Tuesday 23 January 2018

മർയം ബീവി (റ) ചരിത്രം





മഹാനായ ഈസാനബി(അ) ,അവിടുത്തെ മാതാവ് മർയം(റ) ദൈവഗ്രന്ഥമായ ഖുർആനിൽ നിന്ന് മറ്റാരേക്കാളുമേറെ അവരുടെ ചരിത്രങ്ങൾ സത്യസന്ധമായും വസ്തുനിഷ്ഠമായും മനസ്സാലാക്കാൻ കഴിയും ഖേദകരമെന്ന് പറയട്ടെ ,ഈ സത്യം ഉൾക്കൊള്ളുന്നതിൽനിന്ന് അവരുടെ അനുയായികളെന്നു പറയുന്ന മതവിഭാഗത്തിന് വലിയ അബദ്ധം സംഭവിച്ചിരിക്കുന്നു

ത്രിയേകത്വമെന്ന ഉൾക്കൊള്ളാനാകാത്ത അസംബന്ധം ഈസാനബിയെയും മർയം ബീവിയെയും ഏറെ വേദനിപ്പിക്കുന്നതത്രെ പിശാചിന്റെ കുതന്ത്രത്തിൽ ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ അകപ്പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്

ചരിത്രത്തിൽ വലിയൊരു വിസ്മയമായി ഉയർന്നു നിൽക്കുന്ന വന്ദ്യരായ മഹതിയാണ് മർയം (റ)

ഇംറാൻ -ഹന്ന ദമ്പതികളുടെ ഓമന മകൾ ബൈത്തുൽ മുഖദ്ദസിൽ വളർന്നു സകരിയ്യ(അ) അവരെ വളർത്തിയെടുത്തു ഒരു പ്രവാചകന്റെ ശിക്ഷണത്തിൽ വളർന്നു പണ്ഡിത പ്രതിഭയായിത്തീർന്നു പുരുഷ സ്പർശമില്ലാതെ സ്ത്രീ ഗർഭം ധരിക്കുക കുഞ്ഞിന് ജന്മം നൽകുക അല്ലാഹു തീരുമാനമെടുത്തു അത് നടപ്പാക്കിയത് മർയം(റ)യിലൂടെ

രണ്ട് സഹോദരിമാർ 

വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായം . അദ്ധ്യായം എന്നാൽ സൂറത്ത്
ആ സൂറത്തിന്റെ പേര് എക്കാലവും മനുഷ്യമനസ്സുകളിൽ കൗതുകം ജനിപ്പിച്ചിട്ടുണ്ട് ഒളിമങ്ങാത്ത കൗതുകം ഒരു മഹനീയ വനിതയുടെ പേരാണ് സൂറത്തിനു നൽകിയിരിക്കുന്നത് പേര് പറയട്ടെ
സൂറത്ത് മർയം
വിശുദ്ധ ഖുർആനിൽ ഒരധ്യായത്തിന് പേര് വെക്കാൻ മാത്രം മഹത്വമുള്ള വനിത മനുഷ്യവർഗത്തെ വിസ്മയം കൊള്ളിച്ച വനിത ഈസാ നബി(അ) ന്റെ വന്ദ്യമാതാവ് ഒരു നബിയെ പ്രസവിക്കാൻ സൗഭാഗ്യം സിദ്ധിച്ച വനിത പരലോകത്തിലെത്തിയാലോ ? സ്വർഗ്ഗത്തിലെ നായിക തൃക്കല്യാണത്തിലെ മണവാട്ടി ഏതൊരു മുഹ്മിനും ആ തൃക്കല്യാണത്തിൽ പങ്കെടുക്കാൻ വല്ലാതെ മോഹിക്കും സർവ്വശക്തനായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

ഈസാ നബി (അ)ന്റെ പേര് വിശുദ്ധ ഖുർആനിൽ എത്രയോ തവണ പറഞ്ഞിട്ടുണ്ട് കൂടെ ഉമ്മയുടെ പേരും പറയുന്നുണ്ട്

ഈസബ്നു മർയം അലൈഹിസ്സലാം മർയമിന്റെ മകൻ ഈസാ(അ) സൂറത്ത് മർയം തൊണ്ണൂറ്റി എട്ട് വാക്യങ്ങളുള്ള അധ്യായം സുന്ദരമായി പാരായണം ചെയ്യാം ഹൃദ്യമായ അവതരണം

വിശുദ്ധ ഖുർആനിൽ മുപ്പത് സ്ഥലത്ത് മർയം (റ)യുടെ പേര് പറയുന്നുണ്ട് എന്തൊരു സൗഭാഗ്യവതി അവർ സഹിച്ച ത്യാഗം ഞെട്ടലോടെയല്ലാതെ നമുക്കത് കേൾക്കാനാവില്ല വിവാഹം ദാമ്പത്യ ജീവിതം ഭർത്താവിനെ പരിചരിക്കൽ അവയൊന്നും അവർക്ക് വിധിക്കപ്പെട്ടിട്ടില്ല ഗർഭം ധരിക്കൽ പ്രസവിക്കൽ കുഞ്ഞിനെ സംരക്ഷിക്കൽ ഇവയെല്ലാം മർയം(റ) നിർവഹിക്കുകയും ചെയ്തു

സൂറത്ത് മർയമിന്റെ ഉള്ളടക്കമെന്ത്? സകരിയ്യാ നബി(അ)ന്റെ ചരിത്രം അത് പറഞ്ഞു കൊണ്ടാണ് തുടക്കം തുടർന്ന് മർയം(റ)യുടെയും ഈസാ(അ)ന്റെയും ചരിത്രം പറയുന്നു

പിന്നെ ഇബ്രാഹിം (അ) , മൂസാ(അ) , ഇസ്മാഈൽ(അ) ,ഇദ്രീസ് (അ) എന്നിവരെപ്പറ്റി പറയുന്നു

അറബികളുടെ വഴിപിഴച്ച വിശ്വാസങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള പര്യവസാനം അങ്ങനെ സൂറത്ത് മർയം അവസാനിക്കുന്നു
ചരിത്രമുറങ്ങുന്ന ശാം .ശാമിലെ ഒരു ഗ്രാമം നല്ലവരായ ഗ്രാമീണർ ഇസ്റാഈലി വംശക്കാർ യഹ്ഖൂബ് നബി(അ)ന്റെ പിൻമുറക്കാർ എത്രയോ തലമുറകൾ നിരവധി കൈവഴികൾ അവരിൽനിന്ന് എന്തുമാത്രം പ്രവാചകന്മാർ ഉയർന്നുവന്നു ഔലിയാക്കൾ വളർന്നു വന്നു ആയിരക്കണക്കായ പുരുഷന്മാർ ഇസ്റാഈലികൾക്കിടയിൽ നിന്നുയർന്നുവന്ന പ്രമുഖരായ പ്രവാചകന്മാരാണ് മൂസാ(അ) ,ഹാറൂൻ (അ),ദാവൂദ്(അ), സുലൈമാൻ(അ) തുടങ്ങിയവർ

ഓരോ പ്രവാചകന്മാരിൽ നിന്നും സന്താന പരമ്പരകളുണ്ടാവുന്നു അവ ശാഖോപശാഖകളായി വളർന്നു വികസിക്കുന്നു

സുലൈമാൻ നബി (അ) ന്റെ സന്താന പരമ്പരയിൽ വന്ന ഒരു പ്രമുഖ നേതാവിന്റെ പേര് പറയാം, ഇംറാൻ സമൂഹത്തിൽ സമുന്നത സ്ഥാനമുള്ള നേതാവായിരുന്നു ഇംറാൻ

വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ അധ്യായത്തിന്റെ പേര് ആലുഇംറാൻ എന്നാകുന്നു ഇറാൻ കുടുംബം

ഇംറാന്റെ പ്രിയ പുത്രിയാണ് മർയം (റ)
ഉപ്പയുടെയും കുടുംബത്തിന്റെയും പേരിൽ ഒരു സൂറത്ത്
സൂറത്ത് ആലുഇംറാൻ
മകളുടെ പേരിൽ ഒരു സൂറത്ത്

സൂറത്ത് മർയം

ഒന്നോർത്തുനോക്കൂ.... ആ ഉപ്പയുടെയും മകളുടെയും പദവി പടച്ചവന്റെയടുക്കൽ സമുന്നത സ്ഥാനം പടപ്പുകളുടെയടുക്കലും സമുന്നത സ്ഥാനം അവരുടെ പേര് പറയുന്നത് പോലും അനുഗ്രഹം

ഇംറാൻ പൗരപ്രമുഖനാണ് പുണ്യപുരുഷനാണ് ബൈത്തുൽ മുഖദ്ദസുമായി ബന്ധപ്പെട്ടതാണ് ജീവിതം കൃഷിയിടമുണ്ട് ആടുമാടുകളുണ്ട് ഐശ്വര്യം നിറഞ്ഞ ജീവിതം ആദരണീയ വ്യക്തിത്വം

മറ്റൊരു പ്രമുഖ വ്യക്തിയുടെ പേര് പറയാം

ഫാബൂദ്

പുണ്യപുരുഷന്മാരുടെ കുടുംബത്തിലെ അംഗം സമൂഹത്തിൽ ആദരണീയൻ ബൈത്തുൽ മുഖദ്ദസുമായി നല്ല ബന്ധം

കലീമുല്ലാഹി മൂസാ(അ)ന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് പരിശുദ്ധ തൗറാത്ത് ബൈത്തുൽ മുഖദ്ദസിൽ അത് പാരായണം ചെയ്യപ്പെടുന്നു തൗറാത്ത് രേഖപ്പെടുത്തിയ ഫലകങ്ങൾ അവിടെയുണ്ട് അത് നോക്കി പാരായണം ചെയ്യുന്ന പണ്ഡിതന്മാർ തൗറാത്ത് പഠിക്കാൻ വന്ന വിദ്യാർത്ഥികൾ പാരായണം കേൾക്കാൻ വന്ന ഭക്തന്മാർ തൗറാത്തിലെ വാക്യങ്ങൾ ഓതി വിശദീകരിക്കുന്നു അത് കേട്ട് പഠിക്കുന്ന ഭക്തജനങ്ങൾ

ബൈത്തുൽ മുഖദ്ദസിലേക്ക് നേർച്ചയാക്കപ്പെട്ട പുത്രന്മാർ അവർ പള്ളിയുടെ പരിപാലകർ അവർ എല്ലാവരുടെയും സ്നേഹ ഭാജനങ്ങൾ

പള്ളിയോട് ചേർന്നുള്ള സ്ഥലത്താണവരുടെ താമസം ഭക്ഷണം അവിടെ കിട്ടും അവർ തൗറാത്ത് പഠിക്കും ആരാധനകളിൽ മുഴുകും പണ്ഡിതന്മാരായി വളർന്നുവരും



ഈ കുട്ടികളെ കാണാൻ ധാരാളമാളുകൾ വരും കുട്ടികളെ കാണുക അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക അവരുടെ പ്രാർത്ഥനകൾ കേൾക്കുക ഇവയെല്ലാം മനസ്സിന് സന്തോഷവും സമാധാനവും നൽകും ബൈത്തുൽ മുഖദ്ദസിൽ ജനക്കൂട്ടം നാട്ടുകാർ ധാരാളം വരും പുറംനാട്ടുകാർ സന്ദർശകരായി എത്തും അക്കാലത്തെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവാണത്

ഫാശൂദ്,ഇംറാൻ തുടങ്ങിയ പ്രമുഖരെല്ലാം അവിടെ നിത്യസന്ദർശകരാണ് അവിടെ വേണ്ട സേവനങ്ങളെല്ലാം ചെയ്യും ബൈത്തുൽ മുഖദ്ദസ് എന്നും സജീവമാണ് അവിടത്തെ പണ്ഡിതന്മാരുടെ നേതാവാണ് സകരിയ്യാ (അ) ആ കാലഘട്ടത്തിലെ പ്രവാചകൻ തൗറാത്ത് വേദഗ്രന്ഥത്തിന്റെ സൂക്ഷിപ്പുകാരൻ തൗറാത്ത് പ്രചരിപ്പിക്കാൻ രംഗത്ത് വന്ന പ്രവാചകന്മാരുടെ എണ്ണം വളരെ വലുതാണ്

അമ്പിയ- മുർസലുകളുടെ ആകെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ഇവരിൽ നല്ലൊരു വിഭാഗം വന്നത് ഇസ്രാഈലി സമൂഹത്തിലേക്കാണ് ഒരേ കാലത്ത് തന്നെ ധാരാളം പ്രവാചകന്മാർ വന്നു

തൗറാത്തിന്റെ ആളുകൾ -യഹൂദികൾ-ധിക്കാരികളായി മാറി അല്ലാഹു കണക്കില്ലാത്ത അനുഗ്രഹങ്ങൾ നൽകി ദുനിയാവ് ഏറെ ആകർഷകമായിത്തോന്നി ആഢംബര പ്രിയരായി പലിശയും, ധൂർത്തും,അഹങ്കാരവും, പരസ്ത്രീ സമ്പർക്കവും വളർന്നു അസൂയ ,പരദൂഷണം,അക്രമം, കൊള്ള തുടങ്ങിയ ജീർണതകൾ വർധിച്ചുവന്നു എല്ലാ നിയന്ത്രണങ്ങളും വിട്ടു പുരോഹതന്മാരും വഴിപിഴച്ചു ഇവർക്കു മുമ്പിലെ വലിയ വിലങ്ങുതടിയായി മാറി പരിശുദ്ധ തൗറാത്ത്

പരിശുദ്ധ ജീവിതം നയിക്കുന്ന പ്രവാചകന്മാരും ഔലിയാക്കളും സ്വാലിഹീങ്ങളും രംഗത്ത് വന്നു ജനങ്ങളെ തൗറാത്തിലേക്ക് ക്ഷണിച്ചു അല്ലാഹുവിന്റെ വിധിവിലക്കുകൾ വിളിച്ചു പറഞ്ഞു അഹങ്കാരികളായ ധനികരും ,നേതാക്കളും , വഴിപിഴച്ച പണ്ഡിതന്മാരും അവരെ നേരിട്ടു വാഗ്വാദങ്ങളായി തർക്കങ്ങളായി ഏറ്റുമുട്ടലുകളായി ആയുധ പ്രയോഗങ്ങളായി കൊലപാതകങ്ങൾ വരെ നടന്നു സുഖഭോഗങ്ങൾ കൈവെടിയില്ല അതിനു പറ്റുംവിധം തൗറാത്തിൽ മാറ്റങ്ങൾ വരുത്തുക സുഖിയന്മാരായ പണ്ഡിതന്മാർ രംഗത്ത് വന്നു തൗറാത്ത് വെട്ടിത്തിരുത്തി തങ്ങൾക്ക് ഹിതകരമല്ലാത്ത പലരും വെട്ടിമാറ്റി പലതും എഴുതിച്ചേർത്തു ഈ മാറ്റത്തിരുത്തലുകൾ പല തവണ നടന്നു യഥാർത്ഥ തൗറാത്ത് കൈവശമുള്ളവർ ഒളിപ്പിച്ചുവെച്ചു പുറത്തെടുത്തില്ല പുറത്തെടുത്താൽ പിടിച്ചെടുക്കും തൗറാത്തിന്റെ വ്യാജകോപ്പികൾ നാട്ടിൽ പ്രചരിച്ചു പുതിയ തലമുറ അതാണ് കാണുന്നത്

ബൈത്തുൽ മുഖദ്ദസിൽ സകരിയ്യാ(അ) യഥാർത്ഥ തൗറാത്ത് പാരായണം ചെയ്തു ജനങ്ങൾ കേട്ടു പഠിച്ചു സകരിയ്യാ(അ) നടത്തിയ മതപ്രഭാഷണങ്ങൾ അത് ജനങ്ങളെ ആകർഷിച്ചു സകരിയ്യാ(അ) യഹൂദികളുടെ നോട്ടപ്പുള്ളിയായി നാട്ടിൽ അരാജകത്വം വളരുകയാണ് എത്രയോ സ്വാലിഹീങ്ങൾ വധിക്കപ്പെട്ടു ആരിഫീങ്ങളും ഔലിയാക്കളും മുഹ്മിനീങ്ങളും വധിക്കപ്പെട്ടു പ്രവാചകന്മാർ വരെ വധിക്കപ്പെട്ടു

പ്രവാചകന്മാർ ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാൻ കഠിനാധ്വാനം ചെയ്യുന്നു സകരിയ്യാ(അ)അവർക്ക് മുമ്പിലുണ്ട് ഫാഖൂദ്,ഇറാൻ തുടങ്ങിയ പ്രമുഖന്മാരും കൂടെയുണ്ട്

ഫാഖൂദിന്റെ കുടുംബം പ്രസിദ്ധമാണ് നാട്ടുകാരുടെ അഭയ കേന്ദ്രം ഏത് പ്രശ്നത്തിലും അവിടെ ചെന്നാൽ പരിഹാരമുണ്ടാകും

ഫാഖൂദിന്റെ രണ്ട് പുത്രിമാർ ചരിത്രത്തിൽ ഇടം നേടിയവരാണ്
ഇശാഅ്(റ) ,ഹന്ന (റ)

നാട്ടിലെ പ്രമുഖ തറവാട്ടിലെ അംഗമാണ് സകരിയ്യാ (അ) എല്ലാ സൽഗുണങ്ങളും ചേർന്ന വിശുദ്ധ വ്യക്തിത്വം

തറവാട്ടിലെ കാരണവന്മാർ ഫാഖൂദിനെ കാണാൻ വന്നു വിവാഹാലോചനയുമായി വന്നതാണ്

സകരിയ്യാക്ക് ഇശാഇനെ വിവാഹം ചെയ്തു കൊടുക്കണം എത്ര സന്തോഷകരമായ വാർത്തയാണിത് ഇരു കുടുംബങ്ങൾക്കും ആഹ്ലാദം ഇശാഹ് സൽഗുണ സമ്പന്നയാണ് സുന്ദരിയും ബുദ്ധിമതിയുമാണ് ഇശാഇനെ ഭാര്യയായി ലഭിക്കുന്ന പുരുഷൻ സൗഭാഗ്യവാനായിരിക്കും അക്കാര്യത്തിൽ ആർക്കും സംശയമില്ല ഇശാഹ് സൗഭാഗ്യവതി തന്നെ സംശയമില്ല സകരിയ്യാ(അ) ഭർത്താവായി വരികയല്ലേ ഇതിനേക്കാൾ യോഗ്യനായൊരു ചെറുപ്പക്കാരൻ ഇന്നാട്ടിലുണ്ടോ ? കാര്യങ്ങൾ വളരെ വേഗതയിൽ നടന്നു വേണ്ടപ്പെട്ടവരൊക്കെ വിവരമറിഞ്ഞു തിയ്യതി നിശ്ചയിച്ചു ഒരുക്കങ്ങൾ തുടങ്ങി വിവാഹ സുദിനമെത്തി വിരുന്നുകാർ വന്നു നിക്കാഹ് കർമങ്ങൾ പൂർത്തിയാക്കി മഹ്റ് നൽകി ഇശാഹ് സകരിയ്യായുടെ ഭാര്യയായി വന്നവർക്കെല്ലാം വിഭവങ്ങൾ നിറഞ്ഞ സദ്യ നൽകി എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിച്ചു യാത്ര പരഞ്ഞു പിരിഞ്ഞു

സകരിയ്യാ(അ) ഇശാഹ് (റ) നവ ദമ്പതികൾ

അവർ മാതൃകാ ദമ്പതികളായി ജീവിച്ചു അവർക്കിടയിലെ സ്നേഹവും പരിഗണനയും എത്ര ഹൃദ്യമാണ് കാലമങ്ങനെ കടന്നുപോയി സുഖദുഃഖങ്ങൾ പങ്കുവെച്ചുകൊണ്ട് ദമ്പതികളുടെ ജീവിതവും ഒഴുകിക്കൊണ്ടിരുന്നു

സാമൂഹിക ജീവിതത്തിൽ ഉന്നത സ്ഥാനമുള്ള ചെറുപ്പക്കാരനാണ് ഇംറാൻ ആളുകൾ ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങളൊക്കെയുണ്ട് സേവന മനസ്കനാണ് വീട്ടിൽ സന്ദർശകർ വരും പലരും ഉപദേശം തേടും

പ്രശ്നങ്ങളുമായി വരുന്നവർക്ക് പോംവഴികൾ പറഞ്ഞുകൊടുക്കും ആരെയും നിരാശരാക്കില്ല ആളുകളുടെ സ്നേഹാദരവുകൾ വേണ്ടുവോളം നേടാൻ ഈ സൽഗുണം ഇടയാക്കി എല്ലാവരുടെയും ഇഷ്ടം നേടിയ യുവാവിന് വിവാഹം കഴിക്കണം പറ്റിയ ഇണയെ കിട്ടണം

അഴകുള്ള ,ബുദ്ധിമതിയായ,സൽഗുണ സമ്പന്നയായ ചെറുപ്പക്കാരിയെ ഇണയായി കിട്ടണം ഒരു പെൺകുട്ടിയുടെ മനോഹര വദനം പലരുടെയും മനസ്സിൽ തെളിഞ്ഞു ഫാഖൂദിന്റെ ഓമന മകൾ

ഹന്ന

ദോഷം പറയാൻ യാതൊന്നുമില്ല പറ്റിയ കുട്ടി തന്നെ ആലോചനകൾ മുറുകി വേണ്ടപ്പെട്ടവർ ഇടപെട്ടു കല്യാണം ഉറപ്പിച്ചു ഇംറാനെ ഭർത്താവായി ലഭിക്കുന്നത് ഹന്നായുടെ ഭാഗ്യം ഹന്നായെ ഭാര്യയായി ലഭിക്കുന്നത് ഇംറാന്റെ ഭാഗ്യം കാത്തുകാത്തിരുന്ന സുദിനമെത്തി വിവാഹ സുദിനം പുതിയാപ്പിളയും കൂട്ടരുമെത്തി ഹൃദ്യമായ സ്വീകരണം മഹത്തായ നിക്കാഹ് കർമം നിർവഹിക്കപ്പെട്ടു ഹൃദ്യമായ സൽക്കാരം രുചികരമായ വിഭവങ്ങൾ ആഗതർ യാത്ര പറഞ്ഞു പിരിഞ്ഞു

ഇംറാനും ഹന്നയും സ്വപ്നങ്ങൾ താലോലിക്കുന്ന പ്രായം പരസ്പരം എന്തൊരു സ്നേഹം വാത്സല്യം അവർക്കു പറയാൻ ആയിരം കാര്യങ്ങൾ ആഹ്ലാദപൂർവം ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു നാളുകൾ നീങ്ങിപ്പോയി

ഫാഖൂദിന്റെ പുത്രിമാർ ഈശാഉം ഹന്നയും സ്നേഹം നിറഞ്ഞ സഹോദരിമാർ സന്തോഷവും ,സന്താപവും അവ മാറിമാറി വരും രണ്ടും ചേർന്നാൽ ജീവിതമായി സന്തോഷം കതിർകത്തി വരും ഏറെക്കാലം നിലനിൽക്കില്ല എവിടെ സന്തോഷമുണ്ടോ അവിടെ ദുഃഖവുമുണ്ട് അതാണ് ജീവിതം

ഇരുട്ടിനു പിന്നാലെ വെളിച്ചം വരും വെളിച്ചം പോകും വീണ്ടും ഇരുട്ടു തന്നെ ചില ദുഃഖങ്ങൾ നീണ്ടുനിൽക്കും മാസങ്ങളും വർഷങ്ങളും കടന്നുപോകും അങ്ങനെയുള്ള ഒരു ദുഃഖം സഹോദരിമാരുടെ ജീവിതത്തിലുണ്ടായി മാസങ്ങൾ കടന്നുപോയി ദുഃഖം മാറിയില്ല വർഷങ്ങൾ കടന്നുപോയി ദുഃഖം മാറിയില്ല പതിറ്റാണ്ടുകൾ തന്നെ കടന്നുപോയി ദുഃഖം തീർന്നില്ല അത് വളർന്നുവന്നതേയുള്ളൂ

രണ്ട് സഹോദരിമാർക്കും ഒരേ ദുഃഖം വിവാഹം കഴിഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുഞ്ഞു പിറന്നില്ല ഗർഭിണികളായില്ല സകരിയ്യാ നബി(അ) ദുഃഖിതനാണ് ഇംറാനും ദുഃഖിതനാണ് നാലുപേരും പ്രാർത്ഥിക്കുന്നു അവരുടെ പാതിരാവുകൾക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു കരഞ്ഞ് കണ്ണീരൊഴുക്കിയുള്ള ദുആ ഈ ദുആകൾ എന്നാണ് സ്വീകരിക്കപ്പെടുക ശരീരത്തിൽ വാർദ്ധക്യത്തിന്റെ വരകൾ വീണു ഹന്ന ഒറ്റക്കിരുന്നു തേടുകയാണ്

എന്റെ റബ്ബേ....

നീ സർവ്വശക്തനാണ് ഞാൻ അബലയായ പെണ്ണാണ് എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്കൊരു പ്രയാസവുമില്ല നിനക്കത് നിസ്സാര കാര്യം

റബ്ബേ ....നീയെന്താണു കനിവ് കാണിക്കാത്തത് എന്റെ തേട്ടം നീ ഖബൂൽ ചെയ്യുമെന്നാണെന്റെ വിശ്വാസം വാർദ്ധക്യം വിരുന്നു വന്നിരിക്കുന്നു ഈ പ്രായമെത്തിയാൽ ആശകൾ അസ്തമിക്കും

എന്റെ മനസ്സിന്റെ അടിത്തട്ടിലെ ആശകൾ അസ്തമിച്ചിട്ടില്ല എനിക്കൊരു കുഞ്ഞിനെ വേണം

റബ്ബേ .... എന്റെ തേട്ടം ഫലപ്രദമാക്കേണമേ ....എന്നെ നിരാശയിലാക്കരുതേ .....

ഇംറാൻ യാത്രയായി 

ഹന്ന വീട്ടിൽ നിന്നു പുറത്തുപോയി നടപ്പാതയിലൂടെ നടന്നു പോവുകയാണ് മരുഭൂമിയിൽ വെയിൽ കത്തിപ്പടരുന്നു ചൂടുകൂടിക്കൂടി വരുന്നു വെയിൽ പടർന്ന വഴിയിലൂടെ ഹന്ന നടക്കുന്നു അപ്പോഴും മനസ്സ് ഭക്തിനിർഭരമാണ് ഖൽബിൽ ദിക്റാണ് മനസ്സെപ്പോഴും ഭക്തിനിർഭരം

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഒരിക്കലും വിട്ടുപോവാറില്ല ഓരോ നിമിഷവും അല്ലാഹുവിന്റെ തൃപ്തിയിലായി കടന്നു പോവുന്നു വിയർത്തു വെയിലേറ്റപ്പോൾ ശരീരം വിയർത്തു ക്ഷീണം തോന്നി ഒന്നു വിശ്രമിക്കണം എവിടെ?

വിശാലമായ മരുഭൂമിയിൽ തണൽ കിട്ടുക പ്രയാസം പിന്നെയും നടന്നു വെയിൽ കത്തിപ്പടരുന്ന വഴിയിലൂടെ അതാ ദൂരെ ഒരു മരം കുറച്ചു കൂടി നടന്നാൽ അവിടെയെത്താം വലിയ മരം താഴെ തണലുണ്ട് മനസ്സിൽ ആവേശം പടർന്നു ധൃതിയിലായി നടപ്പ് മരത്തിന്നടുത്തെത്തി തണലിൽ ഇരുന്നു എന്തൊരാശ്വാസം റബ്ബേ ....നിനക്കു സ്തുതി അൽഹംദുലില്ലാഹ്

ഒരു ശബ്ദം കേട്ടു തല ഉയർത്തി നോക്കി മരത്തിൽ നിന്നാണ് ശബ്ദം കിളികൾ
തള്ളപ്പക്ഷിയുടെ ചിറകടി ശബ്ദം കൊക്കിൽ ആഹാരവുമായി വന്നതാണ് മരച്ചില്ലയിൽ കിളിക്കൂട് കൂട്ടിൽ പക്ഷിക്കുഞ്ഞുങ്ങൾ പറക്കാറാവാത്ത പക്ഷിക്കുഞ്ഞുങ്ങൾ തള്ളയെക്കണ്ടപ്പോൾ വല്ലാത്ത ആഹ്ലാദം ശബ്ദമുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു തള്ള ആഹാരം നൽകുന്നു അപ്പോൾ തള്ളക്ക് സന്തോഷം ആശ്വാസം തള്ളപ്പക്ഷിയുടെയും കുഞ്ഞുങ്ങളുടെയും ആഹ്ലാദം അതു കണ്ട് ഹന്നയുടെ മനസ്സിളകിപ്പോയി

ആ തള്ളപ്പക്ഷി എത്ര സൗഭാഗ്യവതിയാണ് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനുള്ള സൗഭാഗ്യം

തന്റെ സ്ഥിതിയോ ? കുഞ്ഞ് പിറക്കാത്ത ജീവിതം അതിന് വിധിയുണ്ടായില്ല കണ്ണുകൾ നിറഞ്ഞു പോയി കിളിക്കൂട്ടിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല ആ രംഗം മനസ്സിൽ പതിഞ്ഞുപോയി ഇനി മായ്ച്ചുകളയാനാവില്ല തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും

എഴുന്നേറ്റു വീണ്ടും നടന്നു ലക്ഷ്യസ്ഥാനത്തെത്തി കാര്യം കഴിഞ്ഞു മടക്കയാത്ര യാത്ര ചെയ്യുമ്പോഴും മനസ്സിൽ ആ രംഗം തന്നെ തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും ഇംറാൻ വന്നു ഹന്ന കഥ പറഞ്ഞു ഇരുവർക്കും ദുഃഖം വന്നു ഹന്നയുടെ ദുഃഖം കാണാനാവുന്നില്ല അന്ന് പതിവിലേറെ പ്രാർത്ഥിച്ചു ഗദ്ഗദം വന്നുപോയി വാക്കുകൾ മുറിഞ്ഞു

എന്റെ റബ്ബേ....എന്റെ ഹന്നയുടെ ദുഃഖം തീർത്തു കൊടുക്കേണമേ....

ഇരുട്ടുള്ള മുറിയിൽ ഹന്നയുടെ തേങ്ങൽ എനിക്കൊരു കുഞ്ഞിനെ തരേണമേ അതുവഴി പ്രിയ ഭർത്താവിന് സന്തോഷം നൽകേണമേ

കണ്ണടച്ചാൽ ആ രംഗം തെളിഞ്ഞു വരും ആ വലിയ തണൽവൃക്ഷം ചില്ലയിലെ കിളിക്കൂട് കൂട്ടിൽ തള്ളയും കുഞ്ഞുങ്ങളും അവയുടെ ആരവം സന്തോഷപ്രകടനം പിറ്റേന്നു ഇംറാൻ മസ്ജിദുൽ അഖ്സ്വായിലേക്ക് പോയി പോകുമ്പോൾ ഭാര്യയുടെ മുഖം ശ്രദ്ധിച്ചു വാടിയ മുഖം വാടി പൂ പോലെയുണ്ട്

പള്ളിയിലെ പരിചാരകർ കുട്ടികളെ ശ്രദ്ധിക്കുന്നു പള്ളിയിലേക്ക് നേർച്ചയാക്കപ്പെട്ട കുട്ടികൾ അവർ പള്ളിയിൽ വളരുന്നു പള്ളി പരിപാലിക്കുന്നു പണ്ഡിതന്മാർ അവരെ തൗറാത്ത് പഠിപ്പിക്കുന്നു ആകർഷകമായ സ്വരത്തിൽ കുട്ടികൾ തൗറാത്ത് പാരായണം ചെയ്യുന്നു അത് കേൾക്കാൻ പലരും വന്നുകൂടുന്നു സമാധാനം നിറഞ്ഞ അന്തരീക്ഷം ഒരിക്കൽ ഹന്ന വന്നു പള്ളിയിലേക്ക് പള്ളി പരിചാരകരായ കുട്ടികളെ കണ്ടു മനസ്സിളകിമറിയാൻ തുടങ്ങി ദുഃഖം അണപൊട്ടിയൊഴുകി റബ്ബേ ....ഇതുപോലൊരു കുഞ്ഞിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ

വല്ലാത്ത മോഹം വന്നു പോയി എപ്പോഴും അതുതന്നെയായി ചിന്ത മോഹം വളർന്നു അന്ന് രാത്രിയും കരഞ്ഞു പ്രാർത്ഥിച്ചു പ്രാർത്ഥനക്കു ഫലമുണ്ടായി ഹന്നാക്ക് വിശേഷം ഗർഭലക്ഷണങ്ങൾ കണ്ടു

ഏറെക്കാലമായി കത്തിയെരിഞ്ഞു നിന്ന മനസ്സ് തണുത്തു മോഹങ്ങൾ മൊട്ടിട്ടു അല്ലാഹുവിനോട് എന്തെന്നില്ലാത്ത കൃതജ്ഞത

ഇംറാൻ വിവരമറിഞ്ഞു സന്തോഷംകൊണ്ട് മനസ് തുടച്ചു എങ്ങനെയാണ് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുക ആ വീട്ടിൽ നിന്ന് സന്തോഷവാർത്ത പുറത്തേക്കൊഴുകി ഇശാഹ് വിവരമറിഞ്ഞു

സകരിയ്യ(അ) വിവരമറിഞ്ഞു എല്ലാവർക്കും സന്തോഷം ഇശാഹ് എത്രയോ കാലമായി പ്രാർത്ഥനയിലാണ് ഒരു കുഞ്ഞിന് വേണ്ടിയുള്ള പ്രാർത്ഥന ഇതുവരെയും സഫലമായില്ല

ഹന്നയുടെ മോഹം പൂവണിഞ്ഞു അതിൽ വല്ലാത്ത സന്തോഷമുണ്ട്
ഇശാഉം സകരിയ്യ (അ)ഉം ഹന്നായെ കാണാൻ വന്നു അവരുടെ സാമീപ്യം ഹന്നാക്ക് സന്തോഷമായി

ഇംറാൻ എപ്പോഴും സന്തോഷവാനാണ് പ്രയാസങ്ങൾ വന്നാലും മുഖത്ത് പ്രകടപ്പിക്കില്ല ഇപ്പോൾ ഇംറാന്റെ മുഖം കൂടുതൽ പ്രസന്നമാണ്
ഹന്ന ഒരിക്കൽ നേർച്ച നേർന്നിട്ടുണ്ട്

ബൈത്തുൽ മുഖദ്ദസിൽ കുട്ടികളെ കാണാൻ പോയതായിരുന്നു നല്ല ചുറുചുറുക്കുള്ള കുട്ടികൾ അവർ തൗറാത്ത് ഓതിപ്പഠിക്കുന്നു ഇതുപോലൊരു കുട്ടി തനിക്കുണ്ടായിരുന്നെങ്കിൽ ..... തനിക്ക് ആ കുട്ടിയെ ഇതുപോലെ പള്ളിയിലേക്കയക്കാമായിരുന്നു അത് പുണ്യകർമമാണ് ആ പുണ്യകർമത്തിന്റെ പേരിൽ നേർച്ച നേർന്നു

അല്ലാഹുവേ.... നീയെനിക്കൊരു കുഞ്ഞിനെ തന്നാൽ ഞാനവനെ ബൈത്തുൽ മുഖദ്ദസിലെ സേവനത്തിന് വേണ്ടി വിട്ടുതരുന്നതാണ് അതൊരു ദൃഢനിശ്ചയം തന്നെയായിരുന്നു നേർച്ച ഫലിച്ചു ഹന്ന ഗർഭം ധരിച്ചു ബന്ധുക്കൾ പലരും ഹന്നയെ കാണാൻ വന്നു സ്നേഹം കരകവിഞ്ഞൊഴുകുന്ന നിമിഷങ്ങൾ ഗർഭിണിയായ ഹന്ന ഭർത്താവിന്റെ മുഖത്തേക്ക് ആവേശത്തോടെ നോക്കി ആ മുഖത്ത് പ്രകടമാവുന്ന പ്രസന്ന ഭാവം കുഞ്ഞ് പിറക്കാൻ പോവുന്നതിലുള്ള സന്തോഷം

ഹന്നയുടെ ചെറിയ വർത്തമാനങ്ങൾ അതിലൂടെ ഒഴുകിവരുന്ന സന്തോഷവും പ്രതീക്ഷയും അത് ഇംറാനെ ആവേശം കൊള്ളിച്ചു

കണ്ണീരിന്റെ നനവുള്ള കവിളുകൾ കാണാൻ തുടങ്ങിയിട്ട് കാലമെത്രയായി ആ കവിളുകൾക്ക് ഇന്നെന്തൊരു തിളക്കം

ഹന്ന ഭർത്താവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി മുഖത്തെന്താ ഒരു ക്ഷീണ ഭാവം വെറുതെ തോന്നുന്നതാണോ? അല്ല ക്ഷീണമുണ്ട് ഇടക്ക് തളർച്ച നേരത്തെയുള്ള പ്രസരിപ്പ് കാണാനില്ല വൈദ്യനെ കാണണം മരുന്ന് കഴിക്കണം നല്ല വിശ്രമം വേണം ഹന്ന നിർദേശിച്ചു കൂടുതൽ ക്ഷീണം അനുഭവപ്പെട്ടു വൈദ്യനെ കണ്ടു മരുന്നു കഴിക്കാൻ തുടങ്ങി എന്നിട്ടും മാറ്റങ്ങൾ കണ്ടില്ല ക്ഷീണം കൂടിക്കൂടി വരികയാണ് പ്രായം കുറെയായില്ലേ വൃദ്ധനാണ് പ്രായം കൊണ്ടുള്ള ക്ഷീണമുണ്ട് വാർദ്ധക്യസഹജമായ രോഗങ്ങളാണ് പ്രായമായാൽ മരിച്ചു പോകും ഹന്നാക്ക് അതോർക്കാൻ പ്രയാസം

ഇംറാന്റെ പ്രാർത്ഥനകൾ പതിറ്റാണ്ടുകളുടെ പ്രാർത്ഥനയാണ് ഇംറാൻ നടത്തിയത് അങ്ങനെ താൻ ഗർഭിണിയായി ആ കുഞ്ഞിനെ കാണണ്ടേ? അതിനു മുമ്പേ ഇംറാൻ പോകുമോ? അങ്ങേ ലോകത്തേക്ക് പോകുമോ? അതോർക്കാൻ വയ്യ കരഞ്ഞുപോയി

വീട്ടിൽ ഉൽക്കണ്ഠ നിറഞ്ഞു അയൽക്കാരും ബന്ധുക്കളും വന്നുകൂടി ഇംറാന്റെ രോഗം വർദ്ധിച്ചു എന്തും സംഭവിക്കാം ഹന്ന വാടിയ പൂപോലെയായി ആർക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ല ഒടുവിൽ അത് സംഭവിച്ചു മരണം റൂഹ് പിരിഞ്ഞു പോയി ചേതനയറ്റ ശരീരം ബാക്കിയായി അന്ത്യകർമങ്ങൾ നടക്കുന്നു സകരിയ്യ(അ) കർമങ്ങൾക്ക് നേതൃത്വം നൽകി

ഹന്ന ആ കാഴ്ച കണ്ടു ഇംറാന്റെ അന്ത്യയാത്ര പോവുകയാണ് മടക്കമില്ലാത്ത യാത്ര എന്നും രാത്രി മടങ്ങിയെത്തുമ്പോഴുള്ള ആ വിളി സ്നേഹമൂറുന്ന സ്വരത്തിൽ ഹന്നായെന്ന വിളി ആ വിളി ഇനിയുണ്ടാവില്ല എങ്കിലും ആ ശബ്ദം കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും സുദീർഘമായ ദാമ്പത്യ ജീവിതം അതിന്റെ അന്ത്യത്തിലിതാ കുഞ്ഞ് പിറക്കാൻ പോവുന്നു

ഇംറാന്റെ മയ്യിത്ത് ഖബറടക്കി ബന്ധുക്കൾ മടങ്ങിയെത്തി അവരുടെ സംസാരം ഹന്ന കേൾക്കുന്നു നാളുകൾ പിന്നെയും നീങ്ങി ബന്ധുക്കൾ ഹന്നയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായി

ഇംറാന്റെ ഓർമ്മകൾ തങ്ങിനിൽക്കുന്ന അന്തരീക്ഷം അവിടെ ഹന്നയുടെ പ്രസവം നടക്കുന്നു സുഖപ്രസവം മോനാണോ ? മോളാണോ? ഞെട്ടിക്കുന്ന ഉത്തരം വന്നു മോളാണ് ഹന്നയുടെ മനസ്സ് വിങ്ങി താൻ പ്രതീക്ഷിച്ചത് ഒരു പുത്രനെയാണ് ബൈത്തുൽ മുഖദ്ദസിലേക്ക് നേർച്ചയാക്കിയതാണ് പെൺകുഞ്ഞിനെ ആരും നേർച്ചയാക്കില്ല ഇനിയെന്തു ചെയ്യും? മനസ്സിൽ ആ ചിന്ത മാത്രം എന്തൊരഴകുള്ള മോളാണിത് അല്ലാഹു തന്ന മുത്ത് പൊന്നുമോളുടെ മുഖം കാണാൻ ഉപ്പ ജീവിച്ചില്ല ആ മാതൃഹൃദയത്തിന്റെ വെപ്രാളം അതിന് അല്ലാഹു പ്രാധാന്യം നൽകുന്നു വലിയ പ്രാധാന്യം
വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ സൂറത്തിന്റെ പേര് ആലുഇംറാൻ എന്നാകുന്നു






ഇംറാൻ കുടുംബത്തെക്കുറിച്ചു ഈ സൂറത്തിൽ വിവരിക്കുന്നുണ്ട് അതുകൊണ്ട് സൂറത്തിന് ആ പേർ കിട്ടി

ഇംറാന്റെ മകളെ ഹന്ന പ്രസവിച്ചു മകൾക്ക് മർയം എന്ന് പേരിട്ടു ഇംറാന്റെ കുടുംബത്തിലെ നവജാത ശിശുവാണ് മർയം സൂറത്ത് ആലുഇംറാൻ ഇറങ്ങിയ പശ്ചാത്തലം വളരെ പ്രസിദ്ധമാണ്

ഒരു ക്രൈസ്തവ സംഘം നബി(സ)തങ്ങളെ കാണാൻ വന്നു നജ്റാനിൽ നിന്നാണ് വന്നത് അറുപത് പേരടങ്ങുന്ന ഒരു സംഘമായിരുന്നു അത് പതിനാല് നേതാക്കന്മാർ അക്കൂട്ടത്തിലുണ്ടായിരുന്നു

മൂന്നു വലിയ പണ്ഡിതന്മാർ കൂട്ടത്തിലുണ്ട് ഒരാൾ ഐഹം അദ്ദേഹത്തെ അവർ സയ്യിദ് എന്ന് വിളിച്ചിരുന്നു മറ്റൊരാൾ അമീർ എന്ന പേരിലറിയപ്പെട്ടു മൂന്നാമൻ അബൂഹാരിസ്

ഈ മൂന്നു പേരാണ് നബി (സ) തങ്ങളോട് നേരിട്ട് സംസാരിച്ചിരുന്നത് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചാണ് ചർച്ച യേശു ദൈവമാണെന്ന് പറഞ്ഞു അപ്പോൾ മർയം ദൈവ ദൈ മാതാവായി പിന്നെ യേശു ദൈവപുത്രനാണെന്ന് പറഞ്ഞു

നബി (സ) പറഞ്ഞു: ഇപ്പറഞ്ഞതൊന്നും ശരിയല്ല യേശു ദൈവമല്ല ദൈവപുത്രനുമല്ല യേശു അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാകുന്നു അവർക്ക് ഉത്തരം മുട്ടി നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കുക

ഞങ്ങൾ മുസ്ലിംകളായിരിക്കുന്നു അവർ പറഞ്ഞു

നബി (സ) പറഞ്ഞു: നിങ്ങൾ പറയുന്നത് വ്യാജം തന്നെയാണ് അല്ലാഹുവിന് സന്താമുണ്ടെന്ന് വിശ്വസിക്കുക കുരിശിനെ ആരാധിക്കുക പന്നിമാംസം തിന്നുക ഇതൊക്കെയല്ലേ നിങ്ങളുടെ അവസ്ഥ പിന്നെങ്ങനെ നിങ്ങൾ മുസ്ലിംകളാവും നബി (സ) തങ്ങൾ കുറച്ചു നേരം മൗനമായിരുന്നു അപ്പോൾ ജിബ്രീൽ (അ) വന്നു ഈ സൂറത്തിലെ ആദ്യ ഭാഗം മുതൽ എൺപതിൽപരം ആയത്തുകൾ ഓതിക്കൊടുത്തു

ക്രൈസ്തവർക്ക് കാര്യം മനസ്സിലായി പക്ഷെ,സത്യം സ്വീകരിക്കാതെ മടങ്ങിപ്പോയി

സൂറത്ത് ആലുഇംറാനിലെ മുപ്പത്തി മൂന്നാം ആയത്തിന്റെ ആശയം ഇങ്ങനെയാകുന്നു :

'നിശ്ചയമായും ആദം(അ),നൂഹ്(അ),ഇബ്രാഹിം (അ)ന്റെ കുടുംബം,ഇംറാന്റെ കുടുംബം എന്നിവരെ ലോകത്തുള്ളവരിൽ വെച്ച് ഉൽകൃഷ്ടരായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു (3:33)

ആദം(അ),നൂഹ്(അ),ഇബ്രാഹിം (അ)എന്നിവർ ലോക ജനതയിൽ വെച്ചു തന്നെ ഏറ്റവും സമുന്നതന്മാരാണ് ഇവരെല്ലാം അല്ലാഹുവിന്റെ പ്രവാചകന്മാരാണ് പുത്രന്മാരല്ല

പിന്നെങ്ങനെ മർയം മാത്രം ദൈവപുത്രനാകും?

ഇബ്രാഹിം (അ)ന്റെ പുത്രനാണ് ഇസ്ഹാഖ് (അ) ഇസ്ഹാഖ് (അ)ന്റെ പുത്രനാണ് യഹ്ഖൂബ്(അ) യഹ്ഖൂബ്(അ)ന്റെ സന്താന പരമ്പരയാണ് ഇസ്രാഈൽ സന്തതികൾ

ഇസ്രാഈല്യർക്കിടയിൽ നിന്ന് ധാരാളം പ്രവാചകന്മാർ വന്നിട്ടുണ്ട് അവരിൽ പ്രധാനികളാണ് മൂസാ(അ),ഹാറൂൻ(അ),ദാവൂദ്(അ),സുലൈമാൻ (അ)എന്നിവർ ഇവരാരും ദൈവപുത്രന്മാരല്ല അല്ലാഹുവിന്റെ അടിമകളും പ്രവാചകന്മാരുമാകുന്നു

ഭൂലോക ചക്രവർത്തി സുലൈമാൻ (അ)ന്റെ സന്താന പരമ്പരയിലാണ് ഇംറാൻ ജനിച്ചത്

ഇംറാന്റെ പുത്രി മർയം(റ)
മർയമിന്റെ പുത്രൻ ഈസാ(അ)

സൂറത്തു ആലുഇംറാൻ ഈ വസ്തുതകളെല്ലാം ക്രൈസ്തവ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു

മുപ്പത്തി അഞ്ചാം വചനത്തിൽ ഹന്നയുടെ നേർച്ചയുടെ കാര്യം പറയുന്നത് കാണുക:

'എന്റെ റബ്ബേ....എന്റെ വയറ്റിലുള്ള ശിശുവിനെ ഞാൻ നിനക്കായി ഉഴിഞ്ഞുവെക്കാൻ നേർച്ചയാക്കിയിരിക്കുന്നു അതുകൊണ്ട് ഈ നേർച്ച സ്വീകരിക്കേണമേ..... നിശ്ചയം നീ മാത്രമാണ് (എന്റെ പ്രാർത്ഥന) കേൾക്കുന്നവനും അറിയുന്നവനും എന്ന് ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക(3:35)

ഗർഭിണിയായ കാലത്ത് ഹന്ന നടത്തിയ പ്രാർത്ഥനയാണ് ഈ ആയത്തിൽ പറഞ്ഞത്

കുഞ്ഞിനെ പ്രസവിച്ചു പെൺകുഞ്ഞായിരുന്നു മാതൃഹൃദയത്തിന്റെ വെപ്രാളം നാമിവിടെ കാണുന്നു കുഞ്ഞിന് മർയം എന്നു പേരിട്ടു

കുഞ്ഞിനു വേണ്ടിയും ആ കുഞ്ഞിൽനിന്നുണ്ടാവുന്ന സന്താന പരമ്പരക്കു വേണ്ടിയും പ്രാർത്ഥിച്ചു ശപിക്കപ്പെട്ട പിശാചിൽനിന്ന് രക്ഷിക്കേണമേ എന്നായിരുന്നു പ്രാർത്ഥന

മുപ്പത്താറാം ആയത്തിന്റെ ആശയം കാണുക :

'അങ്ങനെ കുട്ടിയെ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ റബ്ബേ....ഞാൻ പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയാണ് അവൾ പ്രസവിച്ചത് എന്താണെന്ന് അല്ലാഹുവിന് നന്നായറിയാം -ആൺകുട്ടി പെൺകുട്ടിയെപ്പോലെയല്ല ഞനവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു അവളെയും അവളുടെ സന്താന പരമ്പരയെയും ശപിക്കപ്പെട്ട പിശാചിൽനിന്ന് രക്ഷിക്കുവാനായി നിന്നിൽ ഞാൻ അഭയം പ്രാപിക്കുകയാണ് '(3:36)

താൻ പ്രസവിക്കുന്നത് ആൺകുഞ്ഞിനെ ആയിരിക്കുമെന്നാണ് ഹന്ന കരുതിയിരുന്നത് പ്രതീക്ഷക്കു വിരുദ്ധമായി പെൺകുഞ്ഞ് പിറന്നു അതിനെ സന്തോഷപൂർവം സ്വീകരിച്ചു ഉചിതമായ പേര് വെച്ചു

മർയം എന്ന പദത്തിന്റെ അർഥം ശുശ്രൂഷിക്കന്നവൾ ,ആരാധനയിൽ വ്യാപൃതയായവൾ എന്നെല്ലാമാണ്

പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് മർയമിനും അവരിൽ നിന്നുണ്ടാവുന്ന സന്താന പരമ്പരകൾക്കും കാവൽ ലഭിക്കണം അതിനു വേണ്ടി അല്ലാഹുവിൽ അഭയം തേടുകയും ചെയ്തു

ഇശാഇന്റെ സന്തോഷം 

ഹന്നയുടെ മനസ്സ് നിറയെ ഉൽക്കണ്ഠയാണ് ഓമന മകളെക്കുറിച്ചുള്ള ഉൽക്കണ്ഠ മോൻ പിറക്കുമെന്ന് പ്രതീക്ഷിച്ചു ആ പ്രതീക്ഷയിലാണ് നേർച്ച നേർന്നത്

പിറന്നത് പെൺകുട്ടി ഇനിയെന്ത് ചെയ്യും?

അല്ലാഹുവേ....നീ തന്നെ പരിഹാരം കാണിച്ചു തരേണമേ

ഒരു കുഞ്ഞിനുവേണ്ടി പതിറ്റാണ്ടുകൾ നീണ്ട പ്രാർത്ഥനയാണ് നടത്തിയത് ഭർത്താവിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന അതൊരിക്കലും മറക്കാനാവില്ല ഒരു കുഞ്ഞിനെക്കിട്ടാൻ വല്ലാതെ മോഹിച്ചു

ഒടുവിൽ താൻ ഗർഭിണിയായി അതറിഞ്ഞപ്പോൾ ഇംറാൻ എന്തൊരാഹ്ലാദമായിരിന്നു

പിന്നെ അധികനാൾ ജീവിച്ചില്ല രോഗിയായി വഫാത്തായി ഭർത്താവിനെ ഓർക്കാത്ത നേരമില്ല

ഒരു ദിവസം ഹന്ന നല്ല ഉറക്കത്തിലാണ് നല്ലൊരു സ്വപ്നം കാണുന്നു ഒരു അശരീരി കേൾക്കുകയാണ് ദിവ്യശബ്ദം മുഴങ്ങുന്നു

ഹന്നാ.... നിന്റെ പുത്രിയെ ബൈത്തുൽ മുഖദ്ദസിൽ ഏൽപിക്കുക

എന്തൊരാഹ്ലാദം ഞെട്ടിയുണർന്നു ചുറ്റും നോക്കി ഇരുട്ടിൽ ഒന്നും കാണാൻ വയ്യ ഇതൊരു ഇലാഹിയ്യായ സ്വപ്നം തന്നെ മനസ്സിലെ തീനാളങ്ങൾ അണഞ്ഞു തണുപ്പായി പെൺകുട്ടിയെ പള്ളിയിൽ അയക്കുക 

ഇതുവരെയില്ലാത്ത സംഭവം അതൊരു വിവാദമായി മാറുകയാണ് അത് ഹന്നായെയും കുടുംബത്തെയും വിഷമിപ്പിച്ചു പണ്ഡിതന്മാരും കുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല നിരാശ വന്നു പിന്നീടാണ് സ്വപ്നവാർത്ത പുറത്തുവിട്ടത് അതോടെ എല്ലാവരുടെയും ചിന്ത മാറി ഇതൊരു അസാധാരണ കുഞ്ഞാണെന്ന് ധാരണ പരന്നു കുട്ടിയെ സ്വീകരിക്കാമെന്ന ചിന്ത അവരുടെ മനസ്സിൽ ഉണർന്നു വരികയാണ്

ഓരോരുത്തരായി മുമ്പോട്ടു വരാൻ തുടങ്ങി കുഞ്ഞു മറിയം ഉമ്മായുടെ ഓമന മോൾ ഇവൾ ഒരു അത്ഭുത ശിശു തന്നെയാണ് ബന്ധുക്കളൊക്കെ വരുന്നു മോളെ എടുത്ത് ഓമനിക്കുന്നു തന്റെ സഹോദരിയുടെ ഭർത്താവായ സകരിയ്യാ(അ) വന്നു കാര്യങ്ങളെല്ലാം സംസാരിച്ചു നേർച്ച വീടണം മോളെ ബൈത്തുൽ മുഖദ്ദസിൽ വിടണം അക്കാര്യം തീരുമാനമായി
അവിടെ ഓരോ കുട്ടിയെയും നോക്കാൻ ഓരോ സംരക്ഷകരുണ്ട് മർയമിനെ ആര് സംരക്ഷിക്കും ?

സകരിയ്യ (അ) സമൂഹത്തിലെ നബിയാണ് ബൈത്തുൽ മുഖദ്ദസിലെ പണ്ഡിതൻമാർ തലവനാണ് എന്നുവെച്ച് മർയമിന്റെ കാര്യം ഏകപക്ഷീയമായി ഏറ്റെടുക്കാൻ പറ്റില്ല കൂടിയാലോചന വേണം തീരുമാനമുണ്ടാക്കണം മർയമിന്റെ വിവരം നാടാകെയറിഞ്ഞു

ആ കുഞ്ഞിനെ സ്വീകരിക്കാനും വളർത്താനും പണ്ഡിതന്മാർക്കെല്ലാം താൽപര്യം ആർക്ക് കിട്ടും കുഞ്ഞിനെ ? എങ്ങനെ തീരുമാനിക്കും ?

എഴുതാനുള്ള ഖലം എല്ലാവരുടെ കൈവശമുണ്ട് ആ ഖലമുകൾ കൊണ്ടൊരു പരീക്ഷണം

എല്ലാവരും ഖലമുകൾ ജോർഡാൻ നദിയിലിടുക തൗറാത്ത് എഴുതാനുപയോഗിച്ച ഖലമുകൾ

ആരുടെ ഖലമാണോ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് അയാൾക്ക് കുട്ടിയെ ലഭിക്കും

പേനകൾ വെള്ളത്തിലിട്ടു ഓരോ പേനയും വെള്ളത്തിൽ താഴുന്നു ഒരു ഖലം മാത്രം ജലവിതാനത്തിൽ പൊങ്ങിക്കിടക്കുന്നു

എല്ലാവരും ശ്രദ്ധിച്ചു നോക്കി ആരുടെ ഖലം ?

സകരിയ്യ(അ)ന്റെ ഖലം

ഹന്നയുടെ മനസ് തുടിക്കുകയാണ് സന്തോഷത്തിന്റെ തുടിപ്പ്

കുഞ്ഞിനെ വളർത്താനുളള അവകാശം സകരിയ്യ(അ)ന് കിട്ടി
ഹന്നയുടെ സഹോദരി ഇശാഇന്റെ ഭർത്താവ് കുട്ടി ഒരു പ്രവാചകന്റെ ശിക്ഷണത്തിൽ വളരട്ടെ ഏറ്റവും നല്ല ശിക്ഷണം ലഭിക്കട്ടെ

വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ സൂറത്തിന്റെ പേര് സൂറത്ത് ആലുഇംറാൻ എന്നാകുന്നു
1. ഫാത്തിഹ
2.അൽബഖറ
3.ആലുഇംറാൻ

ഇംറാൻ കുടുംബത്തെക്കുറിച്ച് ഈ സൂറത്തിൽ വിവരിക്കുന്നുണ്ട് അതുകൊണ്ടാണ് ഈ പേർ വന്നത് ഹിജാസിനും യമനിനും ഇടയിലുള്ള ഒരു പ്രദേശമാണ് നജ്റാൻ ധാരാളം ക്രൈസ്തവ കുടുംബങ്ങളുള്ള നാട് അവിടെ നിന്ന് ക്രൈസ്തവരുടെ ഒരു വലിയ സംഘം നബി (സ)തങ്ങളെ കാണാൻ വേണ്ടി മദീനയിൽ വന്നു

നബി (സ) തങ്ങൾ മസ്ജിദുന്നബവിയിൽ സ്വഹാബികളോടൊപ്പം അസ്വർ നിസ്കാരം കഴിഞ്ഞ് ഇരിക്കുകയാണ് ആ സംഘത്തിൽ അറുപത് പേരുണ്ടായിരുന്നു അവരിൽ പതിനാലു പേർ പ്രമുഖ നേതാക്കളാണ്

പതിനാലു പേരിൽ മൂന്നു പേർ വളരെ ശ്രദ്ധേയരായ നേതാക്കളായയിരുന്നു അവരുടെ പ്രാർത്ഥനയുടെ സമയമായി അവിടെവെച്ചു തന്നെ പ്രാർത്ഥന നിർവഹിക്കുവാൻ നബി (സ) തങ്ങൾ അനുവദിച്ചു കിഴക്കോട്ട് തിരിഞ്ഞുനിന്ന് പ്രാർത്ഥന നിർവഹിച്ചു

അതിനുശേഷം നബി(സ) തങ്ങളുമായി സംഭാഷണം തുടങ്ങി ഏറ്റവും പ്രമുഖരായ മൂന്നു പേർ സംസാരിച്ചു

ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു ദൈവപുത്രനാണെന്ന് വാദിച്ചു പിതാവും മാതാവും പുത്രനും ചേർന്നതാണ് ദൈവം എന്നും വാദിച്ചു

അവരുടെ വാദങ്ങളെയെല്ലാം ഖണ്ഡിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ വചനങ്ങൾ അവതരിച്ചു അവർക്ക് ഉത്തരം മുട്ടി

ഹിജ്റഃ ഒമ്പതാം കൊല്ലത്തിലാണ് ഈ സംഭവം നടക്കുന്നത് ഈ സൂറത്തിന്റെ തുടക്കം മുതൽ എഴുപതിൽപരം വചനങ്ങൾ ഇറങ്ങിയത് ഈ സംഭവത്തെത്തുടർന്നാണ്

നബി (സ) തങ്ങൾ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു അവർ നിഷേധിച്ചു അവരെക്കുറിച്ചു ഇങ്ങനെ പറയപ്പെട്ടു:

'തീർച്ചയായും അല്ലാഹുവിന്റെ ആയത്തുകളിൽ വിശ്വസിക്കാത്തവർക്ക് കഠിനമായ ശിക്ഷയുണ്ട് അല്ലാഹു പ്രതാപശാലിയാണ് ശിക്ഷാനടപടി എടുക്കുന്നവനുമാണ് '(3:4)

ഈ സൂറത്തിലെ മുപ്പത്തി അഞ്ചാം വചനം ഹന്നയുടെ മനസ്സിന്റെ ഉൽക്കണ്ഠ വ്യക്തമാക്കുന്നു

'ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക എന്റെ വയറ്റിലുള്ള ശിശുവിനെ സ്വതന്ത്രമാക്കപ്പെട്ട നിലയിൽ ഞാൻ നിനക്ക് നേർച്ച നേർന്നിരിക്കുന്നു അതിനാൽ നീ എന്നിൽനിന്ന് അത് സ്വീകരിക്കേണമേ
നിശ്ചയമായും നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും (3:35)

ആ കുട്ടി പള്ളി പരിപാലനത്തിൽ മാത്രം ശ്രദ്ധിക്കണം മറ്റ് ജോലികൾ ഏറ്റെടുക്കരുത് പള്ളിക്കുവേണ്ടി സ്വതന്ത്രനാക്കപ്പെട്ടു

അടുത്ത വചനത്തിൽ ഇങ്ങനെ കാണാം:

'എന്നിട്ട് അതിനെ പ്രസവിച്ചപ്പോൾ അവർ പറഞ്ഞു: എന്റെ റബ്ബേ ....ഞാൻ പെണ്ണിനെ പ്രസവിച്ചിരിക്കുന്നു അവർ പ്രസവിച്ചതിനെക്കുറിച്ച് അല്ലാഹുവിന് നന്നായറിയാം ആണ് പെണ്ണിനെപ്പോലെയല്ല ഞാൻ അവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു
അവൾക്കും അവളുടെ സന്താന പരമ്പരക്കും ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുകയും ചെയ്യുന്നു (3:36)

ഹന്നായുടെ പ്രാർത്ഥന വളരെ ശ്രദ്ധേയമാണ് മുസ്ലിംകൾ മാതൃകയാക്കേണ്ടതുമാണ്

പ്രസവം നടക്കുകയും കുഞ്ഞ് പെണ്ണാണെന്നറിയുകയും ചെയ്തപ്പോഴുള്ള പ്രാർത്ഥന

മർയമിനും അവളുടെ സന്താന പരമ്പരക്കും വേണ്ടിയാണ് പ്രാർത്ഥന ശപിക്കപ്പെട്ട പിശാചിൽ നിന്ന് അഭയം തേടുകയാണ്

നാമും ഇങ്ങനെ പ്രാർത്ഥിക്കണം സന്താന പരമ്പരകളെയെല്ലാം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത് ഇരുപത്തൊമ്പത് പണ്ഡിതൻമാർ തൗറാത്ത് പണ്ഡിതൻമാർ, തൗറാത്ത് പകർത്തിയവർ, പകർത്തി എഴുതിയ ഖലം ,സൂക്ഷിച്ചവർ എല്ലാവർക്കും കുഞ്ഞിനെ വേണം നറുക്കിട്ടെടുക്കാം വേറെ വഴിയില്ല എല്ലാവരും പേനകൾ ജോർദാൻ നദിയിലിടുക ഖലം താഴുന്നു പോയാൽ കുട്ടിയെ കിട്ടില്ല ആരുടെ പേനയാണോ നദിയിൽ പൊങ്ങിക്കിടക്കുന്നത് അദ്ദേഹത്തിന് കുട്ടിയെ വളർത്താൻ കിട്ടും
ആകാംക്ഷയോടെ ജനം തടിച്ചു കൂടി ഓരോരുത്തരായി പേനയിട്ടു സകരിയ്യാ(അ) തന്റെ ഖലം നദിയിലിട്ടു അത്ഭുതം ഒരു ഖലം പൊങ്ങിക്കിടക്കുന്നു മറ്റുള്ളതെല്ലാം താഴ്ന്നുപോയി എല്ലാവരും ആകാംക്ഷയോടെ നോക്കി ആരുടെ ഖലം ? ആ ഖലമിന്റെ ഉടമസ്ഥൻ സകരിയ്യാ(അ)

മർയം(റ)യുടെ സംരക്ഷകൻ അധ്യാപകൻ വഴികാട്ടി എല്ലാം ഇനി സകരിയ്യാ (അ)

അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് മഅ് രിഫത്ത് അതാണ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം അത് നേടാൻ പോവുകയാണ് അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഭവനം അതാണ് ബൈത്തുൽ മുഖദ്ദസ് അവിടെയാണ് മർയം(റ) വളരാൻ പോവുന്നത്

ഒരു സമൂഹത്തിന്റെ അധ്യാപകനാണ് പ്രവാചകൻ ശ്രേഷ്ഠനായ അധ്യാപകൻ ആ അധ്യാപകനിൽ നിന്നാണ് വിദ്യ നേടാൻ പോവുന്നത്

അതുല്യ പദവിയിലേക്ക് ഉയർത്തപ്പെടാൻ പോവുന്നു പുണ്യവതിയായി മാറുകയാണ്

സകരിയ്യ(അ)ന്റെ ഭാര്യ ഇശാഹ് ഹന്നയുടെ സഹോദരി മർയമിനെ വളർത്താനുളള അവകാശം സകരിയ്യ(അ)മിന് കിട്ടി എന്നറിഞ്ഞപ്പോൾ ഇശാഇനുണ്ടായ സന്തോഷം അതെങ്ങനെ വർണിക്കും

ഭർത്താവ് രാത്രി വീട്ടിൽ വരും മോളെ കൊണ്ടുവരും എത്ര ആഹ്ലാദകരമായ അനുഭവം മോളെ സംരക്ഷിക്കാൻ തനിക്കും അവസരം കിട്ടുന്നു അല്ലാഹുവിന് സ്തുതി

ബൈത്തുൽ മുഖദ്ദസിനോട് ചേർന്ന് അൽപം ഉയർന്ന സ്ഥലത്ത് ഒരു മുറിയുണ്ടാക്കി അതാണ് മർയമിന്റെ മുറി ചെറിയൊരു കോണി വെച്ചു കയറണം

സകരിയ്യ (അ)മാത്രമാണ് ആ മുറിയിൽ പ്രവേശിക്കുന്നത് രാത്രി സകരിയ്യ(അ)വീട്ടിലേക്കു മടങ്ങുമ്പോൾ മർയം(റ)കൂടെപ്പോവും മൂത്തമ്മ കാത്തിരിക്കും

മോളെ കെട്ടിപ്പിടിച്ചു സ്വീകരിക്കും പൊന്നുമോൾ ബൈത്തുൽ മുഖദ്ദസിന്റെ കുട്ടി പുണ്യവതിയാണ് അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം നേടിയ കുട്ടി

തൗറാത്ത് പഠിക്കുന്നു പണ്ഡിത വനിതയായിത്തീരണം
മക്കയിലെ ആളുകളോട് ക്രൈസ്തവരും യഹൂദരും പൂർവകാല പ്രവാചകന്മാരുടെ കഥകൾപറയുമായിരുന്നു കഥയുടെ ചിലഭാഗങ്ങൾ മാത്രമാണവരുടെ കൈവശമുള്ളത് ഖുറൈശികൾക്ക് അവരിൽനിന്ന് കേട്ട വിവരമേയുള്ളൂ

പണ്ടെന്നോ നടന്ന സംഭവങ്ങൾ വിശുദ്ധ ഖുർആൻ വചനങ്ങളിറങ്ങി സംഭവങ്ങൾ വിവരിക്കപ്പെട്ടു ക്രൈസ്തവരും യഹൂദരും അത്ഭുതപ്പെട്ടു
സൂറത്ത് ആലുഇംറാനിലെ 37 മത്തെ വചനം മർയം (റ)യുടെ ചരിത്രം ഇങ്ങനെ വിവരിക്കുന്നു:

'അവളുടെ റബ്ബ് അവളെ നല്ല നിലയിൽ സ്വീകരിക്കുകയും ഉൽകൃഷ്ടമായ രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്തു അവളുടെ പരിപാലനത്തിന് സകരിയ്യാ(അ) നെ അവൻ ഭരമേൽപിക്കുകയും ചെയ്തു
അവളുടെ അടുക്കലേക്ക് ,മുറിയിൽ കടന്നു ചെല്ലുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണം അവളുടെയടുത്ത് അദ്ദേഹം കാണാറുണ്ടായിരുന്നു ഒരിക്കൽ അദ്ദേഹം ചോദിച്ചു: ഓ ....മർയം ഇത് നിനക്ക് എവിടെനിന്ന് കിട്ടി ?
അവൾ പറഞ്ഞു: ഇത് അല്ലാഹുവിൽ നിന്ന് ലഭിച്ചതാകുന്നു
നിശ്ചയം താനുദ്ദേശിക്കുന്നവർക്കു അല്ലാഹു കണക്കു കൂടാതെ ഭക്ഷണം നൽകുന്നതാണ് (3:37)

സകരിയ്യ(അ)നെ അത്ഭുതപ്പെടുത്തിയ ഒരു സംമവമാണിവിടെ പറഞ്ഞത് മർയം(റ)യുടെ മുറിയിൽ ചെല്ലുമ്പോൾ പഴവർഗങ്ങളും മറ്റും കാണും നാട്ടിൽ ആ സീസണിൽ വിളയാത്ത പഴങ്ങൾ എവിടെ നിന്ന് കിട്ടി ഇതെല്ലാം?

അല്ലാഹു നൽകി എന്നായിരുന്നു മറുപടി

അല്ലാഹു താനുദ്ദേശിച്ചവർക്ക് ഏതുതരത്തിലുള്ള ആഹാരവും നൽകും നല്ലതുപോലെ നൽകുകയും ചെയ്യും

പുത്രൻ വരും 





അല്ലാഹു മർയം (റ)ക്ക് ചെയ്ത അനുഗ്രഹങ്ങൾ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്

അല്ലാഹു നല്ല രീതിയിൽ സ്വീകരിച്ചു

ഫ തഖബ്ബൽഹാ റബ്ബുഹാ ബി ഖബൂലിൻ ഹസനിൻ
അങ്ങനെ അവളുടെ റബ്ബ് അവളെ നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു നല്ല രീതിയിൽ വളർത്തിക്കൊണ്ടുവന്നു എന്നതാണ് രണ്ടാമത്തെ അനുഗ്രഹം
വ അൻബതഹാ നബാത്തൻ ഹസനൻ
അവളെ അവൻ നല്ല രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്തു
മൂന്നാമത്തെ അനുഗ്രഹവും വളരെ ശ്രദ്ധേയമാണ് സകരിയ്യ (അ)നെ സംരക്ഷകനായി നിയോഗിച്ചു
വ കഫ്ഫ ലഹാ സകരിയ്യ
അവളെ സംരക്ഷിക്കാൻ സകരിയ്യാക്ക് ഏൽപിച്ചുകൊടുത്തു

വിശേഷപ്പെട്ട പഴവർഗങ്ങൾ മുറിയിൽ കണ്ടപ്പോൾ സകരിയ്യാ(അ) ചോദിച്ച ചോദ്യം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു

യാ മർയം അന്നാ ലകി ഹാദാ ?
മർയമേ എവിടെനിന്നാണ് നിനക്കിത് കിട്ടിയത് ?

അതിന് മർയം (റ) നൽകിയ മറുപടിയും വിശുദ്ധ ഖുർആൻ ഉദ്ധരിച്ചു അല്ലാഹുവിൽ നിന്നാണിത് അല്ലാഹു അവനുദ്ദേശിച്ചവർക്ക് നൽകും കണക്കില്ലാതെ നൽകും

ഇന്നല്ലാഹ യർസുഖു മൻ യശാഉ ബി ഗൈരി ഹിസാബ്
ഈ മറുപടി കേട്ടപ്പോൾ സകരിയ്യാ (അ) ന്റെ ഖൽബ് കുളിരണിഞ്ഞുപോയി എത്ര നല്ല കുട്ടി

ഒരു കുഞ്ഞിനെ കിട്ടാനുള്ള മോഹം മനസ്സിൽ നിറഞ്ഞു പോയി ഇതുപോലൊരു കുഞ്ഞിനെ തനിക്കും കിട്ടിയെങ്കിൽ ..... വല്ലാതെ മോഹിച്ചു പോയി അവിടെവെച്ചുതന്നെ സകരിയ്യ (അ) ദുആ ഇരന്നു

സൂറത്ത് ആലുഇംറാൻ മുപ്പത്തി എട്ടാം വചനത്തിന്റെ ആശയം ഇങ്ങനെയാവുന്നു :

'അവിടെവെച്ച് സകരിയ്യാ(അ) തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു അദ്ദേഹം പറഞ്ഞു: റബ്ബേ .... എനിക്ക് നിന്റെ പക്കൽ നിന്ന് ഒരു വിശിഷ്ട സന്തതിയെ പ്രദാനം ചെയ്യേണമേ....
തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാകുന്നു (3:38)

മർയം(റ) എന്ന പൊന്നുമോളുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ മനസ് കുളിരണിയുകയും ഒരു വല്ലാത്ത വികാരാവേശത്തോടെ പ്രാർത്ഥിക്കുകയും ചെയ്തു

ആ പ്രാർത്ഥനക്കു ഉടനെ ഉത്തരം ലഭിച്ചു

നീണ്ട പതിറ്റാണ്ടുകളുടെ പ്രാർത്ഥനകൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല ഇപ്പോഴാണ് അതുണ്ടായത്

സൂറത്ത് ആലുഇംറാനിലെ മുപ്പത്തി ഒമ്പതാം വചനത്തിന്റെ ആശയം കാണുക:

'അങ്ങനെ മിഹ്റാബിൽ നിസ്കരിച്ചുകൊണ്ട് നിൽക്കുമ്പോൾ അദ്ദേഹത്തോട് മലക്കുകൾ ഇങ്ങനെ വിളിച്ചു പറഞ്ഞു:
നിശ്ചയമായും യഹ് യാ എന്ന കുട്ടിയെക്കുറിച്ച് അല്ലാഹു താങ്കൾക്ക് സന്തോഷ വാർത്ത അറിയിക്കുന്നു
ആ കുട്ടി അല്ലാഹുവിൽ നിന്നുള്ള വചനത്തിൽ വിശ്വസിക്കുന്നവനും നേതാവും ആത്മനിയന്ത്രണ ശക്തി തികഞ്ഞവനും സജ്ജനങ്ങളിൽ പെട്ട പ്രവാചകനും ആയിരിക്കും (3:39)

എന്തെല്ലാം സന്തോഷവാർത്തകൾ തനിക്കൊരു പുത്രൻ ലഭിക്കും പേര് യഹ് യാ സ്വാലിഹീങ്ങളിൽ പെട്ട ആളാണ് അല്ലാഹുവിന്റെ പ്രവാചകനുമായിരിക്കും നബിയ്യൻ മിന സ്വാലിഹീൻ

ദീനിന്റെ പ്രബോധമാണ് സകരിയ്യ(അ) നടത്തിക്കൊണ്ടിരിക്കുന്നത് ആ പ്രവർത്തനം തുടർന്നു നടത്താൻ ഒരു പിൻഗാമി വേണം അക്കാര്യമാണ് സകരിയ്യാ (അ) അല്ലാഹുവിനോട് പറഞ്ഞു കൊണ്ടിരുന്നത്

തന്റെ ശേഷം എന്തും സംഭവിക്കാം ബന്ധുക്കൾ വഴികേടിലേക്ക് നീങ്ങിയേക്കാം അഹങ്കാരം കാണിച്ചേക്കാം പിശാചിനെ പിന്തുടർന്നേക്കാം അതൊന്നും ഓർക്കാനേ കഴിയുന്നില്ല

ജനങ്ങളെ സന്മാർഗത്തിൽ ഉറപ്പിച്ചു നിർത്താൻ യോഗ്യനായ പിൻഗാമിയെ ലഭിക്കണം

പാതിരാത്രികളിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിൽ അക്കാര്യം പറയുന്നുണ്ട്

'എനിക്കും യഹ്ഖൂബ് കുടുംബത്തിനും പിൻതുടർച്ചാവകാശിയായിത്തീർന്ന മകനെ തരേണമേ ....എന്റെ റബ്ബേ ....നീ അവനെ എല്ലാവരുടെയും തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ '(19:6)

വൃദ്ധ മനസ്സിന്റെ തേങ്ങൽ ഈ വരികളിൽ നാം കാണുന്നു അനന്തരാവകാശി ഇല്ലാതായിപ്പോകുമോ എന്ന ആശങ്കയും ഈ വാക്കുകളിൽ തുടിച്ചുനിൽക്കുന്നു സകരിയ്യ(അ)ന്റെ ഉൽക്കണ്ഠയെക്കുറിച്ച് സൂറത്ത് അമ്പിയാഇൽ പറയുന്നുണ്ട് അതിങ്ങനെയാണ് :

'സകരിയ്യായെയും ഓർക്കുക അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ച സംഭവം ഓർക്കുക
എന്റെ റബ്ബേ....നീ എന്നെ പിന്തുടർച്ചക്കാരില്ലാതെ ഒറ്റക്കായി വിട്ടുകളയരുതേ....
നീ അനന്തരമെടുക്കുന്നവരിൽ ഉത്തമനാണ് (21:89)

ഈ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നത് മിഹ്റാബിൽ നിസ്കരിച്ചുകൊണ്ടിരുന്നപ്പോഴാണ്

തന്റെ ഭാര്യയെ വന്ധ്യയായിട്ടാണ് ആ സമൂഹം കാണുന്നത് പ്രസവിക്കാത്ത സ്ത്രീ വൃദ്ധയായി ഇനി പ്രസവിക്കില്ല അതാണെല്ലാവരുടെയും ധാരണ
ആ വൃദ്ധ ഗർഭം ധരിക്കും അത് സംസാര വിഷയമായി മാറും
സൂറത്ത് അമ്പിയാഇലെ തൊണ്ണൂറാം വചനത്തിന്റെ സാരം കാണുക:

'അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി യഹ് യായെ നാം പ്രദാനം ചെയ്യുകയും തന്റെ ഭാര്യയെ തനിക്ക് നാം നന്നാക്കി (പ്രസവിക്കാറാക്കി) കൊടുക്കുകയും ചെയ്തു
നിശ്ചയമായും അവർ സൽകാര്യങ്ങളിൽ ധൃതി കാണിക്കുകയും ആശിച്ചും പേടിച്ചും കൊണ്ട് നമ്മോട് പ്രാർത്ഥിക്കുകയും ചെയ്തു വന്നിരുന്നു അവർ നമ്മോട് ഭക്തി കാണിക്കുന്നവരുമായിരുന്നു (21:90)

ഒരു കൂട്ടം പ്രവാചകന്മാരുടെ പേരുകൾ ഒന്നിച്ചു പറയുക അവരെല്ലാം സദ് വൃത്തരായിരുന്നുവെന്ന് അല്ലാഹു പ്രഖ്യാപിക്കുക അന്ത്യനാൾ വരെ അത് ചർച്ച ചെയ്തു വരിക എത്ര സന്തോഷകരമായ അവസ്ഥ
നബിമാർ അല്ലാഹുവിന്റെ വഴിയിൽ കഠിനാധ്വാനം ചെയ്തു ത്യാഗനിർഭരമായ ജീവിതം നയിച്ചു അവരുടെ കഠിന ശ്രമങ്ങൾ അല്ലാഹു വാഴ്ത്തിപ്പറഞ്ഞു

സൂറത്ത് അൻആമിൽ ഇങ്ങനെ കാണാം:

ഇബ്രാഹിം (അ)ന് അനന്തരാവകാശികളെ നൽകിയ സംഭവം അനുസ്മരിച്ചുകൊണ്ടാണ്
'അദ്ദേഹത്തിന് (ഇബ്രാഹിമിന്) നാം ഇസ്ഹാഖിനെയും യഹ്ഖൂബിനെയും പ്രധാനം ചെയ്തു എല്ലാവരെയും നാം നേർമാർഗത്തിലാക്കിയിരിക്കുന്നു മുമ്പ് നൂഹിനെയും നാം നേർമാർഗത്തിലാക്കിയിരുന്നു
അദ്ദേഹത്തിന്റെ സന്തതികളിൽ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനിനെയും നേർമാർഗത്തിലാക്കി
അപ്രകാരം സൽഗുണവന്മാർക്ക് നാം പ്രതിഫലം നൽകുന്നു (6:84)

'സകരിയ്യയെയും യഹ് യായെയും ഈസായെയും ഇൽയാസിനെയും നേർമാർഗത്തിലാക്കി എല്ലാവരും സദ് വൃത്തരിൽ പെട്ടവരാകുന്നു (6;85)

'ഇസ്മാഈലിനെയും അൽയസഇനെയും യൂനുസിനെയും ലൂത്വിനെയും നേർമാർഗത്തിലാക്കി എല്ലാവരെയും ലോകരെക്കാൾ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (6:86)

നബിമാരുടെ സമുന്നതമായ സ്ഥാനം മനസ്സിലാക്കാൻ ഈ വചനങ്ങൾ നമ്മെ സഹായിക്കുന്നു

എല്ലാ കാലത്തും ദുർമാർഗികളുണ്ടായിരുന്നു അവർ പ്രവാചകന്മാരെ വളരെയേറെ ബുദ്ധിമുട്ടിച്ചു ദുർമാർഗികൾ കുറെക്കാലം ഭൂമിയിൽ കുഴപ്പങ്ങൾ നടത്തും പിന്നെയവരെ അല്ലാഹു പിടികൂടും അവരെ നശിപ്പിക്കുകയും ചെയ്യും

യഹയാ (അ) ,ഈസാ(അ) എന്നീ നബിമാർ വമ്പിച്ച ത്യാഗം സഹിച്ചവരാണ് ദുർമാർഗികൾ അവരെ ക്രൂരമായി ഉപദ്രവിച്ചു അത്തരം രംഗങ്ങൾ കാണാൻ പോവുകയാണ് നാം

യഹ് യാ എന്നത് കൗതുകമുണർത്തുന്ന ഒരു പുതിയ പേരാണ് മുമ്പ് ഒരാൾക്കും ആ പേര് നൽകപ്പെട്ടിട്ടില്ല വിശുദ്ധ ഖുർആൻ തന്നെ അക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്

സകരിയ്യാ (അ)ന്റെ പ്രാർത്ഥനയുടെ വിവരണം ഹൃദയസ്പർശിയായി സൂറത്ത് മർയമിൽ കൊടുത്തിട്ടുണ്ട് ചില വചനങ്ങൾ നമുക്കു കാണാം

മുഹമ്മദ് നബി (സ) തങ്ങളോട് അല്ലാഹു പറയുന്നു: ഇത് താങ്കളുടെ റബ്ബ് തന്റെ അടിമ സകരിയ്യായോട് കാണിച്ച കാരുണ്യത്തെക്കുറിച്ചുള്ള പ്രസ്താവനയാണ് (19:2)
ദിക്റു റഹ്മത്തി റബ്ബിക അബ്ദഹു സകരിയ്യ

ആ പ്രാത്ഥനയുടെ രഹസ്യ സ്വഭാവത്തെക്കുറിച്ചാണ് ഇനി പറയുന്നത് അടിമ പറയുന്നത് യജമാനൻ കേട്ടാൽ മതി മനഃസാന്നിധ്യത്തോടെ പ്രാർത്ഥിക്കാൻ അപ്പോൾ കഴിയും

'അദ്ദേഹം തന്റെ റബ്ബിനോട് രഹസ്യമായി പ്രാർത്ഥിച്ചപ്പോൾ (ആയിരുന്നു കാരുണ്യം കാണിച്ചത് )'(19:3)

പ്രാർത്ഥന നടത്തുമ്പോൾ സകരിയ്യാ(അ) തന്റെ ശരീരത്തിന്റെ അവസ്ഥ പറയുന്നുണ്ട് ഞാൻ വൃദ്ധനായി എല്ലുകളുടെ ബലം കുറഞ്ഞു തലയിൽ നര വന്നു കറുത്ത മുടികൾ വെളുത്തുപോയി എന്നിട്ടും ഞാൻ പ്രാർത്ഥിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടി ഏതെല്ലാമോ കാര്യങ്ങൾക്കു ഞാൻ പല സന്ദർഭങ്ങളിലായി പ്രാർത്ഥിച്ചിട്ടുണ്ട് അവയെല്ലാം നീ എനിക്കു നൽകി എല്ലാ പ്രാർത്ഥനകളും സ്വീകരിക്കപ്പെട്ടു ഇതും സ്വീകരിക്കേണമേ
സൂറത്ത് മർയമിലെ നാലാം വചനത്തിന്റെ ആശയം നോക്കുക

'അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ...തീർച്ചയായും എന്റെ എല്ലുകളെല്ലാം ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു എന്റെ തലയിൽ നര ബാധിച്ചിരിക്കുന്നു എന്റെ റബ്ബേ....നിന്നോട് പ്രാർത്ഥിച്ചിട്ട് മുമ്പൊരിക്കലും (ഉത്തരം കിട്ടാതെ)ഞാൻ നിരാശനായിട്ടില്ല (19;4)

മർയം(റ)

മിടുമിടുക്കിയായ പെൺകുട്ടി ബുദ്ധിമതി തൗറാത്ത് പഠിക്കുന്നു ആശയങ്ങൾ ഉൾക്കൊള്ളുന്നു സകരിയ്യാ(അ) നൽകുന്ന വിലപ്പെട്ട ഉപദേശങ്ങൾ തൗറാത്ത് വിശദീകരിക്കുന്നത് കേൾക്കാൻ വല്ലാത്ത താൽപര്യമാണ് മൂസാ(അ)ന് നൽകപ്പെട്ട വേദഗ്രന്ഥം അതുൾക്കൊള്ളുന്നത് എത്ര മഹത്തായ ആശയങ്ങൾ വാർദ്ധക്യത്തിലെത്തിയ പ്രവാചകൻ എന്തെല്ലാം അനുഭവങ്ങൾ പറയാനുണ്ട് സംസാരത്തിന്നിടയിൽ അവയൊക്കെ ഒഴുകിവരും 

ഹൃദയസ്പർശിയായ വിവരണം കേൾക്കാൻ വളരെ സന്തോഷം ഇതിന്നൊരു മറുവശമുണ്ട് ദുർമാർഗികളുടെ അക്രമങ്ങൾ അവരുടെ മനസ്സിൽ ഇരുട്ടാണ് ഈമാനിന്റെ പ്രകാശമില്ല ധിക്കാരികൾ പിശാചിനെ പിൻപറ്റുന്ന ക്രൂരന്മാർ തൗറാത്ത് വെട്ടിത്തിരുത്തിയവർ അല്ലാഹുവിന്റെ വചനത്തെ മാറ്റിമറിച്ചവർ അവർ സകരിയ്യാ (അ)നെ ശത്രുസ്ഥാനത്ത് നിർത്തിയിരിക്കുന്നു തക്കം കിട്ടിയാൽ ഉപദ്രവിക്കും

അല്ലാഹുവിന്റെ വചനങ്ങളാണ് സകരിയ്യാ (അ)പറയുന്നത് 

അല്ലാഹുവിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നത് നിരന്തരം വിളിക്കുന്നു
അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുക 

അല്ലാഹു വിരോധിച്ചത് ഒഴിവാക്കുക സകരിയ്യാ നബി(അ) നിരന്തരം ഉപദേശിക്കുന്നു അല്ലാഹുവിന്റെ കൽപനയനുസരിച്ചാണ് സംസാരിക്കുന്നത് ആ സംസാരം അവർക്ക് കേൾക്കേണ്ട ശബ്ദമുണ്ടാക്കും കൂക്കിവിളിക്കും കല്ലെറിയും ഭീഷണിപ്പെടുത്തും സകരിയ്യാ(അ) ക്ഷമ കൈക്കൊള്ളും എല്ലാം അല്ലാഹു കാണുന്നു,അറിയുന്നു ജീവനും മരണവും നൽകുന്നവൻ അല്ലാഹു അവനുദ്ദേശിക്കുന്നത് നടക്കട്ടെ അവന്റെ വിധിയിൽ തൃപ്തനാണ്

സന്തോഷവാർത്ത 

സകരിയ്യാ(അ)മിന് വയസ് നൂറ്റി ഇരുപത് ഇശാഇന്റെ പ്രായം തൊണ്ണൂറ്റി എട്ട് ഈ പ്രായത്തിൽ കുട്ടിയുണ്ടാവുകയോ? വല്ലാത്ത അതിശയം തന്നെ

സൂറത്ത് ആലുഇംറാനിൽ ഈ അതിശയം പ്രകടിപ്പിക്കുന്നത് കാണാം 40 ആം വചനത്തിന്റെ ആശയം ഇങ്ങനെ :

'സകരിയ്യ പറഞ്ഞു:റബ്ബേ ....എനിക്ക് എങ്ങനെയാണ് പുത്രനുണ്ടാവുക? എനിക്ക് വാർദ്ധക്യം എത്തിക്കഴിഞ്ഞു എന്റെ ഭാര്യ വന്ധ്യയാകുന്നു
അല്ലാഹു പറഞ്ഞു: അപ്രകാരം തന്നെയാണ് അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു'(3:40)

അല്ലാഹു സർവശക്തൻ എന്തിനും കഴിവുള്ളവൻ വൃദ്ധ ഗർഭം ധരിക്കും പ്രസവിക്കും

ഇത് സംഭവിക്കുമെന്നതിന് ഒരടയാളം കാണണം മനസ്സിന്റെ മോഹമാണ് റബ്ബേ എനിക്ക് ഒരു അടയാളം കാണിച്ചുതരേണമേ....

അടയാളവും കാണിച്ചു മൂന്നു ദിവസം സംസാരിക്കാൻ കഴിയില്ല ആശയവിനിമയത്തിന് ആംഗ്യം മാത്രം സംസാരിക്കാത്ത നോമ്പ് അക്കാലത്ത് അങ്ങനെ ഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നു നോമ്പ് നോൽക്കും പിന്നെ സംസാരമില്ല നോമ്പുകാരനാണെന്നറിഞ്ഞാൽ പിന്നെയാലും സംസാരിക്കാൻ വരില്ല

മൂന്നു ദിവസം സംസാരമില്ലാതെ കടന്നുപോയാൽ ഉറപ്പിക്കാം ഭാര്യ ഗർഭിണിയാവും പുത്രൻ ജനിക്കും ആ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും തസ്ബീഹ് ചൊല്ലണം ധാരാളം ചൊല്ലണം

സൂറത്ത് ആലുഇംറാൻ നാൽപത്തി ഒന്നാം ആയത്തിന്റെ ആശയം ഇങ്ങനെ;

'സകരിയ്യ പറഞ്ഞു: എനിക്ക് ഒരു അടയാളം ഏർപ്പെടുത്തിത്തരണേ
അല്ലാഹു പറഞ്ഞു: നിന്റെ അടയാളം ആംഗ്യം മൂലമല്ലാതെ മൂന്നു ദിവസം നീ ജനങ്ങളോട് സംസാരിക്കുകയില്ല എന്നതാണ് രാവിലെയും വൈകുന്നേരവും ദിക്റും തസ്ബീഹും ധാരാളമായി വർധിപ്പിക്കുക (3:41)

മൂന്നു ദിവസങ്ങൾ

സംസാരമില്ലാത്ത മൂന്നു ദിവസങ്ങൾ ആശയവിനിമയത്തിന് ആംഗ്യങ്ങൾ മാത്രം ഒരു സമൂഹം ഇതിനെല്ലാം സാക്ഷിയാണ് ആ ദിവസങ്ങൾ കടന്നുപോയി

ഇശാഹ് ആളാകെ മാറിപ്പോയി പുത്രനെക്കുറിച്ചുള്ള പ്രതീക്ഷയാണ് അവരെ മാറ്റിയത് മനസ് കോരിത്തരിച്ചുപോയി

അല്ലാഹുവിന്റെ അനുഗ്രഹം അപാരം തന്നെ തന്റെ സഹോദരി വാർദ്ധക്യത്തിൽ ഗർഭിണിയായി മർയം എന്ന മോളുടെ ഉമ്മയായി താനും ഗർഭിണിയായിരിക്കുന്നു മോൻജനിക്കും മോന്റെ പേര് യഹ് യ താനൊരുഉമ്മയാവുകയാണ് പ്രവാചകനെ പ്രസവിക്കാൻ സൗഭാഗ്യം വരുന്നു എല്ലാം മർയം അറിയുന്നു തനിക്കു ചുറ്റുമുള്ള മനുഷ്യർ അനുഗ്രഹീതരാണ് സമയമായി ഇശാഹ് പ്രസവിച്ചു ഓമനപുത്രൻ പേർ വിളിച്ചു യഹ് യ അങ്ങനെ ഒരു പേര് ആർക്കുമറിയില്ല ഇതാദ്യമായി കേൾക്കുകയാണ്

മർയം ഒരു സ്ത്രീയാണ് മലക്കുകൾ അവരുടെ അടുത്ത് വരുന്നു സംസാരിക്കുന്നു

ഒരിക്കൽ മലക്ക് പറഞ്ഞു: നിങ്ങളെ അല്ലാഹു വിശിഷ്ട വനിതയായി തിരഞ്ഞെടുത്തിരിക്കുന്നു

സാധാരണ സ്ത്രീയല്ല പ്രത്യേകതകൾ ഏറെയുള്ള അത്ഭുത സ്ത്രീ സമുന്നത പദവിയിലുള്ള വനിത

ഒരിക്കൽ മലക്ക് പറഞ്ഞു: നിങ്ങളെ അല്ലാഹു ശുദ്ധീകരിച്ചിരിക്കുന്നു അല്ലാഹു പരിശുദ്ധയാക്കിയ വനിത വിശുദ്ധയാണവർ മനസ്സും ശരീരവും പരിശുദ്ധം ആത്മാവും ശരീരവും പരിശുദ്ധം ലോക സ്ത്രീകളിൽ സമുന്നതയാണവർ

സൂറത്ത് ആലുഇംറാൻ നാൽപത്തി രണ്ടാം വചനത്തിന്റെ ആശയം കാണുക
മലക്കുകൾ പറഞ്ഞ സന്ദർഭം ഓർക്കുക

മർയമേ....നിശ്ചയമായും അല്ലാഹു നിന്നെ വിശിഷ്ടയായി തെരഞ്ഞെടുക്കുകയും നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു ലോകരിലുള്ള സ്ത്രീകളിൽ നിന്ന് നിന്നെ അല്ലാഹു ശ്രേഷ്ഠയായി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു '(3:42)

ഒരു സ്ത്രീക്ക് ഇതിൽപ്പരം എന്ത് പദവിയാണ് നേടാനുള്ളത് അല്ലാഹു അവരെ ശുദ്ധീകരിച്ചു മനസ്സിൽ യാതൊരു കളങ്കവുമില്ല എല്ലാ മാലിന്യങ്ങളും നീക്കിക്കൊടുത്തു ബഹുമാന്യ വ്യക്തിയായിത്തീർന്നു അല്ലാഹു നൽകിയ അനുഗ്രഹം അപാരം തന്നെ എന്തൊരു പദവി?

പദവി കൂടുംതോറും വിനയം കൂടണം അല്ലാഹുവിന് നന്ദി കാണിക്കണം എങ്ങനെ? സുജൂദ് വർധിപ്പിക്കുക റുകൂഹ് വർധിപ്പിക്കുക എന്നു പറഞ്ഞാൽ ധാരാളം നിസ്കരിക്കുക ഭൂമിയിൽ ചിലയാളുകളുണ്ട് അവർ ധാരാളം സുജൂദ് ചെയ്യും റുകൂഹ് ചെയ്യും

മർയമേ....നീയും അവരെപ്പോലെയാവുക

സൂറത്ത് ആലുഇംറാൻ നാൽപത്തി മൂന്നാം വചനത്തിന്റെ ആശയം ഇങ്ങനെ കാണാം

മർയമേ....നിന്റെ റബ്ബിനോട് നീ ഭക്തി കാണിക്കുക നീ സുജൂദ് ചെയ്യുക
റുകൂഹ് ചെയ്യുന്നവരോടൊപ്പം റുകൂഹ് ചെയ്യുക(3:43)

ആരാധനകൾ വർധിപ്പിക്കണം തഖ് വ വർധിപ്പിക്കണം അതാണ് നന്ദി സദാ നേരവും ഇബാദത്തിലാണ് മർയമിന്റെ കാര്യം അത്ഭുതം തന്നെ അല്ലാഹു അവരുടെ പദവി ഉതർത്തിക്കൊണ്ടിരിക്കുന്നു അവരുടെ തഖ് വയും വർധിക്കുന്നു മർയമിന്റെ തഖ് വ മർയമിന്റെ ഭക്തിയും ആരാധനയും നാട്ടിലാകെ പ്രസിദ്ധമായി

ഇംറാന്റെ മകൾ മർയം അക്കാലത്തെ സ്ത്രീകളിൽ ഏറെ വലിയ പദവിയുള്ളവരാകുന്നു

ഖുവൈലിദിന്റെ മകൾ ഖദീജ (റ)അവരുടെ കാലത്തെ സ്ത്രീകളിൽ സമുന്നത പദവിയിലാണ് നബി (സ)യുടെ പ്രഥമ പത്നിയാണവർ

സ്വർഗത്തിലെ സ്ത്രീകളുടെ നേതാവാണ് നബി (സ) തങ്ങളുടെ പ്രിയ പുത്രി ഫാത്വിമ (റ)

ശപിക്കപ്പെട്ട ഫിർഔനിന്റെ ഭാര്യയായ ആസിയ(റ)ക്കും സ്വർഗത്തിൽ സമുന്നത പദവിയുണ്ട്

നബി പത്നി ആഇശ(റ)ക്കും സമുന്നത പദവിയുണ്ട് നബി(സ) തങ്ങൾ നിരക്ഷരനാണ് വഹ് യിലൂടെയാണ് ഇൽമുകൾ ലഭിച്ചത്

യഹൂദികൾ പൗരാണിക പ്രവാചകന്മാരെപ്പറ്റി ചിലതൊക്കെ പറയുന്നു ക്രൈസ്തവരും അതുപോലെയുള്ളത് പറയുന്നു യേശു മർയം എന്നിവരെപ്പറ്റിയും പറയുന്നു കഥ പറയുംപോലെ ചില വിവരങ്ങൾ പറയുന്നു അറബികൾ അത് കേൾക്കുകയും ചെയ്യുന്നു

വഹ് യ് ഇറങ്ങാൻ തുടങ്ങിയപ്പോൾ നബി (സ)തങ്ങൾ പൂർവ പ്രവാചകന്മാരെപ്പറ്റി സംസാരിക്കാൻ തുടങ്ങി ഇത് ക്രൈസ്തവരെയും യഹൂദരെയും അത്ഭുതപ്പെടുത്തി

അല്ലാഹു നബി (സ)തങ്ങളോട് പറഞ്ഞു:
മർയമിന്റയും ഈസാ(അ)ന്റെയും ചരിത്രം നബിയേ താങ്കൾക്ക് അദൃശ്യ വാർത്തകളാണ്

മർയമിനെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് അവിടെ തർക്കം വന്നു അപ്പോൾ നബിയെ, താങ്കൾ അവിടെ ഉണ്ടായിരുന്നില്ല മർയമിന്റെ സംരക്ഷണം സകരിയ്യ (അ)മിന് ലഭിച്ചു എങ്ങനെ? ഒരു പരീക്ഷണത്തിലൂടെ ഖലമുകൾ നദിയിലിട്ടു സകരിയ്യാ (അ)ന്റെ ഖലം മാത്രം പൊങ്ങിക്കിടന്നു

നബിയേ, ആ സമയത്ത് താങ്കൾ അവിടെയില്ല താങ്കൾക്കിത് അദൃശ്യ വാർത്തയാണ് വഹ് യിലൂടെ അല്ലാഹുവാണ് താങ്കൾക്കിത് പറഞ്ഞുതന്നത്

നബി(സ) തങ്ങൾ ഇക്കാര്യങ്ങളെല്ലാം പരസ്യമാക്കി യഹൂദരും ക്രൈസ്തവരും അറിഞ്ഞു ആശ്ചര്യപ്പെട്ടു

ഖലമുകൾ വെള്ളത്തിലിട്ട കഥയൊന്നും അവർക്കറിയില്ല

അല്ലാഹു നബി (സ)തങ്ങളോട് പറയുന്ന രംഗം ആലുഇംറാൻ നാൽപത്തി നാലാം വചനത്തിൽ കാണാം അതിന്റെ ആശയം ഇങ്ങനെ :

(നബിയേ....താങ്കൾക്ക്) ഇതൊക്കെ അദൃശ്യ വാർത്തകളിൽ പെട്ടതാകുന്നു നാം താങ്കൾക്ക് അത് വഹ് യ് മുഖേന അറിയിക്കുകയാണ് മർയമിനെ ആര് സംരക്ഷിക്കണമെന്ന് തീരുമാനിക്കാൻ അവരുടെ ഖലമുകൾ വെള്ളത്തിലിട്ടപ്പോൾ താങ്കൾ അവരുടെ അടുത്തുണ്ടായിരുന്നില്ല അവർ തർക്കം നടത്തിക്കൊണ്ടിരുന്നപ്പോഴും താങ്കൾ അവരോടൊപ്പം ഉണ്ടായിരുന്നില്ല (3:44)

യഹൂദരെയും ക്രൈസ്തവരെയും അത്ഭുതപ്പെടുത്തിയ വചനമാണിത് നബി(സ)യെ അവർക്ക് നന്നായറിയാം ഇപ്പറിഞ്ഞ വിവരങ്ങൾ അല്ലാഹു അറിയിച്ചു കൊടുത്തത് തന്നെയാണ് എത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു

നബി (സ) തങ്ങൾ യഹ് യാ (അ) ന്റെയും ഈസാ(അ)ന്റെയും ചരിത്രം സ്വഹാബികൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് എല്ലാവരെയും അതിശയിപ്പിക്കുന്ന വിവരണം

ഇശാഹ് ഗർഭിണിയാണ് മർയം (റ)അവരെ കാണാറുണ്ട് അത് ഇരുവർക്കും ആശ്വാസമാണ് ,സന്തോഷമാണ് രണ്ട് പുണ്യവതികൾ അനുഗ്രഹീത വനിതകൾ ചുറ്റും ശത്രുക്കളുണ്ട് ശക്തന്മാർ, ധനികർ, കായബലമുള്ളവർ ,ആയുധശേഖരമുള്ളവർ സ്വാലിഹീങ്ങളുടെ ശത്രുക്കൾ അവരുടെ മധ്യത്തിലാണ് അല്ലാഹു മർയമിനെ വളർത്തുന്നത് ശത്രുക്കളുടെ കൺമുമ്പിലാണ് ഈശാഇന് അല്ലാഹു ഗർഭം ധരിക്കാനവസരം നൽകിയത്

ശത്രുക്കൾ പലതും പറയുന്നു പരിഹസിക്കുന്നു മാറ്റത്തിരുത്തലുകൾ വരുത്തിയ വേദഗ്രന്ഥവുമായി ശത്രുക്കൾ നടക്കുന്നു

യഥാർത്ഥ വേദഗ്രന്ഥവുമായി സകരിയ്യ (അ)മും ഈശാഹ്(റ)വും ജീവിക്കുന്നു മർയം(റ) അത് പാരായണം ചെയ്യന്നു ഫലസ്തീൻ സന്തോഷവാർത്ത കേട്ടു ഇശാഹ് പ്രസവിച്ചു സകരിയ്യ(അ) പിതാവായിരിക്കുന്നു സത്യവിശ്വാസികൾക്ക് മനം നിറയെ സന്തോഷം ശത്രുക്കൾ നെറ്റി ചുളിച്ചു പ്രവാചകനോടുള്ള ശത്രുത വർദ്ധിക്കുകയാണ് പ്രവാചകന് അനുഗ്രഹം വരുന്നത് അവരെങ്ങനെ സഹിക്കും

യഹ് യ





പുത്രന് പേരിട്ടു യഹ് യ അത്ഭുതം കാണിച്ച കുട്ടി എന്തൊരു തേജസുള്ള മുഖം എത്ര കണ്ടാലും മതിവരില്ല ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവു കിട്ടി തൗറാത്ത് മനസ്സിലാവും പാരായണം ചെയ്യും ശൈശവദശയിൽ തന്നെ വിജ്ഞാനം ലഭിച്ചു മഹത്തായ കാര്യങ്ങൾ സംസാരിച്ചു അല്ലാഹു നൽകിയ അപാരമായ കഴിവുകൾ സൂറത്ത് മർയമിൽ അല്ലാഹു പറയുന്നു:

'ഓ....യഹ് യാ ..... വേദഗ്രന്ഥം ബലമായി സ്വീകരിച്ചു കൊള്ളുക ശിശുവായിരിക്കുമ്പോൾ തന്നെ നാം അവന് വിജ്ഞാനം നൽകുകയും ചെയ്തു (19:12)

വ ആത്തയ്നാഹുൽ ഹുക്മ സ്വബിയ്യ
'നമ്മുടെ പക്കൽ നിന്ന് അനുകമ്പയും പരിശുദ്ധിയും നൽകി അവൻ ഒരു ഭക്തനും ആയിരുന്നു (19:13)
വ കാന തഖിയ്യാ
'തന്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നവനും ആയിരുന്നു അനുസരണയില്ലാത്ത ക്രൂരനായിരുന്നില്ല (19:14)

യഹ് യാ (അ) ന്റെ സ്വഭാവ ശുദ്ധിയാണിവിടെ പറഞ്ഞത്
മാതാപിതാക്കൾക്ക് കരുണ ചെയ്യുന്ന പ്രവാചകൻ എടുത്തു പറയേണ്ട നന്മയാണിത്

അനുസരണ വളരെ നല്ല ഗുണമാണ് അനുസരിക്കേണ്ടവരെ അനുസരിക്കണം അനുസരണയില്ലായ്മ വളരെ ക്രൂരതയാണ് വളരെയേറെ ചിന്തിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങളാണിവിടെ പറഞ്ഞിട്ടുള്ളത് വിശുദ്ധ ഖുർആൻ എത്ര പ്രാധാന്യത്തോടെയാണിത് പറയുന്നത്

അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കണം അനുസരിക്കാൻ മനസ്സ് പാകപ്പെടണം പാകപ്പെടുത്തണം സന്മാർഗം പ്രാപിച്ചവരുമായുള്ള സഹവാസം മനസ്സ് പാകപ്പെടുത്താൻ സഹായിക്കും ശൈഖ്-മുരീദ് ബന്ധം അതിനുള്ളതാണ് മനസ് പാകപ്പെടുത്താൻ സ്വഹാബികൾ നബി (സ)തങ്ങളുമായി സഹവാസം നിലനിർത്തി അതു കാരണം മനസ് പാകപ്പെട്ടു പരിശുദ്ധമായി

കുഞ്ഞ് പിറന്നു 


ശാന്തിയുടെ ദൂതനാണ് യഹ് യാ (അ) സലാം രക്ഷ ജനിച്ച ദിവസം സലാം രക്ഷയും സമാധാനവും മരിക്കുന്ന ദിവസവും സലാം

മരിച്ചവർ പുനർജീവിപ്പിക്കപ്പെടും മഹ്ശറയിലേക്ക് ആനയിക്കപ്പെടും ആ ദിവസത്തിലും യഹ് യാ (അ)ന് സലാം എന്തൊരു സൗഭാഗ്യവാൻ പക്ഷെ,ദുനിയാവ് ഏറെ ക്ലേശകരം തന്നെ

വിശുദ്ധ ഖുർആനിൽ സൂറത്ത് മർയമിൽ പതിനഞ്ചാം വചനത്തിൽ യഹ് യ (അ)ന്റെ സലാമിന്റെ അവസ്ഥ പറയുന്നു അതിന്റെ ആശയം ഇങ്ങനെയാകുന്നു :

'അവൻ(യഹ് യ) ജനിച്ച ദിവസവും വഫാത്താവുന്ന ദിവസവും ജീവനോടെ എഴുന്നേൽപിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സലാം (ശാന്തി -സമാധാനം)'(19:15)

മർയം (റ) യഹ് യാ എന്ന കുട്ടിയെ കണ്ടു കൺകുളിർമയായിപ്പോയി അവർ വലിയ പരീക്ഷണത്തിലേക്ക് നീങ്ങുകയായിരുന്നു ഈ സമയത്ത് മർയം (റ) ഗർഭിണിയാണ് ആ കഥ പറയാം

പതിനഞ്ച് വയസ്സുള്ള സുന്ദരിയായ മർയം (റ) ആ പ്രായത്തിന്നിടയിൽ എന്തെല്ലാം പഠിച്ചു ഏതെല്ലാം പദവികൾ നേടി അല്ലാഹുവിനെ അറിഞ്ഞു
കുറച്ചകലെ ഒരു അരുവി അതിന്റെ കരയിൽ കുളിപ്പുര അവിടെ പോയി കുളിക്കും അതാണ് പതിവ് അന്നും അതുപോലെ പോയതാണ് കുളിക്കാൻ കുളിപ്പുരയിലെത്തി ഞെട്ടിപ്പോയി മുമ്പിലൊരു ചെറുപ്പക്കാരൻ സുമുഖനായ യുവാവ്

രോഷം വന്നു രൂക്ഷമായി നോക്കി അത് ജിബ്രീൽ (അ) ആയിരുന്നു മർയം (റ)യുടെ കുപ്പായ മാറിൽ ഊതി

മലക്ക് പറഞ്ഞു: മർയമേ സന്തോഷിക്കുക ഞാൻ സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ് നീ ഗർഭിണിയാകും യോഗ്യനായ പുത്രനെ പ്രസവിക്കും ആ പുത്രൻ ഈസാബ്നു മർയം എന്നറിയപ്പെടും
മർയം (റ) വെപ്രാളത്തോടെ പറഞ്ഞു:

എന്റെ റബ്ബേ ....എനിക്കെങ്ങനെ കുട്ടിയുണ്ടാവും ? എന്നെ ഒരു പുരുഷൻ സ്പർശിച്ചിട്ടില്ലല്ലോ

മലക്ക് പറഞ്ഞു: അങ്ങനെത്തന്നെയാണ് കുട്ടി ജനിക്കും അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ അത് നടക്കും

ജിബ്രീൽ (അ) ഊതിയപ്പോൾ അത് കീഴ്പ്പോട്ടിറങ്ങി മർയം (റ) ഗർഭിണിയായി
മലക്ക് പറഞ്ഞു: നിന്റെ പുത്രൻ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാകുന്നു ഇഹലോകത്തും പരലോകത്തും സമുന്നതൻ നിന്റെ കുട്ടി ശിശുവായിരിക്കുമ്പോൾ സംസാരിക്കും തൊട്ടിലിൽ കിടന്ന് സംസാരിക്കും അവൻ സ്വാലിഹീങ്ങളിൽ പെട്ടവനായിരിക്കും അവൻ പണ്ഡിതനായിരിക്കും അല്ലാഹു പഠിപ്പിക്കും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും ഇസ്രാഈല്യരിലേക്കുള്ള പ്രവാചകനായിരിക്കും പല അത്ഭുതങ്ങളും കാണിക്കും പുത്രനെക്കുറിച്ചു ജിബ്രീൽ (അ) വിശദമായി പറഞ്ഞു
ഇശാഹ് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോഴാണ് മർയം (റ) ഗർഭിണിയാവുന്നത് രണ്ട് ഗർഭിണികൾ കാണുന്നു സംസാരിക്കുന്നു ഒരു ദിവസം ഇശാഹ് പറഞ്ഞു; മർയം മോളേ....ഞാനൊരു സ്വപ്നം കണ്ടു
മർയമിന് ആകാംക്ഷയായി അത് കേൾക്കണം

ഇശാഹ് പറഞ്ഞു: എന്റെ വയറ്റിലുള്ള കുഞ്ഞ് നിന്റെ വയറ്റിലുള്ള കുഞ്ഞിന്റെ മുമ്പിൽ വളരെ വിനയത്തോടെ നിൽക്കുന്നു ഭാവിയിൽ നടക്കാനുള്ള കാര്യമാണിത്

യഹ് യാ (അ) ഈസാ (അ)ന്റെ മുമ്പിൽ വരും വിനയത്തോടെ നിൽക്കും
ഈസാ(അ) പ്രവാചകനാണെന്ന് വിശ്വസിക്കും പിൻപറ്റും ത്യാഗങ്ങൾ സഹിക്കും മൂത്തത് യഹ് യാ (അ) അനുജനാണ് ഈസാ (അ) ഇഞ്ചീൽ ലഭിക്കുന്നത് ഈസാ (അ) ന്

സൂറത്ത് ആലുഇംറാനിലെ നാൽപത്തഞ്ചാം വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു :

'മലക്കുകൾ പറഞ്ഞ സന്ദർഭം ഓർക്കുക മർയമേ, നിശ്ചയമായും അല്ലാഹു അവങ്കൽ നിന്നുള്ള ഒരു കലിമത്തിനെക്കുറിച്ച് നിനക്ക് സന്തോഷവാർത്ത അറിയിക്കുന്നു
അവന്റെ പേര് മർയമിന്റെ പുത്രൻ ഈസാ മസീഹ് എന്നായിരിക്കും ഇഹത്തിലും പരത്തിലും പ്രമുഖനായിരിക്കും അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനുമായിരിക്കും (3:45)

ഇവിടെ കലിമത്ത് എന്ന് പറഞ്ഞത് ഈസാ(അ) നെക്കുറിച്ചാകുന്നു
നാൽപത്തി ആറാം വചനത്തിന്റ ആശയം ഇങ്ങനെ:

'തൊട്ടിലിൽ കിടക്കുമ്പോഴും (ശൈശവത്തിലും) മധ്യവയസ്കനായ നിലയിലും അവൻ മനുഷ്യരോട് സംസാരിക്കും അവൻ സ്വാലിഹീങ്ങളിൽ പെട്ടവനാകുന്നു(3:46)

ആദം നബി (അ)നെ അല്ലാഹു സൃഷ്ടിച്ചു മാതാവില്ലാതെ പിതാവില്ലാതെ അവനത് പ്രയാസമുള്ള കാര്യമല്ല അവൻ എല്ലാറ്റിനും കഴിവുള്ളവനാണ് അതിന്റെ തെളിവാണ് ആദമിന്റെ സൃഷ്ടിപ്പ്

ഹവ്വാ(റ)യെ അല്ലാഹു സൃഷ്ടിച്ചു ആദമിന്റെ വാരിയെല്ലിൽനിന്ന് അതിനും അല്ലാഹുവിനു കഴിയും 

മാതാവിൽ നിന്ന് മാത്രം ഒരു കുട്ടിയെ ജനിപ്പിക്കാൻ കഴിയുമോ? കഴിയും അക്കാര്യം ലോകരെ ബോധ്യപ്പെടുത്തണം അതിനുവേണ്ടി ഈസാ(അ)നെ സൃഷ്ടിക്കാൻ പോവുന്നു

മർയം (റ) ഈസാ (അ)നെ പ്രസവിക്കും പിതാവില്ല

മർയം (റ) യുടെ വെപ്രാളത്തോടെയുള്ള ചോദ്യങ്ങൾ സൂറത്ത് ആലുഇംറാൻ നാൽപത്തി ഏഴാം വചനത്തിൽ കാണാം അതിന്റെ ആശയം ഇപ്രകാരമാകുന്നു :

'മർയം പറഞ്ഞു: എന്റെ റബ്ബേ....എനിക്കെങ്ങനെ കുട്ടിയുണ്ടാവും ? എന്നെ ഒരു മനുഷ്യൻ സ്പർശിച്ചിട്ടില്ലല്ലോ?
മലക്ക് പറഞ്ഞു: അങ്ങനെത്തന്നെയാണു കാര്യം അല്ലാഹു താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു
അവൻ ഒരു കാര്യം തീരുമാനം ചെയ്താൽ അതിനോട് 'ഉണ്ടാകുക' എന്ന് പറയുന്നു അപ്പോൾ അത് ഉണ്ടാകുന്നു (3:47)

'കുൻ 'എന്ന പ്രയോഗം
അല്ലാഹു കുൻ എന്നു പറയുന്നു അപ്പോൾ അതുണ്ടാകും മകനെപ്പറ്റി വളരെയേറെ കേട്ടുകഴിഞ്ഞു അത്ഭുത ശിശു കേട്ടതെല്ലാം സന്തോഷകരം പക്ഷെ താൻ ജീവിക്കുന്ന സമൂഹം അവരുടെ പരിഹാസം കുത്തുവാക്കുകൾ അത് എങ്ങനെ സഹിക്കും ?

എല്ലാം അല്ലാഹുവിന്റെ വഴിയിലുള്ള ത്യാഗം സഹിക്കാം മലക്കിന്റെ വിവരണം തുടരുന്നു തന്റെ പുത്രനെക്കുറിച്ചുള്ള സന്തോഷവാർത്തയാണ് പറയുന്നത് കേൾക്കാം

സൂറത്ത് ആലുഇംറാനിലെ ചില വചനങ്ങളുടെ ആശയം കൂടി കാണുക:
'അല്ലാഹു ഈസാക്ക് ഗ്രന്ഥവും വിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കുകയും ചെയ്യും (3:48)

വ യുഅല്ലിമുഹുൽ കിതാബ വൽ ഹിക്മത വത്തൗറാത വൽ ഇഞ്ചീൽ
'ഇസ്രാഈൽ സന്തതികളിലേക്ക് റസൂലായും അയക്കും നിങ്ങളുടെ റബ്ബിൽ നിന്ന് ഒരു ദൃഷ്ടാന്തവും കൊണ്ട് നിങ്ങളിലേക്ക് വന്നിരിക്കുന്നു

ഞാൻ കളിമണ്ണ് കൊണ്ട് പക്ഷിയുടെ രുപമുണ്ടാക്കും എന്നിട്ട് ഞാനതിൽ ഊതും അല്ലാഹുവിന്റെ അനുമതിയോടുകൂടി അപ്പോൾ അത് പക്ഷിയായിത്തീരും

അല്ലാഹുവിന്റെ അനുമതിയോടുകൂടി അന്ധനെയും വെള്ളപ്പാണ്ഡുകാരനെയും ഞാൻ സുഖപ്പെടുത്തും മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും

നിങ്ങൾ ഭക്ഷിക്കുന്ന ആഹാരത്തെക്കുറിച്ചും നിങ്ങൾ വീടുകളിൽ സൂക്ഷിച്ച സാധനങ്ങളെക്കുറിച്ചും ഞാൻ നിങ്ങൾക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും അതിൽ നിങ്ങൾക്ക് നിശ്ചയമായും വമ്പിച്ച ദൃഷ്ടാന്തമുണ്ട് നിങ്ങൾ മുഅ്മിനീങ്ങളാണെങ്കിൽ ' (3:49)

'എന്റെ മുമ്പിലുള്ള തൗറാത്ത് സത്യപ്പെടുത്തുന്നവനായും , നിങ്ങളുടെ മേൽ അനുവദനീയമാക്കിത്തരുവാൻ വേണ്ടിയും (ഞാൻ വന്നിരിക്കുന്നു)

നിങ്ങളുടെ റബ്ബിങ്കൽ നിന്ന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തവും കൊണ്ട് വന്നിരിക്കുന്നു അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ എന്നെ അനുസരിക്കുകയും ചെയ്യുവീൻ (3:50)

തന്റെ പുത്രന്റ മഹത്വങ്ങളാണ് ഈ കേട്ടതെല്ലാം ഏതൊരു ഉമ്മക്കാണ് ഈ സൗഭാഗ്യം സിദ്ധിച്ചിട്ടുള്ളത് ഇതെന്തൊരതിശയം

പ്രസവം അടുത്തിരിക്കുന്നു ഞാനെന്താണ് ചെയ്യേണ്ടത്?
ആരോടും ഒന്നും പറയാനില്ല ഇവിടെ ഒറ്റക്കാണ് വേദനയും വിഷമവും വർധിക്കുന്നു

ഒരു ഈത്തപ്പന കാണുന്നു അതിനു ചുവട്ടിലായിരിക്കാം ഈത്തപ്പനയിൽ ചാരിയിരിക്കാം

തന്നെ വിവാഹം കഴിച്ചിട്ടില്ല പക്ഷെ ഗർഭിണിയാണ് വൈകാതെ പ്രസവം നടക്കും പിന്നത്തെ അവസ്ഥ ? താനെന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കില്ല ഒരു കുഞ്ഞുമായി ജനമധ്യത്തിലിറങ്ങിയാൽ ....? വേദന കൂടിക്കൂടി വരുന്നു വിഷമത്തോടെ നടന്നു ഈത്തപ്പന ചുവട്ടിലെത്തി ചാരിയിരുന്നു

ഹോ.... ഞാൻ പോയിരുന്നെങ്കിൽ ....ഞാൻ 

വിസ്മരിക്കപ്പെട്ടുപോയിരുന്നെങ്കിൽ.... ഉണങ്ങിയ ഈത്തപ്പന മരം ഉണങ്ങി വരണ്ട അരുവി ദാഹിക്കുന്നു ഒരു തുള്ളി വെള്ളം കിട്ടാനില്ല വിശക്കുന്നു ആഹാരമില്ല ഒരു ശബ്ദം കേൾക്കുന്നു ആരുടെയോ സംസാരം എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു തന്നോടാണ് സംസാരിക്കുന്നത് ആശ്വാസ വചനങ്ങൾ ദുഃഖിക്കേണ്ട പ്രയാസപ്പെടേണ്ട താഴെ അരുവിയുണ്ട് അതിൽ ശുദ്ധജലമുണ്ട് കോരിക്കുടിക്കാം

ങേ....എന്താണ് സംഭവിച്ചത്

വറ്റിവരണ്ടു കിടന്ന അരുവി അതിൽ വെള്ളമൊഴുകുന്നു ശുദ്ധജലം അല്ലാഹുവിന്റെ അനുഗ്രഹം കൈകൊണ്ട് കോരിക്കുടിച്ചു രുചിയുള്ള വെള്ളം

പിന്നെയും ശബ്ദം കേട്ടു ഈത്തപ്പന മരം പിടിച്ചു കുലുക്കുക പഴുത്തു പാകമായ പഴം താഴെ വീഴും അതെടുത്തു കഴിക്കാം

ഉണങ്ങിയ മരം പച്ചയായിരിക്കുന്നു പിടിച്ചു കുലുക്കി ഈത്തപ്പഴം വീണു പഴുത്തു പാകമായ പഴം എന്തൊരു മധുരം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം

മർയം (റ)യുടെ പ്രയാസത്തോടുകൂടിയ വാക്കുകൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് സൂറത്ത് മർയമിൽ പറയുന്നു

'അങ്ങനെ പ്രസവ വേദന അവളെ ഈത്തപ്പന മരത്തിന്നടുക്കലേക്ക് കൊണ്ടുവന്നു
അവൻ പറഞ്ഞു: ഹോ....ഇതിന് മുമ്പ് തന്നെ ഞാൻ മരിക്കുകയും,തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായിത്തീരുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ....(19:23)

ഗർഭം ധരിച്ചതോടുകൂടിത്തന്നെ മർയം (റ) യുടെ സ്ഥിതിയാകെ മാറിപ്പോയി ആരും കാണരുത് എന്നാണ് ചിന്ത ജനങ്ങളിൽ നിന്ന് വിട്ടുമാറി ദൂരെ ഒരു സ്ഥലത്ത് ഒറ്റക്ക് താമസിക്കാൻ തുടങ്ങി

സൂറത്ത് മർയമിൽ ഇങ്ങനെ കാണാം:
'അങ്ങനെ മർയം അവനെ ഗർഭം ധരിച്ചു എന്നിട്ട് അവൾ അതുമായി ദൂരപ്പെട്ട സ്ഥലത്ത് വിട്ടുമാറി താമസിച്ചു (19:22)

അങ്ങനെ താമസിക്കുന്നതിന്നിടയിലാണ് പ്രസവ വേദന വന്നത് അങ്ങനെ ഈത്തപ്പന മരത്തിന്റെ അടുത്തേക്ക് വരാൻ നിർബന്ധിതയായി അവിടെ ഇരുന്നപ്പോഴാണ് ശബ്ദം മുഴങ്ങിയത് അരുവിയിലെ വെള്ളം കുടിക്കാൻ പറഞ്ഞു ഈത്തപ്പന മരം പിടിച്ചു കുലുക്കാൻ ആവശ്യപ്പെട്ടു ആര് ? ഒരു മലക്ക് പറഞ്ഞു എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട് മറ്റൊരു വിശദീകരണം ഇങ്ങനെയാകുന്നു :

മരത്തിന്റെ ചുവട്ടിൽ വന്നിരുന്നു അരുവിയുടെ കരയിൽ അപ്പോൾ പ്രസവം നടന്നു കുഞ്ഞ് പുറത്ത് വന്നു ആ കുഞ്ഞാണ് സംസാരിച്ചത്
അതിന്റെ വചനം ഇങ്ങനെയാകുന്നു :

ഫനാദാഹാ മിൻ തഹ്തിഹാ അല്ലാ തഹ്സനീ ഖദ് ജഅല റബ്ബുകീ തഹ്തകി സരിയ്യഃ
ഉടനെ അവൻ അതിന്റെ ചുവട്ടിൽ നിന്ന് അവളെ വിളിച്ചു പറഞ്ഞു:വ്യസനിക്കേണ്ട നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ കീഴിൽ ഒരു മഹാനെ(അരുവിയെ) ആക്കിത്തന്നിരിക്കുന്നു (19:24)

ഇവിടെ സരിയ്യ എന്ന വാക്കിന് ഉറവുചാൽ എന്ന് ചിലർ അർത്ഥം പറഞ്ഞു മഹാൻ എന്ന് വേറെ ചിലർ അർത്ഥം പറഞ്ഞു
സൂറത്ത് മർയമിൽ ഇങ്ങനെ കാണാം:

'നിന്റെ അടുക്കലേക്ക് (ഈത്തപ്പഴം വീണുകിട്ടുവാൻ ) ഈത്തപ്പന കുലുക്കിക്കൊള്ളുക അത് നിങ്ങൾക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ് (19:25)

റുത്വബൻ ജനിയ്യ എന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞത് റുത്വബൻ എന്നാൽ നന്നായി പഴുത്ത ഈത്തപ്പഴം ജനിയ്യ എന്നാൽ പുതുതായി പറിച്ചെടുത്തത്

നാട് വിട്ടു 






താൻ പ്രസവിച്ച കുഞ്ഞിന്റെ മുഖത്തേക്കു നോക്കി എന്തൊരു തേജസ്സ് മാതൃഹൃദയം കുളിരണിഞ്ഞുപോയി നവജാത ശിശുവിനെ കാണുമ്പോൾ മാതാവിനുണ്ടാവുന്ന ആനന്ദം അതാണ് ഞാനനുഭവിക്കുന്നത് കൺകുളിർമയായ കാഴ്ച മോന്റെ മനോഹരമായ മുഖം കണ്ടിട്ട് മതിവരുന്നില്ല മനസ് കുഞ്ഞിൽ മാത്രം തിങ്ങിനിന്നു മറ്റെല്ലാ ചിന്തകളും അകന്നുപോയി

സൂറത്ത് മർയമിലെ ഇരുപത്താറാം വചനം ഈ രംഗം നമക്കു പറഞ്ഞു തരുന്നു അതിന്റെ ആശയം പറയാം

'അങ്ങനെ നിങ്ങൾ തിന്നുകയും കുടിക്കുകയും സന്തോഷത്താൽ കൺകുളിർക്കുകയും ചെയ്തു കൊള്ളുക
ഇനി മനുഷ്യരിൽ വല്ലവരെയും കാണുകയാണെങ്കിൽ ,റഹ്മാനായ അല്ലാഹുവിന് ഞാൻ നോമ്പ് നോൽക്കാൻ നേർച്ചയാക്കിയിരിക്കുകയാണ് ,അതിനാൽ ഞാൻ ഇന്ന് ഒരു മനുഷ്യനോടും സംസാരിക്കുകകയില്ലതന്നെ എന്നു നീ പറഞ്ഞേക്കുക '(19:26)

വ്യക്തമായ നിർദേശമാണ് കിട്ടിയിരിക്കുന്നത്
തിന്നുക , കുടിക്കുക, മോനെ കണ്ട് കൺകുളിർമയാവുക ,സന്തോഷവതിയാവുക ,വീട്ടിൽ പോവുക ബന്ധുക്കളെ കാണുക വിവരമറിഞ്ഞ് നാട്ടുകാർ വരും ഞാനിന്ന് നോമ്പുകാരിയാണെന്ന് പറയുക നേർച്ചയാക്കിയ നോമ്പ് നോറ്റിരിക്കുന്നു സംസാരിക്കാൻ പാടില്ല

മോൻ തൊട്ടിലിൽ കിടക്കുന്നു അവനോട് ചോദിക്കുക അവൻ മറുപടി പറയും എന്നെ വിട്ടേക്കുക ഇതൊക്കെയാണ് തനിക്കു കിട്ടിയ നിർദേശങ്ങൾ
ഈ പെരുവഴിയിൽ കഴിയാൻ പറ്റില്ല പ്രിയപ്പെട്ടവരുടെ സാമീപ്യം വേണം
കുഞ്ഞിന് പാൽ കൊടുത്തു വല്ലാത്ത നിർവൃതി അനുഭവിച്ചു എഴുന്നേറ്റു മോനെയും എടുത്തു കൊണ്ടു വിട്ടിലേക്ക്

പലരും അത് കണ്ടു മർയം ഒരു കുഞ്ഞിനെയുമായി വരുന്നു മർയം കുഞ്ഞിനെ പ്രസവിക്കുകയോ? എങ്ങനെ?

ആ സമൂഹത്തിൽ സ്വാലിഹായ ഒരു മനുഷ്യനുണ്ടായിരുന്നു പേര് ഹാറൂൻ പരിശുദ്ധമായ ജിവിതമാണ് നയിച്ചിരുന്നത് മർയമും അതുപോലുള്ള ജീവിതം നയിച്ചു അതുകാരണം മർയമിനൊരു വിളിപ്പേര് കിട്ടി ഹാറൂന്റെ സഹോദരി മർയമിന്റെ ബന്ധത്തിൽ പെട്ട ആളായിരുന്നു ഹാറൂൻ കുഞ്ഞുമായി വന്ന മർയമിനെ ആളുകൾ അതിശയത്തോട നോക്കി അവർ പലതും ചോദിക്കുന്നു ഈ കുഞ്ഞ് ഏത് ? ഇത് ആരുടെ കുഞ്ഞ് ? പിതാവാര്? നീ വഴിപിഴച്ചു പോയോ? ഒട്ടനേകം ചോദ്യങ്ങൾ ആൾക്കൂട്ടത്തിന്റെ വലുപ്പം കൂടുന്നു ഹാറൂന്റെ സഹോദരി പിഴച്ചു

മർയം ആംഗ്യം കാണിച്ചു ഞാൻ നോമ്പ് നേർച്ചയാക്കിയിരിക്കുന്നു സംസാരം പാടില്ല കുഞ്ഞിനോട് ചോദിക്കുക മറുപടി പറയും

ആളുകളെ കളിയാക്കുകയാണോ ? തൊട്ടിലിൽ കിടക്കുന്ന കുട്ടി സംസാരിക്കുമോ ?

മർയം, ഹാറൂന്റെ സഹോദരി....നീയെങ്ങനെ വഴി പിഴച്ചുപോയി നിന്റെ ഉപ്പ ഒരു ചീത്ത മനുഷ്യനായിരുന്നില്ല നിന്റെ ഉമ്മ ദുർനടപടിക്കാരിയുമായിരുന്നില്ല പിന്നെ നീയെങ്ങനെ ഇങ്ങനെയായി ?

വിശുദ്ധ ഖുർആൻ ഈ സംഭാഷണം ഉദ്ധരിക്കുന്നു :

'അങ്ങനെ കുട്ടിയെ എടുത്തുകൊണ്ട് മർയം തന്റെ ജനങ്ങളുടെ അടുക്കൽ ചെന്നു
അവർ പറഞ്ഞു: ഹേ മർയം....അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു (19:27)

'ഹാറൂന്റെ സഹോദരീ....നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല നിന്റെ മാതാവ് ഒരു ദുർവൃത്തയും ആയിരുന്നില്ല (19:28)

അപ്പോൾ മർയം കുട്ടിയുടെ നേരെ കൈ ചൂണ്ടി
അവർ പറഞ്ഞു: തൊട്ടിലിലുള്ള കുഞ്ഞിനോട് ഞങ്ങളെങ്ങനെ സംസാരിക്കും ?(19:29)

പരിസരത്തെല്ലാം വാർത്ത പ്രചരിച്ചു കേട്ടവർ കേട്ടവർ വരികയാണ് ചോദ്യങ്ങളും ഉത്തരങ്ങളും ആവർത്തിച്ചു കൊണ്ടിരുന്നു
പെട്ടെന്ന് തൊട്ടിലിൽ നിന്ന് സംസാരം കേട്ടു എല്ലാവരും അമ്പരന്നു കുട്ടി പറഞ്ഞു:

തീർച്ചയായും ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു എനിക്കവൻ വേദഗ്രന്ഥം തന്നിട്ടുണ്ട് എന്നെ നബിയാക്കുകയും ചെയ്തിരിക്കുന്നു (19:30)

ഖാല ഇന്നീ അബ്ദുല്ലാഹ് ആത്താനിയൽ കിതാബ വ ജഅലനീ നബിയ്യ
'ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹിതനാക്കിയിരിക്കുന്നു ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നിസ്കാരവും സകാത്തും അനുഷ്ഠിക്കാൻ അവൻ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു (19:31)

' എന്റെ മാതാവിന് നന്മ ചെയ്യുന്നവനുമാക്കിയിരിക്കുന്നു അവൻ എന്നെ ഒരു നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല (19:32)

'ഞാൻ ജനിച്ച ദിവസവും,മരണപ്പെടുന്ന ദിവസവും ഞാൻ ജീവനോടെ എഴുന്നേൽപ്പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനം-സലാം-ഉണ്ടായിരിക്കും'(19:33)

ആളുകൾ ആ സംസാരം കേട്ട് സ്തബ്ധരായിപ്പോയി തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് സംസാരിച്ചു എന്തെല്ലാം കാര്യങ്ങൾ

തീർച്ചയായും ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു അക്കാര്യമാണ് ആദ്യം പറഞ്ഞത്

ഞാൻ ദൈവമല്ല ഞാൻ ദൈവപുത്രനുമല്ല ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു പിൽക്കാലക്കാർക്കുള്ള ഒരു താക്കീത് കൂടിയാണിത് പിൽക്കാലത്ത് ചിലർ ഈസാ(അ)നെ ദൈവമാക്കി ചിലർ ദൈവപുത്രനാക്കി വാസ്തവത്തിൽ ഈസാ(അ) ആരാണ് ? അല്ലാഹുവിന്റെ അടിമ അല്ലാഹുവിന്റെ പ്രവാചകൻ കുട്ടി പറഞ്ഞ മറ്റു രണ്ടു കാര്യങ്ങൾ സുപ്രധാനമാണ് അല്ലാഹു എനിക്ക് വേദഗ്രന്ഥം തന്നു എന്നെ പ്രവാചകനായി നിയോഗിച്ചു ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് ഈസാ(അ) തുടർന്നു പറഞ്ഞ കാര്യങ്ങളും വളരെ ഗൗരവമുള്ളതാണ് ഞാൻ എവിടെയായിരുന്നാലും എന്നെ അല്ലാഹു അനുഗ്രഹീതനാക്കിയിരിക്കുന്നു

വ ജഅലനീ മുബാറകൻ ഐന മാ കുൻതു
ജീവനുള്ള കാലത്തോളം നിസ്കരിക്കണം സകാത്ത് കൊടുക്കണം
ശരീഅത്ത് മുറുകെപ്പിടിച്ച് ജീവിക്കണം എന്നർത്ഥം മാതാവിന് ഗുണം ചെയ്യുക സന്താനങ്ങളുടെ സുപ്രധാന കടമയാണത് അതിലാണ് പുണ്യം ധിക്കാരിയാക്കിയില്ല നിർഭാഗ്യവാനാക്കിയില്ല ഏത് നിലയിലും അനുഗ്രഹീതൻ ആ രംഗം മനസ്സിൽ സങ്കൽപിക്കാൻ കഴിയുന്നുണ്ടോ? തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് അതിന്റെ സംസാരം കൂടി നിൽക്കുന്നവരുടെ മുഖഭാവം അവർക്കിടയിൽ മർയം(റ) മോനെ നോക്കുന്നു ആളുകളെയും നോക്കുന്നു മോൻ പറയുന്ന ഓരോ വാക്കും ഉമ്മായുടെ മനസ്സിനെ കുളിരണിയിക്കുന്നു

എന്റെ മോൻ അല്ലാഹുവിന്റെ നബിയാണ് എന്റെ മോന് അല്ലാഹു വേദഗ്രന്ഥം നൽകും ആ നബിയുടെ ഉമ്മയാണ് ഈ ഞാൻ ഈ മർയം

ക്രൂരന്മാരുടെ നാടാണ് അവർക്കാണ് മേൽകൈ സകരിയ്യാ നബി(അ)നെ വെല്ലുവിളിച്ചു ജീവിക്കുന്നു വധിച്ചു കളയുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്നു

ആ ജനത എന്റെ മോനെ വെറുതെ വിടുമോ? എന്തെല്ലാം ഉപദ്രവങ്ങൾ സഹിക്കേണ്ടിവരും റബ്ബിന്റെ സഹായം അതാണഭയം

തൊട്ടിലിൽ കിടക്കുന്ന മോനെക്കൊണ്ട് സംസാരിപ്പിച്ച റബ്ബ് ഞങ്ങളെ സംരക്ഷിക്കും

യേശു , മശീഹ, ക്രിസ്തു, യേശുകിസ്തു എന്നെല്ലാം പറയുന്നത് ഈസാ(അ) തന്നെയാണ്

ദൈവപുത്രനാണെന്ന വാദത്തെ വിശുദ്ധ ഖുർആൻ ശക്തമായി എതിർക്കുന്നു
പിൽക്കാലത്ത് അനുയായികൾ വലിയ തർക്കത്തിലായി കക്ഷികളായി എന്നാൽ സത്യം ഖുർആൻ പറഞ്ഞതാണ് ഖുർആൻ പറയുന്നു:

'അതാണ് മർയമിന്റെ മകൻ ഈസാ
ദാലിക ഈസ ബ്നു മർയം

ഏതൊന്നിൽ അവർ തർക്കമായിക്കൊണ്ടിരിക്കുന്നുവോ ആ വിഷയത്തിലുള്ള സത്യവചനം

ഈസാ (അ)ന്റെ കാര്യത്തിൽ പിന്നീട് വലിയ തർക്കങ്ങൾ നടന്നു തർക്കം എവിടെയുമെത്തിയില്ല

അല്ലാഹു എന്ത് പറഞ്ഞോ അതാണ് സത്യം ഈസാ (അ) അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാകുന്നു അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ഈസാ(അ) പിതാവില്ലാതെ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ

അക്കാലത്ത് രാജ്യം ഭരിച്ചിരുന്നത് ഹിരോദസ് രാജാവായിരുന്നു ഹിരോദസ് ക്രൂരനായിരുന്നു നീതിബോധമില്ല ജോത്സ്യന്മാരിൽ നിന്ന് ഹിരോദസ് രാജാവിന് ചില വിവരങ്ങൾ കിട്ടി

ഈസാ (അ) ജനിക്കാറായിരിക്കുന്നു ആ കുഞ്ഞ് വളർന്നാൽ തനിക്ക് ആപത്താണെന്ന് രാജാവ് മനസ്സിലാക്കി കുഞ്ഞിനെ വധിച്ചുകളയുക പക്ഷെ കുഞ്ഞിനെ തിരിച്ചറിയുന്നതെങ്ങനെ ? ഉടനെ രാജാവിന്റെ കൽപന രണ്ട് വയസ്സിന് താഴെയുള്ള എല്ലാ ആൺകുട്ടികളെയും വധിക്കുക പട്ടാളം രംഗത്തിറങ്ങി വീടുകൾ പരിശോധന തുടങ്ങി നിരവധി കുട്ടികൾ വധിക്കപ്പെട്ടു

ഈ അവസരത്തിലാണ് മർയം (റ) കുഞ്ഞിനെ പ്രസവിച്ചത് തന്റെ കുഞ്ഞ് തനിക്ക് ജീവനാണ് അതിനെ സംരക്ഷിക്കണം നാടുവിടുകയല്ലാതെ മറ്റൊരു വഴിയുമില്ല എങ്ങോട്ട് പോവും ?

മർയം(റ) സർവശക്തനായ റബ്ബിനോട് നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു റബ്ബേ....എന്റെ കുഞ്ഞിനെ സംരക്ഷിച്ചുകൊള്ളേണമേ മർയം (റ) യുടെ ഈമാൻ ശക്തമായ ഈമാനാണത് ഈ കുഞ്ഞ് അല്ലാഹുവിന്റെ പ്രവാചകനാണ് പ്രവാചകനെ അല്ലാഹു സംരക്ഷിക്കും ഏതു രാജാവിന്റെ വാളിൽനിന്നും അല്ലാഹു അവരെ മാറ്റിത്താമസിപ്പിക്കുകയാണ് എവിടെയാണ് ഈ പ്രദേശം? പണ്ഡിതൻമാർ പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് ഈ പ്രദേശം ഡമസ്കസിലാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട് ബത് ലഹേമിലാണ് ജനനം ബത് ലഹേമിന്റെ അറബി നാമം ബൈത്തു ലഹ് മ് ധാരാളം കുഞ്ഞുങ്ങൾ വധിക്കപ്പെട്ട സ്ഥലം ബത് ലഹേമിൽ നിന്ന് വിദൂരമായ ഡമസ്കസിൽ പോയി താമസിച്ചു അധിക പണ്ഡിതന്മാരും ഇത് അംഗീകരിക്കുന്നില്ല ബത് ലഹേമിൽ നിന്ന് ബൈത്തുൽ മുഖദ്ദസിൽ വന്നു താമസമാക്കിയെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്

ഫലസ്തീനിലെ ഒരു പ്രദേശമാണ് റംല അവിടെ വന്നു താമസമാക്കി എന്ന് പറഞ്ഞവരുമുണ്ട്

ഏറ്റവും പ്രബലമായ അഭിപ്രായം ഈജിപ്തിൽ വന്നു താമസിച്ചു എന്നതാണ്
പിതൃവ്യ പുത്രനാണ് യൂസുഫുന്നജ്ജാർ

മർയം (റ)യും പുത്രനും അപകടകരമായ അവസ്ഥയിലാണെന്ന് യൂസുഫുന്നജ്ജാർ മനസ്സിലാക്കി അദ്ദേഹം അവരെ ഈജിപ്തിലേക്ക് കൊണ്ടുപോയി ഈ താമസ മാറ്റത്തെക്കുറിച്ചു വിശുദ്ധ ഖുർആൻ മുഅ്മിനൂൻ എന്ന സൂറത്തിൽ പറയുന്നുണ്ട് അതിന്റെ ആശയം ഇപ്രകാരമാകുന്നു:

വജഅൽനാ ബ്നു മർയമ വ ഉമ്മഹു ആയതൻ
'ഇബ്നു മർയമിനെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തം ആക്കിയിരിക്കുന്നു
നിവാസയോഗ്യവും ,ഒഴുക്കുജലം ഉള്ളതുമായ ഒരു മേട് പ്രദേശത്തേക്ക് എത്തിച്ച് ഇരുവർക്കും നാം അഭയം നൽകുകയും ചെയ്തു (23:50)

നല്ല കാലാവസ്ഥയുളള സ്ഥലം ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലം അവിടേക്കാണ് അല്ലാഹു മാതാവിനെയും പുത്രനെയും എത്തിച്ചത് ആ പ്രദേശത്ത് അല്ലാഹു അവർക്ക് അഭയം നൽകി എന്നാണ് ഖുർആൻ പറഞ്ഞത്

ആപത്തുകളിൽ നിന്ന് രക്ഷ നൽകുന്ന സ്ഥലമായതുകൊണ്ടാണ് അഭയകേന്ദ്രം എന്ന് പറയുന്നത്

ആരുടെയും ശ്രദ്ധയിൽ പെടാതെ രാത്രിയിലായിരുന്നു യാത്ര രാജാവിന്റെ പട്ടാളക്കാർ നാടുനീളെ പരിശോധന നടത്തിക്കൊണ്ടിരുന്ന വേളയിലായിരുന്നു ഈ യാത്ര

ക്രൂരനായ രാജാവിന്റെ ദുർഭരണം കുറെ വർഷങ്ങൾ കൂടി തുടർന്നു നിരവധി കുട്ടികൾ വധിക്കപ്പെട്ടു ആ പാപഭാരത്തോടെ രാജാവ് മരണപ്പെട്ടു അതിന് ശേഷമാണ് ഉമ്മയും പുത്രനും സ്വന്തം നാട്ടിൽ തിരിച്ചെത്തിയത് വിമർശനവും പരിഹാസവും ഭീഷണികളും പിന്നെയും തുടർന്നു കൊണ്ടിരുന്നു നാളുകൾ നീണ്ടു മോൻ വളരുന്നു മോനെ പാഠശാലയിലയച്ചു പഠിക്കാൻ സമപ്രായക്കാരായ ധാരാളം കൂട്ടുകാർ ഈസായെ എല്ലാവർക്കും ഇഷ്ടമാണ് ഈസാ സംസാരിക്കും കൂട്ടുകാർ താൽപര്യത്തോടെ കേൾക്കും

ചങ്ങാതിമാർ രാവിലെ എന്തൊക്കെ കഴിച്ചു? അതൊക്കെ ഈസാ പറയും കൂട്ടുകാർ അതിശയത്തോടെ കേൾക്കും തങ്ങൾ രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ഈസാ അവിടെയില്ല ആരും അത് ഈസയോട് പറഞ്ഞുകൊടുത്തിട്ടുമില്ല എന്നിട്ടും കൃത്യമായി പറയുന്നു പാഠശാല വിട്ടു ചെല്ലുമ്പോൾ എന്തെല്ലാം ആഹാരസാധനങ്ങളാണ് ചങ്ങാതിമാരെ കാത്തിരിക്കുന്നത് ? ഈസാ കൃത്യമായി പറഞ്ഞു കൊടുത്തു

പാഠം തീർന്നു കുട്ടികൾ പാഠശാലയിൽ നിന്നോടുന്നു വീട്ടിലേക്ക് ഈസാ പറഞ്ഞത് ശരിയാണോ എന്നറിയണം കൃത്യം പറഞ്ഞതിൽ ഏറ്റക്കുറച്ചിലില്ല എന്തൊരതിശയം മതാവിനോട് കുട്ടി അതിശയത്തോട പറഞ്ഞു ഈസ പറഞ്ഞതെത്രെ ശരി

എന്താ ഈസ പറഞ്ഞത് ?

മറഞ്ഞ കാര്യങ്ങൾ പറയുന്നു വീട്ടിലെന്തൊക്കെ ആഹാരങ്ങളാണ് പാകം ചെയ്തു വെച്ചതെന്ന് കൃത്യമായി പറയും വർത്തമാനങ്ങൾ അതിശയകരമാണ് പല വീട്ടിലും ഇത് സംസാരമായി എന്താ ആ കുട്ടി അങ്ങനെ? അയൽക്കാരികൾ ഒത്തുകൂടി ചർച്ചയായി ഒരു സത്രീ പറഞ്ഞു: പിശാച് ബാധിച്ച കുട്ടിയായിരിക്കും അതുകൊണ്ടാണിങ്ങനെയൊക്കെ പറയുന്നത് കേട്ടിരുന്ന സ്ത്രീകൾ സമ്മതിച്ചു അതാണ് ശരി പിശാച് ബാധിച്ച കുട്ടിയോട് നമ്മുടെ കുട്ടികൾ കൂട്ടുകൂടിയാൽ എന്തായിരിക്കും ഫലം ? നമ്മുടെ കുട്ടികൾക്കു ദോഷം ചെയ്യും നമ്മുടെ കുട്ടികൾക്കും ഈസായെ വലിയ ഇഷ്ടമാണ് അതെല്ലാം പിശാചിന്റെ പണിയാണ് നമ്മുടെ കുട്ടികളെ ഇനി പാഠശാലയിലേക്കയക്കണ്ട പിശാച് ബാധിക്കും പിശാച് ബാധിച്ച കുട്ടിയെ പാഠശാലയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത് അതാണ് ശരി കുറെ യഹൂദികൾ കഠിന ഹൃദയരാണ് കുഴപ്പക്കാരാണ് അവർ ഈസാ എന്ന കുട്ടിയെ ജാരസന്തതിയെന്നു വിളിച്ചു മർയം (റ) യെ വഴിപിഴച്ചവൾ എന്നു വിളിച്ചു

സകരിയ്യ(അ) നടന്നു വരുന്നു ഒരു കൂട്ടം ദ്രോഹികൾ ഓടിച്ചെന്നു ഭീഷണിപ്പെടുത്തി ആ വഴിപിഴച്ചവളുണ്ടല്ലോ മർയം ഞങ്ങൾ അവളെ വകവരുത്തും ആ ജാരസന്തതിയെയും വിടില്ല

സകരിയ്യ(അ) പറഞ്ഞു: അങ്ങനെ പറയരുത് മർയം പുണ്യവതിയാണ് പരിശുദ്ധയാണ് ഈസാ നല്ല കുട്ടിയാണ്

ദ്രോഹികൾ തട്ടിക്കയറി അവരെ മാത്രമല്ല നിന്നെയും ഞങ്ങൾ ശരിയാക്കും കാത്തിരുന്നോളൂ ചുറ്റുപാടുകൾ കൂടുതൽ ഭയാനകമാവുകയാണ്

സഹായികൾ 

ഈസാ(അ) ജനിച്ച സന്ദർഭം ആ സന്ദർഭത്തിൽ പല അത്ഭുതങ്ങൾ സംഭവിച്ചു ആകാശത്ത് നല്ല പ്രകശമുള്ള നക്ഷത്രം ഉദിച്ചു പലരും അത് കണ്ടു രാജാക്കന്മാർ അതിന്റെ കാരണം അന്വേഷിച്ചു ശ്രേഷ്ഠനായ ഒരു കുഞ്ഞ് പിറന്നിരിക്കുന്നു

ഐശ്വര്യം ആവോളം ആസ്വദിച്ചു മതിമറന്നു ജീവിക്കുന്ന ഒരു വിഭാഗം ലോകത്തുണ്ട് ധിക്കാരികൾ അവർ ഗൂഢാലോചന നടത്തി തീരുമാനമെടുത്തു ശ്രേഷ്ഠനായ കുഞ്ഞിനെ കൊന്നുകളയണം അവർ അതിനുള്ള പ്ലാനുകൾ തയ്യാറാക്കുന്നു

നല്ല മനുഷ്യന്മാർ സന്തോഷം

ശ്രേഷ്ഠനായ കുഞ്ഞിനെ കാണണം ഉമ്മയെയും കാണണം അവരെ കാണുന്നതുതന്നെ അനുഗ്രഹം

അങ്ങനെ ചില സംഘങ്ങൾ പുറപ്പെട്ടു അവർ കൊച്ചു കുടിൽ കണ്ടെത്തി തൊട്ടിലിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തി തൊട്ടിലിൽ കിടന്ന് കുട്ടി സംസാരിക്കുന്നു അവർക്ക് മനം നിറയെ സന്തോഷം തൊട്ടിലിൽ കിടന്ന് കുട്ടി സംസാരിച്ച വിവരം നാടാകെ പരന്നു ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു പല രാജാക്കന്മാരുടെയും കാതുകളിലെത്തി അവർക്ക് ദുശ്ശകുനം വന്നത് പോലെ തോന്നി

പലരും ഗൂഢാലോചന തുടങ്ങി തിന്മ നിറഞ്ഞ മനസ്സുള്ളവർ അവർ കുട്ടിയുടെ വളർച്ച ഭയന്നു

സകരിയ്യ (അ)ന്റെ ശത്രുക്കൾ നാടുനീളെയുണ്ട് അവർ പരസ്യമായി വെല്ലുവിളി ഉയർത്തുന്നു

യഹ് യ(അ)
വളർന്നുവരുന്ന കുട്ടി നവജാത ശിശുവിനോട് വല്ലാത്ത സ്നേഹം യഹ് യ (അ) ജനിച്ചു നാലു മാസമായി അപ്പോൾ ഈസാ (അ) ജനിച്ചു അവർക്കിടയിൽ ശക്തമായ സ്നേഹബന്ധം

പേർഷ്യയിലെ രാജാവ് തന്റെ കൊട്ടാരത്തിലേക്ക് ജ്യോത്സന്മാരെ വിളിച്ചു വരുത്തി പ്രമുഖരായ ജ്യോത്സ്യന്മാരെല്ലാം വന്നു ചേർന്നു ദർബാർ ഹാളിൽ സമ്മേളിച്ചു

രാജാവ് സംസാരിച്ചു ഇന്നലെ രാത്രി ഞാനൊരു കാഴ്ച കണ്ടു ആകാശത്ത് പ്രത്യേകമായൊരു നക്ഷത്രം ഉദിച്ചു അതിശയകരമായൊരു പ്രകാശം ഞാൻ കണ്ടു നിങ്ങൾ അതിന്റെ വ്യാഖ്യാനം പറഞ്ഞു തരണം

പ്രമുഖനായ ഒരു ജ്യോത്സ്യർ പറഞ്ഞു:
ശ്രേഷ്ഠനായൊരു കുഞ്ഞ് പിറന്നിരിക്കുന്നു പേർഷ്യൻ രാജാവ് പറഞ്ഞു: കുഞ്ഞിനെ കണ്ടെത്തണം അനുമോദനങ്ങൾ അറിയിക്കണം പാരിതോഷികങ്ങൾ കൊടുക്കണം നമ്മുടെ പ്രതിനിധികൾ ഉടനെ പുറപ്പെടട്ടെ വൈകാതെ പുറപ്പെട്ടു അവരുടെ കൈവശം സ്വർണവും വസ്ത്രവും മറ്റു ചില പാരിതോഷികങ്ങളുമുണ്ടായിരുന്നു തുടർച്ചയായി യാത്ര ചെയ്ത് ശാമിലെത്തി പലരുമായി സംസാരിച്ചു കുട്ടി തൊട്ടിലിൽ കിടന്നു സംസാരിച്ച വാർത്ത ശാമിന്റെ എല്ലാ ഭാഗത്തും എത്തിക്കഴിഞ്ഞു

ശാം രാജാവ് അസൂയ മൂത്ത ദുഷ്ട രാജാവ്
കുട്ടിയെ വകവരുത്തണം ആ കുട്ടി വളർന്നാൽ തനിക്കാപത്താണ് കുട്ടിയെ വധിക്കണം ഈ ചിന്തയുമായി കഴിയുമ്പോഴാണ് പേർഷ്യൻ രാജാവിന്റെ പ്രതിനിധിയികൾ കൊട്ടാരത്തിലെത്തിയത് അവരെ രാജാവ് സ്വീകരിച്ചു സ്വകാര്യ സംഭാഷണം നടന്നു പേർഷ്യൻ രാജാവിന്റെ പ്രതിനിധികൾക്ക് ഒരു സത്യം മനസ്സിലായി ശാം രാജാവ് ദുഷ്ടനാണ് കുട്ടിയെ നശിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ഇവിടെ അധികനേരം നിന്നുകൂടാ ഉടനെയവർ പുറപ്പെട്ടു വീടറിയാവുന്ന ഒരാളെയും കൂട്ടി വീട്ടിലെത്തി കുട്ടിയെ കണ്ടു സംതൃപ്തരായി ഉമ്മയോട് ഒരു കാര്യം പറഞ്ഞു

അസൂയക്കാരുണ്ട് ചുറ്റും ശത്രുക്കളാണ് വധിച്ചുകളയാനുള്ള സാധ്യതയുമുണ്ട് മാറിത്താമസിക്കുന്നതാണ് നല്ലത്

ഈ ചോരപ്പൈതലിനെയും കൊണ്ട് എങ്ങോട്ട് പോകും ? സകരിയ്യാ(അ) വന്നു കൂടിയാലോചന നടന്നു

പേർഷ്യൻ രാജാവിന്റെ പ്രതിനിധികൾ പാരിതോഷികങ്ങൾ കൈമാറി നല്ല വാക്കുകൾ പറഞ്ഞു അവർ പിന്മാറി കാണികളായി വന്നവർ ധാരാളം അവരിൽ ചിലർ പറഞ്ഞു: പോവുക ഈജിപ്തിലേക്ക് പോവുക

ശിശുവിനെ മർയം (റ) കൈകളിലെടുത്തു ഇളംകവിളിൽ ചുംബിച്ചു യാത്ര പുറപ്പെട്ടു ഈജിപ്തിലേക്ക്

ഏറെ ദൂര യാത്ര ചെയ്തു ഈജിപ്തിലെത്തി ഈസാ(അ) ഭൂജാതനായ സന്ദർഭത്തിൽ ബിംബങ്ങൾ തലകുത്തിവീണു രാജാക്കന്മാരും നാടുവാഴികളും ഭയന്നു 

ജ്യോത്സ്യന്മാരെ വരുത്തി കാര്യം പറഞ്ഞു അവർ പറഞ്ഞു: യോഗ്യനായ പുത്രൻ പിറന്നിരിക്കുന്നു ചിലർ കുടിലിൽ അന്വേഷിച്ചു വീട് കണ്ടെത്തി അനുമോദനമറിയിച്ചു

പിതാവിന്റെ സഹോദര പുത്രനാണ് യൂസുഫുന്നജ്ജാർ മർയമിനും പുത്രനും വേണ്ടി ഏത് സഹായവും ചെയ്യും

ഉമ്മയും മകനും ഈജിപ്തിലെത്തി ഉമ്മാക്ക് ഒരു ജോലി ലഭിക്കണം ഉപജീവന മാർഗം നേടണം നൂൽ നൂൽക്കുക ഉമ്മാക്ക് നന്നായറിയാവുന്ന ജോലി ആ ജോലിയിൽ പ്രവേശിച്ചു ശാന്തമായി ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു

കുഞ്ഞ് വളർന്നു പാഠശാലയിൽ ചേർത്തു മിടുക്കനായ കുട്ടി നല്ല ബുദ്ധിശക്തി പഠിച്ചതൊന്നും മറക്കില്ല പഠനത്തിൽ വളരെ വേഗത്തിൽ പുരോഗതിയുണ്ടായി 12 വയസ്സുവരെ ഇവിടെ താമസിച്ചു മദ്റസയിലെ സഹപാഠികൾ അവരോട് കുട്ടി സംസാരിച്ചു അവർ കഴിച്ച ആഹാരം ഏതൊക്കെയാണെന്ന് പറയും വീട്ടിൽ എന്തൊക്കെ സാധനങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു നാട്ടുകാർക്ക് പേടിയുണ്ടായി കുട്ടി പറയുന്നതെല്ലാം സത്യം പിശാചു ബാധിച്ച കുട്ടിയാണ് ആ കുട്ടിയെ കാണരുത് സംസാരിക്കരുത് കൂടെയിരിക്കരുത് പഠനം ബുദ്ധിമുട്ടായി നാടു വിടാം ഈലിയ പുണ്യ സ്ഥലം അവിടേക്ക് പോകാം ഉമ്മയും മകലും ഈലിയായിലെത്തി പലരുമായും സംസാരിച്ചു എത്രയോ പ്രവാചകന്മാരുടെ പാദങ്ങൾ പതിഞ്ഞ മണ്ണ്

പുണ്യവതിയായ മർയം(റ) പ്രസിദ്ധയായി പുത്രനും പ്രസിദ്ധനായി ഇവിടെവെച്ച് മുഅ്ജിസത്തുകൾ പലതും പ്രകടമായി മണ്ണുകൊണ്ട് കാളിയുടെ രൂപമുണ്ടാക്കി പുത്രൻ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ പറക്കുക കേൾക്കേണ്ട താമസം കിളി ജീവൻ വെച്ചു പറന്നുപോയി കാഴ്ചയില്ലാത്ത കണ്ണുകൾ തടവി കാഴ്ച കിട്ടി അവർ ലോകം കണ്ടു സന്തോഷമായി വെള്ളപ്പാണ്ഡു പിടിച്ച മനുഷ്യന്മാരെ കണ്ടു അത് സുഖമാക്കിക്കൊടുത്തു

ബൈത്തുൽ മുഖദ്ദസിന്റെ നാട്ടിലും ക്രൂരന്മാരുണ്ട് അവർ ഉമ്മയെ വിമർശിച്ചു പുത്രനെ കളിയാക്കി ഭീഷണിപ്പെടുത്തി മകൻ തുണി നിർമാണ ശാലയിൽ ജോലി നോക്കി ചെറിയൊരു വരുമാനമാർഗം വലിയ പ്രയാസമില്ലാതെ ജീവിച്ചുപോകുന്നു

ഈസാ(അ) കാണിച്ച മുഅ്ജിസത്തുകൾ അത് കണ്ടവർ പറഞ്ഞു: ഇത് കൺക്കെട്ട് വിദ്യ മാത്രം ദൈവിക ശക്തിയെ പരിഹസിക്കുന്നു

ഈജിപ്തിലേക്കുള്ള യാത്രയിൽ പല സംഭവങ്ങൾ നടന്നിട്ടുണ്ട് വഴിയിൽ വെച്ച് ഒരു പ്രമുഖനെ കണ്ടുമുട്ടി പരിചയപ്പെട്ടു സംസാരിച്ചു

ആ പ്രമുഖ വ്യക്തി ഉമ്മയെയും പുത്രനെയും തിരിച്ചറിഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചു വീട്ടിലെത്തി സൽക്കരിച്ചു അവിടെ അന്തിയുറങ്ങി ഈ കുട്ടി സാധാരണക്കാരനല്ല ഇവരുടെ സാന്നിധ്യം തനിക്കനുഗ്രഹമാണ് കുടുംബം അവരെ സ്നേഹിച്ചു ഉമ്മയെയും പുത്രനെയും സ്നേഹിച്ചത് കാരണം ആ വീട്ടുകാർക്ക് പല അനുഗ്രഹങ്ങൾ വന്നുചേർന്നു അവരുടെ ബുദ്ധിമുട്ടുകൾ തീർന്നു

ഒരു യാത്രയിൽ നടന്ന മറ്റൊരു സംഭവം ഇതായിരുന്നു:

യാത്ര ചെയ്തു ഒരു പുഴയുടെ കരയിലെത്തി സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യനെ അവിടെക്കണ്ടു അവർ മത്സ്യം പിടിക്കുകയാണ് വല വീശി മത്സ്യം പിടിക്കുന്നു അതാണവരുടെ ഉപജീവന മാർഗം

ഈസാ(അ) അവരോട് പറഞ്ഞു: ഞങ്ങളോടൊപ്പം വരിക ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിതമാർഗം കാണിച്ചുതരാം ഈസാ(അ)ന്റെ വാക്കുകൾ ചിലരുടെ മനസ്സിൽ തട്ടി അവർ ഉമ്മയുടെയും മകന്റെയും മുഖത്തേക്ക് നോക്കി അവരുടെ ഉപദേശം കേട്ടു അവർ പറയുന്നതെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടു കൂടെപ്പോവാൻ സന്നദ്ധരായി ഈസാ(അ) പറഞ്ഞു: ആരാധനയാകുന്ന വല വീശുക എന്നിട്ട് ആത്മാവിനെ പിടികൂടുക ശരീരത്തിന്റെ ഇച്ഛകൾ വെടിയുക ഇബ്ലീസിനെ പരാജയപ്പെടുത്തുക ജീവിത ലക്ഷ്യമെന്ത്? വിവരിച്ചു കൊടുത്തു ഇതുപോലുള്ള വാക്കുകൾ ഇതുവരെ അവർ കേട്ടിട്ടില്ല ഓരോ വാക്കും മനസ്സിലേക്കിറങ്ങിപ്പോവുന്നു കുറെ കേട്ടുക്കഴിഞ്ഞപ്പോൾ അവർ ചോദിച്ചു:

അങ്ങ് ആരാണ്? ഞങ്ങൾക്ക് പറഞ്ഞുതന്നാലും

ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു അല്ലാഹുവിന്റെ റസൂലുമാകുന്നു പേര് ഈസബ്നു മർയം മർയമിന്റെ മകൻ ഈസാ(അ)

കേട്ടപ്പോൾ വളരെ സന്തോഷമായി പിന്നെയവർ ഉത്സാഹത്തോടെ നടന്നു പറഞ്ഞതെല്ലാം വിശ്വസിച്ചു

അല്ലാഹുവിന്റെ റസൂൽ ഞങ്ങൾ ഒരു റസൂലിന്റെ കൂടെയാണ് നടക്കുന്നത് ഞങ്ങൾ പന്ത്രണ്ട് പേരുള്ള ഒരു സംഘം ഞങ്ങൾ റസൂലിന്റെ സംഘമാണ് ഈ യാത്ര വെറുതെയാവില്ല ഇത് ഏറ്റവും അനുഗ്രഹീതമായ യാത്രയാണ് അല്ലാഹുവിലേക്കുള്ള യാത്ര ഞങ്ങളാണ് ഈ പുണ്യ പ്രവാചകന്റെ അനുയായികൾ അല്ലാഹുവിന്റെ പ്രിയ ദാസന്മാർ ഉമ്മാക്കും പുത്രനും സേവനം ചെയ്യുക അത് ഞങ്ങളുടെ കടമയാണ് പ്രവാചകനെ അനുസരിക്കുക പ്രാവാചകരുടെ പ്രതീ നേടുക അപ്പോൾ അല്ലാഹുവിന്റെ പ്രീതി ലഭിക്കും അവർ പ്രവാചകരുടെ സേവനത്തിലായി കഴിഞ്ഞുകൂടി

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

ഉമ്മും മകനും ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്നു
ഒരു കൂട്ടം ആളുകളെ കണ്ടു അലക്കുകാർ ആളുകളുടെ വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കുന്നു അഴുക്കുകൾ പോവുന്നു വസ്ത്രം ശുദ്ധിയാവുന്നു അതിന് ഭംഗിയുണ്ടാവുന്നു

ഉമ്മയും മകനും അവിടെയെത്തി ഈസാ(അ) അവരോട് സംസാരിച്ചു
സഹോദരന്മാരേ, ഞാനൽപം സംസാരിക്കാം ശ്രദ്ധിക്കുക നിങ്ങൾ അഴുക്കുള്ള വസ്ത്രങ്ങൾ അലക്കുന്നു അഴുക്കുകൾ കളയുന്നു വസ്ത്രം ശുദ്ധിയാവുന്നു
നിങ്ങളുടെ മനസ്സിന്റെ അവസ്ഥയെന്താണ് ? അവിടെ ധാരാളം അഴുക്കുകളുണ്ട് ആ അഴുക്കുകൾ അലക്കി വെളുപ്പിക്കണം അഴുക്കുള്ള മനസ്സുമായി നടക്കുക പുറമെ നല്ല വസ്ത്രം ധരിക്കുക എന്നിട്ടെന്ത് കാര്യം ?

നിങ്ങൾ സ്വന്തം ഹൃദയങ്ങളെ അലക്കി വെളുപ്പിക്കുക ഹൃദയത്തിലെ അഴുക്കുകൾ കളയുക

എന്നോടൊപ്പം വരിക ഞാൻ നിങ്ങളുടെ മനസ്സുകളെ ശുദ്ധീകരിച്ചു തരാം നല്ല ഉപജീവന മാർഗവും കാണിച്ചു തരാം

അവരുടെ മനസ്സിലേക്ക് ആ വാക്കുകൾ ഇറങ്ങിച്ചെന്നു അവർ പ്രവാചകനെ വിശ്വസിച്ചു

ഈസാ(അ) പറഞ്ഞു : ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു അല്ലാഹുവിന്റെ റസൂലാകുന്നു ഞാൻ ഈസബ്നു മർയം ആകുന്നു

അവർക്കു സന്തോഷമായി അവർ ഉത്സാഹത്തോടെ നടന്നു ഇവരാണ് ഈസാ നബി (അ) ന്റെ സഹായികൾ അല്ലാഹുവിന്റെ ദാസന്മാർ

യഹ് യാ (അ)







ആദ്യഘട്ടത്തിൽ അവരുടെ മുമ്പിലുണ്ടായിരുന്നത് തൗറാത്ത് എന്ന വേദഗ്രന്ഥമായിരുന്നു മർയം (റ) തൗറാത്ത് പഠിച്ച പണ്ഡിത വനിതയാണ് സ്ത്രീ സമൂഹത്തിന് ആ പാണ്ഡിത്യം നന്നായി പ്രയോജനപ്പെട്ടു അവർക്കു മുമ്പിൽ മർയം (റ)പ്രാകശിക്കുന്ന വിളക്കുപോലെയായിരുന്നു മനസ്സിലെ ഇരുട്ടകറ്റും ഈമാനിന്റെ പ്രകാശം പരത്തും

മർയം(റ) ഊർജ്ജസ്വലയായ പണ്ഡിതയായിരുന്നു അവർ വലിയ ആബിദത്ത് ആയിരുന്നു രാവും പകലും അല്ലാഹുവിന് ഇബാദത്ത് എടുത്തു അല്ലാഹുവിലേക്ക് അടുത്തുകൊണ്ടിരുന്നു

ഇഞ്ചീൽ അല്ലാഹുവിന്റെ മഹത്തായ വേദഗ്രന്ഥം അത് മനുഷ്യർക്കു വേണ്ടി ഇറക്കപ്പെട്ടു ഈസാ(അ)എന്ന പ്രവാചകന് ഇഞ്ചീൽ ഇറക്കപ്പെട്ടു ഈസാ(അ) സന്തോഷവാനായി മർയം(റ) ക്കും നിറഞ്ഞ സന്തോഷം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ഇഞ്ചീൽ ഇഞ്ചീലിലേക്ക് ജനങ്ങളെ ക്ഷണിക്കുക പരസ്യമായി ക്ഷണിക്കുക ആ ദൗത്യം നൽകപ്പെട്ടു പിറന്ന നാട്ടിൽ തിരിച്ചെത്തി പരസ്യമായ പ്രബോധനം തുടങ്ങി

ജനങ്ങളേ ഏകനായ അല്ലാഹുവിൽ വിശ്വസിക്കുവീൻ എന്നെ പിൻപറ്റുകയും ചെയ്യുവീൻ

യഹൂദികളുടെ കൂട്ടത്തിൽ നിന്ന് ഒരു കൂട്ടം ധിക്കാരികൾ രംഗത്ത് വന്നു അവർ കോപത്തോടെ ചോദിച്ചു:നീയാര് ? നിന്നെ പിൻപറ്റാൻ ഞങ്ങളെ കിട്ടില്ല
നീ പിഴച്ചു പെറ്റ സന്തതിയാണ് നിന്റെ മാതാവ് പിഴച്ച സ്ത്രീയാണ്

മർയം(റ)യെ പരസ്യമായി വേശ്യയെന്നു വിളിച്ചു അത്രയും നീചമായ വാക്കുകളുപയോഗിച്ച് ഈസാ(അ)നെയും വിളിച്ചു ഉമ്മയും മകനും ക്ഷമിച്ചു

മർയം(റ)യുടെ കീർത്തിയും പദവിയും നാൾക്കുനാൾ ഉയരുകയാണ് പിൽക്കാലത്ത് മുഹമ്മദ് നബി (സ) തങ്ങൾ മർയം(റ)യെക്കുറിച്ച ബഹുമാനപൂർവ്വം സംസാരിക്കുമായിരുന്നു

അതു കേട്ട് സ്വഹാബികൾ അതിശയം കൊള്ളും

ഒരിക്കൽ നബി (സ) തങ്ങൾ ഭൂമിയിൽ നാല് വരകൾ വരച്ചു സ്വഹാബികൾ കൗതുകത്തോടെ നോക്കിനിന്നു നാല് വരകൾ എന്താണത് ?

ഇതെന്താണെന്ന് മനസ്സിലായോ? നബി (സ) ചോദിച്ചു

ഞങ്ങൾക്കറിയില്ല പറഞ്ഞുതന്നാലും ഇത് നാല് പുണ്യവനിതകൾ സ്വർഗത്തിലെ സ്ത്രീകളുടെ നേതാക്കൾ ഭൂമിയിൽ വല്ലാത്ത കഷ്ടപ്പാടുകൾ സഹിച്ചവർ നാളെ ഇവരാണ് നേതാക്കൾ

1. ഖുവൈലിദിന്റെ മകൾ ഖദീജ (റ)
2. മുഹമ്മദിന്റെ മകൾ ഫാത്വിമ (റ)
3.ഇംറാന്റെ മകൾ മർയം(റ)
4. ഫിർഔനിന്റെ ഭാര്യയുമായ ആസ്യ (റ)

സ്വഹാബികൾ ആശ്ചര്യത്തോടെ കേട്ടിരുന്നു എത്ര വലിയ പദവികൾ

ദാവൂദ് (അ)ന് അല്ലാഹു ഇറക്കിക്കൊടുത്ത വേദഗ്രന്ഥമാണു സബൂർ
ദാവൂദ് (അ) നല്ല സ്വരവും രാഗവുമുള്ള പ്രവാചകനായിരുന്നു നല്ല രാഗത്തിൽ സബൂർ പാരായണം ചെയ്യും കേൾവിക്കാർ ആശ്ചര്യം കൊണ്ട് നിശ്ചലരായി നിന്നുപോകും മനസ്സിനെ അധീനപ്പെടുത്താൻ ആ രാഗത്തിന് ശക്തിയുണ്ടായിരുന്നു

ആകാശത്ത് പറക്കുന്ന പക്ഷികൾ ആ രാഗം കേൾക്കും പിന്നെ പറന്നകലുകയില്ല സമീപത്തുള്ള മരച്ചില്ലകളിൽ വന്നിരിക്കും പിന്നെ സദസ്സിൽ തന്നെ വന്നിരിക്കും മൃഗങ്ങൾ ഓടിവരും സദസ്സിൽ വന്ന് നിശ്ചലരായി നിൽക്കും

മലകളും മരങ്ങളും കേട്ടാനന്ദിക്കും അതാണ് ദാവൂദ് നബി(അ) സബൂർ വായിക്കുമ്പോഴുള്ള അവസ്ഥ സബൂർ ഒരു സംഭവം തന്നെയായിരുന്നു

സബൂർ എന്ന വേദഗ്രന്ഥം ഇറങ്ങിയിട്ട് ആയിരത്തി അമ്പത് കൊല്ലം കഴിഞ്ഞു
അപ്പോഴാണ് ഇഞ്ചീൽ എന്ന വേദഗ്രന്ഥം ഇറങ്ങിയത് ഇഞ്ചീൽ എന്ന വേദഗ്രന്ഥം ഇറങ്ങുമ്പോൾ ഈസാ(അ)ന് മുപ്പത് വയസ്സ് പ്രായമായിരുന്നുവെന്ന് ഇബ്നു ജരീർ രേഖപ്പെടുത്തിയിട്ടുണ്ട്

അല്ലാഹു ഈസാനബി(അ)നോട് കൽപിച്ചു : 'ഓ.... ഈസാ.... ഈ വേദഗ്രന്ഥം ശക്തിയോടെ മുറുകെപ്പിടിക്കുക ഇത് ജനങ്ങൾക്ക് പാരായണം ചെയ്തുകൊടുക്കുക വിശദീകരിച്ചു പറഞ്ഞു കൊടുക്കുക അവരെ തൗഹീദിലേക്ക് ക്ഷണിക്കുക

ജനക്കൂട്ടത്തിന്റെ മുമ്പിൽ ഈസാ(അ) വന്നു നിന്നു

സഹോദരങ്ങളേ നിങ്ങൾ സത്യസാക്ഷ്യ വചനം മൊഴിയുക നിങ്ങൾ സത്യത്തിന് സാക്ഷികളാവുക ലാഇലാഹ ഇല്ലല്ലാഹ് ഈസാ റൂഹുല്ലാ
ഇഞ്ചീൽ അല്ലാഹുവിന്റെ വേദഗ്രന്ഥമാകുന്നു ഇഞ്ചീൽ സ്വീകരിക്കുക അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കുക നിങ്ങളുടെ ധിക്കാരം അവസാനിപ്പിക്കുക അല്ലാഹുവിന്റെ അനുസരണയുള്ള ദാസന്മാരായി മാറുക നിങ്ങളിൽ അല്ലാഹു കരുണ ചെയ്യട്ടെ വരൂ....സത്യത്തീന് സാക്ഷികളാകുവീൻ

ആളുകൾ പരസ്പരം നോക്കി ചിലർ പരിഹാസച്ചിരി ചിരിച്ചു ആരും സത്യസാക്ഷ്യം വഹിക്കാൻ മുമ്പോട്ട് വന്നില്ല

അപ്പോൾ സുമുഖനായൊരു ചെറുപ്പക്കാരൻ മുമ്പോട്ട് വന്നു ധീരമായ പ്രഖ്യാപനം നടത്തി ലാ ഇലാഹ ഇല്ലല്ലാഹ് ഈസാ റൂഹുല്ലാഹ്
അല്ലാഹു അല്ലാതെ ആരാധനക്കർഹനായി ആരുമില്ലെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു

ഈസാ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു

ഇഞ്ചീൽ അല്ലാഹു ഇറക്കിയ കിതാബാണെന്നും ഞാൻ വിശ്വസിക്കുന്നു
ജനങ്ങൾ പരസ്പരം ചോദിച്ചു ആരാണ് ആ ധീരൻ? ആരാണ് ആ സുമുഖൻ? മുപ്പത് വയസ്സുള്ള കോമളൻ യഹ് യാ എന്ന യുവാവ് സകരിയ്യ(അ)ന്റെ ധീരപുത്രൻ ഈസാ(അ) അല്ലാഹുവിന്റെ റസൂലാണെന്ന് ഇത്ര ധൈര്യമായി പരസ്യമായി പ്രഖ്യാപിച്ചു ഈ വാർത്ത നാട്ടിലാകെ അറിയും ധിക്കാരികളും കിങ്കരന്മാരും ഇളകിവരും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്തവർ

വധ ഭീഷണി നാട്ടിൽ നിലനിൽക്കുന്നു സകരിയ്യാ (അ)ന് വധഭീഷണിയുണ്ട് യഹ് യാ നബി (അ)നും വധഭീഷണിയുണ്ട് മർയം(റ)ക്കുമുണ്ട് ഭീഷണി ഈസാ(അ)നും വധഭീഷണിയുണ്ട് വളരെ കുറഞ്ഞആളുകൾ മാത്രം സത്യ ദീൻ പിൻപറ്റി അവർ തന്നെ ഒരുതരം രഹസ്യ ജീവിതമാണ് നയിക്കുന്നത്

പ്രവാചകന്മാർ എപ്പോഴും പ്രത്യക്ഷപ്പെടില്ല വളരെ കരുതലോടെയാണ് നീങ്ങുന്നത് സംരക്ഷകൻ അല്ലാഹു എല്ലാ ധിക്കാരത്തിനും അറുതിയുണ്ട് അറുതിയെത്തുമ്പോൾ അല്ലാഹു ഒരു പിടി പിടിക്കും അതോടെ തീരും ധിക്കാരം

യഹ് യാ (അ)

അല്ലാഹുവിനെയോർത്ത് കരയുന്ന ചെറുപ്പക്കാരൻ രാത്രിയിൽ വളരെ നേരം ഇബാദത്തെടുക്കും ഇഞ്ചീൽ പാരായണം ചെയ്യും ഉറക്കം വളരെ കുറവാണ് അല്ലാഹുവിന് നന്ദി ചെയ്യണം നന്ദിയുള്ള അടിമയായി ജീവിക്കണം അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ ആർക്കാണു കഴിയുക?

എപ്പോഴും ദിക്റിലായി കഴിയുന്നു രാത്രിയുടെ യാമങ്ങളിൽ കണ്ണീരോടെ ദുആ ചെയ്യുന്നു യഹ് യാ നബി (അ)ന്റെ കരച്ചിൽ അത് ചരിത്രത്തിൽ ഇടം നേടിയ കരച്ചിലാണ്

ഒരിക്കൽ സകരിയ്യാ (അ) ജനങ്ങളോട് സംസാരിക്കുന്നു യഹ് യാ (അ) ആ സദസ്സിൽ പോയിരുന്നു ഉപ്പായുടെ ഉപദേശം കേൾക്കുന്നു
പ്രിയ സഹോദരങ്ങളേ

അല്ലാഹുവിനെ സൂക്ഷിക്കുക എന്റെ വാക്കുകൾ ശ്രദ്ധിക്കുക അല്ലാഹു സ്വർഗവും നരകവും സൃഷ്ടിച്ചു അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്നവർക്കുള്ള പ്രതിഫലമാണ് സ്വർഗം അത് സമാധാനത്തിന്റെ ഗേഹമാണ് നാം സ്വർഗാവകാശികളായിത്തീരണം

അല്ലാഹു എന്തെല്ലാം ചെയ്യാൻ കൽപിച്ചുവോ അതെല്ലാം ചെയ്യുക എന്തെല്ലാം നിരോധിച്ചുവോ അവയെല്ലാം ഒഴിവാക്കുക മനസ് ശുദ്ധീകരിക്കുക അസൂയ , വെറുപ്പ്, അഹങ്കാരം,ശത്രുത എല്ലാം മനസ്സിലെ മാലിന്യങ്ങളാണ് അല്ലാഹുവിന്റെ പ്രവാചകന്മാരുമായി സഹവസിക്കുക അവരുടെ ഉപദേശങ്ങൾ അനുസരിക്കുക പരിശുദ്ധമായ ജീവിതം നയിക്കുക പ്രവാചകന്മാരെ സ്നേഹിക്കുക ഇവയെല്ലാം മനസ്സ് ശുദ്ധമാവാനുള്ള മാർഗങ്ങളാണ്

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക തഖ് വയുള്ളവരായിത്തീരുക അടങ്ങിയൊതുങ്ങി ജീവിക്കുക

പലരും ഭൂമിയിൽ ധിക്കാരം കാണിക്കുന്നു ധിക്കാരികളുടെ അന്ത്യം വളരെ മോശമായിരിക്കും അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ചാൽ നരകത്തിൽ കടക്കേണ്ടിവരും

പിശാച് മനുഷ്യരുടെ ശത്രുവാണ് വഴിതെറ്റിക്കാൻ വരും പിശാചിനെ അനുസരിക്കരുത്

ജീവിതത്തിൽ തെറ്റുകൾ ചെയ്തു പോയിട്ടുണ്ടാവും പശ്ചാത്തപിച്ചു മടങ്ങുക ഖേദിച്ചു കണ്ണീരൊഴുക്കുക നരക മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുക
സദസ് പിരിഞ്ഞു എല്ലാവരും സ്ഥലം വിട്ടു

ഉപ്പയുടെ ഓരോ വാക്കും മകന്റെ മനസ്സിലേക്കിറങ്ങിപ്പോയി കരച്ചിൽ വന്നു കണ്ണീരൊഴുക്കി യഹ് യായുടെ കവിളുകളിലെ കണ്ണീർച്ചാലുകൾ കണ്ണീർ ഒഴുകിയൊഴുകി അടയാളം വന്നുപോയി ഒരിക്കൽ യഹ് യാ (അ) നെ കാണാതായി ഉപ്പ അന്വേഷിച്ചു നടന്നു

പലപ്പോഴും കാട് കയറിപ്പോകും ഏകാന്തത വേണം ഏകാന്തതയിലെ ആരാധന അതിന് വല്ലാത്ത നിവൃതിയാണ് റബ്ബിനെ വിളിക്കാൻ കാട്ടിലാണ് സൗകര്യം ശത്രുക്കൾ കുതിച്ചു നടക്കുകയാണ് പ്രവാചകന്മാരെ വധിക്കാൻ ഓടിനടക്കുന്ന നീചന്മാർ

സകരിയ്യാ(അ), യഹ് യാ (അ) , ഈസാ(അ)

ഒരേ കാലത്ത് തൗഹീദ് പ്രചരിപ്പിച്ച പുണ്യ പ്രവാചകന്മാർ അവർക്കെതിരെ ഒരുകൂട്ടം യഹൂദികൾ പോർവിളിയുമായി നടക്കുകയാണ്

യഹ് യാ കാട്ടിലാവുമ്പോൾ ഇലകൾ പറിച്ചു തിന്നും അല്ലാഹുവിന്റെ വനം അതിലെ ഇലകളും കനികളും അല്ലാഹുവിന്റെ ജീവജാലങ്ങൾക്കുള്ളതാണ്

മനുഷ്യർ നൽകുന്ന ആഹാരം കഴിക്കാൻ ഭയം ഹലാലോ ഹറാമോ എന്നു തിരക്കണം ഹലാൽ മാത്രം കഴിക്കുക ആഹാരം തന്നെ വേണ്ടെന്ന് വെച്ചാൽ പ്രശ്നമില്ല

സകരിയ്യാ (അ) മകനെത്തേടി നടന്നു കാട്ടിൽ നിന്ന് കണ്ടുകിട്ടി ഒരു കുഴിയിലിരുന്നു കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നു എന്തൊരു രംഗം
ഉപ്പായുടെയും ഉമ്മയുടെയും അനുഗ്രഹീത പുത്രൻ ദുഷ്ടന്മാർക്ക് കണ്ണിലെ കരട്

നീതിമാൻ


വിശ്വസിച്ചവർ വളരെ ന്യൂനപക്ഷം വിശ്വസിക്കാത്തവർ മഹാഭൂരിപക്ഷം ഇവർ തമ്മിലാണ് പോരാട്ടം

ഈസാ(അ)അല്ലാഹുവിന്റെ ദീൻ പ്രചരിച്ചിപ്പിക്കുന്നു നിഷ്പക്ഷമതികൾ അത് കേൾക്കുന്നു പറയുന്ന തത്വങ്ങൾ അവരെ ആകർഷിക്കുന്നു അവർക്ക് വിശ്വാസം വരുന്നുണ്ട് പക്ഷെ,ശത്രുക്കളെ പേടി പരസ്യമായി പ്രഖ്യാപിക്കാൻ കഴിയുന്നില്ല

ഇസ്രാഈല്യരിൽ നിരവധി പേർ കാഫിറുകളാണ് സത്യത്തെ നിഷേധിക്കുന്നവർ അത് ഈസാ (അ) നന്നായി മനസ്സിലാക്കി ഒരു സന്നിഗ്ധ ഘട്ടത്തിൽ ആ പ്രവാചകൻ ജനങ്ങളോട് വിളിച്ചു ചോദിച്ചു

അല്ലാഹുവിന്റെ മാർഗത്തിൽ എന്നെ സഹായിക്കാൻ ആരുണ്ട് ? മഹാഭൂരിപക്ഷം നിശബ്ദരായി നിന്നു അവരാരും തന്നെ സഹായിക്കാൻ തയ്യാറില്ല ഏതാനും പേർ ഉറക്കെ വിളിച്ചു പറഞ്ഞു ഞങ്ങളുണ്ട് അല്ലാഹുവിന്റെ വഴിയിൽ അങ്ങയെ സഹായിക്കാൻ ഞങ്ങളുണ്ട് ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാണ്

നഹ്നു അൻസ്വാറുല്ലാഹ്
ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ്
ആമന്നാ ബില്ലാഹി
ഞങ്ങൾ മുസ്ലിംകളാകുന്നുവെന്ന് താങ്കൾ സാക്ഷ്യം വഹിക്കുക
വശ്ഹദ് ബി അന്നാ മുസ്ലിംമൂൻ
ചരിത്രം മറക്കാത്ത നിമിഷിങ്ങൾ

കരുത്തുറ്റ ശത്രുക്കളുടെ മധ്യത്തിൽ നിന്നുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത്

അവർ മുഅ്മിനീങ്ങളാണ് അവർ ഹവാരികൾ ഹവാരികളുടെ വചനം വേദഗ്രന്ഥങ്ങളിൽ തിളങ്ങിനിൽക്കുന്നു വിശുദ്ധ ഖുർആനിൽ അത് കാണാം

'എന്നിട്ട് ഈസാ (അ) ഇസ്രാഈല്യരിൽ കുഫ്റ് (സത്യനിഷേധം) അനുഭവത്തിൽ അറിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു
അല്ലാഹുവിങ്കലേക്കുള്ള മാർഗത്തിൽ എന്നെ സഹായിക്കാൻ ആരുണ്ട് ?
ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ സഹായികളാവുന്നു ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു
ഞങ്ങൾ മുസ്ലിംകളാകുന്നുവെന്ന് താങ്കൾ സാക്ഷ്യം വഹിക്കുക (3:52)

വിശുദ്ധ ഖുർആൻ ഹവാരികളെ പരിചയപ്പെടുത്തി അവരുടെ വാക്കുകൾ ഉദ്ധരിച്ചു അവരുടെ ദൃഢവിശ്വാസം അംഗീകരിച്ചു ഹവാരികൾ എന്ന പ്രയോഗം നിലനിന്നു ഹവാരികൾ പന്ത്രണ്ട് പേരായിരുന്നു

ഒരു വിഭാഗം പണ്ഡിതൻമാർ പറഞ്ഞു : അവർ അലക്കുകാരായിരുന്നു
മറ്റൊരു വിഭാഗം പറഞ്ഞു: അവർ മീൻ പിടിക്കുന്നവരായിരുന്നു തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാർ നിത്യത്തൊഴിലെടുത്തു കൂലി വാങ്ങി ജീവിക്കുന്നവർ സമൂഹത്തിൽ അവർക്കെന്ത് പദവി? ഒന്നുമില്ല സമൂഹം അവരെ നിസ്സാരമായി കണ്ടു അവരുടെ മനസ്സിലേക്ക് ഈമാൻ കടന്നുവന്നപ്പോഴോ? അവരുടെ പദവികൾ ഉയർന്നു അവരുടെ അത്രയും ഉയർന്ന പദവിയുള്ളവർ സമൂഹത്തിൽ വേറെയാരുമില്ല സമുന്നത പദവിയിലെത്തി പന്ത്രണ്ട് പേർ അവരെ വിശുദ്ധ ഖുർആൻ പ്രശംസിച്ചു പറഞ്ഞു

പിൽക്കാലത്ത് നബി (സ) തങ്ങൾ ഹവാരികളെ പ്രശംസിച്ചു സംസാരിച്ചു അതുകേട്ട് സ്വഹാബികൾ ആവേശഭരിതരായിത്തീർന്നു

സുബൈർ (റ) സമുന്നത സ്വഹാബിയാണ് നിരവധി സ്വഹാബികൾ സംബന്ധിച്ച സദസ്

അഹ്സാബ് യുദ്ധം വരുന്നു വിളിപ്പാടകലെയുണ്ട് നബി (സ) തങ്ങൾ ആഹ്വാനം ചെയ്തു സമൂഹമേ ....അഹ്സാബ് യുദ്ധത്തിൽ പങ്കെടുക്കാൻ മുമ്പോട്ട് വരൂ....

സുബൈർ (റ) ആവേശപൂർവം മുമ്പോട്ടു വന്നു
നബി (സ) തങ്ങൾ അത് ശ്രദ്ധിച്ചു സന്തോഷവാനായി നബി (സ) തങ്ങൾ പ്രഖ്യാപിച്ചു

സുബൈർ എന്റെ ഹവാരിയാകുന്നു ആ പ്രയോഗം എല്ലാവരെയും അതിശയിപ്പിച്ചു ഹവാരികളെ പ്രശംസിച്ചുകൊണ്ട് പലപ്പോഴും സംസാരിച്ചിട്ടുണ്ട്

സ്വഹാബികളോട് അല്ലാഹു ആഹ്വാനം ചെയ്തത് ഇങ്ങനെയാകുന്നു :
മുഅ്മിനീങ്ങള മർയമിന്റെ മകൻ ഈസ അല്ലാഹുവിങ്കലേക്ക് എന്റെ സഹായികൾ ആരാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാണ് എന്ന് ഹവാരികൾ പറഞ്ഞതുപോലെ നിങ്ങൾ അല്ലാഹുവിന്റെ സഹായികളായിത്തീരുവീൻ....

യാ അയ്യുഹല്ലദീന ആമനു കൂനൂ അൻസ്വാറല്ലാഹ്

യഹൂദ സമൂഹം രണ്ട് വിഭാഗമായി വിശ്വസിച്ചവരും വിശ്വസിക്കാത്തവരും വിശ്വസിക്കാത്തവർ മഹാഭൂരിപക്ഷം വിശ്വസിച്ചവർ വളരെ പരിമിതം ധിക്കാരികൾ രഹസ്യ ചർച്ചകൾ നടത്തി ഈസായുടെ പ്രസ്ഥാനം ഇവിടെ വളരാൻ പാടില്ല അതിനെന്ത് വഴി?

ഏറ്റവും നല്ല വഴി വധിച്ചുകളയുക എന്നതുതന്നെ നമുക്കു രാജാവിനെ സമീപിക്കാം കാര്യങ്ങൾ ബോധ്യപ്പെടുത്താം വധിക്കാൻ രാജാവ് കൽപനയിടണം പിന്നെ എല്ലാം എളുപ്പം

ബൈത്തുൽ മുഖദ്ദസും പരിസര പ്രദേശങ്ങളും ഭരിക്കുന്നത് പീലാത്തോസ് രാജാവാണ് അദ്ദേഹം റോമൻ കൈസറയുടെ കീഴിലാണ്

യഹൂദികളിലെ ഭീകരന്മാർ ഒരു സംഘമായി പിലാത്തോസ് രാജാവിന്റെ മുമ്പിലെത്തി ദർബാർ ഹാളിൽ അവർ സമ്മേളിച്ചു

രാജാവ് ചോദിച്ചു: എന്തിനാ വന്നത് ?
സങ്കടം പറയാൻ
പറഞ്ഞോളൂ

ഈസാ എന്നൊരാൾ രംഗത്ത് വന്നിരിക്കുന്നു യുവാക്കളെ സംഘടിപ്പിക്കുന്നു ഗൂഢാലോചന നടത്തുന്നു ഭരണം പിടിച്ചെടുക്കുക അതാണ് ലക്ഷ്യം ഈസാക്ക് ഇവിടെ ഭരണം കിട്ടണം നാട് നശിപ്പിക്കണം ജനങ്ങളുടെ സമാധാന ജീവിതം തകർക്കണം അവൻ ജീവനോടെയിരിക്കുന്നത് നാട്ടിനാപത്താണ് മഹാരാജാവ് അവനെ വധിക്കാൻ ഉത്തരവിടുക

രാജാവ് എല്ലാം ശ്രദ്ധിച്ചു കേട്ടു പെട്ടെന്നൊരു തീരുമാനമെടുത്തില്ല
രാജാവ് പറഞ്ഞു: നിങ്ങൾ പോയ്ക്കോളൂ ഞാനൊന്ന് ആലോചിക്കട്ടെ
സദസ് പിരിഞ്ഞു അവർ പറഞ്ഞത് രാജാവ് പൂർണമായി വിശ്വസിച്ചില്ല ഈസായെ വിളിക്കാം സംസാരിക്കാം അപ്പോൾ കാര്യങ്ങൾ വ്യക്തമാവും
രാജാവ് ഈസാ(അ)നെ വരുത്തി സംസാരിച്ചു ഈസാ(അ) കാര്യങ്ങൾ വിശദമായി സംസാരിച്ചു

ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു അവന്റെ റസൂലുമാകുന്നു എനിക്ക് രാജാധികാരം വേണ്ട അല്ലാഹുവിന്റെ ദീൻ പ്രചരിപ്പിച്ചാൽ മതി

യഹൂദികളിൽ ഭൂരിഭാഗവും എന്റെ ശത്രുക്കളാണ് അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കാത്തവരാണ് അവർക്ക് തന്നിഷ്ട പ്രകാരം ജീവിക്കണം

അല്ലാഹു എനിക്ക് ഇഞ്ചീൽ എന്ന വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുണ്ട് ഞാൻ എല്ലാവരെയും ഇഞ്ചീലിലേക്ക് ക്ഷണിക്കുന്നു രാജാവിന് കാര്യങ്ങൾ ബോധ്യമായി നിഷ്കളങ്കനായ മനുഷ്യൻ അല്ലാഹുവിന്റെ പ്രവാചകൻ ഇദ്ദേഹത്തെ വധിക്കാൻ ഞാൻ കൽപന പുറപ്പെടുവിക്കില്ല ആ രക്തത്തിൽ എനിക്ക് പങ്കില്ല

ധിക്കാരികൾ പിന്നെയും വന്നു രജാവ് പറഞ്ഞു: അയാൾ നിരപരാധിയാണ് നിങ്ങളുടെ ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ല

അവർ രോഷാകുലരായിത്തീർന്നു അവർ രാജാവിനെതിരെ തിരിഞ്ഞു
അവൻ രാജ്യത്തിന്റെ ശത്രുവാണ് രാജാവ് രാജ്യത്തിന്റെ ശത്രുവിനെ സഹായിക്കുന്നു ഇത് സമ്മതിച്ചു കൊടുക്കാൻ നിർവാഹമില്ല ധിക്കാരികൾ രാജസദസ്സിൽ ശബ്ദമുയർത്തി രാജാവിനെ ഭീഷണിപ്പെടുത്തി

ഞങ്ങൾ റോമൻ കൈസറിനെ കാണാൻ പോവുകയാണ് ഞങ്ങൾ നിങ്ങൾക്കെതിരെ പരാതി നൽകും രാജ്യദ്രോഹിയെ സഹായിക്കുന്ന രാജാവിനെ മാറ്റണം ഇത് പറയാനാണ് ഞങ്ങൾ പോവുന്നത്

ആ ഭീഷണിക്ക് ഫലമുണ്ടായി രാജാവ് പതറിപ്പോയി എന്റെ സ്ഥാനം നഷ്ടപ്പെടുമോ ? അതോർക്കാൻ വയ്യ

രാജാവിന്റെ തലയിൽ യുക്തി തെളിഞ്ഞു

ഇവർ യഹൂദികളാണ് അവരുടെ കൈവശം വേദഗ്രന്ഥമുണ്ട് അതനുസരിച്ച് അവർ തന്നെ വിധി പറഞ്ഞുകൊള്ളട്ടെ ആ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല

രാജാവ് പറഞ്ഞു: ശാന്തരാവൂ ഞാൻ സംസാരിക്കട്ടെ
ജനം ശാന്തരായി രാജാവ് പറഞ്ഞു :
നിങ്ങളുടെ കൈവശം ഒരു വേദഗ്രന്ഥമുണ്ട് അതനുസരിച്ച് നിങ്ങൾ തന്നെ വിധിക്കുക

ജനങ്ങൾ അടങ്ങി അങ്ങനെ ചെയ്യാം ജനം പിരിഞ്ഞു അവർ രഹസ്യ യോഗങ്ങൾ പലതും നടത്തി ഈസായെ പിടികൂടണം വധിക്കണം എപ്പോൾ വധിക്കണം ? ആര് വധിക്കും ?എങ്ങനെ വധിക്കും ?

അക്കാലത്ത് ക്രൂരമായൊരു ശിക്ഷാരീതി ഉണ്ടായിരുന്നു കുരിശിൽ തറക്കുക ധാരാളം കുറ്റവാളികൾ കുരിശിൽ തറച്ചു കൊലചെയ്യപ്പെട്ടിട്ടുണ്ട് ചിലപ്പോൾ നിരപരാധികളും വധിക്കപ്പെട്ടിട്ടുണ്ട്

അവർ അല്ലാഹുവിന്റെ പ്രവാചകനെതിരെ ഗൂഢ പദ്ധതികൾ തയ്യാറാക്കുകയാണ്

ഇതെല്ലാം അല്ലാഹു നോക്കിക്കാണുന്നുണ്ട് എന്ന് ചിന്തിക്കാനവർക്ക് കഴിയുന്നില്ല

അല്ലാഹുവിനും ചില പദ്ധതികളൊക്കെയുണ്ട് ധിക്കാരികളുടെ പദ്ധതികൾ വിജയിക്കാൻ പോവുന്നില്ല

യൂദാസ്





ഒരു ശിഷ്യനാണത് അവൻ ചതിയനാണ് ധിക്കാരികളുമായി രഹസ്യധാരണയിലാണ് വന്ദ്യരായ പ്രവാചകനെ ഒറ്റിക്കൊടുക്കാൻ സന്നദ്ധനായി അതിനുവേണ്ടി പണം എണ്ണിവാങ്ങി

മർയം(റ) യുടെ ജീവിതം അത് പ്രിയ പുത്രന് വേണ്ടിയുള്ളതാണ് മോനെ പിന്തുടരുകയാണ്

ഈസാ(അ) അല്ലാഹുവിന്റെ റസൂലാണെന്ന് സാക്ഷ്യം വഹിച്ചു സത്യമതത്തിൽ മുന്നേറുന്നു ഐഹിക സുഖങ്ങൾ പരിത്യജിച്ച ജീവിതം എന്തും സംഭവിക്കാവുന്ന ചുറ്റുപാടിലാണ് ജീവിതം മരണം ഏതു സമയത്തും സംഭവിക്കാം ശത്രുക്കളിൽ നിന്ന് എന്തെല്ലാം പരിഹാസങ്ങൾ കേട്ടു എന്തുമാത്രം ദുരനുഭവങ്ങൾ ഞാനൊരു പ്രവാചകന്റെ മാതാവാണ് ഇതിൽപരം ഒരു സൗഭാഗ്യം വരാനുണ്ടോ ? പൊന്നുമോന് അല്ലാഹുവിങ്കൽ നിന്ന് വഹ് യ് ഇറങ്ങുന്നു മലക്കുകൾ വരുന്നു സന്ദേശങ്ങൾ കൈമാറുന്നു ഇഞ്ചീൽ എന്ന വേദഗ്രന്ഥം താനത് പാരായണം ചെയ്യുന്നു അപ്പോൾ എന്തൊരു മനസ്സഃമാധാനം എന്റെ മോൻ അത്ഭുത ശിശുവായിട്ടു വന്നു ഉമ്മയിൽ നിന്ന് അല്ലാഹു ഒരു കുഞ്ഞിനെ ജനിപ്പിച്ചു അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തം എന്റെ മോൻ ഈസബ്നു മർയം എന്നറിയപ്പെടുന്നു ഈ മർയമിനെ ലോകം അറിയും മോന്റെ പേര് പറയുമ്പോഴൊക്കെ ഈ ഉമ്മയെ ആളുകൾ ഓർക്കും

മഹാനായ പ്രവാചകനെ പ്രസവിച്ച ഭാഗ്യവതിയായ ഉമ്മ എന്നവർ മനസ്സിൽ കരുതും

അല്ലാഹുവേ .....നിനക്കാണ് സ്തുതി

നന്ദിയുള്ള അടിമയായി അവസാന ഘട്ടം വരെ മർയം (റ) ജീവിച്ചു വമ്പിച്ച ജനത അവരെ ആദരവോടെ ഓർക്കുന്ന കാലം വരും ആ കാലം ഇതാ വന്നെത്തി അക്കാലത്താണ് നാം ഈ കഥ പറയുന്നത്

പുത്രൻ പോയി 

ആ രാത്രി അതൊരു വല്ലാത്ത രാത്രിയായിരുന്നു ഈസാനബി(അ) സന്നിഹിതനായി പ്രിയ ശിഷ്യന്മാരുമെത്തി അവരുടെ രഹസ്യകേന്ദ്രം

ശത്രുക്കൾക്ക് ഈ കേന്ദ്രം അറിയില്ല യൂദാസ് അവരുടെ കൂട്ടത്തിലുണ്ട് അവരുടെ മനസ്സിൽ ഗൂഢപദ്ധതിയുണ്ട്

ഇന്ന് രാത്രി തനിക്കുറങ്ങാൻ കഴിയില്ല പ്രഭാതത്തിൽ ശത്രുക്കളെ കൂട്ടി വരണം ഈസാനബിയെ പിടിച്ചു കൊടുക്കണം അതോടെ തന്റെ ഡ്യൂട്ടി തീർന്നു

ഈസാ(അ) ശിഷ്യന്മാർക്ക് ഉപദേശങ്ങൾ നൽകി കൂട്ടത്തിൽ പറഞ്ഞു: നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കും

ശിഷ്യന്മാർ ഞെട്ടിപ്പോയി അവർക്ക് ഈസാ(അ) അത്താഴം വിളമ്പിക്കൊടുത്തു അവർ അത്താഴം കഴിച്ചു ഈസാ(അ) അവരുടെ കൈ കഴുകിക്കൊടുത്തു കൈ തുടച്ചു കൊടുത്തു പിന്നെ അവർ പിരിഞ്ഞു

ആ രാത്രിയിൽ മലക്കുകൾ വന്നു ഈസാ(അ)നെ കൊണ്ടുപോവാൻ
വിശുദ്ധ ഖുർആൻ പറയുന്നു:

അല്ലാഹു പറഞ്ഞ സന്ദർഭം
ഓ...ഈസാ....നിശ്ചയമായും നിന്നെ ഞാൻ പൂർണമായും പിടിച്ചെടുക്കുകയും ,നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ് സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധീകരിക്കുകയും നിന്നെ പിൻപറ്റിയവരെ അന്ത്യനാൾ വരേക്കും വിശ്വസിക്കാത്തവരുടെ മീതെ ആക്കിവെക്കുകയും ചെയ്യുന്നതാണ്
പിന്നീട് എന്നിലേക്കായിരിക്കും നിങ്ങളുടെ മടക്കം അപ്പോൾ നിങ്ങൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ നിങ്ങൾക്കിടയിൽ ഞാൻ വിധി കൽപിക്കുന്നതാണ് (3:55)

യഹൂദികളുടെ ധിക്കാരം അപാരമാണ് അവർ പ്രവാചകന്മാരെ വധിക്കുക വരെ ചെയ്തു

സകരിയ്യാ (അ) രക്തസാക്ഷിയായി യഹ് യാ (അ) രക്തസാക്ഷിയായി കാലം അത് മറക്കില്ല ചരിത്രം അത് സഹിക്കില്ല മർയം (റ) ദുഃഖിച്ചു കണ്ണീരൊഴുക്കി പ്രവാചകരുടെ ദുഃഖം വീണ മണ്ണ് തന്റെ മകന്റെ രക്തം വീഴില്ല അത് കാണേണ്ടിവരില്ല മകനെ അല്ലാഹു രക്ഷപ്പെടുത്തും ശത്രുക്കൾക്ക് തൊടാൻ കിട്ടില്ല ശത്രുക്കൾ വധിക്കാൻ പ്ലാനിട്ടു പലതരം ഉപദ്രവങ്ങൾ ഏൽപിച്ചു യൂദാസിന് മുപ്പ് വെള്ളിനാണയങ്ങൾ നൽകി വശത്താക്കി ആ ക്രൂരതക്ക് ശിക്ഷയുണ്ട് ഈ ലോകത്ത് ശിക്ഷയുണ്ട് പരലോകത്തും ശിക്ഷയുണ്ട്

അല്ലാഹു പറയുന്നു:
'സത്യംനിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാൻ കഠിനമായി ശിക്ഷിക്കും അവർക്ക് സഹായികളായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല(3:56)
എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ നടത്തുകയും ചെയ്തവർക്ക് അല്ലാഹു പ്രതിഫലം പൂർത്തിയാക്കിക്കൊടുക്കുകയും ചെയ്യും അല്ലാഹു അക്രമികളെ സ്നേഹിക്കുകയില്ല (3:77)

പ്രഭാതമായി വരികയാണ് പന്ത്രണ്ട് ദുഷ്ടന്മാർ പതുങ്ങിപ്പതുങ്ങി വരുന്നു
ആ ക്രൂര കർമം നിർവഹിക്കാൻ അല്ലാഹുവിന്റെ നബിയെ വധിക്കാൻ കൈവശം ആയുധങ്ങളുണ്ട് രഹസ്യ കേന്ദ്രം അവിടെ പ്രഭാത പ്രാർത്ഥന നടത്തും അപ്പോൾ പിടിക്കാം വധിക്കാം

യൂദാസിന്റെ കൈയിൽ കത്തി കൊടുത്തു അകത്തേക്ക് വിട്ടു മറ്റുള്ളവർ പുറത്ത് കാത്തിരുന്നു അകത്ത് പോയവർ തിരിച്ചു വരുന്നില്ല സമയം കുറെയായി സംശയമായി അവർ മെല്ലെ അകത്ത് കടന്നു അവിടെ ഒരാൾ മാത്രം അയാൾ പരിഭ്രമത്തോടെ നിൽക്കുന്നു മുഖത്തേക്ക് നോക്കി ഈസാ ഇവൻ തന്നെ ഈസാ പിടികൂടി ബന്ധിച്ചു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു അവനെ സഹായിക്കാൻ ആരുമില്ല കൂറ്റൻ കുരിശ് ശത്രുക്കൾ നീണ്ട ആണികളെടുത്തു ശരീരം കുരിശിൽ വെച്ചു കാലുകളിലും കൈകളിലും തൊണ്ടയിലും ആണി അടിച്ചിറക്കി കുരിശിൽ തറച്ചു രക്തം ഇറ്റിറ്റു വീഴാൻ തുടങ്ങി ശത്രുക്കൾ ആ പ്രഭാതത്തിൽ വിളംബരം ചെയ്തു ഞങ്ങൾ അവനെ കുരിശിൽ തറച്ചു ആളുകൾ ഓടിക്കൂടി ആ രംഗം കണ്ടു ഒരാൾ സംശയം ചോദിച്ചു ഈസായെ പിടിക്കാൻ പോയപ്പോൾ നമ്മൾ എത്ര പേരുണ്ടായിരുന്നു?

പന്ത്രണ്ടുപേർ

ഇപ്പോൾ എത്ര പേരുണ്ട് ?
എണ്ണിനോക്കി പതിനൊന്ന്
ഒരാളെവിടെ?

അതാ കിടക്കുന്നു കുരിശിൽ

ആകപ്പാടെ ആശയക്കുഴപ്പം പതിനൊന്ന് പേരുണ്ട് പന്ത്രണ്ടാമനെവിടെ ? പന്ത്രണ്ടാമൻ കുരിശിൽ അതെങ്ങനെ വിശ്വസിക്കും ?

ഇസ്രാഈല്യർ ശപിക്കപ്പെട്ടു അതിന് രണ്ടു കാരണങ്ങളുണ്ട്
ഒന്ന്: പ്രവാചകനിൽ വിശ്വസിച്ചില്ല സത്യനിഷേധികളായി
രണ്ട്: മർയം(റ) യുടെ പേരിൽ ദുരാരോപണം നടത്തി
മർയം(റ) യെ അവർ വല്ലാതെ പരിഹസിച്ചു വേശ്യയെന്ന് വിളിച്ചു ഈസാ(അ)നെ ജാരസന്തതിയെന്നും വിളിച്ചു

വിശുദ്ധ ഖുർആൻ പറയുന്നു:
'അവരുടെ അവിശ്വാസംകൊണ്ടും (കുഫ്റ് കൊണ്ടും)മർയമിന്റെ പേരിൽ കള്ളാരോപണം നടത്തിയതുകൊണ്ടും (അവർ ശപിക്കപ്പെട്ടു)
ഈസായെ അവർ കൊലപ്പെടുത്തിയിട്ടില്ല അദ്ദേഹത്തെ അവർ ക്രൂശിച്ചിട്ടുമില്ല എന്നാൽ അവർക്ക് സാദൃശ്യമാക്കപ്പെടുകയാണുണ്ടായത് നിശ്ചയമായും അദ്ദേഹത്തിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായത്തിലായവർ അദ്ദേഹത്തിന്റെ സംഭവത്തിൽ സംശയത്തിൽ തന്നെയാണുള്ളത്
അവർക്ക് അദ്ദേഹത്തെക്കുറിച്ച് യാതൊരറിവും ഇല്ല ഊഹത്തെ പിൻപറ്റലല്ലാതെ ഉറപ്പായും അദ്ദേഹത്തെ അവർ കൊന്നിട്ടില്ല (4:157)

എന്നാൽ അല്ലാഹു അദ്ദേഹത്തെ അവനിലേക്ക് ഉയർത്തുകയാണ് ചെയ്തത് അല്ലാഹു പ്രതാപശാലിയും അഗാധജ്ഞാനിയുമാകുന്നു (4:158)

വിശുദ്ധ ഖുർആൻ എല്ലാം വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു
ഈസാ(അ) നെ യഹൂദർ കൊന്നിട്ടേയില്ല അല്ലാഹു ആകാശത്തേക്കുയർത്തി ഇനി അന്ത്യനാളിൽ തിരിച്ചു വരും

മർയം (റ) അതിശയത്തോടെ ഓർക്കുന്നു തന്റെ ജീവിതം തന്റെ വന്ദ്യമതാവ് ഹന്ന വന്ദ്യ പിതാവ് ഇംറാൻ മാതൃകാ ദമ്പതികൾ ഒരു കുഞ്ഞിന് വേണ്ടി അവർ എത്രയോ കാലം പ്രതീക്ഷയോടെ കാത്തിരുന്നു ഒരു കുഞ്ഞിനുവേണ്ടിയുള്ള അവരുടെ ദാഹം ചരിത്രപ്രസിദ്ധമായി

തനിക്കൊരു കുഞ്ഞ് പിറന്നാൽ ബൈത്തുൽ മുഖദ്ദസിന്റെ സേവനത്തിന് വേണ്ടി വിട്ടുതരും അത് ഉമ്മായുടെ നേർച്ച

ഉമ്മ ഗർഭിണിയായി അതിശയ വാർത്ത പരന്നു അതറിഞ്ഞപ്പോൾ ഉപ്പയുടെ സന്തോഷം കുഞ്ഞിനെ കാണാൻ വലിയ മോഹമായിരുന്നു വിധി മറിച്ചായിരുന്നു കുഞ്ഞ് പിറക്കുംമുമ്പെ ഉപ്പ യാത്രയായി പരലോകത്തേക്ക്

ഉപ്പായെ കാണാനായില്ല യത്തീമിന്റെ വേദനയറിഞ്ഞു വളർന്നു ഉപ്പായുടെയും ഉമ്മായുടെയും സ്നേഹം അത് ഒന്നിച്ചു നൽകുകയായിരുന്നു ഉമ്മ ഉമ്മായുടെ നേർച്ച അല്ലാഹു സ്വീകരിച്ചു താൻ ബൈത്തുൽ മുഖദ്ദസിലെത്തി

ഉമ്മായുടെ ഇത്താത്ത ഈശാഹ് തന്റെ പ്രിയപ്പെട്ട മൂത്തമ്മ ഈ മൂത്തമ്മയെ വിവാഹം ചെയ്തത് ഒരു നബിയാണ് സകരിയ്യ(അ) തന്റെ പ്രിയപ്പെട്ട മൂത്താപ്പ

ബൈത്തുൽ മുഖദ്ദസിൽ തന്നെ സംരക്ഷിച്ചത് ഈ മൂത്താപ്പയാണ് തനിക്ക് അറിവുകൾ പകർന്നുതന്നത് മൂത്താപ്പയാണ് നബിയാണ് നബിയുടെ ശിഷ്യയാവാൻ ഭാഗ്യമുണ്ടായി ശിശുവായിരുന്നപ്പോൾ തന്നെ അല്ലാഹു തന്നെ ആദരിച്ചു പദവികൾ തന്നു അനുഗ്രഹിച്ചു അല്ലാഹു തന്നെ തിരഞ്ഞെടുത്തു ഒരു നബിയുടെ മാതാവായി തിരഞ്ഞെടുത്തു എന്തൊരു സൗഭാഗ്യം എത്ര വലിയ പദവി

പുരുഷ സ്പർശമേൽക്കാതെ സ്ത്രീ ഗർഭിണിയാവുക അല്ലാഹുവിന്റെ ഖുദ്റത്ത് തന്നെ അത് വ്യക്തമാക്കാൻ തന്നെയാണ് തിരഞ്ഞെടുത്തത് താൻ ഗർഭിണിയായി പ്രസവിച്ചു

തന്റെ മോൻ തൊട്ടിലിൽ കിടന്ന് സംസാരിച്ചു ശക്തരായ യഹൂദ സമൂഹം അവർ കുഞ്ഞിനെ നശിപ്പിക്കാൻ നോക്കി അല്ലാഹു തന്റെ മോനെ കാത്തരക്ഷിച്ചു മകന് എന്തെല്ലാം കഴിവുകൾ നൽകി ഓർത്താൽ എല്ലാം അതിശയം നിറഞ്ഞതുതന്നെ ഒടുവിൽ അതും സംഭവിച്ചു 

ആകാശത്തേക്കുയർത്തി താനിവിടെ തനിച്ചായി
മർയം(റ) ഓർത്തുനോക്കി താൻ മോനെ പ്രസവിച്ചിട്ട് കാലമെത്രയായി ? നാൽപത് വർഷങ്ങൾ

നാല്പത് വർഷം കഴിഞ്ഞപ്പോൾ അല്ലാഹു ഈസാ(അ)നെ ആകാശത്തേക്കുയർത്തി

ആ രാത്രി ഉമ്മ കൂടെയുണ്ടായിരുന്നു എങ്ങോട്ടും പോവാനില്ല
ഈസാ(അ)ന്റെ പ്രിയ ശിഷ്യൻ ശംഊൻ

മറ്റൊരഭിപ്രായം നിലവിലുണ്ട് ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ(അ)ന് മുപ്പത്തിമൂന്ന് വയസ്സ് പ്രായം

ഉമ്മ നോക്കിനിന്നു ശംഊൻ കൂടെയുണ്ട്

ഒരു മേഘം താഴ്ന്നുവന്നു ഈസാ(അ) ഉമ്മാക്കൊരു സമ്മാനം നൽകി തന്റെ പുതപ്പ് ഉമ്മ പുതപ്പ് ചുംബിച്ചു അന്ത്യനാളിൽ മഹ്ശറയിൽ ഉമ്മ വരും ഈ പുതപ്പ് കൈവശമുണ്ടാകും

ഉമ്മായും മകനും മഹ്ശറയിൽ തിരിച്ചറിയാൻ ഈ പുതപ്പ് സഹായിക്കും
ഉമ്മ പറഞ്ഞു: അന്ത്യനാളിൽ എനിക്കും എന്റെ മോനും പരസ്പരം തിരിച്ചറിയാനുള്ള അടയാളമാണിത് ഉമ്മ കരഞ്ഞു മകനെ വേർപിരിയുന്ന വിരഹത്തിന്റെ ദുഃഖം മകൻ ആകാശത്തിലേക്കുയർന്ന സന്തോഷത്തിന്റെ കണ്ണീർ

ശംഊൻ എന്ന പ്രിയ ശിഷ്യൻ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിന്ന ശംഊൻ ഗുരുവും ശിഷ്യനും പരസ്പരം നോക്കി

ഈസാ(അ) കൈകളുയർത്തി ശിരസിൽനിന്ന് തലപ്പാവെടുത്തു ശിഷ്യന്റെ തലയിൽ വെച്ചു എന്തൊരഭിമാനം

ശംഊനിന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി ഉമ്മ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു സലാം ചൊല്ലി പിരിഞ്ഞു

ശിഷ്യർക്ക് വേണ്ടത്ര ഉപദേശങ്ങൾ കിട്ടിയിട്ടുണ്ട് ഇനി അതനുസരിച്ച് പ്രവർത്തിച്ചാൽ മതി 

സമയമായി മേഘം വലിച്ചു

അല്ലാഹുവേ....റഹ്മാനായ റബ്ബേ... ഉമ്മയുടെ നേർത്ത തേങ്ങൽ
മേഘം....അതാ ....ഉയർന്നുയർന്നു പോവുന്നു ആകാശ നീലിമയിലേക്കുയർന്നു ഉമ്മ ആകാശത്തേക്ക് നോക്കിനിന്നു പിന്നെ മെല്ലെ തിരിച്ചു നടന്നു
യഹൂദികൾ ആഹ്ലാദത്തിമർപ്പിലാണ് ഈസായെ കൊന്നു എന്നവർ നാടുനീളെ പ്രചരിപ്പിച്ചു

വധിക്കപ്പെട്ടത് യൂദാസാണ് അക്കാര്യം മറച്ചുവെച്ചു കുരിശിൽ തറച്ചതിന്റെ ഏഴാം ദിവസം ജഢം താഴെയിറക്കി ആളുകൾ വന്നുകൂടി ഖബറടക്കൽ കർമം നിർവഹിക്കപ്പെട്ടു അവർ സംശയങ്ങളുടെ പിടിയിലാണ്

യൂദാസ് എവിടെ? കാണാനില്ല
എങ്കിൽ കൊലചെയ്യപ്പെട്ടത് യൂദാസാണോ ?
അപ്പോൾ ഈസായോ ?
ഈസായെവിടെ ?

കുരിശിൽ തറച്ചു കൊന്നു
അത് ശരി എങ്കിൽ യൂദാസെവിടെ ?

അന്ന് തുടങ്ങിയ സംശയം കാലം കടന്നുപോയിട്ടും സംശയം ബാക്കിയായി
പിൽക്കാല ചരിത്രം ശംഊനിനെ ഓർക്കുന്നു

വിശുദ്ധ ഖുർആനിലെ മുപ്പത്തി ആറാം അധ്യായം സൂറത്ത് യാസീൻ
അതിൽ രണ്ടു ദൂതന്മാർ വന്ന ചരിത്രം പറയുന്നു മൂന്നാമതൊരു ദൂതൻ കൂടി വന്നു ആ വന്നത് ശംഊൻ ആയിരുന്നു ഖുർആൻ വ്യാഖ്യാതാക്കളിൽ ചിലർ അങ്ങനെയാണ് പറഞ്ഞത്

തൃക്കല്യാണം


സയ്യിദുനാ മുഹമ്മദ് മുസ്തഫാ(സ) തങ്ങളുടെ കാലം മുശ്രിക്കുകളെ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു അവർ സ്വീകരിക്കുന്നില്ല പലതരം ഉപദ്രവങ്ങൾ ചെയ്യുന്നു പീഡനങ്ങൾ തുടരുന്നു

അപ്പോൾ ജിബ്രീൽ (അ) വന്നു ദിവ്യസന്ദേശങ്ങൾ നൽകി ഒരു ഗ്രാമനിവാസികളുടെ ചരിത്രം

രണ്ട് മുർസലുകൾ (ദൂതന്മാർ) വന്ന ചരിത്രം ഈ ദൂതന്മാർ ഈസാ(അ)ന്റെ രണ്ട് ശിഷ്യന്മാരായിരുന്നുവെന്ന് പല ഖുർആൻ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട് ഖുർആൻ വചനങ്ങളുടെ ആശയം ഇങ്ങനെയാവുന്നു :

'അതായത് അവരുടെ അടുക്കലേക്ക് നാം രണ്ട് ആളുകളെ അയച്ച സന്ദർഭം അപ്പോൾ ആ രണ്ടുപേരെയും അവർ നിഷേധിച്ചു തൽസമയം മൂന്നാമതൊരാളെക്കൊണ്ട് നാം അവർക്ക് പ്രാബല്യം എന്നിട്ടവർ പറഞ്ഞു : നിശ്ചയമായും ഞങ്ങൾ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാകുന്നു '(36:14)

ആ നാട്ടുകാർ പറഞ്ഞു: നിങ്ങൾ ഞങ്ങളെപ്പോലുള്ള മനുഷ്യർ മാത്രമാണ് കരുണാനിധിയായ അല്ലാഹു ഒന്നുംതന്നെ അവതരിപ്പിച്ചിട്ടുമില്ല നിങ്ങൾ പറയുന്നത് കള്ളം മാത്രമാണ് (36:15)

അവർ പറഞ്ഞു: നിശ്ചയം ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടവർ തന്നെയാണെന്ന് ഞങ്ങളുടെ രക്ഷിതാവിന്നറിയാം (36:16)

സ്പഷ്ടമായ സന്ദേശം എത്തിക്കലല്ലാതെ ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല (36:17)

ഏതാണ് ആ നാട്?
പൗരാണിക പട്ടണം അന്താക്കിയ
ആരായിരുന്നു രണ്ട് ദൂതന്മാർ ?
ഹവാരികളിൽ പെട്ട രണ്ടുപേർ
യോഹന്നാൻ,പൗലോസ്

മൂന്നാമത് പറഞ്ഞ ദൂതൻ ശിമോൻ (ശംഊൻ)

അന്താക്കിയ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ടെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട് അന്താക്കിയ വളരെ പ്രസിദ്ധമാണ് ഈസാനബി (അ) ന്റെ ക്ഷണം വന്നപ്പോൾ അന്താക്കിയക്കാർ ഒന്നാകെ ഇസ്ലാമിലേക്കു വന്നു എന്നു രേഖപ്പെടുത്തിയവരുണ്ട് എങ്കിൽ ഇത് മറ്റൊരു അന്താക്കിയ ആവാം അല്ലെങ്കിൽ മറ്റൊരു രാജ്യമാകാം

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു:

ഈസാ(അ) നെ ആകാശത്തേക്കുയർത്തപ്പെട്ടതിന് ശേഷം രണ്ട് ശിഷ്യന്മാർ അന്താക്കിയായിലേക്ക് പുറപ്പെട്ടു പട്ടണത്തിന്റെ അതിർത്തിയിൽവെച്ച് അവർ ഒരു മരപ്പണിക്കാരനെ കണ്ടുമുട്ടി മരപ്പണിക്കാരൻ ഹബീബ്

ദൂതന്മാർ ഹബീബിനോട് സംസാരിച്ചു സർവലോക രക്ഷിതാവായ അല്ലാഹുവിനെക്കുറിച്ച് സംസാരിച്ചു ഈസാ നബി (അ) നെ കുറിച്ചു പറഞ്ഞു ഹബീബിനെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു

ഹബീബ്: നിങ്ങളുടെ കൈയിൽ എന്ത് തെളിവാണുള്ളത് ?
ദൂതന്മാർ: അല്ലാഹുവിന്റെ അനുമതിയോടെ ഞങ്ങൾ കുരുഢന്മാർക്ക് കാഴ്ച നൽകും കുഷ്ഠരോഗം സുഖപ്പെടുത്തും
ഹബീബ്: എനിക്കൊരു മകനുണ്ട് അവൻ രണ്ട് വയസ്സു മുതൽ രോഗിയാണ് നിങ്ങളവനെ സുഖപ്പെടുത്തിത്തന്നാൽ ഞാൻ വിശ്വസിക്കാം
ദൂതന്മാർ അല്ലാഹുവിനോട് പ്രാർത്ഥിച്ചു രോഗം മാറി ഹബീബ് ഇസ്ലാം മതം വിശ്വസിച്ചു

വിവരം നാടാകെ പരന്നു അന്താക്കിയ രാജാവും വിവരമറിഞ്ഞു
രാജാവ് ദൂതന്മാരെ കൊട്ടാരത്തിൽ വരുത്തി ചോദ്യം ചെയ്തു അവർ അല്ലാഹുവിനെക്കുറിച്ചും ഈസാ(അ) നെക്കുറിച്ചും വേദഗ്രന്ഥമായ ഇഞ്ചീലിനെ കുറിച്ചും സംസാരിച്ചു

രാജാവ് ബിംബാരാധകനാണ് ജനങ്ങളും അങ്ങനെത്തന്നെ ജനങ്ങൾ ദൂതന്മാരുടെ സംസാരം കേൾക്കരുത് അതുകൊണ്ട് ദൂതന്മാരെ പിടിച്ച് നൂറ് അടി അടിച്ചു ജയിലിലിട്ടു ഈ വാർത്തയും നാട്ടിൽ പരന്നു പുറംനാടുകളിലുമെത്തി

ഈസാ(അ) ന്റെ ശിഷ്യനായ ശംഊൻ വിവരമറിഞ്ഞു ഉടനെ അന്താക്കിയായിലേക്ക് പുറപ്പെട്ടു

രാജസദസ്സിലെത്തി രാജാവ് ആരാധിക്കുന്നു ബിംബങ്ങൾക്കു മുമ്പിൽ നമിക്കുന്നു

ബുദ്ധിമാനായ ശംഊൻ അല്ലാഹുവിന് സുജൂദ് ചെയ്തു ശംഊൻ രാജാവുമായി തന്ത്രപരമായി അടുത്തു ഒരു ദിവസം സംഭാഷണത്തിന്നിടയിൽ രാജാവ് രണ്ട് ദൂതന്മാരെപ്പറ്റി പറഞ്ഞു ശംഊനിന്റെ ആവശ്യപ്രകാരം രണ്ട് ദൂതന്മാരെ വരുത്തി അവരോട് ദൈവത്തെക്കുറിച്ചു ചോദിച്ചു

രാജാവിന്റെ മുമ്പിൽ ഒരു അന്ധനെ ഹാജറാക്കി ദൂതന്മാർ പ്രാർത്ഥിച്ചു കാഴ്ച കിട്ടി

മറ്റൊരു കുരുഡനെ ഹാജറാക്കി ശംഊൻ രാജാവിനോട് സ്വകാര്യം പറഞ്ഞു: രാജാവേ അങ്ങ് ബിംബങ്ങളോട് പറയൂ അന്ധത മാറ്റാൻ

രാജാവ് ബിംബങ്ങളോട് സംസാരിച്ചില്ല രോഗം മാറ്റാൻ വിഗ്രഹങ്ങൾക്കാവില്ലല്ലോ

ശംഊൻ ദൂതന്മാരോട് പറഞ്ഞു: ഏഴ് ദിവസം മുമ്പ് ഒരാൾ മരിച്ചിട്ടുണ്ട് ശവം സൂക്ഷിച്ചുവെച്ചിട്ടുണ്ട് അയാൾക്ക് ജീവൻ നൽകിയാൽ ഞങ്ങൾ വിശ്വസിക്കാം

എല്ലാവരും ശവത്തിന്നടുത്തേക്ക് നടന്നു 'അല്ലാഹുവിന്റെ അനുമതിയോടെ എഴുന്നേൽക്കുക 'ദൂതന്മാർ പറഞ്ഞു

ശവം എഴുന്നേറ്റു ഉടനെ ശംഊൻ പ്രഖ്യാപിച്ചു
ഞാനിതാ നിങ്ങളുടെ ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നു ഈ പരസ്യ പ്രഖ്യാപനം രാജാവിന് ഇഷ്ടപ്പെട്ടില്ല അയാൾ ബിംബങ്ങളെ കൈവെടിയാൻ തയ്യാറില്ല

ജീവൻ കിട്ടിയ ശവം പറയുന്നു: ഈ ദൂതന്മാർ പറയുന്ന അല്ലാഹുവിൽ നിങ്ങൾ വിശ്വസിക്കുക അവനെ മാത്രം ആരാധിക്കുക ബിംബാരാധന ഉപേക്ഷിക്കുക

ഇതു കേട്ടപ്പോൾ പലരും പരസ്യമായി വിശ്വാസം പ്രകടിപ്പിച്ചു ഒരു കൂട്ടമാളുകൾ വിശ്വസിച്ചപ്പോൾ മറ്റുള്ളവർ എതിർത്തു

രാജാവിന്റെ പ്രഖ്യാപനം വന്നു രണ്ടു ദൂതന്മാരെയും ശംഊനിനെയും വിശ്വസിച്ച ആളുകളെയും വധിക്കുക അതൊരു വിപ്ലവത്തിലേക്കു നീങ്ങി

ജീവൻ കിട്ടിയ മനുഷ്യൻ സത്യവിശ്വാസം പ്രകടിപ്പിച്ച ശേഷം മരണപ്പെട്ടു
അന്താക്കിയായിലെ വിവരങ്ങൾ ഹബീബ് അറിഞ്ഞു നേരത്തെ പറഞ്ഞ മരപ്പണിക്കാരൻ അദ്ദേഹം മുസ്ലിമായിക്കഴിഞ്ഞിരുന്നു വളരെ അകലെയുള്ള പ്രദേശത്ത് നിന്ന് അദ്ദേഹം ഓടിയെത്തി ഹബീബ് ജനങ്ങളോട് വിളിച്ചു പറഞ്ഞു:

ഹേ.... ജനങ്ങളേ .... ഈ ദൂതന്മാർ പറയുന്നതാണ് സത്യം നിങ്ങൾ അവരിൽ വിശ്വസിക്കുക അവർ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല അവർ പറയുന്ന അല്ലാഹുവിൽ വിശ്വസിക്കുക രക്ഷപ്പെടുക
അവനെ വധിച്ചു കളയുക

രാജാവ് കൽപിച്ചു കിങ്കരന്മാർ ഹബീബിനെ നിഷ്ഠൂരമായി മർദ്ദിച്ചു വധിച്ചു കളഞ്ഞു

ഹാ....എന്തൊരു സന്തോഷം അല്ലാഹു എന്റെ പാപങ്ങളെല്ലാം പൊറുത്തുതന്നു സമുന്നതമായ പദവിയിൽ എന്നെ എത്തിച്ചുതന്നു ഈ സന്തോഷകരമായ അവസ്ഥ ഈ ജനത അറിഞ്ഞിരുന്നെങ്കിൽ....

ഹബീബ് രക്തസാക്ഷിയായി ആഹ്ലാദഭരിതനായി

സൂറത്ത് യാസീനിൽ പറയുന്നത് ശ്രദ്ധിക്കുക:

'ആ പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരു പുരുഷൻ ഓടി വന്നു അയാൾ പറഞ്ഞു: എന്റെ ജനങ്ങളേ.... നിങ്ങൾ ഈ ദൂതന്മാരെ പിൻപറ്റുക '(36:20)

'അതായത് നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടാത്തവരെ നിങ്ങൾ പിൻപറ്റുക അവർ സന്മാർഗം പ്രാപിച്ചവരാകുന്നു '(36:21)

'നിങ്ങളുടെ രക്ഷിതാവിൽ നിശ്ചയമായും ഞാൻ വിശ്വസിച്ചിരിക്കുന്നു അതിനാൽ എന്റെ വാക്ക് നിങ്ങൾ കേട്ടുകൊള്ളുക'(36:25)

ഇന്നീ ആമൻതു ബിറബ്ബികും ഫസ്മഊൻ

'നീ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക ' എന്ന് അദ്ദേഹത്തോട് പറയപ്പെട്ടു അദ്ദേഹം പറഞ്ഞു: ഹാ..... എന്റെ റബ്ബ് എനിക്ക് പുറത്തു തന്നതിനെക്കുറിച്ചും എന്നെ മാന്യന്മാരുടെ കൂട്ടത്തിൽ ആക്കിത്തന്നതിനെക്കുറിച്ചും എന്റെ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ (36:26,27)

ഈസാ(അ)ന്റെ അനുയായികൾ അല്ലാഹുവിന്റെ അനുഗ്രഹീത ദാസന്മാരായിരുന്നു ഭീകരന്മാരായ ശത്രുക്കൾക്കിടയിലായിരുന്നു അവർ ദീനീ പ്രചരണം നടത്തിയിരുന്നത് നിരവധിയാളുകൾ ഇസ്ലാമിലേക്കു വരാൻ അവർ കാരണമായിട്ടുണ്ട്

ഈസാ(അ) പറഞ്ഞ വാക്കുകൾ അവർ സംസാരിക്കുമ്പോൾ ഉദ്ധരിക്കുമായിരുന്നു

യഹൂദന്മാരോട് ഈസാ(അ) പറഞ്ഞു:

ഹേ.... ഇസ്രാഈല്യരേ.... ദുർബലരായ മനുഷ്യമക്കളേ.... ഈ ദുനിയാവിൽ ഒരു സഞ്ചാരിയെപ്പോലെ ജീവിക്കുക സഞ്ചാരിക്ക് ഒരു നാട്ടിലും സ്ഥിരതയില്ല വേഗത്തിൽ യാത്രയാവും ഭൂമിയിലെ ജീവിതം അതുപോലെയാണ് ഏതുനേരവും യാത്രയാവാം

മസ്ജിദുമായുള്ള ബന്ധം സുദൃഢമാക്കുക കൂടുതൽ സമയം അവിടെ ചെലവഴിക്കുക

ചെയ്തുപോയ കുറ്റങ്ങൾ ഓർത്തു കരയുക കണ്ണിനെ കരയാൻ പരിശീലിപ്പിക്കുക ക്ഷമിക്കുക ശരീരത്തെ ക്ഷമിക്കാൻ പരിശീലിപ്പിക്കുക

അല്ലാഹുവിനെ ഓർക്കുക പറയുക ദിക്റുകൾ വർധിപ്പിക്കുക ഖൽബിനെ അതിന് പാകപ്പെടുത്തുക നാളത്തെ ആഹാരത്തിൽ വെപ്രാളം കാണിക്കരുത്

യഹൂദർക്ക് ഈ ഉപദേശങ്ങൾ സഹിച്ചില്ല അവർ ഉപദ്രവിച്ചു കൊണ്ടിരുന്നു ചെറിയൊരു വിഭാഗം ഉപദേശങ്ങൾ സ്വീകരിച്ചു അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചു തൗഹീദ് ചൊല്ലിക്കൊണ്ടിരുന്നു

ലാഇലാഹ ഇല്ലല്ലാഹ് ഈസാ റൂഹുല്ലാഹ് മർയം(റ)യും അത് ചൊല്ലി കരളിൽ കുളിര് വീണുപോയി

റൂഹുല്ലാഹ് എന്റെ പൊന്നോമന മകൻ ആ മകനിൽ വിശ്വസിച്ചവരെല്ലാം തനിക്ക് മക്കൾ തന്നെയാണ് പ്രിയപ്പെട്ട മക്കൾ അവർ തന്നോട് കാണിക്കുന്ന സ്നേഹം എന്തുമാത്രം വിലപ്പെട്ടതാണത് എത്ര നിഷ്കളങ്കമാണത് പ്രവാചകന്റെ മാതാവ് ആ മാതാവിന്റെ ജീവിതയാത്ര എല്ലാം അവർ കണ്ടും കേട്ടും പഠിച്ചു ഒന്നു കണ്ടാൽ മതി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകും മുഅ്മിനീങ്ങൾ സത്യവിശ്വാസികൾ

എന്തുമാത്രം കഷ്ടപ്പാടുകളാണവർ സഹിക്കുന്നത് പരീക്ഷണങ്ങളിൽ വെന്തുരുകുന്നു മനസ് നിറയെ തീജ്വാലകളുമായി ചിലർ വരും ഉമ്മയെ കാണാൻ ഉമ്മയുടെ ശാന്തമായ മുഖം ഉമ്മയുടെ ചില വാക്കുകൾ അതു കേൾക്കുമ്പോൾ മനസ്സിലെ തീജ്വാലകൾ അണയുന്നു സ്നേഹസാഗരമാണ് ഉമ്മ മർയം




ഈസാ(അ)യിൽ വിശ്വസിച്ച വനിതകൾ അല്ലാഹുവിന്റെ കൽപനയനുസരിച്ചവർ അവർ സ്വർഗത്തിലെത്തിച്ചേരും സ്വർഗത്തിൽ അവർക്കൊരു നായികയുണ്ടാവും മർയം(റ) ഭൂമിയിൽ അവർ വിവാഹിതയായില്ല ഒരു കല്യാണാഘോഷം നടന്നില്ല കല്യാണം നടക്കും സ്വർഗത്തിൽ മഹത്തായ തൃക്കല്യാണം അതാണ് കല്യാണം അതാണ് യഥാർത്ഥ ആഘോഷം ആസിയ(റ) മർയം(റ) ഇവരുടെ വിവാഹം നടക്കുന്ന പന്തൽ ആ പന്തലിലെ അലങ്കാരങ്ങൾ അവിടത്തെ ആഘോഷങ്ങൾ മുഅ്മിനീങ്ങൾ ക്ഷണിക്കപ്പെടും പോകും അതിമനോഹരമായ ഇരിപ്പിടങ്ങൾ മുഅ്മിനീങ്ങൾ അവയിലിരിക്കും മനോഹരമായ കപ്പുകൾ നീട്ടിത്തരും രുചികരമായ പാനീയങ്ങൾ ഇതുവരെ കിട്ടാത്ത രുചി അന്നത്തെ ആഹ്ലാദം അതാണ് ആഹ്ലാദം പഴയകാലത്തെ മതപ്രസംഗ വേദികൾ ഇതൊക്കെ പറയാൻ ഉപയോഗപ്പെടുത്തിയിരുന്നു കേൾവിക്കാരുടെ മനസ്സിൽ ആഹ്ലാദം നിറയും

തൃക്കല്യാണത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം ഈ ചരിത്രം വായ്ച്ചു തീരുമ്പോൾ നമ്മുടെ മനസ്സിലും ആ ആഗ്രഹം വരണം നമുക്കതിൽ പങ്കെടുക്കണം അതിനുള്ള വഴി നാം അന്വേഷിച്ചു കണ്ടെത്തണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

ഈസാ (അ) ഉയർത്തപ്പെട്ട് അഞ്ച് വർഷം കഴിഞ്ഞപ്പോൾ മർയം(റ) വഫാത്തായി അമ്പത്തി മൂന്നാം വയസ്സിൽ വഫാത്ത് സ്വർഗത്തിൽ പുണ്യവതിയായ മർയം (റ) യെ അല്ലാഹു നമുക്ക് കാണിച്ചുതരുമാറാവട്ടെ ആമീൻ

1 comment: