Friday 30 August 2019

സംശയവും മറുപടിയും - മോഷണവും ശിക്ഷയും , കൊലപാതകവും

 

മോഷണം എന്നാലെന്ത്?

മറ്റുള്ളവർ കാണാതെ ഒരു വസ്തു എടുക്കൽ എന്നാണു സരിഖത്ത് (മോഷണം) എന്നതിന്റെ ഭാഷാർത്ഥം ചില നിബന്ധനകളോടെ സൂക്ഷിച്ചുവെക്കേണ്ട സ്ഥലത്തുനിന്നു മറ്റുള്ളവർ കാണാതെ ഒരു വസ്തു എടുക്കൽ എന്നാണു ശർഇന്റെ ഭാഷയിൽ  മോഷണം (ഇആനത്ത്: 4/340) 

മോഷണത്തെ കുറിച്ച് വന്ന താക്കീതുകൾ?

കട്ട പുരുഷന്റെയും സ്ത്രീയുടെയും കൈ നിങ്ങൾ മുറിക്കുകയെന്നു അല്ലാഹു വിശുദ്ധ ഖുർആനിൽ (മാഇദ: 38) പ്രസ്താവിച്ചിട്ടുണ്ട് മോഷ്ടിക്കുന്നവൻ മോഷണ സമയത്ത് യഥാർത്ഥ മുഅ്മിനായി മോഷ്ടിക്കുകയില്ലെന്ന് തിരുനബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി) ആരെങ്കിലും മോഷ്ടിച്ചാൽ ഇസ്ലാമിന്റെ ചരട് തന്റെ പിരടിയിൽ നിന്നു അവൻ പൊട്ടിച്ചുകളഞ്ഞു അവൻ തൗബ ചെയ്താൽ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ് എന്നും നബി (സ) പറഞ്ഞിട്ടുണ്ട് (ഇആനത്ത്: 4/240) 

മോഷ്ടിച്ചവന്റെ കൈ മുറിക്കണം എന്നാണല്ലോ ഇസ്ലാമിന്റെ നിയമം എത്ര സംഖ്യ എവിടെനിന്നു മോഷ്ടിച്ചാലാണ് കൈ മുറിക്കുകയെന്ന ശിക്ഷയുള്ളത്?

ഉടമസ്ഥൻ ആവശ്യപ്പെടുകയും കളവ് സ്ഥിരപ്പെടുകയും ചെയ്തതിനു ശേഷം ഒരു ദീനാറിന്റെ നാലിലൊന്നോ അതിന്റെ വിലയ്ക്കു സമാനമായതോ മോഷ്ടിച്ച പ്രായപൂർത്തിയും ബുദ്ധിയുമെത്തിയ വ്യക്തിയുടെ വലതു കൈയിന്റെ മണി ബന്ധം ഭരണാധിപൻ മുറിക്കേണ്ടതാണ് മോഷ്ടിക്കപ്പെട്ട സാധനം പോലെയുള്ളത് സാധാരണഗതിയിൽ സൂക്ഷിക്കാറുള്ള സ്ഥലത്ത് സൂക്ഷിച്ചിടത്തുനിന്ന് അപഹരിച്ചാലേ കൈ മുറിക്കുകയുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 452) 

വലതുകൈ മുറിക്കപ്പെട്ടശേവും മോഷ്ടിച്ചാലോ?

ഇടതുകാൽ മുറിക്കണം ചെരിപ്പടികാലിന്റെയും തണ്ടൻകാലിന്റെയും കെണുപ്പിലാണ് മുറിക്കേണ്ടത് മൂന്നാമതും മോഷ്ടിച്ചാൽ ഇടതു കൈയും നാലാമതും മോഷ്ടിച്ചാൽ വലതു കാലും മുറിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 453) 

അഞ്ചാം തവണ മോഷ്ടിച്ചാലോ?

പിന്നെ  സന്ദർഭോജിതമായ ശിക്ഷ നൽകണം അവയവം മുറിക്കലില്ല (ഫത്ഹുൽ മുഈൻ, പേജ്: 453) 

ഒരു ദീനാറിന്റെ നാലിലൊന്ന് രണ്ടുപേർ കൂടി മോഷ്ടിച്ചാലോ?

രണ്ടുപേരുടെയും കൈ മുറിക്കുകയില്ല (ഇആനത്ത്: 4/243) 

തട്ടിത്തെറിപ്പിച്ച് കൈക്കലാക്കിയവന്റെ കൈ മുറിക്കാമോ?

ഇല്ല അതിനു മോഷണം എന്നു പറയില്ലല്ലോ (ഇആനത്ത്: 4/243) 

മോഷ്ടിച്ചവനു കൂടി പങ്കുള്ളത് മോഷ്ടിച്ചാലോ?

കൈ മുറിക്കുകയില്ല (ഇആനത്ത്: 4/243) 

മോഷ്ടിക്കപ്പെട്ട ധനം കവർച്ച ചെയ്തതാണെങ്കിലോ?

എങ്കിൽ കരം ഛേദിക്കില്ല കാരണം സൂക്ഷിച്ചുവെക്കാൻ കവർച്ച ചെയ്തവനു അധികാരമില്ലല്ലോ ധനത്തിന്റെ ഉടമസ്ഥൻ അതു ഇഷ്ടപ്പെടില്ലല്ലോ (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/243) 

കിതാബുകളിൽ حِرْزْ എന്നു പറയുന്നതിന്റെ ഉദ്ദേശ്യം?

മോഷണവുമായി ബന്ധപ്പെട്ട് 'ഹിർസ് ' എന്നു പറയുന്നത് ഓരോ വസ്തുവും അതു സൂക്ഷിക്കേണ്ട സ്ഥലം എന്ന ഉദ്ദേശ്യത്തിലാണ് (ഇആനത്ത്: 4/244) 

ചില വസ്തുക്കളുടെ സൂക്ഷിക്കേണ്ട സ്ഥലം വിവരിച്ചാലും?

ധനത്തിന്റെയും സന്ദർഭത്തിന്റെയും വ്യത്യാസമനുസരിച്ച് സൂക്ഷിപ്പ് സ്ഥലം (حِرْزُ مِثْل) വ്യത്യാസമായിരിക്കും വസ്ത്രവും നാണയവും സൂക്ഷിക്കേണ്ടത് പൂട്ടുള്ള പെട്ടിയിലാണ് അതുപോലെ ചരക്കുകൾ സൂക്ഷിക്കേണ്ടത് കാവൽക്കാരനുള്ള പീടികകളിലാണ് (ഫത്ഹുൽ മുഈൻ, പേജ്: 453) 

ചരക്കു അടുത്തുവെച്ച് കിടന്നുറങ്ങിയാൽ അതു സൂക്ഷിക്കേണ്ട സ്ഥലമായി പരിഗണിക്കാമോ?

സ്വന്തം ശക്തികൊണ്ടോ മറ്റുള്ളവരുടെ സഹായം തേടിക്കൊണ്ടോ കള്ളനെ തടയാൻ കഴിവുള്ളവനെ നോക്കാനേൽപിക്കാതെ ചരക്ക് സമീപത്ത് വെച്ച് കിടന്നുറങ്ങിയാൽ അതു സൂക്ഷിക്കേണ്ട സ്ഥലത്ത് സൂക്ഷിച്ചതായി പരിഗണിക്കില്ല അതു  മോഷ്ടിച്ചവന്റെ കരം മുറിക്കപ്പെടുകയില്ല (ഇആനത്ത്: 4/245) 

വഖ്ഫ് ചെയ്യപ്പെട്ട ധനം മോഷ്ടിച്ചാൽ കൈ മുറിക്കപ്പെടാമോ?

മറ്റൊരാൾക്ക് വഖ്ഫ് ചെയ്യപ്പെട്ട ധനം മോഷ്ടിച്ചാൽ കരം മുറിക്കപ്പെടണം അതുപോലെ പള്ളിയുടെ വാതിൽ, തൂൺ, അലങ്കാര വിളക്കുകൾ എന്നിവ മോഷ്ടിച്ചവന്റെയും കരം മുറിക്കണം എന്നാൽ പള്ളിയിലെ പായ, കത്തിക്കുന്ന വിളക്ക് എന്നിവ മോഷ്ടിച്ചാൽ കൈ  മുറിക്കപ്പെടില്ല കാരണം, അവ പ്രയോജനത്തിനുവേണ്ടി ഒരുക്കപ്പെട്ടതാണ് മോഷ്ടിച്ച മുസ്ലിംമും അതിന്റെ പ്രയോജനത്തിനു അർഹനാണല്ലോ (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/245)  കൈ മുറിക്കപ്പെടില്ലെങ്കിലും മോഷണം നിഷിദ്ധമാണ്; കുറ്റകരമാണ് 

പൊതു നന്മയ്ക്കുള്ള ധനം (പൊതുഖജനാവിലെ ധനം) മോഷ്ടിച്ചാലോ?

കരം മുറിക്കപ്പെടില്ല (മോഷണം ഹറാമാണ്) മോഷ്ടാവിനും പൊതുധനം അവകാശപ്പെട്ടതാണല്ലോ എന്നതാണ് കരം മുറിക്കാതിരിക്കാനുള്ള കാരണം (ഇആനത്ത്: 4/245) 

മാതാപിതാക്കളുടെ ധനം മോഷ്ടിച്ചാലോ?

കരം മുറിക്കപ്പെടില്ല മക്കളുടേത് മോഷ്ടിച്ചാലും അങ്ങനെത്തന്നെ കാരണം, മൊത്തത്തിൽ ചെലവിനു അർഹനാവുകയെന്നത് അവരുടെ സമ്പത്തിലെല്ലാം ഉണ്ട് (ഇആനത്ത്: 5/245) 

ഭാര്യ ഭർത്താക്കളിൽ ഒരാൾ മറ്റൊരാളുടെ ധനം മോഷ്ടിച്ചാലോ?

കരം മുറിക്കപ്പെടും ഇതാണ് പ്രബല വീക്ഷണം (ഇആനത്ത്: 4/247) 

അഞ്ചാം തവണ മോഷ്ടിച്ചവനെ വധിക്കാൻ ഇസ്ലാം അനുമതി നൽകുന്നുണ്ടോ?

ഇല്ല എത്രതവണ മോഷ്ടിച്ചാലും അതിന്റെ പേരിൽ കൊല്ലൽ  അനുവദനീയമല്ല (ഫത്ഹുൽ മുഈൻ, പേജ്: 453) 

മോഷണം എങ്ങനെ സ്ഥിരപ്പെടും?

സാക്ഷിക്കു പറ്റുന്ന രണ്ടു പുരുഷന്മാർ സാക്ഷി നിൽക്കൽ കൊണ്ടും ഉടമസ്ഥൻ പരാതി ബോധിപ്പിച്ച ശേഷം മോഷ്ടാവ്  സമ്മതിക്കൽകൊണ്ടും മോഷണം സ്ഥിരപ്പെടും (ഇആനത്ത്: 4/248) 

മോഷ്ടാവ് മോഷ്ടിച്ചുവെന്ന  സമ്മതിച്ചശേഷം അതിനെ നിഷേധിച്ചാൽ കൈ മുറിക്കാതിരിക്കാമോ?

അതേ, അതേസമയം സമ്മതിച്ച ധനം തിരിച്ചുനൽകേണ്ടിവരും അതു ഒഴിവാകില്ല (ഫത്ഹുൽ മുഈൻ, പേജ്: 454) 

മോഷണം സ്ഥിരപ്പെടാൻ രണ്ടു പുരുഷന്മാർ തന്നെ സാക്ഷി നിൽക്കണോ സ്ത്രീകൾ സാക്ഷി നിന്നാൽ പോരേ?

മോഷ്ടാവിന്റെ കരം മുറിക്കാൻ സാക്ഷി മുഖേന സ്ഥിരപ്പെടണമെങ്കിൽ രണ്ടു പുരുഷന്മാർ തന്നെ സാക്ഷി നിൽക്കണം എന്നാൽ ധനത്തിന്റെ ഉത്തരവാദത്തിനു രണ്ടു പുരുഷന്മാർ തന്നെ വേണമെന്നില്ല ഒരു പുരുഷനും രണ്ടു സ്ത്രീകളും മതി അല്ലെങ്കിൽ ഒരു പുരുഷനും ഉടമസ്ഥന്റെ സത്യവും മതി എന്നാലും മോഷ്ടാവ് ധനം തിരിച്ചു നൽകേണ്ടിവരും (ഇആനത്ത്: 4/248) 

സന്ദർഭോചിത ശിക്ഷ (تَعْزِير)  എന്നാലെന്ത്? 

സാധാരണഗതിയിൽ ഹദ്ദും കഫ്ഫാറത്തും ഇല്ലാത്ത കുറ്റകൃത്യം ചെയ്തവനു ഭരണാധിപനോ അയാളുടെ പ്രതിനിധിയോ നൽകുന്ന ശിക്ഷയാണ് 'തഅ്സീർ' (ഫത്ഹുൽ മുഈൻ, പേജ്: 455) 

കുറ്റം ചെയ്യാതെ 'തഅ്സീർ' പറ്റുമോ?

ചില സന്ദർഭങ്ങളിൽ പറ്റും ഉദാ: കുറ്റമില്ലാത്ത വിനോദങ്ങളിൽ ഏർപ്പെട്ടവനെ ശിക്ഷിക്കൽ (ഫത്ഹുൽ മുഈൻ, പേജ്: 455) 

കഫ്ഫാറത്തും (പ്രായശ്ചിത്തം) തഅ്സീറും ഒരുമിച്ചു വരുന്ന സന്ദർഭമുണ്ടോ?

ഉണ്ട് ഉദാ: റമളാൻ നോമ്പ് ഭാര്യയെ സംയോഗം ചെയ്ത് നഷ്ടപ്പെടുത്താൻ അതിനു കഫ്ഫാറത്തും തഅ്സീറും ഉണ്ട് (ഇആനത്ത്: 4/255) 

ഹദ്ദ്, കഫ്ഫാറത്ത് തഅ്സീറ് എന്നിവയൊന്നും ഇല്ലാത്ത തെറ്റുകളുണ്ടോ?

ഉണ്ട് ഉദാ: തിന്മകളുടെ വക്തക്കളായി അറിയപ്പെടാത്തവരിൽ നിന്നുണ്ടാകുന്ന ചെറുദോഷങ്ങൾ (ഇആനത്ത്: 4/254) 

ഹദ്ദും തഅ്സീറും ഒരുമിച്ചു കൂടുമോ?

അതേ, ഉദാ: മോഷ്ടാവിന്റെ കരം മുറിച്ച് കൈ പിരടിയിലേക്ക് ബന്ധിക്കപ്പെടുംപോലെ (ഇആനത്ത്: 4/255) 

ഹദ്ദ്, കഫ്ഫാറത്ത്, തഅ്സീർ എന്നീ മൂന്നു ശിക്ഷയും ഒരുമിച്ചുകൂടുന്ന ശിക്ഷയുണ്ടോ?

ഉണ്ട് ഉദാ: റമളാൻ പകലിൽ ഉമ്മയെ വ്യഭിചരിച്ച നോമ്പുകാരൻ നോമ്പ് നഷ്ടപ്പെടുത്തിയതിനു കഫ്ഫാറത്തും വ്യഭിചാരത്തിന്റെ ഹദ്ദും കുടുംബബന്ധം മുറിച്ചതിനു വേണ്ടി തഅ്സീറും നിർബന്ധമായി (ഇആനത്ത്: 4/255 നോക്കുക)

സന്ദർഭോചിത ശിക്ഷയ്ക്കു ചില ഉദാഹരണങ്ങൾ?

ശരീരം പൊട്ടാത്ത നിലയിൽ അടിക്കുക, മുൻകൈ കൂട്ടിപ്പിടിച്ചടിക്കുക, വാക്കുകൊണ്ട് ഭയപ്പെടുത്തുക, നാടുകടത്തുക, ഇരിക്കുന്നിടത്തു നിന്നു എഴുന്നേൽപിക്കുക തുടങ്ങിയവ (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/256) 

കുട്ടികളിൽ ചീത്ത സ്വഭാവം കണ്ടാൽ മാതാപിതാക്കൾക്ക് അവരെ അടിക്കാമോ?

വേണ്ടാവൃത്തികൾ കുട്ടികൾ ചെയ്താൽ അവരെ അടിക്കൽ മാതാപിതാക്കൾക്ക് അനുവദനീയമാണ് (ഇആനത്ത്: 4/257) 

പ്രായം തികഞ്ഞ മക്കളെ രക്ഷിതാക്കൾക്ക് അടിക്കാമോ?

പാടില്ലെന്നാണ് പ്രബലമാണ് ഇമാം ദമീരി (റ) പ്രസ്താവിച്ചിട്ടുണ്ട് (ഇആനത്ത്: 4/257) 

അധ്യാപകനു വിദ്യാർത്ഥിയെ അടിക്കാമോ?

അടിക്കാം (ഇആനത്ത്: 4/257) 

അക്രമിയെ പ്രതിരോധിക്കാമോ?

സംരക്ഷണം അർഹിക്കുന്ന ഒരു വ്യക്തിയുടെ മേൽ ആരെങ്കിലും കടന്നാക്രമണം നടത്തിയാൽ അയാളെ പ്രതിരോധിക്കൽ ആ വ്യക്തിക്ക് അനുവദനീയമാണ് (ഇആനത്ത്: 4/261) 

സംരക്ഷണം അർഹിക്കുന്ന വ്യക്തിയെന്നതിന്റെ ഉദ്ദേശ്യം?

ഇസ്ലാമിൽ രക്തത്തിനു വിലയുള്ള വ്യക്തിയെന്നാണു ഉദ്ദേശ്യം അതായത്, അവനെ കൊല്ലൽ ഹറാമാണ് അവരെക്കുറിച്ച്  مَعْصُوم എന്നു ഫുഖഹാക്കൾ പ്രയോഗിക്കും മതംമാറിയ മുർതദ്ദ്, ഭരണാധികാരി കൽപിച്ചിട്ടും നിസ്കരിക്കാത്തവൻ എന്നിവരൊന്നും രക്തത്തിനു വിലയുള്ളവരല്ല അതിനാൽ അവരെ ആരെങ്കിലും അക്രമിക്കുകയാണെങ്കിൽ അക്രമിയെ തടയൽ അനുവദനീയമല്ല (ഇആനത്ത്: 4/260) 

അക്രമി സമ്പത്ത് പിടിച്ചെടുക്കുകയാണെങ്കിലോ?

തടയണം ശരീരം, അവയവം, ഗുഹ്യം, ചുംബനം എന്നിവയെ അക്രമി ഉദ്ദേശിക്കുമ്പോഴും പ്രതിരോധിക്കണം (ഫത്ഹുൽ മുഈൻ, പേജ്:458) 

രക്തത്തിനു വിലയില്ലാത്ത മുസ്ലിം ഒരാളെ അക്രമിക്കുകയാണെങ്കിലോ?

ആ അക്രമം കാണുന്നവൻ തന്റെ ശരീരത്തിനും അവയവത്തിനും നാശം ഭയക്കുന്നില്ലെങ്കിൽ അക്രമിയെ ഗുഹ്യം, ശരീരം എന്നിവയിൽനിന്നു തടയൽ നിർബന്ധമാണ് അമുസ്ലിം, മൃഗം എന്നിവരെയും തടയൽ നിർബന്ധമാണ് അവർക്ക് വഴിപ്പെട്ടു കൊടുക്കൽ നിഷിദ്ധമാണ് (ഇആനത്ത്: 4/262) 

രക്തത്തിനു വിലയുള്ള മുസ്ലിം വ്യഭിചാരം, ചുംബനം എന്നിവ ഉദ്ദേശിച്ചാലോ?

പ്രതിരോധിക്കണം ആർക്കും അതിനു വഴിപ്പെട്ടുകൊടുക്കാവതല്ല (ഇആനത്ത്: 4/262) 

കൊലപാതകം എത്രവിധമുണ്ട്?

മൂന്നുവിധം മനഃപൂർവം,  അതിനോട് സാദൃശ്യമായത്, അബദ്ധത്തിൽ സംഭവിച്ചത് എന്നിവയാണത് (ഫത്ഹുൽ മുഈൻ, പേജ്: 433) 

മനഃപൂർവ കൊലയാകുന്നത് എങ്ങനെ?

മറുപടി: സാധാരണഗതിയിൽ കൊല്ലാൻ പര്യാപ്തമായതുകൊണ്ട് നിജപ്പെട്ട ഒരു മനുഷ്യനെ അക്രമപരമായി കരുതികൂട്ടി കൊല്ലലാണ് മനഃപൂർവ കൊല (عَمْدْ) (ഇആനത്ത്: 4/167) 

മനഃപൂർവ കൊലയോട് സാദൃശ്യമായത് എന്നതിന്റെ ഉദ്ദേശ്യം?

സാധാരണ നിലയിൽ കൊല്ലാൻ പര്യാപ്തമല്ലാത്ത വസ്തു കൊണ്ട് മനഃപൂർവം നിജപ്പെട്ട വ്യക്തിയെ അക്രമിച്ചതിനാൽ സംഭവിച്ച കൊല ഇതിനു شبْه عَمْدْ എന്നു പറയും (ഇആനത്ത്: 4/168) 

കൊന്നവനെ കൊല്ലുകയെന്ന ഖിസ്വാസ്വ് (പ്രതികാരവധം) ഏതിലാണുള്ളത്?

മനഃപൂർവം കൊലയിൽ മാത്രം മറ്റു രണ്ടിലും ഇല്ല (ഫത്ഹുൽ മുഈൻ) 

അബദ്ധവധത്തിനു ഒരു ഉദാഹരണം?

മറുപടി: പുള്ളിമാനാണെന്ന ധാരണയിൽ ഒരു വ്യക്തിയെ കൊല്ലുകയും അതു മനുഷ്യനാണെന്ന് പിന്നീട് ബോധ്യമാവുകയും ചെയ്യൽ ഇതിനു خَطَأ (അബദ്ധവധം) എന്നു പറയും (ഇആനത്ത്: 4/168) 

പട്ടിണിക്കിട്ട് കൊല്ലൽ മനഃപൂർവ കൊലയാണോ?

അതേ, അതിൽ 'ഖിസ്വാസ്വ് ' ഉണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 434) 

പട്ടിണിയിൽ മരിച്ചെന്നു എങ്ങനെ തീരുമാനിക്കും?

ഒരാളെ തടവിലാക്കി വിശന്നും ദാഹിച്ചും  മരിക്കുന്നതുവരെ വെള്ളമോ ഭക്ഷണമോ നൽകാതെയിരിക്കൽ (ഫത്ഹുൽ മുഈൻ, പേജ്: 434) 

സാധാരണയിൽ വിശന്നു മരിക്കാൻ എത്ര മണിക്കൂറെടുക്കും?

എഴുപത്തിരണ്ട് മണിക്കൂർ (മൂന്നു രാപ്പകൽ) എന്നാണു ഫത്ഹുൽ മുഈനിൽ ഉദ്ദരിച്ചത് 

എറിഞ്ഞു കൊല്ലുകയെന്ന ശിക്ഷയ്ക്കു അർഹനായ (الزني المحصن) വ്യക്തിയെ ദീനിൽ രക്തത്തിനു വിലയുള്ള ഒരാൾ വധിച്ചാൽ ഖിസ്വാസ്വ് ഉണ്ടോ?

ഇല്ല കാരണം, കൊല ചെയ്യപ്പെട്ടവൻ സംരക്ഷണം അർഹിക്കാത്തവനാണ് (ഫത്ഹുൽ മുഈൻ, പേജ്: 436) 

നിസ്കാരം ഉപേക്ഷിച്ചവനെ സ്വാലിഹായ വ്യക്തി വധിച്ചാലോ?

ഖിസ്വാസ്വ് ഇല്ല കാരണം, നിസ്കാരം ഉപേക്ഷിക്കുന്നവനു യാതൊരു സ്ഥാനവും ഇസ്ലാം നൽകുന്നില്ല അവൻ സംരക്ഷണം അർഹിക്കാത്തവനാണ് (ഇആനത്ത്: 4/178) 

നിസ്കാരം ഉപേക്ഷിച്ചവനെ അവനെപോലെയുള്ളവൻ വധിച്ചാലോ?

ഖിസ്വാസ്വുണ്ട് കാരണം, ജീവരക്ഷാപരമായ സംരക്ഷണം അർഹിക്കാത്തവൻ (مهدر) അവനെപ്പോലെയുള്ളവനെക്കൊള്ളെ ചേർത്തിയിട്ട് രണ്ടാളും മുഹ്ദറായതു വ്യത്യസ്ത കാരണം കൊണ്ടാണെങ്കിലും ജീവരക്ഷാപരമായ സംരക്ഷണം അർഹിക്കുന്നവനാണ് (ഫത്ഹുൽ മുഈൻ, പേജ്: 437) 

ഖിസ്വാസ്വിനു പകരമാണല്ലോ ദിയത്ത് ? എന്താണു ദിയത്ത്?

കൊന്നവനെ കൊല്ലുകയെന്നതാണു ഖിസ്വാസ്വ് കൊല്ലപ്പെട്ടവന്റെ അവകാശികൾ ഖിസ്വാസ്വ് വേണ്ടെന്നു പറഞ്ഞു നഷ്ട പരിഹാരം വാങ്ങുന്നതാണ് ദിയത്ത് നൂറ് ഒട്ടകമാണ് നഷ്ടപരിഹാരം (ദിയത്ത്) (ഇആനത്ത്: 4/187) 

ജീവരക്ഷാപരമായ സംരക്ഷണം അർഹിക്കാത്തവരെ അവരെപ്പോലെയുള്ളവർ അല്ലാത്തവർ വധിച്ചാൽ ഖിസ്വാസ്വ് ഇല്ലെന്നു വ്യക്തമായല്ലോ എന്നാൽ ദിയത്ത് (നഷ്ടപരിഹാരം) ഉണ്ടോ?

ഇല്ല അപ്പോൾ നിസ്കാരം ഉപേക്ഷിക്കുന്നവൻ, മുർത്തദ്ദ്, എറിഞ്ഞു കൊല്ലൽ ശിക്ഷയ്ക്ക് അർഹനായവൻ (الزاني المحصن) വഴിയിലിരുന്നു യാത്രക്കാർക്കെതിരെ കൊല അനിവാര്യമാകുന്ന അക്രമം നടത്തുന്നവൻ എന്നിവരെ ഈ വിവരിച്ച വിശേണം ഇല്ലാത്തവർ വധിച്ചാൽ ഖിസ്വാസ്വോ ദിയത്തോ ഇല്ല (ഇആനത്ത്: 4/187) 

ഖിസ്വാസ്വ് നിർബന്ധമില്ലാത്ത വധങ്ങളായ ശിബ്ഹ് അംദിലും അബദ്ധവധത്തിലും ദിയത്തുണ്ടോ?

ഉണ്ട് മൂന്നു വിധത്തിലുള്ള കൊലയിലും നൂറ് ഒട്ടകം തന്നെ (ഇആനത്ത്: 4/188) 

ഗുസ്തിമത്സരത്തിൽ കൊല നടത്താമോ?

ഖിസ്വാസ്വുണ്ട് (ഫത്ഹുൽ മുഈൻ) 

ഒരുസംഘം ആളുകൾ ചേർന്നു ഒരാളെ കൊന്നാൽ എല്ലാവരും കൊലയാളിയാകുമോ? 

അതേ (ഫത്ഹുൽ മുഈൻ) 

അബദ്ധത്തിൽ സംഭവിച്ച കൊലയിൽ സ്വത്തവകാശം നഷ്ടപ്പെടുമോ?

അതേ, ഏതു വിധത്തിലുള്ള കൊലയാണെങ്കിലും കൊലയാളിക്ക്  അനന്തരാവകാശം ലഭിക്കില്ല (തുഹ്ഫ- ശർവാനി) 

ഒരാൾ കുഴിച്ച കുഴിയിൽ തന്റെ ബന്ധു വീണു മരിച്ചാലോ?

കുഴിച്ച ആൾക്ക് അവകാശം ലഭിക്കില്ല (ശർവാനി) 

പ്രസവവേദന മൂലം ഭാര്യ മരിച്ചാൽ ഭർത്താവിനു സ്വത്തവകാശം ഉണ്ടോ?

ഉണ്ട് പ്രസ്തുത മരണം ഭർത്താവിലേക്ക് ചേർക്കില്ല (തുഹ്ഫ) 

കൊലയാളി കാഫിറാകുമോ?

കൊല്ലൽ അനുവദനീയമാണെന്ന് വിശ്വസിച്ചവൻ കാഫിറാകും കേവലം കൊല നടത്തൽ വൻദോഷമാണ് കാഫിറാകില്ല 

ആദ്യത്തെ കൊലയാളി ആര്?

ഖാബീൽ ഹാബീലിനെയാണവൻ കൊന്നത് രണ്ടുപേരും ആദം നബി (അ) ന്റെ മക്കളാണ് 

തിരുനബി (സ) യുടെ കരങ്ങളാൽ കൊല്ലപ്പെട്ട ഏക ശത്രുവിന്റെ പേര്?

ഉബയ്യുബ്നു ഖലഫ് (സീറതു സയ്യിദിൽ ബശർ: 194) 

ഉമർ (റ) വിനെ കൊന്നവന്റെ പേര്?

അവൻ ആത്മഹത്യ ചെയ്തു 

കൊല്ലൽ നിഷിദ്ധമായവരെ കൊന്നാലുള്ള കഫ്ഫാറത്ത്?

അടിമയെ മോചിപ്പിക്കുക സാധ്യമല്ലെങ്കിൽ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുക (ഫത്ഹുൽ മുഈൻ: 442) 

കൊല്ലാൻ വിധിക്കുന്ന ഖാസിക്ക് സ്വത്തവകാശമുണ്ടോ?

ഉണ്ടാകും

No comments:

Post a Comment