Friday 24 February 2017

രാജാവ് കണ്ട സ്വപ്നം


ഈജിപ്തിലെ നീതിമാനായ ഭരണാധികാരിയാണ് സുൽ ത്വാൻ അഹ്മദ് നൂറുദ്ദീൻ.

തികഞ്ഞ മതഭക്തൻ, പ്രജാതൽപരൻ, വലിയ ധർമിഷ്ഠൻ എന്നീ നിലകളിൽ പ്രസിദ്ധനാണദ്ദേഹം.

രാത്രി ദീർഘസമയം തഹജ്ജുദ് നിസ്കരിക്കും. നബി(സ)യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലും.

രാജാക്കന്മാരിലെ ‘വലിയ്യ്’ എന്നോ ഔലിയാക്കളിലെ രാജാവ് എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രയും സൂക്ഷ്മത നിറഞ്ഞ ജീവിതം.

ഒരു രാത്രി തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് ഒന്ന് മയങ്ങിയ സുൽത്വാൻ അത്ഭുതകരമായൊരു സ്വപ്നം കണ്ടു.

തിരുനബി(സ) മദീനാ പള്ളിയിൽ നിന്നിറങ്ങി തനിക്ക് നേരെ നടന്നുവരുന്നു.

തിളങ്ങുന്ന, ആരെയും വശീകരിക്കുന്ന പുഞ്ചിരി പൊഴിക്കുന്ന മുഖം. തൂവെള്ള ഖമീസും തലപ്പാവും ധരിച്ചിരിക്കുന്നു. തിരുശരീരത്തിൽ നിന്ന് ഹൃദയഹാരിയായ സുഗന്ധം വമിക്കുന്നുണ്ട്.

തിരുനബി(സ)യുടെ പ്രഭാവലയത്തിൽ മയങ്ങിനിന്ന സുൽത്വാനെ നബി(സ) വിളിച്ചു.

‘‘നൂറുദ്ദീൻ! ഇവിടെ വരൂ!”

സുൽത്വാൻ ആദരവോടെ തിരുനബി(സ)യുടെ തിരുസവിധത്തിലെത്തി.

അപ്പോൾ, തിരുനബി(സ)ക്ക് ചാരെയതാ, രണ്ട് വ്യക്തികൾ. രണ്ടുപേരും കോങ്കണ്ണന്മാർ! ഒറ്റ നോട്ടത്തിൽ തന്നെ ഏതോ വഞ്ചകരാണെന്ന് തോന്നിപ്പോവുന്ന രൂപങ്ങൾ. നിഗൂഢത നിറഞ്ഞ മുഖഭാവം!

അവരെ ചൂണ്ടി നബി(സ) പറഞ്ഞു: ‘‘നൂറുദ്ദീൻ! ഇവരിൽ നിന്ന് എനിക്ക് താങ്കൾ സംരക്ഷണം നൽകുക!”

സുൽത്വാൻ തിരുനബി(സ)യുടെ മുഖത്തേക്ക് നോക്കി. തിരുമുഖത്ത് പുഞ്ചിരി മാഞ്ഞിരിക്കുന്നു.

സുൽത്വാൻ ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നു.

ഇതെന്തോ ഒരത്ഭുതകരമായ സ്വപ്നമാണ്. എന്തോ ഒരു രഹസ്യം ഇതിലടങ്ങിയിരിക്കുന്നു. സുൽത്വാന്റെ അന്തഃരംഗം മന്ത്രിച്ചുകൊണ്ടിരുന്നു…

നേരം ഒന്ന് പുലർന്നോട്ടെ, വിശ്വസ്തരോട് ഇതിനെക്കുറിച്ച് സംസാരിക്കണം…

അതും മനസ്സിലുറപ്പിച്ച് സുൽത്വാൻ വീണ്ടും അംഗശുദ്ധി വരുത്തി സുന്നത്ത് നിസ്കാരത്തിൽ വ്യാപൃതനായി. നിസ്കാരവും കഴിഞ്ഞൊന്ന് മയങ്ങിയതേയുള്ളൂ.

അപ്പോഴേക്കും നേരത്തെ കണ്ട അതേ സ്വപ്നം വീണ്ടും സുൽത്വാനെ തേടിയെത്തി…

വീണ്ടും വുളൂഅ് ചെയ്ത് സുന്നത്ത് നിസ്കരിച്ച് കിടന്ന സുൽത്വാന് മൂന്നാം പ്രാവശ്യവും അതേ സ്വപ്ന ദർശനമുണ്ടായി. ഇതിലെന്തോ അസാധാരണത്വമുണ്ടെന്ന സംശയം ഒന്നുകൂടി ബലപ്പെട്ടു.

ഏതായാലും ഇനി ഉറങ്ങുകയല്ല, ഉണർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കിയ സുൽത്വാൻ തന്റെ വിശ്വസ്തനായ മന്ത്രി ജമാലുദ്ദീനെ വിളിപ്പിച്ചു. ഇലാഹീ ഭക്തനും സുൽത്വാന്റെ ഉത്തമ ഗുണകാംക്ഷിയുമായിരുന്ന മന്ത്രി ജമാലുദ്ദീന്റെ മുമ്പാകെ സുൽത്വാൻ തന്റെ സ്വപ്നം അവതരിപ്പിച്ചു.

മന്ത്രി പറഞ്ഞു: ‘‘പ്രഭോ! തീർച്ചയായും ഇത് സത്യസ്വപ്നം തന്നെയാണ്. നമുക്ക് വേഗം മദീനയിലെത്തണം. നബി(സ) തങ്ങൾ കാണിച്ചുതന്ന ആ രണ്ടുപേരെ കണ്ടെത്തുകയും വേണം. ഒട്ടും താമസിക്കേണ്ട. അതിനുവേണ്ട ഒരുക്കങ്ങൾ നടത്താൻ കൽപിച്ചാലും.”

യാത്രാ സാമഗ്രികൾ തയ്യാറായി. സുൽത്വാനും മന്ത്രിയും മദീനാ യാത്രക്കൊരുങ്ങി…

അംഗരക്ഷകരായി ഇരുപത് കുതിരപ്പടയാളികൾ, ആയിരം ഒട്ടകങ്ങൾ, അവയ്ക്ക് പുറത്തായി നിരവധി യാത്രാ സന്നാഹങ്ങൾ, ധാരാളം പണം… എല്ലാം തയ്യാറായി… സുൽത്വാൻ മുന്നിൽ, തൊട്ട് പുറകിൽ മന്ത്രി ജമാലുദ്ദീൻ, ഇരുവശങ്ങളിലുമായി അംഗരക്ഷകർ; എല്ലാവരും കുതിരപ്പുറത്ത്. അവർക്ക് പുറകിലായി ഭാണ്ഡങ്ങൾ വഹിച്ച ഒട്ടകങ്ങൾ, അവയ്ക്ക് പിന്നിൽ ഏതാനും പരിചാരകർ…

ആ സാർത്ഥവാഹക സംഘം മദീനയിലേക്കുള്ള വഴിത്താരയിലൂടെ അതിവേഗം മുന്നോട്ട് ഗമിച്ചു.

മാമലകളും മണൽക്കാടുകളും കടന്ന് തീർത്ഥാടന സംഘം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…

പ്രഭാതത്തിലെ മരംകോച്ചുന്ന തണുപ്പോ ഉച്ചവെയിലിലെ മരുഭൂമിയിലെ പൊള്ളുന്ന മണൽത്തരികളോ അവരുടെ ആവേശം കെടുത്തിയില്ല. മരുഭൂമിയിലെ മണൽക്കാറ്റുകളെ അവഗണിച്ച്, ഒട്ടകങ്ങളും കുതിരകളും കുതിച്ചും കിതച്ചും പാഞ്ഞുകൊണ്ടിരുന്നു.

അങ്ങനെ പതിനാല് ദിവസത്തെ വിശ്രമമില്ലാത്ത യാത്രയ്ക്കു ശേഷം ഒരു പ്രഭാതത്തിന്റെ പൊമ്പുലരിയിൽ സംഘം മദീനയുടെ അതിർത്തിയിലെത്തി.

എല്ലാം ചിന്തിച്ചുകൊണ്ട് സുൽത്വാൻ നേരെ കടന്നു ചെന്നത് മസ്ജിദുന്നബവിയിലേക്കാണ്. ഓർമകൾ ചിറകുവെച്ച് പറന്നുതുടങ്ങിയപ്പോൾ സുൽത്വാന്റെ കണ്ണുകൾ സജലങ്ങളായി.

പിന്നീട് സ്വർഗത്തോപ്പിൽ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു നേരെ റൗളാ ശരീഫിലെത്തി. തിരുനബി(സ)ക്ക് സലാം ചൊല്ലി. അസ്സലാമു അലൈക യാ റസൂലല്ലാഹ്… അല്ലാഹുവിന്റെ ദൂതരേ! അങ്ങയ്ക്കൊരായിരം അഭിവാദ്യങ്ങൾ. പറയുമ്പോൾ സുൽത്വാന്റെ കണ്ഠമിടറി. ഒരു കൊച്ചു കുട്ടിയെപ്പോലെ സുൽത്വാൻ പൊട്ടിക്കരഞ്ഞു.

വികാരനിർഭരമായ സിയാറത്തും കഴിഞ്ഞ് വീണ്ടും സുൽത്വാൻ മസ്ജിദുന്നബവിയിൽ പ്രവേശിച്ചു.

ഇനിയെന്ത് ചെയ്യണമെന്ന അർത്ഥത്തിൽ ദീർഘസമയം ചിന്താനിമഗ്നനായി ഇരുന്നു.

മന്ത്രിയുടെ ആഗമനമാണ് സുൽത്വാനെ ചിന്തയിൽ നിന്നുണർത്തിയത്.

‘മന്ത്രീ! ഇനി നാം എങ്ങനെ മുന്നോട്ട് നീങ്ങും? എന്താണ് ചെയ്യേണ്ടതെന്ന് ഞാനേറെ നേരം ആലോചിച്ചു.” സുൽത്വാൻ തന്റെ ആശങ്ക പങ്കുവെച്ചു.

മന്ത്രി പറഞ്ഞു: ‘‘സുൽത്വാൻ! നമുക്ക് നബി (സ) തങ്ങൾ കാണിച്ചുതന്ന ആ രണ്ട് വ്യക്തികളെ കണ്ടെത്തണം!”

സുൽത്വാൻ: ‘‘അതെങ്ങനെ സാധ്യമാവും?”

മന്ത്രി: ‘‘അവരെ കണ്ടാൽ താങ്കൾക്കവരെ തിരിച്ചറിയാൻ സാധിക്കില്ലേ!”

സുൽത്വാൻ: ‘‘തീർച്ചയായും സാധിക്കും! അവരുടെ മുഖഭാവം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”

‘‘എങ്കിൽ അങ്ങ് സമാധാനമായിരിക്കൂ. നമുക്ക് വഴിയുണ്ടാക്കാം.” മന്ത്രി സുൽത്വാനെ സമാധാനിപ്പിച്ചു.

മന്ത്രി ഒന്നുകൂടി സുൽത്വാന്റെ സമീപത്തേക്ക് നീങ്ങിനിന്ന് ചെവിയിൽ സ്വകാര്യം പറഞ്ഞു.

‘‘സുൽത്വാൻ! അങ്ങ് മദീനയിലെത്തിയിരിക്കുന്നുവെന്നും മദീനാ വാസികൾക്കെല്ലാം ധനസഹായം നൽകുന്നുവെന്നും ഞാൻ വിളംബരം ചെയ്യാം. സഹായ ധനം സ്വീകരിക്കാൻ മദീനക്കാർ വരുമ്പോൾ അങ്ങ് ഓരോരുത്തരെയും വീക്ഷിക്കുക. അപ്പോൾ ആ രണ്ടുപേരെ കണ്ടെത്തുക താങ്കൾക്കൊരു പ്രയാസമാവില്ല.”

മന്ത്രി ഏതാനും അംഗരക്ഷകരെയും കൂട്ടി മദീനയുടെ തെരുവീഥികളിലും ജനവാസമുള്ള പ്രദേശങ്ങളിലുമെല്ലാം ചെന്ന് വിളംബരം ചെയ്തു.

‘‘മദീനക്കാരേ! ഈജിപ്തിൽ നിന്ന് ഞങ്ങളുടെ സുൽത്വാനിതാ മദീനയിൽ സന്ദർശനത്തിനെത്തിയിരിക്കുന്നു. സുൽത്വാന്റെ സന്ദർശനം പ്രമാണിച്ച് എല്ലാ മദീനക്കാർക്കും സുൽത്വാന്റെ വക പ്രത്യേകം സമ്മാനങ്ങളും ധനസഹായവും ലഭിക്കുന്നതാണ്. മാത്രമല്ല, വലിയൊരു സദ്യയും നാട്ടുകാർക്കായി സുൽത്വാൻ തയ്യാർ ചെയ്തിട്ടുണ്ട്. മദീനക്കാരിൽ ഒരാൾ പോലും ഒഴിവാകരുതെന്ന് സുൽത്വാന് നിർബന്ധമുണ്ട്. മസ്ജിദുന്നബവിയുടെ മുറ്റത്ത് സുൽത്വാൻ നിങ്ങളെ കാത്തിരിക്കുന്നു!”

മന്ത്രിയുടെ വിളംബരം അന്തരീക്ഷത്തിൽ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.


കേട്ടവർ കേട്ടവർ ആ വാർത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറി.

മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മസ്ജിദുന്നബവിയുടെ മുൻവശത്ത് ഉപവിഷ്ടനായിരിക്കുന്ന സുൽത്വാന്റെ മുമ്പിൽ ജനസമുദ്രം ഇരമ്പിവന്നു.

ഭടന്മാർ പേര് വിവരങ്ങൾ വായിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി വന്ന് സമ്മാനങ്ങളും സഹായങ്ങളും സ്വീകരിച്ചുതുടങ്ങി.

എല്ലാറ്റിനും മേൽനോട്ടം വഹിക്കാനെന്നവണ്ണം മുമ്പിലിരിക്കുന്ന സുൽത്വാൻ, സമ്മാനം വാങ്ങി തിരിച്ചുപോകുന്ന ഓരോരുത്തരെയും പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു.

മണിക്കൂറുകൾ കടന്നുപോയി. ആളുകൾ വന്നും പോയിക്കൊണ്ടുമിരുന്നു. പ്രതീക്ഷയോടെ സുൽത്വാനും തന്റെ കർത്തവ്യം നിർവഹിച്ചുകൊണ്ടേയിരുന്നു.

സമയം പിന്നെയും ഇഴഞ്ഞുനീങ്ങി. അവസാനം മദീനക്കാരിലെ അവസാന വ്യക്തിയും വന്ന് സമ്മാനം വാങ്ങി ഭക്ഷണം കഴിച്ചു വിടപറഞ്ഞു.

പക്ഷെ, സുൽത്വാൻ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രണ്ട് വ്യക്തികളെ മാത്രം കണ്ടില്ല.

എല്ലാം വെറുതെയായോ? സുൽത്വാന്റെ മുഖത്ത് അൽപമൊരു നിരാശ പടർന്നതുപോലെ മന്ത്രിക്കു തോന്നി.

മന്ത്രി സമാധാന വാക്കുകൾ ചൊരിഞ്ഞു.

‘‘സുൽത്വാൻ! അങ്ങ് നിരാശനാവരുത്. നാം നമ്മുടെ ലക്ഷ്യത്തോടടുത്ത് വരുന്നതേയുള്ളൂ!”

സുൽത്വാൻ ഒരിക്കൽകൂടി വിളംബരം ചെയ്തു.

‘‘നമ്മുടെ ധനസഹായം സ്വീകരിക്കാത്തവരായി ഇനിയാരെങ്കിലും ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ അവരെയും വിളിച്ച് കൊണ്ടുവരണം. ഇതിൽ നിന്നൊരാളും ഒഴിവാകാൻ പാടില്ല.”

വിളംബരം കേട്ട മദീനാവാസികൾ ഒന്നടങ്കം പറഞ്ഞു: ‘‘ഇല്ല. സുൽത്വാൻ! മദീനക്കാരായ ഒരാളും ഇനി ബാക്കിയില്ല. എല്ലാവരും വന്ന് ദാനധർമങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.”

സുൽത്വാൻ മന്ത്രിയെ നോക്കി. ഇത്തവണ മന്ത്രിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

സുൽത്വാൻ ഒരിക്കൽകൂടി ജനങ്ങളോട് പറഞ്ഞു:

‘‘നന്നായി ആലോചിച്ച് മറുപടി പറഞ്ഞാൽ മതി. ഇനിയാരെങ്കിലുമുണ്ടോ ഈ നാട്ടിൽ നമ്മെ സമീപിക്കാത്തവരായി? ഉണ്ടെങ്കിൽ ആരായാലും പറയണം!”

സുൽത്വാൻ വീണ്ടും വീണ്ടും ചോദ്യമാവർത്തിച്ചപ്പോൾ ചിലർ പറഞ്ഞു:

‘‘സുൽത്വാൻ! താങ്കൾ ആവർത്തിച്ച് ചോദിച്ചതുകൊണ്ട് പറയുകയാണ്. ഇവിടെ മദീനയിൽ വന്ന് താമസിക്കുന്ന രണ്ട് സ്പെയിൻകാരുണ്ട്. അവർ വന്നിട്ടില്ല. മഹാഭക്തന്മാരും സാത്വികരുമാണവർ. എപ്പോഴും അവർ ഇബാദത്തിലായിരിക്കും. അവർ ആരിൽ നിന്നും സഹായം സ്വീകരിക്കാറില്ല. എല്ലാവർക്കും അങ്ങോട്ട് ധർമം ചെയ്യുന്നതാണവരുടെ ശൈലി.”


സുൽത്വാന്റെ മനസിൽ പ്രതീക്ഷയുടെ ചെറിയ തിരിനാളങ്ങൾ ജ്വലിച്ചുതുടങ്ങി.

എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ, യാതൊന്നും സംഭവിക്കാത്ത മട്ടിൽ സുൽത്വാൻ സദസ്യരോട് ചോദിച്ചു.

‘‘നമ്മുടെ ആഗമനത്തെക്കുറിച്ചും മറ്റും നിങ്ങളവരെ അറിയിച്ചില്ലേ!”

അവർ പറഞ്ഞു: ‘‘എല്ലാം പറഞ്ഞതാണ്. പക്ഷേ അവർ വരാൻ തയ്യാറായില്ല. ഞങ്ങൾക്ക് ആരുടെതും ഒന്നുംതന്നെ ആവശ്യമില്ലെന്നാണവർ പറഞ്ഞത്. അവർ മുന്പേ അങ്ങനെയാണ്.”

സുൽത്വാന്റെ മനസിൽ കൊള്ളിയാൻ മിന്നി.

അവർ തന്നെയായിരിക്കുമോ പ്രതീക്ഷയോടെ, താൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർ…

സുൽത്വാന്റെ ഉത്തരവ് വന്നത് പെട്ടെന്നായിരുന്നു. ‘‘ആരവിടെ! എത്രയും പെട്ടെന്ന് അവർ രണ്ടുപേരെയും നമുക്ക് മുമ്പിൽ ഹാജറാക്കൂ! അത്ര വലിയ മഹാന്മാരാണെങ്കിൽ അവരെ നമുക്കൊന്ന് കാണേണ്ടതുണ്ട്. ഉം! വേഗമാകട്ടെ!”

സുൽത്വാന്റെ ഉത്തരവ് നിമിഷങ്ങൾക്കകം നടപ്പിലാക്കപ്പെട്ടു. അവർ രണ്ടുപേരും തിരുമുമ്പിൽ ഹാജറാക്കപ്പെട്ടു.

ഒരു നിമിഷം! സുൽത്വാൻ അവരെക്കണ്ട് ഞെട്ടി. എന്തൊരത്ഭുതം! ‘‘ഇവരിൽ നിന്ന് എന്നെ സംരക്ഷിക്കുക” എന്ന് തിരുനബി(സ) തങ്ങൾ സ്വപനത്തിൽ വന്ന് മുന്നറിയിപ്പ് നൽകിയ അതേ വ്യക്തികൾ!

സുൽത്വാന്റെ ഹൃദയം, പടപടാ മിടിക്കാൻ തുടങ്ങി.


വലിയ ഭക്ത്യാദരവുകൾ നടിച്ച് തന്റെ മുമ്പിൽ നിൽക്കുന്ന ആ രണ്ട് വ്യക്തികളെ സുൽത്വാൻ അൽപ സമയം ഇമവെട്ടാതെ നോക്കിനിന്നു.

പിന്നീട് ചോദ്യമാരംഭിച്ചു.

‘‘നിങ്ങൾ എവിടെനിന്ന് വന്നവരാണ്?”

‘‘ഞങ്ങൾ മൊറോക്കോ :ക്കാരാണ്.”

‘‘എന്തിനാണിവിടെ വന്നത്?”

‘‘ഹജ്ജിനുവേണ്ടി വന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഹജ്ജ് കഴിഞ്ഞു. ഇനി സിയാറത്തും ചെയ്ത് മടങ്ങാമെന്ന് കരുതി ഇവിടെയെത്തി. നബി(സ) തങ്ങളുടെ സമീപത്ത് തന്നെ താമസിക്കാനുള്ള ആഗ്രഹം കാരണം അൽപകാലം ഇവിടെ താമസിക്കാമെന്ന് വിചാരിക്കുന്നു.”

‘‘സത്യം പറയൂ! അസത്യത്തിന് നിലനിൽപില്ലെന്നോർക്കണം!”

‘‘ഞങ്ങൾ സത്യം തന്നെയാണ് പറഞ്ഞത്. ഞങ്ങൾ ഒരിക്കലും അസത്യം പറഞ്ഞിട്ടില്ല. പറയുകയുമില്ല.”

സുൽത്വാൻ പലതവണ പ്രസ്തുത ചോദ്യമാവർത്തിച്ചപ്പോഴും അവർ ആദ്യത്തെ മറുപടി ആവർത്തിച്ചതേയുള്ളൂ.

പിന്നീട് സുൽത്വാൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

‘‘പറയൂ! ഇവരെവിടെയാണ് താമസിക്കുന്നത്?” മദീനാ നിവാസികൾ പറഞ്ഞു. ‘‘തിരുനബി(സ) തങ്ങളുടെ റൗളാശരീഫിന്റെ തൊട്ടടുത്തായി ഒരു സത്രത്തിൽ. ഒരു ധ്യാന കേന്ദ്രമുണ്ടാക്കി അവിടെയാണവർ താമസിക്കുന്നത്.”

സുൽത്വാൻ ഉത്തരവിട്ടു. ‘‘ആരവിടെ! ഇവർ രണ്ടുപേരെയും വിലങ്ങ് വെക്കൂ! ഇവരുടെ താമസസ്ഥലം നമുക്കൊന്ന് കാണണം.”

സുൽത്വാൻ നാട്ടുകാരോടൊപ്പം അവരുടെ താമസസ്ഥലത്തേക്ക് നീങ്ങി. താമസസ്ഥലവും പരിസരങ്ങളും മുഴുവൻ അരിച്ചുപെറുക്കി. പക്ഷെ നിരാശയായിരുന്നു ഫലം.

രണ്ട് ഖുർആൻ പ്രതികളും ഏതാനും കിതാബുകളും ചില നിത്യോപയോഗ വസ്തുക്കളുമല്ലാതെ മറ്റൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല!

സുൽത്വാൻ വിഷണ്ണനും ദുഃഖിതനുമായി.

ഇങ്ങിനെയെല്ലാം നടക്കുമ്പോഴും മദീനാവാസികൾ അവർ രണ്ടുപേരെയും വല്ലാതെ പ്രകീർത്തിച്ചുകൊണ്ടിരുന്നു.

ചിലർ അവർക്കായി സുൽത്വാനോട് ശുപാർശ പറയാൻ വരെ തയ്യാറായി.

‘‘സുൽത്വാൻ! ഇവർ വളരെ നല്ലവരാണ്. ദാനധർമങ്ങൾ അധികരിപ്പിക്കുന്നവരാണ്. എന്നും ഇവർക്ക് നോമ്പായിരിക്കും. ഇടയ്ക്കിടെ റൗളാ ശരീഫ് സിയാറത്ത് ചെയ്യും. എപ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. ഓരോ ദിവസവും രാത്രി ജന്നത്തുൽ ബഖീഇൽ പോയി ദീർഘനേരം പ്രാർത്ഥിച്ചേ തിരിച്ചുവരാറുള്ളൂ. അവരോട് ആരെന്ത് സഹായം ചോദിച്ചാലും അവർ അത് നൽകും. ഒരിക്കലും ഇല്ലെന്ന് പറയില്ല. കഴിഞ്ഞ ക്ഷാമ കാലത്ത് ഇവരുടെ ധർമം കാരണം മദീനാവാസികളായ ഞങ്ങളെല്ലാവരും ഇവരെക്കുറിച്ച് സംതൃപ്തരാണ്. അങ്ങനെയുള്ളവരിൽ നിന്ന് അഹിതമായ യാതൊന്നും ഉണ്ടാവാൻ തരമില്ല. അവരെ അങ്ങ് സംശയിക്കുന്നത് വെറുതെയാണ്.”

അഭിപ്രായങ്ങൾ പിന്നെയും വന്നുകൊണ്ടിരുന്നു. സുൽത്വാനാവട്ടെ, എല്ലാം ക്ഷമയോടെ കേട്ടുനിന്നതേയുള്ളൂ.


പെട്ടെന്നാണത് സംഭവിച്ചത്. ഏതോ ഒരുൾവിളിയുടെ പ്രേരണയാലെന്ന വണ്ണം സുൽത്വാൻ അവരുടെ താമസസ്ഥലത്തു കൂടെ അങ്ങുമിങ്ങും ഉലാത്താൻ തുടങ്ങി. അതിനിടയിലെപ്പോഴോ സുൽത്വാൻ അവിടെ വിരിച്ചിട്ട ‘മുസ്വല്ല’യൊന്ന് പൊക്കിനോക്കി.

ഒരു നിമിഷം! സുൽത്വാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

അതിന്നടിയിലതാ വളരെ രഹസ്യമായി ഒരു തുരങ്കം നിർമിക്കപ്പെട്ടിരിക്കുന്നു. തുരങ്കത്തിന് വായ്ഭാഗത്ത് പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം വലിയൊരു കല്ല് പാകിയിരിക്കുന്നു. സുൽത്വാൻ കല്ല് പൊക്കി നോക്കി.

സുബ്ഹാനല്ലാഹ്! മണ്ണ് തുരന്ന് അതിസമർത്ഥമായി തയ്യാറാക്കിയ തുരങ്കം പൂർണമായി സുൽത്വാന്റെ ദൃഷ്ടിയിൽ പെട്ടു. അത് ചെന്നവസാനിക്കുന്നതാവട്ടെ തിരുനബി(സ)യുടെ റൗളാശരീഫിനുള്ളിലും. പവിത്രമായ തിരുഖബ്റിടത്തിനു സമീപം വരെ എത്തിയിരിക്കുന്നു തുരങ്കം…

സുൽത്വാന് സംഗതിയുടെ കിടപ്പ് മനസ്സിലായി.

സുൽത്വാൻ മദീനാവാസികളെയെല്ലാം വിളിച്ചുകൂട്ടി സംഭവം കാണിച്ചുകൊടുത്തു. കൂടെ സ്വപ്ന വൃത്താന്തവും പറഞ്ഞു.

ജനങ്ങൾ അമ്പരന്നു. പലർക്കും രോഷം തിളച്ചുപൊങ്ങി.

സുൽത്വാൻ രണ്ട് പേരെയും അവിടെ ഹാജറാക്കി. ജനാവലി ഇളകിമറിഞ്ഞു. അവരെ ശാന്തരാക്കാൻ സുൽത്വാനും മന്ത്രിയും ഏറെ പാടുപെടേണ്ടിവന്നു.

സുൽത്വാൻ രണ്ട് പേരെരെയും മാറിമാറി നോക്കി. അവരുടെ തല കുനിഞ്ഞിരുന്നു.

കണ്ണുകളിൽ നിന്ദ്യത നിഴലിച്ചിരുന്നു.

സുൽത്വാൻ അവേരാടാക്രോശിച്ചു.

‘‘വഞ്ചകന്മാരേ! ഇത്തരമൊരു നീചവൃത്തിക്ക് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? എല്ലാം തുറന്ന് പറയൂ. ഞങ്ങളൊന്ന് കേൾക്കട്ടെ!”

അവരൊന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നതേയുള്ളൂ.

കോപം സിരകളിൽ ഇരച്ച് കയറിയ സുൽത്വാൻ ഉത്തരവിട്ടു. ‘‘ആരവിടെ? ദ്രോഹികളായ ഈ വഞ്ചകന്മാരെ ചാട്ടവാറുകൊണ്ടടിക്കൂ. യാതൊരു ദാക്ഷിണ്യവും വേണ്ട! ഇവർ സത്യം പറയുമോ എന്ന് നാമൊന്ന് പരിശോധിക്കട്ടെ!”

സുൽത്വാന്റെ കൽപന കിട്ടേണ്ട താമസം പട്ടാളക്കാർ രണ്ടുപേരെയും പൊതിരെ തല്ലി. രോഷാകുലരായ നാട്ടുകാരിൽ ചിലരും അതിൽ പങ്കുചേർന്നു.

ഒടുവിൽ അവർ സത്യം പറയാൻ നിർബന്ധിതരായി. വിറയാർന്ന സ്വരത്തിൽ അവർ പറഞ്ഞുതുടങ്ങി.

‘‘സുൽത്വാൻ! ഞങ്ങൾ മുസ്‌ലിംകളല്ല. കൃസ്ത്യാനികളാണ്. പാശ്ചാത്യൻ നാടുകളിലെ ക്രൈസ്തവരായ രാജാക്കന്മാർ ഞങ്ങളെ ഹാജിമാരുടെ വേഷം കെട്ടിച്ച് ഇങ്ങോട്ടയച്ചതാണ്. ധാരാളം പണവും സമ്പത്തുക്കളും ഞങ്ങളെ ഏൽപിച്ചുകൊണ്ടവർ പറഞ്ഞു. ‘ഇത് നിങ്ങൾ മുസ്‌ലിംകൾക്കിടയിൽ ദാനം ചെയ്യുക. അങ്ങനെ അവരുടെ തൃപ്തി സമ്പാദിക്കുക. എങ്ങനെയെങ്കിലും നല്ല ഭക്തന്മാരായി ചമഞ്ഞ് റൗളാ ശരീഫിനടുത്ത് താമസം ഒപ്പിച്ചെടുക്കുക. കൂട്ടത്തിൽ ആർക്കും സംശയം തോന്നാത്ത വിധത്തിൽ, ആരോരുമറിയാതെ പരിശുദ്ധ ഖബ്ർ തുരന്ന് നബി(സ)യുടെ തിരുശരീരം ഇങ്ങോട്ടെടുത്ത് കൊണ്ടുവരിക’. ഇതായിരുന്നു അവർ ഞങ്ങളെ ഏൽപിച്ച ദൗത്യം. ഇതിനവർ ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും ഓഫർ ചെയ്തിട്ടുമുണ്ട്. കൃസ്തീയ രാജാക്കന്മാരുടെ വലിയ വലിയ വാഗ്ദാനങ്ങളിൽ മനം മയങ്ങി ഞങ്ങൾ സിയാറത്തിന് എന്ന വ്യാജേന മദീനയിലെത്തി. റൗളാ ശരീഫിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഈ സത്രത്തിൽ താമസമാക്കി. യാതൊരു സംശയവും മദീനക്കാർക്ക് തോന്നാതിരിക്കാൻ ഞങ്ങൾ മുസ്‌ലിം സൂഫികളായി ചമഞ്ഞു. സ്വദഖയെന്ന നിലയിൽ പണം വാരിവിതറി. ഒരു സംശയത്തിനും പഴുതില്ലാത്ത വിധം നല്ല രൂപത്തിൽ നാട്ടുകാരോട് പെരുമാറി.”

സുൽത്വാന് കോപം ശതഗുണീഭവിച്ചു. വീണ്ടും സുൽത്വാൻ അവർക്കുനേരെ തിരിഞ്ഞു പുച്ഛത്തോടെയും ദ്യേത്തോടെയും ചോദിച്ചു: ‘‘നീചന്മാരേ! എങ്ങനെയാണ് നിങ്ങൾ ഇത്ര സമർത്ഥമായി ആരുമറിയാതെ തുരങ്കം നിർമിച്ചത്? മണ്ണ് എവിടെയാണ് നിക്ഷേപിച്ചത്? എല്ലാം വ്യക്തമായി പറയൂ! എല്ലാവരും കേൾക്കട്ടെ!”

ഇത് പറയുമ്പോൾ സുൽത്വാന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.


അവർ പറഞ്ഞു: ‘‘രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞങ്ങൾ താമസിക്കുന്ന ഈ സത്രത്തിനുള്ളിൽ നിന്ന് തുരങ്കം വെട്ടും. എന്നിട്ട് ആരും കാണാതെ മണ്ണ് കയ്യിൽ കരുതിയ തോൽസഞ്ചിയിൽ നിറക്കും. എന്നിട്ട് രാത്രി, ജന്നത്തുൽ ബഖീഅ് ഖബ്ർസ്ഥാനിൽ സിയാറത്തിന് എന്ന വ്യാജേന ചെന്ന് ആ മണ്ണ് അവിടെയുള്ള പുതിയ ഖബ്റിന്മേൽ നിക്ഷേപിക്കും. ആർക്കും ഒരു സംശയവും തോന്നാത്ത രൂപത്തിൽ നിരവധി ദിവസങ്ങളെടുത്താണ് ആസൂത്രിതമായി ഞങ്ങൾ ഈ നിഗൂഢ പദ്ധതി നടപ്പാക്കിയത്. ദിവസങ്ങൾ നീണ്ട ശ്രമഫലമായി ഇന്നലെ ഞങ്ങൾ വിശുദ്ധ ഖബ്ർ ശരീഫിന്റെ തൊട്ടടുത്തെത്തി.

പെട്ടെന്ന് ആകാശത്ത് നിന്നൊരു ഇടിമുഴക്കമുണ്ടായി. ഒപ്പം മിന്നൽപ്പിണരുകളും. ഞങ്ങൾക്ക് മേൽ ഭൂമികുലുങ്ങുന്നതായി തോന്നി. പേടിച്ചുപോയ ഞങ്ങൾ തൽക്കാലം ജോലി നിർത്തിവെച്ചു. നാളെ തുടരാമെന്ന് ദൃഢനിശ്ചയം ചെയ്ത് ഞങ്ങൾ പോയി വിശ്രമിച്ചു.

ഞങ്ങളുടെ ലക്ഷ്യം അടുത്തുതന്നെ പൂവണിയുന്നത് ഞങ്ങൾ സ്വപ്നം കണ്ടു. കിട്ടാൻ പോകുന്ന സമ്മാനങ്ങളോർത്ത് ഞങ്ങളുടെ ഹൃദയം തുടിച്ചു. പക്ഷെ, ഇന്ന് നേരം പുലർന്നപ്പോഴേക്കും സുൽത്വാനായ അങ്ങ് നാട്ടിലെത്തിയ വാർത്തയാണ് ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞത്. ഇപ്പോഴിതാ ഞങ്ങൾ പിടിക്കപ്പെടുകയും ചെയ്തു.”

നിർബന്ധിതരായിട്ടാണെങ്കിലും ആ രണ്ട് ചെറുപ്പക്കാരുടെ സത്യസന്ധമായ വിവരണം കേട്ട് സുൽത്വാൻ ഒരു നിമിഷം കരഞ്ഞുപോയി.

‘‘മഹത്തായ ഈയൊരു പുണ്യപ്രവർത്തിക്ക് സാധുവായ എന്നെയാണല്ലോ റബ്ബേ, നീയും നിന്റെ റസൂലും തെരഞ്ഞെടുത്തത്.” സുൽത്വാൻ വിങ്ങിപ്പൊട്ടി…

തുടർന്ന് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി, സുജൂദിൽ വീണു.

വഞ്ചകരായ രണ്ട് സ്പെയിൻ കാർക്കും സുൽത്വാൻ വധശിക്ഷ വിധിച്ചു.

താമസംവിനാ ശിക്ഷ പരസ്യമായിത്തന്നെ നടപ്പിലാക്കപ്പെട്ടു. അവരുടെ കബന്ധങ്ങൾ മദീനാ തെരുവീഥിയിൽ അനാഥമായി കിടന്നു. അക്രമികൾക്കും ദ്രോഹികൾക്കും വഞ്ചകർക്കുമുള്ള മായാത്ത പാഠമുദ്രയായി.

പിന്നീട് സുൽത്വാൻ വിശുദ്ധ റൗളാ ശരീഫിന് ചുറ്റും, വെള്ളം കാണുന്നതുവരെ നാല് ഭാഗത്തും കിടുങ്ങു കീറാൻ ഉത്തരവിട്ടു. പിന്നീടതിൽ ഈയം ഉരുക്കിയൊഴിച്ച് കിടങ്ങ് മൂടി. അങ്ങനെ ഇനിയൊരാൾക്കും പരിശുദ്ധ ഖബ്റിന്നടുത്തേക്ക് എത്താൻ കഴിയാത്ത വിധത്തിൽ ഭൂമിക്കടിയിൽ വളരെ ആഴത്തിൽ ഈയം കൊണ്ടുള്ള ഭിത്തി നിർമിക്കപ്പെട്ടു.

ദൗത്യം പൂർത്തിയാക്കി സന്തോഷത്തോടെ, തിരുനബി(സ)യുടെ സ്വപ്നം വഴിയുള്ള നിർദേശം പൂർത്തിയാക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ, സുൽത്വാൻ നൂറുദ്ദീൻ പിന്നീട് ഈജിപ്തിലേക്ക് തന്നെ മടങ്ങി.

ഹിജ്റ 555ൽ നടന്ന ഈ സംഭവം, ജീവിതകാലത്തെന്നപോലെ വഫാത്തിന് ശേഷവും, ‘‘ശത്രുക്കളിൽ നിന്ന് അല്ലാഹു, നബി(സ) തങ്ങളെ സംരക്ഷിക്കുമെന്ന” ഖുർആൻ വചനത്തിന്റെ അക്ഷരാർത്ഥത്തിലുള്ള പുലർച്ചയായി വിലയിരുത്താം! (ഇമാംസം ഹുദിയുടെ വഫാ ഉൽ വഫാ എന്ന കിത്താബിൽ നിന്നും 2/652)   

No comments:

Post a Comment