Wednesday 6 November 2019

ലാ ഹവ്‌ല എന്ന ദിക്കിറിന്റെ മഹത്വം


لا حول ولا قوة إلا بالله


ധർമസമരത്തിനു പോയ മുത്ത് നബി(സ്വ) തിരിച്ച് മദീനയിലെത്തി... പക്ഷെ, നബിയോടൊപ്പം പോയ തന്റെ പൊന്നുമോൻ ഇതു വരേ തിരിച്ച് വീട്ടിലെത്തിയിട്ടില്ല... എത്ര നേരമായി കാത്തു നിൽക്കുന്നു; പൊന്നുമോനെ കാണാതെ എങ്ങനെ ഉറങ്ങും... കണ്ണിലും മനസ്സിലും ഇരുട്ട് മൂടുകയാണ് ഉമ്മയായ ഉമ്മു മാലികിന്... ആ രാവുറങ്ങിയില്ല ആ ഉമ്മ... സ്വുബ്ഹിക്ക് തന്നെ ജീവന്റെ പാതിയായ പ്രിയതമൻ ഔഫ് ബ്ൻ മാലിക്(റ)വിനെ തിരു ഹബീബ്(സ്വ)യുടെ സവിധത്തിലേക്കു പറഞ്ഞയച്ചു... ആ ദർബാറാണല്ലോ അന്നുമിന്നും വിശ്വാസികളുടെ അഭയം.

ഔഫ്(റ) തിരുസവിധത്തിലെത്തി തന്റെയും പ്രിയതമയുടേയും അകമിൽ തലതല്ലിയാർക്കുന്ന സങ്കടക്കടൽ നബി(സ്വ)യോട് ചേർത്തുവെച്ചു:

"തിരുനബിയേ... എന്റെ മോൻ മാലിക് അങ്ങയോടൊപ്പം വിശുദ്ധ സമരത്തിന് വന്നിരുന്നല്ലോ... പോയവരൊക്കെ തിരിച്ചിങ്ങെത്തിയല്ലോ റസൂലേ... എന്റെ മോൻ..., എന്റെ മോൻ മാലിക് ഇത് വരേ വന്നില്ലല്ലോ നബിയേ... എന്റെ മോനെങ്ങാനും..." -ആ വാചകം മുഴുമിപ്പിക്കാൻ ആ പൊന്നുപ്പാക്ക് എങ്ങനെ കഴിയും...?

'ഇല്ല; മാലിക് യുദ്ധത്തിൽ ശഹീദായിട്ടില്ലല്ലോ... പിന്നെന്ത് സംഭവിച്ചു...' നബി സഖാക്കളെല്ലാം അതാണ് ചിന്തിക്കുന്നത്... എങ്ങനെ ആ കുടുംബത്തെ സാന്ത്വനിപ്പിക്കും...?

ആശ്വാസപ്പെയ്ത്തെന്നവണ്ണം മുത്ത് നബി(സ്വ) ഔഫ്(റ)നോട് പറഞ്ഞു:

"ഔഫേ...! നീയും നിന്റെ ഭാര്യയും 

'لا حول ولا قوة إلا بالله' എന്ന ദിക്റ് വർധിപ്പിക്ക്...''

ഉടൻ സങ്കടത്തിരയൊതുക്കി ഔഫ്(റ) വീട്ടിലേക്ക് ചെന്നു... അപ്പോഴും വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നആ ഉമ്മ ചോദിച്ചു:

"അല്ലാഹുവിന്‍റെ തിരുദൂതര്‍(സ്വ) എന്തേലും പറഞ്ഞോ...?"

"അതേ, എന്നോടും നിന്നോടും 'لا حول ولا قوة إلا بالله' എന്ന് അസംഖ്യം ചൊല്ലാൻ പറഞ്ഞു..."

ക്ഷമയുടെ ഗിരിശൃംഖമായ ആ ഉമ്മക്ക് അതു തന്നെ ധാരാളമായിരുന്നു.

ആ പൊന്നുപ്പയും പൊന്നുമ്മയും ഖിബ് ലതുശ്ശരീഫഃയിലേക്ക് മുഖം തിരിച്ചിരുന്ന് ദിക്റുരുവിടാൻ തുടങ്ങി.

മധ്യാഹ്നമായി..., സായാഹ്നമായി..., സന്ധ്യയായി... അവർ ദിക്റിൽ തന്നെയാണ്... പുറത്തെങ്ങും കട്ടകുത്തിയ ഇരുട്ടാണ്.

പെട്ടെന്നതാ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേള്‍ക്കുന്നു... പരസ്പരം കണ്ണുകളുടക്കി, ആശ്ചര്യത്തോടെ ഔഫ്(റ) വാതിൽ തുറന്നു... അപ്പോള്‍ കണ്ട കാഴ്ച ഔഫ്(റ)വിന് വിശ്വസിക്കാനായില്ല... ഇതാ തങ്ങളുടെ പൊന്നുമോൻ വാതിലിനു മുന്നിൽ...! പിന്നിൽ അനേകം ആട്ടിൻപറ്റങ്ങളും...!!

"മോനേ... എവിടെയായിരുന്നു നീ...? ഞാനെന്താ ഈ കാണുന്നതൊക്കെ....?"

"ഉപ്പാ... യുദ്ധമുഖത്ത് നിന്ന് എന്നെ ശത്രുക്കൾ ബന്ദിയാക്കി അവരുടെ താവളത്തേക്ക് കൊണ്ടുപോയി... എന്റെ കൈകളും കാലുകളും വലിയ ഇരുമ്പ് ചങ്ങല കൊണ്ട് ആവുന്നതും മുറുക്കിക്കെട്ടി അവർ... രാത്രി ഇരുൾ മുറ്റിയപ്പോ ഒളിച്ചോടാൻ ഞാനൊരു ശ്രമം നടത്തി... ഫലം വിഫലം... ആ ചങ്ങലയുടെ ഭാരം പോലും എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു... വ്യസനഭാരത്താൽ ഞാനങ്ങനെ ഇരിക്കുമ്പോഴുണ്ട്, ചങ്ങലക്കെട്ടുകൾ സ്വമേധയാ അഴിഞ്ഞു കൊണ്ടിരിക്കുന്നു. പതുക്കെ പതുക്കെ എന്റെ കൈകാലുകളിൽ നിന്ന് ചങ്ങലയുടെ ബാന്ധവം ഇല്ലാതായി... ഉടൻ തന്നെ കിട്ടാവുന്നത്ര യുദ്ധമുതലും സംഭരിച്ച് ഞാൻ അവിടെ നിന്ന് രക്ഷപ്പെട്ടു..."

വിസ്മയത്തിനറുതി വരാതെ ആ ഉപ്പ വീണ്ടും ചോദിച്ചു:

"അല്ല മോനേ...! നീയീ പറഞ്ഞതൊക്കെ ഇന്ന് രാത്രി തന്നെ നടന്നതാണല്ലോ... അതും ശത്രുക്കളുടെ തടവറയിൽ വെച്ച്... അഥവാ കാതങ്ങളപ്പുറത്ത്... എത്രയോ ദൂരം അപ്പുറത്തുള്ള നീയെങ്ങനെ നിമിഷനേരങ്ങൾ കൊണ്ടിവിടെ എത്തി...?"

"ഉപ്പാ.... ചങ്ങലക്കെട്ടിൽ നിന്ന് ഞാൻ മോചിതനായപ്പോ ഒട്ടനേകം മാലാഖകളുടെ ചിറകിലേറി വരുന്നതായിട്ടാണെനിക്ക് അനുഭവപ്പെട്ടത്... മാലാഖമാർ കൂട്ടിനുണ്ടെങ്കിൽ വിചാരിക്കുന്നിടത്തെത്താൻ ക്ഷണാർദ്ധങ്ങൾ പോരേ...!"

സുബ്ഹാനല്ലാഹ്...!

ആ ഇരട്ടി സന്തോഷം പറയാൻ ഔഫ്(റ) ഓടി; തിരുഹള്റത്തിലേക്ക്... അല്ലേലും, സന്തോഷമായാലും സന്താപമായാലും ആദ്യം തിരുനബി(സ്വ)യോട് പങ്കുവെച്ചിട്ടേ സ്വഹാബഃ ശീലിച്ചിട്ടുള്ളൂ.

മുത്ത് നബി(സ്വ)യെ കണ്ടതേയുള്ളൂ... അങ്ങോട്ടെന്തെങ്കിലും പറയും മുമ്പേ തിരുനബി(സ്വ) പറഞ്ഞ് തുടങ്ങി: 

"ഔഫ്.... നീ പെരുത്ത് സന്തോഷിച്ചോളൂ... ഇവ്വിഷയകമായി(നിന്റെ ഈ സന്തോഷ പൂരണമെന്നോണം) അല്ലാഹു ഖുർആനിൽ ഒരായത്ത് തന്നെ ഇറക്കിയിരിക്കുന്നു..."


وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا 

(വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.)_

അല്ലാഹുവിന്റെ അർശിനു കീഴിലെ നിധികുംഭമാണ് لا حول ولا قوة إلا بالله 
എന്ന ദിക്റ്...

99 രോഗങ്ങൾക്കുള്ള ശമനമാണീ ദിക്‌റെന്ന് പണ്ഡിതപക്ഷം. ടെൻഷൻ / വിഷാദരോഗത്തിന് അത്യുത്തമവും.



ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി 

No comments:

Post a Comment