Monday 10 June 2024

കോഴിയെ അറത്തപ്പോൾ തല വേറിട്ടാലോ?

 

കോഴി ആട് മുതലായവ അറക്കുമ്പോൾ തല വേർപെട്ടു പോയാൽ തിന്നൽ അനുവദനീയമാവുമോ? 

തിന്നുന്നതിന് വിരോധമില്ല. (തർശീഹ്: 205)


താജുൽ ഉലമാ ശൈഖനാ കെ.കെ.

സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)

സമ്പൂർണ്ണ ഫതാവാ| പേജ്: 249 (519)



ഇഹ്റാമിലായിരിക്കെ സ്വന്തം ഭാര്യയെ നോക്കുന്നതിനും തൊടുന്നതിനും വിരോധമുണ്ടോ? അതിനാൽ അറവു ബാദ്ധ്യതപ്പെടുമോ?

 

ലൈംഗികാഗ്രഹമില്ലാതെ കേവലം നോക്കലും തൊടലും നിഷിദ്ധമല്ല. മോഹത്തോടെയാണെങ്കിൽ നിഷിദ്ധവുമാണ്. എങ്കിലും മറയില്ലാതെ ആലിംഗനം ചെയ്യൽ പോലെ തൊലി തമ്മിൽ ചേർന്നുള്ള സുഖാസ്വാദനമുണ്ടെങ്കിൽ മാത്രമേ അറവു നിർബ്ബന്ധമുള്ളൂ. ഇല്ലെങ്കിൽ അതു നിർബ്ബന്ധമില്ല. തുഹ്ഫ: 4-174.


  • ഹുജ്ജതുൽ ഉലമാ മൗലാനാ നജീബുസ്താദ് മമ്പാട്
  • ചോദ്യോത്തരം: 2023 ആഗസ്റ്റ്

Thursday 6 June 2024

ശാപവാക്കുകളും ഇസ്‌ലാമിന്റെ കാഴ്ചപ്പാടും


ശപിക്കുക അല്ലെങ്കിൽ പ്രാകുക (പ്-രാക്ക്) എന്നൊക്കെ പറയാം .സർവ്വ സാധാരണമായി ആളുകൾ ഒരു രക്ഷാ മാർഗ്ഗം എന്ന നിലയിൽ തന്റെ ദേഷ്യങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവനെ ശപിക്കുമ്പോൾ അവനറിയുന്നില്ല അതിന്റെ ഭവിഷ്യത്ത് എത്രത്തോളം വലുതാണെന്ന്. ഈ ഒരു വിഷയത്തിൽ അറിവില്ലാത്തവരും,അറിവുള്ളവരിൽ പലരും സമന്മാരാണ്. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അപരനിൽ നിന്നും  സംഭവിക്കുമ്പോൾ അപരനെ കായികമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇനി അവനെ ശപിക്കലിലൂടെ ഇദ്ദേഹം ആത്മ സംതൃപ്തി കണ്ടെത്തുന്നു. ശാപ വാക്കുകൾ ചൊരിയുന്നതിൽ പലരും ഒഴിവല്ല .

മക്കളെ ശപിക്കുന്ന എത്രയെത്ര മാതാപിതാക്കൾ,സ്വന്തം ചോരയെ ശപിക്കുന്ന മറു ചോര,കൂട്ടുകാരനെ ശപിക്കുന്ന കൂട്ടുകാരൻ ഇങ്ങനെ പല രീതിയിൽ ശാപം അന്തരീക്ഷത്തിലൂടെ വിഷലിപ്‌തമാക്കുന്നു. ഇതിൽ മാതാ-പിതാക്കൾ മക്കളെ ചെറിയ ദേഷ്യത്തിന്റെ പേരിൽ ശപിക്കുന്നത് പല ദൂര വ്യാപക ഫലങ്ങളും ഉണ്ടാക്കുന്നു. ഈ ദേഷ്യത്തിലൂടെ പുറത്തു വരുന്ന ശാപ വാക്കുകൾ ഈ മക്കളുടെ ദുനിയാവും,ആഖിറവും നഷ്ടമാകുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കാരണം മാതാപിതാക്കൾ മക്കൾക്കനുകൂലമായും,പ്രതികൂലമായും പ്രാർത്ഥിക്കുന്നത്, മോശമായ രീതിയിൽ ആണെങ്കിലും അത് സ്വീകരിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.

ആയതു കൊണ്ട് നമുക്കുണ്ടാകുന്ന ദേഷ്യം ശാപ വാക്കുകളിലൂടെ പ്രയോഗിക്കാതെ അല്ലാഹുവിനോട് നന്മയ്ക്ക് വേണ്ടി ദുആ ചെയ്യുന്ന മനസ്സിനുടമയാകണം. കാരണം നന്മയും,തിന്മയും അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മറ്റൊരാളെ ശാപ വാക്കുകൾ കൊണ്ട് ഉപദ്രവിക്കാൻ കഴിയില്ല.ഇനി ശാപവാക്കുകൾ ചൊരിയുന്നത് ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകൾ പരിശോധിക്കാം.

عَنْ أَبِي الدَّرْدَاءِ،  قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ الْعَبْدَ إِذَا لَعَنَ شَيْئًا صَعِدَتِ اللَّعْنَةُ إِلَى السَّمَاءِ فَتُغْلَقُ أَبْوَابُ السَّمَاءِ دُونَهَا ثُمَّ تَهِبْطُ إِلَى الأَرْضِ فَتُغْلَقُ أَبْوَابُهَا دُونَهَا ثُمَّ تَأْخُذُ يَمِينًا وَشِمَالاً فَإِذَا لَمْ تَجِدْ مَسَاغًا رَجَعَتْ إِلَى الَّذِي لُعِنَ فَإِنْ كَانَ لِذَلِكَ أَهْلاً وَإِلاَّ رَجَعَتْ إِلَى قَائِلِهَا ‏

അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത്‌ കാരണം ആ ശാപം ഭൂമിയിലേക്ക്‌ തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത്‌ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും. (അബൂദാവൂദ്‌:4905)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ

ഇബ്നു മസ്‌ഊദ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല. (തിർമിദി:1977)

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ ‏لا ينبغي لصدِّيق أن يكون لعانًا‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശപിക്കൽ സത്യവാൻമാർക്ക് യോജിച്ചതല്ല. (മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ، قَالَ قِيلَ يَا رَسُولَ اللَّهِ ادْعُ عَلَى الْمُشْرِكِينَ قَالَ :‏ إِنِّي لَمْ أُبْعَثْ لَعَّانًا وَإِنَّمَا بُعِثْتُ رَحْمَةً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ബഹുദൈവാരാധകർക്കെതിരെ പ്രാർത്ഥിക്കുക. നബി ﷺ പറഞ്ഞു: ശപിക്കുന്നവനായിട്ടല്ല ഞാൻ അയക്കപ്പെട്ടത്, തീർച്ചയായും കാരുണ്യമായിക്കൊണ്ടാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്. (മുസ്ലിം:2599)

عَنْ أَبِي الدَّرْدَاءِ، سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّعَّانِينَ لاَ يَكُونُونَ شُهَدَاءَ وَلاَ شُفَعَاءَ يَوْمَ الْقِيَامَةِ

അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറയുന്നത് ഞാൻ കേട്ടു: ശപിക്കുന്നവർ അന്ത്യനാളിൽ സാക്ഷിക്കോ ശുപാർശക്കോ  പറ്റുന്നവരല്ല. (മുസ്‌ലിം:2598)

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللهُ  പറഞ്ഞു: നിശ്ചയം, മനുഷ്യൻ വിതച്ചതേ കൊയ്യൂ, ധാരാളമായി ശപിക്കുകയെന്ന തിന്മ പരലോകത്ത് ശുപാർശയെന്ന നന്മയെ തടയുന്നതാണ്.

عَنِ ابْنِ عَبَّاسٍ، أَنَّ رَجُلاً، لَعَنَ الرِّيحَ – وَقَالَ مُسْلِمٌ إِنَّ رَجُلاً نَازَعَتْهُ الرِّيحُ رِدَاءَهُ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَلَعَنَهَا – فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لاَ تَلْعَنْهَا فَإِنَّهَا مَأْمُورَةٌ وَإِنَّهُ مَنْ لَعَنَ شَيْئًا لَيْسَ لَهُ بِأَهْلٍ رَجَعَتِ اللَّعْنَةُ عَلَيْهِ ‏”‏ ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കാലത്ത് ഒരാള്‍‍ കാറ്റിനെ ശപിച്ചു. – നബി ﷺ യുടെ കാലത്ത് കാറ്റ് ഒരാളുടെ മേലങ്കി തട്ടിയെടുത്ത് അവൻ അതിനെ ശപിച്ചു. –  അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ശപിക്കരുത്. കാരണം അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക മാത്രമാണ്‌ ചെയ്യുന്നത്. ഒരാള്‍ ശാപത്തിന് അര്‍ഹമല്ലാത്ത ഒന്നിനെ ശപിച്ചാല്‍ ആ ശാപം അവനിലേക്ക് തന്നെ മടങ്ങിവരുന്നതാണ്. (അബൂദാവൂദ്: 4908)

عَنْ سَمُرَةَ بْنِ جُنْدُبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ تَلاَعَنُوا بِلَعْنَةِ اللَّهِ وَلاَ بِغَضَبِ اللَّهِ وَلاَ بِالنَّارِ ‏

സമുറത്തു ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ശാപം കൊണ്ടൊ, കോപം കൊണ്ടൊ, നരകം കൊണ്ടൊ നിങ്ങൾ പരസ്പരം ശപിക്കരുത്. (അബൂദാവൂദ്:4906)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قال رسول الله صلى الله عليه وسلم: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

അബൂ സഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്” അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി ﷺ പ്രതിവചിച്ചു: “നിങ്ങൾ‍ ശാപം വര്‍ദ്ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു”. (ബുഖാരി : 304)

عَنْ ثَابِتِ بْنِ الضَّحَّاكِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : وَلَعْنُ الْمُؤْمِنِ كَقَتْلِهِ

സാബിത്ത്‌ ബ്നു ളഹാക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊന്നതിന് തുല്യമാണ്. (ബുഖാരി:6105)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)

أَنَّ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ رَهْطٌ مِنَ الْيَهُودِ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالُوا السَّامُ عَلَيْكَ‏.‏ فَفَهِمْتُهَا فَقُلْتُ عَلَيْكُمُ السَّامُ وَاللَّعْنَةُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَهْلاً يَا عَائِشَةُ، فَإِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ‏”‏‏.‏ فَقُلْتُ يَا رَسُولَ اللَّهِ أَوَلَمْ تَسْمَعْ مَا قَالُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ فَقَدْ قُلْتُ وَعَلَيْكُمْ ‏”‏‏.‏

ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: ഒരു സഘം യഹൂദന്മാർ നബി ﷺ യുടെ സന്നിധിയിൽ വന്ന് പറഞ്ഞു: “അസ്സാമു അലൈക” (മരണം നിങ്ങളുടെമേൽ ഉണ്ടാകട്ടെ). ഞാൻ അത് മനസ്സിലാക്കി അവരോട് പറഞ്ഞു: “അലൈക്കും അസ്സാമു വൽ-ലഅ്ന (മരണവും ശാപവും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ). നബി ﷺ പറഞ്ഞു: ആയിശാ,  ശാന്തമായിരിക്കുക! എല്ലാ കാര്യങ്ങളിലും ദയയും സൗമ്യതയും കാണിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.” ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ! അവർ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ?” നബി ﷺ പറഞ്ഞു: “അലൈക്കും” (നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന്) ഞാനും (അവരോട്) പറഞ്ഞിട്ടുണ്ട്. (അതല്ലാതെ ശപിച്ചു പറയേണ്ടതില്ല). (ബുഖാരി:6256)

ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് (ശപിക്കല്‍) ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)

ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)

ഇവിടെ പറഞ്ഞതിൽ നിന്നും ശാപ വാക്കുകളുടെ കാഠിന്യം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. നിസ്സാര പ്രശ്നത്തിന്റെ പേരിലോ,മറ്റുള്ളവരെ തകർത്തു കളയാം എന്ന പേരിലോ , അസൂയയുടെ പേരിലോ, വിഷമത്തിന്റെ പേരിലോ മറ്റുള്ളവരെ ശപിക്കുന്നവർ ഈ വേള ഇതൊക്കെ ഓർക്കൽ നല്ലതാണ്.

നല്ലത് പ്രവർത്തിക്കാനും,നല്ലത് ചിന്തിക്കാനും,മറ്റുള്ളവർക്കും സ്വന്തത്തിനും ഗുണം കിട്ടുവാൻ നമ്മുടെ കരങ്ങൾ എപ്പോളും നാഥനിലേക്ക് ഉയർത്തുക. അല്ലാഹു നാമെല്ലാവരെയും ശാപ വാക്കുകൾ ചൊരിയുന്നതിൽ നിന്നും,അതിന്റെ കൂട്ടരിൽ നിന്നും കാത്തു രക്ഷിക്കട്ടെ.  

Saturday 1 June 2024

ഒരു ഹലാലായ കാര്യം ഹാസിലാവാൻ വേണ്ടി 13 ദിവസം തുടർച്ചയായി ളുഹാ നിസ്കരിക്കാമെന്ന് ഞാൻ നേർച്ചയാക്കി. എന്നാൽ 13 ദിവസത്തിനിടയിൽ ഞാൻ ഹൈള് കാരി ആവുകയും നിർവഹിക്കാൻ കഴിയാതെ വരികയും ചെയ്തു. എന്നാൽ എങ്ങനെയാണ് ഈ നേർച്ച വീടുക?

 

ഏതെങ്കിലും ഒരു നിസ്കാരം നിശ്ചിത സമയത്ത് നിർവ്വഹിക്കാമെന്ന് നേർച്ച നേർന്നാൽ ആ സമയത്ത് തന്നെ അത് നിർവഹിക്കൽ നിർബന്ധമാണ്. അതിന് സാധിക്കാതെ നഷ്ടപ്പെട്ട് പോയാൽ ഖളാഅ് വീട്ടൽ നിർബന്ധമാണ്. (അൽ ബഹ്റുർറാഇഖ് 4/142). അതനുസരിച്ച് മാസമുറ നിമിത്തം എത്ര ദിവസത്തെ ളുഹാ നിസ്കാരമാണോ നഷ്ടപ്പെട്ടത് അത് പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്.

പ്രായപൂർത്തിയാകാത്ത ഹാഫിളായ കുട്ടി ഇമാമായി നിൽക്കുന്ന തറാവീഹ് നിസ്കാരം ഞങ്ങളുടെ നാട്ടിൽ ഉണ്ട്. അതിൽ പങ്കെടുക്കുന്നതിന്റെ വിധി എന്താണ് ?

 

പലകാരണങ്ങളാൽ അത് കുറ്റകരമായ കറാഹത്താണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഇമാമായി നിസ്കരിക്കുന്നത് അനുവദനീയമല്ല, ലെെംഗിക ചുവയുള്ള നോട്ടം, സംസാരം തുടങ്ങിയ തെറ്റുകളും കുഴപ്പങ്ങളും വ്യാപിച്ച ഇക്കാലത്ത് സ്തീകൾ ജമാഅത്ത് നിസ്കാരത്തിനായി അവരുടെ വീടുകളിൽ നിന്ന് പുറത്ത് പോകൽ കറാഹത്താണ്, സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരം കൊണ്ട് കല്പന ഇല്ല എന്നിവയാണ് പ്രസ്തുത കാരണങ്ങൾ. 

"പ്രായപൂർത്തിയായവർക്ക് കുട്ടികളെ ഇമാമാക്കി തുടർന്ന് നിസ്കരിക്കൽ അനുവദനീയമല്ല. ബലഖ് നാട്ടിലെ പണ്ഡിതന്മാർ തറാവീഹിലും മറ്റ് സുന്നത്ത് നിസ്കാരങ്ങളിലും കുട്ടികളെ ഇമാമാക്കി നിസ്കരിക്കൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നിസ്കാരത്തിലും ഇത് പാടില്ല എന്നതാണ് പ്രബലമായ അഭിപ്രായം". (അൽ ഇനായഃ ശറഹുൽ ഹിദായഃ 2/73). 

"ഈ കാലഘട്ടത്തിൽ ലെെംഗിക കുറ്റകൃത്യങ്ങൾ വ്യാപിച്ചതിനാൽ പ്രായ ഭേദമന്യേ സ്ത്രീകൾ ഏതെങ്കിലും നിസ്കാരത്തിന്റെ ജമാഅത്തിൽ സംബന്ധിക്കാൻ പോകുന്നത് കുറ്റകരമായ കറാഹത്താണ്"(അല്ലുബാബ് 1/40). "സ്ത്രീകൾ മാത്രം ജമാഅത്തായി നിസ്കരിക്കുന്നത് കുറ്റകരമായ കറാഹത്താണ്". (അല്ലുബാബ് പേ:34).

ബാങ്കിൽ നിന്നും പലിശയായി കിട്ടിയ തുക സ്വദഖയായി തന്നാൽ സ്വീകരിക്കുന്നതിന് തെറ്റുണ്ടോ ? അത് ഉപയോഗിച്ചാൽ പലിശയുടെ ഇനത്തിൽ പെടുമോ ?

 

പാടില്ല. "മറ്റുള്ളവരുടെ കയ്യിൽ നിന്ന് പിടിച്ച് പറിച്ചതോ കവർന്നെടുത്തതോ കെെക്കൂലി വാങ്ങിയതോ ആയ പണം അവർക്കോ മറ്റുള്ളവർക്കോ അനുവദനീയമല്ല". (ഹാശിയതു റദ്ദിൽ മുഹ്താർ 2/318).

ഇങ്ങനെ ഹറാമായ മാർഗത്തിൽ ലഭിച്ച പണം  അല്ലാഹുവിൽ നിന്ന് പ്രതിഫലം ഉദ്ദേശിച്ച് കൊണ്ട് സ്വദഖ ചെയ്യുന്നതും അതിന് വേണ്ടി സ്വദഖ സ്വീകരിച്ച ആൾ പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കുറ്റമാണ്. "ഹറാമായ മുതലിൽ നിന്ന് ആരെങ്കിലും ഒരാൾ ഒരു ദരിദ്രനായ വ്യക്തിക്ക് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് സ്വദഖ കൊടുക്കുകയും അത് സ്വീകരിച്ച വ്യക്തി അത് അറിഞ്ഞ് കൊണ്ട് സ്വദഖ നൽകിയ ആൾക്ക് വേണ്ടി ദുആ ഇരക്കുകയും അയാൾ അതിന് ആമീൻ പറയുകയും ചെയ്താൽ അവർ എല്ലാവരും കാഫിറാകുന്നതാണ്. ദുആ ഇരക്കുന്നതും ആമീൻ പറയുന്നതും സദഖ കൊടുത്ത വ്യക്തിയോ അത് സ്വീകരിച്ച വ്യക്തിയോ  ആകണമെന്നില്ല. മറ്റുള്ളവരായാലും വിധി ഇത് തന്നെയാണ്. ദരിദ്രന് സ്വദഖ ചെയ്യുന്നത് പോലെ തന്നെയാണ് ഹറാമായ സമ്പത്ത് കൊണ്ട് പ്രതിഫലം ആഗ്രഹിച്ച് പള്ളി നിർമ്മിക്കുകയോ അത് പോലുള്ള മറ്റ് കാര്യങ്ങൾ ചെയ്യുന്നതും. ശിക്ഷ ലഭിക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട് പ്രതിഫലം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. അനുവദനീയമല്ലാത്ത ഈ കാര്യങ്ങൾ അനുവദനീയമാണെന്ന വിശ്വാസം ഉണ്ടാകുന്നതാണ് ഇവ കൊണ്ട് കാഫിറാകാൻ കാരണം". (ഹാശിയതു റദ്ദിൽ മുഹ്താർ 2/317).

ഫിത്ര് സക്കാത്ത് റമളാനിൽ തന്നെ വിതരണം ചെയ്യാൻ കഴിയുമോ?


അതെ.

"ചെറിയ പെരുന്നാൾ ദിവസത്തിനു മുമ്പ് തന്നെ ഫിത്വ് റ് സകാത്ത് കൊടുത്ത് വീട്ടൽ അനുവദനീയമാണ്. റമളാൻ മാസം ആരംഭിക്കുന്നതിന് മുമ്പും ഫിത്വ് റ് സക്കാത്ത് കൊടുക്കാവുന്നതാണ്". (അല്ലു ബാബ പേ: 82)

കഴിഞ്ഞ ഈദുൽ ഫിത്വ് റിന് ചില സാങ്കേതിക കാരണങ്ങളാൽ ഫിത്വ് റ് സകാത്ത് കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ പെരുന്നാളിന് അത് കൊടുക്കാൻ കഴിയുമോ ? കൊടുക്കാൻ കഴിയുമെങ്കിൽ എങ്ങനെയാണ് കൊടുക്കേണ്ടത്?

 

ചെറിയ പെരുന്നാൾ ദിവസം ഫിത്വ് റ് സകാത്ത് കൊടുത്ത് വീട്ടിയിട്ടില്ല എങ്കിൽ പിന്നീട് അത് കൊടുത്ത് വീട്ടൽ നിർബന്ധമാണ്. അടുത്ത പെരുന്നാൾ ദിവസം വരെ കാത്തിരിക്കേണ്ടതില്ല. "ഫിത്വ് റ് സകാത്ത് കൊടുത്ത് വീട്ടൽ ചെറിയ പെരുന്നാൾ ദിവസത്തെ തൊട്ട് പിന്തിച്ചാൽ പിന്നീടുള്ള ദിവസങ്ങളിൽ അത് കൊടുത്ത് വീട്ടിൽ നിർബന്ധമാണ്. കാരണം അത് സമ്പത്തുമായി ബന്ധപ്പെട്ട ഒരു ആരാധനാ കർമ്മമാണ്. ആയതിനാൽ ഫിത്വ് റ് സകാത്ത് നിർബന്ധമായ ശേഷം അതിന്റെ സമയത്തെയും തൊട്ട് പിന്തിച്ചാൽ അത് കൊടുത്ത് വീട്ടിയെങ്കിലേ ബാധ്യത വിടുകയുള്ളൂ. ഇത് മറ്റ് സകാത്ത് പോലെ തന്നെയാണ്".(അല്ലുബാബ് പേ:82)

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്ക് വാജിബൂണ്ടോ ?ഉണ്ടെങ്കിൽ എങ്ങനെയാണ് നിസ്കരിക്കേണ്ടത് ?

 

ഇല്ല. ജുമുഅ നിസ്കാരം നിർബന്ധമാകുന്നവർക്ക് രണ്ട് പെരുന്നാൾ നിസ്കാരങ്ങളും നിർബന്ധമാണ്. ജുമുഅ നിസ്കാരത്തിന്റെ ശർത്വുകൾ പെരുന്നാൾ നിസ്കാരങ്ങൾക്കും ബാധകമാണ്. ആയതിനാൽ പെരുന്നാൾ നിസ്കാരം ജമാഅത്തായിട്ട് മാത്രമേ നിർവഹിക്കാൻ പാടുള്ളൂ.(റദ്ദുൽ മുഹ്താർ 2/179-180). അതായത് ജുമുഅ നമസ്കാരം സ്ത്രീകൾക്ക് നിർബന്ധമില്ലാത്ത പോലെ പെരുന്നാൾ നിസ്കാരവും നിർബന്ധമില്ല. സ്ത്രീകൾ നിസ്കരിക്കുന്നതിനായി വീടുവിട്ട് പുറത്തു പോകുന്നത് പാടില്ലാത്തതുകൊണ്ടാണ് ഈ നിസ്കാരങ്ങൾ അവർക്ക് നിർബന്ധമാകാതിരുന്നത്. (അല്ലുബാബ് പേ:55)

പെരുന്നാൾ നിസ്കാരത്തിലെ അധികരിച്ച തക്ബീർ ഇമാമിന് മറന്നുപോയാൽ തുടർന്ന് നിസ്കരിക്കുന്ന ആൾ എന്താണ് ചെയ്യേണ്ടത് ?

 

പെരുന്നാൾ നിസ്കാരത്തിലെ അധികരിച്ച തക്ബീറുകൾ ഇമാം മറന്നുപോയാൽ സഹ് വിന്റെ സുജൂദ് ചെയ്യണം. ഇമാമിന്റെ മറവി തുടർന്ന് നിസ്കരിക്കുന്നവർക്കും ബാധകമായതിനാൽ ഇമാം സുജൂദ് ചെയ്യുമ്പോൾ തുടർന്ന് നിസ്കരിക്കുന്നവരും സുജൂദ് ചെയ്യേണ്ടതാണ്. ഇമാം സഹ് വിന്റെ സുജൂദ് ചെയ്തിട്ടില്ലെങ്കിൽ തുടർന്ന് നിസ്കരിക്കുന്നവർ സുജൂദ് ചെയ്യരുത്. (ഹിദായഃ പേ:74)

വെയിൽ കൊണ്ട് ചൂടായ വെള്ളം കൊണ്ട് വുളൂഅ് എടുത്താൽ സഹീഹ് ആകുമോ ?

 

അതെ. എന്നാൽ വെയിൽ കൊണ്ട് ചൂടായ വെള്ളം ശുദ്ധീകരണത്തിന് (വുളൂഅ്, കുളി) ഉപയോഗിക്കൽ കറാഹത്താണ്. (അൽ ബഹ്റുർറാഇഖ് 1/77)

ആഭരണമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് സക്കാത്ത് കൊടുക്കേണ്ടതുണ്ടോ ?ഉണ്ടെങ്കിൽ എത്രയാണ് അതിന്റെ കണക്ക്, വിശദീകരിക്കുമോ ?

 

സ്വർണ്ണം, വെള്ളി ആഭരണങ്ങൾക്ക് സക്കാത്ത് നിർബന്ധമാണ്. (അല്ലുബാബ് 1/75).

ഇരുപത് മിസ്ഖാല് അഥവാ ദീനാർ ആണ് സ്വർണത്തിൽ സക്കാത്ത് നിർബന്ധമാകുന്ന തൂക്കം. ഇരുന്നൂറ് ദിർഹം ആണ് വെള്ളിയിൽ സക്കാത്ത് നിർബന്ധമാകുന്ന തൂക്കം. 

ഇരുപത് മിസ്ഖാല് നൂറ് ഗ്രാമിന് സമമാണ്. ഇരുന്നൂറ് ദിർഹം എഴുന്നൂറ് ഗ്രാമിന് തുല്യമാണ്. (ഫിഖ്ഹുൽ ഇബാദത്ത് പേ:160). 

ഇരുപത് മിസ്ഖാലോ അതിലധികമോ ഇരുന്നൂറ് ദിർഹമോ അതിലധികമോ കെെവശമുള്ളവർ അതിന്റെ രണ്ടര ശതമാനം കൊല്ലം തോറും സക്കാത്തായി നല്കണം.

വിത്റ് നിസ്കാരത്തിലെ ഖുനൂത്ത് ശാഫി മദ്ഹബിൽ ഓതുന്ന ഖുനൂത്ത് മതിയാകുമോ ?

 

മതിയാകും. 

اللهم إنا نستهديك 

എന്ന ദുആയാണ് വിത്റിലെ ഖുനൂത്തിൽ ഏറ്റവും നല്ലത്. മറ്റ് ദുആ ഓതിയാൽ അത് അനുവദനീയമാണ്. (അൽ ബഹ്റുർറാഇഖ് 4/108).

ഖുനൂത്ത് മനപ്പാഠമില്ലെങ്കിൽ يا رب എന്നോ اللهم اغفر لي എന്നോ മൂന്ന് തവണ ചൊല്ലുക അല്ലെങ്കിൽ اللهم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار എന്നോ ചൊല്ലണമെന്ന് മൂന്ന് അഭിപ്രായമാണുള്ളത്. അതിൽ മൂന്നാമത്തേതാണ് ഉത്തമം. ആദ്യം പറഞ്ഞ ദുആ മനപ്പാഠമുള്ളവർക്കും ഈ ദുആ മതിയാകുന്നതാണ്. (ibid 4/109-110)