Wednesday 7 August 2019

ത്വലാഖ് - സംശയവും മറുപടിയും

 

ത്വലാഖ് എന്നാലെന്ത്?

✅: ചങ്ങല അഴിക്കുക എന്നാണ് ത്വലാഖ് എന്ന പദത്തിന്റെ ഭാഷാർത്ഥം. നിബന്ധനയൊത്ത പദങ്ങൾ കൊണ്ട് വിവാഹ ഉടമ്പടി ഒഴിവാക്കലാണ് ശർഈ ഭാഷയിൽ ത്വലാഖ്.

ത്വലാഖിന്റെ അടിസ്ഥാന ലക്ഷ്യമെന്ത്?

✅: ഖുർആൻ, സുന്നത്ത്, ഇജ്മാഉ എന്നീ ഖണ്ഡിത പ്രമാണങ്ങളാണ് ലക്ഷ്യം.

ത്വലാഖിന്റെ നിബന്ധനകൾ എത്ര? ഏവ?

✅: അഞ്ച്. ഭർത്താവ്, ത്വലാഖിന്റെ മഹല്ല് (സ്ത്രീ), പദം, ഉദ്ദേശ്യം, ത്വലാഖിനുള്ള അധികാരം എന്നിവ (ഇആനത്ത്: 4/1).

ത്വലാഖ് ചൊല്ലുന്നതിന്റെ വിധിയെന്ത്?

✅:പ്രസിദ്ധമായ അഞ്ചു വിധിയും ത്വലാഖിലും വരും. ഒരിക്കലും സംയോഗം ചെയ്യില്ലെന്നോ അല്ലെങ്കിൽ നാലു മാസത്തിലധികകാലം ഭാര്യയുമായി ലൈംഗിക വേഴ്ച നടത്തുകയില്ലെന്നോ ശപഥം ചെയ്യുകയും നാലു മാസത്തിനു ശേഷം അതിൽ നിന്നു പിൻമാറി സംയോഗം ചെയ്യാൻ തയ്യാറാവാതിരിക്കുകയും ചെയ്താൽ ത്വലാഖ് ചൊല്ലൽ നിർബന്ധമാകും.

ഭാര്യയോടുള്ള കടമകൾ യഥാവിധി പാലിക്കാൻ കഴിയില്ലെങ്കിൽ ത്വലാഖ് ചൊല്ലൽ സുന്നത്താണ്. ഭാര്യ വേശ്യവൃത്തി ഒഴികെയുള്ള ദുർനടപ്പുകളിലേർപ്പെട്ടാലും ദുസ്വഭാവിയായാലും ത്വലാഖ് ചൊല്ലൽ സുന്നത്താണ്. ത്വലാഖ് ചൊല്ലിയാൽ അവൾ വ്യഭിചരിക്കുമെന്നവസ്ഥയായാൽ ത്വലാഖ് ചൊല്ലൽ സുന്നത്തില്ല. അവളെ തെറ്റിൽ നിന്നു സംരക്ഷിക്കുകയാണല്ലോ വേണ്ടത്. എങ്കിലും ത്വലാഖ് ചൊല്ലൽ അനുവദനീയമാണ്. ത്വലാഖ് ചൊല്ലൽ മൂലം മറ്റൊരാൾ അവളെ വ്യഭിചാരം നടത്തുമെന്നവനറിഞ്ഞാൽ അവളെ ഭാര്യയായി നിലനിർത്തുന്നതിൽ സഹിക്കാവുന്ന ബുദ്ധിമുട്ടാനുള്ളതെങ്കിൽ ത്വലാഖ് ഹറാമാകും (ഇആനത്ത്: 4/3).

❓മാതാപിതാക്കൾ മകനോട് ഭാര്യയെ ത്വലാഖ് ചൊല്ലാൻ ആവശ്യപ്പെട്ടാലോ?

✅: മാതാപിതാക്കളിലൊരാൾ അവന്റെ ഭാര്യയെ ത്വലാഖ് ചൊല്ലാൻ ആവശ്യപ്പെട്ടാൽ അതു മറ്റു വിധത്തിലുള്ള ശത്രുതയുടെ പേരിലല്ലെങ്കിൽ അവളെ ത്വലാഖ് ചൊല്ലൽ സുന്നത്താണ്.

❓ത്വലാഖ് ചൊല്ലൽ നിഷിദ്ധമാകുന്നതെപ്പോൾ?

✅: സംയോഗം ചെയ്യപ്പെട്ട സ്ത്രീയെ ആർത്തവം മുതലായവയുടെ ഘട്ടത്തിൽ പ്രതിഫലം വാങ്ങാതെയുള്ള ത്വലാഖ് ചൊല്ലലും സംയോഗം ചെയ്യപ്പെട്ട ഭാര്യയെ പ്രസ്തുത ശുദ്ധിയിൽ ത്വലാഖ് ചൊല്ലലും നിഷിദ്ധമാണ്. ഇതിനാണ് ‘ബിദഈ’ ത്വലാഖ് എന്നു പറയുന്നത്. ഒന്നിലധികം ഭാര്യമാരുള്ളവൻ ദിവസങ്ങളുടെ വിഭജന ചക്രം പൂർത്തിയാക്കാത്തവളെ ത്വലാഖ് ചൊല്ലലും അനന്തരവകാശം തടയുക എന്ന ഉദ്ദേശത്തിൽ രോഗി തന്റെ ഭാര്യയെ ത്വലാഖു ചൊല്ലലും നിഷിദ്ധമാണ് (ഇആനത്ത്: 4/4).

❓ മൂന്നു ത്വലാഖ് ഒരുമിച്ച് ചൊല്ലൽ നിഷിദ്ധമാണോ?

✅: നിഷിദ്ധമല്ല. എങ്കിലും ഒന്നിന്റെ മേൽ ചുരുക്കൽ സുന്നത്തുണ്ട്. അപ്പോൾ മൂന്നു ത്വലാഖ് ഒരുമിച്ച് ചൊല്ലൽ സുന്നത്തിനു എതിരാണ് (ഇആനത്ത്: 4/4).

❓ ഒരു കാരണവും കൂടാതെ ത്വലാഖ് ചൊല്ലുന്നതിന്റെ വിധിയെന്ത്?

✅: കറാഹത്താണ് (ഇആനത്ത്: 4/4).

❓ നിഷിദ്ധമായ രീതിയിൽ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് സംഭവിക്കുമോ?

✅: സംഭവിക്കും.

❓ ഒരു വ്യക്തിക്ക് തന്റെ ഭാര്യയിലേക്ക് ആഗ്രഹമില്ല. അങ്ങനെ അവൾക്ക് ചെലവു നൽകാൻ മനസ്സും വരുന്നില്ല. എങ്കിൽ ത്വലാഖ് ചൊല്ലാമോ?

✅: അനുവദനീയമാണ് (ഇആനത്ത്: 4/2).

❓ കുട്ടിയുടെ ത്വലാഖ് സംഭവിക്കുമോ?

✅: ഇല്ല, അതുപോലെത്തന്നെ ഭ്രാന്തന്റെ ത്വലാഖും സംഭവിക്കില്ല. സ്വഇഷ്ടപ്രകാരം പ്രായപൂർത്തിയും ബുദ്ധിയുമുള്ളവൻ ത്വലാഖ് ചൊല്ലിയാൽ സംഭവിക്കും.

നല്ല നല്ല ഇസ്ലാമിക് പോസ്റ്റുകൾക് ബിസ്മില്ലാ ഗ്രൂപ്പില്‍ ജോയ്ൻ ചെയ്യൂ 

❓ മദ്യപിച്ചു സ്വയബോധം ഇല്ലാതെ ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് സംഭവിക്കുമോ?

✅: സംഭവിക്കും. അവൻ അതിക്രമം ചെയ്തു ബുദ്ധി നീക്കുക മൂലം കുറ്റം ചെയ്തതാണു കാരണം (തുഹ്ഫ: 8/3).

❓ ഒരാൾ മറ്റൊരുത്തന്റെ നിർബന്ധത്തിനു വഴങ്ങി മദ്യം കഴിച്ചു ബുദ്ധി നീങ്ങിയാലോ?

✅: നിർബന്ധിക്കപ്പെട്ട നിലയിൽ മദ്യം കഴിച്ചു സ്വയം ബോധം ഇല്ലാതെ ത്വലാഖ് ചൊല്ലിയാൽ സംഭവിക്കില്ല. കാരണം അവന്റെ ഭാഗത്തു നിന്നു അതിരു കവിയൽ ഉണ്ടായിട്ടില്ല (ഫത്ഹുൽ മുഈൻ, പേജ്: 392).

❓ത്വലാഖ് സംഭവിക്കാൻ നിയ്യത്തു വേണോ?

✅: ത്വലാഖിന്റെ സ്വരീഹായ വാക്യത്തിനു നിയ്യത്തു ആവശ്യമില്ല. കിനായത്തായ വാക്യമാണെങ്കിൽ നിയ്യത്ത് (ത്വലാഖു ചൊല്ലുന്നു എന്ന കരുത്ത്) അത്യാവശ്യമാണ്.

❓ സ്വരീഹ്, കിനായത്ത് എന്നിവ വ്യക്തമാക്കാമോ?

✅: ബാഹ്യാർത്ഥ പ്രകാരം വിവാഹമോചനമൊഴികെ മറ്റൊന്നും ഉദ്ദേശിക്കാൻ ഹിതമല്ലാത്ത സുവ്യക്ത വാക്യമാണ് സ്വരീഹ്. വിവാഹ മോചനത്തിനും അല്ലാത്തതിനും സാധ്യതയുള്ള വാക്കാണ് കിനായത്ത് (വ്യംഗ്യവാക്യം) (തുഹ്ഫ: 8/4,5).

❓ സ്വരീഹായ വാക്യത്തിന്റെ ചില ഉദാഹരണങ്ങൾ?

✅: ത്വലാഖ്, ഫിറാഖ്, സറാഹ് എന്നിവയിൽ നിന്നു വ്യൽപാദകരമായ വാക്കുകളാണ് സ്വരീഹ്. ഇവ ഖുർആനിൽ ആവർത്തിച്ചു വന്ന പദങ്ങളാണ്.

നിന്നെ ഞാൻ ത്വലാഖ് ചൊല്ലി, നീയുമായുള്ള ബന്ധം ഞാൻ വേർപ്പെടുത്തി, നിന്നെ ഞാൻ വിട്ടയച്ചു, എന്റെ ഭാര്യയെ ഞാൻ ത്വലാഖ് ചൊല്ലി, എന്റെ ഭാര്യയുമായുള്ള ബന്ധം ഞാൻ വേർപ്പെടുത്തി, എന്റെ ഭാര്യ ത്വലാഖ് ചൊല്ലപ്പെട്ടവളാണ് എന്നിവയെല്ലാം വ്യക്തമായ ത്വലാഖിന്റെ പദങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്: 393).

❓ ത്വലാഖ് അറബിയിൽ തന്നെ വേണോ?

✅: ഏതു ഭാഷയിൽ ത്വലാഖിന്റെ പദം ചൊല്ലിയാലും ത്വലാഖ് സംഭവിക്കും. അറബിയറിയാത്തവൻ ത്വലാഖിന്റെ പദം അറബിയിൽ ഉച്ചരിച്ചെങ്കിൽപോലും ത്വലാഖ് സംഭവിക്കും. അതിന്റെ യഥാർത്ഥ അർത്ഥം അറിയണമെന്നില്ല. അതേ സമയം വിവാഹബന്ധം വിഛേദിക്കുവാനുള്ള വാക്യമാണെന്നു ഭർത്താവിനും അറിയണം.

❓ ത്വലാഖിന്റെ വ്യംഗ്യവാക്കുകൾ ഏതെല്ലാം?

✅: അതു നിർണയമല്ല. നിരവധിയുണ്ട് (തുഹ്ഫ: 8/13).

❓ചില ഉദാഹരണങ്ങൾ?

✅: നീ എന്റെ മേൽ ഹറാമാണ്, നിന്നെ ഞാൻ ഹറാമാക്കിയിരിക്കുന്നു, അല്ലാഹു ഹലാലാക്കിത്തന്നതു എന്റെ മേൽ ഹറാമാണ് തുടങ്ങിയവയെല്ലാം വ്യംഗ്യപദങ്ങളാണ്. ഇതിന്റെ കൂടെ ത്വലാഖ് സംഭവിക്കണം എന്ന നിയ്യത്തുണ്ടെങ്കിൽ ത്വലാഖ് സംഭവിക്കും (ഫത്ഹുൽ മുഈൻ, പേജ്: 315).

❓ ഫോണിലൂടെ ത്വലാഖ് ചൊല്ലാമോ?

✅: അതേ, ത്വലാഖ് സംഭവിക്കാൻ ആരെങ്കിലും കേൾക്കണമെന്നില്ല.

❓ ത്വലാഖിനുള്ള അഞ്ചു നിബന്ധനകൾ ‘സ്വരീഹി’ലും ‘കിനായത്തി’ലും വേണ്ടേ?

✅: വേണം. അഞ്ചു നിബന്ധനയൊക്കാത്ത വാചകം സ്വരീഹോ കിനായത്തോ അല്ല. ലഗ്‌വാണ് (അർത്ഥശൂന്യം).


ത്വലാഖ് എന്താണെന്ന് തെറ്റിദ്ധരിച്ചവർക്കു വേണ്ടി

No comments:

Post a Comment