Tuesday 1 December 2020

ഇബ്നു സീന


പകർച്ചാ വ്യാധികളെ തടയിടാൻ രോഗികളെ ക്വാറന്റൈൻ ചെയ്യണമെന്ന ആശയം ലോകത്താദ്യമായി മുന്നോട്ട് വെച്ച ഭിഷഗ്വരനാണ് ഇബ്നു സീനയെന്ന അബീസെന്ന. ചല വൈറസുകൾ രോഗികളിൽ നിന്നും മറ്റുള്ളവരിലേക്ക് പടരുമെന്നത് കൊണ്ട് രോഗം ബാധിച്ച വ്യക്തിയെ 40 ദിവസം ക്വാറന്റൈൻ (പകര്‍ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയുമായി ഇടപെടാതെ നില്‍ക്കാനുള്ള കാലം , പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം, സംസര്‍ഗനിഷിദ്ധക്കപ്പല്‍ നില്‍ക്കേണ്ടുന്ന സ്ഥലം) ചെയ്യിക്കണമെന്നും ഇബ്നു സീന നിർദ്ദേശം മുന്നോട്ടു വെച്ചു. ഇതിനെ അല്അർബഈനിയ എന്ന് നാമകരണവും അദ്ദേഹം നൽകി.

പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദ്ധനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന. പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. അബൂ അലി സീന എന്ന പേരിലും അറിയപ്പെട്ടിരുന്നു. പാശ്ചാത്യലോകത്ത് ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ് അദ്ദേഹം. ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ക്രി.വ. 980 ൽ ജനിച്ച് ഇറാനിലെ ഹമദാനിൽ 1037-ൽ മരണപ്പെട്ടു. ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അദ്ധ്യാപകനും കൂടിയായിരുന്നു.

വൈവിധ്യമാർന്ന വിഷയങ്ങളിലായി 450 ന്‌ അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, ഇവയിൽ 240 എണ്ണം ഇപ്പോൾ നിലനിൽക്കുന്നവയാണ്‌. നിലനിൽക്കുന്നവയിൽ 150 ഓളം കൃതികൾ തത്ത്വശാസ്ത്രത്തിലധിഷ്ഠിധമായിട്ടുള്ളതും, 40 എണ്ണം വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവയുമാണ്‌. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing) താത്വികവും ശാസ്ത്രീയവുമായ വിജ്ഞാനകോശവും, വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം (The Canon of Medicine) വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നും നിരവധി മധ്യകാല സർവ്വകലാശാലകളിലെ പ്രാമാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥവുമായിരുന്നു. സ്വന്തം അനുഭവങ്ങളെ ഇസ്‌ലാമിക വൈദ്യശാസ്ത്രം, ഗാലന്റെ ഗ്രീക്ക് വൈദ്യം, അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ, (അരിസ്റ്റോട്ടിലിന്റെ കൃതികളുടെ പ്രധാന ഭാഷ്യകനായിരുന്നു ഇബ്നു സീന) പുരാതന പേർഷ്യൻ, മെസ്സപ്പെട്ടോമിയൻ, ഇന്ത്യൻ വൈദ്യശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി അദ്ദേഹം സ്വന്തമായൊരു വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു. വളരെയധികം ചിന്തകന്മാരെ സ്വാധീനിച്ച അവിസെന്നിയൻ ലോജികിന്റെയും അവിസെന്നിസമെന്ന തത്ത്വശാസ്ത്ര പാഠശാലയുടെയും(philosophical school) സ്ഥാപകനാണ്‌ ഇബ്നു സീന.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിൽസാലയ ഔഷധശാസ്ത്രത്തിന്റെയും ആദ്യകാല പിതാവായി ഇബ്നു സീനയെ കണക്കാക്കാക്കുന്നു. പ്രത്യേകിച്ച് ശരീരശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും തുടക്കമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിർണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങളുടെ പരിചയപ്പെടുത്തൽ, ചികിൽസാരീതികളുടെ നിർദ്ദേശങ്ങൾ, ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ, ചികിൽസാലയ ഔഷധശാസ്ത്രം, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിർദ്ധാരണം, രോഗലക്ഷണളുടെ വിവരണം, പഥ്യത്തിന്റെ പ്രാധാന്യം, കാലാവസ്ഥ, ചുറ്റുപാടുകൾ തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കാരണമാണ്‌ വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ വിശേഷിപ്പിക്കപ്പെടുന്നത്. ആക്കം (Momentum) എന്ന ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ധാരണയുടെ പിതാവായും അദ്ദേഹത്തെ കണക്കാക്കുന്നു. നീരാവി സ്വേദനവും (steam distillation) അതുവഴി സുഗന്ധദ്രവ്യങ്ങൾ വേർതിരിക്കുന്നതിനും തുടക്കം കുറിച്ചതിന് ,അരോമതെറാപ്പിക്ക് തുടക്കം കുറിച്ച വ്യക്തിയായി ഇദ്ദേഹത്തെ കണക്കാക്കുന്നു, ഭൂഗർഭശാസ്ത്രത്തിലും അദ്ദേഹം സംഭാവനകൾ (uniformitarianism and law of superposition) നൽകിയിട്ടുണ്ട്. അവ കാരണം അദ്ദേഹത്തെ ഭൂഗർഭശാസ്ത്രത്തിന്റെ പിതാവായും പരിഗണിക്കുന്നു.


ജീവിത പശ്ചാത്തലം

ഇസ്‌ലാമിക സുവർണ്ണ കാലഘട്ടങ്ങളായിരുന്ന 10-11 നൂറ്റാണ്ടുകളിൽ തന്നെയാണ് ഇബ്നു സീനയും ശാസ്ത്രത്തിന് പ്രധാനപ്പെട്ട സംഭാവനകൾ നൽകിയത്. ഇക്കാലഘട്ടങ്ങളിൽ ഗ്രീക്ക്-റോമൻ ഗ്രന്ഥങ്ങളും പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും കിന്ദി പാഠശാലയിൽ വിവർത്തനം ചെയ്യപ്പെടുകയും, അനേകം ഇസ്‌ലാമിക ശാസ്ത്ര പ്രതിഭകൾ ഉയർന്നു വരികയും ചെയ്തു. പേർഷ്യൻ ഗണിതശാസ്ത്രം, ഭാരതീയ ഗണിതശാസ്ത്രം തുടങ്ങിയവ സ്വാംശീകരിക്കപ്പെടുകയും, ജ്യോതിശാസ്ത്രം, ആൾജിബ്ര (ബീജഗണിതം), ത്രികോണമിതി, വൈദ്യശാസ്ത്രം തുടങ്ങിയവയുടെ പുത്തൻ മേഖലകളിലേക്ക് കുതിച്ചുകയറുകയും ചെയ്തു. മഹാ ഖൊറാസാൻ സാമ്രാജ്യത്തിലെ സമാനിയാൻ ഭരണകാലവും, പശ്ചിമ പേർഷ്യയിലേയും ഇറാഖിലേയും ബൂയി ഭരണകാലവും ഇക്കാലത്തെ സാംസ്കാരികവും വൈജ്ഞാനീകവുമായ വളർച്ചയ്ക്ക് സഹായകമായി. സമാനിയാൻ ഭരണകാലത്ത് ബുഖാറ,ബഗ്ദാദിന്‌ സമാനമായ ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രമായി ഉയർന്നു വരികയും ചെയ്തു.

ഈ കാലഘട്ടം ഖുർആനിന്റേയും ഹദീസിന്റെയും ദ്രുതവളർച്ചയിലുള്ള പഠനത്തിനും സാഹചര്യമൊരുക്കി. തത്ത്വശാസ്ത്രം, കർമ്മശാസ്ത്രം (ഫിഖ്ഹ്) അദ്ധ്യാത്മികം (ത്വരീഖത്ത്), തർക്കശാസ്ത്രം (കലാം) തുടങ്ങിയവയും വളർന്നു. ഇബ്നു സീനയും അദ്ദേഹത്തിന്റെ എതിരാളികളുമാണ്‌ ഈ അവസരത്തിൽ ഉയർന്ന് വന്ന പ്രധാനപ്പെട്ട പ്രതിഭകൾ. അൽ-റാസിയും അൽ-ഫറാബിയും ഈ ഘട്ടത്തിൽ തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വൈജ്ഞാനികമായ സംഭാവനകൾ നിർവ്വഹിച്ചിട്ടുണ്ട്. ബൽഖ്, ഖുവാറസം, ഖുർഖാൻ, റായ്, ഇസ്ഫഹാൻ, ഹമദാൻ എന്നിവിടങ്ങളിലെ മഹത്തായ ഗ്രന്ഥാലയങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇബ്നു സീനക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചത്പോലെ അക്കാലത്തെ മഹാപ്രതിഭകളോട് തത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ സം‌വദിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. അസൂറി സമർഖന്ദി അദ്ദേഹത്തിന്റെ നാല്‌ ലേഖനങ്ങളിൽ പറഞ്ഞതുപ്രകാരം ഖുവാറസം വിടുന്നതിന്‌ മുൻപ് അബൂ റൈഹാൻ ബിറൂനി (അറിയപ്പെട്ട ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്ര വിദഗ്ദൻ), അബൂ നാസർ ഇറാഖി (പ്രമുഖ ഗണിതജ്ഞൻ), അബൂ സഹ്ൽ മസീഹി (പ്രമുഖ തത്ത്വശാസ്ത്രജ്ഞൻ), അബൂ അൽ-ഖൈർ ഖമ്മാർ (മഹാ ഭൗതികശാസ്ത്രജ്ഞൻ) എന്നിവരുമായി ഇബ്നു സീന സന്ധിച്ചിരുന്നു.


ജീവിതരേഖ

ഹുസൈൻ ഇബ്നു അബ്ദുല്ലഹ് ഇബ്നു ഹസൻ ഇബ്നു അലി ഇബ്നു സീന എന്നാണ്‌ അദ്ദേഹത്തിന്റെ പൂർണ്ണ നാമം. 980 ൽ ബുഖാറയ്ക്കടുത്തുള്ള ഒരു പേർഷ്യൻ കുടുംബത്തിലായിരുന്നു ജനനം. അക്കാലത്ത് മഹാ ഖൊറാസാൻ സാമ്രാജ്യത്തിൽപ്പെട്ട ബുഖാറയ്ക്ക് സമീപമുള്ള ഖുമൈഥൻ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ്‌ ഈ പ്രദേശം. പേർഷ്യൻ സാമ്രാജ്യത്തിൽപ്പെട്ട പ്രധാന പട്ടണമായിരുന്ന ബൽഖിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെട്ടത്) നിന്നുള്ള പ്രമുഖ പണ്ഡിതനായിരുന്നു പിതാവ് അബ്ദുള്ള. സെഥറ എന്നാണ്‌ മാതാവിന്റെ പേര്‌. സമാനിയൻ ഭരണത്തിനു കീഴിലുള്ള തോട്ടമേഖലയിലെ ഗവർണ്ണർ ആയിരുന്നു പിതാവ്. ബുഖാറയിൽ തന്റെ മകന്‌ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇബ്നു സീനയെ സ്വതന്ത്രമായി ചിന്തിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ ബുദ്ധിശക്തിയും ഓർമ്മശേഷിയും സഹായിച്ചു. ഇത് അദ്ദേഹത്തെ പതിനാലാം വയസ് കടന്നതോടെ സ്വന്തം ഗുരുനാഥന്മാരെ മറികടക്കാൻ പ്രാപ്തമാക്കി. സ്വന്തം ജീവചരിത്രത്തിൽ വിവരിച്ചത് പോലെ തന്നെ പതിനെട്ടാം വയസോടുകൂടി അദ്ദേഹത്തിന്‌ അഭ്യസിക്കാൻ മാത്രമായി ഒന്നുമില്ലായിരുന്നു.

ഒരു സ്വകാര്യ അദ്ധ്യാപകനെ ഇബ്നു സീനയ്ക്ക് വിദ്യാഭ്യാസം നൽകാൻ ഏർപ്പാടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഉയർന്ന ബുദ്ധിശക്തി അടുത്തുള്ളവരിൽ അതിയായ ആശ്ചര്യമുളവാക്കുകയുണ്ടായി; ചെറുപ്രായത്തിൽ തന്നെ അസാധാരണമായ സാമർത്ഥ്യം പ്രകടിപ്പിച്ച അദ്ദേഹം പത്താം വയസ്സിൽ തന്നെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതേ പ്രകാരം പേർഷ്യൻ കാവ്യങ്ങളിൽ നിന്ന് നല്ലൊരു ഭാഗവും മനഃപാഠമാക്കി. ഒരു പച്ചക്കറി വിൽപ്പനക്കാരനിൽ നിന്ന് ഭാരതീയ അങ്കഗണിതം (Indian arithmetic) പഠിച്ചെടുക്കുവാനും അക്കാലത്ത് അദ്ദേഹത്തിന്‌ സാധിച്ചു.സൂഫിസത്തിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് പണ്ഡിതന്മാരിൽ നിന്നായി വിജ്ഞാനം നേടുകയും, അതേസമയം രോഗികളെ ശുശ്രൂഷിച്ചും കുട്ടികളെ പഠിപ്പിച്ചും ജീവിതമാർഗ്ഗം കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇസ്മായിൽ അൽ-സാഹിദ് (Ismail al-Zahid) എന്ന സൂഫി പണ്ഡിതനിൽ നിന്ന് ഇസ്‌ലാമിക കർമ്മശാസ്ത്രം അഭ്യസിക്കുകയും ചെയ്തു.

അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ കൗമാരത്തിൽ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ചിന്താകുഴപ്പത്തിലാക്കിയിരുന്നു. ഇതിനെ കുറിച്ച് മനസ്സിലാക്കാൻ അൽ-ഫറാബിയുടെ ആ ഗ്രന്ഥത്തെക്കുറിച്ചുള്ള വ്യാഖ്യാനം വായിക്കുന്നത് വരെ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ശേഷമുള്ള ഒന്നരവർഷത്തോളം തത്ത്വശാസ്ത്രം പഠിക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‌ വിഷമകരമായ ഘട്ടങ്ങൾ സമ്മാനിക്കുകയുണ്ടായി. ഇത്തരം ചിന്താക്കുഴപ്പമുണ്ടാക്കുന്ന വേളകളിൽ അംഗസ്നാനം (വുദു) ചെയ്ത് വിഷമം ദൂരീകരിക്കുന്നത് വരെ പ്രാർത്ഥനകളിൽ മുഴുകുമായിരുന്നു. രാവിന്റെ ആഴങ്ങളിൽ വരെ പഠനത്തിൽ മുഴുകുമായിരുന്നു അദ്ദേഹം. സ്വപ്നങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ ചിന്തകൾ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് നാൽപ്പത് തവണ അരിസ്റ്റോട്ടിലിന്റെ തത്വമീമാംസ അതിലെ വാക്കുകൾ മനസ്സിൽ പതിയുന്നത് വരെ വായിച്ചിട്ടുണ്ട്. അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു. ഒരു ദിവസം ഒരു പുസ്തകക്കടയിൽ നിന്ന് മൂന്ന് ദിർഹം നൽകി വാങ്ങിയ അൽ-ഫറാബിയുടെ കൃതി വായിച്ചതിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ മനസ്സിൽ അതിനേക്കുറിച്ച് വെളിച്ചം വീശിയത്. അതുവരെ അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചതിൽ അതിയായ സന്തോഷം തോന്നിയ അദ്ദേഹം ദൈവത്തിന്‌ നന്ദി രേഖപ്പെടുത്തുകയും ദരിദ്രരായ ആളുകൾക്ക് ദാനം നൽകുകയുമുണ്ടായി.

പതിനാറാം വയസ്സിൽ വൈദ്യരംഗത്തേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം തന്റെ പഠനം വൈദ്യശാസ്ത്രത്തിലെ തത്ത്വങ്ങളിൽ മാത്രം ഒതുക്കാതെ, രോഗികളുടെ വിഷമതകൾ മനസ്സിലാക്കി അവരെ ശുശ്രൂഷിക്കുകയും അതുവഴി ചികിൽസയിലെ പുതിയ രീതികൾ കണ്ടെത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിനകം യോഗ്യനായ ഒരു ഭിഷഗ്വരൻ എന്ന ഖ്യാതിയും കരസ്ഥമാക്കി. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്, "വൈദ്യം എന്നത് ഗണിതത്തിനെപ്പോലെയോ തത്ത്വമീമാംസയെപ്പോലെയോ വിഷമമുള്ളതല്ല; അതിനാൽ തന്നെ ഞാൻ നല്ലൊരു വൈദ്യനായി മാറുകയും തെളിയിക്കപ്പെട്ട ഔഷധപ്രയോഗങ്ങളിലൂടെ രോഗികളെ ചികിൽസിക്കുവാനും തുടങ്ങി". പ്രായം കുറഞ്ഞ ഭിഷഗ്വരന്റെ പ്രശസ്തി വളരെപ്പെട്ടെന്ന് വർദ്ധിച്ചു, അദ്ദേഹം പണം സ്വീകരിക്കാതെ തന്നെ രോഗികളെ ചികിൽസിക്കാറുണ്ടായിരുന്നു.

ഗുരുതരമായ രോഗം സുഖപ്പെടുത്തിയതിനെ തുടർന്ന് ഇബ്നു സീനയെ അമീറിന്റെ വൈദ്യനായി അദ്ദേഹം നിയമിച്ചു. ഇതായിരുന്നു ആദ്യത്തെ നിയമനം (997). നിയമനത്തിൽ അദ്ദേഹത്തിന്‌ ലഭിച്ച പ്രധാനപ്പെട്ട പാരിതോഷികം സമാനിയനിലെ രാജകീയ ഗ്രന്ഥാലയങ്ങൾ ഉപയോഗിക്കുവാനുള്ള അവസരമായിരുന്നു. അതുവഴി കൂടുതൽ പാണ്ഡിത്യം നേടാനുള്ള അവസരവും. അധികം താമസിയാതെ ഗ്രന്ഥാലയം അഗ്നിക്കിരയായപ്പോൾ ശത്രുക്കൾ ഇബ്നു സീനയുടെ മേൽ കുറ്റമാരോപിക്കുകയും, അതുവഴി കൂടുതൽ വിജ്ഞാനം കരസ്ഥമാക്കാനുള്ള അവസരം അദ്ദേഹത്തിന്‌ നഷ്ടമാവുകയും ചെയ്തു. ഇതിനെതുടർന്ന് പിതാവിന്റെ വ്യാപാരത്തിൽ സഹായിച്ചുകഴിയേണ്ടിവന്നു. ഈ സമയത്താണ്‌ തന്റെ ആദ്യകാല രചനകൾക്ക് അദ്ദേഹം സമയം കണ്ടെത്തിയത്.

ഇബ്നു സീനയ്ക്ക് 22 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. 1004 ഡിസംബറോടെ സമാനിയൻ ഭരണത്തിന്റെ അന്ത്യഘട്ടമെത്തിയിരുന്നു. ഗസ്നിയിലെ മഹ്മൂദ് വെച്ച് നീട്ടിയ സ്ഥാനമാനങ്ങൾ സ്വീകരിക്കാതെ അദ്ദേഹം പശ്ചിമഭാഗത്തേക്ക് യാത്ര ചെയ്ത് ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ഖോർഗഞ്ചിൽ എത്തുകയും, പണ്ഡിതൻമാരെ ബഹുമാനിച്ചിരുന്ന അവിടുത്തെ വസീർ അദ്ദേഹത്തിന്‌ പ്രതിമാസം സ്റ്റൈപ്പന്റ് ഏർപ്പാടാക്കുകയും ചെയ്തു. ഈ വേതനം വളരെ തുച്ഛമായിരുന്നു, തന്റെ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരത്തിനായി അദ്ദേഹം നിഷാപൂർ, മർവ് എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഖൊറാസനിന്റെ അതിരുകൾ വരെ സഞ്ചരിച്ചു. ദൈലമിലേയും മധ്യപേർഷ്യയിലേയും ഉദാരനായ ഭരണാധികാരിയും പണ്ഡിതനും കവിയുമായ ഷംസ് അൽ-മാആലി കാവൂസിൽ അഭയം പ്രതീക്ഷിച്ചെങ്കിലും അനുചരന്മാർ നടത്തിയ വിപ്ലവത്തുതുടർന്ന് കാവൂസ് വധിക്കപ്പെടുകായാണുണ്ടായത് (1052). കഠിനമായ രോഗത്താൽ ഇബ്നു സീനയ്ക്ക് വളരെ വിഷമം നേരിട്ട ഘട്ടവുമായിരുന്നു അത്. കാസ്പിയൻ കടലിന്‌ സമീപത്തുള്ള ഖൂർഖാനിൽ വെച്ച് തന്റെ ചങ്ങാതിയെ കണ്ടുമുട്ടുകയുണ്ടായി. ചങ്ങാതിയുടെ വീടിനടുത്തുള്ള കെട്ടിടത്തിൽവെച്ച് അദ്ദേഹം പ്രമാണശാസ്ത്രത്തിലും (logic) ജ്യോതിശാസ്ത്രത്തിലും അധ്യാപനം നടത്തി. തന്റെ പല കൃതികളും അദ്ദേഹം അവിടെവെച്ച് രചിക്കുകയുണ്ടായി. ഹിർകാനിയയിൽ താമസിക്കുന്ന ഈ അവസരത്തിലാണ്‌ അദ്ദേഹം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്.

അനന്തരം അദ്ദേഹം തെഹറാനിന്‌ (ഇന്നത്തെ ഇറാന്റെ തലസ്ഥാനം) സമീപമുള്ള റായിൽ താമസമുറപ്പിച്ചു. ബൂയിലെ അമീറിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശി മകനായ മജ്ദ് അൽ-ദൗലയായിരുന്നു. ആ സമയം പ്രായപൂർത്തിയെത്താത്തതിനെ തുടർന്ന് പകരം മജ്ദിന്റെ മാതാവായിരുന്നു ഭരിച്ചിരുന്നത് (സയ്ദഹ് കാത്തൂൻ). റായിൽ വെച്ചാണ്‌ ഇബ്നു സീന തന്റെ മുപ്പതോളം ചെറിയ രചനകൾ പൂർത്തിയാക്കിയത്. പിന്നീട് സയ്ദഹ് കാത്തൂനും അവരുടെ രണ്ടാം മകനായ ഷംസ് അൽ-ദൗലയും തമ്മിലുണ്ടായ അധികാരതർക്കം അവിടം വിടാൻ ഇബ്നു സീനയെ നിർബന്ധിച്ചു. ഖസ്‌വീനിലെ തൽക്കാലിക വാസത്തിന്‌ ശേഷം ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ച് ഹമദാനിൽ എത്തിച്ചേർന്നു. അപ്പോഴേക്കും അവിടം ഷംസ് അൽ-ദൗല തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആദ്യം അവിടത്തെ ഒരു മേലെതട്ടിലുള്ള ഒരു വനിതയുടെ കീഴിൽ സേവനമനുഷ്ഠിച്ചു. ഇബ്നു സീനയുടെ ആഗമനം അറിഞ്ഞ അമീർ അദ്ദേഹത്തെ ഭിഷഗ്വരനായി സ്വീകരിക്കുകയും, പാരിതോഷികങ്ങൾ നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇബ്നു സീന അവിടുത്തെ വസീറിന്റെ കാര്യാലയത്തിൽ ഉയർന്ന സ്ഥാനം വഹിക്കുകപോലുമുണ്ടായി. പക്ഷേ അമീർ നാട്ടിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ടതിനെ തുടർന്ന് ശൈഖ് അഹ്മദ് ഫദലിന്റെ വീട്ടിൽ ഒളിച്ച് താമസിച്ചു, ഏതാണ്ട് അമീർ സ്ഥാനം തിരിച്ച്പിടിക്കുന്നത് വരെ നാൽപ്പത് ദിവസത്തോളം ഇങ്ങനെ തുടർന്നു. ഭരണം ഇളകിമറിയുന്ന അവസ്ഥയിൽ വരെ അദ്ദേഹം തന്റെ പഠനങ്ങളിലും അദ്ധ്യാപനങ്ങളിലും മുഴുകുകയാണ്‌ ചെയ്തത്. വൈകുന്നേരങ്ങളിൽ തന്റെ വിഖ്യാത ബൃഹത്ഗ്രന്ഥങ്ങളിൽ നിന്ന് ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു. അമീറിന്റെ മരണത്തെ തുടർന്ന്, വസീറായി അവരോധിതനായതിന്‌ ശേഷം അവിടുത്തെ മരുന്ന്ശാലയിൽ ഒതുങ്ങിക്കൂടി, അതീവ താൽപര്യപൂർവ്വവും ശ്രദ്ധയോടുകൂടിയും തന്റെ രചനകളിൽ മുഴുകുകയും ചെയ്തു.

അതേസമയം ഇസ്ഫഹാൻ നഗരമുഖ്യന്‌ അദ്ദേഹം തന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു കത്തെഴുതി. ഹമദാനിലെ പുതിയ അമീർ ഇബ്നു സീനയുടെ കത്തിനെ പറ്റിയും ഒളിച്ചിരിക്കുന്നയിടവും മനസ്സിലാക്കി അദ്ദേഹത്തെ തടവിലാക്കുകയുണ്ടായി. ഇതേസമയം ഹമദാനിലേയും ഇസ്ഫഹാനിലേയും ഭരണാധികാരികൾ തമ്മിൽ യുദ്ധം തുടരുകയും, ഇസ്ഫാൻ ഭരണാധികാരി ഹമദാനിനേയുടെ അതിന്റെ പട്ടണങ്ങളേയും പിടിച്ചടക്കി അവിടെയുണ്ടായിരുന്ന താജിക്ക് കൂലിപടയാളികളെ പുറത്താക്കുകയും ചെയ്തു. യുദ്ധം അടങ്ങിയപ്പോൾ അമീറിന്റെ കൂടെ ഹമദാനിലേക്ക് തന്റെ ഗ്രന്ഥങ്ങളടക്കം മടങ്ങിയെത്തി. പിന്നീട് തന്റെ സഹോദരൻ, പ്രിയപ്പെട്ട ശിഷ്യൻ, രണ്ട് അടിമകൾ എന്നിവരോടൊപ്പം സൂഫി വര്യന്റെ വേഷത്തിൽ നഗരത്തിന്‌ പുറത്ത് കടന്നു. ദുർഘടം നിറഞ്ഞ ഒരു യാത്രയ്ക്കൊടുവിൽ ഇസ്ഫഹാനിൽ എത്തിച്ചേർന്നു. അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി.

ശേഷിച്ച പത്ത് പന്ത്രണ്ട് വർഷക്കാലം അബൂ ജാഫർ അലാ അദ്ദൗലയുടെ കീഴിൽ സേവനമനുഷ്ഠിച്ചു ഇബ്നു സീന. അദ്ദൗലയുടെ കൂടെ ഭിഷഗ്വരനായും പൊതുവിജ്ഞാനകാര്യ സാങ്കേതിക ഉപദേശകനായും, കൂടാതെ തന്റെ സദസ്സുകളുമായും അദ്ദേഹം കഴിഞ്ഞു.

ഈ അവസരത്തിൽ അദ്ദേഹം സാഹിത്യം, ഭാഷാതത്ത്വം തുടങ്ങിയവയുടെ പഠനത്തിൽ കൂടുതൽ ഊന്നൽ നൽകുകയും തന്റേതായ വിമർശന ശൈലിയിൽ അതിൽ വിശകലനം നടത്തുകയും ചെയ്തു. ഈ സന്ദർഭത്തിലുള്ള ഇബ്നു സീനയെ, ഇബ്നു റുഷ്ദിന്റെ സ്വഭാവത്തോട് താരതമ്യപ്പെടുത്താവുന്നതാണു. ഹമദാനിനെതിരായുള്ള ഒരു സൈനിക നടപടിക്കിടെ അദ്ദേഹത്തിന്‌ കശലായ വയറുവേദന പിടികൂടി. ഇത് അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടിച്ചു. പിന്നീട് ഹമദാനിൽ തന്നെയുള്ള അവസരത്തിൽ രോഗം വീണ്ടും വരുകയും ചെയ്തപ്പോൾ മറ്റ് രീതികളെ ആശ്രയിക്കാതെ തന്റെ സ്വന്തം ചികിൽസാവിധിയിൽ ഭേദപ്പെടുത്തി.

വേഗത്തിലുള്ള ജീവിതശൈലി നിയന്ത്രിക്കാൻ സ്നേഹിതർ ഉപദേശിച്ചെങ്കിലും ഇത് അദ്ദേഹം നിരസിക്കുകയുണ്ടായി. അതിനദ്ദേഹം "ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്" എന്ന മറുപടിയാണ് നൽകിയത്. മരണക്കിടക്കയിൽ അദ്ദേഹം മനോ വിഷമത്തിനടിപ്പെട്ടു. തന്റെ സമ്പത്ത് ദരിദ്രരായവർക്ക് ദാനം നൽകുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. മരണപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പുവരെ അസുഖം കൂടുമ്പോൾ ഖുർആൻ പാരായണം ശ്രവിക്കുകയും ചെയ്തു. അൻപത്തിയേഴാം വയസ്സിൽ 1037 ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു. ഇറാനിലെ ഹമദാനിലാണ്‌ അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.


വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും

യൂനാനി വൈദ്യത്തിന്റെ ഉപജ്ഞാതാവാണ്‌ ഇബ്നു സീന. ഈ മേഖലയുടെ അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം തന്റെ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം എന്ന ഗ്രന്ഥത്തിൽ‍ പ്രതിപാദിച്ചിരിക്കുന്നു. 1025 ൽ പേർഷ്യയിൽ വെച്ചാണ്‌ ഇത് രചിക്കപ്പെട്ടത്. ഗ്രീക്ക്, ഇസ്‌ലാമിക വൈദ്യങ്ങളാണ്‌ അദ്ദേഹത്തെ പ്രധാനമായും സ്വാധീനിച്ചിട്ടുള്ളത്. സുശ്രുതന്റെയും ചരകന്റേയും ഭാരതീയ വൈദ്യവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി.


വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം

നൂറോളം കൃതികൾ ഇബ്നു സീനയുടേതായിട്ടുണ്ട്. അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും, ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്‌. ഏറ്റവും പ്രസിദ്ധം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം ആണ്‌, ഇത് യൂറോപ്യന്മാരിൽ അദ്ദേഹത്തെ വളരെയധികം പ്രസിദ്ധനാക്കി. 14 വാല്യങ്ങളുള്ള ഇത് പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യൻ ഇസ്‌ലാമിക ലോകങ്ങളിൽ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്നു. ശരീരശാസ്ത്രത്തിന്റെ പഠനത്തിന്‌ സഹായകമായ ശാസ്ത്രീയമായ പരീക്ഷണങ്ങൾ, പരിണാമങ്ങൾ തുടങ്ങിയവയുടെ വിവരണം, സാംക്രമിക രോഗങ്ങളുടെയും ലൈംഗികവേഴ്ച്ചയിലൂടെയും പകരുന്ന രോഗങ്ങളുടെ കണ്ടുപിടിത്തം, സാംക്രമീകരോഗം ബാധിച്ചവരുമായി പാലിക്കേണ്ട (അകന്നു നിൽക്കാനുള്ള) നിർദ്ദേശം, പുതിയ പരീക്ഷണ ഔഷധങ്ങളുടെ ഉപയോഗം, ചികിൽസാരീതികൾ, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ വിശകലനം, ചില രോഗലക്ഷണങ്ങളുടെ വിശകലനം, സൂക്ഷ്മാണുക്കൾ ഉണ്ട് എന്ന അനുമാനം തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ രോഗങ്ങളെ സ്വഭാവ സവിശേഷതയോട് കൂടി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തിരിക്കുന്നു, അവ ഉണ്ടാകാനുള്ള കാരണവും നൽകിയിട്ടുണ്ട്. 

ശുചിത്വം, ലളിതവും സങ്കീർണ്ണവുമായ ഔഷധങ്ങൾ, ശാരീരിക അവയവങ്ങളുടെ ധർമ്മം എന്നിവയുടെ വിവരണവും ഇതിലുണ്ട്. മനുഷ്യനേത്രത്തിന്റെ ഘടന ആദ്യമായി ശരിയായ വിവരണം നൽകിയത് ഇബ്നു സീനയാണ്‌, തിമിരമുൾപ്പെടെയുള്ള കണ്ണുകൾക്കുണ്ടാകാവുന്ന വൈകല്യങ്ങളും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം ചെങ്കണ്ണ് പകർച്ച വ്യാധിയാണ്‌ എന്ന് നിഗമനത്തിലെത്തുന്നുണ്ട്, യൂറോപ്യന്മാർ ആദ്യം ഈ കാര്യത്തെ ഖണ്ഡിച്ചുവെങ്കിലും പിന്നീട് ഇത് ശരിയാണെന്ന് തെളിഞ്ഞു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും അതിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും ഇതിൽ വിവരിച്ചിരിക്കുന്നു. മുഖത്തുണ്ടാകുന്ന രണ്ട് വിധത്തിലുള്ള തളർവാതത്തെയും ആഴത്തിൽ വിവരിക്കുന്നുണ്ട്. ഹൃദയം ശരീരത്തിൽ ഒരു വാൽവായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു.

നിയന്ത്രിത ക്രമരഹിത ചികിൽസ, ആധികാരിതയെ അടിസ്ഥാനമാക്കിയുള്ള വൈദ്യം, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമാണ്‌ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം. പുതിയ ഔഷധങ്ങളുടേയും ചികിൽസാവിധികളുടേയും ഫലപ്രാപ്തി നിർണ്ണയിക്കുന്നതിനുള്ള രീതികളും അടിസ്ഥാനതത്ത്വങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്, അവ താഴെ നൽകിയിരിക്കുന്നു, വർത്തമാനകാലത്തെ ചികിൽസാലയങ്ങളിലെ ഔഷധ സേവയുടെയും, ആധുനിക ചികിൽസാരീതികളുടെയും അടിസ്ഥാനമായി ഇപ്പോഴും ഇവ ഉപയോഗിക്കപ്പെടുന്നു.

"ഔഷധം അതിന്റെ സ്വഭാവഗുണത്തെ മാറ്റം വരാൻ സാധ്യതയുള്ള എല്ലാ അപദ്രവ്യങ്ങളിൽ നിന്ന് മുക്തമായിരിക്കണം."

"ഇത് വിവിധങ്ങളായ രോഗങ്ങളെ ലക്ഷ്യം വെക്കാതെ ഒരു രോഗത്തിന്‌ മാത്രമുള്ളതായിരിക്കണം."

"ഔഷധം രണ്ട് വിപരീത രോഗങ്ങളോട് പരീക്ഷിച്ചിരിക്കണം, കാരണം അത് ചിലപ്പോൾ ഒരു രോഗത്തെ അതിന്റെ പ്രത്യക്ഷ ഗുണത്താലും മറ്റൊരു രോഗത്തെ പരോക്ഷ ഗുണത്താലും സുഖപ്പെടുത്തുന്നു."

"രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം ഔഷധം. ഉദാഹരണത്തിന്‌ ചില ഔഷധങ്ങളുടെ ഉഷ്ണം രോഗത്തിന്റെ ശീത അവസ്ഥയേക്കാൾ കുറവായിരിക്കും, അപ്പോൾ ഫലപ്രാപ്തി ഉണ്ടായിരിക്കുകയില്ല."

"ഔഷധം പ്രവർത്തനനിരതമാകുന്ന സമയം നിരീക്ഷിക്കേണ്ടതുണ്ട്, അങ്ങനെ ഉദ്ദേശവും അനിഷ്ടകരവുമായ കാര്യങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കും."

"വിഭിന്നങ്ങളായ അവസരങ്ങളിൽ ഔഷധത്തിന്റെ പ്രവർത്തനം ഒരേപോലെ ആയിരിക്കണം, അല്ലാത്തപക്ഷം ഔഷധത്തിന്റെ ഗുണം യാദൃച്ഛികമായിരിക്കും."

"ഔഷധത്തിന്റെ ഗുണപരിശോധന മനുഷ്യശരീരത്തിൽ തന്നെ നടത്തിയിരിക്കണം, അത് സിംഹത്തിന്റെയോ കുതിരയുടെയോ ശരീരത്തിൽ കാണിക്കുന്ന ഫലങ്ങൾ മനുഷ്യശരീരത്തിൽ കാണിക്കുമെന്ന് യാതൊരു ഉറപ്പുമില്ല."

റോമിൽ 1593 ലാണ്‌ ഇതിന്റെ അറബിക്ക് പതിപ്പ് ഇറങ്ങിയത്, 1491 ൽ നേപ്പിൾസിൽ ഹിബ്രൂ പതിപ്പും ഇറങ്ങി. പതിനഞ്ചാം നൂറ്റാണ്ടിൽ ഇതിന്റെ വ്യാഖ്യാന ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടു. മെഡിക്കമെന്റ കോർഡിയാലിയ, കാന്റിക്കം ഡി മെഡിസിന, ട്രാക്റ്റേറ്റസ് ഡി സിറൂപോ അസെറ്റോസോ എന്നിവയാണ്‌ ലത്തീനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റ് കൃതികൾ.

റാസി, അലി ഇബ്നു അൽ-അബ്ബാസ്, ഇബ്നു റുഷ്ദ് എന്നീ പേരുകൾക്കോടൊപ്പം ഇബ്നു സീനയും 12 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ യുറോപ്യൻ സർവ്വകലാശാലകളുടെ മാർഗ്ഗദർശിയായിരുന്നു. മുൻഗാമിയായ റാസിയുടെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇബ്നു സീനയുടേതും, അദ്ദേഹം ഗാലെന്റെ തത്ത്വങ്ങളും (ഗാലൻ ഹിപ്പൊക്രാറ്റിസിന്റെയും), അരിസ്റ്റോട്ടിലിന്റെ ഭേദഗതി വരുത്തിയ തത്ത്വങ്ങളും, കൂടാതെ സുശ്രുതന്റെയും ചരകന്റെയും ഭാരതീയാധ്യാപനങ്ങളും ഉൾക്കൊണ്ടു. റാസിയുടെ അൽ-ഹവി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം.


ഇബ്നു സീനൻ മനഃശാസ്ത്രം

മുസ്‌ലിം മനഃശാസ്ത്രത്തിലും നാഡീശാസ്ത്രത്തിലും നാഡീമനഃശാസ്ത്രത്തിന് തുടക്കം കുറിച്ചതു ഇബ്നു സീനയായിരുന്നു. ആദ്യമായി ഇദ്ദേഹം വിഭ്രാന്തി (hallucination), നിദ്രയില്ലായ്മ (insomnia‌, മാനിയ (mania), മാനസിക ആഘാതം (nightmare), മനോവിഷാദം (melancholia), മതിഭ്രമം (dementia), അപസ്മാരം (epilepsy), തളർവാതം (paralysis), പക്ഷാഘാതം (stroke), തലകറക്കം (vertigo), നടുക്കം (tremor) തുടങ്ങിയ നാഡീമനഃശാസ്ത്രത്തിലെ വിവിധ അവസ്ഥകൾ വിവരിച്ചു.


ആധുനിക കാലം തേടുന്നു, ഒരു ഇബ്​നു സീനയെ?

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറാനിൽ നിന്നുള്ള മുസ്ലീം ശാസ്ത്രജ്ഞനായ ഇബ്നു സീനയുടെ ചിന്തകളിലും പഠനങ്ങളിലും ലോകത്തിന്​ പ്രത്യേക താല്‍പര്യമുണ്ടായിട്ടുണ്ട്​.വൈദ്യശാസ്ത്ര രംഗത്ത് ശാശ്വതമായ സ്വാധീനം ചെലുത്തിയ അസാധാരണ പ്രതിഭ ആയിരുന്നു ഇബ്നു സീന.

അദ്ദേഹത്തിന്‍റെ ഏറെ സ്വാധീനം ചെലുത്തിയ കൃതികയാണ്​ അൽ ഖാനൂൻ . മധ്യകാലയുഗത്തിൽ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണപഠനങ്ങൾക്കും, പാഠ്യപദ്ധതികൾ നിർണ്ണയിക്കുന്നതിലും മൂല സ്രോതസായി വർത്തിച്ച രചന ആയിരുന്നു ഖാനൂൻ. ചരിത്രകാരനായ ജമാൽ മൂസവിയുടെ അഭിപ്രായത്തിൽ, മരണത്തിനു 600 വർഷങ്ങൾക്കു ശേഷവും യൂറോപ്പിലും മുസ്ലിം നാടുകളിലും ചികിത്സാരംഗത്ത്​ അവലംബമായി പരിഗണിച്ചിരുന്നത് ഇബ്നു സീനയുടെ രചനകളും പഠനങ്ങളും ആയിരുന്നു.

കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ, ഇബ്​നു സീന വൈദ്യരംഗത്തിനു നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്ന് മുസ്ലിംകൾ അഭിമാനപൂർവ്വം ലോകത്തെ ഓർമ്മപ്പെടുത്തുകയാണ്​. ഒരു സഹസ്രാബ്ദം മുമ്പ്​ അദ്ദേഹം മുന്നോട്ടുവെച്ച പല ആശയങ്ങളേയും, ആധുനിക കാലഘട്ടത്തിൽ, സൂക്ഷ്മ ജീവിയായ ഒരു വൈറസിനെ നിയന്ത്രിക്കുവാനായി നാം പരിഗണിച്ചിരിക്കുന്നു എന്നാണ് ഒരു മുസ്ലിം എഴുത്തുകാരൻ എഴുതിയത്. ക്വാറന്‍റീന്‍ ചെയ്യുക എന്ന ആശയത്തിന്‍റെ ഉത്ഭവം ഇബ്നു സീന 5 വാള്യങ്ങളിൽ ആയി 1025 ൽ രചിച്ച വൈദ്യ സർവ്വവിജ്ഞാനകോശമായ അൽഖാനുനിൽ രോഗത്തിന്‍റെ വ്യാപനം നിയന്ത്രിക്കുവാനായി മുന്നോട്ടു വെച്ച മാർഗ്ഗനിര്‍ദേശങ്ങളിൽ നിന്നാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാൽ ഈ അഭിമാനാർഹമായ ഓർമ്മപ്പെടുത്തലുകൾക്കിടയിൽ ഇബ്​നു സീനയെ കുറിച്ച് നാം സുപ്രധാനമായ ഒരു വസ്തുത വിട്ടുപോകുന്നു. ചികിത്സാ രംഗങ്ങളിൽ പ്രഗത്ഭൻ ആയിരിക്കെത്തന്നെ മഹാനായ താത്വികാചാര്യൻ കൂടിയായിരുന്നു ഇബ്നു സീന. വൈദ്യശാസ്ത്ര ചരിത്രത്തിലെ മഹാനായ ഒരു വ്യക്തിത്വം തികഞ്ഞ ദാർശനികനും താത്വികനും കൂടിയായിരുന്നു എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.ഒരു പക്ഷെ ഇബ്നു സീനയെ കുറിച്ച് ഈ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടതും ഈ യാഥാർഥ്യം ആണ്. അമേരിക്കയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുൻ നിര പോരാളിയായ ഡോ. ആന്‍റണി ഫോക്കിയും ജർമനിയിൽ ജനിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭനായ ചിന്തകനും ദാർശനികനും ആയിരുന്ന മാർട്ടിൻ ഹെയ്‌ഡഗേറും സമന്വയപെട്ടാൽ എന്താകുമോ അതായിരുന്നു ഇബ്നു സീന.


ദാർശനികനായ ശാസ്ത്രജ്ഞൻ

ശാസ്ത്ര ദാർശനിക വിഷയങ്ങളിൽ ഒരുപോലെ ഗ്രാഹ്യമുള്ള വ്യക്തി മാത്രമായിരുന്നില്ല ഇബ്നു സീന. മറ്റനേകം വിഷയങ്ങളിൽ തന്‍റെതായ വ്യക്തിമുദ്രപതിപ്പിച്ച ഇബ്നു സീനയെ ഏതെങ്കിലും ഒരു തല​ക്കെട്ടിൽ ഒതുക്കാൻ സാധ്യമല്ല.യൂറോപ്യൻ ആധുനികതയുടെ കടന്നു വരവോടെ പല ശാസ്ത്രശാഖകളും ഛിന്നഭിന്നമായി. മതവും ശാസ്ത്രവും വേർതിരിക്കപ്പെട്ടു. സാമൂഹിക വിജ്ഞാനം മാനവിക വിജ്ഞാനീയങ്ങളിൽ നിന്നും വേർപ്പെടുത്തപ്പെട്ടു. യുക്തിജ്ഞാനവും (reason), അന്തർജ്ഞാനവും (Intution) പരസ്പര വിരുദ്ധമായി. ഇത്തരം ശിഥിലീകരണത്തിനും, ശാസ്ത്രശാഖകൾ വൈരുധ്യമായി തീരുന്നതിനും മുൻപുള്ള വിജ്ഞാനീയ അന്തരീക്ഷത്തിലായിരുന്നു ഇബ്നു സീന തൻറെ വൈജ്ഞാനിക സംഭാവനകൾ ലോകത്തിനു നൽകിയത്.

ന്യായശാസ്ത്രം, അതിഭൗതിക ശാസ്ത്രം (Metaphysics), ആധ്യാത്മിക ദർശനങ്ങൾ, മനശാസ്ത്രം, സംഗീതം, ഗണിതം , വൈദ്യശാസ്ത്രം തുടങ്ങിയ അനേകം മേഖലകളിൽ ഇബ്നുസീന രചനകൾ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭൗതിക സംഭാവനകൾ ആഴത്തിലുള്ള പഠനങ്ങൾക്ക് ഒടുവിൽ എത്തിച്ചേർന്ന, ദാർശനിക അടിത്തറകളിൽ നിന്നുമുള്ള ഉറച്ച കാഴ്ചപ്പാടുകൾ ആയിരുന്നു.ഇറാഖിലെ പ്രമുഖനായ ഇസ്ലാമിക തത്വ ശാസ്ത്രങ്ങളുടെ ചരിത്രകാരൻ ആയിരുന്ന മുഹ്സിൻ മഹതിയുടെ വാക്കുകളിൽ ഇബ്നു സീന ഗ്രീക്ക് ദാർശനിക പാരമ്പര്യത്തിന്‍റെ വ്യക്തമായ പിന്തുടർച്ച അവകാശപ്പെടാവുന്ന മുസ്ലിം ചികിത്സകനും താത്വികാചാര്യനും ആയിരുന്നു .

മധ്യകാല യുഗത്തിൽ ഗാലനും അരിസ്റ്റോട്ടിലും തമ്മിലുള്ള ദാർശനിക സംഘട്ടനം ഇബ്നുസീനയുടെ പഠനങ്ങളിൽ നാടകീയമായി സംഗമിച്ചത് പോലെ മറ്റൊരിടത്തും കാണപെട്ടിട്ടില്ല.ഗാലൻ സിദ്ധാന്തങ്ങൾക്ക് അനുസൃതമായി രചിച്ച ഖാനൂനും, അരിസ്റ്റോട്ടിലിന്‍റെ ജീവശാസ്ത്ര കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രചിച്ച ഹയവാനുംഇബ്നുസീനയുടെ അനേകം കൃതികളിൽ സുപ്രധാനമായ രണ്ടെണ്ണം ആയിരുന്നു. ഈ രണ്ട് കൃതികളിലൂടെ ഇബ്നു സീന ലക്ഷ്യമിട്ടത്, മേൽ സൂചിപ്പിച്ച പുരാതന ദാര്‍ശനികരുടെ കാഴ്ചപ്പാടുകൾ മൂലം ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും രൂപപ്പെട്ട സൈദ്ധാന്തിക അഭിപ്രായ ഭിന്നതകളെ അനുരഞ്ജനത്തിൽ എത്തിക്കുക എന്നതായിരുന്നു.

ഇബ്നു സീനയുടെ മാനസിക വ്യവഹാരങ്ങളുടെ വ്യകത്മായ ചിത്രം ലഭിക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ ശാസ്ത്ര താത്വിക കൃതികളോടൊപ്പം തന്‍റെ ഏറ്റവും ഉൽകൃഷ്ട രചനയായ അൽ ഇഷാറാത്ത് വൽ തൻബീഹാത് - ( അനുശാസനകളും താക്കീതുകളും ) കൂടി ചേർത്തു വെക്കേണ്ടതാണ്.ഇശാറാത്തിൽ ഇബ്നുസീന തന്‍റെ ചിന്തകളെ മിസ്റ്റിക്കൽ ശൈലിയിൽ വളരെ പ്രതീകാത്മകമായി ആണ് വിവരിക്കുന്നത്. ഇതിലെ ഗാഢമായ താത്വിക അവലോകനങ്ങൾ ഉണ്മയുടെ ആഴങ്ങൾ തേടിയുള്ള അജ്ഞാതമായ യാത്രയും അതിലെ ആനന്ദവുമാണ് വിവരിക്കുന്നത്. ഇഷാറാത്ത് എന്ന മാന്ത്രിക കൃതിയെ ശാസ്ത്രീയം എന്നോ ദാർശനികം എന്നോ ഉള്ള ഗണത്തിൽപ്പെടുത്തി ചുരുക്കാൻ ആവില്ല.

ഇസ്‍ലാമിന്‍റെ വൈജ്ഞാനിക ചരിത്രം പരിശോധിക്കുമ്പോൾ ശാസ്ത്രത്തെയും തത്വമീമാംസയേയും സംയോജിപ്പിച്ച ആദ്യത്തെ വ്യക്തിയല്ല ഇബ്നു സീന എന്ന് വ്യക്തമാകും. ശാസ്ത്ര വിഷയങ്ങളെ, പ്രത്യേകിച്ച് വനശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും സമന്വയിപ്പിച്ച ബഹുമുഖ പണ്ഡിതനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യക്കാരനായ നാസറുദ്ദീൻ തൂസി. ഇബ്നുസീനയുടെ ആത്മജ്ഞാന സംബന്ധമായ രചനകളുടെ മേൽ തൂസി എഴുതിയ നിരൂപണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിലെ അതികായനായ ശാസ്ത്ര പ്രതിഭയായിരുന്നു എന്ന സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല. ആധുനികലോകം പ്രൊഫഷണലിസത്തിന്‍റെയും സ്പെഷ്യലൈസേഷന്‍റെയും പേരിൽ ശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും വർഗീകരിക്കുകയും വിഘടിപ്പിക്കുകയും ചെയ്​തു. എന്നാൽ പൂർവ്വകാലത്ത് ഈ വിജ്ഞാനമേഖലകളെ ഒന്നായി കണ്ടിരുന്ന, വിഘടിക്കപെടാത്ത ഒരു ജ്ഞാനാന്തരീക്ഷം നിലനിന്നിരുന്നു എന്നതിനാണ്​ ഊന്നൽ കൊടുക്കുന്നത്​.ഇബ്​നുസീന ഒരിക്കലും ഒരു ഔദ്യോഗിക വൈദ്യൻ എന്ന നിലക്കോ, താത്വിക അധ്യാപകൻ എന്ന സ്ഥാനമോ അലങ്കരിച്ച വ്യക്തി ആയിരുന്നില്ല. ഗ്രീക്ക് പൈതൃകം നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്​അവകാശപ്പെടുന്നതിനേക്കാൾ തികച്ചും വ്യത്യസ്തമായ ധാർമ്മിക ഭാവനയിൽ ഇബ്നു സീന ആവിഷ്കരിച്ചിരുന്നു.

മാത്രമല്ല, അദ്ദേഹത്തിന്‍റെ രചനകൾ വളരെ അഗാധമായ പാണ്ഡിത്യത്തിന്‍റെ അടിത്തറയിൽ നിന്നുള്ള അനേകം വിജ്ഞാനങ്ങളുടെ സമന്വയമായിരുന്നു.സമകാലീന ലോകത്തു ഫ്രഞ്ച് ദാർശനികനായ ബ്രൂണോ ലടൂർനെ പോലുള്ളവർ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റങ്ങൾക്ക് 'ന്യൂ " കാലഘട്ടത്തിൽ പരമപ്രാധാന്യം നൽകണം എന്ന് ആവശ്യപെടുമ്പോൾ, അധികാരികളും ശാത്രജ്ഞരും ഇതു നിസ്സാരമായി തള്ളിക്കളയുന്നത് കാണാം. ചരിത്രത്തിന്‍റെ ഒരു സുവർണ്ണ കാലഘട്ടത്തിൽ ശാസ്ത്രജ്ഞരും ദാര്‍ശനികരും മനുഷ്യനന്മയ്ക്കും ജ്ഞാനത്തിനും വേണ്ടി ഒന്നായി മുന്നേറിയിരുന്ന ഒരു യുഗം കടന്നു പോയിട്ടുണ്ടെന്ന വസ്​തുത നാമോർക്കം.

മനുഷ്യരാശിയുടെ വിസ്‌മയാവഹമായ ശാസ്ത്രനേട്ടങ്ങളെ നിരാകരിക്കുവാനോ, ആധുനിക തത്വശാസ്ത്ര ചിന്താധാരകളെ ഗൗരവം കുറച്ചു കാണുവാനോ എനിക്ക്​ ഉദ്ദേശമില്ല. കഴിഞ്ഞുപോയ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരതയിൽ മുങ്ങി നിവരുവാനും താൽപര്യമില്ല. മഹാമാരി സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം നമ്മുക്ക് നേരെ ഫണം വിടർത്തി നിൽക്കുമ്പോൾ ഈ അപരിചിത സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടാം എന്നതാണ് ചിന്താവിഷയം. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആത്മബോധത്തിൽ ഒരു വൈജ്ഞാനിക വിപ്ലവത്തിന്‍റെ വക്കിലാണോ നമ്മൾ?, എവിടെയാണ് നാം നിൽക്കുന്നത്?, എന്താണ് നാം ചെയ്യേണ്ടത്?, മനുഷ്യനെ താൻ സ്വയം സൃഷ്ടിച്ച അഗാധ ഗർത്തത്തിൽ നിന്നും കരകയറ്റുവാനായി ഏതു തരത്തിലുള്ള അറിവും അവബോധവുമാണ് ആവശ്യം? . അഭിസംബോധന ചെയ്യേണ്ടതായ ശാസ്ത്രീയവും ദാര്‍ശനികവുമായ ചോദ്യങ്ങൾ ഒരുപാടുണ്ട്. അതെ, കാലം ഒരു നവ ഇബ്​നു സീനയെ തേടുകയാണ്.

No comments:

Post a Comment