൽ ഒരു നബികുടുംബം 

ഇസ്മാഈൽ നബി (അ)...

മനുഷ്യവർഗ്ഗം മറക്കാത്ത പേര്. ഓരോ ദിവസവും കഴിയുംതോറും കൂടുതൽ കൂടുതൽ ആളുകൾ ഓർക്കുന്ന പേര്. മാഉ സംസം. സംസം ജലം. അത് ഒഴുകിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്. അതൊഴുകാത്ത ദിവസമില്ല. സംസം ഇസ്മാഈൽ (അ)നെ ഒർമ്മിപ്പിക്കുന്നു...

അകാശവീഥികളിലൂടെ പറന്നകലുന്ന വിമാനങ്ങളിൽ സംസം നിറച്ച ബോട്ടിലുകൾ കാണും. ആഴക്കടലിലൂടെ കടന്നു പോവുന്ന കപ്പലുകളിലും സംസം കാണും. വിശുദ്ധ മക്കയിൽ നിന്ന് പുറത്തേക്കോടിപ്പോവുന്ന മോട്ടോർ വാഹനങ്ങളിൽ സംസം കാണും. സംസം കുടിക്കുമ്പോൾ ഇസ്മാഈൽ (അ) നെ ഓർമ വരും. ഇസ്മാഈൽ (അ)ന്റെ മാതാവിനെയും പിതാവിനെയും ഓർക്കും...

മാതാവ് ഹാജറ ബീവി(റ). പിതാവ് ഇബ്റാഹീം (അ). പെൺകുട്ടി ജനിച്ചാൽ ഹാജറ എന്ന് പേരിടാൻ മാതാപിതാക്കൾക്ക് സന്തോഷമാണ്.  പൊന്നുമോളെ കാണുമ്പോൾ മാതാപിതാക്കൾ ഹാജറ ബീവിയെ ഓർക്കുന്നു. സംസം ഓർക്കുന്നു. ഇസ്മാഈൽ എന്ന ചോരപ്പൈതലിനെ ഓർക്കുന്നു. നിത്യജീവിതത്തിൽ ഹാജർ (റ) യെയും കുടുംബത്തെയും ഓർക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ!

നിസ്കരിക്കുന്നവരുടെ കാര്യം ആശ്ചര്യകരമല്ലേ? അവസാനത്തെ അത്തഹിയ്യാത്ത്. നിസ്കാരം അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പുള്ള കർമ്മമാണത്. നിസ്കാരം തുടങ്ങിയത് മുതൽ മനസ്സ് നിയന്ത്രിക്കാനുള്ള തീവ്ര ശ്രമം നടക്കുകയാണ്. മനസ് നിസ്കാരത്തിൽ ഒരുങ്ങി നിൽക്കണം. ദുനിയാവിന്റെ ചിന്തകളൊന്നും മനസ്സിലേക്ക് കടന്നുവരരുത്. മനസ്സ് കൈവിട്ടു പോവരുത്...

നമ്മൾ ഉദ്ദേശിക്കുന്നിടത്തു നിൽക്കാതെ വഴുതിപ്പോവുകയെന്നതാണ് മനസ്സിന്റെ സ്വഭാവം. നിസ്കാരത്തിൽ അത് പറ്റില്ല. നിസ്കാരത്തിന്റെ കർമങ്ങൾ അവസാനിക്കാറായി. ഇതുവരെയും മനസ്സിനെ പിടിച്ചു നിർത്തി. അത്തഹിയ്യാത്ത് വരെയെത്തി. മനസ്സാന്നിധ്യത്തോടെ അത്തഹിയ്യാത്ത് ഓതിതീർക്കണം. തീർന്നാൽ ഉടനെ സലാം വീട്ടി നിസ്കാരം അവസാനിപ്പിക്കാം...

അത്തഹിയ്യാത്തിലും സലാം ഉണ്ട്. നബിﷺതങ്ങളെ വിളിച്ചു സലാം പറയുന്നു.


"السَّلامُ عَلَيْكَ أيُّهَا النَّبيُّ"

("നബിയേ, അങ്ങേക്ക് സലാം.")

അത്തഹിയ്യാത്തിൽ നബിﷺതങ്ങൾക്കും കുടുബത്തിനും ഗുണം തേടുന്നു. അപ്പോൾ ഇബ്റാഹീം (അ)നെയും അനുസ്മരിക്കുകയും ചെയ്യുന്നു... 


اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ

 وَعَلَى آلِ سَيِّدِنَا مُحَمَّدٍ

 كَمَا صَلَّيْتَ عَلَى إِبْرَاهِيمَ

 وَعَلَى آلِ إِبْرَاهِيمَ


("സയ്യിദുനാ മുഹമ്മദ് ﷺ തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും അല്ലാഹുവേ, നീ ഗുണം ചെയ്യണമേ! ഇബ്റാഹീം (അ)നും തന്റെ കുടുംബത്തിനും ഗുണം ചെയ്തതു പോലെ.")

നബിﷺതങ്ങളെയും കുടുംബത്തെയും അനുസ്മരിക്കുന്നു. ഒപ്പം തന്നെ ഇബ്റാഹീം (അ)നെയും കുടുംബത്തെയും അനുസ്മരിക്കുന്നു...


ഇബ്റാഹീം (അ)ന്റെ കുടുംബങ്ങളിൽ ഹാജർ (റ) മകൻ ഇസ്മാഈൽ (അ), സാറ (റ) മകൻ ഇസ്ഹാഖ് (അ) തുടങ്ങിയവരൊക്കെ ഉൾപ്പെടുന്നു. ഗുണം തേടുന്നതോടൊപ്പം ബർക്കത്തും (അനുഗ്രഹം) ചോദിക്കുന്നു. അതിന്റെ വചനം ഇങ്ങനെ...


وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ
 وَعَلَى آلِ سَيِّدِنَا مُحَمَّدٍ
 كَمَا بَارَكْتَ عَلَى إِبْرَاهِيمَ
 وَعَلَى آلِ إِبْرَاهِيمَ


"സയ്യിദുന മുഹമ്മദ് നബിﷺതങ്ങൾക്കും കുടുബത്തിനും നീ ബർക്കത്ത് നൽകേണമേ...!"

"ഇബ്റാഹീം (അ) നും കുടുംബത്തിനും ബർക്കത്ത് നൽകിയതു പോലെ"

ഒരു നിസ്കാരത്തിൽ രണ്ട് തവണ ഇബ്റാഹീം കുടുംബത്തെ അനുസ്മരിച്ചു. ഇങ്ങനെ അഞ്ച് നേരത്തെ നിസ്കാരത്തിലുമുണ്ട്. നിസ്കാരം എന്ന് കേൾക്കുമ്പോൾ ഇബ്റാഹീമീ കുടുംബം ഓർമ്മയിൽ തെളിയുന്നു... 

കൊല്ലം മുഴുവൻ ഉംറ നിർവഹിക്കുന്നവരുടെ യാത്രയാണ്. റമളാനിൽ അത് വല്ലാതെ വർധിക്കുന്നു. ഏത് കുഗ്രാമത്തിലും ഉംറക്കാരെ കാണാം. ഉംറ എന്ന് കേൾക്കുമ്പോൾ ഇബ്റാഹീമീ കുടുംബം ഓർമ്മയിൽ വരുന്നു. ഉംറക്കു പോവാൻ ഒരുങ്ങിയവരെ കാണുമ്പോഴും ഉംറ കഴിഞ്ഞെത്തിയവരെ സമീപിക്കുമ്പോഴും നമ്മുടെ മനസ്സിൽ ഇബ്‌റാഹീമീ കുടുംബം ഓടിയെത്തുന്നു...

നമ്മുടെ നാട്ടിൽ ഹജ്ജ് കാര്യങ്ങൾ മാസങ്ങളോളം നീണ്ടു നിൽക്കുന്ന സംസാരവിഷയമാണ്. ഹജ്ജിന് പോവാൻ തീരുമാനിക്കൽ, പണം സ്വരൂപിക്കൽ, അപേക്ഷ പൂരിപ്പിക്കൽ, അപേക്ഷ അയക്കൽ, ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്, നറുക്കെടുപ്പ്. പിന്നെ എന്തെല്ലാം കടമ്പകൾ. ഹജ്ജ് ക്ലാസുകൾ, മറ്റ് ഹജ്ജ് പഠന സംവിധാനങ്ങൾ. ഇപ്പറഞ്ഞ സന്ദർഭങ്ങളിലെല്ലാം ഇസ്മാഈൽ (അ) നമ്മുടെ ഓർമ്മയിൽ ഓടിയെത്തുന്നു. ഒപ്പം മാതാപിതാക്കളും...

നാട്ടിലെ ബലിപെരുന്നാൾ. ഉള്ഹിയ്യത്ത്, കുട്ടികൾ പോലും ഇബ്റാഹീം കുടുംബത്തെ ഒർമിക്കുന്ന സുദിനമാണത്. അന്നത്തെ ഖുതുബയിലും, പെരുന്നാൾ പ്രഭാഷണങ്ങളിലും മറ്റ് വിശേഷ പരിപാടികളിലും ഇബ്റാഹീമീ കുടുംബം അനുസ്മരിക്കപ്പെടുന്നു...


വിശുദ്ധ ഖുർആൻ പാരായണം സദാനേരവും നടന്നുകൊണ്ടിരിക്കുന്നു. ഇബ്റാഹീമീ കുടുംബത്തെ പരാമർശിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. പാരായണം ചെയ്യുന്നവരും കേൾക്കുന്നവരും ആ കുടുംബത്തെ ഓർക്കുന്നു. നമുക്ക് ഒരു ദിവസം പോലും അവരെ മറക്കാനാവില്ല. അവരുടെ പേര് അനുസ്മരിക്കാതെ വയ്യ...

കുട്ടി പ്രായത്തിലുള്ള ഇസ്മാഈൽ (അ). അതാണ് നമ്മുടെ മനസ്സിൽ തെളിയുന്ന രൂപം. പിതാവിനു പിന്നാലെ നടന്നു പോവുന്ന കുട്ടി. മലഞ്ചെരിവിലേക്കുള്ള യാത്ര. ബലിപെരുന്നാൾ വരുമ്പോൾ മനസ്സിൽ തെളിയുന്നത് സുന്ദരനായ ആ കുട്ടിയുടെ രൂപമാണ്. സംസം കുടിക്കുമ്പോഴോ? ഒരു ശിശുവിന്റെ രൂപം. മലർന്നുകിടന്ന് കൈകാലിട്ടടിച്ചു കരയുന്ന കുഞ്ഞിന്റെ രൂപം. നല്ല ഓമനയായ കുഞ്ഞ്...

ദാഹിച്ചു വലഞ്ഞ് ദൈന്യതയോടെ കരയുന്ന കുഞ്ഞ്. അത് കേട്ടപ്പോൾ സഹിക്കാനാവാതെ പകച്ചു നിന്ന മാതാവ്. മാതൃഹൃദയത്തിന്റെ വല്ലാത്ത പിടച്ചിൽ. പിന്നെ ആ കാലുകൾ നിർത്താതെ ചലിക്കുകയായിരുന്നു. സഫാ മലയിലേക്ക്. സഫായിൽ നിന്ന് മർവായിലേക്ക്. തളർന്ന പാദങ്ങളിൽ നിർത്താതെ ഓടുന്ന ഉമ്മ. ഉമ്മയുടെ പാദങ്ങളിൽ നിന്ന് വിയർപ്പ് തുള്ളികൾ മണൽപ്പരപ്പിൽ തെറിച്ചു വീണു...

ഓടുന്ന ഉമ്മയുടെ രൂപം. ഏതൊരു സത്യവിശ്വാസിയുടെയും മനസ്സിൽ ആ രൂപമുണ്ടാകും. ആ ഉമ്മയുടെയും മകന്റെയും ചരിത്രം. അതാണ് പറഞ്ഞു തുടങ്ങുന്നത്. അറബ് വംശത്തിന്റെ ചരിത്രം. അറബ് ഭാഷയുടെ ചരിത്രം. സഹസ്രാബ്ദങ്ങളിലൂടെ ഒഴുകിവന്ന ചരിത്രമാണത്. അന്ത്യനാൾ വരെയുള്ളവർ അത് അന്വേഷിച്ചറിയും. പഠിക്കും. ഗൗരവത്തോടെ ചർച്ച ചെയ്യും...


ഒഴുകുന്ന വാത്സല്യം 

ഒരു യാത്രയുടെ കഥ പറയാം. ഒരു ചെറിയ യാത്രാ സംഘം. അവർ ബാബിലോണിയായിൽ നിന്ന് യാത്ര പുറപ്പെടുന്നു. യാത്ര സംഘത്തിന്റെ നേതാവ് ഇബ്റാഹീം (അ). സംഘത്തിലുള്ളവർ ഇവരാണ്... ഭാര്യ സാറ (റ), ഇബ്റാഹീം (അ)ന്റെ സഹോദരൻ നാഹൂർ, അദ്ദേഹത്തിന്റെ ഭാര്യ മലക, ഇബ്റാഹീം (അ)ന്റെ സഹോദര പുത്രൻ ലൂത്വ് (അ), ഇബ്രാഹിം (അ) ന്റെ പിതാവ് താറാഹ്.

ഇബ്റാഹീം (അ) ന്റെ പിതാവ് താറാഹ് ഏറെക്കഴിയും മുമ്പേ മരണപ്പെട്ടു. പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കപ്പെട്ടു. പിന്നെയും യാത്ര. ഇത് ഹിജ്റഃയാണ്. ഇബ്റാഹീം (അ) ന്റെ ഹിജ്റഃ. അഗ്നിപരീക്ഷണം കഴിഞ്ഞ ശേഷമായിരുന്നു ഹിജ്റഃ. ഇബ്‌റാഹീം (അ) തന്റെ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചു. ഏകദൈവ വിശ്വാസം കൈക്കൊള്ളുക. ബിംബാരാധന ഒഴിവാക്കുക. പ്രകൃതിശക്തികളെ ആരാധിക്കരുത്...

ഈ പ്രസ്താവനകൾ ജനങ്ങൾ നിരാകരിച്ചു. അവരത് വിശ്വസിച്ചില്ല.അവർ നക്ഷത്രങ്ങളെ ആരാധിച്ചു. ചന്ദ്രനെയും സൂര്യനെയും ആരാധിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും പേരിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു. പൂർണ ചന്ദ്രനുദിക്കുന്ന ദിവസം വലിയ ആഘോഷങ്ങൾ കൊണ്ടാടി. ബിംബാരാധന സർവ്വത്ര വ്യാപിച്ചു. ബിംബങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകളും ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു...


നംറൂദ് രാജാവ്...

ജനങ്ങളെ അടക്കി ഭരിക്കുന്ന രാജാവ്. ഇബ്റാഹീം (അ)നെതിരെ രാജാവിന്റെ കോടതിയിൽ പരാതി വന്നു. രാജാവ് പരാതി ഗാരവത്തിലെടുത്തു. ഇതുപോലൊരു പരാതി മുമ്പ് വന്നിട്ടില്ല. ഗുരുതരമായ സംഭവം നടന്നിരിക്കുന്നു. അതൊരു ഉത്സവ ദിവസമായിരുന്നു. കൊല്ലത്തിലൊരിക്കൽ നടക്കുന്ന ഉത്സവം...

അന്ന് രാവിലെത്തന്നെ എല്ലാവരും മൈതാനിയിലെത്തും. പിന്നെ ആഘോഷ പരിപാടികളാണ്. തീറ്റയും കുടിയും. പാട്ടും കൂത്തും. ആണും പെണ്ണും ഉറഞ്ഞു തുള്ളും. ആഹ്ലാദം കത്തിപ്പടരും. അതിരുകളില്ലാത്ത സ്വാതന്ത്ര്യം. ഇബ്റാഹിം (അ) അങ്ങോട്ട് പോയില്ല. മാറി നിന്നു...

ഉത്സവത്തിന്റെ പകൽ അവസാനിക്കുകയായി. ആടിപ്പാടിത്തളർന്നു. ഈ അഹ്ലാദത്തിന്റെ ഓർമകൾ ഒരു വർഷം മനസ്സിൽ ഓമനിക്കാം. അടുത്ത ഉത്സവം വരെ. ചെറുതും വലുതുമായ സംഘങ്ങൾ മടങ്ങുന്നു. ദൈവങ്ങളെ വണങ്ങാൻ. ആരാധനാലയങ്ങളിൽ കയറുന്നു...

നിറയെ ബിംബങ്ങളുള്ള പ്രാർത്ഥനാഹാളിലേക്ക് കയറി. ങേ....ഞെട്ടിപ്പോയി. എന്താണീ കാണുന്നത്? സ്വപ്നമോ യാഥാർത്ഥ്യമോ? വിശ്വസിക്കാനാവുന്നില്ല. ശബ്ദിക്കാനാവുന്നില്ല.  ബിംബങ്ങൾ തകർന്നു വീണു കിടക്കുന്നു. എല്ലാം വെട്ടിപ്പൊളിച്ചിരിക്കുന്നു. എത്രയോ കഷ്ണങ്ങൾ. ആരിത് ചെയ്തു..? 

വലിയ ബിംബം. അതിന് കുഴപ്പമില്ല. അതിന്റെ കഴുത്തിൽ ഒരു കോടാലി കെട്ടിത്തൂക്കിയിരിക്കുന്നു. പെണ്ണുങ്ങൾ സങ്കടം അടക്കാനാവാതെ പൊട്ടിക്കരയുന്നു. ഇത് അവൻ തന്നെ ആയിരിക്കും. ഇബ്റാഹീം എന്നു പേരുള്ള ആ ചെറുപ്പക്കാരൻ. പിന്നെ താമസമുണ്ടായില്ല. ഇബ്റാഹീം പിടിക്കപ്പെട്ടു. വിചാരണ ചെയ്യപ്പെട്ടു...

ഈ രംഗം വിശുദ്ധ ഖുർആൻ അവതരിപ്പിക്കുന്നുണ്ട്. സൂറത്ത് അമ്പിയാഇലെ ചില വചനങ്ങൾ കാണുക.

قَالُوا مَن فَعَلَ هَٰذَا بِآلِهَتِنَا إِنَّهُ لَمِنَ الظَّالِمِينَ


"അവർ പറഞ്ഞു: നമ്മുടെ ആരാധ്യന്മാരോട് ഇത് ചെയ്തവൻ ആരാണ്? നിശ്ചയമായും അവൻ അക്രമികളിൽ പെട്ടവൻ തന്നെ." (21:59)


قَالُوا سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُ إِبْرَاهِيمُ

"അവർ പറഞ്ഞു: ഒരു യുവാവ് അവയെ ആക്ഷേപിച്ചു പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഇബ്റാഹീം എന്നാണ് അവന് പേര് പറയപ്പെടുന്നത്." (21:60)


 قَالُوا فَأْتُوا بِهِ عَلَىٰ أَعْيُنِ النَّاسِ لَعَلَّهُمْ يَشْهَدُونَ

"അവർ പറഞ്ഞു: എന്നാൽ അവനെ ജനങ്ങളെ ദൃഷ്ടിയിൽ കൊണ്ടുവരുവീൻ. അവർ സാക്ഷ്യം വഹിച്ചേക്കാം." (21:61)

 قَالُوا أَأَنتَ فَعَلْتَ هَٰذَا بِآلِهَتِنَا يَا إِبْرَاهِيمُ

"അവർ ചോദിച്ചു: ഓ... ഇബ്രാഹീം നീയാണോ നമ്മുടെ ആരാധ്യന്മാരോട് ഇത് ചെയ്തത്." (21:62)

قَالَ بَلْ فَعَلَهُ كَبِيرُهُمْ هَٰذَا فَاسْأَلُوهُمْ إِن كَانُوا يَنطِقُونَ

"ഇബ്റാഹീം (അ) പറഞ്ഞു: എന്നാൽ അത് അവരിലുള്ള ഈ വലിയവൻ ചെയ്തതാണ്. അവൻ സംസാരിക്കുമെങ്കിൽ, നിങ്ങൾ അവനോട് ചോദിച്ചു കെള്ളുവീൻ." (21:63)


ഇബ്റാഹീം (അ) ന്റെ ഈ വചനം അവരെ ഉത്തരം മുട്ടിച്ചു. ബിംബങ്ങൾ സംസാരിക്കില്ല എന്നവർക്കറിയാം. തകർത്തവനെപ്പറ്റി അവ ഒരക്ഷരം പറയില്ല. അങ്ങനെയുള്ളതിനെ ആരാധിച്ചിട്ടെന്തു കാര്യം. കുറെ നേരം ചിന്തിച്ചു. ചിലർ സ്വയം കുറ്റപ്പെടുത്തി. ബിംബാരാധന തെറ്റു തന്നെ. പക്ഷെ അതെങ്ങന്നെ സമ്മതിക്കും..? സമ്മതിക്കില്ല. ബിംബങ്ങൾ തകർത്തവൻ ഇവൻ തന്നെ. ഇബ്റാഹീം അവനെ കത്തിച്ചുകളയണം. അതാണ് ശിക്ഷ. അതിന് വേണ്ടി ജനങ്ങൾ മുറവിളി കൂട്ടി...


വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:

قَالُوا حَرِّقُوهُ وَانصُرُوا آلِهَتَكُمْ إِن كُنتُمْ فَاعِلِينَ

"അവർ പറഞ്ഞു ഇവനെ നിങ്ങൾ ചുട്ടെരിക്കുവീൻ. നിങ്ങളുടെ ആരാധ്യന്മാരെ സഹായിക്കുകയും ചെയ്യുവീൻ. നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ." (21:68)

അത് വിധിക്കപ്പെട്ടു. ഇബ്റാഹിം (അ) നെ അഗ്നിയിലെറിയാൻ നംറൂദ് രാജാവ് ഉത്തരവിട്ടു...

വലിയ കുഴിയുണ്ടാക്കി. വലിയ മരങ്ങൾ മുറിച്ചു വിറകാക്കി. കുഴി നിറക്കാൻ ദിവസങ്ങളെടുത്തു. തീകൊളുത്തപ്പെട്ടു. തീ കത്തിപ്പടർന്നു. അസഹ്യമായ ചൂട്. പരിസരത്തേക്ക് അടുത്തുകൂടാ. മേൽഭാഗത്ത്കൂടെ പക്ഷികൾക്ക് പറക്കാൻ കഴിയുന്നില്ല. അന്തരീക്ഷത്തിൽ കൊടുംചൂട്...

ഉയർന്നു പൊങ്ങുന്ന അഗ്നിജ്വാലകളിലേക്ക് വിശുദ്ധനായ ഇബ്റാഹീം എറിയപ്പെട്ടു. ആ നിമിഷത്തിൽ അഗ്നിക്ക് അല്ലാഹു കൽപന നൽകി. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...

قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ

"നാം പറഞ്ഞു: തീ...! നീ ഇബ്റാഹീമിന് തണുപ്പും രക്ഷയും ആവുക." (21:69)

ഇബ്റാഹീം (അ)ന് ഒരാപത്തും സംഭവിച്ചില്ല. ആ പ്രവാചകൻ അഗ്നിയിൽ കിടന്ന് ചൊല്ലിയതിങ്ങനെ:                    

  "حَسْبِيَ اللَّهُ وَنِعْمَ الوَكِيل‏ْ" 

"എനിക്ക് അല്ലാഹു മതി. ഭരമേൽപിക്കപ്പെടാൻ എത്ര ശേഷ്ഠൻ" 

ജിബ് രീൽ (അ) വന്നു. വല്ല ആവശ്യമുണ്ടോ എന്നന്വേഷിച്ചു. ഇബ്റാഹീം (അ) ഇങ്ങനെ മറുപടി നൽകി. "എന്റെ അവസ്ഥകൾ അല്ലാഹുവിന്നറിയാം. ഞാനൊന്നും ചോദിക്കുന്നില്ല." നീണ്ടു നിന്ന അഗ്നിപരീക്ഷണം. പുണ്യ പ്രവാചകൻ രക്ഷപ്പെട്ടു. അല്ലാഹുﷻ രക്ഷപ്പെടുത്തി.

അപ്പോൾ ഹിജ്റ പോവാൻ കൽപനയായി. പോവുകയാണ്. അനുഗ്രഹീതമായ നാട്ടിലേക്ക്. പല നിലക്കും അനുഗ്രഹീതമായ നാടാണ് ശാം. ഐശ്വര്യം നിറഞ്ഞ നാട്. ശാന്തമായ ചുറ്റുപാട്. ഭാവിയിൽ അനേകായിരം പ്രവാചകന്മാർ വരേണ്ട നാട്. വേദഗ്രന്ഥങ്ങൾ ഇറങ്ങേണ്ട നാട്. തൗഹീദിന്റെ കേന്ദ്രം. തൗഹീദിന്റെ ശബ്ദം ഉയരേണ്ട നാട്. ലോകമെങ്ങും തൗഹീദിന്റെ പ്രകാശമെത്തുന്നത് അവിടെ നിന്നാണ്. അതാണ് ശാം...


ശാം രാജ്യത്തെ അല്ലാഹുﷻ അനുഗ്രഹീതമാക്കി. ആർക്കുവേണ്ടി..? സകല ലോകർക്കും വേണ്ടി. "ലോകർക്കു വേണ്ടി നാം അനുഗ്രഹങ്ങൾ വർഷിച്ച നാട്ടിലേക്ക് ഇബ്റാഹീമിനെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തി." എന്നാണ് അല്ലാഹുﷻന്റെ വചനം. വിശുദ്ധ ഖുർആൻ പറയുന്നു:


وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ

"അദ്ദേഹത്തെയും ലൂത്വിനെയും, ലോകർക്കു വേണ്ടി നാം അനുഗ്രഹിച്ച നാട്ടിലേക്ക് നാം രക്ഷപ്പെടുത്തി." (21:71)


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ഇബ്റാഹീം (അ), ലൂത്വ് (അ) എന്നിവർ ശാമിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയിലാണ് സാറയെ കണ്ടുമുട്ടിയത്. ഹർറാനിലെ രാജാവിന്റെ പുത്രിയായിരുന്നു സാറ. തന്റെ സമൂഹം ഇസ്ലാം ദീനിന്നെതിരായിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട് സാറ അല്ലാഹുﷻന്റെ ദീൻ സ്വീകരിച്ചു. ഇബ്റാഹീം (അ) സാറയെ വിവാഹം ചെയ്തു...

ഇബ്നു ജരീർ തുടങ്ങിയ പണ്ഡിതന്മാർ പറയുന്നത് ഇങ്ങനെയാകുന്നു : ഇബ്രാഹീം (അ) ന്റെ അമ്മാവനായിരുന്നു ഹാറാൻ. ഹാറാനിന്റെ സുന്ദരിയായ പുത്രിയാണ് സാറ. ബാബിലോണിയായിൽ നിന്ന് ഇബ്റാഹീം (അ) യാത്ര പുറപ്പെടുമ്പോൾ തന്നെ സാറ കൂടെയുണ്ടായിരുന്നുവെന്ന് ചില രേഖകൾ പറയുന്നു. സാറയും ഹിജ്റ പോവുകയായിരുന്നു...

ഇടക്കിടെ വിശ്രമം. പിന്നെയും യാത്ര ദിവസങ്ങൾ കുറെ കടന്നു പോയി. പൗരാണിക ശാം അനുഗ്രഹങ്ങളുടെ കലവറയാണ്. മതപ്രബോധനത്തിന് വേണ്ടി ഇബ്റാഹീം (അ) ശാമിൽ വന്നു. പിന്നീടവർ ഈജിപ്തിലേക്കൊരു യാത്ര നടത്തിയിട്ടുണ്ട്... 

ഈജിപ്തിൽ ക്രൂരനായൊരു രാജാവുണ്ടായിരുന്നു. രാജാവിന്റെ ദൂതന്മാർ വിദേശത്ത് നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഈജിപ്തിൽ പ്രവേശിക്കുന്ന സംഘത്തിൽ സുന്ദരികളായ സ്ത്രീകളുണ്ടെങ്കിൽ ഉടനെ രാജാവിനെ വിവരമറിയിക്കും. സുന്ദരികളെ രാജാവ് കൊട്ടാരത്തിലേക്ക് വരുത്തും. പിന്നെയവർ രാജാവ് പറയുന്നതൊക്കെ അനുസരിക്കണം. അതാണ് പതിവ്...


ദൂതന്മാർ രാജാവിനെ ഇങ്ങനെ അറിയിച്ചു:

"ഒരു ചെറുസംഘം എത്തിയിട്ടുണ്ട്. കൂട്ടത്തിൽ അതിസുന്ദരിയായ ഒരു യുവതിയുമുണ്ട്." സംഘത്തെ കാണാൻ കൊട്ടാരത്തിൽ നിന്ന് ആളുകളെത്തി അവർ ഇബ്റാഹീം (അ) നോട് ചോദിച്ചു: "ഈ സ്ത്രീ ഏതാണ്..?"

ഇബ്റാഹീം (അ)ന്റെ മറുപടി ഇങ്ങനെയായിരുന്നു. "എന്റെ സഹോദരി. "

ഇബ്റാഹീം (അ) സാറയോട് പറഞ്ഞു : ഇവരെന്നോടു ചോദിച്ചു: "നീ ആരാണ്..? ഓ... സാറ... ഞാൻ പറഞ്ഞു എന്റെ സഹോദരിയാണെന്ന്. ഭൂമുഖത്ത് സത്യവിശ്വസികളായി ഞാനും നീയും മാത്രമേയുള്ളൂ..."


കൊട്ടാരത്തിൽ നിന്ന് കൽപന വന്നു. 

"സ്ത്രീയെ കൊട്ടാരത്തിലേക്കയക്കുക..!" ഇബ്റാഹീം (അ)നെ അവിടെ നിർത്തി സാറ പോവുകയാണ് കൊട്ടാരത്തിലേക്ക്...


ആഢംബരങ്ങൾ നിറഞ്ഞ കൊട്ടാരം. എന്തെല്ലാം അലങ്കാരങ്ങൾ. അലങ്കരിച്ച മുറിയിലേക്ക് സാറ ആനയിക്കപ്പെട്ടു. സാറ വുളൂ എടുത്തു നിസ്കരിച്ചു. കൈയുയർത്തി പ്രാർത്ഥിച്ചു: 


"അല്ലാഹുവേ! ഞാൻ നിന്നിൽ വിശ്വസിച്ചു. നിന്റെ പ്രവാചകനിലും വിശ്വസിച്ചു. എന്റെ ഭർത്താവല്ലാതെ എന്നെ സ്പർശിച്ചിട്ടില്ല. എന്റെ പരിശുദ്ധിയെ നീ കാത്തുകൊള്ളേണമേ! ഈ ക്രൂരന്റെ കരങ്ങളിൽ നിന്ന് എന്നെ നീ രക്ഷിക്കണമേ....!"

രാജാവ് നടന്നടുക്കുകയാണ്. സാറയുടെ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം ആസ്വദിക്കാൻ. തന്റെ കരവലയത്തിലൊതുക്കാൻ. പെട്ടെന്നയാൾ അശക്തനായിപ്പോയി. ഒന്നിനും കഴിയാത്തവനായി. എന്റെ ശക്തി വീണ്ടുകിട്ടാൻ വേണ്ടി ഒന്നു പ്രാർത്ഥിക്കൂ..! ഞാനിനി ഉപദ്രവിക്കുകയില്ല...

സാറയുടെ മനസ്സലിഞ്ഞു. പ്രാർത്ഥിച്ചു. രാജാവ് ശക്തനായി. മനസ്സിൽ മോഹം നിറഞ്ഞു. ബീവിയെ പിടിക്കാൻ ശ്രമിച്ചു. കുഴഞ്ഞു പോയി. ഒന്നുകൂടി പ്രാർത്ഥിക്കൂ... എന്റെ ശക്തി തിരിച്ചു കിട്ടാൻ. ഞാനിനി ഉപദ്രവിക്കില്ല. ബീവി പ്രാർത്ഥിച്ചു...

ശക്തി തിരിച്ചു കിട്ടിയപ്പോൾ പിന്മാറാൻ തോന്നിയില്ല. വീണ്ടും പിടിക്കാൻ ചെന്നു. കുഴഞ്ഞു പോയി. വീണ്ടും കരയാൻ തുടങ്ങി.നിശ്ചയമായും ഞാനിനി ഉപദ്രവിക്കില്ല ഒന്നുകൂടി പ്രാർത്ഥിക്കൂ.... എന്നെ രക്ഷപ്പെടുത്തൂ. ബീവി വീണ്ടും പ്രാർത്ഥിച്ചു...

മൂന്നോ നാലോ തവണ രാജാവ് സാറാ ബീവിയെ ഉപദ്രവിക്കാൻ നോക്കിയിട്ടുണ്ട്. ഇത് സാധാരണ സ്ത്രീ അല്ലെന്ന് ബോധ്യമായി. പിന്നെ അയാൾ വിളിച്ചു പറഞ്ഞു: ശൈത്വാൻ, ഇതെല്ലാം ശൈത്വാന്റെ പണിയാണ്. ഈ സ്ത്രീയെ അവരുടെ ആളുകളുടെ സമീപത്തേക്ക് കൊണ്ടുപോവൂ. ഹാജർ എന്ന അടിമപ്പെണ്ണിനെ അവർക്ക് സമ്മാനമായി നൽകൂ...

സാറ കൊട്ടാരത്തിലേക്കു പോയ ഉടനെ ഇബ്റാഹീം (അ) നിസ്കാരം തുടങ്ങി...

"അല്ലാഹുവേ! ദുഷ്ടനായ രാജാവിന്റെ ഉപദ്രവത്തിൽ നിന്ന് സാറയെ രക്ഷിക്കേണമേ!..." 

കണ്ണിരിൽ കുതിർന്ന പ്രാർത്ഥന. സാറ തിരിച്ചെത്തി. ഇബ്റാഹീം (അ) അപ്പാേഴും പ്രാർത്ഥനയിലായിരുന്നു. സാറയുടെ മുഖം ശാന്തമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല...

"എന്താണുണ്ടായത്?" ഇബ്റാഹീം (അ) ചോദിച്ചു.

"ദുഷ്ടന്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുﷻ രക്ഷിച്ചു. "


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം : സാറ പോയ ശേഷം ഒരു സംഭവം നടന്നു. ഇബ്റാഹീം (അ)നും സാറാ ബീവിക്കും ഇടയിലുള്ള മറ അല്ലാഹുﷻ നീക്കിക്കളഞ്ഞു. നബിക്ക് സാറയെ കാണാം. കൊട്ടാരത്തിൽ നടക്കുന്നതെല്ലാം കാണാം. ഒരു തടസ്സവുമില്ല. എല്ലാ സംഭവങ്ങൾക്കും ഇബ്റാഹീം (അ) സാക്ഷിയായി...

ഖൽബിൽ വിശുദ്ധി നിറഞ്ഞു. കൺകുളിർമയായി. മനസ്സമാധാനം കിട്ടി. സാറയോടുള്ള സ്നേഹം കൂടുതൽ ശക്തിമായി. എത്ര പരിശുദ്ധയാണു തന്റെ പത്നി! സാറയുടെ ദീനീബോധം! അല്ലാഹുﷻലുള്ള അർപ്പണബോധം! ഭർത്താവിനോടുള്ള കളങ്കമില്ലാത്ത സ്നേഹം! സാറ (റ) യുടെ ജ്വലിക്കുന്ന സൗന്ദര്യം..! 

ആ സൗന്ദര്യത്തെക്കുറിച്ചു ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു. ഹവ്വാ (റ)ക്കു ശേഷം ലോകം കണ്ട ഏറ്റവും സൗന്ദര്യവതിയായ വനിതയാണ് സാറ (റ). ഹവ്വാ (റ) വഫാത്തായ ശേഷം എന്തുമാത്രം സ്ത്രീകൾ ഭൂമുഖത്ത് വന്നുപോയി. സാറാ (റ)യോളം അഴകുള്ള ഒരു സ്ത്രീയും അക്കാലം വരെ ഉണ്ടായിട്ടില്ല... 


ഹാജർ എന്ന പെൺകുട്ടി. രാജാവ് നൽകിയ സമ്മാനം. ചരിത്ര വനിതയായി മാറാൻ പോകുന്ന പെൺകുട്ടിയാണത്. അന്ത്യനാൾ വരെ അവർ അനുസ്മരിക്കപ്പെടും. ചരിത്രത്തിൽ ധാരാളം വനിതകൾ വന്നിട്ടുണ്ട്. അവർ ഓർമ്മിക്കപ്പെടും...

ഹാജർ (റ) ഒരു ചരിത്ര വനിത എന്ന വചനത്തിൽ ഒതുങ്ങുന്നവരാണോ..? അല്ല. ഹാജറാ ബീവി (റ)യെ വിശേഷിപ്പിക്കാൻ ഭാഷയിൽ പറ്റിയ പദങ്ങളുണ്ടോ..? മാതൃത്വത്തിന്റെ വികാരമോ..? ആവേശമോ..? എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും..?

സ്വഫായിൽ നിന്ന് മർവായിലേക്കോടുന്ന ഹാജറ (റ) യുടെ വിയർപ്പ് ഇപ്പോഴും കൺമുമ്പിൽ കാണുന്നില്ലേ..? അപ്പോൾ അവരുടെ മനസ്സിൽ നിറഞ്ഞുനിന്ന വികാരം നാമെങ്ങനെ വിവരിക്കും. ഉമ്മയാണത്. നമ്മുടെ ഉമ്മ. സമുദ്ര സമാനമായ പുത്രവാത്സല്യം സംസം ജലമായി നമ്മിലേക്കൊഴുകിവരുന്നു. അതങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. അന്ത്യനാൾ വരെ...


അനുഗ്രഹങ്ങൾ പ്രവാഹമായി 

സർവശക്തനായ അല്ലാഹുﷻ ചൊരിഞ്ഞു കൊടുത്ത അളവറ്റ അനുഗ്രഹങ്ങൾ. അതിശയം ജനിപ്പിക്കുന്ന അനുഗ്രഹങ്ങൾ അങ്ങനെയൊരു കാലഘട്ടത്തിലേക്കാണ് നാം ഇനി കടന്നു ചെല്ലുന്നത്. ഇബ്റാഹീം (അ) കുടുംബത്തോടൊപ്പം പോവുകയാണ്. എല്ലാം അല്ലാഹുﷻന്റെ കൽപനപ്രകാരം... 


ഈജിപ്തിലേക്ക് പോവാൻ അല്ലാഹുﷻ കൽപിച്ചു. പോയി. അവിടെ നിന്ന് ഹാജർ(റ) എന്ന ചെറുപ്പക്കാരിയെ ലഭിക്കേണ്ടതുണ്ട്. സാറാ ബീവി(റ)യുടെ സേവനത്തിന് വേണ്ടി രാജാവ് വിട്ടുകൊടുത്ത പെൺകുട്ടിയാണത്. ഹാജർ (റ) രാജപുത്രി തന്നെയായിരുന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്...

പിൽക്കാലത്ത് അറബ് വംശത്തിന്റെ ഉമ്മയായി മാറുന്നതവരാണ്. അനുഗ്രഹീത വനിതയാണ് ഹാജർ(റ). അവരെ ലഭിച്ചപ്പോൾ ഐശ്വര്യം കണക്കില്ലാതെ ഒഴുകി വരികയായിരുന്നു. ഫലസ്തീനിലേക്ക് പോവാൻ കൽപനയായി. അൽ അയ്മൻ എന്ന നാട്ടിലേക്കു പോവുക എന്നായിരുന്നു കൽപന. ഫലസ്തീൻ എന്ന് അറിയപ്പെട്ട സ്ഥലം. ബൈത്തുൽ മുഖദ്ദസിന്റെ നാട്...

ഹാജർ സന്തോഷവതിയാണ്. പുതിയ സംരക്ഷകർ അവർ അല്ലാഹുﷻൽ വിശ്വസിക്കുന്നു. സർവ്വവും അവന് സമർപ്പിച്ചിരിക്കുന്നു. അസാധാരണ മനുഷ്യരാണിവർ. സാറാ(റ)ക്ക് കൊട്ടാരത്തിൽ നേരിട്ട അനുഭവം. രാജാവിന്റെ ചിന്തകൾ പോലും മാറിപ്പോയി. കൊട്ടാരത്തെയും നാടിനെയും ഞെട്ടിച്ച സംഭവം...

ഹാജർ (റ) വല്ലാത്തൊരു ആദരവോടെ സാറാ (റ)യെ നോക്കി. ഇത് സാധാരണ സ്ത്രീയല്ല. മുഖത്തിനെന്തൊരഴക്. ശരീരവും മനസ്സും ഒരു പോല സുന്ദരം. ഹവ്വ (റ)ക്കു ശേഷം ഇത്രയും അഴകുള്ള ഒരു സ്ത്രീ ഭൂമിയിൽ ജനിച്ചിട്ടില്ല. അവരുടെ സ്വഭാവത്തിനെന്തൊരു മിനുസം! അവർക്ക് സേവനം ചെയ്യാൻ തനിക്കവസരം കിട്ടി. ഇതിൽപരം ഒരു സൗഭാഗ്യമുണ്ടോ..?



അവരുടെ ഭർത്താവ് മഹാനായ പ്രവാചകനാണ്.

لا اله الا الله ابراهيم خليل الله


ഹാജർ(റ)യുടെ മനസ്സ് അത് മന്ത്രിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുﷻന്റെ ഖലീൽ. അല്ലാഹുﷻന്റെ പ്രിയപ്പെട്ടവൻ. തനിക്കും പ്രിയപ്പെട്ടവൻ. ആ വാക്കുകൾ കേൾക്കുക. അനുസരിക്കുക. അവർക്കു വേണ്ടിയാണ് ഇനിയുള്ള ജീവിതം. ഇതാണ് ധന്യ ജീവിതം...

ഇബ്റാഹീം (അ)നും സാറാബീവി(റ)ക്കും ഹാജറാ ബീവി(റ)യെ നന്നായി ഇഷ്ടപ്പെട്ടു. അല്ലാഹുﷻ നൽകിയ സമ്മാനമാണിത്. വിലമതിക്കാനാവാത്ത സമ്മാനം. ഊർജ്ജസ്വലയായ പെൺകുട്ടി. മിടുമിടുക്കിയായ വിദ്യാർത്ഥിനിയാണവൾ. അവൾ ഉത്സാഹത്തോടെ പഠിക്കുകയാണ്. എന്താണ് വിഷയം..? ഇബ്റാഹീം(അ)ന്റെയും സാറാ (റ)യുടെയും ജീവിതം. അതാണ് പഠന വിഷയം. അത് തന്നെയാണ് ഏറ്റവും ഉന്നതമായ പഠന വിഷയം. അതിലും വലിയൊരു പഠനമില്ല...

അവരുടെ വിശ്വാസം. നടപടിക്രമങ്ങൾ. അതറിഞ്ഞാൽ എല്ലാമായി. ഉന്നത മൂല്യങ്ങൾ കൈവരികയായി. അവരുടെ ഉറക്കവും ഉണർച്ചയും. അവരുടെ അനക്കവും അടക്കവും. എല്ലാം കണ്ടറിയുന്നു. അനുഭവിച്ചറിയുന്നു...

ഇബ്റാഹീം(അ)ന്റെ ശാന്ത ഗംഭീരമായ മുഖം. നാക്കിൻ തുമ്പിൽ നിന്നുതിർന്നു വീഴുന്ന വാക്കുകൾക്ക് എന്തൊരാകർഷണം. മുത്തുമണികൾ പോലെ വിലപ്പെട്ട വാക്കുകൾ. കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങി ചെല്ലുന്ന വാക്കുകൾ...


മിസ്വ്റിൽ നിന്നുള്ള മടക്കയാത്ര... യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങൾ. സന്തോഷകരമായ യാത്ര. ഓരോ പ്രദേശം കാണുമ്പോഴും ഹാജറിന്റെ ഉത്സാഹം വർദ്ധിക്കുന്നു. സാറ (റ) യോട് പലതും ചോദിച്ചറിയുന്നു. യാത്ര സംഘം ഫലസ്തീനിലെത്തി. ധാരാളം സ്വത്ത് വകകളുമായിട്ടാണ് വന്നെത്തിയത്... 

അല്ലാഹുﷻ ഇബ്റാഹീം(അ)നോട് ഇങ്ങനെ കൽപിച്ചു; " നാനാഭാഗത്തേക്കും നോക്കുക." ഇബ്റാഹീം(അ) നോക്കി. കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കി. വടക്കോട്ടും തെക്കോട്ടും നോക്കി. വളരെ ദൂരം വരെ കാണാം. നീണ്ട പരന്ന ഭൂമി. അത് കഴിഞ്ഞ് മലകളും കുന്നുകളും...


അല്ലാഹുﷻ ഇങ്ങനെ അറിയിച്ചു: "നീ കണ്ട സ്ഥങ്ങളെല്ലാം നിനക്കുള്ളതാണ്. ഞാനതെല്ലാം നിനക്ക് നൽകുന്നു. നിനക്കു ശേഷം നിന്റെ പിൻഗാമികൾക്കാണ്. അന്ത്യനാൾ വരെ  അങ്ങനെ തുടരും. നിന്റെ സന്താനപരമ്പരകളെക്കൊണ്ട് നാട് നിറയും. നാട്ടിൽ മണൽത്തരികളുടെ എണ്ണം പോലെ സന്താനങ്ങൾ വർദ്ധിക്കും."

മനസ്സിൽ കൊള്ളാത്ത സന്തോഷം. എത്ര അഹ്ലാദകരമായ വാർത്തകൾ. മക്കളില്ലാത്ത ദമ്പതികളാണവർ. വിവാഹം കഴിഞ്ഞിട്ട് കാലമെത്രയായി! ഒരു കുഞ്ഞിനെ കിട്ടാൻ ആർത്തിയോടെ കാത്തിരിക്കുകയാണ്. എത്ര കാലമായി ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. സാറ ഗർഭിണിയായതേയില്ല... 

അക്കാര്യത്തിൽ ദുഃഖമുണ്ട്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. മനസ്സിൽ പ്രതീക്ഷ സൂക്ഷിക്കുന്നു. അപ്പോഴാണ് ആഹ്ലാദകരമായ സന്ദേശം വന്നത്. സന്താനപരമ്പരകൾ..! നാടുകൾ അവരെക്കൊണ്ട് നിറയും അവരുടെ കൂട്ടത്തിൽ നബിമാർ വരും. രാജാക്കന്മാരുണ്ടാവും. യോദ്ധാക്കളുണ്ടാവും... 

സഹസ്രാബ്ദങ്ങളിലൂടെ അവർ രംഗത്ത് വരും. വമ്പിച്ച കന്നുകാലി സമ്പത്തുണ്ട്. ഹാജർ (റ) ഗർഭിണികളായ പെണ്ണാടുകളെ നോക്കി. അവ നൂറു കണക്കിൽ വരും. ഒരു പ്രസവത്തിൽ മൂന്നും നാലും മക്കൾ. എല്ലാ ദിവസവും എണ്ണം പെരുകുകയാണ്. എണ്ണം പല മടങ്ങ് വർദ്ധിക്കുന്നു. കാളകൾ, പശുക്കൾ, പശുക്കുട്ടികൾ. കാലികളെ നോക്കാൻ ധാരാളം അടിമകൾ. ഇഷ്ടം പോലെ പാൽ. പാൽ ഉൽപന്നങ്ങൾ... 

സാറാ(റ) മികച്ച രീതിയിൽ പാചകം ചെയ്യും. മാസം പല രീതിയിൽ പാകം ചെയ്യും. നല്ല രുചിയായിരിക്കും. ഹാജർ (റ) അത് കണ്ട് പഠിച്ചു. അടുക്കളയിൽ  ധാരാളം അടിമപ്പെണ്ണുങ്ങൾ. അവർക്കൊക്കെ മികച്ച പരിഗണനയാണ്. ഒരു വലിയ കൂട്ടുകുടുബമായി അവരങ്ങനെ കഴിഞ്ഞു വരുന്നു. എല്ലാ മനസ്സിലും സന്തോഷം. സമാധാനം...

ഇബ്റാഹീം(അ) ധർമിഷ്ഠനാണ്. നന്നായി ദാനം ചെയ്യും. ദാന-ധർമങ്ങൾ സമ്പത്ത് വർധിപ്പിച്ചതേയുള്ളു. ധാരാളം ഒട്ടകങ്ങൾ. അവയെ മേയ്ക്കാൻ അടിമകൾ. വിശാലമായ കൃഷിയിടങ്ങൾ. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കൃഷിപ്പണികൾ. വിളവെടുപ്പ് വലിയ ആഘോഷം പോലെയാണ്. കൊയ്തെടുക്കാൻ ധാരാളമാളുകൾ വയലിലിറങ്ങും. തിരക്കുപിടിച്ച നാളുകൾ. അറകൾ നിറയെ ധാന്യം ഒഴുകിവരും. ഐശ്വര്യം നിറഞ്ഞൊഴുകിയ ഒരു കാലഘട്ടം... 

സർവ്വശക്തനായ അല്ലാഹുﷻലേക്ക് ജനങ്ങളെ ക്ഷണിക്കുക അതാണ് തന്റെ ദൗത്യം. അത് നന്നായി നടക്കുന്നു. ആരാധനാലയത്തിൽ ആൾത്തിരക്ക് വർദ്ധിച്ചു. ദീർഘനേരത്തെ പ്രാർത്ഥനകൾ. അല്ലാഹുﷻന്റെ തൃപ്തിക്കു വേണ്ടി ഭൂമിയിൽ ജീവിക്കുന്ന ഒരു സംഘം. അവരിൽ നിന്ന് തൗഹീദിന്റെ പ്രകാശം വ്യാപിക്കുന്നു. അജ്ഞതയുടെ ഇരുട്ട് അകന്നു മാറുന്നു. അല്ലാഹുﷻന്റെ സംഘമാണവർ. അനുഗ്രഹീത സംഘം...


അനുഗ്രഹീത നാമം 

ഇരുപത് വർഷങ്ങൾ... 

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഇരുപത് വർഷങ്ങൾ. ഇരുപത് വർഷത്തിന്നിടയിൽ ഒരു കുഞ്ഞിന് വേണ്ടി എത്ര തവണ പ്രാർത്ഥിച്ചു. സാറ (റ) ഗർഭിണിയായില്ല. അവരുടെ മനസ്സിൽ മറ്റൊരു സങ്കൽപ്പം വളരുകയായിരുന്നു. മരിക്കുംമുമ്പെ ഒരു കുഞ്ഞിനെ കാണണം. അതിനുള്ള വഴിമനസ്സിൽ തെളിയുകയാണ്... 

ഹാജർ എന്ന യുവതിയിലാണ് പ്രതീക്ഷ. നിറയൗവ്വനത്തിലാണ് ഹാജറ. ഗർഭിണിയാവാനും പ്രസവിക്കാനും പറ്റിയ പ്രായം. ഹാജറിനെ വിവാഹം ചെയ്തുകൊള്ളട്ടെ. ഭർത്താവിനെ അതിന് വേണ്ടി നിർബന്ധിക്കാം. കുഞ്ഞിനെ കാണാൻ ഭർത്താവിനും വലിയ ആഗ്രഹമുണ്ട്. അതു കൊണ്ട് സമ്മതിക്കും. മനസ്സ് നിറയെ നിറമുള്ള സ്വപ്നങ്ങൾ. അവയെക്കുറിച്ച് സാറ (റ) ഭർത്താവിനോട് സംസാരിച്ചു... 

എല്ലാം അല്ലാഹുﷻന്റെ നിശ്ചയം. അല്ലാഹുﷻന്റെ തീരുമാനങ്ങൾ ഭൂമിയിൽ നടപ്പാവുന്നു. അതിന് ചില കാരണങ്ങൾ സംഭവിക്കുന്നു. സാറാ ബീവി (റ) യുടെ മനസ്സിൽ വന്ന ചിന്ത. ആ ചിന്തയും അല്ലാഹുﷻന്റെ നിശ്ചയം തന്നെ. ഇബ്റാഹീം (അ) സമുന്നതനായ പ്രവാചകനാണ്. കൽപനപ്രകാരമാണ് ഒരോ ചലനങ്ങളും. അല്ലാഹുﷻന്റെ ആജ്ഞകൾ അനുസരിച്ചു നീങ്ങുന്നു... 

ഹാജറാബീവി(റ)യെ വിവാഹം ചെയ്യണമെന്നതും അതിലെ പുത്രൻ ജനിക്കണമെന്നതും അല്ലാഹുﷻന്റെ നിശ്ചയമാകുന്നു. സാറ (റ) യുടെ മനസ്സിലെ ആശ ഹാജർ(റ) അറിയുന്ന നിമിഷം ആ നിമിഷത്തെ എന്ത് പേരിട്ട് വിളിക്കും? ചരിത്ര നിമിഷമെന്നോ..? 

ഹാജർ(റ)യുടെ മനസ്സിലൂടെ ചിന്തകൾ ഒഴുകുകയാണ്. താനെത്ര ഭാഗ്യവതി! അല്ലാഹുﷻന്റെ കാരുണ്യം. പ്രവാചക പത്നി പദത്തിലേക്ക് അല്ലാഹുﷻതന്നെ ഉയർത്തി. പ്രവാചക കുടുംബത്തിന്റെ ഭൃത്യയായിരിക്കുന്നത് തന്നെ വലിയ പദവിയാണ്. ആ പദവിയിൽ പൂർണ സംതൃപ്തനായി കഴിയുകയായിരുന്നു. ഇപ്പോഴോ..?

അല്ലാഹുവേ, നിനക്കാണ് സ്തുതി..! ഈ പാവപ്പെട്ടവൾക്ക് നീ നൽകിയ പദവി..! അനുഗ്രഹീതമായ ദിനരാത്രങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. വിവാഹത്തിന് തിയ്യതി നിശ്ചിയിച്ചു. വേണ്ടപ്പെട്ടവരെ ക്ഷണിച്ചു. വിവാഹം മംഗളമായി നടന്നു. ഹാജർ(റ) വിവാഹ വസ്ത്രങ്ങളണിഞ്ഞു. ആഭരണങ്ങൾ ശരീരത്തിന്റെ അഴക് വർധിപ്പിച്ചു. ഭക്തിനിർഭരമായ മനസ്സോടെ പുതുമാരന്നടുത്തേക്ക് നടന്നുചെന്നു...

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും തിളക്കം കൂടി. വരനും വധുവിനും പ്രായ വ്യത്യസമുണ്ട്. വരന് പ്രായം എൺപത്തഞ്ച് കഴിഞ്ഞു. വധു ചെറുപ്പക്കാരിയാണ്. മനസ്സുകൾ ഒന്നായി. സ്നേഹസാഗരമായി. ഒരു കുഞ്ഞിനെ നൽകാൻ തനിക്ക് കഴിയണം. ഹാജർ (റ) വിന്റെ ചിന്ത അതാണ്...

ഇത്രയും കാലം കുഞ്ഞിന് വേണ്ടി സാറ (റ) യും ഇബ്റാഹീം (അ) കാത്തിരിക്കുകയായിരുന്നു. അവർ ഒരു കുഞ്ഞിനു വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഇവർക്കും പ്രായം ഏറെയായി... 

തനിക്ക് ഗർഭിണിയാവണം. കുഞ്ഞിനെ പ്രസവിക്കണം. ആ കുഞ്ഞിനെ കണ്ട് വൃദ്ധരായ ദമ്പതികൾ സന്തോഷിക്കട്ടെ..! സദാ നേരവും ഹാജർ(റ) അതിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയി. അപ്പോൾ ഹാജർ (റ)ക്ക് ഒരു കാര്യം ബോധ്യമായി. താൻ ഗർഭിണിയായിരിക്കുന്നു..!

സന്തോഷ വാർത്ത സാറാ (റ) അറിഞ്ഞു. ഇബ്റാഹീം (അ) അറിഞ്ഞു. പിന്നെ ഗോത്രക്കാരെല്ലാം അറിഞ്ഞു. ഇബ്റാഹീം (അ) പിതാവാകാൻ പോകുന്നു. ഹാജർ(റ) സമുന്നത പദവിയിലേക്കുയരുകയാണ്. അവർ ഗർഭം ധരിച്ചിരിക്കുന്നത് ഒരു പ്രവാചകനെയാണ്...


ഈ പ്രവാചകനിൽ നിന്നാണ് അറബ് വംശം രൂപംകൊള്ളാൻ പോവുന്നത്. അറബ് വംശത്തിൽ സഹസ്രാബ്ദങ്ങൾക്കു ശേഷം ലോകാനുഗ്രഹിയായ അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫﷺതങ്ങൾ ഭൂജാതനാവും. ഹാജർ(റ) യിൽ നിന്ന് അതിശ്രേഷ്ഠമായൊരു പരമ്പര വരാൻ പോവുകയാണ്...

മലക്കുകൾ അവരെ സമീപിക്കുന്നുണ്ട്. ദിവ്യമായ അനുഭൂതികൾ ഉണ്ടാവുന്നുണ്ട്. നല്ല സ്വപ്നങ്ങൾ കാണുന്നു. ഹാജർ(റ)യുടെ പദവികൾ ഉയരുന്നത് സാറ(റ) അറിയുന്നു. ഇത് അവരെ അസ്വസ്ഥയാക്കിയതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്... 

സാറ (റ) ചില സന്ദർഭങ്ങളിൽ ഹാജറ(റ)യോട് വഴക്കിട്ടതായി പറയപ്പെടുന്നു. ഹാജർ (റ) ഭയന്നുപോയി.  

ഹാജർ (റ) വീട്ടിൽ നിന്ന് ദുഃഖത്തോടെ ഇറങ്ങിപ്പോയി. ഒരു ജലാശയത്തിന്റെ കരയിൽ പോയിരുന്നു.  അപ്പോൾ ഒരു മലക്ക് അവരെ സമീപിച്ചു ഇങ്ങനെ പറഞ്ഞു: "ഭയപ്പെടരുത്. നിരാശപ്പെടരുത്. നന്മകൾ നിറഞ്ഞ കുഞ്ഞിനെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. എല്ലാക്കാലവും ഓർമിക്കപ്പെടുന്ന കുഞ്ഞാണിത്. വീട്ടിലേക്ക് തന്നെ മടങ്ങിപ്പോവുക. നിങ്ങളുടെ ഗർഭത്തിലുള്ള കുഞ്ഞ് ഒരു നബിയായിത്തീരും. പ്രസവിച്ചു കഴിഞ്ഞാൽ ഇസ്മാഈൽ എന്ന് പേരിടണം."

"ഇസ്മാഈൽ ലോകപ്രസിദ്ധനാവും. നല്ല സന്താന പരമ്പരയുണ്ടാവും. ലോകം അവരുടേതായിത്തീരും ലോകത്തിന്റെ സകല ദിക്കുകളിലും അവർ എത്തിച്ചേരും. അല്ലാഹുﷻ അവർക്ക് മഹത്തായ വിജ്ഞാനം നൽകും. ഉപകാരപ്രദമായ വിജ്ഞാനം. അവർ എവിടെയായിരുന്നാലും സൽകർമങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കും...  

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ ഇസ്മാഈലിന്റെ പരമ്പരയിൽ വരും. അന്ത്യപ്രവാചകരുടെ സമുദായം സമുന്നത പദവിയുള്ളവരായിരിക്കും. അവരിലൂടെ ലോകം മുഴുവൻ നന്മ ലഭിക്കും. അന്ത്യപ്രവാചകനെപ്പോലെ ഒരു പ്രവാചകനില്ല. ആ സമുദായത്തെപ്പോലെ മറ്റൊരു സമുദായമില്ല..." 

മലക്കിന്റെ സംസാരം കേട്ട് ഹാജറ (റ) അതിശയിച്ചുപോയി. താനെത്ര ഭാഗ്യവതിയാണ് താനും തന്റെ പുത്രനും എക്കാലവും അനുസ്മരിക്കപ്പെടും. സമുന്നതനായ പുത്രനാണ് വയറ്റിലുള്ളത്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത് ശരിയല്ല. മടങ്ങിപ്പോവാൻ മലക്ക് ഉപദേശിച്ചിരിക്കുന്നു. മടങ്ങാം അതാണ് നല്ലത്. മലക്കിന്റെ ഉപദേശം അത് അല്ലാഹുﷻന്റെ കൽപനയാണ്.  മെല്ലെ എഴുന്നേറ്റു വീർത്ത വയറുമായി നടന്നു വീട്ടിലെത്തി. കട്ടിലിൽ കിടന്നപ്പോൾ ആശ്വാസം. അനുഗ്രഹീതമായ ജനനം നടക്കാൻ സമയമായി. ഓർക്കുമ്പോൾ ഉൾപ്പുളകം...

ഇബ്രാഹിം (അ) അല്ലാഹുﷻനോട് ദുആ ചെയ്തു കൊണ്ടിരിക്കുന്നു. സുഖപ്രസവം ആവേണമേ...  

ആകാശലോകം രോമാഞ്ചമണിയാൻ പോവുന്നു. അനുഗ്രഹത്തിന്റെ മലക്കുകൾ ഭൂമിയിലേക്കിറങ്ങാൻ തുടങ്ങുന്നു. പ്രസവം നടക്കേണ്ട മുറി, ആ മുറിയിൽ പ്രസവമെടുക്കാനുള്ള പെണ്ണുങ്ങൾ കയറി. മുറിയുടെ വാതിലടഞ്ഞു.  

പുറത്ത് ആകാംക്ഷ നിറഞ്ഞ മുഖങ്ങൾ. പെണ്ണുങ്ങൾ കൂട്ടംകൂടി നിൽക്കുന്നു... 

ഇബ്രാഹിം (അ) നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. മുറ്റത്തും വഴികളിലുമൊക്കെ സത്യവിശ്വാസിയുടെ ചെറുതും വലതുമായ സംഘങ്ങൾ. ഹാജർ (റ) യുടെ സുഖപ്രസവത്തിന് വേണ്ടി അവരും പ്രാർത്ഥിക്കുന്നു...


അനുഗ്രഹീത നിമിഷം സമാഗതമായി. അനുഗ്രഹീത ശിശു പിറന്നു. പെണ്ണുങ്ങളുടെ കണ്ണുകൾ തിളങ്ങി. എന്തൊരഴകുള്ള കുഞ്ഞ്. സന്തോഷ കതിർ കത്തിയ നിമിഷങ്ങൾ. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു...

ഹാജറ(റ) കണ്ണുകൾ തുറന്നു. കുഞ്ഞിനെ നോക്കി. വാത്സല്യം നിറഞ്ഞ നോട്ടം. കുഞ്ഞിനെ കണ്ടു മനസ്സ് കുളിരണിഞ്ഞു. സ്ത്രീജന്മം സഫലമായി. തനിക്കിതിന് കഴിഞ്ഞല്ലോ. അൽഹംദുലില്ലാഹ് സർവ സ്തുതിയും അല്ലാഹുവിന്നാകുന്നു. മനസ്സിലപ്പോഴും ദിക്റ് തന്നെ... 


 لا إله إلا الله ابراهيم خليل الله

പ്രസവ മുറിയിൽ നിന്ന് സന്തോഷവാർത്ത പുറത്തേക്കൊഴുകി.  വൃദ്ധ ദമ്പതികളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. അല്ലാഹുﷻ തങ്ങൾക്കൊരു കുഞ്ഞിനെ നൽകിയല്ലോ. അൽഹംദുലില്ലാഹ്. കുഞ്ഞ് പിറന്നാൽ ആചാരങ്ങൾ പലതുണ്ട് അവയുടെ നാളുകൾ വരവായി...  


കുഞ്ഞിനെ കാണാൻ കുലീന വനിതകൾ വരുന്നു. കുഞ്ഞിനെയും തള്ളയെയും ആശംസിക്കുന്നു. പാരിതോഷികങ്ങൾ കൈമാറുന്നു. വിരുന്നുകാരെ സൽകരിക്കണം. അങ്ങനെയൊരു ചടങ്ങ് തുടങ്ങിവെച്ചത് ഇബ്രാഹിം (അ) ആകുന്നു.  ഇളം പ്രായത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി രുചികരമായ രീതിയിൽ പാകം ചെയ്തെടുക്കും. അതാണ് മികച്ച വിഭവം. കൂടെയുള്ളവർ കഴിക്കാൻ ധാന്യം പൊടിച്ചുണ്ടാക്കിയ വിഭവങ്ങൾ... 


കുഞ്ഞിനെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. വനിതകൾ കുഞ്ഞിനെ കൈമാറുന്നു. ഓരോരുത്തരായി എടുക്കുന്നു. ഓമനിക്കുന്നു ലാളനയുടെ നിമിഷങ്ങൾ. കുഞ്ഞിനെ വർണിക്കാൻ പെണ്ണുങ്ങൾക്ക് എന്തൊരാവേശം. ഗ്രാമത്തിലാകെ കുഞ്ഞിനെക്കുറിച്ചുള്ള വാർത്ത തന്നെ... 

ആളൊഴിഞ്ഞു കിട്ടുന്ന അപൂർവ്വ നിമിഷിങ്ങൾ. അപ്പോൾ ഹാജർ(റ) കുഞ്ഞിനെ വാരിയെടുക്കും. ഇളം കവിളിൽ മുത്തം നൽകും. എന്നിട്ട് മുലപ്പാൽ നൽകും. തന്റെ ജന്മം സഫലമായെന്ന് ഹാജർ (റ)ക്ക് തോന്നിപ്പോയി. വാത്സല്യം കവിഞ്ഞൊഴുകിപ്പോയി. മനസ്സിൽ കൊള്ളാത്ത സന്തോഷം. ചിലപ്പോൾ അത് കണ്ണീരായി ഒഴുകുന്നു. തന്റെ പൊന്നുമോൻ. ഒരു സമൂഹത്തിന്റെ പ്രവാചകനാണിത്...

എന്റെ റബ്ബേ...! മനുഷ്യവർഗത്തിന്റെ വിമോചകൻ. കുഞ്ഞിന് പേരിട്ടു. വേണ്ടപ്പെട്ടവരുടെ മഹനീയ സാന്നിധ്യത്തിൽ പേര് വിളിച്ചു. ഇസ്മാഈൽ   മാതാപിതാക്കളുടെ മനസ്സ് കുളിരണിഞ്ഞു. ഇസ്മാഈൽ ഈ പേര് ഇന്ന് മുതൽ വ്യാപിച്ചു തുടങ്ങും. മനുഷ്യർക്കിടയിൽ തലമുറകളിലൂടെ അതങ്ങനെ വ്യാപിച്ചു കൊണ്ടിരിക്കും. മലക്കുകൾ അറിഞ്ഞുകഴിഞ്ഞ നാമം ജിന്നുകളും അറിഞ്ഞു കൊണ്ടിരിക്കുന്നു. വാഴ്ത്തപ്പെട്ട നാമം... 

ഏറെ ആദരവോടെ എക്കാലവും പറയപ്പെടുന്ന പേര്. ഇസ്മാഈൽ. 

നബിയുല്ലാഹി ഇസ്മാഈൽ (അ)...


വിജനമായ താഴ് വര

ഒരു വലിയ പരീക്ഷണത്തെക്കുറിച്ചാണ് ഇനി പറയാൻ പോവുന്നത്. ഹാജർ(റ)യെയും കുഞ്ഞിനെയും ജനവാസമില്ലാത്ത ഒരു നാട്ടിൽ കൊണ്ടുചെന്നാക്കിയ സംഭവം...   

ഇബ്രാഹിം (അ) മഹാനായ പ്രവാചകനാണ്. അല്ലാഹുﷻന്റെ കൽപനകൾ അനുസരിക്കണം. എന്താണോ കൽപിക്കുന്നത് അത് അനുസരിക്കുക. അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നും ചിന്തിക്കേണ്ടതില്ല. അതെല്ലാം അല്ലാഹുﷻ നോക്കിക്കൊള്ളും. അതിൽ ദൃഢവിശ്വാസം വേണം...

വിജനമായ നാട്. അത് മക്കയാണ്. അന്നവിടെ ആൾപ്പാർപ്പില്ല. അവിടേക്കാണ് യാത്ര പോവേണ്ടത്. ഇബ്രാഹിം (അ) യാത്രയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഹാജറിനെയും പുത്രനെയും പിരിയേണ്ടിവരുന്നത് അത്യധികം ദുഃഖകരമാണ്...

ചില റിപ്പോർട്ടുകളിൽ സാറാ(റ) ക്ക് ഹാജർ (റ)യോട് കോപം വന്നതായി പറയുന്നുണ്ട്.  ഹാജറ(റ) യെക്കുറിച്ച് ഇബ്രാഹിം (അ) നോട് അവർ പരുഷമായി സംസാരിച്ചു എന്നും കാണുന്നു.  ഓരോ സംഭവങ്ങൾ നടക്കാൻ ഓരോ കാരണങ്ങൾ ഉണ്ടായിത്തീരും. അത്രമാത്രം കരുതിയാൽ മതി...

ഇബ്രാഹിം (അ) ഹാജർ (റ) യുമായി സംഭാഷണം നടത്തി. യാത്രയെക്കുറിച്ചാണ് സംസാരം. പറയുന്നതെല്ലാം അനുസരിക്കുക. അതിനപ്പുറം അവർക്കൊരു ചിന്തയില്ല തോൽപ്പാത്രത്തിൽ വെള്ളം ശേഖരിച്ചു. തോൽസഞ്ചിയിൽ പഴങ്ങളും.

ഉമ്മയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും... 

യാത്ര പുറപ്പെട്ടു. കാണാത്ത നാട്ടിലേക്ക് ദീർഘ ദൂരം പിന്നിട്ടു. ഒരു താഴ് വരയിലെത്തി. നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട പ്രദേശം. പാറക്കൂട്ടങ്ങൾ. ഈ താഴ് വരയിലാണ് കഅ്ബാ ശരീഫ് ഉണ്ടായിരുന്നത്. നൂഹ് നബി (അ) ന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ അത് തകർന്നുപോയിരിക്കുന്നു...  

കഅ്ബാലയം സന്ദർശിക്കാൻ പഴയകാലത്ത് പലരും വന്നിട്ടുണ്ട്. ആരും അവിടെ താമസമാക്കിയില്ല. കാരണം വെള്ളമില്ല. എത്രയോ കാലമായി അവിടെ ആൾസഞ്ചാരമില്ല. മൂന്നു പേരും താഴ് വരയിലെത്തി. വല്ലാത്ത മൂകത. ഇബ്രാഹിം (അ) ഭാര്യയെയും മകനെയും നോക്കി...

മനസ്സ് പതറാൻ പാടില്ല. വികാരഭരിതനായിക്കൂടാ... വല്ലാത്ത പരീക്ഷണമാണിത്. ഇതിൽ വിജയിക്കണം. വിജനമായ ഈ പ്രദേശത്ത് ഭാര്യയും കുഞ്ഞും എങ്ങനെ ജീവിക്കും. അങ്ങനെയല്ല ചിന്തിക്കേണ്ടത്. അല്ലാഹുﷻന്റെ കൽപന അനുസരിക്കുക. ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം അല്ലാഹുﷻനെ ഏൽപിക്കുക. ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമൻ അല്ലാഹു ﷻ ആകുന്നു. 

ഭാര്യയെ തന്നവൻ അല്ലാഹുﷻ. പുത്രനെ തന്നതും അല്ലാഹുﷻതന്നെ. അവരുടെ സംരക്ഷകനും അല്ലാഹുﷻമാത്രം.  എല്ലാം അല്ലാഹുﷻൽ ഭരമേൽപിച്ചു.  ആ ചിന്തയിൽ മുമ്പോട്ടു നീങ്ങി. ആ പോക്ക് ഹാജർ (റ) കാണുന്നു... 

"എന്ത്? പോവുകയാണോ? സത്യമായും പോവുകയാണോ? ഞങ്ങൾക്കാരാണുള്ളത്..?" 

ഹാജർ (റ) പിന്നാലെ ഓടി പലതും വിളിച്ചു ചോദിക്കുന്നുണ്ട്. മറുപടിയില്ല.  തങ്ങളെ വിട്ട് പോവുകയാണെന്നുറപ്പായി... 

"ഇതിന്നാണോ കൊണ്ടുവന്നത്? ഇവിടെ ഉപേക്ഷിക്കാൻ ഞങ്ങൾക്കാരുണ്ടിവിടെ?"

ഒടുവിൽ ഒരൊറ്റ ചോദ്യം ...

"അല്ലാഹുﷻന്റെ കൽപന പ്രകാരമാണോ ഇതെല്ലാം..?" 

അതിനു മറുപടിയുണ്ടായി...  "അതെ"

മതി ആ മറുപടി മതി. എല്ലാം അല്ലാഹുﷻൽ അർപ്പിക്കുക. അവന്റെ താഴ് വരയാണിത്. അവൻ സൃഷ്ടിച്ച മലകൾ. മലകളുടെ ഉച്ചിയിൽ തട്ടിനീങ്ങുന്ന മേഘങ്ങൾ. ഇവിടെ ഒരു പ്രാർത്ഥനയുണ്ട്. പ്രകൃതിയെപ്പോലും കോരിത്തരിപ്പിക്കുന്ന പ്രാർത്ഥന. ഇബ്രാഹിം (അ) ന്റെ പ്രാർത്ഥനയാണത്...  

"റബ്ബേ...! ഞാനിതാ എന്റെ കുടുംബത്തെ ഇവിടെ ഇട്ടേച്ച് പോവുകയാണ്. നിന്റെ വിശുദ്ധ ഭവനത്തിന്നടുത്താണവരുള്ളത്. വിജനമായ പ്രദേശമാണത്. വെള്ളമില്ല. ആഹാരമില്ല.  ഏതെങ്കിലും മനുഷ്യരുടെ ശ്രദ്ധ അവരിലേക്ക് എത്തിക്കേണമേ. അവരിലൂടെ എന്തെങ്കിലും പഴവർഗ്ഗങ്ങൾ എന്റെ ഭാര്യക്കും കുഞ്ഞിനും ലഭ്യമാക്കേണമേ. അങ്ങനെയവർ നന്ദിയുള്ളവരായി ജീവിക്കട്ടെ. നിന്റെ പരിശുദ്ധ ഭവനത്തിന്നടുത്തുവെച്ച് അവർ നിസ്കാരം നിർവഹിക്കട്ടെ. ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ..." 


വിശുദ്ധ പ്രവാചകന്റെ പ്രാർത്ഥനയാണിത്. സ്വീകാര്യമായ പ്രാർത്ഥന തന്നെയാണത്.  ആളുകൾ ആ താഴ് വരയിലെത്തണം. അവർക്ക് പഴവർഗ്ഗങ്ങൾ ലഭ്യമാകണം. സൂറത്ത് ഇബ്റാഹീമിൽ ഈ പ്രാർത്ഥനയെക്കുറിച്ചു പറയുന്നുണ്ട്. അതിപ്രകാരമാകുന്നു: 


رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ

"ഞങ്ങളുടെ റബ്ബേ..! 

എന്റെ സന്തതികളിൽ പെട്ടവരെ ഞാനിതാ കൃഷിയില്ലാത്ത ഒരു താഴ് വരയിൽ താമസിപ്പിച്ചിരിക്കുന്നു. നിന്റെ പവിത്ര ഭവനത്തിന് സമീപം.  ഞങ്ങളുടെ റബ്ബേ! അവർ നിസ്കാരം നിലനിർത്താൻ വേണ്ടിയാണത്. അതുകൊണ്ട് മനുഷ്യരിൽ ചിലരുടെ ഹൃദയങ്ങളെ അവരിലേക്ക് ചായുന്നതാക്കേണമേ. അവർക്കു ഫലവർഗ്ഗങ്ങളിൽ നിന്ന് നീ ആഹാരം നൽകുകയും ചെയ്യേണമേ. അവർ നന്ദി കാണിച്ചേക്കാം" (14:37) 

ഇബ്രാഹിം (അ) നടത്തിയ മഹത്തായ പ്രാർത്ഥനയാണിത്. സഫലമായ പ്രാർത്ഥന. പിൽക്കാല ചരിത്രം അത് നമ്മെ ബോധ്യപ്പെടുത്തുന്നു...


സഫാ മർവ ക്കിടയിൽ 

ഉമ്മ...

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അലയടിക്കുന്ന കടൽ. പുത്രവാത്സല്യം വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടുപോയപ്പോൾ അതിന്റെ ആഴം നന്നായറിയുന്നു. ഒരു ഞെട്ടലോടെയാണ് തോൽപാത്രം നോക്കിയത്. അതിലെ അവാസനതുള്ളി ജലവും വറ്റിപ്പോയിരിക്കുന്നു. വറ്റിവരണ്ട പാത്രം താഴെവെച്ചു. പൊന്നുമോൻ ദാഹിച്ചു കരയാൻ തുടങ്ങി. എങ്ങനെ ആശ്വസിപ്പിക്കും. ആശ്വാസ വചനങ്ങൾക്ക് ഇവിടെ എന്ത് പ്രസക്തി..? 

മാതൃഹൃദയം വേദനിക്കുന്നു. അസഹ്യമായ വേദന. കുഞ്ഞിന്റെ വായിൽ ഒഴിച്ചു കൊടുക്കാൻ ഒരു തുള്ളി വെള്ളം വേണം. എവിടെ നിന്ന് കിട്ടാൻ. കുഞ്ഞ് ദാഹിച്ച് കരയുക, ഒരു തുള്ളി വെള്ളം കിട്ടാൻ ഒരു വഴിയുമില്ലെന്ന് ബോധ്യപ്പെടുക, അപ്പോൾ ഉമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും..? ഒന്നോർത്തുനോക്കുക...

സമീപത്തു തന്നെ ഒരു മല കാണുന്നുണ്ട്. അതിന്റെ മുകളിൽ കയറിനോക്കാം. കുറെ ദൂരം വരെ കാണാം. എവിടെയെങ്കിലും വെള്ളത്തിന്റെ തിളക്കം കാണുമോ? വിളിച്ചു കരയാൻ ഒരു മനുഷ്യനെയെങ്കിലും കാണുമോ? എഴുന്നേറ്റു മനസ്സ് നിയന്ത്രിച്ചു നേരെയാക്കി പ്രതീക്ഷയോടെ നടന്നു. മലയുടെ സമീപത്തേക്ക്... 

സഫാ മല. ചരിത്ര സാക്ഷിയായ സഫ. ഹാജറ(റ) യുടെ പാദങ്ങൾ സഫായിൽ പതിഞ്ഞു. നേരത്തെ അത് വഴി ആരെങ്കിലും കയറിപ്പോയിട്ടുണ്ടോ? അല്ലാഹുﷻവിന്നറിയാം. സാഹസപ്പെട്ടു മല കയറുകയാണ്. പൊന്നുമോന്റെ ദൈന്യത നിറഞ്ഞ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ആ ദൃശ്യം ഹാജറ (റ) യുടെ പാദങ്ങളുടെ വേഗത വർധിപ്പിക്കുന്നു... 


സഫയുടെ മുകളിൽ നിൽക്കുന്ന ഉമ്മ. അവരുടെ കണ്ണുകൾ പരതുകയാണ്. എവിടെയെങ്കിലും വെള്ളമുണ്ടോ? സഹായം തേടാൻ മനുഷ്യരുണ്ടോ? നോക്കെത്താവുന്ന അകലത്തേക്ക് നോക്കി. നിരാശ. നിരാശ മാത്രം. ഇനിയെന്ത്? എവിടെയും വെള്ളമില്ല. മനുഷ്യരില്ല. തളരുകയാണ്. തളർച്ചയോടെ മലയിറങ്ങുന്നു. സൂക്ഷിച്ചിറങ്ങണം. മലയാണ് കാൽ തെറ്റരുത്. മലയിറങ്ങി സമതലത്തിലെത്തി...

 പൊന്നുമോൻ കരയുന്നു. മോന്റെ ദാഹം വർധിച്ചിരിക്കുന്നു. ഉമ്മാക്കെങ്ങനെ അടങ്ങിയിരിക്കാനാവും? വീണ്ടും നടത്തം. തുടങ്ങി. അകലെ ഒരു മല കാണുന്നുണ്ട്. മർവ മല. ചരിത്രത്തിന്റെ മറ്റൊരു സൂക്ഷിപ്പുകാരൻ. കുറെ ദൂരം നടന്നു. പിന്നെ ഓടി. ഓടിത്തളർന്നപ്പോൾ. വീണ്ടും നടത്തമായി. ഒരു വിധത്തിൽ മർവാ മലയുടെ സമീപത്തെത്തി...

ഇനി മല കയറ്റം. പാറകളും കുറ്റിക്കാടുകളും നിറഞ്ഞ മല. ചൂട്. ഉമ്മ അതൊന്നും കാണുന്നില്ല. അറിയുന്നില്ല. കൺമുമ്പിൽ ഒരേയൊരു ചിത്രം. തളർന്നു കരയുന്ന മോന്റെ മുഖം. മർവായുടെ മുകളിലാണിപ്പോൾ ഉമ്മ. ഉമ്മയുടെ നയനങ്ങൾ മനുഷ്യനെ തിരയുന്നു. ദാഹജലം അന്വേഷിക്കുന്നു. ഒന്നുമില്ല സർവത്ര വിജനം. ഒരു വീടില്ല. കൃഷിയില്ല. ആളനക്കമില്ല...

ഉമ്മ മലയിറങ്ങുന്നു. വല്ലാത്ത സാഹസം. താഴെയെത്താൻ കുറെ സമയം പിടിച്ചു. ഒരു പറവയെപ്പോലും കണ്ടില്ല. വെള്ളമില്ലാത്ത സ്ഥലത്തെങ്ങനെ പറവയെത്താൻ..? പിന്നെയും നടത്തം ഓട്ടം... 


മോൻ കരയുന്നു. സഹിക്കാനാവുന്നില്ല. എന്റെ റബ്ബേ... ഉമ്മയിൽ നിന്നുയർന്ന വിളി. സഫായിലേക്ക് ഒന്നുകൂടി നോക്കി. ഒരിക്കൽ കൂടി കയറിനോക്കാം. വീണ്ടും പാദങ്ങൾ ചലിച്ചു. സഫായിലേക്ക് പിന്നെ സഫായുടെ മുകളിലേക്ക്. അകലെക്ക് കണ്ണയച്ചു നോക്കി നിരാശ മാത്രം. മലയിറങ്ങിവന്നു...

മർവായിലേക്കോടി. മല കയറി സഫായിലേക്ക്. പിന്നെ മർവായിലേക്ക്. അങ്ങനെ ഏഴ്തവണ സഞ്ചാരം. ഉമ്മ വിയർത്തു കുളിച്ചു. ക്ഷീണിച്ചു. വർധിച്ച ക്ഷീണത്തോടെ പൊന്നുമോന്റെ സമീപത്തെത്തി. ഓടിയെത്തിക്കൊണ്ടിരുന്നപ്പോൾ ഒരു ശബ്ദം കേട്ടു...

ജിബ്രീൽ (അ) ചിറകുകൊണ്ട് ഭൂമിയിലടിച്ചതായിരുന്നു. അവിടെ വെള്ളം ഉറവപൊട്ടിയൊഴുകുന്നു. എന്തൊരു കാഴ്ച. വെള്ളം മണൽപ്പരപ്പിലൂടെ ഒഴുകിപ്പോവുന്നു. ഒഴുകി നഷ്ടപ്പെട്ടു കൂടാ. അത്രയും വിലപ്പെട്ടതാണിത്. ഹാജർ (റ) വെള്ളത്തോട് പറഞ്ഞു: "നിൽക്കൂ.... നിൽക്കൂ....

സം....സം....സം....സം" 

തടകെട്ടി വെള്ളം തടഞ്ഞുനിർത്തി. ഒഴുക്ക് നിലച്ചു. വെള്ളം തടത്തിൽ നിറഞ്ഞു നിന്നു. നല്ല തെളിനീർജലം... 

കുഞ്ഞിന്റെ വായിൽ സംസം കോരിയൊഴിച്ചുകൊടുത്തു. ദാഹം തീർന്നു. കരച്ചിൽ നിന്നു. ഇളം ചുണ്ടുകളിൽ മന്ദഹാസം വിടർന്നു.  ഉമ്മയും വെള്ളം  കുടിച്ചു. ദാഹം തീർന്നു. ക്ഷീണം അകന്നുപോയി...

മരുഭൂമിയിൽ തെളിനീർ നൽകിയ റബ്ബേ... നിനക്കാണ് സ്തുതി. നീ സർവ്വശക്തനാകുന്നു.  ഹാജറ (റ) യുടെ ഖൽബ് ഭക്തിസാന്ദ്രമായി. തനിക്ക് ഏകനായ റബ്ബ് ﷻ മതി. അവൻ തന്നെയും കുഞ്ഞിനെയും കൈവെടിയില്ല...  

 ചുട്ടുപൊള്ളുന്ന മണൽക്കാട് .

സംസമിന്ന് സമീപം തണുപ്പ്. ഏതാനും കിളികൾ പറന്നുവരുന്നു. വെള്ളത്തിന്റെ സാന്നിധ്യമറിഞ്ഞു വരികയാണ്. ആകാശത്തിൽ വട്ടമിട്ടു പറന്നു. പിന്നെ അവ ഭൂമിയിലെത്തി. 

ഹാജർ (റ) ക്ക് കനിവ് തോന്നി... 


അല്ലാഹുﷻ നൽകിയ സംസം അതിൽ നിന്നൊരൽപം കിട്ടാൻ വന്ന കിളികൾ. അവയുടെ ദാഹം തീരാൻ എത്ര ജലം വേണം? അൽപം മാത്രം. കുടിച്ചോളൂ വെണ്ടുവോളം കുടിച്ചോളൂ. ഹാജർ (റ)ക്ക് സമ്മതം തന്നെ.  പറവകൾ വെള്ളം കുടിച്ചു. അവ ഏതോ ശബ്ദം പുറപ്പെടുവിച്ചു. അല്ലാഹുﷻന് നന്ദി  പറഞ്ഞതാവാം... 

പറവകളുടെ കൊച്ചു കണ്ണുകൾ ഉമ്മയുടെയും മകന്റെയും നേരെ നീണ്ടുവന്നു. കാരുണ്യത്തിന്റെ നോട്ടം പിന്നെ അവ ചിറകിട്ടടിച്ചു. സന്തോഷം പ്രകടിപ്പിച്ചു. ആഹ്ലാദപൂർവ്വം അവ പറന്നുപോയി...

ഉമ്മയും മകനും. അവരുടേതായ ലോകം. സംസം കുടിക്കുന്നു. വിശപ്പും ദാഹവും തീർക്കുന്നു. സൂര്യൻ പടിഞ്ഞാറൻ മലയുടെ പിന്നിലേക്കു താഴ്ന്നുപോയി. നേരിയ അന്ധകാരം താഴ് വരയെ മൂടി. ആ രാത്രിയിലും അവർ സംസം കുടിച്ചു. കുഞ്ഞിനെ പഴയ തുണിയിൽ പൊതിഞ്ഞു കിടത്തി. ഉമ്മ ചേർന്നു കിടന്നു റബ്ബേ.... 


നീ തന്നെ കാവൽ കണ്ണുകളടഞ്ഞു. ഉറങ്ങി...


പറവകളെ കണ്ട യാത്രാസംഘം 


അതിഗാംഭീര്യത്തോടെ ഉയർന്നു നിൽക്കുന്ന അബൂഖുബൈസ് പർവ്വതം. ആ  പർവ്വതത്തിന്നപ്പുറത്ത് കൂടി ഒരു കച്ചവട സംഘം കടന്നുപോവുകയാണ്. ജുർഹൂം ഗോത്രക്കാരാണവർ. ഖാഫില കച്ചവട സംഘം അങ്ങനെയാണറിയപ്പെടുന്നത്. അനേകം ഒട്ടകങ്ങളുടെ പുറത്ത് ചരക്കുമായി അവർ കടന്നു പോവുന്നു. അപ്പോൾ അവർ ആ കാഴ്ച കണ്ടു...

പറവകൾ. "നോക്കൂ  വട്ടമിട്ടു പറക്കുന്ന പറവകൾ, മലകളാൽ ചുറ്റപ്പെട്ട ഈ താഴ് വരയിൽ നാം ഇതുവരെ പറവകളെ കണ്ടിട്ടില്ല ഇത് അതിശയം തന്നെ" ചിലർ പറഞ്ഞു... 


"വെള്ളമുള്ള സ്ഥലത്ത് മാത്രമേ പറവകളെ കാണുകയുള്ളൂ... വെള്ളമില്ലാത്തതിനാൽ ഈ പ്രദേശത്ത് പറവകളെ കണ്ടിട്ടില്ല, ഇതെന്താ സംഭവിച്ചത്?" മറ്റു ചിലർ ചോദിച്ചു... 

"ഈ താഴ് വരയിൽ വെള്ളമുണ്ട്. അല്ലാതെ പറവകൾ വരില്ല." പലരും അഭിപ്രായം പറയുന്നു... 

വെള്ളം കാണുമെന്ന് ചിലർ വാദിച്ചു. വെള്ളം ഇല്ലെന്ന് മുൻപരിചയം വെച്ച് ചിലർ വാദിച്ചു. തർക്കമായി ഒടുവിൽ ഇങ്ങനെ തീരുമാനമായി. "രണ്ടാളുകളെ അയക്കാം അവർ താഴ് വരയിൽ ചെന്ന് അന്വേഷിക്കട്ടെ അവർ മടങ്ങിയെത്തുംവരെ നമുക്കു കാത്തിരിക്കാം..."

രണ്ടാളുകളെ താഴ് വരയിലേക്കയച്ചു. അവർ മലയിറങ്ങാൻ തുടങ്ങി. വളരെ പ്രയാസപ്പെട്ട് ചെങ്കുത്തായ മലയിറങ്ങി. അവർ സമതലത്തിലെത്തി. വെള്ളത്തിന്റെ തിളക്കം അതിശയം തന്നെ. ആവേശത്തോടെ അവർ നടന്നടുത്തു... 

ഹാജർ (റ)വിന് വല്ലാത്ത അത്ഭുതം തോന്നി.

മനുഷ്യൻ ഒന്നല്ല, രണ്ട് മനുഷ്യന്മാർ. ഇത്രയും  ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യനെ കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. കൈയും കാലും തലയുമെല്ലാമുള്ള മനുഷ്യർ. അത്ഭുത ജീവികളെ കണ്ടതുപോലുള്ള അമ്പരപ്പ്... 

ദൂതന്മാർ രണ്ടുപേരും അതിശയത്തോടെ നോക്കുന്നു. ഉമ്മയും മകനും.

തൊട്ടടുത്ത് ജലാശയം. 

ഇവർ ആരാകുന്നു? 

എങ്ങനെ ഇവിടെയെത്തി? 

വന്നവർ അറബിയിൽ സംസാരിച്ചു.  

ഹാജർ (റ) ഈജിപ്തിലാണ് ജനിച്ചു വളർന്നത്. അവിടത്തെ ഭാഷയാണ് പഠിച്ചത്. എങ്കിലും ആശയങ്ങൾ ഒരുവിധം പിടികിട്ടി. ആഗതർ വെള്ളം ആവശ്യപ്പെടുന്നു... 

ഹാജർ (റ) പറഞ്ഞു: "അല്ലാഹു എനിക്കും പുത്രനും നൽകിയ പരിശുദ്ധ ജലമാണിത്. ഇതിൽ മറ്റാർക്കും അവകാശമില്ല. നിങ്ങൾക്കിതിൽ നിന്ന് വെള്ളമെടുക്കാം, കുടിക്കാം, കൊണ്ടുപോകാം അതിനൊന്നും വിരോധമില്ല." 

എത്ര സ്വാദുള്ള വെള്ളം. ഇത് പവിത്രമായ ജലംതന്നെ. ദൂതന്മാർക്ക് ഖാഫിലയുടെ അടുത്തെത്താൻ ധൃതിയായി. ഈ അതിശയവാർത്ത ഉടനെ  അവരെ അറിയിക്കണം. ഈ വലിയ മലകൾ തരണം ചെയ്യണം.

"ഞങ്ങൾ പോയി ഞങ്ങളുടെ കൂട്ടുകാരെ കൂട്ടിക്കൊണ്ടു വരാം" അതും പറഞ്ഞ് ദൂതന്മാർ മടങ്ങി... 

ഹാജർ(റ) ആ പോക്ക് നോക്കി നിന്നു.  മനുഷ്യരൂപങ്ങൾ നീങ്ങിപ്പോവുന്നു. മല  കയറിപ്പോവുന്ന രൂപങ്ങൾ അകന്നകന്നു പോവുന്നു. മലമുകളിൽ അവർ അപ്രത്യക്ഷരായി... 

അവർ ഓടിക്കിതച്ചെത്തി. ഖാഫിലക്കാർ കാത്തിരിക്കുകയായിരുന്നു. അതിശയ ജലത്തിന്റെ കാര്യം പറഞ്ഞു.  നല്ല ശീതള ജലം ഒന്നാം തരം തെളിനീർ. സംസം. അതിന്നടുത്ത് തന്നെ മാതാവും പുത്രനുമുണ്ട്...  

"ഈ വിജന പ്രദേശത്ത് മാതാവും പുത്രനും കഴിയുന്നുണ്ടെന്നോ? ഇതെങ്ങനെ വിശ്വസിക്കും?" ചിലർക്കൊന്നും കേട്ടിട്ട് ഉൾക്കൊള്ളാനാവുന്നില്ല.  ഖാഫില അങ്ങോട്ട് പോവാൻ തീരുമാനിച്ചു. സൗകര്യമുള്ള സ്ഥലത്തുകൂടി താഴ് വരയിലെത്താം. ഒട്ടകക്കൂട്ടവും മനുഷ്യരും സഞ്ചരിക്കുന്നു. പുണ്യ താഴ് വരയിലേക്ക്. രോമാഞ്ചജനകമായ കാഴ്ച... 

ഹാജർ (റ) അല്ലാഹുﷻനെ സ്തുതിച്ചു കൊണ്ടിരുന്നു.  എന്റെയും പൊന്നുമോന്റെയും അവസ്ഥ ഒരുകൂട്ടം മനുഷ്യർ അറിഞ്ഞു കഴിഞ്ഞു. അവരതാ മലയിറങ്ങിത്തുടങ്ങിയിരിക്കുന്നു...

"അല്ലാഹുവേ.... നീയാണവരുടെ ശ്രദ്ധ ഇങ്ങോട്ട് തിരിച്ചത് നിനക്കാണ് സ്തുതി... അൽഹംദുലില്ലാഹ് " 

"അല്ലാഹുവേ... നീയാണ് പറവകളെ അയച്ചത്. പറവകളാണ് കച്ചവട സംഘത്തിന് വിവരം നൽകിയത്. പറവകൾ വട്ടമിട്ടത് പറക്കുന്നതവർ കണ്ടു. അതിൽ നിന്നൊരു സന്ദേശം കച്ചവട സംഘത്തിന് കിട്ടി. താഴെ താഴ് വരയിൽ വെള്ളമുണ്ട്. അല്ലാഹുവേ....നിന്റെ സംവിധാനങ്ങൾ..."

കച്ചവട സംഘം മലയിറങ്ങിക്കഴിഞ്ഞു. അവർ ജലാശയം കാണുന്നു. എന്തൊരു കാഴ്ച. സമീപത്തുതന്നെ ഉമ്മയും മകനും.  അവർക്കു വിശക്കുന്നുണ്ടാവും. ആഹാരം കഴിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. ഹാജർ (റ) സന്തോഷത്തോടെ ആ കാഴ്ചകൾ കാണുകയാണ്. ഭാണ്ഡക്കെട്ടുകൾ താഴെയിറക്കി. ഒട്ടകങ്ങളെ മേയാൻ വിടുന്നു. പലരും വെള്ളം കുടിക്കുന്നു... 

ഭാണ്ഡക്കെട്ടുകൾ അഴിച്ചു. പഴവർഗ്ഗങ്ങൾ പുറത്തെടുത്തു. ഈത്തപ്പഴം, അത്തിപ്പഴം, മുന്തിരി.....  പഴവർഗ്ഗങ്ങൾ വെച്ചുനീട്ടുകയാണവർ. വിജനമായ താഴ് വരയിൽ കഴിയുന്ന തന്റെയും പുത്രന്റെയും സമീപത്തേക്ക് അല്ലാഹുﷻ ഒരു കൂട്ടം മനുഷ്യരെ അയച്ചിരിക്കുന്നു.  അവർ പഴവർഗ്ഗങ്ങൾ തനിക്കു നേരെ നീട്ടുന്നു. ഹാജർ (റ) അത് കൈനീട്ടി വാങ്ങി. അല്ലാഹുﷻന്റെ നാമത്തിൽ വാങ്ങി.

മനുഷ്യരുടെയും മൃഗങ്ങളുടെയും സഹവാസം ഉമ്മക്കും പുത്രനും സന്തോഷമായി...  

ഞങ്ങൾ നിങ്ങളുടെ വിവരം മറ്റ് യാത്രാസംഘങ്ങളോടു പറയും. അവരും ഇവിടെ വരും. യാത്രാ സംഘം അവിടെ വിശ്രമിച്ചു. ആഹാരമുണ്ടാക്കി കഴിച്ചു.

സംസം പുണ്യജലമാണെന്ന് അവർക്ക് ബോധ്യമായി. ഇനി യാത്ര. യാത്ര പറച്ചിൽ. കൈ നിറയെ പഴവർഗ്ഗങ്ങൾ നൽകി. കച്ചവട സംഘം യാത്ര തിരിച്ചു...

അവരുടെ തോൽപ്പാത്രങ്ങളിൽ നിറയെ സംസം ആയിരുന്നു. സംസം കൊണ്ടുപോകുന്ന ആദ്യ സംഘമാണവർ. അന്ന് തുടങ്ങിയതാണ് സംസമിന്റെ യാത്ര. തോൽപാത്രങ്ങളിലാണ് സംസം കൊണ്ടു പോയത്. പിന്നെ എന്തെല്ലാം മാറ്റങ്ങളുണ്ടായി. ഏത് വിധത്തിലെല്ലാം പാത്രങ്ങളുടെ രൂപം മാറി. കച്ചവടസംഘം അകന്നുപോയി. ഏതാനും ദിവഷങ്ങൾക്കു ശേഷം ഒരു സംഭവമുണ്ടായി... 


അമാലിക്കത്ത് വർഗക്കാർ അറഫയിൽ തമ്പടിച്ചു. താമസിക്കുന്നുണ്ടായിരുന്നു അവരുടെ ഒട്ടകത്തെ കാണാതായി. അതെങ്ങോട്ടോ നടന്നു പോയി. ഒട്ടകത്തെ സംരക്ഷിക്കാനുള്ള ചുമതല അടിമകൾക്കാണ്. കാണാതെ പോയ ഒട്ടകങ്ങളെ തിരഞ്ഞു പിടിക്കേണ്ടതും അവർ തന്നെ.  അമാലിക്ക വർഗക്കാരുടെ നേതാവ് കൽപ്പിച്ചു. "ഒട്ടകത്തെ കണ്ടു പിടിക്കുക."  

ചില അടിമകൾ ഒട്ടകത്തെ അന്വേഷിച്ചു പുറപ്പെട്ടു. അവർ പല വഴി സഞ്ചരിച്ചു. അങ്ങനെ അബൂഖുബൈസ് മലയിലെത്തി. അവർ ദൂരെ ഒരു തിളക്കം കണ്ടു. വെള്ളം പറവകൾ പറക്കുന്നു. വെള്ളം തന്നെ ഉറപ്പ്. വിവരം യജമാനനെ അറിയിക്കണം. അടിമകൾ അങ്ങനെ തീരുമാനിച്ചു.  


അവർ അറഫയിലെ തമ്പിലെത്തി. വിവരം പറഞ്ഞു. കേട്ടവർക്കെല്ലാം അതിശയം ആ ഭാഗത്ത് വെള്ളമില്ല. കരിമ്പാറകൾ മാത്രം. ചിലർ കേട്ടത് വിശ്വസിച്ചില്ല. "ഞങ്ങൾ വെള്ളത്തിന്റെ തിളക്കം കണ്ടു പറവകളെയും കണ്ടു" അടിമകൾ ഉറപ്പിച്ചു പറഞ്ഞു.  

നമുക്കൊന്ന് പോയിനോക്കാം. നേതാവ് പറഞ്ഞു. നേതാവും കൂട്ടരും പുറപ്പെട്ടു.  ചരിത്ര നിമിഷങ്ങൾ ആ വലിയ സംഘം മലയിറങ്ങി വരികയാണ്. 

പറവകളെ കണ്ടു. വെള്ളത്തിന്റെ തിളക്കം കണ്ടു. ആവേശം വർദ്ധിച്ചു. താഴ് വരയിലെത്തി. ആശ്ചര്യകരമായ കാഴ്ച. ഉമ്മയും മകനും തൊട്ടടുത്ത്. സംസം  അവർക്കിടയിൽ സ്നേഹത്തിന്റെ അരുവിയൊഴുകി. ഉമ്മാക്കും മകനും പഴവർഗ്ഗങ്ങൾ നൽകി... 

യാത്രക്കാർക്കു ഇഷ്ടംപോലെ വെള്ളം കിട്ടി. ചിലർക്കവിടെ താമസിക്കാൻ മോഹം. ഇനിയും വരും. ദിവസങ്ങളോളം താമസിക്കാൻ വന്നവർ യാത്ര പറഞ്ഞു പോയി. സംസം നിറച്ച തോൽപാത്രങ്ങൾ ചുമന്നുകൊണ്ട് പോയി. യാത്രക്കാർ ഉമ്മയെയും മകനെയും മറന്നു പോയില്ല. അവരെക്കുറിച്ചു സംസാരിച്ചു  കൊണ്ടേയിരുന്നു. ആ സംസാരം തുടരുകയാണ്. തലമുറകളിലൂടെ... സഹസ്രാബ്ദങ്ങളിലൂടെ... അന്ത്യനാൾ വരെ അത് തുടരുകയും ചെയ്യും...


ബലി കണ്ട മിന 

അകന്നിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ തീവ്രത അറിയുക. ഇബ്രാഹിം നബി (അ) അത് നന്നായറിയുന്നു. ഇസ്മാഈലിനെയും ഹാജറയെയും താൻ എന്തുമാത്രം സ്നേഹിക്കുന്നു. സ്നേഹത്തിന്റെ ആഴമറിയുന്നത് ഇപ്പോഴാണ്. ഒന്നു കാണാൻ വല്ലാത്ത മോഹം. മക്കയിലേക്ക് ചില യാത്രകൾ നടന്നിട്ടുണ്ട്. ആ സംഭവത്തിനു ശേഷം വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു..? 


പൊന്നുമോന് ഇപ്പോൾ പന്ത്രണ്ട് വയസ്സായിട്ടുണ്ടാവും. തുള്ളിച്ചാടി നടക്കുന്ന പ്രായം. കാണാൻ നല്ല ഭംഗിയായിരിക്കും. എന്തൊരു പ്രസരിപ്പായിരിക്കും. മകന്റെ രൂപം മനസ്സിൽ സങ്കൽപിക്കാൻ നോക്കി. അഴകുള്ള മുഖം. മനോഹരമായ തലമുടി. തിളങ്ങുന്ന കണ്ണുകൾ. ആരോഗ്യമുള്ള ശരീരം. തന്റെ മോൻ അധ്വാനിക്കാനുള്ള പ്രായമായിരിക്കുന്നു...

ഒരു രാത്രി ഇബ്രാഹിം (അ) ഉറങ്ങുകയാണ്. ഒരു സ്വപ്നം കാണുന്നു. വല്ലാത്തൊരു രംഗം. മകനെ കിടത്തിയിരിക്കുന്നു. അനുസരണയോടെ കിടക്കുന്നു. തന്റെ കയ്യിൽ മൂർച്ചയുള്ള കത്തി. ആ കത്തി കൊണ്ട് മകനെ അറുക്കുന്നു. ഞെട്ടിയുണർന്നു. എന്താണ് താൻ കണ്ടത്? ഏക പുത്രനെ അറുക്കുക. വാർദ്ധക്യ കാലത്ത് ലഭിച്ച മകനെ ബലിയറുക്കുകയോ...?  

പ്രവാചകന്റെ സ്വപ്നമാണിത്. പാഴ്ക്കിനാവല്ല. ഇത് കൽപനയാണ്. അല്ലാഹുﷻന്റെ കൽപന. അല്ലാഹുﷻന്റെ കൽപന അനുസരിക്കുക തന്നെ. തിരസ്കരിക്കാൻ പറ്റില്ല. ഇത് പരീക്ഷണമാണ്. പരീക്ഷണത്തിൽ പതറിപ്പോവരുത് അല്ലാഹുﷻ തന്ന പുത്രൻ അമാനത്താണ്. ചോദിക്കുമ്പോൾ തിരിച്ചു കൊടുക്കണം.  മകനെ കുറിച്ചു ചിന്തിച്ചു. എന്തായിരിക്കും മോൻ പറയുക? ഉടനെ പുറപ്പെടുക തന്നെ... 

മൂർച്ചയുള്ള കത്തി വേണം. കയറും വേണം. മിന മക്കായുടെ സമീപമുള്ള പ്രദേശം. അവിടെ വെച്ച് ബലി നടത്താം. അല്ലാഹുﷻന്റെ കൽപന നിറവേറ്റുക. മറ്റൊന്നും ചിന്തിക്കാനില്ല.  സാറയോട് യാത്ര പറഞ്ഞു മക്കയിലേക്ക് പുറപ്പെട്ടു. മനസ്സ് നിറയെ ചൂടുള്ള ചിന്തകൾ. കടന്നുപോയ കാലം. എന്തെല്ലാം സംഭവങ്ങൾ. ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ സംഭവം...  

പുണ്യഭൂമി കൺമുമ്പിൽ തെളിയുന്നു. പുണ്യ മക്ക കഅ്ബാലയം നിന്നിരുന്നതിവിടെയാണ്. ഇന്നതിന്റെ അവശിഷ്ടമായി ചില പഴയ കല്ലുകൾ കാണാം.  ഇന്ന് വിജന പ്രദേശമല്ല. ചില വീടുകൾ കാണാനുണ്ട്. വർഷങ്ങൾ കൊണ്ടു വന്ന മാറ്റം. ഹാജർ (റ)യും മോനും താമസിക്കുന്ന കൊച്ചു വീട്. അതിനു മുമ്പിൽ വന്നു നിന്നു...

ഉമ്മയും മോനും ആഗതനെ കണ്ടു. ഇരുവർക്കും ആഹ്ലാദമായി. സമുന്നതനായ വിരുന്നുകാരൻ. വീട്ടിലേക്ക് സ്വാഗതം. സ്നേഹാന്വേഷണങ്ങൾ. ഉപ്പ പുത്രനെ ആലിംഗനം ചെയ്തു.  ഹാജർ (റ) ആഹാരം തയ്യാറാക്കി. പിതാവും പുത്രനും പല കാര്യങ്ങൾ സംസാരിച്ചു. സാവധാനം ഇബ്രാഹിം (അ) തന്റെ ഭാര്യയെ സമീപിച്ചു. തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. നടുങ്ങിപ്പോവുന്ന വാർത്ത. ഏക പുത്രനെ ബലിയർപ്പിക്കാൻ വിട്ടു കൊടുക്കുകയോ..?  

മറുത്ത് പറയാൻ പറ്റുമോ? അല്ലാഹുﷻന്റെ കൽപനയല്ലേ? ദുഃഖം മനസ്സിലൊതുക്കി കണ്ണുകൾ നിറഞ്ഞൊഴുകി മകനെ വിളിച്ചു കൊണ്ട് പോയി. കുളിപ്പിച്ചു. മുടി ചീകിയൊതുക്കി. നല്ല വസ്ത്രം ധരിപ്പിച്ചു. പിതാവിനൊപ്പം അയച്ചു. ഉമ്മ നോക്കിനിന്നു അതാ പോവുന്നു. പിതാവും പുത്രനും അല്ലാഹുﷻന്റെ കൽപന നടപ്പാക്കാൻ  കത്തിയും കയറും പിടിച്ചു. മോൻ മുമ്പെ നടക്കുന്നു. എന്തൊരു രംഗമാണിത്... 

ഈ രംഗം കാണുകയാണ് ശപിക്കപ്പെട്ട ഇബ്ലീസ്. ഈ ബലി നടക്കരുത്. ഇത് തടയണം. എങ്കിൽ താൻ വിജയിച്ചു. ബലി നടന്നാൽ..? അത് തന്റെ പരാജയമാണ്. എങ്ങനെ ബലി തടയും? ഹാജറയെ സമീപിക്കാം. വാചാലമായി സംസാരിക്കാം. അപ്പോൾ അവരുടെ മനിസ്സിളകും. മാതാവല്ലേ... മനസ്സ് പതറാതിരിക്കുമോ? പുത്രനെ ബലിയറുക്കുമെന്ന് കേട്ടാൽ ഏത് മാതാവാണ് ക്ഷോഭിക്കാതിരിക്കുക... 

ഹാജറ ഓടിപ്പോകും. അട്ടഹാസം മുഴക്കും. ആർത്തു കരയും. മോനെ പിടിച്ചു കൊണ്ടുപോരും. അങ്ങനെ ബലി നടക്കാതെ പോവും. താൻ വിജയിക്കും. ദൈവ കൽപന നടപ്പാക്കുന്നതിൽ നിന്ന് ഒരു നബിയെ തടയുക. തനിക്ക് അതിനേക്കാൾ വലിയൊരു വിജയം ലഭിക്കാനുണ്ടോ? ഇല്ല തീർച്ചയായുമില്ല. ഇബ്ലീസ് നടന്നു ഒരു ദുഃഖിതനെപ്പോലെ. ഹാജറയുടെ മുമ്പിലെത്തി. അവർ തമ്മിൽ സംഭാഷണം നടന്നു. 


"ഉപ്പ മോനെ കൊണ്ടുപോയത് എങ്ങോട്ടാണ് ? എന്തിനാണ്..?"

"ഉപ്പയും മോനും കൂടി കാട്ടിലേക്ക് പോയി." 

"എന്തിനാണ് കൊണ്ടുപോയതെന്നറിയാമോ? കേട്ടാൽ നിങ്ങൾക്കു സഹിക്കാനാവില്ല."

മനസ്സിളക്കാൻ പറ്റുന്ന പദങ്ങളും ശൈലിയും ഉപയോഗിച്ചാണ് ഇബ്ലീസ് സംസാരിച്ചത്. നന്നായി ശ്രമിച്ചു നോക്കി. ഹാജർ (റ) ശാന്തമായി കാണപ്പെട്ടു. വികാരഭരിതയായില്ല. ക്ഷോഭിച്ചില്ല.  

"പിതാവ് പുത്രനെ ബലിയറുക്കാൻ കൊണ്ടുപോയതാണ്."

"ഓമന പുത്രനെ നിങ്ങൾക്കു നഷ്ടപ്പെടില്ലേ പോകൂ... ബലി തടയൂ...." ഇബ്ലീസ് നന്നായി ശ്രമിച്ചു നോക്കി...

ഹാജർ (റ) ഇങ്ങനെ പറഞ്ഞു:

"അല്ലാഹുﷻന്റെ കൽപന എന്താണോ അത് നടക്കട്ടെ!  ഇബ്ലീസിനെ കടുത്ത നിരാശയിൽ പെടുത്തുന്ന മറുപടി. മുഖം വാടി. തന്റെ തന്ത്രമൊന്നും ഇവിടെ നടപ്പില്ല. വല്ലാത്ത ഈമാൻ തന്നെ...


സമയം കളയേണ്ട. വേഗം പോകാം മിനായിലേക്കു കുതിച്ചു. അതാ പോവുന്നു പിതാവും പുത്രനും. നേരെ പുത്രന്റെ അടുത്തേക്ക് ചെന്നു സ്നേഹം തുളുമ്പുന്ന വാക്കുകളിൽ സംസാരിച്ചു ബലിയുടെ കാര്യം പറഞ്ഞു മോനെ പേടിപ്പിക്കാൻ നോക്കി...

മോന്റെ വാക്കുകളും ദൃഢമായിരുന്നു 

അല്ലാഹുﷻന്റെ കൽപന എന്താണോ അത് നടക്കട്ടെ   

മകന്റെ വാക്കുകൾ ഇബ്ലീസിനെ നിരാശപ്പെടുത്തി. ഇനി രക്ഷയില്ല പിതാവിനെത്തന്നെ സമീപിക്കാം...  

ജംറത്തുൽ അഖബ എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന പ്രദേശത്ത് എത്തിയിരിക്കുന്നു പിതാവും പുത്രനും... 

ഇബ്ലീസ് പിതാവിനെ സമീപിച്ചു, ബഹുമാനപൂർവം സംസാരിച്ചു..

മകനെ അറുക്കരുതേ എന്നപേക്ഷിച്ചു...  

ഇബ്രാഹിം (അ) കോപത്തോടെ അവനെ ആട്ടി... 

പോ... ശൈത്വാനേ....  

ഏഴ് കല്ലുകൾ കൊണ്ട് അവനെ എറിഞ്ഞു. അവൻ അകന്നു മാറി. നടന്നു സമയം നീങ്ങി...  

പിതാവും പുത്രനും ജംറത്തുൽ വുസ്ത്വായിൽ എത്തി. ഇബ്ലീസ് ഒരു ശ്രമം കൂടി നടത്താൻ തീരുമാനിച്ചു. പിതാവിനെ സമീപിച്ചു. ഹൃദയസ്പർശിയായ രീതിയിൽ സംസാരിച്ചു... 

ഇബ്രാഹിം (അ) അവനെ ഏഴ് കല്ലുകൊണ്ട് എറിഞ്ഞ് ഓടിച്ചു. അവൻ ഓടിയകന്നു...  

പിതാവും പുത്രനും നടന്നുനീങ്ങുന്നു. ഇപ്പോൾ അവർ ജംറത്തുൽ ഊലായിൽ എത്തിയിട്ടുണ്ട്...  

ഇബ്ലീസ് ഒരു ശ്രമംകൂടി നടത്താൻ തീരുമാനിച്ചു. നബിയെ സമീപിച്ചു സംസാരിച്ചു. ഇബ്രാഹിം നബി (അ) പിശാചിനെ വീണ്ടും ഏഴ് കല്ലെറിഞ്ഞ് ആട്ടിയോടിച്ചു. കടുത്ത നിരാശയോടെ ഇബ്ലീസ് അകലേക്കോടി... 


മൂന്ന് മൂഅ്മിനീങ്ങൾ... അവരെ വഴിപിഴപ്പിക്കാനായില്ല. അവരുടെ മുമ്പിൽ പരാജയപ്പെട്ടുപോയി...  

ഈ സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമായിത്തീരും. പിൽക്കാല തലമുറക്കാർ അറിയും. അവർ ആവേശംകൊള്ളും. അവരുടെ ഈമാൻ ശക്തമാകും. അതെ അത് തന്നെ സംഭവിച്ചു. അന്ത്യനാൾവരെ ഈ സംഭവം ഓർമ്മിക്കപ്പെടും. ഹജ്ജിന് വരുന്നവരൊക്കെ ജംറകളിലെത്തും. ജംറകളെ എറിയും. ഓരോ ജംറയിലും ഏഴ് കല്ലുകൾ...

ഇബ്ലീസിന്റെ വേദനാജനകമായ അവസ്ഥ. സൂറത്തുസ്സ്വാഫത്തിലെ ഒരു വചനം കാണുക...


"فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ"


അങ്ങനെ ആ കുട്ടിക്ക് തന്നോടൊന്നിച്ച് പ്രവർത്തിക്കുവാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മകനേ... നിന്നെ ഞാൻ സ്വപ്നം കണ്ടു അതുകൊണ്ട് അക്കാര്യത്തിൽ നിന്റെ അഭിപ്രായമെന്താണെന്ന് ചിന്തിച്ചു നോക്കൂ.."

കുട്ടി പറഞ്ഞു: "എന്റെ പ്രിയപ്പെട്ട ഉപ്പാ... അങ്ങയോട് കൽപ്പിക്കപ്പെട്ടത് ചെയ്തു കൊള്ളുക. അല്ലാഹുﷻ ഉദ്ദേശിച്ചെങ്കിൽ ക്ഷമാശീലരുടെ കൂട്ടത്തിൽ എന്നെ അങ്ങ് കണ്ടെത്തുന്നതാണ് " (37:102) 

മിനായിലെ മലഞ്ചെരിവിലെത്തി. ഇവിടെയാണ് കർമ്മം നടക്കേണ്ടത്.  പിതാവിനോടുള്ള അല്ലാഹുﷻന്റെ കൽപന അത് നടക്കണം. ഞാനതിന് തടസ്സമായിക്കൂട. അതാണ് മകന്റെ ചിന്ത. തന്റെ കഴുത്തിൽ ഉപ്പ കത്തി വെക്കട്ടെ. അറുക്കട്ടെ.. അറവ് വേഗത്തിൽ പൂർത്തിയാക്കണം...

തന്റെ മുഖം കാണുമ്പോൾ ഉപ്പ പതറിപ്പോകുമോ? പതറരുത്. ഉപ്പ മുഖം കാണരുത്. കമിഴ്ന്നു കിടക്കാം. അപ്പോൾ മുഖം കാണില്ല. ധൈര്യമായി അറുക്കാം.  അറുക്കാൻ തുടങ്ങിയാൽ നല്ല വേദനയായിരിക്കും. കാലുകൾ ചലിപ്പിക്കും അത് കാണുമ്പോൾ ഉപ്പ വേദനിക്കും. അത് വേണ്ട കയറുകൊണ്ട് കാലുകൾ നന്നായി ബന്ധിക്കട്ടെ. അനങ്ങാൻ കഴിയാത്ത വിധം കെട്ടിക്കൊള്ളട്ടെ... 

ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷണത്തിന്റെ നിമിഷങ്ങൾ സമാഗതമായി. മൂർച്ചയേറിയ കത്തി ഉപ്പ കൈയിലെടുത്തു. പുത്രന്റെ കഴുത്തിൽ വെച്ചു. ശക്തിയായി അമർത്തി അറവ് തുടങ്ങി. കഴുത്ത് മുറിയുന്നില്ല. തൊലി പൊട്ടുന്നില്ല. എന്തു പറ്റി? താൻ പതറിപ്പോയോ? കത്തി ബലമായി താഴ്ത്താൻ കഴിയുന്നില്ലേ?  പതറരുത്. ദുർബലനാവരുത്. അറവ് നടക്കണം പരീക്ഷണത്തിൽ വിജയിക്കണം.  പൂർവ്വാധികം ശക്തിയോടെ അറവ് തുടങ്ങി. കഴുത്ത് മുറിയുന്നില്ല. എന്തൊരവസ്ഥയാണിത്... 

അപ്പോൾ ഒരു വിളിയാളമുണ്ടായി...

"യാ.... ഇബ്രാഹിം 

ഓ.... ഇബ്രാഹിം, താങ്കൾ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു."

അല്ലാഹുﷻന്റെ ഭാഗത്ത് നിന്നുള്ള വിളിയാളം. പണ്ട് അഗ്നിയിൽ എറിയപ്പെട്ടപ്പോഴും ഇതുപോലെ സംഭവിച്ചു. തീ കരിച്ചില്ല. അത് ശീതളമായി അനുഭവപ്പെട്ടു... 

പുത്രനെ ബലിയറുക്കാൻ സ്വപ്നദർശനമുണ്ടായി. ബലിയറുത്ത കത്തിക്ക് മൂർച്ചയുണ്ട്. മൂർച്ചയുള്ള കത്തി മുറിപ്പാടുണ്ടാകും. ഇവിടെ മൂർച്ചയുണ്ടായിട്ടും മുറി വന്നില്ല. തീ പൊള്ളാത്തതുപോലെ... 

ദൃഢവിശ്വാസികളെ അല്ലാഹു ﷻ രക്ഷപ്പെടുത്തും. അതിന്റെ എക്കാലത്തെയും ഉദാഹരണങ്ങളായി അല്ലാഹു ﷻ ഈ സംഭവങ്ങൾ വെച്ചു. ഇസ്മാഈൽ(അ)ന് ഒരു പേര് കിട്ടി...

"അല്ലാഹുവിന്റെ ബലി"

ദബീഹുല്ലാഹ്  


അന്ത്യസമൂഹം അവരെ ഓർക്കുന്നു


ഇബ്രാഹിം (അ) പരീക്ഷണത്തിൽ വിജയിച്ചു. മകനെ ബലിയറുക്കാനുള്ള കൽപന നിറവേറ്റി. അപ്പോൾ ജിബ്രീൽ (അ) വരുന്നു. ഒരു ആടിനെ കൊണ്ടുവരുന്നു. തടിച്ചു കൊഴുത്ത ആട്. ഇത് സംബന്ധമായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. 

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: ഇബ്രാഹിം (അ) പുത്രനെ ഭൂമിയിൽ കിടത്തി. പുത്രന്റെ മുഖം ശരിക്ക് കാണാൻ കഴിയാത്ത വിധം കീഴ്പോട്ട് ചരിച്ചാണ് കിടത്തിയത്. അപ്പോൾ ഇസ്മാഈൽ(അ) പറഞ്ഞു: 


"ഉപ്പാ...എന്റെ കൈയും കാലും ബന്ധിക്കുക. അങ്ങ് എന്റെ കഴുത്തറുക്കുമ്പോൾ ഞാൻ അറിയാതെ കൈകാലുകൾ ഇളക്കിയേക്കാം. എന്റെ ഉടുപ്പ് ഊരിമാറ്റുക. അതിൽ രക്തം പുരളരുത്. എന്റെ ഉടുപ്പിൽ രക്തം കണ്ടാൽ ഉമ്മാക്ക് സങ്കടം വരും. ഉപ്പാ...ഉമ്മാക്ക് എന്റെ സലാം. പറയണം, ഈ ഉടുപ്പും നൽകണം മോന്റെ.. മോന്റെ ഓർമക്കുവേണ്ടി ഉമ്മ ഇത് സൂക്ഷിക്കും.  ഉപ്പാ.... കത്തിക്ക് നല്ലതുപോലെ മൂർച്ച കൂട്ടണം. വേഗത്തിൽ അറവ് പൂർത്തിയാക്കണം."


അറവ് തുടങ്ങി മുറിഞ്ഞില്ല. അപ്പോൾ ഒരു ശബ്ദം മുഴങ്ങിക്കേട്ടു.

"ഓ... ഇബ്രാഹിം നീ സ്വപ്നം സാക്ഷാൽകരിച്ചു."  

ജിബ്രീൽ (അ) വന്നു. കൂടെ തടിച്ചു കൊഴുത്ത ആട്. ആദം നബി (അ) ന്റെ പുത്രൻ ഹാബീൽ പണ്ട് ഒരു ആടിനെ ഖുർബാൻ നടത്തിയിരുന്നു. ആ ആടിനെയാണ് ജിബ്രീൽ (അ) കൊണ്ടുവന്നത് എന്ന അഭിപ്രായം ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്...


ഒരു വിവാഹത്തെച്ചൊല്ലി തർക്കം വന്നു. തുടർന്നാണ് ഖുർബാൻ നടന്നത്. ഖാബീലും ഹാബീലും തമ്മിലായിരുന്നു തർക്കം. ഹവ്വ (റ) ഇരട്ടകളെ പ്രസവിച്ചിരുന്നു. ഒരു പ്രസവത്തിലെ ആൺകുട്ടി മറ്റൊരു പ്രസവത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കണം. അതാണ് നിയമം. ഖാബീലിന്റെ കൂടെ പ്രസവിക്കപ്പെട്ട ഇക്ലിമയെ ഹാബീൽ വിവാഹം ചെയ്യണം. ഹാബീലിന്റെ കൂടെ ജനിച്ച ലബൂദയെ ഖാബീലും വിവാഹം ചെയ്യണം. ഖാബീൽ അതിന് തയ്യാറില്ല. ഖാബീലിന് സുന്ദരിയായ ഇക്ലിമയെത്തന്നെ വേണം. തർക്കമായി ഖുർബാൻ നടത്താൻ തീരുമാനമായി. ആരുടെ ഖുർബാൻ സ്വീകരിക്കപ്പെടുമോ, അയാൾ ഇക്ലിമയെ വിവാഹം ചെയ്യും...  


ഒരു മലഞ്ചരിവിലാണ് ഖുർബാൻ നടക്കുക. ഹാബീൽ ഒരാടിനെ മലയിൽ വിട്ടു. ഖാബീൽ ഒരുപിടി വൈക്കോൽ വെച്ചു. സ്വീകരിക്കപ്പെട്ട ഖുർബാൻ ഉയർന്നു പോവും. ഹാബീലിന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടു. ആടിനെ ഉയർത്തിക്കൊണ്ടുപോയി. ഖാബീലിന്റെ ഖുർബാൻ തള്ളപ്പെട്ടു. ഖാബീൽ അസൂയകൊണ്ട് പുകഞ്ഞു. പക വളർന്നു. ഒരു ദിവസം വലിയ കല്ല് കൊണ്ട് ഹാബീലിന്റെ തലക്കടിച്ചു കൊന്നു. ഭൂമിയിൽ ആദ്യത്തെ കൊല നടന്നു...

ഹാബീൽ ഖുർബാൻ നടത്തിയ ആട്. അതിനെയാണ് ജിബ്രീൽ (അ) കൊണ്ടുവന്നത് എന്ന് ഒരഭിപ്രായം നിലവിലുണ്ട്. സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്ന ആട് എന്നാണ് ചിലരുടെ പരാമർശം. നാൽപതം വർഷം മേഞ്ഞുനടന്ന് തടിച്ചു കൊഴുത്ത ആട് എന്ന് പറയപ്പെട്ടിട്ടുണ്ട്...  

ജിബ്രീൽ (അ) കൊണ്ടുവന്ന ആടിനെ ഇബ്രാഹിം (അ) ബലിയറുത്തു. മക്കയിലെ താമസക്കാർക്ക് മാംസം കിട്ടി. സംഭവം വളരെ പ്രസിദ്ധമായിത്തീർന്നു. ആടിന്റെ കൊമ്പുകൾ സൂക്ഷിക്കപ്പെട്ടു. കഅ്ബാ ശരീഫിൽ കൊമ്പുകൾ വളരെക്കാലം സൂക്ഷിക്കപ്പെട്ടിരുന്നുവെന്ന് രേഖകളിൽ കാണാം... 


സൂറത്തുസ്സ്വാഫാത്തിലെ വചനങ്ങൾ കാണുക.

فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ 

"അങ്ങനെ രണ്ടുപേരും കൽപനക്ക് കീഴടങ്ങുകയും അദ്ദേഹം കുട്ടിയെ ചരിച്ചു കിടത്തുകയും ചെയ്തപ്പോൾ." (37:103)

 وَنَادَيْنَاهُ أَن يَا إِبْرَاهِيمُ

"നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഓ... ഇബ്റാഹീം..." (37:104) 


قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

"താങ്കൾ സ്വപ്നം സാക്ഷാൽകരിക്കുക തന്നെ ചെയ്തിരിക്കുന്നു. നിശ്ചയമായും ഇപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കും." (37:105)

إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ

"തീർച്ചയായും ഇത് സ്പഷ്ടമായ ഒരു പരീക്ഷണം തന്നെയാണ്." (37:106) 

وَفَدَيْنَاهُ بِذِبْحٍ عَظِيمٍ

"മഹത്തായ ഒരു ബലിമൃഗത്തെക്കൊണ്ട് അവന് പകരം നാം പ്രായശ്ചിത്തം കൊടുക്കുകയും ചെയ്തു." (37:107)

وَتَرَكْنَا عَلَيْهِ فِي الْآخِرِينَ

"പിൻതലമുറകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നിലനിർത്തുകയും ചെയ്തു." (37:108)

 سَلَامٌ عَلَىٰ إِبْرَاهِيمَ

"ഇബ്റാഹീമിന്റെ മേൽ സലാം ഉണ്ടായിരിക്കും." (37:109)

كَذَٰلِكَ نَجْزِي الْمُحْسِنِينَ

"തീർച്ചയായും അപ്രകാരം നാം സുകൃതന്മാർക്ക് പ്രതിഫലം നൽകുന്നതാണ്." (37:110) 

ഇബ്രാഹിം (അ) ന്റെ നിശ്ചയദാർഢ്യത്തെ അല്ലാഹുﷻൻപ്രശംസിച്ചിരിക്കുന്നു. എന്തൊരു ത്യാഗത്തിനാണ് സന്നദ്ധനായത്. ലോകം ആ ത്യാഗം മറക്കാൻ പാടില്ല. അന്ത്യനാൾ വരെ ആ ത്യാഗം ഓർമിക്കപ്പെടണം. സദസ്സുകളിൽ ചർച്ച ചെയ്യപ്പെടണം. അതിനു വേണ്ടി അല്ലാഹുﷻ ആ സംഭവം വിശുദ്ധ ഖുർആനിൽ ഉദ്ധരിച്ചു... 

പിൽക്കാല തലമുറക്കാരിൽ ഇബ്രാഹിം (അ) നെക്കുറിച്ചുള്ള സ്മരണ നിലനിർത്തിയ കാര്യം എടുത്തു പറയുകയും ചെയ്തു. നിസ്കരിക്കുമ്പോൾ, അത്തഹിയ്യാത്തിൽ ഇബ്രാഹിം (അ) ന്റെ പേര് പലതവണ എടുത്തു പറയുന്നു. റബ്ബ് ഹജ്ജിന്റെ കർമ്മങ്ങളിൽ മിക്കതും ഇബ്രാഹിം (അ) നെയും കുടുംബത്തെയും അനുസ്മരിപ്പിക്കുന്നുണ്ട്...

എത്ര സമുന്നതമായ രീതിയിൽ അല്ലാഹുﷻ ആ സ്മരണ നില നിർത്തിയിരിക്കുന്നു. എന്നോർത്ത് നോക്കുക...

ലോകമെമ്പാടുമുള്ള മുസ്ലിംകൾ കൊല്ലത്തിൽ രണ്ട് പെരുന്നാളുകൾ ആഘോഷിക്കുന്നുണ്ട്. ചെറിയ പെരുന്നാളും, വലിയ പെരുന്നാളും. വലി പെരുന്നാളിനെ ബലിപെരുന്നാൾ എന്ന് വിളിക്കുന്നു. ഈദുൽ അള്ഹാ.  

അന്ന് മുസ്ലിംകൾ മൃഗത്തെ ബലിയറുക്കുന്നു. ഇബ്രാഹിം (അ) പുത്രനെ ബലിയറുത്തതിന്റെ സ്മരണ ഉണർത്തുന്ന കർമ്മമാണിത്. ഇസ്മാഈലിന് പകരം അറുക്കാൻ ആടിനെ കൊണ്ടുവന്ന് കൊടുത്തത് ജിബ്രീൽ (അ) ആകുന്നു...  

ഇബ്രാഹിം (അ) ആടിനെ അറുക്കാൻ തുടങ്ങിയപ്പോൾ ജിബ്രീൽ (അ) തക്ബീർ ചൊല്ലി. "അല്ലാഹു അക്ബർ...അല്ലാഹു അക്ബർ"

അപ്പോൾ ഇബ്രാഹിം (അ) ഇങ്ങനെ ചൊല്ലി. "ലാഇലാഹ ഇല്ലല്ലാഹു

അല്ലാഹു അക്ബർ" 

പിതാവിനു പിന്നാലെ ഇസ്മഈൽ ഇങ്ങനെ ചൊല്ലി. "അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്"

പെരുന്നാൾ ദിവസങ്ങളിൽ ലോകമെങ്ങും തക്ബീർ മുഴങ്ങുന്നു. പത്തിന് ജംറത്തുൽ അഖബയിൽ ഏഴ് കല്ലുകൾ എറിയുന്നു. ദുൽഹജ്ജ് പതിനൊന്നിനും പന്ത്രണ്ടിനും പതിമൂന്നിനും മൂന്ന് ജംറകളിലും എറിയണം.   ജംറത്തുൽ ഊലായിൽ ആദ്യം ഏഴ് കല്ലെറിയും. പിന്നെ ജംറത്തുൽ വുസ്ത്വായിൽ ഏഴ് കല്ലെറിയും. അവസാനം ജംറത്തുൽ അഖബായിൽ ഏഴ് കല്ലെറിയും. 

ചില ഹാജിമാർ ദുൽഹജ്ജ് പന്ത്രണ്ടിന് എറിയൽ മതിയാക്കി മടങ്ങിപ്പോവും. ജംറകളിലെ ഏറ് ഇബ്രാഹിം (അ) നെ ഓർമിപ്പിക്കുന്നുണ്ട്. സഫാ മർവക്കിടയിലെ സഅ് യ് ഹാജർ (റ)യെയും, ഇസ്മാഈൽ(അ) നെയും ഓർമിപ്പിക്കുന്നു...


ജീവിത പങ്കാളി റഹ് ല 

ജുർഹൂം ഗോത്രം...

ആ ഗോത്രത്തിലെ നിരവധി കുടുംബങ്ങൾ മക്കയിൽ താമസിക്കുന്നു. ഒരു ഗോത്രത്തലവന്റെ പേരാണ് ജുർഹൂം. അദ്ദേഹത്തിന്റെ സന്താന പരമ്പര ജുർഹൂം ഗോത്രം എന്ന പേരിൽ അറിയപ്പെട്ടു. നൂഹ് നബി (അ) ന്റെ പുത്രനാണ് സാം. സാമിന്റെ സന്താന പരമ്പരയിലാണ് ജുർഹൂം ജനിച്ചത്. ആ പരമ്പര ഇങ്ങനെയാകുന്നു...

നൂഹ് (അ) - സാം - സമഖ്സർ - ശാലം - അൻതർ - ഖഹ്ത്താൻ - ജുർഹൂം 

ജുർഹൂം ഗോത്രക്കാരുടെ ഭാഷ അറബിയായിരുന്നു. മക്കയിൽ താമസമാക്കിയ കുടുംബങ്ങൾ അറബി സംസാരിച്ചു. അവരിൽ നിന്ന് ഹാജറ (റ) യും പുത്രനും അറബി സംസാരിക്കാൻ പഠിച്ചു...  

ജുർഹൂം കുട്ടികൾ. അവരാണ് ഇസ്മാഈലിന്റെ കളിക്കൂട്ടുകാർ. മരുഭൂമിയിൽ ഓടിക്കളിക്കും.  സഫായിലും മർവായിലും കയറും. ദൂര ദിക്കുകളിലെ കാഴ്ചകൾ കാണും. ദൂരെ കച്ചവടസംഘങ്ങൾ പോവുന്നത് കണ്ടാൽ മനസ്സിൽ ആഹ്ലാദം നിറയും...  

മരുഭൂമിയിലെ സായാഹ്നങ്ങൾ. പടിഞ്ഞാറൻ മലകൾക്കു പിന്നിലേക്ക് സൂര്യൻ ഇറങ്ങിപ്പോവും. അതോടെ താഴ് വരയിൽ നേർത്ത ഇരുൾ പരക്കും. പിന്നെ ഇരുട്ടിന് കട്ടി കൂടിവരും. പടിഞ്ഞാറൻ മലകൾക്കപ്പുറത്ത് ആകാശത്ത് കുറച്ച് നേരം വെളിച്ചം കാണാം. അത് മാഞ്ഞാൽ രാത്രിയുടെ വരവായി.  

കുട്ടികൾ അബൂ ഖുബൈസ് മലയിൽ കയറും. അതൊക്കെ ബാല്യ ദശയിലെ കൗതുകങ്ങൾ... 

 പടിഞ്ഞാറൻ ചക്രവാളത്തിലെ ചെഞ്ചോപ്പ് മാഞ്ഞാൽ ഇരുട്ടിന്റെ ആധിപത്യമായി. ഖാഫിലക്കാർ കൊണ്ടുവരുന്ന എണ്ണയുണ്ടെങ്കിലേ വിളക്ക് കത്തിക്കാൻ പറ്റുകയുള്ളൂ...  വിലപിടിപ്പുള്ള വസ്തുവാണ്  എണ്ണ. പല കുടുംബത്തിലും എണ്ണ കാണാനില്ല. രാത്രിയിലെ ആഹാരം സന്ധ്യക്കു മുമ്പെ കഴിക്കും. അതാണ് പതിവ്. ഖാഫിലക്കാർ വല്ലപ്പോഴും കൊണ്ടുവരുന്ന ധാന്യക്കെട്ടിൽ നിന്ന് ഹാജറാക്ക് കുറച്ചു കിട്ടിയാലായി. അത് പൊടിച്ചു മാവുണ്ടാക്കി ഇസ്മാഈലിന് റൊട്ടി ചുട്ടുകൊടുക്കും. മകൻ സ്വാദോടെ കഴിക്കും. ഉമ്മ നിർവൃതിയോടെ നോക്കി നിൽക്കും. പഴവർഗ്ഗങ്ങളാണ് പ്രധാന ആഹാരം. സംസം വെള്ളവും. ഇടക്ക് ഇറച്ചിയും...


മോൻ നല്ല ആരോഗ്യവാനായി വളർന്നുവന്നു. പതിനാല് വയസ്സ് കഴിഞ്ഞപ്പോൾ തന്നെ മോൻ ശക്തനായ യുവാവായിത്തീർന്നു. ജുർഹൂം ഗോത്രത്തിലെ ഒരു നേതാവാണ് സഅദ്ബ്നു ഉസാമ. അദ്ദേഹത്തിനൊരു മകളുണ്ട് പേര് ഉമാറത്ത്...

സഅദിന്റെ മനസ്സിൽ ഇസ്മാഈലിനെക്കുറിച്ച് നല്ല മതിപ്പാണ്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ. നല്ല സ്വഭാവം നല്ല സംസാര രീതി.  ഇസ്മാഈലിനെ തന്റെ മകൾക്ക് ഭർത്താവായി കിട്ടിയാൽ കൊള്ളാം. അതാണ് സഅദിന്റെ ചിന്ത...

മകൾ ഉമാറയോട് സഅദ് വിവരം പറഞ്ഞു. അവൾക്ക് വലിയ താൽപര്യമൊന്നും തോന്നിയില്ല. പക്ഷെ ബാപ്പാക്ക് നിർബന്ധം.  ബാപ്പ നിർബന്ധിച്ചു മകൾ സമ്മതിക്കേണ്ടി വന്നു. മനമില്ലാത്ത സമ്മതം. വേണ്ടപ്പെട്ട എല്ലാവരെയും ക്ഷണിച്ചുവരുത്തി. സദ്യ നൽകി. ആചാരപ്രകാരം വിവാഹം നടന്നു... 

ഉമാറ നല്ലവനായ ഇസ്മാഈലിന്റെ ഭാര്യയായി. ഉമ്മയും മകനും മാത്രമുള്ള ലോകത്തേക്ക് ഉമാറ വിരുന്നുവന്നു. പൊരുത്തക്കേടുകൾ  നിറഞ്ഞതായിരുന്നു ആ ജീവിതം. ഭർത്താവ് ഭാര്യയെ നന്നായി സ്നേഹിച്ചു. ഭാര്യക്ക് അതേ അളവിൽ സ്നേഹം തിരിച്ചു കൊടുക്കാനായില്ല... 

ഒരു ദിവസം ആ വീട്ടിൽ ഒരു വിരുന്നുകാരനെത്തി. ഒരു വൃദ്ധൻ. പുതിയ പെണ്ണിന് ആളെ മനസ്സിലായില്ല.   

"നീ ഇസ്മാഈലിന്റെ ഭാര്യയാണോ?"

"അതെ" 

"അവനെവിടെപ്പോയി?"

"പുറത്ത് പോയി. വേട്ടയാടാനാവും" 

"നിങ്ങളുടെ ജീവിതമൊക്കെയെങ്ങനെ? സന്തോഷമാണോ?"

"എന്ത് സന്തോഷം? കാര്യങ്ങളൊക്കെ ബുദ്ധിമുട്ടിലാണ്. പ്രയാസങ്ങൾ നിറഞ്ഞ ജീവിതം."   

കുറച്ചു നേരം അവർ സംഭാഷണം നടത്തി. കാര്യങ്ങൾ മനസ്സിലാക്കി ഗോത്രത്തലവന്റെ വീട്ടിലെ സൗകര്യങ്ങളൊന്നും ഈ വീട്ടിൽ കാണില്ല. പൊരുത്തപ്പെട്ടു പോവാൻ ഇവർക്ക് കഴിയുന്നുമില്ല. പോവാൻ നേരത്ത് വൃദ്ധൻ ഇങ്ങനെ പറഞ്ഞു...

"നിന്റെ ഭർത്താവ് വന്നാൽ എന്റെ സലാം പറയുക. കട്ടിലപ്പടി മാറ്റിവെക്കണമെന്നും പറയണം." 

വൃദ്ധൻ സ്ഥലം വിട്ടു. ഉമാറ നോക്കിനിന്നു...   


വൈകുന്നേരമായി. ഇസ്മാഈൽ(അ) വീട്ടിൽ വന്നു കയറി. ആരോ വന്നുപോയ പ്രതീതി...


"ഉമാറാ.... ഇവിടെ ആരെങ്കിലും വന്നിരുന്നുവോ?" 

"ങാ....വന്നിരുന്നു" 

"ആര്..?" 

"ഒരു വൃദ്ധൻ"

"എന്നിട്ടദ്ദേഹം എവിടെ?"

"പോയി" 

"വല്ലതും പറഞ്ഞിട്ടാണോ പോയത്?"

"നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്

കട്ടിലപ്പടി മാറ്റിവെക്കണം എന്നും പറഞ്ഞു."


വൃദ്ധന്റെ രൂപം പറഞ്ഞു കൊടുത്തു. ഇസ്മാഈൽ (അ) ന് കാര്യങ്ങൾ ബോധ്യമായി. വന്നത് തന്റെ പിതാവാണ്. കട്ടിലപ്പടി മാറ്റിവെക്കണം എന്ന് പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി. 

ഈ ഭാര്യ നിനക്ക് ചേർന്നവളല്ല. ഒഴിവാക്കണം. അതാണ് സൂചന. ഭർത്താവിൽ നിന്ന് ഭാര്യ വിവരങ്ങളറിഞ്ഞു. ആ ദാമ്പത്യം അങ്ങനെ അവസാനിച്ചു...  

കാലം പിന്നെയും ഒഴുകി. ഒരു വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലെവിടെയോ ഉണ്ട്.   

വിവാഹം നടക്കണം. മക്കളുണ്ടാവണം. മക്കളിലൂടെ സന്താന പരമ്പര നിലനിൽക്കണം. അറബ് ഗോത്രങ്ങൾ രൂപം കൊള്ളണം. അതൊക്കെയാണ് അല്ലാഹുﷻന്റെ പദ്ധതി.  


മുളാള് ബ്നു അംറ്...

സൽഗുണ സമ്പന്നനായ നേതാവ്. ജുർഹൂമിന്റെ പ്രമുഖ നായകൻ. അദ്ദേഹത്തിന്റെ മകളാണ് റഹ് ലത്ത്. ഉപ്പയുടെ സ്വഭാവ ഗുണങ്ങൾ പാരമ്പര്യമായി ലഭിച്ച മകൾ. ഉപ്പ മകൾക്ക് വിവാഹാലോചന നടത്തി. ഇസ്മാഈൽ എന്ന ചെറുപ്പക്കാരനെ   ബന്ധപ്പെട്ടവർ ഇടപെട്ടു വിവാഹമുറപ്പിച്ചു. പുണ്യഭൂമിയിൽ വിവാഹം നടന്നു...   

റഹ് ലയെ ഇസ്മാഈലിന് വളരെ ഇഷ്ടപ്പെട്ടു. ആകർഷകമായ പെരുമാറ്റം. ബുദ്ധിമതി. ത്യാഗസന്നദ്ധത. അല്ലാഹുﷻന്റെ തൃപ്തിക്കുവേണ്ടിയുള്ള ജീവിതം. ഇബ്രാഹിം (അ) ന്റെ ശരീഅത്ത് അനുസരിച്ചാണ് അവരുടെ ജീവിതം.  

അല്ലാഹുﷻ കൽപിച്ചത് എടുക്കുക.

വിരോധിച്ചത് ഒഴിവാക്കുക. 

അതിൽ വിട്ടുവീഴ്ചയില്ല. വിശുദ്ധ ജീവിതം. റഹ് ല ശരിക്കും ജീവിതപങ്കാളിയായി...  

ഒരു ദിവസം അതിഥി വന്നു. ഒരു വൃദ്ധൻ. റഹ് ല ബഹുമാനപൂർവം സ്വീകരിച്ചു. അവർ തമ്മിൽ സംഭാഷണം നടന്നു...  

"നീ ഇസ്മാഈലിന്റെ ഭാര്യയാണോ?" 

"അതെ"

"ഇസ്മാഈൽ എവിടെ?" 

"പുറത്ത് പോയതാണ്"

"നിങ്ങളുടെ ജീവിതമെങ്ങനെ?" 

"അല്ലാഹുﷻന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. വളരെ സ്നേഹത്തിലും സന്തോഷത്തിലുമാണ് ഞങ്ങൾ കഴിഞ്ഞു കൂടുന്നത്." 

"നിങ്ങളുടെ ഭക്ഷണമെന്താണ്?"

"മാംസം"

"എന്താണ് പാനീയം?"

"വെള്ളം"

അത് കേട്ടപ്പോൾ ആഗതൻ ഇങ്ങനെ പ്രാർത്ഥിച്ചു. 

"അല്ലാഹുവേ മാംസത്തിലും വെള്ളത്തിലും നീ അനുഗ്രഹം ചൊരിയേണമേ...! നിന്റെ ഭർത്താവ് വരുമ്പോൾ എന്റെ സലാം പറയുക വാതിൽപ്പടി ഉറപ്പിക്കാനും പറയുക"   

ആഗതൻ മടങ്ങിപ്പോയി...

വൈകുന്നേരം ഇസ്മാഈൽ (അ) വീട്ടിലെത്തി. ആരോ വന്നത് പോലെ തോന്നി. ഭാര്യയോട് ചോദിച്ചു: "ഇവിടെ ആരെങ്കിലും വന്നിരുന്നോ?"

"വന്നിരുന്നു വളരെ ബഹുമാന്യരായ ഒരാൾ."  ആളുടെ രൂപം വിവരിച്ചു കൊടുത്തു. വിവരണം കേട്ട് ഇസ്മാഈൽ (അ) പറഞ്ഞു:  

"അത് എന്റെ വന്ദ്യപിതാവായിരുന്നു. ഉപ്പ എന്ത് പറഞ്ഞിട്ടാണ് പോയത്?"

"നിങ്ങൾ വരുമ്പോൾ സലാം പറയാൻ പറഞ്ഞു. വാതിൽപ്പടി ഉറപ്പിക്കാനും പറഞ്ഞു" 

ഇസ്മാഈൽ (അ) ന്റെ മുഖത്ത് സന്തോഷം പരന്നു. ആവേശത്തോടെ ഇങ്ങനെ പറഞ്ഞു: "നിന്നെ ഭാര്യയായി നിലനിർത്താനാണ് ഉപ്പ പറഞ്ഞത്." 

അത് കേട്ടപ്പോൾ റഹ് ലക്ക് വളരെ സന്തോഷമായി... 

ഇസ്മാഈൽ (അ)ന് ഇരുപത് വയസ്സായപ്പോഴാണ് ഹാജർ(റ) വഫാത്തായത്.  തനിക്കുവേണ്ടി യാതനകൾ ധാരാളം സഹിച്ച ഉമ്മ. ആ ഉമ്മ പോയി. കടുത്ത ദുഃഖം സഹിച്ചു.  പുണ്യ ഭവനത്തിന് സമീപം ഖബറടക്കപ്പെട്ടു. ഇസ്മാഈൽ (അ) ന്റെ മനസ്സിൽ ആവേശകരമായ ഓർമയായി ഉമ്മ നിലനിന്നു. ചരിത്രം ആ സ്മരണകൾ സൂക്ഷിച്ചുവെച്ചു. പിൽക്കാലക്കാർക്കു വേണ്ടി... 


പുനർ നിർമ്മാണം 

ഇസ്മാഈൽ (അ) മുപ്പത് വയസ്സുള്ള യുവാവാണ്. ഒത്ത ശരീരം. ശക്തനായ യുവാവ്. ഉമ്മ വേർപിരിഞ്ഞു പോയിട്ട് പത്ത് വർഷമായി. ഉമ്മയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സഫയും മർവായും സംസമും ഉമ്മയെ ഓർമിപ്പിക്കുന്നുണ്ട്. പിന്നെ എന്തെല്ലാം സംഭവങ്ങൾ. ഒളി മങ്ങാത്ത ഓർമകൾ... 

സംസം കിണർ. മക്കാനിവാസികൾക്കും യാത്രക്കാർക്കും ജല പാനത്തിലുള്ള കിണർ. സംസം ഏറെ പ്രസിദ്ധമായിക്കഴിഞ്ഞു. സംസം കിണറിന്റെ സമീപത്ത് നിൽക്കുകയാണ് ഇസ്മാഈൽ (അ). അമ്പും വില്ലുമുണ്ട്...

അപ്പോൾ അകലെനിന്നൊരാൾ വരുന്നു. സൂക്ഷിച്ചു നോക്കി. ഉപ്പ... മനസ്സ് നിറയെ സന്തോഷമായി. ഉപ്പ അടുത്തെത്തി. സലാം ചൊല്ലി. സന്തോഷത്തോടെ സലാം മടക്കി. ഉപ്പയും മകനും ആലിംഗനം ചെയ്തു.   

വീട്ടിലേക്ക് നടന്നു. വർത്തമാനം  പറഞ്ഞു കൊണ്ടിരുന്നു. 

"മോനേ...എനിക്കൊരു കാര്യം പറയാനുണ്ട്."  

"ഉപ്പ പറഞ്ഞോളൂ...കേൾക്കട്ടെ"

"കഅ്ബ പുതുക്കിപ്പണിയാൻ അല്ലാഹുﷻ കൽപിച്ചിരിക്കുന്നു. നാം രണ്ടു പേരും ചേർന്നു അത് പുതുക്കിപ്പണിയണം. മോൻ എന്നെ സഹായിക്കില്ലേ...."

 "അല്ലാഹുﷻന്റെ കൽപന നടപ്പാക്കാം ഞാൻ ഉപ്പയെ സഹായിക്കാം... അല്ലാഹു ﷻ തുണക്കട്ടെ!" 

അല്ലാഹുﷻനെ ആരാധിക്കാൻ വേണ്ടി ലോകത്ത് നിർമിക്കപ്പെട്ട ഒന്നാമത്തെ ഭവനമാണ് കഅ്ബ. അത് പുനർനിർമ്മിക്കാൻ പോവുകയാണ്. സ്വർഗ്ഗത്തിൽ നിന്നിറക്കപ്പെട്ട രണ്ട് കല്ലുകളുണ്ട്...


1. ഹജറുൽ അസ് വദ് 

2. മഖാമു ഇബ്രാഹിം  


അബൂ ഖുബൈസ് പർവ്വതത്തിലാണ് അവയുള്ളത്. മഹാപ്രളയം വന്ന കാലത്ത് അവ അബൂഖുബൈസിൽ കുഴിച്ചിട്ടതാണ്. അവ പുറത്തെടുക്കാൻ കാലമായി. ഇവിടെ മഹത്തായ ചരിത്രം തുടങ്ങുകയാണ്. 

കഅ്ബാലയത്തിന്റെ പുനർനിർമ്മാണ ചരിത്രം... 

ഹജ്ജിന്റെ വിളംബരം നടക്കേണ്ടതുണ്ട്. മനുഷ്യവർഗ്ഗം ഹജ്ജിനായി ഇവിടെ ഒഴുകിയെത്തേണ്ടതുണ്ട്. ഒരു പിതാവും പുത്രനും ചേർന്ന് ചരിത്രം സൃഷ്ടിക്കണമെന്നാണ് അല്ലാഹുﷻന്റെ നിശ്ചയം...  

വീട്ടിലെത്തിയ പിതാവിന് റഹ് ലയുടെ സ്വാഗതം. ഈ വീട്ടിലെത്താനുള്ള സമുന്നതനായ അതിഥിയാണിത് വന്നത്. മഹത്തായൊരു ദൗത്യനിർവഹണത്തിനും. എല്ലാം സന്തോഷകരം തന്നെ...   


തന്റെ പ്രിയപ്പെട്ട ഭർത്താവ്. 

ഭർത്താവിന്റെ വന്ദ്യപിതാവ്.  


ഇരുവരും ചേർന്ന് കഅ്ബാലയം പുതുക്കിപ്പണിയാൻ പോവുന്നു. ഈ മൺകൂനയിൽ അടിത്തറ കെട്ടും. ആ അടിത്തറയിൽ ചുമരുകൾ കെട്ടും. ആരാധനാലയം ഉയർന്നു വരും. ഓർക്കുമ്പോൾ വല്ലാത്ത നിർവൃതി...

ഉപ്പയും പുത്രനും ആഹാരം കഴിച്ചു. വീട്ടിൽ നിന്നിറങ്ങി. ഭർത്താവ് ആയുധങ്ങളുമായി മലഞ്ചെരിവിലേക്ക് പോയി. കല്ലുകൾ വെട്ടിയെടുക്കാൻ തുടങ്ങി. ആയുധം കല്ലിൽ തട്ടുന്ന ശബ്ദം കേൾക്കാം. അപ്പോൾ  ദൃഢമായ മാംസപേശികൾ ശക്തമായി ചലിക്കുന്നു.  വെട്ടി മിനുസപ്പെടുത്തിയ കല്ലുകൾ മാറ്റിവെച്ചു. അപ്പോൾ ജിബ്രീൽ (അ) വന്നു തണലിട്ട് കാണിച്ചു കൊടുത്തു. തണൽ വീണ സ്ഥലമാണ് കഅ്ബ...

കഅ്ബയുടെ അതിരുകൾ മനസ്സിലായി. അവിടെ ചാലു കീറി. അടിത്തറയുടെ പണി തുടങ്ങി. മകൻ കല്ല് ചുമന്നുകൊണ്ട് വന്നു. പിതാവ് അടിത്തറയുടെ പണി തുടങ്ങുകയായി. അനുഗ്രഹീത നിമിഷങ്ങൾ വന്നു. തറക്കല്ലിട്ടു. പിന്നെ പണിക്ക് വേഗത കൂടി...


കത്തിജ്ജ്വലിക്കുന്ന സൂര്യൻ. ചൂടുപിടിച്ച മരുഭൂമി. വെയിലിൽ തളരാത്ത പിതാവും പുത്രനും. 

ശരീരത്തിൽ വിയർപ്പുതുള്ളികൾ. അനുഗ്രഹീത ഭവനത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അടിത്തറയുടെ പണി തീരാറായി...

റഹ് ലയുടെ കൈ വേഗത വർദ്ധിച്ചു. ആഹാര സാധനങ്ങളൊരുക്കുകയാണ്. പുണ്യഭവനത്തിന്റെ നിർമ്മാണം നടത്തുന്നവർക്ക് ആഹാരം നൽകണം. അതും പുണ്യകർമ്മമാണ്.  

ദാഹമകറ്റാൻ സംസം വെള്ളം. സൂര്യൻ തന്റെ ജോലി മുറപോലെ നിർവഹിക്കുന്നു രാവിലെ ഉദിക്കുന്നു. പിന്നെ ഉയർന്നു സഞ്ചരിക്കുന്നു. വൈകുന്നേരം അസ്തമിക്കുന്നു...   

കഅ്ബാലയത്തിന്റെ നിർമ്മാണം കണ്ടുകൊണ്ടുള്ള സഞ്ചരം. മലക്കുകൾ മഖാമു ഇബ്രാഹിം കൊണ്ടുവന്നു. ഉയർന്നു കൊണ്ടിരിക്കുകയാണ്. ചുമർ നിലത്തുനിന്ന് കെട്ടാൻ പറ്റാത്ത ഉയരമായി. മഖാമു ഇബ്റാഹീമിൽ കയറി നിൽക്കണം.   

മകൻ മഖാമു ഇബ്രാഹിം നീക്കിയിട്ടുകൊടുക്കും. പിതാവ് അതിൽ കയറിനിൽക്കും. പുത്രൻ കല്ലെടുത്തുകൊടുക്കും. പിതാവ് അത് വാങ്ങി ചുമരിൽ വെക്കും. അതവിടെ ഉറപ്പിക്കും. ആ ഭാഗം കെട്ടിക്കഴിഞ്ഞാൽ പിതാവ് താഴെയിറങ്ങും. പുത്രൻ കല്ല് നീക്കിയിട്ട് കൊടുക്കും...


ഹജറുൽ അസ് വദ് വെക്കാൻ സമയമായി. മലക്ക് ഹജറുൽ അസ് വദ് കൊണ്ടു വന്നു. പിതാവ് ബഹുമാനത്തോടെ ഏറ്റുവാങ്ങി. ഹജറുൽ അസ് വദ് ചുമരിൽ ഉറപ്പിക്കാൻ പോവുകയാണ്. എല്ലാം ജിബ്രീൽ (അ) പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്...

എല്ലാ ആദരവോടുംകൂടി ഹജറുൽ അസ് വദ് ചുമരിൽ സ്ഥാപിച്ചു. കെട്ടിടത്തിന്റെ പ്രധാന മൂലയിലാണത് സ്ഥാപിക്കപ്പെട്ടത്. ഇവിടം മുതലാണ് ത്വവാഫ് നടത്തുക. ത്വവാഫ് തുടങ്ങാനുള്ള അടയാളമാണിത്. ഹജറുൽ അസ് വദ് ചുംബിക്കുക. 

എന്നിട്ടാണ് ത്വവാഫ് തുടങ്ങുക. 

കഅ്ബാലയത്തിന് നാല് ചുമരുകളുണ്ട്. നാല് മൂലകളുമുണ്ട്. അനുഗ്രഹീത ഭവനം ഉയർന്നു വന്നു. അല്ലാഹുﷻന്റെ അനുഗ്രഹം...  

കഅ്ബാലയത്തിന്റെ പണി പൂർത്തിയായി. മഖാമു ഇബ്രാഹിം മുൻഭാഗത്തേക്ക് മാറ്റിയിട്ടു. മഖാമു ഇബ്രാഹീമിൽ ഇബ്രാഹിം (അ) ന്റെ പാദങ്ങൾ നന്നായി പതിഞ്ഞിട്ടുണ്ട്. വിരലുകൾ വ്യക്തമായി കാണാം... അല്ലാഹു ﷻ ഇബ്രാഹിം (അ) നെ മനുഷ്യവർഗ്ഗത്തിന്റെ നേതാവായി നിയോഗിച്ചു...

അതറിഞ്ഞപ്പോൾ ഇബ്രാഹിം (അ) പ്രാർത്ഥിച്ചു. "റബ്ബേ... എന്റെ സന്താന പരമ്പരയിൽ നിന്ന് നീ നേതാക്കളെ നിയോഗിക്കേണമേ..." അല്ലാഹു ﷻ ആ പ്രാർത്ഥന സ്വീകരിച്ചു. ഇസ്മാഈൽ (അ) നെ നേതാവാക്കി. പിന്നീട് ജനിച്ച ഇസ്ഹാഖിനെയും നേതാവാക്കി. രണ്ട് പരമ്പരകളുണ്ടായി. രണ്ടിലും ധാരാളം നേതാക്കൾ...

ഇമാം എന്ന പദമാണ് വിശുദ്ധ ഖുർആൻ ഉപയോഗിച്ചത്. അക്രമികളെ അല്ലാഹു ﷻ ഇമാം ആക്കുകയില്ല. ചില വിശുദ്ധ ഖുർആൻ വചനങ്ങളുടെ ആശയം നോക്കുക:


وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ ۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِي ۖ قَالَ لَا يَنَالُ عَهْدِي الظَّالِمِينَ 

"ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില വാക്കുകൾ (കൽപനകൾ) മൂലം പരീക്ഷണം നടത്തിയ സന്ദർഭം ഓർക്കുക, എന്നിട്ട് അവ അദ്ദേഹം പൂർത്തിയാക്കി നിർവഹിച്ചു. അല്ലാഹു ﷻ പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാക്കുകയാണ്. ഇബ്രാഹിം പറഞ്ഞു: എന്റെ സന്തതികളിൽ നിന്നും (നേതാക്കളെ ഉണ്ടാക്കേണമേ...) അല്ലാഹു പറഞ്ഞു: എന്റെ കരാറ് അക്രമികൾക്ക് ബാധകമാവുകയില്ല." (2:124) 


ആ ഭവനത്തെ (കഅ്ബയെ) നാം മനുഷ്യർക്ക് ഒരു സങ്കേതവും ഒരു  നിർഭയ സ്ഥാനവും ആക്കിവെച്ച സന്ദർഭം ഓർക്കുക.   

മഖാമു ഇബ്റാഹീമിൽ ഒരു നിസ്കാര സ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുവീൻ..!


وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ

ഇബ്റാഹീമിനും ഇസ്മാഈലിനും നാം കൽപന കൊടുക്കുകയും ചെയ്തിരിക്കുന്നു.    ത്വവാഫ് ചെയ്യുന്നവർക്കും ഭജനമിരിക്കുന്നവർക്കും സാഷ്ടാംഗം ചെയ്യുന്നവർക്കും കുമ്പിട്ട് നിസ്കരിക്കുന്നവർക്കും വേണ്ടി നിങ്ങൾ രണ്ടാളും എന്റെ വീടിനെ ശുദ്ധിയാക്കിവെക്കണം. (2:125) 

കഅ്ബാലയവും പരിസരവും ശുദ്ധിയാക്കി വെക്കണം. അല്ലാഹുﷻന്റെ കൽപനയാണത് പിതാവും പുത്രനും അത് നിർവ്വഹിച്ചു. മഖാമു ഇബ്റാഹീമിൽ നിസ്കാര സ്ഥാനം ഏർപ്പെടുത്തുക. ഹജ്ജിനും ഉംറക്കും പോകുന്നവരെല്ലാം കഅ്ബാലയം ത്വവാഫ് ചെയ്യുന്നു. ത്വവാഫിനു ശേഷം മഖാമു ഇബ്റാഹീമിന്റെ  പിന്നിൽ നിസ്കരിക്കുന്നു... 

ഇബ്രാഹിം (അ) മക്കാനിവാസികൾക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തിയിട്ടുണ്ട്. മക്കക്കാർക്ക് ധാരാളം പഴവർഗ്ഗങ്ങൾ കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു.  ഇതൊരു നിർഭയ രാജ്യമാക്കാൻ വേണ്ടി പ്രാർത്ഥിച്ചു. അല്ലാഹു ﷻ ആ പ്രാർത്ഥന കേട്ട് ഉത്തരം നൽകുകയും ചെയ്തു. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം... 

"ഇബ്രാഹിം പറഞ്ഞ സന്ദർഭം ഓർക്കുക. എന്റെ റബ്ബേ നീ ഇതൊരു നിർഭയ രാജ്യമാക്കുകയും അതിലെ ആൾക്കാർക്ക് പഴവർഗ്ഗങ്ങളിൽ നിന്ന് ആഹാരം നൽകുകയും ചെയ്യേണമേ...! അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവർക്ക് (ആഹാരം നൽകേണമേ.. )


وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ


അല്ലാഹു പറഞ്ഞു: സത്യനിഷേധികൾക്കും ആഹാരം നൽകുന്നതാണ്. എന്നാൽ സത്യനിഷേധിയെ ഞാൻ അൽപം സുഖിപ്പിക്കും. പിന്നീട് അവനെ ഞാൻ നരകശിക്ഷയിലേക്ക് വരാൻ നിർബന്ധിക്കുന്നതാണ്. ആ വന്നുചേരുന്ന സ്ഥാനം വളരെ ചീത്തയാണ്" (2:126) 


സത്യവിശ്വാസികൾക്കും സത്യനിഷേധികൾക്കും അല്ലാഹു ﷻ ആഹാരം നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ നൽകും. ഒരു കാലം വരെ മാത്രം. പിന്നെയൊരു പിടുത്തമുണ്ട്. സത്യനിഷേധികൾ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്...


വസ്വിയ്യത്ത് 

പിതാവും പുത്രനും അല്ലാഹുﷻനെ സ്തുതിച്ചു. അൽഹംദുലില്ലാഹ്☝????

അതിമഹത്തായൊരു കാര്യം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. മനുഷ്യവർഗ്ഗ ചരിത്രത്തിലെ മഹാസംഭവം. കഅ്ബയുടെ പുനർനിർമ്മാണം. നിർമ്മാണം പൂർത്തിയായ സന്ദർഭം. അവിസ്മരണീയമാണത്‌. അനുഗ്രഹീതമാണത്...


وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ

അല്ലാഹു ﷻ പറയുന്നത് ശ്രദ്ധിക്കുക. " ആ വീടിന്റെ അടിത്തറ ഇബ്റാഹീമും ഇസ്മാഈലും കെട്ടി ഉയർത്തിയ സന്ദർഭം ഓർക്കുക. (അവർ പ്രാർത്ഥിച്ചു) ഞങ്ങളുടെ റബ്ബേ! ഞങ്ങളിൽ നിന്ന് ഈ കർമ്മം നീ സ്വീകരിക്കേണമേ! നിശ്ചയം നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും." (2:127)


رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ


എല്ലാവർക്കും പഠിക്കാനുള്ള മഹത്തായ പാഠം ഈ പ്രാർത്ഥനയിലുണ്ട്. നന്നായി അധ്വാനിച്ചു. അല്ലാഹുﷻന്റെ ഭവനം പടത്തുയർത്തി. ഈ കർമ്മം നീ സ്വീകരിക്കണമേ എന്നാണ് പിതാവും പുത്രനും പ്രാർത്ഥിക്കുന്നത്. ഇതാണ് ആത്മാർത്ഥത. എല്ലാം അല്ലാഹുﷻനു വേണ്ടി മാത്രം. എല്ലാം അവൻ കേൾക്കുന്നു. എല്ലാം അവൻ അറിയുന്നു...

ഇനിയെന്താണ് പിതാവിനും പുത്രനും പറയാനുള്ളത്. ഞങ്ങളെ രണ്ടു പേരെയും മുസ്ലിംകളാക്കേണമേ! ഞങ്ങളുടെ സന്താന പരമ്പരയിൽ നിന്ന് മുസ്ലിം സമൂഹത്തെ ഉണ്ടാക്കണമേ! ആ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...


رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ


"ഞങ്ങളുടെ റബ്ബേ... ഞങ്ങളെ രണ്ടു പേരെയും (നിനക്ക് കീഴൊതുങ്ങിയ) മുസ് ലിംകളാക്കണമേ! ഞങ്ങളുടെ സന്താന പരമ്പരയിൽ മുസ്ലിം സമൂഹത്തെ ഉണ്ടാക്കണമേ! ഞങ്ങൾക്ക് ഞങ്ങളുടെ ആരാധനാ കർമ്മങ്ങൾ കാണിച്ചു തരികയും, ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയം നീ തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും. കരുണയുള്ളവനും." (2:128)


അല്ലാഹു ﷻ വളരെയേറെ പശ്ചാത്താപം സ്വീകരിക്കും. കരുണ നിറഞ്ഞവനുമാണവൻ. ആ നിലയിൽ തന്നെ അല്ലാഹുﷻനെ നാം അറിയണം. ഇസ്മാഈൽ (അ)ന്റെ പരമ്പരയിൽ ഒരൊറ്റ പ്രവാചകൻ മാത്രമേ വന്നിട്ടുള്ളൂ. അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ ...


رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ

ആ പ്രവാചകന്റെ നിയോഗത്തിന് വേണ്ടി ഇബ്റാഹീം (അ) പ്രാർത്ഥന നടത്തുന്നു. അതിങ്ങനെ "ഞങ്ങളുടെ റബ്ബേ! അവരിൽ, അവരിൽ നിന്ന് തന്നെയുള്ള ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! അവർക്ക് നിന്റെ ദൃഷ്ടാന്തങ്ങൾ ഓതി കൊടുക്കുകയും, അവർക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ നീ നിയോഗിക്കണേ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും അഗാധജ്ഞനും." (2:129)


അന്ത്യപ്രവാചകരുടെ നിയോഗത്തെക്കുറിച്ചാണ് ഈ വചനത്തിൽ പറയുന്നത്. അന്ത്യ പ്രവാചകന് എന്തൊക്കെ കാര്യങ്ങളാണ് നിർവഹിക്കാനുള്ളത്. തന്റെ സമൂഹത്തിന് വിശുദ്ധ ഖുർആൻ ഓതിക്കൊടുക്കുക, അത് പഠിപ്പിക്കുക, അവർക്ക് വിജ്ഞാനം നൽകുക, അവരെ സംസ്കരിക്കുക. ഈ പ്രാർത്ഥനയും സഫലീകരിക്കപ്പെട്ടു...


സഹസ്രാബ്ദങ്ങൾക്കു ശേഷം. സാംസ്കാരികമായി തകർന്നുപോയ ഒരു സമൂഹത്തെ നബി ﷺ സംസ്കരിച്ചെടുത്തു. അവർ പുണ്യാത്മക്കളായി മാറി. മാതൃകാ പുരുഷന്മാരായി. എല്ലാ സൽഗുണങ്ങൾക്കും അവർ മാതൃകയായിത്തീർന്നു...

ഇബ്റാഹീം(അ) ന്റെ സമൂഹം അവർ നമുക്കു മാതൃകയാണ്. ഇബ്റാഹീമിന്റെ മാർഗ്ഗം. മില്ലത്ത് ഇബ്റാഹീം. ബുദ്ധിയുള്ളവർ അത് പിൻപറ്റും. അതിനെ അവഗണിച്ചു തള്ളുന്നവർ ആരാണ്? സ്വയം ദോഷന്മാരായവർ. ചീത്തയായവർ...

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:


 وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ


"ആരാണ് ഇബ്റാഹീമിന്റെ മാർഗ്ഗത്തോട് അതൃപ്തി കാണിക്കുക. തന്നെത്തന്നെ ദോഷനാക്കിയവനല്ലാതെ? ഇഹത്തിൽ നാം അദ്ദേഹത്തെശുദ്ധനായി നാം തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് തീർച്ചയായും അദ്ദേഹം സജ്ജനങ്ങളിൽ പെട്ടവനാകുന്നു." (2:130)


إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ

അല്ലാഹു ﷻ ഇബ്റാഹീം (അ) യോട് മുസ്ലിമാവാൻ ആവശ്യപ്പെട്ടു. ഉടനെ അദ്ദേഹം മുസ്ലിമായി. വിശുദ്ധ ഖുർആൻ പറയുന്നു: അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ മുസ്ലിയാവുക (കീഴൊതുങ്ങുക) എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു. (2:131)


وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ


ഇബ്റാഹീം(അ) തന്റെ മക്കളോട് വസ്വിയ്യത്ത് ചെയ്തത് ഇപ്രകാരമായിരുന്നു. നിങ്ങൾ മുസ്ലിംകളായി കൊണ്ടല്ലാതെ മരണപ്പെടരുത്. യഅഖൂബ് മക്കളോട് പറഞ്ഞതും ഇത് തന്നെ. വിശുദ്ധ ഖുർആനിൽ ഈ വസ്വിയ്യത്ത് കാണാം. " ഇതിനെ പറ്റി ഇബ്റാഹീം തന്റെ മക്കളോട്  വസ്വിയ്യത്തും ചെയതിരിക്കുന്നു. യഅഖൂബും വസ്വിയ്യത്ത് ചെയ്തു. എന്റെ മക്കളെ ! തീർച്ചയായും അല്ലാഹു ﷻ നിങ്ങൾക്ക് മതത്തെ ശുദ്ധമാക്കി തിരഞ്ഞെടുത്ത് തന്നിരിക്കുന്നു. അത്കൊണ്ട് നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ തീർച്ചയായും മരണപ്പെട്ടു പോവരുത്." (2:132)

ഇബ്റാഹീം (അ) മക്കൾക്കു നൽകിയ വസ്വിയ്യത്ത് അതുതന്നെയാണ്. മക്കൾ അവരുടെ മക്കൾക്കു നൽകിയ വസ്വിയ്യത്തും. അങ്ങനെ നിരവധി പ്രവാചകന്മാരിലൂടെ ഇസ്ലാം കടന്നുവന്നു...

പിതാവും പുത്രനും ചേർന്ന് കഅബ പുതുക്കിപ്പണിതു. അതിനു ശേഷം പ്രാർത്ഥന നടത്തി. ജിബ്രീൽ (അ) ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചുകൊടുത്തു. അല്ലാഹുﷻന്റെ കൽപന വന്നു. ജനങ്ങളിൽ ഹജ്ജ് വിളംബരം ചെയ്യുക. അതൊരു വല്ലാത്ത കൽപന തന്നെ. ആരോടാണ് വിളംബരം ചെയ്യേണ്ടത്? ജനങ്ങളോട്. ജനങ്ങളെവിടെ..? 

ഇനിയും ജനിച്ചിട്ടില്ലാത്ത ജനകോടികൾ അവരോടാണ് ഹജ്ജിന്റെ ആഹ്വാനം. വിളിച്ചു കൊള്ളുക. കേൾപ്പിക്കുന്നവൻ ഞാനാണ്. വിശുദ്ധ ഖുർആനിൽ ഹജ്ജ് എന്ന പേരിൽ ഒരദ്ധ്യായം ഉണ്ട്. അതിലെ ഇരുപത്തേഴാം വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു...


وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ

"ജനങ്ങളിൽ ഹജ്ജ് വിളംബരം ചെയ്യുക. എന്നാൽ കാൽനടക്കാരായും, വിദൂരസ്ഥമായ സകല വഴികളിൽ കൂടിയും വന്നു കൊണ്ടിരിക്കുന്ന ക്ഷീണിച്ചു മെലിഞ്ഞവർ വാഹന പുറത്തായും അവർ നിന്റെ അടുക്കൽ വന്നുകൊള്ളുന്നതാണ്." (22:27)

അന്ത്യനാൾ വരെയുള്ള സത്യവിശ്വസികളോടാണ് ഈ ആഹ്വാനം. ആത്മാവുകൾ അതിന്നുത്തരം നൽകുകയും ചെയ്തു. لبيك اللهم لبيك അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകുന്നു. എല്ലാ പ്രദേശത്തും വിളിയെത്തി.  വിളിക്കുത്തരവും വന്നു. ഇതാ പുതുയുഗപ്പിറവിയായി... 

ജിബ്രീൽ (അ) കാണിച്ചു കൊടുത്ത രീതിയിൽ ഇബ്റാഹീം (അ) ഹജ്ജ് ചെയ്തു.  പുത്രനും ഹജ്ജ് ചെയ്തു. കഅബാലയം പരിശുദ്ധമായി സൂക്ഷിക്കണം. ആ ചുമതല ഇസ്മാഈൽ (അ)നാകുന്നു. കഅബാലയം പുനർനിർമ്മിക്കുക എന്ന വിശുദ്ധ കർമ്മം പൂർത്തിയായി. ഹജ്ജ് ചെയ്തു. ജനങ്ങളിൽ ഹജ്ജ് പ്രഖ്യാപനം ചെയ്തു. ഇനി ഇബ്റാഹീം (അ) മടങ്ങുകയാണ്...


തലമുറകൾ കൈവഴികൾ

കുടുംബ ജീവിതം സന്തോഷകരമാണ്. അല്ലാഹുﷻന്റെ അനുഗ്രഹം. റഹ് ല പുത്രന്മാരെ പ്രസവിച്ചു കൊണ്ടിരുന്നു. യോഗ്യരായ പുത്രന്മാർ. ബുദ്ധിമാന്മാർ. ആരോഗ്യവാന്മാർ. അവർ ഇസ്മാഈൽ(അ) നോടൊപ്പം കഅ്ബാലയത്തിൽ വരും. പുണ്യ ഭവനത്തിന്റെ ശുശ്രൂഷ നടത്തും. റഹ് ലയുടെ സ്നേഹവും വാത്സല്യവും ഉപദേശങ്ങളും അവരെ കരുത്തരാക്കി... 


പന്ത്രണ്ട് പുത്രന്മാർ... 

അവരെ നേർവഴി നടത്താൻ മാതാപിതാക്കൾ. അവരുടെ ഖിബ്ലയാണ് കഅ്ബ. അങ്ങോട്ടു തിരിഞ്ഞുനിന്നാണ് പ്രാർത്ഥന. ഇസ്മാഈൽ(അ) ആ സമൂഹത്തിന്റെ പ്രവാചകനാണ്. കഅ്ബയുടെ ആദ്യ പരിചാരകന്മാർ. പന്ത്രണ്ട് പുത്രന്മാർ...

ഇബ്രാഹിം (അ) മക്കയിൽ വീണ്ടുമെത്തി. പൗത്രന്മാരുമായുള്ള കണ്ടുമുട്ടൽ. അവരൊന്നിച്ചുള്ള പ്രാർത്ഥനകൾ. റഹ് ലയുടെ കളങ്കമില്ലാത്ത ഭക്തി. ഇസ്മാഈൽ (അ) തന്റെ മാതാവിനെക്കുറിച്ച് മക്കളോട് സംസാരിച്ചു. അവരത് കേട്ടു. പ്രിയപ്പെട്ട ഉമ്മൂമ ഹാജറ. സഫ കാണുമ്പോൾ അവർ ഉമ്മൂമയെ ഓർത്തു. മർവ കാണുമ്പോഴും ഉമ്മൂമയെ ഓർത്തു.  സംസം കുടിക്കുമ്പോൾ ഓർമകൾ വരും... 

ഒരുപാട് കഥകൾ കേട്ടു. എല്ലാം ഓർമയിലുണ്ട്. മക്കൾ വളർന്നു വലുതായി. അവരുടെ ജീവിതം കഅ്ബായുടെ തണലിലാണ്. പിൽക്കാല അറബ് സമൂഹം ഇവരിൽ നിന്നാണ് രൂപംകൊള്ളേണ്ടത്. പന്ത്രണ്ട് പുത്രന്മാരിൽ നിന്ന് പന്ത്രണ്ട് ഗോത്രങ്ങൾ വളർന്നു വരണം. അവർ അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസം ഉറപ്പിക്കണം... 

ഹജ്ജിന് വേണ്ടി ആളുകൾ വന്നു തുടങ്ങി. കൊല്ലങ്ങൾ കഴിയുംതോറും ആളുകളുടെ എണ്ണം വർദ്ധിച്ചുവന്നു. അവരെ പരിചരിക്കാൻ ഇസ്മാഈൽ(അ) ഭാര്യയോടും മക്കളോടുമൊപ്പം രംഗത്തുണ്ട്. ഹജ്ജുമ്മമാർ റഹ് ലയെ കാണും. പലതും ചോദിച്ചറിയും. സംസമും പഴവർഗ്ഗങ്ങളും നൽകി റഹ് ല അവരെ സ്വീകരിക്കും. സംസം കിണർ. ഹാജിമാർ അതിലെ വെള്ളം കൊണ്ടുപോവുന്നു. സംസമിന്റെ പ്രശസ്തി വർദ്ധിക്കുന്നു. എല്ലാവർക്കും വേണം പുണ്യജലം...

ഇസ്മാഈൽ(അ) ന്റെ പുത്രന്മാരെല്ലാം വിവാഹിതരായി. പന്ത്രണ്ട് കുടുംബങ്ങളായി. സന്താന പരമ്പരകളായി. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസമാക്കി. പന്ത്രണ്ട് ഗോത്രങ്ങളുണ്ടായി. ഓരോ ഗോത്രത്തിലും നിരവധി കുടുംബങ്ങൾ. പരമ്പരകളിൽ ധാരാളം പ്രമുഖന്മാരുണ്ടായി. പേരെടുത്ത കവികളും വാഗ്മികളും ജനനായകന്മാരുമുണ്ടായി. ഹജ്ജ് കാലമായാൽ അവരെല്ലാം മക്കയിലെത്തും. കഅ്ബയുടെ തണലിൽ അവർ ഒത്തുചേരും. ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കും. പൂർവികരുടെ ചരിത്രം ഓർമിക്കും... 

ഹാജറ(റ) നേരത്തെ മരണപ്പെട്ടിരുന്നു. അന്ന് ഇസ്മാഈൽ(അ) ന് ഇരുപത് വയസ് പ്രായമായിരുന്നു. ഇസ്മാഈൽ(അ) പതിനാല് വയസ്സുള്ളപ്പോഴാണ് സാറ (റ) ഗർഭിണിയായത്. അവർ ആൺകുഞ്ഞിനെ പ്രസവിച്ചു. ഇസ്ഹാഖ് (അ)...  

സാറ(റ) ക്ക് നൂറ്റി ഇരുപത്തേഴ്. വയസ്സായി. വൃദ്ധയായി. അവർ മരണപ്പെട്ടു. കൻആനിലെ ഹിബ്രൂൺ എന്ന പ്രദേശത്ത് ഖബറടക്കി. പിന്നീട് ഇബ്രാഹിം (അ) മരണപ്പെട്ടു. ഹിബ്രൂണിൽ ഖബറടക്കപ്പെട്ടു...

ഇസ്ഹാഖ് (അ) ജനങ്ങളെ സന്മാർഗത്തിലേക്കു നയിച്ചു.  മക്കയിൽ ഇസ്മാഈൽ(അ) വഫാത്തായി.  റഹ് ല (റ)യും വഫാത്തായി. കാലം അവരുടെ ഓർമ്മകൾ സൂക്ഷിച്ചു...

അവർ തുടങ്ങിവെച്ച സൽകർമ്മങ്ങൾ മക്കൾ പിന്തുടർന്നു പോന്നു. കഅ്ബയെ പരിശുദ്ധമായി സൂക്ഷിക്കുക. ഹറം ശരീഫിന്റെ പവിത്രത സൂക്ഷിക്കുക. ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുക. തൗഹീദിന്റെ വെളിച്ചം പരത്തുക. ഹജ്ജിന് വരുന്നവർക്കു സേവനം നൽകുക. ഇതൊക്കെയാണവർക്ക് നിർവ്വഹിക്കാനുള്ളത്... 

ഇബ്രാഹിം മഖാം കഅ്ബാലയത്തിന്റെ മുറ്റത്ത് തന്നെയുണ്ട്. ചരിത്രത്തിന്റെ സൂക്ഷിപ്പ് സ്വത്ത്. ഇബ്രാഹിം (അ) ന്റെ പാദങ്ങൾ പതിഞ്ഞ കല്ല്. ആ അടയാളങ്ങൾ ആളുകളെ അഗാധമായി ചിന്തിപ്പിച്ചു. അവരതിൽ തൊട്ടുതടവി. കാലം ഒഴുകുകയാണ്. പഴയ തലമുറക്കാർ മരിച്ചു തീരുന്നു. പുതിയ തലമുറകൾ വന്നു കൊണ്ടിരിക്കുന്നു. ഇബ്രാഹിം (അ)ന്റെ വിളി കേട്ട നിരവധി പേർ അക്കൂട്ടത്തിലുണ്ട്... 

അവർ لبيك اللهم لبيك  ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് പുണ്യഭൂമിയിലേക്കു വന്നു കൊണ്ടിരിക്കുന്നു. അവർ കഅ്ബാലയം ചുറ്റുന്നു. മഖാമു ഇബ്രാഹിംമിൽ നിസ്കരിക്കുന്നു. സംസം കുടിക്കുന്നു. സഫാക്കും മർവാക്കും ഇടയിൽ സഅ് യ് നടത്തുന്നു. പുണ്യപുരുഷന്മാരെ ഓർക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു...

ഹാജറ(റ), ഇസ്മാഈൽ(അ), റഹ് ല(റ) തുടങ്ങി എത്രയെത്ര പുണ്യാത്മാക്കൾ ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. പിൽക്കാല തലമുറകളുടെ മാർഗ്ഗദീപങ്ങൾ. അവരുടെ ഓർമകൾ കാലം കാത്തു സൂക്ഷിക്കും. ഈ ലോകം നിലനിൽക്കുന്ന കാലത്തോളം...

ഇസ്‌മാഈൽ (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ...☝????


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസിയ്യത്തു ചെയ്യുന്നു.

No comments:

Post a Comment