Friday 29 September 2017

ഉസൈർ നബി (അ)

 

നൂറ് വർഷങ്ങൾ 

അല്ലാഹു ഒരാളെ മരിപ്പിക്കുന്നു അദ്ദേഹം മരിച്ചുകിടക്കുകയാണ് എത്ര കാലം ? ഒരു നൂറ്റാണ്ടുകാലം താൻ ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല ഒരു നൂറ്റാണ്ടിന് ശേഷമോ ? അല്ലാഹു ജീവൻ നൽകി അദ്ദേഹം കണ്ണു തുറന്നു എഴുന്നേറ്റിരുന്നു ചുറ്റും നോക്കി എത്ര നേരം ഉറങ്ങി ? ഉറങ്ങാൻ കിടക്കുമ്പോൾ സൂര്യൻ ഉദിച്ചുയർന്നുകഴിഞ്ഞിരുന്നു ഇപ്പോൾ സായാഹ്നമായിട്ടുണ്ട് സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി  ഉറങ്ങാൻ കിടന്നശേഷം നൂറ് വർഷങ്ങൾ കടന്നു പോയത് അദ്ദേഹമറിഞ്ഞില്ല എഴുന്നേറ്റ് നടന്നു വഴിയിൽ ആളുകൾ സഞ്ചരിക്കുന്നുണ്ട് ഒരാളെയും പരിചയമില്ല ആരാണിവർ ?  

ആരെയും അതിശയം കൊള്ളിക്കുന്ന ചരിത്രം  

നബിയുല്ലാഹി ഉസൈർ (അ) ന്റെ ചരിത്രം മഹത്തായ ചരിത്രം ഉസൈർ (അ)ന്റെ പിതൃപരമ്പര ഹാറൂൻ (അ)ൽ എത്തിച്ചേർന്നു അതിപ്രകാരമാണ് ചില രേഖകളിലുള്ളത് 

ഉസൈർ (അ),ജുർവ,സൂരീഖ്,അദ് യാ ,അയ്യൂബ്, ദറസ്ന ,ഉറിയ ,തഖിയ്യ് ,ഉസ്ബൂത്ത്, ഫൻഹാസ്വ്, അൽ ആസിർ , ഹാറൂൻ ബ്നു ഇംറാൻ (അ) 

ചില രേഖകളിൽ ഉസൈർ ബ്നു സറൂഹാ എന്നും പറയപ്പെട്ടിട്ടുണ്ട്  

സൂറത്തുൽ ബഖറയിൽ നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഉറക്കിനെക്കുറിച്ച് ഇങ്ങനെ പറയുന്നു:  

അല്ലെങ്കിൽ ഈ രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്റെ മാതിരി  കണ്ടില്ലേ ആ രാജ്യം അതിലെ മേൽക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയാണ് അപ്പോൾ അദ്ദേഹം പറഞ്ഞു:  ഈ രാജ്യം നിർജീവമായിപ്പോയതിനു ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും ? എന്നിട്ട് അല്ലാഹു അദ്ദേഹത്തെ നൂറു വർഷം മരിപ്പിച്ചു കിടത്തി പിന്നെ അദ്ദേഹത്തെ ജീവിപ്പിച്ചു എഴുന്നേൽപിച്ചു   അല്ലാഹു ചോദിച്ചു:  നീ എത്ര കാലം ഉറങ്ങി ? അദ്ദേഹം പറഞ്ഞു:  ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം ഞാൻ ഉറങ്ങി അല്ലാഹു പറഞ്ഞു:  അല്ല നീ നൂറു വർഷം ഉറക്കിൽ കഴിഞ്ഞുകൂടിയിരിക്കുന്നു  നിന്റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കുക അതിന് മാറ്റം വന്നിട്ടില്ല നിന്റെ കഴുതെയും നോക്കുക നിന്നെ മനുഷ്യർക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാൻ വേണ്ടിയിട്ടുകൂടിയാണിത്  കഴുതയുടെ എല്ലുകളിലേക്ക് നോക്കുക നാം അവയെ എങ്ങനെ ഘടിപ്പിക്കുകയും പിന്നെ അവയ്ക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അങ്ങനെ അദ്ദേഹത്തിന് കാര്യം വ്യക്തമായിത്തീർന്നപ്പോൾ അദ്ദേഹം പറഞ്ഞു  അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാൻ  (അനുഭവത്തിലൂടെ ) അറിയുന്നു  (2/259)

ഉസൈർ നബി  (അ) ന്റെ ഒരു നൂറ്റാണ്ട് കാലം നീണ്ട നിദ്രയെക്കുറിച്ചാണിവിടെ പറഞ്ഞത് ബുഖ്ത്തുന്നസ്വറിന്റെ ജറൂസലം ആക്രമണത്തെക്കുറിച്ച് നാം നേരത്തെ മനസ്സിലാക്കി  ശഹ്യാഹ് (അ)ന്റെ കാലശേഷമാണത് നടന്നത് ഉസൈർ (അ ) ഒരു കഴുതപ്പുറത്ത് കയറി വരുന്നു ഗ്രാമത്തിലൂടെയാണ് യാത്ര എങ്ങും വിജനം കൈയിൽ ചില പാത്രങ്ങളുണ്ട് അവയിൽ മുന്തിരിയും അത്തിപ്പഴവുണ്ട് ഒരു പാത്രത്തിൽ വെള്ളം  നഗരത്തിന്റെ സമീപത്തെത്തി നല്ല ചൂട് ചൂടിൽ നിന്ന് രക്ഷനേടാൻ എവിടെയെങ്കിലും കയറിനിൽക്കണം  കയറിനിൽക്കാൻ പറ്റിയ ഒരു കെട്ടിടം പോലുമില്ല എല്ലാം പൊളിഞ്ഞുവീണിരിക്കുന്നു ഒരു കെട്ടിടത്തിന്റെ അവശിഷ്ടം കണ്ടു മിക്കവാറും തകർന്നിട്ടുണ്ട് ചുമരിന്റെ കുറച്ചു ഭാഗം തകർന്നിട്ടില്ല അതോട് ചേർന്നുള്ള മേൽപ്പുരയും തകർന്നിട്ടില്ല  ആ കെട്ടിടാവശിഷ്ടത്തിനകത്തേക്ക് കയറി ചൂടിൽ നിന്ന് ചെറിയൊരാശ്വാസം നിലത്തിരുന്നു കഴുത തൊട്ടടുത്തുതന്നെ നിൽപുണ്ട്  നല്ല വിശപ്പുണ്ട് ആഹാരം കഴിക്കണം പാനീയം കുടിക്കണം കുറച്ചു മുന്തിരിയെടുത്തു ഒരു പാത്രത്തിലേക്ക് നീര് പിഴിഞ്ഞു സഞ്ചിയിൽ നിന്ന് ഉണങ്ങിയ റൊട്ടിയുടെ കഷ്ണമെടുത്തു  മുന്തിരി നീരിൽ മുക്കി പതം വരുത്തി കഴിക്കാം ഒരു പാത്രത്തിൽ മുന്തിരിനീര് മറ്റൊരു പാത്രത്തിൽ ഉണങ്ങിയ റൊട്ടി ഉണങ്ങിയ റൊട്ടിക്കഷ്ണം മുന്തിരിനീരിൽ ഇട്ടു കുറച്ചു നേരം അതിൽ കിടക്കട്ടെ ഒന്നു പാകം വരട്ടെ  ഒന്നു കിടന്നു ക്ഷീണം തീർക്കാം ചുമരിനു നേരെ കാൽ നീട്ടി ശിരസ് നിലത്ത് വെച്ചു തകർന്ന മേൽപ്പുരയിലേക്കു നോക്കി എന്തൊരു കാഴ്ച ഇവിടെ മനുഷ്യർ താമസിച്ചിരുന്നു ആ താമസക്കാരെവിടെ ? ഈ കെട്ടിടത്തിന്റെ ഉടമസ്ഥരുടെ എല്ലുകൾ അതാ കിടക്കുന്നു എല്ലുകൾ നുരുമ്പിത്തകർന്നിട്ടുണ്ട്   പടച്ചവനേ ഈ എല്ലുകൾ മരിച്ചുപോയ നഗരം ഇവയെ അല്ലാഹു എങ്ങനെയാണ് പുനർജീവിപ്പിക്കുക മരണത്തിനു ശേഷം വീണ്ടും ജീവിപ്പിക്കുന്നതെങ്ങനെ ? ഉസൈർ (അ) അതിനെക്കുറിച്ചു അതിശയത്തോടെ ഓർത്തു കിടന്നു  

ഇസ്രാഈല്യർ നടത്തിയ ആദ്യത്തെ കുഴപ്പത്തെ തുടർന്നാണ് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയത്  ജറൂസലം തകർക്കപ്പെട്ടു മേൽപ്പുരയോടുകൂടി കെട്ടിടങ്ങൾ തകർക്കപ്പെട്ടു ജനങ്ങളെ കൊന്നൊടുക്കി ലക്ഷക്കണക്കിനാളുകൾ ബന്ദികളായി അവർ നൂറ് കൊല്ലത്തോളം ബാബിലോണിയായിൽ അടിമകളായി ജീവിച്ചു  എന്തെങ്കിലും ആഹാരം കിട്ടും അത് കഴിച്ച് രാപ്പകൽ ജോലി ചെയ്യണം വിശ്രമവേളകൾ കുറവാണ് പണിതന്നെ  ജറൂസലം തകർക്കപ്പെട്ടതിനെത്തുടർന്നുള്ള കെടുതീകൾ പലനബിമാരും അവരുടെ കുടുംബങ്ങളും അനുഭവിച്ചിട്ടുണ്ട് അർമിയിഹ്(അ),റാഹീൽ (അ), ഉസൈർ (അ) എന്നിവർ അവയിൽ ഉൾപ്പെടുന്നു  

ഇവർ മൂന്നുപേരും കുടുംബത്തോടൊപ്പം നാടുവിട്ടുപോയവരാണ് അർമിയാഹ് (അ) ഈജിപ്തിലേക്കുപോയി റാഹീൽ (അ), ഉസൈർ (അ) എന്നിവർ ബന്ദികളോടൊപ്പം ബാബിലോണിയായിലെത്തിയതായി മനസ്സിലാക്കാം 

ബൈത്തുൽ മുഖദ്ദസ് തീകൊളുത്തി നശിപ്പിച്ചു എല്ലാം കത്തിച്ചാമ്പലായി തൗറാത്തിന്റെ കോപ്പികൾ കത്തിച്ചു ആളുകൾ നഗരംവിട്ടോടിപ്പോയി ജറൂസലം വിജനമായി   ജനത്തിരക്കേറിയ നഗരം ആൾപ്പെരുമാറ്റമില്ലാത്ത പ്രദേശമായിത്തീർന്നു കാട് വളർന്നു വലുതായി കാട്ടുമൃഗങ്ങൾ വന്നു പിന്നെ അവയുടെ ആവാസ കേന്ദ്രമായി മാറി 

ഉസൈർ (അ) തൗറാത്ത് മനഃപാഠമുള്ള ആളായിരുന്നു തൗറത്തിന്റെ ലിഖിത രൂപങ്ങൾ കത്തിപ്പോയി ഇനി അവശേഷിക്കുന്നത് ഉസൈർ (അ) ന്റെ ഓർമയിലുള്ള തൗറാത്ത് മാത്രം   ജറൂസലം നഗരവും ബൈത്തുൽ മുഖദ്ദസും തകർന്ന് തരിപ്പണമായിക്കിടക്കുന്ന കാലത്താണ് ഉസൈർ (അ) ന്റെ നിദ്ര നടന്നത്  ഉറങ്ങാൻ കിടന്നപ്പോൾ നഗരം തകർന്നു കിടക്കുകയാണ് വിജനമാണ് ഉണർന്നെണീറ്റപ്പോഴോ ? നഗരം പഴയ പ്രതാപവും പ്രൗഢിയും വീണ്ടെടുത്തിരിക്കുന്നു  അത്ഭുതകരമായ അവസ്ഥയാണ് ഉസൈർ (അ) കാണുന്നത് പൊളിഞ്ഞ കെട്ടിടത്തിൽ ഉസൈർ (അ) ചിന്തിച്ചു കിടക്കുന്നു അപ്പോൾ അല്ലാഹു അസ്റാഈൽ (അ)ന് കൽപന നൽകി ഉസൈറിന്റെ റൂഹ് പിടിക്കുക  

അസ്റാഈൽ (അ)  എത്തി ഉസൈർ (അ)ന്റെ റൂഹ് പിടിച്ചു ഉസൈർ (അ) ജീവനില്ലാതെ കിടന്നു ഒരു നൂറ്റാണ്ടുകാലം  ഉസൈർ (അ) മരണപ്പെട്ട് എഴുപത് കൊല്ലം കഴിഞ്ഞപ്പോൾ ബുഖ്ത്തുന്നസ്വർ മരണപ്പെട്ടുവെന്ന്  ചില രേഖകളിൽ കാണുന്നു ബാബിലോണിയായും പേർഷ്യയും തമ്മിൽ വലിയ യുദ്ധങ്ങൾ നടന്നു വെന്നും അതിൽ ബാബിലോണിയ പരാജയപ്പെട്ടുവെന്നും കാണുന്നു  

ഇസ്രാഈലി സന്തതികൾ ഈ സമയം മുതലെടുത്തു  ബാബിലോണിയായിൽ പുറത്തു കടന്നു ജന്മനാട്ടിലേക്കെത്താൻ തിടുക്കമായി അടിമത്വത്തിൽ നിന്ന് വിമോചനം നേടി ഓടിവരികയാണവർ തകർന്നടിഞ്ഞ പട്ടണം ആ കാഴ്ച അവരെ സങ്കടപ്പെടുത്തി അവരത് പുതുക്കിപ്പണിയാൻ തുടങ്ങി  കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങൾ  കെട്ടിടങ്ങൾ ഉയർന്നു വന്നു അങ്ങാടികൾ പുതുക്കിപ്പണിതു കച്ചവടം തുടങ്ങി തെരുവുകളിൽ ജനത്തിരക്ക് കൂടി കൃഷി ചെയ്തു ധാരാളം വിളവുണ്ടായി പഴവർഗങ്ങളുടെ തോട്ടങ്ങൾ സന്തോഷം പരത്തി  പുതിയ പട്ടണം പുതിയ ജീവിതം ഇതെല്ലാം നടന്ന ശേഷമാണ് ഉസൈർ (അ) ഉണരുന്നത് അല്ലാഹു ഒരു മലക്കിനെ അയച്ചു റൂഹ് ശരീരത്തിലേക്കു മടക്കി  ഉസൈർ (അ) കണ്ണു തുറന്നു എഴുന്നേറ്റിരുന്നു താൻ ഉറങ്ങിയിട്ട് നേരം ഒരുപാടായോ ? 

മലക്ക് ചോദിച്ചു:  താങ്കൾ എത്ര നേരം ഉറങ്ങി ? 

ഉസൈർ (അ) ചിന്തിച്ചു ഉച്ച നേരത്താണ് ഞാനുറങ്ങിയത് ഇപ്പോൾ സൂര്യൻ അസ്തമിക്കാറായിരിക്കുന്നു അതോ ഒരു ദിവസം മുഴുവൻ ഉറങ്ങിപ്പോയോ ? 

ഉസൈർ (അ) ഇങ്ങനെ മറുപടി നൽകി ഞാൻ ഒരു ദിവസം ഉറങ്ങി അല്ലെങ്കിൽ ദിവസത്തിന്റെ ഒരു ഭാഗം ഉറങ്ങി  

മലക്ക് പറഞ്ഞു: അല്ല താങ്കൾ നൂറ് വർഷം മരണാവസ്ഥയിൽ കഴിഞ്ഞുകൂടിയിട്ടുണ്ട്  

ഞെട്ടിപ്പോയി നൂറു വർഷമോ? 

താങ്കളുടെ ഭക്ഷണ പാനീയങ്ങൾ നോക്കൂ 

നോക്കി അതവിടെത്തന്നെയുണ്ട് ഒരു മാറ്റവുമില്ല ഉണങ്ങിയ റൊട്ടിക്കഷ്ണം മുന്തിരിച്ചാറ്  മുന്തിരിയും അത്തിയും അവിടെത്തന്നെയുണ്ട് അവയ്ക്കും മാറ്റമൊന്നും സംഭവിച്ചിട്ടില്ല  ഇതെന്ത് കഥ? നൂറ് വർഷം കഴിഞ്ഞിട്ടും ഭക്ഷണ പാനീയങ്ങൾക്കു മാറ്റമില്ല അല്ലാഹുവിന്റെ അപാരമായ  കഴിവ് ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ ശരീരത്തിന്റെ അവസ്ഥ ഞാൻ വൃദ്ധനല്ല യൗവ്വനം കൈവിട്ടിട്ടില്ല ഇപ്പോഴും ശരീരം ആ അവസ്ഥയിൽ തന്നെ  

മലക്ക് പറഞ്ഞു;  താങ്കളുടെ കഴുതയെ നോക്കൂ  

കഴുതയെ നോക്കി കഴുതയെവിടെ ?

അതാ കിടക്കുന്നു കുറെ നുരമ്പിയ എല്ലുകൾ കഴുത എത്രയോ കാലം മുമ്പ് ചത്തുപോയി ആ ശരീരം ദ്രവിച്ചു മണ്ണായി എല്ലുകൾ നുരമ്പി  

മലക്ക് കഴുതയെ വിളിച്ചു ഉസൈറിന്റെ കഴുതേ.... എണ്ണീറ്റ് വരൂ ഉസൈർ (അ) ഉൽക്കണ്ഠയോടെ നോക്കി കഴുതയുടെ എല്ലുകളെ മലക്കുകൾ വിളിച്ചു പല ഭാഗത്തായി ചിതറിക്കിടക്കുന്ന എല്ലിൻകഷ്ണങ്ങൾ വിളിക്കുത്തരം നൽകി ഓടിയടുത്തു കഴുതയുടെ അസ്ഥികൂടമുണ്ടായി നരമ്പുകൾ ഉണ്ടായി മാംസം കൊണ്ട് പൊതിഞ്ഞു പിന്നെ തൊലികൊണ്ട് ആവരണം ചെയ്തു പിന്നെ മലക്ക് അതിൽ ഊതി അതിന് ജീവൻ വന്നു കണ്ണു തുറന്നു തല കുലുക്കി ചെവി കൂർപ്പിച്ചു ആകാംക്ഷയോടെ ആകാശത്തേക്ക് നോക്കി  അന്ത്യനാൾ ആയോ ? 

അതാണ് കഴുത അന്വേഷിക്കുന്നത്  

മലക്ക് പറഞ്ഞു:  താങ്കളുടെ കഴുതയെ നോക്കൂ അല്ലാഹു അതിന് ജീവൻ നൽകിയത് കണ്ടില്ലേ ? അല്ലാഹു അതിന്റെ എല്ലുകളിൽ മാംസവും തൊലിയും സൃഷ്ടിച്ചത് താങ്കൾ കണ്ടില്ലേ ? അത് താങ്കൾക്കൊരു ദൃഷ്ടാന്തമാണ് ജനങ്ങൾക്കു മുഴുവൻ അത് ദൃഷ്ടാന്തമാണ്  

ഉറങ്ങുന്നതിന് മുമ്പ് താൻ അതിശയത്തോടെ ചോദച്ചുപോയ ഒരു ചോദ്യം അതിനുള്ള മറുപടിയാണിത്  നശിച്ചുപോയതിനെ പുനർജീവിപ്പിക്കാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല  

ഉസൈർ (അ) പറഞ്ഞു:  അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞുകഴിഞ്ഞു  

മലക്ക് പോയി ഇനിയെന്ത്?  

എന്ത് ചെയ്യണം എങ്ങോട്ട് പോവണം?  തന്റെ വീട് കുടുംബാംഗങ്ങൾ നാട്ടുകാർ അയൽക്കാർ എല്ലാവരെയും ഓർമ്മവരുന്നു  വീട്ടിലേക്ക് പോവാം വിവരങ്ങൾ പറയാം  കഴുതപ്പുറത്ത് കയറി യാത്ര തുടങ്ങി വീട്ടിലേക്ക് താൻ ഉറങ്ങാൻ കിടക്കുമ്പോൾ മൃതിയടഞ്ഞു കിടക്കുകയായിരുന്നു ഈ പട്ടണം ഇപ്പോൾ എത്ര തിരക്കു പിടിച്ച പട്ടണം നൂറ് വർഷങ്ങൾ വരുത്തിയ മാറ്റം  ആരും അദ്ദേഹത്തിന്റെ ശ്രദ്ധിക്കുന്നില്ല വഴിയിൽ പരിചയമുള്ള ആരെയും കാണാനില്ല വീട്ടിലെത്തട്ടെ അവിടെയുള്ളവർ തന്നെ തിരിച്ചറിയും പ്രതീക്ഷയോടെ യാത്ര തുടർന്നു വഴികളെല്ലാം മാറിയിരിക്കുന്നു പുതിയ വീടുകൾ എത്രയോ ഉയർന്നുവന്നിരിക്കുന്നു  അതാ ഒരു വീട് അത് തന്നെയല്ലേ തന്റെ വീട് നോക്കി ഉറപ്പ് വരുത്തി അങ്ങോട്ട് കയറിച്ചെന്നു  അവിടെ ഒരു വൃദ്ധനെ കണ്ടു കണ്ണുകാണാത്ത ഒരു കിഴവി നൂറ്റിരുപത് വയസ്സുണ്ട് തന്റെ വീട്ടിലെ പരിചാരികയായിരുന്ന പെൺകുട്ടിയാണവൾ ഞാൻ വീട് വിട്ടുപോവുമ്പോൾ ഇവൾ ഇരുപത് വയസ്സായിരുന്നു  

ഇത് ഉസൈറിന്റെ വീടല്ലേ ? അദ്ദേഹം ചോദിച്ചു 

വൃദ്ധ ഞെട്ടിപ്പോയി ദീർഘ കാലത്തിനുശേഷം ആ പേര് കേട്ടപ്പോൾ വൃദ്ധ കരയാൻ തുടങ്ങി  

നിങ്ങളെന്തിനാണ് കരയുന്നത് ? 

സങ്കടൗകൊണ്ടുതന്നെ നൂറു വർഷം മുമ്പ് പ്രിയപ്പെട്ട ഉസൈർ ഞങ്ങളെ വിട്ടുപോയി പിന്നെ ഒരു വിവരവുമില്ല എത്രയോ കാലത്തിന് ശേഷം ആ പേര് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി നിങ്ങളാരാണ് ? 

ഞാൻ തന്നെയാണ് ഉസൈർ 

ഇതാര് വിശ്വസിക്കും ? ഇത്രയും നാൾ എവിടെയായിരുന്നു?  ഉസൈർ (അ) നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു കണ്ണീരൊഴുക്കിക്കൊണ്ട് വൃദ്ധ എല്ലാം കേട്ടു മനസ്സിലാക്കി അവസാനം ഇങ്ങനെ പറഞ്ഞു:  

താങ്കൾ പറയുന്നത് സത്യം തന്നെയോ?  എങ്കിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കൂ എന്റെ കണ്ണുകളുടെ കാഴ്ച തിരിച്ചുകിട്ടാൻ വേണ്ടി താങ്കൾ പ്രാർത്ഥിക്കൂ കാഴ്ച കിട്ടിയാൽ ഞാൻ നിങ്ങളെ വിശ്വസിക്കും  

ഉസൈർ (അ) കൈകളുയർത്തി ഖൽബ് തുറന്നു പ്രാർത്ഥിച്ചു  സമയം ഇഴഞ്ഞു നീങ്ങി വൃദ്ധയുടെ മനസ്സിൽ വല്ലാത്ത പ്രതീക്ഷ അവർ കണ്ണു തുറന്നവെച്ച് കാത്തിരുന്നു  നേർത്ത വെട്ടം ഒരു തരം പ്രകാശം കൺമുമ്പിൽ തെളിയുന്നു പിന്നെ പ്രകാശം കൂടുതൽ തെളിയുന്നു വസ്തുക്കൾ കാണുന്നു കൂടുതൽ വ്യക്തതയുണ്ടാവുന്നു  തന്റെ കൺമുമ്പിൽ നിൽക്കുന്ന മനുഷ്യനെ കണ്ടു അദ്ദേഹത്തിന്റെ മുഖം കണ്ടു  ഉസൈർ പ്രിയപ്പെട്ട ഉസൈർ  വൃദ്ധയുടെ ശബ്ദത്തിൽ ആഹ്ലാദം അലതല്ലി കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷത്തിന്റെ കണ്ണീർത്തുള്ളികൾ


വീണ്ടും തൗറാത്ത് 

ഉസൈർ (അ) വീട്ടിൽ തിരിച്ചെത്തിയ രംഗം റിപ്പോർട്ടിൽ ഇങ്ങനെ കാണാം  

ഉസൈർ (അ) വീട്ടിലെത്തിയപ്പോൾ വൃദ്ധയായ  പരിചാരികയെ കണ്ടു  താൻ ഉസൈറാണെന്നും തന്നെ അല്ലാഹു നൂറ് വർഷം മരിപ്പിച്ചു കിടത്തിയെന്നും പറഞ്ഞു  

അപ്പോൾ വൃദ്ധ പറഞ്ഞു:  ഞങ്ങളുടെ ഉസൈർ ദുആ ചെയ്താൽ അത് സ്വീകരിക്കപ്പെടുമായിരുന്നു താങ്കൾ യഥാർത്ഥ ഉസൈറാണെങ്കിൽ എന്റെ കാഴ്ചക്കുവേണ്ടി പ്രാർത്ഥിക്കുക  

വൃദ്ധക്കു കാഴ്ചയില്ല മുടന്തിയുമാണ് എഴുന്നേറ്റ് നടക്കാനാവില്ല 

ഉടനെ ഉസൈർ (അ) പ്രാർത്ഥിച്ചു കാഴ്ച കിട്ടി ഉസൈർ (അ) കൽപിചു എഴുന്നേൽക്കുക നടക്കുക വൃദ്ധ എഴുന്നേറ്റു നടന്നു വൃദ്ധ ആഹ്ലാദത്തോടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു;  

താങ്കൾ ഉസൈറാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു വൃദ്ധ നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി വിവരം പറഞ്ഞു ആദ്യം ആരും വിശ്വസിച്ചില്ല 

ഉസൈർ (അ) ന്റെ മകൻ വന്നു മകൻ പറഞ്ഞു:  എന്റെ പിതാവിന്റെ മുതുകിൽ ഒരു പ്രത്യേക അടയാളം ഉണ്ടായിരുന്നു  

ഉസൈർ (അ) ഉടുപ്പ് ഊരിക്കാണിച്ചു മകൻ അടയാളം കണ്ടു ഇത് എന്റെ ഉപ്പ തന്നെയാണ് ഉസൈർ (അ) ഉറങ്ങാൻ കിടക്കുമ്പോൾ അമ്പത് വയസായിരുന്നു എന്ന് കാണുന്നു ഇപ്പോഴും വയസ് അതുതന്നെ അന്ന് മകന് വയസ്സ് പതിനെട്ട് ഇപ്പോൾ നൂറ്റിപ്പതിനെട്ട് വയസുള്ള വൃദ്ധൻ   

മകന്റെ മക്കൾ പലരും വൃദ്ധരാണ് മക്കളുടെ മക്കളും അവരുടെ മക്കളുമായി വലിയൊരു കൂട്ടം ഉസൈർ (അ)ന്റെ ചുറ്റും കൂടി  ഒരു വൃദ്ധൻ ഇങ്ങനെ പറഞ്ഞു:  

പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഇസ്രാഈല്യരുടെ കൂട്ടത്തിൽ തൗറാത്ത് മനഃപാഠമുള്ളത് ഉസൈറിന് മാത്രമാണ് താങ്കൾ പാരായണം ചെയ്യുമോ ?  ചുറ്റും കൂടിയവർ പറഞ്ഞു:  

ബുഖ്ത്തുന്നസ്വർ തൗറാത്തിന്റെ കോപ്പികളെല്ലാം ചുട്ടുകരിച്ചുകളഞ്ഞു പിന്നെ ഞങ്ങൾ തൗറാത്ത് പാരായണം ചെയ്തിട്ടില്ല പാരായണം കേട്ടിട്ടുമില്ല ഞങ്ങൾക്കു വേണ്ടി അത് പാരായണം ചെയ്യുക  താങ്കൾ ഞങ്ങൾക്കുവേണ്ടി തൗറാത്ത് പകർത്തിത്തരണം  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു 

ഉസൈർ (അ)ന്റെ പിതാവ് സറൂഖ് ആയിരുന്നു അദ്ദേഹത്തിന്റെ കൈവശം തൗറാത്തി പ്രതി ഉണ്ടായിരുന്നു ബുഖ്ത്തുന്നസ്വറിന്റെ ആക്രമണ കാലത്ത് സറൂഖ് തന്റെ കൈവശമുള്ള തൗറാത്ത് ഭൂമിയിൽ കുഴിച്ചിട്ടു  കുഴിച്ചിട്ട സ്ഥലം ഉസൈർ (അ)ന് മാത്രമേ അറിയുകയുള്ളൂ അദ്ദേഹം ആ സ്ഥലത്തേക്കു നടന്നു ആളുകളും കൂടെ പോയി  ഭൂമി കുഴിച്ച് തൗറാത്ത് പുറത്തെടുത്തു പൊടിതട്ടിയെടുത്തു  

ഉസൈർ (അ) തൗറാത്ത് പാരായണം ചെയ്തു ആളുകൾ ഭക്തിയോടെ കേട്ടു കണ്ണീരൊഴുക്കി  ഉസൈർ ( അ) ആളുകളെ തൗറാത്ത് ഓതാൻ പഠിപ്പിച്ചു അതിലെ വിധിവിലക്കുകൾ പഠിപ്പിച്ചു അതനുസരിച്ചു ജീവിക്കാൻ പരിശീലിപ്പിച്ചു  തൗറാത്തിന്റെ കോപ്പികൾ എഴുതിയുണ്ടാക്കി ഉസൈർ (അ) കാരണമായി ഇസ്രാഈല്യർക്ക് തൗറാത്ത് തിരിച്ചു കിട്ടി അപ്പോൾ അവരിൽ ഒരു വിഭാഗം ഇങ്ങനെ പറയാൻ തുടങ്ങി  ഉസൈർ (അ) അല്ലാഹുവിന്റെ പുത്രനാകുന്നു അപകടകരമായ വചനം  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു 

ഉസൈർ (അ) ന്റെ ബന്ധുക്കളും നാട്ടുകാരുമെല്ലാം ഒരുമിച്ചു കൂടി നൂറ് കൊല്ലം മരിച്ചു കിടന്ന ആൾ തിരിച്ചു വന്നതാണ് അവർ അതിശയത്തോടെ നോക്കിനിൽക്കുന്നു 

ഉസൈൽ (അ) ചോദിച്ചു:  നിങ്ങളുടെ കൈവശം തൗറാത്ത് ഉണ്ടോ ? 

അവർ പറഞ്ഞു:  ബുഖ്ത്തുന്നസ്വർ എല്ലാം തീവെച്ചു നശിപ്പിച്ചു കളഞ്ഞു 

അപ്പോൾ ഉസൈർ (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു 

അല്ലാഹു ഒരു മലക്കിനെ അയച്ചു മലക്കിന്റെ കൈവശം ഒരു പാത്രം വെള്ളമുണ്ടായിരുന്നു  

വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടു ഉസൈർ (അ) വെള്ളം കുടിച്ചു കുടിച്ചു കഴിഞ്ഞപ്പോൾ എല്ലാം ഓർമ്മ വന്നു തൗറാത്ത് ആദ്യം മുതൽ അവസാനം വരെ  ഉസൈർ (അ) പാരായണം ചെയ്തു ഓർഭയിലുള്ളത് പാരായണം ചെയ്തു ജനങ്ങൾ അത്ഭുതപ്പെട്ടുപോയി എന്തൊരു ഓർമശക്തി ചിലർക്ക് ആദരവ് കൂടി അവർ പറഞ്ഞു  

മൂസാ (അ) പലക നോക്കിയാണ് തൗറാത്ത് പാരായണം ചെയ്തത് ഉസൈർ പലകയൊന്നുമില്ലാതെയാണ് പാരായണം ചെയ്തത് 

ഉസൈർ ദൈവ പുത്രനാകുന്നു  ഉസൈർ (അ) തൗറാത്ത് ഓർമയിൽ നിന്നെടുത്ത് എഴുതി തൗറാത്തിന് ഒരു കോപ്പിയായി  

ഇത് ശരിയായ കോപ്പി തന്നെയോ ? എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ ? എങ്ങനെ അറിയും ? അതൊരു സംസാരവിഷയമായി അപ്പോൾ ഒരാൾ പറഞ്ഞു:  അതൊക്കെ അറിയാം അതിന്നൊരു വഴിയുണ്ട് എല്ലാവരും അയാളുടെ കൂടെ കൂടി  എന്റെ ഉപ്പയോട് അദ്ദേഹത്തിന്റെ ഉപ്പ ഒരു രഹസ്യം പറഞ്ഞു ഉപ്പ ആ രഹസ്യം എനിക്ക് പറഞ്ഞു തന്നു അതിതാണ് 

ബുഖ്ത്തുന്നസ്വർ തൗറാത്തിന്റെ കോപ്പികൾ പിടിച്ചു വാങ്ങി ചുട്ടെരിക്കുകയായിരുന്നു അപ്പോൾ തൗറാത്തിന്റെ ഒരു കോപ്പി മലയുടെ മുകളിൽ കുഴിച്ചിട്ടു ആ സ്ഥലം എനിക്കറിയാം നമുക്കത് കുഴിച്ചെടുക്കാം  

എല്ലാവരും കൂടി മലയിലേക്കു പോയി തൗറാത്തിന്റെ കോപ്പി കുഴിച്ചെടുത്തു അതിലെ വചനങ്ങളും ഉസൈർ (അ) എഴുതിയ കോപ്പിയിലെ വചനങ്ങളും ഒത്തുനോക്കി ഒരു വ്യത്യാസവുമില്ല മരത്തണലിൽ ഇരുന്ന് അവർ തൗറാത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ്  ആ രംഗം ഇബ്നു അബ്ബാസ്  (റ) വിവരിക്കുന്നു  

തന്റെ പുത്രന്മാരോടും പൗത്രന്മാരോടുമൊപ്പം ഉസൈർ (അ) ഇരിക്കുന്നു പുത്രന്മാർക്കും പല പൗത്രന്മാർക്കും വാർധക്യം ബാധിച്ചിരിക്കുന്നു ഉസൈർ (അ)ന് നാൽപ്പത് വയസ് പ്രായം യുവാവ് തന്നെ നൂറ് കൊല്ലം നീണ്ട മരണത്തിന് വിധേയനകുമ്പോൾ ഉസൈർ (അ) മിന്റെ പ്രായം നാൽപ്പത് വയസ്സ് ഇപ്പോഴും അതേ പ്രായം 

ശാം പ്രദേശം പേർഷ്യക്കാരുടെ കൈവശമായിരുന്നു ഉസൈർ (അ)ന്റെ കാലത്ത് അവർക്ക് അധികാരം നഷ്ടപ്പെട്ടു ഇസ്രാഈല്യർ ശക്തി പ്രാപിച്ചു  ഗ്രീക്കുകാരും റോമക്കാരും പ്രബല ശക്തികളായി ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടും തൗറാത്ത് പഠിപ്പിച്ചു കൊണ്ടും ഉസൈർ (അ) കാലം കഴിച്ചു   

ഒരു പുരുഷായുസ്സ് തീർന്നു ഉസൈർ (അ) വഫാത്തായി ജനങ്ങൾ തിങ്ങിനിറഞ്ഞു അവരുടെ മനസ്സിൽ ആദ്യ മരണത്തിന്റെ ഓർമ്മകൾ തെളിഞ്ഞു നിന്നു ഇത് അന്ത്യയാത്ര തന്നെയാണ് ഇനിയൊരു മടക്കമില്ല മടക്കമില്ലാത്ത യാത്ര  ഉസൈർ (അ)ന്റെ ഖബർ ത്വൂർ പർവതത്തിന്റെ മുകളിലാണെന്ന് പറയപ്പെട്ടിട്ടുണ്ട്  പൂർവ സമൂഹങ്ങളിൽ പെട്ട ചിലർ തങ്ങളുടെ പ്രവാചകനെ ദൈവ ദൂതൻ എന്ന് വിളിച്ചിരുന്നു ഇപ്പോൾ യഹൂദന്മാർ ഉസൈർ(അ)നെ ദൈവപുത്രൻ എന്നു വിളിക്കുന്നു  പിൽക്കാലത്ത് ക്രൈസ്തവർ ഈസാ (അ)നെ ദൈവപുത്രൻ എന്ന് വിളിച്ചു  എത്ര അപകടകരമായ വചനം  

വിശുദ്ധ ഖുർആനിലെ സൂറത്ത് തൗബയിലെ ഈ വചനം ശ്രദ്ധിക്കുക 

യഹൂദികൾ പറയുന്നു:  ഉസൈർ (അ) ന്റെ അല്ലാഹുവിന്റെ പുത്രനാണ് ക്രിസ്ത്യാനികൾ പറയുന്നു: മസീഹ് (ഈസ) അല്ലാഹുവിന്റെ പുത്രനാണ്  അത് അവരുടെ വായകൊണ്ട് പറഞ്ഞു വരാറുള്ള വാക്ക് മാത്രം മുമ്പത്തെ സത്യവിശ്വാസികളല്ലാത്തവരുടെ വാക്കിനോട് ഇവർ സാമ്യം പുലർത്തുന്നു  അല്ലാഹു അവരെ നശിപ്പിക്കട്ടെ  എങ്ങനെയാണവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നത്( 9:30)

നബി  (സ) തങ്ങളുമായി സംസാരിച്ച യഹൂദി പറഞ്ഞത് ഉസൈർ (അ) ദൈവപുത്രനാണെന്നായി രുന്നു  സലാമുബ്നു മുശ്ക്കം എന്ന യഹൂദി പ്രമുഖൻ നബി  (സ) തങ്ങളോട് പറഞ്ഞു:  

ഞങ്ങളെങ്ങനെ താങ്കളെ പിൻപറ്റും ? ഞങ്ങളുടെ ഖിബ്ലയെ താങ്കൾ വിട്ടുകളഞ്ഞു ഉസൈർ ( അ) ദൈവപുത്രനാണെന്ന് പറയാൻ താങ്കൾ തയ്യാറല്ല 

വിശുദ്ധ ഖുർആൻ പറയുന്നു:  തങ്ങളുടെ പണ്ഡിതന്മാരെയും   ,തങ്ങളുടെ പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ അവർ റബ്ബുകളാക്കിവെച്ചു മർയമിന്റെ മകൻ മസീഹിനെയും റബ്ബാക്കിവെച്ചു ഒരേ ഇലാഹിനെ ആരാധിക്കാനല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല അവർ പങ്ക് ചേർക്കുന്നതിൽ നിന്ന് അവൻ എത്രയോ പരിശുദ്ധൻ (9;31)

യഹൂദി പുരോഹിതന്മാർ ഹലാലിനെ ഹറാമാക്കി ഹറാമിനെ ഹലാലാക്കി  ജനങ്ങൾ അത് അംഗീകരിച്ചു അപ്പോൾ അവരെ ആരാധിക്കുന്നതുപോലെയായി  തൗറാത്തിൽ മാറ്റം വരുത്തിയപ്പോൾ അതും ജനങ്ങൾ അംഗീകരിച്ചു ഇത് വലിയ കുഴപ്പം തന്നെയാണ്  അല്ലാഹു വളരെ ഗൗരവത്തോടുകൂടി ഒരു കാര്യം ഉണർത്തുന്നു : 

അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകൊണ്ട് ഊതിക്കെടുത്താമെന്നവർ ഉദ്ദേശിക്കുന്നു സത്യനിഷേധികൾ വെറുത്താലും അല്ലാഹു അവന്റെ പ്രകാശത്തെ പൂർണമാക്കാൻ തീരുമാനിക്കുന്നു (9/32) 

എത്രയോ പ്രവാചകന്മാർ ജനങ്ങളെ തൗറാത്തിലേക്ക് ക്ഷണിച്ചു തൗറാത്ത് തൗഹീദിന്റെ പ്രകാശം തുരന്നു ആ പ്രകാശത്തിലേക്ക് ചിലർ വന്നു അവർ സൗഭാഗ്യവാന്മാർ പ്രകാശം ഊതിക്കെടുത്താൻ നോക്കിയവർക്ക് നാശം  തൗഹീദിന്റെ പ്രകാശം നിരാകരിച്ചവർ നിർഭാഗ്യവാന്മാരായി മാറി തൗറാത്തിന്റെ പാരായണ ശബ്ദമുയരാത്ത സംവത്സരങ്ങൾ പലതു കടന്നുപോയി പിന്നീട് പാരായണ ശബ്ദം ഉയർന്നത് ഉസൈർ (അ) ൽ നിന്നായിരുന്നു തൗറാത്തിന്റെ കോപ്പി എഴുതി നൽകിയതും ഉസൈർ (അ) തന്നെ  അക്കാരണത്താൽ ഉസൈർ (അ) അനുസ്മരിക്കപ്പെടും അന്ത്യനാൾവരെ



അലി അഷ്ക്കർ -  9526765555

No comments:

Post a Comment