Monday 25 February 2019

മരിച്ചവരുടെ പേരിൽ സ്വദഖയും ശബാബ്‌ വാരികയും




ചോദ്യം: മുജാഹിദുകളുടെ ശബാബ്‌ വാരികയിൽ ഇങ്ങനെ വായിച്ചു: "സ്വദഖ അഥവാ നിർബന്ധമല്ലാത്ത ദാനം, മരിച്ചവർക്കു പ്രതിഫലം ലഭിക്കാൻ വേണ്ടി ജീവിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ചെയ്യണമെന്ന് അല്ലാഹുവോ റസൂലോ കൽപ്പിച്ചതായി പ്രാമാണിക ഹദീസുകളിലൊന്നും കാണുന്നില്ല". ശബാബിന്റെ ചോദ്യോത്തരത്തിലെ ഒരു ഫത്‌വായിലാണിങ്ങനെയുള്ളത്‌. (2004 ജനുവരി 16). ബുൽബുലിന്റെ പ്രതികരണം?


ഉത്തരം: പ്രാമാണിക ഹദീസുകളെല്ലാം തങ്ങളുടെ കൈയിലുണ്ടെന്നും അവയെല്ലാം തങ്ങൾ പഠിച്ചിട്ടുമുണ്ടെന്ന അഹന്തയാണു ശബാബിന്റെ മുഫ്തിയുടെ മേൽ വരികളിൽ നിഴലിച്ചു കാണുന്നത്‌. വിവരക്കേടിന്റെ ഭാഗമായ ഈ അഹങ്കാരമാണ്‌ ഇവരെക്കൊണ്ടു അബദ്ധങ്ങൾ പറയിക്കുന്നതും. പാവങ്ങൾ!

അവരുടെ അറിവിനായി അവർക്കു സ്വീകാര്യനായ ഹാഫിള്‌ ഇബ്നുൽഖയ്യിം ഉദ്ധരിച്ച ഏതാനും പ്രാമാണിക ഹദീസുകൾ പകർത്താം.

"ആയിഷ(റ)യെത്തൊട്ടു നിവേദനം. ഒരു സ്വഹാബി നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവു പെട്ടെന്നു മരിച്ചു. അവർ വസ്വിയത്തൊന്നും ചെയ്തിട്ടില്ല. അവർക്കു സംസാരിക്കാനാകുമായിരുന്നെങ്കിൽ സ്വദഖ ചെയ്യുമായിരുന്നുവെന്നാണെന്റെ ധാരണ. ഞാനവരുടെ പേരിൽ സ്വദഖ ചെയ്താൽ അവർക്കു പ്രതിഫലം ലഭിക്കുമോ? നബി പറഞ്ഞു: അതെ, സ്വദഖ ചെയ്യുക". (ബുഖാരി, മുസ്ലിം)

"അബ്ദുല്ലാഹ്‌ ഇബ്നു അബ്ബാസിൽ നിന്നു നിവേദനം. സഅ്ദുബ്‌നു ഉബാദ(റ) യുടെ മാതാവു താൻ നാട്ടിലില്ലാത്തപ്പോൾ മരണപ്പെട്ടു. അദ്ദേഹം നബിയോടു വന്നു പറഞ്ഞു: നബിയേ, ഞാനില്ലാത്തപ്പോൾ എന്റെ ഉമ്മ മരിച്ചു. ഞാൻ അവരുടെ പേരിൽ സ്വദഖ ചെയ്താൽ അവർക്ക്‌ ഫലപ്പെടുമോ? നബി പറഞ്ഞു: അതെ, ഫലപ്പെടും. അദ്ദേഹം പറഞ്ഞു: എന്റെ മിഖ്‌റാഫ്‌ തോട്ടം എന്റെ മാതാവിന്റെ പേരിൽ സ്വദഖയായി ഞാൻ തങ്ങളെ സാക്ഷി നിറുത്തി പ്രഖ്യാപിക്കുന്നു" (ബുഖാരി ).

"അബൂഹുറൈറ(റ) യെത്തൊട്ടു നിവേദനം. ഒരു സ്വഹാബി നബിയോടു പറഞ്ഞു: എന്റെ ബാപ്പ മരിച്ചു. അവർക്കു കുറേ സ്വത്തുമുണ്ട്‌. വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. ഞാൻ ബാപ്പയുടെ പേരിൽ സ്വദഖ ചെയ്താൽ ബാപ്പ ചെയ്തതു പോലെ ഉപകാരപ്പെടുമോ? നബി(സ) പറഞ്ഞു: അതെ, ഉപകാരപ്പെടും" (മുസ്‌ലിം).

"സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌).

ഇത്രയും ഹദീസുകൾ ഹാഫിള്‌ ഇബ്നുൽഖയ്യിം തന്റെ പ്രസിദ്ധമായ കിതാബുർ റൂഹിൽ (പേ:119,120) ഉദ്ധരിച്ചതാണ്‌. അവലംബഗ്രന്ഥങ്ങളിൽ ഈ ഹദീസുകളുടെ സനദുമുണ്ട്‌. ശബാബുകാർ പരിശോധിക്കുക. വെറുതെയല്ല ഇവരെ സ്വന്തം മാതൃസംഘടനക്കാരും പിരിച്ചുവിട്ടത്‌!.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം 3 : പേജ്‌ 31-32)

No comments:

Post a Comment