Saturday 5 December 2020

ഒരു കായ്കനി തോട്ടത്തിന്റെ കഥ

 

യമൻ രാജ്യത്തെ സന എന്ന നഗരത്തിന് അടുത്തുള്ള ഒരു ഗ്രാമമായിരുന്നു ദറവാൻ. അവിടെ ധനാഢ്യനും സാത്വികനുമായ ഒരാളുണ്ടായിരുന്നു. ദാനധർമ്മാദികളിൽ നിഷ്ഠനായ, അല്ലാഹു ﷻ വിനെ ഭയപ്പെട്ടിരുന്ന അദ്ദേഹം വലിയൊരു കായ്കനിത്തോട്ടത്തിന്റെ ഉടമയായിരുന്നു. ആ തോട്ടത്തിൽ പഴങ്ങൾ ഇടതൂർന്നു വളർന്നുനിൽക്കുന്നത് ഹൃദ്യവും മനോഹരവുമായ ഒരു കാഴ്ചയായിരുന്നു. സന്മനസിന്റെ ഉടമയായ അദ്ദേഹത്തെ അല്ലാഹു ﷻ അനുഗ്രഹിച്ചു.

പാവങ്ങളോട് വളരെ കാരുണ്യവും സ്നേഹവുമുള്ള ആളായിരുന്നു ഈ ധനാഢ്യൻ. പഴങ്ങൾ പറിക്കുന്ന കാലം ആഗതമായാൽ അദ്ദേഹം അതിൽനിന്ന് അർഹമായ ഓഹരി പാവങ്ങൾക്കു നൽകാറുണ്ടായിരുന്നു. അതിനാൽ പഴങ്ങൾ പഴുക്കുന്നതും പറിക്കുന്നതും പാവങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു. 

പഴങ്ങൾ പറിക്കുന്ന ദിവസം ജനങ്ങൾക്ക് ഉത്സവം പോലെയാണ്. അന്നവർ തോട്ടത്തിൽ കൃത്യസമയത്ത് എത്തിച്ചേരും. അദ്ദേഹം എല്ലാവർക്കും പഴങ്ങൾ നൽകി സന്തോഷിപ്പിക്കും. അവർ അദ്ദേഹത്തിനുവേണ്ടി അല്ലാഹു ﷻ വിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കും. അല്ലാഹുﷻവിന്റെ അനുഗ്രഹത്താൽ തോട്ടത്തിൽ കൊല്ലംതോറും പഴങ്ങൾ കൂടിക്കൂടിവന്നു. രോഗബാധയോ കാലാവസ്ഥ പ്രതികൂലമായുള്ള നാശമോ ആ തോട്ടത്തിനു ബാധിച്ചിരുന്നില്ല.

അങ്ങനെ അല്ലാഹുﷻവിന്റെ പ്രിയദാസനായ ഈ ധനാഢ്യനെ വയസുചെന്നപ്പോൾ അല്ലാഹു ﷻ തിരികെ വിളിച്ചു. ഈ ലോകത്തുനിന്ന് അദ്ദേഹം യാത്രയായി. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇദ്ദേഹത്തിന്റെ അനന്തരാവകാശികളായ ആൺമക്കൾ സ്വാർത്ഥമതികളായിരുന്നു. ദാനം നൽകിയാൽ ധനം കുറയുമെന്ന് ഇവർ വിശ്വസിച്ചു.

പതിവുപോലെ തോട്ടത്തിൽ പഴം പറിച്ചെടുക്കേണ്ട സമയം സമാഗതമായി. മുൻകൊല്ലത്തേക്കാളധികം പഴങ്ങൾ ഇത്തവണയുമുണ്ട്. ഇതിൽനിന്നു ദാനം കൊടുക്കേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ ലുബ്ധന്മാരായ ആൺമക്കളുടെ മനസ് നീറി. പക്ഷേ പാവങ്ങൾ തോട്ടത്തിൽ പഴം കിട്ടുന്നതും ആശിച്ച് കാത്തുനിൽക്കുമ്പോൾ എങ്ങനെയാണ് കൊടുക്കാതിരിക്കാൻ കഴിയുക..? 

അതുകൊണ്ട് ആരും കാണാതെ വേണം പഴം പറിച്ചെടുക്കുക എന്ന് ആൺമക്കൾ പരസ്പരം ആലോചിച്ച് തീരുമാനമെടുത്തു.

പഴം പറിക്കുന്ന നേരത്ത് പാവങ്ങൾ തോട്ടത്തിൽ വന്നു നിറയുമെന്ന് ഉറപ്പാണ്. തരില്ലെന്നു പറഞ്ഞ് അവരെ എങ്ങനെയാണ് ആട്ടിയോടിക്കുക? അത് തങ്ങൾക്ക് സമൂഹത്തിൽ ദുഷ്പേരുണ്ടാക്കുമെന്ന് തോട്ടക്കാരന്റെ മക്കൾ ഭയന്നു. അതൊഴിവാക്കണമെങ്കിൽ അല്പമെങ്കിലും പഴം അവർക്കു നൽകേണ്ടിവരും.

ആൺമക്കൾ ഏറെനേരം തല പുകഞ്ഞാലോചിച്ചു. അവസാനം അവരിൽ ഒരാൾ ഒരു മാർഗം നിർദ്ദേശിച്ചു: “നമുക്കൊരു കാര്യം ചെയ്യാം. രാവേറെ ചെന്നശേഷം തോട്ടത്തിൽ ചെന്ന് ശബ്ദമുണ്ടാക്കാതെ പഴങ്ങൾ പറിച്ചെടുത്ത് ശേഖരിക്കാം. നേരം പുലരുമ്പോഴേക്കും പണികഴിച്ച് തോട്ടം കാലിയാക്കണം. ഒരു ദരിദ്രൻ പോലും ആ സമയത്ത് തോട്ടത്തിലേക്കു തിരിഞ്ഞുനോക്കില്ല. അങ്ങനെ ഒരു പഴംപോലും നഷ്ടപ്പെടാതെ മുഴുവനും നമുക്കു വീട്ടിലെത്തിക്കാം."

ഈ നിർദ്ദേശം ഒരാളൊഴിച്ച് എല്ലാ ആൺമക്കൾക്കും നൂറുശതമാനം സ്വീകാര്യമായി. അവരെല്ലാം ആഹ്ലാദചിത്തരായി. നിർദ്ദേശം സ്വീകാര്യമല്ലാത്തവൻ ഭൂരിപക്ഷ ഭീഷണി ഭയന്ന് മിണ്ടാതിരുന്നു. അവൻ അക്കൂട്ടത്തിൽ അല്പം ദയാശീലനും അല്ലാഹുﷻവിനെ പേടിയുള്ളവനുമായിരുന്നു.

പഴം പറിക്കേണ്ട ദിവസമെത്തി. അർദ്ധരാത്രിയാകുന്നതിനു വേണ്ടി ആൺമക്കൾ കാത്തിരുന്നു. ഇനിയും സമയമുണ്ടല്ലോ എന്നു കരുതി എല്ലാവരും കിടന്നുറങ്ങി.

ഈ സമയത്ത് തോട്ടത്തിൽ വമ്പിച്ച ഒരു അഗ്നിബാധയുണ്ടായി. തോട്ടം മുഴുവനും കത്തിക്കരിഞ്ഞു നശിച്ചു. ഒരു പുൽക്കൊടിപോലും ബാക്കിയായില്ല. വൃക്ഷങ്ങൾ കരിഞ്ഞു ചാമ്പലായി, ചുരുക്കത്തിൽ, തോട്ടം നാമാവശേഷമായി. ഇത് അല്ലാഹുﷻവിന്റെ ശിക്ഷയായിരുന്നു. 

പാതിരാത്രിയായപ്പോൾ സഹോദരന്മാരെല്ലാവരും തട്ടിപ്പിടഞ്ഞഴുന്നേറ്റ് തോട്ടത്തിലേക്ക് ആവേശത്തോടെ തിരിച്ചു. ആരും കേൾക്കാതിരിക്കാനായി അടക്കം പറഞ്ഞു കൊണ്ടാണ് അവർ നടന്നിരുന്നത്. 

പഴം പറിച്ചുകൊണ്ടിരിക്കേ, ശബ്ദം കേട്ട് അഥവാ അവിടെ വല്ല പാവങ്ങളും വരികയാണെങ്കിൽ അവർക്ക് ഒന്നും തന്നെ കൊടുക്കരുതെന്ന് അവർ ദൃഢനിശ്ചയം ചെയ്തു.

സഹോദരൻമാർ നിർദ്ദിഷ്ടസ്ഥലത്തെത്തിച്ചേർന്നു. പക്ഷേ തോട്ടത്തിന്റെ സ്ഥാനത്ത് അവർ കണ്ടത് കത്തിക്കരിഞ്ഞു വരണ്ട ഒരു മൈതാനമാണ്. ഇതു തങ്ങളുടെ തോട്ടമല്ലെന്നും തങ്ങൾക്കു വഴിതെറ്റിയിരിക്കയാണെന്നും അവർ വിചാരിച്ചു. 

പക്ഷേ തോട്ടത്തിന്റെ ചുറ്റുഭാഗമെല്ലാം പഴയതുപോലെത്തന്നെയുണ്ട്. അയൽപക്കത്തെ തോട്ടങ്ങളെല്ലാം പഴയതുപോലെത്തന്നെ സ്ഥിതിചെയ്യുന്നു. അവസാനം പ്രജ്ഞ തിരിച്ചുകിട്ടിയ അവർക്ക് ബോധ്യമായി, തങ്ങൾക്ക് വഴിതെറ്റിയതല്ല തങ്ങളുടെ തോട്ടം കത്തിനശിച്ചതാണെന്ന്. അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ വാവിട്ട് നില വിളിച്ചുപോയി.

സഹോദരൻമാരിൽ നല്ലവനായ ഒരുവൻ മറ്റുള്ളവരോടായി പറഞ്ഞു: “അശരണർക്കും പാവങ്ങൾക്കും ദാനം നൽകുന്നതിൽ നാം വിമ്മിട്ടപ്പെടരുത്. ദാനം ധനത്തെ കുറയ്ക്കുന്നതല്ല എല്ലാം നൽകുന്നത് അല്ലാഹുﷻവാണ്. അവൻ ഇച്ഛിച്ചാൽ മാത്രമേ നൽകൂ. ഇപ്പോൾ നാം പുച്ഛിച്ചിരുന്ന പാവങ്ങളെപ്പോലെ നമ്മളും പാവങ്ങളായി.”

അയാളുടെ വാക്കുകൾ മറ്റു  സഹോദരന്മാരുടെ കണ്ണുതുറപ്പിച്ചു. അവർ തങ്ങളുടെ ദുഷ്ചെയ്തിയിൽ പശ്ചാത്തപിച്ചു. മാപ്പിനു വേണ്ടി അല്ലാഹു ﷻ വിനോട് താണുകേണപേക്ഷിച്ചു.


ഗുണപാഠം :ദാനം നൽകാതിരുന്നാൽ അതിന്റെ ഫലം നാശമാണെന്ന് ഈ കഥയിൽനിന്നു സ്പഷ്ടമാണ്. പാവങ്ങളോടു സഹതപിക്കുകയും അവരെ സഹജീവികളെപ്പോല കരുതുകയും വേണം. അവർക്ക് സഹായം ആവശ്യമാകുമ്പോൾ നാമത് നൽകുകയും വേണം. ദാനം ഒരിക്കലും ധനത്തെ കുറയ്ക്കുന്നതല്ല.

No comments:

Post a Comment