Thursday 6 June 2019

അബൂബക്കർ ശിബിലി (റ)



സുപ്രസിദ്ധ ആത്മീയ ഗുരുവും പണ്ഡിതനുമായിരുന്നു അബൂബക്റിശ്ശിബ്ലി(റ). ഹിജ്റ 247-ല്‍ ബഗ്ദാദിലെ സാംറാഇല്‍ ജനിച്ചു. പിതാവ് അബ്ബാസി ഖിലാഫത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അതാണ് ജനനം സാംറാഇലാകാന്‍ കാരണം. സയ്യിദുത്താഇഫത് എന്നറിയപ്പെടുന്ന ആത്മീയ ജ്യോതിസ്സായ ജുനൈദുല്‍ ബഗ്ദാദി(റ)ന്‍റെയും ശിഷ്യരുടെയും പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഗ്ദാദ് രംഗവേദിയായിരുന്നു ആ കാലത്ത്.

അതിനാല്‍ തന്നെ ആത്മീയ പാഠങ്ങള്‍ ചെറുപ്പത്തിലേ അദ്ദേഹത്തില്‍ വേരുറച്ചു. എന്നാല്‍ മുതിര്‍ന്നപ്പോള്‍ കുടുംബത്തിന്‍റെ ഖിലാഫത്ത് ബന്ധം കാരണം രാഷ്ട്രീയമായ ചുമതലയേല്‍ക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ 31-ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ആത്മീയ സാധനയിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് അഞ്ചര പതിറ്റാണ്ട് കാലം ആധ്യാത്മികതയുടെ അകപ്പൊരുള്‍ വിവരിച്ചും മാതൃക കാണിച്ചും ജീവിച്ചു. ഹിജ്റ 334 ദുല്‍ഹിജ്ജ 2-ന് അദ്ദേഹം വഫാതായി. അന്ന് അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

ഖലീഫ മുഅ്തസ്വിം സൈനികരടക്കം ഭരണകൂട പരിവാരങ്ങളെ ഒന്നിച്ച് താമസിപ്പിക്കാനായി പ്രത്യേകം നിര്‍മിച്ച പട്ടണമാണ് സാംറാഅ്. ബഗ്ദാദില്‍ നിന്ന് 125 കി.മി അകലെയാണിത് സ്ഥിതി ചെയ്യുന്നത്. അവിടെ താമസിക്കുന്ന തുര്‍ക്കികളായ ഖിലാഫത്ത് സേവകരില്‍ പെട്ട കുടുംബമാണ് ശിബ്ലിയുടേത്. അശ്റൂസന പ്രവിശ്യയിലെ ശിബ്ലിയ എന്ന ഗ്രാമത്തിലായിരുന്നു അവരുടെ ആദ്യവാസം. അതിലേക്ക് ചേര്‍ത്തിയാണ് മഹാന്‍ ശിബ്ലി എന്നറിയപ്പെട്ടത്. യഥാര്‍ത്ഥ നാമം ദുലഫ് എന്നായിരുന്നെങ്കിലും അബൂബക്ര്‍ എന്ന അപരനാമത്തിലാണ് പ്രസിദ്ധനായത്.

ശിബ്ലി എന്നു വിളിക്കപ്പെട്ടതിനു പിന്നില്‍ മറ്റൊരു സംഭവം ഇമാം സംആനി ഉദ്ധരിച്ചിട്ടുണ്ട്. ശിബ്ലി(റ)യുടെ സഹചാരിയും ശിഷ്യനുമായിരുന്ന പ്രസിദ്ധ ആത്മീയ ഗുരു ശൈഖ് അബുല്‍ ഹുസൈന്‍ ബുന്‍ദാര്‍ അല്‍അര്‍ജാസി(റ)നെ ശിഷ്യന്‍ ഉദ്ധരിക്കുന്നു: ശിബ്ലി(റ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു; ഒരുനാള്‍ എന്നോടിങ്ങനെ വിളിച്ചറിയിക്കപ്പെട്ടു: ശിബ്, ലീ! അഥവാ നീ എന്നിലായി ആത്മാര്‍പ്പണം നടത്തുക. അങ്ങനെ ഞാന്‍ ശിബ്ലി എന്നത് നാമമായി സ്വീകരിച്ചു.

ഈ ആശയത്തില്‍ ഞാന്‍ ഇങ്ങനെ കവിതയാലപിക്കുകയുമുണ്ടായി; എന്നെ അവന്‍ കണ്ടു, അപ്പോള്‍ അവന്‍ അവന്‍റെ ആര്‍ദ്രതയുടെ വിസ്മയങ്ങള്‍ എനിക്ക് നല്‍കി. ഞാന്‍ അമ്പരന്നുപോയി. എന്‍റെ ഉള്ളം തേങ്ങി ഉരുകിക്കൊണ്ടിരുന്നു. അവനാകട്ടെ എന്നില്‍ നിന്ന് അകന്നവനല്ല, എങ്കില്‍ ഓര്‍ത്ത് സമാധാനിക്കാമായിരുന്നു. അവന്‍ എന്നെത്തൊട്ട് തിരിഞ്ഞുകളയുന്നുമില്ല. എങ്കില്‍ അവനില്‍ നിന്ന് എനിക്കും മറയാമായിരുന്നു (അല്‍അന്‍സാബ്- സംആനി).

എന്നില്‍ എരിയുക എന്ന അശരീരിയുടെ പൂര്‍ണമായ സ്വാധീനം തന്നിലുണ്ടായി എന്നാണിതിലൂടെ ശിബ്ലി(റ) സൂചിപ്പിക്കുന്നത്. സാഹചര്യവും കൂട്ടുകെട്ടും ജോലിയും ഭൗതിക സുഖാഡംബരങ്ങളുമായി അടുപ്പമുണ്ടായിരിക്കെയാണീ ‘ജദ്ബ്’ അഥവാ ആത്മീയ ലോകത്തേക്കുള്ള ആകര്‍ഷണമുണ്ടായത്. അത് അദ്ദേഹത്തിലുളവാക്കിയ ആത്മീയ വിലയത്തെയും മുറാഖബയെയും ഈ വരികള്‍ വിവരിക്കുന്നു. അങ്ങനെ ശിബ്ലി എന്ന നാമത്തെ മഹാന്‍ സാര്‍ത്ഥകമാക്കി.

ഖിലാഫത്ത് സേവകരും മന്ത്രിമാരും ജീവിക്കുന്ന കേന്ദ്രത്തില്‍ താമസിച്ചതിനാല്‍ സഹപാഠികളും കൂട്ടാളികളുമെല്ലാം ഉയര്‍ന്ന ജീവിതനിലവാരത്തിലുള്ളവരായിരുന്നു. സാമ്പത്തികമായുള്ള പുരോഗതിക്കനുസരിച്ച പഠനവും പരിശീലനവും ശിബ്ലി(റ)ന് ലഭിച്ചു. വലുതായപ്പോള്‍ പിതാവിനെ പോലെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ കാര്യനിര്‍വഹണങ്ങളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് സംതൃപ്തി തോന്നിയിരുന്നില്ല. തുര്‍ക്കികളുടെ പരമ്പരാഗതമായ സര്‍ക്കാര്‍ സേവനത്തില്‍ തുടരാനദ്ദേഹം നിര്‍ബന്ധിതനായിരുന്നതിനാല്‍ അല്‍പകാലം മുന്നോട്ട് പോയെന്നു മാത്രം. തന്‍റെ അധികാര പ്രദേശത്തെ ജനങ്ങളുമായി നീതിപൂര്‍വം പെരുമാറിയ അദ്ദേഹം അവരുടെയെല്ലാം പ്രിയങ്കരനായിമാറി. പക്ഷേ ജോലിയില്‍ തുടരാനാവില്ലെന്ന് ബോധ്യമായൊരു നിമിഷത്തില്‍ സഹപ്രവര്‍ത്തകരെയും ജനങ്ങളെയും കാര്യം അറിയിച്ച് രാജിവെക്കുകയായിരുന്നു. അതോടെ പൂര്‍ണമായും ആത്മീയവഴിയിലേക്ക് തിരിഞ്ഞു. താന്‍ സമ്പാദിച്ചതും പൈതൃകസ്വത്തായി ലഭിച്ചതുമെല്ലാം ദാനം ചെയ്ത് സമ്പൂര്‍ണ പരിത്യാഗിയായി.


ഗുരുസന്നിധിയില്‍

സര്‍ക്കാറുദ്യോഗത്തില്‍ നിന്ന് ആത്മീയ ജീവിതത്തിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. ഫരീദുദ്ദീന്‍ അത്വാര്‍(റ) രേഖപ്പെടുത്തുന്നു: നഹാവന്ദിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. അവിടെ അമീറായി സേവനം ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ ഖലീഫ റയ്യിലെ തന്‍റെ പ്രതിനിധിയെ ബഗ്ദാദിലേക്ക് വിളിപ്പിച്ചു. ശിബ്ലി(റ) അടക്കമുള്ള അമീറുമാരെയും കൂട്ടി അദ്ദേഹം ബഗ്ദാദിലെത്തി ഖലീഫയെ കണ്ടു. ഖലീഫ അവരെ നല്ല നിലയില്‍ സ്വീകരിക്കുകയും ആദരപൂര്‍വം സ്ഥാനവസ്ത്രം അണിയിക്കുകയും ചര്‍ച്ചകള്‍ക്കു ശേഷം യാത്രയാക്കുകയും ചെയ്തു.

മടക്ക യാത്രയില്‍ റയ്യിലെ പ്രതിനിധി തുമ്മിയപ്പോള്‍ അശ്രദ്ധയില്‍ തനിക്കു ഖലീഫ സമ്മാനിച്ച സ്ഥാനവസ്ത്രം കൊണ്ട് മൂക്കും മുഖവും തുടച്ചുവൃത്തിയാക്കി. ഇത് ഭരണാധികാരിയെ അപമാനിക്കുന്നതാണെന്ന് ആരോ ഖലീഫയെ ധരിപ്പിച്ചു. ക്ഷുഭിതനായ അദ്ദേഹം, തന്‍റെ ബഹുമതിയെ അവമതിച്ചെന്ന് തെറ്റിദ്ധരിച്ച് അമീറിനെ മടക്കിവിളിച്ചു. സ്ഥാനവസ്ത്രം അഴിക്കാനും പിരടിക്കും കഴുത്തിനും ഇടിക്കാനും നിര്‍ദേശിച്ചു. ശിക്ഷക്കു ശേഷം ഉദ്യോഗത്തില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു. ഇതെല്ലാം ശിബ്ലി(റ)യില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി.

അദ്ദേഹം ഉണര്‍ന്നു ചിന്തിച്ചു. അതോടെ അദ്ദേഹത്തിലെ ആത്മീയ വിചാരം കൂടുതല്‍ ശക്തമായി. ഉടനെ ഖലീഫയുടെ അടുത്ത് ചെന്ന് ഉദ്യോഗം രാജിവെച്ചതായി അറിയിച്ചുകൊണ്ട് പറഞ്ഞു: ‘ഖലീഫാ, അങ്ങ് അല്ലാഹുവിന്‍റെ സൃഷ്ടികളിലൊരു സൃഷ്ടി മാത്രമാണ്. എന്നിരിക്കെ താങ്കള്‍ നല്‍കിയ ഒരു പുടവയെ നിസ്സാരമാക്കുന്നത് അനുവദനീയമല്ലെന്നാണെങ്കില്‍ അല്ലാഹു നല്‍കിയ പുടവ നിസ്സാരമാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അങ്ങ് നല്‍കിയ പുടവയുടെ സ്ഥാനമെന്തെന്ന് അറിയാത്തതല്ലല്ലോ.

അല്ലാഹുവിനോട് കാണിക്കേണ്ട മര്യാദയില്‍ വീഴ്ച വരുത്തുന്നവന്‍റെ സ്ഥിതി എന്തായിരിക്കും? അല്ലാഹു അന്ത്യദിനത്തില്‍ പുടവ കൊണ്ട് എന്നെ ശ്രേഷ്ഠമാക്കിയിട്ടുണ്ട്. അതിനെ സൃഷ്ടികളുടെ സേവനത്തിനായി ഒരു കൈലേസെന്ന പോലെ ഉപയോഗിക്കുന്നത് അവനെങ്ങനെ പൊരുത്തപ്പെടാനാണ്?’ ഈ സംഭവമാണ് ശിബ്ലി(റ)യെ ഉദ്യോഗമൊഴിയാന്‍ പ്രേരിപ്പിച്ചത് (തദ്കിറതുല്‍ ഔലിയാഅ്).

ശിബ്ലി(റ)യുടെ ജീവിതത്തിലെ ഈ വഴിത്തിരിവിന് പിന്നില്‍ ഉപരി സൂചിപ്പിച്ച അശരീരിയും വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിനു ലഭിച്ച മറ്റൊരു നിര്‍ദേശവും ചരിത്രത്തില്‍ കാണാം.

ശിബ്ലി(റ) പറയുന്നു: ‘അബൂബക്ര്‍, നിന്നെ ഇതിനല്ല നിയോഗിച്ചിരിക്കുന്നത്. ഇത് നിന്നോട് നിര്‍ദേശിക്കപ്പെട്ടിട്ടുമില്ല.’ അങ്ങനെ ഞാന്‍ ഖലീഫക്കുള്ള സേവനം അവസാനിപ്പിച്ച് നാസിഖും മന്‍സൂഖും തഅ്വീലും തഫ്സീറും (ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍) ഹലാലും ഹറാമും ശ്രദ്ധിച്ചു. ഹദീസും ഫിഖ്ഹും സ്വായത്തമാക്കി. അല്‍മുബ്തദഅ് എന്ന കിതാബും പഠിച്ചു. അങ്ങനെയിരിക്കെ അല്ലാഹുവല്ലാതെ മറ്റൊരു വിചാരവുമില്ലാത്ത തലത്തിലേക്ക് ഞാന്‍ എത്തിപ്പെട്ടു (താരീഖുദിമശ്ഖ്).

പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തില്‍ മതബോധവും മതകാര്യങ്ങളിലുള്ള പ്രതിബദ്ധതയും നിലനിന്നിരുന്നുവെന്നതിലേക്ക് സൂചന നല്‍കുന്ന സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ നബി(സ്വ)യുടെ മേല്‍ മുടങ്ങാതെ ധാരാളമായി സ്വലാത്ത് നിര്‍വഹിച്ചിരുന്നു അദ്ദേഹം. ശിബ്ലി(റ)ക്ക് നിസ്തുലമായ ആദരവുകളാണ് സ്വലാത്ത് മൂലം ലഭിച്ചത്.

സൂറത്തുത്തൗബയിലെ 128-ാം സൂക്തവും സ്വലാത്തും എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും അദ്ദേഹം പതിവാക്കിയിരുന്നു. ഈ ആദരവിന്‍റെ കാരണം പക്ഷേ, ആര്‍ക്കുമറിയുമായിരുന്നില്ല. തിരുനബി(സ്വ) തന്നെ അത് മറ്റൊരു സ്വൂഫിവര്യനായ അബൂബക്ര്‍ ബ്നു മുജാഹിദ്(റ)ക്ക് സ്വപ്നത്തിലൂടെ അറിയിക്കുകയുണ്ടായി. അതില്‍ ഇങ്ങനെ കാണാം: 80 വര്‍ഷമായി ശിബ്ലി ഇത് ചെയ്തുവരുന്നുണ്ട് (താരീഖുദിമശ്ഖ്).

87 വര്‍ഷം ജീവിച്ച ശിബ്ലി(റ) ഏഴ് വയസ്സ് മുതലെങ്കിലും സ്വലാത്ത് സ്ഥിരമായി ചൊല്ലുമായിരുന്നുവെന്ന് ഗ്രഹിക്കാം. ഈ നബിസ്നേഹമാണ് അദ്ദേഹത്തെ ഉന്നതിയിലെത്തിച്ചത്. കുടുംബത്തില്‍ നിന്നുണ്ടായ പ്രചോദനമായിരിക്കും ചെറുപ്പത്തിലേ ജീവിതം അവ്വിധത്തിലാക്കിയത്. ചെറുപ്പത്തില്‍ ശീലിച്ച നന്മകള്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം കൊണ്ടുനടന്നു. അതോടൊപ്പം സാത്വികരായ ഗുരുവര്യന്മാരുടെ സദുപദേശങ്ങള്‍ കേള്‍ക്കാനും സന്നദ്ധനായി.

സാംറാഇല്‍ തന്നെ ജീവിച്ചിരുന്ന പരിത്യാഗിയായിരുന്നു ഖൈറുനിന്നസ്സാജ് എന്നറിയപ്പെട്ട പണ്ഡിത ശ്രേഷ്ഠന്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വഅ്ളിന്‍റെ സദസ്സുകള്‍ നടന്നിരുന്നു. ശിബ്ലി(റ) ചില ഘട്ടങ്ങളില്‍ അതില്‍ സംബന്ധിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഖലീഫയുടെയും തന്‍റെ ഗവര്‍ണറുടെയും ഇടയിലുണ്ടായ പ്രശ്നവും പിരിച്ചുവിടലും. ഇത് കൂടിയായപ്പോള്‍ അദ്ദേഹം സാഹചര്യപരമായ എല്ലാ പിരിമിതികളെയും മറികടക്കാന്‍ നിശ്ചയിച്ചു.

തന്നിലെ ആത്മീയതയെ തട്ടിയുണര്‍ത്തിയ ഗുരുവിന്‍റെ സവിധത്തില്‍ നിന്ന് തന്നെ തുടങ്ങാനദ്ദേഹം തീരുമാനിച്ചു. ഖൈറുനിന്നസ്സാജ്(റ)യുടെ സമീപത്തെത്തി തന്‍റെ തീരുമാനം അറിയിച്ചു. അദ്ദേഹം ശിബ്ലി(റ)യിലെ ആത്മീയദാഹത്തിനും പരിചരണത്തിനും അനുയോജ്യനായ മഹാഗുരുവിന്‍റെ അടുത്തേക്കയച്ചു. ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ) ആയിരുന്നു അത്. ഗുരുവിനെ സന്ദര്‍ശിച്ചതും അദ്ദേഹം പരിചരിച്ച് പൂര്‍ണമായി സംസ്കരിച്ചതും ശൈഖ് അത്വാര്‍(റ) രേഖപ്പെടുത്തുന്നു.

ശിബ്ലി(റ), ജുനൈദ്(റ)യുടെ അടുത്ത് ചെന്നു പറഞ്ഞു: ‘ജനങ്ങളൊക്കെ അങ്ങയുടെ അടുത്ത് ആത്മജ്ഞാന മുത്തുകളുണ്ടെന്ന് പറയുന്നു. അങ്ങ് എന്നെയും അതിലേക്ക് വഴിനടത്തിയാലും. അങ്ങ് അതെനിക്ക് വില്‍ക്കുകയോ വെറുതെ നല്‍കുകയോ ചെയ്താല്‍ മതി.’

അപ്പോള്‍ ജുനൈദ്(റ) പറഞ്ഞു: വിറ്റാല്‍ അത് വാങ്ങാനുള്ള വില നിന്‍റെ പക്കലില്ല. വെറുതെ നല്‍കിയാല്‍ അതിന് നിന്‍റെ അടുക്കല്‍ ഒരു വിലയും പരിഗണനയും ഉണ്ടാവുകയുമില്ല. അത് കൊണ്ട് നിന്‍റെ കാല് തലയില്‍ വെക്കുക. ആത്മശിക്ഷണത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീക്ഷയുടെയും സാഗരത്തില്‍ നീ നിന്‍റെ ശരീരത്തെ ഇട്ടേക്കുക. എങ്കില്‍ നിനക്ക് ആത്മജ്ഞാന മുത്തുകള്‍ ലഭിച്ചേക്കാം.’

ശൈഖ് നിറുത്തിയപ്പോള്‍ ശിബ്ലി(റ) ചോദിച്ചു: ഞാനിപ്പോള്‍ എന്തു ചെയ്യണം? അങ്ങു നിര്‍ദേശിച്ചാലും.

ജുനൈദ്(റ)ന്‍റെ പ്രതികരണം: നീ ഒരു വര്‍ഷം ഗന്ധകം വില്‍പന നടത്തുക.

ഗുരുവിനോട് യാത്ര പറഞ്ഞു പിരിഞ്ഞ അദ്ദേഹം നിര്‍ദേശം പോലെ ഒരു കൊല്ലക്കാലം ഗന്ധകവുമായി അലഞ്ഞു. ശേഷം ശൈഖിനരികിലെത്തി. അപ്പോള്‍ ഗുരു പറഞ്ഞു: ‘കച്ചവടം ചെയ്തതിനാല്‍ അതു നിമിത്തം നിനക്കൊരു പ്രസിദ്ധി കൈവന്നിരിക്കും. അത് കൊണ്ട് ഒരു യാചകനായി വീടുകളുടെ വാതില്‍ക്കലിലൂടെ ഒരു വര്‍ഷം കറങ്ങുക. മറ്റൊരു തൊഴിലും ചെയ്യരുത്.’ അദ്ദേഹം അനുസരിച്ചു. പക്ഷേ ബഗ്ദാദിലെ ഒരാളും അദ്ദേഹത്തിനൊന്നും കൊടുത്തതേയില്ല. കൊല്ലം തികഞ്ഞപ്പോള്‍ ഗുരുസവിധത്തിലെത്തി. നടന്നതെല്ലാം വിവരിച്ചു.

അപ്പോള്‍ ഗുരു ചോദിച്ചു: ഇപ്പോള്‍ മനസ്സിലായില്ലേ, നിനക്ക് ജനങ്ങളുടെ അടുത്ത് ഒരു സ്ഥാനവും വിലയുമില്ലെന്ന്. അതിനാല്‍ നീ നിന്‍റെ മനസ്സിനെ അവരുമായി കെട്ടുപിണക്കാതിരിക്കുക. അവര്‍ക്ക് നീയും ഒരു പരിഗണനയും വിലയും നല്‍കേണ്ട. മരണമില്ലാത്തവനും എന്നെന്നും ജീവിക്കുന്നവനുമായ അല്ലാഹുവില്‍ നീ ഭാരമേല്‍പ്പിക്കുക.’

ഒന്നു നിര്‍ത്തി ഗുരു തുടര്‍ന്നു: അതു മാത്രം മതിയാകില്ല. നീ കുറച്ചു കാലം ഒരു നാട്ടില്‍ ഭരണച്ചുമതല നിര്‍വഹിച്ചിരുന്നല്ലോ. അത് കൊണ്ട് നീ അവരെ സമീപിക്കുക. അവരോട് നിനക്ക് വിടുതി നല്‍കണമെന്ന് ആവശ്യപ്പെടണം. അപ്പോള്‍ അവര്‍ നിന്നെ അവരുടെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുകയും നിനക്ക് മാപ്പ് നല്‍കുകയും ചെയ്തേക്കാം (തദ്കിറതുല്‍ ഔലിയാഅ്).

ജുനൈദ്(റ)ന്‍റെ നിര്‍ദേശം പോലെ അദ്ദേഹം തന്‍റെ അധികാരസ്ഥലമായിരുന്ന ദുമാവന്ദിലെത്തി. അവിടത്തെ ജനങ്ങളോട് പറഞ്ഞു: ‘ഞാന്‍ മുവഫ്ഫഖിന്‍റെ ഉദ്യോഗസ്ഥനായി നിങ്ങളോടൊപ്പമുണ്ടായിരുന്നു. നിങ്ങളുടെ ഈ നാടിന്‍റെ കാര്യങ്ങള്‍ക്ക് അദ്ദേഹം എന്നെയാണേല്‍പിച്ചിരുന്നത്. നിങ്ങള്‍ എന്നെ അതില്‍ നിന്ന് ഒഴിവാക്കിത്തരണം.’ ആവശ്യം ന്യായമാണെന്നു തോന്നിയ പ്രദേശത്തുകാര്‍ അദ്ദേഹത്തിന് വിടുതി നല്‍കി. കൂട്ടത്തില്‍ ചിലര്‍ പാരിതോഷികം നല്‍കാനും തീരുമാനിച്ചു. അത് സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല (താരീഖു ബഗ്ദാദ്).

ദുമാവന്ദിലെ ഓരോ വീട്ടിലുമെത്തി ഓരോരുത്തരെയും നേരില്‍ കണ്ടാണ് തന്‍റെ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. അതിനെ കുറിച്ച് ശിബ്ലി(റ) തന്നെ അനുസ്മരിക്കുകയുണ്ടായി: ഞാന്‍ പൊരുത്തപ്പെടീക്കാന്‍ ബാധ്യതയുണ്ടാകാനിടയുള്ള ഒരാളെ എനിക്കു കണ്ടെത്താനായില്ല. അതിന് പകരമായി ഒരു ലക്ഷം ദിര്‍ഹം അഗതികള്‍ക്കും ദരിദ്രര്‍ക്കുമായി ഞാന്‍ വിതരണം ചെയ്തു. എന്നിട്ടും എന്‍റെ മനസ്സ് ശാന്തമായില്ല (തദ്കിറതുല്‍ ഔലിയ).

ഒരു വര്‍ഷക്കാലം ഇങ്ങനെ ചെയ്ത ശേഷം വീണ്ടും ശൈഖിനെ സമീപിച്ചു. അപ്പോള്‍ ഗുരു പറഞ്ഞതിങ്ങനെ: നിന്നില്‍ ഇനിയും സ്ഥാനമോഹം ബാക്കിയുണ്ട്. ഒരു പ്രാവശ്യം കൂടി വീട്ടുവാതില്‍ക്കലൂടെ യാചന നടത്തുക. അങ്ങനെ വീണ്ടും ഞാന്‍ യാചകനായി തെരുവിലിറങ്ങി. റൊട്ടിയുടെ ചെറിയ കഷ്ണങ്ങള്‍ ഞാന്‍ ആളുകളോട് ഇരന്നു വാങ്ങും. അതുമായി ശൈഖിന്‍റെ അടുത്ത് ചെല്ലും. ഗുരു അതെല്ലാം ശിഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യും. എനിക്കൊന്നും തരില്ല.

ഒരു വര്‍ഷം ഇങ്ങനെ കഴിഞ്ഞപ്പോള്‍ ശിഷ്യരുടെ കൂട്ടത്തില്‍ കൂടാന്‍ സമ്മതമായി. പക്ഷേ, അവരില്‍ ഒരാളായിട്ടല്ല, ഒരു സേവകനായി മാത്രം. അങ്ങനെ ഒരു കൊല്ലം പിന്നിട്ടപ്പോള്‍ ശൈഖ് തിരക്കി: ശിബ്ലീ, ഇപ്പോള്‍ നിന്നെക്കുറിച്ച് നിന്‍റെ കാഴ്ചപ്പാട് എന്താണ്? ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ അടിമകളില്‍ ഏറ്റവും നിസ്സാരനാണെന്ന്. ഗുരു പ്രതികരിച്ചു: എങ്കില്‍ ഇപ്പോള്‍ നിന്‍റെ ഈമാന്‍ ശരിയായിരിക്കുന്നു (തദ്കിറതുല്‍ ഔലിയ).


ആത്മശിക്ഷണ വഴിയില്‍

ഭരണത്തിന്‍റെയും ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകത്ത് നിന്ന് ആത്മീയലോകത്തേക്കുള്ള പ്രവേശന കവാടം തുറന്നു നല്‍കിയത് ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ)യാണ്. കടുത്തതും ത്യാഗപൂര്‍ണവും ഇച്ഛാശക്തി പ്രയോഗിക്കേണ്ടതുമായ മാര്‍ഗങ്ങളിലൂടെയാണ് ശൈഖ് അദ്ദേഹത്തെ പരീക്ഷിച്ചത്. അതിലെല്ലാം വിജയിച്ച് പ്രവേശനം നേടിയിട്ടും ആത്മവിശ്വാസത്തെ മറികടക്കുന്ന ചില ആശങ്കകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

അതു നീങ്ങിക്കിട്ടാനായി വളരെ കടുത്തതും ഭൗതികതയെ തീര്‍ത്തും മാറ്റിനിര്‍ത്തുന്നതുമായ ശിക്ഷണമുറകള്‍ സ്വയം ഏറ്റെടുക്കാന്‍ ശിബ്ലി(റ) ഉത്സുകനായി. ‘എന്നില്‍ എരിയുക’ എന്ന ആഹ്വാനത്തിന് കൃത്യമായും അനുകൂലമായ പ്രതികരണമായിരുന്നു ആ ജീവിതം. കൈവന്ന സൗഭാഗ്യത്തിന്‍റെ മൂല്യവും നിലവാരവും തിരിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കാന്‍ അദ്ദേഹം കഠിനത്യാഗം ചെയ്തു.

അല്ലാഹ് എന്ന വിചാരത്തില്‍ കേന്ദ്രീകൃതമായ തന്‍റെ ആത്മനിഷ്ഠയെ അരക്കിട്ടുറപ്പിക്കാന്‍ സ്വന്തത്തെ തന്നെ മറന്ന് സാധനകളും ത്യാഗങ്ങളും അനുഷ്ഠിച്ചു. ഇമാം ഖുശൈരി(റ) പറയുന്നു: ആത്മീയ വഴിയിലേക്കുള്ള പ്രവേശനത്തിന്‍റെ ആദ്യഘട്ടത്തില്‍ അദ്ദേഹം അനുഷ്ഠിച്ച ആത്മശിക്ഷണം പരിധിക്ക് മുകളിലുള്ളതായിരുന്നു (അര്‍രിസാലതുല്‍ ഖുശൈരിയ്യ). അല്ലാഹു എന്ന ചിന്തയില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വളരെ ശുഷ്കാന്തി കാണിച്ചു മഹാന്‍.

അശ്രദ്ധ വരാതിരിക്കാന്‍ സ്വീകരിച്ച ആത്മശിക്ഷണ മുറകള്‍ ചിലപ്പോള്‍ സ്വയം പീഡയോളം വന്നിരുന്നു. ഇമാം ഖുശൈരി(റ) തന്നെ എഴുതി: തുടക്കക്കാലത്ത് ശിബ്ലി(റ) ഒരുകെട്ട് മരക്കമ്പ് മുറിച്ചെടുത്ത് കയ്യില്‍ കരുതും. ഹൃദയത്തില്‍ അശ്രദ്ധ കടന്നുവന്നാല്‍ ആ മരക്കൊമ്പ് ഒടിയും വരെ സ്വയം പ്രഹരിക്കും. ചില ദിവസങ്ങളില്‍ മരക്കഷ്ണങ്ങള്‍ തീര്‍ന്നാല്‍ കൈകാലുകള്‍ മതിലില്‍ വെച്ചടിക്കും (രിസാലതുല്‍ ഖുശൈരിയ്യ).

അബൂഅലിയ്യിനിദ്ദുഖ്ഖാഖ്(റ)യെ ഉദ്ധരിച്ച് ഇമാം ഖുശൈരി(റ) രേഖപ്പെടുത്തുന്നു: ഉപ്പ് കൊണ്ട് കണ്ണിലെഴുതി ഉറക്കം പിടിച്ചുനിര്‍ത്തിയിരുന്നു മഹാന്‍ (രിസാലതുല്‍ ഖുശൈരിയ്യ). പ്രത്യക്ഷത്തില്‍ കാണുന്നവരെയും അനുഭവസ്ഥരെയും അസ്വസ്ഥരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തില്‍ നിന്ന് ധിക്കാരപരമായോ ശരീഅത്ത് അനുവദിച്ചതിനെ നിഷിദ്ധമാക്കിക്കൊണ്ടോ ഉണ്ടായതല്ല. തന്‍റെ സഞ്ചാരവഴിയില്‍ തടസ്സമാകുമെന്ന് തോന്നുന്നതെല്ലാം മാറ്റിനിര്‍ത്താനുള്ള ത്യാഗമായിരുന്നു അതെല്ലാം.


സമ്പൂര്‍ണ സംസ്കരണം

കേവലമായ സംസ്കരണമല്ല, ഉള്ളും പുറവും ഒരുപോലെ പരിശുദ്ധമാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു ശിബ്ലി(റ)ന്. ശരീഅത്തിന്‍റെ ശുദ്ധീകരണ വ്യവസ്ഥകളും ത്വരീഖത്തിന്‍റെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തില്‍ സമ്മേളിച്ചു. ഹൃദയത്തിന്‍റെ വിമലാവസ്ഥ അതില്‍ അഴുക്ക് പിടിക്കാത്ത വിധത്തിലായിരുന്നു. അല്ലാഹു ഇഷ്ടപ്പെടുന്നതല്ലാത്ത ഒന്നിനും ഒരിടവും നല്‍കിയില്ല. കര്‍മശാസ്ത്രപരമായി മാലികീ മദ്ഹബാണ് പിന്തുടര്‍ന്നത്.

തിരുസുന്നത്തിനെ അഗാധമായി പ്രണയിച്ചിരുന്നു മഹാന്‍. അദ്ദേഹത്തിന്‍റെ അവസാന സമയത്തെ സംഭവം ഇതിനു വ്യക്തമായ തെളിവാണ്. ജീവിതത്തില്‍ പാലിച്ചുവന്ന ഒരു സുന്നത്ത് നഷ്ടപ്പെടുന്നതിലുണ്ടായ വേവലാതി അതില്‍ കാണാം. സേവകനായ ജഅ്ഫറുബ്നു ബക്റാനുദ്ദൈനൂരി(റ)യോട് അബ്ദുല്ലാഹിബ്നു അലിയ്യിത്തമീമി(റ) ശിബ്ലി(റ)യുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ശിബ്ലി(റ) എന്നോട് പറഞ്ഞു;

ഞാന്‍ ഒരു ദിര്‍ഹം നല്‍കാനുള്ള ഒരാളുണ്ട്. അയാളെ ഇതുവരെ എനിക്ക് കണ്ടെത്താനായിട്ടില്ല. അതിന് പരിഹാരമായി ആയിരങ്ങള്‍ ഞാന്‍ സ്വദഖ ചെയ്തിട്ടുണ്ടെങ്കിലും മനസ്സില്‍ അതിനെ ചൊല്ലി വേവലാതി തന്നെയാണ്. അതിനെക്കാള്‍ വലിയതൊന്നും എന്നെ അലട്ടുന്നില്ല. പിന്നെ എന്നോട് വുളൂ എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു. പക്ഷേ താടി രോമം തിക്കകറ്റിക്കൊടുക്കാന്‍ ഞാന്‍ മറന്നുപോയി. സംസാരിക്കാന്‍ സാധിക്കാത്തത്ര ക്ഷീണിതനായിരുന്നു അപ്പോള്‍ അദ്ദേഹം. അതിനാല്‍ അദ്ദേഹം എന്‍റെ കൈ പിടിച്ച് താടിയില്‍ തിക്കകറ്റിച്ചു. വൈകാതെ മഹാന്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

ചോദ്യകര്‍ത്താവായ അബ്ദുല്ലാഹിബ്നു അലിയ്യിത്തമീമി(റ) കുറിച്ചു: ജീവിതത്തിന്‍റെ അന്ത്യനിമിഷത്തില്‍ പോലും തിരുസുന്നത്ത് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത കാണിച്ച മഹാത്മാവിനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? (താരീഖ് ബഗ്ദാദ്). ഈ കാര്യം മാത്രം മതി ശിബ്ലി(റ) ശരീഅത്ത് എത്രമാത്രം മുറുകെ പിടിച്ചിരുന്നുവെന്ന് ഗ്രഹിക്കാന്‍. അധ്യാത്മിക ലോകത്തിന്‍റെ സവിശേഷ വര്‍ത്തമാനങ്ങളും രീതികളും അറിയാതിരിക്കുമ്പോഴുണ്ടാകുന്ന ധാരണ പിശകുകള്‍ മഹാന്‍മാരെ വിലകുറച്ച് കാണാന്‍ കാരണമാകരുത്. അവരുടെ അവസ്ഥകളും അതിനെ സംബന്ധിച്ച് വരുന്ന മതനിയമങ്ങളും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസ്സിലാക്കാതെ ആരെയും നിസ്സാരമാക്കുകയുമരുത്.


ഗുരുമാഹാത്മ്യം

സയ്യിദുത്താഇഫത് ജുനൈദുല്‍ ബഗ്ദാദി(റ)യാണ് ശിബ്ലി(റ)യുടെ പ്രധാന ഗുരുനാഥനെന്ന് സൂചിപ്പിച്ചല്ലോ. ശിഷ്യനെ നന്നായി മനസ്സിലാക്കിയ ശൈഖായിരുന്നു അദ്ദേഹം. തീക്ഷ്ണമായ പരീക്ഷകള്‍ നടത്തി ബോധ്യപ്പെട്ടതിനും ശിബ്ലി(റ)യെ ബോധ്യപ്പെടുത്തിയതിനും ശേഷം മാത്രമാണ് അദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചത്.

ശരീഅത്തും ത്വരീഖത്തും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും അതിന്‍റെ അനുഷ്ഠാന രീതിയെയും ലോകത്തിന് പഠിപ്പിച്ച മഹാനാണ് ജുനൈദുല്‍ ബഗ്ദാദി(റ). തന്‍റെ ശിഷ്യരില്‍ പ്രമുഖനായ ശിബ്ലി(റ)യെ കുറിച്ച് ഗുരു നടത്തിയ പരാമര്‍ശങ്ങളിലും സമീപനരീതികളിലും ശിബ്ലി(റ)യുടെ മഹത്ത്വമടങ്ങിയിട്ടുണ്ട്. ഗുരു പറഞ്ഞു: എല്ലാ ജനങ്ങള്‍ക്കും ഒരു കിരീടമുണ്ടാകും. ഈ ആത്മീയ സമൂഹത്തിന്‍റെ കിരീടം ശിബ്ലി(റ)വാകുന്നു (താരീഖു ബഗ്ദാദ്).

ശിഷ്യനെ ആദരിക്കാന്‍ മറ്റുള്ളവരോട് നിര്‍ദേശിക്കുകയും അദ്ദേഹത്തില്‍ കാണുന്ന ചില പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിസ്സാരനായോ അവിവേകിയായോ കാണരുതെന്ന് സൂചിപ്പിക്കുകയും ചെയ്തു അദ്ദേഹം. ‘നിങ്ങള്‍ ശിബ്ലിയിലേക്ക്, നിങ്ങള്‍ പരസ്പരം നോക്കുന്നത് പോലെ നോക്കരുത്. അദ്ദേഹം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ള ദൃഷ്ടിയുടെ ഉടമയാണ് (താരീഖു ബഗ്ദാദ്).

ശിബ്ലി(റ)യുടെ അവസ്ഥകള്‍ നന്നായറിയുമായിരുന്നു ശൈഖിന്. ഒരിക്കല്‍ ശിബ്ലി(റ) ഗുരുവിനെ കാണാന്‍ വീട്ടില്‍ വന്നു. അപ്പോള്‍ ശൈഖും ഭാര്യയും ഒരു കട്ടിലില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ശിബ്ലി(റ) കയറി വരുന്നത് കണ്ട് ഭാര്യ എഴുന്നേറ്റ് മാറിയിരിക്കാന്‍ തുനിഞ്ഞപ്പോള്‍ ശൈഖ് പറയുകയുണ്ടായി: ‘വേണ്ട, ശിബ്ലി ഇപ്പോള്‍ ഇവിടെയൊന്നുമല്ല.’ അങ്ങനെ ഗുരുവും ശിഷ്യനും അല്‍പനേരം സംസാരിച്ചു. അതിനിടക്ക് ശിബ്ലി(റ) സുബോധത്തിലേക്ക് തിരിച്ചുവരുന്നത് മനസ്സിലാക്കിയ ഉടന്‍ ജുനൈദ്(റ) പത്നിയോട് പറഞ്ഞു: മറയുക, ശിബ്ലി സുബോധത്തിലേക്ക് തിരിച്ചുവരുന്നു (ലവാഇഖുല്‍ അന്‍വാരില്‍ ഖുദ്സിയ്യ).

ഈ സംഭവം ഉദ്ധരിച്ച് ഇമാം ശഅ്റാനി(റ) വിശദീകരിച്ചത് ശ്രദ്ധേയം: ശിബ്ലി(റ)ന് തക്ലീഫുണ്ടെന്ന് കണ്ടിരുന്നെങ്കില്‍ ജുനൈദ്(റ) ഭാര്യയോട് ആദ്യമേ മറഞ്ഞിരിക്കാന്‍ കല്‍പിക്കുമായിരുന്നു. അതിനാല്‍ ഇത്തരം രംഗങ്ങള്‍ മഹാന്മാരെ കുറിച്ച് കേട്ടാല്‍ അതിന്‍റെ യാഥാര്‍ത്ഥ്യം അറിയാതെ നീരസം പ്രകടിപ്പിക്കരുത് (ലവാഇഖുല്‍ അന്‍വാരില്‍ ഖുദ്സിയ്യ).


കരുതലോടെ നിരീക്ഷിക്കുക

കടുത്ത ആത്മശിക്ഷണ മുറകളും സാധനകളും സ്വീകരിക്കുകയും അതിനനുസരിച്ചുള്ള സമീപന രീതികള്‍ ധാരാളമായി ഉദ്ധരിക്കപ്പെടുകയും ചെയ്ത മഹാനാണ് ശിബ്ലി(റ). ചരിത്രകാരന്മാരില്‍ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മൂലം ശിബ്ലി(റ)നെ പോലുള്ളവരെയും നിരൂപണ യോഗ്യതയുള്ള പണ്ഡിതന്‍മാരെയും ശരിയാംവിധം മനസ്സിലാക്കാത്തവര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അത്തരം അവസ്ഥയെ തൊട്ട് സൂക്ഷിക്കാനാണ് ഇമാം ശഅ്റാനി(റ) ഉപദേശിക്കുന്നത്:

വ്യത്യസ്ത അവസ്ഥകള്‍ അനുഭവപ്പെടുംവിധം ആത്മശിക്ഷണ മുറകള്‍ സ്വീകരിച്ച് സ്ഫുടം ചെയ്തവരായ സാത്വികരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നത് നീ സൂക്ഷിക്കണം. അവരുടെ പ്രവര്‍ത്തനത്തിന്‍റെയും അവസ്ഥകളുടെയും വിധിതീര്‍പ്പുകള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. കാരണം ചില അവസ്ഥകള്‍ അവര്‍ക്കു മേല്‍ ആധിപത്യം നേടുമ്പോള്‍ അവര്‍ തക്ലീഫുള്ളവരായിരിക്കില്ല. ഇത് ആത്മീയലോകത്ത് സുസമ്മതമായ തത്ത്വമത്രെ. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ആത്മീയപൂര്‍ണിമ നേടിയവരെ സുന്നത്തിനെതിരാകുന്നതില്‍ നിന്ന് നാഥന്‍ സംരക്ഷിക്കും (ലവാഇഖുല്‍ അന്‍വാരില്‍ ഖുദ്സിയ്യ).

ആത്മീയലോകത്തെ മഹാസാത്വികരുടെ ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ പരിമിതമായ അറിവിനകത്ത് നിന്ന് നമുക്ക് നീരസം തോന്നുന്ന കാര്യങ്ങള്‍ കാണാനിട വന്നേക്കും. എന്നാല്‍ അവരുടെ അവസ്ഥയും അറിവും അവര്‍ക്കു കിട്ടിയ പരിചരണവും ഗുരുനാഥന്മാരെയും അംഗീകാരവും ചേര്‍ത്തുവച്ച് വേണം വിലയിരുത്താന്‍. നമ്മുടെ ന്യൂനമായ അറിവും അവരുടെ മഹത്ത്വവും അവസ്ഥയും പൊരുത്തപ്പെടാത്തതായി നമുക്ക് തോന്നുന്നത് സ്വന്തം ന്യൂനത കൊണ്ടായിരിക്കാം.

എന്നാല്‍ ശരീഅത്തിനെതിരായ കാര്യങ്ങള്‍ അജണ്ടയാക്കി വലിയ്യ് ചമഞ്ഞ് നടക്കുന്നവര്‍ ഏറിയ കാലമാണിത്. മഹാന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശരീഅത്ത് വിരുദ്ധ ജീവിതം നയിക്കുന്നത് ന്യായീകരിക്കുന്നവരുണ്ട്. അത്തരം കള്ളനാണയങ്ങളെ തിരിച്ചറിയുകയും വേണം. ഈ കാലഘട്ടത്തില്‍ ശരീഅത്തിന്‍റെ ഒരു നിയമത്തെയും അവഗണിക്കാന്‍ മാത്രം ആത്മീയാവസ്ഥ പ്രാപിച്ചവര്‍ പ്രത്യക്ഷത്തിലില്ല എന്നു തന്നെ പറയാം. മഹാന്മാരുടെ കാലത്ത് ജീവിക്കാനായില്ല എന്നത്, അഭിനവ മഹാന്മാരെ സൃഷ്ടിച്ച് പരിഹരിക്കേണ്ട വിഷയവുമല്ല. പൂര്‍വ മഹത്തുക്കളെ ആദരിച്ചും സ്നേഹിച്ചും അവരുടെ ഇഷ്ടക്കാരായി മാറാന്‍ ശ്രമിക്കുകയാണ് വേണ്ടത്.


ഇമാം ശിബ്ലി(റ)യുടെ വ്യക്തിപ്രഭാവത്തെ ഹ്രസ്വവും മനോഹരവുമായി പല ചരിത്രകാരന്മാരും അവതരിപ്പിച്ചിട്ടുണ്ട്. മഹാന്‍റെ വൈവിധ്യമാര്‍ന്ന ആത്മീയ പ്രയാണവും സാധന സമീപനങ്ങളും ഇഴപിരിച്ചെടുത്ത് അതിശയോക്തികരമായി തോന്നുന്ന രംഗങ്ങളുടെ അകപ്പൊരുളുകള്‍ അവര്‍ വ്യക്തമാക്കുകയുണ്ടായി. തസ്വവ്വുഫില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം സയ്യിദുത്വാഇഫത്ത് ജുനൈദുല്‍ ബഗ്ദാദി(റ)യുടെ ശിഷ്യത്വത്തിന്‍റെ ഗരിമയിലാണ് മുട്ടിനില്‍ക്കുന്നതെന്ന് പറഞ്ഞല്ലോ. ആധ്യാത്മികതയുടെ അകക്കാമ്പ് യജമാനനായ അല്ലാഹുവിനെ നന്നായി അറിഞ്ഞു സ്നേഹിക്കുന്നതിലും വഴിപ്പെടുന്നതിലുമാണെന്ന് മഹാന്‍ വ്യാഖ്യാനിച്ചു.

ദൗര്‍ബല്യങ്ങളുടെ ആകെത്തുകയാണ് താനെന്ന തിരിച്ചറിവില്‍ നിന്നാണ് ആത്മീയ പ്രയാണം വേഗത സ്വീകരിക്കുന്നത്. അപ്പോഴാണ് യജമാനനിലേക്കുള്ള പ്രയാണത്തെ കേന്ദ്രീകരിച്ച് ജീവിതം സാധ്യമാവുക. അതു സാധിച്ചവരാണ് ആത്മജ്ഞാനികള്‍. അവര്‍ സ്വന്തത്തെയും നാഥനെയും അറിഞ്ഞവരാണ്. ഈ അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ചാനയിക്കപ്പെടാമെന്ന പോലെ (സുലൂക്ക്) നാഥന്‍റെ പ്രത്യേക കടാക്ഷം കൊണ്ട് ത്വരിതാകര്‍ഷണവുമുണ്ടാകാം (ജദ്ബ്).

മഹാത്മാക്കളുടെ ജീവിത ചിത്രങ്ങളില്‍ കാണാനാവുന്ന കടുത്തതും ലളിതവുമായ സാധനകള്‍ക്കിത് കാരണമാണ്. വലിയ്യെന്നോ സൂഫി എന്നോ വിശേഷിപ്പിച്ചാലും അവരുടെ പ്രയാണവഴി ഒന്നുതന്നെയാണ്. ഇസ്ലാമിന്‍റെ തെളിമയാര്‍ന്ന രാജവീഥിയിലൂടെയുള്ള പ്രയാണമാണവര്‍ നടത്തുന്നത്. അതിനെതിരിലുണ്ടാകുന്ന പ്രതിസന്ധികള്‍ അതിജീവിക്കുന്നതിലവര്‍ വിജയിച്ചിരിക്കും.

ഭൗതികമായ ഏതൊന്നിനെയും പ്രതിസന്ധിയായി കാണുംവിധം ആത്മീയോന്നതി പ്രാപിച്ചവരായിരിക്കും സൂഫികള്‍. വലിയ്യ് എന്ന വിശേഷണത്തിന്‍റെ ഉപാധികളെ സ്വീകരിക്കാനും പ്രതിബന്ധമാകാനിടയുള്ള എല്ലാറ്റിനെയും അവഗണിക്കാനും അവര്‍ പാകപ്പെട്ടവരായിരിക്കും. ഈ പാകപ്പെടലാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യമഹത്വത്തിനുള്ള പരിരക്ഷ.

അത് അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന പരിഗണനയാണ്. കടുത്ത സാധനകളിലൂടെ കടന്നുപോയി ഉന്നതി പ്രാപിക്കുന്ന പോലെ തന്നെ ഉന്നതങ്ങളിലേക്കാകര്‍ഷിക്കപ്പെട്ട് സാധനാപൂര്‍ണ ജീവിതം നയിക്കുന്നവരുണ്ടാവും. ഇമാം ശിബ്ലി(റ)യുടെ ജീവിതത്തില്‍ വ്യത്യസ്തമായ ആത്മീയ സമീപനങ്ങള്‍ കാണാം. പുറമെ നിന്നു നോക്കുന്നവര്‍ക്ക് അങ്ങനെ നിരീക്ഷിക്കാനേ സാധിക്കൂ. എന്നാല്‍ അദ്ദേഹത്തെ കൃത്യമായി അറിയാനായവര്‍ തന്‍റെ ഗുരുനാഥന്മാരും സമശീര്‍ഷരായ യോഗ്യരുമായിരിക്കും.

ജുനൈദുല്‍ ബഗ്ദാദി(റ)യുടെ താജുസ്വൂഫിയ്യ എന്ന വിശേഷണം ഇതിലൊന്നാണ്. റൈഹാനതുല്‍ മുഅ്മിനീന്‍ എന്ന ഒരപര നാമവും അദ്ദേഹത്തിനുണ്ട്. സ്വൂഫി എന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടൊപ്പം വിശ്വാസി സമൂഹത്തിന് ജ്ഞാനസുഗന്ധം പരത്തുകയും ചെയ്തു മഹാന്‍. അതാണ് നാമകരണത്തിനാധാരം. സ്വൂഫിസാധനകളുടെ കടുത്ത അനുഷ്ഠാനി മാത്രമായിരുന്നില്ല ഇമാം ശിബ്ലി(റ). ഇല്‍മുശ്ശരീഅതും ഇല്‍മുല്‍ ഹഖീഖതും മേളിച്ചയാളുമായിരുന്നു. ഒരേസമയം ഫഖീഹും മുതസ്വവ്വിഫുമായ ഇമാം ഗസ്സാലി(റ)യെ പോലെ  ഗ്രന്ഥ സംഭാവനകള്‍ അദ്ദേഹത്തില്‍ കാണാത്തതിനു ചില കാരണങ്ങളുണ്ട്. സ്വൂഫി ധാരയെ അനുഷ്ഠിച്ചും ആചരിച്ചും ജീവിക്കുന്ന രീതിയാണദ്ദേഹം തിരഞ്ഞെടുത്തത്.

സ്വൂഫി സാധനകള്‍ ഇത്ര കര്‍ക്കശമായി പാലിക്കുകയും അനുഷ്ഠിക്കുകയും ചെയ്തവരായി ഇമാം ശിബ്ലി(റ)നെ പോലെ ഏറെ പേരുണ്ടാവില്ല. സാധനകളും സഞ്ചാരങ്ങളുമില്ലാത്ത സ്വസ്ഥമായ സമയവും സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തന്നോടു ചോദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് ആത്മീയമായ വിശദീകരണങ്ങളും വിവരണങ്ങളും നല്‍കിയത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആത്മജ്ഞാനപരമായ കാവ്യങ്ങളും അദ്ദേഹത്തിന്‍റേതായി രേഖപ്പെടുത്തിയതു കാണാം.

ഇസ്ലാമിന്‍റെ മൂന്ന് ഘടകങ്ങളിലൊന്നായ ഇഹ്സാനിന്‍റെ ശിക്ഷണ പരിചരണങ്ങളുടെ മാര്‍ഗമാണ് യഥാര്‍ത്ഥത്തില്‍ സ്വൂഫി ധാര. അതുകൊണ്ട് തന്നെയാണിതിന് അവകാശവാദികളും അഭിനേതാക്കളും കൂടുതലുണ്ടായതും. ശരീഅത്തിന്‍റെ തന്നെ യഥാര്‍ത്ഥ തലങ്ങള്‍ പ്രാപിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആത്മീയ യാഥാര്‍ത്ഥ്യങ്ങളനുഭവിച്ചവരെ ചിലപ്പോള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. ഇവിടെ രണ്ട് വിഭാഗത്തെയും കുറ്റക്കാരാക്കേണ്ടതില്ല.

എന്നാല്‍ ചില കുറ്റവാളികളുണ്ടായിട്ടുമുണ്ട്. അത്തരക്കാര്‍ തങ്ങള്‍ക്ക് മനസ്സിലാകാത്തവയെ പ്രതി ചിലത് നിഷേധിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തവരാണ്. മതപരമായ പൊതുനിര്‍ദേശങ്ങളില്‍ പലതും പലരെയും പല വിധത്തിലാണല്ലോ സ്വാധീനിക്കുക. അടിസ്ഥാനപരമായ സ്വീകരണവും അനുഷ്ഠാനവുമുണ്ടായവരെല്ലാം അതുമായി ബന്ധപ്പെട്ട മതനിര്‍ദേശം സ്വീകരിച്ചവര്‍ തന്നെയായിരിക്കും. അപ്പോള്‍ ആത്മാര്‍ത്ഥതയും സമര്‍പ്പണവും എത്രമാത്രമാണോ അതിനനുസരിച്ച് അധികനേട്ടം ലഭിക്കും എന്ന വ്യത്യാസമുണ്ടാകും.

ആത്മീയ സൗഭഗരായ മഹാന്മാരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ കൈവഴികളിലൂടെയുള്ള അവരുടെ സഞ്ചാരം ഫലപ്രാപ്തിയില്‍ ഒരേ നിലവാരത്തിലെത്തിച്ചേക്കും. ഔലിയാക്കളുടെയും സ്വൂഫികളുടെയും ലോകത്ത് ഈ കൈവഴി സഞ്ചാരം പ്രകടമായി കാണാവുന്നതാണ്. തസ്വവ്വുഫിന്‍റെ അടിസ്ഥാന വിവരങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധമായ വിവരണങ്ങളുണ്ട്.

ആത്മീയാനുഭവത്തിന്‍റെ മധുരം ആസ്വദിച്ച് പ്രമത്തരായി തീര്‍ന്നവരെ അവരില്‍ കാണാം. ‘സക്റാന്‍’ എന്നാണവരെ പറയുക. പൂര്‍ണമായി അത്തരം അവസ്ഥയില്‍ കഴിയുന്നവരുണ്ടാവും. ഭൗതികമായ വരുംവരായ്കകള്‍ അവര്‍ കാര്യമാക്കില്ല. അല്ലെങ്കില്‍ അതാലോചിക്കാനവര്‍ സമയം കണ്ടെത്തില്ല. അക്കാരണത്താലുണ്ടായിത്തീരുന്ന ദുരിതങ്ങള്‍ അവര്‍ വൈമനസ്യമേതുമില്ലാതെ ഏറ്റെടുക്കുകയും ചെയ്യും. തന്നെത്താന്‍ മറന്ന് ആത്മീയതയിലും ഇലാഹീ ഇശ്ഖിലും ജീവിച്ച ഔലിയാക്കള്‍ ചരിത്രത്തിലെമ്പാടുമുണ്ട്.

ശൈഖ് ശിബ്ലി(റ)യുടെ ജീവിതം ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഇലാഹീ പ്രേമത്തിന്‍റേതായിരുന്നു. അതിനാല്‍ തന്നെ തന്‍റെ ഭൗതിക ജീവിതത്തെ ഇലാഹീ സാമീപ്യ സാക്ഷാല്‍കാരത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തി. തസ്വവ്വുഫിന്‍റെ ലോകത്തെ ഏറെ സ്വാധീനിച്ച അനേകം ഉപദേശങ്ങളും വിവരണങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്. ജീവിതത്തില്‍ അതിന്‍റെ കൃത്യമായ മാതൃകയും അദ്ദേഹത്തിനുണ്ട്.

തസ്വവ്വുഫിന് ജീവിക്കുന്ന വിശദീകരണമാകാനദ്ദേഹത്തിനു കഴിഞ്ഞു. നിഷ്കപടമായ ഇലാഹീ സ്നേഹത്തില്‍ പ്രചോദിതമായ ജീവിത സഞ്ചാരമാണ് മഹാന്‍ സാധിതമാക്കിയത്. ലക്ഷ്യമറിയുകയും അതിലേക്കുള്ള നേര്‍രേഖയില്‍ യാത്ര നടത്തുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയിലാണ് ശിബ്ലി(റ)യുടെ ജീവിതത്തെ നോക്കിക്കാണേണ്ടത്.

തന്നെത്തന്നെ മറന്ന ഈ സഞ്ചാരിയെ ‘സക്റാന്‍’ (മസ്താന്‍) എന്നു വിശേഷിപ്പിച്ചതു കാണാം. കേവലമായ മസ്താനായിരുന്നില്ല അത്. ഇമാം അബൂനുഐമുല്‍ ഇസ്ബഹാനി(റ) കുറിച്ചു: ‘അബൂബക്റിശ്ശിബ്ലി(റ) അല്ലാഹുവിലേക്ക് ആകര്‍ഷിക്കപ്പെട്ടവന്‍(മുജ്തദബ്), ഇലാഹീ പ്രേമത്തില്‍ സംഭ്രാന്തനായവന്‍(വലഹാന്‍), ഇലാഹീ സ്നേഹ സാമ്രാജ്യത്തിലേക്ക് കവര്‍ന്നെടുക്കപ്പെട്ടവന്‍(മുസ്തലബ്), ഇലാഹീ ചിന്തയില്‍ തന്നെത്തന്നെ മറന്നവന്‍(സക്റാന്‍), സ്നേഹപീയൂഷം ആവോളം ആസ്വദിച്ചവന്‍(വാരിദ്), ഇനിയുമിനിയും സ്നേഹപാന മോഹം തീരാത്ത ദാഹാര്‍ത്തന്‍(അത്വ്ശാന്‍), മാലിന്യങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും അല്ലാഹുവിനാല്‍ ആകര്‍ഷിക്കപ്പെട്ട സാമീപ്യത്തിലേക്കും ഒളിവുകളിലേക്കും കവര്‍ന്നെടുക്കപ്പെട്ട, സ്നേഹത്തിന്‍റെ ചഷകങ്ങള്‍ കൊണ്ട് കുടിപ്പിക്കപ്പെട്ട പൈദാഹങ്ങള്‍ മാറി പൂര്‍ണസമര്‍പ്പിതനായവന്‍ അങ്ങനെ എല്ലാമാണ് (ഹില്‍യതുല്‍ ഔലിയാഅ്).

ഈ വിശേഷണങ്ങളെല്ലാം ശിബ്ലി(റ)യുടെ ആത്മീയ പ്രഭാവത്തിന്‍റെ സത്തും ചൈതന്യവും വ്യക്തമാക്കുന്നു. സിദ്ധിച്ച ആത്മബോധത്തിന്‍റെ അനുഷ്ഠാനവും അതിന്‍റെ പ്രസ്താവങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ജീവിതയാത്രയെ കുറിക്കുന്നതാണ് ഉപരി വിശേഷണങ്ങളെല്ലാം. തന്‍റെ സഞ്ചാരപഥം കൃത്യമായിരുന്നുവെന്ന് ഉറപ്പിക്കുന്നതിന് ആവശ്യമായ വിജ്ഞാന ശാഖകളിലും അദ്ദേഹത്തിന് പ്രാമുഖ്യമുണ്ടായിരുന്നു.

അതിനാല്‍ തന്നെ ശരീഅത്തിനെതിരാവാതെയുള്ള ജീവിതമാണ് തന്‍റേതെന്നദ്ദേഹം പ്രസ്താവിച്ചുണ്ട്. ഭൗതികമായ കെട്ടുപാടുകളെ നിരാകരിച്ച അദ്ദേഹം ഭരണാധികാരികളെ അന്ധമായി അംഗീകരിക്കുന്നതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ശിബ്ലി(റ) സുഖമില്ലാതെ ചികിത്സാലയത്തിലായ സന്ദര്‍ഭത്തില്‍, മന്ത്രി അലിയ്യുബ്നു ഈസാ സന്ദര്‍ശിക്കാനെത്തി. മന്ത്രിയോടദ്ദേഹം ചോദിച്ചു: ‘നിന്‍റെ രക്ഷിതാവ് എന്തു ചെയ്യുന്നു?’ മന്ത്രി അതിന് ഇങ്ങനെ മറുപടി പറഞ്ഞു: ‘അവന്‍ ഉന്നതസ്ഥാനീയനായി വിധിക്കുന്നു, നടപ്പാക്കുന്നു.’ ഇതു കേട്ട ശിബ്ലി(റ) പ്രതികരിച്ചു: ഞാന്‍ ചോദിച്ചത് നീ വേലയെടുക്കുന്ന രക്ഷിതാവിനെ(ഖലീഫ മുഖ്തദിറിനെ) കുറിച്ചാണ്. നീ വേണ്ടവിധം ആരാധന നിര്‍വഹിക്കാത്ത രക്ഷിതാവിനെ കുറിച്ചല്ല (അല്ലാഹുവിനെ ആരാധിക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോള്‍തന്നെ ഭരണത്തലവനെ അനുസരിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക എന്നതാണല്ലോ പൊതുഅവസ്ഥ.

ഈ വിധേയത്വത്തിനെതിരെയുള്ള രൂക്ഷമായ പ്രതികരണമായിരുന്നു ഇത്.) ശിബ്ലി(റ)യില്‍ നിന്ന് ഇതു കേട്ടപ്പോള്‍ സ്വാഭാവികമായും മന്ത്രിക്ക് രസിച്ചിരിക്കില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹം കൂടെയുള്ളവരോട് പറഞ്ഞു: ‘നിങ്ങളിയാളോട് വാഗ്വാദം നടത്തുക.’ അപ്പോള്‍ പരിവാരങ്ങളിലൊരാള്‍ ചോദിച്ചു:

ഓ അബൂബക്ര്‍, ആരോഗ്യവാനായിരുന്ന കാലത്ത് നിങ്ങളിങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടല്ലോ; ‘എല്ലാ സ്വിദ്ദീഖുകളും അവര്‍ക്ക് ഒരു അത്ഭുതാവസ്ഥയില്ലെങ്കില്‍ വ്യാജനായിരിക്കും’ എന്ന്. നിങ്ങളൊരു സ്വിദ്ദീഖാണല്ലോ. എന്താണു നിങ്ങളുടെ അത്ഭുതാവസ്ഥ?

ശിബ്ലി(റ)യെ നിശ്ശബ്ദനാക്കുക എന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ ഉന്നം. അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: തെളിവിന്‍റെ സമയത്തുള്ള എന്‍റെ മനോനിലയെ മസ്തിന്‍റെ സമയത്തുള്ള മനോനിലയുമായി നീ തുലനം ചെയ്യുക. അപ്പോള്‍ അല്ലാഹുവിനോടുള്ള യോജിപ്പില്‍ നിന്ന് രണ്ടവസ്ഥകളും പുറം കടന്നിട്ടുണ്ടാവില്ല. അതാണ് എന്‍റെ അത്ഭുതാവസ്ഥ (ഹില്‍യതുല്‍ ഔലിയാഅ്).

ഇലാഹീ പ്രേമത്തിന്‍റെ സാമ്രാജ്യം മോഹിച്ചവരും പ്രാപിച്ചവരും അതിന്‍റെ അന്വേഷണത്തിലും അനുഭൂതിയിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെയുള്ള ഘട്ടങ്ങളില്‍ അവരിലുണ്ടാകുന്ന അവസ്ഥാന്തരത്തില്‍ പെട്ടതാണ് സ്വഹ്വും(തെളിവ്) സക്റും(മസ്ത്). ശരിയായ പ്രാപ്തിയും തേട്ടവും അഹിതങ്ങള്‍ക്ക് കാരണമാവില്ല. അതാണ് ശിബ്ലി(റ) മന്ത്രിയുടെ മുമ്പില്‍ സമര്‍ത്ഥിച്ചത്. ഈ സംഭവത്തിന്‍റെ മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ‘അല്ലാഹുവിന്‍റെ കല്‍പ്പനകളിലും നിരോധനങ്ങളിലും നാഥനോട് യോജിക്കുക എന്നതാണ് എന്‍റെ അത്ഭുതം’ (അല്‍മുഖ്താറു മിന്‍ മനാഖിബില്‍ അഖ്യാര്‍).

ശിബ്ലി(റ) ‘സക്റി’ന്‍റെ അവസ്ഥയാണ് ഇഷ്ടപ്പെട്ടത്. കാരണം അപ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും മാര്‍ഗത്തില്‍ നിന്നും താന്‍ വ്യതിചലിക്കുമായിരുന്നില്ല. ഭൗതികമായതിലൊന്നും ആര്‍ത്തിയുണ്ടാവുകയുമില്ല. അതിനാല്‍ ഭൗതിക മോഹത്തെ സക്റത് കൊണ്ട് ഇല്ലാതാക്കാമെന്നദ്ദേഹം മനസ്സിലാക്കി. എല്ലാ വിശ്വാസികളും യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നവരാകണമെന്ന് മോഹിച്ച അദ്ദേഹം എല്ലാവരും ‘സക്റാന്‍’മാരാകണം എന്നാണാഗ്രഹിച്ചത്.

അബൂബക്ര്‍ റാസി(റ) പറയുന്നു: ‘ശിബ്ലി(റ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു; ജനങ്ങള്‍ക്കേറെയാവശ്യം സക്റതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു: എന്ത് സക്റതാണ് (മസ്ത്) നിങ്ങളുദ്ദേശിക്കുന്നത്? അദ്ദേഹം പറഞ്ഞു: ‘സ്വന്തം ശരീരത്തെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും അവസ്ഥകളെയും പ്രപഞ്ചത്തെയും അതിലുള്ളതിനെയും തൊട്ട് ഐശ്വര്യവാന്മാരാക്കുന്ന സക്റത്’ (താരീഖു ബഗ്ദാദ്).

ആത്മീയതയുടെ താളം തെറ്റാതിരിക്കുന്നതിന് വേണ്ടി തന്‍റെ ജീവിതത്തെതന്നെ സക്റതില്‍ തളച്ചിടാനാണദ്ദേഹം മോഹിച്ചത്. അതു കാരണമായി തന്നില്‍ മാര്‍ഗഭ്രംശമോ പരിധി ലംഘനമോ ഉണ്ടാകില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

വിശ്വാസത്തില്‍ അഹ്ലുസ്സുന്നയുടെ സരണിയില്‍ ജീവിച്ച അദ്ദേഹം കര്‍മശാസ്ത്രത്തില്‍ മാലികീ മദ്ഹബുകാരനായിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ആവശ്യഘട്ടങ്ങളില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഭൗതികതയെ തിരസ്കരിക്കാന്‍ സമൂഹത്തെ പഠിപ്പിക്കുക, അതിന് ഉദാത്ത മാതൃകയായി സ്വയം മാറുക എന്നാണ് തന്‍റെ ജീവിത നിയോഗമെന്നദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിന്‍റെ പാദസേവകരാകുന്നതില്‍ സമൂഹത്തിനുള്ള താല്‍പര്യവും ഭരണസിരാകേന്ദ്രങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭൗതിക പ്രേമവും അദ്ദേഹം നന്നായി തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഭൗതിക പ്രമത്തതയോടദ്ദേഹം സന്ധിയില്ലാ സമരമാണ് നടത്തിയത്. ഭൗതിക വിരക്തിയുടെയും പരിത്യാഗത്തിന്‍റെയും പ്രതീകമായിരുന്നു മഹാന്‍.

ഒന്നും കൈയിലില്ലാത്തപ്പോള്‍ പോലും തനിക്ക് ഭൗതിക മോഹമുണ്ടോ എന്നദ്ദേഹം ആശങ്കിച്ചു. ശിബ്ലി(റ) പറഞ്ഞു: എന്‍റെ മനസ്സില്‍ ഒരു തോന്നല്‍; ഞാനെരു പിശുക്കനാണോ എന്ന്. അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു: അല്ല,  ഞാന്‍ പിശുക്കനല്ല. ഉടന്‍ എന്‍റെ മനസ്സ് പറയുകയാണ്: ‘അല്ല, നീ പിശുക്കന്‍തന്നെ.’ അപ്പോള്‍ ഞാനൊരു തീരുമാനത്തിലെത്തി. എനിക്കിന്നെന്ത് കിട്ടിയാലും ഞാനത് ആദ്യം കാണുന്ന ദരിദ്രന് നല്‍കും.’

എന്‍റെ മനസ്സും ചിന്തയും ഇതില്‍ ഉടക്കി നില്‍ക്കെ ഭരണാധിപന്‍ മുഅ്നിസുല്‍ ഖാദിമിന്‍റെ അടുത്ത ഒരാള്‍ എന്നെ സമീപിച്ച് അമ്പത് ദീനാര്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു: ‘ഇത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചോളൂ.’

ശിബ്ലി(റ) പറയുന്നു: ഞാനുടനെ എഴുന്നേറ്റ് നടന്നു. അങ്ങനെ പോകുമ്പോള്‍ ഒരു ഫഖീര്‍ തല മുണ്ഡനം ചെയ്യുന്നത് കണ്ടു. ഞാന്‍ അങ്ങോട്ട് ചെന്നു. ദീനാറുകള്‍ അയാള്‍ക്ക് നേരെ നീട്ടി. അയാളത് മുടിവെട്ടുകാരന് നല്‍കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഇത് ഇത്ര സംഖ്യയുണ്ട്.’ അയാള്‍ ചോദിച്ചു: ‘നീ പിശുക്കനാണെന്ന് നാം നിന്നോട് പറഞ്ഞിട്ടില്ലേ?’ അങ്ങനെ ഞാനത് മുടിവെട്ടുകാരന് നേരെ നീട്ടിയപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘ഈ ഫഖീറില്‍ നിന്ന് പ്രതിഫലമായി ഒന്നും സ്വീകരിക്കില്ലെന്ന് ഞാന്‍ ധാരണയായതാണ്.’

അദ്ദേഹവും നിരസിച്ചപ്പോള്‍ അതെനിക്കും വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ‘പണമാകുന്ന നിന്നെ മഹത്ത്വപ്പെടുത്തിയ ഒരാളെയും അല്ലാഹു നിസ്സാരമാക്കാതിരുന്നിട്ടില്ല’ എന്ന് പറഞ്ഞ് ഞാനത് ടൈഗ്രീസിലേക്കെറിഞ്ഞു (ത്വബഖാതുല്‍ ഔലിയാഅ്).

ശിബ്ലി(റ)യുടെ ജീവിതരീതിയും നിലപാടുകളും ശരിയായിരുന്നുവെന്നും അദ്ദേഹത്തില്‍ കണ്ട വിസ്മയകരങ്ങളായ കാര്യങ്ങളും അഹിതമെന്നു തോന്നുന്നവയും മഹാന്‍റെ ജീവിതാദര്‍ശത്തിന്‍റെ സ്വാഭാവികതയാണെന്നും ഗ്രഹിക്കാനുപകരിക്കുന്ന ഒരു നിവേദനം താരീഖു ബഗ്ദാദിലും താരീഖ് ബ്നി അസാകിറിലും മറ്റും കാണാം.

ഇബ്നുന്നഖീബ്(റ) പറയുന്നു: ഞാന്‍ ബാബുത്വാഖില്‍ അബൂബക്റില്‍ അമീശ്(റ) എന്ന വലിയ്യായ പണ്ഡിതന്‍റെ അടുത്ത് ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കെ, അബൂത്വയ്യിബില്‍ ജലാ എന്നറിയപ്പെടുന്ന പണ്ഡിതന്‍റെ അടുത്തേക്ക് ശിബ്ലി(റ) കടന്നുവന്നു. സലാം ചൊല്ലി. അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. ശിബ്ലി(റ) തിരിച്ചുപോകാനായി എഴുന്നേറ്റപ്പോള്‍ അവിടെയുണ്ടായിരുന്ന കുറച്ചാളുകള്‍ അബൂത്വയ്യിബിനോട് ഇങ്ങനെ അഭ്യര്‍ത്ഥിച്ചു: ‘അബൂബക്റിശ്ശിബ്ലിയോട് ഞങ്ങള്‍ക്കു വേണ്ടി ദുആ ചെയ്യാനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് കാണിച്ചുതരാനും അങ്ങ് ആവശ്യപ്പെടണം.’ അബൂത്വയ്യിബ്, ശിബ്ലി(റ)യോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ മഹാന്‍ വഴങ്ങി.

അങ്ങനെ ജനങ്ങളെല്ലാവരും ബാബുത്വാഖില്‍ ഒരുമിച്ചുകൂടി. ശിബ്ലി(റ) ആകാശത്തേക്ക് കരമുയര്‍ത്തി ദുആ ചെയ്തു. അതെന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ശേഷം അദ്ദേഹം മുകളിലേക്ക് നോക്കി. ഉച്ചവരെ കണ്‍പോളകള്‍ ചിമ്മാതെയിരുന്നു. ളുഹാ സമയത്തായിരുന്നു പ്രാര്‍ത്ഥനയും കണ്ണുയര്‍ത്തലും തുടങ്ങിയത്. ജനങ്ങളെല്ലാം തക്ബീര്‍ ചൊല്ലുകയും ഉറക്കെ ഭക്തിയോടെ ദുആ ഇരക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് മഹാന്‍ നേരെ ചന്തയിലേക്ക് പോയി.

അവിടെ ഒരു മധുര പലഹാര വില്‍പ്പനക്കാരന്‍റെയടുത്ത് ചെമ്പ് പാത്രത്തില്‍ മധുരക്കറി (ഹലാവ) തിളച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശിബ്ലി(റ) കൂടെയുണ്ടായിരുന്നയാളോട് ചോദിച്ചു: ‘നിനക്ക് ഈ ചട്ടിയിലെ ഹലാവ അല്‍പ്പം കഴിക്കണമെന്നുണ്ടോ?’

അദ്ദേഹം അതേ എന്നു പറഞ്ഞപ്പോള്‍ ശിബ്ലി(റ) ഒരു ദിര്‍ഹം ഹല്‍വക്കാരന് നല്‍കിയിട്ട് ഇയാള്‍ക്കാവശ്യമായത് കൊടുക്കൂ എന്നു പറഞ്ഞു. ഉടനെ തന്നെ ‘ഞാന്‍ എടുത്തു നല്‍കട്ടേ’ എന്നും ചോദിച്ചു. ഹല്‍വക്കാരന് എതിര്‍പ്പുണ്ടായിരുന്നില്ല. ശിബ്ലി(റ) കനം കുറഞ്ഞ ഒരു റൊട്ടിയെടുത്ത്, തിളക്കുന്ന ചെമ്പില്‍ കയ്യിട്ട് അല്‍പ്പം ഹലാവയെടുത്ത് റൊട്ടിയില്‍ പുരട്ടി. പിന്നെ അവിടെ നിന്നു യാത്രയായി. നേരെ പോയത് അബൂബക്റിബ്നു മുജാഹിദ്(റ) എന്ന പണ്ഡിതന്‍ ദര്‍സ് നടത്തുന്ന പള്ളിയിലേക്ക്. ശിബ്ലി(റ)യെ കണ്ടപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് വന്ന് സ്വീകരിച്ചു. ഇരുവരും സംസാരത്തിലേര്‍പ്പെട്ടു. ഇത് കാണാനിടയായ ശിഷ്യന്‍മാര്‍ ഗുരുനാഥനോട് ചോദിച്ചു:

‘മന്ത്രി അലിയ്യുബ്നു ഈസാ വന്നാല്‍ പോലും ദര്‍സില്‍ നിന്ന് എഴുന്നേറ്റ് ചെന്ന് സ്വീകരിക്കാത്ത താങ്കള്‍ ഇദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കുന്നുവല്ലോ.’ അതിന് അബൂബക്ര്‍(റ) നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: ‘തിരുനബി(സ്വ) ആദരിക്കുന്ന ഒരാള്‍ കടന്നുവരുമ്പോള്‍ ഞാന്‍ ബഹുമാനിക്കാതിരിക്കുകയോ? നബി(സ്വ)യെ ഞാന്‍ സ്വപ്നത്തില്‍ കാണുകയുണ്ടായി. അവിടുന്ന് എന്നോട് പറഞ്ഞു; ‘അബൂബക്ര്‍, സ്വര്‍ഗാവകാശികളില്‍പെട്ട ഒരാള്‍ നാളെ നിങ്ങളുടെ അടുത്തു വരും. നിങ്ങള്‍ അദ്ദേഹത്തെ ആദരിക്കണം.’

ഈ സംഭവം കഴിഞ്ഞ് മുപ്പത് ദിവസം പിന്നിട്ടപ്പോള്‍ തിരുനബി(സ്വ)യെ ഞാന്‍ വീണ്ടും സ്വപ്നത്തില്‍ കാണുകയുണ്ടായി. അവിടുന്നെന്നോട് പറഞ്ഞു: ‘അബൂബക്ര്‍, സ്വര്‍ഗാവകാശികളില്‍പെട്ട ഒരാളെ നിങ്ങള്‍ ആദരിച്ചത് പ്രകാരം അല്ലാഹു നിങ്ങളെയും ആദരിക്കട്ടെ.’ ഞാനപ്പോള്‍ നബി(സ്വ)യോട് ചോദിച്ചു: ‘അങ്ങയുടെ അടുത്ത് ശിബ്ലി(റ)ക്ക് ഇത്രമാത്രം സ്ഥാനം ലഭിക്കാനുള്ള കാരണമെന്താണ്?’

അവിടുന്ന് പറഞ്ഞു: ‘അദ്ദേഹം അഞ്ചുനേരത്തെ നിസ്കാരങ്ങള്‍ക്ക് പിറകെ എല്ലാ ദിവസവും സൂറത്തു തൗബയിലെ 128-ാമത്തെ സൂക്തം പാരായണം ചെയ്ത ശേഷം എന്നെ ഓര്‍ത്ത് സ്വലാത്ത് ചൊല്ലുന്നു. 80 വര്‍ഷമായി അദ്ദേഹം ഇതു തുടരുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ ഞാന്‍ ബഹുമാനിക്കേണ്ടതല്ലേ?’ (താരീഖു ബഗ്ദാദ്).

ശിബ്ലി(റ)യുടെ ജീവിതത്തില്‍ പലരുമായും ബന്ധപ്പെട്ട് ഇത്തരം ധാരാളം അത്ഭുത സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് തന്‍റെ നിഷ്കളങ്കവും കൃത്യവുമായ പരിത്യാഗവും ഭൗതിക വിരക്തിയും ഇലാഹീ പ്രേമവും അനുബന്ധ കാര്യങ്ങളുമാണ്. താന്‍ രചിച്ച കാവ്യങ്ങളിലൂടെ തന്‍റെ ആദര്‍ശവും തസ്വവ്വുഫിന്‍റെ സൂക്ഷ്മമായ പാഠങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.


ലേഖകൻ : അലവിക്കുട്ടി ഫൈസി എടക്കര

No comments:

Post a Comment