Wednesday 8 February 2017

അലി ത്വന്‍ത്വാവിയുടെ 'ജാബിറു അഥ്‌റാതില്‍ കിറാം' എന്ന കഥ



പാപ്പരായ ധര്‍മിഷ്ഠന്‍
സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ കാലത്ത് (1200 ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്) റഖ നഗരത്തില്‍ ബനൂ അസദ് ഗോത്രക്കാരനായ ഖുസൈമഃ ബിന്‍ ബിശ്ര്‍ എന്ന ഒരാളുണ്ടായിരുന്നു. ഒട്ടേറെ അനുഗ്രഹങ്ങള്‍ ലഭിച്ച, ധാരാളം സമ്പത്തുള്ള ധനികനായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ അങ്ങേയറ്റം ഉദാരനും മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി ഉദാരമായി അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന്റെ അടുത്ത് ചോദിച്ച് വന്ന ആരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. തനിക്കുണ്ടായിരുന്ന സമ്പത്ത് തീരുംവരെ അദ്ദേഹം തന്റെ ഔദാര്യങ്ങള്‍ തുടര്‍ന്നു. അവസാനം തന്റെ പക്കല്‍ ഒന്നും ശേഷിക്കാത്ത നിലയിലെത്തിയപ്പോള്‍, തന്റെ സഹോദരങ്ങളോട് സഹായം തേടി. ആദ്യമൊക്കെ അവര്‍ സഹായിച്ചു. പിന്നെ അവര്‍ അതിന് വിസമ്മതിച്ചു. അത് അദ്ദേഹത്തെ ഏറെ നിരാശനാക്കി.
അദ്ദേഹം ഭാര്യയോട് പറഞ്ഞു: നീ നിന്റെ വീട്ടുകാരോടൊപ്പം താമസിച്ചോളൂ. ഒരു പരിഹാരം ഉണ്ടാകുകയോ അല്ലെങ്കില്‍ മരിക്കുകയോ ചെയ്യുന്നത് വരെ ഞാന്‍ വീട്ടില്‍ തന്നെ വാതിലടച്ച് കഴിയുകയാണ്.
അവള്‍ പറഞ്ഞു: നല്ല അവസ്ഥയില്‍ നിങ്ങളോടൊപ്പം നില്‍ക്കുകയും പ്രയാസത്തില്‍ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നവളല്ല ഞാന്‍. ഞാന്‍ നിങ്ങളോടൊപ്പം തന്നെ നിലകൊള്ളും. നിങ്ങള്‍ ജീവിക്കുകയാണെങ്കില്‍ ഞാനും ജീവിക്കും. നിങ്ങള്‍ മരിക്കുകയാണെങ്കില്‍ ഞാനും മരിക്കും.
അവരിരുവരും വീടിനകത്ത് കയറി വാതിലടച്ചു. വീട്ടിലുണ്ടായിരുന്ന ആഹാരവസ്തുക്കള്‍ തീരുന്നത് വരെ അവരിരുവരും അത് ഭക്ഷിച്ചു. അതും കഴിഞ്ഞപ്പോള്‍ അവരിരുവരും മരണവും കാത്തിരുന്നു.
ഇക്‌രിമത്തുല്‍ ഫയ്യാദുല്‍ റബ്ഇയായിരുന്നു അവിടത്തെ ഗവര്‍ണര്‍. അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ ഉദാരതയാണ് 'ഫയ്യാദ്' (നിറഞ്ഞ് കവിഞ്ഞൊഴുകുന്നത്) എന്ന അപരനാമത്തിനദ്ദേഹത്തെ അര്‍ഹനാക്കിയത്. ഒരിക്കല്‍ അദ്ദേഹം തന്റെ സദസ്സ്യരോട് ചോദിച്ചു: 'ഖുസൈമഃ ബിന്‍ ബിശ്‌റിന് എന്തുപറ്റി?'
അവര്‍ പറഞ്ഞു: 'ഞങ്ങളാരും അദ്ദേഹത്തെ കണ്ടിട്ടില്ല, വല്ല യാത്രയിലുമായിരിക്കും.'
അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: 'അദ്ദേഹം നാട്ടില്‍ തന്നെയുണ്ട്. എന്നാല്‍ അദ്ദേഹം വീടിന്റെ വാതിലടച്ച് സ്വന്തത്തെ അതില്‍ മറമാടിയിരിക്കുകയാണ്. മരണം വരെ പുറത്തിറങ്ങില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ഇക്‌രിമ: എന്തിന്?
അവര്‍ പറഞ്ഞു: അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു.
ഇക്‌രിമ: അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ ഒരാളും ഇല്ലായിരുന്നുവോ? നാട്ടില്‍ ധനികര്‍ കുറഞ്ഞുവോ?
അയാള്‍ പറഞ്ഞു: അല്ലയോ അമീര്‍, ഉദാരന്‍മാരാണ് കുറഞ്ഞിരിക്കുന്നത്. താങ്കള്‍ക്ക് ഒരു ദിവസം പ്രയാസമുണ്ടായാല്‍ താങ്കള്‍ക്ക് നന്മ ചെയ്യാന്‍ അവര്‍ മത്സിരിക്കും. താങ്കളുടെ അടുത്തേക്ക് സമ്പത്ത് വരാനുണ്ടെന്നും താങ്കളെ സഹായിച്ചാല്‍ അവരുടെ സമ്പത്ത് തിരിച്ചു കിട്ടുമെന്നും അവര്‍ക്കറിയാം. എന്നാല്‍ താങ്കളിലേക്ക് ഇന് സമ്പത്തൊന്നും വരാനില്ല എന്നിരിക്കട്ടെ അവരില്‍ ഒരാളും താങ്കളെ തിരിഞ്ഞു നോക്കില്ല. മിക്ക ആളുകള്‍ക്കും സൗഹൃദം കച്ചവടമാണ്. താങ്കളുടെ സമ്പത്തില്‍, ഒരു നാള്‍ അതുപയോഗിക്കാം എന്ന് പ്രതീക്ഷയര്‍പ്പിച്ചാണ് അവര്‍ നിങ്ങളോട് കൂട്ടുകൂടുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം ഒരു നാള്‍ ഉപയോഗപ്പെടുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹം ആളുകളില്‍ കാണുന്നില്ല.
ഇക്‌രിമ: വസ്തുതയാണ് താങ്കള്‍ പറഞ്ഞത്.
അതിനെ കുറിച്ച സംസാരം അവസാനിപ്പിച്ച് മറ്റു വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ സംസാരം മാറി. അവിടെയുണ്ടായിരുന്നവരെ അത് അത്ഭുതപ്പെടുത്തി. ഖുസൈമക്ക് എന്തെങ്കിലും നല്‍കാന്‍ കല്‍പിക്കുകയോ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു പ്രതിനിധിയെ അയക്കുകയോ ചെയ്യുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്. 


അജ്ഞാത സഹായി
ഒന്നും കഴിക്കാതെ ഖുസൈമയും ഭാര്യയും മൂന്ന് ദിവസം പിന്നിട്ടു. തന്റെ വിശപ്പിനേക്കാളും പ്രയാസത്തേക്കാളും അദ്ദേഹത്തെ വേദനപ്പിച്ചത് ഭാര്യയുടെ അവസ്ഥയായിരുന്നു. അവളോടുള്ള സ്‌നേഹവും അനുകമ്പയും പുറത്തു പോയി തന്നോട് കടബാധ്യതയുള്ളവരോട് അതാവശ്യപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കടം വാങ്ങിയവര്‍ ഒന്നും തിരിച്ചു നല്‍കാതിരുന്നപ്പോഴും അത് ചോദിക്കാന്‍ അദ്ദേഹത്തിന്റെ അന്തസ്സും ഔദാര്യവും അനുവദിച്ചില്ല. തന്റെ മുന്നില്‍ കൈനീട്ടിയിരുന്നവരോട് എങ്ങനെ ചോദിക്കുമെന്ന ചിന്ത അദ്ദേഹത്തെ പ്രയാസപ്പെടുത്തി. നിന്ദ്യതയോടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് അന്തസ്സോടെ മരിക്കുകയാണെന്ന തീരുമാനത്തിലാണ് അവസാനം അദ്ദേഹം എത്തിചേര്‍ന്നത്.
രാത്രിയുടെ ഒരു ഭാഗം പിന്നിട്ടപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായി അദ്ദേഹത്തിന് തോന്നി. ആരാണ് വാതില്‍ക്കലെന്ന് നോക്കാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു.
അവള്‍ പറഞ്ഞു: മുഖം മറച്ച ഒരു കുതിരപ്പടയാളിയാണ്, അയാളുടെ കണ്ണുകളല്ലാതെ ഒന്നും കാണുന്നില്ല.
അദ്ദേഹം വന്ന് വാതില്‍ തുറന്നു കൊടുത്തു. അദ്ദേഹത്തെ കണ്ട ആ പടയാളി കുതിരപ്പുറത്തു നിന്നും ഇറങ്ങുകയോ സംസാരിക്കുകയോ ചെയ്യാതെ ഭാരമുള്ള ഒരു കിഴി അദ്ദേഹത്തിന് നല്‍കി. അതില്‍ പണമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന രൂപത്തിലായിരുന്നു. എന്നിട്ട് അയാള്‍ കുതിരയുടെ കടിഞ്ഞാന്‍ പിടിച്ച് പോകാന്‍ ഒരുങ്ങി. അപ്പോള്‍ ഖുസൈമ ചോദിച്ചു: ആരാണ് നീ? എന്താണിത്?
അയാള്‍ പറഞ്ഞു: അല്ലാഹു താങ്കളുടെ അടുത്തേക്ക് എത്തിച്ചതാണിത്. ഈ ഔദാര്യം ആരും താങ്കളോട് എടുത്തു പറയില്ല. ഞാന്‍ ആരാണെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് എനിക്കിഷ്ടമില്ലാത്തതിനാലാണ് ഈ സമയത്ത് ഇതും വഹിച്ച് ഞാന്‍ തന്നെ താങ്കളുടെ അടുത്തേക്ക് വന്നത്.
ഖുസൈമ:അല്ലാഹുവാണ,താങ്കളാരാണെന്ന് പറയാതെ ഞാനിത് സ്വീകരിക്കുകയില്ല.
പടയാളി: ഉദാരമാരെ വീഴ്ച്ചയില്‍ സഹായിക്കുന്നവനാണ് (ജാബിറു അഥ്‌റാതില്‍ കിറാം) ഞാന്‍.
ഖുസൈമ: ഒന്നു കൂടി തെളിയിച്ചു പറയൂ.
കൂടുതല്‍ വിശദീകരണത്തിന് വിസമ്മതിച്ച് കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് അയാള്‍ ഇരുട്ടില്‍ മറഞ്ഞു.
ഖുസൈമ ഭാര്യയുടെ അടുത്ത് ചെന്ന് പറഞ്ഞു: നിന്റെ പ്രയാസത്തിന് അറുതിയായിരിക്കുന്നു. നീ വിളക്ക് കത്തിച്ച് ഇവിടെ വന്ന് ഒന്നു നോക്ക്.
അവള്‍ പറഞ്ഞു: വിളക്ക് കത്തിക്കാന്‍ ഒരു തുള്ളി എണ്ണ പോലും ഈ വീട്ടിലില്ലെന്ന് നിങ്ങള്‍ക്ക് അറിയുമല്ലോ.
അവരിരുവരും ആ കിഴി പരിശോധിച്ചു. അത് പണമാണെന്ന് അവര്‍ക്ക് മനസ്സിലായി. ഭാര്യ പറഞ്ഞു: പണമാണെങ്കില്‍ ഇത് ധാരാളമുണ്ടാകും.
അവരുടെ കണ്ണുകളിലെ ഉറക്കമെല്ലാം പോയി. നേരം വെളുക്കുന്നത് വരെ അവര്‍ ഉണര്‍ന്നിരുന്നു. സ്വര്‍ണ നാണയങ്ങളുടെ പ്രകാശം അവരുടെ കണ്ണുകളില്‍ തട്ടി. നാലായിരം ദിനാറുണ്ടായിരുന്നു അത്. ആശ്ചര്യത്തോടെ 'ആരാണ് അയാള്‍?' എന്ന് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു.


ഗവര്‍ണറും ഭാര്യയും

അന്നാട്ടിലെ ഗവര്‍ണര്‍ ഇക്‌രിമത്തുല്‍ ഫയ്യാദ് ആയിരുന്നു ആ മനുഷ്യന്‍. ഖുസൈമയുടെ വാര്‍ത്ത കേട്ടപ്പോള്‍ നാലായിരം ദീനാറെടുത്ത് ഒരു കിഴിയിലാക്കി മറ്റാരും അറിയാതിരിക്കാന്‍ ഒറ്റക്ക് അദ്ദേഹം ഇറങ്ങി പുറപ്പെടുകയായിരുന്നു. അത് ഖുസൈമക്ക് കൈമാറി സന്തോഷത്തോടെ അദ്ദേഹം മടങ്ങി. നാലായിരം ദീനാര്‍ കൊടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണ് അദ്ദേഹം അനുഭവിച്ചത്.

ഈ ലോകത്ത് നിരവധി ആസ്വാദനങ്ങളുണ്ട്. അതില്‍ ഏറ്റവും ആസ്വാദ്യകരവും മനസ്സില്‍ സ്പര്‍ശിക്കുന്നതും നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആസ്വാദനമാണ്. നന്മ ചെയ്യുന്ന ഒരാള്‍ക്ക് തന്റെ പണത്തിന് പകരമായി ഈ ആസ്വാദനം ലഭിച്ചിലായിരുന്നുവെങ്കില്‍ നന്മകള്‍ നിലച്ചു പോകുമായിരുന്നു. 

അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് അല്ലാഹുവിന്റെ പക്കല്‍ അവനെ കാത്തിരിക്കുന്നത്. 'ദൈവികസരണിയില്‍ സമ്പത്ത് ചെലവു ചെയ്യുന്നവരുണ്ടല്ലോ, അവരുടെ ധനവ്യയത്തെ ഇപ്രകാരം ഉപമിക്കാവുന്നതാകുന്നു: ഒരു ധാന്യമണി വിതച്ചു. അത് ഏഴു കതിരുകളിട്ടു. ഓരോ കതിരിലും നൂറു മണികള്‍! അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു.'

നൂറ് എഴുപതിനായിരമായി മാറുന്ന കച്ചവടത്തെ അവഗണിച്ച് അഞ്ചോ പത്തോ ലാഭം കിട്ടുന്ന കച്ചവടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മുസ്‌ലിമിന്റെ അവസ്ഥ എന്താണ്!

ആരും കാണാതെ തിരിച്ചെത്താന്‍ സാധിച്ചതില്‍ അല്ലാഹുവിനെ സ്തുതിച്ച് ഒരു കള്ളനെ പോലെ പതുങ്ങി ഇക്‌രിമ വീട്ടില്‍ പ്രവേശിച്ചു. തന്റെ ഭാര്യ തന്നെ കണ്ടത് അദ്ദേഹം അറിഞ്ഞിരുന്നില്ല. അതീവ ബുദ്ധിമതിയായിരുന്നു അവള്‍. 

എന്നാല്‍ മിക്ക സ്ത്രീകളെയും പോലെ തന്റെ ഭര്‍ത്താവില്‍ മറ്റാരെങ്കിലും അവകാശം സ്ഥാപിക്കുമോ എന്ന ഭയവും സംശയങ്ങളും അവള്‍ക്കുമുണ്ടായിരുന്നു. വീട്ടിലേക്ക് കാലെടുത്തു വെച്ചതും കള്ളന്റെ മേല്‍ ചാടിവീഴുന്ന പോലീസുകാരനെ പോല്‍ ഇരുട്ടില്‍ നിന്നും അവള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചാടിവീണു.

ഭാര്യ: എവിടെയായിരുന്നു താങ്കള്‍?

ഇക്‌രിമ: ഒരാവശ്യത്തിന് പുറത്തു പോയതായിരുന്നു.

ഭാര്യ: നാട്ടിലെ ഗവര്‍ണര്‍ രാത്രിയുടെ അന്ധകാരത്തില്‍ വേഷംമാറി ഒറ്റക്ക് പുറത്തിറങ്ങുകയോ? അല്ലാഹുവാണ്, താങ്കള്‍ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തു പോയതല്ല. ഞാനല്ലാതെ മറ്റൊരു ഭാര്യ നിങ്ങള്‍ക്കുണ്ട്. അവളുടെ അടുത്തേക്കാണ് നിങ്ങള്‍ പോയത്.

അവളുടെ സംസാരം കരച്ചിലേക്ക് വഴിമാറി. വസ്ത്രം വലിച്ചു കീറി അവള്‍ അലറി വിളിച്ചു: ഇക്‌രിമ, നിങ്ങള്‍ ഭാര്യയെ വഞ്ചിക്കുകയാണ്.

ഇക്‌രിമ: അല്ല പെണ്ണേ, നിനക്കെന്താണ് പറ്റിയത്? ഭ്രാന്ത് പിടിച്ചോ? ഞാനൊരു സ്ത്രീലമ്പടനല്ലെന്ന് നിനക്കറിയില്ലേ. നീയല്ലാതെ മറ്റൊരു ഭാര്യയും എനിക്കില്ല. അല്ലാഹുവല്ലാത്ത മറ്റൊരാള്‍ അക്കാര്യം അറിയുന്നത് ഞാനിഷ്ടപ്പെടുന്നില്ല.
ഭാര്യ: അല്ലാഹുവാണ, അതെന്താണെന്ന് എന്നോട് പറയും വരെ ഞാന്‍ തൃപ്തയാവുകയില്ല.

ഇക്‌രിമ: ഞാന്‍ പറയുകയില്ല.

വീണ്ടും അവള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി, എന്നിട്ട് പറഞ്ഞു: എന്നാല്‍ ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്.

ഇക്‌രിമ: ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍... നീയങ്ങനെ വാശി പിടിക്കുകയാണെങ്കില്‍ ഞാന്‍ പറയാം. എന്നാല്‍ ഒരിക്കലും മറ്റൊരാളെയും അതറിയിക്കുകയില്ലെന്ന് അല്ലാഹുവിനെയും മലക്കുകളെയും പിടിച്ച് നീ സത്യം ചെയ്യണം.

ഭാര്യ: ഞാന്‍ സത്യം ചെയ്യുന്നു.

ഇക്‌രിമ: പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ നടക്കുകയാണ് നാം എന്നു കരുതുക. സൂര്യന്‍ തലക്കു മുകളില്‍ കത്തിനില്‍ക്കുന്നുണ്ട്. അപ്പോള്‍ ഒരു തണലിനായി നാം എത്രത്തോളം ആഗ്രഹിക്കും? ഒരു കുന്തത്തിന്റെ തണലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കുകയില്ലേ? വലിയ വിലക്കാണ് അത് വില്‍ക്കുന്നതെങ്കിലും നാമത് വിലകൊടുത്ത് വാങ്ങിക്കുകയില്ലേ?

അദ്ദേഹം തുടര്‍ന്നു: മരുഭൂമിയിലെ നമ്മുടെ അവസ്ഥക്ക് സമാനമായ മറ്റൊരു അവസ്ഥയെ കുറിച്ച് ഞാനോര്‍ത്തു പോയി. പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭം. സൂര്യന്‍ തലക്കു മുകളില്‍ തൊട്ടടുത്ത് നില്‍ക്കുന്നു. ആയിരം വര്‍ഷങ്ങളുടെ നീളമുള്ള ദിവസം. ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങിയിരിക്കുകയാണ്. മുഴുവന്‍ മനുഷ്യരും അവിടെ ഒരുമിച്ചു കൂട്ടപ്പെട്ടിട്ടുണ്ട്. ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ ആള്‍ വരെ കേള്‍ക്കും വിധം ആദരവോടെ ഏഴ് വിഭാഗങ്ങള്‍ അവിടെ വിളിക്കപ്പെടും. 

ഒരു തണലും ഇല്ലാത്ത ആ ദിവസം കാരുണ്യവാന്റെ സിംഹാസനത്തിന്റെ തണലാകുന്ന മഹാ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കുക. തന്റെ വലതു കൈ ചെലവഴിക്കുന്നത് ഇടതു കൈ പോലും അറിയാത്ത തരത്തില്‍ രഹസ്യമായി ദാനധര്‍മം ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ടാകും. പ്രിയ സഖീ.... ഞാനും അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിച്ചു കൊണ്ട് നാലായിരം ദീനാറും എടുത്ത് പുറപ്പെട്ടു... തുടര്‍ന്ന്  സംഭവിച്ചതെല്ലാം അവള്‍ക്ക് വിവരിച്ചു കൊടുത്തു.
എന്നിട്ടദ്ദേഹം ചോദിച്ചു: നീയെന്നെ വിശ്വസിക്കുന്നുണ്ടോ, അതല്ല ഞാന്‍ സത്യം ചെയ്യണോ?

അവള്‍ പറഞ്ഞു: വിശ്വസിക്കുന്നു, എനിക്കിപ്പോള്‍ സമാധാനമായി.



ഇക്‌രിമ ജയിലില്‍ അടക്കപ്പെടുന്നു
തനിക്ക് കിട്ടിയ പണവുമായി ഖുസൈമ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഖലീഫയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായിത്തീരേണ്ട ഒരു ഗുണമാണത്. അതുകൊണ്ട് തന്നെ സുലൈമാന്‍ കൂട്ടുകാരനെ സ്വാഗതം ചെയ്തു. ഫ്രാന്‍സിനും ചൈനക്കും ഇടയിലെ പ്രവിശാലമായ ഭൂപ്രദേശങ്ങളുടെ ഭരണാധികാരിയാണ് താനെന്നത് ഖുസൈമയെ കൂടെയിരുത്തുന്നതിനും സംസാരിക്കുന്നതിനും വിശേഷങ്ങള്‍ ചോദിക്കുന്നതിനും തടസ്സമായില്ല. തനിക്ക് പണക്കിഴി ലഭിച്ച കഥ അദ്ദേഹം ഖലീഫക്ക് വിശദീകരിച്ചു കൊടുത്തു. സംസാരം ജാബിറു അഥ്‌റാത്തില്‍ കിറാമില്‍ (ഉദാരമാരെ വീഴ്ച്ചയില്‍ സഹായിക്കുന്നവന്‍) എത്തിയപ്പോള്‍ ആരാണ് അയാളെന്ന് ഖലീഫ ചോദിച്ചു.
ഖുസൈമ: അമീറുല്‍ മുഅ്മിനീന്‍ എനിക്കയാളെ അറിയില്ല.
അയാളെ കുറിച്ച് അറിയാനുള്ള ആകാംക്ഷയോടെ സുലൈമാന്‍ പറഞ്ഞു: ആരായിരിക്കും അത്, അവന്റെ ഔന്നിത്യത്തിനും ഉദാരതക്കും നമുക്ക് പ്രതിഫലം നല്‍കാം.
സന്ദര്‍ശനം അവസാനിപ്പിച്ച് തിരിച്ച് പോരുമ്പോള്‍ ജസീറ പ്രദേശത്തിന്റെ ഗവര്‍ണര്‍ സ്ഥാനം ഖുസൈമക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ പാപ്പരായി പോയ ഖുസൈമ ഗവര്‍ണറായി മടങ്ങി. ഈ വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞു. ആളുകള്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.
ജനങ്ങള്‍ എപ്പോഴും കാലത്തിനൊപ്പമാണ്. സമയം ഒരാള്‍ക്ക് അനുകൂലമാണെങ്കില്‍ അയാള്‍ക്കൊപ്പം അവരുമുണ്ടാകും. പ്രതികൂലമാണെങ്കിലോ അവരും പ്രതികൂലമായിരിക്കും. ഇന്നലെ പട്ടിണി കിടന്ന് വാതിലടച്ചപ്പോള്‍ അയാളിലേക്ക് തിരിഞ്ഞു നോക്കാത്ത ജനം യാതൊരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടു. അതിനെ കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ കരങ്ങള്‍ അവരെ വലയം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് ഒരു പരീക്ഷണ ഘട്ടം വന്നപ്പോള്‍ അവരില്‍ ഭൂരിഭാഗവും മുഖംതിരിച്ചു. അനുഗ്രഹീതമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്തുതിപാഠകരായിരുന്നു അവര്‍. എക്കാലയത്തും എല്ലായിടത്തുമുള്ള ജനങ്ങളുടെ അവസ്ഥ ഇതുതന്നെ. കിരീടമണിയക്കപ്പെടുമ്പാള്‍ രാജാവിന് വേണ്ടി ആദ്യം മുദ്രാവാക്യം മുഴക്കുന്നവര്‍ തന്നെയാണ് അദ്ദേഹം പുറത്താക്കപ്പെടുമ്പോള്‍ ആക്ഷേപവുമായി ആദ്യം രംഗത്ത് വരുന്നതും.
ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമാണ് അന്നുണ്ടായിരുന്നത്. ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ പിന്‍ഗാമിയായി വരുന്നയാള്‍ അദ്ദേഹത്തെ വിചാരണ ചെയ്ത് അദ്ദേഹത്തില്‍ നിന്ന് സമ്പത്ത് ഏറ്റെടുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഖുസൈമ മുന്‍ ഗവര്‍ണറായിരുന്ന ഇക്‌രിമത്തുല്‍ ഫയ്യാദിനെ വിചാരണക്കായി വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ കൈവശം അവശേഷിക്കുന്ന സമ്പത്ത് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടു. അതിന് അദ്ദേഹത്തിന് സാധിക്കാതെ വന്നപ്പോള്‍ ഇക്‌രിമ ജയിലിലടക്കപ്പെട്ടു. 



ഭാരമേറിയ രഹസ്യം

ജയിലറയുടെ ഇടുക്കത്തിലും ചങ്ങലയുടെ ഭാരത്തിലും ഇക്‌രിമ സഹനം കൈകൊണ്ടു. എന്നാല്‍ അദ്ദേഹത്തിന് ഭാര്യക്ക് അത് സഹിക്കാനായില്ല. മാന്യനായ ഒരാള്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുന്നത് അയാളല്ല; അയാളുടെ ഭാര്യയും മക്കളുമാണ്. ആരെയും കാണാതെ അവള്‍ വീട്ടില്‍ തന്നെ കഴിഞ്ഞു. പലരും സ്വാന്തനവാക്കുകളുമായി എത്തി. എന്നാല്‍ തന്റെ ഈ അവസ്ഥയില്‍ സന്തോഷിക്കുന്നവരുടെ വാക്കുകളേക്കാള്‍ ഭാരമായിട്ടാണ് സ്വാന്തനവാക്കുകള്‍ അവര്‍ക്ക് അനുഭവപ്പെട്ടത്.

പുതിയ ഗവര്‍ണര്‍ വളരെ ഉദാരനാണ്, അയാളെ പോയി ഒന്നു കണ്ടു കൂടേ? ഇക്‌രിമയുടെ കൂട്ടുകാരനാണല്ലോ അദ്ദേഹം. ശിക്ഷയില്‍ ഇളവു വരുത്താന്‍ ആവശ്യപ്പെട്ടു നോക്കിക്കൂടേ? എന്നൊക്കെയുള്ള ആളുകളുടെ സംസാരം അവരെ ഏറെ പ്രയാസപ്പെടുത്തി.

അതിനേക്കാളെല്ലാം നല്ല മാര്‍ഗമാണ് അവളുടെ കൈവശമുണ്ടായിരുന്നത്. തന്റെ ഭര്‍ത്താവിനെ തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ അവളുടെ ഒരു വാക്ക് മതി. 'ജാബിറു അഥ്‌റാത്തില്‍ കിറാം' ആരാണെന്ന് ഗവര്‍ണറോട് ഒന്നു പറയുകയോ വേണ്ടൂ. തന്റെ ഭര്‍ത്താവിന്റെ സ്വാതന്ത്യവും സമൂഹത്തിലെ സ്ഥാനവും വീണ്ടെടുക്കാനാവും. 

എന്നാല്‍ ഒരിക്കലും അക്കാര്യം പറയരുതെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളതാണ്. ആത്മാര്‍ഥത ചോര്‍ന്നു പോകാതിരിക്കാനായി തന്റെ ആ സല്‍ക്കര്‍മം മറച്ചുവെക്കുമെന്ന് അല്ലാഹുമായി അദ്ദേഹം കരാര്‍ ചെയ്തിട്ടുള്ളതാണ്. അത് പരസ്യപ്പെടുത്തുന്നതിനേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത് ജയിലില്‍ വെച്ചുള്ള മരണമാണ്. അവളും ശപഥം ചെയ്തിട്ടുള്ളതാണ്. തന്റെ തല പോയാലും ശരി അത് ലംഘിക്കാന്‍ അവളും തയ്യാറല്ല.

ഇങ്ങനെ കടുത്ത പരീക്ഷണത്തിന്റെ ഒരു മാസം കടന്നു പോയി. ആ നാളുകളില്‍ ജയില്‍ ഒരു ഖബര്‍ പോലെയായിരുന്നു. ഖബറിന്റെ നനവും ഇരുട്ടും അതിലുണ്ടായിരുന്നു. അതിനൊപ്പം ഭാരമേറിയ ചങ്ങലകളും.
മെഴുകുതിരി ഉരുകുന്നത് പോലെ ആ പാവം സ്ത്രീ ഉരുകിത്തീര്‍ന്നു കൊണ്ടിരുന്നു. ശരീരം ശോഷിച്ച് എല്ലുകള്‍ ഉന്തി വന്നു. പട്ടിന്റെ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുക്ക് കഷ്ണം പോലെ ആ രഹസ്യം അവളുടെ മനസ്സിന്റെ ഭാരമായി നിന്നു. അത് തന്റെ ഹൃദയത്തെ പിച്ചിചീന്തുന്നത് പോലെ അവര്‍ക്ക് തോന്നി. ഒരു ഭാഗത്ത് ഭര്‍ത്താവിനോടുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ കാര്യത്തിലുള്ള വേദനയും. മറുഭാഗത്ത് അദ്ദേഹത്തിന്റെ തൃപ്തിയും അദ്ദേഹത്തോട് ചെയ്ത ശപഥവും. അവ രണ്ടിനും ഇടക്ക് ആട്ടുകല്ലില്‍ അകപ്പെട്ട അവസ്ഥയിലായി അവള്‍.

അവളൊരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ തന്റെ ഒരു ഭൃത്യയെ വിളിച്ചു പുതിയ ഗവര്‍ണറുടെ അടുത്തേക്ക് അയച്ചു. അവിടെ ചെന്ന് എന്താണ് പറയേണ്ടതെന്ന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. കൊട്ടാരത്തിലെത്തിയ ഭൃത്യ ഗവര്‍ണറുമായി കൂടിക്കാഴ്ച്ചക്ക് അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു: 'എനിക്കൊരു ഉപദേശം നല്‍കാനുണ്ട്. അദ്ദേഹത്തോട് മാത്രമേ ഞാനത് പറയൂ.' അവള്‍ക്ക് പ്രവേശനാനുമതി ലഭിച്ചു.

ഗവര്‍ണര്‍: നീ ആരാണ്, എന്താണ് നിന്റെ വിഷയം?

ഭൃത്യ: താങ്കളല്ലാത്തവരെല്ലാം ഇവിടെ നിന്നും പോയാല്‍ മാത്രമേ ഞാനത് പറയൂ.

അവര്‍ രണ്ടു പേരല്ലാത്ത എല്ലാവരും പോയപ്പോള്‍ അവള്‍ പറഞ്ഞു: 'ജാബിറു അഥ്‌റാതില്‍ കിറാം' ആരാണെന്ന് അറിയാന്‍ താങ്കളിഷ്ടപ്പെടുന്നുണ്ടോ?

ചാടിയെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞു: അയാളെ നിനക്കറിയുമോ?

ഭൃത്യ: താങ്കളുടെ സഹായം ആവശ്യമുള്ളവനായിരിക്കുയാണ് അയാള്‍. ഞാനയാളെ കാണിച്ചു തരികയാണെങ്കില്‍ അയാള്‍ക്ക് വേണ്ടി എന്തു നിങ്ങള്‍ ചെയ്യും?

ഗവര്‍ണര്‍: അദ്ദേഹത്തിന് വേണ്ടി ഞാന്‍ എന്തു ചെയ്യുമെന്നാണോ നിങ്ങള്‍ ചോദിക്കുന്നത്? എനിക്കദ്ദേഹത്തെ കുറിച്ച് അറിയിച്ചു തരിക. നിനക്കത് കാണാം. വേഗം.... എന്റെ ക്ഷമ നശിച്ചിരിക്കുന്നു.. ആരാണ് അയാള്‍?
ഇക്‌രിമത്തുല്‍ ഫയ്യാദ് ആണതെന്ന് അവള്‍ പറഞ്ഞു. അത് ഇക്‌രിമ തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

അവള്‍ പറഞ്ഞു: തീര്‍ച്ചയായും... അല്ലാഹുവാണ് സത്യം..

ഗവര്‍ണര്‍: എവിടെ നിന്നാണ് നീയത് അറിഞ്ഞത്?
ആ കഥ അവള്‍ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. അതുകേട്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അദ്ദേഹം. വേഗം കുതിരപ്പുറത്ത് കയറി തന്റെ സദസ്സിലുണ്ടായിരുന്നവരോട് തന്നോടൊപ്പം ജയിലിലേക്ക് വരാന്‍ പറഞ്ഞു.




നന്മക്കുള്ള പ്രതിഫലം

ഗവര്‍ണര്‍ ജയിലില്‍ കിടക്കുന്ന ഇക്‌രിമയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ക്ഷമാപണം നടത്തി. ഭാര്യ ആ രഹസ്യം പുറത്തുവിട്ടിരിക്കുന്നു എന്ന് ഇക്‌രിമക്ക് മനസ്സിലായി. അതില്‍ ലജ്ജിച്ച് അദ്ദേഹം തലകുനിച്ചു. ഇക്‌രിമയെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിക്കാന്‍ ഗവര്‍ണര്‍ കല്‍പിച്ചു. തുടര്‍ന്ന് തന്റെ കാല്‍ നീട്ടി അത് ബന്ധിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

അതുകണ്ട ഇക്‌രിമ ചോദിച്ചു: എന്താണ് താങ്കള്‍ ചെയ്യുന്നത്?
ഗവര്‍ണര്‍: എന്റെ തെറ്റിന്റെ പ്രായശ്ചിത്തമായി ഞാന്‍ താങ്കളോട് ചെയ്തത് എന്നോട് തിരിച്ചു ചെയ്യുന്നു.

ഇക്‌രിമ: നിങ്ങളൊരിക്കലും അങ്ങനെ ചെയ്യരുത്.

ഗവര്‍ണര്‍ അദ്ദേഹത്തെ ആദരിച്ചാനയിച്ച് പുറത്തു കടന്നു. ഇക്‌രിമയുടെ വീട് എത്തും വരെ ഗവര്‍ണര്‍ അനുഗമിച്ചു. ഇക്‌രിമ യാത്ര അയക്കാനൊരുങ്ങിയപ്പോള്‍ ഗവര്‍ണര്‍ പോകാനായിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. കുളിച്ച് വന്ന ഇക്‌രിമയെ വസ്ത്രം ധരിപ്പിച്ച് ഖലീഫയുടെ അടുത്തേക്ക് അദ്ദേഹം കൊണ്ടു പോയി.

ഖുസൈമ തിരിച്ചെത്തിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ട ഖലീഫ സുലൈമാന്‍ ചോദിച്ചു: ജസീറയുടെ ഗവര്‍ണര്‍ ഇത്ര പെട്ടന്ന് മടങ്ങി വരികയോ? അതും മുന്‍കൂര്‍ അനുമതിയോ അനുവാദമോ ഇല്ലാതെ... എന്തോ ഗുരുതരമായ പ്രശ്‌നമില്ലാതെ ഇങ്ങനെ വരില്ല.

സലാം പറയുന്നതിന് മുമ്പ് തന്നെ ഖലീഫ എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു.

ഖുസൈമ: അമീറുല്‍ മുഅ്മിനീന്‍, ജാബിറു അഥ്‌റാത്തില്‍ കിറാമിനെ കണ്ടെത്തുന്നില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. താങ്കള്‍ക്കും അയാളെ കുറിച്ച് അറിയാനുള്ള ആഗ്രഹമുണ്ടാകുമെന്നതിനാല്‍ അയാളെയും കൂട്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.

ഖലീഫ: ആരാണയാള്‍?

ഖുസൈമ: ഇക്‌രിമത്തുല്‍ ഫയ്യാദ്.

ഖലീഫ അദ്ദേഹത്തെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: അല്ലയോ ഇക്‌രിമ, താങ്കള്‍ ചെയ്ത നന്മ തന്നെ താങ്കള്‍ക്ക് ദുരന്തമായല്ലോ. ഈ കടലാസെടുത്ത് താങ്കള്‍ക്ക് ആവശ്യമുള്ളതെല്ലാം അതില്‍ കുറിച്ചോളൂ..

ഇക്‌രിമ: അമീറുല്‍ മുഅ്മിനീന്‍ എന്നോട് ക്ഷമിച്ചാലും. അല്ലാഹുവിന്റെയും പിന്നെ താങ്കളുടെയും തൃപ്തിയല്ലാതെ മറ്റൊന്നും എനിക്കാവശ്യമില്ല.
ഖലീഫ: നിര്‍ബന്ധമായും നീയത് ചെയ്യണം.

അങ്ങനെ അദ്ദേഹം തന്റെ ആവശ്യം എഴുതി. പിന്നീട് ജസീറ, അര്‍മീനിയ, അസര്‍ബീജാന്‍ എന്നീ പ്രവിശ്യകളുടെ ഗവര്‍ണറായി അദ്ദേഹത്തെ നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു: ഖുസൈമയുടെ കാര്യത്തില്‍ തീരുമാനം താങ്കള്‍ക്കാണ്. നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും ഒഴിവാക്കാം. അല്ലെങ്കില്‍ താങ്കള്‍ക്ക് കീഴില്‍ നിലനില്‍ത്താം.

ഇക്‌രിമ: അദ്ദേഹം നിലനിര്‍ത്തണം അമീറുല്‍ മുഅ്മിനീന്‍.

അങ്ങനെ സുലൈമാന്റെ മരണം വരെ ഇരുവരും ഗവര്‍ണര്‍മാരായി തുടര്‍ന്നു.
 


കടപ്പാട് : ഇസ്ലാം ഓൺ ലൈവ് 

No comments:

Post a Comment