Tuesday 14 April 2020

ത്വലാഖ് എന്താണെന്ന് തെറ്റിദ്ധരിച്ചവർക്കു വേണ്ടി






വിവാഹ ബന്ധം വിഛേദിക്കാന്‍ മതം പുരുഷന്‌ നല്‍കിയ ഉപാദിയാണ്‌ ത്വലാഖ്‌. ഭാര്യയുമായി സഹജീവിതം തീര്‍ത്തും ദുസ്സഹമാകുമ്പോള്‍ മാത്രം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഘട്ടംഘട്ടമായി പൂര്‍ത്തിയാവേണ്ട ഒരു പ്രക്രിയയാണിത്‌. ഒറ്റയടിക്ക്‌ ബന്ധ വിഛേദനം സാധ്യമാവും. പക്ഷെ പിണക്കത്തിനു പകരം ഇണക്കത്തിനുള്ള ചതുരുപായങ്ങളും പ്രയോഗിക്കാനാണ്‌ നബി തിരുമേനിയുടെ അധ്യാപനം. അങ്ങനെ ബന്ധ വിഛേദനത്തിന്റെ സാധ്യത പരമാവധി കുറച്ചു കൊണ്ടു വരാനും.

വിവാഹ മോചനത്തിന്‌ മുമ്പ്‌ ഒട്ടെറെ കാര്യങ്ങളെ കുറിച്ച്‌ അവന്‌ ആലോചിക്കേണ്ടതുണ്ട്‌. വിവാഹ വേളയില്‍ ഭാര്യക്ക്‌ നല്‍കിയ മഹ്‌റും മറ്റ്‌ ചെലവുകളും തുടങ്ങിയ നിരവധി സാമ്പത്തിക നഷ്‌ടം, പുതുതായി ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ വേണ്ടി വരുന്ന സാമ്പത്തിക ചെലവുകള്‍ കുട്ടികളുടെ പരിപാലനവും സുരക്ഷതത്വവും കുടുംബത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഭദ്രത ഇങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ച്‌ ആലോചിച്ച ശേഷമെ ത്വലാഖിന്‌ ഒരുങ്ങാന്‍ കഴിയുകയുള്ളൂ. സ്‌ത്രീക്കാവട്ടെ ഇവ്വിതം ഒരു പ്രശ്‌നത്തെകുറിച്ച്‌ ചിന്തിക്കേണ്ട കാര്യമേ ഇല്ല. അത്‌ കൊണ്ട്‌ തന്നെ ത്വലാഖ്‌ അവളുടെ അവകാശമായിരുന്നുവെങ്കില്‍ ബന്ധങ്ങള്‍ തകരാന്‍ എളുപ്പമായിരിക്കും. ഇത്‌ ഒഴിവാക്കാനും അത്‌ വഴി സ്‌ത്രീ സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാനും വേണ്ടിയാണ്‌ പുരുഷന്റെ കയ്യില്‍ ത്വലാഖ്‌ നല്‍കികയത്‌.

ദമ്പതികളും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ആരാേഗ്യകരവും അന്തസ്സാര്‍ന്നതുമായ നില നില്‍പിന്‌ മറ്റു പോംവഴികളുന്നുമില്ലാതെ വരുമ്പോള്‍ മാത്രം പ്രചയോഗിക്കാനുള്ള അവസാനത്തെ ആയുധമാണ്‌ വിവാഹ മോചനം. ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചയും വിരോധവും കൂടുമ്പോള്‍ കുടുംബാന്തരീക്ഷം മുഴുവനും കലുഷിതമായിത്തീരും. അവരുടെ മാത്രമല്ല കുഞ്ഞുങ്ങളുടെയും ജീവിതത്തെ അത്‌ അലങ്കോലപ്പെടുത്തും. ഇതൊഴിവാക്കാനുള്ള മാര്‍ഗം വേര്‍പിരിയുന്നതിന്‌ മുമ്പ്‌ ഒത്തു പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്യേഷിക്കലാണ്‌. ഒരു കുടുംബ ജീവിതം അസ്വസ്‌ത ഭരിതമാകുവാന്‍ ഇസ്‌്‌ലാം അനുവദിക്കുന്നില്ല. വിവാഹ മോചനം നിമിത്തം നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവിതവും താളം തെറ്റും. മാതൃ – പിതൃ ലാളനയും അവര്‍ക്ക്‌ നഷ്ട്‌പ്പെടും. അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ഇത്‌ വളരെ പ്രതി കൂലമായി ഇത്‌ ബാധിച്ചേക്കും.

അത്‌ കൊണ്ട്‌ നിസാര കാരണങ്ങളെ ചൊല്ലി ഏറ്റുവം മര്‍മ്മ ഭേതകമായ വിവാഹ മോചനത്തിന്‌ തുനിഞ്ഞ്‌ കൂടാ എന്നതാണ്‌ മതത്തിന്റെ ശാസന. അകല്‍ച്ചയുടെ ആദ്യ ലക്ഷണം കണ്ടു തുടങ്ങുമ്പോഴെ ചികിത്സിക്കണം.

ഗുണ ദോഷിക്കുക , അച്ചടക്ക നടപടി സ്വീകരിക്കുക, കിടപ്പറ വെടിയുക, മധ്യസ്ഥര്‍ മുഖേന അനുരജ്ഞനത്തിന്റെ സാധ്യതകള്‍ ആരായുക, തുടങ്ങിയ പ്രക്രിയകള്‍ കഴിഞ്ഞു വേണം വേര്‍പാടിനെ കുറിച്ച്‌ ചിന്തിക്കാന്‍.


ത്വലാഖ് : എന്ന അറബീ പദത്തിന്‍റെ ഭാഷാർഥം ചങ്ങല അഴിക്കുക എന്നാണ്.എന്നാല്‍ നിബന്ധനയൊത്ത പദങ്ങള്‍ കൊണ്ട് വിവാഹ ഉടമ്പടി ഒഴിവാക്കുന്നതിനാണ് ശറഇല്‍ ത്വലാഖ് എന്ന് പറയുന്നത്.

മൂന്നു പ്രാവശ്യം ‘ത്വലാഖ് ’ ചൊല്ലി പിരിക്കുന്നതിനെയാണ് മുത്വലാഖ് എന്നു പറയുന്നത്.ഇതിനെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കാത്തതുമാണ്.

യഥാര്‍ത്തത്തില്‍ ത്വലാഖ് ചൊല്ലുന്നതിന്‍റെ വിധി വ്യത്യസ്ഥമാണ്.

പ്രസിദ്ധമായ അഞ്ച് വിധികളും ത്വലാഖില്‍ വരും.

അഥവാ ഹറാം,വാജിബ് ,സുന്നത്ത് ,കറാഹത്ത്,ഹലാല്‍ എന്നീ രൂപങ്ങളിലാണ് അതിന്‍റെ വിധിയുണ്ടാവുക.

ഒരാള്‍ക്ക് ഭാര്യയോടുളള കടമകള്‍ യഥാവിധി പാലിക്കാന്‍ കഴിയാതിരുന്നാല്‍ ത്വലാഖ് ചൊല്ലല്‍ സുന്നത്താണ്. എന്നാല്‍ ത്വലാഖ് ചൊല്ലിയാല്‍ അവളെ മറ്റൊരാള്‍ വ്യഭിചരിക്കുമെന്ന് അവനറിഞ്ഞാല്‍ സഹിക്കാന്‍ പറ്റുന്ന ബുദ്ധിമുട്ടേ ഒളളൂവെങ്കില്‍ ത്വലാഖ് ചൊല്ലല്‍ ഹറാമാകും.

ഒരാള്‍ ഒരിക്കലും സംയോഗം ചെയ്യില്ലന്നോ,നാല് മാസം സംയോഗം ചെയ്യില്ലന്നോ ശപഥം ചെയ്യുകയും നിശ്ചിത സമയത്തിനുളളില്‍ ശപഥത്തില്‍ നിന്ന് പിന്‍മാറി സംയോഗത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറായില്ലങ്കില്‍ ത്വലാഖ് ചൊല്ലല്‍ നിര്‍ബന്ധമാകും.


സംയോഗം ചെയ്യപ്പെട്ട സ്ത്രീയെ ആര്‍ത്തവ കാലയളവിലോ അതിന്‍റെ ശുദ്ധിയിലോ ത്വലാഖ് ചൊല്ലല്‍ ഹറാമാണ്.ഒന്നിലതികം ഭാര്യമാരുളളവന്‍ ദിവസങ്ങളുടെ വിഭജന ചക്രം പൂര്‍ത്തിയാക്കത്തവളെ ത്വലാഖ് ചൊല്ലലും ,അനന്തരവകാശം തടയുക എന്ന ലക്ഷ്യത്തില്‍ രോഗി തന്‍റെ ഭാര്യയെ ത്വലാഖ് ചൊല്ലലും നിഷിദ്ധമാണ്.

ത്വലാഖിലെത്തിച്ചേരാതെ സൂക്ഷിക്കുവാന്‍ കഴിയുന്നത്ര ഭാര്യഭര്‍തൃ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കണമെന്നാണ് ഇസ്ലാമിന്‍റെ താല്‍പര്യം.

പുരുഷന്‍ തന്റെ ഇണയെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ തന്നെ സാധ്യമാകുന്നത്ര അവളോടൊത്തു ജീവിക്കുവാന്‍ പരിശ്രമിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്.

“അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുകയും ചെയ്യുക..."നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നിയേക്കാം. എന്നാല്‍, നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്ന ഒന്നില്‍ തന്നെ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചിരിക്കുകയും ചെയ്യാം” (4:19).

ദമ്പതിമാര്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ചെയ്യേണ്ടതുണ്ടെന്നാണ് ഖുര്‍ആനിന്റെ നിലപാട്. എന്നാല്‍, സ്നേഹവും ഐക്യവും ഇല്ലാതായിത്തീരുകയും വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അവര്‍ തമ്മില്‍ വേര്‍പിരിയുന്നതിന് വിരോധമില്ല. ഈ വേര്‍പിരിയലിന് പുരുഷന്‍ മുന്‍കൈയെടുക്കുമ്പോള്‍ അതിന് ത്വലാഖ് എന്നു പറയുന്നു.

ആര്‍ത്തവ സമയത്ത് സ്ത്രീയെ ത്വലാഖ് ചെയ്യുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ടെന്ന് മുമ്പ് പറഞ്ഞല്ലോ. ഇക്കാലത്ത് സ്ത്രീയുടെ ശാരീരിക-മാനസിക നിലകളില്‍ സ്പഷ്ടമായ മാറ്റമുണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതുകൊണ്ടാണത്.അവള്‍ക്ക് ശുണ്ഠിയും മറവിയും കൂടുതലായിരിക്കും. അക്കാരണത്താല്‍തന്നെ ആര്‍ത്തവകാലത്ത് തമ്മില്‍ പിണങ്ങാനും സാധ്യത കൂടുതലാണ്.

ഈ പിണക്കം വിവാഹമോചനത്തിലേക്ക് നയിച്ചുകൂടാ. ദമ്പതികള്‍ തമ്മില്‍ താല്‍പര്യവും ആഭിമുഖ്യവുമുണ്ടാക്കുവാനുതകുന്ന ലൈംഗികബന്ധം ഇക്കാലത്ത് നിഷിദ്ധവുമാണ്. പിണക്കമെല്ലാം തീരുന്നത് കിടപ്പറയില്‍ വെച്ചാണല്ലോ...

ആര്‍ത്തവകാലത്തുണ്ടാകുന്ന പിണക്കം തീരാന്‍ ശുദ്ധിയായതിന് ശേഷമുള്ള ലൈംഗികബന്ധം മതിയാവും. അതുകൊണ്ടുതന്നെ ആര്‍ത്തവകാലത്ത് ഭാര്യയെ മോചിപ്പിക്കുന്നത് ശരിയല്ലെന്നും അങ്ങനെ മോചിപ്പിച്ചവര്‍ അവളെ തിരിച്ചെടുക്കേണ്ടതുണ്ടെന്നും പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.

ശുദ്ധികാലത്ത് തന്റെ ഭാര്യയെ ത്വലാഖ് ചെയ്യുന്ന പുരുഷന്‍ പക്ഷേ, അവളെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ പാടില്ല. അവള്‍ പുറത്തുപോകാനും പാടില്ല.

മൂന്നു തവണ ആര്‍ത്തവമുണ്ടാകുന്നതുവരെ അവള്‍ ഭര്‍തൃഗൃഹത്തില്‍തന്നെ താമസിക്കേണ്ടതാണ്. ആര്‍ത്തവം നിലച്ചവര്‍ക്ക് മൂന്നു മാസക്കാലവും ഗര്‍ഭിണികള്‍ക്ക് പ്രസവം വരെയുമാണ് ഈ കാലാവധി. ഇദ്ദാ കാലമെന്നാണ് ഈ കാലാവധിക്ക് സാങ്കേതികമായ പേര്...

ഈ കാലത്ത് വിവാഹമോചിത ഭര്‍തൃഗൃഹത്തില്‍തന്നെ താമസിക്കണമെന്നാണ് ഖുര്‍ആനിന്റെ വിധി.

“വിവാഹമുക്തകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍, മൂന്ന് തവണ ആര്‍ത്തവമുണ്ടാവുന്നത് വരെ കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചുവെക്കുവാന്‍ പാടില്ല” (2:228).

“നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദാ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദാകാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അള്ളാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. വീടുകളില്‍നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തുപോവുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവള്‍ ചെയ്യുകയാണെങ്കിലല്ലാതെ… അങ്ങനെ അവര്‍ അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ചുനിര്‍ത്തുകയോ ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക” (65:1,2).

ഇദ്ദയുടെ കാലത്ത് സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരല്ല. എന്നാല്‍, അന്യരുമല്ല. പുരുഷന്റെ വീട്ടിലാണ് അവള്‍ കഴിയുന്നത്. വിവാഹമോചനം ചെയ്ത ശേഷവും സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ താമസിക്കുന്നത് ഇരുവരുടെയും മനസ്സ് മാറ്റുവാന്‍ ഉപകരിക്കും. ഇന്നലെവരെ കൂടെക്കിടന്നവര്‍ ഇന്ന് രണ്ടായി കഴിയുകയാണ്...

അവളെയാണെങ്കില്‍ അയാള്‍ കാണുകയും ചെയ്യുന്നു. അയാളുടെ ആസക്തിയെ ഇളക്കിവിടുവാനും കോപം ശമിപ്പിക്കുവാനും ഇതുമൂലം കഴിഞ്ഞേക്കും. ഇദ്ദാകാലത്ത് അവളെ മടക്കിയെടുക്കുവാന്‍ പുരുഷന് അവകാശമുണ്ട്. നിരുപാധികം അയാള്‍ക്ക് അതിന് സാധിക്കും. കുടുംബസ്ഥാപനം തകരാതിരിക്കുന്നതിന് എത്ര ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്; കര്‍ക്കശമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കാതെതന്നെ വിവാഹമോചനം നടത്തി മൂന്ന് ആര്‍ത്തവകാലം കഴിയുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ അവള്‍ താമസിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ തമ്മില്‍ ഇണങ്ങാന്‍ മാര്‍ഗമില്ല. എങ്കില്‍ പിന്നെ മോചനം തന്നെയാണ് പരിഹാരം. ഈ മോചനംപോലും മാന്യമായിരിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന.

“ഒന്നുകില്‍ മാന്യമായി അവളെ പിടിച്ചുനിര്‍ത്തുക, അല്ലെങ്കില്‍ മാന്യമായി അവളെ പിരിച്ചയക്കുക” (65:2).

വിവാഹസമയത്ത് വരന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായി ഇങ്ങനെ മോചിപ്പിക്കുന്ന സ്ത്രീക്ക് അവകാശപ്പെട്ടതാണ്. കൂടുതലായാലും കുറച്ചായാലും അത് തിരിച്ചുവാങ്ങാന്‍ പാടില്ല.

ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരംതന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് യാതൊന്നുംതന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്”(4:20).

“എന്നാല്‍, ഭാര്യയെ സ്പര്‍ശിക്കുന്നതിനു മുമ്പാണ് മോചനമെങ്കില്‍ നിശ്ചയിക്കപ്പെട്ട വിവാഹമൂല്യത്തിന്റെ പകുതി അവള്‍ക്ക് നല്‍കിയാല്‍ മതിയാകുന്നതാണ്”(2:237).

വിവാഹമോചന സമയത്ത് സ്ത്രീകള്‍ക്ക് മാന്യമായ പാരിതോഷികം നല്‍കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. “വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതുണ്ട്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രേ” (2:241).

ഒരാള്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തി. അല്‍പകാലത്തിനുശേഷം തന്റെ പ്രവൃത്തിയില്‍ അയാള്‍ക്ക് പാശ്ചാതാപം തോന്നി. മോചിതയായ സ്ത്രീയാണെങ്കില്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടിട്ടുമില്ല. അയാള്‍ക്ക് അവളെ തന്റെ ഭാര്യയായി സ്വീകരിക്കണമെന്ന് ആഗ്രഹം ജനിച്ചു. എങ്കില്‍ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നു. ഇങ്ങനെ തിരിച്ചെടുത്തതിനുശേഷം ഒരിക്കല്‍കൂടി അതേസ്ത്രീയെതന്നെ വിവാഹമോചനം ചെയ്യുന്നുവെന്നു കരുതുക. ഒരു പ്രാവശ്യം കൂടി മാത്രമേ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ. മൂന്നാം തവണയും അയാള്‍ അവളെ ത്വലാഖ് ചെയ്യുകയാണെങ്കില്‍ പിന്നെ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ കഴിയില്ല. ഇതാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്ന മൂന്നു ത്വലാഖുകള്‍...

ഖുര്‍ആന്‍ തന്നെ പറയട്ടെ: “(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്… ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനുശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല” (2:229230).

ഇതാണ് ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന മൂന്ന് ത്വലാഖുകള്‍. മൂന്നും മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനങ്ങളാണവ. ഒരേസമയം മൂന്ന് ത്വലാഖ് ഒപ്പം ചൊല്ലുന്നത് നിഷിദ്ധമല്ലങ്കിലും ഒന്നിന്‍റെ മേല്‍ ചുരുക്കലാണ് സുന്നത്ത്..

മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലല്‍ കറാഹത്താണന്നും സുന്നത്തിനെതിരാണന്നും അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്.മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയ ഒരാളെ ഉമര്‍(റ) ചമ്മട്ടികൊണ്ട് അടിക്കുവാന്‍ കല്‍പിക്കുകയുണ്ടായി. ഇതില്‍ നിന്ന് ഇത്തരമൊരു നടപടിയെ ഇസ്ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും...

മൂന്ന് ത്വലാഖുകള്‍ എന്ന പദ്ധതി യഥാര്‍ഥത്തില്‍ സ്ത്രീക്ക് ഗുണകരമാണെന്നതാണ് വാസ്തവം. ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ ഹൃദയത്തിനകത്ത് സ്നേഹത്തിന്റെ ലാഞ്ഛനയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മൂന്നാമത് ത്വലാഖ് ചെയ്യാന്‍ കഴിയില്ല. സ്വന്തം ഭാര്യയോടൊപ്പം ഒന്നിച്ചുകഴിയാന്‍ എന്തെങ്കിലും പഴുതുണ്ടോയെന്ന് അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അതുപയോഗപ്പെടുത്തുകയും ചെയ്യുകയാണ് മൂന്നാമത്തെ ത്വലാഖിന് മുമ്പ് അയാള്‍ ചെയ്യുക. രണ്ടു പ്രാവശ്യം അയാള്‍ സഹിച്ച വിരഹദുഃഖം അയാളെ അലട്ടിക്കൊണ്ടിരിക്കും. ഇനിയൊരിക്കലും ഒന്നിച്ചുകഴിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിന് ശേഷം മാത്രമേ മൂന്നാം പ്രാവശ്യം അയാള്‍ അവളെ വിവാഹമോചനം ചെയ്യുകയുള്ളൂ...


വിവാഹമോചനം: വിവിധ രൂപങ്ങള്‍ 


ഖുല്‍അ് (പ്രതിഫലം നല്‍കി വിവാഹമോചനം)

ഭാര്യ ഉപയോഗപ്രദമായ എന്തെങ്കിലും സാധനം കൊടുത്തു ഭര്‍ത്താവിനെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുന്നതിന്നാണ് ‘ഖുല്‍അ്’ എന്ന് പറയുന്നത്. ഇതിന്ന് ഉപയോഗിക്കുന്ന പദം (ഉദാഹരണം) ‘ഖാലഅ്ത്തുക്കി ബി അല്‍ഫി ദിര്‍ഹമിന്‍’ (ആയിരം വെള്ളിക്ക് നിന്നെ ഞാന്‍ ഖുല്‍അ് ചെയ്തിരിക്കുന്നു) എന്നാകുന്നു. ഇങ്ങനെ ‘ഖുല്‍അ്’ ചെയ്താല്‍ സ്ത്രീക്ക് അവനുമായുള്ള വിവാഹബന്ധം പൂര്‍ണ്ണമായി വേര്‍പെടുന്നതാണ്. പിന്നീട് ‘ഇദ്ദ’യില്‍ മടക്കിയെടുക്കല്‍ അനുവദനീയമല്ല. ‘ഖുല്‍അ്’ ചെയ്ത ഇദ്ദയില്‍ മടക്കിയെടുക്കല്‍ അനുവദനീയമല്ലാത്തതുകൊണ്ട് വിവാഹമോചനം ചെയ്താലും അതവളിലേക്ക് ചേരുകയില്ല. ഇദ്ദയില്‍ രണ്ടാമതും നികാഹ് ചെയ്താല്‍ മാത്രമേ അവള്‍ ഭാര്യയാരിക്കുകയുള്ളൂ._


വിവാഹമോചനം

ഥലാഖ് രണ്ട് വിധമുണ്ട്: വ്യക്തമായ പദങ്ങളുച്ചരിച്ചു കൊണ്ടുള്ളത്. ഇതിന്ന് ‘സ്വരീഹ്’ എന്നു പറയുന്നു. അവ്യക്തമായ പദങ്ങളുച്ചരിച്ചു കൊണ്ടുള്ളതാണ് മറ്റൊന്ന്. ഇതിന്ന് ‘കിനായത്ത്’ എന്നു പറയുന്നു.

സ്വരീഹിന്റെ പദങ്ങള്‍ സറാഹ് (പിരിച്ചു വിടല്‍), ഫിറാഖ് (വേര്‍പെടുത്തല്‍) ഥലാഖ് (അഴിക്കല്‍) എന്നീ മൂന്നെണ്ണമാണ്. മേല്‍പറഞ്ഞ അറബി വാക്കുകളോ അതിന്റെ പരിഭാഷയോ ഉച്ചരിച്ചാല്‍ വിവാഹമോചനം കരുതിയാലും ഇല്ലെങ്കിലും അത് സംഭവിക്കും. തമാശയായി ത്വലാഖ് ചൊല്ലിയാലും സാധുവാകും. ‘ഥല്ലഖ്ത്തുക്കി’ (നിന്റെ വിവാഹബന്ധത്തെ ഞാന്‍ അഴിച്ചു) എന്നോ, നിന്റെ നികാഹ് ബന്ധത്തെ ഞാന്‍ പിരിച്ചുവിട്ടു എന്ന സറാഹില്‍ നിന്നുത്ഭവിച്ച പദം കൊണ്ടോ നിന്റെ നിക്കാഹ് ബന്ധത്തെ ഞാന്‍ വേര്‍പെടുത്തി എന്ന് ‘ഫിറാഖി’ല്‍ നിന്നുത്ഭവിച്ച പദം കൊണ്ടോ ചൊല്ലുന്നത് സ്വരീഹിന്ന് ഉദാഹരണമാണ്

‘കിനായത്തി’ന്റെ പദങ്ങള്‍ അനവധിയുണ്ട്. ത്വലാഖ് ചൊല്ലുകയാണെന്ന ഉദ്ദേശ്യത്തോടുകൂടി ചൊല്ലിയാല്‍ മാത്രമേ കിനായത്തിന്റെ പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ത്വലാഖ് സംഭവിക്കുകയുള്ളൂ. നീ എനിക്ക് നിഷിദ്ധമാണ്, നീ വിധവയാണ്, നീ എന്റെ മാതാവിനെപ്പോലെയാണ്, നീ സ്വതന്ത്രയാണ് എന്നിവയെല്ലാം കിനായത്തിന്റെ പദങ്ങളാണ്.

ഥലാഖ് സുന്നിയ്യ്, ബിദഇയ്യ് എന്നീ രണ്ടു വിധമുണ്ട്. ഒരാള്‍ തന്റെ ഭാര്യയെ സംയോഗം ചെയ്യാത്ത ശുദ്ധിഘട്ടത്തില്‍ ഥലാഖ് ചൊല്ലുന്നതിന്ന് ഥലാഖ് സുന്നിയ്യെന്നും സംയോഗം ചെയ്ത ശുദ്ധിയിലോ അശുദ്ധിയുള്ള അവസരത്തിലോ ഥലാഖ് ചൊല്ലുന്നതിന്ന് ബിദഇയ്യ് (നിഷിദ്ധമാക്കപ്പെട്ടത്) എന്നും പറയുന്നു. ആര്‍ത്തവ പ്രായമെത്താത്ത പെണ്‍കുട്ടി, ആര്‍ത്തവമുണ്ടാകുകയില്ലെന്ന് നിരാശപ്പെട്ടവള്‍, ഗര്‍ഭിണി, പ്രതിഫലം കൊടുത്തു വിവാഹമോചനം ചെയ്യിച്ചവള്‍, ഭര്‍ത്താവ് സംയോഗം ചെയ്യാത്തവള്‍ എന്നിവരെ ഥലാഖ് ചൊല്ലല്‍ മേല്‍പറഞ്ഞ രണ്ട് വിധത്തിലും പെട്ടതല്ല.

സ്വതന്ത്രന്മാര്‍ക്ക് മൂന്ന് ത്വലാഖിന്നും അടിമകള്‍ക്ക് രണ്ട് ത്വലാഖിന്നും അവകാശമുണ്ട് . മൂന്ന് ത്വലാഖ് ഞാന്‍ ചൊല്ലി ഒന്നൊഴികെ എന്നുപറഞ്ഞാല്‍ രണ്ട് ത്വലാഖ് പോകും. (പക്ഷേ, അതിന്ന് അഞ്ച് നിബന്ധനകളുണ്ട്. അവ ഒക്കാതിരുന്നാല്‍ മൂന്നും പോകും.) വിവാഹമോചനത്തെ ഒരു വിശേഷണത്തോടോ മറ്റു വല്ല നിബന്ധനകളോടോ ബന്ധിപ്പിച്ചു പറഞ്ഞാലും ത്വലാഖ് ശരിയാകുന്നതാണ്. നീ ആര്‍ത്തവക്കുളി കുളിച്ചാല്‍ ത്വലാഖ് നഷ്ടപ്പെട്ടവളാണ്, വീട്ടില്‍ നിന്നു പുറത്ത് പോയാല്‍ നിനക്ക് ത്വലാഖ് ഇല്ലാത്തവളാണ് മുതലായവയെല്ലാം അതിന്നുദാഹരണമാണ്. മേല്‍പറഞ്ഞ രൂപത്തില്‍ അവള്‍ കുളിക്കുകയോ, പുറത്ത് പോകുകയോ ചെയ്താല്‍ ത്വലാഖ് പോകും. വിവാഹം ചെയ്യുന്നതിന്നു മുമ്പ് തന്നെ ഒരാള്‍, താന്‍ വിവാഹം ചെയ്യുന്ന സ്ത്രീയെ ത്വലാഖ് ചൊല്ലി എന്നു പറഞ്ഞാല്‍ അത് ശരിയാകുന്നതല്ല.

പ്രായപൂര്‍ത്തിയാകാത്തവര്‍ (കുട്ടികള്‍), ഭ്രാന്തന്മാര്‍, ഉറക്കത്തില്‍ പറഞ്ഞവര്‍, നിര്‍ബന്ധിതരായി ചൊല്ലിയവര്‍ എന്നിവരുടെ ത്വലാഖ് അസാധുവാണ്.


മടക്കിയെടുക്കല്‍

ഭാര്യയെ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയവ (സ്വതന്ത്ര)ന്ന് ഇദ്ദ കഴിയുന്നതിന്ന് മുമ്പ് അവളുടെ അനുവാദം കൂടാതെത്തന്നെ മടക്കിയെടുക്കല്‍ അനുവദനീയമാണ്.’അവളെ ഞാന്‍ മടക്കിയെടുത്തു’ എന്നുപറഞ്ഞാല്‍ മതി. ഇദ്ദ കഴിഞ്ഞവളെ മടക്കിയെടുക്കാവതല്ല. രണ്ടാമത് നികാഹ് ചെയ്യണം.
എന്നാല്‍ മാത്രമെ അവള്‍ അനുവദനീയമാകുകയുള്ളൂ_.

മടക്കിയെടുത്താലും രണ്ടാമത് നികാഹ് ചെയ്താലും ഥലാഖിന്റെ എണ്ണത്തില്‍ നിന്നു ബാക്കിയുള്ള എണ്ണം മാത്രമെ പിന്നീട് അവന്നര്‍ഹതയുണ്ടാകുകയുള്ളൂ.

ഇനി മൂന്ന് ത്വലാഖും ചൊല്ലിയാല്‍ ആ സ്ത്രീ വീണ്ടും അവന്ന് അനുവദനീയമാകാന്‍ അഞ്ച് നിബന്ധനകള്‍ പാലിക്കേണ്ടതണ്: 

1) അവന്റെ ‘ഇദ്ദ’ കഴിയല്‍.

2) അവളെ മറ്റൊരാള്‍ വിവാഹം ചെയ്യല്‍.

3) രണ്ടാമനുമായി സംയോഗമുണ്ടാകല്‍,

4) രണ്ടാമന്‍ ഥലാഖ് ചൊല്ലല്‍.

5) അവന്റെ ‘ഇദ്ദ’ കഴിയല്‍. ഈ അഞ്ച് കാര്യങ്ങള്‍ക്ക് ശേഷം മാത്രമേ ആദ്യത്തവന്ന് അവള്‍ അനുവദനീയമാകുകയുള്ളൂ.


അല്‍ ഈലാഅ്

ഭാര്യയെ സംയോഗം ചെയ്യുകയില്ലെന്ന് ഭര്‍ത്താവ് സത്യം ചെയ്ത് അകന്ന് നില്‍ക്കുന്നതിന്നാണ് ‘ഈലാഅ്’എന്നുപറയുന്നത്. ഈ സത്യം നിരുപാധികമായാലും നാല് മാസത്തില്‍ കൂടുതല്‍ സമയം നിശ്ചയിച്ചു കൊണ്ടുള്ളതാണെങ്കിലും നാല് മാസം കഴിഞ്ഞാല്‍ ഒന്നുകില്‍ സംയോഗമോ അല്ലെങ്കില്‍ വിവാഹമോചനമോ ആവശ്യപ്പെടാന്‍ അവള്‍ക്കധികാരമുണ്ട്. സംയോഗം ചെയ്താല്‍ അതോടുകൂടി പ്രശ്‌നം അവസാനിച്ചു.

സത്യത്തിനെതിര് പ്രവര്‍ത്തിച്ചതിന്ന് ‘കഫ്ഫാറത്ത്’ (പ്രായശ്ചിത്തം) കൊടുക്കണമെന്നു മാത്രം. പ്രത്യുത അവന്‍ അതിന്ന് വിസമ്മതിക്കുകയാണെങ്കില്‍ ന്യായാധിപന്‍ അവര്‍ തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തേണ്ടതാണ്.


‘ളിഹാര്‍'


ഭര്‍ത്താവ് ഭാര്യയെ തന്റെ ഉമ്മയുടെ മുതുകിനോട് സാദൃശ്യപ്പെടുത്തി പറയുന്നതിന്നാണ് ‘ളിഹാര്‍’ എന്നു പറയുന്നത്. വിവാഹ മോചനം സാധുവാകുന്ന ഒരാള്‍ ‘നീ എന്റെ ഉമ്മയുടെ മുതുക് പോലെയാണ്’ എന്ന് തന്റെ ഭാര്യയോട് പറഞ്ഞാല്‍ ‘ളിഹാര്‍’ ആയി. ‘നീ എന്റെ ഉമ്മയെപ്പോലെയാണ്’ എന്നോ ‘സഹോദരിയെപ്പോലെയാണ്’ എന്നോ അല്ലെങ്കില്‍ തനിക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ട മറ്റുവല്ല സ്ത്രീകളോട് തുല്യമാക്കി അവരെപ്പോലെയാണെന്നോ പറഞ്ഞാല്‍ അത് ളിഹാറിന്റെ അവ്യക്തമായ പദങ്ങളാണ്. (ളിഹാറാണെന്ന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് ളിഹാറാകും.)

മുമ്പ് പറഞ്ഞത് വ്യക്തമായ പദമായതു കൊണ്ട് അതില്‍ ‘നിയ്യത്തി’ ല്ലെങ്കിലും അത് ളിഹാറാകുന്നതാണ്. ളിഹാറിന്റെ ഉടനെ അവളെ ത്വലാഖ് ചൊല്ലാത്ത പക്ഷം അവന്‍ ളിഹാറില്‍ നിന്ന് മടങ്ങി എന്നതാണ് അതിന്നര്‍ത്ഥം. (ളിഹാറിന്നു ശേഷം ത്വലാഖ് ചൊല്ലിയാല്‍ അത് സംഭവിക്കുന്നതാണ്, അപ്പോള്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല.) അപ്പോള്‍ സത്യത്തിന്റെ പ്രായശ്ചിത്തം നല്‍കേണ്ടതാണ്. ന്യൂനതകളൊന്നുമില്ലാത്ത ഒരു മുസ്‌ലിം അടിമസ്ത്രീയെ മോചിപ്പിക്കുക, അതിന്ന് സാധിക്കാത്ത പക്ഷം തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ടിക്കുക, അതിന്നും കഴിയാത്ത പക്ഷം രാജ്യത്തെ മികച്ച ഭക്ഷ്യ സാധനത്തില്‍ നിന്ന് അറുപത് സാധുക്കള്‍ക്ക് ഒരു മുദ്ദ് വീതം ദാനമായി നല്‍കുക- ഇതാണ് സത്യത്തിന്റെ പ്രായശ്ചിത്തം. ഇത് ചെയ്ത ശേഷം മാത്രമേ അവളെ അവന്ന് സംയോഗം ചെയ്യല്‍ അനുവദനീയമാകുകയുള്ളൂ.


*ലിആന്‍*


ഭര്‍ത്താവ് തന്റെ ഭാര്യയുടെ ചാരിത്ര ശുദ്ധിയില്‍ സംശയിക്കുകയും അവളില്‍ വ്യഭിചാരമാരോപിക്കുകയും ചെയ്തിട്ട് അവന്ന് സാക്ഷികളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍, നാല് പ്രാവശ്യം താന്‍ ഉന്നയിച്ച കാര്യം സത്യമാണെന്നും അഞ്ചാം പ്രാവശ്യം, കളവ് പറഞ്ഞവനാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെമേല്‍ ഉണ്ടായിക്കൊള്ളട്ടെ എന്നും പറയുന്നതിന്നാണ് ലിആന്‍ എന്ന് പറയുന്നത്. സാക്ഷിയില്ലാതെ വ്യഭിചാരാരോപണം നടത്തിയവന്‍ ലിആന്‍ ചെയ്തില്ലെങ്കില്‍ അപവാദം പറഞ്ഞതിന്റെ ശിക്ഷക്ക് വിധേയനാകുന്നതാണ്. ലിആനിന്ന് ഉപയോഗിക്കുന്ന വാക്കുകള്‍ ഇതാണ്:

(എന്റെ ഭാര്യ ഇന്നവളെ അപവാദം പറഞ്ഞതില്‍ ഞാന്‍ സത്യവാനാണ്. അതിന്ന് അല്ലാഹുവിനെ ഞാന്‍ സാക്ഷിയാക്കുന്നു. ഈ കുട്ടി വ്യഭിചാരത്തില്‍ ജനിച്ചതാണ്. ഇത് എന്റെ കുട്ടിയല്ല.)

ഇപ്രകാരം നാല് പ്രാവശ്യം പറയണം. ജനസമൂഹത്തിന്റേയും വിധികര്‍ത്താവിന്റെയും സാന്നിദ്ധ്യത്തില്‍ പള്ളി മിമ്പറില്‍ കയറി നിന്നാണ് ഇപ്രകാരം പറയേണ്ടത്. നാല് പ്രാവശ്യം പറഞ്ഞ ശേഷം അസത്യം പറഞ്ഞാലുള്ള ശിക്ഷയെ സംബന്ധിച്ച് വിധികര്‍ത്താവ് അവനെ തര്യപ്പെടുത്തണം. അതിന്ന് ശേഷം, ‘ഞാന്‍ അസത്യം പറഞ്ഞതാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ ഉണ്ടാവട്ടെ’ എന്നു പറയുകയും വേണം. എന്നാല്‍ ലിആനായി_.


ഇങ്ങനെ ‘ലിആന്‍’ ചെയ്താല്‍ അതുമൂലം അഞ്ച് കാര്യങ്ങള്‍ ഉത്ഭവിക്കുന്നതാണ്:

1) അപവാദം പറഞ്ഞതിന്റെ ശിക്ഷയില്‍ നിന്ന് അവന്‍ മുക്തനാകും.

2) ഭാര്യ വ്യഭിചാരത്തിന്റെ ശിക്ഷക്കര്‍ഹയാകും. (അവള്‍ ലിആന്‍ ചെയ്തിട്ടില്ലെങ്കില്‍).

3) അവര്‍ തമ്മിലുള്ള വിവാഹബന്ധം മുറിയും.

4) കുട്ടിയെ അവനിലേക്ക് ചേര്‍ക്കുന്നതല്ല.

5) ഇനി ഒരിക്കലും അവര്‍ തമ്മില്‍ വിവാഹിതരാകാന്‍ പാടില്ല.

ഭര്‍ത്താവ് പറഞ്ഞത് പോലെ ഭാര്യക്കും ആകാം.

നാല് പ്രാവശ്യം തന്റെ നിരപരാധിത്വം രേഖപ്പെടുത്തണം. ഇതിന്നായി, ഭര്‍ത്താവ് തന്റെ പേരില്‍ ആരോപിച്ചത് കളവാണെന്നും അയാള്‍ കളവ് പറഞ്ഞതാണെന്നും സാക്ഷ്യപ്പെടുത്തണം. അഞ്ചാംപ്രാവശ്യം വിധികര്‍ത്താവിന്റെ ഉപദേശത്തിന്നു ശേഷം ഭര്‍ത്താവ് പറഞ്ഞത് വാസ്തവമാണെങ്കില്‍ അല്ലാഹു തന്നെ ശപിച്ചു കൊള്ളട്ടെ എന്നു പറയുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഭാര്യ വ്യഭിചാരത്തിന്റെ ശിക്ഷയില്‍ നിന്നൊഴിവാകുന്നതാണ്.

No comments:

Post a Comment