Tuesday 15 November 2016

പള്ളിയും , ഭൗതിക സംസാരങ്ങളും




മസ്ജിദ് എന്ന വാക്കിന്റെ അര്‍ഥം സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണ്. പള്ളിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നമസ്‌കാരം എന്ന ആരാധനയാണ്. ഇസ്‌ലാം നിശ്ചയിച്ച അടിസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണത്. ഏറ്റവും സാന്ദ്രതയുള്ള അനുഷ്ഠാനം. 'തക്ബീറത്തുല്‍ ഇഹ്‌റാമി'ലൂടെ നമസ്‌കാരത്തില്‍ പ്രവേശിക്കുന്നത് മുതല്‍ 'അസ്സലാമുഅലൈക്കും' എന്ന് പറഞ്ഞ് വിരമിക്കുന്നത് വരെയുള്ള സമയത്ത്, മനസ്സും ശരീരവും ആത്മാവും ബുദ്ധിയും എല്ലാം ഒരേ കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നില്‍ക്കുന്ന, എല്ലാ പ്രവൃത്തികളും എല്ലാ വാക്കുകളും ഒരേ കേന്ദ്രബിന്ദുവില്‍ ആയിത്തീരുന്ന ഗാഢമായ ഒരു ആരാധനയാണ് നമസ്‌കാരം. ആ നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലമാണ് പള്ളി. പക്ഷേ പള്ളിക്ക് പേരിട്ടപ്പോള്‍ 'നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലം' എന്ന് പറയുന്നതിന് പകരം, നമസ്‌കാരത്തിലെ അങ്ങേയറ്റത്തെ ഒരു മുഹൂര്‍ത്തത്തെ കുറിക്കുന്ന സുജൂദ് എന്ന പദവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്.


💥 അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) നിര്‍ദ്ദേശിച്ചു: കൈമോശം വന്ന സാധനം പള്ളിയില്‍ വിളിച്ചന്വേഷിക്കുന്നവനെ ആരെങ്കിലും കേള്‍ക്കാനിടയായാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു കൊള്ളട്ടെ. ”അല്ലാഹു അത് നിനക്ക് തിരിച്ചു നല്‍കാതിരിക്കട്ടെ”. എന്തു കൊണ്ടെന്നാല്‍ തീര്‍ച്ചയായും പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടവയല്ല (മുസ്‌ലിം 568).

💥 അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രസ്താവിച്ചു. പള്ളിയില്‍ ക്രയമോ വിക്രയമോ നടത്തുന്നവനെ നിങ്ങള്‍ കണ്ടാല്‍ ”നിന്റെ കച്ചവടം അല്ലാഹു ലാഭകരമാക്കാതിരിക്കട്ടെ” എന്നു പറഞ്ഞു കൊള്ളുക. കൈമോശം വന്ന സാധനം പള്ളിയില്‍ വിളിച്ചന്വേഷിക്കുന്നവനെ നിങ്ങള്‍ കണ്ടാല്‍ ”അതു നിനക്ക് അല്ലാഹു തിരിച്ചു നല്‍കാതിരിക്കട്ടെ” എന്നു പറഞ്ഞു കൊള്ളുക (തുര്‍മുദി 1321).

💥 അബൂ ഹുറൈറ(റ) പ്രസ്താവിച്ചു. റസൂലുല്ലാഹി(സ) പറയുന്നതായി ഞാന്‍ കേട്ടു: ”ഒരു സത്കാര്യം പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതിനു വേണ്ടി മാത്രമായി എന്റെ ഈ പള്ളിയില്‍ വല്ല വ്യക്തിയും വന്നാല്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആയോധനം നടത്തുന്ന ജവാന്റെ സ്ഥാനത്താകുന്നു. വല്ല വ്യക്തിയും അക്കാര്യത്തിനു വേണ്ടിയല്ലാതെ വന്നാല്‍ അപരന്റെ ചരക്ക് നോക്കി നില്‍ക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്താണവന്‍ (ഇബ്‌നു മാജ, ശുഅബുല്‍ ബൈഹഖി: മിശ്കാത്ത് 742).

💥 അംറുബ്‌നു ശുഐബ് തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം ചെയ്യുന്നു. പള്ളിയില്‍ പരസ്പരം കവിതാലാപന മത്സരം നടത്തുന്നതും അവിടെ ക്രയവിക്രയം നടത്തുന്നതും വെള്ളിയാഴ്ച ദിവസം നിസ്‌കാരത്തിനു മുമ്പ് പള്ളിയില്‍ വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും റസൂലുല്ലാഹി(സ) നിരോധിച്ചിട്ടുണ്ട് (അബൂ ദാവൂദ് 1079, തുര്‍മുദി 322).

💥 ഉമര്‍(റ) ഒരു തയ്യല്‍ക്കാരനെ, പള്ളിയില്‍ (തയ്യല്‍ വേല ചെയ്യുന്നതായി) കണ്ടു. ഉടനെ അദ്ദേഹം അയാളെ പുറത്താക്കാന്‍ കല്‍പന നല്‍കി. അപ്പോള്‍ ചിലരിപ്രകാരം പറഞ്ഞു: ”ഓ, അമീറുല്‍ മുഅ്മിനീന്‍! ഇദ്ദേഹം പള്ളി തൂത്തു വൃത്തിയാക്കുകയും, വാതിലടക്കുകയും ചെയ്യുന്ന സേവകനാണ്”. ഉമര്‍(റ) തദവസരം പ്രതിവചിച്ചു: റസൂലുല്ലാഹി(സ) ഇപ്രകാരം പറയുന്നതായി, തീര്‍ച്ചയായും, ഞാന്‍ കേട്ടിട്ടിണ്ട്: ”നിങ്ങളിലെ തൊഴിലാളികളെ പള്ളികളില്‍ നിന്നകറ്റുക (അവരെ പള്ളിയില്‍ തൊഴിലെടുക്കാനനുവദിക്കരുത്). (മുസ്‌നദുല്‍ ഫിര്‍ദൗസ്: ദൈലമി 2567).

✅ നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ് തുടങ്ങിയ ആരാധനകള്‍ക്കുള്ളതാണ് പള്ളികള്‍. അനാശാസ്യമോ അനാവശ്യമോ ആയ പ്രവര്‍ത്തനങ്ങള്‍ അവിടെ പാടില്ല. കുളി നിര്‍ബന്ധമായ വലിയ അശുദ്ധിക്കാരന്‍, അവിടെ ഒരു നിമിഷം പോലും നില്‍ക്കാന്‍ പാടില്ല. പള്ളിയുടെ പവിത്രതക്കു നിരക്കാത്ത ഭൗതിക കാര്യങ്ങളൊന്നും പള്ളിയില്‍ നടത്താവതല്ല. കൈമോശം വന്ന സാധനം വിളിച്ചു ചോദിക്കുകയെന്നത് ആയിനത്തില്‍ പെട്ടതാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ കേട്ട വിശ്വാസി, ‘അത് അല്ലാഹു നിനക്കു തിരിച്ചു നല്‍കാതിരിക്കട്ടെ’ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് തന്റെ പ്രതിഷേധമറിയിക്കണം. പള്ളിയില്‍ നിന്നു കൈമോശം വന്ന സാധനമാണെങ്കില്‍ പള്ളിയില്‍ വിളിച്ചു ചോദിക്കാമോ? പാടില്ല, പള്ളിയില്‍ നിന്നു നഷ്ടപ്പെട്ട സാധനമാണെങ്കിലും പള്ളിയില്‍ വിളിച്ചു ചോദിക്കാവതല്ല, പള്ളിയുടെ പവിത്രമായ ലക്ഷ്യത്തിനു നിരക്കാത്തതാണ് ആ പ്രവര്‍ത്തനം (ഫതാവല്‍ കുബ്‌റാ: ഇബ്‌നു ഹജര്‍ 1/175).

✅ പള്ളിയില്‍ നജസു പ്രവേശിപ്പിക്കാന്‍ പാടില്ല. ദേഹത്തില്‍ നജസുള്ളവന്‍, പള്ളിയില്‍ നജസു പകരാനിടവരുമെന്നു കണ്ടാല്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ല. പകരുകയില്ലെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍ പ്രവേശിക്കാം. ചികിത്സാര്‍ത്ഥം, പള്ളിയില്‍ നിന്ന് ശരീരത്തിലെ രക്തമെടുക്കാമോ? ഒരു പാത്രത്തിലേക്കാണെങ്കില്‍ അതു കറാഹത്തും അല്ലെങ്കില്‍ ഹറാമുമാണ്. എന്നാല്‍ മൂത്രത്തിന്റെ വിധി ഇതില്‍ നിന്നു വ്യത്യസ്തമാണ്. മൂത്രിക്കുന്നത് പാത്രത്തിലേക്കാണെങ്കിലും മൂത്രവിസര്‍ജ്ജനം പള്ളിയില്‍ നിഷിദ്ധമാണ് (ശര്‍ഹു മുസ്‌ലിം: ഇമാം നവവി 2/195).

❓നജസുള്ള വസ്ത്രത്തോടെ പള്ളിയില്‍ പ്രവേശിക്കാമോ? 

ശരീരത്തിലോ വസ്ത്രത്തിലോ നജസുള്ളവന്‍ അനിവാര്യാവശ്യത്തിനല്ലാതെ പള്ളിയില്‍ താമസിക്കല്‍ ഹറാമാണ്. നജസുള്ള ചെരിപ്പ്, പുറത്തുവെച്ചാല്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടാവുകയും അകത്തു കടത്തിയാല്‍ പള്ളിയില്‍ നജസു ബാധിക്കുകയില്ലെന്ന് ഉത്തമ ബോധ്യമുണ്ടാവുകയും ചെയ്താല്‍, പള്ളിയില്‍ പ്രവേശിപ്പിക്കാം. ഈ രണ്ടു ഉപാധികളിലൊന്നു നഷ്ടപ്പെട്ടാല്‍ അതു ഹറാമാകും (ബിഗ്‌യ പേജ്: 65).

അല്ലാമാ ഇബ്‌നു ഹജര്‍ പറയുന്നു: നജസുള്ള വസ്ത്രം ധരിക്കല്‍ (നിസ്‌കാരത്തിലും ത്വവാഫിലുമല്ലെങ്കില്‍) അനുവദനീയമാണ്. അതോടൊപ്പം തന്നെ, ആ വസ്ത്രം ധരിച്ചു കൊണ്ട്, അത്യാവശ്യമില്ലാതെ പള്ളിയില്‍ താമസിക്കല്‍ ഹറാമാണ്. കാരണം പള്ളി സംശുദ്ധമായി സൂക്ഷിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ 3/31).

❓വുളൂഇല്ലാതെ ചെറിയ അശുദ്ധിക്കാരനു പള്ളിയില്‍ ഇരിക്കാമോ?

ഇരിക്കാം വിരോധമില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ ഏകോപിച്ചിട്ടുണ്ട്. ഇത് ഇഅ്തികാഫ്, മതഗ്രന്ഥ പാരായണം, ഉപദേശ ശ്രവണം, നിസ്‌കാരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയ ആരാധനകള്‍ക്കു വേണ്ടിയാണെങ്കില്‍ സുന്നത്തും അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നുമില്ലെങ്കില്‍ അനുവദനീയവുമാണ്. നമ്മുടെ ചില പണ്ഡിതന്മാര്‍ ചെറിയ അശുദ്ധിക്കാരന്റെ പള്ളിയിലെ ഇരുത്തം കറാഹത്താണെന്നു പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായം ദുര്‍ബലമാണ് (ശര്‍ഹു മുസ്‌ലിം: ഇമാം നവവി 2/194).

💥 പള്ളിയില്‍ ഒരു സാധനവും വില്‍ക്കാനോ വാങ്ങാനോ പാടില്ല. ആരെങ്കിലും നിയമ ലംഘനം നടത്തിയാല്‍ ”നിന്റെ കച്ചവടം അല്ലാഹു ലാഭകരമാക്കാതിരിക്കട്ടെ” എന്നു പ്രാര്‍ത്ഥിച്ചു പ്രതിഷേധമറിയിക്കണം. പള്ളിയില്‍ വില്‍പ്പന നടത്തുന്നവന്‍ തന്റെ അരികിലൂടെ നടന്നു പോയപ്പോള്‍ മഹാനായ അത്വാഅ് ബ്‌നു യസാര്‍ അയാളോട് പറഞ്ഞു. താങ്കള്‍ ഭൗതിക വിപണിയിലേക്ക് പോവുക. തീര്‍ച്ചയായും ഇത് പാരത്രിക വിപണിയാണ് (മര്‍ഖാത്തുല്‍ മഫാത്തീഹ് 2/409). 

❓പള്ളിയില്‍ പള്ളി കൊള്ളാമോ? (ഉറങ്ങാമോ)

കൊള്ളാം, അതിനു വിരോധമില്ലെന്നാണ് പ്രബലാഭിപ്രായം. ഇമാം നവവി പറയുന്നു: പള്ളിയില്‍ ഉറങ്ങല്‍ അനുവദനീയമാണെന്നതാണ് ശാഫിഈ പണ്ഡിതന്മാരുടെ പക്ഷം. ഇമാം ശാഫിഈ(റ) ഇക്കാര്യം തന്റെ ഉമ്മ് എന്ന ഗ്രന്ഥത്തില്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.

എതിരഭിപ്രായക്കാരുമുണ്ട്. പള്ളി കിടപ്പറയാക്കരുതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. പള്ളിയുറക്കം കറാഹത്താണെന്നാണ് ഇമാം ഔസാഇയുടെ അഭിപ്രായം. വിദേശികള്‍ക്കു മാത്രം അനുവദനീയമെന്ന് ഇമാം മാലിക്കും യാത്രക്കാരെ പോലെയുള്ളവര്‍ക്ക് മാത്രം വിരോധമില്ലെന്ന് ഇമാം അഹ്മദും പറയുന്നു. അലിയ്യുബ്‌നു അബീ ത്വാലിബ്, ഇബ്‌നു ഉമര്‍, അഹ്‌ലുസ്സുഫത്ത് മുതലായ നിരവധി പേര്‍ പള്ളിയിലുറങ്ങിയ സംഭവങ്ങളാണ് അനുവദനീയമാണെന്ന പ്രബലാഭിപ്രായത്തിനു തെളിവ് (ശര്‍ഹു മുസ്‌ലിം 2/195).

✅ അല്ലാമാ ഇബ്‌നു സിയാദ് പറയുന്നു: പള്ളിയില്‍ ഉറക്കം അനുവദനീയമാണ്, അതില്‍ കറാഹത്തൊന്നുമില്ല. പക്ഷേ, ഒരുപാധിയുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന വിധം സ്ഥലം മുടക്കാതിരിക്കണം, ഇതാണ് ഉപാധി. ഇഅ്തികാഫ് ഇരിക്കുന്നവരും അല്ലാത്തവരും ഇക്കാര്യത്തില്‍ തുല്യരാണ്. വിരിപ്പു വിരിച്ചു കിടന്നുറങ്ങിയാലും പ്രസ്തുത ഉപാധിയോടെ അനുവദനീയമാണ്, കറാഹത്തില്ല. (ഗായതു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 14).

❓പള്ളിയില്‍ തയ്യല്‍, ടേപ്പ്‌റേറ്റിംഗ്, ബൈന്റിംഗ് മുതലായ ജോലികള്‍ ചെയ്യാമോ?

ഇമാം നവവി ഖാളി ഇയാളിനെ ഉദ്ധരിച്ചു കൊണ്ട് പറയുന്നു: നമ്മുടെ ഗുരുവര്യന്മാരില്‍ ചിലര്‍, വ്യക്തികള്‍ക്കു മാത്രം ഗുണം കിട്ടുന്ന തൊഴിലുകള്‍ മാത്രമാണ് പള്ളിയില്‍ വിലക്കപ്പെടേണ്ടതെന്നും, അങ്ങനെ പള്ളി ഒരു വിപണിയാക്കാന്‍ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് പൊതുവായിട്ട്, മതകാര്യത്തില്‍ ഗുണം കിട്ടുന്ന തൊഴിലുകള്‍ പള്ളിക്കു നിന്ദനം വരാത്തവയെങ്കില്‍, വിരോധമില്ല (ശര്‍ഹു മുസ്‌ലിം: ഇമാം നവവി 3/611).

👆 ഹസ്രത്ത് ഉമര്‍(റ) പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ ആജ്ഞാപിച്ച തയ്യല്‍ക്കാരന്റെ ജോലി വ്യക്തിപരമായ ധനസമ്പാദനത്തിനുള്ള തൊഴില്‍ മാത്രമായിരുന്നു. സ്വന്തം താല്‍പര്യത്തിന് അദ്ദേഹം പള്ളി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും പള്ളി തൂത്തു വാരിയും വാതിലടച്ചും, പള്ളിക്കു ചില സേവനങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ‘നിങ്ങളുടെ തൊഴിലാളികളെ പള്ളിയില്‍ നിന്നകറ്റുക’ എന്ന പ്രവാചക പ്രസ്താവന ഉണ്ടായിരിക്കെ അയാള്‍ക്ക് പ്രത്യേക പരിഗണന നല്‍കാവതല്ലെന്ന് ഉമര്‍(റ) അവരെ ബോധ്യപ്പെടുത്തുകയായിരുന്നു (നമ്പര്‍ 5).

❓പള്ളിയില്‍ ആഹാര പാനീയങ്ങള്‍ കഴിക്കുന്നതിന് വിരോധമുണ്ടോ?

മറ്റുള്ളവര്‍ക്ക് അതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കുകയും ആഹാര പാനീയങ്ങള്‍ക്ക് വെളുത്തുള്ളിക്കുള്ളതു പോലെ ദുര്‍ഗന്ധമില്ലാതിരിക്കുകയും ചെയ്താല്‍ അതിനു യാതൊരു ദോഷവുമില്ല, അനുവദനീയമാണ്. മറ്റുള്ളവര്‍ക്ക് വല്ല ഉപദ്രവവും ഉണ്ടാവുകയോ ആഹാര പാനീയങ്ങള്‍ക്ക് ദുര്‍ഗന്ധം ഉണ്ടാവുകയോ ചെയ്താല്‍ പള്ളിയില്‍ ഭോജന പാനങ്ങള്‍ കറാഹത്താകും. ആഹാര പാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വല്ലതും വിരിക്കുകയും പള്ളി വൃത്തികേടാകുന്നത് സൂക്ഷിക്കുകയും ചെയ്യേണ്ടതാണ് (ഗായത്തു തല്‍ഖീസില്‍ മുറാദ് പേജ്: 14).

❓കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കാമോ?

ഇമാം നവവി രേഖപ്പെടുത്തുന്നത് കാണുക. നമ്മുടെ പണ്ഡിതന്മാരില്‍ ഒരു സംഘം ഇപ്രകാരം പറഞ്ഞിട്ടുണ്ട്. മൃഗങ്ങള്‍, ഭ്രാന്തന്മാര്‍, വിവേചനാശക്തി വന്നിട്ടില്ലാത്ത കൊച്ചു കുട്ടികള്‍ എന്നിവരെ സുപ്രധാനമായ ആവശ്യത്തിനു വേണ്ടിയല്ലാതെ പള്ളിയില്‍ പ്രവേശിപ്പിക്കല്‍ അനഭികാമ്യമാണ്, കറാഹത്താണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ പള്ളി മലിനപ്പെടുത്താന്‍ സാധ്യതയുണ്ട്. അതു ഹറാമാണെന്ന് പറഞ്ഞുകൂടാ. കാരണം, നബി(സ) ഒട്ടകപ്പുറത്ത് ത്വവാഫ് നിര്‍വ്വഹിച്ചിട്ടുണ്ട്. (ഒട്ടകത്തെപ്പോലെത്തന്നെ ഭ്രാന്തന്മാര്‍ക്കും കുട്ടികള്‍ക്കും വിവേചനാശക്തിയില്ലാത്തതു കൊണ്ട് അതേ വിധി തന്നെയാണ് ഇവര്‍ക്കുമുള്ളത്). തിരുമേനിയുടെ ഈ പ്രവര്‍ത്തനം അനഭികാമ്യതയെ നിരാകരിക്കുന്നില്ല. കാരണം അവിടുന്ന് അപ്രകാരം ചെയ്തത് അതു ഹറാമില്ലെന്നു വ്യക്തമാക്കുവാന്‍ വേണ്ടിയോ മറ്റുള്ളവര്‍ തിരുമേനിയെ അനുകരിച്ചു പ്രവര്‍ത്തിക്കുന്നതിനു വേണ്ടി അവര്‍ കാണത്തക്കവിധം പ്രത്യക്ഷപ്പെടാനോ ആയിരിക്കാം (ശര്‍ഹു മുസ്‌ലിം 2/195).

✅ അല്ലാമാ ഇബ്‌നുസിയാദ് പറയുന്നു: ഇമാം ഖഫ്ഫാല്‍ ഫത്‌വാ നല്‍കിയതു പോലെ കുട്ടികളെ പള്ളിയില്‍ ഖുര്‍ആന്‍ പഠനം നടത്തുന്നതില്‍ നിന്ന് വിലക്കുന്നതാണ് ഏറ്റവും സൂക്ഷ്മമായ നടപടി. എന്തുകൊണ്ടെന്നാല്‍ അതില്‍ പള്ളിക്കു നിന്ദനവും സുരക്ഷാരാഹിത്യവും ഉണ്ടായിത്തീരുന്നതാണ്. അക്കാര്യം ദൃശ്യമായ യാഥാര്‍ത്ഥ്യമാണല്ലോ. കുട്ടിയെ പള്ളിയില്‍ പ്രവേശിപ്പിക്കല്‍ അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യം അധ്യാപനം അല്ലാത്ത കാരണത്തിനു വേണ്ടി എന്നാണ്. എന്തുകൊണ്ടെന്നാല്‍ അധ്യാപനം കൊണ്ടുണ്ടാകുന്ന ദോഷം വളരെ കൂടുതലാണ്. (ഗായത്തു തല്‍ഖീസില്‍ മുറാദ് പേജ്: 14).

💥 പള്ളിയില്‍ വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കുന്നത് സുന്നത്താണ്. പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നവന് ഏറ്റവും ഉത്തമമായ കര്‍മ്മം മതവിദ്യ പഠിപ്പിക്കുക, അതു പാരായണം ചെയ്യുക, അതു എഴുതുക എന്നിവയാണ്. അതിനു അനിവാര്യമായും പള്ളിയില്‍ ഗ്രന്ഥങ്ങള്‍ വെക്കേണ്ടി വരും. അപ്പോള്‍ മതാധ്യാപകന്‍ തന്റെ ഗ്രന്ഥങ്ങളെ നിസ്‌കരിക്കുന്നവര്‍ക്ക് സ്ഥലപരിമിതി സൃഷ്ടിക്കാത്തവിധം പള്ളിയില്‍ വെക്കുന്നത് അനുവദനീയമാണ്. കാരണം ഗ്രന്ഥങ്ങള്‍ വെക്കല്‍ സുന്നത്തായ അധ്യാപനത്തിന്റെ മാധ്യമമാണ്. മാധ്യമങ്ങള്‍ക്ക് ലക്ഷ്യങ്ങളുടെ വിധിയാണുള്ളത് (ഗായതു തല്‍ഖീസില്‍ മുറാദ് 14).

✅ പള്ളികളില്‍ വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കുക എന്നത് പൂര്‍വ്വകാലം തൊട്ടേ സമുദായത്തിന് സുപരിചിതമായ കാര്യമാണ്. ഒരിക്കല്‍ മഹാനായ സ്വഹാബി അബൂഹുറൈറ(റ) മദീനാ മാര്‍ക്കറ്റിലൂടെ നടന്നപ്പോള്‍ ജനങ്ങളെ ഭൗതിക വ്യാപാരങ്ങളില്‍ വ്യാപൃതരായിക്കണ്ടു. അവരെ ഒന്നു തട്ടിയുണര്‍ത്തുവാന്‍ അദ്ദേഹം പറഞ്ഞു. വിപണി വാസികളെ, നബി(സ)യുടെ അനന്തരസ്വത്ത് പള്ളിയില്‍ വീതിച്ചു കൊണ്ടിരിക്കെ നിങ്ങളെന്താ ഇവിടെ ഇരിക്കുന്നു?! ഇതു കേട്ടയുടനെ അവരെഴുന്നേറ്റു ക്രയവിക്രയം നിര്‍ത്തി പള്ളിയിലേക്കു പോയി. അവിടെ ഒരു വിഭാഗം നിസ്‌കരിക്കുന്നതായും മറ്റൊരു വിഭാഗം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതായും വേറെ ഒരു വിഭാഗം ഹലാലും ഹറാമും ചര്‍ച്ച ചെയ്യുന്നതായും അവര്‍ കണ്ടു. അവരെ വിട്ടു അങ്ങാടിക്കാര്‍ അബൂഹുറൈറയുടെ അടുത്തു വന്നു ചോദിച്ചു. എവിടെയാണ് നബി(സ)യുടെ അനന്തരസ്വത്ത്? അപ്പോള്‍ നിങ്ങളെന്താണ് പള്ളിയില്‍ കണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ”ഞങ്ങള്‍ ഇന്നിന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും കണ്ടില്ല” അവര്‍ മറുപടി കൊടുത്തു. അപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു. നിങ്ങള്‍ കണ്ടിട്ടുള്ളതു തന്നെയാണ് നബി(സ)യുടെ അനന്തരസ്വത്ത്. എന്തുകൊണ്ടെന്നാല്‍ പ്രവാചകന്മാര്‍ ദീനാറോ ദിര്‍ഹമോ അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. തീര്‍ച്ചയായും അവര്‍ അനന്തരമായി ഉപേക്ഷിച്ചിട്ടുള്ളത് മതവിജ്ഞാനം മാത്രമാണ്. അതു വല്ലവനും കൈപറ്റിയാല്‍ സമ്പൂര്‍ണ്ണമായ വിഹിതം അവന്‍ കൈപറ്റിക്കഴിഞ്ഞു. (കിഫായത്തുല്‍ അത്ഖിയാ – ശര്‍ഹു ഹിദായത്തില്‍ അദ്കിയാ പേജ് 90).

📋 👆 എന്നാല്‍ വെള്ളിയാഴ്ച ദിവസം ജുമുഅ നിസ്‌കാരത്തിനു മുമ്പ് പള്ളിയില്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിക്കുന്നത് അഭികാമ്യമല്ല, അതു കറാഹത്താണ്. പ്രസ്തുത കാര്യമാണ് നാലാം നമ്പര്‍ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബഗ്‌വി പറയുന്നതായി കാണുക. ഈ ഹദീസില്‍ വെള്ളിയാഴ്ച ദിവസം ജുമുഅ നിസ്‌കാരത്തിനു മുമ്പ് വൈജ്ഞാനക ചര്‍ച്ചക്കു വേണ്ടി സദസ്സ് സംഘടിപ്പിക്കുന്നത് കറാഹത്താണെന്നും പ്രത്യുത പള്ളിയില്‍ ഹജറായവന്‍ ദിക്ര്‍ സ്വലാത്ത് ഖുതുബാശ്രവണം എന്നിവയില്‍ വ്യാപൃതനാവുകയാണ് വേണ്ടത് എന്നുമുള്ള അറിയിപ്പുണ്ട്. നിസ്‌കാരത്തിനു ശേഷം അതിനു യാതൊരു ദോഷവുമില്ല (ശര്‍ഹുസ്സുന്ന: ഇമാം ബഗ്‌വി 2/146).

എന്നാല്‍ വെളളിയാഴ്ച രാവിലെ ഉപദേശമോ അധ്യാപനമോ നടത്തുന്നതിനു വിരോധമില്ല. അങ്ങനെ ഉപദേശം കേള്‍ക്കുവാനോ ക്ലാസില്‍ പങ്കെടുക്കുവാനോ കാലത്തു തന്നെ പള്ളിയില്‍ വരുന്നുവെങ്കില്‍ രണ്ടു മഹത്വം ഒന്നിച്ചു നേടുവാന്‍ കഴിയും. ഒന്ന്: ജുമുഅക്ക് കാലത്ത് തന്നെ വരുക എന്നതും. രണ്ട്: വിദ്യാ ശ്രവണവും.


✅ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക. ജുമുഅക്കു മുമ്പ് സദസ്സുകളില്‍ പങ്കെടുക്കാവതല്ല. അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്. ”നബി(സ) വെള്ളിയാഴ്ച ദിവസം നിസ്‌ക്കാരത്തിനു മുമ്പ് വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്”. എന്നാല്‍ ഒരു പണ്ഡിതന്‍ അല്ലാഹുവിന്റെ ശിക്ഷാ നടപടികളെ അനുസ്മരിപ്പിച്ചു കൊണ്ടും മതകാര്യത്തില്‍ അറിവ് നല്‍കിക്കൊണ്ടും ജുമാ മസ്ജിദില്‍ കാലത്തു സംസാരിക്കുകയും ആഗതന്‍ അയാളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ കാലത്ത് തന്നെ ജുമുഅക്ക് വരിക, ഉപദേശം ശ്രദ്ധിച്ച് കേള്‍ക്കുക എന്നീ രണ്ട് മഹത്വങ്ങളും ഒരേ സമയം നേടിയവനാകും (ഇഹ്‌യാ 1686).

No comments:

Post a Comment