വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.
കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക് തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324)
ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത്
യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.
അല്ലാഹു തആലാ പറയുന്നു : നിങ്ങൾക്ക് ശുദ്ധീകരിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക (മാഇദഃ 6 )
ശുദ്ധീകരിക്കാൻ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക , എന്നിട്ടു മുഖവും രണ്ടു കൈകളും തടവുക (നിസാ : ൪൩)
നബി (സ) തങ്ങൾ പറഞ്ഞു : ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി (ഇമാം അഹ്മദ് റഹ്)
വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം. അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.
തയമ്മുമിന്റെ നിബന്ധനകള്‍
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്‍ള് നിസ്‌കാരം മാത്രമേ നിസ്‌കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്‌നി-1/ ദാറുല്‍ മഹാസിന്‍ 188)
1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.
(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)
2. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.
3. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല. അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.
4. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.
5. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.
ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല. ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം. ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.
6. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)
തയമ്മുമിനുള്ള മൂന്നു കാരണങ്ങൾ
1 . വെള്ളം ഇല്ലാതിരിക്കാൻ
2 . കൊല്ലൽ നിഷിദ്ധമായ ജീവികളുടെ ജീവികളുടെ ദാഹശമനത്തിനു വെള്ളം ആവശ്യമായി വരൽ
3 . വെള്ളം ഉപയോഗിക്കുന്നത് മൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക , സുഖം പ്രാപിക്കാൻ താമസം നേരിടുക , വെള്ളം ഉപയോഗം മൂലം പ്രത്യക്ഷാവയവങ്ങളിൽ വികൃതമായ പാടുകൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാണ് .
ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി ഉള്ളവരും , വലിയ അശുദ്ധി ഉള്ളവരും വുളൂ , കുളി എന്നിവയ്ക്ക് പകരം തയമ്മം ചെയ്യണം (തുഹ്ഫ 1/325)
തയമ്മുമിന്‍റെ ശര്‍ത്തുകള്‍ (ഷാഫി മദ്ഹബ്)
തയമ്മും സ്വീകാര്യമാകുന്നതിന്നു അഞ്ചു ശര്‍ത്തുകളാണുള്ളത്.
1. നിസ്കാരത്തിന്‍റെ സമയം ആയതിനു ശേഷം മാത്രം തയമ്മും ചെയ്യുക.
2. ഫര്‍ളിന് ഉപയോഗിക്കപ്പെടാത്ത ശുദ്ധിയുള്ള തനി മണ്ണ്കൊണ്ടാകുക.
3. പൊടിയുള്ള മണ്ണായിരിക്കുക.
4. തയമ്മും ചെയ്യുന്നതിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.
5. വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുക.
തയമ്മുമിന്‍റെ ശര്‍ത്തുകള്‍ (ഹനഫി മദ്ഹബ്)
1. നിയ്യത്തു ചെയ്യുക (ശുദ്ധി ആക്കാനെന്നോ , നിസ്ക്കാരം ഹലാൽ അക്കാനെന്നോ മറ്റോ കരുതുക)
2. വെള്ളം കിട്ടാതെ വരികയോ , ഉപയോഗിക്കാൻ നിർവാഹമില്ലാതെ വരികയോ ചെയ്യുക
3. ഭൂമിയുടെ വർഗ്ഗത്തിൽപ്പെട്ട ത്വഹിറായ വസ്തുകൊണ്ടായിരിക്കുക
4. തടകൽ നിർബന്ധമായ സ്ഥലങ്ങൾ മുഴുവൻ തടവുക
5. രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കുക
6 . മെഴുക് പോലെയുള്ള തടസ്സങ്ങൾ അവയവങ്ങളിൽ നിന്നും നീക്കുക
തയമ്മുമിന്‍റെ ഫര്‍ളുകള്‍ (ഷാഫി മദ്ഹബ്)
തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്.
1. നിയ്യത്ത് : ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.
നിസ്‌കാരത്തെ ഹലാലാക്കുന്നു എന്നാണ് കരുതേണ്ടത്. നിയ്യത്തിനാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ഹദീസാണിതിന്നവലംബം. ഏതൊരു കാര്യത്തിനും ഇസ്‌ലാമില്‍മനസ്സില്‍ നിയ്യത്ത് വേണം. അശുദ്ധിയെ ഉയര്‍ത്താന്‍ ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് കരുതിയാല്‍ ശരിയാവില്ല. കാരണം തയമ്മും കൊണ്ട് അശുദ്ധി ഉയരുന്നില്ല. മറിച്ച്, നിസ്‌കാരം ഹലാലാവുന്നു എന്നു മാത്രമെ ഉള്ളൂ.
അംറുബ്‌നുല്‍ ആസ് (റ) ഒരിക്കല്‍ ജനാബത്ത്കാരനായി. ശക്തമായ തണുപ്പ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം തയമ്മും ചെയ്ത് ശുദ്ധിവരുത്തി. നിസ്‌കാരം നിര്‍വ്വഹിച്ചു. ഇതറിഞ്ഞ പ്രവാചകന്‍ (സ) അംറിനോട് പറഞ്ഞു: ജനാബത്തുകാരനായിരിക്കെ തന്നെ നീ ജനങ്ങളോടു കൂടെ നിസ്‌കരിച്ചു അല്ലേ....? (ഫതഹുല്‍ ബാരി 1-454)
അതായത് തയമ്മും കൊണ്ട് നിസ്‌കാരം ഹലാലാകുന്നുവെങ്കിലുംവലിയ അശുദ്ധിയില്‍ നിന്നും പരിപൂര്‍ണ അര്‍ഥത്തില്‍ മുക്തനാവുന്നില്ല എന്ന് സാരം.
അതുകൊണ്ട് നിസ്‌കാരത്തെ ഹലാലാക്കാന്‍ വേണ്ടി എന്നേ നിയ്യത്ത് വെക്കാവൂ.
നിയ്യത്ത് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. കാരണം നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുമ്പോള്‍ തന്നെ വ്യത്യസ്തമായ നാല് അവസ്ഥകള്‍ ഇവിടെ വരുന്നുണ്ട്.
-------------------------------------------------------------------
1. ഫര്‍ള് നിസ്‌കാരത്തെയും സുന്നത്ത് നിസ്‌കാരത്തെയും ഹലാലാക്കുന്നുവെന്ന് കരുതല്‍.
ഇങ്ങനെ ചെയ്താല്‍ ~ഒരാള്‍ക്ക് ഒരു ഫര്‍ളിന് കൂടെ എത്രയും സുന്നത്തുകള്‍ നിസ്‌കരിക്കാവുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന് മുമ്പോ ശേഷമോ ആ വഖ്തിലോ വഖ്തിന് പുറത്തോ ഒക്കെ ഇദ്ദേഹത്തിന് ഈ തയമ്മും കൊണ്ട് സുന്നത്ത് നസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്.
2. ഫര്‍ള് നിസ്‌കാരത്തെ ഹലാലാക്കാന്‍ എന്ന് മാത്രം കരുതല്‍. ഇങ്ങനെചെയ്താലും മേല്‍ പറഞ്ഞ പ്രകാരം ഫര്‍ളിന്റെ കൂടെ എത്രയും സുന്നത്തുകള്‍ നിസ്‌കരിക്കാവുന്നതാണ്. കാരണം, ഫര്‍ള് നിസ്‌കാരം എന്ന് കരുതിയാല്‍ തന്നെ അതിന് കീഴിലായി സുന്നത്ത് നിസ്‌കാരങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
3.സുന്നത്ത് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് മാത്രം കരുതല്‍. ഇങ്ങനെകരുതിയാല്‍ ആ തയമ്മും ഉപയോഗിച്ച് ഫര്‍ള് നിസ്‌കാരം നിർവഹിക്കാവുന്നതല്ല . കാരണം, സന്നത്ത് നിസ്‌കാങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അയാള്‍ തയമ്മും കരുതിയത്.
4. ഫര്‍ളാണോ സന്നത്താണോ എന്നൊന്നും നിര്‍ണ്ണയിക്കാതെ, വ്യക്തമാക്കാതെ വെറും നിസ്‌കാരം എന്ന് മാത്രംകരുതുക. ഈയവസ്ഥയിലും മേല്‍പറഞ്ഞത് പോലെയാണ്. അഥവാ, സുന്നത്ത് നിസ്‌കാരങ്ങള്‍മാത്രമേ നിര്‍വ്വഹിക്കാവൂ.
അതുപോലെ ഒരാള്‍ ഖുര്‍ആന്‍ ഓതാന്‍ വേണ്ടി എന്ന നിയ്യത്തോടെ തയമ്മും ചെയ്താല്‍ അതുപയോഗിച്ച് നിസ്‌കരിക്കാന്‍ പറ്റുന്നതല്ല. ഖുര്‍ആന്‍ പാരായണം നടത്താന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളു.
------------------------------------------------------------------------------------------
2. മണ്ണ് അടിച്ചെടുക്കുക. (കാറ്റടിച്ചതു മൂലം പൊടിമണ്ണ് മുഖത്താവുകയും അത് തടവുകയും ചെയ്‌താൽ തയമ്മും ആവുകയില്ല .കാരണം മണ്ണ് അടിച്ചെടുത്തിട്ടില്ല . ഒരാളുടെ സമ്മതത്തോടെ മറ്റൊരാൾ തയമ്മും ചെയ്തു കൊടുത്താൽ മതിയാവുന്നതാണ് . സമ്മതം കൊടുത്തവൻ തന്നെ നിയ്യത്തു ചെയ്യണം )
3. മുഖം തടകുക.
4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.
5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.
ശ്രദ്ധിക്കുക :-
ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള്വ് മാത്രമേ നിസ്‌ക്കരിക്കാവൂ. അപ്പോള്‍ തയമ്മും ചെയ്ത് ജംആക്കി നിസ്‌ക്കരിക്കുന്നവര്‍ ഒരു നിസ്‌ക്കാരം കഴിഞ്ഞ് രണ്ടാമത്തെ നിസ്‌ക്കാരത്തിന് വേണ്ടിയും തയമ്മും ചെയ്യണം. എന്നാല്‍ ഒരു തയമ്മും കൊണ്ട് ഒന്നിലധികം സുന്നത്ത് നിസ്‌ക്കാരങ്ങളും മയ്യിത്ത് നിസ്‌ക്കാരങ്ങളും നിര്‍വ്വഹിക്കാം. വുളൂഇനു പകരം തയ്യമ്മും ചെയ്യുന്നതുപോലെ കുളിക്കു പകരവും തയമ്മും ചെയ്യാം.
തയമ്മുമിന്‍റെ ഫര്‍ളുകള്‍ (ഹനഫി മദ്ഹബ്)
1 . മുഖം തടവുക
2. രണ്ടു കൈ മുട്ടുൾപ്പടെ തടവുക
തയമ്മുമിന്‍റെ സുന്നത്തുകള്‍ (ഷാഫി മദ്ഹബ്)
ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു.
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.
1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.
2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.
3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.
4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.
5. മണ്ണുപൊടി നേരിയതാവുക.
6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.
7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.
തയമ്മുമിന്‍റെ സുന്നത്തുകള്‍ (ഹനഫി മദ്ഹബ്)
1. ബിസ്മി ചൊല്ലുക
2. കൈ മണ്ണിൽ അടിക്കുമ്പോൾ രണ്ടു കയ്യും മുന്നോട്ടും പിന്നോട്ടും നിരക്കുക
3. പിന്നീട് രണ്ടു കൈകളും കുടയുക
4. തർതീബ് (ആദ്യം മുഖവും പിന്നെ കൈകളും തടവുക)
5. തുടരെ ചെയ്യുക
കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ രണ്ടാമതുപ്രാവശ്യം മണ്ണടിച്ചെടുക്കുമ്പോള്‍ നിര്‍ബന്ധമായും അത് ഊരി വെക്കണം. കുറച്ച് വെള്ളം കൈവശമുണ്ടെങ്കില്‍ അത് സാധ്യമാകുന്നത്ര വുളു എടുക്കുക. ബാക്കി ഭാഗത്തിനു വേണ്ടി തയമ്മും ചെയ്യണം. മുറിവ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുകയില്ലെങ്കില്‍ മുറിവില്ലാത്ത ഭാഗം വുളു എടുക്കുകയും മുറിവിന്നു വേണ്ടി തയമ്മും ചെയ്യുകയും വേണം. രണ്ടു വ്യത്യസ്ത അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ ഉദാഹരണത്തിന് കയ്യിലും കാലിലും മുറിവുകളുണ്ടെങ്കില്‍ രണ്ടു തയമ്മും ചെയ്യേണ്ടി വരും. രണ്ടു കൈകളിലും മുറിവുകളുണ്ടെങ്കില്‍ ഒരു തയമ്മും തന്നെ മതിയാകുന്നതാണ്.
തയമ്മുമിന്റെ കറാഹത്തുകള്‍
തയമ്മും ചെയ്യുന്ന സമയത്ത് കൂടുതല്‍ മണ്ണ് കൊണ്ട് തടവല്‍ കറാഹത്താകുന്നു. രണ്ടിലധികം അടി അടിക്കലും ദിക്‌റുകളല്ലാതെ കൂടുതല്‍ സംസാരിക്കലു കൈ മുട്ടിനു മുകളിലേക്ക്‌നീട്ടിത്തടവലുമൊക്കെ മറ്റു മദ്ഹബുകളിലെ കറാഹത്തുകളില്‍ പെട്ടതാണ്.
തയമ്മുമിന്‍റെ രൂപം
നിര്‍ബന്ധ നിസ്കാരത്തിനുള്ള സമയം ആഗതമായാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ശുദ്ധിയുള്ള പൊടിയുള്ള തനി മണ്ണ് എടുക്കുക. വിരലുകളില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരി വെക്കുകയും " ബിസ്മില്ലാഹി റഹ്മാനി റഹീം " എന്ന് ചൊല്ലിക്കൊണ്ട് നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതിക്കൊണ്ട് രണ്ടു കൈവെള്ളകള്‍ മണ്ണിലടിക്കുക. എന്നിട്ട് കൈവെള്ളകള്‍ കൊണ്ട് മുഖം തടകുക. വീണ്ടും മണ്ണിലടിച്ച് വലതു കൈ കൊണ്ട് ഇടതു കൈയ്യും ഇടതു കൈ കൊണ്ട് വലതു കൈയ്യും തടകുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യേണ്ട രീതി.
മുഖം , കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്കു മണ്ണ് ചേർക്കൽ നിർബന്ധമില്ല . അത് ബുദ്ധിമുട്ടാണെന്ന് ഫുഖഹാക്കൾ പറഞ്ഞതാണ് കാരണം . തിങ്ങിയ താടിയുടെ ഉൾഭാഗവും നിർബന്ധമില്ല (തുഹ്ഫ , ശർവാനി 1/362)
നിസ്‌കാര സമയം പ്രവേശിച്ച ശേഷം മാത്രമേ തയമ്മം ചെയ്യാവു . എന്നാൽ ഒരാൾ ളുഹർ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷെ ളുഹർ നിസ്‌ക്കരിച്ചില്ല . എന്നാൽ ആ തയമ്മും കൊണ്ട് അസർ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ചാൽ അസർ നിസ്‌ക്കരിക്കാം . കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട് (തുഹ്ഫ 1/360)
പക്ഷെ സുന്നത്തു നിസ്‌ക്കാരത്തിനെടുത്ത തയമ്മും കൊണ്ട് ആ നിസ്ക്കാരം നിസ്‌ക്കരിക്കിച്ചില്ലെങ്കിൽ അതിനടുത്തു വരുന്ന ഫർള് നിസ്‌ക്കരിക്കാവുന്നതല്ല
എങ്ങനെയാണ് തയമ്മുമിന് നിയ്യത്ത് ചെയ്യേണ്ടത്?
ഫര്‍ള് നിസ്‌കാരത്തിന് വേണ്ടിയാണെങ്കില്‍ ഫര്‍ള് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുക. ഈ നിയ്യത്ത് കൊണ്ട് മുസ്ഹഫ് തൊടുക, സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുക, ത്വവാഫ് തുടങ്ങിയ സുന്നത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ സുന്നത്ത് നിസ്‌കാരം, മുസ്ഹഫ് തൊടുക തുടങ്ങിയ സുന്നത്തായ കര്‍മ്മങ്ങള്‍ക്ക് നിയ്യത്ത് വച്ച് ഫര്‍ള് നിര്‍വ്വഹിക്കല്‍ സാധ്യമല്ല. വുളൂഇല്‍ നിയ്യത്ത് ചെയ്യുന്നത് പോലെ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ തയമ്മും എന്ന ഫര്‍ളിനെ വീട്ടുന്നുവെന്നോ കരുതിയാല്‍ അത് മതിയാവുകയില്ല നിയ്യത്ത് മണ്ണടിച്ചെടുക്കുന്നതിനോട് ചേര്‍ന്ന് വരലും മുഖം തടവുന്നത് വരെ നില നിര്‍ത്തലും നിര്‍ബന്ധമാണ്..
തയമം ചെയ്‌താല്‍ മുസ്ഹഫ് തൊട്ടു ഒതാമോ ?
കാരണത്തോട് കൂടെ തയമ്മം ചെയ്താല്‍ മുസ്ഹഫ് തൊടുകയും ഓതുകയും മറ്റു ശുദ്ധി ആവശ്യമുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാവുന്നതാണ്.
പ്ലാസ്റ്റര്‍ ഇട്ടാല്‍
മുറിവ് കാരണം മുഖത്തോ കൈകാലുകളിലോ നിര്‍ബന്ധ സാഹചര്യത്തില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നാല്‍ വുള്വൂഅ് ചെയ്യുന്ന സമയത്ത് അത് മാറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തയമ്മും ചെയ്യാം. അപ്പോള്‍ തയമ്മും ചെയ്തു നിസ്‌കരിച്ച നിസ്‌ക്കാരത്തെ മടക്കണമോ വേണ്ടയോ എന്ന് ചോദിച്ചാല്‍ അഞ്ച് അവസ്ഥകളില്‍ നിന്ന് മൂന്ന് അവസ്ഥകളില്‍ മടക്കണമെന്നും രണ്ടവസ്ഥകളില്‍ മടക്കേണ്ടതില്ലെന്നും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ തര്‍ശീഹില്‍ നിന്ന് വ്യക്തമാകുന്നു.
മടക്കേണ്ട അവസ്ഥകള്‍ :-
പ്ലാസ്റ്റര്‍ തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍
(മുഖത്തിലും രണ്ടു കൈകളിലുമാണെങ്കില്‍)
കാരണം വുള്വൂഉം പകരമുള്ള തയമ്മുമും അപൂര്‍ണ്ണമാണ്.
പ്ലാസ്റ്റര്‍ തയമ്മുമിന്റെ അംഗത്തിലല്ലെങ്കില്‍ അത് പിടിച്ചു നില്‍ക്കാനാവശ്യമായതിലപ്പുറം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററില്‍ ഉള്‍പ്പെടുക.വലുതോ ചെറുതോ ആയ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താതെ പ്ലാസ്റ്ററിടുക.
മടക്കേണ്ടതില്ലാത്ത അവസ്ഥകള്‍ :-
ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ അവസ്ഥയില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അത് പിടിച്ചു നില്‍ക്കാനായ സ്ഥലം മാത്രം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് ഉള്‍പ്പെടുന്ന അവസ്ഥ.
ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്തിയില്ലെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററില്‍ ഉള്‍പ്പെടാത്ത അവസ്ഥ.
പ്ലാസ്റ്റര്‍ ഇട്ടത് തയമ്മുമിന്റെ അവയവം അല്ലാത്ത കാലിനും തലക്കും ആകുമ്പോഴാണ് നിസ്‌ക്കാരം മടക്കേണ്ടതില്ലായെന്നു പറയുന്ന ഈ രണ്ട് അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നത്. പ്ലാസ്റ്റര്‍ മാറ്റി വുള്വൂഅ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയക്കുന്ന സമയത്താണ് തയമ്മും അനുവദിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
രോഗം കാരണം തയമ്മും ചെയ്തവരും കെട്ടോ പ്ലാസ്റ്ററോ ഇല്ലാത്ത മുറിവിനു വേണ്ടി തയമ്മും ചെയ്തവരും നിസ്‌ക്കാരം മടക്കേണ്ടതില്ല. എന്നാല്‍ കെട്ടാത്ത മുറിവില്‍ ധാരാളം രക്തമുണ്ടാവുകയും അത് കഴുകിക്കളയുന്നത് ഭയക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിര്‍വ്വഹിച്ച നിസ്‌ക്കാരം മടക്കേണ്ടതാണ്.
ശക്തമായ തണുപ്പുള്ളപ്പോള്‍ തണുപ്പ് മാറ്റാനോ വെള്ളം ചൂടാക്കാനോ സൗകര്യം ലഭിക്കുന്നതോടൊപ്പം തയമ്മും ചെയ്തു നിസ്‌ക്കരിക്കാന്‍ പാടില്ല. എന്നാല്‍ അതിന് അസൗകര്യം നേരിട്ടാല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.
സാധാരണ വെള്ളം കിട്ടുന്ന ഒരു സ്ഥലത്ത് അപൂര്‍വ്വമായി വെള്ളം കിട്ടാതെ വരുമ്പോള്‍ അവിടെയും തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.
ഹറാമായി ഗണിക്കപ്പെടുന്ന യാത്ര ചെയ്യുന്നവരും തയമ്മും ചെയ്തു നിസ്‌ക്കരിച്ചാല്‍ മടക്കേണ്ടതാണ്. (ഹറാമായ യാത്രക്ക് ഉദാഹരണം : സുന്നത്തായ ഹജ്ജ് ഉംറ, സിയാറത്ത് തുടങ്ങിയക്കു വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹബന്ധം ഹറാമായ മഹ്‌റമോ കൂടെ ഇല്ലെങ്കില്‍ മറ്റു സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കിലും ശരി അവളുടെ യാത്ര ഹറാമാണ്. സുന്നത്തായ ഇബാദത്തുകള്‍ക്കു വേണ്ടിയുള്ള യാത്രയെക്കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അനുവദനീയമായ മറ്റു യാത്രകളെക്കുറിച്ച് പറയേണ്ടതുണ്ടോ? ഇത്തരം സ്ത്രീകള്‍ക്ക് ഖസ്ര്‍ ജംഇന്റെ ആനുകൂല്യവും ഇല്ല. കാരണം ജംഉം ഖസ്‌റും ആക്കാനുള്ള ഒരു നിബന്ധന കുറ്റകരമായ യാത്ര ആകരുതെന്നാണ്.)
ബാൻഡേജ്, മറ്റു വസ്തുക്കൾ ഉള്ള സമയത്തെ തയമ്മും
തയമ്മുമിന്റെ അവയവത്തിലാണ് കെട്ട്, ബാന്റേജ് പോലോത്തവ ഉള്ളതെങ്കില്‍ തയമ്മും ചെയ്ത് നിര്‍വ്വഹിച്ച എല്ലാ നിസ്‌കാരവും നിര്‍ബന്ധമായും മടക്കി നിസ്‌കരിക്കേണ്ടതാണ്. കെട്ട്‌കെട്ടുമ്പോള്‍ശുദ്ധഇയുള്ളവനായാലും ഇല്ലെങ്കിലും ശരി.
എന്നാല്‍ മുഖവും കൈയ്യുമല്ലാത്ത മറ്റു അവയവങ്ങളിലാണ് ഈ കെട്ടോ ബാന്റേജോ ഉള്ളതെങ്കില്‍ കെട്ടുന്ന സമയത് ശുദ്ധിയുള്ളവനാണെങ്കില്‍ നിസ്‌കാരങ്ങള്‍മടക്കേണ്ടതില്ല. മറിച്ച് കെട്ടുന്ന സമയത്ത് ശുദ്ധിയില്ലെങ്കില്‍ തയമ്മും ഉപയോഗിച്ചുള്ള എല്ലാ നിസ്‌കാരങ്ങളും മടക്കേണ്ടതാണ്. (മുകളിൽ അവസ്ഥകൾ വിശദീകരിച്ചിട്ടുണ്ട്)
മുസ്ത'അമലായ മണ്ണ്
മുസ്ത'അമലായ വെള്ളം ഉള്ളത് പോലെ മുസ്ത'അമലായ മണ്ണുമുണ്ട് . ശരീഅത്തിൽ ( മുഖത്തും , രണ്ടു കരങ്ങളിലും) തങ്ങി നിക്കുന്ന മണ്ണിനും , തയമ്മുമിന്റെ സമയത്തു അവയവങ്ങളിൽ നിന്നും താഴെ വീഴുന്ന മണ്ണിനും മുസ്ത'അമലായ മണ്ണിന്റെ വിധിയാണുള്ളത് . മണ്ണിൽ രണ്ടാമത്തെ അടിക്കൽ കൊണ്ട് തന്നെ രണ്ടു ഉള്ളം കൈ കൊണ്ട് തടവുക എന്ന ബാധ്യത നിറവേറി .പ്രസ്തുത വേളയിൽ രണ്ടു കൈകളിലുമുള്ള മണ്ണിനു മുസ്ത'അമലായ മണ്ണിന്റെ വിധിയില്ല . കയ്യിൽ നിന്നും പിരിഞ്ഞ മണ്ണിനാണ് മുസ്ത'അമലായ മണ്ണിന്റെ വിധിയുള്ളത്.
രണ്ടാം തവണ രണ്ടു ഉള്ളം കൈ കൊണ്ട് മണ്ണിൽ അടിക്കലോടു കൂടി തന്നെ രണ്ടു ഉള്ളം കൈ തടകിയ ബാധ്യതയിൽ നിന്നൊഴിവായതു കൊണ്ടാണ് രണ്ടു കൈ മുട്ടോട് കൂടി തടവിയാൽ ഒരു ഉള്ളൻ കൈ കൊണ്ട് മറ്റേ ഉള്ളം കൈ തടവൽ സുന്നത്തിന്റെ കൂട്ടത്തിൽ എണ്ണിയത് .
കയ്യിൽ പ്ളാസ്റ്ററിട്ടതിനാൽ തയമ്മും ചെയ്താണ് നിസ്ക്കരിക്കുന്നത്. ഓരോ ഫർള് നിസ്ക്കാരത്തിനും തയമ്മും ചെയ്യണമല്ലോ.ഈ തയമ്മും വുളൂ ചെയ്തു കഴിഞ്ഞ ശേഷമാണോ ചെയ്യേണ്ടത്, അതല്ല പ്ളാസ്റ്ററിട്ട അവയവം കഴുകേണ്ട സമയത്തോ.? വുളൂ മുറിഞ്ഞിട്ടില്ല എങ്കിൽ തയമ്മും മാത്രം ചെയ്‌താൽ മതിയാകുമോ? അതല്ല വുളൂ എടുക്കുകയും വേണമോ.?
അത് പോലെ തയമ്മുമിന്റെ അവയവമായ മുഖത്തോ കൈകളിലോ പ്ളാസ്റ്ററിട്ട കാരണത്താൽ തയമ്മും ചെയ്യാനും കഴിയാതെ വന്നാൽ എന്ത് ചെയ്യണം.?
പ്ളാസ്റ്ററിട്ട കൈക്കു വേണ്ടി തയമ്മും ചെയ്യേണ്ടത് ആ കൈ കഴുകേണ്ട സമയത്താണ്. വുളൂ ചെയ്ത് കഴിഞ്ഞ ശേഷമല്ല.തയമ്മും ചെയ്ത ശേഷം പ്രസ്തുത കയ്യിൽ കഴുകേണ്ട ഭാഗത്ത് പ്ളാസ്റ്ററില്ലാത്ത ഇടമുണ്ടെങ്കിൽ ആ ഭാഗം വെള്ളം കൊണ്ട് കഴുകുകയും പ്ളാസ്റ്ററിനു മുകളിൽ വെള്ളം കൊണ്ട് തടവുകയും വേണം. ഈ ക്രമമാണ് ഏറ്റവും നല്ലത്. വെള്ളം കൊണ്ട് കഴുകലും തടവലും നടത്തിയ ശേഷം തയമ്മും ചെയ്താലും മതിയാവുമെങ്കിലും. (തുഹ്ഫ: 1:347-350).
വുളൂ മുറിഞ്ഞിട്ടില്ലാത്തപ്പോൾ മറ്റൊരു ഫർളിനു വേണ്ടി തയമ്മും മാത്രം മടക്കിയാൽ മതി. വുളൂ മടക്കേണ്ടതില്ല (തുഹ്ഫ: 1-351)
തയമ്മുമിന്റെ അവയവമായ മുഖത്തും കൈകളിലും പൂർണ്ണമായും പ്ളാസ്റ്റരുണ്ടെങ്കിൽ അതിനു മുകളിൽ തടവി തയമ്മും ചെയ്യൽ നിർബന്ധമില്ല. എങ്കിലും സുന്നത്താണ്. പ്ളാസ്റ്റർ ഭാഗികമാണെങ്കിൽ അതില്ലാത്ത ഭാഗത്ത് തടവി തയമ്മും ചെയ്യണം. (തുഹ്ഫ 1-350)
തയമ്മുമിന്റെ അവയവത്തിൽ പ്ളാസ്റ്റർ ഉള്ളത് കൊണ്ട് തയമ്മും പൂർണ്ണമല്ലല്ലോ. അതിനാൽ, ഇങ്ങനെ തയമ്മും ചെയ്ത് നിസ്ക്കരിച്ച നിസ്ക്കാരങ്ങൾ എല്ലാം പിന്നീട് മടക്കി നിർവ്വഹിക്കൽ നിർബന്ധമാണ്. (ശർഹു ബാഫള്ൽ ഹാശിയതുൽ കുർദി സഹിതം 1-187)
വുള്വൂവോ തയമ്മമോ ചെയ്യുമ്പോള്‍ അവയവത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ വെള്ളമോ മണ്ണോ കൊണ്ട് തടവണമോ ?
1. അവയവത്തിലുള്ള മുറിവില്‍ മറയില്ലെങ്കില്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. തയമ്മുമിന്റെ അവയവമാണെങ്കില്‍ മറയില്ലാതിരിക്കുമ്പോള്‍ മണ്ണുകൊണ്ട് തടവണം അത് നിര്‍ബന്ധമാണ്.
2. എടുത്തുമാറ്റാന്‍ പ്രയാസമുള്ള മറ അവയവത്തില്‍ ഉണ്ടെങ്കില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവേണ്ടതില്ല.
ഉദാ: തയമ്മുമിന്റെ അവയവമായ കൈയ്യില്‍ കുറച്ചു സ്ഥലം വെച്ചു കെട്ടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത അവയവത്തിനു വേണ്ടി തയമ്മും ചെയ്യുമ്പോള്‍ വെച്ച് കെട്ടില്ലാത്ത സ്ഥലത്ത് തയമ്മും ചെയ്യുകയും വുള്വൂഅ് ചെയ്യുമ്പോള്‍ വെച്ചുകെട്ടില്ലാത്ത സ്ഥലം കഴുകുന്നതോടൊപ്പം വെച്ചു കെട്ടിന്റെ മുകളില്‍ വെള്ളം കൊണ്ട് തടവുകയും വേണം.
മയ്യിത്തും , തയമ്മവും
വെള്ളം ചേരൽ നിർബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റുമാർട്ടം ചെയ്ത് തുന്നിയതു കൊണ്ട് വെള്ളം ചേരാതിരുന്നാൽ തയമ്മും ചെയ്തു കൊടുക്കൽ നിർബന്ധമാണ് . അതുപോലെ ചേലാകർമ്മം ചെയ്യപ്പെടാത്ത വ്യക്തി (കുട്ടി ആണെങ്കിലും , അല്ലെങ്കിലും ) മരണപ്പെട്ടാൽ അവന്റെ ലിംഗാഗ്ര ചർമ്മത്തിന് താഴെ വെള്ളം ചേർക്കാൻ കഴിയാതെ വന്നാൽ (അതായത് തൊലി മാറ്റി വെള്ളം ചേർക്കൽ ബുദ്ധിമുട്ടായ അവസ്ഥ) അല്ലെങ്കിൽ മുറിവ് സംഭവിക്കുമെന്ന് കണ്ടാൽ തൊലി നീക്കൽ ഹറാമാണ് . അവന്റെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും തയമ്മും ചെയ്യൽ നിർബന്ധമാണ് .
ലിംഗാഗ്ര ചർമ്മത്തിന് താഴെ നജസ് ഉണ്ടാകാൻ സാധ്യത ഉണ്ട് .തയമ്മും സാധുവാകാൻ തയമ്മും ചെയ്യുന്നതിന് മുൻപ് നജസ് നീക്കണമെന്ന് നിയമമുണ്ട് . പക്ഷെ മയ്യിത്തിന്റെ കാര്യത്തിൽ ലിംഗാഗ്ര ചർമ്മത്തിനുള്ളിൽ നജസുണ്ടെങ്കിലും അതോടു കൂടി തയമ്മും സാധുവാകും (ഫത്ഹുൽ മുഈൻ , പേജ് : 151 , ഇആനത്ത്2/107)
മുറിവും തയമ്മവും
ദേഹത്തു മുറിവുള്ളതിനാൽ സാധ്യമായ ഭാഗങ്ങൾ എല്ലാം കഴുകി ബാക്കി ഭാഗങ്ങൾക്ക് വേണ്ടി തയമ്മം ചെയ്ത വലിയ അശുദ്ധിക്കാരൻ രോഗം സുഖപ്പെട്ടാൽ മുൻപ് കഴുകാൻ സാധിക്കാത്ത ഭാഗവും കഴുകൽ നിർബന്ധമാണ് (തുഹ്ഫ 1/365)
വെള്ളം പൂർണ്ണമായോ , ഭാഗികമായോ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാൽ കുളിക്കൽ നിർബന്ധമാണ് . എന്ത് കൊണ്ടെന്നാൽ രോഗം സുഖപ്പെടലോടു കൂടി തയമ്മും ബാത്തിലായി എന്നതാണ് കാരണം (തുഹ്ഫ 1/365)
മുറിവ് കാരണം വലിയ അശുദ്ധിക്കാരൻ തയമ്മം ചെയ്ത ശേഷം തയമ്മത്തിന്റെ അവയവത്തിൽ നിന്നും കഴുകാൻ സാധ്യമായ (സൗകര്യമായ ) ഭാഗങ്ങൾ കഴുകലാണ് ഉത്തമം . മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനു വേണ്ടിയാണിത് . കുളി നിർബന്ധമായവന്റെ ശരീരത്തിൽ എത്ര സ്ഥലത്തു മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്‌താൽ മതി .
ഒന്നിലധികം തയമ്മും
വുള്വൂഇന്റെ അവയവങ്ങളില്‍ ഒന്നിലധികം മുറിവുണ്ടെങ്കില്‍ ഒന്നിലധികം തയമ്മും വേണ്ടിവരും. ഏതൊരു അവയവത്തെ കഴുകുമ്പോഴാണ് മുറിവുള്ളതെങ്കില്‍ മുറിവില്ലാത്ത സ്ഥലം കഴിവിന്റെ പരമാവധി കഴുകി പ്രസ്തുത അവയവത്തിനു തയമ്മും കൂടി ചെയ്ത ശേഷമേ അടുത്ത അവയവത്തിലേക്ക് കടക്കാവൂ. അവയവങ്ങള്‍ കഴുകുന്നതിനുമുമ്പോ ശേഷമോ തയമ്മും ചെയ്യാം. വലതു കൈയ്യിലും ഇടതുകൈയ്യിലും മുറിവുണ്ടെങ്കില്‍ ഒരു തയമ്മും മതിയാകും. അതുപോലെ തന്നെ രണ്ടുകാലിനും ഒരെണ്ണം മതി. കാരണം രണ്ടു കൈയ്യ് ഒരവയവമായും രണ്ടു കാല് മറ്റൊരു അവയവുമായാണ് കണക്കാക്കപ്പെടുന്നത്.
തയമ്മും ബാഥ്വിലാക്കുന്ന കാരണങ്ങൾ
അശുദ്ധി ഉണ്ടാകൽ, മതത്തിൽ നിന്നും പുറത്തു പോകൽ , രോഗം സുഖപ്പെടൽ , വെള്ളം ലഭിക്കാതെ തയമ്മും ചെയ്തവൻ നിസ്‌കാരത്തിന്റെ പുറത്തുള്ള വേളയിൽ വെള്ളം ഉണ്ടെന്നു ഭാവിക്കൽ , നിസ്ക്കാരം മടക്കൽ അനിവാര്യമായ തയമ്മും ചെയ്തു നിസ്‌ക്കരിച്ചുകൊണ്ടിരിക്കെ വെള്ളം എത്തിക്കൽ മുതലായവയാണ് (തുഹ്ഫ 1/367)
വുളൂ, കുളി എന്നിവ മുറിയുന്ന എല്ലാ കാര്യങ്ങള്‍ കൊണ്ടും തയമ്മും മുറിയുന്നതാണ്. കാരണം ഇവ രണ്ടിനും പകരമായിട്ടാണ്ഇസ്‌ലാം തയമ്മും അനുവദിച്ചിട്ടുള്ളത്.
വെള്ളം ലഭ്യമാവലും തയമ്മും മിറിയുന്നതിനുള്ള കാരണമാണ്. വെള്ളം ലഭിക്കുക എന്നതിനെ നിസ്‌കാരത്തിന്റെ മൂന്ന് അവസ്ഥകളുമായി നമുക്ക് ബന്ധിപ്പിക്കാം. ഓരോ സമയത്തും നിയമവ്യവസ്ഥകളും വ്യത്യാസപ്പെടുന്നതാണ്.
നിസ്‌കാരത്തിന് മുമ്പ് വെള്ളം ലഭ്യമാവുക, ഒരാള് വെള്ളം ലഭ്യമല്ലാത്തതിനാല്‍ നിസ്‌കരിക്കാനായി തയമ്മും ചെയ്തു. നിസ്‌കരിക്കുന്നതിന് മുമ്പായി വെള്ളം ലഭ്യമായാല്‍ ഇപ്പോള്‍ നിര്‍വ്വഹിച്ച തയമ്മും ബാഥിലാകുന്നതാണ്. അതിനാല്‍ ലഭ്യമായവെള്ളം കൊണ്ട് വുളൂ ചെയ്ത് നിസ്‌കരിക്കേണ്ടതാണ്. പ്രവാചകര്‍ (സ) യുടെ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും ഒരേനിയമം തന്നെയാണ്.
നിസ്‌കരിക്കുന്നതിനിടെ വെള്ളം ലഭ്യമാവുക. നിസ്‌കാരം തുടങ്ങിയ ശേഷമാണ് യാത്രക്കാരന് വെള്ളം ലിച്ചതെങ്കില്‍ അയാളുടെ തയമ്മും ബാഥിലാകുന്നതല്ല. മറിച്ച്, ആ തയമ്മും ഉപയോഗിച്ച് നിസ്‌കാരം പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ നാട്ടില്‍ താമസിക്കുന്ന ഒരാള്‍ക്കാണ് നിസ്‌കാരത്തിനിടയില്‍ വെള്ളം ലഭ്യമായതെങ്കില്‍ നിയമം വ്യത്യസ്തമാണ്. അയാള്‍ താമസിക്കുന്ന പ്രദേശം വെള്ളം ധാരാളമായുള്ള നാടാണ് എങ്കില്‍ അയാള്‍ നിസ്‌കാരം മടക്കണം. മറിച്ച് വെള്ളം അപൂര്‍വ്വമായി ലഭിക്കുന്ന നാടാണെങ്കില്‍ ആ നിസ്‌കാരം മടക്കേണ്ടതില്ല.
നിസ്‌കാരത്തിന് ശേഷം വെള്ളം ലഭിക്കുക
തയമ്മും ചെയ്ത് നിസ്‌കരിച്ച ശേഷം വെള്ളം ലഭിക്കുക. നിസ്‌കാരത്തിന്റെസമയം കഴിഞ്ഞ ശേഷമാണെങ്കിലും സമയം കഴിയുന്നതിന്റെ മുമ്പാണെങ്കിലും യാത്രക്കാരന്‍ നിസ്‌കാരം മടക്കേണ്ടതില്ല. എന്നാല്‍ നാട്ടില്‍ താമസിക്കുന്നവനാണെങ്കില്‍ സമയത്തിനു ശേഷമാണ് വെള്ളം കിട്ടിയതെങ്കില്‍ മടക്കേണ്ടതില്ല. മറിച്ച്, നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്റെ മുമ്പാണ് ലഭിച്ചതെങ്കില്‍ മടക്കേണ്ടതാണ്.
മുര്‍തദ്ദാവുക ( മതപരിത്യാഗം ചെയ്യുക)
മതത്തില്‍നിന്ന് പുറത്ത് പോയാല്‍ എല്ലാ ആരാധനകളുടെയും പ്രതിഫലം നശിച്ചുപോകുന്നതാണ്. തയമ്മും ഒരു ഇബാദത്താണ്. ആയതിനാല്‍ ആരെങ്കിലും തയമ്മും ചെയ്തശേഷം മുര്‍തദ്ദ് ആയാല്‍ ആ തയമ്മും മുറിയുന്നതാണ്.
--------------------------------------------
അബൂസഅ്ദില്‍ ഖുദ്‌രി പ്രസ്താവിക്കുന്നു: ‘രണ്ടാളുകള്‍ യാത്രചെയ്യുകയായിരുന്നു. നമസ്‌കാരം ആസന്നമായപ്പോള്‍ അവരുടെ കൈവശം വെള്ളമില്ലായിരുന്നു. അങ്ങനെ അവര്‍ നല്ല മണ്ണെടുത്ത് തയമ്മും ചെയ്ത് നമസ്‌കരിച്ചു. അനന്തരം ആ നമസകാരസമയത്തുതന്നെ അവര്‍ക്ക് വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ വുദു വെടുത്ത് വീണ്ടും നമസ്‌കരിച്ചു. രണ്ടാമന്‍ അത് ചെയ്തില്ല. പിന്നീട് ഇരുവരും നബി(സ)യുടെ അടുത്ത് വന്ന നടന്നതെല്ലാം വിവരിച്ചു. അപ്പോള്‍ നമസ്‌കാരം ആവര്‍ത്തിക്കാത്തവനോട് ‘നീ സുന്നത്ത് കണ്ടെത്തി, നിനക്ക് ആ നമസ്‌കാരം മതി’ എന്നും നമസ്‌കാരം ആവര്‍ത്തിച്ചവനോട് ‘നിനക്ക് ഇരട്ടി പ്രതിഫലമുണ്ട്’എന്നും തിരുമേനി അരുള്‍ചെയ്തു.(അബൂദാവൂദ്, നസാഈ).
എന്നാല്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചതിന് ശേഷം അത് കഴിയുന്നതിന് മുമ്പുതന്നെ വെള്ളം ലഭിക്കുകയോ അതുപയോഗിക്കാന്‍ സാധിക്കുകയോചെയ്താല്‍ തയമ്മുംദുര്‍ബലപ്പെടുകയും വെള്ളംകൊണ്ട് ശുദ്ധീകരണം നിര്‍ബന്ധമാകുകയുംചെയ്യുന്നതാണ്.
എപ്പോഴാണ് നിസ്‌കാരത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടത്?
ഫര്‍ള് നിസ്‌കാരത്തിന് വേണ്ടിയാണ് തയമ്മും എങ്കില്‍ വഖ്ത് പ്രവേശിച്ചതിന് ശേഷം തയമ്മും ചെയ്യുക. സമയമാവുന്നതിന് മുമ്പ് ചെയ്ത തയമ്മും സ്വീകാര്യ യോഗ്യമല്ല.
തയമ്മും ബാത്വിലാകുന്ന കാര്യങ്ങളില്‍ ഒന്നും വെളിവായില്ലെങ്കില്‍ ആ തയമ്മും കൊണ്ട് മറ്റൊരു ഫര്‍ള് നിസ്‌കരിക്കാമോ?
ഇല്ല. ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാന്‍ പാടുള്ളൂ. സുന്നത്ത് നിസ്‌കാരങ്ങള്‍ എത്രയുമാവാം.
തയമ്മും ചെയ്യുന്നവന്‍ കൈ വിരലില്‍ അണിഞ്ഞ മോതിരം അഴിച്ച് മാറ്റേണ്ടതാണോ?
തീര്‍ച്ചയായും. മുഖം തടവുന്നത് പൂര്‍ണ്ണമായും കൈ കൊണ്ടാവാന്‍ വേണ്ടി അഴിച്ച് മാറ്റുന്നത് സുന്നത്തും, കൈ തടവുമ്പോള്‍ മണ്ണ് എത്തേണ്ട സ്ഥലമായതിനാല്‍ അഴിച്ച് വെക്കല്‍ നിര്‍ബന്ധവുമാണ്.
വുളൂഇന്റെ അവയവങ്ങളില്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമായാല്‍ തയമ്മുമിന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടോ?
തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങളില്‍ ഏതെങ്കിലും ഒരവയവത്തില്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമായാല്‍ ഒരു തയമ്മുമും രണ്ടവയവത്തിലാണെങ്കില്‍ രണ്ട് തയമ്മുമും എന്ന ക്രമത്തില്‍ വര്‍ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങള്‍ പൂര്‍ണ്ണമായും വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത രോഗം വ്യാപിച്ചാല്‍ ഒരു തയമ്മും മതിയാവുന്നതാണ്. തലയല്ലാത്ത വുളൂഇന്റെ അവയവങ്ങള്‍ പൂര്‍ണമായും രോഗമാണെങ്കില്‍ മുഖത്തിനും രണ്ട് കൈകള്‍ക്കും വേണ്ടി ഒരു തയമ്മുമും പിന്നെ തല തടവി ഇരുകാലുകള്‍ക്ക് വേണ്ടി ഒരു തയമ്മുമും ചെയ്യണം.
വുളൂഇന്റെ അവയവങ്ങളിലുള്ള ബാന്‍ഡേജുകള്‍, തുണിക്കഷ്ണങ്ങളെക്കൊണ്ടുള്ള കെട്ടുകള്‍ തുടങ്ങിയവ
ശുദ്ധീകരണ സമയത്ത് അഴിച്ച് മാറ്റല്‍ നിര്‍ബന്ധമാണോ?
അഴിച്ച് മാറ്റല്‍ കൊണ്ട് രോഗം മൂര്‍ച്ചിക്കുകയോ രോഗശമനം വൈകുകയോ മറ്റു വല്ല അപകടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അഴിച്ച് മാറ്റല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ശുദ്ധീകരണ സമയത്ത് അവ അഴിച്ച് മാറ്റാന്‍ സാധിക്കാതെ വന്നാല്‍ ബാന്‍ഡേജുകളേയും മറ്റും വെള്ളം കൊണ്ട് തടവലും കെട്ടുകളില്ലാത്ത ഭാഗം ശരിക്ക് കഴുകലും നിര്‍ബന്ധമാണ്. രോഗ ബാധിത അവയവത്തില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായത് കഴുകുമ്പോള്‍ തന്നെയാണ് അതിന് തയമ്മുമും ചെയ്യേണ്ടത്. എങ്കിലും ആ അവയവം കഴുകുന്നതിന് മുമ്പ് തയമ്മും ചെയ്യലാണ് ഉത്തമം.
രോഗ ബാധിത സ്ഥലത്ത് ബാന്‍ഡേജോ മറ്റ് തരത്തിലുള്ള മറകളോ ഇല്ലാതെ വന്നാല്‍ മുറിവുകളുള്ള ഇടം മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാണോ?
മുമ്പ് വിശദ്ധീകരിച്ചത് പോലെ പ്രയാസങ്ങളൊന്നും ഉണ്ടാവുകയില്ലെങ്കില്‍ മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാവുന്നത് രോഗം തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ആണെങ്കില്‍ മാത്രമാണ്.
തയമ്മും ചെയ്ത് നിസ്‌കരിച്ചവന്റെ മുറിവില്‍ ധാരാളം രക്തം ഉണ്ടെങ്കില്‍ നിസ്‌കാരം മടക്കേണ്ടതുണ്ടോ?
അധികരിച്ച രക്തം പൊറുക്കപ്പെടാത്തത് കൊണ്ടനിസ്‌കാരം മടക്കല്‍ നിര്‍ബന്ധമാണ്.
ശുദ്ധിയോട് കൂടെ ബാന്‍ഡേജ് ധരിച്ച വ്യക്തി മുകളില്‍പ്പറഞ്ഞ നിയമമനുസ്സരിച്ച് തയമ്മും ചെയ്താല്‍ രോഗ ശമന ശേഷം നിസ്‌കാരം മടക്കേണ്ടതുണ്ടോ?
ബാന്‍ഡേജ് തയമ്മുമിന്റെ അവയവത്തിലായതിനാലും
ചെയ്ത വുളൂഉം തയമ്മുമും പൂര്‍ണമല്ലാത്തത് കൊണ്ടും രോഗ ശമന ശേഷം മടക്കല്‍ നിര്‍ബന്ധമാണ്.
ശുദ്ധിയോട് കൂടെ മുഖവും കയ്യുമല്ലാത്ത വുളൂഇന്റെ മറ്റു അവയവങ്ങളില്‍ ബാന്‍ഡേജുകളോ മറ്റ് കെട്ടുകളോ ഉണ്ടായാല്‍ നിസ്‌കാരം മടക്കേണ്ടതുണ്ടോ?
ശുദ്ധിയോട് കൂടെയാണ് ഇവ കെട്ടിയതെങ്കില്‍ നിസ്‌കാരം മടക്കല്‍ നിര്‍ബന്ധമില്ല. പക്ഷേ, മുറിവിനാവശ്യമായതിനപ്പുറം ബാന്‍ഡേജും കെട്ടുകളും ഉണ്ടായാല്‍ നിസ്‌കാരം മടക്കല്‍ നിര്‍ബന്ധമാണ്.
വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫര്‍ള് നിസ്‌കരിച്ച ശേഷം രണ്ടാമത്തെ ഫര്‍ളിന് വേണ്ടി തയമ്മും മടക്കേണ്ടതുണ്ടോ?
തയമ്മുമിന് കാരണമായ രോഗം വുളൂഇന്റെ അവയവത്തിലല്ലെങ്കില്‍ അയാള്‍ തയമ്മും മടക്കേണ്ടതില്ല. കാരണം, ഈ തയമ്മും ബാത്വിലാവുന്നത് വലിയ അശുദ്ധി കൊണ്ട് മാത്രമാണ്. വുളൂഇന്റെ അവയവത്തിലാണെങ്കില്‍ ചെറിയ അശുദ്ധി ഉണ്ടായിട്ടില്ലെങ്കില്‍ തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതിയാവുന്നതാണ്.
ചെറിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫര്‍ള് നിസ്‌കരിച്ചവന്‍ വീണ്ടും ഒരു ഫര്‍ളിന് വേണ്ടി തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതിയാവുമോ?
ആദ്യം ചെയ്ത തയമ്മുമിന് ശേഷം അയാള്‍ക്ക് അശുദ്ധി ഉണ്ടായിട്ടില്ലെങ്കില്‍ തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതി.
No comments:
Post a Comment