Monday 25 November 2019

നബി (സ) സൗന്ദര്യവും സവിശേഷതകളും

 


ചെരുപ്പിനൊത്ത് കാൽ മുറിക്കുന്നവർ

ലോകം സൃഷ്ടിക്കാൻ കാരണഭൂതരായ അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) യുടെ സൗന്ദര്യവും സൗന്ദര്യവും സവിശേഷതകളും സലക്ഷ്യം വിവരിക്കുന്നതാണിത് 

ഇതിലെ പല വിഷയങ്ങളും അടുത്ത കാലത്ത് ചില തർക്കങ്ങളുണ്ടായത് നേരാണ് പക്ഷ, വസ്തുത വസ്തു നിഷ്ഠമായി മനസ്സിലാക്കി വിശ്വസിച്ചവർ തന്നെ പുത്തനാശയക്കാരെ പോലും പിന്നിലാക്കി 'ആമാശയം കഴിഞ്ഞ് ആശയം' മതി എന്ന ലക്ഷ്യവുമായി നടക്കുന്നത് കാണുമ്പോൾ ചെരുപ്പിനൊത്ത് കാൽ മുറിക്കുന്നവരെ ഓർത്തുപോകുന്നു 

ഇത്തരക്കാർക്കെങ്ങനെ പ്രവാചക സ്നേഹം പ്രസംഗിക്കാനാവും ശഫാഅത്ത് പ്രതീക്ഷിക്കാനുമാകും? മനസാക്ഷിയുള്ള വിശ്വാസികൾ ഉണർന്നു ചിന്തിക്കട്ടെ 

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠത  സയ്യിദുനാ റസൂലുല്ലാഹി (സ) ക്കാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വിശ്വാസി ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചതാണ് നബി (സ) യെ പ്രിയം വെക്കൽ ഈമാനിന്റെ പൂർത്തീകരണത്തിന് അത്യാവശ്യമാണ് ഈ അത്യാവശ്യ നിർവഹണത്തിന് സ്നേഹിക്കുന്ന ആളെ സംബന്ധിച്ച് നല്ലപോലെ അറിയുക എന്നതാണ് ഏതൊരാളോടും സ്നേഹം വരാനുള്ള കാരണം ഓരോരുത്തർക്കും വ്യത്യസ്ഥങ്ങളായിരിക്കും എന്നാൽ ഹൃദയം കവരുന്ന സൗന്ദര്യവും ജീവിത രക്ഷകനുമായ ഒരാളെ സ്നേഹിക്കാതിരിക്കാൻ ഹൃദയമുള്ള ഒരാൾക്കും സാധ്യമല്ല ആ ലക്ഷ്യസാക്ഷാൽകാരമാണ് യഥാർത്ഥത്തിൽ നിങ്ങളുടെ മുന്നിൽ തുറന്നു കാട്ടുന്നത്  

വായനക്കാരിൽ നിന്ന് ലഭിക്കുന്ന ഹൃദ്യമായ വരവേൽപും ദുആകളും പ്രതീക്ഷിക്കുന്നു .


നബി (സ) ക്ക് വേണ്ടി ദുൻയാവിനെ സൃഷ്ടിച്ചു

പച്ചപ്പരവതാനി വിരിച്ച മലകളും ജലാശയങ്ങളും പർവതങ്ങളും പാറകളും ഫലവത്തായ വൃക്ഷങ്ങളും കായ്കനികളും നിറഞ്ഞ മനോഹരവും പ്രകൃതി രണണീയവുമായ സുന്ദര ഭൂമി ഭൂമിയിൽ നിന്ന് മേൽപോട്ട് കണ്ണുകളുയർത്തിയാൽ കാണുന്ന അതി മനോഹരമായ ആകാശം ആകാശത്തെ നിറസാന്നിധ്യമായ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗൃഹങ്ങൾ ഇതെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ ഈ സുന്ദര ലോകത്തെ അല്ലാഹു സൃഷ്ടിക്കാനുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലാഹുവിന് ഇബാദത്തുകളെടുക്കുവാൻ വേണ്ടിയും ഒപ്പം മുത്തുനബി (സ) യുടെ സ്ഥാനവും കറാമത്തും അറിയുവാനും വേണ്ടിയാണ് അതുകൊണ്ടുതന്നെ  തൗറാത്തിലും ഇഞ്ചീലിലുമൊക്കെ നബി (സ) യെ പ്രതിപാദിച്ചിട്ടുണ്ട് 

ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്നു നിവേദനം: റസൂൽ (സ) പറഞ്ഞു: ഖുർആനിൽ എന്റെ പേര് മുഹമ്മദ്, ഇഞ്ചീലിൽ അഹ്മദ്, തൗറാത്തിൽ അഹീദ് എന്നുമാണ് അഹീദ് എന്ന് എനിക്കു പേര് വെക്കുവാൻ കാരണം എന്റെ സമുദായത്തെ ഞാൻ നരകാഗ്നിയിൽ നിന്നു രക്ഷപ്പെടുത്തുന്നത് കൊണ്ടാണ് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്: 1/49) 

അല്ലമാ അഹ്മദ് സൈനി ദഹ് ലാൻ (റ) രേഖപ്പെടുത്തുന്നു: ഇമാം ഇബ്നു അസാകിർ (റ) ഉദ്ധരിച്ചു 

സൽമാനുൽ ഫാരിസി (റ) വിൽ നിന്നു നിവേദനം: ജിബ്രീൽ (അ) ഇറങ്ങിവന്ന് നബി (സ) യോടു പറഞ്ഞു: നിശ്ചയം നിങ്ങളുടെ റബ്ബ് നിങ്ങളോടു പറയുന്നു: ഇബ്റാഹീമിനെ ഞാൻ ഖലീലാക്കി അതിനാൽ താങ്കളെ ഞാൻ ഹബീബാക്കുന്നു താങ്കളേക്കാൾ ശ്രേഷ്ഠതയുള്ള ഒരു സൃഷ്ടിയെയും ഞാൻ സൃഷ്ടിച്ചിട്ടില്ല ഐഹിക ലോകത്തെയും അതിലെ വാസക്കാരെയും ഞാൻ സൃഷ്ടിച്ചത് എന്റെ അടുക്കൽ താങ്കൾക്കുള്ള സ്ഥാനവും കറാമത്തും അവർ അറിയാൻ വേണ്ടിയാണ് താങ്കളില്ലായിരുന്നുവെങ്കിൽ ദുൻയാവിനെ ഞാൻ സൃഷ്ടിക്കില്ലായിരുന്നു (അസ്സീറത്തുന്നബവിയ്യ: 1/7) 

ഇമാം അജ്ലൂനി (റ) രേഖപ്പെടുത്തുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ജിബ്രീൽ (അ) എന്റെ അടുക്കൽ വന്നു പറഞ്ഞു: മുഹമ്മദ്, താങ്കളില്ലായിരുന്നുവെങ്കിൽ സ്വർഗവും നരകവും ഞാൻ സൃഷ്ടിക്കില്ലായിരുന്നു (കശ്ഫുൽ ഖഫാഅ്: 1/46) 

ഇമാം ഹാകിം (റ), ഇമാം ഖത്വീബുൽ ബഗ്ദാദി (റ) തുടങ്ങിയവർ രേഖപ്പെടുത്തുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം അല്ലാഹു ഈസാ നബി (അ) ക്ക് വഹ്‌യ് നൽകി: ഈസാ താങ്കൾ മുഹമ്മദിനെ കൊണ്ട് വിശ്വസിക്കുക താങ്കളുടെ സമുദായത്തിൽ നിന്ന് മുഹമ്മദിന്റെ കാലമെത്തിക്കുന്നവർ മുഹമ്മദിൽ വിശ്വസിക്കണമെന്നും കൽപിക്കുക മുഹമ്മദില്ലായിരുന്നുവെങ്കിൽ ആദമിനെയും സ്വർഗ നരകത്തെയും ഞാൻ സൃഷ്ടിക്കില്ലായിരുന്നു (മുതദ്റക്: 2/615, താരീഖുൽ ബഗ്ദാദി: 3/332) 

മേൽപ്പറഞ്ഞതിൽ നിന്നെല്ലാം ഐഹിക ലോകത്തെ അല്ലാഹു സൃഷ്ടിച്ചത് മുത്ത് നബി (സ) യുടെ മഹിമകൾ അറിയാനും പറയാനുമാണെന്ന് വ്യക്തമായി മനസ്സിലാക്കാം 

അറിഞ്ഞവർ പറഞ്ഞാലല്ലേ അറിയാത്തവർ മനസ്സിലാക്കുക അപ്പോൾ പറയുക തന്നെ വേണം  


നബി (സ) യുടെ സൗന്ദര്യം

നബി (സ) യുടെ അറിഞ്ഞിരിക്കേണ്ട മഹിമകളിൽ പ്രധാനം അവിടുത്തെ ശരീര സൗന്ദര്യത്തെ കുറിച്ചാണ് കാരണം ചെറുപ്പം മുതലേ പഠിച്ചു പോരുന്നതാണ് നബി (സ) ക്കാണ് ഭൂലോക സൗന്ദര്യമെന്ന് അതുകൊണ്ടുതന്നെ ആ സൗന്ദര്യത്തെ നേരിൽ കണ്ട സ്വഹാബിവര്യന്മാരുടെ അരികിൽ നിന്നു തന്നെ വേണം ആ സൗന്ദര്യം നുകരാൻ അവർക്കെ ആ സൗന്ദര്യത്തെ ഒരുവിധമെങ്കിലും വിവരിക്കാൻ സാധിക്കുകയുള്ളൂ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ ' ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ' തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രതിപാദ്യ വിഷയം തന്നെ 

ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് അണിഞ്ഞിരുന്നത് ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കും എന്റെ ദൃഷ്ടിയിൽ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം നബി (സ) ക്കായിരുന്നു (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) 

അബൂ ഇസ്ഹാഖ് (റ) വിൽ നിന്ന് നിവേദനം ബറാഉബ്നു ആസിബ് (റ) വിനോട് ഒരാൾ ചോദിച്ചു: നബി (സ) യുടെ മുഖം വാളിനെപ്പോലെയായിരുന്നോ? മഹാൻ പറഞ്ഞു: അല്ല പൂർണചന്ദ്രനെപ്പോലെയായിരുന്നു (അശ്ശമാഇൽ: 18) 

ഇമാം ബൈഹഖി (റ) എഴുതുന്നു: മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ) യെ വർണിച്ചുതാ മഹതി പറഞ്ഞു: നീ എങ്ങാനെ നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്(ദലാഇലുന്നുബുവ്വ: 1/154) 

ഇമാം ശാമി (റ) എഴുതുന്നു: ബാറിഉബ്നു ആസിബ് (റ) വിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നബി (സ) യെക്കാൾ ഭംഗിയുള്ള  ഒന്നിനെയും ഞാൻ കണ്ടിട്ടില്ല 

ഉമ്മു മഅ്ബദ് (റ) പറഞ്ഞു: ജനങ്ങളിൽ വെച്ച് ഏറ്റവും സൗന്ദര്യം നബി (സ) ക്കാകുന്നു 

അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല (സുബുലുൽ ഹുദാ വർറശാദ്: 2/9)


നബി (സ) യുടെ നിറം

നിറം നന്നാവൽ ആരും ഇഷ്ടപ്പെടുന്ന ഒന്നാണ് ആകർഷണീയമായ നിറം ആരെയും ആകർശിക്കപ്പെടും അമ്പിയാക്കന്മാരെല്ലാം സൗന്ദര്യമുള്ളവരായിരുന്നു അവരിൽ ഏറ്റവും സൗന്ദര്യം ഹബീബായ റസൂലുല്ലാഹി (സ) ക്കായിരുന്നു ഒരു നബിയുടെ സൗന്ദര്യവും നബി (സ) യെ കവച്ചുവെക്കില്ലെന്ന യാഥാർത്ഥ്യം നാം ശരിക്കും ഉൾക്കൊള്ളണം അതുകൊണ്ടുതന്നെ അവിടുത്തെ നിറം അത്യാകർഷണീയമായിരുന്നുവെന്നാണ് സ്വഹാബിമാർ ലോകത്തെ പഠിപ്പിച്ചത് തിരുനബി (സ) യുടെ നിറം ഏതാണെന്ന് അറിഞ്ഞിരിക്കലും അതു മക്കളെ പഠിപ്പിക്കലും നിർബന്ധമാണ് 

ഇമാം ശാമി (റ) എഴുതുന്നു: അലി (റ) പറഞ്ഞു: നബി (സ) ചുവപ്പു കലർന്ന വെളുപ്പ് നിറമായിരുന്നു (സുബുൽ: 2/17) 

നബി (സ) യുടെ വർണത്തെപ്പറ്റി ധാരാളം ഹദീസുകൾ ഉണ്ട് ചിലതിൽ വർണത്തെ സംബന്ധിച്ച് അൽപം വ്യത്യാസമുണ്ടെങ്കിലും പത്തു വർഷത്തോളം നബി (സ) ക്ക് ഖിദ്മത്തെടുത്ത സ്വഹാബിവര്യനായ അനസ് (റ) പറഞ്ഞത് ചുവപ്പ് കലർന്ന വെളുപ്പ് നിറമാണെന്നാണ് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: വെളുപ്പു കലർന്ന ചുവപ്പ് നിറം ആക്ഷേപാർഹമാണ് ചുവപ്പു കലർന്ന വെളുപ്പു നിറമാണ് നിറങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നബി (സ) യുടെ നിറം അതായിരുന്നു (തുഹ്ഫ: 7/189) 

നബി (സ) യുടെ നിറം ഏതാണെന്ന് കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കൽ നിർബന്ധമായ അറിവുകളിൽ പെട്ടതാണെന്ന് ഇമാം ഇബ്നു ഹജർ ഹൈതമി (റ) തന്റെ തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ രക്ഷിതാക്കൾ വകതിരിവുള്ള കുട്ടികൾക്ക് നബി (സ) യുടെ നിറം ഏതാണെന്ന് പഠിപ്പിച്ചു കൊടുക്കൽ നിർബന്ധമാകുന്നു ഇത്തരം കടമകളിൽ നിന്ന് നാം ഒളിച്ചോടുന്നത് നിഷിദ്ധവും ബറകത്ത് കുറവുമാകുന്നു സന്താനങ്ങൾ നല്ലവരായി വളരുവാൻ ഇത്തരം കാര്യങ്ങളെ ചെറുപ്പത്തിലെ പഠിപ്പിക്കണം 

ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം (ശർഹു മുസ്ലിം: 15/94) 

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) 

ഹാഫിള് ദഹബി  രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു (സിയറു അഅ്ലാമിന്നുബലാഅ്: 1/463) 

അലിയ്യുൽ മുത്തഖി രേഖപ്പെടുത്തുന്നു ഉമർ (റ) പറഞ്ഞു: നബി (സ) യുടെ നിറം വെളുപ്പു കലർന്ന ചുവപ്പായിരുന്നു (കൻസുൽ ഉമ്മാൽ, ഹദീസ് നമ്പർ: 18571) 

പ്രമുഖന്മാരായ സ്വഹാബികൾ നബി (സ) യുടെ നിറത്തെ സംബന്ധിച്ചു പറഞ്ഞതു നാം കണ്ടു ഇതിലും മനോഹരമായി അവിടുത്തെ നിറത്തെ സംബന്ധിച്ച് ഹദീസ് സീറഃ ഗ്രന്ഥങ്ങളിൽ കാണാം മാത്രമല്ല, 'അശ്ശമാഇൽ' എന്ന വിജ്ഞാനത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകൾ കാണാം .


നബി (സ) യുടെ തിരുകേശം

മുടി ആരുടെയും സ്വപ്നമാണ് അത് ഭംഗിയുള്ളതാണെങ്കിൽ മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടും ശരീരത്തിന് പാകമൊത്ത നിലയിൽ വളരുന്ന മുടികൾ ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകം തന്നെയാണ് തിരുനബി (സ) കേശത്തെപ്പറ്റി ചരിത്ര വിവരണത്തിൽ പ്രത്യേകം അധ്യായം തന്നെയുണ്ട് 

ഇമാം മുഹമ്മദുബ്നു സ്വാലിഹ് ശാമി (റ) എഴുതുന്നു: ജുബൈർ ബ്നു മുത്വ് അം (റ) പറയുന്നു: നബി (സ) ക്ക് തലയിൽ ധാരാളം മുടിയുണ്ടായിരുന്നു 

സഅദ് ബ്നു അബീവഖാസ് (റ) പറയുന്നു: നബി (സ) യുടെ തലയിലെയും താടിയിലെയും മുടികൾക്ക് നല്ല കറുപ്പുണ്ടായിരുന്നു

അലി (റ) പറഞ്ഞു: നബി (സ)യുടെ മുടിക്ക് നല്ല ഭംഗിയുണ്ടായിരുന്നു 

അനസ് (റ) പറഞ്ഞു: നബി (സ) യുടെ കേശം നീളം കുറഞ്ഞ ചുരുളൻ മുനിയായിരുന്നില്ല പാറിപ്പറക്കുന്ന നേർത്തതുമായിരുന്നില്ല അവരണ്ടിനുമിടയിൽ വാർന്ന് വെച്ചതുപോലെ ഒതുങ്ങിക്കിടക്കുന്ന നീണ്ട മുടിയായിരുന്നു

ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമല് വരെ എത്തിയിരുന്നു (സുബുലുൽ ഹുദാ വർറശാദ്: 2/22) 

ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: നബി (സ) ഹജ്ജ് നിർവഹിച്ചപ്പോൾ ക്ഷുരകൻ തലമുടി വലതു ഭാഗം കളഞ്ഞു നബി (സ) അത് അബൂത്വൽഹ (റ) വിന്റ കയ്യിൽ കൊടുത്തു ഇടതു ഭാഗം കളഞ്ഞപ്പോൾ അതും കൊടുത്തുകൊണ്ട് പറഞ്ഞു: ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുക (തുർമുദി: 1/172) 

ഇമാം സുയൂത്വി (റ) രേഖപ്പെടുത്തുന്നു: യർമൂക്ക് ദിനത്തിൽ ഖാലിദ് ബ്നു വലീദ് (റ) ന്റെ തൊപ്പി നഷ്ടപ്പെട്ടു അത് കിട്ടുന്നതു വരെ മഹാൻ തിരഞ്ഞ് നടന്നു ഖാലീദ് (റ) പറഞ്ഞു: നബി (സ) ഉംറ നിർവഹിച്ചപ്പോൾ തല മുണ്ഡനം ചെയ്തു അതു ലഭിക്കാൻ ജനങ്ങൾ  തിരക്കുകൂടി ആ തിരുകേശം ഞാനെന്റെ തൊപ്പിയിൽ  വെച്ചു ആ തൊപ്പി ധരിച്ച് ഞാൻ ചെയ്ത യുദ്ധങ്ങളെല്ലാം വിജയിച്ചിട്ടുണ്ട് (അൽ ഖസ്വാഇസ്വുൽ കുബ്റ: 1/117) 

നബി (സ) യുടെ തിരുകേശം ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ പറഞ്ഞതും സ്വഹാബത്ത് അതു സൂക്ഷിച്ചുവെച്ചതും ബറകത്തെടുക്കുവാനായിരുന്നു സ്വഹാബത്തിന്റെ കാലം മുതൽ ഇന്നേവരെയുള്ള സച്ചരിതർ ഈ മാതൃക പിന്തുടർന്ന് തിരുകേശം കൊണ്ട് ബറകത്തെടുക്കുന്നു തിരുകേശം കൊണ്ട് ബറകത്തെടുക്കുവാൻ പാടില്ലെന്ന വാദം ശരീഅത്ത് വിരുദ്ധമാണെന്ന് മുകളിൽ നിന്ന് നമുക്ക് മനസ്സിലായി .


തിരുകേശം കത്തുമോ?

നബി (സ) യുടെ തിരുകേശം കത്തിച്ചാൽ കത്തുന്നതാണെന്ന ചിലരുടെ വാദം അടിസ്ഥാന രഹിതമാണ് കാരണം നബി (സ) യുടെ തിരുകേശത്തെ തീ സ്പർശിക്കുകയില്ല എന്നാണ് മഹാന്മാരായ പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചത് 

കർമശാസ്ത്ര പണ്ഡിതനും സീറ ചരിത്രകാരനുമായ ഇമാം ബുർഹാനുദ്ദീൻ ഹലബി (റ) എഴുതുന്നു: നബി (സ) യുടെ കേശത്തിൽ നിന്ന് വല്ലതും തിയിൽ വീണാൽ കരിയുകയില്ല (സീറത്തുൽ ഹലബിയ്യ: 3/360) 

'വീണാൽ കരിയുകയില്ല' എന്നാണ് മഹാൻ എഴുതിയത് വീഴൽ രണ്ട് വിധത്തിലാണ് ഒന്ന്, താനെ വീഴൽ മറ്റൊന്ന്, ഇട്ടാൽ വീഴൽ വീണാൽ കരിയില്ല എന്നതിൽ ഇത് രണ്ടും പെടുന്നതാണ് താനെ വീണാലെ വീഴലാവുകയുള്ളൂ, ഇട്ടാൽ വീഴലാവുകയില്ലെന്ന് പറയുന്നവർ വീഴൽ എന്താണെന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് തീയിന്റെ സ്വഭാവം കരിക്കലാകുന്നു നബി (സ) യുടെ കേശത്തോട് തീ ആ സ്വഭാവം കാണിക്കുകയില്ല എന്നാണ് മുകളിലുള്ളത് അത് നബി (സ) യുടെ പ്രത്യേകതകളിൽ പെട്ട ഒന്നാകുന്നു നബി (സ) യുടെ ഖുർആൻ അല്ലാത്ത മുഅ്ജിസത്ത് വഫാത്തിനു ശേഷം നിലനിൽക്കില്ലെന്നു പറയുന്നവർക്ക് മുകളിലുള്ളത് തിരിച്ചടിയാകുന്നു .


നബി (സ) നൂറാകുന്നു (പ്രകാശം)

നബി (സ) നൂറാകുന്നു അവിടുത്തെ നൂറാണ് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് ആ നൂറിൽ നിന്നാണ് അല്ലാഹു ഖലമിനെയും ലൗഹിനെയും അർശിനെയും ഭൂമിയെയും സ്വർഗത്തെയും നരകത്തെയുമെല്ലാം സൃഷ്ടിച്ചത്

ഇമാം അൽ ഹാഫിള് അബ്ദുർറസാഖ് (റ) തന്റെ മുസ്നദിൽ രേഖപ്പെടുത്തുന്നു ജാബിർ (റ) വിൽ നിന്ന് നിവേദനം ജാബിർ (റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സർവ വസ്തുക്കളെയും സൃഷ്ടിക്കുന്നതിനു മുമ്പ് അല്ലാഹു സൃഷ്ടിച്ചത് എന്തിനെയാണ്? റസൂൽ (സ) പറഞ്ഞു: ജാബിറേ, അല്ലാഹു എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നതിനു മുമ്പ് അവന്റെ നൂറിൽ നിന്ന് നിന്റെ നബിയുടെ നൂറിനെ സൃഷ്ടിച്ചു ആ സമയത്ത് ലൗഹ്, ഖലം, സ്വർഗം, നരകം, മലക്ക്, ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, ജിന്ന്, മനുഷ്യൻ ഇവയൊന്നുമില്ലായിരുന്നു (അൽ ഫളാഇലുൽ മുഹമ്മദിയ്യ: 102) 

ഇമാം അലി അൽ ഹലബി (റ) എഴുതുന്നു: നബി (സ) നൂറാകുന്നു (സീറത്തുൽ ഹലബിയ്യ: 3/360) 

ഇമാം മുനാവി (റ) എഴുതുന്നു: നബി (സ) യുടെ പരിശുദ്ധ ശരീരം മുഴുവൻ നൂറാകുന്നു (ഫൈളുൽ ഖദീർ: 5/73)

നബി (സ) നൂറാകുന്നു എന്നത് അഇമ്മത്ത് അവരുടെ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയതാണ് നബി (സ) യുടെ പത്ത് പ്രത്യേകതകൾ പ്രത്യേകമായി എടുത്തു പറഞ്ഞതിൽ ഒരു പ്രത്യേകതയാണ് നബി (സ) ക്ക് ഒരിക്കലും ഒരു സമയത്തും നിഴലുണ്ടാവുകയില്ല എന്നത് അതിനു കാരണമായി അഇമ്മത്ത് രേഖപ്പെടുത്തിയത് നബി (സ) നൂറാകുന്നു.


നബി (സ) ക്ക് ഒരിക്കലും നിഴലുണ്ടായിട്ടില്ല

നബി (സ) യുടെ പ്രത്യേകതകളിൽ പെട്ട ഒന്നാകുന്നു സൂര്യന്റെയും ചന്ദ്രന്റെയും വിളക്കിന്റെയും വെളിച്ചത്തിൽ നിഴലുണ്ടായിട്ടില്ല എന്നത് നബി (സ) യുടെ പത്ത് പ്രത്യേകതകൾ പാടിപ്പഠിച്ച കാലത്തും നാം ഈ വരികൾ ചൊല്ലിയതാണ് അഇമ്മത്ത് അവരുടെ ഗ്രന്ഥങ്ങളിൽ വളരെ വ്യക്തമാക്കിയതാണീ കാര്യങ്ങളെല്ലാം 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നബി (സ) നൂറാണെന്നതിനെ ശക്തിപ്പെടുത്തുന്നതിൽ പെട്ടതാണ് അവിടുന്ന് പകലിൽ സൂര്യന്റെയും രാത്രിയിൽ ചന്ദ്രന്റെയും വെളിച്ചത്തിൽ സഞ്ചരിച്ചാൽ നിഴലുണ്ടാവുകയില്ല എന്നത് നബി (സ) നൂറാകുന്നു അവിടുത്തേക്ക് തീരെ തന്നെ നിഴൽ വെളിവായിട്ടില്ല (അൽ മിനഹുൽ മക്കിയ്യഫീ ശർഹിൽ ഹംസിയ്യ: 87) 

ശാഫിഈ മദ്ഹബിലെ പിൽക്കാല കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനാണ് 'തുഹ്ഫത്തുൽ മുഹ്താജിന്റെ' രചയിതാവായ ഇമാം ഇബ്നു ഹജർ ഹൈതമി (റ) ഫിഖ്ഹ് മസ്അലകൾ ചർച്ച ചെയ്യുമ്പോൾ അന്തിമ തീരുമാനത്തിന് നമ്മുടെ പണ്ഡിതർ ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഗ്രന്ഥങ്ങളാണ് അവലംബിക്കാറ് പ്രത്യേകിച്ചും 'തുഹ്ഫ' അതുകൊണ്ടുതന്നെ ഇമാം ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഗ്രന്ഥങ്ങൾക്ക് നമ്മുടെ പണ്ഡിത സമൂഹം പ്രത്യേകം പ്രാധാന്യം കൽപിക്കാറുണ്ട് 

ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതനും സീറാ ചരിത്രകാരന്മാരിൽ പ്രമുഖനായ ഇമാം ബുർഹാനുദ്ദീൻ ഹലബി (റ) എഴുതുന്നു: നബി (സ) സുര്യന്റെയും ചന്ദ്രന്റെയും വെളിച്ചത്തിൽ സഞ്ചരിച്ചാൽ നിഴൽ ഉണ്ടാവുകയില്ല കാരണം നബി (സ) നൂറാകുന്നു (സീറത്തുൽ ഹലബിയ്യ: 3/360) 

ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതനും ഹദീസ് വിജ്ഞാനത്തിലെ ഹാഫിളുമായ ഇമാം സുയൂത്വി (റ)രേഖപ്പെടുത്തുന്നു: ദക് വാൻ (റ) പറഞ്ഞു: നബി (സ) ക്ക് നിഴൽ ഉണ്ടായിട്ടില്ല (അൽ ഖസ്വാഇസുൽ കൂബ്റ: 1/68) 

ശരീഅത്ത് സംരക്ഷകരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ അവരെഴുതിയ ഉദ്ധരണികളാണ് നാം വായിച്ചത് നബി (സ) നൂറാകുന്നു അതുകൊണ്ടുതന്നെ നബി (സ) ക്ക് നിഴലുണ്ടാവുകയില്ല അതിനാൽ മുത്തുനബി (സ) ക്ക് നിഴലുണ്ടാവുമെന്ന വാദം ശരീഅത്ത് വിരുദ്ധമാണ് അത്തരക്കാർ ശരീഅത്തായി ഇവിടെ പറയുന്ന ഈ വാദം വ്യാജ ശരീഅത്താകുന്നു മാത്രമല്ല, ഇതിൽ മുഅ്ജിസത്ത് നിഷേധവും അടങ്ങിയിട്ടുണ്ട് 

ഇമാം മുനാവി (റ) എഴുതുന്നു: നബി (സ) നൂറാണ് എന്നത് അവിടുത്തെ വലിയ മുഅ്ജിസത്തുകളിൽ പെട്ടതാകുന്നു ഈ കാരണം കൊണ്ടുതന്നെ നബി (സ) നിഴലുണ്ടാവുകയില്ല (ഫൈളുൽ ഖദീർ: 5/145) 

നബി (സ) ക്ക് നിഴലുണ്ടാവുമെന്ന് പറയുന്നതിൽ അവിടുത്തെ മുഅ്ജിസത്ത് നിഷേധമുണ്ട് മാത്രമല്ല, നൂറിന് നിഴലുണ്ടാവുമെന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? 


നൂറിന്റെ മഹത്വം പിതാമഹന്മാരിൽ

നബി (സ) യുടെ നൂർ കടന്നുവന്നത് ആദം നബി (അ) മുതൽ അബ്ദുല്ല (റ) വരെയുള്ള പിതാമഹന്മാരിലൂടെയാകുന്നു അതുകൊണ്ടുതന്നെ നൂറിന്റെ മഹത്വം അവരിൽ പലരിലൂടെയും പ്രകടമായിട്ടുണ്ട് അതിൽ ചിലരെ താഴെ കാണാം 

നബി (സ) യുടെ പരമ്പര പിതാവ് അബ്ദുല്ല (റ) ആദം നബി (അ) വരെയുണ്ടെന്നത് നമുക്കെല്ലാം അറിയാവുന്നതാണ് എന്നാൽ പരമ്പര അബ്ദുല്ല (റ) മുതൽ ഇരപത്തി ഒന്നാമത്തെ ഉപ്പാപ്പയായ അദ്നാൻ വരെ സ്വഹീഹായ ഹദീസുകളിൽ തർക്കമില്ലാതെ സ്ഥിരപ്പെട്ടതാണ് അതിനാൽ ഇരുപത്തി ഒന്ന് പിതാക്കന്മാരെ ഹദീസ്-സീറഃ പണ്ഡിതന്മാർ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ഇരുപത്തി ഒന്നിനു മുകളിലുള്ള പിതാക്കന്മാരെ സംബന്ധിച്ച് സ്വഹീഹായി എല്ലാവരും ഉറപ്പിച്ച് പറയാത്തതിനാൽ അവരുടെ നാമവും ചരിത്രവും പറയാമോ എന്നതിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാൽ പ്രഗത്ഭരും പ്രശസ്തരുമായ പല ഇമാമുകളും ആദം നബി (അ) വരെ പരമ്പര പറയാമെന്ന് പറഞ്ഞിട്ടുണ്ട് 

അല്ലാമാ ദഹ് ലാൻ (റ) എഴുതുന്നു: മഅദ്ദ് ബനൂഇസ്റാഈല്യർക്കെതിരിൽ യുദ്ധം ചെയ്യുന്ന ആളായിരുന്നു ഏത് യുദ്ധം ചെയ്താലും വിജയശ്രീലാളിതനായിട്ടാണ് മടങ്ങാറ് മഅദ്ദിന്റെ നെറ്റിയിലുള്ള നബി (സ) യുടെ നൂർ കാരണമായിട്ടാണ് പങ്കെടുത്ത എല്ലാ യുദ്ധത്തിലും മഹാൻ ജയിക്കുന്നത് (അസ്സീറത്തുന്നബവിയ്യ: 1/11) 

നബി (സ) യുടെ ഇരുപതാമത്തെ ഉപ്പാപ്പയാണ് അദ്നാന്റെ മകനായ മഅദ്ദ് നബി (സ) യുടെ പത്തൊൻപതാമത്തെ ഉപ്പാപ്പയാണ് നിസാറിൽ നൂർ ദർശിച്ചതു കാണുക

ഇമാം ശാമി (റ) എഴുതുന്നു: നിസാറിനെ പ്രസവിച്ചപ്പോൾ പിതാവ് മഅദ്ദ് മകന്റെ രണ്ടു കണ്ണുകൾക്കിടയിൽ നബി (സ) യുടെ നൂർ ദർശിച്ചു വളരെയധികം സന്തൊഷിച്ചു മഹത്തായ ഈ ഭാഗ്യം മകനിൽ ദർശിച്ച മഅദ്ദ് സന്തോഷം കാരണം അറവ് നടത്തുകയും അന്നദാനം നൽകുകയും ചെയ്തു (സുബുലുൽ ഹുദാ വർറശാദ്: 1/345) 

ഇമാം ശാമി (റ) എഴുതുന്നു: തന്റെ പിതാക്കന്മാരിലുള്ള എല്ലാ പ്രതാപവും അന്തസ്സും സമ്മേളിച്ച വ്യക്തിയായിരുന്നു മുദ് രിക നബി (സ) യുടെ നൂർ മഹാനിലുണ്ടായിരുന്നു (സുബുലുൽ ഹുദാ വർറശാദ്: 1/330) 

നബി (സ) യുടെ പതിനാറാമത്തെ ഉപ്പാപ്പയാണ് ഇൽയാസിന്റെ മകൻ മുദ് രിക മുദ് രികയുടെ മകനാണ് ഖുസൈമ നബി (സ) യുടെ മൂന്നാമത്തെ ഉപ്പാപ്പയായ ഹാശിമിൽ നൂർ ദർശിച്ചത് കാണുക 

ഇമാം ശാമി (റ) എഴുതുന്നു: അബൂസഅ്ദ് നൈസാബൂരി (റ) തന്റെ അശ്ശറഫ് എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: നബി (സ) യുടെ നൂർ ഹാശിമിന്റെ നെറ്റിയിൽ ദർശിക്കുമായിരുന്നു അദ്ദേഹത്തെ കാണുന്നവരെല്ലാം ഇഷ്ടപ്പെട്ടുപോകും അത്രയ്ക്കും സൗന്ദര്യം ഹാശിമിന്നുണ്ടായിരുന്നു ഹാശിമിനെ കണ്ട ഖൈസ്വർ ചക്രവർത്തി തന്റെ മകളെ വിവാഹം കഴിക്കാൻ അവശ്യപ്പെട്ട് ദൂതനെ ഹാശിമിന്റെ സന്നിധിയിലേക്കയച്ചു അദ്ദേഹത്തിന്റെ വിശേഷണം ഇഞ്ചീലിൽ ഉള്ളത് ചക്രവർത്തി കണ്ടിരുന്നു എന്നാൽ ഈ ക്ഷണം ഹാശിം നിരസിച്ചു (സുബുലുൽ ഹുദാ വർറശാദ്: 1/317) 

ഇമാം ശാമി (റ) എഴുതുന്നു: അബ്ദുൽ മുത്വലിബ് വെളുത്ത സുന്ദരനായിരുന്നു ശരീരത്തിന് പൊക്കവും തടിയുമുണ്ടായിരുന്നു കാണുന്നവരൊക്കെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടുപോകും സമൂഹത്തിൽ അദ്ദേഹത്തിന് വലിയ ആദരവും ബഹുമാനവുമുണ്ടായിരുന്നു നബി (സ) യുടെ 'നൂർ' അദ്ദേഹത്തിലുണ്ടായിരുന്നു (സുബുലുൽ ഹുദാ വർറശാദ്: 1/314) 

നബി (സ) യുടെ വല്ല്യുപ്പയാണ് അബ്ദുൽ മുത്വലിബെന്ന് എല്ലാവർക്കുമറിയാവുന്നതാണ് ശൈബ എന്നായിരുന്നു മഹാന്റെ പേര് എന്ന്  പലർക്കുമറിയില്ല അബ്ദുൽ മുത്വലിബിൽ നിന്ന് പരിശുദ്ധ നൂർ മക്കളിൽപെട്ടെ അബ്ദുല്ല (റ) വിലേക്കാണ് സഞ്ചരിച്ചത് അബ്ദുല്ല (റ) വിൽ നൂർ ദർശിച്ച സംഭം അടുത്ത ഭാഗത്തിൽ വായിക്കാം


നൂർ ,  അബ്ദുല്ല (റ) വിൽ ദർശിക്കുന്നു

നബി (സ) യുടെ പിതാവാണ് അബ്ദുല്ല (റ) മഹാനവർകളിൽ നൂർ ദർശിച്ച അത്ഭുത സംഭവം കാണുക

ഇമാം ബൈഹഖി (റ) എഴുതുന്നു: അബ്ദുൽ മുത്വലിബ് അബ്ദുല്ല (റ) വിന്റെ കയ്യും പിടിച്ച് പോകുമ്പോൾ കഅ്ബയുടെ അടുത്തുവെച്ച് ബനൂ അസ്അദിലെ ഒരു സ്ത്രീ ഇത് കാണാനിടയായി അവൾ അബ്ദുല്ല (റ) വിന്റെ മുഖത്തേക്ക് നോക്കിയതിനു ശേഷം ചോദിച്ചു: അബ്ദുല്ലാ, നീ എങ്ങോട്ടു പോകുന്നു? അബ്ദുല്ല (റ) പറഞ്ഞു: എന്റെ പിതാവിനോടു കൂടെ അവൾ ചോദിച്ചു: ഞാൻ നിനക്ക് നൂറ് ഒട്ടകം തരാം നമുക്കൊന്നിച്ച് ഇണചേരാം അബ്ദുല്ല (റ) പറഞ്ഞു: എനിക്കതിന് ഉദ്ദേശമില്ല അങ്ങനെ അവർ തറവാടും ശ്രേഷ്ഠതയുമുള്ള ബനൂ സുഹ്റയിലെ നേതാവായ വഹബിന്റെ വീട്ടിലെത്തി അബ്ദുല്ല (റ) മഹതി ആമിന (റ) യെ വിവാഹം ചെയ്തു ഖുറൈശികളിൽ ശ്രേഷ്ഠവതിയായിരുന്നു ആമിന (റ) വിവാഹം ചെയ്ത ഉടനെ ആമിന (റ) ഗർഭിണിയായി പിന്നീട് അബ്ദുല്ല (റ) വിന് നൂറ് ഒട്ടകങ്ങളെ വാഗ്ദാനം ചെയ്ത സ്ത്രീയെ കണ്ടുമുട്ടി അവൾ വറഖതുബ്നു നൗഫലെന്റെ സഹോദരിയായിരുന്നു എന്നാൽ ഈ പ്രാവശ്യം കണ്ടപ്പോൾ അവൾ അബ്ദുല്ല (റ) വിനെ തീരെ ഗൗനിച്ചില്ല അബ്ദുല്ല (റ) ചോദിച്ചു: നീയെന്താ ഇന്നെന്നോട് ഒന്നും പറയാത്തത് അവൾ പറഞ്ഞു: ഞാൻ നിന്നിൽ ദർശിച്ച 'നൂർ' ഇപ്പോൾ കാണുന്നില്ല അതു നിന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു (ദലാഇലുന്നുബുവ്വ: 1/84) 

നൂറിനെ സംബന്ധിച്ച് അൽപമൊന്ന് ആലോചിക്കാൻ മേൽ സംഭവങ്ങളെല്ലാം നമ്മെ സംബന്ധിച്ചിടത്തോളം ധാരാളമാണ് നബി (സ) നൂറാകുന്നു നൂറിന് നിഴലുണ്ടാവുകയില്ല നിഴലുണ്ടാവുമെന്ന വാദം വഹാബിസമാണ് .


നിഴൽ വാദം വഹാബിസം

നബി (സ) ക്ക് ഒരിക്കലും ഒരു സമയത്തും നിഴലുണ്ടായില്ല എന്നു പറഞ്ഞത് നാം മതവിധികളിൽ പ്രാധാന്യം നൽകുന്ന അഇമ്മത്താണ് ഇവരാരും നബി (സ) ക്ക് ഒരിക്കലും നിഴലുണ്ടാവുമെന്ന് പറഞ്ഞിട്ടില്ല മഹാന്മാരായ ഇമാമുകൾ പറഞ്ഞത് അനുസരിക്കുന്നവരും അതനുസരിച്ച് പ്രവർത്തിക്കുന്നവരുമാണ് സുന്നികൾ അഥവാ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാർ അതുകൊണ്ടുതന്നെ ഈ ഇമാമുകൾ ഗ്രന്ഥങ്ങളിലെഴുതിവെച്ചത് അപ്പടി പറയലും അതനുസരിച്ച് പ്രവർത്തിക്കലുമാണ് നാം ചെയ്യേണ്ടത് 

എന്നാൽ വഹാബികൾ അവർ ഇമാമുകളെ തള്ളിപ്പറയുന്നവരും ഖുർആനും ഹദീസും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നവരുമാണ് ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന്റെ മുസ്നദിലെ ഒരു ഹദീസിന്റെ ചെറിയ ഭാഗമാണ് നബി (സ) നിഴലുണ്ടാവുമെന്ന് വാദിക്കുന്നവർ ഉദ്ധരിക്കുന്നത് ഈ ഹദീസ് ഇമാം ഇബ്നു ഹജർ ഹൈതമി (റ), ഇമാം സുയൂത്വി (റ) യുമൊന്നും കണ്ടില്ലേ? 

ഇമാമുകളുടെ വാക്കുകൾ വെടിഞ്ഞ് കേവലം ഹദീസ് മാത്രം ആധാരമാക്കി ശരീഅത്തു പറയൽ ശരീഅത്ത് സത്യമല്ല, വ്യാജമാണ് കാരണം, ശരീഅത്തെന്നു പറഞ്ഞാൽ ഇമാമുകൾ വ്യക്തമാക്കിയതാണെന്ന് നേരത്തെ നാം കണ്ടതാണ് അതുകൊണ്ട് വഹാബികൾക്ക് ശരീഅത്തില്ല കാരണം അവർ ഇമാമുകളെ കൈവെടിഞ്ഞവരാണ്  ഇമാമുകളെ ഏതു വിഷയത്തിൽ ആര് കൈവെടിഞ്ഞോ അവർക്കൊന്നും ശരീഅത്തില്ല മാത്രമല്ല, അത് വഹാബിസമാണ് അതുകൊണ്ടുതന്നെ ഇമാമുകളെ കൈവെടിഞ്ഞ് നബി (സ) ക്ക് നിഴലുണ്ടെന്ന് പറയൽ വഹാബിസമാണ് വഹാബിസം ബിദ്അത്താകുന്നു  ബിദ്അത്തിനെ പ്രതിരോധിക്കൽ നമ്മോട് കൽപിക്കപ്പെട്ടതാണ് പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നാം പ്രതിരോധിക്കണം 

ഇമാമുകൾ പറഞ്ഞതിനെതിരിൽ ആയത്തോ ഹദീസോ കണ്ടാൽ ഇമാമുകൾ പറഞ്ഞതിനെ കൈവെടിഞ്ഞ് ആയത്തും ഹദീസും കൊണ്ട് പ്രവർത്തിക്കാൻ നമ്മോട് കൽപനയില്ല നാം മുഖല്ലിദുകളാണ് അഥവാ ഏതെങ്കിലും ഒരു മദ്ഹബിനെ പിൻപറ്റിയവർ അവരെ സംബന്ധിച്ചിടത്തോളം ഇമാമുകളെ പിൻപറ്റൽ നിർബന്ധമാകുന്നു ആയത്തും ഹദീസും സ്വയം വ്യാഖ്യാനിക്കൽ നിഷിദ്ധവും യോഗ്യതയെത്തിച്ച ഗവേഷണ പടുക്കളായ പണ്ഡിതന്മാരാണ് ആയത്തും ഹദീസും വ്യാഖ്യാനിക്കാൻ കഴിവെത്തിച്ചവർ 

ചുരുക്കത്തിൽ സുന്നി സമൂഹത്തിനെ ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞതിലേക്ക് നയിക്കലാണ് പണ്ഡിതന്മാരുടെ ധർമം ഇമാമുകൾ പറഞ്ഞതിനെതിരിലേക്ക് നയിക്കൽ വഹാബിസമാണ് ഇത്തരം നിലപാട് സുന്നിക്ക് യോജിച്ചതല്ലെന്ന് മാത്രമല്ല മഹാന്മാരായ ഔലിയാക്കളുടെയും ഇമാമുകളുടെയും അതൃപ്തിയിലേക്ക് കൊണ്ടെത്തിക്കും .


ശരീഅത്ത് എന്നാൽ എന്ത്

അല്ലാഹുവിന്റെ സൃഷ്ടികളായ നാം സദാ കർമ നിരതരാവുകയാണ് നമ്മുടെ സൃഷ്ടിപ്പിന്റെ പ്രധാന ലക്ഷ്യം ഈ ലക്ഷ്യ സാക്ഷാൽകാരത്തിന് ഒരു യഥാർത്ഥ വഴി നമ്മുടെ മുമ്പിലുണ്ടായിരിക്കൽ അത്യാവശ്യമാണ് വക്രതയില്ലാത്ത ഋജുവായ മാർഗം സംവിധാനിച്ചെടുക്കാൻ മാത്രം പര്യാപ്തമല്ല മനുഷ്യബുദ്ധി അതുകൊണ്ടുതന്നെ ചൊവ്വായ വഴി വിശദീകരിച്ച് കൺ ദൃഷ്ടിയിൽ ബോധ്യപ്പെടുത്താൻ പര്യാപ്തമായ വഴി അത്യാവശ്യമാണ് ആ വഴി തലമുറകളായി കൈമാറി വന്നാൽ മാത്രമേ സൃഷ്ടിപ്പിന്റെ പ്രധാന ലക്ഷ്യം സാക്ഷാൽകരിക്കാൻ സാധ്യമാവുകയുള്ളൂ 

മനുഷ്യ വിജയത്തിന് അല്ലാഹു സംവിധാനിച്ച ശരിയായ ദിശയാണ് ശരീഅത്ത് ഈ ശരീഅത്തിനെ നിങ്ങൾ പിൻപറ്റുകയെന്ന് മനുഷ്യനോട് അല്ലാഹു കൽപിച്ചതാണ് ഈ ശരീഅത്താകുന്ന നിയമ സംഹിതകൾ മനുഷ്യരിലേക്കെത്തിക്കുവാൻ അല്ലാഹു നിയോഗിച്ചവരാണ് ഹബീബായ റസൂലുല്ലാഹി (സ) സ്വഹാബത്തുകൾ കിറാമയായിരുന്നു അത് ഏറ്റെടുത്ത് തൊട്ടടുത്ത തലമുറയിലേക്ക് കൈമാറിയത് അങ്ങനെ ആ കൈമാറ്റം ലോകാവസാനം വരെ നടന്നുകൊണ്ടേയിരിക്കും ഈ കൈമാറ്റമാണ് ശരീഅത്ത് സംരക്ഷണത്തിലൂടെ നടപ്പായിക്കൊണ്ടിരിക്കുന്നത് 

ശരീഅത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ശരീഅത്ത് എന്നാൽ എന്ത്? നമുക്ക് പരിശോധിക്കാം ശരീഅത്തിന്റെ പേരിൽ കടന്നുവരുന്ന വ്യാജന്മാരെ നമുക്ക് തിരിച്ചറിയാനും സമൂഹത്തിൽ നിന്ന് അവരെ ഉന്മൂലനം ചെയ്യാനും ശരീഅത്തിന്റെ നിർവചനം അറിഞ്ഞിരിക്കൽ അത്യാവശ്യമാണ് 

ശൈഖ് മുഹമ്മദ് അമീനുൽ കുർദി (റ) എഴുതുന്നു: വ്യക്തമായോ ഗവേഷണത്തിലൂടെയോ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഉലമാഅ് മനസ്സിലാക്കിയ നബി (സ) യുടെ മേൽ ഇറക്കപ്പെട്ട നിയമ സംഹിതകളാണ് ശരീഅത്ത് അതായത് തൗഹീദ്, ഫിഖ്ഹ്, തസ്വവ്വുഫ് എന്നിവയിൽ വ്യക്തമാക്കിയ വിധിവൾ (തൻവീറുൽ ഖുലൂബ് ഫീ മുആമലത്തി അല്ലാമിൽ ഗുയൂബ്: 396) 

തൗഹീദ്, ഫിഖ്ഹ്, തസ്വവ്വുഫ് എന്നീ വിജ്ഞാനങ്ങളിൽ പ്രതിപാദിച്ചെതിനെതിരിലുള്ളതെല്ലാം ശരീഅത്ത് വിരുദ്ധമാണെന്ന് മേൽ വാക്യങ്ങളിൽ  നിന്ന് മനസ്സിലാക്കാം 

നാം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും മതവിധികൾ കണ്ടെത്തുവാൻ യോഗ്യത എത്തിച്ചവരല്ല യോഗ്യത എത്തിച്ചവർക്കാണ് 'മുത്വ് ലഖൻ മുജ്തഹിദ് ' എന്നു പറയുന്നത് യോഗ്യത എത്തിക്കാത്തവർ നാലിൽ ഏതെങ്കിലും ഒരു മദ്ഹബ് പിൻപറ്റൽ നിർബന്ധമാണ് 

മുജ്തഹിദുകളായ ഉലമാഅ് വ്യക്തമായോ ഗവേഷണത്തിലൂടെയോ കിതാബ്, സുന്നത്തിൽ നിന്ന് മനസ്സിലാക്കിയ മതവിധികളാണ് യഥാർത്ഥത്തിൽ ശരീഅത്ത് എന്ന് നാം പറയുന്നത് ഈ ശരീഅത്തിലധിഷ്ഠിതമായ നിയമങ്ങളാണ് പരിശുദ്ധ ദീൻ കേവലം ആയത്തും ഹദീസും മാത്രം നോക്കി പറയൽ ദീനായിക്കൊള്ളണമെന്നില്ല .


നബി (സ) പുരികങ്ങൾ

കൺപോളകൾക്ക് മുകളിൽ നെറ്റിയുടെ താഴെ വളർന്നുനിൽക്കുന്ന രോമസമൂഹത്തിനാണ് പുരികങ്ങൾ എന്നു പറയുന്നത് പുരിക സൗന്ദര്യം മുഖസൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമായതുകൊണ്ടാണല്ലോ പല മഹിളകളും അല്ലാഹു ഇഷ്ടപ്പെടാത്ത നിലയിൽ പുരിക സൗന്ദര്യത്തിന് സമയം ചെലവഴിക്കുന്നതും ബ്യൂട്ടി പാർലറുകളിൽ അഭയം തേടുന്നതും 

ഇമാം ശാമി (റ) എഴുതുന്നു: ഹിന്ദ് ബ്നു അബീഹാല (റ) പറഞ്ഞു: നബി (സ) യുടെ നെറ്റിത്തടം വിശാലമായിരുന്നു പുരികം നീളമുള്ളതും പരസ്പരം ചേർന്നതുമായിരുന്നില്ല അവിടുന്ന് കോപിഷ്ഠനാവുമ്പോൾ പുരികങ്ങൾക്കിടയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിയുമായിരുന്നു (സുബുൽ: 2/30) 

ഇമാം ഹാഫിള്  ബ്നു സഅ്ദ് (റ) എഴുതുന്നു: സഅ്ദ് ബ്നു അബീവഖാസ്വ് (റ) പറഞ്ഞു: നബി (സ) യുടെ പുരികം വളരെ നേർത്തതും മിനുസമുള്ളതുമായിരുന്നു (ത്വബഖാത്തുൽ കുബ്റ: 1/418) 

മേൽ ഹദീസുകളിൽ നിന്ന് മനസ്സിലാവുന്നത് നബി (സ) യുടെ പുരികങ്ങൾ വളരെ നേർത്തതും പരസ്പരം ചേരാതെ നാസികക്ക് മുകളിൽ രോമമില്ലാതെ ശൂന്യാവസ്ഥയിലാണെന്നാണ് എന്നാൽ ഉമ്മു മുഅ്ബദ് (റ) തിരുനബി (സ) യെ വിശേഷിപ്പിച്ചത് പുരികങ്ങൾ പരസ്പരം ചേർന്നതാണെന്നാണ് 

ഇമാം ഇബ്നു അസാകിർ (റ) രേഖപ്പെടുത്തുന്നു: അലി (റ) വിൽ നിന്ന് നിവേദനം: നബി (സ) യുടെ പുരികങ്ങൾ പരസ്പരം ചേർന്നതാണ് (തഹ്ദീബ്: 1/315) 

മേൽ ഹദീസുകളുടെ അടിസ്ഥാനത്തിൽ തിരുനബി (സ) യുടെ നാസികക്ക് മുകളിൽ രോമമുണ്ടായിരുന്നുവെന്നാണ് അതുകൊണ്ടുതന്നെ രണ്ട് അഭിപ്രായങ്ങളും ഇമാമുകൾ സമന്വയിപ്പിക്കുന്നത് കാണുക: 

ഇമാം ശാമി (റ) എഴുതുന്നു: ആദ്യകാലത്ത് പുരികങ്ങൾ പരസ്പരം ചേരാത്ത അവസ്ഥയിലായിരിക്കാം അല്ലെങ്കിൽ ദൂരെ നിന്നോ അടുത്തുനിന്നോ വീക്ഷിക്കുമ്പോഴുള്ള വീക്ഷണ വ്യത്യാസമായിരിക്കാം നബി (സ) യുടെ പുരികങ്ങൾ പരസ്പരം ചേർന്നതല്ല ഇടയിൽ നേർത്ത ശൂന്യസ്ഥലമുണ്ടായിരുന്നു ശ്രദ്ധാപൂർവം നോക്കുന്നവനെ അതു മനസ്സിലാവുകയുള്ളൂ (സുബുൽ: 2/31) 

മുകളിൽ നിന്ന് വ്യക്തമായത് ഇങ്ങനെ വായിക്കാം: 

1.നബി (സ) യുടെ പുരികങ്ങൾ പരസ്പരം ചേർന്നതല്ലാത്ത നേർത്തതും മനോഹരവുമായിരുന്നു 

2. രണ്ടു പുരികങ്ങൾക്കിടയിൽ നേർത്ത ചെറിയ വിടവെ ഉണ്ടായിരുന്നുള്ളൂ 

3. അതിനാൽ ചിലപ്പോൾ കാണുന്നവർക്ക് പുരികങ്ങൾ ചേർന്നതാണെന്ന് തോന്നും ദൂരക്കാഴ്ചക്കാർക്കാണ് ഇതനുഭവപ്പെടാൻ സാധ്യത 



#നബി (#സ) #യുടെ #കണ്ണുകൾ

➖➖➖➖➖➖➖➖➖

ഏതൊരു മനുഷ്യന്റെയും കണ്ണുകൾ സൗന്ദര്യത്തെ നിർണയിക്കുന്ന പ്രധാന ഘടകമാണ് തിരുനബി (സ) യുടെ നേത്രങ്ങൾ ഏവരെയും ഹഠാതാകർഷിക്കുന്നതാരിരുന്നുവെന്ന് ശമാഇലുകളിൽ നിന്ന് വളരെ വ്യക്തമാണ് 

ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) എഴുതുന്നു: അലി (റ) പറഞ്ഞു: നബി (സ) യുടെ നേത്രങ്ങൾ വലുതും  ഭംഗിയുള്ളതുമായിരുന്നു (മുസ്നദ് അഹ്മദ്: 1/89 

ഇമാം ബൈഹഖി (റ) എഴുതുന്നു: നബി (സ) യുടെ കണ്ണുകൾ വലുതും ചുവപ്പു കലർന്ന വെളുപ്പ് നിറമുള്ളതുമായിരുന്നു (ദലാഇലുന്നുബുവ്വ: 1/159) 

ഇമാം ശാമി (റ) എഴുതുന്നു: ജാബിറുബ്നു സംറ (റ) പറയുന്നു: നബി (സ) യുടെ നേത്രങ്ങൾ വലുതായിരുന്നു 

അബൂഹുറൈറ (റ) പറയുന്നു: നബി (സ) യുടെ നേത്രങ്ങൾ ഭംഗിയുള്ളതും സുറുമ എഴുതിയതുമായിരുന്നു 

ജാബിറുബ്നു സംറ (റ) പറഞ്ഞു: നബി (സ) യിലേക്ക് നോക്കിയാൽ ഞാൻ പറഞ്ഞു പോകും, അവിടുന്ന് സുറുമ എഴുതിയിട്ടുണ്ടെന്ന് യഥാർത്ഥത്തിൽ നബി (സ) സുറുമ എഴുതിയിട്ടില്ല (സുബുൽ: 2/34) 

ഇബ്നുൽ ജൗസി എഴുതുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പകലിൽ കാണുന്നതുപോലെ നല്ല ഇരുട്ടുള്ള രാത്രിയിലും നബി (സ) കാണുമായിരുന്നു (അൽ വഫ: 344) 

ഇമാം മുസ്ലിംമുബ്നു ഹജ്ജാജ് (റ) രേഖപ്പെടുത്തുന്നു: അനസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ജനങ്ങളെ, നിശ്ചയം ഞാൻ നിങ്ങളുടെ ഇമാമാണ് റുകൂഅ്, സുജൂദ് കൊണ്ട് നിങ്ങൾ മുന്നിലെത്തരുത് നിശ്ചയം എന്റെ മുന്നിലൂടെയും പിന്നിലൂടെയും നിങ്ങളെ ഞാൻ കാണും (സ്വഹീഹു മുസ്ലിം, ഹദീസ് നമ്പർ: 112) 

ഇമാം മുജാഹിദ് (റ) പറഞ്ഞു: നബി (സ) മുന്നിലുള്ളവരെ കാണുംവിധം പിന്നിലുള്ള സ്വഫ്ഫുകാരെയും (നിസ്കാരത്തിൽ) കാണുമായിരുന്നു (സുബുൽ: 2/36) 

ചുരുക്കത്തിൽ നബി (സ) യുടെ കണ്ണുകളുടെ പ്രത്യേകതയും ഭംഗിയും ആകാരവും സംബന്ധിച്ച് സ്വഹാബി പ്രമുഖർ പറഞ്ഞതാണ് മുകളിൽ നാം വായിച്ചത് എന്നാൽ ഇതെല്ലാം നബി (സ) യുടെ സവിശേഷതകളിൽ നിന്ന് ധാരാളം പറഞ്ഞതിൽ വളരെ തുഛമാണെന്ന് നാം മനസ്സിലാക്കണം 


നബി (സ) യുടെ താടിരോമങ്ങൾ

താടിരോമങ്ങൾ പുരുഷ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് വൃത്തിയായി സൂക്ഷിക്കുന്ന താടി പുരുഷന്മാർക്കു വേണം അമ്പിയാക്കൾക്കെല്ലാം താടിയുണ്ടായിരുന്നു താടി ഉണ്ടായിരിക്കൽ സുന്നത്താണ് വടിക്കൽ കറാഹത്തും ഹറാമാണെന്ന് പറഞ്ഞവരും ഉണ്ട് തിരുനബി (സ) യുടെ സുന്ദരമായ താടിയെ സംബന്ധിച്ച് സ്വഹാബിവര്യന്മാർ പറഞ്ഞത്  എന്താണെന്ന് നോക്കാം: 

ഹിന്ദ് ബ്നു അബീഹാല (റ) പറഞ്ഞു: നബി (സ) താടിരോമങ്ങൾ അധികമുള്ള ആളായിരുന്നു (ശർഹു ശമാഇലിത്തുർമുദി: 145) 

സഅ്ദ്ബ്നു അബീവഖാസ്വ് (റ) പറഞ്ഞു: നബി (സ) യുടെ താടിക്കും തലമുടിക്കും നല്ല കറുപ്പുണ്ടായിരുന്നു (സുബുൽ: 2/48) 

അനസ് (റ) പറഞ്ഞു: നബി (സ) യുടെ താടിരോമങ്ങൾ നെഞ്ചിലേക്ക് വാർന്നിറങ്ങിയിരുന്നു ചുറ്റു ഭാഗത്തും മുടികൾ നിബിഢമായിരുന്നു (തഹ്ദീബ്നു അസാകിർ: 1/320) 

അബ്ദുല്ലാഹിബ്നു ഖുസ്ർ (റ) പറഞ്ഞു: നബി (സ) യുടെ ചുണ്ടിന് താഴെയുള്ള ചൂഴ്ത്താടിയിൽ ഏതാനും വെളുത്ത രോമങ്ങൾ ഉണ്ടായിരുന്നു (ത്വബഖാത്തുബ്നു സഅ്ദ്: 1/417) 

അനസ് (റ) പറഞ്ഞു: നബി (സ) യുടെ ഇരുപതിൽ കുറഞ്ഞ രോമങ്ങൾക്കെ നര ബാധിച്ചിരുന്നുള്ളൂ (ബുഖാരി, മുസ്ലിം, സുബുൽ: 2/49) 

തിരുനബി (സ) യുടെ അനുചരന്മാരായ സ്വഹാബികൾ അവിടുത്തെ നരച്ച രോമങ്ങൾ പോലും എണ്ണി കണക്കാക്കിയിരുന്നുവെന്ന് കേൾക്കുമ്പോൾ അത്ഭുതം തന്നെയാണ് എണ്ണത്തിൽ ചില അഭിപ്രായ വ്യത്യാസം കാണാമെങ്കിലും 


നബി (സ) യുടെ തലപ്പാവ്

പുരുഷന് തലപ്പാവ് ധരിക്കൽ സുന്നത്താണ് നബി (സ) സുന്ദരമായ തലപ്പാവ് ധരിച്ചിരുന്നു തലപ്പാവ് പുരുഷന് സൗന്ദര്യവും സുരക്ഷയും നൽകുന്നു 

ഇമാം നവവി (റ) എഴുതുന്നു:  ജാബിർ (റ) വിൽ നിന്ന് നിവേദനം നബി (സ) മക്കം ഫത്ഹിന്റെ ദിവസം കറുത്ത തലപ്പാവണിഞ്ഞ് മക്കയിൽ പ്രവേശിച്ചു 

അബൂസഈദ് അംറുബ്നു ഹുനൈസ് (റ) വിൽ നിന്ന് നിവേദനം ഞാൻ നബി (സ) യെ കാണുന്നതുപോലെ അവിടുന്ന് കറുത്ത തലപ്പാവ് അണിഞ്ഞിട്ടുണ്ട് രണ്ട് ചുമലിനിടയിലായി വാൽ തൂക്കിയിട്ടിരുന്നു (രിയാളുസ്വാലിഹീൻ: 323) 

മേൽ ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി (റ) തന്നെ എഴുതുന്നു: കറുത്ത വസ്ത്രം ധരിക്കാമെന്ന് മേൽ ഹദീസിൽ തെളിവുണ്ട് വെളുത്ത വസ്ത്രമാണ് ശ്രേഷ്ഠതയെങ്കിലും കറുത്ത വസ്ത്രം ധരിക്കൽ അനുവദനീയമാണ് (ശർഹു മുസ്ലിം: 9/137) 

ഉറക്കം അതുപോലോത്ത അവസ്ഥകളിലൊഴികെ നിസ്കാരത്തിലും അല്ലാത്താപ്പോഴും തലപ്പാവ് ധരിക്കൽ സുന്നത്താണ് (ബിഗ് യ: 79) 

തലപ്പാവ് നിന്ന് ധരിക്കലാണ് സുന്നത്ത് (ഫതാവൽ കുബ്റ: 1/269) 


നബി (സ) യുടെ വസ്ത്രം

തിരുനബി (സ) യുടെ വസ്ത്രധാരണയാണ് മുസ്ലിംകൾ സ്വീകരിക്കേണ്ടത് വസ്ത്രധാരണയിലെ വൃത്തിയും വെടിപ്പും വ്യക്തിജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് കളർ വസ്ത്രങ്ങൾ ധരിക്കൽ അനുവദനീയമാണെങ്കിലും ശ്രേഷ്ഠത വെള്ള വസ്ത്രത്തിനാണെന്ന ഇമാം നവവി (റ) വിന്റെ ഉദ്ധരണി നാം കഴിഞ്ഞ ഭാഗത്തിൽ കണ്ടു അതുകൊണ്ട് തന്നെ കഴിവതും വെള്ള വസ്ത്രം തന്നെ ധരിക്കാൻ നാം ശ്രദ്ധിക്കുക 

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ളയെ നിങ്ങൾ ധരിക്കുക നിങ്ങളുടെ വസ്ത്രങ്ങളിൽ ഉത്തമം അതാണ് നിങ്ങളിൽ നിന്ന് മരിച്ചവരെ വെള്ളയിൽ കഫൻ ചെയ്യുക (അബൂദാവൂദ്, തുർമുദി) 

ജാബിറുബ്നു സംറ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക അതിനാണ് വൃത്തിയും അഴകും (മുസ്തദ്റക്: 4/185, നസാഈ: 8/205)

അബൂറിംസ (റ) വിൽ നിന്ന് നിവേദനം രണ്ട് പച്ച വസ്ത്രം ധരിച്ച നിലയിൽ നബി (സ) യെ ഞാൻ കണ്ടിട്ടുണ്ട് 

ഉമ്മുസലമ (റ) വിൽ നിന്ന് നിവേദനം: വസ്ത്രങ്ങളിൽ വെച്ച് നബി (സ) ക്ക് ഏറ്റവും പ്രിയം ഖമീസ്വിനോടായിരുന്നു (അബൂദാവൂദ്: 4025, തുർമുദി: 1762) 


തിരുനബി (സ) യുടെ പാദരക്ഷ

പാദരക്ഷ ധരിക്കൽ തിരുചര്യയിൽ പെട്ടതാണ് മതപരമായും ശാസ്ത്രീയമായും അതുകൊണ്ട് നേട്ടങ്ങൾ ഏറെയുണ്ട് 

ഖതാദ (റ) വിൽ നിന്ന് നിവേദനം ഞാൻ അനസ് (റ) വിനോട് ചോദിച്ചു: നബി (സ) യുടെ പാദരക്ഷ എങ്ങനെയായിരുന്നു? മഹാൻ പറഞ്ഞു: അതിന് രണ്ട് വാറുണ്ടായിരുന്നു (ബുഖാരി:5857, തുർമുദി: 1772) 

ഹാഫിള് ബ്നു കസീർ രേഖപ്പെടുത്തുന്നു: അബൂഹുറൈറ (റ) പറഞ്ഞു: നബി (സ), അബൂബക്കർ സിദ്ദിഖ് (റ), ഉമർ (റ) എന്നിവരുടെ പാദരക്ഷകൾക്ക് രണ്ട് വാറുണ്ടായിരുന്നു (അസ്സീറത്തുന്നബവിയ്യ: 4/710) 

ഇമാം മാലിക് (റ) രേഖപ്പെടുത്തുന്നു: ജാബിർ (റ) വിൽ നിന്ന് നിവേദനം നിശ്ചയം നബി (സ) വിരോധിച്ചതാണ് ഇടതു കൈകൊണ്ട് ഭക്ഷണം കഴിക്കലും ഒറ്റ പാദരക്ഷയിൽ നടക്കലും (മുവത്വഅ: 2/922) 

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: നിങ്ങളിലൊരുത്തൻ ചെരിപ്പ് ധരിക്കുമ്പോൾ വലത് കൊണ്ട് തുടങ്ങട്ടെ അഴിക്കുമ്പോൾ ഇടത് കൊണ്ടും (അശ്ശമാഇലുത്തുർമുദി: 48) 

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: നിങ്ങളിലൊരാളുടെ ചെരിപ്പിന്റെ വാർ മുറിഞ്ഞാൽ അതു നന്നാക്കാതെ നടക്കരുത് (മുസ്ലിം: 2098) 


പാദരക്ഷയുടെ മാതൃക

നബി (സ) യുടെ പാദരക്ഷ ആദരവോടെ  ചുമന്ന് നടക്കുന്ന സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പിൽക്കാലത്ത് പല മഹാന്മാരും തിരുനബി (സ) യുടെ പാദരക്ഷയുടെ മാതൃക കൈവശം വെച്ചിരുന്നു അതിന് പല മഹത്വങ്ങളും ഉണ്ട് 

ശൈഖ് ശിഹാബുദ്ദീൻ അഹ്മദ് മുഖ് രി (റ) എഴുതുന്നു: നബി (സ) യുടെ പാദരക്ഷയുടെ മാതൃക ചുമക്കൽ ശത്രുക്കളിൽ നിന്ന് നിർഭയത്വം ലഭിക്കും എല്ലാ പൈശാചികതയിൽ നിന്നും അസൂയാലുക്കളിൽ നിന്നും രക്ഷപ്പെടും, ജനങ്ങളുടെ ഇടയിൽ സ്വീകാര്യതയും നബി (സ) യെ സ്വപ്ന ദർശനത്തിനും സിയാറത്തിനും ഹേതുവാകുന്നതാണ് 

നബി (സ) യെ സ്വപ്നത്തിൽ ദർശിക്കാനും മദീനാ സിയാറത്തിനും അതോടൊപ്പം നിരവധി നേട്ടങ്ങളും പാദരക്ഷയുടെ മാതൃക ചുമക്കുന്നതിൽ ഉള്ളതുകൊണ്ടാണ് മഹത്തുക്കളും അവരെ പിൻപറ്റിയവരും തിരുനബി (സ) യുടെ പാദരക്ഷയുടെ മാതൃക അദബോടെ ചുമക്കുന്നത് 

തിരുനബി (സ) യുടെ പാദരക്ഷ ചുമക്കുന്നവർ അതിന്റേതായ അദബിലായിരിക്കണം പാദരക്ഷ മാതൃക ചുമന്ന് നടക്കേണ്ടത് ഗീബത്തും, നമീമത്തും, ഹറാമു ദർശനവും, മൂത്രപ്പുരയിലും, കക്കൂസിലും പ്രവേശിക്കുന്നവർ ജാഗ്രതൈ

തിരുനബി (സ) യുടെ അംഗലാവണ്യ വർണനകൾ വളരെ വിശാലമാണ് ഈ വിഷയത്തിൽ മാത്രം നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പ്രധാനം ഹിജ്റ 279- ൽ വഫാത്തായ ഇമാം അബൂഈസാ മുഹമ്മദ് തുർമുദി (റ) രചിച്ച 'അശ്ശമാഇലുൽ മുഹമ്മദിയ്യ' എന്ന ഗ്രന്ഥമാണ് ഈ ഗ്രന്ഥത്തിന് ശാഫിഈ മദ്ഹബിലെ പിൽക്കാല കർമശാസ്ത്ര പണ്ഡിതരിൽ പ്രസിദ്ധനായ ഇമാം ഇബ്നു ഹജർ ഹൈതമി (റ) രചിച്ച വ്യാഖ്യാനമാണ് 'അശ്റഫുൽ വസാഇൽ ഫീ ശർഹിശ്ശമാഇൽ'

ചുരുക്കത്തിൽ നബി (സ) യുടെ വർണനകൾ നാം മുകളിൽ കണ്ടു വളരെ വളരെ തുഛമാണ് എങ്കിലും മുത്ത് നബി (സ) യോടുള്ള മുഹബ്ബത്തും ഇശ്ഖും വർധിക്കാൻ ഇത്തരം മണിമുത്തുകൾ കാരണമാവാറുണ്ട് അതാണ് നമ്മുടെ വഴിയും ലക്ഷ്യവും അശ്ശമാഇലിന്റെ ചില വ്യാഖ്യാനങ്ങൾ താഴെ കൊടുക്കുന്നു 


1. അശ്റഫുൽ വസാഇൽ ഫീ ശർഹിശ്ശമാഇൽ - ഇമാം ഇബ്നു ഹജർ ഹൈതമി (റ)

2. അൽ മവാഹിബുൽ മുഹമ്മദിയ്യ ബി ശർഹിശ്ശമാഇൽ - ഇമാം സുലൈമാനുൽ ജമൽ (റ)

3. അൽ വഫാ ലി ശർഹി ശമാഇലിൽ മുസ്ഥഫ - ഇമാം ബുർഹാനുദ്ദീൻ ഹലബി (റ) 

4. ശർഹുശ്ശമാഇൽ - ഇമാം മുനാവി (റ) 

5. അൽ മവാഹിബുല്ലദുന്നിയ്യ അലശ്ശമാഇലിൽ മുഹമ്മദിയ്യ - ഇമാം ഇബ്റാഹീമുൽ ബാജൂരി (റ) 


നബിദർശനം സ്വപ്നത്തിലും ഉണർവിലും

ഹബീബായ മുത്തുനബി (സ) യെ സ്വപ്നത്തിലും ഉണർവിലും ദർശിക്കുക എന്നത് ഏതൊരു മുഅ്മിനിന്റെയും അടങ്ങാത്ത അഭിലാഷമാണ് അതിനുള്ള വഴികൾ തേടിപ്പിടിച്ച് അമൽ ചെയ്ത പലരും സ്വപ്നത്തിലും ഉണർവിലും മുത്തുനബി (സ) യെ ദർശിച്ചിട്ടുണ്ട് നബി (സ) യെ ദർശിക്കുന്ന മഹത്വം വിളിച്ചോതുന്ന ധാരാളം ഹദീസുകൾ ഉണ്ട് 

ഹിജ്റ 110- ൽ വഫാത്തായ സ്വപ്നവ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇമാം മുഹമ്മദ് ബ്നു സീരീൻ (റ) എഴുതുന്നു: അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എന്നെ സ്വപ്നത്തിൽ ദർശിച്ചവൻ ഉണർവിൽ ദർശിച്ചവനെ പോലെയാകുന്നു നിശ്ചയമായും ശൈത്വാൻ എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടില്ല 

ഇമാം സുയൂത്വി (റ) എഴുതുന്നു: ബുഖാരി, മുസ്ലിം, അബൂദാവൂദ്, അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എന്നെ സ്വപ്നത്തിൽ ദർശിച്ചവൻ ശേഷം എന്നെ ഉണർവ്വിൽ കാണും ശൈത്വാൻ എന്റെ രൂപത്തിൽ രൂപാന്തരപ്പെടില്ല 

മേൽ ഹദീസുകളിൽ നിന്നെല്ലാം നബി (സ) യെ സ്വപ്നത്തിലും ഉണർവിലും കാണാമെന്നു സ്ഥിരപ്പെട്ടു സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിമിന്റെ ഹദീസാണ് നാം കണ്ടത് നിരവധിയാളുകൾ നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചത് നിഷേധിക്കാൻ പറ്റാത്ത വിധം സ്ഥിരപ്പെട്ടതാണ് സാധാരണക്കാർക്ക് പോലും നബി (സ) യെ സ്വപ്നത്തിൽ ദർശിക്കാൻ സാധിച്ച ധാരാളം അനുഭവങ്ങൾ തന്നെ നിരവധി പണ്ഡിതന്മാരുടെ അടുക്കൽ സ്ഥിരപ്പെട്ടതാണ് ഇമാം സുയൂത്വി (റ) വിന് ഈ വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെയുണ്ട് 

ഇമാം ഇബ്നു സീരീൻ (റ) രേഖപ്പെടുത്തുന്നു: നബി (സ) പറഞ്ഞു: എന്നെ സ്വപ്നത്തിൽ ദർശിച്ചവൻ നരകത്തിൽ പ്രവേശിക്കുകയില്ല 

നബി (സ) യെ സ്വപ്നത്തിൽ ദർശിക്കാമെന്നും സ്വപ്ന ദർശനത്തിന് ഭാഗ്യം ലഭിച്ചവന് ഉണർവിൽ ദർശിക്കാമെന്നും മേൽ ഹദീസിൽ നിന്നു മനസ്സിലാക്കാം ഉണർവിൽ ദർശിക്കുന്നത് ഇഹലോകത്താണോ പരലോകത്താണോ? 

ഇമാം സുയൂത്വി (റ) 'തൻവീറുൽ ഹലക് ഫീ ഇംകാനി റുഅ് യത്തിന്നബിയ്യി (സ) വൽവമലകി ' ൽ എഴുതുന്നു: പരലോകത്തു വെച്ചാണ് വെച്ചാണ് കാണുക എന്നു പറയുന്നതിൽ ഒരു പ്രാധാന്യമില്ല കാരണം നബി (സ) യുടെ ഉമ്മത്തിൽ നിന്ന് മുഅ്മിനുകളും  അല്ലാത്തവരും പരലോകത്ത് വെച്ച് കാണുന്നതാണ് പൂർവിക മഹത്തുക്കളിൽ പെട്ട ചിലർ നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചു അവർ മേൽ ഹദീസ് വിശ്വസിച്ചവരായിരുന്നു അവർ പിന്നീട് ഉണർവിൽ നബി (സ) യെ ദർശിക്കുകയും അവരുടെ ചില വിഷമതകൾ അറിയിക്കുകയും ചെയ്തപ്പോൾ നബി (സ) അവർക്കതിനു മറുപടി നൽകുകയും ചെയ്തു 

മേൽ വിവരണത്തിൽ നിന്ന് നബി (സ) യെ ദുനിയാവിൽ വെച്ചു തന്നെ ഉണർവിൽ ദർശിക്കാമെന്നു വന്നു ഇങ്ങനെ ഉണർവിൽ ദർശിച്ച ധാരാളം സംഭവങ്ങൾ അഇമ്മത്തിന്റെ ഗ്രന്ഥങ്ങളിൽ കാണാം നബി ദർശനം സ്വപ്നത്തിലും ഉണർവിലും സാധ്യമല്ലെന്ന വാദം ശരീഅത്ത് വിരുദ്ധമാണെന്ന് മനസ്സിലാക്കാം .


നബി (സ) ജനിച്ച മാസം, ദിവസം

നബി (സ) ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളായ്ചയാണെന്നാണ് ചരിത്രകാരന്മാർക്കിടയിൽ പ്രബലം 

ഇസ്മാഈലുബ്നി കസീർ (റ) എഴുതുന്നു: നബി (സ) ജനിച്ചത് ആനക്കലഹ വർഷം റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാകുന്നു (സീറത്തുന്നബവിയ്യ: 1/99)

ഇമാം അഹ്മദ് ഖസ്ത്വല്ലാനി (റ) എഴുതുന്നു: നബി (സ) ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ചയാണ് എന്ന ഇമാം ഇബ്നു ഇസ്ഹാഖ് (റ) വിന്റെ അഭിപ്രായമാണ് ഇക്കാര്യത്തിൽ പ്രസിദ്ധമായത് ഈ ദിവസം മക്കാ നിവാസികൾ നബി (സ) ജനിച്ച സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു (അൽ മവാഹിബുല്ലദുന്നിയ്യ: 1/75) 

നബി (സ) യുടെ ചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'സീറത്തുന്നബവിയ്യ' സീറകളുടെ ഗ്രന്ഥങ്ങളിലെല്ലാം തന്നെ നബി (സ) ജനിച്ചത് റബീഉൽ അവൽ പന്ത്രണ്ട് തിങ്കളാഴ്ചയാണെന്നാണ് പ്രസിദ്ധമായത് മാത്രമല്ല, സീറാ ചരിത്രകാരന്മാർ പ്രധാനമായും അവലംബിക്കുന്ന ഇമാം ഇബ്നു ഇസ്ഹാഖ് (റ) വിൽ നിന്ന് പ്രസിദ്ധമായതും ഈ അഭിപ്രായമാണ് ഈ വിഷയത്തിലും പുറംതിരിഞ്ഞ് ഒച്ചപ്പാടുകളുണ്ടാക്കുന്നത് വെറുതെ ശബ്ദമലിനീകരണം ഉണ്ടാക്കി സമയം നഷ്ടപ്പെടുത്തുകയാണെന്നോർക്കണം മുസ്ലിംകൾ പണ്ടുമുതലേ ചെയ്തുപോരുന്ന കാര്യങ്ങൾക്കെല്ലാം മതഗ്രന്ഥങ്ങളിൽ അവലംബം കാണാവുന്നതാണ് 


നബിദിനാഘോഷം

നബി (സ) ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് നാം കഴിഞ്ഞ ഭാഗത്തിൽ കണ്ടു പ്രസ്തുത മാസത്തിൽ പന്ത്രണ്ടിന് മുസ്ലിംലോകം ഹബീബായ നബി (സ) യുടെ ജന്മദിനം വളരെ വലിയ സന്തോഷത്തോടെ  കൊണ്ടാടാറുണ്ട് ശരീഅത്തിലധിഷ്ഠിതമായി ചെയ്യുന്ന ഈ പുണ്യകർമത്തെ ശരീഅത്ത് വിരുദ്ധമാക്കാൻ ചിലർ ശ്രമിക്കാറുണ്ട് എന്നാൽ പ്രമാണങ്ങൾ ഇത്തരക്കാർക്ക്  അനുകൂലമല്ലെന്ന് അഇമ്മത്തിന്റെ (ഇമാമുകളുടെ) ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്ന ആർക്കും മനസ്സിലാവുന്നതാണ് 

നബിദിനാഘോഷം എന്നാൽ എന്ത്? എന്ന് ആദ്യം പഠിക്കണം നബി (സ) ജനിച്ച റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ ദിവസം ജനങ്ങൾ ഒരുമിച്ചുകൂടി നബി (സ) യുടെ മദ്ഹുകൾ ഖുർആനിലും ഹദീസിലും സീറകളിലും വന്ന ചില ഭാഗങ്ങൾ വായിച്ചോ പ്രസംഗിച്ചോ കീർത്തിക്കുകയും നബി (സ) യുടെ പേരിലായി ദാനധർമങ്ങൾ ചെയ്യുകയും വന്നവർക്കായി നല്ല സദ്യ ഒരുക്കുകയും നിറഞ്ഞ മനസ്സോടെ ജനങ്ങൾ പിരിഞ്ഞുപോവുകയും ചെയ്യുന്നു ഈ പുണ്യകർമത്തെ സംബന്ധിച്ച് ശരീഅത്ത് സംരക്ഷകരായ അഇമ്മത്ത് പറയുന്നത് കാണുക: 

ഇമാം സുയൂത്വി (റ) തന്റെ 'ഹുസ്നുൽ മഖ്സ്വദ് ഫീ അമലിൽ മൗലിദ് ' എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ജനങ്ങൾ ഒരുമിച്ചുകൂടി നബി (സ) യുടെ കീർത്തനം ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ജന്മസമയത്തുണ്ടായ അത്ഭുതങ്ങളും പാരായണം ചെയ്യുകയും ശേഷം സദ്യ കഴിക്കുകയും പിരിയുകയും ചെയ്യുന്നതാണ് മൗലിദ് ഇത് നല്ല ആചാരവും പ്രതിഫലാർഹവുമാണ് നബി (സ) യുടെ സ്ഥാന മഹിമ ആദരിക്കലും സന്തോഷം പ്രകടമാക്കലും ഇതിലുള്ളതാണ് കാരണം 

രണ്ടാം ശാഫിഈയും ഔലിയാക്കളുടെ നേതാവുമായ ഇമാം നവവി (റ) വിന്റെ ഗുരുവര്യൻ ഇമാം അബൂശാമാ അബ്ദുർറഹ്മാൻ ദിമിശ്ഖി (റ) എഴുതുന്നു: നബി (സ) യുടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽകർമങ്ങൾ, ദാനധർമങ്ങൾ, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ് കാരണം, അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യലോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി (സ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നുവെന്നതാണ് ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി (സ) യുടെ ജന്മത്തിൽ അല്ലാഹുവിനോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു (അൽ  ബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്: 23) 

ഇമാം അബൂശാമ (റ) സിറിയക്കാരനാണ് ഇമാം സുയൂത്വി (റ) ഈജിപ്തുകാരനുമാണ് ഇവരുടെ നാടുകളിൽ ജനങ്ങൾ കഴിക്കുന്ന മൗലിദ് ശരീഅത്തിലധിഷ്ഠിതമാണെന്നാണ് പ്രമാണങ്ങൾക്കനുസൃതമായി ഇവർ രേഖപ്പെടുത്തിയത് ഇതേ രീതിയിലും ശൈലിയിലുമാണല്ലോ നമ്മുടെ നാടുകളിലും നാം നബിദിനാഘോഷം കൊണ്ടാടാറുള്ളത് അപ്പോൾ അതും പ്രമാണങ്ങളിൽ അധിഷ്ഠിതമാണെന്നു തെളിഞ്ഞു മാത്രമല്ല, ഈ മഹത്തുക്കളെല്ലാം നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാത്തായവരും സർവരാൽ അംഗീകരിക്കപ്പെട്ടവരും പിൻതുടരാൻ പറ്റിയവരുമാണ് 

ചിന്തിക്കുക, ശരീഅത്ത് സംരക്ഷിക്കേണ്ടത് കേവലം ആയത്തും ഹദീസും നോക്കി മാത്രമല്ല മറിച്ച് ശരീഅത്ത് സംരക്ഷകരായ അഇമ്മത്തിന്റെ കിതാബുകൾ നോക്കിയാണ് അഇമ്മത്ത് പറഞ്ഞതിനെതിരിലുള്ള ശരീഅത്ത് വ്യാജമാണ് .


തഴവ ഉസ്താദ് പാടിയത്


മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ 

അത് ഹിജ്റ മുന്നൂറിന് ശേഷം വന്നതാ 

എന്നു സഖാവി പറഞ്ഞതായി കാണുന്നതാ 

റബീഉൽ അവ്വൽ മാസമായാൽ കേരളാ വഹാബികൾ മുകളിലെ വരികൾ എഴുതിയ പോസ്റ്ററുകൾ ചുമരിലൊട്ടിക്കലായി മൗലിദ് കഴിക്കാൻ പാടില്ലാ എന്ന് തഴവ എന്ന സുന്നി പണ്ഡിതൻ തന്നെ എഴുതിവെച്ചിട്ടുണ്ടെന്നാണ് ഇതിലൂടെ വഹാബികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ മുകളിലെയും ചുവട്ടിലെയും വരികൾ ഒഴിവാക്കി തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം മനപ്പൂർവ്വം ഇങ്ങനെ ചെയ്യുകയാണ് വഹാബികൾ മാത്രമല്ല, പ്രസ്തുത വരികളിലായി തഴവ പാടുന്നത് മൗലിദ് കഴിക്കൽ സുന്നത്താണെന്നും അതിന്റെ നേട്ടങ്ങളുമാണ് അപ്പോൾ മൗലിദ് കഴിക്കൽ മുമ്പ് പതിവില്ല എന്നു പറഞ്ഞത് മൗലിദിന് ഇന്നു കാണുന്ന ഈ പുതിയ രൂപം ഹിജ്റ മുന്നൂറിന് ശേഷം വന്നതാണെന്നാണ് ദീനിൽ ഇൽമ് പറഞ്ഞ് കൊടുക്കൽ വാജിബും സുന്നത്തുമാണ് എന്നാൽ ഗ്രന്ഥരചനയും മദ്റസയുമൊന്നും സ്വഹാബത്തിന്റെ കാലത്തില്ല അത് പിന്നീട് ഉണ്ടായതാണ് ഇന്നത്തെ പോലെ സ്റ്റേജ് കെട്ടി മൈക്കിലൂടെ വഅള് പറയലും സി.ഡി ഇറക്കലും സ്വഹാബത്തിന്റെ കാലത്ത് എന്നല്ല ഹിജ്റ ആയിരത്തിനു ശേഷം വന്നതാണെന്നതിൽ ഒരു സംശയവുമില്ല അതുകൊണ്ട് ഇതൊക്കെ പാടില്ലെന്ന് വഹാബികൾ പറയുന്നില്ല  

തഴവയുടെ ബൈത്ത് മുമ്പും താഴെയും നമുക്കു പരിശോധിക്കാം 

'അതുപോലെ അമലുകൾ മൗലിദും അതിനാളുകൾ 

കൂടുന്നതെല്ലാം തന്നെയും സുന്നത്തുകൾ

അതുകൊണ്ട് അക്കൊല്ലം മുസ്വീബത്തൊക്കെയും 

നീങ്ങുന്നതാണെന്ന് ഇബ്നുൽ ജൗസിയും  

മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ 

അത് ഹിജ്റ മുന്നൂറിനു ശേഷം വന്നതാ 

എന്നും സഖാവി പറഞ്ഞതായി കാണുന്നതാ 

നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ 

അതിനാൽ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ 

കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതായ് കാണുന്നതാ

കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ 

ഇതുപോലെ തന്നെ സുയൂത്വി തന്റെ വസാഇലിൽ 

പറയുന്നതാ നീ നോക്ക് ശർഹു ശമാഇലിൽ ' 

മേൽ വരികളിൽ മൗലിദ് കഴിക്കൽ സുന്നത്താണെന്നും മൗലിദ് കഴിച്ചാൽ ലഭിക്കുന്ന നേട്ടങ്ങളും വ്യക്തമായിത്തന്നെ ഏതൊരു സാധാരണക്കാരനും തെളിഞ്ഞു കാണാം എന്നിട്ടും വഹാബികൾ ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നു ഇവർക്കെന്തേ നബി (സ) ജനിച്ച ദിവസത്തോടിത്ര വെറുപ്പ് 

ഇമാം മുഹമ്മദ് ശിർബീനി (റ) എഴുതുന്നു: ശപിക്കപ്പെട്ട ഇബ്ലീസ് നാലു തവണ കരഞ്ഞിട്ടുണ്ട് അതിലൊന്ന് നബി (സ) ജനിച്ചപ്പോഴായിരുന്നു (മുഗ്നി: 1/157) 

മുകളിലെയും താഴെയുമുള്ള വരികൾ കാക്കാതെ ഞങ്ങൾ വഹാബികൾക്കു വേണ്ടി പാടുന്നു 

മൗലിദ് കഴിക്കൽ മുമ്പ് പാടില്ലെന്ന് 

പറഞ്ഞിട്ട് സലഫികൾ മൗലിദും തള്ളുന്നു 

ബുഖാരി നോക്കൽ മുമ്പ് പതിവില്ലാത്തതാ 

അത് ഹിജ്റ ഇരുന്നൂറിന് ശേഷം വന്നതാ 

തൗഹീദ് വിഭജനം മുമ്പ് പതിവില്ലാത്തതാ 

അത് ഹിജ്റ മുന്നൂറിനു ശേഷം വന്നതാ 

മൗലിദ് കഴിക്കൽ നിങ്ങളും പതിവുള്ളതാ 

അമ്പത്തി രണ്ടിനു ശേഷവും തുടരുന്നതാ 

പ്രത്യേക തസ്ബീത്തും മുജാഹിദിനുണ്ട് 

മൗലിദ് തള്ളിയ ന്യായവും അതിലുണ്ട് 

പോസ്റ്റർ പതിച്ച് മൈക്കയും കെട്ടീട്ട് 

നാട്ടിൽ മുഴക്കെ പ്രചരണം നടത്തീട്ട് 

സമ്മേളനങ്ങൾ മുമ്പ് പതിവില്ലാത്തതാ 

പതിവില്ല മുമ്പവയെങ്കിലോ നീ തള്ളണം 

പ്രവാചകന്റെ സമാനിലേക്ക് മടക്കണം 

എവിടുന്നു കിട്ടി മുജാഹിദേ ഈ ചക്കര  

മീലാദ് യോഗം മാത്രമെന്താ കൊപ്പര 

(അൽ ഓഹിബിയത്തുൽ ജഹ്ലിയ്യ, പേജ്:11) 

അതുകൊണ്ടുതന്നെ മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ എന്ന് തുടങ്ങുന്ന ഭാഗവുമായി വഹാബികൾ രംഗത്തു വന്നാൽ മേൽ പറഞ്ഞ ബൈത്തും തഴവാന്റെ ബൈത്തും പൂർണമായി കാണിച്ചു കൊടുക്കണം 

ഹിജ്റ മുന്നൂറിനു ശേഷം മുളഫർ രാജാവാണ് മൗലിദിന് ഒരു പുതിയ ശൈലി കൊണ്ടുവന്നത് ഈ ശൈലി അഇമ്മത്ത് അംഗീകരിച്ചതാണ്.


നബി (സ) യുടെ പത്ത് പ്രത്യേകതകൾ


നബി (സ) യുടെ പത്ത് പ്രത്യേകതകളിൽ പെട്ട ഒരു പ്രത്യേകത നാം വായിച്ചു ബാക്കിയുള്ള പ്രത്യേകതകളും നമുക്ക് വായിക്കാം ശൈഖ് മുഹമ്മദുൽ ജാവി (റ) എഴുതുന്നു: 

1. സ്വപ്നസ്ഖലനം തീരെ ഉണ്ടായിട്ടില്ല 

2. കോട്ടുവായ തീരെ ഇല്ല

3. മൃഗങ്ങൾ കണ്ടാൽ ഓടില്ല 

4. ഈച്ച ശരീരത്തിൽ വരില്ല 

5. മുന്നിലുള്ളതുപോലെ പിന്നിലും കാണും

6. മൂത്രിച്ചാൽ യാതൊരു അടയാളവും ഭൂമിക്കു മുകളിൽ ദൃശ്യമല്ല 

7. കണ്ണ് ഉറങ്ങിയാലും ഖൽബ് ഉറങ്ങുകയില്ല

8. സൂര്യന്റെ വെളിച്ചത്തിൽ നിഴൽ ഉണ്ടാവുകയില്ല 

9. ഏതൊരു സദസ്സിലും അവിടുത്തെ ചുമൽ ഉയർന്നിരിക്കും 

10. ചേലാകർമം ചെയ്യപ്പെട്ടവനായി ജനിച്ചു

ഇവകൾ മനഃപാഠമാക്കിയാൽ തീയിന്റെയും കള്ളന്റെയും ശർറിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും നിർഭയത്വമുള്ളവനായിരിക്കും (മറാഖിൽ ഉബൂദിയ്യ: 2)


നബി (സ) എല്ലാ ഭാഷയും അറിയും

നബി (സ) ക്ക് എല്ലാ ഭാഷയും അറിയാമെന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ ലോകാവസാനം എന്നാണ് സംഭവിക്കുക എന്ന അറിവും നബി (സ) ക്ക് ഉണ്ട് 

ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു: ഓരോ ജനതയുടെയും ഭാഷയോടുകൂടി മാത്രമാണ് നാം ഓരോ റസൂലിനെയും അയച്ചതെന്ന അല്ലാഹുവിന്റെ വാക്യം സൂചിപ്പിക്കുന്നത് എല്ലാ ഭാഷയും നബി (സ) ക്ക് അറിയാമെന്നാണ് കാരണം വ്യത്യസ്ത ഭാഷക്കാരായ മുഴുവൻ സമൂഹങ്ങളിലേക്കുമുള്ള റസൂലാണ് നബി (സ) (ഫത്ഹുൽ ബാരി: 6/524) 

ഇമാം ഖസ്ത്വല്ലാനി (റ) എഴുതുന്നു: നബി (സ) ക്ക് സർവ ഭാഷകളും അറിയാമെന്നതിലേക്ക് ഈ ആയത്ത് സൂചന നൽകുന്നുണ്ട് (ഇർശാദുസ്സാരി: 5/180) 

ഇമാം സ്വുയൂത്വി (റ) എഴുതുന്നു: ലോകാവസാനം, റൂഹ് എന്നിവയെ സംബന്ധിച്ചുള്ള അറിവ് നബി (സ) ക്ക് നൽകപ്പെട്ടിട്ടുണ്ട് അവ മറച്ചുവെക്കുവാൻ കൽപിക്കപ്പെട്ടതാണ് (അൽ ഖസ്വാഇസുൽ കുബ്റ: 2/195) 


നബി (സ) യുടെ ശഫാഅത്ത്

നബി (സ) മുഅ്മിനുകൾക്ക് വേണ്ടി പാരത്രിക ലോകത്തുവെച്ച് ശഫാഅത്തു ചെയ്യുമെന്ന വിശ്വാസമാണ് പരിശുദ്ധ ദീൻ നമ്മെ പഠിപ്പിക്കുന്നത് നിഷേധിക്കാൻ പറ്റാത്തവിധം സ്ഥിരപ്പെട്ടതാണ് ശഫാഅത്ത് ശഫാഅത്തിനെ അഞ്ചു വിധമായി വേർതിരിച്ചിട്ടുണ്ട് 

ഇമാം നവവി (റ) എഴുതുന്നു: പാപികളായ മുഅ്മിനീങ്ങൾക്ക് പാരത്രിക ലോകത്ത് ശഫാഅത്തുണ്ടെന്നത് തവാത്തുറാണ് (നിഷേധിക്കാൻ പറ്റാത്തവിധം സ്ഥിരപ്പെട്ടതാണ്) അഹ്ലുസ്സുന്നയിൽ നിന്നുള്ള മുൻഗാമികളും പിൻഗാമികളും ശേഷക്കാരും ഇതിൽ യോജിച്ചിരിക്കുന്നു ഖവാരിജുകൾ, ചില മുഅ്തസിലിയാക്കളും  ഇതംഗീകരിച്ചിട്ടില്ല  

ശഫാഅത്ത് അഞ്ച് വിധമാണ് അതിൽ ഒന്നാമത്തേത് നബി (സ) ക്ക് മാത്രം പ്രത്യേകമായതാണ് ഹിസാബ് വേഗം നടത്താനുള്ളതാണ് 

രണ്ട്, ഹിസാബ് കൂടാതെ ഒരു വിഭാഗത്തെ സ്വർഗത്തിൽ കടത്താനുള്ളത് ഇതും നബി (സ) ക്ക് മാത്രം പ്രത്യേകതയാണ്  

മൂന്ന്, നരകം നിർബന്ധമായ ഒരു വിഭാഗത്തിനുള്ള ശഫാഅത്ത് അവരുടെ കാര്യത്തിൽ നബി (സ) യും അല്ലാഹു ഉദ്ദേശിച്ചവരും ശഫാഅത്ത് ചെയ്യും 

നാല്, നരകത്തിൽ പ്രവേശിച്ച പാപികൾക്കുള്ള ശഫാഅത്ത് നബി (സ), മലക്കുകൾ, മുഅ്മിനീങ്ങൾ എന്നിവരുടെ ശഫാഅത്ത് കൊണ്ട് അവരെ നരകത്തിൽ നിന്ന് ഓചിപ്പിക്കും പിന്നീട് അല്ലാഹു ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞവരെയൊക്കെ മോചിപ്പിക്കും  അവിശ്വാസികൾ മാത്രമേ നരകത്തിൽ അവശേഷിക്കുകയുള്ളൂ 

അഞ്ച്, സ്വർഗക്കാർക്ക് സ്ഥാനം കൂടുവാനുള്ള ശഫാഅത്ത് ഈ ശഫാഅത്തിനെ മുഅ്തസിലിയാക്കൾ എതിർക്കുന്നില്ല (ശർഹു മുസ്ലിം: 3/35) 

മേൽ വാക്യങ്ങളിൽ നിന്ന് നബി (സ), മലക്കുകൾ, മുഅ്മിനുകൾ എന്നിവർ പാരത്രിക ലോകത്ത് വെച്ച് ശഫാഅത്ത് ചെയ്യുമെന്നുറപ്പായി അതുകൊണ്ട് തന്നെ ആ ശഫാഅത്ത് ലഭിക്കുവാനുള്ള മാർഗമാണ് നാം സ്വീകരിക്കേണ്ടത് മഹാന്മാരുമായുള്ള ആത്മീയ ബന്ധം ഉപകരിക്കുന്നത് കൂടുതലും പാരത്രിക ലോകത്താണ് കൂടുതലും ആവശ്യം അവിടെതന്നെയാണല്ലോ അതിനാൽ മഹാന്മാരുമായി എങ്ങനെ അടുക്കുവാൻ കഴിയും, അതിനുള്ള മാർഗങ്ങളെന്തെല്ലാം, അതാണ് നാം അന്വേഷിക്കേണ്ടതും 

മഹത്തുക്കളെ കണ്ടെത്തുകയും പാരത്രിക വിജയത്തിനും തെറ്റുകൾ പൊറുത്തു കിട്ടുവാൻ ദുആ ചെയ്യാനും നാം ആവശ്യപ്പെടം നബി (സ) ഈ ഉമ്മത്തിന് പറഞ്ഞു കൊടുത്ത മഹത്തായ കാര്യമാണിത് ഉവൈസുൽ ഖറനെ (റ) വിനെ നിങ്ങളാരെങ്കിലും കണ്ടെത്തിയാൽ പാപമോചനത്തിനപേക്ഷിച്ചോ എന്ന് നബി (സ) നമ്മെ പഠിപ്പിച്ചതാണ് 


ഉവൈസുൽ ഖറനി (റ) വിന്റെ ശഫാഅത്ത്

'ഖൈറുത്താബിഈൻ' എന്ന് നബി (സ) വിശേഷിപ്പിച്ച മഹാനാണ് ഉവൈസുൽ ഖറനി (റ) തസ്വവ്വുഫ് ചരിത്ര ഗ്രന്ഥങ്ങളിൽ മഹാന്റെ ജീവിത ദർശനങ്ങൾ കാണാം ഉവൈസുൽ ഖറനി (റ) വിനെ കണ്ടുമുട്ടിയാൽ ദുആ ആവശ്യപ്പെടാൻ ഉമർ (റ) വിനോട് നബി (സ) പറഞ്ഞതാണ് 

ഇമാം നവവി (റ) എഴുതുന്നു: നബി (സ) പറഞ്ഞു: നിങ്ങളിൽ നിന്നാരെങ്കിലും അദ്ദേഹത്തെ (ഉവൈസുൽ ഖറനി (റ) ) കണ്ടുമുട്ടിയാൽ അദ്ദേഹം നിങ്ങൾക്കുവേണ്ടി പൊറുക്കലിനെ തേടട്ടെ നബി (സ) ഉമർ (റ) വിനോട് പറഞ്ഞു: അദ്ദേഹം നിനക്കു പൊറുക്കലിനെ തേടാൻ നിനക്ക് സാധിച്ചാൽ അങ്ങനെ ചെയ്തോ ഇത് ഉവൈസ് (റ) വിന്റെ പ്രത്യേക ബഹുമാനമാകുന്നു സജ്ജനങ്ങളിൽ നിന്ന് ദുആ ആവശ്യപ്പെടൽ സുന്നത്താണെന്ന് ഈ ഹദീസിലുണ്ട് (ശർഹു മുസ്ലിം: 16/311) 

പാരത്രിക ലോകത്തുവെച്ച് നിരവധിയാളുകൾക്ക് വേണ്ടി ഉവൈസുൽ ഖറനി (റ) ശഫാഅത്ത് ചെയ്യുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് ചില ഹദീസുകൾ നമുക്ക് വായിക്കാം: 

ദഹബി എഴുതുന്നു: ഉമർ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ഉവൈസിന്റെ ശഫാഅത്ത് കാരണമായി റബീഅ, മുളർ (ഗോത്രത്തിലെ ആളുകളത്രെ) പോലോത്തയത്ര സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് 

ഇബ്നു അബിൽ ജദ്ആഅ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: എന്റെ സമുദായത്തിലെ ഒരാളുടെ (ഉവൈസുൽ ഖറനി (റ) ) ശഫാഅത്ത് കാരണമായി ബനൂ തമീമിനേക്കാൾ കൂടുതൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (സിയറു അഅ്ലാമിന്നുബലാഅ്: 5/71) 

ഇമാം ഇബ്നു സഅദ് (റ) രേഖപ്പെടുത്തുന്നു: ഉവൈസുൽ ഖറനി ഈ ഉമ്മത്തിലെ ഖലീലാകുന്നു (തബഖാത്തുൽ കുബ്റ: 6/163) 

മേൽ ഹദീസുകളിൽ നിന്നെല്ലാം ഉവൈസുൽ ഖറനി (റ) യുടെ പ്രത്യേക സ്ഥാനവും സ്വാലിഹീങ്ങളുടെ ശഫാഅത്തിന്റെ മഹത്വവും ശ്രേഷ്ഠതയും മനസ്സിലാക്കാം അതുകൊണ്ടുതന്നെ സ്വാലിഹീങ്ങളെ സന്ദർശിക്കലും അവരോട് ദുആ ആവശ്യപ്പെടാനും നാം സമയം കാണണം 

ജീവിത കാലത്ത് അവരെ ചെന്നു കണ്ട് ബറകത്ത് തേടുന്നത് പോലെ അവരുടെ വഫാത്തിനു ശേഷവും അവരെ സന്ദർശിക്കലും ദുആ ആവശ്യപ്പെടലും പുണ്യമാണ് 

ആത്മീയതയുടെ ഉന്നമനത്തിന് ആത്മീയ ഭിഷഗ്വരന്മാരുടെ ആത്മീയ പരിപാലനം അത്യാവശ്യമാണ് ഭൗതിക ലോകത്തിനോടുള്ള വിരക്ത കരസ്ഥമാക്കിയാൽ മാത്രമേ ആത്മീയ ഉന്നമനത്തിന് സാധിക്കുകയുള്ളൂ 

ദിക്ർ ഹൽഖകളിലും സ്വലാത്ത് മജ്ലിസുകളും പങ്കെടുക്കൽ വഴി ആത്മീയ മേഖലയിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടും


നബി (സ) യുടെ പരമ്പരയുടെ പരിശുദ്ധി

നബി (സ) യുടെ പിതാവ് അബ്ദുല്ല (റ) മുതൽ ആദം നബി (അ) വരെയുള്ള പിതാക്കന്മാരുടെ പേരിലും എണ്ണത്തിലും ഇമാമുകൾക്കിടയിൽ  അഭിപ്രായ വ്യത്യാസമുണ്ട് ഈ പിതാക്കളിലൂടെയായിരുന്നു നബി (സ) യുടെ 'നൂർ' സഞ്ചരിച്ച് അബ്ദുല്ല (റ) വഴി ആമിനാ ബീവിയിലെത്തിയിരുന്നത് ഈ പിതാമഹന്മാരെല്ലാവരും സദ് വൃത്തരും മാതൃകാ പുരുഷന്മാരുമായിരുന്നു 

ഇമാം സുയൂത്വി (റ) എഴുതുന്നു: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ആദം നബി (അ) യുടെ മുതുകിൽ നിന്ന് അല്ലാഹു എന്നെ ഭൂമിയിലേക്ക് ഇറക്കി നൂഹ് നബി (അ) യുടെ മുതുകിലാക്കുകയും ചെയ്തു ശേഷം ഇബ്റാഹീം നബി (അ) യുടെ മുതുകിലേക്കെന്നെ ഇടുകയും  ചെയ്തു പിന്നീട് ആദരവുള്ള മുതുകിലൂടെയും പരിശുദ്ധമായ ഗർഭാശയങ്ങളിലൂടെയും അല്ലാഹു എന്നെ ചലിപ്പിച്ചുകൊണ്ടിരുന്നു അങ്ങനെ എന്റെ മാതാപിതാക്കളിലൂടെ അല്ലാഹു എന്നെ പുറപ്പെടുവിച്ചു അവർ വ്യഭിചാരത്തിൽ ഒരുമിച്ചിട്ടില്ല, തീർച്ച (അൽ ഖസ്വാഇസ്വുൽ കുബ്റ: 1/37) 

ഇമാം അബൂനുഐം (റ) എഴുതുന്നു: അലി (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ആദം (അ) മുതൽ എന്റെ ഉമ്മ എന്നെ പ്രസവിക്കുന്നതുവരെ ഞാൻ നികാഹിലൂടെയാണ് പുറത്തു വന്നത് ജാഹിലിയ്യത്തിലെ നികാഹിൽ നിന്ന് ഒന്നുംതന്നെ എനിക്കെത്തിയിട്ടില്ല (ദലാഇലുന്നുബുവ്വ: 24) 

ഇമാം ഹാഫിള് ബിനു സഅ്ദ് (റ) കൽബി (റ) വിൽ നിന്നുദ്ധരിക്കുന്നു: ഞാൻ നബി (സ) യുടെ അഞ്ഞൂറ് ഉമ്മമാരെ എഴുതിയിട്ടുണ്ട് അവരിൽനിന്ന് ഒരാൾക്കും നികാഹിലൂടെയല്ലാതെയോ ജാഹിലിയ്യത്തിലെ എന്തെങ്കിലും ഉള്ളതായോ ഞാൻ കണ്ടെത്തിയില്ല (ത്വബഖാത്തുബ്നി സഅ്ദ്: 1/31) 

ഇമാം മുഹമ്മദ് സ്വാലിഹുശ്ശാമി (റ) എഴുതുന്നു: അഞ്ഞൂറ് ഉമ്മമാർ എന്നതുകൊണ്ട് കൽബി (റ) ഉദ്ധരിച്ചത് മാതാപിതാ ഭാഗത്തിലൂടെയുള്ള ഉമ്മമാരെയും ഉദ്ദേശിച്ചായിരിക്കും (സുബുലുൽ ഹുദാവർറശാദ്: 1/279) 

ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു: നബി (സ) പറഞ്ഞു: ജാഹിലിയ്യാ കാലത്തെ വ്യഭിചാരത്തിലല്ലാതെയാണ് ഞാൻ എന്റെ മാതാപിതാക്കളിലൂടെ പുറത്തു വന്നത് ആദം (അ) മുതൽ എന്റെ മാതാപിതാക്കളിലൂടെ നികാഹിലൂടെയാണ് ഞാൻ പുറത്ത് വന്നത് വ്യഭിചാരത്തിലൂടെയല്ല (ദലാഇലുന്നുബുവ്വ: 3/385) 

ചുരുക്കത്തിൽ ഇമാം ബൈഹഖി (റ), ഇമാം ഹാഫിള് ബിനു സഅ്ദ് (റ), ഇമാം അബൂനുഐം (റ), ഇമാം ശാമി (റ), ഇമാം സുയൂത്വി (റ) തുടങ്ങി ലോകപ്രശസ്ത ഹദീസ് ചരിത്ര പണ്ഡിതന്മാരെല്ലാം നബി (സ) യുടെ ആദം നബി (അ) വരെയുള്ള പരമ്പര ശുദ്ധമാണെന്ന് സമർത്ഥിച്ചത് നാം വായിച്ചു  


നബി (സ) യുടെ മാതാ പിതാക്കൾ

നബി (സ) യുടെ മാതാ-പിതാക്കൾ മഹത്തുക്കളും വലിയ ആദരവുള്ളവരുമാണ് മുസ്ലിം സമൂഹം എക്കാലത്തും അവരെ സ്മരിച്ചു കൊണ്ടിരിക്കും 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഹദീസുകളിൽ നബി (സ) യുടെ പിതാക്കൾ തിരഞ്ഞെടുക്കപ്പെട്ടവരും ബഹുമാനികളുമാണെന്നും മാതാക്കൾ പരിശുദ്ധകളാണെന്നും വ്യക്തമായിട്ടുണ്ട് മാത്രമല്ല, ഇസ്മാഈൽ നബി (അ) വരെയുള്ള പിതാക്കൾ അഹ്ലുൽ ഫത്റത് (പ്രവാചക ദൗത്യമില്ലാത്ത കാലഘട്ടക്കാർ) ആണ് അവരാകട്ടെ മുസ്ലിംകളുടെ വിധിയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് (അൽ മിനഹുൽ മക്കിയ്യ: 1/151) 

ഇമാം ഖസ്ത്വല്ലാനി (റ) എഴുതുന്നു: ഇമാം റാസി (റ) തന്റെ അസ്റാറുത്തൻസീലിൽ നബി (സ) യുടെ മാതാപിതാക്കൾ ഇബ്റാഹീം നബി (അ) യുടെ ശരിയായ മതത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട് സൈദുബ്നു നുഫൈലും അദ്ദേഹത്തെ പോലെയുള്ളവരും ഇബ്റാഹീം നബി (അ) യുടെ മതത്തിന്മേലായതുപോലെ (അൽ മവാഹിബുല്ലദുന്നിയ്യ സുർഖാനി: 1/157) 

ഇമാം സുയൂത്വി (റ) എഴുതുന്നു: നബി (സ) യുടെ പിതാവ് നരകത്തിലാണോ എന്ന് ഇമാം മുനാവി (റ) വിനോട് ഒരാൾ ചോദിച്ചു അദ്ദേഹം ചോദ്യകർത്താവിന് നേരെ പ്രതിഷേധം പ്രകടിപ്പിച്ചു  കാരണം അന്വേഷിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരുന്നു അത് നബി (സ) യോട് സ്നേഹമുള്ള മനസ്സുകളെ ആ ചോദ്യം വേദനിപ്പിക്കും അതുകൊണ്ടായിരിക്കാം ഇമാം മുനാവി (റ) ക്ഷോപിച്ചത് ഒടുവിൽ ഇമാം മറുപടി നൽകി നബി (സ) യുടെ പിതാവ് ഫത്റത്തിന്റെ കാലയളവിലാണ് മരിച്ചത് പ്രവാചക നിയോഗത്തിന് മുമ്പ് ആരെയും ശിക്ഷിക്കുന്നതല്ല (അൽ ഹവാലിൽ ഫതാവ: 2/402) 

ഇമാം സുയൂത്വി (റ) തന്നെ എഴുതുന്നു: ഖാളീ അബൂബക്കറുബ്നിൽ അറബി (റ) വിനോട് നബി (സ) യുടെ പിതാവ് നരകത്തിലാണെന്ന് പറഞ്ഞ ഒരാളെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മറുപടി നൽകി: അവൻ ശപിക്കപ്പെട്ടവനാണ് എന്തെന്നാൽ അല്ലാഹു പറയുന്നു: അല്ലാഹുവിനെയും  റസൂലിനെയും വിഷമിപ്പിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു അപമാനകരമായ ശിക്ഷ അവർക്ക് ഒരുക്കിവെച്ചിട്ടുണ്ട് പിതാവ് നരകത്തിലാണെന്ന് പറയുന്നതിനേക്കാൾ നബി (സ) യെ വേദനിപ്പിക്കുന്ന മറ്റൊന്നുമില്ല (അൽ ഹാവി ലിൽ ഫതാവ: 2/442) 

ഇമാം ഖാളി ഇയാള് (റ) എഴുതുന്നു: നബി (സ) യുടെ വംശപരമ്പരയെക്കുറിച്ച് ന്യൂനതയാരോപിക്കുന്നവൻ നബി (സ) യെ ആക്ഷേപിച്ചവനാകുന്നു ഇസ്ലാമിക ഭരണകൂടമുള്ളിടത്ത് അവന് വധശിക്ഷ നൽകേണ്ടതാകുന്നു (അശ്ശിഫാ: 2/188) 

ചുരുക്കത്തിൽ നബി (സ) യുടെ പരമ്പരയെക്കുറിച്ചും അവിടുത്തെ മാതാ-പിതാക്കളെ കുറിച്ചും ഇമാമുകൾ പഠിപ്പിച്ചെതിനെതിരിൽ പറയൽ ശരീഅത്ത് വിരുദ്ധമാണ് അതാണ് വ്യാജ ത്വരീഖത്ത് 


മുഅ്ജിസത്ത് ഒരിക്കലും മുറിയുകയില്ല

അല്ലാഹു നുബുവ്വത്ത് നൽകി ആദരിച്ചവരാണ് അമ്പിയാക്കൾ രിസാലത്ത് നൽകി ആദരിച്ചവരാണ് മുർസലുകൾ അമ്പിയാ മുർസലുകൾക്ക് അല്ലാഹു നൽകിയ അസാധാരണ സംഭവങ്ങൾക്കാണ് മുഅ്ജിസത്ത് എന്നു പറയുന്നത് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ചില പ്രത്യേക നിയമ സംഹിതകൾ നൽകുകയും അത് പ്രബോധനം ചെയ്യൽകൊണ്ട് കൽപിക്കപ്പെട്ടവരുമാണ് മുർസൽ കൽപിക്കപ്പെടാത്തവർ നബിയുമാണ് നബിയേക്കാൾ ശ്രേഷ്ഠത മുർസലിനാകുന്നു എന്നത് ഇജ്മാഅ് ആകുന്നു (തുഹ്ഫ: 1/29) 

ഇമാം സഅദുദ്ദീൻ തഫ്താസാനി (റ) എഴുതുന്നു: നബിയുടെ കരങ്ങളിലായി ഉണ്ടാവുന്ന അസാധാരണ സംഭവമാണ് മുഅ്ജിസത്ത് (ശർഹുൽ അഖാഇദ്: 139) 

അമ്പിയാക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ  സംഭവങ്ങൾക്കാണ് മുഅ്ജിസത്ത് എന്നു പറയുന്നത് ഔലിയാക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് കറാമത്ത് എന്നാണ് പറയുക രണ്ടും അസാധാരണ സംഭവമാണെങ്കിലും മുഅ്ജിസത്ത് എന്ന പദം അമ്പിയാക്കളുടെ അസാധാരണ സംഭവങ്ങൾക്കെ പറയാവൂ 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മുഅ്ജിസത്ത് എന്ന പദം അമ്പിയാക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് പ്രത്യേകമായതാണ് (ഫതാവൽ ഹദീസിയ്യ: 219) 

നബി (സ) യുടെ ശരീഅത്ത് ലോകവസാനം വരെ നിലനിൽക്കുന്നതുകൊണ്ട് മുഅ്ജിസത്തും ലോകവസാനം വരെ നിലനിൽക്കും 

ശൈഖ് ഇബ്റാഹീമുൽ ജാജൂരി (റ) എഴുതുന്നു: നബി (സ) നബിമാരിൽ അവസാനത്തവരാണ് അതിനാൽ അവിടുത്തെ ശരീഅത്ത് ലോകവസാനം വരെ നിലനിൽക്കുന്നതാണ് അപ്രകാരം അവിടുത്തെ മുഅ്ജിസത്തും ലോകവസാനംവരെ നിലനിൽക്കും (ശർഹുൽ ബുർദ: 52) 

നബി (സ) യുടെ ഖുർആൻ അല്ലാത്ത എല്ലാ മുഅ്ജിസത്തും  വഫാത്തിനു ശേഷം നിലനിൽക്കില്ലെന്ന വാദം തികച്ചും ശരീഅത്ത് വിരുദ്ധമാണെന്ന് മുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം 

ഇമാം റംലി (റ) എഴുതുന്നു: അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ മുറിയുകയില്ല അമ്പിയാക്കൾ അവരുടെ ഖബ്റുകളിൽ ജീവിക്കുന്നവരും നിസ്കരിക്കുന്നവരും ഹജ്ജ് ചെയ്യുന്നവരുമാണ് (ഫതാവാ റംലി: 4/382) 

നബി (സ) ഇപ്പോഴും ഖബ്റിൽ ജീവിച്ചിരിക്കുന്നു, നിസ്കരിക്കുന്നു, ഹജ്ജ് ചെയ്യുന്നു എന്നാണ് ഇമാം റംലി (റ) ഫത് വ കൊടുത്തിരിക്കുന്നത് ഇതാണ് ശരീഅത്ത് ഖബ്റിൽ ജീവിക്കലും നിസ്കരിക്കലും ഹജ്ജ് ചെയ്യലും വഫാത്തിനു ശേഷമുള്ള മുഅ്ജിസത്താണെന്നതിൽ സംശയമേ ഇല്ല മാത്രമല്ല, നിരവധി മഹത്തുക്കൾ വഫാത്തിനു ശേഷം നബി (സ) യോട് പല വിഷയങ്ങളിലും സഹായം തേടിയപ്പോൾ അവിടുന്ന് സഹായിച്ച നിരവധി ചരിത്ര സംഭവങ്ങളുണ്ട് 


മുത്തുനബി (സ) നമ്മുടെ വസീല

ഹിജ്റ 683- ൽ വഫാത്തായ ഇമാം ശംസുദ്ദീനുബ്നു നുഅ്മാനിൽ മറാകിശി (റ) എഴുതുന്നു: നബി (സ) യുടെ പള്ളിയിൽ വെച്ച് അമീറുൽ മുഅ്മിനീൻ അബൂ ജഅ്ഫറുമായി സംസാരത്തിലേർപ്പെട്ടപ്പോൾ ഇമാം മാലിക് (റ) പറഞ്ഞു: അമീറുൽ മുഅ്മിനീൻ, ഈ പള്ളിയിൽ വെച്ച് അങ്ങ് ഉറക്കെ സംസാരിക്കരുത് നിശ്ചയം അല്ലാഹു ഒരു വിഭാഗത്തെ അദബ് പഠിപ്പിച്ചു കൊണ്ടു പറഞ്ഞു: 'നബി (സ) യുടെ ശബ്ദത്തേക്കാൾ നിങ്ങളാരും ശബ്ദം ഉയർത്തരുത് ' പുകഴ്ത്തിക്കൊണ്ട് പറഞ്ഞു: 'റസൂലുല്ലാഹി (സ)യുടെ സന്നിധിയിൽ വെച്ച് ശബ്ദം താഴ്ത്തുന്നവരെ തഖ് വക്കു വേണ്ടി തിരഞ്ഞെടുത്തവരാണ് ' ആക്ഷേപിച്ചു കൊണ്ടു പറഞ്ഞു: 'മുറിക്കപ്പുറത്ത് നിന്ന് താങ്കളെ വിളിക്കുന്നവരിൽ അധികപേരും ബുദ്ധിയില്ലാത്തവരാണ് ' ഇമാം മാലിക് (റ) തുടർന്നു: നിശ്ചയം ജീവിത കാലത്തുള്ള അതെ പവിത്ര വഫാത്തായ നബി (സ) ക്ക് ഉണ്ട് 

അബൂ ജഅ്ഫർ  ഇമാം മാലിക് (റ) നോടു ചോദിച്ചു: അബൂ അബ്ദില്ല, ഞാൻ ഖിബ് ലയിലേക്ക് തിരിഞ്ഞോ അതോ റസൂലുല്ലാഹി (സ) യിലേക്ക് തിരിഞ്ഞോ ദുആ ചെയ്യേണ്ടത്? ഇമാം മാലിക് (റ) പറഞ്ഞു: നിങ്ങളെന്തിനാണ് നബി (സ) യെതൊട്ട് മുഖം തിരിക്കുന്നത് അന്ത്യനാളിൽ അവിടുന്ന് താങ്കളുടെയും താങ്കളുടെ പിതാവ് ആദം നബി (അ) ന്റെയും വസീലയല്ലേ? താങ്കൾ നബി (സ) യെ കൊള്ളെ മുന്നിട്ട് ശഫാഅത്തിനെ തേടുക താങ്കളുടെ കാര്യത്തിൽ അല്ലാഹു നബി (സ) യെ ശഫാഅത്തുകാരനാക്കും (മിസ്വ് ബാഹുള്ളലാം: 19) 

ആന്ത്യദിനത്തിൽ ആദമിന്റെ മക്കൾക്ക് വസീലായി പാരത്രിക വിജയം നേടാനുള്ള നബി (സ) യോട് ആവശ്യനിർവഹണത്തിന് സമീപിക്കാൻ ഭരണാധികാരിയോട് ഇമാം ശാഫിഈ (റ) യുടെ ഉസ്താദും മാലികി മദ്ഹബിന്റെ ഇമാമുമായ ഇമാം മാലിക് (റ) നിർദേശിച്ചതാണ് നാം മുകളിൽ വായിച്ചത് 


നബി (സ) യോട് വിശന്നപ്പോൾ പരാതി പറയുന്നു

ഇമാം ശംസുദ്ദീൻ മറാകിശി (റ) എഴുതുന്നു: ശൈഖ് സ്വാലാഹ് അബ്ദുൽ ഖാദിർ തുനീസി (റ) പറയുന്നു: ഞാൻ ഒന്നും ലഭിക്കാതെ ഇങ്ങനെ നടക്കുകയായിരുന്നു അങ്ങനെ ഞാൻ മദീനയിൽ നബി (സ) യുടെ അരികിൽ ചെന്ന് സലാം പറഞ്ഞു എനിക്ക് വിശപ്പുണ്ടെന്നു പറഞ്ഞു റൗള സിയാറത്തിനു ശേഷം ഞാൻ നിസ്കരിച്ചു ഉറങ്ങി അപ്പോൾ ആരോ വന്ന് എന്നെ ഉണർത്തുന്നു ഞാൻ ഉണർന്നു സുന്ദരനായ ആ ചെറുപ്പക്കാരന്റെ കൂടെ പോയി അദ്ദേഹം എനിക്ക് ആട്ടിറച്ചിയടക്കം ഒന്നാന്തരം ഭക്ഷണം തന്നു 

അദ്ദേഹം പറഞ്ഞു: ഞാൻ ളുഹാ നിസ്കാരത്തിനു ശേഷം ഉറങ്ങുകയായിരുന്നു സ്വപ്നത്തിൽ നബി (സ) യെ കണ്ടു എന്നോട് താങ്കളെ സൽകരിക്കാൻ കൽപിച്ചു റൗളയിൽ താങ്കളുടെ സ്ഥലം എനിക്കറിയിച്ചു തരികയും ചെയ്തു (മിസ്വ് ബാഹുള്ളലാം: 52) 


ഇമാം ത്വബ്റാനി (റ) വിന് വിശന്നപ്പോൾ

നബി (സ) യുടെ ഖുർആൻ അല്ലാത്ത മുഅ്ജിസത്തുകളൊന്നും നിലനിൽക്കില്ലെന്ന് ഇമാമുകളാരും മനസ്സിലാക്കിയിട്ടില്ല കാരണം അവരെല്ലാം നബി (സ) യുടെ വഫാത്താനു ശേഷവും സഹായം തേടിയിട്ടുണ്ട് നബി (സ) യോട് സഹായം തേടുന്നതും അവിടുന്ന് സഹായിക്കുന്നത് മുഅ്ജിസത്തിൽ പെട്ടതാണെന്ന് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട് 

ഹിജ്റ 683- ൽ വഫാത്തായ ഇമാം ശംസുദ്ദീനുബ്നു നുഅ്മാൻ മറാക്കിശി (റ) എഴുതുന്നു: ഇമാം അബൂബക്കറുബ്നിൽ മുഖ്രി (റ) പറയുന്നു: ഞാനും ഇമാം ത്വബ്റാനി (റ) വും അബുശൈഖ് (റ) വും നബി (സ) യുടെ ഹറമിലായിരുന്നു ഞങ്ങൾക്കു വിശന്നു രാത്രിയിൽ ഞാൻ നബി (സ) യുടെ ഖബ്റിന്നരികിൽ ചെന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, വിശക്കുന്നു ഞാൻ അവിടെ നിന്നു പോന്നു ഭക്ഷണം അല്ലെങ്കിൽ മരണം ഞാൻ കാത്തിരുന്നു അങ്ങനെ ഞാനും അബുശ്ശൈഖും ഉറങ്ങി ഇമാം ത്വബ്റാനി (റ) ഉറക്കമൊഴിച്ച് പ്രതീക്ഷിച്ചിരുന്നു 

അപ്പോൾ അലി (റ) വിലേക്ക് പരമ്പര ചെന്നെത്തുന്ന ഒരാൾ വന്ന് കതകിന് മുട്ടി ഞങ്ങൾ വാതിൽ തുറന്നു അദ്ദേഹത്തോടുകൂടെ രണ്ട് കുട്ടികളുമുണ്ടായിരുന്നു അവരുടെ കയ്യിൽ പാത്രത്തിൽ നിറയെ ഭക്ഷണമുണ്ടായിരുന്നു ഞങ്ങളിരുന്നു ഭക്ഷണം കഴിച്ചു ഞങ്ങൾ വിചാരിച്ചു, ബാക്കി ഭക്ഷണം കുട്ടി കൊണ്ടുപോകുമെന്ന് എന്നാൽ അവർ മടങ്ങുകയാണ് ചെയ്തത് ഭക്ഷണം കഴിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോടു പറഞ്ഞു: കൂട്ടരേ, നിങ്ങൾ നബി (സ) യോട് പരാതി പറഞ്ഞുവോ ഞാൻ നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചപ്പോൾ നിങ്ങൾക്ക് ഭക്ഷണം തരാൻ എന്നോട് കൽപ്പിച്ചു (മിസ്വ് ബാഹുള്ളലാം: 54) 

ഇമാം ത്വബ്റാനി (റ) ലോകപ്രശസ്ത പണ്ഡിതനാണ് മഹാന്റെ പല ഹദീസ് ഗ്രന്ഥങ്ങളും നമ്മുടെ പണ്ഡിതന്മാർ എടുത്ത് ഉദ്ധരിക്കാറുണ്ട് ഇവർ മൂന്നു പേരും വലിയ മഹാന്മാരാകുന്നു അവർക്കൊന്നും നബി (സ) യോട് ഭക്ഷണം പോലും ആവശ്യപ്പെടുന്നതിൽ യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല നബി (സ) യോട് സഹായം തേടുന്നത് ഹറാമാണെന്നോ ശിർക്കാണെന്നോ കറാഹത്താണെന്നോ വഫാത്തിനു ശേഷം ഖുർആൻ അല്ലാത്ത മുഅ്ജിസത്തൊന്നും അവശേഷിക്കുകയില്ലെന്നോ മഹാന്മാരായ പണ്ഡിതന്മാരാരും പറഞ്ഞിരുന്നില്ല എന്നാൽ കേരളത്തിലെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പിഴച്ച പ്രസ്ഥാനക്കാർ ഇത്തരം സഹായ തേട്ടങ്ങൾ ശിർക്കാണെന്നാണ് പ്രചരിപ്പിക്കുന്നത് ഈ വാദങ്ങളെല്ലാം ശരീഅത്ത് വിരുദ്ധമാണെന്നതിൽ ഒരു സംശയവുമില്ല 


നബി (സ) പത്തിരി നൽകുന്നു

ഇമാം ശംസുദ്ദീനുൽ മറാക്കിശി (റ) എഴുതുന്നു: ശൈഖ് ഇബ്നുൽ ജല്ലാദ് (റ) പറയുന്നു: ഞാൻ നബി (സ) യുടെ മദീനയിലേക്ക് ചെന്നു എനിക്ക് നല്ല വിശപ്പായിരുന്നു ഞാൻ നബി (സ) യുടെ ഖബ്റിന്നരികിൽ ചെന്ന് പറഞ്ഞു: എന്നെ സൽക്കരിക്കണം ഉടനെ തന്നെ എനിക്ക് മയക്കം വന്നു ഞാൻ നബി (സ) യെ ദർശിച്ചു അവിടുന്ന് എനിക്കൊരു പത്തിരി തന്നു അതിന്റെ പകുതി ഞാൻ ഭക്ഷിച്ചു ഞാനുണർന്നു അപ്പോൾ എന്റെ കയ്യിൽ ബാക്കി കഷ്ണം പത്തിരിയുണ്ടായിരുന്നു (മിസ്വ് ബാഹുള്ളലാം: 55) 

ഇതേപോലോത്ത മറ്റൊരു സംഭവം കാണുക ശൈഖ് അബ്ദുൽ ഖൈർ അഖ്ത്വാഅ് (റ) പറയുന്നു: ഞാൻ ഭക്ഷണമില്ലാതെ മദീനയിൽ ചെന്നു അഞ്ച് ദിവസം അവിടെ താമസിച്ചു എനിക്കൊന്നും കിട്ടിയില്ല ഞാൻ നബി (സ) യുടെ ഖബ്റിന്നരികിൽ ചെന്നു സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ അങ്ങയുടെ അതിഥിയാണ് അങ്ങിനെ മിമ്പറിന്റെ പിറകിലായി ഞാൻ ഉറങ്ങിയപ്പോൾ നബി (സ) യെ സ്വപ്നത്തിൽ ദർശിച്ചു നബി (സ) യുടെ വലത് ഭാഗത്ത് അബൂബക്കർ (റ), ഇടത് ഉമർ (റ), മുമ്പിലായി അലിയ്യുബ്നു അബീത്വാലിബ് (റ) എന്നിവരും ഉണ്ട് എന്നെ ഇളക്കിയിട്ട് അലി (റ) പറഞ്ഞു: എഴുന്നേൽക്കൂ നബി (സ) വന്നിരിക്കുന്നു ഞാൻ എണീറ്റു നബി (സ) യുടെ രണ്ട് കണ്ണിനിടയിൽ ചുംബിച്ചു നബി (സ) എനിക്കൊരു പത്തിരി (റൊട്ടി) തന്നു അതിന്റെ പകുതി ഞാൻ ഭക്ഷിച്ചു സ്വപ്നത്തിൽ നിന്ന് ഞാനുണർന്നപ്പോൾ ബാക്കി പകുതി എന്റെ കയ്യിലുണ്ടായിരുന്നു (മിസ്വ് ബാഹുള്ളലാം:55) 


നബി (സ) പണം നൽകുന്നു

ഇമാം ശംസുദ്ദീൻ മറാക്കിശി (റ) എഴുതുന്നു: ശൈഖ് മുഹമ്മദുബ്നു അബീ സുൽഅത്തുസ്വൂഫി (റ) പറയുന്നു: ഞാൻ എന്റെ പിതാവ് ശൈഖ് അബൂ അബ്ദുല്ലാഹിബ്നു ഖൈഫ് (റ) വിന്റെ കൂടെ മക്കയിലേക്ക് പോയി ഞങ്ങൾക്ക് ശക്തമായ വിശപ്പുണ്ടായിരുന്നു അവിടുന്ന് ഞങ്ങൾ മദീനയിലേക്ക് യാത്ര തിരിച്ചു മദീനയിലെത്തി എനിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു ഞാൻ എന്റെ പിതാവിനോട് പറഞ്ഞു: എനിക്കു വിശക്കുന്നു 

ഇത് കേട്ട എന്റെ പിതാവ് നബി (സ) യുടെ റൗളയിൽ ചെന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇന്നു രാത്രി ഞാൻ നിങ്ങളുടെ അതിഥിയാണ് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് പിതാവ് ഇരുന്നു 

കുറേ സമയത്തിനു ശേഷം പിതാവ് തല ഉയർത്തി കുറേ നേരം കരഞ്ഞു കുറേ നേരം ചിരിച്ചു ഇതിന്റെ കാരണം തിരക്കിയപ്പോൾ പിതാവ് പറഞ്ഞു: ഞാൻ റസൂലുല്ലാഹി (സ) യെ കണ്ടു അവിടുന്ന് എന്റെ കയ്യിൽ ദിർഹമുകൾ വെച്ചു തന്നു 

പിതാവ് കൈ നിവർത്തി അതാ കയ്യിൽ ദിർഹമുകൾ ഞങ്ങൾ ശീറാസിലേക്ക് മടങ്ങുന്നതുവരെ അല്ലാഹു അതിൽ ബറകത്ത് ചെയ്തു ഞങ്ങൾ അതിൽ നിന്ന് ചിലവഴിക്കുമായിരുന്നു (മിസ്വ് ബാഹുള്ളലാം:55) 


നബി (സ) പാപികൾക്ക് അഭയം

പാപികളോട് പാപം പൊറുക്കുവാൻ നബി (സ) തങ്ങളുടെ സന്നിധിയിലേക്ക് പോകുവാൻ അല്ലാഹുവിന്റെ നിർദേശമുണ്ട് സൂറത്തന്നിസാഇലെ 64 മത്തെ ആയത്തിലെ ഉണർത്തലാണിത് ദുനിയാവിലും ശേഷം ആഖിറത്തിലും ഈ നിർദേശം വിശ്വാസികൾ ഏറ്റെടുത്തതാണ് പാപികൾ പോലും രക്ഷാമാർഗമായി അവലംബിക്കുന്നത് ഈ പുണ്യ നബി (സ) യെയാണ് 

ഇമാം ശംസുദ്ദീൻ മറാകിശി (റ) എഴുതുന്നു: ഇമാം അഹ്മദുബ്നു ഹമ്പൽ (റ) വിന്റെ ഒരയൽവാസി തെറ്റുകളിൽ തന്നെ മുഴുകി ജീവിക്കുന്നവനായിരുന്നു ഒരിക്കൽ അദ്ദേഹം ഇമാമിനെ തേടി പള്ളിയിലെത്തി സലാം പറഞ്ഞു എന്നാൽ ഇമാം സലാം മടക്കാതെ ഒഴിഞ്ഞുമാറി അദ്ദേഹം ഇമാമിനോടു ചോദിച്ചു: അബൂ അബദില്ലാ, താങ്കളെന്തിനാണ് എന്നിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ഞാൻ കണ്ട സ്വപ്നം കാരണമായി തെറ്റുകളിൽ നിന്ന് ഞാൻ മൂക്തനായി ഇമാം ചോദിച്ചു എന്താണ് നീ കണ്ടത്? 

അദ്ദേഹം പറഞ്ഞു: ഭൂമിയിൽ നിന്ന് ഉയരത്തിലായി നബി (സ) യെ സ്വപ്നത്തിൽ ഞാൻ ദർശിച്ചു ധാരാളമാളുകൾ താഴെ ഇരിക്കുന്നുണ്ട് ഒരോരുത്തരും ചെന്ന് നബി (സ) യോട് ദുആ ചെയ്യാനാവശ്യപ്പെട്ടു നബി (സ) അവർക്കെല്ലാം വേണ്ടി ദുആ ചെയ്തു അവസാനം ഞാൻ മാത്രമായി ദുആ ചെയ്യിപ്പിക്കാൻ എനിക്കുദ്ദേശമുണ്ടെങ്കിലും എന്റെ തെറ്റുകൾ കാരണം ഞാൻ ലജ്ജിച്ചു 

നബി (സ) എന്നോടു ചോദിച്ചു: നീ എന്തുകൊണ്ടാണ് ദുആ ആവശ്യപ്പെടാത്തത്? ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ തെറ്റുകൾ കാരണം എനിക്ക് ലജ്ജയുണ്ട് 

നബി (സ) പറഞ്ഞു: ലജ്ജയുണ്ടെങ്കിലും ദുആ ആവശ്യപ്പെടുക എന്റെ സ്വഹാബത്തിൽ നിന്ന് ഒരാളെയും നീ ചീത്ത പറയരുത് അങ്ങനെ നബി (സ) എനിക്കു വേണ്ടി ദുആ ചെയ്തു 

ഇമാം അഹ്മദുബ്നു ഹമ്പൽ (റ) തന്റെ അനുയായികളോട് ഈ സംഭവം മറ്റുള്ളവരോടു പറയാൻ വസ്വയ്യത്ത് ചെയ്തിരുന്നു (മിസ്വ് ബാഹുള്ളലാം: 22) 

നബി (സ): വസീലയായി തെറ്റുകളിൽ നിന്ന് മുക്തി നേടിയ വ്യക്തിയുടെ സ്വപ്നം ജനങ്ങളോടു പറയാൻ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പറഞ്ഞതിന്റെ താൽപര്യം മുത്തുനബി (സ) യിലേക്ക് പാപികൾ മടങ്ങാൻ പ്രചോദനമാവാൻ വേണ്ടിയാണ് പ്രശസ്തമായ മദ്ഹബുകളുടെ കൂട്ടത്തിലറിയപ്പെട്ട ഇമാം അഹ്മദ് (റ) ഹമ്പലി മദ്ഹബിന്റെ ഇമാമാണ് 


നബി (സ) യോട് മഴയെ തേടുന്നു

ഇമാം ശംസുദ്ദീൻ മറാകിശി (റ) എഴുതുന്നു: അബുൽ ജൗസാഅ് (റ) പറയുന്നു: മദീനയിൽ അതിശക്തമായ ജലക്ഷാമമുണ്ടായപ്പോൾ അവർ ആഇശ (റ) യോട് ചെന്ന് പരാതി പറഞ്ഞു: മഹതി പറഞ്ഞു: നിങ്ങൾ നബി (സ) യുടെ ഖബ്റിന്റെയും ആകാശത്തിന്റെയും ഇടയിൽ ഒരു ദ്വാരമുണ്ടാക്കുക അവർ അങ്ങനെ ചെയ്തു നല്ല മഴയും കിട്ടി ആ വർഷത്തിന് ആമുൽ ഫതഖ് എന്നവർ പേർ നൽകി (മിസ്വ് ബാഹുള്ളലാം:44) 

ഇമാം ശംസുദ്ദീൻ മറാകിശി (റ) എഴുതുന്നു: ശൈഖുൽ ആരിഫ് അതീഖ് (റ) പറയുന്നു: ഞങ്ങൾ ഹാജിമാരുടെ യാത്രയിലായിരുന്നു അപ്പോൾ ആളുകൾക്ക് അതിശക്തമായ ദാഹമുണ്ടായി വെള്ളമാണെങ്കിൽ അൽപമേയുള്ളൂ ചില യാത്രാസംഘം പെട്ടെന്നുതന്നെ ശൈഖ് അബൂനജാസാലിമുബ്നു അലി (റ) വിന്റെ സന്നിധിയിലെത്തി വിവരം ധരിപ്പിച്ചു മഹാൻ അൽപം മാറി അല്ലാഹുവിനോട് ദുആ ചെയ്തു നബി (സ) യെ മുൻനിർത്തി അല്ലാഹുവിന്റെ ശഫാഅത്ത് തേടി  ഉടനെതന്നെ അല്ലാഹു മഴ പെയ്യിപ്പിച്ചു (മിസ്വ് ബാഹുള്ളലാം:45) 


നൈൽ നദിയിൽ വെള്ളം ഉയരുന്നു

ഇമാം ശംസുദ്ദീൻ മറാകിശി (റ) എഴുതുന്നു: ഹിജ്റ 653-ൽ ഈജിപ്തിലെ നൈൽ നദിയിൽ വെള്ളം വളരെ കുറഞ്ഞു അതു കാരണം ജനങ്ങൾ വിഷമത്തിലായി കർമശാസ്ത്ര പണ്ഡിതനായ അബുൽ അബ്ബാസ് അഹ്മദ് ബ്നു അലിയ്യുബ്നു ശിഫ്അത്ത് (റ) രാത്രി ഉറക്കമൊഴിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചു നബി (സ) യെകൊണ്ട് സഹായം തേടി 

ഉറക്കിൽ സ്വപ്നത്തിലായി പറയുന്നത് അദ്ദേഹം കേട്ടു നിങ്ങളുടെ സഹായഭ്യർത്ഥന സ്വീകരിച്ചിരിക്കുന്നു മൂന്നു നാൾക്കു ശേഷം പരിഹാരമുണ്ടാവും സ്വപ്ന നിർദേശം പോലെ തന്നെ മൂന്നു നാൾക്കു ശേഷം നൈൽ നദിയിലെ വെള്ളം ഉയർന്നു നബി (സ) യുടെ ബറകത്ത് കൊണ്ടാണ് ഈ നേട്ടം അവർക്ക് ലഭിച്ചത് (മിസ്വ് ബാഹുള്ളലാം:45)


ദാഹിക്കാത്ത മനുഷ്യൻ

ഇമാം ശംസുദ്ദീൻ മറാകിശി (റ) എഴുതുന്നു: ശൈഖ് അബൂ മുഹമ്മദുൽ മഹ്ദി (റ) പറയുന്നു: ഞാൻ ഹറമിൽ വെച്ച് ഒരു മനുഷ്യനെ കണ്ടുമുട്ടി അദ്ദേഹം വെള്ളം കുടിക്കാറില്ലായിരുന്നു അതിനെ സംബന്ധിച്ച് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 

ഞാൻ ശിയാ ആശയക്കാരനായിരുന്നു ഒരു രാത്രി ഉറങ്ങിയപ്പോൾ അന്ത്യനാൾ സ്വപ്നത്തിൽ ദർശിച്ചു ജനങ്ങൾ വലിയ പ്രയാസത്തിലും ശക്തമായ ദാഹം കൊണ്ടും വലയുകയാണ് എനിക്കും വലിയ ദാഹമുണ്ടായി അങ്ങനെ ഞാൻ നബി (സ) യുടെ ഹൗളിന്നരികിൽ ചെന്നു അവിടെ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) തുടങ്ങിയവരെ കണ്ടു അവർ ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ് ഞാൻ ആദ്യം ചെന്നത് അലി (റ) വിന്റെ സന്നിധിയിലേക്കായിരുന്നു അലി (റ) വിനോടുള്ള എന്റെ സ്നേഹവും എന്നെ ഹൗള് കുടിപ്പിക്കാൻ മുൻഗണന നൽകിയതും മഹാനെയായിരുന്നു എന്നാൽ അലി (റ) എനിക്ക് വെള്ളം തരാതെ തിരിഞ്ഞുകളഞ്ഞു അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) ഇവരെയൊക്കെ സമീപിച്ചെങ്കിലും അവരെല്ലാം എനിക്ക് വെള്ളം തരാതെ തിരിഞ്ഞുകളഞ്ഞു

അവസാനം ഞാൻ നബി (സ) യുടെ സന്നിധിയിൽ ചെന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഭയങ്കര ദാഹമുണ്ട് അലിയാരെ സമീപിച്ചെങ്കിലും എനിക്ക് വെള്ളം തന്നില്ല ഇതുകേട്ട നബി (സ) പറഞ്ഞു: നിന്നെയെങ്ങനെ വെള്ളം കുടിപ്പിക്കും? നീ എന്റെ സ്വഹാബത്തിനോട് ദേഷ്യം പിടിക്കുന്നവനല്ലേ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് തൗബയുണ്ടോ? നബി (സ) പറഞ്ഞു: ഉണ്ട് നീ മുസ്ലിമാവുക തൗബ ചെയ്യുക ഞാൻ നിനക്ക് വെള്ളം നൽകാം പിന്നെ നിനക്കൊരിക്കലും ദാഹമുണ്ടാവുകയില്ല അങ്ങനെ ഞാൻ നബി (സ) മുഖേന മുസ്ലിമായി തൗബ ചെയ്തു നബി (സ) ഒരു കോപ്പയിൽ എനിക്കു വെള്ളം നൽകി ഞാനത് കുടിച്ചു സ്വപ്നത്തിൽ നിന്നുണർന്നു പിന്നെ എനിക്കു ദാഹിച്ചിട്ടില്ല (മിസ്വ് ബാഹുള്ളലാം:66) 

പാപങ്ങളിൽ മാത്രം മുഴുകി ജീവിച്ചവർക്കും സൽകർമികൾക്കും അഭയമാണ് ഈ പുണ്യറസൂൽ (സ) എന്നത് നാം വായിച്ചു മടങ്ങുക, മദീനയിലേക്ക് അതാണ് ജീവിത വിജയം 


അലി അഷ്‌കർ : 95267 65555

No comments:

Post a Comment