Tuesday 23 January 2018

ചോരയില്‍ കുതിര്‍ന്ന താടിരോമം







നീണ്ട് ഇടതൂര്‍ന്ന താടി രോമങ്ങളില്‍ നബി(സ്വ)യുടെ കൈവിരലുകളോടിയപ്പോള്‍ പാദം മുതല്‍ ഉച്ചിവരെ കോരിത്തരിച്ചു. പൂവിടര്‍ന്നതുപോലെ പുഞ്ചിരിച്ചുകൊണ്ട് അലി(റ) തിരുനബിയുടെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു. നാണം കുണുങ്ങുന്ന ആ സുന്ദരമുഖം കൈ കൊണ്ട് താങ്ങി നിവര്‍ത്തി പിടിച്ചുകൊണ്ട് തിരുനബി(സ്വ) നെടുവീര്‍പ്പിട്ടു. തിരുനബി(സ്വ)യുടെ ചുണ്ടുകള്‍ ചലിച്ചു.

‘മോനെ അലി’,

അലി(റ) കണ്‍പോളകള്‍ ഉയര്‍ത്തി നബിയുടെ വിളിക്കുത്തരം ചെയ്യുന്ന സ്വരത്തില്‍ മൂളി. പൂര്‍വ്വ സമുദായങ്ങളിലെ ഏറ്റവും വലിയ ദുഷ്ടന്‍ ആരാണെന്നറിയാമോ?

‘അറിയാം’, അലി(റ)പറഞ്ഞു.

‘‘എങ്കില്‍ പറയൂ’’

തിരുനബി(സ്വ) അപ്പോഴും അലിയുടെ മുഖവും കീഴ്താടിയും കരങ്ങളില്‍ നിന്ന് വിട്ടിട്ടുണ്ടായിരുന്നില്ല.

‘സ്വാലിഹ് നബിയുടെ ഒട്ടകത്തെ വധിച്ച ഖുദാര്‍ എന്ന് പേരുള്ളയാള്‍.’’

അലി(റ) വിനയപൂര്‍വ്വം മറുപടി പറഞ്ഞു. ഒരു ദീര്‍ഘനിശ്വാസത്തോടെ നബി(സ്വ)അലിയുടെ താടിരോമത്തിലും നെറ്റിയിലും തടവിക്കൊണ്ട് വീണ്ടും ചോദിച്ചു.

‘‘ഈ സമുദായത്തിലെ ഏറ്റം വലിയ ദുഷ്ടനാരാണെന്നറിയോമോ?’’

‘‘അിറയില്ല’’ അലി(റ)യുടെ മറുപടി.

‘‘മകനെ, ഇതാ ഈ നെറ്റിയില്‍ വെട്ടുന്നവന്‍. വെട്ടേറ്റ് രക്ത കണങ്ങള്‍ ഊഴ്ന്നിറങ്ങി ഈ താടിരോമങ്ങള്‍ രക്തത്തില്‍ കുതിരുന്നതാണ്. ’’ 

അലി(റ)കൃഷ്ണമണികള്‍ മറിയാതെ നബി(സ്വ)യെ തന്നെ തുറിച്ചു നോക്കിനിന്നു.

തിരുനബി(സ്വ)യുടെ ദീര്‍ഘ ദര്‍ശനമല്ലേ. പറഞ്ഞ വാക്കാണ് ശരി. അത് പുലരുക തന്നെ ചെയ്യും. കാലം അതിന് സാക്ഷിയാകും. തന്റെ മുന്‍ഗാമികള്‍ ശഹീദായതുപോലെ താനും രക്തസാക്ഷിയാകും.. അലി(റ)യുടെ മനസ്സ് എങ്ങോ സഞ്ചരിക്കുകയായി.


‘‘ഇതാ, ഈ തീരുമാനം അതീവ രഹസ്യമാണേ. അതിനാല്‍ സ്വന്തക്കാരോട് പോലും ആരും ഇത് പറയരുത്’’ മക്കയിലെ കരിംപാറക്കെട്ടില്‍ വട്ടമിട്ടിരുന്നവരോട് ഇബ്ന് മുല്‍ജിം പറഞ്ഞു.

‘‘ഹേയ് ആരും മിണ്ടിപ്പോകരുത്.’’ രണ്ടാമന്‍ ബുറക്ക്ബിന്‍ അബ്ദില്ല എഴുന്നേറ്റ് വസ്ത്രത്തിന് പിന്നിലെ പൊടി തട്ടിക്കൊണ്ടു പറഞ്ഞു.

‘‘ഞാനും അങ്ങിനെ തന്നെ,’’ മൂന്നാമന്‍ അംറ്ബിന്‍ ബുറൈദിന്റെ അംഗീകാരം.

നാലാം ഖലീഫ അലി(റ)യുടെ പ്രഖ്യാപിത തീരുമാനങ്ങള്‍ പലതും ധിക്കരിച്ച ‘ഖവാരിജ’ പ്രസ്ഥാനക്കാരാണ് മൂവ്വരും. മക്കയിലെ ആളൊഴിഞ്ഞ പ്രദേശത്ത് കരിമണല്‍ പുതച്ച പാറപ്പുറത്ത് വിശ്രമിക്കാനിരിക്കെ പല കഥകളും അവര്‍ അയവിറക്കി. അലി(റ)യുമായി ഖവാരിജുകള്‍ ഏറ്റുമുട്ടിയ ചില സംഘട്ടനങ്ങളും അതില്‍ കൊല്ലപ്പെട്ട ബന്ധുമിത്രാദികളും ചര്‍ച്ചയില്‍ കയറിവന്നു. അലി(റ)യോടും മറ്റും ഇസ്ലാമിന്റെ നേതാക്കളോടും പ്രതികാരത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചു നടക്കുകയാണിവര്‍. ആ പ്രതികാരത്തില്‍ കൊല്ലാനുള്ളവരെയൊക്കെ ചതിക്കണം. സര്‍വ്വവും വെട്ടിപ്പിടിക്കണം.

‘‘അലിയെ ഞാന്‍ ശരിയാക്കി തരാം’’ ചുട്ടുപഴുത്ത ലോഹത്തിന്റെ തീഷ്ണതയോടെ ഇബ്നുമുല്‍ജിമിന്റെ വാക്കുകള്‍ പുറത്തേക്ക് വന്നു.

‘‘ശാമിലെ ഗവര്‍ണര്‍ മുആവിയയെ ഞാന്‍ വധിച്ചു കൊള്ളാം’’ ബുറക്ക് പറഞ്ഞു. ‘‘എങ്കില്‍ ഈജിപ്തില്‍ പോയി അംറ്ബിന്‍ ആസി(റ)യെ വധിക്കുന്ന കാര്യം ഞാനേറ്റു.’’

ഇബ്നുബുകൈര്‍ പറഞ്ഞു: ‘‘മൂന്നുപേരും ഏറ്റ കൃത്യം ഒരേ ദിവസം ഒരേ സമയം നടത്തണം. റമളാന്‍ പതിനേഴിനായിരിക്കണം സംഭവം നടത്തേണ്ടത്. മൂന്നുപേരും ഉപയോഗിക്കുന്ന വാളില്‍ വിഷം മുക്കി കടഞ്ഞെടുക്കണം. വാള്‍തല രക്തവുമായി സ്പര്‍ശിക്കുമ്പോള്‍ തന്നെ വിഷം ശരീരത്തില്‍ വ്യാപിക്കണം. ’’ ഇബ്നുമുല്‍ജിം തീരുമാനങ്ങള്‍ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. ഇരുവരും തല കുലുക്കി സമ്മതിച്ചു. മൂവ്വരും മൂന്നു നാട്ടിലേക്കായി മുല്‍ജിം ഇറാഖിലെ കൂഫയിലേക്ക്.

ആകാശത്തില്‍ പ്രഭാതത്തിന്റെ വെള്ള കീറ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ബുറക്കും ഇബ്നുബുകൈറും നിര്‍ദ്ദിഷ്ട പള്ളികളില്‍ എത്തിയിരുന്നു. ഇരുളിന്റെ മറയില്‍ കഠാരിയുമായി കാത്ത് നിന്ന രണ്ടുപേരുടെയും ഉന്നം പിഴച്ചുപോയി.

മുആവിയ(റ) സുബ്ഹി നിസ്കരിക്കുവാന്‍ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ ബുറക്ക് ആഞ്ഞുവെട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഊരയിലാണത് പതിച്ചത്. വെട്ടിന്റെ വേദനയില്‍ മുആവിയ(റ)ആര്‍ത്ത് കരഞ്ഞു. ജനങ്ങള്‍ ഓടിക്കൂടി ബുറക്കിനെ പിടി കൂടുകയും പിന്നീടവനെ വധിക്കുകയും ചെയ്തു.

മുആവിയ(റ)യുടെ മുറിവ് മരുന്നുവെച്ചു മാറുകയും ചെയ്തു. ശാമില്‍ ഈ സംഭവം നടക്കുന്നന അതേസമയം ഈജിപ്തില്‍ അംറ് ബിന്‍ ആസി നിസ്കരിക്കാന്‍ വരുന്ന പള്ളിയില്‍ രക്തദാഹത്തോടെ ഇബ്നുബുകൈര്‍ കാത്ത് നില്‍ക്കുകയായിരുന്നു. കൃത്യമായി നിസ്കരിക്കാന്‍ എത്താറുള്ള അംറിന് അന്ന് പുലര്‍ച്ചെ ഒരു വയറ് വേദന. രോഗം പന്തിയില്ലെന്ന് മനസ്സിലാക്കി അംറ് അന്ന് പള്ളിയിലേക്ക് പുറപ്പെട്ടില്ല. പകരക്കാരനായി തന്റെ പോലീസ് മേധാവിയായ ഖാരിജത്ത് ബിന്‍ അബീഹബീബയെ പറഞ്ഞയച്ചു. ഇരുളില്‍ മറഞ്ഞുനിന്നു ഘാതകന്‍ ആളെ തിരിച്ചറിയാതെ അംറാണെന്ന ധാരണയില്‍ ആ നിരപരാധയെ വെട്ടി നുറുക്കി. പിന്നീട് ആ ഘാതകനും വധിക്കപ്പെട്ടു.


കൂഫയിലെ അിറയപ്പെട്ട സുന്ദരിയാണ് ഖത്വാമി. വെണ്‍ പ്രാക്കളുടെ അഴകാണവള്‍ക്ക്. മിഴികള്‍ക്ക് നെയ്തിരി നാളങ്ങളുടെ തിളക്കം. വിടര്‍ന്ന ചെന്താമരപോലെ പുഞ്ചിരിക്കുന്ന ചുണ്ടുകള്‍. വടിവൊത്ത ശരീരം. ആരെയും ആകര്‍ഷിക്കുന്ന പാദപതനം. ആദ്യനോട്ടത്തില്‍ തന്നെ ഇബ്നുമുല്‍ജിം അവളില്‍ ആകൃഷടനായി. അലി(റ)യുടെ വധ ഉദ്യമവുമായി നാമ്പിട്ടു. അവളുടെ ശരീരത്തില്‍ നിന്ന് പടരുന്ന കാച്ചെണ്ണയുടെ സുഖകരമായ ഗന്ധം ഇബ്നുമുല്‍ജിമിനെ കുറെശ്ശെ ഭ്രാന്ത് പിടിപ്പിക്കാന്‍ തുടങ്ങി. അയാള്‍ അവളെ സമീപിച്ചു. വിവാഹാഭ്യാര്‍ത്ഥന നടത്തി. ഖത്വാമി ചില നിബന്ധനകളോടെ സമ്മതം മൂളി.

ഏറ്റം പ്രധാനപ്പെട്ട നബന്ധന അലി(റ)യെ താങ്കള്‍ വധിക്കണമെന്നായിരുന്നു. കൊതിച്ചതും വിധിച്ചതും ഒന്നുതന്നെ. അതിനല്ലെ മക്കയില്‍ നിന്ന് ഞാനീ നാട്ടില്‍ എത്തിയിട്ടുള്ളത്. അയാള്‍ പറഞ്ഞു. വിവാഹാനന്തരം അവള്‍ ഇബ്നു മുല്‍ജിമിനെ സഹായിക്കുന്നതിന് ഒരാളെ നിശ്ചയിച്ചു. ഇബ്നുമുല്‍ജിം തന്റെ വകയായി മറ്റൊരാളെയും കൂട്ടുപിടിച്ചു. ശബീബ് എന്നായിരുന്നു അയാളുടെ പേര്. തന്ത്രപരമായി ശബീബിനെ കൃത്യത്തിനു പ്രേരിപ്പിക്കുകയായിരുന്നു അയാള്‍. ഒരിക്കല്‍ അയാള്‍ പരീക്ഷണാര്‍ഥം ചോദിച്ചു:

‘ശബീബ്, നിനക്ക് ഇഹലോകത്ത് പ്രശസ്തി ആഗ്രഹമുണ്ടോ? ’

‘എന്താണ് കാര്യം? ’ ശബീബ് ചോദിച്ചു.

‘‘അലിയെ വധിച്ചാല്‍ വലിയ പ്രശസ്തനാകും’’ ഇബ്നുമുല്‍ജിം പ്രേരിപ്പിച്ചു. പക്ഷെ അപ്രതീക്ഷിത മറുപടിയാണ് ശബീബ് നല്‍കിയത്.

‘‘ഫ, കുരുത്തം കെട്ടവരേ, ആ ഉത്തമ മനുഷ്യനെ വധിക്കുകയോ ഇസ്ലാമില്‍ അദ്ദേഹത്തിന്റെ പാരമ്പര്യവും നബി(സ്വ)യുമായുള്ള അടുപ്പവും നിനക്കറിയാമോ ഇസ്ലാമിന്റെ ഖലീഫയാണദ്ദേഹം. സമാധാനപ്രിയന്‍. നീതിയുടെ നിദര്‍ശനമാണ് അലി(റ)യുടെ ഭരണം. ’’ ശബീബിന്റെ മുഖത്ത് ആത്മാര്‍ത്ഥത നിഴലിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതറിയാത്തതുകൊണ്ടല്ലല്ലോ താന്‍ ഇങ്ങോട്ട് വന്നിരിക്കുന്നത്. ഇബ്നുമുല്‍ജിം ഓര്‍ത്തു. വജ്രത്തിന്റെ മൂര്‍ച്ചയുള്ള ശബീബിന്റെ വാക്കുകളില്‍ തട്ടി തടഞ്ഞ് അയാളുടെ ഓര്‍മകള്‍ അല്‍പം പിന്നോട്ട് ഖാളിയായ ശുറൈഹിന്റെ കോടതിയില്‍ നടന്ന സംഭവങ്ങളിലേക്ക് തിരിഞ്ഞു.

അലി(റ)യുടെ ഒരു പട കുപ്പായം കാണാതായി. അന്വേഷണത്തില്‍ അത് ഒരു കൃസ്ത്യാനിയുടെ കൈവശം കണ്ടെത്തി. അവനെ അറസ്റ് ചെയ്തു മര്‍ദ്ദിച്ച് സമാധാനം കൊണ്ടുവരാന്‍ പോലീസിനോട് ഉത്തിരവിട്ടാല്‍മതി ഖലീഫക്ക്. പക്ഷേ നീതിമാനായ ഒരു ഭരണാധികാരിയുടെ സ്വഭാവമല്ലത്. അദ്ദേഹം കൃസ്ത്യാനിയെയും കൂട്ടി കോടതിയിലെത്തി. ജഡ്ജി ശുറൈഹാണ്. അലി(റ)അദ്ദേഹത്തോട് പറഞ്ഞു: ‘‘എന്റെ പടക്കുപ്പായം കൈമോശം വന്നിട്ടുണ്ട്. അത് ഇവന്റെ കൈവശമുണ്ട്. ഞാനവന് വില്‍ക്കുകയോ സൌജന്യമായി നല്‍കുകയോ ചെയ്തിട്ടില്ല. ’’

ജഡ്ജി പ്രതിയെ പാദം മുതല്‍ ശിരസ്സ് വരെ ഒന്ന് സൂക്ഷിച്ചുനോക്കി. ‘‘നീ എന്ത് പറയുന്നു’’ ജഡ്ജി ചോദിച്ചു.

‘‘അലി പറയുന്നത് കളവാണ്. ഈ പടക്കുപ്പായം എന്റെതാണ്. ’’ കൃസ്ത്യാനി കോടതിയെ തെറ്റുദ്ധരിപ്പിച്ചു. വാദം ഉന്നയിച്ചവരാണല്ലോ തെളിവ് ഹാജറാക്കേണ്ടത്. ആ അടിസ്ഥാനത്തില്‍ ഖാളി അലി(റ)യോട് ചോദിച്ചു. ‘അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ക്ക് തെളിവോ സാക്ഷിയോ ഉണ്ടോ? ഹാജറാക്കാന്‍ കഴിയുമോ.?’

‘‘ഇല്ല. എനിക്കൊരു തെളിവുമില്ല. പക്ഷെ സാധനം എന്റെതു തന്നെ’’ അലി(റ)പറഞ്ഞു.

‘‘തെളിവില്ലാത്ത സ്ഥിതിക്ക് കൈവശക്കാരന്റെതാണ് സാധനമെന്ന് വിധിക്കാനേ കോടതിക്ക് കഴിയൂ.’’ കോടതിവിധി വന്നു. തല്‍ക്കാലം വിജയാഹ്ളാദത്തോടെ കൃസ്ത്യാനി ഇറങ്ങിപ്പോയെങ്കിലും അയാളുടെ അകതാരില്‍ ചില കോരിത്തരിപ്പുണ്ടായി. ഒരു ഭരണാധികാരി നീതിസ്ഥാപിച്ചു കിട്ടുന്നതിന് കോടതി കയറുന്നു. തന്റെ കീഴ് ജീവനക്കാരനായ ഖാളി തിനക്കെതിരെ വിധിക്കുന്നു. അന്യമതക്കാരനായിട്ടുപോലും തന്നെ അവഗണിക്കുന്നില്ല. ഇത് തീര്‍ച്ചയായും പ്രവാചകരുടെ വിധിയാണ്. ഖലീഫ എന്ന മനുഷ്യനില്‍ ഈ നീതിബോധമുണ്ടാക്കിയത് ഇസ്ലാമാണ്. ഞാനും ആ മതം സ്വീകരിക്കുന്നു. അശ്ഹദു അന്‍..

പടക്കുപ്പായവുമായി തിരികെ വന്ന കൃസ്ത്യാനി അലി(റ)യോട് പറഞ്ഞു: ‘‘ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. പടച്ചവനാണെ ഇത് താങ്കളെ കുപ്പായമാണ്. എനിക്കിത് വേണ്ട.’’

‘നീ ഇസ്ലാം സ്വീകരിച്ചത് നിന്റെ ഭാവിക്ക് നന്നായി’ എന്ന് പറഞ്ഞ ഖലീഫ അദ്ദേഹത്തെ സ്വന്തം കുതിരപ്പുറത്ത് കയറ്റി ഇറങ്ങേണ്ടിടത്ത് ഇറക്കി കൊടുത്തു.

സ്വപ്നത്തില്‍ നിന്നുണര്‍ന്നതുപോലെ ഇബ്നുമുല്‍ജിം ഓര്‍മ്മകളില്‍ നിന്ന് ശ്രദ്ധ തിരിച്ചു. മനസ്സിന്റെ കരുവാളിപ്പില്‍ അയാള്‍ ആ ക്രൂരതക്ക് തയ്യാറെടുത്തു. നാല്‍പതു ദിവസം വിഷത്തില്‍മുക്കി കാച്ചി കടഞ്ഞുണ്ടാക്കിയ വാളുമായി ഇരുട്ടിന്റെ മറയില്‍ ഒളിച്ചുനിന്നു. ഹിജ്റാബ്ദം നാല്‍പത് റമളാന്‍ പതിനേഴ് വെള്ളിയാഴ്ചയുടെ പ്രഭാതം ആകാശത്തിന്റെ കിഴക്ക് ഉദിക്കുമ്പോള്‍ ആ ദുരന്തം നടന്നു കഴിഞ്ഞിരുന്നു. സുബ്ഹി നിസ്കാരത്തിന് പുറപ്പെട്ട അലി(റ)യുടെ നെറ്റിയില്‍ ആ ദുഷ്ടന്‍ ആഞ്ഞുവെട്ടി. കരിവീട്ടി പോലെ കരുത്തുള്ള അവന്റെ കരവാള്‍ ആഴ്ന്നിറങ്ങി രക്തം ചീറ്റി.

തല പിളര്‍ന്നു ചാലിട്ടൊഴുകിയ രക്തപ്പുഴ താടിയിലൂടെ ഒലിച്ചിറങ്ങി നനഞ്ഞ് കുളിച്ചു.

ജനങ്ങള്‍ അങ്ങിങ്ങായി നിസ്കാരത്തിനുവരുന്നതേയുള്ളു. രക്തം പുരണ്ട വാളുമായി കോമരം തുള്ളിയ അവനെ ബഹളം കേട്ട് ഓടിക്കൂടിയവര്‍ പിടിച്ചു തളച്ചു. ആ നിസ്കാരത്തിന് ജഅ്ദത്തുബിന്‍ ഹബൈറയെ പകരമാക്കി. രക്തം വാര്‍ന്നൊഴുകുന്ന നെറ്റിയില്‍ കൈകൊണ്ട് അമര്‍ത്തിപ്പിടിച്ചു ഖലീഫയെ താങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോള്‍ മകന്‍ ഹസനെ വിളിച്ചു പറഞ്ഞു:

‘‘മോനെ ഹസന്‍ ഈ അക്രമത്തില്‍ ഉപ്പ മരണപ്പെടുകയാണെങ്കില്‍ എന്നെ വെട്ടിയതുപോലെ ഒറ്റ വെട്ടിന് അവനെയും കൊലപ്പെടുത്തുക. അംഗഛേദം നടത്തുകയോ മറ്റു വല്ല ദ്രോഹം ചെയ്യുകയോ ചെയ്യരുത്. കടിക്കുന്ന പട്ടിയെപ്പോലും അംഗഛേദം നടത്തരുതെന്ന് നബി(സ്വ)പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് മകനെ. അഥവാ ഞാന്‍ രമിച്ചിട്ടില്ലെങ്കില്‍ ഞാനവനെ ശിക്ഷിച്ചുകൊള്ളാം.’’

അല്‍പ സമയം കഴിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളെ മുഴവന്‍ വിളിച്ചിരുത്തി സുദീര്‍ഘമായ വസിച്ചത്ത് നടത്തുകയുണ്ടായി. അല്ലാഹുവിനെ ഭയന്ന് ജീവിക്കേണ്ടതും ജനങ്ങളെയും രാഷ്ട്രത്തേയും സേവിച്ച്  നേടേണ്ടതുമായ ഉപദേശങ്ങള്‍. വേദന കൊണ്ട് പുളഞ്ഞ അലി(റ) അവസാന ശ്വാസം വലിക്കുന്നതുവരെ ദിക്ര്‍ ചൊല്ലിക്കൊണ്ടേയിരുന്നു.

റമളാന്‍ 19ന് ഞായറാഴ്ച അദ്ദേഹം വിട പറയുമ്പോള്‍ അറുപത്തിമൂന്ന് വയസ്സ് പ്രായമുണ്ടായിരുന്നു. പുത്രരായ ഹസന്‍(റ), ഹുസൈന്‍(റ)മയ്യിത്ത് കുളിപ്പിക്കാന്‍ നേതൃത്വം നല്‍കി. ഹസന്‍(റ), ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കി. കൂഫയിലെ ഖസ്റുല്‍ ഇമാറയില്‍ പണി തീര്‍ത്ത ഖബ്റിലേക്ക് മൃതശരീരം ഇറക്കുമ്പോള്‍ രാത്രി ഏറെ ഇരുട്ടിയിരുന്നു. ഇന്നാലില്ലാഹി..


കടപ്പാട്:(പ്രകാശതാരങ്ങള്‍ എന്ന ചരിത്രാഖ്യായികയില്‍ നിന്ന് -പി.എസ്.കെ മാടവന)

No comments:

Post a Comment