Thursday 7 December 2017

സുലൈമാൻ നബി (അ)




കുട്ടിക്കാലം 





ദാവൂദ് (അ) അല്ലാഹുവിന്റെ പ്രവാചകൻ രാജ്യം ഭരിക്കുന്ന ഭരണാധികാരി അപൂർവ്വമായ അനുഗ്രഹങ്ങൾ നേടിയ മഹാൻ ആ മഹാന് ജനിച്ച ഓമന മകനാണ് സുലൈമാൻ (അ) ഉപ്പ മകനെ ലാളിച്ചു വളർത്തി ആവശ്യമായ അറിവുകൾ നൽകി ഉപ്പ വിജ്ഞാനത്തിന്റെ സാഗരമാണ് ആ സാഗരത്തിൽ നിന്നാണ് പുത്രൻ വിദ്യ നുകർന്നത് സബൂർ അല്ലാഹുവിന്റെ വേദഗ്രന്ഥം ഉപ്പാക്ക് ഇറക്കപ്പെട്ട കിതാബ് ഉപ്പയുടെ അതിമനോഹരമായ സ്വരം അതു കേട്ടാണ് പുത്രൻ വളർന്നത് സബൂർ പാരായണം എന്തൊരനുഭൂതിയാണ് അത് പകർന്നു തന്നത് ഒരിക്കലും മറക്കാനാവില്ല .

ദാവൂദ് (അ) സബൂർ പാരായണം തുടങ്ങിയാൽ പ്രകൃതി പോലും നിശ്ചലമായിപ്പോകും പക്ഷികളും മൃഗങ്ങളും ഉപ്പായുടെ ചുറ്റും കൂടിനിൽക്കും ചലനമില്ല നിശ്ചലരായി ശ്രദ്ധിച്ചു കേൾക്കും എത്ര വിശന്നാലും പിരിഞ്ഞു പോവില്ല കേട്ടുകേട്ടു നിൽക്കും സുലൈമാൻ (അ) കുട്ടിക്കാലത്ത് അതെത്ര തവണ കണ്ടിരിക്കുന്നു മറക്കാനാവാത്ത അനുഭവം.

സുലൈമാൻ ആകാശത്തിലേക്കു നോക്കി അവിടെ മേഘങ്ങൾ മേഞ്ഞു നടക്കുന്നു സൂര്യനുദിക്കുന്ന കിഴക്കൻ ചക്രവാളം സൂര്യാസ്തമയം നടക്കുന്ന പടിഞ്ഞാറൻ ചക്രവാളം എത്ര വിസ്മയകരം ആകാശം അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിപ്പ് സുലൈമാന്റെ ഇളം മനസ്സ് അതിനെക്കുറിച്ചു ചിന്തിച്ചു ഉപ്പയോടൊപ്പം യാത്ര ചെയ്തു നോക്കെത്താത്ത ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി മണൽപ്പരപ്പിൽ സഞ്ചരിക്കുന്ന ഒട്ടകങ്ങൾ ,മലഞ്ചരിവുകളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻകൂട്ടങ്ങൾ, ഭാരം ചുമക്കുന്ന കഴുതകൾ ,കുതിച്ചു പായുന്ന കുതിരകൾ ,പരുക്കൻ പ്രകൃതിയോട് പടപൊരുതി ജീവിക്കുന്ന മനുഷ്യർ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം സുലൈമാൻ എന്ന കുട്ടിയുടെ ചിന്തകൾ വളരുന്നു മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ അവ എണ്ണിനോക്കാനാവില്ല..

മനുഷ്യശരീരം തന്നെ അനുഗ്രഹങ്ങളുടെ കലവറയാണ് കാഴ്ച,കേൾവി,ചിന്ത,വിചാരം,വികാരങ്ങൾ,ബലം,ഭാവന..... എവിടെ എണ്ണിത്തീരാൻ ? അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനാകണം മനുഷ്യൻ നന്ദികെട്ടവനായിപ്പോകരുത് നിസ്കരിക്കണം , നോമ്പെടുക്കണം , സഹജീവികളെ സഹായിക്കണം അതെല്ലാം നന്ദി പ്രകടനമാണ് ഉപ്പായുടെ നിസ്കാരം അല്ലാഹു ഇഷ്ടപ്പെടുന്ന നിസ്കാരമാണത് ഉപ്പായുടെ നോമ്പ് അല്ലാഹു ഇഷ്ടപ്പെടുന്ന നോമ്പാണ് ഉപ്പ നന്ദിയുള്ള അടിമയാകുന്നു താനും അതുപോലെയായിത്തീരണം അല്ലാഹുവിന്റെ നന്ദിയുള്ള അടിമയായിത്തീരണം കുട്ടിയുടെ ചിന്ത അങ്ങനെയാണ് നീങ്ങിയത്..

ഉപ്പ രാജ്യം ഭരിക്കുന്ന രാജാവാണ് രാജകൊട്ടാരം വിനീതനായ അടിമയായി ജീവിക്കുന്ന രാജാവ് വിനയത്തിന്റെയും ലാളിത്യത്തിന്റെയും കേന്ദ്രമായ കൊട്ടാരം അവിടെ മലക്കുകൾ വരുന്നു മനുഷ്യരും ജിന്നുകളും വരുന്നു അവയെല്ലാം കുട്ടി അറിയുന്നു വിശാലമായ രാജ്യം കാര്യക്ഷമമായ ഭരണം അതത്ര എളുപ്പമുള്ള കാര്യമല്ല ഉപ്പ വളരെ ബുദ്ധിപരമായി ഭരണകാര്യങ്ങൾ നിർവഹിക്കുന്നു രാജ്യത്ത് ക്ഷേമവും ഐശ്വര്യവും കളിയാടുന്നു കർഷകരും തൊഴിലാളികളും കച്ചവടക്കാരും സംതൃപ്തരാണ് അവർക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പിൽ വരുത്തുന്നു..

ക്രമസമാധാനനില വളരെ ഭദ്രമാണ് സാധാരണക്കാർക്ക് സമാധാനമായി ജീവിക്കാം തൊഴിലെടുക്കാം സമ്പാദിക്കാം അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥന്മാർ ജനങ്ങളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന രാജാവ് ജനങ്ങൾ അതേ അളവിൽ സ്നേഹം തിരിച്ചു നൽകുന്നു ഭരണം കാര്യക്ഷമമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ആവശ്യമുണ്ടോ അവയെല്ലാം കുട്ടി കണ്ടു പഠിച്ചു ഭാവിയിൽ നല്ലൊരു ഭരണാധികാരിയാവാനുള്ള കഴിവുകൾ കുട്ടിക്കാലത്തുതന്നെ നേടിയെടുത്തു. 

ചിലപ്പോൾ ആളുകൾക്കിടയിൽ തർക്കങ്ങളുണ്ടാവും വഴക്കും വക്കാണവുമാവും കേസ് ഉപ്പായുടെ മുമ്പിലെത്തും കുട്ടി വിചാരണ ശ്രദ്ധിക്കും ഇരുപക്ഷത്തിന്റെയും വാദം കേൾക്കും കുറ്റവാളി ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കും അയാൾക്കു നൽകേണ്ട ശിക്ഷയും മനസ്സിൽ കാണും മിക്കവാറും ഉപ്പായുടെ വിധിയും അങ്ങനെത്തന്നെയായിരിക്കും ഉപ്പായുടെ വിധി വേണ്ടത്ര മെച്ചപ്പെട്ടില്ലെന്ന് തോന്നിയാൽ പുത്രൻ തന്റെ മനസ്സിൽ തോന്നിയത് തുറന്നു പറയും ഉപ്പ അതു കേട്ട് പുത്രനെ അഭിനന്ദിക്കുകയും അത് അംഗീകരിക്കുകയും ചെയ്യും അങ്ങനെ എത്രയെത്ര സംഭവങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരുമായി കുട്ടി ഇടപഴുകിയിരുന്നു വിലമതിക്കാനാവാത്ത അനുഭവ ജ്ഞാനമാണ് അതുമൂലം കുട്ടിക്ക് ലഭിച്ചത്..

തണൽ നൽകിയ പക്ഷികൾ


ഉപ്പയെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത ഓർമ്മകളാണ് കുട്ടിയുടെ മനസ്സിലുള്ളത് അവ മനസ്സിന്റെ ചെപ്പിൽ എക്കാലവും ഒളിഞ്ഞിരിക്കും ഒരിക്കലും മങ്ങലേൽക്കാത്ത ഓർമ്മകൾ.

ഓർമ്മകൾ ചെന്നവസാനിക്കുന്നതെവിടെ ? ഉപ്പായുടെ അന്ത്യനിമിഷങ്ങളിൽ ഓർക്കുമ്പോൾ വല്ലാത്ത അതിശയം ഉപ്പാക്ക് ചില പ്രത്യേക ചിട്ടകളുണ്ടായിരുന്നു പുറത്തു പോകുമ്പോൾ താൻ താമസിക്കുന്ന വീട് പൂട്ടിയിടും പുറത്തുനിന്നാർക്കും അകത്ത് കടക്കാനാവില്ല സ്ത്രീകളും കുട്ടികളും വേലക്കാരുമൊക്കെ വീടിന്റെ മറ്റൊരു ഭാഗത്തുണ്ടാവും അങ്ങനെയൊരിക്കൽ പുറത്ത് പോയതായിരുന്നു അപ്പോൾ പൂട്ടിയിട്ട മുറിയിൽ ഒരാൾ കയറി പൂട്ട് പൊളിച്ചില്ല വാതിൽ തുറന്നില്ല ഉപ്പ വന്നു വാതിൽ തുറന്നു അപ്പോൾ അതാ നിൽക്കുന്നു വിശാലമായ മുറിയുടെ മധ്യത്തിൽ ശാന്തഗംഭീരനായ ഒരാൾ
താങ്കൾ ആരാണ് ? 

പൂട്ടിയിട്ട മുറിയിൽ എങ്ങനെ കടന്നു? അല്പം ഗൗരവത്തിലുള്ള ചോദ്യം

ആഗതന് ഒരു കുലുക്കവുമില്ല ഗാംഭീര്യം തുളുമ്പുന്ന സ്വരത്തിൽ തന്നെ മറുപടി വന്നു ഞാൻ രാജാക്കന്മാരെ ഭയപ്പെടാത്തവനാണ് മറകൾ എന്നെ തടയുകയില്ല
ഉപ്പ ചിന്താകുലനായി
പറഞ്ഞത് ശരിതന്നെ വീടിന്റെ ഉറപ്പുള്ള വാതിലും ശക്തമായ പൂട്ടും ഇദ്ദേഹത്തിന് തടസ്സമായില്ല

ഇദ്ദേഹം ആരാണ് ?

അതെ മലക്കു തന്നെ മൗത്തിന്റെ മാലാഖ മരണത്തിന്റെ ദൂതൻ തന്റെ റൂഹ് (ആത്മാവ്) ശരീരവുമായുള്ള ബന്ധം വിഛേദിക്കാൻ സമയമായിരിക്കുന്നു ശരീരത്തിൽ നിന്ന് റൂഹ് വലിച്ചൂരിയെടുക്കാൻ വന്ന മലക്കാണിത് അസ്റാഈൽ

അസ്റാഈൽ (അ) സംസാരിച്ചു

ദാവൂദ് താങ്കൾക്ക് ഈ ദുനിയാവിൽ അനുവദിക്കപ്പെട്ട സമയം അവസാനിച്ചിരിക്കുന്നു താങ്കൾക്ക് കണക്കാക്കപ്പെട്ട ആഹാരവും വെള്ളവും തീർന്നിരിക്കുന്നു ദുനിയാവിൽ നിന്ന് യാത്ര പോകാൻ സമയമായിരിക്കുന്നു ഒരുങ്ങിക്കൊള്ളുക

ഇനിയൊന്നും പറയാനില്ല പറയാനുള്ള പദങ്ങളും തീർന്നിരിക്കുന്നു ഒരു പുരുഷായുസ്സിൽ ഒരാളുടെ നാവിൽ നിന്ന് ഉതിർന്നുവീഴേണ്ട പദങ്ങൾക്കുമുണ്ടല്ലോ കണക്ക് ഇവിടെ കണക്ക് തീർന്നിരിക്കുന്നു വിധിക്കു കീഴടങ്ങി

ശരീരത്തിൽ നിന്ന് റൂഹ് വലിച്ചൂരിയെടുത്തു ശാന്തമായ അന്ത്യം അനുഗ്രഹീതമായ മരണം

സുലൈമാൻ നബി(അ) അന്ന് പതിമൂന്നു വയസ്സുള്ള കുട്ടിയാണ് ദുഃഖാകുലരായി കൂലംകുത്തി ഒഴികി വരുന്ന ജനക്കൂട്ടത്തെ ആ കുട്ടി കാണുന്നു

മനുഷ്യരുടെ കവിളുകളിൽ കണ്ണീർച്ചാലുകൾ ദുഃഖം അണപൊട്ടിയൊഴുകുന്നു നിലക്കാത്ത നെടുവീർപ്പുകൾ ജനക്കൂട്ടം വലുതായിവരുന്നു മരച്ചില്ലകളിൽ കിളികൾ കളകളാരവം മുഴക്കിയില്ല അവ ശോകമൂകമായിരുന്നു വന്യമൃഗങ്ങൾ ശബ്ദിച്ചില്ല പ്രകൃതിയുടെ വല്ലാത്ത മരവിപ്പ് സൂര്യൻ കത്തിജ്വലിച്ചുനിന്നു ചൂട് കൂടിക്കൂടിവന്നു മനുഷ്യൻ മഹാസാഗരമായി ചൂട് അസഹ്യമായി വിയർത്തു കുളിച്ചു വിദൂര ദിക്കുകളിൽ നിന്നുള്ള മനുഷ്യ പ്രവാഹം തുടരുകയാണ് ചൂടും വിയർപ്പും മനുഷ്യരെ തളർത്തുന്നു
ഖബർ തയ്യാറാക്കപ്പെട്ടു മയ്യിത്ത് കുളിപ്പിച്ചു വസ്ത്രത്തിൽ പൊതിഞ്ഞു ചൂടു കാരണം പുറത്തേക്കെടുക്കാൻ പറ്റുന്നില്ല നാല്പതിനായിരത്തോളം പണ്ഡിതന്മാർ എണ്ണിയാലൊടുങ്ങാത്ത സാധാരണക്കാർ അവർക്കു മധ്യെ സുലൈമാൻ എന്ന കുട്ടി ജനങ്ങൾ ചെറുപ്പക്കാരനോട് സഹായം തേടുന്നു

സുലൈമാൻ സഹായിക്കൂ ജനങ്ങൾ വല്ലാതെ വിഷമിക്കുകയാണ് കഷ്ടപ്പെടുന്നവരെ രക്ഷിക്കൂ ??

സുലൈമാൻ (അ) പുറത്തേക്കിറങ്ങി ഹോ....എന്തൊരു വെയിൽ എന്തൊരു ചൂട് സുലൈമാൻ (അ) ശിരസ്സുയർത്തി ആകാശത്തേക്കു നോക്കി പിന്നെ ചുറ്റുപാടും നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

പക്ഷികളേ പറന്നു വരൂ തണലേകൂ ഈ മനുഷ്യ സമൂഹത്തിന് ആശ്വാസം നൽകൂ ജനം അത് കേട്ടു അവർ ആകാംക്ഷാഭരിതരായി അവരുടെ നയനങ്ങൾ കണ്ടു പക്ഷിക്കൂട്ടങ്ങൾ അതിവേഗം പറന്നുവരുന്ന പക്ഷിക്കൂട്ടങ്ങൾ പതിനായിരക്കണക്കായ പക്ഷികൾ അവ ആകാശത്ത് പരന്നു ചിറകുകൾ വിടർത്തി നിന്നു പക്ഷികളുടെ തൂവലുകൾ സൂര്യരശ്മികളെ തടഞ്ഞുനിർത്തി അവിടെമാകെ തണൽ പടർന്നു എന്തൊരാശ്വാസം പെട്ടെന്നാണ് കുളിർമ്മ വന്നത് ആശ്വാസത്തിന്റെ നെടുവീർപ്പുകൾ സമാധാനത്തിന്റെ കണ്ണീർകണങ്ങൾ മയ്യിത്ത് കട്ടിലുയർന്നു ഇതാ പോവുകയാണ് അന്ത്യയാത്ര രാജകൊട്ടാരത്തിൽ നിന്ന് മണ്ണറയിലേക്ക് ഭരണ സിരാകേന്ദ്രത്തിൽ നിന്ന് ഖബറിലേക്ക് ഈ കേന്ദ്രത്തിൽ നിന്ന് എത്രയോ തവണ യാത്രപോയിട്ടുണ്ട് അപ്പോഴെല്ലാം തിരിച്ചു വന്നിട്ടുമുണ്ട് ഇത് മടക്കമില്ലാത്ത യാത്ര പാറകളും പർവ്വതങ്ങളും ആ യാത്ര നോക്കിനിന്നു ദൗത്യം പൂർത്തിയാക്കി അതാ യാത്രയാവുന്നു മഹാനായ പ്രവാചകന്റെ അന്ത്യയാത്ര പർവ്വതങ്ങൾ മൗനഭാഷയിൽ സംസാരിച്ചു.

പ്രവാചകപ്രഭോ ഞങ്ങളിത്രയും കാലം അങ്ങയോടൊപ്പം തസ്ബീഹ് ചൊല്ലിക്കൊണ്ടിരുന്നു എത്ര വളരെ അനുഭൂതിയാണ് ആ നിമിഷങ്ങൾ ഞങ്ങൾക്കു നൽകിയത് അങ്ങയുടെ സബൂർ പാരായണം അതുകേട്ട് ഞങ്ങൾ കോരിത്തരിച്ചു നിന്നുപോയിട്ടുണ്ട് ഞങ്ങളോടൊപ്പം പറവകളും മൃഗങ്ങളും വിസ്മയിച്ചു നിന്നുപോയിട്ടുണ്ട് പുണ്യ പ്രവാചകരേ അങ്ങ് ദൗത്യം പൂർത്തിയാക്കി ഞങ്ങളതിന്നു സാക്ഷിയാണ്

മയ്യിത്ത് കടന്നുപോയി അത് ഖബറിലേക്ക് താഴ്ത്തപ്പെട്ടു കല്ലുകൾകൊണ്ട് മൂടി ഒരു സുവർണ്ണ കാലഘട്ടത്തിന്റെ സ്മാരകമായി മീസാൻ കല്ലുകൾ ഉയർന്നുനിന്നു ആ ഖബറിന്നരികിലൂടെ കാലം ഒഴുകിപ്പോയി അതുവഴി പറന്നുപോയ പക്ഷികൾ നിശ്ബ്ദരായി വിനയപൂർവ്വം ചിറകുകൾ താഴ്ത്തി

കാട്ടുമൃഗങ്ങളുടെ ചെവികളിൽ സബൂറിന്റെ ഈരടികൾ ബാക്കി നിന്നു ആ ഓർമ്മയിൽ അവ നിശ്ചലരായി കാണപ്പെട്ടു ഈ സാഹചര്യത്തിൽ നിന്നാണ് സുലൈമാൻ നബി(അ) ഉയർന്നുവരുന്നത് സകല ജീവജാലങ്ങളും ആ ഉയർച്ച ആകാംക്ഷയോടെ നോക്കിക്കണ്ടു.

വിജ്ഞാനം 


അത്ഭുതകരമായ വിജ്ഞാനമാണ് ദാവൂദ് (അ)ന് അല്ലാഹു നൽകിയത് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവർ വിജ്ഞാനം നൽകുന്നു അതിന് മറ്റൊരാളുടെയും സഹായം വേണ്ട മനസ്സിൽ തോന്നിപ്പിക്കാം അതുമതി സ്വപ്നത്തിൽ കാണിക്കാം അനുഭവത്തിൽ നിന്ന് പഠിക്കാം ഒരു മനുഷ്യന്റെ മനസ്സിലേക്ക് വിദ്യ എത്തിക്കാനുള്ള മാർഗ്ഗം അല്ലാഹുതന്നെ സ്വീകരിക്കും

ദാവൂദ് (അ)ന് നൽകിയതുപോലെ മകൻ സുലൈമാൻ നബി (അ)നും അല്ലാഹു വിജ്ഞാനം നൽകി വളരെ മികച്ച വിജ്ഞാനം മനുഷ്യരിൽ വളരെ കുറച്ചു പേർക്കു മാത്രമേ അങ്ങനെയുള്ള വിജ്ഞാനം ലഭിച്ചിട്ടുള്ളൂ ഇത്രയും പറഞ്ഞാൽ മതിയല്ലോ അവർക്കു ലഭിച്ച മഹത്തായ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാൻ വിജ്ഞാനം ലഭിച്ചപ്പോൾ പിതാവും പുത്രനും എന്താണ് പറഞ്ഞത്? ആ വാക്കുകൾ ഏറെ ശ്രദ്ധേയമാവുന്നു എക്കാലവും ഓർമ്മിക്കപ്പെടേണ്ടതുമാവുന്നു അവർ രണ്ടുപേരും പറഞ്ഞു

അല്ലാഹുവിന് സ്തുതി

അവൻ സത്യവിശ്വാസികളായ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു മുമ്പുള്ളവർക്ക് അപരിചിതമായിരുന്ന പടയങ്കി നിർമ്മാണം അല്ലാഹു ദാവൂദ് (അ)ന്ന് പഠിപ്പിച്ചുകൊടുത്തു ഇരുമ്പുകൊണ്ട് പലവിധ സാമഗ്രികളുണ്ടാക്കാൻ പഠിപ്പിച്ചു പർവ്വതങ്ങളുടെ സ്തുതികീർത്തനങ്ങൾ മനസ്സിലാക്കാൻ കഴിവുനൽകി പക്ഷികളുടെയും മൃഗങ്ങളുടെയും സംസാരം ഗ്രഹിക്കാനുള്ള കഴിവുണ്ടായി ഇവയെല്ലാം അല്ലാഹു നൽകിയ ശ്രേഷ്ഠതകളാണ് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ എടുത്തു പറയുകയെന്നത് പിതാവിന്റെയും പുത്രന്റെയും സ്വഭാവമായിരുന്നു എന്നിട്ട് അല്ലാഹുവിനെ സ്തുതിച്ചു ഈ കർമ്മം അല്ലാഹുവിനെ സംതൃപ്തനാക്കി പിൽക്കാലത്ത് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)തങ്ങൾക്ക് വിശുദ്ധ ഖുർആൻ ഇറക്കിക്കൊടുത്തപ്പോൾ അല്ലാഹു ഇക്കാര്യം എടുത്തു പറഞ്ഞു

സൂറത്തു നംല് വിശുദ്ധ ഖുർആനിലെ ഇരുപത്തേഴാം അധ്യായമാകുന്നു അതിൽ അല്ലാഹു ഇങ്ങനെ പറയുന്നു

തീർച്ചയായും ദാവൂദിനും സുലൈമാനും നാം ജ്ഞാനം നൽകി രണ്ടാളും പറയുകയും ചെയ്തു സത്യവിശ്വാസികളായ തന്റെ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും (27:15)

പുത്രൻ പിതാവിന്റെ അനന്തരാവകാശിയാകുന്നു ഏതൊക്കെ കാര്യത്തിൽ ? നുബുവ്വത്ത് (പ്രവാചകത്വം) 

രാജാധികാരം വിജ്ഞാനം 

ചില കാര്യങ്ങളിൽ പുത്രൻ പിതാവിനെക്കാൾ മുന്നിട്ടു നിന്നു ഭരണകാര്യങ്ങളിൽ പുത്രൻ കൂടുതൽ ഖ്യാതി നേടി പിശാചുക്കളെയും കാറ്റിനെയും പുത്രന് അധീനപ്പെടുത്തിക്കൊടുത്തു പുത്രന്റെ കാലത്ത് ഭരണസ്ഥലങ്ങളുടെ വ്യാപ്തി വർദ്ധിച്ചു കൂടുതൽ ശക്തമായ ഭരണം നിലവിൽ വന്നു

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു :

സുലൈമാൻ ദാവൂദിന്റെ അനന്തരാവകാശിയായി അദ്ദേഹം പറഞ്ഞു : ഹേ ജനങ്ങളേ ഞങ്ങൾക്ക് പക്ഷികളുടെ സംസാരം പഠപ്പിക്കപ്പെട്ടിരിക്കുന്നു ആവശ്യമായ എല്ലാ സാധനങ്ങളിൽ നിന്നും വേണ്ടതെല്ലാം നമുക്ക് നൽകപ്പെട്ടിട്ടുണ്ട് നിശ്ചയമായും ഇത് പ്രത്യക്ഷമായ ഒരനുഗ്രഹം തന്നെയാകുന്നു (27:16)

രാജ്യം ഭരിക്കുന്ന രാജാവിന് നല്ലൊരു സൈന്യം വേണം സാമ്രാജ്യത്തിന്റെ വിസ്തൃതി വളരുമ്പോൾ സൈന്യത്തിന്റെ വലിപ്പവും കൂടണം രഹസ്യാന്വേഷണവിഭാഗം ശക്തമാവണം ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കണം അവരുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കണം സ്വന്തം രഹസ്യങ്ങൾ ചോർന്നുപോവാതെ നോക്കുകയും വേണം

സുലൈമാൻ നബി(അ)ന്റെ സൈന്യത്തിൽ പിശാചുക്കളും ജിന്നുകളുമുണ്ടായിരുന്നു അവർ ശക്തന്മാരാണ് അവരെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിച്ചിരുന്നു

സൈന്യത്തിലെ മറ്റൊരു വിഭാഗം പക്ഷികളായിരുന്നു വിവരങ്ങൾ ശേഖരിക്കാനും സന്ദേശങ്ങൾ കൈമാറാനും പക്ഷികളെ ഉപയോഗപ്പെടുത്തിയിരുന്നു മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയാത്ത ജോലികൾ ജിന്നുകളെക്കൊണ്ടും പിശാചുക്കളെക്കൊണ്ടും ചെയ്ച്ചിരുന്നു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

സുലൈമാന് ,ജിന്ന്,മനുഷ്യൻ,പക്ഷി എന്നിവയിൽ നിന്നുള്ള അദ്ദേഹത്തിന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു എന്നിട്ട് അവ തടഞ്ഞു നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് (27:17)

സാധാരണ ഗതിയിൽ പിശാചുക്കളും ജിന്നുകളും മനുഷ്യരുടെ കല്പനകൾക്കൊത്തു ജീവിക്കാനാഗ്രഹിക്കുകയില്ല മനുഷ്യരെ അവർ വഴി തെറ്റിക്കും

സുലൈമാൻ നബി(അ) ഒരു മനുഷ്യനാകുന്നു ആ മനുഷ്യൻ ജിന്നുകളെയും പിശാചുക്കളെയും നിയന്ത്രിക്കുന്നു അദ്ദേഹം കല്പിക്കും അവരതനുസരിക്കും ഇത് അത്ഭുതകരമായ അവസ്ഥ പിതാവിന് ഇരുമ്പിന്റെ പ്രയോഗമാണ് അല്ലാഹു പഠിപ്പിച്ചുകൊടുത്തത് മകന് ചെമ്പിന്റെ പ്രയോഗം പഠിപ്പിച്ചു കൊടുത്തു ഉരുക്കിയൊലിക്കുന്ന ചെമ്പ് ദ്രാവകരൂപം അതുകൊണ്ട് പല സാധനങ്ങളുമുണ്ടാക്കാം ഉരുകിയ ചെമ്പ് ലഭിക്കുന്ന സ്ഥലം കണ്ടെത്തി ചെമ്പുഖനിയിലെ ജോലി കടുത്ത ജോലി തന്നെ കടുത്ത ജോലികൾ ചെയ്യാൻ പിശാചുക്കളോടും ജിന്നുകളോടും കല്പിച്ചു അവർ അനുസരിച്ചു അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല അനുസരണക്കേട് കാണിച്ചാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക പിശാചുക്കളും ജിന്നുകളും ശിക്ഷ ഭയന്നു ചിലപ്പോഴൊക്കെ കുതറിയോടാൻ ശ്രമിച്ചു രക്ഷയില്ലെന്ന് കണ്ടപ്പോൾ അനുസരണയോടെ ജീവിച്ചു..

കാറ്റ് ,ചെമ്പ് 



കാറ്റ് 

കാറ്റ് പ്രതീക്ഷയാണ് കാറ്റ് പേടിസ്വപ്നമാണ് ഇളം കാറ്റിനെ ആരാണ് ഇഷ്ടപ്പെടാത്തത് ? കൊടുംകാറ്റിനെ ആരാണ് ഭയപ്പെടാത്തത് ? കരയിലും കടലിലും കാറ്റടിക്കുന്നു കൊടുംങ്കാറ്റ് നാശം വിതക്കുന്നു ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന ലോകശക്തികൾ കൊടുംകാറ്റും കാട്ടുതീയും വരുമ്പോൾ പകച്ചു നിൽക്കുകയാണ് ആദ്യം കാറ്റ് പിന്നെ പേമാരി തുടർന്നു പ്രളയം മനുഷ്യവാസകേന്ദ്രങ്ങൾ തകർന്നു തരിപ്പണമാകുന്ന പ്രകൃതി ദുരന്തങ്ങൾ കിഴക്കൻ ലോകത്തും പടിഞ്ഞാറൻ ലോകത്തും ഈ നൂറ്റാണ്ടിൽ തന്നെ ഇതെത്ര തവണ ആവർത്തിക്കപ്പെട്ടു.

ആ കാറ്റിനെ സുലൈമാൻ നബി(അ)ന് അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തു നബിയുടെ കല്പനയനുസരിച്ചു കാറ്റടിക്കും നബിയുടെ കല്പന വരുമ്പോൾ കാറ്റടങ്ങും സുലൈമാൻ നബി(അ)ന് മാത്രം ലഭിച്ച അനുഗ്രഹം രാവിലെ യാത്രക്ക് ഒരുങ്ങുന്നു പിശാചുക്കൾ വിരിപ്പ് വിരിക്കും അതിന്റെ മധ്യത്തിൽ വിലകൂടിയ സിംഹാസനം സ്ഥാപിക്കും അതിനു ചുറ്റും ധാരാളം ഇരിപ്പിടങ്ങൾ പിശാചുക്കളും ജിന്നുകളും മനുഷ്യരും അവയിലാണ് ഇരിക്കേണ്ടത് സുലൈമാൻ നബി(അ) സിംഹാസനത്തിലിരിക്കുന്നു ഉടനെ മറ്റുള്ളവരും ഇരിക്കുന്നു സുലൈമാൻ (അ) കാറ്റിന് കല്പന കൊടുക്കുന്നു ഉടനെ കാറ്റടിക്കുന്നു ശക്തിയായ കാറ്റ് കാറ്റിന്റെ ശക്തിയിൽ വിരിപ്പ് ഉയരുന്നു വായുവിലൂടെ അത് നീങ്ങുന്നു നല്ല വേഗതയിൽ കാറ്റ് ശക്തമാണെങ്കിലും യാത്രക്കാർക്ക് സാധാരണ നിലയിലുള്ള സുഖകരമായ കാറ്റായാണ് അനുഭവപ്പെടുന്നത് രാവിലെയുള്ള സുഖ യാത്ര ഒരു മാസത്തെ വഴിദൂരമുള്ള സ്ഥലത്തേക്ക് അവർ ആ പ്രഭാതത്തിൽ തന്നെ എത്തിച്ചേരുന്നു അന്നാട്ടിൽ ചെയ്യേണ്ട കാര്യങ്ങളൊക്കെ അന്ന് പകൽ തന്നെ ചെയ്തു തീർക്കുന്നു അന്ന് വൈകുന്നേരം ഇതേ പോലെ മടങ്ങിപ്പോവുന്നു..

രാവിലെ ഒരു മാസത്തെ വഴിദൂരം സഞ്ചരിക്കുന്നു വൈകുന്നേരം ഒരു മാസത്തെ വഴിദൂരം സഞ്ചരിക്കുന്നു ഒരു പ്രഭാതവും സായാഹ്നവും കൊണ്ട് രണ്ടു മാസത്തെ വഴി ദൂരം സഞ്ചരിക്കുന്നു മറ്റൊരു രാജാവിനും ഈ അനുഗ്രഹം ലഭിച്ചില്ല അവർ ഭൂമിയിലൂടെ ഒരു മാസം യാത്ര ചെയ്താൽ എത്തുന്ന സ്ഥലത്തേക്ക് സുലൈമാൻ (അ)ഒരു പ്രഭാതം കൊണ്ട് എത്തിച്ചേരുന്നു.

സുലൈമാൻ (അ)ന്റെ തലസ്ഥാനം ബൈത്തുൽ മുഖദ്ദസ് ആകുന്നു അവിടെ നിന്നാണ് മിക്കപ്പോഴും യാത്ര തുടങ്ങുക ഫലസ്തീനിലും പരിസര രാജ്യങ്ങളിലും സഞ്ചരിക്കും കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും സുലൈമാൻ (അ)ന് നന്നായറിയാമായിരുന്നു അദ്ദേഹം കച്ചവടക്കാരെ ഇന്ത്യയിലേക്കയച്ചിരുന്നു ഇന്ത്യൻ ഉല്പന്നങ്ങൾ വിലക്കുവാങ്ങി പായക്കപ്പലുകളിൽ കയറ്റി കൊണ്ടുപോയിരുന്നു പടിഞ്ഞാറൻ ലോകവുമായി വ്യാപാര ബന്ധം നിലനിന്നിരുന്നു കാറ്റിന്റെ ശക്തികൊണ്ടാണ് കപ്പലുകൾ നീങ്ങിയിരുന്നത്

സുലൈമാൻ (അ)ന് അല്ലാഹു നൽകിയ മറ്റൊരനുഗ്രഹം പറയാം

ചെമ്പ് ഉരുകിയൊലിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് അല്ലാഹു അറിവ് നൽകി മാസത്തിൽ മൂന്നു രാവും പകലും ചെമ്പ് ഉരുകി ഒഴുകും ഉരുകിയ ചെമ്പ് കോരിയെടുത്തു പാത്രങ്ങളും മറ്റുമുണ്ടാക്കാൻ ജിന്നുകളെ ചുമതലപ്പെടുത്തി വളരെ വലിയ പാത്രങ്ങളാണവർ നിർമ്മിച്ചത് ആയിരം പേർക്ക് വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കാം മൂന്നു കാലുള്ള വലിയ ചെമ്പുപാത്രങ്ങൾ നിർമ്മിച്ചു അതിലാണ് ഭക്ഷണം പാകം ചെയ്യുക ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് തള്ളിമാറ്റാൻ കഴിയില്ല അത്ര ഭാരം കാണും ഇത്തരം പാത്രങ്ങൾ എത്രയെണ്ണം കാണുമെന്നോ? ആയിരക്കണക്കിൽ വരും ഒരു സന്ദർഭത്തിൽ പന്ത്രണ്ടായിരം പാത്രങ്ങളിൽ ആഹാരം പികം ചെയ്തിരുന്നു ഓരോ പാത്രത്തിനും ഓരോ മുഖ്യ പാചകക്കാരൻ നിരവധി സഹായികൾ പാചകപ്പുരയുടെ വലിപ്പം എത്രയായിരിക്കും ? കല്ലുകൊണ്ടുള്ള അനേകം പാത്രങ്ങൾ നിർമ്മിക്കപ്പെട്ടു കല്ലുകൊണ്ടുള്ള ഒരു പാത്രത്തിൽ പത്ത് ഒട്ടകത്തിന്റെ മാംസം കൊള്ളും ഓരോ ദിവസവും പാകം ചെയ്യപ്പെടുന്ന ആഹാരത്തിന്റെ അളവ് ഒന്നു സങ്കല്പിച്ചു നോക്കൂ അതെല്ലാം തിന്നു തീർക്കാൻ മാത്രം മനുഷ്യർ അവിടെ വന്നിരുന്നു.

സുലൈമാൻ നബി (അ)ന്റെ അന്നദാനം എല്ലാ നാടുകളിലും പ്രസിദ്ധമാണ് സദ്യയിൽ പങ്കെടുക്കാൻവേണ്ടി നാനാ ദിക്കുകളിൽ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയിരുന്നത് സമൃദ്ധമായ സദ്യ പാവപ്പെട്ടവർക്കുള്ളതാണ് സാധാരാണക്കാരൊക്കെ അതിൽ പങ്കെടുക്കുന്നു സുലൈമാൻ (അ)ആ സദ്യ കഴിക്കാറില്ല അദ്ദേഹം പകൽ നോമ്പു നോൽക്കും പകൽ വട്ടികൾ നെയ്തെടുക്കും അവ അങ്ങാടിയിൽ വിൽക്കും എന്നിട്ട് ഗോതമ്പ് റൊട്ടി വാങ്ങും അത് കഴിച്ചാണ് നോമ്പ് തുറക്കുക ഏതെങ്കിലും അഗതികളെ കണ്ടാൽ വിളിച്ചു കൊണ്ടുവന്ന് കൂടെയിരുത്തും എത്ര ഹൃദ്യമായ നോമ്പതുറ

സുലൈമാൻ (അ)ന് കാറ്റിനെ അധീനപ്പെടുത്തിക്കൊടുത്ത വിവരവും ,ചെമ്പിന്റെ ദ്രാവകം കാണിച്ചുകൊടുത്ത സംഭവവും സൂറത്തുസ്സബഇൽ കാണാം

അല്ലാഹു പറയുന്നു :

സുലൈമാന് കാറ്റിനെയും കീഴ്പ്പെടുത്തിക്കൊടുത്തു അതിന്റെ പ്രഭാതത്തിലെ യാത്ര ഒരു മാസത്തെ വഴിദൂരവും വൈകുന്നേരത്തെ വരവ് ഒരു മാസത്തെ വഴിദൂരവും ആകുന്നു അദ്ദേഹത്തിന് നാം ചെമ്പു ദ്രാവകത്തിന്റെ ഉറവ ഒഴുക്കിക്കൊടുക്കുകയും ചെയ്തു തന്റെ റബ്ബിന്റെ കല്പനയനുസരിച്ചു അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് പ്രവർത്തിയെടുക്കുന്നവരിൽ ജിന്നുകളിൽ പെട്ടവരും ഉണ്ടായിരുന്നു
ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ കല്പന വിട്ട് തെറ്റിപ്പോകുന്ന പക്ഷം നാം അവന് ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ് (34:12)

ജിന്നുകൾ സുലൈമാൻ (അ)നുവേണ്ടി ഏതൊക്കെ ജോലികളാണ് ചെയ്തിരുന്നത് ?അതറിയാൻ വിശുദ്ധ ഖുർആൻ തന്നെ നോക്കിയാൽ മതി

വലിയ മണ്ഡപങ്ങൾ നിർമ്മിച്ചു ഖുർആനിൽ ഇതിന് മഹാരിബ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് മിഹ്റാബ് എന്നതിന്റെ ബഹു വചനം കൂറ്റൻ കെട്ടിടം ,മനോഹരമായ മന്ദിരം എന്നൊക്കെ മനസ്സിലാക്കാം വലിയ കല്ലുകൾ ഉപയോഗിച്ച് കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട് മനുഷ്യർക്കതിന് കഴിയില്ല 

വെള്ളം നിറച്ചുവെക്കാനുള്ള പടുകൂറ്റൻ തൊട്ടിപ്പാത്രങ്ങൾ നിർമ്മിച്ചു അതിൽ വെള്ളം നിറച്ചാൽ ഒരു ജലാശയം പോലെയിരിക്കും പാചകം ചെയ്യാനുള്ള പടുകൂറ്റൻ പാത്രങ്ങൾ നിർമ്മിച്ചു ഇതിന് കിടാരങ്ങൾ എന്നു പറയുന്നു അത് ഇളക്കിമാറ്റാനൊന്നും സാധ്യമല്ല ഒരു സ്ഥലത്ത് സ്ഥാപിച്ചാൽ അവിടെത്തന്നെ ഉറച്ചുനിൽക്കും

സുലൈമാൻ (അ) ഉദ്ദേശിക്കുന്നതെന്തോ അതൊക്കെ അവർ നിർമ്മിച്ചുകൊടുത്തിരുന്നു ഇത് വലിയ അനുഗ്രഹങ്ങമാണ് ഇതിന് ദാവൂദ് കുടുംബം നന്ദിയുള്ളവരായിരിക്കണമെന്ന് അല്ലാഹു കല്പിക്കുന്നു

വിശുദ്ധ ഖുർആൻ പറയുന്നു :

'അദ്ദേഹത്തിനു വേണ്ടി മണ്ഡപങ്ങൾ ,പ്രതിമകൾ,ജലാശയങ്ങൾ പോലുള്ള തൊട്ടിപ്പാത്രങ്ങൾ , ഉറച്ചു നിൽക്കുന്ന കിടാരങ്ങൾ മുതലായ അദ്ദേഹം ഉദ്ദേശിക്കുന്നത് അവർ പണിതുകൊടുത്തിരുന്നു (അല്ലാഹു പറഞ്ഞു): ദാവൂദിന്റെ കുടുംബമേ നന്ദിയോടെ പ്രവർത്തിക്കുവീൻ എന്റെ അടിയാന്മാരിൽ നന്ദിയുള്ളവർ കുറവാകുന്നു (34:13 )

ഓരോ മനുഷ്യരും അല്ലാഹുവിൽ നിന്ന് എണ്ണമറ്റ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നു പക്ഷെ നന്ദിയുള്ളവർ വളരെ കുറവാകുന്നു ദാവൂദ് കുടുംബത്തിന്റെ ചരിത്രം പറയുമ്പോൾ അല്ലാഹു അക്കാര്യം നമ്മെ ഓർമ്മപ്പെടുത്തുന്നു..

കപ്പൽ യാത്രകൾ 


ശാം,ഫലസ്തീൻ, സമീപ പ്രദേശങ്ങൾ പൗരാണിക കാലം മുതൽക്കേ ജനവാസമുള്ള നാടുകൾ കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും സന്ധിക്കുന്നതവിടെയാണ് പൗരാണിക മനുഷ്യ നാഗരികത വളർന്ന മണ്ണ് മധ്യധരണ്യാഴി സമീപത്തു തന്നെയാണ് മധ്യധരണ്യാഴിയിലൂടെ പടിഞ്ഞാറൻ ലോകത്തേക്ക് സഞ്ചരിക്കാം കപ്പലുകൾ വേണ്ടത്രയുണ്ട് സഞ്ചാരികളുണ്ട് കപ്പിത്താന്മാരുണ്ട് പാശ്ചാത്യർക്കുവേണ്ട കച്ചവടച്ചരക്കുകളുമുണ്ട് എല്ലാം ഉണ്ട് ഇനി ഒരൊറ്റകാര്യം ശരിയായാൽ മതി കാറ്റിന്റെ ഗതി അനുകൂലമാവുക

കാറ്റിനെ അല്ലാഹു സുലൈമാൻനബി(അ)ന്അധീനപ്പെടുത്തിക്കൊടുത്തിരിക്കുകയാണല്ലോ ? കൽപിച്ചാൽ മതി അനുസരിക്കും കപ്പലുകളിൽ ചരക്കുകൾ നിറച്ചു സഞ്ചാരികൾ കയറി കപ്പിത്താന്മാർ വന്നു നിരവധി കപ്പലുകൾ പായകൾ വിടർത്തി അതിമനോഹരമായ കാഴ്ച ആ കാഴ്ച കാണാൻ കടൽത്തീരം നിറയെ ആളുകൾ സുലൈമാൻ (അ)വന്നു കാറ്റിനു കല്പന കിട്ടി പെട്ടെന്ന് പടിഞ്ഞാറൻ ദിശയിലേക്കു കാറ്റു വീശി കപ്പലുകൾ അതിവേഗം അകന്നകന്നു പോയി എത്രയോ മനോഹരമായ കാഴ്ച സത്യവിശ്വാസികൾ അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാഹ് 

മധ്യധരണ്യാഴിതീരത്ത് പല തുറമുഖങ്ങളുണ്ട് സൂർ, യാഫാ എന്നിവ ചരിത്രപ്രസിദ്ധമായ തുറമുഖങ്ങളാണ് ധാരാളം കപ്പലുകൾ വന്നുപോവുന്ന കേന്ദ്രങ്ങൾ പ്രസിദ്ധമായ ചെങ്കടൽ സമീപത്ത് തന്നെയാണ് ചെങ്കടലിലൂടെ കടന്നുപോയ കപ്പലുകൾക്കുണ്ടോ വല്ല കണക്കും ഇന്ത്യയുമായും മറ്റ് പൗരസ്ത്യ രാജ്യങ്ങളുമായും കച്ചവട ബന്ധം നിലനിർത്തിയിരുന്നത് ചെങ്കടൽ വഴിയായിരുന്നു ചെങ്കടൽ തീരത്തും ധാരാളം തുറമുഖങ്ങളുണ്ടായിരുന്നു പൗരാണിക ചരിത്രത്തിൽ പറക്കുന്ന ഐല തുറമുഖം ചെങ്കടലിന്റെ ശാഖയായ അൽ അഖബ ഉൾക്കടലിനോട് ചേർന്നു കിടക്കുന്നു..

കിഴക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെടാൻ ചെങ്കടൽ തീരത്ത് നിരവധി കപ്പലുകൾ ഒരുങ്ങിനിൽക്കുന്നു ഈത്തപ്പഴം ,അത്തിപ്പഴം, മുന്തിരി എന്നിവയുടെ വലിയ കെട്ടുകൾ കപ്പലുകളിലുണ്ട് കച്ചവടക്കാരും കപ്പിത്താന്മാരും കയറി കാറ്റിന് സുലൈമാൻ (അ)ന്റെ കല്പന കിട്ടി കാറ്റ് വീശി കിഴക്കൻ ദേശത്തേക്ക് കാറ്റടിച്ചു പായകൾ നിവർന്നു കാറ്റ് അവയെ കിഴക്കോട്ട് നയിച്ചു കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ അല്ലാഹു അനുഗ്രഹിച്ച നാടുകൾ അവിടത്തെ വിളവുകൾ അല്ലാഹുവിന്റെ അനുഗ്രഹമാണ് വനങ്ങൾ മറ്റൊരനുഗ്രഹമാണ് വനങ്ങളിലെ വിഭവങ്ങൾ മഹത്തായ അനുഗ്രഹം തന്നെ അവയെല്ലാം കപ്പലുകളിൽ വന്നുചേരും കടലും ,കരയും ,കാറ്റും അല്ലാഹു സുലൈമാൻ നബി(അ)ന് കീഴ്പ്പെടുത്തിക്കൊടുത്തു

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ

ശക്തിയായി അടിച്ചുകൊണ്ടിരിക്കുന്ന നിലയിൽ കാറ്റിനെ സുലൈമാന് കീഴ്പ്പെടുത്തിക്കൊടുത്തു നാം അനുഗ്രഹിച്ച ഭൂമിയിലേക്ക് അദ്ദേഹത്തിന്റെ കല്പനയനുസരിച്ച് അത് സഞ്ചരിക്കാറുണ്ടായിരുന്നു എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവനാകുന്നു (21:81)

പടിഞ്ഞാറൻ നാടുകളിൽ നിന്നും കിഴക്കൻ നാടുകളിൽ നിന്നും കപ്പലുകൾ എത്തിച്ചേരുന്ന ദിവസം എല്ലാവർക്കും സന്തോഷമാണ് ഫലസ്തീൻ ആഹ്ലാദഭരിതമായിത്തീരും അന്നാട്ടിൽ വിളയാത്ത എന്തെല്ലാം വിഭവങ്ങളാണ് വന്നുചേരുന്നത് ഇന്ത്യയിൽ നിന്നെത്തിയ മൃഗങ്ങൾ മനോഹരമായ പക്ഷികൾ നാടൻ ഉല്പന്നങ്ങൾ വനവിഭവങ്ങൾ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല മയിലുകൾ അവയുടെ ചലനങ്ങൾ പീലി വിടർത്തി നൃത്തം ചെയ്യുന്ന മയിലുകൾ എല്ലാം കണ്ടാനന്ദിക്കുന്നു ഒപ്പം അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്യുന്നു സമുദ്രങ്ങൾ അനുഗ്രഹങ്ങളുടെ കലവറകൾ വിലമതിക്കാനാവാത്ത മുത്തും പവിഴവും സമുദ്രാന്തർഭാഗത്തുണ്ട് ലോകമെങ്ങും അതിന് പ്രിയമാണ്..

ലോകമെമ്പാടുമുള്ള രാജ്ക്കന്മാർക്ക് അവ വേണം കൊട്ടാരത്തിൽ മുത്തും പവിഴവും അമൂല്യ രത്നങ്ങളുമുണ്ടാവുന്നത് ഒരന്തസ്സ് തന്നെയാണ് രാജകുമാരികൾക്ക് ധരിക്കാൻ മുത്തു കോർത്ത മാല തന്നെ വേണം കിട്ടാൻ വളരെ പ്രയാസമുള്ള സാധനങ്ങളാണവ ഒരു രാജാവിന്റെ കൈവശം മുത്തും പവിഴവുമുണ്ടെന്ന് കേട്ടാൽ മറ്റ് രാജാക്കന്മാർക്ക് അസൂയയാണ് അസൂയ മൂത്ത് അവർ യുദ്ധത്തിന്നിറങ്ങും യുദ്ധം ചെയ്തു രാജാവിനെ തോല്പിക്കും ചിലപ്പോൾ വധിക്കും എന്നിട്ട് മുത്തും പവിഴവും കൈവശപ്പെടുത്തും അവ കൈവശമുള്ളവർ എപ്പോഴും അതീവ ജാഗ്രതയിലായിരിക്കും കാവൽക്കാർ ഉറക്കമൊഴിച്ചു കാവലിരിക്കും

സുലൈമാൻ നബി(അ)ന്റെ കൈവശം എല്ലാതരം രത്നങ്ങളുമുണ്ട് മുത്തും മാണിക്യവും ഇഷ്ടംപോലെയുണ്ട് കപ്പലുകളിൽ കയറ്റി അയക്കും

വനവിഭവങ്ങളും നാടൻ ഉല്പന്നങ്ങളും വാങ്ങി പകരം കപ്പൽക്കാർ നൽകുന്നത് മുത്തും പവിഴവും സുലൈമാൻ (അ) ലോകരാജാക്കന്മാർക്കെല്ലാം പാരിതോഷികമായി കൊടുത്തയക്കുന്നതും മുത്തും പവിഴവും മറ്റ് രത്നങ്ങളുമാണ്

സുലൈമാൻ (അ)ന് എവിടെ നിന്ന് കിട്ടുന്നു ഇത്രയേറെ മുത്തുകൾ ?

സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് മനുഷ്യർക്ക് അത്രയും ആഴത്തിൽ മുങ്ങി അവ എടുക്കാൻ സാധ്യമല്ല പിന്നെ ആരെടുക്കും ?

പിശാചുക്കൾ

അല്ലാഹു പിശാചുക്കളെ സുലൈമാൻ നബി(അ)ന് അധീനപ്പെടുത്തിക്കൊടുത്തിട്ടുണ്ട് അദ്ദേഹം എന്ത് കല്പിക്കുന്നുവോ അത് പിശാചുക്കൾ അനുസരിക്കും

വിശാലമായ കടൽത്തീരം അവിടെ വമ്പിച്ച ജനക്കൂട്ടം അത്ഭുതം നടക്കാൻ പോവുകയാണ് സുലൈമാൻ (അ)വന്നു ശൈത്വാന്മാരെ വിളിച്ചു അവ അനുസരണയോടെ വന്നുനിന്നു

സമുദ്രത്തിൽ മുങ്ങുക മുത്തും പവിഴവും വാരിക്കൊണ്ട് വരിക സുലൈമാൻ (അ) കല്പിച്ചു

ശൈത്വാൻമാർ സമുദ്രത്തിൽ ചാടിമറഞ്ഞു ഏറെ കഴിഞ്ഞില്ല അവർ കൂട്ടത്തോടെ പൊങ്ങിവരുന്നു കൈനിറയെ മുത്തും പവിഴവും ആവേശവും ആഹ്ലാദവും അലയടിച്ചുയരുന്നു

വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ

അദ്ദേഹത്തിന് വേണ്ടി സമുദ്രത്തിൽ മുങ്ങുകയും അതല്ലാതെ മറ്റ് ചില പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നവരെ പിശാചുക്കളിൽ നിന്ന് അദ്ദേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു നാം അവരെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു (21:82)

കടലിൽ മുങ്ങി മുത്തും പവിഴവും ശേഖരിക്കുന്ന ജോലി മാത്രമല്ര പിശാചുക്കൾ ചെയ്തിരുന്നത് പടുകൂറ്റൻ സൗധങ്ങൾ പിശാചുക്കൾ നിർമ്മിച്ചുകൊടുത്തു യാത്രാ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു ആവശ്യമായ എല്ലാ സേവനങ്ങളും ചെയ്തുപോന്നു..

രണ്ടു സംഭവങ്ങൾ 



രണ്ടു സ്ത്രീകൾ യാത്ര ചെയ്യുന്നു ഒരാൾക്ക് ഉയരം കൂടുതലുണ്ട് മറ്റവൾക്ക് ഉയരം കുറവ് ഇരുവർക്കും ഓരോ കുട്ടികളുണ്ട് ആൺകുട്ടികൾ കുട്ടികളുടെ കൊഞ്ചലും വർത്തമാനവും ആസ്വദിച്ചുകൊണ്ടവർ യാത്ര തുടർന്നു യാത്രക്കിടയിൽ ഒരത്യാഹിതം സംഭവിച്ചു ചെന്നായ വന്നു ഒരു കുട്ടിയെ പിടിച്ചുകൊണ്ടുപോയി പെണ്ണുങ്ങൾ ബഹളമുണ്ടാക്കി ഉറക്കെ കരഞ്ഞു ഒരു കുട്ടി പോയി ബാക്കി വന്നത് ഒരു കുട്ടി മാത്രം അതാരുടെ കുട്ടി ?

'ഇത് എന്റെ കുട്ടിയാണ് നിന്റെ കുട്ടിയെ ചെന്നായ കൊന്നു' പൊക്കമുള്ള സ്ത്രീ പറഞ്ഞു

'നീ പറഞ്ഞത് കളവാണ് ഇത് എന്റെ കുട്ടിയാണ് നിന്റെ കുട്ടിയെ ചെന്നായ കൊണ്ടുപോയി ' കുറിയ സ്ത്രീ തിരിച്ചടിച്ചു

വഴക്ക് മൂത്തു കേസ് സുലൈമാൻ (അ)ന്റെ മുമ്പിലെത്തി സുലൈമാൻ (അ) രണ്ടുപേരെയും ചോദ്യം ചെയ്തു ഇരുവരും തങ്ങളുടെ വാദത്തിൽ ഉറച്ചുനിന്നു അവകാശവാദം ഉന്നയിക്കുകയും കരയുകയും ചെയ്തു

എങ്ങനെ സത്യം മനസ്സിലാക്കും ? പെട്ടെന്നൊരു യുക്തി തോന്നി സുലൈമാൻ (അ) ഇങ്ങനെ പ്രഖ്യാപിച്ചു

'കുട്ടിയെ രണ്ടായി പിളർക്കാം ഓരോ ഭാഗം ഓരോരുത്തർക്കും തരാം എന്താ അത് പോരേ ?
'മതി അത് മതി '

പൊക്കം കൂടിയ സ്ത്രീ പെട്ടെന്ന് സമ്മതിച്ചു

ഒരു ഭടൻ കത്തിയുമായി എത്തി

കുറിയ സ്ത്രീ ഏങ്ങലടിച്ചു കരയാൻ തുടങ്ങി

'നബിയേ കുട്ടിയെ കൊല്ലരുത് എനിക്ക് കുട്ടിയെ വേണ്ട അവൾക്ക് കൊടുത്തോളൂ കുറിയ സ്ത്രീ അറിയിച്ചു

നബിക്ക് സത്യം മനസ്സിലായി കുറിയ സ്ത്രീയാണ് കുട്ടിയുടെ അവകാശി കുട്ടിയെ അവൾക്ക് നൽകി

മറ്റൊരു സംഭവം കൂടി പറയാം

സുലൈമാൻ(അ)ന്റെ ബുദ്ധിശക്തി വെളിപ്പെടുത്തുന്ന സംഭവം ബുദ്ധി അല്ലാഹു നൽകുന്ന അനുഗ്രഹമാണ് അത് ജന്മസിദ്ധമായി ലഭിക്കുന്നതാണ് വിജ്ഞാനവും അനുഭവങ്ങളും ബുദ്ധിവികാസത്തെ സഹായിക്കുന്നു

ദാവൂദ് (അ),സുലൈമാൻ (അ) ഇരുവരും പ്രവാചകന്മാർ ഭരണാധികാരികളും സമൂഹത്തിലെ ഉന്നത മേഖലകളിലെ പ്രശ്നങ്ങൾ അവർ കൈകാര്യം ചെയ്യുന്നു സമൂഹത്തിലെ താഴെക്കിടക്കാരുടെ ചെറിയ പ്രശ്നങ്ങൾ പോലും അവരുടെ പരിഗണനയിൽ വരുന്നു അതിന്റെ ഉദാഹരണമാണ് ഈ സംഭവം

ഒരാളുടെ കുറെ ആടുകൾ മറ്റൊരാളുടെ വിള തിന്നു നശിപ്പിച്ചു കർഷകൻ പരാതിയുമായി ദാവൂദ് (അ)ന്റെ സന്നിധിയിലെത്തുന്നു കൃഷിയുടെ ഉടമ പറഞ്ഞതെല്ലാം ദാവൂദ് (അ) കേട്ടു

ആടുകളുടെ ഉടമസ്ഥനെ ചോദ്യം ചെയ്തു

നശിച്ച കൃഷിയുടെ വില കണക്കാക്കി ആടുകളുടെ വിലയും നോക്കി അവ സമമാകുന്നതായി അദ്ദേഹത്തിന് തോന്നി നശിച്ച കൃഷിക്കു പകരം ആടുകളെ നൽകുക അതായിരുന്നു ദാവൂദ് (അ)ന്റെ വിധി

കൃഷി പോയി പകരം ആടുകളെ കിട്ടി കർഷകന് നഷ്ടമില്ല ആടുകളുടെ ഉടമസ്ഥന് ആടുകൾ നഷ്ടമായി ഒന്നും കിട്ടാനില്ല സുലൈമാൻ (അ) പതിനൊന്ന് വയസ്സുള്ള കുട്ടിയാണ് കുട്ടി കേസിൽ വിധി പറയാൻ തയ്യാറായി പിതാവ് അത് കേൾക്കാനും തയ്യാറായി കുട്ടിയുടെ വിധി ഇങ്ങിനെയായിരുന്നു

'ആടുകളുടെ ഉടമസ്ഥൻ നഷ്ടപ്പെട്ട കൃഷി പരിപാലിച്ചു വളർത്തിയെടുക്കുക കൃഷി പൂർവ്വസ്ഥിതിയിലെത്തുംവരെ ഇത് തുടരണം അത്രയും കാലം ആടുകളെ കർഷകൻ സൂക്ഷിക്കണം അക്കാലത്ത് ആടുകളുടെ പാൽ,രോമം,പിറക്കുന്ന കുഞ്ഞുങ്ങൾ എന്നിവ കർഷകന് എടുക്കാം കൃഷി പൂർവ്വസ്ഥിതിയിലെത്തിയാൽ കർഷകനെ ഏല്പിക്കുക അപ്പോൾ കർഷകന് ആടുകളെ മടക്കിക്കൊടുക്കുകയും വേണം രണ്ടുപേർക്കും വിധി സന്തോഷകരമായി ദാവൂദ്(അ)നും സന്തോഷം

വിശുദ്ധ ഖുർആൻ വചനം കാണുക:

ദാവൂദ് നബിയെയും സുലൈമാൻ നബിയെയും ഓർക്കുക ഒരു കൃഷിയുടെ കാര്യത്തിൽ അവർ രണ്ടുപേരും വിധി കല്പിച്ച സന്ദർഭം ദാവൂദ് നബിയുടെ ജനതയിൽ ചിലരുടെ ആടുകൾ അതിൽ രാത്രിയിൽ കടന്നു മേഞ്ഞപ്പോൾ അവരുടെ വിധിക്ക് നാം സാക്ഷിയായിരുന്നു (21:78)

'എന്നിട്ട് സുലൈമാൻ നബിക്ക് (യുക്തമൂമായ നിലക്ക് )നാമത് ഗ്രഹിപ്പിച്ചു അവർ രണ്ടുപേരും ന്യായ വിധിയും വിജ്ഞാനവും നാം നൽകിയിരുന്നു ദാവൂദ് നബിയോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്ന നിലയിൽ പർവ്വതങ്ങളുടെയും പക്ഷികളെയും നാം അധീനമാക്കിക്കൊടുത്തു ഇങ്ങനെയെല്ലാമാണ് നാം പ്രവർത്തിച്ചിരുന്നത് (21:79)

രണ്ട് പ്രവാചകന്മാർക്ക് ബുദ്ധിശക്തിയും ചിന്തയും നൽകിയത് അല്ലാഹുവാണ് അധികാരം നൽകിയതും പ്രവാചകത്വം നൽകിയതും അവൻ തന്നെ എപ്പോഴും അവർ അല്ലാഹുവിനോട് നന്ദിയുള്ളവരായിരുന്നു അവരുടെ നന്ദി അല്ലാഹു സ്വീകരിക്കുകയും ചെയ്തു

ശംവീൽ നബി(അ)ന്റെ കാലത്ത് ഇസ്രാഈല്യർ ഫലസ്തീൻകാരോട് യുദ്ധം ചെയ്തിട്ടുണ്ട് ഇസ്രാഈല്യരുടെ നേതാവ് ത്വാലൂത്ത് ആയിരുന്നു ആ സൈന്യത്തിൽ ദാവൂദ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു ആടിനെ മേച്ചു നടന്ന ആ ചെറുപ്പക്കാരൻ പ്രസിദ്ധമായിരുന്നില്ല ഫലസ്തീൻകാരുടെ പടത്തലവൻ ജാലൂത്ത് ആയിരുന്നു ദാവൂദ് ജാലൂത്തിനെ യുദ്ധത്തിൽ വധിച്ചു അതോടെ ദാവൂദ് പ്രസിദ്ധനായിത്തീർന്നു ശത്രുക്കളും മിത്രങ്ങളും ആ പേര് പറയാൻ തുടങ്ങി

സർവ്വശക്തനായ അല്ലാഹു ദാവൂദിനെ നബിയായി നിയോഗിച്ചു രാജാധികാരവും നൽകി

ആടിനെ മേച്ചു നടന്ന യുവാവ് നാട് ഭരിക്കുന്ന രാജാവായി അതിന്നാവശ്യമായ വിജ്ഞാനവും യുക്തിയും ,ബുദ്ധിവൈഭവവും നൽകി അല്ലാഹു അനുഗ്രഹിച്ചു
ദാവൂദ് (അ) നൂറ് കൊല്ലം ജീവിച്ചു ധന്യമായ ഒരു നൂറ്റാണ്ടു കാലത്തെ ജീവിതം അതു കണ്ടു പഠിക്കുകയായിരുന്നു സുലൈമാൻ (അ)..

ഉറുമ്പുകളുടെ താഴ് വര 


തെളിഞ്ഞ ആകാശം അനുകൂലമായ കാലാവസ്ഥ യാത്രക്കു പറ്റിയ സമയം

യാത്രയുടെ സമയം പ്രഖ്യാപിക്കപ്പെട്ടു എല്ലാ സൈനിക വിഭാഗങ്ങൾക്കും കല്പന കിട്ടി വൻ സൈന്യം യാത്രക്കു സജ്ജമാവുകയാണ് ഒട്ടകങ്ങൾ, കുതിരകൾ ,കഴുതകൾ .മനുഷ്യൻ,ജിന്നുകൾ ,ശൈത്വാന്മാർ,മൃഗങ്ങൾ ,പക്ഷികൾ . 

ഭക്ഷ്യവസ്തുക്കൾ ,വസ്ത്രങ്ങൾ ,പടക്കോപ്പുകൾ മറ്റ് സജ്ജീകരണങ്ങൾ
മികച്ച പരിശീലനം നേടിയ സൈന്യം കുറഞ്ഞ സമയംകൊണ്ട് അവർ സ്വയം സജ്ജമായിക്കഴിഞ്ഞു അണിയൊപ്പിച്ചു ഒന്നിച്ചു നീങ്ങണം അണിവിട്ട് ഒരല്പം മുമ്പോട്ടോ പിന്നോട്ടോ മാറാൻ പറ്റില്ല തികഞ്ഞ അച്ചടക്കത്തോടെ നീങ്ങണം സുലൈമാൻ (അ) ആഗതനായി ഇനി യാത്ര പുറപ്പെടുകയായി വൻ സൈന്യം നീങ്ങി പറവകൾ തണലിട്ടുകൊടുത്തു സുലൈമാൻ (അ) ചുറ്റും ശ്രദ്ധിക്കുന്നു ജീവജാലങ്ങളുടെ ശബ്ദം ശ്രവിക്കുന്നു ദൂരെ നിന്നൊരു ചെറിയ ശബ്ദം കാറ്റിലൂടെ ഒഴുകിവരുന്നു ആ ശബ്ദം കാറ്റ് നബിയുടെ ചെവിയിലെത്തിച്ചു അതൊരു ഉറുമ്പിന്റെ ശബ്ദമായിരുന്നു സുലൈമാൻ നബി(അ) ശ്രദ്ധിച്ചു

ഉറുമ്പ് തന്റെ സമൂഹത്തോട് പറയുന്നു : 

സഹോദരങ്ങളേ ആരും പുറത്തിറങ്ങരുത് സുലൈമാൻ നബിയും സൈന്യവും വരുന്നുണ്ട് അവർ അശ്രദ്ധമായി നിങ്ങളെ ചവിട്ടി ഞെരിച്ചുകളഞ്ഞേക്കാം നിങ്ങൾ മാളങ്ങളിൽ അഭയം തേടിക്കൊള്ളുക ഉറുമ്പുകളുടെ റാണി അവരുടെ പ്രജകൾക്കു നൽകുന്ന മുന്നറിയിപ്പ്

മുന്നറിയിപ്പ് കിട്ടിയ ഉറുമ്പുകൾ പാർപ്പിടങ്ങൾ നോക്കി സഞ്ചരിച്ചു ആയിരക്കണക്കായ ഉറുമ്പുകൾ ചാലിട്ട് സഞ്ചരിക്കുകയായിരുന്നു ആ പ്രദേശത്തെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് വാദിന്നംല് എന്ന പേരിലാണ്

വാദി എന്നാൽ താഴ് വര നംല് എന്നാൽ ഉറുമ്പ് വാദിന്നംല് എന്നു പറഞ്ഞാൽ ഉറുകളുടെ താഴ് വര ഉറുമ്പുകളുടെ സാമൂഹിക ജീവിതം ശ്രദ്ധേയമാണ് അവ സമൂഹമായി ജീവിക്കുന്നു താമസിക്കാൻ അറകളുണ്ടാക്കുന്നു ഒന്നിച്ചു സഞ്ചരിക്കുന്നു ആഹാരം സമ്പാദിക്കുന്നു ആഹാര സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്നു അനുസരണ ശീലവും അച്ചടക്കവുമുള്ളവർ അനുയായികളുടെ കാര്യത്തിൽ ജാഗ്രതയുള്ള നേതാക്കൾ ഭക്ഷ്യവസ്തുക്കളുള്ള സ്ഥലം അവ മണത്തറിയുന്നു ഉടനെ സന്ദേശം കൈമാറുന്നു ആയിരങ്ങൾ ഒത്തു ചേരും ഭക്ഷ്യവസ്തുക്കൾ ശേഖരിക്കും നനഞ്ഞതാണെങ്കിൽ വെയിലത്തിട്ട് ഉണക്കും

വാദിന്നംല് എവിടെയായിരുന്നു

അത് ശാമിലായിരുന്നുവെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ പറയുന്നു ത്വാഇഫിലായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം

വാദിന്നംല് ജാബ്രീനിന്നും അസ്ഖലാനിന്നും ഇടയിലായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട് ജാബ്രീൽ അസ്ഖലാൻ എന്നിവ ശാമിൽ പെട്ട പ്രദേശങ്ങളാകുന്നു

അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയ ഉറുമ്പ് റാണിയുടെ പേര് ഹറസ് എന്നായിരുന്നു ഇത് ബനൂ ശീസ്വാൻ വർഗത്തിൽ പെട്ട ഉറുമ്പായിരുന്നു

ഉറുമ്പ് റാണിയുടെ പേര് ജുർമാ എന്നാണെന്നു പറഞ്ഞവരും ത്വാഖിയ എന്നാണെന്ന് പറഞ്ഞവരുമുണ്ട്

ഉറുമ്പിന്റെ സംസാരം കേട്ടപ്പോൾ സുലൈമാൻ (അ) ചിരിച്ചുപോയി തന്റെ സൈന്യത്തിൽ നല്ലൊരു വിഭാഗം കുതികളാണ് പടക്കുതിരകളുടെ കുളമ്പിന്റെ ചവിട്ടേറ്റ് ഉറുമ്പുകൾക്ക് നാശം പറ്റുമെന്ന് ഉറുമ്പ് റാണി മനസ്സിലാക്കി

വമ്പിച്ച സൈന്യം വരുന്നുണ്ടെന്ന് ഉറുമ്പ് റാണി എങ്ങനെ മനസ്സിലാക്കി

അല്ലാഹു അവർക്കറിയിച്ചുകൊടുത്തു സുലൈമാൻ (അ) അല്പനേരം ചിന്താധീനനായി നിന്നുപോയി അല്ലാഹുവേ നിന്റെ സൃഷ്ടിവൈഭവം ഉറുമ്പുകൾ എത്ര ചെറിയ ജീവികൾ അവക്കുവേണ്ട ദിവ്യബോധനം നീയാണ് നൽകുന്നത് അവ അതനുസരിച്ച് ജീവിക്കുന്നു അത് കാണുന്ന മനുഷ്യൻ അത്ഭുതപ്പെട്ടുപോവുന്നു ആ കൊച്ചു ജീവിയുടെ സംസാരം മനസ്സിലാക്കുവാനുള്ള കഴിവ് അല്ലാഹുവേ നീ എനിക്ക് നൽകി മറ്റാർക്കുമില്ലാത്ത ആ അനുഗ്രഹം നീ എനിക്ക് നൽകി ഞാനെങ്ങനെ നിനക്ക് നന്ദി പറയും?

നീ എന്നെയും എന്റെ മാതാപിതാക്കളെയും അനുഗ്രഹിച്ചു അതിന് നന്ദി പ്രകടിപ്പിക്കാനുള്ള പ്രചോദനം നീ തന്നെ നൽകേണമേ അതായിരുന്നു സുലൈമാൻ (അ)ന്റെ പ്രാർത്ഥന

വിശുദ്ധ ഖുർആനിലെ ഇരുപത്തി ഏഴാം അധ്യായത്തിന്റെ പേര് സൂറത്തു നംല് എന്നാകുന്നു മേൽ പറഞ്ഞ ഉറുമ്പിന്റെ സംഭവം പരാമർശിക്കുന്നതിനാൽ ആ പേര് വന്നു ഒരു ഉറുമ്പിന് കിട്ടിയ സ്ഥാനം എത്രയോ ഗ്രന്ഥങ്ങളിൽ ആ ഉറിമ്പിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട് വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെയാകുന്നു :

'അങ്ങനെ അവർ ഉറുമ്പിന്റെ താഴ് വരയിൽ കൂടി വന്നപ്പോൾ ഒരു ഉറുമ്പ് പറഞ്ഞു : ഹേ ഉറുമ്പുകളേ നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുവീൻ സുലൈമാനും സൈന്യങ്ങളും നിങ്ങളെ ചവിട്ടി ചതച്ചുകളയാതിരിക്കട്ടെ അവർ അത് അറിയുന്നതുമല്ല (27:18)

'അപ്പോൾ അതിന്റെ വാക്കു നിമിത്തം അദ്ദേഹം ചിരിച്ചു അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു റബ്ബേ എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം പ്രവർത്തിക്കുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ നിന്റെ കാരുണ്യം കൊണ്ട് സദ് വൃത്തരായ നിന്റെ അടിയാന്മാരിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ (27:19)

കൊച്ചു ജീവിയായ ഉറുമ്പിന്റെ സംസാരം സുലൈമാൻ (അ) എന്ന മഹാചക്രവർത്തിയെ വിനയാന്വിതനാക്കി മാറ്റുകയാണ് ചെയ്തത് ഈ അനുഗ്രഹത്തിന് എങ്ങനെ നന്ദി പ്രകടിപ്പിക്കുമെന്നാണദ്ദേഹം ചിന്തിക്കുന്നത്

ഓരോ അനുഗ്രഹങ്ങൾ വരുമ്പോൾ നാമും അങ്ങനെയായിരിക്കണം അതിനുവേണ്ടിയാണ് ആ സംഭവങ്ങൾ വിശുദ്ധ ഖുർആൻ നമുക്കു പറഞ്ഞുതരുന്നത്..

ഉറുമ്പിന്റെ പ്രാർത്ഥന


മഴ പെയ്യാൻ വൈകിയ കാലം നാട്ടിലാകെ വെള്ളത്തിന് ക്ഷാമം മനുഷ്യരും ജന്തുക്കളും വല്ലാതെ വിഷമിച്ചു നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നും സുലൈമാൻ നബി(അ) ന് ആവലാതികൾ വരാൻ തുടങ്ങി കുടിക്കാൻ വെള്ളമില്ല ഉടനെ സഹായമെത്തിക്കുക വെള്ളം എത്തിച്ചു കൊടുക്കാൻ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കി അതൊന്നും വേണ്ടത്ര വിജയിച്ചില്ല അല്ലാഹു മഴ വർഷിപ്പിച്ചുതരണം എന്നാലെ ആവശ്യത്തിന് വെള്ളം ലഭിക്കൂ മഴക്കുവേണ്ടി കൂട്ടു പ്രാർത്ഥന നടത്താൻ തീരുമാനിച്ചു മനുഷ്യരും മറ്റ് ജീവികളും മൈതാനിയിൽ ഒത്തുചേരുക എന്നിട്ട് കരഞ്ഞു പ്രാർത്ഥിക്കുക പ്രാർത്ഥനയുടെ സ്ഥലം നിശ്ചയിച്ചു ദിവസവും സമയവും നിശ്ചയിച്ചു നാട്ടിലാകെ അത് തന്നെയായി സംസാരം നിശ്ചിത ദിവസമെത്തി എല്ലാവരും മൈതാനിയിൽ സമ്മേളിച്ചു അപ്പോൾ സുലൈമാൻ (അ) ഒരു ഉറുമ്പിന്റെ പ്രാർത്ഥന കേട്ടു ചെറിയ ഉറുമ്പ് നിലത്ത് മലർന്ന് കിടന്ന് കാലുകൾ ഉയർത്തിപ്പിടിച്ച് സങ്കടപ്പെട്ടു പ്രാർത്ഥിക്കുന്നു

'അല്ലാഹുവേ ഉറുമ്പുകളായ ഞങ്ങൾ സൃഷ്ടികളാണ് ഞങ്ങൾക്ക് ദാഹിക്കുന്നു റബ്ബേ .....ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരണേ.....

ഈ പ്രാർത്ഥന കേട്ടപ്പോൾ സുലൈമാൻ (അ) ആഹ്ലാദപൂർവ്വം ഇങ്ങനെ വിളിച്ചു പറഞ്ഞു

'കിട്ടിപ്പോയി മഴ കിട്ടിപ്പോയി മറ്റുള്ളവരുടെ പ്രാർത്ഥന കാരണം നമുക്കിതാ ഉടനെ മഴ കിട്ടും എല്ലാവർക്കും മടങ്ങിപ്പോവാം

മനുഷ്യ മഹാ സമൂഹവും ജന്തുസമൂഹവും വിശാലമായ മൈതാനിയിൽ നിന്ന് മടങ്ങി അവർക്കെല്ലാം ആവശ്യമായത്ര മഴ ഒരു ചെറിയ ഉറുമ്പിന്റെ പ്രാർത്ഥനയുടെ ഫലമായി അല്ലാഹു വർഷിപ്പിച്ചുകൊടുത്തു

പ്രാർത്ഥനയുടെ ശക്തിയാണിവിടെ കണ്ടത് 

സമൂഹത്തിൽ അവഗണിക്കപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രാർത്ഥനക്ക് ചിലപ്പോൾ വല്ലാത്ത ശക്തി കാണും അത് ഭയപ്പെടണം ഉറുമ്പിന്റെ പ്രാർത്ഥന കേട്ട റബ്ബ് ഏത് ദുർബ്ബലന്റെ പ്രാർത്ഥനയും കേൾക്കും ഇവിടെ നമുക്ക് ലഭിക്കുന്ന പാഠം അതാകുന്നു ..

ഹുദ്ഹുദ


വിശാലമായ മൈതാനം സുലൈമാൻ നബി(അ)ന്റെ വൻ സൈന്യം മൈതാനിയിൽ അണിനിരന്നുകഴിഞ്ഞു

മനുഷ്യർ ,പിശാചുക്കൾ,ജിന്നുകൾ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയവയെല്ലാം അണിനിരന്നു

സുലൈമാൻ (അ)സൈന്യത്തെ പരിശോധിക്കാൻ വന്നു ആരെങ്കിലും അണിനിരക്കാൻ ബാക്കിയുണ്ടോ ? എല്ലാ നിരകളും പരിശോധിച്ചു പക്ഷികളുടെ നിര പരിശോധിച്ചപ്പോൾ ഒരു പക്ഷിയുടെ കുറവ് ആരാണ് ഹാജരാകാത്തത് ?

ഹുദ്ഹുദ മരംകൊത്തി എന്ന പക്ഷി സൈന്യത്തിൽ സുപ്രധാന പദവിയുള്ള പക്ഷിയാണ് വിദൂര ദേശങ്ങളിലേക്ക് സന്ദേശമെത്തിക്കുന്നത് ഹുദ്ഹുദയാണ് ദൂര ദിക്കുകളിൽ നിന്ന് വാർത്തകൾ ശേഖരിച്ച് എത്തിച്ചുകൊടുക്കുന്നതും ഹുദ്ഹുദ ഓരോ സ്ഥലത്തെത്തുമ്പോൾ എത്ര ആഴത്തിൽ വെള്ളമുണ്ടെന്ന് കണ്ടുപിടിക്കാനും ഹുദ്ഹുദക്കു കഴിയും

ഹുദുഹുദ എവിടെപ്പോയി ? ആർക്കുമറിയില്ല അച്ചടക്കലംഘനമാണിത് ഇത് സമ്മതിക്കാൻ പറ്റില്ല ഹുദ്ഹുദ ഇങ്ങ് വരട്ടെ ഇതിന് തക്കതായ കാരണം ബോധിപ്പിക്കണം അല്ലെങ്കിൽ നല്ല ശിക്ഷ നൽകും സുലൈമാൻ (അ) പ്രഖ്യാപിച്ചു

ഹുദുഹുദയുടെ തൂവലുകൾ പറിച്ച് നിലത്തിടുക ഉറുമ്പുകൾക്കും മറ്റും അത് ആഹാരമായിത്തീരുക അതാണ് കഠിന ശിക്ഷ അല്ലെങ്കിൽ കൊന്നുകളയുക രണ്ടിലൊന്നു സംഭവിക്കും ആകാംക്ഷ നിറഞ്ഞ നിശബ്ദത ഹുദ്ഹുദയുടെ കാര്യത്തിൽ എല്ലാവർക്കും വലിയ ഉൽക്കണ്ഠ എല്ലാ കണ്ണുകളും ആകാശത്തിൽ ചുറ്റി നടന്നു ഏതെങ്കിലും ഭാഗത്ത് ഹുദ്ഹുദയുണ്ടോ ?സമയം ഇഴഞ്ഞുനീങ്ങി ഉൽക്കണ്ഠ വർദ്ധിച്ചു

അതാ, ആകാശനീലിമയിൽ ഒരു പൊട്ടുപോലെ മരംകൊത്തിപ്പക്ഷി പ്രത്യക്ഷപ്പെടുന്നു വളരെ ദൂരെ നിന്ന് പറന്നുവരികയാണ് പറന്നുപറന്നു ക്ഷീണിച്ചിട്ടുണ്ട്

ഹുദ്ഹുദ പറന്നിറങ്ങി

എല്ലാ നയനങ്ങളും ഹുദ്ഹുദയെ ചുറ്റിനിന്നു

ഹുദുഹുദ ക്ഷമാപണത്തോടെ താൻ വൈകാനുള്ള കാരണം ബോധിപ്പിച്ചു

സൂറത്തു നംലിൽ അല്ലാഹു പറയുന്നു :

'സുലൈമാൻ (അ) പക്ഷികളെ പരിശോധിച്ചു എന്നിട്ട് പറഞ്ഞു : മരംകൊത്തിയെ ഞാൻ കാണുന്നില്ലല്ലോ ? എന്തുപറ്റി ? അത് ഇവിടെ സന്നിഹിതരാവാത്തവരിൽ പെട്ടുപോയോ ? (27:20)

' നിശ്ചയമായും ഞാനതിനെ കഠിനമായി ശിക്ഷിക്കും അല്ലെങ്കിൽ കൊന്നുകളയും അല്ലാത്ത പക്ഷം വ്യക്തമായ ന്യായം അതെന്റെ മുമ്പിൽ കൊണ്ടുവരിക തന്നെ വേണം (27:21)

'അങ്ങനെ അതെത്തിച്ചേരുവാൻ അധികം താമസം വന്നില്ല എന്നിട്ടത് ഇങ്ങനെ പറഞ്ഞു : അങ്ങ് സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി അറിഞ്ഞിട്ടുണ്ട് സബഇൽ നിന്ന് ദൃഢമായ ഒരു വാർത്തയും കൊണ്ടാണ് ഞാൻ അങ്ങയുടെ അടുക്കൽ വന്നിട്ടുള്ളത് (27:22)

'നിശ്ചയമായും സബഉകാരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടെത്തി എല്ലാ സാധനങ്ങളിൽ നിന്നും ആവശ്യമായതൊക്കെ അവർക്ക് നൽകപ്പെട്ടിട്ടുണ്ട് വമ്പിച്ച ഒരു സിംഹാസനവും അവൾക്കുണ്ട് (27:23)

'അവളും അവളുടെ ജനതയും അല്ലാഹുവിനെ വിട്ട് സൂര്യന് സുജൂദ് ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത് തങ്ങളുടെ പ്രവർത്തികൾ പിശാച് അവർക്ക് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും അങ്ങനെ നേരായ വഴിയിൽ നിന്ന് അവരെയവൻ തടയുകയും ചെയ്തിരിക്കുന്നു അതിനാൽ അവർ നേർമാർഗ്ഗം പ്രാപിക്കുന്നില്ല (19:24)

'ആകാശ ഭൂമികളിൽ മറഞ്ഞുകിടക്കുന്ന വസ്തുക്കളെ പുറത്തേക്ക് കൊണ്ടുവരികയും നിങ്ങൾ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യുന്ന അല്ലാഹുവിന് അവർ സുജൂദ് ചെയ്യാതിരിക്കുവാനാണ് (പിശാച് നേരായ മാർഗത്തിൽ നിന്ന് അവരെ തടഞ്ഞത്

' അല്ലാഹുവാകട്ടെ അവൻ അല്ലാതെ ഒരു ഇലാഹുമില്ല മഹത്തായ അർശിന്റെ നാഥനാണവൻ (27:26)

ഹുദ്ഹുദയുടെ വിവരണം എല്ലാവരെയും അത്ഭുതപ്പെടുത്തി എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞത് ?

സബഹ് എന്ന രാജ്യം ഐശ്വര്യത്തിന്റെ കളിത്തൊട്ടിലാണത് ഒരു രാജ്ഞിയാണവിടെ ഭരിക്കുന്നത് രാജ്യം സമൃദ്ധിയുടെ പാതയിലാണ് സഞ്ചരിക്കുന്നത് എല്ലാവിധ സൗഭാഗ്യങ്ങളും അവർക്ക് നൽകപ്പെട്ടിട്ടുണ്ട് വമ്പിച്ച സിംഹാസനമുണ്ട് സ്വർണ്ണവും ,രത്നങ്ങളും വമ്പിച്ച സമ്പത്തുമുണ്ട് സുശക്തമായ സൈന്യവും ആയുധങ്ങളുമുണ്ട് എല്ലാം നൽകിയത് സർവ്വശക്തനായ അല്ലാഹുവാകുന്നു എന്നാൽ അല്ലാഹുവിനോട് അവർ നന്ദി കാണിക്കുന്നില്ല അല്ലാഹുവിനെ ആരാധിക്കുന്നില്ല പടച്ച തമ്പുരാനെ ആരാധിക്കുന്നതിന് പകരം പടപ്പുകളെ ആരാധിക്കുന്നു സബഇലെ രാജ്ഞിയും അവരുടെ പ്രജകളും സൂര്യനെ ആരാധിക്കുന്നു

പിശാച് അവരെ വഴി പിഴപ്പിക്കുന്നു ഈ വിവരണം കേട്ട് സുലൈമാൻ (അ) അത്ഭുതപ്പെട്ടു

അല്ലാഹുവേ ഞാൻ നിന്റെ പ്രവാചകനാണ് എന്നെ നീ

രാജാവാക്കി മഹത്തായ വിജ്ഞാനവും നൽകി എന്നാൽ സബഇനെക്കുറിച്ച് നീ സൂക്ഷ്മജ്ഞാനം നൽകിയത് ഈ കൊച്ചുപക്ഷിക്കാണ്

സുലൈമാൻ നബി (അ)ന്റെ ചിന്ത അങ്ങനെ നീണ്ടുപോയി അദ്ദേഹം വളരെ വിനയാന്വിതനായിമാറി ഇത് വൈജ്ഞാനികമായ ഒരു പരീക്ഷണം തന്നെയാണ് അല്ലാഹു നൽകുന്ന അനുഗ്രഹം ഓരോ അളവിൽ ഓരോരുത്തർക്കും ലഭിക്കുന്നു കിട്ടിയ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക മനുഷ്യന് അഹങ്കരിക്കാൻ ഒരവകാശവുമില്ല വിജ്ഞാനത്തിന്റെ പേരിൽ ആരും അഹങ്കാരികളാവരുത് സുലൈമാൻ(അ) ഹുദ്ഹുദയുടെ സംഭാഷണം ശ്രവിച്ച് വിനയാന്വിതനായിമാറി നമുക്കുള്ള പാഠം അതാണ്..

സബഹ് 


വിശുദ്ധ ഖുർആനിലെ മുപ്പത്തിനാലാം അധ്യായത്തിലെ പേര് സൂറത്തു സബഹ് എന്നാകുന്നു അമ്പത്തിനാല് വാക്യങ്ങളുള്ള ഒരധ്യായം

വിശുദ്ധ ഖുർആനിലെ ഒരധ്യായത്തിന് പേര് വെക്കപ്പെട്ടതിലൂടെ 'സബഹ്' എന്ന നാമം അനശ്വരമായിത്തീർന്നു

അറേബ്യൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന രാജ്യമായ സബഹ് എക്കാലവും ഓർമ്മിക്കപ്പെടും പൗരാണിക നാഗരികതയുടെ കേന്ദ്രമായിരുന്നു സബഹ് ഷീബാ സാമ്രാജ്യം എന്നും പറയപ്പെടുന്നു നല്ല സാമ്പത്തിക ഭദ്രതയുള്ള രാജ്യം രാജ്യത്ത് ശാന്തിയും സമാധാനവും നിലനിന്നു ഉന്നതമായ നാഗരികതയുടെ നാട് സ്വർണ്ണം, വെള്ളം, പലവിധ രത്നങ്ങൾ എന്നിവ അവരുടെ കച്ചവടച്ചരക്കുകളായിരുന്നു യമനിന്റെ ഭാഗമായ സബഇന്റെ ചരിത്രം വളരെ പ്രസിദ്ധമാണ് പണ്ട് അവിടെ ഭരണം നടത്തിയ രാജാവിന്റെ പേര് പറയാം സബഹ് ബ്നു യശ്ജുബ് ഇദ്ദേഹത്തിന്റെ സന്താനപരമ്പര സബഹ് ഗോത്രം എന്ന പേരിൽ അറിയപ്പെടുന്നു സബഹ് ഗോത്രം താമസിച്ച നാട്ടിന് സബഹ് രാജ്യം എന്ന പേർ കിട്ടി

സബഇലെ ഒരു പ്രദേശമാണ് മഹ്റബ് പുരാതന കാലത്ത് അവിടെ സബഹ് ഗോത്രക്കാർ അണക്കെട്ട് നിർമ്മിച്ചു രണ്ട് മലകൾക്കിടയിൽ അണ കെട്ടി മഴവെള്ളം ശേഖരിച്ചു ആ വെള്ളം ഉപയോഗിച്ചു വിശാലമായ പ്രദേശത്ത് കൃഷി ചെയ്തു ധാന്യങ്ങളും പർവർഗ്ഗങ്ങളും ധാരളമുണ്ടായി അണകെട്ടിന്റെ ഇരു വശങ്ങളിലുള്ള തോട്ടങ്ങൾ ലോകപ്രസിദ്ധമായിത്തീർന്നു മരുഭൂമി പൂങ്കാവനമായിമാറി അത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായിരുന്നു അവിടത്തെ ജനത ആ അനുഗ്രഹത്തിന്റെ മഹത്വമറിഞ്ഞില്ല അവർ അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചില്ല അവർ ധിക്കാരികളായി ജീവിച്ചു അല്ലാഹുവിന്റെ കോപം അവർ അനുഭവിച്ചു അണക്കെട്ട് തകർന്നു വെള്ളപ്പൊക്കമുണ്ടായി തോട്ടങ്ങൾ നശിച്ചു ഹംയർ വംശത്തിൽ പെട്ട രാജാക്കന്മാർ ആ പ്രദേശം ഭരിച്ചു അവർ തുബ്ബഹ് രാജാക്കന്മാർ എന്ന പേരിൽ അറിയപ്പെട്ടു രാജാക്കന്മാരുടെ ഒരു പരമ്പര തന്നെയുണ്ടായി ഇടിക്കിടെ രാജ്ഞിമാരും രാജ്യം ഭരിച്ചു

പ്രസിദ്ധനായ യഹ്റുബ്നു ഖഹ്ഥാന്റെ സന്താന പരമ്പരയിൽ പെട്ട രാജാക്കന്മാരിൽ ഒരാളായിരുന്നു ശറാഹീൽ രാജാവ് ശറാഹീലിന്റെ പുത്രിയാണ് ബിൽഖീസ്

സബഹ് രാജ്യം ബിൽഖീസ് റാണി ഭരിച്ചു അവരുടെ സിംഹാസനം വളരെ വിലകൂടിയതാണ് അതിന്റെ പ്രസിദ്ധി അയൽരാജ്യങ്ങളിലെല്ലാം വ്യാപിച്ചു നിരവധി പ്രമുഖന്മാർ ആ സിംഹാസനം കാണാൻ വന്നുകൊണ്ടിരുന്നു

ഹുദുഹുദ എന്ന മരക്കൊത്തി സുലൈമാൻ (അ) എന്ന ലോകചക്രവർത്തിയോട് സംസാരിച്ചത് ബിൽഖീസ് രാജ്ഞിയെക്കുറിച്ചായിരുന്നു ബിൽഖീസ് രാജ്ഞിയും പ്രജകളെ സൂര്യനെയാണ് ആരാധിക്കുന്നത് സർവ്വശക്തനായ അല്ലാഹുവിനെ ആരാധിക്കുന്നില്ല

ഹുദുഹുദയുടെ വിവരണം കേട്ടപ്പോൾ സുലൈമാൻ (അ) പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആനിൽ കാണാം

' സുലൈമാൻ പറഞ്ഞു : നീ സത്യം പറഞ്ഞതാണോ അതോ നീ കളവു പറഞ്ഞവരിൽ പെട്ടുപോയോ എന്ന് നാമൊന്ന് നോക്കട്ടെ (27:27)

ഹുദുഹുദയുടെ ഭാഷ സുലൈമാൻ (അ)ന് നന്നായി മനസ്സിലാവും അദ്ദേഹത്തിന്റെ ഭാഷ ഹുദുഹുദക്കും മനസ്സിലാവും ആശയവിനിമയത്തിന് പ്രയാസങ്ങളൊന്നുമില്ല

സുലൈമാൻ (അ) കുറച്ചു നേരം ചിന്തിച്ചിരുന്നു ബിൽഖീസിനെ ഇസ്ലാമിലേക്ക് ക്ഷണിക്കണം അതിനുള്ള മാർഗ്ഗമെന്ത് ? ഒരു കത്ത് കൊടുത്തയക്കാം ഹുദ്ഹുദ കത്ത് എത്തിച്ചുകൊടുക്കാൻ മിടുക്കനാണ് പ്രതികരണം അറിഞ്ഞു വരികയും ചെയ്യും

സുലൈമാൻ (അ) ഇങ്ങനെ തുടങ്ങി

ബിസ്മില്ലാഹി റഹ്മാനി റഹീം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ
ഇത് ദാവൂദിന്റെ മകൻ സുലൈമാനിൽ നിന്നുള്ള കത്താകുന്നു എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത് മുസ്ലിംമായിക്കൊണ്ട് നിങ്ങൾ എന്റെ സമീപം വന്നുചേരുക

കത്തെഴുതി ഹുദ്ഹുദയെ ഏല്പിച്ചു ഹുദുഹുദ കത്തുമായി പറന്നകന്നു
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

'എന്റെ ഈ എഴുത്തുമായി നീ പോകുക എന്നിട്ട് ഇത് അവർക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നീ അവരിൽ നിന്ന് പിൻമാറി നിൽക്കണം അവർ അതിനെപ്പറ്റി എന്ത് പറയുന്നുവെന്ന് നോക്കണം (27:28)

ഹുദ്ഹുദ പറന്നകന്നു സബഇന്റെ ആകാശത്തിലൂടെ പറന്നു പ്രതാപം വിളിച്ചറിയിക്കുന്ന കൊട്ടാരം അതിനെ ചുറ്റിപ്പറന്നു കിളിവാതിലിലൂടെ കൊട്ടാരത്തിനകത്ത് പ്രവേശിച്ചു രാജ്ഞിയുടെ മുറിയിൽ കത്ത് ഇട്ടു ബിൽഖീസ് രാജ്ഞി കത്ത് കൈയിലെടുത്തു തുറന്നുവായിച്ചു

അല്ലാഹുവിന്റെ നാമത്തിലുള്ള കത്ത് വല്ലാത്ത അതിശയം തോന്നി കത്തെഴുതിയിരിക്കുന്നത് ദാവൂദിന്റെ മകൻ സുലൈമാൻ
രാജ്ഞിയുടെ മനസ്സിളകിമറിഞ്ഞു ഇത് ആദരിക്കപ്പെടേണ്ട കത്ത് ബഹുമാനപൂർവ്വം ഉള്ളടക്കം വായിച്ചു മുസ്ലിമാവുക സുലൈമാന്റെ സമീപം വന്നു ചേരുക എതിർക്കാൻ നിൽക്കരുത്

ബുദ്ധിമതിയായ ബിൽഖീസ് രാജ്ഞി നന്നായി ചിന്തിച്ചു അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള ക്ഷണം ക്ഷണിക്കുന്നത് ലോക ചക്രവർത്തി സുലൈമാൻ എതിർക്കാൻ നോക്കിയാൽ പരാജയം നിശ്ചയം അനുസരിച്ചാൽ ആദരിക്കപ്പെടും അതാണ് നല്ല വഴി ഈ ജനതയുടെ സഹകരണം ലഭിക്കണം അതിനെന്തുവഴി? മന്ത്രിമാരെയും പ്രധാനികളെയും വിളിക്കാം അവരുടെ അഭിപ്രായം ആരായാം

സുലൈമാനെ ധിക്കരിച്ചാലുള്ള കുഴപ്പങ്ങൾ പറഞ്ഞുകൊടുക്കാം ബിൽഖീസ് പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടി അവരോട് സംസാരിച്ചു

വളരെ മഹത്തായ ഒരു കത്ത് എനിക്ക് ലഭിച്ചിരിക്കുന്നു ബിസ്മി കൊണ്ടാണ് കത്ത് തുടങ്ങിയിരിക്കുന്നത് ദാവൂദിന്റെ മകൻ സുലൈമാൻ അയച്ചതാണ് കത്ത് നാം മുസ്ലിംകളായി അദ്ദേഹത്തെ സമീപിക്കണം എതിർക്കാൻ നിൽക്കരുത് ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ് ? പറയൂ നിങ്ങൾ പറയുംപോലെ നമുക്കു നീങ്ങാം എല്ലാ പ്രധാന കാര്യങ്ങളും നിങ്ങളോടാലോചിച്ചാണല്ലോ നാം നിർവ്വഹിക്കുന്നത്
അവർ ഇങ്ങനെ അറിയിച്ചു

നമുക്കു സുശക്തമായ സൈന്യമുണ്ട് നമ്മെ അക്രമിക്കാൻ വന്നാൽ നാം നേരിടും സന്ധി ചെയ്യണമെങ്കിൽ അങ്ങനെയുമാവാം രാജ്ഞി കല്പിക്കുംപോലെ ചെയ്യാം

കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം രാജ്ഞിക്കുതന്നെ വിട്ടുകൊടുത്തു അവരുടെ വാക്കുകൾ കേൾക്കാനവർ കാത്തിരുന്നു

സുലൈമാൻ വമ്പിച്ച സൈന്യവുമായി വന്നു ഈ നാട് നശിപ്പിക്കും അതിന്നിടകൊടുക്കരുത് സൈന്യമിറങ്ങിയാൽ നാട്ടിലെ മാന്യന്മാരെ നിസ്സാരന്മാരാക്കിക്കളയും കൃഷി നശിക്കും

നമുക്കൊരു കാര്യം ചെയ്യാം വമ്പിച്ച പാരിതോഷികങ്ങളുമായി കുറെ ആളുകളെ അയക്കാം മുത്തും ,മാണിക്യവും,മരതകവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കൊടുത്തയക്കാം സുന്ദരികളായ അടിമസ്ത്രീകളെയും പുരുഷന്മാരെയും അയക്കാം അദ്ദേഹം യഥാർത്ഥ നബിയാണെങ്കിൽ പാരിതോഷികങ്ങൾ സ്വീകരിക്കില്ല ദൂതന്മാർ പോയി വരട്ടെ അപ്പോൾ നമുക്ക് കാര്യങ്ങൾ നന്നായിട്ടറിയാം സദസ്സ് അതംഗീകരിച്ചു ഹുദ്ഹുദ എല്ലാം കേട്ട് മനസ്സിലാക്കി ധൃതിയിൽ പറന്നു പോവുകയും ചെയ്തു..

ദൗത്യസംഘം 


ബിൽഖീസ് രാജ്ഞി വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കി സുലൈമാൻ(അ) ന്റെ സമീപത്തേക്കു പോകേണ്ട സംഘത്തെ സജ്ജമാക്കി അടിമകളായ അഞ്ഞൂറു പുരുഷന്മാർ അത്രയും സ്ത്രീകളും അവരെ ഒരേ രീതിയിൽ വസ്ത്രം ധരിപ്പിച്ചു സ്ത്രീയെയും പുരുഷനെയും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാവാത്തവിധം അണിയിച്ചൊരുക്കി പാരിതോഷികമായിക്കൊണ്ട് പോവുന്നത് വിലകൂടിയ രത്നങ്ങൾ പതിച്ച കരീടം കൂടെ സ്വർണ്ണക്കട്ടികൾ ,രത്നങ്ങൾ ,അമ്പർ, കസ്തൂരി

സംഘത്തെ നയിക്കുന്നത് മുൻസ്വിർ സുലൈമാൻ (അ)ന് നൽകാനുള്ള കത്ത് ബിൽഖീസ് രാജ്ഞി മുൻസ്വിറിനെ ഏല്പിച്ചു

ഹുദ്ഹുദ പറന്നുവന്നു സുലൈമാൻ നബി(അ)ന്റെ സമീപം വന്നു കാര്യങ്ങൾ ധരിപ്പിച്ചു ബിൽഖീസിന്റെ സംഘത്തെ ഒരു മൈതാനിയിൽ വെച്ച് സ്വീകരിക്കാം മൈതാനം നന്നായി അലങ്കരിക്കണം അലങ്കാരത്തിന്റെ ചുമതല ജിന്നുകളെ ഏല്പിച്ചു

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ടുവന്നു മൈതാനം മുഴുവൻ പരത്തി എത്ര മനോഹരമായ കാഴ്ച മൈതാനത്തിലേക്ക് കടക്കാൻ കമാനങ്ങൾ പ്രഭ ചൊരിയാൻ ദീപങ്ങൾ ഒരു മൈതാനമാണെന്ന് തോന്നില്ല ഒരു മായാലോകം തന്നെ പക്ഷികളും മൃഗങ്ങളും അണിനിരന്നു മധ്യഭാഗത്ത് സിംഹാസനം സുലൈമാൻ(അ) ഇരുന്നു ചുറ്റും വിലകൂടിയ ഇരിപ്പിടങ്ങൾ മനുഷ്യരിലും ജിന്നിലുംപെട്ട പ്രധാനികൾ ഇരുന്നു ബിൽഖീസിന്റെ സംഘമെത്തി തങ്ങളെവിടെയാണെത്തിപ്പെട്ടത് ? ഇത് ഭൂമിയോ ആകാശമോ ? എന്തൊരു കാഴ്ചയാണിത് ? അവർ ഭയന്നുപോയി വിസ്മയം കൊണ്ട് സംസാരിക്കാനാവുന്നില്ല മുൻസ്വിർ കത്ത് നൽകി സുലൈമാൻ(അ) കത്ത് തുറന്നു വായിച്ചു പുഞ്ചിരിച്ചു ചില കാര്യങ്ങൾ അതിൽ ആവശ്യപ്പെട്ടിട്ടുണ്ട് സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കാനാണ് ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത് എങ്കിൽ അത് തന്നെ ആദ്യം നടക്കട്ടെ

പ്രിയപ്പെട്ട അതിഥികളെ നിങ്ങളെ നാം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു എല്ലാവരും കൈയും മുഖവും കഴുകി അകത്ത് കടന്നിരിക്കുക നിർദ്ദേശം കിട്ടിയ ഉടനെ പുരുഷന്മാർ ഒരു സങ്കോചവുമില്ലാതെ കൈകളും മുഖവും കഴുകി പെണ്ണുങ്ങൾ നാണത്തോടെ കഴുകി സ്ത്രീകളും പുരുഷന്മാരും വേർതിരിക്കപ്പെട്ടു രത്നങ്ങൾ ഉൾപ്പെടെയുള്ള വിലകൂടിയ സാധനങ്ങൾ ഒരു ഡപ്പിയിൽ അടച്ചു ഭദ്രമാക്കിക്കൊണ്ട് വന്നിട്ടുണ്ട് ഡപ്പി തുറക്കാതെ അതിലെന്തൊക്കെയുണ്ടെന്ന് പറയണം

സുലൈമാൻ (അ) എല്ലാം പറഞ്ഞുകൊടുത്തു ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കപ്പെട്ടു

ഇനി പാരിതോഷിക സമർപ്പണം കൊണ്ടുവന്ന സാധനങ്ങൾ മുമ്പിൽ വെച്ചു

സുലൈമാൻ (അ) അതിലേക്ക് നോക്കി എന്നിട്ടിപ്രകാരം പറഞ്ഞു :

'ഇതൊന്നും ഇവിടെ ആവശ്യമില്ല മടക്കിക്കൊണ്ടു പോവുക ഈ ലോകത്തെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഞാൻ മോഹിക്കുന്നില്ല പരലോക വിജയം അത് മാത്രമാണെന്റെ മോഹം നിങ്ങൾ നാട്ടിൽ ചെന്ന് രാജ്ഞിയോട് ഇസ്ലാം മതം സ്വീകരിച്ചു ഇവിടെ വരാൻ പറയുക അതിന്നവർ തയ്യാറില്ലെങ്കിൽ ഞാനെന്റെ സൈന്യവുമായി അവിടെ വരും ഞങ്ങളെ തടയാൻ നിങ്ങളെക്കൊണ്ടാവില്ല സൽക്കാരം കഴിഞ്ഞു യാത്ര പറഞ്ഞു മുൻസ്വിറും സംഘവും മടങ്ങി പാരിതോഷികങ്ങൾ മടക്കിക്കൊണ്ടുപോയി

സബഹ്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നോക്കി നോക്കിയിരിക്കെ സംഘം മടങ്ങിയെത്തി മുൻസ്വിർ വിവരങ്ങളെല്ലാം വിശദമായിത്തന്നെ രാജ്ഞിയെ ധരിപ്പിച്ചു

'സുലൈമാൻ സാധാരണ രീതിയിലുള്ള രാജാവല്ല അദ്ദേഹത്തിന്റെ സൈന്യം അത്ഭുതശക്തിയുള്ളവരാണ് അവരെ നേരിടാൻ നമുക്കാവില്ല വിവരണം നീണ്ടുപോയി കേൾവിക്കാരിൽ വിസ്മയം കൂടിക്കൂടി വന്നു രാജ്ഞിയുടെ മനസ്സ് ഇളകിമറിഞ്ഞു മൈതാനിയിലെ അലങ്കാരങ്ങൾ പറഞ്ഞപ്പോൾ കേൾവിക്കാർ വല്ലാതെ അത്ഭുതപ്പെട്ടു

ഒടുവിൽ ബിൽഖീസ് റാണി ഇങ്ങനെ പ്രഖ്യാപിച്ചു

' ഞാൻ പരിവാരസമേതം സുലൈമാനെ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നു

വിശുദ്ധ ഖുർആൻ സംഭവങ്ങൾ വിവരിക്കുന്നത് നോക്കാം :

'ബിൽഖീസ് രാജ്ഞി പറഞ്ഞു :പ്രധാനികളേ എന്നിലേക്ക് ഇതാ ആദരണീയമായ ഒരു എഴുത്ത് ഇടപ്പെടുക തന്നെ ചെയ്തിരിക്കുന്നു (27:29)

'നിശ്ചയമായും അത് സുലൈമാനിൽ നിന്നുള്ളതാകുന്നു അതിലെ ഉള്ളടക്കം ഇതാണ് കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തിൽ എന്നോട് നിങ്ങൾ അഹങ്കാരം കാണിക്കരുത് മുസ്ലിംകളായിക്കൊണ്ട് എന്റെ അടുക്കൽ നിങ്ങൾ വരിക (27:30,31)

'ബിൽഖീസ് പറഞ്ഞു : നേതാക്കളേ എന്റെ കാര്യത്തിൽ (ഞാൻ എന്തു ചെയ്യണമെന്ന് ) എനിക്ക് ഉപദേശം നൽകുക നിങ്ങൾ എന്റെയടുത്ത് സന്നിഹിതരാവുകയും നിങ്ങളോട് ആലോചിക്കുകയും ചെയ്യുന്നതുവരെ ഞാനൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കാറില്ലല്ലോ (27:32)

'അവർ പറഞ്ഞു : നാം നല്ല ശക്തിയും ഘോരമായ സമരവീര്യമുള്ളവരുമാണ് തീരുമാനമെടുക്കാനുള്ള അധികാരം അവിടത്തെ കൈയിലാണല്ലോ അതുകൊണ്ട് എന്താണ് കല്പിച്ചരുളേണ്ടതെന്ന് അവിടുന്ന് തന്നെ ചിന്തിച്ചു തീരുമാനിച്ചാലും (27:33)

ബിൽഖീസ് പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഒരു നാട്ടിൽ പ്രവേശിച്ചാൽ അതിനെ അവർ നശിപ്പിക്കുകയും തദ്ദേശത്തുള്ള പ്രതാപശാലികളെ നിന്ദ്യരാക്കുകയും ചെയ്യും അങ്ങനെയാണവർ പ്രവർത്തിക്കുക (27:34)

'ഞാൻ അവരുടെ അടുക്കലേക്ക് ഒരു സമ്മാനവുംകൊണ്ട് ആളയക്കുകയാണ് എന്നിട്ട് എന്ത് വിവരവുംകൊണ്ടാണ് ദൂതന്മാർ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ് (27:35)

'അങ്ങനെ സുലൈമാന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് ധനംകൊണ്ട് സഹായം നൽകുകയാണോ ? എന്നാൽ എനിക്ക് അല്ലാഹു നൽകിയിട്ടുള്ളത് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനേക്കാൾ ഉത്തമമായിട്ടുള്ളതാണ് പക്ഷേ നിങ്ങൾ നിങ്ങളുടെ സമ്മാനം കൊണ്ട് സന്തോഷംകൊള്ളുന്നുവെന്നുമാത്രം (27:36)

'നീ അവരുടെ (നിന്നെ അയച്ചവരുടെ ) അടുക്കലേക്ക് മടങ്ങിക്കൊള്ളുക തീർച്ചയായും അവർക്കു നേരിടാൻ കഴിയാത്ത സൈന്യങ്ങളുമായി അവരുടെ അടുത്തേക്ക് നാം ചെല്ലുകതന്നെ ചെയ്യും നിന്ദ്യരായ നിലയിൽ അവരെ അവിടെനിന്ന് നാം പുറംതള്ളുന്നതുമാണ് (27:37)

ബിൽഖീസ് രാജ്ഞിയും പൗരപ്രമുഖരുമെല്ലാം ദൂതന്മാരുടെ വിവരണം ഉൾക്കിടിലത്തോടെ കേട്ടു വിലപിടിച്ച പാരിതോഷികങ്ങൾ തിരിച്ചയച്ചിരിക്കുന്നു രാജ്ഞിയും കൂട്ടരും അതുകണ്ട് ഞെട്ടിപ്പോയി സുലൈമാൻ (അ) യുദ്ധഭീഷണി മുഴക്കിയിരിക്കുകയാണ് രാജ്യം കീഴടക്കും നമ്മെയെല്ലാം നിന്ദ്യരായ നിലയിൽ ആട്ടിപ്പുറത്താക്കും 

സർവ്വശക്തനായ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ആ ക്ഷണം നിരസിച്ചുകൂടാ നിരസിച്ചാൽ നാശം തീർച്ചയാണ് ക്ഷണം സ്വീകരിച്ചാലോ ? അത് വൻ വിജയമായിത്തീരും ഈ ലോകത്തും പരലോകത്തും വിജയം ആ വിജയമാണല്ലോ നമുക്ക് വേണ്ടത് അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളായി മാറുക മുസ്ലിംകളായിക്കൊണ്ട് സുലൈമാൻ (അ) ന്റെ സമീപത്തേക്ക് പോവുക ബിൽഖീസ് രാജ്ഞിയും പ്രമുഖന്മാരും ആ തീരുമാനമെടുത്തു ...

സ്വീകരണം 

ബിൽഖീസ് രാജ്ഞിയും പൗരപ്രമുഖരുമെല്ലാം ഇപ്പോൾ സുലൈമാൻ(അ)ന്റെ സമീപത്തേക്കുള്ള യാത്രയെക്കുറിച്ചാണ് ചിന്തിക്കുന്നത് അതിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു നാട്ടിലാകെ അത് തന്നെയാണ് സംസാരം ബിൽഖീസ് രാജ്ഞി സുലൈമാൻ നബി(അ)ന് സന്ദേശമയച്ചു അതിപ്രകാരമായിരുന്നു

'താങ്കളുടെ അവസ്ഥകൾ മനസ്സിലാക്കാനും നിങ്ങൾ ഞങ്ങളെ ക്ഷണിച്ച മതത്തെക്കുറിച്ച് മനസ്സിലാക്കുവാനും ഞാനും നാട്ടുപ്രമുഖന്മാരുമായി ഉടനെ വരുന്നു

സന്ദേശം സുലൈമാൻ (അ)ന് ലഭിച്ചു

ബിൽഖീസിനെയും നേതാക്കളെയും സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങി പന്ത്രണ്ടായിരം സേനാനായകന്മാരുടെ അകമ്പടിയോടെ ബിൽഖീസ് യാത്ര തിരിച്ചു

സുലൈമാൻ (അ)തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി ജിന്നുകളും മനുഷ്യരുമെല്ലാം കൂടി അദ്ദേഹം അവരോടിങ്ങനെ ചോദിച്ചു

'പ്രധാനികളേ ബിൽഖീസും കൂട്ടരും മുസ്ലിംകളായി വരുന്നതിനുമുമ്പ് അവരുടെ സിംഹാസനം ആർ കൊണ്ടുവരും വല്ലാത്ത ചോദ്യം തന്നെ

സിംഹാസനം പൂട്ടിവെച്ച മുറിയിലെത്തുക എളുപ്പമല്ല കോട്ട കടക്കണം പിന്നെ സുശക്തമായ കൊട്ടാരം അടച്ചുപൂട്ടിയ പല മുറികൾ കടന്നു ചെല്ലണം 

കവർച്ചക്കാർക്കൊന്നും തുറക്കാൻ കഴിയാത്ത പൂട്ട് ബിൽഖീസ് തിരിച്ചുവരുന്നതുവരെ ആ പൂട്ടുകളൊന്നും തുറക്കുകയില്ല അങ്ങനെയുള്ള സിംഹാസനം കൊണ്ടുവരാനാണ് സുലൈമാൻ(അ) ആവശ്യപ്പെട്ടത്

വിശുദ്ധ ഖുർആൻ പറയുന്നു :

സുലൈമാൻ (അ) പറഞ്ഞു:
'ഹേ പ്രധാനികളേ നിങ്ങളിൽ ഏതൊരുവനാണ് അവർ എന്റെ അടുക്കൽ മുസ്ലിംകളായി വരുന്നതിന് മുമ്പ് അവരുടെ സിംഹാസനം എനിക്ക് കൊണ്ട് വന്ന് തരിക ?(27:38)

ആ ചോദ്യത്തിനുത്തരം നൽകിയത് ഇഫ്രീത്ത് എന്ന ജിന്ന് ആയിരുന്നു ഇഫ്രീത്ത് എന്ന പദത്തിന് പോക്കിരി,മല്ലൻ എന്നൊക്കെ അർത്ഥം പറയാം ജിന്നുകളുടെ കൂട്ടത്തിൽ കൂടുതൽ യോഗ്യതയുള്ള ഒരു പ്രബല വ്യക്തിയായിരുന്നു അദ്ദേഹം

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :
' ജിന്നുകളിൽപെട്ട ഇഫ്രീത്ത് പറഞ്ഞു: സദസ്സിൽ നിന്ന് അങ്ങ് എഴുന്നേൽക്കുന്നതിനു മുമ്പ് ഞാനത് അങ്ങയുടെ അടുത്ത് കൊണ്ടുവരാം അതിന് തികച്ചും കഴിവുള്ളവനും വിശ്വസ്ഥനുമാണ് ഞാൻ (27:39)

മനുഷ്യരെക്കാൾ പല കഴിവുകളുമുള്ള ഒരു വിഭാഗമാണ് ജിന്നുകൾ അവരുടെ കൂട്ടത്തിലെ ഒരു പ്രമുഖനാണ് സിംഹാസനം കൊണ്ടു വരാമെന്ന് പറയുന്നത് അതിനുള്ള ശക്തി അല്ലാഹു അദ്ദേഹത്തിന് നൽകിയിട്ടുണ്ട് താൻ വിശ്വസ്ഥനാണെന്ന് ഇഫ്രീത്ത് പറയുന്നു ഇത് വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രയോഗമാകുന്നു

'അങ്ങ് സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് സിംഹാസനം കൊണ്ടുവരാം ' എന്നാണ് ഇഫ്രീത്ത് പറഞ്ഞത്

സാധാരണ ഗതിയിൽ കേസുകൾ കേൾക്കാനും വിധി പറയാനുമൊക്കെയായി രാവിലെ ഇരുന്നാൽ ഉച്ചക്കാണ് എഴുന്നേൽക്കുക ഈ സമയത്തുനുള്ളിൽ സിംഹാസനം കൊണ്ടുവരാം അതാണ് ഇഫ്രീത്തിന്റെ വാഗ്ദാനം

അതുവരെ കാത്തിരിക്കാൻ പറ്റില്ല കൂടുതൽ വേഗത്തിൽ ആർക്ക് കൊണ്ടുവരാൻ കഴിയുമെന്ന് സുലൈമാൻ (അ) ചോദിച്ചു

വേദഗ്രന്ഥത്തിൽ പരിജ്ഞാനമുള്ള ഒരാൾ പറഞ്ഞു :അങ്ങ് കണ്ണ് അടയ്ക്കുന്നതിന് മുമ്പ് ഞാൻ കൊണ്ടുവരാം

വിശുദ്ധ ഖുർആൻ പറയുന്നു :

'വേദഗ്രന്ഥത്തിൽ നിന്നുള്ള അറിവുണ്ടായിരുന്ന ഒരാൾ പറഞ്ഞു : അങ്ങയുടെ തുറന്ന കണ്ണ് അടയുംമുമ്പ് ഞാനത് അങ്ങയുടെ അടുക്കൽ എത്തിക്കാം (ഉടനെയത് വന്നെത്തി )
തന്റെ അടുത്ത് സിംഹാസനം സ്ഥിതിചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതെന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ് ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാട്ടുമോ എന്ന് അവൻ എന്നെ പരീക്ഷിക്കുവാൻ വേണ്ടിയാണ് (ഇതവൻ ചെയ്തിരിക്കുന്നത് )
ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കിൽ തന്റെ നന്മക്കവേണ്ടിത്തന്നെയാണവൻ നന്ദി കാണിക്കുന്നത് ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കിലോ ,എന്നാൽ എന്റെ രക്ഷിതാവ് നിരാശ്രയനും ഉൽകൃഷ്ടനും തന്നെയാകുന്നു (27:40)

തുറന്ന കണ്ണ് അടയ്ക്കുന്ന വേഗതയിൽ സിംഹാസനം സുലൈമാൻ(അ)ന്റെ തൊട്ടടുത്തെത്തി ഇത് അല്ലാഹു ചെയ്ത അനുഗ്രഹം തന്നെ ഈ അനുഗ്രഹം ഒരു പരീക്ഷണമാണ് അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ ? അതോ നന്ദികേട് കാണിക്കുമോ ?അതറിയാനുള്ള പരീക്ഷണം മഹത്തായ അനുഗ്രഹം വന്നപ്പോൾ നന്ദിയെക്കുറിച്ചാണ് സുലൈമാൻ (അ) സംസാരിച്ചത് ഇതാണ് നാം മനസ്സിലാക്കേണ്ട പാഠം ആരാണ് സിംഹാസനം കൊണ്ടുവന്നത് ? കിതാബിലെ വിജ്ഞാനം നേടിയ ആൾ ഏത് കിതാബ് ?

അതുവരെ അല്ലാഹു ഇറക്കിയ എല്ലാ കിതാബുകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ചിലർ പറയുന്നു

സുലൈമാൻ (അ)ന് അല്ലാഹു നൽകിയ പ്രത്യേക വിജ്ഞാനമാണെന്ന് മറ്റൊരഭിപ്രായം

മഹത്തായ നാമങ്ങൾ (ഇസ്മുൽ അഹ്ളം ) ആണെന്ന് നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്

സിംഹാസനം കൊണ്ടുവന്ന ആളിനെക്കുറിച്ചും അഭിപ്രായങ്ങൾ പലതാണ്

ഇഫ്രീത്തിനെക്കാൾ മികച്ച ഒരു ജിന്ന് ഒരു മലക്ക് ജിബ്രീൽ (അ) എന്ന മലക്ക് സിംഹാസനം കൊണ്ടുവന്നത് സുലൈമാൻ (അ) ആണെന്ന് പറഞ്ഞവരുമുണ്ട് വിജ്ഞാനത്തിന്റെ ശക്തി നാമിവിടെ അറിയുന്നു നന്ദിയുടെ പ്രാധാന്യവും കാണുന്നു ഒരാൾ നന്ദി കാണിച്ചാൽ അയാൾക്കു തന്നെയാണതിന്റെ നന്മ ഒരുവൻ നന്ദികേട് കാണിച്ചാൽ അതിന്റെ ദോഷവും അയാൾക്കു തന്നെ

നന്ദികേട് കൊണ്ട് അല്ലാഹുവിന് നഷടമൊന്നും വരാനില്ല അവൻ നിരാശ്രയനും ഉൽകൃഷ്ടനുമാകുന്നു

ബിൽഖീസും പരിവാരവും എത്താറായി പളുങ്കുകൊട്ടാരം പണിതുയർത്തി അതിമനോഹരമായി വിതാനിച്ച നിലം ആകെ അലങ്കരിച്ചൊരുക്കിയ കൊട്ടാരം ജിന്നുകളുടെ മികച്ച നിർമ്മിതി ബിൽഖീസിന്റെ സിംഹാസനത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സുലൈമാൻ (അ) സേവകന്മാരോട് കല്പിച്ചു ബാഹ്യമായ ചില മാറ്റങ്ങൾ വരുത്തി സ്വന്തം സിംഹാസനം അവർക്കു തിരിച്ചറിയാൻ കഴിയുമോ? കഴിയുമെങ്കിൽ അവർ ബുദ്ധിമതി തന്നെ ഇതൊരു പരീക്ഷണം

അല്ലാഹു തനിക്കു നൽകിയ അനുഗ്രഹങ്ങൾ ബിൽഖീസ് മനസ്സിലാക്കണം സന്ദർശനവേള അതിനുകൂടിയുള്ളതാണ്

ബിൽഖീസിനെ സ്വീകരിക്കുന്നത് പളുങ്കകൊട്ടാരത്തിലാണ് അടിഭാഗത്ത് വെള്ളം നിറച്ചു വെള്ളത്തിൽ പലതരം മത്സ്യങ്ങൾ , മനോഹരമായ ജലജീവികൾ

വെള്ളത്തിനു തൊട്ടു മുകളിലായി കണ്ണാടിപ്പലകകൾ സ്ഥാപിച്ചു കണ്ണാടിപ്പലകയിൽ ചവിട്ടുമ്പോൾ വെള്ളത്തിലിറങ്ങിയതുപോലെ തോന്നും കാലിൽ വെള്ളം നനയില്ല വെള്ളത്തിലല്ലെന്ന് അപ്പോഴാണറിയുക

ബിൽഖീസും കൂട്ടരും എത്തി പളുങ്കുകൊട്ടാരത്തിന്റെ മുമ്പിൽ ആശ്ചര്യത്തോടെ നിന്നു എത്ര വിസ്മയകരം എത്ര ആഢംബരപൂർണമായ സ്വീകരണം..

ബിൽഖീസിന് ലഭിച്ച പദവികൾ 


സുലൈമാൻ (അ) ന്റെ മഹത്വം ബിൽഖീസിന് ബോധ്യമായി അല്ലാഹു അദ്ദേഹത്തിനു നൽകിയ അനുഗ്രഹങ്ങൾ അവർണനീയം തന്നെ അത് ബോധ്യപ്പെടുത്താനാണ് ഈ ഗംഭീര സ്വീകരണം

സീംഹാസനത്തിൽ രൂപവ്യത്യാസം വരുത്തിയതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു

'അദ്ദേഹം പറഞ്ഞു: നിങ്ങൾ അവളുടെ സിംഹാസനം രൂപവ്യത്യാസം വരുത്തുക അവൾ യാഥാർത്ഥ്യം ഗ്രഹിച്ച് നേർമാർഗ്ഗം പ്രാപിക്കുമോ അഥവാ സത്യം മനസ്സിലാവാതെ നേർവഴി കണ്ടെത്താനാവാത്തവരിൽ പെട്ടുപോകുമോ എന്ന് നമുക്കു കാണാം '(27:41)

ബിൽഖീസ് വന്നുചേർന്നപ്പോൾ സുലൈമാൻ (അ) ചോദിച്ചു :

'നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ ? ചോദ്യം ബുദ്ധിപരീക്ഷയാണ് പരീക്ഷയിൽ വിജയിച്ചു

അവർ ഇങ്ങനെ മറുപടി നൽകി
'അതെ ഇതുപോലെത്തന്നെ '
രൂപവ്യത്യാസം വരുത്തിയിട്ടും തിരിച്ചറിഞ്ഞു
സുലൈമാൻ (അ) സന്തോഷവാനായി

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ

'അങ്ങനെ അവൾ വന്നപ്പോൾ ഇങ്ങനെയാണോ നിങ്ങളുടെ സിംഹാസനം എന്ന് ചോദിക്കപ്പെട്ടു അവൾ പറഞ്ഞു : ഇത് അത് തന്നെയാണെന്ന് തോന്നുന്നു ഇതിന് മുമ്പുതന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരിക്കുന്നു ഞങ്ങൾ മുസ്ലിംകളാകുകയും ചെയ്തിരിക്കുന്നു (27:42)

താൻ സബഇലെ കോട്ടയിൽ പൂട്ടിവെച്ച സിംഹാസനം തന്നെയാണിതെന്ന് അവർക്കു മനസ്സിലായി എന്നിട്ടും ഇത് തന്റെ സിംഹാസനമാണെന്ന് തീർത്തു പറഞ്ഞില്ല ഇത് തന്നെയാണെന്നു തോന്നുന്നു എന്നാണ് പറഞ്ഞത് ഇവിടെ എത്തുന്നതിന് മുമ്പുതന്നെ ബിൽഖീസ് സൂര്യാധന ഉപേക്ഷിക്കുകയും അല്ലാഹുവിന് കീഴൊതുങ്ങുകയും ചെയ്തിരുന്നു സത്യം മനസ്സിലാക്കാത്ത ഒരു ജനതയിലാണവർ കഴിഞ്ഞിരുന്നത് അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് ബിൽഖീസ് തടയപ്പെടുകയായിരുന്നു ഇപ്പോൾ പശ്ചാത്തപിക്കുന്നു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 
:
'അല്ലാഹുവിനു പുറമെ അവൾ ആരാധിച്ചുവന്നിരുന്നവ അവളെ തടഞ്ഞുകളഞ്ഞതാണ് നിശ്ചയമായും അവൾ സത്യനിഷേധികളായ ഒരു ജനതയിൽ പെട്ടവളായിരുന്നു (27;43)

പളുങ്കുകൊട്ടാരത്തിൽ പ്രവേശിക്കുവാൻ ബിൽഖീസിനെ ക്ഷണിച്ചു
വെള്ളത്തിൽ ചവിട്ടുകയാണെന്ന ധാരണയിൽ വസ്ത്രത്തിന്റെ താഴെ അറ്റം പൊക്കിപ്പിടിച്ചു

അപ്പോൾ സുലൈമാൻ (അ) പറഞ്ഞു :

ഇത് പളുങ്കുകൊണ്ട് നിർമ്മിക്കപ്പെട്ട മിനുസമുള്ള കൊട്ടാരമാണ് ബിൽഖീസിന് അബദ്ധം മനസ്സിലായി തന്റെ പാദങ്ങൾ വെള്ളത്തിൽ തട്ടുന്നില്ല അല്ലാഹുവിലും അവന്റെ പ്രവാചകനിലും ദൃഢമായി വിശ്വസിച്ചു കഴിഞ്ഞു സൂര്യാരാധന നടത്തിയത് അക്രമമായിപ്പോയി അല്ലാഹുവേ ഞാൻ എന്നോട് തന്നെ അക്രമം കാണിച്ചുപോയി പൊറുത്തുതരേണമേ ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴൊതുങ്ങിയിരിക്കുന്നു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

'കൊട്ടാരത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു അങ്ങനെ അത് കണ്ടപ്പോൾ ആഴമുള്ളൊരു ജലാശയമാണെന്നവൾ ധരിക്കുകയും രണ്ട് കണങ്കാലുകളിൽ നിന്ന് വസ്ത്രം പൊക്കിപ്പിടിക്കുകയും ചെയ്തു
അപ്പോൾ അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഇത് പളുങ്കുകളാൽ നിർമ്മിക്കപ്പെട്ട മിനുസമുള്ള ഒരു കൊട്ടാരമാകുന്നു അവൾ പറഞ്ഞു : എന്റെ രക്ഷിതാവേ ഞാൻ എന്നോട് തന്നെ അക്രമം പ്രവൃത്തിച്ചു സുലൈമാൻ നബിയോടൊപ്പം ഞാനിതാ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു (27:44)

ബിൽഖീസ് വളരെയധികം സന്തോഷവധിയായി തനിക്ക് ഉന്നത പദവികൾ ലഭിച്ചിരിക്കുന്നു

തനിക്കുള്ളതെല്ലാം സുലൈമാൻ നബിയുടെ മുമ്പിൽ സമർപ്പിക്കാൻ അവർ സന്നദ്ധരായിക്കഴിഞ്ഞു

സുലൈമാൻ (അ) ബിൽഖീസ് രാജ്ഞിയെ വിവാഹം ചെയ്തു അതോടെ ബിൽഖീസിന്റെ പദവി വീണ്ടും ഉയർന്നു വളരെ സന്തോഷത്തോടെയാണവർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നുവന്നത് ബിൽഖീസിനെ യമനിലേക്ക് തന്നെ തിരിച്ചയച്ചു പോയതുപോലെയല്ല തിരിച്ചുവന്നത് എല്ലാ ചലനങ്ങളും സുലൈമാൻ (അ)ന്റെ നിർദ്ദേശപ്രകാരമാണ് നടക്കുന്നത് ആരാധനകളെല്ലാം മുറപോലെ നടക്കുന്നു

സുലൈമാൻ (അ) ജിന്നുകളോടിങ്ങനെ കല്പിച്ചു യമനിലേക്ക് പോവുക ബിൽഖീസിനുവേണ്ടി അവിടെ മൂന്നു കൊട്ടാരങ്ങൾ നിർമ്മിച്ചു ജിന്നുകൾ വന്നു അത്ഭുതകരമായ മൂന്നു ഗംഭീര കൊട്ടാരങ്ങൾ നിർമ്മിക്കുക

മാസത്തിലൊരിക്കൽ സുലൈമാൻ (അ)ഭാര്യയെ കാണാൻ വരും വന്നാൽ മൂന്നു ദിവസം താമസിക്കും അദ്ദേഹം വന്നാൽ നാട്ടിലാകെ സന്തോഷമാണ്

ഒരിക്കൽ ബിൽഖീസ് പറഞ്ഞു :യാത്രയിൽ എന്നെകൂടെ കൊണ്ട് പോകൂ

'നിനക്ക് എങ്ങോട്ട് പോവാനാണാഗ്രഹം? സുലൈമാൻ (അ) ചോദിച്ചു

'ദ്വീപിലേക്ക് പറക്കുന്ന കുതിരകളുള്ള ദ്വീപിലേക്ക് അവർ കട്ടിലിൽ കയറിയിരുന്നു അവരെ ദ്വീപിലേക്ക് കൊണ്ടു പോവാൻ കാറ്റിനോട് കല്പിച്ചു കാറ്റ് അവരെ ദ്വീപിലെത്തിച്ചു ദ്വീപിൽ വെച്ച് അവർ ചിറകുള്ള കുതിരകളെ കണ്ടു ധാരാളം കുതിരകൾ അവ പറക്കുന്നു പറന്നു കടലിൽ ചാടുന്നു മനോഹരമായ നാല്പത് കുതിരകളെ പിടിച്ചു അവയെ സ്നേഹപൂർവം തലോടി..

കുതിരകൾ 


സുലൈമാൻ നബി(അ) നല്ലയിനം കുതിരകളെ ഇഷ്ടപ്പെട്ടിരുന്നു കുതിരകൾ കൊട്ടാരങ്ങൾക്ക് അലങ്കാരമാകുന്നു കുതിരപ്പട ശക്തിയുടെ പ്രകടനമാവുന്നു സുലൈമാൻ (അ)ന് ശക്തമായ കുതിരപ്പട ഉണ്ടായിരുന്നു കുതിരകളെ തൊട്ടു തടവും തീറ്റ കൊടുക്കും സ്നേഹം പ്രകടിപ്പിക്കും ഏറെ നേരം അവയോടൊപ്പം ചെലവഴിക്കും ഇടക്കിടെ യുദ്ധങ്ങൾ നടക്കും യുദ്ധം ജയിക്കാൻ കുതിരപ്പട വേണം അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹമാണ് കുതിരകൾ ഒരു ദിവസം കുതിരകളുടെ പ്രദർശനം നടന്നു 

അതിനെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് കാണുക

'വളരെ വേഗത്തിൽ ഓടുന്ന മേത്തരം കുതിരകൾ സായാഹ്ന വേളയിൽ അദ്ദേഹത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം ഓർക്കുക (38:31)

വമ്പിച്ച അശ്വസൈന്യം മൈതാനിയിൽ അണിനിരന്നു പിന്നെ അവ മുമ്പോട്ടു കുതിച്ചു വളരെ വേഗതയിൽ ഓടി പൊടിപടലങ്ങളുയർന്നു കുതിരകളെ ഇപ്പോൾ കാണാനേയില്ല ദീർഘദൂരം പൊടിപടലം പരന്നു അപ്പോൾ സുലൈമാൻ (അ)കല്പിച്ചു

'കുതിരകളെ തിരിച്ചുകൊണ്ട് വരിക'

പട്ടാളക്കാർ കുതിരകളെ തിരിച്ചുകൊണ്ടുവന്നു സുലൈമാൻ നബിയുടെ മുമ്പിൽ അണിനിരത്തി സുലൈമാൻ (അ) അവയുടെ പിരടിയും കാലുകളും സ്നേഹപൂർവം തടവിക്കൊടുത്തു

വിശുദ്ധ ഖുർആൻ പറയുന്നു :

'അപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവിനെപ്പറ്റിയുള്ള സ്മരണ നിമിത്തം ഈ നന്മയോട് (കുതിരകളോട്) ഉള്ള സ്നേഹം ഞാൻ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു അങ്ങനെ അവ മറവിൽ തിരോധാനം ചെയ്തു (ദൃഷ്ടിയിൽ നിന്ന് മറഞ്ഞു) (38:32)

എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന ?

എന്റെ രക്ഷിതാവിനെ ഓർക്കുവാൻ വേണ്ടിയാണ് ഈ നല്ല വസ്തുവോടുള്ള സ്നേഹത്തെ ഞാനിഷ്ടപ്പെടുന്നത സുസജ്ജമായ തന്റെ അശ്വസൈന്യത്തെ കണ്ടപ്പോൾ അല്ലാഹുവിനെ ഓർക്കുകയാണ് ചെയ്തത് കുതിരകൾ അല്ലാഹുവിന്റെ സ്മരണ ഉണർത്തുന്നു അതുകൊണ്ട് കുതിരകളെ സ്നേഹിക്കുന്നു

വിശുദ്ധ ഖുർആൻ പറയുന്നു :

'( സുലൈമാൻ നബി പറഞ്ഞു): നിങ്ങൾ അവയെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്നിട്ട് അദ്ദേഹം അവയുടെ കണങ്കാലുകളും പിരടികളും തടവാൻ തുടങ്ങി (38:35)

സുലൈമാൻ നബി(അ)യുടെ അശ്വസൈന്യം വളരെ പ്രസിദ്ധമായിരുന്നു അശ്വസൈന്യത്തിന്റെ പെരേഡ് പരിശോധിക്കും പോരായ്മകൾ പരിഹരിക്കും

ഇവിടെ മറ്റൊരു വ്യാഖ്യാനം കൂടി കാണുന്നു

കുതിര പ്രദർശനത്തിൽ ശ്രദ്ധ മുഴുകിയത് കാരണം സായാഹ്ന നേരത്തെ സുന്നത്ത് നിസ്കാരം നഷ്ടപ്പെട്ട കാര്യം ഓർമ്മവന്നത് കുതിരകൾ കാരണം നിസ്കാരം നഷ്ടപ്പെട്ടുപോയി പതിവായി ചെയ്യാറുള്ള നിസ്കാരം നഷ്ടപ്പെട്ടതിൽ വല്ലാത്ത ദുഃഖവും നിരാശയും തോന്നി മനസ്സ് നൊന്ത് പശ്ചാത്തപിച്ചു

വാഹനം അല്ലാഹു നൽകുന്ന അനുഗ്രഹമാണ് അതെപ്പോഴും ഓർമ്മവേണം നന്ദി പ്രകടിപ്പിക്കുകയും വേണം കുതിരയുടെ സ്ഥാനത്ത് വിരകൂടിയ കാറുകളാണ് ഇന്നുള്ളത് അത് ലഭിച്ചവർ അതിന്റെ പേരിൽ അഹങ്കരിക്കരുത് വിനയം പ്രകടിപ്പിക്കണം നന്ദിയുള്ളവരായി ജീവിക്കണം മോട്ടോർ വാഹനങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും അല്ലാഹുവിനു വേണ്ടിയുള്ള കർമ്മങ്ങളിൽ നിന്ന് നമ്മെ തടയരുത് അതാണ് മേലുദ്ധരിച്ച സംഭവത്തിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠം

ദാവൂദ് നബി (അ) നും കുതിരപ്പട ഉണ്ടായിരുന്നു പിതാവിൽ നിന്ന് പുത്രന് കുതിരപ്പട അനന്തരാവകാശമായി ലഭിച്ചു അവയെ പ്രത്യേക പരിഗണനയോടെ സൂക്ഷിച്ചു വന്നു ലോകത്തിലെ ഏറ്റവും നല്ലയിനം കുതിരകളെയാണ് സുലൈമാൻ (അ) വളർത്തിയിരുന്നത്.

പരീക്ഷണം


സുലൈമാൻ (അ) ഇങ്ങനെ പ്രസ്താവിച്ചു ഞാനിന്ന് നൂറ് സ്ത്രീകളെ സമീപിക്കും അവരെല്ലാം ഗർഭം ധരിക്കും ആൺകുഞ്ഞിനെ പ്രസവിക്കും വളർന്നു വരുമ്പോൾ കുതിരപ്പടയാളികളായിമാറും ഓരോ ഭാര്യയിൽ നിന്നും ഓരോ കുതിരപ്പടയാളി അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടും ഇക്കാര്യം സുലൈമാൻ (അ) പരസ്യമായിത്തന്നെ പറഞ്ഞു ഇൻശാഅല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്നു പറയാൻ വിട്ടു പോയി അത് കാരണം ഒരു ഭാര്യയൊഴികെ മറ്റാരും ഗർഭം ധരിച്ചില്ല ഭാര്യയാവട്ടെ പ്രസവിച്ചത് പൂർണമാവാത്ത ശിശുവും സുലൈമാൻ (അ)ന് ഇതൊരു പരീക്ഷണമായിരുന്നു സുലൈമാൻ (അ) വല്ലാതെ ദുഃഖിച്ചു പശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങി

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

'നിശ്ചയമായും സുലൈമാനെ നാം ഒന്നു പരീക്ഷിച്ചു അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേൽ നാം ഒരു ജഡം ഇട്ടു പിന്നെ അദ്ദേഹം അല്ലാഹുവിങ്കലേക്ക് മടങ്ങി പശ്ചാത്തപിച്ചു (38:34)

ഒരു ജഡത്തെ സിംഹാസനത്തിൽ ഇട്ടു എന്നതിന് പല വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട്
അപൂർണനായി ജനിച്ച കുട്ടിയെപ്പറ്റിയാണ് അങ്ങനെ പറഞ്ഞത് എന്നാണ് ഒരഭിപ്രായം

സുലൈമാൻ (അ)ന് തന്റെ ഒരു പുത്രനോട് അമിതമായ വാത്സല്യമായിരുന്നു ആ കുട്ടിയുടെ കാര്യത്തിൽ അതിയായ ശ്രദ്ധ വെക്കുകയും ചെയ്തു ഒരു ദിവസം ആ കുട്ടി സിംഹാസനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടു

ഇതാണ് ഇവിടെ സൂചനയെന്ന് ഒരഭിപ്രായമുണ്ട്

അക്കാലത്തെ ഏറ്റവും മികച്ച ഭരണമാണ് സുലൈമാൻ (അ) കാഴ്ചവെച്ചത് ഒരിക്കൽ അദ്ദേഹത്തിന് ക്ഷീണം തട്ടി ഭരണം ശരിക്ക് കൊണ്ടുപോവാൻ കഴിയുന്നില്ല സജീവമായ ഭരണം നിർജ്ജീവാവസ്ഥയിലായിത്തീർന്നു സിംഹാസനത്തിൽ വന്നിരിക്കുകയും കാര്യങ്ങൾ ഒരുവിധം നിർവ്വഹിച്ചുപോവുകയും ചെയ്യുന്നുവെന്നല്ലാതെ പഴയ പ്രസരിപ്പ് നിലനിർത്താനാവുന്നില്ല സജിവമല്ലാത്ത മനസ്സും ശരീരവുമായി സിംഹാസനത്തിലിരിക്കുന്നുവെന്നുമാത്രം

സിംഹാസനത്തിന്മേൽ ഒരു ജഡം ഇട്ടു എന്നതിന്റെ ഉദ്ദേശ്യം ഇതാണെന്ന് മറ്റൊരഭിപ്രായം
സുലൈമാൻ (അ) സിംഹാസനത്തിലിരിക്കുമ്പോൾ അപൂർണനായ ശിശുവിനെ കൊണ്ടുവന്ന് മടിയിൽ കിടത്തിക്കൊടുത്തുവെന്ന് ചിലർ പറയുന്നു ഏത് വിധത്തിലായാലും ഒരു പരീക്ഷണത്തിന് സുലൈമാൻ (അ) വിധേയനായി എന്നു മനസ്സിലാക്കാം

സുലൈമാൻ (അ) ന്റെ ഭരണംപോലെ മറ്റൊരു ഭരണമില്ല അല്ലാഹുവിനു വേണ്ടിയുള്ള ഭരണമാണത് തന്റെ ഓരോ നടപടിയും അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു അല്ലാഹുവിന്റെ പ്രശംസ നേടുകയും ചെയ്തു മറ്റാർക്കും ലഭിക്കാത്ത രാജാധിപത്യം എനിക്ക് നൽകേണമേയെന്ന് സുലൈമാൻ(അ) പ്രാർത്ഥിച്ചു

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

'അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ എനിക്ക് നീ പൊറുത്തു തരികയും എന്റെ ശേഷം മറ്റാർക്കും സൗകര്യപ്പെടാത്ത ഒരു രാജാധിപത്യം എനിക്ക് നീ നൽകുകയും ചെയ്യേണമേ തീർച്ചയായും നീ തന്നെയാണ് അതിയായി ദാനം ചെയ്യുന്നവൻ (38:35)

മറ്റാർക്കും ലഭിക്കാത്ത അനുഗ്രഹങ്ങൾ നൽകിക്കൊണ്ട് സുലൈമാൻ(അ)ന്റെ ഭരണത്തെ അല്ലാഹു പ്രത്യേകമാക്കിവെച്ചു

ചില ഖുർആൻ വചനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു

'അപ്പോൾ അദ്ദേഹത്തിന് നാം കാറ്റിനെ അധീനമാക്കിക്കൊടുത്തു താൻ ഉന്നംവെക്കുന്ന സ്ഥലത്തേക്ക് തന്റെ കല്പന പ്രകാരം സൗമ്യമായി ആ കാറ്റ് സഞ്ചിരിക്കുമായിരുന്നു (38:36)

'എല്ലാവിധ കെട്ടിട നിർമ്മാണക്കാരും സമുദ്രത്തിൽ മുങ്ങുന്നവരുമായ പിശാചുക്കളെയും ,ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചില പിശാചുക്കളെയും അധീനമാക്കിക്കൊടുത്തു (38:37,38)

'എന്നിട്ട് നാം പറഞ്ഞു :ഇത് നമ്മുടെ സംഭാവനയാണ് അതുകൊണ്ട് താങ്കൾക്ക് കണക്ക് കൂടാതെ ഉപകാരം ചെയ്യുകയോ വെച്ചു കൊള്ളുകയോ ചെയ്തേക്കുക (38:39)

'നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ അടുപ്പവും നല്ല മടക്കസ്ഥാനവുമുണ്ട് (38:40)

മേലുദ്ധരിച്ച വചനങ്ങൾ എടുത്തു കാണിക്കുന്നതെന്താണ് ?

അല്ലാഹു നൽകിയ ഔദാര്യം, അനുഗ്രഹങ്ങൾ അല്ലാഹു നൽകിയ വിഭവങ്ങൾ സുലൈമാൻ(അ)ന് യഥേഷ്ടം ചെലവഴിക്കാം കണക്കില്ലാതെ ചെലവഴിക്കാം പിടിച്ചുവെക്കുകയും ചെയ്യാം സുലൈമാൻ(അ)എന്ത് ചെയ്തു? കണക്കുനോക്കാതെ ചെലവഴിച്ചു അങ്ങനെ ചെലവഴിച്ചാൽ വീണ്ടും വീണ്ടും ലഭിക്കും പിശുക്കന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല നബിമാർ ദാനം ചെയ്യുന്നവരാണ് കെട്ടിപ്പൂട്ടി പിശുക്കു കാണിക്കുന്നവരല്ല അല്ലാഹു ഇഷ്ടപ്പെടുന്ന വിധത്തിൽ ചെലവഴിച്ചു അല്ലാഹു പറഞ്ഞു : അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ സാമീപ്യമുണ്ട് അദ്ദേഹത്തിന്റെ മടക്കസ്ഥാനം വളരെ മെച്ചപ്പെട്ടതാകുന്നു ഇതുതന്നെയല്ലേ മഹാ സൗഭാഗ്യം

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളോട് ഒരിക്കൽ ഇങ്ങനെ ചോദിക്കപ്പെട്ടു
റസൂലായ ഒരടിമയായിരിക്കുവാനാണോ താല്പര്യം ? അതോ രാജാവായ നബിയായിരിക്കുവാനാണോ താല്പര്യം ?

നബി(സ) ഉടനെ മറുപടി നൽകി

റസൂലായ അടിമയായിരിക്കുവാനാണ് താല്പര്യം അടിമ(അബ്ദ്) എന്ന വിശേഷണം ഏറെ ഇഷ്ടപ്പെട്ടു ജീവിച്ചു അല്ലാഹുവിന്റെ സാമീപ്യം നേടി

മദീനയിൽ ഒരു ഭരണകുടം സ്ഥാപിക്കാൻ അല്ലാഹു അവസരം നൽകി എന്നിട്ടും അബ്ദ് ആയിത്തന്നെ ജീവിച്ചു ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നേരിട്ടു പട്ടിണിയും വിശപ്പും ദാരിദ്ര്യവും അനുഭവിച്ചു എല്ലാം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ലോകചക്രവർത്തിയായ സുലൈമാൻ(അ) പ്രവർത്തിച്ചതും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി തന്നെ അത് നേടുകയും ചെയ്തു..

വിയോഗം


ബൈത്തുൽ മുഖദ്ദസ് 

അല്ലാഹുവിനെ ആരാധിക്കാൻവേണ്ടി പണിതുയർത്തപ്പെട്ട വിശുദ്ധ ഭവനം

ദാവൂദ് (അ) മസ്ജിദിന്റെ പണി തുടങ്ങി അടിത്തറ കെട്ടി ചുമരുകൾ കെട്ടിപ്പൊക്കി ആ അവസ്ഥയിൽ നിൽക്കുകയാണ് മസ്ജിദ് മനോഹര സൗധമായി അതിനെ പണിതുയർത്തണം ജിന്നുകളെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിക്കണം ഭാരിച്ച ജോലിയാണ് ചെയ്യാനുള്ളത് മലമുകളിലും വനാന്തരങ്ങളിലും കഴിയാനാണ് അവനിഷ്ടം എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും കൂടി അവിടെ കഴിയാം അവിടെ നിന്നാണ് ജിന്നുകളെ വരുത്തിയത് കഠിനമായ ജോലി ചെയ്യാൻ നിർബന്ധിച്ചു അനുസരിക്കാതിരിക്കാൻ പറ്റില്ല മസ്ജിദിന്റെ പണി തുടങ്ങി ജോലി ഭാരം വർദ്ധിച്ചു വർഷങ്ങളോളം നീണ്ടുനിന്ന ജോലി സ്വർണവും വെള്ളിയും ഉരുക്കി തറയും ചുമരും അലങ്കരിക്കാനുള്ളതാണ് വിലപിടിപ്പുള്ള രത്നങ്ങൾ മുങ്ങിയെടുത്തു തറയിൽ പലതരം നിറങ്ങളുള്ള കല്ലുകൾ വിരിച്ചു വെള്ള,പച്ച,മഞ്ഞ ഭിത്തികൾ രത്നങ്ങൾകൊണ്ടലങ്കരിച്ചു ഈട്ടിത്തടികൊണ്ട് വാതിലുകൾ നിർമ്മിച്ചു മസ്ജിദിന്നകത്ത് വെള്ളിവിളക്കുകൾ സ്ഥാപിച്ചു മനോഹരമായ മണിമേട സ്ഥാപിച്ചു അതിന്റെ പേര് 'ഖുബ്ബത്തു സഖ്റാ ', അതിന്നു മുകളിൽ മനോഹരമായ താഴികക്കൂടും ആവേശത്തോടെ മസ്ജിദിന്റെ പണി തുടർന്നു

സുലൈമാൻ (അ) ബൈത്തുൽ മുഖദ്ദസിൽ ദിവസങ്ങളോളം താമസിക്കാറുണ്ട് മസ്ജിദിന് ചുറ്റും ഒരു ജനവാസകേന്ദ്രം വളർന്നുവന്നു അദ്ദേഹത്തിന് ദീർഘമായി ആരാധന നടത്താനുള്ള ഒരു പ്രത്യേക സ്ഥലം ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിച്ചു

മഹാനായ സുലൈമാൻ (അ)കാലം അവസാനിക്കുകയായി അദ്ദേഹം വടി ഊന്നിപ്പിടിച്ചു നിൽക്കുകയാണ് ആ അവസ്ഥയിൽ മരണത്തിന്റെ മലക്കു വന്നു മരണം സംഭവിച്ചു മരിച്ച വിവരം ആരും അറിയുന്നില്ല വടി ഊന്നിപ്പിടിച്ചു നിൽക്കുകയാണെന്ന് തോന്നി ജിന്നുകൾ കഠിനമായി ജോലി ചെയ്തുകൊണ്ടിരുന്നു സുലൈമാൻ (അ) ജീവിച്ചിരിക്കുന്നു എന്ന വിശ്വാസത്തിലാണവർ കഠിനമായി ജോലി ചെയ്തുകൊണ്ടിരുന്നത് ഒരു കൊല്ലം കടന്നുപോയി അപ്പോൾ ചിതലുകൾ വന്നു വടിയുടെ താഴ്ഭാഗം തിന്നു നശിപ്പിച്ചു വടി ഇളകി ശരീരം താഴെ വീണു അപ്പോൾ മാത്രമാണ് മരണവാർത്ത പുറത്തറിയുന്നത് ജനങ്ങൾ തടിച്ചു കൂടി എല്ലാ ജീവജാലങ്ങൾക്കും ദുഃഖം അന്ത്യകർമ്മങ്ങൾ നിർവഹിക്കപ്പെട്ടു മയ്യിത്ത് സംസ്കരിക്കപ്പെട്ടു

ജിന്നുകളും ശൈത്താന്മാരും അദൃശ്യകാര്യങ്ങൾ അറിയുമെന്ന് അവകാശപ്പെടാറുണ്ടായിരുന്നു

സുലൈമാൻ (അ) മരണപ്പെട്ടവിവരം അവർക്കറിയാൻ കഴിഞ്ഞില്ല അമ്പത്തി ഒമ്പതാം വയസ്സിലാണ് വഫാത്തായത്

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

'അങ്ങനെ താൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വടി തിന്നു കൊണ്ടിരുന്ന ചിതൽ മാത്രമാണ് മരണത്തെപ്പറ്റി അറിവ് നൽകിയത് എന്നിട്ട് അദ്ദേഹം നിലംപതിച്ചപ്പോൾ, അദൃശ്യ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ ഈ നിന്ദമായ ശിക്ഷയിൽ (ദുരിതത്തിൽ )തങ്ങൾ കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ലെന്ന് ജിന്നുകൾക്ക് വ്യക്തമായി (34:14)

ഒരു കാലഘട്ടം അവസാനിച്ചു ജിന്നുകളും ശൈത്താന്മാരും കഠിനമായ ജോലികളാണ് വർഷങ്ങളായി ചെയ്തുകൊണ്ടിരുന്നത്
അവർ ജോലി നിർത്തി സത്യവിശ്വാസികളെ ഉപദ്രവിക്കാനുള്ള മാർഗ്ഗം അന്വേഷിക്കാൻ തുടങ്ങി ...

മരണം ഓർമ്മയിരിക്കട്ടെ 

ഹാനായ സുലൈമാൻ നബി(അ)നെക്കുറിച്ച് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം യഹൂദികൾ അത്യധികം അപകടകരങ്ങളായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി അതിനെക്കുറിച്ച് ചെറിയൊരു വിവരണം ഇവിടെ അനിവാര്യമാണെന്ന് തോന്നുന്നു

സുലൈമാൻ നബി(അ) വരുന്നതിന് വളരെ മുമ്പ് നടന്ന ചില സംഭവങ്ങൾ ആദ്യം പറയാം

പിശാചുക്കൾ വാനലോകത്തേക്ക് കയറിപ്പോവും മലക്കുകളുടെ സംസാരം കേൾക്കാൻ ഭൂമിയിൽ നടക്കാൻ പോവുന്ന ചില സംഭവങ്ങളെക്കുറിച്ച് മലക്കുകൾ സംസാരിക്കും പിശാചുക്കൾ എങ്ങിനെയെങ്കിലും അത് കേൾക്കും എന്നിട്ട് ഭൂമിയിലേക്ക് മടങ്ങും

പിശാചുക്കളെ പ്രീതിപ്പെടുത്തി ജീവിക്കുന്ന ചില ജോത്സ്യന്മാർ ഭൂമിയിലുണ്ട് അവർക്ക് പിശാചുക്കൾ വിവരം നൽകും നടക്കാൻ പോവുന്ന ചില സംഭവങ്ങൾ ജോത്സ്യന്മാർ പ്രവചിക്കും അതങ്ങിനെ തന്നെ നടക്കും പാമര ജനങ്ങൾ വിശ്വസിക്കും പിന്നെ പിശാചുക്കൾ സംഭവ വിവരണത്തിൽ വ്യാജം കലർത്തും ഓരോ പദത്തിലും എഴുപത് വ്യാജം കലർത്തി അവതരിപ്പിക്കും ഈ വ്യാജങ്ങൾ ചിലർ ഗ്രന്ഥങ്ങളിൽ പകർത്തിവെച്ചു അത് തലമുറകൾ കൈമാറി വിശ്വസിച്ചു വഴിതെറ്റി ജിന്നുകളും പിശാചുക്കളും അദൃശ്യ കാര്യങ്ങൾ അറിയുമെന്ന വിശ്വാസം യഹൂദികളിൽ പരന്നു

പിശാച് ആഭിചാരം പഠിപ്പിച്ചു ആഭിചാരവിദ്യ നാടാകെ പരന്നു അതിലും നിരവധി ഗ്രന്ഥങ്ങളുണ്ടായി സുലൈമാൻ (അ) ഇത്തരം ഗ്രന്ഥങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ നിയോഗിച്ചു നിരവധി ഗ്രന്ഥങ്ങൾ പിടിച്ചെടുത്തു അവ ഭൂമിയിൽ കുഴിച്ചിട്ടു അതിനു മുകളിൽ തന്റെ സിംഹാസനം സ്ഥാപിച്ചു

സിംഹാസനം സാധാരണ ഇരിപ്പിടമൊന്നുമല്ല ദുഷിച്ച ചിന്തയുമായി അതിനെ സമീപിക്കാനാവില്ല കരിഞ്ഞുപോവും പിശാചുക്കൾ ഭയന്നു വിറച്ചു അവരുടെ കുതന്ത്രങ്ങൾ നടന്നില്ല അടങ്ങിയൊതുങ്ങി ജീവിക്കേണ്ടിവന്നു ആഭിചാരം നടക്കാത്ത കാലം വന്നു എവിടെയും ഈമാനിന്റെ പ്രകാശം ആ നല്ല കാലത്ത് സുലൈമാൻ (അ) മരണപ്പെട്ടു 

മരണപ്പെട്ടപ്പോഴോ? യഹൂദികൾ പഴയ ചിന്തയിലേക്ക് മടങ്ങി വേദഗ്രന്ഥങ്ങൾ കൈവെടിഞ്ഞു പഴയ ആഭിചാര ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനാഗ്രഹിച്ചു അവരെ സഹായിക്കാൻ പിശാചുക്കളെത്തി കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കാൻ ഉപദേശിച്ചു ശക്തമായ ഈമാനുള്ള ആളുകൾ അവരെ തടഞ്ഞു പക്ഷെ എത്ര കാലം ? വർഷങ്ങൾ കടന്നുപോയപ്പോൾ ഈമാനുള്ളവർ മരിച്ചുതീർന്നു

കുഴിച്ചുമൂടപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തെടുക്കപ്പെട്ടു ആഭിചാരം പഠിക്കാൻ തുടങ്ങി പിശാചുക്കൾ അത് പഠിപ്പിച്ചു യഹൂദികൾ നന്നായി മാരണം ചെയ്യാൻ തുടങ്ങി യഹൂദികൾ മാരണത്തെ ന്യായീകരിച്ചു പറയാൻ പാടില്ലാത്ത കഠിന പദങ്ങൾ പ്രയോഗിച്ചു അവരെന്ത് പറഞ്ഞു?

ഹാറൂത്ത്,മാറൂത്ത് എന്നീ മലക്കുകൾ മാരണം പഠിപ്പിച്ചു അതാണ് ഞങ്ങൾ പഠിപ്പിക്കുന്നത്

ഹാറൂത്ത് ,മാറൂത്ത് എന്താണ് ചെയ്തത് ?

അവർ വന്നത് പുരാതന കാലത്താണ് അക്കാലത്തെ നബിമാർ ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചു അവർ മുഹ്ജിസത്തുകൾ കാണിച്ചു അമാനുഷിക കൃത്യങ്ങൾ

പിശാചുക്കളുടെ സഹായത്തോടെ ദുഷിച്ച മനുഷ്യന്മാർ മാരണം ചെയ്തു മാരണമെന്നാൽ സിഹ്റ്

മുഹ്ജിസത്തും. സിഹ്റും ഏത് സത്യം ? ഏത് മിഥ്യ? ഇത് തിരിച്ചറിയാനാവാത്ത കാലം വന്നു ജനം വഴിതെറ്റി അപ്പോൾ രണ്ട് മലക്കുകൾ ഇറങ്ങിവന്നു

ഹാറൂത്ത് ,മാറൂത്ത് അവർ ബാബിലോണിയായിൽ ഇറങ്ങി അവർ ജനങ്ങളോടിങ്ങനെ പറഞ്ഞു : ജനങ്ങളേ നബിമാർ കാണിക്കുന്നത് മുഹ്ജിസത്താണ് അതാണ് സത്യം സിഹ്റ് തെറ്റാണ് ചെയ്യാൻ പാടില്ല

എന്താണ് സിഹ്റ് ? ഞങ്ങൾ പഠിപ്പിച്ചുതരാം പക്ഷെ നിങ്ങൾ അത് പ്രയോഗിക്കരുത് പ്രയോഗിച്ചാൽ നിങ്ങൾ പരലോകത്ത് പരാജയപ്പെടും അല്ലാഹുവിന്റെ കോപം നേടും സിഹ്റ് നിങ്ങളെ നശിപ്പിക്കും ഉപകാരമില്ല ഉപദ്രവമുണ്ട്

ജനങ്ങൾ ഇങ്ങനെ പറഞ്ഞു :ഞങ്ങൾക്ക് സിഹ്റ് പഠിപ്പിച്ചു തരൂ ഞങ്ങളത് പ്രയോഗിക്കില്ല

വമ്പിച്ച മുന്നറിയിപ്പ് നൽകിയശേഷം സിഹ്റ് എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു

ആളുകൾ വാക്ക് പാലിച്ചില്ല അവർ സിഹ്റ് പ്രയോഗിച്ചു മാരണ വിദ്യ ഉപയോഗിച്ചു ഭാര്യാഭർത്താക്കന്മാരെ തമ്മിൽ അകറ്റാൻവരെ ശ്രമിച്ചു

മാരണവിദ്യ വളർന്നു സർവ്വത്ര വ്യാപിച്ചു ഒടുവിൽ ഏറ്റവും മാരകമായ വാചകം മാരണക്കാരുടെ വായിൽ നിന്ന് പുറത്തുവന്നു

'സുലൈമാൻ മാരണക്കാരനായിരുന്നു '

എത്ര അപകടകരമായ വാചകം

സുലൈമാൻ ജിന്നുകളെയും പിശാചുക്കളെയും കാറ്റിനെയും അധീനപ്പെടുത്തിയത് മാരണ വിദ്യ ഉപയോഗിച്ചായിരുന്നു

മാരണവിദ്യ നശിപ്പിച്ച മഹാനെ മാരണക്കാരനെന്ന് വിളിച്ചു തലമുറകളിലൂടെ ആ പിഴച്ച വിശ്വാസം തുടർന്നു

മാരണം ഒരു യാഥാർത്ഥ്യമാണ് അല്ലാഹു വേണ്ടുക വെച്ചാലല്ലാതെ അതുകൊണ്ട് ഒന്നും സംഭവിക്കില്ല മാരണക്കാരന് പരലോകത്ത് യാതൊരു വിജയവും ലഭിക്കുകയില്ല ഹാറൂത്ത് മാറൂത്ത് അതാണ് പഠിപ്പിച്ചത്

അതെല്ലാം യഹൂദികൾ മറച്ചുവെച്ചു മാരണം നടത്തി ധനം സമ്പാദിച്ചു അവർ വൻകിട മുതലാളിമാരായി

നൂറ്റാണ്ടുകൾ പലത് കടന്നുപോയി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തങ്ങൾ വന്നു ഇസ്ലാംമതം പ്രചരിപ്പിച്ചുതുടങ്ങി പൂർവ്വ പ്രവാചകന്മാരെക്കുറിച്ചു സംസാരിച്ചു കൂട്ടത്തിൽ സുലൈമാൻ (അ) നെ കുറിച്ചും പറഞ്ഞു

അതുകേട്ട് യഹൂദി പുരോഹിതന്മാർ ഇങ്ങനെ പറഞ്ഞു:

'ദാവൂദിന്റെ മകൻ പ്രവാചകനാണെന്നാണ് മുഹമ്മദ് പറയുന്നത് സുലൈമാൻ ഒരു ആഭിചാരകൻ ആയിരുന്നു

ഈ സന്ദർഭത്തിൽ അല്ലാഹു വിശുദ്ധ ഖുർആൻ വചനം അവതരിപ്പിച്ചു അൽ ബഖറ സൂറത്തിലെ നൂറ്റി രണ്ടാം വചനം

ആ വചനം കൂടി ഉദ്ധരിച്ചുകൊണ്ട് സുലൈമാൻ നബി(അ)നെക്കുറിച്ചുള്ള ഈ വിവരണം അവസാനിപ്പിക്കാം ഇ.അ.

യഹൂദികളും ആഭിചാരകന്മാരും പറയുന്നതെല്ലാം നമുക്ക് അവജ്ഞയോടെ അവഗണിക്കാം സുലൈമാൻ (അ)നെ സ്നേഹിക്കണം ദിവസവും ഓരോ ഫാത്തിഹ ഓതി സുലൈമാൻ (അ)ന് ഹദ്യ (സമ്മാനം)നൽകാൻ ശ്രമിക്കുക അല്ലാഹു അതിന് കഴിവ് നൽകട്ടെ അമീൻ

ഇന്നത്തെ അവസ്ഥയെന്ത് ?

യഹൂദി സംസ്കാരം മുസ്ലിം സമൂഹത്തെ അധീനപ്പെടുത്തുന്നു എല്ലാ മേഖലയിലും പടിഞ്ഞാറൻ സംസ്കാരമാണ് അത് യഹൂദിയുടെ സംസ്കാരമാണ്

സിഹ്റ് ഇന്ന് വ്യാപകമാണ് അസൂയ നിറഞ്ഞ മനസ്സ് വെറുപ്പും വിദ്വേഷവും നിറഞ്ഞ മനസ്സ് പ്രതികാരത്തിന് ദാഹിക്കുന്ന മനുഷ്യർ അവർ മാരണക്കാരെ തേടിപ്പോവുന്നു

സിഹ്റ് ഭംഗിയായി പിശാച് മനുഷ്യർക്ക് കാണിച്ചുകൊടുത്തു അവരത് ചെയ്യുന്നു മാരണക്കാർക്ക് പലരോകത്ത് യാതൊരു നേട്ടവുമില്ലെന്ന് ഓർത്തുകൊള്ളട്ടെ

സിഹ്റ് ബാധിക്കുന്നതിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ സുലൈമാൻ നബി(അ)ന്റെ പേരിൽ ഫാത്തിഹ ഓതി പ്രാർത്ഥിക്കുക

ഇനി വിശുദ്ധ ഖുർആൻ വചനം ഉദ്ധരിക്കട്ടെ

'സുലൈമാൻ നബി (അ)യുടെ രാജവാഴചയെക്കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു സുലൈമാൻ അവിശ്വസിച്ചിട്ടില്ല പക്ഷെ പിശാചുക്കൾ അവിശ്വസിച്ചു അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു ബാബിലിൽ (ബാബിലോണിയ) ഹാറൂത്ത് ,മാറൂത്ത് എന്നീ രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു

'ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ് അതിനാൽ നീ സത്യനിഷേധിയാവരുത് ; എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല

അങ്ങനെ ഭാര്യാ-ഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിക്കുന്നു അല്ലാഹുവിന്റെ അനുമതി കൂടാതെ അവർ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല തങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു

അത് കൈകൊണ്ടിട്ടുള്ളവർക്ക് പരലോക സുഖത്തിൽ യാതൊരു പങ്കുമില്ലെന്ന് നിശ്ചയമായും അവർ നല്ലപോലെ അറിഞ്ഞിട്ടുണ്ട് അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അതെത്ര നികൃഷ്ടം അവർ അറിവുള്ളവരായിരുന്നെങ്കിൽ (2:102)

സോളമന്റെ ലോഹഖനികൾ


അമ്മാൻ (ജോർദാൻ) ദീർഘകാല അന്വേഷണങ്ങൾക്കൊടുവിൽ സോളമൻ രാജാവിന്റെ കാലത്തെ ചെമ്പു ഖനികൾ ശാസ്ത്രസംഘം ഭൂമിക്കടിയിൽ കണ്ടെത്തി തെക്കൻ ജോർദാനിൽ ഖിർബത്തുന്നഹസ് (ചെമ്പു ശേഷിപ്പുകൾ) എന്ന പേരിൽ അറിയപ്പെടുന്ന 24 ഏക്കർ പൗരാണിക സ്ഥലത്തു നടത്തിയ ഖനനത്തിലാണ് മൂവായിരം വർഷം പഴക്കമുള്ള ഖനികൾ കണ്ടെത്തിയത് പുരാതന കാലത്തെ നിരവധി കെട്ടിടങ്ങളുടെയും കോട്ടയുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്

ബൈബിൾ പഴയ നിയമത്തിൽ ദാവീദിന്റെ പുത്രനായ സോളമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാവ് ഖുർആനിൽ സുലൈമാൻ എന്ന് പരാമർശിക്കപ്പെടുന്നു

മൂവായിരം വർഷം മുമ്പ് ജീവിച്ചിരുന്നതായി ക്രൈസ്തവരും മുസ്ലിംകളും വിശ്വസിക്കുന്ന സുലൈമാൻ

ലോഹങ്ങൾ ഉപയോഗിച്ച് വൻ ദേവാലയം നിർമിച്ച വ്യക്തിയാണെന്ന് ബൈബിൾ പറയുന്നു

ഖുർആനിൽ 34 ആം അധ്യായം 12 ആം വാക്യത്തിൽ സുലൈമാന് 'ഉരുകിയ ചെമ്പിന്റെ സ്രോതസ്സുകൾ പ്രവഹിപ്പിച്ചു കൊടുത്തതായി പറയുന്നുണ്ട്

എന്നാൽ മതഗ്രന്ഥങ്ങളിലെ സോളമൻ രാജാവ് ജീവിച്ചിരുന്നിരിക്കാൻ സാധ്യതയില്ലെന്നും മൂവായിരം വർഷം മുമ്പ് ഇന്നത്തെ ജോർദാൻ ,ഇസ്രായേൽ ,അറേബ്യൻ മേഖലകളിൽ ലോഹ ഖനനം നടക്കാൻ ഇടയില്ലെന്നുമായിരുന്നു അടുത്തിടെ വരെ ശാസ്ത്രജ്ഞർ വാദിച്ചിരുന്നത് ഈ മേഖലയിൽ ലോഹ ഖനനം ആരംഭിച്ചിട്ട് 2500 കൊല്ലത്തിൽ അധികമായിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു

എന്നാൽ ഇപ്പോൾ അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ തോമസ് ലെവി ജോർദാൻ ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഖനനത്തിലാണ് സോളമന്റെ കാലത്തെ ഖനികൾ കണ്ടെത്തിയത് ഇവക്ക് മൂവായിരം വർഷം പഴക്കമുണ്ടെന്ന് കാർബൺ ഡേറ്റിംഗ് പരിശോധനാ രീതി ഉപയോഗിച്ച് സംഘം തെളിയിച്ചു ഈ ഗവേഷണ ഫലം അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു

മൂവായിരം കൊല്ലം മുമ്പ് ലോഹങ്ങൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുന്ന ഒരു 'ആധുനിക സമൂഹം ഉണ്ടായിരുന്നില്ലെന്ന വലിയൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദമാണ് ഇതോടെ തകർന്നത് 'സോളമൻ ജീവിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇനി ഞങ്ങൾ മറുപടി പറയുന്നില്ല പക്ഷേ ഉറപ്പാണ് മതഗ്രന്ഥങ്ങളിൽ പറയും വിധം വികാസം പ്രാപിച്ച ഒരു സമൂഹം ലോഹം ധാരാളമായി ഉപയോഗിച്ച ആളുകൾ അക്കാലത്ത് അവിടെ ഉണ്ടായിരുന്ന -പഠനത്തിന് നേതൃത്വം നൽകിയ തോമസ് ലെവി പറഞ്ഞു 

30.10.2008-ലെ മാധ്യമം ദിനപ്പത്രത്തിലെ വാർത്ത

1 comment: