Saturday 24 March 2018

അഖീഖയും സംശയങ്ങളും





നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്‌നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനുവേണ്ടി അഖീഖ അറുക്കല്‍ ശക്തിയായ സുന്നത്താണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും അറവ് സുന്നത്തുതന്നെ (തുഹ്ഫ 9/370).

ഒരു കുട്ടി ജനിച്ചാല്‍ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കല്‍ സാധാരണമാണല്ലോ. അഖീഖത്ത് എന്നാല്‍ നവജാത ശിശുവിന്റെ മുടി എന്നാണര്‍ത്ഥം. ആ ‘മുടി’ കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തര്‍ശീഹ്: 206).

അറവിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. സമുറ(റ)വില്‍ നിന്ന് നിവേദനം: ”നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴാം ദിവസമാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം” (തിര്‍മുദി 4/101, അബൂദാവൂദ് 3/360, നസാഈ 7/166, ഇബ്‌നുമാജ 3165).


അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ ചെയ്യാല്‍ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327).

കുട്ടി അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണെന്ന നബി(സ്വ)യുടെ പരാമര്‍ശത്തിന് ഇമാമുമാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഖീഖ അറുക്കപ്പെടാതിരിക്കുകയും ശൈശവാവസ്ഥയില്‍ കുട്ടി മരണപ്പെടുകയും ചെയ്താല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ പരലോകത്ത് ആ കുട്ടി ശിപാര്‍ശ ചെയ്യില്ലെന്നാണിതിന്റെ അര്‍ത്ഥമെന്ന് ഇമാം അഹ്മദ്(റ) പറഞ്ഞതായി ഇമാം ഖത്വാബി ഉദ്ധരിച്ചിട്ടുണ്ട്. 

മറ്റൊരര്‍ത്ഥം, അഖീഖ അറുത്ത് പണയത്തില്‍ നിന്ന് ഒഴിവാക്കാതെ ആ കുട്ടിയെ കൊണ്ടുള്ള ഉപകാരവും സൗഖ്യവും പൂര്‍ണമായി രക്ഷിതാക്കള്‍ക്ക് ലഭിക്കില്ലെന്നാണ്. അനുഗ്രഹങ്ങള്‍ അതു ലഭിച്ചവര്‍ക്ക് പൂര്‍ണമായി ഉപകരിക്കുക, അതിന് നന്ദി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം അനുഗ്രഹങ്ങളുടെ നന്ദിപ്രകടനം നബി(സ്വ)യുടെ ചര്യ പിന്‍പറ്റല്‍ കൊണ്ടു കൂടിയാണ്. അതാവട്ടെ നന്ദിയും കുട്ടിയുടെ രക്ഷയും ആഗ്രഹിച്ച് ബലി നടത്തല്‍ കൊണ്ടുമാണ് എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. കുട്ടിയുടെ വളര്‍ച്ച വേണ്ടവിധത്തിലാവണമെങ്കില്‍ അഖീഖ അറുക്കണമെന്ന് വിശദീകരിച്ച ജ്ഞാനികളുമുണ്ട്.

അഖീഖ അറുക്കേണ്ടതാര്?


ഇനി ആരാണ് അഖീഖ അറുക്കേണ്ടതെന്ന് നോക്കാം. കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ അവരുടെ സമ്പത്തില്‍ നിന്നാണ് അഖീഖ അറുക്കേണ്ടത്. കുട്ടിക്ക് മുതലുണ്ടെങ്കിലും അതില്‍ നിന്നെടുക്കാന്‍ പാടില്ല. 


പ്രസവം മുതല്‍ അറുപത് ദിവസത്തിനകം (പ്രസവരക്തത്തിന്റെ അധികരിച്ച കാലം) കഴിവുണ്ടായാല്‍ മാത്രമേ രക്ഷിതാവിന്റെ മേല്‍ അറവ് ബാധ്യതയുള്ളൂ. പ്രസവിച്ച ഏഴാം ദിവസം അറവ് നടത്തലാണേറെ ശ്രേഷ്ഠം. ഇല്ലെങ്കില്‍ പതിനാല്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതങ്ങളിലാണ് അറവ് നടത്തേണ്ടത് (കുര്‍ദി). 

കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ബാധ്യതപ്പെട്ട രക്ഷിതാക്കള്‍ അറവ് നടത്തിയില്ലെങ്കില്‍ ശേഷം സ്വന്തമായി അറവ് നടത്തല്‍ സുന്നത്തുണ്ട്.
ഉളുഹിയ്യത്ത് പോലെത്തന്നെ ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകങ്ങളെയാണ് അഖീഖ അറുക്കേണ്ടതും. ഇവയല്ലാത്ത മറ്റു മൃഗങ്ങളൊന്നും അഖീഖക്ക് പറ്റില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. 



നെയ്യാടാണെങ്കില്‍ ഒരു വയസ്സായതും കോലാട്, മാട് എന്നിവ രണ്ടു വയസ്സ് പൂര്‍ത്തിയായതും, ഒട്ടകം അഞ്ചുവയസ്സ് തികഞ്ഞതുമാണ് അഖീഖക്ക് പറ്റുക. കാള, പശു, എരുമ, പോത്ത് എന്നിവയാണ് മാട് എന്നതുകൊണ്ടുള്ള വിവക്ഷ.
ആടിനെ അഖീഖ അറുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാടും ആണ്‍കുട്ടിക്ക് രണ്ടാടുമാണ് ഏറ്റവും ഉത്തമം. 


ആഇശ(റ)യില്‍ നിന്ന് നിവേദനം. ആണ്‍കുട്ടിക്കു തുല്യമായ രണ്ടാടിനെ അറുക്കാനും പെണ്‍കുട്ടിക്ക് ഒരാടിനെ അറുക്കാനും നബി(സ്വ) ഞങ്ങളോട് കല്‍പിച്ചു (തിര്‍മുദി). എന്നാല്‍ ആണ്‍കുട്ടിക്കുവേണ്ടി ഒരാടിനെ അറുത്താലും മതിയാകും. കാരണം, നബി(സ്വ) ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് ഓരോ ആടിനെ അറുത്തു എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/371).

ഒട്ടകത്തിലും മാടിലും ഏഴുപേര്‍ പങ്കാളികളാകല്‍ അനുവദനീയമാണ്. ഒരാള്‍ തന്റെ ഏഴു മക്കളുടെ അഖീഖയായി ഒരു മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിന് വിരോധമില്ല. ഏഴുപേര്‍ പങ്കുചേരുമ്പോള്‍ എല്ലാവരും അഖീഖതന്നെ ഉദ്ദേശിച്ചുകൊള്ളണമെന്നുമില്ല. ചിലര്‍ അഖീഖയായും മറ്റു ചിലര്‍ ഉളുഹിയ്യത്തായും വേറെ ചിലര്‍ മാംസവും ഉദ്ദേശിച്ച് അറവു നടത്തുന്നതിന് വിരോധമില്ല (ശര്‍വാനി 9/371). 


അതനുസരിച്ച് ഒരു കച്ചവടക്കാരന്‍ നിബന്ധന ഒത്ത മൃഗത്തെ, അതിന്റെ ഏഴിലൊന്ന് ഉള്ഹിയ്യത്തോ അഖീഖത്തോ ആണെന്ന് കരുതി അറവ് നടത്തുകയും ഏഴായി വീതംവെച്ച ശേഷം ആറുഭാഗം വില്‍ക്കുകയും ഒരു ഭാഗം നിയമപ്രകാരം വിതരണം നടത്തുകയും ചെയ്യുന്നതിന് വിരോധമില്ല. ബലി പെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്തറുക്കുന്ന മാടുകളില്‍ ഇങ്ങനെ അഖീഖ കരുതി ഭാഗം ചേരുന്നവര്‍ പൂര്‍വികരില്‍ ഉണ്ടായിരുന്നു. അത് സ്വീകാര്യമാണെന്ന് ചുരുക്കം.

സാധാരണ ഗതിയില്‍ നവജാത ശിശുവിന്റെ പേരില്‍ നടത്തപ്പെടുന്ന അറവിനെ അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അഖീഖത്ത് എന്ന അറബി ശബ്ദത്തിന്റെ ധാതുവില്‍ ഉഖൂഖ് എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ നവജാതശിശുവിന്റെ പേരിലുള്ള  അഖീഖത്ത് എന്നു കേള്‍ക്കുമ്പോള്‍ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം  പറയാനിടയുണ്ട്. ഈ അറവ് നടത്തുന്നയാളെ ‘ആഖ്ഖ്’ എന്നാണ് പറയുക. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ഉഖൂഖ് (മാതാപിതാക്കളെ വെറുപ്പിക്കല്‍) ഇഷ്ടപ്പെടുകയില്ലെന്നു പ്രവാചകന്‍ പ്രതികരിച്ചത് (അബൂദാവൂദ്).

നബി (സ്വ) തങ്ങള്‍ ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു. തദടിസ്ഥാനത്തില്‍ നവജാതശിശുവിന്റെ പേരിലുള്ള അറവിനെ അഖീഖത്ത് എന്നു പറയുന്നത് ഇമാം ശാഫിഈ (റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും വെറും അറവെന്നോ (ദബീഹത്ത്) പുണ്യ ബലി (നസീകത്ത്) എന്നോ പറയുകയാണ് നല്ലതെന്നും നമ്മുടെ ഇമാമുകള്‍ പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ, ശര്‍വാനി: 9/369).

അഖീഖ സുന്നത്താണെങ്കിലും നേര്‍ച്ചയാക്കല്‍ കൊണ്ടും ‘ഇതെന്റെ കുട്ടിയുടെ അഖീഖയാണെ’ന്നു പറയല്‍കൊണ്ടും നിര്‍ബന്ധമാകും. ഇങ്ങനെ നിര്‍ബന്ധമായതിന്റെ മാംസം പൂര്‍ണമായും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. അറുത്തവനോ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതരോ അതില്‍നിന്ന് ഒന്നും ഭക്ഷിക്കാന്‍ പാടില്ല. സുന്നത്തായ അഖീഖയില്‍ നിന്നു അല്‍പമെങ്കിലും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബറകത്തിനുവേണ്ടി അല്‍പം അവനെടുത്ത് ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ് ഉളുഹിയ്യത്ത് മാംസത്തിലെന്ന പോലെ ഇതിലും ഉത്തമം. അപ്രകാരം നിര്‍ബന്ധമായത് നാട്ടില്‍തന്നെ നല്‍കണം. സുന്നത്തായത് അല്‍പം നാട്ടില്‍ വിതരണം ചെയ്ത് ബാക്കി മറ്റു നാടുകളിലേക്ക് നീക്കുന്നതിന് വിരോധമില്ല.


ഉളുഹിയ്യത്ത് പോലെതന്നെ അഖീഖയുടെയും മാംസമോ തോലോ എല്ലോ വില്‍ക്കാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. തോല് വിറ്റ് വില ധര്‍മം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. ഇതുപാടില്ല. അതില്‍ അറവുകാരന് ഉടമാവകാശമില്ലെന്നതുകൊണ്ട് തന്നെ വില്‍പന ശരിയാവുകയുമില്ല. അത് അങ്ങനെതന്നെ ദരിദ്രര്‍ക്ക് സ്വദഖ ചെയ്യുകയാണ് വേണ്ടത്. അവര്‍ വില്‍ക്കുന്നതിന് വിരോധമില്ല.


മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372).

അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം     ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327).


അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313). സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327).

അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). പ്രസവിക്കപ്പെട്ട കുട്ടി ജാരസന്താനമാണെങ്കില്‍ നിര്‍ധനനായ ആ കുട്ടിക്കു ചെലവ് കൊടുക്കേണ്ട കടമ മാതാവിനാണ്. പ്രസ്തുത കുട്ടിക്കു ഉമ്മ അഖീഖത്തറുക്കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/370).

കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.


മിക്ക നിയമങ്ങളിലും അഖീഖത്ത് ഉളുഹിയ്യത്ത് പോലെയാണെങ്കിലും അഖീഖത്തിന് മാത്രം ബാധകമാവുന്ന ചില നിയമങ്ങളുമുണ്ട്. അവയില്‍ ചിലതു വിവരിക്കാം: അഖീഖയുടെ മാംസം വേവിച്ച് നല്‍കല്‍ സുന്നത്താണ്. ഇമാം ബൈഹഖി(റ) ആഇശ(റ)യില്‍ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ). അതുതന്നെ അല്‍പം മധുരം ചേര്‍ത്ത് വേവിക്കല്‍ സുന്നത്താണ്. കുട്ടിയുടെ സ്വഭാവം മാധുര്യമുള്ളതാകുന്നതിലേക്ക് ശുഭലക്ഷണമായിട്ടാണിത്. സൂര്യോദയ സമയത്ത് അറവ് നടത്തലും അറുക്കുന്ന സമയത്ത് ബിസ്മിയും തക്ബീറും ചൊല്ലി കുട്ടിയുടെ പേരുപറഞ്ഞ് ‘ഇത് ഇന്ന ആളുടെ അഖീഖയാണ്, ഇത് സ്വീകരിക്കണമേ’ എന്നു പറഞ്ഞ് അറവ് നടത്തലും സുന്നത്താണ്. 



പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌യ: 162). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372).


ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കില്‍ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകള്‍ ആവര്‍ത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍, കുര്‍ദി: 2/308).

കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിര്‍വഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാല്‍ കുട്ടിക്കു പ്രായപൂര്‍ത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കര്‍മം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താല്‍ മതിയാകും. കുട്ടി ആണാണെങ്കില്‍ തുല്യമായ രണ്ടാടും പെണ്ണാണെങ്കില്‍ ഒരാടും അറുക്കണമെന്നു ഹദീസില്‍ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371).

ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല.

അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372).

അഖീഖ മൃഗത്തിന്റെ എല്ല് പൊട്ടിക്കാതിരിക്കലാണ് ഉത്തമം. കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുന്നതിന്റെ നല്ല സൂചനയായിട്ടാണത്. ഓരോ എല്ലും സന്ധിയില്‍നിന്നു അഴിച്ചെടുക്കുകയാണ് വേണ്ടത് (ശര്‍വാനി). മൃഗത്തിന്റെ വലത്തെ കുറക് പ്രസവമെടുക്കുന്ന സ്ത്രീക്ക് കൊടുക്കല്‍ സുന്നത്താണ് (തുഹ്ഫ).

സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്ന് ധനികര്‍ക്ക് പാരിതോഷികമായി നല്‍കാമെങ്കിലും അവര്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നാണ് നിയമം. അമുസ്‌ലിമിന് ഒരുനിലക്കും നല്‍കാന്‍ പാടില്ലതാനും. എന്നാല്‍ ഇതിലും അഖീഖ വ്യത്യസതമാണ്. അഖീഖയുടെ മാംസം ലഭിക്കുന്ന ധനികര്‍ക്ക് ഉടമസ്ഥാവകാശമുണ്ട് (നിഹായ 9/147). അപ്പോള്‍ അവര്‍ക്കതില്‍ വില്‍പന പോലെയുള്ള ക്രയവിക്രയങ്ങള്‍ ചെയ്യാവുന്നതാണ്.


എന്താണ് അഖീഖ? അഖീഖ അറുക്കല്‍ നിര്‍ബന്ധമാണോ?


കുട്ടി ജനിച്ചതിന്റെ ഏഴാം ദിവസം കുട്ടിയുടെ മുടി വടിക്കുന്നതോടൊപ്പം അറുക്കപ്പെടുന്നു ആടിനാണ്‌ അഖീഖ എന്നു പറയുക. പിതാവിന് കുട്ടിയോടുള്ള ബാധ്യതകളില്‍ പെട്ടതാണ് അഖീഖ അറുക്കുകയെന്നത്.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം അഖീഖ അറുക്കുക എന്നത് പ്രബലമായ സുന്നത്താണ്. ഇബ്നു അബ്ബാസ്‌, ഇബ്നു ഉമര്‍, ആഇഷ -رَضِيَ اللَّهُ عَنْهَا- തുടങ്ങിയവരുടെയും, താബിഈങ്ങളിലെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായമാണ് ഇത്.

وَعَنْ سَلْمَانَ بْنِ عَامِرٍ الضَّبِّىِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَعَ الْغُلاَمِ عَقِيقَتُهُ فَأَهْرِيقُوا عَنْهُ دَمًا وَأَمِيطُوا عَنْهُ الأَذَى»

നബി -ﷺ- പറഞ്ഞു: “കുട്ടിയോടൊപ്പം അവന്റെ അഖീഖയും ഉണ്ട്. അതിനാല്‍ അവന്റെ പേരില്‍ നിങ്ങള്‍ രക്തം ഒഴുക്കുകയും, അവന്റെ മേല്‍ നിന്ന് മ്ലേഛത നീക്കുകയും ചെയ്യുക.” (ബുഖാരി: 5471)

ഹദീസില്‍ രക്തം ഒഴുക്കുക എന്നു പറഞ്ഞതു കൊണ്ടുള്ള ഉദ്ദേശം അഖീഖ അറുക്കലും, മ്ലേഛത നീക്കുക എന്നതു കൊണ്ടുള്ള ഉദ്ദേശം മുടി കളയലുമാണ്.

عَنْ سَمُرَةَ بْنِ جُنْدُبٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى»

മറ്റൊരു ഹദീസില്‍ നബി -ﷺ- പറഞ്ഞു: “എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ മേല്‍ പണയത്തിലാണ്. ഏഴാം ദിവസം അവന്റെ മേല്‍ അറുക്കപ്പെടുകയും, (മുടി) വടിച്ചു നീക്കപ്പെടുകയും, (കുട്ടിക്ക്) പേര് നല്‍കപ്പെടുകയും വേണം.” (അബൂ ദാവൂദ്: 2838)

കുട്ടി അഖീഖയുടെ മേല്‍ പണയത്തിലാണ് എന്നതിന്റെ ഉദ്ദേശം എന്താണെന്നതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കുട്ടി ജനിച്ചാല്‍ അഖീഖ അറുക്കുക എന്നത് വളരെ അനിവാര്യമാണെന്നും, പണയം നല്‍കിയവന്റെ കയ്യില്‍ പണയവസ്തു ബാക്കി നില്‍ക്കുന്നത് പോലെ കുട്ടിയോടുള്ള ഈ ബാധ്യത അഖീഖ അറുക്കുന്നത് വരെ ബാക്കി നില്‍ക്കുമെന്നാണ് ഹദീസിന്റെ ഉദ്ദേശം എന്ന് ഇബ്നുല്‍ അസീര്‍ -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്.


ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- യുടെ വിശദീകരണവും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: “കുട്ടിക്ക് ലഭിക്കേണ്ട ചില നന്മകള്‍ അഖീഖ അറുക്കാതിരുന്നാല്‍ ലഭിക്കാതെ പോവുകയും, ആ നന്മകള്‍ തടയപ്പെട്ട നിലയില്‍ നിലകൊള്ളും എന്നുമാണ് ഹദീസിന്റെ പ്രത്യക്ഷാര്‍ത്ഥത്തില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ പരലോകത്ത് കുട്ടി (അവന്റെ പേരില്‍ അഖീഖ അറുക്കപ്പെട്ടില്ല എന്നതിന്റെ പേരില്‍ ശിക്ഷക്കപ്പെടുകയില്ല.” (സാദുല്‍ മആദ്: 2/326)

അഖീഖ അറുക്കാനായി വളര്‍ത്തുന്ന മൃഗത്തിനു ന്യൂനതകളുണ്ടെങ്കില്‍


ഈ മൃഗം അഖീഖത് അറുക്കാനുള്ളതാണ് അല്ലെങ്കില്‍ ഈ മൃഗത്തെ അഖീഖ അറുക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നോ സമാനമായതോ പറഞ്ഞാല്‍ ആ മൃഗത്തെ തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. അത് പിന്നീട് നശിച്ച് പോയാല്‍ പിന്നീട് മറ്റൊന്നിനെ അറുക്കേണ്ടതില്ല. എന്നാല്‍ ചോദ്യത്തില്‍ പറയപ്പെട്ടത് പോലോത്ത ന്യൂനതകള്‍ നേര്‍ച്ചയാക്കുമ്പോള്‍ തന്നെ ഉണ്ടെങ്കില്‍ അതേ മൃഗത്തെ തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ അത് അഖീഖതായി പരിഗണിക്കുകയില്ല. നേര്‍ച്ചയാക്കിയതിനു ശേഷമാണ് പറയപ്പെട്ട ന്യൂനത ഉണ്ടായതെങ്കിലും അതേ മൃഗത്തെ അറുക്കണം. എന്നാല്‍ അത് അഖീഖതായി പരിഗണിക്കപ്പെടുകയും ചെയ്യും. ഇത്തരം വാചകങ്ങളൊന്നും പറഞ്ഞിട്ടില്ല മറിച്ച് ആ മൃഗത്തെ അറുക്കാന്‍ കരുതുത മാത്രമേ ചെയതിട്ടുള്ളൂവെങ്കില്‍ അതിനെത്തന്നെ അറുക്കല്‍ നിര്‍ബന്ധമില്ല. അതിനു പകരം മറ്റു മൃഗത്തെയും അറുക്കാവുന്നതാണ്. കരുതുന്നത് മൂലം അറവ് തന്നെ നിര്‍ബന്ധമാവില്ല.

ആദ്യം അഖീഖത് അറുക്കാന്‍ നേര്‍ച്ചയാക്കി പിന്നീട് അതിന് വേണ്ടി ഒരു മൃഗത്തെ നിശ്ചയിച്ചു. ന്യൂനതകളില്ലാത്ത മൃഗത്തെ തന്നെ നിശ്ചയിക്കല്‍ നിര്‍ബന്ധമാണ്. ശേഷം ആ മൃഗത്തിനു ഇത്തരം ന്യൂനതകള്‍ ഉണ്ടായാല്‍ ആ മൃഗത്തെ മാറ്റി മറ്റൊന്നിനെ അറുക്കേണ്ടതാണ്. നിശ്ചയിക്കപ്പെട്ട മൃഗത്തിനെ അവന്‍ ഉദ്ദേശിച്ച പോലെ അറുത്ത് സ്വദഖ ചെയ്യുകയോ വില്‍കുകയോ മറ്റോ ആവാം.


ചുരുക്കത്തില്‍ ചോദ്യ കര്‍ത്താവ് ആ മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കിയിട്ടില്ലെങ്കില്‍ ആ മൃഗത്തെ തന്നെ അറുക്കണമെന്നില്ല. മറ്റൊന്നിനെ അറുത്താലും മതി. നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കിയതാണോ അതല്ല ആദ്യം നേര്‍ച്ചയാക്കി പിന്നെ ആ മൃഗത്തെ അറുക്കാനായി നിശ്ചയിച്ചു ഇങ്ങനെയാണോ എന്ന് നോക്കണം. ആ മൃഗത്തെ അഖീഖ അറുക്കാന്‍ നേര്‍ച്ചയാക്കിയതാണെങ്കില്‍ പറയപ്പെട്ട ന്യൂനത നേര്‍ച്ചയാക്കുന്ന സമയത്ത് തന്നെയുണ്ടോ ശേഷമുണ്ടായതാണോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നേര്‍ച്ചയാക്കുന്ന സമയത്ത് തന്നെയുണ്ടെങ്കില്‍ ആ മൃഗത്തെ തന്നെ അറുക്കണം. അത് അഖീഖയായി പരിഗണിക്കുകയില്ല. ശേഷം ന്യൂനതയുണ്ടായതാണെങ്കില്‍ ആ മൃഗത്തെ തന്നെ അറുക്കേണ്ടതാണ്. അഖീഖതായി പരിഗണിക്കപ്പെടുകയും ചെയ്യും. ആദ്യം നേര്‍ച്ചയാക്കി പിന്നെ മൃഗത്തെ നിശ്ചയിച്ചതാണെങ്കില്‍ ന്യൂനതയുള്ളതിനെ നിശ്ചയിക്കാന്‍ പറ്റില്ല. നല്ലതിനെ നിശ്ചയിച്ചതിന് ശേഷം അതില്‍ ന്യൂനതയുണ്ടായതാണെങ്കില്‍ അതിനെ മാറ്റി മറ്റൊന്നിനെ അറുക്കാം.

അഖീഖ അറുക്കപ്പെട്ട മൃഗത്തിന് മുറിവുണ്ടായിരുന്നെങ്കില്‍

ഇറച്ചിയില്‍ കുറവ് വരുത്തുന്ന രോഗങ്ങളില്ലാത്തതിനെ അഖീഖയായി അറുക്കാം. കയര്‍ വലിഞ്ഞുണ്ടാകുന്ന ചെറിയ മുറിവുകള്‍ ഇറച്ചിയില്‍ കുറവ് വരുത്തുന്നില്ലന്നതിനാല്‍ അത്തരം മുറിവുകളുള്ള മൃഗങ്ങളെ ഉളുഹിയ്യതായി അറുക്കാം.

പ്രസവിച്ചത് മുതല്‍ അഖീഖ അറുക്കാവുന്നതാണ്. ഏഴാം ദിവസത്തിനു മുമ്പും ആകാവുന്നതാണ്. ഏഴാം ദിവസം അറവു നടത്തല്‍ സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല.

അഖീഖ ആയി ആടിനെ അറുക്കുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?

രണ്ട് വയസ്സ് പൂര്‍ത്തിയായ കോലാട് ഒരു വയസ്സ് പൂര്‍ത്തിയാവുകയോ, ആറുമാസത്തിനുശേഷം പല്ല് പറിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് അഖീഖ അറുക്കാന്‍ ഉപയോഗിക്കേണ്ടത് മൃഗങ്ങള്‍ (നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം.) പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരാട് അറുത്താലും സുന്നത് ലഭിക്കും.

അറുക്കപ്പെടുന്ന മൃഗത്തിന്‍റെ നിബന്ധനകളില്‍ അഖീഖത്, ഉദ്ഹിയ്യത് പോലെ തന്നെയാണ്. അവിടെ ബാധകമായതെല്ലാം ഇവിടെയും ബാധകമാണ്.

ഉള്‌ഹിയ്യത്ത്‌ നിയമങ്ങൾ ഇവിടെ വായിക്കാം


മരണപ്പെട്ട കുട്ടിയുടെ അഖീഖത്

കുട്ടി ജനിച്ച് അറുക്കാന്‍ സാധ്യമായതിനു  ശേഷം മരിച്ചാല്‍ അഖീഖത് സുന്നതാണ് എന്ന് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറഞ്ഞിട്ടുണ്ട്. ഏഴ് ദിവസത്തിന് മുമ്പ് മരിച്ചാലും ശേഷം മരിച്ചാലും വിധി ഇതു തന്നെയാണ്. ഏഴ് ദിവസത്തിനു മുമ്പ് മരിച്ചാല്‍ അഖീഖ സുന്നതില്ലെന്നും അഭിപ്രായമുണ്ട്. ചോദ്യത്തില്‍ പറയപ്പെട്ടതനുസരിച്ച് കുട്ടി ജനിച്ച് നിഫാസിന്റെ കാലം അവസാനിക്കുന്നതിനു മുമ്പ് കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആള്‍ അഖീഖ അറുക്കാന്‍ കഴിവുള്ളവനാണെങ്കില്‍ (ഫിത്‍ര്‍ സകാത് നിര്‍ബന്ധമുള്ളവനെങ്കില്‍ എന്നാണ് തുഹ്ഫയിലും നിഹായയിലും പറഞ്ഞത്) അഖീഖ സുന്നതാണ്.

അഖീഖക്ക് പകരം മറ്റേതെങ്കിലും സ്വദഖ നല്‍കിയാല്‍ അതിന്റെ പുണ്യം കിട്ടുമോ? ആ ബാധ്യത ഒഴിവാകുമോ? അഖീഖയുടെ തുക ഉദുഹിയ്യത്തിനു കൊടുത്താല്‍ ബാധ്യത വീടുമോ?

അഖീഖ അറുക്കല്‍ സുന്നതാണ്. അഖീഖ അറുക്കുന്നതിന് പകരം മറ്റെന്തെങ്കിലും സ്വദഖ ചെയ്താല്‍ അത് അഖീഖതായി പരിഗണിക്കുകയില്ല. അറുക്കാന്‍ സാധിക്കുന്നവന്‍ സ്വയം അറുക്കലാണ് ഉത്തമം. അറുക്കാന്‍ സാധിക്കാത്തവനും അറുക്കുന്നത് കാണാന്‍ സാധിക്കാത്ത വിധം ലോലമനസ്സുള്ള ആളും അറുക്കാന്‍ മറ്റുള്ളവരെ ഏല്‍പിക്കണം.

മറ്റുള്ളവര്‍ ഉദുഹിയത് അറുക്കുമ്പോള്‍ അതില്‍ ഏഴിലൊരോഹരിയില്‍ അഖീഖ എന്ന ഉദ്ദേശത്തോടെ കൂടുന്നതിന് വിരോധമില്ല. മറ്റുള്ളവര്‍ക്ക് ഉദ്ഹിയ്യതും ഇവനു അഖീഖതുമായി പരിഗണിക്കപ്പെടും. എന്നാല്‍ അഖീഖതിന് പകരം ഉദുഹിയ്യത് അറുത്താല്‍ അഖീഖയായി പരിഗണിക്കപ്പെടില്ല. മാത്രമല്ല മാടിന്റെ ഏഴിലൊരോഹരി കൊണ്ട് അല്ലെങ്കില്‍ ഒരാട് കൊണ്ട് ഉളുഹിയ്യതും അഖീഖതും കരുതിയാല്‍ രണ്ടും പരിഗണിക്കപ്പെടില്ല. മറിച്ച് ഇറച്ചി സ്വദഖയായി നല്‍കിയ പ്രതിഫലം മാത്രമേ ലഭിക്കൂ.

അഖീഖയുടെ മാംസം കുട്ടിയുടെ മാതാപിതാക്കള്‍ക്കു ഭക്ഷിക്കാമോ?

സുന്നതായ അഖീഖയില്‍ നിന്ന് അല്‍പം സ്വദഖ ചെയ്ത് മറ്റുള്ളത് സ്വയം ഭക്ഷിക്കല്‍ അനുവദനീയമാണ്. എന്നാലും മൂന്നിലൊന്നിലധികം സ്വന്തം ആവശ്യത്തിനായി എടുക്കാതിരിക്കുന്നതാണു സുന്നത്. ഏറ്റവും ഉത്തമം  അല്‍പം ബറകത്തിനുവേണ്ടി എടുത്ത് മറ്റുള്ളതൊക്കെ സ്വദഖ ചെയ്യലാണ്.   സ്വന്തത്തിനായി എടുക്കുന്നത് കരളില്‍ നിന്നാവലാണ് നല്ലത്.

നേര്‍ച്ചയാക്കല്‍കൊണ്ട് നിര്‍ബന്ധമായ അഖീഖ മുഴുവനും സകാത്തിന് അര്‍ഹരായ ഫഖീര്‍, മിസ്‌കീന്‍ മുതലായവര്‍ക്കു മാത്രം കൊടുക്കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയവനോ അവന്റെ ചെലവിലുള്ളവര്‍ക്കോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല.

ആണ്‍കുട്ടി ജനിച്ചാല്‍ എത്ര വയസ്സ് വരെയാണ് അഖീഖത് അറുക്കേണ്ടത്?ഇരട്ട കുട്ടികളെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം അറുക്കേണ്ടതുണ്ടോ?

ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നതായ കാര്യങ്ങള്‍ ധാരാളമുണ്ട്. അതില്‍ ഏറെ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. അഥവാ, തനിക്ക് വേണ്ടി അഖീഖത് അറുത്തിട്ടില്ലെങ്കില്‍ സ്വന്തത്തിന് വേണ്ടി അറുക്കാവുന്നതാണെന്നര്‍ത്ഥം.

പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരു മാടിന്റെ അല്ലെങ്കില്‍ ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം പെണ്‍കുട്ടിക്ക് രണ്ട് ഭാഗം ആണ്‍കുട്ടിക്ക്  എന്ന തോതിലും അറുക്കാവുന്നതാണ്.

ഇരട്ട കുട്ടികള്‍ക്ക് ആടാണ് അറുക്കുന്നതെങ്കില്‍ വിത്യസ്തമായി അറുക്കേണ്ടതാണ്. ഒട്ടകമോ മാടോ ആണെങ്കില്‍ വെവ്വെറെയായി അറുക്കേണ്ടതില്ല.

പുത്തന്‍പ്രസ്ഥാനക്കാരുടെ അഖീഖത്ത് മാംസം

ഹലാലായ രീതിയില്‍ അറുത്തതിന്‍റെ ഇറച്ചി അതിന്‍റെ ഉടമയില്‍ നിന്നു സ്വീകരിക്കുന്നതില്‍ വിരോധമില്ല. പുത്തന്‍ വാദിയുടെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ രക്ഷാകര്‍തൃത്തിലുള്ളയാളുടെയോ അഖീഖത് അവനില്‍ നിന്നു സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്.  ബിദഇകളെ അവര്‍ വഴി തെറ്റിയതില്‍ ബോധവാന്മാരാക്കാനും ബിദ്അതിനോടുള്ള നമ്മുടെ വിയോചിപ്പു പ്രകടിപ്പിക്കാനുമുള്ള നിസ്സഹകരണത്തിന്‍റെ ഭാഗമായി അത് നിരസിക്കുന്നത് സാധാരണ നിലയില്‍ നല്ലതാണ്.

അഖീഖയും ഒദ്ഹിയ്യതും ഒരുമിച്ചു ഒരു മൃഗത്തില്‍ നിര്‍വഹിക്കാമോ ?അങ്ങനെ ചെയ്താല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമോ?

ഉദ്ഹിയത്, അഖീഖത്, ഹദ്‍യ് തുടങ്ങിയ ആരാധനകളിലെല്ലാം ആട് ഒരു ഓഹരിയും മാട്, ഒട്ടകം എന്നിവ ഏഴു ഓഹരിയുമാണ്. ഒരു ഓഹരിയില്‍ തന്നെ ഉദ്ഹിയ്യതും അഖീഖതും ഒന്നിച്ചു കരുതാന്‍ പറ്റുകയില്ല. എന്നാല്‍ ഏഴു ഓഹരികളില്‍ ഓരോന്നും വ്യത്യസ്ത ആളുകള്‍ക്കായി കരുതുന്നതു പോലെ, വ്യത്യസ്ത രീതിയിലും കരുതാം. അഥവാ ഒരു ഓഹരി, ഉദ്‍ഹിയ്യത്, മറ്റൊന്ന് അഖീഖത്, വേറെ ഒന്ന് ഹദ്‍യ് എന്നിങ്ങനെ. ഒരാള്‍ക്കു തന്നെ ഒരു മാടിന്‍റെ ഒരു ഓഹരി ഉദ്ഹിയതും മറ്റൊന്ന് അഖീഖതുമായി കരുതി അറുക്കാവുന്നതാണ്. അപ്പോള്‍ രണ്ടിന്‍റെയും പ്രിതിഫലം ലഭിക്കും.

അഖീഖതില്‍, ഒരു മാട് ഏഴ് പേര്‍ക്കായി അറുക്കാമോ? ഉദ്ഹിയതില്‍ അത് പറ്റുമെന്ന നിയമം അഖീഖതിനും ബാധകമാണോ?

ഒരു മാടിന്‍റെ ഏഴിലൊരു ഭാഗമാണ് അഖീഖത്തിന്‍റെ ചുരുങ്ങിയ രൂപം. അപ്പോള്‍ ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ച് ഒരു മാടിനെ അറുത്താലും ചുരുങ്ങിയ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും. 

അഖീഖ അറുക്കുമ്പോൾ അതിന്‍റെ വലതു കൊറുക് വയറ്റാട്ടി ക്ക് നൽകലാണല്ലോ സുന്നത്, എന്നാൽ ഇക്കാലത്തുള്ള ഹോം നഴ്സു കൾക്ക് അവർ അമുസ്‌ലിംകളാണെങ്കിൽ ഇതു നല്‍കാമോ?

അമുസ്‌ലിംകള്‍ക്ക് ഉള്ഹിയ്യത്, അഖീഖത് എന്നിവയില്‍ നിന്ന് ഒന്നും തന്നെ നല്കാവതല്ല. അതു വയറ്റാട്ടി ആണെങ്കിലും ശരി. ഇനി നഴ്സുമാരില്‍ ആരെങ്കിലും മുസ്‌ലിംകളുണ്ടെങ്കില്‍ അവര്‍ക്കു മാത്രമായി വലതു കാല് നല്കാവുന്നതാണ്, അത് മേല്‍പറഞ്ഞ സുന്നതിന്‍റെ പരിധിയില്‍ വരുന്നതുമാണ്. അഖീഖയുടെ മാംസം വേവിച്ച് സ്വദഖ ചെയ്യലാണ് സുന്നത്തെങ്കിലും വയറ്റാട്ടിക്കു കൊടുക്കുന്ന വലതു കാല്‍ വേവിക്കാതെ പച്ചയായി കൊടുക്കലാണ് സുന്നത്ത്.

അഖീഖക്ക് വേണ്ടി രണ്ട് ആടുകളെ വ്യത്യസ്ത സ്ഥലങ്ങളിലായി അറുത്ത് മാംസം വിതരണം ചെയ്യുന്നതിന്‍റെ വിധിയെന്താണ്? ഒരൊറ്റ സ്ഥലത്ത് തന്നെയാകണമെന്ന നിബന്ധന വല്ലതുമുണ്ടോ?

അഖീഖ അറുക്കുന്നത് കുട്ടിയുള്ള സ്ഥലത്ത് തന്നെ ആവണമെന്ന് നിബന്ധനയില്ല. എവിടെയും ആകാവുന്നതാണ്. രണ്ട് മൃഗങ്ങളെ അറുക്കുന്നുവെങ്കില്‍, ഒന്ന് ഒരിടത്തും മറ്റൊന്ന് വേറൊരിടത്തും ആകാവുന്നതാണ് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. 

പ്രസവിച്ച കുട്ടിയുടെ മുടി കളഞ്ഞാൽ ആ മുടിയുടെ തൂക്കത്തിന് സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യുന്നതിന് എന്താണ് അടിസ്ഥാനം?

അഖീഖ എന്നത് കുട്ടിക്ക് വേണ്ടി നടത്തുന്ന അറവാണ്. അന്നേദിവസം ആദ്യം പേരിടുകയും ശേഷം അറവ് നടത്തുകയും അത് കഴിഞ്ഞ് മുടി കളയലുമാണ് സുന്നത്. കളയുന്ന മുടി തൂക്കി നോക്കി, അതിന്‍റെ തൂക്കത്തിനനുസരിച്ച് സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നതാണ്. ഫിഖ്ഹീ ഗ്രന്ഥങ്ങള് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഹസന് (റ), ഹുസൈന് (റ) എന്നിവരുടെ അഖീഖ സമയത്ത്, മുടി കളഞ്ഞശേഷം ആ മുടി തൂക്കി നോക്കാനും അതിനനുസരിച്ച് വെള്ളി സ്വദഖ ചെയ്യാനും റസൂല്‍ (സ) കല്‍പിച്ചതായി ഹദീസുകളില്‍ കാണാം. പാവങ്ങള്‍ക്ക് വെള്ളിയേക്കാള്‍ ഉപകാരപ്രദമാണല്ലോ സ്വര്ണ്ണം എന്നതിനാല്‍ അതിനും പണ്ഡിതര്‍ ആ വിധി തന്നെയാണ് നല്‍കിയിരിക്കുന്നത്.

ഒരാള്‍ക്ക് കുട്ടി ജനിച്ചു. അയാള്‍ അഖീഖ അറുത്തപ്പോള്‍. തന്‍റെ പേരിലുള്ള അഖീഖയും ചേര്‍ത്തുകരുതി. ഇത് ശരിയാവുമോ?

പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരു മാടിന്റെ ഏഴിലൊരു ഭാഗവും അഖീഖതായി അറുക്കാവുന്നതാണ്. അതാണ് ഏറ്റവും ചുരുങ്ങിയ രൂപം. ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ, രണ്ട് പേരുടേത് ഒന്നിച്ച് ഒരു മാടിനെ അറുത്ത് നല്‍കിയാലും (മൂന്ന് ഓഹരികള്‍ ഒരാള്‍ക്കും നാല് ഓഹരികള്‍ക്കും മറ്റൊരാള്‍ക്കുമായി) രണ്ടുപേരുടെയും സുന്നത് വീടുന്നതാണ്. അത്, പിതാവിന്‍റേതും മകന്‍റേതും ഒരുമിച്ചും ആകാവുന്നതാണ്.

അഖീഖ അറുക്കുന്ന മൃഗത്തിന് പ്രായ പരിധി ഉണ്ടോ? ഉണ്ടെങ്കില്‍ എത്ര?

അറുക്കപ്പെടുന്ന മൃഗത്തിന്‍റെ നിബന്ധനകളില്‍ അഖീഖത്, ഉദ്ഹിയ്യത് പോലെ തന്നെയാണ്. അവിടെ ബാധകമായതെല്ലാം ഇവിടെയും ബാധകമാണ്. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സും മാട് ആണെങ്കില്‍ രണ്ട് വയസ്സും പൂര്‍ണ്ണമായിരിക്കണം. 

എല്ലാ മക്കള്‍ക്കും അഖീഖത്തറുക്കല്‍ സുന്നത്തില്ലേ? ചിലര്‍  ഒന്നാമത്തെ കുട്ടിക്ക് മാത്രം അറക്കുന്നതായി കാണുന്നു. ഇത് ശരിയാണോ?

മൂത്ത കുട്ടിക്ക് മാത്രമല്ല, എല്ലാ മക്കള്‍ക്കും വേണ്ടിയും അഖീഖത്ത് അറുക്കല്‍ സുന്നത്തുണ്ട്. കുട്ടിക്ക് ചെലവിന് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ തന്നെയാണ് കുട്ടിക്കു വേണ്ടി അഖീഖ അറുക്കേണ്ടതും. കഴിവുള്ളവര്‍ അറുക്കണം. ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള കഴിവാണ് ഇവിടെ പരിഗണിക്കുക. പ്രസവം മുതല്‍ നിഫാസിന്റെ അധിക കാലയളവായ 60 ദിവസത്തിനുള്ളില്‍ മേല്‍പറഞ്ഞ കഴിവുണ്ടായാല്‍ അയാള്‍ അഖീഖ അറുക്കല്‍ സുന്നത്താകുന്നു. കുട്ടിയുടെ സ്വത്തില്‍ നിന്നും എടുത്ത് കുട്ടിയുടെ അഖീഖത്ത് അറുക്കാവതല്ല. പ്രായപൂര്‍ത്തി വരെ റക്ഷിതാവ് അറുത്തില്ലെങ്കില്‍ സ്വന്തമായി അറുക്കല്‍ സുന്നത്താകുന്നു.

അഖീഖത്ത് ഒരു സുന്നത്തായ കര്‍മമാണ്. നിര്‍ബന്ധമായതല്ല. തന്റെ സന്താനത്തിനു വേണ്ടി അറക്കാന്‍ താല്‍പര്യമുള്ളവര്‍ ചെയ്തുകൊള്ളട്ടെ എന്ന് അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. കുട്ടി അഖീഖത്തു കൊണ്ട് പണയംവെക്കപ്പെട്ടതുപോലെയാണെനും അറത്താല്‍ മാത്രമെ പണയത്തില്‍ നിന്നും മോചിതനാവുകയുള്ളൂവെന്നും ഹദീസില്‍ വന്നിട്ടുണ്ട്.

അഖീഖ അറുക്കുന്നതിനു കടം വാങ്ങാമോ?

കുട്ടി ജനിച്ച വ്യക്തി പ്രയാസമില്ലാതെ കടം വീട്ടാന്‍ കഴിവുള്ള വ്യക്തിയാണെങ്കില്‍ അയാള്‍ക്ക് കടം വാങ്ങി അഖീഖ അറുക്കാവുന്നതാണ്. കാരണം അഖീഖ കുട്ടിയുടെ മേലുള്ള അയാളുടെ ബാധ്യത വീട്ടാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ കടം വാങ്ങുന്നത് പ്രയാസമുണ്ടാക്കുമെങ്കില്‍ അയാള്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. (ഇന്‍സ്വാഫ്/മാവര്‍ദി: 4/101)

ആണിന് രണ്ടും പെണ്ണിന് ഒന്നും എന്ന എണ്ണം പാലിക്കല്‍ നിര്‍ബന്ധമാണോ?

ആണ്‍കുട്ടിക്ക് വേണ്ടി രണ്ട് ആടുകളെയും, പെണ്‍കുട്ടിക്ക് വേണ്ടി ഒരു ആടിനെയുമാണ് അറുക്കേണ്ടത് എന്ന് മേലെ പറയുകയുണ്ടായി. ഈ എണ്ണം പാലിക്കുന്നത് സുന്നത്താണ്; വാജിബല്ല. അതു കൊണ്ട് ആണ്‍കുട്ടിയുടെ പിതാവിന് പ്രയാസമുണ്ടെങ്കില്‍ ഒരു ആടിനെ മാത്രം അറുക്കാം. രണ്ടില്‍ കുറഞ്ഞാലും അഖീഖ ശരിയാവുന്നതാണ്. എങ്കിലും കൂടുതല്‍ ശ്രേഷ്ഠമായിട്ടുള്ളത് രണ്ട് ആടുകളെ അറുക്കുന്നതാണ്.

അഖീഖ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?


അഖീഖയായി അറുക്കുന്ന മൃഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഉദ്വ്–ഹിയ്യത്തിന് ശ്രദ്ധിക്കാറുള്ളതു പോലെ തന്നെ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് മൃഗത്തിന്റെ വയസ്സ്. ആടിനെയാണ് അറുക്കുന്നതെങ്കില്‍ അതിന് ഒരു വയസ്സ് തികഞ്ഞിരിക്കണം. പോത്താണെങ്കില്‍ രണ്ട് വയസ്സും ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സും തികഞ്ഞിരിക്കണം. ഈ വയസ്സില്‍ താഴെയുള്ളവ അറുക്കാന്‍ പാടില്ല. അതോടൊപ്പം പൊതുവെ ന്യൂനതയായി പരിഗണിക്കപ്പെടുന്ന എന്തെങ്കിലും കുഴപ്പങ്ങള്‍ മൃഗത്തിനു ഉണ്ടോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ചിലത് താഴെ പറയാം.


ഒന്ന്: കണ്ണ് കാണാത്തവ. 

രണ്ട്: കണ്ണിന്റെ കാഴ്ചക്ക് പ്രകടമായ പ്രശ്നമുള്ളവ. കണ്ണ് ഉള്ളിലേക്ക് പോയതോ, വല്ലാതെ പുറത്തേക്ക് ഉന്തി നില്‍ക്കുന്നതോ, കണ്ണ് വെളുത്തു പോയതോ ആയവ ഉദാഹരണങ്ങള്‍. 

മൂന്ന്: രോഗം പ്രകടമായി കാണുന്നവ. കടുത്ത പനിയോ, ആഴത്തിലുള്ള മുറിവോ ബാധിച്ചവ ഉദാഹരണം. 

നാല്: വ്യക്തമായ മുടന്തുള്ളവ. കാലിനു ഒടിവോ വ്യക്തമായ നീളക്കുറവോ കൂടുതലോ ഉള്ളവ ഉദാഹരണം. 

അഞ്ച്: ഗുരുതരമായ അപകടം ബാധിച്ചവ. ഉദാഹരണത്തിന് ഉയരത്തില്‍ നിന്ന് വീണോ, വണ്ടിയിടിച്ചോ ശരീരത്തില്‍ വലിയ അപകടം സംഭവിച്ച മൃഗങ്ങള്‍. ആറു: കയ്യോ കാലോ മുറിഞ്ഞവ.

ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും എത്ര വീതമാണ് അറുക്കേണ്ടത്?

ആണ്‍കുട്ടിക്ക് രണ്ട് ആടുകളെയും, പെണ്‍കുട്ടിക്ക് ഒരു ആടിനെയും അറുക്കുന്നതാണ് സുന്നത്ത്. നബി -ﷺ- അവിടുത്തെ പേരക്കുട്ടികളായ ഹസനും ഹുസൈനും വേണ്ടി രണ്ട് വീതം ആടുകളെ അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ أَحَبَّ أَنْ يَنْسُكَ عَنْ وَلَدِهِ، فَلْيَنْسُكْ عَنْهُ عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» [النسائي: 4212

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും തന്റെ കുട്ടിക്ക് വേണ്ടി അഖീഖ അറുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആണ്‍കുട്ടിക്ക് രണ്ട് തുല്ല്യമായ ആടുകളെയും, പെണ്‍കുട്ടിക്ക് ഒരു ആടിനെയും അറുക്കട്ടെ.” (നസാഈ: 4212)

‘തുല്ല്യമായ ആടുകള്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രായത്തിലും രൂപത്തിലും വലിപ്പത്തിലും സാമ്യതയുള്ള രണ്ട് ആടുകള്‍ ആയിരിക്കണമെന്നാണ്.

അഖീഖത്തിന്റെ മാംസം മധുരം ചേർത്ത് പുഴുങ്ങിക്കൊടുക്കണം എന്ന് പറഞ്ഞു കേൾക്കുന്നു. അതിലുള്ള തത്വം എന്ത് 

അഖീഖത്തിന്റെ മാംസം മധുരം ചേർത്ത് വേവിച്ചു കൊടുക്കൽ സുന്നത്താണ്. അറുക്കപ്പെടുന്ന കുട്ടിയുടെ സ്വഭാവമാധുര്യത്തിനുള്ള ശുഭ ലക്ഷണമായാണ് അങ്ങനെ ചെയ്യുന്നത്.(തുഹ്ഫ: 9:372)

2 comments:

  1. 1️⃣ ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റൊന്നിനെ അറുക്കാൻ പാടുണ്ടോ? അതിന്റെ വിധി എന്താണ്

    ReplyDelete