Tuesday 27 July 2021

അവകാശികളായ എല്ലാ വിഭാഗക്കാർക്കും സക്കാത്ത് വിഹിതം കൊടുക്കൽ നിർബന്ധമുണ്ടോ ? സക്കാത്ത് മുഴുവൻ ഒരു വിഭാഗത്തിലെ ഒരു വ്യക്തിക്ക് കൊടുത്താൽ മതിയാകുമോ ?

 

വിശുദ്ധ ഖുർആൻ 9:60 ൽ  സക്കാത്തിന്റെ അവകാശികളായ 8 വിഭാഗക്കാരെ പറയുന്നുണ്ടല്ലോ. കഠിന ദാരിദ്രമുള്ളവർ, മിതമായ ദാരിദ്രമുള്ളവർ, ഇസ്ലാമിക രാജ്യത്തെ സൗജന്യ സക്കാത്ത് തൊഴിലാളികൾ, നവ മുസ്ലിംകൾ, സ്വതന്ത്രപത്രം എഴുതപ്പെട്ട അടിമകൾ, കടബാധ്യതയുള്ളവർ, സൗജന്യ സേവനംചെയ്യുന്ന യോദ്ധാക്കൾ, യാത്രാമധ്യേ പണം ആവശ്യമായിവന്നവർ എന്നിവരാണ് പ്രസ്തുത എട്ടു വിഭാഗക്കാർ.

ഇസ്ലാമിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് വേണ്ടിയായിരുന്നു പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം നവമുസ്‌ലിംകൾക്ക് സക്കാത്ത് കൊടുത്തിരുന്നത്. ഇങ്ങനെ ഒരു ആവശ്യം ഇസ്ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നെങ്കിലും വിശുദ്ധ ഇസ്‌ലാം പരക്കെ പ്രചരിക്കപ്പെട്ടതിനാൽ പിൽക്കാലത്ത് പ്രസ്തുത ആവശ്യം ഇല്ലാതായിട്ടുണ്ട്. ആയതിനാൽ നവമുസ്ലിങ്ങൾ ഇക്കാലത്ത് സക്കാത്തിന്റെ അവകാശികളിൽപെടുന്നില്ല. ബാക്കി 7 വിഭാഗമാണ് ഹനഫീ മദ്ഹബ് അനുസരിച്ച് സക്കാത്തിന്റെ അവകാശികൾ. 

അബ്ദു മനാഫിന്റെ മക്കളിൽപെട്ട ഹാഷിം വംശജർ മാത്രമാണ് പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കുടുംബം. അവർക്ക് സക്കാത്ത് കൊടുക്കാൻ പാടില്ല. മുത്തലിബ് വംശജർക്ക് നൽകാവുന്നതുമാണ്. 

സക്കാത്ത് നിർബന്ധമുള്ള ആളിന്റെ പിതാവ്, പിതാമഹൻ, മാതാവ്, മാതാമഹി, മക്കൾ, ഭാര്യ എന്നിവർ മുകളിൽ പറഞ്ഞ അവകാശികളിൽപെട്ടവർ ആണെങ്കിലും അവർക്ക് സക്കാത്തിന്റെ ധനം കൊടുക്കാൻ പാടില്ല. ഭാര്യയുടെ മേൽ നിർബന്ധമായ സക്കാത്തിന്റെ ധനം അവളുടെ ഭർത്താവിന് നൽകാൻ പാടില്ലെന്നാണ് ഇമാം അബൂ ഹനീഫ(റ) വീക്ഷണം. 

അവകാശികളായ 7 വിഭാഗക്കാർക്കും സക്കാത്ത് ധനത്തിന്റെ വിഹിതം എത്തിക്കണമെന്നില്ല. മറിച്ച് ഏതെങ്കിലുമൊരു വിഭാഗത്തിന് നൽകിയാൽ മതിയാകും. ഒരു വിഭാഗത്തിലെ ഒരു വ്യക്തിക്ക് മാത്രമായും മൊത്തം സക്കാത്ത് മുതലും നൽകാവുന്നതാണ്. സക്കാത്ത് മുതൽ അവകാശികളായ വ്യക്തികൾക്ക് ഉടമപ്പെടുത്തി കൊടുക്കൽ നിർബന്ധമാണ്. ആയതിനാൽ പള്ളി, മദ്രസ തുടങ്ങിയവയുടെ നിർമ്മാണത്തിനോ നടത്തിപ്പിനോ മറ്റ് പൊതു ആവശ്യങ്ങൾക്കോ  സക്കാത്ത് മുതൽ നൽകാവുന്ന തല്ല. സ്വതന്ത്രപത്രം എഴുതപ്പെട്ട അടിമക്ക് ഉടമപ്പെടുത്തി കൊടുക്കുക എന്നതല്ലാതെ സക്കാത്ത്മുതൽ കൊണ്ട് അടിമയെ വാങ്ങി മോചിപ്പിച്ചാൽ മതിയാകുകയില്ല. 

സാധുജനങ്ങൾക്ക് വ്യാപാരത്തിനുള്ള വസ്തുവകകൾ, അതിനുള്ള വണ്ടികൾ, വാഹനങ്ങൾ, തൊഴിൽ ഉപകരണങ്ങൾ തുടങ്ങിയവ സക്കാത്ത് മുതൽ കൊണ്ട് വാങ്ങിക്കൊടുത്ത് സഹായിച്ചാലും സക്കാത്ത് വീടുന്നതല്ല. സാധു വിവാഹത്തിന് ആവശ്യമായ ആഭരണങ്ങളും മറ്റും വാങ്ങി നൽകിയാലും മതിയാകുകയില്ല.


(അവലംബം: അൽ ജൗഹറതുന്നയ്യിറഃ, അദ്ദുർറുൽ മുഖ്ത്താർ.)

No comments:

Post a Comment