നഹ്ൽ
അന്നഹ്ൽ 16 : 90
إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآئِ ذِى ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡىِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ
നിശ്ചയം അല്ലാഹു അനുശാസിക്കുന്നത് നീതിപാലിക്കാനും നന്മ അനുവര്‍ത്തിക്കാനും കുടുംബങ്ങള്‍ക്ക് ദാനംചെയ്യാനുമാണ്; നീചകൃത്യങ്ങളും നിഷിദ്ധ പ്രവൃത്തികളും അതിക്രമവും അവന്‍ നിരോധിക്കുകയും ചെയ്യുന്നു. ചിന്തിച്ചു പാഠമുള്‍ക്കൊള്ളാനായി നിങ്ങളെയവന്‍ ഉപദേശിക്കുകയാണ്.
എല്ലാ നന്മകളുടെയും, തിന്മകളുടെയും നിദാനം അടങ്ങിയതും, സന്മാര്‍ഗ്ഗ വ്യവസ്ഥയുടെ അടിത്തറയിലേക്കു വിരല്‍ ചൂണ്ടുന്നതുമായ ഒരു വചനമത്രെ ഇത്.
ഇബ്നുജരീര്‍, ത്വബ്റാനീ, ഹാകിം (رحمهم الله) മുതാലയവരും, ബുഖാരീ (رحمه الله) അദ്ദേഹത്തിന്റെ ‘അദബി’ലും, ബൈഹഖി (رحمه الله) അദ്ദേഹത്തിന്റെ ‘ശുഅബി’ലും ഇബ്നും മസ്ഊദു رَضِيَ اللهُ تَعَالَى عَنْهُ പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘അല്ലാഹുവിന്റെ കിത്താബിലെ ഏറ്റവും മഹത്തായ ആയത്തു اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ (അല്ലാഹു – അവനല്ലാതെ ഒരു ആരാധ്യനുമില്ല – ജീവത്തായുള്ളവനാണ്, സര്‍വ്വനിയന്താവായുള്ളവനാണ്) എന്ന ആയത്താകുന്നു. നന്മയും, തിന്മയും ഏറ്റവുമധികം ഉള്‍കൊള്ളുന്ന ആയത്തു സൂറത്തുന്നഹ്ലിലെ إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ (നിശ്ചയമായും അല്ലാഹു, നീതിചെയ്‌വാനുംനന്മ ചെയ്‌വാനും കല്‍പിക്കുന്നു) എന്ന (ഈ) ആയത്താകുന്നു. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാന്‍ ഏറ്റവും പ്രേരിപ്പിക്കുന്ന ആയത്തു وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا … (ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ പോംവഴി – രക്ഷാമാര്‍ഗ്ഗം – ഏര്‍പ്പെടുത്തിക്കൊടുക്കുകയും, അവന്‍ വിചാരിക്കാത്ത വിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യും. (ത്വലാഖു: 2) എന്നുള്ള ആയത്താകുന്നു. സുപ്രതീക്ഷ നല്‍കുന്നതില്‍ ഏറ്റവും ശക്തിമത്തായതു ….. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ (പറയുക: തങ്ങളുടെ സ്വന്തങ്ങളോടു അതിരുകവിഞ്ഞ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയരുത്. നിശ്ചയമായും അല്ലാഹു, പാപങ്ങള്‍ മുഴുവനും പൊറുക്കുന്നതാണു. (സുമര്‍: 53) എന്ന ആയത്താകുന്നു.
ഹാഫിള് അബൂയഅ്-ലാ (الحافظ أبو يعلى – رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു സംഭവത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: അറേബ്യയിലെ ഒരു തത്വജ്ഞാനിയായിരുന്ന അക്ഥമുബ്നു സ്വൈഫിയ്യു (اكثم بن صيفي) നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ വെളിപാടിനെപ്പറ്റി കേട്ടപ്പോള്‍, നേരില്‍ ചെന്ന് വിവരമറിയുവാന്‍വേണ്ടി അദ്ദേഹം ആളയച്ചിരുന്നു. അവരില്‍ നിന്നു അദ്ദേഹം ഈ (… إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ) ആയത്തിനെപ്പറ്റി അറിയുവാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അദ്ദേഹം – നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ഉല്‍കൃഷ്ട സ്വഭാവങ്ങളെപ്പറ്റി കല്‍പിക്കുന്നതായും, നികൃഷ്ട സ്വഭാവങ്ങളെക്കുറിച്ചു വിരോധിക്കുന്നതായും കാണുന്നു. അതുകൊണ്ടു ഈ കാര്യത്തില്‍ നിങ്ങള്‍ തലകളായിരിക്കണം – വാലുകളായിതീരരുത്. (മുമ്പന്‍മാരാവണം, പിമ്പന്‍മാരാകരുത്.)’.
മൂന്നു കാര്യങ്ങളാണു ഈ വചനത്തില്‍ അല്ലാഹു കല്‍പിക്കുന്നത്.
1-ാ മത്തേത് : الْعَدْل (നീതി). അമിതമാക്കുകയോ, വീഴ്ചവരുത്തുകയോ ചെയ്യാതെ, ഓരോ കാര്യത്തിലും അതതിന്റെ മദ്ധ്യമവും മിതവുമായ നില കൈക്കൊള്ളുക എന്നത്രെ നീതികൊണ്ടു വിവക്ഷ. അല്ലാഹുവിനെ സംബന്ധിക്കുന്നതോ, സൃഷ്ടികളെ സംബന്ധിക്കുന്നതോ ആയ ഏതു കാര്യത്തിലും – സ്വന്തം കാര്യത്തില്‍പോലും – ഇതു നിര്‍ബ്ബന്ധമാകുന്നു. നീതി പാലിക്കപ്പെടാത്ത കാര്യങ്ങളെല്ലാം അനീതിയും അക്രമവും തന്നെ. അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ)ന്റെ പ്രസിദ്ധമായ ഒരു സംഭവത്തില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തോടു ഇങ്ങിനെ പറയുകയുണ്ടായി: ‘നിശ്ചയമായും, തന്റെ ശരീരത്തോടു തനിക്ക് കടമയുണ്ട്; തന്റെ കണ്ണുകളോടും തനിക്ക് കടമയുണ്ട്; തന്റെ ഭാര്യയോടും തനിക്ക് കടമയുണ്ട്; തന്നെ സന്ദര്‍ശിക്കുന്നവരോടും തനിക്ക് കടമയുണ്ട്. അതുകൊണ്ടു എല്ലാ മാസത്തിലും താന്‍ മൂന്നു (സുന്നത്തു) നോമ്പു നോറ്റാല്‍ മതി. കാരണം, തനിക്കു ഓരോ നന്മക്കും പത്തിരട്ടി (പ്രതിഫലം) ഉണ്ടായിരിക്കും. അപ്പോള്‍ അതു, കാലം മുഴുവനും നോമ്പു പിടിക്കലായി’ (ബു; മു).
നീതിപാലനത്തില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതു അല്ലാഹുവിന്റെ അധികാരാവകാശങ്ങളും, മഹത്വങ്ങളും അവനുമാത്രം വകവെച്ചു കൊടുക്കുകയെന്ന തൗഹീദും, അനീതികളില്‍വെച്ച് ഏറ്റവും ഗൗരവമേറിയതു അതിന്റെ വിപരീതമായ ശിര്‍ക്കുമാകുന്നുവെന്നു പറയേണ്ടതില്ല. അതെ, إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (നിശ്ചയമായും, ശിര്‍ക്കു വമ്പിച്ച അനീതിയാകുന്നു. 31:13). മുഹമ്മദുബ്നുല്‍ ഖുറളീ (محمد بن القرظي – رحمه الله) യില്‍ നിന്നു ഇബ്നു അബീഹാതിം (رحمه الله) ഇങ്ങിനെ ഉദ്ധരിക്കുന്നു: എന്നെ (ഖലീഫാ) ഉമറുബ്നു അബ്ദില്‍ അസീസ് (رحمه الله) വിളിച്ച് ‘എനിക്ക് നീതിയെക്കുറിച്ചു വിവരിച്ചു തരണം’ എന്നാവശ്യപ്പെട്ടു. ഞാന്‍ ഇങ്ങിനെ പറഞ്ഞു: ‘അഹോ! വലിയൊരു കാര്യത്തെക്കുറിച്ചാണു നിങ്ങള്‍ ചോദിച്ചത്. ചെറിയ മനുഷ്യര്‍ക്കു നിങ്ങള്‍ പിതാവും, വലിയവര്‍ക്കു മകനും, സമന്‍മാര്‍ക്കു സഹോദരനും, അതേപ്രകാരം തന്നെ സ്ത്രീകളോടും ആയിക്കൊള്ളുക. ജനങ്ങളോടു അവരുടെ കുറ്റങ്ങള്‍ക്കനുസരിച്ചും, അവരുടെ ശരീരങ്ങള്‍ക്കനുസരിച്ചും ശിക്ഷാനടപടി സ്വീകരിക്കുക. നിങ്ങളുടെ ദ്വേഷ്യം നിമിത്തം ഒരാളെയും ഒരൊറ്റ ചമ്മട്ടിയടിയും അടിക്കരുത്. എന്നാല്‍ നിങ്ങള്‍ അക്രമിയായിത്തീരും’. നീതിയുടെ വ്യാപ്തി മേലുദ്ധരിച്ചതില്‍ നിന്നെല്ലാം വ്യക്തമാണല്ലോ.
2-ാ മത്തേത് : الْإِحْسَان (നന്മ ചെയ്യല്‍ – അഥവാ പുണ്യം ചെയ്യല്‍) നിര്‍ബ്ബന്ധ കടമകള്‍ എന്നപോലെ ഐച്ഛികമായ ദാനധര്‍മ്മങ്ങള്‍, ആരാധനാ കര്‍മ്മങ്ങള്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ മുതലായ എല്ലാ പുണ്യകര്‍മ്മങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങോട്ടു തിന്മ ചെയ്തവരോട് അങ്ങോട്ടു തിന്മ ചെയ്യാതെ വിട്ട് വീഴ്ച ചെയ്യുന്നത് ഏറ്റവും മേലേകിടയിലുള്ള നന്മയത്രെ.
ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും رحمهما الله ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍ إِحْسَان എന്ന വാക്കിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ വ്യാഖ്യാനം ഇങ്ങിനെയാണു: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ (നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണുന്നില്ലെങ്കില്‍, നിശ്ചയമായും അവന്‍ നിന്നെ കാണുന്നുണ്ട്).
3-ാ മത്തേത് : إِيتَاءِ ذِي الْقُرْبَىٰ (കുടുംബബന്ധമുള്ളവര്‍ക്കു കൊടുക്കല്‍) ഇതു വാസ്തവത്തില്‍ ആദ്യത്തെ രണ്ടു കല്‍പനകളില്‍ ഉള്‍പെട്ടതാണെങ്കിലും ഇതിന്റെ പ്രാധാന്യം നിമിത്തം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. സന്ദര്‍ഭവും, ആവശ്യവുമനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്കു ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും ചെയ്തുകൊടുക്കുന്ന എല്ലാ നന്മകളുമാണു വിവക്ഷ കുടുംബബന്ധം പാലിക്കുവാന്‍ പ്രേരിപ്പിക്കുകയും അതു മുറിക്കുന്നതിനെപ്പറ്റി ആക്ഷേപിക്കുകയും ചെയ്യുന്ന എത്രയോ ഖുര്‍ആന്‍ വചനങ്ങളും, നബിവചനങ്ങളും നിലവിലുള്ളതു പ്രസ്താവ്യമത്രെ.
മൂന്നു കാര്യങ്ങള്‍ കല്‍പിച്ചതുപോലെ, മൂന്നുകാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു വിരോധിക്കുകയും ചെയ്യുന്നു.
1-ാ മത്തേത് : الْفَحْشَاء (നീചവൃത്തി). സ്വേച്ഛകള്‍ക്കും, വികാരങ്ങള്‍ക്കും വഴങ്ങിക്കൊണ്ടുണ്ടാകുന്ന വ്യഭിചാരം, മോഷണം, മദ്യപാനംപോലെയുള്ള ദുര്‍വൃത്തികളെല്ലാം ഇതില്‍ ഉള്‍പെടുന്നു.
2-ാ മത്തേത് :- الْمُنكَرِ (ദുരാചാരം – അഥവാ വെറുക്കപ്പെട്ട കാര്യം). മതദൃഷ്ട്യാ നിഷിദ്ധമായതും, ജനമദ്ധ്യെ ആക്ഷേപകരമായതും, നിഷ്പക്ഷ ബുദ്ധിയും തന്റേടവുമുള്ള ആളുകള്‍ വെറുക്കുന്നതുമായ എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നു.
3-ാ മത്തേത് :- الْبَغْي (അതിക്രമം). അക്രമമായോ, അഹംഭാവംകൊണ്ടോ, അസൂയ നിമിത്തമോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍നിറുത്തിയോ ഉണ്ടാകുന്ന കയ്യേറ്റം, വാക്കേറ്റം മുതലായ എല്ലാ അതിരുകവിച്ചലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇങ്ങിനെ ചിലകാര്യങ്ങള്‍ നിങ്ങളോടു അല്ലാഹു കല്‍പിക്കുകയും, ചില കാര്യങ്ങളെ നിങ്ങളോടു വിരോധിക്കുകയും ചെയ്യുന്നതു നിങ്ങളുടെ ഐഹികവും, പാരത്രികവുമായ ഗുണത്തിനുവേണ്ടിയാണ് – അല്ലാഹുവിനു അതുമൂലം യാതൊന്നും നേടുവാനില്ല. നിങ്ങള്‍ മനസ്സിരുത്തി ആലോചിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കുതന്നെ അതു മനസ്സിലാക്കാം. അതുകൊണ്ടു ഈ ഉപദേശങ്ങള്‍ നിങ്ങള്‍ മുറുകെ പിടിക്കണം എന്നൊക്കെ സൂചിപ്പിച്ചുകൊണ്ടു ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നു: يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (നിങ്ങള്‍ ഓര്‍മ്മ വെക്കുവാനായി അല്ലാഹു നിങ്ങള്‍ക്കു സദുപദേശം നല്‍കുകയാണ്.). ഈ വചനത്തില്‍ മൊത്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളുടെ ചില ഉദാഹരണങ്ങളാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ കാണുന്നത്.