Thursday, 18 January 2018

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ജോലി സമ്പാദിക്കാമോ



കള്ളത്തരത്തില്‍ ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് കൊണ്ടു ജോലി നേടി അത് കൊണ്ടു സമ്പാദിക്കുന്ന ശമ്പളത്തിന്നു തെറ്റുണ്ടോ ?

വ്യജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് അഥവാ തട്ടിപ്പു നടത്തുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു പാതകമാണ്. അത് വഞ്ചനയാണ്.  വഞ്ചന ഇസ്‍ലാമില്‍ നിഷിദ്ധമാണ്. അത് കപടവിശ്വാസത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതായിട്ടാണ് റസൂല്‍ (സ) എണ്ണിയിട്ടുള്ളതും. ആ  സെര്‍ട്ടിഫികറ്റുകളും അതുപയോഗിച്ചു പിന്നീടു ലഭിക്കുന്ന ഉയര്‍ന്ന സെര്‍ട്ടിഫികറ്റുകളും ജോലിയും അതിലെ സമ്പാദ്യവുമെല്ലാം ഈ ആദി വഞ്ചനയുടെ ലാഞ്ചനയേറ്റ് കളങ്കിതമായിരിക്കുമല്ലോ. അതിനാലത് തീരെ ലാഘവത്തോടെ കാണാവുന്നതല്ല. അത്തരം വഞ്ചനകളില്‍ നിന്ന് തുടക്കം മുതലേ മാറി നില്‍ക്കുകയും വേണം.

മാത്രമല്ല ഏത് യൂണിവേഴ്സിറ്റിയുടെ പേരിലാണോ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ആ സ്ഥാപനത്തിന് മേല്‍ നടത്തിയ കള്ളപ്രചാരണവുമാണിത്. മറ്റൊരാളെ കുറിച്ച് കള്ളം പറയുന്നതും വലിയ പാതകം തന്നെ. ഇത് വ്യക്തമായ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കളവ് കൂടിയാണ്. മാത്രമല്ല ഇത് മൂലം, ആ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുന്നതു വരെ വാക്ക് വിശ്വസിക്കാന്‍ കൊള്ളാത്ത മത വിഷയങ്ങളില്‍ സാക്ഷിക്ക് പറ്റാത്തവനുമായിത്തീരുന്നു. അറിവില്ലാത്ത വിഷയങ്ങളില്‍ അറിയില്ല എന്ന് പറയലാണ് ഇസ്‍ലാമിക മര്യാദ. അറിയാത്ത കാര്യം അറിയുമെന്നതിന് സാക്ഷിപത്രം നിര്‍മ്മിക്കുന്നത് തെറ്റാണ്.

സാധാരണ രീതിയില്‍ സെര്‍ട്ടിഫികറ്റുകള്‍ ഒരാളുടെ യോഗ്യതയുടെ ബാഹ്യമായ മാനദണ്ഡമായിട്ടാണ് പരിഗണിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമാകാറുമുണ്ട്. കോപ്പിയടിച്ച് ജയിച്ചു നേടിയതാണെങ്കിലും ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാനുള്ള അറിവും യോഗ്യതയും ഉണ്ടെങ്കില്‍ ആ ജോലി തുടര്‍ന്നു പോകുന്നതില്‍ കുഴപ്പമില്ല. എങ്കിലും കോപ്പിയടിച്ചതിനും കളവു പറഞ്ഞതിനും തൌബ ചെയ്യണം. ജോലി ദാതാവിനോടു തുറന്നു പറയുന്നതാണ് ഏറെ സൂക്ഷ്മത.

No comments:

Post a Comment