Wednesday 20 September 2017

ഹൗലാഅ്(റ)


താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .

********************************************************************************



ഈ നാമമറിയാത്തവർ അന്ന് മദീനയിൽ ഉണ്ടായിരുന്നില്ല. അത്രയും സുസമ്മതയും ജനപ്രീതി നേടിയവരുമാണ് മഹതി.. അവർ ഒരു വഴിയിലൂടെ നടന്നുപോയാൽ മതി.. ആരും നോക്കിപ്പോകും.. ശ്വാസം ആഞ്ഞുവലിച്ചെന്നുവരും.. കാരണം അത്രമാത്രം നല്ല മേത്തരം സുഗന്ധദ്രവ്യങ്ങളായിരുന്നു അവർഉപയോഗിച്ചിരുന്നത്.

എപ്പോഴും വൃത്തിയോടെയും മാനസികോല്ലാസത്തോടെയും കഴിയുന്നത് അവർ ശീലമാക്കിയിരുന്നു. മാത്രമല്ല ശുദ്ധി ഈമാനിന്റെ പാതിയാണെന്നും സുഗന്ധമുപയോഗിക്കുന്നത് അടുത്തുള്ള മാലാഖാർക്ക് സന്തോഷമാണെന്നും അവർ കേട്ടിട്ടുണ്ട്.. എല്ലാറ്റിനും പുറമെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന തിരുനബി (സ്വ) തന്നെ സുഗന്ധദ്രവ്യമുപയോഗിക്കുകയും ചെയ്യാറുണ്ട്.. അവർ കുളിച്ച് വസ്ത്രം മാറ്റിയാൽ പിന്നെ ചിന്തിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതിനാൽ ഒരു നിർബന്ധമെന്നോണം ഹൗല (റ) എപ്പോഴും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ നടന്നു. എത്രത്തോളമെന്നാൽ ജനങ്ങൾ അവരെ ഹൗലാഉൽ അത്ത്വാറ (സുഗന്ധക്കാരി) എന്നാണ് വിളിച്ചിരുന്നത്.

ജനങ്ങളെ സന്തോഷിപ്പിക്കുക എന്നതിലുപരി അല്ലാഹുവിന്റെ പ്രീതി നേടുക എന്നത് മാത്രമായിരുന്നു ഹൗലാഅ്(റ) ഇതിലൂടെ ലക്ഷീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങാൻ പോകുമ്പോഴും അവർ സുഗന്ധം ഉപയോഗിച്ചു. പുത്തൻ ഉടയാടകളണിഞ്ഞ് മോഡിയായിട്ടാണ് അവർ കിടപ്പറയിലെത്തിയിരുന്നത്. പക്ഷേ, അവരുടെ ഭർത്താവിന് ഇത് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഭാര്യ വിരിപ്പിലേക്ക് കടന്നുവരുന്നത് കണ്ടാൽ തന്നെ അയാൾ തിരിഞ്ഞുകളയും. അങ്ങനെ ദിനങ്ങൾ കഴിഞ്ഞതല്ലാതെ ഭർത്താവിൽ ഒരു മാറ്റവുമുണ്ടായില്ല. ഇത് മഹതിയെ വേദനിപ്പിച്ചു. ഞാൻ അല്ലാഹുവിന് വേണ്ടിയാണല്ലോ ഇത് ചെയ്യുന്നത്. പിന്നെ എന്തിന് അദ്ദേഹം എന്നെ വെറുക്കണം. ഇത് എത്രകാലം നീണ്ടുനിൽക്കും. അവരങ്ങനെ ചിന്തിച്ചു.

ഇനിയും വൈകാൻ കാത്തുനിന്നുകൂടാ.. അവർ ഒരു പ്രതിവിധിക്കായി ഉമ്മുൽ മുഅ്മിനീൻ ആഇശാ ബിവിയെ (റ) സമീപിച്ചു. പ്രിയഉമ്മുൽ മുഅ്മിനീൻ, എനിക്ക് ഒരു പ്രത്യേക കാര്യം ചോദിക്കാനുണ്ട്. എല്ലാ ദിവസവും സുഗന്ധദ്രവ്യങ്ങൾ പൂശി ഒരു മണവാട്ടിയെ പോലെയാണ് ഞാൻ ഭർത്താവിനടുത്തേക്ക് പോവാറ്. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഞാനതിലൂടെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിന്റെ പേരിൽ ഭർത്താവ് എന്നോട് കോപിക്കുകയാണ്. ഞാൻ എന്തുചെയ്യണം?

അവർ പറഞ്ഞു: സഹോദരീ..തിരുമേനിയോട് (സ്വ) തന്നെ ചോദിക്കേണ്ടതാണിത്. ഇവിടത്തന്നെ നിൽക്കുക. അവരിപ്പോൾ വരും.

താമസിയാതെ തിരുമേനി (സ്വ) കടന്നുവരികയായി. ഹൗലാഅ് ഉണ്ടോ ഇവിടെ.. അവരുടെ വാസനയുണ്ടല്ലോ? അവിടന്ന് ഉറക്കെ ചോദിച്ചു.

ആഇശബീവി(റ) പറഞ്ഞു: അതെ, തന്റെ ഭർത്താവിനെക്കുറിച്ച്  ചില ആവലാതികളുമായി വന്നിട്ടുണ്ട്.

എന്താ ഹൗലാഅ്, പ്രശ്നം?തിരുമേനി (സ്വ) അവളോട് തന്നെ തിരക്കി.

ഹൗലാഅ്(റ) ആഇശാ ബീവിയോട് (റ) പറഞ്ഞതെല്ലാം നബിതങ്ങൾക്കും (സ്വ) വിവരിച്ചുകൊടുത്തു.

എല്ലാം ശ്രദ്ധാപൂർവ്വം ശ്രവിച്ചശേഷം തിരുമേനി (സ്വ) പറഞ്ഞു: സഹോദരീ.. നീ വീട്ടിലേക്ക് മടങ്ങുക. ഭർത്താവിനെ അങ്ങേയറ്റം വഴിപ്പെട്ട് ജീവിക്കുക.. അതാണ് അല്ലാഹുവിന്റെ മുമ്പിൽ നിനക്കുത്തമം.

റസൂലേ (സ്വ).. എങ്കിലെനിക്ക് പ്രതിഫലമുണ്ടാകുമോ? ഹൗലാഅ് ചോദിച്ചു.

തിരുമേനി (സ്വ) പറഞ്ഞു: ഹൗലാ.. ഒരു ഭാര്യ ഭർത്താവുമൊത്ത് ജീവിക്കുമ്പോൾ ഒരുപാട് കടമകൾ പാലിക്കേണ്ടതുണ്ട്. അവൻ ക്ഷണിക്കുന്ന പക്ഷം-ഒട്ടകപ്പുറത്തായാലും ശരി-പിന്തിരിഞ്ഞുനിൽക്കാൻ പാടില്ല. ഒരിക്കലും അവനോട് സമ്മതം ചോദിച്ചിട്ടല്ലാതെ (സുന്നത്തായ) നോമ്പനുഷ്ഠിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അവൾ കുറ്റക്കാരിയാകുന്നതും ആ ആരാധന തള്ളപ്പെടുന്നതുമാണ്. പിന്നെ, തന്റെ ഭൾത്താവിന്റെ അനുമതി ലഭിക്കാതെ വീട്ടിൽ നിന്നു ഒരു സാധനവും മറ്റൊരാൾക്ക് കൈമാറാൻ പാടില്ല.. വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ തൗബ ചെയ്ത് മടങ്ങുന്നതുവരെ അവളുടെമേൽ അല്ലാഹുവിന്റെയും മലാഇകതിന്റെയും ശാപമിറങ്ങുന്നതാണ്.

റസൂലേ (സ്വ)..! ഭർത്താവ് അക്രമിയാണെങ്കിലോ? ഹൗലാഅ്(റ) തിരക്കി.

അക്രമിയാണെങ്കിലും ശരി.. അവനെ വഴിപ്പെടണം.തിരുമേനി (സ്വ) ഗൗരവത്തോടെ പറഞ്ഞു.

അപ്പോൾ.. ഞാൻ ഭർത്താവിനെ അംഗീകരിച്ചാൽ പ്രതിഫലമെന്തായിരിക്കും.

തിരുമേനി (സ്വ) പറഞ്ഞു: സഹോദരീ.. ആരെങ്കിലുമൊരാൾ തന്റെ ഭർത്താവിന് വേണ്ടപോലെ വഴിപ്പെടുകയും അവനുമായുള്ള കടപ്പാടുകൾ വീട്ടുകയും ശരീരത്തിലോ സമ്പത്തിലൊ വഞ്ചന നടത്താതെ അവന്റെ നന്മകൾ മാത്രം പറയുകയും ചെയ്താൽ നാളെ സ്വർഗത്തിൽ രക്തസാക്ഷികളുടെ തൊട്ടടുത്ത സ്ഥാനമായിരിക്കും അവർക്ക്.. ഭർത്താവ് സദ് വൃത്തനാണെങ്കിൽ അവൻ തന്നെയായിരിക്കും സ്വർഗത്തിലും ഭർത്താവ്. അതല്ലയെങ്കിൽ രക്തസാക്ഷികളിൽ നിന്നും ഒരാളെ അല്ലാഹു തെരഞ്ഞെടുത്തു നൽകുന്നതാണ്.

ഹൗലാഅ്(റ) ശാന്തയായി. പിന്നെ ചിന്താമഗ്നയായി വീട്ടിലേക്കു തന്നെ ഇറങ്ങിനടന്നു.


മോയിൻ മലയമ്മ

No comments:

Post a Comment