Saturday 31 March 2018

ഏപ്രിൽ ഫൂളും ഇസ്‌ലാമും




ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി ആചരിച്ചുതുടങ്ങിയതിനെ കുറിച്ച് ചരിത്രത്തില്‍ ഒരുപാട് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് ഫ്രാന്‍സില്‍ ചാള്‍സ് ഒമ്പതാമന്റെ നേതൃത്വത്തില്‍ നടന്ന കലണ്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ടതാണ്. 1582-നു മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്ന് വരെയായിരുന്നു. ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വ്യാപകമല്ലാതിരുന്ന ആ കാലത്ത് വിവരം അറിയാത്ത പലരും ഏപ്രില്‍ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിച്ചു. അങ്ങനെ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിച്ചവരെ മറ്റുള്ളവര്‍ ഏപ്രില്‍ ഫൂള്‍ എന്നുവിളിച്ചു തുടങ്ങി. പിന്നീടത് വിഢ്ഢികളുടെ ദിനമായി മാറി.


ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് സ്പെയിൻ ഭരിച്ചത് മുസ്ലിംകളായിരുന്നു. അന്നത്തെ തകർക്കപ്പെടാനാകാത്ത ശക്തിയായിരുന്നു അവർ. എന്നാൽ, ലോകത്തു നിന്നു തന്ന ഇസ്ലാമിനെ തുടച്ചു നീക്കാൻ അധ്വാനിച്ചു കൊണ്ടിരുന്ന പാശ്ചാത്യൻ ക്രിസ്ത്യാനികൾ പല കുതന്ത്രങ്ങളും അതിനെതിരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചൊക്കെ അവരതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ സ്പെയിനിൽ ഇസ്ലാമിന്റെ വളർച്ചക്ക് തടയിടാനും, അവിടത്തെ മണ്ണിൽ വെച്ചു തന്ന അതിന്റെ കഥകഴിക്കുവാനുമുള്ള അവരുടെ നിരന്തര ശ്രമങ്ങൾ ആത്യന്തികമായി ഫലം കാണാതെ തകർന്നടിയുകയാണുണ്ടായത്... അങ്ങനെയാണ് മുസ്ലിംകളുടെ വിജയത്തിന് നിദാനമായി നിലകൊള്ളുന്ന അടിസ്ഥാന കാരണത്തിന്റെ രഹസ്യമറിയാൻ സ്പെയിനിൽ അവർ ചാരന്മാരെ നിയോഗിച്ചത്. അവർ അവസാനം ആ രഹസ്യം കണ്ടത്തി. മുസ്ലിംകൾ സദാ കാത്തുസൂക്ഷിക്കുന്ന കണിശമായ ദൈവബോധവും ധാർമ്മികനിലവാരവുമാണ് അവരെയെന്നും വിജയികളായി നിലനിർത്തുന്നതിലെ മുഖ്യഹേതു എന്നവർ തിരിച്ചറിഞ്ഞു... മുസ്ലിംകളുടെ ശക്തിസ്രോതസ്സിന്റെ രഹസ്യമറിഞ്ഞ കൃസ്ത്യാനികൾ, അതിനെ തകർക്കാൻപോന്ന മാർഗ്ഗങ്ങളെപ്പറ്റി തലപുകഞ്ഞാലോചിച്ചു. അങ്ങനെയാണ് പുതിയൊരു സ്ട്രാറ്റജിക്ക് അവർ രൂപം കൊടുത്തത്. അഥവാ സ്പെയിനിന്റെ മണ്ണിൽ മദ്യവും പുകവലി സാമഗ്രികളും സൗജന്യമായി ലഭിക്കാൻ അവർ അവസരങ്ങളുണ്ടാക്കി. അത്തരം സാധനങ്ങൾ അവിടേക്കവർ സമൃദ്ധമായി കയറ്റി അയച്ചു. ഈ പാശ്ചാത്യൻ തന്ത്രം ഫലം കാണാൻ തുടങ്ങി. മുസ്ലിംകളിൽ വിശിഷ്യാ യുവാക്കളിൽ മദ്യത്തിന്റേയും സിഗരറ്റിന്റേയും സ്വാധീനം വ്യാപകമായി. അതു കൊണ്ടുതന്നെ, അവരുടെ ഹൃദയത്തിലെ ഈമാനിന്റെ ശക്തി ക്രമേണക്രമേണ ക്ഷയിച്ചുവരാൻ തുടങ്ങി. ഈ സാഹചര്യം കാതോലിക്കൻ കൃസ്ത്യാനികൾ മുതലെടുത്തു. സ്പെയിൻ മുഴുവനും അവർ അവരുടെ വരുതിയിലൊതുക്കി. നീണ്ട എട്ടു നൂറ്റാണ്ടിലധികം സ്പെയിൻ ഭരിച്ചു കൊണ്ടിരുന്ന മുസ്ലിംകളുടെ പ്രതാപം അതോടെ മങ്ങിത്തുടങ്ങി. ക്രമേണ, മുസ്ലിംകളുടെ ഭരണ പ്രദേശമായിരുന്ന ഗർനാത്വ അവർക്കു നഷ്ടപ്പെട്ടു. ഒരു ഏപ്രിൽ ഒന്നിനായിരുന്നു പ്രസ്തുത സംഭവമുണ്ടായത്. അന്നു മുസ്ലിംകൾക്കെതിരിൽ വിജയം കണ്ട ചതിയുടെ പ്രതീകമായി പാശ്ചത്യ ക്രിസ്ത്യൻ ലോബി ഏപ്രിൽ ഒന്നാം തിയ്യതിയെ അന്നുമുതൽ പരിഗണിച്ചു വന്നു. പിന്നീട് വർഷം തോറും ഏപ്രിൽ ഫൂൾ എന്ന പേരിൽ അത് തുടർന്നു വരികയാണുണ്ടായത്... അന്നുമുതൽ ഇന്നുവരെ. പ്രസ്തുത സംഭവത്തിനുശേഷം ഇന്നും തുടർന്നുപോരുന്ന ഈ ദുഷിച്ച സമ്പ്രദായം കൊണ്ട് പ്രതിയോഗികൾ ലക്ഷ്യമിടുന്നത്, മുസ്ലിം സമൂഹം മൂഢന്മാരാണ് എന്ന ധാരണ സജീവമായി നിലനിർത്തുക എന്നതാണ്. ഇസ്ലാമിന്റെ ശത്രുക്കൾ ഗർനാത്വയിലെ മുസ്ലിംകളിൽ മാത്രം നടപ്പിലാക്കിയ ഈ കുതന്ത്രം ഇനിയും അവസാനിപ്പിച്ചിട്ടില്ല. ലോകത്തെ മുഴുവൻ മുസ്ലിമുകളിലും ഈ ചതി അവർ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്...
ഏപ്രില്‍ ഫൂള്‍ ആചരണത്തിനു പിന്നില്‍ മറ്റൊരു അന്ധവിശ്വാസം കൂടിയുണ്ട്. ബഹുദൈവ വിശ്വാസങ്ങള്‍ കൂടി കലര്‍ന്ന ജ്യോതിഷ വീക്ഷണ പ്രകാരം രണ്ട് മത്സ്യങ്ങളാല്‍ അടയാളം നല്‍കപ്പെട്ടിട്ടുള്ള മീനം രാശിയില്‍ നിന്നും സൂര്യന്‍ അകന്നുപോകുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്. ആ ദിവസം സുഹൃത്തുക്കളുടെ പിറക് വശത്ത് ചത്തമത്സ്യത്തെ വെക്കല്‍ ജ്യോതിഷ വിശ്വാസികളായ അവരുടെ ആചാരമായിരുന്നു. പില്‍ക്കാലത്ത് ചത്ത മത്സ്യത്തിനു പകരം മത്സ്യത്തിന്റെ കടലാസു രൂപങ്ങള്‍ വെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന വിനോദമായി മാറി. അങ്ങനെ ഏപ്രില്‍ ഫിഷ് എന്ന ജ്യോതിഷ ആചാരമാണ് ഏപ്രില്‍ ഫൂള്‍ എന്ന വിനോദമായി മാറിയത്. വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ്‌ എന്നാണ്‌ ഫ്രഞ്ചുകാര്‍ വിളിക്കുന്നത്‌. ഇത്തരക്കാരെ ഏപ്രിൽ ഗോക്ക് എന്നാണ്‌ സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്‌. ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌ പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌. ഇംഗ്ലണ്ട് നൂഡി എന്നും ജര്‍മ്മനിയിൽ ഏപ്രിനാർ എന്നുമാണ്‌ വിഡ്‌ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്‌. പോര്‍ചുഗീസുകാർ ഈസ്‌റ്റർ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായർ , തിങ്കൾ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടു. എന്നാൽ കരച്ചിലിന്റെ പ്രധിധ്വനി കേട്ട മറുവശത്തേക്ക് ഏറെ നേരം സെറസ്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന മറ്റൊരു കഥയാണ്‌. ഇന്ത്യയിൽ ഫൂൾസ്ഡേ വന്ന വഴി സ്വാഭാവികമായും മറ്റു പലതും എന്ന പോലെ ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയിൽ വിഡ്‌ഢിദിനവും എത്തിയത്. മുമ്പൊക്കെ പ്രാവിന്റെ പാല്‍ കറന്നുകൊണ്ടുവരാന്‍ ആളെ അയയ്‌ക്കുക നീരിറ്റു വീഴുന്നത്‌ പാത്രത്തിലാക്കാന്‍ പറയുക തുടങ്ങിയ തമാശകളാണത്രേ ഉണ്ടായിരുന്നത്‌. വ്യാജമായ വാർത്തകൾ ചമയ്ക്കുക, തെറ്റായ വിവരങ്ങൾ നല്കുക, മരണ -ജനന വാർത്തകൾ തെറ്റായി ഉണ്ടാക്കുക തുടങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇന്ത്യൻ വഴികൾ നിരവധി. പിന്നീട് ഒരു പടികൂടി കടന്നു ചില പ്രയോഗങ്ങൾ തുടങ്ങി. പുലർച്ചെ വീടിന്റെ മുന്നിൽ ചാണകം പൂശുക , വലിയ പോസ്ററുകൾ പതിക്കുക, പൂട്ടുകൾ കൊണ്ട് വാതിലുകൾ ബന്ധിക്കുക , ചെരുപ്പുകൾ ചെറിയ കമ്പികൾ കൊണ്ട് കെട്ടിയിടുക തുടങ്ങിയവയായിരുന്നു മലയാളി യൌവ്വനങ്ങളുടെ വിഡ്ഢിദിന കളികൾ.
ഇനി കള്ളം പറയുന്നതിനെ പറ്റി ഇസ്‌ലാം എന്ത് പറയുന്നു

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി. 1. 2. 32) നേരുമാത്രം പറയുക അത് വിപ്ലവകരമാണ്. എത്ര കയ്ക്കുന്നതായാലും സത്യം മാത്രം പറയുക. (മുഹമ്മദ് നബി (സ) നാല് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടെങ്കില്‍ അവന്‍ കറകളഞ്ഞ മുനാഫിഖായിരിക്കുന്നു. അതില്‍ ഏതെങ്കിലും ഒന്ന് ഒരാളിലുണ്ടെങ്കില്‍ അതുപേക്ഷിക്കും വരെ അവനില്‍ നിഫാഖിന്റെ (കാപട്യം) അംശം ഉണ്ട്: സംസാരിച്ചാല്‍ അവന്‍ കളവ് പറയും, വിശ്വസിച്ചാല്‍ വഞ്ചിക്കും, കരാര്‍ ചെയ്താല്‍ ലംഘിക്കും, തര്‍ക്കിച്ചാല്‍ അസഭ്യം പറയും.' എല്ലാ അധര്‍മങ്ങളും ചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ പ്രവാചകന്റെ അടുത്തുവന്നു പറഞ്ഞു: ''മുഹമ്മദേ (സ), ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് അനുസരിക്കാന്‍ എനിക്ക് കഴിയില്ല. നീ ഒരു കാര്യം മാത്രം പറഞ്ഞാല്‍ ഞാന്‍ പ്രാവര്‍ത്തികമാക്കാം.'' കള്ളം പറയുകയും കളവ് നടത്തുകയും മറ്റൊരുപാട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന ആ മനുഷ്യനോട് പ്രവാചകന്‍ പറഞ്ഞു: ''ശരി, ഒരു കാര്യം മാത്രം ഞാന്‍ പറയാം. നീ എന്തു വന്നാലും കളവ് പറയരുത്.'' ''ഒരു കാര്യമല്ലേ അത് ഞാന്‍ പാലിച്ചുകൊള്ളാം. വേറെ ഒന്നും പറയരുത്. ജീവിതത്തില്‍ പിന്തുടരാനായി'' പ്രവാചകന്‍ അത് സമ്മതിച്ചു. കളവ് പറയില്ല എന്ന ആ ഒരൊറ്റ നന്മമാത്രമായി പ്രവാചകന് വാക്ക് നല്‍കി പിരിഞ്ഞ ആ മനുഷ്യന്‍ രാത്രിയില്‍ പതിവ് പോലെ കളവ് നടത്താന്‍ പുറത്തിറങ്ങി. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹം ആലോചിച്ചു. നാളെ ആരെങ്കിലും നീയാണോ കളവ് നടത്തിയത് എന്നാരാഞ്ഞാല്‍ സത്യം പറയേണ്ടി വരും. ഈ ആലോചനകള്‍ എല്ലാ തിന്മകളില്‍ നിന്നും അദ്ദേഹത്തെ വിമുക്തനാക്കി. കള്ളം പറയല്‍ വിശ്വാസിക്ക് ചേര്‍ന്ന ഗുണമല്ല. മുനാഫിഖുകളുടെ ലക്ഷണമാണത്. എപ്പോഴും കള്ളം പറയുന്ന അവര്‍ അതിനെ ശക്തിപ്പെടുത്താന്‍ ശപഥവും ചെയ്യും. എത്രത്തോളമെന്നാല്‍ ഭൂമിയില്‍ വിശ്വാസികളോട് ശപഥം ചെയ്തിരുന്ന പോലെ പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ മുന്നില്‍ കള്ളം പറഞ്ഞ് ശപഥം ചെയ്യാന്‍ പോലും അവര്‍ മടിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവര്‍ തന്നെ.' (16: 105) ഒരിക്കല്‍ പ്രവാചകന്‍(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പുശുക്കനാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവുപറയുന്നവനാവുമോ? പ്രവാചകന്‍ പറഞ്ഞു: ഇല്ല'. ജനങ്ങളില്‍ ദുര്‍ബല മനസ്‌കരായവരുണ്ടാവാം. അവരില്‍ ഭീരുത്വവും പേടിയുമുണ്ടാവും. അപ്രകാരം ചെലവഴിക്കാന്‍ അങ്ങേയറ്റം മടിയുള്ള പിശുക്കന്‍മാരും ഉണ്ടാകും. ഈ രണ്ട് ഗുണങ്ങളും പ്രകൃതത്തിന്റെ ഭാഗമായി വരുന്നതാണ്. എന്നാല്‍ കളവ് ആര്‍ജിച്ചെടുക്കുന്ന ഒന്നാണ്.

കളവും കള്ളസാക്ഷിയും പറയുന്നത് നിത്യത്തൊഴിലായി സ്വീകരിച്ച പലരെയും ഇന്ന് കാണാന്‍ കഴിയും. വിഗ്രഹാരാധകന്മാരായിരുന്ന അറബികളെക്കാളും ധാര്‍മ്മികമായി അധഃപതിച്ചുപോയെന്നല്ലാതെ അവരെ സംബന്ധിച്ചു മറ്റെന്തു പറയാനാണ്. വ്യാജവാര്‍ത്തകള്‍ കെട്ടിപ്പടച്ചുണ്ടാക്കി കൂട്ടുകാരെ രസിപ്പിക്കുന്നതും ഇത്തരം സദസ്സുകളില്‍ പങ്കെടുക്കുന്നതും അങ്ങനെയുള്ള ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതും വമ്പിച്ച തെറ്റാണ്. “ജനങ്ങളെ ചിരിപ്പിക്കാനായി കള്ളവാക്കുകള്‍ നിര്‍മ്മിച്ചുണ്ടാക്കി സംസാരിക്കുന്നവന് നാശം. അവന് നാശം. അവന് നാശം.” എന്നിങ്ങനെ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു നബി (സ്വ) പറയുകയുണ്ടായി (തിര്‍മുദി).

കളവ് സാവധാനം ഒരാളില്‍ ഉറച്ചു പോകുന്ന ശീലമാണ്. ഒരു മുസ്‌ലിം തന്റെ മക്കളെ ചെറുപ്രായത്തില്‍ തന്ന സത്യസന്ധത ശീലിപ്പിക്കുകയും കളവില്‍ നിന്ന് തടയുകയും വേണം. നബി(സ)യുടെ മുന്നില്‍ വെച്ച് ഒരു പിതാവ് കുട്ടിയെ നിനക്കിതാ ഒരു സാധനം തരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അയാളോട് ചോദിച്ചു: അത് കൊടുക്കാന്‍ നീ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ലെന്ന് അയാള്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ഒന്നുകില്‍ അവനത് കൊടുക്കുക, അല്ലെങ്കില്‍ സത്യം പറയുക. കളവ് അല്ലാഹു വിലക്കിയതാണ്. അയാള്‍ ചോദിച്ചു: ഇത് കളവാകുമോ അല്ലാഹുവിന്റെ ദൂതരേ? നബി(സ) പറഞ്ഞു: എല്ലാ കാര്യങ്ങളും എഴുതപ്പെടുന്നുണ്ട്. കളവ് കളവായിട്ട് തന്നെ എഴുതപ്പെടും.

നബി(സ) പറയുന്നു: 'അന്ത്യദിനത്തില്‍ മൂന്ന് പേരിലേക്ക് അല്ലാഹു നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യില്ല. കഠിനമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. വൃദ്ധയായ വ്യഭിചാരി, കളവ് പറയുന്ന ഭരണാധികാരി, പൊങ്ങച്ചക്കാരനായ ദരിദ്രന്‍.' (മുസ്‌ലിം) ഈ ഹഥീസില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ യാതൊരു ആവശ്യവുമില്ലാതെ തെറ്റ് ചെയ്യുന്നവരാണെന്നതാണ് അതിന്റെ കാരണം.


കള്ളം നിഷിദ്ധമാണെന്നതിനുള്ള രേഖകൾ



إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ 
"അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവർ തന്നയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവർ തന്നെയാണ് വ്യാജവാദികൾ.(നഹ്ൽ: 105)


ഈ വിശുദ്ധവാക്യത്തെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു കസീർ (റ) എഴുതി: "അല്ലാഹുﷻവിന്റെ റസൂൽ ﷺ കള്ളം കെട്ടിച്ചമക്കുന്നവനോ വ്യാജവാദിയോ അല്ലന്നാണ് ഈ വചനം വിശദീകരിക്കുന്നത്. എന്തുകൊണ്ടന്നാൽ, ദൈവിക ദൃഷ്ടാന്തങ്ങളിൽ വിശ്വാസമില്ലാത്ത, കളവിന് പ്രസിദ്ധരായ സത്യനിഷേധികളും മതനിഷേധികളുമായ ആളുകൾക്കു മാത്രമേ അല്ലാഹുﷻവിന്റേയും റസൂലി(ﷺ)ന്റേയും പേരിൽ കളവു കെട്ടിയുണ്ടാക്കുവാൻ ധൈര്യം കാണൂ.

പ്രവാചകൻ മുഹമ്മദ് ﷺ ജനങ്ങളിൽ ആരേക്കാളും സത്യസന്ധനും പുണ്യാത്മാവുമാണ്. അറിവിലും പ്രവൃത്തിയിലും വിശ്വാസത്തിലും ഹൃദയദാർഢ്യതയിലും ആരേക്കാളും ഹബീബ് ﷺ സമ്പൂർണ്ണനുമാണ്. തന്റെ ജനതയിൽ വിശ്വസ്തനായി അംഗീകരിക്കപ്പെട്ട അദ്ദേഹത്തെ അക്കാര്യത്തിൽ ഒരാളും തന്ന സന്ദേഹിച്ചിരുന്നില്ല. വിശ്വസ്തനായ മുഹമ്മദ് എന്നാണ് അവരദ്ദേഹത്തെ വിളിച്ചിരുന്നത്.(തഫ്സീർ ഇബ്നു കസീർ, 2/558)


عن ابن عمر قال: قال "إني لأمزح ولا أقول إلا حقّا" {رواه الطبراني في المعجم الكبير:12/391


ഇബ്നു ഉമർ നിവേദനം. നബിﷺ പറഞ്ഞു: "ഞാൻ തമാശ പറയാറുണ്ട്, പക്ഷെ സത്യസന്ധമായതേ പറയൂ. (ത്വബ്റാനി മുഅ്ജമുൽ കബിറിൽ ഉദ്ധരിച്ചത്-12/391)


وعن أبي هريرة قال: قالوا يا رسول الله إنك تداعبنا، قال: "إني لا أقول إلا حقاً" (رواه الترمذي:1990

അബൂ ഹുറയ്റ നിവേദനം. സ്വഹാബികൾ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ ഞങ്ങളോട് തമാശ പറയുന്നുവല്ലൊ..? നബിﷺപറഞ്ഞു: "അതെ, പക്ഷെ ഞാൻ സത്യമായതല്ലാതെ പറയില്ല...
(തിർമിദി: 1990)


No comments:

Post a Comment