Friday 31 May 2019

സംശയവും മറുപടിയും - വിശ്വാസ തത്വങ്ങൾ

 

ഈമാൻ എന്നതിന്റെ വിവക്ഷയെന്ത്?

നബി (സ) അല്ലാഹുവിൽ നിന്നു കൊണ്ടുവന്ന, ദീനിൽ പെട്ടതാണെന്ന് അനിഷിധ്യമായി അറിയപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യലാണ് ഈമാൻ (റാസി: 2/27) 

അനിഷേധ്യമായി അറിയപ്പെട്ടത് എന്നതിന്റെ ഉദ്ദേശ്യം?

ഇസ്ലാം ദീനിന്റെ ഭാഗമെന്നതിൽ മുസ്ലിം വിഭാഗങ്ങളിലാർക്കും തർക്കമില്ലാത്തതും പണ്ഡിതന്മാക്കെന്നതുപോലെ സാധാരണക്കാർക്കും അറിയുന്നതുമായ കാര്യങ്ങൾക്കാണ് അനിഷേധ്യമായി (ളറൂറത്ത്) അറിയപ്പെട്ട കാര്യങ്ങൾ എന്നു പറയുന്നത് (ഇആനത്ത്: 4/205) 

ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന്റെ ശരിയായ അർത്ഥമെന്ത്?

സത്യമായും ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും അവനല്ലാതെ മറ്റാരുമില്ലെന്നുമുള്ള വിശ്വാസമാണ് കലിമത്തുത്തൗഹീദ് അറിയിച്ചുതരുന്നത് 

ഇബാദത്ത് എന്നാലെന്ത്?

അങ്ങേയറ്റം താഴ്മയും വിനയവും കാണിക്കലാണ് ഇബാദത്ത് (ബൈളാവി: 1/39) 

അല്ലാഹുവിനെ കുറിച്ച് അഹ്ലുസ്സുന്നഃയുടെ വിശ്വാസമെന്താണ്?

അല്ലാഹു മറ്റൊന്നിനോടും ഒരു വിധേനയും സാദൃശ്യമല്ലെന്നും പൂർണതയുടെ ഗുണങ്ങളെല്ലാം അവനുണ്ടെന്നും വിശ്വസിക്കലാണ് യഥാർത്ഥ വിശ്വാസം 

അല്ലാഹുവിന്റെ ഗുണങ്ങളിൽ (സ്വിഫത്തുകളിൽ) ഖുദ്റത്ത്, ഇറാദത്ത് എന്നിങ്ങനെയുള്ള ഗുണങ്ങളും കൗനുഹു ഖാദിറൻ, കൗനുഹു മുരീദൻ എന്നിങ്ങനെയുള്ള ഗുണങ്ങളും എന്തിനാണ് പറയുന്നത്?

ഖുദ്റത്ത്, ഇറാദത്ത്  എന്നിങ്ങനെയുള്ള ഏഴു ഗുണങ്ങളെ മുഅ്തസിലത്ത് നിഷേധിച്ചതുകൊണ്ടും അവ വിശ്വസിക്കൽ അനിവാര്യമാണെന്നും വ്യക്തമാക്കാൻ വേണ്ടി (നൂറുള്ളലാം, പേജ്: 9, ഹാശിയതുൽ ബാജൂരി, പേജ്: 49)

ദീനുൽ ഇസ്ലാമിൽ ഉസൂൽ, ഫുറൂഅ് എന്നിങ്ങനെ രണ്ടെണ്ണമുണ്ടല്ലോ അവ വേർതിരിക്കാനുള്ള മാനദണ്ഡമെന്ത്?

വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും നസ്സ്വ്, മുജ്തഹിദുകളുടെ ഏകോപനം (ഇജ്മാഅ്) എന്നീ മൂന്നു ഖണ്ഡിത പ്രമാണങ്ങൾ മുഖേന തെളിഞ്ഞതെല്ലാം ദീനിന്റെ ഉസൂൽ(വിശ്വാസപരം) ആണ് പ്രസ്തുത പ്രമാണങ്ങൾ മുഖേന തെളിയാത്തതും എന്നാൽ മറ്റു തെളിവുകൾകൊണ്ട് സ്ഥിരപ്പെട്ടതുമായ കർമപരമായ കാര്യങ്ങൾക്ക് ദീനിന്റെ ഫുറൂഅ് (ശാഖാപരം) എന്നു പറയും (അസ്സ്വവാഹിഖുൽ മുഹ്രിഖ, പേജ്: 82 നോക്കുക) 

തൗഹീദിന്റെ നിർവചനമെന്ത്?

അല്ലാഹുവിന്റെ തന്റെ ദാത്തിലും ഗുണങ്ങളിലും പ്രവൃത്തികളിലുമെല്ലാം ഏകനാണെന്നു വിശ്വസിക്കലാണ് തൗഹീദിന്റെ നിർവചനം (അബ്ദുൽ ഹകീം, പേജ്: 66)

ശിർക്കെന്നാലെന്ത്?

തൗഹീദിന്റെ വിപരീതമാണ് ശിർക്ക് അല്ലാഹുവിനു കൂറുകാരനുണ്ടെന്നു വിശ്വസിക്കലാണ് ശിർക്ക് (ശർഹുൽ അഖാഇദ്) 

ഒരു മനുഷ്യനിൽ ശിർക്ക് എത്ര രീതിയിൽ വരും?

രണ്ടു രീതിയിൽ മാത്രം ഒന്ന്, അല്ലാഹുവിനെ പോലെ ഉള്ളവനാവൽ അനിവാര്യമായ വേറെയും ഇലാഹുകളുണ്ടെന്നു വിശ്വസിക്കുക രണ്ട്, അല്ലാഹുവിനു പുറമെ ആരാധന ചെയ്യപ്പെടാൻ അർഹരായി വേറെയും ദൈവങ്ങളിൽ വിശ്വസിക്കുക (ശർഹുൽ അഖാഇദ്) 

കുഫ്ർ എന്നതിന്റെ ഉദ്ദേശ്യമെന്ത്?

ഈമാനിന്റെ വിപരീതമായി കുഫ്ർ വിശ്വസിക്കൽ നിർബന്ധമായ അനിഷേധ്യ സത്യങ്ങളിൽ ഏതെങ്കിലുമൊന്നിനെ അംഗീകരിക്കാതിരിക്കലാണ് കുഫ്റ് (റാസി: 2/46) 

ശിർക്കും കുഫ്റും തമ്മിലുള്ള അന്തരം?

അല്ലാഹുവിനു കൂറുകാരനെ സ്ഥാപിക്കലാണ്  ശിർക്ക് വിശ്വസിക്കേണ്ട കാര്യങ്ങൾ വിശ്വസിക്കാതിരിക്കലാണ് കുഫ്ർ രണ്ടും തമ്മിൽ അന്തരമുണ്ട് 

അല്ലാഹുവിന്റെ പേരുകളിൽ 'ഇസ്മുൽ അഅ്ളം' ഏതാണ്?

പല അഭിപ്രായങ്ങളുണ്ട് 'അല്ലാഹു' എന്ന നാമമാണെന്നാണ് പ്രബലം 

നബി (സ) യുടെ വഫാത്തിനു ശേഷം ജിബ്രീൽ (അ) മിന്റെ ജോലിയെന്താണ്?

അല്ലാഹു ഏൽപിച്ച ജോലികളുണ്ട് വഹ്‌യ് എത്തിക്കൽ മാത്രമല്ലല്ലോ ജിബ്രീൽ (അ) ന്റെ ജോലി എല്ലാ വർഷവും ലൈലത്തുൽ ഖദ്റിൽ ജിബ്രീൽ (അ) ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ടല്ലോ 

മുഅ്മിനീങ്ങൾ മരിക്കുന്ന വേളയിൽ അവിടെ ജിബ്രീൽ (അ) പ്രത്യക്ഷപ്പെടുമോ?

അതേ, മുഅ്മിൻ വലിയ അശുദ്ധിക്കാരനല്ലെങ്കിൽ ജിബ്രീൽ (അ) ഹാജറാകും (ഖൽയൂബി: 1/374) 

നബി (സ) തങ്ങൾ ജിബ്രീൽ (അ) മിനെ യഥാർത്ഥ രൂപത്തിൽ എത്ര തവണ കണ്ടു?

രണ്ടു തവണ 

ഓരോ വ്യക്തിയിലും അല്ലാഹു എത്ര മലക്കുകളെ നിയോഗിച്ചിട്ടുണ്ട്?

ഇരുപത് വലതു ഭാഗത്തും ഇടതു ഭാഗത്തും ഓരോന്ന് മുന്നിലും പിന്നിലും ഓരോന്ന് കണ്ണിന്റെ ഭാഗത്തു രണ്ടു പേർ ചുണ്ടിന്റെ ഭാഗത്ത് ഒരാൾ വായയുടെ ഭാഗത്ത് രണ്ടു പേർ മൂർദ്ദാവിന്റെ ഭാഗത്ത് ഒരാൾ ഇതേ രീതിയിൽ രാത്രിയിലും പകലിലും പത്തുപേർ വീതം ഇങ്ങനെ ഇരുപത് പേർ നന്മ തിന്മകൾ എഴുതുന്ന രണ്ടു മലക്കുകൾ ഈ ഇരുപതിൽ പെട്ടില്ല (തഫ്സീർ സ്വാവി: 2/225, നൂറുള്ളലാം, പേജ്: 18)

നന്മ തിന്മകളെഴുതുന്ന മലക്കുകളുടെ പേരെന്ത്?

നന്മകൾ എഴുതുന്ന മലക്കിന്റെ പേര് റഖീബ്, അതീദ്, തിന്മകൾ എഴുതുന്ന മലക്കുകളുടെ പേരും റഖീബ്, അതീദ് ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം അല്ലാതെ ഒരു മലക്കിന്റെ പേര് റഖീബ്, മറ്റേ മലക്കിന്റെ പേര് അതീദ് എന്നല്ല (നൂറുള്ളലാം, പേജ്: 19) 

റൂഹ് പിടിക്കുന്ന മലക്കിനു സഹായികളുണ്ടോ?

അതേ, ധാരാളമുണ്ട് (നൂറുള്ളലാം) 

മലക്ക് അസ്റാഈൽ (അ) മിന്റെ റൂഹ് ആരാണ് പിടിക്കുക?

അല്ലാഹു (നൂറുള്ളലാം, പേജ്: 19) 

ജിബ്രീൽ (അ) എപ്പോഴാണു മരിക്കുക?

ഇസ്റാഫീൽ (അ) സൂറെന്ന കാഹളത്തിൽ ആദ്യത്തെ ഊത്ത് ഊതുമ്പോൾ അർശിനെ ചുമക്കുന്ന മലക്കുകളും ജിബ്രീൽ (അ), മീകാഈൽ (അ), ഇസ്റാഫീൽ (അ), അസ്റാഈൽ (അ) എന്നീ മലക്കുകൾ മരിക്കില്ല രണ്ടാം ഊത്തിന്റെ മുമ്പിൽ ഇവർ മരിക്കും രണ്ടാം ഊത്തിനു വേണ്ടി ഇസ്റാഫീൽ (അ) മിനെ അല്ലാഹു ജീവിപ്പിക്കും (നൂറുള്ളലാം, പേജ്: 19)

മലക്കുകളെ കുറിച്ചു അഹ്ലുസ്സുന്നഃയുടെ വിശ്വാസം?

മലക്കുകൾ മാതാപിതാക്കളില്ലാതെ സൃഷ്ടിക്കപ്പെട്ടവരാണെന്നും അവരെക്കുറിച്ച് പുരുഷൻ, സ്ത്രീ എന്നൊന്നും വിശ്വസിച്ചുകൂടെന്നും അവർ തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ വിവാഹം കഴിക്കുകയോ ഇല്ലെന്നും അവരുടെ നന്മകൾ എഴുതപ്പെടില്ലെന്നും പാപസുരക്ഷിതാരണെന്നും തിന്മകൾ ചെയ്യാൻ അവർക്കാവില്ലെന്നും വിഭിന്നമായ നല്ല രൂപത്തിൽ അവർ പ്രത്യക്ഷപ്പെടുമെന്നും ഓരോ മുസ്ലിമും വിശ്വസിക്കണം

ഓരോ ദിവസവും അല്ലാഹു മലക്കുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നു കേൾക്കുന്നു വസ്തുതയെന്ത്?

അതേ, ഓരോ ദിവസവും എണ്ണിയാലൊതുങ്ങാത്ത മലക്കുകളെ അല്ലാഹു പടച്ചുകൊണ്ടിരിക്കുന്നുണ്ട് ഓരോ ദിവസവും മലക്ക് ജിബ്രീൽ (അ) ഹൗളുൽ കൗസറിൽ മുങ്ങുകയും പിന്നെ കുടയുകയും ചെയ്യും അപ്പോൾ തെറിക്കുന്ന വെള്ളത്തുള്ളികളുടെ എണ്ണമനുസരിച്ച് അല്ലാഹു മലക്കുകളെ സൃഷ്ടിക്കുന്നുണ്ട് (ഫതാവൽ ഹദീസിയ്യ, പേജ്: 52)

മുൻകർ (അ), നകീർ (അ) ഖബ്റാളികളോട് ഏതു ഭാഷയിലാണ് ചോദ്യങ്ങൾ ചോദിക്കുക?

ഖബ്റാളി ഏതു ഭാഷക്കാരനാണെങ്കിലും അറബ് ഭാഷയിലായിരിക്കും മലക്കുകൾ ചോദിക്കുക ആ വേളയിൽ ഏവർക്കും അറബ് ഭാഷ അറിയുന്നതാണ് (ഫതാവൽ ഹദീസിയ്യ, പേജ്: 8)

ഖബ്റിലേക്ക് ആദ്യം വരുന്ന മലക്കിന്റെ പേരെന്ത്?

റൗമാൻ (അ), പിന്നീടാണ് മുൻകർ (അ) നകീർ (അ) വരുക 

നാലു കിതാബുകളും നൂറ് ഏടുകളും അല്ലാഹു ഇറക്കിയിട്ടുണ്ടല്ലോ കിതാബും ഏടും തമ്മിലുള്ള അന്തരമെന്ത്?

ഓരോ ഏടിലുമുള്ള ആശയമാണ് അല്ലാഹു അവതരിപ്പിച്ചത് പദങ്ങൾ അമ്പിയാമുർസലുകളുടേതാണ് കിതാബിന്റെ അവസ്ഥ ഇങ്ങനെയല്ല കിതാബുകളുടെ ആശയവും പദവും അല്ലാഹുവിങ്കൽ നിന്നാണ് അതിനു പുറമെ ഏടുകളിൽ കേവലം ഉപദേശങ്ങൾ മാത്രമാണ് അടങ്ങിയിട്ടുള്ളത് (ഖൽയൂബി: 3/251) 

വിശുദ്ധ ഖുർആൻ 6666 ആയത്തുകളുണ്ടെന്നാണല്ലോ പറയപ്പെടാറുള്ളത് പക്ഷേ, അത്ര കാണുന്നില്ലല്ലോ യഥാർത്ഥത്തിൽ എത്ര ആയത്തുകളുണ്ട്?

നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മുസ്ഹഫുകളിലെ ആയത്തുകളുടെ എണ്ണം കൂഫക്കാരുടെ എണ്ണമനുസരിച്ചാണ് അതു പ്രകാരം വിശുദ്ധ ഖുർആനിൽ 6236 ആയത്തുകളാണുള്ളത് മുസ്ഹഫ് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും 6666 ആയത്തുകളുണ്ടെന്നു പറഞ്ഞ ഇമാമുകളുണ്ട് ചില ആയത്തുകൾ എണ്ണുന്നതിലുള്ള ഭിന്നതയാണിതിനു കാരണം  

തൗബ സൂറത്തിന്റെ ആദ്യത്തിൽ എന്താണു ബിസ്മി ഇല്ലാതെ പോയത്?

യുദ്ധത്തെക്കുറിച്ചാണ് തൗബ സൂറത്തിന്റെ തുടക്കം അപ്പോൾ റഹ്മത്ത് അറിയിക്കുന്ന ബിസ്മി യോജിക്കില്ല അതുകൊണ്ട് എഴുതിയില്ല (റൂഹുൽ ബയാൻ)

വിശുദ്ധ ഖുർആൻ, ഖുദ്സിയ്യായ ഹദീസ് എന്നിവ തമ്മിലുള്ള അന്തരമെന്ത്?

ഖുർആനും ഖുദ്സിയ്യായ ഹദീസും നബി (സ) ക്ക് അല്ലാഹുവിങ്കൽ നിന്നുള്ള വഹ്‌യുകൾ  തന്നെയാണെങ്കിലും റസൂലാണെന്ന വാദത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുവാൻ (ഇഅ്ജാസ്) വേണ്ടിയും പാരായണം ചെയ്യാൻ കൽപിക്കപ്പെട്ടതുമാണ് വിശുദ്ധ ഖുർആൻ ഈ പ്രത്യേകത ഈ പ്രത്യേകത ഖുദ്സിയ്യായ ഹദീസിനില്ല (ജംഉൽ ജവാമിഅ്: 1/225) 

മുസ്ഹഫിനോടൊപ്പം മറ്റു ഗ്രന്ഥങ്ങൾ ബൈന്റ് ചെയ്യപ്പെട്ടാൽ അതു തൊടൽ അശുദ്ധിയുള്ളവർക്ക് നിഷിദ്ധമാകുമോ?

അതേ, ചട്ട തൊടൽ മൊത്തം നിഷിദ്ധമാണ് (തുഹ്ഫ: 1/1477)

തഫ്സീറുൽ ജലാലൈനി വുളൂഅ് കൂടാതെ സ്പർശിക്കാമോ?

ഖുർആനിനേക്കാൾ രണ്ടക്ഷരമാണ് തഫ്സീറുൽ ജലാലൈനിയിൽ കൂടുതലുള്ളതെന്നും അതു ചിലപ്പോൾ എഴുതുന്നവരിൽ നിന്നു വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അതിനാൽ വുളൂഅ് എടുത്ത് സ്പർശിക്കലാണ് നല്ലതെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 1/82) 

തൗബ സൂറത്ത് പാരായണം ചെയ്യുമ്പോൾ ബിസ്മി ചൊല്ലുന്നതിന്റെ വിധിയെന്ത്?

തുടക്കത്തിൽ ഹറാം ഇടയിൽ നിന്നു ഓതുമ്പോൾ കറാഹത്ത് ഇതാണ് ഇബ്നു ഹജർ (റ) വിന്റെ വീക്ഷണം തുടക്കത്തിൽ കറാഹത്ത് ഇടയിൽ നിന്നാകുമ്പോൾ സുന്നത്ത് എന്നാണ് ഇമാം റംലി (റ) വിന്റെ അഭിപ്രായം (ശർവാനി:2/36)

ഖുർആൻ പഠനാർത്ഥം അതു ബോർഡിൽ എഴുതിയിട്ടുണ്ടെങ്കിൽ അശുദ്ധിയോടെ ബോർഡ് പിടിക്കാമോ?

പാടില്ല നിഷിദ്ധമാണ് (ശർവാനി: 1/149) 

ബർകത്ത് ഉദ്ദേശിച്ചു എഴുതിയതോ?

അപ്പോൾ പിടിക്കാം (ശർവാനി: 1/149)  

ഇന്നു നിലവിലുള്ള ഖുർആന് പരിഭാഷകൾ പിടിക്കാനും ചുമക്കാനും വുളൂഅ് നിർബന്ധമാണോ?

അതേ, ഖുർആനും പരിഭാഷയും കൂടിയുള്ളതാണല്ലോ അവ പിടിക്കാനും ചുമക്കാനും വുളൂഅ് നിർബന്ധമാണ് മൗലിദ് ഗ്രന്ഥങ്ങളിൽ യാസീൻ സൂറത്ത് ബൈന്റ് ചെയ്തിട്ടുണ്ടെങ്കിൽ വുളൂഅ് ഇല്ലാതെ സ്പർശിക്കാനും ചുമക്കാനും പറ്റുമെന്നു ചില ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശർവാനി: 1/147)

ഖുർആൻ സൂക്തങ്ങൾ മക്കിയ്യ്, മദനിയ്യ് എന്നിങ്ങനെ രണ്ടു വിധമുണ്ടല്ലോ അവയുടെ എണ്ണമെത്ര?

6236 ആയത്തുകളിൽ മക്കിയ്യ്: 4475, മദനിയ്യ്:1761

വിശുദ്ധ ഖുർആനിനു മുസ്ഹഫ് എന്ന നാമം ആരാണു അഭിപ്രായപ്പെട്ടത്?

പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) (അൽ ബുർഹാൻ:1/31)

നബിയും റസൂലും തമ്മിലുള്ള അന്തരം?

അല്ലാഹുവിന്റെ നിയമ വ്യവസ്ഥകൾ അറിയിച്ചു കൊണ്ട് സന്ദേശം നൽകപ്പെടുകയും അതു പ്രബോധനം ചെയ്യാൻ അല്ലാഹു ആജ്ഞാപിക്കുകയും ചെയ്താൽ റസൂലാണ് പ്രബോധനത്തിനു ആജ്ഞയില്ലെങ്കിൽ റസൂലല്ല എങ്കിലും വഹ്‌യുള്ളതുകൊണ്ട് നബിയാണ് അപ്പോൾ എല്ലാ റസൂലും നബിയാണ് എല്ലാ നബിയും റസൂലല്ല (ഫത്ഹുൽ മുഈൻ, പേജ്:3)

നബിക്കാണോ മുർസലീങ്ങൾക്കാണോ കൂടുതൽ മഹത്വം?

മുസർസലീങ്ങൾക്ക് അവർ നബിമാർ കൂടിയാണല്ലോ

ആദ്യ പ്രവാചകൻ ആദം നബി (അ) ആയിരിക്കേ നൂഹ് നബി (അ) മിനെക്കുറിച്ച് 'ശൈഖുൽ അമ്പിയാഅ് ' എന്ന സ്ഥാനപ്പേർ പറയാൻ കാരണം?

ശിർക്കിനെതിരെ ആദ്യം പോരാടിയത് നൂഹ് നബി (അ) ആണ് (നിബ്റാസ്, പേജ്: 275)

ആദം നബി (അ) എന്തുകൊണ്ട് ശിർക്കിനെതിരെ പോരാടിയില്ല?

ആദം (അ) ന്റെ കാലത്ത് ശിർക്ക് ചെയ്യുന്നവർ ഇല്ലായിരുന്നു ശിർക്കിനു തുടക്കം കുറിച്ചത് നൂഹ് നബി (അ) ന്റെ കാലത്താണ് (നിബ്റാസ്, പേജ്: 275)

ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകന്മാർ ആരെല്ലാം?

ഇദ്രീസ് (അ) ഈസാ (അ) എന്നിവർ ആകാശത്തും ഇൽയാസ് (അ) , ഖിള്ർ (അ) എന്നിവർ ഭൂമിയിലും ജീവിച്ചിരിക്കുന്നുണ്ട് 

ഖിള്ർ വലിയ്യാണെന്നഭിപ്രായമില്ലേ?

ഉണ്ട് എന്നാൽ പ്രബല വീക്ഷണം നബിയാണെന്നാണ് (തുഹ്ഫ: 1/136)

ഖുർആൻ പേരെടുത്ത് പറഞ്ഞ 25 അമ്പിയാക്കളുടെ പേരുകൾ അറിയൽ നിർബന്ധമാണോ?

അതേ, നിഷേധിച്ചവൻ കാഫിറാകും (ഇആനത്ത്: 1/23)

ഇബ്റാഹീം നബി (അ) ന്റെ പിതാവല്ലേ കാഫിറായ ആസർ?

അല്ല ആസർ പിതൃവ്യനാണ് പിതാവിന്റെ പേര് താറഖ് എന്നാണ് (സയ്യിദുൽ ബശർ) 

അമ്പിയാക്കളെയും ഔലിയാക്കളെയും ഉറക്കത്തിലും ഉണർച്ചയിലും കാണാമോ?

കാണാവുന്നതാണ് സജ്ജനങ്ങൾക്കാണീ സൗഭാഗ്യം ലഭിക്കുക എത്രയോ മഹത്തുക്കൾക്ക് ഈ സൗഭാഗ്യം ലഭിച്ചിട്ടുണ്ടെന്നു നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (നിബ്റാസ്)

ഖിള്ർ നബി (അ) ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം?

മാഉൽ ഹയാത്ത് (അമൃത്) കുടിച്ചതുകൊണ്ട് (ഫത്ഹുൽ ബാരി: 6/337)

അമ്പിയാ, ഔലിയാക്കൾ അവരുടെ റൂഹുകൾ ശരീരത്തിലേക്ക് മടക്കപ്പെട്ട നിലയിൽ ദുനിയാവിലേക്ക് മടങ്ങിവരുമോ?

ഇല്ല, അങ്ങനെ വിശ്വസിക്കരുത് 

അമ്പിയാ, ഔലിയാക്കളെ ഉണർച്ചയിൽ കണ്ടതായി പല മഹത്തുക്കളും അനുഭവം വിവരിക്കുന്നുണ്ടല്ലോ അതിന്റെ ഉദ്ദേശ്യമെന്ത്?

ഉണർച്ചയിൽ കാണുകയെന്നാൽ മഹത്തുക്കളുടെ ശ്രേഷ്ഠമാക്കപ്പെട്ട ആത്മാവ് അവരുടെ പുണ്യശരീരത്തിന്റെ ആകൃതിയിൽ രൂപം കൊള്ളുകയെന്നാണുദ്ദേശ്യം (തഫ്സീർ സ്വാവി: 3/103) 

മുഹമ്മദ് എന്ന നാമം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

നാല് തവണ 

അമ്പിയാക്കൾ പാപസുരക്ഷിതരായിരിക്കേ ഇബ്റാഹീം നബി (അ) മൂന്നു കളവ് പറഞ്ഞുവെന്നു ഹദീസിൽ കാണുന്നതോ?

കളവെന്നു തോന്നിപ്പിക്കുന്ന മൂന്നു കാര്യങ്ങൾ പറഞ്ഞുവെന്നാണുദ്ദേശ്യം യഥാർത്ഥത്തിൽ അവ മൂന്നു സത്യമായിരുന്നു 

പ്രസ്തുത മൂന്നു കാര്യങ്ങൾ ഏതെല്ലാം?

ബിംബങ്ങളെ തകർത്ത ശേഷം 'ഇതെല്ലാം ചെയ്തത് വലിയ ആളാണ് ' എന്ന് ഇബ്റാഹീം നബി (അ) പറഞ്ഞതാണെന്ന് ഒന്ന് മുശ്രിക്കുകൾ മനസ്സിലാക്കിയത് തകർക്കപ്പെടാത്ത വലിയ ബിംബമാണ് ചെറിയ ബിംബങ്ങളെ തകർത്തതു എന്നാണ് ഇബ്റാഹീം നബി (അ) പറയുന്നത് എന്നാണ് യഥാർത്ഥത്തിൽ ഇബ്റാഹീം നബി (അ) ഉദ്ദേശിച്ചത് 'ഞാനാണ് തകർത്തത് എന്നു മാത്രമാണ് അക്കൂട്ടത്തിൽ അദ്ദേഹം തന്നെയാണ് വലിയ വ്യക്തി 

ജനം ശിർക്ക് കേന്ദ്രത്തിലേക്ക് ക്ഷണിച്ചപ്പോൾ 'ഞാൻ രോഗിയാണ് ' എന്നു പറഞ്ഞു ഇബ്റാഹീം നബി (അ ഒഴിഞ്ഞുമാറിയതാണ് രണ്ട് ശരീരത്തിനു രോഗമില്ലെങ്കിലും അവർ ശിർക്കിൽ അകപ്പെട്ടതിനാൽ 'ഹൃദയരോഗം' (വിഷമം) ഉണ്ടെന്നാണ് ഇബ്റാഹീം നബി (അ) ഉദ്ദേശിച്ചത്  

സ്വന്തം ഭാര്യയെ കുറിച്ച് 'സഹോദരി' എന്നു പറഞ്ഞതാണ് മൂന്ന് എല്ലാ മുഅ്മിനീങ്ങളും പരസ്പരം സഹോദരി സഹോദരങ്ങളാണല്ലോ

ജനം അറക്കുന്ന, വെറുക്കുന്ന രോഗം അമ്പിയാക്കൾക്കുണ്ടാവില്ലല്ലോ പിന്നെങ്ങനെയാണ് അമ്പിയാക്കൾക്ക് രോഗമുണ്ടായത്?

പ്രസ്തുത രോഗങ്ങൾ അമ്പിയാക്കളുടെ പ്രബോധന വേളയിലെ തുടക്കത്തിൽ ഉണ്ടാവില്ലെന്നേയുള്ളൂ പ്രബോധനം ചെയ്തു നബിയാണെന്നു സ്ഥിരപ്പെട്ടശേഷം പ്രസ്തുത രോഗങ്ങൾ ഉണ്ടാവാം അയ്യൂബ് നബി (അ) പ്രവാചകനാണെന്നു സ്ഥിരപ്പെട്ട ശേഷമായിരുന്നു രോഗമുണ്ടായത് (തുഹ്ഫ: 1/26)

ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലമേതാണ്?

തിരുനബി (സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം (മിർഖാത്ത്: 1/447)

നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെ പേരെന്ത്?

അൽ ഹുജ്റത്തുശ്ശരീഫഃ നബി (സ) യുടെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പേര് 'അർറൗളതുശ്ശരീഫഃ' (ബുഖാരി)

നബി (സ) എഴുത്തും വായനയും അറിയാത്തവരാണോ?

അതേ, അറിയാത്തവരായിരുന്നു (ഖുർആൻ, റാസി: 15/25) 

എഴുത്തും വായനയും അറിയില്ലെന്നതു ഒരു ന്യൂനതയല്ലേ?

നബി (സ) ക്ക് അതു ന്യൂനതയല്ല സമ്പൂർണ പവറാണ് മുഅ്ജിസത്തിന്റെ ഭാഗമാണ് 

അതൊന്നു വിശദീകരിക്കാമോ?

ഹ്രസ്വമായി വിവരിക്കാം ഇമാം റാസി (റ) പറയുന്നു: നബി (സ) ക്ക് എഴുത്തും വായനയും അറിയാത്തവർ (ഉമ്മിയ്യ്) എന്നത് പ്രവാചകത്വത്തിന്റെ തെളിവിൽ പെട്ടതാണ് പല വിധേനയും ഇക്കാര്യം ബോധ്യപ്പെടും നബി (സ) അനുയായികൾക്ക് അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തു കൊടുക്കുമ്പോൾ പല തവണ പാരായണം ചെയാതാലും ആദ്യത്തേതിൽ നിന്നു മാറ്റമില്ലാതെ ആവർത്തിക്കും അറബികളിൽ പെട്ട ഏതൊരു പ്രഭാഷകനും ഒരിക്കൽ നടത്തിയ പ്രസംഗമോ വാചകമോ വീണ്ടും ആവർത്തിക്കുമ്പോൾ ആദ്യത്തേതിൽ നിന്നു ചിലത് നഷ്ടപ്പെടുകയോ ചിലതു വർധിക്കുകയോ ചെയ്യാം നബി (സ) ക്ക് അതു സംഭവിക്കുന്നില്ല (റാസി: 15/25) 

നബി (സ) ക്ക് നാലായിരം പുരുഷന്മാരുടെ ശക്തി നൽകപ്പെട്ടിരുന്നുവെന്നത് ശരിയാണോ?

അതേ, ശരിയാണ് ഇമാമുകൾ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് നബി (സ) യുടെ സമ്പൂർണതയാണ് ഇതിലൂടെ ബോധ്യമാകുന്നത് 

സദ് വൃത്തരായ ആളുകൾ മരണപ്പെടുന്ന വേളയിൽ തിരുനബി (സ) യുടെ ആത്മാവ് ഹാജറാകുമോ?

അതേ, ഹദീസിലും മഹദ് വചനങ്ങളിലും അങ്ങനെ വന്നിട്ടുണ്ട് (ഫതാവൽ കുബ്റാ: 2/136) 

നബി (സ) യുടെ പ്രവാചക മുദ്രയുടെ ആകൃതി?

നബി (സ) യുടെ പിൻഭാഗത്ത് ഇടതു ചുമലെല്ലിന്റെ ഭാഗത്ത് ഹൃദയത്തിനു നേരെ മുഴപോലെ തോന്നിപ്പിക്കുന്ന ഒരു അടയാളമാണ് പ്രവാചക മുദ്ര ഒരു മാടപ്രാവിന്റെ മുട്ടയുടെ അഥവാ ഒരു ചെറിയ ആപ്പിളിന്റെ വലിപ്പമുള്ള ഉയർന്നു നിൽക്കുന്ന മാംസമായിരുന്നു അത് ബുഖാരിയിൽ ഇതിന്റെ വിവരണം കാണാം 

നബി (സ) സ്വർഗത്തിൽവെച്ച് മൂന്നു സ്ത്രീകളെ വിവാഹം കഴിക്കുമല്ലോ ആരൊക്കെയാണവർ?

ബീവി മർയം (റ), ബീവി ആസിയ (റ), മൂസാനബി (അ) ന്റെ സഹോദരി കുൽസൂം (റ) (തഫ്സീർ സ്വാവി: 4/190) 

നബി (സ) യുടെ തിരുകേശത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

നിരവധി പ്രത്യേകതകളുണ്ട് ഏറ്റവും പ്രധാനപ്പെട്ടതും ഏവർക്കും വേഗത്തിൽ ബോധ്യപ്പെടുന്നതുമായ മൂന്നെണ്ണം പറയാം 

ഒന്ന്, തിരുകേശം കത്തുകയില്ല 

രണ്ട്, തിരുകേശത്തിന്മേൽ ഈച്ച പോലെയുള്ള പ്രാണി ഇരിക്കില്ല 

മൂന്ന്, തിരുകേശത്തിനു നിഴലുണ്ടാവില്ല (നൂറുള്ളലാം, പേജ്: 34) 

ഈസാനബി (അ) ക്കും ദജ്ജാലിനും 'മസീഹ് ' എന്നു പറയപ്പെടുന്നു രണ്ടുപേർക്കും ഒരേ അർത്ഥത്തിലാണോ?

അല്ല, ഈസാ നബി (അ) ക്ക് 'മസീഹ് ' പറയപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാണ് തടവിക്കൊണ്ട് രോഗം സുഖപ്പെടുത്തുന്ന ആൾ എന്നത് അതിലൊരു കാരണമാണ് 'മസീഹ് ' എന്നാൽ തടവുന്നവൻ എന്നാണർഥം ദജ്ജാലിനു 'മസീഹ് ' എന്നു പറയുന്നത് ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ എന്ന അർത്ഥത്തിലാണ് (തുഹ്ഫ: 2/88)

അന്ത്യനാൾ എന്നു പറയുന്നത് ഏതു അവസ്ഥക്കാണ്?

ഇസ്റാഫീൽ (അ) ന്റെ ഒന്നാം ഊത്ത് മുതൽക്കുള്ള അവസ്ഥക്കാണ് അന്ത്യനാൾ എന്നു പറയുന്നത് അതിനു ശേഷം പിന്നെ ദുനിയാവിൽ ദിവസമില്ലല്ലോ 

ഖബ്ർ ചോദ്യം എന്നു തുടങ്ങി?

ഖബ്റിലെ ചോദ്യം മുഹമ്മദ് നബി (സ) യുടെ സമുദായത്തിനു മാത്രമാണുള്ളത് (ഫത്ഹുൽ ബാരി: 3/186) 

ഖബ്ർ ശിക്ഷ ആത്മാവിനോ ശരീരത്തിനോ?

രണ്ടിനും കൂടിയാണ് (നിബ്റാസ്, പേജ്: 209)

മഹ്ശറയിൽ ഓരോ ഉമ്മത്തിനും വെള്ളം കുടിക്കാനായി ഓരോ റസൂലിനും ഹൗള് ഉണ്ടോ?

അതേ, ഏറ്റവും മഹത്വമായത് തിരുനബി (സ) യുടെ ഹൗളാണ് 

സ്വർഗനിവാസികൾക്ക് വിശപ്പും ദാഹവും ഇല്ലാതിരിക്കേ എന്തിനാണവർ ഭക്ഷണം കഴിക്കുന്നത് വെള്ളം കുടിക്കുന്നതും?

ആനന്ദം എന്ന നിലക്ക് 

ജിന്ന് വർഗത്തിനു സ്വർഗ പ്രവേശനം ഉണ്ടോ?

അതേ, മനുഷ്യരെപ്പോലെ ജിന്നു വർഗത്തിനും സ്വർഗ പ്രവേശവും സ്വർഗീയ ജീവിതവും നൽകപ്പെടുമെന്ന് നിരവധി പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 7/348) 

ജിന്നു വർഗത്തിനു നരകശിക്ഷയുണ്ടോ?

തീർച്ചയായും ഉണ്ട് അക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ് 

എത്ര സ്വർഗം ഉണ്ട്?

ഏഴ് ഫിർദൗസ്, മഅ് വാ, ഖുൽദ്, നഈം, അദ്ന്, സലാം, ജലാൽ (തഫ്സീർ സ്വാവി: 1/16) 

പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂറുൽഈനുകൾ ഉണ്ടല്ലോ സ്ത്രീകൾക്ക് സുമുഖന്മാരായ പുരുഷന്മാർ ഇല്ലാത്തതെന്തുകൊണ്ട്?

പുരുഷന്മാർക്ക് ഹൂറുൽഈനുകൾക്ക് പുറമെ ദുനിയാവിലെ സ്ത്രീകളും ഉണ്ടാകുന്നതാണ് അപ്പോൾ സ്ത്രീകൾക്ക് പുരുഷന്മാരുണ്ടായല്ലോ സ്വർഗത്തിൽ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം സുമുഖന്മാരാണ് ആ രീതിയിലാക്കിക്കൊണ്ടാണ് സ്വർഗ പ്രവേശനം നൽകുക ഒരു സ്ത്രീക്ക് ഒന്നിലധികം പുരുഷൻ വേണമെന്ന ചിന്ത സ്വർഗീയ സ്ത്രീകൾക്കുണ്ടാവില്ല 

സ്വർഗത്തിൽ പുരുഷന്മാർക്ക് തലയിൽ കിരീടം ഉണ്ടാവുമെന്നും കേൾക്കുന്നു സ്ത്രീകൾക്കോ?

പുരുഷന്മാർക്ക് കിരീടവും സ്ത്രീകൾക്ക് നീണ്ട സ്ഥാനവസ്ത്രവും ഉണ്ടാകും (ബുജൈരിമി: 1/218) 

സ്വർഗത്തിൽ നിഴലുണ്ടോ? 'ളില്ലൻ ളലീലാ' (നല്ല നിഴൽ) എന്നു സ്വർഗത്തെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്?

ളില്ല് എന്ന പദം സുഖവും സന്തോഷവും എന്ന ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട് അതാണിവിടെ ഉദ്ദേശ്യം (റാസി: 10/142) 

മഹ്ശറയിൽ ചിലർ വാഹനപ്പുറത്തായിരിക്കുമെന്നു കേൾക്കുന്നു ശരിയാണോ?

അതേ, മഹത്തുക്കൾ അങ്ങനെയായിരിക്കും (നൂറുള്ളലാം, പേജ്: 24)

സ്വർഗ സ്ത്രീകൾക്ക് ഇണകളുണ്ടെന്നു വിശുദ്ധ ഖുർആനിലുണ്ടല്ലോ എന്നാൽ ഈ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ജനിക്കുമോ?

ഇല്ല അതേസമയം സ്വർഗസ്ഥർക്ക് കുഞ്ഞുങ്ങളെ ആവശ്യമായി തോന്നിയാൽ ഉടൻ അല്ലാഹു കുഞ്ഞുങ്ങളെ ജനിപ്പിച്ച് നൽകും (ഫതാവൽ ഹദീസിയ്യ, പേജ്:9)

സ്വർഗ നിവാസികളുടെ ആദ്യത്തെ ഭക്ഷണം?

ത്സ്യംമാംസത്തിലെ കരള് (ത്വബ്റാനി) 

തിരുനബി (സ) സ്വർഗത്തിലെ ആപ്പിൾ തിന്നുകയും അതിൽനിന്നുണ്ടായ ബീജത്തിൽ നിന്നാണ് ബീവി ഫാത്വിമ (റ) ജനിച്ചതെന്നും കേൾക്കുന്നു ശരിയാണോ?

അതേ, ബീവി ഫാത്വിമക്ക് സ്വർഗീയ സുഗന്ധവും ഉണ്ടായിരുന്നു ഇക്കാര്യം തിരുനബി (സ) പ്രസ്താവിച്ചിട്ടുണ്ട് (നൂറുൽ അബ്സ്വാർ) 

ഏതാണു ബർസഖീ ജീവിതം?

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഇടയ്ക്കുള്ള കാലമാണ് ബർസഖ് ശരീരവും ആത്മാവും തമ്മിൽ വേർപിരിഞ്ഞ് രണ്ടും രണ്ടായി നിലകൊള്ളുന്ന കാലം മരണത്തോട് ഒരോരുത്തരും ബർസഖീ ജീവിതത്തിലാണ് ശരീരവുമായി ആത്മാവിനു ബന്ധമുണ്ട് 

സത്യവിശ്വാസിയുടെ ആത്മാവ് (റൂഹ്) എങ്ങോട്ടാണ് മലക്കുകൾ കൊണ്ടുപോവുക?

സത്യവിശ്വാസി മരണപ്പെട്ടാൽ ഏഴാം ആകാശത്തുള്ള 'ബൈളാഅ് ' എന്നു പേരുള്ള വീട്ടിലേക്കാണ് അവന്റെ റൂഹിനെ മലക്കുകൾ കൊണ്ടുപോവുക മരണപ്പെട്ട സത്യവിശ്വാസികളുടെ ആത്മാക്കൾ അവിടെയാണ് സംഗമിക്കുക (തദ്കിറ, പേജ്: 60)

പുതിയ ആത്മാവും പഴയ ആത്മാവും തമ്മിൽ കണ്ടുമുട്ടുമോ?

അതേ, കണ്ടുമുട്ടി സംസാരിക്കും (തദ്കിറ, പേജ്: 60)

ഒരു മയ്യിത്തിനു തന്റെ ഖബ്റിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുകയെപ്പോഴാണ്?

ദുനിയാവിലെ തന്റെ ഇഷ്ടക്കാർ തന്നെ സന്ദർശിക്കുമ്പോൾ (ശർഹുസ്സുദൂർ, പേജ്: 203) 

അല്ലാഹുവിന്റെ മുൻവിധി (ഖളാഅ്, ഖദ്ർ) രണ്ടുവിധത്തിലുണ്ടോ?

അതേ, രണ്ടുവിധത്തിലുണ്ട് (മിർഖാത്: 1/148)

രണ്ടു രീതിയിലുള്ള മുൻവിധിയെക്കുറിച്ച് ഒരു വിശദീകരണം തരാമോ?

ഒന്ന്, മുബ്റമ്, ഒരിക്കലും മാറ്റം വരാത്ത നിലയിലുള്ള വിധിയാണത് 

രണ്ട്, മുഅല്ലഖ്, അദ്ദേഹം ഹജ്ജ് ചെയ്താൽ 40 വയസ്സ് ജീവിക്കും അല്ലെങ്കിൽ 30 വയസ്സ് എന്ന നിലയ്ക്ക് ബന്ധിപ്പിക്കപ്പെട്ട വിധിയാണത് (മിർഖാത്: 1/148) 

ഖദ്ർ നിഷേധികൾ കാഫിറുകളാണോ?

അതേ, ഖദ്റിനെ നിഷേധിച്ചവൻ കാഫിറാകും (റാസി: 2/46) 

ഖദ് രിയ്യത്ത് എന്ന പ്രസ്ഥാനം കാഫിരീങ്ങളാണോ?

മറുപടി: അല്ല, അവർ കടുത്ത മുബ്തദിഉകളാണ് അല്ലാഹുവിന്റെ മുൻ അറിവും നിശ്ചയവുമെല്ലാം അംഗീകരിക്കുന്നവരാണ് ഖദ്രിയ്യത്ത് വിഭാഗം നന്മകൾ അല്ലാഹുവിങ്കൽ നിന്നാണെന്നും ചീത്ത അല്ലാഹുവിങ്കൽ നിന്നല്ലെന്നുമാണ് ഖദ്രിയ്യത്തിന്റെ വിശ്വാസം (ശർഹുൽ മുസ്ലിം: 1/154) ഇതു ബിദ്അത്തു വാദമാണ് സർവതും അല്ലാഹുവിങ്കൽ നിന്നാണെന്നാണ് ശരിയായ വിശ്വാസം അതാണു അഹ്ലുസ്സുന്നഃയുടെ വിശ്വാസം 

വിശ്വാസ കാര്യങ്ങളിൽ അനുകരണം (തഖ്ലീദ്) ഉണ്ടോ?

ഇല്ല, കർമപരമായ കാര്യങ്ങളിലാണ് തഖ്ലീദ് (അനുകരണം) ഉള്ളത് വിശ്വാസ കാര്യങ്ങളിൽ തഖ്ലീദ് സ്വീകാര്യമല്ല അത്തരക്കാർ കുറ്റക്കാരാകും 

വിശ്വാസ കാര്യങ്ങളിൽ തഖ്ലീദ് ഇല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇമാം അശ്അരി (റ) നമ്മുടെ ഇമാമാണെന്നു പറയുന്നത്?

വിശ്വാസ കാര്യങ്ങൾ, വിശ്വസിക്കൽ നിർബന്ധമായ കാര്യങ്ങൾ ഒരോരുത്തരും വിശ്വസിക്കൽ നിർബന്ധമാണ് സ്വഹാബത്ത് മുതൽ അന്ത്യനാൾ വരെയുള്ള എല്ലാ തലമുറകൾക്കും ഇതു ഒരുപോലെ ബാധകമാണ് തലമുറകൾ തലമുറകൾക്ക് കൈമാറുകയെന്നതാണ് ഇതിന്റെ രീതി  

ഇമാം അശ്അരി (റ) വിനെ നാം തഖ്ലീദ് ചെയ്യുന്നില്ല വിശ്വാസ കാര്യങ്ങൾ മുഴുവനും സമഗ്രമായി രേഖപ്പെടുത്തിയ വ്യക്തികൾ എന്ന നിലയ്ക്കാണ് ഇമാം അശ്അരി (റ) വിനെയും ഇമാം മാതുരീദി (റ) വിനെയും നാം ഇമാമായി ഉയർത്തിക്കാണിക്കുന്നത് അല്ലാതെ ഇമാം ശാഫിഈ (റ) വിനെ തഖ്ലീദ് ചെയ്തതുപോലെ ഇമാം അശ്അരി (റ ) വിനെ നാം തഖ്ലീദ് ചെയ്യുന്നില്ല 

കർമപരമായ കാര്യങ്ങളിൽ നാലോലൊരു മദ്ഹബ് അംഗീകരിക്കാത്തവൻ പുത്തൻവാദിയാണോ?

അതേ, അവൻ വിശ്വാസം പിഴച്ച പുത്തൻവാദിയാണ് (തഫ്സീർ സ്വാവി: 8/9)   


അലി അഷ്‌കർ : 95267 65555

No comments:

Post a Comment