Wednesday 1 May 2019

ശുഐബ് നബി (അ)






മനുഷ്യോൽപ്പത്തി മുതൽ തുലാസും അനിവാര്യമായി വന്നു ഭൗതിക ജീവിതത്തിലെ തുലാസ് എത്ര കൃത്യമായി കൈകാര്യം ചെയ്യുന്നുവോ അപ്രകാരമായിരിക്കും പാരത്രിക ജീവിതത്തിലെ വിജയപരാജയങ്ങളും

നബി(സ) പറയുന്നു: വിശ്വസ്ഥനും സത്യസന്ധനുമായ കച്ചവടക്കാരൻ അമ്പിയാക്കളോടും സിദ്ദീഖീങ്ങളോടും ശുഹദാക്കളോടും കൂടിയാണ്

അളവിലും തൂക്കത്തിലും കാണിച്ച കൃത്രിമത്തിനെതിരെ ശുഐബ് നബി (അ) പൊരുതിയ കഥയും അന്തര തിക്തഫലങ്ങളും ഖുർആന്റെ വെളിച്ചത്തിൽ വിവരിക്കുകയാണിവിടെ വായിക്കുക ഉൾക്കൊള്ളുക.

ഖലീലുല്ലാഹി ഇബ്രാഹിം (അ) ന്റെ ഓമന മകനാണ് മദ് യൻ ഹിജാസിൽ സിറിയയോടടുത്ത പ്രദേശത്ത് താമസമാക്കി സൽഗുണ സമ്പന്നനായ നേതാവ്. അദ്ദേഹത്തിന്റെ സന്താന പരമ്പര മദ് യൻ ഗോത്രമായി അദ്ദേഹം മരണപ്പെട്ടപ്പോൾ നാടിനും ആ പേര് കിട്ടി തലമുറകൾ കടന്നുപോയപ്പോൾ ജനങ്ങൾ തൗഹീദിൽ നിന്നകന്നു അഹങ്കാരികളായി കൊള്ളയും പിടിച്ചു പറിയും തുടങ്ങി ബിംബാരാധന വ്യാപകമായി ഏക ഇലാഹിനെ മറന്നു അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചു കൊള്ളലാഭമുണ്ടാക്കി ആ ജനതയെ നേർവഴിക്ക് നടത്താൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് ശുഐബ് നബി (അ) വാചാലമായി പ്രസംഗിക്കും നല്ല ഭാഷാ ശൈലി കാലം അദ്ദേഹത്തെ ഖത്വീബുൽ അമ്പിയാഹ് എന്നു വിളിച്ചു എക്കാലത്തെയും ജനങ്ങൾക്കദ്ദേഹം മാതൃകാപുരുഷനാണ്


ഇബ്രാഹിം (അ)ന്റെ മകൻ

വിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ശുഐബ് (അ) അദ്ദേഹത്തിന്റെ പരമ്പര ഇബ്രാഹിം (അ) ചെന്നെത്തുന്നു.

ഇബ്രാഹിം (അ) പുത്രൻ മദ് യൻ പുത്രൻ ഈഫാ പുത്രൻ നുവൈബ് പുത്രൻ ശുഐബ് (അ)

മറ്റൊരു രീതിയീലും പരമ്പരാ പരമ്പര പറയപ്പെട്ടിരിക്കുന്നു അതിപ്രകാരമായിരുന്നു

ഇബ്രാഹിം (അ) ,പുത്രൻ മദ് യൻ പുത്രൻ സാബിത് ,പുത്രൻ ഈഫാ പുത്രൻ ളൈഫൂർ പുത്രൻ ശുഐബ് (അ).

വേറെയും റിപ്പോർട്ടുകൾ കാണുന്നുണ്ട്

ഇബ്രാഹിം (അ)ന്റെ രണ്ട് ഭാര്യമാരുടെ പേരുകൾ സർവ്വത്ര പ്രചാരത്തിലുണ്ട് 1.സാറാ (റ) 2. ഹാജറ (റ)

ഹാജറ (റ)യുടെ പുത്രനാണ് ഇസ്മാഈൽ ( അ)

സാറാ(റ)യുടെ പുത്രനാണ് ഇസ്ഹാഖ് (അ)

പൗരപ്രമുഖനായ യഖ്ത്വൻ എന്നിവരുടെ പുത്രിയാണ് ഖൻത്വൂറ ഇവരെ ഇബ്രാഹിം (അ) വിവാഹം ചെയ്തു ഇവർക്ക് ആറ് മക്കൾ ജനിച്ചു

1. മദ് യൻ 2. സംറാൻ 3. സറജ് 4. യഖ്ശാൻ 5. നശ്ഖ് ആറാമത്തെ കുട്ടിക്ക് പേര് നൽകപ്പെട്ടിട്ടില്ല

ഇബ്രാഹിം നബി (അ)ന്റെ മറ്റൊരു ഭാര്യയാണ് ഹജൂൻ ഇവർക്ക് അഞ്ച് മക്കളുണ്ടായിരുന്നു

1.കൈസാൻ 2.സൂരജ് 3. ഉമയ്മ് 4. ലൂത്വാൻ 5. നാഫിസ്
ഇബ്രാഹിം (അ)ന്റെ മൂത്ത പുത്രൻ ഇസ്മാഈൽ(അ) മാതാവിനോടൊപ്പം മക്കയിൽ താമസിച്ചു

രണ്ടാമത്തെ പുത്രൻ ഇസ്ഹാഖ് (അ) മാതാവിനോടും പിതാവിനോമൊപ്പം ഫലസ്തീനിൽ താമസിച്ചു.

മറ്റൊരു പുത്രനായ മദ് യൻ താമസിച്ചത് ഹിജാസിന്റെ വടക്ക് ഭാഗത്ത് സിറിയയോട് തൊട്ടുകിടക്കുന്ന ഒരു പ്രദേശത്തായിരുന്നു മദ് യൻ താമിസിച്ച നാട്ടിന്ന് പിൽക്കാലത്ത് അദ്ദേഹത്തിന്റെ തന്നെ പേര് കിട്ടി മദ് യൻ ഒരു പട്ടണമായി വളർന്നു പ്രസിദ്ധമായ മആൻ പട്ടണത്തിന്റെ സമീപത്താണിത്

അൽ-അഖബ ഉൾക്കടലിന്റെയും ചാവുകടലിന്റെയും ഇടയിലാണ് മദ് യൻ പ്രദേശം കിഴക്ക് മആൻ പട്ടണവും പടിഞ്ഞാറ് ഭാഗത്ത് സീനാ മരു ഭൂമിയും സ്ഥിതിചെയ്യുന്നു മദ് യൻ എന്നിവരുടെ സന്താന പരമ്പര മദ് യൻ ഗോത്രം എന്നറിയപ്പെട്ടു നാട്ടിന്റെ പേരും മദ് യൻ തന്നെ.

ആദ്യ ഘട്ടത്തിൽ അവരെല്ലാം ഇബ്രാഹിം (അ) ന്റെ ശിക്ഷണമനുസരിച്ചു ജീവിച്ചു പോന്നു അവർ നല്ല കായികശേഷിയുള്ളവരും അധ്വാനശീലരുമായിരുന്നു. കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു തൊഴിൽ. ഇതിൽ നിന്ന് നല്ല വരുമാനമുണ്ടായി ശാം ലോക പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് മദ് യൻകാർ ശാമിലേക്കു പോവും ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ട് പോരും. പലനാടുകളിൽ നിന്നുള്ള കച്ചവട സംഘങ്ങൾ മദ് യനിലൂടെ കടന്നു പോവും അവരുടെ പോക്കുവരവും മദ് യൻകാർ ശ്രദ്ധിക്കും. ഏതൊക്കെ നാട്ടാകാരാണവർ ? എന്തൊക്കെ വസ്തുക്കൾ കൊണ്ട് പോവുന്നു ? എത്ര ഒട്ടകങ്ങൾക്ക് ചുമക്കാനുള്ള ചരക്കുണ്ട് ? എത്ര യോദ്ധാക്കൾ അകമ്പടി സേവിക്കുന്നുണ്ട് ? എല്ലാം മദ് യൻകാർ കണ്ട് പഠിച്ചു ചോദിച്ചറിഞ്ഞു അതൊരു വിജ്ഞാന ശാഖയായിരുന്നു കച്ചവടത്തിന്റെയും കച്ചവടയാത്രയുടെയും വിശദാംശങ്ങൾ പിൽക്കാലത്ത് മദ് യൻകാർ മികച്ച കച്ചവടക്കാരായിത്തീർന്നു കച്ചവടത്തിലൂടെ സമ്പന്നന്മാരായിത്തീർന്നു.

പ്രവാചക പുത്രൻ മദ് യൻ ദിവംഗതനായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു അദ്ദേഹവും സന്താനങ്ങളും ഏകനായ അല്ലാഹുവിനെ ആരാധിച്ചു ഏകദൈവ വിശ്വാസം ഏറെക്കാലം നിലനിന്നു തലമുറകൾ പലത് കടന്നുപോയി. മദ് യൻ പ്രസിദ്ധ പട്ടണമായി മാറി പട്ടണങ്ങളിലെ ധനികന്മാർ ധിക്കാരികളായിത്തീർന്നു. കച്ചവടം ലാഭകരമാണ് ചെറിയ ലാഭം പോര മിതമായ ലാഭവും പോര കൊള്ളലാഭം വേണം ധനം കുന്നുകൂടണം കച്ചവടത്തിൽ കൃത്രിമം തുടങ്ങി പൂഴ്ത്തിവെപ്പും മായവും തുടങ്ങി. 

അളവിലും തൂക്കത്തിലും വഞ്ചന ജനങ്ങൾ സാധനങ്ങൾ വിൽക്കാൻ കൊണ്ടുവരും അളന്നെടുക്കേണ്ട സാധനങ്ങളുണ്ടാവും തൂക്കി വാങ്ങേണ്ടതുമുണ്ടാകും അളക്കുമ്പോൾ അല്പം കൂടുതൽ അളന്നെടുക്കും തൂക്കുമ്പോഴും കൂടുതലെടുക്കും ഒന്നേകാൽ തൂക്കിയെടുക്കും ഒരുകിലോ ഉണ്ടെന്നു പറയും അതിന്റെ വിലയും നൽകും വില്പന നടത്തുമ്പോഴോ ? ഒരു കിലോ സാധനം വാങ്ങാൻ ഒരാൾ വരുന്നു തുക്കിക്കൊടുക്കും തുക്കം ശരിക്കുണ്ടാവില്ല. ശരിയായ തുലാസിലിട്ട് തൂക്കിയാൽ കുറവ് മനസ്സിലാവും അളത്തവും അങ്ങനെ തന്നെ തൂക്കി വാങ്ങുമ്പോൾ കൂടുതലെടുക്കും വിൽക്കുമ്പോൾ കുറവുണ്ടാവും ആദ്യമൊക്കെ ചിലയാളുകൾ മാത്രമാണിങ്ങനെ ചെയ്തിരുന്നത് പിന്നെപ്പിന്നെ കച്ചവടക്കാർക്കിടയിൽ ഇത് പ്രചരിച്ചു ഏതാണ്ട് എല്ലാവരും കൊള്ളലാഭക്കാരായി.

മദ് യന്റെ സന്താന പരമ്പരയിൽ ശുഐബ് എന്ന കുട്ടി ജനിച്ചു ആ സമുദായത്തിലേക്കുള്ള നബിയായി ആ കുഞ്ഞിനെയാണ് അല്ലാഹു നിശ്ചയിച്ചത്.

ഗോത്രത്തിന്റെ ഓമനയായി കുട്ടി വളർന്നുവന്നു ആരോഗ്യമുള്ള യുവ കോമളൻ ശുഐബ് (അ)ന്റെ ഉമ്മ ലൂത്വ് (അ)ന്റെ മകളായിരുന്നു അവരുടെ പേര് മൈക്കോൽ എന്നായിരുന്നു ശുഐബ് (അ) മാതാവിന്റെ പേര് മീക്കാ വെന്നും കാണുന്നു

ലൂത്വ് (അ)ന്റെ മകൾ ശുഐബ് (അ)ന്റെ വല്ല്യൂമ്മ (ഉമ്മയുടെ ഉമ്മ) ആയിരുന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്

വഹബ് ബ്നു മുനബ്ബഹ് രേഖപ്പെടുത്തിയതിങ്ങനെയാണ് ശുഐബ് ,മുൽഗം എന്നീ ചെറുപ്പക്കാർ ഇബ്രാഹിം (അ) തീയിലെറിഞ്ഞ ദിവസം ഇസ്ലാം മതം വിശ്വസിച്ചു ഇബ്രാഹിം നബിയോടൊപ്പം ഇരുവരും ശാമിലേക്ക് ഹിജ്റ പോയി രണ്ട് പേരും ലൂത്വ് (അ)ന്റെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തു ഈ റിപ്പോർട്ട് ഉദ്ധരിച്ച ശേഷം അല്ലാഹു അഹ്ലം എന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു ശുഐബ് (അ)നിയോഗിക്കപ്പെട്ടത് മദ് യൻ എന്ന രാജ്യത്തേക്ക് മാത്രമായിരുന്നോ ? അവിടെയും ചില അഭിപ്രായങ്ങൾ കാണുന്നു

മദ് യനിലേക്ക് ശുഐബിനെ അയച്ചു എന്ന് വിശുദ്ധ ഖുർആനിലുണ്ട്

ഐക്കത്ത് എന്ന പ്രദേശത്തേക്കുള്ള പ്രവാചകനും ശുഐബ് ( അ) തന്നെയാണ്.



അസ്ഹാബുൽ ഐക്കത്ത് (ഐക്കത്തുകാർ) എന്നാണ് ഖുർആനിന്റെ പ്രയോഗം മൂന്നു രാജ്യങ്ങളിലേക്ക് നബിയായി നിയോഗിക്കപ്പെട്ടു എന്നു പറഞ്ഞവരുമുണ്ട്.

മദ് യനും ഐക്കത്തും രണ്ട് രാജ്യങ്ങളാകുന്നു. ചരിത്രകാരന്മാരിൽ ചിലർ അങ്ങനെ രേഖപ്പെടുത്തി. അവരണ്ടും രണ്ട് രാജ്യങ്ങളല്ല ഒരൊറ്റ രാജ്യമാണ് ചിലർ അങ്ങനെ രേഖപ്പെടുത്തി. ആദ്യം മദ് യനിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് ഐക്കത്തിലേക്ക് നിയോഗിക്കപ്പെട്ടു ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്.

ശുഐബ് (അ) സ്വാലിഹ് (അ)ന്റെ വംശത്തിൽ പെട്ടവരാണെന്ന് പറഞ്ഞവരുണ്ട്. ഹിംയർ വംശക്കാരനാണെന്നാണ് മറ്റൊരഭിപ്രായം.

അബൂദർറ് (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം

ഓ ..അബൂ ദർറ് നാല് നബിമാർ അറബികളിൽ നിന്നുള്ളവരാകുന്നു ഹൂദ് ,സ്വാലിഹ്, ശുഐബ് പിന്നെ നിങ്ങളുടെ നബിയും ഖാത്വീബുൽ അമ്പിയാഹ്
പ്രവാചകന്മാർക്കിടയിലെ പ്രഭാഷകൻ

ശുഐബ് (അ) അങ്ങനെ അറിയപ്പെട്ടിരുന്നു ഹദീസിലും അങ്ങനെയുണ്ട്. ആകർഷകമായ ഭാഷയിൽ വാചാലമായി പ്രസംഗിക്കും മനുഷ്യമനസ്സുകളുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലും വാക്കുകൾ ചലനം സൃഷ്ടിക്കും ആ വാചാലതപോലും മദ് യൻ ജനതയുടെ നേതാക്കളെ ഇളക്കിയില്ല അവരുടെ ഗർവ്വും അഹങ്കാരവും അത്രമേൽ ശക്തമായിരുന്നു.


ശരിയായ തുലാസ് വേണം 


ശുഐബ് (അ) മദ് യൻ ജനതയോട് പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു

1. അല്ലാഹുവിനെ സൂക്ഷിക്കുക അവനെ മാത്രം ആരാധിക്കുക

2. അളവും തൂക്കവും പൂർണ്ണമാക്കുക

3. ജനങ്ങൾക്ക് നഷ്ടം വരുത്താതിരിക്കുക

4. ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കരുത്

മദ് യൻ സമൂഹത്തിന്റെ നായകനായ മദ് യൻ അവർകൾ ഇബ്രാഹിം (അ)ന്റെ ഉപദേശങ്ങളാണ് നടപ്പാക്കിയിരുന്നത്. അതിന്റെ കാതൽ തൗഹീദ് (ഏകദൈവ വിശ്വാസം) ആയിരുന്നു. പിൽക്കാലക്കാർ ഇത് കൈവിട്ടു. കൈവിട്ടത് തിരിച്ചു പിടിക്കണം. ഏക ദൈവ വിശ്വസത്തിലേക്ക് മടങ്ങണം. ഏകനായ റബ്ബിനെ ആരാധിക്കണം. അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല അവനാണ് സർവശക്തൻ അതിന്ന് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട് ഈ രാജ്യത്ത് നന്മയും പരിശുദ്ധിയും നിലനിന്നിരുന്നു സന്മാർഗം നിലനിന്ന നാട്ടിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്.

അഹ്റാഹ് സൂറത്തിൽ ഇങ്ങനെ കാണാം

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ

മദ് യനിലേക്ക് അവരുടെ സഹോദരൻ ശുഐബിനെ നാം അയച്ചു അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല നിങ്ങളുടെ റബ്ബിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ തെളിവ് വന്നിട്ടുണ്ട് അതിനാൽ നിങ്ങൾ അളത്തവും തൂക്കവും പൂർത്തിയാക്കിക്കൊടുക്കുവീൻ മനുഷ്യർക്ക് അവരുടെ സാധനങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യരുത് ഭൂമിയെ നന്നാക്കിത്തീർത്തതിന് ശേഷം നിങ്ങളതിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത് അതാണ് നിങ്ങൾക്കുത്തമം നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ (7:85)

അഹ്റാഫ് സൂറത്തിൽ ലൂത്വ് നബി (അ)ന്റെ ചരിത്രം പറഞ്ഞ ശേഷം അതിന്റെ തുടർച്ചയായിട്ടാണ് ശുഐബ് നബി (അ)ന്റെ ചരിത്രം പറയുന്നത്.

തൗഹീദിനെ കുറിച്ചാണ് ആദ്യ പ്രസ്താവന എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെ. തൗഹീദിന്റെ സ്ഥാപനമാണവരുടെ ലക്ഷ്യം. മനുഷ്യ മനസ്സുകളിൽ തൗഹീദ് ഉറപ്പിക്കുക. ആ സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരങ്ങളെ കുറിച്ചാണവർ പിന്നെ പറയുക.

ലൂത്വ് (അ) അന്നത്തെ ദുരാചാരം ചൂണ്ടിക്കാട്ടി കാമവികാരത്തോടെ പുരുഷന്മാരെ സമീപിക്കുക ഇത് നീചവൃത്തിയാണ് ഇതിനെതിരെ ശക്തമായ താക്കീത് നൽകി.

മദ് യൻ ജനത അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചു ഇതാണ് അക്കാലത്തെ ദുരാചാരം ഇതിന്നെതിരെ ശുഐബ് (അ) താക്കീത് നൽകി.

സൂറത്ത് അങ്കബൂത്തിൽ പറയുന്നതിങ്ങനെയാണ്.

وَإِلَى مَدْيَنَ أَخَاهُمْ شُعَيْباً فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ

മദ് യനിലേക്ക് അവരുടെ സഹോദരൻ ശുഐബിനെയും നാം അയച്ചു എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവീൻ നിങ്ങൾ നാശകാരികളായിക്കൊണ്ട് നാട്ടിൽ കുഴപ്പമുണ്ടാക്കരുത് (29:36)

ഏകനായ റബ്ബിനെ ആരാധിക്കാൻ ആവശ്യപ്പെടുന്നു ആദ്യം ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കണം തൗഹീദ് ഉറപ്പിക്കണം.

തൗഹീദിലായി ആരാധന നിർവ്വഹിക്കുക അത് അല്ലാഹു സ്വീകരിക്കും. അതിന് പ്രതിഫലമുണ്ട്. പ്രതിഫലം അന്ത്യനാളിലാണ് ലഭിക്കുക. അന്ത്യനാളിൽ പ്രതിഫലം പ്രതീക്ഷിക്കാം അത് ശുഐബ് (അ) മദ് യൻകാരോട് പറഞ്ഞത്. ഇത് തള്ളിക്കളയരുത് തള്ളിക്കളഞ്ഞാൽ നിങ്ങൾ നാശകാരികളായിത്തീരും. അല്ലാഹുവിന്റെ ആജ്ഞകൾ ധിക്കരിക്കുന്നവർ ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കും നിങ്ങളങ്ങനെ ചെയ്യരുത് നല്ല വാചാലതയോടെ ശുഐബ് (അ) ആ സമൂഹത്തെ ബോധവൽക്കരിക്കുകയാണ് ഖുർആൻ പറയുന്നു

 فَكَذَّبُوهُ

അപ്പോൾ അവർ അദ്ദേഹത്തെ കളവാക്കി

സൂറത്തുൽ അങ്കബൂത്തിൽ അല്ലാഹു തുടർന്നു പറയുന്നതിങ്ങനെയാണ്

ശുഐബ് ( അ) പറയുന്നതൊന്നും അവർ വിശ്വസിച്ചില്ല നീ പറയുന്നത് വ്യാജമാണ് അവർ പരസ്യമായി പ്രഖ്യാപിച്ചു നേതാക്കൾ പറഞ്ഞത് അനുയായികൾ ആവർത്തിച്ചു

ഐകത്തുകാരെ വിളിച്ചു കൊണ്ട് ശുഐബ് (അ) സംസാരിക്കുന്ന രംഗം സൂറത്ത് ശുഅറാഇൽ കാണാം

كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ

ഐകത്തുകാർ മുർസലുകളെ വ്യാജമാക്കി (26:176)


إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ

അതായത് ശുഐബ് അവരോട് പറഞ്ഞപ്പോൾ: നിങ്ങൾ സൂക്ഷിക്കുന്നില്ലേ ? (26:177)


إِنِّي لَكُمْ رَسُولٌ أَمِينٌ


നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു (26:178)

فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ

അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26:179)

وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ

അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എന്റെ പ്രതിഫലം ലോക രക്ഷിതാവായ റബ്ബിങ്കൽ അല്ലാതെ മറ്റാരിലുമില്ല (26:180)

ഏത് കഠിന ഹൃദയനെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് ശുഐബ് (അ) പറയുന്നത്

തഖ്വ്വയെ കുറിച്ചാണ് പറഞ്ഞത്

അല്ലാഹുവിന് തഖ്വ്വ ചെയ്യുക (അല്ലാഹുവിനെ സൂക്ഷിക്കുക) എന്നെ അനുസരിക്കുക.

                                                                                   فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ


ശുഐബ് (അ) അല്ലാഹുവിന്റെ പ്രവാചകനാണ് അല്ലാഹു കൽപിക്കുന്നതനുസരിച്ചാണ് പ്രവാചകന്മാർ സംസാരിക്കുക. ജനങ്ങൾ നബിമാരെ അനുസരിക്കുക നബിയോടുള്ള അനുസരണ അല്ലാഹുവിനോടുള്ള അനുസരണതന്നെയാണ്. നബിയെ ധിക്കരിച്ചവർ അല്ലാഹുവിനെ ധിക്കരിച്ചു. ഇക്കാര്യം മദ് യൻകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാൻ വിശ്വസ്ഥനായ പ്രവാചകനാണ് ഞാൻ നിങ്ങളെ സന്മാർഗത്തിലേക്കു നയിക്കുകയാണ്. ഏറ്റവും ഉന്നതമായ കർമ്മമാണത്. നന്മയിലേക്ക് നയിക്കലാണ് വലിയ സൽക്കർമ്മം.

വലിയ സേവനത്തിന് പ്രതിഫലം ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാണ്. ജനങ്ങളിൽ നിന്ന് പ്രതിഫലം മോഹിക്കാതെ നബിമാർ സേവനം ചെയ്യുന്നു .അല്ലാഹുവാണ് പ്രതിഫലം നൽകുന്നത്. സേവനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകാൻ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ. സേവനത്തിന്റെ മൂല്യം അളന്നുകണക്കാക്കാനുള്ള അളവുകോൽ മനുഷ്യരുടെ പക്കലില്ല. അത് അളന്ന് തിട്ടപ്പെടുത്തുന്നവൻ അല്ലാഹു മാത്രമാകുന്നു. പ്രതിഫലം ഒരല്പം പോലും കുറഞ്ഞു പോവില്ല കൃത്യമായി നൽകും.

ഐക്കത്ത് എന്ന വാക്കിനർത്ഥം വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്ന സ്ഥലം എന്നാകുന്നു. മലയാളത്തിൽ മരക്കാവ് എന്ന് പറയാം. ഇന്നും മരങ്ങൽ ആരാധിക്കപ്പെടുന്നുണ്ട്. ആൽമരങ്ങളെ ആരാധനാ വസ്തുവാക്കുന്നവരുമുണ്ട്. മദ് യന്റെ സമീപമുള്ള ഒരു സ്ഥലമായിരുന്നു ഐക്കത്ത് എന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കൽ ശുഐബ് (അ) മദ് യൻ ജനതയിലേക്കും മറ്റൊരിക്കൽ ഐക്കത്തിലേക്കും പ്രവാചകനായി നിയോഗിക്കപ്പെട്ടുവെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നു.

മദ് യൻകാരും ഐക്കത്തുകാരും ഒരൊറ്റ ജനതയായിരുന്നുവെന്ന ഇബ്നു കസീർ (റ) വിന്റെ അഭിപ്രായം പല ഗ്രന്ഥകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്.

ഐക്കത്തുകാരുടെയും മദ് യൻകാരുടെയും പ്രതികരണം ഒന്ന് തന്നെയായിരുന്നു.

ഐക്കത്ത് കാരോട് ശുഐബ് (അ)പറയുന്ന കാര്യങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം.

أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ

നിങ്ങൾ അളവ് പൂർത്തിയാക്കി കൊടുക്കുവീൻ നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ആയിപ്പോകരുത് (26:181)

وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ

ശരിയായ തുലാസ് കൊണ്ട് തൂക്കുകയും ചെയ്യുവീൻ (26:182)

وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

ജനങ്ങൾക്ക് അവരുടെ സാധനങ്ങൾ (കബളിപ്പിച്ചെടുത്ത്) നഷ്ടപ്പെടുത്തുകയും ചെയ്യരുത് കുഴപ്പക്കാരായിക്കൊണ്ട് നാട്ടിൽ നാശമുണ്ടാക്കുകയും ചെയ്യരുത് (26:183)

وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ

നിങ്ങളെയും പൂർവ്വികരെയും സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവീൻ (26:184)

കേൾവിക്കാരുടെ ചിന്താ മണ്ഡലത്തെ തട്ടിയുണർത്തുന്ന ഉപേദേശങ്ങളാണ് നൽകിയത്.

അല്ലാഹു വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുത്ത സമൂഹമാണത്. അവർ അതൊക്കെ ഓർക്കണം നന്ദിയുള്ളവരായി ജീവിക്കണം. ശരിയായ തുലാസ് ഉപയോഗിക്കണം എന്ന് ശുഐബ് (അ) ഉപദേശിക്കുന്നു. തുലാസിൽ ചില കൃത്രിമങ്ങൾ കാണിക്കും. തൂക്കിയെടുക്കുമ്പോൾ സാധനങ്ങൾ കൂടുതൽ ലഭിക്കാൻ പറ്റുന്ന വിധം ചില സൂത്രങ്ങൾ ചെയ്തുവെക്കും. തൂക്കി വാങ്ങുമ്പോൾ ഈ തുലാസ് മാത്രമായിരിക്കും ഉപയോഗിക്കുക. സാധനങ്ങൾ തൂക്കി വിൽക്കുമ്പോൾ ഈ തുലാസ് ഉപയോഗിക്കില്ല. അപ്പോൾ മറ്റൊരു തുലാസ് കുറച്ചു സാധനം വെച്ചാൽ കൂടുതൽ തൂക്കം കാണിക്കുന്ന സൂത്രം അതിൽ ചെയ്തു വെച്ചിട്ടുണ്ട്. വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജനങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു. ഇക്കാര്യം ശുഐബ് (അ)എടുത്തു പറയുന്നു.


ശരിയായ തുലാസ് ഉപയോഗിച്ചാൽ ജനങ്ങൾക്ക് നഷ്ടം സംഭവിക്കുകയില്ല ധനികരായ കച്ചവടക്കാർക്ക് ഈ ഉപദേശം ഒട്ടും രസിച്ചില്ല അവർ പ്രകോപിതരായിത്തീർന്നു ധനികന്മാർ സ്വാധീനമുള്ളവരാണ് അവരെ ചോദ്യം ചെയ്യാൻ സാധാരണക്കാർ ധൈര്യം കാണിക്കില്ല സാധാരണക്കാർക്ക് ഈ ധനികന്മാരെ ആശ്രയിച്ചു ജീവിക്കാതെ വയ്യ

എന്തൊക്കെ കൃത്രിമം കാണിച്ചാലും സാധാരണക്കാർ ചോദ്യം ചെയ്യില്ല. അവകാശ ബോധമൊന്നും അവർക്കില്ല. അവകാശം അനുവദിക്കേണ്ടവർ ഈ ധനികന്മാർ തന്നെയല്ലേ ? നാട്ടിന്റെ ഭരണവും അവർക്കല്ലേ ?ഇപ്പോൾ ഇതാ ഒരാൾ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു. ഉപദേശിക്കാൻ എത്തിയിരിക്കുന്നു. ആദ്യമൊക്കെ അവർ പരിഹസിച്ചു തള്ളി. പിന്നെ ഭീഷണിയായി, വെല്ലുവിളിയായി നാടുവിട്ട് പോവണമെന്ന ശാസനവരെയായി.

പ്രവാചകന്മാർ ഭീഷണിക്ക് മുമ്പിൽ വഴങ്ങുന്നവരല്ല. അല്ലാഹുവിന്റെ ദൂതന്മാരാണവർ. കല്പന അനുസരിച്ചു മാത്രമാണവരുടെ നീക്കം. സത്യം അവരെ വഴി നടത്തുന്നു. ശുഐബ് (അ) സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്. സമൂഹം സത്യത്തെ വ്യാജമെന്ന് വിളിച്ചു കുറഞ്ഞ വരുമാനക്കാർ നബിയുടെ വാക്കുകൾ കേട്ടു. ഇപ്പറയുന്ന കാര്യങ്ങൾ നടപ്പിലായാൽ കൊള്ളാമെന്നവരാഗ്രഹിച്ചു. പക്ഷെ എങ്ങനെ നടപ്പിലാവാൻ ? നടപ്പിലാക്കേണ്ടവർ ധിക്കാരികളല്ലേ? ഇവർക്കെന്ത് നീതിബോധം ? പാവപ്പെട്ടവർ നിരാശയോടെ ചിന്തിച്ചു.





വിശ്വാസത്തിന്റെ പ്രകാശം 

സത്യ നിഷേധികളായ ആളുകൾ എക്കാലത്തുമുണ്ട്. അവർ ഇരുട്ടിന്റെ ശക്തികളാണ്. വെളിച്ചത്തിന്റെ ശത്രുക്കൾ അവരിലേക്കെല്ലാം പ്രവാചകന്മാർ വന്നു. സത്യത്തിലേക്ക് ക്ഷണിച്ചു. എല്ലാ സമൂഹങ്ങളും നൽകിയത് ഒരേ രീതിയിലുള്ള മറുപടിയാണ്. പ്രവാചകനെ മാരണക്കാരൻ എന്നു വിളിക്കും, ഭ്രാന്തനെന്ന് വിളിക്കും, വിഡ്ഡിയെന്ന് വിളിക്കും. ആഭിചാരം ചെയ്തു ജനങ്ങളെ വഴിപിഴപ്പിക്കുകയാണെന്ന് ആരോപിക്കും.

നബി (സ) തങ്ങൾ സത്യം പ്രബോധനം ചെയ്തപ്പോൾ മക്കയിലെ ഖുറൈശികൾ  പറഞ്ഞതും അത് തന്നെ. അക്കാര്യം അല്ലാഹു നബി (സ) തങ്ങളെ അറിയിക്കുന്നത് കാണുക:

وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ

അപ്രകാരം തന്നെ ഇവരുടെ മുമ്പുള്ളവർക്ക് ഒരു റസൂലും വരുകയുണ്ടായില്ല ഇവൻ ഒരു ജാല വിദ്യക്കാരനാണ് അല്ലെങ്കിൽ ഭ്രാന്തനാണ് എന്ന് അവർ പറയാതെ (51:52)


اَتَوَاصَوۡا بِهٖ​ۚ بَلۡ هُمۡ قَوۡمٌ طَاغُوۡنَ​ۚ‏ 

ഇതിനെപ്പറ്റി അവർ അന്യോന്യം ഒസ്യത്ത് ചെയ്തിരിക്കുകയാണോ ? എങ്കിൽ അവർ അതിക്രമികളായ ജനങ്ങളാകുന്നു (51:53)


فَتَوَلَّ عَنۡهُمۡ فَمَاۤ اَنۡتَ بِمَلُوۡمٍ

അതിനാൽ (നബിയേ) താങ്കൾ അവരിൽ നിന്ന് തിരിഞ്ഞു മാറിക്കൊള്ളുക എന്നാൽ താങ്കൾ ആക്ഷേപിക്കപ്പെടുന്നവനല്ല (51:54)


وَّذَكِّرۡ فَاِنَّ الذِّكۡرٰى تَنۡفَعُ الۡمُؤۡمِنِيۡنَ‏ 

(ഉപദേശം നൽകി) ഓർമ്മിപ്പിക്കുകയും ചെയ്യുക നിശ്ചയമായും ഓർമ്മിപ്പിക്കൽ (ഉപദേശം) സത്യവിശ്വാസികൾക്ക് ഫലം ചെയ്യും (51:55)

അല്ലാഹു നബി (സ) തങ്ങൾക്ക് നൽകിയ ഉപദേശമാണിത്. എല്ലാ കാലത്തും ധിക്കാരികൾ പ്രവാചകന്മാരെ ജാലവിദ്യക്കാരെന്ന് വിളിച്ചിട്ടുണ്ട്. ഭ്രാന്തനെന്ന് വിളിച്ചിട്ടുണ്ട്. മുമ്പുള്ളവർ പിൻഗാമികൾക്ക് ഇക്കാര്യത്തിൽ വസ്വിയത്ത് നൽകിയത് പോലെ തോന്നും മുമ്പ് കഴിഞ്ഞുപോയവരെപ്പോലെ ഇപ്പോൾ മക്കക്കാരും പറയുന്നു.

അവൻ ധിക്കാരം പറയുകയാണ് അത് കൊണ്ട് താങ്കൾ അവരെ ഗൗനിക്കേണ്ട അവരിൽ നിന്ന് തിരിഞ്ഞു കളയുക. എന്നാൽ ഉപദേശം തുടരുകയും വേണം. സത്യവിശ്വാസികൾക്ക് ഉപദേശം ഫലം ചെയ്യും. സത്യവിശ്വാസം സ്വീകരിക്കാൻ സാധ്യതയുള്ള പലരും മക്കയിലുണ്ട്. അവർക്കും ഉപദേശം പ്രയോജനം ചെയ്യും. ജിന്നുകളെയും മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചതെന്തിന്ന് വേണ്ടിയാണ് ആരാധിക്കാൻ എപ്പോഴും അവന്റെ ആരാധനയിൽ കഴിയണം. അല്ലാഹുവിന്റെ കല്പനകൾ പാലിച്ചുകൊണ്ട് വേണം ഓരോ പാദവും വെക്കാൻ. ഓരോ ശ്വാസവും ആരാധനയാക്കാം. ഖൽബിന്റെ ദിക്റ് ഏത് പ്രവർത്തി ചെയ്യുമ്പോഴും ശ്വാസോഛ്വാസം നടക്കുന്നുണ്ട്. ആ ശ്വാസങ്ങളോടൊപ്പം ദിക്റുകളാക്കാം.
പ്രവാചകന്മാർ അതൊക്കെ തങ്ങളുടെ പിൻഗാമികളെ പഠിപ്പിച്ചു. നബിമാരുടെ പിൻഗാമികളായ ഔലിയാക്കന്മാർ (ശൈഖുമാർ) ശിഷ്യന്മാർക്ക് അത് പഠിപ്പിക്കുന്നു ജീവിതം സൽക്കർമ്മങ്ങൾ കൊണ്ട് ധന്യമാവണം.

അല്ലാഹു പറയുന്നു

"وَمَا خَلَقْتُ الْجِنّ وَالْإِنْسَ إِلَّا لِيَعْبُدُونِ"

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല (51:56)

ആരാധനയാണ് ജീവിത ലക്ഷ്യം. അത് പരലോക വിജയത്തിന്ന് അനിവാര്യം. എല്ലാ പ്രവാചകന്മാരും അത് പറഞ്ഞു. ശുഐബ് (അ) അവർകളും പറഞ്ഞു. എല്ലാ ധിക്കാരികളും എതിർത്തു. മദ് യൻകാരും ഐക്കത്തുകാരും എതിർത്തു.സാധാരണക്കാരും പാവപ്പെട്ടവരും ഏത് സമൂഹത്തിലും കാണും. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ അടിച്ചമർത്തപ്പെട്ടവർ അവരുടെ അദ്ധ്വാനം വേണം. ഉന്നതന്മാർ കൊഴുത്തു തടിക്കുന്നത് അവരുടെ അധ്വാനം കൊണ്ടാണ്. മദ് യനിലും അത് തന്നെയാണവസ്ഥ. കാലികളെ മേയ്ക്കാൻ അടിമകൾ വേണം. കൃഷി ചെയ്യാൻ അടിമകൾ വേണം. ഭക്ഷണം പാകം ചെയ്യാനും പരിസര ശുചീകരണത്തിനും അവർ വേണം. അടിയും തൊഴിയും ചീത്തവിളിയും ആണ് അവർക്ക് ലഭിക്കുന്ന പ്രതിഫലം. അവരാണ് പ്രവാചകന്മാരുടെ വാക്കുകൾക്ക് ചെവികൊടുക്കുക ഒരു സ്രഷ്ടാവിനെ കുറിച്ച് കേൾക്കുമ്പോൾ അവർക്കാണ് ആശ്വാസം തോന്നുക.

ഈ ധിക്കാരികളൊന്നുമല്ല യഥാർത്ഥ യജമാനന്മാർ എന്ന തിരിച്ചറിവുണ്ടാവണം. യഥാർത്ഥ യജമാനൻ സ്രഷ്ടാവായ റബ്ബാകുന്നു. അടിമകൾക്ക് ആ തിരിച്ചറിവുണ്ടാകരുതെന്നാണ് ധനികന്മാരുടെ നിർബന്ധം. അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത അവരിൽ സ്വാതന്ത്ര്യ ബോധമുണ്ടാക്കും അത് തടയണം.

ശുഐബിന്റെ വാക്കുകൾ സാധാരണക്കാരും അടിമകളും കേൾക്കാനിടവരരുത്. അതിന്നവർ തടസ്സം നിന്നു. ശുഐബ് (അ) സംസാരം തുടങ്ങിയാൽ അവർ ആളുകളെ ആട്ടിപ്പായിക്കും. എന്നിട്ടും ചിലരൊക്കെ കേട്ടുപോയി.

ഏകനായ അല്ലാഹു അവനാണ് സ്രഷ്ടാവ്. മീതെ ആകാശം കാണുന്നില്ലേ ?ആരാണത് സൃഷ്ടിച്ചത് ? അല്ലാഹു പ്രഭാതത്തിൽ ഉദിച്ചുയർന്നു വരുന്ന സൂര്യൻ ആരാണതിനെ സൃഷ്ടിച്ചത് ? അല്ലാഹു.

പൂനിലാവ് വിതറുന്ന ചന്ദ്രനെ സൃഷ്ടിച്ചതാര് ? അല്ലാഹു.

ആകാശം നിറയെ മിന്നാമിനുങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെ പടച്ചവൻ ആര് ? അല്ലാഹു.

സർവ്വ ശക്തനായ അല്ലാഹു എന്നെ നിങ്ങളിലേക്കുള്ള ദൂതനായി അയച്ചിരിക്കുന്നു

എന്റെ ജനങ്ങളെ ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുവീൻ. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവീൻ. എന്നെ വിശ്വസിക്കുവീൻ.

ചില പാവപ്പെട്ട മനുഷ്യരുടെ മനസ്സിൽ ആ വാക്കുകൾ ചലനം സൃഷ്ടിച്ചു. അവർ ശുഐബ് നബിയെ വീണ്ടും വീണ്ടും കാണാനാഗ്രഹിച്ചു. സംസാരം കേൾക്കാൻ കൊതിച്ചു. മേലാളന്മാർ അറിയാതെ അവർ നബിയെ കണ്ടു. സംസാരം ശ്രദ്ധിച്ചു. മനസ്സിൽ ചലനങ്ങളുണ്ടായി. അവർ സ്രഷ്ടാവായ അല്ലാഹുവിൽ വിശ്വസിച്ചു. വിശ്വാസം പ്രകാശം പരത്തുന്നു. മനസ്സിൽ വല്ലാത്ത പ്രകാശം. മനസ്സിലെ പ്രകാശം കണ്ണുകളിൽ തിളക്കമായി വരുന്നു. അവരുടെ മുഖത്ത് നോക്കുന്നവർ പ്രകാശിക്കുന്ന നയനങ്ങൾ കണ്ടു. സത്യവിശ്വാസത്തിന്റെ പ്രകാശം വളരെ രഹസ്യമായി. അവർ
ശുഐബ് (അ) നെ കാണുന്നു. ഉപദേശം കേൾക്കുന്നു .ഓരോ ഉപദേശവും മനസ്സിലെ പ്രകാശം വർദ്ധിപ്പിക്കുന്നു. അവരുടെ മനസിൽ പ്രവാചകൻ തൗഹീദ് ഉറപ്പിക്കുന്നു. അല്ലാഹുവിൽ അടിയുറച്ച വിശ്വാസം വന്നു. എന്തു വന്നാലും വിശ്വാസം കൈവെടിയില്ല. തൗഹീദിനുവേണ്ടി മരിക്കാനും തയ്യാറാണ്. അവർ നബിയുടെ കൈപിടിച്ചു ഒരോരുത്തരും കരാർ ചെയ്തു.

ഞാൻ അല്ലാഹുവിന്റെ കല്പനയനുസരിച്ച് ജീവിക്കും അവൻ ഏകിയത് എടുക്കും നിരോധിച്ചത് ഒഴിവാക്കും ഈ കരാറാണ് ബൈഅത്ത്. നബിയുമായി അവർ നിരന്തരം സഹവാസം പുലർത്തി ഇതാണ് സ്വുഹ്ബത്ത്.

സത്യവിശ്വാസം സ്വീകരിച്ചവരിൽ നാം കാണുന്ന മൂന്ന് സുപ്രധാന കാര്യങ്ങൾ ഇവയാണ്

1.സ്വുഹ്ബത്ത്
2. തൗഹീദ്
3. ബൈഅത്ത്

ഇവമൂന്നും ചേർന്നപ്പോൾ അവരുടെ ഈമാൻ ശക്തിയായി. കേവല വിശ്വാസമല്ല രൂഢ മൂലമായ വിശ്വാസം. നബി(സ)തങ്ങളുടെ സ്വഹാബികളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു.

1. നബി (സ)തങ്ങളുമായി സഹവസിച്ചു അവർക്ക് സ്വഹാബികളെന്ന് പേര് കിട്ടി

2. മനസ്സിൽ തൗഹീദ് ഉറച്ചു

3. നബി (സ)തങ്ങളുമായി ബൈഅത്ത് ചെയ്തു വിശ്വാസം രൂഢമൂലമാവാൻ ഇവ വേണം വിശ്വാസം രൂഢ മൂലമായ ഒരു വിഭാഗം മദ് യനിൽ ഉണ്ടായിത്തീർന്നു മഹാഭൂരിപക്ഷം ശക്തമായി എതിർത്തപ്പോൾ മുഹ്മിനീങ്ങൾ ശുഐബ് നബി (അ)നോടൊപ്പം ഉറച്ചു നിന്നു ശിർക്കിന്റെ ശക്തികളെ ധീരമായി നേരിട്ടു


പൊതുവഴിയിലെ കുഴപ്പക്കാർ

മദ് യൻ ജനതയുടെ മറ്റൊരു ദുഷിച്ച ചെയ്തിയെക്കുറിച്ചാണ് ഇനി പറയാനുള്ളത്. കച്ചവടയാത്രക്കാരുടെ പാതകൾ മദ് യനിലിലൂടെയാണ് കടന്നുപോവുന്നത്. നൂറുകണക്കിന് ഒട്ടകങ്ങളുള്ള യാത്ര സംഘങ്ങൾ കാണും. ചിലപ്പോൾ ചെറിയ സംഘങ്ങളും വരും മാരകായുധങ്ങളുമായി ചില സംഘങ്ങൾ വഴിയരികിൽ ഒളിഞ്ഞിരിക്കും. യാത്രാ സംഘങ്ങൾ വരുമ്പോൾ പെട്ടന്നാക്രമിക്കും. ആക്രമിക്കപ്പെടുന്നവർ ഭയന്നോടും. മുറിവുകളിൽ നിന്നും രക്തം വീഴും.  ഓടിപ്പോയ വഴികളിലൂടെ രക്തത്തുള്ളികൾ നീണ്ട് പോവുന്നത് കാണാം. മിക്കപ്പോഴും വലിയ യാത്രാ സംഘത്തിന്റെ അകമ്പടിക്കായി യോദ്ധക്കളുണ്ടവും. ആയുധങ്ങളുമായി അവർ കച്ചവട സംഘങ്ങളോടൊപ്പം സഞ്ചരിക്കും.

മദ് യനിൽ വെച്ച് കച്ചവ സംഘം ആക്രമിക്കപ്പെട്ടാൽ അകമ്പടിക്കാർ അവരെ നേരിടും. പ്രതിരോധം ശക്തമാണെന്ന് കണ്ടാൽ കൊള്ളക്കാർ പിന്തിരിയും. ഇരുകൂട്ടർക്കും നാശനഷ്ടങ്ങൾ സംഭവിക്കും. പലപ്പോഴും അന്യ നാട്ടുകാരായ സഞ്ചാരികളാണ് പരാജയപ്പെടുക. അവരോടൊപ്പം നിശ്ചിത എണ്ണം ആളുകൾ മാത്രമേ കാണുകയുള്ളൂ. ഉള്ളവർ തന്നെ യാത്രചെയ്തു ക്ഷീണിച്ചിരിക്കും. സ്ഥലപരിചയം കുറവാണ്. ഓടി രക്ഷപ്പെടാനുള്ള വഴികൾ സുപരിചിതമാവില്ല മദ് യൻകാർ ഓടിക്കൂടും. കൊള്ള മുതലിന്റെ പങ്ക് പറ്റാൻ എല്ലാവർക്കും വലിയ താല്പര്യമാണ്. കൊള്ള മുതൽ വിറ്റ് സമ്പന്നരാവും. പിന്നെയും പിന്നെയും സമ്പത്ത് കൂട്ടാൻ മോഹമാണ്. അത് കൊണ്ട് ആക്രമണം തുടർക്കഥയായിത്തീർന്നു.



വിദേശികളെ ആക്രമിക്കാൻ വഴിയരികിൽ കാത്തിരിക്കുകയെന്നത് മദ് യൻ സമൂഹത്തിന്റെ ദുഃസ്വഭാവമായി വിശുദ്ധ ഖുർആൻ എടുത്തു പറയുന്നു.

ഈ ദുഷിച്ച നടപടിക്കെതിരെ പ്രവാചകൻ പ്രചാരണം തുടങ്ങി നാട്ടിലെ ഊച്ചാളികളെ ഇത് രോഷം കൊള്ളിച്ചു.

ചില സ്ഥലങ്ങളിൽ മറ്റോരു തന്ത്രം പ്രയോഗിക്കും. ചരക്കുകൾ കടത്തിക്കൊണ്ടുപോവാൻ ചുങ്കം നിശ്ചയിച്ചു. ഒരുതരം ഗുണ്ടാഫീസ് ഗുണ്ടകൾ ചോദിക്കുന്ന തുക കൊടുത്താൽ ചരക്കുകൾ കൊണ്ട് പോവാം. അല്ലെങ്കിൽ പിടിച്ചെടുക്കും. ഇക്കാലത്തും ഇത്തരം നിർബന്ധ പിരിവുകൾ നടക്കുന്നുണ്ടല്ലോ.

സത്യവിശ്വാസം കൈക്കൊണ്ട സാധുക്കളെ പിടികൂടാൻ വേണ്ടിയും അവർ വഴിയിൽ കാത്തിരിക്കും. ശുഐബ് (അ) ൽ വിശ്വസിച്ചവരെ പിടികൂടും. ക്രൂരമായി മർദ്ദിക്കും. വിശ്വാസം കൈവെടിയാൻ നിർബന്ധിക്കും. പഴയ മതത്തിലേക്ക് മടങ്ങാൻ പറയും. അനുസരിച്ചില്ലെങ്കിൽ ക്രൂര മർദ്ധനം. നബിയുടെ വീട്ടിൽ വരുന്നവരെയൊക്കെ നിരീക്ഷിക്കും.
യാത്രക്കാരെ പരിഹസിക്കൽ മറ്റൊരു വിനോദമാണ്. അതിനുവേണ്ടിയും വഴിയിൽ കാത്തിരിക്കും. ഇതിന്നെതിരെയെല്ലാം ശുഐബ് (അ)ശബ്ദമുയർത്തി വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.

وَلَا تَقۡعُدُوۡا بِكُلِّ صِرَاطٍ تُوۡعِدُوۡنَ وَتَصُدُّوۡنَ عَنۡ سَبِيۡلِ اللّٰهِ مَنۡ اٰمَنَ بِهٖ وَتَبۡغُوۡنَهَا عِوَجًا​ ۚ وَاذۡكُرُوۡۤا اِذۡ كُنۡتُمۡ قَلِيۡلًا فَكَثَّرَكُوَانْظُرُوۡا كَيۡفَ كَانَ عَاقِبَةُ الۡمُفۡسِدِيۡنَ‏ 

ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങൾ എല്ലാ വഴികളിലും ഇരിക്കരുത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വിശ്വാസികളെ തിരിച്ചു വിടുവാൻ വേണ്ടിയും (ഇരിക്കരുത് ) വിശ്വാസത്തിൽ വക്രത ഉണ്ടാക്കുവാൻ ആഗ്രഹിച്ചു കൊണ്ടും (ഇരിക്കരുത്) (7:86)

ഈ ഉപദേശം അവരെ കൂടുതൽ പ്രകോപിതരാക്കി. അവരുടെ സംഘത്തിൽ ആളുകൾ കൂടി കൂകലും, അട്ടഹസിക്കലും,പരിഹസിക്കലും വർദ്ധിച്ചു. സത്യവിശ്വാസികളെ തിരിഞ്ഞു പിടിച്ചു മർദ്ദിക്കാൻ തുടങ്ങി പ്രവാചകൻ അവരെ ഇങ്ങനെ ഉപദേശിച്ചു.

ഒരുകാലത്ത് നിങ്ങൾ ഒരു ചെറിയ ജനതയായിരുന്നു. എല്ലാ രംഗങ്ങളിലും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകി. സന്താനങ്ങളിലും നല്ല ബർക്കത്ത് നൽകി. നിങ്ങൾക്ക് ധാരാളം സന്താനങ്ങളുണ്ടായി. സ്ത്രീകൾ ധാരാളമായി പ്രസവിച്ചു. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി വലിയൊരു ജനത രൂപം കൊണ്ടു. ആൾബലം കൂടി സംഘടിത ശക്തിയായിത്തീർന്നു. ഈ അനുഗ്രഹം നിങ്ങൾ ഓർക്കണം.

നിങ്ങൾ സംഘടിത ശക്തിയായി മാറിയപ്പോൾ മറ്റുള്ളവർ നിങ്ങളെ പരിഗണിച്ചു. നിങ്ങളെ ഭയപ്പെടുത്തുവാനോ അക്രമിക്കുവാനോ അധീനപ്പെടുത്തുവാനോ കഴിയില്ലെന്ന് മറ്റുള്ളവർ ചിന്തിച്ചു. അവർ നിങ്ങളെ ഭയപ്പെടാൻ തുടങ്ങി. ഈ അവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ച അല്ലാഹുവിനെ നിങ്ങൾ മറന്നു കളയുകയാണോ ? നിങ്ങൾ അല്ലാഹുവിനെ നന്ദിയോടെ ഓർക്കണം അവന്ന് കീഴ്പ്പെട്ടു ജീവിക്കണം മീതെ ഉദ്ധരിച്ച 86.ആം വചനത്തിന്റെ അവസാനഭാഗം ഇങ്ങനെയാകുന്നു

നിങ്ങൾ അല്പം ആളുകളായിരുന്നിട്ട് നിങ്ങളെ അവർ വർദ്ധിപ്പിച്ചു തന്നത് നിങ്ങൾ ഓർക്കുവീൻ കുഴപ്പുമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുവീൻ (സൂറത്തുൽ :അഹ്റാഫ്)

കുഴപ്പക്കാരായ ജനതകൾ പലതും കടന്നുപോയിട്ടുണ്ട്. അവരുടെ കഥകൾ മദ് യൻകാർ കേട്ടിട്ടുണ്ട്. മുമ്പ് പ്രവാചകന്മാരെക്കുറിച്ച് ശുഐബ്(അ) പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്തൊക്കെയായിട്ടും അവർ നേർമാർഗത്തിലേക്ക് വരുന്നില്ല. മദ് യൻ എന്ന ഗോത്രത്തലവനെക്കുറിച്ചവർ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളും തലമുറകൾ കഥ പറഞ്ഞ് കൈമാറി വന്നിട്ടുണ്ട്. അദ്ദേഹം സൽഗുണ സമ്പന്നനായിരുന്നു. ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ മകനാണ്. ജനങ്ങളെ വളരെയേറെ സ്നേഹിച്ചിരുന്നു. അവരെയും ആലംബഹീനരെയും സഹായിച്ചു. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ആദരിച്ചു. സ്വന്തം പിതാവിന്റെ കല്പനകൾ നടപ്പിൽ വരുത്തി ജീവിച്ചു.

ഏകനായ അല്ലാഹുവിനെ ആരാധിച്ചു. തന്റെ ജനതയോട് അങ്ങനെ ചെയ്യാൻ കൽപിക്കുകയും ചെയ്തിരുന്നു. എല്ലാവരും അതനുസരിച്ചു. അവയെല്ലാം മദ് യൻകാർ അറിഞ്ഞിട്ടുണ്ട്. എന്നിട്ടും അവർ നേർമാർഗ്ഗത്തിൽ വരുന്നില്ല. ധിക്കാരം അതിനനുവദിക്കുന്നില്ല. ഭൂമിയിൽ കുഴപ്പക്കാരായി ജീവിച്ചവരുടെ പര്യവസാനം എന്തായിരുന്നുവെന്നും അവർ അറിഞ്ഞിട്ടുണ്ട്.

ലൂത്വ് (അ)ന്റെ ജനത ജീവിച്ചത് സമീപകാലത്താണ്. ഏതാനും തലമുറകൾക്കപ്പുറം ചാവുകടൽ അവർ കണ്ടിട്ടുണ്ട്. കാണാത്തവർ കഥ കേട്ടിട്ടുണ്ട്. സദൂം പട്ടണത്തിന്റെ കഥ പഴമക്കാർ അതിശയത്തോടെ പറയുന്നത് ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്. ധിക്കാരികളായ ജനത അവർ ലൂത്വ് നബി (അ) നെ കളവാക്കി. ആ സമൂഹം വഴിയിൽ കൂട്ടം കൂടി നിൽക്കുമായിരുന്നു. യാത്രക്കാരെ പരിഹസിക്കും കൈവശമുള്ളത് തട്ടിപ്പറിക്കും കച്ചവട സംഘത്തെ ആക്രമിക്കും, സ്വവർഗ്ഗ രതി പരന്നു.

ലൂത്വ് (അ)അവരെ ഉപദേശിച്ചു നന്നാക്കാൻ നോക്കി. അവർ നന്നായില്ല. ധിക്കാരം പരിധി കടന്നു അപ്പോൾ ശിക്ഷ വന്നു ധിക്കാരികൾ നാശമടഞ്ഞു അവരുടെ കഥ പറയുകയാണ്. ചാവുകടൽ അവരെക്കുറിച്ചോർക്കണം. പാഠം ഉൾക്കൊള്ളണം. ശുഐബ് (അ) ഉപദേശിച്ചു. ഉപദേശം വളരെ കുറച്ചു പേർക്കേ ഫലം ചെയ്തുള്ളൂ. അവരാവട്ടെ വെറും സാധാരണക്കാർ. അതും ധിക്കാരികൾക്ക് പരിഹസിക്കാൻ വകയായി. ഈ നിന്ദ്യന്മാരെയാണോ നിനക്ക് അനുയായികളായിക്കിട്ടിയത് ? അങ്ങനെ ചോദിച്ചു പരിഹസിച്ചു തുടങ്ങി. ധിക്കാരം സീമകൾ ലംഘിക്കുകയാണ്.

സത്യവിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. പീഡനങ്ങളുടെ കഥകൾ വിശ്വാസത്തിന് പോറൽ ഏൽക്കരുത്. മനസ്സിന്ന് കരുത്ത് നൽകേണമേ അതാണവരുടെ പ്രാർത്ഥന. ഓരോ വേദനയും ഓരോ പീഡനവും അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നവർ വിശ്വസിക്കുന്നു. പരലോക വിജയം ഇതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പാതയിൽ യാതനകൾ ഏറെയുണ്ടാവും. എല്ലാം സഹിക്കാം. സഹിക്കാൻ അല്ലാഹു കെൽപ്പ് നൽകട്ടെ. മനസ്സിന്റെ അടിത്തട്ടിലെ തേട്ടമാണത്. എത്രയോ നബിമാർ കടന്നു പോയിട്ടുണ്ട്. അവരുടെ അനുയായികൾ കണക്കില്ലാത്ത യാതനകൾ അനുഭവിച്ചിട്ടുണ്ട്. അവരെക്കുറിച്ചെല്ലാം ശുഐബ് (അ)ൽ നിന്നവർ കേട്ടു. കേട്ടതെല്ലാം ഈമാൻ ശക്തമാക്കാൻ കാരണമായിത്തീർന്നു. അല്ലാഹുവിന്റെ സഹായം വരും അതിലവർ അടിയുറച്ച് വിശ്വസിച്ചു.


നിസ്കാരം കണ്ട് അസ്വസ്ഥരായി 

സർവ്വ ശക്തനായ അല്ലാഹു മദ് യൻ ജനതകൾക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യമുള്ള ശരീരം നല്ല പാർപ്പിടങ്ങൾ കന്നുകാലി സമ്പത്ത് പർവ്വതങ്ങളും ധാന്യങ്ങളും ഐശ്വര്യം നിറഞ്ഞ സമൃദ്ധമായ സന്താന പരമ്പര. ലാഭകരമായ കച്ചവടം ഇവയെല്ലാം ലഭിച്ച നിങ്ങൾ എന്തിന് ആളുകളെ വഞ്ചിക്കുന്നു ? എന്തിന് കൊള്ളയടിക്കുന്നു ? എന്തിന് അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നു ? ഇതൊക്കെയാണ് ശുഐബ് (അ) ചോദിക്കുന്നത് ഈ ചോദ്യങ്ങൾ വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. ഞങ്ങളിവിടത്തെ കുലീന്മാർ മാന്യന്മാർ സമ്പന്നർ ഇവിടെ എന്ത് നടക്കണമെന്ന് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത് ? നീയാരാ ചോദ്യം ചെയ്യാൻ? ധിക്കാരങ്ങൾ ആവേശ പൂർവ്വം ചോദിക്കുന്നു.

വാചാലതയിൽ നബിയെ മുട്ടുകുത്തിക്കാൻ ആർക്കും സാധ്യമല്ല ഉരുളക്കുപ്പേരി പോലെ മറുപടി വന്നു.

ആകാശ ഭൂമികളുടെ സ്രഷ്ടാവാണ് അല്ലാഹു അല്ലാഹുവിന്റെ ഭൂമിയിൽ സത്യവും നീതിയും പുലരണം അതാണവന്റെ നിശ്ചയം. ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കണം അതിന്ന് കാലാകാലങ്ങളിൽ പ്രവാചകന്മാർ വരും അല്ലാഹുവിന്റെ കല്പനയുമായിട്ടാണവർ വരുന്നത്. പ്രവാചകന്മാരെ അംഗീകരിക്കണം, അനുസരിക്കണം. അല്ലാഹുവിന്റെ ഭൂമിയിൽ ജീവിക്കുക എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കുക എന്നിട്ടവനെ ധിക്കരിച്ചു ജീവിക്കുകയോ ?

നല്ല പ്രഭാഷണങ്ങൾ നടക്കുന്നു. വാദങ്ങളും എതിർവാദങ്ങളും നടക്കുന്നു. അത് കാരണം ശുഐബ് നബി (അ) ന്ന് ഒരു സ്ഥാനപ്പേര് കിട്ടിയിട്ടുണ്ട് ഖത്വീബുൽ അമ്പിയാഹ് പ്രവാചകന്മാരുടെ പ്രസംഗകൻ. ചരിത്രത്തെ പ്രകമ്പനം കൊള്ളിച്ച പ്രസംഗ വൈഭവം ശുഐബ് (അ) പ്രസംഗത്തിൽ പറഞ്ഞതിങ്ങനെ :

നിങ്ങൾ എന്തിന് അമിതമായി സമ്പാദിച്ചു കൂട്ടുന്നു ? അല്ലാഹു എന്താണോ നിങ്ങൾക്ക് ബാക്കിയാക്കിത്തരുന്നത് അതാണ് നിങ്ങൾക്കുത്തമം അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചു സമ്പാദിക്കുന്നത് ഉത്തമമല്ല. പിടിച്ചു പറിച്ചുണ്ടാക്കിയതും കൊള്ളയടിച്ചതും ഉത്തമമല്ല .അല്ലാഹു എന്താണോ നൽകിയത് അതാണ് ഉത്തമമായത് ഒരു കാര്യം ഓർത്തോളൂ.

എനിക്ക് നിങ്ങളെ കാത്ത് സൂക്ഷിക്കാനാവില്ല. ഞാൻ മുന്നറിയിപ്പുകാരൻ മാത്രമാണ്. അല്ലാഹുവിന്റെ ദൂതനാണ്. കാത്തു സൂക്ഷിക്കുന്നത് അല്ലാഹുവാണ്. അവനെ നിങ്ങൾ സൂക്ഷിക്കുക സൂക്ഷിക്കേണ്ടത് പോലെ സൂക്ഷിക്കുക. ശുഐബ് (അ)ന്റെ വാക്കുകൾ വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :

بَقِيَّتُ اللَّهِ خَيْرٌ لَكُمْ إِنْ كُنْتُمْ مُؤْمِنِينَ ۚ وَمَا أَنَا عَلَيْكُمْ بِحَفِيظٍ

അല്ലാഹു ബാക്കിയാക്കിത്തരുന്നത് നിങ്ങൾക്ക് ഗുണമായിരിക്കും നിങ്ങൾ വിശ്വാസികളാണെങ്കിൽ ഞാൻ നിങ്ങളുടെ മേൽ സൂക്ഷിപ്പുകാരനല്ലേ (11:86)

ശുഐബ് (അ) നിസ്കരിക്കുന്നു. സത്യവിശ്വാസികൾ പ്രവാചകനോടൊപ്പം നിസ്കരിക്കുന്നു. അത് പരസ്യമായ കാര്യമാണ്. സർവ്വ ശക്തനായ റബ്ബിനുള്ള വണക്കമാണ്. സത്യനിഷേധികൾക്ക് അത് കണ്ട് സഹിക്കാൻ കഴിവില്ല. അവരുടെ മനസിൽ പിശാചിന്റെ ഇരിപ്പിടമുണ്ട്. അവരുടെ വികാരം നിയന്ത്രിക്കുന്നത് പിശാചാണ് പിന്നെങ്ങനെ നിസ്കാരം കണ്ട് സഹിക്കും.

നബിയും അനുയായികളും നിസ്കാരം തുടങ്ങുമ്പോൾ അവർ അസ്വസ്ഥരായി മാറും. അസ്വസ്ഥത വളരും. പിന്നെ വായിൽ കിട്ടിയത് വിളിച്ചു പറയും. എന്താണീ നിസ്കാരം ? എന്തിനാണിത് ? ഇതല്ലേ സകല കുഴപ്പങ്ങൾക്കും കാരണം? നിസ്കാരം നിങ്ങളോടെന്താണ് പറഞ്ഞു തരുന്നത്? നിസ്കാരം ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങളോട് പറയുന്നു. നിങ്ങളത് ഞങ്ങളോട് പറയുന്നു. ഞങ്ങൾക്കത് സഹിക്കുന്നില്ല. അങ്ങനെ കുഴപ്പങ്ങളുണ്ടാവുന്നു. നിങ്ങൾ നിസ്കാരം നിർത്തിവെക്കുക അതാണ് നമുക്ക് നല്ലത്. എല്ലാം പിശാച് പറഞ്ഞു കൊടുത്ത് പറയിപ്പിക്കുകയാണ് തിന്മയാണവർ പറയുന്നത്.

വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു :


قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ

അവർ പറഞ്ഞു: ഓ ......ശുഐബ് നിന്റെ നിസ്കാരമാണോ ഞങ്ങളുടെ പിതാക്കൾ ആരാധിച്ചു വന്നതിനെ ഉപേക്ഷിക്കാൻ നിന്നോട് കല്പ്പിക്കുന്നത് ?
അല്ലെങ്കിൽ ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾ ഉദ്ദേശിക്കുന്നത് ചെയ്യുന്നതിന്റെ (ഉപേക്ഷിക്കാൻ പറയുന്നത് നിന്റെ നിസ്കാരമാണോ ?)

നിശ്ചയമായും നീ സഹനമുള്ളവനും തന്റേടമുള്ളവനുമാകുന്നു (11:87)

ഞങ്ങളുടെ പിതാക്കൾ ബിംബാരാധന നടത്തി ഞങ്ങളും അത് തുടരുന്നു. അതിന്നെതിരെ സംസാരിക്കാൻ നിനക്കെന്തവകാശം ? ഇതാണവരുടെ ഒന്നാമത്തെ ചോദ്യം. നിന്റെ നിസ്കാരമാണോ നിന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്. പരിഹാസവും ധിക്കാരവും നിറഞ്ഞ ചോദ്യം നിസ്കാരത്തെ കളിയാക്കുകയാണ്. പിതാക്കളുടെ ആരാധനക്കെതിരാണ് ശുഐബ് (അ) ന്റെ ആരാധന. അത് കൊണ്ടവർ നിസ്കാരത്തെ പുച്ഛിക്കുന്നു.

രണ്ടാമത്തെ ചോദ്യം സമ്പത്തിന്റെ കാര്യമാണ്. ഞങ്ങൾ സമ്പാദിക്കുന്നു, ഞങ്ങൾ ചെലവഴിക്കുന്നു അത് ഞങ്ങളുടെ കാര്യം നീയും നിന്റെ നിസ്കാരവും അതിൽ ഇടപെടേണ്ടതില്ല. ഞങ്ങളിൽ ചതിയും വഞ്ചനയും ആരോപിക്കാൻ നിനക്കെന്തവകാശം ?

നീ സഹനമുള്ളവൻ തന്നെ നീ തന്റേടമുള്ളവൻ തന്നെ ഇത് കടുത്ത പരിഹാസമാണ് ധിക്കാരം അതിര് കടന്നതിന്റെ അടയാളമാണ് ഈ വാക്കുകൾ. നീ മൂഢനാണ്, വിഡ്ഡിയാണ് എന്നൊക്കെയാണവർ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. പീഡനങ്ങളും പരിഹാസങ്ങളും നാൾക്കുനാൾ വർദ്ധിക്കുകയാണ് അതോടൊപ്പം സത്യവിശ്വാസികളുടെ ഈമാനും വർദ്ധിക്കുകയാണ്. ഏകനായ റബ്ബിനെ വണങ്ങുന്നു അവനെ വാഴ്ത്തുന്നു അവനോട് പ്രാർത്ഥിക്കുന്നു. പൂർണ്ണമായ മനസ്സാന്നിധ്യത്തോടെ നിസ്കരിക്കുന്നു നിസ്കാരത്തിൽ ഉരുവിടുന്നതെന്ത് ? ശത്രുക്കൾ അത് മനസ്സിലാക്കുന്നു. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നു. ജീവിതവും മരണവും അവന്ന് മുമ്പിൽ സമർപ്പിക്കുന്നു.ചെയ്തു പോയ പാപങ്ങൾ പൊറുത്തു തരാൻ വേണ്ടി അല്ലാഹുവിനോട് കേണപേക്ഷിക്കുന്നു. ദുആ ചെയ്യുമ്പോൾ ഖൽബ് വിങ്ങുന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്നു.



അല്ലാഹുവേ , ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തിത്തരേണമേ എന്നവർ പ്രാർത്ഥിക്കുന്നു. ശത്രുക്കൾക്കത് കേട്ട് സഹിക്കാനാവുന്നില്ല ഈ നിസ്കാരവും പ്രാർത്ഥനയും ശത്രുക്കളുടെ മനസ്സിന്റെ സ്വസ്ഥത കളയുന്നു. കൂട്ടം കൂടിയിരുന്ന് അവരത് ചർച്ച ചെയ്യുന്നു. ചർച്ച ചെയ്യുന്തോറും അസ്വസ്ഥത വളരുകയാണ്. നിസ്കാരം തടയണം പ്രാർത്ഥന തടയണം അതിനെന്ത് വഴി? ബലപ്രയോഗം തന്നെ. ബലപ്രയോഗം അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയാണല്ലോ?

ഓർക്കുന്തോറും വെപ്രാളം കൂടുന്നു ശുഐബിനെയും കൂട്ടരേയും ആട്ടിപ്പുറത്താക്കണം അതേ ഇനിയൊരു വഴിയുള്ളൂ. നാട് വിട്ട് പോവാൻ പറയാം. പോവുന്നില്ലെങ്കിൽ ബലം പ്രയോഗിക്കാം. ഇനി ഇന്നാട്ടിൽ ഇതൊന്നും വേണ്ട. നിസ്കാരം വേണ്ട പ്രാർത്ഥന വേണ്ട ശുഐബിന്റെ പ്രസംഗം വേണ്ട നേതാക്കൾ സംഘടിച്ചു. അനുയായികൾ പിൻബലം നൽകി അവർ പ്രഖ്യാപിച്ചു.

ശുഐബ് ഇതാ ഇതൊരു താക്കീതാണ്. താനും കൂട്ടരും നട് വിട്ട് പോവണം. ഈ നിസ്കാരവും പ്രാർത്ഥനയും പ്രസംഗവും ഇനിയും ഇന്നാട്ടിൽ നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ഈ മുന്നറിയിപ്പ് സ്വീകരിച്ച് എത്രയും പെട്ടെന്ന് നാട് വിട്ട് പോവുന്നതാണ് നിനക്കും നിന്റെ അനുയായികൾക്കും നല്ലത്. ശക്തമായ താക്കീത് നൽകിക്കഴിഞ്ഞു പ്രതികരണത്തിന് വേണ്ടി കാത്തിരുന്നു.

ശുഐബ് (അ)ന്റെ പ്രസംഗത്തിന്റെ പ്രതിധ്വനികൾ വീണ്ടും മുഴങ്ങി

എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ എന്നെ അനസരിക്കുകയും ചെയ്യുവീൻ.

ആ സമൂഹം അക്രമാസക്തരായിത്തീർന്നു തൗഹീദിന്റെ ശബ്ദവും വെളിച്ചവും തകർക്കാനുള്ള പുറപ്പാട്


ധിക്കാരികളായ സമൂഹങ്ങൾ

ശുഐബ് (അ) ന്റെ ഉജ്ജ്വലമായ പ്രഭാഷണങ്ങൾ അഹങ്കാരികളുടെ ഉറക്കം കെടുത്തുകയാണ്. നബിയുടെ വിശദീകരണം ഇങ്ങനെ: "വ്യക്തമായ ദൃഷ്ടാന്തങ്ങളുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ഞാൻ പറയുന്നത് സത്യം മാത്രം. അല്ലാഹുﷻ എനിക്ക് നല്ല വിഭവങ്ങൾ നൽകുന്നു. നിങ്ങളുടെ വിഭവങ്ങൾ ശുദ്ധമല്ല. ചതിയും വഞ്ചനയും പൂഴ്ത്തിവെപ്പും നടത്തി സമ്പാദിച്ച വിഭവങ്ങളാണ് നിങ്ങളുടെ പക്കലുള്ളത്. എന്റെ പക്കലുള്ളതെല്ലാം പരിശുദ്ധമാണ്...

ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നു. അക്കാര്യങ്ങൾ ഞാൻ ആദ്യം ചെയ്യുന്നു. ചില കാര്യങ്ങൾ ചെയ്യരുത് എന്ന് ഞാൻ പറയുന്നു. അക്കാര്യങ്ങളിൽ നിന്ന് ഞാനാണ് ആദ്യം വിട്ടുനിൽക്കുന്നത്. ഇതാണെന്റെ ചര്യ. ഇതിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല...

 പറയുന്നത് ചെയ്യണം. ചെയ്യാത്തത് പറയരുത്. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. ആ രീതി എനിക്ക് പറ്റില്ല. കല്പിക്കുന്ന കാര്യം ആദ്യം ചെയ്യുന്നത് ഞാനായിരിക്കും. നിങ്ങൾക്ക് നന്മ വരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നന്മക്കുവേണ്ടി മാത്രമാണെന്റെ ശ്രമങ്ങൾ. നിങ്ങളത് ശരിക്ക് മനസ്സിലാക്കണം. നിങ്ങൾ തിന്മയിലൂടെ മുന്നേറുന്നു. ഞാൻ നിങ്ങളെ തടയാൻ നോക്കുന്നു.  എന്നിട്ട് നിങ്ങളെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു.

എനിക്ക് സഹായം ലഭിക്കുന്നത് അല്ലാഹുﷻവിൽ നിന്നാണ്. എന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നത് അവനാണ്. അല്ലാഹുﷻവിൽ നിന്നാണെന്റെ തൗഫീഖ്. അല്ലാഹുﷻവിനെക്കൊണ്ടല്ലാതെ എന്റെ തൗഫീഖ് ഇല്ല.   

                                     وَمَا تَوْفِيقِي إِلَّا بِاللَّهِ

ഞാൻ അല്ലാഹുﷻവിൽ ഭരമേൽപ്പിക്കുന്നു. എല്ലാം അവൻ ഏറ്റെടുത്തു നടത്തുന്നു. അവനിലേക്കാണ് മടക്കം. എന്റെ മനസ്സ് അവനിലേക്ക് മടങ്ങുന്നു."

കേൾവിക്കാരെ അമ്പരപ്പിക്കുന്ന പ്രസംഗം. മനസ്സിന്റെ ഉള്ളറകൾ വരെ ഇളക്കി മറിക്കുന്ന വാക്ക് പ്രയോഗങ്ങൾ. പ്രസംഗ ശൈലിയുടെ മേന്മ മനസ്സിലാവുന്ന രീതിയിൽ തന്നെ വിശുദ്ധ ഖുർആൻ അത് ഉദ്ധരിക്കുന്നുണ്ട്. സൂറത്ത് ഹൂദിൽ അത് കാണാം...


قَالَ يَا قَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَىٰ بَيِّنَةٍ مِنْ رَبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِتَوَكَّلْتُ وَإِلَيْهِ أُنِيبُ

 "ശുഐബ് പറഞ്ഞു:  എന്റെ ജനങ്ങളേ നിങ്ങൾ കണ്ടുവോ? എന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള വ്യക്തമായ തെളുവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളതെങ്കിൽ അവൻ എനിക്ക് നല്ല വിഭവങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് ഇങ്ങനെ ഉപദേശിക്കാനല്ലാതെ കഴിയുമോ? എന്തൊന്നിനെക്കുറിച്ച് ഞാൻ നിങ്ങളെ വിരോധിക്കുന്നുവോ. അക്കാര്യത്തിൽ ഞാൻ നിങ്ങളുമായി വ്യത്യാസം പ്രവർത്തിക്കുകയില്ല.  എനിക്ക് സാധ്യമായ നന്മ വരുത്തുകയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ തൗഫീഖ് അല്ലാഹുﷻ മൂലമല്ലാതെ ഇല്ലതാനും. അവന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. അവങ്കലേക്ക് തന്നെ ഞാൻ മനസ്സ് മയങ്ങി വിനയപ്പെടുകയും ചെയ്യുന്നു." (11:88)


കാലം മായ്ക്കാത്ത വചനങ്ങൾ. നമ്മുടെ കാലത്തെ പണ്ഡിതന്മാർ പോലും പ്രസംഗത്തിന്റെ പ്രാരംഭമായി ശുഐബ് (അ)ന്റെ ഈ വചനങ്ങൾ ഉദ്ധരിക്കാറുണ്ട്. വചനം അറബിയിൽ ഇങ്ങനെ:   


  إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

 ഖാത്വീബുൽ അമ്പിയാഇന്റെ പ്രസംഗത്തിലെ ഈ മഹത്തായ പ്രയോഗം എക്കാലത്തെയും പ്രസംഗകർ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.  ഏതെല്ലാം പ്രസംഗകരിൽ നിന്ന് നാമിത് കേട്ടിരിക്കുന്നു. മനോഹര ശബ്ദത്തിൽ അത് കേൾക്കുമ്പോൾ നമുക്ക് ഉൾപ്പുളകമുണ്ടാവുന്നു.  അപ്പോൾ നാം നന്ദിപൂർവ്വം ഓർക്കണം ആരെ..?

മഹാനായ ശുഐബ് നബി  (അ)എന്ന പ്രഭാഷകനെ. ഈ വിശുദ്ധ വചനം വ്യാഖ്യാനിച്ചുകൊണ്ട് മഹാപണ്ഡിതന്മാർ ധാരാളം എഴുതിയിട്ടുണ്ട്...

 ഞാൻ എന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള വ്യക്തമായ തെളിവോടുകൂടി ആയിരിക്കുകയും എന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്. രണ്ട് പൂർവ്വ പ്രവാചകന്മാർ ഇതേ വചനം പറഞ്ഞിട്ടുണ്ട്. അവ രണ്ടും ഹൂദ് സൂറത്തിൽ തന്നെ ഉച്ചരിച്ചിട്ടുണ്ട്. അതിന്റെ അറബി ഉച്ചാരണം ഇങ്ങനെ:

إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي

 ഇതേ വചനം ഉദ്ധരിച്ച ഒരു മുൻ പ്രവാചകൻ മഹാനായ നൂഹ് (അ) ആകുന്നു. സൂറത്ത് ഹൂദിലെ 28ാം വചനത്തിന്റെ തുടക്കം കാണുക.


قَالَ يَا قَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَىٰ بَيِّنَةٍ مِنْ رَبِّي وَآتَانِي رَحْمَةً مِنْ عِنْدِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنْتُمْ لَهَا كَارِهُونَ

"നൂഹ് (അ)പറഞ്ഞു : എന്റെ ജനങ്ങളേ നിങ്ങൾ കണ്ടുവോ? ഞാൻ എന്റെ റബ്ബിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള ഒരു കാരുണ്യം എനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽ." (11:28)

എല്ലാം നിങ്ങൾക്ക് കണ്ട് മനസ്സിലാക്കാൻ കഴിയും. എന്നിട്ടും നിങ്ങൾ മനസ്സിലാവാത്തത് പോലെ നടിക്കുന്നു. ധിക്കാരം കൊണ്ടാണത്. ഇതൊക്കെയാണ് നൂഹ് (അ) ഉദ്ദേശിച്ചത്. മറ്റൊരു പൂർവ്വ പ്രവാചകനായ സ്വാലിഹ് (അ) ഇതേ  വചനം ആവർത്തിക്കുന്നു. സൂറത്ത് ഹൂദ് 63ാം വചനത്തിൽ അത് കാണാം. അതിങ്ങനെ:

 قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَآتَانِي مِنْهُ رَحْمَةً فَمَن يَنصُرُنِي مِنَ اللَّهِ إِنْ عَصَيْتُهُ ۖ فَمَا تَزِيدُونَنِي غَيْرَ تَخْسِيرٍ
 "സ്വാലിഹ് പറഞ്ഞു:  എന്റെ ജനങ്ങളേ! നിങ്ങൾ കണ്ടുവോ ഞാൻ എന്റെ റബ്ബിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള ഒരു  കാരുണ്യം എനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽ അപ്പോൾ ഞാൻ അല്ലാഹുﷻവിനോട് അനുസരണക്കേട് കാണിച്ചാൽ അവനിൽ നിന്ന് ആരാണെന്നെ സഹായിക്കുക?" (11:63)

 നൂഹ്(അ),സ്വാലിഹ് (അ) എന്നിവർ നേരത്തെ പ്രയോഗിച്ച ശൈലിയാണ് ശുഐബ് (അ)ഇപ്പോൾ പ്രയോഗിച്ചത്. മൂന്ന് പേരും  പറഞ്ഞതിങ്ങനെ :

قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي 

മൂന്നു സമൂഹങ്ങളും സത്യനിഷേധത്തിൽ നല്ല കടുപ്പം കാണിച്ചു. ധിക്കാരത്തിലും സമാനത പുലർത്തി. ഒരേ നിലപാട് സ്വീകരിച്ചു.  പ്രവാചകന്മാരുടെ ഉപദേശങ്ങളിലും സാദൃശ്യം കാണാവുന്നതാണ്. ശുഐബ് (അ) ന്റെ പ്രസംഗം കത്തിക്കയറുകയാണ്. പ്രസംഗം ഉജ്ജ്വലമായാപ്പോൾ നാല് പ്രവാചകന്മാരുടെ പേരുകൾ പറയുന്നു...

 നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ് (അ) നാല് പ്രവാചകന്മാർ. സന്മാർഗ്ഗ പ്രകാശം ചൊരിഞ്ഞ നാല് ദീപങ്ങൾ. അന്ധകാരം ഇഷ്ടപ്പെട്ട നാല് സമൂഹങ്ങൾ. ആ സമൂഹങ്ങൾ വെളിച്ചം ഇഷ്ടപ്പെട്ടില്ല. വെളിച്ചവുമായി വന്ന മഹാന്മാരായ നബിമാർ. ആ വെളിച്ചം ഊതിക്കെടുത്താൻ വെമ്പൽ കൊണ്ട നാല് സമൂഹങ്ങൾ. ഇരുട്ടും വെളിച്ചവും തമ്മിൽ പോരാട്ടം...

 ആ പോരാട്ടത്തെക്കുറിച്ചുള്ള പ്രസംഗം. മനുഷ്യ മനസ്സുകളെയാണത് ഇളക്കി മറിച്ചത്. ഈ നാല് വിഭാഗങ്ങളും ആരോഗ്യ ദൃഢഗാത്രരായിരുന്നു. അവരുടെ കായിക ശക്തി അത്ഭുതകരമായിരുന്നു. ശക്തി നൽകിയവൻ അല്ലാഹുﷻവാണെന്ന് സമ്മതിക്കാൻ അവരുടെ അഹങ്കാരം അവരെ അനുവദിച്ചില്ല. തൊള്ളായിരത്തി അമ്പത് കൊല്ലക്കാലത്തെ നിരന്തര ശ്രമം കാരണം ഏതാനും പേർ നൂഹ് (അ)ൽ വിശ്വസിച്ചു...

 അവരെ അല്ലാഹു ﷻ കപ്പലിൽ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ വെള്ളപ്പൊക്കത്തിൽ നശിപ്പിച്ചു. ആ മഹാപ്രളയത്തെക്കുറിച്ചാണ് ശുഐബ് (അ) പ്രസംഗിച്ചത്. ഏത് ശിലാഹൃദയവും അലിയുന്ന അവതരണം. പക്ഷെ സ്വന്തം ജനതയുടെ ഖൽബ് ഇളകിയില്ല...

പിന്നീട് പ്രസംഗിച്ചത് ആദ്-സമൂദ് ഗോത്രങ്ങളെക്കുറിച്ചാണ്. എന്തൊരു കലാവിരുതായിരുന്നു ആ ജനതക്ക്. വലിയ പാറകളിൽ അവർ തുരന്നുണ്ടാക്കിയ പാർപ്പിടങ്ങൾ. ആരെയും അതിശയിപ്പിക്കുന്ന കാഴ്ച. അവർ നിർമിച്ച സ്തൂപങ്ങൾ.  ശില്പകലയിൽ അവർ നിപൂണരായിരുന്നു. അവരുടെ കൊത്തു വേലകൾ ഏവരെയും അതിശയിപ്പിച്ചു...



 ഏകനായ അല്ലാഹുﷻവിനെ ആരാധിക്കണമെന്ന് ആദ് സമൂഹത്തോട് ഹൂദ് (അ) ആവശ്യപ്പെട്ടു. സ്വാലിഹ് (അ)തന്റെ സമൂഹമായ സമൂദിനോടും അത് തന്നെ ആവശ്യപ്പെട്ടു. ആദ് ധിക്കാരം കാണിച്ചു. പ്രവാചകനെ ഉപദ്രവിച്ചു. ശിക്ഷ വരുമെന്ന് പറഞ്ഞപ്പോൾ അതിന്ന് ധൃതി കൂട്ടി...

 സമൂദ് ഗോത്രം വലിയ ധിക്കാരികളായിരുന്നു. ആദിന്റെ നാശം അവർക്ക് പാഠമാകേണ്ടതായിരുന്നു. മനസ്സിലെ ധിക്കാരം അവരെ തടഞ്ഞു. സ്വാലിഹ് (അ) ന്റെ താക്കീതുകൾ അവർ തള്ളിക്കളഞ്ഞു. പാറയിൽ നിന്ന് ഒട്ടകത്തെ കൊണ്ട് വരാൻ അവരാവശ്യപ്പെട്ടു. അല്ലാഹുﷻവിന്റെ ദൃഷ്ടാന്തമായി ഒട്ടകമെത്തി. അതിനെ ഉപദ്രവിക്കരുതെന്ന് നബി കല്പിച്ചു. ധിക്കാരികൾ കല്പന ലംഘിച്ചു. ഒട്ടകത്തെ അറുത്തു. നേരത്തെ താക്കീത് ചെയ്തിരുന്ന ശിക്ഷ വരികയും ചെയ്തു. ധിക്കാരികളുടെ സമൂഹം തുടച്ചു നീക്കപ്പെട്ടു...

അതിനുശേഷം വന്നവരാണ് ലൂത്വ് (അ)ന്റെ സമൂഹം. ആദിന്റെയും സമൂദിന്റെയും നാശം അവർക്ക് പാഠമായില്ല. അല്ലാഹുﷻ നൽകിയ  കഴിവുകൾ അവർ സ്വന്തം കഴിവുകളായി കണ്ടു. എന്നിട്ടതിൽ അഹങ്കരിച്ചു. ലൂത്വ് നബി  (അ) നിരന്തരം താക്കീത് നൽകിക്കൊണ്ടിരുന്നു. അവയെ അഹങ്കാരികൾ പരിഹസിച്ചു തള്ളി...

 ശുഐബ് (അ) ആ സമൂഹത്തെ കുറിച്ചു സംസാരിച്ചു. "എന്റെ ജനങ്ങളെ! മദ് യൻകാരെ! ലൂത്വ് നബി (അ)ന്റെ ജനത ജീവിച്ചത് സമീപ കാലത്താണല്ലോ? സമീപ പ്രദേശമാണല്ലോ?  നിങ്ങളെപ്പോലെ അവരും വഴിയാത്രക്കാരെ ഉപദ്രവിച്ചു. മുതലുകൾ കൊള്ളയടിച്ചു. യാത്രക്കാർക്കിടയിലെ ചെറുപ്പക്കാരെ അവർ പിടികൂടി ലൈംഗിക പീഡനം നടത്തി...

അവർ ലൂത്വ് നബി (അ)നോട് വിളിച്ചു പറഞ്ഞു. ഹേ ലൂത്വ് നീ പറയുന്ന ശിക്ഷ കൊണ്ടുവാ.... അവർക്ക് കാത്തിരിക്കാൻ വയ്യ. ഉടനെ ശിക്ഷ വേണം  ഒടുവിൽ ശിക്ഷ വന്നു. അവർക്കത് തടയാൻ കഴിഞ്ഞോ? സദൂം പട്ടണം അപ്പാടെ ചാവുകടലിൽ മുങ്ങിപ്പോയില്ലേ? സമീപകാലത്തെ സംഭവമല്ലേ അത്?  എന്നിട്ടും നിങ്ങളന്ത് കൊണ്ട് പാഠം പഠിക്കുന്നില്ല. ശിക്ഷ വരും ഉറപ്പാണ്. നിങ്ങൾക്കത് തടയാനാവില്ല...

വിശുദ്ധ ഖുർആൻ ഈ രംഗം  അവതരിപ്പിക്കുന്നതിങ്ങനെ :

  وَيَا قَوْمِ لَا يَجْرِمَنَّكُمْ شِقَاقِي أَن يُصِيبَكُم مِّثْلُ مَا أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ ۚوَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ

"എന്റെ  ജനങ്ങളേ..! എന്നൊടുള്ള കക്ഷി മാത്സര്യം നിങ്ങൾക്ക് വരുത്തി വെക്കാതിരിക്കട്ടെ! നൂഹിന്റെ ജനതക്കോ ഹൂദിന്റെ ജനതക്കോ സ്വാലിഹിന്റെ ജനതക്കോ ബാധിച്ചത് പോലുള്ള ശിക്ഷ നിങ്ങൾക്ക് വരുത്തിവെക്കാതിരിക്കട്ടെ... ലൂത്വിന്റെ ജനത നിങ്ങളിൽ നിന്നകലെയല്ല." (11:89)

എന്നോടുള്ള കക്ഷി മാത്സര്യം നിങ്ങൾ അവസാനിപ്പിക്കുക. എന്നെ പ്രവാചകനായി അംഗീകരിക്കുക. എങ്കിൽ നിങ്ങൾ സൗഭാഗ്യവാന്മാരാണ്. കക്ഷി മാത്സര്യേ തുടരാൻ തന്നെയാണ് ഭാവമെങ്കിൽ. നൂഹിന്റെയും ഹൂദിന്റെയും സ്വാലിഹിന്റയും സമൂഹങ്ങൾക്ക് വന്ന ശിക്ഷ നിങ്ങളെയും ബാധിക്കാം. ലൂത്വിന്റെ ജനതക്ക്  സംഭവിച്ചതെന്താണെന്ന് നിങ്ങൾക്ക് നന്നായി അറിവുള്ളതാണല്ലോ...

 ലൂത്വ് നബി (അ) ന്റെ കാലം കഴിഞ്ഞ് ഏറെക്കഴിയും മുമ്പായി ശുഐബ് (അ)ന്റെ നിയോഗം നടന്നു. നിങ്ങൾ നാശം വിളിച്ചു വരുത്തരുത്. അല്ലാഹുﷻവിൽ വിശ്വസിക്കുവീൻ! അവനോട് പാപമോചനം തേടുവീൻ! അവൻ പാപങ്ങൾ പൊറുത്തു തരും. നിങ്ങൾ സച്ചരിതരായിത്തീരും. സ്വർഗ്ഗാവകാശികളായിത്തീരും...

ആ സമുദായം നബിയോടിങ്ങനെ പറഞ്ഞു  : "നീ ഞങ്ങൾക്കിടയിൽ ജനിച്ചു വളർന്നവനാണ്. നിന്റെ ബന്ധുക്കൾ ഇവിടെയുണ്ട്. അവരെയോർത്താണ് ഞങ്ങൾ നിന്നെ കൊല്ലാതെ വിടുന്നത്. ബന്ധുക്കൾ ഇവിടെയില്ലായിരുന്നെങ്കിൽ ഞങ്ങൾ എന്നേ നിന്റെ ജീവൻ എടുത്തേനെ. ഞങ്ങൾ നിന്നെ എറിഞ്ഞു കൊല്ലുമായിരുന്നു. ഞങ്ങൾക്കിടയിൽ നീ ഒരു പ്രതാപശാലിയല്ല. നീ നിന്ദ്യനാണ്. നിനക്ക് യാതൊരു അന്തസ്സും ഞങ്ങൾ കല്പിക്കുന്നില്ല. ഞങ്ങൾക്കിടയിൽ നീ പരിഗണിക്കപ്പെടേണ്ട ഒരു വ്യക്തിയേ അല്ല."

പരിഹാസം വളരുകയാണ്. എതിർപ്പുകൾ ശക്തി പ്രാപിക്കുകയാണ്. വാക്കിലും പ്രവർത്തിയിലും ധിക്കാരം തന്നെ. ശിക്ഷ വരുമെന്ന മുന്നറിയിപ്പും വിലപ്പോവില്ല. ശിക്ഷക്ക് തിരക്ക് കൂട്ടുകയാണവർ ചെയ്തത്...

തന്നെക്കൊണ്ട് വിശ്വസിച്ച മുഹ്മിനീങ്ങളെ ആരാധനാ കർമ്മങ്ങൾ പഠിപ്പിച്ചു. വിശ്വാസകാര്യങ്ങളും പഠിപ്പിച്ചു. അങ്ങനെ കാലം കടന്നുപോയി...


മദ് യനിലെ മു' മിനീങ്ങൾ

അല്ലാഹു കാരുണ്യം നിറഞ്ഞവനാണ് വിശാലമായി പൊറുത്തു കൊടുക്കുന്നവനാണ് പാപമോചനം തേടുന്നവർക്ക് കനിവ് ലഭിക്കും മദ് യൻ സമൂഹം പാപങ്ങളിൽ മുങ്ങി നിൽക്കുകയാണ് അവർ ഖേദിച്ചു മടങ്ങണം പൊറുക്കലിനെ തേടണം എങ്കിൽ അല്ലാഹു പൊറുത്തു കൊടുക്കും ഇതൊക്കെ ശുഐബ് നബി (അ) ക്ക് നന്നായറിയാം നബി വീണ്ടും തന്റെ സമുദായത്തെ ഉപദേശിക്കുന്നു വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം.

وَاسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي رَحِيمٌ وَدُودٌ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ (11:90)

തന്റെ സമുദായത്തോടുള്ള നബിയുടെ നിഷ്കളങ്കമായ സ്നേഹമാണ് നാം ഈ വരികളിൽ കാണുന്നത് അല്ലാഹുവിന്റെ സ്നേഹം അതിന്റെ ആഴവും പരപ്പും അത് അവന്നുമാത്രം അറിയാം അതിൽ നിന്ന് ഈ സമൂഹത്തിന് വല്ലതും കിട്ടണം കിട്ടണമെങ്കിൽ അവർ ചോദിക്കണം പാപമോചനം നടത്തണം അവനിലേക്ക് ഖേദിച്ചു മടങ്ങണം അതിന്നവർ തയ്യാറല്ല ആ സന്ദർഭത്തിൽ ശുഐബ് (അ) സഹിച്ച മനോവേദനയെത്ര ഇതൊരു അഭ്യർത്ഥനയാണ് അതിനെ നിരാകരിച്ചു കൊണ്ട് അവർ നൽകിയ മറുപടി ഇങ്ങനെ:


  قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَاكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَاكَ ۖ وَمَا أَنتَ عَلَيْنَا بِعَزِيزٍ


അവർ പറഞ്ഞു: ഓ ....ശുഐബ് നീ പറയുന്നതിൽ നിന്ന് മിക്കതും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല നിശ്ചയമായും ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങൾ കാണുന്നുള്ളൂ നിനക്ക് കുടുംബം ഇല്ലായിരുന്നുവെങ്കിൽ നിന്നെ ഞങ്ങൾ എറിഞ്ഞു കൊല്ലുക തന്നെ ചെയ്യുമായിരുന്നു നീ ഞങ്ങളുടെ അടുക്കൽ ഒരു പ്രതാപ ശാലിയല്ല (11:91)

അഹങ്കാരം നിറഞ്ഞ മറുപടിയാണവർപറഞ്ഞത്. ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് നീ പറയുന്നത്. ദയാപരനായ റബ്ബിനെ കുറിച്ചു നീ പറയുന്നു. ഞങ്ങൾക്കത് ഉൾക്കൊള്ളാനാവുന്നില്ല. ഖേദിച്ചു മടങ്ങാനും പശ്ചാത്തപിക്കാനും നീ പറയുന്നു. അതിന്റെ ആവശ്യമെന്ത് ? മനസ്സിലാവുന്നില്ല. നീയാണ് തെറ്റുകാരൻ നിന്നെ ഞങ്ങൾ എറിഞ്ഞ് കൊല്ലുമായിരുന്നു. നിന്റെ ബന്ധുക്കളെയോർത്താണ് നിന്നെ വധിക്കാത്ത.ത് നീയൊരു ദുർബ്ബലനാണ്. ഞങ്ങളാണ് പ്രബലന്മാർ നീ പ്രതാപമുള്ളവനല്ല. ഞങ്ങളാണ് പ്രതാപ ശാലികൾ ഈ രീതിയിൽ മാത്രമാണവരുടെ സംസാരം.

നബി പറയുന്നത് ശ്രദ്ധിക്കാനോ ഉൾക്കൊള്ളാനോ തയ്യാറില്ല. സമ്പത്തിനോടുള്ള ഒടുങ്ങാത്ത മോഹം അത് എക്കാലവും മനുഷ്യ മനസ്സുകളെ അടക്കി വാഴുകയാണ്. അതിൽ നിന്ന് മോചിതരാവുന്നത് മുഹ്മിനീങ്ങൾ മാത്രമാണ്. ബന്ധുക്കളെ കുറിച്ചാണവർ പ്രാധാന്യത്തോടെ സംസാരിച്ചത് ബന്ധുക്കളില്ലായിരുന്നെങ്കിൽ എറിഞ്ഞു കൊല്ലുമായിരുന്നു എന്നവർ വീരവാദം മുഴക്കി.

ബന്ധുക്കളെയല്ല പരിഗണിക്കേണ്ടത് അല്ലാഹുവിനെയാണ് പരിഗണിക്കേണ്ടത് ശുഐബ് (അ) നൽകിയ മറുപടി ഖുർആനിൽ കാണാം.

ശുഐബ് (അ) പറഞ്ഞു :

  قَالَ يَا قَوْمِ أَرَهْطِي أَعَزُّ عَلَيْكُم مِّنَ اللَّهِ وَاتَّخَذْتُمُوهُ وَرَاءَكُمْ ظِهْرِيًّا ۖ إِنَّ رَبِّي بِمَا تَعْمَلُونَ مُحِيطٌ

എന്റെ ജനങ്ങളേ എന്റെ കൂട്ടുകുടുംബമാണോ നിങ്ങൾക്ക് അടുക്കൽ അല്ലാഹുവിനേക്കാൾ പരിഗണനീയം ?

അവനെ നിങ്ങൾ നിങ്ങളുടെ പിന്നിൽ പുറം തള്ളപ്പെട്ടവനാക്കുകയാണോ? എന്റെ റബ്ബ് നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു (11:92)

സ്രഷ്ടാവായ റബ്ബിനെ ആ ജനത പരിഗണിക്കുന്നില്ല. ശുഐബ് (അ) ന്റെ ബന്ധുക്കളെ പരിഗണിക്കുന്നു. ഇക്കാര്യം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. അല്ലാഹുവിനെ പുറകോട്ട് തള്ളുകയും ചെയ്യുന്നു. ഇത് മനുഷ്യരുടെ പൊതു സ്വഭാവമാണ്. മുസ്ലിംകളുടെ അവസ്ഥ തന്നെ പലപ്പോഴും ഇങ്ങനെയൊക്കെ ആയിപ്പോവാറുണ്ട്. ഈമാൻ ശക്തമല്ലാത്തത് കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. തറവാടിന്റെയും കുലത്തിന്റെയും മഹിമ വിളിച്ചു പറഞ്ഞ് ഊറ്റം കൊള്ളുന്ന എത്രയോ മുസ്ലിംകളെ കാണാൻ കഴിയും. കൂട്ടുകുടുംബങ്ങൾ ഒത്തു കൂടുമ്പോൾ വലിയ ആഹ്ലാദമായിത്തീരും നിസ്കാര സമയമായാൽ അത് പരിഗണിക്കില്ല. നിസ്കാരം പാഴാക്കുന്നത് പ്രശ്നമല്ല കുടുംബത്തെയാണ് കൂടുതൽ പരിഗണിക്കുന്നത്.

മദ് യൻ സമൂഹം എന്ത് ചെയ്തു ? സ്വന്തം കുടുംബത്തെ നന്നായി പരിഗണിച്ചു ശുഐബിന്റെ കുടുംബത്തെയും പരിഗണിച്ചു. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അവഗണിക്കുകയും ചെയ്തു. ബന്ധുക്കളെ പരിഗണിച്ചത് മാത്രമാണ് എറിഞ്ഞ് കൊല്ലാഞ്ഞത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബന്ധുക്കൾ സത്യവിശ്വാസം കൈക്കൊള്ളാത്തത് കൊണ്ടാണ് ഈ പരിഗണന സത്യവിശ്വാസം കൈക്കൊണ്ട ബന്ധുക്കളെ അവർ പരിഗണിക്കുകയും ചെയ്യ്തു

ശുഐബ് (അ)നൽകിയ മറുപടി ഇങ്ങനെ:

കുടുംബത്തെയല്ല പരിഗണിക്കേണ്ടത് അല്ലാഹുവിനെയാണ് പരിഗണിക്കേണ്ടത്.

അല്ലാഹുവിന്റെ കല്പനകൾ അവഗണിച്ചു തള്ളുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ് എന്നവരെ ഉണർത്തി അവർ അതൊന്നും പരിഗണിച്ചില്ല.

നീ പറയുന്നതെല്ലാം വ്യാജമാണ് ഞങ്ങൾ അതൊന്നും വിശ്വസിക്കുന്നില്ല ശിക്ഷ വരുമെന്ന് നീ പറയുന്നു എന്ത് ശിക്ഷ എന്നാണത് വരിക? ഇത്രയൊക്കെയായിട്ടും അത് വരാത്തതെന്ത് ? ഞങ്ങളുടെ ജീവിത രീതി ഇങ്ങനെ തന്നെ തുടരും അത് മാറ്റാൻ നിന്നെക്കൊണ്ടാവില്ല നീ അതിന് ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം

ഈ സംസാരം നബിയെ വളരെ നിരാശനാക്കി മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ ശുഐബ് (അ) പറഞ്ഞു ;

നിങ്ങളുടെ നിലപാട് എന്താണോ അതനുസരിച്ച് പ്രവർത്തിക്കുക എന്റെ സ്ഥിതിയനുസരിച്ച് ഞാനും പ്രവർത്തിച്ചു കൊള്ളാം. ഏറ്റവും അപമാനകരമായ ശിക്ഷ ആർക്കാണ് വന്നെത്തുകയെന്ന് നിങ്ങൾ തീർച്ചയായും അറിയും. ആരാണ് വ്യാജം പറഞ്ഞതെന്ന് അപ്പോൾ നിങ്ങളറിയും. സത്യം പറഞ്ഞത് ഞാനാണെന്നും കള്ളം പറഞ്ഞത് നിങ്ങളാണെന്നും ബോധ്യപ്പെടും. കുറച്ചു കാലം കൂടി കാത്തിരിക്കുക. ഞാനും കാത്തിരിക്കാം. മനസ്സുരുകിയ വർത്തമാനമാണത് ശിക്ഷയെക്കുറിച്ചുള്ള വമ്പിച്ച താക്കീത് ആർക്കും വിശ്വാസം വരുംവിധമുള്ള ഉറച്ചവാക്കുകൾ എന്നിട്ടെന്തുണ്ടായി ? ആ സമൂഹം പരിഹസിച്ചു ചിരിച്ചു.

വിശുദ്ധ ഖുർആനിൽ ഈ രംഗം കാണുക

ശുഐബ് (അ) പറഞ്ഞു ;

  وَيَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَاذِبٌ ۖ وَارْتَقِبُوا إِنِّي مَعَكُمْ رَقِيبٌ


എന്റെ ജനങ്ങളേ,നിങ്ങളുടെ നിലപാട് അനുസരിച്ചു നിങ്ങൾ പ്രവർത്തിച്ചു കൊള്ളുക എന്റെ നിലയനുസരിച്ച് ഞാനും പ്രവർത്തിക്കുന്നവനാണ് പിറകെ നിങ്ങൾക്കറിയാം ആർക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്ന് ആരാണ് വ്യാജം പറയുന്നവനെന്നും (അറിയാം) ശിക്ഷ പ്രതീക്ഷിക്കുവീൻ ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നവനാകുന്നു (11:93)

മദ് യൻകാരിലുള്ള സകല പ്രതീക്ഷയും അസ്ഥമിച്ചപ്പോഴാണ് ഈ വാക്കുകൾ പറഞ്ഞത്. ശിക്ഷ വരുമെന്ന കാര്യം ഉറപ്പായി വൈകാതെ ഉണ്ടാവും നിങ്ങളത് പ്രതീക്ഷിക്കുക ഞാനും പ്രതീക്ഷിക്കാം എന്തൊരു വാക്കാണത്.

മുഹ്മിനീങ്ങളുടെ ഒരു സമൂഹം അവിടെയുണ്ട്. മുശ്രിക്കുകളുടെ വൻ സമൂഹങ്ങളുണ്ട്. ഇത് വരെ അവർ ഇടകലർന്നു താമസിച്ചു. ഇനി വേർപെടുകയാണ്. ശിക്ഷ വരുമ്പോൾ രണ്ട് വിഭാഗമായിത്തീരും. വിശ്വാസികൾ വേറെ വിശ്വസിക്കാത്തവർ വേറെ അതിന്ന് സമയമായി വരുന്നു.

ഈ വചനം ശ്രദ്ധിക്കൂ.

ശുഐബ് (അ) പറഞ്ഞു:

ഞാൻ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിങ്ങളിൽ നിന്നൊരു വിഭാഗം വിശ്വസിച്ചിരുന്നെങ്കിൽ ഒരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ നമുക്കിടയിൽ അല്ലാഹു വിധി നടപ്പാക്കുന്നത് വരെ ക്ഷമിക്കുക. വിധിക്കർത്താക്കളിൽ ഏറ്റവും ഉത്തമനാണവൻ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ നബി പറഞ്ഞു കഴിഞ്ഞു വിശ്വസിച്ചവരെല്ലാം വിശ്വസിച്ചു ഇനിയാരെയും പ്രതീക്ഷാക്കാനില്ല ഇനി അല്ലാഹുവിന്റെ വിധി വന്നു കൊള്ളട്ടെ അല്ലാഹുവാണ് ഏറ്റവും നല്ല വിധികർത്താവ് മനസ്സുരുകിയ വാക്കുകൾ പക്ഷെ ആ ജനതക്കൊരു മാറ്റവുമില്ല അവർ കൂടുതൽ പ്രകോപിതരായി കാണപ്പെട്ടു ഇത്രയൊക്ക പറയാൻ നീ ആരെടാ ? എന്നതായിരുന്നു അവരുടെ നിലപാട്.

അവർ ഇങ്ങനെ വിളിച്ചു പറഞ്ഞു :

നീയാണ് വഴിപിഴച്ചവൻ നീയും നിന്റെ അനുയായികളും ഇന്നാട്ടിൽ നിന്ന് പോവണം. നിങ്ങളിൽ ഒന്നിനെപ്പോലും ഇവിടെ കണ്ട് പോവരുത്. എല്ലാവരെയും ഞങ്ങൾ ആട്ടിപ്പുറത്താക്കും നിന്റെയൊരു വിധിയും ശിക്ഷയും ഞങ്ങൾക്കതൊന്നും കേൾക്കാൻ മനസ്സില്ല. ജനനേതാക്കൾ വിളിച്ചു പറഞ്ഞതങ്ങനെയാണ് ഈ രംഗം വിശുദ്ധ ഖുർആനിൽ കാണുക :

അദ്ദേഹത്തിന്റെ ജനങ്ങളിലെ അഹംഭാവം നടിച്ച പ്രധാനികൾ പറഞ്ഞു :

ശുഐബ് നിന്നെയും നിന്നോടൊപ്പം വിശ്വസിച്ചവരെയും ഞങ്ങളുടെ നാട്ടിൽ നിന്ന് തീർച്ചയായും പുറത്താക്കുക തന്നെ ചെയ്യും

അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മാറഗ്ഗത്തിൽ മടങ്ങി വരിക തന്നെ വേണം

قَالَ أَوَلَوْ كُنَّا كَارِهِينَ

അദ്ദേഹം പറഞ്ഞു: ഞങ്ങൾ അത് വെറുക്കുന്നവർ ആയിരുന്നാലുമോ (7:88)

എത്ര ഗുരുതരമായ വചനങ്ങൾ

ശുഐബ് എന്ന് വിളിച്ചു കൊണ്ടാണ് മദ് യൻ നേതാക്കൾ സംസാരിക്കുന്നത്

എന്താണവർക്ക് പറയാനുള്ളത് ?

നീയും നിന്റെ കൂടെയുള്ളവരും ഞങ്ങളുടെ മാർഗ്ഗത്തിലേക്ക് മടങ്ങി വരണം അല്ലെങ്കിൽ എല്ലാവരെയും നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കും. ഈമാനിൽ നിന്ന് ശിർക്കിലേക്ക് മടങ്ങണം എങ്കിൽ നാട്ടിൽ നിൽക്കാം ഇതിന്ന് ശുഐബ് (അ) നൽകുന്ന മറുപടി ഏറെ ഗൗരവമുള്ളതാണ്.

നിങ്ങളുടെ മാർഗ്ഗം ഞങ്ങൾ ഏറ്റവും വെറുക്കുന്നു വെറുക്കപ്പെട്ട മാർഗ്ഗത്തിലേക്ക് ഞങ്ങൾ മടങ്ങില്ല വെറുപ്പുണ്ടെങ്കിലും മടങ്ങണം എന്നാണോ നിങ്ങൾ പറയുന്നത്. എങ്കിൽ അതൊന്ന് കാണട്ടെ ഭീഷണിക്കു മുമ്പിൽ ഒട്ടും വഴങ്ങിയില്ല. അതേ നാണയത്തിൽ തിരിച്ചടിച്ചു. ഞങ്ങൾക്ക് അല്ലാഹു ഉണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങൾ അവനിൽ ഭരമേൽപ്പിച്ചു കഴിഞ്ഞു. അവൻ ഞങ്ങളെ സഹായിക്കും ? നിങ്ങളെ ആര് സഹായിക്കും ?

ഞങ്ങൾക്ക് ഞങ്ങൾ മതി ഞങ്ങൾ ശക്തരാണ് നീ ദുർബ്ബലനാണ് നിനക്ക് മറ്റൊരാളുടെ സഹായം വേണം ധിക്കാരത്തിന്റെ വാക്കുകൾ പിന്നെയും വരികയാണ്.

അപ്പോൾ പ്രാർത്ഥിച്ചു : അല്ലാഹുവേ ഞങ്ങൾക്കിടയിൽ വിധി നടപ്പാക്കേണമേ

നബി തുടർന്നു: ദുഷിച്ച മാർഗ്ഗത്തെയാണ് നിങ്ങൾ പിൻപറ്റുന്നത് എന്നെക്കൊണ്ട് വിശ്വസിച്ച ഈ സമൂഹം ആരാണെന്ന് നിങ്ങൾ അറിയുമോ ?

നിങ്ങളുടെ ദുഷിച്ച മാർഗ്ഗത്തിൽ നിന്ന് രക്ഷ പ്രാപിച്ചവരാണിവർ അല്ലാഹുവാണ് ഇവരെ രക്ഷപ്പെടുത്തിയത് ഇനിയവർ നിങ്ങളുടെ ദുഷിച്ച മാർഗ്ഗത്തിലേക്ക് വരില്ല അങ്ങനെയൊരു പ്രതീക്ഷ വെച്ചു പുലർത്തേണ്ടതില്ല.

ഞങ്ങളുടെ റബ്ബിന്റെ അറിവ് വളരെ വിശാലമാണ്. എല്ലാം അവൻ അറിയുന്നു. അവൻ അറിയാത്തതായി യാതൊന്നും തന്നെയില്ല. അങ്ങനെയുള്ള റബ്ബിൽ ഞങ്ങൾ സകല കാര്യങ്ങളും ഭരമേൽപ്പിച്ചിരിക്കുന്നു.

ഇടുങ്ങിയ അവസ്ഥയിൽ നിന്ന് തുറസ്സായ അവസ്ഥയിലേക്ക് വഴി നടത്തുന്നവൻ അല്ലാഹുവാണ്. ഇവിടെ ഞങ്ങളുടെ അവസ്ഥ നിങ്ങൾ ഇടുക്കമാക്കിയിരിക്കുന്നു. ഞങ്ങളുടെ അവസ്ഥ അവൻ തുറസ്സാക്കിത്തരും. നിങ്ങളുടെ അവസ്ഥ അവൻ ഇടുങ്ങിയതാക്കും. ഇറുക്കി ഇറുക്കി നിങ്ങൾ നശിക്കും. അതെല്ലാം കാത്തിരുന്നു കാണാം. നിങ്ങൾ കാത്തിരിക്കുക ഞാനും കാത്തിരിക്കാം. നാട്ട് നേതാക്കന്മാർക്ക് നന്നായി ദേഷ്യം പിടിച്ചു. അവർ സത്യവിശ്വാസികളോട് വിളിച്ചു പറഞ്ഞു ;

ഹേ കൂട്ടരേ നിങ്ങളെന്തിന് അവന്റെ കൂടെ നിൽക്കുന്നു? അവനെ കൈവെടിയുക ഞങ്ങളിലേക്ക് തിരിച്ചു വരിക. നിങ്ങളെ ഞങ്ങൾ നല്ല അവസ്ഥയിലെത്തിക്കാം. നിങ്ങൾ നിർബന്ധ ബുദ്ധിയോടെ അവന്റെ കൂടെ നിൽക്കുകയാണോ ? എങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കും. നിങ്ങൾ ഒന്നുമില്ലാത്തവരായിത്തീരും. അത്കൊണ്ട് മടങ്ങി വരിക അവനെ കൈവിട്ട് മടങ്ങിവരിക നിങ്ങളെ ഞങ്ങൾ ഹൃദ്യമായി സ്വീകരിക്കാം

ശുഐബ (അ) ഇങ്ങനെ മറുപടി നൽകി:ഇവർ മടങ്ങി വരികയോ ? അതണ്ടാവില്ല. ഞങ്ങൾ നിങ്ങളിലേക്ക് മടങ്ങിയാൽ അതിന്റെ അർത്ഥമെന്താണ് ? ഞങ്ങളിത് വരെ പറഞ്ഞതെല്ലാം കള്ളമാണെന്ന്. ഞങ്ങൾ ഇത് വരെ പറഞ്ഞതെല്ലാം അല്ലാഹുവിന്റെ പേരിലുള്ള വ്യാജമാണെന്ന് വരും. വ്യാജം പറയുന്നവർ നിങ്ങളാണ്. അല്ലാഹുവിന്റെ പേരിൽ സത്യം പറയുന്നവരാണ് ഞങ്ങൾ .അത്കൊണ്ട് ഞങ്ങൾ നിങ്ങളിലേക്ക് മടങ്ങി വരില്ല. ഇത് വരെ പറഞ്ഞത് സത്യം അതിലുറച്ചു നിൽക്കും ഈ രംഗം വിശുദ്ധ ഖുർആനിൽ കാണുക:

ശുഐബ് (അ) പറഞ്ഞു:

നിങ്ങളുടെ മാർഗ്ഗത്തിൽ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന്ന് ശേഷം ഞങ്ങൾ മടങ്ങി വരുന്ന പക്ഷം തീർച്ചയായും ഞങ്ങൾ അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുകയായിക്കും ചെയ്യുന്നത് അതിൽ മടങ്ങി വരികയെന്നത് ഞങ്ങൾക്ക് പാടില്ലാത്തതാകുന്നു ഞങ്ങളുടെ റബ്ബായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

ഞങ്ങളുടെ റബ്ബ് അറിവ് കൊണ്ട് എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു

وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا

അല്ലാഹുവിന്റെ മേൽ ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു
عَلَى اللَّـهِ تَوَكَّلْنَا

ഞങ്ങളുടെ റബ്ബേ ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ യഥാർത്ഥ പ്രകാരം നീ തുറസ്സ് നൽകേണമേ നീ തുറസ്സ് നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു

  (7:89) رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ 

ഈ പ്രാർത്ഥന നടത്തേണ്ടി വന്ന പ്രവാചകന്റെ മാനസികാവസ്ഥ ഒന്നോർത്തു നോക്കുക

തന്റെ സ്വന്തം ജനത ആ ജനതയെ നന്നായി സ്നേഹിച്ചു അവർ വിജയിക്കണമെന്ന് നന്നായി ആശിച്ചു ആത്മാർത്ഥമായി അവരെ ക്ഷണിച്ചു കാലങ്ങളോളം കഠിനാദ്ധ്വാനം നടത്തി അവർ മർക്കട മുഷ്ടികാട്ടി നിന്നു സത്യം നിഷേധിച്ചു അവർക്ക് ശിക്ഷ വരുമെന്ന് നബിക്കറിയാം അത് ഭയന്നു അവരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ നോക്കി നന്നായി ഉപദേശിച്ചു അപ്പോൾ അവർ ഭീഷണിയുമായി വന്നു എറിഞ്ഞു കൊല്ലുമെന്ന് ഭീഷണി നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കുമെന്ന പ്രഖ്യാപനം

സ്വന്തം ജനതയിൽ ഒരു പ്രതീക്ഷയുമില്ലാത്ത അവസ്ഥ വരിക അവർക്കെതിരെ കൈ ഉയർത്തി ദുആ ഇരക്കേണ്ടി വരിക എന്തൊരവസ്ഥ ?

ആ അവസ്ഥയിൽ നാം ശുഐബ് (അ)നെ കാണുന്നു ഈ വചനം ശ്രദ്ധിക്കൂ

وَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ لَئِنِ اتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَاسِرُونَ

അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് അവിശ്വാസികളായ പ്രധാനികൾ പറഞ്ഞു: നിശ്ചയമായും നിങ്ങൾ ശുഐബിനെ പിൻപറ്റുന്ന പക്ഷം അപ്പോൾ നിങ്ങൾ നഷ്ടപ്പെട്ടവർ തന്നെയായിരിക്കും (7:90)

പ്രവാചകന്മാർ പാപ സുരക്ഷിതരാണ്. ശുഐബ് (അ) പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പും സംശുദ്ധമായ ജീവിതമാണ് നയിച്ചത്. അനുയായികളിൽ പലരും ദുഷിച്ച മാർഗത്തിലായിരുന്നു. അതിൽ നിന്ന് അല്ലാഹു അവരെ രക്ഷപ്പെടുത്തി. ഇനിയും ആ മാർഗത്തിലേക്കാണ് പ്രധാനികൾ അവരെ വിളിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും ഇനിയവർക്കു മടക്കമില്ല. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു കഴിഞ്ഞു. തങ്ങളെ അല്ലാഹു രക്ഷിക്കുമെന്ന പൂർണ്ണ വിശ്വാസം അവർക്കുണ്ട്. ഒരു പ്രധാനിയുടെയും സംരക്ഷണം വേണ്ട.

ഇവരുടെ മാറ്റം പഴയ യജമാനന്മാരെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. തറപ്പിച്ചൊന്നു നോക്കിയാൽ പേടിച്ചു ചൂളിയിരുന്നവർ ഇപ്പോൾ എത്ര ധീരന്മാരായി മാറിയിരിക്കുന്നു. ഇത്രയൊക്ക പറഞ്ഞിട്ടും അവർക്ക് മാറ്റമില്ലല്ലോ. തൗഹീദിന്റെ ശക്തി അത് ലോകത്തെ ബോധ്യപ്പെടുത്തുന്ന വേളയാണിത്. സർവ്വ ശക്തനായ റബ്ബിൽ വിശ്വസിക്കുക. അചഞ്ചലമായ വിശ്വാസം മനസ്സിൽ തൗഹീദ് ഉറപ്പിക്കുക. ഉറച്ചു കഴിഞ്ഞാൽ വിജയിച്ചു. പിന്നെ ആ മനസ്സിൽ അല്ലാഹു ഇഷ്ടപ്പെടാത്ത ഒരു ചിന്തയും വരില്ല. അല്ലാഹു തൃപ്തിപ്പെടുന്നത് മാത്രം ചിന്തിക്കും. അപ്പോൾ മനസ്സ് നന്നായി പ്രകാശമായി കൈകൾ നല്ലത് പ്രവർത്തിക്കും. മദ് യനിൽ അങ്ങനെയുള്ള ഒരു വിഭാഗത്തെ നാം കാണുന്നു അവരുടെ ഈമാൻ ശക്തമാണ്.


ശിക്ഷ വന്നു 

ശുഐബ് (അ) ആദ്യം നിയോഗിക്കപ്പെട്ടത് ഐക്കത്തുകാരിലേക്കാണെന്നും ശിക്ഷ ആദ്യം ഇറങ്ങിയതും അവിടെയാണെന്നും  ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഐക്കത്തുകാരും ശുഐബ് (അ) അവർകളും തമ്മിൽ  തർക്കങ്ങളും വാഗ്വാദങ്ങളും പലതവണ നടന്നിട്ടുണ്ട്. നബിയുടെ വാദങ്ങൾക്കുമുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല...

ഉത്തരം മുട്ടുമ്പോൾ അവർ പറയും "നീ പറയുന്ന ശിക്ഷ കൊണ്ടു വാ.... ആകാശത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീഴട്ടെ! അങ്ങനെ ഞങ്ങൾ നശിക്കട്ടെ!" ശിക്ഷ ചോദിച്ചു വാങ്ങുകയാണവർ. ആകാശത്ത് നിന്ന് തന്നെ ശിക്ഷ വരണം. ആകാശത്തിന്റെ ഒരു കഷ്ണം ശിക്ഷയായി വീഴണം. എന്തൊരു ധിക്കാരമാണത്...

ശിക്ഷ വരികയാണ്. അന്തരീക്ഷത്തിൽ താപനില ഉയർന്നു വന്നു. രാവും പകലും ചൂടുള്ള കാലാവസ്ഥ. വിയർത്തൊഴുകുന്നു. ആകെ അസ്വസ്ഥത. ചൂടുകൂടിയതോടെ വെള്ളം വറ്റാൻ തുടങ്ങി. കിണറുകൾ വറ്റി. കുളങ്ങൾ വറ്റി. പുഴകൾ വറ്റിത്തുടങ്ങി. ഒരാഴ്ച ഈ അവസ്ഥ തുടർന്നു. ഏത് പരീക്ഷണവും നേരിടാമെന്ന ധിക്കാരം അപ്പോഴും അവരിൽ നിറഞ്ഞു നിന്നു...

 ഉഷ്ണം കൂടുമ്പോൾ വലിയ കെട്ടിടങ്ങൾക്കകത്തേക്ക് അവർ ഓടും. അവിടെ ഉഷ്ണം സഹിക്കാതാവുമ്പോൾ മൈതാനത്തേക്കോടും. മരച്ചുവട്ടിൽ അഭയം പ്രാപിക്കും. വേരുകളിൽ പറ്റിപ്പിടിച്ചു കിടക്കും.  ഒരിടത്തും ആശ്വാസമില്ല. ചൂട് തന്നെ. അപ്പോൾ അവർ ആ കാഴ്ച കണ്ടു. കനത്ത മേഘം തണൽ വിരിക്കുന്നു. മൈതാനിയിൽ തണൽ വന്നു. ജനങ്ങൾ തണലിൽ ഓടിക്കൂടി...

എന്തൊരാശ്വാസം. തണുത്തകാറ്റും വന്നു. കുറ്റവാളികൾ മേഘത്തണലിൽ ഒരുമിച്ചു കൂടി. ആകാശത്തിന്റെ കഷ്ണം പോലെ മേഘം നിന്നു. പെട്ടെന്ന് മേഘത്തിന്റെ രൂപം മാറി അഗ്നിഗോളമായി മാറി. വമ്പിച്ച അഗ്നി ജ്വാലകൾ. ഭയാനകമായ കാഴ്ച. പെട്ടന്നത് താഴേക്ക് വീണു. മനുഷ്യരുടെ മീതെ അഗ്നി വീണു. ധിക്കാരികൾ കരിഞ്ഞു ചാമ്പലായി...

ശിക്ഷ വരുന്നതിന് മുമ്പു തന്നെ ശുഐബ് (അ) ന്ന് സന്ദേശം കിട്ടിയിരുന്നു. ഉടനെ നാട് വിട്ടു പോവുക. വീട്ടുകാരെയും സത്യവിശ്വാസികളെയും കൂട്ടി ശുഐബ് (അ) നാട് വിട്ടു. സത്യനിഷേധികൾ നശിപ്പിക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി ആകാശത്ത് വൻ ശബ്ദം കേട്ടു. ശബ്ദം കേട്ട് ജനം ഭയന്ന് പോയി. പരിസരബോധം നഷ്ടപ്പെട്ടു. മയക്കം ബാധിച്ചത് പോലെയായി. അഗ്നിജ്വാലകൾ അവരുടെ അന്ത്യം കുറിച്ചു.  ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു...

ഒരു ദിവസം ജിബ്രീൽ (അ) ശുഐബ് (അ) നെ കാണാനെത്തി. എന്നിട്ടിങ്ങനെ അറിയിച്ചു. "നബിയേ! താങ്കളും കുടുംബാംഗങ്ങളും സത്യവിശ്വാസികളും ഇന്ന് രാത്രി തന്നെ നാട് വിട്ട് പോവുക." നബി അക്കാര്യം അനുയായികളെ അറിയിച്ചു. നാട് നശിക്കാൻ പോവുകയാണ്. തങ്ങളുടെ കൃഷികളും വീടുകളും കന്നുകാലികളും നശിക്കാൻ പോവുകയാണ്. വീടുകളിൽ നിന്ന് കുറെ സാധനങ്ങൾ പെറുക്കിയെടുത്ത് കെട്ടാക്കി. ഒട്ടകങ്ങളുടെയും കഴുതകളുടെയും പുറത്ത് ബന്ധിച്ചു. കുറെ കാലികളെ തെളിച്ചുകൊണ്ട് പോവാൻ ശ്രമിച്ചു...

 രാത്രിയുടെ ഇരുട്ടിൽ ഒരുകൂട്ടം മനുഷ്യർ നടന്നു പോവുകയാണ്. കുറേപേർ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നു. വളരെപ്പേർ നടക്കുന്നു.  ഒരു നാട് നശിക്കാൻ പോവുന്നു. തങ്ങൾ വിയർപ്പൊഴുക്കി കൃഷി ചെയ്ത നാട്. പഴവർഗ്ഗങ്ങൾ വിളഞ്ഞു നിൽക്കുന്ന നാട്. എല്ലാം ഇനി ഓർമ്മയായി മാറും. അല്ലാഹുﷻവിനെ ധിക്കരിച്ചവർക്ക് വേദന നിറഞ്ഞ ശിക്ഷയിറങ്ങാൻ സമയമായി. സത്യവിശ്വാസികളുടെ സംഘം നീങ്ങിപ്പോയി. ഐക്കത്തിന്റെ അതിരുകളിൽ നിന്ന് അവർ വളരെ ദൂരെയെത്തി...

അപ്പോൾ ആകാശത്ത് ജിബ്രീൽ (അ) ന്റെ അട്ടഹാസം. അതിന്റെ ശബ്ദഘോഷം സഹിക്കാനാവാതെ മനുഷ്യർ വീണുപോയി. ഭയങ്കരമായ ഭയം അവരെ മൂടി. ശിക്ഷ വരുമെന്ന് നിരന്തരം താക്കീത് നൽകിക്കൊണ്ടിരുന്ന ശുഐബ് (അ) നെ അവർ കാണുന്നില്ല. അനുയായികളിൽ ഒരാളെപ്പോലും കാണാനില്ല. അവർ എപ്പോഴും പറയുമായിരുന്ന അല്ലാഹു ﷻ അവരെ രക്ഷപ്പെടുത്തിയോ?  ഒന്നും ഓർക്കാനാവുന്നില്ല. അന്വേഷിക്കാനോ കണ്ടെത്താനോ സമയമില്ല. അഗ്നി ജ്വാലകൾ തങ്ങളെ വിഴുങ്ങുകയാണെന്നവർക്ക് ബോധ്യമായി...

فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ

സൂറത്ത് അഹ്റാഫിൽ ഇങ്ങനെ കാണാം. "അപ്പോൾ അവർക്ക് കഠിന പ്രകമ്പനം പിടിപെട്ടു. അങ്ങനെ അവരുടെ വാസസ്ഥലങ്ങളിൽ രാവിലെ അവർ കമിഴ്ന്നു വീണവരായി." (7:91)




സത്യനിഷേധികളായ ജനത ഒട്ടാകെ നശിച്ചു പോയി. അങ്ങനെ ഒരു ജനത അവിടെ താമസിച്ചിരുന്നില്ല എന്ന് തോന്നുന്ന അവസ്ഥയിലായി.  ശിക്ഷ ഇറങ്ങും മുമ്പ് അവർ സത്യവിശ്വാസികളെ ഭീഷണിപ്പെടുത്തിയതിങ്ങനെയായിരുന്നു. "നിങ്ങൾ ശുഐബിനെ കൈവെടിയുക. അല്ലെങ്കിൽ നിങ്ങൾക്ക് വമ്പിച്ച നഷ്ടം വരും." വാസ്തവത്തിൽ അവർക്കു തന്നെയാണ് നഷ്ടം സംഭവിച്ചത്. സത്യവിശ്വാസികൾ സുരക്ഷിതമായി നാട്  വിട്ടു.  അവർക്കൊരു നഷ്‌ടവും സംഭവിച്ചില്ല...

الَّذِينَ كَذَّبُوا شُعَيْبًا كَأَن لَّمْ يَغْنَوْا فِيهَا ۚ الَّذِينَ كَذَّبُوا شُعَيْبًا كَانُوا هُمُ الْخَاسِرِينَ


വിശുദ്ധ ഖുർആൻ പറയുന്നത് കാണുക : "ശുഐബിനെ വ്യാജമാക്കിയവർ, അവർ അവിടെ താമസിച്ചിട്ടില്ലാത്തത് പോലെയായി. ശുഐബിനെ വ്യാജമാക്കിയവർ അവർ തന്നെയായിരുന്നു നഷ്ടക്കാർ." (7:92)

ഒരു വിഭാഗം പണ്ഡിതന്മാർ ഇങ്ങനെ രേഖപ്പെടുത്തി. ശുഐബ് (അ) ആദ്യം വന്നത് ഐക്കത്തിലേക്കാണ്. അവിടത്തെ ജനങ്ങൾ പ്രവാചകനെ കളവാക്കി. നിശ്ചയമായും ഐക്കത്തുകാർ അക്രമികളായിരുന്നു എന്ന് ഹിജ്റ് സൂറത്തിൽ കാണാം...

 അവിടെ ശിക്ഷ ഇറങ്ങിയ ശേഷം ശുഐബ് നബി (അ) മദ് യനിൽ പ്രബോധനം നടത്തി. അവരും നബിയെ വ്യാജമാക്കി. അവിടെയും ശിക്ഷ ഇറങ്ങി. മദ് യനിൽ ശിക്ഷ ഇറങ്ങിയതിനെക്കുറിച്ച് ഖുർആനിൽ ഇങ്ങനെ കാണാം:

  وَلَمَّا جَاءَ أَمْرُنَا نَجَّيْنَا شُعَيْبًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِّنَّا وَأَخَذَتِ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ


"നമ്മുടെ കല്പന വന്നപ്പോൾ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം പ്രവർത്തിച്ചവർക്ക് ഘോര ശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ അവരുടെ വസതികളിൽ കമിഴ്ന്ന് വീണവരായി" (11:94)


  كَأَن لَّمْ يَغْنَوْا فِيهَا ۗ أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ


"അവർ അവിടെ ഉണ്ടായിട്ടില്ലാത്തത് പോലെയായി. അറിയുക! സമൂദ് ഗോത്രം കാരുണ്യത്തിൽ നിന്ന് ദൂരപ്പെട്ടതു പോലെ മദ് യനും ദൂരപ്പെട്ടു" (11:95)

ഇവിടെ സമൂദ് ഗോത്രക്കാരെയും മദ് യൻ ഗോത്രക്കാരെയും ചേർത്തു പറഞ്ഞിരിക്കുന്നു.

أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ

രണ്ട് വിഭാഗക്കാരും അല്ലാഹുﷻവിന്റെ അനുഗ്രഹത്തിൽ നിന്നും വിദൂരത്താക്കപ്പെട്ടു.

ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ശുഐബ് നബിയുടെ ജനത പറഞ്ഞു: "നീ സത്യവാനാണെങ്കിൽ ആകാശത്ത് നിന്ന് ഞങ്ങൾക്ക് മീതെ ഉണ്ടകൾ വീഴ്ത്തുക. അങ്ങനെ അവർക്ക് ശിക്ഷ ആകാശത്ത് നിന്ന് വന്നു.  ആ ദിവസത്തിനൊരു പേര് കിട്ടി. മേഘത്തണിലിന്റെ ദിവസം..."

قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ

സൂറത്ത് ശുഅറായിലെ വചനങ്ങൾ നോക്കാം. "അവർ പറഞ്ഞു : നിശ്ചയമായും നീ ആഭിചാര ബാധിതനിൽ പെട്ടവനാകുന്നു." (26:185)


    وَمَا أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ الْكَاذِبِينَ

 "നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നും അല്ല. നീ വ്യജവാദികളിൽ പെട്ടവൻ തന്നെയാണെന്ന് ഞങ്ങൾ നിശ്ചയമായും ധരിക്കുന്നു." (26:186)


  فَأَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاءِ إِن كُنتَ مِنَ الصَّادِقِينَ


 "അത്കൊണ്ട് ആകാശത്ത് നിന്ന് ചില തുണ്ടുകൾ ഞങ്ങളുടെ മേൽ നീ വീഴ്ത്തികൊള്ളുക. നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ." (26:187)


  قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ

 "അദ്ദേഹം പറഞ്ഞു:  നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് എന്റെ റബ്ബ് നന്നായി അറിയുന്നവനാകുന്നു." (26:188)

നിങ്ങൾ പ്രവർത്തിക്കുന്നത് ധിക്കാരമാണ്. അത് എന്റെ റബ്ബ് നന്നായറിയുന്നു. ധിക്കാരികളെ ഏത് പരിധിവരെ അഴിച്ചു വിടണമെന്ന് എന്റെ റബ്ബിന്നറിയാം.  പരിധിയെത്തുമ്പോൾ ഒരുപിടി പിടിക്കും. പിന്നെ രക്ഷയൊന്നുമില്ല. എന്ത് ശിക്ഷ നൽകണമെന്നും എപ്പോൾ നൽകണമെന്നും അല്ലാഹുﷻവിന്നറിയാം. ഞാനായിട്ട് ആകാശത്ത് നിന്ന് തുണ്ടുകൾ ഇറക്കാൻ പോവുന്നില്ല. അത് നിങ്ങളുടെ പരിഹാസ വചനമാണ്. അല്ലാഹുﷻവിന്ന് അത് പ്രയാസമുള്ള കാര്യമല്ല. ചോദിച്ചത് തന്നെ അവർക്ക് കിട്ടി...

  فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ


വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ അവർ അദ്ദേഹത്തെ വ്യാജമാക്കി. അതിനാൽ മേഘത്തണലിന്റെ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീർച്ചയായും അതൊരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരിക്കുന്നു. (26:189)

ശിക്ഷ വന്ന ദിവസത്തിന്റെ ഗാംഭീര്യമാണിവിടെ സൂചിപ്പിച്ചത്.

إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ

അതൊരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു.

  إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ

വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു: "തീർച്ചയായും അതിൽ ഒരു വലിയ ദൃഷ്ടാന്തമുണ്ട്. അവരിൽ അധികപേരും വിശ്വസിക്കുന്നില്ല." (26:190)

പിൽക്കാലക്കാർക്ക് മദ് യൻ ജനതയുടെ നാശം ഒരു ദൃഷ്ടാന്തമാണ്. അതിൽ നിന്ന് പാഠം പഠിക്കണം. നേർമാർഗത്തിൽ ചലിക്കണം. പക്ഷെ ചരിത്രത്തിൽ നാമതല്ല കാണുന്നത്. ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും വിശ്വസിക്കാത്തവരാണ് അധികപേരും. വിശ്വസിച്ചവർ ന്യൂനപക്ഷം മാത്രം. അടുത്ത വചനം ഇങ്ങനെയാകുന്നു.

  وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

"നിശ്ചയമായും നിന്റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും." (26:191)


  فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ

സൂറത്ത് അൻകബൂത്തിൽ പറയുന്നതിങ്ങനെ : "അപ്പോൾ അവർ ശുഐബിനെ വ്യാജമാക്കി. അതിനാൽ അവരെ കഠിന പ്രകമ്പനം പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വസതികളിൽ ചത്തൊടുങ്ങിയവരായി." (29:37)

സമ്പൽ സമൃദ്ധിയുടെ മധ്യത്തിൽ ആഹ്ലാദപൂർവം ജീവിച്ച ഒരു ജനവിഭാഗത്തിന്റെ ദയനീയ പതനം നാമിവിടെ കാണുന്നു. ധിക്കാരികളുടെ പര്യവസാനം അങ്ങനെ തന്നെ. അല്ലാഹുﷻവിന്റെ വിധിവിലക്കുകൾ പാലിച്ച് വിനയാന്വിതരായി ജീവിച്ചവർക്കാണ് വിജയം. അവർക്ക് മേൽക്കുമേൽ പുരോഗതിയാണ്. എല്ലാ മേഖലകളിലും വളർച്ചയാണ്. ആത്മീയതയുടെ വെളിച്ചം അവർക്കുള്ളതാണ്. തൗഹീദിന്റെ വെളിച്ചം അവർക്കൊപ്പമാണ്...

 ശുഐബ് (അ) നോടൊപ്പം നാട് വിട്ടുപോയ വിഭാഗം. അക്കാലത്തെ മുഅ്മിനീങ്ങൾ അവർ അല്ലാഹുﷻവിൽ അടിയുറച്ചു വിശ്വസിച്ചു. അവന്റെ കല്പനകൾ പാലിച്ചു. ശുഐബ് നബി (അ) നെ നബിയായി അംഗീകരിച്ചു. നബി പറഞ്ഞതെല്ലാം വിശ്വസിച്ചു. എല്ലാ കാര്യങ്ങളും അല്ലാഹുﷻവിൽ ഭരമേൽപിച്ചു. അവർ അല്ലാഹുﷻവിന്റെ ഖുദ്റത്ത് കണ്ടറിഞ്ഞു...

 ധിക്കാരികളുടെ സമൂഹത്തെ തുടച്ചു നീക്കാൻ എത്ര കുറഞ്ഞ സമയം കൊണ്ട് കഴിഞ്ഞു. ആ പൊട്ടിച്ചിരികൾ കേൾക്കാനില്ല. അട്ടഹാസങ്ങളില്ല. വെല്ലുവിളികളില്ല. ശിക്ഷ കൊണ്ടുവാ എന്ന ആക്രോശമില്ല.
അന്നാട്ടിൽ ഇന്ന് ആൾപ്പാർപ്പില്ല. മുഅ്മിനീങ്ങൾ വിനയാന്വിതമായി. തങ്ങളുടെ പ്രവാചകനെ അല്ലാഹു ﷻ സഹായിച്ചു. നബിയുടെ മാനം കാത്തു. തങ്ങൾക്ക് അല്ലാഹു ﷻ നൽകിയ വിജയമാണ്...

 അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾക്കുണ്ടോ വല്ല കണക്കും. നന്ദി ചെയ്യണം. മനുഷ്യരുടെ നന്ദി പരിമിതമാണ്. എന്നാലും കഴിയുംവിധം നന്ദി പ്രകടിപ്പിക്കണം.  ഇനിയുള്ള ജീവിതം. അതിലെ ഓരോ നിമിഷവും. അത് അല്ലാഹുﷻവിന്റെ സ്മരണയിൽ ആവണം. അവന്റെ ദിക്റിൽ കഴിയണം. നിമിഷങ്ങൾ ഭക്തി നിർഭരമാകണം...

 ശുഐബ് (അ)ന്റെ നല്ലവരായ അനുയായികൾ. അവർ പീഡനം സഹിച്ചു. വിശ്വാസം നിലനിർത്തി.  ആരാധനകളിൽ മുഴുകി ദീൻ ശക്തിപ്പെടുത്തി. എക്കാലത്തെയും സത്യവിശ്വാസികൾക്കവർ മാതൃകയായി...

 ഖലീലുല്ലാഹി ഇബ്രാഹിം (അ) ന്റെ മില്ലത്തിലായി ജീവിച്ചു. ശുഐബ് (അ) പിന്നെയും പ്രഭാഷണം നടത്തി. അത് സത്യവിശ്വാസികളോടായിരുന്നു. അല്ലാഹുﷻവിനെക്കുറിച്ച്, അന്ത്യനാളിനെക്കുറിച്ച്, ഈമാനിന്റെ ശാഖകളെക്കുറിച്ച്, ന്യൂനതകളില്ലാത്ത കർമ്മങ്ങളെക്കുറിച്ച് ശുഐബ് (അ) പ്രഭാഷണം നടത്തി...


എക്കാലത്തെയും മാതൃക 

ശുഐബ് നബി ( അ) വിജനമായ പട്ടണത്തിലേക്ക് നോക്കി എന്തൊരു കാഴ്ചയാണിത്. കടന്നുപോയ ഇന്നലെകളിൽ ശബ്ദ മുഖരിതമായിരുന്നു പട്ടണം. ഇന്നവിടെ ആളനക്കമില്ല. ഒരു മനുഷ്യന്റെ സംസാരമില്ല താൻ വളരെയേറെ സ്നേഹിച്ച ജനത അവർ സന്മാർഗത്തിലാവാൻ കൊതിച്ചു അവർക്ക് നന്മവരാനാഗ്രഹിച്ചു അതിന്ന് വേണ്ടി രാവും പകലും ശ്രദ്ധിച്ചു. പകരം കിട്ടിയത് ധിക്കാരവും നന്ദികേടും. തന്റെ താക്കീതുകൾ അവർ വകവെച്ചില്ല. ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ പരിഹസിച്ചു തള്ളി. തനിക്കു വേണ്ടപ്പെട്ടവർ അക്കൂത്തിലുണ്ടായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് അകറ്റപ്പെട്ടവർ. തനിക്കെങ്ങനെ വേണ്ടപ്പെട്ടവരാവും ? അവരുടെ ദുരന്തമോർത്ത് താനെന്തിന് സങ്കടപ്പെടണം ?

വേണ്ട സങ്കടം വേണ്ട. വല്ലാത്തൊരു മാസികാവസ്ഥ. ഈ സമൂഹം സത്യം തിരിച്ചറിയാതെ പോയല്ലോ ? ഒടുവിൽ മരണം ഏറ്റ് വാങ്ങിയല്ലോ ? എന്റെ ജനങ്ങളേ ഞാൻ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചു എന്റെ റബ്ബിന്റെ കല്പനകൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട് ഞാൻ നിങ്ങൾക്ക് ഗുണം കാംക്ഷിച്ചു നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നു. നിങ്ങൾ വിശ്വാസികളായില്ല സത്യനിഷേധികളായി. നിങ്ങളെയോർത്ത് ഞാനെന്തിന്ന് സങ്കടപ്പെടണം. നിങ്ങളുടെ പര്യവസാനം എത്ര നിർഭാഗ്യകരം ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം.

  فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَاتِ رَبِّي وَنَصَحْتُ لَكُمْ ۖ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ

അപ്പോൾ അദ്ദേഹം അവരിൽ നിന്ന് വിട്ടുമാറി അദ്ദേഹം പറയുകയും ചെയ്തു: എന്റെ ജനങ്ങളേ തീർച്ചയായും എന്റെ റബ്ബിന്റെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട് നിങ്ങൾക്ക് ഞാൻ ഉപദേശം നൽകുകയും ചെയ്തിട്ടുണ്ട് എന്നിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരിൽ ഞാൻ എങ്ങനെ സങ്കടപ്പെടും ? (7:93)

ഒരു പ്രവാചകന്റെ മാനസികാവസ്ഥയാണിത്. ഇതേ അവസ്ഥ സ്വാലിഹ് (അ) അവർകളും അനുഭവിച്ചിട്ടുണ്ട്. സമൂദ് സമൂഹം തകർന്നു തരിപ്പണമായി അവരെ നോക്കി സ്വാലിഹ് നബി (അ) പറഞ്ഞു:

എന്നിട്ട് അദ്ദേഹം അവരിൽ നിന്ന് വിട്ടുമാറി അദ്ദേഹം പറയുകയും ചെയ്തു.


فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَٰكِن لَّا تُحِبُّونَ النَّاصِحِينَ

എന്റെ ജനങ്ങളേ തീർച്ചയായും എന്റെ റബ്ബിന്റെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട്. നിങ്ങൾക്ക് ഉപദേശം നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ നിങ്ങൾ ഉപദേഷ്ടാക്കളെ ഇഷ്ടപ്പെടുന്നില്ല (7;79)

രണ്ട് പ്രാവചകന്മാരുടെ വാക്കുകൾ. അവരുടെ നെടുവീർപ്പുകൾ തകർന്നടിഞ്ഞു പോയ സമൂഹങ്ങൾ. അവരെക്കുറിച്ചുള്ള നടുക്കുന്ന ഓർമ്മകൾ. എല്ലാം ചരിത്രം ഒപ്പിയെടുത്ത് സൂക്ഷിച്ചു വെച്ചു കാലം. ആർക്കു വേണ്ടിയും കാത്തു നിൽക്കുന്നില്ല. രാപ്പകലുകൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ശുഐബ് (അ) വാർദ്ധക്യത്തിലേക്ക് കടന്നു. പ്രായവും ക്ഷീണവും കൂടിവന്നു. പുറത്ത് പോവാനോ ജോലി ചെയ്യാനോ പറ്റില്ല. കുറേ ആടുകളുണ്ട്. അവയെ പുറത്ത് കൊണ്ട് പോവണം മേയ്ക്കണം വെള്ളം കൊടുക്കണം. സംരക്ഷിക്കണം. അതിനൊന്നും പറ്റിയ ആണുങ്ങൾ വീട്ടിലില്ല. രണ്ട് പുത്രിമാർ ,സഫൂറ സഫീറ.

അടക്കവും ഒതുക്കവുമുള്ളവർ മതചിട്ടയനുസരിച്ചു ജീവിക്കുന്നവർ. വിവാഹ പ്രായമെത്തിയ യുവതികൾ അവരാണ് ആട്ടിൻ പറ്റത്തെയും കൊണ്ട് പുറത്ത് പോവുന്നത്. മലഞ്ചെരിവിൽ ആടിനെ മേയ്ക്കും ആട്ടിൻ പറ്റങ്ങളെയും കൊണ്ട് വരുന്ന ധാരാളമാളുകളുണ്ട്. മിക്കവാറും പുരുഷൻമാർ ആട്ടിനെ മേയ്ക്കാൻ ചില പെണ്ണുങ്ങളും എത്താറുണ്ട്. വെയിലും ചൂടും സഹിക്കണം. പെണ്ണുങ്ങൾക്കത് ബുദ്ധിമുട്ടാണ്. നിവൃത്തിയില്ലാതെ വന്നാൽ പോവുകതന്നെ. വെള്ളം കൊടുക്കുന്ന കാര്യമാണ് ഏറെ വിഷമം. പൊതു കിണറിൽ നിന്ന് വെള്ളം കോരിയെടുക്കണം. എന്നിട്ട് പാത്രത്തിൽ ഒഴിച്ചു കൊടുക്കണം. വെള്ളം കോരാൻ നല്ല തിരക്കായിരിക്കും. കരുത്തുള്ള പുരുഷൻമാർ വെള്ളം കോരിക്കൊരിക്കൊണ്ടിരിക്കും. ശുഐബ് (അ)ന്റെ പുത്രിമാർ ദൂരെ ഒതുങ്ങി മാറി നിൽക്കും തിരക്കൊഴിഞ്ഞ് കിട്ടാൻ.

ദാഹിച്ചു വലഞ്ഞ ആടുകൾ വെള്ളം കിട്ടാൻ വേണ്ടി മുമ്പോട്ട് കുതിക്കും. അവയെ തടഞ്ഞു നിർത്തണം അതാണ് പ്രയാസം കൂടിയ പണി. കുറെ കഴിയുമ്പോൾ തിരക്കൊഴിയും. വെള്ളം കോരിക്കൊടുക്കും. ആടുകൾ ഉത്സാഹത്തോടെ കുടിക്കും. ദാഹം തീർന്നാൽ ആടുകൾ ഉത്സാഹിച്ചു നടക്കും വീട്ടിലേക്ക്. അപ്പോൾ കിണറ്റിൻ കരയും വഴികളും മിക്കവാറും വിജനമായിട്ടുണ്ടാകും. ആടുകളും ഇടയന്മാരും നേരത്തെ വെള്ളം കുടിച്ചു സ്ഥലം വിട്ടിട്ടുണ്ടാവും.

ശുഐബ് (അ) വീട്ടിൽ മക്കളെയും കാത്തിരിക്കും. എന്നും അവർ വൈകിയാണെത്തുക. എന്തേ മക്കളേ വൈകിയത് ? ഉപ്പ ചോദിക്കും കിണറ്റിൻ കരയിൽ നല്ല തിരക്കായിരുന്നു. ഇനിവേണം വീട്ടിലെ പണികൾ ചെയ്യാൻ. ഒരു ദിവസം ഒരു ചെറിയ സംഭവമുണ്ടായി. കിണറ്റിൻ കരയിലാണ് സംഭവം നടന്നത് പതിവുപോലെ പുത്രിമാർ ആടുകളുമായെത്തി കിണറ്റിൻ കരയിൽ നല്ല തിരക്കാണ് പുത്രിമാർ ആടുകളെ തടഞ്ഞു നിർത്തുന്നു അവ പിന്നെയും മുമ്പോട്ടു കുതിക്കുന്നു യുവതികൾ പാട് പെട്ട് തടയുന്നു അല്പം അകലെ ഒരു യുവാവ് ഇരിക്കുന്നു. അദ്ദേഹം ഇത് കാണുന്നുണ്ട് പാവപ്പെട്ട സ്ത്രീകളോട് അദ്ദേഹത്തിന് അലിവ് തോന്നി എഴുന്നേറ്റ് വന്ന് എന്നിട്ടവരോട് ചോദിച്ചു.

നിങ്ങളെന്താ ആടിന്ന് വെള്ളം കൊടുക്കാത്തത് ?

തിരക്കൊഴിയാൻ കാത്തിരിക്കുകയാണ് തിക്കിത്തിരക്കിച്ചെന്ന് വെള്ളം കോരാൻ ഞങ്ങൾക്ക് ശക്തിയില്ല.

ആണുങ്ങൾ വരാത്തതെന്താ ?

വീട്ടിൽ ആണുങ്ങളായി ഉപ്പയാണുള്ളത്. ഉപ്പ വൃദ്ധനാണ് ആടിനെ മേയ്ക്കാനൊന്നും വരാൻ പറ്റില്ല. പെട്ടന്നാണ് സംഭവിച്ചത് അദ്ദേഹം തൊട്ടി വാങ്ങി വെള്ളം കോരിയെടുത്ത് ഒഴിച്ചു കൊടുത്തു. എന്തൊരു വേഗത ? എന്തൊരു ശക്തി? ആടുകൾ ധൃതിയിൽ വെള്ളം കുടിച്ചു തിരിച്ചു നടന്നു. പുത്രിമാർക്ക് അതിശയം തോന്നി. ഇത്രയും ശക്തനായ ഒരു യുവാവിനെ ഇത് വരെ കണ്ടിട്ടില്ല. വെള്ളം കോരിത്തന്ന ശേഷം അദ്ദേഹം സംസാരിക്കാൻ നിന്നില്ല .ദൂരെ പോയിരുന്നു. ചിന്താമൂകനായി കാണപ്പെട്ടു. എന്തോ പ്രയാസം അനുഭവിക്കുകയാണ്.

അദ്ദേഹം പ്രാർത്ഥിക്കുകയാണ് : എന്റെ റബ്ബേ നിന്റെ ഔദാര്യം ഏറ്റവും ആവശ്യമായ സമയമാണിത്. ഞാൻ ക്ഷീണിതനാണ് പരവശനാണ്. എന്ത് ചെയ്യണമെന്നറിയില്ല. ഒരു വഴി തുറന്നു തരേണമേ. വഴി തുറക്കപ്പെടാൻ സമയമായി. ശുഐബ് (അ) ആ ശബ്ദം കേട്ടു. ആടുകൾ കൂട്ടം ചേർന്ന് വരുമ്പോഴുള്ള ശബ്ദം അത് കേട്ടപ്പോൾ അതിശയം തോന്നി ഇത്ര നേരത്തെ വന്നോ ? അതെങ്ങനെ സാധിച്ചു ?

പുത്രിമാരുടെ മുഖത്ത് അസാധാരണ സന്തോഷം? അവർ ആവേശത്തോടെ സംഭവം വിവരിച്ചു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശുഐബ് (അ) പറഞ്ഞു: വലിയ സേവനമാണദ്ദേഹം ചെയ്തു തന്നത് അപരിചിതനായ ആ ചെറുപ്പക്കാരൻ ഒരു വിദേശിയായിരിക്കണം .നമുക്കദ്ദേഹത്തിന് എന്തെങ്കിലും പ്രതിഫലം നൽകാം. നിങ്ങളിൽ ഒരാൾ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരണം മറ്റെയാൾ ആഹാരമുണ്ടാക്കണം.

ശുഐബ് (അ) ഒരു പുത്രിയെ കിണറ്റൻ കരയിലേക്കയച്ചു മറ്റെ പുത്രി അടുക്കളയിൽ കയറി.

(മൂസാ നബി (അ) യുടെ കാലത്തെ കിണർ)

ചെറുപ്പക്കാരൻ അതേ ഇരുപ്പ് തന്നെ. പ്രവാചക പുത്രി അകലെ നിന്ന് തന്നെ അത് കണ്ടു ഒരു പുരുഷന്റെ അടുത്തേക്ക് ഒറ്റക്കു നടന്നു ചെല്ലാൻ മടി തോന്നി. ലജ്ജയോടെ നടന്നു ചെന്നു. മെല്ലെ പറഞ്ഞു ഉപ്പ നിങ്ങളെ വിളിക്കുന്നു വീട്ടിലേക്ക്. കേട്ടപ്പോൾ ആശ്വാസം തോന്നി. അല്ലാഹു ഒരു വഴി തുറന്നു തരികയാണ്. എഴുന്നേറ്റ് നടന്നു. കൂടെ നടക്കുന്നത് ഒരു യുവതിയാണ് കാണാതിരിക്കാൻ വേണ്ടി തല താഴ്ത്തി നടന്നു. യുവതി മുമ്പിൽ നടക്കുകയാണ് വഴി കാണിക്കാൻ പിന്നിൽ നടന്നോളൂ വഴി പറഞ്ഞു തന്നാൽ മതി യുവാവ് മുമ്പിലും യുവതി പിന്നിലുമായി നടന്നു വീട്ടിലെത്തി.

ശുഐബ് (അ) ആഗതനെ കണ്ടു സംഭാഷണം തുടങ്ങി. ആഗതൻ ക്ഷീണിതനാണ് ഏറെ ദൂരം യാത്ര ചെയ്ത ക്ഷീണം നല്ല വിശപ്പുണ്ട് ആഹാരം വിളമ്പി സ്വാദോടെ കഴിച്ചു.

ആഗതൻ തന്റെ കഥ പറഞ്ഞു: എന്റെ പേര് മൂസ ഈജിപ്തിൽ നിന്ന് വരികയാണ് ഫിർഔൻ കൊന്നു കളയും ജീവനും കൊണ്ടോടിപ്പോന്നതാണ്.

ഫിർഔനിന്റെ ആളുകളൊന്നും ഇവിടെ എത്തുകയില്ല. ഇവിടെ സുരക്ഷിതമായി കഴിയാം. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലം വന്നു. വിവാഹ നിശ്ചയം നടന്നു. മൂത്തമകളുമായി വിവാഹം (ഇളയ മകളെന്നും അഭിപ്രായമുണ്ട്) ശുഐബ് (അ)ന്റെ മകളും മൂസ (അ) എന്ന യുവാവും തമ്മിൽ വിവാഹം സത്യവിശ്വാസികൾക്കെല്ലാം സന്തോഷം. ഇദ്ദേഹം ശക്തനും വിശ്വസ്തനുമാണെന്ന് മകൾ ഉപ്പയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.

വിവാഹം നടന്നു നവ ദമ്പതികൾ സന്തോഷ പൂർവ്വം ജീവിച്ചു ആടിനെ മേയ്ക്കലും കൃഷിപ്പണിയുമെല്ലാം മൂസ (അ)ഏറ്റെടുത്തു. പത്ത് വർഷങ്ങൾ അങ്ങനെ കടന്നു. പോയി ഞാനും കുടുംബവും ഈജിപ്തിലേക്ക് പോവട്ടെ മൂസ (അ) ഒരു ദിവസം ശുഐബ് (അ)നോട് പറഞ്ഞു : യാത്രാനുമതി നൽകി കുറെ സാധനങ്ങളും നൽകി ആട്ടിൻ കൂട്ടം ഒട്ടകങ്ങൾ അടിമകൾ എല്ലാവരും പുറപ്പെട്ടു. ഈജിപ്തിലേക്ക് വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ കാണുക.


    وَلَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ النَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ امْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ

മദ് യനിലെ ജലായത്തിങ്കൽ അദ്ദേഹം വന്നു ചേർന്നപ്പോൾ അതിനടുക്കൽ ഒരു കൂട്ടം മനുഷ്യർ കന്നുകാലികൾക്ക് വെള്ളം കൊടുക്കുന്നതായി കണ്ടെത്തി അവരുടെ ഇപ്പുറത്തായി രണ്ട് സ്ത്രീകൾ തങ്ങളുടെ ആടുകളെ തടഞ്ഞു വെച്ചിരിക്കുന്നതായും അദ്ദേഹം കണ്ടു അദ്ദേഹം ചോദിച്ചു നിങ്ങളുടെ കാര്യം എന്താണ്? അവർ പറഞ്ഞു : ഇടയന്മാർ വെള്ളം കൊടുത്ത് തിരിച്ചു കൊണ്ടുപോവുന്നത്വരേക്കും ഞങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കാറില്ല ഞങ്ങളുടെ പിതാവാകട്ടെ വൃദ്ധനുമാകുന്നു (28:23)


  فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ

അപ്പോൾ അദ്ദേഹം ആ രണ്ട് സ്ത്രീകൾക്ക് വേണ്ടി (അവരുടെ കാലികൾക്ക് )വെള്ളം നൽകി പിന്നീടദ്ദേഹം തണലിലേക്ക് മാറി നിന്നു എന്നിട്ട് പ്രാർത്ഥിച്ചു എന്റെ റബ്ബേ എന്റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാൻ ആവശ്യക്കാരനാണ് (28:24)


  فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَاءَهُ وَقَصَّ عَلَيْهِ الْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ


രണ്ടിലൊരാൾ ലജ്ജയോടെ നടന്ന് അദ്ദേഹത്തിന്റെ അടുക്കൽ വന്നു പറഞ്ഞു: ഞങ്ങൾക്കു വേണ്ടി (കാലികൾക്ക്) വെള്ളം കൊടുത്തതിന്റെ പ്രതിഫലം തരാൻ പിതാവ് താങ്കളെ വിളിക്കുന്നു ഇങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ വരികയും അദ്ദേഹത്തിന് കഥ വിവരിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: ആക്രമികളായ ജനങ്ങളിൽ നിന്ന് താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു (28:25)

ആ രണ്ട് സ്ത്രീകളിൽ ഒരാൾ പറഞ്ഞു :

 قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ

ഉപ്പാ ഇദ്ധേഹത്തെ കൂലിക്ക് നിർത്താം ഇദ്ദേഹം കൂലിക്കാരിൽ ശക്തനും വിശ്വസ്ഥനുമാണ് (28:26)

ശുഐബ് (അ) പറഞ്ഞു;

   قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّالِحِينَ


താങ്കൾ എട്ട് വർഷം എനിക്ക് കൂലിവേല ചെയ്യുമെന്നതിന്റെ പേരിൽ എന്റെ രണ്ട് പുത്രിമാരിൽ ഒരുവളെ താങ്കൾക്ക് വിവാഹം ചെയ്തു തരുവാൻ ഞാൻ ഉദ്ദേശിക്കുന്നു ഇനി താങ്കൾ പത്ത് വർഷം പൂർത്തിയാക്കുകയാണെങ്കിൽ അത് താങ്കളുടെ വകയാണ് താങ്കൾക്ക് വിഷമമുണ്ടാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല
അല്ലാഹു ഉദ്ദേശിച്ചാൽ സജ്ജനങ്ങളിൽ പെട്ടവനായി താങ്കൾക്കു കാണാവുന്നതാണ് (28:27)



  قَالَ ذَٰلِكَ بَيْنِي وَبَيْنَكَ ۖ أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّهُ عَلَىٰ مَا نَقُولُ وَكِيلٌ


മൂസ (അ) പറഞ്ഞു: അത് എന്റെയും താങ്കളുടെയും ഇടയിലുള്ള (കരാർ) ആകുന്നു രണ്ട് കാലാവധികളിൽ ഞാൻ ഏതൊന്ന് നിറവേറ്റിയാലും എന്റെ പേരിൽ യാതൊരു അക്രമവും ഉണ്ടാകാവതല്ല നാം പറയുന്നത് അല്ലാഹു സാക്ഷി (28:28)

മൂസാ (അ) കുടുംബത്തോടൊപ്പം യാത്ര തിരിച്ചു സംഭവ ബഹുലമായിരുന്നു ആ യാത്ര.. തൂരിസീനാ പർവ്വതം അതിന്നടുത്തു കൂടിയാണ് യാത്ര ഇരുട്ടുള്ള രാത്രി മലമുകളിൽ തീ കണ്ടു കുടുംബത്തെ താഴെ നിർത്തി മൂസ (അ) മലകയറിച്ചെന്നു.



അല്ലാഹു മൂസാ നബിയെ ദൗത്യം നൽകി ആദരിച്ചു. ദൃഷ്ടാന്തങ്ങൾ നൽകി ഫിർഔനിന്റെ അടുത്തേക്ക് പോകാൻ കൽപ്പിച്ചു. വീണ്ടും ദീർഘ യാത്ര ഈജിപ്തിലേക്ക്. ഇസ്ലാം മതപ്രചരണം തുടങ്ങി. കാലം പിന്നെയും ഒഴുകുകയാണ്. മകളെയും മരുമകനെയും മക്കളെയും കാണാൻ ശുഐബ് (അ)ന്ന് വല്ലാത്ത മോഹം. വാർദ്ധക്യത്തിലെ ദീർഘയാത്രകൾ അങ്ങനെയുള്ള ഒരു യാത്ര കഴിഞ്ഞ് മടങ്ങുകയാണ് ഒരു ഗ്രന്ഥകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു.

ശുഐബ് (അ) മക്കയിലേക്ക് മടങ്ങുകയാണ്. വയസ്സ് ഇരുന്നൂറ്റി ഇരുപത്തിനാല്. ഇനി പുണ്യ ഭൂമി സന്ദർശിക്കണം. തന്റെ പൂർവ്വികന്മാർ പുതുക്കിപ്പണിത പുണ്യ ഗേഹം സന്ദർശിക്കണം. ആവേശ പൂർവ്വം യാത്ര തുടർന്നു. വെയിൽ കത്തിപ്പടർന്ന മരുഭൂമി മക്കയെത്താൻ വലിയ മോഹം അനുവദിക്കപ്പെട്ട ആയുസ്സ് അവസാനിക്കുകയാണ്. കണക്കാകപ്പെട്ട ശ്വാസങ്ങൾ തീരുകയാണ്. വെള്ളവും ഭക്ഷണവും കഴിഞ്ഞിരിക്കുന്നു. കാലത്തെ വിസ്മയം കൊള്ളിച്ച ശുഐബ് (അ) നെ തേടി മലക്കുൽ മൗത്ത് അസ്റാഈൽ (അ) വരികയാണ്. അപ്പോൾ ശുഐബ് (അ)മക്കയിൽ എത്തിയിട്ടില്ല. എത്താറായി വരുന്നതേയുള്ളൂ. സമയമെത്തിയാൽ റൂഹ് പിടിക്കണം. മരണം ആസന്നമായിരിക്കുന്നു. മനസ്സിലും ചുണ്ടിലും തൗഹീദ്. വന്ദ്യപ്രവാചകൻ ശുഐബ് (അ)അന്ത്യശ്വാസം വലിച്ചു. മയ്യിത്ത് മക്കയിൽ കൊണ്ടുവന്നു. കഹ്ബാലയത്തിന് മുമ്പിലെത്തി. ഈ പുണ്യ മണ്ണിൽ ഹാജറ (റ) അന്ത്യവിശ്രമം കൊള്ളുന്നു. ഇസ്മാഈൽ (അ) അന്ത്യവിശ്രമം കൊള്ളുന്നു. അവർക്കു സമീപം ശുഐബ് (അ) ഖബറടക്കപ്പെട്ടു.

തൗഹീദിന്റെ ധ്വനികേട്ട് കൊണ്ട് അന്ത്യവിശ്രമം. മറ്റൊരഭിപ്രായവും നിലവിലുണ്ട്. അതനുസരിച്ച് ശാമിന്റെയും ത്വാഇഫിന്റെയും മധ്യത്തിൽ ശുഐബ് (അ) അന്ത്യവിശ്രമം കൊള്ളുന്നു.

ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. നബി (സ) തങ്ങൾ ശുഐബ് (അ)നെ കുറിച്ച് സംസാരിക്കുകയായിരുന്നു അപ്പോൾ ഇങ്ങനെ പറഞ്ഞു :

ദാക ഖത്വീബുൽ അമ്പിയാഹ് അദ്ദേഹം നബിമാർക്കിടയിലെ പ്രഭാഷകനായിരുന്നു.

ഐക്കത്തുകാരെ കുറിച്ചുള്ള റിപ്പോർട്ടിൽ ഇങ്ങനെ കാണാം.

വൃക്ഷങ്ങളെ അവർ ആരാധിച്ചിരുന്നു.

അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ)ഇസ്ലാം മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങിയപ്പോൾ മക്കാ മുശ്രിക്കുകൾ ശക്തമായി എതിർത്തു.
മുൻപ്രവാചകമാരുടെ ജനങ്ങൾ വാദിച്ച അതേ വാദങ്ങൾ തന്നെയാണ് മക്കാമുശ്രിക്കുകളും ഉയർത്തിയത്. നീ ദുറബ്ബലനാണാ നിന്നെ പിൻപറ്റുന്നവർ നിന്ദ്യന്മാരാണ് തുടങ്ങിയ പലവാദങ്ങൾ ഉന്നയിച്ചു. തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ അവ ശക്തമായി എതിർത്തു. ഇസ്ലാം മതം സ്വീകരിച്ചവരെ ക്രൂരമായി മർദ്ധിച്ചു. അപ്പോൾ അല്ലാഹു മുൻകാല സമൂഹങ്ങളുടെ ചരിത്രം അവതരിപ്പിച്ചു. രണ്ട് സമൂഹങ്ങളുടെ ചരിത്രം പ്രത്യേകം വിവരിച്ചു ലൂത്വ് നബി (അ)ന്റെ സമൂഹവും ശുഐബ് (അ) ന്റെ സമൂഹവും സദൂം പട്ടണവും മദ് യനും.

മക്കാ മുശ്രിക്കുകൾ കച്ചവടക്കാരാണ്. അവരുടെ കച്ചവട യാത്ര സദൂമിന്റെയും മദ് യന്റെയും സമീപത്തു കൂടിയാണ്. രാത്രിയിലോ പകലിലോ യാത്രാസംഘങ്ങൾ ആ പ്രദേശം കടന്നു പോവും. വിശാലമായ സ്ഥലമാണ്. തുറസ്സായ സ്ഥലം ശ്രദ്ധിക്കാതെ പോവാൻ പറ്റില്ല. ശിക്ഷയിറങ്ങിയ വാക്ക്യങ്ങളാണവ. ശിക്ഷയെക്കുറിച്ചുള്ള ധാരാളം കഥകൾ മക്കക്കാർ കേട്ടിട്ടുണ്ട്. ലൂത്വ് നബി (അ) നെ കുറിച്ചും ശുഐബ് (അ)നെ കുറിച്ചും അവർ കേട്ടിട്ടുണ്ട്. വേദക്കാർ പറയുന്ന കഥകളും കേട്ടിട്ടുണ്ട്.

ഇപ്പോൾ ഖുർആനിലൂടെ യഥാർത്ഥ ചരിത്രം അവർ കേൾക്കുന്നു. സൂറത്ത് ഹിജ്റിലെ രണ്ട് വചനങ്ങൾ അവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു അവ കാണുക.

وَإِن كَانَ أَصْحَابُ الْأَيْكَةِ لَظَالِمِينَ

നിശ്ചയമായും ഐക്കത്തുകാർ അക്രമികൾ തന്നെയായിരുന്നു എന്നിട്ട് നാം അവരോട് ശിക്ഷാ നടപടിയെടുത്തു (15:78)

 فَانتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ

അത് രണ്ടും (ലൂത്വിന്റെ രാജ്യവും ഐക്കത്തും )വ്യക്തമായ ഒരു തുറസ്സായ മാർഗ്ഗത്തിൽ തന്നെയാകുന്നു (15:79)

രണ്ട് രാജ്യങ്ങളും മക്കക്കാരുടെ യാത്രാമാർഗത്തിലാണ് അവരുടെ ചരിത്രത്തിൽ നിന്ന് മക്കക്കാർ പാഠം പഠിക്കണം. ശാപം ഏറ്റുവാങ്ങിയവരുടെ പാത പിൻപറ്റരുത്. ഇതൊക്കെയാണ് വിശുദ്ധ വചനത്തിലെ ഉള്ളടക്കം.

സത്യവും നീതിയും പുലർത്തുന്ന കച്ചവടത്തിൽ ബർക്കത്തുണ്ട് കള്ളവും ,കരിഞ്ചന്തയും ;മായം ചേർക്കലും ,പൂഴ്ത്തിവെപ്പും നടത്തിയാൽ അല്ലാഹുവിന്റെ ശാപം ലഭിക്കും ശരിയായ അളവും തൂക്കവും വേണം കൃത്യമായ അളവ് കാണിക്കുന്ന തുലാസ്സ് ഉപയോഗിക്കണം അപ്പോൾ അനുഗ്രമുണ്ടാവും എക്കാലത്തെയും മനുഷ്യർക്ക് മഹത്തായ മാതൃകയാണ് ശുഐബ് (അ)ന്റെ ജീവിതം.

മഹാനായ ആ പ്രവാചകനെയും നമ്മെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ.

------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

No comments:

Post a Comment