Friday 21 July 2017

മുഹമ്മദ് നബി (സ) - ഭാഗം 3





Part : 185

നിരാഹാര സത്യാഗ്രഹം 

ജുറയ്ജ് എന്ന വലിയ്യിന്റെ ചരിത്രം കേട്ടിട്ടുണ്ടോ..? 

വലിയ പണ്ഡിതൻ. രാപകലില്ലാതെ ആരാധനകളിൽ മുഴുകിയ പുണ്യപുരുഷൻ. അല്ലാഹുﷻവിന്റെ ഔലിയാക്കളിൽപെട്ട മഹാൻ, പറഞ്ഞിട്ടെന്താ കാര്യം...

ജനങ്ങൾ പൊതിരെ തല്ലി..!, ആരാധനാലയം തീയിട്ടു..!, എന്തെല്ലാം കഷ്ടപ്പാടുണ്ടായി. അതിൽ എന്താണു കാരണം..? 

ഉമ്മ വിളിച്ചു, മകൻ വിളി കേട്ടില്ല.

ഉമ്മയുടെ മനസു നൊന്തു. അതുതന്നെ കാരണം. വലിയ കഥയാണ്. മദ്റസയിൽ പോകുമ്പോൾ ഉസ്താദുമാരോടു ചോദിക്കുക, പറഞ്ഞുതരും...

ഇതു കേട്ടോളൂ. അബൂഹുറയ്റ (റ) എന്ന സ്വഹാബി.

അദ്ദേഹത്തിന്റെ ഉമ്മ ഇസ്ലാം മതം വിശ്വസിച്ചില്ല. മാത്രമല്ല; മുസ്ലിമായതിന്റെ പേരിൽ മകനെ ചീത്ത പറയുകയും ചെയ്യും. ഉമ്മയല്ലേ? അബൂഹുറയ്റ(റ) ക്ഷമിച്ചു...

ഉമ്മയുടെ ശകാരം നബിﷺയുടെ നേരെയുമായപ്പോൾ അബൂഹുറയ്റ(റ)വിനു സഹിച്ചില്ല. മുഹമ്മദ് (ﷺ) തന്റെ മകനെ വഴിതെറ്റിച്ചു കളഞ്ഞു എന്നാണു പാവം സ്ത്രീയുടെ ധാരണ..!!

അബൂഹുറയ്റ(റ) കരഞ്ഞുകൊണ്ടു നബിﷺയുടെ അടുത്തു വന്നു. “എന്റെ ഉമ്മാക്ക് ഹിദായത്തു കിട്ടാൻ ദുആ ചെയ്യണം.'' സ്നേഹനിധിയായ ഒരു മകന്റെ ആവശ്യം. നബി ﷺ ദുആ ചെയ്തു.

സ്വഹാബിവര്യൻ വീട്ടിലേക്കു ചെന്നു. അത്ഭുതം..! ഉമ്മയെ കാണാനില്ല. വാതിലടച്ചിരിക്കുന്നു. അകത്തു കുളിക്കുന്ന ശബ്ദം.

“മകനേ കാത്തിരിക്കൂ... ഞാനിതാ വരുന്നു.” ഉമ്മ അകത്തു നിന്നു വിളിച്ചു പറയുന്നു...

അൽപം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. ഉമ്മ പുറത്തു വന്നു. അബൂഹുറയ്റ(റ) അത്ഭുതപ്പെട്ടുപോയി. ആളാകെ മാറിയിരിക്കുന്നു. കുളിച്ചു നല്ല വസ്ത്രം ധരിച്ചു മുഖമക്കനയിട്ടു സുസ്മേരവദനയായി പുഞ്ചിരിച്ചു നിൽക്കുന്ന ഉമ്മ...

“ലാ ഇലാഹ ഇല്ലല്ലാഹ്...” ഉമ്മ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞു. അബൂഹുറയ്റ(റ)വിന് ആഹ്ലാദം സഹിക്കാനായില്ല. അദ്ദേഹം പള്ളിയിലേക്ക് ഓടി...

“നബിയേ... എന്റെ ഉമ്മ വിശ്വാസിയായി.” അദ്ദേഹം സന്തോഷപൂർവം വിളിച്ചു പറഞ്ഞു...


Part : 186

ഒരു കഥ കൂടി പറയാം...

സഅ്ദ് ബ്നു അബീവഖാസ് (റ) ഇസ്ലാം വിശ്വസിച്ചു. വിവരമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മാതാവ് കലിതുള്ളി. മകൻ ഇസ്ലാമിൽ നിന്നു പിന്മാറണം. അതാണാവശ്യം. അനുസരിച്ചില്ല... 

അവർ മകനെ ശാസിച്ചു, ഉപദേശിച്ചു, ഭീഷണിപ്പെടുത്തി, ശകാരിച്ചു. ഉമ്മയുടെ വാശി മൂത്തു. ഒരു സ്വൈരവുമില്ല. ഒടുവിൽ ഉമ്മയുടെ ഉഗ്ര ശപഥം.

“നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കുന്നതുവരെ ഞാൻ ആഹാരം കഴിക്കില്ല. വെള്ളം കുടിക്കില്ല. ഇതു സത്യം.” ഉമ്മയുടെ ശപഥം കേട്ടു മകൻ ഞെട്ടിപ്പോയി. അദ്ദേഹം പരിഭ്രാന്തനായി..!!

ആവുംവിധം മാതാവിനെ പിന്തിരിപ്പിക്കാൻ നോക്കി. ഉമ്മയുടെ വാശി തണുത്തില്ല. നിരാഹാര സത്യാഗ്രഹം... 

സത്യാഗ്രഹം ഒരു ദിവസം പിന്നിട്ടു. മാതാവ് ക്ഷീണിതയായി. മകൻ കരഞ്ഞു പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല.

“നിരാഹാരം കിടന്നു ഞാൻ മരിച്ചു കളയും. ഉമ്മയെ കൊന്നവൻ എന്ന ദുഷ്പേരു നിനക്കുണ്ടാകും.” ഉമ്മയുടെ അന്ത്യശാസനം..!!

സഅ്ദ് (റ) സങ്കടത്തിലായി. ഒരു വശത്ത് ഉമ്മയോടുള്ള കടപ്പാട്. മറുവശത്ത് വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്നം. എന്തു ചെയ്യും..?

നിർണായക നിമിഷങ്ങൾ. ഉമ്മ അവശയായി കിടക്കുകയാണ്. സഅ്ദ് ബ്നു അബീവഖാസ്(റ)വിന്റെ മനസ്സുണർന്നു. സത്യവിശ്വാസം വെട്ടിത്തിളങ്ങി.

അദ്ദേഹം ഉമ്മ കിടക്കുന്ന മുറിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുചെന്നു. സർവ ശക്തിയുമെടുത്ത് ഒറ്റ പ്രഖ്യാപനം:

“ഉമ്മാ, കേട്ടുകൊള്ളുക..! നിങ്ങൾക്കു നൂറു ജന്മം ഉണ്ടാവുകയും അതെല്ലാം എന്റെ വിശ്വാസം മാറ്റാൻ വേണ്ടി ബലികഴിക്കുകയും ചെയ്താൽപോലും ഞാനെന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല. അതുകൊണ്ട് ഇഷ്ടമുണ്ടെങ്കിൽ നിരാഹാരം നിറുത്തുക. അല്ലെങ്കിൽ തുടരുക.”

ഇപ്പോൾ ഞെട്ടിയത് ഉമ്മയാണ്. മകന്റെ വിശ്വാസത്തിനു മുമ്പിൽ ആ മാതാവ് തോറ്റുപോയി. അവർ നിരാഹാരം അവസാനിപ്പിച്ചു... 

ഇതൊരു ഗുണപാഠമാണ്. അല്ലാഹുﷻവിനെ അനുസരിക്കുന്ന കാര്യത്തിൽ മാതാപിതാക്കളാണ് എതിരു നിൽക്കുന്നതെങ്കിൽ അവരെപ്പോലും അവഗണിക്കുക...

Part : 187

അബൂ സുഫ്‌യാൻ റോമിൽ 

മുഹമ്മദ് നബിﷺതങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിലേക്കുള്ള പ്രവാചകനല്ല. ഒരു കാലഘട്ടത്തിലേക്കോ ഒരു രാജ്യത്തേക്കോ ഉള്ള പ്രവാചകനല്ല. എല്ലാ കാലത്തേക്കും എല്ലാ സമൂഹത്തിലേക്കുമുള്ള ദൂതനാണ്...

അന്ത്യപ്രവാചകനാണ്. ഇനിയൊരു പ്രവാചകനില്ല. അല്ലാഹു ﷻ നൽകിയ സന്ദേശം. അന്ത്യനാൾ വരെയുള്ളവർക്കാണ്. അന്ത്യനാൾ വരെയുള്ളവർക്ക് അതെത്തിച്ചുകൊടുക്കാനുള്ള സംവിധാനം വേണം.

അറേബ്യയുടെ അതിരുകൾക്കപ്പുറത്തേക്ക് ഇസ്ലാമിക സന്ദേശം എത്തിക്കാൻ സമയമായിരിക്കുന്നു.

ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ടു ശക്തികളാണു റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും. റോമും പേർഷ്യയും തമ്മിൽ ഇടയ്ക്കിടെ യുദ്ധങ്ങൾ നടക്കും. വിജയം അവരെ മാറിമാറി അനുഗ്രഹിക്കും.

റോമയുടെ ഭരണാധികാരിയെ ഹിർഖൽ (ഹിരാക്ലിയസ്) എന്നു വിളിക്കുന്നു. പേർഷ്യൻ രാജാവിനെ കിസ്റ (കൊസ്റോസ്) എന്നും വിളിക്കുന്നു.

ജനങ്ങൾ റോമിനെ കുറിച്ചു കേൾക്കുമ്പോഴും പേർഷ്യയെ
കുറിച്ചു കേൾക്കുമ്പോഴും ഭയന്നിരുന്നു. അവരുടെ ശക്തിയും
സ്വാധീനവും ജനഹൃദയങ്ങളെ പേടിപ്പെടുത്തുമായിരുന്നു. അവരെ എതിർക്കാൻ ലോകത്താരുമില്ല.

അവർക്ക് ആരെയും ആക്രമിക്കാം. അധീനപ്പെടുത്താം. ചോദ്യം ചെയ്യപ്പെടാത്ത ശക്തികൾ - വൻ ശക്തികൾ.

യമൻ, ഇറാഖ്, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റോമാ ചക്രവർത്തിയായ ഹിരാക്ലിയസിന്റെ കീഴിലായിരുന്നു.

വളരെ വിശാലമായ ഭൂപ്രദേശം പേർഷ്യൻ ചക്രവർത്തി കൊറോസിന്റെ കീഴിലും ഉണ്ടായിരുന്നു. ആഡംബരത്തിലും,അലങ്കാരത്തിലും ശക്തി പ്രകടനത്തിലും പേർഷ്യൻ കൊട്ടാരം ലോകത്തെതന്നെ അത്ഭുതങ്ങളിലൊന്നായിരുന്നു. പേർഷ്യൻ കൊട്ടാരത്തിലെ പരവതാനികളും അലങ്കാര ദീപങ്ങളും കണ്ടു സഞ്ചാരികൾ അത്ഭുതപ്പെട്ടിരുന്നു.

അങ്ങനെയുള്ള പേർഷ്യൻ ചക്രവർത്തിയെയും റോമാ ചക്രവർത്തിയെയും മറ്റും ഇസ്ലാമിലേക്കു ക്ഷണിക്കാൻ സമയമായിരിക്കുന്നു.

പ്രവാചകൻ ﷺ ഒരു കൂട്ടം ഭരണാധികാരികളെ ഇസ്ലാമിലേക്കു
ക്ഷണിച്ചു കത്തയയ്ക്കാൻ തീരുമാനിച്ചു. ആർക്കൊക്കെയാണു കത്തുകൾ അയക്കേണ്ടത്..?

ഹിരാക്ലിയസ്, അദ്ദേഹത്തിന്റെ ഈജിപ്തിലെ ഗവർണർ മുഖൗഖിസ്,
കൊറോസ്, ഹീറാ രാജാവ് ഹാരിസുൽ ഗസ്സാനി, യമൻ രാജാവ് ബാദാൻ, അബ്സീനിയയിലെ നീഗസ് രാജാവ്, കത്തുകൾ എഴുതിക്കണം. മുദ്രവയ്ക്കണം. 'മുഹമ്മദുർറസൂലുല്ലാഹ്' എന്ന മുദ്രണം ചെയ്തു വെള്ളി മോതിരം തയ്യാറാക്കി, മുദ്ര വയ്ക്കാൻ...

ഒരു ദിവസം നബി ﷺ തന്റെ സ്വഹാബികളോട് ഇങ്ങനെ പ്രഖ്യാപിച്ചു: “സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് അല്ലാഹു ﷻ എന്നെ നിയോഗിച്ചിട്ടുള്ളത്. ഈസാ നബി(അ)ന്റെ അനുയായികൾ ഭിന്നിച്ചതുപോലെ നിങ്ങൾ ഭിന്നിക്കരുത്. നിങ്ങളെ ഞാൻ ഏതൊന്നിലേക്കാണോ ക്ഷണിച്ചത് അതിലേക്കു തന്നെയാണു മർയമിന്റെ മകൻ ഈസയും ജനങ്ങളെ ക്ഷണിച്ചത്.

സമീപപ്രദേശങ്ങളിലേക്കു ചിലരെ നിയോഗിച്ചു. അവർ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. വിദൂരപ്രദേശങ്ങളിലേക്കു നിയോഗിക്കപ്പെട്ടവർ ഈസയെ വെറുത്തു; മടിച്ചുനിന്നു.”

നബി ﷺ തങ്ങളുടെ പ്രഖ്യാപനം തങ്ങൾ ഏറ്റെടുക്കാൻ പോകുന്ന ദൗത്യത്തിന്റെ ഗൗരവം സ്വഹാബികളെ ബോധ്യപ്പെടുത്തി...


Part : 188


ലോകം മുഴുവൻ ഇസ്ലാമിക സന്ദേശമെത്തിക്കാനുള്ള ദൗത്യം പ്രവാചകൻ ﷺ തങ്ങളെ ഏൽപിക്കാൻ പോവുകയാണ്.

ഹിരാക്ലിയസിന് അയയ്ക്കാനുള്ള കത്തു തയ്യാറാക്കി. അതിങ്ങനെയായിരുന്നു:

“പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ
തിരുനാമത്തിൽ, അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്നു റോമാ ചക്രവർത്തി ഹിരാക്ലിയസിന്. സന്മാർഗം സ്വീകരിച്ചവർക്കു സലാം...

ഇസ്ലാമിന്റെ സന്ദേശത്തിലേക്കു ഞാൻ താങ്കളെ ക്ഷണിക്കുന്നു. താങ്കൾ ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിമാവുക. എങ്കിൽ രക്ഷയുണ്ട്. അല്ലാഹു ﷻ അതിന് ഇരട്ടി പ്രതിഫലം തരും. ഇത് അവഗണിക്കുകയാണെങ്കിൽ താങ്കളുടെ ജനതയുടെ പാപം കൂടി താങ്കൾ വഹിക്കേണ്ടതായി വരും.

വേദത്തിന്റെ ആളുകളേ.., ഞങ്ങൾക്കും നിങ്ങൾക്കും തുല്യമായി അംഗീകരിക്കാനാവുന്ന ഒരു സന്ദേശത്തിലേക്കാണു ഞാൻ ക്ഷണിക്കുന്നത്. അല്ലാഹുﷻവിനെ അല്ലാതെ ആരാധിക്കുകയില്ലെന്നും അവനിൽ ആരെയും പങ്കുചേർക്കുകയില്ലെന്നും ഉള്ള
സന്ദേശം.”

ഈ ആശയം വരുന്ന കത്ത് എഴുതി സീൽ വച്ചു. ദിഹ് യത് ബ്നു ഖലീഫ അൽകൽബി എന്ന സ്വഹാബിയുടെ കയ്യിൽ കത്തു കൊടുത്തു. ഈ കത്ത് ഹിരാക്ലിയസിന് എത്തിക്കണമെന്നും പ്രതികരണം എന്താണെന്നു നോക്കി വരണമെന്നും പറഞ്ഞു. ദൂതൻ കത്തുമായി പുറപ്പെട്ടു.


പേർഷ്യക്കാരുമായി ഒരു യുദ്ധം നടന്നിരുന്നു. അതു കഴിഞ്ഞു ജറുസലേമിലേക്കു പോവുകയാണു ഹിരാക്ലിയസ്. അദ്ദേഹം ഹിംസ് എന്ന പ്രദേശത്തെത്തി. പ്രവാചകരുടെ (ﷺ) ദൂതൻ ഹിരാക്ലിയസിനു കത്തു കൊടുത്തു. പരിഭാഷകനെ വരുത്തി. കത്തു വായിച്ചു...

മക്കയിലെ പ്രവാചകന്റെ കത്താണ്. പ്രവാചകനെ കുറിച്ചു കൂടുതലറിയാൻ മോഹം. വേദങ്ങളിൽ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണോ ഇതെന്ന് അറിയണം...

“അറബികളാരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ എന്നന്വേഷിക്കുക. ഉണ്ടെങ്കിൽ ഉടനെ കൊട്ടാരത്തിൽ എത്തിക്കുക.” രാജാവിന്റെ കൽപന വന്നു...

ഈ സന്ദർഭത്തിൽ അബൂസുഫ്യാനും സംഘവും അവിടെ ഉണ്ടായിരുന്നു. വ്യാപാരാവശ്യാർത്ഥം എത്തിയതായിരുന്നു അവർ.

രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അവരെ സമീപിച്ചു കൊട്ടാരത്തിലേക്കു ക്ഷണിച്ചു. രാജസദസ്സിലേക്ക് അവർ ആനയിക്കപ്പെട്ടു. പരിഭാഷകനും വന്നു.

“പ്രവാചകനാണെന്നു വാദിക്കുന്ന ആ മനുഷ്യനുമായി കുടുംബബന്ധമുള്ള ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ..?”

- രാജാവു ചോദിച്ചു...


Part : 189

“ഞാൻ അടുത്ത ബന്ധുവാണ്.” അബൂസുഫ്യാൻ പറഞ്ഞു.

“നിങ്ങൾ മുമ്പോട്ടു വരിക. ഞാൻ നിങ്ങളോടു ചില ചോദ്യങ്ങൾ ചോദിക്കും. ശരിയായ ഉത്തരം നൽകണം. തെറ്റു പറഞ്ഞാൽ പിന്നിൽ നിൽക്കുന്നവർ തിരുത്തണം.” രാജാവു പറഞ്ഞു.

പിന്നീടു നടന്ന ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു.

“പ്രവാചകനാണെന്നു വാദിക്കുന്ന ഈ മനുഷ്യന്റെ കുടുംബം എങ്ങനെയുള്ളതാണ്..?”

“കുലീന കുടുംബമാണ്.”

“ഇതിനു മുമ്പ് ഈ കുടുംബത്തിൽപെട്ട ആരെങ്കിലും പ്രവാചകനാണെന്നു വാദിച്ചിട്ടുണ്ടോ..?”

“ഇല്ല, ആരും വാദിച്ചിട്ടില്ല.”

“ഈ വാദം ഉന്നയിക്കുന്നതിനു മുമ്പ് ആ മനുഷ്യൻ വല്ല കളവും പറഞ്ഞിട്ടുണ്ടോ..?”

“ഒരിക്കലും കളവു പറഞ്ഞിട്ടില്ല.”

“എപ്പോഴെങ്കിലും കരാർ ലംഘിച്ചിട്ടുണ്ടോ..?”

“ഒരിക്കലുമില്ല. ഇപ്പോൾ ഞങ്ങൾ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പര്യവസാനത്തെക്കുറിച്ചു പറയാൻ കഴിയില്ല.”

“അദ്ദേഹത്തിന്റെ പൂർവികരിൽ രാജാക്കന്മാർ ഉണ്ടായിരുന്നോ..?”

“ഇല്ല”

“അദ്ദേഹത്തെ പിൻപറ്റുന്നവർ ആരാണ്, ദുർബല വിഭാഗമാണോ അതോ സമ്പന്നരോ..?”

“ദുർബല വിഭാഗം.”

“അവരുടെ എണ്ണം വർധിക്കുകയാണോ, കുറയുകയാണോ..?”

“വർധിക്കുകയാണ്.” 

“അദ്ദേഹത്തിന്റെ മതത്തിൽനിന്ന് ആരെങ്കിലും പിന്മാറുന്നുണ്ടോ..?”

“ഇല്ല.”

“നിങ്ങൾ അദ്ദേഹവുമായി യുദ്ധം നടത്തിയിട്ടുണ്ടോ..?”

“യുദ്ധം നടത്തിയിട്ടുണ്ട്.”

“യുദ്ധത്തിന്റെ അന്ത്യം എങ്ങനെയായിരുന്നു..?” 

“ചിലപ്പോൾ ഞങ്ങൾ ജയിക്കും. ചിലപ്പോൾ അദ്ദേഹം ജയിക്കും...”

“അദ്ദേഹത്തിന്റെ പ്രധാന ഉപദേശങ്ങൾ എന്തൊക്കെയാണ്..?”

“അല്ലാഹു ഏകനാകുന്നു. അവനു പങ്കുകാരില്ല. അവനെ മാത്രമേ ആരാധിക്കാവൂ. ബിംബങ്ങളെ കൈവെടിയുക. ജീവിതശുദ്ധി നിലനിർത്തുക. സത്യം പറയുക. കരാറുകൾ പാലിക്കുക. കരുണയോടുകൂടി പെരുമാറുക. ഇതൊക്കെയാണു പ്രധാന ഉപദേശങ്ങൾ...”

“മതി! മതി..! നാം വേണ്ടെത്ര ഗ്രഹിച്ചു കഴിഞ്ഞു. ഇത്രയും കേട്ടതിൽനിന്നും നാം മനസ്സിലാക്കിയത് എന്താണെന്നു പറയാം...”

തിങ്ങിനിറഞ്ഞ സദസ്സു രാജാവിന്റെ മുഖത്തേക്കു നോക്കി. അറബികളും ക്രിസ്ത്യാനികളുമാണു സദസ്സിലുള്ളത്. രാജാവു പറഞ്ഞു:

“അദ്ദേഹത്തിന്റെ കുടുംബം കുലീനമാണെന്നു നിങ്ങൾ പറഞ്ഞു. പ്രവാചകന്മാർ കുലീന കുടുംബത്തിലാണു ജനിക്കുക.
കുടുംബത്തിൽ ഒരാളും പ്രവാചകത്വം വാദിച്ചിട്ടില്ല, ഇതിൽ കുടുംബ സ്വാധീനമില്ല.

അദ്ദേഹം സത്യസന്ധനാണെന്നു നിങ്ങൾ പറയുന്നു. ജനങ്ങളുടെ കാര്യത്തിൽ കള്ളം പറയാത്ത ഒരാൾ അല്ലാഹുﷻവിന്റെ കാര്യത്തിൽ കള്ളം പറയുമോ..? 

അദ്ദേഹത്തിന്റെ കുടുംബത്തിൽ രാജാക്കന്മാരില്ലെന്നു നിങ്ങൾ പറഞ്ഞു. നഷ്ടപ്പെട്ട രാജാധികാരത്തിനു വേണ്ടിയാണ് ഇതൊക്കെ പറയുന്നത് എന്നു കരുതാനും വയ്യ.

ദുർബല വിഭാഗമാണ് അദ്ദേഹത്തെ പിൻപറ്റുന്നത്. തുടക്കത്തിൽ പ്രവാചകന്മാരെ പിൻപറ്റുന്നത് ദുർബല വിഭാഗമായിരിക്കും .”

അബൂസുഫ്യാൻ പറഞ്ഞ ഓരോ കാര്യവും എടുത്തുദ്ധരിച്ച ശേഷം രാജാവ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണെങ്കിൽ അദ്ദേഹം അന്ത്യപ്രവാചകൻ തന്നെയാണ്. ഞാൻ നിൽക്കുന്ന ഈ മണ്ണുപോലും അദ്ദേഹം അധീനപ്പെടുത്തും. അക്കാര്യം ഉറപ്പാണ്...”

“ഒരു പ്രവാചകൻ വരുമെന്ന് എനിക്കറിയാമായിരുന്നു. അതു നിങ്ങളുടെ കൂട്ടത്തിൽ നിന്നായിരിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല. എനിക്ക് അവിടെ എത്തിച്ചേരാൻ കഴിഞ്ഞെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകിക്കൊടുത്തേനേ...”

രാജാവിന്റെ വിവരണം ഇത്രയും എത്തിയപ്പോൾ സദസ്സിൽ വലിയ ബഹളം തുടങ്ങി.

അറബികൾ പുറത്തിറങ്ങി. അബൂസുഫ്യാൻ കൂട്ടുകാരോടു
പറഞ്ഞു: “റോമാ ചക്രവർത്തിപോലും ഭയപ്പെടത്തക്കവിധം മുഹമ്മദ് വളർന്നുപോയി..!!”

അപ്പോഴാണു റോമ ചക്രവർത്തിക്കു കാര്യം മനസ്സിലായത്. പ്രഭുക്കന്മാരും പാതിരിമാരും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പുതിയ പ്രവാചകനെ അംഗീകരിച്ചാൽ തന്റെ അധികാരം പ്രതിസന്ധിയിലാകും...

“സഹോദരന്മാരേ, വിജയവും സമാധാനവും വേണമെങ്കിൽ
ആ പ്രവാചകനെ പിൻപറ്റുക.” കേൾക്കേണ്ട താമസം കാട്ടുകഴുതകളെ പോലെ അവർ ഇളകി...

സംഗതി പന്തിയല്ലെന്നു രാജാവിനു മനസ്സിലായി. പിന്തിരിഞ്ഞോടാൻ തുടങ്ങിയവരെ അദ്ദേഹം മടക്കി വിളിച്ചു. അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു...

“നിങ്ങളുടെ മതത്തിൽ നിങ്ങൾക്കെന്തുമാത്രം ആത്മാർത്ഥതയുണ്ടെന്നു നോക്കാൻ ഞാൻ ഒരു ഉപായം പ്രയോഗിച്ചതായിരുന്നു.” - അദ്ദേഹം പറഞ്ഞു. ആളുകൾ ശാന്തരായി. രാജാവു മതം മാറുമെന്ന ആശങ്കനീങ്ങി...

രാജാധികാരം നിലനിർത്താൻ വേണ്ടി രാജാവു സന്മാർഗം വേണ്ടെന്നുവച്ചു. കത്തുമായി വന്ന ദൂതനെ മാന്യമായി തിരിച്ചയച്ചു. ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് അദ്ദേഹം ജീവിച്ചു...


Part : 190

ക്ഷമ

ക്ഷമക്ക് ഇസ്ലാം വലിയ പ്രാധാന്യം കൽപിക്കുന്നു. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയണം. കോപം വരുമ്പോൾ നിയന്ത്രിക്കണം.

ഇവ ഒരു സത്യവിശ്വാസിയുടെ ലക്ഷണമാണ്...

ക്ഷമയെക്കുറിച്ചു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “ഒരാൾ പലവിധ പരീക്ഷണങ്ങൾക്കു വിധേയനായി. നാശങ്ങളും അപകടങ്ങളും നേരിട്ടു. അപ്പോൾ ക്ഷമിച്ചു. അവന് അനുഗ്രഹങ്ങൾ നൽകപ്പെട്ടു. അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിച്ചു.

അവൻ അക്രമിക്കപ്പെട്ടു. അക്രമിക്കുമാപ്പു നൽകി. സ്വയം വന്നുപോയ അനീതികൾക്കു മാപ്പപേക്ഷിക്കുകയും ചെയ്തു. അങ്ങനെയുള്ളവൻ നിർഭയനായിരിക്കുന്നു. സന്മാർഗം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.”

പ്രസിദ്ധമായ ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്. മനുഷ്യനെ അല്ലാഹു ﷻ പലവിധ പരീക്ഷണങ്ങൾക്കു വിധേയനാക്കും. അവനു ക്ഷമിക്കാൻ കഴിയുമോ എന്നു പരിശോധിക്കുകയാണ്.

ചിലരെ ദാരിദ്ര്യം കൊണ്ടു പരീക്ഷിക്കും. ചിലരെ രോഗം കൊണ്ടു പരീക്ഷിക്കും. പ്രിയപ്പെട്ടവർ മരണപ്പെടുക, കച്ചവടത്തിൽ വൻ നഷ്ടം സംഭവിക്കുക, പ്രകൃതിക്ഷോഭം വന്നു കൃഷി നശിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ വരും. 

ഇത്തരം പരീക്ഷണങ്ങൾ വരുമ്പോൾ സത്യവിശ്വാസി ക്ഷമ കൈകൊള്ളുന്നു. എല്ലാം അല്ലാഹുﷻവിൽ ഭരമേൽപിക്കുക.

ഈ ക്ഷമയ്ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുക. ഇതാണു സത്യവിശ്വാസി ചെയ്യേണ്ടത്. അല്ലാഹുﷻവിൽ നിന്നുള്ള അനുഗ്രഹങ്ങൾക്കു നന്ദി പ്രകടിപ്പിക്കണമെന്നും ചേർത്തു പറയുന്നു.

ക്ഷമിക്കാനുള്ള അവസരം കിട്ടുന്നതും ഒരനുഗ്രഹം തന്നെ.
അക്രമിക്കു മാപ്പു നൽകണമെന്നതാണു ഹദീസിൽ വന്ന മറ്റൊരു കാര്യം.

ആർക്കാണിതു കഴിയുക, ശക്തമായ വിശ്വാസമുള്ളവർക്കല്ലാതെ. ഇങ്ങോട്ടാക്രമിക്കുമ്പോൾ ക്ഷമയോടെ സഹിക്കുക. എന്നിട്ട് അവനു പൊറുത്തു കൊടുക്കുകയും ചെയ്യുക..!

അപാരമായ ക്ഷമ തന്നെ വേണം.

സത്യവിശ്വാസി അതു ചെയ്യും. സത്യവിശ്വാസിയാൽ മറ്റുള്ളവർക്കു വല്ല ഉപദ്രവവും ഉണ്ടായാലോ..? അവരുടെ അടുത്തു ചെന്നു മാപ്പു ചോദിക്കുക. അതിനും വേണം ഒരു തന്റേടം.

അല്ലാഹുﷻവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പരീക്ഷണങ്ങളിൽ ക്ഷമിക്കുക. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഉപദ്രവങ്ങളിലും ക്ഷമിക്കുക. ക്ഷമ ഈമാന്റെ ഭാഗമാകുന്നു.

നബിﷺതങ്ങൾ പറഞ്ഞു: “ക്ഷമ ഈമാന്റെ അർധഭാഗമാകുന്നു.''

ഈമാനും ക്ഷമയും തമ്മിലുള്ള ബന്ധം നോക്കൂ.. സത്യവിശ്വാസിക്കു ക്ഷമ കൈമോശം വന്നുകൂടാ. കോപം വരുമ്പോൾ സ്വയം നിയന്ത്രിക്കുക എന്നതു ക്ഷമയുടെ മറ്റൊരു രൂപമാണ്.

അങ്ങനെയുള്ള കഴിവ് ആർജിച്ചവനാണു ശക്തൻ. നബി ﷺ തങ്ങൾ പറയുന്നതു കേൾക്കൂ...

“മറ്റുള്ളവരെ ബലം പ്രയോഗിച്ചു കീഴ്പെടുത്തുന്നവനല്ല യഥാർത്ഥ ശക്തൻ. കോപം വരുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവനാണു ശക്തൻ.”

കോപം വരുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ധമായ ആവേശമാണ് അപ്പോൾ മനുഷ്യനെ നയിക്കുന്നത്. വിവേകവും വിചാരവുമൊക്കെ വഴിമാറിക്കൊടുക്കുന്ന നിമിഷങ്ങൾ.

ഒരു സത്യവിശ്വാസിക്കു കോപാവേശത്തിൽപോലും സ്വയം
നിയന്ത്രിക്കാൻ കഴിയണം.

അമിതമായ കോപാവേശം ശരീരത്തിനു ക്ഷീണം വരുത്തും. ക്ഷമിക്കുന്നവന് അങ്ങനെ എളുപ്പത്തിലൊന്നും കോപം വരികയില്ല. ഇനി കോപം വന്നാൽ തന്നെ പരിധിവിടുകയുമില്ല. ക്ഷമാശീലം മുറുകെ പിടിക്കുക.

പടച്ചവന്റെ കാര്യത്തിലും, പടപ്പുകളുടെ കാര്യത്തിലും. അവിടെയാണു വിജയം...


Part : 191 

മുഅ്തത്ത് യുദ്ധം

സിറിയയിലെ ഭരണാധികാരിയായിരുന്നു ഹാരിസുൽ ഗസ്സാനി. അദ്ദേഹത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി മദീനയിൽ നിന്നു പുറപ്പെട്ടതു ശുജാഅ് ബ്നു വഹാബ് എന്ന സ്വഹാബിയായിരുന്നു.

സ്വഹാബിവര്യൻ ഡമസ്കസിലെത്തി. കൊട്ടാരത്തിലേക്കുചെന്നു. ദൂതനാണെന്നറിഞ്ഞപ്പോൾ കൊട്ടാരത്തിലേക്കു കടത്തി വിട്ടു. കത്തു കൊടുത്തു. കത്തിലെ ആശയം മനസ്സിലാക്കിയപ്പോൾ
ഹാരിസിനു കോപം വന്നു...

“എന്റെ അധികാരം തകർക്കാൻ ആരുണ്ട്..?” ധിക്കാരം ബാധിച്ച ഹാരിസ് പ്രവാചകരുടെ (ﷺ) ക്ഷണക്കത്ത് അവഗണിച്ചു...

ബുസ്റാ ഗവർണറുടെ അടുത്തേക്കു പ്രവാചകൻ ﷺ ഒരു ദൂതനെ അയച്ചിരുന്നു. ശാമിലേക്കു പോകുന്ന വഴിയിലാണ് മുഅ്ത എന്ന സ്ഥലം. അവിടെ എത്തിയപ്പോൾ ഒരു നേതാവ് ദൂതനെ തടഞ്ഞു. നേതാവിന്റെ പേര് ശുറഹ്ബീൽ എന്നായിരുന്നു. ദൂതന്റെ പേര് ഹാരിസ് ബ്‌നു ഉമയ്ർ എന്നായിരുന്നു.

“നീ ആരാണ്, എവിടെ പോകുന്നു..?” - ശുറഹ്ബീൽ ചോദിച്ചു.

“ശാമിലേക്കു പോകുന്ന ഒരു ദൂതനാണ്.” - സ്വഹാബിയുടെ മറുപടി.

“മുഹമ്മദിന്റെ ദൂതനാണോ..?” - ധിക്കാരത്തോടെയുള്ള ചോദ്യം.

“അതേ.”

“അതേയോ, ആ ധിക്കാരിയുടെയോ? നിന്നെ ഞാൻ വിടില്ല. നിന്നെ കൊന്നിട്ടുതന്നെ കാര്യം..!”

പ്രവാചകന്റെ (ﷺ) ദൂതനാണെന്നു കേട്ടതോടെ ശുറഹ്ബീലിന്റെ
രക്തം തിളച്ചു. വാളൂരി. ഒരൊറ്റ വെട്ട്. നിസ്സഹായനായ ദൂതൻ കൊല്ലപ്പെട്ടു..!!

ഈ സംഭവം പ്രവാചകനെ (ﷺ) വല്ലാതെ ദുഃഖിപ്പിച്ചു. ഒരു യുദ്ധത്തിലാണു കാര്യങ്ങൾ ചെന്നെത്തിയത്. ഈ യുദ്ധമാണ് മുഅ്തത്ത് യുദ്ധം.


Part : 192

സന്ദേശവാഹകർ പുറപ്പെടുന്നു 

ഹിരാക്ലിയസിന്റെ കീഴിലുള്ള ഗവർണറായിരുന്നു മുഖൗഖിസ്. അദ്ദേഹം ഈജിപ്ത് ഭരിച്ചിരുന്നു. മതനേതാവും അദ്ദേഹം തന്നെ.

ഹാത്വി ബ്നു അബൂബൽതഅ് എന്ന സ്വഹാബിയാണ് നബിﷺയുടെ കത്തുമായി മുഖൗഖിസിന്റെ കൊട്ടാരത്തിലെത്തിയത്. കൊട്ടാരത്തിനകത്തേക്കു പ്രവേശനം കിട്ടി. മുഖൗഖിസിനു കത്തു കൊടുത്തു.

“തന്നെ ഉപദ്രവിക്കുകയും സ്വന്തം നാട്ടിൽ നിന്നു പുറത്താക്കുകയും ചെയ്ത ശത്രുക്കൾക്കെതിരെ അദ്ദേഹം എന്തുകൊണ്ടു പ്രാർത്ഥിക്കുന്നില്ല.” രാജാവു ദൂതനോടു ചോദിച്ചു...

ദൂതന്റെ മറുപടി ഇങ്ങനെയായിരുന്നു: “മർയമിന്റെ പുത്രൻ ഈസാനബി(അ)നെ ശത്രുക്കൾ വധിക്കാൻ ശ്രമിച്ചു. അവർക്കെതിരെ ഈസാ(അ) പ്രാർത്ഥിച്ചില്ല. അല്ലാഹു ഈസാ(അ)നെ ആകാശത്തേക്ക് ഉയർത്തുകയാണുണ്ടായത്.”

“ശരി ശരി, യുക്തിമാനായ പ്രവാചകന്റെ ദൂതനും യുക്തിമാൻ തന്നെ. ഞാൻ ആലോചിക്കട്ടെ."

നബിﷺതങ്ങളുടെ ദൂതനെ മുഖൗഖിസ് ആദരിച്ചു. മാന്യമായ സ്വീകരണവും സൽക്കാരവും നൽകി. പ്രവാചകനു കൊടുക്കാൻ ഒരു കത്തും ഏൽപിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു:

“പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അബ്ദുല്ലയുടെ മകൻ മുഹമ്മദിന് മുഖൗഖിസ് രാജാവ് എഴുതുന്ന കത്ത്, താങ്കൾക്കു സലാം.

താങ്കളുടെ കത്തു വായിച്ചു. പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി. ഒരു പ്രവാചകൻ വരാനുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ശാമിൽ ഉദയം ചെയ്യുമെന്നായിരുന്നു എന്റെ പ്രതീക്ഷ.
താങ്കളുടെ ദൂതനെ ഞാൻ ആദരിച്ചിരിക്കുന്നു. താങ്കൾക്കു സലാം.”

ഇതാണു കത്തിന്റെ ആശയം. കത്ത് ദൂതനെ ഏൽപിച്ചു. പ്രവാചകനു കൊടുക്കാൻ കുറെ സമ്മാനങ്ങളും കൊടുത്തയച്ചു. കുറെ പണം, ഒരു സാധാരണ കഴുത, ഒരു വെള്ള കോവർ കഴുത, ഈജിപ്തിലെ വിശേഷപ്പെട്ട സാധനങ്ങൾ എന്നിവയായിരുന്നു സമ്മാനം. 

ഇവയോടൊപ്പം വിലപിടിപ്പുള്ള മറ്റൊരു സമ്മാനം കൂടിയുണ്ടായിരുന്നു. രണ്ട് അടിമപ്പെൺകുട്ടികൾ, പെൺകുട്ടികളുടെ രൂപവും പേരും ഭംഗിയുള്ളതായിരുന്നു. ഒരാൾ മാരിയത്. മറ്റൊരാൾ സീരീൻ.

ദൂതൻ സമ്മാനങ്ങളുമായി പുറപ്പെട്ടു. സുരക്ഷിതമായി മദീനയിൽ തിരിച്ചെത്തി. കത്തും സമ്മാനങ്ങളും നൽകി. അടിമപ്പെൺകുട്ടികളുടെ കണ്ണിൽ വിസ്മയം.

ലോകാനുഗ്രഹിയായ പ്രവാചകൻ. അനുസരണശീലരായ അനുയായികൾ, ആഡംബരങ്ങളില്ല. കൊട്ടാരങ്ങളില്ല. അലങ്കാരങ്ങളില്ല.
അടിമപ്പെൺകുട്ടികൾ പരസ്പരം നോക്കി. ഇതെന്തു കഥ..?

മാരിയത് എന്ന പെൺകുട്ടിയെ നബി ﷺ തങ്ങൾക്കിഷ്ടപ്പെട്ടു. നബിﷺയുടെ ഭാര്യമാരും കഥയറിഞ്ഞു. ഈജിപ്തിൽ നിന്നു വന്ന അടിമപ്പെൺകുട്ടികളുടെ കഥ. മാരിയതിനെ നബിﷺതങ്ങൾ വിവാഹം ചെയ്തു.

സീരീന്റെ ചുമതല ഹസ്സാൻ ബ്നു സാബിത് (റ)വിനു നൽകി. 

അടിമപ്പെൺകുട്ടികൾക്ക് ഉന്നത പദവികൾ ലഭിച്ചു.

ഈജിപ്തുകാരിയായതിനാൽ മാരിയതുൽ ഖിബ്തിയ്യ എന്ന പേരിൽ അവർ അറിയപ്പെടുന്നു. പ്രവാചകരുടെ (ﷺ) പുത്രനെ പ്രസവിക്കാൻ മാരിയതുൽ കിബ്തിയ്യ(റ)ക്കു ഭാഗ്യം സിദ്ധിച്ചു. ഈ കുഞ്ഞിന് ഇബ്റാഹീം എന്നു പേരിട്ടു. വളരെ ചെറുപ്പത്തിൽതന്നെ ഈ കുട്ടി മരണപ്പെട്ടു.

മാരിയ്യതുൽ ഖിബ്തിയ്യ(റ) ഇസ്ലാമിക ചരിത്രത്തിൽ ഉന്നതസ്ഥാനം നേടി. വിശ്വാസികളുടെ മാതാവായി...


Part : 193

അബ്സീനിയൻ രാജാവായ നീഗസി (നജ്ജാശി) നു പ്രവാചകൻ ﷺ രണ്ടു കത്തുകൾ കൊടുത്തയച്ചു.

അംറ് ബ്നു ഉമയ്യ എന്ന സ്വഹാബിയാണു കത്തു കൊണ്ടുപോയത്. രാജാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടുളളതായിരുന്നു ഒരു കത്ത്. നജ്ജാശിയും മുസ്ലിംകളും തമ്മിൽ നേരത്തേതന്നെ നല്ല ബന്ധമായിരുന്നു. വളരെ ആദരവോടുകൂടിയാണു ദൂതനെ രാജാവു സ്വീകരിച്ചത്... 

കത്തു വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം രാജാവ് ദൂതനോട് ഇങ്ങനെ പറഞ്ഞു: 

“അല്ലാഹുവാണേ, യേശു ഈ പ്രവാചകനെപ്പറ്റി സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അതെനിക്കറിയാം. അബ്സീനിയയിൽ എനിക്കു വേണ്ടത്ര സഹായികളില്ല. സഹായികൾ വർധിക്കാനും അവരെ കാര്യങ്ങൾ ധരിപ്പിക്കാനും കുറച്ചു സമയം വേണം .”

രണ്ടാമത്തെ കത്തിന്റെ ഉള്ളടക്കം അബ്സീനിയായിലെ മുസ്ലിംകളെക്കുറിച്ചായിരുന്നു. ഖുറയ്ശികളുടെ മർദനം സഹിക്കവയ്യാതെ അബ്സീനിയയിലേക്കു കടന്നുവന്ന മുസ്ലിംകളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തതിനു വളരെ നന്ദി. ഇനി അവരെയെല്ലാം മദീനയിലേക്ക് അയയ്ക്കണമെന്നപേക്ഷിക്കുന്നു.

ഇതായിരുന്നു കത്തിന്റെ ആശയം.

നജ്ജാശി രാജാവ് പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.


പേർഷ്യയിലെ അഗ്നിയാരാധകനായ കിസ്റാ രാജാവിന് അബ്ദുല്ലാഹിബ്നു ഹുദാഫത് വശം നബിﷺതങ്ങൾ കത്തു കൊടുത്തയച്ചു. ദൂതൻ പേർഷ്യൻ കൊട്ടാരത്തിലെത്തി. രാജാവിനു കത്തു കൊടുത്തു.

'മുഹമ്മദുർറസൂലുല്ലാഹിയിൽ നിന്ന്' എന്നാണു കത്തു തുടങ്ങുന്നത്. രാജാവിന് അതു സഹിക്കാനായില്ല. കോപത്തോടെ കത്തു വലിച്ചുകീറിക്കളഞ്ഞു.

തന്റെ കീഴിലുള്ള യമൻ ഭരണാധികാരിയായ "ബാദാന്" ഒരു
കൽപന കൊടുത്തു. “ഒരു നുബുവ്വത്തു വാദക്കാരൻ പുറപ്പെട്ടതായി വിവരം കിട്ടിയിരിക്കുന്നു. രണ്ടു യോദ്ധാക്കളെ അയച്ച് അവനെ നമ്മുടെ മുമ്പിൽ ഹാജരാക്കുക.”

കൽപന കിട്ടിയ ഉടനെ ബാദാൻ രണ്ടു യോദ്ധാക്കളെ മദീനയിലേക്കയച്ചു. അവർ മദീനയിലെത്തി. നബി ﷺ തങ്ങളോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ  യമൻ ഭരണാധികാരി പറഞ്ഞയച്ചതാണ്. നിങ്ങളെ കിസ്റാ രാജാവിന്റെ മുമ്പിൽ ഹാജരാക്കാൻ കൽപനയുണ്ട്. കിസ്റായുടെ കൽപന അനുസരിക്കുന്നതാണു നിങ്ങൾക്കു നല്ലത്. അല്ലെങ്കിൽ നിങ്ങളെയും കുടുംബത്തെയും മഹാരാജാവു നശിപ്പിച്ചുകളയും.”

“നിങ്ങൾ ഇന്ന് ഇവിടെ വിശ്രമിക്കൂ. നാളെ സംസാരിക്കാം.” നബി ﷺ സൗമ്യമായി പറഞ്ഞു... 

അവർ വിശ്രമിക്കാൻ പോയി. പിറ്റേന്നു രാവിലെ അവരെ വിളിച്ചുവരുത്തി, ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കിസ്റാ രാജാവിനെ ഇന്നലെ രാത്രി അയാളുടെ മകൻ ശിറുവൈഹി വധിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ യമനിലെ ബാദാന് ഒരു കത്തു തരാം. അതുമായി പോയ്ക്കൊള്ളൂ...” 

ദൂതന്മാർ അമ്പരന്നു. അവർ കത്തുമായി കുതിച്ചു. യമനിലെത്തി. ബാദാനു കത്തു നൽകി. കത്തിലെ വിവരങ്ങളറിഞ്ഞു ബാദാൻ ഞെട്ടിപ്പോയി. രാജാവു വധിക്കപ്പെടുകയോ..? അതും മകന്റെ കരങ്ങളാൽ..! ഇവിടെ അങ്ങനെ ഒരു വിവരം വന്നിട്ടില്ലല്ലോ.. ഇതു ശരിയാണെങ്കിൽ മുഹമ്മദ് സത്യപ്രവാചകൻ തന്നെ. അന്വേഷണത്തിൽ സംഭവം ശരിയാണെന്നറിഞ്ഞു.

ബാദാൻ ഇസ്ലാം മതം സ്വീകരിച്ചു.

ഉമർ(റ)വിന്റെ ഖിലാഫത്തു കാലത്തു പേർഷ്യ മുസ്ലിംകൾക്കു കീഴടങ്ങി. ആളുകൾ ഇസ്ലാം മതം സ്വീകരിച്ചു.


Part : 194


ബഹ്റയ്ൻ രാജാവായിരുന്നു മുൻദിർ ബ്നു സാവക്ക്. അദ്ദേഹത്തിനു നബി ﷺ തങ്ങളുടെ കത്തു കിട്ടി. കത്തു വായിച്ചതോടെ മുൻദിറിന്റെ മനസ്സിൽ ഈമാന്റെ പ്രകാശം പരന്നു. മുൻദിർ ഇസ്ലാം സ്വീകരിച്ചു...

അദ്ദേഹം ഇങ്ങനെ മറുപടി എഴുതി: “അല്ലാഹുവിന്റെ റസൂലേ, ഞാൻ കത്ത് എല്ലാവരെയും വായിച്ചു കേൾപ്പിച്ചു. ബഹ്റയ്ൻ നിവാസികൾ അതു കേട്ടു. അവരിൽ ഒരു വിഭാഗം ഇസ്ലാമിനെ ഇഷ്ടപ്പെടുന്നു. അവർ ഇസ്ലാം മതം സ്വീകരിച്ചു. അവരുടെ എണ്ണം അധികരിക്കുന്നു. മറ്റൊരു വിഭാഗം ഇസ്ലാം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഇന്നാട്ടിൽ ജൂതന്മാരും മജൂസികളുമുണ്ട്. അവരുടെ കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണം.”

ബഹ്റയ്ൻ രാജാവിന്റെ കത്തു കിട്ടിയപ്പോൾ നബിﷺതങ്ങൾക്കു വളരെ സന്തോഷമായി. പ്രവാചകൻ ﷺ ഉടനെത്തന്നെ അദ്ദേഹത്തിനു മറുപടി എഴുതി. ബിസ്മി എഴുതി. സലാം എഴുതി. അല്ലാഹുﷻവിനെ സ്തുതിച്ചു. അതിനു ശേഷം ഇങ്ങനെ എഴുതി:

“തന്റെ ആത്മാവിനു നന്മ ലഭിക്കണമെന്നാഗ്രഹിക്കുകയും
എന്റെ ദൂതന്മാരുടെ ഉപദേശങ്ങൾ പിൻപറ്റുകയും ചെയ്യുന്നവർ എന്നെ അനുസരിച്ചു. അവർക്കു നന്മ ആഗ്രഹിക്കുന്നവർ എനിക്കും നന്മ ആഗ്രഹിക്കുന്നവരാണ്. എന്റെ ദൂതന്മാർ താങ്കളെ പുകഴ്ത്തിപ്പറഞ്ഞു. താങ്കളുടെ ജനതയ്ക്കു വേണ്ടി ഞാൻ ശിപാർശ ചെയ്യും.

താങ്കളുടെ നാട്ടിലെ മുസ്ലിംകളെ ഇസ്ലാംമതം അനുസരിച്ചു ജീവിക്കാൻ അനുവദിക്കുക. തെറ്റു ചെയ്തവർക്കു മാപ്പു നൽകുകയും അവരിൽ നിന്നുള്ള നന്മകൾ അംഗീകരിക്കുകയും ചെയ്യുക.

താങ്കൾ നന്മ പ്രവർത്തിക്കുന്ന കാലത്തോളം അധികാരത്തിൽ തുടരുക. നാം താങ്കളെ അധികാരത്തിൽ നിന്നു നീക്കുകയില്ല. ജൂതന്മാരും മജൂസികളും അവരുടെ മതത്തിൽ തന്നെ തുടരുന്ന കാലത്തോളം അവരിൽനിന്ന് സംരക്ഷണനികുതി ഈടാക്കേണ്ടതാകുന്നു.” കത്തു സീൽ ചെയ്തു ബഹ്റയ്ൻ രാജാവിന് അയച്ചുകൊടുത്തു.

ഒമാൻ രാജാക്കന്മാർക്കും കത്തുകൾ അയയ്ക്കുകയുണ്ടായി. അംറ് ബ്നുൽ ആസ് എന്ന സ്വഹാബിവര്യൻ പ്രവാചകരുടെ (ﷺ) കത്തുമായി ഒമാനിലെത്തി. അവിടുത്തെ ഭരണാധികാരിയുടെ പേര് അബ്ദു എന്നായിരുന്നു.

അദ്ദേഹം കത്തു വായിച്ച ശേഷം ചോദിച്ചു: “എന്തൊക്കെയാണു നിങ്ങളുടെ പ്രവാചകന്റെ പ്രധാന ഉപദേശങ്ങൾ..?”

 അംറുബ്നുൽ ആസ് പ്രധാന ഉപദേശങ്ങൾ വിവരിച്ചുകൊടുത്തു:

“ഏകനായ അല്ലാഹുﷻവിനെ ആരാധിക്കാൻ കൽപിക്കുന്നു.

അവന്റെ കൽപനകൾ അവഗണിക്കരുത്. നന്മ ചെയ്യണം. കുടുംബബന്ധങ്ങൾ പാലിക്കണം. അക്രമം, ശത്രുത, മദ്യപാനം,ബിംബാരാധന എന്നിവ നിരോധിക്കുന്നു.” ഉപദേശങ്ങൾ പിന്നെയും തുടർന്നു...

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവു പറഞ്ഞു: “ഈ ഉപദേശങ്ങൾ എത്ര നല്ലതാണ്. എന്റെ സഹോദരൻ അനുകൂലിക്കുമെങ്കിൽ ഞാൻ പ്രവാചകനിൽ (ﷺ) വിശ്വസിക്കുമായിരുന്നു. അധികാരക്കൊതിയനായ എന്റെ സഹോദരൻ വിശ്വസിക്കുമോ ആവോ..?”

“താങ്കളുടെ സഹോദരൻ ഇസ്ലാം സ്വീകരിക്കുമെങ്കിൽ അധികാരത്തിൽ തുടരാം. അദ്ദേഹം ധനികരിൽ നിന്നു സക്കാത്ത് വാങ്ങി ദരിദ്രർക്കു കൊടുക്കണം.”

“അതു നല്ല സമ്പ്രദായം തന്നെ. എന്താണു സക്കാത്ത്..?”

അംറുബ്നുൽ ആസ് സക്കാത്തിനെപ്പറ്റി വിശദീകരിച്ചു. അബ്ദുവിന്റെ സഹോദരന്റെ പേര് ജയ്ഫർ എന്നായിരുന്നു. രണ്ടു സഹോദരന്മാരും ഇസ്ലാം മതം സ്വീകരിച്ചു...

ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കത്തുകൾ നബിﷺതങ്ങൾ പല ഭാഗത്തേക്കും അയയ്ക്കുകയുണ്ടായി. ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും ഗവർണർമാർക്കും ഗോത്രത്തലവന്മാർക്കുമെല്ലാം കത്തുകൾ കിട്ടി.

പ്രവാചകനിൽ (ﷺ) നിന്നൊരു കത്തു കിട്ടുന്നത് വലിയൊരു പദവിയായി പലരും കരുതി. ചില ധിക്കാരികൾ മാത്രം കത്ത് അവഗണിച്ചു...

പലരും ഇസ്ലാമിനെക്കുറിച്ച് അന്വേഷിച്ചറിയാൻ വലിയ താൽപര്യം കാട്ടി. ഇസ്ലാമിക തത്വങ്ങൾ മനസ്സിലാക്കി ശഹാദത്തു കലിമ ചൊല്ലി. അങ്ങനെ ഇസ്ലാം പേർഷ്യൻ കൊട്ടാരത്തിലും റോമിലെ കൊട്ടാരത്തിലുമൊക്കെ സംസാരവിഷയമായി. ഒരു ലോക മതമായി ഇസ്ലാം വളരുകയാണ്...


Part : 195

ഖയ്ബറിലെ വിസ്മയങ്ങൾ 

ഹുദയ്ബിയ്യ സന്ധിയോടുകൂടി മദീനയുടെ തെക്കുഭാഗത്തു നിന്നുള്ള ഭീഷണികൾക്കു ശമനം വന്നു. എന്നാൽ വടക്കുഭാഗം അപ്പോഴും സുരക്ഷിതമായിരുന്നില്ല.

ഖയ്ബർ ജൂതന്മാരുടെ കേന്ദ്രമാണ്.

മദീന വിട്ടുപോയ പല ജൂത കുടുംബങ്ങളും അവിടെ താമസമാക്കി. അവർ വളരെ സമ്പന്നരായിരുന്നു. അവരുടെ ഈത്തപ്പനത്തോട്ടങ്ങളും വ്യാപാര കേന്ദ്രങ്ങളുമൊക്കെ വളരെ പ്രസിദ്ധമായിരുന്നു.

 അറേബ്യയിലെ ഗോത്രങ്ങളെ സംഘടിപ്പിച്ചു മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ശ്രമിച്ചു. അതിന്റെ ഫലമായിരുന്നു ഖന്തഖ് യുദ്ധം.

ഖന്തഖിൽ ശത്രുക്കൾ നിശ്ശേഷം പരാജയപ്പെട്ടു. പക്ഷേ, അവർ അടങ്ങിയിരുന്നില്ല. പല ഗോത്രങ്ങളുമായി രഹസ്യ സംഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അറേബ്യക്കു പുറത്തുള്ള ശക്തികളുമായും
അവർക്കു ബന്ധമുണ്ടായിരുന്നു. വിദേശ ശക്തികളുടെ സഹായത്തോടെ മുസ്ലിംകളെ ആക്രമിക്കാനും അവർ ശ്രമിച്ചേക്കും.

അവരുമായി സന്ധി ചെയ്താലോ? സന്ധിക്ക് അവർ തയ്യാറാകുമോ?
ഇനി സന്ധി ചെയ്താൽ തന്നെ അതുകൊണ്ടെന്തു കാര്യം. എത്രയോ തവണ സന്ധി വ്യവസ്ഥകൾ തെറ്റിച്ചവരാണു ജൂതന്മാർ. ഖയ്ബറിന്റെ ശക്തി തകർക്കേണ്ടതു മുസ്ലിംകളുടെ നിലനിൽപിന് ആവശ്യമാണ്. 

അപ്പോഴാണ് ഒരു ഗൂഢാലോചനയുടെ വാർത്ത പുറത്തു വന്നത്. പല ഗോത്രങ്ങളെയും അവർ യുദ്ധത്തിനു പ്രേരിപ്പിക്കുന്നു.

“ഞങ്ങളോടൊപ്പം ചേർന്നു മദീനയെ ആക്രമിക്കുകയാണങ്കിൽ ഞങ്ങളുടെ ഈത്തപ്പഴത്തോട്ടങ്ങളുടെ പകുതി ഉൽപന്നം തരാം.” ഈ വാഗ്ദാനം പലരെയും ആകർഷിച്ചു.

ഈ സാഹചര്യത്തിൽ യുദ്ധം ചെയ്തു ഖയ്ബറിന്റെ ശക്തി കുറക്കേണ്ടത് അനിവാര്യമായിത്തീർന്നു. ഹുദയ്ബിയ്യ യാത്ര കഴിഞ്ഞു മുസ്ലിംകൾ മദീനയിൽ തിരിച്ചെത്തി ഒരു മാസം കഴിയുന്നതേയുള്ളൂ. അപ്പോഴാണു ഖയ്ബറിലേക്കു പുറപ്പെടാൻ കൽപന.

“എന്റെ കൂടെ ഹുദയ്ബിയ്യയിലേക്കു വന്നവർ മാത്രമേ ഖയ്ബറിലേക്കു വരേണ്ടതുള്ളൂ.” ഉയരത്തിലുള്ള ഒരു പ്രദേശമാണു ഖയ്ബർ. വളരെ ഭദ്രമായി കെട്ടി ഉയർത്തിയ കോട്ടകൾ. 

ഖയ്ബർ മൂന്നു മേഖലകളായിരുന്നു.

നിത്വാത്, കസീബ്, ശഖ്. 

ഓരോ മേഖലയിലും സുശക്തമായ കോട്ടകളുണ്ടായിരുന്നു. കോട്ടകളിൽ ആറെണ്ണം വളരെ പ്രധാനപ്പെട്ടതാണ്.

വാത്വിഹ്, സുലാലിം, നിത്വാത്, താഇം, ഖമൂസ്, സഅ്ബ് ബ്നു മുആദ്

അത്ര എളുപ്പത്തിലൊന്നും ആർക്കും ഈ കോട്ടകൾ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ കഴിയില്ല. അതിന്റെ ചുമരുകൾക്കും വാതിലുകൾക്കും അത്രയ്ക്ക് ഉറപ്പാണ്.

കോട്ടയുടെ അകത്ത് ഇരുപതിനായിരം യോദ്ധാക്കളുണ്ട്.
ഖയ്ബറിലെത്തിയ മുസ്ലിംകൾ കോട്ടക്കു മുമ്പിൽ കിടന്നുറങ്ങി. അകത്തുള്ളവർ അറിഞ്ഞതേയില്ല.

നേരം പുലർന്നു. അതിരാവിലെ കൃഷിസ്ഥലത്തേക്കു പോയ
തൊഴിലാളികളാണു മുസ്ലിംകളെ കണ്ടത്. അവർ ഭയന്നു നിലവിളിച്ചുകൊണ്ട് ഓടി.

“ഇതാ മുഹമ്മദും കൂട്ടരും വന്നിരിക്കുന്നു.” ഭീതി നിറഞ്ഞ സ്വരത്തിൽ അവർ വിളിച്ചു പറഞ്ഞു...


Part : 196

നിത്വാത് കോട്ടയുടെ മുമ്പിൽ മുസ്ലിംകൾ നിലയുറപ്പിച്ചു. കോട്ടയ്ക്കകത്തു നിന്ന് അമ്പെയ്താൽ കൊള്ളാത്ത അകലത്തിൽ അവർ നിന്നു.

കോട്ടയ്ക്കകത്തു പരിഭ്രാന്തി പരന്നു.നേതാക്കൾ കൂടിയാലോചന തുടങ്ങി.

അവരുടെ ഉന്നത നേതാവാണു സല്ലാമുബ്നു മിശ്കം. അയാൾ ചില നിർദേശങ്ങൾ വച്ചു.

സ്ത്രീകളെയും കുട്ടികളെയും വാതിഹ് കോട്ടയിലേക്കു മാറ്റുക. സമ്പത്തും അങ്ങോട്ടു മാറ്റുക, കുറേ പേരെ സുലാലിം കോട്ടയിലേക്കും മാറ്റുക. ഭടന്മാർ നിത്വാത് കോട്ടയിൽ നിരന്നു.

കോട്ടയ്ക്കകത്തുള്ളവരെ പുറത്തു കൊണ്ടുവരണം. അതിനെന്തുവഴി?  മുസ്ലിം സേന ആലോചിച്ചു. ഈത്തപ്പനകൾ മുറിക്കുക. തങ്ങളുടെ മരങ്ങൾ രക്ഷിക്കാൻ വേണ്ടി ജൂതന്മാർ പുറത്തുവരും.

ഈത്തപ്പനകൾ കുറെ മുറിച്ചുമാറ്റി. കോട്ടയിൽ നിന്നാരും പുറത്തു വന്നില്ല. ഈത്തപ്പന മുറിക്കുന്നതു നിറുത്താൻ തിരുനബി ﷺ കൽപിച്ചു. 

ആറു ദിവസങ്ങൾ കടന്നുപോയി. യുദ്ധം എങ്ങുമെത്തിയില്ല. അന്നു രാത്രി കാവൽ ജോലിയിലുണ്ടായിരുന്ന ഉമർ(റ) അവിടെയെല്ലാം ചുറ്റിനടന്നു. കോട്ടയിൽ നിന്നു പുറത്തുവന്ന ഒരു ജൂതനെ പിടികൂടി...

ജൂതൻ പേടിച്ചുപോയി. നബിﷺതങ്ങൾ അവനോടു സംസാരിച്ചു. “നീ ഒന്നും പേടിക്കേണ്ട. നിന്നെ ഞങ്ങൾ സംരക്ഷിക്കാം. നീ ഞങ്ങളെ സഹായിക്കുമോ..?”

“എന്റെ ജീവൻ രക്ഷിക്കണം. ഞാൻ സഹായിക്കാം.” ആ ജൂതൻ കോട്ടക്കകത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുത്തു. ആയുധപ്പുര എവിടെയാണെന്നും പറഞ്ഞു.

അന്നു നബി ﷺ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞു: “അല്ലാഹുﷻവിനെയും റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാൾക്കു നാളെ ഞാൻ ഈ പതാക നൽകും.”

എല്ലാവരും പതാക കൊതിച്ചു. പതാക ലഭിക്കുന്ന ആളാണു നായകൻ. ആർക്കായിരിക്കും അതു ലഭിക്കുക..! എല്ലാവരും അതോർത്തുകൊണ്ടാണു കിടന്നത്. നാളെ പ്രഭാതത്തിലറിയാം. സമാധാനത്തോടെ ഉറങ്ങി...

പിറ്റേന്നു രാവിലെ എല്ലാവരും സമ്മേളിച്ചു. പ്രവാചകൻ ﷺ ചുറ്റും നോക്കി. എന്നിട്ടൊരു ചോദ്യം..?

“അലി എവിടെ..?”

അലി(റ) അവിടെ ഉണ്ടായിരുന്നില്ല. കണ്ണുരോഗം വന്നു കിടക്കുകയായിരുന്നു. ആ വിവരം ആളുകൾ പ്രവാചകനെ (ﷺ) അറിയിച്ചു.

“അലിയെ വിളിക്കൂ..!”

കണ്ണുവേദന കാരണം ഒറ്റയ്ക്കു പോയി കിടക്കുകയാണ് അലി(റ). ആളുകൾ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. നബി ﷺ തങ്ങളുടെ സമീപത്തേക്കു നടന്നു. നബി ﷺ തങ്ങൾ തന്റെ ഉമിനീര് അലി(റ)വിന്റെ കണ്ണിൽ പുരട്ടി. അതോടെ അസുഖം മാറി. പതാക അലി(റ)വിന്റെ കയ്യിൽ കൊടുത്തു.

ഉപരോധം കാരണം നിരാശരായ ജൂതന്മാർ തുറന്ന യുദ്ധത്തിനു തയ്യാറെടുത്തു കഴിഞ്ഞിരുന്നു. യുദ്ധം തുടങ്ങി. നേരത്തെ ദ്വന്ദയുദ്ധത്തിനു വന്ന ഒരു യോദ്ധാവിനെ അലി(റ) വധിച്ചു...

ജൂതന്മാരുടെ വീരനായകൻ മുറഹ്ഹിബ് രംഗത്തുവന്നു. അയാളുടെ സഹോദരൻ യാസിറും രംഗത്തെത്തി. അതോടെ യുദ്ധത്തിന്റെ ശക്തി വർധിച്ചു. മുസ്ലിംകൾ അതി ശക്തമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു. മുറഹ്ഹിബ് മരിച്ചു വീണു. പിന്നാലെ യാസിറും...

തുടർന്ന് ഒരു മുന്നേറ്റമായിരുന്നു. നാഇം കൊട്ട വളഞ്ഞു. പിന്നെ അതിനകത്തു കടന്നു. കോട്ടയുടെ നിയന്ത്രണം കൈവശമാക്കി.

സഅ്ബ് ബ്നു മുആദ് എന്ന കോട്ടയിലേക്കു ജൂതന്മാർ കയറി. അതിനുനേരെ മുസ്ലിംകൾ ശക്തമായ ആക്രമണം നടത്തി. ശക്തമായ ചെറുത്തുനിൽപുണ്ടായി.

മുസ്ലിംകൾ പിന്നെയും ആക്രമണം ശക്തമാക്കി. ജൂതന്മാർ ഗത്യന്തരമില്ലാതെ അടുത്തുള്ള മറ്റൊരു കോട്ടയിലേക്കു പിൻവാങ്ങി. ഖില്ല എന്നായിരുന്നു ആ കോട്ടയുടെ പേര്. 

സഅ്ബ് കോട്ട മുസ്ലിംകൾ കീഴടക്കി. അതിനകത്ത് ഇഷ്ടംപോലെ ഭക്ഷണസാധനങ്ങളുണ്ടായിരുന്നു. ആഹാര സാധനങ്ങൾ മുസ്ലിംകൾക്കനുഗ്രഹമായി. വേണ്ടത്ര ആഹാരവും, വെള്ളവും ആയുധങ്ങളും കിട്ടി. നവോന്മേഷം കൈവന്നു. അടുത്ത കോട്ട പിടിക്കാനുള്ള ശ്രമമാരംഭിക്കുകയായി...


Part : 197

യഹൂദ സ്ത്രീയുടെ ചതി

ജൂതന്മാർ ഇപ്പോൾ ഖില്ല കോട്ടക്കകത്താണുള്ളത്. പുറത്തു വരുന്നില്ല. മൂന്നു ദിവസം കോട്ട ഉപരോധിച്ചു. ആരും പുറത്തു വരുന്നില്ല.

നാലാം ദിവസം ജൂതന്മാരുടെ ജലാശയം മുസ്ലിംകൾ കണ്ടെത്തി. ജലാശയത്തിനു കാവൽ ഏർപെടുത്തി. ജൂതന്മാർക്കു വെള്ളം കിട്ടാൻ മാർഗമില്ലാതായി. വെള്ളത്തിനുവേണ്ടി പൊരുതുകയല്ലാതെ നിവൃത്തിയില്ല.

ഖില്ല കോട്ടയിൽ നിന്നു യോദ്ധാക്കൾ പുറത്തുവന്നു. യുദ്ധം പെട്ടെന്നു ശക്തമായി. യുദ്ധം ജൂതന്മാർക്കു പ്രതികൂലമായിരുന്നു. ഖില്ല കോട്ട മുസ്ലിംകൾ പിടിച്ചെടുത്തു. അവർ ശഖ് കോട്ടയിലേക്കു പിന്മാറി.

ശഖ് കോട്ടയ്ക്കുവേണ്ടി ശക്തമായി പോരാട്ടം നടന്നു. ഒടുവിൽ ആ കോട്ടയും കീഴടക്കി.

ബരീഅ് എന്ന സ്ഥലത്തുവച്ചു യുദ്ധം തുടർന്നു. ബരീഇലുള്ളവർ അസ്ത്രവിദ്യയിൽ മിടുക്കന്മാരാണ്.

മുസ്ലിംകളിൽ പലർക്കും അമ്പുകൊണ്ടു. ഒരു തവണ റസൂൽ ﷺ തങ്ങൾക്കും അമ്പേറ്റു. നീണ്ട യുദ്ധത്തിനുശേഷം ബരീഇൽ നിന്നും ജൂതന്മാർ പിന്മാറി.

പിന്നീടു യുദ്ധം നടന്നത് കസീബയിലാണ്. അവിടെയും പല കോട്ടകൾ ഉണ്ടായിരുന്നു. ഖമൂസ് കോട്ട വളരെ പ്രധാനപ്പെട്ടതാണ്. അതു മുസ്ലിംകൾ കൈവശമാക്കി. ഇരുപതു ദിവസം ജൂതന്മാർ ചെറുത്തുനിന്നു. അലി(റ)വിന്റെ നേതൃത്വത്തിൽ ഉഗ്രസമരം നടന്നു. ജൂതന്മാരെ പരാജയപ്പെടുത്തി.

ജൂതനേതാവായ ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ പിടികൂടിയത് ഈ കോട്ടയിൽ വച്ചായിരുന്നു.

വത്വീഹ്, സുലാലിം എന്നീ കോട്ടകളും മുസ്ലിംകൾ കീഴടക്കി. ഈ കോട്ടകളിൽ നിന്നു വമ്പിച്ച സ്വത്തു കിട്ടി. നൂറ് അങ്കി, നാനൂറു വാൾ, ആയിരം കുന്തം, അഞ്ഞൂറ് വില്ല്, തൗറാതിന്റെ കോപ്പികൾ, ആഭരണങ്ങൾ എന്നിവയാണു കിട്ടിയത്.

തൗറാതിന്റെ കോപ്പികൾ ജൂതന്മാർക്കു തന്നെ നൽകി...

ഖയ്ബർ കീഴടങ്ങി. യുദ്ധത്തിൽ പതിനഞ്ചു മുസ്ലിംകൾ ശഹീദായി.
തൊണ്ണൂറ്റി മൂന്ന് ജൂതന്മാർ വധിക്കപ്പെട്ടു.

“ജൂതന്മാർ കീഴടങ്ങിക്കഴിഞ്ഞു. ഇനി അവരോട് ഏറ്റവും മാന്യമായ രീതിയിൽ പെരുമാറണം.” - പ്രവാചകൻ ﷺ ഉപദേശിച്ചു.

“ഞങ്ങൾക്കു ചില അപേക്ഷകൾ സമർപ്പിക്കാനുണ്ട്.” ജൂതന്മാർ പ്രവാചകനോടു (ﷺ) പറഞ്ഞു.

“എന്താണു നിങ്ങൾക്കു പറയാനുള്ളത്? കേൾക്കട്ടെ...”

“ഞങ്ങളുടെ ജീവൻ രക്ഷിക്കണം.”

“നിങ്ങളുടെ ജീവനു യാതൊരു അപകടവുമില്ല.”

“ഞങ്ങളുടെ കൃഷിസ്ഥലം ഞങ്ങൾക്കുതന്നെ വിട്ടുതരണം. ഞങ്ങൾ കൃഷി ചെയ്തു കൊള്ളാം. വിളവിന്റെ പകുതി നിങ്ങൾക്കു തരാം.”

“ഈ അപക്ഷയും സ്വീകരിക്കുന്നു.” ജൂതന്മാർക്കു വലിയ ആശ്വാസം.

ഇക്കാര്യങ്ങളൊക്കെ മുഹമ്മദ് (ﷺ) സമ്മതിക്കുമെന്നു തോന്നിയില്ല എന്നാണവർ പരസ്പരം പറഞ്ഞിരുന്നത്. പറഞ്ഞതെല്ലാം സമ്മതിച്ചു. ഖയ്ബറിൽ തന്നെ താമസിക്കാം. കൃഷി ചെയ്യാം...

സമാധാനം നിലവിൽ വന്നു. മരിച്ചവരെ ഖബറടക്കി. പൊതുവെ എല്ലാം ശാന്തം. അപ്പോഴും പല ജൂതമനസ്സുകളും തിളയ്ക്കുകയായിരുന്നു. പ്രവാചകനെ (ﷺ) എങ്ങനെ നശിപ്പിക്കാമെന്ന് അവർ അപ്പോഴും ചിന്തിക്കുന്നു. സ്ത്രീകൾ പോലും ഈ ചിന്തയിലാണ്. 

ജൂതനേതാവാണു സല്ലാം ബ്‌നു മിശ്ക്ക്. അയാളുടെ ഭാര്യ സയ്നബ്. ആ സ്ത്രീക്കു പ്രവാചകനെ (ﷺ) വധിക്കണമെന്നു വല്ലാത്ത വാശി. വഞ്ചിച്ചു കൊല്ലണം. അതിനുള്ള വഴി ചിന്തിച്ചു.

പ്രവാചകനെ (ﷺ) ഒരു സദ്യക്കു ക്ഷണിക്കുക. യുദ്ധം അവസാനിച്ച ശേഷം വളരെ സൗഹാർദത്തിലാണ്. സദ്യക്കു ക്ഷണിച്ചാൽ വരും. വിഷം കലർത്തിയ ആഹാരം കൊടുക്കാം.

ആ യഹൂദ സ്ത്രീ തന്റെ പദ്ധതി നടപ്പാക്കി. നന്നായി പാകം ചെയ്ത ഒരാടിനെ പ്രവാചകനു (ﷺ) കാഴ്ചവച്ചു.

നബി ﷺ തങ്ങൾ ഒരു കഷണം മാംസം വായിലിട്ടു...


Part : 198

സ്വഫിയ്യ രാജകുമാരി 

ആ യഹൂദ സ്ത്രീ തന്റെ പദ്ധതി നടപ്പാക്കാൻ നന്നായി പാകം ചെയ്ത ഒരാടിനെ പ്രവാചകനു (ﷺ) കാഴ്ചവച്ചു. നബിﷺതങ്ങൾ ഒരു കഷണം മാംസം വായിലിട്ടു. ഉടനെ തുപ്പിക്കളഞ്ഞു...

“തിന്നരുത്. ഇതു വിഷമാണ്.”

ബിശ്റ് ബ്‌നു ബർറ (റ) മാംസം ചവച്ചിറക്കിക്കഴിഞ്ഞിരുന്നു. ഉഗ്രവിഷമാണു കലർത്തിയിരുന്നത്.

അദ്ദേഹം കുഴഞ്ഞുവീണു മരണപ്പെട്ടു...

സയ്നബിനെ പിടികൂടി. പ്രവാചകന്റെ (ﷺ) മുമ്പിൽ കൊണ്ടുവന്നു.

“നീ ഇതിൽ വിഷം കലർത്തിയോ..?”

“അതേ..!”

“നീ എന്തിനിതു ചെയ്തു..?”

“താങ്കൾ സത്യത്തിൽ ദൈവദൂതനാണെങ്കിൽ അതു മനസ്സിലാക്കുമെന്നും ഇറച്ചി കഴിക്കില്ലെന്നും ഞാൻ കരുതി. യഥാർത്ഥ പ്രവാചകനല്ലെങ്കിൽ താങ്കളുടെ ഉപദ്രവത്തിൽ നിന്നു ഞങ്ങളൊക്കെ രക്ഷപ്പെടട്ടെ എന്നും കരുതി...”

ബിശ്ർ ബ്‌നു ബർറ(റ)വിനെ കൊന്നതിനു പകരമായി അവളെ വധിക്കണമെന്ന അഭിപ്രായമുണ്ടായി.

“ഖയ്ബർ യുദ്ധത്തിൽ ഭർത്താവും പിതാവും വധിക്കപ്പെട്ടു ദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. കരുണ കാണിക്കണം." ജൂതന്മാരുടെ അപേക്ഷ...

സയ്നബിനു തന്റെ മുമ്പിൽ നിൽക്കുന്നതു യഥാർത്ഥ നബിയാണെന്നു ബോധ്യം വന്നു. ഇസ്ലാം മതം സ്വീകരിച്ചു...

ഖയ്ബറിലെ ജൂതന്മാരും മുസ്ലിംകളും തമ്മിൽ കൃഷിയുടെ കാര്യത്തിൽ ഒരു കരാറുണ്ടാക്കി. ജൂതന്മാർ കൃഷി നടത്തും. വിളവെടുക്കുമ്പോൾ പകുതി മുസ്ലിംകൾക്കു നൽകും. ഇതിന്റെ ചുമതല വഹിക്കാൻ പ്രവാചകരുടെ (ﷺ) പ്രതിനിധിയായ അബ്ദുല്ലാഹിബ്നു റവാഹ (റ) വിനെ നിയോഗിച്ചു.

അദ്ദേഹം വളരെ നീതിപൂർവം അവരോടു പെരുമാറി. ഒരാക്ഷേപത്തിനും ഇടവന്നില്ല.

വിളവെടുത്താൽ രണ്ട് ഓഹരി വയ്ക്കും. ഇഷ്ടമുള്ളത് എടുത്തുകൊള്ളാൻ ജൂതന്മാരോടു പറയും. ഈ നടപടി അവരുടെ മനസ്സിനെ സ്പർശിച്ചു. യുദ്ധത്തിൽ തോറ്റാൽ നാടും വീടും സ്വത്തും ജീവനും നഷ്ടപ്പെടുന്ന കാലമാണെന്നോർക്കണം.

ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ പിടികൂടിയ കാര്യം നേരത്തെ
സൂചിപ്പിച്ചുവല്ലോ. മുസ്ലിംകൾ അവരോടു വളരെ മാന്യമായിട്ടാണു പെരുമാറിയത്.

ഒരു രാജകുമാരിക്കു ലഭിക്കാവുന്ന എല്ലാ പരിഗണനയും. അവർ ആശ്ചര്യപ്പെട്ടു. ഇസ്ലാം മതത്തെക്കുറിച്ച് അടുത്തറിയാൻ ആ രാജകുമാരിക്ക് അവസരം കിട്ടിയത് ഇപ്പോഴാണ്. ഏകദൈവ വിശ്വാസിയായിരുന്ന അവർക്കു തൗറാത് അറിയാമായിരുന്നു. അതിൽ പറഞ്ഞ പ്രവാചകൻ (ﷺ) ഇതുതന്നെയാണ്. എന്നിട്ടും എന്താണു തന്റെ ജനത വിശ്വസിക്കാത്തത്. ഈ ധിക്കാരം ശരിയല്ല. ഈ സത്യം നേരത്തെ തന്നെ താൻ മനസ്സിലാക്കേണ്ടതായിരുന്നു.

ഈ പ്രവാചകനെ (ﷺ) പരാജയപ്പെടുത്താനാവില്ല.

അല്ലാഹുവിന്റെ സംരക്ഷണത്തിലാണു പ്രവാചകൻ ﷺ. പ്രവാചകനെ (ﷺ) മനസ്സിലാക്കിയ സ്വഹാബികൾ എന്തു ത്യാഗത്തിനും സന്നദ്ധരാണ്. അല്ലാഹുﷻവിന്റെ തൃപ്തിയാണ് അവരുടെ ലക്ഷ്യം...

തനിക്കും അതല്ലേ അഭികാമ്യം..!

അല്ലാഹുﷻവിന്റെ തൃപ്തി. പരലോക വിജയം. പിന്നെ കാത്തുനിന്നില്ല.
അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും അവർ വിശ്വാസം പ്രഖ്യാപിച്ചു. ഇസ്ലാം മതം സ്വീകരിച്ചു. സത്യവിശ്വാസികൾക്ക് ആഹ്ലാദം...

“അല്ലാഹുﷻവിന്റെ റസൂലേ, ഇതു സാധാരണ സ്ത്രീയല്ല. രാജകുമാരിയാണ്. ഇവരെ ആദരിക്കണം...” 

എങ്ങനെ ആദരിക്കാൻ..?

ഭാര്യാപദവികൊണ്ട് അലങ്കരിക്കണം.

ആ രാജകുമാരിക്ക് അനുയോജ്യനായ ഭർത്താവ് ആരാണ്..? - 

പ്രവാചകനല്ലാതെ..!!

ആ വിവാഹം നടന്നു. സ്വഫിയ്യ അതൊന്നും മോഹിച്ചതല്ല. അല്ലാഹുﷻവിലും പ്രവാചകനിലും (ﷺ) വിശ്വസിച്ചതോടെ സ്വഫിയ്യ(റ)യുടെ പദവി അല്ലാഹു ﷻ വളരെ ഉയർത്തി...

ഖയ്ബറിന്റെ സന്തോഷകരമായ ഓർമകളുമായി സ്വഹാബികൾ മദീനയിലേക്കു മടങ്ങി...


Part : 199

ആടു മേയ്ച പ്രവാചകർ

തെളിഞ്ഞ സായാഹ്നം. സന്തോഷകരമായ വിശ്രമവേള. എമ്പാടും ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. ചിലർ ഫലിതങ്ങൾ പറയുന്നു. കൂടി നിൽക്കുന്നവർ ആസ്വദിക്കുന്നു. പൊട്ടിച്ചിരികൾ ഉയരുന്നു.

ചിലർ സഞ്ചാര കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുന്നു. വിജനമായ മരുഭൂമിയിലെ സാഹസികതകളാണു ചിലർ വിവരിക്കുന്നത്. ഉത്കണ്ഠയോടുകൂടി കേൾവിക്കാർ ശ്രദ്ധിക്കുന്നു. സംഭാഷണങ്ങളും വിവരണങ്ങളും പല കൈവഴികളിലൂടെ ഒഴുകി.

ചിലപ്പോൾ അതു രസകരമായ വാഗ്വാദത്തിലേക്കു നീങ്ങും. വാഗ്വാദം സദസ്സിൽ ഹരം പകരും. ആൾക്കാരുടെ ആവേശം വർധിക്കും. 

ഇപ്പോഴിതാ അത്തരം ഒരു വാഗ്വാദത്തിലേക്കു സദസ്സു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വിവാദ വിഷയം എങ്ങനെയോ ചർച്ചയ്ക്കു വിധേയമായിത്തീർന്നു. ആളുകൾ രണ്ടുപക്ഷമായി തിരിഞ്ഞു വാദപ്രതിവാദം തുടങ്ങി.

ആട്ടിടയന്മാരാണോ ഒട്ടകക്കാരാണോ കേമന്മാർ? 

ഇതാണു. തർക്ക വിഷയം.

തങ്ങളാണ് ഉന്നതന്മാരെന്നു വരുത്താൻ ഇരുപക്ഷവും ശ്രമിക്കുന്നു. പലരും വാചാലമായി സംസാരിക്കുന്നു. സദസ്സിൽ ആഹ്ലാദവും ആവേശവും വർധിച്ചുകൊണ്ടിരുന്നു. അന്തരീക്ഷം ചൂടിപിടിച്ചു.

ഒടുവിൽ ഒട്ടക പക്ഷക്കാർ വിജയിച്ചു എന്നു പറയാം. അപ്പോൾ നബിﷺതങ്ങൾ ഇടപെട്ടു സംസാരിക്കാൻ തുടങ്ങി...

“മൂസാ നബി(അ) ആട്ടിടയനായിരുന്നു. ആട്ടിടയനായിരിക്കെയാണു മൂസാ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ദാവൂദ് നബി(അ) ആട്ടിടയനായിരുന്നു. എല്ലാ പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു.”

നബിﷺതങ്ങളുടെ വാക്കുകൾ സദസ്സിനു പുതുമയായി. ആടിനെ വളർത്തൽ മഹത്തായ തൊഴിലാണെന്ന് അവർക്കു ബോധ്യം വന്നു. അതു പ്രവാചകന്മാർ ചെയ്ത തൊഴിലാണ്. 

ആടിനെ വളർത്താൻ വലിയ ചെലവില്ല. ഏതു ദരിദ്ര കുടുംബത്തിനും ആടിനെ വളർത്താം. നല്ലൊരു വരുമാന മാർഗമാണത്. ആടുകൾ പെട്ടെന്നു പെറ്റു പെരുകും. ഓരോ പ്രസവത്തിലും രണ്ടും മൂന്നും നാലും കുഞ്ഞുങ്ങളുണ്ടാകും.

ആട്ടിൻപറ്റത്തെ മേയ്ക്കുന്നത് നല്ലൊരു പരിശീലനമാണ്. വളരെയേറെ ക്ഷമ വേണം. ആടുകൾ കൂട്ടം തെറ്റിപ്പോകുന്നതു സൂക്ഷിക്കണം. കഴിവു കുറഞ്ഞവയെ പ്രത്യേകം ശ്രദ്ധിക്കണം. പിൽക്കാലത്തു മനുഷ്യരെ നയിക്കേണ്ട പ്രവാചകന്മാർ ആദ്യ ഘട്ടത്തിൽ ആടിനെ മേയ്ക്കുന്നു.

പ്രവാചകന്മാരെല്ലാം ആടുകളെ മേയ്ചിരുന്നു എന്നു കേട്ടപ്പോൾ സ്വഹാബികൾക്കൊരു സംശയം. അന്ത്യപ്രവാചകനും ആ തൊഴിൽ ചെയ്തിരുന്നോ..? 

അവർ ആകാംക്ഷയോടെ ചോദിച്ചു:

“അല്ലാഹുവിന്റെ റസൂലേ, അങ്ങ് ആടുകളെ മേയ്ചിരുന്നോ..?”

പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “എന്താ സംശയം, ഞാൻ കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ആടുകളെ മേയ്ചിട്ടുണ്ട്. ബനൂ സഅ്ദിലെ എന്റെ സഹോദരങ്ങളോടൊപ്പം മലഞ്ചരുവിൽ ആടിനെ മേയ്ക്കാൻ പോയിരുന്നു. വലുതായപ്പോൾ എന്റെ ബന്ധുക്കളുടെയും നാട്ടുകാരായ ചിലരുടെയും ആടുകളെ മേയ്ചിട്ടുണ്ട്.”

ഹലീമ(റ)യുടെ മക്കളെയാണ് ബനൂ സഅ്ദിലെ സഹോദരങ്ങൾ എന്നു വിശേഷിപ്പിച്ചത്. മുലകുടി ബന്ധത്തിൽ അവർ സഹോദരങ്ങളാണല്ലോ...

വളർന്നു വന്നപ്പോൾ ഒരു തൊഴിൽ എന്ന നിലയിൽ ആടുകളെ സംരക്ഷിക്കുന്ന ജോലി ഏറ്റെടുത്തു. അതിനു കൂലി ലഭിക്കുകയും ചെയ്തു.

മനുഷ്യരുമായി കൂടുതൽ ഇണങ്ങി ജീവിക്കുന്ന വളർത്തു മൃഗമാണ് ആട്. അവ നമുക്കു പാൽ തരുന്നു. അതിന്റെ മാംസവും എല്ലും തൊലിയും രോമവുമെല്ലാം പ്രയോജനപ്രദമാണ്. ആട്ടിൻ കാഷ്ഠം മികച്ച വളമാണ്. പ്രവാചകന്മാരുടെ പുണ്യം നിറഞ്ഞ കരങ്ങളുടെ തലോടലേറ്റ മൃഗമാണ് ആട്. ആടിനെ കാണുമ്പോൾ ആ ഓർമ വേണം...


Part : 200

കാരുണ്യത്തിന്റെ പ്രവാചകൻ

നബിﷺതങ്ങൾ സംസാരിക്കുന്നു.

സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. ആത്മീയ പ്രകാശം പരത്തുന്ന ഗഹനമായ പ്രഭാഷണം. എല്ലാവരും സദസ്സിൽ ഇരുന്നു ശ്രദ്ധയോടെ ഓരോ വാക്കും കേൾക്കുന്നു. ഉൾക്കൊള്ളുന്നു. ഒരാൾ മാത്രം നിൽക്കുന്നു. അതും വെയിലത്ത്...

നബി ﷺ അദ്ദേഹത്തെ ശ്രദ്ധിച്ചു. വളരെ നേരമായിട്ടും ഇരിക്കുന്നില്ല. ഇതെന്തുപറ്റി..!

നബിﷺതങ്ങൾ സദസ്യരോടു ചോദിച്ചു: “അദ്ദേഹം എന്താണ് ഇരിക്കാത്തത്..?”

അവർ ഇങ്ങനെ മറുപടി നൽകി: “അദ്ദേഹം നേർച്ചയാക്കിയിരിക്കുകയാണ്. വെയിലത്തു നിൽക്കുക, തണലിൽ നിൽക്കാതിരിക്കുക. സംസാരിക്കാതിരിക്കുക, നോമ്പെടുക്കുക. ഇതൊക്കെയാണു നേർച്ച.”

നബി ﷺ സ്വഹാബികളോട് ഇങ്ങനെ ആവശ്യപ്പെട്ടു: “അദ്ദേഹത്തോട് ഇരിക്കാൻ പറയൂ, സംസാരിക്കാൻ പറയൂ, തണലിൽ വിശ്രമിക്കാൻ പറയൂ, നോമ്പ് പൂർത്തിയാക്കാനും പറയൂ...”

സ്വഹാബികൾക്ക് ആ നിർദേശം വലിയ പാഠമാണു നൽകിയത്. നേർച്ചയാക്കിയ ആൾക്കും ഗുണപാഠം സിദ്ധിച്ചു.

വെയിലിൽ നിന്നു മാറി നിൽക്കാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു. ഒരേ നിൽപു നിന്നു കാലുകളെ വിഷമിപ്പിക്കരുത്. ഇരിക്കണം. ശരീരത്തിന് ആശ്വാസം നൽകണം. നോമ്പ് പിടിക്കണം. അതു പൂർത്തിയാക്കാനാണു പ്രവാചകൻ ﷺ പറഞ്ഞത്.

പ്രവാചകൻ ﷺ അദ്ദേഹത്തിനു നൽകിയ കാരുണ്യമായിരുന്നു ആ നിർദേശങ്ങൾ.


Part : 201

അള്ബാഅ് എന്ന ഒട്ടകം

നബിﷺയുടെ ഒട്ടകത്തിന്റെ പേരാണിത് - അള്ബാഅ്. 

സ്വഹാബികൾക്കൊക്കെ ആ ഒട്ടകത്തോട് എന്തൊരു സ്നേഹം..!

അതിനു തീറ്റ കൊടുക്കും. വെള്ളം കൊടുക്കും. തലോടും. അള്ബാഇനെ വെല്ലാൻ മറ്റൊരു ഒട്ടകമില്ല. മത്സരിച്ച് ഓടിയാൽ അള്ബാഅ് മുമ്പിലെത്തും. എപ്പോഴും വിജയം അള്ബാഇന്റെ കൂടെത്തന്നെ. അതുകണ്ടു സ്വഹാബികൾ മനസ്സു നിറയെ സന്തോഷിക്കും...

ഒരിക്കൽ ഒരു സംഭവമുണ്ടായി. ഒരു ഗ്രാമീണന്റെ ഒട്ടകം വന്നു. നല്ല കരുത്തുള്ള ഒട്ടകം. ആ ഒട്ടകവും അള്ബാഉം തമ്മിൽ മത്സരിച്ചു. അള്ബാഅ് തോറ്റുപോയി..! ഗ്രാമീണന്റെ ഒട്ടകം വിജയിച്ചു. ഇതെങ്ങനെ സഹിക്കും..?

സ്വഹാബികൾ കടുത്ത ദുഃഖത്തിലമർന്നു. അവരുടെ ദുഖം നബിﷺതങ്ങൾ കണ്ടു. അവരെ ആശ്വസിപ്പിച്ചുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു:

“നിങ്ങളെന്തിനാണു ദുഃഖിക്കുന്നത്? ദുഃഖിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹുﷻവിന്റെ നിയമ വ്യവസ്ഥ നിങ്ങൾക്കറിയില്ലേ..? ദുനിയാവിൽ ഉയർന്നു നിൽക്കുന്നവരെ താഴ്ത്തിവയ്ക്കുകയെന്നത് അല്ലാഹുﷻവിന്റെ നിയമമാകുന്നു.”

ഈ വചനം സ്വഹാബികൾക്കു വലിയൊരു പാഠം തന്നെയാണു നൽകിയത്. ദുനിയാവിന്റെ അവസ്ഥ -

ഇവിടെ ചിലർ ഉയരുന്നു. പ്രസിദ്ധരാകുന്നു. കുറെക്കാലം കഴിയുമ്പോൾ അവർ താഴുന്നു. പ്രസിദ്ധി നഷ്ടപ്പെടുന്നു. 

മറ്റു ചിലർ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുന്നു. വളരെ വിനയത്തോടും അച്ചടക്കത്തോടും കൂടി അവർ ജീവിക്കുന്നു. അവരിൽ ചിലരെ അല്ലാഹു ﷻ ഉയർത്തുന്നു.

അല്ലാഹു ﷻ ചിലർക്കു ധനം നൽകുന്നു. ജനം അവരെ ധനികരെന്നു വിളിക്കുന്നു. പിന്നെ അല്ലാഹു ﷻ അവരിൽ നിന്നു ധനം എടുത്തുമാറ്റുന്നു. മറ്റു ചിലരെ ധനികരാക്കുന്നു. ധനികൻ ദരിദ്രനായി മാറും. ദരിദ്രൻ ധനികനായി മാറും. ഉയർന്നവൻ താഴും. താഴ്ന്നവൻ ഉയരും. അതാണു ദുനിയാവിന്റെ അവസ്ഥ.


Part : 202

വിരുന്നുകാരൻ

“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവൻ വിരുന്നുകാരെ ആദരിക്കട്ടെ.” ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്.

വിരുന്നുകാരോടു മാന്യമായി പെരുമാറണമെന്നും സൽക്കരിക്കണമെന്നും നബിﷺതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ
വീട്ടിലേക്കു വിരുന്നുകാർ കടന്നുവരുന്നതു നമുക്കനുഗ്രഹമാണ്.

വിരുന്നുകാരൻ കടന്നുവരുന്നത് അനുഗ്രഹങ്ങളുമായിട്ടാണ്. വീട്ടിന്റെ മുറ്റത്തെത്തുമ്പോൾ തന്നെ അദ്ദേഹം സലാം. ചൊല്ലുന്നു.

അസ്സലാമു അലയ്ക്കും.

അല്ലാഹുﷻവിന്റെ രക്ഷ നിങ്ങളുടെ മേൽ ഉണ്ടാകട്ടെ. അല്ലാഹുﷻവിൽ നിന്നുള്ള രക്ഷ നമുക്കു ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം സലാം ചൊല്ലുന്നത്. അതുതന്നെ നമുക്കനുഗ്രഹമല്ലേ..?

അദ്ദേഹത്തിന്റെ മുഖത്തു നോക്കി നാം പുഞ്ചിരി തൂകിയാൽ അതു നന്മയാണ്. സ്നേഹപൂർവമായ സംഭാഷണവും നന്മയാകുന്നു.

വിരുന്നുകാരനും നാമും തമ്മിലുള്ള സ്നേഹബന്ധം അല്ലാഹുﷻവിന്റെ പൊരുത്തത്തിലായിരിക്കണം. അല്ലാഹുﷻവിനുവേണ്ടി സ്നേഹിക്കുക.
പരലോകത്തു വമ്പിച്ച പ്രതിഫലം ലഭിക്കുന്ന കാര്യമാണത്.

ഇസ്ലാം ആതിഥ്യ മര്യാദകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഒരു നബിവചനം ശ്രദ്ധിക്കൂ... “വിരുന്ന് മൂന്നു ദിവസമാകുന്നു. അതിന്റെ പ്രധാന സമയം ഒരു പകലും ഒരു രാത്രിയുമാകുന്നു.”

മൂന്നു ദിവസം വരെ വിരുന്നുകാരെ സൽക്കരിക്കണമെന്നാണ് ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നത്. ഒരു പകലും രാത്രിയും അതിന്റെ പ്രധാനപ്പെട്ട സമയമാകുന്നു. ഒരു ദിവസം അവരെ പരിചരിക്കുക. എന്നാലും നമുക്കു പുണ്യം ലഭിക്കും.

വിരുന്നുകാരെ ബുദ്ധിമുട്ടിക്കരുത്.

അതു ഭക്ഷണം നൽകുന്ന കാര്യത്തിലായാലും ശരി. ചിലർ കണ്ടമാനം ഭക്ഷണമുണ്ടാക്കും. വിരുന്നുകാരനെ നിർബന്ധിച്ചു കഴിപ്പിക്കും. അതു നല്ല നടപടിയല്ല.

വിരുന്നുകാരൻ ഇഷ്ടപ്പെടുന്ന ആഹാരം കൊടുക്കണം. അദ്ദേഹത്തിന്റെ ആവശ്യംപോലെ കഴിക്കട്ടെ.

ഉറങ്ങാൻ സൗകര്യം ചെയ്തു കൊടുക്കണം. സംഭാഷണം വളരെ സ്നേഹപൂർവമായിരിക്കണം. ആഹാരത്തിനിരിക്കുമ്പോൾ നാം വിരുന്നുകാരനെ ഒറ്റപ്പെടുത്തിക്കളയരുത്. നാം അദ്ദേഹത്തിന്റെ കൂടെ ഇരിക്കണം.

ബുദ്ധിമുട്ടിക്കാത്തവിധം ആഹാരം വിളമ്പിക്കൊടുക്കുന്നതും നല്ലതാണ്. അദ്ദേഹം ഭക്ഷിക്കുന്ന ഓരോ ഉരുള ചോറിനും നമുക്കു പ്രതിഫലമുണ്ട്. നമ്മുടെ ആഹാരത്തിൽ അല്ലാഹു ﷻ ഏറെ ബറകത്തു ചൊരിഞ്ഞു തരികയും ചെയ്യും.

വിരുന്നുകാരൻ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. വിരുന്നുകാരനെ യാത്ര അയയ്ക്കുന്നതും വളരെ ശ്രദ്ധാപൂർവം വേണം. വിരുന്നു വന്നതിലും സൽക്കരിക്കാൻ കഴിഞ്ഞതിലും നമുക്കു സന്തോഷമുണ്ടെന്നു വിരുന്നു കാരനു തോന്നണം.

വീണ്ടും വരാൻ പറയുക. ദുആ ചെയ്യാൻ ആവശ്യപ്പെടുക - ദുആകൊണ്ടു വസ്വിയ്യത്ത്.

വിരുന്നുകാരൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ നാമും കൂടെ ഇറങ്ങണം. ഗെയ്റ്റുവരെ അദ്ദേഹത്തെ അനുഗമിക്കണം.

നബിﷺതങ്ങൾ പറയുന്നു:  “വിരുന്നുകാരന്റെ കൂടെ വീട്ടുപടിക്കൽ വരെ പോകുന്നത് നല്ല ചര്യയാകുന്നു.”

വിരുന്നുകാരനെ യാത്ര അയയ്ക്കാൻ ഗെയ്റ്റുവരെ പോയാൽ നാം ഒരു സുന്നത്ത് പ്രവർത്തിച്ചു. വിരുന്നുകാരൻ വന്നതു മുതൽ യാത്ര പറയുന്നതുവരെ നാം എത്രയോ സുന്നത്തുകൾ പ്രവർത്തിക്കുന്നു.

അതിനെല്ലാം അല്ലാഹു ﷻ നമുക്കു പ്രതിഫലം തരുന്നു. വിരുന്നുകാരൻ അളവറ്റ അനുഗ്രഹങ്ങളുമായിട്ടാണു വരുന്നതെന്നു പറയുന്നതിന്റെ അർത്ഥം മനസ്സിലായല്ലോ..?

നബിﷺതങ്ങൾ ഏറ്റവും നല്ല ആതിഥേയനായിരുന്നു.


Part : 203

നല്ല അയൽക്കാർ

“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവൻ അയൽവാസികൾക്കു ഗുണം ചെയ്യട്ടെ.”

ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്. എത്ര ഗൗരവമുള്ള ആശയമാണ് ഈ നബിവചനം ഉൾക്കൊള്ളുന്നത്.

അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവരാണു മുസ്ലിംകൾ. സൃഷ്ടാവായ അല്ലാഹുﷻവാണു മനുഷ്യനു സുഖവും ദുഃഖവുമെല്ലാം നൽകുന്നത്.

അവൻ ഗുണം ചെയ്യാൻ തീരുമാനിച്ചാൽ ഒരു ശക്തിക്കും അതു തട്ടിക്കളയാനാവില്ല. അവൻ നാശം വിതയ്ക്കാൻ തീരുമാനിച്ചാൽ അതു നീക്കിക്കളയാനും ആർക്കുമാവില്ല.

അല്ലാഹുﷻവിൽ ജീവിതവും മരണവും അർപ്പിക്കുക. എല്ലാ കർമങ്ങൾക്കും പ്രതിഫലം ലഭിക്കുന്നതു പരലോകത്തു വച്ചാണ്. അവിടത്തെ വിജയമാണു യഥാർത്ഥ വിജയം. ആ വിജയമാണു സത്യവിശ്വാസിയുടെ ലക്ഷ്യം തന്നെ.

സത്യവിശ്വാസി എന്നു പറഞ്ഞതുകൊണ്ടായില്ല. സത്യവിശ്വാസിയുടെ ലക്ഷണം കാണണം. അല്ലാഹുﷻവിലും അന്ത്യനാളിലുമുള്ള വിശ്വാസം ശരിയായ രീതിയിൽ ആയിട്ടുണ്ടോ? എങ്കിൽഅതിന്റെ അടയാളം കാണണം. എന്താണ് അടയാളം?

അയൽക്കാർക്കു ഗുണം ചെയ്യുക. അയൽക്കാർക്കു ഗുണം ചെയ്യാത്തവന്റെ കാര്യം അതീവ ഗുരുതരം.

അയൽക്കാരൻ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവനെ സഹായിക്കാത്തവന്റെ വിശ്വാസം എങ്ങനെ ശരിയാകും?

നബിﷺതങ്ങൾ തന്റെ സമുദായത്തെ ഇങ്ങനെ ഉപദേശിച്ചു. “തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ സത്യവിശ്വാസിയല്ല.”

അയൽക്കാരൻ പട്ടിണിയിലാണെങ്കിൽ നാം ഭക്ഷണം കൊടുക്കണം. അവന്റെ വിശപ്പടക്കണം. അതു സത്യവിശ്വാസിയുടെ ഈമാൻ വർധിപ്പിക്കും.

ദരിദ്രനായ അയൽവാസിയെ അവഗണിക്കരുത്. അവന് എന്തെങ്കിലും തൊഴിലുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കണം. അവന്റെ ദാരിദ്ര്യം നീക്കാനുള്ള വഴികൾ നോക്കണം.

അയൽക്കാരനോടുള്ള ബാധ്യതകളെക്കുറിച്ചു ഗൗരവപൂർവം
സൂചിപ്പിക്കുന്ന ഒരു നബിവചനം കൂടി കാണുക.

“അയൽവാസികളെക്കുറിച്ചു ജിബ്രീൽ (അ) എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. സ്വത്തിൽ അനന്തരവകാശം കൂടി അവർക്കു ലഭിച്ചേക്കുമോ എന്ന് എനിക്കു തോന്നിപ്പോയി.”

അയൽക്കാർക്ക് എന്തെല്ലാം ഗുണങ്ങൾ ചെയ്തുകൊടുക്കണമെന്നു വിവരിക്കുകയായിരുന്നു ജിബ്രീൽ (അ). പറഞ്ഞു പറഞ്ഞു സ്വത്തിൽ അനന്തരവാകാശം നൽകണമെന്നുകൂടി ജിബ്രീൽ(അ) പറഞ്ഞക്കുമോ എന്നു നബിﷺതങ്ങൾക്കു തോന്നിപ്പോയി..!!

എത്ര ഗൗരവത്തോടെയായിരുന്നു ജിബ്രീൽ (അ) ഈ വിഷയം സംസാരിച്ചതെന്ന് ഓർത്തുനോക്കൂ...

അയൽക്കാരനെ ഉപദ്രവിക്കുന്നതിൽ പലർക്കും ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാറില്ല. അയൽക്കാർക്കിടയിൽ അതിരു തർക്കങ്ങൾ സ്വാഭാവികമാണ്. അതൊക്കെ നീതിപൂർവം പരിഹരിക്കണം. അയൽക്കാർ
തമ്മിലുള്ള ബന്ധം തകർന്നു പോകാതെ നോക്കണം. നാട്ടിലെ നേതാക്കളുടെയും മറ്റും ചുമതലയാണിത്.

നമ്മെപ്പറ്റി അയൽക്കാരുടെ മനസ്സിൽ നല്ല അഭിപ്രായങ്ങളുണ്ടാകണം. അതിനു സഹായകമായിരിക്കണം നമ്മുടെ വാക്കും പ്രവൃത്തികളും.

കോരിത്തരിപ്പിക്കുന്ന ഒരു സംഭവം പറഞ്ഞുതരാം. ഒരാൾ നബിﷺതങ്ങളെ കാണാൻ വന്നു. അദ്ദേഹത്തിനൊരു കാര്യം അറിയണം. അതു ചോദിക്കാനാണു വന്നത്. അദ്ദേഹം ഇങ്ങനെ ചോദിച്ചു:

“അല്ലാഹുﷻവിന്റെ റസൂലേ, ഞാൻ നല്ല ആളാണോ അതോ ചീത്ത ആളാണോ, അതെങ്ങനെ അറിയാൻ കഴിയും..?” ഇതാണു ചോദ്യം.

ചോദ്യത്തിനു നബിﷺതങ്ങൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “നിന്റെ അയൽവാസി നിന്നെപ്പറ്റി നല്ലവൻ എന്നു പറഞ്ഞാൽ നീ നല്ലവനാണ്. അവർ നിന്നെപ്പറ്റി ചീത്ത ആളാണെന്നു പറഞ്ഞാൽ നീ ചീത്തയാണ്.” ഒന്നോർത്തുനോക്കൂ.., അയൽക്കാരുടെ വാക്കിന്റെ വില..!

അവരെ ബുദ്ധിമുട്ടിക്കരുത്. നമ്മൾ ശല്യക്കാരാണെന്ന് അവർക്കു തോന്നരുത്. നമ്മെ അയൽക്കാരായി കിട്ടിയത് ഒരനുഗ്രഹം തന്നെ എന്നവർക്കു തോന്നണം.


Part : 204

ജനിച്ച മണ്ണിൽ 

ഹുദയ്ബിയ്യ സന്ധിയുണ്ടാക്കിയശേഷം ഒരു വർഷം തികയുകയാണ്. ഇത്തവണ മക്കത്തു പോകാം. ഉംറ നിർവഹിക്കാം. സ്വഹാബികൾക്കു വലിയ ആഹ്ലാദം.

രണ്ടായിരം സ്വഹാബികൾ നബി ﷺ തങ്ങളോടൊപ്പം ഉംറ നിർവഹിക്കാനായി മക്കയിലേക്കു പുറപ്പെടുന്നു.

മുഹാജിറുകൾ മക്ക വിട്ടുപോന്നിട്ട് ഏതാണ്ട് ഏഴു വർഷമായി. കഴിഞ്ഞ തവണ മക്കയുടെ സമീപം വരെ പോയി തിരിച്ചുവരേണ്ടതായിവന്നു.

അൻസാറുകളും മക്ക സന്ദർശിച്ചിട്ട് ഏഴു വർഷമാകുന്നു. കഅ്ബാ ശരീഫു കാണാൻ അവർക്കും വല്ലാത്ത കൊതി. ഖുറയ്ശികൾ വല്ല കുഴപ്പവുമുണ്ടാക്കുമോ?

ഒരു മുൻകരുതൽ നല്ലതല്ലേ..?

നൂറുപേരടങ്ങുന്ന ഒരു കുതിരപ്പടയെ ഒരുക്കി. മുഹമ്മദ് ബ്നു മസ് ലമ(റ)വാണു നായകൻ. ഹറമിലേക്ക് അവർ പ്രവേശിക്കുകയില്ല. വിളിപ്പാടകലെ അവരെ നിറുത്തും. ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കാം...

ദുൽഹുലയ്ക്കുവരെ എല്ലാവരും ഒന്നിച്ചു യാത്ര ചെയ്തു. അവിടെ വച്ചു നബിﷺതങ്ങൾ കുതിരപ്പടയാളികൾക്ക് ഇങ്ങനെ നിർദേശം നൽകി: “നിങ്ങൾ മുമ്പേ പോകുക. ഹറമിൽ പ്രവേശിക്കരുത്. പുണ്യ ഭൂമിയുടെ അതിർത്തിക്കു പുറത്തേ നിൽക്കാവൂ...”

ഉംറയുടെ വേഷത്തിൽ രണ്ടായിരം സ്വഹാബികൾ മക്കയിലേക്കു നീങ്ങുന്നു. അശ്വസൈന്യം ഓടിപ്പോയി. തൽബിയത്തിന്റെ ശബ്ദം ഉയരുന്നു. നബിﷺതങ്ങളും സ്വഹാബികളും മർറുള്ളഹ്റാൻ എന്ന സ്ഥലത്തെത്തി അൽപം വിശ്രമിച്ചു.

അപ്പോൾ ഒരു ഖുറയ്ശി സംഘം അവിടെയെത്തി. അവർ അസ്വസ്ഥരായിരുന്നു. അവർ പ്രവാചകനോടു (ﷺ) ചോദിച്ചു:

“മുഹമ്മദ്, നീ ആരെയും വഞ്ചിച്ചതായി ഞങ്ങൾക്കറിവില്ല. കുട്ടിക്കാലത്തോ അതിനു ശേഷമോ നീ വഞ്ചന നടത്തിയിട്ടില്ല. ഹുദയ്ബിയ്യ സന്ധിക്കുശേഷം ഞങ്ങൾ നിന്നെയും വഞ്ചിച്ചിട്ടില്ല. ഒരു കുഴപ്പവും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇതൊക്കെ..?”

അശ്വസൈന്യത്തെക്കുറിച്ചും അവരുടെ കൈവശമുള്ള ആയുധങ്ങളെ കുറിച്ചുമാണു ചോദ്യം...

“അവർ ഹറമിൽ പ്രവേശിക്കുകയില്ല. ഒരു സംശയവും വേണ്ട.”

ഖുറയ്ശികൾക്കു സമാധാനമായി.

നാളെ മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുകയാണ്. ഉടമ്പടിയനുസരിച്ചു മൂന്നു ദിവസം അവർ ഹറമിൽ ഉണ്ടാകും. ഈ ഘട്ടത്തിലും അവർ മുസ്ലിംകളെ പരിഹസിക്കുകയായിരുന്നു...

“മദീനയിൽ കിടന്നു പനിപിടിച്ച കുറെ പട്ടിണിക്കോലങ്ങൾ നാളെ ഹറമിൽ വരും. പേക്കോലങ്ങളുടെ ത്വവാഫ് ആണ് നാളെ.” പരസ്പരം പറഞ്ഞു ചിരിക്കുകയാണവർ.

ഈ വിവരം നബി ﷺ അറിഞ്ഞു. തങ്ങൾ പട്ടിണിക്കോലങ്ങളല്ല. ആരോഗ്യവാന്മാരാണ്. നാളെ ത്വവാഫു കാണുമ്പോൾ നിങ്ങൾക്കതു ബോധ്യമാകും.

മുസ്ലിംകൾ ഹറം ശരീഫിൽ പ്രവേശിക്കുന്നതിനു മുമ്പായി ഖുറയ്ശികൾ പട്ടണം വിട്ടു. അവർ മലമുകളിൽ തമ്പുകെട്ടി താമസമാക്കി. ഇനി മൂന്നു ദിവസം അവിടെയാണു താമസം. അവിടെ നിന്നു നോക്കിയാൽ ഹറമിൽ നടക്കുന്ന കാര്യങ്ങളൊക്കെ നേരിൽ കാണാം.

കിഴക്കു ഭാഗത്തുകൂടി മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുന്നു. ഖുറയ്ശികൾ മലമുകളിൽ ഇരുന്ന് ആ കാഴ്ച കാണുകയാണ്...


Part : 205

കിഴക്കു ഭാഗത്തുകൂടി മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുന്നു. ഖുറയ്ശികൾ മലമുകളിൽ ഇരുന്ന് ആ കാഴ്ച കാണുകയാണ്.

“ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്...”

അല്ലാഹുവേ! നിന്റെ വിളിക്കു ഞങ്ങൾ ഇതാ ഉത്തരം ചെയ്യുന്നു.

അത്യുച്ചത്തിൽ ചൊല്ലിക്കൊണ്ടാണ് അവർ വരുന്നത്. എന്തൊരാവേശം! ജീവിതവും മരണവും അല്ലാഹുﷻവിൽ അർപ്പിച്ച സത്യവിശ്വാസികളുടെ വിളിയാണത്.

ഏഴു വർഷങ്ങൾക്കു ശേഷം കഅ്ബാലയം വീണ്ടും കാണുന്നു.
അവർ പരിസരം മറന്നുപോയി. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമുഖത്ത് ആദ്യമായി പണിതുയർത്തപ്പെട്ട ഭവനം.

നബിﷺതങ്ങൾ ഹറമിൽ പ്രവേശിച്ചു. പ്രവാചകനെ (ﷺ) നോക്കിക്കൊണ്ടു സ്വഹാബത്ത് ഉംറയുടെ കർമങ്ങൾ പഠിക്കുന്നു.

എല്ലാവരും ഇഹ്റാമിന്റെ വേഷത്തിലാണ്. ഒരു മുണ്ട് ഉടുത്തിട്ടുണ്ട്. മറ്റൊന്നു ചുമലിലും...

മസ്ജിദുൽ ഹറമിൽ എത്തിയ ഉടനെ തന്റെ മേൽമുണ്ട് 'ഇള്തിബാഅ്' രൂപത്തിൽ ധരിച്ചു - പൂണൂൽ ധരിക്കുന്നതുപോലെ മേൽമുണ്ടു ധരിക്കുക. മേൽമുണ്ടിന്റെ രണ്ടറ്റവും ഇടത് തോളിൽ ആയിരിക്കും. മേൽമുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിനടിയിൽ...

ഹജറുൽ അസ് വദിനെ അഭിവാദ്യം ചെയ്തുകൊണ്ട് ത്വവാഫ് തുടങ്ങി. ആദ്യത്തെ മൂന്നു ചുറ്റലിലും കാലുകൾ അടുപ്പിച്ചുവച്ചു ധൃതിയിൽ നടന്നു. ഇങ്ങനെ വേഗം നടക്കുന്നതിന് 'റംല്' നടത്തം എന്നു പറയുന്നു.

ഹാജിമാർ 'ഇള്തിബാഅ്' വേഷം ധരിക്കുകയും 'റംല്' നടക്കുകയും വേണം.

മൂന്നു ചുറ്റിൽ റംല് നടത്തം കഴിഞ്ഞു. പിന്നെ നാലു ചുറ്റ് സാധാരണ ഗതിയിൽ നടന്നു. റംല് നടത്തം ഒരു ശക്തി പ്രകടനമായിരുന്നു. മദീനയിൽ
കിടന്നു പനി പിടിച്ചും പട്ടിണി കിടന്നും ദുർബലരായ പേക്കോലങ്ങളല്ല ഈ വന്നിരിക്കുന്നതെന്നു ഖുറയ്ശികളെ ബോധ്യപ്പെടുത്തണം. അതിനുവേണ്ടിയാണ് ഇങ്ങനെ നടന്നത്.

രണ്ടായിരം മുസ്ലിംകളുടെ ശക്തിപ്രകടനം. ഉൽകണ്ഠയോടെ അതു നോക്കിനിൽക്കുന്ന ഖുറയ്ശികൾ. അവർ അബൂഖുബയ്സ് പർവതത്തിന്റെ മുകളിലാണ്. അവരുടെ ധാരണകൾ തിരുത്തപ്പെട്ടു. ഇതു വെറും പേക്കോലങ്ങളല്ല..!!

ത്വവാഫ് പൂർത്തിയാക്കിയശേഷം മുസ്ലിംകൾ സഫാ മലയിലേക്കു നീങ്ങി. സഫായിൽ നിന്നും മർവായിലേക്ക്. മർവായിൽ നിന്നും സഫായിലേക്ക്. ഇതിനാണ് ‘സഅ് യ്’എന്നു പറയുന്നത്.

ഏഴു തവണയാണ് സഅ് യ്. അതു പൂർത്തിയാക്കി. മർവയിൽ വച്ചു ബലിയറുത്തു. തല മുണ്ഡനം ചെയ്തു. ഉംറ കഴിഞ്ഞു. അതിന്റെ ചടങ്ങുകൾ പൂർത്തിയായി.

എന്തൊരാശ്വാസം..!

തങ്ങൾ മക്കയിലെത്തിയെന്നും ഉംറ നിർവഹിച്ചുവെന്നും വിശ്വസിക്കാനാകുന്നില്ല. മർദനങ്ങളില്ലാത്ത മക്കയോ..? എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

എവിടെ അബൂജഹ്ലിന്റെ അട്ടഹാസങ്ങൾ..?

ഉമയ്യത്തിന്റെ ഭീഷണികൾ..?

ഏഴു വർഷങ്ങൾകൊണ്ടുണ്ടായ മാറ്റങ്ങൾ!

അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങൾ..!

എന്തേ... ബിംബങ്ങൾ നോക്കി നിൽക്കുന്നു..? തലമുറകൾ ആരാധിച്ചുവന്നതു നിങ്ങളെയല്ലേ..?

നിങ്ങൾക്കു മിണ്ടാട്ടമില്ലേ..? തൗഹീദിന്റെ ശബ്ദം നിങ്ങൾ കേട്ടുവോ..? ലാത്തയുടെയും ഉസ്സയുടെയും കാലം കഴിയാറായി. ബിംബങ്ങളില്ലാത്ത കഅ്ബാലയം വരാറായി...

കഅ്ബാലയത്തിനു ചുറ്റും സ്വഹാബികൾ. അവരുടെ ചുണ്ടുകൾ ദിക്റുകളാൽ ചലിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണം നടക്കുന്നു. മൂന്നു നാൾ ഈ വിശുദ്ധ ഭവനത്തിൽ കഴിയാം.

പിറ്റേ ദിവസം നബിﷺതങ്ങൾ കഅ്ബാലയത്തിനകത്തു പ്രവേശിച്ചു. ളുഹ്ർ നിസ്കാരത്തിന്റെ സമയംവരെ അവിടത്തന്നെ ഇരുന്നു...

കഅ്ബാലയത്തിന്റെ മുകൾത്തട്ടിൽ കയറി ബിലാൽ (റ) ബാങ്കു വിളിച്ചു. ആ ശബ്ദം അവിടെയെല്ലാം മുഴങ്ങിക്കേട്ടു. നിസ്കാരത്തിലേക്കുള്ള വിളി. വിജയത്തിലേക്കുള്ള വിളി...

ഖുറയ്ശികൾ എല്ലാം കാണുന്നു. കേൾക്കുന്നു. പലരുടെയും മനസിളകുന്നു. തങ്ങൾ കരുതിയതുപോലെ മുഹമ്മദ് (ﷺ) മായാജാലക്കാരനല്ല. മാരണക്കാരനല്ല. ഏകനായ അല്ലാഹുﷻവിന്റെ ദാസൻ തന്നെ. സത്യവുമായി വന്ന റസൂൽ തന്നെ. പലർക്കും അങ്ങനെ തോന്നി...


Part : 206

വരുന്നൂ ഖാലിദ്

രണ്ടായിരം സത്യവിശ്വാസികൾ ളുഹ്ർ നിസ്കാരത്തിനു വേണ്ടി അണിനിരന്നു. വെയിൽ കത്തിപ്പടർന്ന ഭൂമിയിൽ അവർ
അണിയൊപ്പിച്ചുനിന്നു. അതൊരു മനോഹരമായ കാഴ്ചതന്നെ.ഒരു ഇമാമിന്റെ കീഴിൽ രണ്ടായിരം പേരുടെ നിസ്കാരം.

അബൂഖുബയ്സ് മലയിൽ പലരുടെയും ഖൽബുകൾ കോരിത്തരിക്കുകയായിരുന്നു. തോളോടുതോൾ ചേർന്നുള്ള നിൽപ്. റുകൂഅ്, സുജൂദ്..!

എല്ലാം വിസ്മയാവഹമായ കാഴ്ചകൾ. സൃഷ്ടാവായ അല്ലാഹുﷻവിനുവേണ്ടി നെറ്റിത്തടം ഭൂമിയിൽ വച്ചുള്ള ആരാധന. മനുഷ്യനെ ഇത്ര വിനീതനാക്കാൻ മറ്റെന്തിനു കഴിയും..?

മക്കയിലെ മൂന്നു ദിവസങ്ങൾ.

മുഹാജിറുകൾ മക്കയിലെ തെരുവുകളിലൂടെ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്. ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയാണ്. രാത്രിയുടെ അന്ധകാരത്തിൽ ഒളിച്ചോടിപ്പോയതാണ്. ഇന്നിതാ ഈ പകൽവെളിച്ചത്തിൽ ഇവിടെ വന്നുനിൽക്കുന്നു.

അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹം. ക്ഷമാശീലർക്കു നൽകിയ അനുഗ്രഹം. പിൻഗാമികൾ ഇതു ചിന്തിക്കട്ടെ. പാഠം ഉൾക്കൊള്ളട്ടെ...

മൈമൂന(റ) വിവാഹിതയാവുന്നതും ഈ അവസരത്തിലാണ്. അബ്ബാസ്(റ)വിന് ആയിരുന്നു മൈമൂനയെ വിവാഹം ചെയ്തു കൊടുക്കാനുള്ള ചുമതല.

അബ്ബാസ് (റ) നബിﷺതങ്ങളോടു മൈമൂനക്കു പ്രവാചക പത്നി എന്ന പദവി നൽകാനാവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സഹായിച്ച, തന്റെ പ്രിയപ്പെട്ട പിതൃവ്യന്റെ ആഗ്രഹം മാനിച്ചു വിവാഹത്തിനു തയ്യാറായി...

മൈമൂന(റ) ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഭാര്യയായി. ഉടമ്പടിയനുസരിച്ചു മൂന്നു ദിവസം കഴിഞ്ഞു. മുസ്ലിംകൾ മക്കയോടു യാത്രപറഞ്ഞു. സരിഫ എന്ന സ്ഥലത്തു വച്ചു മൈമൂന (റ) പ്രവാചകന്റെ (ﷺ) വാഹനത്തിൽ കയറി.

മക്കക്കാരുടെ ധീരനായകനാണു ഖാലിദ് ബ്നുൽ വലീദ്. പ്രവാചകന്റെയും (ﷺ) അനുയായികളുടെയും മൂന്നു ദിവസത്തെ ചലനങ്ങൾ ഖാലിദിന്റെ മനസ്സിനെ പിടിച്ചുകുലുക്കി.

ഉഹുദ് യുദ്ധത്തിൽ ഖുറയ്ശികളെ വിജയത്തിലേക്കു നയിച്ചതു ഖാലിദ് ആയിരുന്നു. പ്രവാചകനും (ﷺ) അനുയായികൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ വരുത്തിവച്ചു.

ഇപ്പോഴാണു പ്രവാചകൻ ﷺ ഒരു നാശക്കാരനല്ലെന്നു മനസ്സിലായത്. താഴ്ചയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ്. ത്യാഗത്തിന്റെയും ക്ഷമയുടെയും പര്യായം.

“എനിക്കു മുഹമ്മദിനെ മനസ്സിലായി. മുഹമ്മദ് ആഭിചാരക്കാരനല്ല. കവിയല്ല. സത്യപ്രവാചകൻ തന്നെ. മുഹമ്മദ് പറയുന്നതു ലോകങ്ങളുടെ നാഥനായ അല്ലാഹുﷻവിന്റെ വചനങ്ങൾ തന്നെ. ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് (ﷺ) അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...”

ഖാലിദിന്റെ പ്രഖ്യാപനം ഖുറയ്ശികളെ ഞെട്ടിച്ചു. അബൂജഹലിന്റെ മകൻ ഇക് രിമത് ചാടിയിറങ്ങി.

“ഖാലിദ്, താങ്കൾ അവിവേകം കാണിക്കരുത്. ഖുറയ്ശികൾക്കിടയിൽ താങ്കൾക്കുള്ള പദവി എന്താണെന്ന് ഓർമ വേണം. താങ്കളുടെ ധീരമായ നേതൃത്വം ഞങ്ങൾക്ക് ഇനിയും ആവശ്യമാണ്...”

“ഞാൻ സത്യവിശ്വാസം കൈകൊണ്ടു. വിശുദ്ധിയുടെ മാർഗത്തിലേക്കു പോകുന്നു. മാലിന്യം നിറഞ്ഞ ജീവിതത്തിലേക്ക് ഇനി ഞാൻ മടങ്ങുകയില്ല.” ഖാലിദിന്റെ സ്വരം ദൃഢമായിരുന്നു...

അപ്പോൾ അബൂസുഫ്യാന്റെ സ്വരം ഉയർന്നു. “ഖാലിദ്, ഈ നീക്കം നല്ലതല്ല. നീ പിന്തിരിയണം. അല്ലെങ്കിൽ നിന്നെ വധിക്കാനും ഞങ്ങൾ മടക്കില്ല...”

“മരണം... വധം. ഇനി അതെല്ലാം അല്ലാഹുﷻവിന്റെ മാർഗത്തിൽ, ”

ഖാലിദ് പഴയ വിശ്വാസം കൈവെടിഞ്ഞു. ഖുറയ്ശികളുടെ ശക്തി കൊഴിഞ്ഞുപോകുകയാണ്. ഖാലിദിന്റെ ധീരത കണ്ടു പുളകംകൊണ്ട ഒരു കൂട്ടമാളുകൾ മക്കയിലുണ്ടായിരുന്നു.

ഖാലിദിന്റെ ഇസ്ലാം മതാശ്ലേഷം അവരെ ആവേശം കൊള്ളിച്ചു. അവർ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിച്ചു.തങ്ങളുടെ ശക്തി ദുർബലമാകുന്നു.
പിടിച്ചുനിൽക്കാൻ പ്രയാസം...

ഖാലിദിനെപ്പോലുള്ളവരുടെ മനംമാറ്റം മക്കയെ പിടിച്ചു
കുലുക്കിക്കൊണ്ടിരിക്കുന്നു.

ഖാലിദ് ബ്നുൽ വലീദ് (റ) പ്രവാചക സന്നിധിയിലേക്കു കുതിച്ചു. നബി ﷺ തങ്ങളെയും സ്വഹാബത്തിനെയും ഏറെ സന്തോഷിപ്പിച്ച സംഭവമായിരുന്നു ഖാലിദ്(റ)വിന്റെ വരവ്...

മുഹാജിറുകളും അൻസാറുകളും ഉംറ നിർവഹിച്ച സന്തോഷത്തിലാണ്. ഏഴു വർഷങ്ങൾക്കു മുമ്പത്തെ മർദനത്തിന്റെ നാളുകൾ അവരുടെ ഓർമയിലുണ്ട്.

ഖുറയ്ശികളുടെ ശക്തി വളരെയേറെ ചോർന്നുപോയിരിക്കുന്നു എന്നവർക്കും മനസ്സിലായി. ഇസ്ലാമിലേക്കുള്ള ഒഴുക്കു കൂടിയിരിക്കുന്നു. ഏകനായ അല്ലാഹുﷻവിന്റെ ദീൻ അറേബ്യയിലുടനീളം പ്രചരിക്കുമെന്ന് അവർക്കറിയാം. അതു കാണാൻ കണ്ണുകൾ കൊതിയോടെ കാത്തിരിക്കുന്നു...


Part : 207

സ്വർണ്ണ മോതിരം

സ്ത്രീകൾക്കു സ്വർണം ഹലാൽ. എന്നുവച്ചാൽ അനുവദിനീയം. സ്വർണാഭരണങ്ങൾ അവർക്ക് ഒരലങ്കാരം തന്നെയാണ്. സ്വർണം അവരുടെ സൗന്ദര്യം വർധിപ്പിക്കും. കയ്യിലും കാതിലും കഴുത്തിലുമെല്ലാം സ്വർണം ധരിക്കും.

സ്ത്രീകൾ സ്വർണം ധരിക്കുന്നതു വിലക്കിയ ചില മത വിഭാഗക്കാർ ഇന്നുമുണ്ട്. എന്നാൽ ഇസ്ലാം സ്ത്രീയെ സ്വർണാഭരണം ധരിക്കുന്നതിൽ നിന്നു വിലക്കിയില്ല. അവൾക്കത് അനുവദനീയമാക്കുകയാണു ചെയ്തത്.

പട്ടുവസ്ത്രങ്ങളും അവൾക്ക് അനുവദനീയമാക്കി. പട്ടും പൊന്നും അവർക്ക് ഉപയോഗിക്കാം. പുരുഷന് ഇവ നിഷിദ്ധമാക്കുകയും ചെയ്തു.

സ്വർണത്തിന്റെ ചെയിനോ മോതിരമോ ധരിക്കാൻ പുരുഷനെ ഇസ്ലാം അനുവദിക്കുന്നില്ല. അവ ധരിച്ച പുരുഷൻ പരലോകത്തു ശിക്ഷ അനുഭവിക്കേണ്ടതായി വരികയും ചെയ്യും.

ഒരിക്കൽ ഒരു പുരുഷൻ നബി ﷺ തങ്ങളുടെ സമീപത്തു വന്നു. അദ്ദേഹത്തിന്റെ വിരലിൽ ഒരു സ്വർണമോതിരം ഉണ്ടായിരുന്നു. നബി ﷺ തങ്ങൾ അതു കണ്ടു. മുഖത്തു വെറുപ്പു പ്രകടമായി.

“കൈ വിരലിൽ തീക്കട്ട അണിയുകയോ..?” അതും പറഞ്ഞു പ്രവാചകൻ ﷺ മോതിരം ഊരി ദൂരെ എറിഞ്ഞുകളഞ്ഞു..!

അപ്പോഴാണ് അദ്ദേഹത്തിന് അതിന്റെ ഗൗരവം ബോധ്യമായത്. ഈ മോതിരം അണിഞ്ഞാൽ നാളെ തീക്കട്ട കൊണ്ടുള്ള മോതിരം അണിയേണ്ടതായി വരും. എന്തൊരു നിർഭാഗ്യം..!

നബി ﷺ പിന്നെ അവിടെ നിന്നില്ല. തന്റെ വഴിക്കു നടന്നുപോയി. മോതിരത്തിന്റെ ഉടമസ്ഥൻ അൽപനേരം കൂടി അവിടെ നിന്നു. തീക്കട്ടയിൽനിന്നു തന്റെ വിരൽ രക്ഷപ്പെട്ടുവോ..? അതാണദ്ദേഹത്തിന്റെ ചിന്ത.

ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാൾ അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചു. “മോതിരം കളയണ്ട... അതു മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം” ആ ഉപദേശം അദ്ദേഹത്തിനു രസിച്ചില്ല. 

അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “നബിﷺതങ്ങൾ വലിച്ചെറിഞ്ഞ വസ്തു ഞാൻ തിരികെ എടുക്കുകയോ.. വേണ്ട, അതു വേണ്ട.'' അദ്ദേഹം അതെടുക്കാതെ നടന്നുപോയി.

 ഇക്കാലത്തു ചില പുരുഷന്മാർ സ്വർണം ധരിക്കുന്നതു നാം കാണുന്നു. അതു വലിയ തെറ്റാണ്. കൈ വിരലിലെ ചെറിയ ഒരു മോതിരമായാൽ പോലും. ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് അതാണ്.


ഏതാനും സ്വഹാബികൾ നബി ﷺ തങ്ങളുടെ മുമ്പിൽ വന്നു. അവർ കൗതുകമുള്ള പരാതിയുമായിട്ടാണു വന്നത്.

“അല്ലാഹുﷻവിന്റെ റസൂലേ, തിന്നിട്ടും തിന്നിട്ടും ഞങ്ങളുടെ വയറു നിറയുന്നില്ല. എത്ര തിന്നാലും വിശപ്പടങ്ങാത്തതുപോലെ തോന്നും.” അവർ തങ്ങളുടെ പരാതി ബോധിപ്പിച്ചു. 

അതുകേട്ടപ്പോൾ നബി ﷺ ചോദിച്ചു:  “നിങ്ങൾ വേറെ വേറെ ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത്..?”

“അതേ.”

“അതുതന്നെയാണു കുഴപ്പം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുനോക്കൂ, വയർ നിറയും. വിശപ്പു തീരും. ഒരു കാര്യം കൂടി ഓർക്കുക. ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കണം. ബിസ്മി അനുഗ്രഹമാണ്. ബറകത്താണ്. ബിസ്മി ചൊല്ലി കഴിക്കുന്ന ഭക്ഷണത്തിൽ ബറകത്തുണ്ടാകും.”

നബിﷺതങ്ങൾ അവർക്കു നൽകിയ നിർദേശം എക്കാലത്തേക്കും പ്രസക്തമാണ്. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. ഓരോ വീട്ടുകാരും ഇതു ശ്രദ്ധിക്കണം. മുതിർന്നവരും കുട്ടികളുമെല്ലാം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. അതാണു ബറകത്.

പണ്ടു കാലത്ത് ഒരേ പാത്രത്തിൽനിന്നു പലരും കൂടി ഭക്ഷണം കഴിക്കുമായിരുന്നു. ഇന്ന് ഓരോരുത്തരും വെവ്വേറെ പ്ലെയ്റ്റ് വച്ചു കഴിക്കുന്നു. എന്നാലും ഒന്നിച്ചിരിക്കുകയെങ്കിലും ചെയ്യാമല്ലോ. കുട്ടികളേ, ബിസ്മി ചൊല്ലുന്ന കാര്യം മറന്നുപോകരുതേ...


Part : 208 

യാചനയിൽ നിന്നു മോചനം

പുറത്ത് ഒരു യാചകന്റെ വിളി.

അയാൾക്കു വല്ലതും കിട്ടണം. യാചനയാണു കണ്ടെത്തിയ മാർഗം.

നബി ﷺ ആ വിളി കേട്ടു. യാചകനെ അടുത്തേക്കു വിളിച്ചു. “നിനക്കെന്താണു വേണ്ടത്..?” - നബിﷺതങ്ങൾ ചോദിച്ചു.

“വല്ലതും തരണം. മറ്റൊരു മാർഗവുമില്ല.”

“നിന്റെ വീട്ടിൽ ഒന്നുമില്ലേ..?”

“വെള്ളം നിറച്ചു വയ്ക്കാൻ ഒരു പാത്രമുണ്ട്. തണുപ്പുള്ളപ്പോൾ പുതയ്ക്കാൻ പറ്റുന്ന ഒരു പുതപ്പും.” 

“അതല്ലാതെ മറ്റൊന്നുമില്ലേ..?”

“മറ്റു യാതൊന്നുമില്ല.”

“പോയി അതെടുത്തു കൊണ്ടുവരൂ!” - നബി ﷺ പറഞ്ഞു.

യാചകൻ സ്ഥലം വിട്ടു.

പുതപ്പും വെള്ളപ്പാത്രവും കൊണ്ടുവന്നു. അനുയായികൾ കൂടിനിൽപുണ്ട്. അവരെ നോക്കി നബി ﷺ ചോദിച്ചു: “ഈ പാത്രവും പുതപ്പും ഇയാളുടെ വകയാണ്. ഇതു വിലക്കു വാങ്ങാൻ ആരുണ്ട്..?”

“ഒരു ദിർഹം വിലക്കു ഞാൻ വാങ്ങിക്കൊള്ളാം.” കൂട്ടത്തിലൊരാൾ വിളിച്ചുപറഞ്ഞു.

ഒരു ദിർഹമിനു അതു വിൽക്കാൻ നബി ﷺ തയ്യാറായില്ല. “കൂടുതൽ വില വേണം, ആർക്കു വേണം..?”

ഉടനെ മറ്റൊരാൾ വിളിച്ചു പറഞ്ഞു: “രണ്ടു ദിർഹമിനു ഞാൻ വാങ്ങിക്കൊള്ളാം.”

“ശരി, രണ്ടു ദിർഹമിനു വിറ്റിരിക്കുന്നു. ദിർഹം ഇങ്ങു കൊണ്ടുവരൂ...”

ആ സ്വഹാബി രണ്ടു ദിർഹം നബി ﷺ തങ്ങളുടെ കൈവശം ഏൽപിച്ചു. വെള്ളപ്പാത്രവും പുതപ്പും സ്വീകരിച്ചു.

നബിﷺതങ്ങൾ ദിർഹം യാചകന്റെ കയ്യിൽ കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: “ഒരു ദിർഹമിനു നീ ഭക്ഷണം വാങ്ങണം. മറ്റേ ദിർഹം
കൊടുത്ത് ഒരു കോടാലി വാങ്ങണം. അതുകൊണ്ടു വിറകു വെട്ടണം. വിറകു കെട്ടാക്കി അങ്ങാടിയിൽ കൊണ്ടുവന്നു വിൽക്കണം. വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു ഭാഗംകൊണ്ടു നിനക്കും കുടുംബത്തിനും ഭക്ഷണം വാങ്ങണം. ബാക്കി സംഖ്യ സൂക്ഷിച്ചുവയ്ക്കണം. പതിനഞ്ചു ദിവസം കഴിഞ്ഞ് എന്നെ വന്നു കാണണം.”

കിട്ടിയ പണവുമായി അദ്ദേഹം സ്ഥലംവിട്ടു. ഒരു ദിർഹമിനു ഭക്ഷണം വാങ്ങി, മറ്റേ ദിർഹം കൊടുത്തു കോടാലിയും വാങ്ങി. അന്നു വീട്ടിൽ പട്ടിണിയില്ലാതെ കടന്നുപോയി. പിറ്റേന്നു കോടാലിയുമായി ഇറങ്ങി. മലഞ്ചരുവിൽ ചെന്നു വിറകു വെട്ടിയെടുത്തു. കിട്ടിയ വിറകു വലിയൊരു കെട്ടാക്കി അങ്ങാടിയിൽ വിൽപനയ്ക്കു വച്ചു. ഒരാൾ വിറകു വിലക്കു വാങ്ങി.

കിട്ടിയ പണത്തിന്റെ ഒരു ഭാഗം കൊണ്ടു ഭക്ഷണം വാങ്ങി. ബാക്കി സൂക്ഷിച്ചു വച്ചു. ഭക്ഷണവുമായി ഗൃഹനാഥൻ വന്നപ്പോൾ വീട്ടിലുള്ളവർക്കു വലിയ ആഹ്ലാദം. തന്റെ അധ്വാനംകൊണ്ടു വീട്ടുകാരെ ഭക്ഷിപ്പിക്കാൻ കഴിഞ്ഞതിൽ വീട്ടുകാരനും ആഹ്ലാദം.

അധ്വാനത്തിന്റെ ഫലം ആനന്ദം തന്നെ. പതിനഞ്ചു ദിവസങ്ങൾ കടന്നുപോയി. ഇത്രയും ദിവസങ്ങൾകൊണ്ടു പത്തു ദിർഹം സമ്പാദിച്ചിരിക്കുന്നു..!

പത്തു ദിർഹമും കൊണ്ടു നബി ﷺ തങ്ങളുടെ മുമ്പിലെത്തി. തന്റെ പതിനഞ്ചു ദിവസത്തെ അധ്വാനത്തിന്റെ കഥ പറഞ്ഞു. 

നബി ﷺ ഇങ്ങനെ ഉപദേശിച്ചു: “ഈ പണം കൊണ്ടു പുതപ്പും വെള്ളം സൂക്ഷിക്കാനുള്ള പാത്രവും മറ്റു വീട്ടുസാധനങ്ങളും വാങ്ങുക.” 

സ്വഹാബിവര്യൻ സന്തോഷത്തോടെ തിരിച്ചുപോയി. അധ്വാനത്തിന്റെ ആനന്ദം അദ്ദേഹം അനുഭവിച്ചു കഴിഞ്ഞു. ഇനി ബുദ്ധിമുട്ടില്ലാതെ ജീവിച്ചുകൊള്ളും. 

യാചനയിൽ നിന്നു മോചനം കിട്ടി. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അധ്വാനിച്ചു സമ്പാദിക്കാൻ നബിﷺതങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു.


Part : 209

കൂറ്റൻ പടയുടെ മുന്നിൽ 

ഗസ്സാനിലെ പൗരപ്രമുഖനായിരുന്നു ശുറഹ്ബീൽ. ബസറായിലെ ഗവർണറെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയ ദൂതനായിരുന്നു ഹാരിസ് ബ്നു ഉമയ്ർ(റ).

ഈ ദൂതനെ ശുറഹ്ബീൽ വധിച്ചുകളഞ്ഞു. ഇതിനു പ്രതികാരമായിട്ടാണു മുഅ്ത്ത യുദ്ധം നടന്നത്.

ഹിജ്റ എട്ടാം വർഷം ജമാദുൽ അവ്വലിൽ മുഅത്തായിലേക്കു മുസ്ലിം സൈന്യം പുറപ്പെടുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ യുദ്ധമാണിത്. അറേബ്യയിലെ ഏതെങ്കിലും ഗോത്രവുമായിട്ടു നടക്കുന്നതുപോലുള്ള യുദ്ധമല്ല. ഒരു വൻ ശക്തിയോട് ഏറ്റുമുട്ടുകയാണ്.

സയ്ദ് ബ്നു ഹാരിസ്(റ)വാണു സൈന്യത്തെ നയിക്കുന്നത്, മുവ്വായിരം അംഗങ്ങളാണു സൈന്യത്തിലുള്ളത്. വളരെ വികാരഭരിതമായിരുന്നു അവരുടെ യാത്രയയപ്പ്.

സയ്ദ്(റ)വിന്റെ കൈകളിൽ പതാക കൊടുത്തുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “സയ്ദ് ബ്‌നു ഹാരിസ് ഈ സൈന്യത്തെ നയിക്കും. ഘോരമായ യുദ്ധത്തിൽ സയ്ദിന് അപായം സംഭവിച്ചാൽ, ഈ സൈന്യത്തിന്റെ നേതൃത്വം ജഅ്ഫർ ബ്നു അബീത്വാലിബ് ഏറ്റെടുക്കണം. ജഅ്ഫറിന് അപായം സംഭവിക്കുകയാണെങ്കിൽ, അബ്ദുല്ലാഹിബ്നു റവാഹ സൈനിക നേതൃത്വം ഏറ്റെടുക്കണം. അദ്ദേഹത്തിനും അപായം സംഭവിച്ചാൽ ഒരു നേതാവിനെ തിരഞ്ഞെടുക്കണം.”

മൂന്നു സൈന്യാധിപന്മാരെ പ്രവാചകൻ ﷺ തന്നെ നിയോഗിച്ചിരിക്കുന്നു. മൂന്നു പേർക്കും അപായം സംഭവിക്കാമെന്ന സൂചനയും ആ വാക്കുകളിൽത്തന്നെയുണ്ട്.

രക്തസാക്ഷിത്വത്തിന്റെ വികാരവുമായിട്ടാണ് അവർ പുറപ്പെടുന്നത്. സമീപകാലത്ത് ഇസ്ലാംമതം സ്വീകരിച്ച ഖാലിദ് ബ്നുൽ വലീദ്(റ) ആ സൈന്യത്തിലുണ്ട്.

നബിﷺതങ്ങൾ സൈന്യത്തോടൊപ്പം കുറെ ദൂരം സഞ്ചരിച്ചു. സനിയ്യതുൽ വദാഅ വരെ പ്രവാചകൻ ﷺ അവരെ പിന്തുടർന്നു.

നബിﷺതങ്ങൾ അവരെ വീണ്ടും ഉപദേശിച്ചു: “നിങ്ങളുടെയും അല്ലാഹുﷻവിന്റെയും ശത്രുക്കളുമായിട്ടാണ് നിങ്ങൾ പോരാടാൻ പോകുന്നത്. ധീരമായി പോരാടുക. മഠങ്ങളിൽ സന്യസിക്കുന്നവരെ നിങ്ങൾ ഉപദ്രവിക്കരുത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കരുത്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കരുത്. കെട്ടിടങ്ങൾ പൊളിക്കരുത്. അല്ലാഹു ﷻ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.”

സയ്ദ്(റ), ജഅ്ഫർ(റ), അബ്ദുല്ലാഹിബ്നു റവാഹ(റ) എന്നിവർ പ്രവാചകനെ (ﷺ) നോക്കി സലാം ചൊല്ലി. സൈന്യം നീങ്ങി...


Part : 210

മുസ്ലിം സൈന്യം വരുന്നുണ്ടെന്നു സിറിയക്കാർ അറിഞ്ഞു. അവർ സമീപ ഗോത്രക്കാരെയെല്ലാം സംഘടിപ്പിച്ചു.

ഹിരാക്ലിയസ് രാജാവ് ഒരു ലക്ഷം സൈന്യത്തെ അയച്ചു കൊടുത്തു. ഗോത്രക്കാരെല്ലാം കൂടി ഒരു ലക്ഷത്തിൽപരം സൈന്യത്തെ അയച്ചു. ഏതാണ്ടു രണ്ടര ലക്ഷത്തോളം വരുന്ന വൻ സൈന്യത്തെ നേരിടാൻ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിലുള്ളത് മൂവ്വായിരം പേരടങ്ങുന്ന സൈന്യം..!

എന്തു ചെയ്യണമെന്നറിയാതെ മുസ്ലിം സൈന്യം അൽപം വിഷമിച്ചു. പ്രവാചകനെ (ﷺ) വിവരം അറിയിക്കാം. ശത്രുക്കളുടെ എണ്ണം എത്രയോ ഇരട്ടിയാണെന്നറിയിക്കാം. പോഷക സൈന്യത്തെ അയച്ചുതരും. അങ്ങനെ ഒരാലോചന...

മുഅ്ത്ത രണാങ്കണം. അവിടെയെത്തിക്കഴിഞ്ഞു. ഇനി ആലോചിച്ചിട്ടു കാര്യമില്ല. പ്രവാചകൻ ﷺ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിച്ചാൽ മതി.

മുസ്ലിംകൾ ഇത്രയും വലിയൊരു സൈന്യത്തെ ഇതിനു മുമ്പു നേരിട്ടിട്ടില്ല. മലവെള്ളംപോലെ പരന്നു കിടക്കുകയാണു ശത്രുസൈന്യം. പ്രവാചകനാണെങ്കിൽ (ﷺ) കൂടെയില്ല. എന്തു വേണം..?!

പ്രവാചകരുടെ (ﷺ) വാക്കുകൾ അക്ഷരംപ്രതി പാലിക്കുക. ഒന്നുകിൽ വിജയം. അല്ലെങ്കിൽ വീരരക്തസാക്ഷിത്വം...

ബദ്റിൽ മുന്നൂറ്റിപതിമൂന്നുപേർ ആയിരത്തോളമാളുകളെ നേരിട്ടു. ശ്രതുക്കൾ മൂന്നിരട്ടിയാണ്. ഇവിടെ എത്രയോ ഇരട്ടിയാണ്. ഒരു മുസ്ലിം ഭടൻ എൺപതിൽപരം ശത്രുക്കളെ നേരിടണം..! വിചിത്രമായ അനുപാതം...

സത്യവിശ്വാസികളുടെ മനസുകൾ ഭക്തിനിർഭരമായി. സർവവും അല്ലാഹുﷻവിലർപ്പിച്ചു. ജീവിതവും മരണവും. പിന്നെ ഒരു മുന്നേറ്റം.
അല്ലാഹു അക്ബർ. അല്ലാഹു അക്ബർ. വൻ ശത്രുസൈന്യത്തിന്റെ മധ്യത്തിലേക്കവർ പാഞ്ഞുകയറി...

പടവാൾ വീശിക്കൊണ്ടു മിന്നൽ വേഗത്തിൽ മുന്നേറുന്നു. സയദ് ബ്നു ഹാരിസ് (റ) നബിﷺതങ്ങൾ നൽകിയ പതാകയുമായി അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നിരവധി ശത്രുക്കളെ വെട്ടിവീഴ്ത്തി...

ശത്രുക്കൾ കുന്തങ്ങളുമായി പാഞ്ഞെടുത്തു. ആ പുണ്യശരീരത്തിൽ ആഞ്ഞുകുത്തി. കുന്തംകൊണ്ടുള്ള നിരവധി കുത്തുകൾ. മാരകമായ മുറിവുകൾ, രക്തത്തിൽ കുളിച്ചു. ശക്തി ക്ഷയിച്ചു. ശരീരം തളർന്നു. കുഴഞ്ഞു കുഴഞ്ഞു വീഴുകയാണ്. പതാക ജഅ്ഫർ ബ്നു അബീത്വാലിബ്(റ)വിനെ ഏൽപിച്ചു...

തന്റെ ധീര പോരാട്ടങ്ങൾ കൊണ്ടു നിരവധി രണഭൂമികളെ രോമാഞ്ചമണിയിച്ച സയ്ദ് ബ്നു ഹാരിസ് (റ) മുഅ്ത്ത യുദ്ധത്തിൽ രക്തസാക്ഷിയായി. ഇസ്ലാമിക ചരിത്രത്തിൽ അനശ്വരനായി...

ജഅ്ഫർ(റ) നോമ്പുകാരനായിരുന്നു. ശത്രുക്കളുടെ ആയിരക്കണക്കിനു പടവാളുകൾ അദ്ദേഹത്തിനു നേരെ നീണ്ടുവരുന്നു. പതാകയുമായി മുന്നേറുകയാണ്. മിന്നൽ വേഗത്തിൽ ശ്രതുക്കളെ വെട്ടുന്നു.

വലതു കയ്യിൽ പതാക ഉയർത്തിപ്പിടിച്ചു. ആ കൈക്കു വെട്ടേറ്റു. സർവ ശക്തിയുമുപയോഗിച്ചാണു ക്രൂരനായ ശത്രു വെട്ടിയത്. വലതു കൈ അറ്റുതൂങ്ങിപ്പോയി. പെട്ടെന്നു പതാക ഇടതു കയ്യിലേക്കു മാറ്റിപ്പിടിച്ചു.

ഏറെക്കഴിഞ്ഞില്ല. ഇടതു കൈക്കും ശക്തിയായ വെട്ടേറ്റു. ആ കൈ മുറിഞ്ഞുപോയി. പതാക താഴെയിട്ടില്ല. കക്ഷത്ത് ഇറുക്കിപ്പിടിച്ചു.

കൈകളില്ലാത്ത ശരീരത്തിൽ തുരുതുരാ വെട്ടുകൾ വീണു. ഒരു മനുഷ്യശരീരം വെട്ടിനുറുക്കപ്പെടുന്നു. ശക്തി ചോർന്നുപോയി. താഴെ വീഴുംമുമ്പെ പതാക അബ്ദുല്ലാഹിബ്നു റവാഹ(റ)വിനു കൈമാറി...


Part : 211

അബ്ദുല്ലാഹിബ്നു റവാഹ (റ) പതാകയുമായി മുന്നേറി. തന്റെ മുൻഗാമികൾ വീരരക്തസാക്ഷികളായി. തനിക്കും അവരെ പിന്തുടരണം. രക്തസാക്ഷിയാകണം. അതിനു മുമ്പെ കുറെ ശത്രുക്കളെയെങ്കിലും തുരത്തണം. എന്തൊരു വാൾ പ്രയോഗം..!

വരുന്ന വഴിയിൽ ശത്രുക്കൾ പിൻമാറുന്നു. വെട്ടേറ്റവർക്കു കണക്കില്ല. യുദ്ധ ചരിത്രത്തിലെ അത്ഭുതകരമായ രംഗങ്ങളാണു മുഅ്ത്ത രണാങ്കണത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. മരണത്തിലേക്കുള്ള ആവേശകരമായ ഓട്ടം. എന്തൊരു വേഗമാണതിന്..!

കുന്തങ്ങളും വാളുകളും അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ കൈകളിൽ മുറിവുണ്ടാക്കി. ശരീരത്തിൽ വെട്ടുകൾ വീഴുന്നു. ഇടതും വലതും കൈകൾക്കു വെട്ടേറ്റു. രക്തം വാർന്നൊഴുകി. മറിഞ്ഞു വീഴുകയാണ്. ഏറെ മോഹിച്ച രക്തസാക്ഷിത്വം. പതാക നിലത്തു വീഴും മുമ്പേ ഉഖ്ബത് ബ്നു ആമിർ (റ) കൈവശമാക്കി.

അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു പാത്രത്തിൽ അൽപം വെള്ളവുമായി ജഅ്ഫർ(റ)വിന്റെ സമീപം ഓടിയെത്തി. അദ്ദേഹം മരണവുമായി മല്ലടിക്കുകയായിരുന്നു.

“താങ്കൾ അൽപം വെള്ളം കുടിക്കൂ..!” അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു.

“വേണ്ട, ഞാൻ നോമ്പുകാരനാണ്. നോമ്പുതുറക്കുന്ന സമയം വരെ ഞാൻ ജീവിച്ചിരുന്നാൽ വെള്ളംകൊണ്ടു നോമ്പ് തുറക്കാം... അല്ലെങ്കിൽ... നോമ്പുകാരനായിക്കൊണ്ടുതന്നെ...

ഞാൻ പോകട്ടെ, എന്റെ റബ്ബിന്റെ... സന്നിധിയിലേക്ക്.”

ആ ധീരസേനാനി മരണത്തിലേക്ക് അതിവേഗം നീങ്ങുകയായിരുന്നു.
യുദ്ധം പിന്നെയും തുടർന്നു. ഒരാളെ നേതാവായി തെരഞ്ഞെടുക്കണം. നേതാക്കൾ മരിച്ചുവീണു പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ആരാണു സന്നദ്ധരാകുക..?!

എല്ലാവരും ഖാലിദ് ബ്നുൽ വലീദ് (റ) വിനെ നോക്കി. സൂര്യൻ അസ്തമിച്ചു. ഇരുട്ടു പരന്നു. യുദ്ധം നിന്നു. ഇനി നാളെ...

ധീരനായ ഖാലിദ് ബ്നുൽ വലീദ് (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഉഹുദിൽ വച്ചു ഖാലിദ്(റ)വിന്റെ യുദ്ധ ത്രന്തം നാം കണ്ടതാണ്. ശക്തികൊണ്ടല്ല, തന്ത്രംകൊണ്ടു ജയിക്കണമെന്ന് അദ്ദേഹം ഉറച്ചു.

ആ രാത്രിയിൽ ഖാലിദ്(റ)വിന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു. പിറ്റേന്ന് അതിരാവിലെ അദ്ദേഹം സൈന്യത്തെ അത്ഭുതകരമായ രീതിയിൽ വിന്യസിച്ചു. മുൻനിരകളിൽ കുറഞ്ഞ ആളുകളേ ഉള്ളൂ. അങ്ങനെ ഏതാനും നിരകൾ. പിൻനിരയിൽ വളരെ നീളത്തിൽ സൈനികരെ വിന്യസിച്ചു...

ശത്രുക്കൾ രാവിലെ വന്നുനോക്കുമ്പോൾ വളരെ ഭീകരമായ കാഴ്ചയാണു കണ്ടത്. വളരെ നീളമുള്ള മുസ്ലിം നിര ഇന്നലെ ഇതിന്റെ പത്തിലൊന്നു പോലുമില്ല. ഒരൊറ്റ രാത്രികൊണ്ട് ഇത്രയേറെ സൈന്യങ്ങൾ വന്നുവോ..? മദീനയിൽ നിന്നു പതിനായിരങ്ങൾ വന്നതുപോലെ തോന്നി...

ഇന്നലത്തെ പരാക്രമങ്ങൾ ശത്രുക്കളെ ഭീതിപ്പെടുത്തിയിരുന്നു. വെട്ടേൽക്കുന്തോറും മുന്നോട്ടു മുന്നോട്ടു കുതിക്കുന്ന നേതാക്കൾ.
മുറിവു പറ്റിയാൽ അതും കൊണ്ടോടുന്ന സൈനികരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. സൈന്യാധിപന്മാർ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു യുദ്ധം നിയന്ത്രിക്കുന്നതാണു റോമാക്കാരുടെയും മറ്റും അറിവ്.

ഇവിടെ അതല്ല കണ്ടത് - സൈന്യാധിപന്മാർക്ക് ആദ്യം മരിക്കണം. ഇതെന്തൊരു ജനത..!

അങ്ങനെയുള്ള പതിനായിരങ്ങൾ..!!

അവരോടേറ്റുമുട്ടിയാൽ റോമൻ സൈന്യം നാമാവശേഷമാകും. തൽക്കാലം പിൻമാറുന്നതാണു യുക്തി...

സൈനിക നേതാക്കൾ കൂടിയാലോചന നടത്തി. പിൻമാറാൻ തീരുമാനിച്ചു. കൽപന കിട്ടേണ്ട താമസം സൈന്യം പിന്മാറിത്തുടങ്ങി...

പിൻതിരിഞ്ഞാടുമ്പോൾ മുസ്ലിം സൈന്യം പിന്നിൽനിന്ന് ആക്രമിക്കുമോ എന്നു ഭയം. അതോടെ ഓട്ടത്തിനു വേഗം കൂടി.

മുസ്ലിം സൈന്യം നിന്നേടത്തുതന്നെ നിന്നു... 

ശത്രുക്കളുടെ പലായനം അവരെ അതിശയിപ്പിച്ചു. ജഅ്ഫർ(റ)വിന്റെ ശരീരത്തിന്റെ മുൻഭാഗത്തു മാത്രം തൊണ്ണൂറിൽപരം മുറിവുകളുണ്ടായിരുന്നു.

എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ച് ഒരുമയോടെ മുന്നേറിയാൽ അത്ഭുതകരമായ മാർഗത്തിലൂടെ അല്ലാഹു ﷻ സഹായിക്കും എന്ന
മഹത്തായ പാഠമാണു മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കാനുള്ളത്...

തിരുനബി ﷺ തങ്ങളുടെ സാന്നിധ്യമില്ലെങ്കിലും സത്യവിശ്വാസികൾക്കു തക്ക സമയത്തു സഹായമെത്തും. പിൽക്കാല തലമുറക്കാർ അങ്ങനെയൊരു പാഠംകൂടി മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കണം...


Part : 212

അബൂസുഫ്യാൻ മദീനയിൽ 

ഇസ്ലാമിന്റെ ശക്തി വർധിച്ചുവരുന്നതിൽ ഖുറയ്ശികൾ എപ്പോഴും ആശങ്കാകുലരായിരുന്നു. ഹുദയ്ബിയ്യ സന്ധി ഇപ്പോഴും നിലനിൽക്കുന്നു. അതനുസരിച്ച് ഏതു ഗോത്രക്കാർക്കും ഖുറയ്ശികളോടോ മുസ്ലിംകളോടോ സന്ധിയുണ്ടാക്കാം. ഉടമ്പടിയിൽ ഏർപ്പെടുന്ന ഗോത്രങ്ങളും ഹുദയ്ബിയ്യ സന്ധിയുടെ പരിധിയിൽ പെടും.

ഇതനുസരിച്ചു ബക്കർ ഗോത്രം ഖുറയ്ശികളുമായി സഖ്യമുണ്ടാക്കി. ഖുസാഅ ഗോത്രം മുസ്ലിംകളുമായും സഖ്യത്തിലായി.

ബക്കർ ഗോത്രവും ഖുസാഅ ഗോത്രവും തമ്മിൽ വലിയ ശ്രതുതയിലാണ്. ജാഹിലിയ്യ കാലത്തുതന്നെ അങ്ങനെയാണ്. അതു കുടിപ്പകയായി വളർന്നു.

ബക്കർ ഗോത്രക്കാർക്കു പ്രവാചകനോടും (ﷺ) ഇസ്ലാമിനോടും ശത്രുതയായിരുന്നു. ഹുദയ്ബിയ്യ സന്ധി നിലവിൽ വന്നശേഷവും അവരുടെ ശ്രതുത തുടർന്നു. പക്ഷേ, ഏറ്റുമുട്ടൽ നടന്നില്ല. അതു സന്ധിവ്യവസ്ഥകളെ ബാധിക്കുമെന്ന ഭയത്താൽ അവർ സമാധാന ജീവിതം നയിച്ചു.

ഒരിക്കൽ ഒരു സംഭവം നടന്നു.

ആ സംഭവമാണു ഹുദയ്ബിയ്യ സന്ധി തകർത്തത്. ഒരു ബക്കർ ഗോത്രക്കാരൻ പ്രവാചകനെ (ﷺ) പരിഹസിച്ചു കൊണ്ടു പാട്ടുപാടി. അവന്റെ പാട്ട് ഖുസാഅ ഗോത്രക്കാരൻ കേട്ടു. ഖുസാഅക്കാരൻ കേൾക്കാൻ വേണ്ടി തന്നെയാണു പാടിയത്.

ഖുസാഅക്കാരൻ എതിർത്തു. വാക്കുതർക്കമായി. ഖുസാഅക്കാരൻ ബക്കർ ഗോത്രക്കാരനെ അടിച്ചു. അതോടെ അവരുടെ പഴയ വിരോധം പുറത്തു ചാടി. പോർവിളിയായി. കാണുന്നയിടങ്ങളിൽ വെച്ച് ആക്രമണമായി...

ബക്കർ ഗോത്രക്കാരെ സഹായിക്കാൻ ഖുറയ്ശികൾ വന്നു. അതോടെ ഖുസാഅക്കാർക്കു രക്ഷയില്ലെന്നായി. ഏതു വഴി നടന്നാലും ആക്രമണം തന്നെ. ഖുസാഅക്കാർ എന്തിനു മുഹമ്മദുമായി സഖ്യമുണ്ടാക്കി..? 
ഖുറയ്ശികളുടെ മനസ്സിലുള്ള ചോദ്യമതാണ്.

ഒരിക്കൽ ക്രൂരമായ ആക്രമണത്തിൽ നിന്നു രക്ഷ കിട്ടാൻ വേണ്ടി കഅ്ബാലയത്തിൽ ഓടിക്കയറി. ഖുറയ്ശികൾ അവിടെക്കയറി ഖുസാഅക്കാരെ ആക്രമിച്ചു.

ഇരുപതു ഖുസാഅ ഗോത്രക്കാരെ പലയിടത്തുവെച്ചായി വധിച്ചു. ഇനി പ്രവാചകന്റെ (ﷺ) സഹായം തേടുകയല്ലാതെ നിവൃത്തിയില്ല.

ദൂതന്മാർ മദീനയിലെത്തി, വേദനയിൽ കുതിർന്ന കഥകൾ പറഞ്ഞു. പ്രവാചകൻ ﷺ അതുകേട്ടു രോഷാകുലനായി. ഉടനെ ഖുറയ്ശികൾക്ക് ഒരെഴുത്തു കൊടുത്തയച്ചു. അതിൽ മൂന്നു കാര്യങ്ങൾ നിർദ്ദേശിച്ചിരുന്നു.

ബക്കർ ഗോത്രത്തിനു ഖുറയ്ശികൾ നൽകി വരുന്ന സഹായം ഉടൻ നിറുത്തുക, ഖുസാഅ ഗോത്രത്തിൽ നിന്നു വധിക്കപ്പെട്ടവർക്കു നഷ്ട പരിഹാരം നൽകുക, ഹുദയ്ബിയ്യ സന്ധി അവസാനിച്ചതായി പ്രഖ്യാപിക്കുക. കത്തു കിട്ടിയപ്പോഴാണു ഖുറയ്ശികൾ ഞെട്ടിയത്. തങ്ങൾ തന്നെയാണു ഹുദയ്ബിയ്യ സന്ധി തെറ്റിച്ചത്. അതുമോശമായിപ്പോയി...

എങ്ങനെയെങ്കിലും സന്ധി നിലനിർത്തണം. അതിന്റെ കാലാവധി നീട്ടണം. അതിനുവേണ്ടി ഒരു ദൂതനെ അയയ്ക്കാൻ തീരുമാനിച്ചു. ആരാണു ദൂതൻ..?

ഒരു സാധാരണക്കാരനെ അയച്ചിട്ടു കാര്യമില്ല. പ്രബലനെത്തന്നെ അയയ്ക്കണം. നേതാവു തന്നെയാകട്ടെ. അബൂസുഫ്യാൻ തന്നെ പോകണം. നേതാക്കളെല്ലാം കൂടി തീരുമാനിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു...


Part : 213

അബൂസുഫ്യാന്റെ മകളാണ് ഉമ്മുഹബീബ (റ). ആദ്യകാലത്തുതന്നെ ഇസ്ലാംമതം സ്വീകരിച്ചു. വളരെയധികം മർദ്ദനങ്ങൾ സഹിച്ചു. സ്വദേശത്തു ജീവിതം തന്നെ ദുസ്സഹമായി. മക്ക വിട്ടുപോയി. അബ്സീനിയായിൽ ജീവിച്ചു. പലവിധ കഷ്ടപ്പാടുകൾ സഹിച്ചു. വിധവയായി ജീവിച്ചു. ഒടുവിൽ മദീനയിലെത്തി.

ഉമ്മുഹബീബ(റ)യുടെ കരളലിയിപ്പിക്കുന്ന കഥ പ്രവാചകനെ (ﷺ) ദുഃഖിപ്പിച്ചു. അവർക്കാശ്വാസം നൽകാൻ തീരുമാനിച്ചു. പ്രവാചകരുടെ (ﷺ) പത്നിപദം നൽകി ഉമ്മുഹബീബ(റ)യെ ആദരിച്ചു.

അവർ വിശ്വാസികളുടെ മാതാവായി.

തന്റെ മകൾ ഉമ്മുഹബീബ(റ)യെ അബൂസുഫ്യാൻ ഓർമിച്ചു. മകളെ ചെന്നു കാണാം, എന്നിട്ടു പ്രവാചകനെയും (ﷺ) കാണാം. കാര്യം നടക്കും...

അബൂസുഫ്യാൻ മദീനയിലെത്തി. മകളുടെ വീട്ടിൽ ചെന്നു കയറി. വളരെക്കാലത്തിനുശേഷം പിതാവിനെ കാണുകയാണ്.

“മോളേ...” ബാപ്പയുടെ സ്നേഹം നിറഞ്ഞ വിളി. ഇസ്ലാംമതം സ്വീകരിച്ച കാലത്ത് കണ്ണിൽ ചോരയില്ലാതെ പെരുമാറിയ ബാപ്പ. ഇന്ന് ആളാകെ മാറിപ്പോയി. മുഖത്ത് അന്നത്തെ ക്രൂരതയൊന്നുമില്ല. ഒരുതരം നിസ്സഹായത...

“എന്തുണ്ട് ബാപ്പാ വിശേഷം..?”

“കാര്യങ്ങളെല്ലാം വലിയ വിഷമത്തിലാണ്. ഞാൻ മുഹമ്മദിനെ (ﷺ) കാണാൻ വന്നതാണ്.”

നബി ﷺ തങ്ങളുടെ വിരിപ്പ് ഇരിപ്പിടത്തിൽ നിവർത്തിയിട്ടിരുന്നു. അബൂസുഫ്യാൻ അതിൽ ഇരിക്കാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ഉമ്മുഹബീബ (റ) ആ വിരിപ്പു മാറ്റിക്കളഞ്ഞു..!

“എന്തു മര്യാദകേടാണു കുട്ടീ നീ കാണിച്ചത്. ബാപ്പ ഇരിക്കാൻ പോകുമ്പോൾ മോൾ വിരിപ്പു മടക്കിക്കളയുകയോ..?" അബൂസുഫ്യാൻ നിരാശയും കോപവും കലർന്ന സ്വരത്തിൽ ചോദിച്ചു...

“ബാപ്പ ആ വിരിപ്പിൽ ഇരിക്കേണ്ട.” മകൾ പറഞ്ഞു.

“എന്താ കാരണം? എനിക്ക് അതിനുള്ള യോഗ്യതയില്ലേ..?”

“ഇല്ല, ഇത് അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) വിരിപ്പാണ്. നിങ്ങൾ ശുദ്ധിയില്ലാത്തവനാണ്. ഇതിൽ ഇരിക്കണ്ട.”

“മോളേ, അവന്റെ കൂടെ കൂടിയതോടെ നിന്റെ സ്വഭാവം ഇത്ര
മോശമായിപ്പോയല്ലോ..?”

“എന്റെ സ്വഭാവത്തിനു കുഴപ്പമൊന്നുമില്ല. ഞാൻ ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുന്നു. നിങ്ങൾ കല്ലിനെയല്ലേ ആരാധിക്കുന്നത്..?”

മോളുടെ വാക്കുകൾ ബാപ്പയെ അസ്വസ്ഥനാക്കി. മോൾ ബാപ്പയെ സ്വീകരിച്ചു. സൽക്കരിച്ചു. അബൂസുഫ്യാൻ നബി ﷺ തങ്ങളെ കണ്ടു. ഹുദയ്ബിയ്യ സന്ധി പുതുക്കണമെന്നപേക്ഷിച്ചു...

ആ വിഷയത്തെക്കുറിച്ചു വിശദമായ ഒരു ചർച്ചയ്ക്കുതന്നെ പ്രവാചകൻ ﷺ തയ്യാറായില്ല. പിന്നീട് അദ്ദേഹം അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ (റ), അലി(റ) എന്നിവരെയൊക്കെ കണ്ടുനോക്കി...

ഇത്തരം കാര്യങ്ങളിലൊക്കെ പ്രവാചകന്റെ (ﷺ) നിർദേശമനുസരിച്ചു ഞങ്ങൾ നീങ്ങും. പ്രവാചകൻ ﷺ അല്ലാഹുﷻവിന്റെ കൽപന അനുസരിച്ചു നീങ്ങും.

ചർച്ചകൾ അവസാനിച്ചു. എല്ലാം അല്ലാഹുﷻവിന്റെ കൽപന പോലെ.
എന്താണിപ്പറയുന്നത്..? അബൂസുഫ്യാൻ ചിന്താക്കുഴപ്പത്തിലായി...

അല്ലാഹു ﷻ വഹ് യ് ഇറക്കുക. ജിബ്‌രീൽ വഹ് യുമായി വരിക. ഹുദയ്ബിയ്യ സന്ധിയുടെ കാര്യത്തിൽ നിർദേശം കൊടുക്കുക. അതൊക്കെ ശരിയായിരിക്കാം എന്ന തോന്നൽ...

പെട്ടെന്നു മനസ്സു നിയന്ത്രിച്ചു. താൻ ഖുറയ്ശികളുടെ നേതാവാണ്. മനസു പതറിപ്പോകരുത്. നിരാശയോടെ മടങ്ങി. മക്കയിലെത്തി വിവരങ്ങൾ പറഞ്ഞു.

പോയ കാര്യം നേടാതെ വന്ന അബൂസുഫ്യാനെപ്പറ്റി ആളുകൾ അടക്കം പറഞ്ഞു: “ഇയാളെ എന്തിനു കൊള്ളാം..?”

വീട്ടിലെത്തിയപ്പോൾ ഭാര്യക്കു കോപം. ഹിന്ദ് നിന്നു വിറയ്ക്കുന്നു.  

“നേതാവാണെന്നും പറഞ്ഞു നടക്കുന്നു. കഴിവുകെട്ടവൻ, എന്റെ അടുത്തേക്ക് വന്നുപോകരുത്.”

അബൂസുഫ്യാൻ വിഷമിച്ചു. മദീനയിൽ ചെന്നപ്പോൾ മകളുടെ കളിയാക്കൽ. ബാപ്പ കല്ലിനെ ആരാധിക്കുന്നു എന്നാണവൾ പറഞ്ഞത്. ഈ കല്ലിനെ വണങ്ങിയിട്ട് എന്തു നേടാൻ? മുഹമ്മദിന്റെ ആൾക്കാരുടെ അവസ്ഥ എന്തു ഭേദം..!

അല്ലാഹു ﷻ അവരെ സഹായിക്കുന്നു. അതുകൊണ്ടു യുദ്ധങ്ങളിൽ അവർ വിജയിക്കുന്നു.

വിശുദ്ധ ഖുർആൻ അല്ലാഹുﷻവിന്റെ കലാം തന്നെ. അതു പാരായണം ചെയ്യുന്നതു കേൾക്കാൻ എന്തു രസം..!

എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് അതു സ്വയം ഉണ്ടാക്കാൻ കഴിയില്ല.

ഛെ... ഞാൻ എന്താണു ചിന്തിക്കുന്നത്? ഖുറയ്ശി നേതാവിന് ഇങ്ങനെ ചിന്തിക്കാമോ? ഹിന്ദ് ഇതെങ്ങാനുമറിഞ്ഞാൽ..! അബൂസുഫ്യാൻ പേടിച്ചുപോയി. എങ്കിലും ആ കല്ലുകളുടെ കാര്യം കഷ്ടം തന്നെ.

അതിനെ ആരാധിക്കുന്ന മനുഷ്യരുടെ കാര്യം അതിനെക്കാൾ കഷ്ടം...


Part : 214

ചരിത്രം കുറിച്ച തിരിച്ചുവരവ് 

ഒരു യാത്രയ്ക്കുള്ള ഒരുക്കം. എന്തിനെന്നോ എങ്ങോട്ടെന്നോ പറഞ്ഞില്ല. സമീപ ഗോത്രങ്ങൾക്കെല്ലാം സന്ദേശമറിയിച്ചു.

“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരൊക്കെ
റമളാൻ മാസത്തിൽ മദീനയിലെത്തണം.”

ഗിഫാർ, മുസയ്ന, അശ്ജഅ്, ജുഹയ്ന, അസ്ലം ഈ ഗോത്രങ്ങളെല്ലാം മദീനയിലെത്തി.

മുഹാജിറുകളും അൻസാറുകളും.എല്ലാവരും ചേർന്നപ്പോൾ വലിയൊരു ജനാവലി. തന്റെ പരിപാടിയെക്കുറിച്ചു ഖുറയ്ശികൾക്ക് ഒരു വിവരവും
ലഭിക്കരുത്. നബി ﷺ തങ്ങൾ ആഗ്രഹിച്ചത് അതാണ്.

അതിനിടയിൽ അസുഖകരമായ ഒരു സംഭവം നടന്നു. ഹാത്വിബ് ഒരു പ്രമുഖ സ്വഹാബിയാണ്. ബദ്റിൽ പങ്കെടുത്ത ആളാണ്. മക്കയിലുള്ള ഒരു ബന്ധുവിന് അദ്ദേഹം ഒരു കത്തെഴുതി. കത്തിൽ നബിﷺയുടെ തയ്യാറെടുപ്പിനെക്കുറിച്ചും മറ്റും എഴുതിയിരുന്നു.

കത്ത് മക്കയിലേക്കു പോകുന്ന ഒരു സ്ത്രീയെ ഏൽപിച്ചു. അവരുടെ പേർ സാറ എന്നായിരുന്നു. മുടിക്കെട്ടിനകത്താണ് അവർ കത്ത് ഒളിപ്പിച്ചു വച്ചത്. നബി ﷺ തങ്ങൾക്കു വഹ് യ് മൂലം വിവരം കിട്ടി.

പ്രവാചകൻ ﷺ ഉടനെത്തന്നെ സാറയെ പിടികൂടാൻ മൂന്നു പേരെ നിയോഗിച്ചു. അലി(റ), സുബയ്ർ(റ), മിഖ്ദാദ്(റ). അവർ അതിവേഗം യാത്ര ചെയ്തു. ഖാഖ് തോട്ടത്തിൽ വച്ചു സാറയെ പിടികൂടി. അവരിൽ നിന്നു കത്തു വാങ്ങി. അവരെയും കൂട്ടി മദീനയിൽ വന്നു. ഹാത്വിബിനെയും വരുത്തി.

“എന്താണ് ഇക്കാണിച്ചത്..?”

“എന്റെ ബന്ധുക്കളുടെ രക്ഷ കരുതി അയച്ച കത്താണിത്.” ഹാത്വിബ് പറഞ്ഞു. 

കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു വിശദീകരണം നൽകി. മക്കയിലുള്ള അദ്ദേഹത്തിന്റെ സ്വത്തിന്റെ സുരക്ഷിതത്വം കരുതി എഴുതിയതായിരുന്നു.

ബദ്രീങ്ങളിൽപെട്ട ആളാണ് ഹാത്വിബ്(റ). അതുകൊണ്ടു മാപ്പു ലഭിച്ചു. ആ സംഭവം അങ്ങനെ അവസാനിച്ചു. 

റമളാൻ പതിനഞ്ചിനു പ്രവാചകനും (ﷺ) സംഘവും പുറപ്പെടുകയാണ്. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ) വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകൻ ﷺ യാത്രക്കൊരുങ്ങി.


Part : 215

പതിനായിരത്തോളം അനുയായികൾ. ആവേശം അലതല്ലിയ നിമിഷങ്ങൾ. മദീനയിൽ നിന്ന് അവർ പുറപ്പെട്ടുകഴിഞ്ഞു.

വഴിയിൽ വച്ചു പല ഗോത്രക്കാരും അവരോടു ചേർന്നുകൊണ്ടിരുന്നു. മുസ്ലിം സംഘത്തിന്റെ വലുപ്പം വർധിച്ചുകൊണ്ടിരുന്നു. ആ വലിയ സംഘം ജുഹ്ഫ എന്ന സ്ഥലത്തെത്തി.

അബ്ബാസ്(റ) കുടുംബാംഗങ്ങളോടൊപ്പം മക്കയിൽ നിന്നുവരുന്ന വഴി ജുഹ്ഫയിലെത്തി. വമ്പിച്ച മുസ്ലിം സംഘത്തെ കണ്ട് അവർ അമ്പരന്നു.

അബ്ബാസ്(റ) കുടുംബാംഗങ്ങളെ മദീനയിലേക്കയച്ചു. ആ സ്വഹാബിവര്യൻ മുസ്ലിം സംഘത്തോടൊപ്പം മക്കയിലേക്കു പോന്നു. അബ്ദുൽ മുത്വലിബിന്റെ പൗത്രനായ അബൂസുഫ്യാൻ, അബ്ദുല്ലാഹിബ്നു അബൂഉമയ്യ എന്നിവരും ഇതേ ഘട്ടത്തിൽ പ്രവാചകനോടു (ﷺ) ചേർന്നു.

അബ്ബാസ്(റ) വിനെ മുമ്പേ പറഞ്ഞയച്ചു. ഖുറയ്ശികളുടെ നീക്കം അറിയാനായിരുന്നു ഇത്. ഇതിനിടയിൽ ഖുറയ്ശികൾ മുസ്ലിംകളുടെ ആഗമനത്തെക്കുറിച്ചറിഞ്ഞു. വിശദ വിവരങ്ങളറിഞ്ഞുവരാൻവേണ്ടി മൂന്നു പ്രമുഖ നേതാക്കളെ നിയോഗിച്ചു. അബൂസുഫ്യാൻ, ഹകീം, ബുദയ്തൽ.

ഈ ദൂതന്മാരുടെ രഹസ്യ നീക്കങ്ങൾ അബ്ബാസ് (റ) വീക്ഷിച്ചു.
അബൂസുഫ്യാനെ അബ്ബാസ്(റ) പിടികൂടി. ഇരുവരും കൂട്ടുകാരാണ്. സ്നേഹത്തോടെ സംസാരിച്ചു.

“വരൂ, നമുക്കു പ്രവാചകനെ (ﷺ) കാണാം. നിങ്ങൾ എന്റെ സംരക്ഷണത്തിലാണ്.” - അബ്ബാസ് (റ) പറഞ്ഞു.

അബ്ബാസ്(റ)വിന്റെ കൂടെ അബൂസുഫ്യാനെ കണ്ടപ്പോൾ ഉമർ(റ) രോഷത്തോടെ എഴുന്നേറ്റു. “ഞാനിവന്റെ തലയെടുക്കാം, എന്നെ അനുവദിക്കൂ.” ഉമർ (റ) അഭ്യർത്ഥിച്ചു.

“ഇല്ല, ഞാൻ അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു.” അബ്ബാസ് (റ) പറഞ്ഞു.

അന്നു രാത്രി അബൂസുഫ്യാൻ അബ്ബാസ്(റ)വിന്റെ സംരക്ഷണത്തിൽ കഴിഞ്ഞു. പിറ്റേന്ന് അബ്ബാസ് (റ) അബൂസുഫിയാനെയും കൊണ്ടു പ്രവാചകന്റെ (ﷺ) സന്നിധിയിലെത്തി. 

റസൂൽ (ﷺ) ചോദിച്ചു: “ലാ ഇലാഹ ഇല്ലല്ലാഹ് എന്നു സമ്മതിക്കാൻ താങ്കൾക്കിനിയും സമയമായില്ലേ..?”

“ലാഇലാഹ ഇല്ലല്ലാഹ് എന്നു ഞാൻ സമ്മതിക്കുന്നു.” - അബൂസുഫ്യാൻ മറുപടി നൽകി.

“ഞാൻ അല്ലാഹുﷻവിന്റെ റസൂലാണെന്നു വിശ്വസിക്കാൻ സമയമായില്ലേ..?” 

-പ്രവാചകൻ (ﷺ) വീണ്ടും ചോദിച്ചു.

“അക്കാര്യത്തിൽ സംശയമുണ്ട്.” -അബൂസുഫ്യാൻ പറഞ്ഞു...

“ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് എന്നു താങ്കൾ സാക്ഷ്യം വഹിക്കൂ..!” അബ്ബാസ്(റ) ഉപദേശിച്ചു.

അബൂസുഫ്യാൻ മനസുകൊണ്ടു വിശ്വസിച്ചുകഴിഞ്ഞിരുന്നു. 

അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ ഉടനെ ഇസ്ലാംമതം സ്വീകരിച്ചു. ഹകീമും ബുദയ്ലും...

“അബൂസുഫ്യാൻ സ്ഥാനമാനങ്ങൾ കൊതിക്കുന്ന ആളാണ്. അദ്ദേഹത്തിന് എന്തെങ്കിലും പദവി നൽകണം...” അബ്ബാസ് (റ) പ്രവാചകനോടു (ﷺ) പറഞ്ഞു.

“അബൂസുഫ്യാൻ, താങ്കൾ മക്കയിൽ ചെന്ന് ഇങ്ങനെ വിളിച്ചു പറയണം ഖുറയ്ശികളേ, സ്വന്തം വീടുകളിൽ വാതിലടച്ച് അടങ്ങിയിരിക്കുന്നവർക്ക് അഭയമുണ്ട്. മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവർക്കും അഭയമുണ്ട്. അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ചവർക്കും അഭയമുണ്ട്.”

അബൂസുഫ്യാൻ മക്കയിലെത്തി. പറഞ്ഞതുപോലെ വിളിച്ചു പറഞ്ഞു. ആളുകൾ സ്വന്തം വീടുകളിൽ അഭയം പ്രാപിച്ചു. ചിലർ മസ്ജിദുൽ ഹറാമിലെത്തി. മറ്റൊരു കൂട്ടർ അബൂസുഫ്യാന്റെ വീട്ടിലെത്തി. സംഘർഷം ഒഴിവാക്കുക.രക്തച്ചൊരിച്ചിൽവേണ്ട...

“അബൂസുഫ്യാനെ ആ കുന്നിനു മുകളിൽ തടഞ്ഞുവയ്ക്കുക. മുസ്ലിം ശക്തി അദ്ദേഹം കാണട്ടെ. അറിയട്ടെ.” നബി ﷺ തങ്ങൾ പറഞ്ഞു.

അബൂസുഫ്യാന്റെ മുമ്പിലൂടെ മുസ്ലിംകൾ ഒഴുകി. അൻസാറുകളും മുഹാജിറുകളും. എന്തൊരു പ്രവാഹം!

എന്തുമാത്രം അനുയായികൾ..!

“ഇന്ന് അല്ലാഹു ﷻ കഅ്ബയെ ആദരിക്കുന്ന ദിവസമാണ്.

പ്രവാചകൻ ﷺ പ്രഖ്യാപിച്ചു. ഹുജ്നു മലയുടെ മുകളിൽ മുസ്ലിംകൾ കൊടി നാട്ടി. മക്കക്കാർക്കു മുഴുവൻ അതു കാണാം. ഇസ്ലാമിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമായി പതാക മക്കയുടെ നെറുകയിൽ പറക്കുന്നു.

ആ കുന്നിൻ നെറുകയിൽ വച്ചു അനുയായികളെ നാലായി ഭാഗിച്ചു. 

ഒരു വിഭാഗത്തെ സുബയർ ബ്നുൽ അവ്വാം (റ) നയിക്കും. 
രണ്ടാം വിഭാഗത്തെ ഖാലിദ് ബ്നുൽ വലീദ് (റ) നയിക്കും. 
അൻസാറുകളെ സഅ്ദ് ബ്നു ഉബാദ (റ) നയിക്കും. 
മുഹാജിറുകളുടെ നേതൃത്വം അബൂഉബയ്ദ (റ) വഹിക്കും.

വടക്കു ഭാഗത്തുകൂടി മക്കയിൽ പ്രവേശിക്കാൻ സുബൈർ(റ)വിന് അനുവാദം കിട്ടി. മക്കയുടെ താഴ്ഭാഗത്തുകൂടി ഖാലിദ് (റ) പ്രവേശിക്കും. സഅദ് ബ്നു ഉബാദ (റ) പടിഞ്ഞാറു ഭാഗത്തു കൂടി പ്രവേശിക്കും. അബൂ ഉബയ്ദ (റ) കിഴക്കു ഭാഗത്തുകൂടി പ്രവേശിക്കും.

മക്കയുടെ എല്ലാ ഭാഗത്തുകൂടിയും മുസ്ലിംകൾ പ്രവഹിക്കും. അത്യപൂർവമായ ഒരു കാഴ്ചയായിരിക്കും അത്. മക്കയെ
ചുറ്റി നിൽക്കുന്ന മലനിരകൾ തക്ബീർ ധ്വനികളാൽ മുഖരിതമാകും. 

ആരെയും ഉപദ്രവിക്കരുത്. രക്തം ചിന്താൻ ഇടവരരുത്. പ്രവാചകൻ ﷺ കൽപിച്ചു. പ്രതികാരചിന്തകളില്ല. അഹംഭാവമില്ല. വിനീതരായി, ഭക്തിനിർഭരമായ ഹൃദയങ്ങളുമായി സത്യവിശ്വാസികൾ പ്രവഹിക്കുന്നു. 

മക്കക്കാർ വീടുകളിൽ അടങ്ങിയിരുന്നു. അവർ സുരക്ഷിതരാണ്. മസ്ജിദുൽ ഹറമിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്. അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്.

ഹുജുനിൽ ആണ് നബിﷺതങ്ങൾ വിശ്രമിച്ചിരുന്നത്. അവിടെ നിന്നു മക്കയിൽ പ്രവേശിക്കാനുള്ള കൽപന നൽകി.

പത്നിമാരായ ഉമ്മുസലമ(റ)യും മയ്മൂന(റ)യും തമ്പിൽ വിശ്രമിച്ചു. നബി ﷺ അബൂബക്ർ(റ)വിന്റെ കൂടെ കഅ്ബ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും എല്ലാ ഭാഗത്തുകൂടെയും സത്യവിശ്വാസികൾ അങ്ങോട്ട് ഒഴുകുകയായി. ഖുറയ്ശികൾ അത്ഭുതത്തോടെ അതു നോക്കിനിന്നു.


Part : 216

മക്കയിൽ വിജയക്കൊടി 

മുസ്ലിംകളെ ബലംപ്രയോഗിച്ച് എതിർക്കുന്നതു ഫലപ്രദമാവില്ലെന്നു ഖുറയ്ശികൾ മനസ്സിലാക്കി. അവർ അതിന് ഒരുങ്ങിയില്ല. മക്കാപട്ടണം മുസ്ലിംകളുടെ കരങ്ങളിലേക്കു നീങ്ങുകയാണ്. തടയാനൊക്കില്ല. വേദനയോടെ അതിനു സാക്ഷ്യം വഹിക്കാനേ കഴിയുകയുള്ളൂ.

മുസ്ലിംകൾ നീതിമാന്മാരും വിശ്വസ്തരും സത്യസന്ധരുമാണെന്ന് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നവർ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ കരങ്ങളിൽ പെടുന്നതുകൊണ്ടു നാടിനു യാതൊരു കുഴപ്പവും വരില്ലെന്ന് അവർക്കറിയാം. 

എല്ലാം ചരിത്രനിയോഗം. അല്ലാഹുﷻവിന്റെ വിധി. പക്ഷേ, ചിലർക്കത് ഉൾക്കൊള്ളാനായില്ല. സൈനിക നടപടിതന്നെ വേണമെന്നു ഖുറൈശികളിൽ ചിലർക്കു വാശി. സഫ് വാൻ, സുഹയ്ൽ, ഇക് രിമത്. എന്നീ മൂന്നു ഖുറയ്ശി പ്രമുഖന്മാർക്കാണു യുദ്ധം കൂടിയേ തീരൂ എന്ന ശാഠ്യം...

യാതൊരു എതിർപ്പും കൂടാതെ മുസ്ലിംകൾ മക്കയിൽ പ്രവശിക്കുക. അവർക്കത് ഓർക്കാൻ കൂടി വയ്യ. പെട്ടെന്നൊരു ചെറുസംഘത്തെ സജ്ജമാക്കി. ഖാലിദ്(റ)വിന്റെ നേതൃത്വത്തിൽ വന്ന വിഭാഗത്തെയാണ് അവർ നേരിട്ടത്. ചെറുതായി ചെറുത്തുനിൽപുണ്ടായി. ശത്രുക്കൾക്കു പെട്ടെന്നു പിന്തിരിഞ്ഞോടേണ്ടതായി വന്നു. അവരുടെ കൂട്ടത്തിൽ പതിമൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടു മുസ്ലിംകൾ ശഹീദായി...

ശത്രുക്കൾ ഓടിമറഞ്ഞു. മുസ്ലിംകൾ മുന്നേറി. നബിﷺതങ്ങൾ കഅ്ബയിൽ പ്രവേശിച്ചു. എന്താണവിടെ കണ്ട കാഴ്ച..?

തൗഹീദിന്റെ കേന്ദ്രത്തിൽ ബിംബങ്ങൾ..! മുന്നൂറ്റി അമ്പതോളം വരും. നബി ﷺ വടി ചൂണ്ടുമ്പോൾ ബിംബങ്ങൾ ഓരോന്നായി മറിഞ്ഞുവീഴുന്നു. നഖ്ലത്തിൽ സ്ഥാപിക്കപ്പെട്ട ഖുറയ്ശികളുടെ വലിയ വിഗ്രഹമാണ് ഉസ്സ. അതിനെ തല്ലിത്തകർക്കുവാൻ ഖാലിദ്(റ)വിനോടു കൽപിച്ചു.

എത്രയോ കാലമായി ആദരവോടെ ആരാധിച്ചുവന്ന ആ വലിയ ബിംബം തകർത്തു തരിപ്പണമാക്കപ്പെട്ടു. ഇനി ഉസ്സയില്ല. ഉസ്സക്ക് ആരാധനയില്ല.
ഉസ്സയുടെ കാലം കഴിഞ്ഞു. ഉസ്സ തകർന്നു പൊടിപടലമായപ്പോൾ സത്യവിശ്വാസികൾ തക്ബീർ മുഴക്കി.

ശിർകിന്റെ വലിയ അടയാളം മായ്ക്കപ്പെട്ടു. ഹുദയ്ൻ വർഗക്കാരുടെ വലിയ ബിംബമാണ് സുവാഅ്.

അതിനെ തകർത്തു തരിപ്പണമാക്കാൻ അംറ് ബ്നുൽ ആസ്(റ)വിനെ ചുമതലപ്പെടുത്തി. തലമുറകൾ ആരാധിച്ചുവന്ന സുവാഅ് പൊടിപടലമായി മാറി.

മറ്റൊരു വലിയ ബിംബമാണ് മനാത്ത. സഅദ് ബ്നു സയ്ദ്(റ)വിനോട് അതിനെ തകർക്കാൻ കൽപിച്ചു. നിമിഷങ്ങൾക്കകം മനാത്തയും പൊടിപടലമായി മാറി.

ലാത്തയും ഉസ്സയും ഹുബ് ലും മറ്റെല്ലാ ചെറുവിഗ്രഹങ്ങളും ഒന്നായി നശിപ്പിക്കപ്പെട്ടു. കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു. ശിർകിന്റെ യാതൊരു ചിഹ്നവും ഇനി ബാക്കിയില്ല. തൗഹീദിന്റെ ശബ്ദം മാത്രമേ ഇനി മുഴങ്ങുകയുള്ളു...


Part : 217

നബിﷺതങ്ങൾ കഅ്ബയുടെ അകത്തുവച്ചു രണ്ടു റക്അത്ത് നിസ്കരിച്ചു. അല്ലാഹുതആല ചെയ്തുതന്ന മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി...

പിന്നെ അവിടെ നിന്നെഴുന്നേറ്റു. ചരിത്രമുറങ്ങുന്ന ഇബ്റാഹീം മഖാമിലേക്കു നടന്നുവന്നു. പതിനായിരങ്ങൾ നോക്കിനിൽക്കെ അവിടെവച്ചും രണ്ടു റക്അത്തു നിസ്കരിച്ചു. എഴുന്നേറ്റു നിന്നു. വമ്പിച്ച ജനാവലിയെ നോക്കി.
എന്നിട്ടു ചരിത്ര പ്രസിദ്ധമായ പ്രസംഗം നിർവഹിച്ചു. സദസ്സിൽ മുസ്ലിംകളോടൊപ്പം ധാരാളം മുശ്രിക്കുകളുമുണ്ടായിരുന്നു. 

അവരെ നോക്കി നബിﷺതങ്ങൾ പറഞ്ഞു: “അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവനു പങ്കുകാരില്ല. അവൻ നമുക്കുതന്ന വാഗ്ദാനം പാലിച്ചിരിക്കുന്നു. അല്ലാഹു ﷻ അവന്റെ ദാസന്മാരെ സഹായിച്ചിരിക്കുന്നു. അവൻ ശത്രുക്കളെ മുഴുവൻ പരാജയപ്പെടുത്തി. ജനങ്ങളേ, അറിഞ്ഞുകൊള്ളുക.

പ്രതാപത്തിന്റെ പേരിലുള്ള എല്ലാ മത്സരങ്ങളും പുരാതന കാലം മുതൽക്കുള്ള പ്രതികാരങ്ങളും രക്തച്ചൊരിച്ചിലിന്റെ പേരിലുള്ള പകയും ഞാനിതാ എന്റെ കാലിനടിയിൽ ചവിട്ടിത്താഴ്ത്തുന്നു.

ഖുറയ്ശി സമൂഹമേ.., ജാഹിലിയ്യാ കാലത്തെ എല്ലാ കുല മഹിമകളും ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. അല്ലാഹു ﷻ അതെല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു. എല്ലാവരും ആദം നബി(അ)ന്റെ മക്കളാകുന്നു. ആദം നബി(അ) മണ്ണിൽ നിന്നാണു സൃഷ്ടിക്കപ്പെട്ടത്.”

അവിടുന്ന് (ﷺ) വിശുദ്ധ ഖുർആൻ വചനം ഉദ്ധരിച്ചു: “ജനങ്ങളേ, നിങ്ങളെ നാം ഒരാണിൽനിന്നും ഒരു പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി നാം നിങ്ങളെ ഖബീലകളും കുടുംബങ്ങളുമാക്കിത്തിരിച്ചു. എന്നാൽ തഖ് വ (ഭക്തി) യുള്ളവരാണ് അല്ലാഹുﷻവിങ്കൽ ഏറ്റവും ആദരണീയർ.”

ഇസ്ലാമിലെ വിധിവിലക്കുകളെക്കുറിച്ചു കൂടി സൂചിപ്പിച്ചു. ഖുറയ്ശി കുലത്തിലെ ക്രൂരന്മാർ അവിടെ കൂടി നിൽപ്പുണ്ട്.

മുസ്ലിംകൾക്കെതിരെ അവർ നടത്തിയ ക്രൂരമായ ആക്രമണങ്ങൾക്കു കണക്കില്ല. അവർ ഇന്നു ദുർബലരാണ്. നബിﷺതങ്ങൾ ശക്തനുമാണ്.
എന്തു പ്രതികാരവും ചെയ്യാൻ ശക്തിയുണ്ട്. മരണം വിധിക്കാം,
എതിർക്കാൻ ശക്തിയില്ല. വിധി കാത്തുനിൽക്കുകയാണവർ.

“ഖുറയ്ശികളേ, നിങ്ങളുടെ കാര്യത്തിൽ ഞാൻ എന്തു തീരുമാനം എടുക്കുമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്..?” നബി ﷺ ഖുറയ്ശികളെ നോക്കി ചോദിച്ചു.

അവർ ഇങ്ങനെ മറുപടി പറഞ്ഞു: “താങ്കൾ മാന്യനായ സഹോദരനാണ്. മാന്യനായ സഹോദരന്റെ പുത്രനും.” 

ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “ഇന്നത്തെ ദിവസം നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല. നിങ്ങൾ സ്വതന്ത്രരാണ്. പിരിഞ്ഞുപോകാം. അല്ലാഹു ﷻ നിങ്ങൾക്കു പൊറുത്തുതരട്ടെ..!”

അവർ ഞെട്ടിപ്പോയി. ഇതിനെക്കാൾ മാന്യമായൊരു പെരുമാറ്റം ഒരു മനുഷ്യനിൽ നിന്നു പ്രതീക്ഷിക്കാനില്ല. പിൻപറ്റാൻ കൊള്ളാവുന്ന ഏറ്റവും
നല്ല മനുഷ്യൻ ഇതുതന്നെ.അവർ കൂട്ടത്തോടെ ഇസ്ലാമിലേക്കു കടന്നുവരുന്ന രോമാഞ്ചജനകമായ കാഴ്ചയാണു പിന്നെ കണ്ടത്...

മദീനയിലേക്കു ഹിജ്റ പോയ മുഹാജിറുകളുടെ സ്വത്തുക്കൾ ഖുറയ്ശികൾ അധീനപ്പെടുത്തിയിരുന്നു. അവ തിരിച്ചുവാങ്ങാനുള്ള നടപടിയൊന്നും സ്വീകരിച്ചില്ല. 

പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “മുഹാജിറുകളേ, ആ സ്വത്തിന്മേലുള്ള നിങ്ങളുടെ അവകാശം അവർക്കു വിട്ടുകൊടുക്കുക.”

ഇതു കേട്ടു ഖുറയ്ശികൾ സ്തബ്ധരായിപ്പോയി. അവർ ആവേശത്തോടെ വിളിച്ചു പറഞ്ഞു: അങ്ങു സത്യത്തിൽ അല്ലാഹുﷻവിന്റെ ദൂതൻ തന്നെയാണ്. അങ്ങു പറയുന്നതെല്ലാം സത്യമാണ്. അതൊരു രാജാവല്ല.

പറഞ്ഞു തീർന്നപ്പോൾ പലരും കരഞ്ഞുപോയി. വികാരഭരിതമായ രംഗം. ഖുറയ്ശികൾ കൂട്ടത്തോടെ ഇസ്ലാമിലേക്കു വന്നുകൊണ്ടിരുന്നു.

ശഹാദത്തു കലിമയുടെ മധുര ധ്വനികൾ. ആവേശം അലതല്ലിയ നിമിഷങ്ങൾ...

അബൂസുഫ്യാന്റെ മകൻ മുആവിയ ഇസ്ലാംമതം സ്വീകരിച്ചു. അബൂഖുഹാഫ ഇസ്ലാംമതം സ്വീകരിച്ചു.

കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു. ചുമരിലെ ചിത്രങ്ങളും മായ്ച്ചുകളഞ്ഞു. അറേബ്യ ഇസ്ലാമിന്റെ വൻകരയായി മാറുകയാണ്...


Part : 218

കഅ്ബയുടെ താക്കോൽ 

മക്കാവിജയത്തിന്റെ നിറപ്പകിട്ടാർന്ന ഓർമകൾ.

മുസ്ലിംകൾ ഹറമിലേക്കു കൂലം കുത്തി ഒഴുകിവന്ന സുദിനം...

തിരുനബിﷺയുടെ ഭാവം. വിനയത്തിന്റെ പ്രതീകം. പ്രവാചകന്റെ (ﷺ) ശിരസ്സു കുനിഞ്ഞിരിക്കുന്നു. എല്ലാവരും അത്ഭുതത്തോടെ നോക്കി. താടിരോമങ്ങൾ ഒട്ടകപ്പുറത്തു സ്പർശിക്കുന്നു. ഉസാമ(റ) എന്ന യുവസ്വഹാബിയാണു സഹസഞ്ചാരി. മോചനം നൽകപ്പെട്ട അടിമയുടെ പുത്രൻ. സയ്ദ് (റ)വിന്റെ മകൻ.

ഉസാമ(റ)വിന്റെ മഹാഭാഗ്യം. പ്രവാചകനോടൊപ്പം (ﷺ) ഒരേ വാഹനത്തിൽ സഞ്ചരിക്കാനുള്ള സൗഭാഗ്യം. പ്രവാചകൻ ﷺ കഅ്ബാലയത്തിനു മുമ്പിൽ എത്തിയപ്പോൾ പലരും അവിടെ കൂടിനിൽപ്പുണ്ടായിരുന്നു. അവരിൽ ഒരാൾ പെട്ടെന്നു പ്രവാചകൻ ﷺ യുടെ ദൃഷ്ടിയിൽ പെട്ടു. അതോടെ അയാൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി...

പ്രവാചകൻ ﷺ അയാളെ ഇങ്ങനെ ആശ്വസിപ്പിച്ചു: “പേടിക്കരുത്, ഞാൻ രാജാവല്ല. ഉണക്കയിറച്ചി ഭക്ഷിച്ചിരുന്ന ഒരു ഖുറയ്ശി സ്ത്രീയുടെ മകനാണു ഞാൻ...” 

അതു കേട്ടപ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ പ്രകാശം പരന്നു. ഭയം അടങ്ങി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമാണു
പ്രവാചകൻ (ﷺ) എന്നു ബോധ്യം വന്നു.

അതുപോലെ എത്രയെത്ര ആളുകൾ..! പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിച്ചവർ..!!

പ്രവാചകൻ ﷺ മുമ്പോട്ടു നീങ്ങി, കഅ്ബാലയത്തിന്റെ താക്കോൽ ലഭിക്കണം. ആ താക്കോലുപയോഗിച്ചു കഅ്ബാലയം തുറക്കണം.

ഉസ്മാനുബ്നു ത്വൽഹ. അദ്ദേഹമാണു താക്കോൽ സൂക്ഷിപ്പുകാരൻ. അദ്ദേഹത്തോടു താക്കോൽ ചോദിക്കണം, ചോദിച്ചാൽ തരുമോ..?

നബി ﷺ തങ്ങളുടെ മനസ്സിൽ ആ പഴയ സംഭവം തെളിഞ്ഞുവരുന്നു. 

ഹിജ്റയ്ക്കു മുമ്പാണ് അത്. കഅ്ബയിൽ കയറി പ്രാർത്ഥിക്കാൻ നബി ﷺ വന്നതായിരുന്നു. ഉസ്മാൻ ബ്‌നു ത്വൽഹയോടു താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ മറുപടി നൽകി: “ഞാൻ നിനക്കു താക്കോൽ തരികയില്ല..!!” 

പ്രവാചകൻ ﷺ പറഞ്ഞു: “ഒരു ദിവസം ഈ താക്കോൽ എന്റെ കയ്യിൽ വന്നു ചേരും. അന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഈ താക്കോൽ നൽകും.”

ഉസ്മാൻ ബ്നു ത്വൽഹക്കു തീരെ രസിച്ചില്ല. അദ്ദേഹം പരിഹാസത്തോടെ സംസാരിച്ചു: “നിന്റെ കയ്യിൽ ഈ താക്കോൽ വരികയാണെങ്കിൽ, ആ ദിവസം ഖുറയ്ശികൾക്ക് ഏറ്റവും നിന്ദ്യമായിരിക്കും. അവരുടെ അന്തസ്സും അഭിമാനവും അതോടെ ഇല്ലാതാകും.”

ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ മന്ദഹാസത്തോടെ പ്രതികരിച്ചു: “നിങ്ങൾ പറഞ്ഞതു ശരിയല്ല. ആ ദിവസം ഖുറയ്ശികളുടെ അന്തസ്സും അഭിമാനവും വർധിക്കും. അവർ പ്രതാപവാന്മാരായിത്തീരും.”

ഇതു കേട്ടപ്പോൾ ഉസ്മാന്റെ ചുണ്ടുകളിൽ പരിഹാസത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു. അങ്ങനെ ഒരു ദിവസം വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം...

ആ ദിവസം ഇതാ വന്നണഞ്ഞിരിക്കുന്നു. പ്രവാചകൻ ﷺ അന്നു സൂചിപ്പിച്ച ദിവസമാണിത്. പ്രതാപത്തിന്റെ ദിവസം, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ദിവസം...


Part : 219


നബി ﷺ വളരെ ശാന്തനായി മുന്നോട്ടു നടന്നു. നേരെ മുമ്പിൽ ഉസ്മാൻ ബ്നു ത്വൽഹ നിൽക്കുന്നു. അദ്ദേഹത്തിന്റെ കൈവശമാണു കഅ്ബയുടെ താക്കോൽ...

“ഉസ്മാൻ, കഅ്ബാലയത്തിന്റെ താക്കോൽ തരൂ...”

യാതൊരു മടിയും കൂടാതെ ഉസ്മാൻ പുണ്യഭവനത്തിന്റെ താക്കോൽ എടുത്തു നീട്ടി. നബി ﷺ വിനയപൂർവം താക്കോൽ വാങ്ങി.

പ്രവാചകൻ ﷺ താക്കോലുമായി കഅ്ബാ ശരീഫിന്റെ വാതിലിന്റെ മുന്നിലെത്തി. അപ്പോൾ അവിടെ നല്ല ജനത്തിരക്കായിരുന്നു. ഉസ്മാനും ആ തിരക്കിൽ പെട്ടു.

കഅ്ബാലയത്തിൽ നിന്നു തിരിച്ചിറങ്ങിയപ്പോൾ പ്രവാചകൻ ﷺ യുടെ നയനങ്ങൾ ഉസ്മാനെ തിരയുകയായിരുന്നു. ഇതിനിടയിൽ അലി(റ) നബി ﷺ യുടെ സമീപം ചെന്ന് ഇങ്ങനെ അപേക്ഷിച്ചു: “ഇനി ആ താക്കോൽ ഞങ്ങളെ ഏൽപിച്ചാലും.”

ആ അപേക്ഷ നിരസിക്കപ്പെട്ടു. താക്കോൽ നൽകിയില്ല. അപ്പോഴും
ആ കണ്ണുകൾ ഉസ്മാനെ തിരയുകയായിരുന്നു...

“ഉസ്മാൻ ബ്നു ത്വൽഹ എവിടെ..?” പ്രവാചകൻ ﷺ ചോദിച്ചു.

“ഞാനിതാ ഇവിടെയുണ്ട്.” ഉസ്മാൻ ബ്നു ത്വൽഹയുടെ ശബ്ദം. ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം തിക്കിത്തിരക്കി മുന്നോട്ടു വരികയാണ്.

വളരെ പാടുപെട്ട് അദ്ദേഹം നബി ﷺ യുടെ മുന്നിലെത്തി. അപ്പോൾ പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “ഉസ്മാൻ, ഇതു നന്മയുടെ ദിവസമാണ്. വാഗ്ദത്ത പാലനത്തിന്റെ ദിവസമാണ്. പുണ്യഭവനത്തിന്റെ താക്കോൽ ഞാൻ നിങ്ങളെത്തന്നെ ഏൽപിക്കുന്നു. നിങ്ങൾ തന്നെ ഇതു സൂക്ഷിക്കുക. ബലം പ്രയോഗിച്ച് ആരെങ്കിലും ഇത് അധീനപ്പെടുത്താൻ ശ്രമിച്ചാൽ അവൻ അക്രമി തന്നെ."

ഈ വാക്കുകൾ ഉസ്മാൻ ബ്‌നു ത്വൽഹയുടെ മനസ്സിന്റെ അടിത്തട്ടിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. കരങ്ങൾ വിറച്ചു. പ്രവാചകൻ ﷺ നീട്ടിയ താക്കോൽ വിറയാർന്ന കരങ്ങൾകൊണ്ട് ഏറ്റുവാങ്ങി.

ഉസ്മാൻ ബ്‌നു ത്വൽഹക്കും കുടുംബത്തിനും അതൊരു വലിയ പദവി തന്നെയായിരുന്നു. പുണ്യ പ്രവാചകൻ ﷺ നൽകിയ മഹത്തായ പദവി. ആ പദവി തലമുറകളിലേക്കു പടർന്നുവന്നു. മക്കക്കാർ ഉസ്മാൻ ബ്നു ത്വൽഹയെക്കുറിച്ച് അഭിമാന പൂർവം സംസാരിച്ചു...

ജാഹിലിയ്യ കാലത്തെ അറബികൾ അദ്ദേഹത്തിന്റെ അവകാശം അംഗീകരിച്ചുകൊടുത്തിരുന്നു. താക്കോലിന്റെ അവകാശി എന്ന നിലയിൽ പുറംനാടുകളിൽ നിന്നും വരുന്നവരും അദ്ദേഹത്തെ ആദരിച്ചുപോന്നു.

ഇപ്പോഴിതാ പുണ്യപ്രവാചകൻ ﷺ അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. അങ്ങനെ ഉസ്മാൻ ബ്നു ത്വൽഹ എന്ന ഖുറയ്ശി പ്രമുഖൻ ചരിത്രത്തിൽ സ്ഥാനം പിടിച്ചു...


(((( പ്രാചീന അറബ് ചരിത്രത്തില്‍ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരെപറ്റി പ്രാധാന്യപൂര്‍വം പറയുന്നുണ്ട്. പ്രവാചകന്റെ ആഗമനകാലത്ത് അബ്ദുദ്ദാര്‍ എന്ന വ്യക്തിയായിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്. 

ഖുറൈശികള്‍ വല്ല ആവശ്യങ്ങള്‍ക്കുംവേണ്ടി ഒരുമിച്ചുകൂടുമ്പോള്‍ അബ്ദുദ്ദാര്‍ കുടുംബത്തിലെ ആമിര്‍ബിന്‍ ഹാശിം അവര്‍ക്ക് കഅ്ബ തുറന്നുകൊടുത്തിരുന്നു. അബ്ദുദ്ദാറിന്റെ കുടുംബത്തിനായിരുന്നു ആ അവകാശം. പിന്നെ യഥാക്രമം അബ്ദുദ്ദാറിന്റെ മകന്‍ ഉസ്മാന്റെ മക്കളായ അബ്ദുല്‍ ഉസ്സ, ശേഷം അയാളുടെ മകന്‍ അബൂ ത്വല്‍ഹ അബ്ദുല്ലയും, പിന്നീട്  അയാളുടെ മകന്‍ ത്വല്‍ഹയും ശേഷം അയാളുടെ മകന്‍ ഉസ്മാൻ എന്നിവരും ഈ സ്ഥാനം ഏറ്റെടുത്തു നടത്തി. മക്കാവിജയ ദിവസം നബി(സ) ഉസ്മാനുബ്‌നു ത്വല്‍ഹയില്‍ നിന്ന് താക്കോല്‍ വാങ്ങി കഅ്ബ തുറന്നു. കഅ്ബയില്‍നിന്ന് പുറത്തുവരുമ്പോള്‍ നബിയുടെ കയ്യിലായിരുന്നു താക്കോല്‍.

ആ സന്ദര്‍ഭത്തില്‍ അബ്ബാസ്ബ്‌നു അബ് ദുല്‍ മുത്തലിബ് (മറ്റൊരഭിപ്രായത്തില്‍ അലിയ്യുബ്‌നു അബൂത്വാലിബ്) നബിയോട് കഅ്ബയ്ക്ക് ഒരു സൂക്ഷിപ്പുകാരനെ നിശ്ചയിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) ഉസ്മാൻബ്‌നു ത്വല്‍ഹയെ വിളിച്ചു താക്കോല്‍ അദ്ദേഹത്തെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് നിങ്ങള്‍ എന്നെന്നേക്കുമായി സൂക്ഷിക്കുക. അക്രമി മാത്രമേ നിങ്ങളില്‍ നിന്ന് ഇത് പിടിച്ചുവാങ്ങുകയുള്ളൂ.’ 

ഉസ്മാന്‍ബിന്‍ ത്വല്‍ഹ മദീനയിലേക്ക് പോയപ്പോള്‍ തന്റെ പിതൃസഹോദരപുത്രനായ ശയ്ബബ്‌നു ഉസ്മാനെ താക്കോലേല്‍പ്പിക്കുകയും അദ്ദേഹം കഅ്ബയെ സേവിക്കുകയും ചെയ്തു. അദ്ദേഹവും ഉസ്മാന്റെ പുത്രനും കുറെക്കാലം ഈ സ്ഥാനം അലങ്കരിച്ചു. പിന്നെ ഉസ്മാന്റെ പുത്രന്‍ ത്വല്‍ഹ അയാളുടെ മകനായ മസാഫിഹ് എന്നിവര്‍ മദീനയില്‍ വരികയും കുറെക്കാലം അവര്‍ ഈ ഉത്തരവാദിത്വം നടത്തുകയും ചെയ്തു. അതുപോലെ ഇവരുടെ പിതൃസഹോദര പുത്രന്മാരും ഇവരോടൊപ്പമുണ്ടായിരുന്നു.
ഉസ്മാന്‍ബിന്‍ ത്വല്‍ഹ (ഹി: 42)

ഇദ്ദേഹം ബനൂ അബ്ദുദ്ദാറില്‍പെട്ട സ്വഹാബി ആയിരുന്നു. ഇദ്ദേഹം കഅ്ബയുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്നു. ഹുദൈബിയ്യാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖാലിദുബ്‌നുല്‍ വലീദിനോടൊപ്പം ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. മക്കാ വിജയത്തിന് ഇദ്ദേഹം സാക്ഷിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തേയും തന്റെ പിതൃസഹോദരപുത്രനായ ശൈബയെയും നബി(സ) കഅ്ബയുടെ താക്കോല്‍ ഏല്പിച്ചു. ഇപ്രകാരം ഉസ്മാനുബ്‌നു ത്വല്‍ഹയുടെയും ശൈബയുടെയും മക്കളാണ് പിന്നീട് കഅ്ബയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.

സാദിന്‍

കഅ്ബാലയത്തിന്റെ സൂക്ഷിപ്പുകാരനെ ‘സാദിന്‍’ എന്നു പറയുന്നു. വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനുള്ള പൂര്‍ണ അവകാശം സാദിനില്‍ നിക്ഷിപ്തമാണ്. ഇബ്‌റാഹീം നബിയുടെ കാലം മുതല്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണീ അവകാശം. പുരാതനകാലത്ത് കഅ്ബയുടെ പരിപാലകന്‍ മക്കയുടെ ഭരണാധികാരി കൂടിയായിരുന്നു. മക്കാനിവാസികളും ഹജ്ജിനെത്തുന്ന തീര്‍ഥാടകരും കഅ്ബയുടെ സാദിന്റെ പരമാധികാരം അംഗീകരിച്ചിരുന്നു.

പില്‍ക്കാലത്ത് ഈ അധികാരങ്ങളും അവകാശങ്ങളും മക്കയിലെ വിവിധ കുടുംബങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. കഅ്ബയുടെ സാദിന്‍ താക്കോല്‍ സൂക്ഷിപ്പുകാരനും പരിപാലകനും മാത്രമായി. ശൈബയുടെ പിന്തുടര്‍ച്ചക്കാരായ മക്കയിലെ ആലു ശൈബി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളാണ് അതാതുകാലം കഅ്ബാലയത്തിന്റെ സാദിന്‍ )))


Part : 220

കാരുണ്യത്തിന്റെ മഹാസാഗരം 

കുറെ നാളുകളായി ഹിന്ദ് വലിയ ചിന്താകുഴപ്പത്തിലാണ്. 

കഅബാലയത്തിലെ ബിംബങ്ങളെയെല്ലാം അവർക്കു വലിയ വിശ്വാസമായിരുന്നു. എന്തൊരു പ്രധാന കാര്യം വരുമ്പോഴും ബിംബങ്ങളുടെ അടുത്തു ചെല്ലും. വണങ്ങും. പ്രാർത്ഥിക്കും. ആവശ്യമായി വരുമ്പോൾ ബലിയറുക്കും.

ബദ്റിൽ ബിംബങ്ങളുടെ സഹായമുണ്ടാകുമെന്നാണു കരുതിയത്. ദയനീയമായ പരാജയമാണു സംഭവിച്ചത്. ബദ്ർ യുദ്ധത്തിൽ മുഹമ്മദിനെ (ﷺ) അവന്റെ നാഥൻ സഹായിച്ചു എന്നു പറയുന്നതു കേട്ടു. മുഹമ്മദിന്റെ (ﷺ) വിളി അവന്റെ റബ്ബ് കേട്ടു. മലക്കുകളെ ഇറക്കി സഹായിച്ചു.

ഖുറയ്ശികളുടെ വിളി എന്തേ ബിംബങ്ങൾ കേട്ടില്ലേ..? തന്റെ പ്രിയപ്പെട്ട പിതാവ് ബദ്റിൽ കൊല്ലപ്പെട്ടു. ഹംസയാണ് എന്റെ പിതാവിനെ വധിച്ചത്. പ്രതികാരം കൊണ്ടു തന്റെ രക്തം തിളച്ചു.

എന്തൊരു പ്രതിജ്ഞയാണ് താനെടുത്തത്? മക്കയിലെ പെണ്ണുങ്ങൾ നടുങ്ങിപ്പോയില്ലേ..?

എന്തിനായിരുന്നു അതൊക്കെ? എന്റെ പിതാവേ, അങ്ങു വലിയ ബുദ്ധിമാനായിരുന്നുവല്ലോ? മുഹമ്മദ് (ﷺ) സത്യപ്രവാചകനാണെന്നു കണ്ടെത്താൻ താങ്കൾക്കു കഴിയാതെ പോയതെന്തേ..? 

ബുദ്ധിമാനായ പിതാവേ, ആ സത്യം കണ്ടെത്താൻ കഴിയാതെ പോയതെന്ത്? അങ്ങ് ആ സത്യം കണ്ടെത്തിയിരുന്നെങ്കിൽ..!

എങ്കിൽ, എനിക്കു പ്രതികാരത്തെക്കുറിച്ചു ചിന്തിക്കേണ്ടതായിവരുമായിരുന്നോ..?!

ധീരനായ ഹംസയെ വധിക്കാൻ വഹ്ശിയെ ചുമതലപ്പെടുത്തിയതു ഞാനായിരുന്നു ബാപ്പാ...

രക്തസാക്ഷികളുടെ നേതാവും, അല്ലാഹുﷻവിന്റെ വാളും എന്നു വിശേഷിപ്പിക്കപ്പെട്ട ഹംസയെ ഉഹുദിൽ വധിച്ചു. ആ മയ്യിത്തിനെ ഞാൻ വികൃതമാക്കി. പിശാച് എന്നെക്കൊണ്ടതു ചെയ്യിച്ചു. ഞാനൊരു പിശാചായി മാറി...

എന്റെ പിതാവേ, അങ്ങയുടെ രക്തത്തിന്റെ പ്രതികാരം. അതായിരുന്നു ലക്ഷ്യം. എനിക്കു തെറ്റിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. ഉഹുദിൽ വിജയിച്ച ഉന്മാദത്തോടെ ഞങ്ങൾ മടങ്ങിപ്പോന്നു. അതൊരു വിജയമായിരുന്നില്ലെന്നു വഴിയിൽ വച്ചു തന്നെ ബോധ്യമായി. വിജയം പൂർത്തിയായില്ല. അപൂർണ വിജയവുമായി മടങ്ങി. 

ബാപ്പാ... കഅ്ബയുടെ അകത്തു നാം നാട്ടിയ ബിംബങ്ങളുണ്ടല്ലോ.
അവ ഒരിക്കലും നമ്മെ സഹായിച്ചില്ല.

അവ കല്ലുകളാണെന്നു മുഹമ്മദ് (ﷺ) പറഞ്ഞു. അതു സത്യമായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

ബാപ്പാ... ഉസ്സയെ പിടിച്ചു പൊളിച്ചു കളഞ്ഞിരിക്കുന്നു. ലാത്തയെ തവിടുപൊടിയാക്കിയിരിക്കുന്നു.

എല്ലാ ബിംബങ്ങളും തകർന്നു തരിപ്പണമായിരിക്കുന്നു. സ്വയം രക്ഷയ്ക്കു പോലും അവർക്കു കഴിഞ്ഞില്ല.

പ്രവാചകനും (ﷺ) അനുയായികൾക്കും അടിക്കടി വിജയം. ബിംബങ്ങളുടെ ആളുകൾക്കു പരാജയം...


Part : 221

ബിംബാരാധനയുടെ നാളുകൾ അവസാനിച്ചിരിക്കുന്നു മദ്യപാനത്തിന്റെയും ചൂതാട്ടത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു ഗോത്രവൈരങ്ങളുടെയും കുടുംബ വിരോധങ്ങളുടെയും കാലം പോയി  മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന സത്യം തിരിച്ചറിഞ്ഞിരിക്കുന്നു ഇനിയും എനിക്ക് ഒളിച്ചിരിക്കാൻ വയ്യ  ഞാനും സത്യത്തിന്റെ പ്രകാശം തേടിപ്പോകുകയാണു ബാപ്പാ .....  

ഈ പ്രകാശത്തിനുനേരെ സഞ്ചരിക്കാൻ അങ്ങേക്കു കഴിഞ്ഞില്ലല്ലോ 
അങ്ങയുടെ സഹോദരനു കഴിഞ്ഞില്ലല്ലോ  അങ്ങയുടെ പുത്രനു കഴിഞ്ഞില്ലല്ലോ ധീരയായ ഹിന്ദ് പൊട്ടിക്കരഞ്ഞുപോയി തേങ്ങിത്തേങ്ങിക്കരഞ്ഞു എനിക്കു മാപ്പു ലഭിക്കുമോ ?ഹംസയുടെ വധത്തിനു ഞാനല്ലേ കാരണക്കാരി ഓർക്കാൻ വയ്യ ആ ദിവസം പ്രവാചകൻ എന്തു മാത്രം വേദനിച്ചിരിക്കണം മാപ്പുലഭിക്കുമോ ?  

അതോ പ്രതികാരം ചെയ്യുമോ ? എന്തും സ്വീകരിക്കാം പ്രവാചകൻ പറയുന്ന പരലോകം അതു തനിക്കുള്ളതാണല്ലോ അവിടെ വിജയിക്കണം ഹിന്ദ് മക്കാനഗരിലെ കുലീന വനിതകളെ വിളിച്ചുകൂട്ടി വനിതകൾ വന്നു തുടങ്ങി  ഇക്രിമതിന്റെ ഭാര്യ പിന്നെ പ്രമുഖരായ വനിതകൾ നാം ബിംബങ്ങളുടെ പിന്നാലെ നടന്നു കാലം കഴിച്ചു  ഒരാൾ പറഞ്ഞു  
ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ ? മറ്റൊരാൾ  ഇനി നമുക്കു രക്ഷയുടെ മാർഗമുണ്ടോ ?

മാർഗം ഒന്നേയുള്ളൂ പ്രവാചകനെ നേരിൽ കാണുക തെറ്റുകൾ ഏറ്റുപറയുക 
മാപ്പു ലഭിക്കുമോ ?

പ്രവാചകൻ ഏറ്റവും മാന്യനായ മനുഷ്യനാണ് ഏറ്റവും മാന്യമായ പ്രവർത്തനം മാത്രമേ പ്രവാചകനിൽ നിന്നു പ്രതീക്ഷിക്കാവൂ  
എന്നാൽ നമുക്കു പുറപ്പെടാംഇപ്പോൾ തന്നെ സമയം വൈകിപ്പോയി  ഹിന്ദ് അവർക്ക് നേതൃത്വം നൽകി എല്ലാവരും പുറപ്പെട്ടു 

മേലാസകലം മൂടിയ വസ്ത്രം ശിരസ്സും മുഖവും വരെ മറച്ചു ആർക്കും അവരെ കണ്ടാൽ മനസ്സിലാവില്ല പാദങ്ങൾ പതറുന്നു കണ്ണുകൾ നിറയുന്നു തിരു സന്നിധിയിലേക്കു സ്ത്രീകളുടെ വരവു കണ്ടപ്പോൾ പുരുഷന്മാർ വഴിമാറി സ്ത്രീകൾക്ക് പ്രവാചകനോടു സംസാരിക്കാൻ അവസരം നൽകി  
എന്തിനാണു നിങ്ങൾ വന്നത് ?

അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കാൻ  ഒരാൾ മറുപടി നൽകി  
അല്ലാഹുവിന്റെ റസൂലേ വിവരമില്ലാത്ത കാലത്തു ഞങ്ങൾ പല തെറ്റുകളും ചെയ്തു പോയിട്ടുണ്ട് ഞങ്ങൾക്കു മാപ്പുണ്ടോ 

ഉണ്ട്  

മനസ്സിൽ തണുപ്പു വീണു  
നിങ്ങൾ സത്യം പറയണം വഞ്ചിക്കരുത് ഉടമ്പടി പാലിക്കണം മോഷണം നടത്തരുത് ....പ്രവാചകന്റെ ഉപദേശം തുടരുന്നു  

അല്ലാഹുവിന്റെ റസൂലേ വീട്ടിലെ ചെലവുകൾക്കു പണം തികയാതെ വരുമ്പോൾ ഭർത്താവിന്റെ പക്കൽ നിന്ന് അയാളറിയാതെ ഭാര്യ എന്തെങ്കിലും എടുത്താൽ മോഷണമാകുമോ ? 
ചോദ്യം കേട്ടപ്പോൾ പ്രവാചകനു സംശയം  നീ ആരാണ് ഹിന്ദ് ആണോ ? 
അതെ നിശ്ശബ്ദമായ നിമിഷങ്ങൾ  ഓർമ്മകൾ മനസ്സിനെ നൊമ്പരപ്പെടുത്തിയ നിമിഷങ്ങൾ  

ഉഹ്ദ് രണാങ്കണം ...ഹംസ(റ)വിന്റെ വികൃതമായ ജഡം മറ്റൊന്നും ഓർക്കാതിരിക്കാൻ തിരുനബി(സ) വിഷയം മാറ്റി ചോദിച്ചു 
നിന്റെ കൂടെ ആരാണ്?  

അവരുടെ പേരുകൾ വെളിപ്പെടുത്തി 

അൽഹംദുലില്ലാഹ് 

അല്ലാഹുവിനു സ്തുതി ചില ഉപദേശങ്ങൾ നൽകി സദസ്സു പിരിഞ്ഞു 
ഇക്രിമയുടെ ഭാര്യയുടെ ഭർത്താവിനെ അന്വേഷിച്ചു നടന്നു മുസ്ലിംകളുടെ വാൾമുനയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഓടുകയായിരുന്നു അദ്ദേഹം നാടുവിട്ടു പോകാനുള്ള പുറപ്പാട് ജിദ്ദാ തുറമുഖത്തുവച്ചു ഇക്രിമയെ ഭാര്യ പിടികൂടി തിരിച്ചു പോകണം
  
നീ എന്നെ കൊല്ലാൻ കൊണ്ടുപോകുകയാണോ ?

ഇക്രിമ പരിഭ്രാന്തനായിരുന്നു  

അല്ല നിങ്ങളെ രക്ഷിക്കാൻ  

എങ്ങനെ? 

നിങ്ങൾക്കിനിയും സത്യം മനസ്സിലായില്ലേ?  

മനസ്സിലായിട്ടെന്തു കാര്യം  സത്യമതം സ്വീകരിക്കൂ നിങ്ങൾക്കു മാപ്പുണ്ട്
  
എനിക്കോ .... മാപ്പോ ....മുഹമ്മദ് എന്നെ വധിച്ചുകളയും
  
അയാൾ വെപ്രാളം കാട്ടി ഭാര്യ ആശ്വസിപ്പിച്ചു സുരക്ഷ ഉറപ്പാണെന്നു ബോധ്യപ്പെടുത്തി തിരുസന്നിധിയിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ അയാളുടെ ആശങ്ക തലപൊക്കി  ഞാൻ വധിക്കപ്പെടും 

ഭാര്യ ഒരുവിധം അയാളെ തിരുസന്നിധിയിലെത്തിച്ചു ദൂരെനിന്നു തന്നെ റസൂൽ (സ) ആ വരവു കണ്ടു 

ഇക്രിമ  

ഇസ്ലാമിന്റെ ബദ്ധവൈരിയായ അബൂജഹ്ലിന്റെ പുത്രൻ പിതാവിനുശേഷം അതിലേറെ ശക്തിയായി ഇസ്ലാമിനെ എതിർത്ത കഠിന ശത്രു അവസാന നിമിഷവും വാൾമുനകൊണ്ടു കണക്കു തീർക്കാൻ തുനിഞ്ഞിറങ്ങിയ ഇക്രിമ 

ഇക്രിമ കടന്നു വരികയാണ്  

നബി  (സ) സന്തോഷപൂർവം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റനിന്നു  
ഇക്രിമയ്ക്കു സ്വാഗതം  .
..
ഇക്രിമ അന്തം വിട്ടു  ഇത് സത്യമോ ,സ്വപ്നമോ ? 

അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് ..... ഇക്രിമ ഇസ്ലാമിന്റെ സത്യസാക്ഷ്യം അംഗീകരിച്ചു  

പിൽക്കാലത്ത് ഇക്രിമ (റ)ഇസ്ലാമിനു മഹത്തായ സേവനങ്ങൾ ചെയ്തു  പിതാവിന്റെ പേരുചേർത്ത് ഇക്രിമതിനെ അഭിസംബോധന ചെയ്യരുതെന്നുവരെ നബി  (സ) സ്വഹാബികളെ ഉപദേശിച്ചു കാരുണ്യത്തിന്റെ മഹാസാഗരം മക്കാവിജയം പൂർത്തിയായപ്പോൾ നബി  (സ)യും സ്വഹാബികളും മദീനയിലേക്കു തിരിച്ചു.  


Part : 222

ത്വാഇഫിൽ നിന്ന് പോർവിളി 

ത്വാഇഫിലെ രണ്ടു  ഗോത്രങ്ങളുടെ കഥ പറയാം
ഹവാസിൻ ഗോത്രവും സഖീഫ് ഗോത്രവും  ഇസ്ലാമിന്റെ കഠിന ശത്രുക്കൾ പ്രവാചകനെയും അനുയായികളെയും തുടച്ചുനീക്കണമെന്നാണവരുടെ മോഹം  എങ്ങനെ കഴിയും ?

ആ ചോദ്യം അവരെ വല്ലാതെ വിഷമിപ്പിച്ചു കേൾക്കുന്ന വാർത്തകളൊന്നും സന്തോഷകരമല്ല പ്രവാചകനും അനുയായികളും മക്കയിൽ പ്രവേശിച്ചു കഹ്ബാലയം പ്രദക്ഷിണം ചെയ്തു അവിടെ ബാങ്കുവിളി മുഴങ്ങി നിസ്കാരം നിർവഹിച്ചു ത്വാഇഫിൽ ഒഴുകിയെത്തിയ വാർത്തകളാണ് ഇതെല്ലാം വാർത്തകൾ കേട്ടു 

ഹവാസിൻ ഗോത്രക്കാരും സഖീഫ് ഗോത്രക്കാരും രോഷാകുലരായിത്തീർന്നു 

അപ്പോൾ കൂടുതൽ വാർത്തകൾ വരാൻ തുടങ്ങി ഇസ്ലാംമതം സ്വീകരിച്ചവരെ ക്രൂരമായി മർദിച്ച നിരവധി പേർ പ്രവാചകരുടെ മുമ്പിൽ  ബന്ധനസ്ഥരായി കൊണ്ടുവരപ്പെട്ടു 

പ്രവാചകൻ പ്രതികാരം ചെയ്യുമെന്ന് അവർ കരുതി മരണം കൺമുമ്പിൽ കണ്ട നേരം അപ്പോൾ പ്രവാചകരുടെ കൽപന വന്നു  നിങ്ങൾ സ്വതന്ത്രരാണ് നിങ്ങൾക്കെതിരെ ഇന്നത്തെ ദിവസം യാതൊരു പ്രതികാര നടപടിയും സ്വീകരിക്കുന്നതല്ല നിങ്ങൾക്കു പിരിഞ്ഞു പോകാം പ്രവാചകരുടെ ഈ നടപടി മക്കക്കാരെ ഞെട്ടിച്ചു 

എന്തൊരു ഔദാര്യം എന്തൊരു വിശാല മനസ്കത ഇതു കാരുണ്യത്തിന്റെ പ്രവാചകൻ തന്നെ 

ഇതോടെ മക്കക്കാർ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കാൻ തുടങ്ങി മക്ക ഇപ്പോൾ ഇസ്ലാമിന്റെ കേന്ദ്രമായിരിക്കുന്നു ഇതൊക്കെയാണു ത്വാഇഫിൽ കിട്ടിയ ഒടുവിലത്തെ വാർത്തകൾ 

ഹവാസിൻ ഗോത്ര നേതാക്കളും സഖീഫ് ഗോത്രനേതാക്കളും ഒന്നിച്ചിരുന്നു ചർച്ച നടത്തി  ഇസ്ലാമിനെ തകർക്കണം യുദ്ധം ചെയ്തു നശിപ്പിക്കണം ഇസ്ലാമിന്റെ ശത്രുക്കളെയെല്ലാം സഹകരിപ്പിക്കണം അതായിരുന്നു അവരുടെ തീരുമാനം  കാര്യങ്ങൾ തീരുമാനിക്കാൻ ഒരു നേതാവിനെ തെരഞ്ഞെടുത്തു

മാലിക് ബ്നു ഔഫ് 

അതായിരുന്നു നേതാവിന്റെ പേര് നള്ർ വംശക്കാരനാണ് 

നള്ർ,ജൂശം,ബനൂസഹ്ദ് എന്നീ ഗോത്രക്കാരും യുദ്ധത്തിൽ പങ്കെടുക്കും  ജൂശം ഗോത്രത്തിലെ വലിയ കാരണവരായിരുന്നു ദുറയ്ദ് ബ്നു സ്വിമ്മ പ്രായം ചെന്ന വൃദ്ധൻ എന്നാൽ മികച്ച യുദ്ധതന്ത്രജ്ഞൻ 

യുദ്ധരംഗത്തേക്കു യോദ്ധാക്കൾ മാത്രം പോയാൽ പോര തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും കൊണ്ടുപോകണം നേതാവായ മാലിക് ബ്നു ഔഫ് പ്രഖ്യാപിച്ചു ദുറയ്ദ് ആ നിർദേശത്തെ എതിർത്തു 
യുദ്ധത്തിൽ തോറ്റുപോയാൽ നമ്മുടെ സ്ത്രീകളും കുട്ടികളും മുസ്ലിംകളുടെ കയ്യിൽ  അടിമകളായിത്തീരും യുദ്ധം ചെയ്തു വിജയം വരിക്കാൻ പുരുഷന്മാർ മതി ദുറയ്ദ് പ്രഖ്യാപിച്ചു  

ആ പ്രഖ്യാപനം അധികമാരും സ്വീകരിച്ചില്ല മാലിക് ബ്നു ഔഫിന്റെ നിർദേശമാണു സ്വീകരിക്കപ്പെട്ടത് യുദ്ധത്തിനുള്ള വൻ സന്നാഹങ്ങൾ തുടങ്ങി  നിരവധി ഗോത്രങ്ങൾ മുന്നണിയിൽ വന്നുകൊണ്ടിരുന്നു വിപുലമായ സൈന്യം  സ്ത്രീകളും കുട്ടികളും അവരോടൊപ്പം പുറപ്പെടുന്നു കന്നുകാലികളെയും കൂടെ കൊണ്ടുപോകുന്നു  യുദ്ധത്തിൽ തോറ്റുപോയാൽ സ്ത്രീകളും കുട്ടികളും കന്നുകാലി സമ്പത്തും നഷ്ടപ്പെടും  

അതുകൊണ്ടു ധീരമായി പോരാടണം അതാണു മാലിക് ബ്നു ഔഫിന്റെ തന്ത്രം  ദുറയ്ത് പൊതുവായ അഭിപ്രായത്തോടു യോജിച്ചു മക്കയ്ക്കും ,ത്വാഇഫിനും ഇടയ്ക്കുള്ള പ്രദേശമാണു ഹുനയ്ൻ അവിടെയാണു യുദ്ധം  ഹുനയ്ൻ മലനിരകൾ അവരുടെ താഴ് വരകളിൽ സൈന്യം വന്നു നിറയണം മലമുകളിൽ സൈന്യം നിലയുറപ്പിക്കണം 

താഴ് വരയിൽ നിന്നും മലമുകളിൽ നിന്നും മുസ്ലിംകൾക്കു നേരെ ഒരേ സമയം ആക്രമണം നടത്തുക അവർക്കു പിടിച്ചുനിൽക്കാനാവില്ല പാദങ്ങൾ പതറും പരാജയപ്പെടും ഒരു സന്ധിയും വേണ്ട സർവനാശം സംഭവിക്കുംവരെ യുദ്ധം തന്നെ മാലിക് ബ്നു ഔഫിനു ഉറച്ച വിശ്വാസം ഇത്തവണ മുസ്ലിംകൾ പരാജയപ്പെടും നേതാവിന്റെ ഉറച്ച വിശ്വാസം അനുയായികളിൽ ധൈര്യം പകർന്നു  അവർ ആഹ്ലാദത്തിമിർപിലാണ്.


Part : 223

പന്ത്രണ്ടായിരം യോദ്ധാക്കൾ 

മക്കാവിജയം കഴിഞ്ഞതോടെ മുസ്ലിംകൾ മനസ്സുകളിൽ ശാന്തത കളിയാടി വലിയ ഏറ്റുമുട്ടൽ ഉണ്ടായില്ല എല്ലാം ശാന്തം  

ശാന്തമായ ജീവിതം നയിക്കണം മനസ്സമാധാനത്തോടെ അല്ലാഹുവിനെ ആരാധിച്ചു കഴിയാം 

സമാധാനം നിറഞ്ഞ ജീവിതം കൊതിച്ചു നടക്കാൻ തുടങ്ങിയിട്ടു കാലമെത്രയായി 

മക്കയിൽ സാമാധാനത്തോടെ ജീവിക്കാനായില്ല അതുകൊണ്ടു ജന്മാനടു വിടേണ്ടതായി വന്നു മദീനയിൽ സ്വൈര ജീവിതം നയിക്കാനാകുമെന്നു കരുതി ജൂതന്മാരുമായി സമാധാനക്കരാറുണ്ടാക്കി അപ്പോഴാണ് ഖുറയ്ശികൾ തങ്ങളെ നശിപ്പിക്കാൻ വേണ്ടി യുദ്ധത്തിനൊരുങ്ങിയത് അങ്ങനെ ബദ്ർ യുദ്ധം നടന്നു 

പിന്നെ എത്രയെത്ര യുദ്ധങ്ങൾ  അലട്ടില്ലാത്ത ജീവിതം സ്വപ്നമായി മാറി ഇപ്പോൾ മക്കാ പട്ടണം ജയിച്ചടക്കി  രണ്ടായിരത്തോളം പേർ ഇസ്ലാം മതം സ്വീകരിച്ചു ഇനി ശാന്തിയുടെ നാളുകളാണ് പെട്ടെന്നൊരു യുദ്ധം വേണ്ടതായിവരില്ല ഏറെ നാൾ കൊതിച്ച സമാധാനം ഇതാ സമാഗതമായിരിക്കുന്നു 

അപ്പോഴാണ് ആ വാർത്ത വന്നത് ഹുനയ്നിൽ പടയൊരുക്കം  ഇസ്ലാം മതത്തെ തകർത്തു തരിപ്പണമാക്കാൻ ശത്രുക്കൾ വരുന്നു യുദ്ധത്തിന്റെ ആരവം  സമാധാനം കൊതിച്ചവർക്കു മനോവിഷമം ശാന്തിയുടെ നാളുകൾ ഇനിയും അകലെ മക്കയിലേക്കു വന്ന പതിനായിരം മുസ്ലിംകൾ പുതുതായി ഇസ്ലാം മതം സ്വീകരിച്ച രണ്ടായിരം പേർ പന്ത്രണ്ടായിരം പേരുടെ മുസ്ലിം സൈന്യം   മുഹാജിറുകളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് അലി(റ) ആയിരുന്നു

മുഹാജിറുകളുടെ പതാക അദ്ദേഹത്തിന്റെ കൈവശമായിരുന്നു 
ഔസ് ഗോത്രത്തിന്റെ പതാക വഹിച്ചിരുന്നത് ഉബയ്ദ് (റ) ആയിരുന്നു ഖസ്റജുകാരുടേത് ഹുബാബ് (റ) വഹിച്ചു ഖാലിദ് ബ്നുൽ വലീദ് (റ) ആയിരുന്നു  സൈന്യത്തിന്റെ നായകൻ 

മുസ്ലിം സൈന്യം നീങ്ങുകയാണ് 

എന്തൊരു വലിയ സൈന്യം ഇത്രയും അംഗബലമുള്ള ഒരു സൈന്യത്തെ ഒരുക്കാൻ ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല  ഈ സൈന്യത്തെ തോൽപിക്കാൻ ആർക്കു കഴിയും ? ചിലരുടെ മനസ്സിൽ അങ്ങനെ തോന്നി ചിലരുടെ സംസാരത്തിലും അങ്ങനെ വന്നുപോയി  ഒരു സത്യവിശ്വാസിയുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത വന്നുകൂടാ അത്തരം വാക്കുകൾ പറയാൻ പാടില്ല 

ഇത്ര വലിയ സൈന്യത്തെ സജ്ജമാക്കാൻ കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹമാണ് വിജയവും പരാജയവും നൽകുന്നത് അവനാകുന്നു എല്ലാം അവനിൽ സമർപ്പിക്കുക  മനുഷ്യൻ അവന്റെ കടമകൾ പൂർണമായി നിർവഹിക്കണം എല്ലാം അല്ലാഹുവിൽ ഭരമേൽപിക്കുക പ്രാർത്ഥിക്കണം വിജയം തരുന്നത് അല്ലാഹുവാണ്  അഹങ്കാരത്തിന്റെ ഒരംശംപോലും സത്യവിശ്വാസിയുടെ മനസ്സിൽ കടന്നുവരാൻ പാടില്ല  സത്യവിശ്വാസി വിനീതനായിരിക്കണം വിശ്വാസം വേണ്ടത്ര ദൃഢമാകാത്ത  ചിലർക്കാണ് ഈ തോന്നൽ വന്നുപോയത്  

ഒരു പകൽ അവസാനിക്കുകയാണ് സൂര്യൻ പടിഞ്ഞാറൻ കുന്നുകൾക്കപ്പുറം പോയിമറഞ്ഞു ഇരുട്ടിന്റെ നേർത്ത ആവരണം ഹുനയ്ൻ താഴ് വരകളെ പൊതിഞ്ഞു 

അന്നേരം മുസ്ലിം സൈന്യം ഹുനയ്ൻ താഴ് വരയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു ദീർഘയാത്ര അതിന്റെ ക്ഷീണം എല്ലാം അവർ അവഗണിച്ചു ഇരുട്ടുംമുമ്പെ ഹുനയ്ൻ താഴ് വരയിലെത്തണം ഹുനയ്ൻ മലനിരകൾ അവ്യക്തമായി കാണാം വൻ സൈന്യം താഴ് വരയിലെത്തി വാഹനങ്ങളിൽ നിന്നിറങ്ങി തമ്പുകളിൽ സ്ഥാപിക്കണം ആഹാരം വേണം നിസ്കരിക്കണം വിശ്രമിക്കണം തിരക്കിട്ട ജോലികളിൽ വ്യാപൃതരായി തമ്പുകൾ നിരന്നു ഇരുട്ടിന്റെ കട്ടി കൂടി   

Part : 224

ശുഭാപ്തി വിശ്വാസം കൂടിയാൽ 

ഹുനയ്ൻ താഴ് വര 

പ്രഭാതം പൊട്ടിവിടരുകയാണ് മുസ്ലിംകൾ നേരത്തെ ഉണർന്നു പ്രഭാതകർമ്മങ്ങൾ നിർവഹിച്ചു സ്വുബ്ഹ് നിസ്കരിച്ചു  അരണ്ട വെളിച്ചം മുസ്ലിം സൈന്യം ആ പ്രദേശം വിട്ടു മുന്നോട്ടു നീങ്ങാൻ ഒരുങ്ങുകയായിരുന്നു  

പെട്ടെന്നാണതു സംഭവിച്ചത്  ഓർക്കാപ്പുറത്ത് ആക്രമണം  മലമുകളിൽ ശത്രുക്കൾ പതിയിരിക്കുകയായിരുന്നു അവിടെ നിന്നു തുരുതുരാ പറന്നു വരുന്ന അമ്പുകൾ പലരുടെയും  ശരീരത്തിൽ അവ തുളച്ചുകയറി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ നേർത്ത വെളിച്ചമേയുള്ളൂ അണികൾ ചിതറുന്നു പരക്കംപാച്ചിൽ മുസ്ലിംകൾ ജീവനുംകൊണ്ടോടുന്നു അതു കണ്ടപ്പോൾ നബി  (സ) ഉച്ചത്തിൽ വിളിച്ചു ചോദിച്ചു 

ജനങ്ങളേ നിങ്ങൾ എവിടേക്കാണ് ഓടിപ്പോകുന്നത് ?തിരിച്ചു വരിക ശത്രുക്കളെ തുരത്തുക 

അതൊന്നും ഓടിപ്പോകുന്നവർ കേൾക്കുന്നില്ല കുതിരയുടെ കടിഞ്ഞാൺ പിടിച്ചുനിൽക്കുകയായിരുന്ന അബ്ബാസ്  (റ) വിനോടു നബി  (സ)തങ്ങൾ ഇങ്ങനെ നിർദേശിച്ചു 

ഓടിപ്പോകുന്നവരെ തിരിച്ചു വിളിക്കുക 

അബ്ബാസ്  (റ) നല്ല ശബ്ദമുള്ള ആളായിരുന്നു അദ്ദേഹം ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി 

മുഹാജിർ സമൂഹമേ അൻസാറുകളുടെ സമൂഹമേ ബയ്അതുർരിള് വാനിൽ പങ്കെടുത്ത സഹോദരങ്ങളേ അല്ലാഹുവിന്റെ റസൂൽ നിങ്ങളെ വിളിക്കുന്നു തിരിച്ചു വരിക തിരിച്ചു വരിക  അബ്ബാസ്  (റ)വിന്റെ ശബ്ദം മലഞ്ചരുവിൽ അലയടിച്ചുകൊണ്ടിരുന്നു ഓടിപ്പോയ്ക്കൊണ്ടിരുന്ന യോദ്ധാക്കളുടെ ചെവിയിൽ അബ്ബാസ്  (റ)വിന്റെ ശബ്ദമെത്തി 

അവർ ഓട്ടം നിർത്തി ആ വിളിക്കുത്തരം നൽകി  ലബ്ബയ്ക...ലബ്ബയ്ക....
അവർ പരസ്പരം മറന്നു തങ്ങൾക്കു പറ്റിയ അബദ്ധം ഓർത്തു ദുഃഖിച്ചു തള്ളക്കോഴിയുടെ സമീപത്തേക്കു കോഴിക്കുഞ്ഞുങ്ങൾ ഓടിയണയുംപോലെ മുസ്ലിംകൾ പ്രവാചകരുടെ സമീപത്തേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു  

നബി(സ) തങ്ങൾ തന്റെ പുണ്യം നിറഞ്ഞ കരങ്ങളിൽ മണ്ണുവാരിയെടുത്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു: 

ശാഹത്തിൽ വുജൂഹ് 

മണ്ണ് ശത്രുക്കളുടെ മുഖത്തേക്കെറിഞ്ഞു ഉഗ്രമായ പോരാട്ടം തുടങ്ങി  
നബി  (സ)ഇങ്ങനെ പറയുന്നുണ്ടായിരുന്നു :
അല്ലാഹു അവന്റെ പ്രവാചകനു നൽകിയ വാഗ്ദാനം ഒരിക്കലും ലംഘിക്കുകയില്ല ... അതിശക്തമായ പോരാട്ടം തുടങ്ങി   ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം ഹവാസിൻ ഗോത്രക്കാർ മലമുകളിൽനിന്നിറങ്ങി വന്നു മുസ്ലിംകളുമായി മുഖാമുഖം നിന്നു യുദ്ധം തുടങ്ങി ഘോരയുദ്ധം ഹവാസിൻ ഗോത്രക്കാർക്കു മുന്നേറാൻ കഴിയുന്നില്ല  അതിശക്തമായ പ്രതിരോധം ഹുനയ്ൻ  രണാങ്കണത്തിൽ മലക്കുകൾ ഇറങ്ങി അവർമുസ്ലിംകൾക്ക് ശക്തി നൽകി ഹവാസിൻ ഗോത്രക്കാർ യുദ്ധക്കളം വിട്ടോടി സൈന്യാധിപനായ മാലിക് ബ്നു ഔഫ് ഒരന്തിമ ശ്രമം കൂടി നടത്തി നോക്കി വിജയിച്ചില്ല 

ശത്രുക്കളുടെ ചേരിയിലുള്ള എല്ലാ ഗോത്രക്കാരും യുദ്ധക്കളം വിട്ടോടുകയായിരുന്നു  

ഒരു വിഭാഗം ത്വാഇഫിലേക്കു രക്ഷപ്പെട്ടു മറ്റൊരു വിഭാഗം നഖ്ലയിലേക്ക് ഓടിപ്പോയി സൈന്യാധിപനായ മാലിക് ബ്നു ഔഫ് ത്വാഇഫിലേക്കാണ് ഓടിപ്പോയത്  

സ്ത്രീകളും കുട്ടികളും ബന്ദികളായിത്തീർന്നു വമ്പിച്ച യുദ്ധമുതലുകളാണു കൈവശം വന്നുചേർന്നത് ഇരുപത്തിനാലായിരം ഒട്ടകങ്ങൾ നാൽപതിനായിരം ആടുകൾ നാലായിരം വെള്ളിനാണയങ്ങൾ ബന്ദികളുടെ എണ്ണം ആറായിരം യുദ്ധമുതലുകളും ബന്ദികളെയും ജിഹ്റാന സ്ഥലത്തേക്കു മാറ്റി   ത്വാഇഫിലേക്കു രക്ഷപ്പെട്ട ശത്രുക്കളെ നേരിടുകയെന്നതായിരുന്നു പ്രവാചകരുടെ അടുത്ത ലക്ഷ്യം .


Part : 225

ത്വാഇഫിലെ കോട്ടകൾ 

ഹുനയ്ൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലെ പരാജയത്തിനു പല കാരണങ്ങളുമുണ്ടായിരുന്നു  തങ്ങളുടെ ശക്തിയെക്കുറിച്ചുള്ള അമിതമായ ശുഭാപ്തിവിശ്വാസമായിരുന്നു അവയിൽ പ്രധാനം  പന്ത്രണ്ടായിരം പേരുണ്ടായിട്ടും അവർക്കു  പരിഭ്രാന്തരായി ഓടേണ്ടതായിവന്നു മുസ്ലിംകൾ വിരണ്ടോടുന്നതു കണ്ടപ്പോൾ അബൂസുഫ്യാൻ പരിഹാസപൂർവം ഇങ്ങനെ പറഞ്ഞു:  

ഇവർ തോറ്റോടുകയാണ്  ഇതു കടലിൽ ചെന്നേ അവസാനിക്കൂ 

ശയ്ബ ബ്നു ഉസ്മാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു : 

ഇന്നു ഞാൻ മുഹമ്മദിനോടു പകരം വീടും 

അബൂസുഫ്യാനെപ്പോലെയുള്ള പലരും  സൈന്യത്തിലുണ്ടായിരുന്നു മക്കാവിജയത്തെത്തുടർന്ന് ഇസ്ലാമിൽ വന്ന പലർക്കും വിശ്വാസദാർഢ്യം വന്നിരുന്നില്ല യുദ്ധക്കളം വിട്ടോടിയവരിൽ ഏറെ പേരും അത്തരക്കാരായിരുന്നു പരാജയ ഭീതിയോടെയുള്ള ഈ ഓട്ടത്തെപ്പറ്റി വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു:  

അല്ലാഹു പലയിടങ്ങളിലും നിങ്ങളെ സഹായിച്ചിട്ടുണ്ട് ഹുനയ്ൻ ദിവസത്തിലും നിങ്ങളെ സഹായിച്ചു നിങ്ങളുടെ സൈനികരുടെ ആധിക്യത്തിൽ നിങ്ങൾ മതിമറന്ന സന്ദർഭം അതു നിങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ല വിശാലമായ ഭൂമി നിങ്ങൾക്ക് ഇടുങ്ങിയതായി തോന്നി എന്നിട്ടു നിങ്ങൾ പിന്തിരിഞ്ഞോടി പിന്നീട് അല്ലാഹു തന്റെ ദൂതനും സത്യവിശ്വാസികൾക്കും ആശ്വാസമേകി നിങ്ങൾക്കു കാണാനാവാത്ത സൈന്യത്തെ ഇറക്കി സത്യനിഷേധികളെ അവൻ ശിക്ഷിച്ചു അങ്ങനയത്രെ സത്യനിഷേധികൾക്കുള്ള ശിക്ഷ 

ഈ വിശുദ്ധ ഖുർആൻ വചനങ്ങൾ സത്യവിശ്വാസികൾക്കു  വിലപ്പെട്ട പാഠങ്ങൾ നൽകുന്നു ആൾബലം ഗുണം ചെയ്യില്ല വിശ്വാസദാർഢ്യമാണു ബലം വിശ്വാസത്തിനു ബലം വരുമ്പോൾ അല്ലാഹുവിന്റെ സഹായം വരും അല്ലാഹുവിന്റെ സഹായം വന്നാൽ പിന്നെ ശത്രുക്കൾക്കു പാദമുറക്കില്ല  ഈ പാഠങ്ങൾ രണ്ടും ഹുനയ്നിൽ നിന്നു പഠിക്കാം  

മാലിക് ബ്നു ഔഫിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം ത്വാഇഫിലേക്കു നീങ്ങിയിരുന്നു അതു കാരണം ഉടനെ ത്വാഇഫിലേക്കു നീങ്ങാൻ പ്രവാചകൻ കൽപിച്ചു 

ത്വാഇഫുകാർ ധനികരായിരുന്നു ശക്തമായ കോട്ടകളാൽ വലയം ചെയ്യപ്പെട്ട പട്ടണമായിരുന്നു ത്വാഇഫ് വളരെക്കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കോട്ടകളിൽ ഉണ്ടായിരുന്നു  
മുസ്ലിം സൈന്യം ത്വാഇഫിലെത്തി കോട്ടയ്ക്കു മുകളിൽ നിന്നു സഖീഫ് ഗോത്രക്കാർ അമ്പുകൾ എയ്തുവിടാൻ തുടങ്ങി  പതിനെട്ടു മുസ്ലിം യോദ്ധാക്കൾ അമ്പേറ്റു ശഹീദായി മുസ്ലിംകൾ സുരക്ഷിത സ്ഥാനത്തേക്കു പിൻവാങ്ങി  കോട്ടയ്ക്കു മുകളിൽ നിന്ന് അമ്പെത്താത്ത അകലത്തിൽ എത്തി അവിടെ രണ്ടു തമ്പുകൾ സ്ഥാപിച്ചു 

ഈ തമ്പുകൾക്കിടയിൽവച്ചാണു നബി  (സ) നിസ്കാരം നിർവഹിച്ചത്  പിന്നീട് ഇതേ സ്ഥാനത്തു മസ്ജിദുത്വാഇഫ് നിർമിക്കപ്പെട്ടു  ഈ യാത്രയിൽ ഉമ്മുസലമ (റ),സയ്നബ് (റ) എന്നീ പത്നിമാർ പ്രവാചകനോടൊപ്പമുണ്ടായിരുന്നു

ത്വാഇഫുകാരുടെ കോട്ട മുസ്ലിം സൈന്യം ഉപരോധിച്ചു അതുകൊണ്ടു ഫലമുണ്ടായില്ല കോട്ട പൊളിക്കാനുള്ള ശ്രമവും വിജയിച്ചില്ല തനിക്കു കീഴടങ്ങുന്നവർക്കു മോചനമുണ്ടെന്നു നബി  (സ) തങ്ങൾ പ്രഖ്യാപിച്ചു

ഇരുപതോളമാളുകൾ മാത്രമാണ് ഈ വ്യവസ്ഥ അനുസരിച്ചു കീഴടങ്ങിയത്  ഉപരോധം കൊണ്ടു ഫലമില്ല ദീർഘകാലം അവർക്കു കോട്ടയിൽ കഴിയാൻ പറ്റും അത്രക്കും ഭക്ഷ്യവസ്തുക്കളുണ്ട് 

യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങൾ വരുന്നു  ഇനിയും യുദ്ധം തുടർന്നാൽ മുസ്ലിംകളുടെ ക്ഷമ നശിക്കും അങ്ങനെ പല കാര്യങ്ങൾ പരിഗണിച്ചു യുദ്ധം മാറ്റിവച്ചു ദുൽഖഅദ മാസം ഒന്നിന് നബി  (സ)തങ്ങളും അനുയായികളും മക്കയിലേക്കു മടങ്ങി 

മക്കയിലേക്കുള്ള മാർഗമധ്യേ ജഹ്റാനയിൽ ഇറങ്ങി യുദ്ധമുതലുകൾ ഇവിടെ വെച്ചു വിതരണം ചെയ്യപ്പെട്ടു സമീപകാലത്ത് ഇസ്ലാംമിലേക്കു വന്നവർക്കെല്ലാം വമ്പിച്ച തോതിൽ യുദ്ധ മുതലുകൾ ലഭിച്ചു അവരുടെ മനസ്സിനെ ഇസ്ലാമിലേക്കു കൂടുതൽ അടുപ്പിക്കാൻ ഇതു കാരണമായി  


Part : 226

ഞങ്ങൾക്കു റസൂൽ മതി

ജിഹ്റാനിലെ ഒരു രംഗം മറക്കാനാവില്ല ചില അൻസാരികൾ യുദ്ധമുതലുകളുടെ ഓഹരിവയ്പ്പു കണ്ടു ആശ്ചര്യപ്പെട്ടു  കുറെ നവവിശ്വാസികൾ  അവർ ആദ്യമായി യുദ്ധത്തിൽ പങ്കെടുത്തു ഇസ്ലാംമിൽ വന്നിട്ടു കുറച്ചു നാളുകളേ ആയുള്ളൂ 

ബദ്‌റും  ഉഹുദുമൊക്കെ കേട്ടുകേൾവിയേ ഉള്ളൂ ചില ശത്രു പക്ഷം ചേർന്നു യുദ്ധം ചെയ്തിട്ടുണ്ട്  ഇസ്ലാമിനു വേണ്ടി അവർ ത്യാഗം സഹിച്ചിട്ടില്ല അതിനുള്ള അവസരം ഉണ്ടായിട്ടില്ല  എന്നിട്ടും അവർക്കെന്തിന് ഇത്രയേറെ സമ്പത്തു നൽകി?  

ഞങ്ങൾ അൻസാരികൾ  

ഇസ്ലാം ദീനിനുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു  എന്നിട്ടു ഞങ്ങൾക്കു നൽകിയതു വളരെ നിസ്സാരം ഇതു ശരിയാണോ?
  
അൻസാറുകളിൽ ചിലർ ഇങ്ങനെ സംസാരിക്കുന്നതായി പ്രവാചകൻ അറിഞ്ഞു വളരെ വിഷമം തോന്നി
  
നബി  (സ) തങ്ങൾ അൻസാരികളെ നോക്കി ഇങ്ങനെ പറഞ്ഞു തുടങ്ങി  :

പ്രിയപ്പെട്ടവരേ ഹുനയ്നിൽ കിട്ടിയ യുദ്ധമുതലുകൾ ഞാൻ വിതരണം ചെയ്തതിൽ നിങ്ങൾ തൃപ്തരല്ലെന്നു ഞാൻ കേട്ടു എന്റെ വിതരണ രീതിയിൽ നിങ്ങൾ തൃപ്തരല്ലേ ?  

അല്ലാഹു നിങ്ങൾക്കു ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ചു നിങ്ങൾ ഓർക്കാത്തതെന്ത് ? ഞാൻ വരുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരുന്നു നിങ്ങൾ വഴികേടിലായിരുന്നു ഞാൻ മൂലം നിങ്ങൾ സന്മാർഗത്തിലായി പരസ്പര ശത്രുത ഇല്ലാതായി നിങ്ങൾ സഹോദരങ്ങളായി 
നിങ്ങൾ എനിക്ക് അഭയം നൽകി എന്നെ സ്വീകരിച്ചു മറ്റുള്ളവർ എന്നെ നിഷേധിച്ചപ്പോൾ നിങ്ങളെന്നെ വിശ്വസിച്ചു ശരിയാണ് നിങ്ങൾ ചെയ്തതു വലിയ കാര്യമാണ് 

നവമുസ്ലിംകൾക്കു ഞാൻ കൂടുതൽ നൽകി  അവരെ ഇസ്ലാംമിൽ ഉറപ്പിച്ചു നിർത്താൻ ഞാൻ അങ്ങനെ ചെയ്തു അവരുടെ വിശ്വാസം ശക്തമായിട്ടില്ല 
നിങ്ങളുടെ വിശ്വാസം ശക്തമാണ് അതെനിക്കറിയാം  അതുകൊണ്ടു ഞാൻ നിങ്ങൾക്കു കുറച്ചു നൽകി അതു നിങ്ങളെ വേദനിപ്പിച്ചുവോ ?
അവർ സ്വദേശത്തേക്കു മടങ്ങുന്നത് ഒട്ടക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളുമായിട്ടാണ് നിങ്ങൾ സ്വദേശത്തേക്കു പോകുന്നതോ അല്ലാഹുവിന്റെ റസൂലുമായിട്ടാണ്  ഇതിൽ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ ? 

നിങ്ങൾക്കു ലഭിച്ചതാണ് ഉത്തമം അല്ലാഹുവാണെ നിങ്ങൾക്കു ലഭിച്ചതാണെ ഉത്തമം അവർക്കു ലഭിച്ചതിനേക്കാൾ നിങ്ങൾക്കു ലഭിച്ചതാണുത്തമം 
ഹിജ്റ ഇല്ലായിരുന്നെങ്കിൽ ഞാൻ അൻസാറുകളിൽ ഒരാളായി ജനിക്കുമായിരുന്നു  അൻസാറുകൾ വിശേഷപ്പെട്ട ജനങ്ങളാണ് അൻസാറുകൾ ഒരു താഴ് വരയിലും മറ്റുള്ളവരെല്ലാംകൂടി മറ്റൊരു താഴ് വരയിലും പ്രവേശിച്ചു എന്നു കരുതുക ഞാൻ അരോടൊപ്പം പ്രവേശിക്കും ? 

സംശയം വേണ്ട ഞാൻ അൻസാറുകളുടെ കൂടെയായിരിക്കും 
തുടർന്നു തിരുനബി(സ) പ്രാർത്ഥിച്ചു : 

അല്ലാഹുവേ അൻസാറുകളോടു നീ കരുണ കാണിക്കേണമേ... അവരുടെ മക്കളോടും മക്കളുടെ മക്കളോടും കരുണ കാണിക്കേണമേ....

എന്തൊരു ഹൃദയസ്പർശിയായ പ്രാർത്ഥന എന്തൊരു മാസ്മര ശക്തിയുള്ള വാക്കുകൾ  അൻസാറുകൾക്കു കേട്ടുനിൽക്കാനാകുമോ ? 
അവർ പൊട്ടിക്കരഞ്ഞു എന്തൊരബദ്ധമാണു പറ്റിപ്പോയത് നിസ്സാരമായ ധനത്തിന്റെ കാര്യത്തിൽ പ്രവാചകനെ വേദനിപ്പിച്ചു ..ഇതെങ്ങനെ സഹിക്കും 

അവർപൊട്ടിക്കരഞ്ഞു കണ്ണുനീർകൊണ്ടു താടിരോമങ്ങൾ നനഞ്ഞു ഗദ്ഗദത്തോടെ വിളിച്ചു പറഞ്ഞു:  

ഞങ്ങൾക്ക്....അല്ലാഹുവിന്റെ റസൂൽ മതി ഞങ്ങൾക്ക് ഓഹരിയായി...റസൂൽ മതി 

എന്തൊരു പശ്ചാത്താപം 

നബി  (സ)യുടെ മുഖം തെളിഞ്ഞു അൻസാറുകൾക്ക് ആശ്വാസമായി  അവരുടെ വിശ്വാസത്തിനു തിളക്കം കൂടി  സമാധാനത്തോടെ അവർ സ്വദേശത്തേക്കു മടങ്ങി നബി  (സ)തങ്ങൾ അൻസാറുകളെ എന്തുമാത്രം സ്നേഹിച്ചിരുന്നുവെന്നു മനസ്സിലാക്കാൻ സഹായകമായ സംഭവമാണിത് 


Part : 227

ഹവാസിൻ തല താഴ്ത്തുന്നു

ഹവാസിൻ ഗോത്രക്കാരുടെ ഒരു പ്രതിനിധി സംഘം നബി  (സ)തങ്ങളെ കാണാനെത്തി  പ്രവാചകൻ അവരെ സ്വീകരിച്ചിരുത്തി ആഗമനോദ്ദേശ്യം അറിഞ്ഞു അവർ ഇങ്ങനെ പറഞ്ഞു:  

അല്ലാഹുവിന്റെ റസൂലേ ഞങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു ഞങ്ങൾക്ക് അങ്ങയോട് ഒരപേക്ഷയുണ്ട്  ഞങ്ങളുടെ കൂട്ടത്തിൽപെട്ട പലരും അങ്ങയുടെ തടവുകാരാണ് അവർ അങ്ങയുടെ ബന്ധുക്കളാണ് അങ്ങയുടെ പിതൃസഹോദരിമാർ അക്കൂട്ടത്തിലുണ്ട്  മാതൃസഹോദരിമാരുണ്ട്  ചെറുപ്പത്തിൽ അങ്ങയെ പരിചരിച്ച പോറ്റുമ്മമാരുണ്ട് അങ്ങയോടു ബാധ്യതകളെക്കുറിച്ചു പറയേണ്ട കാര്യമില്ല അങ്ങ് ദയാലുവാണ്
നബി  (സ) തങ്ങൾ അവരോടു ചോദിച്ചു: 

നിങ്ങൾക്കു നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയുമാണോ വേണ്ടത് അതോ സമ്പത്തോ ?

അവർ ഉടനെ ഇങ്ങനെ മറുപടി നൽകി:  

ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടതു ഞങ്ങളുടെ സ്ത്രീകളും കുട്ടികളും തന്നെ അവരെ വിട്ടുതരണം

പ്രവാചകൻ ഇങ്ങനെ മറുപടി നൽകി: 

എനിക്കും അബ്ദുൽ മുത്വലിബ് ഗോത്രത്തിനും നിക്കിവച്ചതെല്ലാം മടക്കിത്തരാം 

അത്രയും ആശ്വാസം മറ്റുള്ളവരെയും കിട്ടണം 

പ്രവാചകൻ അവരെ ഇങ്ങനെ ഉപദേശിച്ചു: മദ്യാഹ്ന നിസ്കാരത്തിനു ശേഷം നിങ്ങൾ എഴുന്നേറ്റുനിന്നു  ജനങ്ങളോടിങ്ങനെ പറയണം 

യുദ്ധത്തിൽ പിടിക്കപ്പെട്ട ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും മടക്കിത്തരണമെന്ന് അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ ഞങ്ങൾ മുസ്ലിം സഹോദരങ്ങളോടപേക്ഷിക്കുന്നു മുസ്ലിംകളുടെ പേരിൽ അല്ലാഹുവിന്റെ റസൂലിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു  

അപ്പോൾ എന്റെ ഓഹരി വിട്ടുതരാം മറ്റുള്ളവരെ  പ്രേരിപ്പിക്കുകയും ചെയ്യാം 
പറഞ്ഞതുപോലെ തന്നെ ചെയ്തു അന്നു ളുഹ്ർ നിസ്കാരശേഷം ഹവാസിൻ ഗോത്ര പ്രതിനിധികൾ മുസ്ലിംകളോടും പ്രവാചകനോടും അഭ്യർത്ഥന നടത്തി അപ്പോൾ പ്രവാചകൻ ഇങ്ങനെ അറിയിച്ചു: 
എനിക്കും അബ്ദുൽ മുത്വലിബ് ഗോത്രത്തിനുള്ളതും നിങ്ങൾക്കുള്ളതാണ് ഞാനതു നിങ്ങൾക്കു വിട്ടുതരുന്നു 

പ്രവാചകരുടെ വാക്കുകൾ കേട്ടതോടെ മുഹാജിറുകൾ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു : ഞങ്ങൾക്കുള്ളതും പ്രവാചകന് അവകാശപ്പെട്ടതുതന്നെ ഞങ്ങളതു വിട്ടുതരുന്നു 

അപ്പോൾ അൻസാറുകൾ വിളിച്ചു പറഞ്ഞു:  

ഞങ്ങൾക്കുള്ളതും നബി  (സ)തങ്ങൾക്കുള്ളതാണ് ഞങ്ങളും വിട്ടുതരുന്നു  
ഹവാസിൻ ഗോത്രക്കാർക്ക് അവരുടെ സ്ത്രീകളെയും കുട്ടികളെയും തിരിച്ചു കിട്ടി അവരെല്ലാം ഇസ്ലാം മതം സ്വീകരിച്ചു  അവരിൽ പലരും നബി  (സ) തങ്ങളുടെ ബന്ധുക്കളായിരുന്നു ബന്ധുക്കളുടെ കൂട്ടത്തിൽ വൃദ്ധയായ ഒരു സത്രീയും ഉണ്ടായിരുന്നു 

മറ്റുള്ളവരെപ്പോലെ അവരും ബന്ദിയായി ആ സ്ത്രീ മുസ്ലിംകളോടു ശബ്ദമുയർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:  

നിങ്ങളൊരു കാര്യം മനസ്സിലാക്കണം നിങ്ങളുടെ നേതാവിന്റെ സഹോദരിയാണു ഞാൻ മുലകുടി ബന്ധത്തിലുള്ള സഹോദരി 
മുസ്ലിംകൾ ആ സ്ത്രീയെ പ്രവാചകരുടെ മുമ്പിൽ കൊണ്ടു വന്നു നബി  (സ) തങ്ങൾ ആ സ്ത്രീയെ തിരിച്ചറിഞ്ഞു  

നബി  (സ)തന്റെ തട്ടം വിരിച്ച്  അവരെ അതിൽ ഇരുത്തി ആദരിച്ചു അവരുടെ പേര് ശയ്മ എന്നായിരുന്നു 

നിങ്ങൾ എന്റെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അങ്ങനെ ചെയ്യാം സ്വന്തം കുടുംബത്തിലേക്കു തിരിച്ചു പോകണമെങ്കിൽ അങ്ങനെയാവാം നബി  (സ)തങ്ങൾ പറഞ്ഞു  

അവർ സ്വന്തം കുടുംബത്തിലേക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു വിലപിടിച്ച സമ്മാനങ്ങൾ നൽകി അവരെ തിരിച്ചയച്ചു ശത്രുക്കളുടെ നേതാവായ മാലിക് ബ്നു ഔഫ് ഇസ്ലാം മതം സ്വീകരിച്ചുവരികയാണെങ്കിൽ അയാളുടെ കുടുംബത്തെ വിട്ടുകൊടുക്കാം സ്വത്തു നൽകാം നൂറ് ഒട്ടകങ്ങളെ സമ്മാനവും നൽകാം 

നബി(സ)തങ്ങൾ പ്രഖ്യാപിച്ചു 

ഹവാസിൻ ഗോത്രക്കാർ വിവരം അദ്ദേഹത്തെ അറിയിച്ചു വളരെ രഹസ്യമായി കുതിരപ്പുറത്തു കയറി അദ്ദേഹം പ്രവാചകനെ കാണാനെത്തി ഇസ്ലാം മതം സ്വീകരിച്ചു  ബന്ധുക്കളെ കിട്ടി സ്വത്തു കിട്ടി സമ്മാനമായി നൂറുഒട്ടകങ്ങളെയും കിട്ടി മാലിക് ബ്നു ഔഫ് സന്തോഷത്തോടെ തിരിച്ചു പോയി


Part : 228

സീസറുടെ നാട്ടിൽ നിന്ന് 

സമാധാനത്തോടെ ജീവിക്കാനുള്ള മുസ്ലിംകളുടെ ആഗ്രഹം സഫലമായില്ല  മക്കാവിജയം കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് ഹുനയ്ൻ യുദ്ധത്തിന്റെ ആരവം മുഴങ്ങിയത്

ഹുനയ്നിൽ ആദ്യഘട്ടം  വൻ പരീക്ഷണമായിരുന്നു പിന്നെ വിജയം വമ്പിച്ച യുദ്ധമുതലുകൾ കിട്ടി  ഇനിയൊരാശ്വാസം കിട്ടുമെന്നു കരുതി മദീനയിലേക്കു മടങ്ങി

മദീനയിൽ ക്ഷാമം പിടിപ്പെട്ടിരിക്കുന്നു ഓരോ കുടുംബത്തിലേക്കും ദാരിദ്ര്യം ഇഴഞ്ഞു കയറിവന്നു ഈത്തപ്പഴം പാകമായി വരുന്നതേയുള്ളൂ മുന്തിരിയും വിളഞ്ഞില്ല വിളവെടുപ്പിന് ഇനിയും മാസങ്ങൾ വേണ്ടിവരും  ഭക്ഷ്യവസ്തുക്കൾ കുറവ് കയ്യിൽ പണമില്ല എല്ലാവരും പ്രയാസത്തിലാണ് ദുരിതങ്ങൾ നിറഞ്ഞ ഈ നാളുകളിൽ യുദ്ധത്തിന്റെ കാഹളം മുഴങ്ങിയാലോ?

മുസ്ലിംകളെ തകർത്തു തരിപ്പണമാക്കാൻ വേണ്ടി വമ്പിച്ച സന്നാഹങ്ങളോടെ ശത്രുക്കൾ രംഗത്തു വരുന്നു  എന്നു പറഞ്ഞാൽ പോര ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത അത്രയും ശക്തമായ വൻസൈന്യത്തെ നേരിടേണ്ടിവരിക

ആ സൈന്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ മദീനയിലെത്തി അവരെ നേരിടാൻ അതിവിപുലമായ സന്നാഹങ്ങൾ വേണം ഇന്നുവരെ ഒരുക്കിയിട്ടില്ലാത്തത്രയും വിപുലമായ സന്നാഹങ്ങൾ .അതും ഈ വറുതിയുടെ നാളുകളിൽ ഇതു വളരെ പ്രയാസമുള്ള കാര്യമാണ്

ഏറ്റവും വലിയ പരീക്ഷണമാണിത്  മനുഷ്യ മനസ്സിലെ ഇഖ്ലാസ് (ആത്മാർത്ഥ) പരീക്ഷിക്കപ്പെടുകയാണ് സത്യവിശ്വാസവും കപട വിശ്വാസവും വേർതിരിക്കപ്പെടുന്ന വമ്പിച്ച പരീക്ഷണം

അന്നത്തെ ലോകശക്തിയോടാണു പോരാടേണ്ടത് റോമും പേർഷ്യയുമായിരുന്നു അന്നത്തെ ലോകശക്തികൾ

പേർഷ്യക്കാരെ ചില യുദ്ധങ്ങളിൽ പുറംതള്ളിയിരിക്കുകയാണു റോമാസാമ്രാജ്യം അപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത ലോകശക്തിയായി റോമാസാമ്രാജ്യം ആ ശക്തിയാണ് ഇസ്ലാമിക സാമ്രാജ്യത്തെ വെല്ലുവിളിച്ചിരിക്കുന്നത്

ലോകശക്തിയെ നേരിടണം  അതിനു സജ്ജമാകണം മുഹ്ത്ത യുദ്ധത്തിനു പ്രതികാരം ചെയ്യാനാണു റോമയുടെ പുറപ്പാട് പകരംവീട്ടാതെ അവർക്കിനി വിശ്രമമില്ല

അറേബ്യയുടെ വടക്കു ഭാഗത്തു റോമയുടെ പ്രവിശാലമായ സാമ്രാജ്യമാണ് സിറിയയുടെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു പ്രവാചകൻ സന്ദേശമയച്ചിരുന്നു സന്ദേശം അവർക്കു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം ആരെയും നിർബന്ധിച്ചു മതത്തിൽ ചേർക്കില്ല അല്ലാഹുവിന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ചുകൊടുക്കേണ്ടതു പ്രവാചകന്റെ കടമയാണ് അതുകൊണ്ടാണു ദൗത്യസംഘത്തെ അങ്ങോട്ടയച്ചത്

ഈ ഗോത്രങ്ങളെല്ലാം ക്രൈസ്ത മതക്കാരും റോമാ ചക്രവർത്തിയുടെ ഭരണത്തിൻകീഴിൽ കഴിയുന്നവരുമായിരുന്നു

മുസ്ലിം ദൗത്യസംഘത്തിന്റെ വാക്കുകളൊന്നും അവർ ഗൗനിച്ചില്ല അവരോടു വളരെ ധിക്കാരപരമായി പെരുമാറി  ദൗത്യസംഘത്തിലെ പതിനഞ്ചുപേരെ അവർ നിഷ്കരണം വധിച്ചു കളഞ്ഞു

മഹാനായ കഹ്ബ് ബ്നു ഉമർ ഗിഫാരി (റ) വായിരുന്നു സംഘത്തലവൻ അദ്ദേഹത്തെ വധിക്കാൻ നല്ല ശ്രമം നടത്തി എങ്ങനെയോ രക്ഷപ്പെട്ടു ദീർഘ യാത്രയ്ക്കു ശേഷം ദുഃഖഭാരവുമായി കഹ്ബ് (റ)മദീനയിൽ തിരിച്ചെത്തി

ഈ വാർത്ത പ്രവാചകനെ ദുഃഖത്തിലാഴ്ത്തി

ഇനി മറ്റൊരു സംഭവം -

ബസ്വറയിലെ ഗവർണറായിരുന്നു ശുറഹ്ബീൽ അദ്ദേഹത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു പ്രവാചകൻ ഒരു സന്ദേശമയച്ചു സന്ദേശവാഹകൻ പ്രമുഖ സ്വഹാബിവര്യനായ ഹാരിസ് ബ്നു ഉമയ്ർ (റ)ആയിരുന്നു  സന്ദേശവാഹകനെ ശുറഹ്ബീൽ വധിച്ചു കളഞ്ഞു

റോമാ ചക്രവർത്തിയുടെ ഗവർണറായിരുന്നു ശുറഹ്ബീൽ റോമാ ചക്രവർത്തി സീസർ എന്ന പേരിൽ അറിയപ്പെടുന്നു

ദൗത്യസംഘത്തെ വധിച്ച കാരണത്താൽ നബി  (സ)തങ്ങൾ സൈന്യവുമായി വന്നു ആ പ്രദേശങ്ങളിലെ ദുർബലരായ മുസ്ലിംകളുടെ രക്ഷയ്ക്കും അതാവശ്യമായിരുന്നു അങ്ങനെ നടന്ന യുദ്ധമാണ് മുഹ്ത്ത ?

മുഹ്ത്ത യുദ്ധത്തിലെ പരാജയത്തിനു പകരംവീട്ടാൻ സീസർ ഇറങ്ങിയിരിക്കുകയാണ് മുഹ്ത്ത യുദ്ധത്തിന്റെ പ്രതികാരമാണു തബൂക്ക് അതിനു തിരഞ്ഞെടുത്ത സമയമോ ?

മദീനയിൽ ദാരിദ്ര്യം പടർന്നു പിടിച്ച കാലംതന്നെ മുഹ്ത്തയിലെ വൻ വിജയം അതിർത്തി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിക്കാൻ ഇടയാക്കി
ദൂരദേശങ്ങളിലൊക്കെ ഇസ്ലാമിനെക്കുറിച്ചുള്ള വാർത്തയെത്തി ഇസ്ലാം ഒരു സംസാരവിഷയമായി റോമാസൈന്യത്തിലെ ഒരു കമാണ്ടറുടെ മതം മാറ്റം വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി

സീസറിന്റെ സൈന്യത്തിലെ ധീര സൈന്യാധിപൻ ഇസ്ലാം മത തത്ത്വങ്ങളിൽ ആകൃഷ്ടനായി ശഹാദത്തു കലിമ ചൊല്ലി  ഫർവത് ബ്നു അംറിൽ ജുമാദി ഇതായിരുന്നു  അദ്ദേഹത്തിന്റെ പേര് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച വിവരം സീസർ അറിഞ്ഞു ഉടനെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊട്ടാരത്തിൽ ഹാജരാക്കി അവിടെ വന്നുക്കൂടിയവർ അദ്ദേഹത്തെ അവജ്ഞയോടെ നോക്കിനിന്നു

നീ ഇസ്ലാം മതം ഉപേക്ഷിക്കണം സൈന്യത്തിൽ ഉന്നത സഥാനത്തുതന്നെ തുടരണം സീസർ കൽപിച്ചു

ഞാൻ ഇസ്ലാം മതം ഉപേക്ഷിക്കുകയില്ല ഞാൻ സത്യവിശ്വാസിയായി തന്നെ ജീവിക്കും ഫർവത് ശാന്തനായി പറഞ്ഞു

എങ്കിൽ നീ ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കും സീസർ അലറി
അല്ലാഹുവിനും അവന്റെ റസൂലിനുംവേണ്ടി എത്ര കടുത്ത ശിക്ഷയും ഞാൻ സഹിക്കും ഫർവതിന്റെ ദൃഢമായ മറുപടി

ദുഷടൻ മ്ലേച്ഛൻ നന്ദികെട്ടവൻ -

കേട്ടുനിന്നവർ വിളിച്ചു പറഞ്ഞു

എല്ലാ പദവികളിൽ നിന്നും ഞാനിവനെ പിരിച്ചുവിട്ടിരിക്കുന്നു ഇവൻ ജീവിച്ചിരുന്നാൽ ആപത്താണ് വധിച്ചു കളയുക  സീസറുടെ കൽപ്പന വന്നു പട്ടാളക്കാർ ഫർവതിനെ വധിക്കാൻ കൊണ്ടുപോയി ഭക്തിനിർഭരമായ ഹൃദയത്തോടെ അദ്ദേഹം നിന്നു കൊടുത്തു

ലാഇലാഹ ഇല്ലല്ലാഹ്

ഫർവാത് (റ) വധിക്കപ്പെട്ടു

ഫർവാതിന്റെ ഈമാൻ ജനങ്ങളെ പിടിച്ചു കുലുക്കി പലരും ഇസ്ലാമിലേക്ക് ആകൃഷ്ടരായി ഈ സംഭവവും സീസറെ മുസ്ലിംകൾക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചു  യുദ്ധം അനിവാര്യമായെന്നു സീസർ തീരുമാനിച്ചു.


Part : 229

സത്യവിശ്വാസികളുടെ സംഭാവനകൾ 

തബൂക്ക് യുദ്ധം  ഹിജ്റ ഒമ്പതാം വർഷം നടന്ന അത്യുഗ്രമായ യുദ്ധം നബി  (സ)തങ്ങൾ നേതൃത്വം നൽകിയ യുദ്ധം ലോകത്തിലെ ഏറ്റവും വലിയ ശക്തിയോടു നടത്തിയ യുദ്ധം അതാണ് തബൂക്ക് യുദ്ധം

മദീനയിൽ നിന്നു പതിനാലു മർഹല അകലെ കിടക്കുന്ന പ്രദേശമാണു തബൂക്ക്

ഭാരം ചുമക്കുന്ന ഒട്ടകം ഒരു പകൽകൊണ്ടു നടന്നെത്തുന്ന ദൂരമാണ് ഒരു മർഹല

പ്രവാചകൻ തന്റെ അനുയായികളെ വിളിച്ചു കൂട്ടി തബൂക്ക് യുദ്ധത്തെക്കുറിച്ചു സംസാരിച്ചു ക്ഷാമകാലമാണ് ആഹാരത്തിനു പഞ്ഞം വിളവെടുക്കാൻ സമയമായില്ല കയ്യിൽ പണമില്ല കാലാവസ്ഥ വളരെ പ്രതികൂലം  അത്യുഷ്ണം ദീർഘയാത്രയ്ക്കു പറ്റിയ കാലാവസ്ഥയല്ല തബൂക്ക് വളരെ ദൂരെയാണ് അവിടെയെത്താൻ പാടുപെടണം നേരിടാനുള്ളത് ഏറ്റവും ശക്തനായ ശത്രുവിനെയാണ് ഒരു യുദ്ധം വന്നുവീണിരിക്കുകയാണ് നമ്മെ തുടച്ചുനീക്കാൻ യുദ്ധത്തിനൊരുങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ല വമ്പിച്ച പണച്ചെലവുള്ള യുദ്ധമാണിത് സംഭാവന ചെയ്യുക യുദ്ധ ഫണ്ടിലേക്കു വമ്പിച്ച സംഭാവനകൾ നൽകുക...

പ്രവാചകൻ സംഭാവന ചോദിക്കുന്നു  ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടുന്നവരെന്തു നൽകും കയ്യിലുള്ളവർ നൽകട്ടെ സ്വഹാബികൾ വീടുകളിലേക്കോടി സംഭാവനകൾ നൽകാനുള്ള തുകകളുമായി അവർ ആവേശപൂർവം തിരിച്ചെത്തി

നാലായിരം ദിർഹമുമായിട്ടാണ് അബൂബക്കർ സിദ്ദീഖ്  (റ) എത്തിയത് നബി  (സ)തങ്ങൾ ചോദിച്ചു  :

അബൂബക്കർ താങ്കൾ തബൂക്ക് യുദ്ധഫണ്ടിലേക്ക് എന്താണു കൊണ്ടുവന്നത് ?
നാലായിരം ദിർഹം സിദ്ദീഖ്  (റ)മറുപടി നൽകി കേട്ടു നിന്നവർ ഞെട്ടിപ്പോയി

നാലായിരം ദിർഹം താങ്കൾ കൊണ്ടുവന്നു ഒന്നു ചോദിച്ചോട്ടെ താങ്കളുടെ കുടുംബത്തിനുവേണ്ടി എന്താണു നീക്കിവെച്ചത് നബി  (സ) വീണ്ടും ചോദിച്ചു

അല്ലാഹുവിനെയും റസൂലിനെയും മാത്രം  അബൂബക്കർ  (റ)വിന്റെ മറുപടി കേട്ടു സ്വഹാബികൾ സ്തബ്ധരായിപ്പോയി കുടുംബത്തിനുവേണ്ടി യാതൊന്നും മാറ്റി വയ്ക്കാതെ  ഉള്ളതു മുഴുവൻ യുദ്ധഫണ്ടിലേക്കു കൊണ്ടുവന്ന മഹാൻ
തന്റെ സ്വത്തിന്റെ പകുതി ഭാഗവും ഉമർ (റ) അവിടെ വന്നുനിൽപുണ്ട് ഏറ്റവും വലിയ സംഭാവന തന്റേതായിരിക്കണമെന്ന് ഉമർ (റ) ആഗ്രഹിച്ചിരുന്നു പക്ഷേ അബൂബക്കർ  (റ)തന്നെ വളരെ പിന്നിലാക്കിക്കളഞ്ഞു

ഉമർ (റ)ഇങ്ങനെ പ്രസ്താവിച്ചു:  എനിക്ക് ഒരിക്കലും അബൂബക്കർ  (റ)വിനെ മുൻകടക്കാനാവില്ല

അബുദുർറഹ്മാൻ ബ്നു ഔഫ് (റ) വലിയൊരു സംഭാവനയുമായെത്തി ധനികനായ കച്ചവടക്കാരനായിരുന്നു അബ്ബാസ്  (റ) വലിയ സംഭാവന നൽകി  ത്വൽഹത് (റ),ആസ്വിം ബ്നു അദിയ്യ് (റ) എന്നിവരും കന്നത്ത സംഭാവനകൾ നൽകി

ഉസ്മാൻ  (റ) വമ്പിച്ച സമ്പത്തു സംഭാവന ചെയ്തു പതിനായിരം ദീനാർ മുന്നൂറ് ഒട്ടകങ്ങൾ എഴുപത് കുതിരകൾ അതിശയ്പ്പിക്കുന്ന സംഭാവന തന്നെ ആയിരം ഒട്ടകങ്ങളെന്നും അഭിപ്രായമുണ്ട്

ഉസ്മാൻ  (റ)വിനെ പ്രവാചകൻ പ്രശംസിച്ചു പ്രാർത്ഥിക്കുകയും ചെയ്തു

സ്വഹാബികളിൽ ഈ സംഭാവനകൾ വലിയ സ്വാധീനം ചെലുത്തി അവർ കയ്യിലുള്ളതു കൊടുക്കാൻ തുടങ്ങി

ഇതിനിടയിൽ സ്ത്രീകളുടെ വക സംഭാവനകൾ വരാൻ തുടങ്ങി

കാതിലും കഴിത്തിലുമുള്ള ആഭരണങ്ങൾ അഴിച്ചു ഭർത്താക്കന്മാരുടെ കയ്യിൽ കൊടുത്തയച്ചു  അവയെല്ലാം പ്രവാചകൻ സ്വീകരിച്ചു അവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു

ഇത്രയും വലിയ സംഭാവനാശേഖരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല വറുതിയുടെ കാലത്തു വൻ പിരിവ് കപടവിശ്വാസികൾ മാറിനിൽക്കുന്നു സത്യവിശ്വാസികൾ ആവേശപൂർവം മുമ്പോട്ടു വരുന്നു സൈന്യം സജ്ജമായി വരികയാണ് മുപ്പതിനായിരം സൈനികർ അത്രയും വലിയ സൈന്യം മുമ്പൊരിക്കലും സജ്ജീകരിക്കപ്പെട്ടിട്ടില്ല

അബൂബക്കർ  (റ)വിന്റെ കൈവശം പതാക നൽകി വൻസൈന്യം പുറപ്പെടുകയാണ് വിഷമംപിടിച്ച മാർഗത്തിലൂടെ ദീർഘദൂരം യാത്ര ചെയ്യണം തബൂക്കിലെത്താൻ.


Part : 230

ശപിക്കപ്പെട്ട ഭൂമി

സൈസ്യം പുറപ്പെടുകയാണ് പ്രവാചകനും മദീന വിടുകയാണ് മദീന ഭരണസിരാകേന്ദ്രമാണ് അവിടെ ഒരുപാടു ക്രമീകരണങ്ങൾ  വേണ്ടിവന്നു ഭരണകാര്യങ്ങൾ കാര്യക്ഷമമായി നടക്കണം അതിനു വേണ്ട ഏർപാടുകൾ ചെയ്തു

അലി(റ)വിനു വ്യക്തമായ നിർദേശങ്ങൾ നൽകി മദീനയിൽ തന്നെ നിറുത്തി  പ്രവാചകൻ സൈന്യത്തിൽ വന്നുചേർന്നു മദീനയുടെ അതിർത്തി കടന്നു  വൻ സൈന്യം നീങ്ങി പൊടിപടലം ഉയർന്നു വിശാലമായ മരുഭൂമിയിലൂടെ ദീർഘയാത്രയാണ് ആബാലവൃദ്ധം ജനങ്ങൾ അതു നോക്കി നിന്നു

മരുഭൂമികൾ താണ്ടിക്കടന്നു ശാം വരെ എത്തണം സത്യവിശ്വാസത്തിന്റെ അഗ്നിപരീക്ഷണം  കത്തിപ്പടരുന്ന ചൂട് താപനില കൂടിക്കൂടി വന്നു സൈനികർ വിയർത്തുകുളിച്ചു

ദിവസങ്ങൾ കടന്നു പോയി  കൈവശമുള്ള വെള്ളം മിക്കവാറും തീർന്നു എല്ലാവർക്കും സൗകര്യമായി യാത്ര ചെയ്യാൻ മാത്രം ഒട്ടകങ്ങൾ ഇല്ല ഒരു ഒട്ടകപ്പുറത്തു പലരും മാറിമാറി യാത്ര ചെയ്യുന്നു ഒരാൾ ഒട്ടകപ്പുറത്തിരിക്കുമ്പോൾ മറ്റുള്ളവർ നടക്കും

ഊഴം വച്ചാണ് ഒട്ടകപ്പുറത്തു കയറുന്നത് പതിനായിരം കുതിരപ്പടയാളികൾ ഏറ്റവും മുമ്പിൽ സഞ്ചരിക്കുന്നു അതൊരു ഗംഭീര കാഴ്ചതന്നെ  ജനവാസമുള്ള കേന്ദ്രങ്ങളിൽ എത്തുമ്പോൾ ജനങ്ങൾ അത്ഭുതത്തോടും ആരവോടുംകൂടി നോക്കിനിൽക്കുന്നു

ഹിജ്റ പ്രദേശം -

അല്ലാഹുവിന്റെ ശാപം ഇറങ്ങിയ നാട് ഇപ്പോൾ സൈന്യം ആ പ്രദേശത്ത് എത്തിയിരിക്കുന്നു

ആ ചരിത്ര സംഭവങ്ങൾ സത്യവിശ്വാസികളുടെ ഓർമയിൽ വരുന്നു അല്ലാഹുവിനെ ധിക്കരിച്ചവർ  ഇവിടെയാണു സമൂദ് ഗോത്രം താമസിച്ചിരുന്നത് അവർ ഉന്നത സൗധങ്ങൾ നിർമിച്ചു സുഖമായി ജീവിച്ചു നല്ല ആരോഗ്യമുള്ള മനുഷ്യർ അവരെ സന്മാർഗത്തിലേക്കു നയിക്കാൻ അല്ലാഹു ഒരു പ്രവാചകനെ നിയോഗിച്ചു.  സ്വാലിഹ് നബി(അ)

പ്രവാചകനെ അവർ കളിയാക്കി അവർ ധിക്കാരികളായി ജീവിച്ചു ഒടുവിൽ അല്ലാഹുവിന്റെ ശാപമിറങ്ങി വിശാലമായ പ്രദേശം അവിടെ താവളമടിക്കാതെ യാത്ര തുടരാനാവില്ല നബി  (സ)അനുയായികൾക്ക് അവിടെ താവളമുറപ്പിക്കാൻ കൽപ്പന നൽകി ഉടനെ ആളുകൾ പാത്രങ്ങളുമായി ഇറങ്ങി അവർക്കു വെള്ളം വേണം നബി  (സ)അവരെ വിലക്കി

ജനങ്ങളേ ഇവിടുത്തെ വെള്ളം കുടിക്കരുത് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കരുത്  ആരെങ്കിലും ഇവിടത്തെ വെള്ളമുപയോഗിച്ചു മാവു കുഴച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത് മാവ് ഒട്ടകത്തിനു നൽകുക നിങ്ങളതു ഭക്ഷിക്കരുത്

ശപിക്കപ്പെട്ട പ്രദേശമാണിത് രാത്രി സമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത് പ്രവാചകന്റെ വാക്കുകൾ അവരെ ഭയപ്പെടുത്തി  സമൂദ് സമൂഹത്തെ നശിപ്പിച്ച ഭൂമി അതിന്റെ വിനാശം ഇപ്പോഴും തുടരുകയാണ് ശക്തമായ മണൽക്കാറ്റ്  അതു മനുഷ്യനെയും മൃഗങ്ങളെയും നശിപ്പിക്കും

രണ്ടാളുകൾ പുറത്തിറങ്ങി ഒരാളെ കാറ്റു പറത്തിക്കൊണ്ടുപോയി മറ്റെയാൾ മണൽക്കൂമ്പാരത്തിൽപ്പെട്ടു

സ്വഹാബികൾ ദാഹംകൊണ്ടു തളർന്നിരുന്നു ഒന്നു കുളിക്കാതെ ക്ഷീണം തീരില്ല വീണ്ടും യാത്ര ക്ഷീണവും ദാഹവും അവഗണിച്ചുള്ള യാത്ര എല്ലാ വഴികളും അടയുമ്പോൾ അല്ലാഹുവിന്റെ സഹായം വരും ഇതാ സഹായത്തിന്റെ സമയമായിരിക്കുന്നു ഇനിയും സഹായമെത്തിയില്ലെങ്കിൽ സർവനാശം വരും പെട്ടെന്ന് ആകാശത്തു കാർമേഘങ്ങൾ നിരന്നു മഴ കോരിച്ചൊരിഞ്ഞു

അല്ലാഹുവിന്റെ അപാരമയ അനുഗ്രഹം ചൊരിഞ്ഞു ദാഹം തീർന്നു നന്നായി കുളിച്ചു വെള്ളം പാത്രങ്ങളിൽ ശേഖരിച്ചു മൃഗങ്ങൾ വയർ നിറയെ വെള്ളം കുടിച്ചു ചൂടു കത്തിപ്പടരുന്ന മരുഭൂമിയിൽ സത്യവിശ്വാസികൾക്കു ലഭിച്ച അനുഗ്രഹം  അവർ സന്തോഷപൂർവം യാത്ര തുടർന്നു

തബൂക്കിൽ എത്താൻ ഇനിയും ദീർഘദൂരം യാത്ര ചെയ്യണം മുസ്ലിംകൾ ആവേശപൂർവം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന വിവരം സീസറിനു കിട്ടിക്കൊണ്ടിരുന്നു മുസ്ലിംകളുടെ ആത്മവീര്യം റോമക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു.


Part : 231

പടവെട്ടാതെ വിജയം 

ലക്ഷക്കണക്കിനു വരുന്ന റോമാ സൈന്യം അവർ തബൂക്കിലേക്കു മുന്നേറിക്കൊണ്ടിരുന്നു തങ്ങളുടെ സൈനികബലത്തെക്കുറിച്ചറിഞ്ഞിട്ടും മുസ്ലിംകൾക്കു യാതൊരു അങ്കലാപ്പുമില്ലെന്നു സീസർ അറിഞ്ഞു

അത്യുഷ്ണം വകവയ്ക്കാതെ അവർ വരികയാണ് മുഹ്ത്തയുദ്ധത്തിന്റെ  അസുഖകരമായ ഓർമ്മകൾ അവരെ അസ്വസ്ഥരിക്കി സൈനിക നേതാക്കൾ ഒരുമിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്തു തബൂക്കിലേക്കു നീങ്ങണമോ?  അതോ ശാമിന്റെ അതിർത്തിക്കുള്ളിൽത്തന്നെ നിറുത്തണമോ ?

മുഹ്ത്ത ആവർത്തിക്കരുത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട സുദീർഘമായ ചർച്ചകൾക്കു ശേഷം തീരുമാനമടത്തു ശാമിലെ കോട്ടകളിൽ സൈന്യത്തെ നിറുത്തുക  തബൂക്കിലേക്കു നീങ്ങേണ്ടതില്ല

മുസ്ലിം സൈന്യത്തെ കുറിച്ച് അല്ലാഹു ശത്രുക്കളുടെ മനസ്സിൽ ഭീതി നിറച്ചു സുദീർഘമായ യാത്ര വസാനഘട്ടത്തിലെത്തി മുഹ്ത്ത യുദ്ധത്തിന്റെ സ്മരണകൾ ഉയരുന്നു ഒടുവിൽ തബൂക്ക് വിജനമായ തബൂക്ക്  അവിടെ താവളമടിക്കാൻ കൽപ്പിച്ചു

നിരവധി തമ്പുകൾ ഉയർന്നു ആഹാരം പാകം ചെയ്യാനുള്ള ഒരുക്കം വെള്ളം ശേഖരിക്കാൻ ചിലർ പുറത്തിറങ്ങി ചിലർ പരിസരപ്രദേശങ്ങളിൽ നിരീക്ഷണം നടത്തി റോമാ സൈന്യം പരിസരത്തെവിടെയും ഇല്ലെന്നു ബോധ്യമായി പരിസര പ്രദേശത്തെ ഭരണാധികാരികളുമായി ബന്ധപ്പെടാൻ നബി  (സ) തങ്ങൾ തീരുമാനിച്ചു

ഐല എന്ന പ്രദേശം വളരെയടുത്താണ് അവിടത്തെ ഭരണാധികാരിയാണ് യോഹന്നാൻ ബ്നു റുഹ്യാ

യോഹന്നാന്റെ സമീപത്തേക്കു പ്രവാചകൻ ഒരു ദൂതനെ അയച്ചു ആദരവോടുകൂടിയ സ്വീകരണമാണു ലഭിച്ചത്

ജർബാഹ് എന്ന പ്രദേശത്തെ ഭരണാധികാരിയുടെ സമീപത്തേക്കും ഉദ്റുജ് എന്ന പ്രദേശത്തെ ഭരണാധികാരിയുടെ കൊട്ടാരത്തിലേക്കും നബി  (സ) ദൂതന്മാരെ അയച്ചു

യോഹന്നാൻ നബി (സ) തങ്ങളെ സന്ദർശിക്കാൻ വന്നു വെളുത്ത ഒട്ടകത്തെ സമ്മാനിച്ചു യോഹന്നാൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായില്ല പ്രവാചകനിൽ നിന്നു സംരക്ഷണ കരാർ കിട്ടുകയും വേണം വമ്പിച്ച സൈന്യവുമായി വന്ന നബി  (സ) തങ്ങൾ യോഹന്നാനു മേൽ യാതൊരു സമ്മർദ്ദവും ചെലുത്തിയില്ല  കപ്പം കൊടുക്കാമെന്ന കരാറിൽ സംരക്ഷണ പത്രം എഴുതിക്കൊടുക്കുകയാണു ചെയ്തത് കരാർ പത്രത്തിലെ വാചകങ്ങൾ നോക്കൂ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ
ഐല നിവാസിയായ യോഹന്നാൻ ബ്നു റുഹ്യക്ക് അല്ലാഹുവിന്റെ ദാസനും പ്രവാചകനുമായ മുഹമ്മദ് എഴുതിക്കൊടുത്ത സമാധാനക്കരാർ:

കരയിലും കടലിലും സഞ്ചരിക്കുന്ന യോഹന്നാന്റെ വാഹനങ്ങൾക്ക് അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരിൽ സംരക്ഷണം ഉറപ്പു നൽകുന്നു ഐല ദേശക്കാരെപ്പോലെ യമനിലെയും ശാമിലെയും ജനങ്ങൾക്കും തീരവാസികൾക്കും സംരക്ഷണം ഉറപ്പു നൽകുന്നു വല്ലവരും വിപ്ലവത്തിന് ഒരുങ്ങിയാൽ അവർക്കു സംരക്ഷണം നഷ്ടപ്പെടും മുഹമ്മദിന് അവരെ പിടിക്കൂടി ശിക്ഷിക്കാവുന്നതാണ്

പാനം ചെയ്യുന്ന ജലാശയങ്ങൾക്കും സംരക്ഷണമുണ്ട്  നബി  (സ) തങ്ങൾ ഒരു പുതപ്പ് യോഹന്നാനു സമ്മാനിച്ചു അത് ഒരു സന്തോഷപ്രകടനമായിരുന്നു വർഷംതോറും മുന്നൂറ് ദീനാർ കപ്പം നൽകാമെന്ന ഉടമ്പടിയിൽ യോഹന്നാൻ മടങ്ങിപ്പോയി

ജർബാഹ് ഭരണാധികാരിയും ഉദ്റുജ് ഭരണാധികാരിയും ഇതുപോലുള്ള സംരക്ഷണകരാർ നേടി ഇനി നാം ശാന്തമായൊന്നു ചിന്തിച്ചുനോക്കണം  ദീർഘദൂരം യാത്ര ചെയ്തു വന്ന ധീരന്മാരുടെ പട അവരുടെ നിശ്ചിത ദാർഢ്യത്തിനു മുമ്പിൽ സീസറിന്റെ വൻസൈന്യവും പേടിച്ചു പിന്മാറിപ്പോയി

ആ സൈന്യത്തിന്റെ തലവനായ നബി  (സ) തങ്ങൾ ദുർബലനായ യോഹന്നാൻ എന്ന ഭരണാധികാരിയോട് എങ്ങനെയാണു പെരുമാറിയത്  നിസ്സാരമായ ഒരു സംഖ്യ വാർഷിക കപ്പമായി നൽകണമെന്ന വ്യവസ്ഥയിൽ സംരക്ഷണക്കരാർ നൽകുകയാണു ചെയ്തത്

ആ രാജ്യത്തെ ആക്രമിച്ചില്ല കാരണം അതൊരു ദുർബല രാഷ്ട്രമായിരുന്നു അവരുടെ ധനം പിടിച്ചടക്കിയില്ല കാരണം അവർ നിസ്സഹായരായിരുന്നു അവരുടെ സ്നേഹബന്ധം നില നിർത്താനും അവർക്കു സംരക്ഷണം നൽകാനുമാണ് നബി  (സ)തങ്ങൾ തുനിഞ്ഞത്

ശാം അതിർത്തിയിൽ പല ഗോത്രങ്ങളുമായി ഇതുപോലെ കരാർ ഉണ്ടാക്കി അതു കാരണം ഇസ്ലാം അവിടെ പ്രചരിച്ചു  ഇസ്ലാം മതപ്രചാരണത്തിനു വാൾ ഉപയോഗിച്ചില്ല സ്വരക്ഷയ്ക്കു മാത്രമേ വാൾ ഉപയോഗിച്ചുള്ളൂ

ദൂമത്തുൽ ജന്തൽ സമൃദ്ധമായ പ്രദേശം അവിടെ ഒരു ക്രൈസ്തവ രാജാവാണു ഭരണാധികാരി പേര് ഉകയ്ദിർ ബ്നു അബ്ദിൽ മാലിക് ഇസ്ലാമിന്റെ ശത്രുവാണ് റോമക്കാരുമായി സ്നേഹബന്ധത്തിലാണ് റോമക്കാർ ദൂമത്തുൽ ജന്തൽ വഴി വരാൻ സധ്യതയുണ്ട് അതിർത്തി പ്രദേശത്തെ ഭരണാധികാരികളുമായി സന്ധിചെയ്തുകൊണ്ട് പ്രയോചനമുണ്ടാകണമെങ്കിൽ ഉകയ്ദിറിനെ നിലക്കുനിർത്തണം

ഉകയ്ദിറുമായി ഒരു സന്ധിയുണ്ടാക്കണം ബലപ്രയോഗത്തിലൂടെ മാത്രമേ അതിനു നടക്കുകയുള്ളൂ നബി  (സ)തങ്ങൾ അഞ്ഞൂറു യോദ്ധാക്കളെ അങ്ങോട്ടയക്കാൻ തീരുമാനിച്ചു ഖാലിദ് ബ്നുൽ വലീദ് (റ) വിനെ സൈന്യാധിപനായി നിയോഗിച്ചു  തബൂക്കിൽ ഇരുപതു ദിവസത്തെ താമസത്തിനുശേഷം നബി  (സ)തങ്ങൾ അനുയായികളോടൊപ്പം മദീനയിലേക്കു തിരിച്ചു

ഖാലിദ് (റ) അഞ്ഞൂറു പേരോടൊപ്പം ദൂമത്തുൽ ജന്തലിലേക്കു നീങ്ങി  ഖാലിദ്(റ)വിന്റെ ആഗമനം നഗരവാസികളെ ഭയപ്പെടുത്തി അവർ നഗര കവാടങ്ങളടച്ചു ഉകയ്ദിർ രാത്രിയിൽ നായാട്ടിനു പോയതായിരുന്നു ഖാലിദ് (റ)വിന്റെ പിടിയിൽ പെട്ടു  നഗര കവാടങ്ങൾ തുറക്കുക അല്ലെങ്കിൽ രാജാവിന്റെ ജീവൻ അപകടത്തിലാണ്

രാജാവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കവാടങ്ങൾ തുറന്നു ഉകയ്ദിറിന്റെ സൈന്യത്തെ ഖാലിദ് (റ) ബുദ്ധിപൂർവം നേരിട്ടു ബലം പ്രയോഗിച്ചാൽ രാജാവു വധിക്കപ്പെടുമെന്നവർ മനസ്സിലാക്കി വമ്പിച്ച യുദ്ധമുതലുകൾ നേടി ഉകയ്ദിറിനെയും കൊണ്ട് ഖാലിദ് (റ) മദീനയിൽ എത്തിചേർന്നു ഇസ്ലാം മതത്തെ അടുത്തറിയാൻ ഉകയ്ദിറിനു സാധിച്ചു സത്യവിശ്വാസം കൈക്കൊള്ളാനും കഴിഞ്ഞു പ്രവാചകനുമായി സന്ധിയുണ്ടാക്കി രാജ്യം മടക്കിക്കിട്ടി അതിർത്തി പ്രദേശം ശാന്തമായി റോമായുടെ വെല്ലുവിളി തൽക്കാലം അകന്നുപോയി.


Part : 232

മസ്ജിദുള്ളിറാർ 

കപടവിശ്വാസികൾ ഇസ്ലാമിന്റെ നാശമാണവരുടെ ലക്ഷ്യം അബ്ദുല്ലാഹിബ്നു ഉബയ്യ് തന്ത്രങ്ങൾ മെനയുന്നു ഒരു പള്ളി നിർമിക്കുക പ്രവാചകനെ വിളിച്ച് ഉദ്ഘാടനം ചെയ്യിക്കുക അതാണു പുതിയ പരിപാടി

ആരാധനാലയമാകുമ്പോൾ ആർക്കും സംശയം തോന്നില്ല എല്ലാവരും വന്നു നിസ്കരിച്ചു പോയ്ക്കൊള്ളും പള്ളി നിർമാണം പൂർത്തിയായി ഒരു ദിവസം കുറെ മുനാഫിഖുകൾ പ്രവാചകനെ കാണാൻ വന്നു
അല്ലാഹുവിന്റെ റസൂലേ  ഞങ്ങൾ ഒരു പള്ളി നിർമിച്ചിട്ടുണ്ട് അങ്ങു വന്ന് അതിൽ നിസ്കരിച്ച് ഉദ്ഘാടന കർമം നിർവഹിക്കണം  അവരുടെ അപേക്ഷയാണ്

ഞാൻ തബൂക്ക് യുദ്ധത്തിന്റെ തിരക്കിലാണ് യുദ്ധം കഴിഞ്ഞു മടങ്ങിവന്നിട്ടു പള്ളിയിൽ വരാം അവർ മടങ്ങിപ്പോയി

തബൂക്ക് യുദ്ധം കഴിഞ്ഞു മടങ്ങിവരികയോ ?

അതുണ്ടാകില്ല സീസറിന്റെ ലക്ഷക്കണക്കായ സൈന്യം അവരുടെ മുമ്പിൽ പെട്ടാൽ രക്ഷ കിട്ടുമോ ? ഇതു നാശത്തിലേക്കുള്ള പോക്കാണ് ഇതോടെ തീരും പിന്നെ മദീനയിൽ രാജാവായി വാഴുന്നത് അബ്ദുല്ലാഹിബ്നു ഉബയ്യ് ആയിരിക്കും

മുനാഫിഖുകൾ വ്യാജ മുസ്ലിംകളായി ജീവിക്കുന്നു തബൂക്കിലേക്ക് അവരില്ല അവർ മദീനയിൽ തങ്ങി ഇസ്ലാമിന്റെ നാശം കാണാൻ കാത്തിരുന്നു

അല്ലാഹുവിന്റെ വിധി മറിച്ചായിരുന്നു യുദ്ധമില്ലാതെ വിജയം ആ വിജയവുമായി പ്രവാചകൻ വരുന്നു മുനാഫിഖുകൾക്കു വെപ്രാളം അവർ പള്ളിയിൽ ഒരുമിച്ചു കൂടി തബൂക്ക് യദ്ധത്തിൽ പങ്കെടുക്കാത്തതിന് എന്തെങ്കിലും പ്രതികാര നടപടികൾ സ്വീകരിക്കുമോ ?

ഉൾഭയത്തോടെ ഇരിക്കുകയാണ് അപ്പോൾ ഒരുകൂട്ടം മുസ്ലിംകൾ അവിടേക്കു വരുന്നു അവർ സായുധരാണ് എന്തിനുള്ള പുറപ്പാടാണെന്ന് ആദ്യം മനസ്സിലായില്ല

കപടവിശ്വാസികളുടെ പള്ളി ചുട്ടുകരിച്ചു മുനാഫിഖുകൾ ഞെട്ടിത്തെറിച്ചു ശാന്താശീലനായ പ്രവാചകൻ ഇത്രയും കടുത്ത നടപടികൾ സ്വീകരിക്കുമോ? കടുത്ത നടപടികളുടെ തുടക്കമായിരുന്നു അത് ബാക്കി പിന്നാലെ വരികയാണ്

പ്രവാചകന്റെ നിർദേശപ്രകാരം തകർത്തുകളഞ്ഞ പള്ളി ചരിത്രത്തിൽ മസ്ജിദുള്ളിറാർ എന്ന പേരിൽ അറിയപ്പെടുന്നു

അബൂആമിർ എന്ന പേരായ ഒരു ക്രൈസ്തവ പുരോഹിതൻ മദീനയിൽ ജീവിച്ചിരുന്നു ഹിജ്റക്കു മുമ്പുതന്നെ അയാൾ അവിടെയുണ്ട്  മദീനക്കാർക്ക് അയാളെ വലിയ ബഹുമാനവുമായിരുന്നു നബി(സ)മദീനയിൽ എത്തിയതോടെ അബൂആമിറിന്റെ മട്ടു മാറി ജനങ്ങളെ തന്റെ വാചാലതകൊണ്ടു വശീകരിക്കുകയും കാര്യങ്ങൾ നേടുകയുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്

പ്രവാചകൻ സത്യത്തിന്റെ പ്രകാശവുമായി വന്നതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു  അബൂആമിർ ഇസ്ലാമിന്റെ ശത്രുക്കളുടെ പക്ഷം കൂടി അയാൾ രഹസ്യമായി മുസ്ലിംകൾക്കെതിരെ പ്രവർത്തിച്ചു കൊണ്ടിരുന്നു

വേദക്കാരനായ പുരോഹിതൻ വിഗ്രഹാരാധകരുമായി കൂട്ടു ചേർന്നു ഉഹുദിൽ അയാൾ വിഗ്രഹാരാധകരെ ബുദ്ധിപരമായി സഹായിച്ചു മസ്ജിദുള്ളിറാറിന്റെ നിർമാണത്തിലും അബൂആമിർ കാര്യമായ പങ്കുവഹിച്ചു കപടവിശ്വാസികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു
പള്ളി ഗൂഢാലോചനയുടെ കേന്ദ്രമാക്കാൻ അബൂആമിർ മുനാഫിഖുകളെ ഉപദേശിച്ചു

അബൂആമിർ നേരത്തെ തന്നെ റോമിൽചെന്നു സീസറിനെയും കണ്ടിരുന്നു സീസറിനെ ഇസ്ലാമിനെതിരിൽ തിരിച്ചു വിടാനും ശ്രമിച്ചു തന്റെ പ്രവർത്തനങ്ങൾക്കൊന്നും പ്രതീക്ഷിച്ച ഫലം കിട്ടാതായപ്പോൾ അബൂആമിർ കടുത്ത ദുഃഖത്തിലാണ്ടു

തബൂക്ക് യുദ്ധം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ അബ്ദുല്ലാഹിബ്നു ഉബയ്യിനു രോഗം വന്നു തന്റെ മനക്കോട്ടകൾ ഒന്നാകെ തകർന്നുപോയി മുസ്ലിംകൾ വൻ വിജയങ്ങൾ കൊയ്തു നിരാശയും ദുഃഖവും അയാളുടെ മനസ്സു തളർത്തി ആ രോഗത്തിൽ അയാൾ മരണപ്പെട്ടു

മുനാഫിഖുകൾക്കു പിന്നെ പിടിച്ചുനിൽക്കാനായില്ല ഇസ്ലാമിലേക്കു മടങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലാതായി.


Part : 233

രണ്ട് ഹദീസുകൾ 

അബൂഹുറയ്റ (റ) നിവേദനം ചെയ്ത ഒരു ഹദീസ് കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

ഒരു ഗ്രാമീണനായ  അറബിയുടെ ചോദ്യവും നബി  (സ) തങ്ങൾ നൽകിയ മറുപടിയുമാണ് ഹദീസിന്റെ ഉള്ളടക്കം ഹദീസിന്റെ ആശയം ഇപ്രകാരമായിരുന്നു

ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബി(സ) തങ്ങളുടെ സമീപത്തു വന്നു എന്നിട്ടിങ്ങനെ പറഞ്ഞു   :

അല്ലാഹുവിന്റെ റസൂലേ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് ഉതകുന്ന പുണ്യകർമം എനിക്കു പറഞ്ഞു തന്നാലും :നബി  (സ) ഇങ്ങനെ പറഞ്ഞു:
നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക അവനോട് ഒരു വസ്തുവിനെയും പങ്കുചേർക്കരുത് നിർബന്ധനിസ്കാരം നിലനിർത്തുക നിർബന്ധമായ സകാത് കൊടുക്കുക റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക ഇതു കേട്ടപ്പോൾ അറബി പറഞ്ഞു:

എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം ഞാനിതിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല അനന്തരം അദ്ദേഹം തിരിച്ചു പോയി

അപ്പോൾ നബി  (സ) ഇങ്ങനെ പറഞ്ഞു  :

സ്വർഗവാസികളിൽപെട്ട ഒരാളെ കാണാനും ആനന്ദിക്കാനും ആഗ്രഹിക്കുന്നവർ ഇതാ ഇദ്ദേഹത്തെ നോക്കി കൊള്ളട്ടെ.

ഹദീസിന്റെ ഉള്ളടക്കമാണ് നിങ്ങൾ വായിച്ചത് നിഷ്കളങ്കനായ ഗ്രാമീണന്റെ ചോദ്യം അതിനു പ്രവാചകൻ നൽകിയ മറുപടി നിർബന്ധ കാര്യങ്ങൾ നിർവഹിക്കാമെന്നു വാക്കുകൊടുത്ത് അദ്ദേഹം സ്ഥലം വിട്ടുകയാണു ചെയ്തത്  അദ്ദേഹത്തെ സ്വർഗാവകാശിയായി നബി (സ)തങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു

പ്രമുഖ സ്വഹാബിവര്യനായ ത്വൽഹത് ബ്നു ഉബയ്ദില്ല (റ) നിവേദനം ചെയ്ത ഒരു ഹദീസ് കൂടി നോക്കാം  അതിന്റെ ആശയം താഴെ കൊടുക്കുന്നു
ത്വൽഹ (റ) പറയുന്നു  :

ഒരിക്കൽ നജ്ദ് നിവാസിയായ ഒരാൾ വന്നു അദ്ദേഹത്തിന്റെ തലമുടി പാറിപ്പറക്കുകയായിരുന്നു അകലെനിന്നു തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു നേരിയ ശബ്ദത്തിലുള്ള  സംസാരം  എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലായിരുന്നില്ല അങ്ങനെ അദ്ദേഹം നബി  (സ) തങ്ങളുടെ സമീപത്തെത്തി അദ്ദേഹം ഇസ്ലാം മതത്തെപ്പറ്റി ചോദിക്കുകയായിരുന്നു

നബി  (സ) മറുപടി നൽകി:   ഒരു രാപകലിൽ അഞ്ചു നേരത്തെ നിസ്കാരം നിർവഹിക്കുക

ആഗതൻ ചോദിച്ചു:  നിർബന്ധമായ മറ്റുവല്ല നിസ്കാരവുമുണ്ടോ ?
നബി(സ) തങ്ങൾ പറഞ്ഞു:  ഇല്ല സുന്നത്തു നിസ്കാരം നിർവഹിക്കുന്നതു നല്ലതാണ് നീ റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക

ആഗതൻ ചോദിച്ചു  :വേറെ വല്ല നോമ്പും നിർബന്ധമായുണ്ടോ ?

നബി  (സ) മറുപടി നൽകി: ഇല്ല സുന്നത്തുനോമ്പ് എടുക്കുന്നതു നല്ലതാണ്

അതിനുശേഷം നബി(സ) സകാതിനെക്കുറിച്ചു പറഞ്ഞു കൊടുത്തു അപ്പോൾ ചോദിച്ചു  :

അതൊഴികെ വേറെ വല്ല ദാനവും എനിക്കു നിർബന്ധമുണ്ടോ ?

നബി  (സ) പറഞ്ഞു:  ഇല്ല ദാനം ചെയ്യുന്നതു സുന്നത്താകുന്നു

അനന്തരം അദ്ദേഹം സത്യം ചെയ്തു കൊണ്ട് പറഞ്ഞു:  അല്ലാഹുവാണെ സത്യം ഈ പറഞ്ഞ കാര്യങ്ങളിൽ ഞാൻ കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല

എന്നിട്ടദ്ദേഹം  പോയി  അപ്പോൾ നബി  (സ) ഇങ്ങനെ പറഞ്ഞു:
സത്യമാണു പറഞ്ഞതെങ്കിൽ അദ്ദേഹം വിജയിച്ചു

ത്വൽഹ(റ)നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണു നിങ്ങൾ വായിച്ചത് പല തരത്തിലുള്ള മനുഷ്യർ നബി  (സ)തങ്ങളെ കാണാൻ വരുമായിരുന്നു  വിജ്ഞാനമുള്ളവരും അനുഭവസമ്പത്തുള്ളവരും നബി  (സ)യെ കാണാൻ വരുമായിരുന്നു  ആടിനെ മേച്ചു നടക്കുന്ന ഗ്രാമീണരും

ലോകപരിചയമില്ലാത്ത ഗ്രാമവാസികളുമൊക്കെ അക്കൂട്ടത്തിലുണ്ടാകും ഓരോരുത്തരുടെയും നില നോക്കിയാണു പ്രവാചകൻ സംസാരിക്കുക സ്വർഗത്തിൽ പ്രവേശിക്കാനുള്ള മാർഗം അന്വേഷിച്ചു വരുന്നവർക്കു പ്രവാചകൻ ചില അനുഷ്ഠാനകർമ്മങ്ങൾ നിർദേശിക്കുന്നു അവരതു കേട്ടു സമ്മതിക്കുന്നു ആഹ്ലാദപൂർവം തിരിച്ചു പോകുന്നു ഇസ്ലാമിന്റെ സമ്പൂർണത വരുന്നതിനു മുമ്പായിരുന്നു ഈ സംഭവങ്ങളെന്നും ഓർക്കണം.

Part : 234

ഉമ്മുമാലികിനു കിട്ടിയ ഭരണി 

ഒരു സ്വഹാബി വനിതയുടെ പേരു പറയട്ടെ ഉമ്മു മാലിക് (റ)
നബി (സ) തങ്ങളോട് എന്തെന്നില്ലാത്ത സ്നേഹമാണ് ഇടയ്ക്കിടെ നെയ്യ് കൊടുത്തയയ്ക്കും റസൂലിനു  നെയ്യ് കൊടുത്തയയ്ക്കുന്നത് അവർക്കൊരു സന്തോഷമാണ്

പ്രവാചകനു പലരും ആഹാരസാധനങ്ങൾ കൊടുത്തയയ്ക്കും ചിലപ്പോൾ കുറച്ചെടുത്തു കഴിക്കും ബാക്കി അനുചരന്മാർക്കിടയിൽ വിതരണം ചെയ്യും  ഉമ്മുമാലികിന്റെ നെയ്യിന്റെ കഥയും അതുതന്നെ

അവർക്കൊരു തോൽസഞ്ചിയുണ്ട് അതിൽ നെയ്യ് നിറയ്ക്കും നബി(സ) തങ്ങൾക്കു കൊടുത്തയയ്ക്കും അതാണു പതിവ്  ഇനിയാണു കഥ തുടങ്ങുന്നത്.

ഒരു ദിവസം നബി  (സ) തങ്ങൾ ഉമ്മുമാലികിന് ഒരു സമ്മാനം നൽകി ഒരു ഭരണി നബി  (സ)തങ്ങൾ മനസ്സറിഞ്ഞു നൽകിയ ഭരണി അത്ഭുത ഭരണി എന്നു പറയാം  ഭരണികൊടുത്തു കൊണ്ടു നബി  (സ) ഇങ്ങനെ പറഞ്ഞു  :
ഇതിൽ നെയ്യുണ്ട് ഇതു മുഴുവൻ വടിച്ചെടുക്കരുത് ഉമ്മുമാലിക് ഭരണി തുറന്നു നോക്കി  ഒന്നാം തരം നെയ്യ് ആഹാരം പാകം ചെയ്യാൻ ഉത്തമം അത്ഭുതം അതല്ല പിന്നീടൊരിക്കലും ഭരണിയിൽ നെയ്യൊഴിക്കേണ്ടി വന്നിട്ടില്ല ഏതു നേരവും അതിൽ നിറയെ നെയ്യുണ്ടാവും വീട്ടിലുള്ളവർക്കൊക്കെ വലിയ സന്തോഷം ആവശ്യത്തിനുള്ളത് എടുക്കും ബാക്കി അതിൽ തന്നെ കിടക്കും ഭരണിയിൽ നെയ്യൊഴിഞ്ഞ നേരമില്ല ഒരു ദിവസം ഒരബദ്ധം പറ്റിപ്പോയി ഇനി പറഞ്ഞിട്ടെന്താ കാര്യം

ഉമ്മുമാലിക് എന്തു ചെയ്തെന്നോ ? ഭരണിയിലെ നെയ്യ് പറ്റെ വടിച്ചെടുത്തു ഭരണിയിൽ ഒരൽപവും ബാക്കിവച്ചില്ല ഭരണി കാലിയായി അതിൽ ഒന്നുമില്ല പിന്നെ അതിൽ നെയ്യ് കാണാനേയില്ല കാലിയായ ഭരണി അങ്ങനെ അവശേഷിച്ചു ഉമ്മു മാലികിനു ദുഃഖം.  കാലി ഭരണി കാണുമ്പോൾ സങ്കടം എങ്കിലും നബി  (സ) തന്ന ഭരണിയല്ലേ അതും ഒരനുഗ്രഹം തന്നെ അവർ ആശ്വസിച്ചു.

ഇരുട്ടുള്ള രാത്രി പോരാത്തതിനു മഴയും ആളുകൾ എങ്ങനെ ഇറങ്ങി നടക്കും അന്നത്തെ ഇശാഹ് നിസ്കാരത്തിനു പോകാൻ പലരും വളരെ ബുദ്ധിമുട്ടി
മഹാനായ സ്വഹാബിവര്യനാണു ഖതാദ ഇബ്നു നുഹ്മാൻ (റ) അദ്ദേഹം അൻസ്വാരിയാണ് ദീനിനുവേണ്ടി വിലപ്പെട്ട സേവനങ്ങൾ ചെയ്ത മഹാൻ  ഇരുട്ടിൽ തപ്പിത്തടഞ്ഞു വരുന്ന ഖതാദ (റ)വിനെ നബി  (സ) തങ്ങൾ കണ്ടു
ഖതാദ ( റ) ഇങ്ങനെ പറഞ്ഞു:

വല്ലാത്ത ഇരുട്ട് ,മഴയും വഴിനടക്കാൻ വളരെ വിഷമം ഇശാഹ് നിസ്കാരത്തിനു പള്ളിയിലെത്തി ജമാത്തിൽ പങ്കെടുക്കണമെന്നു ഞാൻ തീരുമാനിച്ചു.

പള്ളിക്കകത്തു ജനങ്ങൾ സമ്മേളിച്ചു ജമാഅത്തിനു സമയമായി നബി(സ)തങ്ങളോടൊപ്പം നിസ്കരിക്കാൻ ലഭിക്കുന്ന സുവർണാവസരം.

എല്ലാവരും നിസ്കാരത്തിൽ പ്രവേശിച്ചു മനസ്സു തുറന്ന പ്രാർത്ഥന അല്ലാഹുവിനു മുമ്പിൽ എല്ലാം സമർപ്പിക്കുന്നു നിസ്കാരം കഴിഞ്ഞു ദിക്റുകൾ ചൊല്ലി ദുആ ഇരന്നു ഇനി തിരിച്ചു പോകണം  ഖതാദ(റ)വിനു വിഷമം കനത്ത ഇരുട്ടിൽ എങ്ങനെ വീട്ടിലെത്തും.

പള്ളിയിൽ നിന്നു നബി  (സ)തങ്ങൾ പുറത്തിറങ്ങി ഖതാദയും ഇറങ്ങി നബി  (സ)ഈത്തപ്പന മടലിന്റെ ഒരു കഷ്ണം ഖതാദ (റ)വിനു നൽകി എന്നിട്ടിങ്ങനെ പറഞ്ഞു:

ഇതുമായി പോകുക നിങ്ങളുടെ മുമ്പിൽ പത്തടിയും പിന്നിൽ പത്തടിയും പ്രകാശം കിട്ടും

ഖതാദ (റ) മുമ്പോട്ടു നടന്നു മുമ്പിൽ വെളിച്ചം പിന്നിലും വെളിച്ചം വഴിയൊക്കെ നന്നായി  കാണാം പ്രകാശമുള്ള വിളക്കു കയ്യിൽപിടിച്ചതുപോലെയുണ്ട് മനസു നിറയെ സന്തോഷവുമായി ഖതാദ (റ) വീട്ടിൽ വന്നു കയറി

ഇരുട്ടിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല ലോകാനുഗ്രഹിയായ പ്രവാചകനെക്കുറിച്ചുള്ള സന്തോഷകരമായ ഓർമകളായിരുന്നു ഖതാദ (റ)വിന്റെ മനസു നിറയെ

അല്ലാഹുവിന്റെ റസൂലിന്റെ ഒരമാനുഷികതകൂടി ഇവിടെ വ്യക്തമായിരിക്കുന്നു അതനുഭവിക്കാൻ അവസരം സിദ്ധിച്ചത് വലിയൊരു സൗഭാഗ്യം തന്നെ അല്ലാഹുവിനു സ്തുതി അൽഹംദുലില്ലാഹ്.


Part : 235

പൊന്നുമോൻ രോഗിയായി 

ഇബ്രാഹിം എന്ന കുഞ്ഞിന് ആറുമാസം പ്രായമായി നബി  (സ)തങ്ങളുടെ രൂപസാദൃശ്യം ആ മകനുണ്ട് എല്ലാവർക്കും ആ കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹം ഉമ്മാക്കു പൊന്നുമോനെ പിരിഞ്ഞിരിക്കാൻ വയ്യ മരിയതുൽ ഖിബ്തിയ്യാണ് ഇബ്രാഹീമിന്റെ മാതാവ് മാരിയത് (റ) ഈജിപ്തുകാരിയാണ്

പിതാവിനു മോനെ കണ്ടുകൊണ്ടിരിക്കണം എപ്പോഴും കുട്ടിയെ എടുത്തോമനിക്കാൻ മോഹം പക്ഷെ അതിനു പറ്റില്ലല്ലോ എന്തെല്ലാം കാര്യങ്ങൾ നോക്കണം എന്നാലും കൂടെക്കൂടെ ഓടിവരും മോനെ കാണാൻ ഖാസിമും അബ്ദുല്ലയും നേരത്തെ മരണപ്പെട്ടുപോയി ആ ദുഃഖം ഇന്നും മനസ്സിലുണ്ട് അവരെക്കുറിച്ചോർക്കുമ്പോൾ ഖദീജ  (റ)യെയും ഓർത്തു പോകും അക്കാലമെല്ലാം കടന്നു പോയി ഇന്ന് ഇബ്രാഹീമിന്റെ  മുഖം കാണുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയുന്നു

ഒരു പിതാവിന്റെ ആനന്ദം അറിയുന്നു പ്രവാചകനു പുത്രനോടുള്ള അളവറ്റ സ്നേഹം എല്ലാവർക്കും അറിയാം പ്രവാചക പത്നിമാരും കുഞ്ഞിനെ സ്നേഹിക്കുന്നു  പിന്നെയും ചില മാസങ്ങൾ കടന്നു പോയി ഇബ്രാഹീമിന് രോഗം വന്നു പ്രവാചകന്റെ സമീപത്തായിരുന്നു

മോൻ രോഗം വന്ന് അവശനായപ്പോൾ കുട്ടിയെ ഉമ്മയുടെ അടുത്തേക്കയച്ചു  വെപ്രാളത്തോടെ  ഉമ്മ കുഞ്ഞിനെ സ്വീകരിച്ചു കുഞ്ഞിനു മരുന്നു കൊടുത്തു രോഗത്തിനൊരു കുറവുമില്ല കുട്ടിയുടെ അവശത വർദ്ധിച്ചു കൊണ്ടിരുന്നു

നബി  (സ)തങ്ങൾ വലിയ തിരക്കിലായിരുന്നു പല ഭരണകാര്യങ്ങളിലും നോക്കേണ്ട സന്ദർഭം ഉന്നതരായ ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുന്നു തബൂക്കിനുശേഷം അന്തരീക്ഷം പൊതുവെ ശാന്തമാണ് അറേബ്യയിൽ ഒരു ഗോത്രവും മുസ്ലിംകൾക്കെതിരെ യുദ്ധത്തിനു തയ്യാറായില്ല പുറത്തു നിന്നുള്ള ആക്രമണങ്ങളുടെ സൂചനയുമില്ല അതുകൊണ്ട് ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടി .ഭരണകാര്യങ്ങൾ കുടുംബ കാര്യങ്ങൾ.

ചില ദൗത്യസംഘങ്ങൾ വന്നിട്ടുണ്ട് അവരെ സ്വീകരിക്കണം സംസാരിക്കണം വേറെ സന്ദർശകരുമുണ്ട് പല അത്യാവശ്യ കാര്യങ്ങളുമായി വന്നവർ  അങ്ങനെ തിരക്കുപിടിച്ച വേളയിലാണ് ഒരു ദൂതൻ ഓടിവന്നത് ആ ദുഃഖവാർത്ത പ്രാവാചകനെ അറിയിച്ചു പൊന്നുമോനു രോഗം കൂടുതലാണ് പ്രവാചകൻ അമ്പരന്നു മനസ്സിൽ ദുഃഖം കുമിഞ്ഞു കൂടി മകന്റെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു

പതറിപ്പോകരുത് മനസ്സിന്റെ നിയന്ത്രണം വിടരുത് എന്നിട്ടും ദുഃഖം സഹിക്കാനാകുന്നില്ല  ചുറ്റും നോക്കി പല സ്വഹാബികളും അവിടവിടെ നിൽപുണ്ട്  കുട്ടിയുടെ രോഗവാർത്ത പുറത്തറിഞ്ഞു തുടങ്ങി  അബ്ദുർറഹ്മാൻ ബ്നു ഔഫ് (റ) പ്രസിദ്ധനായ സ്വഹാബിവര്യൻ നബി  (സ)തങ്ങൾ ആ സ്വഹാബിവര്യന്റെ കരംപിടിച്ചു എന്നിട്ടു നടന്നു മശ്ബതു ഉമ്മി ഇബ്രാഹിം എന്ന സ്ഥലം  അവിടെ ഈത്തപ്പനത്തോട്ടത്തിനു സമീപം ഒരു വീട് ആ വീട്ടിലാണ് മാരിയത്(റ)വിന്റെ താമസം

പ്രവാചകൻ ആ വീട്ടിലേക്കു കയറി മാതാവിന്റെ മടിയിൽ കിടക്കുകയാണു കുഞ്ഞ് എന്തൊരു കിടപ്പ് അത്യാസന്ന നില ദുഃഖത്തിന്റെ പ്രതീകമായി മാതാവും മാരിയത്ത് (റ) ന്റെ തൊട്ടടുത്തു സഹോദരി സീറീൻ അവരും ദുഃഖം സഹിക്കാനാവാതെ കരയുന്നു മാതാവിന്റെ മടിത്തട്ടിൽ നിന്നു കുഞ്ഞിനെ നബി(സ)തങ്ങൾ വാരിയെടുത്തു സ്വന്തം മടിത്തട്ടിൽ കിടത്തി

പൊന്നുമോന്റെ വാടിയ മുഖം ഇളം മാറിടം പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു ഒരു പിതാവിനു കണ്ടുനിൽക്കാനാവാത്ത രംഗം പ്രവാചകൻ കടുത്ത ദുഃഖം കടിച്ചമർത്തുകയാണ് ചുറ്റും നിൽക്കുന്നവർക്കതു മനസിലാക്കാൻ കഴിഞ്ഞു എല്ലാ മരുന്നുകളും പരാജയപ്പെട്ടു എല്ലാ പരിചരണവും അവസാനിച്ചു കുഞ്ഞ് അവസാന ശ്വാസം വലിച്ചു തീർക്കുന്നു

ദുഃഖം കന്നത്തുകെട്ടിയ അന്തരീക്ഷം സ്വന്തം മടിയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ടു പിതാവ് ഇങ്ങനെ മൊഴിഞ്ഞു
പൊന്നുമോനേ.... ഇബ്രാഹിം....ഞങ്ങൾക്കു ശക്തിയില്ല മോനേ...

അല്ലാഹുവിന്റെ വിധിയിൽനിന്നു നിന്നെ രക്ഷിക്കാൻ ഞങ്ങൾക്കു കഴിയില്ല മോനേ മാരിയ്യതിന് ആ വാക്കുകൾ കേട്ട് സഹിക്കാനായില്ല പെട്ടെന്ന് എല്ലാം അവസാനിച്ചു സ്പന്ദിച്ചുകൊണ്ടിരുന്ന ഹൃദയം നിശ്ചലമായി ശ്വാസം നിലച്ചു ഇബ്രാഹിം യാത്രയായി ദുഃഖം അണപൊട്ടിയൊഴുകി. മരിയ്യത് (റ)ഈമാന്റെ കരുത്തുകൊണ്ടാണു പിടിച്ചുനിന്നത്  പ്രാചകരുടെ ചുണ്ടുകൾ ദുഃഖത്തോടെ മന്ത്രിച്ചുകൊണ്ടിരുന്നു .

ഓ ഇബ്രാഹിം കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഖൽബിനെന്തൊരു വേദന എങ്കിലും അല്ലാഹുവിനു പൊരുത്തമില്ലാത്ത ഒന്നും നാം പറയില്ല ഒന്നും പറയില്ല  അനുയായികൾ അമ്പരന്നുനിന്നു നബി  (സ)തങ്ങൾ എത്ര കടുത്ത ദുഃഖമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

അല്ലാഹുവിന്റെ റസൂലേ മരിച്ചവരുടെ പേരിൽ ഇത്രയും ദുഃഖം ആകാമോ? സ്വഹാബികൾ ചോദിച്ചു

പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ ദുഃഖിക്കുന്നതിനെയല്ല ഞാൻ നിരോധിച്ചത് ആർത്തട്ടഹസിച്ചു കരയുന്നതിനെയാണു ഞാൻ നിരോധിച്ചത് ഇതു കാരുണ്യ പ്രകടനമാണ് കരുണ കാണിക്കാത്തവന് ആരിൽനിന്നും കരുണ ലഭിക്കുകയില്ല  നബി  (സ)തങ്ങളുടെ മറുപടി സ്വഹാബത്തിന് ആശ്വാസമായി

ശബ്ദമടക്കിക്കരയുന്ന മാരിയ്യത്(റ) വിനെയും സഹോദരിയെയും നോക്കി നബി  (സ)ഇങ്ങനെ പറഞ്ഞു:

നിങ്ങൾ പരസ്പരം ആശ്വസിപ്പിക്കുക നമ്മുടെ കുഞ്ഞ് സ്വർഗത്തിൽ വച്ചു മുലയൂട്ടപ്പെടും ഈ വാക്കുകൾ മാതാവിന് ആശ്വാസം പകർന്നു

മയ്യിത്തു കട്ടിൽ ജന്നത്തുൽ ബഖീഇലേക്കു നീങ്ങി അവിടെയാണ് ഖബറടക്കൽ കർമം നടക്കുന്നത്  കൊച്ചു മയ്യിത്ത് ഖബറിലേക്കു താഴ്ത്തി അന്നു സൂര്യഗ്രഹണമായിരുന്നു ആളുകൾ അതിനെക്കുറിച്ചു ചിന്തിച്ചു ചില സംശയങ്ങൾ പ്രകടിപ്പിച്ചു മകന്റെ മരണം കാരണം പ്രവാചകൻ അതീവ ദുഃഖിതനായിത്തീർന്ന ദിവസമാണിത് ആ ദുഃഖത്തിന്റെ പ്രതീകമാണോ സൂര്യഗ്രഹണം?  ഇബ്രാഹീമിന്റെ മരണവും സൂര്യഗ്രഹണവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ടു ചിലർ സംസാരിച്ചു കേട്ടവർ അതു മറ്റു ചിലരോടു പറഞ്ഞു .

സംസാരം നബി  (സ) തങ്ങളുടെ ചെവിയിലുമെത്തി മകന്റെ വേർപാടിൽ ദുഃഖിച്ചുകൊണ്ടിരുന്ന പ്രവാചകന് ഈ സംസാരം കൂടുതൽ ദുഃഖം നൽകി  നബി  (സ)ജനങ്ങളുടെ സമീപത്തെത്തി.

സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നത് ആരുടെയെങ്കിലും ജനനവും മരണവും കാരണമല്ല ഗ്രഹണം ബാധിക്കുമ്പോൾ നിങ്ങൾ നിസ്കരിക്കുക അല്ലാഹുവിനെ സൂക്ഷിക്കുക അവനെ സ്മരിക്കുക.

പ്രവാചകൻ ജനങ്ങളെ ഓർമിപ്പിച്ചു നബി  (സ)തങ്ങൾ ഇബ്രാഹിം എന്ന കുട്ടിയുടെ സ്മരണ മനസ്സിൽ സൂക്ഷിച്ചു ഭരണനിർവഹണ കാര്യങ്ങളിൽ വ്യാപൃതനായി.


Part : 236

രോഗികളെയും വിശന്നവരെയും അവഗണിക്കരുത് 

പ്രവാചകൻ പ്രസംഗിക്കാൻ വരുന്നു സത്യവിശ്വാസികൾ ആവേശപൂർവം കാത്തിരിക്കുന്നു കേട്ടു പഠിക്കുക പഠിച്ചതു ജീവിതത്തിൽ പകർത്തുക അതാണവരുടെ ലക്ഷ്യം

പ്രവാചകനെ കണ്ടതോടെ അവരുടെ മനസ്സുകൾ കോരിത്തരിച്ചു  മിമ്പറിൽ കയറി സലാം ചൊല്ലി അല്ലാഹുവിനെ സ്തുതിച്ചു മനുഷ്യർ പരസ്പരം പാലിക്കേണ്ട ബാധ്യതകളെക്കുറിച്ചാണു സംസാരിക്കുന്നത്

രോഗിയെ സന്ദർശിക്കുക,വിശന്നവർക്ക് ആഹാരം നൽകുക, ദാഹിച്ചവനു വെള്ളം കൊടുക്കുക  ഇവയെല്ലാം മഹത്തായ സേവനങ്ങളാണ് വമ്പിച്ച പ്രതിഫലമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ  ഇത്തരം സൽക്കർമ്മങ്ങൾ ചെയ്യാൻ സത്യവിശ്വാസികളെ പ്രേരിപ്പിക്കുക എന്നതാണു പ്രവാചകന്റെ ഇന്നത്തെ പ്രസംഗത്തിന്റെ ലക്ഷ്യം   സുന്ദരമായ ശബ്ദത്തിൽ നബി  (സ) സംസാരിക്കുന്നു

സത്യവിശ്വാസികളേ....

പരലോകത്തെക്കുറിച്ചു ചിന്തിക്കുക അന്ത്യദിനത്തിൽ ഒരു വിചാരണയുണ്ട് കണക്കുചോദ്യം മനുഷ്യൻ ഈ ലോകത്തു വച്ചു പറഞ്ഞ കാര്യങ്ങളും ചെയ്ത കർമങ്ങളുമെല്ലാം വിചാരണയ്ക്കു വിധേയമാക്കുന്ന ദിവസം  ഒരോ മനുഷ്യനെയും ഹാജരാക്കും അവനെ ചോദ്യം ചെയ്യും

ഒരു മനുഷ്യനെ കൊണ്ടുവരുന്നു അവനോട് അല്ലാഹു ചോദിക്കുന്നു:

മനുഷ്യപുത്രാ ഞാൻ രോഗിയായിരുന്നു അപ്പോൾ നീ എന്നെ സന്ദർശിക്കാൻ വന്നില്ല നീ എന്തുകൊണ്ടാണ് വരാതിരുന്നത് ?

ചോദ്യം കേട്ടു അന്ധാളിച്ചുപോയ മനുഷ്യൻ ചോദിക്കുന്നു:

എന്റെ നാഥാ നിനക്കു രോഗം ബാധിക്കുകയോ സകല ലോകത്തിനും നീയല്ലേ അധിപൻ പിന്നെ നിനക്കെങ്ങനെ രോഗം വരും ?

അപ്പോൾ ഒരു മനുഷ്യനെ സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു:
അവൻ രോഗിയായി കിടന്നു അക്കാര്യം നീ അറിഞ്ഞുവല്ലോ എന്നിട്ടു നീ അവനെ കാണാൻ പോയില്ല നീ അവനെ കാണാൻ പോയിരുന്നുവെങ്കിൽ അവനിൽ നിനക്ക് എന്നെ കാണാൻ കഴിയുമായിരുന്നു നിശ്ചയം അവിടെ നീയെന്നെ കാണുമായിരുന്നു

മറ്റൊരു മനുഷ്യനോട് അല്ലാഹു ചോദിക്കുന്നു:

മനുഷ്യ പുത്രാ ഞാൻ വിശന്നപ്പോൾ നിന്നോട് ആഹാരം ചോദിച്ചു നീ ആഹാരം തന്നില്ല നീ എന്റെ വിശപ്പ് മാറ്റിയില്ലല്ലോ

മനുഷ്യൻ അമ്പരപ്പോടെ ചോദിക്കുന്നു:

അല്ലാഹുവേ നിനക്ക് വിശക്കുകയോ നീയല്ലേ ലോകത്തിന്റെ അധിപൻ നിനക്കു ഞാനെങ്ങനെ ഭക്ഷണം നൽകും ?

അപ്പോൾ ഒരു മനുഷ്യനെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:  എന്റെ ദാസന്മാരിൽപെട്ട ആ മനുഷ്യൻ വിശന്നപ്പോൾ നിന്നോട് ആഹാരം ചോദിച്ചില്ലേ ? നീ കൊടുത്തില്ലല്ലോ ? അവനു നീ ആഹാരം കൊടുത്തിരുന്നുവെങ്കിൽ അവനിലൂടെ നിനക്കെന്നെ കാണാൻ കഴിയുമായിരുന്നില്ലേ ?

വേറൊരു  മനുഷ്യനോട് അല്ലാഹു ചോദിക്കുന്നു:

മനുഷ്യപുത്രാ ഞാൻ നിന്നോടു ദാഹശമനത്തിനു വെള്ളം ചോദിച്ചു നീ തന്നില്ലല്ലോ എന്റെ ദാഹം നീ തീർത്തില്ലല്ലോ ?

മനുഷ്യൻ അമ്പരപ്പോടെ ചോദിക്കുന്നു:

അല്ലാഹുവേ നീ സർവ ലോകത്തിന്റെയും നാഥനല്ലേ നിനക്കു ദാഹിക്കുകയോ ഞാൻ നിനക്കെങ്ങനെ വെള്ളം നൽകും ?

അല്ലാഹു ഒരു മനുഷ്യന്റെ പേരു പറഞ്ഞുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു:
എന്റെ ദാസന്മാരിൽപെട്ട ആ മനുഷ്യൻ ദാഹിച്ചു വലഞ്ഞു നിന്റെ അടുത്തുവന്നില്ലേ നിന്നോടു വെള്ളം ചോദിച്ചില്ലേ നീ അവനു വെള്ളം കൊടുത്തില്ലല്ലോ നീ അവന്റെ ദാഹം തീർത്തിരുന്നുവെങ്കിൽ അവന്റെ സമീപം നിനക്ക് എന്നെ കാണാൻ  കഴിയുമായിരുന്നു

ഓർക്കുക ജനങ്ങളോടു കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല

പ്രസംഗം അത്രയുമെത്തുമ്പോൾ സ്വഹാബികൾ കരയുന്നു അവരുടെ മനസ്സുകളെ ആട്ടിയുലച്ച പ്രസംഗം  വിശന്നവർക്ക് ആഹാരം നൽകുക,ദാഹിച്ചവർക്ക് വെള്ളം നൽകുക, രോഗികളെ പരിചരിക്കുക  അതിനു ലഭിക്കുന്ന ഒരവസരവും പാഴാക്കിക്കളയരുത് അവരുടെ മനസ്സിന്റെ പ്രതിജ്ഞ.


Part : 237

കടക്കാരനെ സഹായിക്കുക 

ആകപ്പാടെയുള്ള വരുമാനമാർഗമാണു കൃഷി കുടുംബം പുലർത്തണം മറ്റ് അത്യാവശ്യ കാര്യങ്ങൾ നടക്കണം പെട്ടെന്നാണതു സംഭവിച്ചത്  പ്രകൃതി ക്ഷോഭം  എല്ലാം തകർന്നു കൃഷി നശിച്ചു ദാരിദ്ര്യവും കടങ്ങളും ബാക്കി വീട്ടിൽ പട്ടിണി കടം കൂടിക്കൂടി വരുന്നു പലരിൽ നിന്നും കടംവാങ്ങിയിട്ടുണ്ട്

പറഞ്ഞ അവധിയൊക്കെ തെറ്റി പലരും കടം തിരിച്ചു കൊടുക്കാൻ നിർബന്ധിക്കുന്നു എന്തു ചെയ്യും?

മനസ്സു നിറയെ ദുഃഖവുമായി നടന്നു കടുത്ത പരീക്ഷണത്തിനു വിധേയനായ സ്വഹാബിവര്യൻ ലോകാനുഗ്രഹിയായ പ്രവാചകന്റെ സന്നിധിയിലേക്കു ചെന്നു

അസ്സലാമു അലയ്കും യാ റസൂലുല്ലാഹ്  നബി(സ) തങ്ങൾ സലാം മടക്കി ആഗതന്റെ മുഖത്തേക്കു നോക്കി കണ്ണുകൾ നിറയുന്നു മുഖം വിഷാദത്തിൽ മുങ്ങിപ്പോയിരിക്കുന്നു കൃഷി നശിച്ച സംഭവം വിവരിച്ചു കടം പെരുകിയ കഥ പറഞ്ഞു

സ്വഹാബികൾ കൂട്ടംകൂടി നിൽപുണ്ട് അവരെ  നോക്കിക്കൊണ്ടു  പ്രവാചകൻ (സ) പറഞ്ഞു:

കൃഷി നഷ്ടപ്പെട്ടു വിഷമിക്കുന്ന കടംകൊണ്ടു വലഞ്ഞ ഈ സഹോദരനു ദാനം നൽകുവിൻ ആളുകൾ കൈവശമുള്ള സംഖ്യ അദ്ദേഹത്തിനു നൽകി കിട്ടിയ സംഖ്യ എണ്ണിനോക്കി കടം വീട്ടാൻ തികയില്ല കടക്കാർ വന്നുനിൽപുണ്ട് ഉള്ളത് അവർക്കു ഭാഗിച്ചു കൊടുക്കാൻ കൽപ്പിച്ചു കടക്കാർക്ക് ഓരോ വിഹിതം കിട്ടി  നബി  (സ) തങ്ങൾ കടക്കാരനോട് ഇങ്ങനെ പറഞ്ഞു:

അത്രയേ ഉള്ളൂ കിട്ടിയതു വാങ്ങിക്കൊള്ളൂ അതുകൊണ്ടു തൃപ്തിപ്പെട്ടു ബാക്കിയുള്ളതു പൊരുത്തപ്പെട്ടു.

പ്രിയപ്പെട്ട  കൂട്ടുകാരേ നാം ഈ സംഭവത്തിൽ നിന്നു നാം മഹത്തായൊരു പാഠം പഠിക്കണം  നമ്മിൽ നിന്ന് ഒരാൾ കടം വാങ്ങി പറഞ്ഞ അവധിക്കു കടം വീട്ടാൻ അയാൾക്കു കഴിഞ്ഞില്ല പണമില്ലാത്തതുകൊണ്ടാണ് എങ്കിൽ നാം അയാൾക്ക് അവധി നീട്ടിക്കൊടുക്കണം  അയാൾക്കു കടത്തിന്റെ ഒരു ഭാഗം മടക്കിത്തരാൻ കഴിവുണ്ടായി എങ്കിൽ നാമതു സ്വീകരിക്കണം ബാക്കി തരാൻ നിവൃത്തിയില്ല അപ്പോൾ നാമതു പൊരുത്തപ്പെട്ടുകൊടുക്കുകയാണെങ്കിൽ അതൊരു വലിയ സൽകർമമായിരിക്കും  അല്ലാഹുവിനെയും റസൂൽ (സ)തങ്ങളെയും സന്തോഷിപ്പിക്കുന്ന സൽകർമം.

നബി(സ) ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു സദുപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു അപ്പോൾ അതുവഴി ഒരു ശവമഞ്ചം കൊണ്ടുവരുന്നു അതു കണ്ടപ്പോൾ നബി(സ) എഴുന്നേറ്റുനിന്നു

അതു ജൂതന്റെ മൃതദേഹമല്ലേ? സ്വഹാബികൾ നബി  (സ) തങ്ങളെ  ഉണർത്തി
അതിനു പ്രവാചകന്റെ മറുചോദ്യം ഇങ്ങനെയായിരുന്നു അതൊരു മനുഷ്യന്റെ മൃതദേഹമല്ലേ  ?     


Part : 238

സാരോപദേശങ്ങൾ 

ഭക്ഷണം, പാനീയം, വസ്ത്രം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ ഇവ ആവശ്യത്തിനുമാത്രം ഉപയോഗിക്കാം ഇവയിലൊന്നും ദുർവ്യയം പാടില്ല നബി  (സ)തങ്ങൾ അങ്ങനെ കൽപിച്ചിരിക്കുന്നു അമിതമായി ആഹാരം കഴിച്ചാൽ രോഗങ്ങൾ വന്നു ചേരും ശരീരത്തിനു ക്ഷീണവും അലസതയും ഉണ്ടാകും അദ്വാന ശീലം കുറയും

നബി  (സ) ഇങ്ങനെ അരുൾ ചെയ്തു : നിങ്ങൾ തിന്നുകയും കുടിക്കുകയും ധർമം ചെയ്യുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളുക അതിരു കവിയരുത്  അഹങ്കരിക്കരുത്  എല്ലാം മിതമായിരിക്കണം

മറ്റുള്ളവരുടെ മുമ്പിൽ അഹങ്കരിക്കാൻ ആഡംബരം നിറഞ്ഞ വസ്ത്രം ധരിക്കരുത് ആവശ്യത്തിലധികം വിഭവങ്ങളുണ്ടാക്കി ദുർവ്യയം ചെയ്യരുത്
ചിലർ പാത്രങ്ങളിൽ ആഡംബരവും അഹങ്കാരവും കാണിക്കും അതു ശരിയല്ല

നബി  (സ) തങ്ങൾ പറഞ്ഞു  ; വെള്ളികൊണ്ടുള്ള പാത്രങ്ങളിൽ കുടിക്കുന്നവൻ തന്റെ വയറ്റിലേക്കിറക്കുന്നത് നരകാഗ്നി മാത്രമാകുന്നു

ഹുദയ്ഫ (റ) പറയുന്നതു നോക്കൂ :വെള്ളിയുടെയും സ്വർണത്തിന്റെയും പാത്രങ്ങളിൽ കുടിക്കുന്നതും തിന്നുന്നതും മിനുസമുള്ള പട്ടും കട്ടിയുള്ള പട്ടും ധരിക്കുന്നതും അതിൽ ഇരിക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു
സത്യവിശ്വാസികൾ ലളിത ജീവിതം നയിക്കണം പാത്രത്തിലും വസ്ത്രത്തിലും അഹങ്കാരം അരുത്

നബി  (സ) തങ്ങൾ തന്റെ സമുദായത്തിനു നൽകിയ സുദീർഘമായ ഒരുപദേശത്തിന്റെ രത്നച്ചുരുക്കമാണു താഴെ ചേർക്കുന്നത്
കാലം ചെല്ലുന്തോറും ഈ ഉപദേശത്തിന്റെ പ്രസക്തി കൂടിക്കൂടി വരുന്നു

നബി(സ) തങ്ങൾ നൽകുന്ന ഉപദേശം :

നിങ്ങൾ പാത്രങ്ങൾ മൂടിവയ്ക്കുക ,
വെള്ളത്തൊട്ടികൾ കെട്ടി അടച്ചു വയ്ക്കുക  ,
വാതിലുകൾ അടയ്ക്കുക ,
സന്ധ്യാസമയത്ത് ശിശുക്കളെ പുറത്തുവിടരുത്  ആ നേരത്തു ജിന്നുകൾക്ക് ഒരു വിഹാരവും ഒരു റാഞ്ചലുമുണ്ട്, ഉറങ്ങാൻ കിടക്കുമ്പോൾ വിളക്ക് കെടുത്തി വയ്ക്കുക. ആ ചെറിയ വികൃതിക്കാരി (എലി) ചിലപ്പോൾ വിളക്കുതിരി വലിച്ചെടുത്തുകൊണ്ടുപോയി വീട്ടിലുള്ളവരെ തീപ്പൊള്ളലേൽപിക്കാൻ ഇടവന്നേക്കും.

മീതെ കൊടുത്ത ഉപദേശങ്ങൾ ഒന്നു കൂടി വായിച്ചു നോക്കൂ  ഈ കാര്യങ്ങളെല്ലാം നാം ചെയ്യാറുള്ളതുതന്നെ എന്നാൽ അവ സുന്നത്താണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടോ ?

ബിസ്മി ചൊല്ലിക്കൊണ്ടു നാം അക്കാര്യങ്ങൾ ചെയ്യണം  അപ്പോൾ അതു പ്രതിഫലം ലഭിക്കുന്ന ഒരു സൽകർമമായി പാത്രം മൂടിവയ്ക്കുന്ന കാര്യം മറ്റു സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട് എലി തലയിടും എന്നതാണു പ്രാധാന കാരണം  പ്ലേഗ് തുടങ്ങിയ മാരക രോഗങ്ങൾ എലിയിൽ നിന്നാണ് ഉണ്ടാകുന്നത് അതു തടയണം പാത്രം മൂടിവയ്ക്കണം  ഇനി ഒരാൾക്ക് പാത്രം മുടിവയ്ക്കാൻ ഒന്നും കിട്ടിയില്ല അയാൾ എന്തു ചെയ്യണം ?

നബി(സ) ഇങ്ങനെ അരുൾ ചെയ്തു :

ഒരാൾക്ക് പാത്രം മൂടിവയ്ക്കാൻ ഒന്നും കിട്ടിയില്ല ഒരു വിറകുകൊള്ളിയുണ്ട് ബിസ്മി ചൊല്ലി അതു പാത്രത്തിൽ വിലങ്ങനെ വെക്കാൻ കഴിയും എങ്കിൽ അയാൾ അതുചെയ്യട്ടെ  .

ഒന്നോർത്തുനോക്കൂ പാത്രം മൂടിവയ്ക്കുന്ന കാര്യത്തിൽ നബി  (സ)തങ്ങൾ എന്തു മാത്രം ശ്രദ്ധാലുവായിരുന്നു.

തീ കെടുത്തുന്ന കാര്യത്തിലും ഇതേ ജാഗ്രത പുലർത്തിയിരുന്നു മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ചു ചിലർ ഉറങ്ങും നബി  (സ) തങ്ങൾ അതു നിരോധിച്ചിരിക്കുന്നു.

അടുപ്പിൽ തീ കത്തുന്നുണ്ടാവും കുറച്ചു കഴിയുമ്പോൾ അതു താനേ അണഞ്ഞുകൊള്ളും എന്ന ധാരണയിൽ പെണ്ണുങ്ങൾ പോയി ഉറങ്ങും ഇതും നിരോധിക്കപ്പെട്ടിരിക്കുന്നു.

നബി  (സ) ഇങ്ങനെ അരുൾ ചെയ്തിരിക്കുന്നു:

വീട്ടിൽ തീ കത്തുന്നുണ്ടെങ്കിൽ അതണക്കാതെ നിങ്ങളാരും ഉറങ്ങാൻ കിടക്കരുത്.

തീ അണയ്ക്കുക ,വിളക്കു കെടുത്തുക എന്നിവ സുന്നത്തായ അമലുകളാകുന്നു.

പട്ടു ധരിക്കുന്നവനെക്കുറിച്ച് ഇങ്ങനെ നബി  (സ) പറഞ്ഞു : പരലോകത്ത് ഓഹരി കിട്ടാത്തവനാണ് ഈ ലോകത്തുവച്ചു പട്ടു ധരിക്കുന്നത്.

കിടന്നുറങ്ങുന്ന വിരിപ്പിനും ഇതു ബാധകമാണ് ശരീരത്തിന്റെ സംരക്ഷണത്തിനുതകുന്ന കിടക്കയും വിരിപ്പും ഉപയോഗിക്കാം അവിടെയും ആഡംബരം അരുത്

ലോകാനുഗ്രഹിയായ മുത്തുനബി(സ) യുടെ കിടക്കയെക്കുറിച്ചു കേട്ടാൽ സത്യവിശ്വാസികളുടെ കണ്ണു നിറയും

ഒരു തോൽ വിരിപ്പിലാണു നബി  (സ) തങ്ങൾ ഉറങ്ങിയത് ആ തോൽവിരിപ്പിനകത്തു നിറച്ചത് എന്താണ്?   ഈത്തപ്പനയുടെ ചകിരി

നബി  (സ)തങ്ങളുടെ സുഖവും ദുഃഖവും പങ്കിട്ടെടുത്ത പ്രിയ പത്നി ആഇശ (റ) ഇങ്ങനെ പ്രസ്താവിക്കുന്നു :

നബി  (സ)തങ്ങൾ ഉറങ്ങിയിരുന്ന വിരിപ്പ് ഈത്തപ്പനയുടെ ചകിരി നിറച്ച തോൽവിരിപ്പായിരുന്നു

വെള്ള വസ്ത്രത്തിനു നബി  (സ) പ്രാധാന്യം കൽപിച്ചിട്ടുണ്ട് നബി  (സ)തങ്ങൾ ഇങ്ങനെ അരുൾ ചെയ്തു :

വെള്ള വസ്ത്രം ധരിക്കുക അതു കൂടുതൽ ശുദ്ധവും വൃത്തിയുള്ളതുമായിരിക്കും നിങ്ങളിൽ നിന്നു മരണപ്പെടുന്നവരെ അതിൽ കഫൻ ചെയ്യുക.

സ്ത്രീകൾക്കു സ്വർണ്ണവും പട്ടും അനുവദനീയമാകുന്നു പുരുഷനു നിഷിദ്ധവും

നബി  (സ)തങ്ങൾ പറഞ്ഞു:  എന്റെ സമുദായത്തിലെ സ്ത്രീകൾക്കു സ്വർണ്ണവും പട്ടും അനുവദനീയവും പുരുഷന്മാർക്ക് നിഷിദ്ധവുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഉടുതുണി നിലത്തിഴച്ചു നടക്കുന്നവരെ നിങ്ങൾ കണ്ടിരിക്കും ഒരുതരം അഹങ്കാരികൾ അവരെക്കുറിച്ചു നബി  (സ) തങ്ങൾ ഇങ്ങനെ പറഞ്ഞു:
അഹങ്കാരപൂർവം ഉടുതുണി വലിച്ചിഴച്ചു നടക്കുന്നവനെ അന്ത്യനാളിൽ അല്ലാഹു കടാക്ഷിക്കുകയില്ല അല്ലാഹുവിന്റെ കാരുണ്യം അവനിൽ പതിയുകയില്ല അവൻ നിരാശനും നിർഭാഗ്യവാനുമായിരിക്കും.


Part : 239

ഒരേ ഒരു ഹജ്ജ് 

ഹിജ്റ പത്താം വർഷം ദുൽഖഹ്ദ് മാസം മദീനാ പട്ടണത്തിൽ നിന്നും ആ വാർത്ത പുറത്തേക്കൊഴുകി നഗരവും ഗ്രാമവും ഉണർന്നു മലഞ്ചെരിവുകളും കുന്നിൻ നിരകളും ഉണർന്നു ജനങ്ങൾ ആവേശഭരിതരായി ഹജ്ജ് യാത്ര  നബി(സ) ഹജ്ജിനു പുറപ്പെടുന്നു

ജനങ്ങൾക്കു നബി  (സ) തങ്ങളുടെ കൂടെ ഹജ്ജിനു പുറപ്പെടാം
ഹജ്ജ് യാത്രയുടെ വിവരം എല്ലാ പ്രദേശങ്ങളിലും വിളംബരം ചെയ്യപ്പെട്ടു ആബാലവൃദ്ധം ജനങ്ങൾ വിവരമറിഞ്ഞു ദുൽഖഹ്ദ മാസം അവസാനം നബി  (സ)തങ്ങൾ മദീനയിൽ നിന്നു മക്കയിലേക്കു യാത്രതിരിക്കുന്നു മഹത്തായ ഹജ്ജ് യാത്ര

ഗ്രാമങ്ങളിൽ നിന്നു സത്യവിശ്വാസികളിൽ മദീനയിലേക്കു പ്രവഹിക്കാൻ തുടങ്ങി ഏതെല്ലാം ഗോത്രക്കാർ അടുത്തുള്ളവരും അകലെയുള്ളവരും മദീനയിൽ തമ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു തിരക്കുകൂടിക്കൂടി വരുന്നു

ഇസ്ലാംമതത്തിന്റെ അഞ്ചു സ്തംഭങ്ങളിൽ അവസാനത്തേതാണ് ഹജ്ജ് അതെങ്ങനെ നിർവഹിക്കണമെന്നു പഠിക്കണം  പൗരാണിക കാലംമുതലേ കഹ്ബാലയത്തിൽ തീർത്ഥാടകർ എത്തുന്നു ഹജ്ജു കാലത്തു നല്ല തിരക്കായിരിക്കും ഇസ്ലാമിക രീതിയിലല്ല ജാഹിലിയ്യ കാലത്ത് ഹജ്ജ് നിർവഹിക്കപ്പെട്ടിരുന്നത്.

ഹജ്ജിന്റെ ഇസ്ലാമിക രൂപം ജനങ്ങളെ പഠിപ്പിക്കണം അതിനു വേണ്ടിയാണ് ഈ യാത്ര കഴിയാവുന്നത്ര ആളുകൾ ഹജ്ജിന്റെ കർമങ്ങൾ നേരിട്ടു കണ്ടുപഠിക്കണം  നിസ്കാരവും നോമ്പും സകാതുമെല്ലാം പഠിപ്പിച്ചുകഴിഞ്ഞു ഇനി പഠിക്കാനുള്ളത് ഹജ്ജ് കർമം.

സത്യവിശ്വാസികളുടെ പ്രവാഹത്തിനു ശക്തി കൂടി ഒരു ലക്ഷത്തിപ്പതിനാലായിരം പേർ ഹജ്ജിന് ഒരുങ്ങിയിട്ടുണ്ട് എല്ലാവരും സഹോദരങ്ങൾ ഇന്നലെകളിലെ വൈരം മറന്നു ഗോത്രവഴക്കുകൾ മറന്നു ഇന്ന് ഒരു ലക്ഷത്തിലേക്കു നീങ്ങാൻ ഒരുങ്ങി നിൽക്കുന്നു

ദുൽഖഅദ് ഇരുപത്തഞ്ചിന് വിശ്വാസികളുടെ സംഘം യാത്ര തിരിച്ചു  നബി  (സ)തങ്ങളുടെ എല്ലാ ഭാര്യമാരും കൂടെയുണ്ടായിരുന്നു ഒരോരുത്തരും ഓരോ വാഹനങ്ങളിലാണ്  മരുഭൂമിയിലൂടെ അല്ലാഹുവിന്റെ വിനീത ദാസന്മാരുടെ മഹാപ്രവാഹം  അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമുഖത്തു നിർമിക്കപ്പെട്ട ഒന്നാമത്തെ ആരാധനാലയത്തെ ലക്ഷ്യമാക്കിയാണവർ നീങ്ങിക്കൊണ്ടിരിക്കുന്നത്

ദുൽഹുലയ്ഫ സംഘം ദുൽഹുലയ്ഫയിലെത്തി അവിടെ തമ്പടിച്ചു
നബി  (സ) തങ്ങൾ ദുൽഹുലയ്ഫയിൽ വച്ച് ഇഹ്റാമിൽ പ്രവേശിച്ചു മുസ്ലിംകളെല്ലാം  അതുപോലെ ചെയ്തു ഇഹ്റാമിൽ പ്രവേശിച്ചതോടെ അവർ തൽബിയത്തു ചൊല്ലാൻ തുടങ്ങി:

ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക് .....
ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്
ഇന്നൽ ഹംദ വന്നിഹ്മത ലക,വൽ മുൽക്
ലാ ശരീക ലക്
ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്....-

അല്ലാഹുവേ നിന്റെ വിളിക്കു ഞങ്ങളിതാ ഉത്തരം നൽകുന്നു
നിനക്കു പങ്കുകാരില്ല നിന്റെ വിളിക്കുത്തരം നൽകിക്കൊണ്ട് ഞങ്ങളിതാ വരുന്നു സർവസ്തുതികളും നിനക്കാകുന്നു എല്ലാ അനുഗ്രഹങ്ങളും നിന്റെ വകയാകുന്നു രാജാധികാരവും നിനക്കുതന്നെ
നിനക്കു പങ്കുകാരില്ല

അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരം നൽകുന്നു

ഒരേ വേഷം ഒരേ മുദ്രാവാക്യം ഭക്തിനിർഭരമായ ഖൽബുകളുമായി സത്യവിശ്വാസികൾ നീങ്ങുന്നു മരുഭൂമിയെയും കറുത്തിരുണ്ട കരിമ്പാറക്കൂട്ടങ്ങളെയും കോരിത്തരിപ്പിക്കുന്ന കാഴ്ച മലനിരകളിലും താഴ് വാരകളിലും തൽബിയത്തിന്റെ ശബ്ദം അലയടിച്ചുയരുന്നു  സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്രാഹിം നബി  (അ)ജനങ്ങളെ ഹജ്ജിനു ക്ഷണിച്ചു.  ആ ക്ഷണം സ്വീകരിച്ചുകൊണ്ടു സത്യവിശ്വാസികൾ ഇതാ നീങ്ങിക്കൊണ്ടിരിക്കുന്നു

ദുൽഹജ്ജ് മാസം നാല്

നബി(സ) തങ്ങളും അനുയായികളും മക്കയിലെത്തി അവർ നേരെ കഹ്ബാശരീഫിനടുത്തേക്കു നീങ്ങി ആവേശം  അലയടിച്ചുയർന്നു അല്ലാഹുവിന്റെ പരിശുദ്ധ ഭവനം  ഹജറുൽ അസ്വ്വദ് ചുംബിച്ചു  ത്വവാഫ് ആരംഭിച്ചു

കഹ്ബാലയം ഏഴു തവണ ചുറ്റുക അതാണു ത്വവാഫ് ത്വവാഫിനു ശേഷം ഇബ്രാഹിം മഖാമിൽ വച്ചു നിസ്കരിച്ചു  ചരിത്ര സ്മരണകൾ വീണുറങ്ങുന്ന പ്രദേശം ആ പ്രദേശത്തുകൂടെ നടന്നു നീങ്ങുമ്പോൾ സത്യവിശ്വാസികൾക്ക് ആവേശം വർധിച്ചു

നബി  (സ) തങ്ങൾ സ്വഫാ മലക്കുനരെ നടന്നു സ്വഹാബികൾ മലയുടെ മുകളിലേക്കു നോക്കി കൊച്ചു കുഞ്ഞിന്റെ ദാഹം തീർക്കാൻ വെള്ളമന്വേഷിച്ചു സ്വഫാ മലയുടെ മുകളിലേക്കു പാഞ്ഞു കയറിയ ഉമ്മയുടെ ചിത്രം അവരുടെ മനസിൽ തെളിയുന്നു സഹസ്രാബ്ദങ്ങൾക്കു മുമ്പു വിജനമായ മക്കയിൽ എത്തിച്ചേർന്ന ഹാജറ (റ) എന്ന മാതാവ്  അവരുടെ പൊന്നോമന മകൻ ഇസ്മാഈൽ (അ) തന്റെ ഭാര്യയെയും കുഞ്ഞിനെയും മക്കയിൽ ഉപേക്ഷിച്ചു പോയ ഇബ്രാഹിം നബി  (അ) അതൊരു വലിയ പരീക്ഷണമായിരുന്നു

അല്ലാഹുവിന്റെ കൽപ്പന പുണ്യപ്രവാചകൻ കൽപ്പന സ്വീകരിച്ചു പരീക്ഷണത്തിൽ വിജയിച്ചു  പ്രിയ പത്നിയെയും കുഞ്ഞിനെയും മക്കയിലാക്കി  മടങ്ങിപ്പോയി

കൈവശമുള്ള വെള്ളം തീർന്നു കുഞ്ഞു ദാഹിച്ചു വലഞ്ഞു നിലവിളിയായി കിണർ കാണാനില്ല ജലാശയങ്ങളില്ല  മനുഷ്യരില്ല കുഞ്ഞിന്റെ നിലവിളി ഉയർന്നപ്പോൾ വെപ്രാളത്തോടെ ഉമ്മ ഇറങ്ങി ഓടി സഫായുടെ നെറുകയിലെത്തി ദൂരേക്കു നോക്കി മനുഷ്യരുണ്ടോ വെള്ളത്തിന്റെ തിളക്കമുണ്ടോ ? ഒന്നുമില്ല വിജനമായ മരുഭൂമി

നിരാശ മാത്രം കടുത്ത നൈരാശ്യത്തോടെ മലയിൽ നിന്ന് ഓടിയിറങ്ങി  അതാ അകലെ മറ്റൊരു മല മർവ അതിൽ കയറി നോക്കാം പ്രതീക്ഷയോടെ ഓടി മർവയുടെ മുകളിൽ ഓടിക്കയറി അകലേക്കു നോക്കി ഒരു മനുഷ്യജീവിയെയും കാണാനില്ല  വെള്ളമുള്ള ലക്ഷണമൊന്നുമില്ല കടുത്ത നിരാശയോടെ മലയിൽ നിന്ന് ഓടിയിറങ്ങി കുഞ്ഞ് നിർത്താതെ കരയുന്നു ഉമ്മയുടെ വെപ്രാളം കൂടിക്കൂടി വന്നു വീണ്ടും സഫായിൽ ഓടിക്കയറി സഫായിൽനിന്നു മർവയിലേക്കോടി പലതവണ ഇതാവർത്തിച്ചു ക്ഷിണിച്ചവശയായി ഹാജറ (റ) മരുഭൂമിയിലെ ചൂടിൽ അവരാകെ വിയർത്തു കുളിച്ചു മനം നിറയെ ദുഃഖവും നിരാശയുമായി കുഞ്ഞിന്റെ അടുത്തേക്കോടിവന്നു

അപ്പോൾ അവിടെക്കണ്ട കാഴ്ച വെള്ളം പൊട്ടിയൊലിക്കുന്ന വെള്ളം  കുഞ്ഞ് മടമ്പുകാലിട്ടടിച്ച ഭാഗത്തുനിന്നു വെള്ളം ഉറഞ്ഞൊഴുകുന്നു  സംസം ഇന്നും സുലഭമായി ലഭിക്കുന്ന സംസം വെള്ളം ഹജ്ജിനു പോകുന്നവരെല്ലാം സഫാ മർവാക്കിടയിൽ നടക്കുന്നു ഇതിനു സഹ്യ് എന്നു പറയുന്നു

നിശ്ചിത സ്ഥലത്തു ധൃതിയിൽ നടക്കണം  നബി  (സ)തങ്ങളും സ്വഹാബികളും സ്വഫാ മലയിലെത്തി സ്വഫയിൽ നിന്നു മർവായിലേക്കു സഞ്ചരിച്ചു ഏഴുതവണ പൂർത്തിയാക്കി സഹ്യ് കഴിഞ്ഞു ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം ഉംറയുടെ കർമങ്ങളും   ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്

ബലിമൃഗങ്ങളെ കൂടെ കൊണ്ടുവരാത്തവരോട് ഉംറ നിർവഹിച്ച് ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ പ്രവാചകൻ കൽപ്പിച്ചു  ഹജ്ജു ചെയ്യണമെന്ന മോഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു  എങ്കിലും പ്രവാചകന്റെ കൽപന അനുസരിക്കണമല്ലോ ആയിരക്കണക്കിനാളുകൾ ഉംറ നിർവഹിച്ചു ഇഹ്റാമിൽ നിന്ന് ഒഴിവായി പ്രവാചക പത്നിമാരെല്ലാം ഉംറ നിർവഹിച്ചു നബി  (സ)തങ്ങളുടെ പ്രിയ പുത്രിയും ഉംറ നിർവഹിച്ചു എങ്ങനെ ഉംറ നിർവഹിക്കണമെന്നു ജനങ്ങൾ പഠിച്ചു.

Part
Part : 240

അറഫ സംഗമം

ദുൽഹജ്ജ് എട്ട്  തർവിയ എന്നാണ് ആ ദിവസത്തിന്റെ പേര് നബി  (സ) തങ്ങളും അനുയായികളും മിനായിലേക്കു നീങ്ങി ചരിത്രം തുടിച്ചുനിൽക്കുന്ന മിനാ താഴ് വര അമ്പിയാക്കൾ നടന്നുപോയ ചരിത്രഭൂമി മിനായിൽ അമ്പിയാക്കൾ അന്ത്യവിശ്രമം കൊള്ളുന്നു ആ ചരിത്രഭൂമിയിലേക്ക് അന്ത്യപ്രവാചകനും അനുയായികളും വന്നു അവിടെ തമ്പടിച്ചു  വിശാലമായ താഴ് വര തമ്പുകൾ കൊണ്ടു നിറഞ്ഞു നബി  (സ)തങ്ങൾ ആ ദിവസം മിനായിൽ താമസിച്ചു നിസ്കാരവും ,ദുആയും എല്ലാം മിനായിൽ തന്നെ

സർവശക്തനായ അല്ലാഹുവിനോടുള്ള നന്ദി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്തെല്ലാം അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്നു അറേബ്യ അധീനപ്പെടുത്തിത്തന്നില്ലേ

പിറ്റേ ദിവസം പുലർന്നു ദുൽഹജ്ജ് ഒമ്പത് എല്ലാവരും പ്രഭാത നിസ്കാരം നിർവഹിച്ചു വിശുദ്ധ ഖുർആൻ പാരായണം മനസു തുറന്നു പ്രാർത്ഥന ഇനി യാത്രയാണ് പുണ്യം നിറഞ്ഞ അറഫാ ഭൂമിയിലേക്ക് എല്ലാവരും യാത്രയ്ക്കൊരുങ്ങി

നബി  (സ)തങ്ങൾ തന്റെ ഒട്ടകപ്പുറത്തു കയറി ഖസ്വാ എന്നു പേരുള്ള ഒട്ടകം ഹാജിമാരുടെ സംഘം നീങ്ങി അനുഗ്രഹീതമായ അറഫായിലെ മലകൾ കൺമുമ്പിൽ എത്തി അവർ ആവേശഭരിതരായി അവർ പൂർവപിതാവായ ആദം നബി  (അ)നെ ഓർത്തു മാതാവായ ഹവ്വാഹ് (റ) നെയും ഓർത്തു സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ദമ്പതികൾ ഭൂമിയിലെത്തിയപ്പോൾ  ഇരുസ്ഥലത്തായിപ്പോയി ഭാര്യയെ കാണാതെ വിഷമിച്ചുപോയ ആദം(അ) ഭർത്താവിനെ കാണാതെ ദുഃഖാകുലയായിത്തീർന്ന ഹവ്വാഹ് (റ)  വർഷങ്ങളോളം കരഞ്ഞു പ്രാർത്ഥിച്ചു ഒടുവിൽ ആദം(അ)നു ദിവ്യവെളിപാട് മക്കയിലേക്കു പോകുക ആദം (അ)നടന്നു ദീർഘയാത്ര രാപകലുകൾ മാറിമാറി വന്നു കാലചക്രം കറങ്ങിക്കൊണ്ടിരുന്നു മക്കയെ സമീപിക്കുകയായിരുന്നു ഉയർന്ന മലനിരകളുള്ള പ്രദേശം അവിടെ ഒരു മനുഷ്യരൂപം ആവേശപൂർവം അങ്ങോട്ടു ചെന്നു അല്ലാഹുവിനു സ്തുതി അത് ഹവ്വാഹ് (റ)ആയിരുന്നു അവർ കണ്ടുമുട്ടിയ ഭൂമി അതാണ് അറഫ ഹജ്ജിനു പോകുന്നവർ അറഫയിൽ നിൽക്കണം അറഫ നഷ്ടപ്പെട്ടാൽ ഹജ്ജ് നഷ്ടപ്പെട്ടു

ഹജ്ജിന്റെ ഫർളുകൾ ഇവയാകുന്നു 

1. ഇഹ്റാം
2.അറഫയിൽ നിൽക്കുക
3.ത്വവാഫുൽ ഇഫാള
4.സഫാ -മർവാക്കിടയിൽ സഅ് യ്
5.മുടിയെടുക്കൽ
6. വഴിക്കുവഴി ചെയ്യൽ -തർതീബ്

ഉംറക്ക് അഞ്ച് ഫർളുകളേയുള്ളൂ 

1.ഇഹ്റാം
2.ത്വവാഫ്
3.സഅ് യ്
4.മുടിയെടുക്കൽ
5.തർതീബ്

ഉംറ നിർവഹിക്കാൻ പോകുന്നവർ അറഫയിൽ നിൽക്കേണ്ടതില്ല ഹാജിമാർക്ക് അറഫ നിർബന്ധവുമാണ്  അന്ത്യപ്രവാചകനും അനുയായികളും അറഫയിലെത്തി തൽബിയത്തിന്റെ ശബ്ദം അത്യുച്ചത്തിലായി അറഫാ മലനിരകളിൽ തൽബിയത്തിന്റെ ശബ്ദം മാറ്റൊലികൊണ്ടു പ്രവാചകന്റെ ഓരോ ചലനവും അനുചരന്മാർ സൂക്ഷ്മമായി പഠിക്കുകയാണ് ദിക്റുകൾ...ദുആകൾ ...

തൽബിയത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സമർപ്പണത്തിന്റെ നിമിഷങ്ങൾ പൊള്ളുന്ന വെയിലിൽ തലമറക്കാതെ കൈകൾ ഉയർത്തി സർവശക്തനായ റബ്ബിനോട് പ്രാർത്ഥിക്കുന്ന സത്യവിശ്വാസികളുടെ മഹാസാഗരം ആ സംഘം അന്ത്യനാൾ വരെയുള്ള ഹാജിമാർക്കു വഴികാണിക്കുന്നു അവരുടെ ചലനങ്ങളും വാക്കുകളും ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാകുന്നു.


Part : 241

ചരിത്രപ്രസിദ്ധമായ പ്രസംഗം 

അറഫാ താഴ് വര ഇവിടെവെച്ചാണ് നബി  (സ)തങ്ങളുടെ വിടവിങ്ങൽ പ്രസംഗം നടന്നത് ഒട്ടകപ്പുറത്തിരുന്നു കൊണ്ടായിരുന്നു പ്രസം നല്ല മുഴക്കമുള്ള ശബ്ദം  റബീഅത് ബ്നു ഉമയ്യതിബ്നു ഖലഫ് (റ)  നബി  (സ) തങ്ങളുടെ തൊട്ടു പിന്നിൽ ആ സ്വഹാബിവര്യൻ നിൽക്കുന്നു നല്ല ശബ്ദമുള്ള ആളാണ് നബി  (സ) തങ്ങൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം അത്യുച്ചത്തിൽ ഏറ്റു പറയുന്നു

അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു  സകല സ്തുതിയും അവനുമാത്രം  ജനങ്ങളേ  എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക ഈ സ്ഥലത്തു വച്ച് ഇനിയൊരിക്കൽ എനിക്കു നിങ്ങളോടു സന്ധിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല

ജനങ്ങളേ നിങ്ങളുടെ രക്തവും സമ്പത്തും അന്ത്യനാൾവരെ പവിത്രമാണ് നിങ്ങളുടെ ഈ ദിവസം പവിത്രമായതുപോലെ ഈ മാസം പവിത്രമായതുപോലെ നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും തീർച്ച നിങ്ങളുടെ കർമങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടും ഈ സന്ദേശം നിങ്ങൾക്കെത്തിക്കുക എന്ന കടമ ഞാൻ നിർവഹിച്ചിരിക്കുന്നു

ആരെങ്കിലും നിങ്ങളുടെ കൈവശം വല്ല സ്വത്തും സൂക്ഷിക്കാൻ ഏൽപിച്ചിട്ടുണ്ടെങ്കിൽ അവ ഉടമസ്ഥർക്കു തിരിച്ചു കൊടുക്കുക എല്ലാ പലിശകളും നിരോധിച്ചിരിക്കുന്നു അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബിനു കിട്ടാനുള്ള എല്ലാ പലിശയും ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു

ജാഹിലിയ്യ കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ അസാധുവായിരിക്കുന്നു ഇബ്നു റബീഅ ബ്നു ഹാരിസ് ബ്നു അബ്ദിൽ മുത്വലിബിന്റെ വധത്തെത്തുടർന്നുള്ള കുടിപ്പക ആദ്യമായി ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു അനിസ്ലാമിക കാലത്തെ സകലവിധ കുലമഹിമകളും പദവികളും അസാധുവാണ് ജനങ്ങളേ

യുദ്ധം നിരോധിക്കപ്പെട്ട വിശുദ്ധ മാസങ്ങളിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തുന്നത് കടുത്ത അവിശ്വാസമാകുന്നു സത്യനിഷേധികൾ അതുമൂലം വഴിപിഴച്ചു പോകുന്നു

അല്ലാഹു ആകാശഭൂമികൾ സൃഷ്ടിച്ച നാൾ മുതൽ അവന്റെ വ്യവസ്ഥയനുസരിച്ച് അവ ചലിക്കുന്നു അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു അവയിൽ നാലെണ്ണം പവിത്രമാകുന്നു  മൂന്നെണ്ണം ക്രമത്തിൽ വരുന്നു ദുൽഖഹ്ദ്,ദുൽഹജ്ജ് ,മുഹർറം ഒന്ന് ഒറ്റപ്പെട്ടതാണ് -ജമാദുൽ ആഖിറിനും ശഹ്ബാനും മധ്യേയുള്ള റജബ്

ജനങ്ങളേ (പുരുഷൻമാർക്ക്)  നിങ്ങൾക്കു സ്ത്രീകളോടു ചില ബാധ്യതകളുണ്ട് സ്ത്രീകൾക്കു പുരുഷന്മാരോടും നിങ്ങളിഷ്ടപ്പെടാത്തവരെ അവർ വീട്ടിൽ പ്രവേശിപ്പിക്കരുത് സ്ത്രീകൾക്കു മാന്യമായ നിലയിൽ വസ്ത്രവും ഭക്ഷണവും നൽകണം സ്ത്രീകളോടു ദയാവായ്പോടെ പെരുമാറണം അവർ നിങ്ങളുടെ ഇണകളാകുന്നു അല്ലാഹു നിങ്ങളെ ഏൽപിച്ച അമാനത്താണവർ

ജനങ്ങളേ സത്യവിശ്വാസികൾ പരസ്പരം  സഹോദരന്മാരാണ് സഹോദരന്റെ ധനം അവൻ സംതൃപ്തിയോടെ തന്നാലല്ലാതെ നിങ്ങൾക്ക് അനുവദനീയമല്ല എനിക്കു ശേഷം നിങ്ങൾ പരസ്പരം ദ്രോഹിക്കുന്ന സത്യനിഷേധികളായിത്തീരരുത്

ശ്രദ്ധിച്ചു കേൾക്കുക ഞാൻ ഒരു കാര്യം നിങ്ങളിൽ വിട്ടേച്ചാണു പോകുന്നത് അതു മുറികെപ്പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴിപിഴച്ചു പോകുകയില്ല അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു അത്

ജനങ്ങളേ നിങ്ങളുടെ നാഥൻ ഒന്ന് നിങ്ങളുടെ പിതാവ് ഒന്ന് നിങ്ങളെല്ലാം ആദമിന്റെ സന്തതികളാകുന്നു ആദമാകട്ടെ മണ്ണിൽ നിന്നു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു

അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല തഖ്വ്വ (അല്ലാഹുവിനെ സൂക്ഷിക്കുക) കൊണ്ടല്ലാതെ

റബീഅ (റ) നബി  (സ)തങ്ങളുടെ ഓരോ വാക്കും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു  പ്രവാചകൻ തന്റെ പ്രസംഗത്തിനിടയിൽ ശ്രദ്ധിച്ചു കേൾക്കാനും ഓർമയിൽ സൂക്ഷിക്കാനും ആഹ്വാനം ചെയ്തു കൊണ്ടിരുന്നു

റബീഅ (റ) ജനങ്ങളോടു ഇങ്ങനെ വിളിച്ചു ചോദിച്ചു :
ഇത് ഏതു ദിവസമാണെന്നറിയാമോ എന്ന് അല്ലാഹുവിന്റെ റസൂൽ നിങ്ങളോടു ചോദിക്കുന്നു

ഉടനെ ജനങ്ങൾ വിളിച്ചു പറഞ്ഞു :

ഹജ്ജ് ദിവസം

പ്രവാചകൻ പറഞ്ഞു:

നിങ്ങളുടെ ജീവനും ധനവും നിങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതുവരെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു ഈ ദിവസത്തിന്റെ പവിത്രതപോലെ
നബി  (സ)തങ്ങൾ വികാരഭരിതനായിക്കൊണ്ട് ചോദിച്ചു :

അല്ലാഹുവേ ഞാൻ ഈ സന്ദേശം  എത്തിച്ചു കൊടുത്തില്ലേ  ?

നാനാഭാഗത്തുനിന്നും ജനങ്ങൾ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി:

അതേ..... അവിടുന്ന് എത്തിച്ചുതന്നു

അല്ലാഹുവേ നീ സാക്ഷി നീ സാക്ഷി നീ സാക്ഷി  എനിക്കു ശേഷം ഒരു നബിയോ നിങ്ങൾക്കു ശേഷം ഒരു സമുദായമോ ഇല്ല

നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക ദിവസവും അഞ്ച് നേരം നിസ്കരിക്കുക റമളാൻ മാസത്തിൽ നോമ്പെടുക്കുക

സക്കാത്ത് കൊടുക്കുക നിങ്ങളുടെ രക്ഷിതാവിന്റെ മന്ദിരത്തിൽ ചെന്നു ഹജ്ജ് ചെയ്യുക നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക എങ്കിൽ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കും

നാളെ എന്നെക്കുറിച്ചു നിങ്ങളോടു ചോദിക്കപ്പെടും നിങ്ങൾ എന്തു മറുപടി പറയും?

ജനങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞു:

അങ്ങ് ദൗത്യം നിർവഹിച്ചു സന്ദേശം എത്തിച്ചു തന്നു സദുപദേശം നൽകുകയും ചെയ്തു ഇതിനു ഞങ്ങൾ സാക്ഷ്യം വഹിക്കും

ചൂണ്ടുവിരൽ ഉയർത്തി കൊണ്ടു നബി  (സ) പറഞ്ഞു:

അല്ലാഹുവേ നീ സാക്ഷി
അല്ലാഹുവേ നീ സാക്ഷി
അല്ലാഹുവേ നീ സാക്ഷി

ഓർമിക്കുക ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് ഇതെത്തിച്ചുകൊടുക്കട്ടെ ഇത് ചെന്നെത്തുന്നവരിൽ ചിലർ കേട്ടവരിൽ ചിലരെക്കാൾ ഓർക്കുന്നവരായേക്കാം

മുസ്ലിം സമൂഹത്തെ ഇളക്കിമറിച്ച പ്രസംഗമായിരുന്നു അത് അബൂബക്കർ സിദ്ദീഖ്  (റ) ആ പ്രസംഗം കേട്ടു വികാരഭരിതനും ദുഃഖാകുലനുമായി  ഒരു വേർപാടിന്റെ ധ്വനി പ്രസംഗത്തിൽ മുഴങ്ങുന്നതായി അദ്ദേഹത്തിനു തോന്നി  പ്രസംഗത്തിനു ശേഷം ഖസ്വാ എന്ന ഒട്ടകത്തിന്റെ പുറത്തുനിന്നും പ്രവാചകൻ താഴെ ഇറങ്ങി ളുഹ്റും അസ്വറും നിസ്കരിച്ചു.






Part : 242

അറുപത്തിമൂന്ന് ഒട്ടകങ്ങൾ 

അറഫാ പുണ്യ ഭൂമിയിൽ വച്ചു നബി  (സ) തങ്ങൾക്കു ദിവ്യസന്ദേശം ലഭിച്ചു അതിന്റെ ആശയം ഇങ്ങനെയായിരുന്നു
 
ഇന്നേ ദിവസം നിങ്ങൾക്കു ഞാൻ നിങ്ങളുടെ ദീൻ പൂർണമാക്കിത്തന്നിരിക്കുന്നു നിങ്ങളുടെ മേൽ  എന്റെ അനുഗ്രഹം പൂർണമാക്കിത്തരികയും ഇസ്ലാമിനെ നിങ്ങൾക്കു ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു

നബി  (സ) ഈ ഖുർആൻ വചനം അനുയായികളെ ഓതിക്കേൾപിച്ചു അവർക്ക് എന്തെന്നില്ലാത്ത സന്തോഷം ഇസ്ലാം ദീൻ പൂർണമായിരിക്കുന്നു എന്നു ദുടങ്ങിയ ദീനാണിത് ?

ആദം (അ) മുതൽ ഓരോ പ്രവാചകനും ഇതു പ്രചരിപ്പിച്ചു ദീൻ വളർന്നു വന്നു  അന്ത്യപ്രവാചകനും അതേ ദീൻ പ്രചരിപ്പിച്ചു ഇന്നു പരിപൂർണമായി ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ല ഇനി പ്രവാചകൻമാർ വരികയില്ല ദീൻ പരിപൂർണമായിരിക്കുന്നു

ആദം (അ)മുതൽ എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ചത് ഇസ്ലാം ദീൻ തന്നെയാകുന്നു  ഏകനായ അല്ലാഹുവിൽ വിശ്വസിക്കാൻ അവർ ജനങ്ങളോടാവശ്യപ്പെട്ടു മലക്കുകളിലും അന്ത്യനാളിലുമൊക്കെ അവർ വിശ്വസിച്ചു അവസാനകാലം അന്ത്യപ്രവാചകൻ ആഗതനാകുമെന്നും അവർക്കറിയാമായിരുന്നു അല്ലാഹു അവർക്കത് അറിയിച്ചു കൊടുത്തിരുന്നു മുഹമ്മദ് നബി  (സ) തങ്ങൾ  ആ പ്രവാചകൻ മുഴുവൻ  ജനങ്ങളിലേക്കുമുള്ള  പ്രവാചകനാണെന്നവർ മനസ്സിലാക്കി

എല്ലാ കാലത്തേക്കുമുള്ള പ്രവാചകൻ.  മുൻകാല പ്രവാചകന്മാർ അങ്ങനെയായിരുന്നില്ല ഒരു പ്രത്യേക കാലഘട്ടത്തിലേക്കുള്ള പ്രവാചകൻ ഒരു പ്രത്യേക സമുദായത്തിലേക്കുള്ള പ്രവാചകൻ  അതായിരുന്നു അവരുടെ അവസ്ഥ

ഒരേ കാലത്തുതന്നെ രണ്ടു പ്രവാചകന്മാരുണ്ടായിട്ടുമുണ്ട് അവരെല്ലാം പ്രചാരണം നടത്തിയിരുന്നത് ഇസ്ലാം തന്നെ ഇന്ന് ഇസ്ലാം ദീൻ പൂർത്തിയായി ഇനി ദീനിൽ ഒരു വിധിയും വരാനില്ല അല്ലാഹു തൃപ്തിപ്പെട്ട ദീൻ പരമാധികാരിയായ അല്ലാഹുവിന്റെ കൽപനകൾക്കു കീഴ്പെട്ടു ജീവിക്കുക ഈ ലോകത്തും പരലോകത്തും വിജയം ദീനിന്റെ പൂർത്തീകരണത്തിനു സാക്ഷികളാകാൻ കഴിഞ്ഞതിൽ സ്വഹാബത്തിനു സന്തോഷം

അബൂബക്കർ  (റ) ദുഃഖം സഹിക്കാതെ കരഞ്ഞുപോയി എന്താ കാരണം? പൂർത്തിയായാൽ പിന്നെ പ്രവാചകന്റെ സാന്നിധ്യം ആവശ്യമില്ല പ്രവാചകൻ വിടപറയാൻ അടുത്തിരിക്കുന്നുവെന്നാണു സൂചന അതു മനസ്സിലാക്കാൻ അബൂബക്കർ  (റ)വിനു കഴിഞ്ഞു

പുണ്യം നിറഞ്ഞ അറഫയോടു വിട രാത്രി മുസ്ദലിഫയിൽ കഴിച്ചുകൂട്ടി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ ഇറങ്ങുന്ന ഭൂമി ഒരു രാത്രി കടന്നു പോയി രാവിലെ യാത്ര മശ്ഹറുൽ ഹറാമിൽ എത്തിച്ചേർന്നു അവിടെനിന്നു മിനായിലേക്കു നീങ്ങി കല്ലേറ്

സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്രാഹിം നബി  (അ)കൊച്ചു കുട്ടി ഇസ്മാഈൽ നബി(അ)നെയും കൊണ്ടുവന്ന സ്ഥലം പിശാച് കുതന്ത്രവുമായി വന്നു എറിഞ്ഞോടിച്ചു നബി  (സ) തങ്ങൾ കല്ലേറ് നടത്തി സ്വഹാബികളും കല്ലെറിഞ്ഞു.

ഇനി ബലി നടത്തണം അറുപത്തിമൂന്ന് വർഷങ്ങൾ നബി (സ) തങ്ങളുടെ ജീവിതം അറുപത്തിമൂന്നിലെത്തിനിൽക്കുന്ന നബി  (സ) തങ്ങൾ അറുപത്തി മൂന്ന് ഒട്ടകങ്ങളെ നിരത്തി നിറുത്തി

അറുപത്തി മൂന്ന് വർഷങ്ങൾക്ക് അറുപത്തിമൂന്ന് ഒട്ടകങ്ങൾ ഓരോ വർഷത്തിനും ഓരോ ഒട്ടകം അവയെല്ലാം ബലിയർപിക്കപ്പെടാൻ പോകുന്നു സ്വഹാബികൾ അതിനു സാക്ഷി പ്രവാചകനെ കണ്ട കണ്ണുകൾ അവ ഒട്ടകങ്ങളിൽ പതിഞ്ഞു ഓരോ ഒട്ടകങ്ങളായി ബലിയർപിക്കപ്പെട്ടു സ്വഹാബികളും പ്രവാചകനെ അനുകരിച്ചു പ്രവർത്തിക്കുന്നു  നബി  (സ)തങ്ങൾ തലമുടി നീക്കി സ്വഹാബികൾ ബലിയർപിക്കപ്പെട്ട ഒട്ടകങ്ങളുടെ മാംസം വേവിച്ചു അവരോടൊപ്പം പ്രവാചകനും ആഹാരം കഴിച്ചു

ഹജ്ജിന്റെ കർമ്മങ്ങൾ സ്വഹാത്തിനെ പഠിപ്പിച്ചു കഴിഞ്ഞു ത്വവാഫുൽ ഇഫാള ,ജംറകളെ എറിയൽ,മിനായിലെ താമസം, വിടവാങ്ങൽ ത്വവാഫ് എല്ലാം അനുയായികൾ പഠിച്ചു ഹാജരുള്ളവർ ഹാജരില്ലാത്തവരെപഠിപ്പിച്ചു ആ തലമുറ പിൻതലമുറയെ പഠിപ്പിച്ചു ഇന്നും വള്ളിപുള്ളി തെറ്റാതെ നടന്നു വരുന്നു.


Part : 243

നേതൃത്വത്തെ അനുസരിക്കുക 

ഹജ്ജത്തുൽ വദാഹ് കഴിഞ്ഞു ഇനി സ്വദേശങ്ങളിലേക്കു മടക്കം ഇത്രയും നാൾ എല്ലാവരും ഒന്നിച്ചായിരുന്നു ഒന്നിച്ചു യാത്ര, ഒന്നിച്ചിരുന്നു ഭക്ഷണം, ഒന്നിച്ചുറക്കം  പ്രാവാചക സാമീപ്യം അവരെ ധന്യരാക്കി അനുചരന്മാർ പ്രവാചകനോടു യാത്ര പറയുകയാണ് വേർപാടിന്റെ ദുഃഖം പ്രവാചകൻ കാരുണ്യത്തോടെ അവരെ നോക്കി

എന്റെ ഉമ്മത്ത് അവരെ ഒരുമിച്ചുകൂട്ടി ഹജ്ജിന്റെ അമലുകൾ പഠിപ്പിച്ചു കൊടുത്തു ഇനിയവർ പിരിഞ്ഞു പോകട്ടെ വരുംതലമുറകൾക്ക് അവർ ദീൻ പഠിപ്പിച്ചു കൊടുക്കട്ടെ നബി  (സ)തങ്ങൾ മദീനയിലേക്കു പുറപ്പെടാൻ തയ്യാറെടുത്തു കണ്ണുകൾ നനഞ്ഞു ഖൽബുകൾ തേങ്ങി

യമൻകാർ യമനിലേക്കു മടങ്ങാനൊരുങ്ങുന്നു ഹളർ മൗത്തുകാർ അവിടേക്കു പോകാനൊരുങ്ങുന്നു നജ്ദുകാർ നജ്ദിലേക്കും തിഹാമക്കാർ തിഹാമയിലേക്കും പോകാൻ തയ്യാറെടുത്തു

അസ്സലാമു അലയ്ക.... യാ റസൂലല്ലാഹ്....വിവിധ ദേശക്കാർ സലാം പറയുന്നു സ്വരത്തിനു തേങ്ങലിന്റെ  ഈണം നബി  (സ) പ്രത്യഭിവാദ്യം ചെയ്യുന്നു ഇതവസാനത്തെ കാഴ്ചയാണെന്ന് അവരോർത്തുകാണുമോ ? ഇനിയൊരു ഹജ്ജിന് ഇവിടെ വരാൻ നബി  (സ)തങ്ങൾക്കാവില്ലെന്ന് അവരോർത്തു കാണുമോ എന്തോ ?

സംഘങ്ങൾ മടങ്ങുന്നു അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹജ്ജ് ചെയ്തു എന്തൊരനുഭൂതി അറഫയിലെ പ്രസംഗം അതു ചെവിയിൽ മുഴങ്ങുന്നു എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു മനുഷ്യരുടെ ഇഹ പര വിജയത്തിനാവശ്യമായ എന്തെല്ലാം കാര്യങ്ങൾ കേട്ടു ചില വചനങ്ങൾ മനസ്സിനെ ഇളക്കിമറിച്ചു അവർ അക്കാര്യം ഓർത്തു വികാരഭരിതരായിമാറുന്നു

അഹ്ലുബയ്തിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ അതു മനസ്സിൽ തറച്ചു പോയി

നിങ്ങളുടെ പക്കൽ രണ്ടു മഹത്തായ കാര്യങ്ങൾ ഏൽപിച്ചിട്ടാണു ഞാൻ പോകുന്നത്  ഒന്ന്: അല്ലാഹുവിന്റെ വേദം അതിൽ സന്മാർഗവും പ്രകാശവുമുണ്ട് അല്ലാഹുവിന്റെ കിതാബിനെ നിങ്ങൾ മുറുകെ പിടിച്ചു കൊള്ളുക

രണ്ടാമത്തേത് എന്റെ അഹ്ലു ബയ്താണ് എന്റെ കുടുംബം നിങ്ങളുടെ നാഥന്റെ പേരിൽ ഞാൻ ഓർമപ്പെടുത്തുന്നു  എന്നെ ആരു സ്നേഹിക്കുന്നുവോ അവൻ അലിയെയും സ്നേഹിക്കട്ടെ

അല്ലാഹുവേ അലിയെ ആർ സ്നേഹിക്കുന്നുവോ അവനെ നീയും സ്നേഹിക്കേണമേ  സ്വഹാബികൾ വികാരഭരിതരായി ആ വാക്കുകൾ ഓർക്കുന്നു

അഹ്ലു ബയ്ത് 

അലി(റ)വിലൂടെയും ഫാത്വിമ (റ)യിലൂടെയും അഹ്ലു ബയ്ത് നിലനിൽക്കുന്നു  അഹ്ലു ബയ്ത് പിൽക്കാലത്തു ലോകം മുഴുവൻ വ്യാപിച്ചു സമുദായത്തിന്റെ അഭയകേന്ദ്രമാണ് അഹ്ലു ബയ്ത്  പ്രവാചകന്റെ കുടുംബം അവരെ ആദരിക്കണം അവരെ ആദരിക്കുന്നതിലൂടെ പ്രവാചകനെയാണു നാം ആദരിക്കുന്നത്

നബി  (സ) തങ്ങൾ മരണത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ അവർ വേദനയോടെ ഓർമിച്ചു

ജനങ്ങളേ ഞാനും മനുഷ്യനാണ് അല്ലാഹുവിന്റെ മരണ ദൂതൻ അതിവേഗം വന്നേക്കും ഞാൻ ആ ദൂതനെ സ്വീകരിക്കേണ്ടതുണ്ട്

ആ വാക്കുകൾ ഓർക്കുമ്പോൾ അവർ മൂകരായിപ്പോകുന്നു മനസ്സിൽ തട്ടിയ മറ്റൊരു കാര്യം ഓർമ്മയിൽ വരുന്നു നേതൃത്വത്തെ അനുസരിക്കാനുള്ള കൽപ്പന

മൂക്ക് കീറിയ ഒരു കറുത്ത അബ്സീനിയൻ അടിമ നിങ്ങളുടെ നേതാവായിരുന്നാൽ അല്ലാഹുവിന്റെ കൽപനകൾക്കനുസരിച്ച് അവൻ നിങ്ങളുടെ മേൽ ഭരണം നടത്തിയാൽ അവനു കീഴ് വഴങ്ങി നിങ്ങൾ ജീവിക്കണം

നേതാവിന്റെ കുലമഹിമ നോക്കണ്ട തറവാടു നോക്കണ്ട നേതാവ് അല്ലാഹുവിനെ അനുസരിക്കുന്ന കാലത്തോളം അദ്ദേഹത്തെ അനുസരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരാണ്

എന്തൊരു ദൂരക്കാഴ്ചയുള്ള പ്രഖ്യാപനം അന്ത്യനാൾവരെ അതു പ്രസക്തമാണ്  കുറ്റം ചെയ്തവൻ ആ കുറ്റത്തിന് ഉത്തരവാദിയാണ് പിതാവു ചെയ്ത കുറ്റത്തിനു മകൻ ഉത്തരവാദിയല്ല മകൻ ചെയ്ത കുറ്റത്തിനു പിതാവ് ഉത്തരവാദിയാവുകയില്ല അങ്ങനെ എത്രയെത്ര ഉപദേശങ്ങൾ  മറക്കില്ല മരണംവരെ മറക്കില്ല മനസ് അത്രയ്ക്ക് ഇളകിമറിഞ്ഞുപോയിട്ടുണ്ട് ആ പ്രസംഗത്തിലെ സന്ദേശങ്ങൾ അറഫയിലെത്താത്തവർക്ക് എത്തിച്ചു കൊടുക്കണം എത്രയും വേഗം യാത്രയ്ക്കു വേഗം കൂടി.


Part : 244

ഒരു യുവനേതാവ് 

ഹജ്ജ് കർമം നിർവഹിച്ചു മദീനയിൽ തിരിച്ചെത്തി അവിടെ ഭരണകാര്യങ്ങൾ മുറപോലെ നടക്കുന്നു അറേബ്യയുടെ ദക്ഷിണ ഭാഗത്തെക്കുറിച്ചു പ്രവാചകന് ആശങ്കയൊന്നുമില്ല ഉത്തര ഭാഗത്തെക്കുറിച്ചു സന്ദേഹം ബാക്കിനിൽക്കുന്നു

റോമാ സാമ്രാജ്യം വളരെ ശക്തമാണ് അവരുടെ ഭാഗത്തുനിന്ന് ഇനിയും ഒരാക്രമണം ഉണ്ടായിക്കൂടിന്നില്ല ഉത്തഭാഗത്തുള്ള അതിർത്തി പ്രദേശങ്ങളിലെ കുഴപ്പങ്ങൾ അവസാനിപ്പിക്കാനാണു മുഹ്ത്ത യുദ്ധം നടന്നത്

പക്ഷേ പ്രശ്നങ്ങൾ അവസാനിച്ചില്ല അത് രൂക്ഷമാകുകയാണുണ്ടായത് നബി  (സ)തങ്ങൾ നേരിട്ടു സൈന്യത്തെ നയിച്ചു തബൂക്കിലേക്ക് റോമാ സൈന്യം യുദ്ധരംഗത്തു വരാതെ അവർ തന്ത്രപൂർവ്വം പിൻവാങ്ങിക്കളഞ്ഞു

നബി  (സ)തങ്ങൾ അതിർത്തി പ്രദേശത്തെ പല ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കി അവിടെ ശാന്തത കൈവന്നു എന്നാലും അവിടെ പ്രശ്നങ്ങൾ അനിയന്ത്രിതമായിക്കൂടെന്നില്ല സൈന്യത്തെ അയച്ചു സ്ഥിതിഗതികൾ നേരെയാക്കണം ഒരു സൈന്യത്തെ സജ്ജമാക്കി ആദ്യകാല സ്വഹാബികൾ പലരും സൈന്യത്തിലുണ്ട്

സൈന്യത്തിന്റെ നേതൃത്വം ഏൽപിച്ചതു സയ്ദ് ബ്നു ഹാരിസയുടെ പുത്രൻ ഉസാമ (റ) നെയായിരുന്നു

ആരാണ് ഉസാമ (റ)?

അദ്ദേഹത്തിന്റെ പിതാവിനെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട് റസൂലിന്റെ വളർത്തുപുത്രൻ സയ്ദ് ബ്നു ഹാരിസ്  (റ) ഹാരിസിന്റെ മകൻ സയ്ദ്
സയ്ദ് വളർന്നു വലുതായി ഇസ്ലാം ദീനിനു മഹത്തായ സേവനങ്ങൾ നൽകി യുദ്ധങ്ങളിൽ പങ്കെടുത്തു പ്രവാചകനോടൊപ്പം ഉറച്ചു നിന്നു

സയ്ദ് ബ്നു ഹാരിസ്  (റ) മുഹ്ത്ത യുദ്ധത്തിന്റെ നായകനായിരുന്നു ശത്രുക്കളുടെ അമ്പുകൾ ശരീരത്തിൽ ഇടതടവില്ലാതെ വന്നു തറച്ചു കൊണ്ടിരുന്നു രക്തം വാർന്നൊഴുകി ശക്തി ക്ഷയിച്ചു യുദ്ധക്കളത്തിൽ വീണു വീരരക്തസാക്ഷിയായി

ആ സയ്ദ്  (റ)വിന്റെ ഓമന മകനാണ് ഉസാമ (റ) ഇരുപതു വയസ്സുപോലും തികയാത്ത ചെറുപ്പക്കാരൻ ആ ചെറുപ്പക്കാരനെയാണ് വിദൂര ദിക്കിൽ നടക്കുന്ന യുദ്ധത്തിന്റെ നായകനാക്കിയത്

ഇതു പലർക്കും അതിശയമായി പ്രഗത്ഭരായ എത്ര സ്വഹാബികളുണ്ട് അവരിൽ ആരെയെങ്കിലും നേതാവാക്കിക്കൂടെ  അടക്കിപ്പിടിച്ച സംസാരം അതങ്ങനെ പ്രചരിച്ചുകൊണ്ടിരുന്നു

അബൂമുവയ്ഹിബ് (റ) പ്രസിദ്ധനായ സ്വഹാബിവര്യൻ നബി  (സ)തങ്ങളുമായി അടുത്തു ബന്ധപ്പെടുന്ന പരിചാരകൻ അദ്ദേഹം ഒരു സംഭവം വിവരിക്കുന്നു നമുക്കു ശ്രദ്ധിക്കാം :

തണുപ്പുള്ള രാത്രി തണുത്ത കാറ്റടിക്കുന്നു നബി(സ)തങ്ങൾ വിരിപ്പിൽ നിന്നെഴുന്നേറ്റു അബൂമുവയ്ഹിബ് (റ) നബി  (സ) വിളിച്ചു
ഇരുവരും കൂടി വീട്ടിൽ നിന്നിറങ്ങി അബൂമുവയ്ഹിബ് (റ) നബി  (സ) തങ്ങളോടൊപ്പം നടന്നു മുസ്ലിംകളുടെ ഖബറുകൾ നിറഞ്ഞ ബഖീഇലേക്കാണു യാത്ര

ദീനുൽ ഇസ്ലാമിനുവേണ്ടി ത്യാഗങ്ങൾ സഹിച്ച നിരവധിപേർ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു മഹാന്മാരായ സ്വഹാബികളുടെ ഖബറുകൾ നബി  (സ) തങ്ങൾ അവിടെയെത്തി അവിടെ അന്ത്യവിശ്രമം കൊള്ളുന്നവർക്കു സലാം ചൊല്ലി ഖബറുകൾക്കിടയിലൂടെ നടന്നു ഖബറുകൾക്കു മധ്യേ നിന്നു എന്നിട്ടവരോടു സംസാരിച്ചു അവർക്കു ദുആ ചെയ്തു

ഖബറുകളിൽ അന്ത്യവിശ്രമംകൊള്ളുന്നവരേ നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ നിങ്ങളുടെ അവസ്ഥ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ അനുഗ്രഹീതം കുഴപ്പങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വരാൻ പോകുന്നു പിന്നാലെ വരുന്നത് ആദ്യം വരുന്നതിനെക്കാൾ മാരകമായിരിക്കും
നബി  (സ)അബൂമുവയ്ഹിബിന്റെ നേരെ തിരിഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു:

അബൂമുവയ്ഹിബ് ....ഭൗതികമായ ഖജനാവുകളുടെ താക്കോലുകൾ എനിക്കു മുമ്പിൽ വയ്ക്കപ്പെട്ടു എല്ലാ സുഖ സൗകര്യങ്ങളും ആഡംബരങ്ങളും  നിറഞ്ഞ ഐഹിക ലോകം

പാരത്രിക ലോകമോ ഐഹികലോകമോ ഏതു വേണമെന്നു ചോദിക്കപ്പെട്ടു
ഞാൻ പാരത്രിക ലോകം തിരഞ്ഞെടുത്തു എന്റെ നാഥനുമായുള്ള കൂടിക്കാഴ്ച അതു ഞാൻ തിരഞ്ഞെടുത്തു നബി  (സ)ബഖീഇൽ നിന്നു മടങ്ങി അബൂമുവയ്ഹിബ് (റ)ഈ സംഭവം ചിലരോടു പറഞ്ഞു.


Part : 245

ഏഴു കിണറ്റിലെ ജലം

ഹിജ്റ 11  , സഫർ മാസം 29

ജന്നത്തുൽ ബഖീഇൽ അന്നൊരു മയ്യിത്ത് ഖബറടക്കൽ നടന്നു  നബി(സ) തങ്ങൾ അതിൽ പങ്കെടുക്കാൻ പോയി അവിടെ നിന്നു മടങ്ങുമ്പോൾ നേർത്ത തലവേദന തോന്നി പിന്നെ അതു വർധിച്ചു കലശലായ തലവേദന എന്തൊരു തലവേദന

ശരീരത്തിന്റെ ഊഷ്മാവു വർധിച്ചു നല്ല പനി വല്ലാത്ത ക്ഷീണം നബി  (സ) തങ്ങൾക്കു രോഗം ഇതിനു മുമ്പു കടുത്ത രോഗം വന്നിട്ടില്ല

രോഗവിവരം ഭാര്യമാരെ വിഷമിപ്പിച്ചു പുറത്തറിഞ്ഞപ്പോൾ എല്ലാർക്കും പ്രയാസം

ഹിജ്റ ആറാം വർഷത്തിൽ  ഒരു രോഗം വന്നു അന്നു ഭക്ഷണത്തോടു വെറുപ്പു തോന്നി പിന്നെ രോഗം മാറി ഹിജ്റ ഏഴാം വർഷത്തിൽ വിഷം കലർന്ന മാംസം ചവച്ചതിന്റെ ഫലമായും രോഗം വന്നു

അതിന്റെ ശല്യം ഇടക്കിടെ ഉണ്ടാകാറുണ്ട് ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല

പതിമൂന്നു ദിവസം രോഗം നീണ്ടുനിന്നു രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്വം നൽകാൻ പള്ളിയിലെത്തും നല്ല വേദന അനുഭവിച്ചുകൊണ്ടാണു നിസ്കാരത്തിനു നേതൃത്വം നൽകുന്നത്

പള്ളിയിലാകെ വിഷാദം  നിറഞ്ഞു നിസ്കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും നാളെ ഞാൻ എവിടെയായിരിക്കും ?

നബി  (സ) തങ്ങൾ പത്നിമാരോടു ചോദിച്ചു ഇങ്ങനെ ചോദിക്കുന്നതെന്തിനാണ് ?

ഭാര്യമാർ പരസ്പരം ചോദിച്ചു അവർക്കു കാര്യം പിടികിട്ടി ആഇശ (റ)യുടെ വീട്ടിലെത്താൻ സമയമായോ എന്നാണു ചോദിക്കുന്നത് അവർ ഒരു തീരുമാനത്തിലെത്തി രോഗം സുഖപ്പെടുന്നതുവരെ ആഇശ (റ)യുടെ വീട്ടിൽ താമസിക്കട്ടെ

ഭാര്യമാർ ഈ തീരുമാനം പ്രവാചകനെ അറിയിച്ചു ആ മുഖത്തു പ്രസന്നഭാവം അവരുടെ തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു ഒറ്റയ്ക്ക് നടന്നു പോകാനാകില്ല രണ്ടു പ്രമുഖ സ്വഹാബികൾ സഹായത്തിനെത്തി

അബ്ബാസ്  (റ),അലിയ്യ് ബ്നു അബീത്വാലിബ് (റ) ഇവരുടെ ചുമലിൽ പിടിച്ചു കൊണ്ടാണു നബി  (സ)ആഇശ (റ)യുടെ വീട്ടിലെത്തിയത്

വീടെന്നു പറഞ്ഞാൽ പള്ളിയോടു ചേർന്നുള്ള മുറിയാണ് അവസാനത്തെ ഒരാഴ്ച അവിടെയാണു താമസിച്ചത് വിശുദ്ധ ഖുർആനിലെ അവസാനത്തെ രണ്ടു ചെറിയ സൂറത്തുകളാണു മുഅവ്വിദതയ്നി
ഖുൽ അഊദു ബിറബ്ബിൽ ഫലഖ് ,ഖുൽ അഊദു ബിറബ്ബിന്നാസ്

ഈ സൂറത്തുകൾ ഓതിയാൽ വമ്പിച്ച പ്രതിഫലം ലഭിക്കും ഇവ ഓതി മന്ത്രിക്കാം രോഗാവസ്ഥയിലും മറ്റും ഓതി മന്ത്രിച്ചാൽ ആശ്വാസം കിട്ടും പനിയും തലവേദനയും  വർധിച്ചു വരുമ്പോൾ ആഇശ(റ) ഈ സൂറത്തുകൾ ഓതി നബി  (സ)തങ്ങളെ മന്ത്രിക്കും നേർത്ത ആശ്വാസം തോന്നും അപ്പോൾ മുഖം തെളിയും

നബി  (സ)തങ്ങൾ പല ദുആകളും അവരെ പഠിപ്പിച്ചിരുന്നു അവയെല്ലാം ഓർമയിലുണ്ട്  അവ ഓതി മന്ത്രിക്കേണ്ട ഘട്ടമാണിത്  ആഇശ (റ) അത്തരം ദുആകൾ ഓതുന്നു മന്ത്രിക്കുന്നു ശരീരം തടവിക്കൊടുക്കുന്നു ഭർത്താവിന്റെ വേദന ഭാര്യയെ അസ്വസ്ഥയാക്കുന്നു

അതൊരു ബുധനാഴ്ചയായിരുന്നു പ്രവാചകന്റെ ജീവിതത്തിലെ അവസാനത്തെ ബുധനാഴ്ച പനി കഠിനമായി എന്തൊരു ചൂട് വേദന വർധിച്ചു ബോധക്ഷയം സംഭവിച്ചു   ബോധം തെളിഞ്ഞപ്പോൾ പ്രവാചകൻ ഇങ്ങനെ പറഞ്ഞു:

ഏഴു കിണറുകളിൽ നിന്ന് ഏഴു പാത്രം വെള്ളം കൊണ്ടു വരിക
ആളുകൾ പാത്രങ്ങളുമായി ഓടി ഏഴു കിണറുകളിൽ നിന്ന് ഏഴു പാത്രം വെള്ളം കൊണ്ടു വന്നു  അപൂർവ സ്വഭാവമുള്ള ഒരു കുളി കുറച്ചു നേരം ഇതു തുടർന്നു മതി മതി  ഇനി മതി  നബി  (സ) തങ്ങൾ പറഞ്ഞു കുളി നിർത്തി നേർത്ത ആശ്വാസം മുഖം തെളിഞ്ഞു സംസാരിക്കാൻ കഴിയുന്നു തലവേദന വിട്ടുമാറിയില്ല വേദന കൂടിയപ്പോൾ തലയിൽ തുണികൊണ്ടു കെട്ടി.


Part : 246

കണ്ണു നനച്ച പ്രസംഗം 

ഒരു സൈനിക നീക്കത്തെക്കുറിച്ചു നേരത്തെ പറഞ്ഞിരുന്നല്ലോ ഉസാമ (റ) ന്റെ നേതൃത്വത്തിൽ

ഉസാമ (റ) നബി  (സ) തങ്ങളുടെ കൽപ്പന സ്വീകരിച്ചു സിറിയൻ അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിന്റെ ഒരുക്കം തുടങ്ങി  മദീനക്കു സമീപമുള്ള ജുർഫ് എന്ന സ്ഥലത്തേക്കു നീങ്ങി

അപ്പോഴാണു നബി  (സ) തങ്ങൾ രോഗബാധിതനായ വിവരം അറിയുന്നത് പെട്ടെന്നു മദീന വിടാൻ വിഷമമായി താൽക്കാലികമായി യാത്ര നീട്ടിവച്ചു  ഉസാമ (റ) ധൃതിയിൽ മസ്ജിദുന്നബവിയിലേക്കു വന്നു അപ്പോഴാണു രോഗത്തിന്റെ വിശദവിവരങ്ങൾ ലഭിച്ചത്

ഉസാമ (റ)വിനെ സൈന്യാധിപനാക്കിയതിനെക്കുറിച്ചുള്ള സംസാരം അപ്പോഴും തുടരുകയായിരുന്നു ഇതു നബി (സ)തങ്ങളുടെ ചെവിയിലുമെത്തി  ഇതിനെപ്പറ്റി എന്തെങ്കിലും സംസാരിക്കണം സംസാരിക്കേണ്ട ഘട്ടം വന്നിരിക്കുന്നു

ഏഴു കിണറുകളിൽ നിന്നു കൊണ്ടുവന്ന വെള്ളം കൊണ്ടു കുളിച്ച ദിവസം  കുളി കഴിഞ്ഞു വസ്ത്രം മാറ്റി തലവേദന കാരണം തലയിൽ വരിഞ്ഞുകെട്ടി പരസഹായത്തോടെ പള്ളിയിലെത്തി മിമ്പറിൽ ഇരുന്നു അല്ലാഹുവിനെ സ്തുതിച്ചു  ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തവരെക്കുറിച്ച് ഓർമപ്പെടുത്തി ഉഹുദിൽ ശഹീദായവരെ അനുസ്മരിച്ചു അവർക്കു വേണ്ടി ദുആ ചെയ്തു

അതിനു ശേഷം ഉസാമയെക്കുറിച്ചു പരാമർശിച്ചു ജനങ്ങളേ
ഉസാമയുടെ നേതൃത്വം നിങ്ങൾ അംഗീകരിക്കുക അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചു നിങ്ങൾ പരാതിപ്പെട്ടു. ഓർക്കുക അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ അദ്ദേഹവും നേതൃത്വത്തിനു പറ്റുന്ന ആൾ തന്നെയാണ്

അൽപനേരം നിർത്തി ശക്തി സംഭരിച്ചശേഷം തുടർന്നു: 
ഐഹിക ജീവിതമോ പാരത്രിക ജീവിതമോ രണ്ടിലൊന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു ഒരു ദാസനു നൽകി എന്നാൽ ആ ദാസൻ അല്ലാഹുവിങ്കലുള്ളതു തിരഞ്ഞെടുത്തു സദസ്സ് നിശബ്ദമായിരുന്നു : ചലനമില്ല  തലയിൽ പക്ഷി ഇരിക്കുന്നതുപോലെ നിശ്ചലരായിരുന്നു

സദസ്സിൽ അബൂബക്കർ സിദ്ദീഖ്  (റ)വിന്റെ കരച്ചിൽ
നബി(സ) തങ്ങൾ ആരെപ്പറ്റിയാണു പറഞ്ഞതെന്നു പലർക്കും മനസ്സിലായില്ല അബൂബക്കർ  (റ)വിനു മനസ്സിലായി  നബി(സ)തങ്ങളെത്തന്നെയാണു സൂചിപ്പിച്ചത് അതോർത്തപ്പോൾ കരഞ്ഞുപോയി

തേങ്ങിക്കരഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു:

അങ്ങേക്കു പകരം ഞങ്ങളുടെ ജീവനും മക്കളും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണ്  നബി  (സ)തങ്ങൾ അതു ശ്രദ്ധിച്ചു ആംഗ്യം കാണിച്ചു കൊണ്ടു പ്രവാചകൻ പറഞ്ഞു:

അബൂബക്കർ ധൈര്യമായിരിക്കൂ നബി  (സ)തങ്ങൾ അബൂബക്കർ  (റ)വിനോടിങ്ങനെ പറഞ്ഞു:

എന്റെ സ്വഹാബികളിൽ നിങ്ങളെക്കാൾ എനിക്കു പ്രിയമുള്ളവനായി ഒരാളുമില്ല താങ്കൾ എന്റെ ആത്മമിത്രമാകുന്നു അല്ലാഹു അവന്റെ സന്നിധിയിൽ ഒരുമിച്ചു കൂട്ടുംവരെ ഈ സാഹോദര്യം നിലനിൽക്കും സത്യവിശ്വാസത്തിൽ അടിത്തറയിട്ട സൗഹൃദമാണിത് നബി  (സ)തങ്ങൾ മിമ്പറിൽ നിന്നിറങ്ങി സദസ്സിനോട് ഒരു കാര്യം ഉണർത്തി

മുഹാജിർ സമൂഹമേ  അൻസാറുകൾക്കു നന്മ ചെയ്യുക നന്മ മാത്രം കാംക്ഷിക്കുക മുസ്ലിം സമുദായം എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കും അൻസാറുകൾ ഇന്നുള്ളതു മാത്രം അവർ വർധിക്കുകയില്ല

അവർ എന്റെ സ്വന്തക്കാർ എനിക്ക് അഭയം നൽകിയവർ എന്റെ വിശ്വസ്തരായ സ്വഹാബത്ത് അവർക്കു ഗുണം ചെയ്യുക അവരിൽ ന്യൂനതയുള്ളവരോടു കരുണ കാണിക്കുക അവരോടു വിട്ടുവീഴ്ച ചെയ്യുക

പ്രസംഗം നിർത്തി ആഇശ (റ)യുടെ വീട്ടിലേക്കു മടങ്ങി പ്രസംഗം കാരണമായി വലിയ ക്ഷീണമായി ഗുരുതരമായ പ്രശ്നങ്ങളാണു കൈകാര്യം ചെയ്തത് ഉറങ്ങാൻ കിടന്നു ഉറക്കം വരുന്നില്ല ഊണും ഉറക്കവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു പനിയും തലവേദനയും നിരന്തരം വർധിക്കുകയാണ് ഉറങ്ങാത്ത രാത്രി ആഇശ (റ)യും ഉറങ്ങിയില്ല മറ്റു ഭാര്യമാർക്കും ഉറക്കമില്ല നേരം പുലർന്നു തീരെ വയ്യ പള്ളിയിലേക്കു പോകാൻ പ്രയാസം സുബ്ഹ് നിസ്കാരത്തിന് ആരു നേതൃത്വം നൽകും ?

പള്ളിയിൽ ആളുകൾ വന്നുതുടങ്ങി അവർ ഇമാമിനെ കാത്തിരിക്കുന്നു.


Part : 247

പുതിയ ഇമാം 

നബി(സ) തങ്ങൾക്കു പള്ളിയിലേക്കു നടന്നു ചെല്ലാൻ കഴിയുന്നില്ല മറ്റൊരാളെ ഇമാമായി നിർത്തേണ്ട ഘട്ടം വന്നിരിക്കുന്നു നബി(സ) ആഇശ (റ)യോട് ഇങ്ങനെ ആവശ്യപ്പെട്ടു:

അബൂബക്റിനെ വിളിക്കൂ അദ്ദേഹം ഇമാമായി നിൽക്കട്ടെ

ആഇശ (റ) ഇങ്ങനെ മറുപടി നൽകി:

എന്റെ പിതാവു ലോലഹൃദയനാണ് ഖുർആൻ ഓതുമ്പോൾ കരഞ്ഞുപോകും ഇമാമത്തു നിൽക്കാൻ അദ്ദേഹത്തെക്കൊണ്ടാവില്ല

അബൂബക്റിനെ വിളിക്കൂ  അദ്ദേഹം നിസ്കാരത്തിനു നേതൃത്വം നൽകട്ടെ

വീണ്ടും നബി  (സ) ആവശ്യപ്പെട്ടു

എന്റെ പിതാവു വളരെ ദുർബലനാണ് നിസ്കാരം നയിക്കാൻ മാത്രം അദ്ദേഹം ശക്തനല്ല ആഇശ (റ) ഒന്നുകൂടി പറഞ്ഞു നോക്കി

വേദനകൊണ്ടു പുളയുകയായിരുന്ന പ്രവാചകൻ ശബ്ദമുയർത്തി
അബൂബക്റിനോട് നിസ്കാരത്തിനു നേതൃത്വം നൽകാൻ പറയൂ

നിങ്ങൾ സ്ത്രീകൾ യൂസുഫ് നബിയെ കുടുക്കാൻ നോക്കിയവരല്ലേ....

റസൂൽ (സ) പുതിയ നേതാവിനെ കണ്ടെത്തുകയാണെന്ന് ആഇശ ബീവിക്കു മനസ്സിലായി തങ്ങൾ എന്റെ വീട്ടിലാണ് താൻ സ്വാധീനം ചെലുത്തി പിതാവിനെ നേതൃസ്ഥാനത്ത് എത്തിച്ചതാണെന്ന് ആരെങ്കിലും ധരിച്ചേക്കുമോ അതായിരുന്നു ബീവിയുടെ ഭയം ഇത് ഉറച്ച തീരുമാനമാണ്

ആഇശ (റ)പിന്നെ ഒന്നും പറഞ്ഞില്ല അബൂബക്കർ  (റ)വിനെ വരുത്തി പ്രവാചകൻ അദ്ദേഹത്തോട് നിസ്കാരത്തിനു നേതൃത്വം നൽകാൻ പറഞ്ഞു

അദ്ദേഹം വിഷമിച്ചു പോയി പ്രവാചകനു പകരം താൻ ഇമാമാകുക എങ്ങനെ തനിക്കതിനു കഴിയും?

ഖൽബു കിടുകിടാ വിറച്ചു പള്ളിയിലേക്കു നടന്നു പള്ളി നിറയെ സത്യവിശ്വാസികൾ അവർ സ്വുബ്ഹ് നിസ്കാരം പ്രതീക്ഷിച്ചിരിക്കുകയാണ്

ഇഖാമത് കൊടുത്തു അബൂബക്കർ  (റ) ഇമാമായി നിൽക്കുന്നു പള്ളിയിൽ പ്രവാചകനെ കാണാത്ത ദുഃഖം ആ ദുഃഖത്തോടെ ജനം അണിനിരന്നു അബൂബക്കർ (റ) പരവേശത്തോടെയാണ് നിൽക്കുന്നത്.

അല്ലാഹു അക്ബർ

എങ്ങനെയോ പറഞ്ഞൊപ്പിച്ചു

നിസ്കാരം തുടങ്ങി മനസു നിസ്കാരത്തിൽ മുഴുകി മറ്റു ചിന്തകൾ മറന്നു ഏകനായ ഇലാഹിനുവേണ്ടി നിസ്കരിക്കുന്നു കർമ്മങ്ങൾ പൂർത്തിയാക്കി നിസ്കാരം കഴിഞ്ഞു വല്ലാത്തൊരു പരീക്ഷണം കടന്നുപോയി

നിസ്കാരത്തിനു നേതൃത്വം നൽകാൻ അബൂബക്കർ (റ) വന്നതോടെ നബി  (സ) തങ്ങളുടെ രോഗം ഗുരുതരാവസ്ഥയിലെത്തിയെന്നു മദീനയിലുള്ളവർ മനസിലാക്കി

പ്രവാചകന്റെ രോഗവിവരമറിഞ്ഞു ഉസാമ (റ)വും സൈന്യവും ജുർഫിൽ നിന്നു മദീനയിൽ തിരിച്ചെത്തിയിരുന്നു ഉസാമ (റ)പ്രവാചകനെ കാണാൻ വേണ്ടി മുറിയിലേക്കു കടന്നുചെന്നു സംസാരിക്കാൻ  പ്രയാസപ്പെടുന്ന അവസ്ഥ

ഉസാമ (റ)വിന്റെ മുഖത്തേക്ക് ഉറ്റുനോക്കി പിന്നെ ആ ശരീരം സ്പർശിച്ചു കൈ ഉയർത്തി പ്രാർത്ഥിക്കുവാൻ പറയുന്നതുപോലെ

നബി  (സ)തങ്ങളുടെ അവസ്ഥ കുടുംബാംഗങ്ങളെ എല്ലാം വേദനിപ്പിച്ചു എന്തെങ്കിലും ഔഷധം നൽകണമെന്നു തീരുമാനിച്ചു

മയ്മൂന (റ)യുടെ സഹോദരിയാണു അസ്മാഹ്(റ) അവർ അബ്സീനിയായിലേക്ക് ഹിജ്റ പോയിരുന്നു. അബ്സീനിയായിലെ ജീവിതകാലത്ത് അവർ ഒരു ഔഷധം ഉണ്ടാക്കാൻ പഠിച്ചിരുന്നു. ഫലപ്രദമായ ഔഷധം അവർ അതു തയ്യാറാക്കി 
പ്രവാചകൻ അബോധാവസ്ഥയിലായ ഒരു ഘട്ടത്തിൽ അവർ ഔഷധം കുടിപ്പിച്ചു

ബോധം വന്നപ്പോൾ നബി  (സ) ചോദിച്ചു:

നിങ്ങൾ എന്തിനതു ചെയ്തു അല്ലാഹു എനിക്കു രക്ഷയേകിയ രോഗമാണിത്

രോഗം വന്ന സന്ദർഭത്തിൽ നബി  (സ) തങ്ങളുടെ കൈവശം ഏഴു ദിനാർ ഉണ്ടായിരുന്നു ഇതു ബാക്കിവച്ചുകൊണ്ടു വഫാതാകാൻ പറ്റില്ല അതു ദാനം ചെയ്യാൻ ആഇശ (റ)യെ ഏൽപ്പിച്ചു

വഫാതാകുന്നതിനു ഒരു ദിവസം മുമ്പെ നബി  (സ)തങ്ങൾ ആ ദിനാറിനേക്കുറിച്ചന്വേഷിച്ചു

രോഗം വർദ്ധിച്ചവേളയിൽ ശുശ്രൂഷയിലും മറ്റും വ്യാപൃതയായതിനാൽ അവർ അതു മറന്നുപോയി അത് എന്റെ അടുക്കൽ തന്നെയുണ്ട് ആഇശ (റ) പറഞ്ഞു

അതിങ്ങു കൊണ്ടുവരൂ നബി  (സ)കൽപ്പിച്ചു

ദിനാർ കൊണ്ടുവന്നു

അതു കയ്യിൽ വാങ്ങിക്കൊണ്ടു നബി  (സ) പറഞ്ഞു:

ഇതുമായി ഞാൻ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വന്നിരുന്നെങ്കിൽ ഞാനെന്തു മറുപടി പറയും?

ആ നാണയങ്ങൾ ദാനം ചെയ്തു   


Part : 248

മകളോട് ഒരു രഹസ്യം 

പ്രവാചകനു മരുന്നു നൽകിയതിന്റെ പിറ്റെ ദിവസം പ്രഭാതമായി നേർത്ത ആശ്വാസം വുളൂഹ് എടുത്തു പള്ളിയിൽ സുബ്ഹ് നിസ്കാരം തുടങ്ങിക്കഴിഞ്ഞു അബൂബക്കർ  (റ) ഇമാമായി നിസ്കരിക്കുന്നു

പ്രവാചകൻ ശിരസ്സ് മുറുക്കിക്കെട്ടി അലി(റ)വിന്റെയും ഫള്ൽ ബ്നു അബ്ബാസ്  (റ)വിന്റെയും ചുമലിൽ പിടിച്ചു നടന്നു

പള്ളിയുടെ വാതിൽക്കൽ നബി  (സ) യുടെ മുഖം  അസുഖം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹാബികൾക്കു തോന്നി

നിസ്കാരത്തിലായിരുന്നിട്ടും അവർക്കാഹ്ലാദം ആ സംഘനിസ്കാരം കണ്ടപ്പോൾ പ്രവാചകനും ആഹ്ലാദം നിസ്കാരം തുടരാൻ ആംഗ്യം കാണിച്ചു

അബൂബക്കർ  (റ) പിന്നോട്ടു മാറാൻ തുടങ്ങുകയായിരുന്നു പ്രവാചകൻ അതു തടഞ്ഞു ഇമാമായി തുടരാനാവശ്യപ്പെട്ടു അബൂബക്കർ  (റ)വിന്റെ വലതു ഭാഗത്തു നബി  (സ) തങ്ങൾ ഇരുന്നു ഇരുന്നുകൊണ്ടു നിസ്കാരം നിർവഹിച്ചു

നിസ്കാരത്തിനുശേഷം നബി  (സ) ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

ജനങ്ങളേ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു വലിയ കുഴപ്പങ്ങൾ വരാൻ പോകുന്നു അല്ലാഹുവാണേ സത്യം ഞാനിതിനുത്തരവാദിയല്ല
അല്ലാഹുവാണെ സത്യം ഖുർആൻ അനുവദനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദനീയമാക്കിയിട്ടില്ല ഖുർആൻ  നിരോധിച്ചതല്ലാതെ ഞാനൊന്നും നിരോധിച്ചിട്ടുമില്ല

നബി(സ) തങ്ങൾ ആഇശ (റ)യുടെ വീട്ടിലേക്കു മടങ്ങി സ്വഹാബികൾ ആ പോക്കു നോക്കിനിന്നു ഇന്നു രോഗത്തിനു ശമനം വന്നതുപോലെയുണ്ട് എല്ലാവർക്കും ആഹ്ലാദം  സൂര്യൻ ഉദിച്ചുയർന്നു

ഫാത്വിമ (റ) പിതാവിനെ കാണാൻ  വന്നു സാധരാണഗതിയിൽ മകൾ വന്നാൽ എഴുന്നേറ്റുചെന്നു കെട്ടിപ്പിടിച്ചു സ്വീകരിക്കും കവിളിൽ ചുംബിക്കും തൊട്ടടുത്തു പിടിച്ചിരുത്തി സംസാരിക്കും. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്നതുപോലെ പെരുമാറും

ഫാത്വിമ  (റ) വന്നു പിതാവിനെ ചുംബിച്ചു  മക്കളെല്ലാം മരിച്ചുപോയി ഇനി ഈ മകൾ മാത്രമേയുള്ളൂ എല്ലാവർക്കും കൂടിയുളള സ്നേഹം ഒറ്റ മകൾക്കു നൽകാം പിതാവു പുത്രിയെ ലാളിക്കുന്ന രംഗം കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു  പിതാവു മകളുടെ ചെവിയിൽ എന്തോ പറഞ്ഞു  മകൾ പൊട്ടിക്കരഞ്ഞുപോയി.

അൽപം കഴിഞ്ഞു പിതാവു മറ്റെന്തോ സ്വകാര്യം പറഞ്ഞു  അപ്പോൾ ഫാത്വിമ  (റ)പുഞ്ചിരിതൂകി.

കണ്ടുനിന്നവർക്കു വിസ്മയം എന്തായിരിക്കും ആ രഹസ്യം  ?

ആഇശ (റ) ഇതിനെപ്പറ്റി ഫാത്വിമ  (റ)യോടു ചോദിച്ചു അല്ലാഹുവിന്റെ റസൂലിന്റെ രഹസ്യം വെളിപ്പെടുത്തിക്കൂടെന്നായിരുന്നു ഫാത്വിമ  (റ)യുടെ മറുപടി

നബി(സ) തങ്ങളുടെ വഫാതിനുശേഷം ഫാത്വിമ  (റ)ആ രഹസ്യം വെളിപ്പെടുത്തി

ഒന്നാമതായി ചെവിയിൽ മന്ത്രിച്ച രഹസ്യം ഇതാകുന്നു  ഈ രോഗത്തിൽ നിന്നു ഞാനിനി മോചിതനാവുകയില്ല ഇത് അവസാനത്തെ രോഗമാണ്
ഇതു കേട്ടു സങ്കടം സഹിക്കവയ്യാതെ ഞാൻ കരഞ്ഞു  രണ്ടാമത്തെ രഹസ്യം ഇതായിരുന്നു

മരണശേഷം എന്നോട് ആദ്യമായി വന്നുചേരുന്ന കുടുംബാംഗം നീയായിരിക്കും  അതു കേട്ടപ്പോഴാണു ഞാൻ ചിരിച്ചത്

സ്വർഗത്തിൽ വനികളുടെ നേതാവായിരിക്കും ഫാത്വിമ (റ)

ഫാത്വിമ (റ)യുടെ മക്കളെ കൊണ്ടുവരാൻ പറഞ്ഞു

ഹസൻ (റ) ഹുസയ്ൻ (റ) എന്നീ കുട്ടികളെ കൊണ്ടുവന്നു അവരെ ചേർത്തിരുത്തി ഇളം കവിളുകളിൽ മുത്തം കൊടുത്തു പിന്നെ അവർക്കു നല്ല ഉപദേശങ്ങൾ നൽകി

പത്നിമാരെയെല്ലാം വിളിച്ചു വരുത്തി അവർക്കു നല്ല ഉപദേശങ്ങൾ നൽകി ദുആ ചെയ്തു

വീണ്ടും വേദനയുടെ വേലിയേറ്റം പിതാവിന്റെ പ്രയാസം കണ്ടു ഫാത്വിമ  (റ) കരഞ്ഞു

അപ്പോൾ നബി  (സ) മകളെ ആശ്വസിപ്പിച്ചതിങ്ങനെയായിരുന്നു

പിതാവിന്റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളേ....  നബി(സ) ശക്തമായ ഭാഷയിൽ ഇങ്ങനെ പറഞ്ഞു:

നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക ഗൗരവമായി പരിഗണിക്കുക നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും ശ്രദ്ധിക്കുക
അന്ത്യരോഗത്തിൽപെട്ടു കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്റെ കാര്യമാണു നബി  (സ)സമുദായത്തെ ഉദ്ബോധിപ്പിച്ചിരുന്നത്.


Part : 249

അന്ത്യനിമിഷങ്ങൾ 

ദുനിയാവിലെ ദിവസങ്ങൾ തീരുകയായിരുന്നു ആ പ്രഭാതത്തിൽ ചെറിയൊരു തെളിച്ചം രോഗം ഭേദപ്പെടുകയാണെന്നു കൂടിനിന്നവർക്കു തോന്നി

പള്ളിയിൽ തടിച്ചുകൂടിയ സ്വഹാബാക്കൾക്ക് ആഹ്ലാദം അബൂബക്കർ  (റ) കടന്നുവന്നു സലാം ചൊല്ലി അല്ലാഹുവിന്റെ അനുഗ്രഹത്താൽ അങ്ങേയ്ക്ക് ഇന്നു നല്ല സുഖമുണ്ട് ഞാൻ എന്റെ ഭാര്യയുടെ വീടുവരെ ഒന്നു പോയി വരട്ടെ സമ്മതം തരുമോ? അബൂബക്കർ  (റ)സമ്മതം ചോദിച്ചു.
നബി(സ) സമ്മതം കൊടുത്തു

മദീനയുടെ പ്രാന്തപ്രദേശമായ ശുൻഹ് എന്ന സ്ഥലത്താണ് അവരുടെ വീട് കുറെ നാളായി അങ്ങോട്ടു പോയിട്ട് അദ്ദേഹം ധൃതിയിൽ അങ്ങോട്ടു തിരിച്ചു
ഉമർ (റ) സ്വന്തം വീട്ടിലേക്കു പോയി തന്റെ ജോലികളിൽ വ്യാപൃതനായി
അലി(റ)യും മറ്റു ജോലികൾ കൊണ്ട് തിരക്കിലായി

ആശ്വാസത്തിന്റെ പ്രഭാതം കുറെ നാളായി ഉത്കണ്ഠയായിരുന്നു ഇന്ന് എല്ലാവർക്കും ആശ്വാസം ഇത് അവസാനത്തിനു മുമ്പുള്ള  ഒരു തെളിച്ചം മാത്രമാണെന്ന് അവർ അറിഞ്ഞിരുന്നില്ല

മരണം അടുത്തടുത്തു വരികയായിരുന്നു

മുഖം പ്രസന്നമായിരുന്നെങ്കിലും വേദന ശമിച്ചിരുന്നില്ല നേരിയ ആശ്വാസം മാത്രം വേദന വർധിച്ചു ക്ഷീണം കൂടി

ഒരു പാത്രം തണുത്ത വെള്ളം കൊണ്ടു വരൂ നബി(സ)തങ്ങൾ ആവശ്യപ്പെട്ടു തണുത്ത വെള്ളം കൊണ്ടു വന്നു അതിൽ കൈ മുക്കി മുഖം തടവിക്കൊണ്ടിരുന്നു  ഒരാൾ മിസ് വാക്കുമായി കടന്നുവന്നപ്പോൾ പ്രവാചകൻ അതിലേക്കു നോക്കി

ആഇശ(റ) ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി മിസ് വാക്കു വാങ്ങി പതം വരുത്തി പ്രവാചകൻ ദന്തശുദ്ധി വരുത്തി  വേദനകൂടിക്കൂടി വരികയാണ് ശ്വാസം വലിച്ചു തീരുകയാണ്

അല്ലാഹുവേ മരണവേദനയുടെ ശക്തി കുറച്ചു തരേണമേ

നബി(സ) തങ്ങൾ ആഇശ (റ) യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നു

അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ കൂടെ

അമ്പിയാക്കൾ...സ്വാലിഹീങ്ങൾ,സിദ്ദീഖീങ്ങൾ,ശുഹദാക്കൾ...ഇവരുടെ കൂടെ....ഉന്നത സ്ഥാനത്തേക്കു  ചേർക്കേണമേ ....അല്ലാഹുവേ ....പൊറുത്തു തരേണമേ ..

കണ്ണുകൾ മേൽപോട്ട് ...

നബി  (സ)തങ്ങൾ അത്യാസന്ന നിലയിലാണ് ശരീരം കനക്കുന്നതായി ആഇശ (റ)ക്കു തോന്നി വെപ്രാളത്തോടെ ആ മുഖത്തേക്കു നോക്കി വിറയാർന്ന സ്വരത്തിൽ ആഇശ (റ) ഇങ്ങനെ പറഞ്ഞു:

അല്ലാഹുവാണെ ....അങ്ങേക്കു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടി ഉന്നതമായത് അങ്ങു തിരഞ്ഞെടുക്കുകയും ചെയ്തു....
നിമിഷങ്ങൾ കടന്നുപോയി

അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു പെട്ടെന്നു ശ്വാസം നിലച്ചു കൈകൾ കുഴഞ്ഞു  ആഇശ (റ)യുടെ മടിയിൽ തലവച്ചുകൊണ്ടുതന്നെ നബി(സ)വഫാതായി  

അന്ത്യപ്രവാചകൻ യാത്രയായി ഇനിയൊരു പ്രവാചകനില്ല ഇസ്ലാം ദീൻ പൂർത്തിയായി ദൗത്യം പൂർത്തിയാക്കി പ്രവാചകൻ കടന്നുപോയിരിക്കുന്നു ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ

ആഇശ (റ) തന്റെ മടിയിൽ നിന്നു നബി(സ)തങ്ങളുടെ പുണ്യശിരസ്സ് മെല്ലെ ഉയർത്തി തലയിണയിൽ വച്ചു മുറിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു

ആഇശ (റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി തിളങ്ങുന്ന മുഖവുമായി നബി  (സ)തങ്ങൾ കട്ടിലിൽ കിടക്കുന്നു

ആഇശ(റ)കട്ടിലിൽ നിന്ന് എഴുന്നേറ്റു പതറുന്ന പാദങ്ങൾ നിലത്തു വച്ചു മെല്ലെ നടന്നു സ്ത്രീകളുടെ കൂട്ടത്തിൽ ചേർന്നു എല്ലാം അസ്തമിച്ചു പ്രവാചകനിൽ നിന്നു തനിക്കു കിട്ടിക്കൊണ്ടിരുന്ന പ്രത്യേകമായ പദവികൾ  എല്ലാം ഓർമകളായി മാറി

അവർ വിതുമ്പി രോഗം തുടങ്ങിയതു മുതൽ തന്റെ കൈവലയത്തിലായിരുന്നു ലോകാനുഗ്രഹിയായ പ്രവാചകൻ ഇപ്പോഴിതാ കൈവിട്ടുപോയിരിക്കുന്നു

മദീനാപട്ടണം ഒന്നാകെ ഒഴുകിവരും അറേബ്യ ഒന്നാകെ ഉണരും ഇവിടെ ജനസമുദ്രമായി മാറും ഓർക്കാൻ കഴിയുന്നില്ല ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം

ക്രി.632,ജൂൺ 8.ഹി.11. റബീഉൽ അവ്വൽ 12. തിങ്കളാഴ്ച കാലം മറക്കാത്ത മുഹൂർത്തം .


Part : 250

ദുഃഖസാഗരം 

മദീനാ പട്ടണം മരവിച്ചു നിൽക്കുന്നു

എന്താണു തങ്ങൾ കേട്ടത് ?

റസൂൽ (സ) വഫാതായി എന്നോ ? നബി(സ)തങ്ങൾ മരണപ്പെടുകയോ ?

അതു സംഭവിച്ചിട്ടുണ്ടോ വെറും തോന്നലായിരിക്കുമോ ?

ഇന്നു രാവിലെ പ്രസന്നമായ മുഖം കണ്ടതാണല്ലോ പള്ളിയിൽ ജനങ്ങൾ കണക്കില്ലാതെ തടിച്ചുകൂടി എന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല ഇരുട്ടിൽ തപ്പുന്നവന്റെ അവസ്ഥ വഴി കാണുന്നില്ല

വിളക്കണഞ്ഞുപോയിരിക്കുന്നു ചിലർ വാവിട്ടു കരയുന്നു അതു കാണുമ്പോൾ ദുഃഖം വർധിക്കുന്നു ഇനി ആരാണു തങ്ങൾക്കു നേതൃത്വം നൽകുക ആരു വഴികാണിക്കും ?

ആരുടെ സവിധത്തിലേക്ക് ഓടിച്ചെല്ലും പ്രവാചകനെ കാണാതെ എങ്ങനെജീവിക്കും

കൊടുങ്കാറ്റുപോലെ ഒരാൾ കുതിച്ചുവരുന്നു ജനംവഴിമാറുന്നു  ധീരനായ ഉമറുബ്നുൽ ഖത്താബ് (റ)  നേരെ ആഇശ (റ)യുടെ വീട്ടിലേക്കു കടന്നു ചെന്നു കട്ടിലിൽ നബി  (സ)തങ്ങളുടെ ജനാസ ഒരു തുണികൊണ്ടു മൂടിയിരിക്കുന്നു മുഖത്തു നിന്നു തുണി മാറ്റി  ശാന്തമായ പ്രസന്നവദനം പെട്ടെന്ന് ഉമർ (റ)വിന്റെ മുഴങ്ങുന്ന ശബ്ദം

ഇല്ല.... പ്രവാചകൻ വാഫാതായിട്ടില്ല

പള്ളിയിലുള്ളവർ ഞെട്ടി നബി(സ)മരണപ്പെട്ടിട്ടില്ലേ ? ചിലർക്ക് ആശ്വാസം പ്രതീക്ഷ

റസൂല്ലുല്ലാഹി വഫാതായെന്നു പറയുന്നതു കപടന്മാരാണ് അവരെ ഞാൻ വെറുതെ വിടില്ല ....

നബിതങ്ങൾ ഉണരും എഴുന്നേൽക്കും ....

ഉമർ (റ)പള്ളിയിലൂടെ പാഞ്ഞു നടന്നു അതു കണ്ടു പലരും ആവേശംകൊണ്ടു നബി (സ) മരണപ്പെട്ടിട്ടില്ല. ഉണരും എഴുന്നേൽക്കും

ജനങ്ങൾ ആകപ്പാടെ അങ്കലാപ്പിലായി പ്രവാചകൻ യഥാർത്ഥത്തിൽ മരണപ്പെട്ടിട്ടുണ്ടോ ? അതോ ബോധമറ്റു കിടക്കുകയാണോ ?

ആശങ്കാകുലമായ നിമിഷങ്ങൾ അപ്പോൾ ദുഃഖകുലനായി ഒരാൾ ഓടിക്കിതച്ചു വരുന്നു. അബൂബക്കർ സിദ്ദീഖ്  (റ)

പള്ളിയിലെ രംഗം കണ്ട് അദ്ദേഹം പകച്ചുനിന്നുപോയി ജനങ്ങളോട് ഉച്ചത്തിൽ സംസാരിക്കുന്ന ഉമർ(റ) ഭയാശങ്കകളോടെ നോക്കിനിൽക്കുന്ന ജനങ്ങൾ   നേരെ ആഇശ (റ)യുടെ വീട്ടിലേക്കു നടന്നു ജനാസയുടെ മുഖത്തുനിന്നു വസ്ത്രം മാറ്റി ജനങ്ങൾ നോക്കി നിൽക്കെ മുഖത്തുനിന്നു തുണി നീക്കി മുഖത്തേക്ക് ഉറ്റുനോക്കി ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി ദുഃഖപാരവശ്യത്തോടെ ആ കവിളുകളിൽ ചുംബിച്ചു
അങ്ങ് എത്ര പരിശുദ്ധൻ ;ജീവിതത്തിലും മരണത്തിലും നബി  (സ)തങ്ങളുടെ ശിരസ്സ് കയ്യിൽ താങ്ങി കണ്ടിട്ടുമതി വരുന്നില്ല എന്നിട്ടിപ്രകാരം പറഞ്ഞു:
അല്ലാഹു വിധിച്ച മരണം അങ്ങ് അത് ആസ്വദിച്ചു കഴിഞ്ഞു ഇനി ഒരു മരണമില്ല ... ശിരസ്സിൽ നിന്നു കൈ മാറ്റി മുഖത്തു തുണി ഇട്ടു പള്ളിയിൽ ശബ്ദം മുഴങ്ങുന്നു

അബൂബക്കർ  (റ)പള്ളിയിലേക്കു ചെന്നു എന്നിട്ടു ശബ്ദമുയർത്തിപ്പറഞ്ഞു :
ഉമർ (റ) ശാന്തനാകൂ ...ശാന്തനായിരിക്കൂ ഉമർ അബൂബക്കർ(റ)വിന്റെ ശബ്ദം ഉയർന്നു  എല്ലാവരും ശാന്തരായി അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിനിന്നു

ജനങ്ങളേ മുഹമ്മദ് നബി  (സ)യെ ആരാധിച്ചിരുന്നുവോ എങ്കിൽ അറിയുക മുഹമ്മദ് നബി  (സ)മരണപ്പെട്ടിരിക്കുന്നു

ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അറിയുക അല്ലാഹു മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും ആകുന്നു

ഇത്രയും പറഞ്ഞ ശേഷം ഒരു ഖുർആൻ വചനം ഉദ്ധരിച്ചു ;

മുഹമ്മദ് ഒരു പ്രവാചകൻ മാത്രം മുമ്പു പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട് പ്രവാചകൻ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞോടുകയോ ?പിന്തിരിഞ്ഞാൽ അവൻ അല്ലാഹു ഒരു നഷ്ടവും വരുത്തുന്നില്ല നന്ദി കാണിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകും

ഈ ആശയം വരുന്ന വിശുദ്ധ ഖുർആൻ വാക്യം കേട്ടതോടെ എല്ലാം സ്തംഭിച്ചുനിന്നുപോയി. പഠിച്ചുവച്ച വചനമാണ് തക്ക സമയത്ത് ഓർമവന്നില്ല കേട്ടപ്പോൾ ആദ്യം കേൾക്കുന്നതുപോലെ തോന്നി

ഉമർ (റ) വിതുമ്പിക്കരയുന്നു നബി(സ)തങ്ങൾ വഫാതായിരിക്കുന്നു ആ സത്യം ഉമർ (റ) മെല്ലെ ഉൾക്കൊള്ളുന്നു അതോടെ ശക്തി ചോർന്നുപോകുന്നു തളർന്നിരുന്നുപോയി മദീനാ പട്ടണം ദുഃഖസാഗരമായി മാറി.


Part : 251

മണ്ണിലേക്കു മടങ്ങി

നബി  (സ) തങ്ങളുടെ അടുത്ത ബന്ധുക്കൾ മയ്യിത്തു കുളിപ്പിച്ചു 
അലിയ്യ് ബ്നു അബീത്വാലിബ്(റ) ,അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് (റ) ,അബ്ബാസ് (റ)വിന്റെ പുത്രൻ ഫള്ൽ (റ) മറ്റൊരുപുത്രനായ  ഖുസാം (റ) ,
ഉസാമത് ബ്നു സയ്ദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണു കുളിപ്പിച്ചത് അലി(റ) ദേഹം കഴുകി  ശരീരത്തിൽ സുഗന്ധം പരക്കുന്നു

അതാസ്വദിച്ചുകൊണ്ട് അലി(റ)പറഞ്ഞു:

ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങു സുഗന്ധം പരത്തുന്നു

കുളിപ്പിച്ചു തീർന്നു ശരീരത്തിലെ വെള്ളം തുടച്ചു മൂന്നു തുണികളിൽ പൊതിഞ്ഞു വമ്പിച്ച ജനാവലി എത്തിയിട്ടുണ്ട് അവർക്കു മയ്യിത്തു നിസ്കരിക്കണം

ആദ്യം പുരുഷൻമാർക്ക് അവസരം നൽകാം പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു ആളുകൾ മുറിയിലേക്കൊഴുകി ഓരോരുത്തരായി മയ്യിത്തു നിസ്കാരം നിർവഹിക്കുന്നു

പുറത്തു ജനക്കൂട്ടത്തിൽ വലുപ്പം വർധിച്ചുകൊണ്ടിരുന്നു അവർക്കെല്ലാം നബി  (സ)തങ്ങളെ ഒരു നോക്കു കാണാൻ അവസരം നൽകണം അതിനു ദിവസങ്ങൾ തന്നെ വേണ്ടി വരും

ആദ്യം പുരുഷൻമാർ, പിന്നെ സ്ത്രീകൾ അവസാനം കുട്ടികൾ അങ്ങനെയാണു സന്ദർശനം

സ്വഹാബികൾ യോഗം ചേർന്നു അബൂബക്കർ  (റ)വിനെ നേതാവായി തിരഞ്ഞെടുത്തു

മുസ്ലിംകളുടെ ഒന്നാമത്തെ ഖലീഫ

നബി  (സ) തങ്ങൾക്കു രോഗം വന്നപ്പോൾ നിസ്കാരത്തിനു നേതൃത്വം നൽകാൻ കൽപ്പിച്ചത്  അബൂബക്കർ സിദ്ദീഖ്  (റ) വിനോടായിരുന്നു അടുത്ത  അടുത്ത നേതാവ് അദ്ധേഹമാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്

അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനം ഒഴുകിവരികയാണ് കണ്ണീരും തേങ്ങലും നെടുവീർപ്പുകളും ...

പകലും രാവും കടന്നു പോയി ബുധനാഴ്ച സന്ധ്യയായി സന്ധ്യയോടെ അവസാന കർമ്മങ്ങൾ ആരംഭിച്ചു

നബി  (സ) തങ്ങൾ വഫാതായ അതേ മുറിയിൽത്തന്നെ ഖബ്ർ തയ്യാറാക്കി കുളിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചവർ തന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു

പള്ളിയും പരിസരവും ജനനിബിഡമാണ് അവർ തങ്ങളുടെ നേതാവിനുവേണ്ടി  പ്രാർത്ഥിക്കുന്നു

ദിക്റുകളും വിശുദ്ധ ഖുർആൻ പാരായണം

ഭക്തിനിർഭരമായ അന്തരീക്ഷം നിർത്താതെ സ്വലാത്തു ചൊല്ലുന്നു എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം

ലോകാനുഗ്രഹിയായ പ്രവാചകന്റെ ഭൗതിക ശരീരവും അപ്രത്യക്ഷമാകാൻ പോകുന്നു

മരുഭൂമിയിൽ ഇരുട്ടിനു കനം വച്ചു രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല നീറിപ്പുകയാത്ത ഖൽബുകളില്ല

ലോകചരിത്രത്തിൽ ഇത്രയും ദുഃഖാകുലമായ ഒരു ദിവസമില്ല

ലോകാവസാനംവരെ ഇതുപോലൊരു നാൾ വരാനുമില്ല

ലോകാനുഗ്രഹിയെന്ന് അല്ലാഹു വിശേഷിപ്പിച്ച പ്രവാചകൻ മനുഷ്യവർഗത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി  ഇതാ പോകുകയായി

സമയം പിന്നെയും നീങ്ങി  രണാങ്കണത്തിൽ  വീരേതിഹാസം ചമച്ച ധീരസ്വഹാബികൾ  ദുഃഖത്തിന്റെ പ്രതീകങ്ങളായി നിൽക്കുന്നു

ജനലക്ഷങ്ങൾ നിശ്ശബ്ദമായി നിൽക്കുന്നു ശബ്ദമില്ലാത്ത പ്രാർത്ഥന  അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)തങ്ങളുടെ ജനാസ ഖബ്റിലേക്ക് ഇറക്കിവച്ചു മണ്ണ് ഖബറിലേക്കു നീക്കിയിട്ടു


മണ്ണിൽ നിന്നും നിങ്ങൾ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്കു തന്നെ മടക്കം (അന്ത്യനാളിൽ വിചാരണയ്ക്കു വേണ്ടി) ഒരിക്കൽകൂടി മണ്ണിൽനിന്നും ഉയർത്തെഴുന്നേൽപിക്കപ്പെടും

ഖബർ മണ്ണുകൊണ്ടു മൂടി ആഇശ (റ)യുടെ മുറിയിൽ ഒരു ഖബർ രൂപം കൊണ്ടു  കണക്കില്ലാത്ത ജനം ആ രാത്രിയിൽ തന്നെ ഖബറിടം സന്ദർശിച്ചു അന്നു തുടങ്ങിയ സന്ദർശനം ഇന്നും തുടരുന്നു പതിനാലു നൂറ്റാണ്ടുകൾക്കു ശേഷവും  സന്ദർശകരുടെ  തിരക്കുതന്നെ മദീനാ മുനവ്വറയിലേക്ക്.


നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്.

മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം.

നബി(സ)യുടെ രോഗം മൂര്‍ഛിച്ചത് റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു.

റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നബി(സ) പള്ളിയിലേക്ക് വന്നു സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍.

നബി(സ)യുടെ വഫാത്ത് നടന്നത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം.

നബി(സ)യുടെ മയ്യിത്ത് കുളിപ്പിക്കാന്‍ 6 ആളുകള്‍ ആയിരുന്നു.

മയ്യിത്ത് കുളിപ്പിച്ചവര്‍..

അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ),ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)എന്നിവരാണ്.

നബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്അലി(റ)ന്റെ നെഞ്ചിലേക്കാണ്.

കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവരാണ്.

വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കാതെ അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.

നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവരാണ്.

കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞു:”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”

മൂന്ന് വസ്ത്രത്തിലാണ് നബി(സ)യെ കഫന്‍ ചെയതത്.

കഫന്‍ ചെയ്യാന്‍ ഉപയോഗിച്ച വസ്തം യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.

മരണകാരണമായ രോഗസമയത്ത് നബി(സ) 40 പേരെ അടിമത്തമോചനം നടത്തി.

രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് നബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു.

ആ സ്വകാര്യം ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ നബി(സ)സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.

നബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ.
30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.

നബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത് ആയിശ(റ)യുടെ ഉമിനീരാണ്.

നബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് നബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു.

നബി(സ)യുടെ അവസാനത്തെ വസ്വിയത്ത്നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.

ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും. ആയിരുന്നു
നബി(സ)യുടെ വഫാത്ത് നടന്നത്.

ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)

വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.


നബി (സ) യുടെ വഫാത്തുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും , മറുപടിയും 

വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു?

റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല.

കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്.
ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം നിലനില്‍ക്കുമെന്നതിന് ഒട്ടേറെ ഹദീസുകള്‍ സാക്ഷിയാണ്.

ഇമാം ബുഖാരി(റ) സ്വഹീഹുല്‍ ബുഖാരിയില്‍ (-3667)ഉദ്ദരിക്കുന്നു:

തിരുനബി(സ്വ)യുടെ വഫാത്ത് വിശദീകരിക്കവേ മഹതിയായ ആയിശ(റ) പറഞ്ഞു: അബൂബക്കര്‍(റ) കടന്ന് വന്നു. എന്നിട്ട് റസൂല്‍(സ്വ)യുടെ മുഖമറനീക്കി. ചുടുചുംബനങ്ങള്‍ നല്‍കി പറഞ്ഞു: എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് സമര്‍പ്പിതം- അങ്ങ് ജീവതസമയത്തും മരണ ശേഷവും സുഗന്ധപൂരിതനായിരിക്കുന്നല്ലോ.

മറ്റൊരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: റസൂല്‍(സ്വ)യെ കുളിപ്പിക്കാനായി ഏവരും ഒരുമിച്ചു കൂടിയ സന്ദര്‍ഭം. വീട്ടില്‍ അവിടുത്തെ കുടുംബക്കാരെ ഉള്ളൂ. എളാപ്പയായ അബ്ബാസ്ബ്‌നു അബ്ദുല്‍മുത്വലിബ്, അലിയ്യുബ്‌നു അബീത്വാലിബ്, ഫള്ല്‍ബ്‌നു അബ്ബാസ്, ഖുതമ്ബ്‌നു അബ്ബാസ്, ഉസാമബ്‌നു സൈദ് അവരുടെ അടിമ സ്വാലിഹ്(റ) തുടങ്ങിയവരാണുണ്ടായിരുന്നത്.

അബ്ബാസ്(റ), ഫള്ല്‍(റ), ഖുതമ്(റ) തിരുശരീരത്തിലെല്ലായിടത്തും വെള്ളമെത്താന്‍ ഫലകത്തില്‍ ശരീരത്തെ തിരിക്കുകയും ചെരിക്കുകയും ചെയ്യുമായിരുന്നു. അടിമകളായ ഉസാമത്ത് ബ്‌നു സൈദും(റ) സ്വാലിഹ്(റ)വും വെള്ളമൊഴിച്ച് കൊടുത്തുകൊണ്ടിരുന്നു. അലി(റ) പറയുന്നുണ്ടായിരുന്നു: ഞാനെന്റെ സര്‍വം അങ്ങേക്കായി സമര്‍പ്പിക്കുന്നു നബിയേ. ജീവിതകാലത്തും അതിനു ശേഷവും അങ്ങേക്കെന്തൊരു സൗരഭ്യമാണ്.(ഇമാം അഹ്മദ് (റ)- മുസ്‌നദ്)

തെളിവുകളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത്,

മരണകാരണമായുണ്ടായേക്കാവുന്ന ഭാവപകര്‍ച്ചകള്‍ നബി(സ്വ)യുടെ ശരീരത്തിനുണ്ടാകില്ലെന്ന് സ്വഹാബത്തിന് ഉറപ്പുണ്ടായിരുന്നു. ഭാവമാറ്റം വന്നുപോകുമോ എന്ന ഭയമാണ് മറമാടല്‍ വൈകിക്കല്‍ കറാഹത്താവാന്‍ കാരണം. അത്തരം ഭയമില്ലെങ്കില്‍ കറാഹത്തില്ല. പിന്തിക്കാന്‍ വേറയും കാരണങ്ങളുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.

2) റസുല്‍(സ്വ)യുടെ മേല്‍ നിസ്‌കരിക്കണമെന്ന് മുഴുവന്‍ സ്വഹാബത്തിനും ഉള്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു. മറമാടല്‍ പിന്തിപ്പിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. മറമാടല്‍ വൈകിപ്പിച്ചപ്പോള്‍ കുട്ടികളുള്‍പ്പെടെ മുഴുവനാളുകള്‍ക്കും മയ്യിത്ത് നിസ്‌കരിക്കാനായി.

റസൂല്‍(സ്വ)യുടെ വീട്ടിലേക്ക് കൂട്ടം കൂട്ടമായി വന്ന് ഒറ്റക്ക് ഒറ്റക്ക് നിസ്‌കരിക്കുകയായിരുന്നു. ആരും ഇമാം നിന്നില്ല. എല്ലാവര്‍ക്കും ഈ ശ്രേഷ്ഠത നേടിയെടുക്കാന്‍ ഒരുപാട് സമയം വേണ്ടിയിരുന്നു.

മാലിക്(റ)വിന്റെ മുവത്വയില്‍ (1/231) കാണാം:

ജനങ്ങള്‍ ഒറ്റയെറ്റയായിട്ടായിരുന്നു നബി(സ്വ)യുടെ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ചത്. ആരുമവര്‍ക്ക് ഇമാമായി നിന്നില്ല.

സഈദ് ബ്‌നു മുസയ്യബ്(റ) പറഞ്ഞതായി ഇബ്‌നു അബീ ശൈബ(റ)………..(7/430) ല്‍ ഉദ്ദരിക്കുന്നു:

നബി(സ്വ) വഫാത്തായപ്പോള്‍ അവരെ കട്ടിലില്‍ കിടത്തി. ജനങ്ങള്‍ കൂട്ടം കൂട്ടമായി വന്ന് നിസ്‌കരിച്ച് പുറത്തിറങ്ങി. ആരുമവര്‍ക്ക് ഇമാം നിന്നില്ല.
റസൂല്‍(സ്വ)യെ ആര് കുളിപ്പിക്കും, എവിടെ മറവ് ചെയ്യും തുടങ്ങിയ കാര്യങ്ങളില്‍ സ്വഹാബത്തിന് വിവിധ അഭിപ്രായങ്ങളായിരുന്നു. എല്ലാത്തിനും സമയമെടുക്കും. മറവ് ചെയ്യല്‍ പിന്തിപ്പിക്കാതെ തരമുണ്ടായിരുന്നില്ല.

എല്ലാത്തിനുമുപരി, ആ വേര്‍പ്പാട് സ്വഹാബത്തിന് അസഹ്യമായിരുന്നു. കഠിനമായ ഹൃദയ വേദനയിലവര്‍ കിടന്ന് പുളഞ്ഞു. ഉമര്‍(റ)വിന് നബി(സ്വ)യുടെ വിയോഗത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമായില്ല. പുണ്യനബി(സ്വ) വിട പറഞ്ഞെന്ന് പറഞ്ഞവര്‍ക്കെതിരെ അവര്‍ വാളെടുത്തു. വഫാത്ത് വാര്‍ത്ത കേട്ടവര്‍ സ്തബ്ധരായിപോയി. അനങ്ങാന്‍ പോലുമാകാതെ മനം തകര്‍ന്നിരുന്നു. അത്രയും ഭീകരമായിരുന്നു അവര്‍ക്ക് ആ അനുഭവം.

3) തിരുനബി(സ്വ)യുടെ കാലശേഷം ഉമ്മത്തിനൊരു നേതൃത്വം അനിവാര്യമായിരുന്നു. ഉമ്മത്തിനെ ഏകോപിപ്പിക്കണം, ശൈഥില്യ ശ്രമങ്ങളെ മുളയിലേ നുള്ളിയെറിയണം. നീതി നടപ്പിലാക്കണം. അതിന് യോഗ്യരായവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടണം. സ്വഹാബത്തിനിടയില്‍ ശരിയുത്തരങ്ങളേറെയുണ്ടായിരുന്നെങ്കിലും അതിലേറ്റം മികച്ചത് തെരഞ്ഞെടുക്കാന്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ഇതിനും സമയം വേണ്ടി വന്നു. മയ്യിത്ത് മറമാടല്‍ വൈകിപ്പിച്ചതിന്റെ ഏറ്റവും മുഖ്യമായ കാരണമായിരുന്നു അത്.

സര്‍ഖാനി(റ)വിന്റെ വാക്കുകളില്‍:

മറവ് ചെയ്യല്‍ വൈകിപ്പിച്ചതിന് പല കാരണങ്ങളാവാം. നബി(സ്വ)യുടെ വിയേഗത്തിലും മറവ് ചെയ്യേണ്ടതെവിടെ എന്നതിലും സ്വഹാബത്തിനുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളും പുതിയ ഖലീഫയെ തീരുമാനിക്കുന്നതില്‍ ആവര്‍ വ്യാപൃതരായതും വൈകുന്നതിന് ഹേതുവായി. അവസാനം സിദ്ദീഖ്(റ) ഖലീഫയായി നിയമിക്കപ്പെട്ടു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഭീകര യാഥാര്‍ത്ഥ്യം സ്വഹാബത്തിനെ സ്തംബ്ധരാക്കിയിരുന്നു. ആത്മാവില്ലാത്ത ശരീരങ്ങളെ പോലെ, മിണ്ടാനോ ചലിക്കാനോ കഴിയാതെ മനം തകര്‍ന്നവരിരുന്നുപോയി. (ശറഹു മുവത്വ-2/94)

ഇതുവരെ സൂചിപ്പിക്കപ്പെട്ട എല്ലാ സംഭവങ്ങള്‍ക്കും കൂടി ആകെ വേണ്ടിയിരുന്നത് ഒന്നര ദിവസത്തോളം മാത്രമായിരുന്നു. ബുധനാഴ്ച തിരുനബി(സ്വ)യെ മറവ് ചെയ്യുകയും ചെയ്തു. ഇതൊരിക്കലും ദീര്‍ഘമായ കാലയളവായിരുന്നില്ല.


നബി(സ്വ) വഫാത്തായത് തിങ്കളാഴ്ചയായിരുന്നു. ചൊവ്വാഴ്ച തന്നെ മറമാടപ്പെട്ടു. ബുധനാഴ്ചത്തേക്ക് കാത്തിരുന്നില്ല. എന്ന അഭിപ്രായമുണ്ടല്ലോ? അതിനൊരു വിശദീകരണം?

മറവ് ചെയ്യപ്പെട്ട ദിവസത്തെപ്പറ്റി ഇമാമീങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. രണ്ടു വാദങ്ങളാണ് പ്രധാനമായുമുള്ളത്.

1) നബി(സ്വ)യുടെ ഖബറടക്കം ബുധനാഴ്ചയായിരുന്നു. ഭൂരിപക്ഷത്തിന്റയും അഭിപ്രായമിതാണ്. മഹതിയായ ആയിശ(റ)വില്‍ നിന്നുദ്ധരിക്കുന്നൊരു ഹദീസാണിതിന്നവര്‍ തെളിവാക്കുന്നത്. ആയിശ(റ) പറഞ്ഞു: നബി(സ്വ) വഫാത്തായത് തിങ്കളാഴ്ചയായിരുന്നു. ബുധനാഴ്ച അവിടുത്തെ ഖബറടക്കുകയും ചെയ്തു.

2) പുണ്യറസൂല്‍(സ്വ) ഖബറടക്കപ്പെട്ടത് ചൊവ്വാഴ്ചയായിരുന്നു എന്ന് പറയുന്നവരാണ് രണ്ടാം വിഭാഗം. ഈ വാദം ഗരീബാണെന്നും(അപ്രസിദ്ധം) മശ്ഹൂറായത്(പ്രസിദ്ധം) ഭൂരിപക്ഷാഭിപ്രായമാണെന്നും ഇബ്‌നു കസീര്‍ അല്‍ ബിദായ വന്നിഹായയില്‍(5/292) രേഖപ്പെടുത്തുന്നു. എന്നാല്‍ മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയാണെന്നതിന് എണ്ണമറ്റ തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇബ്‌നു അബ്ദുല്‍ ബര്‍റ്(റ) പറയുന്നു: ആസാറുകളിലധികവും വ്യക്തമാക്കുന്നത് ചൊവ്വാഴ്ചയാണ് മറമാടപ്പെട്ടത് എന്നാണ്. അതു തന്നെയാണ് ഹദീസ് പ്രമുഖരില്‍ ഭൂരിഭാഗത്തിന്റെ വാദവും(ഇസ്തിദ്കാര്‍- 3/56)

ഒരുപാട് തെളിവുകള്‍ വേറെയുമുണ്ട്:

റസൂല്‍(സ്വ) തിങ്കളാഴ്ച വഫാത്തായി. ചൊവ്വാഴ്ച ഖബറടക്കി. ഒറ്റയൊറ്റയായിട്ടായിരുന്നു ജനങ്ങള്‍ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ചിരുന്നത്-മുവത്വ-1/231-മാലിക്(റ)

റസൂല്‍(സ്വ)യടെ വിയോഗം സംഭവിച്ചപ്പോള്‍, അവരെ കട്ടിലില്‍ കിടത്തി ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന് നിസ്‌കരിച്ച് പുറത്തിറങ്ങി. ആരുമവര്‍ക്ക് ഇമാം നിന്നില്ല. വഫാത്തായത് തിങ്കളാഴ്ചയും മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയുമായിരുന്നു.(ഇബ്‌നു അബീ ശൈബ- മുസ്‌നഥ്-(7/430)

തിരുനബി(സ്വ)യുടെ വഫാത്ത് തിങ്കളാഴ്ചയും ഖബറടക്കം ചൊവ്വാഴ്ചയും ആയുരുന്നു. (തുര്‍മുദി-ശമാഇലുല്‍ മുഹമ്മദിയ്യ-(…/336)

നബി(സ്വ)യുടെ ഖബറടക്കം ചൊവ്വാഴ്ച രാത്രിയുടെ അന്ത്യയാമങ്ങളിലോ സുബ്ഹിയോടൊന്നിച്ചോ ആയിരുന്നുവെന്നാണ്  പറയുന്നത്.
റബീഉല്‍ അവ്വല്‍ മാസത്തിലൊരു തിങ്കളാഴ്ച ദിവസം ഉച്ചക്ക് മുമ്പായിരുന്നു തിരുനബി(സ്വ)യുടെ വിയോഗം. ചൊവ്വാഴ്ച ഖബറടക്കപ്പെടുകയും ചെയ്തു-ദലാഇലുല്‍ നുബുവ്വ(7/256)-

ബൈഹഖി(റ) അതേ കിതാബില്‍ ബൈഹഖി(റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു:
ഇബ്‌നു ജുറൈജ്(റ) പറഞ്ഞു: ലഭ്യമായ വിവരമനുസരിച്ച് തിങ്കളാഴ്ച ളുഹാ സമയത്താണ് തിരുനബി(സ്വ)യുടെ വിയോഗമുണ്ടായത്. പിറ്റേന്ന് ളുഹാ സമയത്ത് തന്നെ ഖബറടക്കപ്പെടുകയും ചെയ്തു-ദലാഇലുല്‍ നുബുവ്വ(7/256)-ബൈഹഖി(റ)

വഫാത്തിനെ സംബന്ധിച്ച് മുഹദ്ദിസീങ്ങളുടെ ഏകോപനത്തോടെയുള്ള ബലപ്പെട്ട അഭിപ്രായം തിങ്കളാഴ്ച ളുഹാ സമയത്തായിരുന്നുവെന്നാണ്. സ്വഹീഹായ ഹദീസാണിതിന് തെളിവ്:

സിദ്ധീഖ്(റ) പുത്രയായ ആയിശ ബീവി(റ)യോട് ചോദിച്ചു: എന്നാണ് റസൂല്‍(സ്വ) വിട ചൊല്ലിയത്? മഹതിയുടെ മറുപടി: തിങ്കളാഴ്ച പകലില്‍(സ്വഹീഹുല്‍ ബുഖാരി-1387). 



No comments:

Post a Comment