ഈ ബ്ലോഗിൽ തന്നെയുള്ള ഹനഫി മദ്ഹബ് പ്രകാരമുള്ള മയ്യിത്ത് സംസ്കരണ വിധിയുടെ മറ്റൊരു ലേഖനം വായിക്കാം
അളവറ്റ പ്രതിഫലങ്ങൾ നിറഞ്ഞ ഒരു മഹത്തായ നന്മയാണ് മയ്യിത്ത് സംസ്കരണം. മയ്യിത്ത് സംസ്കരണത്തിന് അവസരം ലഭിക്കുന്ന ഓരോരുത്തര്‍ക്കും വളരെ പ്രധാനപ്പെട്ട പുണ്യങ്ങള്‍ക്കുള്ള സൗഭാഗ്യമാണ് ലഭിക്കുന്നത്. ആ നന്‍മകള്‍ എന്തെല്ലാമാണെന്ന് അറിയുകയും കഴിയുന്നത്ര നല്ല നിലയില്‍ നിര്‍വഹിക്കുകയും ചെയ്യണം. രോഗം,മരണം, മയ്യിത്ത് പരിപാലനം എന്നീ ക്രമത്തിൽ മയ്യിത്ത് സംസ്കാരണം പഠന വിധേയമാക്കാം.
എല്ലാ രോഗത്തിനും മരുന്നുണ്ട്
സത്യവിശ്വാസിക്ക് രോഗവും അനുഗ്രഹമാണ്. ഇഹത്തിലും പരത്തിലും അങ്ങനെതന്നെ. രോഗം എന്നത് അല്ലാഹുവിന്‍റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമാണ്. രോഗം ബാധിച്ചാല്‍ രോഗശമനം നൽകുന്നതും അല്ലാഹുവാണ്. ഇബ്റാഹീം നബി (അ) യുടെ ഒരു പ്രസ്താവന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു.
وَإِذَا مَرِضْتُ فَهُوَ يَشْفِينِ (سورة الشعراء)
എനിക്ക് രോഗം ബാധിച്ചാല്‍ അല്ലാഹുവാണ് എന്നെ സുഖപ്പെടുത്തുന്നത്. (ഖുർആൻ)
എല്ലാ രോഗങ്ങൾക്കും അല്ലാഹു ﷻ മരുന്ന് നിശ്ചയിച്ചിട്ടുണ്ട്.
അബൂഹുറൈറ (റ) നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനുള്ള ഒരു മരുന്നും ഇറക്കിയിട്ടല്ലാതെ (ബുഖാരി)
എല്ലാ രോഗങ്ങൾക്കും അല്ലാഹു ﷻ മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. ഏതെങ്കിലും രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിൽ ആ രോഗത്തിന് മരുന്നില്ല എന്നല്ല പ്രത്യുത ആ മരുന്ന് അപ്പോൾ കണ്ടുപിടിച്ചിട്ടില്ലെന്ന് മാത്രമാകുന്നു.
ഔഷധങ്ങളെക്കുറിച്ചുള്ള വിജ്ഞാനം മനുഷ്യർ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം ചികിത്സിക്കുമ്പോൾ അല്ലാഹുവിന്റെ ﷻ സഹായത്താൽ ശമനമുണ്ടാകും.
രോഗം വന്നാൽ ചികിത്സിക്കാത്ത ചില മതവിശ്വാസികളും ലോകത്തുണ്ട്. ‘ദൈവം തന്നത് ദൈവം തന്നെ മാറ്റട്ടെ’ എന്നാണ് അവരുടെ ന്യായം സ്വൂഫികളും ത്വരീക്വത്ത് പ്രസ്ഥാനക്കാരും ഇതേകാര്യം ജനങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ, അല്ലാഹു ﷻ ഒരു കാര്യം നേടുവാൻ വേണ്ടി നിശ്ചയിച്ച് തന്നിട്ടുള്ള മാർഗങ്ങളെ സമീപിക്കുക എന്നത് തവക്കുലിന് എതിരല്ല. അല്ലാഹു നമ്മോട് ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം വളരെ കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് അല്ലാഹുവിൽ ﷻ ഭരമേൽപിക്കേണ്ടത്
ജാബിർ (റ) നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ രോഗങ്ങൾക്കും പരിഹാരമുണ്ട്. ശരിയായ മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ ﷻ തീരുമാനപ്രകാരം ആ രോഗം ഭേദപ്പെടുന്നതാണ്. (മുസ്ലിം)
ചികിത്സയും ജാഗ്രതയും
മനുഷ്യന് ബാധിക്കുന്ന എല്ലാവിധ രോഗങ്ങൾക്കും ചികിത്സിക്കുവാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ഉസാമ ബ്നു ശരീക് (റ) പറയുന്നു: ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നു, അ സ്വഹാബികൾ തലയിൽ പക്ഷികളെപ്പോലെ ഇരിക്കുകയായിരുന്നു. അവിടുത്തെ സ്വഹാബികളാകട്ടെ അവരുടെ തലയിൽ ഒരു പക്ഷി ഇരുന്നാൽ (എത്ര നിശബ്ദരായി ഇരിക്കുമോ അതേപോലെ ഇരിക്കുകയായിരുന്നു). ഞാൻ സലാം പറഞ്ഞിട്ട് അവിടെ ഇരുന്നു. അപ്പോൾ കുറച്ച് അഅ്റാബികൾ അങ്ങോട്ടും ഇങ്ങോട്ടും വന്നു. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ വൈദ്യചികിത്സ പ്രയോജനപ്പെടുത്തണോ? അദ്ദേഹം മറുപടി പറഞ്ഞു: വൈദ്യചികിത്സ പ്രയോജനപ്പെടുത്തുക, വാർദ്ധക്യം എന്ന ഒരു രോഗമൊഴികെ. രോഗത്തിനുള്ള പ്രതിവിധി നിശ്ചയിക്കാതെ അല്ലാഹു ﷻ ഒരു രോഗവും ഉണ്ടാക്കിയിട്ടില്ല. (അബൂദാവൂദ്)
രീതികളും മര്യാദകളും
രോഗികളോട് യോഗ്യതയുള്ള ഒരു ഡോക്ടറുടെ ചികിത്സ നേടാനും പഥ്യം സൂക്ഷിക്കുവാനും പ്രവാചകൻ ﷺ കൽപ്പിക്കാറുണ്ടായിരുന്നു. ( സാദുൽമആദ് )
ചികിത്സക്ക് കൃത്യമായ ചട്ടങ്ങളും രീതികളും ശരീഅത്ത് മുന്നോട്ട് വെക്കുന്നുണ്ട്. ആത്മീയവും മാനസികവുമായ ചികിത്സാ രീതികള്‍ക്കും പ്രത്യേക നിയമങ്ങളുണ്ട്. ഡോക്ടർന്മാര്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്.
- വൈദ്യശാസ്ത്രത്തില്‍ നൈപുണ്യമുള്ള വ്യക്തിയായിരിക്കണം ചികിത്സിക്കേണ്ടത്. വൈദ്യ സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് എന്നിവ ഇന്ന് അനിവാര്യമായ കാര്യമാണ്. അത് ശരീഅത്ത് പരിഗണിക്കുന്ന കാര്യം തന്നെയാണ്.
- പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയുള്ളവനായിരിക്കണം. മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായിരിക്കണം. കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ തന്റേടമുള്ളവനായിരിക്കണം.
- രോഗി, ഡോക്ടർ എന്നിവയുമായി ബന്ധപ്പെട്ട ശരീഅത്തിന്റെ വിധിവിലക്കുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം.
- ഇസ്‌ലാമിന്റെ മഹിതമായ സ്വഭാവം സിദ്ധിച്ചവനായിരിക്കണം.
- വൈദ്യശാസ്ത്ര മേഖലയില്‍ തനിക്കുള്ള കഴിവിനെപ്പോലെത്തന്നെ മറ്റുള്ളവരുടെ കഴിവുകളെയും ബഹുമാനിക്കണം.
- അധ്വാനത്തിന്റെ രഹസ്യങ്ങളും മൂല്യങ്ങളുമുള്‍ക്കൊള്ളണം.
- രോഗികളുടെ സമ്മതമില്ലാതെ അവര്‍ക്കുമേല്‍ പരീശീലനം നടത്താന്‍ മുതിരരുത്.
- ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്ന ആരോഗ്യവുമായി ബന്ധപ്പെട്ട ചിട്ടകളും നിയമങ്ങളും തീരുമാനങ്ങളും കൃത്യമായി പാലിക്കണം.
ഹറാം ഉപയോഗിച്ച് ചികിത്സ പാടില്ല
നബി ﷺ പറഞ്ഞു. നിഷിദ്ധമായ വസ്തുക്കളെ മരുന്നായി ഉപയോഗിക്കുന്നത് തങ്ങൾ വിലക്കിയിരുന്നു. അല്ലാഹു ﷻ നിങ്ങൾക്ക് നിഷിദ്ധമായ കാര്യങ്ങളിൽ ഒരു പരിഹാരവും ഉണ്ടാക്കിയിട്ടില്ല. ( അബൂദാവൂദ്, ബൈഹഖി)
തങ്ങൾ ﷺ പറഞ്ഞു: നിങ്ങൾക്ക് രോഗം വരുന്നതിനുമുമ്പ് നിങ്ങളുടെ ആരോഗ്യത്തിൽ നിന്ന് എന്തെങ്കിലും പ്രയോജനം നേടുക, മരിക്കുന്നതിനുമുമ്പ് നിങ്ങളുടെ ജീവിതത്തെ പ്രയോജനപ്പെടുത്തുക.(തിർമിദി)
മരണ സ്മരണ
തങ്ങൾ ﷺ പറഞ്ഞു. സർവ്വ രസങ്ങളെയും മുറിച്ചു കളയുന്ന മരണത്തിനെ നിങ്ങൾ ഓർക്കുക (തിർമിദി)
തങ്ങൾ ﷺ പറഞ്ഞു: മരണം വിശ്വാസിക്കുള്ള ഒരു സമ്മാനമാണ്.(ബൈഹഖി)
മരണം ആഗ്രഹിക്കൽ
മരണം ആഗ്രഹിക്കലും അതിനായി പ്രാർത്ഥിക്കലും നിഷിദ്ധമാണ്. തങ്ങൾ ﷺ പറഞ്ഞു: നിങ്ങളിൽ ആരും മരണം ആഗ്രഹിക്കരുത് വേദനയോ കഷ്ടപ്പാടോ കാരണം അതിനായി പ്രാർത്ഥിക്കരുത്. ആന്തരിക പ്രേരണയാൽ നിർബന്ധിതനാണെങ്കിൽ അവൻ ഇപ്രകാരം ദുആ ചെയ്യണം
اللَّهُمَّ أَحْيِنِي مَا كَانَتِ الحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الوَفَاةُ خَيْرًا لِي
അല്ലാഹുവേ ﷻ ജീവിതം എനിക്ക് നന്മയാണെങ്കിൽ എന്നെ ജീവിപ്പിക്കുക മരണമാണ് എനിക്ക് നന്മയെങ്കിൽ എന്നെ മരിപ്പിക്കുക.(ബുഖാരി)
ആരോഗ്യ സമയത്തെ പ്രതിഫലം
അബു മൂസ അൽ അശ്അരി (റ) നിവേദനം: തങ്ങൾ ﷺ പറഞ്ഞു: ഒരു ദാസൻ രോഗിയായോ യാത്രയിലോ ആയിരിക്കുമ്പോൾ ഈ അസുഖം മൂലമോ യാത്ര മൂലമോ തന്റെ പതിവ് ആരാധനകൾ നിർവഹിക്കാൻ സാധിക്കാതെ വരുമ്പോൾ ആരോഗ്യവാനായിരിക്കുമ്പോഴും താമസസ്ഥലത്തായിരിക്കുമ്പോഴും പ്രവർത്തിച്ചിരുന്ന അതേ രീതിയിൽ തന്നെ അവന്റെ കർമ്മങ്ങൾ അല്ലാഹുവിന്റെ അടുക്കൽ രേഖപ്പെടുത്തുന്നു. ( ബുഖാരി )
ദറജകൾ ഉയരുന്നു
അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരു മനുഷ്യന് അല്ലാഹുവിന്റെ അടുത്ത് ഒരു സ്ഥാനമുണ്ടാവുകയും എന്നാൽ കർമങ്ങൾകൊണ്ട് ആ സ്ഥാനം കൈവരിക്കാൻ അയാൾക്ക് സാധിക്കാതിരിക്കുകയും ചെയ്താൽ ജീവിതത്തിൽ പ്രയാസങ്ങൾ നൽകി പരീക്ഷിച്ചുകൊണ്ട് അല്ലാഹു ﷻ അയാളെ ആ സ്ഥാനത്തെത്തിക്കുന്നതാണ്. (അബൂയഅ്ല)
അബ്ദുല്ല(റ) പറയുന്നു: നബി ﷺ യുടെ രോഗസമയത്ത് ഞാൻ അങ്ങയുടെ അടുക്കൽ ചെന്നു. അദ്ദേഹത്തിന് ശക്തമായ പനിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു; അങ്ങേക്ക് കഠിനമായ പനിയുണ്ടല്ലോ. താങ്കൾക്ക് ഇരട്ടി പ്രതിഫലമുണ്ടാകുവാനായിരിക്കുമിത്. നബി ﷺ പറഞ്ഞു; അതെ, ഒരു മുസ്ലിമിനെ വിഷമം ബാധിച്ചാൽ, അവന്റെ പാപങ്ങൾ അല്ലാഹു ﷻ പൊറുത്തു കൊടുക്കും; മരത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ.(ബുഖാരി)
അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി.(ബുഖാരി)
രോഗിയുടെ ദുആ
തങ്ങൾ ﷺ പറഞ്ഞു നിങ്ങൾ രോഗികളെ സന്ദർശിക്കുക. അവരോട് നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെടുക. തീർച്ചയായും രോഗിയുടെ ദുആ സ്വീകരിക്കപ്പെടുന്നതാണ്. അവരുടെ പാപം പൊറുക്കപ്പെടുന്നതാണ്.
മറ്റൊരു ഹദീസിൽ മലക്കുകളുടെ ദുആ പോലെ രോഗികളുടെ ദുആ സ്വീകരിക്കപ്പെടുന്നതാണ്.
രോഗിയായിരിക്കെ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ നാൽപത് തവണ ചൊല്ലുന്നവൻ മരണപ്പെട്ടാൽ രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം അവന് ലഭിക്കും.അവൻ സുഖം പ്രാപിച്ചാൽ അവന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. (ഹാക്കിം)
രോഗാവസ്ഥയിൽ لَا إِلَهَ إِلَّا اللَّهُ اللَّهُ أَكْبَرُ ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ، لَا إِلَهَ إِلَّا اللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ. ചൊല്ലി മരിച്ചാൽ, അവനെ നരകത്തീ തിന്നില്ല (തിർമിദി)
രോഗാവസ്ഥയിൽ ആത്മാർത്ഥതയോടെയും ഉത്സാഹത്തോടെയും اللَّهُمَّ ارْزُقْنِي شَهَادَةً فِي سَبِيْلِكَ، وَاجْعَلُ مَوْتِي بِبَلَدِ رَسُولِكَ. ചൊല്ലണം.(ബുഖാരി)
സന്ദർശന മഹത്വം
അലി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരുമുസ്ലിം മറ്റൊരു മുസ്ലിമിനെ വൈകുന്നേര പ്രഭാത സമയത്ത് രോഗ സന്ദ൪ശനം നടത്തിയാല്‍ പ്രഭാതo വരെ എഴുപതിനായിരം മലക്കുകൾ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്. പ്രഭാത സമയത്താണ് ഒരാള്‍ മുസ്ലിമിനെ രോഗ സന്ദ൪ശനം നടത്തുന്നതെങ്കില്‍, എഴുപതിനായിരം മലക്കുകൾ വൈകുന്നേരo വരെ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്. (അബൂദാവൂദ്)
തങ്ങൾ ﷺ ഏതെങ്കിലും സ്വഹാബികൾ രോഗിയായാൽ സന്ദർശിക്കാറുണ്ടായിരുന്നു.( സാദുൽമആദ് )
സൗബാന്‍ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താന്‍ മടങ്ങുന്നതുവരെ അയാള്‍ സ്വര്‍ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു. (മുസ്ലിം).
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി (അഹ്മദ് )
ഉമ്മുസലമ (റ) നിവേദനം: നബി ﷺ പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ പറയും (മുസ്ലിം)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا أَنْزَلَ اللَّهُ دَاءً إِلاَّ أَنْزَلَ لَهُ شِفَاءً رواه البخاري
عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ رواه مسلم
عَنْ أُسَامَةَ بْنِ شَرِيكٍ، قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَأَصْحَابُهُ كَأَنَّمَا عَلَى رُءُوسِهِمُ الطَّيْرُ فَسَلَّمْتُ ثُمَّ قَعَدْتُ فَجَاءَ الأَعْرَابُ مِنْ هَا هُنَا وَهَا هُنَا فَقَالُوا يَا رَسُولَ اللَّهِ أَنَتَدَاوَى فَقَالَ “ تَدَاوَوْا فَإِنَّ اللَّهَ عَزَّ وَجَلَّ لَمْ يَضَعْ دَاءً إِلاَّ وَضَعَ لَهُ دَوَاءً غَيْرَ دَاءٍ وَاحِدٍ الْهَرَمُ رواه أبو داود
عَنْ هلال بن يساف، قَالَ: ( «دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى مَرِيضٍ يَعُودُهُ، فَقَالَ: " أَرْسِلُوا إِلَى طَبِيبٍ " فَقَالَ قَائِلٌ: وَأَنْتَ تَقُولُ ذَلِكَ يَا رَسُولَ اللَّهِ؟ قَالَ: " نَعَمْ، إِنَّ اللَّهَ عَزَّ وَجَلَّ لَمْ يُنْزِلْ دَاءً إِلَّا أَنْزَلَ لَهُ دَوَاءً» )
[ابن القيم، زاد المعاد في هدي خير العباد، ١٢٢/٤]
وعَنْ أَبِي الدَّرْدَاءِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ اللَّهَ أَنْزَلَ الدَّاءَ وَالدَّوَاءَ وَجَعَلَ لِكُلِّ دَاءٍ دَوَاءً ، فَتَدَاوَوْا وَلاَ تَدَاوَوْا بِحَرَامٍ ) رواه ابو داود
وعَنْ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا، عَنِ النَّبِيِّ ﷺ قَالَ: إِنَّ اللَّهَ لَمْ يَجْعَلْ شِفَاءَكُمْ فِيمَا حَرَّمَ عَلَيْكُمْ.أَخْرَجَهُ الْبَيْهَقِيُّ
عن أبي هريرة قال: قال رسولُ الله ﷺ: أكثروا ذكر هادم اللَّذات: الموت. رواه الترمذي
عَنْ أَبِي عَبْدِ الرَّحْمَنِ الْحُبُلِيِّ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:( تُحْفَةُ الْمُؤْمِنِ: الْمَوْتُ ) رواه الحاكم
عن أبي موسى - رضي الله عنهما - قال: قال رسول الله - صلى الله عليه وسلم -: ((إذا مرض العبد أو سافر كتب له مثل ما كان يعمل مقيمًا صحيحًا))؛ رواه البخاري
حدثنا أَبُو هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “إِنَّ الرَّجُلَ لِيَكُونُ لَهُ عِنْدَ اللَّهِ الْمَنْزِلَةُ ، فَمَا يَبْلُغُهَا بِعَمَلٍ فَمَا يَزَالُ اللَّهُ يَبْتَلِيهِ بِمَا يَكْرَهُ ، حَتَّى يُبَلِّغَهُ إِيَّاهَا”.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ وَهْوَ يُوعَكُ وَعْكًا شَدِيدًا، وَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا. قُلْتُ إِنَّ ذَاكَ بِأَنَّ لَكَ أَجْرَيْنِ. قَالَ “ أَجَلْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ ”.
عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: عُودُوا الْمَرْضَى، وَمُرُوهُمْ فَلْيَدْعُوا لَكُمْ، فَإِنَّ دَعْوَةَ الْمَرِيضِ مُسْتَجَابَةٌ، وَذَنْبُهُ مَغْفُورٌ .المعجم الأوسط
عَنْ عُمَرَ بْنِ الْخَطَّابِ، قَالَ: قَالَ لِي النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِذَا دَخَلْتَ عَلَى مَرِيضٍ، فَمُرْهُ أَنْ يَدْعُوَ لَكَ؛ فَإِنَّ دُعَاءَهُ كَدُعَاءِ الْمَلَائِكَةِ ورواه ابن السني
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
عَنْ عَلِيٍّ، قَالَ مَا مِنْ رَجُلٍ يَعُودُ مَرِيضًا مُمْسِيًا إِلاَّ خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ وَمَنْ أَتَاهُ مُصْبِحًا خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُمْسِيَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ
عَنْ ثَوْبَانَ، مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ
عَنْ أَبِي هُرَيْرَةَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ
عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ
രോഗ സന്ദർശന മര്യാദകൾ
ഇസ്‌ലാമിൽ രോഗിയെ സന്ദർശിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. അതിനാൽ ചില ഉലമാക്കൾ സന്ദർശനം വാജിബാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം ബുഖാരിയുടെ അഭിപ്രായവും ഇതാണ്. അല്ലാമ ഇബ്‌നു ഹജർ അസ്ഖലാനി (റ) പറയുന്നു: സന്ദർശനത്തിന്റെ വിധി അടിസ്ഥാനപരമായി മുസ്തഹബ്ബാണ്. ചിലപ്പോൾ ചില ആളുകൾക്ക് ഇത് നിർബന്ധമാണ്. (ഫത്ഹുൽബാരി)
സന്ദർശനം നിർബന്ധമാണോ അല്ലയോ എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. രോഗിക്ക് നിരവധി പരിചാരകർ ഉണ്ടെങ്കിൽ മുസ്തഹബ്ബാണ്. അവനെ പരിചരിക്കാൻ ആരുമില്ലെങ്കിൽ അത് നിർബന്ധമാണ്. അല്ലാമ ബഗവിയും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. (ഖാമുസ് അൽ-ഫിഖ്ഹ്: 4/418)
രോഗിയോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കാനും, അവന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കാനും, കഴിയുന്നത്ര സഹകരിക്കാനും ഒരു മുസ്ലീമിന് കടമയുണ്ട്. രോഗിയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയോ പരിചാരകരോട് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയോ ചെയ്യുക എന്നതാണ് ഏറ്റവും താഴ്ന്ന തലത്തിലുള്ള സന്ദർശനം.
സാഹചര്യങ്ങൾ മനസ്സിലാക്കണം
രോഗിയോട് പൂർണ്ണമായും അനുകമ്പയുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും ഉയർന്ന തലത്തിലുള്ള സന്ദർശനം അതായത് രോഗിക്ക് പണമില്ലെന്നും അല്ലാഹു തനിക്ക് സമ്പത്ത് നൽകിയിട്ടുണ്ടെന്നും അതിനാൽ പണം നൽകി അദ്ദേഹത്തെ പിന്തുണയ്ക്കുക; അങ്ങനെ ശരിയായ ചികിത്സ നൽകാൻ കഴിയും, സേവനം ആവശ്യമുണ്ടെങ്കിൽ, സേവനം നൽകണം, ശരിയായ ഡോക്ടറിലേക്ക് നയിക്കണം, സ്വന്തം അറിവനുസരിച്ച് ശരിയായതും ഉപയോഗപ്രദവുമായ ഉപദേശം നൽകണം.
അല്ലാഹുവിന്റെ ﷻ തൃപ്തിയും പ്രതിഫലവും തേടുക എന്ന ഉദ്ദേശ്യത്തോടെയാണ് സന്ദർശനങ്ങൾ നടത്തേണ്ടത്, പദവി, സ്ഥാനം, സമ്പത്ത് എന്നിവ നേടുന്നതിനോ സന്ദർശനം അവഗണിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്താതിരിക്കുന്നതിനോ വേണ്ടിയല്ല സന്ദർശനങ്ങൾ നടത്തേണ്ടത്.
സന്ദർശനത്തിന് അനുയോജ്യ സമയം
നമ്മുടെ സന്ദർശനം മൂലം രോഗിക്ക് പ്രയാസമുണ്ടാകരുത്. രോഗി ഉറങ്ങുന്ന സമയത്ത് അല്ലെങ്കിൽ വിശ്രമ സമയത്ത് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കുടുംബക്കാരോടോ പരിചാരകരോടോ അനുയോജ്യമായ സമയം അന്വേഷിച്ച് അറിഞ്ഞു പോകലാണ് ഉത്തമം.
രോഗിക്ക് ആശ്വാസം സൗമ്യമായ രീതിയിലുള്ള പെരുമാറ്റം തിരഞ്ഞെടുക്കുക. സാഹചര്യങ്ങളെ മനസ്സിലാക്കി പെരുമാറുക. ഒരുപാട് സമയം രോഗിയുടെ അടുക്കൽ ഇരിക്കൽ കൊണ്ട് രോഗിയെ ബുദ്ധിമുട്ടിക്കാതിരിക്കുക. പെട്ടെന്ന് തന്നെ സന്ദർശനം അവസാനിപ്പിക്കുക.
ഇന്ന് രോഗ സന്ദർശനത്തിന് പോകുമ്പോൾ ഫ്രൂട്സ് പോലെയുള്ള എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകണം എന്നത് ഒരു പ്രത്യേക സുന്നത്തോ വാജിബൊ എന്നതുപോലെ ജനങ്ങൾ മനസ്സിലാക്കുന്നു. ഒന്നുമില്ലാതെ പോയാൽ വീട്ടുകാർ എന്ത് വിചാരിക്കും എന്നെല്ലാം ചിന്തിക്കുന്നു. അങ്ങനെ കൊണ്ടുപോകുന്നതിന് പ്രത്യേകം സുന്നത്തില്ല. പലപ്പോഴും ഈ കാരണങ്ങൾ കൊണ്ട് തന്നെ സന്ദർശനം എന്ന വലിയ പ്രതിഫലമുള്ള കാര്യത്തിൽ നാം ഒഴിവാകുന്നു. സാധിക്കുന്നവർ എന്തെങ്കിലും ഹദ്യ നൽകാവുന്നതാണ് അത് രോഗ സന്ദർശനത്തിന് പ്രത്യേകം സുന്നത്ത് അല്ല. സാധിക്കാത്തവർ സന്ദർശനത്തിന് പ്രാധാന്യം നൽകി പ്രതിഫലം നേടുക.
ആശ്വസിപ്പിക്കുക പ്രതീക്ഷ നൽകുക
ഉമ്മുഅലാഅ് (റ) നിവേദനം: അവ൪ പറഞ്ഞു: ഞാന്‍ രോഗിയായിരിക്കെ നബി ﷺ എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഉമ്മുഅലാഅ് സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്ക് തീ പോക്കുന്നതുപോലെ ഒരു മുസ്ലിമിന്റെ രോഗം മൂലം അല്ലാഹു ﷻ അവന്റെ പാപങ്ങള്‍ പോക്കികളയും. (അബൂദാവൂദ്)
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞു: രോഗികളെ സന്ദർശിക്കുമ്പോൾ ബഹളം വയ്ക്കാതിരിക്കുകയും കുറച്ച് ഇരിക്കുകയും ചെയ്യുന്നത് സുന്നത്താണ്. (മിഷ്കാത്ത്)
രോഗികളെ സന്ദർശിക്കാൻ ഒരു ദിവസമോ സമയമോ നിശ്ചയിക്കുന്നത് തിരുമേനി (സ)യുടെ സുന്നത്തിൽ ഉണ്ടായിരുന്നില്ല, എന്നാൽ അദ്ദേഹം (സ) രാവും പകലും ആവശ്യാനുസരണം എല്ലാ സമയത്തും രോഗികളെ സന്ദർശിക്കുമായിരുന്നു (സാദുൽമആദ്)
തിരുമേനി (സ) രോഗിയുടെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ തലയിൽ ഇരുന്ന് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച് അദ്ദേഹത്തിന്റെ ആരോഗ്യം എങ്ങനെയുണ്ട്? ചോദിക്കുമായിരുന്നു: ( സാദുൽമആദ് )
രോഗിയെ സന്ദർശിക്കാൻ തിരുമേനി (സ) പോയാൽ, അദ്ദേഹം രോഗിയുടെ നെറ്റിയിലും കൈയിലും കൈ വയ്ക്കുമായിരുന്നു, എന്തെങ്കിലും ആവശ്യപ്പെട്ടാൽ രോഗിക്ക് ബുദ്ധിമുട്ട് വരുത്തില്ലെങ്കിൽ ആവശ്യപ്പെട്ടത് നൽകാൻ കൽപ്പിക്കും ആയിരുന്നു.(ഹിസ്നുഹസീൻ)
രോഗിയെ സമാധാനിപ്പിക്കൽ ആരോഗ്യത്തിനായുള്ള പ്രാർത്ഥനകൾ
തിരുമേനി (സ) തന്റെ അനുഗ്രഹീത കൈ രോഗിയുടെ നെറ്റിയിൽ വയ്ക്കുമായിരുന്നു, തുടർന്ന് കൈകൾ നെഞ്ചിലും വയറ്റിലും തടവിക്കൊണ്ട് പ്രാർത്ഥിക്കുമായിരുന്നു: അല്ലാഹുവേ! അദ്ദേഹത്തെ സുഖപ്പെടുത്തുക, അദ്ദേഹം (സ) രോഗിയുടെ അടുത്തേക്ക് പോകുമ്പോൾ അദ്ദേഹം പറയും: വിഷമിക്കേണ്ട കാര്യമില്ല, ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും. പലതവണ അദ്ദേഹം പറയും: ഈ രോഗം പാപങ്ങൾക്ക് പ്രായശ്ചിത്തവും ശുദ്ധീകരണവുമായി മാറും. (സാദുൽമആദ്)
രോഗിയെ സന്ദർശിക്കുമ്പോൾ ഉള്ള ദുആ.
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
അർത്ഥം : സാരമില്ല, സുഖമായിക്കൊള്ളും ഇൻശാഅല്ലാഹ്. (ബുഖാരി)
തങ്ങൾ ﷺ വലതു കൈ രോഗിയുടെ നെറ്റിയിലോ ബാധിച്ച സ്ഥലത്തോ വെച്ച് കൊണ്ട്
اللَّهُمَّ أَذْهِبِ الْبَأْسَ رَبَّ النَّاسِ، إِشْفِ أَنتَ الشَّافِيُّ لَا شِفَاءَ إِلَّا شِفَاءُكَ شِفَاءٌ لَّا يُغَادِرُ سَقَمًا
എന്ന് ദുആ ചെയ്യുമായിരുന്നു
അർത്ഥം : മനുഷ്യരുടെ റബ്ബേ, വിഷമങ്ങൾ അകറ്റി ഇദ്ദേഹത്തിന് ശമനം നൽകേണമേ. നീയാണല്ലോ ശമനം നൽകുന്നവൻ. നിന്റെ ശമനമല്ലാതെ യാതൊരു ശമനവും പ്രതീക്ഷിക്കാനില്ല. യാതൊരു രോഗവും ബാക്കിയാകാത്തവിധം നീ ഇദ്ദേഹത്തിന് ശമനം മൽകേണമേ. (ബുഖാരി)
ഇങ്ങനെയും ദുആ ചെയ്യുമായിരുന്നു اللَّهُمَّ اشْفِهِ اللَّهُمَّ عَافِهِ. (അല്ലാഹുവേ ﷻ! അവനെ സുഖപ്പെടുത്തേണമേ, ഓ അല്ലാഹു ﷻഅവന് ആരോഗ്യം നൽകേണമേ)
അല്ലെങ്കിൽ ഈ പ്രാർത്ഥന ഏഴ് തവണ ചൊല്ലുക
:أَسْأَلُ اللهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ، أَنْ يَشْفِيَكَ
അതിഗാംഭീര്യമുള്ള ‘അർശി’ന്റെ റബ്ബും, മഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കൾക്ക് രോഗശമനം വരുത്തുവാൻ ഞാൻ തേടുന്നു.നബി ﷺ പറഞ്ഞു: “ഇങ്ങനെ (മുകളിലെ പോലെ) പ്രാർത്ഥിച്ചാൽ, ആ രോഗിയുടെ (മരണ) സമയമായിട്ടില്ലെങ്കിൽ അല്ലാഹു ﷻ ആ രോഗത്തിന് ശമനം നൽകാതിരിക്കില്ല..(അബു ദാവൂദ്)
ഉസ്മാൻ ബിൻ അബിൽആസ് (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം തന്റെ ശരീരത്തിന്റെ ഏതോ ഭാഗത്ത് വേദനയുണ്ടെന്ന് അല്ലാഹുവിന്റെ ദൂതനോട് പരാതിപ്പെട്ടു. അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: വേദനയുള്ള സ്ഥലത്ത് നിങ്ങളുടെ കൈ വയ്ക്കുക, മൂന്ന് തവണ പറയുക
بسْمِ اللهِ എന്നും ഏഴ് തവണയും:- أَعُوذُ باللَّهِ وَقُدْرَتِهِ مِن شَرِّ ما أَجِدُ وَأُحَاذِرُ
ഞാൻ കണ്ടെത്തുന്നതിന്റെയും ഞാൻ ഭയപ്പെടുന്നതിന്റെയും ദോഷത്തിൽ നിന്ന് അല്ലാഹുവിന്റെ മഹത്വത്തിലും അവന്റെ ശക്തിയിലും ഞാൻ അഭയം തേടുന്നു.
അദ്ദേഹം പറഞ്ഞു: ഞാൻ അങ്ങനെ ചെയ്തു, അല്ലാഹു ﷻ എന്റെ വേദന നീക്കി. (സ്വഹീഹ് മുസ്ലിം)
ആർക്കെങ്കിലും മുറിവോ, പരിക്കോ മറ്റേതെങ്കിലും രോഗമോ ഉണ്ടായാൽ, അവൻ അയാളുടെ മേൽ ഊതി, ചൂണ്ടുവിരൽ നിലത്ത് വെച്ച ശേഷം ഈ പ്രാർത്ഥന ചൊല്ലും.
:بِسْمِ اللَّهِ تُرْبَةُ أَرْضِنَا بِرِيقَةِ بَعْضِنَا يَشْفِى سَقِيمَنَا بِإِذْنِ رَبِّنَا
അർത്ഥം: അല്ലാഹുവിന്റെ ﷻ നാമത്തിൽ ഞാൻ അനുഗ്രഹങ്ങൾ തേടുന്നു, ഇത് നമ്മുടെ നാട്ടിലെ മണ്ണാണ്, ഇത് നമ്മിൽ ഒരാളുടെ ഉമിനീരുമായി കലർന്നതാണ്, അങ്ങനെ നമ്മുടെ നാഥന്റെ അനുമതിയോടെ നമ്മുടെ രോഗിയെ സുഖപ്പെടുത്താൻ കഴിയും.(സാദുൽമആദ്)
ആയിശ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ (സ) രോഗിയായപ്പോൾ, അദ്ദേഹം മുഅവ്വിദത്ത് ഓതി സ്വയം ഊതി അനുഗ്രഹീതമായ കൈ ശരീരത്തിൽ തടവുമായിരുന്നു. പിന്നീട് അദ്ദേഹം മരണത്തിന് കാരണമായ രോഗം ബാധിച്ചപ്പോൾ, അദ്ദേഹം ഓതിക്കൊണ്ടിരുന്ന അതേ മുഅവ്വിദത്ത് ഞാൻ ഓതി അദ്ദേഹത്തിന്റെ മേൽ ഊതി. അദ്ദേഹത്തിന്റെ അനുഗ്രഹീതമായ കൈ ശരീരത്തിൽ തടവുമായിരുന്നു.( ബുഖാരി)
കുറിപ്പ്: മുഅവ്വിദത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൂറ ഇഖ്ലാസ്, സൂറ ഫലഖ്, സൂറ അന്നാസ് എന്നിവയാണ്. അവ ഓതി കൈപ്പത്തിയിൽ ഊതണം, തുടർന്ന് തല മുതൽ കാൽ വരെ ശരീരം മുഴുവൻ തടവണം. ഇത് മൂന്ന് തവണ ചെയ്യണം.
عن عائشة رضي الله عنها: أن رسول الله صلى الله عليه وسلم كان إذا اشتكى نفث على نفسه بالمعوذات، ومسح عنه بيده، فلما اشتكى وجعه الذي توفي فيه طفقت أنفث على نفسه بالمعوذات التي كان ينفث، وأمسح بيد النبي صلى الله عليه وسلم عنه.وراه البخاري ومسلم
عَنْ أُمِّ الْعَلاَءِ، قَالَتْ عَادَنِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا مَرِيضَةٌ فَقَالَ : أَبْشِرِي يَا أُمَّ الْعَلاَءِ فَإِنَّ مَرَضَ الْمُسْلِمِ يُذْهِبُ اللَّهُ بِهِ خَطَايَاهُ كَمَا تُذْهِبُ النَّارُ خَبَثَ الذَّهَبِ وَالْفِضَّةِ .
മരണം ആസന്നമായാൽ
ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട മയ്യിത്ത് പരിപാലനത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മരണാസന്നമായാൽ ചെയ്യേണ്ട കാര്യങ്ങളും തുടർന്ന് ശ്രദ്ധിക്കേണ്ട വിഷയങ്ങളും. കാരണം മരണാസന്ന സമയത്ത് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ധാരണയുള്ളവർ അവിടെ ഹാജരാകണമെന്നില്ല. മരണമറിഞ്ഞു പിന്നീട് ആയിരിക്കും വരുന്നത്. തുടർന്നുള്ള കാര്യങ്ങൾ അവർ ചെയ്യുമെങ്കിലും ഇക്കാര്യങ്ങളിൽ അറിവില്ലായ്മയുടെ പേരിൽ വീഴ്ചവരുന്നത് കാണുന്നുണ്ട്
അബൂ സഈദ് ഖുദ്രി (റ) നിവേദനം: നബി ﷺ തങ്ങൾ പറഞ്ഞു: മരിക്കുന്നവരോട് لا اله إلا الله ചൊല്ലി കൊടുക്കുക ( മുസ്ലിം)
മരണാസന്ന സമയം
മരിക്കുന്ന വ്യക്തി ഖിബ്ലയെ അഭിമുഖീകരിക്കണം അവൻ തന്നെ (മരണത്തോടടുത്ത്)
اللَّهُمَّ اغْفِرُ لِي وَارْحَمْنِي وَالْحِقْنِي بِالرَّفِيقِ الْأَعْلَى എന്നും لَا إِلَهَ إِلَّا اللهُ എന്നും اللَّهُمَّ أَعِنِّى عَلَى غَمَرَاتِ الْمَوْتِ وَسَكَرَاتِ الْمَوْت
എന്നുമുള്ള ദുആ ചൊല്ലണം (ബുഖാരി, തിർമിദി)
മസ്അല : മരണത്തിന്റെ അടയാളങ്ങൾ ഒരാളിൽ പ്രകടമാകുമ്പോൾ ഖിബ്ല വലതുവശത്ത് വരുന്ന തരത്തിൽ ( വടക്കോട്ട് തലയും തെക്കോട്ടു കാലും ) കിടത്തുക തല ഖിബ്ലയിലേക്ക് ചെറുതായി തിരിക്കുക. ഇത് സാധ്യമല്ലെങ്കിൽ കാലുകൾ ഖിബ്ലയിലേക്ക് നേരെ വരുന്ന രീതിയിൽ കിടത്തുക. തലയ്ക്ക് താഴെ ഒരു തലയിണ വെച്ച് ചെറുതായി ഉയർത്തുക. ഈ രീതിയിൽ അവൻ ഖിബ്ലയെ അഭിമുഖീകരിക്കും. ഇതാണ് ഏറ്റവും അനുയോജ്യമായ രൂപം (റദ്ദുൽ മുഖ്താർ 2/189)
മസ്‌അല : രോഗിക്ക് ഖിബ്ലയെ അഭിമുഖീകരിക്കുന്നതിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ അവനെ സാധിക്കുന്ന എളുപ്പമുള്ള രീതിയിൽ വിടുക എന്നിട്ട് അടുത്തിരുന്ന് ആരെങ്കിലും ഉറക്കെ പറയുന്ന വിധത്തിൽ രണ്ട് ഷഹാദത് കലിമ ചൊല്ലി കൊടുക്കൽ മുസ്തഹബ്ബാണ്.
أَشْهَدُ أَنْ لَّا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
കലിമ പറയാൻ ആവശ്യപ്പെടരുത്. അത് അസഹ്യമായ പ്രയാസത്തിന് സമയമാണ്. എന്താണ് വായിൽ നിന്ന് വരുന്നത് എന്ന് പറയാൻ സാധിക്കില്ല. (ആലംഗീരി 1/157)
أَسْتَغْفِرُ اللَّهَ الَّذِي لَا إلَهَ إلَّا هُوَ الْحَيُّ الْقَيُّومُ وَأَتُوبُ إلَيْهِ
എന്നും മരണാസന്ന സമയത്ത് ചൊല്ലി കൊടുക്കാവുന്നതാണ്. എല്ലാവരും കൂടിച്ചേർന്ന് ഉറക്കെ പറയലും നല്ലതാണ്.(റദ്ദുൽ മുഖ്താർ 2/190)
മസ്അല : രോഗി കലിമ പറയുമ്പോൾ നിശബ്ദത പാലിക്കുക തുടർച്ചയായി കലിമ പറഞ്ഞുകൊടുക്കാൻ ശ്രമിക്കരുത്. കലിമ പറയുമ്പോൾ ശ്വാസം പുറത്തേക്ക് വിടണം കാരണം അദ്ദേഹത്തിന്റെ വായിൽ നിന്ന് അവസാനം വരുന്ന കാര്യം കലിമ ആയിരിക്കണം എന്നതാണ് ഉദ്ദേശം. മരിക്കുന്നതുവരെ കലിമ തുടർച്ചയായി തുടരേണ്ടതില്ല. എന്നാൽ കലിമ പറഞ്ഞതിന് ശേഷം ആരെങ്കിലും ദുന്യവിയായ കാര്യം സംസാരിക്കാൻ തുടങ്ങിയാൽ വീണ്ടും കലിമ പറയുക. അദ്ദേഹം കലിമ പറഞ്ഞാൽ വീണ്ടും നിശബ്ദത പാലിക്കുക. (റദ്ദുൽ മുഖ്താർ 2/191)
മസ്അല : ശക്തമായി ദീർഘശ്വാസം എടുക്കാൻ തുടങ്ങുകയും നിൽക്കാൻ കഴിയാത്തവിധം കാലുകൾ ദുർബലമാവുകയും മൂക്ക് വളയുകയും ചെന്നി കുഴിഞ്ഞുപോകുകയും ചെയ്താൽ മരണം ആസന്നമായി എന്ന് മനസ്സിലാക്കുക. ആ എല്ലാവരും സമയത്ത് കലിമ ഉച്ചത്തിൽ പറയണം.(അൽബഹ്ർ 2/298, ബഹ്ഷ്തി സേവർ 161)
മസ്അല : സൂറത്ത് യാസീൻ സൂറത്ത് റഅദ് മരണാസന്ന സമയത്ത് ഓതൽ മുസ്തഹബ്ബാണ്. (റദ്ദുൽ മുഖ്താർ 2/191)
സൂറത് യാസീൻ പാരായണം ചെയ്യുന്നത് മരണത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. അദ്ദേഹത്തിന്റെ തലയിലോ സമീപത്തോ എവിടെയെങ്കിലും ഇരുന്ന് അത് പാരായണം ചെയ്യുക അല്ലെങ്കിൽ ആരെയെങ്കിലും അത് പാരായണം ചെയ്യുക
മസ്അല : ഈ സമയത്ത് അവന്റെ ഹൃദയം ദുനിയാവിലേക്ക് തിരിയാൻ ഇടയാക്കുന്ന ഒന്നും ചെയ്യരുത്. കാരണം ഇത് ലോകത്തിൽ നിന്ന് വേർപിരിയുന്ന സമയവും സർവ്വശക്തനായ അല്ലാഹുവിന്റെ ﷻ സമക്ഷത്തിൽ ഹാജരാവുന്ന സമയവുമാണ്. അവന്റെ ഹൃദയം ദുനിയാവിൽ നിന്ന് സർവ്വശക്തനായ അല്ലാഹുവിലേക്ക് ﷻ തിരിയുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ കരുണയുടെ കാര്യങ്ങൾ തൗബക്ക് പ്രചോദനമാകുന്ന കാര്യങ്ങൾ പറയുക. കാരണം മരിച്ചയാൾക്ക് ഗുണം കിട്ടുന്നതാണ്. ഈ ഘട്ടത്തിൽ കുട്ടികളെയോ അവൻ കൂടുതൽ സ്നേഹിച്ച മറ്റാരുടെയെങ്കിലുമോ മുന്നിൽ കൊണ്ടുവരരുത് അവന്റെ ഹൃദയം അവരിലേക്ക് തിരിയാൻ ഇടയാകുന്നതാണ്. അവരുടെ സ്നേഹം അവന്റെ ഹൃദയത്തിൽ ലയിക്കുന്നതും ദുനിയാവ് സ്നേഹത്തിനായി പോകുന്നതും വളരെ മോശമായ കാര്യമാണ്.(ബഹ്ഷ്തി സേവർ 161)
മസ്‌അല : മരണ സമയത്ത് എന്തെങ്കിലും കുഫ്റിന്റെ വാക്ക് വായിൽ നിന്നും പുറത്തുവന്നാൽ (അല്ലാഹു ﷻ കാക്കട്ടെ) അതിനെക്കുറിച്ച് ചിന്തിക്കുകയോ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുത്. അത് പരിഗണിക്കപ്പെടുന്നതല്ല. ഒരുപക്ഷേ മരണത്തിന്റെ തീവ്രത കാരണം ബുദ്ധി കെട്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കുക. അതുകൊണ്ടാണ് അത് സംഭവിച്ചത്. ബുദ്ധി കെടുമ്പോൾ എന്ത് സംഭവിച്ചാലും എല്ലാം പൊറുക്കപ്പെടുന്നതാണ്. സർവ്വശക്തനായ അല്ലാഹുവിനോട് പൊറുക്കാനായി ദുആ ചെയ്യുക.(ബഹ്ഷ്തി സേവർ 161)
മസ്അല : മരണം സംഭവിക്കുമ്പോൾ ബന്ധുക്കൾ സുഹൃത്തുക്കൾ അയൽവാസികൾ അവിടെ ഹാജരാകലും വെള്ളം കുടിപ്പിക്കലും മുസ്തഹബ്ബാണ്. ( ത്വഹ്ത്വാവി 565 )
ഈ പറഞ്ഞ കാര്യങ്ങൾ രോഗിയായി കിടന്ന് മരണപ്പെടാൻ പോകുന്ന ഒരാളുടെ അടുക്കൽ ആണ് ഒരുപക്ഷേ സാധ്യമാകുന്നത്. ഉറക്കത്തിൽ മരിക്കുക കുഴഞ്ഞു മരിക്കുക പോലുള്ള സാഹചര്യങ്ങളിൽ ഒരുപക്ഷേ ഇത് സാധ്യമാകില്ല.
മസ്അല : മരണം സംഭവിക്കുമ്പോൾ ബന്ധുക്കൾ ഈ ദുആ ചൊല്ലണം
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ اؤْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا
അർത്ഥം : തീർച്ചയായും ഞങ്ങൾ അല്ലാഹുവിന്റേതാണ്, ഞങ്ങൾ അവനിലേക്ക് മടങ്ങും. അല്ലാഹുവേ! എന്റെ വിപത്തിന് എനിക്ക് അതിലും നല്ലത് പകരമായി നൽകേണമേ (മുസ്ലിം )
മസ്അല : മരണം സംഭവിച്ചാൽ ആദ്യം തന്നെ വീതിയുള്ള തുണി കഷണം എടുത്ത് താടിയും തലയും കൂട്ടിക്കെട്ടുക. അടുത്ത ബന്ധുക്കൾ കണ്ണുകൾ മൃദുവായി തിരുമ്മി അടയ്ക്കുകയും ചെയ്യുക ആ സമയത്ത് ഈ ദുആ ചൊല്ലുക:
بِسْمِ الله، وَعَلَى مِلَّةِ رَسُولِ الله، اللَّهُمَّ يَسِّرْ عَلَيْهِ أَمْرَهُ، وَسَهِّلْ عَلَيْهِ مَا بَعْدَهُ، وَأَسْعِدْهُ بِلِقَائِك، وَاجْعَلْ مَا خَرَجَ إلَيْهِ خَيْراً مِمَّا خَرَجَ عَنْهُ
(റദ്ദുൽ മുഖ്താർ 2/193)
മസ്അല : മയ്യിത്തിന്റെ കൈകാലുകൾ മയപ്പെടുത്തി നേരെയാക്കി ഒരു തുണി കഷണം ഉപയോഗിച്ച് കാൽപാദങ്ങൾ തമ്മിൽ കൂട്ടി കെട്ടുക.മരണം സംഭവിച്ച സമയത്തുള്ള വസ്ത്രങ്ങൾ മാറ്റുക. തുടർന്ന് ഒരു ഷീറ്റ് കൊണ്ട് മൂടി ഒരു ഉയർന്ന സ്ഥലത് അല്ലെങ്കിൽ കട്ടിലിൽ കിടത്തുക. വെറും നിലത്ത് കിടത്തരുത്. വയറ് വീർക്കാതിരിക്കാൻ വയറ്റിൽ ഒരു നീണ്ട ഇരുമ്പ് കഷ്ണം അല്ലെങ്കിൽ അല്പം ഭാരമുള്ള വസ്തു വയ്ക്കുക. (ആലംഗീരി 1/157, ബഹ്ഷ്തി സേവർ 161)
മസ്‌അല : കൈകൾ ഇതു വശങ്ങളിലായി നിവർത്തിവെക്കുക.കൈ നെഞ്ചിൽ വെക്കാൻ പാടില്ല( ത്വഹ്ത്വാവി 564 )
മസ്‌അല : മരണം സംഭവിച്ചാൽ ശബ്ദത്തിൽ കരയുക നെഞ്ചത്തടിക്കുക വസ്ത്രങ്ങൾ വലിച്ചുകീറുക മയ്യത്തിന്റെ ഗുണങ്ങൾ പറഞ്ഞ് അലമുറയിടുക ഇതൊന്നും അനുവദനീയമല്ല ഹറാമാണ് ഇത്തരക്കാരെ നബി തങ്ങൾ ശപിച്ചിട്ടുണ്ട്. ബന്ധത്തിന്റെ പേരിൽ വിഷമിക്കലും കണ്ണീരൊഴുക്കലും ആക്ഷേപാർഹമല്ല. ( ഫതാവ രിളവിയ്യ )
മസ്‌അല : ജനാബത്തുള്ള പുരുഷനും ഹൈളോ നിഫാസോ ഉള്ള സ്ത്രീയും മയ്യിത്തിന്റെ അടുത്തേക്ക് വരാതെ സൂക്ഷിക്കൽ നല്ലതാണ്. ( റദ്ദുൽ മുഖ്താർ 2/193)
മസ്‌അല : അയൽവാസികളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും പെട്ടന്ന് തന്നെ അറിയിക്കുക അങ്ങനെ അവർക്ക് കഴിയുന്നത്ര അവന്റെ ദുആയിൽ പങ്കെടുക്കാനും അവനുവേണ്ടി പ്രാർത്ഥിക്കാനും കഴിയും. (റദ്ദുൽ മുഖ്താർ 2/194)
മസ്‌അല : മൈക്കിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെ മരണവാർത്ത ജനങ്ങളെ അറിയിക്കൽ മുസ്തഹബ്ബാണ് ( ത്വഹ്ത്വാവി 565 )
മസ്അല : സാധ്യമെങ്കിൽ സുഗന്ധ ദ്രവ്യങ്ങൾ തിരി മുതലായവ കത്തിച്ച് മയ്യിത്തിന്റ അടുത്ത് വയ്ക്കുക.( റദ്ദുൽ മുഖ്താർ 2/194)
മസ്അല : കുളിപ്പിക്കുന്നതിന് മുമ്പ് മയ്യിത്തിന്റെ അടുക്കൽ ഖുർആൻ ഓതൽ കറാഹത്താണ്.( റദ്ദുൽ മുഖ്താർ 3/97)
മസ്‌അല : മയ്യത്തിനെ കാണൽ പ്രത്യേക സുന്നത്ത് ഇല്ല. മഹറമായ എല്ലാവർക്കും മയ്ത കാണാൻ അനുവദനീയമാണ്. അവർക്ക് വേണ്ടി വിധി ഉയർത്തി കാണിക്കലും കുഴപ്പമില്ല.(ഫതാവ ദാറുൽ ഉലൂം, ആലം ഗീരി 5/351)
കാണുന്നത് പ്രധാനമല്ല പ്രത്യേകം പുണ്യമുള്ള കാര്യമല്ല മറിച്ച് ആ മയ്യത്തിന് വേണ്ടി ദുആ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അന്യസ്ത്രീ പുരുഷന്മാർക്ക് കാണൽ അനുവദനീയമല്ല.
മസ്അല : കടം ഉണ്ടെങ്കിൽ വീട്ടാനും കഫൻ പൊതിയാനും ഖബറടക്കാനുമുള്ള ക്രമീകരണങ്ങൾ വളരെ വേഗത്തിൽ ചെയ്യണം. കുളിപ്പിക്കാൻ, കഫൻ,ഖബർ അടക്കാൻ മറ്റ് ആവശ്യമായ വസ്തുക്കൾ ആവശ്യാനുസരണം തയ്യാറാക്കുക. (ബഹ്ഷ്തി സേവർ 181)
മസ്അല : വെള്ളിയാഴ്ച ആരെങ്കിലും മരിച്ചാൽ ജുമാ നിസ്കാരത്തിന് മുമ്പ് മറവ് ചെയ്യാൻ കഴിയുമെങ്കിൽ കബറടക്കണം. ജുമാക്ക് ശേഷം കൂടുതൽ ജനങ്ങൾ ജനാസാ നിസ്കാരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി പിന്തിക്കൽ കറാഹത്താണ്. (റദ്ദുൽ മുഖ്താർ 3/160)
ചെലവുകളുടെ ഉത്തരവാദിത്വം
കുളിപ്പിക്കൽ, സുഗന്ധദ്രവ്യം, കഫൻ, ഖബർ തുടങ്ങിയ മയ്യത്ത് സംസ്കരണ ചെലവുകളുടെ ഉത്തരവാദിത്വം വഹിക്കേണ്ട ബാധ്യത ഇപ്രകാരമാണ്.
മസ്അല : മരിച്ചയാൾ ഈ ചെലവുകൾ വഹിക്കാൻ ആവശ്യമായ സ്വത്ത് (അനന്തരാവകാശം) തന്റെ കൈവശം ബാക്കി വച്ചിട്ടുണ്ടെങ്കിൽ ഈ ചെലവുകൾ മരിച്ചയാളുടെ സ്വത്തിൽ നിന്ന് വഹിക്കുന്നതാണ്. (റദ്ദുൽ മുഖ്താർ 3/118)
മസ്‌അല : മറ്റാരെങ്കിലും ഈ ചെലവുകൾ സ്വന്തം കയ്യിൽ നിന്ന് സ്വമേധയാ നൽകിയാൽ ആ വ്യക്തി മരിച്ചയാളുടെ അവകാശിയോ അന്യനോ ആകട്ടെ അനുവദനീയമാണ്. എന്നാൽ ചിലവഴിക്കുന്നയാൾ ബുദ്ധി ഉറച്ച പ്രായപൂർത്തിയായ ആളായിരിക്കണം.
മസ്അല : ഒരു സ്വത്തും അവശേഷിപ്പിക്കാതെ മരിച്ചയാളുടെ മയ്യത്ത് സംസ്കരണ ചെലവുകൾ മരിച്ചയാളുടെ ജീവിതകാലത്ത് ചെലവ് നൽകൽ ബാധ്യതയുള്ള വ്യക്തിയുടെ ഉത്തരവാദിത്തമാണ്. മരിച്ചയാളുടെ ജീവിതകാലത്ത് ഒന്നിലധികം വ്യക്തികൾക്ക് (അവകാശികൾ മുതലായവ) ബാധ്യതയുണ്ടെങ്കിൽ മയ്യത്ത് സംസ്കരണ ചെലവുകളിൽ അവർക്ക് സംയുക്തമായി ബാധ്യതയുണ്ടാകും. അനന്തരാവകാശത്തിൽ അവരുടെ വിഹിതത്തിനനുസരിച്ച് അവകാശികളിൽ നിന്ന് ഒരു തുക ഈടാക്കണം. അതായത് മരിച്ചയാൾ കുറച്ച് സ്വത്ത് ഉപേക്ഷിച്ച് മരിച്ചാൽ കൂടുതൽ അനന്തരാവകാശം ലഭിച്ച വ്യക്തിയിൽ നിന്ന് ചെലവുകൾക്ക് കൂടുതൽ തുക ഈടാക്കും കുറച്ച് അനന്തരാവകാശം ലഭിച്ച വ്യക്തിയിൽ നിന്ന് ചെലവുകൾക്ക് കുറഞ്ഞ തുക ഈടാക്കും.(റദ്ദുൽ മുഖ്താർ 1/510)
മസ്അല : മരിച്ചയാൾ വിവാഹിതയായ സ്ത്രീയാണെങ്കിൽ സ്ത്രീ സ്വത്ത് ഉപേക്ഷിച്ചാലും ഇല്ലെങ്കിലും അവളുടെ സംസ്കരണ ചെലവുകൾ ഭർത്താവിന്റെ ഉത്തരവാദിത്തമാണ്.(റദ്ദുൽ മുഖ്താർ 3/119)
മസ്അല : മരിച്ചയാൾക്ക് ഒരു സ്വത്തും ഇല്ലെങ്കിൽ അയാൾക്ക് വേണ്ടി കരുതാൻ ആരും ജീവിച്ചിരിപ്പില്ലെങ്കിൽ മയ്യത്ത് സംസ്കരണം ചെലവുകൾ ബൈത്തുൽ മാൽ (സർക്കാർ ട്രഷറി) ൽ നിന്ന് നൽകേണ്ടത് ഇസ്ലാമിക സർക്കാരിന്റെ കടമയാണ്.(റദ്ദുൽ മുഖ്താർ 3/120)
മസ്അല : സർക്കാർ ഈ കടമ നിർവഹിക്കുന്നില്ലെങ്കിൽ അത്തരമൊരു മരണപ്പെട്ടയാളെക്കുറിച്ച് വിവരം ലഭിച്ച എല്ലാ മുസ്ലീങ്ങളും ഒരുമിച്ച് ഈ ചെലവ് വഹിക്കേണ്ടത് ഒരു ഫർള് കിഫായ പോലെയാണ്. വിവരം പറഞ്ഞവരിൽ ആരും ഇത് ചെയ്യുന്നില്ലെങ്കിൽ അവരെല്ലാം പാപികളായിരിക്കും.(റദ്ദുൽ മുഖ്താർ 3/120)
മസ്അല : മരണപ്പെട്ടയാളുടെ അവകാശികളുടെ അഭാവത്തിൽ അവരുടെ അനുവാദമോ സർക്കാരിന്റെ അനുവാദമോ ഇല്ലാതെ ആരെങ്കിലും സ്വന്തം കയ്യിൽ നിന്ന് പണം ചെലവഴിക്കുകയും പിന്നീട് അദ്ദേഹം ചിലവ് തിരികെ ആവിശ്യപ്പെട്ടാൽ അവകാശികൾക്ക് സ്വമനസാലെ നൽകാവുന്നതാണ്. അല്ലാത്തപക്ഷം അയാൾക്ക് അത് അവരിൽ നിന്ന് നിർബന്ധിച്ച് ഈടാക്കാൻ കഴിയില്ല. കാരണം അത് അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ചെയ്ത ഒരു ഉപകാരമായിരുന്നു. അവകാശികൾ അതിന് ഉത്തരവാദികളല്ല.(റദ്ദുൽ മുഖ്താർ 3/118)
മസ്അല : പരാമർശിച്ചിരിക്കുന്ന മയ്യത്ത് സംസ്കരണ ചിലവുകൾ ശരീഅത്ത് പറയുന്ന രീതിക്ക് അനുസൃതമായ കുളി, സുഗന്ധദ്രവ്യം, കഫൻ, മയ്യിത്ത് ചുമക്കൽ, കബറടക്കൽ എന്നിവയ്ക്കുള്ള ചെലവുകളാണ്. അജ്ഞരായ ആളുകൾ സ്വന്തമായി കണ്ടുപിടിച്ച നിരവധി ആചാരങ്ങളുടെ ചെലവുകൾക്ക് ഈ വിധി ബാധകമല്ല. ഈ അധിക ചെലവുകൾക്ക് ചെലവഴിക്കുന്ന വ്യക്തി ഉത്തരവാദിയായിരിക്കും. (റദ്ദുൽ മുഖ്താർ 3/118)
മസ്അല : സക്കാത്തിന്റെ പണം ഏതെങ്കിലും മയ്യത്തിന്റെ മരിച്ചയാൾ ദരിദ്രനാണെങ്കിൽ പോലും സംസ്കരണത്തിനു വേണ്ടി ചെലവഴിച്ചാൽ ആ സക്കാത്ത് വീടപ്പെടുകയില്ല. കാരണം സകാത്ത് നൽകുന്നതിന് ഒരു സക്കാത്തിന്റെ അവകാശിക്ക് ഉടമപ്പെടുത്തി നൽകൽ നിർബന്ധമാണ്. മരിച്ചയാൾക്ക് ഒന്നും സ്വന്തമാക്കാൻ കഴിയില്ല അയാൾക്ക് അത് കൈവശം വയ്ക്കാനും കഴിയില്ല.
എന്നാൽ ഒരു സക്കാത്തിന്റെ അവകാശിക്ക് തന്റെ സ്വത്ത് യാതൊരു നിബന്ധനകളുമില്ലാതെ ഉടമപ്പെടുത്തി സകാത്ത് നൽകുകയും പിന്നീട് അയാൾ അത് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളുടെ വൈദ്യ സംസ്കരണത്തിനു വേണ്ടി ചെലവഴിക്കുകയും ചെയ്താൽ അവകാശിക്ക് മയ്യത്ത് സംസ്കരണത്തിന്റെ പ്രതിഫലം ലഭിക്കും സകാത്ത് നൽകുന്ന വ്യക്തിയുടെ സകാത്ത് വീടപ്പെടും.(റദ്ദുൽ മുഖ്താർ 3/342)
മയ്യിത്ത് പരിപാലന സാമഗ്രികളുടെ ലിസ്റ്റ്
മയ്യിത്ത് പരിപാലനത്തിന് ആവശ്യമായ വസ്തുക്കൾ
സംസ്കരണ ജോലികൾക്ക് ആവശ്യമായ വസ്തുക്കളുടെ ഒരു ലിസ്റ്റ് മാത്രമാണ്. ഈ ലിസ്റ്റ് പ്രകാരം പെട്ടെന്ന് തന്നെ സാധനങ്ങളെല്ലാം ക്രമീകരിക്കാൻ സാധിക്കുന്നതാണ്. ഇതെല്ലാം പുതിയത് വാങ്ങണമെന്നില്ല.വീട്ടിൽ ലഭ്യമായതും വൃത്തിയുള്ളതുമായ ഇനങ്ങൾ ഉപയോഗിക്കാം ഇന്ന് മാർക്കറ്റിൽ മിക്ക ഇനങ്ങളും റെഡിമെയ്ഡ് ആയി ലഭ്യമാണ്. ഈ വസ്തുക്കൾ ഉപയോഗിക്കുന്ന രീതി പിന്നീട് അതാത് അവസരങ്ങളിൽ വിശദമായി വിശദീകരിക്കും.
- കുളിക്ക് ആവശ്യമായവ
- കുളിപ്പിക്കാനുള്ള വെള്ള പാത്രങ്ങൾ
- ചൂട് വെള്ളം (ആവശ്യമെങ്കിൽ)
- കപ്പ് / ചെറിയ പാത്രം (വെള്ളം ഒഴിക്കാൻ)
- കട്ടിൽ / കുളിപ്പിക്കൽ ബെഞ്ച് (പള്ളിയിൽ സാധാരണ ലഭ്യമാണ്)
- വലിയ തുണിക്കഷണങ്ങൾ – 3 മുതൽ 5 വരെ
- ചെറിയ തുണി കഷണം
- ഇഞ്ചതാളി/ഇലന്ത/വാക ഇലകൾ
- കർപ്പൂരം
- അത്തർ – ഒരു ചെറിയ കുപ്പി
- പഞ്ഞി – ഒരു വലിയ പാക്കറ്റ്
- കുളിസോപ്പ് – ഒന്ന് (ആവിശ്യമെങ്കിൽ)
- പുറങ്കുപ്പായം (Apron) – 2 എണ്ണം
- കയ്യുറകൾ – 2 എണ്ണം
- മാസ്ക് / മുഖാവരണം
- പ്ലാസ്റ്റിക് ഷീറ്റ് / പഴയ തുണി (നിലത്ത് വിരിക്കാൻ)
2. കഫൻ സാമഗ്രികൾ
വെള്ളത്തുണി
- പുരുഷന്‍: 3 അടി വീതിയുള്ള 10 മീറ്റർ
- സ്ത്രീക്ക്‍: ഏകദേശം 12 മീറ്റർ
- കുട്ടികൾക്ക്‍: പ്രായാനുസരിച്ച്
മയ്യിത്ത് കുളിപ്പിക്കൽ
മയ്യിത്ത് കുളിപ്പിക്കുന്നതിന് വലിയ പ്രതിഫലങ്ങളാണ് ഹദീസുകളിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. നബി തങ്ങൾ (സ) പറഞ്ഞു. മയ്യിത്ത് കുളിപ്പിക്കുന്നവൻ തന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെന്നപോലെ പാപങ്ങളിൽ നിന്ന് പരിശുദ്ധനാകുന്നതാണ് .(അഹ്‌മദ് )
മയ്യിത്ത് കുളിപ്പിക്കാൻ അർഹതപ്പെട്ടവർ ആരാണ് ?
മസ്‌അല : മയ്യിത്ത് കുളിപ്പിക്കാൻ ഏറ്റവും അർഹതപ്പെട്ടത് മയ്യിത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെയാണ്. അവർ മയ്യത്തിനെ കുളിപ്പിക്കുന്നത് തന്നെയാണ് നല്ലത്. സ്ത്രീകളുടെ മയ്യിത്ത് അടുത്ത ബന്ധുക്കളായ സ്ത്രീകൾ കുളിപ്പിക്കലാണ് നല്ലത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവസാനമായി ചെയ്യാൻ സാധിക്കുന്ന ഒരു മഹത്തായ സേവനവുമാണ്. (റദ്ദുൽ മുഖ്താർ 2/202)
മസ്‌അല : ബന്ധുക്കളല്ലാത്ത മറ്റുള്ളവർക്കും മയ്യിത്തിനെ കുളിപ്പിക്കൽ അനുവദനീയമാണ്. അവർ ഈ വിഷയങ്ങളിൽ പ്രാപ്തിയുള്ളവരും അറിവുള്ളവരും ആയിരിക്കണം. (റദ്ദുൽ മുഖ്താർ 2/202)
മസ്‌അല : ആർക്കെങ്കിലും വേതനം നൽകി മയ്യിത്തിനെ കുളിപ്പിക്കാവുന്നതാണ്. കൂലി വാങ്ങി കുളിപ്പിക്കുന്നവർക്ക് ഹദീസിൽ പറയപ്പെട്ട പ്രതിഫലത്തിന് അർഹത ഉണ്ടായിരിക്കില്ല. കൂലി വാങ്ങൽ അനുവദനീയമാണ്. (ഫതാവ മഹ്മൂദിയ്യ 8/503)
മസ്‌അല : പുരുഷൻ മരണപ്പെട്ടാൽ അയാളെ കുളിപ്പിക്കാൻ മറ്റ് പുരുഷന്മാർ ഒന്നുമില്ലാത്ത സാഹചര്യത്തിൽ സ്ത്രീകളിൽ നിന്ന് മയ്യിത്തിന്റെ ഭാര്യയ്ക്ക് മാത്രമെ കുളിപ്പിക്കൽ അനുവദനീയമാകൂ. മറ്റ് മഹ്രമുകൾക്ക് മയ്യത്ത് കുളിപ്പിക്കൽ അനുവദനീയമല്ല. ഭാര്യയും ഇല്ലായെങ്കിൽ മഹറമുകളായ സ്ത്രീകൾക്ക് ആ മയ്യത്തിന് തയ്മും ചെയ്യാവുന്നതാണ്. ഇനി മഹറമുകളും ഇല്ലായെങ്കിൽ മറ്റ് സ്ത്രീകൾ മയ്യത്തിനെ നേരിട്ട് സ്പർശിക്കാതെ ഗ്ലൗസ് അണിഞ്ഞ് തയ്മും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യത്തിൽ സ്ത്രീ മരണപ്പെട്ടാലും ഇതേ രൂപത്തിൽ തന്നെയാണ് ചെയ്യേണ്ടത്. (ബദാഇ 2/34)
മസ്‌അല : ഭർത്താവ് മരിച്ചാൽ ഭാര്യക്ക് മയ്യിത്ത് കാണലും കുളിപ്പിക്കലും കഫൻ പൊതിയലുമെല്ലാം അനുവദനീയമാണ്. ഭാര്യ മരണപ്പെട്ടാൽ ഭർത്താവിന് കുളിപ്പിക്കലോ കഫൻ പൊതിയലോ സ്പർശിക്കലോ അനുവദനീയമല്ല. മയ്യിത്തിനെ കാണാനും കഫന് മുകളിലൂടെ സ്പർശിക്കലും കബറടക്കത്തിന് വേണ്ടി കൊണ്ടുപോകലും അനുവദനീയമാണ്. (ആലംഗീരി 1/160)
മസ്‌അല : പ്രായപൂർത്തിയാകാത്ത ആൺകുട്ടി മരിക്കുകയും വളരെ ചെറിയതായിരിക്കുകയും അവനെ നോക്കുന്നത് ആഗ്രഹം ഉണർത്താതിരിക്കുകയും ചെയ്താൽ സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ അവനെ കുളിപ്പിക്കാം ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിക്കുകയും അവളെ നോക്കുന്നത് ആഗ്രഹം ഉണർത്താതിരിക്കുകയും ചെയ്താൽ പുരുഷന്മാർക്ക് സ്ത്രീകളെപ്പോലെ അവളെ കുളിപ്പിക്കാം.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും പ്രായം തോന്നുന്നവരാണെങ്കിൽ അവരെ നോക്കുന്നത് ആഗ്രഹം ഉണർത്തുകയാണെങ്കിൽ പുരുഷന്മാർ ആൺകുട്ടിയെയും സ്ത്രീകൾ പെൺകുട്ടിയെയും കുളിപ്പിക്കണം. (ആലംഗീരി 1/160)
മസ്‌അല : കുളിപ്പിക്കുന്നയാൾ വുളു ഉണ്ടായിരിക്കൽ നല്ലതാണ്. (ആലംഗീരി 1/159)
മസ്‌അല : അശുദ്ധിയുള്ള വ്യക്തിയോ ഹൈളോ നിഫാസോ ഉള്ള അവസ്ഥയിലോ സ്ത്രീകൾ മരിച്ചയാളെ കുളിപ്പിക്കരുത് കറാഹത്താണ്. (റദ്ദുൽ മുഖ്താർ 2/201)
കുളിപ്പിക്കുന്നവർക്കുള്ള ചില നിർദ്ദേശങ്ങൾ
- കുളിക്കുന്നതിനുള്ള എല്ലാ വസ്തുക്കളും ശേഖരിച്ച് ഒരുമിച്ചു കൂട്ടുക.
- കുളിപ്പിക്കുന്നതിന് താളി/ഇലന്ത/വാക ഇലകൾ ഇലകൾ ചേർത്ത് ചൂടുവെള്ളം തയ്യാറാക്കുക അത് ഇളം ചൂടാകുമ്പോൾ കുളിപ്പിക്കുക.
- ഇലകൾ ലഭ്യമല്ലെങ്കിൽ സാധാരണ ഇളം ചൂടുള്ള വെള്ളം മതിയാകും.(ബഹ്ഷ്തി സേവർ 163)
- കടുത്ത ചൂടുവെള്ളം ഉപയോഗിച്ച് കുളിപ്പിക്കരുത്. (ആലംഗീരി 1/158)
- കുളിക്കാൻ വീട്ടുപകരണങ്ങൾ ഉപയോഗിക്കാം അവ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പുതിയ പാത്രങ്ങൾ വാങ്ങേണ്ടതില്ല. (ബഹ്ഷ്തി സേവർ 186)
- കുളിക്കുന്ന സ്ഥലം വെള്ളം ഒഴുകി പരന്ന് കെട്ടിക്കിടക്കാത്ത വിധത്തിലായിരിക്കണം, അല്ലാത്തപക്ഷം ആളുകൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാകും. (ബഹ്ഷ്തി സേവർ 186)
- കുളിപ്പിക്കുന്ന സ്ഥലം മറ ഉള്ളതായിരിക്കുക. ഇല്ലെങ്കിൽ മറകെട്ടി മൂടുക. (റദ്ദുൽ മുഖ്താർ 2/197)
- മയ്യിത്തിന്റെ മുടി ചീകരുത്, നഖം മുറിക്കരുത്, മുടിഒന്നും മുറിക്കരുത് എല്ലാം അതേപടി തുടരണം. (റദ്ദുൽ മുഖ്താർ 2/197)
- കുളിക്കുമ്പോൾ മയ്യിത്തിൽ എന്തെങ്കിലും ന്യൂനത കണ്ടാൽ ആരോടും പറയരുത്. മരണം കാരണം മയ്യിത്തിന്റെ മുഖം വികൃതമായിരിക്കുന്നു അല്ലെങ്കിൽ കറുത്തിരിക്കുന്നു എന്നൊന്നും പറയരുത് അതിനെക്കുറിച്ച് ചർച്ച ചെയ്യലൊന്നും അനുവദനീയമല്ല.
- മുഖത്തിന്റെ തിളക്കം പുഞ്ചിരി തുടങ്ങിയ ഏതെങ്കിലും നല്ല അടയാളം നിങ്ങൾ കണ്ടാൽ, അത് വെളിപ്പെടുത്തൽ മുസ്തഹബ്ബാണ് ((റദ്ദുൽ മുഖ്താർ 2/202)
മസ്‌അല : വെള്ളമില്ലാത്ത സാഹചര്യത്തിൽ മയ്യിത്ത് തയമ്മും ചെയ്തിട്ട് വെള്ളം കണ്ടെത്തിയാൽ മയ്യിത്ത് കുളിപ്പിക്കണം.(റദ്ദുൽ മുഖ്താർ 3/201)
മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ രൂപം
മസ്‌അല : കുളിപ്പിക്കാൻ കിടത്തുന്ന കട്ടിൽ അല്ലെങ്കിൽ ബോർഡ് മൂന്നോ അഞ്ചോ ഏഴോ തവണ സുഗന്ധദ്രവ്യം കൊണ്ട് പൂകയ്ക്കുക. ഖിബ്ല വലതുവശത്ത് വരുന്ന വിധത്തിൽ മരിച്ചയാളെ അതിൽ കിടത്തുക. അങ്ങനെ കിടത്തൽ ബുദ്ധിമുട്ടാണെങ്കിൽ സാധിക്കുന്ന രീതിയിൽ ഏത് വശത്തും കിടത്താവുന്നതാണ്. (ഫത്ഹുൽ ഖദീർ 1/449)
മസ്‌അല : തുടർന്ന് മരിച്ചയാളുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ നീക്കം ചെയ്യുക. മയ്യത്തിന്റെ മുകളിൽ കട്ടിയുള്ള ഒരു വസ്ത്രം പതിക്കുക. തുടർന്ന് ഉള്ളിലെ വസ്ത്രങ്ങൾ നീക്കം ചെയ്യുക. പൊക്കിൾ മുതൽ മുട്ടിനു താഴെ വരെ മറയുന്ന രീതിയിൽ ആകണം നനഞ്ഞാൽ ഉള്ള ദൃശ്യമാകാത്ത രീതിയിൽ കട്ടിയുള്ള തുണി ആയിരിക്കണം. (റദ്ദുൽ മുഖ്താർ 3/101)
മസ്‌അല : പൊക്കിൾ മുതൽ കാൽമുട്ട് വരെ നോക്കാൻ അനുവാദമില്ല. അത്തരമൊരു സ്ഥലത്ത് തൊടാനും അനുവാദമില്ല. വുദു ചെയ്യുമ്പോഴും മരിച്ചയാളെ കുളിപ്പിക്കുമ്പോഴും മറ്റും സ്വകാര്യ സ്ഥലത്തിന് കയ്യുറകൾ ധരിക്കുകയോ കൈകളിൽ ഒരു തുണി ചുറ്റി വയ്ക്കുകയോ വേണം. കാരണം ജീവിച്ചിരിക്കുമ്പോൾ തൊടാൻ പാടില്ലാത്ത സ്ഥലത്ത് മരണശേഷം പോലും കയ്യുറകൾ ഇല്ലാതെ തൊടാൻ പാടില്ല. അതിലേക്ക് നോക്കാനും പാടില്ല. (ആലംഗീരി 1/157)
മസ്‌അല : കുളി ആരംഭിക്കുന്നതിന് മുമ്പ് ഇടതു കൈയിൽ ഒരു കയ്യുറ ധരിച്ച് അതിൽ മൂന്നോ അഞ്ചോ പിടി മണ്ണ് പുരട്ടി തടകുക. തുടർന്ന് വെള്ളം ഉപയോഗിച്ച് കയ്യുറ കഴുകുക. മൂക്കിൽ വെള്ളം കയറ്റി ചീറ്റാതെ വുളു ചെയ്യുക. പഞ്ഞി നനച്ച് ചുണ്ടുകളിലും പല്ലുകളിലും മോണയിലും തുടച്ച് മാറ്റുക.ഇത് നിർബന്ധമില്ല. അവസാനം മയ്യിത്തിന്റെ കൈകൾ കഴുകുക ഇത് മൂന്ന് തവണ ചെയ്യുക. തുടർന്ന് മൂക്കിന്റെ ദ്വാരങ്ങളിൽ പഞ്ഞി ഉപയോഗിച്ച് വൃത്തിയാക്കുക. (റദ്ദുൽ മുഖ്താർ 2/196)
മസ്‌അല : കുളി നിർബന്ധമാണെങ്കിൽ (ജനാബത്തിന്റെ അവസ്ഥയിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഹൈളിന്റെയോ നിഫാസിന്റെയോ ഇടയിൽ ഒരു സ്ത്രീ മരിച്ചിട്ടുണ്ടെങ്കിൽ) വായിലും മൂക്കിലും വെള്ളം ഒഴിക്കുക. ഒരു തുണി ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുക. ഈ വിഷയത്തിൽ ചില ഉലമാക്കൾ വായിലും മൂക്കിലും വെള്ളം കയറ്റാൻ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴിച്ച് കഴുകാൻ പറ്റുന്നതെങ്കിൽ ഏറ്റവും നല്ലത്. സാധിക്കാത്ത അവസ്ഥയാണെങ്കിൽ അത് നിർബന്ധമില്ല എന്നതാണ് പ്രബലമായ അഭിപ്രായം. (അഹ്സനുൽ ഫതാവ (4/248)
തുടർന്ന് മൂക്കിലും വായിലും ചെവിയിലും പഞ്ഞി വെക്കുക വുളുവുന്റെ കുളിയുടേയും ഇടയിൽ വെള്ളം മയ്യിത്തിന്റെ ഉള്ളിലേക്ക് കടക്കില്ല. തുടർന്ന് മുഖം കഴുകുക തുടർന്ന് മുട്ട് ഉൾപ്പെടെ കൈകൾ കഴുകുക തുടർന്ന് തല തുടയ്ക്കുക ശേഷം രണ്ട് കാലുകളും മൂന്ന് തവണ കഴുകുക.
വുളു ചെയ്യുമ്പോൾ മയ്യിത്തിന്റെ തല പുരുഷനാണെങ്കിൽ താടിയും റോസ് വാട്ടർ/ സോപ്പ്/ ഇഞ്ച മുതലായവയുടെ മിശ്രിതം ഉപയോഗിച്ച് കഴുകുക. പിന്നീട് ഇടതുവശത്തേക്ക് ചരിച്ചു കിടത്തി വെള്ളം വലതുവശത്ത് തല മുതൽ കാൽ വരെ മൂന്ന് തവണ ഒഴിക്കുക. അത് ശരീരത്തിന്റെ ഇടതുവശത്തെക്കും എത്തുന്നതാണ്. പിന്നെ അത് വലതുവശത്തേക്ക് ചരിച്ചു കിടത്തി തല മുതൽ കാൽ വരെ വെള്ളം ഒഴിക്കുക. അങ്ങനെ അത് ശരീരത്തിന്റെ വലതുവശത്തും എത്തുന്നതാണ്.
അതിനുശേഷം മയ്യിത്തിനെ ശരീരത്തോട് അടുപ്പിച്ച് താങ്ങി നിർത്തി മുകളിൽ നിന്ന് താഴേക്ക് വയറ്റിൽ മൃദുവായി തടവി അമർത്തുക. എന്തെങ്കിലും മാലിന്യം മൂത്രം അല്ലെങ്കിൽ മലം മുതലായവ പുറത്തുവന്നാൽ അത് തുടച്ച് കഴുകുക. വുളുവും കുളിയും ആവർത്തിക്കേണ്ട ആവശ്യമില്ല. കാരണം ഈ നജസായ വസ്തുക്കൾ പുറപ്പെടൽ കൊണ്ട് മയ്യിത്തിന്റെ വുദുവിനെയും കുളിയെയും ബാധിക്കില്ല. (റദ്ദുൽ മുഖ്താർ, ആലംഗീരി)
തുടർന്ന് മയ്യിത്തിനെ ഇടതുവശത്തേക്ക് ചരിച്ചു കിടത്തി വലതുവശം തല മുതൽ കാൽ വരെ മൂന്ന് തവണ കർപ്പൂരം കലർത്തിയ വെള്ളം ഒഴിക്കുക. അങ്ങനെ താഴെ ഇടതുവശം നനയുകയും ചെയ്യും. പിന്നെ മറ്റൊരു ജോഡി കയ്യുറകൾ ധരിച്ച് ശരീരം മുഴുവൻ ഒരു തുണി ഉപയോഗിച്ച് തുടക്കുക. മറ്റൊരു തുണി പുതയ്ക്കുക പിന്നെ സുന്നതായ രീതിയിൽ പായയിൽ കഫൻ വിരിക്കുക. പിന്നെ മരിച്ചയാളെ ബാത്ത് ബോർഡിൽ നിന്ന് പതുക്കെ ഉയർത്തി കഫനിൽ മയ്യിത്തിനെ കിടത്തുക. മൂക്കിൽ നിന്നും ചെവിയിൽ നിന്നും വായിൽ നിന്നും പഞ്ഞി നീക്കം ചെയ്യുക.(റദ്ദുൽ മുഖ്താർ, ആലംഗീരി)
മസ്‌അല : മേൽ വിവരിച്ചത് സുന്നതായ കുളിയുടെ രൂപമാണ്. എന്നാൽ ആരെങ്കിലും ഈ രീതിയിൽ മൂന്ന് തവണ കഴുകാതെ മുഴുവൻ ശരീരവും ഒരു തവണ മാത്രം കഴുകിയാലും കുളി ശരിയാകുന്നതാണ്. ബാധ്യത ഒഴിവാക്കുന്നതുമാണ്. (ആലംഗീരി 1/158)
മസ്‌അല : മയ്യിത്തിന്റെ ശരീരത്തിൽ വെള്ളം വീണാൽ അല്ലെങ്കിൽ ശരീരം മുഴുവൻ മറ്റേതെങ്കിലും രീതിയിൽ നനഞ്ഞാൽ ഈ നനയൽ കുളിക്ക് പകരമായി കണക്കാക്കാനാവില്ല. ആ മയ്യിത്തിനെ കുളിപ്പിക്കൽ നിർബന്ധമാണ്. അതുപോലെ വെള്ളത്തിൽ മുങ്ങി മരിച്ച ഒരാൾ പുറത്തെടുക്കുമ്പോൾ കുളി നിർബന്ധമാണ്. ജീവിച്ചിരിക്കുന്നവർക്ക് മയ്യിത്തിനെ കുളിപ്പിക്കൽ നിർബന്ധമാണ്. ഇനി വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ കുളി എന്ന ഉദ്ദേശ്യത്തോടെ മയ്യത്തിന് വെള്ളത്തിൽ നിന്ന് പുറത്തെടുത്താൽ കുളി വീടപ്പെടുന്നതാണ്.(ആലംഗീരി 1/158)
മസ്‌അല : മയ്യിത്ത് കുളിപ്പിക്കുന്ന വ്യക്തി പിന്നീട് സ്വയം കുളിക്കൽ മുസ്തഹബ്ബാണ്.(ഹാക്കിം)
മയ്യിത്ത് കഫൻ പൊതിയൽ
മയ്യിത്തിനെ കുളിപ്പിച്ച് കഫൻ പൊതിയുന്നതിന് ധാരാളം ശ്രേഷ്ഠതകൾ ഹദീസുകളിൽ കാണാം.
നബി (സ) പറഞ്ഞു: മരിച്ചവരെ ആരെങ്കിലും കഫൻ പൊതിയുകയാണെങ്കിൽ അല്ലാഹു അവനെ സ്വർഗത്തിലെ വസ്ത്രം ധരിപ്പിക്കും.(ഹാക്കിം)
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: വെള്ള വസ്ത്രം ധരിക്കുക കാരണം അവ നിങ്ങൾക്ക് നല്ലതാണ്. നിങ്ങളുടെ മരിച്ചവരെ അവയിൽ പൊതിയുക.(തിർമിദി)
കഫൻ പൊതിയൽ ചില മസ്‌അലകൾ
മസ്അല : മയ്യിത്തിനെ കുളിപ്പിക്കൽ, കഫൻ പൊതിയൽ, മയ്യത്ത് നിസ്കരിക്കൽ കബറടക്കല്‍ ഇവയെല്ലാം ഫർള് കിഫായ ( സാമൂഹിക ബാധ്യത) ആണ് (റദ്ദുൽ മുഖ്താർ 2/121)
മസ്‌അല : കഫന് വേണ്ടി വൃത്തിയുള്ള തുണി വീട്ടിൽ തന്നെ ലഭ്യമാണെങ്കിൽ അതുതന്നെ ഉപയോഗിക്കാവുന്നതാണ് ഒരു കുഴപ്പവുമില്ല. (റദ്ദുൽ മുഖ്താർ 2/205)
മസ്അല : മരിച്ചയാൾ ജീവിതകാലത്ത് ധരിച്ചിരുന്ന തരത്തിൽ ഗുണനിലവാരമുള്ളതായിരിക്കണം. ആഡംബരം ഉപയോഗശൂന്യമാണ്. (ആലംഗീരി 1/161)
മസ്‌അല : പുരുഷന്മാർക്കും സ്ത്രീകൾക്കും ഏറ്റവും നല്ല കഫൻ വെളുത്ത വസ്ത്രമാണ്. പുതിയതൊ പഴയതൊ ആകട്ടെ. (റദ്ദുൽ മുഖ്താർ 3/118)
മസ്‌അല : ശുദ്ധമായ പട്ടുകൊണ്ടോ കുങ്കുമം/ മഞ്ഞ കൊണ്ട് ചായം പൂശിയ തുണി ഉപയോഗിച്ച് കഫൻ പൊതിയൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്ത്രീകൾക്ക് അനുവദനീയമാണ്. (റദ്ദുൽ മുഖ്താർ 3/118)
മസ്‌അല : സ്വയം മുൻകൂട്ടി ഒരു കഫൻ തയ്യാറാക്കി വെക്കുന്നത് കറാഹത്തല്ല എന്നാൽ ഖബർ നേരത്തെ തയ്യാറാക്കിയ വെക്കൽ കറാഹത്താണ്. (റദ്ദുൽ മുഖ്താർ 3/183)
മസ്‌അല : സംസം വെള്ളത്തിൽ മുക്കിയ കഫൻ ബറക്കത്തിനു വേണ്ടി ഉപയോഗിക്കൽ കുഴപ്പമില്ല. അത് ബറക്കത്തിന് കാരണവുമാണ്. (ഇംദാദുൽ ഫതാവ 1/564)
മസ്‌അല : ഏതെങ്കിലും മഹാന്റെ കരാർ, പരമ്പര, ഖുർആൻ വചനങ്ങൾ, ഏതെങ്കിലും ദുആകളോ കഫന്റെ ഉള്ളിലോ ഖബറിനുള്ളിലോ വെക്കുന്നത് ശരിയല്ല. അതുപോലെ കലിമയോ ഏതെങ്കിലും ദുആയോ കഫനിലോ നെഞ്ചിലോ കർപ്പൂരമോ മഷിയോ ഉപയോഗിച്ച് എഴുതുന്നത് ശരിയല്ല.(റദ്ദുൽ മുഖ്താർ 3/186)
മസ്‌അല : ഏതെങ്കിലും മഹാൻ ഉപയോഗിച്ച തുണിയോ കഅബയുടെ ആവരണമോ അതിനടിയിലുള്ള തുണിയോ ആണെങ്കിൽ അത് കഴുകാതെ കഫന് വേണ്ടി ഉപയോഗിക്കൽ പുതിയ തുണിയെക്കാൾ നല്ലതാണ്. (ഇംദാദുൽ ഫതാവ 1/564)
മസ്‌അല : ദുആയോ ഖുർആൻ വചനങ്ങളോ എഴുതിയ കഅബയുടെ ആവരണത്തിൽ കഫനിടയിലോ ഖബറിലോ വെക്കുന്നത് ശരിയല്ല.(റദ്ദുൽ മുഖ്താർ 1/161)
മസ്‌അല : കഅബയുടെ കഫൻ ശുദ്ധമായ പട്ടുകൊണ്ടാണ് നിർമ്മിച്ചതെങ്കിൽ അതിൽ ഒന്നും എഴുതിയിട്ടില്ലെങ്കിൽ പോലും അതിൽ പുരുഷനെ പൊതിയൽ അനുവദനീയമല്ല. കാരണം മരണപ്പെട്ടയാൾക്ക് ജീവിതത്തിൽ ധരിക്കാൻ അനുവാദമില്ലാത്ത ഒരു തുണിയിൽ മരിച്ചതിനുശേഷം പുതപ്പിക്കുന്നതും അനുവദനീയമല്ല. പുരുഷന്മാർക്ക് ശുദ്ധമായ പട്ട് വസ്ത്രം ധരിക്കാൻ അനുവാദമില്ല, പക്ഷേ സ്ത്രീകൾക്ക് അത് അനുവദനീയമാണ്. (റദ്ദുൽ മുഖ്താർ 1/161)
മസ്‌അല : ചില സ്ഥലങ്ങളിൽ രീതിയാണ്. ഒരു പെൺകുട്ടിയോ നവവധുവോ മരിക്കുമ്പോൾ അവളുടെ കബറടക്കത്തിൽ ചുവന്ന ഷാളോ സ്വർണ്ണ സ്കാർഫോ ഇടുന്നത് അനുവദനീയമല്ല. (റദ്ദുൽ മുഖ്താർ 3/163)
മസ്‌അല : ഖബർ തുറക്കപ്പെടുകയോ മറ്റെന്തെങ്കിലും കാരണത്താൽ മൃതദേഹം ഖബറിൽ നിന്ന് പുറത്തുവരികയോ ചെയ്താൽ കഫൻ ഇല്ലെങ്കിൽ സുന്നത്ത് അനുസരിച്ച് അയാളെയും കഫൻ ചെയ്യണം. ശരീരം അഴുകിയിട്ടില്ലെങ്കിലാണ് ഇത്. അഴുകിയാൽ ഏതെങ്കിലും തുണിയിൽ പൊതിഞ്ഞാൽ മതി. സുന്നത്ത് കഫൻ ആവശ്യമില്ല.(റദ്ദുൽ മുഖ്താർ 3/117)
പുരുഷനുള്ള കഫൻ
പുരുഷന് കഫനുള്ള സുന്നത്തായ വസ്ത്രങ്ങൾ മൂന്നെണ്ണമാണ്.
- ഇസാർ - തല മുതൽ കാൽ വരെ
- ലിഫാഫ് - തല മുതൽ കാൽ വരെ ( ഇസാറിനേക്കാൾ ഒരു മുഴം നീളം കൂടുതൽ വേണം)
- കമീസ് - കഴുത്ത് മുതൽ കാൽ വരെയുള്ള നീളത്തിന്റെ ഇരട്ടി തുണി. (കൃത്യമായി മടക്കുക. മടക്ക് ഭാഗത്തിന്റെ മധ്യത്തിലായി തല പ്രവേശിപ്പിക്കത്തക്ക വിധം തുണി വൃത്തത്തിൽ വെട്ടിയെടുക്കുക )
സ്ത്രീക്കുള്ള കഫൻ
സ്ത്രീകൾക്ക് കഫനുള്ള സുന്നത്തായ വസ്ത്രങ്ങൾ അഞ്ചെണ്ണമാണ്.
- ഇസാർ - തല മുതൽ കാൽ വരെ
- ലിഫാഫ് - തല മുതൽ കാൽ വരെ ( ഇസാറിനേക്കാൾ കുറച്ചു നീളം കൂടുതൽ വേണം)
- കമീസ് - കഴുത്ത് മുതൽ കാൽ വരെ
- ഖിർകത് - കക്ഷം മുതൽ തുട വരെ ഇത്രയും നീളമുള്ളതാണെങ്കിൽ നല്ലതാണ്. അല്ലെങ്കിൽ അത് പൊക്കിൾ വരെയും മതിയാകും. ബാക്കി കഫന്റെ തന്നെ വീതിയുള്ളതായിരിക്കണം.
- മക്കന - മൂന്ന് മുഴം
സ്ത്രീയുടെ കഫനിലെ മൂന്ന് വസ്ത്രങ്ങൾ പുരുഷന്റേ പോലെ തന്നെയാണ് രണ്ട് അധിക വസ്ത്രങ്ങളുണ്ട്.ഒരു ഖിർക്കത് ഒരു മക്കന (റദ്ദുൽ മുഖ്താർ 3/112,113)
മസ്അല : പുരുഷനെ മൂന്ന് വസ്ത്രത്തിലും സ്ത്രീയെ അഞ്ച് വസ്ത്രത്തിലും പൊതിയൽ സുന്നത്താണ്. എന്നാൽ പുരുഷനെ രണ്ട് വസ്ത്രത്തിലും (ഇസാർ, ലിഫാഫ്) സ്ത്രീയെ മൂന്ന് വസ്ത്രത്തിലും (ഇസാർ, ലിഫാഫ്, മക്കന) പൊതിയുകയാണെങ്കിൽ അത് കഫനു മതിയാകുന്നതാണ്. ഇതിലും കുറഞ്ഞ വസ്ത്രത്തിൽ ഒരാളെ പൊതിയുന്നത് മോശമാണ് കറാഹത്താണ്. എന്തെങ്കിലും നിർബന്ധ സാഹചര്യമാണെങ്കിൽ കുഴപ്പമില്ല. കുറഞ്ഞത് തന്നെ മതിയാകും. (റദ്ദുൽ മുഖ്താർ 3/112,113)
കുട്ടികളുടെ കഫൻ
മസ്അല : പ്രായപൂർത്തിയാകാത്ത എന്നാൽ പ്രായപൂർത്തിയോടടുത്ത ആൺകുട്ടിയോ പെൺകുട്ടിയോ മരിച്ചാൽ ആൺകുട്ടിയുടെ കഫനിൽ മൂന്ന് വസ്ത്രങ്ങളും പെൺകുട്ടിയുടെ കഫനിൽ അഞ്ച് വസ്ത്രങ്ങളും നൽകുന്നത് ശരിയാണ്. പെൺകുട്ടിക്ക് അഞ്ച് വസ്ത്രങ്ങൾക്ക് പകരം മൂന്ന് വസ്ത്രങ്ങളും ആൺകുട്ടിക്ക് മൂന്ന് വസ്ത്രങ്ങൾക്ക് പകരം രണ്ട് വസ്ത്രങ്ങളും മതിയാകും. ചുരുക്കത്തിൽ പ്രായപൂർത്തിയായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉള്ള വിധി തന്നെയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും. പ്രായപൂർത്തിയായവർക്ക് ഇത് കണിശമാണ്. പ്രായപൂർത്തിയാകാത്തവർക്ക് ഇത് നല്ലതാണ്. (ആലംഗീരി 1/161)
മസ്അല : പ്രായപൂർത്തിയാകാൻ അടുത്തിട്ടു പോലുമില്ലാത്ത ആൺകുട്ടിയോ പെൺകുട്ടിയോ വളരെ ചെറുതിലെ മരിച്ചാൽ ആൺകുട്ടിക്ക് പുരുഷന്മാരെപ്പോലെ മൂന്ന് വസ്ത്രങ്ങളും പെൺകുട്ടിക്ക് കഫൻ സ്ത്രീകളെപ്പോലെ അഞ്ച് വസ്ത്രങ്ങളും നൽകുന്നതാണ് നല്ലത്. ആൺകുട്ടിക്ക് ഒരു വസ്ത്രം മാത്രം നൽകുകയും കഫൻ പെൺകുട്ടിക്ക് രണ്ട് വസ്ത്രങ്ങൾ മാത്രം നൽകിയാലും മതിയാവുന്നതാണ്. നിസ്കാരവും കബറടക്കവും നിയമങ്ങൾക്കനുസൃതമായി നടത്തണം.(റദ്ദുൽ മുഖ്താർ 3/118)
മസ്അല : കുട്ടി ജനിച്ച് താമസമില്ലാതെ മരിക്കുകയോ അല്ലെങ്കിൽ ഉടൻ മരിക്കുകയോ ചെയ്താൽ ഞാൻ പറയപ്പെട്ടത് പോലെ തന്നെ കുട്ടിക്ക് പേരു വെക്കണം കുളിപ്പിക്കണം കഫൻ പൊതിയണം നിസ്കരിക്കണം ഖബറടക്കണം. (ആലംഗീരി 1/161)
മസ്അല : ഗർഭപാത്രത്തിൽ നിന്ന് മരിച്ച് പുറത്തു വരികയും ജനന സമയത്ത് ജീവന്റെ ഒരു ലക്ഷണവും കാണാതിരിക്കുകയും ചെയ്യുന്ന കുട്ടിയെ അതേ രീതിയിൽ കുളിപ്പിക്കണം പറയപ്പെട്ടതുപോലെ കഫന്റെ ആവശ്യമില്ല തുണിയിൽ പൊതിഞ്ഞ് അടക്കം ചെയ്യണം. പേര് വയ്ക്കണം നിസ്കരിക്കേണ്ടതില്ല. (ആലംഗീരി 1/161)
മസ്അല : ഗർഭം അലസിപ്പിക്കപ്പെട്ടാൽ കുഞ്ഞിന്റെ കൈകൾ, കാലുകൾ, വായ, മൂക്ക് മുതലായവയിൽ അവയവങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലെങ്കിൽ അവ കഴുകുകയോ മൂടുകയോ ചെയ്യരുത് ഒന്നും ചെയ്യരുത് പക്ഷേ അവ ഏതെങ്കിലും തുണിയിൽ പൊതിയുക കുഴിച്ചിടുക. കുഞ്ഞിന്റെ ചില അവയവങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ. വിധി മരിച്ചു പുറത്തുവന്ന കുഞ്ഞിന്റെ കാര്യത്തിലെന്നപോലെയാണ് അതായത് അതിന് പേരിടുകയും കുളിപ്പിക്കുകയും വേണം. പറയപ്പെട്ടതുപോലെ കഫൻ പൊതിയേണ്ടതില്ല നിസ്കരിക്കേണ്ടതില്ല കുഴിച്ചിട്ടാൽ മതിയാകും. (ആലംഗീരി 1/159)
മസ്അല : ജനനസമയത്ത് കുഞ്ഞിന്റെ തല മാത്രം പുറത്തുവന്ന് ആ സമയത്ത് അത് ജീവനോടെയിരുന്ന് പിന്നീട് മരിച്ചെങ്കിൽ മരിച്ചു പുറത്തുവന്ന കുഞ്ഞിന്റെ വിധി തന്നെയാണ്. ഇനി അധിക ഭാഗവും പുറത്തുവന്ന് പിന്നീട് മരിച്ചാൽ അത് ജീവനോടെ ജനിച്ചതായി കണക്കാക്കും. തലയുടെ ഭാഗമാണ് ആദ്യം പുറത്ത് വരുന്നതെങ്കിൽ നെഞ്ച് വരെ അധികഭാഗമായി പരിഗണിക്കും. ഇനി കാലാണ് ആദ്യം പുറത്തുവന്നതെങ്കിൽ പൊക്കിൾ വരെ അധികഭാഗമായി പരിഗണിക്കും. .(റദ്ദുൽ മുഖ്താർ 3/153,154)
കഫൻ ചെയ്യുന്നതിന്റെ വിവരണം
മസ്അല : കുന്തിരിക്കം മറ്റ് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് കഫൻ മൂന്നോ അഞ്ചോ ഏഴോ തവണ പുകയ്ക്കുക. (ആലംഗീരി 1/161)
മയ്യത്തിനെ കുളിപ്പിച്ചതിനു ശേഷം കഫൻ അതിൽ വിരിച്ച് മയ്യിത്തിനെ അതിൽ കിടത്തുക. കുളിക്കുമ്പോൾ വച്ചിരുന്ന മൂക്ക്, ചെവി, വായ് എന്നിവയിൽ നിന്ന് പഞ്ഞി നീക്കം ചെയ്യുക. കഫൻ വിരിച്ച് മരിച്ചയാളെ അതിൽ പൊതിയുന്ന രീതി പുരുഷന്മാർക്കും സ്ത്രീകൾക്കും അല്പം വ്യത്യസ്തമാണ്.
പുരുഷനെ കഫൻ പൊതിയുന്ന രീതി
പുരുഷനെ പൊതിയുന്ന രീതി ആദ്യം കഫനിൽ നിന്നുതന്നെ കെട്ടാനുള്ള മൂന്നു കഷണം തുണി കീറിയെടുക്കുക. കട്ടിലിൽ തല അര കാൽ ഭാഗങ്ങളിൽ ഓരോ കഷ്ണം വെക്കുക. തുടർന്ന് ഏറ്റവും ഭംഗിയുള്ളതും വെളുത്തതുമായ വസ്ത്രം ലിഫാഫ ആദ്യം വിരിക്കുക. ലിഫാഫയുടെ മുകളിൽ ഇസാർ വിരിക്കുക. ശേഷം മടക്കിയ കമീസ് വിരിക്കുക. മടക്കിയ ഭാഗം പൂർണമായും തലയുടെ ഭാഗത്തേക്ക് നിവർത്തുക. ശേഷം മയ്യത്തിനെ സാവധാനം ഖമീസിന്റെ തല വെട്ടിയ സ്ഥാനത്ത് മയ്യത്തിന്റെ കഴുത്ത് വരത്തക്ക രീതിയിൽ കിടത്തുക. തുടർന്ന് ദ്വാരത്തിലൂടെ തല പ്രവേശിപ്പിച്ച് മയ്യത്തിന്റെ മുകളിലൂടെ കമീസിന്റെ ബാക്കി ഭാഗം കാലിന്റെ ഭാഗത്തേക്ക് വിരിക്കുക. ശേഷം മയ്യത്തിന്റെ നഗ്നത മറച്ചിരുന്ന തുണി നീക്കം ചെയ്യുക. തലയിലും താടിയിലും സുഗന്ധ വസ്തുക്കൾ പൂശുക. പുരുഷന്മാർക്ക് കുങ്കുമം അനുവദനീയമല്ല. തുടർന്ന് നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തി, രണ്ട് കാൽമുട്ടുകൾ തുടങ്ങിയ സുജൂദിന്റെ സ്ഥാനങ്ങളിൽ കർപ്പൂരം പുരട്ടുക. ശരീരം മുഴുവൻ സുഗന്ധദ്രവ്യം പുരട്ടുന്നതിൽ ഒരു ദോഷവുമില്ല.
ഇതിനുശേഷം ഇസാറിൻ്റെ ഇടതുഭാഗം മയ്യിത്തിൻ്റെ വലതു ഭാഗത്തേക്ക് പൊതിയുക. പിന്നീട് ഇസാറിൻ്റെ വലതുഭാഗം മയ്യിത്തിൻ്റെ ഇടതുഭാഗത്തേക്ക് പൊതിയുക. ശേഷം ലഫാഫത്തിൻ്റെ ഇടതുഭാഗം മയ്യിത്തിൻ്റെ വലതുഭാഗത്തേക്ക് പൊതിയുക. പിന്നീട് ലഫാഫത്തിൻ്റെ വലതു ഭാഗം മയ്യിത്തിൻ്റെ ഇടതു ഭാഗത്തേക്കും പൊതിയുക. തുടർന്ന് താഴെ തുണി കഷ്ണങ്ങൾ കൊണ്ട് തല കാൽ അര ഭാഗങ്ങൾ കെട്ടുക. (ആലംഗീരി 1/161)
മയ്യിത്ത് പുരുഷനോ സ്ത്രീയോ പൈജാമയും തൊപ്പിയും ധരിപ്പിക്കുന്നത് അനുവദനീയമല്ല. തലപ്പാവ് നൽകുന്നതും കറാഹതാണ്.(ആലംഗീരി 2/176)
സ്ത്രീയെ കഫൻ പൊതിയുന്ന രീതി
ആദ്യം കഫനിൽ നിന്നുതന്നെ കെട്ടാനുള്ള മൂന്നു കഷണം തുണി കീറിയെടുക്കുക. കട്ടിലിൽ തല അര കാൽ ഭാഗങ്ങളിൽ ഓരോ കഷ്ണം വെക്കുക. തുടർന്ന് ഏറ്റവും ഭംഗിയുള്ളതും വെളുത്തതുമായ വസ്ത്രം ലിഫാഫ ആദ്യം വിരിക്കുക. ലിഫാഫയുടെ മുകളിൽ ഇസാർ വിരിക്കുക. ശേഷം മടക്കിയ കമീസ് വിരിക്കുക. മടക്കിയ ഭാഗം പൂർണമായും തലയുടെ ഭാഗത്തേക്ക് നിവർത്തുക. ശേഷം മാറും മുതൽ തുട വരെ എത്തുന്ന രീതിയിൽ ഖിർകത് വിരിക്കുക. ശേഷം മയ്യത്തിനെ സാവധാനം ഖമീസിന്റെ തല വെട്ടിയ സ്ഥാനത്ത് മയ്യത്തിന്റെ കഴുത്ത് വരത്തക്ക രീതിയിൽ ഖിർകത്തിന്റെ മേലെ അറ്റം കക്ഷത്തിൽ വരുന്ന രീതിയിൽ കിടത്തുക. തുടർന്ന് ദ്വാരത്തിലൂടെ തല പ്രവേശിപ്പിച്ച് മയ്യത്തിന്റെ മുകളിലൂടെ കമീസിന്റെ ബാക്കി ഭാഗം കാലിന്റെ ഭാഗത്തേക്ക് വിരിക്കുക. ശേഷം മയ്യത്തിന്റെ നഗ്നത മറച്ചിരുന്ന തുണി നീക്കം ചെയ്യുക.
അവളുടെ തലയിൽ അത്തറോ സുഗന്ധദ്രവ്യമോ പുരട്ടുക. സ്ത്രീക്ക് കുങ്കുമം പുരട്ടാം. തുടർന്ന് നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തി, രണ്ട് കാൽമുട്ടുകൾ തുടങ്ങിയ സുജൂദിന്റെ സ്ഥാനങ്ങളിൽ കർപ്പൂരം പുരട്ടുക. ശരീരം മുഴുവൻ സുഗന്ധദ്രവ്യം പുരട്ടുന്നതിൽ ഒരു ദോഷവുമില്ല. ശേഷം തലയിലെ മുടി രണ്ട് ഭാഗങ്ങളായി വിഭജിച്ച് കമീസിന് മുകളിലുടെ വലതുവശത്തും മറ്റൊന്ന് ഇടതുവശത്തും നെഞ്ചിൽ വിരിച്ചിടുക. ഒരു ഭാഗം വയ്ക്കുക. തുടർന്ന് മക്കന കൊണ്ട് തലമുടി മറക്കുക. കെട്ടിവയ്ക്കേണ്ടതില്ല. ഖിർകത് കക്ഷത്തിനോട് ചേർത്ത് മാറും കൂട്ടി ഇടത്തുനിന്ന് വലത്തോട്ട് തുട വരെ ചുറ്റി പൊതിയുക. ഖിർകത്തിന്റെ ഇടതുഭാഗം താഴെയായി വലതുഭാഗം മുകളിലായി.ഇതിനുശേഷം ഇസാറിൻ്റെ ഇടതുഭാഗം മയ്യിത്തിൻ്റെ വലതു ഭാഗത്തേക്ക് പൊതിയുക. പിന്നീട് ഇസാറിൻ്റെ വലതുഭാഗം മയ്യിത്തിൻ്റെ ഇടതുഭാഗത്തേക്ക് പൊതിയുക. ശേഷം ലഫാഫത്തിൻ്റെ ഇടതുഭാഗം മയ്യിത്തിൻ്റെ വലതുഭാഗത്തേക്ക് പൊതിയുക. പിന്നീട് ലഫാഫത്തിൻ്റെ വലതു ഭാഗം മയ്യിത്തിൻ്റെ ഇടതു ഭാഗത്തേക്കും പൊതിയുക. തുടർന്ന് താഴെ തുണി കഷ്ണങ്ങൾ കൊണ്ട് തല കാൽ അര ഭാഗങ്ങൾ കെട്ടുക.(ആലംഗീരി 1/161)
മസ്അല : ചിലർ കഫനിൽ അത്തർ പുരട്ടുകയും മരിച്ചയാളുടെ ചെവികളിൽ സുഗന്ധദ്രവ്യം പുരട്ടുകയും ചെയ്യുന്നു. ഇതെല്ലാം അജ്ഞതയാണ്. ശരീഅത്തിൽ അതിരു കവിഞ്ഞ പ്രവർത്തിയാണ്. അത് ചെയ്യരുത്. ചെയ്താലും ദോഷമൊന്നുമില്ല മയ്യത്തിന്റെ ശരീരത്തിൽ ആവശ്യത്തിന് പുരട്ടാം. സാധാരണ നാടുകളിൽ അഞ്ചനക്കല്ല് മൈലാഞ്ചി എല്ലാം ഉപയോഗിക്കുന്നത് ഇതെല്ലാം ആവിശ്യം ഇല്ലാത്തതാണ്.(റദ്ദുൽ മുഖ്താർ 3/104)
മസ്അല : സ്ത്രീയുടെ മയ്യിത്ത് പൊതിഞ്ഞത് കൂടാതെ മറ്റൊരു തുണികൊണ്ട് പുതക്കൽ നിർബന്ധമാണ് അത് കഫനിൽ ഉൾപ്പെട്ടതല്ല. അത് വെള്ളം നിറം ആകണമെന്നും നിർബന്ധമില്ല. കബറടക്കത്തോടെ അത് തിരിച്ചെടുക്കാവുന്നതാണ്. സ്ത്രീയുടെ മയ്യത്ത് കഫനിൽ മാത്രമായി തുണികൊണ്ട് മൂടാതെ വെക്കൽ ശരിയല്ല. മയ്യിത്ത് വെക്കുന്നത് സന്തൂക്കിലാണെങ്കിൽ അതിനു മുകളിൽ വിരിക്കുന്ന തുണി മതിയാകുന്നതാണ്. (ബഹ്ഷ്തി സേവർ 164)
മുകളിൽ സൂചിപ്പിച്ച രീതിയിൽ കഫൻ പൊതിഞ്ഞ് തയ്യാറാക്കുക പരലോക യാത്രികനെ ക്ഷമയോടെയും സഹനത്തോടെയും മയ്യിത്ത് നിസ്കരിച്ച കബറടക്കാൻ വേണ്ടി അയയ്ക്കുക. ആരെയെങ്കിലും മുഖം കാണിക്കണമെങ്കിൽ ചെയ്യാവുന്നതാണ്. ഈ അവസരത്തിൽ ചില സ്ത്രീകൾ ഉറക്കെ കരയാനും നിലവിളിക്കാനും തുടങ്ങുന്നു. അന്യപുരുഷന്മാർ ഒരുകാരണവശാലും മയ്യത്തിനെ കാണാൻ പാടില്ല ഹറാമാണ്. സ്ത്രീകളുടെ മയ്യിത്ത് പുതപ്പ് മൂടി തന്നെ കൊണ്ടുപോവുക. അല്ലാത്തപക്ഷം ക്ഷമയുടെ മഹത്തായ പ്രതിഫലം നഷ്ടപ്പെടുകയും പരലോക നഷ്ടം ബാധിക്കുകയും ചെയ്യും. അല്ലാഹു ﷻ കാക്കട്ടെ. ആമീൻ
പരിപാലനത്തിൽ ശേഷിച്ച വസ്തുക്കൾ
മസ്‌അല : മയ്യിത്ത് പരിപാലനത്തിൽ കുളി കഫൻ കബറടക്കൽ മുതലായ കാര്യങ്ങളിൽ നിന്നും അവശേഷിച്ച വസ്തുക്കൾ മയ്യിത്തിന്റെ സമ്പത്തിൽ നിന്നും വാങ്ങിയതാണെങ്കിൽ അത് അനന്തരാവകാശികളുടെ സമ്പത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതാണ് അവകാശികളുടെ അനുവാദമില്ലാതെ മറ്റാർക്കെങ്കിലും കൊടുക്കാനോ ഉപേക്ഷിക്കാനോ അനുവാദമില്ല. (ആലംഗീരി 1/162)
മസ്‌അല : ശേഷിച്ച സാധനങ്ങൾ അല്ലെങ്കിൽ പണം മറ്റാരെങ്കിലും സംഭാവനയായി നൽകിയതാണെങ്കിൽ അപ്പോൾ അത് ദാതാവിന്റെ അവകാശം ആയതിനാൽ ശേഷിച്ച ഭാഗം ദാതാവിനേയ്ക്ക് തിരികെ നൽകണം.ദാതാവിനെയോ അവരുടെ വിലാസമോ കണ്ടെത്താൻ കഴിയാത്തപക്ഷം:അവ മറ്റൊരു ദരിദ്ര മരിച്ചവന്റെ ശവസംസ്കാരത്തിനും വസ്ത്രത്തിനും ഉപയോഗിക്കാം. അതും സാധ്യമല്ലെങ്കിൽ അവ ദരിദ്രർക്കും ആവശ്യക്കാർക്കും ദാനം ചെയ്യണം. (റദ്ദുൽ മുഖ്താർ 3/120)
ഇഹ്റാമിൽ മരിച്ചയാളുടെ കഫൻ
മസ്‌അല : ഒരാൾ ഹജ്ജിനോ ഉംറയ്‌ക്കോ പോയി ഇഹ്‌റാം ചെയ്ത അവസ്ഥയിൽ മരിച്ചാൽ അയാളുടെ മയ്യത്ത് സംസ്കരണം, മറവ് ചെയ്യൽ, കുളി മുതലായവ മറ്റുള്ളവർക്ക് ചെയ്യുന്നതുപോലെ തന്നെ ചെയ്യണം. കാരണം മരണം അയാളുടെ ഇഹ്‌റാം അവസാനിപ്പിക്കുന്നു. അതിനാൽ തല മറയ്ക്കുന്നതും സുഗന്ധദ്രവ്യം പൂശുന്നതും മുതലായവ സാധാരണ മുസ്ലീങ്ങൾക്ക് ചെയ്യുന്നതുപോലെ തന്നെ ചെയ്യണം. (റദ്ദുൽ മുഖ്താർ 3/118)
കപ്പലിൽ മരിച്ചാൽ
മസ്‌അല : ഒരു വ്യക്തി കപ്പലിലോ ബോട്ടിലോ മരിക്കുകയും ശരീരം കേടാകുമെന്ന് ഭയപ്പെടുന്ന തരത്തിൽ കര വളരെ അകലെയാണെങ്കിൽ, കുളി, കഫൻ, മയ്യിത്ത് നിസ്കാരം എന്നിവ പൂർത്തിയാക്കിയ ശേഷം, അയാളുടെ കഫൻ അയാളുടെ മേൽ മുറുകെ കെട്ടി എന്തെങ്കിലും നല്ല ഭാരമുള്ള വസ്തുവിനോടൊപ്പം വെള്ളത്തിൽ ഇടണം. തീരം അത്ര ദൂരെയല്ലെങ്കിൽ മൃതദേഹം കേടാകാനുള്ള സാധ്യതയില്ലെങ്കിൽ മയ്യിത്ത് നമസ്‌കാരം നിർവ്വഹിച്ച് മയ്യിത്ത് വെക്കുക തീരം എത്തുമ്പോൾ അത് മണ്ണിൽ മറമാടുക. (ആലംഗീരി 1/159)
മയ്യത്ത് പരിപാലനം: അമുസ്ലിമുമായി ബന്ധപ്പെട്ടത്
മസ്‌അല : മരിച്ചയാൾ അമുസ്ലിമാണെങ്കിൽ ആ മയ്യിത്ത് സംസ്‌കരിക്കേണ്ടതുണ്ടെങ്കിൽ അല്ലെങ്കിൽ മുസ്ലീം മൃതദേഹത്തിന്റെ ബന്ധുക്കളിൽ ആരെങ്കിലും അമുസ്ലിമാണെങ്കിൽ തുടങ്ങിയ വിഷയങ്ങളിൽ മസ്അലകൾ
മസ്‌അല : മരിച്ചയാൾ ഒരു മുർതദ്ധ് ആണെങ്കിൽ അതായത് അയാൾ മുമ്പ് മുസ്ലീമായിരുന്നു പിന്നീട് ഒരു അമുസ്ലിമായിത്തീരുകയും അമുസ്ലിമായി മരിക്കുകയും ചെയ്താൽ അയാളുടെ കുളി കഫൻ, മയ്യിത്ത് നിസ്കാരം എന്നിവ കൊണ്ട് പ്രയോജനമില്ല. ആ മൃതദേഹം മുസ്ലീങ്ങളുടെ രീതിയിൽ സംസ്കരിക്കരുത്, അയാളുടെ മൃതദേഹം മറ്റു അമുസ്ലിംകളുടെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കരുത്. മറിച്ച് ഒരു നായയുടെ ശവം പോലെ ഒരു കുഴിയിൽ ഇട്ട് മൂടണം (റദ്ദുൽ മുഖ്താർ 3/157)
മസ്‌അല : മുർതദ്ധ് അല്ലാത്ത തുടക്കം മുതൽ തന്നെ അവിശ്വാസി ആ അവസ്ഥയിൽ മരിക്കുകയാണെങ്കിൽ അയാളുടെ മതത്തിൽപ്പെട്ട ബന്ധു ഉണ്ടെങ്കിൽ അയാളുടെ ശരീരം അയാൾക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്. അങ്ങനെ അയാൾക്ക് ഇഷ്ടമുള്ള രീതിയിൽ സംസ്കരിക്കാൻ കഴിയും. കൂടാതെ അയാളുടെ മതത്തിൽപ്പെട്ട ബന്ധു ഇല്ലെങ്കിൽ അയാളുടെ മുസ്ലീം ബന്ധുക്കൾ അയാളെ കുളിപ്പിച്ച് അടക്കൽ നിർബന്ധമല്ല. എന്നിരുന്നാലും പിന്നീട് മുസ്ലീങ്ങൾക്ക് വേണ്ടി വരുന്ന സുന്നത്തായ രീതികളൊന്നും പാലിക്കാതെ അശുദ്ധമായ വസ്ത്രം പോലെ അയാളെ കഴുകി ഏതെങ്കിലും തുണിയിൽ പൊതിഞ്ഞ് ഒരു കുഴിയിൽ അടക്കം ചെയ്യാൻ മുസ്ലീങ്ങൾക്ക് അനുവാദമുണ്ട്. (റദ്ദുൽ മുഖ്താർ 3/157)
മസ്അല : മരിച്ചയാൾ മുസ്ലിം എല്ലാ ബന്ധുക്കളും അവിശ്വാസികളാണെങ്കിൽ അയാളുടെ മയ്യത്ത് സംസ്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മുസ്ലീങ്ങളുടെ മാത്രമാണ്. അയാളുടെ മൃതദേഹം അവിശ്വാസി ബന്ധുക്കൾക്ക് കൈമാറരുത് അവിശ്വാസി ബന്ധുക്കൾക്ക് അവനെ കുളിപ്പിക്കാൻ പോലും അവകാശമില്ല.(റദ്ദുൽ മുഖ്താർ 3/157)
മസ്‌അല : അവിശ്വാസിയായ ബന്ധുവിനെ മുസ്ലീമിനെ അടക്കം ചെയ്യാൻ ഖബറിൽ പ്രവേശിക്കാൻ അനുവദിക്കരുത്. (റദ്ദുൽ മുഖ്താർ 3/157)
മസ്‌അല : മുസ്ലീം പുരുഷൻ മരിച്ചു അവനെ കുളിപ്പിക്കാൻ മുസ്ലിമായ ആരും തന്നെ ഇല്ല. ഭാര്യയും എന്നാൽ മുസ്ലീം സ്ത്രീകളും അവിശ്വാസി പുരുഷന്മാരും മാത്രമുള്ള ഒരു സ്ഥലത്ത് മരിച്ചാൽ അത്തരമൊരു സാഹചര്യത്തിൽ മുസ്ലീം സ്ത്രീകൾ അവിശ്വാസിയായ പുരുഷനോട് അവനെ എങ്ങനെ കുളിപ്പിക്കണമെന്ന് പറഞ്ഞുകൊടുക്കണം. കാരണം ഭാര്യയല്ലാത്ത ഒരു സ്ത്രീക്കും പുരുഷന്റെ മയ്യത്ത് കുളിപ്പിക്കൽ അനുവദനീയമല്ല. ആ അവിശ്വാസി ആ മയ്യിത്ത് കുളിപ്പിക്കണം. മുസ്ലീം സ്ത്രീകൾ അവന്റെ മേൽ മയ്യിത്ത് നിസ്കാരം നടത്തണം. (അൽ ബഹ്ർ 3/335)
പ്രയാസ സന്ദർഭങ്ങൾ
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശരീരം അതിന്റെ അവയവങ്ങൾ അവയുടെ സ്ഥാനത്ത് തന്നെ തുടരും,അപ്പോൾ സുന്നത്ത് രീതിയിൽ കുളിപ്പിക്കണം. ഇനി ശരീരം അഴുകുകയോ, ഒരു റോഡപകടത്തിലോ മറ്റേതെങ്കിലും അപകടത്തിലോ ശരീരം ചതഞ്ഞ് അരയുക, തീ കത്തി ശരീരത്തിന്റെ അവസ്ഥ വഷളാകുന്നു അതായത് അതിന്റെ അവയവങ്ങൾ അവയുടെ സ്ഥാനത്ത് ഇല്ല തുടർന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെ അത് കൂടുതൽ വഷളാകുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ അതിന്മേൽ വെള്ളം ഒഴിക്കുക. മരിച്ചയാളുടെ ശരീരം തൊടുമ്പോൾ ചർമ്മം പൊട്ടിപ്പോകുന്ന തരത്തിൽ കേടായാൽ. അത് തൊടരുത്, അതിന്മേൽ വെള്ളം ഒഴിക്കുക. അത്തരം സാഹചര്യത്തിൽ മയ്യത്തിന്റെ ശരീരത്തിൽ പരമാവധി പഞ്ഞി ചുറ്റികെട്ടി കഫൻ പൊതിയുക( അല്ലാഹു കാക്കട്ടെ ആമീൻ)
മസ്‌അല : മയ്യിത്തിനെ ക്കുറിച്ച് വിലപിക്കുകയോ അലറി വിളിച്ചു കരയുകയോ ചെയ്യരുത്. മരിച്ചയാൾക്കുവേണ്ടി കണ്ണുനീർ പൊഴിക്കുന്നത് അനുവദനീയമാണ്.
മരിച്ചയാളെ ചുംബിക്കൽ
മസ്‌അല : കുളിപ്പിച്ചതിനു ശേഷം വളരെ സ്നേഹത്തോടെയോ ആദരവോടെയോ മരിച്ചയാളെ ചുംബിക്കുന്നത് അനുവദനീയമാണ്. ഭർത്താവ് ഭാര്യയുടെ മയ്യത്ത് ചുംബിക്കൽ അനുവദനീയമല്ല. ഭർത്താവിന്റെ മയ്യത്ത് ഭാര്യക്ക് ചുംബിക്കാവുന്നതാണ്.(റദ്ദുൽ മുഖ്താർ 2/199)
മസ്അല : മയ്യത്ത് സംസ്കരണം ഒരുതരത്തിലും താമസിപ്പിക്കാതെ പെട്ടെന്ന് തന്നെ പൂർത്തിയാക്കേണ്ടതും തിടുക്കം കാണിക്കേണ്ടതുമാണ്. ഫീസറിലും മറ്റും വെക്കൽ മയ്യിത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. കാണൽ പ്രാധാന്യം ഉള്ള കാര്യമല്ല. അതിന് പ്രത്യേക പ്രതിഫലം ഇല്ല. മയ്യിത്തിന് വേണ്ടി ദുആ ചെയ്യലാണ് പ്രധാനം.
മയ്യിത്ത് : ചുമക്കുന്നതിന്റെ വിവരണം
അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും ഒരു മുസ്ലീമിന്റെ മയ്യിത്ത് യാത്രയെ അനുഗമിക്കുകയും മയ്യിത്തിന്റെ മേൽ നിസ്കാരം നിർവഹിച്ച് ഖബ്ർ അടക്കുന്നതുവരെ കൂടെയിരിക്കുകയും ചെയ്യുന്നവൻ രണ്ട് ഖിറാത്ത് പ്രതിഫലവുമായി മടങ്ങും അതിൽ ഓരോ ഖിറാത്തും ഉഹ്ദ് പർവ്വതത്തിന് തുല്യമാണ്. മയ്യിത്ത് നിസ്കരിച്ച ശേഷം മടങ്ങുകയും ഖബ്ർ അടക്കുക്കുന്നതുവരെ അതിനൊപ്പം പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നവൻ ഒരു ഖിറാത്ത് പ്രതിഫലവുമായി മടങ്ങും. (മുസ്ലിം )
മസ്അല : മരിച്ചയാൾ അയൽക്കാരനോ, ബന്ധുവോ, സൂക്ഷ്മത പാലിച്ചു ജീവിച്ച ആളാണെങ്കിൽ നഫൽ നിസ്കാരം നിർവഹിക്കുന്നതിനേക്കാൾ നല്ലത് അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്കരണ ചടങ്ങിൽ പങ്കെടുക്കുന്നതാണ്. (ആലംഗീരി 1/162)
മസ്അല : ആവശ്യമാണെങ്കിൽ വേതനം നൽകി മയ്യത്ത് സംസ്കരണം നടത്താവുന്നതാണ്. (ആലംഗീരി 1/162)
മസ്അല : സ്ത്രീകൾ മയ്യത്തിന്റെ കൂടെ പോകുന്നത് കറാഹത് തഹരീമാണ്. (ബഹ്ഷ്തി സേവർ 815)
മയ്യിത്ത് ചുമക്കുന്നതിന്റെ സുന്നത്തായ രൂപം
മസ്അല : മരിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയോ അല്ലെങ്കിൽ കുറച്ചു മുതിർന്ന കുട്ടിയോ ആണെങ്കിൽ ആളുകൾ അവനെ കൈകളിൽ എടുത്ത് കൊണ്ടുപോകണം. അതായത് ഒരാൾ അവനെ രണ്ട് കൈകളിലും വഹിക്കണം. പിന്നീട് മറ്റൊരാളുടെ കൈകളിലേക്ക് നൽകുക അങ്ങനെ ഊഴമനുസരിച്ച് കൊണ്ടുപോവുക. (ആലംഗീരി 1/162)
മസ്അല : മരിച്ചയാൾ മുതിർന്ന പുരുഷനോ സ്ത്രീയോ ആണെങ്കിൽ നാല് കാലുകളുള്ള ഒരു മയ്യിത്ത് കിടത്തി തല മുന്നിലേക്ക് പോകുന്ന രീതിയിൽ കൊണ്ടുപോകണം. ഒരാൾ നാല് കാലുകളിൽ നിന്ന് ഓരോന്നും ഉയർത്തണം. നാല് കാലുകളും കൈകൾ കൊണ്ട് ഉയർത്തി തോളിൽ വയ്ക്കണം. കൈകൾ കൊണ്ട് ഉയർത്താതെ സാധനങ്ങൾ പോലെ കഴുത്തിൽ ചുമക്കുന്നത് മക്റൂഹ് ആണ്. മുതുകിൽ ചുമക്കുന്നതും മക്റൂഹ് ആണ്. അതുപോലെ, ഒരു ഒഴികഴിവുമില്ലാതെ ഒരു വാഹനത്തിലും മറ്റും കൊണ്ടുപോകുന്നതും മക്റൂഹ് ആണ്. തക്കതായ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് മക്റൂഹ് അല്ല. (ബഹ്ഷ്തി സേവർ 811)
മസ്അല : രണ്ടു കാലുകളിലും ഒരാൾ തന്നെ പിടിക്കുന്ന രീതിയിൽ ഇരുതോളുകളിലും വെച്ച് രണ്ടുപേരായി മാത്രം ചുവന്നു കൊണ്ടുപോകൽ കറാഹത്താണ്. എന്തെങ്കിലും കാരണത്തിന്റെ പേരിൽ അനുവദനീയമാണ്. ഉദാഹരണത്തിന് വഴിയിടുക്കം ആവുക.(ആലംഗീരി 1/162)
മസ്അല : മയ്യത്ത് കൊണ്ടുപോകുന്നതിന്റെ മുസ്തഹബ്ബായ രീതി ആദ്യം മരിച്ചയാളുടെ വലതുവശത്ത് മുൻ കാൽ വലതു തോളിൽ വയ്ക്കുകയും കുറഞ്ഞത് പത്ത് ചുവടുകൾ നടക്കുകയും ചെയ്യുക , തുടർന്ന് പിൻ കാൽ അതേ വശത്ത് വലതു തോളിൽ വയ്ക്കുകയും കുറഞ്ഞത് പത്ത് ചുവടുകൾ നടക്കുകയും ചെയ്യുക, തുടർന്ന് മരിച്ചയാളുടെ ഇടതുവശത്ത് മുൻ കാൽ ഇടതു തോളിൽ വയ്ക്കുകയും, തുടർന്ന് പിൻ കാൽ ഇടതു തോളിൽ വയ്ക്കുകയും, നാല് കാലുകളും നാല്പത് ചുവടുകൾ ഒരുമിച്ച് എത്തുന്നതുവരെ കുറഞ്ഞത് പത്ത് ചുവടുകൾ നടക്കുകയും ചെയ്യുക എന്നതാണ്. മയ്യത്ത് കൊണ്ടുപോകുമ്പോൾ കുറഞ്ഞത് നാല്പത് ചുവടുകൾ കൊണ്ടുപോകുന്നതിന്റെ മഹത്വം ഹദീസ് ഷെരീഫിൽ പരാമർശിച്ചിട്ടുണ്ട്. (റദ്ദുൽ മുഖ്താർ 3/159)
മസ്അല : മയ്യത്ത് വേഗത്തിൽ കൊണ്ടുപോകൽ സുന്നത്താണ്. മയ്യത്ത് ശക്തമായ അനങ്ങുകയും കുലുങ്ങുകയും ചെയ്യുന്ന രീതിയിൽ ആകരുത്. (ബഹ്ഷ്തി സേവർ 811)
മസ്അല : മയ്യത്ത് കൊണ്ടുപോകുമ്പോൾ കാൽനടയായി നടക്കൽ മുസ്തഹബ്ബാണ്. മയ്യത്ത് വാഹനത്തിൽ ആണെങ്കിൽ മറ്റുള്ളവർ ആ വാഹനത്തിന്റെ പിന്നാലെ നടക്കേണ്ടതാണ്. (ബഹ്ഷ്തി സേവർ 811)
മസ്അല : മയ്യത്ത് കൊണ്ടുപോകുമ്പോൾ അതിന്റെ പിന്നിൽ നടക്കൽ മുസ്തഹബ്ബാണ് എന്നിരുന്നാലും മയ്യത്തിന്റെ മുന്നിൽ നടക്കലും അനുവദനീയമാണ്. ജനങ്ങൾ മയ്യത്തിനെക്കാൾ വളരെ ദൂരം മുന്നിലാണെങ്കിൽ അല്ലെങ്കിൽ എല്ലാവരും ശവസംസ്കാര ഘോഷയാത്രയുടെ മുന്നിലാണെങ്കിൽ അത് മക്റൂഹ് ആണ്. മയ്യത്തിന്റെ മുന്നിലായി വാഹനത്തിൽ പോകലും കറാഹത്താണ്. (ബഹ്ഷ്തി സേവർ 811)
മസ്അല : മയ്യത്തിനെ കൊണ്ടുപോകുമ്പോൾ അതിന്റെ ഇടതുവശത്തും വലതുവശത്തും ആയിട്ട് നടക്കരുത് (ആലംഗീരി 1/162)
മസ്അല : മയ്യത്തിനെ കൊണ്ടുപോകുമ്പോൾ ഏതെങ്കിലും ദിക്റ് ദുആയോ ഉറക്കെ ശബ്ദത്തിൽ ചൊല്ലരുത്. കറാഹത്താണ് (അൽ ബഹ്ർ 2/207)
മസ്അല : മയ്യത്തിനെ കൊണ്ടുപോകുമ്പോൾ കൂടെ നടക്കാത്തവരും മയ്യത്തിന്റെ കൂടെ കൂടണം എന്ന് ഉദ്ദേശമില്ലാതെ എവിടെയെങ്കിലും ഇരിക്കുന്നവരും മയ്യത്തിനെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കരുത്.(അൽ ബഹ്ർ 2/207)
മസ്അല : മയ്യത്തിനെ ചുമന്നു കൊണ്ടു പോകുന്നവർ മയ്യിത്ത് തോളിൽ നിന്ന് മാറ്റുന്നതിന് മുമ്പ് ഇരിക്കുന്നത് മക്റൂഹാണ്. ഇനി ഇരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല (ആലംഗീരി 1/162)
മസ്അല : ജനാസ കൊണ്ടുപോകുമ്പോൾ പങ്കെടുക്കുന്ന വ്യക്തി മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുക്കാതെ മടങ്ങരുത്. എന്നിരുന്നാലും മയ്യത്ത് നിസ്കാരതിന്നു ശേഷം കുടുംബക്കാരുടെ അനുവാദത്തോടെ മടങ്ങാവുന്നതാണ്. ഖബർ അടക്കിയതിനു ശേഷം അനുവാദം വാങ്ങേണ്ട ആവശ്യമില്ല.(ആലംഗീരി 1/165)
ഹദീസ്: തിരുമേനി (സ) മയ്യത്ത് ചുമലിൽ നിന്ന് മാറ്റുന്നതുവരെ അദ്ദേഹം ഇരിക്കുമായിരുന്നില്ല. തിരുമേനി (സ) പറഞ്ഞു: നിങ്ങൾ മയ്യത്ത് കൊണ്ടുവരുമ്പോൾ നിലത്ത് അത് വയ്ക്കുന്നതുവരെ ഇരിക്കരുത്.
ഒരു നിവേദനത്തിൽ: ഖബറിൽ വയ്ക്കുന്നതുവരെ ഇരിക്കരുത്.
മയ്യിത്ത് നിസ്കാരം
മസ്‌അല : മരണപ്പെട്ട വ്യക്തിയുടെ മേൽ മയ്യിത്ത് നിസ്കാരം നിർവഹിക്കൽ ഫർള് കിഫായയാണ്. അതായത് ആരും നമസ്കരിച്ചില്ലെങ്കിൽ അദ്ദേഹത്തെ അറിയുന്ന എല്ലാവരും പാപികളായിരിക്കും ഒരാളെങ്കിലും നമസ്കരിച്ചാൽ ഫർദ് കിഫായ നിറവേറ്റപ്പെടും. കാരണം ജമാഅത്ത് നമസ്കാരം മയ്യിത്ത് നമസ്കാരം ശരിയാകുന്നതിനുള്ള ശർത്തോ വാജിബോ അല്ല. (റദ്ദുൽ മുഖ്താർ 3/121)
മസ്‌അല : വെള്ളിയാഴ്ച ആരെങ്കിലും മരിച്ചാൽ ജുമാ നമസ്കാരത്തിന് മുമ്പ് കുളിപ്പിച്ച് നിസ്കാരം നിർവഹിച്ച് മറവ് ചെയ്യാനും കഴിയുമെങ്കിൽ തീർച്ചയായും അങ്ങനെ ചെയ്യണം. ജുമാ നിസ്കാരത്തിനു ശേഷം മയ്യത്ത് നിസ്കാരത്തിൽ പങ്കെടുക്കാൻ കൂടുതൽ ആളുകൾ ഉണ്ടാകും എന്ന ഉദ്ദേശത്തിൽ നിസ്കാരം വൈകിപ്പിക്കുന്നത് കറാഹത്താണ്. (റദ്ദുൽ മുഖ്താർ 3/121)
മസ്‌അല : ജുമാ, ഫർള് നിസ്കാരങ്ങളുടെ ജമാഅത്ത് നടക്കാൻ പോകുന്ന സമയത്ത് മയ്യത്ത് വന്നാൽ ആദ്യം ഫർദ്, സുന്നത്ത് നമസ്കാരങ്ങൾ നിർവഹിക്കുക തുടർന്ന് മയ്യിത്ത് നമസ്കാരം നടത്തുക.(റദ്ദുൽ മുഖ്താർ 3/52)
മസ്‌അല : പെരുന്നാൾ നിസ്കാരത്തിന്റെ സമയത്താണ് മയ്യത്ത് വരുന്നതെങ്കിൽ ആദ്യം തലതാ നിസ്കാരം നിർവഹിക്കുക. തുടർന്ന് ഖുതുബയോതി പിന്നീട് മയ്യത്ത് നിസ്കാരം നടത്തുക. (ഇംദാദുൽ ഫതാവ 1/505)
മസ്‌അല : മരണപ്പെട്ട വ്യക്തി തന്റെ മയ്യിത്ത് നിസ്കാരം ഇന്നയാൾ ഇമാമായി നിന്ന് നിർവഹിക്കണം എന്ന് വസിയ്യത്ത് ചെയ്താൽ അത് പരിഗണിക്കപ്പെടുന്നതല്ല. സാധുവായിരിക്കില്ല. ശരീഅത്ത് അനുസരിച്ച് അത് പാലിക്കേണ്ട ആവശ്യമില്ല.മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകാൻ അവകാശം ലഭിച്ചവരുടെ വിശദാംശങ്ങൾ പിന്നീട് വിശദീകരിക്കും. അവരെ ഇമാമാക്കണം. എന്നിരുന്നാലും, അവർ മറ്റൊരാളെ ഇമാമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ ഒരു ദോഷവുമില്ല. (മറാഖി അൽ ഫലാഹ് 324)
മയ്യിത്ത് നമസ്കാര സമയം
മസ്‌അല : അഞ്ച് നേരെത്തെ നമസ്കാരങ്ങൾക്ക് നിശ്ചിത സമയങ്ങൾ ഉള്ളതുപോലെ മയ്യിത്ത് നമസ്കാരത്തിന് പ്രത്യേക സമയമോ നിബന്ധനയോ ഇല്ല (ബഹ്ഷ്തി സേവർ 806)
മസ്‌അല : സൂര്യോദയത്തിനു മുമ്പുള്ള ഫജ്ർ നമസ്കാരത്തിനു ശേഷവും സൂര്യൻ മഞ്ഞനിറമാകുന്നതിനു മുമ്പുള്ള അസർ നമസ്കാരത്തിനു ശേഷവും നെഫല് സുന്നത്ത് നിസ്കാരങ്ങൾ അനുവദനീയമല്ല. എന്നാൽ മയ്യത്ത് നിസ്കാരം ഒരു കറാഹത്തും ഇല്ലാതെ അനുവദനീയമാകുന്നതാണ്. (ആലംഗീരി 1/53)
മസ്‌അല : സൂര്യോദയ സമയത്തും മധ്യാഹ്ന സമയത്തും (നട്ടുച്ചയ്ക്ക്) സൂര്യാസ്തമയ സമയത്തും മറ്റൊരു നിസ്കാരങ്ങൾ ഒന്നും അനുവദനീയമല്ലാത്തത് പോലെ മയ്യിത്ത് നമസ്കാരവും അനുവദനീയമല്ല. സൂര്യോദയ സമയം സൂര്യന്റെ മുകൾഭാഗം പ്രത്യക്ഷപ്പെടുമ്പോൾ ആരംഭിച്ച് സൂര്യൻ പൂർണ്ണമായും ഉദിച്ച് ഉയർന്ന് വരുന്നതുവരെ, അതായത്, കണ്ണിന് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതുവരെ. സൂര്യൻ മഞ്ഞനിറമാകുമ്പോൾ സൂര്യാസ്തമയ സമയം ആരംഭിക്കുന്നു അതായത്, കണ്ണിന് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സമയം മുതൽ സൂര്യൻ പൂർണ്ണമായും അപ്രത്യക്ഷമാകുന്നതുവരെ നീണ്ടുനിൽക്കും. (അൽ മബ്‌സൂത്വ് 1/149)
മസ്‌അല : മുകളിൽ പറഞ്ഞ മൂന്ന് സമയങ്ങളിൽ മയ്യിത്ത് നമസ്കാരം അനുവദനീയമല്ല ഈ സമയങ്ങളോട് ചേർന്ന് മയ്യത്ത് തയ്യാറായി എത്തിയിട്ടുണ്ടെങ്കിൽ സൂര്യോദയം മധ്യാഹ്നം അല്ലെങ്കിൽ സൂര്യാസ്തമയ സമയത്ത് ബൈത്ത് നിസ്കാരം നിർവഹിക്കൽ അനുവദനീയമാണ്.(ആലംഗീരി 1/53)
ചുരുക്കത്തിൽ ഈ മൂന്ന് സമയങ്ങൾ അല്ലാതെ ബാക്കി എല്ലാ സമയങ്ങളിലും മയ്യത്ത് നിസ്കാരം കറാഹത്ത് ഇല്ലാത്ത തന്നെ അനുവദനീയമാണ്. ഇനി കൃത്യമായി മൂന്ന് സമയങ്ങളിൽ തയ്യാറായി വന്നിട്ടുണ്ട് എങ്കിൽ ആ സന്ദർഭത്തിൽ നിസ്കരിക്കൽ അനുവദനീയമാണ്.
മയ്യിത്ത് നമസ്കാരം നിർബന്ധമാകുന്നതിനുള്ള നിബന്ധനകൾ
മസ്‌അല : മയ്യിത്ത് നമസ്കാരം നിർബന്ധമാക്കുന്നതിനുള്ള നിബന്ധനകൾ മറ്റ് നിസ്കാരങ്ങൾക്കുള്ളതിന് സമാനമാണ്. കഴിവുണ്ടായിരിക്കുക പ്രായപൂർത്തിയായിരിക്കുക മുസ്ലീമായിരിക്കുക എന്നിരുന്നാലും മയ്യിത്ത് നിസ്കാരത്തിന് ഒരു നിബന്ധന കൂടിയുണ്ട് അതായത് വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള അറിവ് ലഭിക്കൽ അതിനാൽ ഈ അറിവ് ലഭിക്കാത്തവർ ഒഴിവാണ്. മയ്യിത്ത് നമസ്കാരം അയാൾക്ക് നിർബന്ധമല്ല. (റദ്ദുൽ മുഖ്താർ 3/121)
മയ്യത്ത് നിസ്കാരം ശരിയാകുന്നതിനുള്ള നിബന്ധനകൾ
മസ്‌അല : മയ്യിത്ത് നമസ്കാരം സാധുവാകുന്നതിന് രണ്ട് തരം വ്യവസ്ഥകളുണ്ട്. ഒന്ന് നമസ്കാരക്കാരനിൽ കാണേണ്ട വ്യവസ്ഥകളാണ്. അവ മറ്റ് നിസ്കാരങ്ങൾക്ക് സമാനമാണ്, അതായത് ശുദ്ധി, ഔറത്ത് മറക്കൽ, ഖിബ്ലയെ അഭിമുഖീകരിക്കൽ, നിയ്യത്ത്. (റദ്ദുൽ മുഖ്താർ 3/121)
മസ്‌അല : നിസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെക്കുറിച്ചുള്ള ഭയം ഉണ്ടെങ്കിൽ മയ്യിത്ത് നമസ്കാരത്തിന് തയമ്മും അനുവദനീയമാണ്. ഉദാഹരണത്തിന്, ഒരു മയ്യിത്ത് നമസ്കാരം നടക്കുകയും വുദു ചെയ്യുമ്പോൾ പ്രാർത്ഥന അവസാനിക്കുമോ എന്ന ഭയം ഉണ്ടാകുകയും ചെയ്താൽ, വെള്ളമുണ്ടെങ്കിൽ പോലും തയമ്മും ചെയ്ത് നിസ്കരിക്കണം. മറ്റ് നിസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി, സമയം കഴിയുമോ എന്ന ഭയം ഉണ്ടെങ്കിൽ പോലും വെള്ളത്തിന്റെ കാര്യത്തിൽ തയമ്മും അനുവദനീയമല്ല.(റദ്ദുൽ മുഖ്താർ 1/241)
ചെരുപ്പ് ധരിച്ച് നിസ്കരിക്കൽ
മസ്‌അല : ചിലർ ചെരുപ്പ് ധരിച്ച് മയ്യിത്ത് മയ്യത്ത് നിസ്കാരം നിർവഹിക്കുന്നു. അവർ നിൽക്കുന്ന സ്ഥലവും ചെരുപ്പും വൃത്തിയുള്ളതായിരിക്കേണ്ടത് അവർക്ക് പ്രധാനമാണ്, അല്ലാത്തപക്ഷം അവരുടെ നിസ്കാരം സാധുവായിരിക്കില്ല.( അൽ ബഹ്ർ 2/193)
മസ്‌അല : പാദത്തിൽ നിന്ന് ചെരുപ്പ് ഊരി അതിന്റെ മേൽ നിൽക്കുകയാണെങ്കിൽ ഭൂമിയോട് ചേർന്നിരിക്കുന്ന ചെരുപ്പിന്റെ താഴ് ഭാഗം അശുദ്ധമാണെങ്കിൽ പോലും കാലുമായി സമ്പർക്കം പുലർത്തുന്ന ചെരുപ്പിന്റെ മുകൾ ഭാഗം മാത്രം വൃത്തി ഉണ്ടായാൽ പോലും മതിയാകുന്നതാണ്. ഈ സാഹചര്യത്തിൽ തറ അശുദ്ധമാണെങ്കിൽ കൂടി ഒരു പ്രശ്നവുമില്ല.( അൽ ബഹ്ർ 2/193)
മയ്യിത്തിന്റെ മേൽ പൂർത്തിയാകേണ്ട നിബന്ധനകൾ
രണ്ടാമത്തെ ഇനം നിബന്ധനകൾ മരിച്ചയാളുമായി ബന്ധപ്പെട്ടവയാണ്. അവ ആറ് എണ്ണമാണ്.
- മരിച്ചയാൾ മുസ്ലീമായിരിക്കണം. അതിനാൽ ഒരു അവിശ്വാസിക്കോ ദീനിൽ നിന്ന് പുറത്തുപോയവന്റെ മേലോ നിസ്കാരം സാധുവല്ല.
ഒരു മുസ്ലിം പാപിയായാലും ബിദ്അത്കാരൻ ആണെങ്കിൽ പോലും അവന്റെ മേൽ നിസ്കാരം ശരിയാവുന്നതാണ്.
ഒരു മുസ്ലീം ഭരണാധികാരിക്കെതിരെ പോരാടുന്നതിനിടയിൽ, കൊള്ളയടിക്കുന്നതിനിടയിലോ, ഗോത്ര, ദേശീയ, പ്രവിശ്യാ, ഭാഷാപരമായ വർഗീയതയ്ക്ക് വേണ്ടി ഏറ്റുമുട്ടുന്നതിനിടയിലോ കൊല്ലപ്പെടുന്നവർ ഒഴികെ. അവർക്കുവേണ്ടി മയ്യിത്ത് നിസ്കാരം നിർവഹിക്കപ്പെടില്ല. ഏറ്റുമുട്ടലിന് ശേഷം അവർ കൊല്ലപ്പെടുകയോ അല്ലെങ്കിൽ സ്വാഭാവിക കാരണങ്ങളാൽ മരിക്കുകയോ ചെയ്താൽ അവരുടെ മേൽ നിസ്കാരം നിർവഹിക്കപ്പെടും. (റദ്ദുൽ മുഖ്താർ 2/209)
മസ്‌അല : പിതാവിനെയോ ഉമ്മയെയോ കൊന്ന ഒരാൾ അതിനുള്ള ശിക്ഷയായി കൊല്ലപ്പെട്ടാൽ അയാളുടെ മയ്യിത്ത് നിസ്കാരം നിർവഹിക്കപ്പെടില്ല. (റദ്ദുൽ മുഖ്താർ3/128)
മസ്‌അല : ആത്മഹത്യ ചെയ്ത ഒരാളെ കുളിപ്പിക്കുകയും അവനുവേണ്ടി മയ്യിത്ത് നിസ്കാരം നടത്തുന്നതും അനുവദനീയമാണ്. (റദ്ദുൽ മുഖ്താർ 3/127)
- മരിച്ചയാളുടെ ശരീരവും കഫനും നജസിൽ നിന്നും അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കണം. ഇനി കഫൻ ചെയ്തതിനുശേഷം ശരീരത്തിൽ നിന്ന് നജസ് പുറപ്പെട്ടാൽ അതുമൂലം അയാളുടെ ശരീരമോ കഫൻ പൂർണ്ണമായും അശുദ്ധമാണെങ്കിൽ കൂടി ഒരു ദോഷവുമില്ല. നിസ്കാരം സാധുവാണ്. കഴുകേണ്ട ആവശ്യമില്ല. (റദ്ദുൽ മുഖ്താർ 3/122)
മസ്അല : മരിച്ചയാൾ അശുദ്ധിയിൽ നിന്നും ശുദ്ധനല്ലെങ്കിൽ അതായത് മയ്യിത്തിനെ കുളിപ്പിച്ചിട്ടില്ല. അത് വെള്ളം ഉപയോഗിക്കൽ അസാധ്യമാണെങ്കിൽ തയ്മും ചെയ്തിട്ടില്ലെങ്കിൽ ആ മയ്യിത്തിന്റെ മേൽ നിസ്കാരം അനുവദനീയമല്ല. ഇനി അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ സാധിക്കാത്ത സാഹചര്യം ആണെങ്കിൽ ഉദാഹരണത്തിന് കുളിയോ തയമ്മോ ഇല്ലാതെ അടക്കം ചെയ്യപ്പെട്ടു. ശരീരം അഴുകിയിട്ടില്ലെങ്കിൽ ആ മയ്യിത്തിന്റെ നിസ്കാരം ഈ അവസ്ഥയിൽ അയാളുടെ ഖബറിൽ നിർവഹിക്കപ്പെടും.
മസ്‌അല : ഗുസ്-ലോ (കുളി) തയമ്മുമോ ഇല്ലാതെ ഒരു മൃതദേഹം നമസ്കരിച്ച് അത് മറവ് ചെയ്തിട്ടുണ്ടെങ്കിൽ അത് മറവ് ചെയ്തതിനുശേഷം ആ മയ്യിത്തിനെ കുളിപ്പിക്കാതെയും തയ്മും ഇല്ലാതെയും അടക്കപ്പെട്ടു എന്ന് മനസ്സിലായാൽ മയ്യത്ത് അഴുകുന്നതിന് മുമ്പ് വരെ ആ ഖബറിൽ വീണ്ടും നമസ്കരിക്കണം. കാരണം ആദ്യത്തെ നിസ്കാരം ശരിയായിട്ടില്ല. കുളിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ നിസ്കാരം മതിയാവുന്നതാണ്. (ആലംഗീരി 1/163)
മസ്‌അല : ഒരു മുസ്ലീമിനെ മയ്യിത്ത് നമസ്കരിക്കാതെ അടക്കം ചെയ്താൽ അയാളുടെ ശരീരം അഴുകുമെന്ന് ഭയം ഇല്ലെങ്കിൽ അയാളുടെ നമസ്കാരം അയാളുടെ ഖബറിൽ തന്നെ നടത്തണം. അഴുകി എന്ന് തോന്നിയാൽ നമസ്കാരം നടത്തരുത്. മയ്യിത്ത് അഴുക്കുന്നതിനുള്ള സമയം സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു, അത് നിർണ്ണയിക്കാൻ കഴിയില്ല. ചിലർ മൂന്ന് ദിവസം, ചിലത് പത്ത് ദിവസം, ചിലർ ഒരു മാസം എന്നിങ്ങനെയുള്ള കാലയളവ് പ്രസ്താവിച്ചിട്ടുണ്ട്.റദ്ദുൽ മുഖ്താർ 3/146)
മസ്‌അല : മരിച്ചയാളെ ഉയർന്നതോ താഴ്ന്നതോ വൃത്തിയുള്ള ഒരു കിടക്കയിലോ മേശയിലോ ആ കിടക്ക വിരിച്ചിരിക്കുന്ന സ്ഥലം മുതലായവ ശുദ്ധിയായിരിക്കണമെന്ന് നിബന്ധനയില്ല. അത്തരമൊരു സാഹചര്യത്തിൽ മയ്യത്ത് നിസ്കാരം സാധുവാണ്. കിടക്കയോ മേശയോ മുതലായവയും അശുദ്ധമാണെങ്കിൽ അല്ലെങ്കിൽ മരിച്ചയാളെ മേശയോ കട്ടിലോ ഇല്ലാതെ അശുദ്ധമായ സ്ഥലത്ത് കിടത്തിയാൽ അത്തരമൊരു സാഹചര്യത്തിൽ മരിച്ചയാളുടെ സ്ഥലം ശുദ്ധിയുള്ള അവസ്ഥയാണോ അല്ലയോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഇത് ഒരു നിബന്ധനയാണ് അതിനാൽ മരിച്ചയാളെ അശുദ്ധമായ ഒരു വിരിപ്പിലോ അശുദ്ധമായ സ്ഥലത്തോ കിടത്തിയാൽ മയ്യത്ത് നിസ്കാരം സാധുവായിരിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഇത് ഒരു നിബന്ധനയല്ല അതിനാൽ നിസ്കാരം സാധുവായിരിക്കും. (റദ്ദുൽ മുഖ്താർ 3/122)
- മരിച്ചയാളുടെ മറക്കൽ നിർബന്ധമായ ശരീര ഭാഗങ്ങൾ മറഞ്ഞിരിക്കണം. മയ്യത്ത് നഗ്നമാണെങ്കിൽ നിസ്കാരം ശരിയാകുന്നതല്ല. (റദ്ദുൽ മുഖ്താർ 3/123)
- മയ്യത്ത് നിസ്കരിക്കുന്നവരുടെ മുന്നിലായിരിക്കണം. നിസ്കരിക്കുന്നവരുടെ പിന്നിൽ മയ്യിത്ത് ആയാൽ നിസ്കാരം ശരിയാകുന്നതല്ല. (റദ്ദുൽ മുഖ്താർ 2/209)
- മയ്യിത്തിനെ ഭൂമിയിലോ ഭൂമിയിൽ വച്ചിരിക്കുന്ന മേശയുടെ മേലെയോ കിടത്തി മയ്യത്ത് നിസ്കാരം നിർവഹിക്കണം. കാരണം ഒന്നുമില്ലാതെ മയ്യത്തിനെ വാഹനത്തിന്റെ മേലെയോ ആരുടെയെങ്കിലും കയ്യിലോ വെക്കുന്ന അവസ്ഥയിൽ നിസ്കാരം നിർവഹിച്ചാൽ ശരിയാവുന്നതല്ല. (റദ്ദുൽ മുഖ്താർ 2/209)
- മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നവരുടെ മുന്നിൽ മയ്യിത്ത് ഉണ്ടായിരിക്കണം. മറഞ്ഞ മയ്യിത്തിന്റെ മേൽ നിസ്കാരം ശരിയാകുന്നതല്ല.(റദ്ദുൽ മുഖ്താർ 2/209)
മയ്യിത്ത് നിസ്കാരത്തിന്റെ ഫർളുകൾ
മയ്യിത്ത് നമസ്കാരത്തിന് രണ്ട് ഫർളുകളാണ്.
- നാലുതവണ അല്ലാഹു അക്ബർ എന്ന് പറയുക. ഓരോ തക്ബീറും ഓരോ റക്കാഅത്തുകൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അതായത് മറ്റു നിസ്കാരങ്ങളിൽ റക്കായത്തുകളുടെ സ്ഥാനത്താണ് മയ്യത്ത് നിസ്കാരത്തിൽ തക്ബീറുകൾ ഉള്ളത്. (റദ്ദുൽ മുഖ്താർ 3/128
മസ്‌അല : മയ്യിത്ത് നിസ്കാരത്തിൽ ഇമാം നാലിൽ കൂടുതൽ തക്ബീറുകൾ പറഞ്ഞാൽ ഹനഫി മദ്ഹബ് പിന്തുടരുന്നവർ ഈ അധിക തക്ബീറുകളിൽ അദ്ദേഹത്തെ പിന്തുടരരുത് മറിച്ച് നിശബ്ദമായി നിൽക്കണം ഇമാം സലാം വീട്ടുമ്പോൾ അവരും സലാം വീട്ടണം ഇനി! മുകബ്ബിർ ( വിളിച്ചു പറയുന്ന ആൾ ) അധികരിച്ച തക്ബീർ പറഞ്ഞാൽ അയാളെ പിന്തുടരണം. ഓരോ തക്ബീറും തക്ബീറത്തുൽ ഇഹ്റാം ആയി കണക്കാക്കുകയും വേണം ഒരുപക്ഷേ മുകബ്ബിർ മുമ്പ് പറഞ്ഞ നാല് തക്ബീറുകളും തെറ്റാണെന്ന് കരുതണം ഇമാം ഇപ്പോളാണ് തക്ബീറത്തുൽ ഇഹ്റാം പറഞ്ഞതെന്ന് മനസ്സിലാക്കണം.(റദ്ദുൽ മുഖ്താർ 3/131)
- നിൽക്കൽ, ഫർള് വാജിബ് നിസ്കാരങ്ങളിൽ നിൽക്കൽ എപ്രകാരം നിർബന്ധമാണ് അതേപോലെതന്നെ മയ്യത്ത് നിസ്കാരത്തിലും നിന്ന് നിർവഹിക്കൽ നിർബന്ധമാണ്. കാരണമില്ലാതെ അത് ഉപേക്ഷിക്കുന്നത് അനുവദനീയമല്ലാത്തതുപോലെ ഇരുന്നുകൊണ്ട് മയ്യിത്ത് നമസ്കാരം കാരണമില്ലാതെ സാധുവല്ല. (ത്വഹ്ത്വാവി 3/124)
മസ്‌അല : മയ്യിത്ത് നിസ്കാരത്തിൽ ബാങ്ക്, ഇഖാമത്, ഖിറാഅത്, റകൂഅ്, സുജൂദ് അതഹിയാത് ഒന്നും തന്നെയില്ല. (ആലംഗീരി 1/53)
മയ്യിത്ത് നമസ്കാരത്തിൽ മൂന്ന് കാര്യങ്ങൾ സുന്നത്താണ്
- അല്ലാഹുവിനെ ﷻ സ്തുതിക്കൽ.
- നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ.
- മരിച്ചയാൾക്കുവേണ്ടി ദുആ ചെയ്യൽ
മസ്‌അല : മയ്യിത്ത് നിസ്കാരം ജമാഅത്തായി നിർവഹിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ ഒരാൾ മയ്യിത്ത് നമസ്കരിച്ചാൽ പോലും നമസ്കരിക്കുന്നയാൾ സ്ത്രീയോ പുരുഷനോ മുതിർന്നയാളോ പ്രായപൂർത്തിയാകാത്തയാളോ ആകട്ടെ ബാധ്യത നിറവേറ്റപ്പെടും ആരും നമസ്കരിക്കുന്നില്ലെങ്കിൽ എല്ലാവരും പാപികൾ ആയിരിക്കും. (റദ്ദുൽ മുഖ്താർ 3/122)
മസ്‌അല : മയ്യിത്ത് നിസ്കാരത്തിൽ കൂടുതൽ ആളുകൾ കൂടുന്നത് നല്ലതാണ്. കാരണം ഇത് മരിച്ചയാൾക്കുവേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ്. അല്ലാഹുവിന്റെ മുന്നിൽ എന്തെങ്കിലും പ്രാർത്ഥിക്കാൻ ഒത്തുകൂടുന്ന കുറച്ച് മുസ്ലീങ്ങൾക്ക് കാരുണ്യത്തിന്റെയും സ്വീകാര്യതയുടെയും ഇറക്കത്തിനായുള്ള ഒരു സവിശേഷ സ്വഭാവമുണ്ട്. എന്നാൽ മയ്യിത്ത് നിസ്കാരത്തിന് ആളെ നിസ്കാരത്തിന് ആളെ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മയ്യിത്ത് നിസ്കാരം വൈകിപ്പിക്കുന്നത് കറാഹത്താണ്. (ത്വഹ്ത്വാവി 3/124)
മയ്യിത്ത് നമസ്കാരത്തിന്റെ സുന്നത്തായ രീതി
മരണപ്പെട്ടയാളെ എല്ലാവരുടെയും മുന്നിൽ കിടത്തുക ഇമാം മയ്യിത്തിന്റെ നെഞ്ചിന് നേരെ നിൽക്കണം
എല്ലാവരും നിയ്യത്ത് ചെയ്യുക
അല്ലാഹുവിനുവേണ്ടി ﷻ ഈ മയ്യത്തിന് മേലുള്ള ഫർളായ നിസ്കാരം നിർവഹിക്കാൻ ഞാൻ കരുതുന്നു.നിയ്യത്തിന് പ്രത്യേക രൂപം ഇല്ല.അറബി നിർബന്ധമില്ല മലയാളത്തിലാണെങ്കിലും കരുതിയാൽ മതിയാകും
- തക്ബീറത്തുൽ ഇഹ്റാം പോലെ രണ്ട് കൈകളും ചെവിയുടെ നേരെ ഉയർത്തുക. അല്ലാഹു അക്ബർ എന്ന് പറയുക.രണ്ട് കൈകളും നിസ്കാരത്തിൽ കെട്ടുന്നത് പോലെ പൊക്കിളിന് താഴെ കെട്ടുക. തുടർന്ന് സനാ ഓതുക.
- രണ്ടാം തവണ കൈകൾ ഉയർത്താതെ അല്ലാഹു അക്ബർ പറയുക തുടർന്ന് നിസ്കാരത്തിൽ നബി (സ) തങ്ങളുടെ മേൽ ചൊല്ലുന്ന സ്വലാത്ത് ഇബ്രാഹിമിയ്യ ചൊല്ലുക ശേഷം
- മൂന്നാം പ്രാവശ്യം കൈകൾ ഉയർത്താതെ അല്ലാഹു അക്ബർ പറയുക. തുടർന്ന് മരിച്ചയാൾക്കുവേണ്ടി ദുആ ചെയ്യുക. പ്രായപൂർത്തിയായ സ്ത്രീളുടെയും പുരുഷന്മാരുടെയും മേൽ ചൊല്ലേണ്ട ദുആ
اللَّهُمَّ اغْفِرُ لِحَيْنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَانْثَانَا، اَللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الإِسْلَامِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِيْمَانِ
ചില ഹദീസുകളിൽ, ഈ പ്രാർത്ഥനയും വന്നിട്ടുണ്ട്:
اللَّهُمَّ اغْفِرْ لَهُ، وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَعَذَابِ النَّارِ
സ്ത്രീകൾക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ هُ ، هِ എന്നതിന് പകരം هَا എന്ന് ചൊല്ലണം
അർത്ഥം : അല്ലാഹുവേ ഈ മയ്യിത്തിന് നീ പൊറുത്ത് കൊടുക്കുകയും കരുണ ചെയ്യുകയും മാപ്പ് നൽകുകയും ചെയ്യേണമേ. ഈ മയ്യിത്തിൻ്റെ മുൻ വിരുന്നിനെ നീ സ്വീകരിക്കേണമേ പ്രവേശന സ്ഥലം വിശാലമാക്കുകയും ചെയ്യേണമേ വെള്ളം, ഹിമം (മഞ്ഞ്) ആലിപ്പഴം എന്നിവ കൊണ്ട് മയ്യിത്തിനെ നീ കഴുകുകയും വെള്ള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാക്കിയത് പോലെ പാപത്തിൽ നിന്ന് മയ്യിത്തിനെ നീ ശുദ്ധിയാക്കുകയും ചെയ്യണമേ. മയ്യിത്തിൻ്റെ വീടിനേക്കാൾ നല്ല വീടും കുടുംബത്തേക്കാൾ നല്ല കുടുംബത്തേയും ഇണയേക്കാൾ നല്ല ഇണയേയും പകരം നൽകേണമേ. മയ്യിത്തിനെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ഖബർശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും കാക്കുകയും ചെയ്യേണമേ
മസ്‌അല : ഒരാൾ ഈ രണ്ട് ദുആകളും ചൊല്ലുന്നത് നല്ലതാണ്. ഹദീസുകളിൽ ഈ വിഷയത്തിൽ വന്നിട്ടുള്ള മറ്റു ദുആകളും ചൊല്ലാവുന്നതാണ്. (റദ്ദുൽ മുഖ്താർ 2/213, ഫത്ഹുൽ ഖദീർ 2/122)
മരിച്ചയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെങ്കിൽ, ഈ ദുആ ചൊല്ലുക
اللَّهُمَّ اجْعَلُهُ لَنَا فَرَطًا وَّاجْعَلُهُ لَنَا أَجْرًا وَّذُخْرًا وَّاجْعَلُهُ لَنَا شَافِعًا وَمُشَفَّعًا
മസ്‌അല : മരിച്ചയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെങ്കിൽ, അതേ ദുആ ചൊല്ലുക. اجْعَلُهُ എന്നതിന് പകരം اِجْعَلْهَا എന്നും شَافِعًا وَمُشَفَعًا എന്നതിന് പകരം شَافِعَةً وَمُشَفَعَة എന്നും ചൊല്ലണം എന്നതാണ് വ്യത്യാസം. (ഹിദായ 1/92, ത്വഹ് ത്വാവി 1/387)
ഈ ദുആ ചൊല്ലിയതിനു ശേഷം
നാലാം പ്രാവശ്യം അവസാനമായി കൈകൾ ഉയർത്താതെ അല്ലാഹു അക്ബർ പറയുക. ഈ തക്ബീറിന് ശേഷം കൈകൾ അഴിച്ച് സാധാരണ നിസ്കാരത്തിൽ സലാം വീട്ടുന്നത് പോലെ തന്നെ സലാം വീട്ടുക.
മയ്യത്ത് നിസ്കാരത്തിൽ ഖുർആൻ ഓതലോ അത്തഹിയാത്തോ ഇല്ല.
മസ്‌അല : മയ്യിത്ത് നമസ്കാരത്തിനുള്ള ദുആ ആർക്കെങ്കിലും അറിവില്ലെങ്കിൽ അയാൾ "അല്ലാഹുമ്മ ഇഗ്ഫിർ ലിൽ -മുഅ്മിനീന വൽ-മുഅ്മിനാത്ത് എന്ന് ചൊല്ലിയാൽ മതിയാകും. ഇതും അറിയില്ലെങ്കിൽ നാല് തക്ബീറുകൾ മാത്രം ചൊല്ലിയാൽ മതിയാകും സ്വലാത്തും ദുആയും മയ്യത്ത് നിസ്കാരത്തിൽ സുന്നത്ത് മാത്രമാണ്. (അൽ ബഹ്ർ 2/321)
മസ്‌അല : മയ്യിത്ത് നമസ്കാരത്തിന് ശേഷം കൈകൾ ഉയർത്തി ദുആ ചെയ്യുന്നത് കറാഹത്താണ്. കൂടാതെ അത് സുന്നത്തിൽ നിന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കാരണം മയ്യിത്ത് നമസ്കാരം തന്നെ ഒരു ദുആയാണ്. (ബദാഈ 1/92)
മസ്‌അല : മയ്യിത്ത് നമസ്കാരം ഇമാമിനും മുഖ്തദിക്കും ഒരുപോലെയാണ്. ഒരേയൊരു വ്യത്യാസം ഇമാം തക്ബീറുകളും സലാമുകളും ഉച്ചത്തിൽ പറയുകയും മുഖ്തദി അത് ശബ്ദം താഴ്ത്തി പറയുകയും ചെയ്യും എന്നതാണ്. ബാക്കിയുള്ള എല്ലാ കാര്യങ്ങളും ഇമാമും മറ്റുള്ളവരും ശബ്ദം താഴ്ത്തിയാണ് ചൊല്ലേണ്ടത്. (ആലംഗീരി 1/163)
മസ്‌അല : മയ്യിത്ത് നമസ്കാരത്തിൽ സന്നിഹിതരായ ആളുകളെ മൂന്ന് സ്വഫുകളായി ക്രമീകരിക്കൽ മുസ്തഹബ്ബാണ്. ഇനി ഏഴ് പേർ മാത്രമേ ഉള്ളൂവെങ്കിൽ പോലും അവരിൽ ഒരാളെ ഇമാമാക്കണം ആദ്യ സ്വഫിൽ മൂന്ന് പേർ രണ്ടാമത്തെ സ്വഫിൽ രണ്ട് പേർ, മൂന്നാമത്തെ സ്വഫിൽ ഒരാൾ നിൽക്കണം. (റദ്ദുൽ മുഖ്താർ 1/131)
മയ്യിത്ത് നമസ്കാരത്തെ അസാധുവാക്കുന്ന കാര്യങ്ങൾ
മസ്‌അല : മറ്റ് നമസ്കാരങ്ങളെ അസാധുവാക്കുന്ന അതേ കാര്യങ്ങൾ കൊണ്ട് മയ്യിത്ത് നമസ്കാരവും അസാധുവാക്കപ്പെടുന്നു, ഒരേയൊരു വ്യത്യാസം പൊട്ടിച്ചിരി മയ്യിത്ത് നമസ്കാരത്തിലെ വുളുവിനെ മുറിക്കുന്നില്ല. ഒരു സ്ത്രീയുടെ സാന്നിധ്യവും അതിനെ അസാധുവാക്കുന്നില്ല എന്നതാണ്.(ആലംഗീരി 1/164)
പള്ളിക്കുള്ളിൽ മയ്യിത്ത് നിസ്കാരം
മസ്‌അല : അഞ്ച് നേരത്തെ ഫർള് നിസ്കാരം വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് വേണ്ടി നിർമ്മിച്ച ഒരു പള്ളിയുടെ ഉള്ളിൽ മയ്യിത്ത് നമസ്കരിക്കുന്നത് കറാഹത് തഹ്‌രീം ആണ്. മയ്യിത്ത് പള്ളിക്കുള്ളിലോ പള്ളിക്ക് പുറത്തോ ആണെങ്കിലും നിസ്കരിക്കുന്നവർ അകത്താണെങ്കിലും അനുവദനീയമല്ല. മയ്യിത്ത് നമസ്കാരത്തിനായി പ്രത്യേകം നിർമ്മിച്ച ഒരു സ്ഥലത്ത് കറാഹത്തില്ല. (റദ്ദുൽ മുഖ്താർ 3/147)
മയ്യിത്ത് നിസ്കാരത്തിൽ ഇമാമും ചില മുഖ്തദികളും പള്ളിക്ക് പുറത്താണെങ്കിൽ ബാക്കിയുള്ള മുഖ്തദികൾ പള്ളിയുടെ അകത്താണെങ്കിൽ അല്ലാമ ഷാമിയും സാഹിബ് ദുർ മുഖ്താറും ഇതും കറാഹത്ത് ആണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഇംദാദ് അൽ-മുഫ്തിനിൽ ഫതാവ അൽ-ബസാസിയ്യയെ പരാമർശിച്ച് ഇത് അനുവദനീയമാണെന്ന് എഴുതിയിട്ടുണ്ട്, അതിനാൽ കാരണം ഒന്നുമില്ലാതെ മയ്യിത്ത് നമസ്കാരം ഇത്തരത്തിൽ നിർവഹിക്കാതിരിക്കലാണ് സൂക്ഷ്മത
മസ്‌അല : പള്ളിക്ക് പുറത്ത് സ്ഥലമില്ലെങ്കിൽ നിർബന്ധ സാഹചര്യത്തിൽ പള്ളിക്കുള്ളിൽ മയ്യത്ത് നിസ്കാരം നിർവഹിക്കുന്നത് കറാഹത്തില്ല. (ഇംദാദുൽ ഫതാവ 1/534)
ഇതേ കാരണം കൊണ്ടാണ് ഇരു ഹറമുകളിലും മയ്യിത്ത് നിസ്കാരം നടത്തപ്പെടുന്നത്.
മസ്‌അല : പൊതുവഴിയിൽ മയ്യിത്ത് നമസ്കാരം നടത്തുന്നത് വഴി കടന്നുപോകുന്നവർക്ക് അസൗകര്യം ഉണ്ടാക്കൽ കറാഹത്താണ്. (ഇംദാദുൽ ഫതാവ 1/533)
മസ്‌അല : മറ്റൊരാളുടെ ഭൂമിയിൽ അയാളുടെ അനുവാദമില്ലാതെ മയ്യിത്ത് നമസ്കാരം നടത്തുന്നത് കറാഹത്താണ്. (റദ്ദുൽ മുഖ്താർ 3/147)
മസ്‌അല : മയ്യിത്ത് നമസ്കാരത്തിന് അല്ലെങ്കിൽ കൂടി മയ്യത്തിന് പള്ളിയിൽ പ്രവേശിപ്പിക്കാൻ കറാഹത്താണ്.(റദ്ദുൽ മുഖ്താർ 3/150)
മസ്‌അല : ഇരുന്നോ വാഹനമോടിച്ചുകൊണ്ടോ മയ്യിത്ത് നിസ്കാരം നടത്തുന്നത് അനുവദനീയമല്ല. (റദ്ദുൽ മുഖ്താർ 3/147)
ഒരേ സമയം നിരവധി മയ്യിത്ത് ഒത്തുകൂടിയാൽ
മസ്‌അല : ഒരേ സമയം നിരവധി മയ്യത്ത് നിസ്കാരങ്ങൾ ഒത്തുകൂടിയാൽ ഓരോ മയ്യത്തിനും വെവ്വേറെ മയ്യത്ത് നിസ്കാരം നടത്തുകയാണെങ്കിൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. എല്ലാ മയ്യത്തിനും കൂടി ഒരുമിച്ച് മയ്തു നിസ്കാരം നിർവഹിക്കലും അനുവദനീയമാണ് ആ സമയത്ത് അതിനുള്ള ഏറ്റവും നല്ല രൂപം എല്ലാ മയ്യത്തുകളെയും നിരത്തി കിടത്തലാണ്. കാരണം ഇതിൽ എല്ലാവരുടെയും നെഞ്ച് ഇമാമിന്റെ നേരെ ആയിരിക്കും അത് സുന്നത്താണ്.
മസ്‌അല : മയ്യിത്തുകൾ വ്യത്യസ്ത തരത്തിലാണെങ്കിൽ ഈ ക്രമത്തിൽ വെക്കുക പുരുഷന്മാരുടെ മയ്യിത്ത് ഇമാമിനടുത്തും, തുടർന്ന് ആൺകുട്ടികളുടെ മയ്യിത്ത് തുടർന്ന് പ്രായപൂർത്തിയായ സ്ത്രീകളുടെ മയ്യിത്ത് തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മയ്യിത്ത് എന്നിങ്ങനെ അവരുടെ നിര സ്ഥാപിക്കണം. (റദ്ദുൽ മുഖ്താർ 3/138)
മസ്ബൂഖിന്റെ നിയമങ്ങൾ
മസ്അല :ഒരാൾ മയ്യിത്ത് നിസ്കാരത്തിലേക്ക് വരുന്നതിനുമുമ്പ് ചില തക്ബീറുകൾ നഷ്ടപ്പെട്ടാൽ, നഷ്ടപ്പെട്ട തക്ബീറുകൾക്ക് അനുസരിച്ച് അയാളെ മസ്ബൂഖ് ആയിട്ട് പരിഗണിക്കും. നിസ്കാരത്തിൽ വന്ന് ചേർന്ന ഉടനെ ലഭിക്കുന്ന ഇമാമിന്റെ ആദ്യത്തെ തക്ബീർ അയാളുടെ ആദ്യത്തെ തക്ബീർ (തക്ബീറതുൽ ഇഹ്റാം) ആയിട്ട് പരിഗണിക്കും.
കാരണം മയ്യിത്ത് നമസ്കാരത്തിൽ തക്ബീർ തഹ്രീം ഉൾപ്പെടെ ഓരോ തക്ബീറും ഓരോ റകഅത്ത് ആയി കണക്കാക്കപ്പെടുന്നു, അതിനാൽ നഷ്ടപ്പെട്ട തക്ബീറുകളുടെ എണ്ണം നഷ്ടപ്പെട്ട റകഅത്തിന്റെ എണ്ണത്തിന് തുല്യമാണ്.
പെട്ടെന്ന് തന്നെ തഹ്രീമയുടെ തക്ബീർ ചൊല്ലിക്കൊണ്ട് നിസ്കാരത്തിൽ ചേരരുത്. മറിച്ച് ഇമാമിന്റെ അടുത്ത തക്ബീറിനായി കാത്തിരിക്കണം. ഇമാം തക്ബീർ പറയുമ്പോൾ അതോടൊപ്പം ഈ തക്ബീറും പറയണം; ഈ തക്ബീർ അദ്ദേഹത്തിന് തഹ്രീമയുടെ തക്ബീറായിരിക്കും. പിന്നെ ഇമാം സലാം മടക്കുമ്പോൾ ആ വ്യക്തി തനിക്ക് നഷ്ടപ്പെട്ട തക്ബീറുകൾ പറയണം; അതിൽ ഒന്നും ചൊല്ലേണ്ടതില്ല.
മസ്അല :ഇമാം നാലാമത്തെ തക്ബീർ ചൊല്ലിയ സമയത്ത് ഒരാൾ നിസ്കാരത്തിൽ എത്തിയാൽ, ആ വ്യക്തി നാലാമത്തെ തക്ബീറിൽ അദ്ദേഹത്തെ മറികടന്നതായി കണക്കാക്കില്ല. ഇമാമിന്റെ സലാമിന് മുമ്പ് തഹ്രീമയിലെ തക്ബീർ ചൊല്ലിക്കൊണ്ട് അയാൾ ഉടൻ തന്നെ നിസ്കാരത്തിൽ ചേരണം. ഇമാം സലാം മടക്കിയാൽ, അദ്ദേഹം ഇതിനകം നഷ്ടപ്പെട്ട മൂന്ന് തക്ബീറുകൾ ആവർത്തിക്കണം.
കാരണം ഈ നഷ്ടപ്പെട്ട തക്ബീറും നഷ്ടപ്പെട്ട റകഅത്ത് പോലെയാണ്. മുൻ റകഅത്ത് നഷ്ടപ്പെട്ട ഒരാൾ നിസ്കാരത്തിൽ പ്രവേശിച്ചയുടനെ അത് ഓതുന്നില്ല; പക്ഷേ ഇമാമിന്റെ സലാമിന് ശേഷം അത് ഓതുന്നു. അതുപോലെ തന്നെ ഈ നഷ്ടപ്പെട്ട തക്ബീറുകൾ ഇമാമിന്റെ സലാമിന് ശേഷം ചൊല്ലേണ്ടതാണ്.
മസ്അല :തക്ബീർ തഹ്രീമയുടെ സമയത്ത് അതായത് ആദ്യത്തെ തക്ബീറിലോ മറ്റേതെങ്കിലും തക്ബീറിലോ ഒരാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ തയ്യാറായിരുന്നു, പക്ഷേ അശ്രദ്ധയോ മടിയോ മറ്റേതെങ്കിലും കാരണത്താലോ ആ തക്ബീറിന്റെ കൂടെ ചേർന്നില്ലെങ്കിൽ, അയാൾ ഇമാമിന്റെ അടുത്ത തക്ബീറിനായി കാത്തിരിക്കരുത്; മറിച്ച് ഉടൻ തന്നെ തക്ബീർ ചൊല്ലി നിസ്കാരത്തിൽ പ്രവേശിക്കണം.
ഇമാം രണ്ടാമത്തെ തക്ബീർ പറയാത്തിടത്തോളം, ഇമാം സലാം മടക്കിയ ശേഷം ആ തക്ബീർ ആവർത്തിക്കേണ്ട ആവശ്യമില്ല. ഇമാമിന്റെ കൂടെ തന്നെയായിരിക്കണം തക്ബീർ പറയണമെന്ന് നിർബന്ധമില്ല. ഇനി ഇമാം രണ്ടാമത്തെ തക്ബീറും പറഞ്ഞാൽ ഇയാൾ മസ്ബൂഖ് ആണ്. ഇമാം സലാം മടക്കിയ ശേഷം ആ തക്ബീർ ആവർത്തിക്കേണ്ടതാണ്.
ആ വ്യക്തി ഇമാമിന്റെ അടുത്ത തക്ബീർ വരെ കാത്തിരിക്കാതെ “അല്ലാഹു അക്ബർ” എന്ന് പറഞ്ഞുകൊണ്ട് ഉടൻ തന്നെ ചേർന്നാൽ ആ നിസ്കാരം ഇപ്പോഴും സാധുവായിരിക്കും. എന്നാൽ അദ്ദേഹം ചേരുമ്പോൾ പറഞ്ഞ തക്ബീർ മയ്യിത്ത് നിസ്കാരത്തിലെ നിർബന്ധമായ നാല് തക്ബീറുകളിൽ കണക്കാക്കില്ല. അതിനാൽ ഇമാം സലാം മടക്കുമ്പോൾ, ആ വ്യക്തി നമസ്കാരത്തിൽ ചേരുന്നതിന് മുമ്പ് പറഞ്ഞ തക്ബീറുകൾ ആവർത്തിക്കുകയും തുടർന്ന് സലാം മടക്കുകയും ചെയ്യുന്നത് നിർബന്ധമാണ്.
മസ്അല :മയ്യിത്ത് നിസ്കാരത്തിന് തന്റെ നഷ്ടപ്പെട്ട തക്ബീറുകൾ (ഇമാമിന്റെ സലാമിന് ശേഷം) ചൊല്ലുകയും ദുആ ചൊല്ലിയാൽ അത് വളരെ വൈകുമെന്ന് ഭയപ്പെടുകയും അതായത് മയ്യിത്തിനെ അവനിൽ നിന്ന് എടുത്ത് മാറ്റിയേക്കാം എന്ന സാധ്യതയുണ്ടെങ്കിൽ അയാൾ ദുആ ചൊല്ലരുത്. പക്ഷേ നഷ്ടപ്പെട്ട തക്ബീറുകൾ ഒന്നിനുപുറകെ ഒന്നായി മാത്രം ആവർത്തിച്ചു ചൊല്ലണം.
മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നിൽക്കാനുള്ള അവകാശം
മസ്അല :മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകാനുള്ള അവകാശം ഏറ്റവും കൂടുതൽ അർഹിക്കുന്നത് അക്കാലത്തെ ഭരണാധികാരിയാണ് ഭക്തിയിലും സൂക്ഷ്മതയിലും മറ്റുള്ളവർ മികച്ചവരായാലും. അദ്ദേഹം അവിടെ ഇല്ലെങ്കിൽ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി (നഗരത്തിന്റെ ഭരണാധികാരി) നിസ്കാരത്തിന് നേതൃത്വം നൽകണം. അയാളേക്കാൾ ഭക്തനായ ഒരാൾ ഉണ്ടെങ്കിലും. അവർ ഇല്ലെങ്കിൽ, നഗരത്തിലെ ന്യായാധിപൻ; അദ്ദേഹം ഇല്ലെങ്കിൽ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി.
ഇവർ സന്നിഹിതരായിരിക്കുമ്പോൾ, അവരുടെ അനുമതിയല്ലാതെ മറ്റൊരാളെ ഇമാമായി നിയമിക്കുന്നത് അനുവദനീയമല്ല. അവർ ഇല്ലെങ്കിൽ, മരിച്ചയാളുടെ ബന്ധുക്കളിൽ നിന്ന് ഒരാൾ അവരെക്കാൾ മികച്ചവർ ഇല്ലെങ്കിൽ. അല്ലെങ്കിൽ അവർ അനുമതി നൽകുന്ന ആരെങ്കിലും.
മസ്അല : മരിച്ചയാളുടെ വലിയ്യിന്റെ അനുമതിയില്ലാതെ നിസ്കാരം നടത്തിയിട്ടുണ്ടെങ്കിൽ, വലിയ്യ് നിസ്കാരത്തിൽ പങ്കെടുത്തിട്ടില്ലെങ്കിൽ, മയ്യിത്ത് അടക്കം ചെയ്തിട്ടുണ്ടെങ്കിലും (മൃതദേഹം അഴുകാൻ സാധ്യതയില്ലാത്തിടത്തോളം) ഖബറിന്റെ സമീപത്ത് മയ്യിത്ത് നിസ്കാരം നിർവഹിക്കാം.
മസ്അല :നിസ്കാരത്തിന് നേതൃത്വം നൽകാൻ അർഹതയുള്ള ഒരാൾ, മരിച്ചയാളുടെ വലിയ്യിന്റെ അനുമതിയോടെ നിസ്കാരം നടത്തിയിട്ടുണ്ടെങ്കിൽ, വലിയ്യിന് അതിനെ പിന്നെയും ആവർത്തിക്കാൻ കഴിയില്ല. ഒരേ മയ്യിത്തിന് ഒന്നിൽ കൂടുതൽ നിസ്കാരം ചെയ്യുന്നത് അനുവദനീയമല്ല. എന്നാൽ വലിയ്യിന്റെ അനുമതിയില്ലാതെ അർഹതയില്ലാത്ത ഒരാൾ നയിച്ചിട്ടുണ്ടെങ്കിൽ, അത് വീണ്ടും നടത്താൻ അനുവദനീയമാണ്.
മറഞ്ഞ മയ്യിത്ത് നിസ്കാരം
ഇമാം അബു ഹനീഫയും ഇമാം മാലിക്കും (റ) മയ്യിത്തിന്റെ അഭാവത്തിൽ മയ്യിത്ത് നമസ്കാരം പൂർണ്ണമായും വിലക്കുന്നു. മയ്യിത്ത് നമസ്കാരത്തിന് മയ്യിത്ത് മുന്നിൽ ഉണ്ടായിരിക്കുക എന്നത് നിസ്കാരം ശരിയാകുന്നതിനുള്ള ഒരു നിബന്ധനയാണ്. മറഞ്ഞ മയ്യിത്ത് നിസ്കാരത്തിന്റെ ജമാഅത്തിലും പങ്കെടുക്കലും ശരിയല്ല.(ഫതാവാ ദാറുൽ ഉലൂം)
മയ്യിത്ത് ചടങ്ങുകളിൽ കൂടുതൽ ജനങ്ങളുടെ മഹത്വവും പ്രാധാന്യവും
ആയിശ (റ) നിവേദനം:നബി ﷺ പറഞ്ഞു: നൂറോളം മുസ്ലിംകൾ മയ്യിത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ, അവരുടെ ശഫാഅത്തും പ്രാർത്ഥനയും തീർച്ചയായും സ്വീകരിക്കപ്പെടും.(സ്വഹീഹ് മുസ്ലിം)
മാലിക് ബിൻ ഹുബൈറ (റ) നിവേദനം:നബി ﷺ പറഞ്ഞു: ഒരു മുസ്ലീം മരിക്കുകയും മൂന്ന് നിര മുസ്ലിംകൾ അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ, അല്ലാഹു തീർച്ചയായും മയ്യിത്തിനു വേണ്ടി പാപമോചനവും സ്വർഗവും നിർബന്ധമാക്കും.
മസ്അല : മയ്യത്ത് നിസ്കാരം പൂർത്തിയാക്കിയാൽ ഉടൻതന്നെ മറവ് ചെയ്യണം.
മസ്അല : മയ്യത്ത് നിസ്കാരത്തിനു ശേഷം ബന്ധുക്കളുടെ അനുമതിയില്ലാതെ കബറടക്കത്തിന് ഒരാൾ മടങ്ങരുത്. കബറടക്കത്തിനുശേഷം അനുവാദമില്ലാതെ മടങ്ങാവുന്നതാണ്.
അവലംബം : റദ്ദുൽ മുഖ്താർ,തഖ്രീ റാത്ത് റാഫി ഈ, ആലംഗീരി, ബഹിഷ്തി സേവർ
ഖബറടക്കം
മയ്യിത്തിനെ കുളിപ്പിക്കൽ, കഫൻ, നിസ്കാരം എന്നിവ പോലെ ഖബറടക്കവും ഫർള് കിഫായ ആണ്. ഒരാളും ഈ ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും.
ഖബറിന്റെ രൂപം
മയ്യിത്തിന്റെ പകുതി ഉയരമെങ്കിലും ആഴം ഉണ്ടാകണം. മയ്യിത്തിന്റെ നെഞ്ചിന്റെ പൊക്കത്തിൽ ആഴം നല്ലതാണ്. ഉയരത്തിന് തുല്യമായ ആഴം ഉണ്ടെങ്കിൽ വളരെ നല്ലതാണ്. ഉയരത്തേക്കാൾ കൂടുതലാകരുത്. കബറിന്റെ നീളം മയ്യിത്തിന്റെ ഉയരത്തിന് അനുസൃതമായി ആയിരിക്കണം. വീതി മയ്യിത്തിന്റെ പകുതി ഉയരമായിരിക്കണം.
ലഹദ് ഖബറാണ് ശഖ് ഖബറിനെ അപേക്ഷിച്ച് കൂടുതൽ നല്ലത്. എന്നാൽ നമ്മുടെ നാടുകളിൽ പോലെ ഭൂമി വളരെ മൃദുവായാൽ ലഹദ് കുഴിക്കുമ്പോൾ ഖബർ തകരാനോ ഇടിയാനോ സാധ്യതയുണ്ടെങ്കിൽ അപ്പോഴെല്ലാം ലഹദ് ആക്കരുത്. ശഖ് ഖബർ കുഴിക്കേണ്ടതാണ്.
ലഹദ് : ഭൂമി കുഴിച്ച് അടിയിൽ കൂടി ഖിബ്ലയുടെ ഭാഗത്തേക്ക് തുരന്ന് (തുരങ്കം പോലെ) അറ നിർമ്മിച്ച് അതിൽ മയ്യത്തിനെ അടക്കുന്ന രൂപം.
ശഖ് : നമ്മുടെ നാടുകളിൽ കാണുന്ന തരത്തിലുള്ള ഖബർ കുഴിച്ച് അതിൽ മയ്യത്തിനെ അടക്കുന്ന രൂപം.
മസ്അല : ഭൂമി വളരെ മൃദുവായാലോ വെള്ളം നിറഞ്ഞ പ്രദേശമോ ആണെങ്കിൽ ലഹദ് കുഴിക്കാൻ സാധിക്കാത്ത പക്ഷം മയ്യിത്തിനെ ഒരു പെട്ടിയിൽ വെച്ച് അടക്കം ചെയ്യുന്നത് പരിഹാരമായി അനുവദനീയമാണ്. ആ പെട്ടി മരം, കല്ല് അല്ലെങ്കിൽ ഇരുമ്പ് എന്നിവയിൽ ഏത് കൊണ്ട് ഉണ്ടാക്കിയതായാലും പ്രശ്നമില്ല. എന്നാൽ പെട്ടിയിൽ മണ്ണ് വിരിച്ച് വെക്കുന്നത് കൂടുതൽ നല്ലതാണ്.
മസ്അല : ലഹദ് ഖബർ മൺകട്ട, ഈറ്റ മുതലായവ ഉപയോഗിച്ച് അടയ്ക്കണം. ഇഷ്ടികകളോ മരപ്പലകകളോ ഉപയോഗിച്ച് അടയ്ക്കുന്നത് മക്റൂഹാണ്. എന്നിരുന്നാലും മൃദുവായതോ വെള്ളപ്പൊക്കമുള്ളതോ ആയ മണ്ണ് കാരണം ഖബർ ഇടിയാൻ സാധ്യതയുള്ളിടത്ത് കട്ടിയുള്ള ഇഷ്ടികകളോ മരപ്പലകകളോ ഉപയോഗിച്ച് അടയ്ക്കാം. അത്തരമൊരു സാഹചര്യത്തിൽ മയ്യിത്ത് ഒരു പെട്ടിയിൽ വയ്ക്കുന്നത് അനുവദനീയമാണ്. എന്നിരുന്നാലും സാധാരണ ഖബറിന് മുകളിൽ മരപ്പലകകളോ സിമന്റ് സ്ലാബുകളോ വയ്ക്കുന്നത് കറാഹത്തില്ലാതെ അനുവദനീയമാണ്.
മസ്അല : നബി (സ) ഖബർ ഉയർത്തി കെട്ടിയിട്ടില്ല. ഇഷ്ടികകളും കല്ലുകളും മറ്റും ഉപയോഗിച്ച് ഉറപ്പിച്ചിട്ടില്ല. കളിമണ്ണോ കട്ടിയുള്ള മണ്ണോ ഉപയോഗിച്ച് നിർമ്മിച്ചിട്ടില്ല. ഖബറിന് മുകളിൽ കെട്ടിടമോ ഖുബ്ബയോ നിർമ്മിച്ചിട്ടില്ല. ഇതെല്ലാം തന്നെ ബിദ്അതാണ് കറാഹതാണ്.
മസ്അല : കുട്ടിയുടെയോ മുതിർന്നവരുടെയോ മയ്യിത്ത് വീടിനുള്ളിൽ മറവ് ചെയ്യാൻ പാടില്ല. കാരണം ഇത് പ്രവാചകന്മാരുടെ (അ) പ്രത്യേകതയാണ്. പ്രശ്നം: പൊതു മുസ്ലീം ഖബർസ്ഥാനിൽ സ്ഥലമില്ലെങ്കിലോ ഏതെങ്കിലും പ്രത്യേക കാരണത്താൽ അനുമതി നൽകിയിട്ടില്ലെങ്കിലോ ഖബർസ്ഥാന് വേണ്ടി സ്ഥലം വാങ്ങണം മറ്റ് മയ്യത്ത് സംസ്കരണ ചിലവ് പോലെ അതിന്റെ ചെലവും മരിച്ചയാളുടെ സ്വത്തിൽ നിന്ന് നൽകുന്നതാണ്.
മറ്റൊരിടത്തേക്ക് മയ്യിത്ത് നീക്കൽ
മസ്അല : ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മയ്യിത്ത് സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്നത് നല്ലതല്ല. മറ്റേ സ്ഥലം ഒന്നോ രണ്ടോ മൈലിൽ കൂടുതൽ അകലെയല്ലെങ്കിൽ ദൂരം അതിൽ കൂടുതലാണെങ്കിൽ അത് അനുവദനീയമല്ല. കൂടാതെ അടക്കിയ ശേഷം മയ്യിത്ത് കുഴിച്ചെടുക്കുന്നത് ഒരു സാഹചര്യത്തിലും അനുവദനീയമല്ല.
മൃതദേഹം ഖബ്റിൽ വെക്കൽ
ആദ്യം മയ്യിത്തിന്റെ വലതുവശത്ത് ഖിബ്ല വരുന്ന രീതിയിൽ ഖിബ്ലയ്ക്ക് അഭിമുഖമായി ഖബ്റിന്റെ ഒരു വശത്ത് വയ്ക്കുക. തുടർന്ന് മയ്യിത്ത് താഴെയിറക്കുന്നയാൾ ഖിബ്ലയ്ക്ക് അഭിമുഖമായി നിൽക്കുകയും ശ്രദ്ധാപൂർവ്വം മയ്യിത്ത് ഉയർത്തി ഖബ്റിൽ വയ്ക്കുകയും വേണം.
മസ്അല : ഖബറിൽ വയ്ക്കുമ്പോൾ بِسمِ اللَّهِ وَبِاللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ എന്ന് പറയൽ മുസ്തഹബ്ബാണ്
മസ്അല : മയ്യിത്ത് ഖബറിലേക്ക് വെക്കുന്ന ആളുകളുടെ എണ്ണം ഒറ്റയോ ഇരട്ടയോ ആകുന്നത് സുന്നത്തല്ല. നബി (സ) യെ നാല് ആൾക്കാർ തങ്ങളുടെ വിശുദ്ധ ഖബറിലേക്ക് ഇറക്കി.
മസ്അല : മൃതദേഹം ഖബറിലേക്ക് താഴ്ത്തുമ്പോഴോ മറവ് ചെയ്തതിനു ശേഷമോ ബാങ്ക് വിളിക്കുന്നത് ബിദ്അത്താണ്
മസ്അല : മൃതദേഹം ഖബറിൽ വയ്ക്കുകയും ഖിബ്ലയിലേക്ക് തിരിച്ച് കിടത്തുകയും ചെയ്യൽ സുന്നത്താണ്. മുഖം ഖിബ്ലയിലേക്ക് തിരിക്കുന്നത് മാത്രം പോരാ മറിച്ച് ശരീരം മുഴുവൻ ശരിയായി തിരിക്കണം
മസ്അല : ഖബറിൽ വച്ചതിനുശേഷം കഫൻ അഴിഞ്ഞുപോകുമൊ എന്ന സൂക്ഷ്മതയോടെ കെട്ടിയിരുന്ന കഫന്റെ കെട്ട് അഴിച്ചുമാറ്റണം
മസ്അല : ഒരു സ്ത്രീയെ ഖബറിൽ വയ്ക്കുമ്പോൾ മൂടാൻ ഒരു പുതപ്പ് മുസ്തഹബ്ബാണ്. കൂടാതെ ശരീരം വെളിവാകുമെന്ന് ഭയമുണ്ടെങ്കിൽ അവളെ മൂടേണ്ടത് നിർബന്ധമാണ്.(ഖബർ മൂടുമ്പോൾ ഈ പുതപ്പ് തിരിച്ചെടുക്കാവുന്നതാണ്)
മസ്അല : ഒരു പുരുഷനെ മറവ് ചെയ്യുമ്പോൾ ഖബറിന്റെ മേൽ മയ്യിത്ത് മൂടൽ അനുവദനീയമല്ല. ഇനി മഴ പെയ്യുകയോ മഞ്ഞു പെയ്യുകയോ വെയിലോ പോലുള്ള സാഹചര്യങ്ങളിൽ അത് അനുദനീയമാണ്.
മസ്അല : മരിച്ചയാളെ ഖബറിൽ വയ്ക്കുമ്പോൾ ലഹദ് ആണെങ്കിൽ അതിൽ മൺകട്ട, ഈറ്റ മുതലായവ ഉപയോഗിച്ച് അടയ്ക്കുക ശഖ് ആണെങ്കിൽ അതിന് മുകളിൽ മരപ്പലകകളോ സിമന്റ് സ്ലാബുകളോ സ്ഥാപിച്ച് അത് അടയ്ക്കണം. പലകകൾക്കിടയിലുള്ള ദ്വാരങ്ങളും വിള്ളലുകളും കളിമണ്ണ്, കല്ലുകൾ എന്നിവ ഉപയോഗിച്ച് അടയ്ക്കണം. അതിനുശേഷം മണ്ണ് ഇടാൻ തുടങ്ങണം.
മസ്അല : മണ്ണ് ഇടുമ്പോൾ ഓരോ വ്യക്തിയും തലയിൽ നിന്ന് ആരംഭിച്ച് മൂന്ന് തവണ കുഴിമാടത്തിലേക്ക് മണ്ണിടൽ മുസ്തഹബ്ബാണ്. ഓരോ തവണയും രണ്ട് കൈകളിലും മണ്ണ് നിറച്ച് ആദ്യ തവണ مِنْهَا خَلَقْنَكُمُ എന്നും രണ്ടാമത്തെ തവണ: وَفِيهَا نُعِيدُكُمْ എന്നും മൂന്നാമത്തെ തവണ: وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى എന്നും പറയണം.
മസ്അല : ഖബറിൽ നിന്ന് എടുത്ത മണ്ണ് മുഴുവൻ ഖബറിന് മുകളിൽ തിരികെ ഇടണം.
ഖബർ ഒരു ചാണിനേക്കാൾ ഉയരുന്നെങ്കിൽ എടുത്തതിലധികം മണ്ണിടുന്നത് മക്റൂഹാണ്. എന്നാൽ പുറത്തെടുത്ത മണ്ണ് കുറവാണെങ്കിൽ അതിലേറെ കുറച്ച് മണ്ണ് കൂടെ ഇടുന്നതിൽ മക്രൂഹ് ഇല്ല
മസ്അല : ഖബറിനെ സമ ചതുരാകൃതിയിൽ ഉയർത്തി നിർമ്മിക്കുന്നത് മക്റൂഹ് ആണ്. ഉയർത്തിയ ഖബ്റുകൾ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ നിർമ്മിക്കൽ (അൽപ്പം ഉയർന്ന്) അതിന്റെ ഉയരം ഒരു ചാണോ അതിലും അല്പം കൂടുതലോ ആയിരിക്കൽ മുസ്തഹബ്ബാണ്.
മസ്അല : മണ്ണ് ഇട്ട് മാറാമടിയ ശേഷം ഖബറിൽ വെള്ളം തളിക്കൽ മുസ്തഹബ്ബാണ്
അവലംബം: അൽ-ബഹർ അൽ-റൈഖ്, ഫതാവ ഷാമി,ആലംഗിരി ബഹഷ്തി ഗോഹർ, തഖ്‌രീറാത്ത് റാഫഈ
ഖബറടക്കം : ചില പ്രത്യേക മസ്അലകൾ
മസ്അല : മയ്യിത്തിനെ ഖബറിൽ ഖിബ്ലയിലേക്കു അഭിമുഖമായി വെക്കാതെ
ഖബർ അടച്ചു മണ്ണിട്ട ശേഷം മാത്രമാണ് അത് ഓർമ്മ വന്നതെങ്കിൽ ഖിബ്ലയിലേക്കു തിരിക്കാനുള്ള ഉദ്ദേശത്തോടെ വീണ്ടും ഖബർ തുറക്കുന്നത് അനുവദനീയമല്ല. എന്നാൽ ഖബറിൽ വെറും പലക മാത്രം വെച്ച് ഇനിയും മണ്ണിടാത്ത അവസ്ഥയിൽ തന്നെയാണ് പിഴവ് ഓർമ്മ വന്നതെങ്കിൽ അവിടെ പലക മാറ്റി മയ്യിത്തിനെ ഖിബ്ലയിലേക്കു തിരിക്കേണ്ടതാണ്.
മസ്അല : കപ്പലിലോ ബോട്ടിലോ ആയിരിക്കെ ഒരാൾ മരണപ്പെട്ടാൽ കരയിലെത്തുന്നതുവരെ കാത്തിരുന്നാൽ മയ്യിത്ത് അഴുകിപ്പോകുമെന്ന ഭയം ഉണ്ടെങ്കിൽ
മയ്യിത്തിനെ കുളിപ്പിക്കുകയും, കഫൻ പൊതിഞ്ഞ് ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്ത ശേഷം മയ്യിത്തിനൊപ്പം ഒരു ഭാരമുള്ള വസ്തു (കല്ല്, ഇരുമ്പ് മുതലായവ) കെട്ടി വെള്ളത്തിൽ ഇടേണ്ടതാണ്. എന്നാൽ, കര അത്രയും ദൂരെയല്ലാതെയും വേഗത്തിൽ കരയിലെത്താമെന്ന പ്രതീക്ഷയുമുണ്ടെങ്കിൽ,കരയിലെത്തിയ ശേഷം സാധാരണ രീതിയിൽ മയ്യിത്തിനെ ഖബറടക്കേണ്ടതാണ്..
മസ്അല : ഖബറിൽ മണ്ണിട്ടതിന് ശേഷം മയ്യിത്തിനെ പുറത്തെടുക്കുന്നത് അനുവദനീയമല്ല. എന്നാൽ ആരുടെയെങ്കിലും അവകാശലംഘനം സംഭവിക്കുന്നുണ്ടെങ്കിൽ മാത്രം മയ്യിത്തിനെ പുറത്തെടുക്കൽ അനുവദനീയമാണ്.
ഉദാ: മയ്യിത്തിനെ കബറടക്കിയ ഭൂമി മറ്റൊരാളുടെ ഉടമസ്ഥതയിലായിരിക്കുകയും അയാൾ അവിടെ കബറടക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്താൽ.
അതേപോലെതന്നെ ഒരു വ്യക്തിയുടെ എന്തെങ്കിലും സമ്പത്ത് ഖബറിൽ തന്നെ അകപ്പെട്ടു പോയാൽ.
മസ്അല : ഒരു സ്ത്രീ മരിക്കുകയും അവളുടെ വയറ്റിലുള്ള കുഞ്ഞിന് ജീവൻ ഉണ്ടെങ്കിൽ മയ്യത്തിന്റെ വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കണം. അതുപോലെ ഒരാൾ മറ്റൊരാളുടെ സമ്പത്ത് വിഴുങ്ങി മരിക്കുകയും ആ സമ്പത്തിന്റെ ഉടമ അത് ആവശ്യപ്പെടുകയും ചെയ്താൽ മയ്യത്തിന്റെ വയറു കീറി ആ സമ്പത്ത് പുറത്തെടുക്കണം. എന്നാൽ മയ്യിത്ത് എന്തെങ്കിലും സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ട് എങ്കിൽ വിഴുങ്ങിയതിന് പകരമായി ആ സ്വത്തിൽ നിന്നും ഈടാക്കണം. വയറു കീറരുത്.
മസ്അല : ഒരു ഖബറിൽ ഒന്നിലധികം മയ്യത്തുകളെ കബറടക്കരുത് . എന്നാൽ വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ അനുവദനീയമാണ്. അത്തരത്തിൽ എല്ലാം പുരുഷന്മാരാണെങ്കിൽ അവരിൽ ഏറ്റവും ശ്രേഷ്ഠനെയോ ആദരാർഹനെയോ മുന്നിൽ (കിബ്ലയുടെ ഭാഗത്ത്) വെക്കണം ശേഷിക്കുന്നവരെ പിന്നിലേക്ക് ക്രമമായി വെക്കണം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായാൽ ആദ്യം പുരുഷന്മാർ തുടർന്ന് കുട്ടികൾ ശേഷം സ്ത്രീകൾ എന്ന ക്രമത്തിൽ വെക്കണം. ഓരോ രണ്ട് മയ്യിത്തുകൾക്കിടയിലും മണ്ണുകൊണ്ട് ചെറിയ മറ (അടയാളം/ഭിത്തി) ഒരുക്കണം.
കബറടക്കത്തിനുശേഷം
മസ്അല : കബറടക്കം കഴിഞ്ഞ ശേഷം കുറച്ചുനേരം ഖബറിന് സമീപം നില്ക്കുകയും, മയ്യിത്തിന് വേണ്ടി മഗ്ഫിറത്തിനായി ദുആ ചെയ്യുകയും അല്ലെങ്കിൽ ഖുർആൻ ശരീഫ് ഓതി അതിന്റെ സവാബ് മയ്യിത്തിന് എത്തിക്കുകയും ചെയ്യുന്നത് മുസ്തഹബ് ആണ്.
മസ്അല : കബറടക്കിയ ശേഷം ഒരു ഒട്ടകത്തെ അറുത്ത് അതിന്റെ മാംസം വിതരണം ചെയ്യാൻ എടുക്കുന്ന സമയത്തോളം ഖബറിന് സമീപം നില്ക്കുന്നത് മുസ്തഹബ്ബാണ്.
ഇതിന്റെ അർത്ഥം ഒട്ടകം അറുക്കുകയും മാംസം വിതരണം ചെയ്യുകയും വേണം എന്നല്ല. മറിച്ച് സമയത്തിന്റെ അളവ് വ്യക്തമാക്കുക എന്നതാണ് ഉദ്ദേശ്യം. അതായത് ഈ രണ്ട് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എത്ര സമയം എടുക്കുമോ അത്രത്തോളം സമയം ഖബറിന് സമീപം നില്ക്കണം എന്നതാണ് ഉദ്ദേശം.
അറബികൾക്ക് ഈ രണ്ട് കാര്യങ്ങളും (ഒട്ടകം അറുക്കലും മാംസം വിതരണം ചെയ്യലും) വളരെ വേഗത്തിൽ ചെയ്യുന്ന പതിവുണ്ടായിരുന്നു. അസർ നമസ്കാരത്തിന് ശേഷം അവർ ഈ കാര്യങ്ങൾ ആരംഭിച്ചാൽ മഗ്രിബ് നമസ്കാരത്തിന് വളരെ മുൻപേ തന്നെ അവ പൂർത്തിയാക്കാറുണ്ടായിരുന്നു. ചില ഹദീസുകളുടെ റിപ്പോർട്ടുകളിൽ ഇതിന് സൂചനകൾ കാണപ്പെടുന്നു.
(റാഫഈ)
മസ്അല : കബറടക്കിയ ശേഷം ഖബറിന്റെ തല ഭാഗത്ത് നിന്ന് സൂറത്തുൽ ബഖറയുടെ ആദ്യ ആയത്തുകൾ “ مُفْلِحُونَ” വരെ ഓതുകയും കാൽ ഭാഗത്ത് നിന്ന് സൂറത്തുൽ ബഖറയുടെ അവസാന ആയത്തുകൾ “آمَنَ الرَّسُولُ” മുതൽ സൂറത്തിന്റെ അവസാനം വരെ ഓതുന്നത് മുസ്തഹബ് ആണ്.
കബറടക്കിയ ശേഷമുള്ള ദുആ
മസ്അല : മയ്യിത്ത് പുരുഷനാണെങ്കിൽ കബറടക്കിയ ശേഷം താഴെ പറയുന്ന ദുആ ഓതൽ മുസ്തഹബ്ബാണ്.
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلًا خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَعَذَابِ النَّارِ
മയ്യിത്ത് സ്ത്രീയാണെങ്കിൽ, ദഫ്നിന് ശേഷം താഴെ പറയുന്ന ദുആ ഓതൽ നല്ലതാണ്
اللَّهُمَّ أَنْتَ رَبُّهَا، وَأَنْتَ خَلَقْتَهَا، وَأَنْتَ هَدَيْتَهَا لِلإِسْلَامِ، وَأَنْتَ قَبَضْتَ رُوحَهَا، وَأَنْتَ أَعْلَمُ بِسِرِّهَا وَعَلَانِيَتِهَا، جِئْنَا شُفَعَاءَ فَاغْفِرْ لَهَا
(മആരിഫുൽ ഹദീസ്)
മസ്അല : മയ്യിത്ത് നമസ്കാരത്തിനു ശേഷം മയ്യിത്തിന്റെ ബന്ധുക്കളുടെ അനുമതി ഇല്ലാതെ ഖബറടക്കത്തിന് മുമ്പ് മടങ്ങിപ്പോകരുത്. എന്നാൽ കബറടക്കം കഴിഞ്ഞ ശേഷം അവരുടെ അനുമതി ഇല്ലാതെയും മടങ്ങിപ്പോകാം.
മസ്അല : ചുറ്റുമുള്ള പല ഖബറുകൾ കാരണം ബന്ധുവിന്റെ ഖബർ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകുന്നുവെങ്കിൽ മരിച്ചയാളുടെ അവകാശികൾ ഖബറിന്റെ തലഭാഗത്ത് അടയാളമായി ഒരു ചെറിയ കല്ല് മുതലായവ വെക്കാം. സിയാറത്തിന്റെയും ഈസാല് സവാബിന്റെയും സമയത്ത് ഖബർ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതിനുവേണ്ടിയാണ് ഇത്.
മസ്അല : ഖബറിന് മേൽ ഏതെങ്കിലും വസ്തു (പേര് മുതലായവ) ഓർമ്മയ്ക്കായി എഴുതുന്നത് ചില ഉലമാക്കളുടെ അഭിപ്രായത്തിൽ അനുവദനീയമല്ല. എന്നാൽ ആവശ്യകത ഉണ്ടെങ്കിൽ അതിന് അനുമതി നൽകിയിരിക്കുന്ന ഉലമാക്കളും ഉണ്ട്.എങ്കിലും ഖബറിലോ ഖബറിന്റെ ശിലാ ഫലകത്തിലോ ഖുർആൻ ആയത്തുകൾ എഴുതുക അല്ലെങ്കിൽ കവിതകൾ, അതിരുകടന്ന പ്രശംസകൾ എഴുതുക എന്നിവ മക്രൂഹ് ആണ്.
മസ്അല : ഖബറിന് മേൽ കെട്ടിടം, കുബ്ബ തുടങ്ങിയവ അലങ്കാരത്തിനായി നിർമ്മിക്കുന്നത് ഹറാമാണ്. ഖബർ ഉറപ്പുവരുത്താനുള്ള (മണ്ണ് ഇടിഞ്ഞുപോകാതിരിക്കാൻ ഉള്ള) ഉദ്ദേശത്തോടെ പണിയുന്നത് മക്രൂഹ് ആണ്.
മസ്അല :ഖബറിന് മേൽ നടക്കുന്നതും ഇരിക്കുന്നതും അനുവദനീയമല്ല. ഖബറുകളുടെ മേൽ നടക്കുക, ഇരിക്കുക, ചാരുക എന്നിവ ഒഴിവാക്കുക എന്നതും
നബി ﷺ യുടെ സുന്നത്തിൽ പെട്ടതാണ്.(സാദുൽ മആദ്)
മസ്അല : ഖബറുകൾ അമിതമായി ഉയർത്തുന്നത് നബി ﷺ യുടെ സുന്നത്തല്ല. പാകം ചെയ്ത ഇഷ്ടികകളാലോ കല്ലുകളാലോ പാകമാക്കാത്ത ഇഷ്ടികകളാലോ ഖബർ പണിയുന്നതും ഖബർ പൂർണ്ണമായി ദീർഘകാലം നിലനിൽക്കുന്ന രീതിയിൽ ബലപ്പെടുത്തൽ സുന്നത്തിൽ ഉൾപ്പെടുന്നില്ല ഖബറിന് മേൽ കുബ്ബ പണിയുന്നതും സുന്നത്തല്ല.
(സാദുൽ മആദ്)
മസ്അല : ഖബറുകളിൽ വിളക്ക് കത്തിക്കുന്നതിലും ഖബറുകളെ നിസ്കരിക്കുന്ന സ്ഥലമാക്കുന്നതിലും നിന്ന് നബി ﷺ തടഞ്ഞിട്ടുണ്ട്.(സാദുൽ മആദ്)
മസ്അല : ഖബർ താഴുകയോ ഇടിഞ്ഞു വീഴുകയോ ചെയ്താൽ അതിനു മീതെ വീണ്ടും മണ്ണിടുന്നത് അനുവദനീയമാണ്.
പുതിയ ഖബർസ്ഥാൻ നിർമ്മാണം
മുമ്പ് അടക്കപ്പെട്ടിട്ടുള്ള മയ്യിത്തുകൾ വളരെ പഴക്കമുള്ളതും പൂർണ്ണമായും മണ്ണിൽ ചേർന്നിട്ടുണ്ട് എന്ന് ധാരണ ഉണ്ടായാൽ (അതിന് കൃത്യമായ സമയം ക്ലിപ്തമല്ല) സ്ഥല പരിമിതി പോലുള്ള സാഹചര്യങ്ങളിൽ പഴയ ഖബറുകളുടെ സ്ഥാനത്ത് പുതിയ ഖബറുകൾ നിർമ്മിക്കൽ അനുവദനീയമാണ്. പഴയ ഖബറുകളിൽ നിന്നും അസ്ഥിയോ മറ്റോ ലഭിച്ചാൽ ആദരവ് നിലനിർത്തി തന്നെ മറ്റൊരു കുഴിയിൽ മറമാടേണ്ടതാണ്. എന്നിരുന്നാലും പഴയ ഖബറുകൾ അത്ര പഴക്കമുള്ളതല്ലെങ്കിൽ ശരീരം പൂർണ്ണമായും മണ്ണിൽ ചേർന്നിട്ടില്ലെങ്കിൽ അനുവദനീയമല്ല. പുതിയ ഖബർസ്ഥാൻ നിർമ്മിക്കുന്നതിന് മറ്റ് സ്ഥലം നോക്കേണ്ടതാണ്.
റെഡിമെയ്ഡ് ഖബറുകൾ
മണ്ണിന്റെ ബലക്കുറവ്, സ്ഥല പരിമിതി മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ന്യായമായ കാരണങ്ങളുള്ള സ്ഥലങ്ങളിൽ മേൽ പറയപ്പെട്ടത് പോലെ ഖബറുകൾ നിർമ്മിക്കൽ അനുവദനീയമാണ്. വെട്ട്കല്ലോ സിമന്റ് കട്ടയോ ഉപയോഗിച്ച് സിമന്റ് കൂട്ടി നിർമ്മിക്കുന്നതിൽ കുഴപ്പമില്ല. മണ്ണിൽ തന്നെയാണ് മയ്യിത്ത് വെക്കേണ്ടത്. ഇഷ്ടിക ഉപയോഗിക്കാൻ പാടില്ല.
ഇത്തരം ഘട്ടങ്ങളിൽ പഴയ മയ്യിത്ത് പൂർണ്ണമായും മണ്ണിൽ ലയിച്ചിട്ടുണ്ടെങ്കിൽ അതെ ഖബറിൽ മറ്റുള്ളവരെയും ഖബറടക്കൽ അനുവദനീയമാണ്. ഖബറിൽ നിന്ന് അസ്ഥിയോ മറ്റോ കണ്ടെത്തിയാൽ ആ ഖബറിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ മറ്റൊരു കുഴിയിൽ മയ്യിതിനോടുള്ള ആദരവ് നിലനിർത്തി തന്നെ മറമാടണം. പൂർണ്ണമായും ലയിക്കാത്ത മയ്യിത്ത് ആണെങ്കിൽ ആ ഖബറിൽ അടക്കൽ അനുവദനീയമല്ല. ഇത്തരം ഖബ്റുകൾ നിർമ്മിക്കുന്നതിന് വേറെയും സ്ഥലം ഉണ്ടന്നത് തടസമല്ല. വേറെയും കാരണങ്ങൾ ഉണ്ടാകാം. ഇല്ലെങ്കിൽ സാധാരണ രീതിയിൽ ഖബറടക്കലാണ് ശ്രേഷ്ഠം.
അവലംബം: അൽ-ബഹർ അൽ-റൈഖ്, ഫതാവ ഷാമി,ആലംഗിരി ബഹഷ്തി ഗോഹർ, തഖ്‌രീറാത്ത് റാഫഈ, ഇംദാദുൽ ഫതാവാ
ദുഃഖിതർക്ക് അനുശോചനം
നബി ﷺ പറഞ്ഞു: ഒരു പ്രയാസത്തിലായ വ്യക്തിയോട് ആശ്വാസവാക്കുകൾ പറയുന്നവന് ആ ദുഃഖം അനുഭവിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നതുപോലെയുള്ള പ്രതിഫലം തന്നെ ഉണ്ടാകും.(തിര്‍മിദി)
നബി ﷺ നേരിട്ട് تعزیت അനുശോചനം അറിയിക്കുന്നതിനായി പോകാറുണ്ടായിരുന്നു.
മസ്അല : ദുഃഖിതരുടെ വീട്ടിൽ മൂന്ന് ദിവസം വരെ ഒരു പ്രാവശ്യം അനുശോചനം അറിയിക്കാൻ പോകുന്നത് മുസ്തഹബ്ബാണ്. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുക, ക്ഷമയുടെ മഹത്വവും അതിന്റെ മഹത്തായ പ്രതിഫലവും പറഞ്ഞു അവരെ ക്ഷമയിലേക്ക് പ്രേരിപ്പിക്കുക, കൂടാതെ മരിച്ചരുടെ പാപമോചനത്തിനുവേണ്ടി ദുആ ചെയ്യുക ഇതെല്ലാം അനുവദനീയമാണ്. മാത്രമല്ല, വലിയ സദ്കർമ്മവുമാണ്. ഇതിനെ തന്നെയാണ് تعزیت എന്നു പറയുന്നത്.
മസ്അല : ഈ ദുആ ദുഃഖിതനോട് പറയൽ മുസ്തഹബ്ബാണ്.
غَفَرَ اللَّهُ تَعَالَى لِمَيِّتِكَ، وَتَجَاوَزَ عَنْهُ، وَتَغَمَّدَهُ بِرَحْمَتِهِ، وَرَزَقَكَ الصَّبْرَ عَلَى مُصِيبَتِهِ، وَآجَرَكَ عَلَى مَوْتِهِ
മസ്അല : മൂന്ന് ദിവസത്തിന് ശേഷം അനുശോചനം അറിയിക്കുന്നത് മക്രൂഹ് തൻസീഹാണ്. എന്നാൽ, ആശ്വാസം അറിയിക്കാനെത്തുന്നവർ യാത്രയിലായിരിക്കുകയോ, അല്ലെങ്കിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ (അവരെയാണ് ആശ്വാസം അറിയിക്കേണ്ടത്) യാത്രയിൽ ആയിരിക്കുകയും അവർ മൂന്ന് ദിവസത്തിന് ശേഷം എത്തുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, മൂന്ന് ദിവസത്തിന് ശേഷവും ആശ്വാസം അറിയിക്കാൻ പോകുന്നത് കറാഹത്തല്ല.
മസ്അല : മരണപ്പെട്ടവരുടെ കുടുംബത്തിനായി ഭക്ഷണം തയ്യാറാക്കി നൽകൽ മുസ്തഹബ്ബാണ്
അബ്ദുള്ളാഹ് ബിൻ ജഅ്ഫർ (റ) പറയുന്നു: തന്റെ പിതാവ് ജഅ്ഫർ (റ) ശഹീദായ വാർത്ത വന്നപ്പോൾ നബി ﷺ പറഞ്ഞു: ജഅ്ഫറിന്റെ കുടുംബത്തിനായി ഭക്ഷണം തയ്യാറാക്കുക. കാരണം ഈ വാർത്ത മൂലം അവർ ഭക്ഷണം തയ്യാറാക്കുന്നതിലേക്ക് ശ്രദ്ധ ചെലുത്താൻ കഴിയാത്ത അവസ്ഥയിലാണ്. (തിര്‍മിദി)
നബി ﷺ യുടെ സുന്നത്തിൽ കൂടി വ്യക്തമാകുന്നത് മരണപ്പെട്ടവരുടെ കുടുംബം ആശ്വാസം അറിയിക്കാൻ വരുന്നവർക്കായി ഭക്ഷണം ഒരുക്കേണ്ടതില്ല. മറിച്ച്, നബി ﷺ ആജ്ഞാപിച്ചത്, മറ്റുള്ളവർ (സുഹൃത്തുക്കളും ബന്ധുക്കളും) അവരുടെ വേണ്ടി ഭക്ഷണം തയ്യാറാക്കി അവരിലേക്ക് അയക്കണം എന്നതാണ്. ഇത് ഉത്തമമായ നൈതികതയുടെ ഉദാഹരണവും, ദുഃഖിതരായ ബന്ധുക്കളുടെ ഭാരം കുറയ്ക്കുന്ന പ്രവൃത്തിയുമാണ്.(സാദുൽ മആദ്)
മസ്അല : മരണപ്പെട്ടവരുടെ വീട്ടിനോട് അടുത്ത് താമസിക്കുന്ന അയൽക്കാരും, ദൂരെയുള്ള ബന്ധുക്കളും, ഒരു ദിവസം ഒരു രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കി അവരുടെ വീട്ടിലേക്ക് അയക്കുന്നത് മുസ്തഹബ് ആണ്. ദുഃഖം കാരണം അവർ ഭക്ഷണം കഴിക്കാതിരുന്നാൽ, സ്നേഹത്തോടെ ആവശ്യപ്പെട്ട് അവരെ ഭക്ഷിപ്പിക്കണമെന്നും പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
മസ്അല :`മയ്യിത്തിന്റെ സംസ്കരണ ചടങ്ങുകളിൽ തിരക്കിലായിരിക്കുന്നവർക്കും ഈ ഭക്ഷണം നൽകുന്നത് അനുവദനീയമാണ്.(മദാരിജുന്നുബൂവ്വ)
മരണപ്പെട്ടവരുടെ വീട്ടിൽ നിന്നുള്ള വിരുന്ന് (ഭക്ഷണം) ബിദ്അത്താണ്
ഇന്നത്തെ കാലത്ത് ചില അറിവില്ലാത്തവരിൽ കാണുന്ന പതിവ് ആശ്വാസം അറിയിക്കാൻ വരുന്നവർക്കായി മയ്യിത്തിന്റെ വീട്ടുകാർ തന്നെ ഭക്ഷണം പാചകം ചെയ്ത് വിരുന്നൊരുക്കുന്നു. ഇത് സുന്നത്തിനോട് വിരുദ്ധമായതിനാൽ നിരോധിക്കപ്പെട്ടതാണ്. ബിദ്അത്തുമാണ്. കാരണം, വിരുന്ന് നൽകുന്നത് സന്തോഷത്തിന്റെ അവസരത്തിലാണ്; ദുഃഖത്തിന്റെ സമയത്ത് അല്ല.
ആശ്വാസം അറിയിക്കാൻ വരുന്നവരും ഇതിൽ ശ്രദ്ധിക്കണം:മയ്യിത്തിന്റെ വീട്ടിലേക്ക് ഭക്ഷണം അയയ്ക്കാൻ കഴിയുന്നില്ലെങ്കിലും, കുറഞ്ഞത് അവരുടെ മേൽ സ്വന്തം ഭാരമെങ്കിലും ചുമത്തരുത്.
മൂന്ന്, ഏഴ്, നൽപ്പത് ബിദ്അതാണ്
കേരളത്തിൽ വ്യാപകമായി പ്രചാരത്തിലുള്ള മൂന്നാം ഫാത്തിഹ, നാൽപ്പതാം ഫാത്തിഹ എന്ന പേരുകളിൽ പറയപ്പെടുന്ന, മരണവുമായി ബന്ധപ്പെട്ട് പൊതുവായ നിലയിൽ ജനങ്ങളെ വിളിച്ചു കൂട്ടി ആഹരിപ്പിക്കൽ അനാചാരമാണ്. എന്ത് നിയ്യത്തിന്റെ പേരിലാണെങ്കിലും ശരി, അനുവദനീയമല്ല. മോശമായ ബിദ്അത്താണ്. ഒഴിവാക്കപ്പെടേണ്ടതാണ്.
മരണവീട്ടിൽ സമ്പന്നരെയും കുടുംബക്കാരെയും നാട്ടുകാരെയുമെല്ലാം വിളിച്ചു കൂട്ടി ആഹരിപ്പിക്കുന്നതിന് ഇതൊരു സന്തോഷസന്ദർഭം അല്ല എന്നതാണ് ഫുഖഹാക്കളുടെ പക്ഷം.മരണവുമായി ബന്ധപ്പെട്ട് ആലിമുകളെയും ഹാഫിളുകളെയും ആഹരിപ്പിക്കൽ കൂടി ലക്ഷ്യമാക്കി ഒരുമിച്ചു കൂട്ടലും കറാഹത്തിന്റെ പരിധിയിൽ ഉൾപ്പെടും. അനുവദനീയമല്ല.
മരണപ്പെട്ടയാൾക്കുവേണ്ടി പ്രതിഫലം ഉദ്ദേശിച്ച് സാധുക്കളെ മാത്രം ആഹരിപ്പിക്കൽ അനുവദനീയമാണ്. മേൽ പറഞ്ഞവർ സാധുക്കളാണെങ്കിൽ അവരെയും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.
ഖബർ സിയാറത്ത്
അബ്ദുള്ളാഹ് ബിൻ മസൂദ് (റ) റിപ്പോർട്ട് ചെയ്യുന്നു:നബി ﷺ പറഞ്ഞു: ഞാൻ നിങ്ങളെ മുമ്പ് കബറുകൾ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇപ്പോൾ അനുവദിക്കുന്നു നിങ്ങൾ കബറുകൾ സന്ദർശിക്കാം. കാരണം, അതിലൂടെ ലോകത്തോടുള്ള ആസക്തി കുറയും, ആഖിറത്തെക്കുറിച്ചുള്ള ഓർമ്മയും ചിന്തയും ഉണ്ടാകും. (ഇബ്നു മാജ)
മസ്അല : കബറുകൾ സന്ദർശിക്കുക, അഥവാ അവിടേക്ക് പോയി കാണുക പുരുഷന്മാർക്ക് മുസ്തഹബ് ആണ്. കുറഞ്ഞത് ഓരോ ആഴ്ചയിലും ഒരിക്കൽ കബർ സിയാറത്ത് നടത്തുന്നത് ഉത്തമം. അതിലും മികച്ചത് വെള്ളിയാഴ്ച ദിവസമാണ്.
മസ്അല : ആരുടെയായാലും കബറുകൾ സന്ദർശിക്കുന്നതിനായി യാത്ര ചെയ്യുന്നതും അനുവദനീയമാണ്. എന്നാൽ അതിൽ ശരീഅത്തിന് വിരുദ്ധമായ വിശ്വാസങ്ങളോ പ്രവർത്തനങ്ങളോ ഉണ്ടാകരുത്. ഇന്നത്തെ കാലത്ത് ചില ഉറൂസുകളിൽ കാണപ്പെടുന്ന പ്രവൃത്തികൾ ഇതിൽപ്പെടുന്നു.
മസ്അല :ചിലപ്പോൾ ബറാഅത്ത് രാത്രിയിൽ കബർസ്ഥാനത്ത് പോകുകയും, കബറിലുള്ളവർക്കായി മഗ്ഫിറത്തിനായി ദുആ ചെയ്യുകയും ചെയ്യുന്നത് സുന്നത്തിൽ നിന്ന് തെളിയപ്പെട്ടതാണ്.(റിസാല ശബേ ബറാഅത്ത് മുഫ്തി ഷഫീ (റ))
കബർസ്ഥാനത്ത് പ്രവേശിക്കുമ്പോൾ അവിടെയുള്ള എല്ലാ കബറാളികളെയും ഉദ്ദേശിച്ച് ഒരിക്കൽ സലാം പറയണം.
ഹദീസിൽ വന്നിട്ടുണ്ട്: ഒരു വ്യക്തി തന്റെ പരിചയമുള്ള ഒരു മുസ്ലിമിന്റെ കബറിന് സമീപം കടന്നുപോകുകയും അവനോട് സലാം പറയുകയും ചെയ്താൽ, ആ മയ്യിത്ത് അവനെ തിരിച്ചറിയുകയും സലാമിന് മറുപടി നൽകുകയും ചെയ്യും എങ്കിലും ആ മറുപടി സലാം പറഞ്ഞവൻ കേൾക്കില്ല. (കൻസുൽ ഉമ്മാൽ)
മസ്അല : കബറാളികളോട് താഴെ പറയുന്ന വാക്കുകളിൽ സലാം പറയണം:
السَّلَامُ عَلَيْكُمْ يَا أَهْلَ الْقُبُورِ، يَغْفِرُ اللَّهُ لَنَا وَلَكُمْ، أَنْتُمْ سَلَفْنَا وَنَحْنُ بِالْآثَرِ
അർത്ഥം:ഓ കബറിലുള്ളവരേ, നിങ്ങളിലേക്കു സലാം അല്ലാഹു തആലാ ഞങ്ങളുടെയും നിങ്ങളുടെയും മഗ്ഫിറത്ത് നൽകട്ടെ. നിങ്ങൾ ഞങ്ങളേക്കാൾ മുമ്പേ പോയവരാണ്; ഞങ്ങൾ നിങ്ങളെ പിന്തുടർന്ന് വരുന്നതാണ്.
നബി ﷺ മദീനയിലെ ചില കബറുകൾക്കരികിലൂടെ കടന്നുപോയപ്പോൾ, ഇതേ വാക്കുകളിൽ തന്നെയാണ് അവരോട് സലാം പറഞ്ഞത്.(തിര്‍മിദി)
السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ
എന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
മസ്അല : സലാം പറഞ്ഞതിന് ശേഷം, കിബ്ലയിലേക്കു പുറം തിരിച്ച് (പുറകോട്ടാക്കി), കബറിന്റെ ഭാഗത്തേക്ക് മുഖം തിരിച്ച്, കഴിയുന്നത്ര ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് എത്തിക്കുക. ഉദാഹരണമായി:
സൂറത്തുൽ ഫാത്തിഹ, യാസീൻ, മുൽക്, തകാസുർ, ഇഖ്ലാസ് പതിനൊന്നു പ്രാവശ്യം, ഏഴ് പ്രാവശ്യം, അല്ലെങ്കിൽ സാധിക്കുന്നത്ര തവണ.
അതിനു ശേഷം ഇങ്ങനെ ദുആ ചെയ്യണം: അല്ലാഹുവേ, ഇതിന്റെ സവാബ് ഈ കബറിലെ ആളിന് എത്തിച്ചു കൊടുക്കേണമേ.(മിർഖാത്ത്)
മയ്യിത്തിന്റെ പാപമോചനത്തിനായി ദുആ ചെയ്യൽ
മസ്അല : മരണപ്പെട്ടവർക്ക് മഗ്ഫിറത്തിനായി ദുആ ചെയ്യുകയും വേണം. നബി ﷺ യുടെ പതിവ് ഇതായിരുന്നു: കബറുകൾ സന്ദർശിക്കുമ്പോൾ അവിടെയുള്ളവർക്കായി മഗ്ഫിറത്തിനായി ദുആ ചെയ്യൽ അതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. (മദാരിജുന്നുബൂവ്വ)
സ്ത്രീകൾ കബർസ്ഥാനിൽ പോകുന്നതിന്റെ വിധി
സാധാരണ സാഹചര്യങ്ങളിൽ സ്ത്രീകൾ കബർ സിയാറത്ത് ചെയ്യൽ അനുവദനീയമല്ല. എന്നിരുന്നാലും ചില നിബന്ധനകൾ പാലിച്ചുകൊണ്ട് സ്ത്രീകൾക്ക് കബർ സിയാറത്ത് അനുവദനീയമാണ്:
- യുവതികളല്ലാത്ത, പ്രായമായ അല്ലെങ്കിൽ വൃദ്ധയായ സ്ത്രീകൾ ആയിരിക്കണം
- പൂർണ്ണമായ പർദ സൂക്ഷിക്കണം
- ഫിത്നയെക്കുറിച്ചുള്ള ഭയം ഉണ്ടാകരുത്
- അട്ടഹസിച്ച് കരയരുത്
- കബർസ്ഥാനങ്ങളിൽ പൂക്കൾ അർപ്പിക്കുക, കബറിന് തുണി മൂടുക, തിരി കത്തിക്കുക തുടങ്ങിയ ബിദ്അത്തുകളും ശരീഅത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളും ചെയ്യരുത്
- കബർസ്ഥാനിൽ പോകുന്നത് ശീലമാക്കരുത്
ഈ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സ്ത്രീകൾക്ക് പോകാവുന്നതാണ്. എന്നിരുന്നാലും കാലഘട്ടത്തിലെ ഫിത്നകൾ കണക്കിലെടുത്ത്, പോകാതിരിക്കലാണ് നല്ലത്.
കബർസ്ഥാനിൽ പോകുന്ന സ്ത്രീകളെക്കുറിച്ച് ഒരു ഹദീസിൽ അല്ലാഹുവിന്റെ ലഅ്നത്ത് (ശാപം) പരാമർശിക്കപ്പെട്ടിട്ടുണ്ട്.(തിര്‍മിദി)
ഫുഖഹാക്കൾ വിശദീകരിക്കുന്നത്:മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കബർസ്ഥാനത്ത് പോകുന്ന സ്ത്രീകളാണ് ഈ ലഅ്നത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
ഈസാൽ സവാബ് ചെയ്യുന്നതിനുള്ള സുന്നത്തായ മാർഗം
ശരീഅത്ത് പ്രകാരം ഈസാൽ സവാബ് എന്നതിന്റെ ഉദ്ദേശം ഇത്ര മാത്രം ആണ്:
ഒരു വ്യക്തി ഏതെങ്കിലും ഒരു സദ്കർമ്മം (നല്ല പ്രവൃത്തി) ചെയ്തു, അതിന്റെ സവാബ് അവന് ലഭിച്ചു. ശേഷം, ആ ലഭിച്ച സവാബ് താൻ അല്ലാഹുവിനോട് അപേക്ഷിച്ച് മറ്റൊരാളിന് (ജീവിച്ചിരിക്കുന്നവർക്കോ മരണപ്പെട്ടവർക്കോ) സമർപ്പിക്കുന്നു.
അത് ഇങ്ങനെ ദുആ ചെയ്തുകൊണ്ടാണ്: അല്ലാഹുവേ, എന്റെ ഈ പ്രവൃത്തിക്ക് നീ എനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം ഇന്ന വ്യക്തിക്ക് എത്തിച്ചു കൊടുക്കേണമേ.
ഉദാഹരണങ്ങൾ:
അല്ലാഹുവിന്റെ വഴിയിൽ ഭക്ഷണം, പണം, വസ്ത്രം മുതലായവ ദാനം ചെയ്യുക
നഫൽ നമസ്കാരങ്ങൾ ചെയ്യുക,നഫൽ നോമ്പുകൾ നോൽക്കുക,
നഫൽ ഹജ്, ഉംറ നിർവഹിക്കുക,ഖുർആൻ പാരായണം, തസ്ബീഹാത്തുകൾ, ദിക്റുകൾ, സദഖ ജാരിയ്യ ഉദാ:മസ്ജിദുകളുടെ നിർമ്മാണം,ദീനി മദ്റസകൾ
ഇവയിലേതെങ്കിലും ചെയ്ത ശേഷം അല്ലാഹുവിനോട് ദുആ ചെയ്താൽ
ഇന്ന് ചെയ്ത നന്മയായാലും അല്ലെങ്കിൽ ജീവിതകാലത്ത് മുമ്പ് ഏതെങ്കിലും സമയം ചെയ്ത നന്മയായാലും അതിന്റെയെല്ലാം സവാബ് ആ വ്യക്തിക്ക് എത്തും. ഇത്ര മാത്രം തന്നെയാണ് ശരീഅത്തിൽ നിന്ന് തെളിയപ്പെട്ടത്.
അടിസ്ഥാനമില്ലാത്ത ആചാരങ്ങളെക്കുറിച്ച്
ഇതിനു പുറമെ, ജനങ്ങൾ സ്വമേധയാ ഉണ്ടാക്കിയിട്ടുള്ള പലവിധ ആചാരങ്ങളും രൂപങ്ങളും ഈസാൽ സവാബിന് യാതൊരു അടിസ്ഥാനവുമില്ലാത്തവയാണ്.
മാത്രമല്ല, അവ ചെയ്യുന്നത് പാപമാണ്; ചിലത് ശിർക്കിലേക്കു പോലും എത്തുന്നവയും ബിദ്അത്തുകളും ആകുന്നു.
അതുകൊണ്ട്, ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് അനിവാര്യമാണ്.
കാരണം, സവാബ് ലഭിക്കേണ്ടതിന് പകരം, വലിയ പാപങ്ങളിൽ അകപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
ഈസാൽ സവാബിന് നിശ്ചിതമായ കാര്യങ്ങൾ ഇല്ല
ശരീഅത്ത് പ്രകാരം ഈസാൽ സവാബിനായി നിശ്ചിതമായ സമയം അല്ലെങ്കിൽ ദിവസം ഇല്ല നിശ്ചിതമായ സ്ഥലം ഇല്ല നിശ്ചിതമായ ഒരു ഇബാദത്തും ഇല്ല ആളുകൾ കൂടിച്ചേരണം എന്ന ആവശ്യം ഇല്ല ഭക്ഷണമോ മിഠായിയോ മുന്നിൽ വെക്കണം, അതിന് ഓതി ഊതണം എന്നതും ആവശ്യമല്ല നിർബന്ധമായി ഒരു ആലിം, ഹാഫിസ്, ഉസ്താദ് എന്നിവരെ വിളിക്കണം എന്നതും നിർബന്ധമില്ല. നല്ലതാണ് പൂർണ്ണ ഖുർആൻ ഖത്തം ചെയ്യണം, അല്ലെങ്കിൽ ഒരു പ്രത്യേക സൂറയോ ദുആയോ നിശ്ചിത എണ്ണത്തിൽ വായിക്കണം എന്നതും ശരീഅത്തിൽ ഇല്ല. അതിനാൽ തന്നെ ഒരു പ്രത്യേക ദിവസത്തെ നിഴപ്പെടുത്തി കൊണ്ടുള്ള ആണ്ട് ആചാരങ്ങൾ ശറയിൽ ഒരു അടിസ്ഥാനവും ഇല്ലാത്തതാണ്.
ഇവയെല്ലാം മനുഷ്യർ സ്വമേധയാ ഉണ്ടാക്കിയ നിയന്ത്രണങ്ങളും ആചാരങ്ങളുമാണ്.
വാസ്തവത്തിൽ, ശരീഅത്ത് ഈസാൽ സവാബിനെ അത്യന്തം എളുപ്പമാക്കിയിട്ടുണ്ട്:
ഏത് വ്യക്തിക്കും, ഏത് സമയത്തും, ഏത് ദിവസത്തും, താൻ ആഗ്രഹിക്കുന്ന ഏതൊരു നഫൽ ഇബാദത്തും ചെയ്ത് അതിന്റെ സവാബ് മയ്യിത്തിന് എത്തിക്കാൻ കഴിയും.
ഫർള് ഇബാദത്തിന്റെ ഈസാൽ സവാബ്
ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും എല്ലാ നഫൽ ഇബാദത്തുകളുടെ സവാബ് മറ്റൊരാൾക്ക് സമർപ്പിക്കാം ഹനഫി ഫുഖഹാക്കൾ ഏക അഭിപ്രായക്കാരാണ്.
എന്നാൽ ഫർള് ഇബാദത്തിന്റെ സവാബ് മറ്റൊരാൾക്ക് സമർപ്പിക്കാമോ എന്ന വിഷയത്തിൽ ഫുഖഹാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്: ചില ഫുഖഹാക്കൾ അത് അനുവദനീയമാണ് എന്ന് പറയുന്നു. ചിലർ അത് അനുവദനീയമല്ല എന്നും പറയുന്നു.
ഒരു ഇബാദത്തിന്റെ സവാബ് ഒരേസമയം പലർക്കും എത്തിക്കൽ
ഒരു ഇബാദത്തിന്റെ സവാബ് ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് സമർപ്പിച്ചാൽ
ഉദാഹരണമായി: ഒരാൾ ഒരു രൂപ സദഖ നൽകി, അതിന്റെ സവാബ് പത്ത് മയ്യിത്തുകൾക്ക് സമർപ്പിച്ചാൽ അപ്പോൾ ഓരോ മയ്യിത്തിനും പൂർണ്ണമായ ഒരു രൂപയുടെ സവാബ് ലഭിക്കുമോ?അല്ലെങ്കിൽ, ഒരു രൂപയുടെ സവാബ് പത്ത് പേരിൽ പങ്കിട്ടു ലഭിക്കുമോ?
ഈ വിഷയത്തിൽ ഖുർആനും സുന്നത്തും വ്യക്തമായ നിർദ്ദേശം നൽകുന്നില്ല;
രണ്ടു സാധ്യതകളും നിലനിൽക്കുന്നു. എന്നാൽ ഫുഖഹാക്കളുടെ ഒരു സംഘം ആദ്യത്തെ അഭിപ്രായത്തെയാണ് മുൻഗണന നൽകിയിരിക്കുന്നത്:അതായത്, ഓരോ മയ്യിത്തിനും പൂർണ്ണ സവാബ് തന്നെ ലഭിക്കും എന്ന നിലപാട്. അല്ലാഹുവിന്റെ വിശാലമായ റഹ്മത്തിനോട് കൂടുതൽ അനുയോജ്യമായതും ഇതേ അഭിപ്രായമാണെന്ന് അവർ വ്യക്തമാക്കുന്നു.
അവലംബം: അൽ-ബഹർ അൽ-റൈഖ്, ഫതാവ ഷാമി,ആലംഗിരി ബഹഷ്തി ഗോഹർ, സേവർ തഖ്‌രീറാത്ത് റാഫഈ, ഇംദാദ് അൽ-ഫതാവാ
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട