Tuesday 17 September 2019

ഇസ്ഹാഖ് നബി (അ)






സന്തോഷവാർത്ത 


ഇബ്റാഹീം (അ) ജീവിതത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ടു നൂറ് വയസ്സായി അവിസ്മരണീയമായൊരു സംഭവം നടക്കാൻ പോവുന്ന വർഷമാണിത്

പതിനാല് വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു സംഭവം നടന്നിട്ടുണ്ട് പതിനാല് വർഷം മുമ്പ് അന്ന് തനിക്കു വയസ്സ് എൺപത്താറ് അന്ന് ഹാജറ ഗർഭിണിയായി മാസം തികഞ്ഞ് പുത്രനെ പ്രസവിച്ചു ഇസ്മാഈൽ(അ) ആ കുട്ടിക്ക് ഇപ്പോൾ വയസ്സ് പതിനാല്

നൂറാം പിറന്നാളിന്റെ സന്തോഷം സാറ(റ)ക്ക് വയസ്സ് തൊണ്ണൂറ് യോഗ്യരായ ഏതാനും അതിഥികൾ അവരതാ വീട്ടിലേക്കു കയറി വരുന്നു ആരാണാവോ വരുന്നത് പരിചയമില്ല ഏതായാലും നന്നായി സൽക്കരിക്കണം

അവർ കയറിവന്നു സലാം ചൊല്ലി

ഇബ്റാഹീം (അ) ഉപചാരപൂർവ്വം സലാം മടക്കി ഇബ്റാഹീം (അ) വിനയത്തോടെ പിൻമാറി അടുക്കളയിലെക്ക് ചെന്നു സൽക്കാരമൊരുക്കാൻ പറഞ്ഞു

സാറ(റ) ഭക്ഷണമൊരുക്കാൻ തുടങ്ങി  ഇളം പ്രായത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി  ചുട്ടെടുക്കുക രുചികരമായ ആഹാരമാണത് ആ ആഹാരമാണ് സാറ(റ) തയ്യാറാക്കിയത്

അതിഥികളോട് സംഭാഷണം നടത്തുകയാണ് ഇബ്റാഹീം(അ) വാതിലിന്നപ്പുറത്ത് സാറയുടെ രൂപം ഇബ്റാഹീം (അ) ധൃതിയിൽ ചെന്ന് ഭക്ഷണത്തളിക വാങ്ങി അതിഥികളുടെ മുമ്പിൽ വെച്ചു  ഭക്ഷണം കഴിക്കുകയല്ലേ? വിനയത്തോടെ ചോദിച്ചു

അവർ ഭക്ഷണം ശ്രദ്ധിക്കുന്നില്ല

ഇതെന്താ ഇങ്ങനെ? വിരുന്നു വന്നവർ ആഹാരം കഴിക്കാത്തതെന്ത്? പേടി തോന്നി

അപ്പോൾ അതിഥികൾ പറഞ്ഞതിങ്ങനെ:

ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാണ് മലക്കുകൾ

സാറ(റ) വാതിൽക്കൽ തന്നെയുണ്ട് താൻ തയ്യാറാക്കിയ ആഹാരം അതിഥികൾ രുചിയോടെ ഭക്ഷിക്കുന്നത്  കാണാൻ വന്നതാണ്  അവർ മലക്കുകളാണെന്നറിഞ്ഞ് ആശ്ചര്യപ്പെട്ടു അവർ സന്തോഷവാർത്ത അറിയിക്കാൻ തുടങ്ങുകയാണ് കോരിത്തരിപ്പിക്കുന്ന വാർത്ത

സാറ(റ) ക്ക് പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസമാകുന്ന വാർത്ത

'നിങ്ങൾക്കൊരു പുത്രൻ ജനിക്കും ജ്ഞാനിയായ പുത്രൻ '

മലക്കുകൾ സന്തോഷവാർത്ത പുറത്തുവിട്ടു

സാറ(റ) ഞെട്ടിപ്പോയി വിസ്ഭയഭരിതയായി അവരുടെ വായിൽ നിന്ന് വല്ലാത്തൊരു ശബ്ദം പുറത്ത് വന്നു കൈകൊണ്ട് മുഖത്തടിച്ചു

സാറ(റ) പറഞ്ഞതിങ്ങനെ:

'ഞാൻ വന്ധ്യയാണ് പ്രസവിക്കാത്ത സ്ത്രീ ഞാൻ വൃദ്ധയാണ് ഗർഭധാരണത്തിന് പറ്റാത്ത പ്രായക്കാരി എന്റെ ഭർത്താവ് വൃദ്ധനുമാണ് '

മലക്കുകൾ ഇങ്ങനെ മറുപടി പറഞ്ഞു:

'അങ്ങനെയാണ് അല്ലാഹു വിധിച്ചിരിക്കുന്നത് '

വിധി അല്ലാഹുവിന്റെ വിധി അതിന് മാറ്റമില്ല സാറ(റ)യുടെ മനസ്സ് നേരെയായി ശരിയായ ദിശയിലായി ചിന്തകൾ
താൻ ഗർഭിണിയാകും ,പുത്രനെ പ്രസവിക്കും

ജ്ഞ്നിയായ പുത്രൻ
സ്ത്രീ ജന്മം സഫലമാവുകയാണ് മനസ്സിൽ പ്രതീക്ഷയുടെ തിളക്കം യുവതിയുടെ പ്രസരിപ്പ് കുഞ്ഞിനെ താലോലിക്കാൻ മോഹം  സന്തോഷ നിർഭരമായ നിമിഷങ്ങൾ

വിശുദ്ധ ഖുർആൻ ഈ രംഗം അവതരിപ്പിക്കുന്നത് കാണുക:
സൂറത്തു ദ്ദാരിയാത്തിലെ ചില വചനങ്ങളുടെ ആശയം താഴെ കൊടുക്കുന്നു

'ഇബ്റാഹീമിന്റെ മാന്യാതിഥികളുടെ വാർത്ത താങ്കൾക്ക് കിട്ടിയിട്ടുണ്ടോ?'(51:24)

'അതായത് അദ്ദേഹത്തിന്റെ അടുത്ത് അവർ കടന്നുചെന്ന അവസരം എന്നിട്ട് അവർ സലാം പറഞ്ഞു അദ്ദേഹം പറഞ്ഞു: 'സലാം ' അപരിചിതരായ ആളുകൾ (51:25)

'ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു എന്നിട്ട് തടിച്ചു കൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചുകൊണ്ടുവന്നു '(51:26)

'അങ്ങനെ അത് അവരുടെ അടുക്കൽ അടുപ്പിച്ചുവെച്ചു അദ്ദേഹം പറഞ്ഞു: നിങ്ങൾ ഭക്ഷിക്കുകയല്ലേ?' (51:27)

(അവർ ഭക്ഷിച്ചില്ല) അപ്പോൾ അദ്ദേഹത്തിന് അവരെക്കുറിച്ച് പേടി തോന്നി

അവർ പറഞ്ഞു: ഭയപ്പെടേണ്ട
ജ്ഞാനിയായ പുത്രനെക്കുറിച്ച് അവർ അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു (51:28)

അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദം മുഴക്കി മുമ്പോട്ടു വരികയും മുഖത്തടിക്കുകയും ചെയ്തു  അവർ പറഞ്ഞു;(ഞാൻ) വന്ധ്യയാണ് കിഴവിയാണ് (51:29)

മലക്കുകൾ പറഞ്ഞു: അപ്രകാരമാണ് നിങ്ങളുടെ റബ്ബ് തീരുമാനിച്ചിട്ടുള്ളത് അവൻ യുക്തിമാനും സർവജ്ഞനുമാകുന്നു (51:30)

ചരിത്രത്തിന്റെ മറ്റൊരു കൈവഴി ഇവിടെ തുറക്കപ്പെടുകയാണ് ഇസ്ഹാഖ്(അ)ലൂടെയുള്ള കൈവഴി

ഇസ്മാഈൽ (അ) മക്കയിലാണ് താമസം അറബി ഭാഷയാണ് സംസാരിക്കുന്നത് അറബ് സമൂഹം ആ പ്രവാചകനിലൂടെ രൂപപ്പെട്ടു വരുന്നു

ഇത് മറ്റൊരു സമൂഹമാണ് ഇസ്ഹാഖ് നബി (അ)ൽ നിന്നാണ് വമ്പിച്ച പ്രവാചക സമൂഹം രൂപംകൊള്ളുന്നത് പതിനായിരക്കണക്കിലാണവർ

ഇസ്ഹാഖ്(അ)ന്റെ പുത്രൻ യഅ്ഖൂബ് (അ) യഅ്ഖൂബ് (അ)ന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ ആ പ്രവാചകന്റെ സന്താന പരമ്പരയാണ് ഇസ്രാഈലികൾ ആ സമൂഹത്തിൽ നിരവധി നബിമാരും രാജാക്കന്മാരും വന്നിട്ടുണ്ട്

ഇസ്മാഈലി പരമ്പരയിൽ ഒരൊറ്റ നബിയെ വന്നിട്ടുള്ളൂ അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ)

ചരിത്രത്തിന്റെ രണ്ട് കൈവഴികൾ


സദൂം പട്ടണം 

ഇബ്റാഹീം (അ) വിശാലമായ ഭൂപ്രദേശത്ത് തൗഹീദ് പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് ആദ്യഘട്ടം വളരെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ആരും ആ വാക്കുകൾ വിശ്വസിക്കാത്ത കാലം സർവ്വത്ര എതിർപ്പുകൾ പരിഹാസം പീഡനം അക്കാലത്ത് രണ്ടു പേർ ത്യാഗബോധത്തോടെ കടന്നു വന്നു

അല്ലാഹു ഏകനാണെന്നും ഇബ്റാഹീം അല്ലാഹുവിന്റെ പ്രവാചകനാണെന്നും പ്രഖ്യാപിച്ചു

എതിർപ്പുകൾ ഭയന്നില്ല തൗഹീദിനുവേണ്ടി ജീവൻ നൽകാൻ തയ്യാറായി വന്ന ആ രണ്ടുപേർ ആരായിരുന്നു ?

സാറ(റ)
ലൂത്വ് (അ)

ഇബ്റാഹീം (അ) ന്റെ സസോദരൻ ഹാറാൻ ഹാറാനിന്റെ പുത്രനാണ് ലൂത്വ് ഇരുവരും ഇബ്റാഹീം (അ)യോടൊപ്പം ഹിജ്റ പോയി ഒട്ടേറെ പരീക്ഷണങ്ങൾ നേരിട്ടു  ലൂത്വിനെ പിന്നീട് അല്ലാഹു നബിയായി നിയോഗിച്ചു

ചെങ്കടൽ തീരത്തുകൂടി ഖാഫിലക്കാർ പോകുന്ന ഒരു പാത അക്കാലത്തുണ്ടായിരുന്നു അഖബ അൾക്കടൽ വരെ അത് നീണ്ടു കിടന്നു  ഈ പാത കടന്നുപോവുന്ന വഴിയിൽ ഒരു പൗരാണിക പട്ടണമുണ്ടായിരുന്നു

സദൂംപട്ടണം

സദൂമിലെ ജനത വഴിപിഴച്ചു അല്ലാഹു അവർക്ക് ഐശ്വര്യം നൽകിയിരുന്നു എമ്പാടും ജീവിത വിഭവങ്ങൾ പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങൾ കൃഷിയിടങ്ങൾ കന്നുകാലികൾ ജലസമ്പത്ത്  ഐശ്വരം കാരണം അഹങ്കാരികളായി മനുഷ്യരാരും ചെയ്യാത്ത നീചകൃത്യം അവർ ചെയ്യാൻ തുടങ്ങി സ്വവർഗഭോഗം പുരുഷന്മാർ പുരുഷന്മാരോടൊപ്പം രമിക്കുന്ന അതി നീചകൃത്യം ഇതിനെതിരെ ലൂത്വ് (അ) ശക്തമായി സംസാരിച്ചു   സ്ത്രീകളെ വിവാഹം ചെയ്യുക സ്വവർഗഭോഗം അവസാനിപ്പിക്കുക നബി താക്കീത് നൽകി അപ്പോൾ അവർ ധിക്കാരത്തോടെ ചോദിച്ചു:

സ്വവർഗഭോഗം അവസാനിപ്പിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും?

വമ്പിച്ച ശിക്ഷ നിങ്ങളെ ബാധിക്കും

അങ്ങനെയാണോ? എങ്കിൽ ആ ശിക്ഷ വരട്ടെ

നബിയുടെ വാക്കുകൾക്ക് അവർ ഒരു വിലയും കൽപിച്ചില്ല

സദൂമിന് പുറമെ ചില പ്രദേശങ്ങൾ കൂടി ലൂത്വ് (അ) ദൗത്യ മേഖലയായിരുന്നു  ആ പ്രദേശങ്ങൾ ഇവയായിരുന്നു

ജറാഇമ, ആമൂദ, അറായ

അരോഗ്യമുള്ള പുരുഷന്മാർ അവർ നഗ്നത പ്രദർശിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി യാത്രക്കാരെ ഉപദ്രവിച്ചു നബിയുടെ വാക്കുകൾ പരിഹസിച്ചു തള്ളി നബിയുടെ ഭാര്യ പോലും ശത്രുക്കളുടെ കൂടെയായിരുന്നു

ലൂത്വ് നബിയും പുത്രിമാരും
അവരാണ് മുസ്ലിംകൾ
ഓരൊറ്റ മുസ്ലിം കുടുംബം
ആ കുടുംബത്തെ രക്ഷപ്പെടുത്തുക മറ്റുള്ളവരെ നശിപ്പിക്കുക ഭൂമി കീഴ്മേൽ മറിച്ചു നശിപ്പിക്കുക സ്വവർഗ ഭോഗികൾക്ക് ഉചിതമായ ശിക്ഷ അതാണ് അല്ലാഹുവിന്റെ തീരുമാനമാണത് അത് നടപ്പാക്കാൻ മലക്കുകൾ പുറപ്പെട്ടു കഴിഞ്ഞു

സദൂമിലേക്കാണവർ വരുന്നത് വരുന്ന വഴിക്ക് ഇബ്റാഹീം (അ) ന്റെ വീട്ടിൽ കയറി ജ്ഞാനിയായ പുത്രൻ ജനിക്കുമെന്ന സന്തോഷവാർത്ത നൽകി

മലക്കുകൾ ഇബ്റാഹീം നബി (അ) ന്റെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു സദൂമിലേക്ക് നീങ്ങി   ഈ രാത്രി അത് സംഭവിച്ചിരിക്കും സദൂമിന്റെ പതനം രാജ്യം കീഴ്മേൽ മറിക്കും നാളെ രാവിലെ അവിടെ പോയി നോക്കിയാൽ ഇവിടെ മനുഷ്യൻ താമസിച്ചിരുന്നില്ല എന്ന് തോന്നിപ്പോകും അവർക്കു വേണ്ടി അനുശോചനം നടത്താൻ ഒരാളുമുണ്ടാവില്ല

മലക്കുകൾ അവിടെയെത്തി ഒരൊറ്റ മുസ്ലിം വീട് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ആ വീട്ടുകാരോട് ഉടനെ നാടുവിട്ട് പോവാൻ കൽപിച്ചു

ലൂത്വ് (അ) പുത്രിമാരോടൊപ്പം ധൃതിയിൽ നടന്നു പിന്തിരിഞ്ഞു നോക്കാതെ നടന്നു പുലരും മുമ്പെ അവർ വളരെ ദൂരെയെത്തി നാട് തകിടം മറിഞ്ഞു ചാവുകടൽ രൂപം കൊണ്ടു എക്കാലത്തെയും സ്വവർഗഭോഗികൾക്കുള്ള മുന്നറിയിപ്പാണത്

സാറ(റ) ഗർഭിണിയായി തൊണ്ണൂറുകാരിയുടെ ഗർഭധാരണം നാട്ടിൽ അതിശയ വാർത്തയായി

അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ് അവൻ എന്ത് ഉദ്ദേശിക്കുന്നുവോ അത് നടക്കുന്നു

യൗവ്വനത്തിന്റെ പ്രസരിപ്പുകാലത്താണ് വിവാഹിതയായത് അതിനു ശേഷം പതിറ്റാണ്ടുകൾ എത്ര കടന്നുപോയിരിക്കുന്നു പ്രാർത്ഥനാനിർഭരമായ പതിറ്റാണ്ടുകൾ ഒടുവിൽ സൗഭാഗ്യം വന്നണഞ്ഞു ഒരു നബിയെയാണ് ഗർഭം ധരിച്ചിരിക്കുന്നത് ഇതിൽപ്പരം ഒരു സൗഭാഗ്യമുണ്ടോ?
നബിയുടെ മാതാവ് ആ പദവിയാണ് അല്ലാഹു തനിക്ക് നൽകിയത് അംൽഹംദുലില്ലാഹ് എല്ലാ സ്തുതിയും അല്ലാഹുവിന്നാകുന്നു  സാറ(റ) നിർവൃതിയിൽ ലയിച്ചു ആരാധനകൾ വർധിപ്പിച്ചു എപ്പോഴും പ്രാർത്ഥനയാണ്


ഒഴുകിപ്പോയ സഹസ്രാബ്ദങ്ങൾ 

സാറ(റ) കുലീന വനിതയാണ് കുടുംബത്തിൽ ഉന്നത സ്ഥാനമുള്ളവരാണ് അവരെക്കാണാൻ കുടുംബത്തിലെ വനിതകൾ വന്നുകൊണ്ടിരുന്നു

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് ഈ പ്രായത്തിൽ ഗർഭിണിയായല്ലോ ശുശ്രൂഷകൾ വേണ്ടത് പോലെ ലഭിക്കുന്നുണ്ട് മകനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കപ്പെട്ടു മകന്റെ മകനെക്കുറിച്ചും സന്തോഷവാർത്ത കിട്ടി അതും മഹത്തായ സൗഭാഗ്യം തന്നെ

മകൻ ഇസ്ഹാഖ്
ഇസ്ഹാഖിന്റെ മകൻ യഅ്ഖൂബ്
പിന്നെ സമൃദ്ധമായ പരമ്പര തന്നെ  സമയമെത്തി കുഞ്ഞ് പിറന്നു അഴകുള്ള കുഞ്ഞ് കുടുംബത്തിലാകെ ആഹ്ലാദം പരന്നു
ഇസ്ഹാഖ് (ചിരിക്കുന്നവൻ) എന്നാണ് ആ വാക്കിന്റെ അർത്ഥമെന്ന് പറയപ്പെട്ടിരിക്കുന്നു

ഏറെ പരീക്ഷണങ്ങൾ നേരിട്ട ഇബ്റാഹീം (അ) ന് സന്തോഷത്തിന്റെ നാളുകൾ വന്നു

സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം

'സദ് വൃത്തരിൽ പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയിച്ചു '(37:112)

'അദ്ദേഹത്തിന്റെ മേലും ഇസ്ഹാഖിന്റെ മേലും നാം ബർക്കത്ത് നൽകുകയും ചെയ്തു ആ രണ്ടു പേരുടെ സന്താനങ്ങളിൽ സദ് വൃത്തരും , തന്നോട് തന്നെ സ്പഷ്ടമായി അക്രമം ചെയ്യുന്നവരുമുണ്ട് '(37:113)

ഇസ്മാഈൽ(അ) ബലിയർപ്പിക്കപ്പെട്ട സംഭവം വിവരിച്ച ശേഷമാണ് ഇസ്ഹാഖ് (അ) ന്റെ ചരിത്രം പറയുന്നത് ഇസ്ഹാഖിനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചു അവരുടെ സന്താനപരമ്പര എണ്ണത്തിൽ വർദ്ധിക്കും അവരിൽ സന്മാർഗം പ്രാപിച്ചവർ നിരവധിയുണ്ടാവും വഴിപിഴച്ചവരും ഉണ്ടാവും വഴിപിഴച്ചവർ തങ്ങളോട് തന്നെയാണ് അക്രമം കാണിക്കുന്നത്

ഇസ്ഹാഖ് എന്ന കുട്ടിയെ ലാളിച്ചു വളർത്തി ആരോഗ്യവും, ബുദ്ധിയും ചിന്താശീലവുമുള്ള കുട്ടി  പിതാവിനെ പിന്തുടർന്നു ജീവിച്ചു ദൗത്യ നിർവഹണത്തിൽ സഹായിച്ചു

ലൂത്വ് നബി (അ) പുത്രിമാരോടൊപ്പം സദൂമിൽ നിന്ന് മടങ്ങിയ ശേഷം ഇബ്റാഹീം(അ)ന്റെ കൂടെയാണ് താമസിച്ചിരുന്നത് പുത്രിമാരെല്ലാം സദ് വൃത്തകളായിരുന്നു  സദാനേരവും അല്ലാഹുവിന്റെ ഓർമയിൽ കഴിയുന്ന ഒരു മകൾ ബുദ്ധിമതിയും സുന്ദരിയുമാണ് വീട്ടുജോലികൾ ഭംഗിയായി നിർവഹിക്കും ആ മകളെ ഇസ്ഹാഖിനെക്കൊണ്ട് വിവാഹം ചെയ്യിക്കാൻ തീരുമാനമായി  ആചാര പ്രകാരം വിവാഹം നടന്നു സന്താന സൗഭാഗ്യവുമുണ്ടായി ഇരട്ട പ്രസവിച്ച പുത്രന്മാരെക്കുറിച്ച് വിവരിച്ചു കാണുന്നു

രോഗ്യരായ രണ്ട് പുത്രന്മാർ ഇരട്ടകൾ
ഒരാൾ ഐസു മറ്റെയാൾ യഅ്ഖൂബ്
യഅ്ഖൂബിന്റെ മറ്റൊരു പേര് ഇസ്രാഈൽ ഈസ്രാഈലിന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്രാഈൽ ശക്തരും സമ്പന്നരുമായ ജനവിഭാഗം കരുത്തുറ്റ ജനത അവരിലേക്ക് നിരവധി പ്രവാചകന്മാർ നിയോഗിക്കപ്പെട്ടു അവസാനം വന്നത് ഈസാ (അ)

ഈസാ(അ) അവസാനത്തേതിന് മുമ്പുള്ള പ്രവാചകൻ അവസാനത്തെ പ്രവാചകൻ ഇസ്രാഈല്യരിൽ നിന്നല്ല വന്നത് അന്ത്യപ്രവാചകൻ അറബികളിൽ നിന്നാണ് യഅ്ഖൂബ് നല്ല കർഷകനായിരുന്നു കൃഷികൊണ്ട് സമ്പന്നനായി കന്നുകാലി സമ്പത്തും വളർന്നു

ഐസു നായാട്ടിൽ തൽപരനായി വളർന്നു വീട്ടിൽ ഇറച്ചി കൊണ്ടു വരും എല്ലാവർക്കും അത് ഇഷ്ടമായിരുന്നു

പിതാവിന്റെ പ്രാർത്ഥനയുടെ ഫലമായി ഐസു രാജാവായിത്തീർന്നു റോമക്കാർ ഇദ്ദേഹത്തിന്റെ പരമ്പരയിൽ വരുന്നു ആ പരമ്പരയിൽ നിരവധി രാജാക്കന്മാരുണ്ട്

പിതാവിന്റെ ശരീഅത്താണ് ഇസ്മാഈൽ (അ) പ്രചരിപ്പിച്ചുകൊണ്ടിരുന്നത് അത് പ്രചരിപ്പിക്കാൻ മക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു നൂറ്റി അമ്പത് വയസ്സ് വരെ ഇസ്ഹാഖ്(അ) ജീവിച്ചിരുന്നു സുദീർഘമായ കാലം ദീനീ പ്രബോധനം നടത്തി

ഇസ്ഹാഖ്(അ) ശേഷം യഅ്ഖൂബ് (അ) ആ ദൗത്യം തുടർന്നു ഇസ്ഹാഖ് (അ) നെ പിന്തുടർന്നവർ തൗഹീദ് പ്രചരിപ്പിച്ചു

പിൽക്കാലത്ത് മൂസാ(അ)ന് അല്ലാഹു തൗറാത്ത് ഇറക്കിക്കൊടുത്തു അതിനെ പിൻപറ്റിയവർ സത്യവിശ്വാസികളായിരുന്നു അവർ യഹൂദികളായിരുന്നു പിൽക്കാലത്തുള്ളവർ തൗറാത്തിൽ മാറ്റത്തിരുത്തലുകൾ നടത്തി അവർ വഴിപിഴച്ചു

ഈസാ(അ) ന് അല്ലാഹു ഇഞ്ചീൽ ഇറക്കിക്കൊടുത്തു അതിനെ പിൻപറ്റിയവർ സത്യവിശ്വാസികളാകുന്നു പിൽക്കാലത്ത് അവരും ഇഞ്ചീലിൽ മാറ്റം വരുത്തി ക്രിസ്ത്യാനികളും വഴിതെറ്റി

യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ആഗമനത്തെക്കുറിച്ചറിയാമായിരുന്നു മക്കയിൽ നബി വന്നപ്പോൾ അവർ പിൻമാറിക്കളഞ്ഞു അക്കാരണത്താൽ അവർ വഴിപിഴച്ചു  തങ്ങൾ ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും ആളുകളാണെന്ന് യഹൂദികളും ക്രിസ്ത്യാനികളും അവകാശപ്പെടുന്നു ആ അവകാശവാദം പൊള്ളയാണ്

ഇസ്ഹാഖും യഅ്ഖൂബും കൈമാറിയ തൗഹീദ് അവരുടെ കൈവശമില്ല മരണാസന്നനായ സമയത്ത് യഅ്ഖൂബ് (അ) മക്കൾക്കു നൽകിയ വസ്വിയ്യത്ത് ഖുർആനിൽ കാണാം അതിന്റെ ആശയം ഇങ്ങനെയാകുന്നു

'യഅ്ഖൂബിന് മരണം ആസന്നമായ സമയത്ത് നിങ്ങൾ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്റെ മക്കളോട് 'നിങ്ങൾ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക? എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു: നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുമായ ഇബ്റാഹീമിന്റെയും, ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനുമായുള്ളവനെ
ഒരേയൊരു ആരാധ്യനെ ഞങ്ങൾ ആരാധിക്കും ഞങ്ങൾ അവന് (അല്ലാഹുവിന് ) കീഴൊതുങ്ങിയ മുസ്ലിംകളായിരിക്കും '(2:133)

അല്ലാഹു പറയുന്നത് കാണുക:

'അതൊരു സമുദായം അത് കഴിഞ്ഞു പോയി അവർ സമ്പാദിച്ചത് അവർക്കുണ്ട് നിങ്ങൾ സമ്പാദിച്ചത് നിങ്ങൾക്കുമുണ്ടായിരിക്കും അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കപ്പെടുന്നതല്ല '(2:134)

അവർ പ്രവർത്തിച്ചതിന്റെ ഫലം അവർക്ക്, നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾക്ക്

ഏകനായ അല്ലാഹുവിൽ വിശ്വസിക്കുക അന്ത്യപ്രവാചനിലും വിശ്വസിക്കുക അല്ലാഹുവിന്റെ കൽപനകൾ പാലിക്കുക അവർക്കാണ് വിജയം

ഇസ്ഹാഖ് (അ) ഹജ്ജിനു വേണ്ടി മക്കയിലെത്തുന്ന രംഗം നമുക്കു മനസ്സിൽ കാണാം രണ്ട് സഹോദരന്മാരുടെ സംഗമം
രണ്ട് പരമ്പരകളുടെ സംഗമം

പ്രവാചകന്മാരും സത്യവിശ്വാസികളും പുണ്യഭൂമിയിൽ വന്നിട്ടുണ്ട് മിനായും, അറഫയും മുസ്ദലിഫയും കടന്നുപോയിട്ടുണ്ട് ജംറകളിൽ എറിയുകയും ബലി നടത്തുകയും ചെയ്തിട്ടുണ്ട് സംസം കുടിക്കുകയും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട് .


കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

No comments:

Post a Comment