Saturday 29 October 2016

ഖന്ദഖ് - അഹ്സാബ് യുദ്ധം

 

ഹിജ്റ വർഷം അഞ്ച്; ശവ്വാൽ മാസം അരങ്ങേറിയ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് ഖന്ദഖ് യുദ്ധം. ശത്രുക്കളെ പ്രതിരോധിക്കാൻ മുസ്ലിംകൾ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. വിവിധ വിഭാഗങ്ങൾ പങ്കെടുത്തതിനാൽ ഇത് അഹ്സാബ് എന്ന പേരിലും അറിയപ്പെട്ടു. ദിവസങ്ങൾ നീണ്ടുനിന്ന ഉപരോധം കാരണം ശക്തമായ പരീക്ഷണങ്ങൾക്കു വിധേയമായെങ്കിലും ഒടുവിൽ മുസ്ലിംകൾക്ക് വിജയം വന്നെത്തുകയായിരുന്നു.


ജൂതന്മാരുടെ ചരടുവലി

പലയിടത്തും നേരിട്ട തിരിച്ചടികൾ ജൂതരുടെ മനസ്സിൽ ഒരഗ്നിയായി പുകയുന്നുണ്ടായിരുന്നു. ഇസ്ലാമിക വിരുദ്ധ ശക്തികളുടെ സമ്പൂർണ കൂട്ടായ്മയൊരുക്കി ഒരു ശക്തമായ മുന്നേറ്റം നടത്തുന്നതേ ഇനി ഫലം ചെയ്യുകയുള്ളൂവെന്ന് അവർ ചിന്തിച്ചു. നേരത്തെ ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ബനൂ നളീർ ഇതിന് നേതൃത്വം നൽകി. പ്രമുഖരായ ഇരുപത് നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് മുസ്ലിംകൾക്കെതിരെ യുദ്ധത്തിനുള്ള സഹായാഭ്യർത്ഥനയുമായി അവർ മക്കയിൽ ചെന്നു. യാതൊരു ചിന്തക്കും കാത്തുനിൽക്കാതെ അവർ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. സംഘം പിന്നീട് ഗഥ്ഫാനിലേക്കു പോയി. അവരും സഹായിക്കാൻ തയ്യാറായി. ശേഷം, പല അറബ് ഗോത്രങ്ങളിലൂടെയും സഞ്ചരിക്കുകയും അവരുടെയെല്ലാം പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്തു. ചുരുക്കത്തിൽ, മുസ്ലിംകൾക്കെതിരെ വിവിധ വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടുന്നതിൽ ജൂതന്മാർ വിജയിച്ചു. ഖുറൈശികൾ നാലായിരത്തോളം വരുന്ന സൈന്യത്തെയും ഗഥ്ഫാനികൾ ആറായിരത്തോളം വരുന്ന സൈന്യത്തെയും സമാഹരിച്ച് അബൂസുഫ്യാന്റെ നേതൃത്വത്തിൽ പതിനായിരത്തോളം വരുന്ന ഒരു വൻ സൈന്യം മദീനയിലേക്കു തിരിച്ചു.


മുസ്ലിംകളുടെ തയ്യാറെടുപ്പ്

ജൂതന്മാർ നടത്തുന്ന പുതിയ യുദ്ധ സന്നാഹങ്ങളെക്കുറിച്ച് പ്രവാചകന് വിവരം ലഭിച്ചു. ഉടനെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും യുദ്ധത്തിന് തയ്യാറാവുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. സംസാരത്തിനിടയിൽ പേർഷ്യക്കാരനായിരുന്ന സൽമാനുൽ ഫാരിസി പുതിയൊരു യുദ്ധതന്ത്രം പരിചയപ്പെടുത്തി; കിടങ്ങ് കുഴിക്കൽ. പ്രവാചകൻ അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിച്ചു. പ്രതിരോധത്തിന്റെ ആദ്യപടിയെന്നോണം ശത്രുക്കൾ കടന്നുവരുന്ന പ്രധാന വഴിയിൽ തന്നെ ഒരു കിടങ്ങ് കുഴിക്കാൻ തീരുമാനമായി. ഓരോ പത്തു പേർക്കും നാൽപത് മുഴം എന്ന കണക്കിൽ പ്രവാചകർ എല്ലാവർക്കും സ്ഥലം വിഹിതിച്ചുകൊടുത്തു. കിടങ്ങിന്റെ പണി തുടങ്ങി. പ്രവാചകരും സ്വഹാബികളോടൊന്നിച്ച് ജോലിയിൽ പങ്കു ചേർന്നു. വളരെ ക്ലേശപൂർണമായിരുന്നു ജോലി. വിശപ്പകറ്റാൻ ആവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. ജീവൻ നിലനിർത്തുന്നതിനാവശ്യമായ കുറഞ്ഞ സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബൂ ഥൽഹ (റ) പറയുന്നു: വിശന്നു വലഞ്ഞ ഞങ്ങൾ വയറിൽ കല്ലുവെച്ചുകെട്ടി.

പ്രവാചകരുടെ അടുത്തുചെന്ന് ആവലാതി പറഞ്ഞു. പ്രവാചകൻ സ്വന്തം വയറ്റിൽ രണ്ടു കല്ല് വെച്ചുകെട്ടിയത് അപ്പോഴാണ് ഞങ്ങൾ കണ്ടത്.സ്വന്തം വിശപ്പ് മറന്ന് ജോലി ചെയ്യുകയായിരുന്നു പ്രവാചകൻ. തന്റെ അനുചരന്മാർക്ക് വന്നുപെട്ട വിഷമവും അവർക്ക് നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, പ്രവാചകൻ അതിനിടെ പലവുരു അവർക്കുവേണ്ടി പ്രാർത്ഥിച്ചു: നഥാ, നിശ്ചിതം ജീവിതം പാരത്രിക ജീവിതമാണ്. അതിനാൽ മുഹാജിറുകൾക്കും അൻസ്വാറുകൾക്കും നീ മോഷം നൽകേണമേ.സ്വഹാബികൾ ആവേശം വീണ്ടെടുത്ത് വീണ്ടും ജോലിയിൽ മുഴുകി. അതിനിടെ വലിയൊരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. എത്രി ശ്രമിച്ചിട്ടും അത് ഉടഞ്ഞില്ല. അവർ പ്രവാചകരോട് (സ) കാര്യം പറഞ്ഞു. പ്രവാചകർ (സ്വ) ബിസ്മി ചൊല്ലി ആഞ്ഞുകൊത്തി. പാറ തകർന്നു തരിപ്പണമായി. ഈ നിർണായ വേളയിൽ നടന്ന പ്രവാചകരുടെ ഒരു മുഅ്ജിസത്തായിരുന്നു ഇത്. കുറഞ്ഞ ഭക്ഷണം ആയിരം പേർക്ക് സുഭിക്ഷമായി ഭക്ഷിക്കാൻ മാത്രം വർദ്ധിച്ചതും ഈ വേളയിൽ നടന്ന പ്രവാചകരുടെ മറ്റൊരു മുഅ്ജിസത്തായിരുന്നു. മഹാനായ ജാബിർ (റ) പ്രവാചകരുടെ വിശപ്പ് മനസ്സിലാക്കി; വീട്ടിൽ ചെന്ന് അൽപം ഭക്ഷണം തയ്യാറാക്കി. പ്രവാചകരെയും കുറഞ്ഞ സ്വഹാബികളെയും ക്ഷണിച്ചു. വിവരമറിഞ്ഞ പ്രവാചകർ (സ്വ) ആയിരത്തോളം വരുന്ന സ്വഹാബികളെയും കൂട്ടി ജാബിറിന്റെ വീട്ടിൽ ചെന്നു. ജാബിർ (റ) പേടിച്ചപോയി. പ്രവാചകൻ (സ്വ) തന്റെ വിശുദ്ധ ഉമനീര് അൽപം അതിലാക്കി. ശേഷം, ഓരോരുത്തർക്കായി ഭക്ഷണം വിതരണം ചെയ്തു. ആയിരമാളുകൾ സുഭക്ഷമായി കഴിച്ചിട്ടും പാത്രത്തിൽ അത്രതന്നെ ഭക്ഷണം ശേഷിക്കുന്നുണ്ടായിരുന്നു.


സൈന്യങ്ങൾ മുഖാമുഖം

അബൂ സുഫ്യാന്റെ നേതൃത്വത്തിൽ പുറപ്പെട്ട പതിനായിരത്തോളം വരുന്ന സൈന്യം സ്ഥലത്തെത്തി. സർവ്വായുധവിഭൂഷിതരായിരുന്ന അവർ വൻ സന്നാഹങ്ങളോടെയാണ് കടന്നുവന്നത്. കിടങ്ങ് കണ്ട അവർ അന്തിച്ചുപോയി. അറബികൾക്ക് തീരെ പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രമായിരുന്നു ഇത്. അടുത്ത പദ്ധതികൾ ആവിഷ്കരിച്ച് അവർ കിടങ്ങിനപ്പുറത്ത് തമ്പടിച്ചു. മുവ്വായിരംവരുന്ന സൈന്യവുമായാണ് പ്രാവചകൻ (സ്വ) കടന്നുവന്നത്. സിൽഅ് പർവതം പിന്നിലും ഖന്ദഖ് മുന്നിലുമായി അവർ സ്ഥാനമുറപ്പിച്ചു. അബ്ദുല്ലാഹിബ്നു ഉമ്മി മഖ്തൂമിന് മദീനയുടെ ചുമതല നൽകി. സ്ത്രീകളെയും കുട്ടികളെയും കോട്ടയുടെ മുകളിൽ പാർപ്പിച്ചു. ഇടയിൽ കിടങ്ങായതിനാൽ നേരിട്ടുള്ള ഒരു കടന്നാക്രമണത്തിന് അവസരമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഉപരോധത്തിലൂടെ മുസ്ലിംകളെ ബുദ്ധിമുട്ടാക്കുകയെന്നതായിരുന്നു ശത്രുക്കളുടെ നയം. അതോടൊപ്പം അമ്പെയ്ത്തുയുദ്ധമാണ് പ്രധാനമായും നടന്നത്. 

കിടങ്ങിന്റെ വീതികുറഞ്ഞ ഭാഗം നോക്കി ചിലർ കുതിരയെ അപ്പുറം ചാടിച്ചു യുദ്ധത്തിന് വന്നു. അംറ് ബിൻ അബ്ദിൽ വുദ്ദ്, ഇക്രിമ ബിൻ അവീ ജഹൽ, ളിറാര് ബിൻ ഖഥാബ് തുടങ്ങിയവരാണ് ഇതിനു തയ്യാറായത്. അലി (റ) ഒരു സംഘത്തോടൊപ്പം അവരെ നേരിട്ടു. അംറുമായി ദന്ദ്വയുദ്ധത്തിലേർപ്പെടുകയും വധിച്ചുകളയുകയും ചെയ്തു. ഇതു കണ്ട ബാക്കിയുള്ളവർ ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. ശേഷവും പല ദിവസങ്ങളിൽ കിടങ്ങ് മുറിച്ചുകടക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തിനു മുമ്പിൽ അവർ പരാജയപ്പെടുകയായിരുന്നു. നിരന്തരം യുദ്ധമുഖത്ത് ഉറച്ചുനിൽക്കേണ്ടിയിരുന്നതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ മുസ്ലിംകൾക്ക് നിസ്കരിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. തന്റെ നിസ്കാരം ഖളാ ആക്കിയ ശത്രുക്കൾക്കെതിരെ പ്രവാചകൻ (സ്വ) ഈ വേളയിൽ പ്രാർത്ഥിക്കുകയുണ്ടായി. അമ്പെയ്ത്തു തന്നെയായിരുന്നു പ്രധാനമായും ഖന്ദഖിലെ യുദ്ധമുറ. ഇതിൽ മുസ്ലിം പക്ഷത്തുനിന്നും ആറു പേരും ശത്രു പക്ഷത്തുനിന്നും പത്തു പേരും വധിക്കപ്പെട്ടു. ഒന്നോ രണ്ടോ പേർ മാത്രമാണ് വാളിനിരയായത്.


ജൂതഗൂഢാലോചനകൾ

ശക്തമായ ഉപരോധവും യുദ്ധമുറകളും അരങ്ങേറുമ്പോഴും ജൂതന്മാർ മുസ്ലിംകൾക്കെതിരെ ഗൂഢാലോചനയിലായിരുന്നു. ബനൂ ഖുറൈളയെയും കൂടെ കൂട്ടി ഉള്ളിൽ നിന്നുതന്നെ പ്രവാചകനെതിരെ തിരിയാനായിരുന്നു പദ്ധതി. കാരണം, ബനൂ ഖുറൈളക്കും മുസ്ലിംകൾക്കുമിടയിൽ ഉടമ്പടി നിലനിൽക്കുന്ന സമയമായിരുന്നു അത്. ഇത് തകർത്തിട്ടേ കാര്യമുള്ളൂവെന്ന് അവർ മനസ്സിലാക്കി. താമസിയാതെ ബനൂ നളീർ നേതാവ് ഹയ്യ് ബ്നു അഖ്ഥബ് ബനൂ ഖുറൈള നേതാവ് കഅ്ബ് ബിൻ അസദിന്റെ മുമ്പിൽ വന്നു. മുസ്ലിംകൾക്കെതിരെയുള്ള ഒരു കടന്നാക്രമണത്തെക്കുറിച്ച് സംസാരിച്ചു. പക്ഷെ, അദ്ദേഹം പ്രവാചകരുമായുള്ള ഉടമ്പടി പൊളിക്കാൻ തയ്യാറായില്ല. നിരന്തരമായ ശ്രമത്തിനൊടുവിൽ ഹയ്യ് ലക്ഷ്യം കണ്ടു. കഅ്ബ് ഉടമ്പടി പൊളിക്കാൻ തയ്യാറായി. ഉള്ളിൽ നിന്നുതന്നെ പ്രവാചർക്കെതിരെ കടന്നാക്രമിക്കാൻ വാതിൽ തുറന്നു. അതിനിടെ ജൂതന്മാരിൽ ചിലർ മുസ്ലിം സ്ത്രീകളും കുട്ടികളും താമസിച്ചിരുന്ന കോട്ടയുടെ അടുത്തുപോവുകയും അവരെ ആക്രമിക്കാൻ ശ്രമം നടത്തുകയുമുണ്ടായി. ഇതു കണ്ട സ്വഫിയ്യ (റ) ഒരു മരക്കഷ്ണവുമായി പുറത്തുചാടുകയും അയാളുമായി പോരാട്ടം നടത്തി, വകവരുത്തുകയും ചെയ്തു. ഇതുകണ്ട ശത്രുക്കൾ ഭീതിയോടെ പിന്നീട് അങ്ങോട്ട് അടുത്തിരുന്നില്ല.


ഉപരോധത്തിന്റെ ക്രൂരതകൾ

ബനൂ ഖുറൈള ഉടമ്പടി പൊളിച്ചിട്ടുണ്ടെന്ന വിവരം പ്രവാചകരെ വേദനിപ്പിച്ചു. ശത്രുക്കൾ ഒന്നടങ്കം സംഘടിക്കുകയും നാലുഭാഗത്തുനിന്നും ശക്തമായ ഉപരോധം നയിക്കുകയും ചെയ്യുന്ന ഈ നിർണായക ഘട്ടത്തിൽ ഇത് വലിയൊരു ഭീഷണിയായിരുന്നു. പ്രവാചകൻ ദൂതന്മാരെ വിട്ട് കാര്യം ഉറപ്പുവരുത്തി. ജൂതന്മാർ തങ്ങൾക്കെതിരെ ഇറങ്ങിപ്പുറപ്പെട്ട വിവരം ബോധ്യപ്പെട്ടു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായൊരു ഘട്ടമായിരുന്നു ഇത്. മുമ്പിൽ നിന്നുംവരുന്ന ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ ആവശ്യമായ സജ്ജീകരണങ്ങൾ മാത്രമേ മുസ്ലിംകൾ നടത്തിയിരുന്നുള്ളൂ. പിന്നിൽ നിന്നുംവരുന്ന ബനൂ ഖുറൈളയുടെ ആക്രമണങ്ങൾ തടയാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അറബികൾ മൊത്തം സംഘടിക്കുകയും മുസ്ലിംകളെ മുൾ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ദർഭം. എന്തെങ്കിലും ഒരു രക്ഷാമാർഗം സ്വീകരിക്കണമെന്ന് പ്രവാചകൻ മനസ്സിലാക്കി. ശത്രുക്കൾക്കെതിരെ പ്രതിരോധമെന്നോണം മദീനയിലെ ഫലങ്ങളുടെ മൂന്നിലൊന്നു നൽകി ഗഥ്ഫാനുമായി ഉടമ്പടിയുണ്ടാക്കിയാലോ എന്നു വരെ ചിന്തിച്ചു. ശേഷം, ഈ നിർണായക ഘട്ടത്തിൽ എന്തു ചെയ്യണമെന്ന് അനുയായികളായ സഅ്ദ് ബിൻ മുആദുമായും സഅ്ദ് ബിൻ ഉബാദയുമായും ചർച്ചനടത്തി. 

ക്രൂരരായ ശത്രുക്കളുമായി ഇത്തരമൊരു ഉടമ്പടിക്ക് ഒരിക്കലും തയ്യാറാവേണ്ടതില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.ഇത് അല്ലാഹുവിന്റെ തീരുമാനമാണെങ്കിൽ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഇനി, ഞങ്ങൾക്കു വേണ്ടിയാണ് അങ്ങ് ഇത് ചെയ്യുന്നതെങ്കിൽ ഒരിക്കലും ഇതിന്റെ ആവശ്യമില്ല. അവർക്ക് മദീനയുടെ പഴയങ്ങളല്ല; വാളാണ് വേണ്ടത്.അവർ പറഞ്ഞു. അറബികൾ ഒന്നടങ്കം നമുക്കെതിരെ തിരിയുമ്പോൾ അങ്ങനെ ചെയ്താലോ എന്ന് ചിന്തിച്ചുപോവുക മാത്രമായിരുന്നു പ്രവാചകൻ (സ്വ) പ്രതികരിച്ചു.


വിജയത്തിലേക്കു നയിച്ച യുദ്ധതന്ത്രം

ഈയൊരു നിർണായക ഘട്ടത്തിൽ അറിയാതെ ഒരു യുദ്ധതന്ത്രം മുസ്ലിംകളെ തുണക്കാനെത്തി. ഗഥ്ഫാൻ ഗോത്രക്കാരനായ നഈം ബിൻ മസ്ഊദ് പ്രവാചകരുടെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: പ്രവാചകരെ, ഞാൻ മുസ്ലിമാണ്. പക്ഷെ, ഈ കാര്യം എന്റെ ഗോത്രം അറിയില്ല. അതിനാൽ, ഇവിടെ ഞാൻ എന്താണ് ചെയ്യേണ്ടത്? പ്രവാചകൻ (സ്വ) പറഞ്ഞു:;നീ ഒരാളല്ലെയുള്ളൂ. യുദ്ധം ഒരു തന്ത്രമാണ്. അതിനാൽ, നിനക്ക് കഴിയുന്നത് ചെയ്യുക

താമസിയാതെ അദ്ദേഹം ബനൂ ഖുറൈള ഗോത്രത്തിലെത്തി. അവരോട് തങ്ങളിലൊരാളായി സംസാരിച്ചു. അവർ സ്വീകരിച്ച നിലപാടിന്റെ പ്രശ്നങ്ങൾ വിശദീകരിച്ചുകൊടുത്തു: ഖുറൈശികളും ഗഥ്ഫാനും ഈ നാട്ടുകാരല്ല. അവരുടെ ശത്രുക്കളായ മുഹാജിറുകളും അൻസ്വാറുകളുമാണ് ഈ നാടിന്റെ അന്തേവാസികൾ. അവരാണ് എന്നും നിങ്ങളോടൊപ്പമുണ്ടാവുക. ഖുറൈശും ഗഥ്ഫാനും ഇന്നല്ലെങ്കിൽ നാളെ തിരിച്ചുപോകും. അങ്ങനെ വന്നാൽ, മുഹമ്മദും അനുയായികളും പ്രതികാരം ചെയ്യും. അപ്പോൾ സഹായിക്കാൻ ആരുമുണ്ടാവില്ല. അതിനാൽ ആൾ ജാമ്യം തരുന്നതുവരെ നിങ്ങൾ അവരോടൊപ്പം യുദ്ധത്തിൽ പങ്ക് ചേരരുത്. അവരെ സഹായിക്കുകയുമരുത്. നഈമിന്റെ അഭിപ്രായത്തിൽ സത്യമുണ്ടെന്ന് ബനൂ ഖുറൈളക്കു തോന്നി. അവരത് സമ്മതിച്ചു. 

താമസിയാതെ അദ്ദേഹം ഖുറൈശികൾക്കടുത്തു ചെന്നു. തന്റെ വിശ്വാസ്യത പറഞ്ഞുബോധിപ്പിച്ചു. മുഹമ്മദും അനുയായികളുമായുള്ള കരാർ പൊളിച്ചതിൽ ജൂതന്മാർ ഖേദിക്കുന്നുണ്ടെന്നും അവർക്കെതിരെ നിങ്ങളോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കാൻ അവർ ആൾ ജാമ്യം ആവശ്യപ്പെടുന്നുണ്ടെന്നും അറിയിച്ചു. അങ്ങനെയെങ്കിൽ, ഒരിക്കലും ആൾജാമ്യം നൽകരുതെന്ന ഉപദേശവും നൽകി. 

ശേഷം, നഈം ഗഥ്ഫാനികളുടെ അടുത്തെത്തി. അവരോടും ഇതുപോലെ പറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി കരുതുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്തു. യുദ്ധത്തിന്റെ സമയം വന്നണഞ്ഞു. മുഹമ്മദിനെതിരെ ഇറങ്ങിപ്പുറപ്പെടാൻ ഖുറൈശികൾ ജൂതന്മാരെ വിളിച്ചു. അവർ തയ്യാറായില്ല. ആൾജാമ്യം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിന് ഖുറൈശികളും തയ്യാറായില്ല. ഇതോടെ അവർക്കിടയിൽ പ്രശ്നമായി. ഭിന്നിപ്പ് രൂപപ്പെട്ടു. നഈമിന്റെ ശ്രമം വിജയിക്കുകയും ഇരുവരും രണ്ടു വിഭാഗമായി പിരിയുകയും ചെയ്തു. ഖുറൈശികൾക്ക് വൻ തിരിച്ചടി നേരിട്ട ഈ സമയം. അല്ലാഹുവിന്റെ ഭാഗത്തുനിന്നും ശീതക്കാറ്റും കടന്നുവന്നു. സൈന്യത്തിന് പിടിച്ചുനിൽക്കാനായില്ല. അവരുടെ കൂടാരങ്ങളും സാമഗ്രികളും പറന്നുപോയി. ഇനി നിക്കക്കള്ളിയില്ലെന്നു കണ്ടപ്പോൾ അവർ മടക്കയാത്രയാരംഭിച്ചു. ഖന്ദഖ് യുദ്ധത്തിൽ മുസ്ലിംകൾക്ക് വിജയം വന്നെത്തി. ഒരു മാസത്തോളം നീണ്ടുനിന്ന ഉപരോധത്തിൽ നിന്നും മോചനം ലഭിച്ചു. മദീനയിൽ ആരുതന്നെ സംഘടിച്ചാലും അവിടെ വേരുപിടിച്ച മുസ്ലിംകളെ പിഴുതെറിയാൽ ഒരാൾക്കും സാധിക്കില്ലെന്ന് ഇത് തെളിയിച്ചു.

No comments:

Post a Comment