ജീവിതത്തിൽ നേരിടുന്ന ദൈനംദിന മതപരമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് നേടൽ നിർബന്ധമാണ്.
ആർത്തവം,പ്രസവരക്തം, ഇസ്തിഹാള എന്നിവയെക്കുറിച്ചുള്ള വിധികൾ പഠിക്കേണ്ടത് സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാർക്കും അവരുടെ രക്ഷിതാക്കൾക്കും നിർബന്ധമാണ്.
ഭർത്താക്കന്മാർക്കും രക്ഷിതാക്കൾക്കും നിർബന്ധമാണ് എന്നതിന്റെ അർത്ഥം സ്ത്രീകൾക്ക് നേരിടുന്ന പ്രശ്നത്തെ കുറിച്ച് ഭർത്താക്കന്മാർക്കും രക്ഷിതാക്കൾക്കും അറിവുള്ളവരാണെങ്കിൽ അവർ അവരെ പഠിപ്പിക്കണം. അവർക്ക് അറിയില്ലെങ്കിൽ, പ്രശ്നങ്ങൾ പഠിക്കാൻ പുറത്തുപോകാൻ അവരെ അനുവദിക്കണം അല്ലാത്തപക്ഷം അത്തരം സ്ത്രീകൾ അനുമതിയില്ലാതെ പോയി ഈ അറിവ് നേടൽ നിർബന്ധമാണ്.
സ്ത്രീകൾ ഇത്തരം നിർബന്ധ മതവിധികൾ ചോദിക്കുകയോ ചോദിപ്പിക്കുകയോ ചെയ്യാതെ ഏതോ നിലയിൽ കാലം കഴിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് അൽപ്പം വിശാലമായ ഒരു പഠനം ആഗ്രഹിക്കുന്നു.
മസ്‌അലകൾ കൃത്യമായി മനസ്സിലാക്കാൻ ചില കർമ്മശാസ്ത്ര സാങ്കേതിക പദങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അത് ഇടയിൽ വിശദീകരിക്കുന്നതാണ്. തുടർന്ന് വായിക്കുമ്പോൾ അവ മനസ്സിലുണ്ടെങ്കിൽ കൂടുതൽ വ്യക്തത വരുന്നതാണ്.
സ്ത്രീരക്തം മൂന്ന് വിധമാണ്
- ഹൈള് (ആർത്തവം)
- നിഫാസ് (പ്രസവരക്തം)
- ഇസ്തിഹാളത് (രോഗരക്തം)
ഹൈള് ( ആർത്തവം )
ഗർഭാശയത്തിൽ നിന്ന് ആരംഭിച്ച് യാഥാർത്ഥ്യത്തിലോ (حقيقة) ഭാവനയിലോ (حكم) പ്രസവം മൂലമല്ലാതെ യോനിയുടെ ഉൾഭാഗത്തു (ആന്തരിക യോനി ) നിന്ന് പുറത്തുവരുന്ന രക്തമാണ് ഹൈള് ആർത്തവം.
യാഥാർത്ഥ്യത്തിൽ (حقيقة) എന്നതിന്റെ അർത്ഥം രക്തം ബാഹ്യമായി പുറത്തുവരുന്നത് അറിയാൻ സാധിക്കും.
ഹൈളിന്റെ രക്തം രണ്ടു രൂപത്തിൽ വരുന്നതാണ്.
തുടർച്ചയായി വരുന്നത് ഉദാ: 8 ദിവസത്തോളം തുടർച്ചയായി വരിക
തുടർച്ചയില്ലാതെ വരുന്നത് ഉദാ: രണ്ടുദിവസം രക്തം വന്നു ശേഷം നാലുദിവസം രക്തം വന്നില്ല. തുടർന്ന് രണ്ട് ദിവസം രക്തം വന്നു.
ഭാവനയിൽ (حكما) എന്നതിന്റെ അർത്ഥം തുടർച്ചയില്ലാതെ ദിവസങ്ങൾ ഇടവിട്ട് രക്തം കാണാതിരിക്കുക ശുദ്ധമായ വെള്ളയല്ലാത്ത മറ്റ് നിറങ്ങളിൽ രക്തം പുറത്ത് വരിക മുതലായ സന്ദർഭങ്ങളും തുടർച്ചയായ ഹൈളിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
ഉദാ: രണ്ടുദിവസം രക്തം വന്നു.ശേഷം നാലുദിവസം രക്തമൊന്നും കണ്ടില്ല( ഇടവേള 15 ദിവസത്തേക്കാൾ അധികരിക്കാതെ ) തുടർന്ന് രണ്ടു ദിവസം രക്തം വന്നു. ഇത് മൊത്തം എട്ട് ദിവസത്തെ ഹൈളായിട്ടാണ് പരിഗണിക്കുക. ഇതിനിടയിലുള്ള നാല് ദിവസങ്ങളിൽ രക്തം ബാഹ്യമായി കണ്ടില്ലെങ്കിലും തുടർച്ചയായി രക്തം വരുന്നതുപോലെ കണക്കാക്കും.
ബാഹ്യയോനി (outer part) ആന്തരിക യോനി(inner part)
യോനിക്ക് രണ്ട് ഭാഗങ്ങളാണ്. ദീർഘചതുരാകൃതിയിലുള്ള ബാഹ്യഭാഗം. തുടർന്ന് അൽപ്പം ആഴത്തിൽ പോകുന്ന വൃത്താകൃതിയിലുള്ള ചെറിയ ദ്വാരം.ഈ വൃത്താകൃതിക്ക് മുകളിലുള്ള പുറം ഭാഗത്തെ ബാഹ്യയോനി എന്നും ഉൾഭാഗത്തെ ആന്തരികയോനി എന്നും വിളിക്കുന്നു.
ഹൈളിന്റെ സമയപരിധി
ഹൈളിന്റെ ഏറ്റവും കുറഞ്ഞ കാലം മൂന്ന് ദിവസങ്ങളാണ്. അധികാരിച്ചത് പത്ത് ദിവസങ്ങളാണ്. മൂന്ന് ദിവസത്തേക്കാൾ കുറയുകയോ പത്ത് ദിവസത്തേക്കാൾ കൂടുകയോ ചെയ്താൽ അത് ഹൈളായി പരിഗണിക്കില്ല.
ഇസ്തിഹാള (രോഗരക്തം)
ഗർഭാശയത്തിന് പുറത്ത് നിന്ന് ആരംഭിച്ച് ആന്തരിക യോനിയിൽലൂടെ യാഥാർത്ഥ്യത്തിലൊ(حقيقة) ഭാവനയിലൊ (حكما) പുറത്തുവരുന്ന രക്തമാണ് ഇസ്തിഹാള.ഇതിനെ ക്രമരഹിത (دم فاسد) രക്തമെന്നും വിളിക്കാറുണ്ട്
ഉദാഹരണം: ആറു ദിവസം ഹൈള് പതിവുള്ള ഒരു സ്ത്രീക്ക് ഏഴു ദിവസം രക്തം വരികയും ശേഷം രണ്ട് ദിവസം രക്തംനിന്നു.തുടർന്ന് രണ്ട് ദിവസം രക്തം വന്നു. ഇത് മൊത്തം 11 ദിവസമായി. പതിവ് പരിഗണിച്ച് ആദ്യത്തെ ആറു ദിവസം ഹൈളായും. തുടർന്നുള്ള അഞ്ചു ദിവസങ്ങൾ ഇസ്തിഹാളയായും പരിഗണിക്കും.
ഇസ്തിഹാളയുടെ ഇടയിലുള്ള രണ്ട് ദിവസം യഥാർത്ഥത്തിൽ ശുദ്ധിയുടെ ഇടവേള ആയിരുന്നു. ഇടവേള 15 ദിവസത്തിനേക്കാൾ കുറവായതിന്റെ പേരിൽ രക്തം വരാത്ത ആ രണ്ട് ദിവസങ്ങളും തുടർച്ചയായി രക്തം വന്ന ദിവസങ്ങളുടെ ഹുക്മിലാണ്.
ഇസ്തിഹാള ആറ് തരമുണ്ട്
- ഹിജ്‌റ കലണ്ടറിൽ ഒമ്പത് വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിക്ക് വരുന്ന രക്തം
- ഹിജ്‌റ കലണ്ടറിൽ അമ്പത്തിയഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീക്ക് വരുന്ന രക്തം പക്ഷേ കറുപ്പോ ശുദ്ധമായ ചുവപ്പോ ആകാതിരിക്കൽ നിബന്ധനയാണ്
- ഗർഭാവസ്ഥയിൽ പുറപ്പെടുന്ന രക്തം
- ആദ്യമായി രക്തം പുറപ്പെടുന്നവൾക്ക് ഹൈളിന്റെ ഏറ്റവും കൂടിയ കാലഘട്ട (10ദിവസം) ത്തേക്കാൾ അല്ലെങ്കിൽ നിഫാസിന്റെ കൂടിയ കാലഘട്ട (40 ദിവസം) ത്തേക്കാൾ കൂടുതൽ പുറപ്പെടുന്ന രക്തം
- ഹൈളിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 3 ദിവസത്തേക്കാൾ കുറഞ്ഞ സമയം വരുന്ന രക്തം
- സാധാരണ ഹൈളിന്റെ പതിവ് കാലയളവ് കവിയുകയും ഹൈളിന്റെ കൂടിയ കാലമായ 10 ദിവസത്തേക്കാൾ കൂടുകയും ചെയ്താൽ ഇസ്തിഹാളയാണ്. നിഫാസിലും സാധാരണ പതിവ് കാലയളവിന് ശേഷം രക്തം പുറപ്പെടുകയും 40 ദിവസം കഴിഞ്ഞു കടക്കുകയും ചെയ്താൽ പതിവ് കാലഘട്ടം ഹൈളായും ബാക്കിയുള്ളത് ഇസ്തിഹാളയായും പരിഗണിക്കും
നിഫാസ് (പ്രസവരക്തം)
ഒരു കുഞ്ഞിന്റെ ജനനത്തിനു ശേഷം ഗർഭപാത്രത്തിൽ നിന്ന് ആരംഭിച്ച് ആന്തരിക യോനിയിൽ നിന്ന് പുറത്തുവരുന്ന രക്തം. അതായത് കുഞ്ഞ് പൂർണ്ണമായി പുറത്ത് വന്നതിന് ശേഷം അല്ലെങ്കിൽ കുഞ്ഞിന്റെ ഭൂരിഭാഗവും പുറത്തുവന്നതിന് ശേഷം പുറപ്പെടുന്ന രക്തമാണ് നിഫാസ്.
നിഫാസിന്റെ സമയപരിധി
നിഫാസിന്റെ കുറഞ്ഞ സമയത്തിന് പരിധിയില്ല ഒരു നിമിഷമാണ്. ഏറ്റവും കൂടിയ കാലം 40 ദിവസമാണ്. 40 ദിവസത്തിനേക്കാൾ അധികരിച്ചാൽ അത് ഇസ്തിഹാളയാണ്.
രക്തം രണ്ടുതരത്തിലാണ്
- ക്രമരക്തം (دم صحيح)
ഹൈള് മൂന്നു ദിവസത്തിനേക്കാൾ കുറയാതെയും പത്ത് ദിവസത്തേക്കാൾ കൂടാതെയും വരിക. നിഫാസ് 40 ദിവസത്തേക്കാൾ അധികരിക്കാതെ വരുന്നത് ക്രമരക്തമാണ്.
ഹൈളിലെ ക്രമരക്തത്തിന്റെ ഉദാ: ഒരു സ്ത്രീക്ക് ആദ്യമായി ഹൈള് പുറപ്പെടുകയും ഏഴു ദിവസത്തിന് ശേഷം നിൽക്കുകയും ചെയ്തു.
നിഫാസിൽ ക്രമ രക്തത്തിന്റെ ഉദാ: ഒരു സ്ത്രീയുടെ പ്രസവം കഴിഞ്ഞ് രക്തം പുറപ്പെടുകയും 30 ദിവസത്തിന് ശേഷം നിൽക്കുകയും ചെയ്തു.
2. ക്രമരഹിത രക്തം (دم فاسد)
ക്രമരഹിതരക്തവും ഇസ്തിഹാളയും ഒന്ന് തന്നെയാണ്. ഇത് എളുപ്പത്തിൽ മനസ്സിലാക്കാം. ഹൈള് മൂന്ന് ദിവസത്തേക്കാൾ കുറയുകയോ പത്ത് ദിവസത്തേക്കാൾ കൂടുകയും ചെയ്യാതിരിക്കുക. ഇതിന് വിപരീതമായി സംഭവിക്കുന്നതാണ് ക്രമരഹിതരക്തം
ഉദാഹരണം ഹൈളിൽ രക്തം പുറപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ നിൽക്കുക. രക്തം പുറപ്പെട്ട് 12 ദിവസത്തോളം രക്തം പുറപ്പെടുന്നത് തുടരുക ഉദാഹരണം നിഫാസിൽ പ്രസവത്തിനുശേഷം 45 ദിവസങ്ങൾ രക്തം രക്തം പുറപ്പെടുന്നത് തുടരുക.
ശുദ്ധിയുടെ കാലം (طهر) രണ്ട് തരത്തിലാണ്
ക്രമശുദ്ധി ഇടവേള ( طهر صحيح)
ശുദ്ധിയുടെ ഇടവേളയെ ക്രമശുദ്ധിയായി പരിഗണിക്കണമെങ്കിൽ മൂന്ന് നിബന്ധനകൾ ബാധകമാണ്.
- ശുദ്ധി ഇടവേള പതിനഞ്ച് ദിവസത്തേക്കാൾ കുറയരുത്.
ഉദാഹരണം: അഞ്ചുദിവസം രക്തം വന്നു പതിനഞ്ച് ദിവസം ശുദ്ധിയുടെ ഇടവേള. തുടർന്ന് അഞ്ചുദിവസം രക്തം വന്നു.
- ശുദ്ധി ഇടവേളയുടെ തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ക്രമരഹിത രക്തം വരാതിരിക്കുക
ഉദാഹരണം: ആറു ദിവസം രക്തം വന്നു. 16 ദിവസം ശുദ്ധിയുടെ ഇടവേള തുടർന്നു. ശേഷം അഞ്ചു ദിവസം രക്തം വന്നു.
- ശുദ്ധി ഇടവേള രണ്ട് ക്രമരക്തങ്ങൾക്കിടയിൽ സംഭവിക്കുക. അതായത് രണ്ട് ഹൈളുകളുടെ ഇടയിൽ അല്ലെങ്കിൽ നിഫാസിന്റെയും ഹൈളിന്റെയും ഇടയിൽ സംഭവിക്കുക
രണ്ട് ഹൈളുകൾക്കിടയിൽ ക്രമശുദ്ധി ഇടവേള സംഭവിക്കുന്നതിന്റെ ഉദാഹരണം: ഏഴു ദിവസം രക്തം വന്നു. 20 ദിവസം ശുദ്ധിയായി തുടർന്നു. ശേഷം ഏഴു ദിവസം രക്തം വന്നു.
നിഫാസിന്റെയും ഹൈളിന്റെയും ഇടയിൽ ക്രമശുദ്ധി ഇടവേള സംഭവിക്കുന്നതിന്റെ ഉദാഹരണം: കുഞ്ഞ് ജനിച്ചതിനു ശേഷം 40 ദിവസം രക്തം വന്നു.ശേഷം 20 ദിവസം ശുദ്ധിയായി തുടർന്നു. പിന്നീട് അഞ്ചുദിവസം രക്തം വന്നു.
ക്രമരഹിത ശുദ്ധി ഇടവേള (طهر فاسد)
ശുദ്ധിയുടെ കാലത്തിന്റെ രണ്ടാം തരം ക്രമരഹിത ശുദ്ധി ഇടവേളയാണ്. ക്രമശുദ്ധി ഇടവേളയ്ക്ക് പറയപ്പെട്ട മൂന്ന് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നഷ്ടമായാൽ ആ ഇടവേള ക്രമരഹിതമാണ്. ആ നിബന്ധനകളിൽ
- ശുദ്ധി ഇടവേള 15 ദിവസത്തേക്കാൾ കുറഞ്ഞ് വരിക
ഉദാഹരണം: അഞ്ചുദിവസം രക്തം വന്നു 14 ദിവസം ശുദ്ധിയുടെ ഇടവേള തുടർന്നു.തുടർന്ന് ഒരു ദിവസം രക്തം വന്നു
- ശുദ്ധി ഇടവേളയുടെ തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ക്രമരഹിത രക്തം (ഇസ്തിഹാള) ഉണ്ടാകരുത്.
ശുദ്ധി ഇടവേളയുടെ തുടക്കത്തിൽ ക്രമരഹിത രക്തത്തിന്റെ ഉദാഹരണം:- തുടക്കക്കാരിക്ക് (مبتدئة) 11 ദിവസം രക്തം വരികയും ശേഷം 15 ദിവസം ശുദ്ധിയുടെ ഇടവേള ഉണ്ടാവുകയും ചെയ്തു.
വിധി: ഇവിടെ ആദ്യത്തെ പത്ത് ദിവസം ഹൈളായി പരിഗണിക്കും തുടർന്നുള്ള 16 ദിവസത്തെ ശുദ്ധിയുടെ ഇടവേളയിലെ ഒന്നാം ദിവസത്തിലേത് ക്രമരഹിത(ഇസ്തിഹാള) രക്തമാണ്.
ശുദ്ധി ഇടവേളയുടെ മധ്യത്തിൽ ക്രമരഹിത രക്തത്തിന്റെ ഉദാഹരണം: അഞ്ചുദിവസം രക്തം വന്നു. ശേഷം 15 ദിവസത്തെ ശുദ്ധിയുടെ ഇടവേളയും ഉണ്ടായി. തുടർന്ന് ഒരു ദിവസം രക്തം വന്നു. തുടർന്ന് 15 ദിവസത്തെ ശുദ്ധിയുടെ ഇടവേള ഉണ്ടാവുകയും ചെയ്തു.
വിധി: ഇവിടെ ആദ്യത്തെ അഞ്ച് ദിവസത്തേ രക്തം ഹൈളാണ്. ശേഷമുള്ള 31 ദിവസങ്ങൾ ക്രമരഹിത ശുദ്ധി ഇടവേളയാണ്. ഇതിനിനിടയിൽ പുറപ്പെട്ട രക്തം ഹൈളിന്റെ കുറഞ്ഞ കാലഘട്ടമായ മൂന്നുദിവസത്തേക്കാൾ കുറഞ്ഞതിന്റെ പേരിൽ അത് ഹൈളായി പരിഗണിക്കുകയില്ല. ഒരു ദിവസത്തെ രക്തം ക്രമരഹിതരക്തമാണ്(ഇസ്തിഹാള). ഇത് ശുദ്ധിയുടെ ഇടവേളയിൽ കൂടി കലർന്നതിനാൽ മുഴുവൻ ശുദ്ധിയുടെ ഇടവേളയും ക്രമരഹിതമായി തീർന്നു.
ശുദ്ധി ഇടവേളയുടെ അവസാനത്തിൽ ക്രമ രഹിത രക്തത്തിന്റെ ഉദാഹരണം: അഞ്ചു ദിവസം രക്തം വന്നു. 24 ദിവസം ശുദ്ധിയുടെ ഇടവേള പതിവുള്ളവൾക്ക് 23 ദിവസത്തിന് ശേഷം 11 ദിവസങ്ങൾ രക്തം വന്നു. അതായത് പതിവിന് ഒരു ദിവസം മുമ്പ് രക്തം തുടങ്ങി. തുടർന്നുള്ള അഞ്ചുദിവസം പതിവിലായി. ശേഷമുള്ള അഞ്ചുദിവസം പതിവിന് ശേഷമായി.
വിധി: ഇവിടെ ആദ്യത്തെ ഒരു ദിവസവും അവസാനത്തെ അഞ്ച് ദിവസവും ഇസ്തിഹാളയാണ്.പതിവ് പരിഗണിച്ച് ഇതിനിടയിലുള്ള 5 ദിവസം ഹൈളാണ്. 23 ദിവസത്തെ ശുദ്ധിയോടെ കാലാവധി ബാഹ്യമായി ക്രമത്തിന്റെ പരിധിയിൽ ആണെങ്കിലും മുമ്പുള്ള 24 ദിവസത്തെ ശുദ്ധി ഇടവേളയുടെ പതിവ് പരിഗണിച്ച് ഇത് ക്രമരഹിതമാണ് എന്ന് മനസ്സിലാക്കപ്പെടും.
- ശുദ്ധിയുടെ ഇടവേള രണ്ട് ക്രമരക്തങ്ങൾക്കിടയിൽ ആയിരിക്കണം. അതായത് ഇത് രണ്ട് ഹൈളുകൾക്കിടയിലൊ അല്ലെങ്കിൽ ഹൈളിനും നിഫാസിനും ഇടയിലൊ ആയിരിക്കണം.
ഉദാഹരണം: ഒരു സ്ത്രീക്ക് അഞ്ചു ദിവസം രക്തം വന്നു. തുടർന്ന് ആർത്തവവിരാമം (menopause) സംഭവിച്ചു. പിന്നീട് ഇരുണ്ട നിറത്തിലുള്ള രക്തം വന്നു.(രണ്ട് ക്രമ രഹിത രക്തത്തിന്റെ ഇടയിലാണ് ശുദ്ധിയുടെ ഇടവേള സംഭവിച്ചിരിക്കുന്നത്)
ഉദാഹരണം: പ്രസവത്തിനുശേഷം രണ്ട് ദിവസം രക്തം വന്നു.ശേഷം 30 ദിവസം ശുദ്ധിയുടെ ഇടവേള വന്നു. തുടർന്ന് അഞ്ചുദിവസം രക്തം വന്നു.
വിധി: ഇവിടെ 30 ദിവസത്തെ ക്രമശുദ്ധി ഇടവേളയാണ് എന്ന് മനസ്സിലാക്കപ്പെടുമെങ്കിലും നിഫാസിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇടവേള സംഭവിച്ചതിന്റെ പേരിൽ ഇതിനെ ക്രമരഹിത ശുദ്ധി ഇടവേളയായി കണക്കാക്കുന്നത്.
ക്രമരഹിത ശുദ്ധി ഇടവേള (طهر فاسد) രണ്ട് ഇനങ്ങളായി തിരിയും
ക്രമരഹിത പൂർണ്ണ ശുദ്ധി ഇടവേള എന്നാൽ 15 ദിവസമോ അതിലധികമോ തുടരുകയും അതിന്റെ കൂടെ തന്നെ രക്തവും കാണപ്പെടും.
ഉദാഹരണം: ആദ്യമായി രക്തം പുറപ്പെടുന്നവൾക്ക് 11 ദിവസം രക്തം വന്നു. 18 ദിവസത്തോളം ശുദ്ധിയുടെ ഇടവേള തുടർന്നു. ഇവളുടെ 19 ദിവസത്തെ ശുദ്ധി ഇടവേള ക്രമരഹിത പൂർണ്ണ ശുദ്ധി ഇടവേളയാണ് (طهر فاسد تام)
ക്രമരഹിത അപൂർണ്ണ ശുദ്ധി ഇടവേള എന്നാൽ 15 ദിവസത്തേക്കാൾ കുറഞ്ഞ സമയം തുടരുക
ഉദാഹരണം: ഏഴു ദിവസം രക്തം വന്നു 13 ദിവസം ശുദ്ധി ഇടവേള തുടർന്നു.ശേഷം രക്തം വന്നു.ഈ 13 ദിവസക്കാലം ക്രമരഹിത അപൂർണ്ണ ശുദ്ധി ഇടവേളയാണ് (طهر فاسد ناقص)
രണ്ട് രക്തങ്ങൾക്കിടയിലുള്ള ക്രമരഹിത ശുദ്ധി ഇടവേള (طهر فاسد متخلل بين الدمين)
ഇത് രണ്ട് തരമാണ്
- 15 ദിവസത്തിനേക്കാൾ കുറഞ്ഞത്
ഉദാഹരണം: മൂന്ന് ദിവസം രക്തം വന്നു. ശേഷം 12 ദിവസം ശുദ്ധി തുടർന്നു. ശേഷം ഒരു ദിവസം രക്തം വന്നു.
വിധി: ഇവിടെ 12 ദിവസം ശുദ്ധിയുടെ ഇടവേളയായി തുടർന്നെങ്കിലും ഈ ദിവസങ്ങളെയും തുടർച്ചയായി രക്തം ഒഴുകിയ ദിവസങ്ങളായി കണക്കാക്കും.
2. 15 ദിവസത്തിനേക്കാൾ കൂടിയ കാലയളമാണെങ്കിലും തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ക്രമരഹിത രക്തം വരിക
ഉദാഹരണം: ആദ്യമായി രക്തം പുറപ്പെടുന്നവൾക്ക് 11 ദിവസം രക്തം വന്നു. 20 ദിവസം ശുദ്ധിയായി തുടർന്നു. പിന്നെ ഏഴു ദിവസം വന്നു.
വിധി: ഇവിടെ ശുദ്ധി ഇടവേള തുടർച്ചയായി രക്തം വന്ന പരിധിയിൽ അല്ല. ഇത് രണ്ട് രക്തങ്ങളെയും വേർതിരിക്കുന്നു. ആദ്യത്തെ പത്ത് ദിവസം ഹൈളാണ്. 20 ദിവസത്തിനു ശേഷം വന്ന ഏഴുദിവസത്തെ രക്തവും ഹൈളാണ്.
ഹൈളുകാരികൾ
ഹൈളുള്ള സ്ത്രീകൾ രണ്ട് തരമാണ്
- ആദ്യമായി രക്തം പുറപ്പെടുന്നവൾ (مبتدأة)
- പതിവുള്ളവൾ (معتادة)
പ്രായപൂർത്തിയായതിനു ശേഷം രക്തവും ശുദ്ധിയും (طهر صحيح و دم صحيح) അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് ക്രമപ്രകാരം കടന്നുപോവുക
രക്തവും ശുദ്ധിയും ക്രമപ്രകാരം കടന്നു പോകുന്നതിന്റെ ഉദാഹരണം: എട്ടു ദിവസം വെട്ടം വന്നു. 20 ദിവസം ശുദ്ധി തുടർന്നു. ശേഷം എട്ട് ദിവസം വീണ്ടും രക്തം വന്നു.
വിധി : 8 ദിവസം അവളുടെ ഹൈലിന്റെ പതിവായും 20 ദിവസം ശുദ്ധിയുടെ പതിവായും കണക്കാക്കപ്പെടും.
ക്രമരക്തം (دم صحيح) മാത്രം കടന്നുപോകുന്നതിന്റെ ഉദാഹരണം : അഞ്ചുദിവസം രക്തം വന്നു. 16 ദിവസം ശുദ്ധി തുടർന്നു. ശേഷം ഒരു ദിവസം രക്തം വന്നു. തുടർന്ന് 15 ദിവസം ശുദ്ധി തുടർന്നു.
വിധി: ഇവിടെ അഞ്ചുദിവസത്തെ രക്തം ഹൈളിന്റെ പതിവായി കണക്കാക്കും. ക്രമരഹിത ശുദ്ധി ഇടവേള (طهر فاسد) വന്നതിനാൽ ശുദ്ധി ഇടവേളയുടെ പതിവ് സ്ഥിരപ്പെട്ടിട്ടില്ല.
ക്രമശുദ്ധി ഇടവേള (طهر صحيح) മാത്രം കടന്നു പോകുന്നതിന്റെ ഉദാഹരണം: ഗർഭം കൊണ്ട് പ്രായപൂർത്തിയായവൾക്ക് 40 ദിവസം നിഫാസ് പുറപ്പെട്ടു.പിന്നീട് 20 ദിവസം ശുദ്ധി തുടർന്നു. ശേഷം തുടർച്ചയായ രക്തം പുറപ്പെട്ടു.
വിധി: ഇവിടെ 20 ദിവസത്തെ ശുദ്ധി ഇടവേളയുടെ പതിവ് സ്ഥിരപ്പെട്ടിരിക്കുന്നു.
ഇസ്തിഹാളക്കാർ മൂന്ന് തരമാണ്.
- ആദ്യമായി ഇസ്തിഹാള പുറപ്പെടുന്നവൾ (مستحاضة مبتدأة)
ആദ്യമായി ഹൈളോ നിഫാസോ പുറപ്പെടുകയും പിന്നീട് ആ രക്തം തുടർച്ചയായി വരുന്നു. രക്തം നിൽക്കുന്നില്ല.
വിധി: ആദ്യത്തെ പത്ത് ദിവസം ഹൈളായും ബാക്കി ഇസ്തിഹാളയായും കണക്കാക്കും. നിഫാസിൽ ആദ്യത്തെ 40 ദിവസം നിഫാസ് ആയി പരിഗണിക്കും ബാക്കി ഇസ്തിഹാളയായി കണക്കാക്കും.
- ഇസ്തിഹാളക്ക് പതിവുള്ളവൾ (مستحاضة معتادة)
പ്രായപൂർത്തി ആയതിനുശേഷം രക്തവും ശുദ്ധിയും (طهر صحيح و دم صحيح) അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് ക്രമപ്രകാരം കടന്നുപോയതിനു ശേഷം തുടർച്ചയായി രക്തം വരിക.രക്തവും ശുദ്ധിയും ക്രമപ്രകാരം കടന്നു പോകുന്നതിന്റെ ഉദാഹരണം: മൂന്ന് ദിവസം രക്തം വന്നു. 15 ദിവസം ശുദ്ധിയായി ശേഷം രക്തം തുടർച്ചയായി വന്നു.
വിധി: അവളുടെ പതിവ് മൂന്ന് ദിവസം ഹൈളായും 15 ദിവസം ശുദ്ധിയുടെ ഇടവേള യായും സ്ഥിരപ്പെടുന്നതാണ്.
ക്രമരക്തം (دم صحيح) മാത്രം കടന്നുപോകുന്നതിന്റെ ഉദാഹരണം: അഞ്ചുദിവസം രക്തം വന്നു.15 ദിവസം ശുദ്ധി തുടർന്നു. ശേഷം ഒരു ദിവസം രക്തം വന്നു. തുടർന്ന് 15 ദിവസം ശുദ്ധിയായി ശേഷം തുടർച്ചയായി രക്തം വന്നു.
വിധി: 15 ദിവസത്തെ ശുദ്ധി അവളുടെ പതിവായി സ്ഥിരപ്പെട്ടു. ഹൈളായി 10 ദിവസത്തെ പരിഗണിക്കും അതായത് തുടർച്ചയായി രക്തം ഒഴുകാൻ തുടങ്ങിയ ആദ്യത്തെ 10 ദിവസങ്ങൾ ഹൈളായി പരിഗണിക്കും. തുടർന്നുള്ള 15 ദിവസങ്ങൾ ശുദ്ധിയായി പരിഗണിക്കും. ഇത്തരത്തിൽ 10 (ഹൈള് )15 (ശുദ്ധി) എന്നിങ്ങനെ കണക്കാക്കി മുന്നോട്ടു പോകും.
ക്രമശുദ്ധി ഇടവേള (طهر صحيح)മാത്രം കടന്നു പോകുന്നതിന്റെ ഉദാഹരണം: രക്തം പുറപ്പെടുന്നതിന് മുമ്പ് ഗർഭിണിയായവൾക്ക് 40 ദിവസം രക്തം വന്നു. ശേഷം 15 ദിവസം ശുദ്ധി തുടർന്നു. ശേഷം തുടർച്ചയായി രക്തം പുറപ്പെടാൻ തുടങ്ങി.
വിധി: അവളുടെ ശുദ്ധി ഇടവേളയുടെ പതിവ് പതിനഞ്ച് ദിവസമായി സ്ഥിരപ്പെടും. അവളുടെ ഹൈള് പത്ത് ദിവസമായിരിക്കും. അതിനാൽ, തുടർച്ചയായ രക്തസ്രാവത്തിന്റെ ആദ്യത്തെ പത്ത് ദിവസം ഹൈളായി കണക്കാക്കും.തുടർന്ന് പതിനഞ്ച് ദിവസം ശുദ്ധിഇടവേള. അങ്ങനെ 10 (ഹൈള് )15 (ശുദ്ധി) എന്നിങ്ങനെ കണക്കാക്കി മുന്നോട്ടു പോകും.
അവളുടെ ഹൈളിന്റെ സമയവും എണ്ണവും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് മറന്ന് പോവുകയും തുടർച്ചയായി രക്തം വരികയും ചെയ്യുന്നു.ഇവരെ المتحيرة എന്നും വിളിക്കപ്പെടുന്നു.
നിഫാസ് ( പ്രസവരക്തം)
പ്രസവാനന്തരം പുറപ്പെടുന്ന രക്തമായ നിഫാസിന്റെ ഏറ്റവും കുറഞ്ഞ സമയം ഒരു നിമിഷത്തേക്കായിരിക്കാം.നിഫാസിന്റെ പരമാവധി കാലയളവ് നാല്പത് ദിവസമാണ്.നിഫാസ് നാല്പത് ദിവസത്തിൽ കൂടുതൽ ആകാൻ പാടില്ല.ആയാൽ അത് ഇസ്തിഹാളയാണ്.
നിഫാസിന്റെ ചില മസ്‌അലകൾ
- പ്രസവത്തിന് ശേഷം രക്തസ്രാവം ഇല്ലെങ്കിലും കുളിക്കൽ നിർബന്ധമാണ്. കുളികഴിഞ്ഞ് അവൾ നിസ്കാരവും നോമ്പും മറ്റും ആരംഭിക്കണം.
- ആദ്യത്തെ കുഞ്ഞ് ജനിച്ചതിനു ശേഷം 40 ദിവസമോ അല്ലെങ്കിൽ അതിനേക്കാൾ കുറവോ രക്തം പുറപ്പെട്ടു. ഉദാ: 20 ദിവസം അവള് പെട്ടെന്ന് തന്നെ കുളിച്ച് നിസ്കാരം ആരംഭിക്കണം. ഈ 20 ദിവസം അവളുടെ നിഫാസിന്റെ പതിവ് ആണ്. ഇത് അവൾ എഴുതി സൂക്ഷിച്ചു വെക്കണം.അടുത്ത കുട്ടിയുടെ ജനനത്തിനു ശേഷം ആവശ്യം വരുന്നതാണ്.
- ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ 10 ദിവസം രക്തം വന്നു. 10 ദിവസം ശുദ്ധി തുടർന്നു. വീണ്ടും 10 ദിവസം രക്തം വന്നു. ഇവിടെ മൊത്തം 30 ദിവസം അവളുടെ നിഫാസ് ആയി കണക്കാക്കും.
വിധി: ഇവിടെ ശുദ്ധിയുടെ 10 ദിവസങ്ങളിൽ അവൾ നിസ്കാരത്തിന്റെ അവസാന സമയങ്ങളിൽ നിസ്കാരം നിർവഹിക്കണം. നോമ്പ് പിടിച്ചിട്ടുണ്ടെങ്കിൽ അവൾ രണ്ടാമത് നോമ്പ് മടക്കി വീട്ടൽ നിർബന്ധമാണ്.
- ഒരു സ്ത്രീക്ക് രണ്ടാമത്തെ കുട്ടി ജനിക്കുകയും ആദ്യത്തെ കുട്ടിക്ക് മുപ്പത്തിയഞ്ച് ദിവസത്തെ നിഫാസ് ഉണ്ടാകുകയും രണ്ടാമത്തെ കുട്ടി ജനിച്ച് നാൽപ്പത് ദിവസത്തിന് ശേഷവും രക്തം പുറപ്പെടുന്നുണ്ടെങ്കിൽ അവളുടെ ആദ്യത്തെ കുഞ്ഞിന്റെ പ്രസവാനന്തര നിഫാസ് കാലഘട്ടത്തിന്റെ പതിവ് പരിഗണിച്ചുകൊണ്ട് ഇവിടെ മുപ്പത്തിയഞ്ച് ദിവസമായിരിക്കും നിഫാസ്.ബാക്കിയുള്ളത് ഇസ്തിഹാള ആയിരിക്കും.
വിധി: അതിനാൽ അഞ്ച് ദിവസത്തെ ഖളാ വീട്ടൽ നിർബന്ധമാണ്.
- ശസ്ത്രക്രിയ (സിസേറിയൻ ) വഴിയാണ് കുട്ടിയെ പുറത്തെടുത്തതെങ്കിൽ യോനിയിൽ നിന്ന് രക്തം വരുന്നതുവരെ നിഫാസ് ആരംഭിക്കില്ല. യോനിയിൽ നിന്ന് രക്തം വരുന്നതോടെ നിഫാസ് ആരംഭിക്കും.
നിഫാസിന്റെ പതിവ്
ഒരു പ്രാവശ്യം ക്രമരക്തവും (دم صحيح) ക്രമശുദ്ധി ഇടവേളയും (طهر صحيح) കടന്നു പോകുന്നതിലൂടെ അവൾക്ക് നിഫാസിന്റെ പതിവ് സ്ഥിരപ്പെടുന്നതാണ്. ഈ പതിവിനെ വിരുദ്ധമായും സംഭവിക്കാവുന്നതാണ്. എല്ലാതവണയും ഒരേ പോലെ ആയിക്കൊള്ളണമെന്ന്നിർബന്ധമില്ല.
ഉദാഹരണം: പ്രസവാനന്തരം അഞ്ചുദിവസം രക്തം വന്നു. 20 ദിവസം ശുദ്ധി തുടർന്നു. ഇവിടെ അവളുടെ പതിവ് സ്ഥിരപ്പെട്ടു. എന്നാൽ മറ്റൊരു പ്രസവത്തിൽ ആറ് ദിവസം രക്തം വന്നു 22 ദിവസം ശുദ്ധി തുടർന്നു. ഇവിടെ അവളുടെ മുൻപ്രസവത്തെ പതിവ് മാറിയിരിക്കുകയാണ്. രണ്ടാമത്തെ പ്രസവത്തിനു ശേഷമുള്ള അവസ്ഥയാണ് ഇനി പതിവായി പരിഗണിക്കപ്പെടുക.
ഹൈളിന്റെ തുടക്കവും അവസാനവും രക്തം ഒഴുകാൻ തുടങ്ങുമ്പോൾ ഹൈള് ആരംഭിക്കുന്നു. മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ എപ്പോൾ രക്തം നിന്നാലും ഹൈള് അവസാനിക്കുന്നു.
ഹൈളിന്റെ പ്രായം
ഒമ്പത് മുതൽ അമ്പത്തിയഞ്ച് വയസ്സ് വരെ ആർത്തവം ഉണ്ടാകാം. ഒമ്പത് വയസ്സിന് മുമ്പ് രക്തം വന്നാൽ ഇസ്തിഹാളയാണ്. അതുപോലെ അമ്പത്തിയഞ്ച് വയസ്സിന് ശേഷമാണ് വരുന്നതെങ്കിൽ അത് ഇസ്തിഹാള രോഗത്തിന്റെ രക്തവുമാണ്. എന്നിരുന്നാലും അമ്പത്തിയഞ്ച് വർഷത്തിനു ശേഷവും ശുദ്ധമായ ചുവന്ന രക്തമോ കറുത്ത രക്തമോ ഉണ്ടെങ്കിൽ അത് ആർത്തവമാണ്.
നിഫാസിന്റെ ആരംഭവും അവസാനവും: ഒരു കുട്ടി ജനിക്കുമ്പോൾ നിഫാസ് ആരംഭിക്കുകയും നാൽപ്പത് ദിവസതിൽ അവസാനിക്കുകയും ചെയ്യുന്നു.
ഇസ്തിഹാളക്കാർ മൂന്ന് ഇനങ്ങൾ
- ആദ്യമായി ഇസ്തിഹാള പുറപ്പെടുന്നവൾ (مستحاضة مبتدأة)
- ഇസ്തിഹാളക്ക് പതിവുള്ളവൾ (مستحاضة معتادة)
- പതിവ് മറന്നവൾ (مضلة)
ആദ്യമായി ഇസ്തിഹാള പുറപ്പെടുന്നവൾ (مستحاضة مبتدأة) രണ്ട് തരമാണ്.
ഹൈളിലൂടെ പ്രായപൂർത്തിയായവൾ - ഇതിന് മൂന്ന് രൂപങ്ങൾ ഉണ്ട്.
1. പ്രായപൂർത്തിയായ ഉടൻ തന്നെ രക്തംസ്രാവം ആരംഭിക്കുകയും നിലയ്ക്കാതിരിക്കുകയും ചെയ്യുന്നു.
വിധി: രക്തസ്രാവം ആരംഭിച്ചതുമുതൽ പത്ത് ദിവസം ഹൈളായും ശേഷം 20 ദിവസം ശുദ്ധീ ഇടവേളയായും കണക്കാക്കും.മുന്നോട്ടും ഈ കണക്ക് തുടരും.
2. ക്രമരഹിത രക്തത്തിനും (دم فاسد) ക്രമരഹിത ശുദ്ധി ഇടവേളക്കും (طهر فاسد) ശേഷം തുടർച്ചയായി രക്തസ്രാവം ആരംഭിക്കുക
A. രക്തത്തിന്റെയും ശുദ്ധിയുടെയും കാലം കൂട്ടുമ്പോൾ മൊത്തം 30 ദിവസത്തേക്കാൾ കുറയുക
വിധി :- രക്തസ്രാവം ആരംഭിച്ചതു മുതൽ പത്ത് ദിവസം ഹൈളായും ശേഷം 20 ദിവസം ശുദ്ധീ ഇടവേളയായും കണക്കാക്കും.
ഉദാഹരണം: മാസത്തിന്റെ തുടക്കം മുതൽ 11 ദിവസം രക്തം വന്നു.12 മുതൽ 26 വരെ 15 ദിവസം ശുദ്ധി തുടർന്നു. ശേഷം തുടർച്ചയായി രക്തം വരാൻ തുടങ്ങി.
വിധി: ഇവിടെ തുടർച്ചയായി രക്തം വരാൻ തുടങ്ങിയത് മുതൽ 10 ദിവസം ഹൈളായും ശേഷം 20 ദിവസം ശുദ്ധിയായി കണക്കാക്കും.തുടർച്ചയായി രക്തം വരാൻ തുടങ്ങിയ ആദ്യത്തെ നാല് ദിവസം ശുദ്ധിയിൽ ഉൾപ്പെടുന്നത് കൊണ്ട് ആ ദിവസത്തെ നിസ്കാരങ്ങളും മറ്റും ഖളാ വീട്ടൽ നിർബന്ധമാണ്.
B. രക്തവും ശുദ്ധിയും കൂട്ടുമ്പോൾ മൊത്തം 30 ദിവസത്തേക്കാൾ കൂടുതലാവുക
വിധി: ഇവിടെ ക്രമരഹിത രക്തത്തിന്റെ (دم فاسد) പ്രാരംഭം മുതൽ 10 ദിവസം ഹൈളായും തുടർച്ചയായി രക്തം ഒഴുക്കിന്റെ ആരംഭം വരെ 21 ദിവസം ശുദ്ധി ഇടവേള യായും കണക്കാക്കും. തുടർച്ചയായി രക്തം ഒഴുകാൻ തുടങ്ങുന്നത് മുതൽ 10,20 എന്ന നിലയ്ക്ക് രക്തവും ശുദ്ധിയും കണക്കാക്കപ്പെടും.
ഉദാഹരണം: മാസത്തിന്റെ തുടക്കം മുതൽ 11 ദിവസം രക്തം വന്നു. പന്ത്രണ്ടാം തീയതി മുതൽ അടുത്ത മാസം ഒന്നാം തീയതി വരെ 20 ദിവസം ശുദ്ധി തുടർന്നു. ശേഷമ രണ്ടാം തീയതി മുതൽ തുടർച്ചയായ രക്തസ്രാവം ആരംഭിച്ചു.ഇവിടെ ഒന്നാം തീയതി മുതൽ 10 വരെ ഹൈളായും 11 മുതൽ ശുദ്ധിയായും കണക്കാക്കപ്പെടും. പിന്നെ എല്ലാ മാസവും രണ്ടാം തീയതി മുതൽ പതിനൊന്നാം തീയതി വരെ 10 ദിവസം ഹൈളായും പന്ത്രണ്ടാം തീയതി മുതൽ 20 ദിവസക്കാലം ശുദ്ധിയായും കണക്കാക്കപ്പെടും.
3. ക്രമരക്തത്തിനും (دم صحيح) ക്രമരഹിത ശുദ്ധി ഇടവേളയ്ക്കു (طهر فاسد) ശേഷം തുടർച്ചയായ രക്തസ്രാവം ആരംഭിക്കുക.
വിധി: ഒരിക്കൽ ക്രമ രക്തം (دم صحيح) കടന്നുപോയാൽ അവളുടെ പതിവ് സ്ഥിരപ്പെടും. എല്ലാ മാസവും ആ പതിവിനെ പരിഗണിച്ച് ഹൈള് കണക്കാക്കും. ബാക്കിയുള്ള ദിവസങ്ങൾ ശുദ്ധി ഇടവേളയായി കണക്കാക്കും.
ഉദാഹരണം: അഞ്ചുദിവസം രക്തം വന്നു. 15 ദിവസം ശുദ്ധി തുടർന്നു. ശേഷം ഒരു ദിവസം രക്തം വന്നു. തുടർന്ന് 15 ദിവസം ശുദ്ധി പിന്നീട് രക്തസ്രാവം ആരംഭിച്ചു. തുടർച്ചയായ രക്തസ്രാവം ആരംഭിച്ചത് മുതൽ അഞ്ച് ദിവസം ഹൈളായി കണക്കാക്കും. ബാക്കിയുള്ള 25 ദിവസം ശുദ്ധിയായി കണക്കാക്കും.
ഗർഭത്തിലൂടെ പ്രായപൂർത്തിയായവൾ - (മുമ്പ് രക്തം പുറപ്പെട്ടിട്ടില്ലാത്തവൾ)
ഇതിന് മൂന്ന് രൂപങ്ങൾ
1. ക്രമശുദ്ധി ഇടവേളയ്ക്കു (طهر صحيح) ശേഷം തുടർച്ചയായ രക്തസ്രാവം ആരംഭിക്കുക
വിധി: ഇവിടെ ശുദ്ധിയെ പരിഗണിച്ച് അവൾ പതിവുള്ളവളാണ്. അതിനാൽ അവളുടെ കഴിഞ്ഞുപോയ ശുദ്ധിയുടെ ദിവസങ്ങൾ എത്രയാണോ മുന്നോട്ടും അത് തന്നെ പരിഗണിക്കപ്പെടും. തുടർച്ചയായ രക്തസ്രാവത്തിന്റെ ആദ്യത്തെ പത്ത് ദിവസം ഹൈളായി പരിഗണിക്കപ്പെടും.
ഉദാഹരണം: ഗർഭം കൊണ്ട് പ്രായപൂർത്തിയായവക്ക് പ്രസവത്തിനു ശേഷം 40 ദിവസം നിഫാസ് വന്നു. തുടർന്ന് 15 ദിവസം ശുദ്ധി തുടർന്നു. ശേഷം തുടർച്ചയായ രക്തസ്രാവം ആരംഭിച്ചു. ഇവിടെ 10 ദിവസം ഹൈളായും 15 ദിവസം ശുദ്ധിയായും പരിഗണിക്കും.
2. ക്രമരഹിത ശുദ്ധി ഇടവേളയ്ക്ക് (طهر فاسد) ശേഷം തുടർച്ചയായ രക്തസ്രാവം ആരംഭിക്കുക.
വിധി: ഇവിടെ പ്രസവാനന്തരം നിഫാസിന് ശേഷം 20 ദിവസം ശുദ്ധിയും ശേഷം 10 ദിവസം ഹൈളായും കണക്കാക്കും ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതാണ്.ശുദ്ധി ഇടവേള 20 ദിവസത്തേക്കാൾ കുറയണം എന്ന് മാത്രം. 20 ദിവസത്തേക്കാൾ കൂടുതലായാൽ തുടർച്ചയായ രക്തസ്രാവം തുടങ്ങിയത് മുതലുള്ള 10 ദിവസം ഹൈളായും ശേഷമുള്ള 20 ദിവസം ശുദ്ധി ഇടവേള യായും കണക്കാക്കപ്പെടും.
ഉദാഹരണം: നിഫാസിന്റെ 40 ദിവസം പൂർത്തിയായതിനു ശേഷം 14 ദിവസം അല്ലെങ്കിൽ അതിനേക്കാൾ കുറഞ്ഞ ദിവസം ശുദ്ധി തുടർന്നു. ശേഷം തുടർച്ചയായ രക്തസ്രാവം തുടങ്ങി.ഇവിടെ നിഫാസിനോട് ചേർന്നുള്ള 20 ദിവസം ശുദ്ധിയായും തുടർന്നുള്ള 10 ദിവസം ഹൈളായും കണക്കാക്കപ്പെടും.
മറ്റൊരു ഉദാഹരണം: 41 ദിവസം നിഫാസ് തുടർന്നു. ശേഷം 15 ദിവസം ശുദ്ധിയായി. പിന്നീട് തുടർച്ചയായ രക്തസ്രാവം ആരംഭിച്ചു. ഇവിടെയും നിഫാസിനോട് ചേർന്നുള്ള 20 ദിവസം ശുദ്ധിയായും പിന്നീടുള്ള പത്ത് ദിവസം ഹൈളായും കണക്കാക്കപ്പെടും.
മറ്റൊരു ഉദാഹരണം: നിഫാസിനു ശേഷം 15 ദിവസം ശുദ്ധി. തുടർന്ന് ഒരു ദിവസം രക്തം വന്നു. ശേഷം 15 ദിവസത്തെ ശുദ്ധി. പിന്നീട് തുടർച്ചയായ രക്തസ്രാവം തുടങ്ങി.
വിധി: ഇവിടെ നിഫാസിനോട് ചേർന്നുള്ള 31 ദിവസം ശുദ്ധിയായി കണക്കാക്കും. രക്തസ്രാവം തുടങ്ങിയതിന്റെ ആദ്യത്തെ പത്ത് ദിവസം ഹൈളായും കണക്കാക്കും. ശേഷം 20 ദിവസം ശുദ്ധി. തുടർന്ന് ഈ കണക്കിൽ തന്നെ മുന്നോട്ടു പരിഗണിക്കപ്പെടും.
3. നിഫാസിനു ശേഷം തുടർച്ചയായ രക്തസ്രാവം ആരംഭിക്കുക.
വിധി: ഇവിടെ നിഫാസിനോട് ചേർന്നുള്ള 20 ദിവസം ശുദ്ധിയായും തുടർന്നുള്ള 10 ദിവസം കണക്കാക്കപ്പെടും. തുടർന്ന് ഈ കണക്കിൽ തന്നെ മുന്നോട്ടു പരിഗണിക്കപ്പെടും.
ഇസ്തിഹാളക്കാർ മൂന്ന് തരമാണ്.
- ആദ്യമായി ഇസ്തിഹാള പുറപ്പെടുന്നവൾ (مستحاضة مبتدأة)
- ഇസ്തിഹാളക്ക് പതിവുള്ളവൾ (مستحاضة معتادة)
- പതിവ് മറന്നവൾ (مضلة)
ഇസ്തിഹാളക്ക് പതിവുള്ളവൾ (مستحاضة معتادة) - ഇവർ രണ്ട് തരമാണ്.
- ശുദ്ധി ഇടവേള ആറുമാസത്തേക്കാൾ കുറയുക
ഉദാഹരണം: അഞ്ചുദിവസം ഹൈളും അഞ്ചുമാസത്തെ ശുദ്ധിയും പതിവാവുക
വിധി: ഇവിടെ അവളുടെ ഹൈളും ശുദ്ധിയും കണക്കാക്കപ്പെടുന്നത് മുൻ പതിവിനെ പരിഗണിച്ചിട്ടായിരിക്കും.
- ശുദ്ധി ഇടവേള ആറുമാസമൊ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ ആവുക
ഉദാഹരണം: അഞ്ചുദിവസം ഹൈളും ആറുമാസം ശുദ്ധി ഇടവേളയും
വിധി: ഇവിടെ ഹൈള് അവളുടെ മുൻ പതിവിനെ പരിഗണിച്ച് കണക്കാക്കപ്പെടും. ശുദ്ധി ഇടവേള രണ്ടുമാസമായും കണക്കാക്കും.
പതിവ് മറന്നവൾ (مضلة)
അവളുടെ ഹൈളിന്റെ സമയവും എണ്ണവും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് മറന്ന് പോവുകയും തുടർച്ചയായി രക്തം വരികയും ചെയ്യുന്നു.ഇവരെ المتحيرة എന്നും വിളിക്കപ്പെടുന്നു.
വിധി: അവൾക്ക് ഏറെക്കുറെ സാധ്യതയുള്ള (ظن غالب) എണ്ണവും സമയവും നിർണയിക്കാൻ സാധിക്കുമെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കണം.ഇവിടെ അവൾക്ക് ഇസ്തിഹാളക്ക് പതിവുള്ളവളുടെ (مستحاضة معتادة) വിധികൾ ബാധകമാവുന്നതാണ്. ഇനി ഏറെക്കുറെ സാധ്യതയുള്ള എണ്ണവും സമയവും നിർണയിക്കാൻ സാധിക്കുന്നില്ല. ശക്തമായ സംശയങ്ങൾ ഉണ്ടാവുന്നു.
അവൾക്ക് ആർത്തവത്തിന്റെ ദിവസവും സ്ഥലവും നിർണ്ണയിക്കാൻ കഴിയുന്നില്ലെങ്കിൽ നാല് രീതിയിൽ ദിവസങ്ങൾ വന്നേക്കാം.
(1) അവളുടെ ഹൈള് ആരംഭിച്ചുവെന്ന് സംശയം മാത്രമുള്ള ദിവസങ്ങൾ
വിധി: ഈ ദിവസങ്ങളിൽ എല്ലാ നിസ്കാരങ്ങളും പ്രത്യേക വുളു ചെയ്തുകൊണ്ട് നിർവഹിക്കണം.
(2) അവൾക്ക് ഹൈളുണ്ടെന്ന് ഉറപ്പുള്ള ദിവസങ്ങൾ
വിധി: ഈ ദിവസങ്ങളിൽ ഹൈളിന്റെ നിയമങ്ങൾ ബാധകമാകും.
(3) അവളുടെ ഹൈള് നിലച്ചുവെന്ന് സംശയമുള്ള ദിവസങ്ങൾ.
വിധി: ഈ ദിവസങ്ങളിൽ ഓരോ നിസ്കാരങ്ങളും കുളിച്ചതിനുശേഷം നിർവഹിക്കണം. നിർവഹിച്ച നിസ്കാരത്തിന്റെ കൂടെ മുമ്പുള്ള ഒരു നിസ്കാരവും ആവർത്തിക്കണം.
(4) അവൾക്ക് ശുദ്ധിയാണെന്ന് ഉറപ്പുള്ള ദിവസങ്ങൾ
വിധി: ഈ ദിവസങ്ങളിൽ ശുദ്ധിയുടെ നിയമങ്ങൾ ബാധകമാകും.
ഹൈളിന്റെ സംശയമുള്ള ദിവസങ്ങളിൽ സംയോഗം അനുവദനീയമല്ല.
പതിവ് മറന്നവർ നാല് തരമാണ്.
ضالة بالعدد والمكان كليهما
ഇവൾക്ക് എണ്ണവും സമയവും ഓർമ്മയില്ല. മാത്രമല്ല എല്ലാ ദിവസങ്ങളിലും ഇത് ഹൈളാണോ അതല്ല ശുദ്ധിയാണോ എന്ന് സംശയത്തിലാണ്. ഇവളെ ضالة باضلال عام എന്നും പറയപ്പെടും.
ضالة بالمكان فقط في جميع الشهر
ഇവൾക്ക് എണ്ണം ഓർമ്മയുണ്ട്. സംഭവിച്ച സമയത്തെപ്പറ്റി ഒന്നും ഓർമ്മയില്ല. മാസത്തിലെ എല്ലാദിവസവും സംശയമാണ് ഇത് ശുദ്ധിയാണോ അതല്ല ഹൈളാണോ.
വിധി: ഈ രണ്ടു കൂട്ടരും എല്ലാ നിസ്കാരങ്ങളും കുളിച്ച് നിർവഹിക്കണം.നിർവഹിച്ച നിസ്കാരത്തിന്റെ കൂടെ മുമ്പുള്ള ഒരു നിസ്കാരവും ആവർത്തിക്കണം. ഈ രണ്ടു കൂട്ടർക്കും സംയോഗം അനുവദനീയമല്ല.
ചികിത്സ
മരുന്ന് ഉപയോഗിച്ച് ക്രമരക്തവും (دم صحيح) ക്രമശുദ്ധിയും (طهر صحيح) കൈവരിക്കാൻ സാധിക്കുമെങ്കിൽ ചികിത്സിച്ച് ഹൈളും ശുദ്ധിയും ക്രമീകരിക്കേണ്ടതാണ്. ജീവിതകാലം മുഴുവനും അതിനു വേണ്ടി മരുന്ന് കഴിക്കൽ നിർബന്ധമില്ല മറിച്ച് ക്രമരക്തവും ക്രമശുദ്ധിയും ഒരു പ്രാവശ്യം കടന്നു പോകുന്നതുവരെ മരുന്ന് കഴിക്കണം.ഒരു പ്രാവശ്യം കടന്നുപോകുന്നതിലൂടെ പതിവ് സ്ഥിരപ്പെടുന്നതാണ്. പിന്നീട് പതിവുള്ളവരുടെ വിധികൾ ഇവർക്ക് ബാധകമാകും.
നിർബന്ധ സാഹചര്യം
എന്തെങ്കിലും കാരണത്താൽ മറന്നുപോയവൾക്ക് കടുത്ത ബുദ്ധിമുട്ടും പ്രയാസവും കാരണം മേൽ പറയപ്പെട്ടതുപോലെ പ്രവർത്തിക്കാൻ സാധിക്കാതെ വന്നാൽ ഇമാം അഹ്മദ് (റ) യുടെ മദ്ഹബ് അനുസരിച്ച് അമൽ ചെയ്യാം. ഹമ്പലി മദ്ഹബിൽ എണ്ണമോ സമയമോ ഓർമ്മയില്ലാത്ത സ്ത്രീക്ക് ഓരോ ഹിജ്‌റ മാസത്തിന്റെയും ഒന്നാം തീയതി മുതൽ ആറോ ഏഴോ ദിവസങ്ങൾ ഹൈളായും ബാക്കി മാസം ശുദ്ധിയായും കണക്കാക്കാവുന്നതാണ്. എണ്ണം മാത്രം ഓർമ്മയുള്ള സ്ത്രീക്ക് ഓരോ ഹിജ്‌റ മാസത്തിന്റെയും ഒന്നാം തീയതി മുതൽ ഹൈള് കണക്കാക്കുകയും ബാക്കി മാസം ശുദ്ധിയായി കണക്കാക്കാം. അതിനാൽ ഹൈളിന്റെ എല്ലാ വിധികളും ആ ഹൈളിന്റെ ദിവസങ്ങളിൽ ബാധകമാകും ശുദ്ധിയുടെ വിധികൾ ശുദ്ധിയുടെ ദിവസങ്ങളിലും ബാധകമാകും. എന്നിരുന്നാലും പതിനഞ്ചാം ദിവസം ലൈംഗിക ബന്ധം അനുവദനീയമല്ല.ഹമ്പലി മദ്ഹബിൽ ഹൈളിന്റെ കൂടിയ കാലം 15 ദിവസമാണ്.
ഇസ്തിഹാളക്കാർ മൂന്ന് ഇനങ്ങൾ
- ആദ്യമായി ഇസ്തിഹാള പുറപ്പെടുന്നവൾ (مستحاضة مبتدأة )
- ഇസ്തിഹാളക്ക് പതിവുള്ളവൾ (مستحاضة معتادة )
- പതിവ് മറന്നവൾ (مضلة)
പതിവ് മറന്നവർ നാല് തരമാണ്.
- ضالة بالعدد والمكان كليهما
- ضالة بالمكان فقط في جميع الشهر
- ضالة بالمكان فقط في بعض الشهر
ഇവൾക്ക് എണ്ണം ഓർമ്മയുണ്ട്. എന്നാൽ മാസത്തിലെ ചില പ്രത്യേക ദിവസങ്ങളുടെ വിഷയത്തിൽ സംശയവും ഉണ്ട്. ഈ ദിവസങ്ങളിൽ ഹൈള് വന്നിരുന്നു.പക്ഷേ അത് ഓർമ്മയില്ല. അതായത് ഏതു ദിവസമാണ് ആരംഭിച്ചത് ഏത് ദിവസമാണ് അവസാനിച്ചത് എന്ന് ഓർമ്മയില്ല.
ഇതിന് രണ്ട് രൂപങ്ങൾ ഉണ്ട്
(1) അവൾക്ക് സംശയമുള്ള ദിവസങ്ങൾ അവളുടെ ഹൈള് ദിവസങ്ങളുടെ ഇരട്ടിയോ അതിൽ കൂടുതലോ ആയിരിക്കും.
ഉദാഹരണം: ഹൈള് മൂന്ന് ദിവസവും സംശയത്തിന്റെ ദിനങ്ങൾ ആറ് ദിവസവും ഈ ദിവസങ്ങളിൽ ഒരു ദിവസം പോലും ഹൈളാണെന്ന് അവൾക്ക് ഉറപ്പില്ല.
ഇങ്ങനെയുള്ളവർക്ക് മൂന്ന് തരത്തിലുള്ള ദിവസങ്ങൾ കടന്നുവരുന്നതാണ്.
- ഹൈള് ആരംഭിച്ച വിഷയത്തിൽ സംശയമുള്ള ദിവസം
- ഹൈള് അവസാനിക്കുന്ന വിഷയത്തിൽ സംശയമുള്ള ദിവസം.
- ശുദ്ധി ഉറപ്പുള്ള ദിവസം
വിധി: സ്ത്രീ ഹൈള് ആരംഭിച്ചോ എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ ഹൈളിന്റെ ദിവസങ്ങൾക്ക് തുല്യമായ ദിവസങ്ങളിൽ ഓരോ നിസ്കാരവും വുദു ചെയ്ത് നിർവഹിക്കണം.ശേഷം അവസാനം വരെ അതായത് ഹൈള് നിലച്ചോ എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ ഓരോ നിസ്കാരങ്ങളും കുളിച്ച് നിർവഹിക്കണം. അതിനു മുമ്പുള്ള ഒരു നിസ്കാരം ആവർത്തിക്കണം. എന്നാൽ അവളുടെ ഹൈള് നിലച്ച സമയം അവൾ ഓർക്കുന്നുണ്ടെങ്കിൽ ദിവസത്തിലെ ആ സമയത്ത് മാത്രം കുളിച്ചാൽ മതി. ഓരോ നിസ്കാരങ്ങൾക്കും കുളിക്കുകയോ മുമ്പുള്ള നിസ്കാരം ആവർത്തിക്കേണ്ടയോ ആവശ്യമില്ല.
ഉദാഹരണം: ഹൈള് മൂന്ന് ദിവസം. സംശയാസ്പദമായ ദിവസങ്ങൾ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്.
വിധി: ഒന്നു മുതൽ മൂന്നു ദിവസം വരെ വുളു മാത്രം ചെയ്തു നിസ്കാരം നിർവഹിക്കണം. നാലാം ദിവസം മുതൽ പത്താം ദിവസം വരെ ഓരോ നിസ്കാരത്തിനു വേണ്ടിയും കുളിക്കണം. മുമ്പുള്ള ഒരു നിസ്കാരം ആവർത്തിക്കണം. ഇനി ഹൈള് നിലയ്ക്കുന്ന സമയം ഓർമ്മയുണ്ടെങ്കിൽ ഉദാ: അസറിന്റെ സമയത്ത് നിലക്കും എന്നറിയാം. നാലാം ദിവസം മുതൽ പത്താം ദിവസം വരെ അസർ നിസ്കാരം മാത്രം കുളിച്ച് നിർവഹിക്കണം. മറ്റ് ഓരോ വക്ത് നിസ്കാരങ്ങളും വുളു ചെയ്തു നിർവഹിച്ചാൽ മതിയാകും.
(2) അവൾ സംശയിക്കുന്ന ദിവസങ്ങൾ അവളുടെ ഹൈളിന്റെ ദിവസങ്ങളേക്കാൾ കൂടുതലാണെങ്കിലും അതിന്റെ ഇരട്ടിയില്ല.
ഉദാഹരണം: ആറ് ദിവസം ഹൈള്. സംശയത്തിന്റെ ദിവസങ്ങൾ പത്ത്. ചില ദിവസങ്ങൾ ഹൈളായിരിക്കുമെന്ന് അവൾക്ക് ഉറപ്പുണ്ട്.
ഇങ്ങനെ ഉള്ളവർക്ക് നാല് തരത്തിലുള്ള ദിവസങ്ങൾ കടന്നു വരുന്നതാണ്.
- ഹൈള് ആരംഭിച്ച വിഷയത്തിൽ സംശയമുള്ള ദിവസം
- ഹൈള് ഉറപ്പുള്ള ദിവസം
- ഹൈള് അവസാനിക്കുന്ന വിഷയത്തിൽ സംശയമുള്ള ദിവസം.
- ശുദ്ധി ഉറപ്പുള്ള ദിവസം
വിധി: ഹൈള് ഉണ്ടാകുമെന്ന് ഉറപ്പായ ദിവസം നിസ്കാരം ഉപേക്ഷിക്കൽ നിർബന്ധമാണ്. ഹൈള് ആരംഭിക്കുമെന്ന് സംശയിക്കുന്ന ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഓരോ നിസ്കാരങ്ങളും വുളു ചെയ്ത് നിർവഹിക്കുക. ഹൈള് നിലയ്ക്കുമോ എന്ന് സംശയിക്കുന്ന ദിവസത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഓരോ നിസ്കാരങ്ങളും കുളിച്ച് നിർവഹിക്കണം. ഓരോ നിസ്കാരങ്ങൾക്കും മുമ്പുള്ള നിസ്കാരം ആവർത്തിക്കണം.ശുദ്ധി ഉറപ്പുള്ള മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളിൽ നിസ്കാരം നോമ്പ് തുടങ്ങിയവ അനുഷ്ഠിക്കണം.
ഉദാഹരണം: ദിവസങ്ങളുടെ എണ്ണം ആറ് ആണ്. സംശയാസ്പദമായ ദിവസങ്ങൾ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്. ഈ ഉദാഹരണത്തിൽ അഞ്ചാമത്തെയും ആറാമത്തെയും ദിവസങ്ങളിൽ ആർത്തവം ഉറപ്പായതിനാൽ ഈ രണ്ട് തീയതികളിലും നിസ്കാരങ്ങൾ ഒഴിവാക്കണം.ഒന്നാം ദിവസം മുതൽ നാലാം ദിവസം വരെ ഓരോ നിസ്കാരവും പ്രത്യേക വുദുവോടെ നിർവഹിക്കണം. ഏഴാം ദിവസം മുതൽ പത്താം ദിവസം വരെ ഓരോ നിസ്കാരങ്ങളും കുളിച്ച് നിർവഹിക്കണം. മുമ്പുള്ള ഒരു നിസ്കാരം ആവർത്തിക്കണം. പതിനൊന്നാം ദിവസം മുതൽ മാസാവസാനം വരെ ശുദ്ധി ഇടവേള ആയിരിക്കും.
4. ضالة بالعدد فقط
ഇവൾക്ക് ഹൈള് ആരംഭിച്ച സമയവും അവസാനിച്ച സമയവും അറിയാം. എന്നാൽ എണ്ണം മറന്നു പോയി.
ഇവർ രണ്ട് വിധത്തിലാണ്
(1). ഹൈള് നിലച്ച ദിവസം അറിയാം
ഇവർക്ക് മൂന്നു തരത്തിലുള്ള ദിവസങ്ങൾ കടന്നു പോകുന്നതാണ്.
- ഹൈള് അവസാനിച്ചതിനുശേഷമുള്ള ബാക്കി മാസം ശുദ്ധിയാണെന്ന് ഉറപ്പാണ്.
- ഹൈള് അവസാനിക്കുന്നതിന് മുമ്പ് ഹൈള്ലേക്ക് പ്രവേശിക്കുന്നതിൽ സംശയമുള്ള ദിവസങ്ങൾ.
- അവസാനിക്കുന്നതിനു മുമ്പുള്ള മൂന്നുദിവസം ഉറപ്പായും ഹൈളാണ്
വിധി: ശുദ്ധിയുടെ ദിവസങ്ങളിൽ ശുദ്ധിയായ സ്ത്രീകളുടെ പരിധിയിൽ ആയിരിക്കും. ഏഴു ദിവസം ഹൈളിൽ പ്രവേശിക്കുന്ന വിഷയത്തിൽ സംശയമുണ്ട്. ഈ ഏഴു ദിവസങ്ങളിൽ ഓരോ നമസ്കാരങ്ങളും പ്രത്യേകം വുദൂ ചെയ്ത് നിർവഹിക്കണം. അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്നു ദിവസങ്ങൾ ഉറപ്പായും ഹൈളായതിനാൽ എല്ലാ നിയമങ്ങളും ഇവിടെ ബാധകമാണ്. നിസ്കാരം അനുവദനീയമല്ല. ഈ 10 ദിവസക്കാലം സംയോഗം അനുവദനീയമല്ല. ശുദ്ധി ഉറപ്പുള്ള ദിവസങ്ങളിൽ അനുവദനീയമാണ്.
ഉദാഹരണം: 11-ാം തീയതി ഉച്ചയ്ക്ക് 2:00 മണിക്ക് ഹൈള് അവസാനിച്ചിരുന്നതായി സ്ത്രീ ഓർമ്മിക്കുന്നു. എണ്ണം ഓർമ്മയില്ലെങ്കിൽ 11-ാം തീയതി ഉച്ചയ്ക്ക് 2:00 മുതൽ 1-ാം തീയതി ഉച്ചയ്ക്ക് 2:00 വരെയും ശുദ്ധിയുടെ വേളയാണ്. 1-ാം തീയതി ഉച്ചയ്ക്ക് 2:00 മുതൽ 8-ാം തീയതി ഉച്ചയ്ക്ക് 2:00 വരെയും (ഏഴ് ദിവസം) ഹൈള് ആരംഭിക്കുന്നതിന്റെ സംശയത്തിന്റെ ദിവസങ്ങളാണ്. അതിനാൽ അവൾ ഓരോ നിസ്കാരങ്ങളും പ്രത്യേകം വുദു ചെയ്ത് നിർവഹിക്കണം.8-ാം തീയതി 2:00 മുതൽ 11-ാം തീയതി 2:00 വരെ 8 മുതൽ 2:00 വരെ ഉറപ്പായും ഹൈളിന്റെ ദിവസങ്ങളാണ്. നിസ്കാരം നോമ്പ് ഒഴിവാക്കൽ നിർബന്ധമാണ്.
(2). ഹൈള് ആരംഭിച്ച ദിവസം അറിയാം
ഇവർക്ക് മൂന്നു തരത്തിലുള്ള ദിവസങ്ങൾ കടന്നു പോകുന്നതാണ്.
- ആരംഭത്തിലെ മൂന്നുദിവസം ഉറപ്പായും ഹൈളാണ്.
- ഇതിനുശേഷം ഹൈളിൽ നിന്നും ഒഴിവാക്കുന്ന വിഷയത്തിൽ സംശയമുള്ള ദിവസം
- ഇതിനുശേഷം ബാക്കി മാസം ഉറപ്പായും ശുദ്ധിയാണ്
വിധി: ആദ്യത്തെ മൂന്ന് ദിവസങ്ങൾ ഉറപ്പായും ഹൈളാണ്. അതിനാൽ ഹൈളിന്റെ വിധികൾ ബാധകമാകും. അതിനുശേഷം ആർത്തവം നിലയ്ക്കുന്നതിനെക്കുറിച്ച് സംശയമുള്ള ദിവസങ്ങളിൽ ഓരോ നിസ്കാരങ്ങളും കുളിച്ച് നിർവഹിക്കണം. മുമ്പുള്ള ഒരു നിസ്കാരം ആവർത്തിക്കണം. അതിനുശേഷം വരുന്ന ദിവസങ്ങൾ തീർച്ചയായും ശുദ്ധിയുടെ ദിവസങ്ങളാണ്. അതിനാൽ ആ ദിവസങ്ങളിൽ ശുദ്ധിയുടെ വിധികൾ ബാധകമാകും.
ഉദാഹരണം: ഒന്നാം തീയതി രാവിലെ ഏഴ് മണിക്ക് ഹൈള് ആരംഭിച്ചിരുന്നുവെന്ന് ഓർമ്മിക്കുന്നു.എണ്ണം ഓർമ്മിക്കുന്നില്ല. അതിനാൽ ഒന്നാം തീയതി രാവിലെ ഏഴ് മണി മുതൽ നാലാം തീയതി രാവിലെ ഏഴ്മണി വരെ ഉറപ്പായും ഹൈളിന്റെ ദിവസങ്ങളാണ്. നാലാം തീയതി രാവിലെ ഏഴ് മണി മുതൽ പതിനൊന്നാം തീയതി രാവിലെ ഏഴ് മണി വരെ ഹൈള് നിലയ്ക്കുന്ന ദിവസങ്ങളാണ്. അതിനാൽ ആ ദിവസങ്ങളിൽ ഓരോ നിസ്കാരങ്ങളും കുളിച്ച് നിർവഹിക്കണം. പതിനൊന്നാം തീയതി രാവിലെ ഏഴ് മണി മുതൽ പിറ്റേ മാസം ഒന്നാം തീയതി രാവിലെ ഏഴ് മണി വരെയുള്ള മാസത്തിന്റെ ബാക്കി ദിവസങ്ങൾ ശുദ്ധിയുടെ സമയമാണ്.
ഹൈളിൽ പതിവ്കാരിക്ക് 10 ദിവസത്തേക്കാൾ രക്തസ്രാവം അധികരിച്ചാലുള്ള വിധികൾ
ഇതിന് രണ്ടു രൂപങ്ങളുണ്ട്
1. പതിവുള്ള ദിവസങ്ങളുടെ എണ്ണത്തേക്കാൾ കുറഞ്ഞോ അല്ലെങ്കിൽ അതിനു തുല്യമായോ പതിവ് ദിവസങ്ങളിൽപ്പെട്ട മൂന്ന് ദിവസം വരുകയോ അല്ലെങ്കിൽ മൂന്നു ദിവസത്തേക്കാൾ കൂടുതലൊ വരിക
വിധി: പതിവുള്ള ദിവസങ്ങളിലെ രക്തം മാത്രമാണ് ഹൈളായി പരിഗണിക്കുക. അതിനു മുമ്പുള്ളതും ശേഷമുള്ളതും ഇസ്തിഹാളയായി കണക്കാക്കും.
A. പതിവ് ദിവസങ്ങളിൽ നിന്ന് മൂന്ന് ദിവസം ഹൈള് വരുന്നതിന്റെ ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ്. എന്നാൽ പതിവിന് വിപരീതമായി മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ രക്തം വന്നു.
വിധി: ഇവിടെ മൂന്നു മുതൽ അഞ്ചുവരെ ഹൈളായും ബാക്കി ദിവസങ്ങളിൽ ഇസ്തിഹാളയായും പരിഗണിക്കും.
B. പതിവ് ദിവസങ്ങളിൽപ്പെട്ട മൂന്ന് ദിവസത്തേക്കാൾ കൂടുകയും പതിവ് ദിവസങ്ങളുടെ എണ്ണത്തിനെക്കാൾ കുറയുകയും ചെയ്യുന്നതിന്റെ ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ്. എന്നാൽ പതിവിന് വിപരീതമായി രണ്ടാം തീയതി മുതൽ പതിമൂന്നാം തീയതി വരെ വന്നു. രണ്ടു മുതൽ അഞ്ചാം തീയതി വരെ നാലുദിവസം ഹൈളായും ബാക്കിയുള്ളത് ഇസ്തിഹാള യായും പരിഗണിക്കും.
C. പതിവിനോട് യോജിച്ചു വരുന്നതിന്റെ ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ്. എന്നാൽ പതിവിന് വിപരീതമായി ഒന്നാം തീയതി മുതൽ പതിനൊന്നാം തീയതി വരെ വന്നു.
വിധി: പതിവിന് യോജിച്ച് ആദ്യത്തെ അഞ്ച് ദിവസം ഹൈളായും ബാക്കിയുള്ളത് ഇസ്തിഹാളയായും പരിഗണിക്കും.
2. പതിവ് ദിവസങ്ങളിൽ പെട്ട മൂന്ന് ദിവസങ്ങളേക്കാൾ കുറഞ്ഞോ അല്ലെങ്കിൽ തീരെ തന്നെ വരാതിരിക്കുക
വിധി: തുടക്കം മുതൽ പതിവിനെ പരിഗണിച്ചുള്ള ഹൈളായി കണക്കാക്കും. ബാക്കിയുള്ളത് ഇസ്തിഹാളയും.
A. പതിവ് ദിവസങ്ങളിൽ പെട്ട മൂന്ന് ദിവസങ്ങളേക്കാൾ കുറഞ്ഞു വരുന്നതിനു ഉദാഹരണം: ഒരു സ്ത്രീക്ക് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി ആറാം തീയതി മുതൽ പതിനാലാം തീയതി വരെ രക്തം വന്നു.
വിധി: നാലാം തീയതി മുതൽ എട്ടാം തീയതി വരെ പതിവ് പ്രകാരം അഞ്ച് ദിവസം ഹൈളായും 9 മുതൽ 14 വരെയുള്ള 6 ദിവസങ്ങൾ ഇസ്തിഹാളയായി പരിഗണിക്കും.
B. പതിവ് ദിവസങ്ങളിൽ തീരെ തന്നെ വരാതിരിക്കുന്നതിന്റെ ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ്. എന്നാൽ പതിവിന് വിപരീതമായി ആറാം തീയതി മുതൽ പതിനാറാം തീയതി വരെ 11 ദിവസം രക്തം വന്നു.
വിധി: ഇവിടെ ആറ് മുതൽ 10 വരെയുള്ള അഞ്ചു ദിവസങ്ങൾ ഹൈളായും ബാക്കിയുള്ള 11 മുതൽ 16 വരെയുള്ള ദിവസങ്ങൾ ഇസ്തിഗാസതിഹാളയായും പരിഗണിക്കും.
നിഫാസിൽ പതിവുള്ളവൾ ( معتادة النفاس)
നിഫാസ് പതിവിന് വിപരീതമായി വരുന്നതിന് രണ്ടു രൂപങ്ങളാണ്.
- 40 ദിവസത്തേക്കാൾ കൂടുതൽ വരിക
വിധി: എവിടെ മുൻ പതിവിനെ പരിഗണിച്ച് നിഫാസ് കണക്കാക്കും ബാക്കിയുള്ളത് ഇസ്തിഹാള യായിരിക്കും.
ഉദാഹരണം: ആദ്യ കുഞ്ഞിന്റെ പ്രസവത്തിനുശേഷം 20 ദിവസമായിരുന്നു നിഫാസ് വന്നത്. അടുത്ത പ്രസവാനന്തരം 40 ദിവസം രക്തം വന്നു. മുൻപുള്ള 20 ദിവസത്തെ പതിവ് പരിഗണിച്ച് നിഫാസ് 20 ദിവസവും ബാക്കിയുള്ളത് ഇസ്തിഹാളയായും പരിഗണിക്കും.
- നിഫാസ് പതിവിനേക്കാൾ കുറഞ്ഞ വരിക എന്നാൽ 40 ദിവസത്തേക്കാൾ കൂടിയില്ല.
വിധി: ഇവിടെ 40 ദിവസവും നിഫാസ് ആയിരിക്കും. എണ്ണത്തിന്റെ വിഷയത്തിൽ പതിവ് വ്യത്യസ്തമാകാൻ സാധ്യതയുണ്ട്.
A. നിഫാസ് പതിവിനെക്കാൾ കുറഞ്ഞു വരുന്നതിന്റെ ഉദാഹരണം: മുൻ പതിവ് 20 ദിവസമായിരുന്നു. ഇപ്പോ 15 ദിവസത്തിൽ നിന്നു. നിഫാസ് 15 ദിവസമാണ് ഇവിടെ പതിവ് വ്യത്യാസപ്പെട്ടിരിക്കുന്നു.
B. നിഫാസ് പതിവിനേക്കാള്‍ കൂടുന്നതിന്റെ ഉദാഹരണം: മുൻ പതിവ് 20 ദിവസമായിരുന്നു. ഇപ്പോ 30 ദിവസം രക്തം വന്നു. ഇവിടെ പതിവ് വ്യത്യാസപ്പെട്ടിരിക്കുന്നു 30 ദിവസം നിഫാസ് ആയിരിക്കും.
പതിവ് ഹൈളിന്റെ ദിവസങ്ങളേക്കാൾ നേരത്തെ രക്തം വരിക.ഇങ്ങനെ രക്തം വരുന്നതിൽ മൂന്നു രൂപങ്ങളാണ്
A. ഒരു സ്ത്രീക്ക് ഹൈളിന്റെ പതിവ് ദിവസങ്ങൾക്കു മുമ്പ് രക്തം വന്നു. ഈ ദിവസങ്ങളും ഹൈളിന്റെ ദിവസവും കൂടി കൂട്ടുമ്പോൾ മൊത്തം 10 ദിവസത്തേക്കാൾ കൂടുതലാണ്
വിധി: ഇവിടെ അവളുടെ പതിവു ദിവസം വരെ കാത്തിരിക്കുകയും നമസ്കാരം നിർവഹിക്കുകയും ചെയ്യണം.
ഉദാഹരണം: എട്ടു ദിവസം ഹൈളും 22 ദിവസം ശുദ്ധിയുമായിരുന്നു അവളുടെ പതിവ്. എന്നാൽ ശുദ്ധിയായി 15 ദിവസത്തിന് ശേഷം രക്തം കണ്ടു. 15 മുതൽ 22 വരെ അവൾ നിസ്കാരം നിർവഹിക്കണം.( പതിവിന് 8 ദിവസം മുമ്പ് രക്തം വന്നു. ഹൈള് എട്ട് ദിവസം 8+8= 16)
B. ഒരു സ്ത്രീക്ക് ഹൈളിന്റെ പതിവ് ദിവസങ്ങൾക്കു മുമ്പ് രക്തം വന്നു. ഈ ദിവസങ്ങളും ഹൈളിന്റെ ദിവസവും കൂടി കൂട്ടുമ്പോൾ മൊത്തം 10 ദിവസത്തേക്കാൾ കുറവാണ്.
വിധി: ഇവിടെ അവൾ രക്തം കണ്ടാൽ നമസ്കാരവും മറ്റും ഉപേക്ഷിക്കണം.
ഉദാഹരണം: എട്ടു ദിവസം ഹൈളും 22 ദിവസം ശുദ്ധിയുമായിരുന്നു അവളുടെ പതിവ്. എന്നാൽ ശുദ്ധിയായി 20 ദിവസത്തിന് ശേഷം രക്തം കണ്ടു. പെട്ടെന്ന് തന്നെ നിസ്കാരവും മറ്റും ഉപേക്ഷിക്കണം (പതിവിന് 2 രണ്ടുദിവസം മുമ്പ് രക്തം വന്നു.ഹൈള് എട്ട് ദിവസം 8+2=10)
C. ഒരു സ്ത്രീക്ക് അവളുടെ പതിവിനും ഇപ്പോൾ കണ്ട രക്തത്തിനും ഇടയിൽ കുറഞ്ഞത് 18 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം.അതായത് ഇപ്പൊ കണ്ട രക്തത്തെയും പതിവ് സമയത്തുള്ള രക്തത്തെയും വേറെ വേറെ ഹൈള് ആയിട്ട് കണക്കാക്കാൻ പറ്റുമെങ്കിൽ ഉടൻതന്നെ നിസ്കാരങ്ങളും മറ്റും ഉപേക്ഷിക്കണം.
ഉദാഹരണം: ഏഴ് ദിവസം ഹൈളും 40 ദിവസം ശുദ്ധിയും പതിവാണ്.ഇവിടെ ശേഷം 20 ദിവസം കഴിഞ്ഞ് രക്തം വന്നു.ഉടൻ തന്നെ നിസ്കാരവും മറ്റും ഉപേക്ഷിക്കണം
പതിവിന് മുമ്പ് രക്തം
പതിവിന് മുമ്പ് രക്തം വരികയും ശുദ്ധി ഇടവേള 15 ദിവസം പൂർത്തിയായില്ല
വിധി: ശുദ്ധിയുടെ ഏറ്റവും കുറഞ്ഞ കാലം 15 ദിവസമാണ്.15 പൂർത്തിയാകാതെ രക്തം കണ്ടാൽ ആ 15 ന്റെ പരിധിയിൽ കാണുന്ന രക്തം ഇസ്തിഹാള ആയിരിക്കും.
ഉദാഹരണം: ഒരു സ്ത്രീക്ക് 7 ദിവസം ഹൈളും 23 ദിവസം ശുദ്ധിയും പതിവാണ്. എന്നാൽ ഹൈളിൽ നിന്നും ശുദ്ധിയായി പതിമൂന്നാമത്തെ ദിവസം രക്തം വന്നു.
വിധി: ശേഷം പതിമൂന്നാമത്തെ ദിവസം രക്തം വന്നതിനാൽ ഏറ്റവും കുറഞ്ഞ കാലയളവായ 15 ദിവസം പൂർത്തിയായിട്ടില്ല.13-15 ദിവസങ്ങളിലെ രക്തം ഇസ്തിഹാളയാണ്.16 മുതലുള്ള രക്തം കുറഞ്ഞത് മൂന്ന് ദിവസം (18 വരെ) കുറയാതെ പുറപ്പെടുന്നുണ്ടെങ്കിൽ അത് ഹൈളാണ്. മൂന്നുദിവസത്തേക്കാൾ കുറവാണെങ്കിൽ അതും ഇസ്തിഹാളയാണ്.അവിടെ 16 മുതലുള്ള നിസ്കാരങ്ങൾ ഖളാഅ് വീട്ടൽ നിർബന്ധമാണ്.
പതിവുള്ളവൾക്ക് ഹൈള്, നിഫാസ് നിലക്കുമ്പോൾ നിസ്കാരം,നോമ്പ്,സംയോഗം എന്നിവയുടെ വിധികൾ
ഇതിന് നാല് രൂപങ്ങളുണ്ട്
(1) ഹൈളിൽ സാധാരണ പതിവ് കാലയളവ് പത്ത് ദിവസവും നിഫാസിന്റെ പതിവ് കാലയളവ് നാൽപ്പത് ദിവസവും ആയിരുന്നു. സാധാരണ പതിവിൽ മാറ്റം വരാതെ പത്ത്, നാല്പത് ദിവസത്തിനുശേഷം രക്തം നിലച്ചു
ഉദാഹരണം: ഒരു സ്ത്രീക്ക് പത്ത് ദിവസം ഹൈള് പതിവുണ്ടായിരുന്നു.20 ദിവസം ശുദ്ധിയായിരുന്നു.ഇപ്പോൾ അവളുടെ ഹൈള് 10 പൂർത്തിയായതിനുശേഷം നിലച്ചു
ഇവിടെ അഞ്ച് വിധികൾ ബാധകമാണ്
- നിസ്കാരത്തിന്റെ മുസ്തഹബ്ബായ സമയത്തേക്കാൾ പിന്തിച്ച് നിസ്കരിക്കൽ മുസ്തഹാബ്ബോ വാജിബോ ഇല്ല
- ഹൈള് നിന്നതിനു ശേഷം ആ നിസ്കാരത്തിന്റെ സമയത്തിൽ "അള്ളാഹ്" എന്ന് ഉച്ചരിക്കാൻ വേണ്ടുന്നത്ര സമയമോ അതിൽ കൂടുതലോ സമയം അവശേഷിക്കുന്നുണ്ടങ്കിൽ അത് നിർവഹിക്കൽ നിർബന്ധമാണ്. സാധിച്ചില്ലെങ്കിൽ ഖളാ വീട്ടൽ നിർബന്ധമാണ്. അങ്ങനെ ഇല്ലെങ്കിൽ നിർബന്ധമില്ല.
- ഫജ്‌ർ സ്വാദിഖിനു ഒരു നിമിഷമെങ്കിലും മുമ്പ് ശുദ്ധയായാൽ നോമ്പ് പിടിക്കണം. ഫജ്‌ർ സ്വാദിഖോടെയോ അതിനു ശേഷമോ ശുദ്ധയാകുകയാണെങ്കിൽ പകൽ മുഴുവൻ അവൾ നോമ്പുകാരിയെപ്പോലെ കഴിയണം.
- കുളിക്കാതെ തന്നെ സംയോഗം അനുവദനീയമാണ്. കുളിച്ചതിനുശേഷം ചെയ്യലാണ് ശ്രേഷ്ഠത.
- ഹൈള് നിലയ്ക്കുന്നതിന് വെളുത്ത സ്രവം വരണമെന്നില്ല (പുറപ്പെടൽ നിലച്ചാൽ മാത്രം മതി).
(2) ഹൈളിൽ സാധാരണ പതിവ് കാലയളവ് കൂടിയ കാലത്തേക്കാൾ (ഹൈളിൽ 10,നിഫാസിൽ 40) കുറവായിരുന്നു. ഇപ്പോൾ പതിവിനു യോജിച്ച് ഇല്ലെങ്കിൽ അതിന് ശേഷവും തുടർന്ന് കൂടിയ കാലയളവിന് മുമ്പ് നിലച്ചു.
പതിവിന് യോജിച്ച് നിലക്കുന്നതിന്റെ ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് ആറു ദിവസം ഹൈളും 15 ദിവസം ശുദ്ധിയുമാണ്. പിന്നീട് ഏഴാം ദിവസം രക്തം നിലച്ചു.
പതിവിനു ശേഷവും തുടർന്ന് കൂടിയ കാലയളവിന് മുമ്പ് നിലയ്ക്കുന്നതിന്റെ ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് നാല് ദിവസം ഹൈളും 20 ദിവസം ശുദ്ധിയുമാണ്. പിന്നീട് ആറാം ദിവസം രക്തം നിലച്ചു.
ഇവിടെ ആറ് വിധികൾ ബാധകമാകും
- അവൾ ഉടൻ കുളിച്ച് നിസ്കരിക്കണം. നിസ്കാരത്തിന്റെ മുസ്തഹബ്ബായ സമയത്തേക്കാൾ പിന്തിച്ച് നിസ്കരിക്കൽ മുസ്തഹബ്ബാണ് നിർബന്ധമില്ല.
- ഹൈള് നിന്നതിനു ശേഷം ആ നിസ്കാരത്തിന്റെ സമയത്തിൽ കുളിച്ച് (കാരണമുണ്ടെങ്കിൽ തയമും ചെയ്ത്) "അള്ളാഹ്" എന്ന് ഉച്ചരിക്കാൻ വേണ്ടുന്നത്ര സമയമോ അതിൽ കൂടുതലോ സമയം അവശേഷിക്കുന്നുണ്ടങ്കിൽ അത് നിർവഹിക്കൽ നിർബന്ധമാണ്. സാധിച്ചില്ലെങ്കിൽ ഖളാ വീട്ടൽ നിർബന്ധമാണ്. അങ്ങനെ ഇല്ലെങ്കിൽ നിർബന്ധമില്ല.
- ഫജ്‌ർ സ്വാദിഖിനു മുമ്പ് കുളിച്ച് (കാരണമുണ്ടെങ്കിൽ തയമും ചെയ്ത്) "അള്ളാഹ്" എന്ന് ഉച്ചരിക്കാൻ വേണ്ടുന്നത്ര സമയമോ അതിൽ കൂടുതലോ സമയം അവശേഷിക്കുന്നുണ്ടങ്കിൽ നോമ്പ് പിടിക്കണം. സമയമില്ലെങ്കിൽ പകൽ മുഴുവൻ നോമ്പുകാരിയെ പോലെ കഴിയണം.
- ഹൈള് നിലയ്ക്കുന്നതിന് വെളുത്ത സ്രവം വരണമെന്നില്ല (പുറപ്പെടൽ നിലച്ചാൽ മാത്രം മതി).
- ഹൈളിൽ പത്ത് ദിവസം പൂർത്തിയാകുന്നതിന് മുമ്പും നിഫാസ് രക്തസ്രാവത്തിൽ നാൽപ്പത് ദിവസം തികയുന്നതിന് മുമ്പും രക്തം നിസ്കാരവും നോമ്പും മറ്റും ഉപേക്ഷിക്കണം.
- സ്ത്രീ മുസ്ലീമാണെങ്കിൽ (അഹ്ലു കിതാബിക്ക് ബാധകമല്ല) സംയോഗം അനുവദനീയമാകണമെങ്കിൽ മൂന്ന് നിബന്ധനകളിൽ ഒന്ന് പാലിക്കേണ്ടതുണ്ട്.
A.അവൾ നിസ്കരിച്ചില്ലെങ്കിലും കുളിക്കണം
B.തയമുമിന്റെ കാരണങ്ങൾ ഉണ്ടെങ്കിൽ ടൈം ചെയ്ത് നമസ്കരിക്കണമെന്നും നമസ്കരിക്കേണ്ട എന്നും അഭിപ്രായമുണ്ട്. നമസ്കരിക്കണം എന്നുള്ളതാണ് സൂക്ഷ്മത. നമസ്കരിക്കാതിരിക്കലാണ്ഏറ്റവും പ്രബലമായ അഭിപ്രായം.
C.അവൾക്ക് ഒരു നിസ്കാരം ഖളാ ഉണ്ടാകണം. അതായത് അവൾ ശുദ്ധി ആയതിനുശേഷം കുളിച്ച് തക്ബീറത്തുൽ ഇഹ്റാം പറയാനത്ര സമയം നിസ്കാരത്തിന് ബാക്കി ഉണ്ടായിട്ടും അത് നഷ്ടപ്പെട്ടു. ഇവിടെ സംയോഗം അനുവദനീയമാണ് കുളിച്ചില്ലെങ്കിലും ശരി.
മൂന്നാമത്തെ കാര്യത്തിൽ നിന്ന് വ്യക്തമാകുന്നത് ഒരു സ്ത്രീയുടെ രക്തം സൂര്യോദയത്തിനു ശേഷമോ അതിനു അൽപ്പം മുമ്പോ നിലച്ചാൽ (കുളിയും തക്ബീറത്തുൽ ഇഹ്റാം രണ്ടും ചെയ്യാൻ കഴിയാത്തത്ര സമയം കുറവാണ്) അസറിന്റെ സമയത്തിന് മുമ്പ് കുളിക്കാതെ സംയോഗം അനുവദനീയമല്ല. അതുപോലെ ഇഷായ്ക്ക് ശേഷം അല്ലെങ്കിൽ അതിന് അൽപ്പം മുമ്പോ രക്തം നിലച്ചാൽ ഫജ്‌ർ സ്വാദിഖിനു മുമ്പ് അവളോടൊപ്പം കുളിക്കാതെ സംയോഗം അനുവദനീയമല്ല.
ഹൈളിന്റെ കൂടിയ കാലം കഴിഞ്ഞാൽ മൂന്നു കാര്യങ്ങളിൽ നിന്ന് ഒന്നും പാലിക്കപ്പെട്ടിട്ടില്ല എങ്കിലും കുഴപ്പമില്ല സംയോഗം അനുവദനീയമാണ്.
ഇവിടെ കുളി എന്നത് നിർബന്ധിത കുളിയാണ് അതിൽ കുളിക്കുന്ന സമയത്ത് വെള്ളം നിറയ്ക്കുക, വസ്ത്രങ്ങൾ മാറ്റുക മുതലായവയ്ക്കുള്ള സമയവും ഉൾപ്പെടുന്നു.
(3) ഹൈളിന്റെ സാധാരണ പതിവ് കാലയളവിന്റെന്റെ ആരംഭ മൂന്ന് ദിവസത്തിന് ശേഷം രക്തം നിലച്ചു
ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് അഞ്ച് ദിവസം ഹൈളും 25 ദിവസം ഇസ്തിഹാളയും. പിന്നീട് നാല് ദിവസത്തിന് ശേഷം രക്തം നിലച്ചു
ഇവിടെ അഞ്ചു വിധികൾ ബാധകമാണ്
- അവളുടെ പതിവ് ദിവസങ്ങൾ അവസാനിക്കുന്നത് വരെ നിസ്കാരത്തിന്റെ മുസ്തഹബ്ബായ സമയത്തേക്കാൾ പിന്തിച്ച് നിസ്കരിക്കൽ വാജിബാണ്. പതിവിനു ശേഷം 10 ദിവസം വരെ പിന്തിക്കൽ മുസ്തഹബ്ബാണ്.
- ഹൈള് നിന്നതിനു ശേഷം ആ നിസ്കാരത്തിന്റെ സമയത്തിൽ കുളിച്ച് (കാരണമുണ്ടെങ്കിൽ തയമും ചെയ്ത്) "അള്ളാഹ്" എന്ന് ഉച്ചരിക്കാൻ വേണ്ടുന്നത്ര സമയമോ അതിൽ കൂടുതലോ സമയം അവശേഷിക്കുന്നുണ്ടങ്കിൽ അത് നിർവഹിക്കൽ നിർബന്ധമാണ്. സമയമില്ലെങ്കിൽ നിർബന്ധമില്ല. സാധിച്ചില്ലെങ്കിൽ ഖളാ വീട്ടൽ നിർബന്ധമാണ്.
- ഫജ്‌ർ സ്വാദിഖിനു മുമ്പ് കുളിച്ച് ( കാരണമുണ്ടെങ്കിൽ തയമും ചെയ്ത്) "അള്ളാഹ്" എന്ന് ഉച്ചരിക്കാൻ വേണ്ടുന്നത്ര സമയമോ അതിൽ കൂടുതലോ സമയം അവശേഷിക്കുന്നുണ്ടങ്കിൽ അവൾ നോമ്പ് പിടിക്കണം. അങ്ങനെയില്ലെങ്കിൽ പകൽ മുഴുവൻ നോമ്പുകാരിയെ പോലെ കഴിയണം.
- പതിവ് ദിവസങ്ങൾ അവസാനിക്കുന്നത് വരെ സംയോഗം ഹറാമാണ്. ശേഷം അനുവദനീയമാണ്.
- ഹൈള്,നിഫാസ് നിലയ്ക്കുന്നതിന് വെളുത്ത സ്രവം പുറപ്പെടൽ നിർബന്ധമാണ്.
(4) ഹൈളിൽ പതിവുള്ളവർക്ക് ഹൈളിന്റെ കുറഞ്ഞ കാലാവധിയായ മൂന്ന് ദിവസത്തിനേക്കാൾ മുമ്പ് രക്തം നിലയ്ക്കുക
ഉദാഹരണം: ഒരു സ്ത്രീയുടെ പതിവ് അഞ്ച് ദിവസമായിരുന്നു. 15 ദിവസം ശുദ്ധി. പിന്നീട് രണ്ടുദിവസത്തിനുശേഷം രക്തം വന്നു.
ഇവിടെ അഞ്ചു വിധികൾ ബാധകമാണ്
- അവൾ കുളിക്കാതെ നിസ്കരിക്കാം. എന്നാൽ അവളുടെ പതിവ് ദിവസങ്ങൾ അവസാനിക്കുന്നത് വരെ നിസ്കാരത്തിന്റെ മുസ്തഹബ്ബായ സമയത്തേക്കാൾ പിന്തിച്ച് നിർവഹിക്കൽ വാജിബാണ്. പതിവിനു ശേഷം 10 ദിവസം വരെ പിന്തിക്കൽ മുസ്തഹബ്ബാണ്.
- പകലിന്റെ മധ്യത്തിന് ( ഉച്ചക്ക് 11to12 മണിക്ക്) മുമ്പ് ശുദ്ധയാകുകയും ഇതുവരെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ അവൾ നോമ്പ് പിടിക്കണം അല്ലെങ്കിൽ പകലിന്റെ മധ്യത്തിന് മുമ്പ് അവൾ ശുദ്ധി പ്രാപിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവൾ നോമ്പുകാരിയെ പോലെ കഴിയണം അതായത് വൈകുന്നേരം വരെ അവൾ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്
- പതിവ് ദിവസങ്ങൾ അവസാനിക്കുന്നത് വരെ സംയോഗം ഹറാമാണ്. ശേഷം അനുവദനീയമാണ്.
- രക്തം പുറപ്പെട്ട് 10 ദിവസം പൂർത്തിയാവുന്നതിനു മുമ്പ് വീണ്ടും രക്തം കണ്ടാൽ നമസ്കാരവും നോമ്പ് മറ്റു ഉപേക്ഷിക്കണം.
- ഹൈള് നിലയ്ക്കുന്നതിന് വെളുത്ത സ്രവം വരണമെന്നില്ല (പുറപ്പെടൽ നിലച്ചാൽ മാത്രം മതി).
ഹൈള്,നിഫാസുമായി ബന്ധപ്പെട്ട വിധികൾ
- ഹൈള് നിഫാസിന്റെ സമയങ്ങളിൽ ഫർളോ സുന്നത്തോ നഫ്ലോ വാജിബോ ആയ ഒരു നമസ്കാരങ്ങളും അനുവദനീയമല്ല.
- നിർബന്ധിതവും അല്ലാത്തതുമായ ഒരു സുജൂദുകളും അനുവദനീയമല്ല. ഉദാ: തിലാവത്തിന്റെ സുജൂദ് ശുക്റിന്റെ സുജൂദ്.
- ഹൈള് നിഫാസിന്റെ സമയങ്ങളിൽ ഫർളോ വാജിബോ ആയ ഒരു നമസ്കാരങ്ങളും നിർബന്ധമില്ല. ശേഷം ഖളാ വീട്ടേണ്ട ആവശ്യമില്ല.
- സജദയുടെ ആയത്തുകൾ സ്വന്തമായി ഓതിയാലോ കേട്ടാലോ സുജൂദ് നിർബന്ധമില്ല.
- നിസ്കാരം നിർബന്ധമില്ലെങ്കിലും അതാത് നിസ്കാരങ്ങളുടെ സമയങ്ങളിൽ നിസ്കരിക്കാൻ ആവശ്യമായ സമയമത്രയും തസ്ബീഹ് ദിക്റുകളിൽ ജോലിയാകൽ മുസ്തഹബ്ബാണ്.
- ഒരു നിസ്കാരത്തിന്റെ അവസാന സമയം വരെ നിസ്കരിക്കാതിരിക്കുകയും ശേഷം ഹൈള് പുറപ്പെടുകയും ചെയ്താൽ ആ നമസ്കാരം നിർബന്ധമില്ല.
- ഹൈള് നിഫാസിന്റെ സമയങ്ങളിൽ ഫർളോ സുന്നത്തോ നഫ്ലോ വാജിബോ ആയ ഒരു ഒരു നോമ്പും നിർബന്ധമില്ല. ഫർള് നോമ്പുകൾ ഖളാ വീട്ടൽ നിർബന്ധമാണ്.
- നോമ്പിന്റെ സമയത്ത് മഗ്രിബിന്റെ ഒരു നിമിഷമെങ്കിലും മുമ്പ് ഹൈളോ നിഫാസോ പുറപ്പെട്ടാൽ ആ നോമ്പ് നഷ്ടപ്പെടുന്നതും സുന്നത്താണെങ്കിലും ആ നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്.
- എന്തെങ്കിലും പ്രത്യേകമായ ദിവസങ്ങളിൽ നിസ്കാരമോ നോമ്പോ നേർച്ച വയ്ക്കുകയും ആ ദിവസങ്ങളിൽ ഹൈള് നിഫാസ് രക്തം പുറപ്പെടുകയും ചെയ്താൽ പിന്നീട് ആ നോമ്പും നിസ്കാരവും ഖളാ വീട്ടൽ നിർബന്ധമാണ്.
- ഹൈള് നിഫാസ് സമയങ്ങളിൽ ഖുർആൻ ഓതൽ അനുവദനീയമല്ല. നാവ് ചലിപ്പിക്കാതെ മനസ്സിൽ ഓതൽ അനുവദനീയമാണ്. ദുആ എന്ന അടിസ്ഥാനത്തിൽ ചില ആയത്തുകൾ ഓതൽ അനുവദനീയമാണ്.
- ഖുർആൻ പഠിപ്പിക്കുന്നവർ വാക്കുകൾ മുറിച്ചു മുറിച്ച് ഓതി പഠിപ്പിക്കണം. ഒറ്റ ശ്വാസത്തിൽ രണ്ടു വാക്കുകൾ ഓതൽ അനുവദനീയമല്ല. ഓരോ ഓരോ വാക്കുകളായി പഠിപ്പിക്കലും ഹിജ്ജ് ചെയ്തു പഠിപ്പിക്കലും അനുവദനീയമാണ്.
- ഖുനൂത്ത് മറ്റു ദുആകൾ പഠിപ്പിക്കൽ കറാഹത്തില്ലതെ തന്നെ അനുവദനീയമാണ്.
- ഖുർആൻ നോക്കൽ അനുവദനീയമാണ്.
- മുസ്ഹഫ് കയ്യിലെടുക്കൽ അനുവദനീയമല്ല ഹറാമാണ്.തഫ്സീർ ഹദീസ് ഫിഖ്ഹ് പോലെയുള്ള മറ്റു ഗ്രന്ഥങ്ങൾ അനുവദനീയമാണ്. എന്നാൽ അതിൽ ആയത്തുകൾ എഴുതപ്പെട്ട ഭാഗത്ത് സ്പർശിക്കൽ അനുവദനീയമല്ല.വുളു ഇല്ലാതെ തൊടാതിരിക്കൽ മുസ്തഹബ്ബാണ്.
- തുണിയോ മറ്റ് മറകളോ ഉപയോഗിച്ച് മുസഹഫ് എടുക്കൽ അനുവദനീയമാണ്. എന്നാൽ ധരിച്ചിരിക്കുന്ന സോക്സ് പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് എടുക്കൽ അനുവദനീയമല്ല.
- ഖുർആൻ എഴുതൽ അനുവദനീയമല്ല എന്നാൽ പേപ്പറിൽ തൊടാതെ പേന കൊണ്ട് എഴുതൽ അനുവദനീയമാണ്
- പള്ളിയിലൂടെ കടന്നുപോകാനോ താമസിക്കാനോ ഉള്ള ഉദ്ദേശ്യത്തിൽ പള്ളിയിൽ പ്രവേശിക്കുന്നത് ഹറാമാണ്. അത്യാവശ്യമെങ്കിൽ അനുവദനീയമാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ പ്രവേശിക്കേണ്ടിവന്നാൽ തയമും ചെയ്ത് പ്രവേശിക്കലാണ് ഉത്തമം.
- ഈദ് ഗാഹിലും കബർസ്ഥാനികളിലും പ്രവേശിക്കൽ അനുവദനീയമാണ്.
- തവാഫ് ചെയ്യൽ അനുവദനീയമല്ല ഹറാമാണ്. ഇനി ചെയ്താൽ സ്വഹീഹാകുന്നതാണ് പക്ഷേ പാപം ഉണ്ടായിരിക്കും. സിയാറത്ത് തോപ്പിൽ ഒട്ടകമോ പശുമോ അറുത്ത് നല്കൽ നിർബന്ധമാകും. മറ്റു തവാഫുകളിൽ ആട് നിർബന്ധമാണ്.
- ഈ അവസ്ഥയിൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും പൊക്കിൾ മുതൽ കാൽമുട്ട് വരെ ഏതെങ്കിലും ഭാഗത്ത് സ്പർശിക്കുന്നതോ നോക്കുന്നതോ അത് കാമമില്ലാതെയാണെങ്കിൽ പോലും അനുവദനീയമല്ല ഹറാമാണ്.എന്നിരുന്നാലും വസ്ത്രത്തിന്റെ മുകളിലൂടെ സ്പർശിക്കുന്നതും അനുവദനീയമാണ് ഒരു കട്ടിലിൽ കിടന്ന് ചുംബിക്കുന്നതും കെട്ടിപിടിച്ച് കിടക്കുന്നതും അനുവദനീയമാണ്.
- ഒരു സ്ത്രീ തനിക്ക് ഹൈളായി എന്ന് അറിയിച്ചാൽ ഭർത്താവിന് സ്ത്രീയുടെ പവിത്രതയെയും അവളുടെ സത്യസന്ധതയെയും കുറിച്ച് ഉറപ്പുള്ള അവസ്ഥയിൽ ലൈംഗിക ബന്ധവും അതുപോലെ കൈകൾ കൊണ്ട് ഈ ഭാഗം സ്പർശിക്കുന്നതും ഭർത്താവിന് അനുവദനീയമല്ല ഹറാമാണ്.അവൾ ഫാസിഖ (അനുസരണക്കേട്) ഉള്ളവളാണെങ്കിൽ കള്ളം പറയുകയാണെന്ന് ഭർത്താവിന് ഉറപ്പുണ്ടെങ്കിൽ സ്ത്രീയുടെ വാക്കുകൾ പരിഗണിക്കേണ്ടതില്ല
- ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും സ്വമേധയാ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ഇരുവരും പാപികളാവും. ഒരാൾക്ക് സ്വമേധയാ ആഗ്രഹമുണ്ടെങ്കിൽ മറ്റൊരാൾ നിർബന്ധിതനാണെങ്കിൽ സ്വമേധയാ പ്രവർത്തിച്ചയാൾ മാത്രമേ പാപിയാവൂ. ഈ അവസ്ഥയിൽ ലൈംഗിക ബന്ധം അനുവദനീയമാണെന്ന് കരുതുന്നവർക്ക് മുൻകരുതൽ എന്ന നിലയിൽ അവരുടെ ഈമാനും വിവാഹവും പുതുക്കേണ്ടത് നിർബന്ധമാണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
21. ഇഅ്തികാഫ് അനുവദനീയമല്ല ഹറാമാണ്. അനുഷ്ഠിച്ചാലും അത് സ്വഹീഹാവുകയില്ല.ഇഅ്തികാഫ് ആരംഭിക്കുകയും ഇടയിൽ വച്ച് രക്തം പുറപ്പെടുകയും ചെയ്താൽ അത് മുറിക്കുകയും പിന്നീട് ഖളാ വീട്ടൽ നിർബന്ധവുമാണ്
22. ഹൈള് നിഫാസ് സമയങ്ങളിൽ തലാക്ക് ചെയ്യൽ ഹറാമിനോട് അടുത്ത കറാഹത്താണ്. പറഞ്ഞാൽ സംഭവിക്കുന്നതാണ്.
23. ഹൈളും നിഫാസും അവസാനിച്ചാൽ കുളി നിർബന്ധമാണ്.
24. ഹൈളിലും നിഫാസിലും ധരിക്കുന്ന വസ്ത്രങ്ങളിൽ കറകളോ പാടുകളോ ഇല്ലെങ്കിൽ, ആ വസ്ത്രങ്ങൾ കുളിക്ക് ശേഷം ധരിക്കാം.കാരണം ആ വസ്ത്രങ്ങൾ ശുദ്ധമാണ്.
25. ഹൈളിലും നിഫാസിലും ധരിക്കുന്ന സോക്സുകൾ മറ്റ് വസ്ത്രങ്ങൾ ഇവയൊന്നും കഴുകൽ നിർബന്ധമില്ല.
26. ഈ അവസ്ഥയിൽ കൊഴിഞ്ഞുപോകുന്ന മുടിയോ മുറിച്ച നഖങ്ങളോ കഴുകേണ്ട ആവശ്യമില്ല.
27. ഈ അവസ്ഥയിൽ നഖങ്ങൾ മുറിക്കാൻ അനുവാദമുണ്ട്. പക്ഷേ നഖങ്ങൾ ശുദ്ധിയുള്ള അവസ്ഥയിൽ മുറിക്കൽ മുസ്തഹബ്ബാണ്.
28. കുളിക്കിടെ നഖങ്ങളിൽക്ക് ഇടയിൽ അഴുക്കുകൾ അവശേഷിച്ചാലും കുളി ശരിയാകുന്നതാണ്.
29. കുളിക്കിടെ ധരിക്കുന്ന കമ്മലുകൾ, മോതിരങ്ങൾ മുതലായവ കുടഞ്ഞുകളയുകയും അവയുടെ ഉള്ളിൽ വെള്ളം എത്തിക്കൽ നിർബന്ധവുമാണ്.
30. നഖങ്ങളിൽ ഉള്ള മാവ് അല്ലെങ്കിൽ നെയിൽ പോളിഷ് നീക്കം ചെയ്യേണ്ടത് നിർബന്ധമാണ്.
ഹൈള് രക്തത്തിന്റെ നിറങ്ങൾ
ഹൈളിന്റെ സമയത്ത് ആറ് നിറങ്ങളിൽ രക്തം പുറപ്പെടുന്നതാണ്
- ചുവപ്പ്
- മഞ്ഞ
- പച്ച
- ചാര നിറം
- കറുപ്പ്
- ചെളി നിറം
ശുദ്ധമായ വെള്ള ഒഴികെയുള്ള ഇവയിൽ നിന്നുള്ള ഏത് നിറത്തിലുള്ള സ്രവവും ഹൈളായി കണക്കാക്കപ്പെടും
ഗർഭാശയ സ്രവങ്ങൾ (سيلان رحم)
സാധാരണയായി ശുദ്ധിയുടെ കാലയളവിൽ സ്ത്രീകൾക്ക് വെള്ളപോക്ക് ( Leukorrhea) ഉണ്ടാവാറുണ്ട്.ഇതിനെ ഗർഭാശയ സ്രവങ്ങൾ (سيلان رحم) പറയപ്പെടുന്നു.
ഇത് അഞ്ചു നിറങ്ങളിലാണ് കാണുക
- വെള്ള
- മഞ്ഞ വൈക്കോൽ പോലെയുള്ള നിറത്തിൽ ചിലപ്പോൾ ചുവപ്പ് കലർന്ന മഞ്ഞ നിറത്തിൽ
- മണ്ണ് കലർന്ന നിറം
- ചെളി കലർന്ന (കാക്കി)നിറം
- പച്ച
ചില മസ്‌അലകൾ
- ഹൈളിന്റെ സമയത്ത് ചുവപ്പ് അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള സ്രവവും ശുദ്ധി ദിവസങ്ങളിൽ ഈ അഞ്ച് നിറങ്ങളിൽ ഏതെങ്കിലും ഒന്ന് വന്നാൽ ശീലമനുസരിച്ച് ഹൈള് അവസാനിക്കുകയും അവളുടെ ശുദ്ധി ആരംഭിക്കുകയും ചെയ്യും. ഉദാ: ഒരു സ്ത്രീക്ക് ചുവന്ന രക്തമുണ്ടെങ്കിൽ അവളുടെ ഗർഭാശയ സ്രവം പച്ചയാണെങ്കിൽ ചുവപ്പിന് ശേഷം പച്ച നിറം പ്രത്യക്ഷപ്പെട്ടാലുടൻ അവളുടെ ഹൈള് അവസാനിക്കുകയും അവളുടെ ശുദ്ധി ആരംഭിക്കുകയും ചെയ്യും.
- വെളുത്ത സ്രവങ്ങൾ ഒഴികെ ശേഷിക്കുന്ന നിറങ്ങൾ ഹൈളിന്റെ ദിവസങ്ങളിലും നിഫാസിന്റെ കാലഘട്ടത്തിലും ഹൈളായും നിഫാസ്സായും പരിഗണിക്കപ്പെടും
- ഈ നിറങ്ങൾ (പച്ച, മഞ്ഞ, മണ്ണ്, കാക്കി) പതിനഞ്ച് ദിവസത്തിൽ താഴെ മാത്രാണ് വരുന്നതെങ്കിൽ അത് രക്തമാണെന്നും പതിനഞ്ച് ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുകയാണെങ്കിൽ അത് ഗർഭാശയ സ്രവമാണെന്നും മനസ്സിലാക്കാം.ഉദാ: ആറ് ദിവസം പതിവുള്ള ഒരു സ്ത്രീക്ക് ഏഴ് ദിവസത്തേക്ക് ചുവന്ന രക്തമാണ് വന്നത് തുടർന്ന് ഈ നിറങ്ങളിൽ ഒന്ന് ആരംഭിക്കുന്നു ഈ നിറം പതിനഞ്ച് ദിവസത്തിൽ താഴെ നീണ്ടുനിൽക്കുകയാണെങ്കിൽ അത് രക്തമായി കണക്കാക്കപ്പെടുന്നു.ഹൈള് അവളുടെ മുൻ പതിവനുസരിച്ച് ആറ് ദിവസമായി കണക്കാക്കും.പതിനഞ്ച് ദിവസമോ അതിൽ കൂടുതലോ ഈ നിറം ഉണ്ടെങ്കിൽ ഇത് ഗർഭാശയ സ്രവമായി കണക്കാക്കുകയും ഹൈള് ഏഴ് ദിവസത്തേക്ക് കണക്കാക്കും.
- ഗർഭാശയ സ്രവത്തിൽ പതിവ് ഇല്ലാത്ത ഒരു സ്ത്രീക്കുള്ള വിധിയാണ് മേൽപ്പറഞ്ഞത്. അല്ലാത്തപക്ഷം പതിവ് അനുസരിച്ച് കണക്കാക്കപ്പെടും.
- ഒരു സ്ത്രീക്ക് (അമ്പത്തിയഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു സ്ത്രീ) ചുവപ്പ് അല്ലെങ്കിൽ കറുപ്പ് രക്തത്തോടെ കണ്ടാൽ മാത്രമേ അതിനെ ഹൈളായി പരിഗണിക്കുകയുള്ളു അവളുടെ ശീലം എന്തുതന്നെയായാലും മറ്റ് നിറങ്ങളോടെ പരിഗണിക്കപ്പെടുകയില്ല.
- നനഞ്ഞ അവസ്ഥയിൽ സ്രവിക്കുന്നതിന്റെ നിറമാണ് പരിഗണിക്കപ്പെടുക. ഉണങ്ങിയതിനു ശേഷമുള്ള നിറം പരിഗണിക്കില്ല. ഉദാഹരണത്തിന്: ഒരു സ്ത്രീയുടെ സ്രവം നനഞ്ഞിരിക്കുമ്പോൾ മഞ്ഞയായിരുന്നു, ഉണങ്ങിയതിനു ശേഷം വെളുത്തതായി മാറിയാൽ, അത് വെളുത്തതായി കണക്കാക്കില്ല മഞ്ഞയായി കണക്കാക്കും.
- സ്രവം നജസാണ്.അത് പുറപ്പെടുന്നതു മൂലം വുളു മുറിയുന്നതാണ്.ഒരു ദിർഹമിനേക്കാൾ കുറഞ്ഞ അളവിലാണെങ്കിൽ കറാഹത്തോടുകൂടി നിസ്കാരം ശരിയാകുന്നതാണ്. കൂടുതലാണെങ്കിൽ കഴുകൽ നിർബന്ധമാണ് അതോടുകൂടി നിസ്കരിക്കൽ അനുവദനീയമല്ല.
അബോർഷൻ : ഗർഭം അലസലിന്റെ വിധികൾ
ഒരു സ്ത്രീയുടെ ഗർഭം അലസുന്നതിൽ മൂന്ന് അവസ്ഥകളുണ്ട്
(1) ഒരു സ്ത്രീയുടെ ഗർഭം അലസുകയും ശിശുവിന്റെ നഖങ്ങൾ അല്ലെങ്കിൽ മുടി പോലുള്ള ചില അവയവങ്ങൾ മാത്രം രൂപപ്പെടുകയും ചെയ്തു
വിധി: അതിനെ തുടർന്നുള്ള രക്തം നിഫാസ് രക്തസ്രാവമായിരിക്കും.
(2) ഒരു സ്ത്രീയുടെ ഗർഭം അലസുകയും ശിശുവിന്റെ അവയവങ്ങളൊന്നും രൂപപ്പെടുകയും ചെയ്തിട്ടില്ല.
വിധി: അതിനെ തുടർന്നുള്ള രക്തം മൂന്ന് ദിവസത്തെക്കാൾ കുറയാതെ തുടരുകയും അവസാനശുദ്ധിയായി പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പുറപ്പെടുന്നതെങ്കിൽ ഹൈള് ( ആർത്തവം) ആയി കണക്കാക്കും. മൂന്ന് ദിവസത്തേക്കാൾ കുറയുകയോ ശുദ്ധിയായിട്ട് പതിനഞ്ച് ദിവസം പൂർത്തിയാവാതെയോ ആണെങ്കിൽ രക്തം ഇസ്തിഹാള (രോഗരക്തം)ആയിരിക്കും.
(3) ഒരു സ്ത്രീയുടെ കുഞ്ഞ് നഷ്ടപ്പെടുകയും അവയവങ്ങൾ രൂപപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാകുന്നില്ല എങ്കിൽ ഗർഭം എത്രയായിരുന്നുവെന്ന് നിർണ്ണയിക്കാൻ മാസങ്ങൾ കണക്കാക്കും
ഇതിന് രണ്ട് രൂപങ്ങളുണ്ട്
1. ഗർഭം നാല് മാസത്തിൽ താഴെയാണ്.
വിധി: ഈ സാഹചര്യത്തിൽ തുടർന്നുള്ള രക്തം മൂന്ന് ദിവസത്തെക്കാൾ കുറയാതെ തുടരുകയും അവസാനശുദ്ധിയായി പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പുറപ്പെടുന്നതെങ്കിൽ ഹൈള് ( ആർത്തവം) ആയി കണക്കാക്കും. മൂന്ന് ദിവസത്തേക്കാൾ കുറയുകയോ ശുദ്ധിയായിട്ട് പതിനഞ്ച് ദിവസം പൂർത്തിയാവാതെയോ ആണെങ്കിൽ രക്തം ഇസ്തിഹാള (രോഗരക്തം)ആയിരിക്കും.
2. ഗർഭം നാല് മാസമോ അതിൽ കൂടുതലോ ആണ്
വിധി: തുടർന്നുള്ള രക്തം നിഫാസ് രക്തസ്രാവമായിരിക്കും.
ചില പ്രധാന മസ്‌അലകൾ
- സ്ത്രീകൾ ആർത്തവ സമയത്ത് ഉപയോഗിക്കുന്ന തുണി,സാനിറ്ററി പാഡുകൾ,ടാംപൺ (ആർത്തവ സമയത്ത് യോനിയിൽ നിന്ന് വരുന്ന രക്തം ആഗിരണം ചെയ്യ്ത് സംഭരിച്ചു നിർത്തുന്ന ഒരുതരം നേർത്ത തുണി പോലുള്ള വസ്തു ) മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കൽ അനുവദനീയമാണ്.
- ടാംപൺ, കപ് പോലുള്ളവ ഇസ്തിഹാളക്കാർ നോമ്പ് സമയത്ത് ഉപയോഗിക്കാൻ പാടില്ല. നോമ്പ് മുറിയുന്നതാണ്.
- വിവാഹിതയായ സ്ത്രീ ആർത്തവ സമയത്ത് കുർസഫ് ധരിക്കുന്നത് സുന്നത്താണ്.ശുദ്ധിയുടെ ദിവസങ്ങളിൽ മുസ്തഹബ്ബാണ്. കൂടാതെ അവിവാഹിതയായ പെൺകുട്ടി ആർത്തവ സമയത്ത് മുസ്തഹബ്ബാണ്.
ഓർമ്മിക്കുന്ന ശീലം: ആദ്യത്തെ ഹൈളിന്റെ ആരംഭത്തിന്റെയും അവസാനത്തിന്റെയും തീയതിയും രണ്ടാമത്തെ ഹൈളിന്റെ അവസാനം വരെ ആദ്യത്തെ ഹൈളിന്റെ കൃത്യമായ സമയം, മണിക്കൂർ, മിനിറ്റ് എന്നിവ ഓർമ്മിക്കേണ്ടത് നിർബന്ധമാണ്
അവലംബം : റദ്ദുൽ മുഖ്താർ, മൻഹലുൽ വാരിദീൻ, അൽ ബഹ്റു റാഇഖ്, ഫതാവ ബിന്നൂരി,മുഗ്നി,മൻഹൽ,അഹ്സനുൽ ഫതാവ
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment