Wednesday 4 October 2017

വാങ്ക് വിളിയുടെ മഹത്വവും , ചരിത്രവും



ആദ്യമായി വാക്കുകൾ തമ്മിലുള്ള പൊരുത്തം പരിചയപ്പെടാം . സർവ്വ സാധാരണയായി ബാങ്ക് വിളി , വാങ്ക് വിളിക്കുക എന്നൊക്കെ നാം പറയാറുണ്ട്. ചിലർക്കൊക്കെ സംശയം ഉടലെടുക്കാറുമുണ്ട് . ഈ പദത്തിൽ ഏതാണ് ശെരി എന്നുള്ളത്.

മുകളിൽ പറഞ്ഞ രണ്ടു വാക്കുകളും ശെരി തന്നെയാണ്. വാങ്ക് വിളിക്കുക അല്ലെങ്കിൽ ബാങ്ക് വിളിക്കുക . ഇതിൽ സംശയം വേണ്ട.

വാങ്ക് എന്ന വാക്കിന്റെ അർത്ഥമായി ഉള്ളത് പ്രാർത്ഥനാ സമയമായി എന്നറിയിക്കാൻ പള്ളിയിൽ നിന്നും പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള വിളി എന്നാണ്.

ഇതേ അർഥം തന്നെയാണ് ബാങ്ക് എന്ന വാക്കിനർത്ഥവും. നിസ്‌ക്കാരത്തിനായി അഞ്ചു നേരവും അറിയിക്കാൻ പള്ളിയിൽ നിന്നും അറിയിപ്പിനുള്ള വിളി.

അത് കൊണ്ട് ഇതിൽ ഒന്നാണ് ശെരിയെന്നു ആരും വാദിക്കേണ്ടതില്ല. 


അതുപോലെ നിസ്ക്കാരം എന്നാണ് ശെരിയായ പദം (സ്വലാ എന്ന അറബി വാക്കിന്), ചിലർ നിസ്ക്കാരം എന്ന് പറയുന്നുണ്ട് അത് നിരുത്സാഹപ്പെടുത്തേണ്ടതാണ് . സാന്ദർഭികമായി ഉണർത്തി എന്ന് മാത്രം.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ബാങ്കുവിളിക്കുന്നതിലും ഒന്നാമത്തെ സ്വഫ്ഫിലുമുള്ള മഹത്വം ജനങ്ങള്‍ മനസിലാക്കുകയും എന്നിട്ട് അത് കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ മറ്റുവഴികളില്ലെന്ന് അവര്‍ കാണുകയും ചെയ്യുകയാണെങ്കില്‍ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ ശ്രമിക്കും. നമസ്‌കാരം ആദ്യ സമയത്ത് തന്ന നിര്‍വഹിക്കുന്നതിന്റെ മഹത്വം ആളുകള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ അക്കാര്യത്തിലും അവര്‍ മല്‍സരിച്ച് മുന്നോട്ടുവരുമായിരുന്നു. ഇശാ നമസ്‌കാരത്തിലും ഫജ്‌റ് നമസ്‌കാരത്തിലുമുളള നേട്ടം ആളുകള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ മുട്ടിലിഴഞ്ഞിട്ടെങ്കിലും അവ നിര്‍വഹിക്കുവാന്‍ അവര്‍ (പള്ളിയില്‍) വരുമായിരുന്നു. (ബുഖാരി)

عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ   
   لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا»

ബാങ്കു വിളിക്കുന്നതിന്റെയും പള്ളിയില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ ഇടം പിടിക്കുന്നതിന്റെയും മഹത്വവും ശ്രേഷ്ഠതയുമാണ് ഈ തിരുവചനത്തിന്റെ ആദ്യ ഭാഗത്ത് പ്രസ്താവിക്കുന്നത്.

ബാങ്ക് വിളിക്കുന്നതിന്റെ പുണ്യവും മഹത്വവും മനസിലാക്കുന്നവര്‍ ബാങ്ക് വിളിക്കാന്‍ ഒരവസരം കിട്ടാന്‍ കൊതിക്കും. അങ്ങനെ ആളുകള്‍ വര്‍ധിക്കുമ്പോള്‍ നറുക്കിട്ട് ഊഴം നിര്‍ണയിക്കേണ്ടിവരും. അങ്ങനെ സംഭവിക്കാത്തത് അതിന്റെ മഹത്വം ജനം തിരിച്ചറിയാത്തതു കൊണ്ടാണ്.

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു ഇമാം ഉത്തരവാദിത്തമുള്ളവനാണ്. മുഅദ്ദിന്‍ വിശ്വാസമര്‍പ്പിക്കപ്പെട്ടവനാണ്. അല്ലാഹുവേ, നീ ഇമാമുകള്‍ക്ക് നേരായ വഴി കാണിച്ചുകൊടുക്കുകയും മുഅദ്ദിനുകള്‍ക്ക് പൊറുത്തുകൊടുക്കുകയും ചെയ്യേണമേ

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " الْإِمَامُ ضَامِنٌ، وَالْمُؤَذِّنُ أَمِينٌ، اللهُمَّ أَرْشِدِ الْأَئِمَّةَ، وَاغْفِرْ لِلْمُؤَذِّنِينَ ") أحمد، أبوداود، الترمذي)

അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു മുഅദ്ദിന്റെ ശബ്ദം എത്തിച്ചേരുന്ന ദൂരത്തില്‍ അവന്റെ ശബ്ദം കേള്‍ക്കുന്ന മനുഷ്യരും ജിന്നുകളും മറ്റെല്ലാ വസ്തുക്കളും ഖിയാമത്തു നാളില്‍ അവനുവേണ്ടി സാക്ഷിയാകുന്നതാണ്.

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ: أَخْبَرَنَا مَالِكٌ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ الأَنْصَارِيِّ ثُمَّ المَازِنِيِّ، عَنْ أَبِيهِ، أَنَّهُ أَخْبَرَهُ أَنَّ أَبَا سَعِيدٍ الخُدْرِيَّ، قَالَ لَهُ: إِنِّي أَرَاكَ تُحِبُّ الغَنَمَ وَالبَادِيَةَ، فَإِذَا كُنْتَ فِي غَنَمِكَ، أَوْ بَادِيَتِكَ، فَأَذَّنْتَ بِالصَّلاَةِ فَارْفَعْ صَوْتَكَ بِالنِّدَاءِ، فَإِنَّهُ: «لاَ يَسْمَعُ مَدَى صَوْتِ المُؤَذِّنِ، جِنٌّ وَلاَ إِنْسٌ وَلاَ شَيْءٌ، إِلَّا شَهِدَ لَهُ يَوْمَ القِيَامَةِ»، قَالَ أَبُو سَعِيدٍ: سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (البخاري

മുആവിയയില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു ഖിയാമത്ത് നാളില്‍ മുഅദ്ദിനുകള്‍ മറ്റുള്ളവരേക്കാള്‍ കഴുത്തിന് നീളം കൂടിയവര്‍ (തലയെടുപ്പുള്ളവര്‍) ആയിരിക്കും.

حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ بْنِ نُمَيْرٍ، حَدَّثَنَا عَبْدَةُ، عَنْ طَلْحَةَ بْنِ يَحْيَى، عَنْ عَمِّهِ، قَالَ: كُنْتُ عِنْدَ مُعَاوِيَةَ بْنِ أَبِي سُفْيَانَ، فَجَاءَهُ الْمُؤَذِّنُ يَدْعُوهُ إِلَى الصَّلَاةِ فَقَالَ مُعَاوِيَةُ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقًا يَوْمَ الْقِيَامَةِ» (مسلم

മുഅദ്ദിന്‍ ബാങ്ക് നിര്‍വഹിക്കുമ്പോള്‍ അതിലെ വാചകങ്ങള്‍ നിഷ്‌കളങ്കമായി ഏറ്റുപറയുന്നവന്‍ സ്വര്‍ഗാവകാശിയാകുമെന്ന്  പ്രവാചകന്‍.

 حَدَّثَنِي إِسْحَاقُ بْنُ مَنْصُورٍ، أَخْبَرَنَا أَبُو جَعْفَرٍ مُحَمَّدُ بْنُ جَهْضَمٍ الثَّقَفِيُّ، حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، عَنْ عُمَارَةَ بْنِ غَزِيَّةَ، عَنْ خُبَيْبِ بْنِ عَبْدِ الرَّحْمَنِ بْنِ إِسَافٍ، عَنْ حَفْصِ بْنِ عَاصِمِ بْنِ عُمَرَ بْنِ الْخَطَّابِ، عَنْ أَبِيهِ، عَنْ جَدِّهِ عُمَرَ بْنِ الْخَطَّابِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِذَا قَالَ الْمُؤَذِّنُ: اللهُ أَكْبَرُ اللهُ أَكْبَرُ، فَقَالَ أَحَدُكُمْ: اللهُ أَكْبَرُ اللهُ أَكْبَرُ، ثُمَّ قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، ثُمَّ قَالَ: أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ قَالَ: أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ، ثُمَّ قَالَ: حَيَّ عَلَى الصَّلَاةِ، قَالَ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، ثُمَّ قَالَ: حَيَّ عَلَى الْفَلَاحِ، قَالَ: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، ثُمَّ قَالَ: اللهُ أَكْبَرُ اللهُ أَكْبَرُ، قَالَ: اللهُ أَكْبَرُ اللهُ أَكْبَرُ، ثُمَّ قَالَ: لَا إِلَهَ إِلَّا اللهُ، قَالَ: لَا إِلَهَ إِلَّا اللهُ مِنْ قَلْبِهِ دَخَلَ الْجَنَّةَ "  (مسلم

ബാങ്കിന് ശേഷം 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് ...... ദീനന്‍' (പൂര്‍ണരൂപം അറബിയില്‍ താഴെ) എന്ന് പറയുകയാണെങ്കില്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും, ശഫാഅത്തിന് അര്‍ഹനാവുമെന്നും പ്രവാചകന്‍.

عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» (مسلم


عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ " رَوَاهُ حَمْزَةُ بْنُ عَبْدِ اللَّهِ، عَنْ أَبِيهِ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ (البخاري



അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാന്‍ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താല്‍ നിന്റെ ശബ്ദം നീ ഉയര്‍ത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദംഅങ്ങേയറ്റം വരെ കേള്‍ക്കുന്ന ജിന്ന്, ഇന്‍സ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തില്‍ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി. 1.11.583)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാല്‍ മനുഷ്യര്‍ ആ വിളി കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവന്‍ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോള്‍ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓര്‍മ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം താന്‍ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓര്‍മ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയില്‍ അവന്‍ മറയിടും. (ബുഖാരി. 1.11.582)

മുആവിയ്യ: ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോള്‍ അതുപോലെ പറഞ്ഞു. അശ്ഹദുഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്നുവരെ. (ബുഖാരി. 1.11.586)

പക്ഷെ ഹയ്യ-അല-സ്വലാഹ് എന്നു കേള്‍ക്കൂമ്പോള്‍ ലാ-ഹൌല-വലാ ഖുവ്വത്ത ഇല്ലാ-ബില്ലാഹ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ നബി(സ) ഇങ്ങനെ പറയുന്നതായിട്ടാണ് ഞാന്‍ കേട്ടിരിക്കുന്നതെന്ന് ശേഷം അദ്ദേഹം (മുആവിയ്യ) പറഞ്ഞു. (ബുഖാരി. 1.11.587)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്റെ ശുപാര്‍ശക്ക് അര്‍ഹനായി. (ബുഖാരി. 1.11.588) 

പുണ്യവും ധന്യതയും നിറഞ്ഞ് നിൽക്കുന്ന കർമമാണ് വാങ്ക്. ദീനിൽ അറിയപ്പെട്ട നിശ്ചിത പദങ്ങൾ മുഖേനെ നിസ്‌കാരത്തിന്റെ സമയം അറിയിക്കുക എന്നാണ് ‘അദാൻ‘ (വാങ്ക്) നിർവചിക്കപ്പെടുന്നത്. 

വിശുദ്ധ ഖുർആനും സുന്നത്തും വാങ്കിനെ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സൂറത്തുൽ മാഇദയുടെ 58-ാം വചനത്തിന്റെ ആശയം ഇങ്ങനെ: നിങ്ങൾ നിസ്‌കാരത്തിലേക്ക് വിളിച്ചാൽ അവിശ്വാസികൾ നിസ്‌കാരത്തെ പരിഹാസ്യവും കളിതമാശയുമാക്കും. അത് അവർ ചിന്തിക്കാത്തത്‌കൊണ്ടാണ്.  

സൂറത്തുൽ ജുമുഅയുടെ 9-ാം വചനത്തിന്റെ ആശയം: സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസം നിസ്‌കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സ്മരണയിലേക്ക് ധൃതികാണിക്കുക.

മാലിക്ബ്‌നു ഹുവൈരിസിൽ നിന്ന് റിപ്പോർട്ട്. നിസ്‌കാര സമയമായാൽ നിങ്ങളിൽ ഒരാൾ വാങ്ക് വിളിക്കട്ടെ, നിങ്ങളിൽ മുതിർന്നവർ ഇമാമത്ത് നിൽക്കുകയും ചെയ്യട്ടെ (ബുഖാരി, മുസ്‌ലിം റഹ്).

ഏറ്റവും മഹിതമായ ഒരു പ്രബോധനമാണ് വാങ്ക്. ഇസ്‌ലാമിന്റെ മുഖ്യ ആരാധനയായ നിസ്‌കാരത്തിലേക്കുള്ള വിളി. വിശുദ്ധ ഖുർആൻ 41-ാം അധ്യായം 33-ാം വചനം (അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാൾ വാക്ക്‌കൊണ്ട് നല്ലവർ ആരുണ്ട്?) വാങ്ക് വിളിക്കുന്നവരെ കുറിച്ച് അവതരിച്ചതാണെന്ന് ഖുർആൻ വ്യാഖ്യാതാക്കളായ ഇക്‌രിമ, മുജാഹിദ്, ഖൈസുബ്‌നു അബീ ഹാസിം(റ) എന്നിവർ അഭിപ്രായപ്പെടുന്നുണ്ട്. 

ആഇശ(റ) പറഞ്ഞു: വാങ്ക് വിളിക്കുന്നവൻ ഹയ്യ അലസ്സ്വലാത്ത്… എന്ന് പറയുമ്പോൾ അല്ലാഹുവിലേക്കാണ് വിളിക്കുന്നത് (ഖുർത്വുബി 315/5).

വാങ്ക് വിളിക്കുന്നവന്റെ വിളിനാദം അർത്ഥപൂർണവും ആശയ സമ്പന്നവുമാണ്. അല്ലാഹുവിലേക്ക് ക്ഷണിച്ച്‌കൊണ്ടുള്ള വിളിയാണത്. ഏറ്റവും പുണ്യകരമായ നിസ്‌കാരത്തിലേക്കുള്ള അറിയിപ്പ് കൂടിയാണ് വാങ്ക്. ഇതിന് പകരം നിൽക്കുന്ന വിളിനാദം വേറെയേതാണുള്ളത്. മുഹമ്മദ് ഇബ്‌നു സീരീൻ(റ) മേൽവചനത്തിന്റെ ആശയം ഇങ്ങനെ നിരീക്ഷിക്കുന്നു (ഇബ്‌നു കസീർ 101/4). 

മുആവിയത്തുബ്‌നു അബീ സുഫിയാൻ(റ)വിൽ നിന്ന്. നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. വാങ്ക് വിളിക്കുന്നവർ അന്ത്യനാളിൽ പിരടികൾ നീണ്ടവരായിരിക്കും (മുസ്‌ലിം റഹ് ).  

വിവിധ രൂപത്തിൽ ഈ തിരുവചനം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അന്ത്യനാളിന്റെ ഭീകരതയിൽ ദാഹിച്ച് വലയുന്നവരുടെ പിരടികൾ ചുരുണ്ട് പോകും. താങ്ങാനാവാത്ത പ്രയാസത്തിൽ പല ഭാഗത്തേക്കും തലതിരിച്ച് ദാഹശമനത്തിന് വഴിയുണ്ടോ എന്ന് പരതും. എന്നാൽ വാങ്ക് വിളിക്കുന്നവർക്ക് അന്ന് ദാഹം അനുഭവപ്പെടുകയില്ല. അതുകൊണ്ട്തന്നെ അവരുടെ പിരടികൾ ചുരുണ്ട് പോവുകയോ തല പല ഭാഗങ്ങളിലേക്ക് തിരിക്കേണ്ടതായോ വരില്ല (കഹ്ഫുൽ ഖഫാ 384/2). 

ജനങ്ങളൊന്നാകെ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന അന്ത്യനാളിൽ വാങ്ക് വിളിക്കുന്നവർ അനുഭവിക്കുന്ന പ്രതിഫലങ്ങളിലേക്ക് പിരടികൾ നീട്ടി പിടിക്കുകയാണവർ. വിയർപ്പിൽ പലരും പ്രയാസപ്പെടുമ്പോഴും ഈ ദുരിതമൊന്നും വാങ്ക് വിളിക്കുന്നവർ അനുഭവിക്കുന്നില്ല. അവർ അന്ത്യനാളിൽ ജേതാക്കളും തേരാളികളുമായിരിക്കും. അത്രക്കും ധന്യമായ കർമമാണ് ഇഹലോകത്ത് വെച്ച് അവർ നിർവഹിച്ചത്. കൂടുതൽ അനുയായികൾ അന്ത്യനാളിൽ അവർക്കുണ്ടാകും. അഅ്‌നാഖ് (പിരടികൾ) എന്നതിന് പകരം ഇഅ്‌നാഖ് (ധൃതി കാണിക്കൽ) എന്നൊരു വായനയും ഈ തിരുവചനത്തിലുണ്ട്. സ്വർഗത്തിലേക്ക് എളുപ്പത്തിൽ കടന്ന് ചെല്ലുന്നവർ എന്നാണ് അപ്പോൾ താൽപര്യം (അദ്ദീബാജ: ഇമാം സുയൂഥി 122/2).

വാങ്കൊലി കേൾക്കാൻ ഒരിക്കലും പിശാചിന് സാധിക്കില്ല. അവനെ വളരെയേറെ അലോസരപ്പെടുത്തുന്ന വചനങ്ങളാണ് വാങ്കിലുള്ളത്. അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരണം. തിരുനബി(സ്വ) പറഞ്ഞു: നിസ്‌കാരത്തിന് വാങ്ക് വിളിക്കപ്പെട്ടാൽ പിശാച് പിന്തിരിഞ്ഞോടും. കീഴ്‌വായു പുറത്തൊഴിവാക്കിയായിരിക്കും അവന്റെ ഓട്ടം. വാങ്കിന്റെ നാദം കേൾക്കാത്ത അത്ര ദൂരത്ത് അവനെത്തും. വാങ്കൊലി തീർന്നാൽ തിരിച്ചുവരും. നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാലും ഇങ്ങനെതന്നെ. ഇഖാമത്ത് തീർന്നാൽ അവൻ തിരിച്ചെത്തും. എന്നിട്ട് നിസ്‌കരിക്കുന്നവന്റെ മനസ്സിൽ സംശയങ്ങൾ ജനിപ്പിക്കുന്ന ജോലിയിൽ ഏർപ്പെടും (ബുഖാരി റഹ് ).

ഇതിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: ഖുർആൻ കേൾക്കുമ്പോഴോ നിസ്‌കാരത്തിലെ മറ്റ് ദിക്‌റുകൾ കേൾക്കുമ്പോഴോ ഓടാത്ത പിശാച് വാങ്ക്, ഇഖാമത്തിന്റെ സമയത്ത് ഓടി രക്ഷപ്പെടുന്നതിൽ ഒരു രഹസ്യമുണ്ട്. വാങ്കൊലി കേൾക്കുന്ന എല്ലാ വസ്തുക്കളും അന്ത്യനാളിൽ വാങ്കിന് സാക്ഷികളായിരിക്കും. ഈ സാക്ഷിത്വത്തിൽ നിന്ന് രക്ഷപ്പെടാനാണ് പിശാചിന്റെ ഈ പാച്ചിൽ (ഫത്ഹുൽ ബാരി 86/2).

മഹാനായ അബ്ദുറഹ്മാനുബ്‌നു അബീ സ്വഅ്‌സ്വഅത്തിൽ നിന്ന്. അബൂ സഈദുൽ ഖുദ്‌രിയ്യ്(റ) എന്നോട് പറഞ്ഞു: ആടിനെയും മലഞ്ചെരുവുകളെയും ഇഷ്ടപ്പെടുന്ന പ്രകൃതമാണല്ലോ നിങ്ങളുടേത്. നിങ്ങൾ ആടുകളുടെ കൂടെ മലയിൽ വച്ച് നിസ്‌കാരത്തിന് വാങ്ക് വിളിക്കുമ്പോൾ ശബ്ദം ഉയർത്തുക. വാങ്ക് വിളിക്കുന്നവന്റെ ശബ്ദത്തിന്റെ അലയൊലി കേൾക്കുന്ന ജിന്ന്, ഇൻസ് അടക്കമുള്ള മുഴുവൻ വസ്തുക്കളും അന്ത്യനാളിൽ സാക്ഷിനിൽക്കും. ഇത് ഞാൻ നബി(സ്വ)യിൽ നിന്ന് കേട്ടതാണ് (ബുഖാരി റഹ്).

തിരുനബിയുടെ പ്രത്യേക പ്രാർത്ഥന നേരത്തേ സമ്പാദിച്ചവരാണ് വാങ്കുകാർ. ലോകമെമ്പാടുമുള്ള വാങ്കൊലിയുടെ നായകന്മാർക്ക് മാപ്പിരന്ന്‌കൊണ്ട് നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ നിറവാണ് എന്നും വാങ്ക് മുഴക്കുന്നവരുടെ മനസ്സകം.

അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരണം. റസൂൽ(സ്വ) പറഞ്ഞു: ഇമാമത്ത് നിൽക്കുന്നവർ ജാമ്യം നിൽക്കുന്നവരാണ്. വാങ്ക് വിളിക്കുന്നവർ വിശ്വസ്തയുടെ ചുമതലക്കാരാണ്. അല്ലാഹുവേ, എല്ലാ ഇമാമുമാർക്കും നീ നന്മ ചൊരിയേണമേ! വാങ്ക് വിളിക്കുന്നവർക്കെല്ലാം നീ പൊറുത്ത് കൊടുക്കേണമേ (അബൂദാവൂദ്, ഇബ്‌നുമാജ റഹ് ) 

അബൂഹുറൈറ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: വാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേൾക്കുന്ന പരിധിയിലുള്ള ഉണങ്ങിയതും അല്ലാത്തതുമായ മുഴുവസ്തുക്കളും അവന് പൊറുക്കലിനായി പ്രാർത്ഥിക്കും (ഇബ്‌നുമാജ റഹ് ).

ഉഖ്ബത്തുബ്‌നു ആമിറിൽ നിന്ന് റിപ്പോർട്ട്. നബി(സ്വ) പറയുന്നത് ഞാൻ കേട്ടു: ‘മലമുകളിലുള്ള ഒരു ആട്ടിടയന്റെ കാര്യത്തിൽ അല്ലാഹു അത്ഭുതം കൂറുന്നു. നിസ്‌കാരത്തിന് അവൻ വാങ്ക് വിളിക്കുന്നു. നിസ്‌കരിക്കുന്നു. അല്ലാഹു പറയും; ‘എന്റെ അടിമയെ നോക്കൂ. അവൻ വാങ്ക് വിളിക്കുന്നു. നിസ്‌കരിക്കുന്നു. എന്നെ ഭയപ്പെട്ടാണ് അവൻ ഇത് ചെയ്യുന്നത്. ഞാൻ എന്റെ അടിമക്ക് പൊറുത്തിരിക്കുന്നു. ഞാൻ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും‘ (അബൂദാവൂദ് റഹ് ).

ഓരോ വാങ്കിനും നേടാൻ കഴിയുന്നത് നേട്ടങ്ങളുടെ വൻ ശേഖരമാണ്. പരിഹാസത്തോടെയും നിസ്സാരവത്കരിച്ചും പലരും കാണുന്ന നമ്മുടെ മുഅദ്ദിനുകൾ(മുക്രിമാർ) അവരുടെ റിക്കാർഡുകളിൽ എഴുതിച്ചേർക്കുന്ന പ്രതിഫല കൂമ്പാരങ്ങൾ വിസ്മയാവഹമാണ്. 

ഇബ്‌നു ഉമർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: പന്ത്രണ്ട് വർഷം ഒരാൾ വാങ്ക് വിളിച്ചാൽ അവന് സ്വർഗം നിർബന്ധമായി. ഓരോ വാങ്കിനും അറുപതും ഇഖാമത്തിന് മുപ്പതും നന്മകൾ അവന് എഴുതപ്പെടും (ഇബ്‌നുമാജ 723, മുസ്തദ്‌റക് 205/1).


ബാങ്ക് വിളിയുടെ ചരിത്രം

ബാങ്ക് ഇസ്‌ലാമിന്റെ മഹത്തായ ചിഹ്നങ്ങളിലൊന്നാണ്. ഇസ്‌ലാമിക സമൂഹം വ്യതിരിക്തമാകുന്ന പ്രതീകമാണത്. ഇസ്‌ലാമിന്റെ വിജയത്തിന്റെയും അതിജയത്തിന്റെയും അടയാളമാണത്. ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ആരാധനാ കര്‍മത്തിന് ജനങ്ങള്‍ ഒരുമിച്ചുകൂടുന്നത് ബാങ്ക് കേട്ടുകൊണ്ടാണ്. ബാങ്കിലെ വാക്കുകള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ സമഗ്രമായി ഉള്‍കൊള്ളുന്നുണ്ട്. വിശ്വാസത്തെയും ഏകദൈവത്വത്തെയും അനുസരണത്തെയും ഇഹപര വിജയത്തെയും ഇത് ഉള്‍കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ ബാങ്കിന്റെ ശ്രേഷ്ഠത മഹത്തരമാണ്. പ്രതിഫലം അതിവിശാലവും.

ബാങ്കിന്റെ വാക്കുകള്‍ അല്ലാഹു നേരിട്ട് പ്രവാചകന്‍ പറഞ്ഞുകൊടുക്കുകയും അദ്ദേഹം നമ്മുക്ക് പറഞ്ഞു തരികയും ചെയ്തതാണ്. അത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിക്കപ്പെട്ടതുമാണ്. പക്ഷെ കാലക്രമത്തില്‍ ബാങ്കിന്റെ വാക്കുകളിലും ശൈലിയിലും ചില മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നു. വീണ്ടും കാലം കടന്നുപോയതോടെ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ബാങ്കിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ബാങ്കിന് കാലഘട്ടങ്ങളില്‍ വന്ന പരിണാമത്തെക്കുറിച്ചുള്ള ചരിത്രം വിലയിരുത്തുകയാണിവിടെ.

ഇസ്‌ലാമിന്റെ പ്രകടമായ ചിഹ്നമാണ് വാങ്കൊലി. അന്തരീക്ഷത്തിൽ മുഴങ്ങുന്ന വാങ്കിന്റെ അലയൊലികൾ വിശ്വാസിയുടെ ഉള്ളിൽ സൃഷ്ടിക്കുന്ന അനുഭൂതി അവാച്യമാണ്. തന്റെ ഐഡന്റിറ്റിയായ നിസ്‌കാരത്തിന്റെ അറിയിപ്പാണ് കേൾക്കുന്നത്. അത് അവനെ ഉണർത്തുന്നു. നിസ്‌കാരത്തിന്റെ അറിയിപ്പ് മാത്രമല്ല വാങ്കിൽ അടങ്ങിയിട്ടുള്ളത്. ഒരു പ്രദേശത്ത് ഇസ്‌ലാം ഉണ്ടെന്നുള്ള വിളംബരം കൂടി അതിലുണ്ട്. 

അഞ്ച് നേരം ഒരു പ്രദേശത്ത് അത് നടന്നിരിക്കണം. വാങ്കിന് അനുമതിയുള്ള പ്രദേശത്ത് ഉള്ള അമുസ്‌ലിംകൾ സുരക്ഷിതരാണെന്നുള്ള സന്ദേശം കൂടി വാങ്കിൽ ഇസ്‌ലാം കാണുന്നുണ്ട്. ഒരു പ്രദേശത്ത് വാങ്കിന് തടസ്സമില്ലെന്ന് വന്നാൽ അവിടെ എല്ലാവരും സുരക്ഷിതരാണെന്ന് താൽപര്യം. മദീനയിൽ എത്തിയ തിരുനബി പ്രബോധനാർത്ഥം പല പ്രദേശങ്ങളിലേക്ക് അനുയായികളെ അയച്ചിരുന്നു. ആ പ്രദേശം ഇസ്‌ലാമിന് പാകപ്പെട്ടാൽ ആദ്യമായി നടത്തേണ്ടത് വാങ്ക് വിളിയായിരിക്കണം എന്നാണ് തിരുനബി (സ) അവരോട് കൽപ്പിച്ചിരുന്നത്.

നിസ്‌കാരം നിർബന്ധമാക്കുന്നത് തിരുനബിയുടെ 51-ാം വയസ്സിലാണ്. ഹിജ്‌റക്ക് മുമ്പുള്ള രണ്ട് വർഷം മക്കയിൽ നിസ്‌കാരം നടന്നിരുന്നത് വാങ്ക് ഇല്ലാതെയായിരുന്നു. സമയം പ്രകൃതിയിൽ നിന്ന് മനസ്സിലാക്കി നിസ്‌കരിക്കുകയായിരുന്നു പതിവ്. ഉച്ചത്തിൽ വാങ്ക് വിളിക്കാൻ സൗകര്യപ്രദമായ വിധത്തിൽ മക്ക പാകപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. മദീനയിലെത്തിയ ശേഷവും ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്. 

നിസ്‌കാരത്തിന് ജനങ്ങളെ സംഘടിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് തിരുനബി(സ്വ) ആലോചന നടത്തി. നിസ്‌കാരങ്ങളുടെ സമയമാകുമ്പോൾ കൊടി ഉയർത്താമെന്ന് ഒരഭിപ്രായമുണ്ടായി. റസൂൽ(സ്വ)ക്ക് അത് ഇഷ്ടപ്പെട്ടില്ല. ഉയരമുള്ള ചൂട്ട് കെട്ടി അറിയിപ്പ് നൽകാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അഗ്നിയാരാധകരോട് സാദൃശ്യം വരുന്നത് കാരണം അതും തള്ളപ്പെട്ടു. ചെണ്ട കൊട്ടിയോ മണിയടിച്ചോ അറിയിപ്പ് നൽകാമെന്നായി ചിലർ പറഞ്ഞു. അത് ക്രിസ്ത്യൻ ഉപകരണമായത്‌കൊണ്ട് അതും നിരാകരിക്കപ്പെട്ടു. ചർച്ചക്കൊടുവിൽ മുഴു ചെണ്ട ഒഴിവാക്കി നകാരം പോലുള്ള ഒരു ഉപകരണമാവാമെന്ന ധാരണയിലെത്തി. അവർ പിരിഞ്ഞു.

മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നു സൈദ്(റ)വിൽ നിന്ന്. നിസ്‌കാരത്തിന് സമയമറിയിക്കാനായി നകാരം മുഴക്കാൻ തിരുനബി(സ്വ) നിർദേശം നൽകിയ ശേഷം ഞാൻ ഒരു സ്വപ്‌നം കണ്ടു. ഒരു നകാരവുമായി ഒരാൾ നടന്നുപോകുന്നു.

ഞാൻ അയാളോട് ചോദിച്ചു: ‘ഇത് വിൽക്കുന്നോ?’

അയാൾ ആരാഞ്ഞു: ‘ഇത്‌കൊണ്ട് നിങ്ങൾക്കെന്ത് ഉപകാരം?’

ഞാൻ പറഞ്ഞു: ‘നിസ്‌കാരത്തിന് ആളുകളെ വിളിക്കാനാണ്.‘

അയാൾ പറഞ്ഞു: ‘ഇതിലേറെ ഉത്തമമുള്ള ഒന്ന് ഞാൻ പറഞ്ഞുതരട്ടേ?’

അങ്ങനെ വാങ്കിന്റെ മുഴുവചനങ്ങളും അയാൾ പഠിപ്പിച്ചുതന്നു. ഒരൽപ്പം വിട്ടുനിന്ന ശേഷം അയാൾ ‘അല്ലാഹു അക്ബർ… അല്ലാഹു അക്ബർ…‘ എന്ന് തുടങ്ങി ഇഖാമത്തിന്റെ മുഴുവചനങ്ങളും എനിക്ക് പറഞ്ഞുതന്നു. ഞാൻ രാവിലെതന്നെ തിരുസവിധത്തിലെത്തി. കണ്ട കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. നബി(സ്വ) പറഞ്ഞു: ‘സത്യമായ സ്വപ്‌നമാണത്. ആ വചനങ്ങൾ നിങ്ങൾ ബിലാൽ(റ)വിന് പറഞ്ഞ് കൊടുക്കുക. അദ്ദേഹം നിങ്ങളേക്കാൾ ശബ്ദമുള്ള വ്യക്തിയാണ്.‘ ഞാൻ ബിലാലിന്റെ കൂടെ നിന്നു. വാങ്കിന്റെ വചനങ്ങൾ ഓരോന്നായി പറഞ്ഞ് കൊടുത്തു. ബിലാൽ(റ) ഉറക്കെ വിളിച്ചുപറഞ്ഞു. വീട്ടിലുള്ള ഉമർ(റ) ഇത് കേട്ട് ഓടി വന്നു. അദ്ദേഹം പറഞ്ഞു: ‘സത്യദർശനംകൊണ്ട് അങ്ങയെ പറഞ്ഞയച്ച തമ്പുരാൻതന്നെ സത്യം. അബ്ദുല്ലാഹിബ്‌നു സൈദ്(റ) കണ്ടതുപോലെ ഞാനും കണ്ടിട്ടുണ്ട്.‘ അപ്പോൾ റസൂൽ(സ്വ) പറഞ്ഞു: ‘അല്ലാഹുവിനാണ് സർവ സ്തുതിയും‘ (അബൂദാവൂദ് റഹ് ).

മുഹമ്മദുബ്‌നു അബ്ദുൽ മലിക്(റ)വിൽ നിന്ന്. ഞാൻ നബി(സ്വ)യോട് ആരാഞ്ഞു: ‘എനിക്ക് വാങ്ക് പഠിപ്പിച്ച് തരുമോ?’ തിരുനബി(സ്വ) എന്റെ തലയുടെ മുൻഭാഗം ചുംബിച്ച്‌കൊണ്ട് പറഞ്ഞു: ‘അല്ലാഹു അക്ബർ… അല്ലാഹു അക്ബർ…‘ എന്ന് നീ പറയുക. ശേഷം ശബ്ദം താഴ്ത്തി ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാ…അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാ…‘ എന്ന് പറയുക. 

അതിന് ശേഷം ഈ രണ്ട് ശഹാദത്തുകളും ഉറക്കെ പറയുക. ‘ഹയ്യ അലസ്സ്വലാ… ഹയ്യ അലൽ ഫലാഹ്…‘ സുബ്ഹി നിസ്‌കാരമാണെങ്കിൽ ‘അസ്സ്വലാത്തു ഖൈറുൻ മിനന്നൗം… അല്ലാഹു അക്ബർ… ലാഇലാഹ ഇല്ലല്ലാഹ്…‘ (അബൂദാവൂദ് 500, തുർമുദി 191, ഇബ്‌നുമാജ 709). അബ്ദുല്ലാഹിബ്‌നു സൈദ്(റ)വിന്റെ നിർദേശപ്രകാരം 15 വചനങ്ങളാണ് ബിലാൽ(റ) വാങ്കിൽ ഉപയോഗിച്ചത്. ഇഖാമത്തിൽ പതിനൊന്നും. അനസ്(റ)വിൽ ഇബ്‌നു ഖുസൈമ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: വാങ്കിന്റെ വചനങ്ങളെ രണ്ട് പ്രാവശ്യം വിളിച്ച് പറയാനും ഇഖാമത്തിൽ ‘ഖദ്ഖാമത്തി സ്വലാത്ത്‘ ഒഴികെയുള്ളവ ഒരു പ്രാവശ്യം പറയാനുമാണ് ബിലാൽ(റ)വിനോട് നബി(സ്വ) കൽപ്പിച്ചത്.


ആദ്യബാങ്ക്

ബാങ്കിന്റെ വാക്കുകള്‍ സ്വപ്‌നരൂപത്തില്‍ ആദ്യമായി കണ്ടത് അബ്ദുല്ലാ ബിന്‍ സൈദ്(റ) ആണെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. പ്രവാചകന് ദിവ്യബോധനമായി ലഭിച്ച വാക്കുകള്‍ തന്നെയായിരുന്നു സൈദും(റ) സ്വപ്‌നത്തില്‍ കണ്ടത്.

ആദ്യമായി ബാങ്ക് ജനങ്ങള്‍ക്ക് കേള്‍കാനായി വിളിച്ചുപറഞ്ഞത് ബിലാല്‍ ബിന്‍ റബാഹ് (റ) ആയിരുന്നു. അദ്ദേഹത്തിന്റെ സ്വരമാധുര്യംകൊണ്ടാണ് പ്രവാചകന്‍ അദ്ദേഹത്തെ തെരെഞ്ഞെടുത്തത്. പ്രവാചകന്റെ ജീവിതകാലത്ത് യാത്രയിലും അല്ലാത്തപ്പോഴുമെല്ലാം ബാങ്ക് വിളിച്ചത് ബിലാല്‍(റ) തന്നെയായിരുന്നു. യുദ്ധങ്ങള്‍ക്കിടയില്‍പോലും അദ്ദേഹം ഇതില്‍ വീഴ്ചവരുത്തിയിരുന്നില്ല. പ്രവാചകനുമായുള്ള അദ്ദേഹത്തിന്റെ അടുത്തബന്ധം കാരണം പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന് ബാങ്ക് വിളിക്കാന്‍ സാധിച്ചിട്ടില്ല.

പ്രവാചകന്റെ കാലത്ത് ഉമ്മുമക്തൂം(റ)യും ബാങ്ക് വിളിക്കാറുണ്ടായിരുന്നു. അംറുബ്‌നു ഖൈസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സുബ്ഹിക്ക് ആദ്യം ബിലാല്‍ ബാങ്ക് വിളിക്കും, ശേഷം ഉമ്മുമക്തൂമും. അപ്രകാരമായിരുന്നു പതിവ്. 

അബൂമഹ്ദൂറ എന്ന് അറിയപ്പെടുന്ന ഔസ് ബിന്‍ മഅ്ബറും പ്രവാചകന്റെ കാലത്ത് ബാങ്ക് വിളിച്ചിട്ടുണ്ട്. അദ്ദേഹം മക്കയില്‍ മാത്രമാണ് ബാങ്ക് വിളിച്ചിട്ടുള്ളത്. പ്രവാചകന്റെ മരണത്തോടെ ബിലാല്‍(റ) ബാങ്ക് നിര്‍ത്തിയതോടെ സച്ചരിതരായ ഖലീഫമാര്‍ സഅ്ദ് അല്‍ഖര്‍ദി(റ) എന്ന സ്വഹാബിയെയാണ് ബാങ്ക് വിളിക്കാന്‍ ഏല്‍പിച്ചിരുന്നത്. ദീര്‍ഘകാലം ഇദ്ദേഹമായിരുന്നു മദീനയില്‍ ബാങ്ക് വിളിച്ചിരുന്നത്.

ബാങ്ക് വിളിയില്‍വന്ന മാറ്റങ്ങളും പുതിയ പ്രവണതകളും

കാലങ്ങളോളം പ്രവാചകന്‍ പഠിപ്പിച്ച തരത്തിലുള്ള ബാങ്കിന്റെ വാക്യങ്ങള്‍ തന്നെയായിരുന്നു സമൂഹത്തില്‍ നിലനിന്നത്. പിന്നീട് ചില തല്‍പരകക്ഷികള്‍ ചിലകാര്യങ്ങള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ചിലര്‍ അതിന്റെ രൂപങ്ങളില്‍ മാറ്റം വരുത്തി. മറ്റുചിലര്‍ അതിന്റെ വാക്കുകളിലാണ് മാറ്റം വരുത്തിയത്. ബാങ്കിന്റെ തുടക്കത്തിലും അവസാനത്തിലും ഇടയിലും ചിലകാര്യങ്ങള്‍ കൂട്ടിച്ചേത്തു ചിലര്‍. ചില ബാങ്കുകളില്‍ മാത്രമാണ് ചിലര്‍ കൂട്ടിച്ചേര്‍ത്തത്. ഇപ്രകാരം പലതരത്തിലുമുള്ള കൂട്ടിക്കുറക്കലകളും ബാങ്കില്‍ സംഭവിച്ചിട്ടുണ്ട്.

ഉത്തമകര്‍മത്തിലേക്ക് വരിക' എന്ന വാക്യം

മുസ്‌ലിം ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് എതിരായി ശിയാവിഭാഗത്തില്‍പെട്ട കുറച്ചാളുകളാണ് ബാങ്കിന്റെകൂടെ 'ഉത്തമകര്‍മത്തിലേക്ക് വരിക' എന്ന അര്‍ഥം വരുന്ന 'ഹയ്യഅല ഖൈറുല്‍ അമല്‍' എന്ന് ചേര്‍ത്തത്. മൊറോക്കോയിലെ ഭരണകൂടമായിരുന്ന അബീദിയ്യരാണ് ഈ ബിദ്അതിന് തുടക്കമിട്ടത്.

ഹി.357-ലാണ് അബീദിയ്യകള്‍ അധികാരത്തിലേറിയത്. അബീദിയ്യ ഭരണാധികാരിയായിരുന്ന ജൗഹര്‍ അസ്വഖ്‌ലീ തന്റെ കീഴിലായിരുന്ന ഈജിപ്തിലെ പ്രശസ്തപള്ളിയായ മസ്ജിദ് അഹ്മദ് ബിന്‍ ത്വൂലൂനിലെ ബാങ്ക് വിളിക്കുന്ന ആളോട് 'ഹയ്യഅലല്‍ ഫലാഹ്' എന്നതിന് ശേഷം 'ഹയ്യഅല ഖൈറുല്‍ അമല്‍' എന്നുകൂടി പറയാന്‍ ആവശ്യപ്പെട്ടു. ഹി.597-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൈകളാല്‍ അബീദീയ്യാ ഭരണകൂടത്തിന് അവസാനമാകുന്നതുവരെ ഈ ബിദ്അത് തുടര്‍ന്നിരുന്നു.

അലി ഉത്തമപുരുഷനാണ്' എന്ന വാക്യം

ശികന്‍ബഹ് എന്ന ശിയാവിശ്വാസക്കാരനാണ് 'മുഹമ്മദും അലിയും ഉത്തമപുരുഷരാണ്' എന്ന് അര്‍ഥം വരുന്ന 'മുഹമ്മദ് വ അലി ഖൈറുല്‍ ബഷര്‍' എന്ന വാക്യം ബാങ്കില്‍ ചേര്‍ത്തത്. ഹി.347-ല്‍ ഹമദാനികളുടെ കാലത്ത് ഹല്‍ബിലാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചത്. ഹല്‍ബില്‍ നീതിമാനായ ഭരണാധികാരി നൂറുദ്ദീന്‍ മഹ്മൂദ് ശഹീദ് അധികാരത്തിലേറുന്നത് വരെ ഈ ബിദ്അത് തുടര്‍ന്നു. നൂറുദ്ദീനാണ് ബാങ്കിലെ ഈ കടത്തിക്കൂട്ടലുകള്‍ ഇല്ലാതാക്കിയത്.

അലി അല്ലാഹുവിന്റെ വലിയ്യാണ്' എന്ന വാക്യം

ഭരണത്തില്‍ ശിയാക്കള്‍ക്ക് ആധിപത്യം ലഭിച്ച കാലഘട്ടത്തില്‍ 'മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്' (മുഹമ്മദുര്‍റസൂലുല്ലാ) എന്ന വാക്യത്തിന് ശേഷം 'അലി അല്ലാഹുവിന്റെ വലിയ്യാണ്' (അലിയ്യുന്‍ വലിയുല്ലാ) എന്ന വാക്ക് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കുറെകാലം ഈ കൂട്ടിച്ചേര്‍ക്കലും തുടര്‍ന്ന പോരുന്നുണ്ട്.

ഇവക്ക് പുറമേ ബാങ്കിന്റെ വാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താതെ അതിന്റെ മുമ്പും പിമ്പുമുള്ള ചില ദിക്‌റുകള്‍ കൂടി ഉറക്കെ ചൊല്ലുന്ന പ്രവണത വളര്‍ന്നു വരികയുണ്ടായി. ലൗഡ്‌സ്പീക്കറുകള്‍ വഴി ബാങ്ക് വിളി തുടങ്ങിയ ആധുനിക ഘട്ടത്തില്‍ വാക്യങ്ങള്‍ക്ക് മുമ്പും ശേഷവും പല പുതിയ വാക്യങ്ങളും ദിക്‌റുകളും ഉരുവിടുന്ന പതിവുണ്ടായിട്ടുണ്ട്. ഇവ കുറ്റകരമായ കൂട്ടിച്ചേര്‍ക്കലുകളല്ല.

മുഹമ്മദ് നബി (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് മാറിയതിനു ശേഷം ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞാണ് നമസ്കാര സമയം അറിയിക്കാന്‍ വാങ്ക് വിളിക്കുന്ന പതിവ് തുടങ്ങിയത്. 

ഉച്ചഭാഷിണി ഇല്ലാത്ത അക്കാലത്ത് കനത്തതും ഉറച്ചതും വിദൂരത്തേക്ക് എത്തിച്ചേരുന്നതുമായ ശബ്ദമുള്ളവരായിരുന്ന് വാങ്ക് വിളിച്ചിരുന്നത്. 

വാങ്ക് വിളി വരുന്നതിനു മുമ്പ് മരക്കഷണങ്ങള്‍ കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പതിവ്. നമസ്കാര സമയം വിളിച്ചറിയിക്കണമെന്ന് അബ്ദുള്ളാ ബിന്‍ സെയ്ദ് എന്ന അനുയായിക്ക് സ്വപ്ന ദര്‍ശനം ഉണ്ടായതാണ് ഈ പതിവ് തുടങ്ങാന്‍ നബിയെ പ്രേരിപ്പിച്ചത്. നബി ബിലാലിനെ വാങ്ക് വിളിക്കേണ്ട രീതി പഠിപ്പിച്ചു. 

ആരാധനകളില്‍ ഭൌതിക ലക്ഷ്യങ്ങള്‍ കലരാതിരിക്കല്‍ അനിവാര്യമാണ്. ഭൌതികതയുടെ അംശം കലര്‍ന്ന ആരാധനകള്‍ അല്ലാഹു സ്വീകരിക്കുന്നതല്ല. ബാങ്കും ഇഖാമത്തും എന്നത് ആരാധനകളാണ്. അവയെകൊണ്ട് ഭൌതിക ലക്ഷ്യം വെക്കാവുന്നതല്ല. എന്നാല്‍, ഇസ്‌ലാമിക രാജ്യത്ത്‌ കൂലി നല്‍കാതെ അവ ചെയ്യാന്‍ ആളില്ലാതെ വന്നാല്‍ ഭരണാധികാരികള്‍ക്ക് അവര്‍ക്ക് കൂലി നല്‍കാന്‍ അധികാരമുണ്ടെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു.

അതോടൊപ്പം, ഇത്തരം സേവനങ്ങളില്‍ ഏര്‍പ്പെടുന്നവരൊക്കെ അതിന് വേണ്ടിമാത്രമായി അവരുടെ സമയം മുഴുവനും നീക്കി വെക്കേണ്ടിവരുന്നുണ്ടല്ലോ. അത് കൊണ്ട് തന്നെ അവര്‍ കൂലി പറ്റുന്നത് നിസ്കരിക്കുന്നതിനോ ബാങ്ക് വിളിക്കുന്നതിനോ അല്ല, മറിച്ച് അതിന് വേണ്ടി മാത്രമായി, മറ്റുജോലികളൊന്നും ഏറ്റെടുക്കാതെ സമയം മാറ്റി വെക്കുന്നതിനാണ്. അതേസമയം അത്തരം കാര്യങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്തമെന്നനിലയില്‍ ഏറ്റെടുത്തു ചെയുന്നവരെ മികച്ച പ്രചോദനങ്ങള്‍ നല്‍കി അവ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

വാങ്കിന്റെ മര്യാദകൾ 

ശുദ്ധിയോടെയാണ് വാങ്ക് വിളിക്കേണ്ടത്. കാരണം പരിപാവനമായ സന്ദേശമാണ് വാങ്കുകാരൻ കൈകാര്യം ചെയ്യുന്നത്. അത് ശുദ്ധിയോടെയാവണം. ‘ശുദ്ധിയോടെയല്ലാതെ അല്ലാഹുവിനെ പറയുന്നത് എനിക്ക് വെറുപ്പാണ്’ എന്ന തിരുവചനം ഇബ്‌നു ഖുസൈമയും ഇബ്‌നുഹിബ്ബാനും(റ) ഉദ്ധരിച്ചിട്ടുണ്ട്. വുളൂ ഇല്ലാതെ വാങ്ക് വിളിക്കുന്നത് കറാഹത്താണെന്ന് ഇമാം ശാഫിഈ(റ)യുടെ പക്ഷം. 

വലിയ അശുദ്ധിയോടെ വാങ്ക് വിളിക്കുന്നത് ശക്തമായ കറാഹത്താണ്. നിന്ന് കൊണ്ടാണ് വാങ്ക് നിർവഹിക്കേണ്ടത്. വാഇലുബ്‌നു ഹുജറിൽ നിന്ന് റിപ്പോർട്ട്: ‘ശുദ്ധിയില്ലാതെയും നിന്ന് കൊണ്ടല്ലാതെയും വാങ്ക് വിളിക്കാതിരിക്കലാണ് കടപ്പാടും തിരുസരണിയും.’ ഇബ്‌നുമുൻദിർ(റ) പറഞ്ഞു: ‘നിന്ന് കൊണ്ട് വാങ്ക് വിളിക്കൽ നബിചര്യയാണെന്ന് പണ്ഡിതൻമാർ ഏകോപിച്ചതാണ് (ഫത്ഹുൽബാരി 65/2).

ഖിബ്‌ലയിലേക്ക് തിരിഞ്ഞാണ് വാങ്ക് നിർവഹിക്കേണ്ടത്. നിരവധി സ്വഹീഹായ ഹദീസുകളിൽ അത് സംബന്ധമായ പരാമർശങ്ങളുണ്ട്. വാങ്ക് വിളിക്കുന്നവൻ വിരലുകൾ ചെവിയിൽ വെക്കുന്നത് ഉയർന്ന ശബ്ദത്തിന് സഹായകമാണ്. 

അമ്മാറുബുൽ സഅ്ദ്(റ)വിൽ നിന്ന്. രണ്ട് വിരലുകൾ രണ്ട് ചെവികളിൽ വെച്ചായിരിക്കണം വാങ്ക് വിളിക്കേണ്ടതെന്ന് തിരുനബി(സ്വ) ബിലാൽ(റ)നോട് കൽപ്പിക്കുകയുണ്ടായി. അവിടുന്ന് തുടർന്നു: അങ്ങനെ ചെയ്യുന്നത് ഉയർന്ന ശബ്ദം ലഭിക്കാൻ കാരണമാകുന്നു (ഇബ്‌നുമാജ, തുർമുദി റഹ് ). മുസബ്ബിഹ് (ചൂണ്ട് വിരൽ) ആണ് ചെവിയിൽ വെക്കേണ്ടതെന്ന് ഇമാം നവവി(റ) ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്.


രണ്ട് ‘ഹയ്യഅല’കളിൽ വലത് ഭാഗത്തേക്കും ഇടത് ഭാഗത്തേക്കുമായി മുഖം തിരിക്കൽ പ്രത്യേകം സുന്നത്തുണ്ട്. വാങ്കിന്റെ പദങ്ങളിൽ മനുഷ്യനുമായി ബന്ധപ്പെട്ട സംബോധനകളാണ് രണ്ട് ഹയ്യ അലകൾ. അത് കൊണ്ടാണ് തിരിയാൻ നിർദേശിക്കപ്പെട്ടത്. തനിച്ച് നിസ്‌കരിക്കുന്നവനും ഇത് സുന്നത്താണ്. വാങ്ക് കേൾക്കുന്നവൻ വാങ്കുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടിരിക്കണം. വാങ്കുകാരന്റെ പദങ്ങൾക്ക് അതേപടി ഉത്തരം നൽകിയാണ് ഈ ഐക്യപ്രകടനം. എന്നാൽ രണ്ട് ഹയ്യഅലകളിൽ ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹിൽ അലിയ്യിൽ അളീം’ എന്നാണ് ചെല്ലേണ്ടത്. അബൂസഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് ഉദ്ധരണം. 

നബി(സ്വ) പറഞ്ഞു: നിങ്ങൾ വാങ്ക് കേട്ടാൽ വാങ്ക്കാരൻ പറയുന്നത് പോലെ പറയുക (മുസ്‌ലിം, അബൂദാവൂദ് റഹ്). 

ഹഫ്‌സുബ്‌നു ആസ്വിമിൽ നിന്ന്. റസൂൽ(സ്വ) പറഞ്ഞു: വാങ്കുകാരൻ അല്ലാഹു അക്ബർ, അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ നിങ്ങളിലൊരാൾ അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറയുന്നു. വാങ്കുകാരൻ അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്… അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞപ്പോൾ അശ്ഹദു… എന്നും അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ അശ്ഹദു അന്നമുഹമ്മ… എന്നും ഹയ്യ അലസ്സ്വലാത്ത്, ഹയ്യ അലൽ ഫലാഹ്… എന്ന് പറഞ്ഞപ്പോൾ ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാ… എന്നും അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ അല്ലാഹു… എന്നും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞപ്പോൾ ലാ ഇലാഹ ഇല്ലല്ലാഹ്… എന്നും മനസ്സറിഞ്ഞ് പ്രതികരിച്ചാൽ അവൻ സ്വർഗത്തിൽ കടന്നു (അബൂദാവൂദ്, ബൈഹഖി റഹ്).


വാങ്കും ദുആയും

വാങ്കിന് ശേഷം അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅ്‌വത്തി… എന്ന് തുടങ്ങുന്ന ദുആ നടത്തുന്നവർക്ക് തിരുനബിയുടെ ശഫാഅത്ത് ലഭിക്കുമെന്ന് ഇമാം ബുഖാരി(റ) ജാബിർ(റ)വിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. വാങ്കിന് ശേഷം നബി(സ്വ)യുടെ പേരിൽ സ്വലാത്ത് ചെല്ലാനും പ്രത്യേക നിർദേശമുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ)വിൽ നിന്ന്. 

റസൂൽ(സ്വ) പറയുന്നത് ഞാൻ കേട്ടു: വാങ്ക്കാരൻ പറയുന്നത് പോലെ നിങ്ങളും പറയുക. ശേഷം എന്റെ മേൽ സ്വലാത്ത് ചൊല്ലുക. എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലുന്നവർക്ക് അല്ലാഹു പത്ത് കാരുണ്യം നൽകും. പിന്നെ നിങ്ങൾ എനിക്ക് വസീലത്ത് എന്ന ഉന്നത പദവി ചോദിക്കുക. അല്ലാഹുവിന്റെ അടിമകളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന പദവിയാണ് വസീലത്ത്. എനിക്ക് വേണ്ടി ഒരാൾ വസീലത്ത് ചോദിച്ചാൽ എന്റെ ശിപാർശ അവന് ഉറപ്പായി (അബൂദാവൂദ്, നസാഈ റഹ്).

വാങ്കിൽ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്… എന്നു കേൾക്കുന്ന സമയത്ത് ‘മർഹബൻ ബിഹബീബി വ ഖുർറത്തി ഐനീ മുഹമ്മദിബ്‌നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം’ എന്ന് പറഞ്ഞ് രണ്ട് തള്ള വിരൽ ചുംബിക്കുകയും ശേഷം രണ്ട് കണ്ണുകളിൽ തടവുകയും ചെയ്യുന്നവർക്ക് ഒരിക്കലും അന്ധത ബാധിക്കുകയില്ല. വാങ്ക് കേൾക്കുമ്പോൾ ‘മർഹബൻ ബിൽ ഖാഇലി അദ്‌ലൻ, മർഹബൻ ബിസ്സ്വലാത്തി അഹ്‌ലൻ’ എന്ന് പറയുന്നവർക്ക് ഒരു ലക്ഷം പുണ്യം എഴുതപ്പെടും. രണ്ട് ലക്ഷം തെറ്റുകൾ മായ്ക്കപ്പെടും. രണ്ട് ലക്ഷം പദവികൾ ഉയർത്തപ്പെടും (ഇആനത്ത്).

വാങ്കിന് ഉത്തരം ചെയ്യൽ സ്ത്രീക്കും പുരുഷനും സുന്നത്തു തന്നെ. ‘സ്ത്രീ വാങ്കിനോ ഇഖാമത്തിനോ ഉത്തരം നൽകിയാൽ ഓരോ അക്ഷരത്തിനും ഒരു ലക്ഷം പദവി നൽകപ്പെടും. പുരുഷന് അതിന്റെ ഇരട്ടിയും (ത്വബ്‌റാനി). ഒന്നിലേറെ വാങ്കുകൾ കേൾക്കുകയാണെങ്കിൽ എല്ലാത്തിനും ഉത്തരം നൽകണമെന്നാണ് ഇസ്സുദ്ദീനുബ്‌നു അബ്ദുസ്സലാമി(റ)ന്റെ പക്ഷം.

വാങ്കിന് ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നതിന് പ്രത്യേക പുണ്യമുണ്ട്. ഇമാം റൂയാനി(റ) പറയുന്നു: ‘വാങ്കിനും ഇഖാമത്തിനും ഇടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്താണ്. വാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഇത് പാരായണം ചെയ്യുന്നവന് അതിനിടയിൽ സംഭവിച്ച തെറ്റുകൾ രേഖപ്പെടുത്തുകയില്ല എന്ന തിരുവചനമാണ് അതിന് തെളിവ്.’ ഇമാം ബുൽഖീനി(റ) പറയുന്നു: വാങ്കിന്റെ ദുആഇന് മുമ്പ് രണ്ട് ശഹാദത്തുകൾ (അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു) ചൊല്ലൽ നല്ലതാണ്. അതിന് ശേഷം വാങ്കിന്റെ ദുആ ചെയ്യുക. ശേഷം സ്വന്തത്തിന് വേണ്ടിയും ദുആ (അല്ലാഹുമ്മ ഇജ്അൽനീ മിനത്തവ്വാബീന… ഉദാഹരണം) നടത്തുക (ഫത്ഉൽമുഈൻ). 

മഗ്‌രിബിന്റെ വാങ്കിന് ശേഷം ‘അല്ലാഹുമ്മ ഹാദാ ഇഖ്ബാലു ലൈലിക വ ഇദ്ബാറു നഹാരിക്ക വ അസ്വ്‌വാത്തു ദുആതിക ഫഗ്ഫിർലീ’ എന്ന് ചൊല്ലൽ സുന്നത്താണ്. വാങ്കിന്റെയും ഇഖാമത്തിന്റെയും മുമ്പ് സ്വലാത്ത് ചെല്ലൽ സുന്നത്താണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. വാങ്ക് കേൾക്കുമ്പോൾ സംസാരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. ഈമാൻ ലഭിക്കാതെ മരിക്കാനും ദുർമരണത്തിനും അത് കാരണമാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. 


വാങ്കിന്റെ കർമശാസ്ത്രം

ഏറ്റവും ശക്തമായ സുന്നത്ത് എന്നതാണ് വാങ്കിന്റെ കർമശാസ്ത്ര വീക്ഷണം. പൂർവികരുടെ സരണിയാണതിന് തെളിവ്. മാലിക്ബ്‌നു ഉവൈറിസിൽ നിന്ന് ഉദ്ധരണം. ഞാൻ നബി(സ്വ)യുടെ അടുക്കൽ ചെന്നു. എന്റെ കൂടെ നാട്ടുകാരിൽ ചിലരുമുണ്ട്. ഇരുപത് ദിവസം നബിയുടെയടുക്കൽ ഞങ്ങൾ താമസിച്ചു. വലിയ ദയാലുവും കാരുണ്യവാനുമായിരുന്നു മുഹമ്മദ് നബി(സ്വ). കുടുംബത്തിന്റെ അടുക്കലേക്ക് പോകണമെന്ന ഞങ്ങളുടെ ആഗ്രഹം കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ മടങ്ങിപ്പോവുക, നാട്ടുകാരുടെ കൂടെ താമസിക്കുക. അവരെ പഠിപ്പിക്കുക, നിസ്‌കരിക്കുക. നിസ്‌കാര സമയമെത്തിയാൽ വാങ്ക് വിളിക്കുക. ഒരാൾ ചെയ്താൽ മതി. നിങ്ങളിൽ വലിയവൻ ഇമാമത്ത് നിൽക്കുകയും ചെയ്യുക.’

വാങ്ക് സാമൂഹിക ബാധ്യതയാണെന്നാണ് മറ്റൊരു പക്ഷം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് വാങ്ക് കൊടുത്തിട്ടില്ലെങ്കിൽ നാട്ടുകാർ മുഴുവൻ കുറ്റക്കാരായിത്തീരും. ഒരു ദേശത്ത് മൂന്ന് പേർ താമസിക്കുന്നു. അവിടെ വാങ്കും ഇഖാമത്തും നടക്കുന്നില്ല. എങ്കിൽ അവരെ പിശാച് കീഴ്‌പ്പെടുത്തിയിട്ടുണ്ട് (അഹ്മദ്). ഫർള് നിസ്‌കാരങ്ങൾക്ക് മാത്രമാണ് വാങ്ക് നിർദേശിക്കപ്പെട്ടിട്ടുള്ളത്. തനിച്ച് നിസ്‌കരിക്കുന്നവൻ തനിക്ക് കേൾക്കുന്ന രീതിയിലും ജമാഅത്തിന് വാങ്ക് വിളിക്കുന്നവൻ മറ്റുള്ളവർ കേൾക്കുന്ന രീതിയിലുമാണ് വാങ്ക് കൊടുക്കേണ്ടത്.

സുന്നത്ത് നിസ്‌കാരങ്ങൾക്ക് വാങ്ക് സുന്നത്തില്ലെങ്കിലും ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്‌കാരങ്ങളിൽ ‘അസ്സ്വലാത്ത ജാമിഅ’ എന്ന് പറയൽ പ്രത്യേകം നിർദേശിക്കപ്പെട്ടതാണ്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) അത് ഉദ്ധരിച്ചിട്ടുണ്ട്.

ഒരു പള്ളിയിൽ ഔദ്യോഗിക ജമാഅത്തിനാണ് ഉച്ചത്തിൽ വാങ്ക് വിളിക്കേണ്ടത്. രണ്ടാം ജമാഅത്തിന് വാങ്ക് വിളിയിൽ ശബ്ദം ഉയർത്തരുത്. ഖളാആയി നിർവഹിക്കുന്ന നിസ്‌കാരങ്ങൾക്ക് വാങ്ക് സുന്നത്തുണ്ട്. കൂടുതൽ നിസ്‌കാരങ്ങൾ ഖളാ ഉണ്ടെങ്കിൽ ആദ്യ നിസ്‌കാരത്തിന് മാത്രം വാങ്ക് വിളിച്ചാൽ മതി. തിരുനബിക്കും അനുയായികൾക്കും ഒരു യാത്രയിൽ സുബ്ഹ് നഷ്ടപ്പെട്ടു. സൂര്യൻ ഉദിച്ചതിന് ശേഷമാണ് അവർ ഉണർന്നത്. പ്രസ്തുത പ്രദേശത്ത് നിന്ന് അവർ കുറച്ച് ദൂരം സഞ്ചരിച്ചു. ശേഷം ഒരിടത്തിറങ്ങി തിരുനബി(സ്വ) വുളൂഅ് ചെയ്തു. ബിലാൽ(റ) വാങ്ക് വിളിച്ചു. നബി(സ്വ) രണ്ട് റക്അത്ത് നിസ്‌കരിച്ചു. ശേഷം സുബ്ഹി നിസ്‌കരിച്ചു (മുസ്‌ലിം).

സ്ത്രീകളുടെ ജമാഅത്തിന് ഇഖാമത്ത് മാത്രമാണ് സുന്നത്തുള്ളത്. നിസ്‌കാരത്തിനുള്ള വാങ്ക് സ്ത്രീക്ക് നിർദേശിക്കപ്പെട്ടിട്ടില്ല. ശബ്ദം ഉയർത്തേണ്ട കർമമായത്‌കൊണ്ട് സ്ത്രീ അത് ചെയ്യേണ്ടതില്ല. 

സന്നിഹിതരായവർക്കാണല്ലോ ഇഖാമത്ത്. അതവർക്ക് ആവാം. സ്ത്രീകളുടെ ജമാഅത്തിന് വേണ്ടിയാണെങ്കിലും ഉച്ചത്തിൽ വാങ്ക് കൊടുക്കൽ ഹറാമാണ്. അന്യപുരുഷന്മാർ അവിടെ ഇല്ലെങ്കിലും പാടില്ല. പുരുഷന്റെ ഉത്തരവാദിത്വമാണ് സന്ദേശ കൈമാറ്റം. പുരുഷന് പകരം സ്ത്രീ അത് നിർവഹിക്കുന്നു എന്നതാണ് സ്ത്രീക്ക് വാങ്ക് നിഷിദ്ധമാകാനുള്ള കാരണം. ബുജൈരിമി(റ) അടക്കമുള്ള നിരവധി കർമശാസ്ത്ര ഗ്രന്ഥങ്ങൾ ഇത് വിശദീകരിച്ചിട്ടുണ്ട്.

പദങ്ങളുടെ ക്രമത്തിലും തുടർച്ചയിലും വാങ്ക് നിർവഹിക്കണം. വാങ്കിന്റെ പ്രധാന നിബന്ധനകളിൽ ഒന്നാണ് ഇത്. വാങ്കിന്റെ ക്രമങ്ങളിൽ എണ്ണം കൂട്ടുന്നതോ ക്രമം തെറ്റിക്കുന്നതോ തുടർച്ചക്ക് ഭംഗം വരുന്നതോ ഒന്നും ശരിയായ വാങ്കായി പരിഗണിക്കപ്പെടുകയില്ല. ഏറ്റവും നല്ല മധുര ശബ്ദമുള്ളവരായിക്കണം വാങ്കുകാർ. ആകർഷണത്തിന് അത് ഏറെ ഉപകാരപ്രദമാണ്. നിസ്‌കാര സമയമായാൽ വാങ്ക് വിളിക്കുക എന്നത് വാങ്കിന്റെ ശർത്വായി എണ്ണപ്പെടുന്നു.

സുബ്ഹി നിസ്‌കാരത്തിന് രണ്ട് വാങ്ക് നിർദേശിക്കപ്പെട്ടതുകൊണ്ട് പാതി രാത്രിക്ക് ശേഷംതന്നെ ഒരു വാങ്ക് കൊടുക്കാവുന്നതാണ്. സുബ്ഹിയുടെ വാങ്കിൽ ഹയ്യഅലകൾക്ക് ശേഷം ‘അസ്സ്വലാത്തു ഖൈറും മിനന്നൗം’ എന്നു പറയേണ്ടതുണ്ട്. കേൾക്കുന്നവൻ ‘സ്വദഖ്ത വബറിർത’ എന്ന് ചൊല്ലി പ്രതികരിക്കണം. ഖളാആയ സുബ്ഹിയുടെ വാങ്കിലും ഇത് സുന്നത്തുണ്ട്. ഇതിൽ ഇടത്/വലത് ഭാഗങ്ങളിലേക്ക് തിരിയേണ്ടതില്ല.

ഇഖാമത്തും വാങ്കിനെ പോലെ മഹത്ത്വമുള്ളതാണ്. വാങ്കിന് നിർദേശിക്കപ്പെട്ട നിബന്ധനകളും സുന്നത്തുകളും കരാർ നൽകപ്പെട്ട പ്രതിഫലങ്ങളുമെല്ലാം ഇഖാമത്തിനുമുണ്ട്. നിസ്‌കാരത്തോട് അടുത്ത് നിൽകുന്ന ദിക്‌റുകൾ എന്ന പ്രതേ്യകതയും ഇഖാമാത്തിനുണ്ട്. ഇമാമത്തിനേക്കാൾ മഹത്ത്വം വാങ്കിനും ഇഖാമത്തിനുമുണ്ടെന്നാണ് ആഇശ ബീവി(റ)യുടെ പക്ഷം. അല്ലാഹുവിലേക്ക് വിളിക്കുന്നവരെക്കാൾ നല്ലവർ നിങ്ങളിൽ ആരാണ് എന്ന വചനം വാങ്കുകാരെ കുറിച്ചാണെന്ന് ആഇശ(റ) വ്യാഖ്യാനിക്കുന്നുണ്ട്.

പ്രസവിക്കപ്പെട്ട കുട്ടിയുടെ വലത് ചെവിയിൽ വാങ്കും ഇടത് ചെവിയിൽ ഇഖാമത്തും വിളിക്കൽ പ്രത്യേകം സുന്നത്താണ്. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പിശാച്ബാധ ഏൽക്കില്ലെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ആദ്യമായി കേൾക്കപ്പെടുന്നത് അല്ലാഹുവിന്റെ വചനങ്ങളാവണമെന്നതും അതിന്റെ താൽപര്യമാണ്. പിശാച് ബാധയേറ്റവർ, ദു:ഖബാധിതൻ, ചീത്ത സ്വഭാവി എന്നിവരുടെ ചെവിയിൽ വാങ്ക് വിളിച്ചാൽ ശമനമുണ്ടാകുമെന്ന് മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ കുറിക്കുന്നുണ്ട്. മയ്യിത്തിനെ ഖബറിലേക്കിറക്കിവെക്കുന്ന സമയത്തോട് വാങ്ക് വിളി ഒത്തുവന്നാൽ മയ്യിത്തിന് ഖബറിൽ വിചാരണക്ക് ആശ്വാസമുണ്ടാകുമെന്ന് ഇബ്‌നുഹജർ(റ) ശറഹുൽ ഉബാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാരവും സമ്പന്നവുമാണ് വാങ്കിന്റെ ആശയം. അദ്ദഅ്‌വത്തു താമ്മ (പൂർണ ബോധനം) എന്ന് വാങ്കിന് പേര് വരാൻ കാരണം ഇത് കൂടിയാണ്.

ഇലാഹി പരിശുദ്ധി ബോധിപ്പിച്ച്‌കൊണ്ടാണ് വാങ്കിന്റെ തുടക്കം. നാല് പ്രാവശ്യം അത് ആവർത്തിക്കുന്നു. അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതരാണെന്നുമുള്ള സത്യവാചകങ്ങളാണ് തൊട്ടുടനെ. വിശ്വാസികളുടെ മുഖ്യ ആരാധനയായ നിസ്‌കാരത്തിലേക്കും നിത്യ വിജയത്തിലേക്കുമുള്ള വിളിയാളമാണ് പിന്നീട്. അല്ലാഹുവിന്റെ പരിശുദ്ധി ഒന്ന് കൂടി ആവർത്തിച്ച് അവനല്ലാതെ ആരാധ്യനില്ലെന്ന് ആണയിട്ട് പറഞ്ഞ് വാങ്ക് അവസാനിക്കുന്നു. വാങ്കിന്റെ ആശയങ്ങളെ അധികരിച്ചും ദഅ്‌വത്തു താമ്മ പ്രസരണം ചെയ്യുന്ന സന്ദേശങ്ങളെ കുറിച്ചും നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്.



ബാങ്ക് വിളിച്ചിട്ടും രക്ഷ ഇല്ലാത്തവർ

കഅബയുടെ കില്ലയും പിടിച്ച് പൊട്ടിക്കരയുകയായിരുന്നു അയാൾ..!!
ത്വവാഫ് ചെയ്യുമ്പോൾ  കണ്ട കാഴ്ച വിവരിക്കുകയാണ് അബ്ദുല്ലാഹി ബിൻ അഹ്മദ് (റ).
"അല്ലാഹുവേ മുസ്‌ലിമായിട്ടല്ലാതെ ദുനിയാവിൽ നിന്ന് എന്നെ നീ തിരിച്ച് വിളിക്കല്ലേ.. ഇതല്ലാതെ എനിക്ക് മറ്റൊന്നും ചോദിക്കാനില്ല അല്ലാഹ്..!!!"

ഈ ദുആ മാത്രം ആവർത്തിച്ചു കൊണ്ടിരിക്കുകയാണയാൾ. അറിയാനുള്ള ആകാംക്ഷ  കാരണം  ഞാൻ അയാളോട് ചോദിച്ചു: "എന്തേ നിനക്ക് വേറൊന്നും ചോദിക്കാനില്ലേ..?"

"ഇല്ല; മറ്റൊന്നും എനിക്ക് ചോദിക്കാനില്ല. എന്റെ കഥ കേട്ടാൽ നിങ്ങളും അങ്ങനെ തന്നെ പറയും..!!!"

"എന്നാൽ പറയൂ.. ഞാൻ ഒന്ന് കേൾക്കട്ടെ.." മഹാൻ പറഞ്ഞു.

"എനിക്ക് രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നു. അയാൾ തന്റെ അനുഭവം വിവരിക്കാൻ തുടങ്ങി. മൂത്തയാളൊരു മുഅദ്ദിൻ ആയിരുന്നു. നാൽപത് വർഷക്കാലം അദ്ദേഹം  ബാങ്ക് കൊടുത്തു. 

അങ്ങനെ മരണം ആസന്നമായപ്പോൾ  അദ്ദേഹം ഞങ്ങളോട് ഖുർആൻ കൊണ്ടുവരാൻ പറഞ്ഞു. ഞങ്ങൾ കരുതി ബറകത്തെടുക്കാൻ വേണ്ടിയായിരിക്കുമെന്ന്. പക്ഷേ, അദ്ദേഹം  അവിടെയുണ്ടായിരുന്ന  ഞങ്ങളെയൊക്കെ സാക്ഷിയാക്കി കൊണ്ട് പറഞ്ഞു, 'ഞാൻ ഖുർആനുമായി ഒരു ബന്ധവും ഇല്ലാത്തവനാണ്'. (നഊദു ബില്ലാഹ്) എന്റെ ആ സഹോദരൻ കാഫിറായിട്ടാണ് മരിച്ചത്.

പിന്നീട് ആ ജോലി മറ്റേ സഹോദരൻ ഏറ്റെടുത്തു. മുപ്പത് വർഷം അദ്ദേഹവും  ബാങ്ക് വിളിച്ചു. അദ്ദേഹവും തന്റെ  മരണവേളയിൽ ഖുർആൻ എടുത്ത് ജേഷ്ഠൻ പറഞ്ഞതുപോലെ  'ഖുർആനുമായി ഒരു ബന്ധവുമില്ലന്ന്' പറഞ്ഞു. അങ്ങനെ അദ്ദേഹവും  ഈമാനില്ലാത്ത ഹതഭാഗ്യനായി മരിച്ചു."

"എന്റെ ഇരു സഹോദരങ്ങളെപ്പോലെ ഞാനുമായിത്തീരുമോ എന്നാണ് എന്റെ എപ്പോഴുമുള്ള പേടി. അതുകൊണ്ടാണ് ഈമാൻ നഷ്ടപ്പെടാതെ മരിക്കണമെന്ന് അല്ലാഹുവിനോട് ഞാൻ എപ്പോഴും തേടിക്കൊണ്ടിരിക്കുന്നത്."

"അതിനുമാത്രം എന്തു തിന്മയാണ് അവർ ചെയ്തുകൊണ്ടിരുന്നത്..?"മഹാനവർകൾ ചോദിച്ചു.

"മാന്യമായി വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെയും കൗമാരക്കാരുടെയും ശരീരം കണ്ടാസ്വദിക്കലായിരുന്നു അവരുടെ 'നേരംപോക്ക്'.

അവലംബം :  (روح البيان )

No comments:

Post a Comment