Thursday 29 March 2018

ഉഹ്ദ് യുദ്ധ ചരിത്രം






മദീനക്ക് ചുറ്റും ചെറിയ പര്‍വതങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വടക്കുഭാഗത്തുള്ള ഉഹ്ദ്മല. ചെറുതും വലുതുമായ കുന്നുകളും താഴ്‌വരകളുമാണ് ഉഹ്ദ്മല. എട്ട് കിലോമീറ്റര്‍ നീളവും, കിഴക്കുഭാഗത്ത് രണ്ട് കിലോമീറ്ററും പടിഞ്ഞാറുഭാഗത്ത് മൂന്ന് കിലോമീറ്ററും വീതിയുമുണ്ട്. മസ്ജിദുന്നബവിയില്‍ നിന്ന് ഉഹ്ദിലേക്കുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഹദീസുകളില്‍ ഉഹ്ദിനെ സംബന്ധിച്ച ധാരാളം പരാമര്‍ശങ്ങളുണ്ട്. ഒരിക്കല്‍ ഉഹ്ദ് മലയെ നോക്കി പ്രവാചകന്‍ പറഞ്ഞു: 'നമ്മെ സ്‌നേഹിക്കുന്ന ഒരു മലയാണ് ഉഹ്ദ്. നാം അതിനെയും സ്‌നേഹിക്കുന്നു.'

കണ്ണീരില്‍ കുതിര്‍ന്ന കഥയാണ്‌ ഉഹ്ദ് യുദ്ധ ചരിത്രം. ഉഹ്ദ് മലയുടെ താഴ്വരയില്‍ രക്തപ്പുഴയൊഴുകിയ കഥ. അവിടുത്തെ ഓരോ മണല്‍ തരിക്കുമുണ്ട് ഓരോ കദനകഥ പറയാന്‍. ഉഹ്ദ് എന്ന ശബ്ദത്തിനര്‍ത്ഥം ഒറ്റപ്പെട്ടതെന്നാണ്, മറ്റുമലകളില്‍ നിന്ന്‍ ഒറ്റപ്പെട്ടു തലയുയര്‍ത്തിനില്‍ക്കുന്നതുകൊണ്ടാണ് ആ പേര് അതിനുലഭിച്ചത്. അനുസരണക്കേട്‌ കാണിച്ച സത്യവിശ്വാസികളേ ഒറ്റപ്പെടുത്തിയത് ആ താഴ്വരയില്‍ വെച്ചാണ്. മദീനയില്‍ നിന്ന്‍ ഏകദേശം മൂന്ന്‍ മൈല്‍ അകലെ ഇന്നും ഉഹ്ദ്മല തലയുയര്‍ത്തി നില്‍ക്കുന്നു. ഇപ്പോഴും മുസ്ലിംലോകത്തോടതു വിളിച്ചുപറയുന്നു; നിങ്ങള്‍ ഒറ്റപ്പെടരുത്, നേതാവിന്‍റെ കല്പന ധിക്കരിച്ചാല്‍ ഇനിയും നിങ്ങള്‍ ഒറ്റപ്പെട്ടുപോകും,,,, ചിന്നഭിന്നമാകും, ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക, ഭിന്നിച്ചാല്‍ നിങ്ങള്‍ തകര്‍ന്നു തരിപ്പണമാകും........!

ബദറില്‍വെച്ച് കേവലം മുന്നൂറ്റിപ്പതിമൂന്ന്‍ നിരായുധരായ സത്യവിശ്വാസികള്‍ സര്‍വ്വായുധധാരികളായ ആയിരത്തോളം സത്യനിഷേധികളായ ഖുറൈശികളെ അടിച്ചോടിച്ചു. കനത്ത പ്രഹരമാണവര്‍ക്കേറ്റത്, ഒരിക്കലും ഉണങ്ങാത്ത മുറിവ്! ഖുറൈശി പ്രമാണിമാരായ എഴുപതുപേര്‍ കട പുഴകിവീണ പനകള്‍പോലെ പടക്കളത്തില്‍ മരിച്ചുവീണു.  എഴുപതുപേര്‍ മുസ്ലിംകളുടെ തടവുകാരായിത്തീരുകയും ചെയ്തു. ഇത് അവരുടെ ശക്തിക്ഷയിപ്പിച്ചു. പക്ഷെ, അവരുടെ പകയെ വര്‍ദ്ധിപ്പിച്ചു. ഏറുകൊണ്ട മൂര്‍ഖനെപ്പോലെ പ്രതികാരദാഹത്തോടെ ശത്രു ഫണം വിടര്‍ത്തി. 

ഖുറൈശി പ്രമാണികളുടെ വീടുകളില്‍നിന്ന്‍ ഇടനെഞ്ചു പൊടിഞ്ഞുയരുന്ന വിലാപങ്ങള്‍ ഈ പകയില്‍ എണ്ണയൊഴിച്ചുകൊണ്ടിരുന്നു. അങ്ങനെ പ്രതികാരാഗ്നി ആളിക്കത്തി. ബദറില്‍ തകര്‍ന്നുപോയ അബൂജഹലിനെപ്പോലെയുള്ള നേതാക്കളെ പറ്റി ഖുറൈശിക്കവികള്‍ വിലാപകാവ്യങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. ഖുറൈശികളുടെ അഭിമാനബോധം സടകുടഞ്ഞെഴുന്നേല്‍ക്കുകയായി. അപമാനിതരായി ജീവിക്കുന്നതിലും ഭേദം അഭിമാനത്തോടെ മരിക്കുകയാണെന്നവര്‍ തീര്‍ച്ചയാക്കി. ശോകഗാനങ്ങള്‍ അവരുടെ ചോരതിളപ്പിച്ചു. സിരകള്‍ ഇരമ്പുകയായിരുന്നു. ഹൃദയമിടിപ്പുകള്‍ ഇടിപ്പടക്കങ്ങളായി മാറിക്കഴിഞ്ഞിരുന്നു. 

അവരുടെ നേതാക്കളായ അബൂസുഫ്‌യാന്‍, ഖാലിദ്ബുനുല്‍വലീദ്, അബൂജഹലിന്‍റെ മകന്‍ ഇക് രിമത്ത് തുടങ്ങിയവര്‍ പ്രതിജ്ഞയെടുത്തു; ഒന്നുകില്‍ പകരം വീട്ടുക, അല്ലെങ്കില്‍ മരിക്കുക. ഈ പ്രഖ്യാപനം ഖുറൈശിപ്പടയാളികളുടെ ഞരമ്പുകളെ ചൂടുപിടിപ്പിച്ചു. ആവേശത്തെ ശതഗുണീഭവിപ്പിച്ചു. പകയുടെ തിരമാല ഹൃദയഭിത്തികളില്‍ അടിച്ചുകയറി. 

ബദറിനു പകരംവീട്ടണം അതുമാത്രമായി പിന്നെ അവരുടെ ജീവിതാഭിലാഷം. ഖുറൈശിയുവാക്കള്‍ സമ്മേളിച്ചു, യുദ്ധഫണ്ടുസ്വരൂപിച്ചു. കൈമെയ് മറന്നു ഓരോരുത്തരും സംഭാവന ചെയ്തു. പകരം വീട്ടല്‍ അവരുടെ ജീവല്‍പ്രശ്നം കൂടിയായിരുന്നു. വീട്ടാതിരുന്നാല്‍ നിലനില്‍പില്ല, കാരണം; ജീവിതമാര്‍ഗ്ഗം കച്ചവടമാണ്., ശാമിലേക്ക് കച്ചവടത്തിനു പോകുന്നവഴിക്കാണ് മദീന സ്ഥിതിചെയ്യുന്നത്. അവിടെനിന്നാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്. അതിനു കനത്ത തിരിച്ചടി കൊടുത്തില്ലെങ്കില്‍ കച്ചവടം നിലക്കും, വരുമാനം നിലക്കും, ഏക വരുമാനമാണീ കച്ചവടം. അതുനിലച്ചാല്‍ പിന്നെ ജീവിച്ചിട്ടു ഫലമില്ല. ജീവിക്കാന്‍ കഴിയില്ല. പട്ടിണി കിടന്ന്‍ ചാകേണ്ടിവരും. ഇക്കാര്യം അബൂസുഫയാന്‍ ഖുറൈശി യുവാക്കള്‍ക്ക് വിശദീകരിച്ചുകൊടുത്തപ്പോള്‍ അവര്‍ ആത്മാര്‍പ്പണത്തിനു തയ്യാറായി മുന്നോട്ടുവന്നു. 

മക്കള്‍ നഷ്‌ടപ്പെട്ട പിതാക്കന്മാര്‍, പിതാക്കന്മാര്‍ നഷ്ടപെട്ട മക്കള്‍, സഹോദരന്മാരെ നഷ്ടപെട്ടവര്‍,ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടവര്‍, ഇങ്ങിനെയുള്ളവരുടെ ഹൃദയങ്ങള്‍ പകയുടെ അഗ്നികുണ്ഡങ്ങളായി ആളിക്കത്തുകയായിരുന്നു. അതില്‍ എണ്ണയൊഴിച്ച് ശതഗുണീഭവിപ്പിക്കാന്‍ നേതാക്കള്‍ക്ക് പ്രയാസമുണ്ടായില്ല. അവര്‍ ഒന്നടങ്കം യുദ്ധസന്നദ്ധരായി വന്നു. അങ്ങനെ ബദര്‍ യുദ്ധം കഴിഞ്ഞതിന്‍റെ പിറ്റേവര്‍ഷം ഹിജ്റ മൂന്നാംകൊല്ലം ശവ്വാല്‍മാസം ഏഴിനാണ് ആ സംഭവം നടന്നത്. ഉഹ്ദില്‍ വെച്ച് വീണ്ടും രണ്ടുവിഭാഗവും ഏറ്റുമുട്ടി ഒരു ഉഗ്രസംഘട്ടനം നടന്നു. 

സത്യവും അസത്യവും തമ്മില്‍, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍. സത്യം ജയിച്ചു, ഏറ്റുമുട്ടലില്‍ പ്രാഥമികവിജയം സത്യവിശ്വാസികള്‍ക്കായിരുന്നു “പക്ഷേ”  ആ വിജയം പൂര്‍ത്തിയാക്കാന്‍ ചിലര്‍ക്കു ക്ഷമയുണ്ടായില്ല. അവര്‍ നബി തിരുമേനിയുടെ കല്പനകള്‍ പോലും വിസ്മരിച്ചുപോയി. തന്മൂലം വിജയം പരാജയമായിമാറി. സന്തോഷം സന്താപമായി മാറി. ഏതാനും ചിലരില്‍ നിന്നുണ്ടായ ഈ വീഴ്ച മുസ്ലിംസൈന്യത്തെ ഛിന്നഭിന്നമാക്കി. ഉഹ്ദിലെ ഓരോ മണല്‍ത്തരിയും കണ്ണുനീര്‍വാര്‍ത്തു. തുടര്‍ന്നോഴുകിയ രക്തപ്പുഴയില്‍ അല്ലാഹുവിന്‍റെ സിംഹമെന്ന അപരനാമത്തില്‍ വിശ്രുതനായ ഹസ്രത്ത് ഹംസ(റ) അടക്കം ഇസ്ലാമിന്‍റെ 70 സിംഹങ്ങള്‍ രക്തസാക്ഷികളായി....

നബി(സ)തിരുമേനിയുടെ ഒരാജ്ഞ ചിലര്‍ മറന്നുകളഞ്ഞതിന്‍റെ പേരില്‍ സമുദായം മുഴുവന്‍ അപമാനിതരായി. കനത്ത നാശനഷ്ടങ്ങള്‍ക്കിരകളായി. ഉഹ്ദുമലയുടെ താഴെ ചെന്നുനില്‍ക്കാന്‍ ഭാഗ്യം ലഭിക്കുന്ന സത്യവിശ്വാസികളോട് ഇന്നും ആ പര്‍വ്വതം ഈ അപമാനത്തിന്‍റെ കഥപറഞ്ഞു കൊണ്ടിരിക്കുന്നു. നേതാവിനെ ധിക്കരിച്ചാലുണ്ടാകുന്ന മഹാവിപത്തിനെ പറ്റി അതു താക്കീതും നല്‍കിക്കൊണ്ടിരിക്കുന്നു. ഏതാനും അനുയായികളുടെ ഈ അശ്രദ്ധമൂലം അന്ത്യപ്രവാചക ശിരോമണിയുടെ പല്ലുകള്‍പോലും തെറിച്ചുപോകാനിടയായി. അവിടുത്തെ മുഖത്തേറ്റ മുറിവില്‍നിന്നും രക്തം കുടുകുടാ ഒഴുകി. അവിടുത്തേക്ക്‌ ഏറ്റവും പ്രിയങ്കരരായ എഴുപതു സ്വഹാബിവര്യന്മാര്‍ രക്തസാക്ഷികളായി. ഉഹ്ദ് താഴ്വര സത്യവിശ്വാസികളുടെ രക്തത്തില്‍ കുതിര്‍ന്നു. എന്നാലും സ്വഹാബികളെ സംബന്ധിച്ചോടത്തോളം ഈ പരാജയം ഒരനുഗ്രഹമായികലാശിച്ചു. 

അവര്‍ ഇതില്‍നിന്നും പാഠംപഠിച്ചു. മേലിലോരിക്കലും നബിതിരുമേനിയുടെ(സ) നിര്‍ദ്ദേശങ്ങളില്‍ ഒരക്ഷരംപോലും ധിക്കരിച്ചുതള്ളുകയില്ലെന്നും പ്രതിജ്ഞയെടുത്തു. തന്മൂലം ഈ പരാജയത്തില്‍ നിന്നും ഒരു അന്ത്യവിജയം ഉരുത്തിരിഞ്ഞുവന്നു. ചരിത്രത്തില്‍ തുല്യത കാണാത്ത ഒരത്ഭുതമാണത്. ഉഹ്ദില്‍ വെച്ച് മുസ്ലിംകളെ തകര്‍ത്തു തരിപ്പണമാക്കിയ ഖുറൈശി പടനായകന്‍ അബൂസുഫ്യാന്‍ പില്‍കാലത്ത് അതേ ഇസ്ലാമിന്‍റെ സന്നദ്ധഭടനായി മാറി. ഉഹ്ദില്‍ ഖുറൈശികള്‍ക്കു വിജയം കൊയ്തെടുത്തുകൊടുത്ത പ്രധാന നായകരില്‍ ഒരാളായ ഖാലിദുബ്നുവലീദ് പില്‍കാലത്ത് ഇസ്ലാമിന്‍റെ ദീപശിഖയുമേന്തി ശാമിലും ഇറാഖിലുമെല്ലാം കൂരിരുട്ടിനോടു പൊരുതി വിജയം വരിക്കുകയുണ്ടായി.

ഉഹ്ദില്‍ ഖുറൈശികളുടെ നട്ടെല്ലായി നിന്നു ജീവന്മരണപോരാട്ടം നടത്തി പിതാവിന്‍റെ കൊലക്ക് പകരം വീട്ടിയ ഇക്റിമത്ത്(സാക്ഷാല്‍ അബൂജഹലിന്‍റെ പുത്രന്‍) പില്‍കാലത്ത് ഇസ്‌ലാം മതത്തിന്‍റെ ധ്വജവാഹകനായി മാറുകയും അവസാനം ശാം യുദ്ധത്തില്‍ വെച്ച് ഇസ്ലാമിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. 

ഉഹ്ദ് യുദ്ധത്തില്‍വെച്ച് ഹസ്രത്ത് ഹംസ(റ)വിനെ ഒളിയമ്പേയ്ത വഹ്ശി പില്‍കാലത്ത് ഇസ്ലാമിന്‍റെ മുന്നണിപ്പോരാളിയായി മാറുകയും കള്ളപ്രവാചകനായി വന്ന മുസൈലിമയെ വധിച്ചുകൊണ്ട് തന്‍റെ മുന്പാപത്തിനു പ്രായശ്ചിത്തം ചെയ്യുകയുമുണ്ടായി. ഹസ്രത്ത് ഹംസ(റ)വിനെ വധിച്ച വഹ്ഷിക്കുവിലമതിക്കാനാകാത്ത പാരിതോഷികങ്ങള്‍ നല്‍കുകയും പടക്കളത്തില്‍ രക്തസാക്ഷിയായിക്കിടന്നിരുന്ന ആ വീരസിംഹത്തിന്‍റെ കുടല്‍മാല പറിച്ചെടുത്ത് കഴുത്തിലണിഞ്ഞു നൃത്തം വെക്കുകയും, കരളെടുത്തു ചവച്ചുതുപ്പി പ്രതികാരദാഹം ശമിപ്പിക്കുകയും ചെയ്ത ഹിന്ത്(അബൂസുഫ്യാന്‍റെ ഭാര്യ) പില്‍കാലത്ത് തന്‍റെ ഭര്‍ത്താവിനോടൊപ്പം ഇസ്‌ലാം മതത്തിന്‍റെ കാവല്‍ഭടന്മാരില്‍ ഒന്നാംനിരയില്‍ സ്ഥാനംപിടിക്കുകയുണ്ടായി. 

ഈ സംഭവങ്ങള്‍ ചരിത്രത്തിലെ ലോകമഹാത്ഭുതങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാംമതത്തിന്‍റെ സത്യാവസ്ഥക്കും തെളിവാണ്. ഈ വസ്തുതകള്‍ മനസ്സിലാക്കിയിട്ടുവേണം ഉഹ്ദ് ചരിത്രം വായിക്കാന്‍ അല്ലാത്തപക്ഷം പല സംശയങ്ങളും ഉത്ഭവിച്ചേക്കാം. ചുരുക്കത്തില്‍, ഉഹ്ദില്‍ പരാജയപ്പെട്ടെങ്കിലും അത് ഒരു സമ്പൂര്‍ണ്ണ വിജയത്തിന്‍റെ മുന്നോടിയായിരുന്നു. 

പിന്നീട് നടന്ന ഖന്തഖ്, മക്കംഫതഹ്, ഹുനൈന്‍ തുടങ്ങിയ മുഴുവന്‍ യുദ്ധങ്ങളിലും മുസ്ലിംകള്‍ക്ക് വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് ഉഹ്ദില്‍നിന്നവര്‍ പഠിച്ച പാഠംമൂലമായിരുന്നു. 

‘അന്ത്യിമ വിജയം മുത്തഖീങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന്‍’ വിശുദ്ധഖുര്‍ആന്‍ അടിക്കടി നമ്മെ ഉണര്‍ത്തുന്നു. നാം മുത്തഖീങ്ങളാകേണമെങ്കില്‍ നമ്മുടെ പൂര്‍വ്വീകരെപ്പോലെ നാമും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കണം. അതാണ്‌ ഉഹ്ദ്യുദ്ധം നമുക്ക് നല്‍കുന്ന ഉപദേശവും താക്കീതും. ഈ താക്കീതിനെ അവഗണിക്കുന്നവര്‍ക്ക് ഒരിക്കലും അവര്‍ വീണു കിടക്കുന്ന പടുകുഴിയില്‍നിന്നും കരകയറാന്‍ സാധ്യമല്ല. ഈ ആധുനികക്കാലത്ത് ലോക മുസ്‌ലിംകള്‍ ധാരാളം വായിച്ചു പാഠമുള്‍ക്കൊള്ളേണ്ട ചരിത്രമാണിത്.

 ഉഹ്ദ് മലയതാ തല നിവര്‍ത്തിപ്പിടിച്ചുകൊണ്ട് നമ്മോട് വിളിച്ചുപറയുന്നു. ‘നേതാക്കളുടെ കീഴില്‍ ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുവിന്‍’ എന്ന്‍.  ഈ വിളി കേള്‍ക്കാത്തവരാരും രക്ഷപ്പെടുകയില്ല. അവര്‍ തങ്ങള്‍ക്കുമാത്രമല്ല സമുദായത്തിനു മുഴുവന്‍ അപകടം വരുത്തിവെക്കുന്നു. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ ---ആമീന്‍ .

 ബദര്‍യുദ്ധത്തില്‍ തങ്ങള്‍ക്കുനേരിട്ട അപമാനം കഴുകിക്കളയാന്‍ ഖുറൈശികള്‍ ദൃഡപ്രതിജ്ഞയെടുത്തു. ഖുറൈശി സൈന്യത്തിന്‍റെ നേതാവ് അബൂജഹലായിരുന്നു. അയാളടക്കം എഴുപതു  ഖുറൈശീനേതാക്കള്‍ ബദറില്‍ വധിക്കപ്പെട്ടു. എഴുപതു നേതാക്കള്‍ ബന്ധനസ്ഥരായി. ഇതിനു പ്രതികാരം ചോദിച്ചല്ലാതെ ഇനി വിശ്രമമില്ലെന്നു ഖുറൈശി യുവാക്കള്‍ തീരുമാനിച്ചു. അവരുടെ നേതൃത്വം അബൂസുഫ്യാന്‍ ഏറ്റെടുത്തു. 

‘പകരം വീട്ടിയശേഷമല്ലാതെ ഇനി ഭാര്യയുമായി ശയിക്കുകയില്ല, മുടിയില്‍ എണ്ണപുരട്ടുകയില്ല, പാത്രത്തില്‍ നിന്ന്‍ ഭക്ഷണം കഴിക്കുകയില്ല.’ അബൂസുഫ്യാന്‍ ദൃഡപ്രതിജ്ഞയെടുത്തു. 

അബൂജഹലിന്‍റെ പുത്രനായ ഇക്രിമത്ത് ഊണും ഉറക്കവുമില്ലാതെ അഹോരാത്രം അശ്രാന്തപരിശ്രമം ചെയ്തു. തന്‍റെ പിതാവിന്‍റെ രക്തത്തിനു പ്രതികാരം ചെയ്യാതെ ഇനി ജീവിതമില്ല. അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. അപ്രകാരം തന്നെ പ്രസിദ്ധ പടവീരനായ ഖാലിദുബ്നുല്‍ വലീദും സര്‍വ്വശക്തിയുമുപയോഗിച്ചു തിരിച്ചടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. മുഹമ്മദിനെ (സ) നശിപ്പിക്കാതെ ഇനി വിശ്രമമില്ല. അവര്‍ ഒന്നടങ്കം അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മുഴുകി. അബൂസുഫ്യാന്‍ സൈന്യനായകാനും ഇക്രിമത്തും ഖാലിദുബ്നുല്‍ വലീദും ഉപനേതാക്കളുമായിരുന്നു. (ഇവര്‍ മൂന്നുപേരും പില്‍ക്കാലത്ത് ഇസ്ലാംമതത്തിന്‍റെ കാവല്‍ഭടന്മാരായി മാറുകയുണ്ടായി) ബദറിനു പകരംവീട്ടാന്‍ അവര്‍ ഒരു യുദ്ധഫണ്ട് രൂപീകരിച്ചു.

അബൂസുഫ്യാന്‍ പ്രഖ്യാപിച്ചു; “അല്ലയോ ഖുറൈഷികളെ, നമ്മുടെ നിലനില്പ്പിന്‍റെ പ്രശ്നമാണിത്. നമുക്കുള്ള ജീവിതമാര്‍ഗ്ഗമാണ് കച്ചവടം. സിറിയയിലേക്ക് കച്ചവടത്തിനു പോകണമെങ്കില്‍ മദീനയിലെ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിച്ചേ തീരു. നമ്മുടെ നിലനില്‍പ്പിനെ ചോദ്യംചെയ്തിരിക്കുന്ന ഈ ഭീഷണി ഇല്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഇനി ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ല. മാത്രമല്ല, ബദറില്‍വെച്ച് നമ്മുടെ പ്രധാനനേതാക്കളെയെല്ലാം മുഹമ്മദും (സ) കൂട്ടരും അറുകൊല ചെയ്തിരിക്കയാണ്. അതിനു പകരംവീട്ടാതിരുന്നാല്‍ ഇതരഗോത്രങ്ങള്‍ക്കിടയില്‍ ഖുറൈശികളായ നമുക്കുള്ള പേരും പെരുമയും നഷ്ടപ്പെടും. അവരെല്ലാം മുഹമ്മദിനെ(സ) ഭയന്ന്‍ അവന്‍റെ പക്ഷത്തു ചേരുകയും ചെയ്യും. പിന്നെ ഖേദിച്ചിട്ട് ഫലമുണ്ടാവുകയില്ല. അതുകൊണ്ട് നമ്മുടെ സമ്പത്തും ശരീരവും മുഴുവന്‍ ഈ യജ്ഞത്തിനായി സമര്‍പ്പിക്കുക, അതില്‍ പിശുക്കുകാണിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്‌താല്‍ നമ്മുടെ നിലനില്‍പ് അപകടത്തിലാകുമെന്ന് ഓര്‍ക്കുക.”

ഈ ആഹ്വാനം ഖുറൈശികളുടെ പ്രതികാരാഗ്നി ആളിക്കത്തിച്ചു. അവര്‍ സര്‍വ്വതും ത്യജിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ശരീരവും സമ്പത്തും മുഴുവന്‍ ഇതിനുവേണ്ടി വിനിയോഗിക്കാന്‍ അവര്‍ സന്നദ്ധരായി.  ഒരു യുദ്ധഫണ്ടുരൂപംകൊണ്ടു. ഖുറൈശികള്‍ അതിലേക്കു കൈയയച്ചു സംഭാവന ചെയ്തു. ഒരു ലക്ഷത്തിഅറുപതിനായിരം പൊന്നുപിരിഞ്ഞുകിട്ടി. അതുകൊണ്ട് കച്ചവടം തുടങ്ങി. അതു പിന്നെയും പെരുകി. അങ്ങനെ മദീനയെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുവ്വായിരം ഖുറൈശീഭടന്മാര്‍ സര്‍വ്വായുധധാരികളായി മുന്നോട്ടുവന്നു. മദീന ചുട്ടുചാമ്പലാക്കിയല്ലാതെ വിശ്രമമില്ലെന്നവര്‍ പ്രതിജ്ഞയെടുത്തു.

അബൂസുഫ്യാന്‍ അവരോടു പറഞ്ഞു. ‘ഒന്നുകില്‍ മരണം, അല്ലെങ്കില്‍ വിജയം. പടക്കളത്തില്‍ പരാജയമാണെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ ആരും ആഗ്രഹിച്ചുപോകരുത്. തിരിച്ചുവന്നിട്ടു പ്രയോജനമൊന്നുമില്ല. ജീവച്ഛവങ്ങളായി ജീവിക്കുന്നതിലും ഭേദം മരണമാണ്. നമ്മുടെ കുലദേവതകള്‍ നമ്മെ രക്ഷിക്കും. നാം ഉറച്ചുനിന്ന്‍ പൊരുതുകയാണെങ്കില്‍ തീര്‍ച്ചയായും നമുക്ക് വിജയം കൊയ്തെടുക്കാന്‍ കഴിയും, അതുകൊണ്ട് മരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം യുദ്ധത്തിനുവന്നാല്‍ മതി.’   

ആവേശഭരിതരായ യുവാക്കള്‍ വിളിച്ചുപറഞ്ഞു; “ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്, ആയിരംകൊല്ലം എലികളെപ്പോലെ ജീവിക്കുന്നതിലും ഭേദം ഒരുനിമിഷം പുലിയായി ജീവിച്ച് മരിക്കലാണ്”  പടയാളികളുടെ ആവേശത്തിമര്‍പ്പ് കണ്ടു അബൂസുഫ്യാന്‍ സന്തുഷ്ടനായി. അവര്‍ കഅബയില്‍ ചെന്ന്‍ അതിന്‍റെ കില്ലപിടിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു. “അല്ലയോ കുലദൈവങ്ങളെ! നിങ്ങളെ തകര്‍ക്കാന്‍ മുഹമ്മദും(സ) കൂട്ടരും ഒരുങ്ങിനില്‍ക്കുന്നു. ഞങ്ങളവനെ തകര്‍ക്കാന്‍ ബദറില്‍ ചെന്നു, അവിടെ വെച്ച് ഞങ്ങള്‍ക്ക് കനത്ത നാശമേല്‍ക്കേണ്ടിവന്നു. ഇപ്പോള്‍ ഇതാ ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ്. ഇതിലും പരാജയമാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെ ഈ കഅബയിലുള്ള വിഗ്രഹങ്ങളെല്ലാം തകരും. കാരണവന്മാരായി ഞങ്ങള്‍ വിശ്വസിച്ചുപോരുന്ന എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും തുടച്ചുനീക്കപ്പെടും. പുതിയ ആശയങ്ങള്‍ നടപ്പില്‍ വരും. പിന്നെ വിഗ്രഹങ്ങള്‍ക്ക് രക്ഷയില്ലാതാകും. ഈ ദുരവസ്ഥ വന്നുചെരാതിരിക്കണമെങ്കില്‍ ഞങ്ങള്‍ വിജയിക്കണം. അതിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കേണമേ”,,,

ഈ പ്രാര്‍ത്ഥനയോടെ അവര്‍ പുറപ്പെട്ടു. പടഹധ്വനി മുഴങ്ങി. പടയാളികളുടെ രക്തം തിളച്ചുപൊങ്ങി. അവര്‍ സ്വയം മുന്നോട്ട്നീങ്ങി. മദ്യകുംഭങ്ങള്‍ കാലിയാകുംതോറും അവരുടെ സിരകളില്‍ ആവേശം ചൂടുപിടിച്ചുകൊണ്ടിരുന്നു. കവികള്‍ പാടാന്‍ തുടങ്ങി. ബദര്‍പടക്കളത്തില്‍ കൊല്ലപ്പെട്ട ഖുരൈശീ നേതാക്കളുടെ അപദാനങ്ങള്‍ വര്‍ണ്ണിച്ചു ഗാനാലാപം തുടങ്ങി. അതു ഖുരൈശികളുടെ പ്രതികാരാഗ്നിയെ ഊതിപ്പെരുപ്പിച്ചു. 

അബൂഉസ്സ, മസാഫിര്‍, അംറാഹുല്‍ അസദ് എന്നീ മഹാകവികള്‍ നബിയേ(സ) ഇകഴ്ത്തിക്കൊണ്ടും ഖുറൈഷികളെ പുകഴ്ത്തിക്കൊണ്ടും പുതിയപുതിയ ഈരടികള്‍ രചിച്ചുകൊണ്ടിരുന്നു. 

ഖുറൈശി സൈന്യം മുന്നോട്ട്നീങ്ങുകയാണ്. സ്ത്രീകളും അവരെ അനുഗമിച്ചിരുന്നു. ബദറില്‍ കൊല്ലപ്പെട്ടവരുടെ വിധവകളും മറ്റും നെഞ്ചത്തടിച്ചു കരഞ്ഞു. ഇതെല്ലാം യോദ്ധാക്കളുടെ ആവേശം വര്‍ദ്ധിപ്പിച്ചു. അബൂസുഫ്യാന്‍റെ ഭാര്യയും തുഹൈമത്തിന്‍റെ പുത്രിയുമായ ഹിന്താണ് സ്ത്രീകളുടെ നേതൃത്വം ഏറ്റെടുത്തത്. തുഹൈമത്ത് ബദറില്‍വെച്ച് മുസ്ലിംകളുടെ ഖഡ്ഗത്തിനിരയായിട്ടുണ്ടായിരുന്നു
 ആളിക്കത്തുന്ന പ്രതികാരാഗ്നി....

ഹിന്തിന്‍റെ അടിമയാണ് വഹ്ശി. വഹശിയും യുദ്ധത്തിനുപുറപ്പെട്ടിട്ടുണ്ട്. ഹിന്തിന്‍റെ ഹൃദയത്തില്‍ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. തന്‍റെ പിതാവായ തുഹൈമത്തിന്‍റെ ചോരയ്ക്കു പ്രതികാരം ചെയ്തല്ലാതെ ഇനി ജീവിതമില്ലെന്നവള്‍ പ്രതിജ്ഞയെടുത്തിരുന്നു.(ഇവരും പില്‍കാലത്ത് ഭര്‍ത്താവായ അബൂസുഫ്യാനോടൊപ്പം ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി). വഹ്ശി ഒളിയമ്പു പ്രയോഗത്തില്‍ അതിവിദഗ്ധനായിരുന്നു.(ഈ വഹ്ശിയും പിന്നീട് ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്) വഹ്ശിയോട് യജമാനത്തിയായ ഹിന്ത് പറഞ്ഞു; “നീ ഈ യുദ്ധത്തില്‍ ഒളിയമ്പുപ്രയോഗിച്ച് മുഹമ്മദ്‌(സ), ഹംസ(റ), അലി(റ) എന്നിവരുടെയെല്ലാം കഥകഴിക്കണം. എന്നാല്‍ നിന്നെ ഞാന്‍ സ്വതന്ത്രനാക്കുകയും നിനക്കാവശ്യമുള്ള സമ്പത്ത് സമ്മാനമായിത്തരികയും ചെയ്യാം. മൂന്നാളെയും കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ വധിക്കുക.........!”

വഹ്ശി ആനന്ദത്താല്‍ നൃത്തംവെച്ചു. അക്കാര്യം താന്‍ നിര്‍വ്വഹിച്ചുകൊള്ളാമെന്നേറ്റു. അടിമത്ത്വത്തില്‍നിന്നും സ്വതന്ത്രനാകാമെന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‍റെ മനം കുളിരണിഞ്ഞു. പുറമെ ആവശ്യമുള്ള സമ്പത്തും ലഭിക്കും. ആനന്ദലബ്ധിക്കിനിഎന്തുവേണം?  സത്യത്തിന്‍റെ മുള നുള്ളിക്കളയാന്‍ അസത്യത്തിന്‍റെ കറുത്തകരങ്ങള്‍ ഒന്നിച്ചിരിക്കയാണ്. അവര്‍ക്ക് ആവശ്യമായ ആള്‍ബലവും ധനശക്തിയുമുണ്ട്. ഖുറൈഷികളെ ഓരോ വീട്ടില്‍ നിന്നും യുവാക്കളെല്ലാം പങ്കെടുത്തിട്ടുണ്ട്. 

നബിയുടെ(സ) പിതൃവ്യനായ അബ്ബാസ്(റ)പ്രത്യക്ഷത്തില്‍ അന്ന്‍ മുസ്ലിമായിരുന്നില്ല. എന്നാല്‍ പരോക്ഷമായി ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു. പക്ഷെ ഖുറൈശികളെ ഭയന്നു വിശ്വാസം വെളിപ്പെടുത്താതെ കഴിഞ്ഞുകൂടുകയാണ്. ഇദ്ദേഹം നബിക്കെതിരെ(സ) ബദറില്‍ ഖുറൈശിപക്ഷത്തുനിന്നു പൊരുതുകയും മുസ്ലിംകളുടെ ബന്ധനസ്ഥനായിത്തീരുകയും ചെയ്തു. പിന്നെ മോചനദ്രവ്യം നല്‍കി രക്ഷപ്പെട്ടതാണ്. ഈ യുദ്ധത്തില്‍ ഏതായാലും അബ്ബാസ്(റ) പങ്കെടുക്കുകയുണ്ടായില്ല. മാത്രമല്ല, ഖുറൈശികളുടെ പുറപ്പടിനെപ്പറ്റി നബി(സ)ക്ക് രഹസ്യമായി ഇങ്ങനെ ഒരു കത്തെഴുതി; “ഖുറൈശികള്‍ വലിയ ആയുധസന്നാഹത്തോടുകൂടി ഇതാ വരുന്നു, മുവ്വായിരം പടയാളികളുണ്ട്. സര്‍വ്വായുധധാരികളാണവര്‍. അതുകൊണ്ട് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊള്ളുക.”

കത്ത് വളരെ രഹസ്യമായി ഒരു ദൂതന്‍റെ പക്കല്‍ കൊടുത്തയച്ചു. ഖുറൈശികളുടെ സൈന്യത്തില്‍ ഇരുന്നൂറ് കുതിരകളും മുവ്വായിരം ഒട്ടകങ്ങളുമുണ്ടായിരുന്നു. അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ ഒരു കൊടുങ്കാറ്റുപോലെ ആ സൈന്യം മദീനയെ ലക്ഷ്യംവെച്ചു നീങ്ങി. യുവാക്കളുടെ ചോരതിളക്കുകയായിരുന്നു. മദീനയില്‍ ചെന്നെത്തുന്ന നിമിഷത്തെ അക്ഷമരായി ഉറ്റുനോക്കുകയായിരുന്നു അവര്‍. ഇസ്ലാമിന്‍റെ ബദ്ധവൈരികളായ എഴുപതു നീഗ്രോ പടയാളികള്‍ വഴിക്കുവെച്ചു ആ സൈന്യവുമായിച്ചേര്‍ന്നു.



ഇതോടെ മുഹമ്മദിന്‍റെ(സ) നാമം പോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കാം നമുക്ക് അവര്‍ പ്രഖ്യാപിച്ചു. ഈ അത്യുഗ്രന്‍ സൈന്യത്തെ കാണുമ്പോഴേക്ക് മദീനക്കാര്‍ നടുങ്ങും. പിന്നെ പോരാടാന്‍ അവര്‍ക്ക് ധൈര്യമുണ്ടാവുകയില്ല.

   ഈ നീഗ്രോകളുടെ ആവേശം ഖുറൈശികളുടെ വീറും ഉശിരും ശതഗുണീഭവിപ്പിച്ചു. അവര്‍ അക്ഷമരായി മുന്നോട്ട്നീങ്ങി. അബവാഉ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. അവിടെയാണ് നബിതിരുമേനി(സ)യുടെ മാതാവിന്‍റെ ഖബര്‍ സ്ഥിതിചെയ്യുന്നത്.
  പ്രതികാരദാഹത്താല്‍ അന്ധരായിത്തീര്‍ന്നു ഖുറൈശികള്‍. 

അവരില്‍ ചിലര്‍ പറഞ്ഞു; “മുഹമ്മദിന്‍റെ(സ) മാതാവിന്‍റെ ഖബറാണ് ആ കാണുന്നത്, അതുമാന്തി അതിനുള്ളിലെ അസ്ഥികള്‍ പെറുക്കിയെടുത്ത് കത്തിച്ചു കളയാം.”

വേറെ ചിലര്‍ പറഞ്ഞു; “അതുകൊണ്ടെന്തുപ്രയോജനം? ഖബര്‍ മാന്തി മയ്യിത്ത് പുറത്തെറിയുന്നതു ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതുകൊണ്ട് ആ ഉദ്യമത്തില്‍നിന്നു പിന്തിരിയണം.”

വേറെ ചിലര്‍ പറഞ്ഞു; “നമ്മുടെ പിതാക്കളെയും സഹോദരന്മാരെയും നേതാക്കളെയും ബദറില്‍വെച്ച് വെട്ടിവീഴ്ത്തിയ ആ ദുഷ്ടനോട് ഏതുവിധത്തില്‍ പകരംവീട്ടിയാലും അധികമല്ല. എന്തു നീചത്വം ചെയ്താലും തെറ്റില്ല. നമുക്ക് ഈ ഖബര്‍ മാന്തുകതന്നെ വേണം.”

ഇങ്ങിനെ രണ്ടു കക്ഷികളായിത്തീര്‍ന്നു ഖുറൈശികള്‍. ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്യാന്‍ ഇടപെട്ടുകൊണ്ടുപറഞ്ഞു; “നിങ്ങള്‍ ഇപ്പോള്‍ തന്നെ ഭിന്നിക്കാന്‍ തുടങ്ങിയിരിക്കയാണ്, ഇതപകടമാണ്, ബദറില്‍ നമുക്കേറ്റ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. നമ്മുടെ അനൈക്യം മൂലമാണതു സംഭവിച്ചത്. ഇനിയും നാം ഭിന്നിക്കുകയാണെങ്കില്‍ നമ്മുടെ അന്ത്യം അടുത്തു എന്നോര്‍ക്കുക. ഭിന്നിപ്പ് ഒരിടത്തും തലപൊക്കാന്‍ ഇടവരുത്താതിരിക്കുക. ഖബര്‍ മാന്തണമോ വേണ്ടയോ എന്നതല്ല പ്രശ്നം. അതുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാനില്ല. ഐക്യമാണ് പ്രശ്നം. അതുമുറുകെപിടിക്കുക. ഏകസഹോദരന്മാരെപ്പോലെ ശത്രുവിനെ നശിപ്പിക്കാന്‍ ഒത്തുപിടിച്ചു മുന്നേറുക. അതാണ്‌ ഇപ്പോള്‍ ആവസ്യമായിട്ടുള്ളത്.”

ഇതോടെ ഖബര്‍ മാന്താനുള്ള പരിപാടി വേണ്ടെന്നുവെച്ചു. സൈന്യം ‘അബവാ’ഇല്‍ വിശ്രമിച്ചു. പടഹധ്വനികള്‍ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. മദ്യം മൂക്കറ്റം കുടിച്ചു പടയാളികള്‍ നൃത്തംവെച്ചു. കവികള്‍ നബിയെ(സ)ഇകഴ്ത്തിക്കൊണ്ടും ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. സുന്ദരികളായ ഖുറൈശീ വനിതകള്‍ യുവാക്കളില്‍ ആവേശം വര്‍ദ്ധിപ്പിച്ചു.

സൈന്യം മുന്നോട്ടുനീങ്ങി. മദീനയോട് തൊട്ടുകിടക്കുന്ന ദുല്‍ഹുലൈഫ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. അവിടെവെച്ച് ഒട്ടകങ്ങള്‍ അറുത്ത് പാകം ചെയ്തു ഭക്ഷിച്ചു. മൂക്കറ്റം മദ്യപിക്കുകയും കൂത്താടുകയും ചെയ്തുകൊണ്ടിയുന്നു. മദീനക്കാരെ ഭയപ്പെടുത്തി കീഴടക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇന്ന്‍ മദീനയെ ചുട്ടുചാമ്പലാക്കുന്ന ദിവസമാണെന്നവര്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ആയുധശേഷിയിലും അംഗബലത്തിലും ഊറ്റംകൊള്ളുകയായിരുന്നു അവര്‍. ലോകത്തൊരു ശക്തിക്കും നമ്മെ കീഴടക്കാന്‍ സാധ്യമല്ലെന്നവര്‍ വീമ്പിളക്കി.




 അബ്ബാസ്‌(റ)വിന്‍റെ കത്തുകിട്ടിയ ഉടനെ നബി(സ) തന്‍റെ സ്വഹാബികളെ വിളിച്ചുകൂട്ടി. നബിയരുളി; “പ്രിയപ്പെട്ട സ്വഹാബികളെ...! ഖുറൈശികള്‍ ഒരു വമ്പിച്ച സൈന്യവുമായി ബദറിനു പകരം ചോദിക്കുവാന്‍ വരുന്നു. അവരുടെ ഉദ്ദേശ്യം മദീനയെ തകര്‍ക്കലാണ്. ബദറില്‍ നാം നേടിയ വിജയത്തിന്‍റെ ഫലം ഇല്ലാതാക്കലാണ്. നാം ഈ അവസരത്തില്‍ ഏതുതരത്തിലുള്ള പ്രതിരോധനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്. മദീനക്കുപുറത്തുപോയി ശത്രുക്കളെ നേരിടണോ...? അതോ മദീനക്കുള്ളില്‍ പ്രതിരോധനിര കെട്ടിപ്പടുത്താല്‍ മതിയോ? പുറത്തുപോയി എതിരിടുമ്പോള്‍ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, അവര്‍ എല്ലാവിധേനയുമുള്ള ഒരുക്കത്തോടുകൂടിയാണ് വരുന്നത്. അംഗസംഖ്യയിലും ആയുധബലത്തിലും അവര്‍ വളരെ മുമ്പിലാണ്.”

ഇതുകേട്ടപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: “ശത്രുക്കളെ മദീനാപട്ടണത്തില്‍ കടക്കാന്‍ അനുവദിച്ചുകൂടാ പട്ടണത്തിന് പുറത്തുചെന്ന്‍ നേരിടുകതന്നെവേണം.”

ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത യുവാക്കള്‍ ആവേശത്തോടെ മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു; “ഞങ്ങള്‍ രക്തസാക്ഷിത്വം വരിക്കാന്‍ ഇതാ അക്ഷമരായി കാത്തിരിക്കുകയാണ്. അതുകൊണ്ട് ഒരിക്കലും ശത്രുക്കള്‍ നഗരത്തില്‍ കടക്കാന്‍ നാം കാത്തുനിന്നുകൂടാ. നമുക്കവരെ പുറത്തുചെന്ന്‍ അടിച്ചോടിക്കുകതന്നെവേണം.”

  എന്നാല്‍ ഈ അഭിപ്രായം പക്വമതികളായ സ്വഹാബികള്‍ക്ക് സ്വീകാര്യമായില്ല. അവര്‍ പറഞ്ഞു; “നഗരത്തിനുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടുപ്രതിരോധിക്കുന്നതാണ് നല്ലത്. നബിക്കും(സ) അതാണാഗ്രഹമെന്നു വാക്കുകള്‍ സൂചിപ്പിക്കുന്നുവല്ലോ. അതുകൊണ്ട് അങ്ങനെ തീരുമാനിക്കാം. പുറത്തേക്കുചെന്ന്‍ എതിരിടുന്നത് ഒരിക്കലും ഗുണകരമായിരിക്കുകയില്ല. കാരണം, അവര്‍ ആയുധബലം കൊണ്ടും ആള്‍ബലംകൊണ്ടും നമ്മേക്കാള്‍ എത്രയോ മുന്നിലാണല്ലോ? മാത്രമല്ല ബദറില്‍ നാം അവര്‍ക്കേല്പിച്ച പ്രഹരത്തിനു തിരിച്ചടിനല്‍കാന്‍ ദൃഡനിശ്ചയം ചെയ്തുകൊണ്ടാണവരുടെ വരവ്.”

ഇങ്ങനെ സ്വഹാബികള്‍ രണ്ടു അഭിപ്രായക്കാരായിക്കണ്ടപ്പോള്‍ നബി(സ) പറഞ്ഞു. “ഭൂരിപക്ഷത്തിന്‍റെ അഭിപ്രായപ്രകാരം ചെയ്യാം. അങ്ങനെ മദീനാനഗരത്തിനുവെളിയില്‍ ചെന്നു ശത്രുവിനെ അടിച്ചോടിക്കാമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷമുണ്ടായത്. അത് നബി(സ)യുടെ ആഗ്രഹത്തിന് എതിരായിരുന്നു. അതിനാല്‍ നബി(സ) പിന്നെയും അഭിപ്രായമാരാഞ്ഞുകൊണ്ടിരുന്നു.

നബി(സ) അന്‍സാരികളോട് ചോദിച്ചു; ‘നിങ്ങളുടെ അഭിപ്രായമെന്താണ്?’ അവര്‍ പറഞ്ഞു; “നബിയേ,(സ) മദീനക്കാരായ ഞങ്ങളെ പരാജയപ്പെടുത്താന്‍ പണ്ടുമുതല്‍ക്കേ ആര്‍ക്കും സാധിച്ചിട്ടില്ല. നമ്മുടെ നാടിനെ ആക്രമിക്കാന്‍ ആരുവന്നാലും നാം അവരെ അടിച്ചോടിച്ച ചരിത്രമേയുള്ളൂ. അതിനാല്‍ ഖുറൈശിപ്പടയെ നഗരത്തിനുവെളിയില്‍ വെച്ചുതന്നെ നമുക്ക് തുരത്തണം. അവര്‍ നഗരത്തില്‍ കടക്കാന്‍ കാത്തിരിക്കേണ്ടതില്ല.’

നബി(സ)യുടെ പ്രിയപിതൃവ്യനും പ്രസിദ്ധപടവീരനുമായ ഹസ്രത്ത് ഹംസ(റ) പറഞ്ഞു; “നബിയേ...! (സ) നാം ബദറില്‍വെച്ചു കുത്തിച്ചതച്ച ശത്രുവാണിപ്പോള്‍ തലപൊന്തിച്ചുവരുന്നത്. അവരെ കൈകാര്യം ചെയ്യാന്‍ നമുക്ക് നിഷ്പ്രയാസം കഴിയും. മദീനക്കുവെളിയില്‍ ചെന്ന്‍ അവര്‍ക്കുനേരെ വാള്‍ വീശാന്‍ എനിക്കനുമതി തന്നാലും. വാള്‍പിടിച്ചു തഴമ്പുറ്റ എന്‍റെ കൈകള്‍ ഇതാ അതിനായി വെമ്പുകയാണ്.”

ഹസ്രത്ത് നുഉമാനുബ്നുമാലിക്(റ) പറയുകയാണ്‌; “അല്ലാഹുവിന്‍റെ റസൂലേ! കഴിവതും വേഗം രക്തസാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിശ്വാസത്തിന്‍റെ ജീവരക്തം ചോര്‍ത്തിക്കളഞ്ഞ് സ്വര്‍ഗ്ഗപ്രവേശനം നടത്താന്‍ എന്നെ അനുവദിച്ചാലും. ശത്രുക്കള്‍ നഗരത്തില്‍ കടക്കുന്നതിനുമുമ്പുതന്നെ അവരുമായേറ്റുമുട്ടാന്‍ എന്‍റെ ഹൃദയം വെമ്പുന്നു.”

ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ്(റ) പറഞ്ഞു; “അല്ലാഹുവിന്‍റെ റസൂലേ! ഖുറൈശികളുടെ വരവ് ഒരു കൊടുങ്കാറ്റുപോലെയാണെന്നാണ് കേള്‍വി. അതിനാല്‍ നഗരത്തിനു പുറത്തുചെന്നു എതിര്‍ക്കുന്നതു നല്ലതല്ലെന്നാണ് എന്‍റെ പക്ഷം. അവര്‍ നഗരത്തില്‍ പ്രവേശിച്ചാല്‍ നമുക്കവരെ അടിച്ചോടിക്കാം.”

ഉമര്‍ ഫാറൂഖിന്‍റെ അഭിപ്രായവും ഇതുതന്നെയായിരുന്നു.  ഉസ്മാനുബ്നു അഫ്ഫാന്‍(റ) പറഞ്ഞു; “അല്ലാഹുവിന്‍റെ റസൂലേ ഭൂരിപക്ഷം ആളുകളെ നഗരത്തിനു പുറത്ത്ചെന്ന്‍ എതിര്‍ക്കാനാണാഗ്രിക്കുന്നതെങ്കിലും അത് ഗുണകരമാണെന്ന് എനിക്കഭിപ്രായമില്ല. മദീനക്കുള്ളില്‍നിന്നുകൊണ്ട് പ്രതിരോധിച്ചാല്‍ പോരെ? അതല്ലേ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗം?”

 ഹസ്രത്ത് അലിയ്യുബ്നു അബൂതാലിബും ഇതുതന്നെയാണഭിപ്രായപ്പെട്ടത്. നബിയും(സ) ഇതേ അഭിപ്രായക്കാരനായിരുന്നുവെങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ എപ്പോഴും മാനിക്കാറുള്ള നബി(സ) ഇവിടെയും അങ്ങനെ ചെയ്തു. നഗരത്തിനു പുറത്തുചെന്ന്‍ ശത്രുക്കളെ നേരിടാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു


നബിതിരുമേനി(സ) തലേദിവസം ഒരു സ്വപ്നം കണ്ടിരുന്നു. പോരാട്ടത്തില്‍ തന്‍റെ ദുല്‍ഫുഖാര്‍ എന്ന വാളിന്‍റെ മുന പൊട്ടിയെന്നും ഒരുകൂട്ടം പക്ഷികള്‍ അറുക്കപ്പെട്ടുവെന്നുമായിരുന്നു സ്വപ്നം. ഇതു സ്വഹാബികളെ അറിയിച്ചുകൊണ്ട്‌ തിരുമേനിയരുളി; “വിധിയെന്തായാലും അതുനടക്കട്ടെ, നമുക്ക് പുറപ്പെടാം. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം യുദ്ധത്തിനു പുറപ്പെട്ടുകൊള്ളുക.” നബി(സ) ആജ്ഞാപിച്ചു.

മദീന സജീവമായി. സ്വഹാബികള്‍ ആവേശഭരിതരായി ഒരുക്കങ്ങള്‍ ആരംഭിച്ചു. പടക്കോപ്പണിഞ്ഞുകൊണ്ടാണവര്‍ ജുമുഅക്ക് വന്നത്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വം. ഇതുരണ്ടും അവര്‍ക്ക് പ്രിയങ്കരമായിരുന്നു. അവര്‍ ആയുധധാരികളായി പള്ളിക്കുചുറ്റും തടിച്ചുകൂടി. ജുമുഅക്കുശേഷം ആയുധമണിഞ്ഞുകൊണ്ട് നബിയും(സ) പുറത്തുവന്നു. ഈ ഘട്ടത്തില്‍ സ്വഹാബികള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു; “നബി(സ) നഗരത്തിനു പുറത്തുചെന്നു ആക്രമം നടത്താന്‍ ഇഷ്ടപ്പെടുന്നില്ല. ഭൂരിപക്ഷത്തിന്‍റെ നിര്‍ബന്ധംകൊണ്ടാണ് ഈ അഭിപ്രായം തിരുമേനി സ്വീകരിച്ചത്. ഇതു നല്ലതിനല്ല. നബിയുടെ(സ) അഭിപ്രായത്തിനു വിട്ടുകൊടുക്കുന്നതാണ് നല്ലത്.”

 ഇതുകേട്ടപ്പോള്‍ സംഗതി ശരിയാണെന്ന് ബോധ്യമായ അന്‍സാറുകള്‍ നബിയോടരുളി; “അല്ലാഹുവിന്‍റെ റസൂലേ (സ) ...! നഗരത്തിനു പുറത്തുചെന്നു ആക്രമണം നടത്തണമെന്ന ഞങ്ങളുടെ അഭിപ്രായം സ്വീകരിച്ചുകൊള്ളണമെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമില്ല. അക്കാര്യം അങ്ങയുടെ തീരുമാനത്തിനു വിട്ടുതരാന്‍ ഞങ്ങള്‍ തയ്യാറാണ്. അതുകൊണ്ട് ഞങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ അങ്ങയുടെ അഭിപ്രായമാനുസരിച്ചു തീരുമാനിച്ചാലും. ഞങ്ങള്‍ അങ്ങയുടെ ഏതു തീരുമാനവും ശിരസാവഹിക്കാന്‍ തയ്യാറാണ്.”

ഈ ഘട്ടത്തില്‍ നബി(സ)യരുളി; ‘ഞാന്‍ ആയുധമണിഞ്ഞുകഴിഞ്ഞു. ഇനി യുദ്ധം കഴിഞ്ഞല്ലാതെ ഇതഴിച്ചുവെക്കലില്ല. ഏതൊരു നബിയും ആയുധമണിഞ്ഞുകഴിഞ്ഞാല്‍ അതഴിച്ചുവെക്കല്‍ യുദ്ധം കഴിഞ്ഞശേഷം മാത്രമാണ്. ചാഞ്ചല്യം പ്രവാചകന്മാര്‍ക്ക് ചേര്‍ന്നതല്ല. അത് പരാജയത്തിന്‍റെ ദൂതനാണ്‌. നമുക്ക് ഉറച്ചകാല്‍വെപ്പോടെ മുന്നോട്ടുനീങ്ങേണ്ടതുണ്ട്. എല്ലാം അള്ളാഹുവില്‍ സമര്‍പ്പിച്ചുകൊണ്ട് നമുക്ക് പുറപ്പെടാം.

നബി(സ) പതിവിനുവിപരീതമായി രണ്ട് കവചം അണിഞ്ഞിട്ടാണ് ഉഹ്ദ് യുദ്ധത്തിനു പുറപ്പെട്ടത്. മദീനയാകെ യുദ്ധഭേരി മുഴങ്ങുകയായി. ആവേശത്തള്ളിച്ചയാല്‍ സ്വഹാബികള്‍ തക്ബീര്‍ധ്വനികള്‍ മുഴക്കിക്കൊണ്ടിരുന്നു. എങ്ങും ഉത്സാഹത്തിമാര്‍പ്പ്. ബദറില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന യുവാക്കളുടെ ആവേശം അലതല്ലുകയായിരുന്നു.

യുദ്ധത്തിനു പുറപ്പെടുമ്പോള്‍ നബിതിരുമേനി(സ) കുരുടനായ അബ്ദുല്ലാഹിബ്നി ഉമ്മിമക്ത്തും(റ) എന്ന സ്വഹാബിയെ മദീനയിലെ ഭരണവും ഇമാമത്തും ഏല്‍പിച്ചു. നബിയും സ്വഹാബികളും പുറപ്പെടുകയായി. ഇരുട്ടിന്‍റെ വക്താക്കളുമായി ഏറ്റുമുട്ടാന്‍ വെളിച്ചത്തിന്‍റെ ആത്മാക്കള്‍ ഇറങ്ങി.

തൊള്ളായിരം സ്വഹാബികളാണ് മുസ്ലിംസൈന്യത്തിലുണ്ടായിരുന്നത്

ഔസ് വംശനേതാവായ ഹസ്രത്ത് ഉബാദത്ത്(റ) വിനെ വിളിച്ചു നബി(സ) ഒരു പതാക ഏല്‍പിച്ചു. മറ്റൊരു പതാക ഖസ്റജ് വര്‍ഗ്ഗനേതാവ് ഹസ്രത്ത് സഅദുബിനു ഉബാദത്തിന്‍റെ കൈയിലും കൊടുത്തു. മൂന്നാമത്തെ പതാക മുഹാജിറുകളുടെ പ്രതിനിധിയായ ഹസ്രത്ത് അലിയ്യിബ്നു അബൂതാലിബിനും നല്‍കി. 





ഈ മൂന്നു പതാകകള്‍ക്കുകീഴില്‍ അണിനിരന്ന സ്വഹാബികളുടെ തക്ബീര്‍ ധ്വനികള്‍ അന്തരീക്ഷം മുഖരിതമാക്കി. അലി(റ)യുടെ കയ്യില്‍ പതാക കൊടുത്തുകൊണ്ട് നബി(സ) അരുളി; ഈ പതാക താങ്കളും ബനൂഅബ്ദുദ്ദാര്‍ വംശനേതാവായ മിസ്‌അബ്(റ)വും മാറിമാറി വഹിക്കുക. അവര്‍ അങ്ങനെ ചെയ്തു. സ്വഹാബികള്‍ അണിയണിയായി നീക്കമാരംഭിച്ചു. ധര്‍മ്മസമരത്തില്‍ അടരാടി രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശത്തോടെ തൗഹീദിന്‍റെ പതാകകളെന്തി തക്ബീറിന്‍റെ മന്ത്രധ്വനികള്‍ മുഴക്കി അവര്‍ മുന്നോട്ടുനീങ്ങുകയാണ്.....

മക്കാജീവിതത്തില്‍ മുസ്ലിംകള്‍ക്കു നേരിടെണ്ടിവന്നിരുന്നത് സത്യനിഷേധികളെയായിരുന്നല്ലോ, എന്നാല്‍ മദീനയില്‍ മുസ്ലിംകളെ ഏറ്റവുമധികം ദ്രോഹിച്ചിരുന്നത് കപടവിശ്വാസികളാണ്. ഇവര്‍ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പുറമേ മുസ്ലിംകളായി ചമഞ്ഞ് ഉള്ളില്‍ സത്യനിഷേധം മറച്ചുപിടിക്കുകയായിരുന്നു. സത്യവിശ്വാസികളോടവര്‍ പറയും ഞങ്ങള്‍ മുസ്ലിംകളാണ്. എന്നാല്‍ സത്യനിഷേധികളോടുപറയും ഞങ്ങളൊരിക്കലും മുഹമ്മദില്‍(സ) വിശ്വസിക്കയില്ല.  അവരെ കെണിയില്‍ കുടുക്കാന്‍വേണ്ടി ഞങ്ങള്‍ മുസ്ലിംകളായി അഭിനയിക്കുകയാണ്.

 ഈ നയവഞ്ചകര്‍ സമുദായത്തിനകത്തുനിന്നു ചെയ്തിരുന്ന ദ്രോഹങ്ങള്‍ കനത്തതായിരുന്നു. കാരണം, ഇവരെ മുഴുവന്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതുകൊണ്ട് രഹസ്യങ്ങള്‍ ചോര്‍ത്തി ശത്രുക്കള്‍ക്ക് കൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

ഇവരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന പ്രമാണിയാണ്‌. ഇയാള്‍ക്ക് ചില ആശാഭംഗങ്ങള്‍ നബിമൂലം നേരിട്ടിരുന്നു. നബി മദീനയില്‍ ചെല്ലുന്നതിന്‍റെ മുമ്പ് മദീനയിലെ ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങള്‍ നിരവധികാലം പരസ്പരം പോരടിക്കുകയും അവസാനം അവര്‍ യോജിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. യോജിച്ചുകഴിഞ്ഞാല്‍ അബ്ദുല്ലാഹിബ്നു ഉബയ്യിനെ മദീനയിലെ രാജാവാക്കാനും പരിപാടിയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് നബി(സ) മദീനയിലേക്ക് ഹിജ്റവന്നത്. അതോടെ ഒരു രാജാവിന്‍റെ ആവശ്യമില്ലാതെവന്നു. ഇത് അബ്ദുല്ലാഹിബ്നുഉബയ്യിനെ നിരാശനാക്കി. ഈ നൈരാശ്യം അസൂയയായിപരിണമിച്ചു. പക്ഷെ, അതുപുറത്തുകാണിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. തന്മൂലം കിട്ടുന്ന പഴുതുകളൊന്നും പാഴാക്കാതെ അയാളും അനുയായികളും സമുദായത്തില്‍ പല കുഴപ്പങ്ങളും കുത്തിപ്പോക്കാന്‍ ശ്രമിച്ചുവന്നു.

ഉഹ്ദ് യുദ്ധഘട്ടത്തിലും ഈ സുവര്‍ണ്ണാവസരം പാഴാക്കിയില്ല. അബ്ദുല്ലാഹിബ്നുഉബയ്യും അനുയായികളും യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ യുദ്ധത്തിനുപോകാന്‍ തയ്യാറായി. പക്ഷെ, ചില കുതന്ത്രങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തിരുന്നു. നബിയെയും സ്വഹാബികളെയും കുഴിയില്‍ ചാടിച്ചു കഴുത്തൂരാനുള്ള ശ്രമമാണവര്‍ ചെയ്തത്. അബ്ദുല്ലാഹിബ്നുഉബയ്യിന്‍റെ നേതൃത്വത്തില്‍ ഇരുന്നൂറു കപടന്മാരാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വന്നത്. സൈന്യത്തോടൊപ്പം അവരും മദീനയില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ സൈന്യം ഒരു മൈല്‍ ദൂരം നീങ്ങിയപ്പോഴേക്കും അബ്ദുല്ലാഹിബ്നു ഉബയ്യ് തന്‍റെ തനിനിറം കാണിച്ചു.

അയാള്‍ നബി(സ)യോട് പറഞ്ഞു;

 “ഖുറൈശി സൈന്യം മുവ്വായിരത്തോളമുണ്ടെന്നാണല്ലോ കേട്ടത്. സര്‍വ്വായുധവിഭൂഷിതരായ അവരെ നഗരത്തിനു പുറത്തുചെന്ന്‍ ആക്രമിക്കാന്‍ വെറും തൊള്ളായിരംപേരുള്ള നമുക്കെങ്ങനെ കഴിയും? നമുക്ക് നഗരത്തിനുള്ളില്‍തന്നെനിന്നു പ്രതിരോധം കെട്ടിപ്പടുക്കുകയാണ് നല്ലത്.”

നബിക്ക്(സ) മനസ്സിലായി. ഇയാള്‍ കഴുത്തൂരാന്‍ ഓരോ ഞൊണ്ടിന്യായം പറയുകയാണെന്ന്. നബി(സ)ചോദിച്ചു; “ഇതു താങ്കള്‍ക്കു നേരത്തെ പറയാമായിരുന്നില്ലേ? സൈന്യം നീങ്ങിത്തുടങ്ങിയ ശേഷമാണോ അഭിപ്രായം പറയുന്നത്?”

അബ്ദുല്ലാഹിബ്നുഉബയ്യ് പറഞ്ഞു;,,,

“എനിക്കാദ്യമേയുള്ള അഭിപ്രായമാണിത്. പക്ഷെ, ഇതുപറഞ്ഞിട്ടു പ്രയോജനമില്ലെന്നു കരുതി മിണ്ടാതിരുന്നതാണ്. ഇപ്പോള്‍ നാം വെറുതെ മരിക്കാന്‍ ഒരുങ്ങിപ്പോവുകയാണ് ചെയ്യുന്നതെന്നു ബോധ്യമായിരിക്കുന്നു. ഇതു നല്ലതിനല്ല.   നബിയരുളി; “മരിക്കാന്‍ ഭയമില്ലാത്തവര്‍ക്കേ ജീവിക്കാന്‍ അവകാശമുള്ളൂ. മരണത്തെ ഭയപ്പെടുന്നവര്‍ വീട്ടിനകത്തു വാതില്‍ അടച്ചുപൂട്ടിയിരുന്നാലും സമയമായാല്‍ ഒരു നിമിഷം നീളുകയില്ല. അവര്‍ മരിക്കേണ്ട സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരുകതന്നെചെയ്യും.” അപ്പോള്‍ അയാള്‍ പറഞ്ഞു: “എന്നാല്‍ ഞാന്‍ ഇതിനുതയ്യാറല്ല. എന്‍റെ കൂടെയുള്ളവരും ഇതിനോരുക്കമല്ല. ഞങ്ങളുടെ വീടുകളില്‍ ഒരാണ്‍തുണപോലും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ഖുറൈശികള്‍ നമ്മളെയെല്ലാം കൊന്നൊടുക്കി മദീനയിലേക്ക് ഇരമ്പിക്കയറുകയാണെങ്കില്‍ നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി എന്താകും?”


നബി(സ)അരുളി; “ഭീരുക്കള്‍ക്ക് യാതൊന്നും നേടാന്‍ സാധിക്കുകയില്ല. അവര്‍ മരണം വരെ ഇങ്ങനെ ഭയന്നുകഴിയേണ്ടിവരും. എന്തായാലും മരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം എന്നെ അനുഗമിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് തിരിച്ചുപോകാം.”

ഇതുകേട്ട ഉടനെ അബ്ദുല്ലാഹിബ്നുഉബയ്യ് പറഞ്ഞു: “മരണത്തെ ക്ഷണിച്ചുവരുത്താന്‍ ഞാന്‍ തയ്യാറില്ല. തിരിച്ചുപോകാന്‍ തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.”

നബി(സ)അരുളി; “വിരോധമില്ല.”

അങ്ങനെ അബ്ദുല്ലാഹിബ്നു ഉബയ്യും ഇരുന്നൂറു കപടന്മാരും തിരിച്ചുപോയി. കൊലച്ചതിയാണവര്‍ ചെയ്തത്. നബിയെയും(സ) സ്വഹാബികളെയും ശത്രുക്കളുടെ വായിലേക്ക് തള്ളിവിട്ടുകൊണ്ട് കപടന്മാര്‍ തങ്ങളുടെ മാളത്തിലേക്ക് തലവലിച്ചു.

  ഈ ഘട്ടത്തില്‍ നബി(സ) സ്വഹാബികളോട് പറഞ്ഞു; “അല്ലയോ സത്യവിശ്വാസികളെ! കപടന്മാര്‍ ഒഴിഞ്ഞുപോയതു നമുക്കൊരനുഗ്രഹമാണ്. കാരണം, അവര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാല്‍ ഇതിനേക്കാള്‍ വലിയ അപകടത്തില്‍ ചാടിച്ചേനെ. ഇപ്പോള്‍ നമുക്കവര്‍ വരുത്തിവെച്ച വിന സഹിക്കാവുന്നതെയുള്ളൂ. അവര്‍ നമ്മുടെ കൂടെ യുദ്ധക്കളത്തില്‍വന്ന്‍ നമ്മെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്താല്‍ നാമെന്തുചെയ്യും. ഏതായാലും അവര്‍ പോയതില്‍ സന്തോഷിക്കാനേ വകയുള്ളൂ. ഒട്ടും ദു:ഖിക്കേണ്ടതില്ല.”

കപടന്മാര്‍ ഒഴിഞ്ഞുപോയതോടെ തൊള്ളായിരം പേരുണ്ടായിരുന്ന സൈന്യം എഴുന്നൂറായി ചുരുങ്ങി. പക്ഷെ, അവര്‍ കറകളഞ്ഞ വിശ്വാസികളായിരുന്നു.

എല്ലാ പ്രവാചകന്മാരുടെ കാലത്തും ഉണ്ടായിട്ടുണ്ട് ഇത്തരം കപടവിശ്വാസികള്‍. മൂസാനബിക്ക് ശേഷം ഇസ്രായേലുകാരുടെ രാജാവായ താലൂത്ത് തന്‍റെ പടയാളികളുമായി ജാലൂത്തിനോട് പൊരുതാന്‍ പോകുമ്പോള്‍ കപടവിശ്വാസിളെ വേര്‍തിരിച്ച കഥ ഖുര്‍ആനില്‍ പറയുന്നുണ്ട്. അവര്‍ ഒരു നദികടക്കുമ്പോള്‍ താലൂത്ത് രാജാവ് കല്‍പിച്ചു;  നദിയില്‍ നിന്ന്‍ കൈകൊണ്ട് ഒരു കോരല്‍ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്ന്‍. പടയാളികള്‍ക്ക് കഠിനമായ ദാഹമുണ്ടായിരുന്നു. എങ്കിലും കറകളഞ്ഞ വിശ്വാസികള്‍ കല്‍പന സ്വീകരിച്ചു. മറ്റുള്ളവര്‍ നദിയില്‍ കമിഴ്ന്നുകിടന്നു വയറുനിറയെ വെള്ളം കുടിച്ചു. താലൂത്ത് രാജാവ് അത്തരക്കാരെയെല്ലാം തന്‍റെ സൈന്യത്തില്‍ നിന്നും പുറത്താക്കുകയുമുണ്ടായി. ആ കപടന്മാര്‍ തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ അവര്‍ സ്വയം പിരിഞ്ഞു പോയതല്ല. താലൂത്ത് രാജാവ് പിരിച്ചയക്കുകയാണ് ഉണ്ടായത്.  ഇവിടെ അതല്ല ഉണ്ടായത്. മുനാഫിഖുകള്‍ ചില ഞൊണ്ടിന്യായങ്ങള്‍ പറഞ്ഞ് സ്വയം പിരിഞ്ഞുപോവുകയാണ് ചെയ്തത്. ഏതായാലും നബി(സ)യുടെയും സ്വഹാബികളുടെയും ദൃഡനിശ്ചിയത്തിന് ഒരു പോറല്‍പോലുമേല്‍പ്പിക്കാനവര്‍ക്ക് കഴിഞ്ഞില്ല..

ഒരു ബലപരീക്ഷണം)

നബി(സ)തന്‍റെ സ്വഹാബികളോടുകൂടി മുന്നോട്ട് നീങ്ങി. അവര്‍ ‘ശീഖൈനി’ എന്ന സ്ഥലത്തെത്തി അവിടെ തമ്പടിച്ചു. ശത്രുക്കളുമായി ഏറ്റുമുട്ടാനുള്ള ആവേശം അലതല്ലുകയായിരുന്നു സ്വഹാബികളുടെ ഹൃദയത്തില്‍. ‘ശീഖൈനി’ ഒരു കുന്നിന്‍റെ പേരാണ്. അതിന്‍റെ താഴ്വരയില്‍ വിശ്രമിക്കുമ്പോള്‍ നബി(സ) തന്‍റെ പടയാളികളെ ഒന്നു പരിശോധിച്ചു. അവരില്‍ ചില ബാലന്മാരുണ്ടായിരുന്നു. പതിമൂന്നുപേര്‍. പ്രായപൂത്തിയാകാത്ത ഇവര്‍ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം ഉത്സാഹതിമിര്‍പ്പോടെ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇവരോട് നബി(സ) അരുളി; “നാം യുദ്ധത്തിനാണ് പോകുന്നത്, യുദ്ധം കുട്ടിക്കളിയല്ല, ശത്രുക്കളുമായേറ്റുമുട്ടാന്‍ നിങ്ങള്‍ക്കു പ്രായമായിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ പതിമൂന്ന് പേരും തിരിച്ചുപോകണം.”

അവര്‍ നിരാശരായി. ഇവരുടെ കൂട്ടത്തില്‍ ആവേശം അലതല്ലുന്ന ഹൃദയവുമായ് ഒരു ബാലനുണ്ടായിരുന്നു. റാഫിഉ(റ) ഈ ബാലന്‍ നിരാശനാകാതെ തന്‍റെ പിതാവായ ഖുദൈജ്(റ)വിനോട് പറഞ്ഞു; “പ്രിയ പിതാവേ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയതു ധര്‍മ്മയുദ്ധത്തില്‍ രക്തസാക്ഷിയാകാന്‍ ആഗ്രഹിച്ചുകൊണ്ടാണ്. നബി(സ) എന്നോട് പിരിഞ്ഞുപോകാന്‍ കല്‍പിക്കുന്നു. എനിക്കതു ചിന്തിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് അങ്ങ് നബിതിരുമോനി(സ)യോട് സമ്മതം വാങ്ങിത്തരണം.”

 ഹസ്രത്ത് ഖുദൈജ്(റ) നബി(സ)യോട് അപേക്ഷിച്ചു. “അല്ലാഹുവിന്‍റെ റസൂലേ എന്‍റെ മകന്‍ റാഫിഉ തിരിച്ചുപോകാന്‍ കൂട്ടാക്കുന്നില്ല. അവന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്ങ് അനുമതി നല്‍കിയാലും.” നബി(സ) ആ ശുപാര്‍ശ സ്വീകരിച്ചു. റാഫിഉ സന്തുഷ്ടനായി. ഇതുകണ്ടുനിന്ന റാഫിഉന്‍റെ സമപ്രായക്കാരനായ സംറത്ത് നബി(സ)യോട് അപേക്ഷിച്ചു; “അല്ലാഹുവിന്‍റെ റസൂലേ റാഫിഇ എന്‍റെ സമപ്രായക്കാരനാണ്, മാത്രമല്ല, അവനെക്കാള്‍ ശക്തനാണ് ഞാന്‍. അവന് യുദ്ധത്തിനു അനുമതി നല്‍കുകയാണെങ്കില്‍ എനിക്കും അനുമതി നല്‍കിയാലും.”

 നബി(സ)യരുളി; അവനു നിന്നേക്കാള്‍ കായബലമുണ്ട്.

സംറത്തു(റ) പറഞ്ഞു; ഇല്ല, അവനെ തോല്‍പിക്കാന്‍ എനിക്കു കഴിയും, വേണമെങ്കില്‍ ഒരു മല്‍പിടിത്തം നടത്തിനോക്കാം. റാഫിഇനെ ഞാന്‍ പരാജയപ്പെടുത്തി കാണിച്ചുതരാം.

നബി(സ)പുഞ്ചിരിച്ചുകൊണ്ടരുളി: എന്നാല്‍ അതൊന്നുകാണട്ടെ? നിങ്ങള്‍ തമ്മില്‍ ഒരു ബലാബലപരീക്ഷണം നടക്കട്ടെ.

ഉടനെ റാഫിഉം, സംറത്തും തമ്മില്‍ ഒരു മല്‍പ്പിടുത്തം നടന്നു. നബിയും(സ) സ്വഹാബികളും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു. ഹസ്രത്ത് റാഫിഇനെ ഹസ്രത്ത് സംറത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കീഴ്പ്പെടുത്തുകയുണ്ടായി. അങ്ങനെ റാഫിഇനോടൊപ്പം സംറത്തിനും യുദ്ധക്കളത്തിലേക്ക്‌ പോകാന്‍ അനുമതി കിട്ടി. ആ പുലിക്കുട്ടികള്‍ ആനന്ദതുന്ദിലരായി.

നബി(സ)യും സ്വഹാബികളും ഉഹ്ദ്മലയുടെ താഴ്വരയിലെത്തി.

ശവ്വാല്‍ മാസം ആറാം തിയ്യതി വെള്ളിയാഴ്ച സന്ധ്യാസമയത്താണെത്തിയത്. 

അന്നുരാത്രി നബിതിരുമേനി(സ) ഒരു സ്വപ്നം കണ്ടു. ആകാശത്തുനിന്നും മാലാഖമാര്‍ ഇറങ്ങിവരുന്നു. അല്ലാഹുവിന്‍റെ സിംഹമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദേഹവും, പ്രസിദ്ധ പടവീരനും നബിതിരുമേനി(സ)യുടെ പ്രിയ പിതൃവ്യനുമായ ഹസ്രത്ത് ഹംസ(റ)വിനെ അവര്‍ കുളിപ്പിക്കുന്നു. ഈ സ്വപ്നം കണ്ടുകൊണ്ട് നബി(സ) ഞെട്ടിയുണര്‍ന്നു. ഇതിന്‍റെ സാരം നബി(സ)ക്കുമനസ്സിലായി. പക്ഷെ അല്ലാഹുവിന്‍റെ വിധി തടുത്തുനിര്‍ത്താന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നു നല്ല ബോദ്ധ്യമുള്ള പ്രവാചകന്‍റെ ദൃഡനിശ്ചയത്തിനും സ്ഥൈര്യത്തിനും യാതൊരിളക്കവും തട്ടിയില്ല. വിധി എന്തോ അതു നടക്കട്ടെ എന്ന് വിചാരിച്ചുകൊണ്ടു നബി(സ)ഉറച്ചുനിന്നു.

പ്രഭാതം പൊട്ടിവിടര്‍ന്നു. നബി(സ)യും സ്വഹാബികളും ഉഹ്ദിലെത്തിയ വിവരമറിഞ്ഞ ഉടനെ ഖുറൈശികള്‍ ദുല്‍ഹുലൈഫയില്‍ നിന്നും ഉഹ്ദിലെത്തി

രണ്ടുവിഭാഗവും മുഖത്തോടുമുഖം അണിനിരന്നുകൊണ്ട് പടഭേരി മുഴക്കുകയാണ്. യോദ്ധാക്കളുടെ രക്തം തിളച്ചുപൊങ്ങി. സിരകള്‍ ഇരമ്പി. രക്തപ്പുഴ ഒഴുകാന്‍ ഇനി അധികസമയം കഴിയേണ്ടിവരില്ല. ഈ ഘട്ടത്തില്‍ നബി(സ) ഒരു ഖഡ്ഗം തൃക്കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു. ഈ വാള്‍ ഏറ്റുവാങ്ങുവാന്‍ തയ്യാറുള്ളവര്‍ ആരാണ്, ഉടനെ സ്വഹാബികള്‍ ഒരേ ശബ്ദത്തില്‍ പ്രതിവചിച്ചു ഞാന്‍, ഞാന്‍,,, 

അപ്പോള്‍ നബി(സ) പുഞ്ചിരിതൂകിക്കൊണ്ടരുളി; ഞാനിത് അബൂദുജാനയ്ക്കാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതുകേട്ടു സ്വഹാബികള്‍ അത്ഭുതപ്പെട്ടു. ഈ അസുലഭഭാഗ്യം നേടിയ ഹസ്രത്ത് അബൂദുജാനത്തിനെ അവര്‍ സൂക്ഷിച്ചുനോക്കി. നബി(സ) അബൂദുജാനയെ വിളിച്ചു, അല്ലയോ അബൂദുജാനാ, ഇതാ ഈ ഖഡ്ഗം വാങ്ങിക്കൊള്‍ക. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ....



ഹസ്രത്ത് അബൂദുജാന(റ) ആനന്ദതുന്ദിലനായി അഭിമാനത്തോടെ മുന്നോട്ടുവന്നു വാള്‍ തൃക്കൈയ്യില്‍നിന്നുവാങ്ങി. ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചപ്പോള്‍ അല്‍പം അഹങ്കാരത്തോടുകൂടിത്തന്നെ അദ്ദേഹം പടക്കളത്തിലിറങ്ങി ഒരഭ്യാസപ്രകടനം നടത്തി. ഇതുകണ്ടു സന്തുഷ്ടരായ നബി(സ) പുഞ്ചിരിച്ചുകൊണ്ടരുളി; “പടക്കളത്തിലല്ലെങ്കില്‍ അബൂദുജാനയുടെ ഈ അഹങ്കാരം ഒരു മഹാ പാപമാകുമായിരുന്നു. ഇവിടെ ശത്രുക്കളെ ഭയപ്പെടുത്താന്‍ ഇതാവശ്യമാണുതാനും.”

 പടക്കളം സജീവമായി. ആദ്യം ഖുറൈശികളുടെ പക്ഷത്തുനിന്നു യുദ്ധക്കളത്തിലിറങ്ങിയത് അബൂഅംറുറാഹിബ് എന്ന മദീനക്കാരനാണ്. ഇയാള്‍ മദീനയില്‍നിന്നോളിച്ചോടി മക്കയില്‍ ചന്നുകൂടിയ ആളാണ്‌. നബിതിരുമേനി(സ)യെ നോക്കി ആ ദുഷ്ടന്‍ ആക്രോശിച്ചു. “മുഹമ്മദേ, നിന്‍റെ തലകൊയ്യാന്‍ വന്നവനാണ് ഞാന്‍. അതു സാധിച്ചല്ലാതെ മടക്കമില്ല. നീ മദീന കൈയടക്കിവെച്ചു. മക്കായിലെ സാര്‍ത്ഥവാഹകസംഘത്തിന് വഴി തടഞ്ഞു. ബദറില്‍വെച്ച് ഖുറൈശി നേതാക്കളെ കൂട്ടക്കൊലചെയ്തു. ഇതിനെല്ലാം പകരം വീട്ടാതെ ഞങ്ങള്‍ മടങ്ങുകയില്ല.”

 തുടര്‍ന്ന്‍ ആ ദുഷ്ടന്‍ തരംതാണ ഭാഷയില്‍ നബി(സ)യെ ശകാരിക്കാനും പുച്ഛിക്കാനും തുടങ്ങി. ഈ ഘട്ടത്തില്‍ മുസ്ലിം ചേരിയില്‍നിന്ന്‍ ഒരു കല്ല് അയാള്‍ക്കുനേരെ ചീറിപ്പാഞ്ഞുവന്നു. അതേറ്റു തലയില്‍നിന്നു രക്തം ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഭയന്നോടി അണിയില്‍ ചെന്നുനിന്നു. ഒഴുകുന്ന രക്തം തുടച്ചുകൊണ്ടയാള്‍ ശകാരം തുടര്‍ന്നു. പിന്നെ ഖുറൈശികളില്‍ നിന്ന്‍ പടക്കളത്തിലിറങ്ങിയത് ഉഖുബ എന്ന വീരനാണ്. അയാള്‍ നബി(സ)യെ പുലഭ്യം പറയാന്‍ തുടങ്ങി; “മുഹമ്മദേ,,,,

നീ നമ്മുടെ കുടുംബം ഛിദ്രിപ്പിച്ചു. കാരണവന്മാരുടെ വിശ്വാസങ്ങള്‍ ഖണ്ഡിച്ചു. സിറിയയിലേക്ക് ഞങ്ങള്‍ കച്ചവടത്തിനു പോകുന്നത് തടഞ്ഞു, ബദറില്‍ വെച്ച് ഞങ്ങളെ കൂട്ടക്കൊല നടത്തി. ഇതിനൊക്കെ ഞങ്ങളിന്നു പ്രതികാരം ചോതിക്കുക തന്നെചെയ്യും. ഞങ്ങള്‍ക്കാവശ്യം നിന്നേയും, മക്കയില്‍നിന്നും നിന്‍റെ കൂടെ ഒളിച്ചോടിയവരെയുമാണ്. മദീനക്കാരെ, ഞങ്ങള്‍ക്കാവശ്യമില്ല. അല്ലയോ മദീനക്കാരെ, ഞങ്ങളുടെ നാട്ടുകാരെ ഞങ്ങള്‍ക്കു വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്ക് സുരക്ഷിതരായി തിരിച്ചുപോകാം. വെറുതെ നിങ്ങളും ഈ കെണിയില്‍ കുടുങ്ങേണ്ടതില്ല. നിങ്ങളോട് ഞങ്ങള്‍ക്ക് യാതൊരുവിധ ശത്രുതയുമില്ല. അതുകൊണ്ട് ഞങ്ങളുടെ നാട്ടുകാരെ ഞങ്ങള്‍ക്കു വിട്ടുതന്നു തിരിച്ചുപോവുക. അതാണ്‌ നിങ്ങള്‍ക്കുത്തമം, അല്ലാത്തപക്ഷം പിന്നെ നിങ്ങള്‍ ഖേദിക്കേണ്ടിവരും.”


ഉഖുബയുടെ ഈ ആക്രോശങ്ങള്‍ കേട്ടു ക്ഷമയറ്റുനില്‍ക്കുകയാണ് മുസ്ലിം പടയാളികള്‍, ഹസ്രത്തു സുബൈറുബിനുല്‍ അവാം(റ) ഉഖുബയുടെ നേരെ ചീറിയടുത്തുകൊണ്ടു പറഞ്ഞു; “എടാ ദുഷ്ടാ,,, ഞങ്ങളെ ഭിന്നുപ്പിച്ചു കീഴടക്കാമെന്ന വ്യാമോഹം മനസ്സിലിരിക്കട്ടെ... അതിവിടെ വിലപ്പോവുകയില്ല. നിങ്ങള്‍ ചെയ്ത കടുംകൈകള്‍ ഓര്‍ത്തുനോക്കുക. സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും സത്യവിശ്വാസികളെ ആട്ടിയോടിച്ച് അവരുടെ ധനമെല്ലാം കൈയടക്കിവെച്ചിരിക്കുന്ന ദുഷ്ടന്മാരെ നിങ്ങളുടെ അക്രമത്തിനു അറുതിവരുത്തുന്ന ദിവസമാണിന്ന്. ഞങ്ങളുടെ വാളുകള്‍ക്ക് നിങ്ങളുടെ കുടല്‍മാലകൊണ്ട് ഉറയിടുന്ന നാളാണിത്


ഇങ്ങനെ പരസ്പര വെല്ലുവിളികള്‍ നടത്തുന്നതിനിടയില്‍ ഉഖുബയും സുബൈറുബിനുല്‍ അവാമും ഏറ്റുമുട്ടി. ഖഡ്ഗങ്ങള്‍ മിന്നല്‍പ്പിണരുകള്‍ ഉതിര്‍ത്തു. രണ്ടു സിംഹങ്ങള്‍ അത്യുഗ്രമായ പയറ്റുകള്‍ നടത്തുകയാണ്. ഏതാനും നിമിഷങ്ങള്‍ ആ സിംഹങ്ങള്‍ രണ്ടും പൊരുതിനിന്നു. അവസാനം ഹസ്രത്ത് സുബൈറുബ്നുല്‍ അവാം(റ)വിന്‍റെ അത്യുഗ്രമായ ഒരു വെട്ടു തടുക്കാന്‍ ഉഖുബക്ക് സാധിച്ചില്ല. അതയാളുടെ കഴുത്തിനെ ഉടലില്‍നിന്നും വേര്‍പ്പെടുത്തി, രക്തം ചുറ്റും ചീറ്റിക്കൊണ്ട് ആ ഖുറൈശീനേതാവ് പടക്കളത്തില്‍ വീണുപിടഞ്ഞു. 

ഇതുകണ്ട് മുസ്‌ലിംകള്‍ തക്ബീര്‍ മുഴക്കി. ഖുറൈശികളാകട്ടെ, ഞെട്ടി!  ഒന്നാമത്തെ ഈ പ്രഹരം കനത്തതായിരുന്നു. അവരുടെ രക്തം തിളച്ചുപൊങ്ങി. ഖുറൈശികളുടെ പതാകയേന്തിനിന്നിരുന്ന തല്‍ഹത്തുബിന്‍ അബൂതല്‍ഹ ഉടനെ പടക്കളത്തിലേക്ക് ചാടി. അയാള്‍ നബി(സ)യെയും സ്വഹാബികളെയും കഠിനമായി പരിഹസിക്കാനും പുച്ഛിക്കാനും തുടങ്ങി. അയാള്‍ പറയുകയാണ്‌: 

“മുഹമ്മദേ നീയും നിന്‍റെ അനുയായികളും യുദ്ധത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നും, ഞങ്ങള്‍ മരിച്ചാല്‍ നരകത്തില്‍ ചെന്നുവീഴുമെന്നുമാണല്ലോ നിന്‍റെ അനുയായികളെ നീ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എങ്കില്‍ ഞാനിതാ നരകത്തില്‍ വീഴാന്‍ ഒരുങ്ങിവന്നിരിക്കുന്നു. എന്നെ നരകത്തിലേക്കയക്കാന്‍ ധൈര്യമുള്ളവര്‍ ആരുണ്ടിവിടെ? ഉഖ്ബയുടെ രക്തത്തിന് പ്രതികാരം ചെയ്തേ ഞാന്‍ അടങ്ങുകയുള്ളൂ. ആണുങ്ങളുണ്ടെങ്കില്‍ വരിക. ആരുവന്നാലും എന്‍റെ ഈ വാള്‍ അയാളുടെ തല ഉടലില്‍നിന്നും വേര്‍പ്പെടുത്തുകതന്നെ ചെയ്യും”

  
അയാളുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് പടക്കിറങ്ങിയതു ഹസ്രത്ത് അലിയ്യുബ്നു അബൂത്വാലിബ്(റ)ആണ്. ഉടനെ ത്വല്‍ഹത്ത് അലിയ്യിനെ വെട്ടി. അലി(റ) തടുത്തു. അതോടെ അവര്‍ തമ്മില്‍ അത്യുഗ്രമായ പോരുതുടങ്ങി. ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുകയായിരുന്നു. ഘോരഘോരമായ പോരാട്ടം അവസാനം അലിയ്യിന്‍റെ ഒരു വെട്ട് തല്‍ഹത്തിന് ഏറ്റു. അയാള്‍ പടക്കളത്തില്‍ പന മറിഞ്ഞുവീഴുന്നതുപോലെ വീണു. അലി(റ) അയാളെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ, അയാളുടെ വസ്ത്രം അഴിഞ്ഞു പൂര്‍ണനഗ്നനായതിനാല്‍ അലി(റ) പിന്തിരിയുകയാണ് ചെയ്തത്. നഗ്നനായ ആ മനുഷ്യന്‍ വിലപിക്കുണ്ടായിരുന്നു. അതുകേട്ട് അലി(റ) അയാളെ വധിക്കാതെ മടങ്ങുമ്പോള്‍ നബി(സ) ആജ്ഞാപിച്ചു; അയാളെ വധിക്കുക. ഉടനെ അലിയ്യിബ്നു അബൂത്വാലിബിന്‍റെ ഖഡ്ഗം ഉയരുകയും താഴുകയും ചെയ്തു.

അതോടെ ആ ദുഷ്ടന്‍റെ തല ഉടലില്‍നിന്നുതെറിച്ചു. രക്തം ചുറ്റും ചീറ്റി, “അല്ലാഹു അക്ബര്‍” സ്വഹാബികള്‍ തക്ബീര്‍ മുഴക്കി. ഖുറൈശികള്‍ വിഷണ്ണരായി, തല്‍ഹത്തും അന്ത്യശ്വാസം വലിച്ചു.

 ഖുറൈശികളുടെ കൊടി നിലത്തുവീണു ചോരയില്‍ കുതിര്‍ന്നു. അത് ഉയത്തിപ്പിടിച്ചുകൊണ്ട് തല്‍ഹത്തിന്‍റെ സഹോദരന്‍ ഉസ്മാന്‍ രംഗത്തുവന്നു. അയാളും നബിയെയും സ്വഹാബികളെയും പരിഹസിക്കാനും പുച്ഛിക്കാനും തുടങ്ങി. “എന്‍റെ ഏക സഹോദരന്‍റെ രക്തത്തിനു പകരം ചോദിച്ചല്ലാതെ ഇനി ജീവിതമില്ല. ചുണയുണ്ടെങ്കില്‍ വരിക. തല ഞാന്‍ ഉടലില്‍നിന്നും വേര്‍പ്പെടുത്തും.”

ഈ വെല്ലുവിളിയെ സ്വീകരിച്ചുകൊണ്ട് ഹസ്രത്ത് ഹംസ(റ) അയാള്‍ക്കുനേരെ ചീറിയടുത്തു. ഹംസ(റ)അരുളി: “എടാ ഉസ്മാനെ? നിന്‍റെ ആഗ്രഹം മനസ്സിലിരിക്കട്ടെ. സഹോദരന്‍റെ രക്തത്തിനു പ്രതികാരം ചെയ്യാന്‍ നീ വളര്‍ന്നിട്ടില്ല, ജീവന്‍ വേണമെങ്കില്‍ അണിയിലേക്ക് കയറിപ്പോവുക. അല്ലാത്തപക്ഷം നിന്‍റെ സഹോദരന്‍ പോയ ദിക്കിലേക്ക് നിന്നേയും ഞാന്‍ അയക്കും.”

ഉസ്മാന്‍ പിന്മാറിയില്ല. അയാള്‍ മുന്നോട്ടുനീങ്ങി. ഹംസ(റ)വിനെ ആഞ്ഞുവെട്ടി.............ഹംസ(റ) ആ വെട്ടുതടഞ്ഞു. ഘോരയുദ്ധം. പടക്കളം വിറക്കുമാര്‍ ഹംസ(റ)വും ഉസ്മാനും തമ്മില്‍ ബലാബലപരീക്ഷ നടക്കുകയാണ്. കാണികള്‍ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുന്നു. ഉസ്മാന്‍ പിന്നോട്ടുമാറി. അപ്പോള്‍ ഹംസ(റ)പറഞ്ഞു; “എടാ സൂതികര്‍മ്മിണിയുടെ മകനേ, ഹംസയുടെ ശക്തി നിനക്കുമനസ്സിലായോ? എന്തേ പിന്നോട്ടു മാറിയത്? ഇനി ഒരടി മുന്നോട്ടുവെച്ചാല്‍ നിന്‍റെ തല കാണുകയില്ല.”

ഉസ്മാന്‍ പിന്നെയും മുന്നോട്ടുവന്നു വെല്ലുവിളിച്ചു. “എന്‍റെ സഹോദരന്‍റെ രക്തത്തിനു ഞാന്‍ പകരം വീട്ടുകതന്നെ ചെയ്യും.” അയാള്‍ വീണ്ടും ഹംസ്(റ)നെ വെട്ടി. ഹംസ(റ) തടുത്തു. വീണ്ടും യുദ്ധം. അതു അധികനേരം നീണ്ടുനിന്നില്ല. ഉസ്മാന്‍ ഹംസ(റ)വിന്‍റെ വെട്ടേറ്റു നിലംപതിച്ചു. ചുറ്റും രക്തമൊഴുകി. “അള്ളാഹു അക്ബര്‍” സ്വഹാബികള്‍ തക്ബീര്‍ മുഴക്കി.


ഖുറൈശികളുടെ പതാക വീണ്ടും ചോരക്കളത്തില്‍ വീണുകിടന്നു. ഉടനെ ഉസ്മാന്‍റെ സഹോദരന്‍ കൊടിയെടുത്തുഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുവന്നു. എന്‍റെ സഹോദരന്മാരുടെ ഓരോ തുള്ളി ചോരക്കും ഞാന്‍ പ്രതികാരം ചോദിക്കുമെന്നയാള്‍ വീമ്പിളക്കിക്കൊണ്ടിരിക്കെ മലമുകളില്‍ നിന്നു ചീറിപ്പാഞ്ഞുവന്ന ഒരമ്പേറ്റു അയാളും നിലംപതിച്ചു. ഇതോടെ അബ്ദുദ്ദാര്‍ വംശത്തിന്‍റെ ചോരയ്ക്കു ചൂടുപിടിച്ചു. പ്രതികാരാഗ്നി ആളിക്കത്തി.

പതാകവാഹകരായ അവരുടെ സഹോദരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി പടക്കളത്തില്‍ ശിരസ്സറ്റുവീഴുന്നതുകണ്ട് പ്രതികാരാഗ്നി ആളിക്കത്തി. പ്രാചീനകാലം മുതല്‍ക്കുതന്നെ ഖുറൈശികളുടെ കൊടിപിടിക്കാന്‍ അവകാശമുള്ളവരാണ് അബ്ദുദ്ദാര്‍ വംശക്കാര്‍. പകരം വീട്ടാന്‍ വേണ്ടി ആ വംശക്കാരായ ഓരോരുത്തരും കൊടിയെടുത്ത് ഇറങ്ങാന്‍ തുടങ്ങി. എല്ലാവരും സ്വഹാബികളുടെ വാളിനും അമ്പിനും ഇരയാവുകയാണുണ്ടായത്.


അബ്ദുദ്ദാര്‍ വംശക്കാരുടെ ഉള്ളു തീക്കളമായിമാറി. ഹാരിസ് എന്ന പടവീരന്‍ കൊടിയുയര്‍ത്തിപ്പിടിച്ചുകൊണ്ടു മുന്നോട്ട് വന്നു. അയാള്‍ പ്രഖ്യാപിച്ചു; “ഒന്നുകില്‍ ഞങ്ങള്‍ ഒന്നടങ്കം മരിച്ചുവീഴണം, അല്ലെങ്കില്‍ പ്രതികാരം ചെയ്യണം. അല്ലാതെ ഞങ്ങള്‍ക്കു വിശ്രമമില്ല. എന്നോടു പടവെട്ടാന്‍ ചുണയുള്ളവരുണ്ടെങ്കില്‍ വരട്ടെ,,, ഞാന്‍ യമപുരിക്കയച്ചുതരാം.” തുടര്‍ന്നു നബി(സ)യെ അയാള്‍ ശകാരിക്കാനും പരിഹസിക്കാനും തുടങ്ങി. ആസിം(റ) ഹാരിസിനുനേരെ ചീറിയടുത്തു. ഹാരിസ് ആസിം(റ)വിനെ വെട്ടി. ആസിം(റ) അതുതടുത്തു. തുടര്‍ന്നു രണ്ട് സിംഹങ്ങള്‍ അത്യുഗ്രമായ യുദ്ധം തുടങ്ങി. ആസിം(റ)വിന്‍റെ വെട്ടേറ്റു ഹാരിസ് നിലംപതിച്ചു. രക്തപ്പുഴയോഴുകി. ഹാരിസ് അന്ത്യശ്വാ‍സംവലിക്കുമ്പോള്‍ അയാളുടെ മാതാവ് മാറത്തടിച്ചു വിലപിച്ചുകൊണ്ട് പറഞ്ഞു:

“മകനേ,,, നിന്നെ വെട്ടിവീഴ്ത്തിയ ആസിമിനെ കൊലചെയ്യാതെ എനിക്കിനി ഊണും ഉറക്കവുമില്ല. അവന്‍റെ രക്തം കൊണ്ട് ഞാനെന്‍റെ മുടിക്ക് ചായം കൊടുക്കും. അവന്‍റെ തലയോട്ടിയില്‍ കള്ള് പകര്‍ന്നുകുടിച്ചേ ഞാന്‍ അടങ്ങുകയുള്ളൂ.”

ഹാരിസ് അന്ത്യശ്വാസം വലിച്ചപ്പോള്‍ മാതാവ് പ്രഖ്യാപിച്ചു;  “ഹാരിസിന്‍റെ ഘാതകനായ ആസിമിന്‍റെ തലയെടുത്ത് എന്‍റെ കൈയില്‍ തരുന്നവര്‍ക്ക് നൂറൊട്ടകം ഞാന്‍ സമ്മാനം നല്‍കും.”

അവളുടെ ഉള്ളില്‍ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു.

ഇങ്ങനെ അബ്ദുദ്ദാര്‍ വംശത്തിലെ പുരുഷന്മാര്‍ ഒന്നിനുപിറകെ മറ്റൊന്നായി പടക്കളത്തില്‍ തലയറ്റുവീണു. അവസാനം കൊടി പടക്കളത്തില്‍ വീണുകിടന്നു. അബ്ദുദ്ദാര്‍ വംശക്കാരിയായ ഒരു വനിത കൊടിയുയര്‍ത്തിപ്പിടിച്ചു മുന്നോട്ടുവന്നു. അംറത്ത് എന്നാണവളുടെ പേര്
അവള്‍ നബി(സ)യെ പുച്ഛിക്കാന്‍ തുടങ്ങി. അവള്‍ പറഞ്ഞു; “ഞങ്ങളുടെ പുരുഷന്മാരെയെല്ലാം വധിച്ചവരോട് പ്രതികാരം ചോദിക്കാന്‍ സ്ത്രീകളായ ഞങ്ങള്‍ മതി. ചുണയുള്ളവര്‍ എന്നോടേറ്റുമുട്ടാന്‍ ഇറങ്ങിവരട്ടെ. എന്‍റെ ഖഡ്ഗം നിങ്ങളുടെ രക്തത്തിനായി ദാഹിക്കുകയാണ്.”

ഈ ഘട്ടത്തില്‍ അവളെ വധിക്കാന്‍ ചില സ്വഹാബികള്‍ ശ്രമിച്ചപ്പോള്‍ നബി(സ)അരുളി: “അരുത് സ്ത്രീകളുടെ രക്തത്താല്‍ നമ്മുടെ വാളുകള്‍ മലിനമാകരുത്. അവളെ വെറുതെ വിടുക.”

അവള്‍ വല്ലാതെ അസഭ്യവാക്കുകളും ശകാരങ്ങളും നബിക്കുനേരെ കോരിച്ചോരിഞ്ഞു. പക്ഷെ, അവളെ വധിക്കാന്‍ നബി(സ) ആരെയും അനുവദിച്ചുമില്ല. തങ്ങളുടെ ധ്വജവാഹകരെല്ലാം ഒന്നിനുപുറകെ ഒന്നായി മരിച്ചു വീണപ്പോള്‍ ഖുറൈശികള്‍ പരിഭ്രാന്തരായി. ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ മുസ്ലിം സൈന്യത്തിന്‍റെ ഇടതും വലതും അണികള്‍ ഖുറൈശി അണികളെ ഭേദിച്ച് മുന്നേറാന്‍ തുടങ്ങി. യുദ്ധത്തില്‍ ഓരോ കക്ഷിക്കും ഒരു അടയാളപദം ഉണ്ടായിരിക്കും. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ വേണ്ടി ഉപയോഗിക്കുന്നതാണത്. മുസ്ലിംകളുടെ അടയാളപദം ‘അമിത്ത്’ (മരിക്കുക) എന്നായിരുന്നു. ഖുറൈശികളുടെതു ‘യാലല്‍ ഉസ്സ’ ‘യാലല്‍ ഹുബുല്‍’ എന്നും ആയിരുന്നു.

ഹസ്രത്ത് ഹംസ(റ)വും ഹസ്രത്ത് സുബൈറുബ്നുല്‍ അവാമും തങ്ങളുടെ അണികളെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. “അമിത്ത്” എന്ന അടയാളവാക്യം ഉദ്ധരിച്ചുകൊണ്ട് മുസ്‌ലിംകള്‍ ഖുറൈശികളെ അറിഞ്ഞുവീഴ്ത്തുകയായിരുന്നു. യാലല്‍ഉസ്സ, യാലല്‍ഹുബുല്‍(ഉസ്സ എന്ന ദൈവമേ, ഹുബുല്‍ എന്ന ദൈവമേ) എന്നാര്‍ത്തുവിളിച്ചുകൊണ്ട് ഖുറൈശികള്‍ പ്രതിരോധിച്ചുനിന്നു.

ഈ ഘട്ടത്തില്‍ ഉഹ്ദ് മലമുകളില്‍നിന്നും ഹസ്രത്ത് അബ്ദുല്ലാഹിബ്നുജുബൈറും കൂട്ടുകാരും ശത്രുക്കള്‍ക്കുനേരെ ശരമാരി വര്‍ഷിച്ചുകൊണ്ടിരുന്നു. അതിനാല്‍ വലതുവിംഗിലുള്ള ശത്രുസൈന്യത്തിനു നിലനില്‍പ്പില്ലാതെവന്നു. അവരുടെ കണ്ണും കാതും മൂക്കുമെല്ലാം അമ്പുകള്‍ കൊണ്ട് തുളഞ്ഞു രക്തം ചീറ്റി. ഖുറൈശി വലതുവിംഗ് തകരുന്നതുകണ്ട് ഖാലിദുബ്നുല്‍ വലീദ് തന്‍റെ അണി ഉറപ്പിച്ചുനിര്‍ത്താന്‍ അശ്രാന്തയത്നം ചെയ്യുകയായിരുന്നു. പക്ഷെ, മലമുകളില്‍ നിന്നു ചീറിവരുന്ന അസ്ത്രമഴയെ തടുക്കാന്‍ സാധിക്കാതെ, കൂര്‍ത്തുമൂത്ത ശരങ്ങള്‍ തന്‍റെ കൂട്ടുകാരുടെ കണ്ണും മൂക്കും തകര്‍ക്കുന്നതു നിസ്സഹായനായി നോക്കിനില്‍ക്കാനേ അദ്ദേഹത്തിനുകഴിഞ്ഞുള്ളൂ.


അതു തടുക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. എങ്ങനെയെങ്കിലും മലമുകളിലുള്ള മുസ്ലിം സേനയെ താഴെയിറക്കാന്‍ എന്തുമാര്‍ഗ്ഗം എന്ന ചിന്തയായി ഖാലിദിന്. മരണം വിതച്ചുകൊണ്ടിരിക്കുകയാണവര്‍. പുറമെ മുസ്ലിം സൈന്യത്തിന്‍റെ ഇടതും വലതും വിംഗുകളുടെ മുന്നേറ്റവും. തന്മൂലം ഖുറൈശികളുടെ വലതുവിംഗ് തീരെ പിച്ചിച്ചീന്തപ്പെട്ടു. മലമുകളില്‍ മര്‍മ്മസ്ഥാനത്തു നില്‍ക്കുന്ന സ്വഹാബികളെ നശിപ്പിച്ചല്ലാതെ രക്ഷയില്ലെന്നു ഖുറൈശികള്‍ക്കു ബോധ്യമായി. പക്ഷെ, അതിനു യാതൊരു മാര്‍ഗ്ഗവും കണ്ടില്ല...


രാജാക്കന്മാരെപ്പോലെ സൈന്യങ്ങളെ പടക്കളത്തിലേക്ക് വിട്ട് ഉരുക്കുകോട്ടയില്‍ ഒളിഞ്ഞിരുന്നു യുദ്ധം നയിക്കുകയല്ല നബിതിരുമേനി(സ) ചെയ്തിരുന്നത്.  തിരുമേനിയും തന്‍റെ സ്വഹാബികളോടൊപ്പം പോരാടുകയായിരുന്നു. നബി(സ)യെ ഏതെങ്കിലും വിധത്തില്‍ വധിക്കാന്‍ ഖുറൈശികളില്‍ പലരും തക്കം നോക്കുന്നുണ്ട്. ഒരു ചതിക്കുഴിയും അവര്‍ കുഴിച്ചുവച്ചിരുന്നു. അബുആമിര്‍ എന്ന നീചനാണ് ഈ ചതിക്കുഴി നിര്‍മ്മിച്ചത്. ഇങ്ങിനെ നബി(സ)യെ കുടുക്കാന്‍ നാനാവിധ പദ്ധതികളും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. ഹസ്രത്ത് അബൂബക്കര്‍(റ), ഉമര്‍ഫാറൂഖ്(റ) തുടങ്ങിയ സ്വഹാബികള്‍ നബി(സ)ക്ക് ചുറ്റും നിന്നു പൊരുതിയിരുന്നു. നബി(സ)ക്കുനേരെ ഉയരുന്ന വാളുകള്‍ക്കവര്‍ തിരിച്ചടി നല്‍കിക്കൊണ്ടിരുന്നു. നബി(സ)യെ വെട്ടിവീഴ്ത്താന്‍ മുന്നോട്ടു വരുന്നവരെ അവര്‍ വെട്ടിവീഴ്ത്തുന്നുണ്ടായിരുന്നു. 

നബി(സ)യും ഈ യുദ്ധത്തില്‍ ഖുറൈശികളെ വധിക്കുകയുണ്ടായി. യുദ്ധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ്(റ) നബി(സ)യുടെ സമീപത്തുനിന്നുകൊണ്ട് നബി(സ)ക്കെതിരെ വരുന്ന ആക്രമങ്ങള്‍ തടുക്കുകയായിരുന്നു. തദവസരം തന്‍റെ പുത്രന്‍ അബുല്‍കഅബ(ഇദ്ദേഹം പിന്നീട് മുസ്ലിം ആയിട്ടുണ്ട്) നബി(സ)യെ പുച്ഛിക്കുന്നതും പരിഹസിക്കുന്നതും സിദ്ദീഖ്(റ) കേട്ടു. അദ്ദേഹത്തിന്‍റെ ധര്‍മ്മരോഷമിളകി. അദ്ദേഹം സ്വന്തം പുത്രനെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ നബി(സ) അരുളി; “വേണ്ട, അവനെ വെറുതെ വിട്ടേക്കൂ ചെറുപ്പമല്ലേ? പുനര്‍വിചിന്തനം ചെയ്തേക്കാം.”

 പിന്നെ സിദ്ദീഖിനു നിവൃത്തിയില്ലായ്കയാല്‍ തന്‍റെ രോഷം കടിച്ചമര്‍ത്തി. ബദര്‍യുദ്ധത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
നബി(സ) സമ്മാനിച്ച വാളുമായി ഹസ്രത്ത് അബൂദുജാന(റ) ഖുറൈശീ അണികളെ ഭോദിച്ച് മുന്നേറുകയായിരുന്നു. നബിതിരുമേനി(സ) എനിക്കു സമ്മാനിച്ച ഈ ഖഡ്ഗത്തെ തടുക്കാന്‍ ആരുണ്ട്? എന്നലറികൊണ്ട് അദ്ദേഹം പുല്ലരിയുന്ന ലാഘവത്തോടെ ഖുറൈശികളുടെ തലകള്‍ അരിഞ്ഞുവീഴ്ത്തി.

ഹസ്രത്ത് അലി(റ)തന്‍റെ ഖഡ്ഗം കൊണ്ട് മായാജാലം സൃഷ്ടിച്ചുമുന്നേറി. ഹസ്രത്ത് ഹംസ(റ) കൈയും മെയ്യും മറന്ന്‍ പടക്കളത്തില്‍ പരന്നു പൊരുതുകയാണ്. സുബൈര്‍(റ)തന്‍റെ ഖഡ്ഗത്താല്‍ മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചുമുന്നേറി. ഇങ്ങനെ മുസ്ലിം പടയുടെ ഇടതുവിംഗും വലതുവിംഗും ഖുറൈശികളുടെ നേരെ ആഞ്ഞടിക്കുകയായിരുന്നു. പോരാത്തതിനു മലമുകളില്‍നിന്നുള്ള ശരവര്‍ഷവും. എല്ലാംകൂടിയായപ്പോള്‍ ഖുറൈശിപ്പട ചിന്നിച്ചിതറി. അവരുടെ പടനായകനായ അബൂസഫ്യാന്‍(ഇദ്ദേഹം പിന്നീട് മുസ്ലിം ആയിട്ടുണ്ട്) ഇതികര്‍ത്തവ്യഥാമൂഢനായിപ്പോയി. ഇതുകണ്ട് കുപിതയായ അദ്ദേഹത്തിന്‍റെ ഭാര്യ ഹിന്ത് മുന്നോട്ട് വന്നു. തന്‍റെ ഭര്‍ത്താവിനെ പരിഹസിക്കാന്‍ തുടങ്ങി; “ആണും പെണ്ണുമല്ലാത്ത മനുഷ്യാ! നാണമില്ലേ, ദുര്‍ബ്ബലരായ ശത്രുക്കളുടെ മരണ പരാക്രമം കണ്ട് മിഴിച്ചുനില്‍ക്കാന്‍. സൈന്യത്തെ പുന:സംഘടിപ്പിച്ചു ആഞ്ഞടിക്കൂ. അതിനു സാധ്യമല്ലെങ്കില്‍ വീരമരണം വരിക്കൂ...”



 ഈ ഘട്ടത്തില്‍ ഹസ്രത്ത് അബൂദുജാന(റ) മരണം വിതക്കുന്ന തന്‍റെ വാള്‍ ഹിന്തിന്‍റെ നേരെ ഓങ്ങി. ഹിന്തിന്‍റെ കുടല്‍ വിറച്ചു. അവള്‍ ഉറക്കെ അട്ടഹസിച്ചുകൊണ്ട് ഓടി. നബി(സ) സമ്മാനിച്ച വാളുമായി അബൂദുജാന(റ) അവളെ പിന്തുടര്‍ന്നു വധിക്കാന്‍ ശ്രമിച്ചു. നബി(സ) ഇതുകണ്ടു. ‘അരുത്, അവളെ വധിക്കരുത്.’ നബി(സ) ആജ്ഞാപിച്ചു. അബൂദുജാന(റ) പറഞ്ഞു; “അങ്ങ് എനിക്കു സമ്മാനിച്ച ഈ പരിശുദ്ധഖഡ്ഗം സ്ത്രീരക്തത്താല്‍ മലിനമാക്കാന്‍ ഞാനുദ്ദേശിച്ചിട്ടില്ല. അവളെ ഭയപ്പെടുത്തുക മാത്രമാണെന്‍റെ ഉദ്ദേശം. അല്ലാത്തപക്ഷം അവളുടെ ഉടലും തലയും നേരത്തെതന്നെ വേര്‍പെട്ടെനെ”

ഹിന്തിനോടദ്ദേഹം പറഞ്ഞു: “നിന്‍റെ വീരസ്യം ഞാനിപ്പോള്‍ കണ്ടു. ഇനിയെങ്കിലും പടക്കളത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്. നിന്നെ കൊല്ലാന്‍ ഏതുനിമിഷത്തിലും എനിക്കു സാധിക്കുമെന്നോര്‍ക്കുക. അല്ലാഹുവിന്‍റെ റസൂല്‍ എനിക്കു സമ്മാനിച്ച ഈ ഖഡ്ഗം മലിനമാക്കാന്‍ നീ എന്നെ നിര്‍ബന്ധിതനാക്കരുത്.”

ഹിന്ത് പടക്കളത്തില്‍നിന്നും കയറിനിന്നു. അവളുടെ ഹൃദയത്തില്‍ ഭയത്തിന്‍റെ പാരാവാരം അലതല്ലുകയായിരുന്നു. അബൂദുജാനത്തിന്‍റെ വാള്‍ തന്‍റെ തലക്കുമുകളില്‍ ഉയര്‍ന്ന നിമിഷത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പടക്കളത്തില്‍നിന്നുകയറിയെങ്കിലും ഖുറൈശിസൈന്യങ്ങള്‍ക്കു വീര്യം പകര്‍ന്നുകൊടുക്കുന്നതില്‍ കുറവുവരുത്തിയില്ല. കൂട്ടുകാരികളോടൊപ്പം ദഫ്മുട്ടി ഗാനമാലപിച്ചുകൊണ്ട് പടയാളികള്‍ക്കവര്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. അവള്‍ പാടുകയാണ് “ അല്ലയോ അബൂദ്ദാറിന്‍റെ ഓമല്‍ സന്തതികളെ! നിങ്ങള്‍ക്കു മംഗളം, ഒരായിരം ആശംസകള്‍! പടക്കളത്തെ പട്ടുമെത്തയായി പരിഗണിക്കുന്ന വീരഖുറൈശികളെ! നിങ്ങള്‍ക്കഭിവാദ്യം! നിങ്ങളുടെ വാളുകള്‍ മൂര്‍ച്ചയേറിയതും മിന്നല്‍പ്പിണര്‍ വിതക്കുന്നതുമാണ്. നിങ്ങളുടെ ഹൃദയങ്ങള്‍ കരുത്തുറ്റതും!”   

   “നിങ്ങളുടെ മഹിളകളായ ഞങ്ങള്‍ നക്ഷത്രപുത്രിമാരാണ്. ഞങ്ങളുടെ സൗന്ദര്യത്തെ വെല്ലാന്‍ ലോകത്തുവേറെ സ്ത്രീകളില്ല. പുരുഷന്മാരായ നിങ്ങളുടെ ധീരതയും അപ്രകാരം തന്നെ. മൃദുല മനോഹരമായ പട്ടുമെത്തകളും പച്ചവില്ലീസിന്‍റെ തലയണകളും നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അന്നനടയുള്ള മോഹിനിമാരായ ഞങ്ങളുടെ ശിരസ്സില്‍ കസ്തൂരിയും കഴുത്തില്‍ മുത്തുമാലയുമുണ്ട്. കസ്തൂരിയുടെ സുഗന്ധം ലോകത്തെങ്ങും അടിച്ചുവീശുകയും മുത്തുമാലയിലെ മുത്തുകള്‍ പ്രപഞ്ചത്തിലാകെ മിന്നിത്തിളങ്ങുകയും ചെയ്യുന്നു, വീരയോദ്ധാക്കള്‍ക്ക് മിനുസമുള്ള സുഖശയ്യയൊരുക്കുന്നവരാണ് ഞങ്ങള്‍. പിന്തിരിഞ്ഞോടുന്ന ഭീരുക്കള്‍ക്ക് കൂര്‍ത്തുമൂത്ത ശരശയ്യയും.  ഭീരുക്കളെ ഞങ്ങള്‍ക്കാവശ്യമില്ല.  ധീരന്മാരേ, നിങ്ങള്‍ ആത്മാര്‍പ്പണം ചെയ്യുന്നതുകണ്ടു രോമാഞ്ചമണിയുന്നവരാണ് ഞങ്ങള്‍. മുന്നേറുവിന്‍ ശത്രുവിന്‍റെ തലയില്‍ ആഴത്തില്‍ ആഴത്തില്‍ കടിക്കുവീന്‍..


ഖുറൈശീത്തരുണികളുടെ ആട്ടവും പാട്ടും ഖുറൈശീയോദ്ധാക്കളുടെ വീര്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധാഗ്നി ആളിക്കത്തി രണ്ടുചേരിയും ജീവന്മരണപോരാട്ടം നടത്തുകയാണ്. പടക്കളം കിടിലംകൊള്ളുകയാണ്. അട്ടഹാസങ്ങള്‍, ആക്രോശങ്ങള്‍, ഗര്‍ജ്ജനങ്ങള്‍, ആര്‍പ്പുവിളികള്‍ എല്ലാംകൂടി അന്തരീക്ഷം പ്രകമ്പനം കൊള്ളുന്നു. ഈ ഘട്ടത്തില്‍ ഹസ്രത്ത് ഹംസ(റ) ഖുറൈശി പടയാളികളില്‍ അഗ്രഗണ്യനായ സിബാഉമായി ഏറ്റുമുട്ടി, ഹംസ(സ) ആക്രോശിച്ചു. “എടോ ഖുറൈശീവീരാ,,, വാ..., ധൈര്യമുണ്ടെങ്കില്‍ ഇങ്ങടുത്തുവാ നമുക്കൊന്നു ബലപരീക്ഷണം നടത്തിനോക്കാം.”

 സിബാഉ തല്‍ക്ഷണം ഹംസ(റ)വിനെ വെട്ടി. ഹംസ(റ) ഒഴിഞ്ഞുമാറിക്കൊണ്ട് സിബാഇന്‍റെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. രണ്ടു സിംഹങ്ങള്‍ അത്യുഗ്രമായ ഒരു പോരാട്ടമാണ് കാഴ്ചവെച്ചത്. അവസാനം ഹംസ(റ)വിന്‍റെ ഒരു വെട്ട് സിബാഇന്‍റെ ശിരസ്സിന്‍റെ നടുവിലേറ്റു. അയാളുടെ ശരീരം രണ്ടുപിളര്‍പ്പായി വീണു. ഇതുകണ്ട ഖുറൈശി പോരാളികള്‍ ഹംസ(റ)യുടെ നേരെ ചീറിയടുത്തു. സിബാഇന്‍റെ രക്തത്തിനു പകരം ചോദിക്കാനവര്‍ എല്ലാവരുംകൂടി ഹംസ(റ)യെ വളഞ്ഞു. കൂട്ടപ്പട നടക്കുകയാണ്. ഹംസ(റ) അണിയില്‍ നിന്ന്‍ ഒറ്റപ്പെട്ടുപോയ കാഴ്ച മലമുകളിലുള്ള അമ്പേയ്ത്തുകാര്‍ കണ്ടു. അവര്‍ തുരുതുരാ ശരമാരി വര്‍ഷിച്ചുകൊണ്ട് ഹംസ(റ)യെ വളഞ്ഞ ശത്രുക്കളെ വീഴ്ത്താന്‍ തുടങ്ങി. കണ്ണും, മൂക്കും, കുടലും തുളഞ്ഞ ശത്രുക്കള്‍ ഹംസ(റ)ക്കു ചുറ്റും വീണുകൊണ്ടിരിക്കുമ്പോള്‍ ഹംസ(റ) തന്‍റെ ഖഡ്ഗം ആഞ്ഞുവീശുകയായിരുന്നു. പുല്ലരിയുന്നതുപോലെ തലകള്‍ അരിഞ്ഞു തള്ളുകയായിരുന്നു. വെട്ടുകള്‍, കുത്തുകള്‍, അട്ടഹാസങ്ങള്‍, വെല്ലുവിളികള്‍..., പലരും ഹംസയുടെ(റ) കാല്‍ക്കല്‍ വീണു പിടയുന്നുണ്ടായിരുന്നു. അമ്പേറ്റവരും വെട്ടേറ്റവരുമെല്ലാമുണ്ട്. തന്നെ വളഞ്ഞ ശത്രുക്കളില്‍ കുറേപേരെ ഹംസ(റ) തന്‍റെ വാളിനിരയാക്കി. ബാക്കിയുള്ളവര്‍ അമ്പേറ്റ് നിലം പതിച്ചു. 


അങ്ങനെ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടദ്ദേഹം അപകടത്തില്‍ നിന്നും പുറത്തുവന്നു. അപ്പോഴേക്കും ഖുറൈശികള്‍ പടക്കളം വിട്ടു ജീവനും കൊണ്ട് ഓടാന്‍ തുടങ്ങുകയായിരുന്നു. ഹംസ(റ)യും അലി(റ)വും തങ്ങളുടെ വാളുകള്‍കൊണ്ട് മായാജാലം കാണിക്കുകയായിരുന്നു. മറ്റു സ്വഹാബികള്‍ വിജയലഹരിയോടെ ഖുറൈശികളുടെ ചിറകുകള്‍ അറുത്തെറിയുകയായിരുന്നു. നബി(സ) സമ്മാനിച്ച വാളുമായി അബൂദുജാനത്ത്(റ) പറന്നുവെട്ടുകയായിരുന്നു.  എല്ലാം സഹിക്കാം. പക്ഷെ,,, മലമുകളില്‍ നിന്നു വര്‍ഷിക്കുന്ന അമ്പുകള്‍ തടുക്കാനാകാതെ ഖുറൈശികള്‍ ഓടി... അവര്‍ പടക്കളം വിട്ടുവെങ്കിലും ഖാലിദുബിനുല്‍ വലീദിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് താവളമടിച്ചിരുന്നു.


മലമുകളിലെ അമ്പേയ്ത്തുകാരെ അവിടെനിന്നോടിച്ചു മല കൈക്കലാക്കാനുള്ള തന്ത്രം ആവിഷ്ക്കരിക്കുകയായിരുന്നു ഖാലിദും കൂട്ടരും. ഇതു മുസ്ലിംസേന ഓര്‍ത്തില്ല. യുദ്ധം ജയിച്ചുവെന്നു കരുതി മലമുകളിലുള്ളവര്‍ മല കൈവശപ്പെടുത്തി പിന്നില്‍നിന്നും ഒരു പ്രത്യാക്രമണം നടത്താമെന്ന്‍ ഖാലിദ് തീരുമാനിച്ചു. അതിനുവേണ്ടി അവര്‍ സുരക്ഷിതസ്ഥാനത്ത് പതിയിരുന്നു. ഈ പദ്ധതി വിജയിക്കുകതന്നെ ചെയ്തു. ഖാലിദും ഇക്രിമത്തും പ്രതീക്ഷ കൈവിടാതെ കാത്തുനിന്നു.


ഖുറൈശികള്‍ പടക്കളം വിട്ടോടിയപ്പോള്‍ മുസ്‌ലിംകള്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് സമരധനം വാരിക്കൂട്ടാന്‍ തുടങ്ങി. ഇത് മലമുകളില്‍ നില്‍ക്കുന്ന അമ്പേയ്ത്തുകാര്‍ കണ്ടു. അവര്‍ നേതാവായ അബ്ദുല്ലാഹിബ്നുജുബൈറിനോട് പറഞ്ഞു; “ഇനി നാം ഇവിടെ ആരെ കാത്താണ് നില്‍ക്കുന്നത്? യുദ്ധം ജയിച്ചു. ശത്രുക്കള്‍ ഓടിമറഞ്ഞു. നമ്മുടെ സഹപ്രവര്‍ത്തകരതാ സമരധനം വാരിക്കൂട്ടുന്നു. നമുക്കിനി ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല. ഇറങ്ങാം”


നേതാവ് പറഞ്ഞു: “പാടില്ല, നബിതിരുമേനി(സ) നമ്മോട് അരുളിയിട്ടുള്ളത് ഓര്‍ക്കുക. തിരുമേനിയുടെ കല്‍പന കിട്ടിയശേഷമല്ലാതെ മലയില്‍നിന്നിറങ്ങരുതെന്നാണല്ലോ കല്‍പന. അതു ലംഘിച്ചുകൂടാ. ലംഘിച്ചാല്‍ വലിയ അപകടത്തിനതു കാരണമാകും, സൂക്ഷിക്കുക.”

  “നബി നമ്മോട് ഇവിടെനിന്നിറങ്ങരുതെന്നു പറഞ്ഞതു യുദ്ധം ജയിക്കാനാണല്ലോ? അതു ജയിച്ചുകഴിഞ്ഞു. ഇനി ഇവിടെ വെറുതെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, നമുക്ക് താഴെയിറങ്ങാം, സമരധനം സംഭരിക്കുന്നതില്‍ പങ്കുചേരാം എന്ന്‍ അവര്‍ പ്രതികരിച്ചു.

“അരുത്! നബിയുടെ കല്‍പന ലംഘിക്കരുതെന്ന്‍ അവരോട് കെഞ്ചിപ്പറഞ്ഞുവെങ്കിലും അവര്‍...


നിങ്ങള്‍ പറയുന്നതില്‍ യാതോരര്‍ത്ഥവുമില്ല. ഞങ്ങള്‍ പോകുന്നു, നിങ്ങളവിടെ നിന്നുകൊള്‍ക എന്നുപറഞ്ഞുകൊണ്ടവര്‍ മലയിറങ്ങി. പടക്കളത്തില്‍ സമരധനം വാരിക്കൂട്ടുന്നതില്‍ അവരും പങ്കുചേര്‍ന്നു.


ഈ സമയത്ത് മലമുകളിലുള്ള മര്‍മ്മസ്ഥാനങ്ങളില്‍ നേതാവായ അബ്ദുല്ലാഹിബ്നുജുബൈറും പന്ത്രണ്ടനുയായികളും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം താഴെ ഇറങ്ങിക്കഴിഞ്ഞിരുന്നു.

ഇതുകണ്ടു ഖാലിദും ഇക്രിമത്തും പുഞ്ചിരിക്കുകയായിരുന്നു. ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തുകൊണ്ടവര്‍ ഉഹ്ദ്മല പിടിച്ചടക്കാനുള്ള ഒരുക്കമായി. ചിന്നിച്ചിതറിയ പടയാളികളെ പുന:സംഘടിപ്പിച്ചുകൊണ്ടവര്‍ മലയിലേക്ക് മാര്‍ച്ചുചെയ്തു. അവിടെ അപ്പോഴും ഉറച്ചുനിന്നിരുന്ന അബ്ദുല്ലാഹിബ്നുജുബൈറിനെയും പന്ത്രണ്ടു അനുയായികളെയും നിഷ്പ്രയാസം വധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നെ മലയുടെ മര്‍മ്മസ്ഥാനങ്ങളില്‍ പടയാളികളെ നിര്‍ത്തി. ബാക്കിയുള്ളവര്‍ താഴോട്ടിറങ്ങി. സമരധനം ആഹ്ലാദപൂര്‍വ്വം വാരിക്കൂട്ടുകയായിരുന്ന സ്വഹാബികളെ അവര്‍ പിന്നില്‍നിന്നാക്രമിക്കാന്‍ തുടങ്ങി. ഈ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം തടുക്കാന്‍ അവരുടെ കയ്യില്‍ ആയുധംപോലുമുണ്ടായിരുന്നില്ല. മലമുകളില്‍നിന്നു ശത്രുക്കള്‍ ശരമാരി വര്‍ഷിക്കുകയും ചെയ്തു. ഇതോടെ മുസ്ലിം സൈന്യം അടിപതറി. അമ്പുകള്‍ കണ്ണുകളിലും മൂക്കിലും തുളച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ വാരിക്കൂട്ടിയ ധനമെല്ലാം വലിച്ചെറിഞ്ഞു ഓടാന്‍ തുടങ്ങി. അവരെ ശത്രുക്കള്‍ അറിഞ്ഞു തള്ളുകയായിരുന്നു. ‘യാലല്‍ഉസ്സ, യാലുല്‍ഹുബുല്‍’ എന്നാക്രോശിച്ചുകൊണ്ട് ശത്രുക്കള്‍ മുന്നേറുമ്പോള്‍ മുസ്ലിംകള്‍ അവരുടെ അടയാളവാക്യമായ ‘അമിത്ത്’ എന്ന ശബ്ദംപോലും മറന്നുപോയിരുന്നു. തന്മൂലം അവര്‍ ആളെയറിയാതെ പരസ്പരംതന്നെ പൊരുതുകയും ചെയ്തിരുന്നു. മലമുകളില്‍നിന്നു പേമാരിപോലെ പെയ്യുകയായിരുന്നു ശരങ്ങള്‍. ധാരാളം മുസ്ലിം വീരകേസരികള്‍ അമ്പേറ്റും കഴുത്ത്മുറിഞ്ഞും രക്തസാക്ഷികളായി. ചീറിവരുന്ന കൂരമ്പുകളെ തടുക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ മുസ്ലിംകള്‍ പലരും പടക്കളം വിട്ടോടി. തോറ്റു പടക്കളം വിട്ടോടിയ ഖുറൈശി പടയാളികളെല്ലാം തിരിച്ചുവരികയായിരുന്നു. അവര്‍ നല്ല കൊയ്ത്താണ് നടത്തിയിരുന്നത്. മലമുകളില്‍നിന്നുള്ള ശരവര്‍ഷം വലിയൊരുസംരക്ഷണം പോലെയാണ് ഖുറൈശികള്‍ക്കനുഭവപ്പെട്ടത്. മുസ്ലിം പടയാളികള്‍ക്കാകട്ടെ ഒരു ആകാശാക്രമണംപോലെയും. പലരും തങ്ങളുടെ വിരിമാറുവിടര്‍ത്തിക്കാണിച്ചുകൊണ്ടാണ് അവരെ നേരിട്ടത്. മരിച്ചുവീഴുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഉഹ്ദിന്‍റെ താഴ്വര രക്തപ്പുഴയായി മാറി. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇരുട്ടും പരിഭ്രാന്തിയും മുസ്ലിംകളെ വലയം ചെയ്തു. അപ്പോഴേക്കും ചില ചുണക്കുട്ടികള്‍ ആയുധമാണിഞ്ഞു ശത്രുനിരകളെ ഭോദിക്കാന്‍ ജീവന്മരണപ്പോരാട്ടം നടത്തിക്കൊണ്ടിരുന്നു. അവരെല്ലാം ശത്രുക്കളുടെ വാളിനിരയാവുകയാണുണ്ടായത്. ഇസ്ലാമികപതാക രക്തത്തില്‍ കുതിര്‍ന്നു വീണുകിടക്കുമ്പോള്‍ ഹസ്രത്ത് മിസ്‌അബുബ്നു ഉമൈര്‍(റ) അതെടുത്ത് ഉയര്‍ത്തിപ്പിടിച്ച്‌ മുന്നേറാന്‍ ശ്രമിച്ചു, ശത്രുക്കള്‍ അദ്ദേഹത്തെ വലയംചെയ്തു. അദ്ദേഹം തന്‍റെ ഖഡ്ഗം വീശാന്‍ തുടങ്ങി. പലരും അതേറ്റു നിലംപതിച്ചു. പക്ഷെ, ഏറെനേരം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മലമുകളില്‍നിന്നു ചീറിപ്പാഞ്ഞുവന്ന അസ്ത്രങ്ങള്‍ ആ മഹാത്മാവിനെ വീഴ്ത്തിക്കളഞ്ഞു.  അദ്ദേഹവും രക്തസാക്ഷിയായി.... ഇന്നാലില്ലാഹി........
ഹസ്രത്ത് മിസ്‌അബുബ്നു ഉമൈര്‍(റ) വധിക്കപ്പെട്ടതോടെ ഇസ്ലാമികപതാക പിന്നെയും രക്തത്തില്‍ കുതിര്‍ന്നു വീണുകിടക്കുകയായിരുന്നു. ഹസ്രത്ത് അലിയ്യിബ്നു അബൂത്വാലിബ്‌(റ) അതെടുത്തു ഉയത്തിപ്പിടിച്ചുകൊണ്ട് ഒരു ജീവന്മരണപോരാട്ടം തുടങ്ങി. മലമുകളില്‍നിന്നു ചീറിവരുന്ന അസ്ത്രങ്ങളെപ്പറ്റി ബോധവാനായിരുന്ന അലി(റ)വിനെ വധിക്കാന്‍ ശത്രുക്കള്‍ നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടു.  അദ്ദേഹത്തോടൊപ്പം അല്ലാഹുവിന്‍റെ സിംഹമെന്ന അപരാഭിധാനത്തില്‍ അറിയപ്പെടുന്ന ഹസ്രത്ത് ഹംസ(റ)വും പൊരുതുന്നുണ്ടായിരുന്നു. ഒന്നുകില്‍ ജയം അല്ലെങ്കില്‍ വീരമരണം, അതായിരുന്നു അവരുടെ ലക്ഷ്യം. യുദ്ധത്തിന്‍റെ അഗ്നി ആളിപ്പടര്‍ന്നപ്പോള്‍ ഹസ്രത്ത് ഹംസ(റ)തന്‍റെ രണ്ടുകൈകളിലും ഖഡ്ഗമേന്തിയാണ് പൊരുതിയിരുന്നത്. തനിക്കുചുറ്റും തന്‍റെ സഹപ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ മരിച്ചുവീഴുന്നതുകണ്ടിട്ടും ആ വീരമുജാഹിദ് പിന്മാറിയില്ല. മുസ്ലിം പടയാളികളില്‍ പലരും പടക്കളം വിട്ടോടുന്നത് കണ്ടിട്ടും ആ പുണ്യാത്മാവ് പിന്തിരിഞ്ഞില്ല. ധീരതയും സ്ഥൈര്യവും വര്‍ദ്ധിക്കുകയാണുണ്ടായത്. ആ സിംഹം ഇങ്ങനെ ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു; ഞാന്‍ അല്ലാഹുവിന്‍റെ സിംഹമാണ്. പരാജയമേറ്റുമടങ്ങിപ്പോകാന്‍ ഞാനൊരുക്കമല്ല. അദ്ദേഹം മുന്നേറുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം ശത്രുക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒരേ സമയം രണ്ടുകൈകളിലും ഖഡ്ഗമേന്തിക്കൊണ്ടുള്ള വിസ്മയാവഹമായ ആ പോരാട്ടം കണ്ടവരെല്ലാം നടുങ്ങുകയാണ്. ശത്രുക്കള്‍ക്ക് വിജയവൈജയന്തി പറത്താന്‍ ഈ സിംഹപരാക്രമി മാത്രമായിരുന്നു അപ്പോഴത്തെ വിലങ്ങുതടി. അദ്ദേഹത്തെ അടിച്ചുവീഴ്ത്താന്‍ ശത്രുക്കള്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. അവര്‍ അദ്ദേഹത്തെ വളഞ്ഞുപിടിക്കാന്‍ ശ്രമിച്ചു. ജീവനോടെ കിട്ടണമെന്നവര്‍ക്കാഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടാണിങ്ങനെ ചെയ്തത്. പക്ഷെ, അവരെല്ലാം ഖഡ്ഗമേറ്റു നിലംപതിച്ചു. ഈ വികാരനിര്‍ഭരമായ രംഗം കണ്ട് ഉഹ്ദ്മലപോലും കോരിത്തരിച്ചിരിക്കണം. മലക്കുകള്‍ അമ്പരന്നിരിക്കണം. പടക്കളം വിറപ്പിച്ചു പറന്നുപൊരുതുന്ന ഹംസ(റ)യെ ജീവനോടെ പിടിക്കാന്‍ സാധ്യമല്ലെന്നുകണ്ട ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമാരംഭിച്ചു. രക്തപ്പുഴ ഉഹ്ദില്‍ കുലംകുത്തി ഒഴുകുകയാണ്. നബിതിരുമേനി(സ), ഹംസ(റ), അലി(റ) ഇവരില്‍ ആരെയെങ്കിലും ഒരാളെ കിട്ടാന്‍ തക്കംപാര്‍ത്തുനടക്കുകയായിരുന്ന വഹ്ശി(ഹിന്തിന്‍റെ അടിമയായ വഹ്ശിക്ക് ധാരാളം പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തതു മുമ്പുപ്രസ്താവിച്ചിട്ടുണ്ടല്ലോ) ഈ സുവര്‍ണ്ണാവസരം മുതലെടുത്ത്‌ ഹംസ(റ)വിനെ അകലെ മാറിനിന്നുകൊണ്ട് ഉന്നംവെച്ചു. ഹംസ(റ)വിന്‍റെ മുന്‍വശത്തുനിന്നു ഉന്നംവെക്കാന്‍ ധൈര്യം വരാത്തതിനാല്‍ പിന്നില്‍ കുറെ അകന്നുമാറിക്കൊണ്ട് അയാള്‍ അദ്ദേഹത്തെ ഒഴിഞ്ഞുകിട്ടാന്‍ തക്കം പാര്‍ത്തുനിന്നു.  അതാ ഹസ്രത്ത് ഹംസ(റ) തന്നെ വളഞ്ഞ ചിലരെ വകവരുത്തി തക്ബീര്‍ മുഴക്കിക്കൊണ്ട് പുറത്തുകടക്കുകയാണ്. ഇതുതന്നെ പറ്റിയസന്ദര്‍ഭം എന്നു മനസ്സിലാക്കിയ വഹ്ശി തന്‍റെ ചാട്ടുളി പായിച്ചു.....!

ഇന്നാലില്ലാഹി.........
 പതിനെട്ടുപ്രാവശ്യം വിഷത്തില്‍ ഊട്ടിയെടുക്കപ്പെട്ട ആ ചാട്ടുളിയുടെ പതിനെട്ടു മുനകള്‍ ഹസ്രത്ത് ഹംസ(റ)വിന്‍റെ പരിശുദ്ധ ദേഹത്തില്‍ ഉന്നം തെറ്റാതെ ചെന്നുതറച്ചു. ആകാശവും ഭൂമിയും നടുങ്ങി. മലക്കുകള്‍ ആ ദുരന്തം കണ്ട് സ്തബ്ദരായിപ്പോയി. ഈ കദനരംഗം കാണാനാവുകയില്ലെന്ന് കരുതിയിട്ടെന്നോണം സൂര്യന്‍ അറബിക്കടലില്‍ മറഞ്ഞുപോയിരുന്നു. അസദുല്ലാഹി ഹംസ(റ)ആ വിഷശരമേറ്റ് ഉഹ്ദുപടക്കളത്തില്‍ വീണപ്പോള്‍ നിസ്സഹായനായി കണ്ടുനില്‍ക്കാനല്ലാതെ ഉഹ്ദുമലക്ക് കഴിഞ്ഞില്ല. ഉഹ്ദിലെ ഓരോ മണല്‍ത്തരിയും അതുകണ്ട് നടുങ്ങി. ഹസ്രത്ത് ഹംസ(റ) വീണിടത്തുനിന്നു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്‍റെ നേരെ അമ്പേയ്ത ഘാതകനെ പിന്തുടരാനും പിടികൂടാനുമുള്ള ശ്രമം ഒരിക്കല്‍ക്കൂടി ആ സിംഹം നടത്തി. പക്ഷെ, എഴുന്നേല്‍ക്കുന്നതിനുമുമ്പായി നൂറുകണക്കിനുവാളുകള്‍ ആ പവിത്രദേഹത്ത് ആഞ്ഞുപതിച്ചു. അല്ലാഹുവിന്‍റെ സിംഹം ഗര്‍ജ്ജിച്ചു. “അല്ലാഹുവിന്‍റെ ശത്രുക്കളെ, നിങ്ങള്‍ക്കെന്നെ വധിക്കാന്‍ കഴിയും. പക്ഷെ, ഈ വിളക്ക് ഊതിക്കെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. ലാഇലാഹ ഇല്ലല്ലാഹു...”

  ആ പുണ്യാത്മാവിന്‍റെ രക്തം ഉഹ്ദിന്‍റെ താഴ്വരയില്‍ തളം കെട്ടിനിന്നു. ആ രംഗം വിവരിക്കാന്‍ ഈ പേന ചലിക്കുന്നില്ല. ‘ഇന്നാലില്ലാഹി വഇന്നാ ഇലൈഹിറാജിഊന്‍’ അല്ലാഹുവിന്‍റെ കേസരി രക്തസാക്ഷിയായി. ഭൂഗോളത്തില്‍ ഇന്നോളമുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും വലിയ ദുരന്തം. അതാലോചിക്കാന്‍ വയ്യ. അതിനു കാരണക്കാരന്‍ ആരാണ്? മലയുടെ മര്‍മ്മസ്ഥലങ്ങളില്‍നിന്നും ഇറങ്ങിപ്പോന്ന അച്ചടക്കലംഘകര്‍, അവര്‍ ചെയ്ത അച്ചടക്കലംഘനത്തിന്‍റെ ഫലം മറ്റുവീരകേസരികളും അനുഭവിക്കേണ്ടിവന്നു. അല്ലാഹുവിന്‍റെ റസൂലിന് ഏറ്റവും പ്രിയപ്പെട്ട പിതൃവ്യന്‍, പടക്കളങ്ങളില്‍ ഖുറൈശികളുടെ പേടിസ്വപ്നമായിരുന്ന വീരസിംഹം ആ പുണ്യാത്മാവ് ശത്രുക്കളുടെ ആയുധത്തിനിരയായി. ഇസ്ലാമികലോകത്തിനേറ്റ ദുരന്തങ്ങളില്‍ ഏറ്റവും വലുത്. സമുദായത്തിലെ അച്ചടക്കമില്ലാത്തവര്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന അപകടങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം. ഇതാലോചിക്കുമ്പോള്‍ ഏതൊരു വിശ്വാസിയുടെ കരളാണ് പിടക്കാതിരിക്കുക. ഏതൊരു നിഷ്കളങ്കന്‍റെ ഹൃദയമാണ് ഉരുകാതിരിക്കുക.

  അതുസംഭവിച്ചു; ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചുവെന്ന്‍ ഉറപ്പായ ശേഷമല്ലാതെ അങ്ങോട്ടടുക്കാന്‍ ശത്രുക്കള്‍ക്ക് ധൈര്യമുണ്ടായില്ല. ഉറപ്പായപ്പോള്‍ അവര്‍ അടുത്തുചെന്നു. ആ പുണ്യശരീരം അവര്‍ വെട്ടിമുറിച്ച് അരിശം തീര്‍ത്തു. അവര്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. അവരുടെ പേടിസ്വപ്നമായിരുന്ന സിംഹമാണ് കഷ്ണം കഷ്ണമായി കിടക്കുന്നത്. ഇപ്പോഴല്ലാതെ ഇനി എപ്പോഴാണ് ആഹ്ലാദിക്കുക. ആഗോളയുദ്ധവീരന്മാരെയെല്ലാം മുട്ടു കുത്തിച്ച വീരകേസരിയാണ് ഒരു നീഗ്രോ അടിമയായ വഹ്ശിയുടെ ആയുധമേറ്റ് കിടക്കുന്നത്. വഹ്ശി മുന്നോട്ട് ചെന്ന്‍ തന്‍റെ ചാട്ടുളി ആ തിരുശരീരത്തില്‍ നിന്നു പറിച്ചെടുക്കാന്‍ ശ്രമിച്ചു. സാധിച്ചില്ല. അവസാനം ഏഴെട്ടു പടയാളികളുടെ സഹായത്തോടെയാണത് വലിച്ചുപറിച്ചെടുത്തത്. അതോടെ രക്തം നാലുപാടും ചീറ്റി. ഇതുകണ്ടുനിന്ന ഹിന്ത് പൊട്ടിപോട്ടിചിരിച്ചു. “എന്‍റെ പിതാവായ തുഹൈമതത്തിന്‍റെയും പിതൃവ്യന്മാരായ ഉത്ത്ബത്ത്, ശൈബത്ത് എന്നിവരുടെയും സഹോദരനായ വലീദിന്‍റെയും രക്തത്തിനിതാ പകരം വീട്ടിയിരിക്കുന്നു”വെന്ന് അവള്‍ വിളിച്ചുപറഞ്ഞു.  പിന്നെ അവള്‍ ഹംസ(റ)വിന്‍റെ ഉദരം ഒരു വാള്‍കൊണ്ട് പിളര്‍ന്ന്‍ കുടല്‍മാല പുറത്തെടുത്ത് കഴുത്തിലണിഞ്ഞു നൃത്തം വെച്ചു. എന്നിട്ടിങ്ങിനെ പാടി. “നക്ഷത്രപുത്രികള്‍ക്ക് ഇന്നു ഉത്സവമാണ്, രത്നങ്ങള്‍ കൊഴിഞ്ഞുപോയ സങ്കടം ഇന്നു ഞങ്ങള്‍ക്കു തീര്‍ന്നു. വാള്‍മുനകൊണ്ട് കണ്മുനകള്‍ ഇന്നു കുളിര്‍ന്നിരിക്കുന്നു. പുതിയൊരു പ്രഭാതം ഇതാ പൊട്ടിവിടര്‍ന്നിരിക്കുന്നു. ആനന്ദത്തിന്‍റെ അലയൊലികള്‍ ഉഹ്ദിന്‍റെ കൊടുമുടിയിലേക്കിതാ ഇരമ്പിക്കയറുന്നു.”

  അവളുടെ പാട്ടുകേട്ട ഉഹ്ദ്മല നിസ്സംഗതയോടെ നോക്കിനിന്നു. ഇതികര്‍ത്തവ്യഥാമൂഢനായി സ്തംഭിച്ചു നില്‍ക്കുന്ന ഒരു വയസ്സനെപ്പോലെ..

  ഹിന്ത് അതുകൊണ്ടും മതിയാക്കിയില്ല. അവള്‍ ഹസ്രത്ത് ഹംസ(റ)വിന്‍റെ വിരിമാറു വെട്ടിപ്പൊളിച്ചു. അവിടുത്തെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, പല്ലുകള്‍ അടിച്ചുകൊഴിച്ചു. പരിശുദ്ധമായ കരള്‍ പറിച്ചെടുത്തു. അതുകൊണ്ടും അരിശം തീരാത്ത അവള്‍ ആ കരള്‍ വായിലിട്ടു ചവച്ചുതുപ്പി. മുസ്ലിം സൈന്യത്തിന്‍റെ നെടുംതൂണ്‍ കടപുഴകിവീണത് മുസ്ലിംകളാരും അറിഞ്ഞിരുന്നില്ല. അവരെ ഖുറൈശികള്‍ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഹംസ(റ)വിന്‍റെ വധത്തോടെ ഹിന്തിന്‍റെ പ്രതികാരാഗ്നി ശമിച്ചു. അവള്‍ പാടി. “അല്ലയോ പിതാവേ, അങ്ങയുടെ മകള്‍ ഇതാ പ്രതികാരം ചെയ്തിരിക്കുന്നു. അങ്ങയുടെ ആത്മാവിനു സന്തോഷിക്കാം, അങ്ങയുടെ പ്രിയപ്പെട്ട മകളെ അനുഗ്രഹിച്ചാലും, അങ്ങയുടെ ആത്മാവ് പുഞ്ചിരിക്കട്ടെ.”

  പിന്നെ ഹംസ(റ)വിന്‍റെ ചുടുചോരയുടെ കട്ട കൈകൊണ്ട് വാരിയെടുത്ത് അവള്‍ തന്‍റെ മുടിയില്‍ പുരട്ടി. ആ രക്തത്താല്‍ തന്‍റെ കൈകളില്‍ മൈലാഞ്ചിക്കളറണിഞ്ഞു. പില്‍കാലത്ത് ഈ ഹിന്തും വഹ്ശിയുമെല്ലാം മക്കാവിജയത്തോടെ നബി(സ)യുടെ ബന്ധനസ്ഥരാവുകയുണ്ടായി. പക്ഷെ, അവരോട് നബി(സ) പ്രതികാരം ചെയ്യുകയുണ്ടായില്ല. ശത്രുക്കള്‍ക്കെല്ലാം അന്ന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയാണുണ്ടായത്. വഹ്ശിക്കും അന്ന്‍ മാപ്പ് ലഭിച്ചു.    പക്ഷെ.....തന്‍റെ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന പിതൃവ്യഘാതകന്‍റെ മുഖം കാണുമ്പോള്‍ നബി(സ)ക്ക് കണ്ണുകള്‍ നിറയാറുണ്ടായിരുന്നു. അതിനാല്‍ നബി(സ) വഹ്ശിയോട് പറഞ്ഞു; “അല്ലയോ വഹ്ശി താങ്കളെ കാണുമ്പോള്‍ എന്‍റെ പ്രിയ പിതൃവ്യന്‍റെ ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഹൃദയത്തില്‍ കടന്നലുകള്‍ കുത്തുന്ന അനുഭവമുണ്ടാകുന്നു. ആ ഉണങ്ങാത്ത മുറിവുകള്‍ വലുതാകുന്നു, അതുകൊണ്ട് താങ്കള്‍ എന്നില്‍നിന്നും അകന്നു ജീവിക്കുക. എന്നാല്‍ ഈ വേദന സഹിക്കേണ്ടി വരികയില്ലല്ലോ.”

  അതനുസരിച്ച് വഹ്ശി മാറിത്താമസിക്കുകയാണുണ്ടായത്. ഇത്രയൊക്കെ മനോവേദനയുണ്ടായിട്ടും നബി(സ) വഹ്ഷിയോടും ഹിന്തിനോടും പകരം വീട്ടിയില്ല എന്നതു ചരിത്രത്തിലെ നിസ്തുലസംഭവമാണ്. അവര്‍ക്ക് മാപ്പ് കൊടുത്തത് ഒരു മഹാത്ഭുതം തന്നെയാണ്. എന്നാല്‍ വഹ്ശിയാകട്ടെ തന്‍റെ ഇസ്ലാംമത സ്വീകരണത്തിനു ശേഷം പല രണാങ്കണത്തിലും ഇസ്ലാമിനുവേണ്ടി പോരാടുകയും ഹംസ(റ)വിനെ വധിച്ച അതേ ആയുധംകൊണ്ട് ഇസ്ലാമിന്‍റെ കഠിനശത്രുക്കളില്‍ പലരെയും വധിക്കുകയും ചെയ്യുകയുണ്ടായി. ഹസ്രത്ത് അബൂബക്കര്‍ സിദ്ധീഖ്(റ)വിന്‍റെ ഭരണകാലത്തു മുസൈലിമത്തുല്‍ കദ്ധാബ് എന്ന വ്യാജപ്രവാചകനുമായി മുസ്‌ലിംകള്‍ അത്യുഗ്രന്‍ ഒരു പോരാട്ടം നടത്തുകയുണ്ടായി. വഹ്ശി ആ യുദ്ധത്തില്‍ പങ്കെടുക്കുകയും ഹസ്രത്ത് ഹംസ(റ)വിനെ വധിച്ച ആയുധംകൊണ്ട് മുസൈലിമത്തിന്‍റെ കഥകഴിക്കുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു; “ഞാന്‍ എന്‍റെ ഈ ആയുധംകൊണ്ട് ഏറ്റവും വലിയ പുണ്യാത്മാക്കളില്‍ ഒരാളെ വധിച്ചു. അതിനു പ്രായശ്ചിത്തമായി ഏറ്റവും വലിയ നികൃഷ്ടനേയും വധിച്ചു.”
   പടക്കളത്തില്‍ ശത്രുക്കള്‍ മുസ്ലിംകളെ അരിഞ്ഞുതള്ളുകയായിരുന്നു. അബൂജഹലിന്‍റെ പുത്രന്‍ ഇക്രിമത്ത് (ഇദ്ദേഹവും പിന്നീട് ഇസ്ലാമായിട്ടുണ്ട്) തന്‍റെ പിതാവിന്‍റെ രക്തത്തിനുപകരംവീട്ടികൊണ്ട് മുസ്ലിം പോരാളികളെ അറിഞ്ഞുവീഴ്ത്തുകയായിരുന്നു. ഖാലിദിബ്നുല്‍വലീദും അവിടെ പറന്നുപോരുതി മുസ്ലിം അണികളെ നശിപ്പിക്കുകയായിരുന്നു. നബി(സ) ഈ ഘട്ടത്തില്‍ ഉറച്ചുനിന്നു പൊരുതുകയും പടക്കളംവിട്ടോടുന്ന മുസ്ലിംകളെ തിരിച്ചുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങിനെ സധീരം പോരാടിക്കൊണ്ടിരിക്കവേ നബി(സ) ഒരു വലിയ കുഴിയില്‍ വീണു. അബൂആമിര്‍ എന്ന ദുഷ്ടന്‍ തീര്‍ത്തതായിരുന്നു ആ ചതിക്കുഴി. നബിയെക്കാണാതായി. സ്വഹാബികള്‍ അമ്പരന്നു. ഈ ഘട്ടത്തില്‍ ശത്രുക്കള്‍ വിളിച്ചുപറയാന്‍ തുടങ്ങി, മുഹമ്മദ്‌ വധിക്കപ്പെട്ടുവെന്ന്‍(സ). ഇതും കൂടി കേട്ടപ്പോള്‍ ഉറച്ചുനിന്നു പൊരുതിയിരുന്ന ചിലര്‍പോലും ഭയന്നോടുകയുണ്ടായി. എന്നാല്‍ മറ്റുചിലരാകട്ടെ ഇനി ജീവിച്ചിരുന്നിട്ട് ഫലമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പടക്കളത്തിലെക്കെടുത്തുചാടി മരണം വരെ പൊരുതുകയാണ് ചെയ്തത്. മുഹമ്മദ്‌ കൊല്ലപ്പെട്ടുവെന്ന് ഇബ്നുസംഅത്ത് എന്ന ഖുറൈശീഭടന്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അപ്പോള്‍ പടക്കളംവിട്ടോടിയവരെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ കാണാം:

     “മുഹമ്മദ്‌ ഒരു പ്രവാചകന്‍ മാത്രമാണ്.(സ) അദ്ദേഹത്തിനു മുമ്പും പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ, വധിക്കപ്പെടുകയോ ചെയ്‌താല്‍ നിങ്ങള്‍ നിങ്ങളുടെ കാല്‍മടമ്പുകളിലേക്ക് പിന്തിരിയുകയാണോ ചെയ്യേണ്ടത്? അങ്ങനെ പിന്തിരിയുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവിനെയല്ലെ ദ്രോഹിക്കുന്നത്. നന്ദിയുള്ളവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു നല്ല പ്രതിഫലം നല്‍കും, അല്ലാഹുവിന്‍റെ അനുമതികൂടാതെ ഒരാള്‍ക്കും മരിക്കാന്‍ കഴിയുകയില്ല. അവധി നിര്‍ണ്ണയിക്കപ്പെട്ടതാണത്” (വി.ഖു.).
  നബി(സ) വധിക്കപ്പെട്ടുവെന്ന്‍ കേട്ടപ്പോള്‍ ഹസ്രത്ത് അനസുബിന്‍ നള്ര്‍(റ) പ്രഖ്യാപിച്ചു. “ഇനി എനിക്ക് ജീവിതമേ വേണ്ട.”

   അദ്ദേഹം പടക്കളത്തിലിറങ്ങി പൊരുതി മരിച്ചു. അദ്ദേഹത്തെപ്പോലെത്തന്നെ മുഹാജിറുകളും അന്‍സാറുകളും ഉള്‍പ്പെടുന്ന ഒരു സംഘം സ്വഹാബികള്‍ ഇങ്ങനെ ദു:ഖം സഹിക്കാന്‍ വയ്യാതെ പൊരുതിമരിച്ചു. സ്വന്തം ശരീരത്തേക്കാള്‍ നബി(സ)യെ സ്നേഹിച്ചവരായിരുന്നു അവര്‍. അവര്‍ ഖാലിദിന്‍റെയും ഇക്രിമത്തിന്‍റെയും മറ്റും വാളുകള്‍ക്കിരയായി. മുസ്ലിംസൈന്യത്തിന്‍റെ എല്ലാ ചിറകുകളും ഖുറൈശികള്‍ മുറിച്ചുകഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് ശാമില്‍ ഇസ്ലാമിനുവേണ്ടി ധീരധീരം പൊരുതിയ ളിറാന്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കെതിരെ കഠിനമായ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഇരുട്ടിന്‍റെ മറവില്‍ ആളെ തിരിച്ചറിയാതെ പരിഭ്രാന്തരായ ഘട്ടത്തില്‍ അടയാളവാക്യവും മറന്ന മുസ്ലിംകള്‍ തമ്മില്‍തമ്മില്‍ തന്നെ പൊരുതിമരിച്ചിട്ടുമുണ്ട്. നബി(സ)യെകാണാതെ സ്വഹാബികള്‍ ദു:ഖസാഗരത്തിലാണ്ട് അന്വേഷിക്കുന്നതിനിടയില്‍ ഹസ്രത്തുത്വല്‍ഹത്തുബിന്‍ ഉബൈദുള്ള(റ) ആ ഭീകരക്കാഴ്ച കണ്ടു. നബി(സ) ചതിക്കുഴിയില്‍ വീണുകിടക്കുന്നു. അദ്ദേഹം ഉടനെ നബി(സ)യെ കരക്കുകയറ്റി. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു; “അല്ലയോ മുസ്ലിംപടയാളികളെ അല്ലാഹുവിന്‍റെ റസൂല്‍ വഫാത്തായിട്ടില്ല. ഇതാ ഇവിടെ, ഇങ്ങോട്ട് വരൂ, നിങ്ങള്‍ പരിഭ്രാന്തരാകാതെ ശാന്തരായി തിരിച്ചുവരൂ.”

  ഇതുകേട്ടപ്പോള്‍ സ്വഹാബികള്‍ക്ക് സമാധാനമായി. ഓടിപ്പോയവരില്‍ പലരും തിരിച്ചുവന്നു. നബിയുടെ ചുറ്റും അവര്‍ അണിനിരന്നു. നബി(സ)അരുളി: “നിങ്ങള്‍ ഉറച്ചുനില്‍ക്കൂ. ഓടരുത്. ഏതാപല്‍ഘട്ടത്തിലും അല്ലാഹുവിനെ വിസ്മരിച്ചുകൂടാ..., അവന്‍റെയിഛഎന്തോ അതുനടക്കട്ടെ. പരീക്ഷണമാണിത്. ഇതില്‍ പരാജയപ്പെട്ടുകൂടാ..., ആത്മാര്‍പ്പണം ചെയ്യുന്നവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം.”

    സ്വഹാബികള്‍ നബിക്കുചുറ്റുംനിന്നുപോരാടി. പലരും രക്തസാക്ഷികളായി. സ്വന്തം ശരീരങ്ങളെ അവര്‍ നബിയേ രക്ഷിക്കാന്‍ വേണ്ടിബലിയര്‍പ്പിച്ചു. നബിക്കുനേരെവരുന്ന വെട്ടുകളും, കുത്തുകളും, അസ്ത്രങ്ങളും വീരമുജാഹിദുകള്‍ സ്വന്തം വിരിമാറുകാണിച്ചു തടുത്തു. ഇതിനിടയില്‍ ശത്രുക്കളില്‍ നിന്ന്‍ ചീറിവന്ന ഒരു കല്ല്‌ നബിതിരുമേനി(സ)യുടെ പടത്തോപ്പിയില്‍ ശക്തമായി പതിക്കുകമൂലം പടത്തൊപ്പിയുടെ ആണി തിരുമേനിയുടെ തലയില്‍ തറച്ചുകയറുകയുണ്ടായി. ഹസ്രത്ത് ഉമറുല്‍ഫാറൂഖ്(റ) അതു വലിച്ചൂരിയെടുത്തു. രക്തം കുടുകുടാ ഒഴുകുമ്പോള്‍ തിരുമേനിയുടെ പല്ലുകള്‍ക്കു നേരെ ഒരു കല്ല്‌ ചീറിവന്നു. തിരുമേനി(സ)യുടെ മുന്‍പല്ലുകള്‍ കൊഴിഞ്ഞുവീണു. രക്തം വായിലൂടെയും ഒഴുകി. ഇതൊക്കെയായിട്ടും നബി(സ) പതറാതെ പടക്കളത്തില്‍ ഉറച്ചുനിന്നു പൊരുതി. രക്തം വായില്‍നിന്നും തലയില്‍നിന്നും വാര്‍ന്നോഴുകുമ്പോള്‍ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമര്‍(റ) അലി(റ) എന്നീ സ്വഹാബികള്‍ നബിയോടപേക്ഷിച്ചു. “അങ്ങു പടക്കളത്തില്‍ നിന്നു സുരക്ഷിതസ്ഥാനത്തേക്കു നീങ്ങണം. അല്ലാത്തപക്ഷം അപകടമാണ്.”

  നബി(സ)അരുളി; രക്തം ഒഴുകട്ടെ, എന്‍റെ രക്തത്തിന്‍റെ ഓരോ തുള്ളിക്കും അല്ലാഹു മഹത്തായ പ്രതിഫലം തരുമ്പോള്‍ ഞാനെന്തിന് പിന്മാറണം.
  ഉഹ്ദ് മലയുടെ താഴ്വര ചോരയില്‍ കുതിര്‍ന്നു. അന്‍സാറുകളും, മുഹാജിറുകളുമായ എഴുപതുസ്വഹാബികള്‍ രക്തസാക്ഷികളായി. ഇസ്ലാമിനുവേണ്ടി അഹോരാത്രം അശ്രാന്തയത്നം ചെയ്തിരുന്ന ത്യാഗിവര്യന്മാര്‍, പല വീരന്മാരെയും മുട്ടുകുത്തിച്ച സിംഹങ്ങള്‍. പരാജയത്തിന്‍റെ കയ്പ്പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത യുദ്ധതന്ത്രജ്ഞര്‍, ഇവരില്‍ ഹസ്രത്ത് ഹംസ(റ)വിന്‍റെ വിയോഗമാണ്‌ മുസ്ലിം സൈന്യത്തിന്‍റെ ചിറകൊടിച്ചത്. നബി(സ)യുടെ കണ്ണിലുണ്ണിയായിരുന്നു ആ പിതൃവ്യന്‍. ഹംസയെന്നുകേട്ടാല്‍ ഖുറൈശികളുടെ കാല്‍മുട്ടുകള്‍ തമ്മിലിടിക്കുമായിരുന്നു. ആ സിംഹം പിടഞ്ഞുമരിക്കുന്നതുകണ്ടപ്പോള്‍ അവരുടെ വീര്യം ശതഗുണീഭവിക്കുകയായിരുന്നു. അതോടൊപ്പം, നബി(സ) വധിക്കപ്പെട്ടുവെന്ന വാര്‍ത്തകൂടിവന്നപ്പോള്‍ ഖുറൈശികള്‍ കൂത്താടുകയായിരുന്നു. സ്ത്രീകള്‍ പാട്ടുപാടി നൃത്തംവെച്ചു. ഈ ഘട്ടത്തിലും നബി(സ) തന്‍റെ അനുചരന്മാരോടൊപ്പം ചെറുത്തുനില്‍ക്കുകയായിരുന്നു. അവിടുത്തെ വായില്‍നിന്നും തലയില്‍നിന്നും ചോര കുലംകുത്തിയൊഴുകി. അതുകണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഹസ്രത്തുമാലിക്(റ) രക്തം തുടച്ചുകൊണ്ടിരുന്നു. അതുഭൂമിയില്‍ വീഴാതെ സൂക്ഷിച്ചു. ഒരു പ്രവാചകന്‍റെ പരിശുദ്ധരക്തം ഭൂമിയില്‍ വീഴുന്നത് ആപത്താണെന്നദ്ദേഹത്തിനറിയാം. പക്ഷെ, നബി(സ) അതൊന്നും ശ്രദ്ധിക്കാതെ ചെറുത്തുനില്‍പ്പു തുടര്‍ന്നു. നബി(സ)യുടെ കഠിന ശത്രുക്കളില്‍ ഒരാളാണ് ഉബയ്യ്ബിന്‍ഖലഫ് അയാള്‍ നബിയേ വധിക്കാന്‍ പല അടവുകളും പയറ്റിനോക്കി. പക്ഷെ, നബിയുടെ ചുറ്റുമുള്ള വീരസിംഹങ്ങള്‍ അതെല്ലാം വിഫലമാക്കി. ഉബയ്യും നബി(സ)യും തമ്മില്‍ മുമ്പു മക്കയില്‍ വെച്ച് ഒരു വെല്ലുവിളി നടക്കുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ നബി(സ) മക്കയില്‍ തന്‍റെ അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. ഖുറൈശി പ്രമാണിമാര്‍ കുറച്ചപ്പുറം നില്‍ക്കുന്നുണ്ട്, അവര്‍ നബിയെ(സ) പരിഹസിക്കുകയും പുഛിക്കുകയുമായിരുന്നു. അക്കൂട്ടത്തില്‍ ഉബയ്യുമുണ്ട്. അവരുടെ പരിഹാസവും പുച്ഛവുമെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് നബി(സ) തന്‍റെ അനുചരന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഉബയ്യ് അതിനിടയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു; “ആ മരത്തലയന്‍റെ ഉപദേശം കേട്ടുകൊണ്ടിരിക്കുന്ന വിഡ്ഢികളെ! നിങ്ങള്‍ക്ക് ഭ്രാന്താണ്.”

  ഇതിനും ആരും മറുപടിയൊന്നും പറയുന്നില്ലെന്നുകണ്ടപ്പോള്‍ ഉബയ്യ് തന്‍റെ കുതിരപ്പുറത്തുകയറി മുന്നോട്ടുവന്നു. എന്നിട്ട് നബിയോട് ചോദിച്ചു; “എന്താ, പുതിയ വഹ്യ്യ് വല്ലതുമുണ്ടോ?” നബി(സ) പുഞ്ചിരിതൂകിക്കൊണ്ടരുളി: “ഉണ്ടെങ്കില്‍ താങ്കള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടോ?”

  ഉബയ്യ്: കേള്‍ക്കാന്‍ നിനക്കുചുറ്റും വിഡ്ഢികള്‍ ധാരാളമുണ്ടല്ലോ, പിന്നെ ഞാനെന്തിനാ?

  നബി(സ): ഞാന്‍ പറയുന്നതില്‍ എന്തുണ്ട് വിഡ്ഢിത്തം? അതൊന്ന്‍ വിശദീകരിച്ചുതന്നാല്‍ കൊള്ളാം.

  ഉബയ്യ്: നീ പറയുന്നതുമുഴുവന്‍ വിഡ്ഢിത്തമോ ഭ്രാന്തോ ആണ്.

  നബി(സ): ഈ പ്രപഞ്ചമാകുന്ന യന്ത്രശാലയെ സൃഷ്ടിച്ചു സംരക്ഷിച്ചു നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു അദ്ര്ശ്യശക്തിക്കുമാത്രമേ ആരാധിക്കാന്‍ പാടുള്ളുവെന്ന്‍ പറയുന്നത് ഭ്രാന്താണോ? ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത വിഗ്രഹങ്ങളെ പൂജിക്കുന്നതാണോ ബിദ്ധി.?

  ഉബയ്യ്: നിന്‍റെ വാചാലതയില്‍ കുടുങ്ങും ഞാനെന്നായിരിക്കും നിന്‍റെ വ്യാമോഹം. വേല കയ്യിലിരിക്കട്ടെ.. ഇത് ഉബയ്യാണ് നിന്നെ ഞാന്‍ പിന്നെ ഒരിക്കല്‍ നേരിട്ടുകൊള്ളാം. വാദപ്രതിവാദത്തിലൂടെയല്ല, വാളുകൊണ്ട്.

  നബി(സ): അല്ലാഹുവിന്‍റെ ഇച്ഛയെന്തോ അതുമാത്രമേ നടക്കുകയുള്ളൂ. അതിനാല്‍ നിന്‍റെ ഭീഷണിയില്‍ ഞാന്‍ ഒട്ടും ഭയപ്പെടുന്നില്ല.

  ഉബയ്യ്: നീ ഭയപ്പെട്ടുകൊള്ളും. ഒരു ദിവസം ഞാന്‍ ഈ കുതിരപ്പുറത്തിരുന്നുകൊണ്ട് നിന്നെ വാളിനിരയാക്കും.

  നബി(സ): അതാണ്‌ വിധിയെങ്കില്‍ അതുനടക്കും. വിധി നേരെ വിപരീതമാകാനും സാധ്യതയുണ്ട്.

  ഉബയ്യ്: നീ എന്നെ പോടിപ്പിക്കുകയാണല്ലോ? നമുക്ക് പിന്നെക്കാണാം.

  ഇത്രയും പറഞ്ഞുകൊണ്ട് ഉബയ്യ് തന്‍റെ കുതിരയോടിച്ചുപോയി.

  ഈ സംഭവം നടന്നിട്ടു ആറേഴുകൊല്ലം കഴിഞ്ഞു. ഉഹ്ദില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. ചെറുത്തുനില്‍പ്പു തുടരുന്ന ഘട്ടത്തില്‍ ഉബയ്യ് തന്‍റെ കുതിരപ്പുറത്തുകയറി വാളും ചുഴറ്റിക്കൊണ്ട് നബി(സ)ക്കുനേരെ ചീറിയടുത്തു...........   

  അയാളോടൊപ്പം ഒരു സൈനികവ്യൂഹവുമുണ്ട്. നബി(സ)യുടെ അംഗരക്ഷകരായി ചുറ്റും നിന്നിരുന്ന സ്വഹാബികള്‍ ആ സൈനികവ്യൂഹവുമായി പോരാട്ടത്തില്‍ മുഴുകി. ഈ തക്കം നോക്കി ഉബയ്യ് നബി(സ)യുടെ കഴുത്തുലക്ഷ്യംവെച്ചുകൊണ്ട് ഖഡ്ഗം വീശി. ഉടനെ നബി(സ) അതു തന്‍റെ പരിചകൊണ്ട് തടുത്തു.അതോടൊപ്പം തന്നെ തന്‍റെ കയ്യിലുണ്ടായിരുന്ന ചവളം തിരുമേനി ഉബയ്യിനു നേരെ എറിഞ്ഞു. അതു മര്‍മ്മത്തു തന്നെ കൊണ്ടു. ഉബയ്യിന്‍റെ മര്‍മ്മത്താണതു തുളച്ചുകയറിയത്. അയാള്‍ ഉറക്കെ അട്ടഹസിച്ചുകൊണ്ട് പിന്തിരിഞ്ഞു തന്‍റെ താവളത്തില്‍ ചെന്നുവീണു. ഖുറൈശികള്‍ അയാളെ ശുശ്രൂഷിച്ചു. മുറിവ് മരുന്ന്‍ വെച്ചുകൊട്ടി. പക്ഷെ, അയാളുടെ വേദനയും വിഭ്രാന്തിയും വര്‍ദ്ധിക്കുകയാണുണ്ടായത്. വേദനയുടെ കാഠിന്യത്താല്‍ അയാള്‍ ഉറക്കെ അലറാന്‍ തുടങ്ങി. അയാള്‍ പറയുകയാണ്‌; “മുഹമ്മദ്‌ എന്തോ സിഹ്ര്‍ എനിക്കുനേരെ പ്രയോഗിച്ചിട്ടുണ്ട്, അതാണിത്ര കഠിനവേദന. എനിക്കിതു സഹിക്കാന്‍ വയ്യ.”

  ഖുറൈശികള്‍ അയാളെ പുച്ഛച്ചു. നിസ്സാരമായ ഒരു മുറിവേറ്റപ്പോഴേക്കും ഇങ്ങനെ വെപ്രാളം കാട്ടുന്നതില്‍ അവര്‍ക്കരിശം വന്നു. ഉബയ്യാകട്ടെ മരണവെപ്രാളം കാണിക്കുകയായിരുന്നു. പക്ഷെ, പെട്ടെന്ന്‍ ജീവന്‍ പോയതുമില്ല. യുദ്ധം കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ വഴിയില്‍വെച്ചാണ് അയാളുടെ അന്ത്യമുണ്ടായത്. അതുവരെ അയാള്‍ കിടന്നു മരണവേദനയനുഭവിക്കുകയായിരുന്നു.

  ഇങ്ങനെ നബിയെ വധിക്കാന്‍ നേരിട്ടുചെന്ന എല്ലാവരും ഓരോ അപകടങ്ങള്‍ പിണഞ്ഞ് നശിക്കുകയാണുണ്ടായത്. പലരെയും സ്വഹാബികള്‍ വധിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ നബി(സ)യെ വധിക്കാനുള്ള ശ്രമം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കഠിനമായ സിഹ്ര്‍ മുഹമ്മദ്‌ പ്രയോഗിക്കുന്നതുകൊണ്ടാണയാളെ വധിക്കാന്‍ കഴിയാത്തതെന്ന്‍ ഖുറൈശികള്‍ പറഞ്ഞു.

   പരാജയം സുനിശ്ചിതമായപ്പോള്‍ നബി(സ)തന്‍റെ ശേഷിച്ച സ്വഹാബികളോടുകൂടി ഉഹ്ദുമലയിടുക്കിലേക്ക് പിന്‍മാറുമ്പോള്‍ ഖാലിദ്ബ്നുവലീദും പടയും അവരെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, യുദ്ധതന്ത്രത്തില്‍ അഗ്രഗണ്യനായ നബി(സ)വളരെ തന്ത്രപൂര്‍വ്വം അവരുടെ കണ്ണുവെട്ടിച്ച് മലയിടുക്കില്‍ സുരക്ഷിതസ്ഥാനത്തെത്തി. പിന്നെ ആ വഴിക്കുചെന്ന ശത്രുക്കള്‍ക്കാര്‍ക്കും അവരെ കാണാന്‍ കഴിഞ്ഞില്ല. അവരുടെ കണ്ണുകളില്‍ നിന്നും അല്ലാഹു നബിയേയും സ്വഹാബികളെയും മറച്ചുപിടിച്ചതായിരിക്കാം. ഏതായാലും അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു. വിജയശ്രീലാളിതരായ ഖുറൈശിപ്പടക്ക് അന്നു നബിയെ വധിക്കാന്‍ സാധിക്കാതിരുന്നത് ഒരു മഹാത്ഭുതംതന്നെ. നബി(സ)യുടെ കൂടെ അപ്പോള്‍ വളരെ അംഗുലീപരിമിതരായ സ്വഹാബികള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ മദീനയിലേക്ക് ഓടിരക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും നബി(സ)യെ വധിക്കാന്‍ ഖുറൈശികള്‍ക്കു കഴിഞ്ഞില്ല. ഇതില്‍ പരം അത്ഭുതം മറ്റെന്തുണ്ട്? അല്ലെങ്കില്‍ ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? അല്ലാഹു ഒരാള്‍ക്ക് സംരക്ഷണം കൊടുത്താല്‍ അയാളെ വധിക്കാന്‍ ആര്‍ക്കാണ് സാധിക്കുക!? മുസ്ലിം പട അന്നനുഭവിച്ച ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. മലയുടെ മര്‍മ്മസ്ഥലങ്ങളില്‍ നബി(സ)നിര്‍ത്തിയ ഏതാനും വ്യക്തികള്‍ ചെയ്ത തെറ്റിന്‍റെ ഫലം എല്ലാവരും അനുഭവിച്ചു. ഉഹ്ദുമലയുടെ താഴ്വര ചെന്നുകാണാന്‍ ഭാഗ്യമുള്ളവര്‍ക്ക് ഇപ്പോഴും ആ മലയുടെ രോദനം കേള്‍ക്കാം. ഒറ്റപ്പെട്ടു തലയുയര്‍ത്തിനിന്നുകൊണ്ട് ഹസ്രത്ത് ഹംസ(റ)യുടെ വീരചരമത്തിന്‍റെ ചരിത്രം സന്ദര്‍ശകരോടു പറയുന്നു. തിരുനബി(സ) ചതിക്കുഴിയില്‍ വീണ ഭീകരരംഗം വിശദീകരിക്കുന്നു. സര്‍വ്വോപരി, അന്ന്‍ അച്ചടക്കലംഘനം നടത്തിയവരെപ്പറ്റി ആ മല കേഴുന്നു. നബിതിരുമേനി(സ)യുടെ വായില്‍ നിന്നും തലയില്‍ നിന്നും ചുടുരക്തമൊഴുകിയതോര്‍ത്തു മല വിലപിക്കുന്നു. ഇരുപത്തിമൂന്നു ഖുറൈശിപടയാളികള്‍ ഈ യുദ്ധത്തില്‍ വധിക്കപ്പെട്ടു. എഴുപതു സ്വഹാബികളും രക്തസാക്ഷികളായി. അല്ലാഹുവിന്‍റെ വഴിയില്‍ വീരചരമം പ്രാപിച്ചവരെ മരിച്ചവരെന്നു പറയരുതെന്നും, അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്നും വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ആ മഹാത്മാക്കളുടെ തണല്‍ അല്ലാഹു നമുക്ക് നല്‍കട്ടെ, ആമീന്‍! അവരില്‍ അല്ലാഹുവിന്‍റെ അനുഗ്രഹപീയുഷം എന്നെന്നും വര്‍ഷിക്കട്ടെ...

  ബദറിലും ഉഹ്ദിലും രക്തസാക്ഷികളായ വീരപുരുഷന്മാരുടെ നാമങ്ങള്‍ ഇസ്ലാമികചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

 ബദറിനു പകരം ചോദിക്കാന്‍ കഴിഞ്ഞതില്‍ ഖുറൈശികള്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. തന്‍റെ പിതാവായ തുഹൈമത്തിനെയും പിതൃവ്യന്മാരെയും വധിച്ചവരെ വെട്ടിവീഴ്ത്താന്‍ കഴിഞ്ഞതില്‍ ഹിന്തിനുള്ള ആഹ്ലാദം സീമാതീതമായിരുന്നു. അവള്‍ കൂട്ടുകാരികളുമൊത്തു ദഫ്മുട്ടി ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. ഖുറൈശീവീരന്മാരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തി. അബൂജഹലിന്‍റെ പുത്രന്‍ ഇക്രിമയുടെ ആനന്ദവും അവാച്യമായിരുന്നു. തന്‍റെ പിതാവിനെ ബദറില്‍വെച്ചു വധിച്ചവരെ തകര്‍ക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ഊറ്റംകൊണ്ടു. സൈന്യാധിപനായ അബൂസുഫ്യാനാകട്ടെ ആനന്ദത്താല്‍ പരിസരബോധംപോലുമില്ലാതായി. തനിക്കുവേണ്ടിയാണ് ബദറില്‍വെച്ച് എഴുപത് ഖുറൈശീ പ്രമാണിമാര്‍ വധിക്കപ്പെട്ടത്. താന്‍ നയിച്ചിരുന്ന കച്ചവടസംഘത്തെ രക്ഷിക്കാന്‍ വന്നതായിരുന്നു അവര്‍. അവരുടെ രക്തത്തിനു പകരം വീട്ടാന്‍ തനിക്കുകഴിഞ്ഞിരിക്കുന്നു. അന്നു എഴുപത് ഖുറൈശികളെ കൊന്നതിന് ഇന്നിതാ എഴുപത് മുസ്ലിംകളെ വെട്ടിവീഴ്ത്തി താന്‍ എണ്ണത്തിനെണ്ണം തികച്ചിരിക്കുന്നു. അബൂസുഫ്യാന് ആനന്ദിക്കാന്‍ ഇനിയെന്തുവേണം? ഖാലിദ്ബ്നുവലീദാകട്ടെ ഉഹ്ദിലെ വിജയത്തിന്‍റെ സൂത്രധാരനെന്ന നിലയില്‍ ആഹ്ലാദത്തിന്‍റെ പരകോടിയില്‍ കയറി നൃത്തമാടുകയായിരുന്നു. ഒട്ടകങ്ങളെ അറുത്തുവേവിച്ചു വയറുനിറയെ തിന്ന്‍ കള്ളും കുടിച്ച് കൂത്താടികൊണ്ട് അവര്‍ വിജയമാഘോഷിച്ചു. എന്നാല്‍ ചരിത്രത്തിലെ മറ്റൊരത്ഭുതം നമുക്കിവിടെ കാണാം. മേല്‍പ്പറഞ്ഞ അബൂസുഫ്യാന്‍, ഹിന്ത്, ഇക്രിമത്ത്, ഖാലിദ്ബ്നുല്‍ വലീദ് എന്നിവരെല്ലാം മക്കാവിജയാനന്തരം മുസ്ലിംകളായി മാറുകയും അവരെല്ലാം ഇസ്‌ലാംമതത്തിന്‍റെ സന്നദ്ധഭടന്മാരായിത്തീരുകയും ചെയ്തു. ഉഹ്ദില്‍ മുസ്ലിംസൈന്യത്തെ തകര്‍ത്തുവിട്ട വിജയശില്‍പികളാണിവരെന്ന്‍ ഓര്‍ക്കണം. ഈ അബൂസുഫ്യാന്‍ തന്നെയാണ് ശാംയുദ്ധത്തില്‍ ധീരധീരം പോരാടി തന്‍റെ കണ്ണുപോലും ആ യുദ്ധത്തില്‍ ബലിയര്‍പ്പിച്ചത്. ഈ ഖാലിദുബ്നുല്‍വലീദ് തന്നെയാണ് മുസ്ലിംസൈന്യത്തിന്‍റെ നേതൃത്വം വഹിച്ചുകൊണ്ട് ഹിരാക്ലിയസ്സിന്‍റെ സൈന്യത്തെ തകര്‍ത്ത് ഇസ്ലാമിക പതാക അവിടെ നാട്ടിയത്. ഹംസ(റ)വിനെ വധിച്ച വഹ്ശി തന്നെയാണ് മുസ്ലിം സൈന്യത്തിന്‍റെ നെടുംതൂണായി മാറികൊണ്ട് ഇസ്ലാമിന്‍റെ ശത്രുക്കളെ പല യുദ്ധക്കളങ്ങളിലും അരിഞ്ഞുവീഴ്ത്തി ചരിത്രം സൃഷ്ടിച്ചത്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ഉഹ്ദ്യുദ്ധത്തില്‍ നബി(സ)യെ തോല്‍പ്പിച്ചവര്‍ക്കു നബിയെപ്പറ്റി മതിപ്പുവര്‍ദ്ധിക്കുകയാണ് ചെയ്തത്, കുറയുകയല്ല. ഇസ്ലാമിന്‍റെ സത്യം ബോധ്യപ്പെടുകയാണ് ചെയ്തത്. അല്ലെങ്കില്‍ അവര്‍ക്ക് പില്‍ക്കാലത്ത് മാനസാന്തരമുണ്ടാവുകയില്ലല്ലോ.....മുസ്ലിം സൈന്യത്തിനുനേരിട്ട പരാജയം മദീനയിലറിഞ്ഞു. പടക്കളംവിട്ടോടിയ സ്വഹാബികളാണത് അറിയിച്ചത്. നബി(സ)വധിക്കപ്പെട്ടുവേന്നാണ് ആദ്യം മദീനയില്‍ കേട്ടത്. അതോടെ മദീനയാകെ ഇളകിമറിഞ്ഞു. കദനക്കടല്‍ അങ്ങോട്ട്‌ ഇരമ്പിക്കയറി. കണ്ണീര്‍പ്പുഴകള്‍ ചാലിട്ടൊഴുകി. ഒരു വിഭാഗം മാത്രമാണ് സന്തോഷിച്ചത്. കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നുഉബയ്യും കൂട്ടരും. അവര്‍ മുസ്ലിംകളെ ശത്രുക്കളുടെ വായിലേക്ക് എറിഞ്ഞുകൊടുത്ത് ഒഴിഞ്ഞുമാറിയവരാണല്ലോ. അവരുടെ ആഹ്ലാദത്തിനതിരില്ലായിരുന്നു. നബി(സ)വധിക്കപ്പെട്ടുവെന്നുകെട്ടപ്പോള്‍ അവര്‍ ആനന്ദനൃത്തം ചവിട്ടി. നിഷ്ക്കളങ്കരായ സത്യവിശാസികളുടെ മേല്‍ അവര്‍ പരിഹാസം ചൊരിഞ്ഞു. അന്തരീക്ഷം സംഘര്‍ഷപൂരിതമായി. നിഷ്കളങ്കരായ സ്വഹാബികള്‍ ദു:ഖത്തിന്‍റെ കയത്തിലാണ്ടുപോയിരുന്നതിനാല്‍ കപടന്മാര്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അവര്‍ ഒന്നടങ്കം വധിക്കപ്പെടുമായിരുന്നു. വാര്‍ത്ത കേട്ടുഞെട്ടിയ സത്യവിശ്വാസികളില്‍ പലരും ഉഹ്ദിലേക്ക് കുതിച്ചോടി. നബി(സ) വധിക്കപ്പെട്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ മാത്രമാണവര്‍ക്ക് ശ്വാസം നേരെ വീണത്. ഉഹ്ദിലേക്കുകടക്കുന്നവരുടെ കൂട്ടത്തില്‍ നബി(സ)യുടെ ഫാത്വിമ(റ)യും ഉണ്ടായിരുന്നു. പക്ഷെ, പടക്കളത്തിലേക്ക് അവര്‍ക്കു നബി(സ)ആദ്യം അനുമതി നല്‍കിയില്ല. വികൃതമാക്കപ്പെട്ട ജഡങ്ങള്‍ കണ്ടാല്‍ അവര്‍ മാറത്തടിച്ചു കരയാന്‍ തുടങ്ങുമെന്ന ആശങ്കയിലാണ് അനുമതി നല്‍കാതിരുന്നത്. ഹസ്രത്ത് ഹംസ(റ)വിന്‍റെ സഹോദരിയായ സഫിയയും അക്കൂട്ടത്തിലുണ്ടായിരുന്നു. സഫിയ(റ) നബിയോട് അപേക്ഷിച്ചു; “അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ സഹോദരനെ ശത്രുക്കള്‍ കാട്ടിക്കൂട്ടിയതെല്ലാം ഞാനറിഞ്ഞു,. മൃതദേഹം വികൃതമാക്കിയതും അറിഞ്ഞിരിക്കുന്നു. ഇനിയത് ഒരു നോക്ക് കാണുകയാണ് മനസ്സമാധാനത്തിന് ആവശ്യം. കാണാതിരുന്നാല്‍ എന്‍റെ ഖേദം ഒരുകാലത്തും തീരുകയില്ല. ദയവുചെയ്ത് എന്നെ അതിനനുവദിക്കുക. ഞാന്‍ ശല്യമൊന്നും ഉണ്ടാക്കുകയില്ല”

  നബി(സ) ഈ അപേക്ഷ സ്വീകരിക്കുകയും സ്ത്രീകള്‍ക്കെല്ലാം മൃതദേഹങ്ങള്‍ കാണാന്‍ അനുമതി നല്‍കുകയും ചെയ്തു. ആ മഹിളാരത്നങ്ങള്‍ ആ ഭീകരദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. കണ്ണുനീര്‍ അണപൊട്ടിയൊഴുകിയെങ്കിലും ദുഖം കടിച്ചമര്‍ത്തി സഹിച്ചു. എന്നിട്ടും ചിലര്‍ വിങ്ങിപ്പോട്ടുകയുണ്ടായി. രക്തസാക്ഷികളുടെ മുമ്പില്‍ തലകുനിച്ചുനിന്നുകൊണ്ട് ആ മഹിളാരത്നങ്ങള്‍ ഗദ്ഗദകണ്ഠരായി അവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിച്ചു.

  പിന്നെ നബി(സ)യുടെ കല്പനപ്രകാരം സ്വഹാബികള്‍ കുറെ ഖബറുകള്‍ കുഴിച്ചു. ഉഹ്ദുമലയുടെ മടിത്തട്ടില്‍ ആ വീരസിംഹങ്ങള്‍ക്ക് അന്ത്യവിശ്രമകേന്ദ്രമൊരുക്കി. ഹസ്രത്ത് ഹംസ(റ)വിനെയും ഹസ്രത്ത് അബ്ദുല്ലാഹിബ്നിജഹ്ശ്(റ)വിനെയും ഒരു ഖബറിലാണ് അടക്കംചെയ്തത്. എന്നാല്‍ ശത്രുക്കള്‍ അവരുടെ ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം അഴിച്ചെടുത്തു കൊണ്ടുപോയിരുന്നു. തന്മൂലം ബാക്കി കിട്ടിയിരുന്ന കണ്ടംതുണ്ടം വസ്ത്രങ്ങളിലാണ് കഫന്‍ ചെയ്തത്. ഒരു ചെറിയമുണ്ടുകൊണ്ട് ഹസ്രത്ത് ഹംസ(റ)വിന്‍റെ തലമൂടുമ്പോള്‍ കാല്‍മുട്ടുകള്‍വരെ മാത്രമേ മറഞ്ഞിരുന്നുള്ളൂ. അതിനാല്‍ കാല്‍മുട്ടുകള്‍ക്ക് താഴെ പുല്ലുകള്‍ വാരിവെച്ചു മറക്കുകയാണ് ചെയ്തത്. ഉഹ്ദ് സന്ദര്‍ശിക്കുന്നവര്‍ക്ക് ആ ഖബര്‍ മതിലിനുപുറത്തുനിന്നു കാണാം. ഉഹ്ദുമലയുടെ താഴ്‌വരയില്‍ ഖബര്‍ പ്രത്യേകം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. പക്ഷെ, മതിലിനുള്ളില്‍ പ്രവേശിക്കാന്‍ പോലീസുകാര്‍ സമ്മദിക്കുകയില്ല. മതിലിനിപ്പുറത്തുനിന്നു കണ്‍കുളിര്‍ക്കെ നോക്കിക്കാണാം. അപ്പോള്‍ ഒരു സത്യവിശ്വാസിയുടെ മനോമുകുരത്തില്‍ പ്രതിഫലിക്കുന്ന ചിത്രങ്ങള്‍ അവര്‍ണ്ണനീയമാത്രേ. എല്ലാത്തിനും മൂകസാക്ഷിയായി നിന്ന ഉഹ്ദുമലയുടെ ആ മൗനം വാചാലമായിത്തീരുന്ന ഘട്ടമാണിത്. ഈ ഞാന്‍ അവിടെ ചെന്നപ്പോള്‍ മനസ്സിന്‍റെ നിയന്ത്രണം വിട്ടുപോവുകയുണ്ടായി. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുവരുന്ന മുസ്ലിംജനലക്ഷങ്ങള്‍ അവിടെ സന്ദര്‍ശിച്ചു പാഠമുള്‍ക്കൊണ്ടുതിരിച്ചുപോകുന്നു. ചരിത്രമുറങ്ങുന്ന ആ പടക്കളം അവരുടെയെല്ലാം ചിന്താമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നു. ഖിയാമംനാളോളം ആഗോള മുസ്‌ലിംകള്‍ ഉഹ്ദുസന്ദര്‍ശനം തുടര്‍ന്നുകൊണ്ടേയിരിക്കും. നാക്കില്ലാത്ത ഉഹ്ദുമല അവരെ മൗനത്തിന്‍റെ ഭാഷയില്‍ ഉപദേശിച്ചുകൊണ്ടിരിക്കുകയും ചെയ്യും......    

 നബി(സ)യും സ്വഹാബികളും ശുഹദാക്കളെയെല്ലാം മറവുചെയ്തശേഷം മദീനയിലേക്കുതിരിച്ചുപോയി. അവിടെ കണ്ണീര്‍ക്കടല്‍ ഇരമ്പുകയായിരുന്നു. ഒരു വശത്തുസത്യവിശ്വാസികളുടെ ദു:ഖപ്രകടനവും, മറുവശത്ത് കപടവിശ്വാസികളുടെ ആഹ്ലാദപ്രകടനവും. കപടവിശ്വാസികള്‍ സത്യവിശ്വാസികളെ പരിഹസിക്കാന്‍ തുടങ്ങി. “ഇപ്പോള്‍ എന്തുണ്ടായി? ഞങ്ങള്‍ തിരിച്ചുപോന്നതു ബുദ്ധിപൂര്‍വ്വമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. മുഹമ്മദ്‌ പ്രവാചകനാണെങ്കില്‍ ഈ പരാജയം സംഭവിക്കുമോ?” ഇത്യാദി ചോദ്യശരങ്ങള്‍ കപടന്മാര്‍ തൊടുത്തു വിട്ടുകൊണ്ടിരുന്നു. സ്വഹാബികള്‍ക്ക് ഇവരുടെ പരിഹാസം അസഹ്യമായപ്പോള്‍ നബിയോടപോക്ഷിച്ചു. “അല്ലാഹുവിന്‍റെ റസൂലേ, അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെയും കപടന്മാരായ അനുയായികളുടേയും പരിഹാസം അസഹ്യമായിരിക്കുന്നു. അവര്‍ നമ്മോടുചെയ്ത കൊലച്ചതിക്ക് ശിക്ഷ നല്‍കുകതന്നെവേണം. കപടന്മാരെ ഒന്നടങ്കം വധിച്ചുകളയാന്‍ ഞങ്ങള്‍ക്കു കല്‍പന നല്‍കിയാലും.”

 നബി(സ) ചോദിച്ചു; “അതെങ്ങനെ? മുഹമ്മദ്‌ സ്വന്തം അനുയായികളെയും ഇപ്പോള്‍ കശാപ്പുചെയ്യാന്‍ തുടങ്ങിയെന്നു ലോകം പറയുകയില്ലേ. മാത്രമല്ല, കപടന്മാരെ മുഴുവന്‍ വേര്‍തിരിക്കാന്‍ നമുക്കെങ്ങനെ കഴിയും?”

 സ്വഹാബികള്‍ പറഞ്ഞു: “നമ്മെ പടക്കളത്തിലേക്ക് തള്ളിവിട്ട് വഴിക്കുവെച്ച് മടങ്ങിപ്പോന്നവരെ മുഴുവന്‍ വധിക്കാം. അവരെ ഇനി വെച്ചുപൊറുപ്പിച്ചുകൂടാ.”

 ഈ അഭിപ്രായം ഖസ്റജ് ഗോത്രക്കാര്‍ക്ക് സ്വീകാര്യമായില്ല. കാരണം, അബ്ദുല്ലാഹിബ്നു ഉബയ്യ് ഖസ്റജ് ഗോത്രക്കാരനാണ്. നിഷ്കളങ്കരായ ഖസ്റജ്കാര്‍ക്കും തങ്ങളുടെ ഗോത്രത്തില്‍പ്പെട്ട കപടരെ വധിക്കുന്നത് ഇഷ്ടമായില്ല. ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങലാണ് മദീനയിലുണ്ടായിരുന്നത്. ഇവര്‍ നബി(സ)വരുന്നതിനുമുമ്പ് കഠിനശത്രുക്കളായിരുന്നു. ഇസ്‌ലാംമതമാണവരെ യോജിപ്പിച്ചത്. പഴയകാലത്ത് അവര്‍ തമ്മില്‍ അനേകം രക്തച്ചോരിച്ചിലുകള്‍ നടന്നതാണ്. ആ ഉണങ്ങിയ മുറിവുകള്‍ക്ക് ഇങ്ങനെ ചിലഘട്ടങ്ങളില്‍ വേദന ഇളകാറുണ്ട്. ഇവിടെയും അതാണ്‌ സംഭവിച്ചത്. കപടന്മാരെ വധിക്കണമെന്ന് ഔസ്ഗോത്രക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അതുവെണ്ടെന്നു ഖസ്റജുകാര്‍. ഇതൊരു വഴക്കിനു കാരണമാകാനിടയുണ്ടെന്നുകണ്ടപ്പോള്‍ നബിയരുളി: “വേണ്ട..., ആരെയും വധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.”

 നബി(സ)യുടെ ഈ ദയാദാക്ഷിണ്യം കാരണം കപടന്മാര്‍ രക്ഷപ്പെട്ടു. ഇതിനെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. കപടന്മാരുടെ കാര്യത്തില്‍ യോജിച്ച ഒരഭിപ്രായത്തിലെത്തിച്ചെരാന്‍ സത്യവിശ്വാസികള്‍ക്കു കഴിയാതിരുന്നതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നു....

 ഖുറൈശികള്‍ അവര്‍ക്കു കിട്ടിയ വിജയം പരിപൂര്‍ണ്ണമാക്കാതെയാണ് തിരിച്ചുപോയതെന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. മദീനയിലെത്തിയപ്പോള്‍ നബി(സ) ശത്രുക്കളുടെ അവസ്ഥയെപറ്റി ചിന്തിച്ചു. അവര്‍ തല്‍ക്കാലം തിരിച്ചുപോയെങ്കിലും ഇടക്കുവെച്ച് മടങ്ങിവന്ന്‍ മദീനയെ നശിപ്പിക്കാന്‍ ഇടയുണ്ടെന്നു നബി(സ)ക്കുതോന്നി. അങ്ങനെ സംഭാവിക്കുന്നതായാല്‍ മദീന കനത്ത നാശനഷ്ടത്തിനിരയാകുമെന്നു ബോദ്ധ്യമായി. ഉടനെ നബി(സ) ഉഹ്ദില്‍നിന്നും മടങ്ങിയ സ്വഹാബികളോട് കല്‍പിച്ചു. “ആയുധം അഴിച്ചുവെക്കാന്‍ വരട്ടെ. നമുക്ക് ശത്രുക്കളെ പിന്തുടരെണ്ടതുണ്ട്. അല്ലാത്തപക്ഷം ഓര്‍ക്കാപ്പുറത്തവര്‍ തിരിച്ചുവന്ന് നമ്മെ നശിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് എല്ലാവരും ഉടനെ ഒരുങ്ങിക്കൊള്ളുക. ഉഹ്ദില്‍ എന്നോടൊപ്പം ഉറച്ചുനിന്നു പോരാടിയവര്‍ മാത്രം പുറപ്പെട്ടാല്‍ മതി.”

  ഉടനെ എല്ലാവരും പുറപ്പെട്ടു. നബിതിരുമേനി(സ) പതാക ഹസ്രത്ത് അലി(റ)വിനെ ഏല്‍പിച്ചു. അവര്‍ ഉറച്ച കാല്‍വെപ്പോടെ ശത്രുക്കളെ പിന്തുടര്‍ന്നു. ഹംറാഉല്‍ അസദ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ)യുടെ ഊഹം ശരിയാണെന്നു ബോധ്യമായി. ഉഹ്ദില്‍ ശത്രുക്കള്‍ക്ക് ആവേശം പകര്‍ന്നുകൊടുത്തിരുന്ന അബൂഉസ്സ എന്ന കവിയെ നബി(സ)യും സ്വഹാബത്തും അവിടെവെച്ച് പിടികൂടി. ഇയാള്‍ ബദറിലും ഖുറൈശികളുടെ കൂടെ മുസ്‌ലിംകള്‍ക്കെതിരായി പൊരുതുകയും ശകാരകാവ്യങ്ങളും തെറിപ്പാട്ടുകളും പാടുകയും ചെയ്തിരുന്നു. അന്നും ഇയാളെ മുസ്ലിംകള്‍ ബന്ധനസ്ഥനാക്കുകയുണ്ടായി. പക്ഷെ, ഇനി ഇതാവര്‍ത്തിക്കുകയില്ലെന്നുപറഞ്ഞു മാപ്പു ചോദിച്ചപ്പോള്‍ അന്നു മോചനദ്രവ്യം വാങ്ങി വിടുകയാണുണ്ടായത്. ഇപ്പോള്‍ രണ്ടാമതും പിടിക്കപ്പെട്ടപ്പോള്‍ കവി പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പുചോദിക്കാന്‍ തുടങ്ങി.

  നബി(സ)ചോദിച്ചു ‘ഖുറൈശി സൈന്യം എവിടെയാണ്?’ കവി പറഞ്ഞു: “അവര്‍ അല്‍പം അകലെ താവളമടിച്ചിട്ടുണ്ട്. വിജയം പൂര്‍ത്തിയാക്കാതെ മടങ്ങിയത്തില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന്‍ മദീനയിലേക്കു തിരിച്ചു ചെന്ന്‍ ആക്രമണം നടത്താനാണ് പരിപാടി. അവര്‍ അതിനുവേണ്ടി വട്ടംകൂട്ടുകയാണ്. ഞാന്‍ അതിനെതിരു പറഞ്ഞതിനാല്‍ ഒറ്റപ്പെട്ടുപോയി.”

  നബി(സ) ചോദിച്ചു: “താങ്കള്‍ ഇനി ഇപ്പണി ആവര്‍ത്തിക്കുകയില്ലെന്നു ബദറിനുശേഷം പ്രതിജ്ഞയെടുത്തതല്ലേ? എന്നിട്ട് വീണ്ടും ഞങ്ങളെ വഞ്ചിച്ചു. ഇതു ശരിയാണോ?”

  കവി: ‘തെറ്റാണ്! ഒരിക്കല്‍ക്കൂടി എനിക്ക് മാപ്പുതരണം. ഇനിയൊരിക്കലും ഞാനിത് ആവര്‍ത്തിക്കുകയില്ല.”

  നബി(സ): ‘എന്താണുറപ്പ്?’

  കവി: ‘ഇനി ആവര്‍ത്തിച്ചാല്‍ എന്നെ ശിക്ഷിക്കാം. ഇപ്പോള്‍ വിട്ടയച്ചാലും.’

  നബി(സ) ചോദിച്ചു: “ഇനിയും താങ്കളെ ഞാന്‍ വിട്ടാല്‍ മുഹമ്മദിനെ ഞാന്‍ രണ്ടു തവണ വഞ്ചിച്ചുവെന്നു മക്കയില്‍ ചെന്നു താങ്കള്‍ പാടുകയില്ലെ?”

  കവി: ‘ഇല്ല, ഒരിക്കലുമില്ല.’

  നബി(സ): ബദറില്‍ നിന്ന്‍ രക്ഷപ്പെട്ട ശേഷം താങ്കള്‍ അങ്ങനെയല്ലേ പാടിയത്.?

  കവി: ബുദ്ധിമോശം കൊണ്ടു ചെയ്തതാണ്. രക്ഷിക്കണേ!

 ഈ ഘട്ടത്തില്‍ നബി(സ) സ്വഹാബികളോട് കണ്ണുകൊണ്ടു ഒരാംഗ്യം കാണിച്ചു. ഉടനെ ഒരു സ്വഹാബിയുടെ ഖഡ്ഗം കവിയുടെ പിന്നില്‍ ഉയരുകയും താഴുകയും ചെയ്തു. അതോടെ കവിയുടെ കഥകഴിഞ്ഞു. അയാളുടെ ഉടലും തലയും വേര്‍പ്പെട്ടു രക്തം ചീറ്റി. നാറുന്ന രക്തം!!

  നബി(സ) തന്‍റെ സേനയെ പുന:സംഘടിപ്പിച്ചു. ഹംറാഉല്‍ അസദിലെത്തിയിട്ടുണ്ടെന്നുള്ള വാര്‍ത്ത ഖുറൈശികള്‍ക്കു കിട്ടി. അവര്‍ കവി പറഞ്ഞതുപോലെ തന്നെ മദീന വളയാനുള്ള പുറപ്പാടായിരുന്നു. പക്ഷെ, നബിയുടെ ആഗമനവാര്‍ത്ത അവരെ ഞെട്ടിച്ചു. കിട്ടിയ വിജയവും അവതാളത്തിലായേക്കുമെന്ന് അബൂസുഫ്യാന്‍ ഭയന്നു. അയാള്‍ തന്‍റെ സൈന്യത്തോടൊപ്പം കിട്ടിയ വിജയവുമായി മക്കയിലേക്കോടി. നബി(സ)യും സ്വഹാബാക്കളും അവരെ അല്‍പം ദൂരം പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ അവര്‍ തിരിച്ചുവന്നു മദീന ചുട്ടുഭസ്മമാക്കിയേനെ. ഒരു മഹാവിപത്തില്‍നിന്ന്‍ അങ്ങനെ മുസ്‌ലിംകള്‍ രക്ഷപ്പെട്ടു. ഉഹ്ദുയുദ്ധം പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്കു പരാജയമായിരുന്നുവെങ്കിലും അതു വിജയത്തിന്‍റെ മുന്നോടിയായിരുന്നു. മുസ്ലിംസൈന്യം ഉഹ്ദില്‍നിന്നു പലതും പഠിച്ചു. ആ പാഠം അനന്തരയുദ്ധങ്ങളില്‍ അവര്‍ക്ക് വിജയം നേടിക്കൊടുത്തു......
മുസ്ലിം സൈന്യത്തിനുനേരിട്ട പരാജയം മദീനയിലറിഞ്ഞു. പടക്കളംവിട്ടോടിയ സ്വഹാബികളാണത് അറിയിച്ചത്. നബി(സ)വധിക്കപ്പെട്ടുവേന്നാണ് ആദ്യം മദീനയില്‍ കേട്ടത്. അതോടെ മദീനയാകെ ഇളകിമറിഞ്ഞു. കദനക്കടല്‍ അങ്ങോട്ട്‌ ഇരമ്പിക്കയറി. കണ്ണീര്‍പ്പുഴകള്‍ ചാലിട്ടൊഴുകി. ഒരു വിഭാഗം മാത്രമാണ് സന്തോഷിച്ചത്. കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നുഉബയ്യും കൂട്ടരും. അവര്‍ മുസ്ലിംകളെ ശത്രുക്കളുടെ വായിലേക്ക് എറിഞ്ഞുകൊടുത്ത് ഒഴിഞ്ഞുമാറിയവരാണല്ലോ. അവരുടെ ആഹ്ലാദത്തിനതിരില്ലായിരുന്നു. നബി(സ)വധിക്കപ്പെട്ടുവെന്നുകെട്ടപ്പോള്‍ അവര്‍ ആനന്ദനൃത്തം ചവിട്ടി. നിഷ്ക്കളങ്കരായ സത്യവിശാസികളുടെ മേല്‍ അവര്‍ പരിഹാസം ചൊരിഞ്ഞു. അന്തരീക്ഷം സംഘര്‍ഷപൂരിതമായി. നിഷ്കളങ്കരായ സ്വഹാബികള്‍ ദു:ഖത്തിന്‍റെ കയത്തിലാണ്ടുപോയിരുന്നതിനാല്‍ കപടന്മാര്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അവര്‍ ഒന്നടങ്കം വധിക്കപ്പെടുമായിരുന്നു. വാര്‍ത്ത കേട്ടുഞെട്ടിയ സത്യവിശ്വാസികളില്‍ പലരും ഉഹ്ദിലേക്ക് കുതിച്ചോടി. നബി(സ) വധിക്കപ്പെട്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ മാത്രമാണവര്‍ക്ക് ശ്വാസം നേരെ വീണത്. ഉഹ്ദിലേക്കുകടക്കുന്നവരുടെ കൂട്ടത്തില്‍ നബി(സ)യുടെ ഫാത്വിമ(റ)യും ഉണ്ടായിരുന്നു. പക്ഷെ, പടക്കളത്തിലേക്ക് അവര്‍ക്കു നബി(സ)ആദ്യം അനുമതി നല്‍കിയില്ല. വികൃതമാക്കപ്പെട്ട ജഡങ്ങള്‍ കണ്ടാല്‍ അവര്‍ മാറത്തടിച്ചു കരയാന്‍ തുടങ്ങുമെന്ന ആശങ്കയിലാണ് അനുമതി നല്‍കാതിരുന്നത്. ഹസ്രത്ത് ഹംസ(റ)വിന്‍റെ സഹോദരിയായ സഫിയയും അക്കൂട്ടത്തിലുണ്ടായിരുന്നു. സഫിയ(റ) നബിയോട് അപേക്ഷിച്ചു; “അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ സഹോദരനെ ശത്രുക്കള്‍ കാട്ടിക്കൂട്ടിയതെല്ലാം ഞാനറിഞ്ഞു,. മൃതദേഹം വികൃതമാക്കിയതും അറിഞ്ഞിരിക്കുന്നു. ഇനിയത് ഒരു നോക്ക് കാണുകയാണ് മനസ്സമാധാനത്തിന് ആവശ്യം. കാണാതിരുന്നാല്‍ എന്‍റെ ഖേദം ഒരുകാലത്തും തീരുകയില്ല. ദയവുചെയ്ത് എന്നെ അതിനനുവദിക്കുക. ഞാന്‍ ശല്യമൊന്നും ഉണ്ടാക്കുകയില്ല”

  നബി(സ) ഈ അപേക്ഷ സ്വീകരിക്കുകയും സ്ത്രീകള്‍ക്കെല്ലാം മൃതദേഹങ്ങള്‍ കാണാന്‍ അനുമതി നല്‍കുകയും ചെയ്തു. ആ മഹിളാരത്നങ്ങള്‍ ആ ഭീകരദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. കണ്ണുനീര്‍ അണപൊട്ടിയൊഴുകിയെങ്കിലും ദുഖം കടിച്ചമര്‍ത്തി സഹിച്ചു. എന്നിട്ടും ചിലര്‍ വിങ്ങിപ്പോട്ടുകയുണ്ടായി. രക്തസാക്ഷികളുടെ മുമ്പില്‍ തലകുനിച്ചുനിന്നുകൊണ്ട് ആ മഹിളാരത്നങ്ങള്‍ ഗദ്ഗദകണ്ഠരായി അവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിച്ചു.

  പിന്നെ നബി(സ)യുടെ കല്പനപ്രകാരം സ്വഹാബികള്‍ കുറെ ഖബറുകള്‍ കുഴിച്ചു. ഉഹ്ദുമലയുടെ മടിത്തട്ടില്‍ ആ വീരസിംഹങ്ങള്‍ക്ക് അന്ത്യവിശ്രമകേന്ദ്രമൊരുക്കി. ഹസ്രത്ത് ഹംസ(റ)വിനെയും ഹസ്രത്ത് അബ്ദുല്ലാഹിബ്നിജഹ്ശ്(റ)വിനെയും ഒരു ഖബറിലാണ് അടക്കംചെയ്തത്. എന്നാല്‍ ശത്രുക്കള്‍ അവരുടെ ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം അഴിച്ചെടുത്തു കൊണ്ടുപോയിരുന്നു. തന്മൂലം ബാക്കി കിട്ടിയിരുന്ന കണ്ടംതുണ്ടം വസ്ത്രങ്ങളിലാണ് കഫന്‍ ചെയ്തത്. ഒരു ചെറിയമുണ്ടുകൊണ്ട് ഹസ്രത്ത് ഹംസ(റ)വിന്‍റെ തലമൂടുമ്പോള്‍ കാല്‍മുട്ടുകള്‍വരെ മാത്രമേ മറഞ്ഞിരുന്നുള്ളൂ. അതിനാല്‍ കാല്‍മുട്ടുകള്‍ക്ക് താഴെ പുല്ലുകള്‍ വാരിവെച്ചു മറക്കുകയാണ് ചെയ്തത്. ഉഹ്ദ് സന്ദര്‍ശിക്കുന്നവര്‍ക്ക് ആ ഖബര്‍ മതിലിനുപുറത്തുനിന്നു കാണാം. ഉഹ്ദുമലയുടെ താഴ്‌വരയില്‍ ഖബര്‍ പ്രത്യേകം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു. പക്ഷെ, മതിലിനുള്ളില്‍ പ്രവേശിക്കാന്‍ പോലീസുകാര്‍ സമ്മദിക്കുകയില്ല. മതിലിനിപ്പുറത്തുനിന്നു കണ്‍കുളിര്‍ക്കെ നോക്കിക്കാണാം. അപ്പോള്‍ ഒരു സത്യവിശ്വാസിയുടെ മനോമുകുരത്തില്‍ പ്രതിഫലിക്കുന്ന ചിത്രങ്ങള്‍ അവര്‍ണ്ണനീയമാത്രേ. എല്ലാത്തിനും മൂകസാക്ഷിയായി നിന്ന ഉഹ്ദുമലയുടെ ആ മൗനം വാചാലമായിത്തീരുന്ന ഘട്ടമാണിത്. ഈ ഞാന്‍ അവിടെ ചെന്നപ്പോള്‍ മനസ്സിന്‍റെ നിയന്ത്രണം വിട്ടുപോവുകയുണ്ടായി. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുവരുന്ന മുസ്ലിംജനലക്ഷങ്ങള്‍ അവിടെ സന്ദര്‍ശിച്ചു പാഠമുള്‍ക്കൊണ്ടുതിരിച്ചുപോകുന്നു. ചരിത്രമുറങ്ങുന്ന ആ പടക്കളം അവരുടെയെല്ലാം ചിന്താമണ്ഡലത്തെ തൊട്ടുണര്‍ത്തുന്നു. ഖിയാമംനാളോളം ആഗോള മുസ്‌ലിംകള്‍ ഉഹ്ദുസന്ദര്‍ശനം തുടര്‍ന്നുകൊണ്ടേയിരിക്കും. നാക്കില്ലാത്ത ഉഹ്ദുമല അവരെ മൗനത്തിന്‍റെ ഭാഷയില്‍ ഉപദേശിച്ചുകൊണ്ടിരിക്കുകയും ചെയ്യും......    

 നബി(സ)യും സ്വഹാബികളും ശുഹദാക്കളെയെല്ലാം മറവുചെയ്തശേഷം മദീനയിലേക്കുതിരിച്ചുപോയി. അവിടെ കണ്ണീര്‍ക്കടല്‍ ഇരമ്പുകയായിരുന്നു. ഒരു വശത്തുസത്യവിശ്വാസികളുടെ ദു:ഖപ്രകടനവും, മറുവശത്ത് കപടവിശ്വാസികളുടെ ആഹ്ലാദപ്രകടനവും. കപടവിശ്വാസികള്‍ സത്യവിശ്വാസികളെ പരിഹസിക്കാന്‍ തുടങ്ങി. “ഇപ്പോള്‍ എന്തുണ്ടായി? ഞങ്ങള്‍ തിരിച്ചുപോന്നതു ബുദ്ധിപൂര്‍വ്വമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. മുഹമ്മദ്‌ പ്രവാചകനാണെങ്കില്‍ ഈ പരാജയം സംഭവിക്കുമോ?” ഇത്യാദി ചോദ്യശരങ്ങള്‍ കപടന്മാര്‍ തൊടുത്തു വിട്ടുകൊണ്ടിരുന്നു. സ്വഹാബികള്‍ക്ക് ഇവരുടെ പരിഹാസം അസഹ്യമായപ്പോള്‍ നബിയോടപോക്ഷിച്ചു. “അല്ലാഹുവിന്‍റെ റസൂലേ, അബ്ദുല്ലാഹിബ്നു ഉബയ്യിന്‍റെയും കപടന്മാരായ അനുയായികളുടേയും പരിഹാസം അസഹ്യമായിരിക്കുന്നു. അവര്‍ നമ്മോടുചെയ്ത കൊലച്ചതിക്ക് ശിക്ഷ നല്‍കുകതന്നെവേണം. കപടന്മാരെ ഒന്നടങ്കം വധിച്ചുകളയാന്‍ ഞങ്ങള്‍ക്കു കല്‍പന നല്‍കിയാലും.”

 നബി(സ) ചോദിച്ചു; “അതെങ്ങനെ? മുഹമ്മദ്‌ സ്വന്തം അനുയായികളെയും ഇപ്പോള്‍ കശാപ്പുചെയ്യാന്‍ തുടങ്ങിയെന്നു ലോകം പറയുകയില്ലേ. മാത്രമല്ല, കപടന്മാരെ മുഴുവന്‍ വേര്‍തിരിക്കാന്‍ നമുക്കെങ്ങനെ കഴിയും?”

 സ്വഹാബികള്‍ പറഞ്ഞു: “നമ്മെ പടക്കളത്തിലേക്ക് തള്ളിവിട്ട് വഴിക്കുവെച്ച് മടങ്ങിപ്പോന്നവരെ മുഴുവന്‍ വധിക്കാം. അവരെ ഇനി വെച്ചുപൊറുപ്പിച്ചുകൂടാ.”

 ഈ അഭിപ്രായം ഖസ്റജ് ഗോത്രക്കാര്‍ക്ക് സ്വീകാര്യമായില്ല. കാരണം, അബ്ദുല്ലാഹിബ്നു ഉബയ്യ് ഖസ്റജ് ഗോത്രക്കാരനാണ്. നിഷ്കളങ്കരായ ഖസ്റജ്കാര്‍ക്കും തങ്ങളുടെ ഗോത്രത്തില്‍പ്പെട്ട കപടരെ വധിക്കുന്നത് ഇഷ്ടമായില്ല. ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങലാണ് മദീനയിലുണ്ടായിരുന്നത്. ഇവര്‍ നബി(സ)വരുന്നതിനുമുമ്പ് കഠിനശത്രുക്കളായിരുന്നു. ഇസ്‌ലാംമതമാണവരെ യോജിപ്പിച്ചത്. പഴയകാലത്ത് അവര്‍ തമ്മില്‍ അനേകം രക്തച്ചോരിച്ചിലുകള്‍ നടന്നതാണ്. ആ ഉണങ്ങിയ മുറിവുകള്‍ക്ക് ഇങ്ങനെ ചിലഘട്ടങ്ങളില്‍ വേദന ഇളകാറുണ്ട്. ഇവിടെയും അതാണ്‌ സംഭവിച്ചത്. കപടന്മാരെ വധിക്കണമെന്ന് ഔസ്ഗോത്രക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അതുവെണ്ടെന്നു ഖസ്റജുകാര്‍. ഇതൊരു വഴക്കിനു കാരണമാകാനിടയുണ്ടെന്നുകണ്ടപ്പോള്‍ നബിയരുളി: “വേണ്ട..., ആരെയും വധിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.”

 നബി(സ)യുടെ ഈ ദയാദാക്ഷിണ്യം കാരണം കപടന്മാര്‍ രക്ഷപ്പെട്ടു. ഇതിനെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. കപടന്മാരുടെ കാര്യത്തില്‍ യോജിച്ച ഒരഭിപ്രായത്തിലെത്തിച്ചെരാന്‍ സത്യവിശ്വാസികള്‍ക്കു കഴിയാതിരുന്നതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നു....

 ഖുറൈശികള്‍ അവര്‍ക്കു കിട്ടിയ വിജയം പരിപൂര്‍ണ്ണമാക്കാതെയാണ് തിരിച്ചുപോയതെന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. മദീനയിലെത്തിയപ്പോള്‍ നബി(സ) ശത്രുക്കളുടെ അവസ്ഥയെപറ്റി ചിന്തിച്ചു. അവര്‍ തല്‍ക്കാലം തിരിച്ചുപോയെങ്കിലും ഇടക്കുവെച്ച് മടങ്ങിവന്ന്‍ മദീനയെ നശിപ്പിക്കാന്‍ ഇടയുണ്ടെന്നു നബി(സ)ക്കുതോന്നി. അങ്ങനെ സംഭാവിക്കുന്നതായാല്‍ മദീന കനത്ത നാശനഷ്ടത്തിനിരയാകുമെന്നു ബോദ്ധ്യമായി. ഉടനെ നബി(സ) ഉഹ്ദില്‍നിന്നും മടങ്ങിയ സ്വഹാബികളോട് കല്‍പിച്ചു. “ആയുധം അഴിച്ചുവെക്കാന്‍ വരട്ടെ. നമുക്ക് ശത്രുക്കളെ പിന്തുടരെണ്ടതുണ്ട്. അല്ലാത്തപക്ഷം ഓര്‍ക്കാപ്പുറത്തവര്‍ തിരിച്ചുവന്ന് നമ്മെ നശിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് എല്ലാവരും ഉടനെ ഒരുങ്ങിക്കൊള്ളുക. ഉഹ്ദില്‍ എന്നോടൊപ്പം ഉറച്ചുനിന്നു പോരാടിയവര്‍ മാത്രം പുറപ്പെട്ടാല്‍ മതി.”

  ഉടനെ എല്ലാവരും പുറപ്പെട്ടു. നബിതിരുമേനി(സ) പതാക ഹസ്രത്ത് അലി(റ)വിനെ ഏല്‍പിച്ചു. അവര്‍ ഉറച്ച കാല്‍വെപ്പോടെ ശത്രുക്കളെ പിന്തുടര്‍ന്നു. ഹംറാഉല്‍ അസദ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ)യുടെ ഊഹം ശരിയാണെന്നു ബോധ്യമായി. ഉഹ്ദില്‍ ശത്രുക്കള്‍ക്ക് ആവേശം പകര്‍ന്നുകൊടുത്തിരുന്ന അബൂഉസ്സ എന്ന കവിയെ നബി(സ)യും സ്വഹാബത്തും അവിടെവെച്ച് പിടികൂടി. ഇയാള്‍ ബദറിലും ഖുറൈശികളുടെ കൂടെ മുസ്‌ലിംകള്‍ക്കെതിരായി പൊരുതുകയും ശകാരകാവ്യങ്ങളും തെറിപ്പാട്ടുകളും പാടുകയും ചെയ്തിരുന്നു. അന്നും ഇയാളെ മുസ്ലിംകള്‍ ബന്ധനസ്ഥനാക്കുകയുണ്ടായി. പക്ഷെ, ഇനി ഇതാവര്‍ത്തിക്കുകയില്ലെന്നുപറഞ്ഞു മാപ്പു ചോദിച്ചപ്പോള്‍ അന്നു മോചനദ്രവ്യം വാങ്ങി വിടുകയാണുണ്ടായത്. ഇപ്പോള്‍ രണ്ടാമതും പിടിക്കപ്പെട്ടപ്പോള്‍ കവി പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പുചോദിക്കാന്‍ തുടങ്ങി.

  നബി(സ)ചോദിച്ചു ‘ഖുറൈശി സൈന്യം എവിടെയാണ്?’ കവി പറഞ്ഞു: “അവര്‍ അല്‍പം അകലെ താവളമടിച്ചിട്ടുണ്ട്. വിജയം പൂര്‍ത്തിയാക്കാതെ മടങ്ങിയത്തില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന്‍ മദീനയിലേക്കു തിരിച്ചു ചെന്ന്‍ ആക്രമണം നടത്താനാണ് പരിപാടി. അവര്‍ അതിനുവേണ്ടി വട്ടംകൂട്ടുകയാണ്. ഞാന്‍ അതിനെതിരു പറഞ്ഞതിനാല്‍ ഒറ്റപ്പെട്ടുപോയി.”

  നബി(സ) ചോദിച്ചു: “താങ്കള്‍ ഇനി ഇപ്പണി ആവര്‍ത്തിക്കുകയില്ലെന്നു ബദറിനുശേഷം പ്രതിജ്ഞയെടുത്തതല്ലേ? എന്നിട്ട് വീണ്ടും ഞങ്ങളെ വഞ്ചിച്ചു. ഇതു ശരിയാണോ?”

  കവി: ‘തെറ്റാണ്! ഒരിക്കല്‍ക്കൂടി എനിക്ക് മാപ്പുതരണം. ഇനിയൊരിക്കലും ഞാനിത് ആവര്‍ത്തിക്കുകയില്ല.”

  നബി(സ): ‘എന്താണുറപ്പ്?’

  കവി: ‘ഇനി ആവര്‍ത്തിച്ചാല്‍ എന്നെ ശിക്ഷിക്കാം. ഇപ്പോള്‍ വിട്ടയച്ചാലും.’

  നബി(സ) ചോദിച്ചു: “ഇനിയും താങ്കളെ ഞാന്‍ വിട്ടാല്‍ മുഹമ്മദിനെ ഞാന്‍ രണ്ടു തവണ വഞ്ചിച്ചുവെന്നു മക്കയില്‍ ചെന്നു താങ്കള്‍ പാടുകയില്ലെ?”

  കവി: ‘ഇല്ല, ഒരിക്കലുമില്ല.’

  നബി(സ): ബദറില്‍ നിന്ന്‍ രക്ഷപ്പെട്ട ശേഷം താങ്കള്‍ അങ്ങനെയല്ലേ പാടിയത്.?

  കവി: ബുദ്ധിമോശം കൊണ്ടു ചെയ്തതാണ്. രക്ഷിക്കണേ!

 ഈ ഘട്ടത്തില്‍ നബി(സ) സ്വഹാബികളോട് കണ്ണുകൊണ്ടു ഒരാംഗ്യം കാണിച്ചു. ഉടനെ ഒരു സ്വഹാബിയുടെ ഖഡ്ഗം കവിയുടെ പിന്നില്‍ ഉയരുകയും താഴുകയും ചെയ്തു. അതോടെ കവിയുടെ കഥകഴിഞ്ഞു. അയാളുടെ ഉടലും തലയും വേര്‍പ്പെട്ടു രക്തം ചീറ്റി. നാറുന്ന രക്തം!!

  നബി(സ) തന്‍റെ സേനയെ പുന:സംഘടിപ്പിച്ചു. ഹംറാഉല്‍ അസദിലെത്തിയിട്ടുണ്ടെന്നുള്ള വാര്‍ത്ത ഖുറൈശികള്‍ക്കു കിട്ടി. അവര്‍ കവി പറഞ്ഞതുപോലെ തന്നെ മദീന വളയാനുള്ള പുറപ്പാടായിരുന്നു. പക്ഷെ, നബിയുടെ ആഗമനവാര്‍ത്ത അവരെ ഞെട്ടിച്ചു. കിട്ടിയ വിജയവും അവതാളത്തിലായേക്കുമെന്ന് അബൂസുഫ്യാന്‍ ഭയന്നു. അയാള്‍ തന്‍റെ സൈന്യത്തോടൊപ്പം കിട്ടിയ വിജയവുമായി മക്കയിലേക്കോടി. നബി(സ)യും സ്വഹാബാക്കളും അവരെ അല്‍പം ദൂരം പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ അവര്‍ തിരിച്ചുവന്നു മദീന ചുട്ടുഭസ്മമാക്കിയേനെ. ഒരു മഹാവിപത്തില്‍നിന്ന്‍ അങ്ങനെ മുസ്‌ലിംകള്‍ രക്ഷപ്പെട്ടു. ഉഹ്ദുയുദ്ധം പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്കു പരാജയമായിരുന്നുവെങ്കിലും അതു വിജയത്തിന്‍റെ മുന്നോടിയായിരുന്നു. മുസ്ലിംസൈന്യം ഉഹ്ദില്‍നിന്നു പലതും പഠിച്ചു. ആ പാഠം അനന്തരയുദ്ധങ്ങളില്‍ അവര്‍ക്ക് വിജയം നേടിക്കൊടുത്തു...... മുസ്ലിംകളുടെ ബദര്‍ വിജയത്തോടുകൂടി അറേബ്യയിലെ എല്ലാ ഗോത്രങ്ങളും അവരെ ഭയപ്പെട്ടു തുടങ്ങിയിരുന്നു. തന്മൂലം പല ഗോത്രങ്ങളും മുസ്ലിംകളുമായി സന്ധിചെയ്യുകയും കപ്പം കൊടുക്കുകയും ചെയ്തുവന്നു. എന്നാല്‍ ഉഹ്ദ് പരാജയത്തോടെ ഈ ഭയം ശത്രുക്കള്‍ക്ക് നീങ്ങുകയും കരാര്‍ ലംഘിക്കാന്‍ തുടങ്ങുകയും ചെയ്തു. അത്തരം പ്രശ്നങ്ങളെ നബി(സ) ദൃഡചിത്തനായി നേരിട്ടു. ഇസ്‌ലാം മതത്തിന്‍റെ നിലനില്‍പിന്‍റെ പ്രശ്നമായിരുന്നു അത്. ഈ ഘട്ടത്തില്‍ സഅദ് ഗോത്രം മദീനയെ ആക്രമിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ ഉടനെ നബി(സ) തെല്ലും പതറാതെ ഹസ്രത്ത് അബൂസലമയുടെ നേതൃത്വത്തില്‍ നൂറ്റിഅന്‍പതോളം പടയാളികളെ അങ്ങോട്ടയച്ചു. മുസ്ലിംകളുടെ വരവിനെപറ്റി അറിഞ്ഞ് ആ ഗോത്രക്കാരുടെ ധൈര്യം അസ്തമിച്ചു. ഉഹ്ദ് പരാജയം മുസ്ലിംകളെ തളര്‍ത്തിയിട്ടില്ലെന്നു മനസ്സിലാക്കിയ ശത്രുക്കള്‍ പിന്തിരിഞ്ഞോടിയതിനാല്‍ മുസ്ലിം സൈന്യം തിരിച്ചുപോന്നു. ഇക്കാലത്തുതന്നെ ഹുദൈല്‍ ഗോത്രവും മദീനയെ ആക്രമിക്കാന്‍ തുനിഞ്ഞു. നബി(സ) ഹസ്രത്ത് അബ്ദുല്ലാഹിബ്നു ഹുനൈസ്(റ)വിന്‍റെ നേതൃത്വത്തില്‍ ഒരു സേനയെ അങ്ങോട്ടയച്ചു. അവര്‍ ശത്രുക്കളുമായി ഏറ്റുമുട്ടി. ഹുദൈല്‍ഗോത്രത്തലവനായ സുഫ്‌യാന്‍ വധിക്കപ്പെട്ടതോടെ ശത്രുക്കള്‍ പിന്തിരിഞ്ഞോടി. ഇങ്ങനെ പല ഗോത്രങ്ങളും ഉഹ്ദുയുദ്ധത്തിനുശേഷം മുസ്ലിംകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടാന്‍ തുനിഞ്ഞെങ്കിലും അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്‌ മുസ്‌ലിംകള്‍ തിരിച്ചോടിച്ചു. അങ്ങനെ മുസ്ലിംകള്‍ തങ്ങളുടെ നഷ്‌ടപ്പെട്ട യശസ്സു വീണ്ടെടുത്തു. നബി(സ)യുടെ അചഞ്ചലമായ സ്ഥൈര്യവും നിസ്തുലമായ മനക്കരുത്തുമാണിതിനു കാരണം.

  ഖുറൈശിസൈന്യം ഉഹ്ദില്‍ ജയിച്ചുപോകുമ്പോള്‍ ഒരു വെല്ലുവിളി നടത്തിയിരുന്നു. അടുത്തകൊല്ലം നമുക്ക് ബദറില്‍വെച്ചുകാണാമെന്ന്. നബി(സ)യും സ്വഹാബത്തും ഈ വെല്ലുവിളി മുഖവിലക്കെടുത്തു തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഖുറൈശികളാകട്ടെ മക്കയില്‍ ആകസ്മികമായുണ്ടായ ക്ഷാമവും വരള്‍ച്ചയും മൂലം കഠിനമായ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തിനു പുറപ്പെടാനുള്ള യാതൊരു സൗകര്യവും അവര്‍ക്കുണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ അബൂസുഫ്യാന്‍ ഒരു തന്ത്രം പ്രയോഗിച്ചു. മദീനയിലുള്ള കപടവിശ്വാസികള്‍ മുഖേന ഒരു കുപ്രചരണം നടത്തി. ഖുറൈശികള്‍ സമുദ്രസമാനമായ ഒരു സൈന്യത്തെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്നും അവരോടു ജയിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നും ആയിരുന്നു അത്. ഇതുകേട്ട് നിഷ്കളങ്കരായ വിശ്വാസികള്‍ ഭയന്നു. അവര്‍ക്കിടയില്‍ ആശയക്കുഴപ്പമായി. ഉഹ്ദില്‍വെച്ചേറ്റ മുറിവുകള്‍ ഉണങ്ങിയിരുന്നില്ല. ഇപ്പോള്‍ രണ്ടാമതും അപകടത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് ദൈര്യംപോരാതെ വന്നു. ഇങ്ങിനെ മുസ്ലിംകളെ നിര്‍വീര്യമാക്കലായിരുന്നു ഖുറൈശികളുടെ ലക്ഷ്യം. എന്നാല്‍ നബിയാകട്ടെ,,,,,,,,,,,,

  എന്നാല്‍ നബി(സ) പതറാതെ ഇതിനെപ്പറ്റി സൂക്ഷ്‌മാന്വേഷണം നടത്തി. അതു വ്യാജപ്രചരണമാണെന്നു നബിക്കു മനസ്സിലായി. നബി(സ) അരുളി: “നിങ്ങളെ പേടിപ്പിച്ചു പിന്തിരിപ്പിക്കാനാണ്‌ ശത്രുക്കളുടെ ശ്രമം. അതില്‍ നിങ്ങള്‍ അകപ്പെട്ടു വഞ്ചിതരാകാതിരിക്കിന്‍. ഉടനെ ബദറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുവിന്‍.”

  അപ്പോള്‍ ചിലര്‍ പറഞ്ഞു: “ഇപ്പോള്‍ നാം യുദ്ധത്തിനു പുറപ്പെട്ടുപോകുന്നതു അപകടം ക്ഷണിച്ചുവരുത്തലാണ്. ബദറിലേക്ക് നാം പോകേണ്ടതില്ല. അവര്‍ മദീനാ നഗരത്തിനുള്ളില്‍ കടന്നാക്രമണം നടത്തുകയാണെങ്കില്‍ ചെറുത്താല്‍ മതി.”

  ഇതുകേട്ടപ്പോള്‍ മറ്റൊരു വിഭാഗംപറഞ്ഞു: “അതുപറ്റില്ല. നമുക്ക് ഖുറൈശികളുടെ വെല്ലുവിളി സ്വീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ല. അതു നമ്മുടെ യശസ്സിനെ, എന്നല്ല നിലനില്‍പ്പിനെത്തന്നെ ബാധിക്കും. അതുകൊണ്ട് ബദറിലേക്ക് പുറപ്പെടുകതന്നെവേണം.”

  സ്വഹാബികള്‍ ഇങ്ങനെ രണ്ടു കക്ഷികളായിപ്പിരിഞ്ഞപ്പോള്‍ നബി(സ) അരുളി; “ഖുറൈശികളുടെ വെല്ലുവിളി സ്വീകരിച്ചു ബദറില്‍ എത്താതിരുന്നാല്‍ ഉഹ്ദുപരാജയത്തോടെ നാം തകര്‍ന്നു എന്ന ബോധം അവരിലുണ്ടാകും. അതുകൊണ്ട് നിങ്ങളാരും തയ്യാറില്ലെങ്കില്‍ ഞാനൊറ്റക്ക് ബദറില്‍ ചെന്നു ശത്രുക്കളുടെ വെല്ലുവിളി നേരിടുകതന്നെ ചെയ്യും.”

  ഇതുകേട്ടപ്പോള്‍ സ്വഹാബികള്‍ ഒറ്റക്കെട്ടായി ഇങ്ങിനെ പറഞ്ഞു; “അല്ലാഹുവിന്‍റെ റസൂലേ, അങ്ങു തീരുമാനിച്ചുകഴിഞ്ഞുവെങ്കില്‍ ഞങ്ങളിതാ ജീവന്മരണസമരത്തിനു ബദറിലേക്ക് പോകാന്‍ സന്നദ്ധരായിരിക്കുന്നു. ഞങ്ങളെ നയിച്ചാലും.”

  ഉടനെ ഒരുക്കമായി. അഞ്ഞൂറുസ്വഹാബികളോടൊപ്പം നബി(സ) ബദറിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ യുദ്ധത്തിന് അക്ഷമരായി കാത്തിരുന്നു. അബൂസുഫ്യാന്‍ ഈ വിവരമറിഞ്ഞു വിഷമത്തിലായി. തന്‍റെ പ്രചരണം ഫലിക്കാതെവന്നതില്‍ കുണ്ഠിതനായിത്തീര്‍ന്നു. ഇനിയെന്തുചെയ്യും? അബൂസുഫ്യാന്‍ ഖുറൈശീപ്രമാണികളുമായി ചര്‍ച്ച ചെയ്തു. ക്ഷാമവും വരള്‍ച്ചയും കാരണം ജീവശ്ശവങ്ങളായിത്തീര്‍ന്നിരിക്കുന്ന ഖുറൈശീയുവാക്കളെ പടക്കളത്തിലെക്കിപ്പോള്‍ കൊണ്ടുപോകുന്നത് അപകടമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ചിലയുവാക്കള്‍ പറഞ്ഞു; “ എന്തുവന്നാലും നാം ബദറിലെത്തണം. അല്ലാത്തപക്ഷം ഉഹ്ദില്‍ നാം നേടിയെടുത്ത യശസ്സ് നഷ്ടമാകും.”

 മുഹമ്മദും(സ) പടയും നേരത്തെതന്നെ ബദറിലെത്തിയതു തെളിയിക്കുന്നത്, അവരുടെ ശക്തിതെല്ലുംക്ഷയിച്ചിട്ടില്ലെന്നാണ്. നമുക്ക് ഉഹ്ദില്‍ വെച്ചുപറ്റിയ അമളിയാണതിനു കാരണം. അന്നു നാം നമ്മുടെ വിജയം പൂര്‍ത്തിയാക്കാന്‍ നിന്നില്ല. നമുക്കതിനുക്ഷമയുണ്ടായില്ല. ആ സുവര്‍ണ്ണാവസരം ഉപയോഗിച്ചു മുഹമ്മദിനെ(സ) വധിക്കേണ്ടതായിരുന്നു. ഏതായാലും ഇനി പറഞ്ഞിട്ട് ഫലമില്ല. ഇപ്പോള്‍ നാം മുഹമ്മദിന്‍റെ(സ) വെല്ലുവിളി സ്വീകരിച്ചു ബദറിലേക്കു പോയാലും പോയില്ലെങ്കിലും ഫലം ഒന്നുതന്നെ. പോയാല്‍ ഏറുകൊണ്ട മൂര്‍ഖന്മാരെപ്പോലെ മുസ്‌ലിംകള്‍ നമ്മോടു പക വീട്ടുകതന്നെചെയ്യും. അപ്പോള്‍ നമുക്ക് ലഭിച്ച യശസ്സ് നഷ്ടപ്പെടും, പോയില്ലെങ്കിലും നഷ്ടപ്പെടും. ആ നിലക്ക് നമുക്കിപ്പോള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്.”

  ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായില്ല. യുവാക്കളായ ചിലരുടെ നിര്‍ബന്ധം അസഹ്യമായപ്പോള്‍ അബൂസുഫ്യാന്‍ പ്രഖ്യാപിച്ചു. “എങ്കില്‍ ഒരുങ്ങുവിന്‍, നമുക്ക് വെല്ലുവിളി സ്വീകരിച്ചു ബദറിലേക്കുപോകാം.”

  ഖുറൈശികള്‍ ഒരുങ്ങി. വളരെ ദയനീയമായിരുന്നു അവരുടെ അപ്പോഴത്തെ സ്ഥിതി. ക്ഷാമവും വരള്‍ച്ചയുംമൂലം വെറും ദുര്‍ബ്ബലരായി മാറിയ രണ്ടായിരം പടയാളികളോടുകൂടി അബൂസുഫ്യാന്‍ ബദറിലേക്കു പുറപ്പെട്ടു. ഏതാനും മൈല്‍ ദൂരത്തെത്തിയപ്പോഴേക്കും അവര്‍ തളര്‍ന്നു. മാനസികമായ തളര്‍ച്ചയായിരുന്നു പ്രധാനം. അവര്‍ വഴിയില്‍ തമ്പടിച്ചു വീണ്ടും ചര്‍ച്ചതുടങ്ങി. ഈ നിലയില്‍ നാം യുദ്ധത്തിനുപോകുന്നത് അപകടത്തിലേക്ക് ഓടിചെല്ലലല്ലെ? പക്വതവന്ന നേതാക്കളുടെ ഈ ചോദ്യം ചില പ്രമാണിമാരെ ചൊടിപ്പിച്ചു. അവര്‍ പറഞ്ഞു; “യുദ്ധം ചെയ്യാന്‍ ഭയമുള്ളവര്‍ തിരിച്ചുപോകണം. എന്നിട്ട് അകത്തുകടന്നു വാതിലടച്ചിരുന്നുകൊള്ളുക. എന്നാലും നിങ്ങള്‍ രക്ഷപ്പെടുകയില്ല. മുഹമ്മദും കൂട്ടരും നമ്മുടെ ദൗര്‍ബല്യം മനസ്സിലാക്കി മക്കയിലേക്കു മാര്‍ച്ചുചെയ്യുകതന്നെ ചെയ്യും. പിന്നെ വീടും നാടുംവിട്ടോടെണ്ടിവരും.”

  അബൂസുഫ്യാന്‍ ആശയക്കുഴപ്പത്തിലായി. എന്തുവേണം? മടങ്ങിയാലും ആപത്ത്, മടങ്ങിയില്ലെങ്കിലും ആപത്ത്. ഏതായാലും ആപത്തിലേക്കു ചെന്നുചാടുന്നതിനേക്കാള്‍ നല്ലത് ആപത്ത് വന്നതിനുശേഷം തടുക്കലാണല്ലോ. അതുകൊണ്ട് തിരിച്ചുപോകുന്നതുതന്നെയാണ് ബുദ്ധി.

  അബൂസുഫ്യാന്‍ അവസാനം അങ്ങനെത്തന്നെ തീരുമാനിച്ചു. ഈ തീരുമാനം സൈന്യത്തിനു വിശദീകരിച്ചുകൊടുത്തു. പിന്നെ ആരും എതിരുപറഞ്ഞില്ല. അബൂസുഫ്യാനും സൈന്യവും മക്കയിലേക്കുതിരിച്ചുപോയി. ഈ വിവരം നബി(സ) അറിഞ്ഞു. അവിടുന്ന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് തന്‍റെ സ്വഹാബത്തിനോട് അരുളി: “മരണത്തെ ഭയന്നു നടക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല. നാം ഖുറൈശികളെ ഭയന്നു മദീനയില്‍ ഒളിച്ചിരിക്കുകയാണ് ചെയ്തതെങ്കില്‍ എന്തായിരിക്കും ഇപ്പോഴത്തെ സ്ഥിതി. ഖുറൈശികളുടെ എല്ലാ ഹുങ്കും ഇതോടെ അവസാനിച്ചുകഴിഞ്ഞു. അവര്‍ക്കിനി ഭീരുക്കളായി വാതിലടച്ചു വീട്ടിലിരിക്കയല്ലാതെ നിവൃത്തിയുണ്ടാവുകയില്ല. ഉഹ്ദില്‍ അവര്‍ നേടിയ യശസ്സ് ഇതോടെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി നമുക്ക് മദീനയിലേക്ക് മടങ്ങാം.....,

അല്ലാഹു അക്ബര്‍...”

ഉഹ്ദില്‍വെച്ചേറ്റ അപമാനമാലിന്യം ഇവിടെവെച്ചു തീര്‍ത്തും കഴുകിക്കളഞ്ഞുകൊണ്ടവര്‍ മദീനയിലേക്കുമടങ്ങി...



  “മദീനയില്‍നിന്നു ഏകദേശം മൂന്നുമൈല്‍ അകലെ ഇന്നും ഉഹ്ദ് മല തലയുയര്‍ത്തിനില്‍ക്കുന്നു. ഇപ്പോഴും ലോകത്തോടത് വിളിച്ചുപറയുന്നു. നിങ്ങള്‍ ഒറ്റപ്പെടരുത്, നേതാവിന്‍റെ കല്പന ധിക്കരിച്ചാല്‍ ഇനിയും നിങ്ങള്‍ ഒറ്റപ്പെട്ടുപോകും,,, ചിന്നഭിന്നമാകും,,,  ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക...”

  “അല്ലാഹ്”.... പരിശുദ്ധ ധീനുനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച ഉഹ്ദിലെ രക്തസാക്ഷികളുടെ കൂടെ പാപികളായ ഞങ്ങളെ നിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടണേ.............. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.......

ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്‍റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ചുകൊടുക്കാൻ നിങ്ങളും പങ്കാളികളാവുക !!!

“ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ...”  آمـــــــــــــين


സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും

ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين 

No comments:

Post a Comment