Tuesday 15 December 2020

മടങ്ങി വരാത്ത യാത്ര

 

ഖലീഫ ഹാറൂൻ റഷീദ് ബുഹ്ലൂലിന്‌ ഒരു ഊന്നുവടി നൽകി. "ലോകത്തെ ഏറ്റവും വിഡ്ഢിയായ മനുഷ്യനുള്ളതാണ് ഇത് - നിങ്ങളേക്കാൾ ഇതിനു അവകാശിയായ ആരെയെങ്കിലും കണ്ടാൽ ഇത് അവർക്ക് നൽകാം" എന്ന് പറഞ്ഞുവത്രേ!. 

ബുഹ്ലൂൽ ആളുകളുടെ കണ്ണിൽ ഒരു ഭ്രാന്തനായിരുന്നു, ബുദ്ധിമാനായ ഭ്രാന്തൻ. 'ദേഹേച്ഛകളെ നിയന്ത്രിക്കുകയും ആഖിറത്തിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാർ' എന്ന് ആദരവായ നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ബുദ്ധിമാൻ. ബുഹ്ലൂലിലെ നന്നായറിയാവുന്ന ഖലീഫ എന്താണ് പ്രതികരണം എന്നറിയാനോ മറ്റുദ്ദേശ്യത്തിലോ നൽകിയതാകാം.

കാലം മുന്നോട്ട് നീങ്ങി - ഖലീഫ രോഗബാധിതനായപ്പോൾ ബുഹ്ലൂൽ അദ്ദേഹത്തെ സന്ദർശിച്ച് എന്താണാവസ്ഥ എന്നന്വേഷിച്ചു - 'ചികിത്സകൾ ഒന്നും ഫലിക്കുന്നില്ലെന്നും തനിക്ക് അന്ത്യയാത്രക്ക് സമയമായെന്ന് തോന്നുന്നു'വെന്നും അദ്ദേഹം മറുപടി പറഞ്ഞു. 

ബുഹ്ലൂൽ: "എവിടേക്കാണ് നിങ്ങൾ പോകുന്നത്?"

ഖലീഫ: "അടുത്ത ലോകത്തേക്ക്" 

ബുഹ്ലൂൽ: "എത്രകാലം അവിടെ താമസിക്കും? എന്ന് തിരിച്ചുവരും?"

ഖലീഫ: "ആ ലോകത്ത് നിന്നും ആരും തിരിച്ചു വന്നിട്ടില്ല"

ബുഹ്ലൂൽ: "അങ്ങനെയെങ്കിൽ നിങ്ങൾ ഈ യാത്രക്കായി പ്രത്യേകമായ ഒരുക്കങ്ങൾ നടത്തിക്കാണും - മുന്നോടിയായി അവിടെ സൌകര്യങ്ങൾ എല്ലാം ഒരുക്കിവെക്കാൻ പ്രതിനിധിസംഘത്തെ അയച്ചോ?"

ഖലീഫ: "അവിടേക്ക് നിങ്ങൾ തനിച്ചു വേണം പോകാൻ - ഞാൻ അതിനായി ഒരുക്കമൊന്നും നടത്തിയിട്ടില്ല."

ബുഹ്ലൂൽ: "ഓ അമീറുൽ മുഅ്മിനീൻ, ചെറിയ ചെറിയ യാത്രകൾ നടത്താൻ ഉദ്ദേശിക്കുമ്പോൾ പോലും അവിടെ രാജസൗകര്യങ്ങൾ ഒരുക്കിവെക്കാൻ വേണ്ടി സംഘത്തെ അയക്കുകയും തയ്യാറെടുക്കുകയും ചെയ്തിരുന്ന നിങ്ങൾ എന്നെന്നും ജീവിക്കാൻ പോകുന്ന സ്ഥലത്തേക്ക് ഉള്ള യാത്രക്കായി ഒരു തയ്യാറെടുപ്പും നടത്തിയില്ലെന്നോ?! എനിക്ക് തോന്നുന്നത് അന്ന് നിങ്ങൾ എനിക്ക് തന്ന വടി ഏൽപ്പിക്കാൻ എന്നേക്കാൾ അർഹനായ ആൾ നിങ്ങളാണെന്നാണ്!!"

ശരിയാണ് - ഐഹിക ലോകത്തെ കിടപ്പിനുള്ള മെത്തയും വിരിപ്പും വിരിച്ചു തരാൻ ആളുണ്ടാകും. എന്നാൽ അപ്പുറം തിരിച്ചു വരാത്തൊരു ലോകത്ത് കാലമേറെ നമുക്ക് താമസിക്കണം. അവിടെ നമുക്ക് കിടക്കാനുള്ള വിരിപ്പ് ഈ ലോകത്ത് വെച്ച് തന്നെ നാം നെയ്തെടുത്താൽ തീർച്ചയായും കിടപ്പ് സുഖ സന്തോഷപൂർവ്വമാകും.

ഹസ്രത്ത് അലി(റ) തങ്ങൾ ഒരു ഖബറിന് അരികെ നിന്ന് അതിനുള്ളിൽ ഉള്ളവരോട് നിങ്ങളുടെ അവസ്ഥ എന്താണെന്ന് ചോദിച്ചു. ശേഷം അവിടുന്ന് തന്നെ പറഞ്ഞു: "അവർക്കെങ്ങാനും മറുപടി പറയാനുള്ള അനുമതി അല്ലാഹു കൊടുത്തിരുന്നുവെങ്കിൽ തഖ്'വയാകുന്നു (ഖബറിലേക്കുള്ള) ഏറ്റവും നല്ല വിഭവം എന്നവർ പറയുമായിരുന്നു"

ഖബറിൽ വിരിക്കാനുള്ള സകല സൗകര്യങ്ങളുടെയും വിരിപ്പ് തുന്നിച്ചേർക്കേണ്ടത് തഖ്'വായുടെ ഇഴനൂലുകൽ സൽക്കർമ്മങ്ങളിൽ കോർത്താകണം. ഇലാഹായ നാഥന്റെ മുമ്പിൽ കുനിച്ചു നിർത്തി വിചാരണ ചെയ്യപ്പെടുന്ന നാളിനെ ഭയന്ന് കൊണ്ടുള്ള ജീവിതം തീർച്ചയായും ഐഹികമായ മണിമെത്തകളെ മനസ്സാ വെടിഞ്ഞ് ബർസഖിന്റെ മറക്ക് അപ്പുറത്തെ വിരിപ്പിനായി പണിയെടുക്കാൻ നമ്മെ ഒരുക്കുമെന്നത് തീർച്ച.

ഹസ്രത്ത് ഉമർ(റ) വിന്റെ കാലത്ത് വ്യഭിചാരത്തിന്റെ കെണിയിൽ നിന്നും അല്ലാഹുവിനെ ഭയന്ന് രക്ഷ നേടി, അവന്റെ ആയത്ത് കേട്ടതോടെ മരിച്ചു വീണ യുവാവിന്റെ ഖബറിങ്കൽ ചെന്ന് അവന്റെ അവസ്ഥ ചോദിച്ച ഉമർ തങ്ങളോട് ഖബറിൽ നിന്നും 'എനിക്കെന്റെ റബ്ബ് അവൻ വാഗ്ദാനം ചെയ്ത രണ്ട് സ്വർഗ്ഗങ്ങൾ തന്നു' എന്ന് വിളിച്ചു പറഞ്ഞ ചെറുപ്പക്കാരൻ വിരിച്ച വിരിപ്പാണ് നമുക്കും വേണ്ടത്.

 من كفر فعليه كفره ومن عمل صالحا فلأنفسهم يمهدون 

(ആശയം) ഏതൊരാൾക്കും അവന്റെ കർമ്മത്തിന്റെ നിലയനുസരിച്ചുള്ള ശിക്ഷയും രക്ഷയും റബ്ബിൽ നിന്നും ലഭിക്കുക തന്നെ ചെയ്യും - അല്ലാഹുവിനെ ധിക്കരിച്ചവന് അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. നല്ല നല്ല കർമ്മങ്ങളുമായി മുന്നേറുന്നവൻ അവന്റെ സ്വന്തം ശരീരത്തിനുള്ള രക്ഷയുടെ വിരിപ്പ് വിരിക്കുകയാണ്.

'ഒരേയൊരു നാൾ മാത്രം ജീവിതത്തിൽ ബാക്കിയുള്ളൂ എന്നറിഞ്ഞാൽ ആ ദിവസം നിങ്ങൾ എന്ത് ചെയ്യും'എന്നോരാളോട് ചോദിച്ചാൽ എന്താകും മറുപടി?!  ചെയ്യാവുന്ന ഏത് കർമ്മമാണ്‌ ഏറ്റവും പ്രതിഫലാർഹം എന്നോർത്ത് വിഷണ്ണനായി വെപ്രാളപ്പെടുകയാകും നാമാണെങ്കിൽ.  

ഒരു മഹാൻ പറഞ്ഞ മറുപടി നമ്മെ പിടിച്ചു കുലുക്കിയേക്കും - "ഞാൻ എന്റെ സ്വാഭാവികമായ ജീവിതത്തിൽ ഒരു മാറ്റവും വരുത്തില്ല - കാരണം ഇന്ന് വരെ എന്റെ ജീവിതത്തിൽ കഴിഞ്ഞു പോയ ഓരോ നാളും ഇതെന്റെ അവസാന ദിവസമാണ് എന്ന നിലയിലാണ് ഞാൻ ജീവിച്ചത്!".

അവരൊക്കെ വിജയത്തിന്റെ പതുപതുത്ത സ്വർഗ്ഗീയ വിരിപ്പ് ഖബറിൽ വിരിച്ചു വെച്ചവരാണ്. ഖബറിലെ ആദ്യരാത്രിയിൽ തന്റെ കർമ്മങ്ങളാകുന്ന കൂട്ടുകാരനെ സന്തോഷത്തോടെ കണ്ടുമുട്ടിയവർ. നമുക്കും വേണം അവിടേക്ക് വിരിപ്പ് - 4 ഭാഗത്ത് നിന്നും സ്വർഗ്ഗീയ പരിമളം സുഗന്ധം പരത്തുന്ന ഖബറെന്ന അറയിലെ ആദ്യരാത്രിയിൽ വിരിക്കാൻ...

 وسارعوا إلى مغفرة من ربكم وجنة عرضها السماوات والأرض أعدت للمتقين


(നൗഫൽ) 

No comments:

Post a Comment