Sunday 13 November 2016

നായശല്യം: എന്താണ് പ്രതിവിധി





1) അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ എന്ന സ്വഹാബി നബി(സ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: നായകള്‍ സൃഷ്ടിവര്‍ഗ്ഗങ്ങളില്‍ പെട്ട ഒരു വര്‍ഗ്ഗമായിരുന്നില്ലെങ്കില്‍ അവയെ നിശ്ശേഷം വധിക്കുവാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു. ആകയാല്‍ അവയില്‍ നിന്ന് കരിങ്കറുപ്പ് വര്‍ണ്ണമുള്ളവയെയെല്ലാം നിങ്ങള്‍ വധിച്ചു കൊള്ളുക. (അബൂദാവൂദ് 2845, ദാരിമി 208, തുര്‍മുദി 1489, നസാഈ 4280).
2) അബൂഹുറൈറ എന്ന പ്രവാചകശിഷ്യനില്‍ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പ്രസ്താവിച്ചു: ഒരു നായ, ദാഹം നിമിത്തം ചാവാറായിരിക്കെ ഒരു കിണറിനു ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്‌റാഈല്യരില്‍ പെട്ട ഒരു വേശ്യസ്ത്രീ അതിനെ കാണാനിടയായി. തദവസരം അവള്‍ തന്റെ ഷൂ അഴിച്ച് അതുപയോഗിച്ച് കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുത്ത് നായയെ കുടിപ്പിച്ചു. അത് നിമിത്തം ആ വേശ്യക്ക് അവളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുത്തു (ബുഖാരി 3467, മുസ്‌ലിം 2245).
3) അബൂ ഹുറൈറ(റ)യില്‍ നിന്ന് തന്നെ നിവേദനം: അല്ലാഹുവിന്റെ തിരുദൂതര്‍ അരുള്‍ ചെയ്തു. മൃഗങ്ങള്‍ക്ക് കാവലായ നായയോ വേട്ടനായയോ കൃഷിനായയോ അല്ലാത്ത വല്ല നായയേയും വല്ല വ്യക്തിയും വളര്‍ത്തു മൃഗമായി സൂക്ഷിച്ചു വെച്ചാല്‍ അവന്റെ കര്‍മ്മഫലത്തില്‍ നിന്ന് പ്രതിദിനം ഒരു വിഹിതം കുറഞ്ഞ് കൊണ്ടേയിരിക്കും (ബുഖാരി 2322, മുസ്‌ലിം 2575).
4) സ്വഹാബി പ്രമുഖനായ അലി(റ) ഉദ്ധരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു. ജീവികളുടെ ചിത്രമോ നായയോ വലിയ അശുദ്ധിക്കാരനോ ഉള്ള വീട്ടില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല (അബൂദാവൂദ് 227, നസാഈ 661).
5) അംറുബ്‌നു ശുഐബ്, അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും, പിതാവ് തന്റെ പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ വധിക്കപ്പെട്ട ഒരാളെ കാണാനിടയായി. ‘ഇയാളുടെ അവസ്ഥയെന്ത്?’ തിരുമേനി ചോദിച്ചു. അപ്പോള്‍ ആളുകള്‍ പറഞ്ഞു. അദ്ദേഹം ബനൂ സുഹ്‌റ കുടുംബത്തിന്റെ ആടുകളില്‍ കടന്നാക്രമണം നടത്തുകയും അവയില്‍ ഒരാടിനെ പിടിച്ചെടുക്കുകയും ചെയ്തു. തദവസരം ആ മൃഗങ്ങളെ കാത്തുസംരക്ഷിച്ചു കൊണ്ടിരുന്ന ഒരു നായ അയാളുടെ മേല്‍ ചാടിവീഴുകയും അയാളെ വധിക്കുകയും ചെയ്തു. നബി(സ) അതു കേട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു. ”അയാള്‍ സ്വന്തത്തെ കൊല്ലുകയും കുടുംബത്തിന് അതിന്റെ പിഴയവകാശം നഷ്ടപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, അയാള്‍ തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും തന്റെ സഹോദരനെ വഞ്ചിക്കുകയും ചെയ്തു”. (ഈ വിഷയത്തില്‍, യജമാനനോടു കൂറു പുലര്‍ത്തിയ) ആ നായ അയാളെക്കാള്‍ നന്നായിത്തീര്‍ന്നു. (ഹയാത്തുല്‍ഹയവാന്‍: കമാലുദ്ദീന്‍ ദമീരി 2/379).
6) അബൂ ഹുറൈറയില്‍ നിന്നു നിവേദനം: നബി(സ) ഒരു അന്‍സാരി കുടുംബത്തിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. അതിന്റെ സമീപത്തു തന്നെ മറ്റൊരു വീടുണ്ടായിരുന്നു. ഇവിടെ വരാതെ അവിടെ മാത്രമുള്ള വരവ് ഈ വീട്ടുകാര്‍ക്ക് വിഷമം സൃഷ്ടിച്ചു. അവര്‍ സങ്കടപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരെ, അങ്ങ് അയാളുടെ വീട്ടില്‍ വരുന്നു, ഞങ്ങളുടെ വീട്ടില്‍ വരുന്നില്ല! നബി(സ) പ്രതിവചിച്ചു: ”അതിനു കാരണമുണ്ട്, നിങ്ങളുടെ വീട്ടില്‍ നായയുണ്ട്”. അപ്പോള്‍ അവര്‍ പറഞ്ഞു: ”എങ്കില്‍ അവരുടെ വീട്ടില്‍ മാര്‍ജാരനുണ്ടല്ലോ?”. നബിതിരുമേനി(സ) ഉടനെ മറുപടി നല്‍കി: ”മാര്‍ജാരന്‍ ഒരു ഹിംസ്ര ജന്തു മാത്രമാണ്. (അതു നായയെപ്പോലെ മലിനമല്ല). (ഇമാം അഹ്മദ്: മജ്മഉസ്സവാഇദ് 1/286, 4/45).
7) ഇബ്‌നു അബ്ബാസി (റ)ല്‍നിന്ന് നിവേദനം: ജീവനുള്ള ഏതൊരു വസ്തുവിനെ വധിക്കുന്നതും റസൂലുല്ലാഹി(സ) നിരോധിച്ചിട്ടുണ്ട്. അത് ഉപദ്രവം സൃഷ്ടിച്ചാലൊഴികെ. (ഉപദ്രവം സൃഷ്ടിച്ചാല്‍ അനിവാര്യ ഘട്ടത്തില്‍ ജീവികളെ വധിക്കാം). (ത്വബ്‌റാനി, മജ്മഉസ്സവാഇദ് 4/42).


ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ ഇണക്കി വളര്‍ത്തിയിരുന്ന മൃഗമാണ് നായ. ശിലായുഗം മുതല്‍ക്കേ മനുഷ്യന്റെ സഹചാരിയായിരുന്നുവത്രെ നായ. ഭൂമിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും നായ്ക്കളുണ്ട്. ശുനക സാന്നിധ്യമില്ലാത്ത ഒരു രാജ്യവുമില്ല. ആര്‍ട്ടിക് പ്രദേശങ്ങളില്‍ പോലും അവയുണ്ട്.
42 പല്ലുകളുള്ള ഈ ജീവി കിട്ടുമ്പോള്‍ മൂക്കറ്റം തിന്നുമെങ്കിലും ആഹാരമില്ലാതെ ദിവസങ്ങളോളം കഴിച്ചു കൂട്ടുവാന്‍ അതിനു കഴിയും. സ്വതന്ത്ര വിഹാരത്തിനും ശീഘ്രമായ ഓട്ടത്തിനും സഹായകമായ ശരീരഘടനയും കൈകാലുകളുമാണുള്ളത്. മുന്‍കാലുകളിലെ അഞ്ചും പിന്‍കാലുകളിലെ നാലും വിരലുകള്‍ ഇതിനു സഹായകമാണ്.
നായ്ക്കള്‍ പല ഇനങ്ങളുണ്ട്. വലിപ്പത്തിലും ആകൃതിയിലും പെരുമാറ്റരീതിയിലും ഘ്രാണശക്തിയിലും അവ വ്യത്യസ്തങ്ങളാണ്. അമേരിക്കന്‍ കെനല്‍ ക്ലബ്ബ് അംഗീകരിച്ചിട്ടുള്ള ശുനകയിനങ്ങള്‍ തന്നെ 150 ലേറെ വരുമത്രെ.
ശരാശരി 10 – 12 വര്‍ഷം ആയുഷ്‌കാലമുള്ള ഈ ജീവിക്കു 6 മാസം കൊണ്ട് പ്രായപൂര്‍ത്തി വരുന്നു. വര്‍ഷത്തില്‍ 2 തവണ ഇണ ചേരുന്നു. ഒരു പെണ്‍ശുനകം ഒരു തവണ പരമാവധി 12 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. വംശ വര്‍ദ്ധനവിന് തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ സ്വാഭാവികമായും പെറ്റുപെരുകി നാട്ടില്‍ ശ്വാനശല്യം അനുഭവപ്പെടും. കേരളനാട് ഇന്ന് അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
പഴയ കാലങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുകയോ അവയില്‍ വല്ലതിനും പേ നായ്ക്കളുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് അവയെ പിടികൂടി വധിക്കുന്നതു കൊണ്ട് വലിയ ശല്യം അനുഭവപ്പെടുമായിരുന്നില്ല. ഇന്ന് ഈ സമ്പ്രദായത്തിന് ചില കേന്ദ്രങ്ങളില്‍ നിന്ന് വിലക്ക് വന്നതുകൊണ്ട് തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ രണ്ടര ലക്ഷത്തിലധികം തെരുവ് നായ്ക്കളുണ്ടെന്ന് ജസ്റ്റീസ് എസ്. സിരിജഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
തെരുവുനായ്ക്കള്‍ ഇന്ന് മലയാള നാട്ടില്‍ വിവാദ വിഷയമായിരിക്കുകയാണ്. 2013 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷത്തിനുള്ളില്‍ 3,33,091 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവരില്‍ 49 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഈ 4 വര്‍ഷത്തിനിടെ പേവിഷ മരുന്നിന് 19.34 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ടെന്ന് ഉത്തരവാദപ്പെട്ടവര്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതിനെല്ലാം പുറമെ തെരുവുനായ്ക്കള്‍ ദിവസേന ശരാശരി 500 അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടത്രെ.
ദിനേന കേരളത്തിലുടനീളം ആബാലവൃദ്ധം സ്ത്രീ പുരുഷന്മാരില്‍ പലര്‍ക്കും സാരമായ രീതിയിലും നിസ്സാരമായ രീതിയിലും നായ്ക്കളുടെ കടിയേല്‍ക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനങ്ങളുടെ സങ്കടമാണ് മാധ്യമങ്ങള്‍ ഉത്തരവാദപ്പെട്ടവരെയും മാലോകരെയും അറിയിക്കുന്നത്. എന്നാല്‍ തെരുവു നായ്ക്കളെ സംബന്ധിച്ച് ഭീതിവിതക്കും വിധം വരുന്ന പത്രവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെടുകയുണ്ടായി. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് അദ്ദേഹം അയച്ച കത്തിലാണ് ഈ ആരോപണം (മാതൃഭൂമി ദിനപത്രം 26 ഓഗസ്റ്റ് 2016).
അക്രമകാരികളായ നായകളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്ലരുതെന്നും കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്നും ദേശീയ മൃഗക്ഷേമ ബോര്‍ഡ് വ്യക്തമാക്കി. ഇങ്ങനെ സര്‍ക്കാറും മൃഗസംരക്ഷണ വകുപ്പും രണ്ടു തട്ടിലായിത്തീര്‍ന്നു. ഇതൊന്നും വകവെക്കാതെ നായകളെ കൊല്ലാന്‍ സധൈര്യം പലരും മുമ്പോട്ടു വന്നു. ചിലരുടെ പേരില്‍ പോലീസ് കേസെടുത്തു. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ വധിക്കണമെന്ന് ബഹുഭൂരിപക്ഷം അഭിപ്രായപ്പെടുമ്പോള്‍ ജീവകാരുണ്യത്തിന്റെയും മൃഗസംരക്ഷണത്തിന്റെയും പേര് പറഞ്ഞ് ഒരു വിഭാഗം ഇതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. കൊല്ലുകയല്ല, വന്ധ്യംകരണം നടത്തുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി 2016 മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. (മാതൃഭൂമി 26/8/2016).
കൊല്ലാന്‍ പാടുണ്ടോ, പാടില്ലേ എന്ന സംവാദം കത്തിപ്പടരുമ്പോഴും കടിയേറ്റ് നരകിക്കുന്നവരുടെ വേദന കേരളാന്തരീക്ഷത്തെ മുഖരിതമാക്കിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് 2016 സെപ്തംബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാകുന്ന ഒരു പ്രതിവിധി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ജില്ലാ കൃഷിത്തോട്ടത്തില്‍ പ്രത്യേക പരിപാലന കേന്ദ്രത്തിലേക്ക് തെരുവു നായ്ക്കളെ കൊണ്ടുവന്ന് അഞ്ച് ദിവസത്തിനകം അവയ്ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി, തിരിച്ചറിവിനായി, റേഡിയോ കോളര്‍ അണിയിച്ച് പിടിച്ച സ്ഥലത്തു തന്നെ അഴിച്ചു വിടുക എന്നതാണ് ഈ തീരുമാനം. അതോടൊപ്പം സംസ്ഥാനം പുതിയ വളര്‍ത്തുമൃഗ നയത്തിന് രൂപം നല്‍കുകയാണ്. ഇതനുസരിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമായിരിക്കും.
ആളുകളെ കടിക്കുന്ന സ്വഭാവം തെരുവു നായ്ക്കള്‍ക്കു മാത്രമാണോ ഉള്ളത്? തെരുവു നായ്ക്കളെല്ലാം ആളുകളെ കടിക്കുന്നവയും വളര്‍ത്തു നായ്ക്കളെല്ലാം ആരെയും കടിക്കാത്തവയും പേരോഗം ബാധിക്കാത്തവയുമാണോ? വന്ധ്യംകരണം നടത്തി കോളര്‍ അണിയിച്ച് അഞ്ചു ദിവസത്തെ പരിചരണത്തിനു ശേഷം വീണ്ടും തെരുവിലിറക്കിയാല്‍ ശുനകന്മാര്‍ കടിയും ഉപദ്രവവും നിര്‍ത്തുമോ? വ്യാപകമായ രീതിയില്‍ വന്ധ്യംകരണം നടത്തുന്നത് ശ്വാനവര്‍ഗത്തിന്റെ വംശനാശത്തിന് ഇടവരുത്തുകയില്ലേ? കടിയേറ്റ് മരിക്കുകയോ കഷ്ടപ്പെടുകയോ ചെയ്യുന്ന മനുഷ്യപുത്രന്മാരോടുള്ളതിനേക്കാള്‍ കൂറും കാരുണ്യവും കടിക്കുന്ന നായ്ക്കളോടും പേപ്പട്ടികളോടും കാണിക്കുന്ന ശ്വാനസ്‌നേഹികള്‍ എന്തുകൊണ്ട് ഈ തെരുവു നായ്ക്കളെ വീതിച്ചെടുത്ത് തങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി വളര്‍ത്താന്‍ തയാറാകുന്നില്ല? നായയോട് കാണിക്കുന്ന ഈ ജീവകാരുണ്യം അവരെന്തുകൊണ്ട് മത്സ്യങ്ങളോടും കോഴികളോടും താറാവുകളോടും ആടുകളോടും കാണിക്കുന്നില്ല. അവ ലക്ഷക്കണക്കിന് ഇവിടെ കശാപ്പ് ചെയ്യപ്പെടുകയും തിന്നൊടുക്കപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ട് അവക്കെതിരില്‍ ശബ്ദിക്കുന്നില്ല? ഇത്യാദി യുക്തമായ ചോദ്യങ്ങള്‍ മറുവിഭാഗം ചോദിക്കുമ്പോള്‍ ശുനക പ്രണേതാക്കള്‍ ഉചിതമായ മറുപടി നല്‍കുന്നതായി കാണുന്നില്ല.
ഇക്കാര്യത്തില്‍ ഓരോ വിഭാഗത്തിനും അവരുടേതായ വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ആ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവുമുണ്ട്. നായകളോടുള്ള ഇസ്‌ലാമിന്റെ സമീപനം എന്താണെന്ന് ഏതാനും തിരുവചനങ്ങളിലൂടെയും അതിനു കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങളിലൂടെയും നമുക്കിവിടെ ഒരു ഹ്രസ്വാവലോകനം നടത്താം.
നായ്ക്കള്‍ നായ്ക്കളായി ജനിച്ചുവെന്നത് ഒരു അപരാധമല്ല. ഒരു മനുഷ്യനും ഞാന്‍ ഇന്ന കുടുംബത്തില്‍ ഒരു മനുഷ്യനായി ജനിക്കണമെന്ന് മുന്‍തീരുമാനമെടുത്ത് ജനിച്ചവനല്ല. അപ്രകാരം തന്നെയാണ് നായയും മറ്റു ജീവികളും. എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവ് സര്‍വ്വശക്തനും ത്രികാലജ്ഞനും യുക്തിമാനുമായ അല്ലാഹുവാണ്. പ്രപഞ്ചത്തിലെ പ്രധാന സൃഷ്ടി മനുഷ്യനാണ്. മനുഷ്യന്റെ ക്ഷേമത്തിനും ഗുണത്തിനും വേണ്ടിയാണ് മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് മനുഷ്യന്റെ ഗുണത്തിന് ഉപയോഗപ്പെടുത്താന്‍ സ്രഷ്ടാവിന്റെ അനുമതിയുള്ളത് അനുവദനീയമായ രീതിയില്‍ മാത്രം ഉപയോഗപ്പെടുത്താം. അവന് ഉപദ്രവകരമായത് നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുവാന്‍ സ്രഷ്ടാവിന്റെ അനുമതിയുള്ളവ അനുവദിച്ച രീതിയില്‍ മാത്രം നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. എന്നാല്‍ ഉപദ്രവമില്ലാത്ത ഒരു ജീവിയെയും അനാവശ്യമായി വധിക്കാന്‍ പാടില്ല. ഇതാണ് ഏഴാം നമ്പര്‍ ഹദീസില്‍ നാം വായിച്ചിട്ടുള്ളത്.
ഉപദ്രവകരമായ ജീവിയെത്തന്നെ നിശ്ശേഷം വംശനാശം വരുത്താന്‍ പാടില്ല. കാരണം പ്രകൃതിയില്‍ മനുഷ്യനു തന്നെയാണ് പ്രാധാന്യവും പ്രാഥമ്യവുമെങ്കിലും മറ്റു ജീവജാലങ്ങള്‍ക്കെല്ലാം ഇവിടെ നിലനില്‍ക്കുവാനുള്ള അവകാശമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കാണുക. ‘ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ടു ചിറകു കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള സൃഷ്ടി സമൂഹങ്ങള്‍ തന്നെയാകുന്നു’ (6/38). അതായത് അല്ലാഹു അവയെയെല്ലാം സൃഷ്ടിക്കുകയും അവയുടെ ആഹാരകാര്യങ്ങള്‍ എല്ലാം ഏറ്റെടുക്കുകയും അവയോട് നീതി പുലര്‍ത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അവയോട് അനീതി കാണിക്കരുത്. അവയുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്ന സീമകളെ അതിലംഘിക്കുകയും ചെയ്യരുത് (തഫ്‌സീര്‍ ഖുര്‍ത്വുബി 6/327).
ഇങ്ങനെ ഒരു ദൈവികോത്തരവ് ഉള്ളതുകൊണ്ടാണ് ”നായ്ക്കള്‍ സൃഷ്ടിവര്‍ഗങ്ങളില്‍പ്പെട്ട ഒരു വര്‍ഗമായിരുന്നില്ലെങ്കില്‍ അവയെ നിശ്ശേഷം വധിക്കാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു” എന്ന് ഒന്നാം നമ്പര്‍ ഹദീസില്‍ നാം വായിച്ചതു പോലെ നബി(സ) പ്രസ്താവിച്ചിട്ടുള്ളത്. നായ്ക്കളെക്കൊണ്ട് നിരവധി ഉപദ്രവങ്ങള്‍ ഉണ്ടെങ്കിലും അവയെക്കൊണ്ട് പലവിധ ഉപകാരങ്ങളുമുണ്ട്. സര്‍വ്വോപരിയായി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മറ്റു സൃഷ്ടിജാലങ്ങളെ പോലെ ശ്വാനവര്‍ഗത്തിന്റെ സാന്നിധ്യവും ആവശ്യമുണ്ട്. അതുകൊണ്ട് അവയെ നിശ്ശേഷം വര്‍ഗനാശം വരുത്താവതല്ല.
നായയെ വളര്‍ത്തുന്നേടത്തും ഉപയോഗിക്കുന്നേടത്തും സ്പര്‍ശിക്കുന്നേടത്തും ഇസ്‌ലാമില്‍ ചില നിയമ കാര്‍ക്കശ്യങ്ങള്‍ ഉണ്ടെങ്കിലും മറ്റു ജീവികളോടെന്ന പോലെത്തന്നെ നായ്ക്കളോടും കാരുണ്യം കാണിക്കുവാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവികളുടെ അവശ്യതാല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ നിയമങ്ങള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളുടേത് പ്രത്യേകമായും മറ്റു ജീവികളുടേത് പൊതുവായും വിശദീകരിച്ചിട്ടുണ്ട്. ഏതൊരു വളര്‍ത്തു ജീവിയുടെയും ഗുണവും ക്ഷേമവും പരിഗണിച്ചുകൊണ്ട് അതിനെ പരിരക്ഷിക്കല്‍ ഉടമസ്ഥന് നിര്‍ബന്ധമാണ് (തുഹ്ഫ 8/374).
ജീവികള്‍ക്ക് പര്യാപ്തമായ തീറ്റ കൊടുക്കണം, വെള്ളം നല്‍കണം, നാശനഷ്ടങ്ങളില്‍ നിന്ന് അവയെ രക്ഷിക്കണം. ഉടമസ്ഥന്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അവനെ അതിനു നിര്‍ബന്ധിക്കണം. വിസമ്മതിക്കുന്നുവെങ്കില്‍ അതിനെ വില്‍ക്കുകയോ ഭോജനാവശ്യത്തിന് വേണ്ടി അറവ് നടത്തുകയോ ചെയ്യാന്‍ നിയമനടപടി സ്വീകരിക്കണം. അറുത്തു തിന്നാന്‍ പറ്റാത്ത ജീവിയെങ്കില്‍ ഒന്നുകില്‍ തീറ്റകൊടുത്തു വളര്‍ത്തുക, അല്ലെങ്കില്‍ വില്‍പന നടത്തുക – രണ്ടാലൊന്നിനു – നിര്‍ബന്ധിക്കണം. എന്നാല്‍ ദാരിദ്ര്യം നിമിത്തം വളര്‍ത്തുജീവിക്ക് തീറ്റ കൊടുക്കാന്‍ സാധിക്കാതെ വന്നു. ഭോജ്യേതര ജീവിയായതുകൊണ്ട് അറുത്തു തിന്നാനും പറ്റാതെ വന്നു. തല്‍പരരായ ഉപഭോക്താക്കളെ കിട്ടാത്തതു കൊണ്ട് വില്‍ക്കാനും നിര്‍വാഹമില്ലാതെ വന്നു. എന്നാല്‍ പൊതു ഖജനാവില്‍ നിന്നു ചിലവിട്ട് അതിനെ സംരക്ഷിക്കണം. പൊതുഖജനാവ് വ്യവസ്ഥാപിതമല്ലെങ്കില്‍ ആ ജീവിയുടെ സംരക്ഷണം മുസ്‌ലിം സമ്പന്നന്മാരുടെ ബാധ്യതയാണ്. (റൗള 6/524, മിന്‍ഹാജ് പേ: 156, തുഹ്ഫ 8/371, നിഹായ 7/242, മുഗ്‌നി 3/590). തീറ്റയും വെള്ളവും നല്‍കിയാല്‍ പോര, മൃഗത്തിന്റെ മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളുമെല്ലാം നടത്തല്‍ ഉടമസ്ഥന് നിര്‍ബന്ധമാണ്. പ്രായാധിക്യം നിമിത്തം കായികശേഷിയറ്റു പ്രയോജന രഹിതമായാലും മൃഗത്തെ തീറ്റിപ്പോറ്റല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ 8/371).
നായയെ വളര്‍ത്തുന്നതിന് ചില ഉപാധികളുണ്ട്. അവ താഴെ വരുന്നുണ്ട്. ഉപാധികളോടെ നായയെ വളര്‍ത്തുന്നവര്‍ അതിനു തീറ്റ കൊടുക്കണം. അല്ലെങ്കില്‍ ഇര തേടിപ്പിടിക്കാന്‍ അതിനെ അഴിച്ചു വിടണം. അല്ലെങ്കില്‍ അത് ആവശ്യക്കാരന് വിട്ടുകൊടുക്കണം. വിശന്നു ചാവാന്‍ ഇടവരുന്ന വിധം അതിനെ തടവിലിടാന്‍ പാടില്ല. (നിഹായ 7/242). ഒരു മൃഗത്തോട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ തെറ്റാണ് അതിനെ പട്ടിണിക്കിടുകയോ അടിച്ചു വേദനിപ്പിക്കുകയോ തടവിലിട്ട് ഉപദ്രവിക്കുകയോ അതിന്റെ അനിവാര്യാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാതിരിക്കുകയോ കഴിവിലുപരിയായി പണിയെടുപ്പിക്കുകയോ ചെയ്യുക എന്നത് (സവാജിര്‍ 2/87).
മൃഗങ്ങളോട് അനീതി കാണിച്ചാല്‍ അതു സംബന്ധമായി പരലോകത്ത് അന്ത്യനാളില്‍ വിചാരണയുണ്ടായിരിക്കും. മൃഗങ്ങള്‍ക്കും മറ്റു ജന്തുക്കള്‍ക്കും തങ്ങളെ പട്ടിണിക്കിട്ടുകൊണ്ടോ അടിച്ചുകൊണ്ടോ കഴിവിലുപരി അധ്വാനിപ്പിച്ചു കൊണ്ടോ ഉപദ്രവിച്ച മനുഷ്യരോട് പ്രതികാരം വീട്ടുവാന്‍ അല്ലാഹു അവസരം നല്‍കും (സവാജിര്‍ 2/87).
ഈ വിശ്വാസമാണ് മതബോധവും ധര്‍മ്മചിന്തയുമുള്ള മുസ്‌ലിംകളെ ഇതര ജീവജാലങ്ങളോട് നീതി പുലര്‍ത്തുന്നതിനും കാരുണ്യം കാണിക്കുന്നതിനും പ്രേരിപ്പിക്കുന്നത്. മുസ്‌ലിം ലോകത്തെ ഏറ്റവും പ്രസിദ്ധരായ പണ്ഡിതരിലൊരാളാണ് ഇമാം അഹ്മദ്(റ) അവര്‍കള്‍. മദ്ഹബിന്റെ നാലു ഇമാമുകളില്‍ നാലാമനാണ് അദ്ദേഹം. പത്ത് ലക്ഷം ഹദീസുകള്‍ മന:പാഠമുള്ള ഈ മഹാപണ്ഡിതന്‍ തന്റെ വശം ഇല്ലാത്ത ചില ഹദീസുകള്‍ പടിഞ്ഞാറന്‍ തുര്‍ക്കിസ്താനില്‍ അമോദാരിയ നദിക്ക് സമീപം താമസിക്കുന്ന ഒരാളുടെ വശമുണ്ടെന്ന് കേള്‍ക്കാനിടയായി. ഉടനെ അദ്ദേഹം അങ്ങോട്ടു യാത്രയായി. ദീര്‍ഘയാത്രചെയ്ത് ആ ഗുരുവിന്റെ സമീപത്തെത്തി സലാം പറഞ്ഞു. അദ്ദേഹം ഒരു നായക്ക് തീറ്റ കൊടുക്കുകയായിരുന്നു. കഷ്ടിച്ചു സലാം മടക്കി പ്രത്യഭിവാദനം നടത്തിയതല്ലാതെ അദ്ദേഹം തിരിഞ്ഞു നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. നായയെ തീറ്റുന്ന ജോലി തുടര്‍ന്നു. അതില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ച ശേഷം അദ്ദേഹം ആഗതനായ ഇമാം അഹ്മദിലേക്കു തിരിഞ്ഞു ഇപ്രകാരം പറഞ്ഞു: ”ഞാന്‍ താങ്കളെ അഭിമുഖീകരിക്കാതെ നായയെ അഭിമുഖീകരിച്ചതു കൊണ്ട് താങ്കള്‍ക്കു മനോവിഷമം തോന്നിയിട്ടുണ്ടായിരിക്കാം? ‘അതെ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്.’ ഇമാം പറഞ്ഞു. തദവസരം ഗുരുവര്യന്‍ പ്രസ്താവിച്ചു: അബുസ്സനാദ് അഅ്‌റജില്‍ നിന്നും അദ്ദേഹം അബൂ ഹുറൈറയില്‍ നിന്നും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് എനിക്കു കിട്ടിയിട്ടുണ്ട്. നബി(സ) അരുള്‍ ചെയ്തു: ”തന്നെ പ്രതീക്ഷിച്ചു വന്ന ഒരാളെ വല്ലവനും നിരാശപ്പെടുത്തിയാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവനെയും നിരാശപ്പെടുത്തും. അങ്ങനെ വരുമ്പോള്‍ അവന് സ്വര്‍ഗപ്രവേശം ലഭിക്കുകയില്ല”. ഇതാണ് ഹദീസ്. ഞങ്ങളുടെ ഈ നാട് നായ്ക്കളില്ലാത്ത പ്രദേശമാണ്. ഈ നായ എവിടെ നിന്നോ എന്നെ ലക്ഷ്യം വെച്ച് വന്നിരിക്കുകയാണ്. അതുകൊണ്ട് അതിനെ നിരാശപ്പെടുത്തുവാന്‍ എനിക്ക് ഭയാശങ്ക വന്നു. കാരണം അതു നിമിത്തം അന്ത്യദിനത്തില്‍ അല്ലാഹു എന്നെ ഭഗ്നാശനാക്കിക്കളയും. ഇത് കേട്ടപ്പോള്‍ ഇമാം അഹ്മദ് എനിക്ക് ഈ തിരുവചനം മതി എന്നു പറഞ്ഞുകൊണ്ട് യാത്ര തിരിച്ചു (ഹയാത്തുല്‍ ഹയവാന്‍ 2/384). നായയെ നിരാശപ്പെടുത്തുന്നതു പോലും കുറ്റകരമായാണ് ആ മഹാഗുരുവര്യന്‍ കണ്ടത്.
വിശ്വവിഖ്യാതനായ ആത്മീയ ഗുരുവാണ് ശൈഖ് അഹ്മദ് രിഫാഈ(റ). നാല് ഖുതുബുമാരില്‍ ഒരാളാണ് അദ്ദേഹം. ശൈഖ് രിഫാഈ ഒരു വഴിക്കു യാത്ര ചെയ്യുമ്പോള്‍ കുഷ്ഠരോഗം ബാധിച്ച ഒരു നായയെ കണ്ടു. ഈ പാവപ്പെട്ട ജീവിയെ നാട്ടുകാരെല്ലാം വെറുത്തിട്ടുണ്ടായിരുന്നു. കാണുന്ന ഓരോ വ്യക്തിയും തന്റെ കവാടത്തില്‍ നിന്ന് അതിനെ ആട്ടിയോടിക്കുകയായിരുന്നു. വിശന്നുവലഞ്ഞു, രോഗഗ്രസ്തനായി, ഏറുകൊണ്ട് അവശനായ ആ നായയെ കാരുണ്യവാനായ ശൈഖ് രിഫാഈ(റ) വിജനമായ ഒരു സ്ഥലത്തേക്ക് പിടിച്ചു കൊണ്ടുപോയി. അവിടെ ഒരു പന്തല്‍ നിര്‍മ്മിച്ചു അതിനു ചുവടെ പാര്‍പ്പിച്ചു. അതിനു ആഹാരപാനീയങ്ങള്‍ നല്‍കി. ഔഷധവീര്യമുള്ള എണ്ണതേച്ചു ചികിത്സിച്ചു. 40 ദിവസം കൊണ്ട് അതു സുഖം പ്രാപിച്ചു. സുഖപ്രാപ്തി വന്നപ്പോള്‍ ചൂടുവെള്ളമുണ്ടാക്കി അതിനെ കുളിപ്പിച്ചു. എന്നിട്ട് അതിനെ കൊണ്ട് വന്ന് നാട്ടിന്‍പുറത്തു തന്നെ വിട്ടു. അപ്പോള്‍ കാണികള്‍ അദ്ദേഹത്തോട് ചോദിച്ചു. ഈ നായയുടെ കാര്യത്തില്‍ താങ്കള്‍ ഇത്രത്തോളം ശ്രദ്ധ ചെലുത്തുന്നുവോ? ”അതെ, അല്ലാഹു അന്ത്യദിനത്തില്‍ എന്നെ പിടികൂടുകയും എന്നിട്ട് അവന്‍ ചോദിക്കുകയും ചെയ്‌തേക്കുമോയെന്ന് ഞാന്‍ ആശങ്കിച്ചു.”ഈ നായയോട് നിനക്ക് കനിവുണ്ടായില്ലേ. ഈ നായക്കു നല്‍കിയ വിപത്ത് കൊണ്ട് നിന്നെ ഞാന്‍ പരീക്ഷിച്ചേക്കുമെന്ന ആശങ്ക നിനക്കുണ്ടായില്ലേ”. (നൂറുല്‍അബ്‌സ്വാര്‍ പേ: 350).
വിശ്രുത കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഒരാളാണ് അബൂ ഇസ്ഹാഖ് ശീറാസി എന്ന മഹാന്‍. മുഹദ്ദബ്, തന്‍ബീഹ് ആദിയായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആത്മീയ ഗുരുവര്യന്മാരില്‍ ഒരാളുമാണ്. അദ്ദേഹം തന്റെ ഏതാനും കൂട്ടുകാരോടൊപ്പം ഒരു ദിവസം യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ ഒരു നായ എതിരെ വന്നു. കൂട്ടുകാരില്‍ ഒരാള്‍ അതിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആ മഹാഗുരു അയാളെ നിരോധിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു: വഴി നമുക്കും ആ നായക്കും അവകാശപ്പെട്ടതാണെന്ന് നിനക്കറിയില്ലേ (തഹ്ദീബുല്‍ അസ്മാഅ്: ഇമാം നവവി 2/465).
നായയെ വധിക്കാമോ? നായ മൂന്നു വിധമുണ്ട്. ഒന്ന്, ഉപകാരപ്രദം. കൃഷി, മൃഗം, വീട്, തോട്ടം, ഷോപ്പ് മുതലായവയുടെ സംരക്ഷണത്തിനുപയോഗിക്കുന്ന കാവല്‍ നായയും ഷിക്കാറിനുപയോഗിക്കുന്ന ശിക്ഷണം ലഭിച്ച വേട്ട നായയും ഈയിനത്തില്‍ പെട്ടതാണ്. ഉപദ്രവമുള്ളവയാണ് രണ്ടാമത്തെയിനം. മനുഷ്യരെയോ വളര്‍ത്തു മൃഗങ്ങളെയോ ഉപദ്രവിക്കുന്ന നായ്ക്കളെ അതു വളര്‍ത്തു നായ്ക്കളാവട്ടെ, തെരുവു നായ്ക്കളാവട്ടെ ഏതായിരുന്നാലും വധിക്കാവുന്നതാണ്. ഉപകാരവും ഉപദ്രവവുമില്ലാത്ത സാധാരണ ശുനകരാണ് മൂന്നാമത്തെയിനം. ഈ നിരപരാധികളെ വധിക്കാന്‍ പാടില്ല എന്നതാണ് പ്രബലമായ നിയമം (സവാജിര്‍ 1/220).
നായയുടെ ജീവനും മനുഷ്യജീവന്‍ പോലെ വിലപ്പെട്ടതാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ശ്രുതിപെറ്റ ആധികാരിക കര്‍മ്മശാസ്ത്രഗ്രന്ഥമായ ശര്‍ഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയത് കാണുക: മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടി ധനം വ്യയം ചെയ്യല്‍ നിര്‍ബന്ധമാണെന്നതു പോലെത്തന്നെ വധിക്കാന്‍ പാടില്ലാത്ത മൃഗത്തിന്റെ ജീവന്‍ നിലനിര്‍ത്താനും ധനം ചിലവഴിക്കല്‍ നിര്‍ബന്ധമാണ്. അത് അന്യവ്യക്തിയുടെ മൃഗമാണെങ്കിലും ശരി (അന്യവ്യക്തിയുടെ മൃഗം വിശന്നാല്‍ തീറ്റകൊടുക്കല്‍ നിര്‍ബന്ധമാണെന്നു വരുമ്പോള്‍ ഒരു തെരുവുനായ വിശന്നു അവശമാകുന്നതോ ദാഹിച്ചു വലയുന്നതോ കണ്ടാല്‍ പരിഹാരമുണ്ടാക്കല്‍ നിര്‍ബന്ധമാണെന്നു പറയേണ്ടതില്ലല്ലോ). എന്നാല്‍ കടിക്കുന്ന നായയെപ്പോലുള്ള ഉപദ്രവകാരികളായ മൃഗങ്ങളെ ഇപ്രകാരം സംരക്ഷിക്കല്‍ നിര്‍ബന്ധമില്ല (ശര്‍ഹുല്‍ മുഹദ്ദബ് 9/48).
ശര്‍ഹുല്‍ മുഹദ്ദബ് തുടരുന്നു: ”ഒരാളുടെ വശം അനുവദനീയമായി ഒരു നായയും ഒരു ആടുമുണ്ടെന്നിരിക്കട്ടെ. നായക്കു വിശന്നു, ആഹാരം നല്‍കിയില്ലെങ്കില്‍ ജീവഹാനി സംഭവിക്കും. എന്നാല്‍, മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ തന്റെ ആടിനെ അറുത്തു നായക്കു തീറ്റകൊടുക്കല്‍ അയാള്‍ക്ക് നിര്‍ബന്ധമാണ്. ശിഷ്ടമാംസം അറുത്ത മൃഗത്തിന്റേതായതുകൊണ്ട് അവനു തിന്നാവുന്നതാണ്. ഇനി, ഒരാളുടെ വശം ഒരാടും മറ്റൊരാളുടെ വശം നായയുമുണ്ടെന്നിരിക്കട്ടെ. നായ വിശപ്പുനിമിത്തം അവശമായി. തീറ്റ കൊടുക്കാന്‍ ഉടമസ്ഥന്റെ വശം ഒന്നുമില്ല. അപരന്റെ ആടു മാത്രമാണ് ശരണം. എങ്കില്‍, തനിക്ക് അനിവാര്യാവശ്യമില്ലെങ്കില്‍ ആടിനെ അറുത്തു നായക്കു തീറ്റ കൊടുക്കുന്നതിനു വിട്ടുകൊടുക്കല്‍ അതിന്റെ ഉടമസ്ഥനു നിര്‍ബന്ധമാണ്. വിട്ടുകൊടുത്തില്ലെങ്കില്‍, ബലാല്‍ക്കാരേണ പിടിച്ചെടുക്കാനുള്ള അവകാശം നായയുടമയ്ക്കുണ്ടായിരിക്കും (ശര്‍ഹുല്‍ മുഹദ്ദബ് 9/48).
ഏതു ജീവിക്കു സഹായം നല്‍കിയാലും അതിനു പരലോകത്തു പ്രതിഫലമുണ്ട്, അതു നായയാണെങ്കിലും. ഒരു നായക്കു ദാഹജലം നല്‍കിയതു കൊണ്ട് പാപമുക്തയായ ഒരു സ്ത്രീയുടെ കഥ രണ്ടാം നമ്പര്‍ ഹദീസില്‍ നാം വായിച്ചു. അതിനു സമാനമായ മറ്റൊരു കഥ കൂടി ഹദീസില്‍ വന്നിട്ടുണ്ട്: നബി(സ) പറയുന്നു: ഒരാള്‍ ഒരു വഴിയേ യാത്ര ചെയ്തുകൊണ്ടിരിക്കെ, ദാഹബാധിതനായി. ഒരു കിണര്‍, അപ്പോള്‍ അയാളുടെ ദൃഷ്ടിയില്‍ പെട്ടു. കിണറ്റിലിറങ്ങി അയാള്‍ വെള്ളം കുടിച്ചു. കരയ്ക്കു കയറിയപ്പോള്‍ അതാ ഒരു നായ, ദാഹിച്ചു വലഞ്ഞ നായ. അതു നാവു നീട്ടി മണ്ണു കപ്പുന്നു. ‘ഈ നായക്കു, ദാഹം നിമിത്തം, എന്നെ ബാധിച്ചതു പോലെയുള്ള വിഷമം ബാധിച്ചിരിക്കാം’ അയാള്‍ ആത്മഗതം ചെയ്തു. ഉടനെ അയാള്‍ കിണറ്റിലിറങ്ങി, തന്റെ ഷൂ നിറയെ വെള്ളമെടുത്തു. വായകൊണ്ട് കടിച്ചു പിടിച്ചു മേല്‍പോട്ടു കയറി. എന്നിട്ട് നായക്കു കുടിപ്പിച്ചു. തത്ഫലമായി, അല്ലാഹു അദ്ദേഹത്തിന്റെ സത്കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും ദുഷ്‌കര്‍മ്മങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്തു.
ഇതു പറഞ്ഞപ്പോള്‍, നബി(സ)യോടു അനുചരന്മാര്‍ ചോദിച്ചു: ”ഈ മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കു പ്രതിഫലം ലഭിക്കുമോ?” തിരുമേനിയുടെ പ്രത്യുത്തരം ഇപ്രകാരമായിരുന്നു: ”എല്ലാ പച്ചക്കരളിലും (എല്ലാ ജീവനുള്ള വസ്തുവിനു ഗുണം ചെയ്യുന്നതിലും) പ്രതിഫലമുണ്ട്” (ബുഖാരി 6009, മുസ്‌ലിം 2244).
നായയെ വളര്‍ത്താമോ? ഉപകാരപ്രദമായ നായ്ക്കളെ ചില നിശ്ചിത ഉപാധികളോടെ വളര്‍ത്താവുന്നതാണ്. കൃഷി, തോട്ടം, മൃഗം മുതലായവ സംരക്ഷിക്കുക, ഭോജ്യമായ വന്യജീവികളെ വേട്ടയാടുക മുതലായ ആവശ്യങ്ങള്‍ക്ക് അതിനു ഉചിതമായ നായ്ക്കളെ ഉപയോഗിക്കാം. അനുവദനീയമായ ഉപയോഗത്തിനു വേണ്ടി വളര്‍ത്തുകയും ചെയ്യാം. ഉപകാരമില്ലാത്ത നായ്ക്കളെ വളര്‍ത്തിയാല്‍ സത്കര്‍മ്മങ്ങളുടെ പ്രതിഫലങ്ങള്‍ക്ക് ശോഷണം സംഭവിക്കും. സ്ഥലത്തിനനുസരിച്ചാണ് ശോഷണം. മക്ക, മദീന ഹറമുകളിലാണെങ്കില്‍ രണ്ടു വിഹിതം കുറയും, മറ്റിടങ്ങളില്‍ ഒരു വിഹിതവും. രണ്ടു വിഹിതം കുറയുമെന്ന ഹദീസ് (ബുഖാരി 5400, മുസ്‌ലിം 1574) രണ്ടു ഹറമുകളെക്കുറിച്ചാണെന്നും ഒരു വിഹിതം കുറയുമെന്ന ഹദീസ് (ബുഖാരി 2322, മുസ്‌ലിം 1575) മറ്റിടങ്ങളെക്കുറിച്ചാണെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മിര്‍ഖാത്ത് 8/32).
നായയും നായയുടെ വിസര്‍ജ്യങ്ങളും കഠിനമായ നജസാണ്. അതു സ്പര്‍ശിച്ചാല്‍ ഏഴു തവണ കഴുകണമെന്നും അതിലൊന്നാമത്തെ തവണ മണ്ണുകൊണ്ടായിരിക്കണമെന്നുമാണ് നിയമം. നിര്‍ബന്ധമായും വെടിഞ്ഞകലേണ്ട നജസ് അനാവശ്യമായി സൂക്ഷിച്ചു വെക്കുക, വിട്ടിലേക്കു വരുന്ന യാചകരെയും അഗതികളെയും വിരട്ടിയകറ്റുന്നതിനു കാരണം സൃഷ്ടിക്കുക, യാത്രക്കാരെ ഭയപ്പെടുത്തുക, പാത്രങ്ങളും മറ്റുപകരണങ്ങളും അറിഞ്ഞോ അറിയാതെയോ കഠിനനജസുകൊണ്ട് മലിനപ്പെടുത്താനിട വരുത്തുക, അനുഗ്രഹവാഹകരായ മലക്കുകളുടെ ആഗമം തടയുക ആദിയായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് അനാവശ്യമായി വീടുകളില്‍ നായ്ക്കളെ വളര്‍ത്തരുതെന്നും അങ്ങനെ വളര്‍ത്തിയാല്‍ കര്‍മഫലങ്ങള്‍ക്കു ശോഷണം സംഭവിക്കുമെന്നും പറഞ്ഞിട്ടുള്ളത് (മിര്‍ഖാത്ത് 8/32).
ഉപകാരപ്രദങ്ങളല്ലാത്ത നായ്ക്കളെ വളര്‍ത്തുന്ന വീട്ടില്‍ വരുകയില്ലെന്നു പറഞ്ഞ മലക്കുകള്‍; അനുഗ്രഹം, ആശീര്‍വാദം, പ്രാര്‍ത്ഥന എന്നിവയുമായി വരുന്ന മലക്കുകളാണ്. എന്നാല്‍ മനുഷ്യന്റെ നന്മതിന്മകള്‍ രേഖപ്പെടുത്തുന്നവരും മരണസമയത്ത് ആത്മാക്കളെ ഏറ്റുവാങ്ങുന്നവരും ഇതില്‍ നിന്നൊഴിവാണ്. അവര്‍ എല്ലാം സഹിച്ചു കൊണ്ട് സദാ, അവരുടെ ചുമതലകള്‍ നിര്‍വ്വഹിക്കും (ഹയാത്തുല്‍ ഹയവാന്‍ 2/415).
അനുമതിയുള്ള നായയെ വളര്‍ത്തുന്നത് ഉപര്യുക്ത മലക്കുകളുടെ ആഗമം തടയുന്നതിന് കാരണമാകുമോ? കാവലിനോ ശിക്കാറിനോ ഉപയോഗിക്കുന്ന നായ്ക്കളെ വളര്‍ത്തുന്നത് അനുവദനീയമായതു കൊണ്ട് അത് അനുഗ്രഹവാഹകരായ മലക്കുകളുടെ ആഗമത്തിന് തടസ്സം സൃഷ്ടിക്കുകയില്ലെന്ന് അല്ലാമാ ഖത്ത്വാബീ, ശൈഖ് ഖാളി ഇയാള് എന്നിവര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആ അഭിപ്രായം തെളിവിന്റെ വെളിച്ചത്തില്‍ ദുര്‍ബലമാണെന്ന് ഇമാം നവവി(റ) സമര്‍ത്ഥിച്ചിട്ടുണ്ട്.
ഇമാം നവവി(റ)യുടെ പ്രസ്താവന കാണുക: ആ വിലക്ക് എല്ലാ നായകള്‍ക്കും ബാധകമാണെന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം. ഹദീസുകളുടെ നിരുപാധികമായ പ്രസ്താവനകളില്‍ നിന്ന് മലക്കുകള്‍ എല്ലാ നായ്ക്കളില്‍ നിന്നും അകന്നു നില്‍ക്കുമെന്ന് മനസ്സിലാക്കാം. മാത്രമല്ല, ഒരിക്കല്‍ മഹാനായ ജിബ്‌രീല്‍(അ) വാഗ്ദത്ത സമയത്ത് വന്നില്ല. നബി(സ)യുടെ വീട്ടില്‍ ആരുമറിയാതെ ഒരു നായ്ക്കുഞ്ഞ് കയറി കട്ടിലിനു ചുവടെ ഒളിച്ചിരിക്കുകയുണ്ടായി. അതിനെ പുറത്താക്കി സ്ഥലം വൃത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ജിബ്‌രീല്‍(അ) ആഗതനായി. തിരുമേനി(സ) ജിബ്‌രീലി(അ)നോട് വൈകിയതിന് കാരണം അന്വേഷിച്ചു. ”നായയുള്ള വീട്ടില്‍ മലക്കുകള്‍ കടക്കുകയില്ല” എന്നായിരുന്നു ജിബ്‌രീലി(അ)ന്റെ മറുപടി. ഇവിടെ നായയുടെ സാന്നിധ്യം തിരുമേനി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പൂര്‍ണ്ണമായും ഇക്കാര്യത്തില്‍ തിരുമേനി(സ) നിരപരാധിയായിരുന്നു. എന്നിട്ടും ജിബ്‌രീല്‍(അ) വന്നില്ല. നായയുടെ സാന്നിധ്യമായിരുന്നു കാരണം. അപ്പോള്‍ അനുമതിയുള്ള നായയാണെങ്കിലും അതിനെ വളര്‍ത്തുന്ന വീട്ടില്‍ അനുഗ്രഹം, ആശീര്‍വാദം, പ്രാര്‍ത്ഥന എന്നിവയുമായി സമാഗതരാകുന്ന മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് മനസ്സിലാക്കാം (ഹയാത്തുല്‍ ഹയവാന്‍ 2/416).
ചുരുക്കത്തില്‍ കൃഷി, മൃഗം, തോട്ടം, വീട്, തെരുവ്, ഷോപ്പ് എന്നിവയുടെ സംരക്ഷണാര്‍ത്ഥം വേട്ടയാവശ്യത്തിനും അതുപോലുള്ള ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും നായയെ ഉപയോഗിക്കാം. യജമാനക്കൂറ് നായയുടെ സവിശേഷ പ്രകൃതിയാണ്. ആട്ടിന്‍പറ്റത്തിനു കാവല്‍ നിന്ന ഒരു നായ, തന്റെ യജമാനന്റെ ആടിനെ അപഹരിക്കാന്‍ വന്ന വ്യക്തിയെ ചാടിപ്പിടിച്ചു കൊന്ന സംഭവമാണ് അഞ്ചാം നമ്പര്‍ ഹദീസില്‍ നാം വായിച്ചത്. ഇത്യാദി ആവശ്യങ്ങള്‍ക്കു നായയെ വളര്‍ത്താമെങ്കിലും നജസ് എന്ന നിലയിലും മലക്കുകള്‍ വെറുക്കുന്ന ജീവി എന്ന നിലക്കും വീടുകളില്‍ നിന്നും വീട്ടുകാരില്‍ നിന്നും നായയെ അകറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉത്തമം. വീടു കാവലിനു നായയെ ഉപയോഗിക്കല്‍ അനുവദനീയമാണെങ്കിലും അതുകൊണ്ട് ചില ഗുണങ്ങള്‍ ലഭിക്കുമെങ്കിലും, അതു നിരവധി ദോഷങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഇടവരുത്തും. ഇഷ്ടമുള്ള സമയത്ത് ഇഷ്ടജനങ്ങള്‍ക്ക് വീട് സന്ദര്‍ശിക്കുന്നതിനും, ആവശ്യക്കാരും, യാചകരും, അതിഥികളും നിര്‍ഭയം വീട്ടിലേക്കു കടന്നു വരുന്നതിനും അതു പലപ്പോഴും തടസ്സം സൃഷ്ടിക്കും. സര്‍വ്വോപരി മലക്കുകളുടെ സാന്നിദ്ധ്യം നഷ്ടപ്പെടുത്തും. അതുകൊണ്ട് വീടു കാവലിനു മറ്റു മാര്‍ഗ്ഗങ്ങളുപയോഗിക്കുന്നതാണ് ഉത്തമം.
നായയെ വളര്‍ത്തുന്നവനു പല ബാധ്യതകളുമുണ്ട്. ഇമാം ഗസ്സാലി(റ) ഇഹ്‌യാ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഒരാളുടെ വീട്ടില്‍ ഒരു കടിക്കുന്ന നായയുണ്ടെങ്കില്‍, ജനോപദ്രവത്തിനിടവരാതെ അതിനെ സൂക്ഷിക്കല്‍ അവന്റെ ബാധ്യതയാണ്. ഇടുങ്ങിയ വഴിയില്‍ വഴിതടസ്സമുണ്ടാക്കാന്‍ പോലും ഇടവരുത്തരുത്. വീട്ടിലേക്ക് അവന്‍ ക്ഷണിച്ച അതിഥി, കടിക്കുന്ന നായയുടെ സാന്നിധ്യമറിയാതെ കടന്നുവരുകയും നായകടിക്കുകയും ചെയ്താല്‍ നഷ്ടപരിഹാരത്തിന് അവന്‍ – ഉടമസ്ഥന്‍ – ബാധ്യസ്ഥനാണ്. രാത്രിയോ പകലോ അതു ഒരു മനുഷ്യനെ കടിച്ചു കൊന്നാല്‍, ഉടമസ്ഥന്റെ വീഴ്ച കൊണ്ടാണ് അതു സംഭവിച്ചതെങ്കില്‍, അവന്‍ ആ കൊലയ്ക്കു ഉത്തരവാദിയാണ് (ഇഹ്‌യാ: ഇമാം ഗസ്സാലി).
ഏതെങ്കിലും തെരുവുനായ കടിച്ചാല്‍ കാണുന്ന നായ്ക്കളെയെല്ലാം കൊല്ലുകയെന്നത് ഒരു നിലക്കും ന്യയീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ അക്രമകാരികളാണെന്നു ബോധ്യപ്പെട്ടവയെ വീണ്ടും സ്വതന്ത്രമായി അഴിഞ്ഞാടാന്‍ വിടണമെന്നു പറയുന്നത് മനുഷ്യജീവന്റെ വില കുറയ്ക്കുന്ന കാര്യമാണ്. കൊല്ലരുതെന്നു മൃഗസംരക്ഷണ ബോര്‍ഡിന്റെ വിലക്കും സുപ്രീം കോടതിയുടെ ഉത്തരവുമുണ്ടാകുമ്പോള്‍ പിന്നെ നായശല്യം നേരിടാന്‍ എന്താണ് മാര്‍ഗ്ഗം? വന്ധ്യകരണം നടത്തി വീണ്ടും തെരുവില്‍ വിട്ടാല്‍ പ്രശ്‌നം അവസാനിക്കുകയില്ല. അതുകൊണ്ട് എല്ലാ ജില്ലകളിലും വിശാലമായ ഡോഗ്പാര്‍ക്കുകള്‍ ഏര്‍പ്പെടുത്തണം. ആവശ്യക്കാര്‍ക്ക്, രജിസ്‌ട്രേഷന്‍ നടത്തി ലൈസന്‍സു നല്‍കി ആവശ്യമുള്ളവയെ നിയമാനുസൃതം സംരക്ഷിക്കുന്നതിനായി വളര്‍ത്തു നായ്ക്കളായി നല്‍കി, ശിഷ്ടമുള്ള എല്ലാ തെരുവു നായ്ക്കളെയും ഈ സങ്കേതങ്ങളില്‍ പാര്‍പ്പിക്കണം.
നായ്ക്കള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പാര്‍ക്കുകളില്‍ വേണം. അവയുടെ എണ്ണത്തിനും സൈ്വരവിഹാരത്തിനും ആവശ്യമായ വിസ്തൃതിയുമുണ്ടായിരിക്കണം. അവയ്ക്കു, പുറത്തു കടക്കാന്‍ സാധിക്കാത്ത വിധം ഭദ്രമായ മതില്‍കെട്ടുകളോ ഇരുമ്പു വേലികളോ പാര്‍ക്കിനെ വലയം ചെയ്യണം. ഇതിന്റെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണം. കല്യാണവീടുകള്‍, ഹോട്ടലുകള്‍, അറവുശാലകള്‍ മുതലായ സ്ഥലങ്ങളിലെ ഫുഡ് വെയ്സ്റ്റുകള്‍ ഇവിടെയെത്തിക്കാനും തികയാതെ വരുന്ന ആഹാര സാധനങ്ങള്‍ എത്തിക്കുവാനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. രോഗപ്രതിരോധ കുത്തിവെയ്പ്പുകളും വര്‍ഗ വര്‍ദ്ധനവു നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം നടത്തുവാനും സംവിധാനങ്ങളൊരുക്കണം. മൃഗക്ഷേമ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ സംസ്ഥാന ഗവണ്‍മെന്റിനു ഇക്കാര്യം എളുപ്പം നടപ്പാക്കാവുന്നതാണ്. എന്നാല്‍ നായ്ക്കള്‍ക്കും ജനങ്ങള്‍ക്കും സ്വാസ്ഥ്യം കൈവരും, പ്രശ്‌നം അതോടെ പരിഹൃതമാവുകയും ചെയ്യും.

കടപ്പാട്: രിസാല , എഴുതിയത് : കോടമ്പുഴ ബാവ മുസ്‌ലിയാർ  

No comments:

Post a Comment