Thursday 4 January 2018

ദാവൂദ് നബി (അ)






ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട  പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചകരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു സിദ്ധിക്കുകയും നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ദൈവദൂതനാണ് ദാവൂദ്(അ).

മൂസാ(അ)നബിക്കുശേഷം ഇസ്‌റാഈല്യരില്‍ വേറെയും നബിമാര്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാലൂത്ത് എന്ന അക്രമിയായ ഒരു ഭരണാധികാരിയാല്‍ അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ജാലൂത്തിനെ നേരിടാന്‍ കഴിവില്ലാതിരുന്ന ആ സമൂഹം തങ്ങളുടെ പ്രവാചകനോട് ഒരു രാജാവിനെ നിയമിച്ചുതരാന്‍ ആവശ്യപ്പെട്ടു. ത്വാലൂത്ത് എന്ന ഒരാളെ രാജാവാക്കി അല്ലാഹു നിശ്ചയിച്ചു കൊടുത്തു. നന്ദികേടില്‍ പേരുകേട്ട ഇസ്‌റാഈല്യര്‍ പക്ഷേ തൃപ്തിപ്പെട്ടില്ല. ത്വാലൂത്തിന്റെ അധികാരത്തില്‍ ചിലര്‍ക്ക് അമര്‍ഷം. ഏതായാലും ത്വാലൂത്തിന്റെ നേതൃത്വത്തില്‍ ജാലൂത്തിനെ നേരിടാന്‍ അവര്‍ പുറപ്പെട്ടു. എന്നാല്‍ ജാലൂത്തിന്റെ ശക്തിയെപ്പറ്റി കേട്ടൂ ഭയന്ന അവര്‍ തങ്ങള്‍ക്ക് ജാലൂത്തിനെ നേരിടാന്‍ വയ്യെന്ന് പറഞ്ഞു. വിശ്വാസം ഉറച്ച കുറച്ചുപേര്‍ മാത്രം ത്വാലൂത്തിനോടൊപ്പം പുറപ്പെട്ടു. വഴിയില്‍വെച്ച് ഒരു നദിയിലെ വെള്ളം കുടിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ത്വാലൂത്ത് സൈന്യത്തിന്റെ ക്ഷമാശീലം പരിശോധിച്ചു. അതില്‍ കുറച്ചു പേര്‍ മാത്രമേ വിജയിച്ചുള്ളൂ. ആ ചെറുസംഘം ധീരമായി പോരാടി. സ്ഥൈര്യത്തിനുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. സൈന്യത്തിലുണ്ടായിരുന്ന ദാവൂദ് എന്ന ചെറുപ്പക്കാരന്‍ ജാലൂത്തിനെ വധിച്ചു. ത്വാലൂത്തിന്റെയും ദാവൂദിന്റെയും സൈന്യം വിജയിച്ചു. ഫലസ്ത്വീന്‍ കീഴടക്കി.

ഏറെത്താമസിയാതെ ഭരണച്ചുമതല ദാവൂദിന്റെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടു. ഇസ്‌റാഈലികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കി അദ്ദേഹം ശക്തമായ ഒരു ഭരണകൂടം സ്ഥാപിച്ചു. ദാവൂദിന് അല്ലാഹു പ്രവാചകത്വ പദവിയും നല്‍കി. ദൈവദൂതന്മാര്‍ക്ക് അല്ലാഹു ദൃഷ്ടാന്തങ്ങള്‍ നല്‍കാറുണ്ട്. ഇദ്ദേഹത്തിനും നിരവധി ആയത്തുകള്‍ നല്‍കിയിട്ടുണ്ട്. പര്‍വതങ്ങളും പറവകളും ദാവൂദിന്റെ കൂടെ പ്രാര്‍ഥനയില്‍ പങ്കെടുത്തത് അദ്ദേഹത്തിന് ബഹുമതിയായി. ഇരുമ്പിനെ അല്ലാഹു അദ്ദേഹത്തിന് പാകപ്പെടുത്തിക്കൊടുത്തു. ഇരുമ്പുകൊണ്ട് പടയങ്കിയുണ്ടാക്കുന്ന വിദ്യയും വശമായിരുന്നു അദ്ദേഹത്തിന്. അല്ലാഹു അദ്ദേഹത്തെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കിയിട്ടുണ്ട്.

രാജാധികാരം ലഭിച്ച ദാവൂദ് നബി അഹങ്കരിക്കുകയല്ല ചെയ്തത്. സ്വയം അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഉപജീവനത്തിനുവേണ്ടി ദാവൂദ് ഉപയോഗിച്ചിരുന്നത് എന്ന് നബി(സ) പ്രസ്താവിച്ചതായി കാണാം.


അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നിസ്കാരം ദാവൂദ് നബി(അ)യുടെ നിസ്കാരമായിരുന്നു അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബി(അ)യുടെ നോമ്പായിരുന്നു ദാവൂദ് (അ) സബൂർ പാരായണം ചെയ്യാൻ തുടങ്ങിയാൽ പറവകളും മൃഗങ്ങളും വട്ടമിട്ട് ചുറ്റും കൂടും ശ്രദ്ധിച്ചു കേൾക്കും ആസ്വദിക്കും സമയമെത്ര ദീർഘിച്ചാലും സദസ്സ് വിട്ട് പോവില്ല വിശന്ന് പൊരിഞ്ഞ് മരണം സംഭവിക്കുമെന്ന് വന്നാൽ പോലും അവ സബൂർ പാരായണം കേട്ട് കൊണ്ടിരിക്കും മറ്റാർക്കും ലഭിക്കാത്തത്ര സുന്ദരമായിരുന്നു ദാവൂദ് (അ)ന്റെ രാഗം ആ പ്രവാചകനെ അടുത്തറിയാൻ നിങ്ങളെ സഹായിക്കും ..


ആട്ടിടയൻ 





യഹ്ഖൂബ് നബി(അ) ന്റെ സന്താന പരമ്പരയിലാണ് ദാവൂദ് അ) ജനിച്ചത് ആ പരമ്പര ഇപ്രകാരമായിരുന്നു.

യഹ്ഖൂബ് (അ)
യഹൂദാ
ഫാരിള്
ഹസ്റൂൻ
ഇറം
അവീനാദിബ്
നഹ്ശൂൻ
സൽമൂൻ
ആബിർ
ഉവൈദ്
ഈശ
ദാവൂദ് (അ)

ഇസ്രാഈലി വംശത്തിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ദാവൂദ് (അ)ന്റെ പിതാവ് ഈശ അദ്ദേഹത്തിന് പതിമൂന്ന് പുത്രന്മാരുണ്ടായിരുന്നു അവരിൽ ഏറ്റവും ഇളയ പുത്രനായിരുന്നു ദാവൂദ് (അ)

വലിയ ഉയരമില്ല ഉയരം കുറഞ്ഞ ആളായിരുന്നു നീലക്കണ്ണുകൾ തലയിൽ തിങ്ങിനിറഞ്ഞ മുടിയില്ല മുടി കുറവായിരുന്നു പരിശുദ്ധമായ മനസ്സ് ആരും ഇഷ്ടപ്പെടുന്ന ആകർഷകമായ പെരുമാറ്റം വലിയ ധീരനാണ് നല്ല ശക്തനുമാണ് പുലിയെയും സിംഹത്തെയുമൊക്കെ ഒറ്റക്ക് നേരിടും ഏറ്റുമുട്ടി വക വരുത്തും അത്രയ്ക്ക് ശക്തനാണ് കൈയിൽ കവണ കാണും അത് വളരെ പ്രസിദ്ധമായ കവണയാണ് കവണയിൽ കല്ല് വെച്ച് ഉന്നം നോക്കി എയ്തുവിടും ലക്ഷ്യത്തിൽ തന്നെ ചെന്നു കൊള്ളും ഇളയ കുട്ടിയായതുകൊണ്ട് ഗോത്രക്കാരിൽ നിന്ന് അളവറ്റ സ്നേഹവും ലാളനയും ലഭിച്ചു ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നുവന്നു അത്ഭുതകരമായ ബുദ്ധിശക്തിയും പാവങ്ങളോട് വല്ലാത്ത അലിവുള്ള മനസ്സ് ധിക്കാരികളോട് കടുത്ത വിരോധം ശൈശവം വിട്ടു ബാല്യദശയിലെത്തി ധാരാളം അംഗങ്ങളുള്ള തറവാട് ദിവസേന ഒട്ടേറെ വിരുന്നുകാർ വ്യക്തിപരമായ കാര്യങ്ങൾ ചർച്ചക്കുവരും ദാവൂദ് കൗതകത്തോടെ കേൾക്കും പല കാര്യങ്ങൾ കേട്ടു പഠിക്കും വ്യക്തികൾ നേരിടുന്ന എന്തെല്ലാം പ്രശ്നങ്ങൾ ആ പ്രശ്നങ്ങൾ ഒരാൾ അവതരിപ്പിക്കുന്നു കേട്ടിരിക്കുന്നവർ അവരവരുടെ ബുദ്ധിക്കും ഭാവനക്കുമനുസരിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.

പ്രശ്നം ഒന്ന് 

പരിഹാരം പലത് 

അതെന്താ അങ്ങനെ ? 

ബാലനായ ദാവൂദ് ചിന്തിച്ചു വിവിധ വ്യക്തികൾ വിവിധ ചിന്തകൾ വിവിധ അഭിപ്രായങ്ങൾ ആ വൈവിധ്യങ്ങളെക്കുറിച്ച് ആ ബാലൻ ചിന്തിച്ചു
വീട്ടിലെത്തുന്ന ചിലർ കുടുംബ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു എല്ലാ കുടുംബത്തിലുമുണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ അവയുടെ കാരണങ്ങൾ ഒരേ രീതിയിലുള്ളതല്ല വിവിധ കാരണങ്ങൾ പരിഹാരമാർഗ്ഗങ്ങളും പലവിധം അതേക്കുറിച്ചൊക്കെ ബാലൻ ചിന്തിക്കാൻ തുടങ്ങി

സാമൂഹിക പ്രശ്നങ്ങളാണ് മറ്റ് ചിലപ്പോൾ ചർച്ചക്കുവരിക അതും ശ്രദ്ധിച്ചു കേൾക്കും സമൂഹത്തിലെ അംഗങ്ങൾ വിവിധ സ്വഭാവക്കാർ സംസ്കാരമുള്ളവർ സത്യം കാത്തുസൂക്ഷിക്കുന്നവർ സംസ്കാരമില്ലാത്തവർ , സ്വഭാവദൂഷ്യമുള്ളവർ .കള്ളന്മാർ, ദുഷ്ടന്മാർ,ഭിന്നിപ്പുണ്ടാക്കുന്നവർ അവരെക്കുറിച്ചെല്ലാം കേട്ടു ചിന്തിച്ചു മനുഷ്യരിങ്ങനെയൊക്കെയാവാൻ? ഏകനായ അല്ലാഹു അവനാണ് എല്ലാ മനുഷ്യരുടെയും സ്രഷ്ടാവ് പക്ഷെ മനുഷ്യർ പലവിധമായി ചിലർ അനുസരണയുള്ളവരായി മറ്റുചിലർ ധിക്കാരികളായി ദാവൂദ് വളരെ നേരം ചിന്തിച്ചിരുന്നുപോയി ഇക്കാക്കമാരോടൊപ്പം ആടിനെ മേയ്ക്കാൻ പോവും ഒരു വലിയ ആട്ടിൻ കൂട്ടം അതിന്റെ ഉടമയാണ് പിതാവ് വീട്ടിൽ ജോലിക്കാരുണ്ട് ആടിനെ മേയ്ക്കാൻ പോവുമ്പോൾ അവരിൽ ചിലരും കൂടെക്കാണും

മാനംമുട്ടെ ഉയർന്നുനിൽക്കുന്ന മലകൾ അവയുടെ ചരിവുകൾ വിശാലമാണ് അവിടെ കുറ്റിച്ചെടികൾ വളർന്നുനിൽക്കുന്നു ചെടികളുടെ ഇലകൾ തിന്നാൻ ആടുകൾ മത്സരിച്ച് ഓടും മറ്റുള്ളവരുടെ ആട്ടിൻകൂട്ടങ്ങളും അപ്പുറത്തൊക്കെ കാണും പരസ്പരം കൂടിക്കലരാതെ നോക്കണം വടിയുമായി ആട്ടിൻപറ്റത്തിന്റെ ചുറ്റും ഓടി നടന്നു നിയന്ത്രിക്കണം വിശപ്പടങ്ങിയാൽ ആടുകൾ വിശ്രമിക്കും അപ്പോൾ ഇടയന്മാർക്കും വിശ്രമം ബാലനായ ദാവൂദ് പാറപ്പുറത്തിരുന്നു മേൽപ്പോട്ടു നോക്കും വിശാലമായ നീലാകാശം അവിടെ മേഞ്ഞു നടക്കുന്ന മേഘങ്ങൾ അല്ലാഹുവിന്റെ സൃഷ്ടി വൈഭവം ആശ്ചര്യകരം സ്രഷ്ടാവായ അല്ലാഹു സകല ലോകങ്ങളെയും അവൻ സൃഷ്ടിച്ചു മനുഷ്യരെ സന്മാർഗത്തിലേക്ക് നയിക്കാൻ പ്രവാചകന്മാരെ അയച്ചു. 

ഈ സമുദായത്തിലേക്ക് അയക്കപ്പെട്ട നബിയാണ് ശമവീൽ (അ) ദാവൂദിന്റെ മനസ്സിൽ ശമവീൽ പ്രവാചകന്റെ മനോഹരമായ രൂപം തെളിഞ്ഞുവന്നു എത്രയോ തവണ കണ്ടിട്ടുണ്ട് സംസാരം കേട്ടിട്ടുണ്ട് എത്ര സുന്ദരമാണ് ആ സംസാരം എന്ത് നല്ല പെരുമാറ്റം സാരോപദേശങ്ങൾ കേൾക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു ദാവൂദിന്റെ മനസ്സ് ഭക്തിനിർഭരമായി ഗോത്രക്കാർ ദാവൂദിന്റെ ധീരതയെ വാഴ്ത്തിപ്പറഞ്ഞു സ്വഭാവ ഗുണങ്ങൾ എടുത്തുപറഞ്ഞു ശാരീരിക ശക്തിയെപ്പറ്റി സംസാരിച്ചു എന്നാലതൊന്നുമല്ല ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പിന്നെന്താണത് ? ദാവൂദിന്റെ ശബ്ദസൗന്ദര്യം എത്ര മധുരമാണാ ശബ്ദം പാട്ട് പാടുന്നത് കേട്ടാൽ മനുഷ്യർ ചലനമറ്റ് നിന്നുപോകും

പ്രവാചകൻ 

ഇസ്രാഈലി സമൂഹത്തിന്റെ ചരിത്രം കുട്ടികൾ കേട്ടുപഠിക്കുന്നത് അവരുടെ ഉമ്മമാരിൽ നിന്നും ഇത്താത്തമാരിൽ നിന്നുമാണ് പ്രായം ചെന്ന ഉമ്മൂമമാർ കഥകൾ നീട്ടിപ്പറഞ്ഞുകൊടുക്കും കുട്ടികൾ ശ്രദ്ധയോടെ കേട്ടു പഠിക്കും നബിമാരുടെ കഥകൾ പറയും മൂസാ(അ)ന്റെ ചരിത്രം ഫിർഔനിന്റെയും ഖാറൂനിന്റെയും ചരിത്രം ഹാറൂൻ (അ)ന്റെ ചരിത്രം അതിനു ശേഷം വന്ന നബിമാർ ചരിത്രം വന്നു നിൽക്കുന്നത് ശമവീൽ നബി(അ)യിലാണ് അദ്ദേഹത്തെ ചിലർ അശ്മവീൽ പ്രവാചകൻ എന്നും വിളിക്കുന്നു അദ്ദേഹത്തിന്റെ പിതാവ് ബാലിയ്യ് പിതൃപരമ്പര പ്രസിദ്ധനായ അസ്രിയ്യാ എന്ന ഇസ്രാഈലി നേതാവിൽ ചെന്നുചേരുന്നു ആ പരമ്പര ഇങ്ങനെയാകുന്നു

ബാലിയ്യ്, അൽഖമ, ഹാം, അൽയാഹൂ, തഹ്വ് , സൂഫ് ,അൽഖമ, മാഹിസ് ,അമൂസ്വാ, അസ്രിയ്യാ

ശമവീൽ (അ)ഹാറൂൻ (അ) ന്റെ സന്താന പരമ്പരയിൽ പെടുന്നുവെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഹൽഫായാ എന്ന പൗര പ്രമുഖന്റെ മകനാണ് അശ്മവീൽ എന്നു രേഖപ്പെടുത്തിയവരുണ്ട് ശമവീൽ ജനിക്കുന്നതിന്റെ എത്രയോ വർഷങ്ങൾക്കു മുമ്പുള്ള ഒരു ദുരന്തത്തിന്റെ കഥ ജനങ്ങൾ പറയുന്നത് കുട്ടിയായ ദാവൂദ് കേട്ടു ഇസ്രാഈലി വംശത്തിന്റെ ദുരന്ത കഥ

ഗസ്സ, അസ്ഖലാൻ തുടങ്ങിയ പ്രദേശങ്ങളിലാണ് ദുന്തം കൂടുതൽ നടന്നത് അവിടെ ധാരാളം ഇസ്രാഈലികളുണ്ടായിരുന്നു കൃഷിയും കച്ചവടവും മറ്റുമായി അവർ നല്ലനിലയിൽ കഴിഞ്ഞുകൂടുകയായിരുന്നു അമാലിഖത്ത് വർഗ്ഗക്കാർ ഒരു ശാപംപോലെ അവിടെയെത്തി

മൂസ(അ) ന്റെ വിയോഗത്തിനുശേഷം ഇസ്രാഈലി സമൂഹത്തെ നയിച്ചത് യൂശഹ് നബി(അ) ആയിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇസ്രാഈല്യർ ഫലസ്തീനിൽ പ്രവേശിച്ചു ഓരോ ഗോത്രത്തിനുള്ള വാസസ്ഥലം നിർണയിച്ചുകൊടുത്തു ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെ നിയമിച്ചുകൊടുത്തു ന്യായാധിപൻമാർ തൗറാത്ത് അനുസരിച്ചാണ് വിധി നടപ്പാക്കിയിരുന്നത് ഇ നല്ല കാലം യൂശഹ് (അ) ന്റെ മരണംവരെ നിലനിന്നു അദ്ദേഹത്തിന്റെ നിയന്ത്രണം ഇസ്രാഈല്യർക്ക് വിജയവും പുരോഗതിയും നേടിക്കൊടുത്തു അതിനുശേഷം മൂന്നര നൂറ്റാണ്ടുകൾ കടന്നുപോയി എത്രയോ പ്രവാചകന്മാർ വന്നു അവർ ജനങ്ങളെ നിയന്ത്രിച്ചു അവരുടെ ഉപദേശമനുസരിച്ചു ന്യായാധിപൻമാർ ഭരണം നടത്തി. 

പ്രവാചകന്മാർ തന്നെ ന്യായാധിപൻമാരായി ജനങ്ങളെ നയിക്കുകയും ചെയ്തിട്ടുണ്ട് പിന്നെ സ്ഥിതിയാകെ മാറി ജനങ്ങൾ ലൗകിക സുഖങ്ങളിൽ മുഴുകി പ്രവാചകന്മാർ പഠിപ്പിച്ചതെല്ലാം മറന്നു നേരായ മാർഗ്ഗത്തിൽ നിന്നകന്നു ബിംബാരാധന മടങ്ങിവന്നു ദുരാചാരങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു അവർക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടിവന്നു.

അമാലിഖത്ത് വർഗ്ഗക്കാരുടെ ആക്രമണമായിരുന്നു വല്ലാത്ത പരീക്ഷണം അമാലിഖത്തും ഇസ്രാഈല്യരും തമ്മിൽ പല യുദ്ധങ്ങൾ നടന്നു ഇസ്രാഈല്യർക്ക് വമ്പിച്ച നാശനഷ്ടങ്ങൾ സംഭവിച്ചു ഇസ്രാഈല്യരുടെ കൈവശം തൗറാത്തിന്റെ കോപ്പികളും 'താബൂത്ത് 'എന്ന വിശുദ്ധ പെട്ടകവും ഉണ്ടായിരുന്നു അവയും അമാലിഖത്ത് ബലം പ്രയോഗിച്ചു കൈവശപ്പെടുത്തി അതോടെ അവരുടെ മതചിഹ്നങ്ങളും നഷ്ടപ്പെട്ടു ജീവന്മരണ പോരാട്ടമാണ് പിന്നെ നടന്നത് ഓരോ ഗ്രാമത്തിലും കൂട്ടക്കുരുതി തന്നെ നടന്നു പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വധിച്ചു

പട്ടണങ്ങളിൽ നിന്ന് ഇസ്രാഈല്യർ കൂട്ടത്തോടെ പാലായനം ചെയ്തു അവരുടെ വസ്തുവകകൾ അമാലിഖത്ത് വംശക്കാർ പിടിച്ചടക്കി
ഇസ്രാഈല്യരുടെ ഒരു പ്രധാന ഗോത്രമാണ് 'ലേവി' ആ ഗോത്രത്തിൽ നിന്ന് പ്രവാചകൻമാർ വന്നിട്ടുണ്ട് ഇനിയൊരു പ്രവാചകൻ ആ ഗോത്രത്തിൽ നിന്ന് വരുമെന്ന് തോന്നുന്നില്ല ആ ഗോത്രത്തിലെ പുരുഷന്മാരെല്ലാം വധിക്കപ്പെട്ടിരിക്കുന്നു സ്ത്രീകളും കുട്ടികളും വധിക്കപ്പെട്ടുപോയി ഇനി ഒരു സ്ത്രീമാത്രം ബാക്കിയുണ്ട് അവരുടെ ഭർത്താവിനെയും അവർക്ക് നഷ്ടപ്പെട്ടിരുന്നു അവർ മനസ്സുരുകി പ്രാർത്ഥന നടത്തി

സർവ്വശക്തനായ അല്ലാഹുവേ ഒരു മഹത്തായ ഗോത്രം ഇതാ നശിച്ചു നാമാവശേഷമായിരിക്കുന്നു ഒരൊറ്റ പുരുഷനും ബാക്കിയായതായി അറിവില്ല അല്ലാഹുവേ നീ സർവ്വശക്തനാണ് എന്തിനും കഴിവുള്ളവനാണ് റബ്ബേ ....ഈ പാവപ്പെട്ടവൾക്ക് നീ ഒരാൺകുഞ്ഞിനെ നൽകേണമേ..... പൊട്ടിക്കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന നിരന്തരമായ തേട്ടം കണ്ണീരിൽ കുതിർന്ന വാക്കുകൾ സ്വീകരിക്കപ്പെട്ടു ആ സ്ത്രീ ഒരാൺകുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിന് അശ്മവീൽ (ശമവീൽ) എന്നു പേരിട്ടു

'അല്ലാഹു എന്റെ പ്രാർത്ഥന കേട്ടു ' എന്നാണ് ഈ വാക്കിന്റെ അർത്ഥം ഹീബ്രു ഭാഷയിൽ ഇസ്മാഈൽ എന്ന് അർത്ഥം പറയാം ശമുവീലിന്റെ കുട്ടിക്കാലത്തെക്കുറിച്ചു വിശദ വിവരങ്ങൾ ലഭിക്കുന്നില്ല ശമുവീലിന്റെ ജനനത്തിനു മുമ്പുതന്നെ പിതാവ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയെ ഉമ്മ കഷ്ടപ്പെട്ട് വളർത്തിയെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ഉമ്മയിൽ നിന്ന് കുട്ടി വളരെയേറെ അറിവുകൾ നേടിയെന്നും നാല്പതാം വയസ്സിൽ പ്രവാചകത്വം ലഭിച്ചെന്നും രേഖപ്പെടുത്തിയിരിക്കുന്നു

പിന്നീട് മസ്ജിദിലെ ദർസിൽ ചേർന്നു ഒരു പണ്ഡിതനിൽ നിന്ന് പഠിക്കാൻ തുടങ്ങി ആരാധനാ കർമ്മങ്ങളെല്ലാം അദ്ദേഹത്തിൽ നിന്ന് പഠിച്ചു ഒരു രാത്രി ശമവീൽ മസ്ജിദിൽ ഉറങ്ങുകയായിരുന്നു തന്റെ ഉസ്താദും പള്ളിയിൽ ഉറങ്ങുന്നുണ്ട് ശമവീൽ ഏതോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു ഉസ്താദ് വിളിച്ചതായിരിക്കുമോ ?

ശമവീൽ ഉണർന്നെഴുന്നേറ്റു ഉസ്താദിന്റെ മുറിയിലേക്ക് ധൃതിയിൽ ചെന്നു ആദരവോടെ ചോദിച്ചു 

'അങ്ങ് എന്നെ വിളിച്ചുവോ ?

ഉസ്താദ് ഉറക്കച്ചടവോടെ മറുപടി പറഞ്ഞു :

'ങ....ങാ.... അദ്ദേഹം ഉറക്കിലേക്ക് വീണു

ശമവീൽ വന്നു കിടന്നു ഉറങ്ങി ഉറങ്ങിയപ്പോൾ ആരോ തന്നെ വിളിക്കുന്നു ഉണർന്നെഴുന്നേറ്റു ഉസ്താദ് ഉറക്കിൽ തന്നെ പിന്നാരാണ് തന്നെ വിളിച്ചത് ? വീണ്ടും കിടന്നു ഉറങ്ങി മൂന്നാം തവണയും വിളിയുടെ ശബ്ദം ഉണർന്നു അപ്പോൾ ഇങ്ങനെ പറയുന്നത് കേട്ടു

' ഞാൻ ജിബ്രീൽ ആകുന്നു അല്ലാഹു താങ്കളെ നബിയായി നിയോഗിച്ചിരിക്കുന്നു താങ്കളുടെ സമുദായത്തിലേക്കുള്ള നബിയാണ് താങ്കൾ '
ശമവീൽ തന്റെ ബന്ധുക്കളെ സമീപിച്ചു താൻ പ്രവാചകനായി നിയോഗിക്കപ്പെട്ട വിവരം പറഞ്ഞു ചിലർ അത് വിശ്വസിച്ചു പലരും സംശയിച്ചുനിന്നു

അമാലിഖത്തുമായുള്ള യുദ്ധങ്ങൾ കാരണമായി ഇസ്രാഈലി വംശം തകർന്നു തരിപ്പണമായിപ്പോയിരുന്നു ആ തകർച്ചയുടെ ഘട്ടത്തിലാണ് ശമവീൽ ജനിച്ചത് അതിനുശേഷം നാല്പതിലേറെ വർഷങ്ങൾ കടന്നുപോയിരിക്കുന്നു പുതിയ തലമുറ വളർന്നുവന്നിരിക്കുന്നു എന്നാലും അവർ ശക്തരല്ല ഇനിയവർക്ക് വളരണം ശക്തരാവണം പഴയ പ്രതാപം വീണ്ടെടുക്കണം അതിന്നവർക്ക് ശക്തനായ നേതാവ് വേണം ഒരു പ്രവാചകൻ വേണം ശമവീൽ പ്രവാചകനായി വരുന്നത് നല്ലതുതന്നെ എന്ന ചിന്ത വളർന്നു അമാലിഖത്ത് നടത്തിയ കൊടും ക്രൂരതകൾ അവർ വേദനയോടെ ഓർക്കുന്നു പ്രതികാരം ചെയ്യണം യുദ്ധം നടത്തണം യുദ്ധം നയിക്കാൻ ഒരു രാജാവ് തന്നെ വേണം അവർ അങ്ങനെ ചിന്തിക്കാൻ തുടങ്ങി.

താബൂത്ത്




( ഈ ചിത്രം ഒറിജിനൽ അല്ല)

'താബൂത്ത്' എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച സക്കീനത്ത് പെട്ടിയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ വന്നിട്ടുണ്ട് മേത്തരം മരം കൊണ്ടുണ്ടാക്കിയ പെട്ടി സ്വർണ്ണക്കെട്ടുള്ള പെട്ടി ചന്ദനമരംകൊണ്ടാണെന്നും പറയപ്പെട്ടിട്ടുണ്ട്

അല്ലാഹു ആദം നബി (അ)ന് ഇറക്കിക്കൊടുത്ത പെട്ടിയാണ് വരാനിരിക്കുന്ന പ്രവാചകന്മാരുടെ രൂപങ്ങളും വിവരങ്ങളും അതിലുണ്ട് മലക്കുകളുടെ സാക്ഷ്യത്തോടെയുള്ള ഒരു കരാർ പത്രവും അതിലുണ്ടായിരുന്നു

ആദം നബി(അ) നു ശേഷം പെട്ടി ശീസ് നബി(അ) സുക്ഷിച്ചു വളരെ ആദരവോടെയാണ് സൂക്ഷിച്ചത് പല നബിമാരിലൂടെ താബൂത്ത് കടന്നുവന്നു ഒരു നബിക്കുശേഷം മറ്റൊരു നബി എന്ന ക്രമത്തിൽ

ഒരു കാലത്ത് അത് ഇസ്മാഈൽ (അ)ന്റെ കൈവശമായിരുന്നു പിന്നീടത് ഇസ്ഹാഖ് (അ) ന്റെ കൈവശം വന്നുചേർന്നു പിന്നീട് ആ പ്രവാചകന്റെ സന്താനപരമ്പരയിൽ പെട്ട പ്രവാചകന്മാർ സൂക്ഷിച്ചുവന്നു എന്നു പറഞ്ഞാൽ ഇസ്രാഈല്യരുടെ കൈവശം വന്നു ചേർന്നു

ഇസ്രാഈല്യർ പലപ്പോഴും വഴിപിഴച്ച ജീവിതം നയിച്ചിരുന്നു എന്നാലും അവർ താബൂത്തിനെ വളരരെയേറെ ആദരിച്ചു പോന്നു പിന്നീടത് മൂസാ (അ) ന്റെ കൈവശം വന്നുചേർന്നു മൂസാ(അ) തൗറാത്ത് എഴുതിയ പലകകളുമായി വന്നപ്പോൾ ജനങ്ങൾ സാമിരിയുടെ പശുക്കുട്ടിയെ ആരാധിക്കുന്നത് കണ്ടു

കടുത്ത നിരാശയും കോപവും വന്ന മൂസ(അ) പലകകൾ താഴെയിട്ടു ചിലത് പൊട്ടിപ്പോയി പൊട്ടിപ്പോയ പലകകൾ സക്കീനത്ത് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്

മൂസായുടെ കുടുംബവും ഹാറൂനിന്റെ കുടുംബവും വിട്ടേച്ചുപോയ ചില അവശിഷ്ടങ്ങൾ ആ പെട്ടിയിലുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്

മൂസാ(അ)ന്റെയും ഹാറൂൻ (അ)ന്റെയും വടികളും വസ്ത്രങ്ങളും ആ പെട്ടിയിലുണ്ടെന്ന് അഭിപ്രായമുണ്ട് മൂസ(അ) ന്റെ ചെരിപ്പും ഹാറൂൻ (അ)ന്റെ തലപ്പാവും അതിലുണ്ടായിരുന്നുവെന്നും കാണുന്നു

മൂസാ(അ)ന് ശേഷം പെട്ടി യൂശഹ് നബി(അ)ന് കിട്ടി ആ പ്രവാചകന്റെ നേതൃത്വത്തിൽ ഇസ്രാഈല്യർ വൻ വിജയങ്ങൾ നേടിയിട്ടുണ്ട് യുദ്ധമുണ്ടാക്കുമ്പോൾ പെട്ടി മുമ്പിൽ വെക്കും എന്നിട്ട് യുദ്ധം ചെയ്താൽ വിജയം വരിക്കാൻ കഴിയും

യൂശഹ് (അ)നു ശേഷം പെട്ടി അൽയസഹ് നബി(അ) ന്റെ കൈവശമായിരുന്നു
പിൽക്കാലത്ത് അമാലിക്കത്ത് വർഗ്ഗം ഇസ്രാഈല്യരെ തകർത്തു തരിപ്പണമാക്കി അവരുടെ സമ്പാദ്യം മുഴുവൻ കൈവശമാക്കി കൂട്ടത്തിൽ സക്കീനത്ത് പെട്ടിയും പിടിച്ചെടുത്തു

പിൽക്കാലത്ത് സക്കീനത്തു പെട്ടിയുടെ ചിന്തയിൽ അവർ വളരെ ദുഃഖിതരായി കഴിഞ്ഞുകൂടി

ഇസ്രാഈല്യരിൽ നിന്ന് പിടിച്ചെടുത്ത സ്വത്തായതുകൊണ്ട് അമാലിക്കത്ത് വർഗ്ഗക്കാർ സക്കീനത്ത് പെട്ടിയെ നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്തു

അവർക്ക് മൂത്രമൊഴിക്കാൻ പ്രത്യേക സ്ഥലമുണ്ടായിരുന്നു പെട്ടി അവിടെ കൊണ്ടുപോയിട്ടു നിന്ദിച്ചു

അവിടെ മൂത്രമൊഴിച്ചവർക്കെല്ലാം അർശസ്സ് പോലെയുള്ള രോഗങ്ങൾ വന്നു പല നാശങ്ങളും വന്നു

പിന്നീടവർ ആരാധനാലയത്തിൽ പെട്ടി കൊണ്ടുപോയി വെച്ചു അവിടെയുള്ള ബിംബങ്ങൾ തലകുത്തിവീണു

പെട്ടി ഒരു ഗ്രാമത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു ആ പ്രദേശത്ത് നാശനഷ്ടവും മരണവും സംഭവിച്ചു മറ്റൊരു സ്ഥലത്തേക്കുമാറ്റി കുഴിച്ചിട്ടു അവിടെയും നാശം സംഭവിച്ചു ഇങ്ങനെ അഞ്ച് സ്ഥലങ്ങളിൽ വൻ നാശം സംഭവിച്ചു

അമാലിക്കത്ത് വർഗ്ഗം വല്ലാതെ ഭയന്നുപോയി

അവർ പെട്ടി ഒരു കാളയുടെ പുറത്തു കെട്ടി കാളയെ അതിന്റെ പാട്ടിനു വിട്ടു അല്ലെങ്കിൽ കാളവണ്ടിയിൽ വെച്ചു

പിന്നെ അതിനെ നയിച്ചത് മലക്കുകളായിരുന്നു കാള ത്വാലൂത്തിന്റെ വീട്ടിലെത്തി പെട്ടി ഇസ്രാഈല്യർക്ക് തിരിച്ചു കിട്ടി

ശമവീൽ രാജാവ് അപ്പോൾ ജനങ്ങളോടിങ്ങനെ പറഞ്ഞു : 'നിങ്ങൾ യാതൊരു ശ്രമവും നടത്താതെതന്നെ പെട്ടി തിരിച്ചുകിട്ടി ഇനി നിങ്ങൾ ത്വാലൂത്തിനെ രാജാവായി സ്വീകരിക്കുക '

അവരത് സ്വീകരിച്ചു

സക്കീനത്ത് പെട്ടി ത്വബരിയ തടാകത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും ഇനിയത് പുറത്തെടുക്കുന്നത് ഈസാ നബി(അ) ആയിരിക്കുമെന്നും പറയപ്പെട്ടിരിക്കുന്നു

പെട്ടി സമീപത്തുണ്ടാകുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനാൽ പെട്ടിക്ക് സക്കീനത്ത് പെട്ടിഎന്നു പേർ വന്നു

മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാകുന്നു : രണ്ടു പശുക്കളെ കെട്ടിയ വണ്ടിയിൽ പെട്ടി വെച്ചു 

പശുക്കൾ വണ്ടി വലിച്ചു കുറെ ദൂരം വണ്ടിയെ ആളുകൾ പിന്തുടർന്നു വണ്ടി ശരിയായ ദിശയിൽ നീങ്ങി ആളുകൾ മടങ്ങിപ്പോന്നു വണ്ടി വഴിതെറ്റാതെ ത്വാലൂത്തിന്റെ സമീപത്തെത്തി ഇങ്ങനെയൊക്കെ പറയപ്പെട്ടിട്ടുണ്ട് മലക്കുകളാണ് വണ്ടി അവിടെ എത്തിച്ചത്

ശമവീൽ നബി(അ) ന്റെ കാലത്ത് അമാലിക്കത്തിന്റെ ശക്തനായ നേതാവായിരുന്നു ജാലൂത്ത്

ആ പേര് കേട്ടാൽ തന്നെ ആളുകൾ ഭയന്നുപോകും ധീരസാഹസികനാണ് ശരീരത്തിന്റെ കരുത്ത് അത്ഭുതകരമായിരുന്നു

ജാലൂത്തിനെ നേരിടാൻ ആരും തയ്യാറായില്ല കൈകൊണ്ട് ആഞ്ഞു വീശി ഒന്നു കൊടുത്താൽ ആരും വീണുപോകും കടുത്ത ധിക്കാരിയാണ് അവൻ വിചാരിച്ചതൊക്കെ നടക്കും ആരും എതിര് പറയില്ല

അവന്റെ കിങ്കരന്മാർ നാട്ടിൽ നാശം വിതച്ചു കൊള്ളയും കൊലയും നടമാടി അനാചാരങ്ങൾ വളർന്നു സത്യവും നീതിയും ഇല്ലാതായി

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നില വന്നു

ദുർബ്ബല വിഭാഗങ്ങൾക്കൊന്നും രക്ഷയില്ല

ഇസ്രാഈല്യരുടെ കൊടിയ ശത്രുവാണ് ജാലൂത്ത് അവരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു

ജാലൂത്തിനെ ശക്തികൊണ്ട് നേരിടണം അവനുമായി പടപൊരുതണം ശമവീൽ നബി(അ) ഇസ്രാഈല്യരെ ഉണർത്തി

നബിയുടെ വാക്കുകൾ വളരെ ശരിയാണെന്ന് ഇസ്രാഈല്യർ സമ്മതിച്ചു ജാലൂത്തിന്റെ ശക്തിയെക്കുറിച്ചവർ അതിശയത്തോടെ സംസാരിച്ചു എത്ര വലിയ സൈന്യം എന്തൊരു സമ്പത്ത് അവനെ എങ്ങനെ നേരിടും നേരിട്ടാൽ തകർന്നു പോവില്ലേ?

നബി പറഞ്ഞു: ഇല്ല തകർന്നുപോവില്ല നാം സത്യത്തിന്റെ പാതയിലാണ് അല്ലാഹുവിന്റെ സഹായം നമുക്കു ലഭിക്കും അല്ലാഹു സഹായിച്ചാൽ ശത്രുവിന് നിലനിൽപില്ല

ഒരു കുട്ടിയുടെ ധീരത 



ദാവൂദ് നബി(അ) ന്റെ പിതാവ് ഈശ(അ) ആയിരുന്നു ഈശ(അ) നബിയായിരുന്നുവെന്ന് ചില ഗ്രന്ഥങ്ങളിലുണ്ട്

അദ്ദേഹത്തിന് പതിമൂന്ന് മക്കളുണ്ടായിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാൾ ദാവൂദ് (അ) ശമവിൽ നബി(അ) ന് കല്പന കിട്ടി

ഈശയുടെ വീട്ടിൽ പോവുക പതിമൂന്ന് മക്കളെയും പരിശോധിക്കുക പരിശുദ്ധമായ എണ്ണപ്പാത്രം അവരുടെ ശിരസ്സിൽ വെക്കുക പാത്രം ആരുടെ തലയിൽ വെക്കുമ്പോഴാണോ അത് നിറയുന്നത് അവനുവേണ്ടി നീ പ്രാർത്ഥിക്കുക നിനക്കുശേഷം അവനായിരിക്കും പ്രവാചക പദവി ലഭിക്കുക

അല്ലാഹുവിന്റെ കല്പന പ്രകാരം ശമവീൽ (അ) ഈശയുടെ വീട്ടിലെത്തി മക്കളെയെല്ലാം വിളിച്ചു വരുത്തി അവരെയെല്ലാം പരിശോധിച്ചു ഫലം കണ്ടില്ല

'ഈശാ....നിങ്ങളുടെ മക്കളിൽ ആരെങ്കിലും ഇവിടെ ഹാജരാവാതെയുണ്ടോ ?
ഉണ്ട് ഇളയവൻ അവൻ ആടിനെ മേയ്ക്കാൻ പോയതാണ്
അവനെ വിളിച്ചുവരുത്തൂ

ദാവൂദിനെ വിളിക്കാൻ ആളെ അയച്ചു
ശമവീൽ (അ) കാത്തിരുന്നു

ദാവൂദ് എന്ന ബാലൻ വന്നുചേർന്നു
പരിശോധന നടന്നു തൃപ്തികരം
നബിയുടെ മുഖം തെളിഞ്ഞു

സന്തോഷത്തോടെ ബാലന്റെ ശിരസ്സിൽ കൈവെച്ചു പ്രാർത്ഥിച്ചു വിലപ്പെട്ട ഉപദേശങ്ങൾ നൽകി

ബാലന്റെ ജീവിതത്തിലെ വഴിത്താരിവായിരുന്നു അത് ഉപദേശങ്ങൾ മനസ്സിൽ നന്നായി പതിഞ്ഞു അതിന്നനുസരിച്ചായി പിന്നീടുള്ള ജീവിതം ഉപദേശം സ്വീകരിച്ചപ്പോൾ തന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി ദാവൂദിനു തോന്നി

ഇപ്പോൾ എല്ലാവരും യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത് ക്രൂരനായ ജാലൂത്ത് രാജാവിന്നെതിരെ നടക്കാൻ പോവുന്ന യുദ്ധം

ആരോഗ്യമുള്ള പുരുഷന്മാരെല്ലാം യുദ്ധത്തിനൊരുങ്ങിക്കഴിഞ്ഞു തന്റെ ഉപ്പയും സഹോദരങ്ങളുമെല്ലാം സൈന്യത്തിൽ ചേർന്നിട്ടുണ്ട് ദാവൂദിനും കൂടെ പോവാൻ വല്ലാത്ത മോഹം തനിക്ക് യുദ്ധം ചെയ്യാനുള്ള പ്രായമൊന്നും ആയിട്ടില്ല എന്നാലും എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാൻ സാധിക്കും പുറപ്പെടുക തന്നെ

ശമവീൽ (അ) വീട്ടിലെത്തി അവിടെ ഒരു അങ്കി ഉണ്ടായിരുന്നു ഇത് ഒരു ദൂതൻവശം ത്വാലൂത്ത് രാജാവിന് കൊടുത്തയച്ചു കൂടെ സന്ദേശവും
ഈ അങ്കി ആരുടെ ശരീരത്തിനാണോ യോജിക്കുക അവനെ ധരിപ്പിക്കുക അവനായിരിക്കും ജാലൂത്തിനെ വധിക്കുക

താലൂത്ത് രാജാവ് സൈന്യത്തെ സജ്ജമാക്കി ആ സൈന്യത്തിൽ അണി ചേരാൻ ദാവൂദിന്റെ പിതാവും സഹോദരന്മാരും ഉണ്ടായിരുന്നു

ഏതാനും ദിവസങ്ങൾ കടന്നുപോയി അപ്പോൾ ദാവൂദിന്റെ മനസ്സിൽ ഒരു മോഹം

പിതാവിനെയും സഹോദരങ്ങളെയും ഒന്നു പോയി കാണണം യുദ്ധ സന്നാഹങ്ങളും കാണാമല്ലോ ?

ദാവൂദ് യാത്ര ചെയ്യുമ്പോൾ വഴിയിൽ ഒരു കല്ല് കണ്ടു അത് പറഞ്ഞു : എന്നെ എടുത്തു കൊണ്ടുപോകൂ ഞാൻ ജാലൂത്തിനെ കൊല്ലും അതിനെ എടുത്തു രണ്ടു കല്ലുകൾ കൂടി ഇങ്ങനെ പറഞ്ഞു അവയും എടുത്തു മൂന്നു കല്ലുകൾ സൂക്ഷിച്ചു വെച്ചു

താലൂത്ത് രാജാവിന്റെ സൈന്യം തമ്പടിച്ച സ്ഥലത്തെത്തി

പിതാവിനെയും സഹോദരങ്ങളെയും കണ്ടു വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു ദാവൂദ് പട്ടാളക്കാരുടെ വിശേഷങ്ങളും തിരക്കി

ത്വാലൂത്ത് രാജാവിന്റെ പ്രഖ്യാപനം ദാവൂദ് കേട്ടു

ജാലൂത്തിനെ വധിക്കുന്ന ആൾക്ക് ത്വാലൂത്ത് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കും രാജ്യത്തിന്റെ പകുതി ഭാഗവും നൽകും

ഇതു കേട്ടപ്പോൾ ദാവൂദ് സഹോദരന്മാരോട് ചോദിച്ചു

ഞാൻ ജാലൂത്തിനെ വധിച്ചാൽ ത്വാലൂത്തിന്റെ മകളെ എനിക്ക് ഭാര്യയായി ലഭിക്കും രാജ്യത്തിന്റെ പകുതിയും കിട്ടും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ

'മണ്ടത്തരം പറയല്ലേ മോനേ.... വേഗം വീട്ടിൽ പോയ്ക്കോ
ഞാൻ വീട്ടിലേക്ക് ഉടനെയില്ല
പിന്നെങ്ങോട്ടാണ് നീ ?

ഞാൻ ത്വാലൂത്ത് രാജാവിനെ ഒന്നു കാണട്ടെ
എന്തിനാണ് ?
എനിക്ക് പട്ടാളത്തിൽ ചേരണം

വേണ്ട മോനേ ....നിനക്ക് പട്ടാളത്തിൽ ചേരാൻ പ്രായമായിട്ടില്ല വേഗം വീട്ടിൽ പോയ്ക്കോളൂ ....

സഹോദരന്മാരുടെ വിലക്കുകളൊന്നും ദാവൂദ് ചെവികൊണ്ടില്ല നേരെ ത്വാലൂത്ത് രാജാവിന്റെ സമീപത്തേക്കു നടന്നു

നീയാരാണ് ? ത്വാലൂത്ത് ചോദിച്ചു

ഞാൻ ഈശായുടെ മകൻ ദാവൂദ്

എന്തിന് വന്നു?

എനിക്ക് പട്ടാളത്തിൽ ചേരണം

കുട്ടികൾക്ക് പട്ടാളത്തിലെന്ത് കാര്യം ?

എന്നെ യുദ്ധമുഖത്തേക്ക് വിടൂ ഞാൻ ജാലൂത്തിനെ വധിക്കും
എന്ത് ? ജാലൂത്തിനെ വധിക്കുകയോ ? നീയൊരു കുട്ടിയല്ലേ? ജാലൂത്തിന്റെ അട്ടഹാസം കേൾക്കുമ്പോൾ തന്നെ നീ പേടിച്ചു വിറച്ചു വീണു പോകും

അതൊന്നും സാരമില്ല ജാലൂത്തിനെ വധിച്ചിട്ടേ ഇനി വിശ്രമമുള്ളൂ
ശമവീൽ (അ) കൊടുത്തയച്ച അങ്കി ത്വാലൂത്ത് പലരെയും ധരിപ്പിച്ചുനോക്കി ആർക്കും അത് പാകമായില്ല ഇനി ഇതാരെ ധരിപ്പിക്കും ?

രാജാവ് ചിന്താധീനനായി സഹോദരന്മാർ രാജാവിനെ കണ്ടു ദാവൂദിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല

ദാവൂദ് രാജാവിനോടിങ്ങനെ പറഞ്ഞു

'ഒരിക്കൽ ഒരു ചെന്നായ ഒരാടിനെ പിടിച്ചുകൊണ്ട് പോയി ഞാൻ ഓടിച്ചെന്ന് ചെന്നായയുമായി പോരടിച്ചു ആടിനെ വീണ്ടെടുത്തു മറ്റു ചെന്നായ്ക്കൾ ഇതുകണ്ട് പേടിച്ച് ഓടിപ്പോയി

നിനക്ക് മറ്റ് വല്ല ധീരകൃത്യവും പറയാനുണ്ടോ ? രാജാവ് ചോദിച്ചു

' കാട്ടിലുള്ള ജന്തുക്കളെല്ലാം ഭയപ്പെടുന്ന ജീവിയാണല്ലോ സിംഹം ഒരിക്കൽ ഒരു സിംഹം ആടിനെ പിടിക്കാൻ വന്നു ഞാൻ സിംഹത്തെ ഓടിച്ചുപിടിച്ചു അതിന്റെ കഴുത്ത് ഞെരിച്ചു കൊന്നു

കൊള്ളാം ഇത് ധീരത തന്നെ നിന്നെ പട്ടാളത്തിൽ ചേർത്തിരിക്കുന്നു
ദാവൂദിന് എന്തെന്നില്ലാത്ത സന്തോഷം ..... അല്ലാഹുവിനെ വാഴ്ത്തി
ശമവീൽ കൊടുത്തയച്ച അങ്കി ദാവൂദിനെ ധരിപ്പിച്ചുനോക്കി എന്തൊരു ചേർച്ച

ദാവൂദിനു കുതിരയെ കിട്ടി ആയുധങ്ങൾ കിട്ടി ദാവൂദ് രാജാവിനോടിങ്ങനെ ചോദിച്ചു

'ഞാൻ ജാലൂത്തിനെ വധിച്ചാൽ അങ്ങ് അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരുമല്ലോ ?

അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഞാനെന്റെ മകളെ വിവാഹം ചെയ്തു തരും
'രാജ്യത്തിന്റെ പകുതിയും തരുമല്ലോ '

ഞാനെന്റെ വാക്കു പാലിക്കും അല്ലാഹു തുണക്കട്ടെ
ദാവൂദ് ആവേശത്തോടെ പട്ടാളത്തിൽ അണിചേർന്നു

പട്ടാളത്തിന് പുറപ്പെടാൻ കല്പന കിട്ടി

ധിക്കാരിയായ ജാലൂത്ത് രാജാവിന്റെ നാട്ടിലേക്കാണ് പട നീങ്ങുന്നത് മരുഭൂമിയിലൂടെ വളരെ ദൂരം യാത്ര ചെയ്യണം നല്ല ഉഷ്ണ കാലാവസ്ഥ മരുഭൂമിയിലൂടെ കുറെ ദൂരം യാത്ര ചെയ്തപ്പോൾ ഇസ്രാഈല്യർ ത്വാലൂത്ത് രാജാവിനോട് പരാതി പറയാൻ തുടങ്ങി

രാജാവേ എന്തൊരു ചൂട് വല്ലാത്ത ദാഹം എവിടെ വെള്ളം ?

'ക്ഷമിക്കുക നാം പോവുന്ന വഴിയിൽ വെള്ളമുണ്ട് ശുദ്ധജലം നിറഞ്ഞ പുഴ ഒഴുകുന്നുണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ നാം അവിടെയെത്തും ദാഹം ശമിക്കും അതുവരെ ക്ഷമിക്കുക ' ത്വാലൂത്ത് അവരെ സമാധാനിപ്പിച്ചു

ഇസ്രാഈല്യരിൽ അധികപേർക്കും വളരെയൊന്നും ക്ഷമിക്കാനോ സഹിക്കാനോ കഴിയില്ല അവർ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു

അല്ലാഹു അവരെ പരീക്ഷിക്കാൻ പോവുകയാണ് പുഴയിലെ വെള്ളം വാരിക്കോരി കുടിക്കാൻ പാടില്ല കുടിച്ചാൽ ദുർബ്ബലരായിപ്പോകും യുദ്ധം ചെയ്യാൻ കഴിയില്ല കൈക്കുമ്പിൽ കൊണ്ട് ഒരു കോരൽ വെള്ളം എടുക്കാം കുടിക്കാം ദാഹം തീരും ശക്തി കൂടും ധീരമായി യുദ്ധം ചെയ്യാം

ജാലൂത്ത് വധിക്കപ്പെട്ടു





അതാ നദികൾ മുമ്പിൽ കാണുന്നു പതിനായിരക്കണക്കായ ഇസ്രാഈല്യർ ആവേശഭരിതരായി നദിയിലേക്കോടാൻ തയ്യാറായി

ത്വാലൂത്ത് രാജാവ് അവരെ തടഞ്ഞുനിർത്തി എന്നിട്ടുറക്കെ പ്രഖ്യാപിച്ചു

ജനങ്ങളേ നിങ്ങൾ ധൃതികൂട്ടരുത് ഈ നദിയിലെ വെള്ളം അല്ലാഹുവിന്റെ പരീക്ഷണമാണ് പരീക്ഷണത്തിൽ നിങ്ങൾ വിജയിക്കണം പരാജയപ്പെടരുത് ഒരു കുമ്പിൾ വെള്ളം മാത്രം കുടിക്കുക ദാഹം തീരും അല്ലാഹു അനുഗ്രഹിക്കും നിങ്ങളുടെ കരുത്ത് വർദ്ധിക്കും യുദ്ധത്തിൽ ജയിക്കും വയർ നിറയെ വെള്ളം കുടിക്കരുത് കുടിച്ചാൽ നിങ്ങൾ ക്ഷീണിക്കും യുദ്ധം ചെയ്യാൻ നിങ്ങൾക്കാവില്ല സൂക്ഷിക്കുക ഒരു കൈക്കുമ്പിൾ മാത്രം കുടിക്കുക വിജയം വരിക്കുക

രാജാവ് പറഞ്ഞ വാക്കുകൾ എല്ലാവരും കേട്ടു ചിലർ അനുസരിക്കാൻ സന്നദ്ധരായി

ആളുകൾ നദിയിലിറങ്ങി ചിലർ വളരെ സൂക്ഷ്മതയോടെ ഒരു കോരൽ വെള്ളം കുടിച്ചു വേഗത്തിൽ കരക്കു കയറി ബഹുഭൂരിപക്ഷമാളുകളും രാജാവിന്റെ വാക്കുകൾ അവഗണിച്ചു വെള്ളത്തിൽ കമിഴ്ന്ന് കിടന്നു നന്നായി കുടിച്ചു വയർ നിറയെ കുടിച്ചു അവരെ ക്ഷീണം ബാധിച്ചു നദിയുടെ തീരത്ത് അവർ ക്ഷീണം തീർക്കാൻ കിടന്നു

സൂറത്തുൽ ബഖറയിൽ ഈ സംഭവം വിവരിക്കുന്നത് കാണുക :
'അങ്ങനെ ത്വാലൂത്ത് സൈന്യത്തെയുംകൊണ്ട് സ്ഥലം വിട്ടുപോയപ്പോൾ ,അദ്ദേഹം പറഞ്ഞു :

നിശ്ചയമായും അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ് അപ്പോൾ അതിൽ നിന്ന് ആർ വെള്ളം കുടിച്ചുവോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവനല്ല ആർ അത് രുചി നോക്കിയില്ലയോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവനാകുന്നു തന്റെ കൈകൊണ്ട് ഒരു കോരൽ കോരിയെടുത്ത് കുടിക്കുന്നവനൊഴികെ (അതിന് വിരോധമില്ല)

എന്നിട്ട് അവരിൽ നിന്ന് അല്പം ആളുകൾ ഒഴികെ ബാക്കിയെല്ലാവരും അതിൽ നിന്ന് കുടിച്ചു അങ്ങനെ അദ്ദേഹവും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും വിട്ടുകടന്നപ്പോൾ അവർ പറഞ്ഞു :ജാലൂത്തിനോടും അവന്റെ സൈന്യത്തോടും ഏറ്റുമുട്ടാൻ ഇന്ന് നമുക്കു കഴിവില്ല

തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടുന്നവരാണെന്ന് വിചാരിക്കുന്നവർ പറഞ്ഞു: എത്രയെത്ര കൊച്ചു സംഘങ്ങൾ വൻ സംഘങ്ങളെ അല്ലാഹുവിന്റെ അനുമതിയോടെ ജയിച്ചടക്കിയിട്ടുണ്ട് 

അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു (2:249)

ഇസ്രാഈല്യരുടെ അനുസരയണക്കേടും അച്ചടക്കമില്ലായ്മയും ത്വാലൂത്ത് രാജാവിന് നന്നായറിയാം ധിക്കാരികളും , വിശ്വാസത്തിന് ബലമില്ലാത്തവരും തന്നിഷ്ടക്കാരുമൊക്കെ തന്റെ സൈന്യത്തിലുണ്ടെന്ന് അദ്ദേഹത്തിന്നറിയാം

ധീരന്മാരും വിശ്വാസദാർഢ്യമുള്ളവരും കൂട്ടത്തിലുണ്ട് അവരെ വേർതിരിച്ചെടുക്കാൻ അല്ലാഹു തീരുമാനിച്ചു

ഇസ്രാഈല്യർക്ക് വളരെ പരിചയമുള്ളതാണ് ജോർഡാൻ നദി അതിന്റെയൊരു പോഷക നദിയിലാണ് ത്വാലൂത്തും സൈന്യവും എത്തിയതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്

ഉഷ്ണവും ദാഹവും കൂടുതലുള്ള ദിവസം ക്ഷീണവുമുണ്ട് അപ്പോഴാണ് ത്വാലൂത്തിന്റെ കല്പന വന്നത്

വെള്ളം കുടിക്കരുത് കൂടാതെ കഴിയില്ല എന്നാണെങ്കിൽ ഒരു കോരൽ വെള്ളം കുടിക്കാം കൂടുതൽ പാടില്ല ഇതൊരു നല്ല പരീക്ഷണം തന്നെ
യുദ്ധരംഗം കഠിനമായ അനുഭവമാണ്

അല്പനേരം ദാഹം സഹിക്കാൻ കഴിയാത്തവരെങ്ങനെ യുദ്ധത്തെ നേരിടും
അല്ലാഹുവിന്റെ കല്പനക്കു വഴങ്ങിയ യഥാർത്ഥ വിശ്വാസികളുടെ എണ്ണമെത്ര

മുന്നൂറ്റി പതിമൂന്ന് 

ബദ് രീങ്ങളുടെ എണ്ണം ?

മുന്നൂറ്റിപ്പതിമൂന്ന് 

അവർ ആയുധങ്ങളുമായി മുന്നേറി ജാലൂത്തിന്റെ പ്രദേശത്തെത്തി വൻ സൈന്യത്തെ മുമ്പിൽ കാണുന്നു എന്തൊരു വൻ സൈന്യം സൈന്യത്തിന്റെ വലുപ്പം കണ്ട് അന്തംവിട്ടുപോയവരോട് കൂട്ടത്തിലുള്ള നേതാക്കൾ സംസാരിച്ചു

എത്രയെത്ര ചെറു സംഘങ്ങളാണ് വൻ സംഘങ്ങളെ നേരിട്ടത് അല്ലാഹുവിന്റെ സഹായത്തോടെ ചെറുസംഘങ്ങൾ വിജയിച്ചു നാമിവിടെ മുന്നൂറ്റിപ്പതിമൂന്ന് പേരുടെ ചെറുസംഘമാണ് അല്ലാഹു നമ്മെ സഹായിക്കും നാം വിജയിക്കും ധീരമായി മുന്നേറുക

മുന്നൂറ്റിപ്പതിമൂന്ന് പേരുടെ പട അനേകായിരങ്ങളുടെ പടുകൂറ്റൻ പട ആ പടയെ നയിക്കുന്നതോ? ആജാനു ബാഹുവായ ജാലൂത്ത് ഒമ്പത് അടി ഉയരം ബലം കൂടിയ കൈകാലുകൾ ധിരക്കാരം നിറഞ്ഞ നോട്ടവും ചലനവും
എന്നെ നേരിടാൻ ആരുണ്ടിവിടെ ? ജാലൂത്ത് വിളിച്ചു ചോദിച്ചു

'ഞാനുണ്ട്' ദാവൂദിന്റെ ശബ്ദമുയർന്നു
പോടാ.... ഒരു കുട്ടിയാണോ എന്നെ നേരിടുന്നത്
'ഞാൻ നിന്നെ കൊല്ലും'
'പോടാ....സമയം കളയാതെ

'നിന്നെ വധിക്കാൻ എനിക്കിഷ്ടമില്ല ,പോ...' ജാലൂത്ത് പറഞ്ഞു

'നിന്നെ വധിക്കാൻ എനിക്ക് ഇഷ്ടമാണ് 'ദാവൂദിന്റെ മറുപടി

ദാവൂദിന് ദേഷ്യം വന്നു കവണ കൈയിലെടുത്തു കല്ല് കവണയിൽ തൊടുത്തു അല്ലാഹുവിന്റെ പേര് ചൊല്ലി ഉന്നം പിടിച്ചു കവണ വലിച്ചുവിട്ടു കല്ല് വായുവിലൂടെ പറന്നു ലക്ഷ്യസ്ഥാനത്ത് തന്നെ ചെന്നു തറച്ചു ജാലൂത്തിന്റെ നെറ്റിയിൽ ജാലൂത്ത് മറിഞ്ഞുവീണു ദാവൂദ് രണ്ട് കല്ലുകൾകൂടി തൊടുത്തുവിട്ടു സൈനിക നിരയുടെ വലതുഭാഗത്തും ഇടതുഭാഗത്തും ആ കല്ലുകൾ വന്നു വീണു ഇരു ഭാഗത്തുമുള്ള സൈന്യം പിന്തിരിഞ്ഞോടി ഇസ്രാഈല്യർ അവരെ ഓടിച്ചിട്ടു പിടിച്ചു യുദ്ധമുതലുകൾ കൈവശമാക്കി
ദാവൂദ് ജാലൂത്തിനെ വധിച്ചു മുന്നൂറ്റിപ്പതിമൂന്നുപേരുടെ വൻ വിജയം ബദ്റിലെ വിജയംപോലെ

ബദ്റിലെത്തിയപ്പോൾ സ്വഹാബികൾ എന്താണ് പ്രാർത്ഥിച്ചത് ?
ശത്രുക്കളുമായി കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ മനസ്സ് പതറിപ്പോവരുതേ ക്ഷമ നൽകേണമേ

ത്വാലൂത്തും അനുയായികളും അന്ന് പ്രാർത്ഥിച്ചതും അതുതന്നെയായിരുന്നു
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ


'അവർ ജാലൂത്തിനോടും അവന്റെ സൈന്യത്തോടും (യുദ്ധത്തിൽ) പ്രത്യക്ഷപ്പെട്ടപ്പോൾ പ്രാർത്ഥിച്ചു

ഞങ്ങളുടെ റബ്ബേ ഞങ്ങളുടെ മേൽ ക്ഷമ ചൊരിഞ്ഞു തരികയും ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ അവിശ്വാസികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ (2:250)

യുദ്ധം വിജയിച്ചു നാട് കീഴടങ്ങി വമ്പിച്ച സ്വത്ത് കൈവശം വന്നു വളരെപേർ വിശ്വാസികളായി

പിന്നെ നടന്നത് രാജകീയ വിവാഹമാണ് ആട്ടിടയനായ ദാവൂദ് ഇതാ രാജകുമാരനായി മാറുന്നു രാജകുമാരിയെ വിവാഹം ചെയ്യുന്നു
ഇസ്ലാമിക രീതിയിൽ വളരെ ലളിതമായാണ് വിവാഹം നടക്കുന്നത് പക്ഷെ ആ വിവാഹത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു സർവ്വത്ര ആഹ്ലാദം എല്ലാവരും സ്വയം പങ്കാളികളായി മാറുന്നു ജാലൂത്ത് എന്ന ധിക്കാരിയുടെ പതനം അവിശ്വസനീയമായ സംഭവം അത് സംഭവിച്ചിരിക്കുന്നു

അതോടെ ദാവൂദ് നാട്ടിന്റെ അഭിമാനമായി മാറി ജനങ്ങളുടെ രോമാഞ്ചമായി മാറി

നദിയിൽ നിന്ന് കൂടുതൽ വെള്ളം കുടിച്ചവർ നിന്ദ്യരും നിസ്സഹായരുമായി മാറി അവരെ ആരും പരിഗണിച്ചില്ല പലരും നദിയുടെ സമീപംതന്നെ താമസമാക്കി നിസ്സാരന്മാരായി കാലഗതി പ്രാപിച്ചു

ദാവൂദ് (അ)ന് അല്ലാഹു പ്രത്യേക വിജ്ഞാനം നൽകി രാജ്യത്തിന്റെ പകുതി ഭാഗം കിട്ടിയപ്പോൾ അത് ഭരിക്കാനുള്ള കഴിവും വിവരവും അല്ലാഹു നൽകി

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക
'അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവർ അവരെ (ജാലൂത്തിനെയും സൈന്യത്തെയും ) ലോല്പിച്ചുകളഞ്ഞു ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു

അദ്ദേഹത്തിന് അല്ലാഹു രാജാധികാരവും വിജ്ഞാനവും നൽകുകയും ചെയ്തു അവൻ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവൻ പഠിപ്പിച്ചു കൊടുത്തു

അല്ലാഹു മനുഷ്യരെ അവരിൽ ചിലരെ ചിലരെക്കൊണ്ട് തടുക്കലില്ലായിരുന്നെങ്കിൽ ഭൂമി നാശപ്പെടുമായിരുന്നു പക്ഷെ അല്ലാഹു ലോകരുടെ മേൽ കനിവുള്ളവനാകുന്നു (2:251)

ജാലൂത്തിന്റെ ധിക്കാരം പരിധിവിട്ടപ്പോൾ അവനെ നേരിടാൻ ത്വാലൂത്തിനെയും ദാവൂദ്(അ)നെയും അല്ലാഹു നിയോഗിച്ചു ചിലരെ ചിലരെക്കൊണ്ട് തടുക്കലില്ലായിരുന്നെങ്കിൽ ഭൂമിയിലെ ജീവിതം ദുസ്സഹമാകുമായിരുന്നു

ധിക്കാരവും അക്രമങ്ങളും പെരുകുമ്പോൾ അതിനു പരിഹാരമായി അല്ലാഹു ചിലരെ നിയോഗിക്കും അതാണവന്റെ ചര്യ

ദാവൂദ് (അ)ന്റെ പേരും പെരുമയും വളർന്നു ജനങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി ജനങ്ങൾ സ്നേഹവും ആദരവും തിരിച്ചുനൽകി നാട്ടിൽ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു

ശപിക്കപ്പെട്ട ഇബ്ലീസിന് ഇതൊന്നും സഹിക്കാനാവുന്ന കാര്യമല്ല എന്തെങ്കിലും കുഴപ്പമുണ്ടാക്കണം അതിനുവേണ്ടി ത്വാലൂത്തിനെ സമീപിച്ചു ചില തോന്നലുകൾ മനസ്സിലേക്കിട്ടുകൊടുത്തു ദാവൂദിനെ നാട്ടുകാർ എന്തുമാത്രം സ്നേഹിക്കുന്നു? തന്നെയോ? തനിക്ക് അത്രയും സ്നേഹം ലഭിക്കുന്നുണ്ടോ ?

തനിക്ക് ദാവൂദിന്റെയത്ര പേരും പെരുമയുമുണ്ടോ ? ദാവൂദിന്റെ യശസ്സ് തനിക്കൊരു ഭീഷണിയല്ലേ ?

ദാവൂദ് ശക്തനായി മാറുമ്പോൾ താൻ നിസ്സഹായനായി മാറുകയല്ലേ? നിസ്സാരനാവുകയല്ലേ? എന്താണിതിനൊരു പരിഹാരം ? ഇബ്ലീസ് പരിഹാരം പറഞ്ഞു കൊടുത്തു ദാവൂദിനെ വധിക്കുക ഇബ്ലീസിന്റെ ഉപദേശം

ത്വാലൂത്ത് അസ്വസ്ഥനായി നിദ്രാവിഹീനനായി

ശമവീൽ നബി (അ) ന്റെ കാലം അവസാനിക്കുകയാണ് പിൻഗാമിയായി ദാവൂദ് (അ)നിയോഗിക്കപ്പെട്ടു

ജനങ്ങൾ ദാവൂദ് (അ)ന്റെ ഉപദേശം കേട്ടു അതനുസരിച്ചു ജീവിച്ചു ത്വാലൂത്തിന്റെ അസ്വസ്ഥത വർദ്ധിച്ചു

ശമവീൽ (അ) വൃദ്ധനായി ധന്യമായ ഒരു പുരുഷായുസ്സ് അതിവിടെ അവസാനിക്കുകയാണ്

എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആ കണ്ണുകൾ അടഞ്ഞു പോയി മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ വൻ
ജനാവലിയെത്തി ബൈത്തുൽ മുഖദ്ദസിന് സമീപം ഖബറടക്കപ്പെട്ടു ആ പ്രദേശം ഔലിയാക്കളുടെയും ആലിമീങ്ങളുടെയും സംഗമ വേദിയായി

രക്തസാക്ഷി 







ദാവൂദ് (അ) പ്രവാചകനും രാജാവും ശമവീൽ (അ) ന്റെ പിൻഗാമി ജനങ്ങളുടെ ആദരവും അനുസരണയും വർദ്ധിച്ചു

ത്വാലൂത്ത് അസഹ്യതയോടെ എല്ലാം നോക്കിക്കണ്ടു ത്വാലൂത്തിന്റെ പദ്ധതികൾ പുറത്തറിഞ്ഞു പണ്ഡിത്മാർ അദ്ദേഹത്തെ സമീപിച്ചു ഉപദേശിച്ചു

ദാവൂദ് (അ) പ്രവാചകനാണ് വധിക്കരുത് ശാപം കിട്ടും ത്വാലൂത്തിന് ഉപദേശമൊന്നും ഇഷ്ടപ്പെട്ടില്ല കോപാകുലനായി മാറി നിഷ്കളങ്കരായ അനേകം പണ്ഡിതൻമാർ വധിക്കപ്പെട്ടു

ദാവൂദ് (അ) ത്വാലൂത്തിനെ നേരിടാൻ പോയില്ല എഴുപത് അനുയായികളുമായി മലമുകളിലേക്ക് കയറിപ്പോയി അവിടെ രഹസ്യമായി താമസിച്ചു ആരാധനാലയം സ്ഥാപിച്ചു എപ്പോഴും ഇബാദത്തിലായി കഴിഞ്ഞുകൂടി

ത്വാലൂത്ത് വിവരമറിഞ്ഞു സൈന്യവുമായി മലമുകളിലെത്തി ദാവൂദ് (അ)നെ ഒന്നും ചെയ്യാനാവാതെ നിരാശനായി മടങ്ങി

പല നല്ല മനുഷ്യരും ത്വാലൂത്തിന് നിഷ്കളങ്കമായ ഉപദേശം നൽകി
ത്വാലൂത്ത് തന്റെ ക്രൂരമായ പ്രവർത്തനങ്ങളെക്കുറിച്ച് സ്വയം ചിന്തിക്കാൻ തുടങ്ങി താൻ പിശാചിനെ അനുസരിച്ചു അവൻ പറഞ്ഞതൊക്കെ ചെയ്തു തനിക്കെന്ത് പറ്റിപ്പോയി മനസ്സിൽ ദുഃഖം വളർന്നു ഖേദത്താൽ കരഞ്ഞു പശ്ചാത്താപ വിവശനായി ഭയന്നു വിറച്ചു എനിക്ക് തൗബയുണ്ടോ ? പ്രായശ്ചിത്തമുണ്ടോ ? 

ഭൗതിക സുഖങ്ങൾ വെടിഞ്ഞു അല്ലാഹുവിനോട് പൊറുക്കലിനെ തേടി പാപങ്ങൾ പൊറുത്തു കിട്ടണം അതിനെന്തുവേണം വധിക്കപ്പെട്ട പണ്ഡിതൻമാർ അവർ മണ്ണിന്നടിയിലാണ് അവർ തനിക്ക് മാപ്പ് തരുമോ? എങ്ങനെയാണ് മാപ്പിനപേക്ഷിക്കുക ? ആരെങ്കിലും ഒരു വഴി പറഞ്ഞുതരൂ ത്വാലൂത്ത് കൊഞ്ചിക്കരഞ്ഞു

ഒടുവിൽ വധിക്കപ്പെട്ട പണ്ഡിതൻമാർ പരിഹാരമാർഗ്ഗം നിർദ്ദേശിച്ചുകൊടുക്കേണ്ടിവന്നു
ഒരു ദിവസം അവരുടെ വിളികേട്ടു

'ഓ ത്വാലൂത്ത് നിങ്ങൾ ഞങ്ങളെ വധിച്ചു എന്നാൽ ഓർത്തു കൊള്ളുക ഞങ്ങൾ ജീവിച്ചിരിക്കുന്നവരാകുന്നു നിങ്ങൾ ഞങ്ങളോട് ക്രൂരത കാണിച്ചു അങ്ങനെ ഞങ്ങൾ പരേതരായി '

ഇതുകേട്ടതോടെ ഖേദവും കരച്ചിലും വർദ്ധിച്ചു

'മഹാത്മാക്കളേ...' എനിക്ക് തൗബയുണ്ടോ? ഞാനത് അന്വേഷിക്കാൻ ആരെയാണ് സമീപിക്കേണ്ടത് ?

ത്വാലൂത്ത് അടക്കാനാവാത്ത വേദനയോടെ ചോദിച്ചു
അപ്പോൾ ഒരു മറു ചോദ്യം വന്നു

'ഏതെങ്കിലും പണ്ഡിതനെ നിങ്ങൾ ബാക്കി വെച്ചിട്ടുണ്ടോ?
എന്തൊരു ഹൃദയഭേതകമായ ചോദ്യം

ഒരു പണ്ഡിതവനിത ബാക്കിയുണ്ട് വിലായത്തിന്റെ പദവിയുള്ള വനിതാരത്നം അവർ തനിക്ക് മാർഗം കാണിച്ചു തരും വെളിച്ചം തരും മനസ്സിലെ ഇരുട്ട് അകറ്റിത്തരും

ത്വാലൂത്ത് പണ്ഡിതവനിതയുടെ വീട്ടിലെത്തി വേദന നിറഞ്ഞ കഥ പറഞ്ഞു

രാപ്പകലുകൾ ഇബാദത്തുമായി കഴിയുന്ന വനിതയാണ് അമ്പിയാക്കന്മാരും ഔലിയാക്കന്മാരുമായി ആത്മീബന്ധമുള്ള വിശുദ്ധ വനിത
'മൂസാനബി(അ)ന്റെ പിൻഗാമിയായിരുന്ന യൂശഹ് (അ) ന്റെ ഖബറിന്നടുത്തേക്ക് പോവാം താങ്കൾക്ക് തൗബ ലഭിക്കാൻ എന്താണ് വഴിയെന്ന് ചോദിക്കാം '

അവർ യൂശഹ് (അ)ന്റെ ഖബറിന്നരികിലെത്തി ദുആ നടത്തി യൂശഹ് (അ) ന് സലാം ചൊല്ലി

യൂശഹ്(അ) ഉണർന്നു എന്നിട്ടൊരു ചോദ്യം
'എന്താ... ഖിയാമം നാൾ ആയോ ? '

പണ്ഡിത വനിത ഇങ്ങനെ മറുപടി നൽകി : ഖിയാമം നാൾ ആയിട്ടില്ല ത്വാലൂത്ത് നിങ്ങളെ കാണാൻ വന്നതാണ് അദ്ദേഹത്തിന് തൗബയുണ്ടോ ?

ഉണ്ട് തൗബയുണ്ട് ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ നടക്കുന്ന ധർമ്മയുദ്ധത്തിൽ പങ്കെടുക്കട്ടെ വീര രക്തസാക്ഷിയാവട്ടെ
ത്വാലൂത്തിന് സമാധാനമായി ശാന്തമായ മനസ്സോടെ യൂശഹ് (അ) സലാം ചൊല്ലി മടങ്ങി

രാജാധികാരം ഇനി വേണ്ട രാജ്യഭാരം ദാവൂദ് (അ)നു വേണ്ടി വിട്ടൊഴിഞ്ഞു
ഇസ്ലാമിന്റെ ശത്രുക്കളുമായി നടക്കുന്ന യുദ്ധം അതിൽ പങ്കെടുക്കാൻ പോവുകയാണ് അദ്ദേഹം ഒറ്റക്കല്ല കൊട്ടാരത്തിൽ നിന്നിറങ്ങിയത അദ്ദേഹത്തിന്റെ പതിമൂന്ന് പുത്രന്മാരും കൂടെയിറങ്ങി പടച്ചട്ടയണിഞ്ഞു ആയുധമെടുത്തു തൗബ തേടിയുള്ള യുദ്ധം പ്രായശ്ചിത്തം അങ്ങനെയൊരു ചിന്ത മാത്രം മനസ്സിൽ വീര രക്തസാക്ഷിയാവുക അതിനുവേണ്ടിയുള്ള ധീരപോരാട്ടം ആ പോരാട്ടത്തിൽ എഴുപത് ശത്രുക്കൾ വധിക്കപ്പെട്ടു ശത്രുക്കളയച്ച ഒരമ്പ് ത്വാലൂത്തിന്റെ നെഞ്ചിൽ തുളച്ചുകയറി രക്തം വാർന്നൊഴുകി എന്നിട്ടും പൊരുതി പൊരുതിപ്പൊരുതി തളർന്നുവീണു പശ്ചാത്താപ വിവശനായ ത്വാലൂത്ത് രാജാവ് പോർക്കളത്തിൽ വീരരക്തസാക്ഷിയായി

ചരിത്ര പണ്ഡിതന്മാരായ ഇബ്നു ജരീർ, മുഹമ്മദ് ബ്നു ഇസ്ഹാഖ് തുടങ്ങിയവർ ഈ സംഭവം വിവരിച്ചിട്ടുണ്ട്

ത്വാലൂത്ത് സന്ദർശിച്ചത് അൽ-യസഹ് നബി(അ)നെയായിരുന്നു വെന്ന് രേഖപ്പെടുത്തിയവരുണ്ട്

ശമവീൽ നബി(അ)നെയാണ് സന്ദർശിച്ചത് എന്നും അഭിപ്രായമുണ്ട്
നബിയോടുള്ള സംഭാഷണം സ്വപ്നത്തിലായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം

ത്വാലൂത്ത് രാജാവിന്റെ ഭരണകാലം നാല്പത് വർഷമായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്

ത്വാലൂത്തിന്റെ മരണത്തിനുശേഷം രാജ്യം മുഴുവൻ ദാവൂദ് (അ) ന്റെ കീഴിൽ വന്നു രാജ്യത്തിന്റെ അതിരുകൾ വികസിച്ചു

അല്ലാഹു സവിശേഷമായ അനുഗ്രഹങ്ങളാണ് ദാവൂദ് (അ)ന് നൽകിയത് മനുഷ്യരും ജിന്നുകളും പക്ഷികളും മൃഗങ്ങളും മരങ്ങളും പർവ്വതങ്ങളും ദാവൂദ്(അ)ന് കീഴൊതുങ്ങി എന്തൊരത്ഭുതം

സബൂർ




ദാവൂദ് (അ)ന് അല്ലാഹു ഇറക്കിക്കൊടുത്ത വേദഗ്രന്ഥമാണ് സബൂർ.സബൂർ എന്ന വാക്കിന് ഗ്രന്ഥ, ഏട് എന്നൊക്കെയാണ് അർത്ഥം 'സങ്കീർത്തനങ്ങൾ' എന്ന് പറയപ്പെടുന്നുണ്ട്

ദാവൂദ് നബി(അ)ന്റെ വേദഗ്രന്ഥ പാരായണം വളരെ പ്രസിദ്ധമായിരുന്നു പർവ്വതങ്ങളും പറവകളും മനുഷ്യരും ആസ്വദിക്കും അതിൽ അലിഞ്ഞുചേരും വല്ലാത്ത ആകർഷണമുള്ള പാരായണം

സബൂർ പാരായണം ദാവൂദ് നബി(അ)ന് അല്ലാഹു ലഘൂകരിച്ചു കൊടുത്തു ചുരുങ്ങിയ സമയംകൊണ്ട് ഓതിത്തീർക്കും ദിവസത്തിൽ അനേക തവണ ഓതും

സബൂർ നൽകിയത് ദാവൂദ് നബി(അ)ന്റെ ശ്രേഷ്ഠതയായി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്

സൂറത്ത് ഇസ്രാഈലിൽ ഇങ്ങനെ കാണാം :

'നിന്റെ റബ്ബ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നനാകുന്നു തീർച്ചയായും നബിമാരിൽ ചിലരെ ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിട്ടുണ്ട് ദാവൂദിന് നാം സബൂർ നൽകുകയും ചെയ്തിരിക്കുന്നു '(17:55)

അല്ലാഹു സബൂർ നൽകിക്കൊണ്ട് ദാവൂദ് (അ)നെ ശ്രേഷ്ഠപ്പെടുത്തിയിരിക്കുന്നു

സൂറത്തു നിസാഇൽ ഇങ്ങനെ കാണാം : ' നിശ്ചയമായും നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള നബിമാർക്കും വഹ് യ് (ദിവ്യ ബോധനം ) നൽകിയതുപോലെ താങ്കൾക്കും (മുഹമ്മദ് നബി(സ) ക്കും) നാം വഹ്യ്യ് നൽകിയിരിക്കുകയാണ്
ഇബ്രാഹിമിനും ,ഇസ്മാഈലിനും,ഇസ്ഹാഖിനും, യഹ്ഖൂബിനും (അദ്ദേഹത്തിന്റെ സന്തതികൾക്കും ,ഈസാക്കും,അയ്യൂബിനും,യൂനുസിനും,ഹാറൂനും,സുലൈമാനും നാം വഹ്യ് നൽകിയിരിക്കുന്നു ദാവൂദിന് നാം സബൂർ നൽകിയിരിക്കുന്നു '(4:163)

ഇവിടെ മഹാന്മാരായ പ്രവാചകന്മാരിൽ ചിലരുടെ പേര് പറയുകയും അവർക്ക് വഹ്യ് നൽകിയ കാര്യം പ്രസ്താവിക്കുകയും ചെയ്യുന്നു ദാവൂദ് (അ)ന് സബൂർ നൽകിയ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്

സൂറത്ത് അമ്പിയാഇൽ സബൂറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു 'തീർച്ചയായും ഭൂമിയെ എന്റെ സദ് വൃത്തന്മാരായ അടിയാന്മാർ അനന്തരമെടുക്കുന്നതാണെന്ന് (ആ) പ്രമാണത്തിനുശേഷം സബൂറിൽ നാം രേഖപ്പെടുത്തിയിരിക്കുന്നു (21:105)

'തീർച്ചയായും ഇതിൽ ആരാധന ചെയ്യുന്ന ജനങ്ങൾക്ക് സന്ദേശമുണ്ട് '(21:106)

പ്രമാണം എന്ന അർത്ഥത്തിൽ ദിക്റ് എന്ന അറബി പദമാണ് മേൽ വചനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഇവിടെ അല്ലാഹുവിന്റെ ജ്ഞാന രേഖയാണ് ഉദ്ദേശിക്കപ്പെടുന്നത് അതിന് ലൗഹുൽ മഹ്ഫൂള് എന്നു പറയുന്നു സൂക്ഷിക്കപ്പെട്ട ഫലകം

മൂസ(അ) ന് അല്ലാഹു ഇറക്കിക്കൊടുത്ത വേദഗ്രന്ഥമായ തൗറാത്ത് ആണ് ഇവിടെ ഉദ്ദേശ്യമെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്

മൂസ(അ)ന്റെ തൗറാത്തിലും , അതിനു പുറമെ ദാവൂദ് (അ)ന്റെ സബൂറിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നർത്ഥം വരും
എന്താണ് രേഖപ്പെടുത്തിയത് ?

ഭൂമിയെ എന്റെ സദ് വൃത്തരായ അടിയാന്മാർ അനന്തരാവകാശമെടുക്കുന്നതാണ്

ധിക്കാരികൾ ഭൂമിയെ അടക്കിവാഴും ഒരു നിശ്ചിത കാലത്തേക്ക് മാത്രം പിന്നീടവരെ അല്ലാഹു നശിപ്പിക്കും സദ് വൃത്തരെ അനന്തരാവകാശികളാക്കും

അനന്തരാവകാശം എന്നതിന് സ്വർഗ്ഗത്തിലെ താമസം എന്നാണ് അർത്ഥമെന്ന് ചിലർ പറഞ്ഞിട്ടുണ്ട് സ്വർഗ ഭൂമി എന്നൊരു പ്രയോഗമുണ്ട് സജ്ജനങ്ങൾ സ്വർഗത്തിൽ പ്രവേശിച്ച ശേഷം ഇപ്രകാരം പറയും : 'നമ്മോടുള്ള വാഗ്ദാനം സത്യമാക്കി നിറവേറ്റിത്തന്ന അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്നിടത്ത് നമുക്കു താമസിക്കാവുന്ന വിധത്തിൽ ഈ സ്വർഗ്ഗഭൂമിയെ അവൻ നമുക്ക് അനന്തരമാക്കിത്തരികയും ചെയ്തിരിക്കുന്നു സ്വർഗ്ഗം സജ്ജനങ്ങളുടെ അനന്തരാവകാശമാകുന്നുവെന്ന സത്യമാണ് സബൂർ പ്രഖ്യാപിക്കുന്നത്

ദാവൂദ് (അ) സബൂർ പാരായണം ചെയ്യുന്നത് കേൾക്കാൻ ഇസ്രാഈല്യർ കാത്തിരിക്കും പാരായണ ശബ്ദം അവരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലും ആശയങ്ങൾ മനസ്സിൽ ശക്തമായ ചലനങ്ങളുണ്ടാക്കും അന്തരീക്ഷമാകെ ഭക്തിനിർഭരമായിത്തീരും ശ്രോതാക്കളിൽ ചിലർ മയങ്ങിവീണുപോകും സ്വബോധം കുറെ നേരത്തേക്ക് കാണില്ല നദിക്കരയിൽ വെച്ചാണ് പാരായണം ചെയ്യുന്നതെങ്കിൽ ഒഴുകുന്ന ജലം നിശ്ചലമായിപ്പോകും പക്ഷികൾ പറന്നുവന്ന് സമീപത്തിരിക്കും എല്ലാതരം പക്ഷികളും പറന്നെത്തും പറവകളുടെ സമ്മേളനമായി മാറും അവയും നബിയുടെ പാരായണത്തിൽ ലയിച്ചുചേരും മൃഗങ്ങളും വന്നുകൂടും മൃഗങ്ങളുടെ സംഗമം അവ നിശബ്ദമായി സബൂർ പാരായണം കേൾക്കും വൃക്ഷങ്ങൾ ശ്രദ്ധിച്ചു കേൾക്കും കാട്ടിൽ വെച്ചാണ് പാരായണം ചെയ്യുന്നതെങ്കിൽ വന്യമൃഗങ്ങൾ വന്നുചേരും ദാവൂദ് (അ) എഴുപത് വിധത്തിൽ സബൂർ പാരായണം ചെയ്തിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്

ചിലപ്പോൾ സന്തോഷത്തിന്റെ അലകളുയരുന്ന സ്വരത്തിൽ വായിക്കും അപ്പോൾ ശ്രോതാക്കൾ ആനന്ദത്തിൽ ലയിക്കും ചിലപ്പോൾ ശോകസ്വരത്തിൽ വായിക്കും അപ്പോൾ കരയിലും കടലിലുമുള്ള ജന്തുക്കൾ വരെ ശോകഭാവത്തിലാവും ദുഃഖം വളരും

ഒരു യാത്രാവേളയിൽ രാത്രിയിൽ നബി(സ) തങ്ങൾ സ്വഹാബിവര്യനായ അബൂമൂസ(റ) വിന്റെ ഖുർആൻ പാരായണം കേൾക്കാനിടയായി വളരെ ആകർഷകമായ രംഗം

പിറ്റെ ദിവസം നബി(സ) തങ്ങൾ അദ്ദെഹത്തോട് പറഞ്ഞു: ' അബൂ മൂസാ, നിങ്ങൾക്ക് ദാവൂദിന്റെ ശബ്ദങ്ങളിൽ നിന്ന് ഒന്ന് കിട്ടിയിട്ടുണ്ട് നിങ്ങളുടെ ശബ്ദം ശ്രവണമധുരമാണ് '

അത് ലഭിച്ചാൽ അല്ലാഹുവിനെ സ്തുതിക്കണം നന്ദി പ്രകാശിപ്പിക്കണം പ്രഭാതത്തിലും സായഹ്നത്തിലും പർവ്വതങ്ങളും പറവകളും
ദാവൂദ് (അ)നോടൊപ്പം അല്ലാഹുവിനെ വാഴ്ത്തുമായിരുന്നു സുന്ദരമായ ശബ്ദം ആരെയും ആകർഷിക്കും സുന്ദര ശബ്ദത്തിൽ ഗാനാലാപനം നടത്തുമ്പോൾ വമ്പിച്ച സദസ്സുകൾ ഇളകിമറിയുന്നു ശബ്ദസൗന്ദര്യത്തിന്റെ മനുഷ്യമനസ്സുകളിലെ സ്വാധീനം അപാരം തന്നെ

ദാവൂദ് നബി (അ) ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയാകുന്നു അതായത് ഖലീഫ

പ്രവാചകനും ഭരണാധികാരിയുമായ ആ ഖലീഫ എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്ന് അല്ലാഹു വിവരിച്ചുകൊടുത്തു സൂറത്തു സ്വാദിൽ അല്ലാഹു നൽകുന്ന നിർദ്ദേശങ്ങൾ കാണാം അതിൽ ഇപ്രകാരം പറയുന്നു :

' ഹേ.... ദാവൂദ് നിശ്ചയമായും ഭൂമിയിൽ നിന്നെ ഞാൻ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു അതുകൊണ്ട് നീ മനുഷ്യർക്കിടയിൽ ന്യായപ്രകാരം വിധി നടത്തുക ഇച്ഛയെ പിൻപറ്റുകയും ചെയ്യരുത് കാരണം അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് നിന്നെ വ്യതിചലിപ്പിക്കുന്നതാണ് നിശ്ചയമായും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നവർ ,അവർ ന്യായവിചാരണ ദിവസത്തെ വിസ്മരിക്കുന്നത് നിമിത്തം അവർക്ക് കഠിന ശിക്ഷയുണ്ടാവും '(38:26)

എക്കാലത്തെയും ഭരണാധികാരികളും ന്യായാധിപന്മാരും നേതാക്കന്മാരും പിൻപറ്റേണ്ട നിർദ്ദേശങ്ങളാണ് ഈ വചനത്തിലുള്ളത് മനുഷ്യർക്കിടയിൽ ന്യായപ്രകാരം വിധി നടത്തുക എന്നതാണ് ഒന്നാമത്തെ നിർദ്ദേശം

ഏത് വിധിയും ന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം കുടുംബബന്ധം നോക്കരുത് തറവാട് മഹിമയോ കുലമഹിമയോ പരിഗണിക്കരുത് ജാതിയും മതവും ഭാഷയും ദേശവും ന്യായം പറയുന്നതിൽ നിന്ന് ന്യായാധിപനെയും ഭരണാധികാരിയെയും നേതാവിനെയും വിലക്കരുത്

ഇന്നത്തെ ഭരണാധികാരികളുടെയും നേതാക്കന്മാരുടെയും അവസ്ഥയെന്ത് ?
അവർ ന്യായം നോക്കുന്നുണ്ടോ ?

സ്വന്തം പാർട്ടിക്കാരൻ എന്ത് ധിക്കാരവും അക്രമവും കാണിച്ചാലും അത് ശരിയും നീതിയും

എതിർ പാർട്ടിക്കാരൻ എത്ര നല്ല കാര്യം ചെയ്താലും അത് നീതിയായി കാണില്ല അന്യരിൽ അനീതി മാത്രം കാണുക സ്വന്തക്കാരിൽ നീതി ഇതാണ് നാം നമുക്കു ചുറ്റും കാണുന്നത് നീതി അനീതിയാക്കുക സ്വന്തം അനീതികളെ നീതിയായി ചിത്രീകരിക്കുക ഇവരെക്കുറിച്ചാണ് ന്യായവിസ്താരത്തെ വിസ്മരിച്ചവൻ എന്ന് പറഞ്ഞത് അവർക്ക് പരലോകത്ത് കഠിനമായ ശിക്ഷയുണ്ട്

ശാരീരികേച്ഛകളെ പിൻപറ്റരുത് എന്നതാണ് രണ്ടാമത്തെ നിർദ്ദേശം കടമകൾ നിർവ്വഹിക്കുകയെന്നതായിരിക്കണം ലക്ഷ്യം

മദ്യപാനവും , ധനമ്പാദനവും, സുഖസൗകര്യങ്ങളുമൊക്കെയാണ് ആധുനിക മനുഷ്യർ ഇച്ഛിക്കുന്നത് ന്യായം മറക്കുന്നു മാഫിയകൾ വളരുന്നതങ്ങിനെയാണ് നേതാക്കളും ഭരണാധികാരികളും അവിഹിത കൂട്ടുകെട്ടുകളുണ്ടാക്കുന്നു വിലക്കപ്പെട്ട മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നു എന്തിന്?

ശാരീരികേച്ഛകൾ സംരക്ഷിക്കാൻ ഇവരും ന്യായവിസ്താര ദിവസത്തെ മറന്നവരാകുന്നു ശാരീരികേച്ഛകൾ നിന്നെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിപ്പിക്കുമെന്ന് ദാവൂദ് നബി(അ) നോട് അല്ലാഹു പറഞ്ഞു

എല്ലാ നേതാക്കളുടെയും ഭരണാധികാരികളുടെയും അവസ്ഥ അതുതന്നെ സ്വന്തം കാര്യങ്ങൾക്കു അധികാരദുർവിനിയോഗം ചെയ്യുന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അകന്നകന്നു പോവും
ന്യായവിസ്താര ദിവസം ഇവർക്ക് നഷ്ടങ്ങളുടെ കണക്കു മാത്രമേ ഉണ്ടാവുകയുള്ളൂ ജീവിതകാലത്ത് നാവിൽ നിന്ന് വന്ന ഓരോ വാക്കും ചെയ്തുപോയ ഓരോ കർമ്മവും കൃത്യമായി കണക്കു നോക്കുന്ന ദിവസമാണത്

ആ ദിവസത്തെ ഭരണാധികാരികളും നേതാക്കളും ഭയപ്പെടണം ഭയമില്ലാത്തവർ ശിക്ഷ സഹിക്കേണ്ടിവരും

ദാവൂദ്(അ) അല്ലാഹുവിന്റെ സ്മരണയിലായി ജീവിച്ചു ഓരോ വാക്കും അല്ലാഹുവിന്റെ തൃപ്തിയിലായി സംസാരിച്ചു ഓരോ കർമ്മവും അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യമാക്കി ചെയ്തു അതുകൊണ്ടുതന്നെ ആ പുണ്യ പ്രവാചകൻ മാതൃകാ ഭരണാധികാരിയും ജനനായകനുമൊക്കെയായിത്തീർന്നു

വിശുദ്ധ ഖുർആന്റെ പ്രശേസക്ക് പാത്രമായി ഒരോരുത്തരും ഓരോ രീതിയിലുള്ള ഭരണാധികാരികളാകുന്നു അവർക്കെല്ലാം ദാവൂദ് (അ) മാതൃകാ പുരുഷനാകുന്നു

ഇരുമ്പ് വഴങ്ങി





മനുഷ്യനാഗരികതയുടെ ചരിത്രത്തിൽ ഇരുമ്പിന് വലിയ സ്ഥാനമുണ്ട് പണ്ട് മനുഷ്യൻ കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചു ശിലിയുഗം എന്നൊരു കാലഘട്ടം തന്നെ കടന്നുപോയിട്ടുണ്ട്

ഇരുമ്പിന്റെ കണ്ടുപിടുത്തം മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയിലെ നാഴികക്കല്ലായിരുന്നു

ഇരുമ്പിന്റെ ആയുധങ്ങൾ മരംമുറിക്കാനും വിറകുണ്ടാക്കാനും ഉപയോഗിച്ചു മൃഗങ്ങളെ വേട്ടയാടി പിടിക്കാനും ഉപയോഗിച്ചു ആഹാര സമ്പാദനത്തിനുള്ള മാർഗ്ഗമായിത്തീർന്നു ഇരുമ്പ്

ശത്രുക്കളെയും വന്യ ജന്തുക്കളെയും നേരിടാനും ഇരുമ്പ് ഉപയോഗപ്പെടുത്തി യുദ്ധരംഗത്ത് ഇരുമ്പു അനിവാര്യമായിത്തീർന്നു വാളിന്റെ ഉപയോഗം സർവ്വസാധാരണമായി

വാൾ വന്നപ്പോൾ പരിചയും വേണ്ടിവന്നു ഇങ്ങോട്ട് വെട്ടുന്നത് തടയാൻ പരിച വേണം എന്ന അവസ്ഥ വന്നു

വാൾ പലവിധത്തിൽ പയറ്റാൻ തുടങ്ങിയപ്പോൾ പ്രതിരോധത്തിന് പരിച പോരാതെ വന്നു ശരീരത്തിലെവിടെയും വാൾ വീഴും അപ്പോൾ ശരീരത്തിനൊട്ടാകെ പ്രതിരോധം വേണം അതിനാണ് കവചം കണ്ടെത്തിയത് ഇരുമ്പകൊണ്ട് പലതരം സാധനങ്ങളുണ്ടാക്കാം ഇരുമ്പ് കട്ടി കൂടിയ ലോഹമാണ് അത് മിനുസപ്പെടുത്തണം എങ്കിലേ പലവിധ സാധാനങ്ങൾ എളുപ്പത്തിലുണ്ടാക്കാൻ കഴിയുകയുള്ളൂ ഇതിനുള്ള സാങ്കേതിക വിദ്യ അല്ലാഹു പഠിപ്പിച്ചത് ദാവൂദ് നബി (അ) നായിരുന്നു

അക്കാലം വരെ ഇരുമ്പ് ഉരുക്കാനും സാധനങ്ങളുണ്ടാക്കാനും മനുഷ്യർ വളരെയേറെ സാഹസപ്പെടേണ്ടിയിരുന്നു ദാവൂദ് (അ) ഇരുമ്പു ഉരുക്കുന്ന പുതിയ വിദ്യ ജനങ്ങളെ പഠിപ്പിച്ചു ഇരുമ്പുമായി ബന്ധപ്പെട്ട ജോലികളിൽ ധാരാളം പേർ വ്യാപൃതരായി പുതിയ പുതിയ സാധനങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടു അവ നാട്ടിലെങ്ങും പ്രചരിച്ചു വിദേശങ്ങളിലുമെത്തി

സബഹ് സൂറത്തിലെ പത്താം വചനത്തിൽ അല്ലാഹു പറഞ്ഞു
'അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു '

ഇരുമ്പുകൊണ്ടുള്ള ധാരാളം സാധന സാമഗ്രികൾ നിർമ്മിക്കത്തക്കവണ്ണം ഇരുമ്പിനെ അല്ലാഹു ദാവൂദ് (അ) ന് മയപ്പെടുത്തിക്കൊടുത്തു വളരെവേഗത്തിൽ ഇരുമ്പ് ഉരുക്കുവാനും വിവിധതരം സാധനങ്ങൾ നിർമ്മിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു

പരിഷ്കരിച്ച രീതിയിലുള്ള പടച്ചട്ട(പടയങ്കി) നിർമ്മിച്ചത് ദാവൂദ് (അ) ആകുന്നു ഇരുമ്പ് തകിടുകൊണ്ടുള്ള ഒരുതരം പടച്ചട്ട നേരത്തെ ഉപയോഗിച്ചിരുന്നു അവയ്ക്ക് ഭാരം കൂടുതലായിരുന്നു സ്വതന്ത്രമായി ഓടാനും ചാടാനും പ്രയാസമായിരുന്നു മനുഷ്യ ശരീരം സ്വതന്ത്രമായി മടക്കാനും ,വളയ്ക്കാനുമൊക്കെ പറ്റുന്ന വിധത്തിലുള്ള കണ്ണികളുള്ള പടച്ചട്ടയാണ് ആവശ്യം അതെങ്ങനെ നിർമ്മിക്കാമെന്നുള്ള വിജ്ഞാനം അല്ലാഹു ദാവൂദ് (അ)നെ പഠിപ്പിച്ചു

ആദ്യമായി പടയങ്കി കടഞ്ഞുണ്ടാക്കിയത് ദാവൂദ് (അ) ആകുന്നു

വിശുദ്ധ ഖുർആൻ പറയുന്നു :

'( നാം കൽപിച്ചു) വിശാലമായവയെ (വലിയ പടയങ്കികളെ ) നിർമ്മിക്കുക (കണ്ണികൾ) മടയുന്നതിൽ തോത് കണക്കാക്കുകയും ചെയ്യുക നിങ്ങൾ സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുക നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഞാൻ കണ്ടറിയുന്നവനാകുന്നു (34:11)

പടച്ചട്ട പണിയുമ്പോൾ നീളവും വീതിയും ശരീയായ വിധത്തിലാവണം മടയുന്നത് ശരിയായ അളവിൽ വേണം അപ്പോൾ കാണാൻ ഭംഗിയുണ്ടാവും പണി നടക്കുമ്പോൾ പണിക്കാരുടെ മനസ്സിൽ നല്ല തോന്നലുകൾ നൽകും അതനുസരിച്ച് അവരുടെ കൈകൾ ചലിക്കും നിർമ്മാണം മെച്ചമായിത്തീരും

ഇരുമ്പിനെ അധീനപ്പെടുത്തിക്കൊടുത്തത് വലിയൊരനുഗ്രഹമാണ് അനുഗ്രഹത്തിന് നന്ദി ചെയ്യണം എങ്ങനെയാണ് നന്ദി പ്രകടനം ? ധാരാളം സൽകർമ്മങ്ങൾ ചെയ്യുക അവ വർദ്ധിപ്പിക്കുക ഒരു സൽക്കർമ്മവും അല്ലാഹു കാണാതെ പോവില്ല എല്ലാം അവൻ കണ്ടറിയുക തന്നെ ചെയ്യും

സൂറത്ത് അമ്പിയാഇൽ ഇങ്ങനെ കാണാം : 'നിങ്ങളുടെ യുദ്ധത്തിൽ നിങ്ങളെ കാത്തു രക്ഷിക്കുവാനായി ,നിങ്ങൾക്കു വേണ്ടി പടച്ചട്ട നിർമ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു എന്നിട്ട് നിങ്ങൾ കൃതജ്ഞത കാണിക്കുന്നവരാണോ ? (21:80)

മനുഷ്യർക്ക് അല്ലാഹു നിരന്തരം അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു മനുഷ്യർ കൃതജ്ഞത കാണിക്കുന്നുണ്ടോ ,എന്ന ചോദ്യം അവർക്കു മുമ്പിൽ എപ്പോഴുമുണ്ട്

പരീക്ഷണം 


ദാവൂദ് നബി (അ) തന്റെ കർമ്മങ്ങൾക്ക് നല്ല ചിട്ട പാലിച്ചിരുന്നു പരിപാടികൾ മുൻകൂട്ടി ആവിഷ്കരിക്കും പരാതികൾ കേൾക്കാനും കേസുകൾ വിധി പറയാനും ഒരു ദിവസം മാറ്റിവെച്ചു

ഭാര്യമാരെ കാണാൻ ഒരു ദിവസം

മലമുകളിലും , മൈതാനിയിലും സമുദ്ര തീരത്തും പോയിരുന്ന് സ്തുതിഗീതങ്ങൾ പാടാൻ ഒരു ദിവസം വീട്ടിലിരുന്ന് പ്രത്യേക ആരാധനകൾക്ക് ഒരു ദിവസം

ആരാധനകൾക്കു വേണ്ടി മാറ്റിവെക്കപ്പെട്ട ഒരുദിവസം ഒരു സംഭവമുണ്ടായി
ദാവൂദ് (അ) ആരാധനാലയത്തിൽ പ്രവേശിച്ചു വാതിലിൽ പാറാവുകാരൻ കാവൽ നിന്നു ഇനിയാർക്കും പ്രവേശനമില്ല ആരു വന്നാലും തടയും നബിയുടെ മിഹ്റാബിൽ രണ്ടാളുകൾ വന്നു ദാവൂദ് (അ)പെട്ടെന്നൊന്നു പരിഭ്രമിച്ചു കാവൽക്കാരെ ധിക്കരിച്ചു ഇവരെങ്ങനെ അകത്ത് കിടന്നു ?
ആഗതരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു

'ഞാനൊരു പരാതിക്കാരനാണ് ഇയാൾക്കെതിരെയാണ് പരാതി എനിക്കൊരു ആട് മാത്രമേയുള്ളൂ ഇയാൾക്ക് തൊണ്ണൂറ്റി ഒമ്പത് ആടുകളുണ്ട് എന്റെ ആടിനെ ഇയാൾ ചോദിക്കുന്നു എന്റെ ആടിനെകൂടി കൊടുത്താൽ ഞാൻ ആടില്ലാത്തവനായിപ്പോകും ഇയാൾ നൂറ് ആടിന്റെ ഉടമസ്ഥനാവുകയും ചെയ്യാം ഇയാളുടെ ചോദ്യം അക്രമമല്ലേ ?'

'നൂറ് തികയ്ക്കാനാണ് ആടിനെ ആവശ്യപ്പെട്ടത് 
'
ദാവൂദ് (അ) പറഞ്ഞു: അത് മര്യാകേടുതന്നെ
'താങ്കൾ താങ്കൾക്കെതിരെ തന്നെ വിധി പറഞ്ഞല്ലോ ?
വിധി കേട്ടപ്പോൾ ആഗതർ അങ്ങനെ പ്രതികരിച്ചു

എന്നിട്ടവർ പെട്ടെന്ന് അപ്രത്യക്ഷരായി വന്നത് മലക്കുകളായിരുന്നു അവരുടെ പ്രതികരണം നബിയെ ചിന്താകുലനാക്കി ചിന്ത ദുഃഖമായി മാറി ദുഃഖം കൂടിക്കൂടി വന്നു

ജനങ്ങളിലേക്കിറങ്ങാൻ കഴിയുന്നില്ല താൻ തനിക്കെതിരെ വിധിച്ചിരിക്കുന്നു ഇത് വല്ലാത്ത വിധി തന്നെ ഈ സംഭവം ഖുർആനിൽ പറഞ്ഞിട്ടുണ്ട് വിശദീകരണമില്ല നബിയും വിധിയും തമ്മിലെന്ത് ബന്ധം?
പണ്ഡിതന്മാർ നൽകുന്ന ഒരു വിശദീകരണത്തിന്റെ ചുരുക്കം താഴെ കൊടുക്കുന്നു

മറ്റുള്ളവരുടെ ഭാര്യമാരെ കണ്ട് താല്പര്യം തോന്നിയാൽ അക്കാര്യം അവരുടെ ഭർത്താക്കന്മാരോട് തുറന്നു പറയുന്നത് സാധാരണയായിരുന്നുവത്രെ അക്കാലത്ത്

നിങ്ങളുടെ ഭാര്യയെ ഞാൻ കണ്ടു എനിക്കവളെ ഭാര്യയായി കിട്ടിയാൽ കൊള്ളാം നിങ്ങളവളെ വിവാഹമോചനം നടത്തി എനിക്ക് വിവാഹം ചെയ്തു തരൂ എന്നൊരാൾ പറഞ്ഞാൽ അതൊരു മര്യാദകേടായി കാണാത്ത കാലം പലരും അക്കാലത്ത് അങ്ങനെ ചോദിച്ചിട്ടുണ്ടത്രെ പലർക്കും ഭാര്യമാരെ കിട്ടിയിട്ടുമുണ്ട്

അക്കാലത്ത് ദാവൂദ് (അ)ന് തൊണ്ണൂറ്റി ഒമ്പത് ഭാര്യമാരുണ്ടായിരുന്നു ഒരു ഭാര്യകൂടി വേണമെന്ന് തോന്നി നേരത്തെ ഊരിയ്യ എന്ന ആളുടെ ഭാര്യയായിരുന്നു ഒരു സ്ത്രീ പിന്നീട് ദാവൂദ്(അ)ന്റെ ഭാര്യയായിത്തീർന്നു അപ്പോൾ ഭാര്യമാരുടെ എണ്ണം നൂറ്

ഇവിടെ വന്നു പോയത് മലക്കുകളാണ് ആടുകൾ എന്നു പറഞ്ഞത് സ്ത്രീകളാണ് ഇത് കടുത്ത പരീക്ഷണം തന്നെ അസഹ്യമായ വേദന സുജൂദിൽ വീണു ഉറക്കമില്ല സമാധാനമില്ല നാല്പത് ദിവസങ്ങൾ ഈ നിലയിൽ കടന്നുപോയി പശ്ചാത്താപം പാരമ്യതയിലെത്തി അല്ലാഹു സംതൃപ്തനായി ദാവൂദ് നബിക്ക് സന്ദേശം ലഭിച്ചു പശ്ചാത്താപം സ്വീകരിക്കപ്പട്ടു വലിയ സന്തോഷം തന്നെ പിന്നാലെ മറ്റൊരു സന്തോഷം കൂടി വന്നു ആ ഭാര്യ ഗർഭിണിയായി ഒരാൾകുഞ്ഞിനെ പ്രസവിച്ചു ആ കുഞ്ഞാണ് ലോക ചക്രവർത്തി സുലൈമാൻ (അ)

വിശുദ്ധ ഖുർആൻ പറയുന്നു :

'(മുഹമ്മദ് നബിയേ....) വ്യവഹാര കക്ഷികൾ ആരാധന മണ്ഡപത്തിൽ മതിൽ കയറിവന്നപ്പോഴത്തെ വർത്തമാനം താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ (38:21)

വ്യവഹാര കക്ഷികൾ ആരാധനാലയത്തിൽ പ്രവേശിക്കാൻ നോക്കിയപ്പോൾ കാവൽക്കാർ തടഞ്ഞു അതുകൊണ്ടവർക്ക് ചുമരിന്റെ വിള്ളലിലൂടെയോ മറ്റോ പ്രവേശിക്കേണ്ടിവന്നു അവർ മലക്കുകളായിരുന്നു

വിശുദ്ധ ഖുർആൻ തുടരുന്നു :

'അവർ ദാവൂദിന്റെ മേൽ പ്രവേശിച്ച സന്ദർഭം ,എന്നിട്ട് അവരെ സംബന്ധിച്ച് ഭയന്നു അവർ പറഞ്ഞു : ഭയപ്പെടേണ്ട ഞങ്ങൾ രണ്ട് വ്യവഹാര കക്ഷികളാണ് ഞങ്ങളിൽ ചിലവർ ചിലരുടെ മേൽ അക്രമം ചെയ്തിരിക്കുന്നു അതുകൊണ്ട് താങ്കൾ ഞങ്ങൾക്കിടയിൽ ന്യായപ്രകാരം വിധിച്ചു തരണം നീതികേട് ചെയ്യരുത് ഞങ്ങളുടെ നേരായ പാതയിലേക്ക് മാർഗ്ഗദർശനം നൽകുകയും വേണം '(38:22)

'ഇത് എന്റെ സഹോദരനാണ് ഇവന് തൊണ്ണൂറ്റി ഒമ്പത് ആടുകളുണ്ട് എനിക്ക് ഒരാടുമുണ്ട് എന്നിട്ട് അവൻ പറഞ്ഞു : നീ അതിനെ എനിക്ക് വിട്ടുതരണം അഭിമുഖ സംസാരത്തിൽ അവൻ എന്നെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു '(38:23)

അദ്ദേഹം (ദാവൂദ്) പറഞ്ഞു: അവന്റെ ആടുകളോട് കൂടി നിന്റെ ആടിനെ ചോദിച്ചത് നിമിത്തം തീർച്ചയായും അവൻ നിന്നോട് അനീതി പ്രവർത്തിച്ചിരിക്കുകയാണ്

നിശ്ചയമായും കൂട്ടുകാരിലധികപേരും ചിലർ ചിലരുടെ മേൽ അതിക്രമം പ്രവർത്തിക്കാറുണ്ട് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരൊഴികെ അവർ വളരെ കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളു നാം അദ്ദേഹത്തെ പരീക്ഷണം നടത്തിയിരിക്കുകയാണെന്ന് തന്നെ ദാവൂദ് ധരിച്ചു അതിനാൽ അദ്ദേഹം തന്റെ റബ്ബിനോട് പാപമോചനം തേടുകയും റുകൂഹ് ചെയ്തു (കുമ്പിട്ട് )കൊണ്ട് നിലംപതിക്കുകയും ചെയ്തു ഖേദിച്ചു മടങ്ങുകയും ചെയ്തു (38:24)

'അപ്പോൾ അദ്ദേഹത്തിന് അത് നാം പൊറുത്തുകൊടുത്തു നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീപ്യ (സ്ഥാനവും) നല്ല മടക്കസ്ഥലവും ഉണ്ട് '(38:25)

റുകൂഇലും സുജൂദിലുമായുള്ള ദാവൂദ് (അ)ന്റെ നാല്പത് നാളുകൾ കടുത്ത പശ്ചാത്താപത്തിന്റെതായിരുന്നു അല്ലാഹു പശ്ചാത്താപം സ്വീകരിച്ചു

അല്ലാഹു അദ്ദേഹത്തെ തന്നിലേക്കടുപ്പിച്ചു

നിശ്ചയമായും ദാവൂദിന് നമ്മുടെ അടുക്കൽ ഉന്നത സ്ഥാനമുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു

മടക്കസ്ഥലം പരലോകമാകുന്നു ദാവൂദ് (അ)ന്റെ പരലോക ജീവിതം സമുന്നതമാകുന്നു

ദാവൂദ് നബി(അ)ന്റെ കാലത്ത് ഇസ്രാഈല്യരുടെ എണ്ണം വളരെ വർദ്ധിച്ചു അവർ നബിയുടെ കല്പനകൾ അനുസരിച്ചു ജീവിക്കുകയും ചെയ്തു

സാമൂഹിക വിരുദ്ധന്മാർ അക്കാലത്തുണ്ടായിരുന്നു പക്ഷെ, സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ അവർ ഭയന്നു ഏത് തെറ്റ് ചെയ്താലും കണ്ടുപിടിക്കപ്പെടും നല്ല ശിക്ഷയും ലഭിക്കും

മനസ്സ് ശുദ്ധിയില്ലാത്തവർ ഭയന്നു ജീവിച്ചു

മുഹ്മിനീങ്ങൾക്ക് ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടിവരും അവയെല്ലാം ക്ഷമയോടെ നേരിടണം

ദാവൂദ് (അ)ന് നേരിടേണ്ടിവന്ന പരീക്ഷണമാണ് നാമിവിടെ കണ്ടത് കഠിനമായ പശ്ചാത്താപമാണ് നടത്തിയത് ആ പശ്ചാത്താപത്തെ അല്ലാഹു പ്രശംസിച്ചു

സാധാരണക്കാരായ നമുക്ക് എന്തുമാത്രം അബദ്ധങ്ങൾ സംഭവിക്കുന്നു? തെറ്റാണെന്ന ബോധത്തോടെത്തന്നെ എത്ര തെറ്റുകളാണ് നിത്യവും ചെയ്യുന്നത് തെറ്റുകൾക്കുമേൽ തെറ്റുകൾ നമുക്ക് പശ്ചാത്തപിക്കാൻ തോന്നുന്നുണ്ടോ? പശ്ചാത്തപിക്കാത്തവർക്ക് പാപമോചനമുണ്ടോ ?

അമ്പിയാക്കന്മാരുടെ പശ്ചാത്താപത്തെക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ നമ്മോട് പറയുന്നു എന്തിന് ? സംഭവിച്ചുപോയ തെറ്റുകൾ നാം പശ്ചാത്തപിക്കാൻ അമ്പിയാക്കളുടെ പശ്ചാത്താപം നമുക്ക് മാതൃകയാവാൻ അമ്പിയിക്കന്മാരുടെ പശ്ചാത്താപം സ്വീകരിച്ച സന്തോഷവാർത്തയും നമ്മെ അറിയിക്കുന്നു നാം പശ്ചാത്തപിച്ചാൽ അതും സ്വീകരിക്കപ്പെടും സന്തോഷകരമായ അവസ്ഥ നമുക്കും വന്നു ചേരും

പറവകളും പർവ്വതങ്ങളും 





പർവ്വതങ്ങൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന പർവ്വതങ്ങൾ വനങ്ങൾ നിറഞ്ഞ മലകൾ കരിമ്പാറകൾ മാത്രമുള്ള മലകൾ ഉയരം കാരണം മഞ്ഞ് കട്ടപിടിച്ചുകിടക്കുന്ന പർവ്വതങ്ങൾ മലകൾ എക്കാലവും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഭൂമിക്ക് ആണി തറച്ചതുപോലെ മലകളുടെ നിൽപ്പ് അഗ്നിപർവ്വതങ്ങളുണ്ട് മലകൾ അല്ലാഹുവിന്റെ സവിശേഷ സൃഷ്ടികളാണ് മലഞ്ചെരിവുകളെ അല്ലാഹു മനോഹരമാക്കി അമ്പിയാക്കൾ മലഞ്ചരിവുകളിൽ ആടിനെ മേച്ച് നടന്നു സൂഫിയാക്കൾ മലമുകളിൽ കയറി ആരാധനകളിൽ മുഴുകി മലകൾ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നു സാധാരണ മനുഷ്യർക്കത് മനസ്സിലാവുന്നില്ല അവരത് കേൾക്കുന്നില്ല അത് കേൾക്കാനുള്ള കഴിവ് ചിലർക്ക് അല്ലാഹു നൽകുന്നു അത്തരം ഒരാളായിരുന്നു ദാവൂദ് (അ) മലകളുടെ തസ്ബീഹ് അദ്ദേഹം കേട്ടിരുന്നു അദ്ദേഹം മലകൾക്കു മുകളിൽ കയറിപ്പോവും അവിടെയിരുന്ന് തസ്ബീഹ് ചൊല്ലും നല്ല ഈണത്തീൽ ആ രംഗം ഒന്നു സങ്കൽപിച്ചുനോക്കൂ

ദാവൂദ് (അ) മലമുകളിലിരുന്ന് പൂർണമായ മനസ്സാന്നിധ്യത്തോടെ തസ്ബീഹ് ചൊല്ലുന്നു

മലകൾ പ്രവാചകനോടൊപ്പം തസ്ബീഹ് ചൊല്ലുന്നു

പറവകൾ മനുഷ്യ മനസ്സിൽ ആഹ്ലാദം പടർത്തുന്ന ജീവികൾ വിവിധതരം പക്ഷികൾ അവയുടെ രൂപങ്ങളിൽ ധൈവിധ്യം വർണങ്ങളിലും വൈവിധ്യം ശബ്ദത്തിലും വൈവിധ്യം അവയുടെ ചലനങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു കള കള ശബ്ദം നമ്മെ ആനന്ദിപ്പിക്കുന്നു മനുഷ്യൻ പക്ഷികളെ സ്നേഹിക്കുന്നു പക്ഷികൾ അല്ലാഹുവിനെ വാഴ്ത്തുന്നു തസ്ബീഹ് ചൊല്ലുന്നു

ദാവൂദ് (അ) അത് കേൾക്കുന്നു മനസ്സിലാക്കുന്നു പക്ഷികളുടെ ഭാഷ മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു ദാവൂദ് (അ) ന് നൽകിയിരുന്നു എന്തൊരനുഗ്രഹം

അല്ലാഹു നൽകിയ പ്രത്യേകമായ അനുഗ്രഹങ്ങളെക്കുറിച്ചു ദാവൂദ് (അ) എപ്പോഴും ചിന്തിക്കുമായിരുന്നു പ്രത്യേകമായ അനുഗ്രഹങ്ങൾക്ക് പ്രത്യേകമായ നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്

ആരാധനകൾ വർദ്ധിപ്പിക്കണം സാധാരണക്കാരുടെ ആരാധനകൾ പോര ചില ദിവസങ്ങൾ പ്രത്യേക ആരാധനകൾക്കുവേണ്ടി മാത്രം മാറ്റി വെച്ചു

ദാവൂദ് (അ)ന്റെ ആരാധനകൾ ,മനുഷ്യ സേവനം ,ജീവിത വിശുദ്ധി , കൃതജ്ഞതാബോധം ഇവയെല്ലാം അല്ലാഹു അംഗീകരിച്ചു നന്ദിയുള്ള മഹാപുരുഷൻ

പർവ്വതങ്ങളുടെയും പക്ഷികളുടെയും ഭാഷ മനസ്സിലാവുകയെന്നതിലൊതുങ്ങുന്നതല്ല ദാവൂദ് (അ) ന്റെ മഹത്വം അവയെ അല്ലാഹു അദ്ദേഹത്തിന് കീഴൊതുക്കിക്കൊടുത്തു അദ്ദേഹം കല്പിച്ചാൽ അവ അനുസരിക്കും

വിശുദ്ധ ഖുർആൻ പറയുന്നു : ' ദാവൂദിന് നമ്മുടെ വകയായി ഒരു പ്രത്യേക അനുഗ്രഹം നാം നൽകിയിട്ടുണ്ട് ഹേ.... പർവ്വതങ്ങളേ അദ്ദേഹത്തോടൊപ്പം പക്ഷികളുമൊന്നിച്ച് കീർത്തനം ആവർത്തിക്കുക അദ്ദേഹത്തിന് നാം ഇരുമ്പ് പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്തു (22:10)

അമ്പിയാഹ് സൂറത്തിൽ ഇങ്ങനെ കാണാം :

'എന്നിട്ട് സുലൈമാന് നാമത് ഗ്രഹിപ്പിച്ചു ഇരുവർക്കും (ദാവൂദിനും സുലൈമാനും ) നാം ന്യായവിധിയും ജ്ഞാനവും നൽകി ദാവൂദിനോടൊപ്പം തസ്ബീഹ് ചെയ്യുന്ന നിലയിൽ പർവ്വതങ്ങളെയും പറവകളെയും നാം കീഴ്പ്പെടുത്തുകയും ചെയ്തു നാം ഇങ്ങനെയെല്ലാം ചെയ്യുന്നവരാകുന്നു '(21:79)

എല്ലാ വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നുണ്ട് അതിനുള്ള കഴിവ് നൽകപ്പെട്ടിട്ടുണ്ട് പക്ഷെ സാധാരണക്കാർക്ക് അത് മനസ്സിലാവുന്നില്ല

ഏഴ് ആകാശങ്ങളും ,ഭൂമിയും അവയിലുള്ള സകല വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നുണ്ട് ധിക്കാരികളായ മനുഷ്യർ അതിന് തയ്യാറാവുന്നില്ല അല്ലാഹു സഹനശീലനാണ് അതുകൊണ്ട് ധിക്കാരികളെ വെച്ചു പൊറുപ്പിക്കുന്നു

ഇസ്രാഹ് സൂറത്തിൽ അല്ലാഹു പറയുന്നു: ' ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന് തസ്ബീഹ് (സ്ത്രോത്ര കീർത്തനം )ചെയ്യുന്നു

ഒരു വസ്തുവും തന്നെ അവനെ സ്തുതിച്ചുകൊണ്ട് അവന് തസ്ബീഹ് ചെയ്യാതെയില്ല എങ്കിലും അവരുടെ തസ്ബീഹ് നിങ്ങൾക്ക് മനസ്സിലാവുകയില്ല നിശ്ചയമായും അവൻ സഹനശീലനും ,വളരെ പൊറുക്കുന്നവനുമാകുന്നു(17:44)

മലക്കുകളുടെ തസ്ബീഹ് പ്രസിദ്ധമാണ്

രാവും പകലും മലക്കുകൾ അല്ലാഹുവിന് തസ്ബീഹ് നടത്തുന്നു അവർ തളരുന്നില്ല എന്ന് സൂറത്ത് അമ്പിയാഹ് ഇരുപതാം വചനത്തിൽ കാണാം
അല്ലാഹുവിനെ സ്തുതിക്കുകയെന്നത് സകല ജീവജാലങ്ങൾക്കുമുള്ള ചര്യയാകുന്നു ആകാശഭൂമികളിലുള്ള സകല ജീവികളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു മനുഷ്യരുടെ സുജൂദിനെ നാം കാണുന്നു മറ്റു ജീവികളുടേത് കാണാനും മനസ്സിലാക്കാനും കഴിയുന്നില്ല

സൂറത്തുന്നഹ്ലിൽ ഇങ്ങനെ കാണാം :

'ആകാശത്തിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു മലക്കുകളും (സുജൂദ് ചെയ്യുന്നു) അവരാവട്ടെ അഹംഭാവം കാണിക്കുന്നുമില്ല '(16:49)

'അവർ തങ്ങളുടെ മീതെ (അധികാരശക്തിയുള്ള ) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു തങ്ങളോട് കൽപിക്കപ്പെടുന്നതെല്ലാം അവർ ചെയ്യുന്നു (16:50)

ധിക്കാരിയായ മനുഷ്യൻ കല്പിക്കപ്പെടുന്നത് നിർവ്വഹിക്കുന്നില്ല അവൻ ശപിക്കപ്പെട്ടവനായി മാറുന്നു

മറ്റു ജീവികൾ അല്ലാഹു കല്പിച്ചതെല്ലാം അനുസരിക്കുന്നു സ്രഷ്ടാവിന്റെ അനുഗ്രഹം നേടുന്നു

കൃഷി തിന്ന കാലികൾ 



മനുഷ്യർക്ക് അല്ലാഹു നൽകുന്ന അതിമഹത്തായ അനുഗ്രഹമാണ് ബുദ്ധി ജന്മസിദ്ധമായിത്തന്നെ അത് ലഭിക്കുന്നു

ചിലർക്ക് നല്ല ബുദ്ധിശക്തി കാണും ചിലർ മിതബുദ്ധികളായിരിക്കും മറ്റു ചിലർ മന്ദബുദ്ധികൾ

വിദ്യനേടുകയും ധാരാളം അനുഭവ സമ്പത്തുണ്ടാവുകയും ചെയ്യുമ്പോൾ ബുദ്ധി വികസിക്കുന്നു മികച്ച ബുദ്ധിശക്തിയുടെ രണ്ട് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്

ദാവൂദ് (അ)മകൻ സുലൈമാൻ (അ) അവർക്കിരുവർക്കും അല്ലാഹു മികച്ച ബുദ്ധിശക്തിയാണ് നൽകിയത് കൂടെ അത്ഭുതകരമായ അറിവുകളും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും തീരുമാനങ്ങളെടുക്കാനും അവർക്ക് കഴിഞ്ഞിരുന്നു പിൽക്കാലക്കാർക്ക് അവരുടെ ചര്യകളിൽ നിന്ന് മികച്ച പാഠങ്ങൾ പഠിക്കാനുണ്ട് അതുകൊണ്ടാണ് അവരുടെ കാര്യങ്ങൾ വിശുദ്ധ ഖുർആൻ നമുക്കു പറഞ്ഞുതരുന്നത് നമ്മുടെ സവിശേഷമായ ശ്രദ്ധയാകർഷിക്കാൻ പോന്ന ഒരു സംഭവം ഖുർആൻ വിവരിക്കുന്നുണ്ട്

ഒരു കൂട്ടരുടെ കൃഷിസ്ഥലം മറ്റൊരു കൂട്ടരുടെ ആട്ടിൻ കൂട്ടം രാത്രിയിൽ ആ കൃഷി സ്ഥലത്ത് കടന്നു വിളകൾ തിന്നുകളഞ്ഞു വലിയ നഷ്ടം സംഭവിച്ചു എത്ര പാടുപെട്ട് വളർത്തിയെടുത്ത കൃഷിയാണ് അവരുടെ അധ്വാനം നഷ്ടത്തിലായി കടുത്ത വേദനയോടെ കൃഷിക്കാർ ദാവൂദ് (അ) ന്റെ സന്നിധിയിലെത്തി സങ്കടം ബോധിപ്പിച്ചു

ആടുകളുടെ ഉടമസ്ഥരും വന്നു ആടുകൾ വിള തിന്നു എന്നത് സത്യമാണ് ആടുകൾ ചെയ്ത കുറ്റം വാശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെ എങ്ങനെ കുറ്റപ്പെടുത്തും ?

അതൊന്നും പറഞ്ഞാൽ കർഷകരുടെ സങ്കടം തീരില്ലല്ലോ നഷ്ടം നികത്തപ്പെടുകയുമില്ല

ദാവൂദ് (അ) ന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു ഒരു തീരുമാനം പ്രഖ്യാപിച്ചു
ആടുകളുടെ ഉടമസ്ഥരോട് ദാവൂദ് (അ) പറഞ്ഞു കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട് നഷ്ടപരിഹാരം എന്ന നിലക്ക് നിങ്ങളുടെ ആടുകളെ അവർക്ക് നൽകുക

എല്ലാവരും വിവികേട്ടു മറിച്ചൊന്നും പറയാനില്ല

ആട്ടിന്റെ ഉടമകളുടെ മനസ്സിൽ വേദനയുണ്ട് അത് സഹിച്ചു അല്ലാതെന്ത് ചെയ്യാൻ

എല്ലാവരും പുറത്ത് വന്നു വഴിയിൽ വെച്ചു ദാവൂദ് (അ)ന്റെ പുത്രനെ കണ്ടു
പതിനൊന്നു വയസ്സുള്ള കുട്ടി സുലൈമാൻ (അ) എന്താണ് നിങ്ങളുടെ പ്രശ്നം ? കുട്ടി ചോദിച്ചു അവർ സംഭവം വിവരിച്ചു വിധിയും പറഞ്ഞു എല്ലാം കേട്ടു കുട്ടി ചിന്തയിലാണ്ടു ഇതിനെക്കാൾ നന്നായി വിധിക്കാമല്ലോ
വരൂ അവരെയും കൂട്ടി സുലൈമാൻ (അ) പിതാവിന്റെ മുമ്പിലെത്തി സംസാരിച്ചു

ഉപ്പാ....എനിക്ക് മറ്റൊരു രീതിയിൽ വിധിക്കാൻ തോന്നുന്നു
പറയൂ മകനേ.... എന്താണ് നിന്റെ വിധി

കർഷകരുടെ കൃഷി നശിച്ചു അത് നന്നാക്കിയെടുക്കണം അതിന് ആട്ടിന്റെ ഉടമകൾ വേണ്ട ശുശ്രൂഷകൾ ചെയ്യണം കൃഷി പൂർവ്വസ്ഥിതിയിലെത്തിക്കണം അതിന് കുറച്ചു കാലം പിടിക്കും അത്രയും കാലം ആടുകളെ കർഷകർ സൂക്ഷിക്കട്ടെ അവയുടെ പാലും രോമവും അപ്പോൾ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളും കർഷകർക്കുള്ളതാണ് അതാണ് നഷ്ടപരിഹാരം കൃഷി പൂർവ്വസ്ഥിതിയിലെത്തിക്കഴിഞ്ഞാൽ ആടുകളെ തിരിച്ചുകൊടുക്കണം

വിധി കേട്ടപ്പോൾ കർഷകർക്ക് സന്തോഷം ആടുകളുടെ ഉടമകൾക്കും സന്തോഷം

തങ്ങളുടെ ആടുകളെ നഷ്ടപ്പെടുന്നില്ല കൃഷി പൂർവ്വസ്ഥിതിയിലെത്തിയാൽ തിരിച്ചുകിട്ടും കുറച്ചു കാലത്തേക്കുള്ള വരുമാനം നഷ്ടപ്പെടുമെന്നല്ലേയുള്ളൂ സന്തോഷം
ദാവൂദ് (അ) പറഞ്ഞു :

മകനേ നിന്റെ വിധിയാണുത്തമം അത് നടപ്പിലാക്കാം

ഇവിടെ മകന്റെ ബുദ്ധിശക്തിയാണ് പ്രകടമായത് അംഗീകരിക്കാൻ പ്രേരിപ്പിക്കുന്ന പിതാവിന്റെ ബുദ്ധി മകന്റെ കഴിവിൽ പിതാവിന് അഭിമാനം മകന്റെ വിധി നടപ്പിലാക്കിക്കൊണ്ട് പിതാവ് മകനെ പ്രോത്സാഹിപ്പിക്കുന്നു

മകൻ കുട്ടിയാണെങ്കിലും അവന്റെ കഴിവ് പിതാവ് അംഗീകരിക്കണമെന്ന മഹത്തായ പാഠം ഇവിടെയുണ്ട്

പിതാവ് ഒരിക്കലെടുക്കുന്ന തീരുമാനം മകന്റെ വാക്കുകേട്ട് മറ്റാൻ പറ്റില്ല എന്ന ദുർവാശി പാടില്ല താൻ പറഞ്ഞതിനേക്കാൾ മികച്ച രീതിയിൽ ആര് പറഞ്ഞാലും അംഗീകരിക്കണം മനസ്സിന്റെയും ബുദ്ധിയുടെയും വളർച്ചക്ക് അതാണ് അനിവാര്യം

താൻ പറഞ്ഞത് നടപ്പിലാവണം മറ്റുള്ളവർ പറഞ്ഞത് നടപ്പിൽ വരുത്താനാവില്ല എന്ന പിടിവാശിയായാൽ ബുദ്ധിയും മനസ്സും ക്ഷീണിക്കും വളർച്ച മുരടിക്കും

മറ്റുള്ളവർ പിടിവാശിക്കാരനെ വെറുക്കും വെറുപ്പോടെ മാത്രം അയാൾ എന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും

ദാവൂദ് (അ) നെ ആളുകൾ സന്തോഷത്തോടെ ഓർക്കും ആ പ്രവാചകന്റെ അന്തസ്സും,മഹിമയും ആളുകളുടെ മനസ്സിൽ കൂടിക്കൂടി വരും

മകന് പിതാവിനോടുള്ള ബഹുമാനവും സ്നേഹവും കൂടിക്കൂടി വരും എല്ലാ പിതാക്കളും മക്കളും ഈ മാതൃക സ്വീകരിക്കണം അവർക്കിടയിലെ ബന്ധം എത്ര സുന്ദരമായിമാറും

ദാവൂദ് (അ) മാതൃകാ പിതാവായി നമ്മുടെ മുമ്പിലുണ്ട് സുലൈമാൻ (അ) മാതൃകാ പുത്രനായും നാമൊക്കെ ആദ്യം പുത്രന്മാരായി പിന്നെ പിതാക്കളായി ഇരുവരേയും നാം മാതൃകയാക്കുക

വിശുദ്ധ ഖുർആൻ സൂറത്തുൽ അമ്പിയാഹ് ഈ സംഭവം ഇങ്ങനെ ഉദ്ധരിക്കുന്നു

ദാവൂദിനെയും സുലൈമാനെയും , വിളയുടെ കാര്യത്തിൽ ജനങ്ങളുടെ ആടുകൾ രാത്രി അതിൽ കടന്നു മേഞ്ഞപ്പോൾ രണ്ടുപേരും വിധി കല്പിക്കുന്ന സന്ദർഭം (ഓർക്കുക) അവർ വിധി കല്പിക്കുന്നതിന് നാം സാക്ഷിയായിരിക്കുകയും ചെയ്തിരിക്കുന്നു (21:78)

ദാവൂദ് (അ), സുലൈമാൻ (അ) എന്നിവർ ഒരേ സമയം പ്രവാചകന്മാരും രാജാക്കന്മാരുമായിരുന്നു

അവർ ഓരോ വിധി നടത്തുമ്പോഴും അല്ലാഹുവിനെ ഓർത്തിരുന്നു അവരുടെ തൃപ്തി കിട്ടുംവിധമായിരുന്നു വിധി

കുടുംബനാഥൻ കുടുംബത്തിലെ വിധികർത്താവാണ് കുടുംബാംഗങ്ങളുടെ കാര്യങ്ങൾ തീരുമാനമെടുക്കുമ്പോൾ അല്ലാഹു അതിന് സാക്ഷിയാണെന്നോർക്കണം

സംഘടനകളും ,നേതാക്കളും സംസാരിക്കുമ്പോൾ ഓരോ വാക്കിനും അല്ലാഹു സാക്ഷിയാണെന്ന സത്യം മറന്നുപോവരുത്

ഒരിക്കൽ ഒരു ഇസ്രാഈലി ദാവൂദ് നബി (അ)ന്റെ മുമ്പിൽ വന്നു പരാതി പറഞ്ഞു

എന്റെ പശുവിനെ അപഹരിച്ചുകൊണ്ടുപോയി
ആര് ?
ആളുടെ പേര് പറഞ്ഞു
പ്രതിയെ വരുത്തി ചോദ്യം ചെയ്തു
അയാൾ കുറ്റം നിഷേധിച്ചു
വാദി തന്നെ തെളിവു കൊണ്ടുവരണം
വാദിയും പ്രതിയും സ്ഥലംവിട്ടു
അന്ന് രാത്രി ദാവൂദ് (അ) സ്വപ്നം കണ്ടു പരാതിയുമായി വന്ന വാദിയെ കൊല്ലുക
ദാവൂദ് (അ) അത്ഭുതപ്പെട്ടു
പിന്നെയും പിന്നെയും അതേ സ്വപ്നം മൂന്നു തവണയായി
വാദിയെ വരുത്തി
നിന്നെ വധിക്കാൻ പോവുകയാണ്
എന്തിന് ?
അതിന് കല്പന വന്നിരിക്കുന്നു
എന്നെ ഒഴിവാക്കില്ലേ ?
ഇല്ല വധിക്കുകതന്നെ ചെയ്യും
എങ്കിൽ ഞാനൊരു കാര്യം പറയാം കുറച്ചു ദിവസം മുമ്പ് ഞാൻ പ്രതിയുടെ പിതാവിനെ കൊന്നു

അയാൾക്ക് വധിശിക്ഷ കിട്ടി

ഈ സംഭവം ഇസ്രാഈലികളെ ഭയപ്പെടുത്തി എത്ര രഹസ്യമായി കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന ചിന്ത അവരിലുണ്ടായി കുറ്റം ചെയ്യാൻ അവർ ഭയപ്പെട്ടു

അവരിൽ ചിലർക്ക് കുറ്റം ചെയ്യാതിരിക്കാനാവില്ല ക്രിമിനൽ സ്വഭാവമുള്ളവർ രഹസ്യമായി അവർ ചില കുറ്റങ്ങളൊക്കെ ചെയ്തിരുന്നു പിടിക്കപ്പെടുമോ എന്ന ഭയം അവരെ വേട്ടയാടുകയും ചെയ്തിരുന്നു

ഒരു കുഞ്ഞ് ,രണ്ട് ഉമ്മമാർ

രണ്ടു സ്ത്രീകൾ
ഒരു വലിയ സ്ത്രീ, ഒരു ചെറിയ സ്ത്രീ രണ്ടു പേരും തർക്കത്തിലായി ഒരു കുഞ്ഞിന്റെ കാര്യത്തിൽ തർക്കം കുഞ്ഞ് എന്റേതാണ് വലിയ സ്ത്രീ വാദിച്ചു അല്ല , അത് എന്തേതാണ് ചെറിയ സ്ത്രീ വിട്ടുകൊടുത്തില്ല വഴക്കു മൂത്തു പലരും ഇടപെട്ടു ഒരു തീരുമാനത്തിലെത്താനാർക്കും കഴിഞ്ഞില്ല ഒടുവിൽ കേസ് ദാവൂദ് (അ)ന്റെ മുമ്പിലെത്തി കുറേ നേരം രണ്ടുപേരെയും വിസ്തരിച്ചു അവരുടെ മൊഴികൾ പരിശോധിച്ചു

രണ്ടു സ്ത്രീകൾക്കും ഓരോ കുട്ടികളുണ്ടായിരുന്നു അവർ ഒരു മിച്ചു കഴിഞ്ഞുകൂടി ഒരു ദിവസം ചെന്നായ വന്നു ഒരു കുട്ടിയെ പിടിച്ചു കൊണ്ടുപോയി രണ്ടു ഉമ്മമാരും മനസ്സുരുകി നിലവിളിച്ചു നിലവിളി ഒന്നടങ്ങിയപ്പോൾ വലിയാൾ ചോദിച്ചു നിന്റെ കുഞ്ഞിനെ ചെന്നായ കൊണ്ടുപോയി എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റിയില്ല

അപ്പോൾ ചെറിയവൾ ശബ്ദുമുയർത്തി
നീയെന്ത് പറഞ്ഞു? എന്റെ കുഞ്ഞിനെ ചെന്നായ കൊണ്ടുപോയെന്നോ ഇല്ല ഇല്ല നിന്റെ കുഞ്ഞിനെ ചെന്നായ കൊണ്ടുപോയി ഇതെന്റെ കുഞ്ഞാണ്
എല്ലാവരും ആകാംഷയോടെ മുൾമുനയിലാണ്

അപ്പോൾ ദാവൂദ് (അ)ന്റെ വിധി വന്നു
'കുഞ്ഞിനെ വലിയ സ്ത്രീക്ക് നൽകുന്നു '

വിധികേട്ട് വലിയ സ്ത്രീക്ക് സന്തോഷമായി കണ്ണീർ തുടച്ചു പുഞ്ചിരി തൂകി കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു തുരുതുരെ ചുംബിച്ചു

ചെറിയ സ്ത്രീ മനസ്സുരുകി കരയുന്നു വിധിയിൽ അവൾ സംതൃപ്തയല്ല
സുലൈമാൻ (അ) വിധിയറിഞ്ഞു ചെറിയ സ്ത്രീയുടെ നിലവിളി കേട്ടു ആ കണ്ണീരും നെടുവീർപ്പും പ്രത്യേകം ശ്രദ്ധിച്ചു

ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ സുലൈമാൻ (അ)ലാണ് രണ്ടു സ്ത്രീകളും ആ സന്നിധിയിലുണ്ട്

രണ്ടുപേരുടെയും കരച്ചിൽ കണ്ടു പരാതി കേട്ടു സുലൈമാൻ (അ) തന്റെ വേലക്കാരനനോടിങ്ങനെ കല്പിച്ചു

'നല്ല മൂർച്ചയുള്ള കത്തി കൊണ്ടുവരൂ'
കത്തി കൊണ്ടുവന്നു എല്ലാവരും വളരെ ആകാംക്ഷയിലാണ് കുഞ്ഞിനെ മേശപ്പുറത്ത് മലർത്തിക്കിടത്തി

'കുഞ്ഞിനെ രണ്ടായി പിളർക്കാൻ പോവുകയാണ് ഓരോരുത്തർക്കം ഓരോ പിളർപ്പ് കൊടുക്കാം'

എന്താ എന്റെ വിധി സ്വീകാര്യമല്ലേ?

'വിധി ഞാൻ സ്വീകരിക്കാം ' വലിയ സ്ത്രീ പറഞ്ഞു
ചെറിയ സ്ത്രീ ഉച്ചത്തിൽ കരഞ്ഞുകൊണ്ടു പറഞ്ഞു
'വേണ്ടാ.... കുഞ്ഞിനെ പിളർക്കേണ്ട എനിക്ക് കുഞ്ഞിനെ വേണ്ട അവൾക്ക് കൊടുത്തോളൂ ഞാൻ സഹിച്ചോളാം എന്നാലും കുഞ്ഞിന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഉണ്ടാവരുത്

സുലൈമാൻ (അ) കാര്യങ്ങൾ മനസ്സിലാക്കി

കണ്ടുനിന്നവർക്കും സത്യം മനസ്സിലായി കുഞ്ഞിന്റെ യഥാർത്ഥ മാതാവ് ചെറിയ സ്ത്രീയാകുന്നു കുഞ്ഞിന് ഒരാപത്ത് വരുന്നത് അവർക്ക് സഹിക്കാൻ കഴിയില്ല കുഞ്ഞിനെ ചെറിയ സ്ത്രീക്ക് മടക്കിക്കൊടുത്തു മകന്റെ വിധി പിതാവ് അംഗീകരിച്ചു

ഇസ്രാഈല്യർക്കിടയിൽ ഈ സംഭവം വളരെ പ്രസിദ്ധമായിത്തീർന്നു ഉമ്മാക്ക് കുഞ്ഞിനോടുള്ള കലർപ്പില്ലാത്ത സ്നേഹം അതിന്റെ മികച്ച ഉദാഹരണമായി അവർ ഈ സംഭവം പറഞ്ഞു നടന്നു

മുഹമ്മദ് നബി(സ) തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്

വിധികർത്താവ് വിധി പറയുമ്പോൾ സത്യം കണ്ടെത്താൻ പരമാവധി ശ്രമിക്കണം അപ്പോൾ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട് സത്യം കണ്ടെത്തിയതിന് ഒരു പ്രതിഫലം ,ശ്രമം നടത്തിയതിന് രണ്ടാം പ്രതിഫലവും
ഇനി സത്യം കണ്ടെത്താൻ ശ്രമിച്ചു കണ്ടെത്തിയില്ല എങ്കിൽ വിധികർത്താവിന് ഒരു പ്രതിഫലമുണ്ട് ശ്രമിച്ചതിനുള്ള പ്രതിഫലം

സത്യത്തോടൊപ്പം നിൽക്കണം എന്നും എപ്പോഴും പേരും പദവിയും പണവും നഷ്ടപ്പെട്ടാലും നിൽപ് സത്യത്തോടൊപ്പം മാത്രം

പ്രശംസ

മുഹമ്മദ് നബി (സ) തങ്ങൾ ഇസ്ലാം മത പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന കാലം ശത്രുക്കളുടെ ഉപദ്രവം വർദ്ധിച്ചിരിക്കുന്നു പ്രവാചകനും അനുയായികളും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു അല്ലാഹു അവരോട് ക്ഷമിക്കുവാൻ ഉപദേശിക്കുന്നു ദാവൂദ് (അ)നെ ഓർക്കുവാനും ആവശ്യപ്പെടുന്നു

വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ (നബിയേ) അവർ പറയുന്നതിനെപ്പറ്റി ക്ഷമിച്ചു കൊള്ളുക നമ്മുടെ അടിയനെ , കരുത്തുള്ള ദാവൂദിനെ ഓർക്കുകയും ചെയ്യുക നിശ്ചയമായും അദ്ദേഹം വളരെ വണക്കമുള്ള ആളായിരുന്നു '(38:17)

നബി(സ) തങ്ങൾ പലപ്പോഴും ദാവൂദ് (അ)നെ ഓർക്കാറുണ്ടായിരുന്നു പ്രശംസിച്ചു സംസാരിക്കാറുണ്ടായിരുന്നു

ഈ വിശുദ്ധ ഖുർആൻ വചനം തന്നെ പ്രശംസയാകുന്നു ഒന്നാമത്തെ പ്രശംസ 'നമ്മുടെ അടിയൻ' എന്നുള്ളതാകുന്നു

അല്ലാഹുവിന്റെ കല്പനകളനുസരിച്ചു ജനങ്ങളെ സത്യമാർഗ്ഗത്തിലേക്കു ക്ഷണിച്ചു നീതിയോടെ ഭരണം നടത്തി ശരീരത്തിന്റെ കരുത്ത് നല്ല കാര്യങ്ങൾക്കായി പ്രയോഗിച്ചു അങ്ങനെ അല്ലാഹുവിന്റെ ഇഷ്ടദാസനായിത്തീർന്നു

രണ്ടാമത്തെ പ്രശംസ 'കരുത്തുറ്റവൻ' എന്നാകുന്നു പലതരം കഴിവുകളുണ്ടായിരുന്നു

ശരീരശേഷി, ആയുധ പ്രയോഗം , ഭരണനൈപുണ്യം, സൈനിക ശക്തി ,സാധന സാമഗ്രികളുടെ ശേഖരം , ലോക പ്രശസ്തി അങ്ങനെ എല്ലാ രംഗത്തും ഒന്നാമനായിരുന്നു

'വണക്കവും വിനയമുള്ളവനും ' എന്നതാണ് മൂന്നമത്തെ പ്രശംസ അല്ലാഹുവിന്റെ സൃഷ്ടികളെ സ്നേഹിച്ചു ആദരിച്ചു അല്ലാഹുവിനോടുള്ള ഭക്തി മനസ്സിൽ നിറഞ്ഞുനിന്നു

നബി(സ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട് : നിസ്കാരത്തിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നിസ്കാരമാകുന്നു

നോമ്പുകളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പാകുന്നു

അദ്ദേഹം രാത്രി പകുതി സമയം ഉറങ്ങും മൂന്നിലൊരു ഭാഗം എഴുന്നേറ്റിരുന്നു നിസ്കരിക്കും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും ഒരു ദിവസം നോമ്പ് പിടിക്കും ഒരു ദിവസം നോമ്പ് വിടും വളരെ വണക്കമുള്ള ആളായിരുന്നു ശത്രുക്കളുമായി ഏറ്റുമുട്ടിയാൽ പിന്മാറില്ല

മറ്റൊരിക്കൽ നബി(സ) തങ്ങൾ പറഞ്ഞു: ദാവൂദ് (അ) സ്വന്തം കൈകൊണ്ട് അധ്വാനിച്ചു നേടിയതിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിട്ടില്ല ഒരിക്കൽ നബി(സ) പറഞ്ഞു :മനുഷ്യരുടെ കൂട്ടത്തിൽ വലിയ ഇബാദത്തുകാരനായിരുന്നു ദാവൂദ് (അ)

ദാവൂദ് നബി(അ)ക്ക് അല്ലാഹു നൽകിയ ചില അനുഗ്രഹങ്ങൾ താഴെ വചനങ്ങളിൽ പറയുന്നു: 'സന്ധ്യാസമയത്തും പ്രഭാതത്തിലും തസ്ബീഹ് ചെയ്തുകൊണ്ട് അദ്ദേഹത്തോടൊപ്പം പർവ്വതങ്ങളെ നാം കീഴ്പ്പെടുത്തുകയുണ്ടായി '(38:18)

പ്രഭാതവേളയിലും സന്ധ്യാ വേളയിലുള്ള തസ്ബീഹിൽ പർവ്വതങ്ങൾ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു പക്ഷികൾ അദ്ദേഹത്തിന് ചുറ്റും പറന്നുകൂടും തസ്ബീഹിൽ പങ്കെടുക്കും

ഖുർആൻ പറയുന്നു : 'ഒരുമിച്ചു കൂട്ടപ്പെട്ട നിലയിൽ പക്ഷികളെയും (കീഴ്പ്പെടുത്തി) അവയെല്ലാം അദ്ദേഹത്തോട് വണക്കമുള്ളതായിരുന്നു '(38:19)

അദ്ദേഹത്തിന്റെ ഭരണാധിപത്യത്തെ നാം ശക്തമാക്കുകയും അദ്ദേഹത്തിന് വിജ്ഞാനവും അഭിമുഖ സംസാരത്തിൽ തീരുമാന വൈഭവവും നൽകി (38:20)

വിവിധ തരക്കാരായ നിരവധി പേരുമായി ഓരോ ദിവസവും അഭിമുഖ സംഭാഷണം നടത്തേണ്ടിവരും സംസാരവിഷയത്തിൽ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുവാനുള്ള വൈഭവം അല്ലാഹു അദ്ദേഹത്തിന് നൽകിയിരുന്നു

തർക്കങ്ങളുമായി വരുന്നവർക്ക് നീതിയോടെ വിധി കിട്ടണം ഇരു കൂട്ടരെയും വിസ്തരിക്കണം തെറ്റു സംഭവിച്ചത് ആർക്കാണെന്ന് കൃത്യമായി മനസ്സിലാക്കണം

ഇരുകൂട്ടരെയും സത്യം ബോധ്യപ്പെടുത്തി വിധി പ്രഖ്യാപിക്കണം ആരോടും ഒരളവോളവും അനീതി കാണിക്കാൻ പാടില്ല ഇതിനെല്ലാമുള്ള വൈഭവം അല്ലാഹു നൽകിയിരുന്നു ഇവയൊക്കെ നബി(സ) തങ്ങൾക്ക് അല്ലാഹു അറിയിച്ചുകൊടുത്തു

അനുഗ്രഹങ്ങൾ എടുത്തു പറയുന്നു 

ദാവൂദ് നബി (അ)ന്റെയും മകൻ സുലൈമാൻ (അ)ന്റെയും സംസാരം കൃതജ്ഞതാ നിർഭരമായിരുന്നു

അല്ലാഹു തങ്ങൾക്കു ചെയ്തുതന്ന മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് അവർ എപ്പോഴും ഓർക്കും സംസാരിക്കും

അവരുടെ കൃതജ്ഞതാബോധത്തെ അല്ലാഹു ഖുർആനിൽ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്

സൂറത്ത് നംലിൽ ഇങ്ങനെ കാണാം

തീർച്ചയായും ദാവൂദിനും സുലൈമാനും നാം ജ്ഞാനം നൽകുകയുണ്ടായി
രണ്ടാളും പറയുകയും ചെയ്തു : സത്യവിശ്വാസികളായ തന്റെ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും (27:15)

ശക്തരായ ഭരണാധികാരികളും പ്രതാപശാലികളായ പ്രവാചകന്മാരായിരുന്നു ആ പിതാവും പുത്രനും
മുമ്പുള്ളവർക്ക് കഴിയാത്ത മികച്ച പടയങ്കി നിർമാണം ദാവൂദ് (അ) ലോകത്തെ പഠിപ്പിച്ചു ഇരുമ്പകൊണ്ടുള്ള വിവിധ സാമഗ്രികളുണ്ടാക്കാൻ ഉറപ്പിച്ചു

പക്ഷികളുടെയും മൃഗങ്ങളുടെയും സംസാരം പഠിപ്പിച്ചുകൊടുത്തു പർവ്വതങ്ങളുടെ തസ്ബീഹ് പഠിപ്പിച്ചു അങ്ങനെ എന്തെല്ലാം വിജ്ഞാനങ്ങളാണവർക്ക് നൽകപ്പെട്ടത്

തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ അവർ മറച്ചുവെച്ചില്ല അനുഗ്രഹങ്ങൾ ജനങ്ങളോട് വിളിച്ചു പറയുകയാണ് ചെയ്തത്

വിശുദ്ധ ഖുർആൻ പറയുന്നു: 'സുലൈമാൻ ദാവൂദിന് അനന്തരാവകാശിയായി അദ്ദേഹം പറഞ്ഞു : ഹേ മനുഷ്യരേ നമുക്ക് പക്ഷികളുടെ സംസാരം പഠിപ്പിക്കപ്പെട്ടിരിക്കുന്നു എല്ലാ വസ്തുക്കളിൽ നിന്നും നമുക്കു നൽകപ്പെടുകയും ചെയ്തിരിക്കുന്നു നിശ്ചയമായും ഇതുതന്നെയാണ് വ്യക്തമായ അനുഗ്രഹം (27:16)

പിതാവായ ദാവൂദ് (അ) നിന്ന് സുലൈമാൻ (അ) പ്രവാചകത്വവും രാജാധികാരവും അനന്തരമെടുത്തു പിതാവിന് ലഭിച്ച അനുഗ്രഹങ്ങൾ പുത്രനും ലഭിച്ചു

തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ ജനങ്ങളോട് തുറന്നു പറയുകവഴി അവർ അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്തത്

ദാവൂദ് (അ) ന് അധികാരവും ശക്തിയും ഉണ്ടായിരുന്നതുകൊണ്ട് ഇസ്രാഈല്യർ അടങ്ങിയൊതുങ്ങിനിന്നുവെന്നേയുള്ളൂ തക്കം കിട്ടിയാൽ ധിക്കാരം കാണിക്കും

നന്മ കല്പിക്കുക ,തിന്മ വിരോധിക്കുക ഇതാണ് സത്യവിശ്വാസിയുടെ ലക്ഷണം ഇക്കാര്യത്തിൽ ഇസ്രാഈല്യർക്ക് വലിയ വീഴ്ച പറ്റിയിട്ടുണ്ട് തെറ്റു ചെയ്യുന്നവനെ തടയില്ല ചിലർ ഉപദേശിക്കും ഉപദേശം സ്വീകരിച്ചില്ലെങ്കിലും സൗഹൃദം തുടരും വെറുപ്പ് കാണിക്കില്ല ഒരു തെറ്റ് ഒരു ദിവസം ചെയ്യും അടുത്ത ദിവസം തെറ്റ് വർദ്ധിക്കും തെറ്റുക്കാരുടെ കൂട്ടുകാർ വർദ്ധിക്കും അവർ അക്രമാസക്തരാവും

ഇക്കാരണത്താൽ ദാവൂദ് (അ) അവരെ ശപിച്ചിട്ടുണ്ട് പിൽക്കാലത്ത് ഈസാ(അ)മും ശപിച്ചിട്ടുണ്ട്

ഇസ്രാഈലി സമൂഹത്തിൽ വന്ന അവസാനത്തെ പ്രവാചകനായിരുന്നു ഈസാ(അ)

സൂറത്ത് മാഇദയിൽ ഇങ്ങനെ കാണാം :

ഇസ്രാഈൽ സന്തതികളിൽ നിന്ന് വിശ്വസിക്കാത്തവർ ദാവൂദിന്റെയും മർയമിന്റയും മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു അത് അവർ അനുസരണക്കേട് കാണിക്കുകയും അതിര് വിടുകയും ചെയ്തതുകൊണ്ടാകുന്നു '(5:81)

ഒരു കൂട്ടർ ചെയ്യുന്ന തെറ്റ് മറ്റൊരുകൂട്ടർ തടയുന്നില്ല അക്കൂട്ടർ ചെയ്യുന്നത് ഇവരും തടയുന്നില്ല തെറ്റുകുറ്റങ്ങൾ ചെയ്യുന്നതിൽ പരസ്പര സഹകരണം രണ്ടു പ്രവാചകന്മാർ അവരെ ശപിക്കാനുള്ള കാരണം അതാകുന്നു
വിശുദ്ധ ഖുർആൻ പറയുന്നു : അവർ ചെയ്ത ദുരാചാരത്തെക്കുറിച്ച് അവർ പരസ്പരം വിരോധിക്കാറില്ലായിരുന്നു അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ (5:82)
മറ്റുള്ളവരെ തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കണം അധികാരവും ശക്തിയുമുള്ളവർ അതുപയോഗിച്ചു തടയണം അതിനു കഴിയാത്തവർ വാക്കുകൊണ്ടു തടയണം അവരുമായുള്ള ബന്ധം ഉപേക്ഷിക്കണം
സത്യവിശ്വാസികൾ സഹോദരന്മാരാണ് അവർ പരസ്പരം സഹകരിക്കണം സത്യവിശ്വാസി തന്റെ കൈകാര്യകർത്താക്കളായി വിശ്വസിക്കാത്തവരെ നിയോഗിക്കരുത് സത്യവിശ്വാസിയുടെ സംസ്കാരവും വിശ്വാസവും കാലക്രമേണ നശിച്ചുപോവാൻ ഇത് ഇടവരുത്തും
ഇസ്രാഈല്യർക്ക് ഇതാണ് സംഭവിച്ചത്
വിശ്വസിച്ചവരും വിശ്വാസിക്കാത്തവരും ഇടകലർന്നു വിശ്വാസവും സംസ്കാരവും മലീമസമാകുംവിധം അവർ കൂടിക്കലർന്നു അവർ പാപം ചെയ്തു കുറ്റക്കാരായി ശിക്ഷാർഹരായി നരകത്തിന്റെ അവകാശികളായി
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ അവരിൽ നിന്ന് പലരെയും വിശ്വസിക്കാത്തവരോട് മൈത്രീ ബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാം
അവരുടെ നഫ്സുകൾ (സ്വന്തങ്ങൾ ) തങ്ങൾക്കുവേണ്ടി മുന്നൊരുക്കി വെച്ചിട്ടുള്ളത് വളരെ ചീത്തതന്നെ അല്ലാഹു അവരോട് ക്രോധം വെച്ചിരിക്കുന്നു ശിക്ഷയിലാവട്ടെ അവർ ശാശ്വതമായിരിക്കും (ഇതാണവർ തങ്ങൾക്കു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത് (5:83)
ഇസ്രാഈലുകാർ ഈ സ്വഭാവം തലമുറകളിലൂടെ നിലനിർത്തുകയാണ് ചെയ്തത് അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ കാലത്തും അവർ പല കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരുന്നു
നബി(സ) തങ്ങൾ ഒരിക്കൽ സ്വഹാബികളോട് ഇങ്ങനെ പറഞ്ഞു : ഇസ്രാഈല്യരിൽ ആദ്യം വീഴ്ച വന്നത് ഇങ്ങനെയായിരുന്നു
ഒരാൾ തെറ്റു ചെയ്യുന്നത് കാണുമ്പോൾ മറ്റൊരാൾ പറയുന്നു ഇത് തെറ്റാണ് ചെയ്യരുത്
പിറ്റെ ദിവസം അയാൾ അതേ തെറ്റ് ചെയ്യുന്നു ഉപദേശിച്ചയാൾ അയാളോടൊപ്പം തിന്നുകയും കുടിക്കുകയും സഹവസിക്കുകയും ചെയ്യുന്നു ഒരു പ്രയാസവുമില്ലാതെ
അങ്ങനെ ചെയ്യുവാൻ തുടങ്ങിയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ തമ്മിൽ തല്ലിച്ചു അവർ ഭിന്നിച്ചു എന്നിട്ട് നബി (സ) ഈ ഖുർആൻ വചനങ്ങൾ ഓതി
തുടർന്നിങ്ങനെ പറഞ്ഞു: അല്ലാഹുവാണെ സത്യം നിങ്ങൾ സദാചാരംകൊണ്ട് കല്പിക്കുകയും ദുരാചാരം വിരോധിക്കുകയും വേണം നിങ്ങൾ അക്രമിയുടെ കൈക്ക് പിടിക്കുകയും വേണം അവനെ യഥാർത്ഥത്തിലൂടെ നടത്തുകയും വേണം
ഇതാണ് ഒരു സത്യവിശ്വാസിയുടെ കടമ ഇതിൽ നിന്ന് പിൻമാറിയാൽ അല്ലാഹുവിന്റെ കോപത്തിനിരയായിത്തീരും..


*വിലപ്പെട്ട വിവരങ്ങൾ നൽകി സഹകരിച്ച പണ്ഡിതന്മാരെ നന്ദിയോടെ ഓർക്കുന്നു അല്ലാഹു മതിയായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ*

കടപ്പാട് : ഇത് എഴുതിയ ആളോടും , നമ്മളിലേക്ക് എത്തിച്ച വ്യക്തികളോടും

1 comment: