Monday, 22 January 2018

ഭര്‍ത്താവിന്റെ മാതാപിതാക്കളോട് ഭാര്യയുടെ കടമ എങ്ങനെ ആയിരിക്കണം



അല്ലാഹുവിനോടുള്ള ഉത്തരവാദിത്തം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനമാണ് മാതാപിതാക്കളോടുള്ള കടമ. “നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക……….. (അല്‍-നിസാഅ 36)

“മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്. (ലുഖ്മാന്‍ 14)

ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞതായി കാണാം. എത്രയും ഹദീസുകള്‍ ഈ വിഷയത്തിലുണ്ട്.

വിവാഹിതയായ ഒരു സ്ത്രീ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവളുടെ ഭര്‍ത്താവിനോടാണ്. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതകളുടെ ഗൗരവം ഹദീസുകളില്‍നിന്നും വ്യക്തമാണ്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യണമെന്ന് ഭാര്യയോട് കല്‍പിക്കുമായിരുന്നു (അബൂ ദാവൂദ്). ആഇശ (റ) പറയുന്നു: ഞാന്‍ നബി തങ്ങളോടു ചോദിച്ചു: സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷന് ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഉമ്മയോട് (ഹാകിം).

ഭര്‍ത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കുകയെന്നുള്ളത്‌ ഭാര്യയുടെ നിര്‍ബന്ധത ബാധ്യതയല്ല. സാഹചര്യങ്ങളും നാട്ടുനടപ്പുമനുസരിച്ചു അത്തരം കാര്യങ്ങളില്‍ വ്യതാസം വരും. മതപരം എന്നതിലുപരി ഓരോ നാട്ടിലെയും സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് താങ്കള്‍ ഉന്നയിച്ച വിഷയം.

നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങളുടെ ഭാര്യയെക്കാള്‍ ഉത്തരാവാദിത്തം നിങ്ങള്ക്ക് തന്നെയാണ്. എന്നാല്‍ ഒന്നിച്ചു താമസിക്കുന്ന പക്ഷം നിങ്ങളുടെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടെ സഹധര്‍മ്മിണിക്കുണ്ട്. പ്രവാചകന്‍ പറഞ്ഞു: സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ്. ഭരണത്തെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടും (ബുഖാരി).

അപ്രകാരം തന്നെ ഭര്‍ത്താവിന്റെ പൊരുത്തമുള്ള ഭാര്യയ്ക്ക് നബി (സ) സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വാഭാവികമായും തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്ന ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ ഇഷ്ടപ്പെടുമല്ലോ. “ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചുകൊണ്ടിരിക്കെ അവള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (തുര്‍മുദി).

പലപ്പോഴും വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഒരു മേഖലയാണ് മാതാവും ഭാര്യയും തമ്മില്ലുള്ള ബന്ധം. അത്തരം ഘട്ടങ്ങളില്‍ മാതാവിനെ വെറുപ്പിക്കാതെയും വിവാഹ ബന്ധത്തിനു കോട്ടംതട്ടാതെയും ഓരോരുത്തരുടെയും അവകാശങ്ങള്‍ വകവെച്ചുകൊടുത്തു രമ്യതയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കണം.

No comments:

Post a Comment