സകാത് മഹല്ലിനു പുറത്തുള്ളവര്‍ക്ക് നല്‍കാമോ? ബന്ധുക്കള്‍ മഹല്ലിനു പുറത്താണെങ്കിലോ? ഭാര്യക് ഏകദേശം 70 പവന്‍ സ്വര്‍ണാഭരണമുണ്ട് ഇതിന് സകാത് കൊടുക്കണോ ? സ്വര്‍ണ്ണത്തിനു സ്വര്‍ണ്ണം തന്നെയാണോ സകാത് നല്‍കേണ്ടത്.
വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് സകാത് നല്‍കേണ്ടതെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ ആ നാട് എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് കൃത്യമായ മഹല്ല് തന്നെയാണോ അതോ ജംഉം ഖസ്റും അനുവദനീയമായ ദൂരപരിധി മുഴുവനുമാണോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. എന്നാല്‍ സകാത് ദാതാവിന്റെ നാട്ടില്‍ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുകയോ അവകാശികളായ ബന്ധുക്കളോ കൂടുതല്‍ ആവശ്യമുള്ളവരോ മറ്റൊരു നാട്ടിലാവുകയോ ചെയ്താല്‍ അങ്ങോട്ട് നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഇമാം അബൂഹനീഫ(റ)വും ശാഫീ മദ്ഹബിലെ തന്നെ പല പ്രമുഖ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായമനുസരിച്ച് ഇത്തരം സാഹചര്യങ്ങളില്‍ മറ്റു മഹല്ലുകളിലും നല്‍കാവുന്നതാണ്. എന്നാല്‍ പ്രബലാഭിപ്രായപ്രകാരം സ്വന്തം മഹല്ലില്‍ തന്നെയാണ് നല്‍കേണ്ടത്. സകാത് നിര്‍ബന്ധമാവുന്ന സമയത്ത് മഹല്ലിന് പുറത്തുള്ള ബന്ധുക്കളെ സ്വന്തം മഹല്ലിലേക്ക് വിളിച്ച് വരുത്തിയും നല്‍കാവുന്നതാണ്.
പറയപ്പെട്ട എഴുപത് പവന്‍ ഭാര്യക്ക് ധരിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെങ്കില്‍ സകാത് നല്‍കേണ്ടതില്ലെന്നാണ് ശാഫീ മദ്ഹബ്. നല്‍കണമെന്നാണ് ഹനഫീ മദ്ഹബ്. സ്ര്‍ണ്ണത്തിന്‍റെ സകാത് ആയി നല്‍കേണ്ടത് സ്വര്‍ണ്ണം തന്നെയാണെന്നാണ് ശാഫീ മദ്ഹബ് പ്രകാരമുള്ള നിയമം. ഹനഫീ മദ്ഹബ് അനുസരിച്ച് കാശു നല്‍കുമ്പോള്‍ അനുവദനീയമായ ആഭരണത്തിനും സകാത് നല്‍കേണ്ടി വരും.
No comments:
Post a Comment