Wednesday 19 June 2019

ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

 

ഹിജ്റ ആറാം വർഷത്തിൽ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിർവഹിക്കാനായി മദീനയിൽ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികൾ മക്കയിൽ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാൻ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു.

മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയിൽ ശ്രദ്ധേയമായ ചില കാര്യങ്ങളിലേർപ്പെട്ടു. അയൽരാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂർവമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളിൽ നബി(സ്വ)യെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ദുർബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടർന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരിൽ ഇടക്ക് സന്ധി വ്യവസ്ഥയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികൾക്ക് ഗുണകരവുമായിരുന്നു.

ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തിൽ സിദ്ധമായ അനുകൂല സാഹചര്യം ചില പ്രബോധന മുന്നേറ്റത്തിനു കൂടി കളമൊരുക്കി. മദീനക്കും മുസ്‌ലിംകൾക്കും സ്വസ്ഥത നൽകാതിരിക്കാൻ കോപ്പുകൂട്ടുന്ന ഖൈബറിലെ ജൂതർക്ക് മുസ്‌ലിംകളുടെ ധീരതയും പ്രതാപവും ബോധ്യപ്പെടുത്തേണ്ടിവന്നു. ജൂതന്മാർ ആദ്യം മുതലേ മദീനയിൽ കുഴപ്പങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിംകൾ സംയമനം പാലിക്കുകയായിരുന്നു. നിർവാഹമില്ലാതെ വന്നപ്പോൾ ചിലർക്കെതിരെ കടുത്ത നടപടിയെടുക്കുകയുണ്ടായി.

പരസ്പരമുള്ള സമാധാന ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ചതിനാൽ ഹിജ്റ നാലാം വർഷം മദീനയിൽ നിന്നും നാടുകടത്തപ്പെട്ടവരാണ് ബനൂനളീർ എന്ന ജൂത കുടുംബം. അവർ അന്നുമുതൽ മക്കയിലും പരിസരങ്ങളിലെ വിവിധ ഗോത്രങ്ങളിലും സഞ്ചരിച്ച് മദീനക്കെതിരെ ആക്രമണത്തിന് പ്രേരണ നൽകിക്കൊണ്ടിരുന്നു. ഖൻദഖ് യുദ്ധത്തിന്റെ സാഹചര്യമൊരുങ്ങിയതുതന്നെ ഖൈബറിൽ താമസിച്ചിരുന്ന ബനൂനളീർകാരുടെ ശ്രമഫലമായാണ്. 20 അംഗ ജൂത നേതൃസംഘം ഖുറൈശികളെയും ഗത്ഫാൻ തുടങ്ങിയ ഗോത്രങ്ങളെയും യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

മദീനയുടെയും മുസ്‌ലിംകളുടെയും സ്വസ്ഥതക്കും സമാധാനത്തിനും ജൂതന്മാർ ഇങ്ങനെ പലവിധത്തിൽ ഭീഷണിയുയർത്തി. അതുപോലെ നജ്ദിലെ ചില ഗോത്രങ്ങളും മദീനക്കെതിരെ യുദ്ധക്കൊതിയുള്ളവരായിരുന്നു. പക്ഷേ, പ്രധാനമായും കടുത്ത ശത്രുത പുലർത്തിയിരുന്നതും യുദ്ധ സന്നാഹങ്ങൾ നടത്തിയിരുന്നതും മക്കക്കാരായതിനാൽ അവരുടെ ആക്രമണത്തെയാണ് ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിന് പരിഗണിച്ചിരുന്നത്. ഹുദൈബിയ സന്ധിയും അനുബന്ധ സംഭവങ്ങളും മക്കയുടെ ദുർബലാവസ്ഥ നന്നായി പ്രകടമാക്കിയിരുന്നു. ഈ അവസരത്തിലാണ് ഖൈബറിലേക്ക് നബി(സ്വ)യുടെ നേതൃത്വത്തിൽ പടനീക്കം നടത്തുന്നത്.


പശ്ചാത്തലം

മദീനയിൽ നിന്നും ശാമിലേക്കുള്ള വഴിയിൽ 170 കി.മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടകളുടെയും കൃഷിയിടങ്ങളുടെയും നാടാണ് ഖൈബർ. നത്വാത്, ശിഖ്, കതീബത്, നാഇം, ഖമൂസ്, വത്വീഹ്, സുലാലിം തുടങ്ങിയ ധാരാളം കോട്ടകളിൽ സുരക്ഷിതരായി കഴിയുകയായിരുന്നു ഖൈബറിലെ ജൂതർ. ഭക്ഷ്യവസ്തുക്കൾ കൊണ്ട് സമ്പൂഷ്ടമായിരുന്നു ഖൈബർ പ്രദേശം. ഖൈബർ എന്ന പദത്തിനു തന്നെ ജൂതഭാഷയിൽ കോട്ട എന്നാണർത്ഥം. കോട്ടകളുടെ നാട് എന്ന് അർത്ഥമുള്ള ഖയാബിർ എന്ന പദം ലോപിച്ചാണ് ഖൈബർ എന്നു പ്രയോഗിക്കുന്നത്. സുരക്ഷിതവും ഭക്ഷ്യസമ്പന്നവുമായ ഇവിടത്തുകാർ പരിസര നാടുകളിൽ അന്നുണ്ടായിരുന്ന രാജാക്കന്മാരുമായി ചേർന്ന് മദീനക്കെതിരെ പടനീക്കം നടത്താനുള്ള സാധ്യത ഏറെയായിരുന്നു. ബനൂ നളീറുകാരടക്കമുള്ള യുദ്ധക്കൊതിയന്മാരും മദീനവിരോധികളും താവളമാക്കിയ സ്ഥലമെന്ന നിലയിൽ ഇസ്‌ലാമിക രാഷ്ട്രത്തിന് നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ചുരുക്കത്തിൽ മുസ്‌ലിംകൾക്കെതിരെ നിരന്തരം കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന ഖൈബറിലെയും മറ്റും ജൂതന്മാരെ നിലക്കുനിർത്തൽ മുസ്‌ലിം രാഷ്ട്രത്തിന്റെ സുരക്ഷക്കനിവാര്യമായിത്തീർത്തു.

ഹിജ്റ ഏഴാം വർഷം മുഹറത്തിലായിരുന്നു ഖൈബർ പടനീക്കം. ഹുദൈബിയ്യയിൽ നബി(സ്വ)യോടൊപ്പം ധർമസമരത്തിന് ഉടമ്പടി ചെയ്തവർ മാത്രമാണ് ഖൈബറിലേക്ക് അനുമതി നൽകപ്പെട്ട സൈനികർ. മറ്റുള്ളവരെ തിരിച്ചയക്കുകയായിരുന്നു. മദീനയിൽ സിബാഉബ്നു ഉർഫുത്വ(റ)നെ പ്രതിനിധിയായി നിശ്ചയിച്ചായിരുന്നു യാത്ര. അബൂഹുറൈറ(റ) ഈ സൈന്യത്തിൽ അണിചേർന്നിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് മദീനയിലെത്തിയ ഉടനെ സിബാഅ് അദ്ദേഹത്തെ നബി(സ്വ)യുടെ അടുത്തേക്കയച്ചു. നബി(സ്വ) സ്വഹാബികളോട് ചർച്ചചെയ്തു അദ്ദേഹത്തെ സൈന്യത്തിൽ അംഗമാക്കി.


മുനാഫിഖിന്റെ വിഫലശ്രമം

മദീനയിൽ നിന്നും നബി(സ്വ)യും സംഘവും പുറപ്പെട്ട വിവരം ഖൈബറിലെത്തി. മദീനയിലെ മുനാഫിഖ് നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യാണ് ആ വിവരം ചോർത്തിയത്. മുഹമ്മദും സംഘവും നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം. എന്നാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ സൈന്യവും സജ്ജീകരണവും വലുതാണ്. മുഹമ്മദും സംഘവും വളരെ കുറച്ചുപേരെയുള്ളൂ. ഇതായിരുന്നു സന്ദേശം. അതോടെ ജൂതന്മാർ സജ്ജീകരണമാരംഭിച്ചു. അവർ ഗ്വത്ഫാൻ ഗോത്രക്കാരോട് സഹായാഭ്യർത്ഥന നടത്തി. മുസ്‌ലിംകൾക്കെതിരെ കടുത്ത പകയും വിദ്വേഷവുമായി കഴിയുന്നവരും പലപ്പോഴും കരുനീക്കങ്ങൾ നടത്തിയവരുമായിരുന്നു ഗ്വത്ഫാൻകാർ. മുസ്‌ലിംകളെ പരാജയപ്പെടുത്തിയാൽ ഖൈബറിലെ പഴങ്ങളിൽ നിന്നും ഭക്ഷ്യവിഭവങ്ങളിൽ നിന്നും പകുതി നൽകാമെന്ന് വാഗ്ദാനം ചെയ്തു. അതോടെ അവർ സഹകാരികളായി. ഖൈബറിൽ പ്രതീക്ഷയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരങ്ങളുമായി ജൂതർ ദിവസങ്ങളെണ്ണിക്കഴിഞ്ഞു. സുരക്ഷിതമായ കോട്ടകളിലാണെന്നതും സ്വന്തംനാട്ടിലാണെന്നതും തങ്ങൾക്കനുകൂലമാണെന്നവർ കരുതി. പുറമെ ഗ്വത്ഫാൻകാരുടെ പിന്തുണയും മദീനയിലെ മുനാഫിഖുകളുടെ സഹകരണവും പ്രതീക്ഷക്ക് കരുത്തുപകർന്നു.

നബി(സ്വ)യും സംഘവും ഖൈബറിനോടടുത്ത് തമ്പടിക്കാൻ തീരുമാനിച്ചു. ആ സ്ഥലം അത്ര സുരക്ഷിതമല്ലെന്ന് ഹുബാബ്(റ) പറഞ്ഞു. അദ്ദേഹം ഓർമിപ്പിച്ചു: ഇത് നത്വാത് കോട്ടയുടെ അടുത്താണ്. അതിനകത്താണ് ജൂതസൈന്യം ഒരുമിച്ചു കൂടിയിരിക്കുന്നത്. നാമിവിടെ തമ്പടിച്ചാൽ അവർക്ക് കോട്ടക്കകത്തുനിന്ന് നമ്മെ കാണാനും നിരീക്ഷിക്കാനും കൂടുതൽ സൗകര്യമാവും. നമുക്കാവട്ടെ അവരെ കാണാൻ സാധിക്കുകയുമില്ല. അതിനാൽ സ്ഥലം മാറുന്നതായിരിക്കും ഗുണകരം.” അതു സ്വീകരിച്ച് റസൂൽ(സ്വ) അവിടെനിന്നും മാറി തമ്പടിച്ചു.

പോർമുഖത്തോടടുത്ത സമയം പതാകവാഹകരെ നിശ്ചയിക്കുകയും മുന്നണി ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാം വേഗത്തിലാക്കി. രാത്രി അവിടുന്നു പറഞ്ഞു: “അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന, അല്ലാഹു സ്നേഹിക്കുന്ന ഒരാളുടെ കൈയിൽ ഞാൻ പതാക നൽകും. അദ്ദേഹം മുഖേന ഖൈബർ വിജയം വരിക്കും.”

നേരം പുലർന്നപ്പോൾ, നബി(സ്വ) ഉദ്ദേശിച്ച വ്യക്തി ഞാനായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്വഹാബികൾ നബി(സ്വ)യുടെ അടുത്തുകൂടി. അവിടുന്ന് ചോദിച്ചു: അലി എവിടെ?

അവർ പറഞ്ഞു: “നബിയേ, അലിക്ക് കണ്ണിന് സുഖമില്ല.”

അപ്പോൾ നബി(സ്വ) പറഞ്ഞു: “അലിയെ എന്റെ അടുത്തേക്കയക്കൂ.”

അലി(റ) വന്നു. കണ്ണിനു തീരെ വയ്യ. ചുവന്നു തുടുത്തിരിക്കുന്നു. പോരെങ്കിൽ നല്ല വേദനയും എന്നാൽ നബി(സ്വ)യുടെ ഉമിനീര് കണ്ണിൽ പുരട്ടിയപ്പോൾ രോഗം പെട്ടെന്ന് സുഖമായി. പതാക അദ്ദേഹം ഏറ്റുവാങ്ങി. അലി(റ) അപ്പോൾ ആവേശത്തോടെ ഇങ്ങനെ ചോദിച്ചു: “അവർ നമ്മെപ്പോലെയാകും വരെ ഞാനവരോട് യുദ്ധം ചെയ്യണമോ? നബി(സ്വ) പറഞ്ഞു: “നീ മുന്നേറി അവരുടെ നിലങ്ങളിലെത്തുക. എന്നിട്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അവർക്ക് അല്ലാഹുവിന്റെ വിഷയത്തിൽ ബാധ്യതപ്പെട്ടത് അറിയിച്ചു കൊടുക്കുക. അല്ലാഹു സത്യം, നിന്നെക്കൊണ്ട് ഒരാൾ ഹിദായത്തിലാവുന്നത് മുന്തിയ ഇനം ഒട്ടകപ്പറ്റങ്ങൾ നിനക്കുണ്ടാവുന്നതിനേക്കാൾ ഉത്തമമാണ്.”

സുബ്ഹി സമയം. ഖൈബറിന്റെ ഹൃദയത്തിലേക്ക് നബി(സ്വ)യും സംഘവും പ്രവേശിക്കുകയാണ്. പ്രവാചകർ അവർക്ക് ഒരു പ്രാർത്ഥനാ വചനം ചൊല്ലിക്കൊടുത്തു. ശേഷം “ഉദ്ഖുലൂഹാ ബി ബറകത്തില്ലാഹി” എന്നു പറഞ്ഞു. ഖൈബറിൽ പ്രവേശിക്കുമ്പോൾ സ്വഹാബികൾ ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ടിരുന്നു. നബി(സ്വ) അവരോട് പതുക്കെ ചൊല്ലാൻ പറഞ്ഞു.

നേരം പുലർന്നു. സൂര്യനുദിച്ച ശേഷമാണ് അന്ന് ഖൈബറുകാർ ആലസ്യത്തോടെ ഉണർന്നത്. അവരെ സംബന്ധിച്ചിടത്തോളം ആയിരത്തി അഞ്ഞൂറിൽ താഴെ മാത്രം അംഗസംഖ്യയുള്ള മുസ്‌ലിം സൈന്യം പ്രതിയോഗികളേയല്ലെന്ന മട്ടായിരുന്നു. നേരം പുലർന്നപ്പോൾ അവരിലെ തൊഴിലാളികൾ തോട്ടത്തിലേക്കും കൃഷിയിടങ്ങളിലേക്കും പുറപ്പെട്ടു. അപ്പോൾ മാത്രമാണ് മുസ്‌ലിം സൈന്യം തങ്ങളെ വളഞ്ഞത് അവർ കാണുന്നത്. അവർ ഓടി കോട്ടക്കകത്തു കയറി. ഇതുകണ്ട് റസൂൽ(സ്വ) പറഞ്ഞു: അല്ലാഹു അക്ബർ, ഖൈബർ തരിപ്പണമായി.

അവരുടെ കൈയിൽ കണ്ട മഴുവും പിക്കാസും ലക്ഷണമാക്കിയാണവിടുന്ന് അങ്ങനെ പറഞ്ഞതെന്നു വ്യാഖ്യാനമുണ്ട്. യഥാർത്ഥത്തിൽ അത് റസൂൽ(സ്വ)ക്ക് ലഭിച്ച വഹ്യിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. 




ഖൈബർ വീഴുന്നു

നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും സാന്നിധ്യമറിഞ്ഞ ഖൈബറുകാരായ കർഷകരും തൊഴിലാളികളും ജോലിസ്ഥലത്തേക്കു പോകാതെ വീടുകളിലേക്കും കോട്ടകളിലേക്കും തിരിഞ്ഞോടി. ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെട്ടു. കോട്ടകളിൽ സുരക്ഷിതരാണെന്ന് ധരിച്ച് ആത്മവിശ്വാസത്തിൽ കഴിയുകയായിരുന്നു ഖൈബറുകാർ. മുസ്‌ലിംകളെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നെങ്കിലും പെട്ടന്നൊരു പടനീക്കം അവർ മുൻകൂട്ടി കണ്ടിരുന്നില്ല. അതിനാൽ മുസ്‌ലിംകൾ കോട്ട വളഞ്ഞത് അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. ഖൈബറിനെ അശാന്തി ഭൂമികയാക്കി നിലനിറുത്താമെന്ന അവരുടെ പകൽക്കിനാവിന് അന്ത്യം കുറിക്കാൻ സാധിച്ചുവെന്നതാണ് ഖൈബറിന്റെ വിജയം.


നബി(സ്വ)യുടെ ഉദ്ബോധനം

ഖൈബറിൽ എത്തിയ സൈന്യത്തിന് നബി(സ്വ) നിർദേശങ്ങൾ നൽകി. അനുമതി ലഭിക്കാതെ പോരാടരുതെന്നും പോരാട്ടത്തെ ലാഘവമായെടുക്കരുതെന്നും അമിത ആത്മവിശ്വാസത്തോടെ ആവരുതെന്നും ഉപദേശിച്ചു. സ്വന്തം സന്നാഹത്തിലുള്ള സംതൃപ്തിയും ശത്രുവിന്റെ ദൗർബല്യത്തെക്കുറിച്ചുള്ള വിചാരവും പോരാട്ട വീര്യം കുറക്കുമല്ലോ. അല്ലാഹുവിന്റെ സഹായവും അതുനൽകുന്ന ശക്തിയുമാണ് വിശ്വാസികൾക്കവലംബം. പോരാട്ടം നടന്നാൽ സംഭവിക്കുന്നതെന്തായിരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾക്കറിയില്ലെന്നും അതിനാൽ അനിവാര്യമായ സമരമുഖത്ത് വെച്ചും നിങ്ങൾ പ്രാർത്ഥിക്കണമെന്നും എടുത്തുചാടാതെ അവധാനതയോടെ നേതൃനിർദേശങ്ങൾക്കൊത്ത് പ്രവർത്തിക്കണമെന്നുമാണ് അവിടുന്ന് സൂചിപ്പിച്ചത്.


വിജയം വരിച്ച ആട്ടിടയൻ

ഖബറിലെ കോട്ടകളിൽ തന്ത്രപ്രധാനമാണ് മർഹബ്. അവിടെയാണ് ശത്രുശക്തി കേന്ദ്രീകരിച്ചിരിക്കുന്നതും. മുന്നേറ്റം ആരംഭിക്കാനിരിക്കെ യസാർ എന്ന ആട്ടിടയൻ നബി(സ്വ)യെയും സൈന്യത്തെയും കാണാനിടയായി. കഥയറിയാത്ത അദ്ദേഹം തന്റെ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. അവർ പറഞ്ഞു: “നബിയാണെന്നു വാദിക്കുന്നയാളാണദ്ദേഹം. അയാളോട് യുദ്ധത്തിനു തയ്യാറെടുക്കുകയാണ് നമ്മുടെ യജമാനന്മാർ.” ഇതുകേട്ട ഇടയന്റെ മനസ്സിൽ പ്രവാചകരോട് കൗതുകവും അടുപ്പവും തോന്നി. ഇടയൻ നബി(സ്വ)യെ സമീപിച്ചു ചോദിച്ചു: “എന്താണങ്ങ് പറയുന്നത്, എന്തിലേക്കാണങ്ങ് എന്നെ ക്ഷണിക്കുന്നത്?”

നബി(സ്വ) കരുണാപൂർവം പറഞ്ഞു: “ഞാൻ നിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നതിലേക്കും. അല്ലാഹു അല്ലാതെ ഒന്നിനെയും നീ ആരാധിക്കരുതെന്നും ഞാനുപദേശിക്കുന്നു.”

“ഞാൻ ഇതെല്ലാം സാക്ഷ്യം വഹിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്താൽ എന്താണെനിക്ക് ലഭിക്കുക?

“നീ ആ അവസ്ഥയിൽ മരണപ്പെട്ടാൽ നിനക്ക് സ്വർഗമുണ്ട്.”

ഇടയൻ സത്യവിശ്വാസം സ്വീകരിച്ചു. പിന്നീടദ്ദേഹം നബി(സ്വ)യോട് ചോദിച്ചു: നബിയേ, ഈ ആടുകൾ യജമാനന്മാർ എന്നെ വിശ്വസിച്ചേൽപ്പിച്ചതാണല്ലോ, ഞാനിതെന്തു ചെയ്യും?

തിരുനബി(സ്വ) പറഞ്ഞു: “നീ ഇവയുമായി ഇടയസംഘത്തിൽ നിന്നു വേർപ്പെടുക. എന്നിട്ട് അവയെ തെളിച്ച് കൊണ്ട് ഒച്ചയിടുകയും ചരൽകല്ലുകളാൽ എറിയുകയും ചെയ്യുക. അല്ലാഹു നിന്റെ അമാനത്തിനെ അവയുടെ ഉടമസ്ഥരിലേക്കേൽപ്പിക്കുന്നതാണ്.”

ഇടയൻ അപ്രകാരം ചെയ്തു. ആടുകൾ ഉടമസ്ഥരുടെ വീടുകളിലേക്ക് ചെന്നെത്തിയെന്നുറപ്പുവരുത്തിയ ഇടയൻ തിരിച്ചുവന്നു മുസ്‌ലിം സൈന്യത്തിൽ ചേർന്നു. യുദ്ധമവസാനിച്ചപ്പോൾ ശഹീദായവരിൽ ഇടയനുമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നബി(സ്വ) ഇങ്ങനെ പറഞ്ഞു:

“ഈ അടിമയെ അല്ലാഹു ആദരിച്ച് ഖൈബറിലെത്തിച്ചതാണ്. ഇദ്ദേഹത്തിന്റെ വിശ്വാസം തികച്ചും സത്യസന്ധമായിരുന്നു. ശഹീദായിക്കിടക്കുന്ന ഇയാളുടെ തലഭാഗത്ത് രണ്ടു സ്വർഗീയ തരുണികളെ ഞാൻ കാണുകയുണ്ടായി” (ബൈഹഖി).


വിഫലമായ തന്ത്രം

മദീനയിൽ നിന്നും നബി(സ്വ)യുടെ അനുയായികളും വളഞ്ഞപ്പോൾ ഖൈബറുകാർ ചില തന്ത്രങ്ങൾ സ്വീകരിച്ചു. നബി(സ്വ)യെയും സൈന്യത്തെയും നിർവീര്യമാക്കാനും ആശങ്കാകുലരാക്കാനും ലക്ഷ്യം വെച്ചായിരുന്നു അത്. എന്നാൽ യുദ്ധതന്ത്രജ്ഞതയിൽ പൂർണനായ പ്രവാചകർ(സ്വ)യെ അവയൊന്നും ബാധിച്ചതേയില്ല.

നബി(സ്വ) അബ്ബാദ്ബ്നു ബിശ്ർ(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ ഖൈബറിന്റെ ഭൂമിശാസ്ത്രവും ജീവിത സാഹചര്യവും പഠിക്കുന്നതിനായി നിയോഗിച്ചിരുന്നു. അവർ വഴിയിൽ വെച്ച് ഒരു ജൂതനെ കണ്ടുമുട്ടി. സ്വഹാബികൾ അയാളോട് ചോദിച്ചു:

നീ ആരാണ്?

“ഞാൻ നഷ്ടപ്പെട്ടു പോയ ഒട്ടകത്തെ അന്വേഷിച്ചു നടക്കുകയാണ്.”

ഇതുപറഞ്ഞ് അയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, അബ്ബാദ്(റ) അയാളോട് ഖൈബറിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു. അയാൾ പറഞ്ഞു:


ഞാനിവിടെ പുതിയ ആളാണ്, എന്താണ് നിങ്ങൾക്കറിയേണ്ടത്?

“യഹൂദികളെക്കുറിച്ച്”

അപ്പോൾ അയാൾ പറയാൻ തുടങ്ങി:

“കിനാനത്തുബ്നു അബിൽ ഹുഖൈഖും ഹൗദതുബ്നു ഖൈസും അവരുടെ സഖ്യകക്ഷികളായ ഗത്വ്ഫാൻ ഗോത്രക്കാരും മറ്റും യുദ്ധസജ്ജരായി നിൽപ്പുണ്ട്. മദീനക്കാർക്കെതിരെ വിജയം വരിച്ചാൽ ഖൈബറിലെ കാരക്ക ഒരു വർഷത്തേക്ക് ഗത്വ്ഫാൻകാർക്ക് നൽകാമെന്നാണ് വ്യവസ്ഥ. അവർ ആയുധവും വിഭവങ്ങളുമായി സർവസജ്ജരായി ഉത്ബത്ബ്നു ബദ്റിന്റെ നേതൃത്വത്തിൽ ഖൈബറുകാരെ സഹായിക്കാനായി എത്തി കോട്ടക്കകത്തുണ്ട്. അവർ പതിനായിരം പോരാളികളുണ്ട്. അഭേദ്യമായ കോട്ടക്കകത്താണ് ജൂതർ. ഭക്ഷണവും ആയുധവും ധാരാളമായി ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലങ്ങളോളം ഉപരോധിക്കപ്പെട്ടാലും മതിയാവുന്നത്ര സംഭരിച്ചിരിക്കുന്നു. കോട്ടക്കകത്ത് കുടിക്കാൻ വേണ്ടത്ര ജലശേഖരവുമുണ്ട്. അതിനാൽ തന്നെ ഖൈബറുകാർക്കെതിരെയുള്ള നീക്കങ്ങൾ വൃഥാവിലാവുമെന്നാണ് എന്റെ അഭിപ്രായം”  അയാൾ പറഞ്ഞുനിർത്തി.

സ്വന്തം പാളയത്തിലെ സന്നാഹം പെരുപ്പിച്ചു കാണിക്കുകയും അതുവഴി മുസ്‌ലിം പക്ഷത്ത് ഭീതി വിതക്കാനുള്ള ശ്രമമാണിതെന്നും അബ്ബാദ്(റ)ന് മനസ്സിലായി. അയാളെക്കൊണ്ട് സത്യം പറയിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. തന്റെ കൈയിലുണ്ടായിരുന്ന ചാട്ട നന്നായി ചുഴറ്റിയിട്ട് അദ്ദേഹം പറഞ്ഞു: “നീ അവരിലെ ഒരു പ്രമുഖനാണെന്നു ഞങ്ങൾക്കറിയാം. അതിനാൽ നീ സത്യം പറയുക, അല്ലെങ്കിൽ…”

അബ്ബാദ്(റ)ന്റെ ഗർജനം കുറിക്കുകൊണ്ടു. അയാൾ കുമ്പസാരം പോലെ പറയാൻ തുടങ്ങി: “സത്യത്തിൽ ഖൈബറുകാർ വലിയ ഭീതിയിലാണ്. നിങ്ങൾ മദീനയിലെ ജൂതന്മാരുടെ ചെയ്തികളോട് പ്രതികരിച്ച കാര്യമറിയാവുന്നതിനാൽ ആശങ്കപൂണ്ടാണവർ കഴിയുന്നത്.”

എന്നിട്ട് അയാൾ തന്റെ ദൗത്യത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: “കിനാന എന്നോടിങ്ങനെ പറഞ്ഞു: നീ പോയി മദീനക്കാർ വരുന്നിടത്ത് അവർ കാൺകെ കഴിയണം. അവർ നിന്നെയും നിന്റെ അവസ്ഥയും മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം. അങ്ങനെ നീ ഞങ്ങൾക്ക് ഒരു രക്ഷാമാർഗമുണ്ടാക്കണം. നീ അവരെ സമീപിച്ച് അവർക്ക് എന്തെങ്കിലും ഗുണം ചെയ്യുന്ന പോലെ നടിക്കുക. അങ്ങനെ അടുത്തുകൂടി ഞങ്ങളുടെ എണ്ണത്തിന്റെ ആധിക്യവും സജ്ജീകരണങ്ങളുടെ മേന്മയും പറഞ്ഞറിയിക്കുക. അങ്ങനെയായാൽ അവർ നിന്റെ വാക്ക് തിരസ്കരിക്കുകയില്ല. ബാക്കി വിവരങ്ങൾ ഉടനെ ഞങ്ങളെ അറിയിക്കുകയും വേണം.”

ജൂതൻ സത്യാവസ്ഥ വെളിപ്പെടുത്തിയപ്പോൾ അബ്ബാദ്(റ) അയാളെയും കൂട്ടി നബി(സ്വ)യെ സമീപിച്ചു കാര്യങ്ങൾ വിവരിച്ചു. അയാൾക്ക് അഭയം നൽകുകയും ഖൈബറിന്റെ ചിത്രവും സ്വഭാവവുമറിയാൻ അയാൾ ഉപകാരപ്പെടുകയും ചെയ്തു. അങ്ങനെ ജൂതന്മാർ നടത്തിയ ഒരു തന്ത്രം മുസ്‌ലിംകൾക്ക് ഗുണമായി മാറി.


കോട്ടകളുടെ ഉപരോധം

താമസിയാതെ യുദ്ധമാരംഭിച്ചു. മുറഹ്ഹിബായിരുന്നു ജൂതരുടെ നേതാവ്. കൂറ്റൻ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങൾ. മുസ്ലിംകൾ ആദ്യമായി നാഇം എന്നു പേരുള്ള അവരുടെ കോട്ട വളഞ്ഞു. മുറഹ്ഹിബ് പുറത്തുവന്നു. ധിക്കാരത്തോടെ യുദ്ധത്തിനുള്ള വിളിയാളം നടത്തി. ആമിർ (റ) ദന്ദ്വയുദ്ധത്തിനു ചെന്നു. വെട്ട് പിഴച്ച് അദ്ദേഹം ശഹീദായി. 

ശേഷം, അലി (റ) രംഗത്തു വരികയും മുറഹ്ഹിബിന്റെ കഥകഴിക്കുകയും ചെയ്തു. ഉപരോധം ദിവസങ്ങളോളം നീണ്ടുനിന്നു. ഒടുവിൽ പരാജയം സമ്മതിച്ച ജൂതന്മാർ അടുത്ത കോട്ടയിലേക്കു പിന്മാറി. അങ്ങനെ, ശക്തമായ യുദ്ധത്തിനും ഉപരോധത്തിനുമൊടുവിൽ ആദ്യനിരയിലെ അഞ്ചു കോട്ടയും മുസ്ലിംകളുടെ കീഴിൽ വന്നു. അതോടെ, ജൂതന്മാർ രണ്ടാം നിരയിൽ അഭയം തേടി. 

മുസ്ലിം സൈന്യം അവിടെയും ഉപരോധം ആരംഭിച്ചു. നാശനഷ്ടങ്ങൾ ഭയന്ന് പരാജയം സമ്മതിച്ച അവർ സന്ധിസംഭാഷണത്തിനു തയ്യാറായി. ജൂതന്മാർ നാടുവിട്ടുപോവണമെന്നായിരുന്നു പ്രവാചകരുടെ നിർദ്ദേശം. അവരത് സമ്മതിച്ചു. പക്ഷെ, ഖൈബറിലെ കൃഷിയിടങ്ങൾ കയ്യൊഴിയാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ഞങ്ങൾ ഇവിടത്തെ ജോലിക്കാരായി നിന്നുകൊള്ളാം. നിങ്ങളെക്കാൾ ഞങ്ങൾക്കാണല്ലോ ഇവിടത്തെ കൃഷിയെക്കുറിച്ച് കൂടുതൽ വിവരമുള്ളത്. അവർ  കെഞ്ചിയപ്പോൾ വിളവിന്റെ പകുതി നൽകാമെന്ന വ്യവസ്ഥയിൽ പ്രവാചകൻ സമ്മതിച്ചു. 

അബ്ദുല്ലാഹ് ബിന് റവാഹയെ ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിന്റെ ചുമതല ഏൽപിക്കുകയും ചെയ്തു. ഖൈബറിലെ ഭൂമി പ്രവാചകൻ (സ) രണ്ടായി വിഭജിക്കുകയുണ്ടായി. ഒരു ഭാഗം മുസ്ലിംകൾക്ക് പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾ പരിഹരിക്കാനായി നീക്കിവെച്ചു. പുതുതായി ഇസ്ലാമിലേക്ക് ഒഴുകിയെത്തിയ ആളുകളെ അവിടെ പാർപ്പിച്ചു. രണ്ടാമത്തെ ഭാഗം ഹുദൈബിയ്യ സന്ധിയിൽ പങ്കെടുത്തവർക്കിടയിൽ വിഹിതിച്ചു നൽകി. ഖൈബർ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഒരു വൻ വിജയമായിരുന്നു. അനവധി ഗനീമത്ത് സ്വത്തുകൾ ഇതിൽ ലഭിക്കുകയുണ്ടായി.


ആട്ടിറച്ചിയിൽ വിഷം

ഖൈബർ യുദ്ധ വേളയിൽ സൈനബ് ബിൻതു ഹാരിസ് എന്ന ജൂതപ്പെണ്ണ് ആട്ടിറച്ചിയിൽ വിഷം കലർത്തി പ്രവാചകന് നൽകി (സ). ഭക്ഷണം വായിൽ വെച്ച പ്രവാചകന് (സ) ഉടനെ ദൈവിക സന്ദേശം ലഭിക്കുകയും പ്രവാചകൻ അതിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പെണ്ണിനെ വിളിച്ച് ചോദ്യം ചെയ്തപ്പോൾ ഇത് യഥാർത്ഥ പ്രവാചകനാണോ എന്ന് പരീക്ഷിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു പ്രതികരണം. അതിനിടെ, ഭക്ഷണം അകത്തു ചെന്ന ഒരു സ്വഹാബി വര്യൻ മരണപ്പെടുകയുണ്ടായി.

ഖൈബറിൽ മുസ്ലിം പക്ഷത്തുനിന്നും വധിക്കപ്പെട്ടവർ പതിനെട്ടോളം ആളുകൾ മാത്രം. ജൂതപക്ഷത്തുനിന്നും തൊണ്ണൂറ്റി മൂന്നോളം ആളുകൾ വധിക്കപ്പെട്ടിരുന്നു.


കോട്ടകൾ കീഴടക്കുന്നു

ഖൈബറിലെ കോട്ടകൾ ഒന്നൊന്നായി നബി(സ്വ)ക്കും സംഘത്തിനും വിധേയപ്പെട്ടുകൊണ്ടിരുന്നു; ചില കോട്ടകൾ അധീനപ്പെടുത്താൻ ദിവസങ്ങളെടുത്തെങ്കിലും. ദ്വന്ദയുദ്ധങ്ങളും കോട്ടക്കകത്തു നിന്നുള്ള ചതിപ്രയോഗങ്ങളുമുണ്ടായി. ഖൈബറിന്റെ കിഴക്കുവടക്കൻ മേഖലയിലെ ശഖ്, നത്വാത് പ്രവിശ്യകളിലെ നാഇം, സ്വഅബ്, അബുന്നസാർ കോട്ടകളും കതീബ പ്രവിശ്യയിലെ ഖമൂസ്സ് കോട്ടയും വത്വീഹ്, സുലാലിം കോട്ടകളും കീഴടക്കി.

മർഹബ് എന്ന ജൂതത്തലവൻ കേന്ദ്രീകരിച്ചിരുന്ന നാഇം കോട്ട കീഴടക്കാൻ ദിവസങ്ങൾ വേണ്ടിവന്നു. നാട്ടിൽ നിന്നു വളരെ അകലത്തിൽ ഉപരോധസമരത്തിലായാലുള്ള അനിശ്ചിതാവസ്ഥ മദീനക്കാരെ ആശങ്കാകുലരാക്കുക സ്വാഭാവികമാണ്. ചിലർ നബി(സ്വ)യോട് അതിനെക്കുറിച്ച് ആവലാതി ബോധിപ്പിക്കുകയും ചെയ്തു. നബി(സ്വ) അവരെയൊക്കെ ഖൈബറിലെ അന്തിമവിജയത്തെക്കുറിച്ച് സന്തോഷവാർത്ത നൽകി സമാധാനിപ്പിച്ചു.

ഉപരോധനിരയിൽ നിൽക്കുന്ന സ്വഹാബികളിൽ ചിലർ കൂട്ടത്തിലെ ഗായകനായ ആമിർ(റ)നോട് ഗാനമാലപിക്കാൻ ആവശ്യപ്പെട്ടു. അർത്ഥഗർഭവും അവസരോചിതവുമായ പാട്ട് കേട്ടപ്പോൾ നബി(സ്വ) ചോദിച്ചു: ആരാണത്?

“ആമിറാണു നബിയേ”

നബി(സ്വ) പറഞ്ഞു: “യർഹംഹുല്ലാഹു” (ശഹീദാവുമെന്ന് സൂചന നൽകുന്ന പ്രയോഗമാണിത്).

ആമിർ(റ)ന്റെ രക്തസാക്ഷിത്വം

ഒടുവിൽ മർഹബ് കോട്ടക്കകത്തേക്ക് അലി(റ)ന്റെ നേതൃത്വത്തിൽ മുസ്‌ലിം സൈന്യം ഇരച്ചുകയറി. പ്രവാചക നിർദേശപ്രകാരം അലി(റ) ആദ്യം അവരെ ഇസ്‌ലാമിലേക്കു ക്ഷണിച്ചു. അവർ പുച്ഛത്തോടെ പോർവിളി നടത്തുകയാണു ചെയ്തത്. മർഹബ് ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിച്ചു. ഊരിപ്പിടിച്ച വാളുമായി അയാൾ ഈ ആശയം വരുന്ന ഈരടികളുരുവിട്ടു: “ആയുധ വിഭൂഷിതനായ ധീരനായ മർഹബാണ് ഞാനെന്നീ ഖൈബറിനറിയാം. യുദ്ധം ആളിക്കത്തുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഇവിടെക്കാണാൻ പോവുകയാണ്.”

ഇതുകേട്ടപ്പോൾ മുസ്‌ലിം നിരയിൽ നിന്നും ആമിർ(റ) രംഗത്തെത്തി. ഈ ആശയമുള്ള ഈരടികൾ പാടി: “ആയുധധാരിയായ ആമിറാണു ഞാനെന്ന് ഖൈബറിനറിയാം. ധീരനായ പോരാളിയാണെന്നുമറിയാം.”

ആമിർ(റ)വും മർഹബും തമ്മിൽ പോരാട്ടം തുടങ്ങി. ഒന്നുരണ്ടു പ്രാവശ്യം വാൾപ്രയോഗം നടത്തി. ശത്രുവിന്റെ കൈ കണക്കാക്കി ഓങ്ങിയവാൾ കൈയിൽ തട്ടാതെ തിരിച്ചുവന് ആമിർ(റ)ന്റെ തന്നെ കാൽമുട്ടിൽ പതിച്ചു. രക്തം വാർന്നു ആമിർ(റ) ശഹീദായി.

ആമിർ(റ)ന്റെ വാൾ സാധാരണ പോലെ നീളമുള്ളതായിരുന്നില്ല. അതിനാൽ ശത്രു മാറിയതു കൊണ്ടാണത് സംഭവിച്ചത്. എന്നാൽ സ്വഹാബത്തിനിടയിൽ ആമിർ(റ)ന്റെ അന്ത്യത്തെക്കുറിച്ച് സംശയം പരന്നു. ചിലർ പറഞ്ഞു, ആമിറിന്റെ എല്ലാ കർമങ്ങളും വിഫലമായി. കാരണം സ്വന്തം വാള് കൊണ്ടാണല്ലോ അദ്ദേഹം വധിക്കപ്പെട്ടത്. ഇതുകേട്ടപ്പോൾ നബി(സ്വ) പറഞ്ഞു: “ആരാണങ്ങനെ പറയുന്നത്, തെറ്റാണത്. അദ്ദേഹത്തിന് രണ്ടു പ്രതിഫലമുണ്ട്.” എന്നിട്ട് രണ്ടു വിരലുകൾ ചേർത്തുപിടിച്ച് അവിടുന്ന് പറഞ്ഞു: “ഇദ്ദേഹം ധീരനായ പോരാളിയാകുന്നു, ഇങ്ങനെയൊരാൾ അറബികളിൽ അപൂർവമാണ്.”


ഖൈബർ ജയിക്കുന്നു

മർഹബ് വീണ്ടും തന്റെ വീരവാദം മുഴക്കി. അപ്പോൾ അലി(റ) അവന് പ്രത്യുത്തരമായി ഈ ആശയമുള്ള പദ്യം ഉരുവിട്ട് രംഗത്തെത്തി: “എനിക്കെന്റെ മാതാവിട്ട നാമം സിംഹം. കണ്ടാൽ വെറുക്കും കൂട്ടിലുള്ള സിംഹം. അളന്നു കൊടുക്കും ഞാനവർക്ക് നിർലോഭം.”

അലി(റ)വും മർഹബും തമ്മിൽ ഘോരസംഘട്ടനം തന്നെ നടന്നു. ഒടുവിൽ മർഹബ് അലി(റ)ന്റെ വാളിനിരയായി. മർഹബിന്റെ അന്ത്യത്തോടെ ഖൈബർ പൂർണമായും വിധേയപ്പെട്ട അവസ്ഥയിലായി. പിന്നെ നടന്നത് ചടങ്ങുതീർക്കലാണ്. അതിനാൽ തന്നെ ഖൈബറിന്റെ വിജയം അലി(റ)യിലേക്ക് ചേർത്തിയാണറിയപ്പെടുന്നത്. കാരണം നായകനെ വീഴ്ത്തിയത് അദ്ദേഹമാണല്ലോ.

മർഹബിന്റെ സഹോദരൻ യാസിർ ഇതിനിടയിൽ ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിച്ചു. അവനെ നബി(സ്വ)യുടെ പിതൃവ്യയായ സ്വഫിയ(റ)യുടെ പുത്രൻ സുബൈർ(റ) പരാജയപ്പെടുത്തി.


ഭക്ഷ്യക്ഷാമ പരിഹാരം

മൂന്നുദിവസത്തെ പരിശ്രമത്തിലൂടെയാണ് സ്വഅ്ബ് കോട്ട അധീനതയിലായത്. ഹുബാബ്(റ)ന്റെ നേതൃത്വത്തിലാണിത് സാധിച്ചത്. അതോടെ മുസ്‌ലിം മുന്നണിയിലെ ഭക്ഷ്യപ്രശ്നത്തിന് പരിഹാരമായി. അതിനകത്ത് ധാരാളം ഭക്ഷ്യവസ്തുക്കൾ സൂക്ഷിപ്പുണ്ടായിരുന്നു. മറ്റു അവശ്യ വസ്തുക്കളും കോട്ടയിൽ നിന്നു ലഭിക്കുകയുണ്ടായി.

നാഇം, സഅ്ബ് കോട്ടകളിൽ നിന്നും മറ്റും ഓടി രക്ഷപ്പെട്ടവർ താവളമടിച്ചിരുന്ന നത്വാത് പ്രവിശ്യയിലെ സുബയ്ർ കോട്ടയും മൂന്നു ദിവസത്തെ ഉപരോധത്തിലൂടെ മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടു. അതോടെ ശക്തരും ക്രൂരരുമായിരുന്ന ജൂതത്തലവന്മാരുടെയും പോരാളികളുടെയും കേന്ദ്രങ്ങൾ ജയിച്ചടക്കാൻ വിശ്വാസികൾക്കായി.


പൂർണവിജയത്തിലേക്ക്

ഖമൂസ്, വത്വീഹ്, സുലാലിം എന്നീ കോട്ടകളിലാണ് അന്തിമമായി ജൂതരെല്ലാവരും താവളമടിച്ചിരുന്നത്. പതിനാല് ദിവസത്തെ ഉപരോധത്തിലൂടെ അവയോരോന്നായി കീഴടങ്ങി. ഇതറിഞ്ഞ് കോട്ടകൾക്കപ്പുറത്തും ഖൈബറിന് സമീപ പ്രദേശങ്ങളിലുമുള്ളവരെല്ലാം നബി(സ്വ)ക്ക് മുന്നിൽവന്ന് കീഴടങ്ങുകയുണ്ടായി. അതോടെ ഖൈബറിനെയും പരിസരത്തെയും ചൂഴ്ന്നുനിന്ന കാളിമയും അക്രമവും നീങ്ങി സമാധാനത്തിന്റെ പുതുപ്പിറവിയായി.

അനിവാര്യമായ പോരാട്ടമേ ഖൈബറിൽ നടന്നിട്ടുള്ളൂ. ഉപരോധമായിരുന്നു പ്രധാന സമരതന്ത്രം. ചില പ്രദേശങ്ങൾ സമാധാനപൂർവം കീഴൊതുങ്ങുകയായിരുന്നു. ഫദക് കോട്ട അതിൽ പെടുന്നു.

പൂർണമായും കീഴൊതുങ്ങിയ ഖൈബറുകാരുമായി തിരുദൂതർ(സ്വ) കരാറിലേർപ്പെട്ടു. അവിടുത്തെ കൃഷികളും മറ്റും ഖൈബറുകാർ തന്നെ നോക്കി നടത്തുക. വിളവ് പകുത്ത് മദീനയിലേക്കയക്കുക. ഈ വ്യവസ്ഥ എല്ലാവർക്കും സ്വീകാര്യമായി. വാഗ്ദാനവും കരാറും പാലിച്ചവർ അതിന്റെ ഗുണവും ലംഘിച്ചവർ അതിന്റെ ഫലവും അനുഭവിച്ചു എന്നതാണ് ഖൈബറിന്റെ ബാക്കിപത്രം.

ഖൈബറിനോടനുബന്ധിച്ച് അനുസ്മരിക്കപ്പെടേണ്ടതും ശ്രദ്ധേയവുമായ അനേകം പാഠങ്ങളും ചരിത്രത്തിൽ കാണാം. അലി(റ)ന്റെ വീരപോരാട്ടവും ചില സ്വഹാബി പ്രമുഖരുടെ മുന്നേറ്റവും ജൂതന്മാരുടെ കുലവിശേഷമായ ചതിയും ത്യാഗീവര്യന്മാരായ പോരാളികളുടെ ചിത്രങ്ങളും അനവധിയുണ്ട്. നബി(സ്വ)യുടെ യുദ്ധ തന്ത്രജ്ഞതയും രാഷ്ട്ര നയതന്ത്രവും കൂടുതൽ തിളങ്ങിയ ഒരു സമരമായിരുന്നു ഖൈബർ.

No comments:

Post a Comment