Tuesday 26 December 2017

ആസുറ ബീവി (റ)






അഫ്സൂസ് എന്ന രാജ്യത്തെ രാജാവായിരുന്നു അബ്ദുള്ള  രാജാവ്.

അവരുടെ ഭാര്യയാണ് ആസൂറ ബീവി അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന ഒരു ബീവിയാണ് അവരെ വിവാഹം കഴിക്കാൻ ഹലാലായ ആരും അവരെ കണ്ടിട്ടില്ല....

അതായത് അന്യ പുരുഷൻമാർ അവരെ കണ്ടിട്ടില്ല അന്യ പുരുഷൻമാർ കാണുന്ന വിധത്തിൽ അവർ പുറത്തിറങ്ങിയിട്ടില്ല എന്ന് അർത്ഥം.

അങ്ങിനെ ഒരു ദിവസ്സം അബ്ദുള്ള രാജാവ് ആസൂറ ബീവിയോട് പറഞ്ഞു അല്ലയോ..? പ്രിയ പെട്ടവളെ ഞാൻ ഈ വർശത്തെ ഹജ്ജിന് പുറപെടുകയാണ്.... ഈ വർഷം ഞാൻ ഞാൻ തനിച്ച് പോകാം ഇൻഷാ അല്ല.

അടുത്ത വർശം നമുക്ക് ഒരുമിച്ച് പോകാം.. അങ്ങിനെ മന്ത്രിമാരെയും മറ്റും വിളിച്ചു കൂട്ടി പറഞ്ഞു ഞാൻ ഹജ്ജിന് പുറപെടുകയാണ് ഞാൻ പോയി വരുന്ന വരെ എന്റെ രാജ്യവും മറ്റും എന്റെ അനുജനായ അബ്ദു റഹിമാനെ ഏൽപ്പിക്കുകയാണ് ഞാൻ മടങ്ങി വരുന്ന വരെ അവനായിരിക്കും നിങ്ങളുടെ രാജാവ്.......

അങ്ങിനെ അബ്ദുള്ള രാജാവ് പുറപെട്ടു..... അനിയൻ അബ്ദു റഹിമാൻ ഭരണം ഏറ്റുടുത്തു കാലങ്ങൾ കഴിഞ്ഞു.

ഒരു ദിവസം രാജാവായ അബ്ദു റഹിമാൻ അബ്ദുള്ള രാജാവിന്റെ വീട്ടിലേക്ക്   വിശേഷ വിവരങ്ങൾ അന്വേഷിക്കാൻ പോയി ആ സമയത്തല്ലാം ബീവി ആസുറ ഒരു മറക്കു പിന്നിൽ നിന്നാണ് സംസാരിക്കാറ്. ഒരു ദിവസ്ലം അബ്ദു റഹിമാൻ ഒരു അസർ നിസ്ക്കാരത്തിന്റെ സമയത്ത് അബ്ദുള്ള രാജാവിന്റെ വീട്ടിലേക്ക് പോയി. ആ സമയത്ത് ബീവി ആസുറ അസർ നിസ്ക്കാരിക്കാൻ വേണ്ടി വുളു എടുക്കാൻ പുറത്തിറങ്ങിയ സമയമായിരുന്നു

ബീവി ആസുറ മുഖ മക്കനയും കൈയ്യും എല്ലാം കയറ്റി വെച്ച് വുളു എടുക്കുന്നത് ഒരു മറക്കു പിന്നിൽ നിന്ന് അബ്ദു റഹിമാൻ ശ്രദ്ധിച്ചു.....
ആ സുറ ബീവിയുടെ ഭംഗി കണ്ട അബ്ദു റഹിമാൻ അമ്പരന്നു പോയി... വർണിക്കാൻ കഴിയാത്ത അത്രയും വലിയ ഭംഗി .... പിന്നെ അബ്ദു റഹിമാൻ 5 നേരവും വരലായി......

ബീവി ആസുറ വുളു എടുക്കുമ്പോൾ അബ്ദു റഹിമാൻ മാറി നിന്ന് ശ്രദ്ധിക്കും ആ ഭംഗി കണ്ട് ആസ്വദിക്കുo..... അങ്ങിനെ ഒരു ദിവസo ആസുറ ബീവി അബ്ദു റഹിമാൻ എന്നെ മറഞ്ഞു ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായി അതിനു ശേഷം ആസുറ ബീവി അകത്ത് നിന്ന് തന്നെ വുളു ഉണ്ടാക്കി നിസ്ക്കരിക്കലായി........

ഇങ്ങനെ ആയപ്പോൾ അബ്ദു റഹിമാനു ക്ഷമ കെട്ടു... ഒരു ദിവസ്സം അബ്ദു റഹിമാൻ ബീവി ആസുറയോട് ചോദിച്ചു .... അല്ലയോ ആസുറ ഞാൻ നിന്റെ സൗന്ദര്യത്തിൽ മതി മറന്നു പോയിരിക്കുന്നു..... അതിനാൽ ഒരു തവണയെങ്കിലും എന്നോടുകൂടെ കിടപ്പറ പങ്കിടണം.... ഇത് അബ്ദു റഹിമാൻ പറഞ്ഞപ്പോൾ.. ബീവി ആസുറ വളരെ ദേശ്യത്തിൽ അവനോട് പറഞ്ഞു....

ഛീ..... മാറി നിക്കട്ടെ ഞാൻ നിന്റെ സഹേദരന്റെ ഭാര്യയാണ് അല്ലാഹു ഇതല്ലാം കാണില്ലെ..... നിനക്ക് അല്ലാഹുവിനെ ഭയമില്ലെ.? എന്റെ ഭർത്താവ് ഹജ്ജ് കഴിഞ്ഞു തിരിച്ച് വന്നാൽ ഈ കാര്യം ഞാൻ അദ്ദേഹത്തോട് പറയുന്നുണ്ട്.
ഈ പരിസത്ത് നിന്നെ കണ്ട് പോകരുത്.

അബ്ദു റഹിമാൻ ആകെ പേടിച്ചു കൊട്ടാരത്തിലേക്കു പോയി. കുറച്ചു ദിവസത്തിനു ഭരണകാര്യത്തിൽ ഒരു ശ്രദ്ധ ഇല്ലതായി...

അങ്ങിനെ ആയപ്പോൾ അബ്ദുറഹിമാന്റെ എറ്റവും അടുത്ത 4 സുഹൃത്തുക്കൾ വന്ന് കാര്യം അന്വേഷിച്ചു . അബ്ദു റഹിമാൻ എല്ലാ കര്യങ്ങളും പറഞ്ഞു.എന്നെ ആട്ടിപ്പായിച്ച അവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് അബ്ദു റഹിമാൻ പറഞ്ഞപ്പോൾ അബ്ദു റഹിമാന്റ കൂട്ടുകാർ ആസുറ ബീവിക്ക് ഏതിരെ വലിയ ഒരു ചതി പ്രയോഗം ആവിഷ്‌ക്കരിക്കുകയാണ്.

ആസുറാ ബീവിയെ വധിക്കുക..

അബ്ദുറഹിമാന്റെ കൂട്ടുക്കാർ അവനോട് പറഞ്ഞു ഇപ്പോൾ ഈ രാജ്യത്തെ രാജാവ് നീയാണ് അത് കൊണ്ട് ആസുറയെ കല്ല് എറിഞ്ഞു കൊല്ലാൻ പാകത്തിൽ കാരണങ്ങൾ ഞങ്ങൾ ഉണ്ടാക്കാം.

കോടതിക്ക് മുമ്പിൽ വ്യഭിചാരിയായ സ്ത്രീയായി ഞങ്ങൾ ആസുറയെ എത്തിച്ചു തരാം.... നീ അവളെ മരണം വരെ കല്ല് എറിഞ്ഞു കൊല്ലാൻ വിധിച്ചാൽ മാത്രം മതി. അതും പറഞ്ഞു അവർ പിരിഞ്ഞു....

അങ്ങിനെ അബ്ദു റഹിമാന്റെ കൂട്ടുക്കാരായ നാല് പേരും നെരെ പോയത് ആസുറ ബീവിയുടെ വേലക്കാരനായ സൈദിന്റെ അടുത്തേക്കാണ്. അവർ സൈദിനോട് പറഞ്ഞു.

സൈദെ.... നമ്മുടെ ഇപ്പോഴത്തെ രാജാവ് അബ്ദു റഹിമാൻ ചെറിയ പ്രശ്നത്തിലാണ്. അബ്ദുള്ള രാജാവ് ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നാൽ അബ്ദു റഹിമാന്റെ തലയുണ്ടാകില്ല . അതുകൊണ്ടു നീ ഞങ്ങളെ സഹായിക്കണം.

ഉണ്ടായ സംഭവങ്ങൾ എല്ലാം അവർ സൈദിനോട് പറഞ്ഞു. അത് കൊണ്ട് അവളെ ചതിയിൽ പെടുത്താൻ നീ കൂട്ട് നിൽക്കണം.അപ്പോൾ ആസുറ ബീവിയുടെ വേലക്കാരൻ സൈദ് ചോദിച്ചു. ഞാൻ എന്താണ് നിങ്ങൾക്ക് ചെയ്തു തരേണ്ടത്...?

അവർ പറഞ്ഞു. ആസുറ ബീവി തഹജ്ജുദ് നിസ്ക്കരിക്കാൻ എഴുന്നേൽക്കും അപ്പോൾ നീ മുൻ വാതിലിന്റെ ലോക്ക് അഴിച്ചു മാറ്റണം. പുറത്ത് നിന്ന് വാതിൽ തള്ളിയാൽ വാതിൽ തുറക്കുന്ന രൂപത്തിൽ ആക്കി വെക്കണം. എന്നിട്ട് ആരുംകാണാതെ ആസുറയുടെ കിടപ്പു മുറിയിൽ കയറി ഒളിച്ചിരിക്കണം.

അവൾ വുളു എടുത്തു വരുമ്പോൾ നീ അവളെ കേറി പിടിക്കണം.. നിങ്ങൾ രണ്ട് പേരും കിടക്കയിലേക്ക് മറിഞ്ഞ് വീഴണം . അപ്പോൾ പെട്ടെന്ന് ഞങ്ങൾ വാതിൽ തള്ളിത്തുറന്ന് അകത്തോക്ക് വരും . വ്യഭിചരിച്ചെന്നു ആരോപണ വിധേയനായ നീയും അത് കണ്ട സാക്ഷികളായ ഞങ്ങൾ 4 പേരും രജാവിന്റെ മുമ്പിൽ സാക്ഷികളായി നിന്നാൽ ഇസ്ലാമിന്റെ നിയമപ്രകാരം ആസുറക്ക് വധ ശിക്ഷ ലഭിക്കും . പക്ഷേ നിന്നെ ഞങ്ങൾ രക്ഷപെടുത്താം.ഈ കാര്യം അബ്ദു റഹിമാന്റെ 4 കൂട്ടുകാർ സൈദിനോട് പറഞ്ഞപ്പോൾ സൈദ് പറഞ്ഞു പടച്ചവനെ ഭയപ്പെട്ടു ജീവിക്കുന്ന മഹതിയായ അവരെ ചതിക്കാൻ ഞാൻ ഒരുക്കമല്ല.

അവർ 4 പേരും കൂടി സമ്പത്ത് നൽകി സൈദിനെ അവരുടെ ഭാഗത്താക്കി. അന്ന് രാത്രി ഈ ചതി അറിയാതെ ആസുറ പതിവ് പോലെ തഹജുദിന് ഏണീറ്റു പുറത്തേക്ക് പോയപ്പോൾ നെരത്തെ പറഞ്ഞത് പ്രകാരം മുൻവാതിലിന്റെ ലോക്ക് അഴിച്ചു മാറ്റി ശേഷം മെല്ലെ സൈദ് ആ സുറയുടെ റൂമിൽ ഒളിച്ചിരുന്നു.

ആസുറ വുളു എടുത്തു തിരിച്ചു വന്നു തന്റെ  റൂമിൽ നിസ്ക്കരിക്കാൻ ഒരുങ്ങുന്ന സമയത്ത് , ഒളിച്ചിരിക്കുന്ന സൈദ് ആസുറ ബീവിയെ കടന്ന് പിടിച്ചു രണ്ട് പേരും കിടക്കയിലേക്ക് മറിഞ്ഞ് വീണു. പെട്ടെന്ന് തന്നെ അബ്ദു റഹിമാന്റെ കൂട്ടുകാർ പുറത്ത് നിന്നും വാതിൽ തള്ളി തുറന്ന് അകത്തേക്ക് വന്നു. അപ്പോൾ അവർ കാണുന്ന കാഴ്ച ആസൂറ ബീവിയും സൈദും തമ്മിലുള്ള പിടിവലിയാണ്.

ഭർത്താവ് ഹജ്ജിനുപോയ അവസരത്തിൽ റാണിയ്ക്ക് ഭൃത്യനുമായി വേഴ്ചയോ?ആ കൂട്ടുകാരിൽ ഒരുത്തൻ പരിഹാസ സൂചകമായി ചോദിച്ചു..
എന്റെ റബ്ബേ..ഞാനെന്താണീ കേൾക്കുന്നത്.അസൂറാ ബീവി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ നിരപരാധിയാണ്.അംഗശുദ്ധിചെയ്തു നിസ്കാരത്തിനൊരുങ്ങിയ എന്റെ പിന്നിലൂടെ വന്ന് ബലാൽക്കാരത്തിന് ശ്രമിച്ച നീചനാണ് സൈദ്.!!!

അപ്പോൾ സൈദ് പറഞ്ഞു. ആസുറ പറയുന്നത് ശുദ്ധകളവാണ്.അവർ എന്നെ എന്തോ ആവശ്യമുണ്ടെന്നുപറഞ്ഞു വിളിച്ചുവരുത്തി രഹസ്യവേഴ്ചയ്ക്ക് ആവശ്യപ്പെടുകയാണുണ്ടായത്.

ആ അവസരത്തിൽ അവർ നാല് പേരും പറഞ്ഞു.എല്ലാം ഞങ്ങൾക്ക് മനസ്സിലായി.ഒരു പതിവ്രതയായ റാണി വന്നിരിക്കുന്നു!!

ഞങ്ങൾ ഇത് രാജാവിന് റിപ്പോർട്ട് ചെയ്യും.

ബീവി അവരോടായി പറഞ്ഞു എന്നെ അപമാനിക്കരുതേ..ഞാൻ നിരപരാധിയാണ്.എന്നുതുടങ്ങിയ യാചനയുടെ സ്വരത്തിൽ കരഞ്ഞു കൊണ്ട് ആസുറ ബീവി തന്റെ നിരപരാധിത്വത്തിനായി അവരോടു യാചിച്ചു.

പക്ഷേ അവർ അത് സ്വീകരിച്ചില്ല. അവർ നേരെ കൊട്ടാരത്തിലേക്കോടി.അബ്ദുറഹ്മാനെ വിവരമറിയിക്കാൻ.

ബീവി കരഞ്ഞു കരഞ്ഞു എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് അവനിൽ സുജൂദിലായി വീണു.

കേസ് കോടതിയിൽ എത്തി.ജനകീയ കോടതിയിൽ അസൂറാബീവിയുടെ കേസ് വിചാരണക്കുവന്നു.വ്യഭിചാരം ചെയ്യുന്നത് നേരിൽക്കണ്ടുവെന്ന് ഒരേസ്വരത്തിൽ പറയുന്ന നാല് സാക്ഷികൾ!!! ആസുറ ബീവി തന്നെ രഹസ്യവേഴ്ചക്ക് ക്ഷണിച്ചെന്നും,താനവരുമായി വ്യഭിചരിച്ചെന്നും ആവർത്തിച്ചു പറയുന്ന സൈദ്. !

ഏത് കോടതിയ്ക്കും അതിൽപ്പരം എന്തുതെളിവാണ് വേണ്ടത്?

ഞാൻ നിരപരാധിയാണ്, എന്നെ കരുതിക്കൂട്ടി ചതിച്ചതാണ് എന്നുള്ള കരിങ്കല്ലിനെപ്പോലും അലിയിക്കുന്ന രീതിയിലുള്ള ബീവിയുടെ അപേക്ഷ കേൾക്കാൻ അവിടെ ആരും തയ്യാറായില്ല.

തന്നെയുമല്ല,നീതി നടപ്പാക്കേണ്ട ഭരണാധികാരിയാണ് ന്യായാധിപസ്ഥാനത്തിരിക്കുന്നത്. പക്ഷേ അയാളുടെ ആവശ്യം ബീവിയെ ശിക്ഷിക്കണമെന്നുള്ളതാണ്.പിന്നെങ്ങിനെയാണ് മറിച്ച് ചിന്തിക്കുക??

ഒരു ദാക്ഷിണ്യവും കാട്ടാതെ അബ്ദുറഹ്മാൻ വിധി പ്രഖ്യാപിച്ചു!!...

ഇവിടെ അസുറാബീവി സൈദെന്ന ഭൃത്യനുമായി അവിഹിത ബന്ധത്തിലേർപ്പെട്ടിരിക്കുന്നുവെന്ന് പകൽവെളിച്ചം പോലെ തെളിഞ്ഞിരിക്കുന്നു, ആരാണ് പ്രേരിപ്പിച്ചത് എന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ.അതിപ്പോൾ പ്രസക്തമല്ല..

അസൂറാബീവി വ്യഭിചാരം നടത്തി.അതാണ് പ്രശ്നം.ഇവിടെ പ്രതി രാജപത്നിയാണ്,വിശിഷ്യ എന്റെ സഹോദരന്റെ ഭാര്യയാണ്..! അതൊന്നും നീതി നടത്തുന്നതിൽനിന്നും എന്നെ പിന്തിരിപ്പിക്കയില്ല..എന്റെ സഹോദരനാണെങ്കിൽപ്പോലും ഈ അവസരത്തിൽ മറിച്ചൊരു വിധിയെഴുതാൻ സാധ്യമല്ല.അതുകൊണ്ട് ഞാൻ പ്രഖ്യാപിക്കുന്നു,
സൈദെന്ന ഭൃത്യൻ അവിവാഹിതനായതുകൊണ്ട് അവനെ നൂറടിയടിച്ച് നാടുകടത്തുക..

അടുത്ത വിധി പ്രഖ്യാപിക്കുവാൻ എനിക്ക് സങ്കടമുണ്ട്..അസൂറാബീവി വിവാഹിതയാണ്..വിവാഹിതർ വ്യഭിചരിച്ചാലുള്ള ശിക്ഷ മരിക്കുന്നതുവരെ കല്ലെറിഞ്ഞ് കൊല്ലലാണ്.

ആരവിടെ!!!! ഈ വിധികൾ ഉടൻ നടപ്പാക്കട്ടെ.ആ ക്രൂര ഹൃദയൻ അബ്ദു റഹിമാൻ അട്ടഹസിച്ചു.

വിധി പ്രഖ്യാപനം കേട്ടപ്പോൾ ആസൂറ ബീവി പൊട്ടി കരഞ്ഞു ...... പിറ്റെ ദിവസ്സം ശിക്ഷ നടപ്പിലാക്കാൻ കല്ല് എറിഞ്ഞു കെല്ലാൻ ഹദ്ദ് കുഴിയുടെ മുമ്പിലേക്ക് ആസുറ ബീവിയെ കൊണ്ട് വന്നു.

ഈ സമയത്ത് തന്നെ കല്ല് എറിഞ്ഞു കൊല്ലുന്നത് കാണാൻ കൂടി നിന്നവരോട് ആസുറ ബീവി കരഞ്ഞു കൊണ്ട് പറഞ്ഞു.

അല്ലയോ നാട്ടുകാരേ.എന്റെ ഭർത്താവ് ഹജ്ജ് കഴിഞ്ഞു തിരിച്ചു വന്നാൽ '. നിങ്ങൾ അദ്ദേഹത്തോട് പറയണം. ഈ ആസുറ മനസ്സ് കൊണ്ട് പോലും ഒരു തെറ്റ് ചെയ്തിട്ടില്ല. ഇവർ എന്നെ ചതിയിൽ പെടുത്തിയതാണ്... എന്റെ ഭർത്താവല്ലാത്ത ഒരു പുരുഷൻ അങ്ങിനെ ചെറിയ ഒരു ചിന്ത പോലും എനിക്ക് വന്നിട്ടില്ല!.....

മഹതിയായ ആസുറ ബീവി എല്ലാം അല്ലാഹുവിൽ ഭാരമേല്പിച്ചു കൊണ്ട് ഹദ്ദ് കുഴിയിലേക്ക് ഇറങ്ങി നിന്നു .ഉടൻ രണ്ട് പട്ടളക്കാർ ആസുറ ബീവിയുടെ അര ഭാഗത്ത് കയർ കൊണ്ട് കെട്ടിമുറുക്കി ...

ഏറ് കൊള്ളുമ്പോൾ ഇരിക്കാതിരിക്കാൻ വേണ്ടി രണ്ട് പട്ടാളക്കാർ രണ്ടു ഭാഗത്തേക്കും പിടിച്ചു വലിച്ചു. ഉടൻ അബ്ദുറഹിമാൻ പട്ടാളക്കാരോട് വിളിച്ചു പറഞ്ഞു ഹദ്ദ് കുഴിയിൽ ഇറക്കി നിർത്തിയിരിക്കുന്ന ആസുറയെ എറിഞ്ഞു കൊല്ലുക.

അവന്റെ ആജ്ഞ കേട്ട് ഒരു പട്ടാളക്കാരൻ കയ്യിൽ കരുതിയിരുന്ന ഒരു കരിങ്കൽ കഷ്ണമെടുത്തു ആസുറ ബീവിയുടെ തലയിലേക്ക് എറിഞ്ഞു.... തല പൊട്ടി രക്തം ധാരധാരയായി ഒഴുകി.

എല്ലാവരുടെ ശക്തിയായ ഏറ് കൊണ്ട് ആസുറ ബീവി കുഴിയിലേക്ക് മറിഞ്ഞു വീണു. ആസുറ ബിവിയെ നോക്കാൻ കുറച്ചു പട്ടാളക്കാരെ ഹദ്ദ് കുഴിയുടെ സമീപത്ത് കാവൽ നിർത്തി അബ്ദുറഹിമാനും പരിവാരങ്ങളും ജനങ്ങങ്ങും പിരിഞ്ഞു!!!!

രാത്രിയുടെ അന്തിമയാമങ്ങൾ!!..ലോകം മുഴുവനും പുതപ്പിനടിയിൽ സുഖനിദ്ര കൊള്ളുന്ന സമയം...നാലഞ്ച് പട്ടാളക്കാർ ഹദ്ദ്കുഴിക്ക് കണ്ണുംതുറന്ന് കാവൽനിൽക്കുകയാണ്...

വൈകുന്നേരം നടന്ന ഭീകരസംഭവമോർത്ത് ആ പട്ടാളക്കാരുടെ കണ്ണുകൾ നിറയുകയായിരുന്നു...ഒരുപാട് ഹദ്ദേറ് അവർ കണ്ടിട്ടുണ്ട്..എന്നാൽ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്...രാജകുമാരിയായ അസൂറ ബീവി നിരപരാധിയാണെന്നാണ് എനിക്ക് തോന്നുന്നത്.ഒരു പട്ടാളക്കാരൻ പറഞ്ഞു...ഞങ്ങൾക്കും അങ്ങനെതന്നെ...മറ്റുള്ളവർ അതിനെ ശരിവെച്ചു..പിന്നെങ്ങിനെ ഇത് സംഭവിച്ചു?

ഹദ്ദ്കുഴിയിൽ കൊണ്ടുനിർത്തിയ ബീവി ചുറ്റുംകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങൾ അപ്പോഴും അവരുടെ കർണ്ണപുടങ്ങളിൽ മുഴങ്ങി..

ഞാൻ നിരപരാധിയാണ് ഒരുതെറ്റും ചെയ്യാത്ത എന്നെ വെറുതെ കൊലയ്ക്ക് കൊടുക്കുകയാണ്.

തുടർന്ന് അവർപറഞ്ഞു, എന്റെ പ്രിയങ്കരനായ ഭർത്താവ്,നിങ്ങളുടെ പ്രിയപ്പെട്ട അബ്ദുല്ലാരാജാവ് വന്നാൽ എന്റെ സലാം അദ്ദേഹത്തിന് പറയണം.ഞാൻ നിരപരാധി ആയിരുന്നുവെന്നും,എന്നെ മനപ്പൂർവ്വം തേജോവധം ചെയ്തതാണെന്നും പറയണം..

തുടർന്നു നടന്ന സംഭവങ്ങൾ ഉണർന്നിരിക്കുന്ന പട്ടാളക്കാരുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു...!..

അന്ത്യാഭിലാഷം ചോദിച്ച പട്ടാളക്കാരോട് ആസുറ രണ്ട് റക്അത്ത് നിസ്കരിക്കാൻ അനുവാദംവാങ്ങി...!!

അതുകഴിഞ്ഞ് ഹദ്ദുകുഴിയിൽ ഇറങ്ങിനിന്ന് രണ്ടുകൈകളും ആകാശത്തേയ്ക്കുയർത്തിക്കൊണ്ട് വിധിയുംകാത്ത് നിന്ന ആ രംഗം മനസ്സാക്ഷിയുള്ള ആരെയും കരയിക്കുന്നതായിരുന്നു!!

എത്രയെത്ര കരിങ്കൽ ചീളുകളാണ് ആ മൃദുലമേനിയെ കീറിമുറിച്ചത്!!!..

എന്നിട്ടും അവർ കരഞ്ഞില്ല..അലമുറയിട്ട് അട്ടഹസിച്ചില്ല..!.വേദനകൊണ്ട് ആ മുഖം പരിഭ്രമിച്ചില്ല...അവർ ഏതോ അഭൗമികലോകത്തിലെന്നപോലെ അചഞ്ചലമായി നിലകൊണ്ടു..!

ഒരിക്കലും ഒരുകുറ്റവാളിയ്ക്കും അങ്ങനെ നിൽക്കാനാവില്ല,,ആ പട്ടാളക്കാരുടെ മനസ്സ് പിടഞ്ഞു!!കൊടും ക്രൂരതയെ വകഞ്ഞുമാറ്റി മാനസാന്തരത്തിന്റെ മഹിതസ്പർശം അവരെ തലോടാൻ തുടങ്ങി!!! ആസുറ ബീവി ഹദ്ദ്കുഴിയിൽ മറിഞ്ഞ് കിടക്കുന്നത് മനസ്സിനെ കീറിമുറിക്കുന്ന കാഴ്ചയായിരുന്നു...

അവർ ഹദ്ദ് കുഴിയിലേക്കെത്തിനോക്കി. ബീവിയുടെ വിലപ്പെട്ട ജീവൻ ചിറകടിച്ച് പോയെന്ന് അവർ കരുതി കണ്ടാൽ ഉറങ്ങുകയാണെന്നുതോന്നും.

മുഖത്തിന് ഒരു ഭാവപകർച്ചയുമില്ല!!..സൗന്ദര്യത്തിന് ഒരുകോട്ടവുമില്ല...ഇവർ ഒരു മനുഷ്യസ്ത്രീയാണോ?എന്നുപോലും അവർക്ക് തോന്നിപ്പോയി... സമയം കടന്ന് പോയത് ആ പട്ടാളക്കാർ അറിഞ്ഞിരുന്നില്ല... അവർക്ക് ഉറക്ക് വരാൻ തുടങ്ങിയിരുന്നു... അധികം വൈകാതെ.. ആസുറ ബീവിക്ക് കാവൽ നിൽക്കുന്ന പട്ടാളക്കാർ ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീണു.

പെട്ടെന്നാണ് അത് സംഭവിച്ചത്. എന്തായിരുന്നു അത്........?

ആസുറ ബീവിയെ ഒരോ കരിങ്കല്ലു എടുത്തു എറിഞ്ഞെറിഞ്ഞു വീഴ്ത്തിയിലെങ്കിലും മരിച്ചിട്ടിട്ടുണ്ടായിരുന്നില്ല.... ബോധം നഷ്ടപെട്ടതായിരുന്നു.....

അർദ്ധ രാത്രിയുടെ സമയത്ത് ആസുറ ബീവിക്ക് ബോധം തിരിച്ചു കിട്ടിയപ്പോൾ ... വിഷപ്പും ദാഹവും വേദനയും കാരണം ആസുറ ബീവി കരയാൻ തുടങ്ങി. ശക്തിയായ ഉറക്കത്തിൽ പെട്ടു പോയ പട്ടാളക്കാർ ഇത് അറിഞ്ഞില്ല.....

ആ സമയത്താണ് ധനികനായ ഒരു കച്ചവടക്കാരൻ കച്ചവടവും കഴിഞ്ഞ് ആ ഭാഗത്തൂടെ കുതിരപ്പുറത്ത് വരുന്നത്.... കച്ചവടക്കാരൻ നോക്കുമ്പോൾ ഒരു പെണ്ണിന്റെ കരച്ചിൽ കേൾക്കുന്നു. ചുറ്റുപാടും നോക്കിയപ്പോൾ അകലെ ഒരു വെളിച്ചം കണ്ടു. അടുത്ത് എത്താറായപ്പോൾ മനസ്സിലായി അത് ഹദ്ദ് കുഴിയാണെന്ന്.

ഉടൻ ഹദ്ദ് കുഴിയുടെ ആ ഭാഗത്തേക്ക് ചെന്നു നോക്കിയപ്പോൾ കുഴിയിൽ ചോരയിൽ കുളിച്ച ഒരു സ്ത്രി തളർന്നു കരയുന്നു !!!...

വെള്ളം...വെള്ളം.. കച്ചവടക്കാരൻ അവിടെക്കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി!! കത്തി കൊണ്ടിരിക്കുന്ന തീ പന്തത്തിനു സമീപം കൂർക്കം വലിച്ചുറങ്ങുന്ന പട്ടാളക്കാർ.. ഹദ്ദ് കുഴിയിൽ നിന്നുയരുന്ന ദയനീയ   കരച്ചിൽ.

തലേദിവസം ഹദ്ദെറിയപ്പെട്ട വല്ല കുറ്റവാളിയുമായിരിക്കും..,ജീവൻ പോയിട്ടില്ല...അയാൾ പന്തമുയർത്തി സൂക്ഷിച്ചുനോക്കി. ആരെയും അത്ഭുതപ്പെടുത്തും വിധം ഭംഗിയുള്ള ഒരു സ്ത്രി.!!

പിന്നെ ഒന്നും ചിന്തിച്ചില്ല,അവളെ കോരിയെടുത്തു തോളിലേറ്റി നടന്നു...

പെണ്ണിനെ കുതിരപ്പുറത്തിരുത്തി അയാൾ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് വേഗം കുതിരയെ പായിച്ചു.

നിമിഷങ്ങൾക്കകം അവർ കച്ചവടക്കാരന്റെ ഗൃഹത്തിലെത്തിച്ചേർന്നു.. അസൂറാബീവിക്ക് കച്ചവടക്കാരനും,ഭാര്യയും വേണ്ടുന്ന പ്രഥമ ശുശ്രൂഷകൾ നൽകി.ആ ദമ്പതികൾക്ക് ബീവിയിൽ കനിവ് തോന്നുകയും,അവരുടെ വീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയും,അവരുടെ സ്നേഹസമൃണമായ പരിചരണങ്ങൾകൊണ്ട് ചുരുക്കം ചില ദിവസങ്ങൾകൊണ്ട് ബീവിയുടെ ആലസ്യമെല്ലാം മാറി..

ശരീരത്തിന്റെ അസുഖവും,അങ്ങുമിങ്ങുമുണ്ടായിരുന്ന വ്രണങ്ങളുമൊക്കെ കരിഞ്ഞുതുടങ്ങി. ജീവിതം തിരിച്ചുകിട്ടിയതിൽ അവർ അല്ലാഹുവിനെ അകമഴിഞ്ഞ് സ്തുതിച്ചു.

സദാ നിസ്ക്കാരത്തിലും,ആരാധനയിലുമായി ആ വീട്ടിലെ ഒരു കൊച്ചു മുറിയിൽ ഒതുങ്ങിക്കൂടി.

കച്ചവടക്കാരനായ പ്രഭു ദീനിയായ ചിന്തയുള്ള ആളായിരുന്നു. തന്നെയുമല്ല നല്ലൊരു മനസ്സിന്റെ ഉടമയും.

പ്രഭുവിന്റെ ഭാര്യക്കും ആദ്യഘട്ടത്തിൽ ബീവിയോട് നീരസമൊന്നും കണ്ടില്ല.അതുകാരണം അവിടുത്തെ ജീവിതം അല്ലലും,അലട്ടലുമില്ലാതെ തുടർന്നു.

പഴയ ഉണർവ്വും,ഊർജ്ജവും ബീവിക്ക് തിരിച്ചുകിട്ടി.

പ്രഭുവിന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതിലും,അവിടെയുള്ള ചില്ലറ ജോലികൾ ചെയ്ത് തീർക്കുന്നതിലും അവർ സായൂജ്യമടഞ്ഞു..!

അസൂറാബീവിയെ കാണുമ്പോഴൊക്കെ പ്രഭുവിന്റെ മനസ്സിൽ പുതിയൊരു സംഘട്ടനം നടക്കുകയായിരുന്നു..ഇത്രയും സുന്ദരിയായ സ്ത്രിയെ ജീവിതത്തിൽ ആദ്യമായിട്ടാണ് അയാൾ കാണുന്നത് .. ബീവിയെ സ്വന്തമായി കിട്ടിയിരുന്നെങ്കിൽ!!!!!...അയാൾ ആത്മാർത്ഥമായി കൊതിച്ചു..

തന്റെ ഹൃദയാഭിലാഷം തുറന്നുപറയാൻ മനോധൈര്യമില്ലാതെ നാളുകളോളം മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുകൊണ്ട് പ്രഭുനടന്നു..

പക്ഷേ, ഇനിയും അതാരോടെങ്കിലുംപറഞ്ഞില്ലെങ്കിൽ താൻ വീർപ്പുമുട്ടി മരിച്ചുപോകുമെന്ന അവസ്ഥയിലായപ്പോൾ അയാൾ ബീവിയെവിളിച്ച് ഇപ്രകാരം പറഞ്ഞു..

ബീവി ഒരുകാര്യം പറയുന്നതുകൊണ്ട് തെറ്റിധരിക്കരുത്.. ബീവിയെ കണ്ടനാൾ മുതൽ എന്റെ ഹൃദയത്തിൽ ബീവി പതിഞ്ഞു പോയി ..എന്റെ ജീവിതസഖിയായി ഈ വീട്ടിൽ കഴിയാൻ ഞാൻ ബീവിയെ ക്ഷണിക്കുകയാണ്.ദയവുചെയ്ത് എന്റെ ആഗ്രഹം സാധിച്ചുതന്നാലും...

ഇതെന്ത് പരീക്ഷണം റഹ്മാനേ...!!! ഒരു പെണ്ണിന് എവിടെ ചെന്നാലും രക്ഷയില്ലെന്നോ??..

പ്രഭുവിന്റെ ഈ ആവശ്യത്തിനുപിന്നിലും വല്ല ദുരുദ്ദേശവും പതിയിരിക്കുന്നുണ്ടോ??. ആരറിഞ്ഞു.ഉള്ളിലെ ഭയാശങ്കകൾ മറച്ചുപിടിച്ചുകൊണ്ട് വളരെ വിനയാന്വിതയായി ബീവി പറഞ്ഞു:

മഹാനായ പ്രഭോ, എന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് അങ്ങാണ്..അതുകൊണ്ട് എക്കാലത്തും അങ്ങേയ്ക്ക് ഞാൻ കടപ്പെട്ടവളാണ്. എങ്കിലും അങ്ങയുടെ ഈ ആഗ്രഹം സഫലീകരിച്ചുതരാൻ എനിക്ക് നിർവാഹമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ..!!

ഞാൻ വിവാഹിതയാണ്..മറ്റൊരാളുടെ ഭാര്യയാണ്..അതുമാത്രം ഇപ്പോൾ അറിഞ്ഞാൽമതി..അതുകൊണ്ട് ദയവുചെയ്ത് എന്നെ ഉപദ്രവിക്കാതിരിക്കൂ....

ബീവിയുടെ അഭ്യർത്ഥനമാനിച്ച് സ്നേഹ സമ്പന്നനായ അയാൾ തന്റെ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞു..വീണ്ടും പറയത്തക്ക വിശേഷങ്ങളൊന്നുമില്ലാതെ നാളുകൾ കഴിഞ്ഞുപോയി.അന്തരീക്ഷം തെളിഞ്ഞു എന്നുള്ള സമാധാനത്തോടുകൂടി ബീവി അല്ലാഹുവിന് ആയിരമായിരം സ്തുതികളർപ്പിച്ചു......

പക്ഷേ വലിയ ഒരു അപകടം ആ വീട്ടിൽ ബീവിയെ കാത്തിരിപ്പുണ്ടായിരുന്നു. ബീവി അത് അറിഞ്ഞിരുന്നില്ല.


ആസുറ ബീവി തന്നെ രക്ഷപെടുത്തിയ കച്ചവടക്കാരനായ ആ പ്രഭുവിന്റെ വീട്ടിൽ താമസിക്കുകയാണ് ... പ്രഭുവിന്റെ കുട്ടിയെയും താലോലിച്ചും കളിപ്പിച്ചും എല്ലാം സന്തോഷത്തോടെ ആസുറ ബീവി ജീവിതം തള്ളിനീക്കുകയാണ്....

ആ സമയത്താണ് ആ പ്രഭുവിന്റെ വീട്ടിലെ ഒരു വേലക്കാരൻ ആസുറ ബീവിയെ ശ്രദ്ധിക്കുന്നത് ആ വേലക്കാരന്റെ മനസ്സിൽ മോശമായ ഒരു ചിന്ത വന്നു.... ആ വിവരം ആസുറ ബീവിയോട് ഈ വേലക്കാൻ പറഞ്ഞപ്പോൾ
ആസുറ ബീവി അവനെ അട്ടിപ്പായിച്ചു....


ഛീ... ഇറങ്ങീ പോടാ എന്റെ മുമ്പിൽ നിന്ന് അല്ലാഹു ഹറാമാക്കിയ വ്യഭിചാരത്തിനാണോ നീ എന്നെ ക്ഷണിക്കുന്നത്....? എന്റെ ശരീരത്തിൽ ജീവനനുള്ള കാലംവരെ അത്തരം ഒരു കാര്യം ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല.. കടന്ന് പോകൂ എന്റെ മുമ്പിൽ ' നിന്ന്. ആസുറ ബീവി അവനെ ആട്ടിപ്പായിച്ചു  ...

പക്ഷേ ആസുറ ബീവിയുടെ മുമ്പിൽ നാണം കെട്ട ആ വേലക്കാരന്റെ മനസിൽ ആസുറ ബീവിയോട് പ്രതികാരത്തിന്റെ ചിന്ത വളരൻ തുടങ്ങി.

ഒരു ദിവസ്സം ഈ വേലക്കാരൻ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന പ്രഭുവിന്റെ കുഞ്ഞിന്റെ കഴുത്തിൽ കത്തി വെച്ചു മുറിച്ചു ആ കുഞ്ഞിനെ കൊലപ്പെടുത്തി....

അതിനു ശേഷം ചോര പുരണ്ട കത്തി ആസുറ ബീവി കാണാതെ ആസുറ ബീവിയുടെ ബെഡ് റൂമിൽ തലയിണയുടെ അടിയിൽ കൊണ്ടു പോയി വെച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ പ്രഭുവിന്റെ ഭാര്യ കുഞ്ഞിനെ വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച കുഞ്ഞിനെ തല അറുത്ത് ശരീരത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു രക്തം നിലക്കാതെ പ്രവഹക്കുന്നു.....

പ്രഭുവിന്റെ ഭാര്യ ഇത് കണ്ട് ഉച്ചത്തിൽ കരയാൻ തുടങ്ങി. കരച്ചിൽ കേട്ടപ്പോൾ ആളുകൾ ഓടിക്കൂടി. ജനങ്ങൾ തടിച്ചു കൂടി. വന്നു നോക്കുമ്പോൾ വളരെ ധാരുണമായി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് ഇട്ടിരിക്കുന്നു...

അവർ നാലുപാടും ഈ കൊലയാളിയെ തിരഞ്ഞു... ആരെയും കണ്ടത്തിയില്ല പക്ഷേ ഇതിനിടക്ക് ഈ വേലക്കാരൻ സൂത്രത്തിൽ തലയിണയുടെ അടിയിൽ നിന്നും കത്തി പുറത്തെടുത്തു. വീടിന്റെ മുമ്പിൽ തടിച്ചു കൂടിയിരിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് ഈ ചോര പുരണ്ട കത്തിയുമായി ഓടി എന്നിട്ട് പറഞ്ഞു....

ഈ കത്തി ആസുറയുടെ ബെഡ് റൂമിൽ തലയിണയുടെ അടിയിൽ നിന്നു കിട്ടിയതാണ്. ഇവളാണ് കുട്ടിയെ കൊന്നത് ജനങ്ങൾ പരസ്പരം - സംശയത്തോടെ ആസുറയെ നോക്കി.

ആ വേലക്കാരൻ തുടർന്ന് പറഞ്ഞു ഞാൻ വെറുതെ പറഞ്ഞതല്ല...... കാരണം ആസുറ പ്രഭുവിനെ തന്റെ ഭർത്താവായി കിട്ടാൻ ആഗ്രഹിച്ചിരിരുന്നു. പക്ഷേ ഈ കുഞ്ഞ് അതിന് തടസ്സമാണ് എന്ന് മനസ്സിലാക്കിയാണ് ഇവൾ കുട്ടിയെ കൊന്നത്.....

ഈ നുണക്കഥ ഇവൻ പറഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചു...... ആ സമയത്ത് പ്രഭുവിന്റെ ഭാര്യ ആസുറ ബീവിയോട് പറഞ്ഞു. ഞങ്ങൾ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്.ഹദ്ദ് കുഴിയിൽ നിന്ന് എന്റെ ഭർത്താവ് നിന്നെ രക്ഷപെടുത്തി താമസിക്കാൻ സ്ഥലവും കഴിക്കാൻ ഭക്ഷണവും തന്നു. അതിന് പകരമായിട്ടാണോ നീ എന്റെ കുഞ്ഞിനെ കൊല പെടുത്തിയത്....

എന്റെ ഭർത്താവിനെ നിനക്ക് ഭർത്താവായി വെണങ്കിൽ ഒരു വാക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ. എന്റെ കുട്ടിയെയും കൊണ്ട് ഞാൻ എവിടേക്കെങ്കിലും പോകുമായിരുന്നല്ലോ...? നീ ഒരു മനുഷ്യ സ്ത്രിയാണോ.......

ആസുറ ബീവി പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ കൊന്നിട്ടില്ല എനിക്ക് അതിന് സാധ്യമല്ല .. അവൻ കള്ളം പറയുകയാണ് അവനെ വിശ്വസിക്കരുത്.. മാസങ്ങളായി എന്റെ മടിയിലാണ് ആ കുഞ്ഞ് കളിച്ചു വളർന്നത്. എനിക്ക് അവനെ കൊല്ലാൻ ആവില്ല ആസുറ ബീവി പൊട്ടി കരയുകയാണ്.

പക്ഷേ പ്രഭുവിന്റെ ഭാര്യയെ വിശ്വസിപ്പിക്കാൻ ആസുറ ബീവിക്ക് കഴിഞ്ഞില്ല... കരണം മരിച്ചു കിടക്കുനത് സ്വന്തം മകനാണ് ആ ഒരു തിരിച്ചറിവ് ആ സ്ത്രീയെ സങ്കടവും ദേഷ്യവും വർധിപ്പിച്ചു. ആ സ്ത്രി ആസുറ ബീവിയെ ആഞ്ഞടിച്ചു...

ഈ രംഗം കണ്ടു നിന്ന നാട്ടുകാരും വീട്ടുകാരും അവരോടപ്പം കൂടി. ആസുറ ബീവിയെ പൊതിരെ തല്ലി ... ഒരു മനസ്സലിവും കാണിക്കാതെ എല്ലാവരും കൂടി നാല് ഭാഗത്തും വളഞ്ഞു നിന്ന് ആസുറ ബീവിയെ തല്ലി ചതക്കുമ്പോൾ ആസുറ ബീവി പൊട്ടിക്കരഞ്ഞു പറയുന്നുണ്ടായിരുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... ഞാൻ നിരപരാധിയാണ്......


പ്രഭുവിന്റെ ഭാര്യയും ബന്ധുക്കളും കൂടി അസൂറ ബീവിയെ മർദ്ധിച്ചവശയാക്കി. ചോര വാർന്നൊലിച്ച്  ഒരു ഭാഗത്തേക്ക് തളർന്നു വീണു.

പെട്ടെന്ന് ആരോ ഒരാൾ വിളിച്ചു പറഞ്ഞു പ്രഭു വരുന്നുണ്ട് എല്ലാവരും ഉറപ്പിച്ചു ആസുറയെ പ്രഭു ഇന്ന് കൊല്ലും ഇന്ന് 2 മയ്യിത്ത് വീട്ടിൽ നിന്ന് എടുക്കേണ്ടി വരും ഒന്ന് കുഞ്ഞിന്റെതും ഒന്ന് ആസുറയുടെതും....

മകന്റെ മരണവാർത്ത കേട്ട് കണ്ണീരൊലിപ്പിച്ച് മകന്റെ മയ്യിത്ത് കാണാൻ വരുന്ന പ്രഭു കാണുന്നത് ശരീരത്തിൽ നിന്ന് തന്റെ മകന്റെ ഉടല് വേർപ്പെട്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന മയ്യിത്താണ്.

തൊട്ടടുത്ത് തല്ലു കൊണ്ട് രക്തo വാർന്നൊലിച്ച് കിടക്കുന്ന ആസുറ........

തന്റെ മകന്റെ മയ്യിത്തിന് മുമ്പിൽ  കണ്ണിർ വാർത്തു തളർന്നിരിക്കുന്ന പ്രഭുവിന്റെ മുമ്പിലേക്ക് ചോര പുരണ്ട കത്തിയുമായി വേലക്കാരൻ ഓടി വന്നു എന്നിട്ട് പറഞ്ഞു. പ്രഭോ കുഞ്ഞിനെ കൊന്ന കത്തിയാ ഇത്. ഇവളാണ് കുഞ്ഞിനെ കൊന്നത്...

പ്രഭു ആ കത്തി ഒന്നു വാങ്ങി തിരിച്ചും മറിച്ചും നോക്കി .. കത്തിയിൽ തന്റെ കുഞ്ഞിന്റെ ചോര പുരണ്ടിരിക്കുന്നു. അത് കണ്ടപ്പോൾ അദ്ദേഹം ആകെ അസ്വസ്ഥനായി  ...

ദേഷ്യവും സങ്കടവും ആയാളുടെ മുഖത്ത് മിന്നി മറഞ്ഞു. ആയാൾ ആസുറയെ സൂക്ഷിച്ചു നോക്കി.......

ആസുറ കിടന്ന കിടപ്പിൽ മെല്ലെ എഴുന്നേറ്റു വേച്ചു വേച്ചു നടന്ന് വന്നു പ്രഭുവിന്റെ കാൽ ചുവട്ടിൽ വീണു. അവരുടെ കാൽ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ മകനെ എനിക്ക് കൊല്ലാൻ പറ്റില്ല .ഞാൻ കൊന്നിട്ടില്ല. പക്ഷേ എല്ലാവരും പറയുന്നത് ഞാനാണ് കൊന്നത് എന്നാണ്.....

മാസങ്ങളായി എന്റെ മടിയിൽ കിടന്നാണ് അവൻ വളർന്നത്... ആ കുഞ്ഞിന്റെ കഴുത്തിൽ കത്തി വെക്കാൻ എന്നെകൊണ്ട് പറ്റില്ല.ഒരു ഉറുമ്പിനെ പോലും നോവിക്കാൻ എനിക്ക് ആവില്ല......

പ്രഭു അവരെ ഏഴുന്നെൽപ്പിച്ചു.. അവരുടെ മുഖത്തോക്ക് സുക്ഷിച്ചു നോക്കി അസുറ ബീവിയുടെ കണ്ണുകളിൽ നിരപരാധിത്യം തെളിയുന്നത് കണ്ട പ്രഭു ആസുറ ബീവിയോട് പറഞ്ഞു.....

ഇല്ല പെണ്ണെ നിനക്ക് എന്റെ മകനെ കൊല്ലാനാവില്ല. അതിനുള്ള മനക്കരുത്ത് നിനക്ക് ഇല്ല.പക്ഷേ നീ ഒരു കാര്യം അറിയണം കുറച്ച് ദിവസ്സങ്ങളായി എന്നെയും  നിന്നെയും സംബന്ധിച്ച് ഇവിടെ ചീഞ്ഞുനാറുന്ന ഒരു ഒരു അവിഹിത ബന്ധത്തിന്റെ കഥ പരക്കാൻ തുടങ്ങിട്ടു ദിവസ്സങ്ങളായി.

ആരാണ് അതിന്റെ പിന്നിൽ എന്ന് എനിക്ക് അറിയില്ല .പലരും ചോദിച്ചിട്ടുണ്ട് നിന്റെ വീട്ടിലെ പെണ്ണും നിയും തമ്മിലുള്ള ബന്ധമെന്താണെന്ന്?

പക്ഷേ മറുപടി കൊടുക്കാൻ എനിക്ക് ആയില്ല.... പക്ഷേ എന്റെ കുഞ്ഞിന്റെ മരണത്തോടെ എന്റെ കുടും ബ ജീവിതം തകർന്നു പോയി. അത് കൊണ്ട് ഇനിയും എന്റെ സമാധാനം നഷ്ടപെടുത്താതെ ഞങ്ങളെ വിട്ട് ഒന്ന് പോയി തരുമോ...? എന്നെ വിട്ട് എങ്ങേട്ടെങ്കിലും പോയ് കൂടെ നിനക്ക്...?....


ആസുറ ബീവി പറഞ്ഞു. ഇനി നിങ്ങളുടെ കുടുംബത്തിൽ ഒരു അധിക പറ്റായി ഞാൻ ഉണ്ടാവില്ല. എനിക്ക് അല്ലാഹു കാണിച്ചു തന്ന വഴി ഉണ്ട് .ഒരു മനുഷ്യന്റെ ഭാവി എങ്ങനെയാണ് വേണ്ടത് എന്ന് തീരുമാനിക്കേണ്ടവൻ അല്ലാഹുവാണ്. നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഉണ്ടാവില്ല. എന്തായാലും ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്. എല്ലാവരും എന്നെ തെറ്റി ധരിച്ചു... പക്ഷേ ആ കുഞ്ഞിന്റെ പിതാവായ അങ്ങ് മാത്രമാണ് എന്നെ വിശ്വസിച്ചത്.

നിങ്ങൾ എന്നെ കുറ്റക്കാരിയാക്കിയില്ലല്ലോ?.. എനിക്ക് അത് മതി..

ആസുറ അകത്ത് പോയി തന്റെ വസ്ത്രങ്ങൾ എടുത്ത് മുറ്റത്തേക്ക് ഇറങ്ങിവന്നു. എന്നിട്ടു മരിച്ചു കിടക്കുന്ന കുഞ്ഞിന്റെ മുഖത്ത് നിന്ന് തുണി നീക്കി നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ട് പറഞ്ഞു ഇല്ല മോനെ... ഈ പാവം പെണ്ണ് നിന്നെ കൊന്നിട്ടില്ല.നിന്നെ നുള്ളി നോവിക്കാൻ പോലും എനിക്ക് ആവില്ല.അതും പറഞ്ഞു ആസുറ നിറയുന്ന കണ്ണുകളോടെ അവിടെ നിന്നും യാത്ര തിരിക്കാൻ നേരം പ്രഭു പറഞ്ഞു ഒന്ന് നിൽക്കൂ.കുറച്ച് പണം ആ സുറക്ക് നെരെ നീട്ടിയിട്ട് പറഞ്ഞു ഇത് സ്വീകരിച്ചോളു...

ആസുറ പറഞ്ഞു എനിക്ക് പണം വേണ്ട. എനിക്ക് എന്റെ അല്ലാഹു കൂടെ ഉണ്ട്. പ്രഭു സമ്മതിച്ചില്ല അദ്ദേഹം പറഞ്ഞു ' ഈ പണം നിന്റെ യാത്രയിൽ ഉപകരിക്കും. പക്ഷെ ആ തുക മേടിക്കാൻ ബീവി സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ പ്രഭു പറഞ്ഞു. ഒരു സഹോദരൻ തരുന്ന പോലെ  കരുതി ഇത് സ്വീകരിക്കണം...

പ്രഭുവിന്റെ ആ നല്ല മനസ്സറിഞ്ഞ് രണ്ട് കൈയ്യും നീട്ടി കണ്ണു നീരോടെ അത് സ്വീകരിച്ചു. ശേഷം ആരോടും ഒന്നും പറയാതെ അല്ലാഹുവിനെ മാത്രം ഓർമ്മിച്ചിട്ട് കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു. പക്ഷേ പോകുന്ന വഴിയിൽ ആസുറ ബീവിയെയും കാത്ത് വലിയ ഒരു അപകടം പതിയിരിക്കുന്നത് ആസുറ ബീവി അറിഞ്ഞിരുന്നില്ല.


അല്ലാഹുവിനെ ഓർത്തു കൊണ്ട് ആസുറ നടക്കുകയാണ്. നടന്ന് ചെറിയ ഗ്രാമത്തിലെത്തി. അവിടെ കണ്ട കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി കയ്യിൽ ഉണ്ടായിരുന്ന പെട്ടിയിൽ സൂക്ഷിച്ചു. വീണ്ടും നടക്കുകയാണ്. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ കുറച്ച് അപ്പുറത്ത് നിന്ന് ഒരു ദയനീയ കരച്ചിൽ കേൾക്കുന്നു. കരച്ചിലിന്റെ ശബ്ദം കൂടി വന്നപ്പോൾ ആസുറ ബീവി കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് നീങ്ങി. ചെന്ന് നോക്കുമ്പോൾ കാണുന്നത് ധാരാളം ആളുകൾ കൂടി നിൽക്കുന്നു.

അതിൽ ഒരു മനുഷ്യനെ നിലത്ത് മലർത്തി അവനെ മറ്റുള്ളവർ അക്രമിക്കുകയാണ്.ഇത് കണ്ടപ്പോൾ ആസുറ ബീവി ചോദിച്ചു. നിങ്ങൾ എന്തിനാണ് ഈ പാവപ്പെട്ട മനുഷ്യനെ അക്രമിക്കുന്നത്.

ആ സമയത്ത് അവിടെ കൂടി നിൽക്കുന്ന ജനങ്ങൾ പറഞ്ഞു. ഇവൻ 300 ദീനാർ കടം വാങ്ങിയിട്ട് ഇത് വരെ തിരിച്ച് തന്നിട്ടില്ല. ചോദിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞ് മാറുകയാണ്.അത് കൊണ്ട് ഇവനെ ഞങ്ങൾ തല്ലി കൊല്ലും. ആ സുറ ബീവി പറഞ്ഞു നിങ്ങൾ അവരെ വെറുതെ വിട്ടേക്കൂ. ആ 300 ദീനാർ ഞാൻ തരാം. ആസുറ ബിവിക്ക് കച്ചവടക്കാരനായ പ്രഭു നൽകിയ ദീനാറിൽ കുറച്ച് സാധങ്ങൾ വാങ്ങി ബാക്കി ഉള്ള 300 ദീനാർ അവർക്ക് കൊടുത്തു ആ മർദ്ധിതനെ മോച്ചിപ്പിച്ചു.

അൽ ഹംദുല്ലില്ല നല്ല ഒരു പുണ്യ പ്രവൃത്തി ചെയ്ത സന്തോഷത്തിൽ ആസൂറ ബീവി നടക്കാൻ തുടങ്ങിയപ്പോൾ ഈ കടത്തിൽ നിന്ന് രക്ഷപെടുത്തിയ ആൾ പിന്നിൽ നിന്നും അസുറ ബീവിയെ വിളിക്കാൻ തുടങ്ങി. അസുറ ബീവി ചോദിച്ചു എന്ത് വേണം...?

ഇനിയും ആരങ്കിലും നിന്നെ ഉപദ്രവിക്കുന്നുണ്ടോ...? ഇനി ആർകെങ്കിലും കടം കേടുക്കാനുണ്ടോ..? ആസുറ ബീവി രക്ഷപെടുത്തിയ അൾ പറഞ്ഞു.ആരും എന്നെ ഉപദ്രവിക്കുന്നില്ല.... ഇനി ഞാൻ ആർക്കും കടം കൊടുക്കാനും ഇല്ല...എന്നെ ആ കടക്കാരുടെ കയ്യിൽ നിന്നും രക്ഷപെടുത്തിയ വകയിൽ ഞാൻ നിന്നോട് നന്ദി പറയാൻ വന്നതാണ്..."

ആസുറ ബീവി പറഞ്ഞു. നന്ദി അല്ലാഹുവിനോട് പറയുക. ഞാൻ ഒരു നിമിത്തം ആയന്ന് മാത്രമാണ്. ഇതു പറഞ്ഞു ആസുറ ബീവി വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ഇയാൾ വീണ്ടും അസുറ ബീവിയോട് പറഞ്ഞു ഞാനും നിങ്ങളോപ്പം വരാൻ ആഗ്രഹിക്കുന്നു ..ബീവി പറഞ്ഞു അത് പറ്റില്ല നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി...

പക്ഷേ അയാൾ അസുറ ബീവിയെ വിടാതെ പിൻതുടർന്നു ഇത് കണ്ടപ്പോൾ ആസുറ ബീവി നടത്തത്തിന് വേഗത കൂട്ടിയപ്പോൾ ഇവനും നടത്തത്തിന് വേഗത കൂട്ടി. ഇവൻ എന്നെ വിടുന്ന ലക്ഷണമില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആസുറ ബീവി ഓടാൻ തുടങ്ങി. കൂടെ അയാളും വേഗത കൂട്ടി ഓടുകയാണ്.

ഒരു കടലോര വക്കിലൂടെയാണ് രണ്ട് പേരും ഓടികൊണ്ടിരിക്കുന്നത് ... ആ സമയത്ത് കടലിൽ ഒരു പായക്കപ്പല് നിർത്തിയിട്ട് അതിലെ കപ്പിത്താൻ കടലോര വക്കിൽ വിശ്രമിക്കുകയായിരുന്നു. കപ്പിത്താൻ നോക്കുമ്പോൾ സുന്ദരിയായ ഒരു യുവതിയെ ഒരു യുവാവ് ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്നു . കപ്പിത്താനെ കണ്ടപ്പോൾ ആസുറ ബീവി ഓടി വന്നു കൊണ്ടു വളരെ ദയനീയമായി പറഞ്ഞു.

സഹോദരാ..... എന്നെ ആയാളിൽ നിന്ന് രക്ഷപെടുത്തണം ... ആ സമയത്ത് കപ്പിത്താൻ ആസുറ ബീവിയെയും ആസുറ ബീവിയെ പിന്നാലെ കൂടിയ ഇയാളെയും രണ്ട് ഭാഗത്തേക്കും മാറ്റി നിർത്തി കൊണ്ട് കപ്പിത്താൻ ആയാളോട് ചോദിച്ചു. നീ എന്തിനാന്ന് ഇവളുടെ പിന്നാലെ ഓടി നീ ഇവളെ ബുദ്ധിമുട്ടിക്കുന്നത്...? നിന്റെ ആരാണ്....?

ആയാൾ പറഞ്ഞു. ഇവൾ എന്റെ അടിമ സ്ത്രീയാണ് . ഇവളുടെ കയ്യിലെ പെട്ടി കണ്ടോ..? എന്നിൽ നിന്നും ഒളിച്ചോടുകയാണ്. അത് കൊണ്ടാണ് ഞാൻ ഇവളുടെ പിന്നാലെ ഓടുന്നത്. അപ്പോൾ ആസുറ ബീവി പറഞ്ഞു. സഹോദരാ അവർ പറയുന്നത് നുണയാണ്. അവന്റെ വാക്കുകൾ വിശ്വസിക്കരുത്. ഞാൻ അവന്റെ അടിമ സ്ത്രിയല്ല. ദയവ് ചെയ്തു ഞാൻ പറയുന്നത് വിശ്വസിക്കണം.

പക്ഷേ ആസുറ ബീവിയുടെ സൗന്ദര്യത്തിൽ മതിമറന്ന കപ്പിത്താൻ ആസുറ ബീവി പറയുന്നത് കേട്ടില്ല. മാത്രവുമല്ല ആയാളോട് ചോദിച്ചു ഈ അടിമ സ്ത്രീയെ എനിക്ക് വിൽക്കുമോ..?

അയാൾ പറഞ്ഞു 300 ദീനാർ തരുമെങ്കിൽ ഞാൻ അടിമയെ നിങ്ങൾക്ക് വിൽക്കാം. അങ്ങിനെ അയാൾക്ക് 300 ദീനാർ കൊടുത്തു ആസുറ ബീവിയെ കപ്പിത്താൻ വാങ്ങിച്ചു. ആയാളെ പറഞ്ഞു വിട്ടു. ശേഷം ആസുറ ബീവിയോട് കപ്പിത്താൻ പറഞ്ഞു എടീ പെണ്ണെ... നീ ഇപ്പോൾ എന്റെ അടിമസ്ത്രീയാണ്......

ആസുറ ബീവി പൊട്ടി കരഞ്ഞു. ഞാൻ ആരുടെയും അടിമസ്ത്രി അല്ല ആയാൾ എന്റെ യജമാമാനനും അല്ല . ഞാൻ 300 ദീനാർ കൊടുത്തു കടക്കാരിൽ നിന്നു അയാളെ രക്ഷപെടുത്തിയതാണ് .

പക്ഷേ ഇതൊന്നും കപ്പിത്താൻ സ്വീകരിച്ചില്ല. പിടിച്ചു വലിച്ചു കപ്പലിലേക്ക് കൊണ്ട് പോയി. ഒരു റൂമിലേക്ക് തള്ളിയിട്ടു... നീ അവിടെ കിടക്ക് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.. അവിടെ ഇരുന്നു ആസുറ ബീവി കഴിഞ്ഞ് പോയ കാര്യങ്ങൾ അലോചിച്ച് കരഞ്ഞു .

കയ്യിൽ ഉണ്ടായിരുന്ന പെട്ടിയുടെ മേലെ തലവെച്ച് അവിടെ കിടന്ന് തളർന്ന് ഉറങ്ങി പോയി.. അൽപ്പം സമയത്തിന് ശേഷം കപ്പിത്താൻ വന്ന് ആസുറ ബീവിയുടെ അരികിൽ ചെന്നിരിന്നു. പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ചാടി എണീറ്റ ആസുറ ബീവി കാണുന്നത് തന്നെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കപ്പിത്താനെയാണ്......

ആസുറ ബീവി പറഞ്ഞു. അല്ലാഹുവാണ് സത്യം ഈ ഹറാമിന് കൂട്ടു നിൽക്കുന്നത് ചിന്തിക്കാൻ പോലും എനിക്ക് ആവില്ല. ഇത് കേട്ടപ്പോൾ കപ്പിത്താന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഉടൻ ആ കപ്പിത്താൻ ആസുറ ബീവിയുടെ മുഖത്തോക്ക് ആഞ്ഞടിച്ചു. അടിയുടെ ശക്തിയിൽ ആസുറ ബീവി ഒരു ഭാഗത്തോക്ക് മറിഞ്ഞു വീണു.ആ വീഴ്ചയിൽ അവിടെ കിടന്നു കൊണ്ട് ആസുറ ബീവി ദു:അ ചെയ്തു.


അല്ലാഹുവെ ഒരു തെറ്റും ചെയ്യാതിരിക്കാൻ വേണ്ടിയാണല്ലോ ഞാൻ ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്നത്.എന്നിട്ടും എല്ലാവരും എന്നെ അക്രമിക്കുന്നത് നീ കാണുന്നില്ലേ.

ആസുറ ബീവി  പൊട്ടി കരഞ്ഞു ദുഅ ചെയ്തു ....

ഉടൻ അല്ലാഹു മഹതിയുടെ ദു:അ സ്വീകരിച്ചു..ബീവിയുടെ കരളലിയിപ്പിക്കുന്ന പ്രാർത്ഥന തീരുന്നതിനുമുമ്പേ അപകടസൂചന കണ്ടുതുടങ്ങി..ശാന്തമായിരുന്ന കടൽ പെട്ടെന്ന് പ്രകോപിതമായി.

തിരമാലകൾ പർവ്വതം കണക്കെ ഉയർന്നു പൊങ്ങി.കപ്പൽ മുങ്ങിയും,പൊങ്ങിയും ഏതുസമയവും പൊട്ടിപ്പിളരുമോ എന്ന സംശയത്തിൽ എല്ലാവരും വാവിട്ടുകരഞ്ഞു..!.അസൂറാ ബീവിക്കു മാത്രം ഒരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല അവർ റബ്ബിനെ പ്രകീർത്തിച്ചുകൊണ്ടിരുന്നു!!..

പെട്ടെന്ന് കപ്പൽ പൊട്ടിപ്പൊളിഞ്ഞു.അത് ആഴിയുടെ അടിത്തട്ടിലേയ്ക്ക് ഊളിയിടാൻ തുടങ്ങി!!!..കപ്പിത്താന്റെ ദുഷ്ടതകൾക്കറുതി വരുത്തിക്കൊണ്ട് കപ്പൽ സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് മറഞ്ഞു.

പരിക്കുകളോടയാണങ്കിലും കപ്പലിലുണ്ടായിരുന്നവരെ കപ്പിത്താനെ അടക്കം അല്ലാഹു രക്ഷപെടുത്തി.

എന്നാൽ അവന്റെ അജയ്യമായ ശക്തിയെന്നല്ലാതെ മറ്റെന്തു പറയാൻ!!!..ബീവിക്കുമാത്രം ഒരു പോറലുപോലുമേറ്റില്ല...അവർ കപ്പലിന്റെ ഒരു പലകയിൽ പിടികൂടി.തന്റെ പെട്ടിയും അവരുടെ കൈയ്യിൽ തന്നെയുണ്ടായിരുന്നു.തിരമാലകൾ തള്ളിതള്ളി ആ പലകക്കഷ്ണത്തോടൊപ്പം അസൂറാബീവിയേയും കരയ്ക്കടുപ്പിച്ചു..

ബീവി സർവ്വശക്തനായ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് കരയ്ക്കിറങ്ങി.അവർ തന്റെ വസ്ത്രങ്ങളെല്ലാം വിജനമായ ആ സ്ഥലത്ത് അഴിച്ചുവെച്ചു.ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന ഉപ്പുവെള്ളം തുടച്ചു നീക്കി.

പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ പുറത്തെടുത്തു.

അത്ഭുതം!!..ആ പെട്ടിയിൽ കോട്ടും,സൂട്ടും,തലപ്പാവുമെല്ലാം  പുരുഷൻമാരുടേതായിരുന്നു.ബീവി നടുങ്ങി..!!..താൻ ബോധമറ്റ് കിടന്നപ്പോൾ കപ്പിത്താൻ ചെയ്ത പണിയാണിത്.!.എന്തായാലും അടുത്ത വസ്ത്രം വാങ്ങുന്നതുവരെ ഇതുതന്നെ ധരിക്കാം...

അല്ലാഹുവേ , കാപാലികൻമാരുടെ കരങ്ങളിൽനിന്നും രക്ഷ നേടാൻ ഇതല്ലാതെ മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.ഈ അവിവേകം എന്നോടു നീ പൊറുക്കേണമേ. ആസുറ ബീവി മനം നൊന്ത് പ്രാർത്ഥിച്ചു.

അങ്ങനെ അസൂറാബീവി പുരുഷന്റെ ' വേഷം ധരിച്ച് നടന്നു.മനസ്സിന്റെയുള്ളിൽ തന്നെയാരെങ്കിലും തിരിച്ചറിയുമോ എന്ന ഭയത്തോടെ!!!..

എത്രദൂരം സഞ്ചരിച്ചുവെന്നറിയില്ല...അവസാനം യമൻ രാജ്യത്താണ് ഞാൻ എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു...അവിടെ കണ്ട നിസ്ക്കാര പള്ളിയുടെ അടുത്തേയ്ക്കു നടന്നു. നിസ്ക്കാരം കഴിഞ്ഞ് വരുന്ന അളുകൾ ആസൂറ എന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി.

ഈമാൻ നിറഞ്ഞു നിൽക്കുന്ന തേജസുള്ള മുഖം:: അവർ ചോദിച്ചു നിങ്ങൾ എവിടെ നിന്ന് വരുന്നു. അപ്പോൾ ആസുറ എന്ന ചെറുപ്പക്കാരൻ പറഞ്ഞു.ഞാൻ വളരെ ദൂരെ നിന്ന് വരികയാണ്. ഖുർആനും ഹദീസും കുറച്ച് ഞാൻ പഠിച്ചിട്ടുണ്ട്. വൈദ്യ ചികിൽസയും കുറെയൊക്കെ
അറിയാം.

അവർ പറഞ്ഞു അൽഹംദുലില്ല.ഈ നാട്ടിൽ നല്ല ഒരു വൈദ്യനില്ലാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. നിങ്ങൾ ഇവിടെ നിൽക്കുകയാണങ്കിൽ സാധുക്കളായ ഈ നാട്ടുകാർക്ക് വലിയ പ്രകാരമാകും.ആസുറ എന്ന ആ ചെറുപ്പക്കാരൻ അത് സമ്മതിച്ചു ....

അവർ ചോദിച്ചു നിങ്ങളുടെ പേര് എന്താന്ന്.

ആസുറ എന്ന ചെറുപ്പക്കാരൻ പറഞ്ഞു. " "നിങ്ങളുടെ എളുപ്പത്തിന് വേണ്ടി " " എന്നെ ഹഖീം എന്ന് വിളിച്ചോളു.അങ്ങിനെ ആസുറ എന്ന ഹഖീമിന് താമസിക്കാൻ ഒരു വീട് ഒരുക്കി കൊടുത്തു. അങ്ങിനെ ചികിൽസയും തുടങ്ങി. എത് രോഗം വന്ന് പറഞ്ഞാലും ഫാത്തിഹ സൂറത്ത് ഓതി വെള്ളം മന്ത്രിച്ചു കുടിക്കാൻ നൽക്കും..

അല്ലാഹു വിന്റെ ഖുദ്റത്ത് കൊണ്ട് എല്ലാവരുടെയും അസുഖങ്ങൾ മറാൻ തുടങ്ങി. എത്ര വലിയ മാറാരോഗവും ആസുറ എന്ന ഹക്കീം ഫാത്തിഹ ഓതി മന്ത്രിച്ചു വെള്ളം നൽകി അല്ലാഹു വിന്റെ കഴിവ് കൊണ്ട് മാറ്റി കൊടുത്തു.

ഇതറഞ്ഞ ജനങ്ങൾ കൂട്ടംകൂട്ടമായി വരാൻ തുടങ്ങി. അധികം വൈകാതെ ആസുറ എന്ന ഹഖീമെന്ന വൈദികന്റെ പ്രസക്തി കാട്ടുതീ പോലെ ആ രാജ്യത്ത് പടർന്നു. ആ സമയത്താണ് അത് സംഭവിച്ചത്.


ആ രാജ്യത്തെ ചക്രവർത്തിക്ക് ഒരു മകളുണ്ട് പേര് സുഹ്റ. വിട്ടുമാറാത്ത വയറ് വേദന കൊണ്ട് വളരെ അധികം ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. അപ്പോഴാണ് അരോ വന്ന് പറഞ്ഞത് നമ്മുടെ രാജ്യത്ത് ഹഖീം എന്ന് പേരുള്ള ഒരു വൈദികനുണ്ട്.എത്ര വലിയ മാറാത്ത രോഗങ്ങളും അവരെ അടുക്കൽ പോയാൽ രോഗo മാറി വരുന്നു. അത് കൊണ്ട് രാജകുമാരിയെയും ഒന്ന് കാണിച്ചാല്ലോ.?

ഉടൻ രാജാവ് പറഞ്ഞു. എത്രയും പെട്ടെന്ന് പോയി വൈദികനെ കൂട്ടികൊണ്ട് വരു. പട്ടാളക്കാർ പോയി ആസുറ എന്ന ഹഖീമെന്ന വൈദികനെ കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു .ആദ്യം കൊട്ടാരത്തിലേക്കു വരാൻ വിസമ്മതിച്ചെങ്കിലും പട്ടാളക്കാരുടെ നിർബന്ധത്തിന് വഴങ്ങി കൊട്ടാരത്തിലേക്ക് ഹഖീം എന്ന വൈദികൻ വന്നു.

രാജകുമാരിക്ക് ഫാത്തിഹ ഓതി വെള്ളത്തിൽ മന്ത്രിച്ചിട്ടു കുട്ടിക്കാൻ കൊടുത്തു. റബ്ബിന്റെ അനുഗ്രഹത്താൽ രാജകുമാരിയുടെ രോഗം പൂർണ്ണമായും ശിഫയായി.....

രാജാവിന് വളരെ സന്തോഷമായി. രാജാവ് പറഞ്ഞു. ഒരു പാട് വൈദ്യന്മാരെയും മറ്റും കാണിച്ചു പക്ഷേ മകളുടെ രോഗം ശിഫയായില്ല. പക്ഷേ നിങ്ങൾ മന്ത്രിച്ചു നൽകിയ വെള്ളം കുടിച്ചപ്പോഴേക്കും നിങ്ങൾ കാരണം അല്ലാഹു മകളുടെ രോഗം ശിഫയാക്കി തന്നു .അത് കൊണ്ട് നിങ്ങൾക്ക് ഞാൻ എന്താണ് സമ്മാനമായി നൽകേണ്ടത്....

വൈദികൻ ഹഖീം പറഞ്ഞു. എനിക്ക് ഒന്നും വേണ്ട.

രാജാവ്: അതു പറഞ്ഞാൽ പറ്റില്ല എതെങ്കിലും ഒന്ന് സമ്മാനമായി സ്വീകരിക്കണം. രാജാവിന്റെ നിർബന്ധം കാരണം ഹഖീം വൈദികൻ പറഞ്ഞു. താമസ്സിക്കാൻ ഒരു വീട് കിട്ടിയാൽ നന്നായിരുന്നു . രാജാവ് ഉടൻ കൽപന പുറപ്പെടിവിച്ചു. നമ്മുടെ പഴയ കൊട്ടാരം ഇപ്പോൾ ആൾ താമസമില്ലാതെ കിടക്കുകയാണ് അവിടത്തേക്കു  താമസം മാറ്റി കൊടുക്കൂ......

അങ്ങിനെ ആസുറ എന്ന ഹഖീം വൈദ്യർ അവിടെ താമസ്സിക്കുകയാണ്. പഴയത് പോലെ ചികിത്സയും ഇബാദത്തും എല്ലാമായി മുന്നോട്ട് ജീവിതം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈ സമയത്താണ് രാജകുമാരി സുഹ്റാക്ക് ഒരു ആഗ്രഹം എന്റെ രോഗം മാറാൻ കാരണക്കാരനായ വൈദികൻ ഹഖീമിനെ എനിക്ക് ഭർത്താവായി കിട്ടിയാൽ നന്നായിരുന്നു.

രാജകുമാരി ഈ വിവരം ഉമ്മയോട് പറഞ്ഞു. താമസിയാതെ ഈ വിവരം ഉപ്പയുടെ ചെവിയിലും എത്തി. രാജാവ് 2 ആളുകളെ വൈദികൻ ഹഖീമിന്റെ അടുക്കലേക്ക് അയച്ചു.

അവർ പറഞ്ഞു രാജകുമാരി നിങ്ങളെ ഭർത്താവായി കിട്ടാൻ ആഗ്രഹിക്കുന്നു.വിവരം ഹഖീമിനോട് ഉണർത്തിയപ്പോൾ വൈദികൻ ഹകീം പറഞ്ഞു. ഞാൻ ഒരു വിവാഹത്തിനുള്ള മാനസിക അവസ്ഥയിൽ അല്ല ഇപ്പോൾ. ഞാൻ ഇബാദത്തിലായ് ലയിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.

പക്ഷേ അതിന് അവർ സമ്മതിച്ചില്ല. മാത്രമല്ല സുഹ്റയും ഹഖീമും തമ്മിലുള്ള വിവാഹത്തിന് അവർ നിർബന്ധം പിടിക്കുകയും ചെയ്തു.ഹഖീം എന്ന മഹതി വിവാഹത്തിന് സമ്മതം കൊടുത്തതേ ഇല്ല . മഹതിയിൽ നിന്നും വിവാഹ അനുമതി കിട്ടുകയില്ല എന്നറിഞ്ഞപ്പോൾ , സമ്മതം കിട്ടാതെ തന്നെ ഈ വന്നവർ കൊട്ടാരത്തിൽ പോയി ഹഖീം വിവാഹത്തിന് സമ്മതിച്ചു എന്ന കഥ മെനഞ്ഞുണ്ടാക്കി രാജാവിനെ ബോധിപ്പിച്ചു


അതോട് കൂടി കൊട്ടാരത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.രാജകുമാരി സുഹ്റ സന്തോഷo കൊണ്ട് മതിമറന്നു. കയ്യിൽ മൈലാഞ്ചി വരച്ചും തോഴിമാർ പാട്ടു പാടിയും രാജകുമാരിയുടെ ചുറ്റും കൂടി.

നാളെയാണ് കല്യാണം. അതെ സമയത്ത് കുറച്ചപ്പുറത്ത് ഒരാൾ ദുഃഖിതനായി ഇരിക്കുകയാണ്... യാ അല്ലാ::  നീ എന്നെ വീണ്ടും പരീക്ഷിക്കുകയാണോ....? ഞാൻ പെണ്ണാണ് എന്നുള്ള സത്യം നിനക്കല്ലാതെ മറ്റാർക്കും അറിയില്ല.. ഞാൻ എന്ത് ചെയ്യും. യാ അല്ലാ...


ആസുറ എന്ന ഹഖീം വൈദികൻ കരയുകയായിരുന്നു..


കല്യാണത്തിന്റെ അന്ന് രാജാവ് മന്ത്രിമാരെയും മറ്റും വിളിച്ചിട്ട് പറഞ്ഞു. നിങ്ങൾ നമ്മുടെ ഹകീമിനെ അണിയിചൊരുക്കി കൂട്ടിക്കൊണ്ട് വരണം.

രാജാവ് പറഞ്ഞ പ്രകാരം പുതുമണവാളന് അണിയാനുള്ള രാജകീയ വസ്ത്രങ്ങളുമായി സേവകർ പോയി .ആസുറ ബീവി എന്ന ഹകീം വൈദികൻ ഒരു നിവൃത്തിയുമില്ല എന്ന് കണ്ടപ്പോൾ അവർ കൊണ്ട് വന്ന    
പുതിയ വസ്ത്രങ്ങൾ ധരിച്ച് പരിവാരങ്ങളോടപ്പം വിവാഹ പന്തലിലേക്ക് നടക്കുകയാണ്. നിക്കാഹിന്റ മുഹൂർത്തമായി നിക്കാഹല്ലാം കഴിഞ്ഞു ..


രാത്രിയായപ്പോൾ ഹഖീമിന് മണവാട്ടിയോട് എന്ത് പറയണം എന്ന് അറിയാത്ത അവസ്തയായിരുന്നു.... അൽപ്പ സമയത്തിന് ശേഷം മണവാട്ടി മറിയറയിലേക്ക് വരുന്നത് കണ്ട ആസുറ എന്ന ഹകീം മുസല്ല എടുത്തു വിരിച്ചു നിസ്ക്കാരം തുടങ്ങി. ആ നിസ്ക്കാരം സുബ്ഹി വരെ നിണ്ടു.

പിറ്റെ ദിവസ്സവും ഇത് തന്നെ അവർത്തിച്ചു. ഇത് കാരണം മണവാട്ടിക്ക് വിഷമങ്ങൾ അലട്ടാൻ തുടങ്ങി. വിവരം ഉമ്മയോട് അവതരിപ്പിച്ചു...

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഉമ്മ പറഞ്ഞു. ഇന്ന് രാത്രി ഭർത്താവിന്റെ ശ്രദ്ധയിൽ പെടാതെ ബഡ്റൂമിലേക്ക് കയറി ചെല്ലുക. അപ്പോൾ നിസ്ക്കരിക്കാൻ വേണ്ടി കൈ കെട്ടുന്ന നെരം കൈക്ക് പിടിച്ചിരുത്തി എന്താണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ..? കാര്യങ്ങൾ അന്വേഷിക്കണം.ഉമ്മ രാജകുമാരിയോട് പറഞ്ഞു കൊടുത്തു.

പറഞ്ഞത് പോലെ രാജാകുമാരി ഹഖീമിന്റെ ശ്രദ്ധയിൽ പെടാതെ മണിയറയിൽ കയറി. രാജാകുമാരിയെ കണ്ടപാടെ നിസ്‌കരിക്കാൻ വേണ്ടി തുടങ്ങിയപ്പോൾ ആ കൈ പിടിച്ചു രാജകുമാരി ചോദിച്ചു.

നിങ്ങൾ എന്റെ ഭർത്താവല്ലെ....? ഭർത്താവ് ഒരു ഭാര്യയോട് നിറവേറ്റണ്ട കടമകൾ ഇല്ലെ...? നിങ്ങൾ എന്താണ് അതൊന്നും ശ്രദ്ധിക്കാതെ എപ്പോഴും നിസ്ക്കാരത്തിൽ മുഴുകുന്നത്.....?

ആസുറ ബീവി ചിന്തിച്ചു എല്ലാ സത്യങ്ങളും രാജകുമാരിയോട് പറയാൻ സമയമായി ആസുറ ബീവി പറഞ്ഞു ഞാൻ ഹഖീമല്ല . അഫ്സൂസ് എന്ന രാജ്യത്തെ രാജാവായ അബ്ദുള്ളയുടെ ഭാര്യയായ ആസുറ എന്നവളാണ്.

അതും പറഞ്ഞു അസുറ തലയിലെ കെട്ട് എടുത്തു മാറ്റി. ഇത് കണ്ട് മിഴിച്ചു നിൽക്കുന്ന രാജാകുമാരിയോട് ആസുറ ബീവി നടന്ന എല്ലാ സത്യങ്ങളും പറഞ്ഞു. കഥകൾ കേട്ടപ്പോൾ രാജകുമാരി ഇത് സ്വപ്നമാണോ,യാതാർത്ഥ്യമാണോ തിരിച്ചറിയാൻ പ്രയാസപ്പെട്ടു.

ആസുറ ബീവി പറഞ്ഞു ഈ വിവരം പുറത്ത് പറയരുത് . കുറച്ച് ദിവസം കൂടി ഇത് പോലെ തുടരണം. നമ്മുടെ ബഡ്റൂമിൽ നീ അനിയത്തിയും ഞാൻ ജേഷ്‌ഠത്തിയും. പുറത്ത് നമ്മൾ ഭാര്യ ഭർത്താവും. രാജകുമാരി സമ്മതിച്ചു.


'ദിവസവങ്ങൾ കടന്ന് പോയി. ഒരു ദിവസം ആസുറ ബീവി ഒരു സ്വപ്നം കാണുന്നു. തന്റെ ഭർത്താവ് ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്നു. വിവരം രാജകുമാരിയോട് പറഞ്ഞു. എന്റെ ഭർത്താവ് ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്നു. സത്യങ്ങൾ പുറത്ത് വരാൻ ഇനി അധിക ദിവസങ്ങൾ ഇല്ല.

ആസുറ ബീവി സ്വപ്നം കണ്ട പോലെ തന്നെ അബ്ദുള്ള രാജാവ് ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തി വന്ന് നോക്കുമ്പോൾ കേൾക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്.

പക്ഷേ ആസുറ ബീവിയെ ഉപദ്രിവിച്ചവരെ ആരെയും അല്ലാഹു വെറുതെ വിട്ടില്ല. അബ്ദു റഹിമാന്റെ 2 കണ്ണും രോഗം ബാധിച്ചു പഴുപ്പ് വന്നു 2 കണ്ണുo പഴുത്ത് ചീയാൻ തുടങ്ങിയിരുന്നു. അവൻ മഹതിയെ നോക്കി മോഹിച്ചതാണല്ലോ..?

ഇതെ രോഗം അവനിക്ക് വേണ്ടി കള്ള സാക്ഷി പറഞ്ഞവർക്കും അല്ലാഹു കൊടുത്തു. ആ സമയത്താണ് ഒരു വഴിപോക്കൻ അത് വഴി വന്നത്. ഇവരുടെ അഞ്ച് പേരുടെയും കണ്ണുകൾ പഴുത്ത് രോഗം ബാധിച്ചിരിക്കുന്ന വിവരം അദ്ദേഹം മനസ്സിലാക്കി .

യമൻ ഭാഗത്ത് ഹഖീം എന്ന് പേരുള്ള ഒരു വൈദികൻ താമസിക്കുന്നുണ്ട് ഏത് മാറാ രോഗവും അദ്ദേഹത്തിന്റെ അടുക്കൽ പോയാൽ ഭേദമാകും. നിങ്ങൾ അദ്ദേഹത്തെ കാണുകയാണങ്കിൽ നിങ്ങൾ എല്ലാവരുടെയും രോഗം മാറും.

ഇത് കേട്ടപ്പോൾ അബ്ദുറഹിമാൻ അബ്ദുള്ള രാജാവിനോട് പറഞ്ഞു. യമനിലെ രാജാവിന്റെ മകളുടെ ഭർത്താവായ ഹഖീം എന്നു പേരുള്ള വൈദ്യർ ഉണ്ട്. അദ്ദേഹത്തെ പോയി കണ്ടാൽ എത് മാറാ രോഗവും മാറും. നമുക്ക് യമനിൽ പോയി അദ്ദേഹത്തെ കണ്ടാലോ...?

അബ്ദുള്ള രാജാവ് യമനിലേക്ക് പോകാം എന്ന് തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ മറ്റ് നാല് കുട്ടൂകാരും വന്നു അബ്ദുറഹിമാനോട് പറഞ്ഞു.. ഞങ്ങളെയും കൂട്ടണം. ഞങ്ങളുടെയും കണ്ണ് നിന്റെ അതേ അവസ്ഥയാണ്. ആയിക്കോട്ടെ കൂടെ കൂട്ടാം എന്ന് പറഞ്ഞു. അങ്ങിനെ അനുജനനെയും കൂട്ടുകാരെയും യമനിലേക്ക് ചികിത്സക്ക് കൊണ്ട് പോകുന്ന വാർത്ത നാടെങ്ങും പരന്നു...

വാർത്ത പരന്നപ്പോൾ ആ നാട്ടിലുള്ള ഓരോരുത്തരായി ഇവരുടെ കൂടെ പോകാൻ തയ്യാറായി നിൽക്കുന്നു. കൈപഴുത്തവർ, ദേഹമാസകലം ചൊറി പിടിച്ചവർ എല്ലാവരും ആസുറ ബീവിയെ ഉപദ്രിച്ചവർ ആയിരുന്നു . എല്ലാവരെയും കയറ്റി വാഹനം യമൻ രാജ്യത്തെ ലക്ഷ്യമാക്കി നീങ്ങി.

ഇവരോടൊപ്പം 300 ദീനാർ കൊടുത്തു രക്ഷെപ്പടുത്തി പിന്നീട് തന്നെ ചതിച്ച ആ വ്യക്തിയും , കപ്പിത്താനും , ഹദ്ദ്‌ കുഴിയിൽ നിന്നും രക്ഷെപ്പടുത്തിയ പ്രഭുവും , പ്രഭുവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഭ്രിത്യനും, മറ്റു മാറാ രോഗികളും ഉണ്ടായിരുന്നു .

ഈ സമയം ആസുറ ബീവിക്ക് അല്ലാഹു സ്വപ്നം കാണിച്ചു കൊടുത്തു. രാജകുമാരി സുഹ്റാനെ വിളിച്ചു കൊണ്ട് പറഞ്ഞു. വളരെ രസകരമായ ഒരു സ്വപ്നം അല്ലാഹു എനിക്ക് കാണിച്ചു തന്നു. എന്റെ ഭർത്താവും എന്നെ ചതിച്ചവരും ഇങ്ങോട്ടു വരുന്നുണ്ട്. അത് കൊണ്ട് നമുക്ക് അവർക്ക് ഒരു സ്വീകരണം കൊടുക്കണം. പ്രെത്യേക റൂമുകൾ തയ്യാറാക്കണം. എന്റെ ഭർത്താവിന് ഞാൻ റൂം തയ്യാറാക്കാം.

അങ്ങിനെ പ്രത്യേകമായ ബഡ്റൂമുകൾ തയ്യാറാക്കി. മൂന്നു ദിവസ്സങ്ങൾക്ക് ശേഷം അബ്ദുള്ള രാജാവും അനുജരന്മാരും യമനിൽ കൊട്ടാരത്തിൽ എത്തി.അബ്ദുള്ള രാജാവ് യമൻ രാജാവിന്റെ അടുക്കലേക്ക് ചെന്നിട്ട് പറഞ്ഞു. ഞാൻ അഫ്സൂസിലെ രാജാവാണ്. എന്റെ അനുജരന്മാരടക്കം ചില രോഗികളെയും കൊണ്ടാണ് വന്നത്.നിങ്ങളുടെ മകളുടെ ഭർത്താവിന്റെ ചികിത്സ കേട്ടറിഞ്ഞു വന്നതാണ്. അത് കൊണ്ട് ആ ചികിത്സ നടത്തണം എല്ലാവരും വിഷമത്തിലാണ്.

യമനിലെ രാജാവ് മകളെ വിളിച്ചിട്ട് പറഞ്ഞു. ഇവർ സാധരണക്കാരല്ല അയൽ രാജ്യത്തെ രാജാവും സംഘവുമാണ്. അത് കൊണ്ട് ചികിത്സ നടത്താനുള്ള ഏർപ്പാടുകൾ ഉടനെ ചെയ്യണം. മകള് പോയി ആസുറയോട് കാര്യങ്ങൾ പറഞ്ഞു.

ആസുറ ബീവി മറുപടി പറഞ്ഞു ഇന്ന് ആർക്കും മരുന്ന് തരുന്നില്ല. അതൊക്കെ നാളെയാണ്. എല്ലാവരോടും പോയി വിശ്രമിക്കാൻ പറയു' എന്നു പറയാൻ തിരിച്ച് പറഞ്ഞയച്ചു .ചികിത്സ നാളെ തുടങ്ങാം എന്ന തീരുമാനത്തിൽ എല്ലാവരും ഭക്ഷണം കഴിച്ച് അവരവരുടെ ബെഡ് റൂമിലേക്ക് പോയി .കൂട്ടത്തിൽ അബ്ദുള്ള രാജാവും രാത്രി ഭക്ഷണമെല്ലാം കഴിച്ച് തനിക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ബെഡ് റൂമിലേക്ക്  ചെന്നു.

നോക്കുമ്പോൾ തനിക്ക് വിശ്രമിക്കാൻ വേണ്ടി സജ്ജീകരിക്കപ്പെട്ട കിടപ്പറ ഒരുപാട് പൂർവ്വകാല സ്മൃതികൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി.അസൂറാബീവിയെ വിവാഹംകഴിച്ച് ആദ്യമായി മണിയറയിൽ കൂടിയപ്പോഴുള്ള അതേ അനുഭവം.

കൊട്ടാരത്തിന്റെ കരിങ്കൽ ഭിത്തികളില്ലെങ്കിലും അതേ മണിയറപോലെ തോന്നി അബ്ദുല്ല രാജാവിന്..!!..അതേ രൂപത്തിൽ പണിത കട്ടിൽ!!!..അതേ കിടക്ക!!അതേ വിരിപ്പ്!!..കിടക്കയിൽ വിതറപ്പെട്ട പൂവുകൾക്കു കൂടി മാറ്റമില്ല..എന്തൊരു സാമ്യം!!!...ആരാണ് ഇത്രയും കലാപരമായ ഈ കിടപ്പറ ഒരുക്കിയത്?

-----------------------------------------------------------------------------------------------------------------------

ബുദ്ധിമതിയായ ഒരു പെൺകൊടിക്കല്ലാതെ ഇത്ര കലാപരമായി ഒരു ബെഡ്റൂം തയ്യാറാക്കുവാൻ കഴിയുകയില്ല.ഇങ്ങനെ പലവിധ ചിന്തകളുമായി അദ്ദേഹം മൃദുലമായ കട്ടിലിൽ കയറിയിരുന്നു.അന്ന് തന്റെ മണിയറയിലുണ്ടായിരുന്ന അതേ രൂപത്തിലുള്ള കനകവിളക്ക് പ്രകാശംചൊരിയുന്നു.!!

മേശപ്പുറത്ത് തയ്യാറാക്കി വെച്ചിരുന്നതുപോലെ ഒരു സ്വർണ്ണ ചഷകത്തിൽ മധുരപലഹാരങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു.ഇതെന്ത് പരീക്ഷണമാണ് റബ്ബേ.തന്റെ മനസ്സിന്റെ സമനില തെറ്റുന്നല്ലോ? ഞാനീ കാണുന്നത് സ്വപ്നമോ,യാഥാർത്ഥ്യമോ??.


അബ്ദുല്ലാരാജാവ് തന്റെ ശരീരത്തിൽ നുള്ളിനോക്കി വേദനിക്കുന്നുണ്ട്.
അപ്പോൾ സ്വപ്നമല്ല.അന്ന് അസൂറയാണ് ആ പാനിയം തന്റെ നേരെ നീട്ടിയത്.പക്ഷേ ഇന്നാരുമില്ല.മേശപ്പുറത്ത് മൂടിവെച്ചിരിക്കുകയാണ്.തന്റെ അസൂറാബീവി ഇപ്പൊവരും.തനിക്ക് ചഷകം എടുത്തുതരും.എല്ലാം ആലോചിച്ച് ഒരുതരം വിഭ്രാന്തിയിൽ അയാൾ കുറേനേരം അങ്ങിനെ ഇരുന്നുപോയി.ഇല്ല ആരും വരുന്നില്ല.

ആരും വരില്ല.അവസാനം അബ്ദുല്ലാ രാജാവ് തന്നെ ആ ചഷകമെടുത്ത് വായോടടുപ്പിച്ചു.അൽപ്പാൽപമായി കുടിച്ചു.എന്തൊരത്ഭുതം!!!!..അതേ രുചി!..തന്റെ പ്രിയപ്പെട്ടവൾ ആദ്യരാത്രിയിൽ തനിക്ക് നേരേ നീട്ടിയ പായസത്തിന്റെ അതേ മധുരം..!.അതേ സ്വാദ്!!!...ഇതെങ്ങനെ സംഭവിച്ചു???അയാളുടെ കണ്ണുകളിൽനിന്നും കണ്ണുനീർ ഉതിർന്നുവീണു.ആ മുഖം വിവർണ്ണമായി.

അങ്ങേക്കിതെന്തുപറ്റി ? അവിചാരിതമായൊരു ഭാവമാറ്റം,പരിചാരകരിലൊരാൾ ചോദിച്ചു.

അതിന് മറുപടിയെന്നോണം രാജാവ് പറഞ്ഞു.ഞാനീകുടിച്ച മധുരപാനീയം എന്റെ പ്രാണ പ്രേയസി ആസുറ എനിക്കാദ്യരാത്രിയിൽ സമ്മാനിച്ച അതെ പാനീയംതന്നെ.മറ്റൊരാൾക്കും ഈ രുചിയിൽ അതുണ്ടാക്കുവാൻ സാധിക്കുകയില്ല.ഇതെങ്ങിനെ സംഭവിച്ചു???

അബ്ദുല്ലയുടെ മറുപടികേട്ട് ഭൃത്യൻ മിഴിച്ചിരുന്നുപോയി...!രാജാവ് ചിന്തയിൽ ലയിച്ച് ചേർന്ന് ഒരുപാട് സമയം കഴിച്ചുകൂട്ടി.ഒരുപോള കണ്ണടയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.നേരം പുലർന്നു!! ദിനചര്യകൾക്കുശേഷം അംഗസ്നാനം വരുത്തി അദ്ദേഹം സുബ്ഹി നിസ്കരിച്ചു..

നിസ്കാരപായയിൽ ഇരുന്ന് സർവ്വശക്തനെ സ്തുതിച്ചു.സെക്കന്റുകൾ പിന്നെയും കഴിഞ്ഞു.എവിടെനിന്നോ മധുരമായ സ്വരനാഥം ഖുർആൻ പാരായണം അദ്ദേഹത്തിന്റെ കർണ്ണപുടങ്ങളിൽ അലയടിച്ചു.രാജാവ് ഞെട്ടിത്തരിച്ചുപോയി...!

അസൂറായുടെ അതേസ്വരം.!! തന്റെ കുടെയായിരുന്നപ്പോൾ എത്ര വൈകിക്കിടന്നാലും സുബ്ഹിക്ക് മുമ്പുതന്നെ ബീവി എഴുന്നേൽക്കുമായിരുന്നു. എന്നിട്ട് മനോഹരമായ ശൈലിയിൽ ഖുർആൻ പാരായണം ചെയ്യും.അസൂറാന്റെ ഖുർആൻ പാരായണംകേട്ട് താൻ എല്ലാംമറന്ന് എത്ര സമയമാണ് ഇരുന്നിട്ടുള്ളത്???

ഇപ്പോൾ താനീ കേൾക്കുന്ന ശബ്ദം അസൂറായുടേത് തന്നെയല്ലേ??

അല്ല!!അവൾ മരിച്ചുപോയി.നിഷ്ഠൂരൻമാർ അവളെ കൊലയ്ക്ക് കൊടുത്തു.പിന്നെ താനീ കേൾക്കുന്നതാരുടെ ശബ്ദമാണ്???..

അദ്ദേഹം പരിചാരകരിലൊരാളെ വിളിച്ചു.ആ ഖുർആൻ പാരായണം ചെയ്യുന്നത് ആരാണെന്ന് അന്വേഷിച്ചു.അത് രാജകുമാരിയുടെ ഭർത്താവ് ഹഖീമിന്റെ ഖുർആൻ പാരായണമാണ് ! ഭൃത്യന്റെ മറുപടി അബ്ദുല്ലയെ അത്ഭുതപ്പെടുത്തി.തന്റെ അസൂറയുടെ അതേ ശബ്ദമാണല്ലോ ഹഖീമിന് . ഈ ബംഗ്ലാവിൽ വന്നതുമുതൽ എന്റെ ആസുറയെ കുറിച്ചുള്ള ചിന്തകൾ എന്നിൽ നിറഞ്ഞുനിൽക്കുകയാണ്.

ഇതെന്തൊരു പരീക്ഷണമാണ് റഹ്മാനേ.അയാൾ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചു. അസൂറാബീവിയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരുരാവ്..!!അബ്ദുല്ല രാജാവിന് ആ ബംഗ്ലാവിലെ താമസം അതാണ് സമ്മാനിച്ചത്. എന്നാൽ കൂടെ വന്നവർ രാജകീയമായ സ്വീകരണത്തിൽ മതിമറന്ന് സന്തോഷത്തോടുകൂടി കൂർക്കംവലിച്ചുറങ്ങി.

അന്നും പ്രഭാതം പൊട്ടിവിടർന്നു!! പകലിന്റെ പൊൻകിരണങ്ങൾക്ക് ഇന്ന് കൂടുതൽ പ്രസന്നതയുണ്ട്.എന്തായിരിക്കാം കാരണം???

പതിവിലും ഉൻമേഷത്തോടെയാണ് പക്ഷിപറവകൾ അന്നത്തെ പ്രഭാതത്തെ എതിരേറ്റത്..! ആനന്ദകരമായ ഒരു സുദിനം.രാജസഭ കൂടുന്നതിനു മുമ്പുതന്നെ സദസ്സിലെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു.എല്ലാവരുടേയും ഹൃദയത്തിൽ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു.

പക്ഷേ,ആർക്കും എന്താണിവിടെ നടക്കുക എന്നതിന്റെ ഒരു രൂപവുമില്ല. അവരെല്ലാം വരാൻപോകുന്ന നിമിഷങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..!!!.

യമനിലെ രാജാവും,മന്ത്രിമാരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആസന്നരായി. ബീവി അസൂറ രാജസദസ്സിൽ തനിക്ക് പ്രത്യേകമായുള്ള സ്ഥാനത്ത് ഒരു മറയുടെ പിന്നിലിരുന്നു.രാജകീയാതിഥികൾക്കും,അവരുടെ സ്ഥാനമാനങ്ങൾക്കും അനുസൃതമായുള്ള ഇരിപ്പിടങ്ങൾ നൽകപ്പെട്ടിരുന്നു.

എല്ലാവരും ഇരുന്നുകഴിഞ്ഞു.തങ്ങളുടെ രോഗവിവരങ്ങൾ ഓരോരുത്തരായി ചുരുക്കി വിവരിക്കാൻ ബീവി കൽപ്പിച്ചു.അങ്ങിനെ ആദ്യമായി അബ്ദുറഹ്മാൻ തന്റെ കണ്ണിന്റെ രോഗത്തെക്കുറിച്ച് വിവരിച്ചു.

പിന്നീട് നാലു സേവകൻമാർ. പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ, 300 ദീനാർ നൽകി മോചിപ്പിക്കപ്പെട്ടവൻ , കപ്പിത്താൻ മുതലായ എല്ലാ രോഗികളും തങ്ങളെ അലട്ടിയിരുന്നതായ മാരകരോഗങ്ങളെക്കുറിച്ച് വിവരണം നടത്തി. ബീവിയും,രാജാവും,സദസ്സുമെല്ലാം അവരുടെ രോഗവിവരങ്ങൾ കേട്ടു. ബീവി എന്തെങ്കിലും ഉടൻ പ്രതിവിധി ചെയ്യും.അങ്ങനെ അവരെയെല്ലാം ഇത്രയുംകാലം അലട്ടിക്കൊണ്ടിരുന്ന രോഗങ്ങൾ സുഖപ്പെടും.ഈ പ്രതീക്ഷയായിരുന്നു സദസ്യർക്കെല്ലാം.

ഹഖീമിനെ അവർക്കെല്ലാം അത്രകണ്ട് മതിപ്പായിരുന്നു. പക്ഷേ,അവരുടെയെല്ലാം പ്രതീക്ഷകൾക്ക് വിപരീദമായാണ് കാര്യങ്ങൾ നീങ്ങിയത്.രോഗവിവരങ്ങൾ കേട്ടശേഷം ബീവി പറഞ്ഞു. ജീവിതത്തിൽ വിശുദ്ധിയാണ് മനുഷ്യർക്കാവശ്യം..! സത്യസന്ധത വിശുദ്ധിക്ക് മാറ്റു കൂട്ടുന്നു. പാപപങ്കിലമായ ജീവിതത്തിന് പലപ്പോഴും ഐഹികശിക്ഷ തന്നെ ലഭിക്കുന്നത് കാണാം.നിങ്ങളുടെയെല്ലാം രോഗവിവരങ്ങളിൽ നിന്നും എല്ലാവരും അതിനീചമായ എന്തോ ഒരപരാധം ചെയ്തിരിക്കുന്നു എന്ന് ഞാൻ കരുതുന്നു.മാത്രവുമല്ല,അവ ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്നുവോ എന്നുപോലും ഞാൻ സംശയിക്കുന്നു. അതുകൊണ്ട് നിങ്ങളോരോരുത്തരും അവരവർ പ്രവർത്തിച്ച നീചപ്രവർത്തികളെ ഈ രാജ സദസ്സിന്റെ മുന്നിൽവെച്ച് തുറന്നുപറയണം.അതിനുശേഷം പ്രതിവിധിയെക്കുറിച്ച് ആലോചിക്കുന്നതായിരിക്കും കുടുതൽ ഫലപ്രദമെന്ന് എനിക്ക് ബോധ്യപ്പെടുന്നു...!!ആ പ്രസ്താവനകേട്ട് എല്ലാവരും മിഴിച്ചിരിക്കുകയാണ്.

ഒരുസൂചി വീണാൽ ശബ്ദം കേൾക്കത്തക്ക ശ്മശാന മൂകതയാണവിടെ. ആരും ഒന്നുംതന്നെ ഉരിയാടിയില്ല. അബ്ദുല്ലാ രാജാവാണ് ആ നിശബ്ദതയെ മുറിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ കാര്യമായ എന്തോ സംശയം കടന്നുകൂടിയിരിക്കുന്നു. എന്താണിതിന്റെ രഹസ്യം??? എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടുന്നില്ല.അയാൾ സഹോദരന്റെ നേരെനോക്കി ഗർജിച്ചു, അബ്ദുറഹ്മാനേ...., ഹഖീം പറഞ്ഞത് കേട്ടില്ലെ.??എന്താണ് നീ ചെയ്ത തെറ്റ്??ആദ്യം അതുതന്നെ പറയൂ എനിക്ക് നിന്നെക്കുറിച്ച് കാര്യമായ സംശയമുണ്ട്.

സഹോദരന്റെ കൽപ്പനകേട്ട് അബ്ദുറഹ്മാൻ ഭയപ്പെട്ടു.താൻ ഭയപ്പെട്ട നിമിഷങ്ങൾ നിനച്ചിരിക്കാതെ വന്നുചേർന്നിരിക്കുകയാണ്.എല്ലാ തെറ്റുകളും ഏറ്റുപറയേണ്ട സമയം ഇവിടെ ആസന്നമായിരിക്കുന്നു...! വിഭ്രാന്തിയിൽ അബ്ദുറഹ്മാൻ വിയർത്തു..!! സംഭ്രമത്തോടെ വിറച്ച് വിറച്ച് അയാൾ മൊഴിഞ്ഞുതുടങ്ങി. ഞാൻ മഹാപാപിയാണ്..!! അത് ഏറ്റുപറയാനുള്ള മനക്കരുത്ത് എനിക്കില്ല..തന്നെയുമല്ല,,ഞാനതു തുറന്നുപറഞ്ഞാൽ എന്റെ സഹോദരൻ എന്നെ ഈ സദസ്സിന്റെ മുന്നിൽവെച്ച് തന്നെ പിച്ചിച്ചീന്തുമെന്ന് ഞാൻ ഭയപ്പെടുന്നു.സഹോദരന്റെ വാക്കുകൾ കേട്ട് അബ്ദുല്ലാരാജാവിന്റെ ധമനികളിലൂടെ രക്തം ഇരച്ചുകയറി.കോപത്താൽ അദ്ദേഹത്തിന്റെ പരിസരബോധംപോലും നഷ്ടമായി. പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.നിങ്ങൾ സമാധാനമായിട്ടിരിക്കുക.എല്ലാത്തിനും റബ്ബ് പരിഹാരം കാണിച്ച്തരും. യമനിലെരാജാവ് എഴുന്നേറ്റ് അബ്ദുറഹ്മാനോടായി പറഞ്ഞു.

ഇവിടെ എന്റെ അധികാര പരിധിയ്ക്കുള്ളിലാണ്.ഇവിടെവെച്ച് നിങ്ങളെ ആരും ഒന്നും ചെയ്യില്ല.അതുകൊണ്ട് യഥാർത്ഥ സംഭവങ്ങൾ തുറന്നുപറഞ്ഞ് മാപ്പിനപേക്ഷിക്കുവാൻ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയാണ്.

രാജാവിന്റെ കൽപ്പന കേട്ട് അവർ ഓരോരുത്തരായി തങ്ങളുടെ അപരാധങ്ങൾ തുറന്നു പറയാൻ തുടങ്ങി.ആദ്യം പറയാൻ തുടങ്ങിയത് അബ്ദുറഹ്മാനാണ്.സുഖസുഷുപ്തിയിൽ അർശൂസ്,തർശൂസ് രാജ്യങ്ങൾ കഴിഞ്ഞിരുന്ന കാലത്ത് സഹോദരൻ അബ്ദുല്ല രാജാവ് രാജ്യവും , കുടുംബവും തന്നെ ഏൽപ്പിച്ചാണ് ഹജ്ജിനുപോയത്. സഹോദരന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ കള്ളക്കഥകൾ കെട്ടിച്ചമച്ച്
കല്ലെറിഞ്ഞുകൊന്നത് എല്ലാം അയാൾ തുറന്നുപറഞ്ഞു.
അബ്ദുറഹ്മാനോടൊപ്പം ബീവിയെ നശിപ്പിക്കാൻ ശ്രമിച്ച മറ്റുനാലുപേരുടേയും മൊഴികൾ ഇത്തരത്തിലുള്ളതായിരുന്നു.


സദസ്സ്യർ ആശ്ചര്യത്തോടു കൂടി അതെല്ലാം കേട്ടുകൊണ്ടിരുന്നു.
അബ്ദുല്ലാരാജാവിന്റെ ഹൃദയത്തിൽ വിവിധ വിചാരങ്ങൾ അലയടിച്ചിരമ്പി.സഹോദരനേയും, മറ്റുള്ളവരേയും കൊലപ്പെടുത്താനുള്ള ദേഷ്യം അയാൾക്കുണ്ടായിരുന്നു. എന്തുചെയ്യാം , ഇതെന്റെ അധികാര പരിതിയിൽപ്പെട്ട സ്ഥലമല്ലല്ലോ എന്നുകരുതി അദ്ദേഹം ഒരുവിധത്തിൽ കോപം അടക്കി.

ബാക്കിക്കഥകൾ കേൾക്കാൻ ആകാംക്ഷാഭരിതനായി കാതുകൂർപ്പിച്ചു നിന്നു...!!!സംഭ്രമജനകമായ ഒരു തുടർക്കഥയുടെ അടുത്ത അദ്ധ്യായമെന്നോണം ബാക്കി സംഭവങ്ങൾ വിവരിച്ചത് ബീവിയെ ഹദ്ദ്കുഴിയിൽ നിന്നും രക്ഷിച്ച പ്രഭുവാണ്.  

പ്രഭു ഓരോന്നോരോന്നായി വിശദീകരിക്കാൻ തുടങ്ങി.പ്രഭുവിന്റെ സംഭാഷണത്തിൽനിന്നും അസൂറാബീവി മരിച്ചിട്ടില്ലെന്ന് വ്യക്തമായി.അബ്ദുല്ലാ രാജാവിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരായിരം വെള്ളിനിലാവുദിച്ചു.എവിടെയായിരിക്കും തന്റെ ബീവീ??

തുടർന്നുള്ള സംഭവങ്ങൾ കേൾക്കാൻ അയാൾ തിരക്കുകൂട്ടി. തന്റെ പുത്രനായ പിഞ്ചുപൈതലിന്റെ കൊലപാതകത്തിൽ സംശയിച്ച് ഭാര്യ ഇറക്കിവിട്ടതു വരെയുള്ള കഥയാണ് പ്രഭു പറഞ്ഞത്.തുടർന്ന്,താൻ ബീവിയെ മാംസദാഹത്തിനിരയാക്കാനൊരുങ്ങിയതും,വഴങ്ങാതെ വന്നപ്പോൾ കുഞ്ഞിനെ കൊലചെയ്ത് ബീവിയിൽ ആരോപിച്ചതും പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ പറഞ്ഞു.

ഇതേവരെ കേട്ടുകേൾവിയില്ലിത്ത ക്രൂരതകളാണ് പലരും പറയുന്നത്. പലരുടേയും കണ്ണുകളിൽനിന്നും കണ്ണുനീർ ഇറ്റി വീഴുന്നുണ്ട്..!!തന്റെ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങളാണ് ബീവി അസൂറയെന്ന മഹിളാരത്നം അനുഭവിക്കേണ്ടി വന്നതെന്നോർത്ത് കേട്ടവരെല്ലാം അത്ഭുതസ്തബ്ധരായി...!!!

അടുത്തവിവരണം 300 ദീനാർ കൊടുത്ത് ബീവി മോചിപ്പിച്ച ആളുടേതായിരുന്നു. തന്നെ രക്ഷിച്ചിട്ടു കൂടി താൻ ബീവിയെ ബലപ്രയോഗം നടത്തിയതും,ഓടി രക്ഷപ്പെടാനൊരുങ്ങിയ അവരെ കപ്പിത്താന് വിറ്റതുമെല്ലാം അയാൾ തുറന്നുപറഞ്ഞു. പിന്നീടുള്ള ഊഴം കപ്പിത്താന്റേതായിരുന്നു.തന്റെ കൈയ്യിൽകിട്ടിയ ഒരു പാവം തരുണിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചതും,സാധിക്കാതെ വന്നപ്പോൾ കരണത്തേയ്ക്ക് ആഞ്ഞടിച്ചതും കപ്പൽ മുങ്ങിയതും അയാൾ വിവരിച്ചു.അവരവരുടെ ഭാഗത്തുനിന്നും സംഭവിച്ച തെറ്റുകൾ.അബദ്ധങ്ങൾ എല്ലാവരും ഏറ്റുപറഞ്ഞു.

ഇനി ഇതിനൊക്കെ പ്രതിവിധി കാണേണ്ടത് രാജാവിന്റെ മകളുടെ ഭർത്താവാണ്.എല്ലാവരും ഹഖീമിന്റെ തീരുമാനത്തിനായി കാതോർത്തു.തന്റെയടുത്തിരുന്ന രാജകുമാരിയെ അരികിലേക്ക് വിളിച്ച് അസൂറാബീവി (ഹഖീം) എന്തോ രഹസ്യം പറഞ്ഞു.പിന്നീട് കപ്പിത്താനെ ഹാജരാക്കി അയാളോട് ചോദിച്ചു.നിങ്ങളല്ലേ അസൂറാബീവിയെ അവസാനമായി കണ്ടത്??..

അതെ!!!...ഒരുൾനടുക്കത്തോടെ അയാൾ മറുപടി പറഞ്ഞു.അവരുടെ കൈയ്യിൽ എന്തെങ്കിലുമുണ്ടായിരുന്നോ???

അവരുടെ കയ്യിൽ ഒരു പെട്ടിയുണ്ടായിരുന്നു.അവർ എപ്പോഴും അത് ഭദ്രമായി കൈവശം വെക്കുന്നതായി ഞാൻ ഓർക്കുന്നു.

ആ പെട്ടികണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ??

തീർച്ചയായും...!! നേരത്തെ രഹസ്യം പറയപ്പെട്ട രാജകുമാരി ആ പെട്ടിയെ അവിടെ ഹാജരാക്കി.ഇതുതന്നെയാണല്ലോ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന പെട്ടി?

അതെ! 

ആസുറ ബീവി (ഹഖീം ) അരമനയുടൈ അന്തപുരത്തിലേയ്ക്ക് നടന്ന് മറഞ്ഞു.

ഹഖീം അന്തപുരത്തിലേയ്ക്ക് പോയിട്ട് സമയമേറെയായി. എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.കാണുന്നില്ല..!!.അപ്പോഴാണ് പുതുവസ്ത്രങ്ങളുമണിഞ്ഞ് സന്തോഷഭരിതയായി അന്തപുരത്തിൽനിന്നും ബീവി ആസുറ ഇറങ്ങിവന്നത്...

അബ്ദുല്ലാഹ് രാജാവ് അത്ഭുതപ്പെട്ടു. ബീവി തന്റെ കഥകൾ എല്ലാം സദസ്യരുടെ മുന്നിൽ വ്യക്തമാക്കി. മറ്റുള്ളവർ പറഞ്ഞതും , ബീവി പറഞ്ഞതും എല്ലാം ഒരേ കാര്യങ്ങൾ . എല്ലാവർക്കും സത്യമെല്ലാം ബോധ്യമായി.

അവിശ്വസനീയമായ വാർത്ത കേൾക്കുന്നതുപോലെ സകലരും നിശ്ചലരായി നിന്നുപോയി.അബ്ദുല്ലാരാജാവ് ബീവിയുടെ അരികിലേക്ക് ഓടിയണഞ്ഞു.അസൂറാ , എന്റെ പ്രിയപ്പെട്ടവളേ. ഇതാ നോക്കൂ നിന്റെ പ്രിയപെട്ട ഭർത്താവാണ് നിൽക്കുന്നത് എന്നെ നീ അറിയില്ലേ???..എന്താ നീ എന്നോടൊന്നും മിണ്ടാത്തത്???

അങ്ങയെ ഞാൻ കാണുന്നുണ്ട്.അങ്ങ് പറയുന്നതെല്ലാം ഞാൻ കേൾക്കുന്നുമുണ്ട്.പക്ഷേ,ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച എനിക്ക് ഇനിയൊരു സൗഭാഗ്യ ജീവിതമില്ല.എന്റെ മരണത്തെ ഞാൻ മുന്നിൽകാണുന്നു..! അനന്തരം അസൂറാബീവി തന്നെ ഹദ്ദ് കുഴിയിൽനിന്നും രക്ഷിച്ച പ്രഭുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.അല്ലയോ മഹാ മനസ്കനായ പ്രഭുവര്യാ .. അങ്ങയുടെ പിഞ്ചോമന മകന്റെ കഴുത്തറുത്ത് കൊന്ന പാപി ഇവിടെ ഈ സദസ്സിലുണ്ട്.അവന് എന്ത് ശിക്ഷയാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്??

ഞാനെല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ചിരിക്കുന്നു. ഈ ദിവസം ഒരു പ്രതികാരത്തിനു ഞാൻ മുതിരുന്നില്ല. അനന്തരം അവിടെക്കൂടിയ രോഗികളോട് അസൂറാബീവി പറഞ്ഞു.നിങ്ങൾ എന്നോടു ചെയ്ത ക്രൂരതകളെല്ലാം ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കുന്നു.അവർക്കെല്ലാം വേണ്ടി ബീവി രോഗശമനത്തിന് ദുആ ചെയ്തു.അല്ലാഹുവിനോട് സകല പാപങ്ങളും ഏറ്റുപറഞ്ഞ് നാഥന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു!!!!

ബീവിയെ സന്ദർശിച്ചവരെല്ലാം വലിയൊരു കഥയുടെ ചുരുളഴിഞ്ഞുവീഴുന്നത് കണ്ട് ആശ്ചര്യഭരിതരായി..!.ആഗതരെല്ലാം പിരിഞ്ഞുപോയി.അബ്ദുല്ല വീണ്ടും ബീവിയെ സമീപിച്ചു.നീയെന്താണ് എന്നോടിങ്ങനെ കനിവില്ലാതെ പെരുമാറുന്നത്?? നിന്നെമാത്രം ചിന്തിച്ചുകൊണ്ടായിരുന്നുവല്ലോ ഞാൻ ഇത്രകാലവും ജീവിച്ചത്?? ഇപ്പോൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ എന്തേ എന്റെ വേദന നീ മനസ്സിലാക്കാത്തത്???

ഭർത്താവിന്റെ വേദന തുളുമ്പുന്ന സംസാരംകേട്ട് ബീവി പറഞ്ഞു.അങ്ങ് ക്ഷമിക്കണം.ഐഹികമായ എന്റെ സകല ആശകളും അസ്തമിച്ചിരിക്കുന്നു.എന്റെ ശേഷിക്കുന്ന ജീവിതത്തിൽ ഇനിയൊരു ദാമ്പത്യബന്ധത്തിന്റെ ആവശ്യമില്ല..!!

അങ്ങ് എന്റെ അന്ത്യാഭിലാഷങ്ങൾ നിറവേറ്റിത്തരണം.സുഹ്റാ രാജകുമാരിയെ (യമനിലെ രാജാവിെൻറ മകൾ) അങ്ങ് നികാഹ് കഴിക്കണം. 

മാനസികമായ വേദനയോടെ അബ്ദുല്ലാരാജാവിന് അത് കേൾക്കേണ്ടിവന്നു.

ബീവിയുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അബ്ദുല്ല ആ വിവാഹത്തിന് സമ്മതിച്ചു.അങ്ങിനെ യമനിലെ സുഹ്റാ രാജകുമാരിയുടേയും,അബ്ദുല്ലാരാജാവിന്റേയും വിവാഹം നടന്നു.

അധിക ദിവസം കഴിഞ്ഞില്ല.ബീവി രോഗ ശയ്യയിലായി . ബീവിയുടെ ഊഹം തെറ്റിയില്ല.

ബീവിയെത്തേടി അസ്റാഈൽ(അലൈഹിസ്സലാം) കടന്നുവന്നു.ഒരായിരം ത്യാഗത്തിന്റെ ചരിത്രം രചിച്ച ആ മഹത്വത്തിന്റെ പ്രതീകം എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു...!!!..ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....!!...

2 comments:

  1. ഇതിൻറെ ഒരു കഥാപ്രസംഗം ഉണ്ടായിരുന്നു. Female voice. ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ അയക്കാമോ

    ReplyDelete